ഡേവിഡ് ബർസാമിയനുമായി നടത്തിയ അഭിമുഖം. 

നോം ചോംസ്കി എന്നത് അതുല്യമായ ഒരു ധൈഷണിക ജീവിതത്തിന്റെ പേരാണ്. ഒരു പഠനമനുസരിച്ച് അരിസ്റ്റോട്ടിൽ, ഷേക്സ്പിയർ, മാർക്സ്, പ്ലേറ്റോ, ഫ്രോയിഡ് എന്നിവർക്കൊപ്പം ചരിത്രത്തിൽ എട്ടാം സ്ഥാനത്തായി ഏറ്റവുമധികം ഉദ്ധരിക്കപ്പെടുന്ന മനുഷ്യൻ. മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഈ ഇതിഹാസതുല്യനായ പ്രഫസർ ആധുനിക ഭാഷാശാസ്ത്രത്തിലെ അഗ്രഗണ്യനാണ്. ക്രിസ് ഹെഡ്ജസ് പറയുന്നത് അദ്ദേഹമാണ് “അമേരിക്കയുടെ ഏറ്റവും മഹാനായ ചിന്തകൻ” എന്നും “അധികാരകേന്ദ്രങ്ങളെയും അവരുടെ ലിബറൽ പിന്തുണക്കാരെയും ഏറ്റവുമധികം അസ്വസ്ഥതപ്പെടുത്തുന്ന വ്യക്തിത്വം” എന്നുമാണ്. MIT-യിലെ ലിംഗ്വിസ്റ്റിക്സ് & ഫിലോസഫി ഡിപ്പാർട്ടുമെന്റിൽ പ്രഫസർ എമെറിറ്റസും, അരിസോണ സർവ്വകലാശാലയുടെ പരിസ്ഥിതി-സാമൂഹ്യനീതി പരിപാടിയുടെ ലിംഗ്വിസ്റ്റിക്സ് & ഹോറി ചെയറിന്റെ ആസ്ഥാനപ്രഫസറുമാണ് അദ്ദേഹം. തൊണ്ണൂറ്റിയൊന്നാം വയസ്സിലും എഴുത്തും അഭിമുഖങ്ങളുമൊക്കെയായി കർമ്മനിരതനാണദ്ദേഹം. ഡേവിഡ് ബർസാമിയനുമായി ചേർന്നെഴുതിയ Propaganda & the Public Mind, How the World Works, Power Systems and Global എന്നിവയുൾപ്പടെ നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ് അദ്ദേഹം.

(ആൾട്ടർനേറ്റീവ് റേഡിയോയിൽ ഡേവിഡ് ബർസാമിയനുമായി നോം ചോംസ്കി 2020 മേയ് 5-ന് നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണലിഖിതരൂപം ആൾട്ടർനേറ്റീവ് റേഡിയോയുടെയും ഡേവിഡ് ബർസാമിയന്റെയും അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നത്.
കോർഡിനേഷൻ: 
ജേയ്ക്ക് ജോസഫ്
വിവർത്തനം: 
അരുന്ധതി, സ്വാതി ജോർജ്ജ്
ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് ഇവിടെ ക്ലിക്ക് ചെയ്താൽ വായിക്കാവുന്നതാണ്. ഇംഗ്ലീഷ് പതിപ്പ് പകർത്തുവാൻ പാടുള്ളതല്ല   – നവമലയാളി)

ഏകദേശം എല്ലാ മാധ്യമങ്ങളും പറയുന്നത് രാജ്യം ആഴത്തിൽ ഭാഗിക്കപ്പെട്ടിരിക്കുന്നു, ചുവപ്പും നീലയുമെന്ന് (റിപ്പബ്ലിക്കനെന്നും ഡെമോക്രാറ്റെന്നും) ധ്രുവീകരിക്കപ്പെട്ടിരിക്കുന്നുവെന്നാണ്. താങ്കൾ അത് അംഗീകരിക്കുന്നുണ്ടോ? അങ്ങനെയാണെങ്കിൽ, എങ്ങനെ അതിനെ മറികടക്കാം?

രാജ്യം വേർതിരിക്കപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നത് ഒരു തമാശ പോലെയാണ്. രാജ്യാന്തരനിലവാരത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ രാജ്യത്തെ ഭൂരിപക്ഷവും രണ്ടിന്റെയും നടുക്ക് നിൽക്കുന്നവരാണ്, മിതവാദികളാണ്. കൂടുതൽ പുരോഗമനകാരികളാകട്ടെ അല്പം സോഷ്യൽ ഡെമോക്രറ്റുകളുമാണ്. രാജ്യത്തിന്റെ മറുഭാഗം താരതമ്യേന വലത്തേയ്ക്ക് നീങ്ങിനിൽക്കുന്നവരും. അങ്ങനെയാണ് നോക്കുന്നതെങ്കിൽ, അതെ, ധ്രുവീകരണമുണ്ട്. അതിനെ മറികടക്കാനുള്ള വഴിയെന്നത് അതീവപ്രധാനമായ വിഷയങ്ങളിലെങ്കിലും ഒരു പൊതുനിലപാട് കണ്ടെത്തുകയും അതിലേക്ക് ഒരുമിച്ച് പ്രവർത്തിക്കുകയെന്നതുമാണ്. പൊതുവായ ഒരു ഇടം എങ്ങനെ കണ്ടെത്തുമെന്ന് ചോദിച്ചാൽ, ഈ രാജ്യം എങ്ങനെയായിരിക്കണം എന്നാണ് നിങ്ങൾ കരുതുന്നത് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും അത്. നിങ്ങളുടെ നിലപാട് വലത്തേക്ക് നീങ്ങിയുള്ളതാണെങ്കിൽ  അതിനെ മറികടക്കാനുള്ള മാർഗ്ഗമെന്നത് മറ്റുള്ളനിലപാടുകാരെ അവരുടേതായ വലതിന്റെ കൂടുതൽ തീവ്രതയിലേക്ക് നീങ്ങുന്നതാണ് മെച്ചമെന്ന് ബോധ്യപ്പെടുത്തുക എന്നതാണ്. പലവിധ ലക്ഷ്യങ്ങൾക്കനുസരിച്ച് അവയിലേക്കുള്ള നിങ്ങളുടെ പ്രവർത്തനരീതികളും മാറിയിരിക്കും.

താങ്കൾ ജനിച്ചത് അമേരിക്കയിൽ നൂറായിരക്കണക്കിന് മനുഷ്യർ മരിച്ചുവീണ, ലോകത്ത് പിന്നെയും ലക്ഷക്കണക്കിന് മനുഷ്യനാശത്തിന് കാരണമായ, സ്പാനിഷ് ഫ്ലൂ എന്ന് തെറ്റായി പേരിട്ടുവിളിക്കപ്പെട്ട മഹാവ്യാധിയുടെ വ്യാപനത്തിനു, ഒരു ദശകത്തിനു ശേഷം, 1928-ലാണ്. 1918-ൽ കൻസാസിലെ ഒരു യു എസ് മിലിട്ടറി ക്യാമ്പിലാണ് ആ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നതിനാലാണ് തെറ്റായി പേരുവിളിക്കപ്പെട്ടത് എന്ന് ഞാൻ പറയുന്നത്. ഫിലാഡെൽഫിയയിൽ വളർന്ന ഒരു കുട്ടി എന്ന നിലയ്ക്ക് അതിന്റെ എന്തെങ്കിലും ഓർമ്മകൾ താങ്കളിലുണ്ടോ? ആളുകൾ അതേക്കുറിച്ച് സംസാരിച്ചിരുന്നോ?

ശരിയാണ്. അത് ആരംഭിച്ചത് കൻസാസിലുണ്ടായിരുന്ന ഒരു മിലിട്ടറി ക്യാമ്പിലാണ്. യൂറോപ്പിലേക്ക് പോയ അമേരിക്കൻ സൈനികർ അത് അവിടങ്ങളിൽ പടർത്തി. പിന്നെയത് ലോകം മുഴുവനും വ്യാപിച്ചു. ട്രമ്പിനെപ്പോലെയാരെങ്കിലും ആണെങ്കിൽ അതിനെ കൻസാസ് ഫ്ലൂ എന്നേ വിളിക്കുമായിരുന്നുള്ളൂ. പറഞ്ഞതുപോലെ ഞാൻ ജനിച്ചത് അതിനു പത്ത് വർഷങ്ങൾക്ക് ശേഷം 1928-ലാണ്. കുട്ടിയായിരിക്കെ അതേക്കുറിച്ച് ഞാൻ ഒരിക്കലും ഒന്നും കേട്ടതേയില്ല. പിന്നീട് ചരിത്രപുസ്തകങ്ങളൊക്കെ നോക്കിത്തുടങ്ങിയപ്പോഴാണ് അതേക്കുറിച്ച് അറിയുന്നത്. പത്തു വർഷങ്ങൾക്കപ്പുറം അതിനേക്കുറിച്ചുള്ള ഒരോർമ്മയും സ്പാനിഷ് ഫ്ലൂ അമേരിക്കയിൽ ബാക്കിയാക്കിയിരുന്നില്ല. അതേക്കുറിച്ച് ആരെങ്കിലും സംസാരിക്കുന്നതും ഞാൻ കേട്ടിരുന്നില്ല.

നമുക്ക് ഇപ്പോഴത്തെ പ്രശ്നത്തെക്കുറിച്ച്രണ്ടുലക്ഷത്തിപതിനയ്യായിരത്തിലുപരി യു എസ് പൌരർ മരണപ്പെട്ടുകഴിഞ്ഞലക്ഷക്കണക്കിനു പേരെ ബാധിച്ചവ്യാപനം ഇനിയും വളരയേറെ വർദ്ധിക്കുമെന്നുറപ്പുള്ള, കോവിഡ് വ്യാധിയെക്കുറിച്ച് സംസാരിക്കാം. ഇതുമായി ബന്ധപ്പെട്ട് വാഷിംഗ്ടണിലെ നിലവിലെ ഭരണകൂടം, വ്യാപകമായി, പ്രത്യേകിച്ചും ശാസ്ത്ര-ആരോഗ്യരംഗങ്ങളിൽ നിന്നും വിമർശനം ഏറ്റുവാങ്ങുകയാണ്. ഒക്ടോബർ 7-ലെ The New England Journal of Medicine ഭരണകൂടം രോഗവ്യാപനത്തെ കൈകാര്യം ചെയ്യുന്ന രീതിയെ അപകടകരമാംവിധം കഴിവുകെട്ടത് എന്നാണ് വിളിച്ചത് ഒരു അപകടസന്ധിയെ ദുരന്തമാകി മാറ്റിയിരിക്കുന്നു. വിദഗ്ദ്ധരെ ആശ്രയിക്കുന്നതിനുപകരം വസ്തുതകളെ വളച്ചൊടിക്കുകയും അസത്യപ്രചാരണം നടത്തുകയും ചെയ്യുന്ന അഭിപ്രായപ്രകടനക്കാരായ നേതാക്കളെയും കാപട്യക്കാരെയും മുറിവൈദ്യരെയുമാണ് സർക്കാർ ചെവികൊള്ളുന്നത്. ന്യൂ ഇംഗ്ലണ്ട് ജേർണലിനു പുറമേ the Scientific American എന്ന ശാസ്ത്രപ്രസിദ്ധീകരണം അതിന്റെ 175 വർഷത്തെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത വിധത്തിൽ അതിന്റെ രാഷ്ട്രീയമായ മൌനം ഭഞ്ജിക്കുകയും ഡെമോക്രാറ്റ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുകയും ചെയ്തിരിക്കുകയാണ്. The Lancet എന്ന വിശ്രുതമായ ബ്രിട്ടീഷ് ജേർണൽ അമേരിക്കക്കാരോട് ട്രമ്പിനെ ഇനിയൊരുവട്ടം പ്രസിഡന്റാക്കരുത് എന്ന് ആവശ്യപ്പെട്ടിരിക്കുന്നു. മഹാവ്യാധിയോടുള്ള സർക്കാരിന്റെ പ്രതികരണം എങ്ങനെയാണ് താങ്കൾ കാണുന്നത്?

അടിസ്ഥാനപരമായി, അവർ അതിനെ കാര്യമാക്കുന്നേയില്ല. പ്രമുഖ യു എസ് മെഡിക്കൽ ജേർണലായ The New England Journal of Medicine അതിന്റെ രണ്ട് നൂറ്റാണ്ടിലധികമായ പ്രസിദ്ധീകരണചരിത്രത്തിലാദ്യമായി ഒരു ഇലക്ഷനിൽ അതിന്റെ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നു എന്നത് അത്ഭുതകരമാണ്. Scientific American അത് ചെയ്തിരിക്കുന്നു, അല്പമാസങ്ങൾക്കു മുൻപ് തന്നെ The Lancet-ഉം അതു തന്നെ ചെയ്തിരിക്കുന്നു. സർക്കാർ സകലമര്യാദകളും ലംഘിക്കുന്നു എന്നാണ് ഇവ സൂചിപ്പിക്കുന്നത്.

ഇവരുടെ ഇതുവരെയുള്ള പ്രവർത്തനം കണക്കിലെടുത്താൽ അത് ഇതിലുമേറെ മോശമാണ്. 2003-ൽ നാം അഭിമുഖീകരിച്ചതിനു സമാനമാണ് നിലവിലെ സാഹചര്യമെന്നതിനാൽ അവരുടെ പ്രവർത്തനചരിത്രം നാം പരിശോധിക്കേണ്ടത് പ്രധാനം തന്നെയാണ്. ഇനിയൊരുവട്ടം ഈ അബദ്ധം ആവർത്തിക്കാതിരിക്കരുത് എന്ന് നാം ആഗ്രഹിക്കുന്നുവെങ്കിൽ ഈ സ്ഥിതി സംജാതമായത് എങ്ങനെയെന്ന് മനസ്സിലാക്കുന്നത് പ്രധാനമാണ്. അടുത്തത് ഇതിലുമേറെ മോശപ്പെട്ടതായിരിക്കും. ഇതുവരെ ഭാഗ്യം നമ്മുടെ കൂടെയുണ്ടായിരുന്നു. വലിയരീതിയിൽ വ്യാപനശേഷിയുള്ള, എന്നാൽ അത്രകണ്ട് മരണകരമായ കൊറോണാ വൈറസുകളും എബോള പോലെ വലിയപ്രഹരശേഷിയുള്ള, എന്നാൽ വ്യാപനശേഷി കുറവുള്ള വൈറസുകളുമാണ് നാം ഇതുവരെ കണ്ടത്. അടുത്തതായി വരുന്നത് മാരകമായ പ്രഹരശേഷിയും വ്യാപനശേഷിയുമുള്ളവയായിരിക്കാം. അങ്ങനെവന്നാൽ നാം ബ്ലാക്ക് ഡെത്തിന്റെ പോലെയുള്ള കാലങ്ങളിലേക്കായിരിക്കും പോകുക. അങ്ങനെയൊന്ന് വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

അതുകൊണ്ട് നമുക്ക് ഒരു നിമിഷം അല്പം പിന്നിലേക്ക് പോയി എന്താണ് ഇത് സംബന്ധിച്ചും പ്രത്യേകിച്ചും ഡോണാൾഡ് ട്രമ്പും റിപ്പബ്ലിക്കൻ പാർട്ടിയുമായും ബന്ധപ്പെട്ടും ഇതുവരെ നടന്നതെന്നു പരിശോധിക്കാം. 2003-ൽ SARS പടരുകയും അതിനെ നിയന്ത്രണത്തിലാക്കുകയും ചെയ്ത സമയത്ത് ശാസ്ത്രജ്ഞർ പറഞ്ഞത് ഇന്നവർ പറയുന്ന അതേ കാര്യം തന്നെയാണ്: ഇതുപോലെയുള്ള വൈറസുകൾ ഇനിയും വരാനാണ് സാധ്യത, നാം അവയ്ക്കായി തയ്യാറായി ഇരിക്കേണ്ടതുണ്ട്. തയ്യാറായി ഇരിക്കുക എന്നാൽ കൊറോണാ വൈറസുകളെക്കുറിച്ച് പഠിക്കുക, സാധ്യമായ വാക്സിനുകൾ കണ്ടെത്തുക, അവ വരുന്നമുറയ്ക്ക് തന്നെ പ്രതിരോധിക്കാൻ തക്കവിധം സന്നാഹങ്ങൾ ഒരുക്കി തയ്യാറായി ഇരിക്കുക.

അറിവ് ഉണ്ടായിരിക്കുക എന്നതുകൊണ്ട് മാത്രം കാര്യമില്ല. ആ അറിവു വെച്ചുകൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാനാകണം. ഇവിടെ നമുക്ക് ഇപ്പോഴുള്ളത് ട്രമ്പിനെക്കാളും ആഴത്തിലുള്ള അടിസ്ഥാനപരമായ പ്രശ്നങ്ങളാണ്. ആരാണ് വാക്സിനുകളുടെ ഗവേഷണത്തിനും രൂപീകരണത്തിനുമായുള്ള പശ്ചാത്തലമുണ്ടാക്കാൻ മുന്നിട്ടിറങ്ങാനുണ്ടാകുക?

തീർച്ചയായും മരുന്ന് കമ്പനികൾ. അവ ഭീമമായ ലാഭങ്ങളുണ്ടാക്കുന്നുണ്ട്, വൻകിട ലബോറട്ടറികളും നിരവധിയായ വിഭവങ്ങളും അവയ്ക്കുണ്ട്. എന്നാൽ ഇന്നും നിലനിൽക്കുന്ന മുതലാളിത്ത യുക്തി അവയെ തടയുന്നു. അല്പവർഷങ്ങൾ കഴിഞ്ഞുമാത്രം സാധ്യമാകുന്ന ഒരു കാര്യത്തിലേക്ക് മുതൽമുടക്കുക വയ്യ; ജനങ്ങൾ ഒരിക്കൽ ഉപയോഗിച്ചുകഴിഞ്ഞാൽ ആവശ്യം കഴിഞ്ഞുപോകുന്ന ഒരുകാര്യത്തിനു വേണ്ടി തീർച്ചയായും വയ്യ. നാളെത്തന്നെ ലാഭം കൊയ്യാൻ കഴിയുന്ന കാര്യങ്ങളിൽ മാത്രം പണം മുടക്കുക. അതാണ് മുതലാളിത്ത യുക്തി. അതുകൊണ്ട് മരുന്ന് കമ്പനികൾ ഇതിൽ നിന്ന് വിട്ടുനിൽക്കുന്നു.

അതുകഴിഞ്ഞ് അത് ചെയ്യാൻ കഴിയുന്നത് ഗവണ്മെന്റിനാണ്. വീണ്ടും, നല്ല നിലയ്ക്കുള്ള വിഭവസന്നാഹങ്ങൾ, മികച്ച ലബോറട്ടറികൾ. എന്നാൽ അതും നിയോലിബറലിസമെന്ന, മുതലാളിത്തത്തിന്റെ ഒരു കടുത്ത രൂപത്തിന്റെ യുക്തിയാൽ തടയപ്പെട്ടിരിക്കുന്നു. ആ യുക്തി എന്താണെന്ന് വളരെ തുറന്നമനസ്സോടെ നാല്പത് വർഷങ്ങൾക്ക് മുന്നേ നമ്മളോട് അതിന്റെയാളുകൾ വിശദീകരിച്ചിട്ടുണ്ട്. റോണാൾഡ് റീഗന്റെ ആദ്യത്തെ പ്രസിഡൻഷ്യൽ അഭിസംബോധനയിൽ അതിന്റെ സംക്ഷിപ്തരൂപം ഉൾക്കൊള്ളുന്ന വാചകങ്ങളുണ്ടായിരുന്നു: “ഗവണ്മെന്റ് എന്നാൽ പ്രശ്നങ്ങളും ചോദ്യങ്ങളുമാണ്, അവയുടെ പരിഹാരമല്ല”. തീരുമാനങ്ങൾ എടുക്കാനുള്ള ഉത്തരവാദിത്തം ജനങ്ങളോട് അല്പമെങ്കിലും ഉത്തരവാദിത്തമുള്ള ഗവണ്മെന്റിൽ നിന്നും എടുത്ത് മാറ്റിയിട്ട് ആരോടും ഉത്തരവാദിത്തം പുലർത്തേണ്ടുന്നതില്ലാത്ത സ്വകാര്യകരങ്ങളിൽ, കോർപ്പറേറ്റുകളുടെ കയ്യിൽ ഏൽപ്പിച്ചുകൊടുക്കുക എന്നാണ് അതിന്റെ അർത്ഥം. അവർ തീരുമാനങ്ങൾ എടുത്തുകൊള്ളും.

രണ്ടാമതായി നമുക്ക് കിട്ടിയത് നിയോലിബറലിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുരുവായ മിൽട്ടൻ ഫ്രീഡ്മാനിൽ നിന്നാണ്. ഏതാണ്ട് അക്കാലത്തുതന്നെ കോർപ്പറേറ്റുകളുടെ സ്വഭാവം എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ചുള്ള, വളരെയധികം സ്വാധീനം ചെലുത്തിയ ഒരു ലേഖനം അദ്ദേഹത്തിന്റേതായി പുറത്തുവന്നു. അദ്ദേഹം പറഞ്ഞത് കോർപ്പറേഷനുകളുടെ ഒരേയൊരു ഉത്തരവാദിത്തം അവയെത്തന്നെ സമ്പന്നമാക്കുക, ഷെയർഹോൾഡർമാരുടെ ലാഭം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുക, എന്നതാണെന്നാണ്. എന്നുവെച്ചാൽ മാനേജുമെന്റുകളുടെയും അവയുടെ സി ഇ ഓ മാരുടെയും ലാഭം. അല്ലാത്തതൊക്കെയും ശരിയായവിധത്തിലുള്ള പ്രവർത്തനമല്ല. ഇതൊരു സാമ്പത്തികശാസ്ത്രപ്രമാണമല്ല, ധാർമ്മികമായ പ്രമാണമാണ്. അതിന് സാമ്പത്തികശാസ്ത്രവുമായി ഒരു ബന്ധവുമില്ല; സാമ്പത്തികശാസ്ത്രത്തിന്റെ രീതി നേരേവാ നേരേപോ എന്നുള്ളതാണ്. കോർപ്പറേഷനുകളെന്നാൽ അവ സ്ഥാപിക്കുന്നവർക്ക് പൊതുജനം നൽകുന്ന സമ്മാനമാണ്. നിങ്ങൾക്ക് കോർപ്പറേറ്റാകണമെന്നുണ്ടെങ്കിൽ പൊതുജനം നിങ്ങൾക്ക് ഒരു സമ്മാനം നൽകുന്നു എന്നതാണ്. ആദ്യത്തെ സമ്മാനം പരിമിതമായ ബാധ്യത (limited liability) എന്നതാണ്. പുറമേ മറ്റു നിരവധി സമ്മാനങ്ങളും. ഇവിടെ ഉയരുന്ന ചോദ്യം ധാർമ്മികമായ ചോദ്യമാണ്, സാമ്പത്തികശാസ്ത്രപരമായതല്ല. ജനങ്ങൾ നിങ്ങൾക്ക് ഇവ നൽകുമ്പോൾ നിങ്ങൾ ചെയ്യേണ്ടുന്ന ചിലതുണ്ട്. മിൽട്ടൺ ഫ്രീഡ്മാൻ പറയുന്നത്, അങ്ങനെയൊന്നുമില്ല, നിങ്ങൾ ലാഭവിഹിതം വർദ്ധിപ്പിച്ചാൽ മതിയെന്നാണ്. എന്നുവെച്ചാൽ മാനേജുമെന്റിൻറ്റെയും സി ഇ ഒ-മാരുടെയും ലാഭം വർദ്ധിപ്പിച്ചാൽ മതി എന്ന്.

രണ്ടും ചേർത്ത് വായിക്കൂ. തീരുമാനം എടുക്കാനുള്ള അധികാരം കോർപ്പറേട് സെക്ടറിന്റെ കൈകളിൽ. അവരുടെ ഒരേയൊരു ലക്ഷ്യമാകട്ടെ, സ്വന്തം സമ്പത്ത് വർദ്ധിപ്പിക്കുക എന്നതുമാത്രവും. അങ്ങനെ വന്നാൽ എന്ത് സംഭവിക്കുമെന്നാണ് നാം കരുതേണ്ടത്? നാല്പത് വർഷങ്ങളായി നാമത് കാണുന്നു. ഈയിടെ Rand Corporation പുറത്തുവിട്ട കണക്കുകളിൽ നിന്നും ഈ പറഞ്ഞ കാലയളവിൽ മധ്യവർഗ്ഗത്തിൽ നിന്നും തൊഴിലാളിവർഗ്ഗത്തിൽ നിന്നുമായി മേലെത്തട്ടിലുള്ള അല്പം പേരിലേക്ക്, ജനസംഖ്യയുടെ ഏകദേശം ഒരു ശതമാനം മാത്രം വരുന്ന ഒരു വിഭാഗത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട സമ്പത്തിന്റെ കണക്ക് നാം കണ്ടു – 47 ട്രില്യൺ. അത് സത്യത്തിൽ വാസ്തവത്തിലുള്ള കണക്കിലും ഏറെ കുറവാണ്. അതാണ് സംഭവിക്കുന്നത്.

നമുക്ക് കോവിഡിലേക്ക് തിരിച്ചുപോയി നോക്കാം. അപ്പോൾ മരുന്നുകമ്പനികൾ മുതലാളിത്തയുക്തിയാൽ വിട്ടുനിൽക്കുന്നു, ഗവണ്മെന്റ് മുതലാളിത്തത്തിന്റെ വൃത്തികെട്ട നിയോലിബറൽ രീതികൊണ്ട് ഉത്തരവാദിത്തത്തിൽ നിന്നും വിട്ടുനിൽക്കുന്നു. പിന്നെയുള്ളത് നേതാക്കളാണ്. അവർ കാര്യങ്ങൾ ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം.

ഒബാമ ആദ്യമായി അധികാരത്തിലെത്തിയപ്പോൾ അദ്ദേഹം ആദ്യം ചെയ്തത്  മുൻപ് ജോർജ് ബുഷ് സീനിയർ കൊണ്ടുവന്ന പ്രസിഡന്റിന്റെ ശാസ്ത്രോപദേശ കമ്മിറ്റിയുടെ ഒരു മീറ്റിംഗ് വിളിക്കുകയാണ്. അദ്ദേഹം അവരോട് പകർച്ചവ്യാധിക്കെതിരെ തയ്യാറായിരിക്കാനുള്ള ഒരു പരിപാടി തയ്യാറാക്കാൻ ആവശ്യപ്പെട്ടു. അതനുസരിച്ച് അവർ വിശദമായ ഒരു പരിപാടി തയ്യാറാക്കി. അത് നടപ്പിലാക്കപ്പെട്ടു. ജനുവരി 2017 വരെ അത് തുടർന്നു. പിന്നീട് ഡൊണാൾഡ് ട്രമ്പ് അധികാരത്തിലെത്തി. ആദ്യ ദിനങ്ങളിൽ തന്നെ അയാൾ പരിപാടി അട്ടിമറിച്ചു. എന്തിനെയും തകർക്കുക എന്നതാണ് ട്രമ്പിന്റെ പ്രധാന പ്രവർത്തന പദ്ധതി. താനായിട്ട് കൊണ്ടുവരാത്ത എന്തെങ്കിലും പരിപാടിയാണോ, അത് തകർത്തുകളഞ്ഞേക്കുക. താൻ ചെയ്യുന്നതെന്തും ചരിത്രത്തിലെ ഏറ്റവും മഹത്തായതെന്ന ഭാവവും; സീൻ ഹന്നിറ്റി അത് സത്യമെന്നും പറയും. ട്രമ്പിന്റെ ചെയ്തികളെക്കുറിച്ചുള്ളതെല്ലാം ഇത് പറയുന്നുണ്ട്. അപ്പോൾ അതായത്, പകർച്ചവ്യാധിക്കെതിരെയുള്ള പദ്ധതിയെ നശിപ്പിച്ചുകളഞ്ഞേക്കുക.

ഇതുമായി ബന്ധപ്പെട്ട് ചൈനീസ് ശാസ്ത്രജ്ഞരും അമേരിക്കൻ ശാസ്ത്രജ്ഞരും ഒരുമിച്ച് നടത്തിവന്നിരുന്ന പരിപാടികളുണ്ടായിരുന്നു. വനാന്തരങ്ങളിലെ ഗുഹകളിലും മറ്റുമായി വിവിധ ഇനം കൊറോണവൈറസുകളെ കണ്ടെത്തി പരിശോധിക്കുന്നതുപോലെയുള്ള ബുദ്ധിമുട്ടേറിയതും അപകടകരവുമായ പഠനങ്ങൾ. ട്രമ്പ് അത് നിർത്തലാക്കി. ‘The Centers for Disease Control’ (CDC) ആണ് അതൊക്കെ നിയന്ത്രിച്ചിരുന്നത്. ആദ്യപടിയായി അതിനുള്ള ഫണ്ടുകൾ വെട്ടിച്ചുരുക്കുക. ട്രമ്പ് അധികാരത്തിലേറിയ ശേഷമുള്ള ഓരോ കൊല്ലവും, ഈയിടെ ചെയ്തതുപോലെ തന്നെ, അതിനുള്ള (CDC-യ്ക്കുള്ള) ഫണ്ടുകൾ വെട്ടിച്ചുരുക്കിക്കൊണ്ടിരുന്നു. വാഷിംഗ്ടൻ പോസ്റ്റിന്റെ ബോബ് വുഡ്വാർഡ് കണ്ടെത്തിയതുപോലെ ഒരു മാരകമായ പകർച്ചവ്യാധി വരുന്നുണ്ടെന്നും അത് അമേരിക്കക്കാരെയുൾപ്പടെ അപകടകരമായി ബാധിക്കുമെന്ന് അറിഞ്ഞതിനു ശേഷവും ഈ ഫെബ്രുവരിയിലും ട്രമ്പ് CDC-യ്ക്കുള്ള ഫണ്ടിന്റെ ഒരു ഗഡു കൂടി വെട്ടിച്ചുരുക്കി. ബഡ്ജറ്റ് നയമോ? CDC പോലെയുള്ളവയുടെ ഫണ്ടുകൾ വെട്ടിച്ചുരുക്കുക, പകരം സൈന്യത്തിനുള്ള വിഹിതം കൂട്ടുക, ആരോഗ്യരംഗവുമായി ബന്ധപ്പെട്ട മറ്റു പരിപാടികൾക്കുള്ള സഹായങ്ങളും വെട്ടിച്ചുരുക്കുക.

ജനുവരിയിൽ എന്താണ് സംഭവിച്ചത്?  കഴിഞ്ഞ ഡിസംബർ അവസാനം ചൈന ന്യുമോണിയയുടേതു പോലെയുള്ള ലക്ഷണങ്ങൾ കാണിക്കുന്ന, അതുവരെ അറിവില്ലാത്ത തരം പുതിയൊരുതരം രോഗത്തെക്കുറിച്ച് കണ്ടെത്തുകയും അത് ലോകാരോഗ്യസംഘടനയെ അറിയിക്കുകയും ചെയ്തിരുന്നു. വളരെ പെട്ടെന്നുതന്നെ അതെന്താണെന്ന് അവർ കണ്ടെത്തുകയും ചെയ്തു. ജനുവരി പത്ത് ആയപ്പോഴേയ്ക്കും ചൈനീസ് ശാസ്ത്രജ്ഞർ ഈ കൊറോണാ വൈറസിനെ തിരിച്ചറിയിക്കുകയും അതിനെ ജീനോം സീക്വൻസിംഗ് നടത്തുകയും ചെയ്തുവെന്ന് മാത്രമല്ല ആ വിവരങ്ങൾ ലോകാരോഗ്യസംഘടനയെയും ലോകത്തെയും അറിയിക്കുകയും ചെയ്തു. ആ സമയത്തു തന്നെ ട്രമ്പിന്റെ ദുഷ്ടബുദ്ധി മൂലം സംഭവിച്ച അമേരിക്കയുടെ ഒറ്റപ്പെട്ട നിസ്സംഗതയും ഈ പകർച്ചവ്യാധിയെ നേരിടാനുള്ള നിസ്സഹായതയും ലോകത്തിനു മുന്നിൽ മുഴുവനും ബോധ്യപ്പെട്ടുകഴിഞ്ഞിരുന്നു. ഇത് വളരെ സമ്പന്നമായ ഒരു രാജ്യമാണ്, വിഭവശേഷി അപാരമായി കൈമുതലുള്ള രാജ്യമാണ്, നമുക്കതിനെ പ്രതിരോധിക്കാൻ കഴിയേണ്ടതായിരുന്നു. പക്ഷേ അത് സാധിച്ചില്ല. തങ്ങളുടെ പൌരരോട് പ്രതിബദ്ധതയുള്ള രാജ്യങ്ങൾ വേണ്ടവിധത്തിൽ ജനുവരിയിൽ തന്നെ രോഗത്തോട് പ്രതികരിച്ചു. അവയിൽ പലതും പെട്ടെന്നുതന്നെ സാഹചര്യം നിയന്ത്രണവിധേയമാക്കുന്നതിലും വിജയിച്ചു.

ചൈനയുടെ അതിർത്തിയിലേക്ക് ഒന്ന് നോക്കൂ. ദക്ഷിണചൈനയാണ് പകർച്ചവ്യാധിയൽ ഏറ്റവുമധികം ബാധിക്കപ്പെട്ട ഒരു സ്ഥലം. അത് വിയറ്റ്നാമുമായി 1400 കിലോമീറ്റർ അതിർത്തി പങ്കിടുന്നു. വിയറ്റ്നാമിൽ ഒരു കേസുകളും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. മാസങ്ങളോളം അതുതന്നെയായിരുന്നു സ്ഥിതി. ഇപ്പോൾ വിരലിലെണ്ണാവുന്നത്ര കുറച്ച് കേസുകളും. അവർ വേഗത്തിൽ തന്നെ പ്രതികരിച്ചിരുന്നു. കിഴക്കനേഷ്യയിലും ഓഷ്യാനിയയിലും പൊതുവിൽ ആ വിധം തന്നെ സർക്കാരുകൾ ഇടപെട്ടു. ദക്ഷിണകൊറിയ, തയ്‌വാൻ, സിംഗപ്പൂർ, തായ്ലൻഡ്, ആസ്ത്രേലിയ, ന്യൂസീലൻഡ് എല്ലാവരും തന്നെ. ആഫ്രിക്കയിലും സെനഗലുൾപ്പടെയുള്ള നിരവധി രാജ്യങ്ങൾ. കേസുകളുടെ എണ്ണം നിയന്ത്രണവിധേയമായിരുന്നു. യൂറോപ്പ് അല്പം താമസിച്ചു, മുഴുവനായല്ലെങ്കിലും യൂറോപ്പിലെ കാര്യങ്ങൾ ഏകദേശമൊക്കെ നിയന്ത്രണവിധേയമായിക്കഴിഞ്ഞു. നോർഡിക് രാജ്യങ്ങളിലെ കാര്യവും അതേപോലെ തന്നെ ഏറെക്കുറേ ഭദ്രം. ജർമ്മനി, ഭദ്രം. ഇറ്റലി, പകർച്ചവ്യാധി ഭീകരമായി പടർന്നുപിടിച്ച രാജ്യമായിരുന്നു അവിടെ ഇപ്പോൾ വലിയ പ്രശ്നങ്ങളില്ല. ബ്രിട്ടനിലെ സ്ഥിതി മഹാമോശമായി. അമേരിക്കയോ? നമ്മുടെ അവസ്ഥയ്ക്ക് സമാനതകളില്ല.

ലോകമാകെ ഉണ്ടായ കേസുകളുടെ മരണങ്ങളുടെയും എണ്ണം പരിശോധിച്ചാൽ മൂന്ന് രാജ്യങ്ങളാണ് ആ പട്ടികയിൽ ആദ്യസ്ഥാനത്ത് – അമേരിക്ക ഒന്നാമത്, ഇന്ത്യ, ബ്രസീൽ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. യാദൃശ്ചികമായിരിക്കാം, ഇപ്പറഞ്ഞ മൂന്ന് രാജ്യങ്ങളും ഭരിക്കുന്നത് ജനാധിപത്യത്തെ അടിച്ചമർത്തുന്ന ഏകാധിപത്യസ്വഭാവക്കാരാണ്. അതിനെക്കുറിച്ച് കൂടുതൽ പിന്നീട് പറയാം.  എന്തായാലും ഈ രാജ്യങ്ങളാണ് ആദ്യസ്ഥാനക്കാർ. പിന്നീട് വരുന്നത് നാലാം സ്ഥാനത്ത്,  റഷ്യയാണ് – ജനാധിപത്യം അത്രകണ്ട് ഭദ്രമല്ലാത്ത രാജ്യമാണതും. മറ്റുള്ളവരെല്ലാം അവയ്ക്ക് പിന്നിൽ മാത്രം.

ജനുവരി മുതലുള്ള ട്രമ്പിന്റെ രീതി കണ്ടാൽ കാര്യങ്ങൾ മോശമാക്കാൻ കരുതിക്കൂട്ടി ശ്രമിച്ചതുപോലെ തോന്നും. ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ മരണത്തിന്, തീർച്ചയായും ആയിരക്കണക്കിന് അമേരിക്കൻ ജനതയുടെ മരണത്തിനെങ്കിലും വ്യക്തിപരമായി തന്നെ അയാൾ ഉത്തരം പറയാൻ ബാധ്യസ്ഥനാണ്. അയാളുടെ ചെയ്തികൾ ഘട്ടം ഘട്ടമായി വരികയായിരുന്നു, ഒരിക്കലും തീരാതെ. വാക്സിൻ ഡിപ്പാർട്ട്മെന്റിന്റെ ചുമതലയുള്ള ഒരു ഗവണ്മെന്റ് ശാസ്ത്രജ്ഞനുണ്ടായിരുന്നു. ട്രമ്പിന്റെ ചില ചെപ്പടിവൈദ്യ രീതികളെ അയാൾ ചോദ്യം ചെയ്തു. അയാളെ പുറത്താക്കി. കൊറോണവൈറസ് പഠനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായ ചൈനയിലെ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി  സംയുക്തമായി നടത്തിവന്ന സർക്കാർ പരിപാടികളുണ്ടായിരുന്നു; അവ നിർത്തലാക്കി. ട്രമ്പിന്റെ വിദ്വേഷരീ‍തികൾക്ക് കാരണം  ചൈനയാണെന്ന് നമ്മെക്കൊണ്ട് പറയിക്കണം, അതിനായി അമേരിക്കയെക്കൂടി സഹായിക്കാൻ കഴിയുന്ന പരിപാടികൾ പോലും നിർത്തലാക്കണം.

ഏറ്റവുമൊടുവിൽ വന്ന ഒരു ഉദാഹരണം നോക്കൂ. വാക്സിൻ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്രസഹകരണ സമിതിയുണ്ടായിരുന്നു. വാക്സിൻ വികസിപ്പിക്കലിനെപ്പറ്റിയും അവ കണ്ടെത്തുന്നപക്ഷം അത് കുത്തകവൽക്കരിക്കപ്പെടാതിരിക്കാനായും പണക്കാർക്ക് മാത്രം ലഭ്യമാക്കാതെ അത് പാവപ്പെട്ടവർക്കു കൂടി ലഭ്യമാകുന്ന വിധത്തിലായിരിക്കണമെന്നുമൊക്കെയുള്ള ലക്ഷ്യത്തോടെ നിലവിൽ വന്ന ഒരു സമിതി. അല്പദിവസങ്ങൾക്ക് മുൻപ് ട്രമ്പ് ആ സമിതിയിൽ നിന്നും അമേരിക്ക പിൻവാങ്ങുന്നു എന്ന് തീരുമാനിച്ചു. അമേരിക്കക്കാർക്കും മറ്റെല്ലാവർക്കും തന്നെയും സഹായകരമായ നിലയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ ഭാഗമാകാൻ നാം ആഗ്രഹിക്കുന്നില്ല. താനായിട്ട് രൂപീകരിക്കാത്ത എന്തെങ്കിലുമുണ്ടോ, നശിപ്പിച്ചേക്കുക. എന്തുമേതുമായിക്കോട്ടെ. അതാണ് അയാളുടെ രീതി.

ഇപ്പോൾ മറ്റൊരു കാര്യം നടന്നുകൊണ്ടിരിക്കുന്നുണ്ട്. പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന, ജൈവവൈവിധ്യത്തെ സംബന്ധിച്ചുള്ള ഒരു ഐക്യരാഷ്ട്രസഭാ കോൺഫറൻസുണ്ട്. ഭയാനകമായ തോതിൽ സ്പീഷീസുകൾ നശിപ്പിക്കപ്പെടുകയാണ്, ചരിത്രത്തിലെ ആറാമത്തെ വംശനാശം എന്നു വിളിക്കാവുന്ന തരത്തിൽ. വന്യജീവനുമായുള്ള മനുഷ്യന്റെ സമ്പർക്കം സാധ്യമല്ലാതെ രണ്ടിനെയും തമ്മിൽ അകറ്റിനിർത്തുന്ന ഇടങ്ങളൊക്കെ നശിക്കപ്പെടുകയാണ്, ഇത് പകർച്ചവ്യാധികളുടെ വ്യാപനത്തെ വർദ്ധിപ്പിക്കുന്നതുമാണ്. ഈ സമ്മേളനത്തിൽ സകലരാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്- അമേരിക്ക ഒഴികെ. ജൈവവൈവിധ്യത്തെ മുൻനിർത്തിയുള്ള ഒരു അന്താരാഷ്ട്രസമ്മേളനത്തിൽ നാം പങ്കെടുക്കുകയില്ല. നമ്മുടെ മാധ്യമങ്ങൾ ഈ ഒരു കാര്യം ശ്രദ്ധിച്ചിട്ടുതന്നെയില്ല. എവിടെയെങ്കിലും ഇക്കാര്യം വന്നിട്ടുണ്ടോയെന്ന് ഒന്ന് പരതി നോക്കാൻ ഞാൻ ചിലരോട് പറഞ്ഞു. ആകെ വന്നിട്ടുള്ളത് ദേശീയ റേഡിയോയിൽ രണ്ട് മിനിട്ടിന്റെ ഒരു വാർത്തയാണ്.

ഇതാണ് നിങ്ങൾക്ക് മുന്നിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ദുഷ്ടബുദ്ധിയാണ് നമ്മെ നയിക്കുന്നത്. The New England Journal of Medicine സത്യത്തിൽ വളരെ കരുണയോടെയാണ് അതിനെ കാര്യക്ഷമമല്ലാത്തത് എന്ന് മാത്രം ചുരുക്കി വിളിച്ചത്. ഇത് വെറും കാര്യക്ഷമതയില്ലായ്മയല്ല.എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം. ഇലക്ഷനിലെ തന്റെ ജയസാധ്യത വർദ്ധിപ്പിക്കുക, എന്റെയൊപ്പമുള്ള പണക്കാരെയും കോർപ്പറേറ്റ് മേഖലയെയും സഹായിക്കുക. മറ്റൊന്നും കാര്യമാക്കാനില്ല.

അവരിങ്ങനെ മുന്നോട്ട് പോകുകയാണ്. ഡീറെഗുലേഷന്റെ കാര്യം എടുക്കുക – അതിൻപ്രകാരം പ്രകൃതിചൂഷണത്തിന്മേലുള്ള നിയന്ത്രണങ്ങൾ എടുത്തു മാറ്റുകയാണ്. പ്രകൃതിയുടെ വൻ നാശത്തിനുകാരണമാകുന്ന കാര്യം. പകർച്ചവ്യാധിയെക്കാളും പ്രധാനമായ കാര്യമാണത്. കോർപ്പറേറ്റുകളുടെയും പെട്രോളിയം കമ്പനികളുടെയും ലാഭം വർദ്ധിപ്പിക്കാൻ നിയന്ത്രണങ്ങളെടുത്തുമാറ്റുക. ഇതിനിടയ്ക്ക് മനുഷ്യജീവനെ നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രകൃതിയുടെ അടരുകളെ നശിപ്പിക്കുക. ഉദാഹരണത്തിന് ഫാക്ടറികളിൽ നിന്നുള്ള പുറന്തള്ളലിന്മേലുള്ള നിയന്ത്രണം എടുത്ത് മാറ്റുമ്പോൾ മെർക്കുറി പോലെയുള്ള രാസവസ്തുക്കൾ നദികളിലെത്തുന്നു, അമേരിക്കൻ ജനതയെ മോശമായി ബാധിക്കുന്നു. ഏറ്റവുമധികം ബാധിക്കപ്പെടുന്നത് ഇങ്ങനെ മലിനീകരണം നടത്തുന്ന വ്യവസായങ്ങളുടെ അടുത്ത് താമസിക്കുന്നവരാണ്. ഞാനോ നിങ്ങളോ അല്ല, നമുക്ക് അത്തരം ഇടങ്ങളിൽ ജീവിക്കേണ്ട സാഹചര്യമില്ല. എന്നാൽ അത്തരം പ്രദേശങ്ങളിൽ മാത്രം താമസിക്കാൻ വിധിക്കപ്പെട്ടവരുണ്ട്, അവർക്ക് മറ്റിടങ്ങൾ പ്രാപ്യമല്ല. ആഫ്രിക്കനമേരിക്കക്കാർ, സ്പാനിഷുകാർ, പോർട്ടോറിക്കക്കാർ, പൊതുവിൽ വളരെ പാവപ്പെട്ട മനുഷ്യർ. അവർ അത്തരം ഇടങ്ങളിൽ കുടുങ്ങിപ്പോയവരാണ്. മലിനീകരണത്താൽ വളരെ മോശമായി ബാധിക്കപ്പെട്ടവർ. വലിയ രീതിയിലാണ് അതുമൂലമുള്ള ജീവനാശം. ശ്വസനത്തെ ബാധിക്കുന്ന ഒരു പകർച്ചവ്യാധിയോടൊപ്പം മലിനീകരണം കൂടി ചേരുമ്പോൾ അത് അപകടകരമാംവിധം ഭീഷണമായ തോതിൽ മനുഷ്യജീവനെ കൊല്ലുന്ന ഒന്നായി മാറുന്നു.

ശരി. നമുക്ക് അവരെ ഇനിയും കൂടുതലായി കൊന്നുകളഞ്ഞേക്കാം. ലോകമാകെയുള്ള അനേകം മനുഷ്യരെ കൊന്നുകളഞ്ഞേക്കാം. തന്റെ ദുഷ്ടബുദ്ധിക്ക് മറ്റാരെയെങ്കിലും പഴി ചാരാനായി വളരെ പരിഹാസ്യമായ കാരണങ്ങൾ പറഞ്ഞുകൊണ്ട് ലോകാരോഗ്യസംഘടനയെ കുറ്റപ്പെടുത്തിയേക്കാം. അതിനുള്ള ധനസഹായം വെട്ടിച്ചുരുക്കാം, നിർത്തലാക്കാം. എന്താണ് അതുകൊണ്ട് സംഭവിക്കുന്നത്? ആഫ്രിക്കയിൽ, യെമനിൽ, ദാ‍രിദ്ര്യത്താൽ വലയുന്ന മറ്റനേകം ഇടങ്ങളിൽ ലോകാരോഗ്യസംഘടനയുടെ സേവനങ്ങൾ നിമിത്തമായി ജീവനോടെയിരിക്കുന്ന അനേകം മനുഷ്യരുണ്ട്. അവരെയൊക്കെയങ്ങ്  കൊന്നുകളഞ്ഞേക്കാം എന്നിട്ട് നമ്മളെ തകർക്കാൻ ശ്രമിക്കുന്ന വിദേശശക്തികളിൽ നിന്നും ഞാൻ നിങ്ങളെ രക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്ന് തന്റെ പിന്തുണക്കാരോട് വീമ്പ് പറയാം. അതുകൊണ്ട് എനിക്ക് വോട്ട് ചെയ്യുക. എത്രയെത്ര പേരെയാണ് നിങ്ങൾ കൊന്നുകളയുന്നതെന്നതോ, എത്രയെത്രയ്ക്കാണ് നിങ്ങൾ നശിപ്പിച്ചുകളയുന്നതെന്നതോ, എത്ര അമേരിക്കക്കാരെയാണ് നിങ്ങൾ ഇല്ലാതാക്കുന്നതെന്നതോ വിഷയമല്ല. പ്രധാനമായ കാര്യം ഞാനും എന്റെ പിന്തുണക്കാരായ പണക്കാരും എന്നതാണ്. ഇതാണ് ഈ ലോകം. ഇതിനെ കാര്യക്ഷമമല്ലാത്തത് എന്ന് വിളിച്ചാൽ പോരാതെ വരും.

വാട്ടർഗേറ്റ് വഴി പ്രസിദ്ധനായ വളരെ അംഗീകരിക്കപ്പെടുന്ന മാധ്യമപ്രവർത്തകനായ വാഷിംഗ്ടൺ പോസ്റ്റിന്റെ  ബോബ് വുഡ്വേഡിനെക്കുറിച്ച് പറഞ്ഞല്ലൊ. അദ്ദേഹത്തിന്റെ Rage എന്ന പുസ്തകത്തിൽ കോവിഡ്-19 എന്നത് പ്ലേഗ് പോലൊരു കൊലയാളിയാണെന്ന് ട്രമ്പിന്റെ തുറന്നുപറഞ്ഞത് പ്രസിദ്ധപ്പെടുത്താതിരിക്കാൻ താൻ തീരുമാനിച്ചതിനെ പറ്റി പറയുന്നുണ്ട്. മാസങ്ങളോളം അദ്ദേഹം ആ വിവരം പ്രസിദ്ധപ്പെടുത്താതെ സൂക്ഷിച്ചു. അതിനെക്കുറിച്ച് താങ്കൾ എന്ത് പറയുന്നു?

അദ്ദേഹത്തിന്റേതായ കാരണങ്ങൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്. നമുക്കതിനെ നമ്മുടെ രീതിക്കനുസരിച്ച് കാണാം. ഞാൻ കരുതുന്നത് അത് തീരെ ശരിയായില്ല എന്നാണ്.  അദ്ദേഹം പറയുന്നത് അതിന്റെ സത്യാവസ്ഥ, അക്ഷരങ്ങൾക്ക് ദീർഘമുണ്ടോ പുള്ളിയുണ്ടോ എന്നൊക്കെ ഉറപ്പിക്കേണ്ടിയിരുന്നു എന്നാണ്. ഭാവിയുടെ താല്പര്യങ്ങൾക്കായി നിങ്ങളൊരു പുസ്തകം എഴുതുകയാണെങ്കിൽ അദ്ദേഹം പറയുന്ന വാദം ശരിയാണെന്നു സമ്മതിക്കാം. എന്നാൽ ഇവിടെ ഈ സമയം നൂറായിരക്കണക്കിനു മനുഷ്യജീവൻ തുലാസ്സിലായിരുന്നു. മുഴുവൻ പരിശോധിച്ച് ഉറപ്പുവരുത്തിയില്ലായിരുന്നുവെങ്കിലും ആ വിവരം അന്നേറം പുറത്തുവിടണമായിരുന്നു എന്നാണ് ഞാൻ കരുതുന്നത്.

കോവിഡ് സംബന്ധിച്ചുണ്ടായ ആകെമൊത്തം മാധ്യമ കവറേജ്, അതെങ്ങനെയുണ്ടായിരുന്നുവെന്നാണ് കരുതുന്നത്?

ഞാൻ തൊട്ടുമുൻപ് പറഞ്ഞതിൻ പ്രകാരമായിരുന്നിരിക്കണം മാധ്യമങ്ങൾ അത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നത് എന്നാണ് ഞാൻ വിചാരിക്കുന്നത്. പക്ഷേ അങ്ങനെയായിരുന്നില്ല ഉണ്ടായത്. ഞാനിതുവരെ വിശദമാക്കിയ കാര്യങ്ങളെല്ലാം വന്നത് ശാസ്ത്ര-മെഡിക്കൽ പ്രസിദ്ധീകരണങ്ങളിൽ മാത്രമായിരുന്നു. അത് എല്ലാ പത്രങ്ങളിലും നിറഞ്ഞ് വരേണ്ടിയിരുന്ന കാര്യങ്ങളാണ്, ശാസ്ത്രജ്ഞർ  പറയുന്നതുപോലെ 2003-ലെ അതേ സാഹചര്യത്തിലാണ് നാമിപ്പോഴും എന്നത് പത്രങ്ങളിലെല്ലാം വരേണ്ടിയിരുന്നു.

നമ്മളിന്നും മുതലാളിത്തയുക്തിയുടെയും ഭീഷണമായ നിയോലിബറലിസത്തിന്റെയും പിടിയിലമർന്നിരിക്കുകയാണ്. തീവ്രമായരീതിയിൽ ദുഷ്ടബുദ്ധിയാർന്ന നേതൃത്വത്തിന്റെ കൈകളിലാണ് നാം. ഞാൻ പറഞ്ഞതുപോലെ  ഏറ്റവും മോശമായ സാഹചര്യമുള്ള മൂന്ന് രാജ്യങ്ങളിലാണ്. ഒന്നാമത് ട്രമ്പ്. പിന്നീട് വരുന്നത് അയാളുടെ തനിപ്പകർപ്പായ ബോൾസൊണാരൊയുടെ ബ്രസീൽ. അത് കഴിഞ്ഞ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ, ശരിക്ക് പറഞ്ഞാൽ, ജനാധിപത്യരാജ്യമായിരുന്ന ഇന്ത്യ. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശേഷിപ്പുകളെല്ലാം നശിപ്പിച്ച്, അനേകം ഇന്ത്യക്കാരെ കൊന്നൊടുക്കി, മുസ്ലീമുകളുടെ അവകാശങ്ങൾ അടിച്ചമർത്തി, കശ്മീരിനെ തകർത്ത്, ഇന്ത്യയെ ഒരു ഹിന്ദു ദേശീയ മതാധിപത്യ-വംശീയാധിപത്യ രാജ്യമാക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന മോദിയെന്ന ക്രൂരന്റെ കൈകളിലാണ് ഇന്ത്യ.  ഇവരാണ് മൂന്ന് പേർ. മരണങ്ങളുടെയും രോഗം ബാധിച്ചവരുടെയു കണക്കെടുത്താൽ മറ്റാരും അവർക്കരികെയെങ്ങുമില്ല. പ്രതിശീർഷ മരണത്തിന്റെ കണക്കല്ല ഞാൻ പറയുന്നത്, അങ്ങനെ നോക്കിയാൽ അല്പം വ്യത്യസ്തമായാണ് കാണാൻ കഴിയുക. എന്തുതന്നെയായാലും  മൊത്തത്തിലുള്ള എണ്ണം വളരെ വലുതാണ്.

എന്തുതന്നെയായാലും വിവേകമില്ലായ്മ ഞെട്ടിപ്പിക്കുന്ന വിധത്തിലണ്. ആവാസവ്യവസ്ഥ കൂടുതലായി തകർക്കപ്പെടുന്നു, അന്തരീക്ഷതാപം വർദ്ധിച്ച് വരുന്നു, തീർച്ചയായും ഇനിയുമേറെ പകർച്ചവ്യാധികൾ കൂടുതലായി വരാനുള്ള സാഹചര്യമാണ്. മുൻപ് സൂചിപ്പിച്ചതുപോലെ ഇനി വരുന്നവ ഇപ്പോഴുള്ളതിലുമേറെ മാരകമായിരിക്കാൻ സാധ്യതയുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് നമുക്ക് വാസ്തവത്തിൽ അറിയാം. അത് ചെയ്യാൻ നമ്മുടെ പക്കൽ ഏറെ സമയമൊട്ടില്ല താനും. ഈ സാഹചര്യം മറികടക്കുക നമുക്ക് സാധ്യമാണ്, എന്നാൽ അർപ്പണബോധത്തോടെ, ഗൌരവത്തോടെ അത് ചെയ്തില്ലായെങ്കിൽ ഭാവി പ്രശ്നകരമാണ്. പരിസ്ഥിതിനാശത്തിന്റെ കാര്യം പറഞ്ഞതുപോലെതന്നെയാണ്, നാം നമ്മുടെ ദിശ കാർക്കശ്യത്തോടെ മാറ്റിയില്ലായെങ്കിൽ  ഭാവിയെന്നത്, പ്രശ്നകരമാണ്.

കൊറോണവൈറസിനെ നേരിടാൻ കഴിയുന്ന വാക്സിനുകൾ വികസിപ്പിച്ചുവരുന്നുണ്ട്. ആരാണ് അതിന്റെ പ്രയോഗം നിയന്ത്രിക്കുക, അതിന്റെ ചിലവ് എത്ര വരാം, വൻകിട മരുന്ന് കമ്പനികൾ ഇത് വലിയ നേട്ടം കൊയ്യാനുപയോഗിക്കുമോ?

അത് നമ്മുടെ കൈയ്യിലല്ല. വൻകിട മരുന്നുകമ്പനികൾ ഇതുകൊണ്ട് നേട്ടം കൊയ്യേണ്ടതല്ല. വാക്സിൻ-മരുന്ന് നിർമ്മാണരംഗത്തെ മുഖ്യമായ പ്രവർത്തനങ്ങളും നടത്തുന്നത് ഗവൺമെന്റാണ്- ദേശീയ ആരോഗ്യകേന്ദ്രങ്ങൾ വഴിയോ അതല്ലെങ്കിൽ ഔഷധനിർമ്മാണകമ്പനികൾക്ക് ഗവണ്മെന്റ് നേരിട്ട് നൽകുന്ന ധനസഹായങ്ങൾ വഴിയോ. നിയമപരമായി നോക്കിയാൽ, 1981-ലെ Birch Bayh-Bob Dole നിയമം എന്നൊരു നിയമം തന്നെയുണ്ട്. ആ നിയമം പറയുന്നത് മരുന്ന്-വാക്സിൻ എന്നിവ വികസിപ്പിച്ചെടുക്കുന്നതിൽ സർക്കാർ മുഖ്യമായ പങ്ക് വഹിക്കണം എന്നുമാത്രമല്ല, അത് ലാഭം നോക്കാതെ, പൊതുജനത്തിന് താങ്ങാനാകുന്ന വിലയ്ക്ക് ലഭ്യമാക്കണം എന്നുകൂടിയാണ്. അങ്ങനെയാണ് പുസ്തകത്തിലുള്ളത്. പക്ഷേ ആ നിയമത്തെ ഇപ്പോൾ വളരെ ദുർബലപ്പെടുത്തിയിട്ടുണ്ടെന്ന് തോന്നുന്നു. എന്തായാലും അങ്ങനെയാണ് നിയമം പറയുന്നത്. അതിന്റെയർത്ഥം ഇത് അമിതലാഭമുണ്ടാക്കാനുള്ള ഏർപ്പാടല്ല എന്നാണ്.

നമ്മളെ കൂടുതൽ ഞെരിച്ചുകളയുന്ന മറ്റൊരുകാര്യം ക്ലിന്റൺ നിയോലിബറലിസത്തിനു നൽകിയ വലിയ ചില സമ്മാനങ്ങൾ മൂലമുള്ളതാണ് – ലോകവ്യാപാരസംഘടനാനിയമങ്ങൾ. ബൌദ്ധികസ്വത്തവകാശനിയമങ്ങൾ. പണ്ടൊരിക്കലും ഇല്ലാതിരുന്ന മട്ടിലുള്ള, ഈ വിധത്തിലുള്ള ചില പേറ്റന്റ് അവകാശങ്ങൾ. ഇത്തരം നിയമങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ അമേരിക്കയോ മറ്റു രാജ്യങ്ങളോ നിലവിൽ വരുമായിരുന്നോ? ഇവ മൂലം സ്ഥാപിതമാകുന്നത് ഭീകരമായ കുത്തകാവകാശ, വിലയിടൽ അവകാശങ്ങളാണ്. മരുന്നുകമ്പനികളെ സംബന്ധിച്ചിടത്തോളം അതൊരു ലോട്ടറി അടിച്ചതു പോലെയാണ്. ഗവണ്മെന്റ് സഹായിക്കുന്നു, ഒരു മരുന്ന് വികസിപ്പിച്ചെടുക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട സമയങ്ങളിലെല്ലാം സാമ്പത്തികസഹായം നൽകുന്നു, എന്നിട്ട് മരുന്ന് കമ്പനികളോട് പറയുന്നു, നിങ്ങൾക്കതിൽ നിന്നും ലാഭമെടുക്കാം, എല്ലാക്കാലത്തും ലാഭമെടുക്കാനുള്ള അവകാശവുമാകാം എന്ന്. ബൌദ്ധികസ്വത്തവകാശത്തിന്റെ കച്ചവടസംബന്ധിയായ വശങ്ങൾ (Trade-Related Aspects of Intellectual Property Rights- TRIPS) എന്നതിൽ നിന്നാണ് ഈ കോറ്പറേട് മേഖലയുടെ സമ്പത്തെന്ന് പറയുന്നതിന്റെ വലിയ ഭാഗവും വരുന്നത്. ആപ്പിൾ 2 ട്രില്യൺ ഡോളർ മൂല്യമുള്ള ഒരു കമ്പനിയായിരിക്കുന്നതിന്റെ മുഖ്യകാരണം ഈ പറഞ്ഞ കാര്യമാണ്. ചൈനയിൽ ഐ-ഫോണുകൾ നിർമ്മിക്കുന്നു, എന്നാൽ അവർക്ക് (ചൈനയ്ക്ക്) അതിൽ നിന്നും കാര്യമായ ലാഭമൊന്നും കിട്ടുന്നില്ല. അവിടെ അത്  കൈകാര്യം ചെയ്യുന്ന തയ്‌വാനിലെ ഫോക്സ്കോൺ കോർപ്പറേഷൻ അല്പസ്വല്പം ലാഭമൊക്കെ ഉണ്ടാക്കും എന്നാൽ അതിന്റെ സിംഹഭാഗവും ഇവിടെ ആപ്പിൾ കമ്പനിയിലേക്ക് തന്നെ വന്നുചേരുന്നു; അവർക്കാണ് ഡിസൈനിന്റെയും മറ്റും പേറ്റന്റ്. സാമ്പത്തികരംഗത്തെ നിയന്ത്രിക്കുന്ന ഒരു വലിയ പരിപാടിയാണ് ഇപ്പോൾ ഈ അവകാശങ്ങൾ. അതാണ് ക്ലിന്റൺ ചെയ്തത്.

മരുന്ന് കമ്പനികൾ പറയുന്നത് അവർക്ക് ഈ അവകാശങ്ങളില്ലായെങ്കിൽ നൂതനമായ കണ്ടുപിടിത്തങ്ങളൊന്നും ഉണ്ടാകില്ലായെന്നാണ്. ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷനുകൾക്ക് വാരിക്കോരി പണം നൽകിക്കൊണ്ടല്ലാതെ തന്നെ നൂതനമായ കണ്ടുപിടിത്തങ്ങൾ സാധ്യമാക്കാനുള്ള മെച്ചപ്പെട്ട മാർഗ്ഗങ്ങളുണ്ട്. അവയിൽ പലതും നാം മുൻപ് പരീക്ഷിച്ചിട്ടുമുള്ളതാണ്. ഡീൻ ബേക്കർ (Dean Baker) എന്ന സാമ്പത്തികശാസ്ത്രജ്ഞൻ ഈ മേഖലയിൽ വളരെ പഠിച്ചിട്ടുള്ള ഒരാളാണ്. അദ്ദേഹത്തിന്റെ Rigged എന്ന പുസ്തകത്തിൽ വിശദാംശങ്ങൾ ലഭ്യമാണ്. ആ പുസ്തകം സൌജന്യമായി ഇന്റർനെറ്റിൽ ലഭിക്കും. ഇപ്പോൾ പറഞ്ഞതരം സാമ്പത്തികഭീകരതകളെ മറികടക്കാനുള്ള നിരവധി പ്രായോഗിക നിർദ്ദേശങ്ങൾ അദ്ദേഹം മുന്നോട്ട് വയ്ക്കുന്നുണ്ട്. മറ്റെല്ലാ കാര്യങ്ങളും പോലെ തന്നെ പ്രശ്നങ്ങളെ മറികടക്കാനുള്ള വഴികളുണ്ട്, പക്ഷേ നിങ്ങൾ മുന്നിട്ടിറങ്ങണം. ശക്തരും സ്വാധീനമുള്ളവരും അവർക്ക് താല്പര്യമുള്ള മട്ടിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയ്ക്കൊള്ളട്ടെ എന്ന് കരുതിയാൽ പറ്റില്ല.

ഫലപ്രദമായ വാക്സിനുകൾ വികസിപ്പിക്കുക സാധ്യമാണോയെന്ന് ചോദിച്ചാൽ, ഞാൻ ആ മേഖലയിൽ ഒരു വിദഗ്ദ്ധനല്ല. ശാസ്ത്രജേർണലുകളിൽ വിദഗ്ദ്ധർ എഴുതിയത് വായിച്ചാണ് എന്റെ അറിവ്, അതാണ് ഞാൻ പറയുന്നത്. നിലവിൽ ചൈനയാണ് അക്കാര്യത്തിൽ മുൻപിലെന്നാണ് മനസ്സിലാകുന്നത് – അവർ ഒരു വാക്സിൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്, അത് വളരെ പരക്കെ പരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അവരാകും ആദ്യമായി ഒരു വാക്സിനുമായി മുന്നോട്ട് വരിക എന്നാണ് പൊതുവിൽ ലഭ്യമായ റിപ്പോർട്ടുകൾ നൽകുന്ന സൂചന. എന്നാൽ അമേരിക്കക്കാർക്ക് അത് നിഷിദ്ധമാകും. എന്തുകൊണ്ട്? കാരണം, തന്റെ ശക്തിയും തെരഞ്ഞെടുപ്പിലെ ജയസാധ്യതയും വർദ്ധിപിക്കാൻ അയാൾ എന്തിനുമേതിനും ചൈനയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അമേരിക്കൻ ജനതയ്ക്ക് ഇത് മൂലം ദോഷം വന്നാൽ ആർക്ക് ചേതം! കൂടുതൽ പേർ മരിച്ചുപോയ്ക്കൊള്ളട്ടെ. അയാൾ പതിനായിരക്കണക്കിന് ആളുകളെ കൊന്നുകഴിഞ്ഞു. അയാൾ ഇനിയും മനുഷ്യരെ കൊല്ലും.

വേണ്ടത് കുറേയധികം വാക്സിനുകൾ വികസിപ്പിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു അന്താരാഷ്ട്ര സഹകരണമാണ്. അതിലേക്ക് പലവഴികളുണ്ട്. ഏതാണ് വിജയിക്കുക എന്ന് നമുക്കറിയില്ല. ഏതെങ്കിലുമൊക്കെ വിജയിക്കുമോയെന്നുതന്നെ നമുക്കറിയില്ല. എന്തുതന്നെയായാലും പരസ്പരസഹകരണത്തോടെയുള്ള വഴികളായിരിക്കണം. അല്ലാതെ അമേരിക്കയ്ക്ക് മാത്രം അതിന്റെ ഗുണം ലഭ്യമാകണമെന്ന തരത്തിൽ Operation Warp Speed (കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനും വിതരണത്തിനുമായി ട്രമ്പ് സർക്കാർ കൊണ്ടുവന്ന  ഒരു പൊതു-സ്വകാര്യമേഖല സംയുക്ത പദ്ധതി)  പോലെയോ മറ്റോ മതിയാകില്ല. അത്തരം സഹകരണം നടക്കുന്ന അന്താരാഷ്ട്രസമിതികളിൽ നിന്നും യു എസ് പക്ഷേ പിൻവാങ്ങി. ഗവേഷണങ്ങൾ എല്ലാവരുടെയും സഹകരണത്തിനായി തുറന്നതായിരിക്കണം; അവരവർക്കായിട്ട് മാത്രമുള്ള ഏതെങ്കിലും തരം സഹകരണം മതിയാകില്ല. എല്ലാവർക്കും ഉപയോഗിക്കാൻ കഴിയണം, അതിന്റെ പ്രയോജനം നേടാനാകണം. ഗവേഷണങ്ങൾ എപ്പോഴും അങ്ങനെയാണ് വേണ്ടത്, ഈ വിഷമസന്ധിയിൽ പ്രത്യേകിച്ചും. അതെന്താണ് നടപ്പാകാത്തതെന്ന് മനസ്സിലാകുന്നില്ല. ട്രമ്പിന് മറ്റാർക്കും കിട്ടാത്ത തരത്തിൽ മികച്ച ചികിത്സ ലഭ്യമായി, കുത്തകമരുന്നുകൾ ഉൾപ്പടെയുള്ള മരുന്നുകൾ അയാൾക്ക് ലഭ്യമായിരിക്കണം. അങ്ങനെയല്ല വേണ്ടത്. അവയെല്ലാം എല്ലാവർക്കും ലഭ്യമാകണം, എല്ലാവർക്കും അതിൽ പങ്കാളികളാകാൻ കഴിയണം. മെച്ചപ്പെട്ട ഒരു ലോകം അങ്ങനെയായിരിക്കണം മുന്നോട്ട് പോകേണ്ടത്.

കഷ്ടകാലത്തിന് കഴിയുന്നതെല്ലാം, കണ്ണിൽ കാണുന്നതെല്ലാം നശിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരാളെയാണ് നമുക്ക് കിട്ടിയിരിക്കുന്നത്. ചുറ്റും നോക്കൂ, ലോകം വലിയ രീതിയിൽ അപകടത്തിലാണ്. ഇത്രയൊക്കെ നമ്മുടെ കണ്മുന്നിൽ നടന്നിട്ടും അല്പമാത്രമാണ് ഇതേക്കുറിച്ച് ചർച്ച ചെയ്യപ്പെടുന്നുള്ളു എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

ഇറാനു മേലുള്ള ഉപരോധം നോക്കുക. ഐക്യരാഷ്ട്രസഭ ഇറാനുമേലുള്ള ഉപരോധം പുനഃസ്ഥപിക്കണം എന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. വേണ്ട കാര്യം ചെയ്തു – സെക്യൂരിറ്റി കൌൺസിലിൽ പോയി, ഉപരോധം പുനഃസ്ഥാപിക്കാൻ നിർദ്ദേശിച്ചു. എല്ലാവരും എതിർത്തു, അമേരിക്കയുടെ പങ്കാളികളായ രാജ്യങ്ങളെല്ലാം എതിർത്തു. ഡൊമിനിക്കൻ റിപ്പബ്ലിക്ക് ഒഴികെ സെക്യൂരിറ്റി കൌൺസിൽ ഒന്നടങ്കം ആ നിർദ്ദേശം തള്ളി. എന്നിട്ടോ? സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോമ്പിയോ സെക്യൂരിറ്റി കൌൺസിലിനോട് പറയുന്നു- “ഇതാ ഉപരോധം പുനഃസ്ഥാപിക്കാൻ നിങ്ങൾ തീരുമാനിച്ചിരിക്കുന്നതായി ഞാൻ അറിയിച്ചുകൊള്ളുന്നു”.. എന്തുകൊണ്ട്? കാരണം, ഞങ്ങളാണ് അത് പറയുന്നതും തീരുമാനിക്കുന്നതും. ഇതാണ് ഇപ്പോൾ ഏറ്റവുമൊടുവിൽ നടന്നത്.  അതിനെക്കുറിച്ച് എത്ര തലക്കെട്ടും വാർത്തയും നമ്മൾ കണ്ടു?

എന്നാൽ ലോകം ഇത് കാര്യമാക്കുന്നുണ്ട്. അവർ ഭയപ്പെട്ടിരിക്കുകയാണ്. സകലതും തകർക്കുന്ന ഒരു തെമ്മാടിരാഷ്ട്രത്തെ ലോകം ഭയപ്പെടുന്ന രീതി സ്പഷ്ടമായും കാണാവുന്നത്. ലോകത്തെ പ്രധാനപ്പെട്ട ഒരു ബിസിനസ് പ്രസിദ്ധീകരണമായ ലണ്ടൺ ഫിനാൻഷ്യൽ ടൈംസ് ശ്രദ്ധിക്കൂ. അവരുടെ മാർട്ടിൻ വൂൾഫ്  സമചിത്തതയോടെ വിലയിരുത്തലുകൾ നടത്തുന്ന, പരക്കെ ബഹുമാനിക്കപ്പെടുന്ന ലേഖകനാണ്. സാമ്പത്തികശാസ്ത്രജ്ഞരോടും മാധ്യമപ്രവർത്തകരോടും ചോദിച്ചുനോക്കൂ. അങ്ങേയറ്റം അവധാനതാപൂർവ്വമാണ് അദ്ദേഹം  നിരീക്ഷണങ്ങൾ നടത്താറുള്ളത്, ഏച്ചുകെട്ടലുകളൊന്നുമുണ്ടാകറില്ല, രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ശബ്ദങ്ങളിലൊന്ന്. അദ്ദേഹം ഏറ്റവും ഒടുവിലായി എഴുതിയ ലേഖനങ്ങളിലൊന്നിൽ പറയുന്നത് ട്രമ്പ് ഇനിയും തെരഞ്ഞെടുക്കപ്പെട്ടാൽ നാശം പൂർണ്ണമാകുമെന്നാണ്. അദ്ദേഹം പറഞ്ഞത് അന്താരാഷ്ട്രബന്ധങ്ങളുടെ പശ്ചാത്തലത്തിലാണ്, നാം പറയുന്ന അതിലുമേറെ പ്രാധാന്യമുള്ള കാര്യങ്ങൾ സംബന്ധിച്ചുപോലുമല്ല. എങ്കിലും പറഞ്ഞുവയ്ക്കുന്നത് ഇതാണ് – ട്രമ്പ് ഇനിയും തെരഞ്ഞെടുക്കപ്പെട്ടാൽ അത് ഒരു അവസാനമായിരിക്കും. ലോകത്തെ ഏറ്റവും സമചിത്തതയുള്ള ഒരു വിദഗ്ദ്ധൻ ഏറ്റവും ചെറിയ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പോലും നടത്തുന്ന വിലയിരുത്തലിൽ തെളിയുന്നത് അതാണ്.

നവംബർ 3-ന്റെ ഇലക്ഷന്റെ ഫലം എന്തുതന്നെയായാലും കോടിക്കണക്കിന് അമേരിക്കക്കാർ ട്രമ്പിന് വോട്ട്  ചെയ്യുകതന്നെ ചെയ്യും. അത് നമ്മളെ അസ്വസ്ഥരാക്കുന്ന ഒരു കാര്യമാണ്.

തീർച്ചയായും. പക്ഷേ എന്തുകൊണ്ടാണവർ അങ്ങനെ ചെയ്യുന്നതെന്ന് നാം ആലോചിക്കണം. അവരെന്ന് പറയുന്നത് അടിസ്ഥാനപരമായി ഒരുതരത്തിൽ മാത്രമുള്ള വാർത്തകളും വിവരങ്ങളും ലഭിക്കുന്നവരാണ്. വിവിധ പാക്കേജുകളായാണ് അത് വരുന്നത്. ഫോക്സ് ന്യൂസ്, Rush Limbaugh, Breitbart, talk radio എന്നിവ വഴി. ഒരേ തരത്തിലുള്ള സന്ദേശങ്ങൾ അവരിലേക്ക് എത്തിച്ചുകൊണ്ടേയിരിക്കുകയാണ്. Rush Limbaugh അത് വളരെ നന്നായി ചെയ്യുന്നുണ്ട് – അവർ പറയുന്നത് ചതിയുടെ നാലു മൂലകളുണ്ടെന്നാണ് – ഗവണ്മെന്റ്, അക്കാദമിയ, മാധ്യമങ്ങൾ, ശാസ്ത്രം. അവയെല്ലാം നിലനിൽക്കുന്നത് തന്നെ ചതിയിലും വഞ്ചനയിലൂടെയുമാണ്. അവർ പറയുന്നതിനു ചെവി കൊടുക്കാതിരിക്കുക. നമ്മൾ ശ്രദ്ധിക്കേണ്ടത് തിരശ്ശീലയ്ക്ക് പിന്നിലുള്ള ഒരേ ഒരു മാന്ത്രികനെയാണ്, ട്രമ്പ് എന്ന, സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന ചിത്തരോഗി പറയുന്ന പ്രകാരം “ഇറാനിൽ നിന്നും ഇസ്രയേലിനെ രക്ഷിക്കാനായി” ഭൂമിയിൽ അവതരിച്ച നമ്മുടെ ദൈവത്തെ മാത്രമാണ്. ഇവാഞ്ജലിക്കൽ പ്രചാരകരിൽ നിന്നാണ് ഈ വിധമുള്ള ഉദ്ഘോഷണങ്ങൾ നമ്മൾ അല്ലാതെ കേൾക്കാറുള്ളത്.

അതിന്റെ ഫലമോ? നമുക്കത് കാണാം. നമ്മളിൽ പകുതിയും കരുതുന്നത്  ആഗോളതാപനം എന്നൊന്ന് ഇല്ലായെന്നാണ്. ബാക്കിയുള്ള റിപ്പബ്ലിക്കരിൽ ഒരു ചെറിയ ശതമാനം മാത്രമാണ് അതൊരു അടിയന്തരപ്രശ്നമാണെന്ന് വിചാരിക്കുന്നത്. ഒരുപാട് പേർ കരുതുന്നത് കോവിഡ് എന്നത് നമ്മളെ തകർക്കാനായി ചൈന പടച്ചുവിട്ടിരിക്കുന്ന ഒരു കള്ളക്കഥയാണെന്നാണ്. മറ്റൊന്നും നിങ്ങളുടെ ശ്രദ്ധയിലേക്ക് വരുത്താതെ ഇത്തരത്തിലുള്ള കഥകൾ ദിവസംപ്രതി രാവും പകലും നിങ്ങളിലേക്കങ്ങനെ തന്നുകൊണ്ടേയിരിക്കുകയാണ്. ഇതിനിടയ്ക്ക് ആ കാപട്യക്കാരനായ മനുഷ്യൻ “ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾക്കായി സർവ്വതിനെയും പ്രതിരോധിക്കുന്നു” എന്നൊരു ബോർഡും പിടിച്ച് നിൽക്കുന്നു. ഒരു കൈയ്യിൽ ആ ബോർഡാണെങ്കിൽ മറുകൈകൊണ്ട് നിങ്ങളുടെ പിന്നിൽ കുത്തുകയാണ് അയാൾ. നിരന്തരം നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണെങ്കിൽ നിങ്ങളയാൾക്ക് വോട്ട് ചെയ്തേക്കാം. ഇവാഞ്ജലിക്കലുകാരെപോലെ അത്തരം വിശ്വാസത്താൽ അയാൾക്കൊപ്പം നിൽക്കുന്ന ജനങ്ങൾ ഒരു വലിയ സമൂഹമാണ്. അയാളവർക്ക് അപ്പകഷ്ണങ്ങൾ ഇട്ടുകൊടുക്കുന്നു, രാഷ്ട്രീയസപ്രസംഗങ്ങൾ നടത്തുന്ന പാസ്റ്റർമാരെപ്പോലെ ഓരോന്ന് പറയുന്നു, സുപ്രീം കോടതിയുടെ ന്യായത്തെക്കുറിച്ച് പറയുന്നു,  അബോർഷൻ ശരിയല്ലായെന്ന് പറയുന്നു,  അങ്ങനെയൊക്കെ പാസ്റ്റർമാരെപ്പോളെ അവരെ കൂടെ നിർത്തുന്നു.

സത്യത്തിൽ ഇതെല്ലാം ബാല്യകാലസ്മരണകൾ ഉയർത്തുന്നവയാണ്. ഹിറ്റ്ലറുടെ ന്യൂറൻബർഗ് റാലിയിലെ ആരാധകരെപ്പോലെ, മുസ്സോളിനിയുടെ ആരാധകരെപ്പോലെ. ട്രമ്പിന്റെ ഒരു റാലി കണ്ടാൽ നിങ്ങൾക്കതോർമ്മ വരും. എന്നാൽ പ്രകടമായ ഒരു വ്യത്യാസമുണ്ട് – ഏറ്റവും ഭീകരരായിരുന്നു അവരെങ്കിലും, ഫാഷിസ്റ്റുകളും നാസികളും അവരുടെ പ്രിയപ്പെട്ട നേതാവിന്റെ ആ‍രാധകർക്ക് എന്തെങ്കിലുമൊക്കെ ഗുണം വരുന്നത് കൊണ്ടുവന്നിരുന്നു, സാമ്പത്തികരംഗം മെച്ചപ്പെടുന്നുണ്ടായിരുന്നു, സാമ്പത്തികരംഗം അവർ പുനഃസൃഷ്ടിച്ചിരുന്നു, വിജയങ്ങൾ നേടിയിരുന്നു – ഭീകരവും ബീഭത്സവുമായിരുന്നെങ്കിലും – വിജയങ്ങൾ നേടിയിരുന്നു.

ട്രമ്പ് അയാളെ പിന്തുണയ്ക്കുന്നവർക്കുവേണ്ടി എന്താണ് ചെയ്യുന്നത്? അവരെ നശിപ്പിക്കുകയല്ലേ? അയാളുടെ നയങ്ങൾ അവരെ കൂടുതൽ കൂടുതൽ നാശത്തിലേക്ക് കൊണ്ടുപോകുന്നു. എന്നിട്ടും അവർ അയാളെ ആരാധിക്കുന്നു. ശരിക്കും കുട്ടിക്കാലത്ത് ഞാൻ ന്യൂറൻബർഗ് റാലികളിൽ കേട്ടതുപോലെതന്നെ. സംസ്കാരത്തിന്റെയും സമൂഹത്തിന്റെയും വല്ല്ലാത്ത ഒരു അവസ്ഥയാണിത് സൂചിപ്പിക്കുന്നത്.

1960-കളിൽ Richard Hofstadter,  Anti-Intellectualism in American Life എന്ന തന്റെ പുസ്തകത്തിലും  മറ്റും പറയുന്ന രീതികളുമായി എങ്ങനെ മേൽപ്പറഞ്ഞതുപോലെയുള്ള ജനങ്ങളുടെ മനോഭാവത്തെ ചേർത്തുവായിക്കാംഅദ്ദേഹത്തിന്റെ The Paranoid Style in American Politics എന്ന പുസ്തകത്തിൽ മുഖ്യധാരയ്ക്ക് പുറത്തുനിൽക്കുന്ന ചെറുഗ്രൂപ്പുകൾക്ക് എങ്ങനെ രാഷ്ട്രീയരംഗത്തെ സ്വാധീനിക്കാൻ കഴിയും എന്ന് പരിശോധിക്കുന്നുണ്ട്.

അതൊന്നും എന്നിലൊരു താല്പര്യം ഒരിക്കലും ഉണ്ടാക്കിയിട്ടില്ല. ഒരുതരത്തിൽ പറഞ്ഞാൽ അമേരിക്കൻ ജീവിതത്തിലെ ഏറ്റവും വലിയ പാരാനോയിയക്കാർ എലീറ്റ് ലിബറൽ ബുദ്ധിജീവികളാണ്. ട്രൂമാൻ അനുശാസനം (Truman Doctrine) നോക്കൂ, NSC 68 നോക്കൂ. ആകെ ഭ്രാന്തും, പരിഹാസ്യമായ കള്ളങ്ങളും, ബോധപൂർവ്വമായ നുണകളും. സെനറ്റർ വാൻഡെർബർഗ് പറഞ്ഞതുപോലെ “അമേരിക്കക്കാരെ മുഴുവൻ പേടിപ്പിക്കാൻ പോന്നത്”. അതേക്കുറിച്ച് കൂടുതൽ പറയാൻ നമ്മുടെ പക്കലിപ്പോൾ സമയമില്ല, എന്നാൽ അതായിരുന്നു  പ്രമാണിമാരായ ലിബറലുകൾ. Camelot കാലത്ത് തങ്ങളാണ് “ഏറ്റവും മികച്ചവരെനും സാമർത്ഥ്യക്കാരെന്നും” ഭാവിച്ചു. മുഴുവൻ ഞാൻ പറയേണ്ടതില്ല, അത് ലോകം മുഴുവൻ നാശം കൊണ്ടുവന്നു, ലാറ്റിൻഅമേരിക്കയിൽ ഏറ്റവും വലിയ ധ്വംസനങ്ങൾ ഉണ്ടായി. അതാണ് പാരനോയിയ ചെയ്തത്. അതാണ് പ്രമുഖബുദ്ധിജീവികൾ ചെയ്തത്. ശരിയാണ് Breitbart-ന്റെയും ഫോക്സ്ന്യൂസിന്റെയും പിന്നാലെ പോകുന്നവരിലും അത്തരത്തിൽ ചിലത് കാണാം. എന്നാൽ ആ മനോഭാവം അവരുടെ ഇടയിൽ മാത്രമുള്ള ഒന്നല്ല.

അന്ധവിശ്വാസം നിറഞ്ഞ Magical thinking വളരെ വളരെ പഴയതാണ്. എന്നാൽ അത് ഇക്കാലത്ത് കൂടിക്കൂടിവരുന്നതിന് സോഷ്യൽ മീഡിയയുടെ വളർച്ചയുമായി ബന്ധമുണ്ടോ?

ആദ്യം തന്നെ പറയട്ടെ, ഞാൻ പുറത്തുനിന്ന് ഇതിനെ നോക്കിക്കാണുന്ന ഒരാളാണ്. ഞാനവ ശ്രദ്ധിക്കാറില്ല, ഉപയോഗിക്കാറില്ല. പക്ഷേ ഞാൻ കാണുന്നതനുസരിച്ച് പറഞ്ഞാൽ സോഷ്യൽ മീഡിയ ഇരുതല മൂർച്ചയുള്ള ഒരു വാളാണ്. ആക്ടിവിസ്റ്റ് സംഘാടനങ്ങൾ ഇപ്പോൾ കൂടുതലായും സോഷ്യൽ മീഡിയ വഴിയാണ്. Black Lives Matter പോലെയുള്ള പലതും സംഘടിപ്പിക്കപ്പെടുന്നത് സോഷ്യൽ മീഡിയ വഴിയാണ്. എന്നാൽ QAnon, Proud Boys എന്നിങ്ങനെയുള്ള ദുഷിപ്പുകൾ  പലതും നിരവധിയായി സൃഷ്ടിക്കപ്പെടുന്നതും പടരുന്നതും അവിടെത്തന്നെയാണ്. നമ്മളെല്ലാം ഇന്റർനെറ്റിന്റെ ഒരു രീതിയനുസരിച്ച് നാം അത് ഉപയോഗിക്കവെ കൂടുതലായി ശ്രദ്ധിക്കുന്നതും കാണുന്നതും പരതുന്നതും നമ്മുടെ ബോധ്യങ്ങളെ കൂടുതലായി ഊട്ടിയുറപ്പിക്കുന്ന സോഴ്സുകളെയാണ്. അതത്ര നന്നല്ല. നമുക്ക് കൂടുതലായ  ആശയങ്ങളിലേയ്ക്കുള്ള തുറസ്സ് കിട്ടണം. നമ്മൾ വിശ്വസിക്കുന്നതിലേയ്ക്ക് നാം കൂടുതൽ കൂടുതൽ അടുക്കുന്നു – അത് സ്വാഭാവികമാണ്, അതിനൊപ്പം സോഷ്യൽ മീഡിയ ആ ഒരു രീതിയെ ഉട്ടിയുറപ്പിക്കുന്നുമുണ്ട്.  നല്ലതുമാണ്, ചീത്തയുമാണ്. മോശം കാര്യമെൻ വെച്ചാൽ നാം വിശ്വസിക്കുന്ന ആശയത്തെക്കുറിച്ചുള്ള കുമിളകളിലേയ്ക്ക് നാം കൂടുതൽ അടുക്കുന്നു, ആ വിശ്വാസങ്ങൾ ബലപ്പെടുന്നു. അല്പംകൂടിയൊക്കെ വിപുലമായ വിവരങ്ങൾ പങ്കുവയ്ക്കുന്ന മുഖ്യധാരാ സോഴ്സുകളിൽ നിന്നും കുറേക്കൂടി അരിച്ച്  നമുക്കാവശ്യമുള്ളവ മാത്രമാണ് ഫേസ്ബുക്ക് വഴിയൊക്കെ ലഭിക്കുന്നത്. ആ ഒരു രീതി അത്ര നന്നല്ല. കയ്യിലുള്ള മൊബൈലിലേക്ക് മാത്രം തല കുനിച്ച് നോക്കി നടക്കാതെ ഇങ്ങോട്ട് തലയുയർത്തി നോക്കൂ എന്ന മട്ടിലുള്ള ബോർഡുകളൊക്കെ ചില യൂണിവേഴ്സിറ്റികളിലൊക്കെ കാണാം. മറ്റുള്ളവരുമായി സംസാരിക്കുക, ചുറ്റുമുള്ളത് നിരീക്ഷിക്കുക. അതിനുപകരം സോഷ്യൽ മീഡിയയെ മാത്രം ആശ്രയിക്കുന്നത് സമൂഹത്തിനു അത്ര ഗുണകരമല്ലാത്ത സ്ഥിതിവിശേഷങ്ങളുണ്ടാക്കും.

സെൻസർഷിപ്പിന്റെ കാര്യമെടുത്താൽ, സോഷ്യൽ മീഡിയയിലെ ഗൂഢാലോചനാസിദ്ധാന്തങ്ങളുടെ വെബ്സൈറ്റുകൾ നിരോധിക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്. അത്തരമൊരു നടപടിയെക്കുറിച്ചുള്ള താങ്കളുടെ നിലപാടെന്താണ്?

ആ വാദം മനസ്സിലാകുന്നുണ്ട്, പക്ഷേ എന്റെ അഭിപ്രായത്തിൽ വളരെ കരുതലോടെ വേണം അതിനെ സമീപിക്കാൻ. ഒന്നാമതായി, അത്തരമൊരു നടപടി വേണ്ടവിധം ഫലപ്രദമാകുകയില്ല. നിരോധനത്തെ മറികടക്കാൻ നിരവധി വഴികളുണ്ട്, അവരത് വളരെ വേഗം തന്നെ കണ്ടെത്തും. “ഈ ലിബറൽ ഫാഷിസ്റ്റുകൾ ഞങ്ങൾ സത്യസന്ധരായ അമേരിക്കക്കാരെ തുടച്ചുനീക്കാൻ ശ്രമിക്കുകയാണ്” എന്ന വിശ്വാസത്തെ അത് ബലപ്പെടുത്തും. ഫലത്തിൽ അത്തരമൊരു നടപടി ഗൂഢാലോചനാസിദ്ധാങ്ങൾക്ക് കൂടുതൽ ഗുണകരമാകും.

അടുത്തത് തത്വസംഹിതയുടെ വിഷയമാണ്. ഭീകരാശയങ്ങളെ നേരിടാനുള്ള ശരിയായ വഴി അവയെ നിരോധിക്കലാണെന്ന് ഞാൻ കരുതുന്നില്ല. അവയെ തുറന്ന് കാട്ടുകയും എതിരിടുകയുമാണ് ചെയ്യേണ്ടത്. നമുക്ക് വേദി നിഷേധിക്കലിന്റെ (deplatforming) കാര്യം തന്നെയെടുക്കാം, ഭീകരാശയങ്ങളുടെ പ്രചാരകനെന്ന് നിങ്ങൾ കരുതുന്ന ഒരാൾ, യൂണിവേഴ്സിറ്റിയിലേക് ക്ഷണിക്കപ്പെടുന്നു. രണ്ട് രീതിയിൽ ഈ സാഹചര്യത്തെ സമീപിക്കാം. ഒന്നാമത്തേത്, അവരെ ക്യാമ്പസിൽ നിന്നും ഓടിക്കലാണ്, പുറത്താക്കലാണ്. അത് അവർക്കും വലതുപക്ഷത്തിനും ഗുണം മാത്രമാണ് ചെയ്യുക. നമ്മളത് പല തവണ കണ്ടിട്ടുണ്ട്. ഇവിടെ മറ്റൊരു സമീപനം സാധ്യമാണ്. അവരെ ക്യാമ്പസിലേക്ക് വരാൻ അനുവദിക്കുക, അവരുടെ പരിപാടിയിൽ വച്ചുതന്നെ അവരെ തുറന്നുകാട്ടുക, അവരുടെ വാദങ്ങളെ എതിർക്കുക, കഴിയുമെങ്കിൽ അവരെ നിങ്ങളുടെ പരിപാടികളിലേക്ക് ക്ഷണിക്കുക; അവർ വരില്ലായെന്നുറപ്പാണ്. അവരോട് ചോദ്യങ്ങളുയർത്തുക… അങ്ങനെ പലതും സാധ്യമാണ്. അത് ഉത്ബോധനമാണ്. അങ്ങനെയാവണം അവരെ ചെറുക്കേണ്ടത്. എനിക്ക് തോന്നുന്നത് നമുക്കതിനെ സാമാന്യവൽക്കരിക്കാമെന്നാണ് – സെൻസർഷിപ് ഡീപ്ലാറ്റ്ഫോമിങ്ങാണ്, വേദി നിഷേധിക്കലാണ്. മറ്റുള്ളവ തത്വത്തിലും ഒരുപക്ഷേ തന്ത്രപരമായും തെറ്റാണ്.

തെക്കൻ കോക്കസസ്സിലെ പ്രതിസന്ധിയെ അനിശ്ചിത ഭൂമികകൾ (unresolved geographies) എന്ന എഡ്വേഡ് സെയ്ദിന്റെ വിശേഷണത്തിന് ഒരുദാഹരണമായി നോക്കിക്കാണാവുന്നതാണ്, സാമ്രാജ്യത്ത ഭൂപടസൃഷ്ടാക്കളുടെ ഒരു പാരമ്പര്യമായി. സ്റ്റാലിൻ, 1920-ൽ ന്യൂനപക്ഷങ്ങളുടെ കമ്മിസാർ എന്ന പദവിയിലിരുന്നുകൊണ്ട്തുർക്കിയെ അനുനയിപ്പിക്കാനായി Nagorno  Karabakh  രണ്ട് അർമേനിയൻ ഭൂരിപക്ഷ പ്രദേശങ്ങൾ അസർബൈജന്  വിട്ടുകൊടുത്തു. പിന്നീട് തൊണ്ണൂറുകളിൽ സോവിയറ്റ് യൂണിയന്റെ പതനത്തോടെ പൊട്ടിപ്പുറപ്പെട്ട ആക്രമണത്തിൽ ഇരുപ്രദേശങ്ങളും അർമേനിയ കയ്യടക്കുന്നു. ശേഷം പലപ്പോഴും ഉരസലുകളുണ്ടായിട്ടുണ്ടെങ്കിലും ഈ സെപ്തംബർ 27-ന് തുർക്കിയുടെ പിന്തുണയോറ്റെ അസർബൈജാൻ ആരംഭിച്ച ആക്രമണംകാര്യങ്ങൾ വഷളായെന്നാണ് സൂചിപ്പിക്കുന്നത്. നമുക്ക് ലഭ്യമാകുന്ന വളരെ പരിമിതമായ റിപ്പോർട്ടുകൾ ചരിത്രപരമായ യാതൊരു പശ്ചാത്തലവും നൽകുന്നില്ല. ആക്രമണം പൊട്ടിപ്പുറപ്പെടുന്നുഅവർ പഴയ ശത്രുക്കളാണ്  അങ്ങനെയൊക്കെ മാത്രമാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ സംഘർഷത്തിന്റെ മൂലകാരണങ്ങൾ എന്തൊക്കെയാണ് ?

വളരെ സങ്കീർണ്ണമാണ് ഈ സംഘർഷത്തിന്റെ വേരുകൾ. താങ്കൾ പറഞ്ഞത് ശരിയാണ് – സ്റ്റാലിൻ അതിർത്തികൾ വരച്ചു. പക്ഷേ നമ്മളോർക്കണം, സ്റ്റാലിൻ മാത്രമല്ല അതിർത്തികൾ വരച്ചത്. ഫ്രഞ്ച് ബ്രിട്ടീഷ് സാമ്രാജ്യങ്ങൾ മധ്യപൂർവ്വേഷ്യയാകെ അതിർത്തികൾ വരച്ചത് അവരുടെ സൌകര്യാനുസരണം മാത്രമാണ്, ജനങ്ങളുടെ ആവശ്യങ്ങളും താല്പര്യങ്ങളും പാടേ അവഗണിച്ചുകൊണ്ട്. ആ പ്രദേശത്താകെ നിലനിൽക്കുന്ന രക്തരൂഷിതമായ സംഘർഷങ്ങളുടെ ഒരു പ്രധാനകാരണം അവരൊക്കെയാണ്.

നമുക്ക് ഇറാഖിന്റെ ഉദാഹരണം നോക്കാം. ഇറാഖിന് ചുറ്റും ബ്രിട്ടൺ വരച്ച അതിർത്തികൾ, ആ പ്രദേശത്തെ എണ്ണ ശ്രോതസ്സുകൾ മുഴുവൻ ബ്രിട്ടന്റെ അധീനതയിലാണെന്നും, തുർക്കിയുടെ, അന്നത്തെ ഓട്ടോമാൻ സാമ്രാജ്യത്തിന്റെ അധികാരപരിധിയിലല്ലെന്നും ഉറപ്പു വരുത്തി. പോരാതെ, ഇറാഖിന് ഗൾഫിലേക്കുള്ള പ്രവേശനം അസാധ്യമാക്കുവാൻ ഇറാഖിനും ഗൾഫിനുമിടയിൽ ബ്രിട്ടൺ കുവൈത്തിനെ സൃഷ്ടിക്കുകയും അധീനതയിൽ വയ്ക്കുകയും ചെയ്തു.

സിറിയ, ലെബനൻ, പലസ്തീൻ. സമാനമായ ചരിത്രം തന്നെ – ബ്രിട്ടീഷ്, ഫ്രെഞ്ച് സാമ്രാജ്യങ്ങൾ തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് വരച്ച അതിർത്തികൾ. ആഫ്രിക്കയിലുടനീളം നിങ്ങൾക്ക് നീളം വരകൾ കാണാം. എന്തുകൊണ്ട്? സാമ്രാജ്യശക്തികൾ അവരുടെ സ്വാർത്ഥതാല്പര്യങ്ങൾക്കായി ആഫ്രിക്കയെ തകർക്കുകയായിരുന്നു. നീചമായ ക്രൂരതകൾ. നമുക്കവയുടെ വിശദാംശങ്ങളിലേക്ക് കടക്കേണ്ടതില്ല. കാരണം, അവ ഇപ്പോഴും തുടരുന്നു, ഭീകരസാഹചര്യങ്ങളിൽ നിന്നും രക്ഷപ്പെട്ട് പലായനം ചെയ്യുന്ന മനുഷ്യർ മധ്യധരണ്യാഴിയിൽ മരിച്ചുവീഴുന്നത് നാം കാണുന്നു.

ഞാൻ പറഞ്ഞുവന്നത്, സ്റ്റാലിന് മാത്രമല്ല, എല്ലാ സാമ്രാജ്യത്തശക്തികൾക്കും ഇതിൽ പങ്കുണ്ട്.

അർമേനിയയുടെയും അസർബൈജാന്റെയും കാര്യമെടുത്താൽ, അതിനൊരു നീണ്ട ചരിത്രമുണ്ട്. അതു മുഴുവൻ നമിക്കിപ്പോൾ ചർച്ച ചെയ്യുക അസാധ്യമാണ്. പക്ഷേ ഇപ്പോഴുണ്ടായ ഈ പ്രതിസന്ധി ആരംഭിച്ചത് തുർക്കിയുടെ സഹായത്തോടെ അസർബൈജാൻ ഇസ്രയേലി ആയുധങ്ങൾ വരുത്തിത്തുടങ്ങിയതോടെയാണ്. Ben Gurion വിമാനത്താവള നിരീക്ഷകർ കാണുന്നത് നിരന്തരം പറക്കുന്ന റഷ്യൻ നിർമ്മിത ഇല്യൂഷിൻ ചരക്കുവിമാനങ്ങളെയാണ്. ഇസ്രയേലി ആയുധങ്ങൾ അസർബൈജാനിലെത്തിക്കുകയാണ് ഈ വിമാനങ്ങൾ – Nagorno – Karabakh കൊല്ലാൻ. അതെ, തീർച്ചയായും അവിടെ യുദ്ധസമാനമാണ്.

റഷ്യ രണ്ട് ഭാഗത്തുമുണ്ട്. ഇറാൻ അർമേനിയയെ പിന്തുണയ്ക്കുന്നു. വിചിത്രമാണ് ഈ ഇടപാടുകൾ. അവിടുത്തെ മനുഷ്യർ കടുത്ത ദുരിതത്തിലാണ്. അന്താരാഷ്ട്ര നയതന്ത്ര ഇടപെടൽ അടിയന്തിരമായി ആവശ്യമുണ്ട്.

അതിലെ പ്രധാനികളൊക്കെ ഏറ്റവും കുറഞ്ഞ ഭാഷയിൽ പറഞ്ഞാൽ, അത്ര നല്ല മനുഷ്യരല്ല. ടർക്കിയിലെ എർദോഗൻ ശ്രമിക്കുന്നത് അവിടെ ജനാധിപത്യത്തിന്റെ അവശേഷിക്കുന്ന മൂല്യങ്ങളൊക്കെ തകർത്ത് ഓട്ടോമാൻ കലിഫേറ്റ് പോലൊന്ന് സ്ഥാപിക്കുകയും അയാൾ അതിന്റെ ഏറ്റവും വലിയ നേതാവാകുന്നതിനും അയാളുടെ ശക്തി ആ രീതിയിൽ വർദ്ധിപ്പിക്കാനുമൊകെയാണ്. ഇസ്രയേലിന്റെ ഒരേ ഒരു താല്പര്യം ആയുധക്കച്ചവടമാണ്. ആരെയാണ് കൊല്ലുന്നതെന്നൊന്നും നോക്കാതെ ആർക്കുവേണമെങ്കിലും അവരത് വിൽക്കും. അവരുടെ സാമ്പത്തികരംഗം നിലനിൽക്കുന്നത് തന്നെ അങ്ങനെയാണ് – സുരക്ഷയും ആയുധക്കച്ചവടവും. ഞാനീ താമസിക്കുന്ന അതിർത്തിപ്രദേശത്ത് ഇസ്രയേലിന്റെയും അനുബന്ധ കോർപ്പറേറ്റുകളുടെയും സഹായത്തോടെ, Elbit Systems എന്ന പേരിൽ അതിശക്തമായ യുദ്ധസുരക്ഷാസന്നാഹങ്ങൾ കൊണ്ട് നിറച്ചുവച്ചിരിക്കുകയാണ്. ആക്രമോത്സുകമായ ശക്തികളാണ് മുഴുവൻ. അതിഭീകരമായ കൂട്ടക്കൊലകളിലേയ്ക്ക്, നിരവധി അന്താരാഷ്ട്രശക്തികൾ ഉൾപ്പെട്ടിരിക്കുന്നതുകൊണ്ട് ഒരു ലോകയുദ്ധത്തിലേയ്ക്ക് തന്നെ, ഇതെല്ലാം നീങ്ങുന്നതിനു മുൻപ് അന്താരാഷ്ട്രതലത്തിൽ ആരെങ്കിലും ഈ രംഗം ഒന്ന് ശാന്തമാക്കാൻ ഇടപെട്ടിരുന്നെങ്കിൽ എന്ന് ആശിക്കാനേ തൽക്കാലം കഴിയൂ.

അസർബൈജാനൊപ്പം അർമേനിയയ്ക്കെതിരെ പൊരുതാൻ ടർക്കി ഐസിസിൽ നിന്നും പോരാളികളെ ഏർപ്പാടാക്കുകയും അവർക്ക് കൂലി കൊടുക്കുന്നുമുണ്ട്.

അത് സത്യമാണ്. ടർക്കി ഏതാണ്ട് അതുതന്നെയാണ് ലിബിയയിലും ചെയ്യുന്നത്, ലിബിയ എർദോഗൻ തന്റെ ശക്തി പ്രകടിപ്പിക്കാനുള്ള സ്ഥലമായി കരുതുന്ന മറ്റൊരിടമാണ്.

ജനാധിപത്യവിരുദ്ധഭരണത്തെ താഴെയിറക്കിയ സമാധാനപരമായ ഒരു വിപ്ലവം നികോൾ പാഷ്നിയന്റെ നേതൃത്വത്തിൽ 2018-ൽ അർമേനിയിൽ നടന്നിരുന്നു. സോവിയറ്റാനന്തര രാഷ്ട്രങ്ങളിലൊന്നിൽ അത്തരത്തിലൊരു സമാധാനത്തിലൂന്നിയ വിപ്ലവം വിജയകരമായ പരിണമിച്ച അപൂർവ്വം സന്ദർഭങ്ങളിലൊന്നായിരുന്നു അർമേനിയയിലേത്. അത് അമേരിക്കയിൽ അത്രയൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.

ഞാൻ മനസ്സിലാക്കിയിടത്തോളം യു എസ്സിൽ അത് സംബന്ധിച്ച് വല്യ താല്പര്യമൊന്നും ആർക്കുമുണ്ടായിരുന്നില്ല. ശരിക്കും അതൊരു ജനാധിപത്യവിപ്ലവം തന്നെയായിരുന്നു. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഞാനേറെക്കുറേ അജ്ഞനാണ്.

എന്റെ പശ്ചാത്തലം അർമീനിയനാണെന്ന് താങ്കൾക്കറിയാമല്ലൊഞാനവിടെ പലവട്ടം പോയിട്ടുള്ളതുമാണ്. അതേകദേശമൊരു ദരിദ്രരാജ്യമാണ്. പല രാജ്യങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു, 3 ദശലക്ഷം മാത്രമുള്ള ചെറിയ ജനസംഖ്യ. ഞാൻ ചില ഗ്രാമങ്ങളിലേക് പോയപ്പോൾ ശ്രദ്ധിച്ചത് അവിടങ്ങളിൽ ചെറുപ്പക്കാരോ മദ്ധ്യവയസ്കരോ ആയ പുരുഷന്മാരെയൊന്നും കാണാനില്ലായെന്നതാണ്. എവിടെയാണവരെല്ലാം എന്നന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി തൊഴിലില്ലായ്മ മൂലം അവരെല്ലാം റഷ്യയിലേക്ക് പോയിരിക്കുന്നു എന്നാണ്. ഒരു കഷ്ടസ്ഥിതിയിലാണ് അർമീനിയ ഇപ്പോൾ.

ശരിയാണ്. അർമേനിയക്കാർ താമസിക്കുന്ന, എന്നാൽ മുഖ്യമായും അസർബൈജാന്റെ നിയന്ത്രണത്തിലുള്ള നഗോർണോ-കറബാക്ക് എന്നിവിടങ്ങളുമായി ബന്ധപെട്ടുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കുവാൻ നല്ലരീതിയിലുള്ള അന്താരാഷ്ട്രശ്രമങ്ങൾ ഉണ്ടാവേണ്ടതാണ്. അതത്ര എളുപ്പമായിരിക്കില്ല, എന്നാൽ കൂടിയാലോചനകൾ വഴി അത്തരത്തിലൊന്ന് സംഭവിച്ചാൽ ആ ഒരു രീതി മധ്യേഷ്യയിലും കോക്കസുകളിലും മദ്ധ്യപൂർവ്വേഷ്യയിലുമൊക്കെ നടപ്പിൽ വരുത്താൻ കഴിഞ്ഞേക്കും. എളുപ്പമല്ല.

വരുന്ന ഇലക്ഷനേക്കുറിച്ചും അതുമായി ബന്ധപ്പെട്ട ഭയാശങ്കകളിലേയ്ക്കും വീണ്ടും നോക്കാം. ഇലക്ഷൻ ദിനത്തിലും അതുകഴിഞ്ഞുള്ള ദിവസങ്ങളിലും എന്തായിരിക്കും സംഭവിക്കുകസമാധാനപരമായ ഒരു ഫലം ഉരുത്തിരിയുമോനമ്മളിങ്ങനെ ഭയം-സമാധാനം എന്നുള്ള പദങ്ങളൊക്കെ ഇലക്ഷനുമായി ബന്ധപ്പെട്ട് പങ്കുവയ്ക്കേണ്ടിവരുന്ന കാലമാണിതെന്നത് കൌതുകകരമാണ്. എങ്കിലും ചോദിക്കട്ടെസമാധാനപരമായിരിക്കുമോ അതിന്റെ ഫലശ്രുതി

അത്തരമൊരു ചോദ്യം ഉയരുന്നു എന്നതുതന്നെ ആശ്ചര്യജനകമാണ്. ചെറിയ ചിലതൊഴിച്ചുനിർത്തിയാൽ ബ്രിട്ടന്റെയും യു എസ്സിന്റെയും 350 കൊല്ലക്കാലത്തെ പാർലമെന്ററി ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ഇതുവരെ അങ്ങനെയുള്ള ചോദ്യങ്ങളുയർന്നിട്ടില്ല. അത്തരമൊരു ചോദ്യം താങ്കൾ മാത്രമല്ല, വ്യവസ്ഥയുടെ ഭാഗം തന്നെയായ വളരെ പ്രധാനപ്പെട്ട ആളുകൾ പോലും ഉന്നയിക്കുന്നു എന്നത് ഇക്കാലത്തെക്കുറിച്ചുള്ള സൂചനയാണ്. ചർച്ചചെയ്യപ്പെടുന്നതും കേൾക്കുന്നതുമായ കാര്യങ്ങൾ സങ്കൽപ്പത്തിനപ്പുറമാണ്.

വളരെ ശക്തമായ ഒരു ഉദാഹരണം പറയാം. പരക്കെ ബഹുമാനിക്കപ്പെടുന്ന, ഇപ്പോൾ റിട്ടയറായ രണ്ട് സീനിയർ മിലിട്ടറി കമാണ്ടർമാർ – ജോൺ നാഗെൽ, ലെഫ് കേണൽ പോൾ യിംഗ്ലിംഗ് എന്നിവർ സംയുക്തസേനാ മേധാവികളുടെ ചെയർമാനായ ജനറൽ മില്ലേയ്ക്ക് ഒരു തുറന്ന കത്ത് അയച്ചിരിക്കുന്നു. തെരഞ്ഞെടുപ്പിൽ തോറ്റതിനു ശേഷവും അധികാരമൊഴിയാൻ കൂട്ടാക്കാതെ സായുധസേനയുടെ സംരക്ഷണയോടെ തുടരാൻ “നിയമവിരുദ്ധനും അരാജകവാദിയുമായ” ഒരു പ്രസിഡന്റ് ശ്രമിച്ചാൽ അയാൾക്ക് കീഴ്പ്പെടാതെ ഭരണഘടനാപരമായ ചുമതലകൾ നിർവ്വഹിക്കണം എന്ന് അദ്ദേഹത്തെ ഓർമിപ്പിക്കാനാണ് അവർ ആ കത്തെഴുതിയത്. അത്തരത്തിലൊരു സാഹചര്യമുണ്ടായാൽ, സത്യപ്രതിജ്ഞ ചെയ്ത വിധം അകത്തുനിന്നുള്ളതോ ബാഹ്യമായതോ ആയ ഏതൊരു ശത്രുവിൽ നിന്നും ഭരണഘടനയെ സംരക്ഷിക്കാൻ അവർ ബാധ്യസ്ഥരാണെന്ന് ഓർമ്മിപ്പിക്കുകയാണ് അവർ. അവരുടെ ഭാഷയിൽ പറഞ്ഞാൽ ട്രമ്പ് സായുധസേനയെ ഉപയോഗിച്ച് അത്തരത്തിൽ ശ്രമിച്ചാൽ 82-ആം  Airborne ബ്രിഗാൻഡിനെ ഉപയോഗിച്ച് ട്രമ്പിന്റെ നീക്കങ്ങളെ പരാജയപ്പെടുത്തണമെന്നും ഓഫീസിൽ നിന്ന് പുറത്താക്കണമെന്നുമാണ്. ജനുവരി ഇരുപതിനു, തോറ്റ പ്രസിഡന്റായ ട്രമ്പ് ഓഫീസ് വിട്ടൊഴിയാൻ കൂട്ടാക്കിയാൽ അത്തരത്തിൽ നടപടികൾ സ്വീകരിച്ച് തങ്ങളുടെ ഭരണഘടനാപരമായ ചുമതല നിർവ്വഹിക്കണമെന്ന് സാരം.

ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്ന് ചോദിച്ചാൽ, എനിക്കറിയില്ല. അത് നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതല്ല. നമ്മുടെ സങ്കല്പം അത്രയ്ക്കൊന്നും വളർന്നിട്ടില്ലായിരിക്കും. ഏറ്റവും പ്രധാനമായത് ഏറ്റവും ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നവർ പോലും അത്തരത്തിലൊക്കെ കാര്യങ്ങൾ ഗൌരവമായിട്ടെടുക്കുന്നുവെന്നും ഇത്തരത്തിലൊക്കെ സംസാരിക്കുവെന്നുമുള്ളതാണ്. The Atlantic മാസികയുടെ പ്രധാനപ്പെട്ട ലേഖകനായ Barton Gellman ഈയിടെ എഴുതിയ ലേഖനം താങ്കൾ വായിച്ചുകാണും. അതിലദ്ദേഹം പറയുന്നത് ഈ പ്രസിഡന്റ് തോറ്റുകഴിഞ്ഞാലും ഏത് വിധേനയും തപാൽ വോട്ടുകളുടെ സാധുത തള്ളിക്കൊണ്ടും ഇലക്ഷനെത്തന്നെ നിരാകരിച്ചുകൊണ്ടും പലതരം നിയമസാധ്യതകൾ വഴിയും അയാളെ അധികാരത്തിൽ തന്നെ നിലനിർത്താൻ ട്രമ്പിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക്കൻ സംവിധാനം ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്. അത്തരത്തിൽ വന്നാൽ പിന്നീട് അത് സഭയുടെ പരിഗണനയ്ക്ക് വിടാൻ കഴിയും.

ചില സമയങ്ങളിൽ ഇത്തരത്തിലുള്ള ഒരു സാഹചര്യം വന്നാൽ അത് സഭയുടെ പരിഗണനയ്ക്ക് വിടാൻ കഴിയും. സെനറ്റിൽ ഡെമോക്രാറ്റുകൾക്കാണ് ഭൂരിപക്ഷം. ഭരണഘടന പ്രകാരം ഓരോ സംസ്ഥാനത്തിനും ഓരോ വോട്ട് വീതമുണ്ട്. നിലവിൽ 26 സംസ്ഥാനങ്ങളിൽ റിപ്പബ്ലിക്കൻ ഗവർണർമാരാണുള്ളത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അങ്ങനെവന്നാൽ അവർക്കും തോറ്റ പ്രസിഡന്റിനു വേണ്ടി സഭയിൽ വോട്ടുചെയ്യാൻ കഴിയും.

ഇലക്ഷന്റെ ഫലം വന്നുകഴിയുമ്പോൾ രണ്ട് സ്ഥാനാർത്ഥികൾ വന്ന്  “ഞാനാണ് പ്രസിഡന്റ്” എന്നു പറയുന്നു. അതിലൊരാളെ സായുധസേന സംരക്ഷണയിൽ. പിന്നെയെന്താണ് സംഭവിക്കുക? അതാണ് റിപ്പബ്ലിക്കൻ പാർട്ടി ആസൂത്രണം ചെയ്യുന്നത്. ട്രമ്പ് അതിന്റെ നേതാവാണ്, എന്നാൽ അയാൾ മാത്രമായിട്ടല്ല അത് ചെയ്യുന്നത്. ഗെൽമാന്റെ കുറിപ്പിൽ റിപ്പബ്ലിക്കൻ സെനറ്റർമാർ പ്രസിഡന്റിന്റെ കാൽച്ചുവട്ടിലെ സേവകരാണെന്ന് പറയുന്നുണ്ട്. തെറ്റില്ല. ദുഷിപ്പ് ട്രമ്പിലും ആഴത്തിലാണ്.

ട്രമ്പെന്ന ഈ ദുരന്തം സംഭവിച്ചില്ലായിരുന്നുവെങ്കിൽ കൂടി നാം ഗൌരവമായ ഒരു ഘരണഘടനാപ്രതിസന്ധി അഭിമുഖീകരിച്ചേനെ. പതിനെട്ടാം നൂറ്റാണ്ടിൽ ഭരണഘടന പുരോഗമനപരമായ ഒരു രേഖയായിരുന്നു. ഇന്നത് വളരെ പ്രതിലോമകരമായി മാറിയിട്ടുണ്ട്; നാം യൂറോപ്യൻ യൂണിയനിൽ ചേരാൻ തീരുമാനിക്കുനുവെന്നിരിക്കട്ടെ, ഇക്കാരണം പറഞ്ഞ് യൂറോപ്യൻ നീതിന്യായക്കോടതി അത് നിരാകരിക്കുന്ന സാഹചര്യമാണ് നിലവിൽ. അതുണ്ടായ കാലഘട്ടത്തിൽ പുരോഗമനപരമായിരുന്ന, എന്നാൽ ഇന്ന് അല്പമെങ്കിലും ജനാധിപത്യപരമായ ഒരു സമൂഹവും സ്വീകരിക്കാൻ വിമുഖത കാട്ടിയേക്കാവുന്ന ഒരു ഭരണഘടനയുടെ തടവുകാരാണ് നാം.

ഏറ്റവും ദുരന്തപൂർണ്ണമായത് സെനറ്റാണ്. ഓർക്കണം, സെനറ്റ് സ്ഥാപിച്ചത് ജെയിംസ് മാഡിസണാണ്. താനെന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. മറ്റ് ഭരണഘടനാനിർമ്മാതാക്കളെപ്പോലെ, അദ്ദേഹവും ജനാധിപത്യത്തെ ഭയപ്പെട്ടിരുന്നു. അദ്ദേഹത്തിന് ആ ഭയങ്ങളെ അഭിസംബോധന ചെയ്യണമായിരുന്നു, തടയണമായിരുന്നു. ഭരണഘടനാസംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കനുള്ള സമിതിയായിരിക്കണം സെനറ്റ് എന്നായിരുന്നു സങ്കൽപ്പം. സ്വത്തവകാശികളായ ജനങ്ങളെയും അവരുടെ അവകാശങ്ങളെയും മാനിക്കുന്ന, “രാഷ്ട്രത്തിന്റെ സമ്പത്ത്” എന്ന നിലയ്ക്കായിരിക്കണം അതിന്റെ സ്ഥാപനം എന്നായിരുന്നു അദ്ദേഹം വിചാരിച്ചിരുന്നത്. അങ്ങനെയുള്ളവരായിരിക്കണം രാജ്യത്തെ നടത്തേണ്ടത് എന്നായിരുന്നു. ആദ്യത്തെ ചീഫ് ജസ്റ്റിസായിരുന്ന ജോൺ ജേ പറഞ്ഞതുപോലെ, “രാജ്യം ആരുടേതാണോ, അവരായിരിക്കണം രാജ്യം ഭരിക്കേണ്ടത്” എന്നായിരുന്നു. അതാണ് ഭരണഘടനയുടെ തത്വസംഹിത. അത് തുടർന്നു. ഒരുപാട് പോരാട്ടങ്ങളുണ്ടായിട്ടുണ്ട്. ജനാധിപത്യത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പലവിധത്തിൽ നാം മറികടന്നുകൊണ്ടേയിരുന്നു, എന്നാൽ അവയിൽ പലതും ഇന്നും തുടരുന്നുണ്ട്.

വെറുതേ സെനറ്റിലേയ്ക്കൊന്ന് നോക്കുക. വ്യോമിങ്ങിൽ ഏകദേശം അര മില്യൺ ആളുകളുണ്ട്, വോട്ടുകൾ ഉള്ളത് രണ്ട്. നാല്പത് മില്യൺ ജനസംഖ്യയുള്ള കാലിഫോർണിയയ്ക്കും രണ്ട് വോട്ടാണ്. തങ്ങളുടെ പക്ഷത്തുള്ള ചെറിയ സംസ്ഥാനങ്ങളിൽ മാത്രമല്ല ജനസംഖ്യാനുപാതത്തിന്റെ ചില പ്രത്യേക തരത്തിലുള്ള ക്രമീകരണത്തിലൂടെ ഏകദേശം 15-20 ശതമാനം ആളുകളുടെ പിന്തുണയോടെ തന്നെ അധികാരശക്തി ഉറപ്പിക്കാൻ അവർക്ക് കഴിയുന്നു. പ്രായമായ, വെള്ളക്കാരായ, ക്രിസ്ത്യാനികളായ, തീവ്രമതനിലപാടുകളുള്ള, തോക്കുസ്നേഹികളായ, ഇവാഞ്ജലിക്കലായ ആളുകളുടെ പിന്തുണയോടെ. അത് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഒരു ന്യൂനപക്ഷമാണ്, എങ്കിലും അവർക്കിന്നും കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നുണ്ട്. ഇൻഗ്ങനെയൊരു ഭരണഘടനാക്രമം നിലനിൽക്കാൻ ബുദ്ധിമുട്ടാണ്.

പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന കണ്വെൻഷനുകളിലൊന്നും നമ്മൾ അഭിമുഖീകരിച്ചേക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വെല്ലുവിളിയായ ന്യൂക്ലിയർ യുദ്ധത്തെപ്പറ്റി ഒന്നും പറഞ്ഞ് കാണാത്തത് ജനാധിപത്യബോധത്തിന് നിരക്കാത്തതാണ്. പരിസ്ഥിതിനാശത്തെക്കുറിച്ച് ഒന്നും ചർച്ച ചെയ്യപ്പെട്ടില്ല. 10-20 വർഷങ്ങൾക്കകം അതിനു പരിഹാരം കണ്ടില്ലെങ്കിൽ നമ്മുടെ നിലനിൽപ്പ് അപകടത്തിലായേക്കും. അന്തരീക്ഷം മലിനപ്പെട്ടുകൊണ്ടേയിരിക്കുന്നു, വർദ്ധിച്ച അളവിൽ. അതേപ്പറ്റിയൊന്നും ഒന്നും ചെയ്യാൻ നാം തയ്യാറല്ല. ഏതെങ്കിലും തരത്തിലുള്ള ഒരു ജിയോ എഞ്ജിനീയറിംഗിലൂടെ എല്ലാം പരിഹരിക്കാമെന്ന് നാം വ്യാമോഹിക്കുന്നു. എന്നാൽ സമീപഭാവിയിലൊന്നും നമുക്ക് മുൻപിലുള്ള ദുരന്തത്തെ അങ്ങനെ പരിഹരിക്കാൻ സാധ്യമല്ല. എങ്ങനെയാണ് അവയെല്ലാം പരിഹരിക്കേണ്ടതെന്ന് നമുക്കറിയാം. എന്നാൽ കൊറോണയുടെ കാര്യം പോലെതന്നെ അറിയാം എന്നുള്ളതുകൊണ്ട് മാത്രം കാര്യമില്ല. ചെയ്യേണ്ടത് ചെയ്തേ പറ്റൂ.

അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഉപദേശകാര്യ സമിതി അംഗങ്ങള്‍ (Joint Chiefs of Staff) കോവിഡ് ക്വാറന്‍റീനിലാണ്. ഇലക്ടറല്‍ കോളജ് പോലെ അമേരിക്കന്‍ ജനാധിപത്യ സംവിധാനത്തിന്‍റെ മറ്റൊരു വിചിത്രതയാണല്ലോ, നവംബറിലെ ആദ്യത്തെ ചൊവ്വാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിനും ജാനുവരി ഇരുപതിന് നടക്കുന്ന അധികാരമേറ്റെടുക്കലിനും ഇടയിലുള്ള കാലതാമസം. ഏകദേശം മൂന്ന് മാസത്തെ ഇടവേള! ഈ കാലയളവില്‍ എന്തും സംഭവിക്കാം.

New York Times-ല്‍ പോള്‍ ക്രൂഗ്മാന്‍ എഴുതിയ ഒരു ലേഖനമുണ്ട്; ട്രമ്പ് തെരഞ്ഞെടുക്കപ്പെടാതിരുന്നാല്‍, അതിനുള്ള സാധ്യത വിദൂരമാണെങ്കിലും, സകലതും നശിപ്പിക്കാന്‍ അയാള്‍ക്ക് മൂന്നു മാസത്തെ സമയം ലഭിക്കും. പകപോക്കാന്‍ ഇക്കണോമിയെ മുഴുവന്‍ അയാള്‍ തകര്‍ത്തെന്നുവരാം. ട്രമ്പിനെതിരെയുള്ള Nagl-Yingling കത്തിലെ വെളിപ്പെടുത്തലുകള്‍ നമ്മളോര്‍ക്കണം. പ്രസിഡന്‍റ് സ്ഥാനം നഷ്ടപ്പെട്ടാല്‍ ഗുരുതരമായ ക്രിമിനല്‍ ചാർജ്ജുകളാകും അയാള്‍ നേരിടേണ്ടിവരിക. കടിച്ചുതൂങ്ങാന്‍ ട്രമ്പിന് വ്യക്തിപരമായ കാരണങ്ങളുണ്ടെന്നര്‍ഥം.

ട്രമ്പ് ടാക്സുകളൊന്നും അടച്ചിട്ടില്ലെന്നും ഏതാണ്ട് 400 മില്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ ബാധ്യതയുണ്ടെന്നും വെളിപ്പെടുത്തല്‍ വന്നിരുന്നു. അതെന്തായാലും, പ്രവചിച്ചതിലുമേറെ വേഗത്തില്‍ നമ്മളഭിമുഖീകരിക്കുന്ന പാരിസ്ഥിതികവിപത്തിലേക്ക് നമുക്ക് ശ്രദ്ധ തിരിക്കാം; കാട്ടുതീ, ചുഴലിക്കാറ്റുകള്‍, പ്രളയങ്ങള്‍, ആര്‍ക്ടിക്കിലെയും ഗ്രീന്‍ ലാന്‍റിലെയും മഞ്ഞുരുകല്‍… ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവുമുയര്‍ന്ന ചൂടായിരുന്നു സെപ്തംബറിലേത്. ഭൂമിയില്‍ അടയാളപ്പെടുത്തപ്പെട്ട ഏറ്റവുമുയര്‍ന്ന താപനിലയായിരുന്നു ഡെത് വാലിയില്‍- 130 ഡിഗ്രി ഫാരന്‍ഹീറ്റ്. അതായത് 54 ഡിഗ്രി സെല്‍ഷ്യസ്. നമ്മളൊരു ഭീകരമായ പാരിസ്ഥിതിക വിപത്തിലേക്ക് നീങ്ങുകയാണ്…

ഐക്യരാഷ്ട്ര സഭാ ഏജന്‍സിയായ IPCC യുടെ (Intergovernmental Panel on Climate Change) പ്രവചനങ്ങളെല്ലാം ആപല്‍സൂചന നല്‍കുന്നതിന് പകരം സംരക്ഷണത്തിലാണ് ഊന്നുന്നത്. പ്രഗത്ഭരായ മുന്‍നിര ശാസ്ത്രജ്ഞരാവട്ടെ, നമ്മള്‍ പരിഭ്രമിക്കേണ്ട സമയമായെന്ന് മുന്നറിയിപ്പ് നല്‍കുന്നു. പരിസ്ഥിതിനാശത്തിന്‍റെ കടുത്ത പ്രത്യാഘാതങ്ങളാണ് ഭാവിയിലാവുമുണ്ടാകുക. കടല്‍നിരപ്പ് ക്രമാതീതമായുയരുന്നത് പതിയെപ്പതിയെയാവും, നാളെയൊരു ദിവസംകൊണ്ടല്ല. താങ്കള്‍ സൂചിപ്പിച്ചതുപോലെ, ദുരന്തത്തിന്‍റെ പ്രാഥമികസൂചനകള്‍ തീര്‍ച്ചയായും നമ്മുടെ ചുറ്റിലുമുണ്ട്.  സാഹചര്യം കൂടുതല്‍ വഷളാകുകയാണ്. എത്രത്തോളം മോശമാകുമെന്ന് നമുക്കറിയില്ല. There is a margin of error. പക്ഷെ എല്ലാ ഗൗരവമുള്ള പഠനങ്ങളും പ്രവചിക്കുന്നത് വലിയ അപായമാണ്, ഒരുപക്ഷെ സംഘടിത മനുഷ്യജീവിതത്തിന്‍റെ അവസാനം പോലും സംഭവിക്കാം. നാളെയല്ല അതുണ്ടാവുക, ചിലപ്പോള്‍ ഈ നൂറ്റാണ്ടിനൊടുവില്‍, ഏറിപ്പോയാല്‍ രണ്ടുനൂറ്റാണ്ടിനുള്ളില്‍.

മനുഷ്യരാശിയുടെ ഭാവി നമ്മുടെ കയ്യിലാണ്. ഏറിയാല്‍ പത്തോ ഇരുപതോ വര്‍ഷങ്ങളുണ്ട് നമുക്ക് ഈ പ്രതിസന്ധി തരണം ചെയ്യാന്‍. അതിജീവനത്തിനാവശ്യമായ വിഭവങ്ങള്‍ നമുക്ക് ലഭ്യമാണ്. മസാച്ചുസെറ്റ്സ് സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്രജ്ഞനും എന്‍റെ പുസ്തകത്തിന്‍റെ സഹരചയിതാവുമായ റോബര്‍ട് കോളിന്‍സ് ഈ വിഷയത്തില്‍ ശ്രദ്ധേയവും സൂക്ഷ്മവുമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. പല പ്രവിശ്യകളും, ചില രാജ്യങ്ങളും അവ നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നു. ജി.ഡി.പി യുടെ രണ്ടോ മൂന്നോ ശതമാനം ഉപയോഗിച്ചാല്‍ പോലും കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കാമെന്നതിന് റോബര്‍ട് കോളിന്‍സ് ശക്തമായ തെളിവുകള്‍ നിരത്തുന്നുണ്ട്. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ജെഫ്രി സാച്ചിനെപ്പോലെയുള്ള വിശകലന വിദഗ്ധര്‍, അസദൃശമായ മാതൃകകള്‍ ഉപയോഗിച്ച് സമാനമായ കണക്കുകളിലേക്കെത്തുന്നുണ്ട്. ശരിയായ നടപടികള്‍, നമുക്ക് ലഭ്യമായതും പ്രായോഗികവുമായ നടപടികള്‍, ഇപ്പോള്‍ സ്വീകരിച്ചാല്‍ നാശത്തിലേക്കുള്ള ഈ കുതിപ്പിന് തടയിടാനാകും. ഏറ്റവും പ്രധാനപ്പെട്ട കാര്യം, കൂടുതല്‍ മെച്ചപ്പെട്ട ഒരു ലോകം; മെച്ചപ്പെട്ട സംവിധാനങ്ങളും, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും, മെച്ചപ്പെട്ട തൊഴിലുമുള്ള ഒരു ലോകം സൃഷ്ടിക്കാന്‍ സാധിക്കുമെന്നതാണ്.

ഇതൊക്കെയും നമ്മുടെ കൈപ്പിടിയിലൊതുങ്ങുന്ന കാര്യങ്ങളാണ്, കയ്യെത്തിക്കണമെന്നുമാത്രം. ഈ പാന്‍ഡമിക് അവസാനിപ്പിക്കുംപോലെയാണത്; സാധ്യമാണ്, അവസരം വിനിയോഗിച്ചില്ലെങ്കില്‍ അസാധ്യവും. ഇനിയും നാല് വര്‍ഷങ്ങള്‍ ട്രമ്പിനെ സഹിക്കേണ്ടിവന്നാല്‍കാര്യങ്ങള്‍ കൈവിട്ടുപോകും. അപരിഹാര്യമായ പ്രതിസന്ധികളിലേക്കാവും നാം എത്തിച്ചേരുക.

നമ്മളിവിടെ പരാമര്‍ശിക്കാത്ത ഒരു വിഷയത്തെക്കുറിച്ചുകൂടി എനിക്ക് സംസാരിക്കേണ്ടതുണ്ട്. ആണവയുദ്ധങ്ങളുടെ ഭീഷണി ഗുരുതരമായ പ്രശ്നമാണ്. ട്രമ്പ് തകര്‍ക്കാനുദ്ദേശിക്കുന്നവയിലൊന്നാണ് ആയുധ നിയന്ത്രണ വ്യവസ്ഥ. (Arms control regime). സത്യത്തിലങ്ങനെയൊന്ന് ഇല്ലാതായിക്കഴിഞ്ഞു. അയാളതിനെ ഇഞ്ചിഞ്ചായി ഇല്ലാതാക്കി. ഐസന്‍ഹോവര്‍ തുടങ്ങിവച്ചതും റീഗന്‍ കൂട്ടിച്ചേര്‍ത്തതുമായ നടപടികളെല്ലാം ഒന്നൊന്നായി തകര്‍ന്നുവീണിരിക്കുന്നു. അതിലവസാനത്തേതാണ് പുതിയ START കരാര്‍. കരാര്‍ പുതുക്കണമെന്ന റഷ്യയുടെ ആവശ്യത്തെ ബാലിശമായ കാരണങ്ങള്‍ നിരത്തി എതിര്‍ക്കുകയാണ് ട്രമ്പ് ഭരണകൂടം. ഫെബ്രുവരിയിലാണ് കരാര്‍ പുതുക്കേണ്ടുന്നത്, ഒരുപക്ഷേ നമ്മളേറെ വൈകിപ്പോയിരിക്കുന്നു. ആയുധനിയന്ത്രണം അപ്രത്യക്ഷമാകുന്നതോടെ, അപകടകാരികളായ പുത്തന്‍ ആയുധങ്ങളുടെ നിര്‍മാണം നമ്മളെ മാത്രമല്ല, ലോകത്തെയാകെ അപകടത്തിലാക്കുന്ന അവസ്ഥയാണ്.

ഇത്തരം വിഷയങ്ങളെ ഗൗരവമായി പരിഗണിക്കുന്നവര്‍, മുന്‍ പ്രതിരോധ സെക്രട്ടറി വില്യം പെറിയെപ്പോലെയുള്ളവര്‍, പറയുന്നത് ഈ ഭീഷണിയോട് പുലര്‍ത്തുന്ന നിസ്സംഗതയും കണ്ണടച്ചിരുട്ടാക്കലും അവരെ ഭയപ്പെടുത്തുന്നുവെന്നാണ്. Arms control വിഭാഗത്തിലെ രചനകള്‍ക്ക് പുറത്ത് ഒരു വാക്ക് പോലും ഈ വിഷയത്തെക്കുറിച്ച് കാണാന്‍ കഴിയില്ല. ഈ സംഗതികള്‍ ഒരു തീവണ്ടിപോലെ പാഞ്ഞടുക്കുകയാണ്. നമ്മളാവട്ടെ റെയില്‍പ്പാലത്തിലിരുന്ന് കളിക്കുകയും. ഇത് അവിശ്വസനീയമാണ്. ഭൗമാതീതശക്തികളുണ്ടോയെന്ന് ആളുകള്‍ ആലോചിക്കുന്നുണ്ട്. അത് സത്യമാണെങ്കില്‍, ഇവിടെ നടക്കുന്നതൊക്കെ അവര്‍ കാണുന്നുണ്ടെങ്കില്‍, അവര്‍ ഉറപ്പായും കരുതും മനുഷ്യവര്‍ഗത്തിന് മുഴുവട്ടാണെന്ന്. നമ്മള്‍ മുഴുഭ്രാന്തരായിട്ടില്ലെന്ന് കാട്ടാന്‍ വളരെക്കുറച്ച് സമയമേ ബാക്കിയുള്ളൂ. അതിന് സാധിച്ചില്ലെങ്കില്‍, നമ്മള്‍ നമ്മളെത്തന്നെ നശിപ്പിക്കും.

താങ്കള്‍ റോബര്‍ട് പോളിന്നെ പരാമര്‍ശിച്ചല്ലോ. നിങ്ങളൊന്നിച്ചെഴുതിയ പുതിയ പുസ്തകമാണല്ലോ Climate Crisis and the Global Green New Deal. ഗ്രാംഷിയുടെ പ്രശസ്തമായ ഒരു നിരീക്ഷണം താങ്കളാ പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട് : “the old is dying and the new cannot be born; in this interregnum, a great variety of morbid symptoms appear.” താങ്കള്‍ തുടര്‍ന്നെഴുതുന്നു, “പക്ഷെ അത്തരം അനാരോഗ്യകരമായ പ്രവണതകളെ ചെറുക്കുന്നുണ്ട് ഉയര്‍ന്നുവരുന്ന ക്ലൈമറ്റ് ആക്ടിവിസവും മറ്റുപല മുന്നേറ്റങ്ങളും. പുതിയത് ജനിച്ചിട്ടില്ല, പക്ഷെ സങ്കീര്‍ണമായ വഴികളില്‍ അതുരുത്തിരിയുന്നുണ്ട്, അത് ഏത് ആകൃതി സ്വീകരിക്കുമെന്ന് പറയുക ഇപ്പോളസാധ്യമാണ്.”

ഈ കാലഘട്ടം ആവശ്യപ്പെടുന്ന ആക്ടിവിസത്തെയും പൗര ഇടപെടലിനെയും മുന്‍നിര്‍ത്തിക്കൊണ്ട് ചോദിക്കട്ടെ, എങ്ങനെയാണ് നമ്മള്‍ “മുതലാളിത്ത യുക്തി” എന്ന് താങ്കള്‍ വിശേഷിപ്പിക്കുന്നതിനെ നിലയ്ക്ക് നിര്‍ത്തേണ്ടത് ?

നിങ്ങള്‍ക്കതിനെ പൂര്‍ണമായും പിടിച്ചുനിര്‍ത്താനാവില്ല. പക്ഷെ നിയന്ത്രിക്കാനാകും. നോക്കൂ ഇതൊരു രഹസ്യമല്ല. മുതലാളിത്തം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് സത്യത്തില്‍ ഒരുതരം ഭരണകൂട മുതലാളിത്തമാണ്. ഒരു രാജ്യവും മുതലാളിത്തത്തിലല്ല. ഒരു മുതലാളിത്ത സമൂഹം വളരെവേഗം സ്വയം നശിക്കുമെന്നതിനാല്‍ അത്തരമൊരു സമൂഹത്തിന് നിലവില്‍വരാനേ കഴിയില്ല. ബിസിനസ് അതിനനുവദിക്കുന്നില്ല. അതായത്, നിലനില്‍ക്കുന്ന എല്ലാ സമൂഹവും ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ സ്റ്റേറ്റ് കാപ്പിറ്റലിസമാണ്. അവ കൂടുതല്‍ ഉപദ്രവകരമാകാം, കൂടുതല്‍ ഉദാരവുമാകാം. നിലവിലെ സാഹചര്യത്തില്‍, അടുത്ത രണ്ട് പതിറ്റാണ്ടുകളില്‍ നമ്മളെന്തായാലും മുതലാളിത്ത സംവിധാനങ്ങളെ തോല്‍പ്പിക്കാന്‍ പോകുന്നില്ല.

എന്നാൽ നമുക്കവയെ കാര്യമായി മാറ്റാന്‍ കഴിയും. അത് സമ്പൂര്‍ണമായും സാധ്യമാണ്. ഉദാഹരണത്തിന്, നിലവില്‍ പരിഗണിക്കപ്പെടുന്ന കാര്‍ബണ്‍ ടാക്സിന് പകരം ഒരു പ്രധാനപ്പെട്ട കാര്‍ബണ്‍ നികുതി നടപ്പാക്കുക.  നികുതിപ്പണത്തിന്‍റെ എഴുപത്തഞ്ച് ശതമാനവും അര്‍ഹതപ്പെട്ട തൊഴിലാളികളിലെത്തുന്ന വിധത്തില്‍ ഒരു (redistributive) നികുതി. അങ്ങനെ ചെയ്താല്‍ ഫ്രാന്‍സിലെ “മഞ്ഞക്കുപ്പായം” (Yellow Vest protest) ഇവിടെ (അമേരിക്കയില്‍) ഉണ്ടാകില്ല. ഇന്ധന നികുതി ഉയര്‍ത്താന്‍ ശ്രമിച്ച മാക്രോണിന് ജനകീയ പ്രക്ഷോഭം നേരിടേണ്ടിവന്നു. അവരുടെ പരാതി ന്യായമായിരുന്നു, അവരാണ് ഈ നികുതി വര്‍ധനയുടെ ഇരകള്‍. ദരിദ്രരും തൊഴിലാളികളുമാണ് അവരുടെ വരുമാനത്തിന് തീരേ ആനുപാതികമല്ലാത്ത ഈ തുക അടയ്ക്കേണ്ടിവരുന്നത്. അവര്‍ക്ക് ഇളവാണ് നല്‍കേണ്ടത്, ഭാരമല്ല. അതുകൊണ്ട്, ഇങ്ങനെയൊരു കാര്‍ബണ്‍ ടാക്സല്ല നടപ്പാക്കേണ്ടത്, പൊളിറ്റിക്കലി കറക്ടും സാധ്യവുമായ ഒരു നികുതി സംവിധാനമാണ് വരേണ്ടത്; പരിസ്ഥിതിയെ നശിപ്പിക്കുന്നവരില്‍നിന്നും പിടിച്ചെടുക്കുകയും അര്‍ഹരിലേക്ക് വിതരണം നടത്തപ്പെടുകയും ചെയ്യുന്ന നികുതി.

നമ്മുടെ പ്രജ്ഞയെ നമ്മള്‍ മാറ്റേണ്ടതുണ്ട്. ഞാന്‍ ഇന്നത്തെ ന്യൂയോര്‍ക് ടൈംസ് കണ്ടിരുന്നു. അതിലൊരു ലേഖനമുണ്ട് – ലക്ഷക്കണക്കിന് ലേഖനങ്ങളിലൊന്ന്- നമ്മള്‍ ദിവസവും കാണുന്നവപോലെ- കിഴക്കന്‍ മെഡിറ്ററേനിയനിലെ വിസ്മയകരമായ പുതിയ വികാസങ്ങളെക്കുറിച്ച്. ഷെവ്റോണ്‍ (Chevron-American multinational corporation) ഒരു ചെറിയ കമ്പനിയെ വിലയ്ക്ക് വാങ്ങിയിരിക്കുന്നു. ഇനിയവര്‍ക്ക് ഇസ്രയേലിന്‍റേതെന്ന് അവര്‍ വിളിക്കുന്ന പലസ്തീനിന്‍റെ എണ്ണശ്രോതസ്സുകളെ സ്വതന്ത്രമായി ചൂഷണം ചെയ്ത് വിഷം വമിപ്പിക്കാം. ഉന്മാദം. എത്ര വിസ്മയകരമാണിത്. നമുക്ക് അന്തരീക്ഷ നശീകരണം വേഗത്തിലാക്കാന്‍ സാധിക്കുന്നു. നമ്മളത് ദിവസവും കാണുന്നു. എന്ത് സന്ദേശമാണിത് മനുഷ്യര്‍ക്ക് നല്‍കുന്നത്?

ലിബറൽ ബുദ്ധിജീവികളിൽ അത്തരത്തിലൊരു അവബോധമുണ്ടാക്കിയാൽ ഇത്തരം സ്ഥിതിവിശേഷങ്ങളെയൊക്കെ നമുക്ക് മറികടക്കാം. ഫോസിൽ ഇന്ധനവ്യവസായങ്ങളെ ദേശസാൽക്കരിക്കുകയല്ല, അവയെ ഏറ്റെടുക്കാം. ദേശസാൽക്കാരിക്കപ്പെട്ട എണ്ണവ്യവസായം സൌദി അറേബ്യയിലൊക്കെയാണുള്ളത്. സ്വകാര്യമേഖലയിലും മോശമായത്. പകരം അവയെ സാമൂഹ്യവൽക്കരിക്കുക. തൊഴിലാളികൾക്ക് ഏൽപ്പിച്ചുകൊടുക്കുക. എണ്ണക്കമ്പനികൾ ഖനനശേഷം തുറന്നുതന്നെ ഇട്ടിരിക്കുന്ന എണ്ണക്കിണറുകൾ അവർക്ക് പ്രശ്നമല്ലായിരിക്കാം, എന്നാൽ നമുക്കവ ദോഷമാണ്. അങ്ങനെയുള്ള, ചെയ്യാനുള്ള കാര്യങ്ങൾ അവരെ, തൊഴിലാളികൾക്ക് ഏൽപ്പിച്ചുകൊടുക്കുക, സുസ്ഥിരമായ ഊർജ്ജശ്രോതസ്സുകളിലേയ്ക്ക് പതിയെ ചുവടുമാറ്റാൻ ആവശ്യപ്പെടുക. നാൽപ്പത് വർഷം മുൻപുണ്ടായ പാരിസ്ഥിതികമുന്നേറ്റത്തിലെ ഏറ്റവും ശക്തമായ സാന്നിദ്ധ്യം ടോണി മാസോച്ചിയുടെ നേതൃത്വത്തിലുണ്ടായിരുന്ന എണ്ണ- രാസ- അറ്റോമിക തൊഴിലാളി യൂണിയനായിരുന്നുവെന്നത് നാം ഓർക്കണം. തൊഴിലാളികളാണ് ഇപ്പറഞ്ഞ നാശം വിതയ്ക്കുന്ന, പരിസ്ഥിതിയെ മലിനപ്പെടുത്തുന്ന പദാർത്ഥങ്ങളുടെ നിർമ്മാണത്താൽ ഏറ്റവും കൂടുതൽ വലയുന്നത്. മാസോചിയുടെ പിന്നിൽ തൊഴിലാളിയൂണിയൻ അതിനെതിരെ അണിനിരന്നു. അത് ഇനിയും സൃഷ്ടിക്കാൻ കഴിയും. എണ്ണവ്യവസായത്തിൽ വരെ, പതിയെ പതിയെ ഈ പോക്ക് അവസാനിപ്പിച്ചുകൊണ്ട്, ഇന്നല്ലെങ്കിൽ അരനൂറ്റാണ്ടോടെ, പതിയെ ഉത്പാദനം കുറച്ചുകൊണ്ട് കൂടുതൽ സുസ്ഥിരമായ, ലാഭകരമായ, പരിസ്ഥിതിസൌഹാർദ്ദ ഉർജ്ജശ്രോതസ്സുകളിലേയ്ക്ക് ചുവടുമാറ്റാൻ നമുക്ക് കഴിയും. എണ്ണത്തിൽ കുറവാണെങ്കിലും എണ്ണ-പെട്രോളിയം തൊഴിലാളികൾക്ക് ഇതിന്റെ മുൻനിരയിൽ നിൽക്കാൻ കഴിയും.

നമ്മുടെ ശ്രദ്ധ പതിയേണ്ടതായ, മുന്നോട്ട് പോകേണ്ടതായ പല മേഖലകളുമുണ്ട്. ഓട്ടോമൊബൈൽ വ്യവസായം നോക്കുക. വലിച്ചുവാരി ഹൈവേകൾ പണിയാതെ, ട്രാഫിക് ജാമുകളും ട്രമ്പ് അനുവദിച്ചുതരുന്ന തരത്തിൽ കൂടുതൽ അന്തരീക്ഷമാലിന്യങ്ങളും ഉത്പാദിപ്പിക്കുന്ന റോഡുകൾ പണിയുന്നതിനു പകരം വാഹനമേഖലയിലെ തൊഴിലാളികളെക്കൊണ്ട് കൂടുതൽ ഫലപ്രദമായ ബഹുജന ഗതാഗതസംവിധാനങ്ങൾ ഒരുക്കുക. അത് പരിസ്ഥിതിയെ മാത്രമല്ല സഹായിക്കുക. അതൊരു മെച്ചപ്പെട്ട ജീവിതമായിരിക്കും. ജോലിക്കായി ഒരു ബഹുജനഗതാഗതസംവിധാനത്തിൽ ഇരുന്ന് യാത്ര ചെയ്യുന്നതും  അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന ട്രാഫിക് ജാമുകളിൽ യാത്ര ചെയ്യുന്നതും തമ്മിൽ വളരെ വ്യത്യാസമുണ്ട്. ആനന്ദഭരിതമായിരിക്കും ആ യാത്രകൾ. ഫോസിൽ ഇന്ധനങ്ങൾ കത്തിച്ചുകളയുന്നതിനു പകരം വീടുകൾ ഇൻസുലേറ്റ് ചെയ്ത്, സൌരോർജ്ജത്തിലേയ്ക്ക് മാറാൻ കഴിയണം. പണം ലാഭിക്കാൻ മാത്രമല്ല, ആനന്ദകരമായ ഒരു ജീവിതത്തിനും അതുതകും. പരിസ്ഥിതിയും സംരക്ഷിക്കപ്പെടും.

നമുക്ക് അനേകം കാര്യങ്ങളാണ് ചെയ്യാൻ കഴിയുക. വ്യക്തിപരമായി, സംസ്ഥാനാധിഷ്ഠിതമായി, തദ്ദേശീയമായി, അന്താരാഷ്ട്രപരമായി.. ഒരു അന്താരാഷ്ട്രശ്രമം എന്തുതന്നെയായാലും ഉണ്ടാകണം. ആഗോളതാപനത്തിന് അതിർത്തികളില്ല.

ഭാവിയിൽ അന്തരീക്ഷമലിനീകരണത്തിന്റെ പകുതിയിലേറെയും വരാൻ പോകുന്നത് നാം വികസ്വരരാജ്യങ്ങളെന്നു വിളിക്കുന്ന ദരിദ്രസമൂഹങ്ങളിൽ നിന്നായിരിക്കുമെന്നത് നാം ഓർക്കണം. അവർക്ക് സഹായം വേണം. കൂടുതൽ ഫലപ്രദവും ലാഭകരവും പ്രയോജനകരവും സുസ്ഥിരവുമായ ഊർജ്ജശ്രോതസ്സുകളിലേയ്ക്ക് മാറാനുള്ള സഹായം അവർക്കാവശ്യമുണ്ട്. പാരിസ് ഉടമ്പടിച്ചർച്ചകളിൽ, അത്രയൊന്നും പോരെങ്കിൽ തന്നെയും, വികസ്വരരാജ്യങ്ങൾക്ക് സുസ്ഥിര ഊർജ്ജശ്രോതസ്സുകളിലേയ്ക്ക് മാറാനുള്ള സഹായം നൽകുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങളുണ്ടായിരുന്നു. റിപ്പബ്ലിക്കർക്ക് പൊതുവേ അത് സ്വീകാര്യമല്ല. ട്രമ്പ് ആ തീരുമാനത്തെ കൊന്ന് കളഞ്ഞു. നമ്മളെയോ ലോകത്തെയോ രക്ഷിക്കാൻ ആരെങ്കിലും ശ്രമിക്കുന്നുവെങ്കിൽ അത് അനുവദിക്കാൻ കഴിയില്ല. അതാണ് നിലപാട്.

ഈ പക നിറഞ്ഞ, വിരോധം മുറ്റിയ നിലപാടുകളെ നാം മറികടക്കണം. എല്ലാ തലങ്ങളിലും, ഒരു വ്യക്തി ഒരു LED ലൈറ്റ് സ്ഥാപിക്കുന്നതു മുതൽ ആ ശ്രമങ്ങളുണ്ടാകണം. ഫെഡറൽ ഗവണ്മെന്റിന്റെ ഉത്തരവാദിത്തം ഇതിൽ വളരെ പ്രധാനമുള്ളതാണ്. എല്ലാം നമ്മുടെ കൈകളിലാണ്. അതിനായൊരു വലിയ സാമൂഹ്യവിപ്ലവമൊന്നും ആവശ്യമില്ല. വളരെ സാരമായ ഒരു വ്യവസ്ഥാവിപ്ലവം ഇല്ലാതെ തന്നെ അതിനായുള്ള ഉപായങ്ങളൊക്കെ നമ്മുടെ കൈപ്പിടിയിലുണ്ട്.

ഞാൻ കരുതുന്നത്, ഈ മുതലാളിത്തവ്യ്‌വവസ്ഥയുടെ ന്യൂനതകളെ നാം മറികടക്കണമെന്നാണ്. അതിനെ പകരം വച്ചുകൊണ്ടല്ല, അതിനെ മെച്ചെപ്പെടുത്തിക്കൊണ്ട്. രണ്ടും ഒരേസമയം ചെയ്യണം. എന്നാൽ നമ്മുടെ നിലനിൽപ്പിനുള്ള ഏറ്റവും വലിയ ഭീഷണികളായ ആഗോളതാപനം, ന്യൂക്ലിയർ യുദ്ധം, പകർച്ചവ്യാധികൾ എന്നിവയെ മറികടക്കേണ്ടത് നിലവിലുള്ള വ്യവസ്ഥയുടെ ഘടനയ്ക്കുള്ളിൽ നിന്നുകൊണ്ടുതന്നെയാകണം. നമുക്ക് സാഹചര്യത്തെ മെച്ചപ്പെടുത്തണം. എന്നാൽ വളരെയെളുപ്പം സാധ്യമായ ഒരു സമയക്രമത്തിൽ അത് ചെയ്യാൻ കഴിഞ്ഞില്ലെന്ന് വരാം. ജീവിതം പക്ഷേ അങ്ങനെയൊക്കെയാണ്. നമുക്ക് വേണ്ടതെല്ലാം ഉടനടി ലഭിക്കണമെന്നില്ല. ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ളപ്പോൾ ചെയ്യാൻ കഴിയുന്നത് ഏറ്റവും ഭംഗിയായി ചെയ്യുക.

റോളിംഗ് സ്റ്റോണിന്റെ പാട്ടുപോലെ. You cant always get what you want, But if you try sometimes you find, You get what you need. (നിങ്ങൾക്ക് വേണ്ടത് എപ്പോഴും കിട്ടണമെന്നില്ല. പക്ഷേ ശ്രമിച്ചാൽ ചിലപ്പോൾ നിങ്ങൾ കണ്ടെത്തിയേക്കും, നിങ്ങൾക്ക് വേണ്ടത് ലഭിക്കും.) അരിസോണ യൂണിവേഴ്സിറ്റിയിലെ സഹപ്രവർത്തകനായ മാർവ് വട്ടർസ്റ്റോണിനൊപ്പം എഴുതിയ വരാനിരിക്കുന്ന Consequences of Capitalism എന്ന പുസ്തകത്തിൽ അത്തരത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളെക്കുറിച്ച് താങ്കൾ വിശദമാക്കുന്നുണ്ട്.

താങ്കളോട് ചോദിക്കാന്‍ ആളുകള്‍ എന്നോടാവശ്യപ്പെട്ട വളരെ ഗൗരവമുള്ള ചോദ്യം ചോദിച്ചുകൊണ്ട് ഞാന്‍ അവസാനിപ്പിക്കട്ടെ : താങ്കളുടെ പട്ടികളുടെ പേരുകളെന്താണ്? സുപ്രധാനമായ ചോദ്യം: അവര്‍ താങ്കളുടെ രാഷ്ട്രീയ നിലപാടുകള്‍ പങ്കിടുന്നുണ്ടോ?

നിര്‍ഭാഗ്യവശാല്‍ എനിക്കവരുടെ പേരുകള്‍ പറയാന്‍ കഴിയില്ല. അവരിപ്പൊ എന്‍റെ മേശയ്ക്കടിയിലാണ്. പേര് പറഞ്ഞാല്‍ അവരീ വാതില്‍ക്കലേക്കോടിപ്പാഞ്ഞ് വരും. അക്ഷരങ്ങളായി പറയാമെന്ന് വെച്ചാല്‍ അതും നടക്കില്ല, അവര്‍ അക്ഷരം പഠിച്ചുകഴിഞ്ഞു. രഹസ്യകോഡില്‍ വെളിവാക്കാം എന്നെങ്കിലും.

അവരുടെ രാഷ്ട്രീയം?

അവരുടെ രാഷ്ട്രീയം… ഞാനിതുവരെ അക്കാര്യം അവരോട് ചോദിച്ചിട്ടില്ല. പക്ഷെ എന്‍റെ അറ്റമില്ലാത്ത അഭിമുഖങ്ങള്‍ അവര്‍ നിശ്ശബ്ദമായി സഹിക്കുന്നുണ്ട്. അതിനര്‍ഥം അവര്‍ക്ക് വലിയ വിയോജിപ്പുകളില്ലെന്നാവണം!
———————————————–
കടപ്പാട്: ആൾടർനേറ്റീവ് റേഡിയോ, ഡേവിഡ്  ബർസാമിയൻ, www.alternativeradio.org
സമ്പാദനം: ജേയ്ക്ക് ജോസഫ്
വിവർത്തനം: അരുന്ധതി, സ്വാതി ജോർജ്ജ്
English original of this article can be read here.

Comments

comments