രുദേശത്തിനുള്ളില്‍ സാമൂഹികയിടങ്ങള്‍ രൂപപ്പെടുന്നത് ദേശത്തിനുള്ളിലെ ജാതിലിംഗവ്യവസ്ഥയുടെ അധികാരത്തിനകത്തായിരിക്കും. കേരളത്തിലെ സ്ഥലങ്ങളുടെ വിഭജനവും ഓരോ സ്ഥലവും ആര് എങ്ങനെ ഉപയോഗിക്കണം എന്നതും കേരളസമൂഹത്തിലെ അധികാരവ്യവസ്ഥകളാണെന്നും സിനിമയിലും കലയിലും സ്ഥലത്തെ രൂപപ്പെടുത്തുന്നതും ഇതേ വ്യവസ്ഥകളാണെന്നും കാണാം. അതിനാല്‍ സ്ഥലമെന്നത് (Place) കേവലം ഭൗതികമായ, പ്രകൃതിദത്തമായ ഒന്നല്ല മറിച്ച് പ്രത്യയശാസ്ത്രപരമാണ്. ഈ സ്ഥലങ്ങള്‍ക്കകത്ത് പ്രത്യയശാസ്ത്രപരമായി രൂപപ്പെടുന്നതാണ് അതിലെ മനുഷ്യബന്ധങ്ങളുടെ ഇടവും (Space). മനുഷ്യര്‍ അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പെരുമാറാന്‍ രൂപപ്പെടുത്തുന്നതാണത്. വീട്, സ്കൂള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങി എല്ലായിടവും സമൂഹത്തിലെ വ്യവസ്ഥകള്‍ രൂപപ്പെടുത്തുന്നതാണ്. ഈ സ്ഥലങ്ങള്‍ നിരന്തരം മാറിക്കൊണ്ടിരിക്കും. ഫ്യൂഡല്‍കാലത്തെ സ്ഥലങ്ങള്‍ ജനാധിപത്യകാലത്ത് മറ്റൊന്നായി മാറും. ഇങ്ങനെ സ്ഥലങ്ങലെ മാറ്റിക്കൊണ്ടാണ് ഫ്യൂഡല്‍കാലത്തുനിന്നും ആധുനികകാലത്തേക്കു നമ്മള്‍ വന്നത്. തറവാടുകള്‍ എന്നത് വീടുകളായ മാറ്റം ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമായിക്കാണാം. ഫ്യൂഡല്‍കാലത്ത് എല്ലാവര്‍ക്കും ഇരിക്കാവുന്ന, പെരുമാറാവുന്ന ഇടങ്ങള്‍ ഇല്ലായിരുന്നു, ഓരോ ജാതിക്കാര്‍ക്കും ഓരോ ഇടങ്ങളാണ് നിശ്ചയിക്കപ്പെട്ടിരുന്നത്. കൃത്യമായ തീണ്ടാപ്പാടകലത്തില്‍ ജാതികളായി ഓരോ ശരീരങ്ങളും വിന്യസിക്കപ്പെടുന്നു. റോഡുകള്‍ വന്നപ്പോള്‍ കീഴാളര്‍ റോഡുകളിലൂടെ നടന്നപ്പോള്‍ നടന്ന വഴക്കുകള്‍ ഇത് വ്യക്തമാക്കുന്നു. ജാതിപരമായിരുന്ന സ്ഥലങ്ങളെ കോളനീകരണവും നവോത്ഥാനപ്രസ്ഥാനങ്ങളുമാണ് ജനാധിപത്യപരമായ സ്ഥലവും ഇടവുമാക്കിമാറ്റിയത്. സ്ഥലങ്ങളുടെ ക്രമത്തെ നിശ്ചയിക്കുന്നതില്‍ ജാതി- ലിംഗ-വര്‍ഗ്ഗപദവികളാണ് അധികാരം ചെലുത്തുന്നതെന്നു വ്യക്തം. സിനിമയില്‍ സ്ഥലത്തെ ദൃശ്യവത്കരിക്കുകയായതിനാല്‍ സാഹിത്യത്തേക്കാളുപരിയായ ചില മാനങ്ങള്‍ കാണുന്നുണ്ട്. പ്രണയവും കാമവും കരുതലുമൊക്കെ സ്ഥലത്തിലൂടെയാണ് വിനിമയം ചെയ്യപ്പെടുന്നതെന്നും അവിടെയല്ലാം അധികാരത്തിന്‍റെ പിരമിഡിക്കലായ ഇടങ്ങള്‍ സൂക്ഷ്മമായി പ്രകടമാകുന്നതും കാണാം.

ഫ്യൂഡലിസത്തിന്‍റെ സ്ഥലങ്ങളും ഇടങ്ങളും

ആധുനികത കാര്യമായി കടന്നുവരാത്ത, ഫ്യൂഡലിസത്തിന്‍റെ ശേഷിപ്പുകള്‍ നന്നായി കാണുന്ന ഒരു നായര്‍ത്തറവാടു കേന്ദ്രീകരിച്ച ഗ്രാമത്തിന്‍റെ കഥയാകും പദ്മരാജന്‍റെ സിനിമകളെന്നു പറയാം. പച്ചപുതച്ച ഗ്രാമം എന്ന ഫ്യൂഡല്‍സ്ഥലത്തിനകത്ത് ആധുനികതയുടെ പരിണാമങ്ങള്‍ സംഭവിക്കുമ്പോള്‍ അതിലെ സ്ഥലവും ഇടങ്ങളും എങ്ങനെ സംഘര്‍ഷപ്പെടുന്നു എന്നതാണ് ഇവയില്‍ കാണുക. പദ്മരാജന്‍റെ തൂവാനത്തുമ്പികള്‍ ‘പ്രണയത്തിന്‍റെ ഇതിഹാസ’മായിട്ടൊക്കെ വാഴ്ത്തപ്പെടുന്ന സിനിമയാണ്. 1987ല്‍ ഇറങ്ങിയ പ്രസ്തുതസിനിമ അദ്ദേഹത്തിന്‍റെ ഇതരസിനിമകളെ അപേക്ഷിച്ച് വിശാലമായ സ്ഥലത്തെ ഉള്‍ക്കൊള്ളുന്നതാണ്. ആധുനികകേരളത്തിലെ മിക്കസ്ഥലങ്ങളും ഇവിടെ പ്രകടമായിത്തന്നെ വരുന്നുണ്ട്. നഗരം, ഗ്രാമം, ബാറുകള്‍, ആധുനിക ഹോട്ടലുകള്‍, ലോഡ്ജുകള്‍, കടല്‍ത്തീരം, നഗരവഴികള്‍, റയില്‍വേസ്റ്റേഷന്‍, കോളേജ്, ക്ഷേത്രം, അമ്പലപ്പറമ്പ്, പാടം, തുടങ്ങി ഗ്രാമം നഗരം എന്നിവടങ്ങളിലെ മിക്കയിടങ്ങളിലൂടെയുമാണ് കഥ സഞ്ചരിക്കുന്നത്. ബാറുകള്‍ ഹോട്ടലുകള്‍ പോലെ ആധുനികമായ സ്ഥലങ്ങലള്‍‍ക്കാണ് ഇവിടെ പ്രാധാന്യം.ഇതിലൂടെ മനുഷ്യബന്ധങ്ങളെങ്ങനെ രൂപപ്പെടുന്നുവെന്ന് പറയുന്നു.

തൃശൂരിലെ ഒരു ഗ്രാമത്തിലെ ഫ്യൂഡല്‍ പാരമ്പര്യമുള്ള ആളാണ് ജയകൃഷ്ണന്‍. അയാള്‍ യൗവനം സ്ത്രീകളോടൊപ്പം ചെലവിട്ട് നന്നായി ആഘോഷിക്കുന്നു. അയാളിലേക്കു എത്തിച്ചേരുന്ന ക്ലാരയുമായി അയാള്‍ക്കുതോന്നുന്ന പ്രണയമാണ് സിനിമയുടെ വിഷയം. ഇതിനിടെ രാധ എന്ന പെണ്‍കുട്ടിയുമായി അയാളുടെ വിവാഹാലോചന നടന്നിരുന്നു. ക്ലാരയുമായി അയാള്‍ നിരവധി ദിവസങ്ങള്‍ ഹോട്ടലുകളിലും ബീച്ചുകളിലും കഴിയുകയും വല്ലാത്തൊരു അടുപ്പം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതിനിടെ അവള്‍ അപ്രത്യക്ഷ്യയാകുന്നു. രാധയെ വിവാഹം കഴിക്കാനുള്ള തീരുമാനങ്ങള്‍ ശക്തിപ്പെടുന്നു. ഇതിനിടെ ക്ലാര വീണ്ടും പ്രത്യക്ഷപ്പെടുന്നു. രാധ ഇക്കാര്യം എതിര്‍ക്കുകയും അവര്‍തമ്മില്‍ വിടവുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഒടുവില്‍ ക്ലാര മറ്റൊരാളെ വിവാഹം ചെയ്തു. ജയകൃഷ്ണനും രാധയും അടുക്കുകയും ചെയ്യുന്നു. പ്രണയവും കാമവും പ്രകടമായി നിറയുന്ന ഷോട്ടുകളിലൂടെ ക്ലാരയേയും മഴയേയും സന്നിവേശിപ്പിക്കുന്നതിലൂടെയാണ് കഥയുടെ മാനങ്ങള്‍ വളരുന്നത്. ക്ലാരയെ ഓര്‍ക്കുമ്പോള്‍ മഴവരുന്നു. അതിലൂടെ പ്രണയം വരുന്നു. പ്രത്യക്ഷത്തില്‍ പ്രണയം ആഘോഷിക്കുന്ന ചിത്രം പ്രണയത്തിന്‍റെ മൂലധനമായി ഒരുക്കുന്നതെന്തൊക്കെയാണെന്നു പരിശോധിക്കുമ്പോഴാണ് ഓരോ ഷോട്ടിലും പ്രത്യക്ഷപ്പെടുന്ന സ്ഥല-ഇടവിഭജനം ദൃശ്യമാകുന്നത്.

സിനിമ ആരംഭിക്കുന്നത് ജയകൃഷ്ണന്‍റെ വീട്ടിലെ തേങ്ങ കാളവണ്ടിയിലേക്ക് കേറ്റുന്ന രംഗത്തോടെയാണ്. കാര്‍ഷികസമ്പത്ത് നല്ലപോലെയുള്ള ആളാണ് അയാളെന്നാണ് സൂചന. വലിയവീടും ഇഷ്ടംപോലെ പറമ്പും പാടവും അയാള്‍ക്കുണ്ട്. അയാളുടെ വീടിന്‍റെ സ്ഥലം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രണ്ടുനിലകളിലുള്ള കാഴ്ചയില്‍ ഗംഭീരമെന്നു തോന്നുന്ന നായര്‍ത്തറവാടാണത്. വീട്ടിലേക്കു വാഹനംവരെ വരാനുള്ള വഴിയും മറ്റും അവിടെയുണ്ട്. അതിനോടുചേര്‍ന്നാണ് രാമുണ്ണിയുടെ കുടില്‍ നില്‍ക്കുന്നത്. ഒരര്‍ഥത്തില്‍ ജയകൃഷ്ണന്‍റെ കുടികിടപ്പുകാരനാണ് അയാള്‍. അയാളുമായി നിരന്തരസംഘര്‍ഷം ജയകൃഷ്ണനുണ്ട്. അതിന്‍റെ പേരില്‍ അയാളെ കൊല്ലാനും ശ്രമിക്കുന്നുണ്ട്. സമൃദ്ധിയുടെ തറവാടും ദാരിദ്ര്യത്തിന്‍റെ കുടിലും ഒരു സ്ഥലത്തെ വര്‍ഗ്ഗപരമായും ജാതിപരമായും അടയാളപ്പെടുത്തുന്നു. ഇത്തരം അടയാളങ്ങള്‍ വേറെയും സിനിമയിലുണ്ട്. ജയകൃഷ്ണന്‍റെ പാടത്തെ അധ്വാനരംഗങ്ങള്‍ കാണിക്കുന്നത് മറ്റുകൃഷിക്കാരും അയാളും പാടത്തു പണിയെടുക്കുന്നുണ്ടെന്നാണ്. അവിടെ ജയകൃഷ്ണന്‍ പണിയെടുക്കുന്നത് മുണ്ടും ഷര്‍ട്ടും അണിയുമ്പോള്‍ മറ്റു ‘യഥാര്‍ഥ’ കൃഷിക്കാര്‍ ധരിക്കുന്നത് അവരുടെ പരമ്പരാഗത കാര്‍ഷികവേഷങ്ങളാണെന്നുള്ളതാണ്. പാടം എന്ന സ്ഥലവും ജയകൃഷ്ണന്‍റെ സാന്നിധ്യവും അയാളുടെ സമ്പത്തികാധികാരത്തിന്‍റെ സൂചനയാണ്. അതുപോലെ പറമ്പില്‍നിന്ന് അമ്മയ്ക്കൊപ്പം ഫലങ്ങള്‍ പറിക്കുന്ന രംഗവുമുണ്ട്. ജയകൃഷ്ണന്‍ എങ്ങനെ മുതലാളിയായിരിക്കുന്നുവെന്ന് പറയുകയാണ് ഇത്തരം സ്ഥലസൂചനകളിലെ അയാളുടെ സാന്നിധ്യത്തിലൂടെ. പരമ്പരാഗതകാര്‍ഷികസമ്പത്താണ് അയാളുടെ മൂലധനമെന്നും ‘നവജന്മി’യാണ് അദ്ദേഹമെന്നും ദൃശ്യങ്ങള്‍ പറയുന്നു. ആധുനികമായ ശിലങ്ങളുള്ള പാരമ്പര്യത്തെ സന്നിവേശിപ്പിച്ച ആഢ്യശരീരമാണയാള്‍. അയാളുടെ കൈവശം ധാരാളമായിട്ടുള്ള പണം ഉപയോഗിച്ച് അയാള്‍ ലൈംഗികത വിലയ്ക്കുവാങ്ങുന്നത് സൂചിപ്പിക്കുന്നത് കേരളീയഫ്യൂഡലിസത്തിലെ ലൈംഗികബന്ധങ്ങളെയാണ്.

വീടെന്ന അസമത്വ ഇടം

വീടെന്ന സ്ഥലത്ത് അതിലെ വീട്ടുകാരുടെ ഇടങ്ങള്‍ രൂപപ്പെടുന്നത് ഇവിടെ ശ്രദ്ധിക്കണം. വലിയവീടും സൗകര്യങ്ങളും കാണിക്കുന്ന ആ വിട്ടിലെ പൂമുഖവും പൂജാമുറിയും ജയകൃഷ്ണന്‍റെ മുറിയും കാണിക്കുന്നതൊഴിച്ചാല്‍ മറ്റൊരു സ്ഥലവും കാണിക്കുന്നില്ല. ആ വീട്ടിലെ സ്വീകരണമുറിയിലാണ് ഏറെയും സംഭങ്ങള്‍ നടക്കുന്നത്. അവിടെ വച്ചിട്ടുള്ള ഫോണിരിക്കുന്ന തട്ടിനോടുചേര്‍ന്ന് ആനക്കൊമ്പ് വച്ചിട്ടുള്ളത് ഫ്യൂഡലിസത്തിന്‍റെ ആന എന്ന തറവാടിത്ത ബിംബത്തെ ആവര്‍ത്തിക്കുന്നു. അമ്മയും പെങ്ങളുമുള്ള ആ വീട്ടില്‍ സ്ത്രീകളുടെ ഇടം വ്യക്തമായി കേരളീയ ആഢ്യഭവനങ്ങളിലെ ലിംഗാധികാരബന്ധമായിട്ടാണ് രൂപപ്പെടുന്നത്. കസേരകളും ഗാര്‍ഹികോപകരണങ്ങളും യഥേഷ്ടമുള്ള അവിടെ കസേരകളില്‍ ഇരിക്കുന്നവരായോ പെരുമാറുന്നതായോ കാണുന്നില്ല. അതിഥികളെത്തുമ്പോള്‍ അമ്മയും പെങ്ങന്മാരും അടങ്ങുന്ന സ്ത്രീകള്‍ ഇരിക്കുന്ന ആണുങ്ങളുടെ ചുറ്റും നില്‍ക്കുകയാണ് ചെയ്യുന്നത്. സ്ത്രീകള്‍ മാത്രം സംസാരിക്കുന്ന രംഗത്തും കസേരയുണ്ടെങ്കിലും അവരിരിക്കില്ല. കസേരയുടെ സമീപത്ത് നിന്നുകൊണ്ടാവും സംസാരിക്കുക. അതേസമയം പുരുഷന്മാരാവട്ടെ കസേരയില്‍ ഇരുന്നാവും സംസാരിക്കുക. ഹോട്ടലില്‍ ക്ലാരയെ ആദ്യം കാണിക്കുന്നതും പുറംതിരിഞ്ഞു നില്‍ക്കുന്നതായിട്ടാണ്. പിന്നീടു ജയകൃഷ്ണനോടു സംസാരിക്കുന്നതൊക്കെ ഏറെയും നിന്നുകൊണ്ടാണ്. കസേര അധികാരത്തിന്‍റെ ബിംബമാണെന്നും ആ അധികാരം പ്രധാനമായും പുരുഷനാണെന്നും സിനിമ പറയുന്നു. അങ്ങനെ പുരുഷനേക്കാള്‍ വിലകുറഞ്ഞ വ്യക്തിത്വമായും അധികാരമില്ലാത്ത ആളായും സ്ത്രീകളുടെ ഇടങ്ങളെ നിര്‍വചിക്കുന്നു. ചരിത്രപരമായി വീടെന്ന സ്ഥലവും അതിനകത്തെ ഇടങ്ങളും ഭാവനചെയ്യപ്പെട്ടത് ലിംഗഭേദത്തിന്‍റെ അതിരുകള്‍ക്കകത്താണെന്നു വ്യക്തം. അതിലൂടെ ആണ്‍-പെണ്‍ലോകം വിഭജിതമാണെന്നും തുല്യമല്ലെന്നും പറഞ്ഞുവയ്ക്കുന്നു. പദ്മരാജന്‍ സിനിമകളും കേരളീയ ലിംഗബന്ധങ്ങളെ അസമത്വമുള്ള രണ്ടിടങ്ങളായിട്ടാണ് ഭാവനചെയ്യുന്നതെന്നു വ്യക്തം.

നഗരവും ബാറും ക്ഷേത്രവും

ഈ സ്ഥലം-ഇടം വിഭജനം സിനിമ മറ്റൊരുതരത്തില്‍ അതിലെ പ്രണയബന്ധത്തെ ചിത്രീകരിക്കുന്നിടത്ത് കാണിക്കുന്നുണ്ട്. സിനിമയിലേറെയും കാണുന്ന സ്ഥലങ്ങള്‍ ഹോട്ടലുകളും ബാറുകളും അമ്പലപ്പറമ്പുമാണ്. ഇതില്‍ ബാറുകള്‍ പൂര്‍ണമായും പുരുഷന്മാരുടെ പ്രത്യേകലോകമാണ്. ബാക്കിയെല്ലാ ഇടത്തും പെണ്ണും ആണും ഉണ്ട്. ജയകൃഷ്ണന്‍ ക്ലാരയുമൊപ്പം കഴിയുന്ന സ്ഥലങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഹോട്ടലും ബീച്ചും പോലുള്ള ആധുനിക, ‘മതേതര’പൊതുസ്ഥലങ്ങളിലാണ് അവര്‍ സന്ധിക്കുന്നത്. അവരവിടെ പ്രണയത്തിന്‍റെ ഇടമാക്കിയെടുക്കുന്നു. കട്ടിലാണ് അവിടുത്തെ പ്രധാനപ്പെട്ട ഉപകരണം. ‘മേഘം പൂത്തുതുടങ്ങി’ എന്ന ഗാനം ഇതൊക്കെ കുറിക്കുന്നുണ്ട്. കടല്‍ത്തീരവും ഹോട്ടല്‍മുറിയും ജയകൃഷ്ണന്‍റെ വീടും അടങ്ങുന്ന പൊതുവായ സ്ഥലങ്ങളാണ് ഇവിടെ വരുന്നത്. രണ്ടാമത്തെ തവണം ക്ലാര വരുമ്പോള്‍ വരുന്ന സ്ഥലങ്ങളെല്ലാം പൊതുസ്ഥലങ്ങളാണ്. റയില്‍വേസ്റ്റഷന്‍, പൊതുഴി, കടല്‍ത്തീരം, കുന്ന് തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. ഈ സ്ഥലങ്ങളില്‍ വച്ച് കെട്ടിപ്പിടിക്കുകയും പ്രണയം പങ്കിടുകയും ചെയ്യുന്നു. രാത്രിയില്‍ നഗരത്തിലെ വഴിയിലൂടെ അലഞ്ഞുനടക്കുന്നു. ഏകാന്തമായ എതുസ്ഥലവും പ്രണയത്തിന്‍റെ ഇടമാക്കി അവര്‍ മാറ്റുന്നു. മതപരമായ സ്ഥലങ്ങളൊന്നും അവരുടെ പ്രണയത്തിന്‍റെ ഇടമായി മാറുന്നില്ലെന്നു കാണാം. എന്നല്ല അവരുടെ ബന്ധം ചിത്രീകരിക്കുന്നത് ആണ്‍ പെണ്‍ വിഭജനത്തിന്‍റെ അകലമില്ലാതെയാണെന്നും കാണാം. നഗരത്തിലെ വഴിയില്‍വച്ച് ക്ലാരയും ജയകൃഷ്ണനും കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നതൊക്കെ ഉദാഹരണം.

എന്നാല്‍ രാധയുമായുള്ള ബന്ധത്തില്‍ വരുന്ന സ്ഥലങ്ങള്‍ ശ്രദ്ധിക്കണം. ആദ്യം രാധയെ കാണുന്നത് പാടത്തുവച്ചാണ്, പിന്നീട് കോളേജില്‍വച്ചും. അന്ന് രാധ രൂക്ഷമായി പെരുമാറിയതോടെ പ്രശ്നമായി മാറുന്നു. പിന്നീട് രാധയെ കാണുന്നതും സംസാരിക്കുന്നതുമെല്ലാം അമ്പലത്തിലോ അമ്പലപ്പറമ്പിലോ ആണ്. മിക്കദിവസങ്ങളിലും അമ്പലത്തില്‍ എത്തുമെന്ന് സഹോദരന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ആദ്യം അവിടെവച്ചു കാണുന്നത്. പിന്നീട് എല്ലാ കൂടിക്കാഴ്ചയും അമ്പലത്തിലാകുന്നു. കാര്യങ്ങള്‍ സംസാരിക്കുന്നത് അമ്പലപ്പറമ്പിലെ ആലിന്‍റെ ചുവട്ടിലൊക്കെയാവും. മിക്കപ്പോഴും ജയകൃഷ്ണന്‍ ആല്‍ത്തറയിലിരിക്കുകയും രാധ താഴെ നില്ക്കുകയും ചെയ്യും. അമ്പലത്തിലെ കൂടിക്കാഴ്ചകളില്‍ മുണ്ടുമാത്രം ഉടുത്ത് ജയകൃഷ്ണനും ചുരിദാറിട്ട് രാധയും ഉണ്ടാവും. അവര്‍ക്കിടയില്‍ അകലവും ഉണ്ടാവും. പ്രണയത്തിന്‍റെ യാതൊരു അടുപ്പവുമില്ലാത്ത വിധത്തിലാണ് അവരുടെ നിലകള്‍ സൂചിപ്പിക്കുന്നത്. ‘ഒന്നാംരാഗം പാടി’ എന്ന പാട്ടില്‍ ഇതുവ്യക്തമാണ്. ഏറിയ പങ്കും അവരുടെ കൂടിക്കാഴചകള്‍ അമ്പലമെന്ന മതത്തിന്‍റെ സ്ഥലത്തു നടക്കുന്നത് എന്തുകൊണ്ടാവും? ക്ലാരയുമായുള്ള ബന്ധം പൊതുവിടത്തില്‍വച്ച് നടത്തുമ്പോള്‍ രാധയുമായുള്ള ബന്ധത്തെ അമ്പലത്തിലൊതുക്കുന്നതിന്‍റെ വിവക്ഷകള്‍ എന്താവും?

വിവാഹം എന്ന ജാതിസ്ഥാപനം

ചരിത്രപരമായി കേരളത്തില്‍ ക്ഷേത്രം ജാതിവ്യവസ്ഥയെ നിര്‍ണ്ണയിച്ച് അധികാരമായി ഗ്രാമത്തിന്‍റെ കേന്ദ്രമായി നിലനിന്ന ബ്രാഹ്മണികമായ സ്ഥാപനമാണ്. ആധുനികത വന്നപ്പോള്‍ ജാതിക്കെതിരേ നടന്ന കലഹങ്ങള്‍ മിക്കതും ക്ഷേത്രത്തെ എല്ലാവരുടെയും ഇടമാക്കാനായിട്ടുകൂടിയാണ് വികസിച്ചതെന്നു കാണാം. ജാതി-ആചാരബന്ധങ്ങളുടെ ഇടമായ ക്ഷേത്രത്തെ ആധുനികമായിക്കൊണ്ടിരിക്കുന്ന ഒരു നഗരത്തിന്‍റെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുകയാണ് സിനിമചെയ്യുന്നത്. ബാറുകള്‍, ഹോട്ടലുകള്‍ എന്നതിന് അപരമായി ക്ഷേത്രം വരുന്നു. മതപരമോ ശുദ്ധിസങ്കല്പങ്ങളോ ഇല്ലാത്ത പൊതുവേ മദ്യം, ലൈംഗികത പോലുള്ള ‘അശുദ്ധി’കളുടെ ഇടമായിട്ടാണ് ബാറുകളേയും മറ്റും അടയാളപ്പെടുത്തുന്നത്. പദ്മരാജന്‍ സിനിമകളില്‍ ബാറുകള്‍ ആണ്‍ലൈംഗികതയുടെ സ്ഥലമായി നിരന്തരം പ്രത്യക്ഷപ്പെടുന്നതുകാണാം. മറിച്ച് ക്ഷേത്രമാകട്ടെ ശുദ്ധിയുടേയും ദൈവികതയുടേയും ഇടമാണ്. കേരളീയജാതിയുടെ വഴക്കങ്ങളും ആചാരമര്യാദകളുള്ള ശുദ്ധാശുദ്ധി നിയമങ്ങളുള്ള ഓരോ സ്ഥലത്തിനും ഓരോതരം മര്യാദകളും ശ്രേണികളമുള്ള അമ്പലത്തില്‍ രാധയുമായുള്ള എല്ലാക്കൂടിക്കാഴ്ചയും വരുന്നു. ‘വേശ്യ’യാകാന്‍ പോകുന്ന ക്ലാരയുമായുള്ള കൂടിക്കാഴ്ചകളെല്ലാം ഹോട്ടലുകള്‍ പോലുള്ള ഇടത്താണ് വരുന്നത്. ക്ലാരയ്ക്കും ജയകൃഷ്ണനും നഗരത്തിലെ പൊതുവഴിയില്‍ കെട്ടിപ്പിടിക്കാനാവുന്നെങ്കില്‍ രാധയ്ക്കും ജയകൃഷ്ണനും അമ്പലപ്പറമ്പില്‍ ഒന്നു തൊടാന്‍പോലും കഴിയുന്നില്ല. ഭക്തിയുടെ സ്ഥലം കുടുംബബന്ധങ്ങളെ രൂപപ്പെടുത്തുന്നതാണിവിടെ കാണുന്നത്.

കുടുംബബന്ധമെന്നത് അതിരുകവിഞ്ഞ ഭോഗപരതയും പ്രണയചാപല്യങ്ങളുമില്ലാത്തതാവണമെന്നും ഭാര്യാഭര്‍തൃബന്ധമൊക്കെ ഭാര്യ ഭര്‍ത്താവിനെ അനുസരിക്കുന്ന, വിധേയയായിരിക്കുന്ന വിധത്തിലാകണമെന്നുമാണ് മതനിയങ്ങള്‍ പറയുന്നത്. ഒരര്‍ഥത്തില്‍ പ്രണയത്തിനെ മതങ്ങള്‍ അംഗീകരിക്കുന്നില്ല. അത് ചാപല്യമാണെന്നും കുടുംബങ്ങള്‍ ആലോചിച്ചു നടത്തുന്ന വിവാഹത്തിലൂടെയുള്ള കുടുംബമാണ് ശരിയെന്നും മതങ്ങള്‍ അനുശാസിക്കുന്നുണ്ട്. ജാതിയും മതവും കൃത്യമായി നിലനിര്‍ത്താനും പുതിയ സാംസ്കാരിക മാറ്റങ്ങളെ പ്രതിരോധിക്കാനും വഴിയൊരുക്കുന്നതിനാണ് മതങ്ങള്‍ അവരുടെ ചിട്ടകള്‍ രൂപപ്പെടുത്തുന്നത്. ജാതിവ്യവസ്ഥയുടെ സൂക്ഷ്മമായ ചിട്ടകള്‍ക്കകത്താണ് ഹിന്ദുമതം ഇന്നും പ്രവര്‍ത്തിക്കുന്നത്. മതത്തിന്‍റെ അനുശാസനയ്ക്കകത്ത് കുടുംബം രൂപപ്പെടുന്നതും പ്രണയം മതേതരസ്ഥലത്ത് നിലകൊള്ളുന്ന ദ്വന്ദ്വമായിട്ടാണ് ഇവിടെ പ്രത്യക്ഷപ്പെടുന്നത്. ഒടുവില്‍ മതത്തിനെ ഗൗനിക്കാത്ത ‘മതേതരമായ’ പ്രണയം ഇല്ലാതാവുകയും ജാതിക്കു കീഴടങ്ങിയ വിവാഹം യാഥാര്‍ഥ്യമാവുകയും ചെയ്യുന്നു. ക്ഷേത്രമെന്ന സ്ഥലം കുടുംബമെന്ന ഇടത്തെ രൂപപ്പെടുത്തുന്ന അധികാരമായി നിലകൊള്ളുന്നു. ആധുനികമായ സ്ഥലങ്ങള്‍ക്കുമീതെ ക്ഷേത്രത്തിന്‍റെ അധികാരം സ്ഥാപിക്കപ്പെടുന്നു.

സമ്പത്തെല്ലാം തന്‍റെ യൗവനത്തെ ആഘോഷിക്കാന്‍ ചിലവിടുന്ന, ബാറിലും മറ്റും ജീവിക്കുന്ന ജയകൃഷ്ണന് വിവാഹം എല്ലാത്തരം പാരമ്പര്യമര്യാദകളോടേയും നടത്താനുള്ള ഒന്നാണ്. അയാള്‍ വിവാഹം ചെയ്യുന്ന രാധ അകന്ന ബന്ധുവാണ്, അതായത് അയാളുടെ ജാതിതന്നെ. പാരമ്പര്യവും സാമ്പത്തികനിലയും സൂചിതമാകുന്ന തറവാടും രണ്ടു നായര്‍ത്തറവാടുകളുടെ ലയനമാണിതെന്നു വ്യക്തമാക്കുന്നു. അതായത് ജാതിയെ നിലനിര്‍ത്തുന്നതു സജാതീയവിവാഹങ്ങളാണെന്ന ‘യാഥാര്‍ഥ്യ’ത്തെ ‘സ്വാഭാവിക’മായി പദ്മരാജന്‍ കോറിയിടുന്നു. അവിടെയാണ് ക്ലാരയുമായുള്ള ബന്ധം ശിഥിലമാകുന്നതും. വേശ്യാവൃത്തി/ലൈംഗികത്തൊഴില്‍പോലുള്ള ലൈംഗികാഭാസങ്ങള്‍ നിറഞ്ഞ ഇടത്തില്‍നിന്നും കുടംബമെന്ന സ്ഥലത്തെ മോചിപ്പിക്കുന്നതാണ് ഇവിടെ കാണുന്നത്. ‘വേശ്യ’യില്‍നിന്നും ‘കുടുംബിനി’യെ മോചിപ്പിച്ചെടുക്കുന്ന പ്രക്രിയ കേരളത്തിലെ സാംസ്കാരികഭാവനകളിലെ പ്രധാനപ്പെട്ട ഭാഗമാണെന്നുള്ളത് ഇവിടെ ഓര്‍ക്കണം. ആ പ്രക്രിയയ്ക്കുള്ള ഉപകരണമായിട്ടാണ് ദൈവികതയുടെ സ്ഥലമായി ക്ഷേത്രത്തെ നഗരത്തിന്‍റെ നടുക്ക് നിര്‍മിച്ചുവച്ചിരിക്കുന്നത്. പ്രണയത്തിന്റെയും ലൈംഗികതയുടേയും ഇടങ്ങളെ അശുദ്ധമാക്കി ഭാവനചെയ്ത് പ്രണയം സാധ്യമാകുന്ന സ്ഥലങ്ങള്‍ക്കുമീതെ ജാതിയുടേയും മതത്തിന്റെയും ഇടങ്ങളെ സ്ഥാപിക്കുന്നതാണ് തൂവാനത്തുമ്പികളില്‍ കാണുന്നത്.


Comments

comments