ചെങ്കൽകുഴിയിൽ നിന്ന്
ഒരു ചേന വിടർന്നു വരുന്നത് പോലെ
മതു ഉയർന്നു വന്നു
ചുറ്റിലും ചേനപ്പൂവിന്റെ ഗന്ധം
നാല് നാൾ പനിച്ചു കിടന്നു.
അഞ്ചാം നാൾ ജ്വരോന്മാദിയായി
വെട്ടുകല്ലിന്റെ മുറിപ്പാടുകളിൽ
കാൽ നൊന്ത് ചെങ്കൽക്കുഴിയിലേക്ക്
ഇറങ്ങിച്ചെന്നു
ആരോ കണ്ടെടുക്കുമ്പോൾ
എന്റെ ഉടലാകെ ചേനപ്പൂക്കൾ
സെമിത്തേരിയുടെ വളവിൽ വച്ച്
ഒരു നട്ടുച്ച നേരത്ത്
ഒരു ഭ്രാന്തൻ നായയുടെ നിഴലു പോലെ
മതു തെളിഞ്ഞു വന്നു.
വെയിൽ മഴയെന്നോണം
ആർത്തിയിൽ കുളിച്ച്
ഞാൻ ഒഴുകിപ്പോയി
വീടെത്തിയിട്ടും നാവിൽ നിന്ന്
ഇറ്റു വീണുകൊണ്ടിരുന്നു മഴ
നാലുനാൾ കിടക്ക നനഞ്ഞു കിടന്നു
അഞ്ചാം രാത്രി ചുണ്ടിൽ മഴ രുചിച്ചു.
തുലാമഴ പോലെ
നിറഞ്ഞു പെയ്തിരുന്ന മതു
അതൊരു കാലം എന്ന് ഓർമ്മകളിൽ
വിഷം തീണ്ടിച്ച് ഒളിച്ചു പാർത്തു
അവന്റെ ഉടലിൽ നിന്ന്
ചില നേരം ചെങ്കല്ല് പാളികൾ അടർന്നു
അവന്റെ നാവിൽ നിന്ന്
ചില നേരം മറ്റാരുടെയോ മഴ പെയ്തു
അവൻ കടന്നു പോവുമ്പോൾ
ചില വിരലുകളിൽ ചേനപ്പുഴുക്ക് മണം
അതേതോ ജിന്ന് എന്ന്
അവനെ പുറത്താക്കാൻ ശ്രമിച്ച്
കാലം പരാജയപ്പെട്ടു.
ഒരിക്കലും അവനെ കാണാതിരുന്ന
രണ്ടിടങ്ങളുടെ കഥകളിൽ
അവനെ നിറച്ച് ഞങ്ങൾ
ഇടയ്ക്ക് പനിച്ചും
മറ്റ് ചിലപ്പോൾ നനഞ്ഞും കിടന്നു.
അവന്റെ കൊലുസിന്റെ ഒച്ചയിൽ
ഉറക്കം മുറിഞ്ഞവർ ഒരു രാത്രി
ചെങ്കൽക്കുഴിയിലേക്ക് ഇറങ്ങിപ്പോയി
ഞാനാവട്ടെ,
ഒരു നട്ടുച്ചയ്ക്ക്
സെമിത്തേരിയുടെ ഒത്ത നടുക്ക്
അവന്റെ വരവും കാത്ത് കിടന്നു
എന്റെ പൊക്കിളിൽ നിന്ന് പൊന്തിയ
ചേമ്പിലയിലേക്ക് വീണ സൂര്യനപ്പോൾ
കാലുകളെ പൊള്ളിച്ച്
മണ്ണിലേക്ക് ഒഴുകിപ്പോയി. .
Be the first to write a comment.