സിനിമ കേരളത്തിലെത്തിയിട്ട് ഒരു നൂറ്റാണ്ടോളം ആയെങ്കിലും സിനിമാപഠനത്തിന്‍റെ സ്വീകാര്യതയില്‍ ഇപ്പൊഴും ചില്ലറ അഭിപ്രായഭിന്നത ഉണ്ടെന്ന്‍ പറയാതെ വയ്യ. ഒരു പക്ഷേ വിനോദം/വിജ്ഞാനം എന്ന ദ്വന്ദത്തിലൂടെ വീക്ഷിക്കുമ്പോള്‍ സിനിമ വെറുമൊരു വിനോദോപാധി ആകുന്നതിനാലാവാം ഈ നിലപാട്. അല്ലെങ്കില്‍ ആര്‍ക്കും എന്തും എപ്പോഴും വിമര്‍ശിക്കാവുന്ന ഒരു ‘ജനപ്രിയ’ മാധ്യമം ആയതിനാലുമാവാം. അതുമല്ലെങ്കില്‍ സമൂഹത്തെ പിഴിയുന്ന ഒരു മുതലാളിത്ത പ്രസ്ഥാനം/ഉല്‍പ്പന്നം എന്ന നിലയിലും ആവാം. എന്തൊക്കെയായാലും ഇത്തരം വാദപ്രതിവാദങ്ങള്‍ക്ക് ഇടയിലാണ് കേരളത്തില്‍ സിനിമാപഠനം ഉരുത്തിരിഞ്ഞ് വരുന്നത്. ആസ്വാദനത്തില്‍ നിന്നും വിമര്‍ശനത്തിലേക്കും പിന്നീടു സിദ്ധാന്തവല്‍ക്കരണത്തിലേക്കും മലയാള സിനിമാപഠനം വളര്‍ന്നുവെങ്കിലും ഏതു തരത്തിലുള്ള സിനിമയാണ് പഠന വിധേയമാക്കേണ്ടത് എന്നത് എപ്പോഴും ഒരു തര്‍ക്ക വിഷയമായിരുന്നു.

ഒരുവശത്ത് ജനപ്രിയ സിനിമ വിനോദത്തിന് വേണ്ടി മാത്രമുള്ളതാണെന്ന് സിനിമാപ്രവര്‍ത്തകര്‍ വാദിക്കുമ്പോള്‍, മറുവശത്ത് അത്തരം സിനിമകളെ സംശയത്തോടെ മാത്രം വീക്ഷിക്കുന്ന ഗവേഷകരുമുണ്ട്. അതുകൊണ്ടായിരിക്കാം സമാന്തര സിനിമകളുടെ പഠനം മറ്റു സിനിമ പഠനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ശ്രദ്ധയാര്‍ജ്ജിച്ചത്. പാശ്ചാത്യ രാജ്യങ്ങളിലും തുടക്കത്തില്‍ സ്ഥിതിഗതികള്‍ ഏറെക്കുറെ സമാനമായിരുന്നു. പക്ഷെ ജനപ്രിയ സിനിമയുടെ സമൂഹത്തില്‍ ഉള്ള സ്വാധീനം വളര്‍ന്നപ്പോള്‍ സിനിമ പഠനവും ആ വഴിക്ക് തിരിഞ്ഞു. ഈ വിഷയത്തിന്‍റെ സങ്കീര്‍ണതയിലേക്ക് കടക്കുന്നതിനു മുന്‍പ് കേരളത്തില്‍ അല്ലെങ്കില്‍ മലയാളത്തില്‍ സിനിമ എങ്ങിനെയാണ്‌ ആശയവല്‍ക്കരിക്കപ്പെട്ടിട്ടുള്ളത് എന്നു നോക്കേണ്ടത് അനിവാര്യമാണ്.

ഭാഷയും സിനിമയും

ഏതൊരു ആശയവും നിര്‍മ്മിക്കപ്പെടുന്നത് ഭാഷയിലൂടെ ആണെന്നാണല്ലോ? അപ്പോള്‍ മലയാളത്തിനു തികച്ചും അപരിചിതമായ സിനിമ എന്ന വിദേശപദം പിന്നീടെങ്ങിനെ മലയാളത്തിന്‍റെ തന്നെ ഭാഗമായി എന്നു പരിശോധിക്കേണ്ടതുണ്ട്.

കൊടുക്കല്‍ വാങ്ങലുകള്‍ ഭാഷയെ വിപുലമാക്കും എന്നുള്ളതിന് ഒരു ഉദാഹരണമാണ്‌ സിനിമ എന്ന വാക്കിന്‍റെ ഉത്ഭവവും പരിണയവും. ഫ്രഞ്ച് പദമായ ‘സിനിമാറ്റൊഗ്രാഫ്’-ല്‍ (cinematograph) നിന്നാണ് സിനിമ എന്ന വാക്കിന്‍റെ ഉത്ഭവമെന്നു കരുതപ്പെടുന്നു. ചലനം എന്നര്‍ത്ഥം വരുന്ന ‘കിനെമ’ (kinema), എഴുത്ത് എന്നര്‍ത്ഥമുള്ള ‘ഗ്രാപ്ഫേയ്ന്‍’ (graphein) എന്ന ഗ്രീക്ക്പദങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ലുമിയര്‍ സഹോദരന്മാരാണ് സിനിമാറ്റൊഗ്രാഫ് എന്ന പദം വിഭാവനം ചെയ്‌തത്‌. സിനിമാറ്റൊഗ്രാഫിന്‍റെ ചുരുക്കെഴുത്തായാണ് സിനിമ എന്ന വാക്ക് ഭാഷയിലേക്ക് വരുന്നത്. ചലിക്കുന്ന രേഖകള്‍ എന്നുവേണമെങ്കില്‍ നമുക്കു സിനിമയെ വിളിക്കാം.

ചലനചിത്രം പ്രദര്‍ശിപ്പിക്കുന്ന ഇടം എന്ന നിലയിലാണ് ‘സിനിമ’ എന്ന പദം തുടക്കത്തില്‍ ഉപയോഗിച്ചിരുന്നത്. പിന്നീട് ഒരു മാധ്യമമെന്ന നിലയിലും, വ്യവസായം എന്ന നിലയിലും, ദൃശ്യശ്രാവ്യ അനുഭവമെന്ന നിലയിലും ‘സിനിമ’ നിര്‍വചിക്കപ്പെട്ടു. എന്നാല്‍ ഇന്ത്യയിലേക്ക്‌ എത്തുമ്പോള്‍ സിനിമ എന്ന വാക്കിന് പുതിയ ചില അര്‍ത്ഥതലങ്ങള്‍ കൈവരികയുണ്ടായി. അതിലേറ്റവും പ്രധാനം സിനിമ എന്നത് ഒരു സംരംഭം എന്നതിലുപരി ഒരു വ്യക്തിഗത ഉല്‍പന്നം എന്ന തലത്തിലാണ് നമ്മള്‍ വിഭാവനം ചെയ്തത് (സിനിമ പഠനങ്ങള്‍ വ്യക്തിഗത ഉല്‍പന്നത്തെ സൂചിപ്പിക്കാന്‍ ഫിലിം എന്നോ മൂവീ എന്നോ ആണ് ഉപയോഗിച്ചു വരുന്നത്). മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സിനിമ എന്നോ ഫിലിം എന്നോ മൂവി എന്നോ വേര്‍തിരിവില്ലാതെ ഇന്ത്യന്‍ ഭാഷകള്‍ ഏതൊരു ചലനചിത്രത്തേയും സിനിമ എന്നു വിളിച്ചു തുടങ്ങി.

ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ആശയതലത്തില്‍ സിനിമയും ഫിലിമും മലയാളത്തില്‍ വേര്‍തിരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെയാണ് ഏതൊരു ചലച്ചിത്രവും(സിനിമാശാലയിലെ പ്രദര്‍ശനം, ടിവിയില്‍ വരുന്ന ചിത്രം, കമ്പ്യൂട്ടര്‍ മൊബൈല്‍ സ്ക്രീനുകളിലെ ഫിലിം) മലയാളത്തില്‍ സിനിമ എന്ന പദത്താല്‍ വിളിക്കപ്പെടുന്നത്. സംസാര ഭാഷയില്‍ പടമെന്നും അച്ചടി ഭാഷയില്‍ ചലച്ചിത്രമെന്നും അറിയപ്പെടുമെങ്കിലും സിനിമ എന്ന പദമാണ്‌ നമ്മള്‍ വളരെ സൗകര്യപ്രദമായി ഉപയോഗിച്ചു വരുന്നത്. അങ്ങനെ ഗ്രീക്കില്‍ നിന്നും ഫ്രഞ്ചിലേക്കും, ഫ്രഞ്ചില്‍ നിന്നും ആംഗലേയത്തിലേക്കും, അവിടെനിന്ന്‍ മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളിലേക്കുമുള്ള സിനിമയുടെ സഞ്ചാരം വളരെ പെട്ടെന്നായിരുന്നു. എന്നാല്‍ ആ സഞ്ചാരപഥത്തില്‍ സിനിമ എന്ന ആശയത്തിന്‍റെ സങ്കീര്‍ണതകള്‍ക്കും ഒരുപാടു മാറ്റങ്ങള്‍ സംഭവിച്ചു.

മലയാളത്തിലെ ആദ്യ സിനിമ എന്ന്‍ കരുതപ്പെടുന്ന വിഗതകുമാരന്‍റെ നോട്ടീസില്‍ (ക്ഷണപത്രിക) ‘ഫോട്ടോ-പ്ലേ’ (photo-play) എന്ന പദമാണ്‌ ചലച്ചിത്രത്തെ സൂചിപ്പിച്ചിരിക്കുന്നത്. ഒരുപക്ഷേ സിനിമ അപരിചിതമായിരുന്നെങ്കിലും ചിത്രവും നാടകവും മലയാളിക്ക് സുപരിചിതം ആയതിനാലാവാം ഇത്തരത്തിലൊരു പദപ്രയോഗം. അതുപോലെ 1950-60 കളിലെ “ടാക്കീസില്‍ പോയി സിനിമ കണ്ടു” എന്ന പ്രയോഗത്തെപറ്റി വെങ്കിടേശ്വരന്‍ പ്രതിപാദിക്കുന്നുണ്ട്‌ (2012). ശബ്ദചിത്രങ്ങളെയാണ് ഇംഗ്ലീഷില്‍ ‘talkies’ എന്നു വിളിക്കുന്നത്‌. പക്ഷെ ടാക്കീസ് (talkies) മലയാളത്തില്‍ സിനിമാകൊട്ടകയാണ്. അതുകൊണ്ട് “I went to cinema to watch talkies” നമുക്ക് നേരെ തിരിച്ചാണ്. ഒരിക്കല്‍ ഇംഗ്ലീഷ് പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ “I went to the cinema” എന്ന പ്രയോഗം എങ്ങനെ ശരിയാകുമെന്ന് ഒരു വിദ്യാര്‍ഥി സംശയം പ്രകടിപ്പിച്ചതോര്‍ക്കുന്നു.

ഇവിടെ വിദേശ പദങ്ങളായ സിനിമയും ടാക്കീസും മലയാളവല്‍ക്കരിക്കപ്പെടുന്നത് കാണാം. സിനിമ പോലെതന്നെ ഫിലിം (film), മൂവി (movie) എന്നീ പദങ്ങളും നമ്മുടെ ഭാഷയുടെ ഭാഗമായി എന്നു വേണമെങ്കില്‍ പറയാം (ചലച്ചിത്രമെന്ന വാക്ക് അച്ചടിഭാഷയിലല്ലാതെ മലയാളികള്‍ കൂടുതല്‍ കേട്ടിട്ടുള്ളത് ഒരു പക്ഷെ ദൂരദര്‍ശനില്‍ ആവാം). സിനിമാ പഠനത്തില്‍ വ്യക്തവും വ്യത്യസ്തവുമായി നിര്‍വചിക്കപ്പെട്ടിട്ടുള്ള ഈ ആശയങ്ങള്‍ മലയാളത്തിലേക്ക് എത്തുമ്പോള്‍ പക്ഷേ; ഈ ഭേദങ്ങൾ ഇല്ലാതെ ഒന്ന് മറ്റൊന്നിനു പകരം വെയ്ക്കാവുന്ന രീതിലേക്ക് മാറ്റപ്പെട്ടുകഴിഞ്ഞു. അതുകൊണ്ടുതന്നെ സിനിമ എന്ന മാധ്യമത്തെ അല്ലെങ്കില്‍ ആശയത്തെ നമ്മുടെ ഭാഷയിലേക്കും സമൂഹത്തിലേയ്ക്കും സ്വാംശീകരിക്കുന്നതേ അതിന്‍റെ സങ്കീര്‍ണതളെ അവഗണിച്ചു കൊണ്ടോ തമസ്ക്കരിച്ചു കൊണ്ടോ ആണ്. എന്നാല്‍ ഈ ലളിതവല്‍ക്കരണം സിനിമയുടെ അക്കാദമിക സാധ്യതകള്‍ക്ക് വിലങ്ങുതടിയായെങ്കിലും അതിന്‍റെ ജനപ്രിയത വര്‍ദ്ധിക്കുന്നതില്‍ സഹായകരമായി.

സിനിമ അഥവാ ചലിക്കുന്ന രേഖകള്‍

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലെ ഒരു പ്രധാന കണ്ടുപിടുത്തമായിരുന്ന സിനിമ (ലൂമിയര്‍ ബ്രദേര്‍സ് 1890കളില്‍ ചലനചിത്രം കണ്ടുപിടിച്ചെങ്കിലും ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളിലാണ് സിനിമ ജനങ്ങളിലേക്ക് എത്തിത്തുടങ്ങിയത്) ശബ്ദത്തിന്‍റെ വരവോട് കൂടിയാണ് കൂടുതല്‍ ജനപ്രിയമായമാകുന്നത്. ദൃശ്യസാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ഇരുപതാം നൂറ്റാണ്ട് സിനിമയുടേതാണ് എന്നുവരെ വാദങ്ങളുണ്ട് (Rodowick, 2007). ഒരുപക്ഷേ സിനിമയുടെ ഈ അതിപ്രസരമായിരിക്കാം പ്രസ്തുത മാധ്യമത്തെ ഒരു അറിവു ശേഖരമായി കാണുവാന്‍ ചരിത്രകാരന്മാര്‍ നിര്‍ബന്ധിതര്‍ ആയതിനു കാരണം. എഴുതപ്പെട്ട രേഖകളുടെ അത്ര പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നില്ല എങ്കിലും സിനിമയും ചരിത്ര രേഖയായി പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന്‍ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട് (White, 1988). ലോക ചരിത്രത്തിലെ പ്രധാനപ്പെട്ട സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍/മാറ്റങ്ങള്‍ പരിശോധിച്ചാല്‍ അച്ചടിമാധ്യമങ്ങള്‍ പോലെ തന്നെ സിനിമയും ഒരു പ്രധാന മാധ്യമം ആയിരുന്നുവെന്ന്‍ നിസ്സംശയം പറയാം. അതിനാല്‍ത്തന്നെ ആയിരിക്കാം മുന്‍പു സൂചിപ്പിച്ചതുപോലെ വിനോദം/വിജ്ഞാനം എന്ന ദ്വന്ദത്തിനപ്പുറം സിനിമയെ പഠിക്കേണ്ടതിന്‍റെ ആവശ്യകത ഉയര്‍ന്നു വന്നത്.

ഇരുപതാം നൂറ്റാണ്ടിനെത്തന്നെ മാറ്റിമറിച്ച ലോകമഹായുദ്ധങ്ങളും ചലനചിത്രവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഒന്നാം ലോകമഹായുദ്ധക്കാലത്ത്‌ ഏറെ ജനപ്രിയം അല്ലായിരുന്നെങ്കിലും രണ്ടാം ലോകമഹായുദ്ധക്കാലം ആയപ്പോഴേക്കും സിനിമ ഒരു രാഷ്ട്രീയ പ്രചാരണ മാധ്യമമായി വളര്‍ന്നു കഴിഞ്ഞിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഹിറ്റ്‌ലറുടേയും മുസ്സോളിനിയുടേയും ഫാസ്സിസ്റ്റ് വാഴ്ചയുടെ പാരമ്യത്തില്‍, സിനിമയും ഒരു പ്രധാന പ്രചാരണ മാധ്യമമായിരുന്നു. 1935ല്‍ ഇറങ്ങിയ ഏകദേശം രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ട്രയംഫ് ഓഫ് ദി വില്‍ (Triumph of the Will) എന്ന നാസി ചിത്രം ഇതിനൊരു ഉദാഹരണമാണ്. 1934ല്‍ ന്യുറംബെര്‍ഗില്‍വെച്ചു നടന്ന ലക്ഷക്കണക്കിന്‌ ആളുകള്‍ പങ്കെടുത്ത നാസി കോണ്‍ഗ്രസ്‌ ആയിരുന്നു ആ ചിത്രത്തിന്‍റെ പ്രമേയം. ഹിറ്റ്‌ലര്‍ ഉള്‍പ്പെടെയുള്ള നാസി നേതാക്കളുടെ പ്രസംഗങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു ട്രയംഫ് ഓഫ് ദി വില്‍-ന്‍റെ ഉദ്ദേശം.

പ്രോപഗണ്ട ചിത്രങ്ങളുടെ വിജയത്തോടെ സിനിമ ഗൗരവമായ രാഷ്ട്രീയ വിശകലനത്തിന് വിധേയമായി. ജനങ്ങളെ കബളിപ്പിച്ച്‌ നിഷ്ക്രിയരാക്കുന്ന ഒരു മുതലാളിത്ത ഉല്‍പ്പന്നമാണ് സിനിമ എന്നാണ് ജര്‍മ്മന്‍ ചിന്തകരായ അഡോര്‍ണോ, ഹോക്കൈമെര്‍ നിരീക്ഷിക്കുന്നത്. ജനപ്രിയ സംസ്കാരം തന്നെ ഒരു വ്യവസായമാണെന്നും (culture industry) അത് സമൂഹത്തിന് വിപത്താണെന്നും അവര്‍ വാദിച്ചു (1947). ഇത്തരം ഇടതുപക്ഷ വിമര്‍ശനങ്ങളുടെ പ്രതിഫലനം കേരളത്തിലും പ്രകടമായിരുന്നു. ഒരുപക്ഷേ അതിനാലാവാം ഒരു മുതലാളിത്ത ഉല്‍പന്നം മാത്രമായി സിനിമയെ നോക്കിക്കണ്ടാല്‍ മതി എന്നുള്ള ധാരണ കേരളത്തില്‍ നിലനില്‍ക്കാന്‍ കാരണം.

ലോകമഹായുദ്ധത്തിന് മുന്‍പും പിന്‍പും എന്ന നിലയില്‍ സിനിമയും അതോടൊപ്പം സിനിമാപഠനവും പരിണമിച്ചു. വെറും വിനോദത്തിനപ്പുറം രാഷ്ട്രീയവും സംസ്കാരവും ഭാഷയും തത്വചിന്തയും എന്നു തുടങ്ങി ജീവിതത്തിന്‍റെ പല മേഖലകളിലും സിനിമയുടെ സ്വാധീനം ശക്തിപ്പെട്ടു. അതുകൊണ്ട് തന്നെയാണ് ഇരുപതാം നൂറ്റാണ്ടിന്‍റെ സാമൂഹിക സാമ്പത്തിക രംഗത്തെ വളരെയാഴത്തില്‍ സ്വാധീനിച്ച ഒരു മാധ്യമമായി സിനിമയെ കണക്കാക്കുന്നത്.

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എത്തുമ്പോഴേയ്ക്കും സാങ്കേതിക വിദ്യകള്‍ക്കൊപ്പം സിനിമയും രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ക്ക് വിധേയമായി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പുതിയ സാങ്കേതിക വിദ്യകള്‍ വരുമ്പോള്‍ പഴയത് വഴി മാറേണ്ടി വരുമെന്ന ധാരണ സിനിമയുടെ കാര്യത്തില്‍ വ്യത്യസ്തമായാണ് പ്രവര്‍ത്തിച്ചത്. ടെലിവിഷന്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, സമൂഹ മാധ്യമങ്ങള്‍ എന്നിങ്ങനെ പുതിയ സാങ്കേതിക വിദ്യകള്‍/മാധ്യമങ്ങള്‍ വന്നിട്ടും സിനിമ വേദിയൊഴിഞ്ഞു എന്നു പറയാനാവില്ല. പകരം പുതിയ സാങ്കേതിക വിദ്യകളെ താഴ്ത്തിക്കെട്ടുകയോ (ടെലിവിഷനെ വിഡ്ഢിപ്പെട്ടിയായാണ് 1950 കളില്‍ അമേരിക്കന്‍ സിനിമ ചിത്രീകരിച്ചത്), അല്ലെങ്കില്‍ സിനിമയുടെ ഭാഗമാക്കുകയോ (മറ്റു മാധ്യമങ്ങളെ സിനിമയുടെ കഥയുടെ ഭാഗമാക്കുന്ന അവസ്ഥ intermediality in cinema), അതുമല്ലെങ്കില്‍ സിനിമയ്ക്ക് ഉപകരിക്കുന്ന മാര്‍ഗങ്ങളാക്കുകയോ (സിനിമയുടെ വിപണനത്തിന് മറ്റു മാധ്യമങ്ങളെ ഉപയോഗിക്കുന്നത്) ആണ് ചെയ്തിട്ടുള്ളത്. ഇത്തരത്തില്‍ മറ്റു മാധ്യമങ്ങളില്‍ നിന്നു ഒരു വ്യത്യസ്ത ഇടം സിനിമ സമൂഹത്തില്‍ നിലനിര്‍ത്തിപ്പോന്നു. ഈ അദ്വിതീയത സിനിമയെ ജനപ്രിയമാക്കുന്നതില്‍ ഒരു വലിയ പങ്കുതന്നെ വഹിച്ചു എന്നു പറയാന്‍ സാധിക്കും. മാത്രവുമല്ല, സമൂഹത്തെ പല വിധത്തില്‍ സ്വാധീനിക്കാനും സ്വാധീനിക്കപ്പെടാനും ഈ വ്യത്യസ്തത സിനിമ എന്ന മാധ്യമത്തെ സഹായിച്ചിട്ടുണ്ട്.

സിനിമാ പഠനത്തിന്‍റെ സഞ്ചാരപഥങ്ങള്‍

1950 മുതല്‍ ഇന്ത്യന്‍ സിനിമ ഒരു പഠന വിഷയമായി തീര്‍ന്നെങ്കിലും (Shah, 1950) 1980കളുടെ അവസാനത്തിലാണ് സിനിമാപഠനം ഇന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് തൊണ്ണൂറുകളില്‍ രാഷ്ട്രം, പൗരത്വം, ആധുനികത, സംസ്കാരം എന്നിങ്ങനെയുള്ള വിഷയത്തിലൂന്നിക്കൊണ്ട് നിരവധി സിനിമാപഠനങ്ങള്‍ ദേശീയ
തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇന്ത്യയില്‍ സിനിമാപഠനം സിനിമയുടെ വിശകലന/സിദ്ധാന്തതലത്തില്‍ ഒതുങ്ങിപ്പോയെന്നു വേണമെങ്കില്‍ പറയാം. സിനിമയെ കുറിച്ചുള്ള പഠനം വളരെ ചുരുക്കമാണ് എങ്കില്‍ സിനിമ എങ്ങിനെ പ്രായോഗിക തലത്തില്‍ ചെയ്യണമെന്നു പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ (professional institutions) വളരെ കുറവാണ്. മുന്‍പു സൂചിപ്പിച്ചതുപോലെ സിനിമയുടെ ലളിതവല്‍ക്കരണം ഇതിനും ഒരു കാരണമാണ്.

കേരളത്തിലും സിനിമ ആഴത്തില്‍ വിശകലം ചെയ്യുന്ന പഠനങ്ങള്‍ ശ്രദ്ധേയമായത് തൊണ്ണൂറുകളില്‍ ആണ്. സാഹിത്യത്തിലേയും സിനിമയിലേയും പ്രതിനിധാനത്തിന്‍റെ രാഷ്ട്രീയം പല കോണുകളില്‍ നിന്നും സംവദിക്കപ്പെട്ടു (രാഷ്ട്രം, മതം, ജാതി, ലിംഗം). അതിലെടുത്തു പറയേണ്ടത് കലാസൃഷ്ടികളുടെ കീഴാള വായനകളാണ് (subaltern studies). യാഥാര്‍ഥ്യത്തെ നിര്‍മിക്കുന്നതിലുള്ള പ്രതിനിധാനത്തിന്‍റെ പങ്കിനെ ഉത്തരഘടനവാദത്തിന്‍റെ ചുവടു പിടിച്ചു പരിശോധിക്കുന്നവ ആയിരുന്നു അതില്‍ പ്രധാനം (Ansari, 2008). അതുവരെ കലാസാഹിത്യസൃഷ്ടികളെ സൗന്ദര്യത്തിന്‍റെ (aesthetics) കണ്ണുകളിലൂടെ മാത്രം വീക്ഷിച്ചുപോന്ന സമൂഹം പിന്നീട് അവയുടെ രാഷ്ട്രീയ വായനകള്‍ക്കു മുന്‍തൂക്കം നല്‍കാന്‍ ആരംഭിച്ചു.

ഏതൊരു കലാസാഹിത്യ സൃഷ്ടിയ്ക്കും അതിന്റേതായ രാഷ്ട്രീയമുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ ഏതൊരു സിനിമാപഠനവും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ രാഷ്ട്രീയ വായനയാണ്. രാഷ്ട്രീയത്തെ അകറ്റിനിര്‍ത്തി കലാമൂല്യം മാത്രം വിശകലനം ചെയ്യുന്ന രീതിയും ഒരു രാഷ്ട്രീയമാണ്. അതുപോലെതന്നെ സിനിമയുടെ സൗന്ദര്യ ശാസ്ത്രപരമായ പ്രത്യേകതകള്‍ വകവെയ്ക്കാതെ അതിന്‍റെ രാഷ്ട്രീയ സാധ്യതകള്‍ മാത്രം പഠിക്കുന്ന രീതിയും പ്രശ്നവല്‍ക്കരിക്കപ്പെടേണ്ടതുണ്ട്. ഈ രണ്ടു രീതിയും സിനിമ പഠനത്തിന്‍റെ സാധ്യതകളെ പരിമിതപ്പെടുതുന്നവയാണ്. ആദ്യത്തേത് ഘടനയ്ക്കും സൗന്ദര്യ ശാസ്ത്രത്തിനും മുന്‍‌തൂക്കം നല്‍കുമ്പോള്‍ രണ്ടാമത്തേത് പ്രമേയത്തിനും രാഷ്ട്രീയത്തിനും പ്രാധാന്യം നല്‍കുന്നു.

അതിനാല്‍ത്തന്നെ സൗന്ദര്യശാസ്ത്രം/രാഷ്ട്രീയം (aesthetics/politics) എന്ന ദ്വന്ദത്തിനപ്പുറം സിനിമയുടെ കലാസാധ്യതകള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ഒരു വിശകലന രീതിയാണ്‌ ഈ പംക്തിയിലൂടെ ഉദ്ദേശിക്കുന്നത്. സിനിമയുടെ സ്വാധീനം/ഫലം (“cinema effect” Rajadhyaksha, 2009) എന്നതിലുപരി സിനിമയുടെ വികാരവിചാരതലങ്ങളേയും അത് എങ്ങനെയാണ് പ്രേക്ഷകരെ സ്പര്‍ശിക്കുന്നതെന്നും (affect) അതിന്‍റെ സാമൂഹിക രാഷ്ട്രീയ വശങ്ങളിലേക്കുമുള്ള ഒരു അന്വേഷണമാണ് സിനി അഫെക്റ്റ്. സിനിമയെ അടുത്തറിയാനുള്ള ഒരു ശ്രമം കൂടിയാണിത്‌. കൂടാതെ മലയാള സിനിമയുടെ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങി നില്‍ക്കാതെ സിനിമ പഠനങ്ങളില്‍ നടക്കുന്ന നൂതന വാദങ്ങളും സംവാദങ്ങളും വായനക്കാരുമായി പങ്കുവെയ്ക്കുക എന്നൊരു ലക്ഷ്യവും ഈ പംക്തിയ്ക്കുണ്ട്. ഈ വിശകലന പരമ്പര പുതിയ സിനിമാ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കട്ടെ എന്നു പ്രത്യാശിക്കുന്നു.

Reference
Adorno, Theodor and Max Horkheimer. “The Culture Industry: Enlightenment as Mass Deception.” 1947.
Ansari, M.T. മലബാര്‍: ദേശീയതയുടെ ഇടപാടുകള്‍. Kottayam: DC Books, 2008.
Rajadhyaksha, Ashish. 2009. Indian Cinema in the Time of Celluloid: From Bollywood to the Emergency. Indiana: Indiana University Press.
Rodowick, D. N. 2007. The Virtual Life of Film. Harvard: Harvard University Press.
Shah, Panna. 1950. The Indian Film. Greenwood Press: Westport, USA
Venkiteswaran, C S. “Local Narratives, National and Global Contexts.” Seminar, Sep 2012.
White, Hayden. 1988. “Historiography and Historiophoty.” The American Historical Review, vol. 93, no. 5. Dec., pp. 1193-1199.

Comments

comments