ന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് തൊട്ടു പിറകെ ദേശീയ ഹൈവേകളിലൂടെ ലക്ഷക്കണക്കിന് ജനങ്ങൾ പലായനം നടത്തി. അവർ ആരാണ്? എന്തിനാണ് അവർ നഗരം വിട്ട് ഇത്ര ബുദ്ധിമുട്ടി സ്വദേശങ്ങളിലേയ്ക്ക നടന്നത്? ചീഫ് ജസ്റ്റിസ് ചോദിച്ച പോലെ അവർക്ക് ഭക്ഷണം അതത് സർക്കാരുകൾ നല്‍കുന്നില്ലേ, ഇനി എന്തിനാണ് അവർക്ക് പണം?

ഇന്ത്യയിലെ അസ്ഥിര-അസംഘടിത തൊഴിൽ മേഖലയിലുള്ള തൊഴിലാളികളും തൊഴിലുടമകളിലെ വലിയൊരു ശതമാനവും ആരാണെന്നും, അവർ എങ്ങനെയാണ് ജീവിക്കുന്നതെന്നും പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ഉൾപ്പെടുന്ന പൊതു സമൂഹത്തിന് ഒരു ധാരണയും ഇല്ലാ എന്നതാണ് മഹാ ഇന്ത്യൻ ലോക്ക്ഡൗണും അതിനെ തുടർന്നു ജനലക്ഷങ്ങളുടെ പലായനവും നമ്മോട് പറയുന്നത്.

ആരാണ് ഈ പലായനം ചെയ്ത ജനങ്ങൾ?

ഒറ്റ വാക്കിൽ പലായനം ചെയ്ത ജനങ്ങൾ മഹാ ഇന്ത്യൻ ലോക്ക്ഡൌണിനെ തുടർന്ന് ജീവിതം നിലനിറുത്താൻ ഭക്ഷണവും അടിയന്തിര സഹായവും വേണ്ട അസ്ഥിര-അസംഘടിത മേഖലയുമായി ബന്ധപ്പെട്ട തൊഴിലാളികളോ അല്ലെങ്കിൽ ചെറുകിട സംരംഭകരോ ആണ്‌.

ലോകവികസനത്തിന്‍റെ വളർച്ചയുടെ പരമപ്രധാന സൂചിക ഉത്പാദനവും കച്ചവടവും ആണ്. ടാറ്റയുടെ TCS മുതൽ ഉഡുപ്പി ആഴ്ച ചന്തയിൽ തന്‍റെ പുരയിടത്തിൽ കൃഷിചെയ്ത ചീര വിൽക്കാൻ വരുന്ന മോഹനഅക്ക വരെ പെടുന്ന ഉല്‍പാദകരും ബിഗ്ബസാർ എന്ന വമ്പൻ ചെയിന്‍ കച്ചവടസ്ഥാപനം മുതൽ വീടിനടുത്തെ അലിയാരിക്കയുടേയും ദാസപ്പന്‍റെ പീടികകടയും റെഡ് ലൈറ്റിൽ പുസ്തകവും കളിപ്പാട്ടവും വിൽക്കുന്ന കുട്ടികളും സ്ത്രീകളും ഒക്കെ പെടുന്നതാണ് ഒരു സമ്പദ് വ്യവസ്ഥയിലെ കച്ചവടക്കാർ. വലിയവരെ നമ്മൾ അറിയും. എന്നാൽ ഈ ഉല്‍പാദന-വിപണന ശൃംഖലയിലെ ഒരുപാട് പേർ, ഏകദേശം 90-93 ശതമാനം ആളുകളെ- സ്ഥാപനങ്ങളെ നമ്മൾ തിരിച്ചറിയാറില്ല.

2018-19 ഇകണോമിക് സർവേ പ്രകാരം മൊത്തം തൊഴിലിന്‍റെ 93 ശതമാനം അസ്ഥിര-അസംഘടിത മേഖല ആണ് പ്രദാനം ചെയ്യുന്നത്. അതായത് 50 കോടി തൊഴിലാളികളിൽ 47 കോടി പേരും പ്രത്യേകിച്ച് യാതൊരു സ്ഥിരവരുമാനവും ഉളളവർ അല്ല. അവർ നമുക്ക് ചുറ്റും ഉണ്ട്, എന്നാൽ അവരെ നാം തിരിച്ചറിയുന്നില്ല. മൂലധനത്തിലൂന്നിയ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനകണ്ണികൾ അവരാണ്. ഭക്ഷ്യവസ്തുക്കൾ മുതൽ വസ്ത്രങ്ങളും, ഇലക്ട്രോണിക്സ് സാമഗ്രികളും, കളിപ്പാട്ടങ്ങളും, പല ഗൃഹോപകരണങ്ങളും ആഭരണങ്ങളും അടക്കം മധ്യവർഗ്ഗ-ഉപരിവർഗ്ഗ കുടുംബങ്ങളുടെ സുഖാസൗകര്യം ഉറപ്പുവരുത്തുന്ന ഏത് ഉല്‍പ്പന്നം എടുത്താലും അതിന്‍റെ നിര്‍മ്മാണത്തിന്‍റെ, വിതരണത്തിന്‍റെ ഏതെങ്കിലും ഒരു തലത്തിൽ ഈ അസ്ഥിര-അസംഘടിത തൊഴിലാളികളുടെ വിയർപ്പ് പറ്റിയിട്ടുണ്ട്. എന്നാൽ ഇതുകൊണ്ട് ഒന്നും അവസാനിക്കുന്നില്ല ഈ ലിസ്റ്റ്. അവർ തൊഴിലാളികൾ മാത്രമല്ല, ചെറുകിട-സൂക്ഷ്മ ഉല്‍പ്പാദന യൂണിറ്റുകളുടെ ഉടമകളും, ചെറുകിട കർഷകരും, കച്ചവടക്കാരും, വീട്ടുതൊഴിലാളികളും കെട്ടിടം പണിക്കാരും എല്ലാ വൻകിട വ്യവസായങ്ങളുടെ വിതരണ ശൃംഖലകളിലെ അദൃശ്യരായ എന്നാൽ ഒഴിച്ച് കൂടാനാവാത്ത കണ്ണികൾ ആണ്.

ഒന്നുകൂടി വ്യക്തമാക്കിയാൽ മോഹന അക്കയേയും ദാസപ്പനേയും നമുക്ക് അറിയാമായിരിക്കും, പക്ഷേ പൊതുസമൂഹം സമ്പദ് വ്യവസ്ഥയിൽ അവർ നൽകുന്ന സംഭാവനകളെ ഒരിക്കലും കണക്കിൽ പെടുത്തുന്നില്ല. അതിനുമപ്പുറം ദാസപ്പന്‍റെ കടയിൽ മുട്ടയും പലഹാരവും ഉണ്ടാക്കുന്നവരേയൊ അത് എത്തിച്ച് കൊടുക്കുന്നവരേയൊ നമ്മൾ അറിയുന്നില്ല. അതുപോലെ തന്നെയാണ് പല ബ്രാൻഡ് വസ്ത്രങ്ങളും വാങ്ങുമ്പോൾ ആ ബ്രാൻഡും അത് വിൽക്കുന്ന കടക്കാരനേയും മാത്രമേ നാമറിയുന്നുള്ളു. ആ വസ്ത്രം തയ്ച്ചത് ഫാക്ടറിയിൽ ആയാലും അതിന്‍റെ അലങ്കാരപണികൾ ചെയ്തവരെ, അത് പാക്ക് ചെയ്തവരെ, അല്ലാ ഫാക്ടറിക്ക് പകരം അത് വീട്ടുതൊഴിൽ (Home based) ആയാണ് ചെയ്തതെങ്കിൽ അവരെ ഒന്നും നമ്മൾ കാണുന്നില്ല. അതുപോലെ ഉല്‍പ്പാദകരിൽ നിന്ന് കച്ചവടക്കാരിൽ സാധനങ്ങൾ എത്തിക്കുന്ന ഒരു പാട് പേർ. അവരേയും ആരും കാണുന്നില്ല. അവരെല്ലാം നാം കൊട്ടിഘോഷിക്കുന്ന സാമ്പത്തികോന്നതിയുടെ വിവിധ തലങ്ങളിൽ ഗണ്യമായ സംഭാവന ചെയ്യുന്നവരാണ്. അവരെ പൊതുവിൽ വിളിക്കുന്നത് അസ്ഥിര-അസംഘടിത മേഖല എന്നാണ്. അവരുടെ സംഭാവന അത്ര ചെറുതല്ല. ജിഡിപി യുടെ 40 ശതമാനവും, മൊത്തം തൊഴിലിന്‍റെ 93 ശതമാനവും ഈ ദൃഷ്ടി ഗോചരമല്ലാത്ത ഉല്‍പ്പാദകരും തൊഴിലാളികളും പ്രദാനം ചെയ്യുന്നതാണ്. ഇവരുടെ ഉല്‍പ്പാദനവും വരുമാനവും സ്ഥിരതയുള്ളതോ സംഘടിത ശക്തിക്ക് കീഴേ വരുന്നതോ ഒന്നും അല്ല. ഒന്നൂകൂടെ വ്യക്തമാക്കിയാൽ ഇവർ ബാൽക്കണിയുള്ള ഫ്ലാറ്റുകൾ പണിയുന്നവർ ആണ്. പക്ഷേ ആ ബാൽക്കണികളുള്ള ഫ്ലാറ്റുകളുടെ ഉടമസ്ഥർ അല്ല. ബാൽക്കണികളിൽ നിന്നും നോക്കുമ്പോൾ അവർ ഒരു വൈറസ് ആയാണ് പലപ്പോഴും കാണപ്പെടുന്നത്, പക്ഷേ അവർ അപ്രത്യക്ഷമായാൽ തീരുന്നതാണ് ബാൽക്കണി ജീവിതത്തിന്‍റെ സുഖം.

കാരണം ഇന്നും ഉല്‍പ്പാദന വിതരണ ചിലവ് കൂടിയിട്ടും 20-30 രൂപയ്ക്ക് ഒരു കിലോ ഉള്ളി നഗരത്തിലെ മദ്ധ്യവർഗ്ഗത്തിനു ലഭിക്കുന്നുണ്ടേങ്കിൽ 42 രൂപയ്ക്ക് ഒരു ലിറ്റർ പാൽ കിട്ടുന്നുണ്ടെങ്കിൽ അതിനു കാരണം എണ്ണമില്ലാത്ത, മുഖങ്ങളില്ലാത്ത, എന്നാൽ പണിയെടുക്കുക മാത്രം ചെയ്യുന്ന ഈ അസംഘടിത-അസ്ഥിര തൊഴിൽ മേഖലയുടെ സാന്നിദ്ധ്യം മൂലമാണ്. അവർ എണ്ണത്തിൽ കൂടുതലായതിനാൽ, പ്രത്യേകിച്ച് തൊഴിൽ വൈദഗ്ദ്ധ്യം ഇല്ലത്തവരായത്തിനാൽ, കൂലി പലപ്പോഴും സർക്കാരുകൾ നിജപ്പെടുത്തിയിരിക്കുന്ന അടിസ്ഥാന വേതനത്തിന്‍റെ അടുത്തൊന്നും കിട്ടത്തവരാണ്. കൃഷിക്കാരുടെ കാര്യമാണെങ്കിൽ ഉല്‍പ്പാദന ചിലവ് കഴിഞ്ഞാൽ തന്‍റെ വേതനം സംഭാവനയായി നൽകിയാൽ മാത്രമേ കച്ചവടം നടക്കൂ. അത് സഹിക്കാതെ വരുന്ന സാഹചര്യത്തിൽ ആണ്, ഉരുളക്കിഴങ്ങും, തക്കാളിയും പഴങ്ങളും പാതയോരങ്ങളിൽ തൂവിക്കളയാൻ അവർ നിര്‍ബന്ധിതരാകുന്നത്.

അത് പോലെത്തന്നെയാണ് ചെറുകിട സൂക്ഷ്മ (SME) വ്യവസായ ശാലകളുടെ, അവരുടെ അനുബന്ധ ഗാർഹിക ഉല്‍പ്പാദന യൂണിറ്റുകളും. ചുരുക്കം ചില മേഖലകളിൽ ഒഴികെ ഒന്നുകിൽ ഉല്‍പ്പാദനത്തിന് വേണ്ട അടിസ്ഥാനവസ്തുക്കൾ കിട്ടാനുള്ള ബുദ്ധിമുട്ട്, അല്ലെങ്കിൽ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഉള്ള ബുദ്ധിമുട്ട്, പലപ്പോഴും, ആവശ്യത്തിനുള്ള മുടക്ക്മുതൽ (മൂലധനം) ഇല്ലാത്തതിനാൽ യൂണിറ്റ് തുടങ്ങിയ നിലയിൽ തന്നെ തുടരുന്ന കാഴ്ച ആണ്. കാര്യങ്ങള്‍ നടന്ന് പോകും, അതിനപ്പുറം വളർച്ച നേടാൻ ഒട്ടുമിക്ക സംരംഭകർക്കും ആകുന്നില്ല. അതിന്‍റെ ഒപ്പം, ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കൾ സമയാസമയത്ത് വിപണിയിൽ എത്തിക്കാനുള്ള ബുദ്ധിമുട്ട്, തൊഴിലാളികൾക്ക് അടിസ്ഥാന വേതനവും മറ്റ് സാമൂഹ്യസുരക്ഷാ സഹായങ്ങളും നൽകാനുള്ള സാമ്പത്തിക അടിത്തറ ഇല്ലായ്മ ഒക്കെ കൊണ്ട് ഈ മേഖല പ്രശ്നപൂരിതം ആണ്. ഈ മേഖലയിലെ തൊഴിലാളികളുടെ കാര്യമാണ് അതിലും കഷ്ടം. ആദ്യാന്തം യാതൊരു വരുമാന സ്ഥിരതയും ഒരു അപ്രതീക്ഷിത ദുരന്തത്തെ നേരിടാനുള്ള യാതൊരു ബാക്ക്അപ്പ് സാമൂഹ്യ സുരക്ഷയോ, ഒന്നും ഇവർക്കില്ല. പണിയുണ്ടെങ്കിൽ വരുമാനം ഉണ്ട്, വരുമാനം ഉണ്ടെങ്കിൽ ഭക്ഷണവും താമസ സൗകര്യവും ഉണ്ട്. അല്ലെങ്കിൽ യാതൊന്നും ഇല്ല. കഴിഞ്ഞ ദശാബ്ദത്തിൽ ഇവർക്കായി സാമൂഹ്യസുരക്ഷ-ആരോഗ്യസുരക്ഷ പരിപാടികൾ ഒരു പാട് നടപ്പിലാക്കിയിരുന്നു. പക്ഷേ മാര്‍ച്ച് മാസം അവസാനം ഇന്ത്യ കണ്ട ജനലക്ഷങ്ങളുടെ പലായനം പറയുന്നത് ഈ പരിപാടികളും മറ്റും എത്തേണ്ടിടത്ത് എത്തിയിട്ടില്ല എന്നാണ്.

പിന്നെ വേറൊന്ന് അവർ ഒരു വലിയ വ്യവസായ ശൃംഖലയുടെ കണ്ണിയായി പ്രവർത്തിക്കുമ്പോൾ, ഒരു ദുരന്ത പാക്കേജ് നൽകിയാൽ അത് ആ ശൃംഖലയുടെ മുകളറ്റത്തെ പ്രത്യക്ഷമായ സംരംഭത്തിനും സംരഭകനും മാത്രമേ കിട്ടൂ. ഉദാഹരണത്തിന് കൊറോണാന്തര കാലഘട്ടത്തിൽ ഗാർമെന്റ് സെക്ടറിന് ഒരു ആശ്വാസ പാക്കേജ് നൽകിയാൽ അത് രജിസ്റ്റർ ചെയ്തിരിക്കുന്ന കുറച്ചു് പേർക്ക് കിട്ടും. അവരുടെ പണി ഔട്ട് സോഴ്സ് ചെയ്യുന്ന ഗാർഹിക മേഖലയിലെ ഒരു യൂണിറ്റിന് പോലും കിട്ടാൻ പോകുന്നില്ല. അതുപോലെ അവരെ ആശ്രയിക്കുന്ന തൊഴിലാളികളും മറ്റ് അനുബന്ധ പ്രവർത്തകരും ഇത്തരം സഹായങ്ങൾക്ക് പുറത്തായിരിക്കും.

അതിന് പല കാരണങ്ങൾ ഉണ്ട്‌. പ്രധാനമായും ഇത്തരം തൊഴിലുകൾ നഗരപ്രദേശങ്ങളിൽ കേന്ദ്രീകൃതമായിരിക്കും, തൊഴിലാളികളും ചെറുകിട ഉല്‍പ്പാദകരും പൊതുവേ തദ്ദേശീയർ ആവില്ല. വരുത്തർ എന്ന സാമാന്യവല്‍ക്കരണമാണ് നാടൻ ഭാഷയിൽ അവർക്ക് ചേരുന്നത്. അതുകൊണ്ട് തന്നെ തങ്ങളുടെ മേൽവിലാസം ഗ്രാമങ്ങളിലേത് ആയിരിക്കും. റേഷൻ കാർഡോ, ബാങ്ക് അക്കൗണ്ടൊ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. ചുരുക്കത്തിൽ നഗരത്തിന്‍റെ സമ്പദ്ഘടനയിലെ അനിവാര്യ കണ്ണികൾ ആണെങ്കിലും ആ നഗരങ്ങളിൽ തീർത്തും അന്യവല്‍ക്കരിക്കപ്പെട്ടവര്‍ ആണിവർ. അന്നന്ന്‍ പണിതീർത്ത് കൂലി വാങ്ങുന്നവർ. ഉല്‍പ്പാദകർ പൊതുവെ ഉല്‍പ്പാദനശൃംഖലയിലെ ഒരു കണ്ണിയായിരിക്കും. അല്ലെങ്കിൽ സൂക്ഷ്മ സംരംഭകരോ ആയിരിക്കും. എന്തായാലും തട്ടീം മുട്ടീം ജീവിക്കുന്നവർ ആണിവർ.

സ്ഥിരതയില്ലാത്ത എല്ലാ തൊഴിലും ഇവരാണ് ചെയ്യുന്നത്. കാർഷിക-കാർഷിക അനുബന്ധ തൊഴിലുകള്‍ മുഴുവൻ ഈ മേഖലയുടെ കീഴിലാണ്. കൂടാതെ കാർഷികേതര തൊഴിലിന്‍റെ 85 ശതമാനം അസ്ഥിര-അസംഘടിത മേഖലയിൽ ആണ്. ഉദാഹരണത്തിന് സകലമാന ചെറുകിട കച്ചവടക്കാർ, കൈത്തറി-കൈത്തൊഴിൽ, കൊറിയർ-ഡെലിവറി ബോയ്സ് മുതൽ സകല കടകളിലേയും പണിക്കാർ, സൈക്കിൾ-ഓട്ടോറിക്ഷാ മുതൽ ബസ്-ട്രക്ക് ഡ്രൈവർ, വീട്ടുപണിക്കാർ, റാഗ് പിക്കേഴ്സ് മുതൽ മാലിന്യം പെറുക്കുകയും സംസ്കരിക്കുകയും ചെയ്യുന്നവര്‍, കെട്ടിടം പണിക്കാർ എന്നുവേണ്ട മദ്ധ്യവർഗ്ഗ-ഉപരിവർഗ്ഗ കുടുംബങ്ങളുടെ സാമ്പത്തിക, സാമ്പത്തികേതര സുഖസൗകര്യങ്ങൾ പ്രധാനം ചെയ്യുന്ന അദൃശ്യ കരങ്ങളാണിവരുടേത്.

ഇവരുടെ ജീവിതത്തിന്‍റെ ചില ഏടുകളുടെ സത്യസന്ധമായ ചലചിത്ര ആവിഷ്കാരമാണ് ഇത്തവണ ഓസ്കാർ നേടിയ കൊറിയൻ സിനിമ പാരസൈറ്റ്. ഒരു നേരത്തെ ഭക്ഷണത്തിനും മറ്റ് ചിലവുകൾക്കുമായ് കിം കുടുംബം പണി തേടി അലയുകയാണ്. മൾട്ടിനാഷണൽ ഭക്ഷ്യ ശൃംഖലയുടെ പാക്കിംഗ് ജോലി പീസ് വേതനത്തിൽ ചെയ്യുന്നു, ഡ്രൈവർ ആകുന്നു, വീട്ടു ജോലിക്കാരി ആകുന്നു, പഠിപ്പുള്ള മക്കൾ ട്യൂഷൻ എടുക്കുന്നു. അത് പോലെ ആ ചിത്രത്തിൽ ഭക്ഷ്യ കമ്പനിയുടെ ഏജന്റ് ആയി വരുന്ന പെൺകുട്ടിയും ആ തൊഴിൽശൃംഖലയിലെ ഒരു കണ്ണിയാണ്. ഇന്ന് ഒരു ഭക്ഷ്യകമ്പനിയെ പ്രതിനിധാനം ചെയ്യുന്നവളെങ്കിൽ നാളെ കുറച്ചുകൂടുതൽ വരുമാനം കിട്ടുമെങ്കിൽ അടുത്ത പണി ചെയ്യും. പ്രത്യേക വൈദഗ്ദ്ധ്യം ഒന്നും അവർക്ക് അവകാശപ്പെടാൻ ഇല്ലാ.

“എന്തിനാണ് അവർക്ക് പണം? ഭക്ഷണം കിട്ടുന്നില്ലേ?”

ഇത് ചോദിച്ചത് ഒരു ജനാധിപത്യ രാജ്യത്തിലെ കോടതിയാണ്. 30 ശതമാനത്തോളം ജനം ഒരു ദിവസം 32 രൂപ പോലും വരുമാനമില്ലാത്തവരുടെ നാടാണ് ഇന്ത്യ. അവർക്ക് ഒരു നേരത്തെ ഭക്ഷണം ആർഭാടം ആണ്. എന്നിരുന്നാലും, ഭക്ഷണത്തിനും അപ്പുറം വേറെ ഒരുപാട് ചിലവുകൾ അവർക്ക് ഉണ്ട്.

പൊതുസമൂഹം പൊതുവെ കരുതുന്നത് ഈ കൂട്ടർ സർക്കാര്‍ സബ്സിഡികൾ കൊണ്ട് സുഖിക്കുന്ന, യാതൊരു നികുതിയും അടക്കാത്ത ഒരു രാജ്യത്തെ പാരസൈറ്റ് ആണെന്നാണ്. എന്നാൽ യാഥാർത്ഥ്യം മറിച്ചാണ്. ഉപ്പ് തൊട്ട് കർപ്പൂരം വരെ വാങ്ങുമ്പോൾ, എന്തിന് ഏത് സേവനങ്ങൾക്കും നികുതി ഇവർ നൽക്കുന്നു. ഇവർ ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ വസ്തുക്കളിലും നികുതി ഉണ്ട്. മറുവശത്ത് അവർക്ക് ലഭിക്കുന്ന ഒരു സേവനവും സൗജന്യം അല്ല. അല്ലെങ്കിൽ അവർ അനുഭവിക്കുന്ന സൗജന്യങ്ങളും ഉപരി-മദ്ധ്യവർഗ്ഗ ജനത അനുഭവിക്കുന്ന സൗജന്യവും തമ്മിൽ താരതമ്യം ചെയ്താൽ രണ്ടാമത്തെ കൂട്ടർ ആണ് പാരസൈറ്റ്. ഉദാഹരണത്തിന് അവർ കൂടുതൽ വാടക നൽകുന്നു (ഒരു മധ്യവർഗ്ഗ കുടുംബം കക്കൂസ്, അടുക്കള അടക്കമുള്ള ഒരു വീടിന് 40-43 രൂപ സ്ക്വയർ ഫീറ്റിന് വാടക കൊടുക്കുമ്പോൾ, ഇവർ ഏകദേശം അതേ തുക തന്നെ അടുക്കളയോ കുളിമുറിയോ ഇല്ലാത്ത ഒരു മുറിക്ക് കൊടുക്കും), പണം കൊടുത്താണ് പൊതു കക്കൂസ് ഉപയോഗിക്കുന്നത്‌. ഇതിനുമപ്പുറം അവരെ പിഴിഞ്ഞാണ് മറ്റുള്ളവർ ജീവിയ്ക്കുന്നത്. അവരുടെ ചിലവ് ഭക്ഷണത്തിൽ മാത്രം ഒതുങ്ങുന്നില്ല. വാടകയും വെള്ളവും വെളിച്ചവും മാത്രമല്ല, സ്ത്രീകൾക്ക് സാനിറ്ററി നാപ്കിൻ വേണം, മരുന്നുകൾ വേണം, പൊതു കക്കൂസ് ഉപയോഗിക്കണം. ചുരുക്കത്തിൽ ഒരു ഉപരിവർഗ-മധ്യവർഗ കുടുംബത്തിന്‍റെ അവശ്യ വസ്തുക്കൾ അവർക്ക് ആർഭാടം ആയി ആണ് പൊതു സമൂഹം കാണുന്നത്. അത് കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഭക്ഷണം മാത്രം മതിയല്ലോ, എന്തിന് പണം എന്ന് ചോദിക്കുന്നത്.

ഇങ്ങനെ ഒരു കൂട്ടർ നമുക്ക് ചുറ്റിലും ജീവിക്കുന്നു എന്ന തിരിച്ചറിവില്ലാത്തവർ ആണ് ഇന്നത്തെ ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വവും ഭരണകൂടവും. മഹാ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ഇങ്ങനെയും കുറെ മനുഷ്യർ ഈ രാജ്യത്ത് ഉണ്ടെന്നും അവർ ദൈനംദിന ജീവിതത്തിൽ നേരിടുന്ന ആരോഗ്യ-തൊഴിൽ വരുമാന പ്രശ്നങ്ങളെ വച്ചു നോക്കുമ്പോൾ കൊറോണ വൈറസ് ഒന്നുമല്ല അവർക്ക് എന്ന തിരിച്ചറിവ്‌ ഭരണകൂടത്തിന് ഇല്ലാതെ പോയി. ഒരു പക്ഷേ കേരള സർക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള വ്യത്യാസം എന്താണ് എന്നതിനുള്ള ഉത്തരവും ഇതാണ്. തങ്ങളുടെ ജനം ആരാണെന്നുള്ള തിരിച്ചറിവ്.

ജിഡിപി വളർച്ചയുടെ ക്രെഡിറ്റ് കൈവശം വെക്കുന്ന സർക്കാരുകൾ, അത് പ്രദാനം ചെയ്യുന്നവരെ ദുരിതങ്ങളിൽ കൈകൊടുത്ത് നിര്‍ത്തേണ്ടതാണ്. അവർ രാജ്യത്തിനകത്ത് ഉള്ള അസ്ഥിര-അസംഘടിത തൊഴിലാളികളോ ആഭ്യന്തര/അന്താരാഷ്ട്ര/അതിഥി തൊഴിലാളികളോ ആകട്ടെ, അവർക്കൊപ്പം നിൽക്കേണ്ട സമയമാണിത്. അല്ലെങ്കിൽ തങ്ങളുടെ സ്ഥാപനങ്ങളിലും വീടുകളിലും പണിയെടുക്കുന്നവർ, തങ്ങളുടെ സുഖസൗകര്യം ഉറപ്പ് വരുത്തിയവർ, പണി നഷ്ടപ്പെട്ടപ്പോൾ ഉള്ളതും പെറുക്കി കുഞ്ഞുകുട്ടികളുമായി പലായനം ചെയ്തപ്പോൾ അവർക്കുവേണ്ടി ഒരു ശബ്ദവും ഉയർത്താതിരുന്ന ബാൽക്കണി ജീവികളും, ജനങ്ങളെ തിരിച്ചറിയാത്ത ഭരണകൂടവും മേരി അന്റോയ്നെറ്റിന്റേയും നിറോ ചക്രവർത്തിമാരുടേയും പിൻഗാമികൾ ആവുകയാണ്.

Comments

comments