(ആന്വീക്ഷികി അധ്യായം 5)

1. ജ്ഞാനത്തിന്റെ പ്രാധാന്യം

പ്രാചീന ഇന്ത്യന്‍ മതങ്ങളുടെ ഒരു പ്രധാനസവിശേഷത അവയില്‍ ഭക്തിക്കു വലിയ പ്രാധാന്യമൊന്നും നല്കിക്കാണുന്നില്ല എന്നതാണ്. പില്ക്കാലത്ത് ഇതിഹാസപുരാണങ്ങള്‍ പ്രചാരം നല്കിയ രീതിയിലുള്ള ഭക്തിയെക്കാള്‍ ജ്ഞാനത്തിനാണ് അവയെല്ലാംതന്നെ ഊന്നല്‍ നല്കുന്നത്. വിക്ഷോഭകരമായ വൈകാരികതയുടെ ഉപരിപ്ലവതയല്ല, വിവേകത്തോടെയുള്ള വിശകലനത്തിന്റെ അഗാധതയാണ് അവയില്‍ക്കാണുന്നത്. ഇന്ത്യന്‍ ദർശനങ്ങളില്‍ ഏറെ പഴക്കമുണ്ടെന്നു സർവ്വസമ്മതമായ സാംഖ്യമതത്തിന്റെ കാര്യത്തിലും സ്ഥിതി വിഭിന്നമല്ല. ജ്ഞാനത്തിലൂടെ ജീവിതദുഃഖങ്ങളില്‍നിന്നു മോചനം നേടുക എന്നതിനാണ് സാംഖ്യം പ്രാധാന്യം കല്പിക്കുന്നത്. മനുഷ്യരായി ജനിച്ചാല്‍ മൂന്നു തരം ദുഃഖങ്ങൾ അനുഭവിക്കേണ്ടി വരുന്നു. ഈശ്വരകൃഷ്ണസൂരിയുടെ സാംഖ്യകാരിക ഈ ദുഃഖങ്ങളെ ഇങ്ങനെ വർഗ്ഗീകരിക്കുന്നു: 

1. ആധ്യാത്മികം: സ്വന്തം ശരീരവും മനസ്സും കാരണമായി ഉണ്ടാകുന്നത്. രോഗങ്ങളുടെ ഫലമായി ശരീരത്തിനുണ്ടാകുന്ന ദുഃഖങ്ങളും കാമം, ക്രോധം തുടങ്ങിയ വികാരങ്ങളുടെ ഫലമായി മനസ്സിനുണ്ടാകുന്ന ദുഃഖങ്ങളും ആധ്യാത്മികങ്ങളാണ്.

2. ആധിഭൗതികം: മറ്റു മനുഷ്യരിൽനിന്നോ പക്ഷിമൃഗാദികളിൽനിന്നോ അചേതനവസ്തുക്കളിൽനിന്നോ ഉണ്ടാകുന്ന ദുഃഖങ്ങൾ.

3. ആധിദൈവികം: ദൈവത്തിന്റെ- വിധിയുടെ- ഫലമായി ഉണ്ടാകുന്നത്. ഏത് അതീന്ദ്രിയശക്തികളിൽനിന്നുണ്ടാവുന്ന ദുഃഖങ്ങളും ആധിദൈവികങ്ങളാണ്. 

മുമ്പുതന്നെ ഈ ദുഃഖങ്ങൾക്കു പല ദർശനങ്ങളും പരിഹാരങ്ങള്‍ കല്പിച്ചിട്ടുണ്ട്. എന്നാല്‍ അങ്ങനെ നിർദ്ദേശിക്കപ്പെട്ട പരിഹാരങ്ങൾ വേണ്ടത്ര ഫലപ്രദമല്ല എന്നു സാംഖ്യകാരികയിൽ പറയുന്നു. ഉദാഹരണത്തിനു വേദങ്ങളുടെ കാര്യമെടുക്കാം. വേദോക്തമായ യാഗാദികർമ്മങ്ങൾ ദുഃഖങ്ങള്‍ക്കു ശാശ്വതപരിഹാരമല്ല. ഒന്നാമത്തെ കാരണം അവയ്ക്ക്, പ്രാണിവധംകൊണ്ടുള്ള അവിശുദ്ധിയുണ്ട് എന്നതാണ്. യാഗത്തിനു ജീവികളെ വധിക്കേണ്ടിവരുന്നുണ്ടല്ലോ. അനിത്യത്വമാണ് രണ്ടാമത്തെ കാരണം. സ്വർഗ്ഗപ്രാപ്തിയാണ് യാഗംകൊണ്ടുള്ള പ്രധാനഫലമായി വേദങ്ങളിൽ പറയുന്നത്. അത് അനിത്യസ്വഭാവമുള്ളതാണ്. മൂന്ന്, ഫലങ്ങളിലുള്ള വ്യത്യാസം. ജ്യോതിഷ്ടോമം തുടങ്ങിയ യാഗങ്ങള്‍ക്ക് സ്വർഗ്ഗപ്രാപ്തിയാണു ഫലമെങ്കില്‍ വാജപേയം മുതലായ യാഗങ്ങള്‍ക്ക് സ്വർഗ്ഗത്തിന്റെ അധീശത്വമാണ് ഫലം. ഈ വൈദികക്രിയകൾക്ക് അങ്ങനെ വ്യത്യസ്തമായ ഫലങ്ങളാണുള്ളത് എന്നതുകൊണ്ട് ആത്യന്തികമായ ദുഃഖനാശമുണ്ടാവുകയില്ല. ഇവിടെ വൈദികമായ യാഗകർമ്മങ്ങളെ വിമർശിക്കുകയാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധേയം. മാത്രമല്ല, സചേതനനായ ഒരു ഈശ്വരനെയല്ല,  അചേതനമായ, ജഡാവസ്ഥയിലുള്ള മൂലപ്രകൃതിയെയാണ് സാംഖ്യദർശനം പ്രപഞ്ചത്തിന്റെ അടിസ്ഥാനസത്തയായി കരുതുന്നത്. 


2. സാംഖ്യദാർശനികർ  

പിലമഹർഷിയാണ് സാംഖ്യദർശനം ആവിഷ്കരിച്ചത് എന്നു പില്ക്കാലപണ്ഡിതരെല്ലാവരുംതന്നെ സമ്മതിക്കുന്നു. വളരെ പ്രാചീനനായ ഋഷിയാണു കപിലന്‍ എന്നു കരുതപ്പെടുന്നു. വേദോപനിഷത്തുകളില്‍ കപിലന്‍ എന്ന പേരിലുള്ള പരാമർശങ്ങള്‍ കാണുന്നുണ്ടെങ്കിലും അവ പല തരത്തിലായതുകൊണ്ടുതന്നെ ഒരാളെക്കുറിച്ചാവാനുള്ള സാദ്ധ്യതയില്ല.  കപിലവാസ്തു എന്ന സ്ഥലനാമം അദ്ദേഹത്തിന്റെ പേരില്‍നിന്നുണ്ടായതാണ് എന്ന നിഗമനത്തില്‍ ബുദ്ധനു മുമ്പാണ് അദ്ദേഹത്തിന്റെ കാലം എന്നു കണക്കാക്കുന്നവരുണ്ട്. എങ്കിലും കപിലന്റെ കൃതിയായ സാംഖ്യസൂത്രം ഇപ്പോൾ ലഭ്യമല്ല. സാംഖ്യപ്രവചനസൂത്രം എന്ന പേരില്‍ അദ്ദേഹത്തിന്റേതായി പ്രചരിക്കുന്ന കൃതി പൊതുവർഷം പതിനഞ്ചാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതാണ് എന്നാണ് ഇപ്പോഴുള്ള നിഗമനം. ഈശ്വരകൃഷ്ണസൂരി എഴുതിയ, സാംഖ്യകാരിക എന്നുകൂടി അറിയപ്പെടുന്ന, സാംഖ്യസപ്തതി എന്ന ഗ്രന്ഥമാണ് ഇന്നും പ്രചാരത്തിലുള്ള പ്രാചീനഗ്രന്ഥം. ഇത് പൊതുവർഷം രണ്ടാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയിലുണ്ടായ കൃതിയാണെന്നാണു പണ്ഡിതമതം. ബൌദ്ധപണ്ഡിതനായ വസുബന്ധുവിന്റെ ഗുരുവും ഈശ്വരകൃഷ്ണനും സമകാലികരും എതിരാളികളുമായിരുന്നു എന്ന് ചൈനീസ് ഭാഷയില്‍ പരമാർത്ഥന്‍ എഴുതിയ വസുബന്ധുവിന്റെ ജീവചരിത്രത്തില്‍ പറയുന്നുണ്ട്. എട്ടാം നൂറ്റാണ്ടില്‍ ഗൌഡപാദർ സാംഖ്യകാരികയ്ക്ക് എഴുതിയ ഭാഷ്യം, ഒമ്പതാം നൂറ്റാണ്ടില്‍ വാചസ്പതിമിശ്രന്‍ രചിച്ച സാംഖ്യതത്ത്വകൌമുദി എന്ന ഭാഷ്യം, പതിനാറാം നൂറ്റാണ്ടില്‍ വിജ്ഞാനഭിക്ഷു സാംഖ്യപ്രവചനസൂത്രത്തിനെഴുതിയ ഭാഷ്യം എന്നിവ സാംഖ്യദർശനത്തെ സംബന്ധിച്ച പ്രധാനകൃതികളാണ്. പക്ഷേ കൌതുകകരമായ ഒരു കാര്യമുണ്ട്. ഈശ്വരകൃഷ്ണസൂരിക്കുശേഷം സാംഖ്യത്തെക്കുറിച്ചെഴുതിയ മേല്പറഞ്ഞവരെല്ലാം വേദപാരമ്പര്യം പിന്‍പറ്റുന്നവരാണ്. സാംഖ്യതത്ത്വങ്ങളെ തങ്ങളുടെ പദ്ധതിക്കനുസരിച്ച് വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളും അവയില്‍ ശക്തമാണ്. മാത്രമല്ല, അടിസ്ഥാനപരമായി വേദങ്ങളെ പിന്‍പറ്റാത്ത ഈ ദർശനത്തെ വേദാന്തികളുള്‍പ്പെടെയുള്ള ആസ്തികർ തങ്ങളുടെ മതത്തിന്റെ ഭാഗമാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ നിലവിലുള്ള കൃതികളില്‍ പ്രാചീനമായ ഈശ്വരകൃഷ്ണസൂരിയുടെ സാംഖ്യകാരികയിലെ തത്ത്വങ്ങള്‍ക്കാണ് ഇവിടെ പ്രാധാന്യം നല്കുന്നത്. സാംഖ്യസങ്കല്പനങ്ങളെ പരമാവധി ആ ദർശനത്തിന്റെതന്നെ സാങ്കേതികഭാഷയില്‍ വിശദീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. സംഖ്യാ എന്ന ശബ്ദത്തിന് ജ്ഞാനം എന്നർത്ഥമുണ്ട്. ജ്ഞാനത്തിനു പ്രാധാന്യം നല്കുന്ന ദർശനമാണ് സാംഖ്യം. സംഖ്യാ എന്ന ശബ്ദത്തിന്റെ, എണ്ണം എന്ന പ്രസിദ്ധമായ അർത്ഥവും സാംഖ്യത്തിനു യോജിക്കും. കാരണം, സാംഖ്യദാർശനികർ അവരുടെ തത്ത്വങ്ങളെ തരംതിരിച്ച് അവയ്ക്കു കൃത്യമായ സംഖ്യ കല്പിക്കുന്നുണ്ട്. 

3. സാംഖ്യത്തിന്റെ ജ്ഞാനശാസ്ത്രം


സാംഖ്യദർശനത്തിലെ പ്രധാനതത്ത്വങ്ങളിലേക്കു കടക്കുന്നതിന് സാംഖ്യരുടെ ജ്ഞാനശാസ്ത്രത്തെക്കുറിച്ചും സാമാന്യമായ ധാരണ ആവശ്യമാണ്. ജ്ഞാനലബ്ധിക്കായി പ്രത്യക്ഷം, അനുമാനം, ആപ്തവാക്യം എന്നീ മൂന്നു പ്രമാണങ്ങളെയാണ് അവർ അംഗീകരിക്കുന്നത്. പ്രമ(യഥാർത്ഥജ്ഞാനം)യുടെ കരണം അഥവാ ഉപകരണമാണ് പ്രമാണം എന്നാണു ന്യായശാസ്ത്രത്തിലെ നിർവചനം. ജ്ഞാനം നേടുന്നതിനുള്ള ഉപാധികളാണവ. പ്രത്യക്ഷം എന്നാൽ ഇന്ദ്രിയാനുഭവമാണ്. അതായത് നേരിട്ടു കണ്ടും കേട്ടുമൊക്കെയുള്ള അറിവ്. പ്രത്യക്ഷംകൊണ്ട് അറിയാനാവാത്തവയെ അനുമാനംകൊണ്ടറിയുന്നു. പർവ്വതത്തിൽ പുക കാണുമ്പോൾ അതിനു കാരണമായ തീയ് കണ്ടില്ലെങ്കിലും പുകയുള്ളതുകൊണ്ട് അവിടെ തീയുമുണ്ട് എന്നു മനസ്സിലാക്കുന്നത് അനുമാനം വഴിയാണ്. ഇവ രണ്ടുംകൊണ്ട് അറിയാനാവാത്തവയെ മനസ്സിലാക്കാൻ ആപ്തവാക്യത്തെ ആശ്രയിക്കണം. ഒരു വസ്തുവിന്റെ സ്വരൂപത്തെ അറിഞ്ഞവനും മറ്റുള്ളവരെ കബളിപ്പിക്കാത്തവനുമായ, വിശ്വസ്തതയുള്ള ആളെയാണ് ആപ്തൻ എന്നു പറയുന്നത്. അതായത് വിശ്വസ്തനായ ഒരാൾ പറയുന്നതാണ് ആപ്തവാക്യം. ഒരാൾ ആപ്തനാണോ എന്നു സംശയം വന്നാൽ പ്രത്യക്ഷാനുമാനങ്ങളെത്തന്നെ ആശ്രയിക്കുകയേ വഴിയുള്ളൂ. (ന്യായദർശനത്തെക്കുറിച്ച് എഴുതുമ്പോൾ പ്രമാണങ്ങളെപ്പറ്റി വിശദമായി ചർച്ച ചെയ്യാ.)

മറ്റൊന്ന് കാര്യകാരണബന്ധത്തെക്കുറിച്ചുള്ള സാംഖ്യത്തിലെ സങ്കല്പമാണ്. കാര്യം സൂക്ഷ്മരൂപത്തിൽ കാരണത്തിലും സ്ഥിതിചെയ്യുന്നു എന്നാണ് സാംഖ്യമതം. ഒരു ഉദാഹരണംകൊണ്ട് ഇതു വിശദമാക്കാം. ഒരാൾ മണ്ണുകൊണ്ട് കുടമുണ്ടാക്കുന്നു എന്നു കരുതുക. അവിടെ മണ്ണ് കാരണവും കുടം കാര്യവുമാണ്. കുടം മണ്ണിൽ സൂക്ഷ്മരൂപത്തിൽ സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് മണ്ണിൽനിന്നു കുടമുണ്ടാക്കാനാവുന്നത്. കുടം അതിന്റെ ഉത്പത്തിക്കു മുമ്പുതന്നെ മണ്ണിൽ ഉണ്ട് എന്നർത്ഥം. അസത് ആയ- ഇല്ലാത്ത- ഒരു വസ്തുവിനെ, സത് ആക്കാൻ- ഉണ്ടാക്കാൻ- ആവുകയില്ല. ഒരു വസ്തുവിനെ ഉണ്ടാക്കാൻ ശക്തിയുള്ള സാധനമേ അതിന്റെ കാരണമാവുകയുള്ളൂ. മേല്പറഞ്ഞ ഉദാഹരണത്തിൽ മണ്ണും കുടവും സത് ആണ്. ഇതുപോലെ എണ്ണ കാരണരൂപത്തിൽ എള്ളിൽ സ്ഥിതി ചെയ്യുന്നു. വസ്ത്രം കാരണരൂപത്തിൽ നൂലിൽ സ്ഥിതി ചെയ്യുന്നു.  ഇങ്ങനെ കാര്യം കാരണത്തിൽത്തന്നെ സ്ഥിതി ചെയ്യുകയാണെന്നും കാര്യകാരണങ്ങൾ സത് (ഉള്ളവ) ആണെന്നുമുള്ള സാംഖ്യരുടെ സിദ്ധാന്തത്തെ സത്കാര്യവാദം എന്നു പറയുന്നു. ഈ സങ്കല്പനങ്ങൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ട് നമുക്ക് സാംഖ്യതത്ത്വങ്ങളിലേക്കു കടക്കാം. 

4. സാംഖ്യതത്ത്വങ്ങൾ

സാംഖ്യദർശനത്തിൽ ഇരുപത്തിനാലു തത്ത്വങ്ങളാണുള്ളത്. പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടകങ്ങളാണിവ. ഇവയിൽ ആദ്യത്തേത് മൂലപ്രകൃതിയാണ്. അതിനെ പ്രകൃതി അഥവാ പ്രധാനം എന്നു വിളിക്കുന്നു. പ്രപഞ്ചത്തിന്റെ ആധാരതത്ത്വം അതാണ്. പ്രധാനത്തിൽനിന്ന് മഹത്തത്ത്വം ഉണ്ടാകുന്നു. ഇതിനെ മഹത് എന്നു മാത്രമായും പറയാറുണ്ട്. മഹത്തത്ത്വത്തിൽനിന്ന് അഹങ്കാരം ഉണ്ടാകുന്നു. അഹങ്കാരം സാത്വികം, രാജസം, താമസം എന്നു മൂന്നു വിധമാണ്. സാത്വികമായ അഹങ്കാരത്തിൽനിന്നു മനസ്സ്, അഞ്ചു ജ്ഞാനേന്ദ്രിയങ്ങൾ, അഞ്ചു കർമ്മേന്ദ്രിയങ്ങൾ എന്നിവയുണ്ടാകുന്നു. താമസാഹങ്കാരത്തിൽനിന്ന് അഞ്ചു തന്മാത്രകൾ ഉണ്ടാകുന്നു. അഞ്ചു തന്മാത്രകളിൽനിന്നാണ് പഞ്ചമഹാഭൂതങ്ങൾ ഉണ്ടാകുന്നത്. 
ഇവിടെപ്പറഞ്ഞ അഞ്ചു ജ്ഞാനേന്ദ്രിയങ്ങൾ ചക്ഷുസ്സ്, ശ്രോത്രം, രസന, ഘ്രാണം, ത്വക്ക് എന്നിവയാണ്. വാക്ക്, പാണി, പാദം, പായു, ഉപസ്ഥം എന്നിവയാണ് അഞ്ചു കർമ്മേന്ദ്രിയങ്ങൾ. അഞ്ചു തന്മാത്രകളാണ് ശബ്ദം, സ്പർശം, വർണം, രസം, ഗന്ധം എന്നിവ. പഞ്ചമഹാഭൂതങ്ങൾ ആകാശം, വായു, തേജസ്സ്, ജലം, പൃത്ഥ്വി എന്നിവയാണ്. 
സാംഖ്യതത്ത്വങ്ങൾ ഇങ്ങനെ സംഗ്രഹിക്കാൻ എളുപ്പമാണെങ്കിലും ഈ സങ്കല്പനങ്ങൾ കുറച്ചു സങ്കീർണ്ണമാണെന്നു കാണാം. പ്രപഞ്ചത്തിന്റെയും അതിലെ വസ്തുക്കളുടെയും അടിസ്ഥാനഘടകങ്ങളെ സാമാന്യങ്ങള്‍ (universals) എന്ന നിലയില്‍ വേർതിരിച്ചെടുത്ത് അവയുടെ ഉത്പത്തിക്രമത്തെ വിവരിക്കുകയും ഓരോന്നിന്റെയും സ്വഭാവം നിർവ്വചിക്കുകയുമാണ് ഈ തത്ത്വങ്ങളിലൂടെ ചെയ്യുന്നത്. സങ്കീർണ്ണത കുറയ്ക്കാൻ ഒരു എളുപ്പവഴി പറയാം. പ്രപഞ്ചത്തിലെ അചേതനമായ വസ്തുക്കളെയെല്ലാം ഒരുമിച്ചെടുക്കുക. മഹത്തത്ത്വം തുടങ്ങി മേൽപ്പറഞ്ഞവയെല്ലാം അതിൽപ്പെടും. അവയെല്ലാം മൂലപ്രകൃതിയില്‍നിന്ന് അഥവാ പ്രധാനത്തിൽനിന്ന് പരിണമിച്ചുണ്ടായവയാണ് എന്നും ഓർക്കുക. ഈ പ്രകൃതിയിൽനിന്നും അതിൽനിന്നുളവായ മറ്റു വസ്തുക്കളിൽനിന്നും ഭിന്നമായി പുരുഷൻ എന്ന മറ്റൊരു തത്ത്വംകൂടിയുണ്ട്. പ്രകൃതിയിൽനിന്നും അതിന്റെ പരിണാമരൂപമായ വികൃതിയിൽനിന്നും വിലക്ഷണമായ പുരുഷൻ ഉദാസീനനും ചിന്മാത്രനുമാണ്. അതിനു മാത്രമാണ് സചേതനത്വം അഥവാ ജീവൻ ഉള്ളത്. വേദാന്തികളുടെ ജീവാത്മാവ് എന്ന സങ്കല്പത്തോടാണ് പുരുഷനു സാദൃശ്യം. സങ്കല്പനങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും, ജൈനമതത്തെക്കാള്‍ പ്രാചീനത സാംഖ്യത്തിനാണെന്നാണു കരുതപ്പെടുന്നതെങ്കിലും, മനസ്സിലാക്കാനുള്ള സൗകര്യത്തിന് ജൈനദർശനത്തിലെ അജീവം, ജീവം എന്ന വിഭജനത്തെയും ഇവിടെ ഓർമ്മിക്കാവുന്നതാണ്. (നോക്കുക: ആന്വീക്ഷികി അധ്യായം 4. 6. ജൈനമതതത്ത്വങ്ങളും വിശ്വാസങ്ങളും (https://navamalayali.com/2020/07/15/column-part-4-manoj-kuroor/)  ഈ സങ്കല്പനങ്ങള്‍ക്കൊക്കെ സാംഖ്യത്തില്‍ സവിശേഷമായ അർത്ഥമാണുള്ളതെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. ആവുന്നത്ര ലളിതമായി പറഞ്ഞാല്‍ പ്രപഞ്ചവസ്തുക്കളെയും അവയുടെ ഗുണധർമ്മങ്ങളെയും ഇഴപിരിച്ചെടുത്തു പരിശോധിക്കുകയാണ് സാംഖ്യദർശനം ചെയ്യുന്നത്. ഇതിനായി വ്യക്തിഗതം എന്നു തോന്നുന്ന ബുദ്ധി, അഹങ്കാരം, മനസ്സ്, ഇന്ദ്രിയങ്ങള്‍ എന്നിവയെ വരെ സമഷ്ടിഗതമായി കണക്കാക്കി സാമാന്യവത്കരിക്കുകയും അവയെ ഭൌതികപ്രപഞ്ചത്തിന്റെ ഭാഗമാക്കുകയുമാണു ചെയ്യുന്നത്. അവയില്‍നിന്നു വ്യത്യസ്തമായി ഓരോ മനുഷ്യനിലുമുള്ള ജീവന്റെ സത്തയെ വേർതിരിച്ചെടുത്തതാണ് പുരുഷന്‍ എന്ന സങ്കല്പനം എന്നതും ശ്രദ്ധിക്കണം. അത്തരത്തില്‍ പുരുഷന്‍ എന്ന വാക്കിന് സാധാരണ പറഞ്ഞുവരുന്ന അർത്ഥമല്ല സാംഖ്യദർശനത്തിലുള്ളത് എന്നു കാണാം. 

5. വ്യക്തവും അവ്യക്തവും

നി സാംഖ്യതത്ത്വങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കാം. പ്രപഞ്ചത്തിന്റെ ഉത്പത്തിക്കും അതിന്റെ നിലനില്പിനും അടിസ്ഥാനമാകുന്നത് പ്രധാനം എന്ന പേരില്‍ അറിയപ്പെടുന്ന മൂലപ്രകൃതി എന്ന ഭൌതികവസ്തുവാണ്. മൂലപ്രകൃതിയെ അവ്യക്തം എന്നും അതിൽനിന്നുണ്ടായ മഹത്തത്ത്വം തുടങ്ങി ബാക്കിയുള്ളവയെ വ്യക്തം എന്നും പറയുന്നു. പ്രധാനം അഥവാ പ്രകൃതി അതിസൂക്ഷ്മമായതുകൊണ്ട് ഇന്ദ്രിയങ്ങൾക്കു വിഷയമല്ല. അത് അനുമാനിച്ച് അറിയേണ്ടതാണ്. കാര്യകാരണബന്ധത്തെ അടിസ്ഥാനമാക്കി പറഞ്ഞാൽ, പ്രധാനം എന്നതു കാരണവും മഹത്തത്ത്വം തുടങ്ങിയവയെല്ലാം അതില്‍നിന്നുണ്ടാകുന്ന കാര്യങ്ങളും ആണ്. മഹത്തത്ത്വം മുതലായ കാര്യങ്ങളെല്ലാം പ്രകൃതിയ്ക്കു സരൂപവും അതേസമയംതന്നെ വിരൂപവുമാണ്. സത്കാര്യവാദമനുസരിച്ച് കാരണത്തിൽത്തന്നെ കാര്യം അടങ്ങിയിരിക്കുന്നു എന്നതിനാൽ സരൂപവും, രൂപഭേദം വന്നതിനാൽ വിരൂപവുമാണ് എന്നു മനസ്സിലാക്കണം. 
പ്രകൃതി അവ്യക്തമാണ്; അതില്‍നിന്നുണ്ടായ മഹത്തത്ത്വം തുടങ്ങിയവയെല്ലാം വ്യക്തവും. ആദ്യം വ്യക്തം എന്തെന്നു വിശദമാക്കിയതിനുശേഷം അതിനു വിപരീതമായ ലക്ഷണത്തോടു കൂടിയതാണ് അവ്യക്തം എന്നു നിർവ്വചിക്കുകയാണ് സാംഖ്യകാരികയിൽ. വ്യക്തമായ എല്ലാറ്റിനും ഹേതു അഥവാ കാരണം ഉണ്ടായിരിക്കും. മാത്രമല്ല, അവയെല്ലാം അനിത്യങ്ങളാണ്. അതായത് അവയ്ക്കെല്ലാം ആവിർഭാവവും തിരോഭാവവുമുണ്ട്. വിനാശം എന്നു മറ്റു ദർശനങ്ങളില്‍ കാണുന്ന വസ്തുസ്വഭാവത്തെ തിരോഭാവം എന്നാണ് സാംഖ്യന്മാർ വിളിക്കുന്നത്. എല്ലാ ദിക്കിലും വ്യാപിക്കാത്തതുകൊണ്ട് അവ അവ്യാപിയാണ്. മഹത്തത്ത്വം മുതലായ വ്യക്തപദാർത്ഥങ്ങളെല്ലാം സക്രിയങ്ങളാണ്. അതായത്, അവയ്ക്ക് സ്ഥൂലശരീരങ്ങളില്‍ പ്രവേശിക്കുക തുടങ്ങിയ ക്രിയകളുണ്ട്. വ്യക്തപദാർത്ഥങ്ങള്‍ ഒന്നിലേറെയുള്ളതിനാല്‍ അനേകമാണ്. അവയെല്ലാം മറ്റോരോന്നിനെ ആശ്രയിച്ചു നിലനില്ക്കുന്നവയുമാണ്. വ്യക്തപദാർത്ഥം കാര്യമായതുകൊണ്ട് അതിന്റെ കാരണം അനുമിക്കാവുന്നത് (ലിംഗം) ആണ്. വ്യക്തത്തിന് അവയവങ്ങളുണ്ട്; അതായത് സാവയവമാണ്. അതു മറ്റൊന്നിനെ ആശ്രയിക്കുന്നതിനാല്‍ പരതന്ത്രമാണ്. വ്യക്തത്തിനു പറഞ്ഞ ഈ സവിശേഷതകള്‍ക്കു നേർവിപരീതമായ നിലയാണ് അവ്യക്തത്തിന് അഥവാ മൂലപ്രകൃതിക്ക് ഉള്ളത്. അത് അകാരണവും നിത്യവും സർവ്വവ്യാപിയും അക്രിയവും ഏകവും മറ്റൊന്നിനെ ആശ്രയിക്കാത്തതും അലിംഗവും നിരവയവവും സ്വതന്ത്രവും ആണെന്നർത്ഥം. അവ്യക്തത്തിനും വ്യക്തത്തിനും ഇത്തരം വ്യത്യാസങ്ങളുണ്ടെങ്കിലും ചില സമാനതകളുമുണ്ട്. രണ്ടിനും സാത്വികം, രാജസം, താമസം എന്നിങ്ങനെ മൂന്നു ഗുണങ്ങളുള്ളതുകൊണ്ട് ത്രിഗുണാത്മകമാണ്. രണ്ടും വിവേകം ഇല്ലാത്തവയും വിജ്ഞാനത്തിനു വിഷയവുമാണ്. രണ്ടിനെയും സാമാന്യമായി അറിയേണ്ടതാണ്. വ്യക്തം, അവ്യക്തം ഇവ രണ്ടും അചേതനവും കൂടാതെ പരിണാമം എന്ന ധർമ്മം ഉള്ളവ(പ്രസവധർമ്മി)യുമാണ്.

6. ത്രിഗുണങ്ങൾ

വ്യക്തവും അവ്യക്തവും തമ്മിലുള്ള സമാനതകളും വ്യത്യസ്തതകളും സൂചിപ്പിച്ചു കഴിഞ്ഞതിനാല്‍, ഇവയ്ക്കു രണ്ടിനും സമാനമായുള്ള സത്വം, രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങളുടെ സ്വഭാവം നോക്കാം. പ്രീതി (സുഖം), അപ്രീതി (ദുഃഖം), വിഷാദം (മോഹം) എന്നിങ്ങനെ സ്വരൂപമുള്ളവയാണ് ഗുണങ്ങള്‍. അതായത് സത്വഗുണം സുഖസ്വരൂപവും രജോഗുണം ദുഃഖസ്വരൂപവും തമോഗുണം വിഷാദസ്വരൂപവുമാണ്. ഇവയില്‍ സത്വവും തമസ്സും സ്വയം പ്രവർത്തിക്കാന്‍ ശേഷിയുള്ളവയല്ല. രജോഗുണത്തിന്റെ സഹായത്തോടെയാണ് ഇവ രണ്ടും പ്രവർത്തിക്കുന്നത്. ഈ മൂന്നു ഗുണങ്ങളും മൂലപ്രകൃതിയില്‍ ആരംഭം മുതലേ തുല്യശക്തികളായി, സമാനമായി, സാമ്യാവസ്ഥയിലാണ് ഇരുന്നിരുന്നത്. പിന്നീട് ഈ ഗുണങ്ങളില്‍ വ്യതിയാനമുണ്ടാവുന്നതോടെ രജോഗുണത്തിന്റെ പ്രവർത്തനഫലമായി മൂലപ്രകൃതിയില്‍നിന്ന് സർഗ്ഗം അഥവാ സൃഷ്ടി സംഭവിക്കുന്നു. മൂന്നു ഗുണങ്ങളില്‍ ഒന്നു മറ്റുള്ളവയെക്കാള്‍ ശക്തമാകുമ്പോള്‍ അതിന്റെ ഫലമാണുണ്ടാവുക. ഉദാഹരണത്തിന് രജോഗുണം, തമോഗുണം എന്നിവയെക്കാള്‍ സത്വഗുണം ശക്തമാകുമ്പോള്‍ സത്വഗുണപ്രധാനമായ പ്രവൃത്തികളുണ്ടാകുന്നു. ഈ മൂന്നു ഗുണങ്ങളും പരസ്പരം ആശ്രയിച്ചാണ് നിലകൊള്ളുന്നത്. സത്വഗുണത്തിനു ലഘുത്വം എന്ന സ്വഭാവമാണുള്ളത്. കനക്കുറവുള്ളത് പെട്ടെന്നു മുകളിലേക്കുയരുമല്ലോ. അഗ്നി മുകളിലേക്കു കത്തുന്നത് ലഘുത്വമുള്ളതുകൊണ്ടാണ്. അതുപോലെ പ്രകാശാത്മകമാണ് സത്വഗുണം. സത്വഗുണം ഏറിനില്ക്കുന്ന സമയത്തു മാത്രമേ പ്രമാണങ്ങളുടെ സഹായത്തിലൂടെ യഥാർത്ഥജ്ഞാനമുണ്ടാവൂ. രജോഗുണവും തമോഗുണവും ഏറിനില്ക്കുമ്പോള്‍ സംശയവും മറ്റുമാണുണ്ടാവുക. ചലനസ്വഭാവത്തോടുകൂടിയ രജോഗുണമാണ് മറ്റു രണ്ടു ഗുണങ്ങളെയും പ്രവർത്തിപ്പിക്കുന്നത്. തമോഗുണം ശരീരത്തിനും മനസ്സിനും ഗൌരവം  നല്കിക്കൊണ്ട് പ്രകാശത്തെ മറച്ചുപിടിക്കുന്നു. പരസ്പരവിരുദ്ധമായ ഈ ഗുണങ്ങള്‍ തിരി, എണ്ണ, തീയ് എന്നീ വ്യത്യസ്തവസ്തുക്കള്‍ ഒന്നിച്ചു വെളിച്ചം നല്കുന്നതുപോലെ ഒരുമിച്ചു പ്രവർത്തിക്കുകയാണു ചെയ്യുന്നത്. പുരുഷന്റെ ഭോഗത്തിനും അപവർഗ്ഗ(മുക്തി)ത്തിനും വേണ്ടിയാണ് ഈ ഗുണങ്ങളുടെ പ്രവർത്തനം. വ്യക്തത്തില്‍ ഈ ഗുണങ്ങളുള്ളതുകൊണ്ട് ഇവ അവ്യക്തത്തിലുമുണ്ട് എന്നു തീരുമാനിക്കാം. കാര്യത്തിന്റെ ഗുണങ്ങള്‍ കാരണത്തിനുമുണ്ടാവും എന്നതാണ് അതിന്റെ യുക്തി. ഇവിടെയും സത്കാര്യവാദം ഓർമ്മിക്കുക.

7. പ്രകൃതിയും പുരുഷനും

ത്രിഗുണാത്മകമായ എല്ലാ വസ്തുക്കളും വിവേകമില്ലാത്തവയാണ്. വിവേകമുള്ളത് ഇവയില്‍നിന്നു വ്യത്യസ്തമായ പുരുഷനു മാത്രമാണ്. ത്രിഗുണങ്ങളുടെ സംഘാതമായ അവ്യക്തവും മഹദാദികളുമെല്ലാം പുരുഷനു വേണ്ടിയാണ് നിലകൊള്ളുന്നത്. ഇവയ്ക്കെല്ലാം അധിഷ്ഠാതാവ് അഥവാ അധികാരി പുരുഷനാണ്. പുരുഷന്‍ സുഖദുഃഖങ്ങള്‍ അനുഭവിക്കുകയും ആദ്യം പറഞ്ഞ മൂന്നു വിധം ദുഃഖങ്ങളില്‍നിന്നു മുക്തിനേടുന്നതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു. ദേഹവും ഇന്ദ്രിയങ്ങളുമായി സംബന്ധിക്കുന്ന ജനനവും ആ സംബന്ധത്തില്‍നിന്നുള്ള മോചനമായ മരണവുമുള്ളതുകൊണ്ട് പുരുഷന്‍ ഒന്നല്ല, അനേകമാണെന്നാണ് സാംഖ്യസിദ്ധാന്തം. ഓരോ ശരീരത്തിലും പുരുഷന്‍ ഭിന്നനാണ് എന്നു മാത്രമല്ല, ഓരോ പുരുഷന്റെയും പ്രവൃത്തിയും ഒന്നിച്ചല്ല സംഭവിക്കുന്നത്. അതുകൊണ്ട് പുരുഷന് അനേകത്വമുണ്ട്. ജീവാത്മാവിന്റെ ഏകത്വത്തെക്കുറിച്ചുള്ള വേദാന്തികളുടെ സങ്കല്പത്തില്‍നിന്നു വ്യത്യസ്തമാണിത്. ഓരോ ശരീരത്തിനും ഓരോ ആത്മാവ് അഥവാ ജീവന്‍ ഉണ്ട് എന്ന ജൈനദർശനത്തിലെ കാഴ്ചപ്പാടിനെ ഇതുമായി ചേർത്തുവച്ച് ആലോചിക്കാവുന്നതുമാണ്. സാക്ഷിത്വം, കൈവല്യം, മാധ്യസ്ഥ്യം, അകർത്തൃകഭാവം എന്നിവയാണ് പുരുഷന്റെ സവിശേഷതകള്‍. പുരുഷന്‍ സചേതനമായതുകൊണ്ട് സാക്ഷിത്വം ലഭിക്കുന്നു. സുഖദുഃഖങ്ങളുടെ ആത്യന്തികാഭാവമായ കൈവല്യവും പുരുഷനു സിദ്ധിക്കുന്നു. മാധ്യസ്ഥ്യം എന്നത് ഉദാസീനഭാവമാണ്. വിവേകിത്വവും പരിണാമമില്ലായ്കയും മൂലം അകർത്തൃകഭാവമാണ് പുരുഷനുള്ളത്. അതായത് ‘ഞാന്‍ ചെയ്യുന്നു’ എന്ന വിചാരം യഥാർത്ഥത്തില്‍ ഭ്രമമാണ്. പ്രധാനം, മഹത്തത്ത്വം എന്നിവ പുരുഷന്റെ സാന്നിധ്യംകൊണ്ട് സചേതനമാണെന്ന തോന്നലുണ്ടാവുമെങ്കിലും അതു വെറും തോന്നല്‍ മാത്രമാണ്. ഗുണങ്ങളുടെ കർത്തൃത്വവും ഇത്തരത്തില്‍ തോന്നല്‍ മാത്രമാകുന്നു. പുരുഷനു പ്രധാന(പ്രകൃതി)വും പ്രധാനത്തിനു പുരുഷനും ആവശ്യമാണ്.

പുരുഷപ്രകൃതിസംയോഗത്തിലൂടെയാണ് സർഗ്ഗം അഥവാ സൃഷ്ടി നടക്കുന്നത്. അചേതനമായ പ്രകൃതിയും സചേതനനായ പുരുഷനും അങ്ങനെ സൃഷ്ടികർമ്മത്തില്‍ പങ്കാളികളാകുന്നു. അന്ധനായ ഒരാളും മുടന്തനായ ഒരാളും തമ്മില്‍ച്ചേർന്നു കാര്യങ്ങള്‍ നടത്തുന്നതുപോലെയാണിത് എന്നു സാംഖ്യകാരികയില്‍ പറയുന്നു. ഉദാസീനനായ പുരുഷനും ജഡമായ പ്രകൃതിയും തമ്മിലുള്ള പാരസ്പര്യം എന്ന സങ്കല്പത്തെ ശങ്കരാചാര്യർ ബ്രഹ്മസൂത്രഭാഷ്യത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്. പ്രകൃതി അചേതനമായാല്‍ സൃഷ്ടികർമ്മത്തിനു പര്യാപ്തമാവില്ല എന്ന് അദ്ദേഹം വാദിക്കുന്നു. പ്രകൃതിക്കു പുരുഷനെ ആശ്രയിക്കാതെ സ്വതന്ത്രമായ സത്തയുണ്ടെന്നും പുരുഷന് അനേകത്വമുണ്ടെന്നുമുള്ള സാംഖ്യദാർശനികരുടെ വാദങ്ങളും വേദാന്തികള്‍ക്കു സ്വീകാര്യമല്ല. ഭൌതികതയ്ക്കു പ്രാധാന്യം നല്കുന്ന സാംഖ്യത്തിന്റെ നിലപാടുകൂടിയാണ് ഇവിടെ വ്യക്തമാകുന്നത്. ജീവന്‍, ആത്മാവ് എന്നൊക്കെ വ്യവഹരിക്കാവുന്ന പുരുഷന് അകർത്തൃത്വമാണ് യഥാർത്ഥത്തില്‍ ഉള്ളതെന്നും പുരുഷന്റേതെന്നു തോന്നിക്കുന്ന ഗുണങ്ങളും പ്രവൃത്തികളും വരെ ഭൌതികമായ പ്രകൃതിവികൃതികളുടെ ഘടകങ്ങളാണെന്നും സാംഖ്യന്മാർ സിദ്ധാന്തിക്കുന്നു. ജ്ഞാനത്തിലൂടെ ആ തിരിച്ചറിവുണ്ടാകുന്നതിനെയാണ് അവർ കൈവല്യം എന്നു വ്യവഹരിക്കുന്നത്.

8. മഹത്തത്ത്വം 

ഡവും അവ്യക്തവുമായ പ്രകൃതിയില്‍നിന്നുണ്ടാകുന്ന വികൃതികളായ മഹത്തത്ത്വം തുടങ്ങിയവയെക്കുറിച്ചാണ് ഇനി പറയാനുള്ളത്. മഹത്തത്ത്വം  സമഷ്ടിയിലുള്ള ബോധമാണ് എന്ന് ഓർമ്മിക്കേണ്ടതുണ്ട്; അതായത് അതു വ്യക്തിഗതമല്ല, സർവ്വഗതമാകുന്നു. പ്രപഞ്ചത്തിന്റെ തത്ത്വമാണത്. മഹത്തത്ത്വത്തിനു ബുദ്ധിതത്ത്വം എന്നുകൂടി പേരുണ്ട്. ഇന്ദ്രിയങ്ങള്‍കൊണ്ട് അറിഞ്ഞ് മനസ്സുകൊണ്ട് ആലോചിച്ച് അഹങ്കാരം അംഗീകരിച്ച ഒരു കാര്യം ചെയ്യണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് ഈ ബുദ്ധിതത്ത്വമാണ്. ബുദ്ധി അധ്യവസായ(ധാരണ)രൂപമാണ്. ബുദ്ധിയുടെ ചില ധർമ്മങ്ങള്‍ സാത്വികരൂപത്തിലും മറ്റു ചിലത് താമസരൂപത്തിലുമാണ്. ധർമ്മം, ജ്ഞാനം, വൈരാഗ്യം, ഐശ്വര്യം എന്നിവ സാത്വികവും ഇവയ്ക്കു നേർവിപരീതമായതു താമസവുമായ ധർമ്മങ്ങളാണ്. അപവർഗ്ഗത്തിന് (മുക്തിക്ക്) കാരണം ധർമ്മമാണ്. ജ്ഞാനം എന്നുദ്ദേശിക്കുന്നത് പ്രകൃതിപുരുഷജ്ഞാനമാണ്. ലൌകികകാര്യങ്ങളിലുള്ള വിരക്തിയാണ് വൈരാഗ്യം. അണിമ (ചെറുതാവുന്നതിനുള്ള ശേഷി), മഹിമ (വലുതാവുന്നതിനുള്ള ശേഷി), ഗരിമ (കനമുള്ളതാവാനുള്ള കഴിവ്), ലഘിമ (കനം കുറഞ്ഞതാവാനുള്ള കഴിവ്), ഈശിത്വം (രക്ഷയ്ക്കുള്ള സാമർത്ഥ്യം), വശിത്വം (ആകർഷിക്കാനുള്ള ശേഷി), പ്രാപ്തി (നേടാനുള്ള കഴിവ്), പ്രാകാമ്യം (സ്വന്തം ഇഷ്ടംപോലെ പ്രവർത്തിക്കാനുള്ള കഴിവ്) എന്നീ അഷ്ടൈശ്വര്യങ്ങളെയാണ് ഇവിടെ ഐശ്വര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നു ചിലർ വ്യാഖ്യാനിക്കുന്നു.

9. അഹങ്കാരവും ഇന്ദ്രിയങ്ങളും 

ഹത്തത്ത്വത്തില്‍നിന്നുണ്ടാകുന്ന അഹങ്കാരമാണ് അടുത്തത്. അഭിമാനത്തെത്തന്നെയാണ് അഹങ്കാരം എന്നു പറയുന്നത്. അതും സമഷ്ടിയെ സംബന്ധിച്ചതാണ്. അതിനും സാത്വികം (വൈകൃതം), രാജസം (തൈജസം), താമസം (ഭൂതാദി) എന്നിങ്ങനെ മൂന്നു ഗുണങ്ങളുണ്ട്. സാത്വികാഹങ്കാരത്തില്‍നിന്ന് അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കർമ്മേന്ദ്രിയങ്ങളും മനസ്സും ചേർന്ന ഒരു ഗണമുണ്ടാകുന്നു. താമസാഹങ്കാരത്തില്‍നിന്ന് അഞ്ചു തന്മാത്രകളടങ്ങിയ മറ്റൊരു ഗണവും ഉണ്ടാകുന്നു. സാത്വികവും താമസവുമായ അഹങ്കാരങ്ങള്‍ക്ക് ചലനശേഷിയില്ലാത്തതിനാല്‍ രാജസാ(തൈജസ)ഹങ്കാരമാണ് ഈ രണ്ടു തരത്തിലുമുള്ള സൃഷ്ടിയും ചെയ്യുന്നത്. ആദ്യത്തെ ഗണത്തിലുള്‍പ്പെടുന്ന അഞ്ചു ജ്ഞാനേന്ദ്രിയങ്ങള്‍ ചക്ഷുസ്സ് (കണ്ണ്), ശ്രോത്രം (ചെവി), ഘ്രാണം (മൂക്ക്), രസന (നാക്ക്), ത്വക്ക് (തൊലി) എന്നിവയാണ്. ചക്ഷുസ്സ് രൂപത്തെയും ശ്രോത്രം ശബ്ദത്തെയും ജിഹ്വ രസത്തെയും ഘ്രാണം ഗന്ധത്തെയും ത്വക്ക് സ്പർശത്തെയും ഗ്രഹിക്കുന്നു.  വസ്തുക്കളെ ഗ്രഹിക്കുക മാത്രമാണ്, അല്ലാതെ വിവേചിച്ച് അറിയുകയല്ല ജ്ഞാനേന്ദ്രിയങ്ങള്‍ ചെയ്യുന്നത്. അതായത് അവയുടെ വ്യാപാരം അഥവാ വൃത്തി ആലോചനാത്മകമാണ്; വിവേചനാത്മകമല്ല. വാക്ക് (നാവ്), പാണി (കൈകള്‍), പാദം (കാലുകള്‍), പായു (വിസർജ്ജനേന്ദ്രിയം), ഉപസ്ഥം (ജനനേന്ദ്രിയം) എന്നിവയാണ് അഞ്ചു കർമ്മേന്ദ്രിയങ്ങള്‍. ഇവയ്ക്ക് യഥാക്രമം പറയുക, എടുക്കുക, നടക്കുക, പുറത്തേയ്ക്കു കളയുക, രമിക്കുക എന്നിവയാണ് വ്യാപാരങ്ങള്‍. മനസ്സിനെയും ഇന്ദ്രിയമായിത്തന്നെ കണക്കാക്കുന്നു. മനസ്സ് ജ്ഞാനേന്ദ്രിയവും അതേപോലെതന്നെ കർമ്മേന്ദ്രിയവുമാണ്.

മഹത്തത്ത്വം (ബുദ്ധി), അഹങ്കാരം, മനസ്സ് എന്നിവയെ ചേർത്ത് അന്തഃകരണം എന്നു പറയുന്നു.അന്തഃകരണവൃത്തി സാമാന്യം, അസാമാന്യം എന്നിങ്ങനെ രണ്ടു വിധത്തിലാണ്. മഹത്തത്ത്വം, അഹങ്കാരം, മനസ്സ് എന്നിവ യഥാക്രമം അധ്യവസായാത്മകവും അഭിമാനാത്മകവും സങ്കല്പാത്മകവുമായതുകൊണ്ട് മഹത്തത്ത്വത്തിന് അധ്യവസായവും അഹങ്കാരത്തിന് അഭിമാനവും മനസ്സിനു സങ്കല്പവുമാണ് വ്യാപാരങ്ങള്‍. ഇവ അസാമാന്യവൃത്തികളാണ്. പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നിങ്ങനെയുള്ള അഞ്ചു പ്രാണങ്ങളാണ് അന്തഃകരണത്തിന്റെ സാമാന്യവൃത്തി. പ്രാണന്‍ ഹൃദയത്തിലും അപാനന്‍ ഗുദപ്രദേശത്തും വ്യാനന്‍ ശരീരത്തില്‍ എല്ലായിടത്തും സമാനന്‍ നാഭിയിലും ഉദാനന്‍ കണ്ഠപ്രദേശത്തുമാണ് സ്ഥിതി ചെയ്യുന്നത്. അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കർമ്മേന്ദ്രിയങ്ങളും ബാഹ്യമായിരിക്കെ മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിവ ചേർന്ന അന്തഃകരണത്തെ ആഭ്യന്തരമായ ഇന്ദ്രിയമായാണ് കണക്കാക്കുന്നത്. പത്ത് ഇന്ദ്രിയങ്ങള്‍, ബുദ്ധി, അഹങ്കാരം, മനസ്സ് എന്നിവ ചേർത്ത്  ഇപ്പറഞ്ഞ പതിമൂന്നു കരണങ്ങളും പരസ്പരം വിനിമയം ചെയ്തുകൊണ്ട് അതതിന്റെ വൃത്തി ചെയ്യുന്നു. പുരുഷന്റെ ഭോഗവും മുക്തിയുമാണ് അവയെ പ്രവർത്തിപ്പിക്കുന്നത്. ഇന്ദ്രിയങ്ങള്‍ ഭോഗാപവർഗ്ഗകങ്ങളായ പുരുഷാർത്ഥത്തെ പ്രകാശിപ്പിച്ച് മനസ്സിനും മനസ്സ് അഹങ്കാരത്തിനും അഹങ്കാരം ബുദ്ധിക്കും സമർപ്പിക്കുകയാണു ചെയ്യുന്നത്. ഇതേ ബുദ്ധിതന്നെയാണ് കൈവല്യത്തെ പ്രാപ്തമാക്കുന്ന പ്രകൃതിപുരുഷഭേദജ്ഞാനം സാധിപ്പിക്കുന്നത്. അതല്ലാതെ ഇവയെ പ്രവർത്തിപ്പിക്കുന്ന മറ്റൊരു കർത്താവില്ല. ഇവയെ പ്രവർത്തിപ്പിക്കുന്ന കർത്താവ് ഈശ്വരനാണ് എന്ന വാദം സാംഖ്യന്മാർക്കു സ്വീകാര്യമല്ല. അവർ സൃഷ്ടികർത്താവായി ഈശ്വരനെ അംഗീകരിക്കുന്നില്ല.
കാരണരൂപമായ പ്രധാനത്തില്‍ സ്ഥിതി ചെയ്തുകൊണ്ടുതന്നെ അതില്‍നിന്നു മഹത്തത്ത്വം ഉദ്ഭവിക്കുകയും വിഭജിക്കുകയും ചെയ്യുന്നു. അതുപോലെ സ്വന്തം കാരണമായ മഹത്തത്ത്വത്തില്‍ സ്ഥിതിചെയ്തുകൊണ്ടുതന്നെ അഹങ്കാരം മഹത്തില്‍നിന്നുദ്ഭവിക്കുകയും വിഭജിക്കുകയും ചെയ്യുന്നു. പഞ്ചഭൂതങ്ങള്‍ വരെയുള്ളവ ഓരോന്നും ഉദ്ഭവിക്കുന്നതിങ്ങനെയാണ്. ഓരോ സർഗ്ഗത്തിനുമവസാനം പഞ്ചഭൂതങ്ങള്‍ തങ്ങളുടെ കാരണമായ തന്മാത്രകളില്‍ ലയിച്ച് അവ്യക്തമായിത്തീരുന്നു. മഹത്തത്ത്വംവരെ ഓരോന്നും ഇത്തരത്തില്‍ അവ്യക്തമായിത്തീരുന്നു. പ്രധാനം അഥവാ പ്രകൃതി കാരണരൂപമായതുകൊണ്ട് അതു മാത്രം അവശേഷിക്കുന്നു.


10. പഞ്ചഭൂതങ്ങൾ 

താമസാഹങ്കാരത്തില്‍നിന്നുദ്ഭവിച്ച തന്മാത്രാരൂപത്തിലുള്ള അഞ്ചു സൂക്ഷ്മഭൂതങ്ങളില്‍നിന്ന്  ആകാശം, വായു, തേജസ്സ്, ജലം, പൃത്ഥ്വി എന്നീ അഞ്ചു സ്ഥൂലഭൂതങ്ങള്‍ ഉദ്ഭവിക്കുന്നു. ഇവയില്‍ ആകാശം ശബ്ദഗുണവും വായു ശബ്ദസ്പർശഗുണവും തേജസ്സ് അഥവാ അഗ്നി ശബ്ദസ്പർശരൂപഗുണവും ജലം ശബ്ദസ്പർശരൂപരസഗുണവും പൃത്ഥ്വി ശബ്ദസ്പർശരൂപരസഗന്ധഗുണവുമുള്ളവയാണ്. തന്മാത്രകള്‍ സൂക്ഷ്മങ്ങളാണ്. ഇവയ്ക്കു നിയതസ്വഭാവമാണുള്ളതെങ്കില്‍ സ്ഥൂലഭൂതങ്ങള്‍ക്കു പരിവർത്തനസ്വഭാവമാണുള്ളത്. മഹത്തത്ത്വം, അഹങ്കാരം, മനസ്സ്, പത്ത് ഇന്ദ്രിയങ്ങള്‍, അഞ്ചു തന്മാത്രകള്‍ ഇവ ചേർന്നതാണ് സൂക്ഷ്മശരീരം അഥവാ ലിംഗശരീരം. സാംഖ്യസിദ്ധാന്തമനുസരിച്ച്, പുരുഷന്റെ ഭോഗാപവർഗ്ഗത്തിനു ഹേതുവാണ് സൂക്ഷ്മശരീരം. അതു നിരാശ്രയമായി നില്ക്കുകയില്ല. ഒരു നടന്‍ ഒരു രംഗത്തിലെ അഭിനയം കഴിഞ്ഞ് അടുത്ത രംഗത്തില്‍ പ്രവേശിക്കുന്നതുപോലെ സൂക്ഷ്മശരീരം ഒരു സ്ഥൂലശരീരത്തെ ഉപേക്ഷിച്ചു മറ്റൊന്നിനെ സ്വീകരിക്കുന്നു. ഇതിനുള്ള കഴിവ് സൂക്ഷ്മശരീരത്തിനുണ്ടാവുന്നത് പ്രകൃതിയുടെ സംയോഗംകൊണ്ടാണ്.


11. ബന്ധവും മുക്തിയും 


ഹത്തത്ത്വം, അഹങ്കാരം എന്നിവ സാംസിദ്ധികങ്ങള്‍ അഥവാ സ്വഭാവസിദ്ധങ്ങളാണ്. പ്രകൃതിയില്‍നിന്നു ജനിക്കുന്നതായതുകൊണ്ട് അവയെ പ്രാകൃതികങ്ങള്‍ എന്നു പറയുന്നു. ബുദ്ധിതത്ത്വത്തെ ആശ്രയിച്ചിരിക്കുന്നതെങ്കിലും വന്നും പോയും ഇരിക്കുന്നവയാണ് ധർമ്മാധർമ്മങ്ങള്‍. അവ അസാംസിദ്ധികങ്ങളാണ്. വികാരജന്യങ്ങളായതുകൊണ്ട് അവയെ വൈകൃതങ്ങള്‍ എന്നു വിളിക്കുന്നു. അവ സൂക്ഷ്മശരീരത്തെ ആശ്രയിച്ചിരിക്കുന്നു. ധർമ്മംകൊണ്ട് ഉത്കർഷവും അധർമ്മംകൊണ്ട് അധോഗതിയുമുണ്ടാകുന്നു. ജ്ഞാനംകൊണ്ട് മുക്തി അഥവാ അപവർഗ്ഗം ഉണ്ടാകുമ്പോള്‍ വിപര്യയം അഥവാ അജ്ഞാനംകൊണ്ട് ബന്ധം ആണുണ്ടാവുക. പ്രകൃതിപുരുഷജ്ഞാനമാണ് അപവർഗ്ഗം നല്കുന്നതെന്നു നാം കണ്ടുകഴിഞ്ഞു. ആ ജ്ഞാനം ഇല്ലാതെ വരുമ്പോള്‍, അതായത്, പ്രകൃതിയുടെയും പുരുഷന്റെയും ധർമ്മങ്ങള്‍ വിവേചിച്ച് അറിയാനാവാതെവരുമ്പോള്‍ സംസാരബന്ധം ഉണ്ടാകുന്നു. ബുദ്ധിതത്ത്വത്തില്‍ത്തന്നെ കാര്യകാരണാഭേദരൂപത്തില്‍ അന്തർഭവിക്കുന്ന വിപര്യയം, അശക്തി, തുഷ്ടി, സിദ്ധി എന്നിവ ത്രിഗുണങ്ങളുടെ പ്രവർത്തനത്തിലൂടെ ഉണ്ടാകുന്നവയാണ്. വിപര്യയം അജ്ഞാനത്തിലും അശക്തി അധർമ്മത്തിലും തുഷ്ടി ധർമ്മത്തിലും സിദ്ധി ജ്ഞാനത്തിലും അന്തർഭവിക്കുന്നു. 
വിപര്യയം അജ്ഞാനമാണല്ലോ. അതു സംസാരബന്ധം ഉണ്ടാക്കുന്നു എന്നു മാത്രമല്ല, ജ്ഞാനത്തിനും അതിലൂടെയുള്ള മുക്തിക്കും തടസ്സമാവുകയും ചെയ്യുന്നു. വിപര്യയത്തിന് അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം എന്നിങ്ങനെ അഞ്ചു ഭേദങ്ങളുണ്ട്. ഇവയെ യഥാക്രമം തമസ്സ്, മോഹം, മഹാമോഹം, താമിസ്രം, അന്ധതാമിസ്രം എന്നിങ്ങനെയും വ്യവഹരിക്കുന്നു. അനാത്മാക്കളായ പ്രകൃതി, അഹങ്കാരം എന്നിവയുടെ തന്മാത്രകളില്‍ തോന്നുന്ന ആത്മബുദ്ധിയാണ് അവിദ്യ (തമസ്സ്). അത് എട്ടു വിധം. അണിമാദികളായ അഷ്ടൈശ്വര്യങ്ങളെ പ്രാപിച്ചതുകൊണ്ടു സിദ്ധനായി എന്നു ഭാവിക്കുന്നതാണ് അസ്മിത (മോഹം). അതും എട്ടുവിധംതന്നെ. ശബ്ദാദി വിഷയങ്ങളിലുള്ള ആഗ്രഹമാണ് രാഗം (മഹാമോഹം). അതു പത്തു വിധമാണ്. അഷ്ടൈശ്വര്യങ്ങള്‍ മറ്റൊരാള്‍ക്കു ലഭ്യമാകുന്നതില്‍ത്തോന്നുന്ന കാലുഷ്യത്തെ ദ്വേഷം (താമിസ്രം) എന്നു പറയുന്നു. അതു പതിനെട്ടു വിധം. ശബ്ദാദിവിഷയങ്ങളും അഷ്ടൈശ്വര്യങ്ങളും മറ്റൊരാള്‍ക്കു ലഭിക്കുമെന്ന ഭയമാണ് അഭിനിവേശം (അന്ധതാമിസ്രം). അതും പതിനെട്ടു വിധത്തിലാണ്. ഇങ്ങനെ വിപര്യയങ്ങള്‍ അറുപത്തിരണ്ടു വിധത്തിലുണ്ടെന്നാണ് സാംഖ്യർ കണക്കാക്കുന്നത്. 

മനസ്സ്, ജ്ഞാനേന്ദ്രിയങ്ങള്‍, കർമ്മേന്ദ്രിയങ്ങള്‍ എന്നിവയ്ക്കു സംഭവിക്കുന്ന വൈകല്യമാണ് അശക്തി. അഞ്ചു ജ്ഞാനേന്ദ്രിയങ്ങള്‍ക്കും അഞ്ചുകർമ്മേന്ദ്രിയങ്ങള്‍ക്കും ബാധിര്യവും അന്ധത്വവുംപോലെ ഓരോന്നിനും ഉണ്ടാകുന്ന ശേഷിക്കുറവുകള്‍ ചേർത്ത് ആകെ പത്തെണ്ണം. മനസ്സിനുണ്ടാവുന്ന വൈകല്യമാണ് ഉന്മാദം. ഒമ്പതുവിധം തുഷ്ടികളും എട്ടു വിധം സിദ്ധികളുടെ അഭാവവും അത്രതന്നെ സംഖ്യയുള്ള (ആകെ പതിനേഴ്) അശക്തിയാണ്. ഇങ്ങനെ അശക്തി ആകെ ഇരുപത്തിയെട്ടു വിധം.
തുഷ്ടിക്ക് ആധ്യാത്മികം, ബാഹ്യം എന്നീ പിരിവുകളുണ്ട്.  പ്രകൃതിയില്‍നിന്നു ഭിന്നമായി ആത്മജ്ഞാനപരമാകുന്ന തുഷ്ടികളാണ് ആധ്യാത്മികം. ഇതു നാലു വിധത്തിലുണ്ട്. പ്രകൃതി അഥവാ അംഭസ്സ് (ആത്മജ്ഞാനം തനിയേ ഉണ്ടായിക്കൊള്ളും എന്ന വിശ്വാസത്തില്‍നിന്നുണ്ടാകുന്നത്), ഉപാദാനം അഥവാ സലിലം (സന്ന്യാസത്തിലൂടെയാണ് ആത്മജ്ഞാനമുണ്ടാവുക എന്ന വിചാരത്തില്‍നിന്നുണ്ടാകുന്നത്), കാലം അഥവാ ഓഘം (ആത്മജ്ഞാനം അതിന്റെ കാലം വരുമ്പോള്‍ തനിയേ ഉണ്ടായിക്കൊള്ളും എന്ന വിശ്വാസത്തില്‍നിന്നുണ്ടാകുന്നത്), ഭാഗ്യം അഥവാ വൃഷ്ടി (ആത്മജ്ഞാനം ഭാഗ്യംകൊണ്ടു ലഭിക്കുന്നതാണെന്ന വിശ്വാസത്തില്‍നിന്നുണ്ടാകുന്നത്) എന്നിവയാണ് ആധ്യാത്മികമായ തുഷ്ടികള്‍. ബാഹ്യമായ തുഷ്ടികള്‍ അഞ്ചു വിധം. പാരം (വിഷയാർജ്ജനത്തില്‍നിന്നു വിട്ടുനില്ക്കുന്നതില്‍നിന്നുണ്ടാകുന്നത്), സുപാരം (വിഷയസംരക്ഷണത്തിന്റെ ബാധ്യതയോർത്ത് വിഷയാർജ്ജനത്തില്‍നിന്നു വിട്ടുനില്ക്കുന്നതിലൂടെ സംഭവിക്കുന്നത്), പാരാപാരം (ബുദ്ധിമുട്ടി സമ്പാദിച്ചതു ക്ഷയിക്കുമെന്നോർത്ത് വിഷയാർജ്ജനത്തില്‍നിന്നു വിരമിക്കുന്നതിലൂടെ ഉണ്ടാകുന്നത്), അനുത്തമാംഭസ്സ് (വിഷയാർജ്ജനത്തില്‍ ദോഷം കാണുന്നതുകൊണ്ട് അതില്‍നിന്നു വിരമിക്കുമ്പോഴുണ്ടാകുന്നത്), ഉത്തമാംഭസ്സ് (സുഖഭോഗങ്ങള്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുമെന്നോർത്ത് അതില്‍നിന്നു പിന്മാറുമ്പോഴുണ്ടാകുന്നത്) എന്നിവയാണ് ഈ വിഭാഗത്തിലുള്ളത്.

സിദ്ധികള്‍ ആകെ എട്ടെണ്ണമുണ്ട്. അദ്ധ്യയനം അഥവാ താരം (ആധ്യാത്മികവിദ്യയുടെ സ്വരൂപമറിയല്‍), ശബ്ദം അഥവാ സുതാരം (അർത്ഥഗ്രഹണവും ശ്രവണവും), ഊഹം അഥവാ താരാതാരം (മനനം/സ്വയം ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം കണ്ടെത്തല്‍), സുഹൃത് പ്രാപ്തി അഥവാ രമ്യകം (അറിഞ്ഞ അർത്ഥത്തെ സുഹൃത്തുക്കളോടു ചേർന്നിരുന്നു പരീക്ഷിക്കല്‍), ദാനം അഥവാ സദാമുദിതം (ധ്യാനത്തിലൂടെ അറിഞ്ഞ പ്രകൃതിപുരുഷജ്ഞാനത്തിന്റെ ശുദ്ധി നിർണ്ണയിക്കല്‍), ആദ്ധാത്മികദുഃഖനാശം അഥവാ പ്രമോദം, ആധിഭൗതികദുഃഖനാശം അഥവാ മുദിതം, ആധിദൈവികദുഃഖനാശം അഥവാ മോദമാനം എന്നിവയാണ് ആത്മജ്ഞാനത്തിനു സഹായകമായ എട്ടു സിദ്ധികള്‍. മൂന്നുതരം ദുഃഖങ്ങളില്‍നിന്നുള്ള മോചനമെന്ന നിലയില്‍ അവസാനം പറഞ്ഞ മൂന്നെണ്ണമാണ് സിദ്ധികളില്‍ മുഖ്യം.

പഞ്ചഭൂതങ്ങളെയും അവയുടെ പരിണാമങ്ങളെയും ഭാവങ്ങള്‍ എന്നാണു പറയുന്നത്. പ്രകൃതിയുടെ പ്രവൃത്തി സഫലമാകണമെങ്കില്‍ ഈ ഭാവങ്ങളും ഒപ്പം അവ അനുഭവിക്കാനുള്ള സൂക്ഷ്മശരീരവും ആവശ്യമാണ്. ഭാവങ്ങളില്ലെങ്കില്‍ സൂക്ഷ്മശരീരം അഥവാ ലിംഗശരീരം പ്രയോജനരഹിതമായിത്തീരും. അതുപോലെ സൂക്ഷ്മശരീരമില്ലെങ്കില്‍ ഭാവങ്ങള്‍ അനുഭവിക്കാന്‍ മറ്റൊന്നുമില്ലെന്നു വരും. അതുകൊണ്ടാണ് പ്രകൃതി ഈ രണ്ടു തരം പദാർത്ഥങ്ങളെയും നിർമ്മിക്കുന്നത്. സചേതനനായ പുരുഷന്‍, സൂക്ഷ്മശരീരത്തിനു മുക്തി ലഭിക്കുന്നതുവരെ പ്രകൃതിയുടെ സംയോഗംകൊണ്ട് വാർദ്ധക്യം, മരണം തുടങ്ങിയ ദുഃഖങ്ങളെ പ്രാപിക്കുന്നു. അതുകൊണ്ട് ദുഃഖം സ്വാഭാവികമാണ്. പ്രകൃതിയുടെ ധർമ്മങ്ങള്‍ പുരുഷനില്‍ ആരോപിക്കുന്നതാണ് അതിനു കാരണം. ജ്ഞാനംകൊണ്ട് ചിത്തവൃത്തി നശിക്കുമ്പോള്‍ ദുഃഖത്തിന് അറുതിയുണ്ടാകുന്നു. അതാണ് കൈവല്യം അഥവാ അപവർഗ്ഗം. മഹത്തത്ത്വം മുതല്‍ മഹാഭൂതങ്ങള്‍ വരെയുള്ളവയെല്ലാം പുരുഷന്റെ അപവർഗ്ഗത്തിനായി പ്രകൃതി നിർമ്മിച്ചതാണ്. ഈ പ്രപഞ്ചം മുഴുവന്‍തന്നെ പ്രകൃതിയുടെ വ്യാപാരഫലമായി ഉണ്ടായതാണ്. അചേതനമായ പ്രകൃതിക്ക് ഇതെങ്ങനെ സാധിക്കുന്നു എന്നാണെങ്കില്‍ അചേതനമായ പാല്‍ പശുക്കുട്ടിയുടെ പോഷണത്തിനായി പ്രവർത്തിക്കുന്നതുപോലെ എന്നാണു സാംഖ്യരുടെ ഉത്തരം. ഒരു നർത്തകി തന്റെ നൃത്തം സദസ്യരെ കാണിച്ചുകൊടുത്തിട്ടു വിരമിക്കുന്നതുപോലെ പ്രകൃതി തന്റെ സ്വരൂപം പുരുഷനെ അറിയിച്ചിട്ടു വിരമിക്കുന്നു. അസംഗനായ പുരുഷന്‍ യഥാർത്ഥത്തില്‍ ബന്ധിക്കപ്പെടുകയോ മോചിക്കപ്പെടുകയോ ചെയ്യുന്നില്ല. അവ രണ്ടും തോന്നലാണ്. വാസ്തവത്തില്‍ അവ രണ്ടും പ്രകൃതിധർമ്മംതന്നെയാണ്. പുരുഷനു ജ്ഞാനമുണ്ടാകുമ്പോള്‍ ഉദാസീനനായി പ്രകൃതിയെ മനസ്സിലാക്കുന്നു. ബന്ധഹേതുക്കളായ ധർമ്മങ്ങളും കർമ്മങ്ങളും ജ്ഞാനശക്തികൊണ്ട് ഇല്ലാതെയാകുന്നു. ജ്ഞാനമുള്ളവനെ പ്രകൃതി വീണ്ടും ബന്ധിക്കുകയില്ല എന്നതിനാല്‍ മുക്തി സംഭവിക്കുന്നു. അതായത് ജ്ഞാനമാണ് കൈവല്യത്തിനു കാരണമാകുന്നത്. ഇത്തരത്തിൽ ജ്ഞാനത്തിന്റെ  പ്രാധാന്യമാണ് സാംഖ്യദാർശനികർ ഊന്നിപ്പറയുന്നത്.

കപിലമുനി തന്റെ ജ്ഞാനം ശിഷ്യനായ ആസുരിക്കു നല്കിയെന്നും ആസുരി അതു പഞ്ചശിഖന് ഉപദേശിച്ചുവെന്നും പഞ്ചശിഖന്‍ സാംഖ്യശാസ്ത്രത്തെ വിസ്തരിച്ചു പ്രതിപാദിച്ചുവെന്നും ഈശ്വരകൃഷ്ണസൂരിയുടെ സാംഖ്യകാരികയുടെ ഒടുവില്‍ കാണാം. അത്തരത്തില്‍ ശിഷ്യപരമ്പരയിലൂടെ പകർന്നുകിട്ടിയ സിദ്ധാന്തമാണു താന്‍ സംഗ്രഹിച്ചതെന്ന് ഈശ്വരകൃഷ്ണസൂരി പറയുന്നു. ‘ഷഷ്ടിതന്ത്ര’ത്തിന്റെ വിഷയംതന്നെയാണ് താന്‍ പ്രതിപാദിച്ചതെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. ഇപ്പറഞ്ഞ ഷഷ്ടിതന്ത്രം ഇപ്പോള്‍ ലഭ്യമല്ലാത്ത ഒരു പ്രാചീനസാംഖ്യശാസ്ത്രകൃതിയുടെ പേരാണെന്നു കരുതുന്നവരുണ്ട്. പഞ്ചശിഖന്‍ രചിച്ച സാംഖ്യഗ്രന്ഥമാണു ഷഷ്ടിതന്ത്രം എന്നാണു മറ്റൊരു നിഗമനം. എന്നാല്‍ ചില വ്യാഖ്യാതാക്കള്‍ ഷഷ്ടിതന്ത്രത്തിന് സാംഖ്യകാരികയില്‍ വിവരിച്ച അറുപതു പദാർത്ഥങ്ങള്‍ എന്ന് അർത്ഥം നല്കി അവ ഏതൊക്കെയെന്നു സൂചിപ്പിക്കുന്നു. പക്ഷേ ഈ അറുപതു പദാർത്ഥങ്ങള്‍ ഏതൊക്കെയാണ് എന്ന കാര്യത്തില്‍ വ്യാഖ്യാനങ്ങള്‍ തമ്മില്‍ അഭിപ്രായഭേദമുണ്ട്. വാചസ്പതിമിശ്രന്റെ സാംഖ്യതത്ത്വകൌമുദിയില്‍, രാജവാർത്തികം എന്ന കൃതിയെ ഉദ്ധരിച്ചുകൊണ്ട്, ഈ അറുപതു പദാർത്ഥങ്ങളെ ഇങ്ങനെ ക്രമപ്പെടുത്തുന്നു: 1. പ്രധാനത്തിന്റെ അസ്തിത്വം 2. അതിന്റെ ഏകത്വം 3. അർത്ഥവത്വം (പ്രകൃതിയുടെ പദാർത്ഥത്വം) 4. അന്യത്വം (പ്രകൃതിക്കു പുരുഷനില്‍നിന്നുള്ള വ്യത്യാസം) 5. പാരാർത്ഥ്യം (പരനുവേണ്ടി അഥവാ പുരുഷനുവേണ്ടിയുള്ള പ്രകൃതിയുടെ നില) 6. അനൈക്യം (പുരുഷന്റെ ബഹുത്വം) 7. വിയോഗം (പ്രകൃതിയും പുരുഷനും തമ്മിലുള്ള വിയോഗം) 8. യോഗം (പ്രകൃതിയും പുരുഷനും തമ്മിലുള്ള യോഗം) 9. ശേഷവൃത്തിത്വം (ജ്ഞാനാർജ്ജനത്തിനുശേഷമുള്ള തന്മാത്രാഭൂതങ്ങളുടെ നില) 10. അകർത്തൃത്വം (പുരുഷന്റെ അകർത്തൃത്വം) 11. അഞ്ചു വിപര്യയങ്ങൾ 12. ഇരുപത്തിയെട്ട് അശക്തികൾ 13. ഒമ്പതു തുഷ്ടികൾ 14. എട്ടു സിദ്ധികൾ. ഇവയില്‍ ആദ്യത്തെ പത്തു
പദാർത്ഥങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം.

കപിലൻ

12. സാംഖ്യവും ഇതരചിന്താപദ്ധതികളും

ടിസ്ഥാനപരമായി സാംഖ്യദർശനം വൈദികപദ്ധതികളില്‍നിന്നു ഭിന്നമാണെന്നു നാം കണ്ടുകഴിഞ്ഞല്ലോ. എങ്കിലും ചില സങ്കല്പനങ്ങള്‍ വേദങ്ങളില്‍നിന്നും ഉപനിഷത്തുക്കളില്‍നിന്നും സാംഖ്യം കടംകൊണ്ടിട്ടുണ്ട്. ഇത് ഇന്ത്യന്‍ തത്ത്വചിന്തയുടെ ഒരു പൊതുരീതിയാണ്. ഇതരചിന്താപദ്ധതികളില്‍നിന്നു സ്വീകരിക്കുന്ന ആശയങ്ങളെയും സങ്കല്പനങ്ങളെയും തങ്ങളുടെ അടിസ്ഥാനസങ്കല്പനങ്ങള്‍ക്കും രീതിശാസ്ത്രത്തിനും അനുസരിച്ചു വ്യാഖ്യാനിക്കുന്നത് മിക്കവാറും എല്ലാ തത്ത്വചിന്താപദ്ധതികളിലും കാണാം. അത്തരത്തില്‍ സാംഖ്യദർശനത്തിന്റെ സ്വാധീനം മറ്റു ചിന്താപദ്ധതികളിലുമുണ്ട്. ഭഗവദ്ഗീതയില്‍ സാംഖ്യത്തിനു വലിയ പ്രാധാന്യം നല്കുന്നുണ്ട്. “സിദ്ധന്മാരില്‍ ഞാന്‍ കപിലനാണ്” (സിദ്ധാനാം കപിലോ മുനിഃ) എന്നു ഗീത(10. 26)യില്‍ ശ്രീകൃഷ്ണന്‍  പറയുന്നതില്‍നിന്ന് കപിലന്റെ ദർശനമായ സാംഖ്യത്തിന് എത്ര പ്രാധാന്യമാണ് നല്കിയിരിക്കുന്നത് എന്നു വ്യക്തമാകും. മാത്രമല്ല, ലോകത്തിലെ ജ്ഞാനം മുഴുവനുംതന്നെ സാംഖ്യരില്‍നിന്നു ലഭിച്ചതാണെന്ന് മഹാഭാരതം ശാന്തിപർവ്വത്തില്‍ കാണാം. തങ്ങള്‍ക്ക് ഉപനിഷത്തിന്റെ പിന്‍ബലമുണ്ടെന്ന ചില സാംഖ്യരുടെ വാദത്തെ ബാദരായണന്റെ ബ്രഹ്മസൂത്രത്തില്‍ നിഷേധിക്കുന്നുണ്ടെങ്കിലും ശങ്കരാചാര്യർ ഉള്‍പ്പെടെയുള്ള വേദാന്തികള്‍ സാംഖ്യത്തിന് ആദരണീയമായ സ്ഥാനം നല്കുന്നുണ്ട്. യോഗദർശനത്തെ ഈശ്വരനോടുകൂടിയ സാംഖ്യം (സേശ്വരസാംഖ്യം) എന്നുതന്നെ വ്യവഹരിക്കാറുണ്ട്. അതുപോലെ ഭാഗവതത്തിലും സാംഖ്യതത്ത്വങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. ജൈനദർശനത്തിലെ ചില സങ്കല്പനങ്ങള്‍ക്കും സാംഖ്യദർശനവുമായി അടുത്ത സാദൃശ്യം കാണാം. ആപ്തവാക്യത്തെ പ്രമാണമായി അംഗീകരിച്ചിട്ടുള്ളതുകൊണ്ട് സാംഖ്യം വേദാനുസാരിയാണ് എന്നു വാദിക്കുന്നവരുമുണ്ട്. ആപ്തവാക്യം എന്നതിന് വേദം എന്ന അർത്ഥമാണ് അവർ നല്കുന്നത്. സാംഖ്യരുടെ സത്കാര്യവാദത്തില്‍നിന്നു ഭിന്നമായി, അസത്തില്‍നിന്നു സത് ഉണ്ടാകുമെന്ന അസത്കാര്യവാദത്തിന്റെ വക്താക്കളായ വൈശേഷികരുടെയും, ക്ഷണികവാദം, ശൂന്യതാവാദം എന്നിങ്ങനെയുള്ള വാദങ്ങള്‍ക്കു പ്രാധാന്യം നല്കുന്ന ബൌദ്ധരുടെയും വാദങ്ങളെക്കാള്‍ സത്തില്‍നിന്നു സത് ഉണ്ടായി എന്നംഗീകരിക്കുന്ന വേദാന്തികള്‍ക്ക് സാംഖ്യസിദ്ധാന്തത്തിന്റെ പല നിലപാടുകളും സ്വീകാര്യമാകുന്നതില്‍ അദ്ഭുതമില്ല. പക്ഷേ ജഡമായ പ്രകൃതിയെ മൂലതത്ത്വമായി കണക്കാക്കുന്നതിനോട് വേദാന്തികള്‍ വിയോജിക്കുന്നു. പ്രകൃതി തന്റെ മായയാണെന്നും (ഗീത 7. 14) പുരുഷന്‍ തന്റെ അംശമാണെന്നും (ഗീത 15. 7) ഗീതയില്‍ ശ്രീകൃഷ്ണന്‍ പറയുന്നതോർക്കുക. “പ്രകൃതിക്കും പുരുഷനുമപ്പുറം ജഗത്തിനു പരബ്രഹ്മം എന്നൊരു മൂലതത്ത്വമുണ്ട്; അതില്‍നിന്നാണ് പ്രകൃതിപുരുഷന്മാർ ഉണ്ടായത്” എന്നു ശങ്കരാചാര്യരുടെ ബ്രഹ്മസൂത്രഭാഷ്യത്തില്‍ വിശദീകരിക്കുന്നതും ഇതിനോടു ചേർത്തുവയ്ക്കാം. ഇത്തരത്തില്‍, പ്രകൃതിക്കും പുരുഷനും പകരം അവയ്ക്കും ആധാരമായ സത്തയെ ഈശ്വരന്‍, പരബ്രഹ്മം എന്നിങ്ങനെ കണക്കാക്കിക്കൊണ്ട് സാംഖ്യത്തിലെ പ്രപഞ്ചോത്പത്തിസങ്കല്പത്തെയും പ്രപഞ്ചഘടകങ്ങളെക്കുറിച്ചുള്ള വിശകലനത്തെയും മിക്കവാറും സ്വാംശീകരിക്കുകയാണ് മറ്റു പല ചിന്താപദ്ധതികളും ചെയ്തത്. അത്തരത്തില്‍ അടിസ്ഥാനസത്തയില്‍ വ്യത്യാസം കല്പിച്ചിട്ടാണെങ്കിലും ജ്ഞാനത്തിനു പ്രാധാന്യം നല്കുന്ന വേദാന്തത്തിനു മാത്രമല്ല, പരബ്രഹ്മത്തെ പരമപുരുഷന്‍ എന്നു കണക്കാക്കി തങ്ങളുടെ ഇഷ്ടദേവതാസ്വരൂപം നല്കുന്ന വിവിധഭക്തിപ്രസ്ഥാനങ്ങള്‍ക്കും സാംഖ്യം സ്വീകാര്യമാകുന്നു. സാംഖ്യം പില്ക്കാലത്ത് ആസ്തികമതമായി കണക്കാക്കപ്പെട്ടതിന്റെ പശ്ചാത്തലം ഇതാണ്.


അനാക്സിമാന്‍ഡർ

ബി. സി. ഏഴ്- ആറ് നൂറ്റാണ്ടുകളില്‍ ജീവിച്ച പ്രാചീനഗ്രീക്ക് ചിന്തകനായ അനാക്സിമാന്‍ഡറുടെ ചിന്താപദ്ധതിക്ക് സാംഖ്യവുമായി സാദൃശ്യമുണ്ട് എന്നു ചില പണ്ഡിതന്മാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഭൂതാദ്വൈതവാദികള്‍ (material monists) എന്ന് അരിസ്റ്റോട്ടില്‍ വ്യവഹരിച്ച മൂന്ന് മെലീസിയന്‍ ചിന്തകരിലൊരാളാണ് അനാക്സിമാന്‍ഡർ. പ്രപഞ്ചത്തിന്റെ കാരണതത്ത്വ(arche)മായി അനാക്സിമാന്‍ഡർ അവതരിപ്പിക്കുന്നത് അവ്യക്തവും അതിരുകളില്ലാത്തതുമായ അനന്തതയെയാണ്. എല്ലാ വസ്തുക്കള്‍ക്കും ഉത്പത്തിയുണ്ടെങ്കിലും apeironന് ആരംഭമോ അതിരുകളോ ഇല്ലെന്നും പ്രപഞ്ചവസ്തുക്കളുടെ ഉത്പത്തിവിനാശങ്ങള്‍ അവിരാമം തുടരുമ്പോള്‍ അവയുടെ മൂലകാരണമായ  apeiron എന്നെന്നും നിലനില്ക്കുന്നുവെന്നും അദ്ദേഹം സിദ്ധാന്തിക്കുന്നു. സാംഖ്യരുടെ അവ്യക്തമായ മൂലപ്രകൃതിക്ക്  apeiron എന്ന സങ്കല്പനവുമായി സാദൃശ്യം കാണാം. അനാക്സിമാന്‍ഡർ പ്രകൃതിയെക്കുറിച്ചെഴുതിയ കൃതിയുടെ ഏതാനും ഭാഗങ്ങളേ ഇന്നു ലഭ്യമായിട്ടുള്ളൂ. അതുകൊണ്ടുതന്നെ സാംഖ്യതത്ത്വശാസ്ത്രത്തിന്റെ വിശദാംശങ്ങളുമായി അതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയാന്‍ വിഷമമാണ്. അതെന്തായാലും പ്രാചീന ഇന്ത്യന്‍ തത്ത്വചിന്തയില്‍ പ്രബലമായ പല പദ്ധതികള്‍ക്കും ഉറപ്പുള്ള അടിത്തറയായി നില്ക്കുന്നത് സാംഖ്യത്തിലൂടെ രൂപപ്പെട്ട വിശകലനപദ്ധതിയാണ്. തത്ത്വചിന്താപരമായ സങ്കല്പനങ്ങള്‍ക്ക് സൂക്ഷ്മവും വിശദവുമായ ചർച്ചകളിലൂടെ ആഴം നല്കുന്നതിനും ഈ ദർശനത്തിനു കഴിഞ്ഞു. ആ നിലയില്‍ പ്രാചീന ഇന്ത്യന്‍ ജ്ഞാനാന്വേഷണത്തിന്റെ ഒരുജ്ജ്വലമാതൃകയാണ് സാംഖ്യദർശനത്തില്‍ കാണാന്‍ കഴിയുന്നതെന്ന് ഇവിടെ നല്കിയ വിവരണത്തില്‍നിന്നു വ്യക്തമാണല്ലോ.


Comments

comments