പ്രിൽ ഒന്നിന് കേരള സർക്കാർ പുറത്തിറക്കിയ ഉത്തരവോടു കൂടി കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസം രൂക്ഷമായ പ്രതിസന്ധിയിലേക്ക് കടക്കുകയാണ്. കോളേജുകളിലും സർവ്വകലാശാലകളിലും സ്ഥിരാധ്യാപക നിയമനങ്ങൾ‍ തടസ്സപ്പെടുത്തിയിരിക്കുകയാണ് ഈ ഉത്തരവിന്‍റെ പ്രധാനപ്പെട്ട ഒരു ഫലം. ഇനി ഒരു പത്തു വർഷത്തേക്കെങ്കിലും ഒരു നിയമനവും കോളേജ് തലത്തിൽ നടക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക ബാധ്യതയാണ് ഇതിന്‍റെ പ്രത്യക്ഷ ന്യായമായി സർക്കാർ പറയുന്നതെങ്കിലും മറ്റു പരിഷ്കാരങ്ങൾ‍ കൂടി ചേർത്തു വായിക്കുമ്പോൾ ചിത്രം വ്യക്തമാണ്. പടിപടിയായി അധ്യാപകരെ കുറച്ച് കൊണ്ടുവരികയും ഓൺലൈൻ പോലെയുള്ള ബദൽ മാധ്യമങ്ങൾ വഴി അധ്യയനം സാധ്യമാകുകയും ചെയ്യുന്ന അവസരത്തിൽ അദ്ധ്യാപകർ എന്നത് നാം ഇതുവരെ കൽപ്പിച്ചിരുന്ന മൂല്യ ബോധ്യങ്ങൾക്ക് പുറത്താകുകയും ചെയ്യും. എന്താണ് ഉത്തരവ് വഴി സംഭവിക്കുന്നത്?

പതിനാറു മണിക്കൂർ ആഴ്ചയിൽ അധ്യാപനത്തിന് ഒരു സ്ഥിരാധ്യാപക തസ്തികയെന്നതായിരുന്നു നിലവിലുണ്ടായിരുന്ന രീതി. അതോടൊപ്പം തന്നെ അധികമായി വരുന്ന ഒൻപത് മണിക്കൂറിന് മറ്റൊരു തസ്തിക കൂടി സൃഷ്ടിക്കപ്പെടുമായിരുന്നു. മറ്റൊരു പ്രധാനപ്പെട്ട സംഗതി പി.ജി വെയിറ്റേജ് സംവിധാനം എടുത്ത് കളഞ്ഞുവെന്നതാണ്. അതായത് പി.ജി ക്ലാസുകളിൽ ഒരു മണിക്കൂർ ക്ലാസ് നടത്തുന്നത് ഒന്നര മണിക്കൂർ ആയി കണക്കാക്കുന്ന സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. പി.ജി ക്ലാസിലെ വിശാലമായ അധ്യാപനത്തിനും ഗവേഷണ മാർഗ്ഗദർശനത്തിനുമായി അധ്യാപകർക്ക് വേണ്ടി വരുന്ന അധിക അധ്വാനത്തെ കണക്കിലെടുത്താണ് ഈ വെയിറ്റേജ് നിലനിന്നിരുന്നത്. ഏപ്രിൽ ഒന്നിന്‍റെ ഉത്തരവോടുകൂടി ഈ രണ്ട് സംഗതികളും ഇല്ലാതായിരിക്കുന്നു. ചുരുക്കത്തിൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് അപ്രഖ്യാപിത നിയമന നിരോധനമാണ് സംജാതമായിരിക്കുന്നത്. അധ്യാപകരെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമല്ല ഇത്. PhD അടക്കം ഉന്നത ബിരുദങ്ങൾ നേടിയവരും നിലവിൽ ഗവേഷണം നടത്തുന്നവരും പി.ജിയും നെറ്റുമായി പഠനം പൂർത്തിയാക്കിയവരും JRF നേടി ഗവേഷണത്തിന് ജോയിൻ ചെയ്യാൻ കാത്തിരിക്കുന്നവരും അടക്കം നിരവധി തൊഴിൽ അന്വേഷകരുടെ ഏക പ്രതീക്ഷയാണ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് പി എസ് സി നടത്തുന്ന കൊളീജിയറ്റ് പരീക്ഷ. 2012-ന് ശേഷം ഈ വർഷമാണ്‌ പുതിയ വിജ്ഞാപനം വന്നിരിക്കുന്നത്. ഈ ഉത്തരവ് വന്നതോടെ പരീക്ഷാനടത്തിപ്പ് തന്നെ അപ്രസക്തമായിരിക്കുകയാണ്. നിലവിൽ പല വിഷയങ്ങളുടേയും ലിസ്റ്റ് അവസാനിച്ചിട്ടുമില്ല. നിരവധി ഉദ്യോഗാർത്ഥികളുടെ അവസാന അവസരം കൂടിയായിരുന്നു ഈ പരീക്ഷ. പരീക്ഷയ്ക്ക് വേണ്ടി ഊർജ്ജിതമായി തയ്യാറെടുത്തു കൊണ്ടിരുന്ന ആയിരക്കണക്കിന് സാധാരണക്കാരുടെ കോളേജ് പ്രൊഫസറാവുക എന്ന സ്വപ്നം മലർപ്പൊടിക്കാരന്‍റെ സ്വപ്നമായി വളരെപ്പെട്ടന്ന് മാറിത്തീർന്നിരിക്കുന്നു.

കൊറോണ വൈറസ് എന്ന മഹാമാരിയുടെ ഫലമായി ലോകം ഒന്നടങ്കം പ്രതിസന്ധിയിലാണെങ്കിലും ഇത്തരമൊരു നീക്കം ഇതിന്‍റെ മറവിൽ എളുപ്പത്തിൽ നടത്തിയെടുത്തത് അത്ര ലഘൂകരിച്ച് കാണാൻ കഴിയില്ല. മുൻകാല പ്രാബല്യത്തോടെയാണ് ഈ ഉത്തരവ് നടപ്പാക്കിയത് എന്ന കാര്യം ഓർക്കണം. നേരത്തെ നടപ്പാക്കാൻ ശ്രമിച്ചപ്പോൾ വലിയ പ്രതിഷേധങ്ങൾ ഉണ്ടായ ഉത്തരവ് വെറും സാമ്പത്തിക നിയന്ത്രണത്തിന്‍റെ ഭാഗമായി മാത്രമല്ല എന്നത് വ്യക്തമാണ്‌. ഈ മഹാമാരിയുടെ പശ്ചാത്തലം ഇല്ലായിരുന്നുവെങ്കിൽ അധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളും അടക്കം ബഹുജന പ്രക്ഷോഭത്തിന് സാധ്യത ഉള്ളതായിരുന്നു വിവാദ ഉത്തരവ്. മാത്രമല്ല കേരളത്തിലെ ബഹുഭൂരിപക്ഷം എയിഡഡ് മാനേജ്മെന്റുകളും ഇതിനെതിരെ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയേനെ. കേരളത്തിലെ എയിഡഡ് മാനേജ്മെന്റുകളുടെ പ്രധാന വരുമാന മാർഗ്ഗമാണല്ലോ നിയമനത്തിന് വാങ്ങുന്ന പണം. എന്നാൽ ഈ നടപടി അവസാനിപ്പിക്കാൻ വേണ്ടിയല്ല സർക്കാർ ഇത് ചെയ്തതെന്ന് വ്യക്തമാണ്. മറിച്ച് ഈ ഉത്തരവ് നടപ്പാക്കുന്നത് മൂലം കോഴപ്പണം കുത്തനെ കൂടാനാണ് സാധ്യത. കാരണം ഇനി വല്ലപ്പോഴും നടക്കാൻ സാധ്യതയുള്ള നിയമനത്തിൽ പരമാവധി ഉദ്യോഗാർത്ഥികളുടെ കൈയ്യിൽ നിന്നും ഈടാക്കാനേ അവർ ശ്രമിക്കൂ. ഫലത്തിൽ മെരിറ്റ് എന്നൊക്കെയുള്ളത് വെറും തമാശ മാത്രമായിത്തീരുകയും നിയമനം ലേലം വിളിയിലൂടെ പണം ഉള്ളവർ നേടുകയും ചെയ്യും. ഇതോടെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഇപ്പോൾ ഉള്ളതിന്‍റെ നൂറിരട്ടി തകർച്ചയെ അഭിമുഖീകരിക്കും.

കോവിഡ് 19 പടിപടിയായി നടക്കേണ്ടിയിരുന്ന പല മാറ്റങ്ങളേയും ഒറ്റയടിക്ക് നിലവിൽ വരുത്തിയിട്ടുണ്ട്. അതിന്‍റെ ഭാഗമായി മാത്രം ഈ ഉത്തരവിനെ കാണാൻ കഴിയില്ല. കഴിഞ്ഞ വർഷം മുതൽ തന്നെ അഞ്ച് വർഷ കരാർ നിയമനത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായി പുരോഗമിച്ചത് നമ്മൾ കണ്ടതാണ്. ഇതോടൊപ്പം തന്നെ കൂട്ടി വായിക്കണം ഓൺലൈൻ വിദ്യാഭ്യാസത്തിലേക്കുള്ള പോക്കിനേയും. കേരളത്തിൽ കോളേജുകളുടേയും സ്കൂളുകളുടേയും സമയ ക്രമീകരണ മാറ്റവുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. 8.30 മുതൽ 1.30 വരെ ഇടവേളകളില്ലാതെയുള്ള പഠനം, അതിനു ശേഷം ജോലിക്ക് വേണ്ടി വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പരിശീലനങ്ങൾ എന്നതൊക്കെയാണ് ഭരണകൂടം മുന്നോട്ട് വെയ്ക്കുന്ന അജണ്ടകൾ. ഇതിനെതിരെ വ്യാപകമായ എതിർപ്പ് ഉയർന്നു കഴിഞ്ഞു. കേരളത്തിന്‍റെ കൊട്ടിഘോഷിക്കപ്പെട്ട വിദ്യാഭ്യാസ സങ്കൽപ്പങ്ങളുടെ കടയ്ക്കൽ കത്തിവെക്കുന്ന ഒന്നാണിത് എന്ന് കാണാൻ വലിയ പ്രയാസമൊന്നുമില്ല. കേരളത്തിന്‍റെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ മറയാക്കി കോർപ്പറേറ്റുകൾക്കും സ്വകാര്യ മുതലാളിമാർക്കും തൊഴിൽ അടിമകളെ സർക്കാർ ചിലവിൽ തുറന്ന് കൊടുക്കുന്ന പ്ലാറ്റ്ഫോമാണിത് വഴി രൂപപ്പെടുന്നത്. മാത്രമല്ല, ഇപ്പോൾ തന്നെ ആർക്കും വേണ്ടാതായി കഴിഞ്ഞ ഭാഷാ മാനവിക വിഷയങ്ങൾ വേഗത്തിൽ അപ്രത്യക്ഷമാകുന്നതിനും ഇത് വഴിയൊരുക്കും. ഏകാധ്യാപകർ ഉള്ള ഭാഷാ ഡിപ്പാർട്ട്‌മെന്റുകൾ പൂട്ടി പോകും. ചിന്തിക്കുന്ന ഒരു തലമുറ, പ്രതികരിക്കുന്ന ഒരു തലമുറ ഇവിടെ സ്വപ്നമായിത്തീരും. നവമുതലാളിത്തത്തിന് വേണ്ടി അക്ഷീണം പണിയെടുക്കുന്ന കുറെ നിശബ്ദ യന്ത്രങ്ങളെ സൃഷ്ടിക്കാൻ മാത്രമേ ഈ പരിഷ്കാരങ്ങൾ വഴിവെക്കൂ. ഇതിനു മുന്നിൽ നിൽക്കുന്നത് ഒരു ഇടതുപക്ഷ സർക്കാർ ആണെന്നത് ഐറണിയുടെ ആഴം കൂട്ടുന്നു. ഒരുപാട് ജനകീയ സമരങ്ങളുടെ പശ്ചാത്തലമുള്ള, ജനാധിപത്യത്തിന് വേണ്ടി അതിശയകരമായ വിപ്ലവാശയങ്ങൾ രൂപം കൊണ്ട കേരളത്തിലെ കലാലയങ്ങൾ ശക്തമായ രാഷ്ട്രീയ ബോധ്യങ്ങൾ പുലർത്തിയിരുന്നവയാണ്. അതിന്‍റെ മഹത്തായ ഇടപെടൽ ശേഷിയുടെ കഴിവിൽ കൂടിയാണ് നാം ഇന്ന് അനുഭവിക്കുന്ന മികവ് എന്നത് അതേ വഴിയിൽ കൂടി അധികാര സ്ഥാനത്തേക്ക് എത്തിയവർ മറന്നുപോയിരിക്കുന്നു.

ഗവേഷണം എന്ന ചീട്ടു കൊട്ടാരം

വർഷങ്ങൾക്ക് മുൻപ് മലയാളത്തിലെ ഏറ്റവും പ്രശസ്തനായ സാഹിത്യ വിമർശകൻ ശ്രീ കെ പി അപ്പൻ‍ തന്‍റെ ‘കലഹവും വിശ്വാസവും’ എന്ന പുസ്തകത്തിൽ സുകുമാർ അഴീക്കോടിന്‍റെ ‘മലയാള സാഹിത്യ വിമർശനം’ എന്ന പുസ്തകത്തെ വിമർശിച്ചു എഴുതിയ ലേഖനത്തിന്‍റെ തലക്കെട്ടാണ് ഗവേഷണം എന്ന ചീട്ടുകൊട്ടാരം. സുകുമാർ അഴീക്കോടിന്‍റെ PhD പ്രബന്ധം പുസ്തക രൂപത്തിൽ ആക്കിയതായിരുന്നു മലയാള സാഹിത്യ വിമർശനം. പുസ്തകത്തെപ്പറ്റിയുള്ള അതിനിശിതമായ വിമർശനമാണ് ഈ ലേഖനം. പക്ഷേ ഫലത്തിൽ ഗവേഷണത്തിൽ സംഭവിക്കുന്ന പാളിച്ചകളേയും ദുരന്തങ്ങളേയും ഒപ്പം ഇഴ പിരിച്ചെടുത്ത് വിമർശിക്കുന്നുണ്ട് അപ്പൻ ഈ ലേഖനത്തിൽ. അതുകൊണ്ടാണ് ഇതിവിടെ സൂചിപ്പിക്കേണ്ടി വന്നത്. ഗവേഷണം എന്ന പ്രക്രിയ എന്തുമാത്രം നിസ്സാരമായാണ് അത് ചെയ്യുന്ന വ്യക്തിയും സമൂഹവും കാണുന്നതെന്ന് ഈ വിമർശനം പരിശോധിച്ചാൽ വ്യക്തമാകും. നമ്മുടെ നാട്ടിൽ ഗവേഷണ പ്രക്രിയകൾക്ക് അത് അർഹിക്കുന്ന വിധത്തിൽ ഉള്ള അംഗീകാരമോ പ്രാഥമിക സൗകര്യങ്ങളോ പോലും ലഭ്യമല്ല എന്നുള്ളതാണ് നിലനിൽക്കുന്ന യാഥാർത്ഥ്യം. പിന്നെ വ്യക്തിയുടെ മികവിനാൽ കുറെ ഗവേഷണങ്ങൾ ശ്രദ്ധിക്കപ്പെടുന്നു എന്ന് മാത്രം. ഗവേഷണം എന്നത് ഒരു സാമൂഹികമായ അറിവുൽപ്പാദന പ്രക്രിയയാണ് എന്ന കാര്യം പൊതു സമൂഹത്തിന് പോലും അഞ്ജാതമാണ്. നമ്മുടെ നാട്ടിലെ ഭൂരിപക്ഷം ജനങ്ങളും കരുതുന്നത് ഒരു തൊഴിലിനും പോകാതെ തേരാപ്പാരാ ക്യാമ്പസുകളിൽ തെണ്ടി നടക്കുന്ന ഒന്നിനും കൊള്ളാത്തവരാണ് ഗവേഷകർ എന്നാണ്. ഗവേഷകർക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങൾ പോലും നമ്മൾ മികവിന്‍റെ കലാലയങ്ങൾ എന്നവകാശപ്പെടുന്ന ക്യാമ്പസ്സുകളിൽ ഇല്ല എന്നത് പരസ്യമായ രഹസ്യമാണ്. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് നടത്തിയ National Institutional Ranking Frame Work (NIRF) സർവേയിൽ കേരള സർവ്വകലാശാല ഇരുപത്തിമൂന്നാം സ്ഥാനത്ത് എത്തിയപ്പോൾ എല്ലാവരും ആഘോഷമാക്കിയത് ഇക്കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതാണല്ലോ. നമുക്ക് ആഘോഷിക്കാം, അതിൽ തെറ്റൊന്നുമില്ല. എന്നാൽ അതിന് ശേഷം പത്രങ്ങളിൽ വന്ന ഒരു വാർത്തയുണ്ട്. ആഗോള ഉന്നത വിദ്യാഭ്യാസ കൺസൽട്ടൻസിയായ ക്യു. എസ് (ക്വാക്കറലി സൈമണ്ട്സ്) പുറത്തിറക്കിയ പട്ടികയിൽ ആദ്യ 150-ൽ പോലും ഒരു ഇന്ത്യൻ സർവ്വകലാശാലയും ഇല്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ഇന്ത്യൻ ഇൻസ്റ്റിട്ട്യൂറ്റ് ഓഫ് ടെക്നോളജി മുംബൈ 172-ആം സ്ഥാനത്താണുള്ളത്. ഇതിൽ നിന്ന് ചിത്രം വ്യക്തമാണല്ലോ. പാശ്ചാത്യ സർവ്വകലാശാലകളെ അതേപടി അനുകരിക്കണം മികവിലേക്ക് എത്താൻ എന്നുള്ള ഒരു അതിവാദവും ലേഖകനില്ല. നമ്മുടെ സാമൂഹിക സാഹചര്യങ്ങൾക്ക് അനുസൃതമായി ബദൽ മാർഗ്ഗങ്ങൾ ആവിഷ്കരിക്കുകയാണ് വേണ്ടത്. അത് ക്ലാസ് റൂം പഠനത്തിൽ ആകട്ടെ, ഗവേഷണ രംഗത്താകട്ടെ തികച്ചും എല്ലാവരെയും ഉൾക്കൊള്ളുന്നതും ജനാധിപത്യത്തിൽ അധിഷ്ഠിതവുമായിരിക്കണം എന്നതാണ് ഉറപ്പു വരുത്തേണ്ടത്. യാതൊരു വിധത്തിലും ഉള്ള അസമത്വവും അതുവഴി രൂപപ്പെടാൻ പാടില്ല. എന്നാൽ നിർഭാഗ്യവശാൽ ഇവിടെ ഇതിനെല്ലാം വിപരീതമായാണ് കാര്യങ്ങൾ പോകുന്നത്. നമ്മൾ അന്ധമായി നവമുതലാളിത്ത യുക്തികളുടെ പിറകെ ഓടാൻ ശ്രമിക്കുകയും അതിൽ ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്നു.

ഏപ്രിൽ ഒന്നിന്‍റെ ഉത്തരവ് അതിരൂക്ഷമായി ബാധിക്കുന്ന മേഖലയാണ് ഗവേഷണം. പണ്ടേ തന്നെ അവശതയിൽ കിടക്കുന്ന ഗവേഷണ രംഗത്ത് ഇത് കൂടുതൽ അപകടങ്ങളും അസമത്വങ്ങളും സൃഷ്ടിക്കുകയേ ഉള്ളൂ. ആർക്കാണ് നമ്മുടെ നാട്ടിൽ ഗവേഷണം ചെയ്യാൻ സാധിക്കുന്നത്? അതിന് കടലാസ് യോഗ്യത മാത്രം മതിയോ? സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ഒരു വിദ്യാർത്ഥിയ്ക്ക് അവിടേക്കുള്ള വഴികൾ എത്രത്തോളം സുഗമമാണ്? എന്നിങ്ങനെ മുൻപേ നിലനിൽക്കുന്ന ചോദ്യങ്ങളുണ്ട്. തൽക്കാലം അത് മാറ്റിവെക്കുകയേ നിവർത്തിയുള്ളൂ. ഇവിടെ നിലവിൽ തന്നെ ഗൈഡ് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. എന്നാൽ യോഗ്യരായ ഒരുപാട് വിദ്യാർത്ഥികൾ അവസരം കാത്ത് ഓരോ വർഷവും പുറത്ത് വരികയും ചെയ്യുന്നു. ഇവരെയെല്ലാം എവിടെ ഉൾക്കൊള്ളാൻ സാധിക്കും? അധ്യാപകരുടെ/ഗവേഷണ മാർഗ്ഗദർശ്ശികളുടെ എണ്ണം കുറയുന്നതോടെ അവസ്ഥ വീണ്ടും രൂക്ഷമാകുന്നു. റിട്ടയർമെന്റ് അടുത്തിരിക്കുന്ന അധ്യാപകർക്ക് പുതിയ ഗവേഷകരെ എടുക്കാനും സാധ്യമല്ല. കേരളത്തിലെ കൊളേജുകളിലും സർവ്വകലാശാലകളിലും കൂടി ആകെ എത്ര പ്രൊഫസർമാരുണ്ട്? അവർക്കാണ് 8 പേരെ ഒരേസമയം എടുക്കാൻ കഴിയുക. അസോസിയേറ്റ് പ്രൊഫസർക്ക് 6, അസിസ്റ്റന്റ് പ്രൊഫസർക്ക് 4 എന്നിങ്ങനെയാണ് യു ജി സി നിഷ്കർഷിക്കുന്ന ഗവേഷകരുടെ എണ്ണം. ഈ ഉത്തരവ് നടപ്പിലായി നിയമന നിരോധനം ദീർഘകാലത്തേക്ക് സംഭവിക്കുന്നതോടെ എന്താകും ഉന്നത വിദ്യാഭ്യാസത്തിലെ ഏറ്റവും ഉയർന്ന കണ്ണിയായ ഗവേഷണത്തിൽ സംഭവിക്കുന്നത്? എത്രയോ പേരുടെ അവസരങ്ങൾ നഷ്ടമാകും. എം.ഫിൽ കോഴ്സുകൾക്കും മറിച്ചല്ല സംഭവിക്കാൻ പോകുന്നത്. കേരളത്തിലെ കാര്യമെടുത്താൽ ബഹുഭൂരിപക്ഷം കോളേജുകളിലും പ്രൊഫസർ തസ്തികകളോ സ്ഥാനക്കയറ്റമോ നൽകാറില്ല, അല്ലെങ്കിൽ പരമാവധി പ്രൊമോഷൻ വൈകിപ്പിക്കുന്ന പരിപാടിയാണ് എത്രയോ വർഷങ്ങളായി നടക്കുന്നത്.

ഇനി വരാൻ പോകുന്ന ഓൺലൈൻ ഇടപാടിൽ എങ്ങനെയാണ് ജനാധിപത്യപരമായി ഗവേഷണം നടക്കുക? പരസ്പരം ചർച്ചകളിലൂടെയും വ്യത്യസ്ത അഭിപ്രായങ്ങളിലൂടെയും രൂപപ്പെടേണ്ട അറിവ് നിർമ്മിതി എങ്ങനെ സാർത്ഥകമാകും? കരാർ അധ്യാപകർ മാത്രം ഉണ്ടാകുന്ന ഒരു കാലം വന്നാൽ ഗവേഷണം എങ്ങനെ മുന്നോട്ട് പോകും? അദ്ധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ രൂപപ്പെടേണ്ട ഊഷ്മളമായ ബന്ധത്തെ അത് ബാധിക്കും എന്നതിൽ സംശയമില്ല.

പൊതുവിദ്യാഭ്യാസ പ്രക്രിയയിൽ ഗവേഷണം തകരേണ്ടത് കോർപ്പറേറ്റുകളുടെ ആവശ്യമാണ്. അറിവ് സാമൂഹികമായി രൂപപ്പെടുന്നതിൽ മുതലാളിത്തത്തിന് യോജിക്കാൻ കഴിയും എന്ന് തോന്നുന്നില്ല. അങ്ങനെ വന്നാൽ അതിന്‍റെ അധികാര പ്രമത്തതയ്ക്ക് വിള്ളൽ സംഭവിക്കും. അറിവിനെ ഏകമാനമായി ഒരു കേന്ദ്രത്തിലേക്ക് ചുരുക്കി അതിനുമേൽ നിയന്ത്രണം നേടിയെടുത്ത് അത് വഴി കൊള്ളലാഭം സൃഷ്ടിക്കാൻ പൊതുവിദ്യാഭ്യാസ സമ്പ്രദായങ്ങളെ ഇല്ലാതാക്കിയേ പറ്റൂ. ഗവേഷണ പ്രക്രിയ തകരുന്നതോടെ, അദ്ധ്യാപക-വിദ്യാർത്ഥി മുഖാമുഖ അധ്യയനം അവസാനിക്കുന്നതോടെ, ക്യാമ്പസ് സമയക്രമം വെട്ടിക്കുറയ്ക്കുന്നതോടെ, വിമർശാത്മക ചിന്ത ഇല്ലാതാകുന്നു. അറിവിന്‍റെ വിതരണം മാത്രം നടക്കുകയും, നൈപുണ്യ നിർമ്മാണത്തിന് മുൻതൂക്കം കിട്ടുകയും ചെയ്യുന്നു. ക്യാമ്പസ് എന്ന ജനാധിപത്യ ഇടം, സർഗാത്മക-ജൈവിക ഇടം ഇല്ലാതാകുന്നു. അവിടം കുറെ നിയമാനുസൃത (normal) വ്യക്തിത്വങ്ങളെ/തൊഴിലാളികളെ ഉണ്ടാക്കിയെടുക്കുന്ന ഫാക്ടറിയായി പരിണമിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ ഏറ്റവും വലിയ രാഷ്ട്രീയ ഇടങ്ങളായിരുന്ന കേരളത്തിലെ ക്യാമ്പസ്സുകൾ ഇനി മുതൽ യന്ത്ര സമാനമായ വിധേയ കർതൃത്വങ്ങളുടെ നിലയിലേക്ക് മാറിത്തീരും.

‘തൊഴിൽ തിന്നുന്ന ബകനും’ ഉന്നതവിദ്യാഭ്യാസ കൗൺസിലിന്‍റെ നയരേഖയും

രാജീവ്‌ഗാന്ധി സർക്കാരിന്‍റെ കമ്പ്യൂട്ടർവത്കരണത്തെ കേരളത്തിലെ ഇടതുപക്ഷം വിമർശിച്ചത് ‘തൊഴിൽ തിന്നുന്ന ബകൻ’ എന്നു വിളിച്ചായിരുന്നു. എന്നാൽ ഇപ്പോൾ ആ വിളി ഇടതുപക്ഷത്തിനെ തന്നെ തിരിഞ്ഞു കൊത്തുന്ന അവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നത്. പ്രകടനപത്രികയിൽ നിയമന നിരോധനം ഒരിക്കലും ഉണ്ടാകില്ല എന്ന് പറഞ്ഞു അധികാരത്തിലേറിയതാണ് ഈ സർക്കാർ എന്നോർക്കണം. പക്ഷേ കോവിഡ്‌ എന്ന ഒരു ന്യായത്തിൽ മാത്രം നിന്നു കൊണ്ട് തുഗ്ലക്ക് പരിഷ്കരണങ്ങളാണ് ഭരണകൂടം നടപ്പിലാക്കുന്നത്. നവ മുതലാളിത്ത സമീപനങ്ങളെ എതിർക്കുന്നു എന്ന പ്രത്യക്ഷ നിലപാട് സ്വീകരിക്കുകയും മറുവശത്തു കൂടി സാധ്യമാകുന്ന വിധത്തിലെല്ലാം അതിനെ ഇരുകൈയ്യും നീട്ടി പുണരുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സർക്കാരിന്റേത്.

കേരളത്തിന്‍റെ ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഇറക്കിയ കോവിഡാനന്തര ഉന്നതവിദ്യാഭ്യാസ നയരേഖ വായിച്ചാൽ ആർക്കും ഇത് എളുപ്പത്തിൽ മനസ്സിലാകും. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ഒട്ടും നിലവാരമില്ലാത്ത ഒന്നായാണ് രേഖ വിശേഷിപ്പിക്കുന്നത്. രേഖ ഉടനീളം അത് നിരന്തരം ആവർത്തിക്കുന്നുമുണ്ട്. കേരളത്തിലെ നിലവിൽ ഇരിക്കുന്ന അധ്യയന രീതിയെ കഴിവില്ലായ്മയുടെ ജനാധിപത്യവത്ക്കരണം (democratization of mediocrity) എന്നാണ് രേഖ വിശേപ്പിച്ചത്. കേരളത്തിൽ നിലവിലിരിക്കുന്ന അധ്യയന രീതിയെ മാറ്റിമറിച്ച് കൊണ്ട് ആധുനികമായ വെർച്വൽ ക്ലാസ്റൂമുകളും നോബേൽ ജേതാക്കളുടെ ഉന്നത നിലവാരമുള്ള പ്രഭാഷണങ്ങളും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കണമെന്ന് രേഖ പറയുന്നു. എന്താണ് ഈ മഹത്തായ രേഖ സമർത്ഥിക്കാൻ ശ്രമിക്കുന്നത്? ഇതുവരെ നാം എല്ലാവരും ആഘോഷിച്ച കേരളത്തിന്‍റെ പൊതു വിദ്യാഭ്യാസ മേഖല കഴിവുകെട്ട ഒന്നാണ് എന്നല്ലേ? എന്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്? അറിവിന്‍റെ ജനാധിപത്യവത്കരണത്തെയാണോ ഈ രേഖ നിലവാരം പോയി എന്ന് പറഞ്ഞ് അപലപിക്കുന്നത്? അങ്ങനെ ആണെങ്കിൽ ഇതുവരെ തുടർന്നു വന്ന എല്ലാറ്റിനേയും തിരിഞ്ഞു കൊത്തുന്ന ഒന്നാണ് ഈ രേഖ. ഇതുവരെ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്‍റെ തലപ്പത്ത് പ്രവർത്തിച്ച ഓരോ ആളുകളും അതിൽ പ്രതിയാകുകയും ചെയ്യും. നിലവിലിരിക്കുന്ന അധ്യാപക സമൂഹത്തോട് കടുത്ത പുച്ഛമാണ് രേഖ ഉടനീളം പുലർത്തുന്നത്. പകരം നോബേൽ ജേതാക്കളായ പ്രൊഫസർമാരേയും സ്മാർട്ട്‌ ക്ലാസ് റൂമുകളേയും പകരം വെച്ച് ഇതിനെ നിലവാരപ്പെടുത്താം എന്നാണ് കൗൺസിൽ പറയുന്നത്. വിദേശ സർവ്വകലാശാലകളുടെ നിലവാരവും അവിടുത്തെ സാമൂഹിക സാഹചര്യങ്ങളും വെച്ച് കൊണ്ട് ഇവിടുത്തെ വിദ്യാഭ്യാസ മേഖലയെ താരതമ്യം ചെയുന്നത് അത്യന്തം ആത്മഹത്യാപരമാണ്. ലൈബ്രറികൾ രാത്രിയിലും തുറന്ന്‍ പ്രവർത്തിക്കണമെന്ന് പറഞ്ഞു സമരം ചെയ്ത വിദ്യാർത്ഥികളോട് “ഇരുട്ടിന്‍റെ മറവിൽ മറ്റേ പണിക്കല്ലേ” എന്ന് ചോദിച്ച സർവകലാശാലകൾ ഉള്ള നാടാണ് കേരളം. കേരളത്തിലെ സർവ്വകലാശാലകളെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ലൈബ്രറികളുള്ള വിദേശ റെസിഡൻഷ്യൽ സർവ്വകലാശാലകളോട് താരതമ്യം ചെയ്യുന്നതിൽ മുഴുത്ത തമാശ മാത്രമേ കാണാൻ സാധിക്കൂ. മറ്റൊരു തമാശ നോബേൽ സമ്മാനിതരായ പ്രൊഫസർമാരാണ്. കൗൺസിലിന്‍റെ നോട്ടത്തിൽ മികവിന്‍റെ മാനദണ്ഡം ഇതാണ്. മികവിനെപ്പറ്റിയോ അറിവുൽപ്പാദനത്തെപ്പറ്റിയോ സാമാന്യ ധാരണകളോ ഇല്ലെന്നത് പോട്ടെ, യാതൊരു വിധത്തിലുള്ള രാഷ്ട്രീയ ധാരണ പോലും ഈ ആശയത്തിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം. എന്താണ് കൗൺസിൽ ഉദ്ദേശിക്കുന്ന മികവ്? അത് വ്യക്തിപരമായ കരിയറിസം ആണോ? അതോ ഏതെങ്കിലും വിദേശ പ്രൊഫസറുടെ റെക്കോർഡ്‌ ചെയ്ത ക്ലാസ് കൊണ്ട് കാണിച്ചാൽ നേടാൻ കഴിയുന്ന സൂത്രവിദ്യ വല്ലതുമാണോ എന്ന് മനസ്സിലാകുന്നില്ല. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാതെ എന്ത് ഓൺലൈൻ സമ്പ്രദായം കൊണ്ട് വന്നിട്ട് എന്ത് കാര്യമാണ് ഉണ്ടാകാൻ പോകുന്നത്? അദ്ധ്യാപക തസ്തികകൾ വെട്ടിക്കുറച്ചാൽ എങ്ങനെയാണ് മികവ് ഉണ്ടാകുന്നത്? ഓൺലൈൻ പഠനവും മോക് കോഴ്സുകളും ചേർന്ന് ക്യാമ്പസുകളുടെ സർഗാത്മക രാഷ്ട്രീയ വിനിമയങ്ങളെ തന്നെ അപ്രസക്തമാക്കിക്കളയും എന്നത് മാത്രമാകും ഇതിന്‍റെ ഫലം.

നിശ്ചലാവസ്ഥയെപ്പറ്റി കൊറോണ ശരിക്കും ബോധ്യപ്പെടുത്തി തന്നെങ്കിലും വീണ്ടും പരമാവധി വേഗതയോടെ മുതലാളിത്ത വേഗ ലോകത്തോട് ഇണങ്ങാനും കമ്പോള യുക്തിയിൽ അഭിരമിക്കാനുമാണ് ഭരണകൂടത്തിന് താല്പര്യം എന്ന് ഈ നയങ്ങൾ തെളിയിക്കുന്നു. നമ്മുടെ വിദ്യാഭ്യാസരംഗം ഓൺലൈൻ മാറ്റങ്ങളെ ഉൾക്കൊള്ളാൻ സജ്ജമായിട്ടില്ല എന്ന് ആർക്കാണ് അറിയാത്തത്? ഇന്ത്യയിൽ എത്രപേർക്ക് ഇന്റർനെറ്റും സ്മാർട്ട്‌ഫോണും മറ്റ് സാങ്കേതിക സംവിധാനങ്ങളും ഉണ്ട്? അതിൽ തന്നെ ഡിജിറ്റൽ സാക്ഷരത എത്രപേർക്കുണ്ട്? ഇനി ഇതെല്ലാം ഉണ്ടെങ്കിൽ തന്നെയും ഇതിന് വേണ്ട ഡാറ്റ എത്രപേർക്ക് 300/400 രൂപ ചിലവ് ചെയ്ത് സ്വകാര്യ കമ്പനികളിൽ നിന്ന് വാങ്ങാൻ കഴിയും? കോവിഡാനന്തരം ജോലി പോലും ഇല്ലാതെ അന്നന്നത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടി കഴിയുന്ന ആളുകളിലേക്കാണ് ഈ മികവിന്‍റെ രേഖകൾ എത്തുന്നത്. അത്യന്തം മനുഷ്യത്വ വിരുദ്ധമായ അസമത്വങ്ങൾക്കും ദുരന്തങ്ങൾക്കും ഇത് വഴിതെളിച്ചത് നാം കണ്ടു കഴിഞ്ഞു. ഇനിയും ഇത്തരം ഡിജിറ്റൽ അസമത്വങ്ങളും ചൂഷണങ്ങളും വര്‍ദ്ധിക്കുവാൻ മാത്രമേ ഈ നയങ്ങൾ കൊണ്ട് സാധിക്കൂ.

നമ്മുടെ അറിവുൽപ്പാദന പ്രക്രിയയെപ്പോലും ലോകത്തിലെ ഏതെങ്കിലും കോർപ്പറേറ്റുകൾ സർവൈൽ ചെയ്യുകയും അതിൽ ഇടപെടുകയും തീരുമാനം എടുക്കുകയും ചെയ്യാനുള്ള സാധ്യത വിദൂരമല്ല. ഭാവിയിൽ ഇതൊരു ജൈവാധികാര (biopower) പ്രയോഗമായിത്തീർന്നാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല. തള്ളവിരൽ അറിവിനായി ബലികൊടുത്ത ഏകലവ്യൻ അറിവ്-അധികാര ബന്ധത്തിന്‍റെ പൗരാണിക കാഴ്ചയാണ്. ഇവിടെ വിദൂരത്ത് ഇരുന്ന് നമ്മെ നിരീക്ഷിക്കുന്ന സർവൈലൻസ് കണ്ണുകൾ നമ്മുടെ തള്ളവിരലുകൾക്ക് വേണ്ടി കൊതിച്ചു തുടങ്ങാൻ പോകുന്നു. വരൂ നമുക്ക് ഇനി ഏകലവ്യന്മാരാകം, എന്ന് ഈ പരിഷ്കാരങ്ങൾ എല്ലാം കൂടി ചെവി തുളച്ചു തുടങ്ങുന്നു.


Comments

comments