ചൈന വിവിധ ഭക്ഷ്യോപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ പല രാജ്യങ്ങളും ആയി തലങ്ങും വിലങ്ങും കരാറിൽ ഏർപ്പെടുന്നുവെന്ന വാർത്തകൾ കുറച്ച് നാളായി പൊതു മാധ്യമങ്ങൾ ചർച്ച ചെയ്യുന്നു. ഭക്ഷ്യക്ഷാമം മുന്നിൽ കണ്ടാണ് ചൈനീസ് സർക്കാരിന്റെ ഈ നടപടി. ലോകത്തിലെ 18.5 ശതമാനം ജനസംഖ്യയും, 8.8 ശതമാനം കൃഷിയോഗ്യമായ കരഭൂമിയും ഉള്ള ചൈനയുടെ ദീർഘവീക്ഷണത്തോടെയുള്ള തീരുമാനമായി ഇതിനെ കാണുമ്പോൾ, ലോകരാജ്യങ്ങളിൽ ഇതിന്റെ പ്രതിഫലനം, പ്രത്യേകിച്ചും 17.8 ശതമാനം ലോകജനസംഖ്യയും 9.2 ശതമാനം കൃഷിഭൂമിയും ഉള്ള ഇന്ത്യയിൽ, എന്തായിരിക്കും എന്ന് നോക്കേണ്ടത് അത്യാവശ്യം ആണ്. 2020 സെപ്റ്റംബർ മാസത്തിൽ നടപ്പിൽ വന്ന മൂന്ന് കാർഷിക നിയമങ്ങൾ ഇന്ത്യയിലെ കർഷകനെ കുറിച്ച് കേന്ദ്ര സർക്കാർ തീർത്തും അജ്ഞർ ആണെന്നും, അവന്റെ വരുമാനം ഇരട്ടിയാക്കിയാക്കാൻ വിപണിക്ക് വിടുന്നതാണ് നല്ലതെന്നു തീരുമാനിക്കുന്ന ഭരണകൂടത്തിന് കാർഷിക മേഖലയുടെ പ്രാധാന്യം എന്താണെന്നും ഇനിയും അറിയില്ല എന്നുമാണ് കാണിക്കുന്നത്. ഇന്ത്യൻ കാർഷിക മേഖലയുടെ പ്രശ്നങ്ങൾ പഠിച്ച സ്വാമിനാഥൻ കമ്മീഷനനടക്കമുള്ള ഒരു പിടി കമ്മീഷനുകളും കമ്മിറ്റികളും മുൻപോട്ട് വെയ്ക്കുന്ന നിർദ്ദേശങ്ങളെ വളച്ചൊടിച്ച് ഭരണകൂടങ്ങൾ തങ്ങൾക്ക് തോന്നുന്ന രീതിയിൽ പ്രശ്ന പരിഹാരങ്ങൾ നടത്തുമ്പോൾ അടിസ്ഥാനപരമായി അത് വൻകിട കോർപറേറ്റുകൾക്ക് അനുകൂലമാകുന്നത് എന്ത്കൊണ്ട് എന്ന് ചിന്തിക്കുന്നതിനൊപ്പം ഈ സാഹചര്യത്തിൽ ഒരു ഭക്ഷ്യക്ഷാമം വന്നാൽ ഇന്ത്യക്ക് പിടിച്ച് നിൽക്കാൻ സാധിക്കുമോ എന്ന് കൂടി ചർച്ച ചെയ്യണം.

ചൈന ഭക്ഷ്യവസ്തുക്കൾ സ്വരൂപിക്കുന്ന വാർത്തകളെ ഇന്ത്യൻ മാധ്യമവും സോഷ്യൽ മീഡിയയും കണ്ടത് ചൈനയുടെ രൂക്ഷമാവുന്ന സാമ്പത്തിക പ്രതിസന്ധി മാത്രമായിട്ടാണ്. ചൈന നൽകുന്ന സാമ്പത്തിക തിരിച്ചു വരവ് വാർത്തകൾ കള്ളമാണ് എന്ന് സ്ഥാപിക്കാനാണ് മാധ്യമങ്ങൾ പൊതുവെ ശ്രമിക്കുന്നത്. എന്നാൽ സജ്ജീവം (aggressive) ആയി ചൈന ഭക്ഷ്യവസ്തുക്കൾ സ്വരൂപിക്കുമ്പോൾ അത് മറ്റിടങ്ങളിൽ ഭക്ഷ്യലഭ്യത കുറയ്ക്കും എന്നും പണപ്പെരുപ്പം രണ്ട് ഡിജിറ്റലിനു മുകളിൽ പോകാൻ അധികം സമയം വേണ്ടാ എന്നും മനസിലാക്കാനുള്ള സാമാന്യയുക്തി പോലും ഒട്ടുമിക്ക അനലിസ്റ്റുകൾ കാണിക്കുന്നില്ല. ലോക ഭക്ഷ്യസുസ്ഥിരത റാങ്കിങ്ങിൽ ചൈന 23ആം സ്ഥാനത്ത് നില്‍ക്കുമ്പോൾ ഇന്ത്യ 33ആം സ്ഥാനത്ത് ആണ്. മാത്രമല്ല, ചൈനയിൽ അഞ്ച് വയസിന് താഴെയുള്ള 8 ശതമാനം കുട്ടികളിൽ പോഷകാഹാരക്കുറവ് രേഖപ്പെടുത്തുമ്പോൾ, അത് ഇന്ത്യയിൽ 38 ശതമാനം ആണ്. അതേപോലെ ഇന്ത്യയിലെ 51 ശതമാനം സ്ത്രീകൾ വിളർച്ച ബാധിച്ചവർ (anemiac) ആകുമ്പോൾ അത്, 10 ശതമാനം മാത്രമാണ് ചൈനയിൽ. ചുരുക്കത്തിൽ പോഷകാഹാര കുറവ് ഒരു വലിയ പ്രശ്‌നമായ രാജ്യം ആണ് ഇന്ത്യ. ഭക്ഷണത്തിന്റെ ലഭ്യത ഇനിയും കുറഞ്ഞാൽ അത് ഉണ്ടാക്കാവുന്ന സാമ്പത്തിക-രാഷ്ട്രീയ-ആരോഗ്യ പ്രതിസന്ധികൾ അനിർവ്വചനീയം ആണ്.

ഇവിടെ ചില കാര്യങ്ങൾ ഓർക്കുന്നത് നല്ലതാണ്. ഇന്ത്യയും ചൈനയും മുഖ്യ ആഹാരം ആയ ധാന്യങ്ങളുടെ ഉത്പ്പാദനത്തിലും ഉപഭോഗത്തിലും 1:1 എന്ന നിരക്ക് നേടിയിട്ടുണ്ട്. ഇന്ത്യ ഒരു മുഖ്യാഹാരം ആയ അരിയുടെ ലോകത്തിലെ ഏറ്റവും വലിയ ഉത്പ്പാദകരും കയറ്റുമതിക്കാരും ആണ്. അരിയുടെ മൊത്തം കയറ്റുമതിയുടെ 22 ശതമാനം ഇന്ത്യയിൽ നിന്നായപ്പോൾ, ചൈനയുടേത് ഷെയർ 6.8 ശതമാനം ആയിരുന്നു 2018 ൽ. ഭക്ഷ്യ ക്ഷാമം തീവ്രമായി അനുഭവിച്ച ഒരു രാജ്യമാണ് ഇന്ത്യ. സ്വാതന്ത്രാനന്തര ഇന്ത്യയുടെ പരമപ്രധാന അജണ്ട ആയിരുന്നു കാർഷിക വികസനം. ആദ്യത്തെ മൂന്ന് പഞ്ചവത്സര പദ്ധതികൾ (ഒന്ന്, മൂന്ന്, നാല്) കാർഷിക വികസനം ലക്ഷ്യമാക്കിയവ ആയിരുന്നു. ഭക്ഷ്യോത്പാദനത്തിൽ സ്വയം പര്യാപ്‌തത നേടുന്നതിനായാണ് 1966ൽ ഹരിത വിപ്ലവം എന്ന പേരിൽ കാർഷിക വികസന പദ്ധതി തുടങ്ങിയത് തന്നെ. തത്‌ഫലമായി അരിയടക്കമുള്ള പല കാർഷിക വിളകളുടെ ഉത്പാദനത്തിന്റെ കാര്യത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യ എത്തി. കോവിഡിനെ തുടർന്ന് ഇന്ത്യ നടപ്പിലാക്കിയ ലോക്ക്ഡൌണ്‍ സാമ്പത്തിക വ്യവസ്ഥയെ നിശ്ചലമാക്കിയപ്പോൾ, 2020-21 ലെ ആദ്യപാദത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച മൈനസ് 23 ശതമാനം ആയി. ഈ സമയത്ത് വളർച്ച കാണിച്ചത് 3.4 ശതമാനം വളർച്ച കാണിച്ച കാർഷിക മേഖല മാത്രമാണ്. കാർഷിക മേഖലയുടെ ഈ വളർച്ച കൂടി ഉണ്ടായിരുന്നില്ലെങ്കിൽ ഒരു പക്ഷേ ഇന്ത്യൻ ജിഡിപി വളർച്ച നിരക്ക് മൈനസ് 30 ശതമാനവും കടന്നേനെ. ചുരുക്കത്തിൽ ഈ പ്രതിസന്ധി കാലത്ത് പ്രതീക്ഷക്ക് വക നൽകിയത് കാർഷിക മേഖല മാത്രമാണ്.

ഇന്ത്യയുടെ 50 ശതമാനത്തിൽ മുകളിൽ തൊഴിലാളികൾ കാർഷികവൃത്തിയെ ആശ്രയിച്ച് ജീവിക്കുന്നവർ ആണ്. ഇന്ത്യൻ ജിഡിപിയുടെ 18 ശതമാനത്തോളം വരുന്നതും കാർഷിക മേഖലയിൽ നിന്നാണ്. തൊഴിലിനായി കാർഷിക മേഖലയുടെ മേലിലുള്ള അതി ആശ്രയത്വം അതിനെ ബന്ധപ്പെട്ട് ജീവിക്കുന്നവരുടെ കുറഞ്ഞ വരുമാനത്തേയും മറച്ച തൊഴിലില്ലായ്മയെ (disguised unemployment) ആണ് കാണിക്കുന്നത്. ലോക്ക്ഡൌണ്‍ കാലത്തും കാർഷികവൃത്തി വലിയ കുഴപ്പമില്ലാതെ പലയിടത്തും നടന്നിരുന്നു. ലോക്ക്ഡൌണിന് ശേഷം മെയ്-ജൂൺ മാസത്തിലെ തൊഴിലാളികളുടെ പലായനത്തിന്റെ വലിയൊരു പങ്ക് ഈ സീസണൽ അഥിതി തൊഴിലാളികൾ ആയിരുന്നു. അവർ വിള ഇറക്കാനും വിള എടുക്കാനും ആയി കാർഷിക പ്രധാന ദേശങ്ങളിൽ വരുന്ന, തങ്ങളുടെ ആവശ്യം കഴിഞ്ഞാൽ തിരികെ പോകുന്ന, വർത്തുള ദേശാന്തരം (circular migration) നടത്തുന്ന തൊഴിലാളികൾ ആണ്. യാതൊരു ആസൂത്രണവും ഇല്ലാതെ നടപ്പിലാക്കിയ ലോക്ക് ഡൗൺ റാബി വിളവിന്റെ വിൽപ്പനയെ കാര്യമായി ബാധിച്ചിരുന്നു. ചന്തകൾ വേണ്ടവിധം പ്രവർത്തിക്കാത്തതിനാൽ കച്ചവടം കാര്യമായി നടന്നില്ല. ഒപ്പം ആഭ്യന്തര ഉപഭോഗത്തിൽ കാര്യമായ കുറവ് ഉണ്ടായതിനാൽ വിലയിലും അത് പ്രതിധ്വനിച്ചു. സർക്കാർ ഏജൻസികളും വിള സംഭരണകാര്യത്തിൽ ഉദാസീനമായാണ് പ്രവർത്തിച്ചിരുന്നത്. വിളവ് ഉണ്ടായിരുന്നെങ്കിലും, കര്‍ഷകന് അതിനതിനനുസരിച്ച പ്രയോജനം ഉണ്ടായില്ലെന്നാണ് വാർത്ത. ഒക്ടോബറിലെ സർക്കാർ കണക്കുകൾ പ്രകാരം 2020 ലെ പല ഖാരിഫ് വിളകളും റെക്കോർഡ് വിളവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാത്രമല്ല, 43 ശതമാനം വളർച്ചയാണ് കാർഷികോത്പന്ന കയറ്റുമതിയിൽ ഈ സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് നഗരങ്ങളേയും വ്യവസായ മേഖലയേയും നിശ്ചലമാക്കിയപ്പോൾ ഗ്രാമീണ പ്രദേശങ്ങൾ തളർന്നില്ല എന്ന് മാത്രമല്ല, പ്രതീക്ഷക്ക് വകനൽകുന്ന രീതിയിൽ ഇന്ത്യയിലെ ഒരു ബില്യൺ ജനത്തിന് വേണ്ട ഭക്ഷണവും തൊഴിൽ ശാലകൾക്ക് വേണ്ട കാർഷികജന്യ അസംസ്കൃത വസ്തുക്കൾ ഉത്പ്പാദിപ്പിക്കുകയും ചെയ്തു. സമ്പത്ത് കാലത്ത് കാ പത്ത് നട്ടാൽ ആപത്ത് കാലത്ത് ഉതകും എന്ന് പറഞ്ഞത് എത്ര ശരിയായി എന്ന് കാർഷിക മേഖല പഠിപ്പിക്കുന്ന അവസ്ഥയാണ്.

ഈ കണക്കുകൾ വലിയ ഒരു പ്രതീക്ഷ തന്നെയാണ് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയ്ക്ക് നൽകുന്നത്. ഒന്ന്, നല്ല വിളവുണ്ടെങ്കിൽ അടുത്ത ആറ് മുതൽ പന്ത്രണ്ട് മാസങ്ങളിൽ ഭക്ഷ്യോത്പന്നങ്ങളുടെ വിലവർധിക്കുന്നത് മൂലമുള്ള പണപ്പെരുപ്പം ഉണ്ടാകില്ല. രണ്ട്, 1.38 ബില്യൺ വിശക്കുന്ന വയറുകൾ ഏതൊരു ഭരണകൂടത്തിന്റെയും വെല്ലുവിളിയാണ്. ഭക്ഷ്യസുരക്ഷയും, കുട്ടികളിലേയും സ്ത്രീകളിലേയും പോഷകാഹാര കുറവും നൽകുന്ന വെല്ലുവിളികളെ നേരിടാനും ഭക്ഷ്യധാന്യങ്ങൾ നിറഞ്ഞ അറകൾക്കാവും. മൂന്ന്, കർഷകക്ക് നല്ല വിളയൊപ്പം നല്ല വിലയും കിട്ടിയാൽ, ഗ്രാമീണ മേഖലയിലെ മൊത്തം ഉപഭോഗം വർദ്ധിക്കും. കെട്ടിടനിർമ്മാണവും, ഗൃഹോപകരണ-വാഹന ചന്തകൾ സജ്ജീവം ആകും. എന്തിന്, സ്വകാര്യ വിദ്യാഭ്യാസമേഖല വരെ കർഷകന്റെ വിയർപ്പിൽ നിന്നുള്ള പണം കൊണ്ട് നിലനിൽക്കുന്ന അവസ്ഥ വരും. നാല്, കാർഷികേതര മേഖലയും ഭക്ഷ്യ പ്രോസസ്സിംഗ് മേഖലയും ഇതേ രീതിയിൽ വളർച്ച കാണിച്ചാൽ കയറ്റുമതിയും വർദ്ധിക്കാം. അഞ്ച്, സ്വദേശത്തേക്ക് തിരിച്ച് പോയ തൊഴിലാളികളിൽ 20-30 ശതമാനം അവിടെ തന്നെ കുറെകാലം കൂടി തങ്ങാനുള്ള സാധ്യത കൂടും. കാരണം നഗരങ്ങൾ ഒരു പ്രതിസന്ധി സമയത്ത്, അവരെ അസ്‌പൃശ്യരും അനാഥരും ആക്കിയപ്പോൾ സ്വദേശമായ ഗ്രാമങ്ങൾ ആണ് അവരെ സ്വീകരിച്ചത്. നഗരങ്ങളിലെ തൊഴിൽ ശാലകളിൽ തൊഴിലാളികളുടെ കുറവ് ഇപ്പോൾ തന്നെ കൂലി വർദ്ധിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്. തൊഴിലാളി ഒന്ന് സമർത്ഥർ ആയാൽ അവർക്ക് നന്നായി വിലപേശാൻ സാധിക്കും. വ്യവസായ മേഖലയുടെ വളർച്ചക്ക് തടസ്സം തൊഴിലാളിയുടെ കൂലിയും അന്തസ്സോടെ പ്രവർത്തിക്കാനുള്ള അവകാശങ്ങളും ആണെന്ന് പറഞ്ഞു തൊഴിൽ നിയമങ്ങളെ നോക്കുകുത്തികളാക്കിയ ഭരണകൂടത്തിനുള്ള മറുപടി ഇങ്ങനെ കൊടുക്കാൻ കഴിയും.

ചുരുക്കത്തിൽ കോവിഡിനെ തുടർന്നുള്ള സാമ്പത്തിക-തൊഴിൽ പ്രതിസന്ധിയെ മറികടക്കാൻ ഇന്ത്യൻ ഭരണകൂടം കാര്യമായി നിക്ഷേപം നടത്തേണ്ട മേഖല കാർഷിക മേഖലയാണ്. അവിടെ ചിലവാക്കുന്ന ഓരോ രൂപയും, ഒരു തൊഴിൽ ആയി തന്നെ രൂപപ്പെടും. ആ തൊഴിൽവർദ്ധന മാത്രം മതി, മൊത്തം ഉപഭോഗം വർദ്ധിപ്പിക്കാനും സാമ്പത്തികമേഖല ലക്ഷ്യമിട്ട 5 ട്രില്യൺ അമേരിക്കൻ ഡോളറിൽ എത്താനും. ഇവിടെ ഓർക്കേണ്ട ഒരു കാര്യം, 2020ൽ കാലാവസ്ഥ കര്‍ഷകന് പതിവില്ലാത്തവിധം അനുകൂലമായിരുന്നു. റെക്കോർഡ് വിളവ് കൊണ്ട് കര്‍ഷകന് എന്തെങ്കിലും പ്രയോജനം ഉണ്ടായോ എന്ന് അന്വേഷിക്കേണ്ടത് അത്യാവശ്യം ആണ്, പ്രത്യേകിച്ചും ചെറുകിട പച്ചക്കറി-ഫലവർഗ്ഗ കർഷകർക്ക്. നല്ലൊരു ശതമാനം ചെറുകിട കർഷകർ ഉത്പ്പാദന ചെലവ് പോലും കിട്ടാതെ വെറും കൈയോടെ ചന്തകളിൽ നിന്നും മടങ്ങുന്ന അവസ്ഥയാണ്. ഉദാഹരണത്തിന് ഒരു കിലോ പൂവൻ പഴം ഉപഭോക്താവിന് 20-30 രൂപയ്ക്ക് കിട്ടുമ്പോൾ ഉത്പ്പാദകന് കിട്ടുന്നത് കൂടിവന്നാൽ 10-15 രൂപ ആയിരിക്കും. പത്ത് കിലോ ഉള്ള ഒരു കുലയാണെങ്കിൽ 100-150 രൂപ. വാഴക്കന്ന് സ്വന്തം പറമ്പിലേതും, സ്വന്തം അദ്ധ്വാനവും ആണെങ്കിൽ കര്‍ഷകന് ചിലവ് കഴിയും, പക്ഷെ കൂലിയില്ല. കർഷകൻ അത് ഉപഭോക്താവിന് സബ്‌സിഡി ആയി നൽകി. മറിച്ച് വിത്തും വളവും, അദ്ധ്വാനവും വിലകൊടുത്തു ഉത്പ്പാദിപ്പിച്ചതാണെങ്കിൽ, കർഷകൻ കടക്കാരനാവുകയും ഉപഭോക്താവ് പാവം കർഷകന്റെ നഷ്ടത്തിൽ വൻ ലാഭത്തിൽ പഴം കഴിച്ചു. കേരളത്തിലെ പാതയോരങ്ങളിലെ 100 രൂപക്ക് മൂന്ന് കിലോ നേന്ത്രപ്പഴവും, രണ്ട് കിലോ ഇഞ്ചിയും മേടിക്കുമ്പോൾ ഓർക്കുക അത് ഉണ്ടാക്കിയവൻ കടക്കാരെ നേരിടാനാവാതെ, സ്വന്തം കുട്ടികൾക്ക് കൊടുത്ത വാഗ്‌ദാനങ്ങൾ പാലിക്കാനാവാതെ തകർന്ന് വീണ്ടും കൈക്കോട്ടും, തൂമ്പയും എടുത്ത് ഇറങ്ങിയിട്ടുണ്ട്, മറ്റുള്ളവരെ ഊട്ടാനായി. പൊതുവെ കൃഷിക്കാർ എളുപ്പത്തിൽ കൃഷി വിട്ട് വേറെ തൊഴിലിന് പോകില്ല. കാരണം പലർക്കും കൃഷി തപസ്യ ആണ്, ഒപ്പം മണ്ണ് ചതിക്കില്ല എന്ന വിശ്വാസവും. നിൽക്കക്കള്ളിയില്ലാതെ വരുന്ന അവസ്ഥയിൽ മാത്രമാണ് കർഷകൻ കൃഷി ഉപേക്ഷിക്കാൻ തയ്യാറാവുന്നത്.

ഈ കർഷകർ സാമാന്യ ജനങ്ങൾക്ക് പരിചിതർ ആണ്. അവർ നമുക്ക് ചുറ്റും ഉണ്ട്. 2015-16 നടന്ന പത്താം കാർഷിക സെൻസസ് പ്രകാരം ഇന്ത്യയിലെ ശരാശരി കൃഷിഭൂമിയുടെ വലുപ്പം ഒരു ഹെക്ടർ മാത്രമാണ്. 86 ശതമാനം കൃഷിക്കാരുടെ കൈയിൽ രണ്ട് ഹെക്ടറിലും താഴെ കൃഷിഭൂമിയേയുള്ളു. 13 ശതമാനത്തിന്റെ കൈയിൽ 2-10 ഹെക്ടർ കൃഷിഭൂമിയും, വെറും അര ശതമാനത്തിന്റെ കൈയിൽ മാത്രമാണ് പത്ത് ഹെക്ടറിലും മുകളിൽ കൃഷി ഭൂമിയുള്ളത്. ഓരോ സെൻസസ് കഴിയുമ്പോളും കൃഷിഭൂമിയുടെ വലുപ്പം കുറഞ്ഞു കുറഞ്ഞാണ് വരുന്നത്. അത് കാണിക്കുന്നത്, ഉത്പ്പാദന ക്ഷമതയിൽ വരുത്താവുന്ന വർദ്ധനയുടെ പരിമിതിയാണ്. മാത്രമല്ല, രാസവളപ്രയോഗക്കൂടുതൽ മണ്ണിന്റെ ഫലപുഷ്ടിയും വിളകളുടെ ഉത്പ്പാദനക്ഷമതയും ഉത്പ്പാദന ചിലവിനേയും കാര്യമായി ബാധിച്ചിട്ടുണ്ട്.

ചെറുകിട കർഷകരിലെ ഭൂരിപക്ഷത്തിനേയും 2020 ലെ മൂന്ന് കാർഷിക നിയമങ്ങളും ബാധിക്കാനേ പോകുന്നില്ല. അവരുടെ വിളകൾക്ക് താങ്ങുവിലയില്ല, അവർ കലാകാലങ്ങൾ ആയി തങ്ങളുടെ വിളവ് പൊതുവിപണിയിൽ വിൽക്കുന്നവർ ആണ്. കർണ്ണാടകയിലെ കാർഷിക സഹകരണ സംഘങ്ങൾ കഴിഞ്ഞ എട്ട്-പത്ത് വർഷമായി ഓൺലൈൻ വില്പന വരെ നടത്തുന്നു. എന്നാൽ, 2016ൽ, വാഴപ്പഴത്തിന് മധ്യവർത്തികൾ കാരണമില്ലാതെ വിലയിടിച്ചപ്പോൾ കർഷകർ ചന്തയിൽ കൊണ്ടുവന്ന വാഴപ്പഴം വഴിയിലെ സ്കൂളുകളിലെ കുട്ടികള്‍ക്ക് വെറുതെ നൽകി തങ്ങളുടെ പ്രതിഷേധവും കണ്ണുനീരും അടക്കി. അത് പോലെ കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയിൽ ചില്ലറ കച്ചവടക്കാരന്റെ അടുത്ത് നല്ല വിലയും എന്നാൽ മൊത്ത വ്യാപാരികൾ ഒരു കിലോക്ക് 50 പൈസ വിലയിട്ടപ്പോൾ തക്കാളി കർഷകർ വഴിൽ തൂവി പ്രതിഷേധിച്ചു. കാരണം കർഷകനും ഉപഭോക്താവിനും ഇടക്ക് വലിയൊരു വിടവ് ഉണ്ട്, അത് നികത്തുന്ന മധ്യവർത്തികൾക്ക് അറിയാം കര്‍ഷകന് വിളവെടുത്താൽ ഉടൻ വിറ്റു തീർക്കണമെന്ന്. പച്ചക്കറി-പഴവർഗ്ഗങ്ങൾ കൃഷിയിടത്തിൽ നിന്നും മണിക്കൂറുകൾക്കുള്ളിൽ ചന്തയിൽ എത്തണം. വൈകുന്ന ഓരോ നിമിഷവും വിളവ് ഉപയോഗശ്യൂന്യമാക്കും എന്ന് കർഷകനും, മധ്യവർത്തിക്കും എന്തിന് ഉപഭോക്താവിനും അറിയാം. തങ്ങളുടെ വിളവ് കേടുകൂടാതെ സൂക്ഷിക്കാനുള്ള സാങ്കേതിക വിദ്യയോ, അടിസ്ഥാനസൗകര്യങ്ങളോ അതിന് വേണ്ട ചിലവ് താങ്ങാനുള്ള കഴിവോ കർഷകർക്കില്ലെന്ന് കാർഷിക ഉത്പന്ന വിതരണ ശൃംഖലയിലെ ഓരോ കണ്ണിക്കും നന്നായി അറിയാം. ആ യാഥാർഥ്യമാണ് കർഷകന്റെ ദുരിതങ്ങളുടെ ഒരു പ്രധാന കാരണം.

ഭക്ഷ്യ സുരക്ഷ എന്നത് ദേശിയ സുരക്ഷയുടെ പരമപ്രധാന ഉത്തരവാദിത്വം ആണ്. ഭക്ഷ്യക്ഷാമം വന്നാൽ, പണപ്പെരുപ്പം കണക്കിൽ പെടാത്ത രീതിയിൽ ഉയരും, ജനം ഒരു നേരത്തെ ഭക്ഷണത്തിനായി പരസ്പരം പോരാടും. അരാജകത്വം തെരുവുകളിൽ അഴിഞ്ഞാടും. അതിർത്തിയിലെ കാവൽ ഭടന്മാർ വരെ സമരം നടത്തും. ആഭ്യന്തര സുരക്ഷയ്ക്ക് പോലീസും പട്ടാളവും ഇറങ്ങിയാൽ പോലും സമാധാനം തിരിച്ച് പിടിക്കാൻ ആവില്ല. മാത്രമല്ല, പോഷകാഹാരക്കുറവുള്ള ഒരു ജനതയുടെ ബൗദ്ധിക ശാരീരിക മാനസീക വളർച്ചയും ഉത്പ്പാദനശേഷിയും പരിമിതം ആയിരിക്കും. 1.5 ബില്യൺ ജനത്തിലെ ഒരു ബില്യൺ ബൗദ്ധിക വൈകല്യം ഉള്ളവരും യാതൊരു കാര്യക്ഷമത ഇല്ലാത്തവരും ആകുന്ന അവസ്ഥ ഒന്ന് ആലോചിക്കൂ. പട്ടാളക്കാരൻ ആവാൻ പോലും കൊള്ളാവുന്ന ഒരുത്തൻ ഇല്ലാത്ത അവസ്ഥയാവും. ഇന്ത്യയെ പോലെ ഒരു വൻ ജനസമൂഹത്തിന് കർഷകനേയും, കാർഷിക മേഖലയേയും മറന്നുള്ള വികസന അജണ്ട ആത്മഹത്യാപരം ആണ്.

കാർഷിക മേഖലയിൽ നിക്ഷേപം നടത്താൻ ഏറ്റവും പറ്റിയ സമയമാണിത്. ഒരു ദേശത്തിന്റെയും വിളവും അതിന്റെ ഗുണമേന്മ നഷ്ടപ്പെടാതെയുള്ള സംഭരണതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, കോൾഡ് സ്റ്റോറേജ്-ഫ്രീസർ കണ്ടൈനർ എന്നിവയും ഓൺലൈൻ വില്പനയ്ക്കുള്ള സൗകര്യങ്ങൾ പഞ്ചായത്ത് തലത്തിൽ നടത്തിയാൽ അത് പല തലത്തിലും തരത്തിലുമുള്ള ഒരുപാട് തൊഴിലുകൾ ഉത്പ്പാദിപ്പിക്കും. കേന്ദ്രസർക്കാർ അതിനായി പണം ചിലവാക്കിയാൽ, അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടാവുന്നതിനോടൊപ്പം ജനത്തിന്റെ കൈയിൽ പണമുണ്ടാവുകയും അത് സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുകയും ചെയ്യും. കാർഷികനയ നവീകരണ നിയമങ്ങൾ കൊണ്ടുവരാൻ കാണിക്കുന്ന ആർജ്ജവം ഉള്ള ഭരണകൂടം, ഒരു തുറന്ന വിപണിയിൽ സ്വാതന്ത്രബോധത്തോടെ മത്സരിക്കാൻ കർഷകരെ സജ്ജരാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ നൽകണം. സംഭരണ ചന്തകൾ എടുത്തുകളഞ്ഞാലോ, മിനിമം വില സൂചികകൾ എടുത്ത് കളഞ്ഞു വലിയ കോര്‍പറേറ്റ്കൾക്കായി കാർഷിക മേഖലയെ തുറന്ന് കൊടുത്താലോ, ഇന്ത്യയിലെ കർഷകന്റെ വരുമാന ഇരട്ടിക്കില്ല, അവന്റെ ദുരിതം തീരില്ല. ഈ മേഖലയിലേക്ക് കാൽവച്ചിട്ടുള്ള ഒരു കോര്‍പറേറ്റിന്റെയും ലക്ഷ്യം കർഷകന്റെ ഉന്നതി അല്ല. എന്നാൽ, എല്ലാം വിപണിക്ക് വിട്ട് കൊടുത്താൽ ഒരു ഭക്ഷ്യദൗർലഭ്യം വന്നാൽ സർക്കാരുകൾക്ക് കാര്യമായൊന്നും ചെയ്യാൻ സാധിക്കില്ല. ഉദാഹരണത്തിന്, 2014-15 കാലത്ത് പയർ-പരിപ്പ് വർഗ്ഗങ്ങളുടെ വില കുതിച്ചുയർന്നപ്പോൾ കര്‍ഷകന് കാര്യമായ ലാഭം ഒന്നും ഉണ്ടായില്ല, പക്ഷേ ഉപഭോക്താവിന്റെ കൈപൊള്ളി. ഇടനിലക്കാർ പ്രത്യേകിച്ചും പയർ-പരിപ്പ് വർഗ്ഗങ്ങൾ ഇറക്കുമതി ചെയ്ത ചില കോര്‍പറേറ്റുകൾ ഉണ്ടാക്കിയ ലാഭം എന്തെന്ന് ഇതുവരെ പൊതുസമൂഹം ചർച്ച ചെയ്തിട്ടില്ല.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കെ ചൈനയുടെ ഭക്ഷ്യോത്പന്ന ഇറക്കുമതിയെ ചെറുതായി കാണാതെ ഉടൻ പ്രവർത്തിക്കണം ഇന്ത്യൻ സർക്കാർ. കേന്ദ്ര സർക്കാർ ഇടപെടുന്നില്ലെങ്കിൽ സംസ്ഥാനങ്ങൾ മുന്നിട്ടിറങ്ങേണ്ട സമയമാണ്. ചൈന നടത്തുന്നത് ദീർഘവീക്ഷണത്തോടെയുള്ള ഒരു പ്രവൃത്തിയാണ്. ലോക കാർഷികരംഗം അത്ര നല്ല സ്ഥിതിയിൽ അല്ല. കൊറോണ ഉത്പ്പാദനത്തെ ബാധിച്ചിട്ടുണ്ട്. ഒപ്പം ആഫ്രിക്കയിൽ നിന്ന് ഏഷ്യൻ രാജ്യങ്ങളിലേക്ക് പറന്നിറങ്ങിയ വെട്ടുക്കിളി വെടിപ്പാക്കിയ പാടങ്ങൾ ഒരു പാട് പേരുടെ വിശപ്പ് അടക്കേണ്ടവ ആയിരുന്നു. ചൈന സാധനങ്ങൾ മേടിച്ച് കൂട്ടി തങ്ങളുടെ ജനത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയും, എന്നാൽ ഇന്ത്യയും മറ്റ് രാജ്യങ്ങളും ഭക്ഷ്യക്ഷാമം നേരിടുന്ന അവസ്ഥ വന്നാൽ, ചൈനയെ പഴിച്ച് കൊണ്ടിരുന്നിട്ട് ഒരു കാര്യവും ഉണ്ടാവില്ല. ബുദ്ധിപൂർവം ദീർഘവീക്ഷണത്തോടെ ഭരണകൂടം പ്രവർത്തിക്കേണ്ട സമയമാണിത്.

കോവിഡ് പ്രതിസന്ധി ഭരണകൂടങ്ങളുടെ കാര്യക്ഷമതയും ജനപക്ഷരീതികളും തിരിച്ചറിയാനുള്ള അവസരം കൂടി ആയിരുന്നു. ഇന്ത്യയെ പോലെ ഒരു രാജ്യം ഭക്ഷ്യക്ഷാമത്തിൽ വീണാൽ അതിന് കോവിഡിനെയോ ചൈനയേയോ പഴിക്കാൻ ആവില്ല, അത് ഭരണകൂട നിർമിതിയായി ചരിത്രം പറയും. കർഷകന്റെ ഒപ്പം നില്കണം, ജനത്തിന്റെ വിശപ്പ് അകറ്റാനുള്ള വഴികളും കാണണം.

ആരോഗ്യപ്രവർത്തകർക്കും, പട്ടാളക്കാർക്കും, ഗുരുക്കന്മാർക്കും ആദരവ് നൽകണം എന്ന് ജനത്തിനെ ഉത്ബോധിപ്പിക്കുന്ന പ്രധാനമന്ത്രി, കർഷകരേയും ആദരിക്കാൻ സമയം കണ്ടെത്തണം. മണ്ണിര ഇല്ലാതായാൽ കൃഷി നശിക്കുമെന്നു പഠിപ്പിക്കുന്ന നാട്ടിൽ കർഷകൻ ഇല്ലാതായാൽ ഭക്ഷ്യക്ഷാമമാണെന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു.

Comments

comments