സുഗമ, സരള, പ്രാഥമിക് തുടങ്ങിയ
ഹിന്ദിപ്പരീക്ഷകൾക്കുതകുന്ന
ഒരു സൌജന്യപ്പുസ്തകം തരാമെന്ന്
ജനാർദ്ദനൻ മാഷ് പറഞ്ഞു
നൂറു രൂപ അടക്കണം.
അപ്പോൾ
സൌജന്യം എന്നത്
പുസ്തകത്തിന്റെ പേരാണോ മാഷേ?

അന്നെനിക്കു കിട്ടിയ അടിക്ക്
കണക്കില്ല.
ചന്തി, തുട, നടുപ്പൊറം....
ചോദ്യചിഹ്നം പോലെ
ക്ലാസിൽ ഞാൻ പുളഞ്ഞു.

പാവം മാഷ്.
അടികൊള്ളാൻ സാധ്യതയുള്ള
ഒരിടത്തുമല്ലല്ലോ
നാം നമ്മുടെ ചോദ്യങ്ങളെ
ഒളിപ്പിച്ചുവെച്ചിരിക്കുന്നത് !

പ്രമോദ്‌. കെ.എം


കേരളത്തിലെ യുവകവികളിൽ ശ്രദ്ധേയൻ.
"കപ്പൻ" എന്ന കവിതയ്ക്ക് നവമലയാളി
കവിതാപുരസ്കാരം ലഭിച്ചു

Comments

comments