ഡേവിഡ് ബർസാമിയനുമായി നടത്തിയ അഭിമുഖം. മേയ് 05, 2020.

നോം ചോംസ്കി എന്നത് അതുല്യമായ ഒരു ധൈഷണിക ജീവിതത്തിന്റെ പേരാണ്. ഒരു പഠനമനുസരിച്ച് അരിസ്റ്റോട്ടിൽ, ഷേക്സ്പിയർ, മാർക്സ്, പ്ലേറ്റോ, ഫ്രോയിഡ് എന്നിവർക്കൊപ്പം ചരിത്രത്തിൽ എട്ടാം സ്ഥാനത്തായി ഏറ്റവുമധികം ഉദ്ധരിക്കപ്പെടുന്ന മനുഷ്യൻ. മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഈ ഇതിഹാസതുല്യനായ പ്രഫസർ ആധുനിക ഭാഷാശാസ്ത്രത്തിലെ അഗ്രഗണ്യനാണ്. ക്രിസ് ഹെഡ്ജസ് പറയുന്നത് അദ്ദേഹമാണ് “അമേരിക്കയുടെ ഏറ്റവും മഹാനായ ചിന്തകൻ” എന്നും “അധികാരകേന്ദ്രങ്ങളെയും അവരുടെ ലിബറൽ പിന്തുണക്കാരെയും ഏറ്റവുമധികം അസ്വസ്ഥതപ്പെടുത്തുന്ന വ്യക്തിത്വം” എന്നുമാണ്. MIT-യിലെ ലിംഗ്വിസ്റ്റിക്സ് & ഫിലോസഫി ഡിപ്പാർട്ടുമെന്റിൽ പ്രഫസർ എമെറിറ്റസും, അരിസോണ സർവ്വകലാശാലയുടെ പരിസ്ഥിതി-സാമൂഹ്യനീതി പരിപാടിയുടെ ലിംഗ്വിസ്റ്റിക്സ് & ഹോറി ചെയറിന്റെ ആസ്ഥാനപ്രഫസറുമാണ് അദ്ദേഹം. തൊണ്ണൂറ്റിയൊന്നാം വയസ്സിലും എഴുത്തും അഭിമുഖങ്ങളുമൊക്കെയായി കർമ്മനിരതനാണദ്ദേഹം. ഡേവിഡ് ബർസാമിയനുമായി ചേർന്നെഴുതിയ Propaganda & the Public Mind, How the World Works, Power Systems and Global എന്നിവയുൾപ്പടെ നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ് അദ്ദേഹം.

(ആൾട്ടർനേറ്റീവ് റേഡിയോയിൽ ഡേവിഡ് ബർസാമിയനുമായി നോം ചോംസ്കി 2020 മേയ് 5-ന് നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണലിഖിതരൂപം ആൾട്ടർനേറ്റീവ് റേഡിയോയുടെയും ഡേവിഡ് ബർസാമിയന്റെയും അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നത്.
കോർഡിനേഷൻ:
ജേയ്ക്ക് ജോസഫ്
വിവർത്തനം:
സ്വാതി ജോർജ്ജ്
ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് ഇവിടെ ക്ലിക്ക് ചെയ്താൽ വായിക്കാവുന്നതാണ്. ഇംഗ്ലീഷ് പതിപ്പ് പകർത്തുവാൻ പാടുള്ളതല്ല   – നവമലയാളി)

കുറച്ച് വർഷങ്ങൾക്കു മുൻപ് താങ്കൾ എഴുതി. ഒരാൾക്ക് ഏറ്റവും ബുദ്ധിമുട്ടേറിയതും വളരെ പ്രധാനപ്പെട്ടതുമായ ഒരു കാര്യം സത്യസന്ധതയോടെ കണ്ണാടിയിലേക്ക് നോക്കുക എന്നതാണ്. അങ്ങനെ ചെയ്താൽ തോറ്റുപോയ രാഷ്ട്രങ്ങളുടെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാൻ നമുക്കൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല എന്നും. തോറ്റുപോയ ഒരു രാഷ്ട്രമെന്ന നിലയ്ക്ക് U.S-ന്റെ സ്വഭാവങ്ങളെ ഇപ്പോഴത്തെ കൊറോണ വ്യാധി എങ്ങനെയൊക്കെ കാട്ടിത്തരുന്നുണ്ട്?

ആദ്യം തന്നെ, താങ്കളൊരുപക്ഷേ ഓർമ്മിക്കുന്നുണ്ടാകും, പതിനഞ്ച് വർഷങ്ങൾക്കു മുന്നെ, “തോറ്റ രാഷ്ട്രങ്ങൾ” എന്നൊരു പുസ്തകം ഞാനെഴുതിയിരുന്നു. അത് മിക്കവാറും തന്നെ അമേരിക്കയെക്കുറിച്ചായിരുന്നു – തങ്ങളുടെ പൌരർക്കും, ലോകത്തിനും, തങ്ങൾക്കു തന്നെയും അപകടഭീഷണിയായ, അന്താരാഷ്ട്രനിയമങ്ങൾ ലംഘിക്കുകയും, തങ്ങളുടെ സ്വന്തം ജനങ്ങളുടെ നിലനിൽപ്പിനായുള്ള ഒരു ആന്തരികമായ വ്യവസ്ഥ സൃഷ്ടിക്കുന്നതിലും കൂടി പരാജയപ്പെടുന്നതുമൊക്കെയായ ഒരു രാജ്യത്തെക്കുറിച്ച്. ഇന്ന് അതൊക്കെ അതിന്റെ പാരമ്യത്തിലെത്തി നിൽക്കുകയാണ്. നാട്ടിലും വിദേശത്തുമൊക്കെ ഇന്ന് പരക്കെ പരിഗണിക്കപ്പെടുന്ന ഒരഭിപ്രായമാണത് എന്നാണ് ഞാൻ കരുതുന്നത്. 

‘The National Observer‘ എന്ന കനേഡിയൻ ദിനപത്രം ഇന്ന് വായിക്കാനിടയായി. ഈ രാജ്യത്തെ വിഡ്ഢിത്തങ്ങളോക്കെ വിശദീകരിക്കുന്ന, “അമേരിക്കക്കാർക്ക് ഭ്രാന്ത് പിടിച്ചുവോ?” (“Have the Americans Gone Insane?”) എന്നതായിരുന്നു അതിലെ ഒരു പ്രാധാന ലേഖനം. ഒരു മുഖ്യധാര ലിബറൽ ബുദ്ധിജീവിയായ George Packer-ന്റെ അടുത്തിടെയുള്ള ഒരു ലേഖനത്തിന്റെ പേരു “നാമൊരു തോറ്റ രാഷ്ട്രത്തിലാണ് ജീവിക്കുന്നത്” (“We Are Living in a Failed State.”) എന്നായിരുന്നു.

ഇനി, കൊറോണയുടെ പശ്ചാത്തലത്തിൽ നോക്കുക. രാജ്യങ്ങൾ വ്യത്യസ്തമായ രീതികളിലാണ് അതിനോട് പ്രതികരിച്ചത്.

ചൈനയെ കുറ്റപ്പെടുത്തുന്ന ഒരു രീതി പടർന്നിപിടിക്കുന്നുണ്ട്. അത് കൂടുതലായും അമേരിക്കൻ ജനതയ്ക്കെതിരായ ട്രമ്പിന്റെ അതിക്രമങ്ങളെ മറച്ചുപിടിയ്ക്കാനാണ്, ഒരു ബലിയാടിനെ കണ്ടുപിടിക്കുന്നതുപോലെയാണത്. സത്യത്തിൽ ജനുവരി 12-നു തന്നെ, കാര്യങ്ങളൊക്കെ ആദ്യമായി കണ്ടുപിടിക്കപ്പെട്ട സമയത്തു തന്നെ, ചൈനീസ് ശാസ്ത്രജ്ഞന്മാർ ഏതാണ് വൈറസെന്ന് മനസ്സിലാക്കുകയും, അതിന്റെ ജീനോം സീക്വൻസ് ചെയ്യുകയും, ലോകാരോഗ്യസംഘടനയെയും മുഴുവൻ ലോകത്തെയും ആ വിവരങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു. അതായത് ലോകത്ത് ഇതുമായി ബന്ധപ്പെട്ട എല്ലാ ശാസ്ത്രജ്ഞന്മാരും എന്താണ് സംഭവിക്കുന്നതെന്നും എന്താണ് ചെയ്യേണ്ടതുമെന്നതിനെയും കുറിച്ചൊകെ ജനുവരി പന്ത്രണ്ടോടെയൊക്കെത്തന്നെ തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു.

അതിനുശേഷം രാജ്യങ്ങൾ പലവിധത്തിൽ പ്രതികരിച്ചു തുടങ്ങി. ഏഷ്യയിലെയും ഓഷ്യാനയിലെയും രാജ്യങ്ങൾ – ആസ്ത്രേലിയ, ന്യൂസീലൻഡ്, തയ്വാൻ, ദക്ഷിണ കൊറിയ എന്നിവയെല്ലാം വളരെ പെട്ടെന്നും ഫലപ്രദവുമായ രീതിയിൽ പ്രതികരിച്ചു. അവിടങ്ങളിലെല്ലാം സ്ഥിതി നിയന്ത്രണവിധേയമാണ്, ചിലയിടങ്ങളിൽ പടർച്ച ഇല്ലാതെതന്നെയാക്കിയിട്ടുമുണ്ട്. ആദ്യമൊന്നും ഏഷ്യക്കാർ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതി അത്രയ്ക്കൊന്നും ശ്രദ്ധിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ മെനക്കെട്ടിരുന്നില്ല. പതിയെ മിക്ക രാജ്യങ്ങളും ഒരുമിച്ചും കൂട്ടായും ചിലപ്പോൾ വ്യത്യസ്ത രീതികൾ അവലംബിച്ചുമൊക്കെ വേണ്ടത് ചെയ്തു തുടങ്ങി. ചിലർ വളരെ നന്നായി അത് ചെയ്തു, ചിലർക്ക് അത്രകണ്ട് അതിന് കഴിഞ്ഞിട്ടുമുണ്ടാവില്ല.   

അമേരിക്കൻ ഇന്റലിജൻസ് വൈറ്റ് ഹൌസിന്റെ വാതിൽക്കൽ തട്ടിവിളിച്ച് ദിവസേനയുള്ള റിപ്പോർട്ടുകൾ ആരുടെയോ ശ്രദ്ധ ആകർഷിക്കുന്നതിനായി സമർപ്പിച്ചുകൊണ്ടേയിരുന്നു. ഉയർന്ന ആരോഗ്യ ഉദ്യോഗസ്ഥരും അതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നാൽ ട്രമ്പ്, ഇതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അയാളുടെ ചുറ്റുമുള്ളത് കുറേ മുഖസ്തുതിക്കാർ മാത്രമാണ്. ഇനി അഥവാ എന്തെങ്കിലും അവർക്ക് മനസ്സിലായാൽ തന്നെ അതൊന്നും തങ്ങളുടെ അധിപനോട് പറയാനുള്ള ധൈര്യവും അവർക്കില്ല. അതുകൊണ്ടൊക്കെത്തന്നെ നമുക്ക് മനസ്സിലായതുപോലെ ഇതിൽ ട്രമ്പിന്റെ താല്പര്യം രണ്ട് കാര്യങ്ങൾ മാത്രമായി. ഒന്ന് തന്റെ ടിവി റേറ്റിംഗ്, രണ്ട് സ്റ്റോക്ക് മാർക്കറ്റ്. സ്റ്റോക്ക് മാർക്കറ്റിന് സാമ്പത്തികരംഗവുമായി വലിയ ബന്ധമൊന്നുമില്ല. എങ്കിലും ട്രമ്പിന്റെ സ്വപ്നലോകത്ത് അദ്ദേഹം നവംബറിൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുമോ എന്നത് തീരുമാനിക്കുന്നത് സ്റ്റോക്ക് മാർക്കറ്റാണ്. ഒടുവിൽ മാർച്ച് മാസത്തോടെ സ്റ്റോക്ക് മാർക്കറ്റ് തകർന്നു. അയാൾ അത് ശ്രദ്ധിക്കുകയും ചില പ്രസ്താവനകൾ പുറപ്പെടുവിക്കുകയും ചെയ്തു. അപ്പോഴേയ്ക്കും പതിനായിരക്കണക്കിന് അമേരിക്കക്കാർ മരണപ്പെടുകയും മഹാവ്യാധി തീവ്രമായി പടർന്നുപിടിക്കുകയും ചെയ്തു, കാര്യങ്ങൾ മുഴുവനായും കൈവിട്ടുപോയിക്കഴിഞ്ഞിരുന്നു. അതുകഴിഞ്ഞാണ്, ദുരന്തങ്ങളെന്ന് അവയെ പറയാൻ വയ്യെങ്കിൽ, പ്രഹസനങ്ങളെന്ന് വിളിക്കാവുന്ന വിധത്തിലുള്ള നടപടികളുടെ ഒരു നിര തന്നെ വരുന്നത്. ഒരു ദിവസം പറഞ്ഞു, ഇതൊന്നും വല്യ കാര്യമല്ല, ജലദോഷം പോലെയാണ്, എല്ലാം എന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞുവെന്ന്. അടുത്ത ദിവസം പറഞ്ഞു, ഇതൊരു മാരകമായ പകർച്ചവ്യാധിയാണ്, ഞാനാണ് അത് മറ്റാരെക്കാളും മുന്നെ ശ്രദ്ധിച്ച, ആദ്യത്തെയാളെന്ന്. അടുത്ത ദിവസം ലോക്ക് ഡൌൺ. പിന്നീട് ഈസ്റ്ററിന് നിയന്ത്രണങ്ങളെല്ലാം എടുത്തുമാറ്റൽ. ഓരോന്നായി അങ്ങനെ വന്നുകൊണ്ടിരുന്നു.

എല്ലാറ്റിലും ഒരു കാര്യം പറയാതെ പറഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. ഞാനാണ് സർവ്വതിന്റെയും മേലെ എല്ലാം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. മറ്റാർക്കൊക്കെ എന്തൊക്കെ സംഭവിക്കുന്നു എന്നതിൽ കാര്യമില്ല. വാക്സിനുകളുടെ ചാർജ്ജുള്ള ശാസ്ത്രജ്ഞൻ എന്റെ ചില മുറിവൈദ്യോപദേശങ്ങളെ എതിർത്ത് എന്തെങ്കിലും പറഞ്ഞാൽ ഞാനയാളെ പുറത്താക്കും.  പുറത്താക്കി. അങ്ങനെ വാക്സിൻ വകുപ്പിന്റെ തലവനെ നമുക്ക് നഷ്ടമായി. ഞാനങ്ങനെ ചൈനയെ അധിക്ഷേപിച്ചുകൊണ്ടിരിക്കെ ചൈനയുമായുള്ള ഒരു സംയുക്ത ശാസ്ത്രപരീക്ഷണം നടക്കുകയും പുതിയ കൊറോണവൈറസുകളെയും അവയ്ക്കെതിരായുള്ള പ്രതിരോധവും കണ്ടെത്തപ്പെടുകയും ചെയ്യുന്നുവെങ്കിൽ, ആ പ്രോഗ്രാം മുഴുവനായി നശിപ്പിച്ചുകളഞ്ഞേക്കുക. ഞങ്ങളങ്ങനെയാണ്. എനിക്ക് വോട്ട് ചെയ്യുന്ന ഒരു കൂട്ടത്തിന് അന്താരാഷ്ട്രസംഘടനകളെയും വിദേശികളെയുമൊക്കെ വെറുപ്പാണെങ്കിൽ അവരോട് ചേർന്ന് ലോകാരോഗ്യസംഘടനയെ തള്ളിപ്പറഞ്ഞേക്കുക. ശരി, സംഘടനയ്ക്കുള്ള ഫണ്ടുകളെല്ലാം പിൻവലിച്ചുകളയാം, അതിനെ തകർത്തുകളഞ്ഞേക്കാം.

ഇവയ്ക്കെല്ലാം അവയുടെ അനന്തരഫലങ്ങളുമുണ്ട്, പക്ഷേ കൌതുകകരമെന്ന് പറയട്ടെ, അവയൊന്നും ചർച്ച ചെയ്യപ്പെടുന്നില്ല. യെമെന്റെ കാര്യമെടുത്തു നോക്കുക. ലോകത്തേറ്റവും മോശപ്പെട്ട മനുഷ്യാവസ്ഥകളിലൂടെ കടന്നുപോകുകയാണ്. ട്രമ്പിനും അയാളുടെ മുൻഗാമികൾക്കും അതിൽ അവരുടേതായ പങ്കുമുള്ളതാണ്. അവിടെ ലോകാരോഗ്യസംഘടനയുടെ പ്രവർത്തകർ ആളുകളുടെ ജീവൻ രക്ഷിക്കുന്നു. എന്നാൽ അവരെ അവിടെ നിന്നും പുറത്താക്കിക്കളയാം, എല്ലാം തകർത്തേക്കാം. ആഫ്രിക്ക വിവിധങ്ങളായ രോഗങ്ങൾ കൊണ്ട് പൊറുതിമുട്ടുന്നു. അവിടെയും ലോകാരോഗ്യസംഘടന മനുഷ്യരെ രക്ഷിക്കുന്നതിന്റെ മുന്നണിയിലാണ്. പക്ഷേ എനിക്കെന്റെ വോട്ട് ബാങ്കിലെ ഒരു പക്ഷത്തെ തൃപ്തിപ്പെടുത്തണം, അതിനായി കുറേ ആഫ്രിക്കക്കാർ കൊല്ലപ്പെട്ടോട്ടെ. സവിശേഷമായ സ്വഭാവമാണ്.

ട്രമ്പും ഭരണസംവിധാനവും അയാൾക്കു ചുറ്റുമുള്ള ആളുകളും ചിന്തിക്കുന്ന രീതിയുടെ ഒരു സംക്ഷിപ്തരൂപം കിട്ടണമെങ്കിൽ ഏറ്റവും എളുപ്പം അടുത്ത വർഷത്തേയ്ക്കുള്ള അയാളുടെ ബഡ്ജറ്റ് നിർദ്ദേശത്തിലേക്ക് നോക്കിയാൽ മതിയാകും. ഫെബ്രുവരി 10-നാണ് അത് പുറത്തുവന്നത്, ശരിക്കും കൊറോണയുടെ ഇടയ്ക്ക്. അയാളപ്പോഴും അത് ജലദോഷം മാത്രമാണെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്.

എന്താണ് ആ ബഡ്ജറ്റിലുള്ളത്? ചില മേഖലകളിൽ ഫണ്ടിംഗ് കൂടുന്നു, ചിലവയിലേക്കുള്ള ഫണ്ടുകൾ പിൻവലിച്ചിരിക്കുന്നു. ഒന്ന് നോക്കാം. ആരോഗ്യമേഖലയിലെ കാര്യങ്ങളെങ്ങനെയാണ്? Center for Disease Control, രോഗനിയന്ത്രണത്തിനുള്ള ഡിപ്പാർട്ടുമെന്റി,നുള്ള ഫണ്ടുകൾ പിൻവലിച്ചിരിക്കുന്നു. വാസ്തവത്തിൽ അധികാരത്തിലേറിയ കാലം മുതൽക്ക് ട്രമ്പ് ക്രമാനുഗതമായി ആ ഫണ്ട് വെട്ടിച്ചുരുക്കിക്കൊണ്ടിരിക്കുകയാണ്, മഹാവ്യാധിയുടെ കാലമല്ലേ, അതല്പം കൂടി വെട്ടിച്ചുരുക്കിയേക്കാം. പൊതുജനാരോഗ്യവുമായ ബന്ധപ്പെട്ട എന്തെങ്കിലുമാണോ, ജനങ്ങളെ സേവിക്കുന്നതിനുള്ള എന്തെങ്കിലുമാണോ, എങ്കിൽ അതിനുള്ള ഫണ്ടുകൾ പിൻവലിച്ചേക്കാം.  ഇനി ഫണ്ടിംഗ് കൂടിയ മേഖലകളോ? അടുത്ത കുറച്ച് തലമുറകൾക്കുള്ളിൽ മനുഷ്യവംശം ഇല്ലാതാകണം എന്നുറപ്പിക്കാനായി കഠിനാധ്വാനം ചെയ്യുന്ന ഫോസിൽ ഇന്ധനവ്യവസായത്തിന് കൂടിയ അളവിൽ സബ്സിഡികൾ. അവരെ ഫണ്ട് ചെയ്തുകളയാം, ലാഭം വലിയ അളിവിലാണ്. അവയാണ് എന്റെ മണ്ഡലം – സമ്പത്തും കോർപ്പറേറ്റ് അധികാരവും. അതുകൊണ്ട് അവയെ ഫണ്ട് ചെയ്യുക, എന്തൊക്കെയാണ് പരിണതഫലമെങ്കിലും വെറുതേ ജനങ്ങളെ സേവിക്കുകയും ജീവൻ രക്ഷിക്കുകയും ചെയ്യുന്നവയുടെയെല്ലാം ഫണ്ടുകൾ പിൻവലിച്ചേക്കുക. അതാണ് ഇപ്പോൾ ഈ രാജ്യത്തെയും രാഷ്ട്രീയരംഗത്തെയും നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അർബുദം.

നിലവിലെ ഭരണസംവിധാനം ശാസ്ത്രത്തോടു കാട്ടുന്ന ഇത്ര  അവഗണനയ്ക്ക് സമാനമായ സമീപനം മുൻപ് അമേരിക്കൻ ചരിത്രത്തിലെപ്പോഴെങ്കിലും  ഉണ്ടായിരുന്നുവെന്ന് തോന്നുന്നുണ്ടോ ?

ഒരിക്കലുമില്ല. വിദൂരസാമ്യങ്ങൾ പോലുമില്ല. ശാസ്ത്രത്തോട് വലിയ രീതിയിലുള്ള ഒരു താല്പര്യം ഒരുപാട് നാൾ ഉണ്ടായിരുന്നില്ലായെന്നു വരാം, എന്നാൽ അതിനെ ഗൌരവമായി തന്നെ കണക്കിലെടുത്തിരുന്നു. ഇത് അതുപോലെയുന്നുമേയല്ല. അമേരിക്ക മാത്രമല്ല. ഫാസിസ്റ്റ് ജെനറലായിരുന്ന ഫ്രാങ്കോ 1936-ൽ പറഞ്ഞ ഒരു കാര്യം മികച്ച എഴുത്തുകാരനായ ഏരീൽ ഡോർഫ്മാൻ (Ariel Dorfman) അടുത്തയിടയ്ക്ക് ഒരു കോളത്തിൽ ഉദ്ധരിച്ചിരുന്നു. അയാൾ പറഞ്ഞത്, “ഇന്റലിജൻസ് തുലയട്ടെ, മരണങ്ങൾ കൂടട്ടെ” (“Down with intelligence, forward with death.”) എന്നാണ്. അതുതന്നെയാണ് ട്രമ്പും അയാൾക്ക് ചുറ്റുമുള്ളവരും പറയുന്നത്. ഇന്റലിജൻസ് റിപ്പോർട്ടുകൾ തുലയട്ടെ, മരണങ്ങളുമായി നാം മുന്നോട്ട്. അതിലയാൾ ഒറ്റയ്ക്കുമല്ല. ദക്ഷിണ അമേരിക്കയിലെ അയാളുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ, ബ്രസീലിലെ ജയിർ ബോത്സോണറോ, അതേപോലെതന്നെ. വേറെയുമുണ്ട് ലോകത്ത് അതേപൊലെ കുറേ പേർ. അയാൾക്ക് പ്രിയപ്പെട്ട ഏകാധിപതിയായ ഈജിപ്റ്റിലെ അൽ-സിസി, സൌദി അറേബ്യയുടെ കൊലയാളിനേതായ മൊഹമ്മദ് ബിൻ സൽമാൻ. ഇന്ത്യയിലെ മോദിയാണ് മറ്റൊരാൾ. എന്നാൽ യുഎസ്സിന്റെ കരുത്ത് കണക്കിലെടുക്കുമ്പോൾ യുഎസ്സിൽ സംഭവിക്കുന്നതിന് കൂടുതൽ പ്രാധാന്യമുണ്ട്. ഇക്കാര്യം കണക്കിലെടുത്താൽ നമുക്ക് കാണാൻ കഴിയുന്നത് ട്രമ്പിന്റെ കീഴിൽ ശാസ്ത്രമേഖലയ്ക്കുള്ള സഹായം നിരന്തരം കുറച്ചുകൊണ്ടുവരികയായിരുന്നു എന്നുള്ളതാണ്. ശാസ്ത്രജ്ഞരും ശാസ്ത്ര റിപ്പോർട്ടർകാരുമെല്ലാം അതേ ചൊല്ലി വിലപിച്ചിരുന്നു. Environmental Protection Agency പോലെയുള്ള ചിലവയെല്ലാം അങ്ങനെ അപഹാസ്യമാം വിധം വീണുപോയിട്ടുണ്ട്, ഇപ്പോഴത് കൽക്കരി ലോബിയുടെ കയ്യാളാണ്. ശാസ്ത്രജ്ഞന്മാരെല്ലാം അവിടങ്ങളിൽ നിന്നും പുറത്തായിരിക്കുന്നു, അല്ലാത്തവരെ നിശബ്ദരാക്കിയിരിക്കുന്നു.    

ഇപ്പോൾ ട്രമ്പ് ഒടുവിലായി മെഡൽ ഓഫ് ഫ്രീഡം സമ്മാനിച്ച് ആദരിച്ച ആളെ നോക്കുക. Rush Limbaugh- റിപ്പബ്ലിക്കന്മാർ ഓരോ വിവരങ്ങൾക്കായി കാതോർത്തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ്, ട്രമ്പ് എപ്പോഴും ചെവികൊടുക്കുന്ന ഒരാൾ. അയാളെന്താണ് പറയുന്നത്? തട്ടിപ്പിന്റെ നാലു മൂലകളുണ്ട് – മാധ്യമങ്ങൾ, ഗവണ്മെന്റ്, അക്കാദമിയ, ശാസ്ത്രം. അവ തട്ടിപ്പ് കൊണ്ട് നിലനിൽക്കുന്നു, അതുകൊണ്ട് അവ കാപട്യം കാട്ടുമെന്നത് സ്വാഭാവികമാണ്. അതുകൊണ്ട് അവയെയൊക്കെ എടുത്തങ്ങ് കളഞ്ഞേക്കുക. ഇന്റലിജൻസ് തുലയട്ടെ, മരണങ്ങളുമായി നാം മുന്നോട്ട്. അതാണ് മുദ്രാവാക്യം.

നമ്മൾ ഓർമ്മിക്കേണ്ട ഒന്നുണ്ട്. എനിക്കതിത്ര വയസ്സുള്ളതുകൊണ്ട് എനിക്കത് വ്യക്തിപരമായി തന്നെ ഓർമ്മയുണ്ട് – 1930-കളിലെ ആഗോളമായ ഡിപ്രഷൻ, തകർച്ച. ഒരുപക്ഷേ നമ്മൾ ആ ദിശയിലേക്കാവാം ഇപ്പോൾ സഞ്ചരിക്കുന്നത്, എന്നാലും ഇന്നുള്ളതിലും വലിയ മോശമായിരുന്നു അക്കാലം. അതിൽ നിന്ന് പുറത്ത് കടക്കാനായി പല രാജ്യങ്ങളും പലവിധത്തിലാണ് പ്രതികരിച്ചത്. 1920-കളിലെ ജർമനി ഏറ്റവും നന്നായി പ്രവർത്തിച്ചിരുന്ന ഒരു ജനാധിപത്യം എന്നാണ് അറിയപ്പെട്ടിരുന്നത്. ശാസ്ത്രം, കല, തത്വചിന്ത എന്നിവയിൽ പടിഞ്ഞാറൻ സംസ്കാരത്തിന്റെ നെറുകയിലായിരുന്നു അവർ. എന്നാൽ അവർ ഒരു രീതി അവലംബിച്ചു. മനുഷ്യചരിത്രത്തിൽ നിന്നും പിന്നോട്ട് നടക്കുക എന്ന ഒരു രീതി. എന്നാൽ അമേരിക്ക വ്യത്യസ്തമായ ഒരു നിലപാടെടുത്തു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പുരോഗമനപരവും ധനാത്മകവുമായ ഒരു നിലപാടായിരുന്നു അത്. അങ്ങനെ വന്ന ‘ന്യൂ ഡീൽ’ അമേരിക്കൻ ജീവിതങ്ങളെ രക്ഷിച്ചെടുക്കുന്ന തരത്തിൽ വലിയ രീതിയിൽ സ്വാധീനിച്ചു. റീഗനു ശേഷമുള്ള നിയോലിബറൽ കാലഘട്ടത്തിൽ അതെല്ലാം അട്ടിമറിക്കാൻ വലിയ അളവിൽ ശ്രമം നടന്നുവെങ്കിലും, ന്യൂ ഡീലിന് അമേരിക്കൻ സമൂഹത്തിൽ നല്ലരീതിയിലുള്ള ഒരു സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നു. അവ രണ്ടുമായിരുന്നു പ്രതിസന്ധി മറികടക്കാനുള്ള രണ്ട് വ്യത്യസ്തമായ വഴികൾ.

ഇന്നും നമുക്ക് മുന്നിൽ രണ്ട് വഴികളുണ്ട്. കാര്യങ്ങൾ 1930-കളുടെ അതേ പോലെതന്നെയൊന്നുമല്ല, എങ്കിലും അതിന്റെ സ്വഭാവങ്ങളുണ്ട്, രണ്ട് വശത്തേയ്ക്കും പോകുന്ന ബലാബലങ്ങളുമുണ്ട്. ഒരു വശത്ത് ട്രമ്പും ബിസിനസ്സ് വർഗ്ഗവും. കൂടെ റിപ്പബ്ലിക്കൻ പാർട്ടി, അതിപ്പോഴൊരു രാഷ്ട്രീയപാർട്ടി പോലുമല്ല – സമ്പത്തിനും കോർപ്പറേറ്റുകൾക്കും അത് തീറെഴുതിയിരിക്കുന്നു. അതെല്ലാം കുറേ വർഷങ്ങളായി നിങ്ങളുടെ കണ്മുന്നിലുണ്ട്. അതാണ് ഒരു വഴി. നാൽപ്പതിൽ പരം വർഷങ്ങളായി സമൂഹത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന, സമ്പന്നരെയും ശക്തരെയും മാത്രം വളർത്തിയ, നിയോലിബറൽ പ്ലേഗിന്റെ കുറേക്കൂടി മാരകമായ ഒരു പതിപ്പ്, കൂടുതൽ ഏകാധിപത്യപ്രവണതയുള്ള, ഒരു രീതി. സമ്പന്നരെന്ന് പറയുമ്പോൾ അത് 0.1 ശതമാനമാണ് – 1% അല്ല, 0.1 ശതമാനം.
20 ശതമാനം സമ്പത്തും 0.1 ശതമാനം ആളുകളുടെ കയ്യിൽ. 2008 മുതൽ അവർ സമ്പത്ത് വാരിക്കൂട്ടുകയാണ്. അവർ തന്നെ മാന്ദ്യം സൃഷ്ടിച്ചു, അതിന്റെ ലാഭങ്ങൾ ഇന്ന് അവർ തന്നെ കൊയ്യുന്നു. അതാണ് നമ്മുടെ 0.1 ശതമാനം.   

എന്നാൽ പാതി ജനതയുടെ ആകെ സമ്പത്ത് നെഗറ്റീവാണ്. ഉള്ളതിലും കൂടുതലാണ് അവരുടെ കടം. 70 ശതമാനം ആളുകൾക്കും ഒരാഴ്ച തള്ളിനീക്കാൻ ബുദ്ധിമുട്ടാണെന്നാണ്, ഒരു മാസത്തെ ശമ്പളം മതിയാകാത്ത അവസ്ഥ. ഇടയ്ക്കെന്തെങ്കിലും തടസ്സങ്ങളുണ്ടായാൽ ആകെ പ്രശ്നത്തിലാകുന്ന അവസ്ഥ. 1970-കൾ മുതൽ അവരുടെ ശമ്പളത്തിന്റെ മൂല്യം അതേ പോലെ നിൽക്കുകയാണ്. ഇതിനിടയ്ക്ക് മറ്റുചിലരുടെ സ്വത്ത് ഭൌമമണ്ഡലങ്ങളും വിട്ട് കുത്തിച്ചുയർന്നു, സിഇഒ മാരുടെ ശമ്പളങ്ങൾ ആകാശം മുട്ടനെയായി. 

അല്ലെങ്കിൽ ആരോഗ്യമേഖലയിൽ സംഭവിച്ചത് ഒന്ന് നോക്കൂ. അതാകെ ദുഷിച്ചുകിടക്കുകയാണ്. വികസിത ലോകത്തിന്റെ കാര്യമെടുത്താൽ കേട്ടുകേൾവിയില്ലാത്തതാണ്. താരതമ്യപ്പെടുത്താവുന്ന രാജ്യങ്ങളുമായി തട്ടിച്ചുനോക്കിയാൽ രണ്ടിരട്ടിയാണ് ആരോഗ്യസംരക്ഷണത്തിനായുള്ള ചിലവ്, വളരെ മോശം ഫലങ്ങളും. നിയോലിബറൽ കാലഘട്ടത്തിലാണ് അത് ഏറ്റവും മോശമായത്. ഉദാഹരണത്തിന് ഹോസ്പിറ്റലുകൾ ഒരു ബിസിനസ് മോഡലിലാണ് നടത്തേണ്ടത്. എന്താണ് ബിസിനസ് മോഡൽ? കൂടുതലായുള്ള ആളുകൾക്കായോ ആവശ്യങ്ങൾക്കായോ ഉള്ളതൊന്നും ഉണ്ടാകരുത്, വിഭവങ്ങൾ ദുർവ്യയം ചെയ്യാനോ ധൂർത്തടിക്കാനോ ഉള്ളതല്ല. അതായത് കൂടുതലായൊരു കിടക്ക ഹോസ്പിറ്റലിൽ ഉണ്ടാകരുത്. അങ്ങനെയാണോ വേണ്ടത്? സംവിധാനം എത്ര നന്നായി പ്രവർത്തിച്ചാലും ഈ രീതി സ്വീകാര്യമായതല്ല. നമ്മളൊരുപാട് പേർക്ക് അത് അനുഭവത്തിൽ തന്നെയുണ്ട്. ഇവിടുത്തെ ചില ഹോസ്പിറ്റലുകൾ, ലോകത്തെ ഏറ്റവും മികച്ചവയാണ് അവ, അവിടങ്ങളിൽ പോലും. എന്തെങ്കിലും വലിയ അത്യാഹിതം അപ്രതീക്ഷിതമായി സംഭവിച്ചാൽ പിന്നെ എല്ലാം ഭാഗ്യത്തിന്റെ കളിയാണ്.   

നിയോലിബറൽ ഭീകരതയുമായി മുന്നോട്ട് പോയ മറ്റു രാജ്യങ്ങളൊന്നും ഇത്ര മോശം അവസ്ഥയിലേക്ക് പോയിട്ടില്ല. നമ്മൾ മറ്റൊരിടത്തും ഇല്ലാത്തപോലെ ബിസിനസ്സ് സമൂഹത്താൽ നിയന്ത്രിക്കപ്പെടുന്ന ഒരു സമൂഹമാണ്. ഉദാഹരണത്തിന് ജർമനിയുടെ കാര്യമെടുക്കൂ. ഏറ്റവും മെച്ചപ്പെട്ട ഭരണകൂട മുതലാളിത്ത രാജ്യമാണത്, നിയോലിബറലിസം കൊണ്ടുനടക്കുന്നവർ, അവരതിനെ ഒരു ക്രമരൂപമൊക്കെയുള്ള നിയോലിബറലിസം, ordoliberalism, എന്നാണ് വിളിക്കുന്നത്. Austerity, ചിലവ് കുറയ്ക്കൽ, ടാക്സ് ഉയർത്തൽ, അങ്ങനെ സാധാരണ കാണുന്ന പല വിഡ്ഢിത്തങ്ങളും. എന്നാൽ അവരുടെ ഹോസ്പിറ്റലുകളിൽ കൂടുതലായി വരുന്നവരെ ഉൾക്കൊള്ളാനുള്ള സംവിധാനമുണ്ടായിരുന്നു. അവർ ഹോസ്പിറ്റൽ സംവിധാനമാകെ നശിപ്പിച്ചിട്ടുണ്ടായിരുന്നില്ല. സ്പെയർ കിടക്കകളും അത്യാവശ്യത്തിലധികം ഡയഗ്നോസിസ് സംവിധാനങ്ങളുമുണ്ടായിരുന്നു. അതിന്റെ ഫലമായി രോഗം പടർന്നുപിടിക്കെ അവർക്കത് മെച്ചപ്പെട്ട രീതിയിൽ നിയന്ത്രിക്കുവാനും മരണനിരക്ക് കുറയ്ക്കുവാനും സാധിച്ചു.

പക്ഷേ യുഎസ്സിൽ അങ്ങനെയല്ല. എല്ലാം നിയന്ത്രണം വിട്ട് പോയിരിക്കുന്നു, ഇനിയും വഷളാകുകയും ചെയ്യും. ലോക്ക്ഡൌൺ അവസാനിപ്പിക്കുകയും ജനങ്ങളെ തെരുവുകളിൽ കൂട്ടം കൂടാൻ അനുവദിക്കുകയും ചെയ്താൽ അത് മോശമാകുക തന്നെ ചെയ്യും. ട്രമ്പും കൂട്ടരും കരുതുന്നത് ഇലക്ഷന്റെ സമയമാകുമ്പോഴേയ്ക്കും സാമ്പത്തികരംഗം മെച്ചപ്പെട്ടതാണെന്ന പ്രതീതി ഉണ്ടാക്കുകയാണ് പ്രധാനമെന്നാണ്. കുറേ പേർ മരിക്കുന്നെങ്കിൽ മരിക്കട്ടെ എന്നതാണ് മനോഭാവം.

പാവപ്പെട്ടവർ, കറുത്തവർ, പ്രിവിലെജില്ലാത്ത മറ്റു ജനങ്ങൾ – ഇവരൊക്കെയാണ് ഏറ്റവുമധികം കഷ്ടപ്പെടുന്നത്. അപ്പോൾ അവർക്കെതിരെ റൊണാൾഡ് റീഗന്റെ ‘വെൽഫെയർ ക്വീൻ’ പോലെയുള്ള ആരോപണപ്രചരണങ്ങൾ കൊണ്ടുവന്നിട്ട്, പന്ത്രണ്ട് കുട്ടികളുണ്ടായിട്ടും ജോലി ചെയ്യാനാഗ്രഹമില്ലാത്തവരെന്നും വെൽഫെയർ ഓഫീസുകളിലേയ്ക്ക് പോകാൻ കൂട്ടാത്തവരെന്നുമെല്ലാം ആരോപിക്കാം. ആ രീതിയൊക്കെ അറിയാമല്ലൊ. അതെല്ലാം അവരുടെ മേൽ ആരോപിക്കാം, നഗരങ്ങളിലെ ഈ വിഭാഗം ജനങ്ങളാണ്, പോർട്ടോറിക്കക്കാരാണ്, ആ മോശം മനുഷ്യരൊക്കെയാണ് എല്ലത്തിനും കാരണം എന്നൊക്കെ പ്രചരിപ്പിക്കാം. അയാളുടെ വീഴ്ച്ചകൾ കൊണ്ട് കൊറോണയ്ക്കിടെ ആയിരക്കണക്കിന് ജനങ്ങൾ മരിച്ചുവീണപ്പോൾ ബ്രസീലിലെ ബോൽസൊണാരൊ ചോദിച്ചു, “അതുകൊണ്ടെന്താണ്?”. അതുപോലെ “ജനങ്ങൾക്ക് മരിക്കണ്ടേ? അതിനെന്താ?” എന്ന് ട്രമ്പിന് വേണമെങ്കിൽ പറയാം.    

അതാണ് ഇത്തരത്തിലുള്ള ഫാസിസ്റ്റനുകൂല ചിന്താഗതിയും സാമൂഹ്യപാറ്റേണുകളും സൃഷ്ടിക്കുന്ന ചിന്താഗതി. അതിനെ ഞാൻ ഫാസിസമെന്ന് വിളിക്കുന്നില്ല. ഫാസിസമെന്ന വിളി പോലും അത് അർഹിക്കുന്നില്ല. ഫാസിസത്തിന് എത്രയായാലും ഒരു പ്രത്യയശാസ്ത്രമുണ്ടായിരുന്നു, ഭീകരമായ ഒന്ന്, പക്ഷേ പ്രത്യയശാസ്ത്രമുണ്ടായിരുന്നു. ഇവിടെ ആകെയുള്ളത് ഞാൻ, എനിക്ക് ചുറ്റുമുള്ളവർ എന്നതൊക്കെയാണ്. അത് മിക്കവാറും തന്നെ വരുന്ന ഇലക്ഷനുവേണ്ടിയുള്ള ഒരു അടവുനയമാണ്. ജനതയെ സംബന്ധിച്ച് അത് അപകടകരമാണ്. സംവിധാനം പ്രവർത്തിക്കുന്നുണ്ട് എന്ന് ജനതയ്ക്കു മുന്നിൽ ഉപരിപ്ലവമായ ഒരു തോന്നലുണ്ടാക്കുകയാണ്. അയാൾക്കതുമായി തുടർന്നും മുന്നോട്ട് പോകാനാകുമോ എന്നത് തീരുമാനിക്കേണ്ടത് ജനമാണ്.

ഗ്രേയ്റ്റ് ഡിപ്രഷനെക്കുറിച്ച് പറഞ്ഞു. സൌജന്യഭക്ഷണവിതരത്തിനുണ്ടായിരുന്ന ബ്രെഡ് ലൈനുകളും സൂപ്പ് അടുക്കളകളുമെല്ലാം താങ്കളുടെ ഓർമ്മയിലുണ്ട്. ഇന്ന് സൌജന്യ ആഹാരത്തിനായി കാത്തുനിൽക്കുന്ന മൈലുകളോളം നീളമുള്ള വാഹനനിരകൾ കാണാം. ഫുഡ് ബാങ്കുകളും ധർമ്മസ്ഥാപനങ്ങളുമെല്ലാം നിരവധിയായി ഉണ്ടാകുന്നു. താങ്കൾ രാജ്യത്തെ വ്യത്യസ്തമായ രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ച് പറഞ്ഞു. ഇന്നത്തെ ക്രൈസിസ്, സാമ്പത്തിക ക്രൈസിസ്, ആരോഗ്യസംബന്ധിയായ ഒരു അപകടവുമായി ബന്ധപ്പെട്ട്, മഹാവ്യാധിയുമായി ബന്ധപെട്ട് ഉണ്ടായതാണ്. അതായിരിക്കണം ഇന്നത്തെയും മുപ്പതുകളിലെയും അവസ്ഥകൾ ഉണ്ടായ സാഹചര്യങ്ങൾ തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം..

തൊഴിലാളിമുന്നേറ്റങ്ങൾ അടിച്ചമർത്തപ്പെട്ടു. വുഡ്രോ വിത്സന്റെ റെഡ് സ്കേർ (Red Scare) ആയിരുന്നു അവസാനം കിട്ടിയ അടി. വളരെ ശക്തവും പ്രാധാന്യമുള്ളതുമായ ഒരു തൊഴിലാളി മുന്നേറ്റമാണ് ഉണ്ടായത്. അത് ഭരണകൂട, കോർപ്പറേറ്റ് ശക്തികൾ അടിച്ചമർത്തിക്കളഞ്ഞു. 1920-കളോടെ അതില്ലാതായി. ഫിനാൻസ് സ്ഥാപനങ്ങൾ ഭീകരമായി വളരുകയായിരുന്നു. സകലവിധമായ, അവിശ്വസനീയമായ അഴിമതികളും മറ്റും നടമാടുകയായിരുന്നു. ഉദാഹരണത്തിന്, ഒരു കുടിയേറ്റക്കാരനായിരുന്ന  എന്റെ അച്ഛൻ ഫ്ലോറിഡയിൽ അല്പം സ്ഥലം വാങ്ങി. അറ്റ്ലാന്റിക് സമുദ്രത്തിലെവിടേയോ ആണ് വാങ്ങിയ സ്ഥലം എന്നാണ് പിന്നീട് മനസ്സിലായത്. അതൊക്കെയാണ് നടന്നുകൊണ്ടിരുന്നത്. സമ്പത്ത് വലിയ അളവിൽ കുമിഞ്ഞുകൂടുന്ന അവസ്ഥ, സാമ്പത്തികമായ ഉപജാപങ്ങൾ. പലരീതിയിലും നിയോലിബറൽ കാലം പോലെതന്നെ. അതൊക്കെ നടന്നുകൊണ്ടിരുന്ന കാലത്താണ് സാമ്പത്തിക തകർച്ച വരുന്നത്. അതുപോലെ നിയോലിബറൽ കാലഘട്ടത്തിൽ ഒരു സമൂഹമെന്ന നിലയ്ക്ക് യുഎസ് തകർച്ച നേരിടുന്നുണ്ട്. ഇൻഫ്രാസ്ട്രക്ച്ചർ തകർന്നുകൊണ്ടിരുന്നു, വാഹനം ഓടിക്കാൻ പറ്റിയ റോഡുകളില്ലാതിരുന്നു, പാലങ്ങൾ തകർന്നുകൊണ്ടിരുന്നു, ഹോസ്പിറ്റലുകളുടെ പ്രവർത്തനം നടക്കാതെയായി. അങ്ങനെ സാമ്പത്തികരംഗം ഫിനാൻസ് സ്ഥാപനങ്ങൾ ഏറ്റെടുക്കുന്ന അവസ്ഥയായി. നിയോലിബറൽ കാലഘട്ടത്തിൽ സംഭവിച്ച പ്രധാനപ്പെട്ട ഒരു കാര്യം അതായിരുന്നു – സാമ്പത്തിക സ്ഥാപനങ്ങളുടെ അഭൂതപൂർവ്വമായ വളർച്ച. എന്നാൽ സാമ്പത്തികരംഗത്തിനായി അവരൊന്നും ചെയ്യുന്നില്ല, എന്നാൽ നാശം വിതയ്ക്കുന്നുമുണ്ട്.

റീഗന്റെ കാലം മുതൽക്കാണ് അത് തുടങ്ങിയത്. അധികാരമേറ്റ ദിവസമൊക്കെ മുതൽ തന്നെ ലേബറ്റ് യൂണിയനുകളെ തകർക്കാനാണ് റീഗൻ ശ്രമിച്ചത്. അത് സ്വാഭാവികമായിരുന്നു താനും.

സമരം ചെയ്ത വ്യോമഗതാഗത നിയന്ത്രണ തൊഴിലാളികൾക്കെതിരെ റീഗനെടുത്ത നടപടികളും കേസുമൊക്കെ..

അതുതന്നെ. സമരം ചെയ്യാത്തവർക്ക് അവസരം കൊടുക്കുന്ന രീതിയും മറ്റും. അതുപിന്നെ കാറ്റർപില്ലർ പോലെയുള്ള കോർപ്പറേറ്റുകളും സ്വീകരിച്ചു. അവർക്കെല്ലാം തൊഴിലാളി യൂണിയനുകളെ തകർത്തേ മതിയാകുകയുള്ളായിരുന്നു, കാരണം 1930-കളിലെ പോലെ യൂണിയനുകളുടെ വ്യാപനം പൊതുജനങ്ങളുടെ പുരോഗതിക്ക് നയിച്ചേക്കാമായിരുന്നു. അവരുടെ രീതിയാണത്, എന്നാൽ റീഗൻ അതിനപ്പുറവും പോയി. തന്റെ ഉടയവരായ കോർപ്പറേറ്റുകൾക്കു വേണ്ടി കഷ്ടപ്പെട്ട് പണിയെടുത്തു. ചില സ്ഥലങ്ങളുണ്ട് – ടാക്സ് വെട്ടിക്കാനും അടയ്ക്കാതിരിക്കാനും സഹായകരമായ നിയമങ്ങളുള്ള സ്ഥലങ്ങൾ, ഇവിടെ നിയമവിരുദ്ധമായിരുന്ന അത്തരം കാര്യങ്ങളെ നിയമവിധേയമാക്കി എന്നതാണ് അയാളാദ്യം തന്നെ ചെയ്ത ചില കാര്യങ്ങളിലൊന്ന്. അതുപോലെ നിയമവിധേയമാക്കിയ മറ്റൊന്നായിരുന്നു സ്റ്റോക്ക് തിരിച്ചുവാങ്ങിക്കൂട്ടൽ. അത് ആർക്കും മനസ്സിലാകില്ലായെന്നാണ് കരുതുന്നത്. വെറുതേയാണ്, ട്രില്യൺ കണക്കിന് ഡോളർ പൊതുജനങ്ങളിൽ നിന്നും മോഷ്ടിക്കുകയാണ് അതുവഴി. ടാക്സ് സൌഹൃദ പ്രദേശങ്ങൾ പതിനായിരക്കണക്കിന് കോടി ഡോളറുകൾ തട്ടിക്കാൻ നിങ്ങളെ സഹായിക്കുന്നു. അങ്ങനെ, ആപ്പിൾ കമ്പനി അയർലൻഡിൽ ഒരുമുറി പണിഞ്ഞിട്ട് പറയും, ഞങ്ങളിവിടെയാണ്, അതുകൊണ്ട് ഞങ്ങൾ ടാക്സ് കൊടുക്കേണ്ടതില്ല. പകരം ഞാനും താങ്കളുമൊക്കെ കൊടുക്കും.

സ്റ്റോക്ക് തിരിച്ചുവാങ്ങലെന്നത് സംരംഭത്തെ ആകെ തകർത്തുകൊണ്ട്  മാനേജ്മെന്റുകളെയും സി ഇ ഒ-മാരെയും സമ്പന്നരായ സ്റ്റോക്ക് ഹോൾഡർമാരെയുമെല്ലാം അതിസമ്പന്നരാക്കുന്നതിനുള്ള ഒരു വഴിയാണ്. നമ്മളിപ്പോൾ അത് നമ്മുടെ കണ്മുന്നിൽ കാണുന്നുണ്ട്. വ്യോമവ്യവസായം കുഞ്ഞുകുട്ടികളെപ്പോലെ സ്റ്റേറ്റിനോട് കരഞ്ഞ് പറയുന്നു – ഞങ്ങളെ രക്ഷിച്ചെടുക്കൂ, ഞങ്ങൾക്ക് അമ്പത് ബില്യൺ തരൂ.. എന്തിനാണ് ഈ അമ്പത് ബില്യൺ? സമ്പത്ത് വാരിക്കൂട്ടാനുള്ള ഓട്ടത്തിന്റെ ഒടുക്കത്തിൽ പിന്നെയും കാട്ടുന്ന അത്യാർത്തി. 2008-നു ശേഷം സ്റ്റോക്ക് തിരിച്ചുവാങ്ങലുകളിലൂടെ അവർ സ്വയം സമ്പന്നരാക്കുകയായിരുന്നു, ഏകദേശം 50 ബില്യൺ തന്നെ ഉണ്ടാക്കി, പക്ഷേ യാത്രാസേവനങ്ങൾ മെച്ചപ്പെടുന്നതിനായി ഒന്നും ചെയ്തുമില്ല. അവയിൽ യാത്ര ചെയ്തിട്ടുള്ള ആർക്കും അത് മനസ്സിലാകും. അതായത് സംരംഭത്തെ ബലപ്പെടുത്തുക എന്നതല്ല, സ്വയം സമ്പന്നരാക്കുക. ഇതുതന്നെയാണ് കോർപറേറ്റ് ലോകത്തെല്ലായിടത്തും സംഭവിക്കുന്നത്.  

ഈ രണ്ട് കാര്യങ്ങളും റീഗനു മുൻപേ നിയമവിരുദ്ധമായിരുന്നു, അവയ്ക്കെതിരെ ശക്തമായ നടപടികളും എടുത്തിരുന്നു. ട്രഷറി ഡിപ്പാർട്ട്മെന്റ് അവ രണ്ടിന്റെയും നിരോധനം ഉറപ്പാക്കിയിരുന്നു. എന്നിട്ടും റീഗൻ വരുന്നു, ഗേറ്റുകൾ തുറക്കുന്നു, പൊതുജനങ്ങളുടെ ട്രില്യൺ കണക്കിന് ഡോളർ കൊള്ളയടിക്കപ്പെടുന്നു, അത് തുടർന്നുകൊണ്ടേയിരിക്കുന്നു. അതായത്, ഈ മഹാവ്യാധി വന്ന് പതിക്കുന്നതിനു മുന്നേതന്നെ നമ്മളൊരു തോറ്റ സമൂഹമാണ്.

സത്യത്തിൽ നമ്മൾക്കെന്തുകൊണ്ടാണൊരു പകർച്ചവ്യാധി? 2003-ൽ ഒരു തരം കൊറോണവൈറസ് തന്നെയായിരുന്ന SARS പടർന്നുപിടിച്ച ശേഷം നമ്മുടെ ശാസ്ത്രജ്ഞർ അതേക്കുറിച്ച് മനസ്സിലാക്കിയിരുന്നു, ഇനിയൊരു കൊറോണ വൈറസ് വ്യാപനം ഉണ്ടാകുമെന്ന് അവർ നമ്മളോട് പറയുകയും ചെയ്തു. നമുക്കതറിയാം, നമുക്കതിനായി തയ്യാറെടുക്കാം. ഇപ്പോൾ തയ്യാറായിരിക്കാൻ നമ്മളോട് പറയുന്നതുപോലെ അടുത്തതിനും നമുക്ക് വേണമെങ്കിൽ തയ്യാറായിരിക്കാം. പക്ഷേ ഉത്തരവാദിത്തപ്പെട്ടവർ അതിനായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. പക്ഷേ ആരു ചെയ്യും?

മരുന്നുകമ്പനികളെ വിട്ടുകളഞ്ഞിരിക്കുകയാണ്. അവ അതിസമ്പത്ത് കുടിച്ച് തെഴുത്തിരിക്കുന്നു. ജനങ്ങൾ അവർക്ക് വലിയ അളവിൽ സബ്സിഡികൾ കൊടുത്തിരിക്കുന്നു, അവർ പിന്നെയും സമ്പന്നരാകുന്നു. ശാസ്ത്രജ്ഞരും മറ്റു വിഭവങ്ങളുമെല്ലാമുണ്ടായിട്ടും അവർക്കൊന്നും ചെയ്യാനാകുന്നില്ല, അതിന്റെ കാരണം മുതലാളിത്തമെന്ന് പറയുന്ന സംഗതിയാണ്. മാർക്കറ്റിന്റെ സിഗ്നലുകൾക്കനുസരിച്ചാണ് അവർ ചലിക്കുക. Milton Friedman-നെ കേട്ടുനോക്കൂ, നിങ്ങളാകെ ചെയ്യേണ്ടത് സമ്പന്നരാകാൻ ശ്രമിക്കുക എന്നതാണ്. അങ്ങനെയുള്ള അവർക്ക് ഒന്നും ചെയ്യാനാകില്ല. പത്ത് വർഷം കഴിഞ്ഞ് വരാനിരിക്കുന്ന ഒരു അപകടത്തിനു വേണ്ടി അവരുടെ ലാഭത്തിൽ നിന്നും എന്തെങ്കിലും ചിലവഴിക്കാൻ അവരെ കിട്ടില്ല.

ഗവണ്മെന്റിന് വളരെ എളുപ്പത്തിൽ ഇതിൽ ഇടപെടാവുന്നതേയുള്ളൂ, നാഷണൽ ഹെൽത്ത് സ്ഥാപനങ്ങളും പ്രഗത്ഭരായ ഡോക്ടർമാരും സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ പോലെയുള്ള മറ്റ് വിഭവങ്ങളുമെല്ലാമുണ്ട്. പക്ഷേ ആ തരത്തിലൊരു നീക്കം തടസ്സപ്പെട്ടിരിക്കുകയാണ്. അതാണ് നിയോലിബറലിസത്തിന്റെ അപകടം. ഗവണ്മെന്റ് തന്നെയാണ് പ്രശ്നം. അതുകൊണ്ട് ആർക്കും ഇടപെടലുമായി മുന്നോട്ട് പോകാനാവില്ല. ഒബാമ ചിലതിന് ശ്രമിച്ചു, പക്ഷേ നിയോലിബറൽ ഭീകരത അതിനെ തടസ്സപ്പെടുത്തി. ട്രമ്പ് വരുന്നു, മുൻപ് പറഞ്ഞതുപോലെ അത്തരം ശ്രമങ്ങൾക്കുള്ള സഹായം വെട്ടിച്ചുരുക്കുന്നു, ഇല്ലാതാക്കുന്നു, ചൈനീസ് ശാസ്ത്രജ്ഞന്മാരുമായി ബന്ധപ്പെട്ട ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നു, തന്റെ വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്താനായി.

ട്രമ്പിന്റെ വോട്ട് ബാങ്ക് ഭീമമായ സമ്പത്തിന്റെയും കോർപ്പറേറ്റ് ശക്തിയുടേതുമാണ്. മറ്റാരെയും കണക്കിലെടുക്കുന്നില്ല. ചില പോപ്പുലിസ്റ്റ് തട്ടിപ്പുകളൊക്കെ കാട്ടുന്നത് ചിലരൊക്കെ വിശ്വസിക്കുന്നുണ്ടാകാം. പക്ഷേ അയാളുടെ നിയമനിർമ്മാണപദ്ധതികൾ മൊത്തത്തിലൊന്ന് എടുത്തുനോക്കൂ. അവയെല്ലാം അതിസമ്പന്നർക്കും കോർപ്പറേറ്റുകൾക്കുമായി മാത്രമാണ്. അതുകൊണ്ട് ബാക്കിയെല്ലാം തഴയപ്പെടുന്നു, നമ്മൾ എളുപ്പത്തിൽ തോറ്റുപോകാവുന്ന ഒരു ജനതയായി മാറുന്നു. അതോടൊപ്പം നാം പറഞ്ഞുകൊണ്ടിരുന്ന വിധത്തിൽ സർവ്വനാശങ്ങൾ എത്തിത്തുടങ്ങുന്നു. സമൂഹം മുന്നേ തന്നെ ആഴമേറിയ തരത്തിൽ പ്രശ്നങ്ങളിലാണ്. നമ്മൾ വലിയ രീതിയിൽ കടത്തിലാണ്, കോർപ്പറേറ്റ് കടം, പ്രൈവറ്റ് കടം. ഇതിനിടയ്ക്ക് ജീവിതച്ചിലവ് മാനം മുട്ടുന്നു. ജനം ഭക്ഷണത്തിനായി വാഹനമോടിക്കുകയാണ്. 30-കളിൽ നമുക്ക് കാറുകളില്ല. എന്റെ അച്ഛന് 1937-ൽ ന്യൂഡീലിന്റെ ഗുണങ്ങൾ വരുന്നതു വരെ ഒരു സെക്കൻഡ് ഹാൻഡ് കാറു വാങ്ങാനുള്ള കഴിവുണ്ടായിരുന്നില്ല. അവർ ബ്രെഡ്ഡിനുള്ള ക്യൂവുകളിലായിരുന്നു. അവരിന്നും ക്യൂവുകളിലാണ്, പക്ഷേ കാറുകളുണ്ട്. അക്കാലവുമായി തട്ടിച്ചുനോക്കുമ്പോൾ നമ്മൾ താരതമ്യേന സമ്പന്നരാണ്, കാര്യങ്ങൾ വേണ്ടവിധം പ്രവർത്തിച്ചിരുന്നുവെങ്കിൽ നമുക്കത് മുൻപത്തേതിലും എളുപ്പത്തിൽ മറികടക്കാൻ കഴിയേണ്ടതായിരുന്നു. പക്ഷേ നിങ്ങൾ 0.1% ശതമാനത്തിനു വേണ്ടി, പോട്ടെ പത്തോ പതിനഞ്ചോ ശതമാനം ആളുകൾക്കു വേണ്ടി മാത്രമാണ് കാര്യങ്ങൾ ചെയ്യുന്നതെങ്കിൽ പ്രശ്നങ്ങൾ ആഴമേറിയതാകും, ആണ്.

ഒന്നു ചോദിക്കട്ടെ? ഈ 0.1 ശതമാനത്തിന് ബാക്കിയുള്ളവരെ നിലനിർത്തേണ്ടതില്ലേ? എല്ലാവരും നശിച്ചുപോയാൽ ഈ ഭരണവർഗ്ഗം ഉത്പാദിപ്പിക്കുന്ന വസ്തുക്കളെല്ലാം വാങ്ങി ഉപയോഗിക്കാൻ ആരും ഉണ്ടാകാതെ വരില്ലേ?

നിങ്ങളിപ്പോൾ കാണുന്നത് അതിന്റെ വളരെ കൌതുകകരമായ ഒരു ഉദാഹരണമാണ്. താങ്കളത് കണ്ടു കാണും, ഒരു വർഷം മുന്നെ ഒരു നൂറ്റമ്പതോളം ഉന്നത എക്സിക്യൂട്ടീവുകൾ, പല വലിയ സാമ്പത്തികസ്ഥാപനങ്ങളിൽ നിന്നും ബിസിനസ്, കോർപ്പറേറ്റ്, ബാങ്കിംഗ് രംഗത്തുനിന്നുമുള്ളവർ, ഒരുമിച്ച് ഒരു പ്രഖ്യാപനം ഇറക്കി: ഞങ്ങൾ തിരിച്ചറിയുന്നു, ഞങ്ങളൊരുപാട് മോശം കാര്യങ്ങൾ ചെയ്തു, പക്ഷേ ഞങ്ങൾ മാറാൻ പോകുകയാണ്, ഇനി മുതൽ ഞങ്ങൾ നിങ്ങളുടെയെല്ലാം നല്ലതിനു വേണ്ടിയാണ് പ്രവർത്തിക്കാൻ പോകുന്നത്. കർഷകർ ഞങ്ങൾക്കെതിരെ വരുന്നു, പക്ഷേ ഇനി മുതൽ ഞങ്ങൾ നിങ്ങൾക്കായി ഇതാ സ്വയം ഉഴിഞ്ഞ് വയ്ക്കാൻ പോകുകയാണ്, അതുകൊണ്ട് ഇനി വേവലാതിപ്പെടേണ്ടതില്ല, എല്ലാം നിയന്ത്രണത്തിലായിക്കഴിഞ്ഞു.. കഴിഞ്ഞ ജനുവരിയിലെ ഡാവോസ് സമ്മേളനത്തോടെ നാടകം കടുത്തു. നമുക്കറിയാമല്ലോ, എല്ലാ ജനുവരിയിലും ഈ അതിസമ്പന്നരും അതിശക്തരുമെല്ലാംകൂടി സ്വിറ്റ്സർലൻഡിലെ ഏതെങ്കിലും സ്കീയിംഗ് റിസോർട്ടുകളിൽ ഇങ്ങനെ ഒത്തുകൂടും.

താങ്കളവരെ വിളിക്കുന്നതുപോലെ, മനുഷ്യവംശത്തിന്റെ ഉടയവർ…

അക്കൂട്ടർ തന്നെ. മനുഷ്യവംശത്തിന്റെ ഉടയവർ. അവരെല്ലാവരും കൂടി ഒത്തുചേരുന്നു, സ്കീയിംഗിനു പോകുന്നു, പാർട്ടി നടത്തുന്നു, എത്രകണ്ട് മിടുക്കരാണ് തങ്ങളെന്ന് പരസ്പരം അഭിനന്ദിക്കുന്നു. കഴിഞ്ഞ ഡാവോസ് മീറ്റിംഗ് പക്ഷേ വ്യത്യാസമുള്ളതായിരുന്നു. മറ്റേ നൂറ്റമ്പത് പേർ ചേർന്ന് പറഞ്ഞതുപോലെ “ഞങ്ങൾക്ക് തെറ്റുപറ്റി, അത് ഞങ്ങൾ തിരിച്ചറിയുന്നു, ഞങ്ങൾ ഇനി മാറാൻ പോകുന്നു, സാധാരണക്കാർക്കും കൃഷിക്കാർക്കും വേണ്ടി പണിയെടുക്കാൻ പോകുന്നു, ഇനിയെല്ലാം ഞങ്ങൾക്കു വിട്ടേക്കൂ, ഇനി എല്ലാം നിങ്ങൾക്കായിട്ട്, കാര്യങ്ങൾ സമ്പൂർണ്ണ നിയന്ത്രണത്തിലായിക്കഴിഞ്ഞു, ഇനി നിങ്ങൾക്കൊപ്പം” എന്ന മട്ടിലായിരുന്നു അത്.

കുറച്ചൊക്കെ ഓർമ്മയുള്ള ചിലർക്ക്, 1950-കളൊക്കെ ഓർക്കുവാൻ കഴിയുന്നവർക്ക്, എനിക്കാ പ്രായമുള്ളതുകൊണ്ട് എളുപ്പത്തിൽ പറ്റും, പലതും മറക്കാൻ പറ്റില്ല. ആ സമയത്ത് ഈയൊരു രീതിയെ വിളിച്ചിരുന്നത് ആത്മാവുള്ള കോർപ്പറേഷനുകളെന്നാണ്. കോർപ്പറേറ്റുകളെന്നത് സമ്പന്നരായ ഷെയർ ഹോൾഡർമാർക്കും സി ഇ ഒ-മാർക്കും മാനേജ്മെന്റിനുമൊക്കെ മാത്രമായല്ല, എല്ലാവർക്കും വേണ്ടിയാണ്.. ആത്മാവിൽ സമ്പന്നരായ, പൊതുജനത്തിനായി നിലനിൽക്കുന്നവരെന്നാണ് പറഞ്ഞത്. അവരാ പറഞ്ഞ ആത്മാവിന്റെ സമ്പന്നതയും ഉദാരതയുമെല്ലാം അതുകഴിഞ്ഞ് കുറേ വർഷങ്ങൾ തന്നെ നമ്മൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഇതൊക്കെ വന്നത് ലിബറലുകളിൽ നിന്നായിരുന്നു, കെന്നഡി ഭരണകൂടവുമായി ചേർന്നു നിന്നവരിൽ നിന്നും, വലതുപക്ഷക്കാരിൽ നിന്നുമല്ല. അവർ ചിലപ്പോൾ തട്ടിപ്പ് പറഞ്ഞതായിരിക്കില്ല, പറഞ്ഞതുതന്നെയായിരിക്കാം ഉദ്ദേശിച്ചിരുന്നത്. അങ്ങനെ വേണം കോർപ്പറേറ്റുകൾ എന്നതായിരുന്നു സങ്കൽപ്പം. എന്നുവെച്ചാൽ അത്തരത്തിലൊരു മുതലാളിത്തസമീപനം, സങ്കൽപ്പം, പശ്ചാത്തലത്തിലുണ്ടായിരുന്നു, നമുക്കിപ്പോൾ അതേപ്പറ്റി ഓർക്കാൻ താല്പര്യമില്ല. അത് ഇന്നത്തെപ്പോലെ അതിന്റെ ഭീകരമായ രൂപം, റീഗൻ കാലഘട്ടത്തിനു ശേഷമുണ്ടായ നിയോലിബറൽ കാലത്തിന്റെ, അപകടകരമായ രൂപം പ്രാപിച്ചിട്ടുണ്ടായിരുന്നില്ല.

നമ്മളിപ്പോൾ അത് തിരിച്ചുകൊണ്ടുവരുമെന്നാണ് ഡാവോസിൽ വച്ച് പറഞ്ഞത്. അതെ, അവർ അതേക്കുറിച്ച് ബോധമുള്ളവരായിട്ടുണ്ടാകാം. പൊതുജനത്തിനായി കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് എന്നു കരുതുന്നുമുണ്ടാകാം. പക്ഷേ എത്രകണ്ട് ചെയ്യണം? നമുക്ക് ലാഭമുണ്ടാക്കാവുന്ന അത്ര.

താങ്കൾ ശാസ്ത്ര ജേർണലുകളും റിപ്പോർട്ടുകളുമൊക്കെ വായിക്കാറുണ്ടല്ലോ. എന്താണ് കൊറോണാ വൈറസിനെക്കുറിച്ച് മനസ്സിലാക്കിയത്? നമുക്കെന്ത് പ്രതീക്ഷിക്കാം? എത്രപേർക്ക് രോഗം പിടിപ്പെടുമെന്നും എത്രപേർ മരണപ്പെടുമെന്നുമൊക്കെയുള്ള ഊഹാപോഹക്കണക്കുകളൊക്കെയുണ്ട്. എന്താണ് ജനം ഇതിനെക്കുറിച്ച് അറിയേണ്ടത്?

ആ ഏകദേശക്കണക്കുകളൊക്കെ സൂക്ഷിച്ച് നോക്കേണ്ടതാണ്. ഒരുപാട് കാര്യങ്ങൾ മനസ്സിലാകാനുള്ളതുകൊണ്ടുതന്നെ അതിലെ തെറ്റുകളുടെ സാധ്യത, മാർജിൻ, ഏറെയാണ്. ആരെങ്കിലും 2003-ൽ തന്നെ കാര്യങ്ങൾ തിരിച്ചറിഞ്ഞ് കൊറോണ വൈറസിനെക്കുറിച്ച് പഠിക്കാൻ തുടങ്ങിയിരുന്നെങ്കിൽ നമുക്ക് കൂടുതൽ കാര്യങ്ങൾ മനസ്സിലായേനെ. അവ ഒരുപാട് തരത്തിലുള്ളവയുണ്ട്, കൂടുതലും അപകടകരമല്ലാത്തവ, ചിലത് മാരകമായവയും. ചൈനീസ് ശാസ്ത്രജ്ഞന്മാരുമായി ചേർന്നുള്ള പ്രോജക്റ്റുകളൊക്കെ ട്രമ്പ് ഇല്ലാതാക്കിയില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ കൂടുതലായി കാര്യങ്ങൾ നമുക്ക് മനസ്സിലായേനെ. ഈയടുത്തും ട്രമ്പ് അത്തരത്തിലൊരു പദ്ധതി ഇല്ലാതാക്കിക്കളഞ്ഞു: ഹോട്ട് സ്പോട്ടുകളിൽ, ഒരുപാട് വവ്വാലുകളും, മനുഷ്യരുമായി അവരുടെ ഇടപെടലുകളുമൊക്കെ വർദ്ധിച്ച അളവിൽ ഉണ്ടാകുന്നതുമായ ഇടങ്ങളിൽ നടന്നുകൊണ്ടിരുന്ന പഠനങ്ങൾ, വുഹാനിൽ തന്നെ, നിരവധിയായ സംവിധാനങ്ങളുള്ള വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ചൈനീസ് ശാസ്ത്രജ്ഞന്മാരുമായി ചേർന്ന് നടക്കേണ്ടിയിരുന്ന പഠനങ്ങളുമെല്ലാം. ട്രമ്പ് ആ പ്രോഗ്രാമുകളെയെല്ലാം കൊന്നുകളഞ്ഞു. എന്തിന്? അയാളുടെ കുറ്റങ്ങൾക്ക് ചൈനയെ പഴിപറയാൻ. കൊറോണാവൈറസിനെപ്പറ്റി നമുക്ക് കൂടുതലറിയാൻ സഹായകമായതിനെയെല്ലാം അയാൾ ഇല്ലാതാക്കി.

ഇത് ശരിക്കും ഒരു മനോരോഗം പോലെയാണ്. ആളുകൾക്ക് എന്ത് സംഭവിക്കുമെന്നത് പ്രശ്നമേയല്ല. അയാളുടെ ചെയ്തികൾ കൊണ്ട് നമുക്ക് വൈറസിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിക്കാതെ പോകുന്നു. ഏകദേശകണക്കുകൾ ഉണ്ടാക്കുന്ന ശാസ്ത്രജ്ഞന്മാർക്ക് സ്വാഭാവികമായും തെറ്റുകളുടെ ഒരു വലിയ മാർജിൻ ഇടേണ്ടി വരും. പക്ഷേ വലതുപക്ഷ പ്രചരണങ്ങൾ അവയെ തള്ളും,  നമ്മൾ അതിൽ വീണുപോകാൻ പാടില്ല. അതുകൊണ്ട് ലണ്ടനിലെ ഇമ്പീരിയൽ കോളജ് ആദ്യം ഒരു മില്യൺ മനുഷ്യർ മരിക്കുമെന്ന് പറയുകയും പിന്നീട് അമ്പതിനായിരമെന്ന് പറയുകയും ചെയ്യുമ്പോൾ ഫോക്സ് ന്യൂസ് വാർത്ത കൊടുക്കും: ശാസ്ത്രജ്ഞന്മാർ ശുദ്ധതട്ടിപ്പുകാരാണ്, അവർക്കൊരു ചുക്കും അറിയില്ലായെന്ന്. എന്നാൽ എന്താണ് തങ്ങൾ ചെയ്യുന്നതെന്നുള്ള നല്ല ബോധ്യം അവർക്കുണ്ട്.

ഇപ്പോൾ പറഞ്ഞ ഒരുലക്ഷം-അമ്പതിനായിരം എന്ന കണക്കെടുത്താൽ, രണ്ടും സംഭാവ്യമാണ്. ആദ്യത്തേത് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പദ്ധതിപ്രകാരം അടച്ചിടലുകളൊന്നുമില്ലാതെ എല്ലാവരും ഇറങ്ങി നടക്കും എന്ന സാധ്യത കണക്കിലെടുത്താണ്, അങ്ങനെയെങ്കിൽ ഒരു ലക്ഷം ആയേക്കാം. അതിനുശേഷം ബ്രിട്ടൻ, യുഎസ്സിന്റെ രീതി പിന്തുടരുന്നതിനു പകരം മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെ രീതി പിന്തുടരുകയും കാര്യക്ഷമമായ ലോക്ക് ഡൌണുകളും ടെസ്റ്റിംഗുകളുമൊക്കെ നടത്തുന്ന രീതി അവലംബിക്കുകയും ചെയ്തപ്പോൾ മരണസാധ്യത കുറയുകയും ചെയ്തു. രണ്ടും സാധ്യമായിരുന്നു, തെറ്റുവരാനുള്ള മാർജിനും കൂടുതലായിരുന്നു, കാരണം എങ്ങനെയാണ് സർക്കാർ ഇതിനെ എതിരിടുന്നത് എന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് കൃത്യമായ ധാരണയുണ്ടായിരുന്നില്ല.

ഒരുകാര്യം സ്പഷ്ടമാണ്. ലോക്ക്ഡൌണുകൾ നടപ്പിലാക്കുന്നതും, രോഗത്തിന്റെ പടർച്ച നിയന്ത്രിച്ച് അത് കണ്ടെയ്ൻ ചെയ്യുന്നതും തമ്മിൽ വളരെ അടുത്ത സ്റ്റാറ്റിസ്റ്റിക്കൽ ബന്ധമുണ്ട്. ദക്ഷിണകൊറിയ പോലെ ആദ്യം തന്നെ അവ ചെയ്തു തുടങ്ങിയ രാജ്യങ്ങൾക്ക് വലിയ ലോക്ക് ഡൌണുകളിലേയ്ക്ക് പോലും പോകേണ്ടിവന്നില്ല. അവർ വലിയ അളവിൽ ടെസ്റ്റിംഗും ട്രാക്കിംഗും ചെയ്തു, ശരിയായ നയമായിരുന്നു അത്. വൈറസ് ബാധിച്ചവരെ കണ്ടെത്തുന്നു, ഐസൊലേറ്റ് ചെയ്യുന്നു, അവരുമായി ഇടപഴകിയവരെ കണ്ടെത്തുന്നു, ബാക്കിയുള്ളവരെ വെറുതേ വിടുന്നു. ആദ്യഘട്ടങ്ങളിൽ അങ്ങനെ ചെയ്യാൻ കഴിയും. യുഎസ്സിന്റെ കാര്യമെടുത്താൽ, ട്രമ്പിനും കൂട്ടർക്കും നന്ദി പറയണം, ഒരു പ്രതീക്ഷയുമില്ലാത്ത സ്ഥിതിയാണ്.

ആദ്യം തന്നെ, നമ്മൾ ടെസ്റ്റുകൾ നടത്തുന്നില്ല. വളരെയധികം കുറഞ്ഞ അളവിലാണ് ടെസ്റ്റിംഗുകൾ. കാര്യങ്ങൾ അത്ര കൈവിട്ടുപോയിക്കഴിഞ്ഞു, ഇനി നമുക്ക് ഗൌരവമായ ടെസ്റ്റിംഗും ട്രേസിംഗുമൊന്നും സാധ്യമല്ല. അപ്പോൾ നമ്മുടെ മുന്നിലുള്ള ഒരേയൊരു വഴി ലോക്ക് ഡൌണാണ്. നിവൃത്തിയില്ലെങ്കിൽ ചിലയിടങ്ങളിൽ സാഹചര്യത്തിനനുസരിച്ച് ചില ഇളവുകൾ കൊടുക്കാം. പക്ഷേ ഫ്ലോറിഡയിലെയും ജോർജിയയിലെയും ഗവർണർമാരെയും മിഷിഗണിലെ പ്രതിഷേധക്കാരെയും നോക്കൂ, അവർ ദുരന്തം വിളിച്ചുവരുത്താനാണ് പറയുന്നത്. ബ്രസീലിലെ ബോൾസൊണാരോയെപ്പോലെ. അപ്പോൾ പിന്നെ നമുക്കും പറയാം, “ആർക്കു ചേതം?”. അതാണ് നിലവിലെ സാഹചര്യത്തോട് പ്രതികരിക്കാനുള്ള ഒരു വഴി.

കൊറോണ വൈറസ് ടാസ്ക് ഫോഴ്സിലുള്ള ഗവണ്മെന്റ് ശാസ്ത്രജ്ഞയായ Deborah Birx പറയുന്നത് സാമൂഹ്യ അകലം പോലെയുള്ള നിയന്ത്രണശ്രമങ്ങൾ വേണ്ടെന്ന് വയ്ക്കുന്നത് “അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിൽ വിനാശകരമാണെന്നാണ്”.

അവരൊക്കെ അങ്ങനെ പറയുന്നത് വളരെ ശ്രദ്ധിച്ചായിരിക്കണമെന്നുള്ളതാണ്, അവരുടെ നേതാവിന് അവഹേളിക്കപ്പെട്ടതായി തോന്നാൻ പാടുള്ളതല്ല. അയാൾ പറയുന്നതിനെ എതിർത്തു പറഞ്ഞാൽ നിങ്ങൾ പുറത്താണ്. വാക്സിൻ വകുപ്പിന്റെ ചുമതലയുള്ള ശാസ്ത്രജ്ഞനു പിണഞ്ഞതുപോലെ. വൈറ്റ് ഹൌസിലുള്ളത് ഒരു കടുത്ത ഭ്രാന്തനാണ്.

Birx, Fauci എന്നിവരെയൊക്കെ ശ്രദ്ധിച്ചാൽ അതറിയാം. ഒരു ഭ്രാന്തന്റെ അഹങ്കാരത്തിന്റെ മുന്നിൽ പെടാതെ വളരെ സൂക്ഷ്മതയോടെയാണ് അവരൊക്കെ പെരുമാറുന്നത്. സ്വതന്ത്രമായി സംസാരിക്കൻ കഴിയുമയിരുന്നുവെങ്കിൽ അവർ കുറച്ചുകൂടിയൊക്കെ കാര്യങ്ങൾ തുറന്ന് പറഞ്ഞേനെ.

അടുത്തിടെ നമ്മൾ ഭൌമദിനത്തിന്റെ അൻപതാം വാർഷികം ആചരിച്ചു. നമ്മളിപ്പോൾ വലിയ ഒരു പരിസ്ഥിതിപ്രശ്നത്തിലാണ്. Dr. Stephen Bezruchka പറയുന്നത് വാസസ്ഥലങ്ങളുടെ നഷ്ടവും വനനശീകരണവുമൊക്കെ കാരണം ജന്തുലോകത്തിന്റെ ഇടത്തിന് മനുഷ്യരുമായുള്ള അകൽച്ച കുറഞ്ഞുവരുന്നുവെന്നാണ്, അങ്ങനെ അത് കൊറോണാവൈറസിന്റെ വളർച്ചയ്ക്ക് സഹായകമായി എന്നാണ്.

ചൈനയിലുണ്ടായത് അതുതന്നെയാണ്. സ്വാഭാവികമാണ്. ആവാസവ്യവസ്ഥ നശിപ്പിക്കപ്പെടുന്നു, മനുഷ്യൻ കടന്നു കയറുന്നു, മനുഷ്യരുമായി ഒരുവിധത്തിലുമുള്ള സമ്പർക്കമില്ലാതിരുന്ന മൃഗങ്ങൾ മനുഷ്യരുമായി ഇടപഴകാനുള്ള സാധ്യത വർദ്ധിക്കുന്നു. കൂടുതൽ സമ്പർക്കവും ഇടപെടലുമുണ്ടാകുന്നു. അതിലേറ്റവും ഗൌരവതരമായ ഒന്ന്, മുൻപ് പറഞ്ഞതുപോലെ വവ്വാലുകളുടെ കാര്യമാണ്. അവർ വലിയ അളവിൽ കൊറോണ വൈറസിനെ പേറുന്നവയാണ്. അതിനാലാണ് വളരെ ധീരരായ ചില ചൈനീസ് ശാസ്ത്രജ്ഞന്മാർ വർഷങ്ങളായി ഗുഹകളും മറ്റും പോലെയുള്ള അപകടം പിടിച്ച പല സ്ഥലങ്ങളിലേക്കും കടന്നു ചെല്ലുകയും ജീവൻ പണയം വച്ച്, അവരിൽ പലരും മരണപ്പെടുകയും ചെയ്തു, വവ്വാലുകളിലുള്ള കൊറോണ വൈറസുകളെക്കുറിച്ച് ധാരാളം പഠിക്കുകയും ചെയ്തിരുന്നു. അവർ കണ്ടെത്തിയത് വലിയ തോതിലുള്ള അറിവുകളാണ്. അമേരിക്കൻ ശാസ്ത്രജ്ഞന്മാർ അല്പകാലം അവരുടെയൊപ്പം പഠനങ്ങൾ നടത്തി. എന്നാൽ വൈറ്റ് ഹൌസിലെ ആ കൊലയാളി അതെല്ലാം ഇല്ലാതാക്കിക്കളഞ്ഞു.

നാം പറഞ്ഞുവന്നത് പൊതുവിൽ ശരിയാണ്. ഹൈടെക് കൃഷി വർദ്ധിപ്പിക്കുന്നതോടെ, അത് സുസ്ഥിരമായ ഒരു രീതിയേയല്ല, അല്പതലമുറകളോടെ തന്നെ മേൽമണ്ണ് ഇല്ലാകും. ആവാസവ്യവസ്ഥകളെ നശിപ്പിച്ചുകൊണ്ടുള്ള, സുസ്ഥിരമല്ലാത്ത വ്യാവസായികകൃഷി വർദ്ധിപ്പിക്കുന്നതും ട്രമ്പ് ഇപ്പോൾ ചെയ്യുന്നതുപോലെ നാഷണൽ പാർക്കുകളൊക്കെ ഫോസിൽ ഇന്ധനവ്യവസായത്തിന് വിട്ടുകൊടുക്കുന്നതുമൊക്കെ പരസ്പരം ബന്ധിക്കപ്പെട്ട ഒരു വിനാശ പദ്ധതിയാണ്. അത് ഫോസിൽ ഇന്ധന ഉപയോഗം വലിയ തോതിൽ വർദ്ധിപ്പിക്കും. അയാൾ അതിനാണ് മെനക്കെടുന്നത്, ഒപ്പം അല്പകാലത്തിനുള്ളിൽ മനുഷ്യജീവന്റെ സാധ്യതകൾ ഇല്ലാതാക്കുവാനും. ഞാൻ കൂട്ടി പറയുന്നതല്ല. അതാണ് സത്യം. അയാളെന്താണ് ചെയ്യുന്നതെന്നുള്ള നല്ല ബോധ്യം അയാൾക്കുണ്ട്. എന്നാലതൊന്നും അയാൾ കാര്യമാക്കുന്നില്ല. മറ്റേ ബോൾസൊണാരോ പറയുന്നതുപോലെ, ആർക്ക് ചേതം, അതുകൊണ്ടെന്ത്? അത്തരത്തിൽ, ഈ വ്യാവസായികകൃഷി വർദ്ധിപ്പിക്കുന്നതിലൂടെ ഫോസിൽ ഇന്ധനോപയോഗം കൂട്ടുന്നു, ഒപ്പം വന്യജീവിതത്തിന്റെ ആവാസവ്യവസ്ഥകൾ നശിപ്പിക്കുന്നു.

എന്താണ് സംഭവിക്കാൻ പോകുന്നത്? നമുക്കറിയാത്ത കൂടുതൽ രോഗങ്ങൾ. കൊറോണ വൈറസാകാം, വേറെയെന്തെങ്കിലുമാകാം. നമ്മളിപ്പോൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് നമ്മളെ മാത്രമല്ല, ഭൂമുഖത്തുള്ള സകല ജീവനെയും നശിപ്പിക്കുന്നതിനാണ്. ആന്ത്രൊപ്പൊസീൻ എന്നു നാം വിളിക്കുന്ന, രണ്ടാം ലോകയുദ്ധം മുതൽക്കുള്ള, ആഗോളപരിസ്ഥിതി നശീകരണത്തിനുള്ള ഭീകരങ്ങളായ ആയുധങ്ങൾ മനുഷ്യൻ കൈവശം വയ്ക്കുന്ന ഈ കാലഘട്ടം ആഗോളതാപനത്തിനു മാത്രം കാരണമാകുന്നതല്ല. അത് വർദ്ധിക്കുന്നുണ്ടെന്ന് മാത്രമല്ല, ഈ കാലമെന്നത് കൂടുതലായി പരിസ്ഥിതിയെ നശിപ്പിക്കുന്ന, സമുദ്രജീവനെ പ്ലാസ്റ്റിക്ക് കൊണ്ട് നശിപ്പിക്കുന്ന, ഒരു നിയന്ത്രണവുമില്ലാതെ മാലിന്യങ്ങളും ചവറും സൃഷ്ടിക്കുന്ന, സുസ്ഥിരമല്ലാത്ത വ്യാവസായിക കൃഷി വർദ്ധിപ്പിക്കുന്ന, വ്യാവസായിക അടിസ്ഥാനത്തിൽ മാംസം ഉത്പാദിപ്പിക്കുന്ന, ഭീകരവും ക്രൂരവുമായ കാലമാണ്. അതിനൊപ്പം വരുന്നതാണ് ഇത്തരത്തിലുള്ള വലിയ പകർച്ചവ്യാധികളും. ഒപ്പം ആന്റിബയോട്ടിക്കുകളുടെ ഒരു നിയന്ത്രണവുമില്ലാത്ത ഉപയോഗം കൊണ്ട് രോഗാണുക്കൾ കൂടുതൽ വേഗം മ്യൂട്ടേഷനുകൾക്ക് വിധേയമാകുന്നു, അതുവഴി പ്രതിവിധികളില്ലാത്ത പുതിയവ ഉണ്ടാകുന്നു.

കൂടുതൽ ലാഭത്തിനും കൂടുതൽ അധികാരത്തിനുമായി ചെയ്തുകൂട്ടുന്ന ഇക്കാലഘട്ടത്തിലെ പ്രവൃത്തികളെല്ലാം സ്പീഷീസുകളുടെ വലിയ തോതിലുള്ള നാശത്തിലേക്കാണ് നയിക്കുന്നത്. നമ്മളെത്തി നിൽക്കുന്നത് ആറാമത്തെ കൂട്ടവംശനാശം, the Sixth Extinction,  എന്ന് വിളിക്കുന്ന അവസ്ഥയിലാണ്. മുൻപങ്ങനെ ഉണ്ടായത് 65 മില്യൺ വർഷങ്ങൾക്കു മുൻപാണ്, ഒരു കൂറ്റൻ ആസ്റ്ററോയിഡ് ഭൂമിയിൽ വന്നിടിച്ച് ഇവിടുണ്ടായിരുന്ന ജീവനുകൾ ഇല്ലാതാക്കിയതുപോലെ. നമ്മളാണ് അതിന്റെ ആറാം പതിപ്പ്. മനുഷ്യർ മാത്രമല്ല. പ്രാണിവർഗ്ഗങ്ങൾ കൂടി വേഗത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.  നമ്മുടെ നിലനിൽപ്പിനു അവരും വേണ്ടതാണ്, മറ്റു പല ജീവിവർഗ്ഗങ്ങൾക്കുമതെ. ഇത് വലിയ അളവിലുള്ള നാശത്തിലേക്കാണ്.

ഭാഗ്യത്തിന് അതിൽ നിന്നും, നമ്മൾക്ക് തൽക്കാലം പ്രതിവിധികളില്ലാത്ത മറ്റുപലതിൽ നിന്നുമുള്ള, പുറത്തേയ്ക്കുള്ള വഴികൾ നമ്മുടെ കയ്യെത്തുന്ന ദൂരത്തുണ്ട്. എന്നാൽ അതിനു നമ്മൾ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഈ കൊറോണ പടർച്ച പോലെ തന്നെ. അതിനെ എങ്ങനെ പിടിച്ചുനിർത്തണമെന്ന് നമുക്കറിയാം, പക്ഷേ ഉള്ള അറിവ് വച്ചുകൊണ്ട് അത് നടപ്പിൽ വരുത്താൻ ആരെങ്കിലും മുന്നിട്ടിറങ്ങണം. ഇതു തന്നെയാണ് മറ്റ് പ്രശ്നങ്ങളിൽ നിന്നുമുള്ള പ്രതിവിധികളും. അറിവുണ്ട്, തിരിച്ചറിവുണ്ട്. പക്ഷേ അതുമാത്രം പോരാ. ആരെങ്കിലും അത് ചെയ്യണം.

എന്നാൽ നിങ്ങൾ ഭരണകൂട മുതലാളിത്തത്തിന്റെയോ നിയോലിബറൽ മുതലാളിത്തത്തിന്റെയോ (അത്ഭുതകരമെന്ന് പറയട്ടെ, അമേരിക്കയിലതിനെ ലിബർട്ടേറിയനിസമെന്നാണ് വിളിക്കുന്നത്!) ക്രൂരമായ പിടിയലമർന്നിരിക്കുകയാണെങ്കിൽ നിങ്ങൾക്കത് പറഞ്ഞുകൊണ്ടിരിക്കാമെന്നേയുള്ളൂ. ഒന്നും ചെയ്യാൻ പറ്റില്ല. കോർപ്പറേഷനുകൾ,  സ്പഷ്ടമായും, അതേപ്പറ്റി ഒന്നും ചെയ്യാൻ പോകുന്നില്ല, ബിസിനസ്സുകൾക്ക് അത് സാധ്യമല്ല.

ഭക്ഷ്യശൃംഖലയുടെ സുരക്ഷയെപ്പറ്റി, പ്രത്യേകിച്ചും മാംസത്തിന്റെ കാര്യത്തിൽ, കൂടുതലായ ശ്രദ്ധ ഇന്നുയർന്നുവരുന്നുണ്ട്. എന്നിട്ടും, കോളറാഡോ, അയോവ, നെബ്രാസ്ക തുടങ്ങിയ ചില സംസ്ഥാനങ്ങളിലെ കശാപ്പുശാലകളിലെ തൊഴിലാളികൾക്ക് കൊറോണ പിടിപെട്ടിട്ടും അവർ പണിയെടുക്കാൻ നിർബന്ധിതരാകുന്ന അവസ്ഥയുണ്ടായി. തൊഴിലളികളെ അണുക്കളെക്കൊണ്ട് നേരിടുന്ന രീതിയാണോയെന്ന് എനിക്കത്ഭുതം തോന്നാറുമുണ്ട്.

ആണ്. മുഴുവൻ റിപബ്ലിക്കൻ പാർട്ടിയും അങ്ങനെയാണ്. ലിൻഡ്സേ ഗ്രഹാമൊക്കെ ഒരു മനുഷ്യനാണെന്നാണ് പറയുന്നത്. അയാളുടെ പുതിയ നിയമനിർമ്മാണം ആളുകളെ തൊഴിൽശാലകളിലേയ്ക്ക് ബലമായി തിരികെ കൊണ്ടുപോകാനുള്ളതാണ്. കൊറോണ വൈറസുണ്ടെങ്കിലും നിങ്ങൾ മടങ്ങിച്ചെന്ന് ജോലി ചെയ്യണമെന്ന് ഒരു ഉടമ പറഞ്ഞുവെന്നും തൊഴിലാളി അത് അനുസരിച്ചില്ലെന്നുമിരിക്കട്ടെ, അവരുടെ തൊഴില്ലായ്മാ ഇൻഷുറൻസ് നഷ്ടപ്പെടും. അയാൾ പറയുന്നത് തൊഴിലാളിക്ക് തിരികെ ചെന്ന് ജോലിയെടുക്കാൻ പറ്റുമെന്നുണ്ടെങ്കിൽ തൊഴിലില്ലായ്മ ഇൻഷുറൻസ് നൽകാൻ അനുവദിക്കില്ല എന്നാണ്. മരിച്ചാലും അതിനു വേണ്ടി നിലകൊള്ളുമെന്നാണ്.

മാംസം പായ്ക്ക് ചെയ്യുന്നവരുടെ കാര്യത്തിൽ മാത്രമല്ല ഇത്. നാം മനസ്സിലാക്കേണ്ടത് ഇത് വംശീയതയുടെ അടിസ്ഥാനത്തിൽ കൂടിയാണെന്നാണ്. അവിടങ്ങളിൽ ജോലി ചെയ്യുന്നവർ പാവപ്പെട്ടവരാണ് – സ്പാനിഷുകളും കറുത്തവരും. അതായത് നാം ബോൽസൊണാരോയുടെ പാത പിന്തുടരണം. അതുകൊണ്ടെന്ത് എന്നാണ് ചോദ്യം. പ്രാകൃതവും ക്രൂരവുമാണിത്.

അതിർത്തി കടന്നും നമ്മൾ അതുതന്നെയാണ് ചെയ്യുന്നത്. മെക്സിക്കോ വിചാരിക്കുന്നത് അവരുടെ maquiladora ഫാക്ടറികൾ (മെക്സിക്കോയിൽ പ്രവർത്തിക്കുന്ന, അതാത് കമ്പനികളുടെ ജന്മരാജ്യത്തേയ്ക്ക് ഉത്പന്നങ്ങൾ കയറ്റി അയക്കുന്ന ഫാക്ടറികൾ) അടയ്ക്കണമെന്നാണ്. ട്രമ്പ് ഭരണം അവരോട് പറയുന്നത് അവ പ്രവർത്തിക്കണമെന്നാണ്. നമ്മുടെ കാർ നിർമ്മാതാക്കൾക്ക് ലെതർ സീറ്റുകൾ വേണം. അതിനിടയ്ക്ക് നിങ്ങൾ മരിക്കുന്നതൊന്നും ഞങ്ങൾക്ക് പ്രശ്നമല്ല. പ്രാകൃതമാണിത്. ലോകാരോഗ്യസംഘടനയ്ക്കുള്ള സഹായം നിർത്തി വയ്ക്കുന്നതുപോലെയും യെമനിലെയും ആഫ്രിക്കയിലെയും അനേകം മനുഷ്യരെ കൊന്നൊടുക്കുന്നതുപോലെയും തന്നെയാണിതും. അവർക്കൊന്നും പ്രശ്നമല്ല. മറ്റേ ഫാസിസ്റ്റ് ജനറലിനെ ഓർക്കുക: “ഇന്റലിജൻസ് റിപ്പോർട്ടുകൾ തുലയട്ടെ, മരണങ്ങളുമായി നാം മുന്നോട്ട്”. അതാണ് വൈറ്റ് ഹൌസിന്റെ രീതി.

ഡെമോക്രസി നൌ-വിന്റെ സഹ-അവതാരകനും സ്വതന്ത്ര മാധ്യമപ്രവർത്തകനുമായ ഹുവാൻ ഗോൺസാലസ് പറയുന്നത് താൻ തോൽക്കുന്ന ഒരു തെരഞ്ഞെടുപ്പ് നേരാംവണ്ണം നടന്നതല്ലായെന്ന് ആരോപിച്ചുകൊണ്ട് പ്രസിഡന്റ് റദ്ദാക്കുമെന്നാണ്, എങ്ങനെയും അധികാരത്തിൽ തുടരാൻ ശ്രമിക്കുമെന്നാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തെയും, അഥവാ ഉണ്ടായാൽ, അങ്ങനെയൊന്നിനെയും തുടർന്നൊരു ഇലക്ഷനെയും താങ്കളെങ്ങനെയാണ് കാണുന്നത്?

ഹുവാൻ ഗോൺസാലസ് വെറുതേ പറയുകയല്ല. അത് സംഭവിക്കാവുന്നതാണ്. ആരാണ് അധികാരത്തിലെന്നും ആരാണ് അതിനെ പിന്താങ്ങുന്നതെന്നുമുള്ളത് നാം ഓർക്കണം. അധികാരത്തിലുള്ളത് അധികാരപ്രമത്തത കൊണ്ട് ഉന്മത്തനായ, അയാളൊഴികെയുള്ള മറ്റൊന്നിനെയും കുറിച്ച് ചിന്തിക്കാത്ത, ഒരാളാണ്. താൻ തോറ്റുവെന്ന് സമ്മതിക്കാൻ ഒരുതരത്തിലുമുള്ള മനസ്ഥിതി ഇല്ലാത്ത ആൾ. ഒരുകാര്യം കൂടിയുണ്ട്, അതുറപ്പല്ല, എങ്കിലും റിപ്പോർട്ടുകളിൽ നിന്നും നമുക്ക് മനസ്സിലാവുന്നത് സ്റ്റേറ്റ് അറ്റോർണി ജനറൽ ഇയാൾക്ക് പ്രസിഡൻഷ്യൽ ഇമ്മ്യൂണിറ്റി നഷ്ടമാകുന്ന നേരം നോക്കിയിരിക്കുകയാണെന്നാണ്. ഗൌരവതരമായ നിരവധി ചാർജ്ജുകളാണ് കാത്തിരിക്കുന്നത്. അത് സത്യമാണെങ്കിൽ വരാനിരിക്കുന്നത് കണ്ടുതന്നെ അറിയണം. എങ്കിലും സാധാരണഗതിയിലുള്ള മറ്റേതെങ്കിലും പ്രസിഡന്റ് പറഞ്ഞേക്കാമെന്ന പോലെ, “ശരി ഞാൻ തോറ്റു, അടുത്ത പ്രസിഡന്റിന് എല്ലാ ഭാവുകങ്ങളും” എന്ന് പറയാൻ കഴിവുള്ള ഒരാളാണയാൾ എന്നെനിക്ക് തോന്നുന്നില്ല. ജോർജ് ബുഷ് പോലും പറയുമായിരുന്നത് അയാളിൽ നിന്ന് പക്ഷേ, പ്രതീക്ഷിക്കാൻ വയ്യ.

മാരകായുധധാരികളായ ഒരു പറ്റം ആരാധകരെ, സ്തുതിപാഠകരെ, മറ്റു മനുഷ്യരെ പിന്നിൽ നിന്നും കുത്തുന്ന ഒരു പറ്റത്തെ വളരെ സ്പഷ്ടമായും വ്യക്തമായും സംഘടിപ്പിച്ചുനിർത്താനാണ് അയാൾ ശ്രമിക്കുന്നത്. വെളുത്തവർഗ്ഗക്കാരായ അതിദേശീയവാദികൾ, വംശീയവാദികൾ, വെറുപ്പിന്റെ മനുഷ്യർ, അങ്ങനെ റിപ്പബ്ലിക്കൻ പാർട്ടി സംഘടിപ്പിക്കാൻ ശ്രമിക്കുന്ന ഒരുപാടുതരം ഹീനരായ ഒരു കൂട്ടം ആളുകൾ വൈറ്റ് ഹൌസ് പിടിച്ചെടുക്കാൻ ശ്രമിച്ചേക്കും. പ്രധാനപ്പെട്ട കോർപ്പറേറ്റുകളുടെ സഹായത്തോടെ വിവധ സംസ്ഥാനങ്ങളിൽ ഇന്നവർ അത് ചെയ്യുന്നതുപോലെതന്നെ. വ്യകതമായും നമുക്കത് കാണാവുന്നതാണ്.  

അതിനൊപ്പം അയാളുടെ പിന്നിൽ അധികാരകേന്ദ്രങ്ങളും സ്വകാര്യസമ്പത്തിന്റെ ആളുകളും കോർപ്പറേറ്റ് ശക്തികളുമുണ്ട്. അയാളാണ് അവരുടെ ആൾ. ജനങ്ങൾ ആഗ്രഹിക്കുന്ന വിധത്തിൽ സോഷ്യൽ ഡെമോക്രാറ്റിക്കായ ഒരു ദിശ അവർ ആഗ്രഹിക്കുന്നില്ല. അവരെത്ര കണ്ട് മുന്നോട്ട് പോകുമെന്ന് ആർക്കറിയാം? ഞങ്ങൾ ആത്മാവിൽ സമ്പന്നരായ ഒരു കൂട്ടം കോർപ്പറേറ്റുകളായിരിക്കാം, പക്ഷേ ഞങ്ങളുടെ ഭീമവും അതിഭീകരവുമായ സമ്പത്ത് ഇല്ലാതാകുമെന്നാണെങ്കിൽ, ഞങ്ങളങ്ങനെയല്ല.

അതുകൊണ്ട്, നമുക്കറിയില്ല. ഇങ്ങനെയൊക്കെ സംഭവിക്കാം. അങ്ങനെയുണ്ടാവില്ലാ എന്ന് പറയാൻ കഴിയില്ല.

Rob Larson ഒരു പുസ്തകം എഴുതിയിട്ടുണ്ട്. Bit Tyrants. താങ്കളതിന് ഒരു നല്ല റിവ്യൂ എഴുതിയിട്ടുമുണ്ട്. ബിഗ് ഫൈവുകളായ ഗൂഗിൾ, ഫേസ്ബുക്ക്, ആമസോൺ, മൈക്രോസോഫ്റ്റ്, ആപ്പിൾ എന്നിവ കയ്യാളുകയും സമാഹരിക്കുകയും ചെയ്യുന്ന അധികാരശക്തിയെക്കുറിച്ചും പ്രത്യേകിച്ചും ആളുകളുടെ സ്വകാര്യതയും സർവൈലൻസുമുൾപ്പടെയുള്ളവയെ അപകടപ്പെടുത്തുന്ന അതിന്റെ പരിണതികളെക്കുറിച്ചുമെല്ലാം അതിൽ വേവലാതിപ്പെടുന്നുണ്ട്.

ആ വിധത്തിലുള്ള ചിന്തകൾ അല്പനാളുകളായിട്ട് പ്രബലമാണ്. ഹാർവാർഡിലെ ഒരു സാമൂഹ്യശാസ്ത്രജ്ഞയായ Shoshana Zuboff അതിനെ ‘സർവൈലൻസ് മുതലാളിത്ത‘മെന്നാണ് വിളിക്കുന്നത്. അതേ പേരിലുള്ള ഒരു പുസ്തകം അവർ രണ്ട് വർഷം മുൻപ് എഴുതിയിരുന്നു. ഈ പകർച്ചവ്യാധിയ്ക്കൊക്കെ മുൻപുതന്നെ പ്രധാനപ്പെട്ട ടെക്നിക്കൽ കോർപ്പറേഷനുകളും ഗവണ്മെന്റുകളുമെല്ലാം എല്ലാവരിൽ നിന്നും അതിഭീമമായ വിവരശേഖരം സമാഹരിച്ചുകൊണ്ടിരിക്കുകയായിരുന്നു.  

നിങ്ങളൊരു കാർ ഓടിക്കുമ്പോൾ അതിലുള്ള സകല ഇലക്ട്രോണിക് ചവറുകളും കൂടി നിങ്ങളെന്താണ് ചെയ്യുന്നത്, എവിടെയാണ് പോകുന്നത് മുതലായി, നിങ്ങളുടെ ഡ്രൈവിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ശേഖരിച്ച് നിങ്ങളുടെ ഇൻഷുറൻസ് കമ്പനിക്ക് കൈമാറുന്നു. താമസിയാതെ “നിങ്ങളൊരു റെഡ് സിഗ്നൽ കടന്നു പോയിരിക്കുന്നു, ഇനി പോയാൽ നിങ്ങളുടെ ഇൻഷുറൻസ് പ്രശ്നത്തിലാകും” എന്ന സന്ദേശം നിങ്ങൾക്ക് കിട്ടിയെന്ന് വരും. അല്ലെങ്കിൽ നിങ്ങൾക്ക് ചൈനീസ് റെസ്റ്റോറന്റുകളാണ് ഇഷ്ടമാണെന്ന് മനസ്സിലാക്കിയിട്ട് “ചൈനീസ് ഭക്ഷണം അര മൈൽ മുന്നിൽ” എന്ന സന്ദേശം കിട്ടിയെന്നു വരാം. കേൾക്കുമ്പോൾ പ്രശ്നകരമല്ലെന്ന് തോന്നും. പക്ഷേ അത് കുഴപ്പമാണ്.

ഇത് ആളുകളെ നിയന്ത്രിക്കാൻ ഉപയോഗിക്കപ്പെടും, കുറേക്കൂടി കഴിഞ്ഞാൽ, സ്വീഡനിൽ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തുകഴിഞ്ഞതുപോലെ, തൊഴിലാളികളുടെ ശരീരത്തിൽ തന്നെ ചിപ്പുകൾ സ്ഥാപിക്കുന്ന രീതി വരും. ഈ ചിപ്പ് ധരിച്ചാൽ നിങ്ങൾക്ക് വെൻഡിംഗ് മെഷീനിൽ നിന്നും സൌജന്യമായി കൊക്കക്കോള കിട്ടുമെന്നായിരിക്കും. കോള കിട്ടും, എന്നാൽ അതിനൊപ്പം നിങ്ങളെന്തൊക്കെയാണ് ചെയ്യുന്നതെന്നുള്ളത് ചിപ്പ് ശ്രദ്ധിച്ചുകൊണ്ടേയിരിക്കും. വലിയ കടന്നുകയറ്റമില്ലാത്ത രീതിയിൽ അതിപ്പോഴേ തുടങ്ങിയിട്ടുണ്ട്. യുപിഎസ്സുകൾ അത് പിടിപ്പിച്ച ട്രക്കുകളുടെ ഡ്രൈവർമാരെ നിരീക്ഷിക്കുന്നു. അത് നൽകുന്ന വിവരമനുസരിച്ച് ഒരു സ്ഥലത്ത് കൂടുതൽ നേരം നിർത്തിയിട്ടാൽ അവരുടെ പോയിന്റ് കുറയുന്നു, തിരികെ മടങ്ങാൻ താമസിച്ചാലും പോയിന്റ് കുറയും. അങ്ങനെ പോയിന്റ് നില ഒരു പരിധിയിൽ താണുപോയാൽ നിങ്ങളുടെ ജോലിയുടെ കാര്യം പ്രശ്നത്തിലാകുന്നു. ഇത് കാര്യക്ഷമത വർദ്ധിപ്പിക്കാൻ സഹായകമായിട്ടുണ്ടെന്നാണ് അവർ പറയുന്നത് – കുറച്ച് തൊഴിലാളികൾ, കൂടുതൽ ജോലികൾ. ആമസോൺ അതുപോലെയാണ് പ്രവർത്തിക്കുന്നത്. അവരുടെ തൊഴിലിടങ്ങൾ നിശിതമായാണ് നിരീക്ഷിക്കപ്പെടുന്നത്. തീരുമാനിക്കപ്പെട്ട രീതികളിൽ നിന്നും വ്യതിചലിച്ചാൽ നിങ്ങൾക്ക് ഒരു ഇലക്ട്രോണിക് നോട്ടീസ് ലഭിക്കും.

ചൈനയിലെ ചില പ്രദേശങ്ങളിലൊക്കെ നിലവിലുള്ള രീതിയിൽ ഒരു സോഷ്യൽ ക്രെഡിറ്റ് ഘടനയിലേക്കാണ് നമ്മൾ പോകുന്നത്. എനിക്കറിയില്ല, ആയിരം പോയിന്റോ മറ്റോ എത്തിക്കഴിഞ്ഞാൽ പിന്നെ കടുത്ത നിരീക്ഷണത്തിലായിരിക്കും നമ്മൾ: ക്യാമറകൾ, സാമ്പത്തികമായ നിരീക്ഷണങ്ങൾ, ഇലക്ട്രോണിക്കായവ, എന്നിങ്ങനെ. ട്രാഫിക് നിയമങ്ങൾ തെറ്റിച്ച് നടന്നാൽ പോയിന്റുകൾ കൂടും, ഒരു വൃദ്ധയെ റോഡ് മുറിച്ചുകടക്കാൻ സഹായിച്ചാൽ ക്രെഡിറ്റ് കൂടും. അധികം വൈകാതെ നാമതിന്റെ തടവറയിലാകും, അതൊന്നും നാം ശ്രദ്ധിക്കുക കൂടിയില്ല. റെഡ് സിഗ്നലുകളിൽ നിർത്തേണ്ടിവരുന്നതുപോലെയാണത്. അങ്ങനെയാണ് ഇനി ലോകം. നാം കടുത്ത, നിരന്തരമായ, നിരീക്ഷണത്തിലാകും.

ആലോചിച്ചുനോക്കിയാൽ, നമുക്ക്  ഒരു ജോലി ലഭിക്കുന്നത് പോലും അങ്ങനെയാകും. വ്യാവസായികവിപ്ലവത്തിന്റെ ആദ്യകാലങ്ങളിലേക്ക് പോയാൽ നിങ്ങളൊരു കൂലിത്തൊഴിലാളി ആയിരിക്കുന്നത് മനുഷ്യാന്തസ്സിനും മനുഷ്യസ്വാതന്ത്ര്യത്തിനും നേരെയുള്ള കടുത്ത പ്രഹരമായാണ് കണക്കിലെടുത്തിരുന്നത്. കൂലിയടിമത്തം എന്നാണതിനെ വിളിച്ചിരുന്നത്. ഒരു അടിമയായിരിക്കുന്നതു പോലെയായിരുന്നു അത്. മറ്റൊരാളെ ആശ്രയിച്ചാണ് നിങ്ങളുടെ നിലനിൽപ്പ്. സ്റ്റാലിനെപ്പോലും വെല്ലുന്ന ഒരു ഏകാധിപതിയെ ആശ്രയിച്ചായിരിക്കും ആ നിലനിൽപ്പ്. സ്റ്റാലിൻ ഒരിക്കലും നിങ്ങൾ കുളിമുറിയിൽ പോകുന്നതിനു തടസ്സം പറയുകയോ, ആരോടൊക്കെ സംസാരിക്കണമെന്നോ നിങ്ങളേത് വസ്ത്രം ധരിക്കണമെന്നോ നിഷ്കർഷിക്കുകയുണ്ടാവില്ല. പക്ഷേ കൂലിത്തൊഴിലിൽ അങ്ങനെയായിരുന്നു. അതുകൊണ്ടാണ് അതു മനുഷ്യാന്തസ്സിന്നു നേരെയുള്ള വെല്ലുവിളിയായി കണക്കാക്കപ്പെട്ടത്. ലിങ്കന്റെ കീഴിലുള്ള റിപ്പബ്ലിക്കൻ പാർട്ടി പറഞ്ഞിരുന്നത് താൽക്കാലികമായല്ലായെങ്കിൽ, നിങ്ങളതിൽ നിന്നും പുറത്ത് വരുന്നതു വരെ, കൂലിത്തൊഴിൽ അംഗീകരിക്കാൻ കൂടി കഴിയുകയില്ലായെന്നായിരുന്നു.

നമ്മളത് ശീലിച്ചുകഴിഞ്ഞു. ആളുകൾ വിചാരിക്കുന്നത് ഒരു ജോലിയുണ്ടായിരിക്കുന്നത് മഹത്തായ ഒരു കാര്യമാണെന്നാണ്, സത്യത്തിൽ ജീവിതത്തിന്റെ നല്ലൊരു ശതമാനവും സർവ്വാധിപതിയായ ഒരു ഉടമയുടെ കീഴിൽ ചിലവിടുന്നതുപോലെയാണത്. വലിയ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. നാമത് ശീലിച്ചു. എല്ലാവരുമല്ല. മനുഷ്യാന്തസ്സ് അതിനും മുകളിലാണ്. എന്നാൽ സർവൈലൻസ് മുതലാളിത്തത്തിന്റെ ലക്ഷ്യം അത് നമ്മളെല്ലാവരിലേക്കും അടിച്ചേൽപ്പിച്ച് ശീലിപ്പിക്കുക എന്നതാണ്.

Internet of Things എന്നുപറയുന്നതിലേക്ക് നാം കൂടുതൽ അടുക്കുന്നതോടെ അതൊക്കെ കൂടുതൽ മോശമാകാൻ തുടങ്ങുകയാണ്. നിങ്ങളുടെ റെഫ്രിജറേറ്ററിൽ ചില ഇലക്ട്രോണിക് സംവിധാനങ്ങളുണ്ടായിരിക്കും, നിങ്ങൾ വീട്ടിലേക്ക് ഡ്രൈവ് ചെയ്തുകൊണ്ടിരിക്കെ അതിൽ നിന്നും ചിലത് മാറ്റാനും മറ്റുമുള്ള ടെക്നോളജിയും വരും. എന്നാൽ ഇതെല്ലാം നിങ്ങളെപ്പറ്റിയുള്ള നിരവധിയായ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഉപയോഗിക്കപ്പെടും. നിങ്ങൾ ചെയ്യുന്ന ഓരോ കാര്യത്തെപ്പറ്റിയുള്ള വിവരങ്ങളും ഹൈടെക്ക് കമ്പനികളുടെയും Utah-യിലോ മറ്റോ ഉള്ള, ബിഗ് ബ്രദറിന്റെ വലിയ വിവരശേഖരകേന്ദ്രത്തിലേക്ക് പോവുകയും, അവർക്കാവശ്യമുണ്ടെങ്കിൽ, അവ ഉപയോഗിക്കപ്പെടുകയും ചെയ്യും.

ഇനി, ഇങ്ങനെയൊക്കെ നടന്നേ തീരൂ എന്ന് നിർബന്ധമില്ല. ആദ്യമായി, വലിയ ടെക്ക് കമ്പനികളുടെ മേൽ നിയന്ത്രണങ്ങൾ വരാം. ഉദാഹരണത്തിന് ഇന്ന് ദിനപത്രങ്ങൾക്ക് പാലിക്കേണ്ടതായിട്ടുള്ള ചില മര്യാദകൾ അവർക്കും വന്നേക്കാം. നിങ്ങളെക്കുറിച്ച് ഒരു പത്രത്തിൽ അപകീർത്തികരമായതെന്തെങ്കിലും വന്നാൽ നിങ്ങൾക്ക് അതിനെതിരെ ഒരു അപകീർത്തികേസ് ഫയൽ ചെയ്യാം. ഫേസ്ബുക്കിലാണ് അത്തരത്തിലൊന്ന് വരുന്നതെങ്കിൽ നിങ്ങൾക്കൊന്നും ചെയ്യാൻ സാധിക്കില്ല. അവർക്കെന്തിനാണ് ആ വിധത്തിൽ അധികമായി ഒരു പ്രിവിലേജ്? വ്യക്തിപരമായി എനിക്ക് അപകീർത്തിക്കേസുകളിൽ വിശ്വാസമില്ല, എങ്കിലും അത്തരത്തിലൊരു രീതിയുണ്ട് എങ്കിൽ അത് എല്ലാവർക്കും തുല്യമായിട്ടായിരിക്കണം.

നിങ്ങൾ ഗൂഗിളിൽ ഒരു കാര്യം പരതിയാൽ, നിങ്ങൾക്ക് താല്പര്യമുള്ളതായിട്ടുള്ള കുറേ കാര്യങ്ങൾ വരും. ആമസോണുമെല്ലാം ഇതാണ് ചെയ്യുന്നത്. ഇതെല്ലാം ബിസിനസ് ലോകത്തിന് നിങ്ങളെ വിൽക്കാനുള്ള ശ്രമങ്ങളാണ്, പതിയെ നിങ്ങളെ നിയന്ത്രിക്കാനും, ആ നിയന്ത്രണങ്ങൾ നിങ്ങളുടെ ശീലമാക്കാനുമുള്ള ശ്രമങ്ങളാണ്. അതൊരു വലിയ, ഗൌരവതരമായ പ്രശ്നമാണ്.

അതുപോലെതന്നെ, കോർപ്പറേഷനുകൾക്കു മേൽ മാത്രമല്ല നിയന്ത്രണം വേണ്ടത്. ഫോസിൽ ഇന്ധന കോർപ്പറേറ്റുകൾ. അവർ സത്യത്തിൽ നമുക്ക് വേണമോ? നമ്മളെ കുറച്ച് നാൾ മുന്നോട്ട് കൊണ്ടുപോകുക, പിന്നെ നശിപ്പിച്ചുകളയുക എന്നതാണ് അവരുടെ റോൾ. അതുകൊണ്ട്, എന്തുകൊണ്ട് അവയെ ഏറ്റെടുത്തുകൂടാ, പൊതുസമ്പത്തിന്റെ ഭാഗമാക്കിക്കൂടാ, തൊഴിലാളികളുടെ നിയന്ത്രണത്തിലാക്കുകയും റിന്യൂവബിൾ ഇന്ധനോല്പാദനത്തിലേക്ക് തിരിക്കുകയും ചെയ്തുകൂടാ? അത് ചെയ്യാൻ കഴിയുന്നതാണ്. നിരവധി വലിയ ഫോസിൽ ഇന്ധന കോർപ്പറേഷനുകൾ, ഉദാഹരണത്തിന് അടുത്തെയിടെ Chevron, ഒരു റിന്യൂവബിൾ ഊർജ്ജോല്പാദന പ്രോജക്റ്റ് നടപ്പിലാക്കുകയും അത്യാവശ്യം ലാഭമുണ്ടാക്കുകയും ചെയ്തു. എന്നാൽ അവർക്ക് ആ വഴികളൊക്കെ അടച്ചുവയ്ക്കണം, കൂടുതൽ ലാഭം വരുന്നത് പരിസ്ഥിതിയെ തകർക്കുന്ന ഫോസിൽ ഇന്ധനോല്പാദനം വഴിയാണ്. സുസ്ഥിരമായ ഊർജ്ജോല്പാദന മോഡലുകൾ വികസിപ്പിക്കണം, വിനാശകരങ്ങളായ വഴികൾ പതിയെ വേണ്ടെന്നു വയ്ക്കണം.

നമുക്കെന്തിനാണ് ഈ വലിയ ഫിനാൻഷ്യൽ സ്ഥാപനങ്ങളും, കടംകൊടുപ്പ് സ്ഥാപനങ്ങളും ബാങ്കുകളുമൊക്കെ? എന്താണവ നമ്മുടെ സാമ്പത്തികരംഗത്തിന് ചെയ്യുന്നത്, ദ്രോഹമല്ലാതെ? അവയെ നിയന്ത്രണത്തിൽ കൊണ്ടുവരിക. ബാങ്കുകൾ ബാങ്കുകളായിരുന്ന കാലത്തേയ്ക്ക് തിരിച്ചുകൊണ്ടുപോകുക. റീഗൻ-പൂർവ്വകാലത്തേയ്ക്ക് തിരിച്ചുപോകാമെന്ന് പറയുന്നത് അത്ര ഉട്ടോപ്പിയനായ ഒരു ആശയമൊന്നുമല്ല. അക്കാലത്ത് ടാക്സ് വെട്ടിപ്പ് നിയമവിധേയമല്ല, സ്റ്റോക്ക് തിരികെ വാങ്ങിക്കൂട്ടലുകളില്ല, ട്രഷറി ഡിപ്പാർട്ട്മെന്റ് രണ്ടുകാര്യങ്ങളും നല്ല രീതിയിൽ നടപ്പിലാക്കുകയും ചെയ്തിരുന്നു. പൊതുജനത്തെ കൊള്ളയടിക്കുന്നതിനുള്ള സങ്കീർണ്ണമായ പദ്ധതികളൊന്നുമായി ഇക്കണ്ട ഫിനാൻഷ്യൽ സ്ഥാപനങ്ങളുമുണ്ടായിരുന്നില്ല. അവയെല്ലാം ശരിക്കും ബാങ്കുകളായിരുന്നു. നിങ്ങളവയിൽ പണം നിക്ഷേപിക്കുന്നു, അവരുടെ പക്കൽ കൂടുതലായി പണമുണ്ടെങ്കിൽ അത് എന്തെങ്കിലും ചെയ്യണമെന്നുള്ള ആവശ്യക്കാർക്ക് കടമായി കൊടുക്കുന്നു. ട്രഷറി ഡിപ്പാർട്ട്മെന്റിന്റെ നിയന്ത്രണത്തിൽ കാര്യങ്ങളൊക്കെ നടന്നിരുന്ന, സാമ്പത്തിക ക്രൈസിസുകളുണ്ടാ‍കാതിരുന്ന അക്കാലത്തേയ്ക്ക് തിരികെപ്പോകാമെന്നത് ഉട്ടോപ്പിയനേയല്ല. റീഗൻ വന്നു, സ്ഥിതി വഷളായി. റൂബിൻ-സമ്മേഴ്സ് പോലെയുള്ള ഭീമമായ ഡീറെഗുലേഷനുകൾ കൊണ്ടുവരിക വഴി ക്ലിന്റൺ അത് വലിയ തോതിൽ വഷളാക്കി. ഡെറിവേറ്റീവുകളുടെ, വ്യുത്പന്നങ്ങളുടെ ഡീറെഗുലറൈസേഷൻ, നിയന്ത്രണമെടുത്ത് മാറ്റിയത്, നാശത്തിനു വേണ്ടി ആവശ്യപ്പെടുന്നതിനു തുല്യമായിരുന്നു. അങ്ങനെ തന്നെ സംഭവിച്ചു. തീർച്ചയായും അവയെ ഒക്കെ പൊതുഖജനാവിൽ നിന്ന് പണം മുടക്കി രക്ഷിച്ചെടുത്തു. നമ്മുടെ സംവിധാനം അങ്ങനെയാണ്, ഇതിന്റെയെല്ലാം ഉപജാപകർ, അതിസമ്പന്നർ, അധികാരശക്തികൾ, ഇവരെല്ലാം സംരക്ഷിക്കപ്പെടും. ഇരകൾക്ക് സംരക്ഷണമില്ല. അവരെ രക്ഷിച്ചെടുക്കുന്ന പരിപാടിയില്ല.

2007-ൽ, ഹൌസിംഗ് കുമിള തകർന്ന് അതിന്റെ ഫലമായി സാമ്പത്തികത്തകർച്ചയുണ്ടായപ്പോൾ നാം അത് വളരെ നാടകീയമായി അരങ്ങേറിയത് കണ്ടിരുന്നു. കോൺഗ്രസ്സിന്റെ ഒരു നിയമനിർമ്മാണമുണ്ടായി, TARP എന്ന പേരിൽ, ഒരു രക്ഷിച്ചേടുക്കൽ നിയമം. അതിനു രണ്ട് ഭാഗമുണ്ടായിരുന്നു. ഒന്നാം ഭാഗം അതിലെ കുറ്റവാളികളും ഉപജാപകരുമായ ബാങ്കുകൾക്കും കടം കൊടുപ്പ് ഏജൻസികൾക്കുമെല്ലാമായി സംരക്ഷണം നൽകുന്നതിന്, രണ്ടാം ഭാഗം അതിന്റെ ഇരകൾക്കുള്ള സംരക്ഷണത്തിനു വേണ്ടിയുള്ളത്. എന്നാൽ ഒബാമ എങ്ങനെയാണത് നടപ്പിലാക്കിയത്? ഒന്നാം ഭാഗം മാത്രമെടുത്ത് നടപ്പിലാക്കി, രണ്ടാമത്തേത്, ഇരകളെ സംബന്ധിച്ചുള്ളത്, വിട്ടുകളഞ്ഞു. ജനം ഡെമോക്രാറ്റിക് പാർട്ടിക്കെതിരെ, സ്ഥാപനങ്ങൾക്കും ഗവണ്മെന്റുകൾക്കുമെതിരെ തിരിയാനും ട്രമ്പിനെപ്പോലെ ഒരു കബളിപ്പിക്കലുകാരന്റെയടുത്തേയ്ക്ക് നീങ്ങാനുമുണ്ടായ കാരണങ്ങളിൽ പ്രധാനമായ ഒന്ന് ഇതാണെന്നാണ് ഞാൻ കരുതുന്നത്.

അങ്ങനെയാണ് ഇപ്പോൾ കാര്യങ്ങൾ പ്രവർത്തിക്കുന്നത്. സ്റ്റിമുലസ് പാക്കേജിലേക്ക് സൂക്ഷ്മമായി ഒന്ന് നോക്കൂ. അതിന്റെ കൂടുതൽ ഭാഗവും ദുരൂഹമാണ്, അത് സുതാര്യമാകണമെന്നും എല്ലാവർക്കും കാര്യങ്ങൾ മനസ്സിലാകണമെന്നും അവർ താല്പര്യപ്പെടുന്നില്ല. എന്നാൽ ശ്രദ്ധയോടെ ചില പഠനങ്ങൾ നടത്താൻ ചിലർ ശ്രമിച്ചിട്ടുണ്ട്. അതിലെ വലിയൊരു ഭാഗവും അവർക്ക് തോന്നിയ മാതിരി ചിലവഴിക്കാനായി ബാങ്കുകളിലേയ്ക്കാണ് പോകുന്നത്. ഏത് വഴിയാണ് അവർക്കു വേണ്ടത്? ശരി, നമ്മളത് ആലോചിച്ച് ബുദ്ധിമുട്ടേണ്ട. Steve Mnuchin ആണ് അതൊക്കെ പൊതുതാല്പര്യാർത്ഥമാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്താനായി അത് നോക്കി നടത്തുന്നത്. അയാൾ വളരെ സന്തോഷവാനാണ്. മറ്റേ ആത്മാവിൽ ദരിദ്രരായ കോർപ്പറേറ്റുകൾ. ഇപ്പോൾ പാക്കേജിന്റെ ആവശ്യം ഏറ്റവും അധികമായിട്ടുള്ള, തൊഴിലാളികളുടെ കയ്യിലേക്ക് അതൊന്നും ചെല്ലുന്നില്ല. അതിൽ അല്പസ്വല്പം മനുഷ്യത്വം കാണിക്കാൻ ഡെമോക്രാറ്റുകൾ ശ്രമിച്ചിട്ടുണ്ട്, പക്ഷേ അതൊക്കെ തീരെ പോരാത്ത അളവിലാണ്.

എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭാഗത്തുനിന്നുമുള്ള ക്രൂരത വളരെ വലുതാണ്. ഓരോ ചുവടും ശ്രദ്ധിച്ചില്ലായെങ്കിൽ, അവർ അതിസമ്പന്നർക്കും കോർപ്പറേറ്റുകൾക്കുമായി, പൊതുജനങ്ങളെ അപകടപ്പെടുത്തിക്കൊണ്ടുള്ള നീക്കങ്ങൾ നടത്തും. സ്റ്റിമുലസ് പാക്കേജിലേക്ക് നോക്കുമ്പോൾ പുറമേ കാണാനാകുന്നതിൽ നിന്നും നിങ്ങൾക്ക് കുറേയൊക്കെ മനസ്സിലാകുന്നുണ്ടാകു എന്നാണ് ഞാൻ കരുതുന്നത്. എന്നുപറയുമ്പോൾ കൂടുതലും നമ്മിൽ നിന്നും മറച്ചുപിടിച്ചിരിക്കുകയുമാണ്.

ഞാനത് താങ്കളോടിതുവരെ പറഞ്ഞിട്ടില്ല, എന്റെ അച്ഛൻ അധികമൊന്നും ഇംഗ്ലീഷ് സംസാരിക്കാനറിയാത്ത ഒരു കുടിയേറ്റക്കാരനായിരുന്നു. 1920-കളിൽ ലോംഗ് ഐലൻഡിൽ കുറച്ച് സ്ഥലം വാങ്ങിയ ശേഷം അച്ഛൻ അങ്ങോട്ട് ചെന്നപ്പോൾ അതേ സ്ഥലത്തിന്റെ അവകാശപത്രങ്ങളുമായി അവിടെയുണ്ടായിരുന്നത് ഇരുപത് പേരായിരുന്നു.

എന്റെ ഒരു ബന്ധുവിനും അതേപോലെ സംഭവിച്ചിരുന്നു, വടക്കൻ ന്യൂയോർക്കിൽ.

സാമൂഹ്യസുരക്ഷ, പോസ്റ്റ് ഓഫീസ് എന്നീ മേഖലകൾ നേരിടുന്ന അതിക്രമങ്ങൾക്ക് ആരാണ് ഉത്തരവാദി?

ആരാണ് സാമൂഹ്യസുരക്ഷാ പദ്ധതി കൊണ്ട് ലാഭമുണ്ടാക്കുന്നത്? നമ്മുടെ 0.1 ശതമാനം ആളുകൾ. അതാണ് ആ ചോദ്യത്തിനുള്ള ഉത്തരം.

പോസ്റ്റ് ഓഫീസിന്റെ കാര്യം കൌതുകകരമാണ്. അത് നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമൊക്കെ പൊതുജനത്തെ സേവിക്കുന്ന, നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സംവിധാനമാണ്. സൌഹർദ്ദപരമായ ഒരു സ്ഥലം, നിങ്ങൾക്ക് നിങ്ങളുടെ പോസ്റ്റ്മാനെ/വുമണെ വ്യക്തിപരമായി തന്നെ അറിയാം, അവർ നിങ്ങളെ സഹായിക്കാറുണ്ട്. നിങ്ങൾ പോസ്റ്റ് ഓഫീസിലേക്ക് പോകും,  അവിടിരിക്കുന്നവരോട് സംസാരിക്കും, അവിടങ്ങളിൽ വച്ച് സുഹൃത്തുക്കളെ കാണാം. അത് അത്യാവശ്യസേവനങ്ങൾ നൽകുന്ന, ഒരു സാമൂഹ്യ സ്ഥാപനമാണ്.

ചിലരുടെ കാഴ്ചപ്പാടിൽ പക്ഷേ അതൊരു മോശം കാര്യമാണ്. കാരണം അത് അവരെയല്ല, ഭൂരിപക്ഷത്തെയാണ് സഹായിക്കുന്നത്. മറ്റൊരു രീതിയിൽ, അത് ജനങ്ങൾക്ക് ഒരു മോശം ആശയം നൽകുന്നുണ്ട്. നിങ്ങളുടെ തന്നെ സ്വന്തമായ, അതായത് ജനാധിപത്യ സർക്കരിനു കീഴിലുള്ള ഒരു സ്ഥാപനത്തിന്, നിങ്ങൾക്കായി നല്ല രീതിയിൽ പ്രവർത്തിക്കാൻ കഴിയും. അതൊരു ഭയങ്കര ആശയമാണ്. റീഗൻ പറഞ്ഞിരുന്നത് ഓർമ്മയുണ്ടോ? ഗവണ്മെന്റാണ് പ്രശ്നം. അതിനെ സ്വകാര്യമേഖലയ്ക്ക് കൈമാറിയേക്കൂ. ഗവണ്മെന്റ് സ്ഥാപനങ്ങൾക്ക് തങ്ങൾക്കായി കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് ജനങ്ങൾ വിശ്വസിച്ചാൽ, അത് ഞങ്ങളുടെ താല്പര്യമല്ല.

അതാണ് റിപ്പബ്ലിക്കൻ പാർട്ടി വർഷങ്ങളായി പോസ്റ്റ് ഓഫീസ് തകർക്കുന്നതിനായി ശ്രമിക്കുന്നതിനുള്ള കാരണം. ദശകങ്ങളിലേയ്ക്കുള്ള പെൻഷനുകൾ ഒരുമിച്ച് നൽകുക, മര്യാദയുള്ള നിരക്കുകൾ ഏർപ്പെടുത്താതിരിക്കുക, സേവനങ്ങൾ ലഭ്യമല്ലാതാക്കുക എന്നിങ്ങനെ നിരവധിയായ ഭ്രാന്തൻ രീതികൾ കൊണ്ടുവന്ന്, ആ സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നത് ദുഷ്കരമാക്കുകയാണ്. ജനങ്ങൾക്ക് ബാങ്കിംഗ് ഇടപാടുകൾക്ക് പറ്റിയ സ്ഥലമായിരുന്നു പോസ്റ്റ് ഓഫീസ്, ഒരിക്കൽ അങ്ങനെയായിരുന്നു താനും. അവർ ദശലക്ഷക്കണക്കിന് ഡോളറൊന്നും നിക്ഷേപിക്കില്ല, അത് സാധാരണക്കാർക്ക് പറ്റുന്ന വിധത്തിലുള്ള തുകകളായിരിക്കും. പിന്നെയവർക്ക് ഇരട്ടിപ്പുകാരും വട്ടിപ്പലിശക്കാരുമൊന്നും വേണ്ട. അവർക്ക് പോയി ഇലക്ഷനു വോട്ട് ചെയ്യാൻ അനുയോജ്യമായ സ്ഥലമാണത്. നിരവധി പ്രയോജനങ്ങൾ. എന്നാൽ നമുക്കതിനെ നശിപ്പിക്കണം.

അതിനൊപ്പം, എനിക്കുറപ്പാണ്, സമ്പന്നരും അധികാരിവർഗ്ഗവും പശ്ചാത്തലത്തിൽ ആലോചിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്. നമ്മൾ നമ്മുടെ ഭരണഘടനാനിർമ്മാതാക്കളെ ആദരിക്കേണ്ടതുണ്ട്, ദൈവസമാനരാണവർ. നമുക്ക് കോടതികളുണ്ട്, ഇടപെടലുകൾ നടത്തുന്ന, ഭരണഘടനാസൃഷ്ടാക്കളുടെ ആദർശങ്ങൾ പാലിക്കണമെന്ന് നിഷ്കർഷയുള്ള കുറച്ച് പഴഞ്ചന്മാരാണ് അവ നടത്തുന്നത്. അവർക്ക് നമ്മോട് പറയാനുള്ള ചിലതുണ്ട്, പ്രത്യേകിച്ച് പോസ്റ്റ് ഓഫീസിനെക്കുറിച്ച് – മറ്റേ സമ്പന്നർക്കും അധികാരിവർഗ്ഗത്തിനും നമ്മൾ അത് കേൾക്കുന്നത് താല്പര്യമുള്ള കാര്യമല്ല.

എന്താണത്? പോസ്റ്റ് ഓഫീസ് ഭരണഘടനയിലുള്ളതാണ്. അതെന്തു ചെയ്യണമെന്നാണ് വിഭാവനം ചെയ്യപ്പെട്ടത്? സ്വതന്ത്രവും സൌജന്യവുമായ പത്രപ്രവർത്തനത്തെ സഹായിക്കുവാനായി പത്രസ്ഥാപനങ്ങൾക്ക് സബ്സിഡി കൊടുക്കുക അതിന്റെ ലക്ഷ്യമായിരുന്നു. തുടക്കകാലത്ത് പോസ്റ്റ് ഓഫീസുകളുടെ ഒരു പ്രധാനപ്രവർത്തനം അതായിരുന്നു – മാസികകളും പത്രങ്ങളും വളരെ ചെറിയ തുകയ്ക്ക് പൊതുജനത്തിനുള്ള ഒരു സബ്സിഡിയെന്ന നിലയ്ക്ക് നൽകാൻ കഴിയുന്ന വിധത്തിൽ, സ്വതന്ത്ര-സൌജന്യ മാധ്യമപ്രവർത്തനത്തെ സഹായിക്കുന്ന നിലയ്ക്ക് ഇടപെടുക. അങ്ങനെയൊന്നുണ്ടെന്ന് ജനങ്ങൾ മനസ്സിലാക്കേണ്ടതുണ്ട് അല്ലേ? പൊതുസംപ്രേഷണസംവിധാനമില്ലാത്ത ലോകത്തെ ഒരേയൊരു രാജ്യം ഇതാണെന്ന് ജനം തിരിച്ചറിയേണ്ടതുണ്ട്. നമുക്ക് അല്പം ചിലതുണ്ട്, അവയും കോർപ്പറേറ്റുകൾ നടത്തുന്നത്. ബിബിസി പോലെയോ ഫ്രഞ്ച് ടിവി പോലെയോ പോലും ഒന്നുമില്ല. ഉള്ളത് പ്രാദേശികതലത്തിൽ കമ്മ്യൂണിറ്റി റേഡിയോയും ടിവിയുമൊക്കെയാണ്, അവ വളരെ മൂല്യവത്താണ്. അവസരങ്ങൾ നന്നായി ഉപയോഗിച്ചാൽ ആക്ടിവിസ്റ്റുകൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യുവാൻ കഴിയും.

ആധുനികചരിത്രത്തിലുടനീളം ഇതിനായുള്ള പോരാട്ടങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ഗവണ്മെന്റ് ജനങ്ങളെ സേവിക്കുന്നില്ലായെന്ന് നമുക്ക് ഉറപ്പ് വരുത്തണം. ജങ്ങൾക്കായി ജനങ്ങൾ ജനങ്ങളാൽ നടത്തുന്ന ഗവണ്മെന്റ് എന്നതാണ് സങ്കൽപ്പിക്കാൻ കഴിയുന്നതിലേറ്റവും മോശപ്പെട്ട കാര്യം. അത്തരത്തിലുള്ള ഏതൊരാശയത്തെയും നമുക്ക് ഇല്ലാതാക്കണം, ആർക്കും അത്തരത്തിലുള്ള ഒരനുഭവത്തിന്റെ ഓർമ്മയുണ്ടാകാൻ പാടുള്ളതല്ല, ആരും അതേപ്പറ്റി ആലോചിക്കാൻ കൂടി പാടില്ല. അതുകൊണ്ടൊക്കെ തീർച്ചയായും നമുക്ക് സ്വതന്ത്രമാധ്യമപ്രവർത്തനവും വേണ്ട. അതുകൊണ്ട് പോസ്റ്റ് ഓഫീസുകൾ ഇല്ലാതാവണം. ട്രമ്പിന് ആ കാര്യങ്ങൾ മുഴുവൻ മനസ്സിലാകും എന്നെനിക്ക് തോന്നുന്നില്ല, എന്നാൽ പോസ്റ്റ് ഓഫീസ് സമ്പന്നരെയല്ല, ജനങ്ങളെയാണ് സേവിക്കുന്നതെന്ന് അയാൾക്കറിയാം.

പകർച്ചവ്യാധിക്കിടെ ഒരു ഇലക്ഷൻ വരുമ്പോൾ പോസ്റ്റ് വഴിയുള്ള വോട്ടിംഗും പ്രധാനമാകുന്നുണ്ട്.

പക്ഷേ മിതമായ ഒരു നിരക്കല്ല അതിനായി നിലവിലുള്ളത്. അതല്ല കാര്യം. പകർച്ചവ്യാധിയിൽ ആരു മരിച്ചുവീഴുന്നുവെന്ന് ട്രമ്പിനോ അയാളുടെ ചുറ്റിലും നിൽക്കുന്നവർക്കോ അറിയേണ്ട കാര്യമില്ല. അത് അവരെ ഏതെങ്കിലും വിധത്തിൽ ബാധിക്കുന്നുണ്ടെന്ന് എന്തെങ്കിലുമൊരു സൂചന അവർ നൽകിയിട്ടുണ്ടോ? ഞങ്ങളെ ഇതൊന്നും ബാധിക്കുന്നില്ല. അതുകൊണ്ട്, പോസ്റ്റ് ഓഫീസ് പകർച്ചവ്യാധിക്കിടെ ജനങ്ങളെ സഹായിക്കുന്ന ഒന്നാണ് എന്നു പറഞ്ഞാൽ – അതുകൊണ്ടെന്താണ് എന്നാണ് അവരുടെ ചോദ്യം. മറ്റേ ബോൾസൊണാരൊയുടെ ചോദ്യം.

വരുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ച്. ബെർണി സാൻഡേഴ്സിന്റെ കടുത്ത പിന്തുണക്കാർ പറയുന്നത് അവരുടെ സ്ഥാനാർത്ഥിയോട് ഡെമോക്രാറ്റിക് പാർട്ടി നല്ല നിലയ്ക്കല്ല പെരുമാറിയതെന്നാണ്, അതുകൊണ്ട് അവർ ഈ ഇലക്ഷൻ ബഹിഷ്കരിക്കുമെന്നുമാണ്. അവരോട് എന്താണ് പറയാനുള്ളത്?

മൂന്ന് കാര്യങ്ങളുണ്ട് പറയാൻ. ആദ്യമായി, നാം കാണേണ്ടത് സാൻഡേഴ്സിന്റെ പ്രചരണം പല തരത്തിൽ ആശ്ചര്യകരങ്ങളായ വിജയങ്ങളായിരുന്നു. ചർച്ചകളുടെ, നയരൂപീകരണത്തിന്റെ, പരിപാടികളുടെ, പലകാര്യങ്ങളുടെയും ഇടങ്ങളെ അത് പുനർനിർണയിച്ചു. അത് ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റിയെയും സ്വാധീനിച്ചു. ഇപ്പോൾ ബിഡെൻ പ്രോഗ്രാം എന്ന് വിളിക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക നയപരിപാടി ഒന്ന് ശ്രദ്ധിച്ചുനോക്കൂ. ഫ്രാങ്ക്ലിൻ റൂസ്വെൽറ്റിന്റെ കാലം മുതൽക്കുള്ളതിൽ വച്ച് ഏറ്റവുമധികം ഇടതുവശത്തേക്ക് നിൽക്കുന്ന ഒന്നാണത്. കമ്മിറ്റി പെട്ടെന്ന് ആലോചിച്ച് അങ്ങനെ തീരുമാനിച്ചുവെന്നാണോ? അല്ല, ആക്ടിവിസ്റ്റുകളുടെ, കൂടുതലും സാൻഡേഴ്സിന്റെ പിന്തുണക്കാരുടെ സമ്മർദ്ദത്തിന്റെ ഫലമാണത്. നേട്ടങ്ങളിലൊന്നാണത്. രണ്ടാമത്, എന്തുകൊണ്ടാണ് സാൻഡേഴ്സിന് നാമനിർദ്ദേശം കിട്ടാതിരുന്നത്? ഡെമോക്രാറ്റിക് കമ്മിറ്റിയും മാധ്യമങ്ങളുമെല്ലാം അദ്ദേഹത്തിനെതിരായിരുന്നുവെന്നത് സത്യം തന്നെ. എന്നാൽ കഥ അതുകൊണ്ട് മുഴുവനായില്ല. ഒന്നുകൂടി ചൂഴ്ന്ന് നോക്കുക. പ്രൈമറികളിലേയ്ക്ക് നോക്കുക. സാൻഡേഴ്സ് കരുതിയിരുന്നത് യുവ വോട്ടർമാരുടെ ഇടയിൽ, അദ്ദേഹത്തിന്റെ പ്രധാന പിന്തുണക്കാർക്കിടയിൽ, വലിയ മുന്നേറ്റമുണ്ടാക്കാമെന്നാണ്. അത് സംഭവിച്ചോ? ഇല്ല. അവർ വോട്ട് ചെയ്യാനെത്തിയില്ല. നിങ്ങൾ സാൻഡേഴ്സിനെ പിന്തുണക്കുന്ന ഒരാളാണെങ്കിൽ ശ്രദ്ധിക്കേണ്ട ഒന്നാണത്.

മറ്റെന്താണ് സംഭവിച്ചത്? സാൻഡേഴ്സ് വളരെ പ്രധാനപ്പെട്ട മറ്റു രണ്ട് മേഖലകളിൽ വിജയിച്ചില്ല. ആഫ്രിക്കനമേരിക്കക്കാർ, സ്ത്രീകൾ എന്നിവരുടെ ഇടയിൽ. അവരുടെ വോട്ടിംഗ് രീതികൾ പരിശോധിച്ചാൽ നമുക്ക് മനസ്സിലാകുക അവർക്ക് താല്പര്യം സാൻഡേഴ്സിന്റെ നയങ്ങളോടാണ്, പക്ഷേ അദ്ദേഹത്തിനവർ വോട്ട് ചെയ്തില്ല എന്നാണ്. വന്ന പഠനങ്ങളിൽ നിന്നൊക്കെ കരുതാനാകുന്നത് സാൻഡേഴ്സിന്റെ നയങ്ങൾ ഇഷ്ടപ്പെടുന്നുവെങ്കിലും മോഡറേറ്റുകളെയും മറ്റും ഒരുമിച്ച് കൊണ്ടുവന്ന് ഒരു വലിയ മുന്നണി പടുക്കുന്നതിൽ സാൻഡേഴ്സ് വിജയിക്കുമോ എന്ന് ഇക്കൂട്ടരെല്ലാം സംശയിച്ചിരുന്നുവെന്നാണ്. അവരെ സംബന്ധിച്ച് ഏറ്റവും പ്രധാനം ട്രമ്പ് പരാജയപ്പെടുകയാണ് എന്നതിനാലാണത്.

അത് തെറ്റാണോ? നമുക്കറിയില്ല. എന്നാൽ Rust Belt-ലെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ, സാൻഡേഴ്സിന്റെ പ്രകടനം പരിശോധിച്ചാൽ അത് ശരിയാണെന്ന് തോന്നും. എന്താണ് ചെയ്യേണ്ടതെന്നുള്ളതുള്ളതിന്റെ സൂചന അവ നൽകുന്നുണ്ട്. സാൻഡേഴ്സിനെ പിന്തുണച്ചവർ അവരുടെ ആശയങ്ങൾ ഉപേക്ഷിച്ചുകൊണ്ട് വോട്ട് ചെയ്യാതിരിക്കുകയല്ല വേണ്ടത്. അവ ഒരു വിശാലതയുടെ ആശയങ്ങളാണ്. ആ രീതിയിൽ വേണം പ്രവർത്തിക്കാൻ. അതാണ് പാഠങ്ങൾ.

മൂന്നാമത്തെ കാര്യം ഒന്നുമൊന്നും രണ്ടെന്ന് പറയും വിധം ലളിതമാണ്. ഈ ഇലക്ഷനിൽ ബിഡെനോ ട്രമ്പോ എന്നുള്ള ചോദ്യത്തിന് ആടി നിൽക്കുന്ന സംസ്ഥാനങ്ങളിൽ രണ്ട് പരിഗണനകളേ ഉള്ളൂ, നിങ്ങളുടെ വോട്ട് ഒന്നുകിൽ ബിഡെന്, അല്ലെങ്കിൽ ട്രമ്പിന്. ബിഡെന് വോട്ട് ചെയ്യാതിരിക്കുന്നത് ട്രമ്പിന് ഒരു വോട്ട് ചെയ്യുന്നതുപോലെതന്നെയാണ്. അപ്പോൾ നിങ്ങളുടെ മുന്നിലുള്ളത് ഒന്നുകിൽ ട്രമ്പിനെതിരെ വോട്ട് ചെയ്യുക, അല്ലെങ്കിൽ അയാൾക്കനുകൂലമായി വോട്ട് ചെയ്യുക എന്ന രണ്ട് വഴികളാണ്. അതാണ് ഏറ്റവും ഒടുവിലത്തെ യാഥാർത്ഥ്യം. ഒന്നുമൊന്നും രണ്ടെന്ന് കണ്ടുപിടിക്കുന്ന വിധം ലളിതം. അപ്പോൾ, അതാണ് നമുക്കു മുൻപിലുള്ള വഴി.

ഇതിനിടയിൽ ഇടതുപക്ഷം എന്നും തിരിച്ചറിഞ്ഞിരുന്ന ഒന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. ഇലക്ഷനുകളെന്നാൽ തീർത്തും വ്യത്യാസമുള്ള മറ്റൊരു കാര്യമാണ്. ആക്ടിവിസത്തിൽ നിന്നൊക്കെ അല്പകാലത്തേയ്ക്ക് മാറി നിൽക്കുന്ന തരത്തിൽ ഒരു സമയം. സമ്പന്നരും അധികാരിവർഗ്ഗങ്ങളും നിങ്ങളുടെ തലയിലേക്ക് തുളച്ചുകയറ്റാൻ ശ്രമിക്കുന്നത് രാഷ്ട്രീയമെന്നാൽ നാലുവർഷത്തിലൊരിക്കൽ വോട്ട് ചെയ്യലാണെന്നാണ്, അതിനുശേഷം വീട്ടിൽ പോകുക, നിങ്ങൾ തെരഞ്ഞെടുത്ത കളിക്കാർ ശേഷം ചെയ്തുകൊള്ളുമെന്നാണ്. വാസ്തവത്തിൽ പുരോഗമനജനാധിപത്യസിദ്ധാന്തമെന്നാണ് അതിനെ വിളിക്കുന്നത്. അതാണ് ഔദ്യോഗികഭാഷ്യം. അതിൽ വീഴരുത്.

അതിന്റെ ഇടതുപക്ഷവിവക്ഷയാണ് ശരി. രാഷ്ട്രീയമെന്നാൽ നിരന്തരമായ, ദിനേനയുള്ള പ്രവർത്തനമാണ്, സാമൂഹ്യസാഹചര്യങ്ങൾ മാറ്റിത്തീർക്കുവാനുള്ള കാര്യങ്ങൾ, അത്തരത്തിലുള്ള തിരിച്ചറിവ്, കാര്യങ്ങൾ മാറ്റിമറിക്കാനുള്ള പശ്ചാത്തലമൊരുക്കൽ. ഒന്നോ രണ്ടോ വർഷങ്ങളിലെപ്പോഴും വലിയ രീതിയിലെന്തെങ്കിലുമൊരു കാര്യം വരും, നിങ്ങൾക്കൊരു പതിനഞ്ച് മിനിട്ടോളം സമയം അതേക്കുറിച്ച് ആലോചിക്കുവാനായി കിട്ടും. എന്നിട്ട് രാഷ്ട്രീയസംവിധാനത്തെ ഒന്ന് ശ്രദ്ധിച്ച് നോക്കണം. അർത്ഥവത്തായ ഒന്ന് തെരഞ്ഞെടുക്കാനായി നമുക്കു മുന്നിൽ ഉണ്ടോയെന്ന് നോക്കണം. അങ്ങനെ ഉണ്ടെങ്കിൽ, അല്പസമയം നീക്കിവയ്ക്കുക, വോട്ടിംഗ് ബൂത്തിലേയ്ക്ക് പോകുക, മോശപ്പെട്ട ആൾക്കെതിരെ വോട്ട് ചെയ്യുക. അതിനു കാര്യങ്ങൾ വ്യത്യാസപ്പെടുത്താൻ കഴിയും, വലിയ രീതിയിൽ വ്യത്യാസപ്പെടുത്താൻ കഴിയും.

അതിനുശേഷം നിങ്ങളുടെ ആക്ടിവിസത്തിലേയ്ക്ക് തിരിച്ചുപോകുക. ആക്ടിവിസ്റ്റ് പ്രവർത്തനമെന്നാൽ ഒരുപക്ഷേ ഒരു പ്രചരണത്തിനായി തയ്യാറെടുക്കുക എന്നതാവാം, സാൻഡേഴ്സിന്റെ പ്രചരണത്തിൽ പങ്കെടുക്കുന്നതുപോലെ, വലിയ രീതിയിൽ സ്വാധീനം ചെലുത്തുവാൻ കഴിയുന്ന ഒന്ന്. അങ്ങനെയാവാം, മറ്റു പല കാര്യങ്ങളുമാകാം. എന്നാൽ അത്തരത്തിലാണ് നമ്മൾ തെരഞ്ഞെടുപ്പുകളെ സമീപിക്കേണ്ടത്. ജനങ്ങൾക്കു വേണ്ടി, ജനങ്ങൾ, ജനങ്ങളാൽ നടത്തുന്ന ഒരു ഗവണ്മെന്റ് എന്ന സമീപനമുള്ള ഒരു കക്ഷിയ്ക്കായി രംഗത്തിറങ്ങുന്ന നിമിഷം വരെ, അത്തരത്തിലാണ് വേണ്ടത്.

അങ്ങനെയാണ് സംഭവിച്ചിട്ടുള്ളത്. റൂസ്വെൽറ്റ് സർക്കാരിനു നിരവധി പോരായ്മകളുണ്ടായിരുന്നു, എന്നാൽ അത് ആ ഒരു ദിശയിൽ ഒരുപാട് മുന്നോട്ട് പോയിരുന്നു. അത് ജനങ്ങളെ കണക്കിലെടുത്ത ഒരു ഭരണസംവിധാനമായിരുന്നു, ജനങ്ങളുടെ ഭാഗത്തു നിന്നും വലിയ രീതിയിൽ ഇടപെടലുകളുണ്ടായിരുന്ന ഒരു സംവിധാനം: തൊഴിലാളി മുന്നേറ്റങ്ങൾ, രാഷ്ട്രീയ കക്ഷികൾ, ആക്ടിവിസ്റ്റ് കൂട്ടായ്മകൾ, അങ്ങനെയങ്ങനെ. എന്നിട്ടത് വരും വർഷങ്ങളിലേയ്ക്ക് വലിയ രീതിയിലുള്ള വ്യത്യാസങ്ങളും ഉണ്ടാക്കിത്തീർത്തിരുന്നു, താങ്കൾ പറഞ്ഞ സാമൂഹ്യസുരക്ഷ പോലെയുള്ള നിരവധി കാര്യങ്ങളുൾപ്പടെ.

അപ്പോൾ, അതാണ് സാൻഡേഴ്സിന്റെ പിന്തുണക്കാർക്ക് മുന്നിലുള്ള വഴികൾ. “എനിക്ക്  വേണ്ടതുപോലെയല്ല കാര്യങ്ങൾ സംഭവിച്ചിരിക്കുന്നത്, അതുകൊണ്ട് ഞാൻ വീട്ടിൽ പോയി ഇരിക്കാൻ പോകുന്നു, ലോകം നശിച്ചോട്ടെ” എന്ന് പറയുന്നത് ഏറ്റവും മോശപ്പെട്ട ഒരു നിലപാടാണ്. ഏറ്റവും മോശപ്പെട്ട വഴിയുടെ തെരഞ്ഞെടുപ്പ്. അത് എല്ലാം ട്രമ്പിനു വച്ചൊഴിയുന്ന തരത്തിലുള്ള ഒരു നിലപാടാണ്.

സ്വാർത്ഥത നിലനിൽക്കെ തന്നെ വലിയ അളവിലായി ജനങ്ങൾ നടത്തുന്ന ത്യാഗനിർഭരമായ പ്രവർത്തനങ്ങളുമുണ്ട്. ഞാനുദ്ദേശിക്കുന്നത് ഡോക്ടർമാർ, നഴ്സുമാർ, അത്യാഹിതവിഭാഗ പ്രവർത്തകർ, സന്നദ്ധസേവകർ എന്നിവരുടെ അനന്യസാധാരണമായ ഇടപെടലുകളാണ്.

അവിശ്വസനീയമാം വിധം മനോഹരമായ പ്രവർത്തനങ്ങളാണത്. മനുഷ്യന്റെ ഉത്സാഹത്തിനും സ്നേഹത്തിനും എത്രയ്ക്കൊക്കെ നേടാനാകുമെന്നതിന്റെ വലിയ ഉദാഹരണം. ലോകത്ത് എല്ലായിടത്തുമതെ, ബ്രസീലിലും മറ്റിടങ്ങളിലുമൊക്കെ ഏറ്റവും പാവപ്പെട്ടവർ ഒന്നിച്ച് നിൽക്കുന്നു, പരസ്പരം സഹായിക്കുന്നു. ഒരു വീട്ടിൽ ഒറ്റപ്പെട്ടുപോയ ആ വൃദ്ധനെ സഹായിക്കാം, അയാൾക്ക് നമുക്കൊരുമിച്ച് ഭക്ഷണവും സഹായവുമെത്തിക്കാം. അല്ലെങ്കിൽ നമുക്കൊരുമിച്ച് നിന്ന് ഒരു ഭക്ഷണബാങ്ക് നിർമ്മിക്കാം. ജനങ്ങൾക്ക് എന്തും സാധ്യമാണ്.

അന്താരാഷ്ട്ര തലത്തിൽ ഒരു രാജ്യം കാട്ടുന്ന യഥാർത്ഥമായ സാർവ്വദേശീയതയുടെ മനോഹരമായ ഒരു ഉദാഹരണവും നാം കണ്ടു. യൂറോപ്യൻ യൂണിയനെന്നൊരു സംവിധാനമുണ്ട്. അവിടെ ജർമനിയുണ്ട്, അവരുടെ കാര്യങ്ങൾ ഏതാണ്ട് നല്ല നിലയിൽ തന്നെ അവർ നിർവഹിച്ചു. അല്പം മൈലുകൾക്ക് തെക്കായി ഇറ്റലിയുണ്ട്, ആകെ കുഴപ്പത്തിലാണ്. വടക്കൻ ഇറ്റലിയിൽ രോഗത്തിന്റെ പടർച്ച ഗൌരവതരമാണ്. ജർമനി അവരെ സഹായിക്കുന്നുണ്ടോ? ഇല്ല. എന്നാൽ ദൂരെ നിന്നും മറ്റൊരു രാജ്യം സഹായത്തിനെത്തി. അതിന്റെ പേരു ക്യൂബയെന്നാണ്. കഴിഞ്ഞ അറുപതോളം വർഷങ്ങളായി നമ്മുടെ കാൽക്കീഴിലിട്ട് നാം ഞെരിച്ചമർത്താൻ ശ്രമിക്കുന്ന ഒരു രാജ്യമാണത്. അവർ ലോകത്തെല്ലായിടത്തേക്കും അവരുടെ ഡോക്ടർമാരെ അയക്കുന്നു, ഈ സമ്പന്നരും അധികാരിവർഗ്ഗവുമൊക്കെ ഉപേക്ഷയോടെ ഒഴിച്ചിട്ട ഇടങ്ങളിൽ, മുന്നണിയിൽ നിന്ന് സഹായിക്കുവാനായി രംഗത്തിറങ്ങിയിരിക്കുന്നു. അവരെ സംബന്ധിച്ച് അത് പുതുതല്ല. അവർ ഒരുപാട് കാലമായി അത് ചെയ്യുന്നുണ്ട്. അത് കാണാനോ ശ്രദ്ധിക്കുവാനോ നമ്മെ അനുവദിച്ചിട്ടില്ല. അവരെ സംബന്ധിച്ച് അതൊരു തെറ്റായ സന്ദേശമാണ്, പോസ്റ്റ് ഓഫീസുകളുടെ കാര്യം പറഞ്ഞതുപോലെ, നാമത് കാണുന്നത് അവർക്കിഷ്ടമല്ല. എന്നാൽ നമ്മളത് കാണണം, അവരിൽ നിന്നും പഠിക്കണം.

താങ്കൾ സുഖമായിരിക്കുന്നല്ലൊ അല്ലേ?

ഉവ്വ്. ഞങ്ങൾ രണ്ടാളും സുഖമായിരിക്കുന്നു. ഞാനും വലേറിയയും, ശകലം സന്യാസികളുടെ മട്ടാണ്. ഇത്തിരി ബുദ്ധിമുട്ടുകളൊക്കെയുണ്ടെങ്കിലും ഭാഗ്യമുള്ളവരാണ്. ഇവിടെ ഐസൊലേഷനിൽ കഴിയാനും പുറത്തേയ്ക്കല്പം ഇറങ്ങാനുമൊക്കയുള്ള ഇടമുണ്ട്: അരിസോണ മരുഭൂമി ഏറെക്കുറേ വിജനമായ പ്രദേശമാണ്. അതുകൊണ്ടൊക്കെ, സുഖം തന്നെ.


കടപ്പാട്: ആൾടർനേറ്റീവ് റേഡിയോ, ഡേവിഡ് ബർസാമിയൻ, www.alternativeradio.org
സമ്പാദനം: ജേയ്ക്ക് ജോസഫ്
വിവർത്തനം: സ്വാതി ജോർജ്ജ്
English original of this article can be read here.

Comments

comments