സവർക്കറുടെ ക്ഷമാപണങ്ങൾ
1913 ഒക്ടോബറിൽ സർ റെജിനാൾഡ് ക്രഡ്ഡോക്ക് പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിലെ കാര്യങ്ങൾ അന്വേഷിച്ച് ഇന്ത്യാ ഗവണ്മെൻ്റിന് റിപ്പോർട്ട് സമർപ്പിക്കാനുള്ള ചുമതല ഏറ്റെടുക്കുകയുണ്ടായി. ഈ പദ്ധതിയുടെ ഭാഗമായി ക്രഡ്ഡോക്ക് ജയിലിലെത്തി വിനായക് ദാമോദർ സവർക്കർ, ഋഷികേശ് കാഞ്ചി ലാൽ, ബാരിൻ ഘോഷ്, നന്ദ് ഗോപാൽ, സുധീർ കുമാർ സർക്കാർ എന്നീ തടവുകാരുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. അതെ തുടർന്ന് സവർക്കർ, ക്രഡ്ഡോക്കിന് ഒരു അഭ്യർത്ഥന നൽകുകയുണ്ടായി. ആദ്യമായല്ല, മാപ്പപേക്ഷയുടെ സ്വരത്തിൽ അഭ്യർത്ഥനകൾ സവർക്കർ നൽകുന്നത്. മേൽപ്പറഞ്ഞ അഭ്യർത്ഥനയിൽ തന്നെ 1911-ൽ അദ്ദേഹം നൽകിയ മാപ്പപേക്ഷയെ കുറിച്ച് പറയുന്നുണ്ട്. തുടർന്ന് 1914 ഒക്ടോബറിൽ ചീഫ് കമ്മീഷണർക്കും 1917 ഒക്ടോബർ 5, 1920 മാർച്ച് 20 എന്നീ തീയതികളിൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഗവണ്മെൻ്റിനും സവർക്കർ മാപ്പപേക്ഷകൾ കൊടുക്കുന്നുണ്ട്. നിരന്തരമായ മാപ്പപേക്ഷകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ജയിലിലെത്തിയ സവർക്കർക്കു വേണ്ടി ജയിൽവിമോചനത്തിനായി മാപ്പപേക്ഷകൾ നൽകുന്നത് തുടർന്നു. 1921 – ’22-ൽ ബോംബെ ഗവർണ്ണറായിരുന്ന ജോർജ് ലോയ്ഡിന് വി.ഡി.സവർക്കറുടെ ഭാര്യ യമുനാ ബായി സവർക്കർ 2 മാപ്പപേക്ഷകൾ കൊടുക്കുകയുണ്ടായി. ഇതിലെല്ലാം തന്നെ താൻ ഇതുവരെ തുടർന്നു വന്നിരുന്ന സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾ ഉപേക്ഷിക്കാമെന്നും ഇന്ത്യയിലെ ബ്രിട്ടീഷ് നിയമഘടനയ്ക്ക് അനുസൃതമായി ജീവിച്ചു കൊള്ളാമെന്നും മാത്രമല്ല, തൻ്റെയും കൂട്ടാളികളുടെയും നിറഞ്ഞ പിന്തുണയും സവർക്കർ വാഗ്ദാനം ചെയ്യുന്നുമുണ്ട്. ബൈബിളിലെ തിരിച്ചു വരുന്ന മുടിയനായ പുത്രനായാണ് തന്നെത്തന്നെ ഈ കത്തുകളിൽ സവർക്കർ ചിത്രപ്പെടുത്തുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഗവണ്മെൻ്റിനെയാകട്ടെ മുടിയനായ പുത്രന് കാളക്കുട്ടിയെ അറുത്ത് കറി വെച്ചു കൊടുക്കാൻമാത്രം ഉദാരനായ രക്ഷാകർത്താവായും. പിൽക്കാല ഹിന്ദുത്വയിലെ ഗോകേന്ദ്രിതമായ പ്രവർത്തന മാതൃകയുടെ നേരെ വിപരീതമായ ഒന്ന് ഈ ബിബ്ലിക്കൽ ഉദാഹരണത്തിൽ അന്തർലീനമായിരിക്കുന്നു എന്നത് ചരിത്രത്തിൻ്റെ ഒരു തമാശയായി വായിക്കാം. മുടിയനായ പുത്രന് ബീഫ് സദ്യയായിരുന്നു ഒരുക്കിയിരുന്നത് !
ഈ മാപ്പപേക്ഷകർക്ക് സമാന്തരമായാണ് സവർക്കർ ഹിന്ദു സംഗതൻ പ്രവർത്തനങ്ങൾ തുടങ്ങി വെക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സവർക്കറിലെ ആദ്യകാല ഹിന്ദു സംഗതനിസ്റ്റ് ബ്രീട്ടീഷുകാർക്കെതിരാണെങ്കിൽ പിൽക്കാല ഹിന്ദുത്വവാദി ബ്രിട്ടീഷുകാർക്കൊപ്പമാണ് എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ലോകയുദ്ധത്തിൻ്റെ സമയത്ത് ബ്രിട്ടീഷ് ഗവണ്മെൻ്റിൻ്റെ ഒപ്പം നിൽക്കുക മാത്രമല്ല, ആ സമയത്തെ പ്രോവിൻഷ്യൽ ഭരണങ്ങളിലുണ്ടായ പ്രതിസന്ധികളെ മറികടക്കാൻ ബ്രിട്ടീഷ് ഭരണകൂടത്തെ സവർക്കറും ഹിന്ദുമഹാസഭയും സഹായിക്കുക കൂടി ചെയ്തു.
സവർക്കർ 1913-ൽ ക്രഡ്ഡോക്കിന് സമർപ്പിച്ച അഭ്യർത്ഥനയുടെ വിവർത്തനം താഴെ കൊടുക്കുന്നു.
1913 നവംബർ 14-ന് ഇന്ത്യൻ ഗവണ്മെന്റിന്റെ ഹോം മെമ്പറായിരുന്ന റെജിനാൾഡ് ക്രഡ് ഡോക്കിന് വി.ഡി. സവർക്കർ സമർപ്പിച്ച അഭ്യർത്ഥന
താഴെപ്പറയുന്ന കാര്യങ്ങൾ താങ്കളുടെ പരിഗണനയ്ക്കായി സമക്ഷത്തിങ്കൽ സമർപ്പിക്കുന്നു:
1. 1911 ജൂണിൽ ഞാനിവിടെ എത്തിയപ്പോൾ (ആൻഡമാൻ ജയിലിൽ: വിവ), എന്നോടൊപ്പമുണ്ടായിരുന്ന മറ്റ് തടവുകാർക്കൊപ്പം എന്നെ ചീഫ് കമ്മീഷണറുടെ ഓഫീസിൽ ഹാജരാക്കുകയുണ്ടായി. അവിടെ വെച്ച് എന്നെ D എന്ന ഗണത്തിലെ തടവുകാരനാക്കി മാറ്റി. D എന്നാൽ അപകടകാരിയായ തടവുകാരൻ (Dangerous prisoner ) എന്നർത്ഥം. മറ്റ് തടവുകാരെ D ഗണത്തിൽ പെടുത്തിയില്ല. അതെ തുടർന്ന് 6 മാസം പൂർണ്ണമായും ഏകാന്തത്തടവിൽ കഴിഞ്ഞു. മറ്റുള്ളവർ അങ്ങനെയായിരുന്നില്ല. അന്നു മുതൽ കയർ പിരിയ്ക്കുന്ന ജോലിയ്ക്ക് എന്നെ നിയോഗിക്കുകയുണ്ടായി, എന്റെ കൈകളിൽ നിന്ന് രക്തം വമിച്ചിട്ട് പോലും. പിന്നീട് എണ്ണയാട്ടുന്ന മില്ലിൽ, ജയിലിലെ ഏറ്റവും കാഠിന്യമാർന്ന ജോലിയ്ക്ക്, എന്നെ നിയോഗിക്കുകയുണ്ടായി. ഇക്കാലയളവിൽ എന്റെ പെരുമാറ്റം അസാധാരണമാം വിധം മികച്ചതായിരുന്നെങ്കിൽ പോലും എന്നെ തടവിൽ നിന്നും മുക്തമാക്കിയില്ല. എന്റെ കൂടെ വന്നവരോട് ചെയ്ത പോലെ. ആ സമയം മുതൽ ഇന്ന് വരെ എന്റെ സ്വഭാവം എനിയ്ക്ക് കഴിയും വിധം മെച്ചപ്പെട്ടതായി സംരക്ഷിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.
2. തടവിലെ സ്ഥാനക്കയറ്റത്തിന് അപേക്ഷിച്ചപ്പോൾ, ഞാൻ ഒരു സവിശേഷ തടവുകാരനാണെന്നും അതിനാൽ സ്ഥാനക്കയറ്റത്തിന് അർഹതയില്ലെന്നുമാണ്. എന്നാൽ പ്രത്യേക ഭക്ഷണത്തിനോ പ്രത്യേക പരിചരണത്തിനോ ആവശ്യപ്പെട്ടാൽ ഞങ്ങളോട് പറയുക “നിങ്ങൾ സാധാരണ തടവുകാരായതിനാൽ മറ്റുള്ളവർ കഴിക്കുന്നത് തന്നെ കഴിക്കേണ്ടതാണ് ” എന്നാണ്. അതിനാൽ ഞങ്ങളെ സവിശേഷ തടവുകാർ എന്ന ഗണത്തിൽപ്പെടുത്തിയത് സവിശേഷമായ അസൗകര്യങ്ങൾക്ക് വേണ്ടിയാണ് എന്ന് ബഹുമാനപ്പെട്ട അങ്ങ് കാണേണ്ടതുണ്ട്.
3. ഭൂരിപക്ഷം തടവുകാരേയും പുറത്തേയ്ക്ക് വിട്ട അവസരത്തിൽ ഞാനും എന്റെ വിടുതലിനായി അപേക്ഷിക്കുകയുണ്ടായി. രണ്ടോ മൂന്നോ പ്രാവശ്യം എന്നെ ഏകാന്തത്തടവിന് വിധിച്ചിരുന്നു. അതേ സമയം മറ്റു ചിലരെ ഒരു ഡസനോ അതിൽ കൂടുതലോ തവണ വിട്ടയച്ചിട്ടും എന്നെ വിടുകയുണ്ടായില്ല. കാരണം ഞാൻ അവരുടെ നോട്ടപ്പുള്ളി ആയിരുന്നു. എന്നെ ഏകാന്തത്തടവിൽ നിന്നും വിമോചിപ്പിക്കാനുള്ള കല്പന വന്നപ്പോഴാകട്ടെ പുറത്തുള്ള ചില രാഷ്ട്രീയത്തടവുകാർ പ്രശ്നങ്ങളിൽ പെടുകയും എന്നാൽ അവരുടെ നോട്ടപ്പുള്ളി ആയതു കൊണ്ടു മാത്രം എന്നെ അതിൻ്റെ പേരിൽ അകത്തിടുകയും ചെയ്തു.
4. ഇന്ത്യൻ ജയിലുകളിൽ ആയിരുന്നെങ്കിൽ ഒരു പക്ഷെ ഈ സമയം കൊണ്ട് കുറേക്കൂടി സ്വതന്ത്രനാക്കപ്പെടുകയും വീട്ടിലേയ്ക്ക് കൂടുതൽ എഴുത്തുകൾ അയയ്ക്കാനും കൂടുതൽ സന്ദർശകരെ കാണുവാനും കഴിയുമായിരുന്നു. ഞാൻ നാടുകടത്തപ്പെട്ടവൻ ആയിരുന്നെങ്കിൽ ഇക്കാലം കൊണ്ട് എളുപ്പത്തിൽ ഈ ജയിലിൽ നിന്നും കുറ്റവിമുക്തനായി മോചിക്കപ്പെടുകയും ടിക്കറ്റിനും അവധിയ്ക്കും വേണ്ടി കാത്തിരിക്കുകയും ചെയ്തേനെ. പക്ഷെ, ഇപ്പോൾ ഇന്ത്യൻ ജയിലിലെ ആനുകൂല്യങ്ങളോ കോളനി റെഗുലേഷൻ്റെ ആനുകൂല്യങ്ങളോ ഫലത്തിൽ എനിക്ക് ലഭിയ്ക്കുന്നില്ല. അതേ സമയം ഈ രണ്ട് നിയമങ്ങളുടേയും മോശപ്പെട്ട ഫലങ്ങൾ അനുഭവിക്കുന്നുണ്ടു താനും.
5. അതിനാൽ ബഹുമാനപ്പെട്ട അങ്ങേയ്ക്ക് എന്നെ പ്രതിഷ്ഠിച്ചിട്ടുള്ള ഈ ദുർഘടസന്ധിയ്ക്ക് അന്ത്യം കുറിക്കാൻ ദയവുണ്ടാകണം. ഒന്നുകിൽ എന്നെ ഇന്ത്യൻ ജയിലുകളിലേയ്ക്ക് അയക്കുകയോ അല്ലെങ്കിൽ മറ്റേത് തടവുകാരനെപ്പോലെയും നാടുകടത്തപ്പെട്ടവനായി എന്നെ കണക്കാക്കുകയോ ചെയ്യണം. ലോകത്തിലെ ഏത് സ്വതന്ത്ര രാജ്യത്തേയും പരിഷ്കൃതമായ ഒരു പൊതുഭരണ സമ്പ്രദായത്തിൽ നിന്ന് ഒരു രാഷ്ട്രീയ തടവുകാരൻ പ്രതീക്ഷിക്കുന്നതെന്തോ, അത് പോലും ഞാൻ ആവശ്യപ്പെടുന്നില്ല. മറിച്ച് ഏറ്റവും മോശപ്പെട്ട തടവുകാർക്കും സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികൾക്കും നൽകുന്ന ഇളവുകൾ മാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത്. ഈ ജയിലിൽ എന്നന്നേയ്ക്കുമായി എന്നെ തളച്ചിടാനുള്ള പദ്ധതി ജീവനും ശുഭപ്രതീക്ഷയും നിലനിർത്തുന്ന ഏതെങ്കിലും സാധ്യതയെപ്പറ്റി അങ്ങേ അറ്റത്തെ നിരാശ മാത്രമാണ് എനിയ്ക്ക് നൽകുന്നത്. ഹ്രസ്വകാല തടവുകാരെ സംബന്ധിച്ച് കാര്യങ്ങൾ വ്യത്യസ്തമാണ്. പക്ഷെ സാർ, മുഖത്ത് തുറിച്ച് നോക്കുന്ന 50 വർഷങ്ങൾ ആണ് എനിയ്ക്കുള്ളത്. ഏറ്റവും മോശപ്പെട്ട കുറ്റവാളികൾക്ക് പോലും നൽകുന്ന അവരുടെ തടവുജീവിതത്തെ അയത്നലളിതമാക്കുന്ന ഇളവുകൾ എനിയ്ക്ക് നിഷേധിക്കപ്പെടുമ്പോൾ എങ്ങനെയാണ് ഇടുങ്ങിയ തടവറയിൽ കിടന്നു കൊണ്ട് ഇത്രയും വർഷം മറികടക്കാനാവശ്യമായ ധാർമ്മികമായ ഊർജ്ജം സംഭരിക്കാനാകുക?
അതിനാൽ ഒന്നുകിൽ എന്നെ ഇന്ത്യൻ ജയിലുകളിലേയ്ക്ക് അയയ്ക്കുക. അവിടെ എനിയ്ക്ക്
(എ) മോചനം അല്ലെങ്കിൽ
(ബി ) നന്നാലുമാസത്തിലൊരിക്കൽ ബന്ധുജനങ്ങളെ കാണാനുള്ള അവസരം ലഭിയ്ക്കും. ദൗർഭാഗ്യവശാൽ ജയിലിൽ ആയിപ്പോയവർക്ക് അറിയാം അവരുടെ ബന്ധുമിത്രാദികളെ ഇടയ്ക്കിടെ കാണാൻ കഴിയുന്നത് എത്ര മാത്രം അനുഗ്രഹീതമായ ഒന്നാണെന്നത്.
(സി) 14 വർഷത്തിന് ശേഷം മോചനം ലഭിയ്ക്കുക എന്നത് ധാർമ്മികമായ, നിയമപരമായല്ലെങ്കിലും, അവകാശം കൂടിയാണ്
(ഡി ) അത് പോലെ തന്നെ കത്തുകൾ എഴുതാനും മറ്റുമുള്ള ചെറിയ അവകാശങ്ങളും. ഇനി എന്നെ ഇന്ത്യൻ ജയിലുകളിലേയ്ക്ക് അയയ്ക്കുന്നില്ലെങ്കിൽ മറ്റേത് കുറ്റവാളിയേയും പോലെ 5 വർഷങ്ങൾക്ക് ശേഷം എൻ്റെ കുടുംബത്തെ സന്ദർശിക്കാനായി ലീവ് അനുവദിച്ച് ശുഭാപ്തി വിശ്വാസത്തോടെ ജയിലിന് പുറത്തേയ്ക്ക് അയക്കേണ്ടതാണ്.
ഇത് അനുവദിക്കുകയാണെങ്കിൽ, അവശേഷിക്കുന്ന ഒരേ ഒരു പരാതി, സ്വന്തം തെറ്റുകുറ്റങ്ങൾക്ക് മാത്രമേ ഞാൻ ഉത്തരവാദിയാകുന്നുള്ളൂ, മറ്റുള്ളവരുടെ തെറ്റ് കുറ്റങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല എന്നതാണ്. ഇക്കാര്യത്തിന് – എല്ലാ മനുഷ്യരുടേയും അടിസ്ഥാന അവകാശത്തിന് വേണ്ടി അഭ്യർത്ഥിക്കുക എന്നത് തീർച്ചയായും ദയനീയമായ ഒന്നാണ്. ഒരു വശത്ത് ചെറുപ്പക്കാരും പ്രവർത്തനനിരതരും അസ്വസ്ഥരുമായ പത്തിരുപത് ചെറുപ്പക്കാരും മറുവശത്ത് ഒരു കുറ്റവാളിസമൂഹത്തിനു മേലുള്ള നിയന്ത്രണങ്ങൾ. ചിന്തയുടേയും ആവിഷ്ക്കാരത്തിൻ്റേയും സ്വാതന്ത്ര്യങ്ങളെ സാധ്യമായ ഏറ്റവും ഇടുക്കത്തിലെത്തിക്കുക എന്ന ആ നിയന്ത്രണങ്ങളുടെ സ്വഭാവം. ഇതെല്ലാം കൊണ്ട് അവരിൽ ചിലർ ഒന്നോ രണ്ടോ നിയന്ത്രിത ചട്ടങ്ങളെ അതിലംഘിക്കുന്നതായി കാണുക അത്യന്താപേക്ഷിതമാണ്.
അവസാനമായി ബഹുമാനപ്പെട്ട അങ്ങയോട് 1911-ൽ ഞാൻ അയച്ച ദയാഹർജിയിലൂടെ കടന്നുപോകുന്നത് നന്നായിരിക്കുമെന്ന് ഓർമ്മിപ്പിക്കുന്നു. അത് അനുവദിച്ചു കിട്ടാൻ ഇന്ത്യൻ ഗവണ്മെൻ്റിന് അയച്ചുകൊടുക്കുകയുണ്ടായോ? ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടായ പുതിയ വികാസങ്ങളും അവയോട് ഗവണ്മെൻ്റ് എടുക്കുന്ന സൗഹാർദ്ദപൂർവ്വമായ നയങ്ങളും ഭരണഘടനാപരമായ രീതികൾ ഒന്നുകൂടി തുറന്നു തരുന്നുണ്ട്. ഇന്ന് ഇന്ത്യയുടെ നന്മയും മനുഷ്യത്വവും ഉള്ളിലുള്ള ഒരാളും മുൾപ്പാതകളിലേയ്ക്ക് അന്ധമായി എടുത്തു ചാടില്ല. 1906- ‘07-ലെ ആവേശോജ്ജ്വലവും അതേ സമയം നിരാശാജനകവുമായ അക്കാലം ഞങ്ങളെ സമാധാനത്തിൻ്റേയും പുരോഗതിയുടേയും പാതയിൽ നിന്ന് വ്യതിചലിപ്പിച്ചു. അതിനാൽ ഗവണ്മെൻ്റ് അതിൻ്റെ ഉദാരതയാലും കരുണയാലും എന്നെ വിമോചിപ്പിക്കുകയാണെങ്കിൽ ഭരണഘടനാപരമായ പുരോഗതിയുടേയും ആ പുരോഗതിയുടെ മുൻകൂർ അവസ്ഥയായ ഇംഗ്ലീഷ് ഗവണ്മെൻ്റിനോടുള്ള വിധേയത്വത്തിൻ്റേയും ഏറ്റവും ശക്തനായ വക്താക്കളിൽ ഒരാൾ അല്ലാതെ മറ്റാരും ആയിരിക്കില്ല ഞാൻ. ഞങ്ങൾ ജയിലിൽ ആയിരിക്കുന്നിടത്തോളം കാലം പൊന്നുതമ്പുരാൻ്റെ ഇന്ത്യൻ പ്രജകളുടെ നൂറുകണക്കിനും ആയിരക്കണക്കിനുമുള്ള വീടുകളിൽ ശരിയായ ആഹ്ളാദമോ സന്തുഷ്ടിയോ ഉണ്ടായിരിക്കില്ല. കാരണം രക്തം വെള്ളത്തേക്കാൾ കട്ടിയുള്ളതാണ്. അതേ സമയം ഞങ്ങൾ വിമോചിതരാകുകയാണെങ്കിൽ ജനങ്ങൾ സന്തോഷത്തിൻ്റേയും നന്ദിയുടേയും ഉദ്ലോഷം, എങ്ങനെ ശിക്ഷിക്കണം പ്രതികാരം ചെയ്യണം എന്നതിനപ്പുറം എങ്ങനെ തെറ്റുതിരുത്തിപ്പിക്കണമെന്നും പൊറുക്കണം എന്നും അറിയുന്ന ഗവണ്മെൻ്റിന് നേരെ, സ്വാഭാവികമായി ഉയർത്തും. അതിലുപരിയായി ഭരണഘടനയ്ക്ക് വിധേയപ്പെടാനുള്ള എൻ്റെ മനംമാറ്റം എന്നെ മാർഗ്ഗദർശിയായിക്കാണുന്ന ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി വഴി തെറ്റിയ ചെറുപ്പക്കാരെ മടക്കിക്കൊണ്ടുവരും. ഗവണ്മെൻ്റ് ആഗ്രഹിക്കുന്നതനുസരിച്ച് ഏത് തരത്തിൽ സേവിക്കാനും ഞാൻ തയ്യാറാണ്. കാരണം എൻ്റെ മനംമാറ്റം പരിപൂർണ്ണമാണ്. ഭാവിയിൽ എൻ്റെ പെരുമാറ്റവും അങ്ങനെത്തന്നെയായിരിക്കും എന്ന് ഞാൻ കരുതുന്നു. എന്നെ ജയിലിൽ തന്നെ പിടിച്ചിടുന്ന അവസ്ഥയെ മറ്റേത് അവസ്ഥയുമായി താരതമ്യപ്പെടുന്നതിലും കാര്യമില്ല. ഞങ്ങളുടെ തമ്പുരാന് ദയാനിർഭരനായിരിക്കാൻ കഴിവുണ്ടായിരിക്കേ, മുടിയനായ പുത്രൻ ഗവണ്മെൻ്റിൻ്റെ രക്ഷാകർത്തൃത്വത്തിൻ്റെ വാതിലുകളിലേയ്ക്കല്ലാതെ മറ്റെങ്ങോട്ടാണ് മടങ്ങുക ? ബഹുമാന്യനായ അങ്ങ് ഇക്കാര്യങ്ങൾ ഗൗരവത്തിലെടുക്കണം എന്ന് പ്രത്യാശിക്കുന്നു.
സവർക്കറുടെ അനേകം മാപ്പപേക്ഷകളിൽ ഒന്നു മാത്രം ആണിത്. വൈഭവ് പുരന്ദരേ പോലെ പിൽക്കാലത്ത് സവർക്കറെ വെള്ള പൂശാനുള്ള ദൗത്യം ഏറ്റെടുത്ത മാധ്യമ പ്രവർത്തകർ സവർക്കറുടെ മാപ്പപേക്ഷകളെ ജയിലിൽ നിന്ന് പുറത്തു വരാനുള്ള കൗശലങ്ങളായാണ് എണ്ണുന്നത്. അക്കാലത്തെ രാഷ്ട്രീയ നേതൃത്വം മുഴുവൻ ഇത്തരത്തിലുള്ള കൗശലങ്ങളാൽ നയിക്കപ്പെട്ടവർ ആയിരുന്നെങ്കിൽ ഇന്ത്യ ഇന്നും ബ്രിട്ടീഷ് കോളനിയായി തുടർന്നേനെ. കാരണം ആൻഡമാൻ ജയിലിൽ നിന്നും ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ജയിലിലേയ്ക്കും പിന്നീട് വീട്ടുതടങ്കലിലേയ്ക്കും തുടർന്ന് സാധാരണ ജീവിതത്തിലേയ്ക്കും മടങ്ങിയ സവർക്കർ തൻ്റെ ആദ്യകാല ബ്രിട്ടീഷ് വിരുദ്ധത മറച്ചു വെച്ചു. പകരം ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ ഉദ്ഘാടനം വഴി മുസ്ലീങ്ങൾക്കെതിരെ മത ഭൂരിപക്ഷത്തെ അണിനിരത്താൻ പ്രയത്നിച്ചു. ആഭ്യന്തരമായി ഭിന്നിപ്പിൽ ആകുന്ന ഇന്ത്യൻ ജനത, അക്കാലത്ത് ബ്രിട്ടീഷുകാരുടെ അദമ്യമായ ആഗ്രഹം ആയിരുന്നു എന്ന രാഷ്ട്രീയത്തോട് കൂട്ടി വായിക്കേണ്ട ഒന്നാണിത്
കൗശലക്കാരനായ രാഷ്ട്രീയക്കാരനിൽ നിന്ന് കുടിലനായ രാഷ്ട്രീയക്കാരനിലേയ്ക്കുള്ള സവർക്കറുടെ വളർച്ചയെ, മോഡിയിൽ എത്തി നിൽക്കുന്ന സ്വാതന്ത്ര്യാനന്തര ഇന്ത്യൻ രാഷ്ട്രീയവുമായി കൂട്ടി വായിക്കേണ്ടതുണ്ട്. ആഭ്യന്തര ഫാസിസം ആഗോള കോർപ്പറേറ്റിസവുമായി കൈകോർക്കുന്നതിൻ്റെ ആദ്യ മാതൃക സവർക്കറുടെ ബ്രിട്ടീഷ് സൗഹൃദ രാഷ്ട്രീയത്തിൽ അത്രമേൽ ദൃശ്യമാണ്.
2019 ജനുവരി 11-ലെ മാധ്യമം ആഴ്ചപ്പതിപ്പിൽ ലേഖകൻ എഴുതിയ സത്യാനന്തരം, സവർക്കർ എന്ന ലേഖനത്തിന്റെ ഒന്നാം ഭാഗം ലേഖകന്റെ ഫേസ്ബുക്ക് കുറിപ്പായി ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാവുന്നതാണ്.
Be the first to write a comment.