കോവിഡ് 19 എന്താണ് ലോകത്തെ പഠിപ്പിക്കാൻ ശ്രമിക്കുന്ന പാഠം? കോവിഡ്-19നിന്‍റെ ആദ്യഘട്ടത്തിൽ അതിന്‍റെ സാംക്രമിക വേഗത നിയന്ത്രിക്കാൻ കഴിഞ്ഞ ന്യൂസീലൻഡ് അടക്കമുള്ള രാജ്യങ്ങളും കേരളവും, ഒറീസ്സയും അടക്കമുള്ള സംസ്ഥാനങ്ങളും തരുന്ന പാഠം വളരെ ലളിതം. നല്ല ആസൂത്രണവും, അത് നടപ്പിലാക്കാനുള്ള ഭരണ വ്യവസ്ഥയും അതിനെ നയിക്കാൻ വ്യക്തതയും കഴിവും ഉള്ള നേതൃത്വവും ഉണ്ടെങ്കിൽ കൊറോണ വൈറസിന്‍റെ സംക്രമണത്തിന്‍റെ വേഗവും വ്യാപ്തിയും കുറയ്ക്കാൻ കഴിയും. കോവിഡ്-19 ഒരു ആരോഗ്യ പ്രതിസന്ധിക്ക് അപ്പുറം, ഒരു വലിയ ആഗോള സാമ്പത്തിക പ്രതിസന്ധിയും ആയി വരുമ്പോൾ ആസൂത്രണം അഥവാ പ്ലാനിംഗിന് ഒരു ഭരണകൂടത്തിന്‍റെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഒരു വലിയ സ്ഥാനം ഉണ്ട് എന്ന് കോവിഡ് നമ്മെ വീണ്ടും പഠിപ്പിക്കുന്നു.
ആരോഗ്യ പ്രതിസന്ധിയെ കാര്യക്ഷമതയോടെ നേരിടുന്നതിനോടൊപ്പം, അതുയർത്തുന്ന സാമ്പത്തിക പ്രതിസന്ധിയേയും നേരിടുമ്പോൾ ശുഷ്കമായ വിഭവങ്ങൾ ഏറ്റവും നല്ലരീതിയിൽ പുനർ വിതരണം ചെയ്യണം. അത് സംഭവിച്ചില്ലെങ്കിൽ കോവിഡ് മാത്രമല്ല, തൊഴിലില്ലായ്മയും പട്ടിണിയും ലോക രാജ്യങ്ങളെ പ്രതിസന്ധിയിൽ ആക്കും. വിദഗ്ധര്‍ പറയുന്നത് അനുസരിച്ച് 2021 ആയാൽ മാത്രമേ കോവിഡുമായുള്ള നിഴൽ യുദ്ധത്തിന് എന്തെങ്കിലും ഒരു കുറവ് പ്രതീക്ഷിക്കാൻ ആവൂ. ആ ഒരു സമയം വരെ എങ്ങനെ ഒരു രാജ്യം മുന്നോട്ട് പോകും? 137 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന്, ഒരു പൂർണ്ണ ലോക്ക്ഡൗൺ ഇനിയും താങ്ങാനുള്ള സാമ്പത്തിക ഭദ്രത ഇല്ലാ. എന്നാൽ കോവിഡ് അനിയന്ത്രിതമായി പടര്‍ന്നാൽ അത് നേരിടാനുള്ള ആരോഗ്യ പ്രവർത്തകരോ, സൗകര്യങ്ങളോ ഇല്ലാത്ത അവസ്ഥയും അതിലും വലിയ യാഥാർഥ്യവും ആണ്. ഈ സാഹചര്യത്തിൽ ഇന്ത്യ ഇനി എങ്ങനെ മുന്നോട്ട് പോകും/?
ആസൂത്രിത പ്രവർത്തനങ്ങളുടെ അഭാവം ആണ്, ഇന്ത്യ ഇന്നനുഭവിക്കുന്ന പ്രശ്നങ്ങളുടെ കാതൽ. സമ്പദ് വ്യവസ്ഥ 2024ൽ 5 ട്രില്യൺ ഡോളറും 2030ൽ 10 ട്രില്യൺ ഡോളറും ആവുമെന്നുള്ള പ്രഖ്യാപനത്തോടൊപ്പം വേണ്ട അനുബന്ധ പ്രവർത്തനങ്ങൾ ഒന്നും തുടങ്ങിയിട്ടില്ലയെന്ന് മാത്രമല്ല, പത്തു വർഷത്തിന് ശേഷമുള്ള ഇന്ത്യ എന്തായിരിക്കും എന്നതിനെ കുറിച്ച് ഒരു കുറിപ്പടിപോലും സർക്കാരിന്‍റെ കൈവശം ഇല്ല. അത്തരം ഒരു കുറിപ്പടിയിൽ നിന്നാണ് ഒരു രാജ്യത്തിന്‍റെ വികസനത്തിന്റേയും, വളർച്ചയുടേയും അടിസ്ഥാന രേഖാചിത്രം ഉരുത്തിരിയുന്നത്. വ്യക്തമാക്കിയാൽ ഒരു വീട് പണിയാൻ പോകുന്നതെങ്ങനെയാണോ, അത് പോലെ. വലുതായാലും ചെറുതായാലും ഒരു പ്ലാൻ വേണം, ഇപ്പോഴത്തെയും ഭാവിയിലെയും ആവശ്യങ്ങളെ മനസ്സിൽ കണ്ടുകൊണ്ടും തങ്ങളുടെ കൈവശമുള്ള വിഭവങ്ങൾ എങ്ങനെ ഉപയോഗിക്കും എന്നുള്ള ചിന്തയിൽ നിന്നും ഉരുത്തിരിയുന്ന പ്ലാൻ. ആസൂത്രണം എന്നത് വ്യക്തികളുടേയും രാജ്യത്തിന്റേയും കാര്യത്തിൽ പ്രധാനം ആണ്.
ആർക്കാണ് പ്ലാനിംഗ് അഥവാ ആസൂത്രണം എന്ന ആശയം ഏറ്റവും അടിയന്തിരം ആവുന്നത്? ഒരുപാട് വിഭവങ്ങളും ധനവും ഉള്ള ഒരു വ്യക്തിക്ക് വലിയ ആശങ്കകൾ ഇല്ലാതെ ധന വിനിയോഗം നടത്താൻ പറ്റും. എന്നാൽ, ക്ലിപ്ത വരുമാനക്കാരന് എങ്ങനെ ധനവിനിയോഗം നടത്തണമെന്നത് വളരെ ആലോചിച്ച് തീരുമാനിക്കേണ്ട ഒന്നാണ്. അന്തമില്ലാത്ത ആവശ്യങ്ങൾ, പക്ഷേ പരിധിയുള്ള വരുമാനവും. ഒഴിച്ചുകൂട്ടാനാവാത്തതും അടിസ്ഥാന പരവും ആയ ആവശ്യങ്ങൾക്ക് ഉറപ്പായും പണം നീക്കിവെക്കണം, പിന്നെ മുൻഗണന അനുസരിച്ച് മറ്റ് കാര്യങ്ങൾക്കും. മുൻഗണന തീരുമാനിക്കുമ്പോൾ സമീപ-വിദൂര ഭാവിയിലെ ആവശ്യങ്ങൾ ബുദ്ധിയും കാര്യശേഷിയും ഉള്ളവർ ഉറപ്പായും കണക്കിൽപ്പെടുത്തിയിരിക്കും. ഒരു രാജ്യത്തിന്‍റെ കാര്യത്തിലും സാമ്പത്തിക നയരൂപീകരണത്തിൽ പ്ലാനിംഗ് / ആസൂത്രണത്തിന് പ്രാധാന്യം വരുന്നതിന് ഒരു കാര്യം, അത് ആവശ്യങ്ങളുടെ മുൻഗണന പട്ടിക ഉറപ്പായും കടലാസിലെങ്കിലും ഉണ്ടായിരിക്കും. രാജ്യത്തിന്‍റെ വികസനത്തിലേക്ക് നയിക്കാൻ ഏതൊക്കെ വണ്ടികളാണ് വന്നതെന്നും, വരാതെ പോയതെന്നും, വന്നവയിൽ ഏതെല്ലാം ആളില്ലാതെ ഓടിയെന്നും ഒക്കെ മനസ്സിലാക്കാനും അതിൽ ഭരണ-രാഷ്ട്രീയ നേതൃത്വത്തിന്‍റെ ഉദാസീനതയും പാളിച്ചകളും എത്രത്തോളം ഉണ്ടായിരുന്നെന്ന് അറിയാനും ചോദ്യം ഉയർത്തുകയും ചെയ്യണമെങ്കിൽ അവിടെ ഒരു കൃത്യമായ ആസൂത്രിത വ്യവസ്ഥ ഉണ്ടായിരിക്കണം. താത്കാലിക വ്യവസ്ഥ താൽക്കാലികം മാത്രം ആണ്, അതിന് ഭാവിയിലെ ആവശ്യങ്ങളെ കാണാനുള്ള കഴിവുമില്ല, അതിനുള്ള നീക്കിയിരുപ്പും ഇല്ലാ. വാഗ്‌പാടവത്തിൽ യാഥാർഥ്യത്തെ മറയ്ക്കാൻ മാത്രമേ അത്തരം സമീപനം കൊണ്ട് കഴിയു.
സ്വതന്ത്ര ഇന്ത്യ സാമ്പത്തിക ഉന്നതിക്കായി തിരഞ്ഞെടുത്തത് ആസൂത്രണത്തിൽ ഊന്നിയ സാമ്പത്തിക വികസന മോഡൽ ആണ്. അന്നും തുറന്ന വിപണി മോഡലിനു വേണ്ടി വാദിച്ചിരുന്ന സാമ്പത്തിക വിദഗ്ധര്‍ ഉണ്ടായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക അവസ്ഥ അത്ര പരിതാപകരം ആയിരുന്നതിനാൽ ഈ വാദങ്ങൾക്ക് വലിയ പ്രാധാന്യം കിട്ടിയില്ല. മാത്രമല്ല, രണ്ടാം ലോകമഹാ യുദ്ധത്തെ തുടർന്ന്, ഒട്ടുമിക്ക രാജ്യങ്ങളും ഏതെങ്കിലും ഒക്കെ തരത്തിലെ ആസൂത്രിത സാമ്പത്തിക നയങ്ങളിൽ ഊന്നിയ വികസന മോഡൽ ആണ് രാജ്യങ്ങളുടെ പുനർനിർമ്മിതിക്ക് ഉപയോഗിച്ചത്. കൃത്യമായ പ്ലാനിങ്ങിലൂടെ അടിസ്ഥാന സൗകര്യങ്ങളിലും വിദ്യാഭ്യാസം-ആരോഗ്യം എന്നീ മേഖലകളിലും വേണ്ട രീതിയിൽ നിക്ഷേപം നടത്തിയാണ് പല രാജ്യങ്ങളും ഇന്ന് കാണുന്ന വികസനം നേടിയത്. എന്നാൽ 1970 കളോടെ മോണിറ്ററി പോളിസിയിൽ അധിസ്ഥിതമായ ചിക്കാഗോ സ്‌കൂൾ ചിന്താധാര സാമ്പത്തിക-സാമൂഹ്യ ക്ഷേമ നയങ്ങളെ നിയന്ത്രിക്കാൻ തുടങ്ങിയപ്പോൾ ആസൂത്രണത്തിൽ അധിഷ്ഠിതമായ വികസന മോഡലുകൾ നിശിതമായി വിമർശിക്കപ്പെടാൻ തുടങ്ങുകയും, പല രാജ്യങ്ങളേയും മാർക്കറ്റ് എക്കണോമിയിലേക്ക് പൂർണമായും മാറ്റാൻ പ്രേരിപ്പിച്ചു. യുക്തിബോധത്തിൽ (rationality) അടിസ്ഥാനമാക്കിയ മാർക്കറ്റ് ഇക്കോണമി വികസനം എന്നതിൽ നിന്നും സാമ്പത്തിക വളർച്ച എന്നത്തിലേക്കാണ് ശ്രദ്ധ കൊടുക്കുന്നത്. റാഷണാലിറ്റി ആകട്ടെ പ്രധാനമായും ലാഭ-നഷ്ടങ്ങളെ മാത്രമാണ് കണക്കിലെടുത്തത്. തൽക്ഷണമായ ലാഭ-നഷ്ട കണക്കുകൾ നയരൂപീകരണത്തെ സ്വാധീനിക്കുന്ന രീതിയാണ് 1980യോടെ പല രാജ്യങ്ങളിലും ഉയർന്ന് വന്നത്. അതിനെ തുടർന്ന് ദീർഘ വീക്ഷണത്തോടെ സാമൂഹ്യ-സാമ്പത്തിക വികസനത്തിലൂന്നിയ വലിയ ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ആസൂത്രണം (planning) എന്ന ആശയം പഴഞ്ചനും, പിന്തിരിപ്പനും ആയി. ഒട്ടുമിക്ക സേവന-നിക്ഷേപങ്ങളിൽ നിന്നും സ്റ്റേറ്റ് പിൻവലിഞ്ഞു മിനിമൽ സ്റ്റേറ്റ് എന്ന രീതിയിലേക്ക് മാറി. എന്ത് ആർക്ക് കൊടുക്കണമെന്ന തീരുമാനം സ്വകാര്യ മേഖലയുടെ കൈയിൽ ആയി. ഉദാഹരണത്തിന് ഇന്ത്യയിലെ എല്ലാ ജില്ലാ ആശുപത്രികളും പൊതു-സ്വകാര്യ-പങ്കാളിത്തത്തിൽ ആക്കി, സർക്കാർ ആരോഗ്യ സേവന ദാതാവെന്നതിൽ നിന്നും മാറണമെന്നത് എന്തായാലും പൊതു ജനത്തിന്‍റെ ആവശ്യം ആവില്ല. അത് പോലെ ഉന്നത വിദ്യാഭ്യാസത്തിനായ നയരൂപീകരണത്തിൽ അംബാനി-ബിർള കമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാവുന്നത് ചോദ്യം ചെയ്യാതെ പോകുന്നതും കഴിഞ്ഞ 30 കൊല്ലം കൊണ്ട് നാം അംഗീകരിച്ച ഈ സ്വകാര്യമേഖലയിൽ ഊന്നിയ പൊതു ബോധം കൊണ്ടാണ്.
അങ്ങനെ എവിടെ നിക്ഷേപിക്കണം, ആർക്ക് വേണ്ടി നിക്ഷേപിക്കണം എന്നത് മാർക്കറ്റ് (വിപണി) തീരുമാനിക്കാൻ തുടങ്ങി. അത് കൊണ്ടാണ് എയർപോർട്ട് വികസനത്തിന് കിട്ടുന്ന പ്രാധാന്യം റോഡ് വികസനത്തിന് ലഭിക്കാത്തത്. അല്ലെങ്കിൽ സാധാരണക്കാരന് യാത്ര ചെയ്യാനുള്ള ട്രെയിൻ സൗകര്യങ്ങൾക്ക് മേലെ ഒരു ട്രില്യൺ ചിലവഴിച്ച് ബുള്ളെറ്റ് ട്രെയിൻ വേണമെന്ന് യാതൊരു മടിയുമില്ലാതെ തീരുമാനിക്കാൻ സർക്കാരുകൾക്ക് ആവുന്നത്. അതുമല്ലെങ്കിൽ നഷ്ടത്തിൽ ഓടുന്ന പൊതു മേഖലയിലെ ഗതാഗത സേവനങ്ങളെ ലാഭത്തിൽ ഓടുന്ന സ്വകാര്യ മേഖലയ്ക്ക് നൽകണമെന്ന ആവശ്യം പൊതു മേഖലയിലെ സേവനങ്ങളുടെ ഉപഭോക്താവ് അടക്കം ആവശ്യപ്പെടുന്നത്, അതിന് മാധ്യമങ്ങൾ കൂട്ട് പിടിക്കുന്നതും. ലാഭ കണക്ക് കാണിച്ച് സ്വകാര്യ മേഖലയെ ഉയർത്തുന്ന യുക്തിബോധം സ്വകാര്യമേഖലയുടെ ഇന്ന് വരെയുള്ള പ്രവർത്തന രീതികളെ ചോദ്യം ചെയ്യുന്നതിൽ ആരും കാണിക്കുന്നില്ല. ഉദാഹരണത്തിന് കേരളത്തിലെ പൊതു മേഖല യൂണിറ്റുകളിൽ കാലാകാലം ആയി നഷ്ടം മാത്രമുള്ള സ്ഥാപനവും വളരെ പ്രൊഫഷണൽ ആയി നടക്കുന്ന ഒരു സ്വകാര്യ വിമാന കമ്പനിയും തമ്മിലുള്ള പ്രവർത്തന വ്യത്യാസം നോക്കിയാൽ മതി പൊതു ജനത്തെ വിഡ്ഢികൾ ആക്കുന്നത് എങ്ങനെ എന്ന് മനസിലാക്കാൻ. ഏകദേശം 115 കോടി യാത്രക്കാരാണ് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട് കോര്‍പറേഷന്‍റെ വാഹനങ്ങളിൽ 2018ൽ യാത്ര ചെയ്തത് (ഒരു ദിവസം 31 ലക്ഷത്തോളം യാത്രക്കാർ). എന്നാൽ ഇന്ത്യയിലെ മൊത്തം ആഭ്യന്തര വിമാനയാത്രക്കാർ 13.89 കോടിയും (ഒരു ദിവസം ഏകദേശം 4 ലക്ഷം പേരും) അതിനെ വെറും 14 ശതമാനം മാത്രമാണ് സ്‌പൈസ് ജെറ്റ് എന്ന സ്വകാര്യ കമ്പനിയ്ക്ക്, അതായത് പ്രതിദിനം ഏകദേശം 60000 യാത്രക്കാർ. ലാഭ-നഷ്ടത്തിന്റെ കണക്കെടുത്താൽ കെ എസ് ആർ ടി സിയുടെ ഇന്നുവരെയുള്ള മൊത്തം നഷ്ടം 4000 കോടിയും, 2015-16ൽ 800 കോടി രൂപ വാർഷിക നഷ്ടവും രേഖപ്പെടുത്തി. 2017-18 കാലഘട്ടത്തിൽ എയർ ഇന്ത്യ അടക്കമുള്ള ഇന്ത്യൻ വിമാന കമ്പനികളുടെ വാർഷിക നഷ്ടം 6500 കോടി രൂപ ആയിരുന്നു, അതിൽ 55% എയർ ഇന്ത്യയുടേതും. റോഡ് ട്രാൻസ്പോർട്ടിന്‍റെ തന്നെ കാര്യമെടുത്താൽ കേരളത്തിന്‍റെ അയൽ സംസ്ഥാനമായ കർണാടകം 2017-18 മുതൽ 20 കോടിയോളം വാർഷിക പ്രവർത്തന ലാഭം കാണിക്കുന്നു. ഒരു പക്ഷേ റോഡ് ട്രാൻസ്‌പോർട്ടിന്‍റെ ഉപഭോക്താക്കളെ നോക്കുമ്പോൾ അവരുടെ ആവശ്യത്തിന്‍റെ രീതി മനസിലാക്കിയാൽ പൊതു മേഖലയിലെ റോഡ് ട്രാൻസ്പോർട്ടിന്‍റെ നഷ്ടം അത്ര കാര്യം ആക്കേണ്ടതില്ല. കൂടാതെ ലാഭം ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് വലിയൊരു കാര്യമാണ്. ഒപ്പം ഒന്നുകൂടി ഓർക്കേണ്ടതുണ്ട്, വളരെ ലാഭത്തിൽ തുടക്കംമുതലേ പ്രവർത്തിച്ചതാണ് ജെറ്റ് എയർവേസ്. 2019ൽ നഷ്ടം മൂലം 25 വർഷത്തെ പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ 25000 കോടി രൂപയുടെ കടം ഉണ്ടാക്കിയിരുന്നു. അത് മുഴുവനും തന്നെ പൊതു മേഖല ബാങ്കുകളുടേതും മറ്റ് പൊതുമേഖലാ സാമ്പത്തിക സ്ഥാപനങ്ങളുടേതും ആയിരുന്നു. ചുരുക്കത്തിൽ സ്വകാര്യ കമ്പനി 25 വര്‍ഷം കൊണ്ട് ഉണ്ടാക്കിയ കടവും പൊതുജനത്തിന്‍റെ കണക്കിൽ ആയി. പറഞ്ഞു വന്നത്, ഒരു മാർക്കറ്റ് ഇക്കോണമി സ്വകാര്യ മേഖലയിൽ അടിസ്ഥാനമാക്കുമ്പോൾ അവിടെ ജനത്തിന്‍റെ പൊതു ആവശ്യം എന്നത് കുറച്ച് പേരുടേത് ആവുകയും, വിഭവങ്ങളുടെ നീക്കിയിരുപ്പ് വലിയൊരു ജനത്തിൽ നിന്നും ചെറിയൊരു കൂട്ടത്തിലേക്ക് നീങ്ങുയുകയും ചെയ്യുന്നു. ഒപ്പം, പൊതുമേഖല നേരിടുന്ന നിതാന്ത സോഷ്യൽ ഓഡിറ്റിംഗ് സ്വകാര്യ മേഖലയ്ക്ക് ഇല്ലതാനും. പക്ഷെ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷന്‍റെ പിടിപ്പുകേടുകൾ ഒട്ടും ന്യായീകരിക്കാവുന്നതും അല്ല. കാരണം സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടുന്നത് ഇത്തരം ഉത്തരവാദിത്വമില്ലായ്മ ഉയർത്തിക്കാട്ടിയാണ്.
ഈ സ്ഥിതിയിൽ സ്വാഭാവികമായും കൂടുതൽ സ്വാധീനവും അധികാരത്തോട് അടുത്തിരിക്കുന്നവരും ആയ ബിസ്‌നസ്/കോർപ്പറേറ്റ് മേഖല നേരിട്ടും അല്ലാതേയും നയരൂപീകരണത്തിൽ ഏർപ്പെടുകയും സ്റ്റേറ്റിന്‍റെ നിയന്ത്രണം പിൻവാതിലിലൂടെ ഏറ്റെടുക്കുകയും ചെയ്യുന്നത് വിപണി സമ്പദ് വ്യവസ്ഥയിലേക്ക് (market economy) തിരിഞ്ഞ ഒട്ടുമിക്ക രാജ്യങ്ങളിലും സാധാരണം ആണ്. അപ്പോൾ ഒരു ജനതയുടെ അടിസ്ഥാന ആവശ്യങ്ങൾ ആയ ആരോഗ്യം, വിദ്യാഭ്യാസം ചെലവ് കുറഞ്ഞ യാത്രാ സൗകര്യങ്ങൾ, വെള്ളവും-വെളിച്ചവും (ഇലക്ട്രിസിറ്റി) അടക്കമുള്ള സേവനങ്ങൾ സ്റ്റേറ്റിന്‍റെ നിയന്ത്രണത്തിൽ നിന്നും, സ്വകാര്യ മേഖലയിൽ എത്തുന്നത് എങ്ങനെ എന്ന് കഴിഞ്ഞ രണ്ട് ദശാബ്ദമായി ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നതാണ്. പ്രവർത്തന മികവും, ഗുണമേന്മയുള്ള സേവനങ്ങൾ നൽകുന്ന സ്വകാര്യ മേഖലയെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുക. അതിന് ഉപഭോക്താവ് നൽകുന്ന ഉയർന്ന ചിലവും ഗുണമേന്മയ്ക്കുള്ളതാണെന്ന് വിശ്വസിക്കുക. ഇങ്ങനെ സാമൂഹിക വികസനത്തിനും സാമ്പത്തിക വളർച്ചക്കും വേണ്ട എല്ലാ വിഭവങ്ങളും സേവനങ്ങളും പൊതു മേഖലയിൽ നിന്നും സ്വകാര്യമേഖലയിൽ എത്തി. അതിന്‍റെ ഫലമായി പാർശ്വവത്കരണം സ്ഥിരം സംഭവം ആയി. എന്നാൽ സ്റ്റേറ്റിന് പ്രാധ്യാനമുള്ള ഒരു ആസൂത്രിത സമ്പദ് വ്യവസ്ഥയിൽ വിഭവ വിനിയോഗം ഒരു പരിധി വരെ ഇത്തരം പാർശ്വവത്ക്കരണത്തെ തടയുന്നുണ്ട്. അല്ലെങ്കിൽ സ്റ്റേറ്റിനെ സാമൂഹിക നീതി ഉറപ്പാക്കാൻ സാധിക്കൂ എന്ന് വ്യക്തമാണ്. കാരണം സ്റ്റേറ്റിന് മേധാവിത്തം ഉള്ള ആസൂത്രിത സാമ്പത്തിക നയങ്ങൾ സാമൂഹ്യനീതിയിലും സാമൂഹ്യ-സാമ്പത്തിക തുല്യതയിലും അടിസ്ഥാനമാക്കിയ വലിയ ലക്ഷ്യങ്ങളെ ലാക്കാക്കിയുള്ളവ ആണ്.
ഈ കോവിഡ് കാലത്ത് ജനത്തിന് ഇത്ര ദുരിതം അനുഭവിക്കേണ്ടി വന്നതിനും കാരണം വിപണിയുടെ വിവേചനത്തെ അടിസ്ഥാനമാക്കിയുള്ള സർക്കാരുകൾ കാലാകാലം പ്രവർത്തിച്ചത് കൊണ്ടാണ്. ആരോഗ്യം ഒരു അവകാശമാകേണ്ടതിനു പകരം വ്യക്തിയുടെ സ്വകാര്യ ഉത്തരവാദിത്തം ആയി. ഒപ്പം പൊതു ജനാരോഗ്യം എന്നത് മാറി, രോഗജന്യ ആരോഗ്യം എന്നതിലേക്കും സർക്കാരുകളുടെ ശ്രദ്ധ മാറി. അതിന്‍റെ ഫലമായി പൊതുജനാരോഗ്യത്തിനുവേണ്ട അത്യാവശ്യ ഘടകം ആയ സാമൂഹ്യാരോഗ്യ വ്യവസ്ഥയിൽ നടത്തേണ്ട അവശ്യ നിക്ഷേപങ്ങൾക്ക് വിഭവങ്ങൾ നീക്കിയിരുത്താതെ ഒന്നുകിൽ സർക്കാർ ആശുപത്രികളുടെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് കൊടുത്തു അല്ലെങ്കിൽ, ഉള്ള ആരോഗ്യ സംവിധാനത്തിന്‍റെ ആവശ്യം വേണ്ട പണമില്ലാതെ കാലാകാലങ്ങളായി നാശത്തിന്‍റെ വക്കിൽ എത്തിച്ചു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-17) ആരോഗ്യ പദ്ധതി എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ കാലഘട്ടത്തിൽ 11 പുതിയ എഐഐഎംസ് രാജ്യത്തിനെ പല സംസ്ഥാനങ്ങളിലും അനുവദിച്ചു. ആ പദ്ധതിയിൽ പറഞ്ഞത് രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളേയും 300 കിടക്കകൾ ആശുപത്രികൾ ആക്കണം എന്നാണ്. ഈ ആശുപത്രികളെ മെഡിക്കൽ കോളേജോ അല്ലെങ്കിൽ ആ നിലവാരത്തിൽ എത്തിക്കണം, മാത്രമല്ല ഈ സ്ഥാപനങ്ങളിൽ നഴ്സിംഗ് അടക്കമുള്ള പാരാ മെഡിക്കൽ ട്രെയിനിങ് സെന്ററുകൾ വേണമെന്നും പറഞ്ഞിരുന്നു. എന്നാൽ 2014 ൽ ഭരണത്തിൽ വന്ന മോദി സർക്കാർ ആദ്യം ചെയ്തത് കേന്ദ്ര ആസൂത്രണ കമ്മീഷനെ പിരിച്ച് വിട്ടിട്ട്, നീതീ ആയോഗിനെ ആ സ്ഥാനത്ത് സ്ഥാപിക്കുകയാണ്. നീതീ ആയോഗിന്‍റെ ഇന്നേവരെയുള്ള പ്രവർത്തനങ്ങളിൽ ദീർഘവീക്ഷണം ഉള്ള ആസൂത്രണം എന്ന ആശയം ഇല്ലാ. ഒരു പക്ഷേ പഞ്ചവത്സര പദ്ധതി തുടർന്നിരുന്നെങ്കിൽ കുറെ ജില്ലകളിലെങ്കിലും ആശുപത്രി കിടക്കകളും നഴ്സുമാരടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ എണ്ണവും കൂടിയേനെ.
ഇന്ത്യയിൽ ഇന്ന് 1000 ആളുകൾക്ക് വേണ്ടി ഒരു കിടക്ക പോലും ആശുപത്രികളിൽ ഇല്ലാ (0.5 bed ഫോർ 1000 people). ഇന്ത്യയിൽ പൊതു മേഖലയിൽ മൊത്തം 7 ലക്ഷം കിടക്കകളും സ്വകാര്യ മേഖലയിൽ 12 ലക്ഷവും മാത്രമേ ഉള്ളു, 2020 മാര്‍ച്ച് അവസാനം കണക്കെടുക്കുമ്പോൾ. മൊത്തത്തിൽ 1000 പേർക്ക് രണ്ടു കിടക്കയിൽ താഴെ. 137 കോടി ജനമുള്ള രാജ്യത്ത് മൊത്തം ഒരു ലക്ഷം ഇന്റെൻസീവ് കെയർ സൗകര്യം പോലുമില്ല. കോവിഡ് പകരുന്ന രീതി വെച്ച് നോക്കിയാൽ 100 പേർക്ക് പകർന്നാൽ 20 പേർക്ക് ഗൗരവമാകും, അതിൽ 5 മുതൽ 7 പേർക്ക് ആശുപത്രി ചികിൽത്സ ആവശ്യവും, രണ്ടു പേർക്ക് ഉറപ്പായും ഇന്റെൻസീവ് കെയർ സഹായവും വേണ്ടി വരും. മറ്റ് പല ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും പ്രസവമടക്കമുള്ള ചികിത്സിക്കാൻ ആശുപത്രി കിടക്ക വേണം, ഒപ്പം കോവിഡ് രോഗികകളും. ഒരു ആരോഗ്യ വ്യവസ്ഥ തകരാറിലാകാൻ വേറൊന്നും വേണ്ട. അതേ സമയം ആശുപത്രികളിൽ എത്താത്ത രോഗികളെ മറ്റുള്ളവരിൽ നിന്നും മാറ്റി നിറുത്തേണ്ടതും അത്യാവശ്യം ആണ്. സ്വന്തം വീടുകളിൽ അത് സാധ്യമാവില്ല. കാരണം ഒരു ശരാശരി ഇന്ത്യൻ കുടുംബത്തിൽ 5 പേരോളം താമസിക്കുന്നു, അതും രണ്ടോ അതിൽ കുറവോ മുറികളോ ഉള്ള വീട്ടിൽ (75 ശതമാനം വീടുകൾക്കും രണ്ടോ അതിൽ കുറവോ മുറികളേ ഉള്ളൂ). ചുരുക്കത്തിൽ ഇന്ത്യയുടെ വികലമായ സാമ്പത്തിക വളർച്ച/വികസനം കൊണ്ടാണ് ഇന്ന് ഈ ദുരിതാവസ്ഥയിൽ എത്തിച്ചേർന്നത്.
2018-19ൽ ഇന്ത്യയുടെ പ്രതിശീർഷ ആരോഗ്യ വികസന ചിലവ് 1170 രൂപയാണ്. ഏറ്റവും നന്നായി പ്രവർത്തിക്കുന്ന കേരളത്തിനു പോലും രണ്ടായിരം രൂപ പോലുമില്ല, 1892 രൂപയാണ്, കേരളത്തിന്‍റെ പ്രതിശീർഷ ചിലവ്. കേരളത്തിലും കിടക്കയുടെ എണ്ണത്തിൽ വലിയ കൂടുതലൊന്നും ഇല്ലെങ്കിലും കേരളം പൊതുജനാരോഗ്യ പരിപാലനത്തിനായ അടിസ്ഥാന വിഭവങ്ങളെ കഴിഞ്ഞ രണ്ടു നൂറ്റാണ്ടു കൊണ്ട് ഉണ്ടാക്കിയിരുന്നു. സാമൂഹ്യാരോഗ്യ പടയാളികൾ ആയ ആശ വർക്കർമാരും, സാമൂഹ്യരോഗ്യ കേന്ദ്രങ്ങളും. പിന്നെ വികേന്ദ്രികരണത്തിലൂടെ ലോക്കൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഒരു വലിയ കൂട്ടുത്തരവാദിത്തത്തിന്‍റെ പങ്കാളികൾ ആക്കി, ഒപ്പം ജനങ്ങളിൽ പ്രവർത്തിക്കുന്ന അവരിലൊരാളായി കുടുംബശ്രീ പ്രവർത്തകരും. എന്നാൽ, ഇത്തരം ഘടനയില്ലാത്ത സ്ഥലങ്ങളിൽ സര്‍ക്കാരുകൾക്ക് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനോ കാര്യങ്ങളെ ഏകോപിപ്പിക്കാനോ കഴിഞ്ഞില്ല. ഒഡിഷയും കർണാടകയും തമിഴ്‌നാടും ഒരു പരിധി വരെ പിടിച്ച് നിൽക്കുന്നതിന് കാരണം താഴെക്കിടയിൽ കാലാകാലങ്ങളായി സർക്കാരുകൾ സാമൂഹ്യക്ഷേമത്തിനായി നടത്തിയ നിക്ഷേപത്തിന്‍റെ പ്രതിഫലമാണ്.
കോവിഡ്-19 പകരുന്ന രീതി മനസ്സിലാക്കുകയും തങ്ങളുടെ വിഭവങ്ങളുടെ ലഭ്യതയും അളവും അനുസരിച്ച് പ്രതിരോധ നടപടികൾ തുടങ്ങിയ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഒരു പരിധി വരെ ഈ മഹാമാരിയെ പ്രതിരോധിക്കുന്നത് കൃത്യമായ ആസൂത്രണം കൊണ്ടാണ്. സ്റ്റേറ്റ് പ്ലാനിംഗ് ബോർഡുകളും, ഹെൽത്ത് ഡിപ്പാർട്ട്മെൻറ്‌കളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സെൽഫ് ഹെൽപ് ഗ്രൂപ്പുകളും സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളും ഒത്തൊരുമിച്ചതിന്‍റെ ഫലം. വിവിധ ഏജൻസികളെ ഏകോപിപ്പിച്ച് പ്രവർത്തിപ്പിക്കാൻ കെല്പുള്ള രാഷ്ട്രീയ നേതൃത്വം ഉണ്ടാകുമ്പോൾ ഫലം ഇരട്ടിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല, വിദേശ രാജ്യങ്ങളിലും ഈ ഏകോപനം കോവിഡിനെ പ്രതിരോധിക്കാൻ സഹായകമായിട്ടുണ്ട്.
ഇവിടെ ഒരു കാര്യം ഓർക്കേണ്ടത്, മാർക്കറ്റ് എക്കണോമിയുടെ വക്താക്കൾ തീർത്തും നിശബ്ദർ ആണ്, ഈ മഹാമാരി കാലത്ത്. അവർ രക്തം കുടിക്കുന്ന കുറുക്കന്മാർ പോലെ പമ്മിയിരുന്ന് മഹാമാരി കൊണ്ട് തങ്ങളുടെ ലാഭം വർധിപ്പിക്കുകയാണ്. ഇന്ത്യയിലാകട്ടെ, വിദേശത്താകട്ടെ കഥയിൽ വലിയ വ്യത്യാസം ഇല്ലാ. ഒരു ദുരന്ത മുഖത്ത് മാർക്കറ്റ് എക്കണോമി പിൻവലിയുന്നതും പരാജയപ്പെടുന്നതും കണ്ടിട്ട്, അതിനെതിരെ കാര്യമായ ചർച്ചകൾ പോലും ഉയരുന്നില്ല. വ്യവസ്ഥ ഏതായാലും ആരോഗ്യം ജനത്തിന്‍റെ അവകാശം ആകേണ്ട ആവശ്യത്തെ കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല. രാഷ്ട്രീയ നേതൃത്വങ്ങളുടെ, പൊതു മേഖലയുടെ കോവിഡ് മാനേജ്‌മന്റ് പരാജയത്തെ ചോദ്യം ചെയ്യുന്നത് പോലെ തന്നെ മാർക്കറ്റ് എക്കണോമിയിൽ സ്വകാര്യ മേഖലയുടെ പങ്കിനേയും ചോദ്യം ചെയ്യണ്ടതാണ്. ഉദാഹരണത്തിന് കോവിഡ് രോഗികളെ ചികിത്സിക്കാൻ കിടക്കകളും മറ്റ് സൗകര്യങ്ങളുടേയും ദൗർലബ്യം മൂലം വലയുന്ന സാധാരണക്കാരന്‍റെ സർക്കാർ എന്ന് സ്വയം വിളിക്കുന്ന ഡൽഹി സർക്കാർ, പ്രതിദിനം 40000 രൂപ മുതലുള്ള ഒരു കോവിഡ് പാക്കേജ് സ്വകാര്യ ആശുപത്രികൾക്കായി ഒരു സർക്കാർ ഉത്തരവ് മൂലം അനുവാദം നൽകി. മറുവശത്തു സ്വകാര്യ ആശുപത്രികൾ ആകട്ടെ വാർഡിലുള്ള കോവിഡ് ചികിത്സക്ക് 25000 രൂപ പ്രതിദിന വാടകയും പിന്നെ മറ്റു ചിലവുകളും ഒക്കെയുള്ള താരിഫ് കാർഡ് ആണ് യാതൊരു ലജ്ജയും ഉത്തരവാദിത്വവും ഇല്ലാതെ പുറത്തിറക്കിയിരിക്കുന്നത്. വെന്റിലേറ്റർ സൗകര്യം വേണ്ടിവന്നാൽ ഒരു ലക്ഷം പ്രതിദിനം ചിലവാകും.
രാജ്യം മുഴുവൻ സ്വകാര്യ മേഖല ഇത്തരത്തിലുള്ള പകൽകൊള്ളയാണ് കോവിഡ് ചികിത്സയുടെ മറവിൽ നടത്തുന്നത്. ഇന്ന് വരെ ഇതിനെതിരെ ഒരു മാധ്യമ വിചാരണയോ രാഷ്ട്രീയ പ്രതിഷേധമോ ഒന്നും ഉയർന്നിട്ടില്ല. കോടതിയും ഈ വൻ പകൽകൊള്ള കണ്ടമട്ടില്ല. ഉദ്യോഗസ്ഥവൃന്ദത്തിനും ഇത് പ്രശ്‌നമല്ല. അതിന് ഒരു പ്രധാന കാരണം ആരോഗ്യം നയം രൂപീകരിക്കുന്നവരും അത് നടപ്പിലാക്കുന്നവരും പൊതു ആരോഗ്യ സേവനങ്ങളുടെ ഉപഭോക്താവ് ആവുന്നില്ല എന്നതാണ്. വ്യക്തമാക്കിയാൽ സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും മെഡിക്കൽ റിഎംബേഴ്സ്മെന്റ് (reimbursement) ഉള്ളതിനാൽ അല്ലെങ്കിൽ CGHS (Central Government Health Scheme) പെടുന്നതിനാൽ സ്വകാര്യ കോർപ്പറേറ്റ് ആശുപത്രികളിലെ ബില്ല് എത്ര വലുതായാലും പ്രശ്നമാവില്ല. സർക്കാർ ഈ ചിലവുകൾക്ക് പരിധി വയ്ക്കുകയോ ഗ്രൂപ്പ് മെഡിക്കൽ ഇൻഷുറൻസ് സ്കീമിലേക്ക് ആക്കി മാറ്റുകയോ ചെയ്താൽ ഇത്തരം തീവെട്ടി കൊള്ളകൊണ്ട് ഉത്തരവാദിത്തപെട്ടവർക്കും പൊള്ളും. അങ്ങനെ പൊള്ളുന്ന അവസ്ഥയിൽ മാത്രമേ ബഹുഭൂരിപക്ഷം വരുന്ന പൊതു ജനം അനുഭവിക്കുന്നത് എന്താണെന്ന് ഒന്ന് ചിന്തിക്കാൻ അവർക്കാവൂ.
കോവിഡ് മഹാമാരിയെ ഒരു ദേശിയ ദുരന്തം ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അത് കോവിഡ് നിവാരണ/മാനേജ്‌മന്റ് പ്രവർത്തനങ്ങളെ രാജ്യം മുഴുവൻ ഏകോപിപ്പിക്കാനുള്ള ഒരുപാട് സാധ്യതകൾ ആണ് കേന്ദ്ര സർക്കാരിന് നൽകിയിരിക്കുന്നത്. എന്നാൽ, അവശ്യ വസ്തുക്കൾ ശേഖരിക്കുന്നത് മുതൽ, വിഭവ വിഭജന ഏകോപന പരിപാടികൾ വരേ ഒരുപാട് കാര്യങ്ങൾ ചിട്ടയോടെ ചെയ്യേണ്ടതായിരുന്നു. ജനങ്ങളുടെ തൊഴിലും, വരുമാനവും പ്രതിസന്ധിയിൽ ഒരു പരിധി വരെ പോകാതെ നോക്കേണ്ട ഉത്തരവാദിത്വവും കേന്ദ്ര സര്‍ക്കാരിനുണ്ടായിരുന്നു. അതൊന്നും ചെയ്തില്ല എന്ന് മാത്രമല്ല, നിരന്തരം ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുന്ന ഒരു കേന്ദ്ര സർക്കാരിനെ ആണ് കോവിഡ് തുടങ്ങിയതിന് ശേഷം ഇന്ത്യ കണ്ടത്. ആശുപത്രി കിടക്കകളുടെ ലഭ്യത കുറവിൽ ദേശിയ ദുരന്ത നിവാരണ നിയമത്തിന്‍റെ ചുവട് പിടിച്ച് ഒരു ആറ് മാസത്തേക്കെങ്കിലും ഇന്ത്യയിലെ സ്വകാര്യ മേഖല ആശുപത്രികളെ ദേശസാത്കരിക്കേണ്ടത് അത്യാവശ്യം ആണ്. സ്പെയിൻ ആണ് ധീരമായ ഈ തീരുമാനം കോവിഡ് പടർന്ന സാഹചര്യത്തിൽ എടുത്ത ആദ്യ രാജ്യം. ഇത് കാര്യങ്ങളെ കുറേകൂടി വ്യക്തതയോടെ സ്വകാര്യ പങ്കാളിത്തത്തോടെ നേരിടാൻ സഹായിക്കും. പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുക്കേണ്ടതാണ് ഈ ആവശ്യം. കോവിഡ് നിയന്ത്രണത്തിൽ ആയാൽ പഴയ നിലയിലേക്ക് ആശുപത്രികൾക്ക് പോകാനും കഴിയും.
പ്ലാനിംഗ് നടത്താൻ കെല്പില്ലാത്തവരാണ് കേന്ദ്ര സർക്കാർ എന്ന് ആരും കരുതുന്നില്ല. കാരണം അതിർത്തിയിൽ യുദ്ധസമാന സാഹചര്യം ഉണ്ടായപ്പോൾ യുദ്ധക്കോപ്പുകൾ വാങ്ങാനുള്ള തീരുമാനം എടുക്കുകയും ആളും അർത്ഥവും വേണ്ട രീതിയിൽ ഒരുക്കാൻ വേണ്ട ആസൂത്രണങ്ങൾ നടപ്പിലാക്കാവുന്ന ഒരു ഭരണകൂടത്തിന് അതിലും ആഘാതം ഉള്ള ഒരു ആരോഗ്യ പ്രതിസന്ധിയെ നേരിടാൻ പറ്റുന്നില്ലെങ്കിൽ, അത് കഴിവില്ലായ്മയല്ല, താല്പര്യമില്ലായ്മ ആണ്. ഈ കോവിഡ് കാലത്തും ആരോഗ്യം ഭരണകൂടത്തിന്‍റെ മുൻഗണന പട്ടികയിൽ പെടുന്നില്ല എന്നതാണ്.
ഈ ആരോഗ്യ പ്രതിസന്ധിയെ നേരിടുമ്പോൾ തന്നെ തൊഴിൽ നഷ്ടപെട്ട കുറച്ച് പേർക്കെങ്കിലും തൊഴിൽ കൊടുക്കുന്ന രീതിയിൽ കോവിഡ് പുനര്‍നിര്‍മാണത്തെ ഉപയോഗിക്കണം. ഉദാഹരണത്തിന്, 8000 കോടി രൂപയുടെ ജവാഹലാൽ നെഹ്‌റു സ്റ്റേഡിയം പുനർനിർമാണ പദ്ധതിക്ക് പകരം ഒരു 100 ചെറു നഗരങ്ങളിൽ ഒരു 100 കിടക്കകൾ ഉള്ള ഒരു ആശുപത്രിക്ക് തുടക്കം കുറിക്കാമായിരുന്നു. നഗരങ്ങളിൽ നിന്നും പാലായനം കുറെ പേർക്ക് തൊഴിൽ ആവുമായിരുന്നു, രാജ്യത്തിന്‍റെ ഒരു ലക്ഷമോ അതിലേറെയോ കിടക്കകളും അധികമായി കിട്ടുമായിരുന്നു. ഒരു വൻ പദ്ധതിക്ക് പകരം 100 ചെറു പദ്ധതികൾക്ക് വികസനത്തെ ഇന്ത്യയുടെ അടിത്തറയിലേക്ക് നീക്കാനാവുമായിരുന്നു. പക്ഷെ ഇതിനൊക്കെ അത്യാവശ്യം വേണ്ട സാമൂഹിക ബോധവും ആശയങ്ങളും ഒപ്പം വികസന ആസൂത്രണ പാടവവും ആണ്. അതുണ്ടെങ്കിൽ കോവിഡ്-19 ഇന്ത്യക്ക് വികസനത്തിന്റെയും വളർച്ചയുടേയും പുതു വഴികൾ ഏറെയാണ് നൽകുന്നത്.
Be the first to write a comment.