കാത്തിരിപ്പ് എന്ന ‘പ്രതിഭാസ’ത്തെ അടയാളപ്പെടുത്തുന്നത് ഘടികാരസൂചിയുടെ ചലനത്തോടൊപ്പം സഹനത്തിന്‍റെ നൈരന്തര്യം കൂടെയാണ്. കാത്തിരിപ്പ് എന്ന പ്രവൃത്തി അവശേഷിപ്പിക്കുകയോ സൃഷ്ടിക്കുകയോ ചെയ്യുന്ന/ചെയ്ത വ്യവഹാരങ്ങളുടെ പ്രമാണപത്രം കൂടെയാണ് മനുഷ്യവംശത്തിന്‍റെ ചരിത്രം. സഹിഷ്ണത നിറഞ്ഞ കാത്തിരിപ്പ് ജീവിതത്തിന്‍റെ വിവിധ ദശകളിലെ വേഗത്തെ രേഖപ്പെടുത്തുകയും മനുഷ്യരുടെ ഭാഷയും സംസ്കാരവും ചലനശേഷിയും പ്രസ്തുതവേഗവുമായി ബന്ധപ്പെട്ടു കിടക്കുകയും ചെയ്യുന്നു. എന്നാൽ കാത്തിരിപ്പ്/നിശ്ചലാവസ്ഥ പതിവുകാഴ്ചകളാവുന്ന അതിർത്തികളേയും അതിർത്തി കടക്കാൻ കാത്തുനിൽക്കുന്ന അഭയാർത്ഥികളേയും, പൊതുസമൂഹത്തിന്‍റെ ദൈനംദിന ചെയ്തികളുടെ പരിധിക്കുള്ളിൽ അല്ലായെന്നുള്ള ധാരണയിൽ നാം മന:പൂർവം ഓർക്കുന്നില്ല. ഭാവിയിലേക്കുള്ള കാത്തിരിപ്പായി, നാളെ സംഭവിക്കാനിരിക്കുന്ന നല്ല കാര്യങ്ങൾക്കായി പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വർത്തമാനകാലത്തെ ജീവിതം എന്ന പൊതുവിശ്വാസത്തെ മറ്റൊരു ദിശയിൽ നോക്കിക്കാണുകയാണ് ആനന്ദ് ‘കാത്തിരിപ്പ്’ എന്ന കഥയിൽ (‘ഇരിപ്പ് നിൽപ്പ് എഴുനേൽപ്പ്’ എന്ന കഥാസാമാഹാരത്തിലെ കഥ – ഡിസി ബുക്സ്). ആധുനികതയുടെ യുക്തി പലപ്പോഴും ആശ്രയിച്ചിരുന്നത് ‘സമയ’ത്തെ സമർത്ഥമായി നിത്യജീവിതത്തിന്‍റെ അനുഭവങ്ങളിലേക്ക് ഇടപെടുത്തുന്ന രീതിയിലൂടെയാണ്. കുറഞ്ഞതും എന്നാൽ ഫലപ്രദവുമായ ‘സമയ’ത്തിലൂടെ കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള പ്രായോഗികബുദ്ധി വ്യാവസായികവിപ്ലവത്തിന്‍റെയും മറ്റും അടിപ്പടവായി വർത്തിച്ച ഘടകമായിരുന്നു. ആശുപത്രിയിലോ റെയിൽവേ സ്റ്റേഷനിലോ കാത്തിരിക്കുന്നത് പോലെ ഇന്ന് ആളുകൾ അഭയാർത്ഥി ക്യാമ്പുകളിലും രാജ്യത്തിന്‍റെ അതിർത്തികളിലും കാത്തുകെട്ടി ഇരിക്കുന്നു. അതിർത്തികളിലെ വേലിക്കെട്ടുകളും മതിലുകളും താണ്ടുന്നതിനായി ‘കൃത്യ’മായ സമയവും സാഹചര്യവും കാത്ത് ഒളിച്ചുകഴിയുന്ന അനേകം മനുഷ്യരുടെ കാത്തിരിപ്പിന്‍റെ മാപിനി വ്യത്യസ്തമായിരിക്കും. ഈ കാത്തിരിപ്പ് പ്രതീക്ഷാനിർഭരം ആണെന്നോ നല്ല നാളെയുടെ സന്ദേശം പ്രക്ഷേപണം ചെയ്തു കൊണ്ടാണെന്നോ ചിന്തിക്കുന്നത് യുക്തിഭദ്രമല്ല. മറിച്ച് യാഥാർഥ്യത്തിന്‍റെ വാതിൽ തുറക്കുന്നതും കാത്തു ഉത്കണ്ഠയുടെ നെടുനീളൻ വരിയിൽ നിൽക്കുന്നവരാണ് സമകാലത്തിന്‍റെ അടയാളമുദ്ര പതിപ്പിക്കുന്നവർ. അഭയാർത്ഥികളെ സംബന്ധിച്ചിടത്തോളം അരക്ഷിതമായ ചുറ്റുപാടുകളിലിൽ നിന്നുള്ള വിടുതൽ ബാഹ്യകേന്ദ്രങ്ങളിലാണ് തീരുമാനിക്കുന്നതെന്നു പറയാം. എവിടെയാണ് കാത്തിരിക്കേണ്ടത് എന്നുപോലുമറിയാത്ത ഒരനിശ്ചിതത്വത്തിനെ അവർ അഭിമുഖീകരിക്കുകയും വേണം. ഇത്തരമൊരവസ്ഥയുടെ, തീർത്തും വ്യത്യസ്തമായ പരിസരങ്ങളിലേക്കാണ് ആനന്ദ് ‘കാത്തിരിപ്പ്’ എന്ന കഥയിലൂടെ വായനക്കാരെ കൊണ്ടുപോകുന്നത്.

പല വേഗത്തിലും പല ഭാവത്തിലും പല വഴികളിലൂടെയും സഞ്ചരിച്ചുകൊണ്ട് ഒരേ ‘പ്ലാറ്റഫോമി’ൽ കാത്തിരിക്കുന്ന അവസ്ഥ മനുഷ്യവംശത്തിന്‍റെ (ജീവിവർഗ്ഗത്തിന്‍റെ) പ്രത്യേകതയാണ്. കാത്തിരിപ്പ് എന്ന വ്യവഹാരത്തിൽ എല്ലാ വേഗങ്ങളും ഒന്നാകുന്നത് പോലെയുള്ള സ്ഥിതിവിശേഷമാണിത്. ഈ ‘പ്ലാറ്റ്‌ ഫോമിൽ’ കാത്തിരിക്കുന്നവർ ആനന്ദിന്‍റെ കഥയിലെ സന്ദര്‍ഭമായ റെയിൽവേ സ്റ്റേഷനിൽ കാത്തിരിയ്ക്കുന്ന യാത്രക്കാരോ നിയന്ത്രണരേഖകളിൽ കാത്തിരിക്കുന്ന അഭയാർത്ഥികളോ ആവാം. ഭൂതകാലവും ഭാവിയും ഇല്ലാത്ത വർത്തമാനകാലത്തിന്‍റെ സമയബോധമാണ് ഈ രണ്ടുകൂട്ടർക്കുമുള്ളതെന്നു പ്രത്യേകം ഓർക്കണം. ഒരുതരി വെളിച്ചത്തിന്‍റെ പൊട്ടുപോലും കാണാനാവാതെ ഇരുണ്ട മുറിയിൽ കിടക്കേണ്ടി വരുന്ന ടെറി വെയിറ്റ് എന്ന മനുഷ്യനെ കുറിച്ച് ആനന്ദിന്‍റെ കഥയിൽ പരാമർശിക്കുന്നുണ്ട്. ബന്ധിതാവസ്ഥയിൽ, സർവവും നഷ്ടമാവുന്ന അയാൾ ജയിലിൽ നിന്ന് പുറത്തു വരുന്ന അവസരത്തിൽ ആദ്യമായി അന്വേഷിക്കുന്നത് ഒരു നിഘണ്ടുവാണ്. ഭാഷ നഷ്ടപ്പെടുന്നതും ചലിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നതും പ്രതീക്ഷ നഷ്ടപ്പെടുന്നതും കാത്തിരിപ്പിന്‍റെ പരിണതഫലങ്ങളായിത്തീരുമോ എന്നത് ഉത്കണ്ഠ നിറഞ്ഞ ചോദ്യമാണ്. കഥയിൽ സൂചിപ്പിക്കുന്നത് പോലെ കാത്തിരിക്കുന്നവരുടെ വേഗത ഒച്ച് എന്ന ജീവിയുടെ ചലനവേഗതയ്ക്ക് സമമായി മാറുമ്പോൾ അവരുടെ (ഭൂമിയുടെ) ഭ്രമണപഥം നിശ്ചലമാവുകയാണ്. “ലക്‌ഷ്യം അനിശ്ചിതമാവുമ്പോൾ ദൂരവും വേഗവും അപ്രസക്തമാവുന്നു.കാത്തിരിപ്പുമാത്രം അവശേഷിക്കുന്നു” എന്ന് കഥയിൽ പറയുന്നത് ശരി വെയ്ക്കുന്ന തരത്തിലാണ് സമകാലജീവിതം.

പത്തൊൻമ്പതാം നൂറ്റാണ്ടിലെ വിഖ്യാത ഫ്രഞ്ച് ചിത്രകാരനായ ഹോണോരെ ഡൊമിയൈയുടെ (Honore Daumier) ‘തീവണ്ടിയിലെ യാത്രക്കാർ’ എന്ന പെയിന്റിംഗ് കാത്തിരിപ്പിന്‍റെ മറ്റൊരു മുഖമാണ് പ്രദർശിപ്പിക്കുന്നത്. സമയത്തെ പണമായി കരുതുന്ന ഈ നൂറ്റാണ്ടിന്‍റെ ബിംബമല്ല പ്രസ്തുതചിത്രത്തിന്റേത്. വാച്ച് ധരിച്ചിരുന്നവർക്ക് മാത്രമേ അങ്ങനെയൊരു കാലപ്പൊരുത്തത്തെ കുറച്ച് ചിന്ത പോലും അക്കാലത്തു ഉണ്ടായിരിക്കയുള്ളു എന്നത് വ്യക്തമാണ്. മാറിയ കാലം, മാറിയ അടിസ്ഥാന സൗകര്യങ്ങള്‍, മാറുന്ന സാങ്കേതികത എന്നിവയെല്ലാം സമയത്തെ നിരന്തരം ചലിക്കുന്ന ഘടകമാക്കുകയാണ്. ഡൊമിയൈ വരച്ചത് ഒരു മൂന്നാം ക്ലാസ്സ് കംപാർട്മെന്റ് ആയിരുന്നു എന്നത് പ്രസക്തമാണ്. വർഗ്ഗപരവും സാമ്പത്തികപരവുമായി അരികുകളിൽ കഴിയുന്നവരാവണം അന്ന് മൂന്നാം ക്ലാസ്സിൽ കയറിയിരുന്നത്. അതിനാൽ തന്നെയാണ് ‘wait’ എന്ന വാക്ക് ഏതൊരു കറുത്ത വർഗക്കാരനിലും ഉത്പാദിപ്പിക്കുന്നത് ‘never’ എന്ന അർത്ഥത്തെയാണെന്നു മാർട്ടിൻ ലൂഥർ കിംഗ് ‘ബിർമിങ്ഹാം ജയിലിൽ നിന്നുള്ള കത്തിൽ’ ഉച്ചത്തിൽ പറഞ്ഞത്. കാത്തിരിപ്പ് എന്ന അനുഭവത്തെ സാമൂഹികപരിസരങ്ങളുമായി ചേർത്തുവെച്ചുള്ള പ്രശ്നവൽക്കരണം ഈ അഭിപ്രായത്തിലുണ്ട്. ആനന്ദിന്‍റെ കഥയിലും ഇതേ സാഹചര്യത്തിന്‍റെ വ്യാപിപ്പിക്കലാണ് നടക്കുന്നത്. പുസ്തകത്തിന്‍റെ അവതാരികയിൽ പി കെ രാജശേഖരൻ ഇത് വ്യക്തമാക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ നടന്നതിനും നടക്കാൻ പോകുന്നതിനും ഇടയിലുള്ള സമയത്തെയാണ് ‘കാത്തിരിപ്പ്’ എന്ന സംജ്ഞ കൊണ്ട് നിർവചിക്കുന്നത്.

Honoré Daumier, The Third-Class Carriage – The Metropolitan Museum of Art

ഒരുപക്ഷെ ദസ്തയോവ്സ്കിയുടെ ഒരു കഥാപാത്രം (റസ്‌കോൾ നിക്കോഫ്‌), കുറ്റം ചെയ്തതിനും ഏറ്റു പറഞ്ഞതിനും ഇടയിലുള്ള നേരത്തെ എങ്ങനെയാണ് അതിജീവിച്ചത് എന്നതിന്‍റെ പകർത്തിയെഴുത്തായാണ് ആനന്ദ് കാത്തിരിപ്പിനെ വിവർത്തനം ചെയ്യുന്നത്. നാളെ എന്ന അനിശ്ചിതത്വത്തേയും ഇന്നത്തെ സംഘർഷത്തേയും സംബോധന ചെയ്യുന്ന റസ്കോൾ നിക്കോഫിന്‍റെ അധ്യായങ്ങൾ കാത്തിരിപ്പിന്‍റെ ദൃഷ്ടാന്തം കൂടിയാണ്. ‘ഉമ്മറപ്പടി അസ്തിത്വം’ ആയി ആനന്ദ് വിഭാവനം ചെയ്യുന്ന ആശയവും ഇതുതന്നെയാണ്. 9998 ഡൌൺ എന്ന തീവണ്ടിയിൽ വരുന്ന സുഹൃത്തിനെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിലെത്തിയ ആഖ്യാതാവ് മൂന്നു മണിക്കൂർ വൈകിയാണ് വണ്ടി ഓടുന്നതെന്നു മനസിലാക്കുന്നു. എന്നാൽ അടുത്ത ഒരു മണിക്കൂറിൽ അത് നാല് മണിക്കൂർ കൂടെ വൈകുകയാണ്. അങ്ങനെ ഏഴു മണിക്കൂർ താമസിച്ചു ഓടുന്ന വണ്ടി കാത്തിരിക്കുകയാണ് അയാൾ. പ്ലാറ്റഫോമിൽ യാത്രക്കാരേക്കാൾ കൂടുതൽ സഞ്ചികളും മാറാപ്പുകളും പാത്രങ്ങളുമൊക്കെയായി താമസമാക്കിയിരിക്കുന്ന നാടോടികളുടെ പറ്റങ്ങളായിരുന്നു. അവർക്ക് കാത്തിരിപ്പ് അല്ലായിരുന്നു ആ ജീവിതം. സമയം അവരെ വല്ലാതെ മഥിക്കുന്നുമുണ്ടായിരുന്നില്ല. നേരത്തെ സൂചിപ്പിച്ച, പത്തൊൻപതാം നൂറ്റാണ്ടിലെ ആ ചിത്രത്തിലെ ആളുകളെപ്പോലെയായിരുന്നോ അവർ എന്ന് വിചാരിക്കുന്നതിലും തെറ്റില്ല.

ഒരു ഹേതു മൂലം സംജാതമാവുന്ന ഫലം എന്നത് പോലെയാണ് കാത്തിരിപ്പിനൊടുവിൽ ഒരാൾ വന്നെത്തുന്നത്. കലാപം കെട്ടടങ്ങി സമാധാനം സൃഷ്ടിക്കപ്പെടുന്നതും ഇതേ രീതിയിലാണ്. വർത്തമാനകാലത്തിലെ ഹേതു ഭാവിയിലെ ഫലം ആവുകയും, ഭൂതകാലത്തെ ഹേതു വർത്തമാനകാലത്ത് ഫലം ആയിത്തീരുകയും ചെയ്യുന്ന നൈരന്തര്യമാണ് സമയബോധത്തെ വേറിട്ട് നിർത്തുന്ന ഘടകം. ഇന്നലെയെ ഓർത്തെടുത്തു വർത്തമാനകാലത്തിന്റെ തടവിൽ ജീവിക്കുന്ന മനുഷ്യർ ഒരു ഘട്ടത്തിൽ ഭാവിയെക്കൂടെ ഗ്രഹിക്കാൻ ശ്രമിക്കുന്നതിന്‍റെ പ്രത്യാഘാതമാണ് കഥയിൽ സംഭവിച്ചത്. ‘ഭാവി’യിൽ എത്തേണ്ട ഒരു വണ്ടി വർത്തമാനകാലത്ത് എത്തിച്ചേരുന്നതോടെ പ്ലാറ്റ്‌ഫോമിലെ സന്തുലിതാവസ്ഥ (അങ്ങനെയൊന്നുണ്ടെങ്കിൽ) തകരുകയും പൂർണമായ വിധത്തിൽ ‘കയോസ്’ രൂപപ്പെടുകയും ചെയ്യുകയാണ്. “പ്ലാറ്റ്‌ഫോമിൽ നിന്നിരുന്ന ഒരുപാട് പേർ ഒരു ഭൂകമ്പമുണ്ടായത് പോലെ പൊടുന്നനേ നിലത്തുവീണു. നിലംപതിച്ചവരുടെ ആർത്തനാദത്തെത്തുടർന്നു പ്ലാറ്റ്ഫോമിലാകെ ബഹളമായി” തീവണ്ടിയാകട്ടെ ഇടിവെട്ടിന്‍റെ ശബ്ദത്തോടെ നിൽക്കുകയും അതിന്‍റെ ലോഹശരീരം ചുവന്നു തിളങ്ങുകയും ആവി പരത്തുകയും ചെയ്തു. കാത്തിരിക്കുന്ന ആഖ്യാതാവിന്‍റെ മാത്രം സമയത്തിന്‍റെ ചട്ടക്കൂടിൽ, അയാൾക്ക് വേണ്ടിയാണ് തീവണ്ടി അയാളുടടെ സുഹൃത്തിനെയും വഹിച്ചുകൊണ്ട് ഓടിയെത്തുന്നത്. എന്നാൽ പ്ലാറ്റ്‌ഫോമിലെ മറ്റുള്ളവരുടെ സമയപഥത്തിൽ തീവണ്ടി അപ്പോൾ അവിടെ എത്തുന്നില്ല. തത്വത്തിൽ, രണ്ടു സമയപഥങ്ങളുടെ ചട്ടക്കൂടുകൾ (Time frame) തമ്മിലുള്ള സംഘർഷത്തിന് പ്ലാറ്റ്‌ഫോം വേദിയാവുകയാണ്. ഏതൊരു സ്വാഭാവികമായ പ്രവാഹത്തെ തടയാൻ ശ്രമിച്ചാലോ അല്ലെങ്കിൽ അതിന്‍റെ വരവിനെ കൃത്രിമമായി നേരത്തേയാക്കാൻ ശ്രമിച്ചാലോ സംഭവിക്കാവുന്ന ഘര്‍ഷണം (Friction) ഭീകരമായിരിക്കും. പുരോഗമനപരവും ചലനാത്മകവുമായ സമൂഹത്തിന്‍റെ വളർച്ചയ്ക്ക് അമിതമായ ഗതിവേഗം ഉണ്ടാക്കാനോ മുരടിപ്പിക്കാനോ ശ്രമിച്ചാൽ ഉരുണ്ടുകൂടുന്ന അലങ്കോലപ്പെടലിന്‍റെ ആഴവും വ്യാപ്തിയും വലുതാവാൻ സാധ്യതയുണ്ട്. കലാപങ്ങളേയും പലായനങ്ങളേയും അധികാരത്തിന്‍റെ തോക്കിൻകുഴലാൽ നിഷ്കരുണവും അയുക്തിപൂർവ്വവും നേരിടുന്ന ഭരണകൂടങ്ങൾ അവശേഷിപ്പിക്കുന്ന രക്തച്ചൊരിച്ചിൽ, ‘റെയിലുകളിൽ നിന്ന് തീപ്പൊരി പാറുന്ന’ മുഹൂർത്തത്തിന് സമാനമായി കാണാം. മിന്നൽവേഗത്തിൽ വരുന്ന തീവണ്ടി ഉത്പാദിപ്പിക്കുന്ന താപോർജം വളരെയധികമാണ്. ചൂടും, നിറവും വരെ മാറത്തക്ക തരത്തിലുള്ള വേഗത ചുറ്റുപാടിനെ പൊള്ളിക്കുകയും സമയപഥത്തെ ഉടച്ചുകളയുകയുമാണ് (Collapse) ചെയ്യുന്നത്. ആഖ്യാതാവ് കാത്തിരിക്കുന്ന ആൾ മാത്രമാണ് തീവണ്ടിയിൽ നിന്നിറങ്ങുന്നത്. കാലത്തെ പൊളിച്ചെഴുതുന്ന എഴുത്തുകാരന്‍റെ സർഗ്ഗവൈഭവമാണ് ഇവിടെ പ്രകാശിക്കുന്നത്. എന്തെന്നുവെച്ചാൽ, ആഖ്യാതാവ് വർത്തമാനകാലത്തിരുന്നു ഭാവികാലത്തെ സുഹൃത്തിനോട് സംസാരിക്കുകയാണ് ഇവിടെ. സംഭാഷണത്തിന് ശേഷം അയാൾ 9997 അപ് എന്ന വണ്ടിയിലാണ് തിരികെ പോകുന്നത്. അതായത് വർത്തമാനകാലത്തുവന്നുനിന്ന തീവണ്ടിയിൽ മറ്റുള്ളവരോടൊപ്പം ആണ് അയാൾ കയറിപ്പോകുന്നത്. ഇവർ തമ്മിലുള്ള സംവാദത്തിന്‍റെ ശൈലിയിലും ഈ വ്യത്യാസം ശ്രദ്ധിക്കാവുന്നതാണ്. എന്തിനാണ് നാം കണ്ടുമുട്ടിയതെന്ന ആഖ്യാതാവിന്‍റെ ചോദ്യത്തിന് വേറൊരു തലത്തിൽ നിന്നുള്ള ഉത്തരമാണ് ആഗതൻ കൊടുക്കുന്നത്. “പരിവർത്തനത്തിന്‍റെ ഇളകിയ തറയിൽ ചവിട്ടിനിന്നുകൊണ്ട് സത്യത്തെ അന്വേഷിക്കുന്നത് വ്യര്‍ത്ഥമാണു മനുഷ്യാ” എന്നായിരുന്നു അയാൾ പറഞ്ഞത്. ശരീരമില്ലാത്ത ആശയങ്ങൾക്ക് സ്ഫോടനം സംഭവിക്കുമ്പോൾ അത് ശരീരത്തെ ബാധിക്കുന്നു എന്നും അയഥാർത്ഥമായ സമ്പത്തു കൊണ്ടുവാങ്ങുന്ന റിയൽ എസ്റ്റേറ്റ് ആണ് സാഹിത്യമെന്നു അയാൾ മുന്നറിയിപ്പ് കൊടുക്കുന്നുണ്ട്. മങ്ങിയ, തവിട്ടുനിറമുള്ള യഥാർത്ഥ തീവണ്ടിയിൽ കയറി അയാൾ പോകുമ്പോഴും 9998 ഡൌൺ എന്ന വണ്ടി എത്തിയിരുന്നില്ല.

സ്വപ്നങ്ങളും വാഗ്ദാനങ്ങളും നിറഞ്ഞ ഭാവി എന്നത് സങ്കല്പങ്ങളുടേതാണ്. യഥാർത്ഥലോകത്തെ അനുഭവപ്രതലങ്ങൾ അവയിൽ നിന്നും എത്രയോ അകലെയാണ്. വേഷപ്പകിട്ടില്ലാത്ത വർത്തമാനകാലത്ത് ജീവിക്കുന്നയാൾ സങ്കൽപ്പിക്കുന്നു യൂട്ടോപ്യൻ ഭാവിയും യഥാർത്ഥത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളും തമ്മിലുള്ള അന്തരം ചെറുതല്ല. അത്തരം രാഷ്ട്രീയകാഴ്ചകളുടെ പ്രതിഫലനം കൂടെയാണ് രണ്ടു തീവണ്ടികളുടെ ബാഹ്യപ്രകൃതിയും ആദ്യത്തെ തീവണ്ടി മൂലമുണ്ടാവുന്ന അങ്കലാപ്പും സൃഷ്ടിക്കുന്നത്. ഒരു തീവണ്ടിനിലയത്തിലെ കാത്തിരിപ്പ് കാഴ്ചകൾ ആഖ്യാതാവിൽ സംഭവിപ്പിക്കുന്ന വിചിത്രമായ ഭാവനയിലൂടെയാണ് കഥ ഉരുവപ്പെടുന്നത്. അതുവഴി ‘കാത്തിരിപ്പി’ന്‍റെ മാനങ്ങളേയും സാർവലൗകികതയേയും കൂടെയാണ് കഥാകാരൻ സൂചിപ്പിക്കുന്നത്. കാത്തിരിപ്പിന്‍റെ ഏകതാനമായ ഭാവത്തെ അതിജീവിക്കുന്നത് അടുത്ത നിമിഷത്തിൽ സംഭവിച്ചേക്കുമെന്നു കരുതുന്ന ചില പ്രതീക്ഷകളാണ്. ചലനം തുടർച്ചയായ നിശ്ചലതയാണെന്ന വിപരീതയുക്തി കാത്തിരിപ്പിനെ സാധൂകരിക്കുന്നുവെന്നും പറയാം.എങ്കിലും കാത്തിരിപ്പിന്‍റെ പിരിമുറുക്കത്തിന് അയവു വരുന്നില്ല.

Comments

comments