ക്കറിയയുടെ ആദ്യത്തെ കഥാസമാഹാരം ‘കുന്ന്’ 1969 മേയിലാണ് തൃശ്ശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിക്കുന്നത്. ആ വർഷം തന്നെ പൂർണ്ണയിലൂടെ ‘അമ്പാടി’യും പുറത്തിറങ്ങി. അതിൽപ്പിന്നെ 9 വർഷത്തോളം നീണ്ട മൗനത്തിനു ശേഷമാണ് ‘ഒരിടത്ത്’ പുറത്തു വരുന്നത്. അപ്പോഴേക്കും മലയാളത്തിൽ ആധുനികത മദ്ധ്യാഹ്നം പിന്നിടുകയും ഉത്തരാധുനികത പലരീതിയിൽ തിരനോട്ടം നടത്തുകയും ചെയ്തു കഴിഞ്ഞിരുന്നു. സക്കറിയയുടെ പിന്നീടിറങ്ങിയ കഥാസമാഹാരങ്ങളിൽ കുന്നിന്റെയോ അമ്പാടിയുടേയോ പേരു ആദ്യകാലങ്ങളിൽ കൊടുത്തു കണ്ടിട്ടില്ല. അറുപതുകളുടെ അവസാനം മലയാള ഭാവുകത്വം ആകെ കലങ്ങിമറിഞ്ഞ കാലംകൂടിയാണ്. എൻ എസ് മാധവൻ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ ശിശു എന്ന കഥയുമായി പങ്കെടുക്കുന്നത് പിന്നെയും ഒരു വർഷം കഴിഞ്ഞിട്ടാണ്.

ധുനികത മലയാള ഭാവുകത്വത്തെ മാറ്റി മറിക്കാനെത്തുന്ന വേളയിൽ തന്നെയാന് സക്കറിയ കഥകളുമായി രംഗപ്രവേശം ചെയ്തതെന്ന് പറയുകയായിരുന്നു. കാട്ടിലെ ഒരു പ്രത്യേകസ്ഥലത്ത്  ഒരു പ്രത്യേക മരത്തിന്മേലിരിക്കുന്ന പക്ഷിക്കൂട്ടിലിരിക്കുന്ന മുട്ടകൾ വിരിഞ്ഞോ എന്നു നോക്കി തിരിച്ചെത്തുക എന്ന ഉദ്ദേശ്യവുമായി യാത്ര ചെയ്യുന്ന ഒരു കുട്ടിയുടെ കഥ, ‘യാത്ര’ കുന്ന് എന്ന സമാഹാരത്തിലുണ്ട്.  അവൻ ആ മരത്തിന്റെ അടുത്തെത്തി, പക്ഷിക്കൂടിരിക്കുന്ന ശിഖരം കണ്ടെത്തിയെങ്കിലും അതിൽ കേറി നോക്കാൻ പറ്റിയില്ല. അതിനു മുൻപ് മറ്റൊരു വിഷയത്തിലേക്ക് ശ്രദ്ധ പാളിയതുകാരണം (പാറയുടെ അപ്പുറത്ത് ലൈംഗികവേഴ്ച നടക്കുന്നുണ്ടായിരുന്നു) അവന്റെ ലക്ഷ്യസ്ഥാനത്തുനിന്ന് ആട്ടിയോടിക്കപ്പെടുകയാണുണ്ടായത്. കുട്ടിക്ക് മനസ്സിലാവാത്തതും എന്നാൽ വായനക്കാർക്കുൾപ്പടെ എളുപ്പം മനസിലാകുന്നതുമായ അവിഹിതമായ ഒരു സംഗതിയുടെ പേരിലാണ് അവന് അവന്റെ നിലയ്ക്കുള്ള നിഗൂഢമായ സന്തോഷം ലക്ഷ്യപ്രാപ്തിക്കു തൊട്ടു മുൻപായി നിഷേധിക്കപ്പെടുന്നത്. യുവവിപ്ലവകാരികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്,  പട്ടിണിക്കാരനായ രാജൻ പൊതിഞ്ഞെടുത്ത കപ്ലങ്ങയും തുരുമ്പിച്ച പിശ്ശാങ്കത്തിയും പൂക്കുലകളും തെങ്ങോലപന്തും മച്ചിങ്ങാസൂത്രവുമായി (ചുവന്ന കൊടി പാർട്ടിക്കാരു രാജന്റെ കയ്യിൽനിന്ന് പിടിച്ചു വാങ്ങി തിരികെ വച്ചു, കൊടുത്തില്ല) തീവണ്ടി തടഞ്ഞു നിർത്തി മൂലധനം സംഭരിക്കാൻ പോകുമ്പോൾ കൊച്ചുകുട്ടിയായ മകൻ അപ്പു അയാളുടെ കൂടെയുണ്ട്. പരാജയപ്പെട്ട തീവണ്ടിക്കൊള്ളയ്ക്ക് അപ്പുവിനെ സംബന്ധിച്ചിടത്തോളം പഴുത്ത കപ്ലങ്ങയുടെ രുചിയാണെങ്കിലും ലക്ഷ്യം തകർന്നതിന്റെ കാരണങ്ങളെപ്പറ്റി അവനെ അജ്ഞാതനാക്കി സക്കറിയ ആ കഥയിലും നിലനിർത്തിയിരിക്കുന്നു. (ആർക്കറിയാം)

ശൈശവനിഷ്കളങ്കതകൾ നിർണ്ണയിക്കുന്ന ഭാവകേന്ദ്രം ആധുനികകത പരീക്ഷിച്ച സവിശേഷമായ തന്ത്രമാണ്. തൊട്ടാൽ പൊള്ളുന്ന വിഷയവുമായി (അത് സദാചാരപരമോ രാഷ്ട്രീയമോ തത്ത്വചിന്താപരമോ ഭാഷാപരമോ ആകാം) ബോധപൂർവം അകലം പാലിക്കാൻ  എഴുത്തുകാർ മെനഞ്ഞെടുത്ത തന്ത്രം എന്ന നിലയിൽ അതിന് വിവരണാത്മകമായ തലങ്ങളുണ്ട്. നിഗൂഢതയും ദുരൂഹതയുമായി വേഷം മാറുന്നത് കുഞ്ഞുങ്ങളുടേതിനു തുല്യമായ അജ്ഞതയുടെ പരിണാമ ഭേദങ്ങളാണെന്ന് സംശയിക്കാവുന്ന മൂലകങ്ങളെല്ലാം സക്കറിയ കഥകളിൽ ഒരുക്കിവച്ചിട്ടുണ്ട്. കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിൽ മാത്രമല്ല, പ്രമേയത്തിൽ, പ്രമേയപരിചരണത്തിൽ, ആഖ്യാനതന്ത്രം എന്ന നിലയിൽ ഭാഷാരീതിയെന്ന മട്ടിലൊക്കെ അദ്ദേഹം പരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് അടിസ്ഥാനപരമായി, കഥാപ്രമേയത്തിലും കഥാപാത്രങ്ങളുടെ ബോധത്തിലും  കയറ്റിവച്ചിരിക്കുന്ന ‘അറിഞ്ഞു കൂടായ്ക’ എന്ന അവസ്ഥ സക്കറിയയെ സംബന്ധിച്ചിടത്തോളം സർഗാത്മകമായ ആവിഷ്കാരരീതിയാണ്. അതുകൊണ്ടാണ് വക്രീകരിച്ച ചിരിയുമായി കഥാപാത്രങ്ങളെ നേരിടുന്ന എഴുത്തുകാരനായി നിന്നുകൊണ്ട് തന്റെ കഥാപാത്രങ്ങളുമായി നിശ്ചിത അകലം സക്കറിയ പുലർത്തുന്നത്. സാമ്പ്രദായികമായ അർത്ഥത്തിൽ ആഖ്യാതാവെന്ന നിലയിൽ തന്റെ കഥാപാത്രങ്ങളോടുള്ള താദാത്മ്യം ആ രചനകളിൽ  വളരെ കുറഞ്ഞ നിലയിലാണ്. കൃത്യമായി നിർണ്ണയിക്കാൻ പറ്റാത്തതരത്തിൽ കഥകളുടെ ആഖ്യാനസ്ഥാനങ്ങൾ കഥാഗതികൾക്ക് പുറത്താണ് സക്കറിയ രൂപപ്പെടുത്തിയെടുക്കുന്നത്. അതുകൊണ്ട് അതിനുള്ളിലെ ജീവാത്മാക്കളുടെ അജ്ഞത, അതിന്റെ നിഷ്കളങ്കതകൊണ്ട് ദയനീയവും പരിണാമഗുപ്തികളാൽ ദാരുണവുമായി തീർന്നുകൊണ്ടേയിരിക്കുന്നു. ഗൃഹാതുരത്വവും പൊരുന്നിരുന്നതിന്റെ ചൂടും ഒന്നും എഴുത്തുകാരന്റെ കൈ കെട്ടുന്നില്ല.

 പറഞ്ഞതിനെ സാധൂകരിക്കുന്ന ഒരു സ്വപ്നദൃശ്യം  ഉണ്ണി എന്ന കുട്ടിയെ അവതരിപ്പിക്കുന്ന കഥയുടെ തുടക്കത്തിലുണ്ട്.

ഒന്നുമുടുത്തിട്ടില്ലല്ലോ,  അയ്യോ എന്തൊരു നാണക്കേട്! കഷ്ടമായി! ഉണ്ണി നിരത്തിനു നടുവിൽനിന്നു. കടകളിലെല്ലാം ആളുകൾ നിന്നു നോക്കുന്നുണ്ട്.  ഓടിപോകണം ഇവിടെനിന്ന്.  പക്ഷേ കാലുകളനങ്ങുന്നില്ല. മനസ്സ് സങ്കടവും കഠിനമായ കുറച്ചിലും കൊണ്ട് നിറഞ്ഞു.” (കുന്ന്)

ഫ്രോയിഡ് വിവരിക്കുന്ന നഗ്നതാസ്വപ്നമാണല്ലോ ഇത്. ഒന്നും കൂടുതലായി കൂട്ടിച്ചേർത്തിട്ടില്ല. ഉറക്കത്തിനും ഉണർവിനും മധ്യേ ചാഞ്ചാടുന്നതിനിടയിൽ ഒരു കൊച്ചുകുട്ടി കാണുന്ന ഈ കിനാക്കാഴ്ചയിൽ അപകർഷം കാലുകെട്ടിയ ഭാവനായാഥാർഥ്യംകൂടി ഒളിഞ്ഞിരിക്കുന്നുണ്ട്. ആ കഥയുടെ അവസാനം അവനെ ‘ദോശയ്ക്ക് മാവരച്ചത് ആരാണെന്ന’ പച്ചയായ യാഥാർത്ഥ്യത്തിലേക്ക് തട്ടിയുണർത്തുന്നത് അമ്മമാത്രമല്ല കഥകൃത്തുകൂടിയാണ്. അതവിടെ മുന്നിൽ നിലനിൽക്കുമ്പോഴും അവൻ യാഥാർത്ഥ്യങ്ങൾക്കു നേരെ കണ്ണടഞ്ഞുപോകുന്നതരം മന്ദനാണെന്നാണ് അതിന്റെ പച്ചയായ അർത്ഥം. എന്റെ അച്ഛൻ എന്ന കഥയിലെ (ആർക്കറിയാം) ക്രൂരയായ മുത്തശ്ശിക്കു മുന്നിൽനിന്ന് അജ്ഞത അഭിനയിക്കുന്നത് അച്ഛനും കൊച്ചുമകനും ചേർന്ന തലമുറയാണ്. ഉണ്ണിയെന്ന കുട്ടിയെപോലെ, ബേബി വൈദ്യന്റെ നിർദ്ദേശപ്രകാരം ആളില്ലാത്ത വീട്ടിൽ കൂവളത്തില തേടി പുറപ്പെട്ട ഷാജി, അവിടെയിരുന്ന് ഉറങ്ങിപ്പോകുകയും സ്വപ്നത്തിൽ ആണ്ടുപോവുകയും ചെയ്യുന്നു.  ഷാജി കാണുന്ന മായക്കാഴ്ചകൾ രാഷ്ട്രീയചരിത്രത്തിന്റെകൂടിയാണെന്ന വികാസമാണ് ‘ഉണ്ണി’യിൽനിന്ന് ‘ഷാജി’യിലേക്കുള്ള വളർച്ചയിലെ മുഖ്യവ്യത്യാസം. 1969 -ൽ നിന്ന് 2016 വരെയുള്ള കാലദൂരം കൂടി ഈ രണ്ടു കഥകൾക്കിടയിലുണ്ടെന്നും ഓർക്കണം.  ഹിരോഷിമയിലെ കരിഞ്ഞ ഭിത്തിയിൽനിന്നാണ് വാടിത്തുടങ്ങിയ കൂവളത്തിലയുടെ കെട്ടുമായി അവൻ ഉയരത്തിൽനിന്ന് കൂട്ടുകാരന്റെ കാടുകേറിയ വീട്ടുമുറ്റത്തേക്ക് ചാടുന്നത്. ഇലയില്ലാതെതന്നെ, ഭർത്താവിന്റെ അസാന്നിദ്ധ്യത്തിൽ, ബേബി വൈദ്യൻ റാണിയുടെ  നടുവേദന ഭേദമാക്കിക്കൊടുത്തു. സദാചാരത്തിന്റെ ക്യാൻവാസിൽ തട്ടിത്തൂവിയ ഈ ചായം ഷാജിയുടെ കുലീനവും ശിശുസഹജമായ അജ്ഞതകൊണ്ടാണ്  കഥാകൃത്ത് മന്ദഹാസത്തോടെ പരിഹരിക്കുന്നത്.

ബുനുവലിന്റെ മിൽക്കി വേയെന്ന ചലച്ചിത്രത്തിലെ ഒരു സന്ദർഭത്തെ അനുസ്മരിച്ചുകൊണ്ട് യേശു താടി വടിക്കണോ വേണ്ടയോ എന്ന് ആലോചിക്കുന്ന ‘കണ്ണാടി കാൺമോളവും’ എന്ന കഥയിൽ അമ്മയും അനിയത്തിയും പറഞ്ഞതനുസരിച്ച് യേശു മുഖം വടിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയാണ്. എന്തായാലും താടിമീശകളുടെ ദൃശ്യചിഹ്നം എന്ന നിലയ്ക്കുള്ള വിനിമയപരമായ അർത്ഥത്തിന് കൂടുതൽ സാംഗത്യം ഉണ്ടെന്നു തിരിച്ചറിഞ്ഞാൽ രോമങ്ങളുടെ ദൃശ്യവിന്യാസം  ഭീഷണാത്മകമാണെന്നും മനസ്സിലാവും. ഒരുപക്ഷേ അതുതന്നെയാവണം അതിന്റെ ലൈംഗികമായ ആകർഷകത്വവും. മാർക്സിന്റെയും ഫിഡലിന്റെയുമൊക്കെ താടിക്കും സ്റ്റാലിന്റെ മീശയ്ക്കും ഒക്കെ ധ്വനിമൂല്യം നരവംശശാസ്ത്രപരമായിതന്നെ വന്നു കൂടുന്നു എന്ന് സങ്കൽ‌പ്പിക്കുന്നത് വെറുതെയല്ലല്ലോ. താടിക്കാരായ സന്ന്യാസിമാരൊക്കെയും അക്രമവാസനയുടെ പൈതൃകം സൈൻബോഡായിതന്നെകൊണ്ടു നടക്കുന്നവരാണ് എന്ന് നമ്മളിപ്പോൾ കൂടുതലായി അറിഞ്ഞു വരുന്നു. മേൽമീശ ഹിംസയാണ് എന്ന അർത്ഥാന്തരത്തിന്റെ പൊരുൾ, സ്ത്രീകൾക്ക് മീശയില്ലെന്ന വിവേചനബുദ്ധിയിൽ തപ്പിയാലാണ് ലഭിക്കുക. (ഒരു സന്ന്യാസാശ്രമത്തിൽ മീശവയ്ക്കുന്നത് ഹിംസയാണ് എന്ന നിയമം ഉണ്ട്)   ഈ വഴിക്കു ആലോചിച്ചാൽ ബുനുവലിന്റെ യേശുവിനെ ഓർമ്മിച്ചുകൊണ്ട് താടി വടിക്കൽ മാറ്റി വച്ച സക്കറിയയുടെ യേശു, നിശ്ശബ്ദവും അക്രമോത്സുകവുമായ വിപ്ലവത്തിന്റെ പതാക വീശിക്കാണിക്കുകയുമായിരുന്നു എന്നും പറയാം, അമ്മയുടെ മകൻ എന്ന നിഷ്കലങ്കത്വത്തോടൊപ്പം തന്നെ. ‘ആർക്കറിയാം’ എന്ന കഥയിലും ‘അമ്മയുടെ വാക്ക് അവൻ  അനുസരിക്കും’ എന്ന് ഒരു പ്രവചനവാക്യം ഉണ്ട്.

റോമൻ സൈനികർ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നതിനിടയിലും വേശ്യകൾ സംരക്ഷിച്ച ഒരമ്മയ്ക്കും കുഞ്ഞിനും വാൾത്തലകളിൽനിന്ന് രക്ഷപ്പെട്ട് പുറത്തുപോകാനാവുന്നതിനു കാരണമാകുന്ന വിശുദ്ധമായ ഒരജ്ഞതയെപ്പറ്റിയാണല്ലോ ‘ആർക്കറിയാം’ എന്ന പ്രസിദ്ധമായ കഥ. ഭൂതഭാവികളെ ചരിത്രത്തിന്റെ ഇടനാഴിയിൽ കെട്ടിയിട്ട് സമൂഹത്തിലെ അടിത്തട്ടുകാരായ കാവൽക്കാരനും വേശ്യയും അവർക്കാവും വിധം അതിൽ മൂല്യവിചാരം ചെയ്യുന്നുണ്ട്. വ്യത്യസ്തമായ നിലയിൽ മുതിർന്നവർക്കുള്ളിലെ ഒന്നും അറിയാത്തവനായ ശിശു തലനീട്ടി ചിരിക്കുന്ന സന്ദർഭങ്ങളാണിതെല്ലാം എന്നു മനസ്സിലാക്കിക്കൊണ്ടുതന്നെ രക്ഷകന്റെ വരവിനുള്ള പരവതാനി ചുവപ്പിക്കുന്ന പാവനമായ രക്തത്തെ സക്കറിയ അടയാളപ്പെടുത്തുന്നു.

“ മുഖത്തൊരു കോടിയ ചിരി വരുത്തിക്കൊണ്ട് അവൾ പറഞ്ഞു: ‘നിങ്ങളൊരു നല്ല പട്ടാളക്കാരൻ തന്നെ. പത്തുനൂറു കുഞ്ഞുങ്ങളെ കൊല്ലുന്നതും അത്രയും പട്ടാളക്കാരെ കൊല്ലുന്നതും തമ്മിൽ വ്യത്യാസമുണ്ടോ’?’ ” (ആർക്കറിയാം)

 കഥയിൽ പല ചോദ്യങ്ങൾക്കും പ്രതികരണം മൗനമാണ്. സക്കറിയയുടെ ക്രൈസ്തവബോധ്യങ്ങളിൽ സെൻ ബുദ്ധിസത്തിന്റെ സങ്കേതങ്ങൾ വീണുകിടക്കുന്നു എന്നു കണ്ടെത്തുന്ന കെ പി അപ്പൻ, കുഞ്ഞിന്റെ ലാളിത്യവും  സ്വച്ഛന്ദതയും പ്രകടിപ്പിക്കുന്നത് അതിന്റെ ആദ്യഘടകമാണെന്നും അത് ധ്യാനരീതിയായി വളർന്ന് പൂർണ്ണ വളർച്ചയെത്തിയവരിലും അതേ രീതി കാഴ്ചപ്പാടായി വികസിക്കുന്നത് അതിന്റെ തുടർച്ചയാണെന്നും  അതിൽ ഫലിതത്തിന്റെ സ്നേഹം പ്രവർത്തിക്കുന്നുണ്ടെന്നും എഴുതുന്നു. (സെൻ ദർശനവും ക്രൈസ്തവബോധ്യങ്ങളും) അന്നാമ്മ അന്നമ്മ ടീച്ചർ ഒരോർമ്മക്കുറിപ്പ് എന്ന കഥയിലെ ചെറുപ്പക്കാരനായ യേശുവും ടീച്ചറുടെ മുന്നിൽനിന്ന് പരുങ്ങുന്ന ഒരു കുട്ടിയും അനിയനുമാവുന്നത് ആ നിലയ്ക്കാണ്.

കുടുംബവും അതിന്റെ പരിസരവും എന്ന നിലയിൽ തുടങ്ങി കർക്കശമായ രാഷ്ട്രീയ വിചാരണകളിലേക്ക് നീളുന്ന തരം പരിണാമഗതിയ്ക്ക് നീരുകൊടുക്കുന്നതാണ് ഇതേ ഭാവസന്ധികളുടെ അടുത്ത ഘട്ടം.

എന്റെ ലിംഗവ്യതീകൃത്യം അനാവരനമാകുന്ന കാലസന്നാഹത്തിന് വർഷങ്ങൾമുൻപ് എനിക്കുണ്ടായ ഒരു അദ്ഭുത അനുഭംഗസ്താരിപ്പ് ഇവിടെ നിസർജ്ജിച്ചുകൊണ്ട് എന്റെ ഈ വിശ്രമജീവിതസൂത്രാധാരത്തെ ഊർജിഷ്ടമാക്കാൻ ശ്രദ്ധിക്കുന്നതാണ്.

യേ ക്യാ ഹേ? എന്തിത്? ആരിത്? എന്നവർ കിരാകിരിക്കുന്നു. അവരുടെ വീക്ഷി എന്നിൽ സുരേന്ദ്രീകരിക്കുന്നു

അയ്യപ്പത്തിന്തകത്തോം’ എന്ന നീണ്ടകഥ/നോവല്ലെ എഴുതിയിരിക്കുന്ന ഭാഷയുടെ മാതൃകയാണിവ.  ഒരു രചനയിലുടനീളം വളച്ചു കെട്ടിയതും സംസ്കൃതബഹുലവും ഭാഷയ്ക്ക് കനം വരുത്തുവാനായി ഏറെക്കുറേ നിരർഥകപദങ്ങൾ കുത്തിച്ചെലുത്തിയതുമായ കൃത്രിമഭാഷയിലെഴുതിയിരിക്കുന്ന ഈ വാങ്മയരൂപത്തിനാധാരമായ മാതൃകകളെപ്പറ്റി ആമുഖത്തിൽ സക്കറിയ സൂചിപ്പിച്ചിട്ടുണ്ട്. ‘പ്രെയ്സ് ദ ലോർഡിൽ’ കാണുന്ന ദേശഭേദസ്വഭാവമുള്ള വ്യക്തിഭാഷയിൽനിന്ന് കുറച്ചുകൂടി ‘സ്വകാര്യ’മായി തീർന്ന ഈ ഭാഷ രൂക്ഷമായ രാഷ്ട്രീയാക്ഷേപഹാസ്യത്തിന്റെ ആ ഭാവം പുറമേക്കു കാണിക്കാത്ത ഉപാധികൂടിയാണ്. അബോധത്തിന്റെ വാതിലുകൾ തുറന്നാണ് മറുഭാഷ വിനിമയത്തിനെത്തുന്നത്. ഫലത്തിൽ ഇവിടെ ഭാഷ ശിശുഭാഷയുടേതിനു സമാനമായ നിഷ്കളങ്കമായ നിലപാട് സ്വീകരിക്കുന്നു. അടക്കിവച്ച അമർഷത്തിന്റെ, യാഥാസ്ഥിതികമായ  വൃദ്ധഭാഷയുടെ, ഊതിപ്പെരുപ്പിച്ച രാഷ്ട്രീയസ്വത്വങ്ങളോടുള്ള ആരാധനയുടെ, അങ്ങനെ ഇന്നതെന്ന് ഒരിടത്ത് ഉറപ്പിക്കാനാവാത്ത ചോദനകളുടെ നിറക്കൂട്ടുകളും  പ്രതിഷേധത്തിന്റെ    കാളിമയും ഒന്നിച്ചു കലങ്ങുന്ന പ്രതീതിയാണ് ഇതിലെ ബോധാബോധക്കുറിപ്പുകൾ ഉത്പാദിപ്പിക്കുന്നത്. ഭാഷാപരമായ ഈ സുതാര്യത, മറ്റൊരു തരത്തിൽ ഇതുവരെ പറഞ്ഞു വന്ന ശൈശവ നൈർമ്മല്യം ശുദ്ധമായ വിരുദ്ധോക്തിയാണ്.  ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ ഇരുന്നുകൊണ്ട് കിണ്ണം മാത്രമല്ല കിണ്ടിയും നിറപറയും അണ്ടാവും അരഞ്ഞാണവുംവരെ കക്കുന്ന തിരുമാലികളെപ്പറ്റിയുള്ള  ഒന്നാന്തരം സാക്ഷിമൊഴിയും വിചാരണയുമാണ്.

ബാഹ്യനിഷ്കളങ്കതയെ പ്രമേയപരമായി പിൻപറ്റുന്ന നോവലാണ് ഗോഡ്സെയുടെ ആത്മഗതത്തെ ആഖ്യാനരീതിയായി സ്വീകരിച്ച ‘ഇതാണെന്റെ പേര്’. 2001 -ൽ പുറത്തിറങ്ങിയ നോവലിന്റെ രചനാപ്രേരണകളിലൊന്ന്, ഗാന്ധിയുടെ കൊലപാതകിയായ നാഥുറാം ഗോഡ്സേയുടെ നിലപാട് വ്യക്തമാക്കിയിട്ടുള്ള  പ്രസ്താവനയാണ്. ഷിംല കോടതിയിൽ ഗാന്ധിവധത്തെപ്പറ്റി അയാൾ നടത്തിയ സത്യപ്രസ്താവന വിവർത്തനം ചെയ്യുന്ന വേളയിൽ താൻ അനുഭവിച്ച സന്ദേഹത്തെപ്പറ്റി കവിയായ പി എൻ ഗോപീകൃഷ്ണൻ 2019 ൽ ഇറങ്ങിയ ‘നാഥുറാം ഗോഡ്സേയും ഹിന്ദുത്വത്തിന്റെ സത്യാനന്തരപരീക്ഷകളും’ എന്ന പുസ്തകത്തിൽ ആമുഖത്തിൽ എഴുതുന്നത് ഇങ്ങനെയാണ്.

നാഥുറാം വിനായക് ഗോഡ്സേ ഷിംല കോടതിക്ക് മുൻപാകെ നടത്തിയ പ്രസ്താവന എത്രവട്ടം വായിച്ചിട്ടുണ്ടെന്ന് എനിക്കുതന്നെ അറിഞ്ഞു കൂടാ, എന്തിനാണത് ഈ ലേഖനത്തിന്റെ അനുബന്ധമായി തർജ്ജമ ചെയ്യാൻ മെനക്കെട്ടെന്ന കാര്യം ഞാൻ എന്നോടു തന്നെ  ആരാഞ്ഞ് നോക്കട്ടെ.”

ഹിന്ദുത്വഫാസിസം സമൂഹത്തിൽ സക്രിയമാവുകമാത്രമല്ല അതിന്റെ കോമ്പല്ലും കൂർത്തനഖവും  ലവലേശം ലജ്ജയില്ലാതെ വെളിപ്പെടുത്തിക്കഴിഞ്ഞിരിക്കുകയും ചെയ്യുന്ന സമകാലരാഷ്ട്രീയസന്ദർഭത്തിൽ, മതം പിടികൂടിയ മനസ്സിന്റെ നിഗൂഢതകളിലേക്ക് ഏതാണ്ട് 20 വർഷങ്ങൾക്കു മുൻപ് സക്കറിയ നടത്തിയ ഭാവനാസഞ്ചാരം വ്യക്തിമനസ്സിലേക്കുള്ളതു മാത്രമായിരുന്നില്ല സമൂഹമനസ്സിലേക്കുള്ളതായിരുന്നു എന്നു മനസ്സിലാക്കുകയാണുചിതം. പ്രവചനസ്വഭാവത്തോടെ ഭാവിനാക്ക് ഉച്ചരിച്ച ഭാവനായാഥാർത്ഥ്യം  ഭൗതികയാഥാർത്ഥ്യമായി ശരിയായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. രചനാരീതിയെന്ന നിലയിൽ സക്കറിയ സ്വീകരിക്കുന്ന ‘സർഗാത്മകമായ അജ്ഞത’ കഥാപാത്രങ്ങളുടെ മാനസികഭാവരൂപീകരണത്തിൽ മാത്രമല്ല, ഭാഷയിലും പ്രമേയത്തിലും പരിചരണത്തിലും കാഴ്ചപ്പാടിലുമൊക്കെ ബോധപൂർവം അവലംബിക്കുന്ന ആവിഷ്കാരതന്ത്രമാണ്. അജ്ഞതയ്ക്കു നേരെ നീട്ടിപ്പിടിച്ച ചൂണ്ടുവിരലായും ആ വിരുദ്ധോക്തി പ്രവർത്തിക്കുന്നുണ്ട്.

Comments

comments