ഒന്ന്
ഭാവനയുടെ വനഭൂമിയാണ് വില്യം ഷേക്സ്പിയര്‍. ഗ്ലോബ് തീയേറ്റര്‍ അതിന്‍റെ രംഗശാലയും. മഹാവൃക്ഷങ്ങള്‍ മുതല്‍ പുല്‍നാമ്പുകള്‍ വരെ, ഇരുള്‍മൂടിയ ഗഹ്വരങ്ങള്‍ മുതല്‍ തെളിനീരൊഴുകുന്ന കൊച്ചരുവികള്‍ വരെ അതില്‍ നിറഞ്ഞുനില്‍ക്കുന്നു. അവിടെയെത്തിയ മനുഷ്യര്‍ക്ക് മുന്നില്‍ ഓരോ തവണയും അത് പുതിയ കാഴ്ച്ചകള്‍ ഒരുക്കി. മനുഷ്യവംശചരിത്രത്തില്‍ എക്കാലവും അവശേഷിക്കുമെന്ന്‍ ഉറപ്പുള്ള ഭാവനയുടെ മേഘരൂപങ്ങള്‍ ആ ആകാശപ്പരപ്പില്‍ തെളിഞ്ഞുനില്‍ക്കുന്നു; നിരന്തരം നിറഞ്ഞുപെയ്യുന്നു. ദൈവം കഴിഞ്ഞാല്‍ ഏറ്റവുമധികം സൃഷ്ടികള്‍ നടത്തിയത് ഷേക്സ്പിയറാണെന്ന് വിക്ടര്‍ ഹ്യൂഗോ പറഞ്ഞത് വെറുതെയല്ല.
ഷേക്സ്പിയര്‍ ഭാവനയുടെ അരങ്ങ് മാത്രമായിരുന്നില്ല ഗ്ലോബ് തീയേറ്റര്‍. ഇംഗ്ലണ്ടിനെ മുറിച്ചൊഴുകുന്ന തെംസ് നദിയുടെ തെക്കേക്കരയില്‍ ഷേക്സ്പീരിയന്‍ ഭാവനയിലെ വിസ്മയങ്ങളുടേത് എന്നപോലെ ആധുനിക ലോകചരിത്രത്തിന്‍റെയും അരങ്ങുകളിലൊന്നായി അത് നിലകൊള്ളുന്നു. ആകാശത്തിലേക്ക് ഉയര്‍ന്നുപാറുന്ന പതാകയ്ക്കു കീഴില്‍, നൂറ്റാണ്ടുകളുടെ ഓര്‍മ്മ അതില്‍ കുടിയിരിക്കുന്നു. മനുഷ്യപ്രതിഭയുടെ സഞ്ചാരപഥങ്ങളില്‍ ഇത്രയും സങ്കീര്‍ണ്ണമായ ഊടുവഴികള്‍ കയറിക്കൂടിയ ഇടങ്ങള്‍ ഏറെയൊന്നും കാണാനാവില്ല. ജീവിതത്തിന്‍റെ എല്ലാ അതിരുകളിലും ചെന്നുമടങ്ങുന്ന ഭാവനാചക്രവാളത്തിന്‍റെ പരിവേഷത്താല്‍ പൂരിതമായ ഗ്ലോബ് തീയേറ്ററിനെപ്പോലെ, ചരിത്രത്തിന്‍റെ പിന്നാമ്പുറങ്ങളില്‍ നിന്ന് ആധുനികതയിലേക്ക് തുടര്‍ജീവിതം കൈവന്ന മറ്റൊരു നാടകശാലയുമില്ല. അതുകൊണ്ടുതന്നെ ലോകമെമ്പാടും നിന്നുള്ള മനുഷ്യര്‍ അവിടേക്ക് നിരന്തരം വന്നുചേരുന്നു. ജീവിതത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള വലിയ ചോദ്യങ്ങള്‍ നിരന്തരം മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.ആ നാടകശാലയില്‍ ഒത്തുചേരുന്നു. ലോകത്തിലേക്കും തങ്ങള്‍ക്കുള്ളിലേക്കും ഉറ്റുനോക്കുന്നു; വീണ്ടും വരാനായി മടങ്ങുന്നു.
ഇംഗ്ലണ്ട് യാത്രക്കിടയില്‍ ഗ്ലോബ് തീയേറ്ററിലേക്ക് ഞാന്‍ പുറപ്പെട്ടത് ഒരു ഉച്ചനേരത്താണ്. മുരളിയേട്ടന്‍റെ ജീവിതപങ്കാളിയായ മിച്ചിരുവിനോടൊപ്പം. ഗ്ലോബിലെ നാടകാവതരണങ്ങള്‍ക്ക് വലിയ ബുക്കിംഗാണ്. ലോകമെമ്പാടും നിന്ന് ലണ്ടനിലെത്തുന്ന സഞ്ചാരികളില്‍ വലിയൊരു പങ്ക് ഗ്ലോബ് തീയേറ്ററില്‍ നാടകം കാണാനെത്തും. കെട്ടുപോകാത്ത ചരിത്രത്തിന്‍റെ വാതില്‍പ്പടിയാണ് അവര്‍ക്ക് ഗ്ലോബ് തീയേറ്റര്‍. അവിടെ നാടകം കാണുകയെന്നത് കേവലം നാടകം കാണലല്ല; യൂറോപ്യന്‍ ഭാവനയുടെ പരമപദങ്ങളില്‍ ഒന്നില്‍ കാലുറപ്പിക്കലാണ്. അതുകൊണ്ട് അവിടത്തെ നാടകാവതരണങ്ങള്‍ക്ക് മാസങ്ങള്‍ക്കു മുന്‍പേ ടിക്കറ്റ് തീരും. ഞാന്‍ ലണ്ടനില്‍ എത്തുന്നത് കണക്കാക്കി മുരളിയേട്ടന്‍ വളരെ മുന്‍പേ ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്തിരുന്നു. 2019 സെപ്തംബറിലെ മധ്യാഹ്നപ്രദര്‍ശനങ്ങളിലൊന്നിന്‍റെ ടിക്കറ്റാണ് ലഭിച്ചത്. ഷേക്സ്പിയറുടെ ശുഭാന്തനാടകങ്ങളില്‍ (comedy) പെട്ട ഒരു വേനല്‍ക്കാല രാക്കിനാവ് (Midsummer Nights Dream) ആണ് അന്ന് അവതരിപ്പിച്ചിരുന്നത്. ഷേക്സ്പിയര്‍ നാടകങ്ങളില്‍ അതിപ്രശസ്തമല്ലെങ്കിലും അവതരണത്തിന് നിറയെ ആളുകളുണ്ടായിരുന്നു.
ഈസ്റ്റ് ഫിഞ്ച്‌ലിയില്‍ നിന്നും ട്യൂബിലാണ് ഞങ്ങള്‍ പുറപ്പെട്ടത്. വഴിമദ്ധ്യേ മിച്ചിരു കുറച്ചുമാത്രമേ സംസാരിച്ചുള്ളൂ. മിച്ചിരുവില്‍ ഒരു ധ്യാനബുദ്ധനുണ്ട്. നമ്മെക്കുറിച്ചുള്ള ശ്രദ്ധയും കരുതലും അത്രമേല്‍ സൂക്ഷ്മമായി ഇരിക്കുമ്പോള്‍ത്തന്നെ അനാവശ്യമായ ഒരു വാക്കും ഉരിയാടാത്ത ജാഗ്രത. ലോകത്തിന്‍റെ സമസ്ത ഗതിയിലും ശ്രദ്ധാലു ആയിരിക്കുമ്പോള്‍ത്തന്നെ, താനായി അതില്‍ അലോരസം ഉളവാക്കരുത് എന്ന കരുതല്‍ അവര്‍ ഇപ്പോഴും പുലര്‍ത്തിയിരുന്നു. തന്റേത് എന്നപോലെ ഈ ലോകം മറ്റുള്ളവരുടേതും ആണെന്ന് അവര്‍ക്കറിയാമായിരുന്നു. അതിന് എത്ര വിലയുണ്ടെന്നും.
വണ്ടി തെംസ് മുറിച്ചുകടന്ന് ലണ്ടന്‍ ബ്രിഡ്ജ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ ട്യൂബില്‍നിന്നിറങ്ങി. തെംസിന്‍റെ തെക്കേക്കരയിലെ നടപ്പാതയിലൂടെ നടന്നാണ് ഞങ്ങള്‍ ഗ്ലോബ് തീയേറ്ററിലേക്ക് എത്തിയത്. ഉച്ചയെങ്കിലും സെപ്തംബറിലെ ചെറിയ തണുപ്പ് ബാക്കിയുണ്ടായിരുന്നു. നടവഴിയില്‍ തിരക്കിട്ടു നീങ്ങുന്ന മനുഷ്യര്‍. തെംസിന്‍റെ തീരത്തെ ശബ്ദമുഖരിതമായ വഴിയിലൂടെ നടക്കുമ്പോള്‍ ചരിത്രത്തിലെ മഹാസംസ്കൃതികളില്‍ ഒന്നിന്‍റെ ഇരമ്പല്‍ അതിലുണ്ടെന്ന്‍ ഓര്‍ത്തില്ല. ഒരര്‍ത്ഥത്തില്‍ ചരിത്രം അങ്ങനെയാണ്. വിനയചന്ദ്രന്‍ കവിതയില്‍ എഴുതിയപോലെ, ആദ്യം ആരും ശ്രദ്ധിക്കുന്നില്ല!
രണ്ട്
പുനര്‍ജ്ജനികളുടെ കഥയാണ് ഗ്ലോബ് തീയേറ്ററിന്‍റെത്. ചരിത്രത്തിന്‍റെ ചില പടവുകളില്‍ അത് പിറവിയെടുക്കുകയും പിന്‍വാങ്ങുകയും ചെയ്തു. ഓരോതവണയും അത് നിറവേറ്റിയ ധര്‍മ്മങ്ങളില്‍ വ്യത്യാസമുണ്ടായിരുന്നു. എപ്പോഴും അത് നാടകങ്ങളുടെ അരങ്ങായിരുന്നു. പക്ഷേ, ഒരിക്കലും അതു മാത്രമായിരുന്നില്ല താനും. ഏറ്റവും ഒടുവില്‍ 1917-ലാണ് അത് വീണ്ടും പിറന്നത്. ബ്രിട്ടീഷ് സംസ്കൃതിയുടെ അഭിമാനനിര്‍ഭരമായ സ്ഥാനങ്ങളിലൊന്നായി, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി തെംസ് നദിക്കരയില്‍ “ഷേക്സ്പിയറുടെ ഗ്ലോബ്” (Shakespeare’s Globe) നിലകൊള്ളുന്നു.
1997-ല്‍ പണിതീര്‍ത്തതാണ് ഇപ്പോഴത്തെ തീയേറ്റര്‍. ‘ഗ്ലോബ്’ന്‍റെ മൂന്നാം പിറവി. 1599-ല്‍ അവിടെ ആദ്യമായി അവതരിപ്പിച്ച ഷേക്സ്പിയറുടെ ഹെന്‍റി അഞ്ചാമന്‍ എന്ന നാടകം തന്നെയാണ് 1997-ല്‍ ഗ്ലോബ് മൂന്നാംവട്ടം പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ആദ്യമായി അവതരിപ്പിച്ചത്. 1599-ല്‍ പണിതീര്‍ത്ത നാടകവേദി നാടകാവതരണവേളയില്‍ മേല്‍ക്കൂരയില്‍ തീ പടര്‍ന്ന്‍ കത്തിനശിച്ചു. 1613-ലായിരുന്നു ആ അഗ്നിബാധ. അപ്പോഴേക്കും ലണ്ടനിലേയും പടിഞ്ഞാറന്‍ യൂറോപ്പിലേയും വലിയ നാടകശാലകളില്‍ ഒന്നായി അത് മാറിയിരുന്നു. തൊട്ടടുത്ത വര്‍ഷം തന്നെ തീയേറ്റര്‍ വീണ്ടും പണിതുയര്‍ത്തി. നാല് പതിറ്റാണ്ടുകാലം അവിടെ നാടകങ്ങള്‍ അരങ്ങേറി. 1642-ല്‍ പ്രതിനവീകരണത്തിന്‍റെ (Counter Reformation) സന്ദര്‍ഭത്തില്‍ ലണ്ടനിലെ നാടകശാലകളെല്ലാം അടച്ചുപൂട്ടപ്പെട്ടിരുന്നു. അവയ്ക്കൊപ്പം ഗ്ലോബ് തീയേറ്ററും ചരിത്രത്തില്‍ നിന്ന് പിന്‍വാങ്ങി. അടുത്ത വര്‍ഷങ്ങളില്‍ ആ കെട്ടിടസമുച്ചയം തകര്‍ക്കപ്പെടുകയും ചെയ്തു. മനുഷ്യവംശത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വിഖ്യാതമായ ആ നാടകവേദി പിന്നീട് മൂന്നര നൂറ്റാണ്ടോളം മൃണ്‍മയമായ ഒരോര്‍മ്മ മാത്രമായി അവശേഷിച്ചു. ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയ്ക്കുശേഷം ആരംഭിച്ച പുനര്‍നിര്‍മ്മാണ ശ്രമങ്ങളാണ് ഗ്ലോബിന്‍റെ മൂന്നാം പിറവിക്ക് വഴി തുറന്നത്. പതിനാറാം ശതകത്തിലെ നിര്‍മ്മാണരീതികളോടും രംഗസജ്ജീകരണത്തോടും കഴിയുന്നത്ര ഒത്തിണക്കമുള്ള നിലയില്‍ 1997-ല്‍ അത് പുനര്‍നിര്‍മ്മിക്കപ്പെട്ടു. തെംസിന്‍റെ തെക്കേക്കരയില്‍ പൌരാണികതയുടെ കൊടി പാറിച്ചുകൊണ്ട് ഇന്ന് നിലകൊള്ളുന്ന “ഷേക്സ്പിയറുടെ ഗ്ലോബ്” അതാണ്. ഷേക്സ്പിയറുടെ കാലത്ത് നിലനിന്നിരുന്നതില്‍ നിന്ന് 230 മീറ്ററോളം അകലെയാണ് പുതിയ സ്ഥാനമെന്ന് പുരാവസ്തുവിദഗ്ധര്‍ കണക്കാക്കിയിട്ടുണ്ട്. എങ്കിലും ആ സ്ഥാനവ്യത്യാസമൊന്നും തീയേറ്ററിന്‍റെ പ്രൌഢിയെ ബാധിച്ചിട്ടില്ല. എലിസബത്തന്‍ കാലത്തെ നാടകാവതരണങ്ങളുടെ തുടര്‍ച്ചയില്‍ പങ്കുചേരാന്‍ ആയിരങ്ങള്‍ ദിവസവും അവിടെ എത്തിച്ചേരുന്നു. നൂറ്റാണ്ടുകള്‍ മുറിച്ചുകടക്കുന്ന പ്രാചീനതയുടെ പ്രകാരങ്ങളില്‍ ആണ്ടുമുഴുകി വീണ്ടുമവര്‍ വര്‍ത്തമാനത്തിലേക്ക് മടങ്ങിയെത്തുന്നു. പുതിയത് ആയിരിക്കുമ്പോഴും ഗ്ലോബ് പഴയതായി തുടരുന്നു.
ഒരു നാടകവേദി എന്നതിന് അപ്പുറം ബ്രിട്ടീഷ് ചരിത്രത്തിലെ ചില പ്രവാഹങ്ങള്‍ ഒത്തിണങ്ങി നിന്ന ഇടമായിരുന്നു ഗ്ലോബ് തീയേറ്റര്‍; അതിന്‍റെ അവതരണങ്ങളും. വാസ്തവത്തില്‍ എട്ട് പതിറ്റാണ്ടോളം വരുന്ന ജീവിതം മാത്രമേ അതിന് ചരിത്രത്തില്‍ ഉണ്ടായിട്ടുള്ളൂ. എങ്കിലും നൂറ്റാണ്ടുകളുടെ പ്രഭയും ചരിത്രത്തിന്‍റെ ആഴത്തില്‍നിന്ന് പുറപ്പെട്ട നാടകീയപ്രഭാവങ്ങളുടെ മുഴക്കവും അതിനെ വലയം ചെയ്തിരിക്കുന്നു. സ്വന്തം ജീവചരിത്രങ്ങളുടെ അതിര്‍വരമ്പുകളെ മുറിച്ചുകടക്കുന്ന ഭാവശക്തിയായി ഇപ്പോഴത് മാറിത്തീര്‍ന്നിരിക്കുന്നു. നാമിന്ന്‍ ഗ്ലോബ് തീയേറ്ററായി കാണുന്നത് ഈ പ്രഭാവത്തെ കൂടിയാണ്.
പതിനാറാം ശതകത്തിന്‍റെ രണ്ടാംപകുതിയിലാണ് ലണ്ടന്‍ നഗരത്തില്‍ നാടകശാലകള്‍ ഉയരാന്‍ തുടങ്ങിയത്. അപ്പോഴേക്കും ലണ്ടന്‍ ബ്രിട്ടനിലെ ജനസാന്ദ്രമേഖലയായി കഴിഞ്ഞിരുന്നു. പതിനേഴാം ശതകത്തിന്‍റെ പ്രാരംഭവര്‍ഷത്തില്‍ (1600) ലണ്ടനിലെ ജനസംഖ്യ രണ്ടുലക്ഷം ആയിരുന്നത്രേ. തൊട്ടടുത്ത മഹാനഗരമായ നോര്‍വിച്ചില്‍ അന്നുള്ളത് 15000 പേര്‍ മാത്രം! അരനൂറ്റാണ്ട് പിന്നിട്ടപ്പോഴേക്കും ലണ്ടനിലെ ജനസംഖ്യ ഇരട്ടിയാവുകയും ചെയ്തു. ആള്‍ക്കൂട്ട പട്ടണം എന്ന നിലയിലേക്കുള്ള ലണ്ടന്‍ നഗരത്തിന്‍റെ ഈ വളര്‍ച്ചയാണ് നിരവധി നാടകസംഘങ്ങളുടെ കേന്ദ്രമായി അതിനെ മാറ്റിയത്. 1564-ല്‍ ഷേക്സ്പിയര്‍ ജനിക്കുന്നതിന് മുന്‍പുതന്നെ നിരവധി നാടകസംഘങ്ങള്‍ ലണ്ടനിലുണ്ടായിരുന്നു. കൊട്ടാരങ്ങളിലും പ്രഭുമന്ദിരങ്ങളുടെ അകത്തളങ്ങളിലും സത്രശാലകളിലും അവര്‍ നാടകം കളിച്ചുപോന്നു. ലണ്ടനിലെ നഗരാധികൃതരുടേയും മറ്റും അനുവാദം ഇതിനാവശ്യമായിരുന്നു. നാടകാവതരണത്തിനായി ഉപയോഗപ്പെടുത്തുന്ന സത്രങ്ങള്‍ക്ക് വലിയ വാടക നല്‍കേണ്ട പ്രശ്നം വേറേയും ഉണ്ടായിരുന്നു. പലപ്പോഴും അതില്‍ തടസ്സങ്ങള്‍ ഉണ്ടായി. അപ്പോഴാണ് നാടകസംഘങ്ങള്‍ തന്നെ തീയേറ്ററുകള്‍ നിര്‍മ്മിക്കാന്‍ പുറപ്പെട്ടത്. അങ്ങനെ 1567-ല്‍ ലണ്ടന്‍ നഗരത്തിലെ ആദ്യനാടകശാല റെഡ് ലയണ്‍ (Red Lion) വൈറ്റ് ചാപ്പലില്‍ (Whitechapel) നിലവില്‍ വന്നു. ആ ആദ്യസംരംഭം വിജയമായില്ല. 1576-ല്‍ ജെയിംസ് ബര്‍ബേജ് (James Burbage) രണ്ടാമത്തെ തീയേറ്റര്‍ നിര്‍മ്മിച്ചു. അതിന്‍റെ വിജയത്തിന്‍റെ ബലത്തില്‍ തൊട്ടടുത്ത വര്‍ഷം മൂന്നാമത്തെ സ്ഥിരം നാടകശാലയും – കര്‍ട്ടന്‍ (Curtain) പണിതുയര്‍ത്തപ്പെട്ടു. ഒരു പതിറ്റാണ്ടിനിടയില്‍ മൂന്ന് സ്ഥിരം നാടകശാലകള്‍ ഇംഗ്ലണ്ടിന്‍റെ പ്രാന്തങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. നാടകം ഇംഗ്ലീഷ് നഗരജീവിതത്തിന്‍റെ ചരിത്രവുമായി കൂടിക്കലരുന്നത് അങ്ങനെയാണ്. തെംസ് നദിയുടെ തെക്കേക്കരയില്‍, ലണ്ടന്‍ പാലത്തിന് പടിഞ്ഞാറുള്ള പ്രദേശം പതിനാറാം ശതകത്തിലെ നവീകരണത്തിനുശേഷം നഗരവിനോദങ്ങളുടെ കേന്ദ്രം കൂടിയായിരുന്നു. നവീകരണത്തിന്‍റെ (Reformation) സന്ദര്‍ഭത്തില്‍ ഹെന്‍റി എട്ടാമന്‍ പള്ളിയില്‍നിന്നും ഏറ്റെടുത്ത ഭൂപ്രദേശങ്ങള്‍ പലതും നഗരാധികൃതരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ലായിരുന്നുതാനും. രാജാവ് പലര്‍ക്കായി വിറ്റഴിച്ച ഭൂമിയായതുകൊണ്ടാണ് നഗരാധികൃതരുടെ നിയന്ത്രണമേഖലയ്ക്ക് പുറത്തുള്ള പ്രത്യേക മേഖലയായി (Liberties എന്ന പേരിലാണ് അവ അറിയപ്പെട്ടത്) അവ മാറിത്തീര്‍ന്നത്. അങ്ങനെ തെംസിന്‍റെ തെക്കന്‍ തീരത്തെ സ്വതന്ത്രമേഖല നഗരസത്രങ്ങള്‍, ചൂതാട്ടകേന്ദ്രങ്ങള്‍, നാടകശാലകള്‍, കച്ചവടസ്ഥാപനങ്ങള്‍, എന്നിങ്ങനെ പലതും ചേര്‍ന്ന വലിയ വിനോദകേന്ദ്രമായി വളര്‍ന്നുവന്നു. (അവിടത്തെ വ്യഭിചാരകേന്ദ്രങ്ങള്‍ മിക്കതും വാടകയ്ക്ക് എടുത്തിരുന്നത് മാഞ്ചസ്റ്റര്‍ ബിഷപ്പായിരുന്നത്രേ! അതുകൊണ്ട് അവിടെയുള്ള സ്ത്രീകള്‍ “മാഞ്ചസ്റ്റര്‍ താറാവുകള്‍” എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു!)
തെംസിന്‍റെ തെക്കെക്കരയിലെ ആദ്യ നാടകശാല പണിതീര്‍ത്തത് 1587-ല്‍ ആണ്; റോസ് (Rose) എന്ന പേരില്‍. ഫിലിപ്പ് ഹെൻസ്‌ലോ (Philip Henslowe) എന്നൊരാളാണ് അത് നിര്‍മ്മിച്ചത്. 500 പേര്‍ക്ക് നിന്നും 1100 പേര്‍ക്ക് ഗ്യാലറിയില്‍ ഇരുന്നും നാടകം കാണാവുന്ന ഒന്നായിരുന്നു റോസ് തീയേറ്റര്‍. ഷേക്സ്പിയറുടെ ഹെന്‍റി ആറാമന്‍ (ഒന്നാം ഭാഗം) എന്ന നാടകത്തിന്‍റെ ആദ്യ അവതരണം റോസ് തീയേറ്ററിലാണ് നടന്നത്. ഷേക്സ്പിയര്‍ അക്കാലത്തുതന്നെ വിജയിച്ച ഒരു നാടകകൃത്താണ്. അക്കാലത്ത് ഹെൻസ്‌ലോവിന്‍റെ ശരാശരി പ്രതിദിന വരുമാനം 1 പൌണ്ടും 73 പെന്‍സുമാണെങ്കില്‍ ഷേക്സ്പിയര്‍ നാടകത്തിന്‍റെ അവതരണദിവസം അത് 3 പൌണ്ടും 83 പെന്‍സുമായി ഉയര്‍ന്ന കാര്യം ഹെൻസ്‌ലോവിന്‍റെ കണക്കുപുസ്തകത്തിലുണ്ട്. റോസ് തീയേറ്ററിന് പിന്നാലെ, അതിന് 500 മീറ്ററോളം പടിഞ്ഞാറായി, 1595-ല്‍ മറ്റൊരു നാടകശാല (Swan) ഉയര്‍ന്നു. ഇതിനും ശേഷമായിരുന്നു ഗ്ലോബിന്‍റെ രംഗപ്രവേശം. പതിനാറാം നൂറ്റാണ്ട് വിടവാങ്ങുന്ന വര്‍ഷത്തിലായിരുന്നു അത്; തെംസിന്‍റെ തെക്കേക്കരയില്‍, ലണ്ടന്‍ പാലത്തിന് പടിഞ്ഞാറായി, മൂന്നാമത്തെ നാടകശാലയുടെ ഗോപുരാഗ്രത്തില്‍ 1599-ല്‍ കൊടി ഉയര്‍ന്നു; ഗ്ലോബ് തീയേറ്റര്‍!
1564-ല്‍ ജനിച്ച ഷേക്സ്പിയര്‍ 1590-കള്‍ ആവുമ്പോഴേക്കും ഇംഗ്ലണ്ടിലെ നാടകവേദിയിലെ പ്രധാനികളില്‍ ഒരാളായി മാറിയിരുന്നു. അക്കാലത്തെ പ്രമുഖ നാടകസമിതികളില്‍ ഒന്നായ ചേംബര്‍ലയിന്‍ പ്രഭുവിന്‍റെ സംഘത്തിലെ അംഗമായിരുന്നു ഷേക്സ്പിയര്‍. (ഏതെങ്കിലും ഒരു പ്രഭുവിന്‍റെയോ രാജാവിന്‍റെയോ സംഘമായല്ലാതെ അക്കാലത്ത് നാടകസമിതികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവുമായിരുന്നില്ല. അല്ലാത്തവരെയെല്ലാം അലഞ്ഞുതിരിയുന്ന തെമ്മാടിസംഘങ്ങളും മറ്റുമായി കണക്കാക്കി ഇംഗ്ലണ്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു പതിവ്)|. ബര്‍ബേജ് കുടുംബത്തിന്‍റെ (ജെയിംസ് ബര്‍ബേജ്, അദ്ദേഹത്തിന്‍റെ മകന്‍ റിച്ചാര്‍ഡ്, സഹോദരന്‍ കട്ബെര്‍ട്ട് എന്നിവര്‍) ഉടമസ്ഥതയിലുള്ള നാടകശാലയിലാണ് ഷേക്സ്പിയര്‍ സംഘം നാടകം കളിച്ചിരുന്നത്. ഷേക്സ്പിയര്‍ ഒരേസമയം അതിലെ നാടകകൃത്തും അഭിനേതാവും ആയിരുന്നു. നാടകശാല പണിയാന്‍ ബര്‍ബേജ് കുടുംബം പാട്ടത്തിന് എടുത്ത സ്ഥലത്തിന്‍റെ പാട്ടക്കരാര്‍ പുതുക്കാനാവാതെ വന്നപ്പോഴാണ് 1597-ല്‍ ചേംബര്‍ലെയിന്‍ സംഘം പുതിയ നാടകശാല എന്ന ആശയത്തിലെത്തിയത്. ബര്‍ബേജ് കുടുംബം തന്നെയായിരുന്നു നിര്‍മ്മാതാക്കള്‍. അവര്‍ അതിന്‍റെ ഓഹരികള്‍ ആദ്യമേ വില്‍പ്പന നടത്തി. 50 ശതമാനം ഓഹരികള്‍ ബര്‍ബേജ് തന്നെ നിലനിര്‍ത്തി. 10 ശതമാനം ഓഹരികള്‍ ഷേക്സ്പിയര്‍ വാങ്ങി. തീയേറ്റര്‍പണി പൂര്‍ത്തിയാകുന്നത് വരെയുള്ള കാലം ചേംബര്‍ലെയിന്‍ നാടക സംഘം നഗരപരിധിക്ക് പുറത്ത് ഒരു നാടകശാലയില്‍ (Curtain) നാടകം അവതരിപ്പിച്ചു. തെംസിന്‍റെ തീരത്ത് റോസ് തീയേറ്ററിന് അരികിലായി പുതിയ നാടകശാലയുടെ പണി ആരംഭിച്ചു. പഴയ നാടകശാലയുടെ ചട്ടക്കൂടുകള്‍ അഴിച്ചെടുത്ത് പുതിയതിന്‍റെ പണിക്ക് ഉപയോഗിച്ചിരുന്നു. 1599-ല്‍ അവിടെ ചേംബര്‍ലെയിന്‍ സംഘം നാടകാവതരണം ആരംഭിച്ചു. തോമസ് പ്ലാറ്റര്‍ (Thomas Platter) എന്ന സ്വിസ്സ് സഞ്ചാരിയുടെ വിവരണത്തില്‍ നിന്നാണ് 1599-ല്‍ ഗ്ലോബില്‍ നാടകാവതരണം നടന്ന വിവരം നാമിന്നറിയുന്നത്. സീസര്‍ ചക്രവര്‍ത്തിയുടെ ജീവിതകഥയുടെ നാടകാവിഷ്കാരം 1599 സെപ്തംബറില്‍ താന്‍ കണ്ടതായി പ്ലാറ്റര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഗ്ലോബ് തീയേറ്റര്‍ അങ്ങനെ നാടകചരിത്രത്തിലെ അസാധാരണ സംഭവങ്ങളിലൊന്നായി. നാടകപ്രവര്‍ത്തകരുടെ ഉടമസ്ഥതയിലുള്ള, നാടകപ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് വേണ്ടിത്തന്നെ പണിതീര്‍ത്ത, ആദ്യ നാടകശാലയായിരുന്നു അത്. നാടകശാലയുടെ രൂപകല്‍പന മുതല്‍ അതിന്‍റെ നടത്തിപ്പ് വരെയുള്ള എല്ലാ തീരുമാനങ്ങളും കൈക്കൊണ്ടതും നാടകക്കാര്‍ തന്നെയായിരുന്നു. തുടര്‍ന്ന്, പതിനാല് വര്‍ഷക്കാലം അതുല്യമായ ശോഭയോടെ ഗ്ലോബ് തീയേറ്റര്‍ തെംസിന്‍റെ തീരത്ത് നിലകൊണ്ടു. കവിയും നാടകകൃത്തുമായ ബെന്‍ ജോണ്‍സണ്‍ (Ben Jonson) “തീരത്തിന്‍റെ പ്രഭ” (Glory of the Bank) എന്ന് അതിനെ വാഴ്ത്തി. ഹാംലെറ്റും മാക്ബെത്തും കിംഗ്‌ലിയറും ഉള്‍പ്പടെയുള്ള ഷേക്സ്പിയറുടെ അതിപ്രധാന നാടകങ്ങളുടെ ആദ്യാവതരണങ്ങള്‍ അവിടെ നടന്നു. ഗ്ലോബ് തീയേറ്റര്‍ മനുഷ്യവംശത്തിന്‍റെ ചരിത്രത്തിലേക്ക് നടന്നുകയറുകയായിരുന്നു.
ചേംബര്‍ലെയിന്‍ സംഘത്തെ 1603-ല്‍ ജെയിംസ് ഒന്നാമന്‍ സ്വന്തം നാടകസംഘമാക്കി. അതോടെ ഷേക്സ്പിയര്‍ നാടകസംഘത്തിന്‍റെ പ്രൌഢി വര്‍ദ്ധിച്ചു. ഷേക്സ്പിയര്‍ സാമ്പത്തികമായി ഉയര്‍ന്ന നിലയിലേക്ക് എത്തുകയും ചെയ്തു. ഗ്ലോബ് തീയേറ്ററില്‍ നിന്ന് നാലുനിലകളില്‍ അദ്ദേഹത്തിന് വരുമാനം ലഭിച്ചു. നാടകരചനയ്ക്ക്, നടന്‍ എന്ന നിലയ്ക്ക്, ഓഹരി ഉടമസ്ഥന്‍ എന്ന നിലയില്‍ തീയേറ്ററിന്‍റെ ലാഭവിഹിതത്തില്‍ നിന്ന്, നാടകസമിതി നല്‍കിയിരുന്ന വാടകയില്‍ നിന്ന് – ഇങ്ങനെ നാലുനിലകളില്‍ ഗ്ലോബ് ഷേക്സ്പിയറിന്‍റെ ധനസ്രോതസ്സായി. ബ്രിട്ടീഷ് നാടകവേദിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പേരുകളിലൊന്നായി ഷേക്സ്പിയര്‍ മാറിത്തീര്‍ന്നത് അങ്ങനെയാണ്. ആ വിജയത്തിന്‍റെ കേന്ദ്രം ഗ്ലോബ് തീയേറ്റര്‍ ആയിരുന്നു!
ഗ്ലോബിന്‍റെ വിജയഗാഥ ഒരു വ്യാഴവട്ടത്തിലധികം തുടര്‍ന്നു. 1613 ജൂണ്‍ 29-ന് ആ പ്രയാണത്തിന് ആദ്യമായി തടസ്സം നേരിട്ടു. ഷേക്സ്പിയറുടെ ഒരു പുതിയ നാടകത്തിന്‍റെ (All is True) മൂന്നാമത്തെ അവതരണദിവസം. വിശിഷ്ടാതിഥികളായി ചിലര്‍ നാടകം കാണാനുള്ളതുകൊണ്ട് അവതരണം കുറേക്കൂടി പൊലിപ്പിക്കാന്‍ നാടകസംഘം തീരുമാനിച്ചിരുന്നു. നാലാം രംഗത്തിന്‍റെ അവസാനഭാഗത്ത് “വാദ്യഘോഷങ്ങള്‍, വെടിമുഴക്കം!” (Drums and Trumpet, Chamber Discharged) എന്ന രംഗനിര്‍ദ്ദേശമാണ് ഉള്ളത്. പീരങ്കിവെടികള്‍ക്ക് പകരമായി അല്‍പം വെടിമരുന്ന് വിതറി പ്രഭ പരത്താനാണ് നാടകസംഘം തയ്യാറായത്. എങ്കിലുമത് വിനാശകരമായി ഭവിച്ചു. തീയേറ്ററിന്‍റെ ഗ്യാലറിയുടെ പുല്ലുമേഞ്ഞ മേല്‍ത്തട്ടിന് തീപിടിച്ചു. മുവ്വായിരത്തോളം കാണികളെ ഉള്‍ക്കൊള്ളാന്‍ പോന്നതായിരുന്നു അന്നത്തെ ഗ്ലോബ് തീയേറ്റര്‍. പുറത്തേക്കുള്ളത് രണ്ട് വാതിലുകള്‍ മാത്രവും. എങ്കിലും ആ രണ്ട് വാതിലുകളിലൂടെ മുഴുവന്‍ പേരും അപകടമേല്‍ക്കാതെ പുറത്തെത്തി. പക്ഷെ തീയേറ്റര്‍ കത്തിയമര്‍ന്നു.
ഗ്ലോബ് തീയേറ്ററിന് തീ പിടിച്ചത് വലിയ സംഭവമായി മാറി. വീരകഥാഗാനങ്ങളുടെ മാതൃകയില്‍ രണ്ട് രചനകള്‍ അതേക്കുറിച്ച് എഴുതപ്പെടുകയും പുസ്തകരൂപത്തില്‍ വില്‍പ്പനയ്ക്കായി എത്തുകയും ചെയ്തെന്ന്‍ തീയേറ്ററിന്‍റെ ചരിത്രം വിവരിക്കുന്ന കൈപ്പുസ്തകം പറയുന്നുണ്ട്. എന്തായാലും തീപ്പിടിത്തത്തിനുശേഷം നാടകസംഘത്തിന്‍റെ അവതരണം മറ്റൊരിടത്തേക്ക് മാറ്റേണ്ടതായി വന്നു. 1609 മുതല്‍ ശൈത്യകാലത്ത് നദിക്ക് അക്കരെയുള്ള ബ്ലാക്ക് ഫ്രിയാഴ്സ് തീയേറ്ററിലാണ് (Blackfriars Theatre) ഷേക്സ്പിയര്‍ സംഘം നാടകാവതരണം നടത്തിപ്പോന്നത്. ഗ്ലോബിലെ തീപിടിത്തത്തിനുശേഷം നാടകാവതരണം അങ്ങോട്ട് മാറി. എങ്കിലും ഗ്ലോബ് തീയേറ്റര്‍ തങ്ങളുടെ നാടകജീവിതത്തിന്‍റെ സുപ്രധാന സ്ഥാനമാണെന്ന് മനസ്സിലാക്കിയ നാടകസമിതി അത് വീണ്ടും പണിതുയര്‍ത്താന്‍ തീരുമാനിച്ചു. ഒരു വര്‍ഷം കഴിഞ്ഞ് 1614 ജൂണില്‍ ഗ്ലോബിന്‍റെ രണ്ടാംജന്മം ആയി. ആ വര്‍ഷത്തെ ഗ്രീഷ്മകാലം മുഴുവന്‍ രാജാവിന്‍റെ സംഘം പുതിയ ഗ്ലോബ് തീയേറ്ററില്‍ നാടകാവതരണം നടത്തി.
എലിസബത്തന്‍ നാടകവേദിയുടെ പ്രതാപകാലമായിരുന്നു അത്. രംഗശാലയ്ക്ക് മുകളില്‍ നാടകസമിതിയുടെ വിജയപതാക ഉയര്‍ന്നുപാറി. എങ്കിലും ആ വിജയധ്വജം ഏറെക്കാലം നീണ്ടുനിന്നില്ല. പതിനാറാം ശതകത്തിലെ മതനവീകരണത്തിന്‍റെ ആശയാവലികള്‍ക്കെതിരെ പ്രതിനവീകരണത്തിന്‍റെ (Counter Reformation) പുറപ്പാടായി. വിനോദങ്ങളും ആഘോഷങ്ങളും ജീവിതോത്സവങ്ങളുമെല്ലാം മതവിരുദ്ധവും ദൈവവിരുദ്ധവുമാണെന്ന ബോധ്യങ്ങള്‍ പ്രബലമായി. മതാധികാരത്തിന്‍റെ പുതിയ പടയോട്ടങ്ങളില്‍ നാടകശാലകള്‍ അടച്ചുപൂട്ടപ്പെട്ടു. 1642-ല്‍ ഗ്ലോബിലെ രംഗശാലയിലും വെളിച്ചം കെട്ടു. തൊട്ടടുത്ത വര്‍ഷങ്ങളില്‍ ചരിത്രത്തിലെ എക്കാലത്തേയും മഹിമനിറഞ്ഞ ആ രംഗശാല പൊളിച്ചുമാറ്റപ്പെടുകയും ചെയ്തു. പിന്നീട് മൂന്നര നൂറ്റാണ്ടോളം ഗ്ലോബ് തീയേറ്റര്‍ ചരിത്രത്തിന്‍റെ ഇരുട്ടിലാണ്ടുനിന്നു.
ഗ്ലോബ് തീയേറ്ററിന്‍റെ മൂന്നാം പിറവിയുടെ കാരണക്കാരന്‍ ഒരു അമേരിക്കക്കാരനാണ്. സാം വനാമെയ്ക്കര്‍ (Samuel Wanamaker). 1949-ല്‍ താന്‍ ആദ്യമായി ഇംഗ്ലണ്ടില്‍ എത്തുമ്പോള്‍ ഷേക്സ്പിയറുടെ ഓര്‍മ്മയായി സൌത്ത് വാര്‍ക്കിലെ (Southwark) ചുമരുകളിലൊന്നിലെ ഒരു പിത്തളഫലകം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന്‍ വനാമെയ്ക്കര്‍ എഴുതിയിട്ടുണ്ട്. “അതിനേക്കാള്‍ ഈടുറ്റതൊന്ന്‍ അദ്ദേഹത്തിനാവശ്യമുണ്ട്; നമുക്കും.” എന്ന് വനാമെയ്ക്കര്‍ പില്‍ക്കാലത്ത് എഴുതി. 1969 മുതല്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ പുനര്‍നിര്‍മ്മാണശ്രമങ്ങള്‍ ആരംഭിച്ചു. വാസ്തുശില്‍പിയായ തിയോ ക്രോസ്ബി (Theo Crosby), ഷേക്സ്പിയര്‍ വിദഗ്ധനായ പ്രൊഫസര്‍ ആന്‍ഡ്രൂ ഗറിന്‍റെ (Andrew Gurr) നേതൃത്വത്തിലുള്ള അക്കാദമിക സമിതി എന്നിവരെയെല്ലാം ഒത്തിണക്കി ഗ്ലോബ് തീയേറ്ററിന്‍റെ പുനര്‍നിര്‍മ്മാണശ്രമങ്ങള്‍ക്ക് വനാമെയ്ക്കര്‍ നേതൃത്വം നല്‍കി. പതിനാറാം ശതകത്തിലെ നിര്‍മ്മാണവിദ്യയെ കഴിയുന്നത്ര പിന്‍പറ്റി തടിയില്‍ത്തന്നെ ഗ്ലോബ് പണിതീര്‍ക്കുകയാണ് അവര്‍ ചെയ്തത്. ഇതിനായി 1596-ല്‍ പണിത നാടകശാലകളിലൊന്നിന്‍റെ (Swan Theatre) രൂപരേഖ ലഭ്യമായിരുന്നതിനെയാണ് അവര്‍ ആശ്രയിച്ചത്. അരങ്ങിന് അന്തിമരൂപം നല്‍കുന്നതിന് മുന്‍പ് അവിടെ ഷേക്സ്പിയറുടെ ഒരു നാടകം കളിച്ചുനോക്കുകവരെ ചെയ്തു; 1996-ല്‍. 1997-ഓടെ ഗ്ലോബ് തീയേറ്ററിന്‍റെ മൂന്നാം ജീവിതം ആരംഭിച്ചു. പതിനാറാം ശതകത്തിന്‍റെ രൂപഭാവങ്ങളും അലങ്കാരങ്ങളും ആഹാര്യഭംഗിയും അതേപടി നിലനിര്‍ത്തിക്കൊണ്ട് തെംസ് നദിയുടെ തെക്കേതീരത്ത് നൂറ്റാണ്ടുകളുടെ ചരിത്രപഥങ്ങള്‍ പിന്നിട്ട ആ നാടകശാല ഇപ്പോള്‍ നിലകൊള്ളുന്നു.
മൂന്ന്
ഉച്ചനേരമെങ്കിലും ഞങ്ങള്‍ ചെല്ലുമ്പോള്‍ ഗ്ലോബ് തീയേറ്ററിന് മുന്‍പില്‍ ചെറുതല്ലാത്ത ആള്‍ക്കൂട്ടമുണ്ടായിരുന്നു. നദീതീരത്ത് പണിതുയര്‍ത്തിയ ചെറുഭിത്തിയില്‍ ചാരി ഞങ്ങള്‍ കുറച്ചുനേരം നിന്നു. നദിയുടെ മറുകരയില്‍ ബ്രിട്ടീഷ് പ്രതാപത്തിന്‍റെ ശിരോമകുടം പോലെ സെന്റ് പോള്‍സ് കത്തീഡ്രലിന്‍റെ ഗോപുരങ്ങള്‍ കാണാം. തെംസ് നദിക്ക് കുറുകെ ഏറ്റവും ഒടുവിലായി പണിത നടപ്പാലം അതിനടുത്തേക്കാണ് ചെന്നുചേരുന്നത്. നടപ്പാലത്തിനും കുറച്ചപ്പുറത്തായി ലണ്ടന്‍ പാലം. ആധുനിക നാഗരികതയുടെ പ്രതിസന്ധികളുടെ ഛായാപടമായി ടി. എസ്. എലിയറ്റിന്‍റെ ഭാവനയില്‍ തെളിഞ്ഞത് അതിന്‍റെ നിലംപൊത്തലായിരുന്നു. “London bridge is falling down”! 1922-ല്‍ എഴുതിയ “തരിശുഭൂമി” യില്‍ (Waste Land) എലിയറ്റ് എഴുതിയ വാക്കുകളോളം മുഴക്കമുള്ള വരികള്‍ മോഡേണിസത്തിന്‍റെ ചരിത്രത്തില്‍ ഏറെയില്ല. ബ്രിട്ടീഷ് പ്രതാപത്തിന്‍റെ കൊടിയടയാളം പോലെ, നൂറ്റാണ്ടുകള്‍ക്ക് കുറുകെ, തലയുയര്‍ത്തി നില്‍ക്കുന്ന പാലം. അതില്‍ കണ്ണുനട്ടും തെംസിന്‍റെ മറുകരയിലേക്ക് കണ്ണോടിച്ചും കുറേനേരം ഞാന്‍ നിന്നു. ഗ്ലോബ് തീയേറ്ററില്‍ നിന്ന് അല്‍പംകൂടി പടിഞ്ഞാറേക്ക് നീങ്ങിയാണ് ടെയ്റ്റ് ഗ്യാലറി (Tate Gallery). ആധുനികകലയുടെ വലിയ കേദാരം. ടെയ്റ്റില്‍ നടക്കുന്ന കലാപ്രദര്‍ശനത്തിന്‍റെ ഭാഗമായി തെംസിന്‍റെ നടുവില്‍ ഒരു പ്രതിഷ്ഠാപനം (Installation) ഒരുക്കിയത് കാണാമായിരുന്നു. ഒരു ചെറിയ കപ്പലില്‍ വിന്യസിക്കപ്പെട്ട പതാകകളുടെ വര്‍ണ്ണമേളനം. മനുഷ്യവംശത്തിന്‍റെ ഒത്തിണക്കത്തെ ഓര്‍മ്മിപ്പിക്കുന്നപോലെ അത് ഓളങ്ങള്‍ക്ക് നടുവില്‍ ഗ്ലോബിന് അഭിമുഖമായി നിന്നു.
പന്ത്രണ്ട് മണി കഴിഞ്ഞപ്പോള്‍ തീയേറ്ററിലേക്ക് പ്രവേശനമായി. പലയിടങ്ങളിലായി ഒതുങ്ങിനിന്ന മനുഷ്യര്‍ തീയേറ്ററിന്‍റെ വാതിലില്‍ ഒത്തുകൂടി. ഭൂമിയുടെ പല കോണുകളില്‍ നിന്നും വന്നവര്‍. പലഭാഷകളും സംസ്കാരങ്ങളും പങ്കുവെക്കുന്നവര്‍. ഇതിഹാസമാനമുള്ള ഒരെഴുത്തുകാരന്‍റെ ബലം അവരെ നൂറ്റാണ്ടുകള്‍ക്കിപ്പുറം ഒരുമിച്ചു ചേര്‍ക്കുന്നു. ക്രമമായി വരിനിന്ന് ഞങ്ങള്‍ അകത്തു കയറി. ബാല്‍ക്കണിയുടെ ഒന്നാം തട്ടിലായിരുന്നു ഞങ്ങളുടെ ഇരിപ്പിടം. കൂടുതല്‍ പണം കൊടുക്കേണ്ട ഒരു സീറ്റാണ്. അരങ്ങിന് തൊട്ടുമുന്നില്‍ നിന്നും ഗ്യാലറിയിലെ പല തട്ടുകളില്‍ ഇരുന്നും നാടകം കാണാം. ഞങ്ങളുടേത് ഒന്നാമത്തെ തട്ടായിരുന്നു. ഇരിപ്പിന്‍റെ സൌകര്യത്തിന് കുഷ്യനുമുണ്ട്. മൂന്നാമത്തെ വരിയിലായാണ് ഞങ്ങള്‍ ഇരുന്നത്. ചുറ്റും മനുഷ്യരുടെ ചിരികളും ആഹ്ലാദോത്സവങ്ങളും പൂത്തു പടരുന്നുണ്ടായിരുന്നു.
ഏറെ വൈകാതെ അരങ്ങിലേക്ക് വാദ്യസംഘം എത്തി. ട്രംപറ്റിന്‍റെ കാഹളം മുഴങ്ങി. പിന്നാലെ ബാന്റിന്‍റെ ചടുലവേഗങ്ങള്‍. അല്‍പനേരം നീണ്ട കേളിക്ക് ശേഷം നാടകത്തിന് തുടക്കമായി. ഷേക്സ്പിയറുടെ ശുഭാന്ത്യനാടകങ്ങളില്‍പ്പെട്ട മധ്യവേനല്‍ രാക്കിനാവ്. 1594-99 കാലഘട്ടത്തിലെ രചനയാണിത്. 1580-ല്‍ സ്ട്രാറ്റ്ഫോര്‍ഡ് അപ്പോണ്‍ അവോണില്‍ നിന്ന് ഷേക്സ്പിയര്‍ ലണ്ടനിലെത്തി എന്നാണു കരുതപ്പെടുന്നത്. 1584-ല്‍ അദ്ദേഹം ആദ്യനാടകം രചിച്ചു എന്നും. ചേംബര്‍ലെയിന്‍ നാടകസംഘത്തിലെ ഒരംഗമായി അദ്ദേഹം 1585 മുതല്‍ അറിയപ്പെടുന്നുണ്ട്. അതിന്‍റെ ഭാഗമായിരുന്നപ്പോള്‍ എഴുതിയതാവണം മധ്യവേനല്‍ രാക്കിനാവ്. ജീവിതത്തിന്‍റെ മേല്‍ത്തട്ടിലും കീഴ്ത്തട്ടിലുമുള്ള മനുഷ്യരും മായാരൂപികളും ഒത്തുചേരുന്ന രചന. ഏഥന്‍സിനു സമീപത്തുള്ള കാവുകളിലൊന്നില്‍, സ്വപ്നഭാസുരമായ രാത്രിയില്‍ അവര്‍ കൂടിക്കലരുന്നു. ദൈനംദിനജീവിതവും സ്വപ്നലോകത്തിന്‍റെ മായികതയും ഒരുമിച്ചുചേരുന്ന രംഗങ്ങള്‍. മൂന്നു വിവാഹങ്ങളുടെ കഥയാണ്. പല വിതാനങ്ങളില്‍ ജീവിക്കുന്ന മനുഷ്യരും മായികജീവികളും അതിലേക്ക് വലിച്ചടുപ്പിക്കപ്പെടുന്നു. 1894-95 കാലത്ത് ഏതോ പ്രഭുകുടുംബത്തിലെ വിവാഹ സന്ദര്‍ഭത്തില്‍ ഷേക്സ്പിയര്‍ രചിച്ച ഒന്നായാണ് ഈ നാടകം പരിഗണിക്കപ്പെടുന്നത്. നാടകത്തിനുള്ളിലെ നാടകവും ഭാഷയുടെ ഭാവഗീതാത്മക ഭംഗിയും ഒത്തിണങ്ങിയ രചന. ഷേക്സ്പിയറുടെ പില്‍ക്കാല ദുരന്തനാടകങ്ങളിലെ മഹാശൈലിയുടെ മുഴക്കവും പ്രൌഢിയും ഇതിനില്ല. എങ്കിലും ഭാവസാരള്യവും നാടോടിമിത്തുകളുടെ സന്നിവേശവുംകൊണ്ട് മനോഹരമായ രചനയാണത്.
രംഗവേദിയില്‍ പല വംശങ്ങളിലും നിറങ്ങളിലും പെട്ടവര്‍ ചേര്‍ന്നാണ് നാടകം അവതരിപ്പിച്ചത്. അരങ്ങിന് തൊട്ടുമുന്നില്‍ നാടകം നിന്ന് കാണാനായി ഇരുന്നൂറ് പേരെങ്കിലും ഉണ്ടായിരുന്നു. കഥാപാത്രങ്ങള്‍ അവര്‍ക്കിടയിലേക്ക് വന്നുംപോയുമിരുന്നു. ചുറ്റുമുള്ളവര്‍ കഥാപാത്രങ്ങള്‍ക്കൊത്ത് ചിരിക്കുകയും കയ്യടിക്കുകയും ചെയ്തു. ചെറിയ ഫലിതങ്ങള്‍ പോലും ആളുകളെ ഇളക്കി മറിക്കുന്നുണ്ടായിരുന്നു. ആ സന്ദര്‍ഭത്തിന്‍റെ സവിശേഷതയും ഷേക്സ്പിയര്‍ നാടകവുമായുള്ള അതിപരിചയവും കാണികളെ നാടകത്തില്‍ ആണ്ടുമുഴുകുവാന്‍ സഹായിച്ചു. ഉച്ചവെയില്‍ പതിക്കുന്ന നടുമുറ്റത്തുനിന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രേമസാഹസങ്ങളുടെ ലോകത്തേക്ക് അവര്‍ സന്തോഷപൂര്‍വ്വം ശിരസ്സുയര്‍ത്തി നോക്കി.
മൂന്നരയോടെ നാടകം കഴിഞ്ഞ് ഞങ്ങള്‍ പുറത്തിറങ്ങി. വെയില്‍ ചാഞ്ഞുതുടങ്ങുന്നു. സെന്റ് പോള്‍സ് കത്തീഡ്രലിന് മുകളില്‍ ആകാശം ചാരനിറം പൂണ്ട് നില്‍ക്കുന്നുണ്ടായിരുന്നു. ലണ്ടന്‍ പാലത്തിന്‍റെ കമാനങ്ങള്‍ ദൂരെ കാണാം. തീയേറ്ററില്‍ നിന്നിറങ്ങി സമീപത്തെ പ്രദര്‍ശന/വില്‍പനശാലയില്‍ ഞാനൊന്ന്‍ കയറിയിറങ്ങി. നാനാരൂപങ്ങളില്‍ ഷേക്സ്പിയര്‍ അവിടെ നിറഞ്ഞുനില്‍ക്കുന്നു. ചിത്രങ്ങള്‍, താക്കോലുകള്‍, വിവിധതരം പഠനഗ്രന്ഥങ്ങള്‍, ബാഗുകള്‍ ….. ഒരു സംസ്കാരത്തിന്‍റെ ആഴത്തിലേക്ക് ഒരു നാടകകൃത്ത് കടന്നുകയറിയതിന്‍റെ അടയാളങ്ങള്‍. ഗ്ലോബ് തീയേറ്ററിന്‍റെ ചരിത്രം വിവരിക്കുന്ന പുസ്തകങ്ങളിലൊന്ന് വാങ്ങി ഞാന്‍ പുറത്തിറങ്ങി. അടുത്തുള്ള കഫെയില്‍നിന്ന് മിച്ചിരുവിനൊപ്പം ഒരു കാപ്പി കഴിച്ചതിനുശേഷം ടെയ്റ്റ് ഗ്യാലറിയിലേക്ക് നീങ്ങി.
തെംസിന്‍റെ തീരത്തുകൂടെ ഗ്ലോബ് തീയേറ്ററിനെ പിന്നിലാക്കി ഞങ്ങള്‍ നടന്നു. പുഴയില്‍നിന്ന് നല്ല കാറ്റ്. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ ഞാനൊന്നുകൂടി തിരിഞ്ഞുനോക്കി. ചരിത്രത്തിന്‍റെ കുംഭഗോപുരംപോലെ ഗ്ലോബ് തീയേറ്റര്‍! ആ രംഗശാലയ്ക്ക് മുകളില്‍ അപ്പോഴും കൊടിപാറുന്നുണ്ട്!!
(Paul Shuter തയ്യാറാക്കിയ ഗ്ലോബ് തീയേറ്ററിന്‍റെ ചരിത്രം വിവരിക്കുന്ന ഗ്രന്ഥമാണ് ഇതിലെ വസ്തുതകള്‍ക്ക് ആധാരം. ഇതര സ്രോതസ്സുകളില്‍ കാണുന്ന വിവരങ്ങള്‍ക്ക് ഇതില്‍ നിന്ന് ചെറിയ വ്യത്യാസങ്ങളുണ്ട്. ഷേക്സ്പിയര്‍ ട്രസ്റ്റ് പ്രസിദ്ധീകരിച്ച പുസ്തകം എന്നനിലയില്‍ ഇതാണ് കൂടുതല്‍ ആധികാരികം എന്നുകരുതുന്നു.)
Be the first to write a comment.