ഇന്ത്യയിൽ ഹിന്ദു ഫാസിസ്റ്റ് ശക്തികൾ അധികാരത്തിലിരുന്നപ്പോഴൊക്കെ, നിരന്തരം ശ്രമിച്ചിരുന്ന ഒന്ന്, വിനായക് ദാമോദർ സവർക്കർക്ക് ഒരു സുവർണ്ണ ഭൂതകാലം ഉണ്ടാക്കുക എന്നതായിരുന്നു. സവർക്കറെ ഉയർത്തിക്കൊണ്ടു വരുന്നതിലൂടെ രണ്ട് കാര്യങ്ങൾ ആണ് അവർ ഉദ്ദേശിയ്ക്കുന്നത്. ഒന്ന്, ഹിന്ദുത്വ എന്ന, സവർക്കർ ആവിഷ്ക്കരിച്ച പ്രത്യയശാസ്ത്രത്തിന് സാംസ്ക്കാരിക സാധുത നൽകുക. രണ്ടാമത്തേത്, നിലവിലിരിയ്ക്കുന്ന സ്വാതന്ത്ര്യ സമര പാഠത്തെ, അപ്പാടെ മാറ്റിയെഴുതുക. ദേശീയതയെ മതാധിഷ്ഠിത ദേശവുമായി അഭേദ്യമാം വിധം കൂട്ടിക്കെട്ടുക വഴി ദേശഭക്തി എന്നത് മതഭക്തിയും, സ്വാതന്ത്ര്യ സമരം എന്നത് അധീശ ശക്തികൾക്കെതിരെ എന്ന പോലെ, മറ്റ് മതക്കാർക്ക് എതിരെയുള്ളതും ആയി പരിണമിക്കുകയും ചെയ്യുന്നു. വാജ്പേയി ഗവണ്മെന്റ് സവർക്കറെ പൊതുസ്മരണയിലേയ്ക്ക് വീരനായി ജ്ഞാനസ്നാനം ചെയ്തെടുക്കാൻ ചെയ്ത കാര്യങ്ങളും തുടർന്ന് മോദിയുടെ ഒന്നാം ഗവണ്മെന്റും മോദി തന്നെയും അതിന് വേണ്ടി ചെയ്ത കാര്യങ്ങളും, 2019-ന്റെ തുടക്കത്തിൽ ഈ ലേഖകൻ തന്നെ എഴുതിയ സത്യാനന്തരം സവർക്കർ എന്ന ലേഖനത്തിൽ പരാമർശിച്ചിരുന്നു. അത് ഇവിടെ വായിക്കാം.

എന്നാൽ, ഹിന്ദുത്വ ഫാസിസ്റ്റ് ഗവണ്മെന്റിന്റെ സവർക്കറെ വച്ചുള്ള കളി അവിടെ നിന്നില്ല. സവർക്കറുടെ മറാത്ത മണ്ണിൽ, തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബി.ജെ.പി- ശിവസേനാ സഖ്യം മുന്നോട്ട് വെച്ച തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ സവർക്കർക്ക് ഭാരതരത്നം നൽകാൻ പ്രവർത്തിക്കും എന്ന ആശയം മുന്നോട്ട് വെച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ മോദി ഇത് പ്രസംഗവേദികളിൽ പ്രതിധ്വനിപ്പിക്കുകയുണ്ടായി. സവർക്കർ ബ്രിട്ടീഷ് വാസക്കാലത്ത് എഴുതിയ, അന്ന് ഹിന്ദുത്വ എന്ന ആശയത്തിൽ സവർക്കർ എത്തിയിട്ടില്ല എന്നോർക്കണം, 1857-ലെ സ്വാതന്ത്ര്യ സമരം എന്ന പുസ്തകത്തെ അമിത് ഷാ പാശ്ചാത്യ ചരിത്രരചനയുടെ ബദൽ ആയി വാഴ്ത്തി.

ഇങ്ങനെ സവർക്കർ വാഴ്ത്തുകൾ, ഹിന്ദുത്വ ചരിത്ര നിർമ്മിതിയുടെ ഉറപ്പുള്ള ഇഷ്ടികകൾ ആയി ഉപയോഗിക്കപ്പെടുന്ന ഈ സമയത്ത്, ചരിത്രത്തിലൂടെ വെളിപ്പെടുന്ന സവർക്കറെ, അല്പം കൂടി നാം കണ്ടെടുക്കേണ്ടതുണ്ട്. സവർക്കറെ മുൻനിർത്തിയുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സത്യാനന്തര ചരിത്ര നിർമ്മിതിയ്ക്ക് മുന്നിൽ ഏറ്റവും തടസ്സമായി നിൽക്കുന്നത് ഗാന്ധിയാണ്. തന്റെ അന്ത്യദിനങ്ങളിൽ ഗാന്ധി യഥാർത്ഥത്തിൽ പൊരുതിയിരുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പല തരം ഹൈഡ്രാ ശിരസ്സുകളോടാണ്. അങ്ങനെയാണ് ഗാന്ധി വധിയ്ക്കപ്പെടുന്നത്. അഹിംസയുടെ അപ്പോസ്തലൻ, ഹിംസയ്ക്ക് വിധേയമായതിന്റെ വൈരുദ്ധ്യം ഒരു ചരിത്ര വിദ്യാർത്ഥിയെ ധാർമ്മികമായി കുഴപ്പിയ്ക്കുന്ന ഒരു ചോദ്യം ആണ്. എന്നാൽ ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ സവർക്കറിസത്തേയും ഹിന്ദുത്വ ഫാസിസത്തേയും പ്രതിരോധിയ്ക്കുന്ന ഏറ്റവും തെളിമയാർന്ന ഒരു ചരിത്ര സാന്നിദ്ധ്യം ഗാന്ധി വധവും അത് ഉണ്ടാക്കിയ സംഭവപരമ്പരകളും ആണ്. അതിനാൽ ഗാന്ധിയുടെ വധം, ഒരു ഭൂതകാല മുറിവോ, അതുണ്ടാക്കിയ വേദനയുടെ സ്മരണയോ മാത്രമല്ല. അത് ഏറ്റവും സജീവമായ ഒരു രാഷ്ട്രീയ പ്രസ്താവന കൂടിയാണ്. ഇത് മനസ്സിൽ വെച്ച് നമുക്ക് ഗാന്ധി വധത്തിന്റെ ചില രേഖകളിലേയ്ക്ക് കടക്കാം

ഗാന്ധി വധത്തിലെ പ്രതികൾ കോടതി രേഖകൾ അനുസരിച്ച് താഴെപ്പറയുന്നവർ ആയിരുന്നു
1. നാഥുറാം ഗോഡ്സേ, ഏതാണ്ട് 37 വയസ്സ്
2. നാരായൺ ആപ്തേ, ഏതാണ്ട് 34 വയസ്സ്
3. വിഷ്ണു കർക്കരേ, ഏതാണ്ട് 38 വയസ്സ്
4. മദൻലാൽ പഹ് വ, ഏതാണ്ട് 20 വയസ്സ്
5. ശങ്കർ കിസ് തയ്യ, ഏതാണ്ട് 20 വയസ്സ്
6. ഗോപാൽ ഗോഡ്സേ, ഏതാണ്ട് 27 വയസ്സ്
7. വി.ഡി. സവർക്കർ, ഏതാണ്ട് 66 വയസ്സ്
8. ഡോ. ഡി. എസ്. പർച്ചൂരേ, ഏതാണ്ട് 47 വയസ്സ്

മറ്റൊരു പ്രതിയായ ദിഗംബർ ബാഡ്ഗേ വിചാരണ വേളയിൽ പോലീസ് അപ്രൂവർ ആയി കൂറുമാറിയത് കൊണ്ട് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഗംഗാധർ ദണ്ഡവാതേ, ഗംഗാധർ യാദവ്, സൂര്യദേവ് ശർമ്മ എന്നീ പ്രതികളെ കണ്ട് കിട്ടിയില്ല.

നാഥുറാം ഗോഡ്സെ, നാരായൺ ആപ്തെ, വിഷ്ണു കർക്കരേ
നാഥുറാം ഗോഡ്സെ, നാരായൺ ആപ്തെ, വിഷ്ണു കർക്കരേ

അന്വേഷക സംഘത്തിന്റെ കണ്ടെത്തലുകൾ വിരൽ ചൂണ്ടിയ സംഭവ വികാസങ്ങളെ നമുക്ക് താഴെപ്പറയും പ്രകാരം ക്രോഡീകരിയ്ക്കാം. 1948 ജനുവരി 14-ന് ദിഗംബർ ബാഡ്ഗേ എന്ന, പൂനയിൽ ശസ്ത്ര ഭണ്ഡാർ എന്ന ആയുധപ്പുര നടത്തുന്ന വ്യക്തി തന്റെ ജോലിക്കാരനായ ശങ്കർ കിസ്തയ്യയുമൊത്ത് ബോംബെയിൽ എത്തി. അനധികൃതമായി സംഭരിച്ച രണ്ട് ഗൺ കോട്ടൺ സ്ലാബുകളും അഞ്ച് ഹാൻഡ് ഗ്രനേഡുകളും കൊണ്ടാണ് അവർ ബോംബെയിൽ എത്തുന്നത്. ദിഗംബർ ബാഡ്ഗേ ഹിന്ദുമഹാസഭയിൽ പ്രവർത്തിച്ചിരുന്നു. ഹിന്ദുമഹാസഭയുടെ നേതാവായ ജി.വി. കേത്ക്കറുമായി അടുത്ത ബന്ധം അയാൾ പുലർത്തിയിരുന്നു. ആനന്ദാശ്രമം, ഹിന്ദു സംഗതൻ സമിതി തുടങ്ങിയ ഹിന്ദുസ്ഥാപനങ്ങളുടെ നടത്തിപ്പിനാവശ്യമായ സമ്പദ് സമാഹരണത്തിൽ കേത്ക്കറുമൊത്ത് അയാൾ അടുത്ത് പ്രവർത്തിച്ചിരുന്നു. ബോംബെയിൽ എത്തിയ ബാഡ്ഗേ ഹിന്ദുത്വ പ്രസ്ഥാനങ്ങളുമായി അടുത്തു പ്രവർത്തിക്കുകയും, ഹിന്ദുക്കളുടെ ആത്മീയാചാര്യനായ ദാദാജി മഹാരാജിന്റെ സഹോദരനായ ദീക്ഷിത് മഹാരാജിനെ ഭൂലേശ്വർ ക്ഷേത്രപരിസരത്ത് പോയിക്കാണുകയും തന്റെ വെടിക്കോപ്പുകൾ അദ്ദേഹത്തിന്റെ വീട്ടിൽ സൂക്ഷിക്കുകയും ചെയ്തു. അന്നേ ദിവസം തന്നെ ഗാന്ധി വധത്തിലെ പ്രധാന പ്രതികളായ ഗോഡ്സേയും ആപ്തേയും ബോംബെയിൽ വൈകുന്നേരം എത്തുകയുണ്ടായി. അവരും ദീക്ഷിത് മഹാരാജിന്റെ അടുത്ത് നിന്ന് ഗാന്ധി വധത്തിന് അവശ്യമായ തോക്ക് സംഘടിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും, കിട്ടിയില്ല. ഗാന്ധി വധത്തിലെ മറ്റ് പ്രതികൾ ആയ വിഷ്ണു കർക്കരേയും മദൻലാൽ പഹ് വയും നേരത്തേ തന്നെ എത്തി ബോംബെയിലെ ഹിന്ദുമഹാസഭാ കാര്യാലയത്തിൽ താമസിക്കുന്നുണ്ടായിരുന്നു.

പിറ്റേന്ന്, 1948 ജനുവരി 15-ന് കർക്കരെയും മദൻലാലും ദീക്ഷിത് മഹാരാജിന്റെ വീട്ടിൽ നിന്നും ബാഡ്ഗേ ഏല്പിച്ച വെടിക്കോപ്പുകൾ ഏറ്റെടുക്കുകയുണ്ടായി. അവ കിടക്കയിൽ പൊതിഞ്ഞ് തീവണ്ടിയിൽ ഡെൽഹിയ്ക്ക് കൊണ്ടുപോയി. ബാഡ്ഗേയും ശങ്കറും ഗോഡ്സേയും പൂനയ്ക്ക് തന്നെ മടങ്ങി. തന്റെ സഹോദരനായ ഗോപാൽ ഗോഡ്സേയുടെ കൈയ്യിൽ ഒരു തോക്ക് ഉണ്ടെന്നറിഞ്ഞ് അത് വാങ്ങാനാണ് ഗോഡ്സേ പുറപ്പെട്ടത്. ബാഡ്ഗേ ആകട്ടെ, ഗാന്ധി വധത്തിനായി ഡെൽഹിയ്ക്ക് പുറപ്പെടുന്ന ഇടവേളയിൽ തന്റെ “ശസ്ത്ര ഭണ്ഡാറി” ന്റെ നടത്തിപ്പുകാര്യങ്ങൾ ശരിയാക്കി എടുക്കാനാണ് പൂനയിലേയ്ക്ക് തിരിച്ചു വന്നത്.

തുടർന്ന് ബാഡ്ഗേയും ശങ്കറും 1948 ജനുവരി 17-ന് പൂനയിൽ നിന്നും ബോംബെയിൽ എത്തി. അതേ ദിവസം തന്നെ ഗോഡ്സേ തിരിച്ച് ബോംബെയിൽ എത്തുകയും ഹിന്ദുത്വത്തെ പിന്തുണയ്ക്കുന്ന വ്യാപാരികളിൽ നിന്ന് പതിനായിരത്തിൽപ്പരം രൂപ ശേഖരിയ്ക്കുകയും, അന്ന് തന്നെ ഡൽഹിയിലേയ്ക്ക് വിമാനത്തിൽ പോകുകയും ചെയ്തു. കള്ളപ്പേരുകളിലാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഡെൽഹിയിൽ കൊണാട്ട് സർക്കസിലെ മറീന ഹോട്ടലിൽ ആണ് അവർ അന്ന് താമസിച്ചത്. പുതിയ കള്ളപ്പേരുകളിൽ. മദൻലാലും കർക്കരെയും അന്ന് തന്നെ അവിടെ എത്തിയിരുന്നു. ഹിന്ദുമഹാസഭയുടെ ഓഫീസിൽ സ്ഥലം കിട്ടാഞ്ഞതിനാൽ ഷെരീഫ് എന്ന ഹോട്ടലിൽ ആണ് അവർ താമസിച്ചത്. ബാഡ്ഗേയും ശങ്കറും ജനുവരി 19-ന് വൈകീട്ട് ഡെൽഹിയിൽ എത്തി ഹിന്ദുമഹാസഭാ ഭവനിൽ താമസിച്ചു. ഗോപാൽ ഗോഡ്സേ ജനുവരി 17-നോട് അടുപ്പിച്ച് ഡെൽഹിയിൽ എത്തി. മറ്റൊരു ഭാഷ്യം പറയുന്നത് ഗോപാൽ ഗോഡ്സേ ജനുവരി 18-ന് എത്തുകയും അന്ന് രാത്രി റെയിൽവേ പ്ലാറ്റ്ഫോമിൽ തങ്ങിയ ശേഷം ജനുവരി 19-ന് ഹിന്ദു മഹാസഭയുടെ കാര്യാലയമായ ഹിന്ദുമഹാസഭാ ഭവനിൽ എത്തി എന്നാണ്. എന്തായാലും ജനുവരി-19 ന് ബാഡ്ഗേ, ശങ്കർ, ഗോപാൽ ഗോഡ്സേ, മദൻലാൽ എന്നിവർ ഹിന്ദുമഹാസഭാ ഭവനിൽ ആണ് തങ്ങിയത്.

ആപ്തേ, ബാഡ്ഗേ, ശങ്കർ എന്നിവർ 1948 ജനുവരി 20-ന് രാവിലെ, ഗാന്ധി താമസിക്കുന്ന ബിർള മന്ദിരത്തിൽ ചെന്ന് പ്രാർത്ഥനാ മൈതാനവും ബിർളാ മന്ദിരത്തിലെ വേലക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സുകളും പരിശോധിക്കുകയുണ്ടായി. തിരിച്ചു വന്ന് ഹിന്ദു മഹാസഭാ ഭവന് പിന്നിലെ വനത്തിൽ അവർ രണ്ട് കൈയ്യിലുള്ള രണ്ട് റിവോൾവറുകളും പരിശോധിച്ചു. അത്രമേൽ അവ ഉപയോഗ്യയോഗ്യമല്ലെന്ന് മനസ്സിലാക്കി

തുടർന്ന് അവർ മറീന ഹോട്ടലിൽ നാഥുറാം ഗോഡ്സേയുടെ മുറിയിൽ സമ്മേളിക്കുകയും ഗാന്ധി വധത്തിന്റെ ആസൂത്രണത്തിന് അവസാന രൂപം കൊടുക്കുകയും ചെയ്തു. ഗാന്ധിയുടെ പ്രാർത്ഥനാവേളയിൽ മദൻലാൽ ബിർള മന്ദിരത്തിന് പിറകിൽ ഗൺ കോട്ടൺ സ്ലാബ് ഉപയോഗിച്ച് സ്ഫോടനം നടത്തുക. അത് ജനക്കൂട്ടത്തിലുണ്ടാക്കുന്ന ആശയക്കുഴപ്പത്തിനിടയിൽ ബാഡ്ഗേയും ശങ്കറും ഗാന്ധിയ്ക്ക് നേരെ വെടിയുതിർക്കുക. അതോടൊപ്പം ഓരോ ഹാൻഡ് ഗ്രനേഡ് അവർ ഗാന്ധിയ്ക്ക് നേരെ എറിയുകയും വേണം. വേലക്കാരുടെ ക്വാർട്ടേഴ്സുകളിൽ നേരത്തേ കയറിപ്പറ്റി ചുവരിൽ സ്ഥാപിച്ചിട്ടുള്ള ട്രില്ലീസിന്റെ ദ്വാരങ്ങളിൽ കൂടിയാണ് ഇതൊക്കെ ചെയ്യേണ്ടത്. അവിടെ നിന്ന് പ്രാർത്ഥനാവേളയിൽ ഗാന്ധിയുടെ പുറക് വശത്തേയ്ക്ക് വെടിയുതിർക്കുക എളുപ്പമാണെന്ന് അവർ നേരത്തേ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഫോട്ടോഗ്രാഫറുടെ വേഷം ധരിച്ച് നേരത്തെ അവിടെ കയറിപ്പറ്റണം എന്നും ധാരണയായി. ബാക്കി ഗ്രനേഡുകൾ ഗോപാലും മദൻലാലും കർക്കരെയും മഹാത്മജിയുടെ നേർക്ക് എറിയുക. ഓരോരുത്തർക്കും അവരവരുടെ നിക്ഷിപ്ത ചുമതല നിർവ്വഹിക്കാനുള്ള അടയാളം അപ്പഴപ്പോൾ ഗോഡ്സേയും ആപ്തേയും നൽകും. ഇതായിരുന്നു അവസാന രൂപരേഖ.

ഇതനുസരിച്ച് ആയുധങ്ങൾ ഓരോരുത്തർക്കും നൽകുകയുണ്ടായി. മദൻലാലും കർക്കരേയും മറീന ഹോട്ടലിൽ നിന്നും ആദ്യം ബിർളാ മന്ദിരത്തിലേയ്ക്ക് പോയി. നാഥുറാം ഗോഡ്സേ ഒഴിച്ചുള്ളവർ പിന്നീടും. ഗോഡ്സേ ഏറ്റവും അവസാനം ടാക്സിയിൽ ബിർളാ മന്ദിരത്തിൽ എത്തിച്ചേർന്നു.

പറഞ്ഞുറപ്പിച്ച പോലെ മദൻലാൽ ഗൺ കോട്ടൺ സ്ലാബ് പൊട്ടിച്ചു. എന്നാൽ മറ്റുള്ളവർ അവരവരുടെ റോൾ കൈകാര്യം ചെയ്തില്ല. ദൗത്യം പരാജയപ്പെട്ടുവെന്ന് കണ്ട നാഥുറാം ഗോഡ്‌സേ, ആപ് തേ, ഗോപാൽ ഗോഡ്സേ എന്നിവർ അങ്ങോട്ട് വന്ന ടാക്സിയിൽ തന്നെ രക്ഷപ്പെട്ടു. കർക്കരേയും ബാഡ്ഗേയും ശങ്കറും രക്ഷപ്പെടുകയുണ്ടായി. എന്നാൽ മദൻലാൽ പഹ് വ പിടിയിലായി.

ബോംബെയിൽ തിരിച്ചെത്തിയ ഗോഡ്സേയും ആപ്തേയും ദാദാജി മഹാരാജിൽ നിന്നും ദീക്ഷിത് ജി മഹാരാജിൽ നിന്നും പിസ്റ്റൾ സംഘടിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 1948 ജനുവരി 27-ന് ബോംബെയിൽ നിന്ന് അവർ വിമാന മാർഗ്ഗം കള്ളപ്പേരിൽ ഡെൽഹിയിൽ എത്തി. അന്ന് വൈകീട്ട് തന്നെ ഗ്വാളിയറിൽ തീവണ്ടി മാർഗ്ഗം പോയി സവർക്കറുടെ പിൻഗാമി എന്ന് വിശ്രുതനായ ഡോ. പർച്ചൂരേയെ കാണുകയുണ്ടായി. ഗോയൽ എന്ന വ്യക്തിയിൽ നിന്നും ഡോ. പർച്ചൂരേ, മുസോളിനിയുടെ സേന ഉപയോഗിച്ചിരുന്ന 9mm ബെരെറ്റാ ഓട്ടോമാറ്റിക് പിസ്റ്റൾ കൈമറിഞ്ഞെത്തിയത്, ഗോഡ്സേയ്ക്ക് സംഘടിപ്പിച്ചു കൊടുത്തു. 1948 ജനുവരി 29-ന് രാവിലെ ഡെൽഹിയിൽ എത്തിയ ഗോഡ്സേയും ആപ്തേയും ഇതിനിടെ അവിടെ എത്തിയിരുന്ന കർക്കരെയെ കണ്ടുമുട്ടി. അടുത്ത സായാഹ്നത്തിൽ ആപ്തേയുടേയും കർക്കരയുടേയും സാന്നിദ്ധ്യത്തിൽ നാഥുറാം ഗോഡ്സേ ബിർളാ മന്ദിരത്തിലെ പ്രാർത്ഥനാ സമ്മേളനത്തിൽ വെച്ച് ഗാന്ധിയെ വധിച്ചു.

ഇതായിരുന്നു ഗാന്ധി വധത്തിന്റെ ഗൂഢാലോചനയെ സംബന്ധിച്ച് പോലീസിന് ലഭിച്ച ആദ്യ നഖചിത്രം. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിൽ ബിംബ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സിനിമാ താരമായ ശാന്താമോദക് അപ്തേ, ഗോഡ്‌സേമാരെ 1948 ജനുവരി 14-ന് സവർക്കർ താമസിച്ചിരുന്ന ബോംബെയിലെ ശിവാജി പാർക്കിനടുത്തുള്ള സവർക്കർ സദനിൽ തന്റെ കാറിൽ കൊണ്ടിറക്കി എന്ന് മൊഴി നൽകി. അവർ 7.30-ന് സവർക്കറെ കാണുന്നുണ്ട്. അത് പോലെത്തന്നെ ജനുവരി 13-ന് മറ്റൊരു പ്രതിയായ വിഷ്ണു കർക്കരെ സവർക്കറെ കാണാനെത്തുകയും എന്നാൽ കാണാൻ കഴിയാത്തതിനാൽ പിറ്റേന്ന് സവർക്കറെ വീണ്ടും സന്ദർശിക്കുകയും ചെയ്തു. വിഭജനത്തിൽ പാകിസ്ഥാനിലായിപ്പോയ സ്ഥലത്ത് നിന്നും ഇന്ത്യയിലെത്തപ്പെട്ട മദൻലാലിനെ കർക്കരെയാണ് കണ്ടെടുക്കുകയും അയാളിൽ പകയുടെ കനലുകൾ ജ്വലിപ്പിക്കുകയും ചെയ്തത്. ഈ മദൻലാലിനെ പ്രസ്തുത സന്ദർശനത്തിൽ കർക്കരെ സവർക്കർക്ക് പരിചയപ്പെടുത്തുന്നുണ്ട്. 1948 ജനുവരി 17-ന് ഗാന്ധിയെ വധിക്കാനുള്ള ആദ്യ സംഘത്തിന്റെ പുറപ്പാടിന് മുമ്പ് ആപ് തേ, ഗോഡ്സേ, ബാഡ്ഗേ, കർക്കരെ എന്നിവർ പോയിക്കണ്ടതായും “വിജയിച്ച് തിരിച്ച് വരാൻ” സവർക്കർ പറഞ്ഞതായും അന്വേഷണത്തിൽ മനസ്സിലായി. അങ്ങനെ സവർക്കറും ഗാന്ധി വധത്തിൽ പ്രതിയായി

എന്നാൽ ഗാന്ധി വധത്തിന്റെ കുറ്റവാളികളെ വിചാരണ ചെയ്ത് വിധി പ്രഖ്യാപനം നടത്തിയ പ്രത്യേക കോടതി കൂടുതൽ തെളിവുകളുടെ അഭാവത്തിൽ സവർക്കറെ കുറ്റവിമുക്തനാക്കി. അപ്പീൽ പോയപ്പോൾ, ഡോ. പർച്ചൂരയേയും ശങ്കർ കിസ്തയ്യയേയും മേൽക്കോടതി കുറ്റവിമുക്തരാക്കി. ഗോഡ്സേയ്ക്കും ആപ്തേയ്ക്കും വധശിക്ഷ വിധിച്ച കോടതി കർക്കരെ, ഗോപാൽ ഗോഡ്സേ, മദൻലാൽ പഹ് വ എന്നിവർക്ക് ജീവപര്യന്തം തടവും വിധിച്ചു.

എന്നാൽ ഗാന്ധി വധത്തിന്റെ അന്വേഷണം ഇതോടെ തീർന്നില്ല. കൊന്നവരും മരിച്ചയാളും തമ്മിലുള്ള ബന്ധം തികച്ചും രാഷ്ട്രീയാധിഷ്ഠിതമായതിനാൽ, പിൽക്കാലത്തേയ്ക്ക് അത് നീണ്ടു. 1964 ഒക്ടോബർ 12-ന് ഗോപാൽ ഗോഡ്സേ, മദൻലാൽ, കർക്കരെ എന്നിവർ ജയിൽ വിമോചിതരായി. ഗാന്ധി വധത്തിന്റെ ഗൂഢാലോചനയുടെ പ്രധാന വേദിയായിരുന്ന പൂന വീണ്ടും ശ്രദ്ധയിലേയ്ക്ക് വന്നു. എം.ജി.ഖാസിയാസ് എന്നയാളുടെ പേരിൽ പൂനയിൽ ഉദ്യാൻ കാര്യാലയത്തിൽ വെച്ചു നടത്തുന്ന സത്യവിനായക പൂജയിൽ ഈ പ്രതികൾക്ക് സ്വീകരണം നൽകുന്നതിന്റെ ക്ഷണപത്രിക പുറത്തിറങ്ങി. അതിൽ വധശിക്ഷയ്ക്ക് വിധേയനായ നാഥുറാം ഗോഡ്സേയെ “ദേശഭക്തൻ” എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഈ യോഗത്തിൽ വെച്ച് ഹിന്ദു മഹാസഭാ നേതാവും ഒരു കാലത്ത് ലോകമാന്യതിലകൻ ഇറക്കിയിരുന്ന കേസരി പത്രത്തിന്റെ പത്രാധിപരും ആയിരുന്ന, ഈ സംഭവം നടക്കുന്ന സമയത്ത് തരുൺ ഭാരത് എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരും ആയിരുന്ന ജി.വി. കേത്ക്കർ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ഗാന്ധി വധിക്കപ്പെടുന്നതിന് മൂന്നു മാസം മുമ്പ് അക്കാര്യത്തെപ്പറ്റി ഗോഡ്സേ തന്നോട് സൂചിപ്പിച്ചിരുന്നതായി വെളിപ്പെടുത്തി. അത്തരമൊരു ശ്രമം അഭിലഷണീയമല്ല എന്ന് ഗോഡ്സേയോട് സൂചിപ്പിച്ചതായും കേത്ക്കർ പ്രസ്താവിച്ചു. കൂടാതെ മദൻലാൽ പഹ് വ പിടിയിലായ 1948 ജനുവരി 20-ന്റെ വധശ്രമത്തിന് ശേഷം പൂനയിൽ തിരിച്ചെത്തിയ, പിന്നീട് പോലീസ് അപ്രൂവർ ആയ പ്രതി, ദിഗംബർ ബാഡ്ഗേ ഭാവി പദ്ധതികളെക്കുറിച്ച് തന്നോട് വെളിപ്പെടുത്തിയതായും കേത്ക്കർ പ്രസംഗിച്ചു. പ്രസംഗവേദിയിൽ സ്വീകരണം ഏറ്റുവാങ്ങാനെത്തിയ ഗോപാൽ ഗോഡ്സേ കൂടുതൽ പറയുന്നതിൽ നിന്നും കേത്ക്കറെ തടയാൻ ശ്രമിച്ചു. “അവർ ഇനി എന്നെ അറസ്റ്റ് ചെയ്യാൻ പോകുന്നില്ല” എന്ന് കേത്ക്കർ ഗോഡ്സേയോട് പ്രതികരിക്കുകയും ചെയ്തു.

എന്നാൽ കേത്ക്കർ വിചാരിച്ചിടത്ത് കാര്യങ്ങൾ നിന്നില്ല. പത്രങ്ങൾ കേത്ക്കറുടെ പ്രസംഗം റിപ്പോർട്ട് ചെയ്തു. പാർലിമെന്റിൽ ഗാന്ധി വധത്തിന്റെ ഗൂഢാലോചന വീണ്ടും അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നു. പത്രങ്ങളോട് കേത്ക്കർ പ്രതികരിച്ചത് താൻ വെളിപ്പെടുത്തിയ കാര്യങ്ങൾ ഏറെക്കുറെ ശരി തന്നെയായിരുന്നു എന്ന മട്ടിലാണ്. അന്തരിച്ച ബാബു കാക്ക കനിത്ക്കറെ താനിക്കാര്യം ആ നാളുകളിൽ തന്നെ അറിയിച്ചിരുന്നുവെന്നും കനിത്ക്കർ അത് അന്നത്തെ ബോംബെ മുഖ്യൻ ആയിരുന്ന ബി.ജി.ഖേറിനെ അറിയിച്ചിരുന്നുവെന്നും കേത്ക്കർ തുടർ പ്രസ്താവന നടത്തി.

ഈ കാര്യങ്ങൾ എല്ലാം ചേർത്ത് അന്വേഷിക്കുന്നതിനായി ഗോപാൽ സ്വരൂപ് പഥക്കിനെ ഏകാംഗ കമ്മീഷൻ ആയി അന്നത്തെ നെഹ്റു ഗവണ്മെന്റ് നിശ്ചയിച്ചു. എന്നാൽ പഥക് മന്ത്രിയും പിന്നീട് മൈസൂർ ഗവർണറും ആയതിനെ തുടർന്ന് ജീവൻ ലാൽ കപൂറിനെ 1966 നവംബർ 21-ന് ഏകാംഗ കമ്മീഷൻ ആയി വയ്ക്കുകയുണ്ടായി. അദ്ദേഹം ഗാന്ധി വധത്തിന്റെ ഗൂഢാലോചനയെക്കുറിച്ച്, നിരവധി സാക്ഷിമൊഴികൾ കേട്ടും രേഖകൾ പരിശോധിച്ചും കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കുകയുണ്ടായി.

കമ്മീഷൻ വ്യക്തമായി പരിശോധിച്ച ഒരു കാര്യം സവർക്കറുടെ സംരക്ഷനായ (ബോഡി ഗാർഡ്) അപ്പ രാമചന്ദ്ര കസാറിന്റേയും സെക്രട്ടറിയായിരുന്ന വിഷ്ണു ഡാം ലേയുടേയും മൊഴികൾ ആണ്. അപ്പ രാമചന്ദ്ര കസാറിന്റെ മൊഴികൾ കമ്മീഷൻ താഴെപ്പറയും പ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു (പ്രസക്ത ഭാഗങ്ങൾ – സ്വതന്ത്ര തർജ്ജമ)

25. 161
1946 മുതൽ ആപ്തേയും നാഥുറാം ഗോഡ്സേയും പതിവായി സവർക്കർ സദനിൽ വരാറുണ്ട്. വിഷ്ണു കർക്കരെയും. വിഭജനകാലത്ത് അതിനെപ്പറ്റി അവർ മൂന്നു പേരും സവർക്കറുമായി ചർച്ച ചെയ്തിരുന്നു. കോൺഗ്രസ് ഹിന്ദുക്കൾക്കെതിരാണെന്നും അതിനാൽ കോൺഗ്രസ്സിനെതിരെയും മഹാത്മാഗാന്ധിയുടെ ഏകാധിപത്യ നയത്തിനെതിരേയും അഗ്രണി ( നാഥുറാം ഗോഡ്സേയും ആപ് തേയും കൂടി നടത്തിയിരുന്ന പത്രം ) പ്രചരണം നടത്തണം എന്ന് സവർക്കർ നിർദ്ദേശിച്ചിരുന്നു.

25. 162
1947 ആഗസ്റ്റിൽ ഒരു സമ്മേളനവുമായി ബന്ധപ്പെട്ട് സവർക്കർ പൂനയിലെത്തി. അവിടെ ഗോഡ്സേയും ആപ്തേയും സദാ സമയവും സവർക്കർക്കൊപ്പം ഉണ്ടായിരുന്നു. ഹിന്ദുമഹാസഭയുടെ ഭാവിയെക്കുറിച്ച് അവർ ചർച്ച ചെയ്തു. താൻ വൃദ്ധനായി വരികയാണെന്നും പണികൾ ഓരോന്നായി ഗോഡ്സേയും ആപ്തേയും ഏറ്റെടുക്കണമെന്നും സവർക്കർ അവരോട് പറഞ്ഞു

25.163
1947 ആഗസ്റ്റ് 5-നോ 6-നോ അഖിലേന്ത്യാ ഹിന്ദു കൺവെൻഷൻ ഡെൽഹിയിൽ നടക്കുകയുണ്ടായി. സവർക്കർ, ഗോഡ്സേ, ആപ്തേ എന്നിവർ ഒന്നിച്ച് വിമാനത്തിലാണ് ബോംബെയിൽ നിന്നും ഡെൽഹിയിലേയ്ക്ക് ആ കൺവെൻഷനിൽ പങ്കെടുക്കാൻ യാത്ര ചെയ്തത്. കോൺഗ്രസ്സിന്റെ നയങ്ങൾ ആ കൺവെൻഷനിൽ നിശിതമായി വിമർശിക്കപ്പെട്ടു. 1947 ആഗസ്റ്റ് 11-ന് മൂവരും ഒന്നിച്ച് വിമാനത്തിൽ ബോംബെയിലേയ്ക്ക് മടങ്ങി.

25. 164
1947 നവംബറിൽ ഹിന്ദുമഹാസഭയുടെ അഖിലേന്ത്യാ സമ്മേളനം മാഹിമിൽ വെച്ചു നടന്നു. ഗാന്ധി വധത്തിന് അവശ്യമായ തോക്ക് ഗോഡ്സേയ്ക്ക് നൽകിയ ഡോ. പർച്ചൂരെയും സൂര്യദേവും ആ സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി.

25. 165
1947 ഡിസംബർ പകുതിയിൽ ഗാന്ധി വധശ്രമത്തിൽ പങ്കാളിയാകുകയും വിചാരണാ വേളയിൽ പോലീസ് അപ്രൂവർ ആയി മാറുകയും ചെയ്ത ദിഗംബർ ബാഡ്ഗേ, സവർക്കറുടെ ആരോഗ്യസ്ഥിതി ആരായാൻ സവർക്കർ സദൻ സന്ദർശിച്ചു. എന്നാൽ സവർക്കറെ കാണാൻ കഴിഞ്ഞില്ല. തുടർന്ന് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് ബാഡ് ഗേ സവർക്കറെ സന്ദർശിക്കുകയും പതിനഞ്ച് മിനിറ്റോളം സംസാരിയ്ക്കുകയും ചെയ്തു. കർക്കരെ, ഗോഡ്സേ, ആപ്തേ എന്നിവർ ആ മാസത്തിൽ രണ്ടോ മൂന്നോ വട്ടം സവർക്കറെ സന്ദർശിക്കുകയുണ്ടായി.

25.166
1948 ജനുവരി 13-നോ 14-നോ കർക്കരെ സവർക്കറുടെ അടുത്തേയ്ക്ക് ഒരു പഞ്ചാബി ചെറുപ്പക്കാരനുമായി വന്നു. പതിനഞ്ച് ,ഇരുപത് മിനിറ്റോളം അവർ സവർക്കറുമായി സംസാരിച്ചു. 1948 ജനുവരി 15-നോ 16-നോ ആപ്തേയും ഗോഡ്സേയും രാത്രി 9.30-ന് സവർക്കറെ സന്ധിച്ചു. ഒരാഴ്ചയ്ക്കപ്പുറം 1948 ജനുവരി 23-നോ 24-നോ ആപ്തേയും ഗോഡ്സേയും വീണ്ടും വരികയും രാതി 10 മണി മുതൽ 10.30 മണി വരെ സംസാരിയ്ക്കുകയും ചെയ്തു.

25. 167
1948 ജനുവരി 30-ന് വൈകീട്ട് 5.45-ന് ഗാന്ധിയുടെ മരണവാർത്ത റേഡിയോ പ്രക്ഷേപണം ചെയ്തപ്പോൾ അത് കസാർ സവർക്കറെ അറിയിച്ചു. അതൊരു ചീത്ത വാർത്തയാണ് എന്ന് മാത്രം പറഞ്ഞ് സവർക്കർ മിണ്ടാതിരുന്നു. അന്ന് രാത്രി 2 മണിയ്ക്ക് കസാറും ഡാംലേയും കസ്റ്റഡിയിൽ ആയി.

1948 മാർച്ച് 4-ന് ഗജാനൻ വിഷ്ണു ഡാംലെയെ ബോoബെ പോലീസ് ചോദ്യം ചെയ്തു.

25.668
കഴിഞ്ഞ 4 വർഷമായി ഗോഡ്സേയേയും ആപ്തേയേയും “അഗ്രണി” പത്രത്തേയും പരിചയമുണ്ട് എന്ന് അദ്ദേഹം മൊഴി നൽകി. അഹമ്മദ് നഗറിൽ അപ്തേ ഒരു ഒരു റൈഫിൾ ക്ലബ്ബ് ആരംഭിച്ചിരുന്നു. യുദ്ധകാലത്ത് ആപ്തേ ഓണററി റിക്രൂട്ടിങ്ങ് ഓഫീസറായി ജോലി എടുത്തിട്ടുണ്ട്. സവർക്കറുടെ വീട്ടിലെ നിത്യസന്ദർശകൻ എന്ന് പറയാവുന്ന ആൾ ആയിരുന്നു. ചിലപ്പോൾ ഗോഡ്സേയും കൂടെയുണ്ടാകും.”അഗ്രണി”യിൽ നിന്ന് സെക്യൂരിറ്റി ഗവണ്മെന്റ് ആവശ്യപ്പെട്ടപ്പോൾ 15000 രൂപ അതിനു വേണ്ടി ആപ്തേയ്ക്കും ഗോഡ്സേയ്ക്കും നൽകിയത് സവർക്കർ ആണ്. അഗ്രണി ഗവണ്മെന്റ് നിർത്തലാക്കിയപ്പോൾ അവർ “ഹിന്ദു രാഷ്ട്ര” എന്ന പുതിയ പത്രം തുടങ്ങി. സവർക്കർ അതിന്റെ ഡയറക്ടർമാരിൽ ഒരാളും ഗോഡ്സേയും ആപ്തേയും മാനേജിങ്ങ് ഏജന്റുമാരും എന്ന മട്ടിലായിരുന്നു അത് തുടങ്ങിയത്. ഡാംലേയ്ക്ക് കർക്കരെയേയും അറിയാമായിരുന്നു. മൂന്നു കൊല്ലമായി അഹമ്മദ് നഗറിലെ ഹിന്ദു മഹാസഭാ പ്രവർത്തകൻ എന്ന നിലയിൽ. ബാഡ്ഗേയേയും മൂന്ന് വർഷമായി അറിയാം. അയാളും സവർക്കറെ സന്ദർശിക്കുക പതിവായിരുന്നു

25. 169
1948 ജനുവരി ആദ്യവാരം കർക്കരെയും പഞ്ചാബി അഭയാർത്ഥിയും സവർക്കറെ കാണാനെത്തി. ഏതാണ്ട് മുപ്പത്, നാല്പത്തഞ്ച് മിനിറ്റോളം അവർ സംസാരിച്ചു. പിന്നെ അവർ സവർക്കറെ കാണാൻ എത്തിയിട്ടില്ല.

25. 170
1948 ജനുവരി മദ്ധ്യത്തിൽ ആപ്തേയും ഗോഡ്സേയും രാത്രി വൈകിയ നേരത്ത് സവർക്കറെ കാണാൻ എത്തി. 1947 ഡിസംബർ അവസാന ആഴ്ചയാണ് ബാഡ്ഗേ സവർക്കറെ കാണാൻ എത്തിയത്. നിരവധി ഹിന്ദുമഹാസഭാ നേതാക്കൾ, മൂഞ് ജേ അടക്കം സവർക്കറെ കാണാൻ വരാറുണ്ടായിരുന്നു.

25.171
1948 ജനുവരി 26-ന് ഓൾ ഇന്ത്യാ ഹിന്ദു മഹാസഭയുടെ സെക്രട്ടറി അശുതോഷ് ലാഹിരി സവർക്കറെ കാണാനെത്തി. രണ്ടു പേർ അയാൾക്കൊപ്പം ഉണ്ടായിരുന്നു. വിമാനത്താവളത്തിൽ നിന്നും അവർ നേരെ സവർക്കറുടെ അടുത്തേയ്ക്കാണ് വന്നത്. സവർക്കർ സദനിൽ, സവർക്കർ താമസിച്ചിരുന്ന മുകൾ നിലയിലേയ്ക്കാണ് അവർ കയറിപ്പോയത്. അടുത്ത ദിവസവും ലാഹിരി വരികയും ഒന്നര മണിക്കൂർ സവർക്കർക്കൊപ്പം ചെലവഴിയ്ക്കുകയും ചെയ്തു. പിന്നീട് അയാൾ പൂനയ്ക്ക് പോയി. 1948 ജനുവരി 29-ന് തിരിച്ചു വന്നു. 1948 ജനുവരി 30-ന് വീണ്ടും സവർക്കറെ കാണുകയും നീണ്ട സംഭാഷണം നടത്തുകയും ചെയ്തു. 4 മണിയ്ക്ക് ലാഹിരി പത്രസമ്മേളനം വിളിച്ചിട്ടുണ്ടായിരുന്നു. ചൗപ്പാത്തിയിലെ പൊതുയോഗത്തിൽ പങ്കെടുക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ ഗാന്ധി വധത്തെ തുടർന്ന് അത് മാറ്റി വെച്ചു.

25.172
ഗാന്ധി വധം റേഡിയോ പുറത്ത് വിട്ടപ്പോൾ ഡാംലെ അപ്പോൾ തന്നെ സവർക്കറെ അറിയിക്കാനെത്തി. നാളെ ഒരു പത്രക്കുറിപ്പ് കൊടുക്കണം എന്ന് സവർക്കർ പറഞ്ഞു. അന്ന് രാത്രി ഡാംലെയും കസാറും പോലീസ് അറസ്റ്റിൽ ആയി.

കസാറിന്റേയും ഡാംലേയുടേയും മൊഴികൾ വായിച്ച് കപൂർ കമ്മീഷൻ എത്തിയ നിഗമനം ഇതാണ്:

25.173
സവർക്കറുമായി ആപ്തേയ്ക്കും ഗോഡ്സേയ്ക്കും അടുത്ത പരിചയം ഉണ്ടായിരുന്നു. അത് പോലെത്തന്നെ കർക്കരേയ്ക്കും ബാഡ്ഗേയ്ക്കും സവർക്കറുമായി നല്ല ബന്ധം ഉണ്ടായിരുന്നു. ഡോ. പർച്ചൂരേ സവർക്കറെ സന്ദർശിക്കാറുണ്ടായിരുന്നു. ഈ മനുഷ്യരെല്ലാം ഗാന്ധി വധത്തിൽ ഉൾപ്പെട്ടവർ ആണ്. ഇവരൊക്കെ സവർക്കർ സദനിൽ വരികയും സവർക്കറുമായി നീണ്ട സംഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഗാന്ധിയെ വധിക്കാൻ തുനിഞ്ഞ് ഡൽഹിയ്ക്ക് പോകുന്നതിന് മുമ്പ് മദൻലാലും കർക്കരേയും സവർക്കറെ കാണുന്നുണ്ട്. അത് പോലെത്തന്നെ ഗോഡ്സേയും ആപ്തേയും. ബോംബാക്രമണത്തിനും പിന്നീടുണ്ടായ ഗാന്ധിവധത്തിനും മുമ്പ് അവരൊക്കെ സവർക്കറുമായി നീണ്ട സംഭാഷണം നടത്തുന്നുണ്ട്. 1946, 47, 48 കൊല്ലങ്ങളിൽ സവർക്കർ പങ്കെടുത്ത പൊതുയോഗങ്ങളിൽ എല്ലാം ഗോഡ്സേയും ആപ്തേയും പതിവായി എത്തുമായിരുന്നു.

ഗൂഢാലോചനയെ സംബന്ധിച്ച് ഇത് മാത്രമല്ല, നിരവധി തെളിവുകൾ പോലീസിന് കിട്ടിയിരുന്നു. പിന്നെ എന്തുകൊണ്ട് സവർക്കറെ പ്രത്യേക കോടതി വെറുതെ വിട്ടു? ഇതിന് കപൂർ കമ്മീഷൻ തന്നെ ഉത്തരം കണ്ടെത്തുന്നുണ്ട്. മേൽപ്പറഞ്ഞ കസാറിന്റേയും ഡാംലെയുടേയും മൊഴികൾ അടക്കം പല രേഖകളും പ്രത്യേക കോടതി മുമ്പാകെ എത്തിയ്ക്കുന്നതിൽ ബോംബെ പോലീസ് പരാജയപ്പെട്ടു. ഇക്കാര്യത്തിൽ ബോംബെ പോലീസിനെ കമ്മീഷൻ അതിനിശിതമായി വിമർശിക്കുന്നുണ്ട്.

ഗാന്ധി വധ ഗൂഢാലോചനയിൽ നേരിട്ട് പങ്കെടുത്തു എന്ന നിലയിൽ ഹിന്ദു സംഘടനകളെ , ആർ എസ് എസിനേയും ഹിന്ദുമഹാസഭയേയും ബന്ധിപ്പിക്കാൻ തെളിവുകൾ കിട്ടിയില്ലെങ്കിലും ഗാന്ധി വധത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കുന്നതിലും, ഗാന്ധിയ്‌ക്കെതിരെയുള്ള വെറുപ്പ് പ്രചരിപ്പിയ്ക്കുന്നതിലും ഹിന്ദു സംഘടനകൾ നടത്തിയ വലിയ പങ്ക് കമ്മീഷൻ എടുത്ത് കാണിയ്ക്കുന്നുണ്ട്. ആർ എസ് എസ്, ഹിന്ദുമഹാസഭ തുടങ്ങിയ ഹിന്ദു പ്രസ്ഥാനങ്ങളൊക്കെ ഗാന്ധിയ്ക്കെതിരെ വെറുപ്പിന്റേയും ഹിംസയുടേയും പ്രചരണങ്ങൾ എങ്ങനെ നടത്തി എന്നതിന്റെ വിശദാംശങ്ങളും കപൂർ കമ്മീഷൻ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നമുക്ക് അത്ര പരിചിതമല്ലാത്ത ഒരു ഹിന്ദു രഹസ്യ സംഘടനയുടെ പ്രവർത്തനങ്ങളെ കമ്മീഷൻ വെളിപ്പെടുത്തുന്നത് പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു. ഹിന്ദു രാഷ്ട്ര ദൾ എന്നാണ് ഈ രഹസ്യ സംഘടനയുടെ പേര്. സവർക്കർ നേരിട്ട് സംഘടിപ്പിച്ചതും ഗാന്ധി വധത്തിലെ പ്രധാനികൾ അംഗമായിരുന്നതും ആയ സംഘടന ആണത്. അതേപ്പറ്റി കമ്മീഷൻ എന്ത് പറയുന്നു എന്നത് പരിശോധിയ്ക്കാം.

1942 മെയ് 15-ന് ഹിന്ദുമഹാസഭയുടെ പ്രസിഡന്റ് ആയിരുന്ന വി.ഡി.സവർക്കർ പൂനയിൽ വെച്ചു നടന്ന ഒരു പരിശീലന ക്യാമ്പിൽ സംസാരിക്കുമ്പോൾ പുതിയൊരു സ്വയം സന്നദ്ധ സംഘടന സ്ഥാപിയ്ക്കുന്നതിനെ പറ്റി സംസാരിച്ചു. രഹസ്യ സ്വഭാവമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനായിരുന്നു അത്. ഒരു പൊതു സംഘടന എന്ന നിലയിൽ ഹിന്ദുമഹാസഭയ്ക്ക് ഏറ്റെടുക്കാൻ കഴിയാത്ത കാര്യങ്ങൾ നിർവ്വഹിയ്ക്കാൻ വേണ്ടിയായിരുന്നു പുതിയ സംഘടന സ്ഥാപിച്ചത്. എസ്.ആർ.ദത്ത, വി.വി. ഗോഗ്ത്തേ, എൻ. ഡി .ആപ് തേ , എൻ.വി. ഗോഡ്സേ എന്നിവർ ആയിരുന്നു പൂന കേന്ദ്രീകരിച്ച് രൂപവത്ക്കരിച്ച ഈ പുതുസംഘടനയുടെ സ്ഥാപകർ.

19.83
1943 മെയിൽ ആപ്തേയും ഗോഡ്സേയും ഈ സംഘടനയുടെ രണ്ടാമത് വാർഷിക ക്യാമ്പ് അഹമ്മദ് നഗറിൽ നടത്തി. 70 പേർ പങ്കെടുത്തു. ശാരീരിക ക്ഷമത വളർത്തുന്ന കായിക വ്യായാമങ്ങൾ, എയർഗൺ ഉപയോഗിച്ച് വെടിവെയ്ക്കാനുള്ള പരിശീലനം, സവർക്കറുടെ പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന ക്ലാസ്സുകൾ ഇവയെല്ലാം അതിന്റെ ഭാഗം ആയിരുന്നു.

19. 84
പൂനെയിലെ ആനന്ദാഷ്ടത്തിൽ വെച്ച് ഹിന്ദു രാഷ്ട്ര ദൾ പ്രവർത്തകരുമായി സവർക്കർ സ്വകാര്യ ചർച്ചകൾ നടത്തിയിരുന്നു. ഹിന്ദുമഹാസഭയുടെ പ്രസിഡണ്ട് എന്ന നിലയ്ക്ക് അല്ലാതെ, സവർക്കർ എന്ന വ്യക്തിയോട് കൂറു പുലർത്തുന്നവരുടെ ഒരു സംഘടനയാക്കി ദളിനെ മാറ്റണമെന്ന് സവർക്കർ ആവശ്യപ്പെട്ടു. പ്രധാന പ്രവർത്തന മേഖലയായി ഹിന്ദുയിസത്തെ സംരക്ഷിക്കുക, ഹിന്ദു സമുദായത്തെ സഹായിക്കുക, ഹിന്ദു മതത്തിനും ഹിന്ദു അവകാശങ്ങൾക്കും നേരെയുള്ള കടന്നുകയറ്റങ്ങൾ ചെറുക്കുക എന്നിവ മുന്നോട്ടുവെച്ചു. 150 ആയിരുന്നു ദളിന്റെ അംഗസംഖ്യ.

താഴെപ്പറയുന്നവരായിരുന്നു ഭാരവാഹികൾ:

1) നാഥുറാം ഗോഡ്സേ, ചീഫ് ഓർഗനൈസർ
2) കാശിനാഥ് ലിമായേ, സാംഗ്ളി
3) നാരായൺ ആപ്തേ, സെക്രട്ടറി
4) ആർ.എസ്. ജോഗ്, ഓർഗനൈസർ

ഇവരുടെ ആദ്യ പ്രവർത്തനങ്ങളിൽ ഒന്ന്, ആപ്തേയുടെ നേതൃത്വത്തിൽ പാഞ്ച്ഗനിയിൽ ഗാന്ധിയ്‌ക്കെതിരെ കരിങ്കൊടി കാണിയ്ക്കുക എന്നതായിരുന്നു. (ഇത് വധശ്രമമായിരുന്നുവെന്നും ആപ്തേയിൽ നിന്നും കത്തി പോലീസും കോൺഗ്രസ് വളണ്ടിയർമാരും ചേർന്ന് പിടിച്ചെടുത്തു എന്നും ഉള്ള കാര്യങ്ങൾ കപൂർ കമ്മീഷൻ പരിശോധിച്ചിട്ടുണ്ട്)

19.87
1947 മെയ് വരെ ദൾ നടത്തിയ പ്രവർത്തനങ്ങൾ അജ്ഞാതമാണ്. 1947 മെയ് 9-നും 10-നുമിടയ്ക്ക് ദാദറിൽ നടന്ന ക്യാമ്പിൽ സവർക്കർ അദ്ധ്യക്ഷം വഹിച്ചു. 4 പ്രസംഗങ്ങൾ ആ ക്യാമ്പിൽ സവർക്കർ നടത്തി.

19.88
ദളിന്റെ ലക്ഷ്യം ” വീർ സവർക്കർ മുന്നോട്ടുവെച്ച ഹിന്ദുരാഷ്ട്ര വാദം” ആയി നിശ്ചയിച്ചു. സവർക്കറിസം എന്നാണ് അതിന് പേരിട്ടിരുന്നത്.

19.99
പരമാധികാരി സവർക്കർ ആയതിനാൽ തന്റെ പിൻഗാമികളെ സവർക്കർ തന്നെ നോമിനേറ്റ് ചെയ്തു. അടുത്ത പരമാധികാരി ആയി സത്താറയിലെ എസ്.വി.മോദക്കിനേയും അടുത്ത ജനറൽ സെക്രട്ടറിയായി പി.വി.ഗൊഥാർക്കറേയും ആണ് സവർക്കർ നിർദ്ദേശിച്ചത്.

ഗ്രാമീണരെ ആയുധങ്ങൾ സംഭരിയ്ക്കാൻ സഹായിക്കുക, തിരിച്ചടിക്കാതിരുന്നാൽ പഞ്ചാബിലും ബംഗാളിൽ നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ പ്രൊവിൻസിലും മുസ്ലീങ്ങൾ ഹിന്ദുക്കളെ ഉപദ്രവിക്കുന്നത് നിർത്തുകയില്ല എന്നതിനാൽ ഹിന്ദുക്കളെ തിരിച്ചടിക്കാൻ പ്രേരിപ്പിക്കുക, ഹിന്ദുക്കൾക്ക് എതിരായതിനാൽ ഭരണഘടനാ അസംബ്ലിയേയും അത് കൊണ്ട് വരാൻ പോകുന്ന ഭരണഘടനയേയും എതിർക്കുക തുടങ്ങിയ പദ്ധതികൾ ആയിരുന്നു സവർക്കർ ദളിനോട് ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത്.

ഇതിന്റെ ഭാഗമായാണ് “അഗ്രണി ” എന്ന പ്രസിദ്ധീകരണം ഗോഡ്സേയും ആപ്തേയും ചേർന്ന് തുടങ്ങി വെയ്ക്കുന്നത്. അതിന് വേണ്ട 15,000 രൂപ നൽകുന്നത് സവർക്കർ ആണ്.

ഇനി എന്തു തരം പത്രപ്രവർത്തനമാണ് അഗ്രണിയിൽ സവർക്കറുടെ കാർമ്മികത്വത്തിൽ ഗോഡ്സേയും ആപ്തേയും ചേർന്ന് നടത്തിയിരുന്നതെന്ന് നോക്കാം. നിരവധി ഉദാഹരണങ്ങൾ കപൂർ കമ്മീഷൻ റിപ്പോർട്ടിൽ ഉണ്ട്. 1944 മാർച്ച് 25-ന്റെ തലക്കെട്ടായ “മി. ഗാന്ധി, പോയ് ആത്മഹത്യ ചെയ്യ് ” എന്നത് ഒരു ഉദാഹരണം മാത്രം.

ഹിന്ദുരാഷ്ട്ര ദളിനെ തീവ്രവാദ പ്രസ്ഥാനമായാണ് കമ്മീഷൻ വിലയിരുത്തിയിട്ടുള്ളത്. ബോംബെ സംസ്ഥാനത്തിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ആയ കാംതേ അതിനെ വിലയിരുത്തിയത് “ചിത്പാ വൻ ബ്രാഹ്മണരുടെ ” ഒരു പ്രസ്ഥാനമായിട്ടാണ്. വിഷ്ണു കർക്കരേയെപ്പോലെ കരാട് ബ്രാഹ്മണരും ദിഗംബർ ബാഡ്ഗേയെപ്പോലെ മറ്റ് ജാതിക്കാരും അതിൽ പേരിന് ഉണ്ടായിരുന്നെങ്കിലും തലപ്പത്തുള്ള സവർക്കർ, ഗോഡ്സേ, ആപ്തേ തുടങ്ങിയവർ എല്ലാം ചിത്പാ വൻ ബ്രാഹ്മണർ ആയിരുന്നു.

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ദൾ പ്രവർത്തകർ പങ്കെടുത്തിരുന്നില്ല. ഇത് അഹിംസയിലോ അഹിംസാ പ്രവർത്തനത്തിലോ മതേതരത്വത്തിലോ വിശ്വസിച്ചിരുന്നില്ല. 1947 ഡിസംബർ 2-ന് കേത്ക്കർ (പിൽക്കാലത്ത് ഗാന്ധിയെ കൊല്ലാനുള്ള പദ്ധതി ഗോഡ്സേ തന്നോട് വെളിപ്പെടുത്തിയിരുന്നു എന്ന് പ്രഖ്യാപിച്ച വ്യക്തി) ഗാന്ധിയെ ഒന്നാം നമ്പർ ശത്രു ആയി പ്രഖ്യാപിക്കുന്നുണ്ട്.

19. 105
അതിന് തലേന്ന് ഡോ. പർച്ചൂരേ (ഗാന്ധിയെ കൊല്ലാനുള്ള തോക്ക് പിന്നീട് ഗോഡ്സേയ്ക്ക് നൽകിയ അതേ വ്യക്തി) ഇങ്ങനെ പ്രസംഗിയ്ക്കുന്നുണ്ട്. “ഗാന്ധിയും നെഹ്റുവും അല്പകാലത്തിനുള്ളിൽ അവരുടെ പാപത്തിന്റെ കനി കൊയ്യേണ്ടി വരും”.

ഇങ്ങനെ ഗാന്ധിയ്ക്കെതിരെ മഹാരാഷ്ട്രയിലെ ഹിന്ദു സംഘടനകൾ പ്രത്യേകിച്ച് സവർക്കറൈറ്റുകൾ നടത്തിയ വെറുപ്പും ഹിംസയും നിറഞ്ഞ പ്രവർത്തനത്തിന്റെ അവസാനമായിരുന്നു ഗാന്ധിവധം. അത് കൊണ്ടാണ് കപൂർ കമ്മീഷൻ റിപ്പോർട്ട് സവർക്കറെ പറ്റി ഇങ്ങനെ പറഞ്ഞത്. അർത്ഥശങ്ക വരാതിരിയ്ക്കാൻ കമ്മീഷൻ പറഞ്ഞ ഇംഗ്ലീഷ് വാചകങ്ങൾ തന്നെ ഇവിടെ ചേർക്കുന്നു. ഗാന്ധിവധത്തിന് നിദാനം “any theory other than the conspiracy to murder by Savarkar and his group”

സർക്കാർ നിർദ്ദേശിച്ച കമ്മീഷൻ ആയതിനാൽ കപൂർ കമ്മീഷൻ റിപ്പോർട്ട് സർക്കാർ റിപ്പോർട്ട് ആണ്. അതിൽ ഗാന്ധിവധത്തിന് പ്രേരിപ്പിച്ച ആൾ എന്ന് നിസ്സംശയം പറയുന്ന ആൾക്കാണ് മോദി ഗവണ്മെന്റ് ഭാരതരത്നം നല്കാൻ ഒരുമ്പെടുന്നത്.

ഇവിടെ ഒരു സംശയം ഉണ്ടാകാം? എന്തേ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സവർക്കറെ അറസ്റ്റ് ചെയ്യില്ല? ഇതിനുത്തരം ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്തിൽ വിശദീകരിച്ചിട്ടുണ്ട്. കപൂർ കമ്മീഷൻ റിപ്പോർട്ടിൽ തനിക്കെതിരെയുള്ള പരാമർശങ്ങൾ കടന്ന് കൂടിയിട്ടുണ്ടെന്ന് മനസ്സിലാക്കിയ സവർക്കർ ആഹാരവും മരുന്നുകളും നിർത്തി “ആത്മാർപ്പണം” അടയുകയായിരുന്നു. റിപ്പോർട്ട് ഗവണ്മെന്റിന് സമർപ്പിക്കും മുമ്പേ സവർക്കർ അങ്ങനെ മരിച്ചു.
———————————————–
2019 ജനുവരി 11-ലെ മാധ്യമം ആഴ്ചപ്പതിപ്പിൽ ലേഖകൻ എഴുതിയ സത്യാനന്തരം, സവർക്കർ എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗമാണ് ഈ ലേഖനം. ആദ്യഭാഗം ഇവിടെ ക്ലിക്ക് ചെയ്താൽ വായിക്കാവുന്നതാണ്.

Comments

comments