പുരാവസ്തുഗവേഷണവും കോടതിവ്യവഹാരങ്ങളിലെ തെളിവുത്പാദനവും1

ആർക്കിയോളജിയുടെ സമകാലിക ഉപയോഗ/ദുരുപയോഗങ്ങൾക്ക് പലപ്പോഴും അടിസ്ഥാനമാകുന്നത് അതൊരു പോസിറ്റിവിസ്റ്റ് സത്യാന്വേഷണ സംരംഭമാണെന്ന പ്രബലമായ ധാരണയാണ്. പുരാവസ്തുഗവേഷണത്തിലെ ജ്ഞാനോല്പാദനം എപ്രകാരമാണ് വ്യാഖ്യാനാത്മകമായിരിക്കുന്നത് എന്നും, സാന്ദർഭികവും കർതൃത്വപരവുമായ ഘടകങ്ങൾ അതിനെ സ്വാധീനിക്കുന്നത് എങ്ങനെയെന്നും ഈ ലേഖനം ചർച്ച ചെയ്യുന്നു. 2003ൽ അയോദ്ധ്യയിൽ കോടതി ഉത്തരവിട്ട ഉത്ഖനനങ്ങളും, അയോദ്ധ്യ കേസിൽ അലഹബാദ് ഹൈക്കോടതിയുടെ 2010ലെ വിധിന്യായവും ഒരു കേസ് സ്റ്റഡി ആയി പരിഗണിച്ചുകൊണ്ട് ഇവിടെ ജുഡീഷ്യൽ ഇടപെടലുകൾ ആർക്കിയോളജിയിലെ ജ്ഞാനോൽപാദനത്തെ നിർണയിക്കുന്നത് എങ്ങനെ എന്നാണ് പരിശോധിക്കുന്നത്. അലഹബാദ് ഹൈക്കോടതി, ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളുടെ സവിശേഷമായ ബ്യുറോക്രാറ്റിക് സ്വഭാവം, ആർക്കിയോളജിയെയും ശാസ്ത്രത്തെയും പ്രതി ഉള്ള പോസ്റ്റിവിസ്റ്റ് ധാരണകൾ, ഉത്ഖനനത്തിന്റെ ഓരോ ഘട്ടത്തിലും കോടതി നടത്തുന്ന ഇടപെടലുകൾ, – എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങൾ ആണ് ആർക്കിയോളജിയുടെ അറിവുകൾ ജുഡീഷ്യൽ തെളിവുകളായി പുനരുത്പാദിപ്പിക്കപ്പെടുന്ന ഈ പ്രക്രിയയെ തീരുമാനിക്കുന്നത്. കോടതി വിധിന്യായത്തിൽ നിർണായകമായ തെളിവ് സാമഗ്രി ആയി ആർക്കിയോളജിയെ സ്ഥാപിക്കുന്നത് ഈ ഘടകങ്ങളെ ഒന്നാകെ തമസ്കരിക്കുകയും നിഷേധിക്കുകയും ചെയ്തുകൊണ്ടാണ്.

അയോദ്ധ്യ കേസിലെ ഒരു പ്രധാന സവിഷേത തർക്കം നിലനിൽക്കുന്ന സ്ഥലത്തു 400ല്‍ പരം വർഷങ്ങൾക്ക് മുൻപ് എന്ത് നടന്നു എന്നത് ഒരു ഉടമസ്ഥാവകാശ നിർണ്ണയത്തിൽ പ്രസക്തമാണ് എന്ന കാഴ്ചപ്പാട് ജുഡീഷ്യറി സ്വീകരിക്കുന്നു എന്നതാണ്. ഈ അസാധാരണ നിലപാടിലൂടെ പൊതുമണ്ഡലത്തിൽ എന്ന പോലെ കോടതി വ്യവഹാരത്തിലും ചരിത്ര പുരാസവസ്തു സ്രോതസ്സുകൾ വ്യത്യസ്ത വാദഗതികൾക്ക് വിശ്വാസ്യത നല്കാൻ വലിയ തോതിൽ ഉപയോഗിക്കുന്നതായി നമുക്ക് കാണാന്‍ ആവും. ആർക്കിയോളജി അയോദ്ധ്യ വിഷയത്തിന്റെ അവിഭാജ്യമായ ഭാഗം ആകുന്നതിന്റെ പ്രധാന ഉത്തരവാദിത്വം 1968 മുതൽ 1972 വരെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) യുടെ ഡയറക്ടർ ജനറലായിരുന്ന, ആർക്കിയോളജിസ്റ്റ് ബി.ബി.ലാലിനാണ്. അയോദ്ധ്യ വിഷയം രൂക്ഷമായി നിൽക്കുന്ന 1990 വര്‍ഷം, Manthan എന്ന RSS അനുകൂല മാസികയുടെ ഒക്ടോബര്‍ ലക്കത്തിൽ ലാൽ അയോദ്ധ്യയിൽ താൻ മുൻപ് നടത്തിയ ഉത്ഖനനങ്ങളെക്കുറിച്ച് ഒരു ലേഖനം എഴുതി.2 തന്റെ ലേഖനത്തിൽ, ലാൽ ബാബറി മസ്ജിദിന്റെ തെക്ക് ഭാഗത്തുള്ള ഒരു ട്രെഞ്ച്‌ പരാമർശിച്ചിട്ടുണ്ട്. ഈ ട്രെഞ്ചിൽ ഇഷ്ടിക കൊണ്ട് ചില തൂണുകളുടെ അടിഭാഗം കണ്ടെത്തിയെന്നും, പള്ളിയിലെ ചില തൂണുകൾ ഇങ്ങിനെ വന്നതാകാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രസകരമായ വസ്തുത വർഷങ്ങൾക്ക് മുൻപ് നടന്ന ഈ ഉത്ഖനനത്തിന്റെ ഔദ്യോഗിക റിപ്പോർട്ടുകളിൽ ഒന്നുംതന്നെ ലാൽ ഇത്തരമൊരു പരാമർശം നടത്തുന്നില്ല എന്നതാണ്. ഇത് കൂടാതെ പള്ളി പൊളിച്ചു നീക്കിയപ്പോൾ ക്ഷേത്രത്തിന്റേതായ പുരാവസ്തു അവശിഷ്ടങ്ങൾ കണ്ടു എന്ന അവകാശവാദവും ഉയർന്നു വന്നു. ലാലിൻറെ ലേഖനം ഈ അവകാശവാദങ്ങളോട് ചേർത്തുവായിച്ചു കൊണ്ടാണ് പുരാവസ്തുഗവേഷണം അയോദ്ധ്യ വിഷയത്തിൽ പ്രധാനമാണെന്ന ധാരണ ശക്തമാകുന്നത്. 1993ൽ തന്നെ ഈ വാദഗതികളെ നിശിതമായി വിമർശിച്ചു കൊണ്ട് ഡി മണ്ഡൽ3 എന്ന പുരാവസ്തുഗവേഷകന്റെ അക്കാദമിക പഠനങ്ങളും പുറത്തു വരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ആണ് 2002 ഓഗസ്റ്റ് 1ന് അയോദ്ധ്യയിൽ ഉത്ഖനനം നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) യോട് കോടതി ഉത്തരവിടുന്നത്.

നിലനിന്നിരുന്ന ഒരു ക്ഷേത്രം പൊളിച്ചു മാറ്റിയാണോ ബാബ്റി മസ്ജിദ് നിർമ്മിച്ചത് എന്നത് തർക്കത്തെ സംബന്ധിച്ച് നിർണായകം ആണെന്നും, ആർക്കിയോളജിയിലൂടെ ഇതിനുത്തരം കണ്ടെത്തേണ്ടതുണ്ടെന്നും കോടതി പറയുന്നു. സുന്നി വഖ്ഫ് ബോർഡിൻറെ വാദങ്ങൾക്കെതിരായി തീരുമാനമെടുക്കാൻ കോടതി ഉപയോഗിച്ച ഒരു മുഖ്യ തെളിവാണ് 2003 ഓഗസ്റ്റ് 22 ന് കോടതിയിൽ സമർപ്പിച്ച എ.എസ്.ഐയുടെ റിപ്പോർട്ട്. രണ്ട് ബ്യൂറോക്രാറ്റിക് സ്ഥാപനങ്ങളായ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, അലഹബാദ് ഹൈക്കോടതി എന്നിവ ഒന്നിച്ചു വരുമ്പോൾ പുരാവസ്തു തെളിവുകൾ എങ്ങിനെ ലീഗൽ എവിഡെന്‍സ് ആയി പുനരുല്പാദിപ്പിക്കപ്പെടുന്നു എന്നതിൽ മാത്രമാണ് ഈ ലേഖനത്തിന്റെ ഫോക്കസ്. ഉത്ഖനനത്തിന്റെ ഫലങ്ങളും വിശദാംശങ്ങളും ഇവിടെ ചർച്ച ചെയ്യുന്നില്ല. ASI  റിപ്പോർട്ടിലെ പ്രധാനഭാഗങ്ങൾ വിധിന്യായത്തിൽ തന്നെ ദീർഘമായി ഉദ്ധരിച്ചിട്ടുണ്ട്.4 റിപ്പോർട്ടിനോടുള്ള അക്കാദമിക വിമർശനങ്ങൾ ഷെറീൻ രത്നാഗർ, സുപ്രിയ വർമ, ജയാ മേനോൻ തുടങ്ങിയ ആർക്കിയോളജിസ്റ്റുകളുടെ പഠനങ്ങളിൽ കാണാനാവും.

ഒരു സിവിൽ തർക്കം പരിഹരിക്കുന്നതിന് ഇത്ര വലിയ ഒരു പുരാവസ്തു ഖനനത്തിന് കോടതി ഉത്തരവിട്ട ആദ്യ സംഭവമാണ് അയോദ്ധ്യ കേസ്. ഈ അസാധാരണ നീക്കത്തിന് വ്യത്യസ്തമായ നിയമപരമായ ന്യായീകരണങ്ങൾ വിധിന്യായത്തിൽ വിശദമായി ചർച്ചചെയ്യുന്നു. ലളിതമായി പറഞ്ഞാൽ കോടതിക്ക് വൈദഗ്ധ്യം (expertise) ഇല്ലാത്ത വിഷയത്തിൽ സ്വതന്ത്രമായ ഒരു പഠനം നടത്തുവാൻ എക്സ്പെർട് കമ്മീഷനെ നിയോഗിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഇപ്രകാരം നിയോഗിച്ചിട്ടുള്ള കമ്മീഷൻ, എല്ലാ അക്കാദമിക് നടപടിക്രമങ്ങളും പാലിച്ച് സ്വതന്ത്രമായ രീതിയിൽ പ്രവർത്തിക്കുന്നുവെന്നും അങ്ങനെ സൃഷ്ടിച്ച റിപ്പോർട്ട് ബാഹ്യ ഇടപെടലുകളിൽ നിന്ന് മുക്തമാണെന്നും അതിനാൽ കോടതിക്ക് റിപ്പോർട്ടിനെ ഒന്നാകെ ഉപോല്ഫലകമായ തെളിവായി ഉപയോഗിക്കാൻ കഴിയും എന്ന ധാരണയാണ് വിധിന്യായത്തിലുള്ളത്. എന്നാൽ, 2010 ലെ വിധിന്യായത്തിന്റെയും, ചില അനുബന്ധ രേഖകളുടെയും അടിസ്ഥാനത്തിൽ, അയോദ്ധ്യയിലെ ഉത്ഖനങ്ങൾ ആദ്യാവസാനം കോടതിയുടെ ഇടപെടലുകൾ നിറഞ്ഞതായിരുന്നു എന്നാണ് ലേഖനത്തിൽ ഞാൻ വാദിക്കുന്നത്. അയോദ്ധ്യ കേസിൽ തുടർന്ന് വന്ന സുപ്രീംകോടതിയുടെ വിധി ഇവിടെ ഞാൻ ചർച്ച ചെയ്യുന്നില്ല. ഇതു മുൻനിർത്തി വളരെ വിശദമായ ഒരു തുടർ പഠനം തന്നെ ആവശ്യം ആണ്.

ആർക്കിയോളജിയിലെ ജ്ഞാനോല്പാദനത്തിന്റെ വിവിധ ഘട്ടങ്ങളെ പരിചയപ്പടുത്തുകയും, അയോദ്ധ്യ ഉത്ഖനനങ്ങളിൽ ഓരോ ഘട്ടത്തിലുമുള്ള കോടതി ഇടപെടലുകൾ എങ്ങനെ ആയിരുന്നു എന്ന് ചില ഉദാഹരണങ്ങൾ വഴി വിശദമാക്കുകയും ചെയുക എന്ന രീതിയിലാണ് ഈ ലേഖനത്തിന്റെ ഘടന. ഇവിടെ വിശദീകരിക്കുന്ന വിവിധ ഘട്ടങ്ങളുടെ സ്വഭാവം പ്രൊജക്റ്റുകള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടാം .

രണ്ടു മിഥ്യ ധാരണകൾ

ആയോദ്ധ്യയിലെ ആർക്കിയോളജിയുടെ ഉപയോഗത്തെ പറ്റി നിലനിൽക്കുന്ന പൊതുധാരാണയെ രൂപപ്പെടുത്തുന്നതിൽ പുരാവസ്തുഗവേഷണത്തെ സംബന്ധിച്ച്  പൊതുമണ്ഡലത്തിലും അക്കാദമിയയിലും പ്രബലമായി നിൽക്കുന്ന രണ്ടു മിഥ്യ ധാരണകൾക്ക് വലിയ പങ്കുണ്ട്. ഒന്നാമതായി ആർക്കിയോളജി എന്നാൽ പുരാവസ്തുക്കളുടെ ശേഖരണം ആണെന്ന ധാരണ. 19 ആം നൂറ്റാണ്ടിലേയും മറ്റും ആന്റിക്വേറിയൻ  താല്പര്യങ്ങളുടെ തുടർച്ചയായി ആർക്കിയോളജിയെ മനസ്സിലാക്കുന്നതാണ് ഇതിനു കാരണം. ഈ മനോഭാവം അക്കാദമിയായിലും തുടരുന്നതിനാലാണ് വലുതും മോഡിയുള്ളതും കൂടുതൽ പഴക്കമേറിയതുമായ വസ്തുക്കൾ കൂടുതൽ പുരാവസ്തുപ്രധാന്യം അർഹിക്കുന്നു എന്ന തെറ്റായ ബോധം നിലനിൽക്കുന്നത്. ഇതിനാൽ പുരാവസ്തുക്കളെ ചരിത്രം ഉൾപ്പെടെയുള്ള വിഷയങ്ങളുടെ തെളിവ് സാമഗ്രികൾ മാത്രമായി പരിഗണിക്കുകയും, ആർക്കിയോളജിയുടെ സൈദ്ധാന്തിക സാധ്യതകളെ തള്ളിക്കളയുകയും ചെയ്യുന്നു.

Babri Masjid

രണ്ടാമത്തെ പ്രവണത ആര്‍ക്കിയോളജിയെ ഒരു പോസിറ്റിവിസ്റ്റ് ശാസ്ത്രം ആയി കാണുക എന്നതാണ്. വസ്തുക്കൾ സ്വയം സംസാരിക്കും എന്നും ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾക്ക് ട്രൂ ഓർ ഫാൾസ് മട്ടിൽ ചോദ്യം ചെയ്യാനാവാത്ത ഉത്തരങ്ങൾ ആർക്കിയോളജിയിൽ നിന്ന് ലഭിക്കുമെന്നും മറ്റുമുള്ള തെറ്റിധാരണകൾക്ക് ഈ സമീപനം കാരണമാകുന്നു, അയോദ്ധ്യ കേസിൽ ഉത്ഖനനം ഉത്തരവിട്ടു കൊണ്ട് കോടതി പറയുന്നത് ശ്രദ്ധിക്കാം. 2002 ഒക്ടോബർ 23 ലെ ഉത്തരവിൽ ഉത്ഖനനത്തിന്റെ ലക്ഷ്യങ്ങൾ കോടതി വിശദമാക്കുന്നു “‘firstly, to remove any suspicion or doubt as to the facts of the case which is in dispute and secondly, to find out the truth in regard to the contentious issues raised by the parties”  (അഗർവാൾ, വാല്യം 1, 205). ഇവിടെ കണ്ടെത്തേണ്ടുന്ന സത്യം ബാബ്റി മസ്ജിദിനടിയിൽ ഒരു ക്ഷേത്രം നിലനിന്നിരുന്നുവോ, ഉണ്ടെങ്കിൽ അത് പൊളിച്ച് മാറ്റിയ ശേഷമാണോ പള്ളി പണിതത് എന്നതു മാത്രമാണ്. ഇത്തരം പോസിറ്റിവിസ്റ്റ് സമീപനങ്ങൾ തെളിവ് സാമഗ്രികളിൽ നിന്ന് ഒന്നിലധികം വ്യാഖ്യാനങ്ങൾക്കുള്ള സാധ്യതയെ തള്ളി കളയുന്നു.

ഗവേഷണോദ്ദേശങ്ങളുടെ നിർവചനം

ആർക്കിയോളോജിക്കൽ പഠനങ്ങൾക്കെല്ലാം പൊതുവായ ചില ഘട്ടങ്ങൾ ഉണ്ട്. ഇവയിൽ ആദ്യത്തേത് Research concerns അഥവാ ഗവേഷണോദ്ദേശങ്ങൾ നിർവചിക്കുക എന്നതാണ്. എന്നതാണ്. മറ്റേതു സാമൂഹ്യശാസ്ത്ര വിഷയങ്ങളിലും എന്ന പോലെ, ഇവ മുൻവിധികൾ ഒഴിവാക്കി കൊണ്ട് കുറെയെങ്കിലും open – ended ഉം വിശാലവും ആയിരിക്കണം. അയോദ്ധ്യ കേസിൽ ഗവേഷണോദ്ദേശം കോടതിയാണ് നിർവചിച്ചിരിക്കുന്നത് ആർക്കിയോളജിസ്റ്റ്കൾ അല്ല. 2002 ഓഗസ്റ്റ് 1 ലെ ഉത്തരവ് പ്രകാരം, എല്ലാ സ്യൂട്ടുകളിലെയും അടിസ്ഥാന പ്രശ്നം തർക്കത്തിലുള്ള പ്രദേശത്ത് ഒരു ഹിന്ദു ക്ഷേത്രമോ കെട്ടിടമോ നിലന്നിരുന്നുവോ എന്നതും ബാബറി മസ്ജിദ് എന്ന് പറയപ്പെടുന്ന ‘(“alleged  Babri  Masjid”)  നിർമ്മിച്ചത് ഇത് പൊളിച്ചു മാറ്റിയതിനു ശേഷമാണോ എന്നതുമാണ്. കോടതിയെ സംബന്ധിച്ചിടത്തോളം പുരാവസ്തുശാസ്ത്രം ഈ പ്രശ്നത്തിനാണ് പരിഹാരം കാണേണ്ടത്. ഇതിന് ഒരു research concern റെ സ്വഭാവം ഇല്ല എന്നത് വ്യക്തമാണ്. മറിച്ച് ഈ ചോദ്യം സിവിൽ കോടതി വ്യവഹാരങ്ങളുടെ ഭാഷയിൽ നിർവചിക്കപെട്ട, ഉത്തരങ്ങൾ മുൻകൂട്ടി വിഭാവനം ചെയുന്ന തരത്തിൽ ഉള്ള ഒന്നാണ്. അയോദ്ധ്യയിലെ ബാബ്റി മസ്ജിദ് ഉൾപ്പെടുന്ന പ്രദേശത്തു നിലനിന്നിരുന്ന പൂർവകാല ഭൗതിക ശേഷിപ്പുകൾ എപ്രകാരം ഉള്ളവയായിരുന്നു എന്നത് ഒരു റിസർച്ച് ക്വസ്റ്റിൻ ആയി കണക്കാക്കാം

ആർക്കിയോളജിയിലെ ജ്ഞാനോത്പാദനം

ആർക്കിയോളജിയിൽ വിജ്ഞാന ഉൽപാദനത്തിന്റെ രണ്ട് പ്രധാന ഫീൽഡ് രീതികൾ, പര്യവേക്ഷണവും (Exploration) ഉത്ഖനനവുമാണ് (Excavation).  പര്യവേക്ഷണങ്ങളിലൂടെയാണ് പുരാവസ്തു സൈറ്റുകൾ ആദ്യം തിരിച്ചറിയുന്നത്. പര്യവേക്ഷണങ്ങൾ ഭൗമോപരിതലത്തിലും, ജിയോ-പെനെട്രേറ്റിംഗ് റഡാർ സർവേകൾ പോലുള്ള മാർഗങ്ങളിലൂടെ ചിലപ്പോൾ ഭൂമിക്കടിയിലുമുള്ള സൂചനകളെ പ്രതി പ്രധാനപ്പെട്ട വിവരങ്ങൾ ശേഖരിക്കുവാനുതകുന്നു. ഒരു സൈറ്റിന്റെ വ്യാപ്തി, സ്വഭാവം തുടങ്ങി പ്രധാന വിവരങ്ങൾ ഈ മാർഗത്തിലൂടെ ശേഖരിക്കാം. പുരാവസ്തു ഉത്ഖനനത്തിന് മുമ്പായി പര്യവേഷണങ്ങൾ അത്യാവശ്യമാണ്. ഒരു സൈറ്റ് ഖനനം ചെയ്യേണ്ടതുണ്ടോ ഇല്ലയോ എന്ന് നിർണ്ണയിക്കാൻ പുരാവസ്തു പര്യവേക്ഷണത്തിൽ നിന്നുള്ള സൂചനകൾ ഉപയോഗിക്കുന്നു, എവിടെ ട്രെഞ്ചുകൾ കുഴിക്കണം തുടങ്ങിയ തീരുമാനങ്ങൾ ഇതിനെ അടിസ്ഥനപ്പെടുത്തി ആകണം.

അയോദ്ധ്യയിൽ GPR  സർവേ നടത്താൻ ASI  വിമുഖത പ്രകടിപ്പിക്കുകയാണ് ഉണ്ടായത്. കാരണം രാജ്യത്തെ ഒരു ഏജൻസിയും GPR സർവ്വേ പൂർത്തിയാക്കുവാൻ യോഗ്യരാണെന് ASI യുടെ വിലയിരുത്തലുകളിൽ കണ്ടെത്താനായില്ല. (അഗർവാൾ, വാല്യം 1: 207) ഈ വിദഗ്ദാഭിപ്രായത്തെ മറികടന്ന് കോടതി, പുരാവസ്തു മേഖലയിൽ പ്രത്യേക വൈദഗ്ധ്യമോ, അനുഭവ പരിചയമോ ഇല്ലാത്ത, ടോജോ വികാസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ സർവ്വേ ഏല്പിച്ചു. സാധാരണയായി ഗവേഷണ സംഘത്തിന്റെ പരിധിയിൽ വരുന്ന, ഉത്ഖനനപ്രക്രിയയെ നേരിട്ട് ബാധിക്കുന്ന തീരുമാനങ്ങൾ അയോദ്ധ്യയിൽ കോടതി നിർണയിക്കുന്നതിന്റെ ഉദാഹരണങ്ങളിൽ ഒന്നാണ് ഇത്. ഈ സർവേയുടെ ഫലങ്ങളാണ് ആത്യന്തികമായി പുരാവസ്തു ഉത്ഖനനത്തിന് വഴിയൊരുക്കുകയും നയിക്കുകയും ചെയ്തത്.  GPR സർവ്വേ റിപ്പോർട്ടിന്റെ അവലോകനത്തിലൂടെ ഉത്ഖനനം വേണം എന്ന തീരുമാനത്തിൽ എത്തുന്നതും കോടതി ആണ് ആർക്കിയോളജിസ്റ്റുകൾ അല്ല

ഉത്ഖനനങ്ങൾ ഓരോ ചെറിയ ഘട്ടവും ശ്രദ്ധാപൂർവ്വം റെക്കോർഡു ചെയ്യുന്ന വളരെ മന്ദഗതിയിൽ ഉള്ള പ്രക്രിയയായിരിക്കണം. ഏറ്റവും ചെറിയ വിശദാംശങ്ങൾ എങ്ങനെ ഫലപ്രദമാകും വിധം റെക്കോർഡ് ചെയ്യാം എന്നതിനെ അധിഷ്ഠിതമാക്കി ഉത്ഖനനത്തിന്റെയും റെക്കോർഡിങ്ങിന്റെയും രീതികൾ വികസിച്ചിട്ടുണ്ട്. ഇവയുടെ വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. ആറുമാസത്തെ സമയത്തിനുള്ളിൽ 90 ട്രെഞ്ചുകൾ ആണ് ASI അയോദ്ധ്യയിൽ ഉത്ഖനനം ചെയ്തത്. ഇതിനെ ലാർജ് സ്കെയിൽ എക്സ്കവേഷൻ ആയി കണക്കാക്കാൻ ആവും. മണ്ണിന്റെ അടരുകളെ വേർതിരിച്ചു, ഓരോ അടരിലെയും സവിശേഷതകൾ ഒന്നിച്ചു റെക്കോർഡ് ചെയ്യുന്ന layer method ആണ് സാധാരണയായി ASI ഉപയോഗിക്കുന്നത്. അയോദ്ധ്യയിലും ഈ മാർഗമാണ് സ്വീകരിച്ചിരിക്കുന്നത്. ഉത്ഖനനം നടത്തുമ്പോൾ മുന്നിൽ വരുന്ന ഓരോ ചെറിയ വ്യതിയാനങ്ങളെയും പ്രത്യേകമായി അടയാളപ്പെടുത്തി അവ തമ്മിൽ ഉള്ള ബന്ധത്തെ വിശദമായി മനസിലാക്കാൻ ഉതകുന്ന Locus Method ആണ് ഇന്ന് സാധാരണയായി ഉത്ഖനനങ്ങളിൽ കണ്ടു വരുന്നത്. ആത്യന്തികമായി ഗവേഷണ സ്ഥാപനം എന്നതിനേക്കാൾ ബ്യുറോക്രാറ്റിക് സ്വഭാവം ആണ് ASI ക്കുള്ളത് എന്നതിനാൽ 1940കളിൽ രൂപപ്പെടുത്തിയ രീതിശാസ്ത്രത്തിൽ നിന്ന് ASI മുന്നോട്ട് പോകുന്നത് വളരെ ചുരുക്കമായും ഈ അടുത്ത കാലത്തുമാണ്. ഇതിനർത്ഥം layer method തീർത്തും ഫലപ്രദമല്ലാത്ത ഉത്ഖനനമാർഗം ആണെന്നല്ല. എന്നാൽ സ്ഥാപനത്തിന്റെ പാരമ്പര്യം, പ്രവർത്തന രീതികൾ, മുൻധാരണകൾ എന്നിവയിൽ നിന്ന് വ്യതിചലിക്കുവാനും, പുതിയ മാർഗരീതികളും, സൈദ്ധാന്തിക ഉൾകാഴ്ചകളും ഉൾക്കൊളിക്കുവാനും ASI യുടെ അന്തർലീനമായ ബ്യുറോക്രറ്റിക് സ്വഭാവം ഒരു തടസ്സമാണെന്നു സൂചിപ്പിക്കാനാണ് ഞാൻ ഇത് വിശദീകരിച്ചത്. അയോദ്ധ്യ ഉത്ഖനനങ്ങളിൽ ഇതിനുള്ള പ്രസക്തിയെ പറ്റി കൂടുതൽ വിശദമായി പിന്നീട് പ്രതിപാദിക്കാം

സന്ദർഭവും വ്യാഖ്യാനവും

ആർക്കിയോളജിയിലെ വിജ്ഞാന ഉൽപാദനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട രണ്ട് പ്രധാനവശങ്ങളാണ് സന്ദർഭ (Context)വും വ്യാഖ്യാന (Interpretation)വും. ഒരു പുരാവസ്തുവിന്റെ Context കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല എങ്കിൽ അതിന് ആർക്കിയോളോജിക്കൽ മൂല്യം ഉണ്ട് എന്ന് കണക്കാക്കാനാവില്ല. ഉദാഹരണത്തിന് നിങ്ങളെ ഒരു മൺപാത്രം കാണിക്കുന്നു  എന്ന് വയ്ക്കുക. അതിന്റെ ദൃശ്യമായ ഗുണങ്ങളെ ക്കുറിച്ച് ഒരു വിവരണം നല്കുന്നതിലേക്കപ്പുറം അതേക്കുറിച്ചു ഒന്നും പറയുവാൻ നിങ്ങൾക്ക് സാധിച്ചു എന്ന് വരില്ല. എന്നാൽ അത് കണ്ടെത്തിയ സാഹചര്യം ഏതാണ് എന്ന് കൂടി നിങ്ങളെ കാണിക്കുകയാണെങ്കിൽ (ഉദാ: അടുക്കള, മാലിന്യക്കൂമ്പാരം, ഷോകേസ്) സ്വാഭാവികമായും അതേപ്പറ്റി, വിശിഷ്യാ അതിന്റെ ഉപയോഗത്തെ പറ്റി അനുമാനങ്ങളിൽ എത്തുവാൻ നിങ്ങൾക്ക് സാധിക്കും. ഇതിൽ നിന്നും വ്യക്തമാകുന്ന മറ്റൊരു കാര്യം ഉത്ഖനനം നടക്കുന്ന സമയത്തും സ്ഥലത്തും തന്നെ സംഭവിക്കുന്ന ഒന്നാണ് interpretation  അഥവാ വ്യാഖ്യാനം എന്നാണ്. ഒരു artefact  ന്റെ പദാർത്ഥികവും, ഭൗതികവുമായ വിശദാംശങ്ങൾ രേഖപെടുത്തുന്നതിനപ്പുറം അതിന്റെ ലളിതമായ നാമകരണം വരെ വ്യാഖ്യാനാത്മകമാണ്.

അപേക്ഷികതാവാദം ഉയർത്തി പുരാവസ്തുക്കളുടെ നിർവചന സാധ്യതകളെ തള്ളിക്കളയുക അല്ല ഞാനിവിടെ ചെയ്യുന്നത്. എന്നാൽ ഡാറ്റ ശേഖരണത്തിലും, റെക്കോർഡിങ്ങിലും, പ്രാഥമിക റിപ്പോർട്ടിലും വരെ ബദൽവ്യാഖ്യാനങ്ങൾക്കു സാധ്യത ഉണ്ട് എന്ന് മനസ്സിലാക്കുന്നത് ആർക്കിയോളജിയുടെ സാധ്യതകളെ കൂടുതൽ റിയലിസ്റ്റിക് ആയി സമീപിക്കുവാൻ  സഹായിക്കും. അയോദ്ധ്യ ഉത്ഖനനത്തിന്റെ കാര്യത്തിൽ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് ആകെ തെളിവായി കണക്കാക്കുമ്പോൾ, ഈ വശം കണക്കിലെടുക്കുന്നതേയില്ല. അയോദ്ധ്യ ഉത്ഖനനത്തിൽ കക്ഷികൾക്ക് വേണ്ടി നിരീക്ഷകരായെത്തിയ പുരാവസ്തുഗവേഷകർ , പല artefactകൾക്കും ASI നൽകിയിരിക്കുന്ന നിർവചനങ്ങളെ വെല്ലുവിളിക്കുകയും മറ്റു സാദ്ധ്യതകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് ഒരു ശില്പത്തിന്റെ പാതിഭാഗത്തെ, damaged sculpture,  broken  sculpture, sculpture fragment എന്നിങ്ങനെ വ്യത്യസ്ത രീതിയിൽ ട്രെഞ്ച് നോട്ടുബുക്ക്/റെജിസ്റ്ററുകൾ എന്നിവയിൽ രേഖപെടുത്തിയിടിക്കുന്നു. റിപ്പോർട്ടിൽ കൂടുതൽ പഠനങ്ങൾ കൂടാതെ ഇതിനെ divine couple എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ശില്പത്തിന് ദിവ്യത്വം കല്പിക്കുന്നതിന്റെ അടിസ്ഥാനത്തെ നിരീക്ഷകർ ചോദ്യം ചെയ്യുന്നുണ്ട്. ഇതേ പോലെ ഹിന്ദുമത ചിഹ്നങ്ങൾ ആയി റെക്കോർഡ് ചെയ്യപ്പെട്ട വസ്തുക്കൾ ബുദ്ധമതം ഇസ്ലാം എന്നിവയുടേതാകാനുള്ള സാധ്യതകളും നിരീക്ഷകർ ചൂണ്ടികാണിക്കുന്നു. റെക്കോർഡിങ്ങിൽ തന്നെയുള്ള വ്യാഖ്യാന സാധ്യതകൾ ഇതിൽ നിന്നും വ്യക്തമാണ്. ഈ വിയോജിപ്പുകൾ ഒന്നും തന്നെ വിധിന്യായത്തിൽ അക്കാദമികമായ പരിഗണിച്ചിട്ടില്ല എന്നതും ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു.

Ayodhya: Archaeology after Demolition. , D . Mandal

ആർക്കിയോളജിക്കൽ റിപ്പോർട്ട്

ഉത്ഖനനത്തിലൂടെയും പര്യവേക്ഷണങ്ങളിലൂടെയും ശേഖരിക്കുന്ന ഡാറ്റ ആദ്യം പ്രാഥമിക റിപ്പോർട്ടു (preliminary report)കളായി സംയോജിപ്പിക്കുന്നു. സാധാരണയായി, പുരാവസ്തു കണ്ടെത്തലുകളെ ഫലപ്രദമായി വിശകലനം ചെയ്യുന്നതിന് ഖനനത്തിന് ശേഷം ഗണ്യമായ സമയം ആവശ്യമാണ്, കാരണം ഓരോ ഗണം പുരാവസ്തുക്കളും, മറ്റ് തെളിവുകളും സൂക്ഷ്മമായും, സ്പെഷ്യലിസ്റ്റുകളുടെ സഹായത്തോടെയും പഠിക്കേണ്ടതുണ്ട്. ASI യുടെ തന്നെ കേന്ദ്ര ഉപദേശക സമിതി (CABA) തയ്യാറാക്കി 2009 ഡിസംബർ 23 ന് ASI ഡയറക്ടർ ജനറലിന് അംഗീകാരത്തിനായി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, ഫീൽഡ് വർക്കിന് ശേഷം ഉത്ഖനന റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി ആറു മാസമാണ്. പലപ്പോഴും സമഗ്രമായ രചനയ്ക്ക് ഇതിലേറെ സമയം ആവശ്യമായി വരാറുണ്ട്.

അയോദ്ധ്യയിലെ ഉത്ഖനനം, 2003 മാർച്ച് 12 ന് ആരംഭിച്ച് 2003 ഓഗസ്റ്റ് 7 വരെ തുടർന്നു. മുൻപ് സൂചിപ്പിച്ച പോലെ 90 ട്രെഞ്ചുകൾ ഉത്ഖനനം ചെയ്ത ഒരു ലാർജ് സ്കെയിൽ എക്സ്കവേഷൻ ആയിരുന്നു ഇത്. ഉത്ഖനനത്തിന്റെ രണ്ട് വാല്യങ്ങളുള്ള റിപ്പോർട്ട് 2003 ഓഗസ്റ്റ് 22ന് ഹൈക്കോടതിയിൽ സമർപ്പിച്ചു. അതായത് 6 മാസം നീണ്ടുനിന്ന ഉത്ഖനന പ്രക്രിയയുടെ റിപ്പോർട്ട് തയ്യാറാകാൻ 15 ദിവസമായിരുന്നു ASI ക്ക് ലഭിച്ചത്. കോടതി ഇടപെടലിന്റെ നേരിട്ടുള്ള ഫലമായാണ് ഇതു   സംഭവിക്കുന്നത്. 2003 മാർച്ച് 5 ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ. ഉത്ഖനനം ആരംഭിക്കാൻ എടുക്കേണ്ട സമയത്തെക്കുറിച്ചും ഉത്ഖനനത്തിന് ശേഷം റിപ്പോർട്ട് സമർപ്പിക്കുന്നതിന് എത്ര സമയമെടുക്കും എന്നതിനെക്കുറിച്ചും കോടതി നിർദ്ദേശങ്ങൾ നൽകിയിരുന്നു. രണ്ടിനും, തുടക്കത്തിൽ അനുവദിച്ച സമയം വെറും ഏഴ് ദിവസമാണ്. ഉത്ഖനനത്തിന് മുമ്പ് ആവശ്യമായ ആസൂത്രണത്തെ ഇത് ഒരു പരിധിവരെ തടസ്സപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന് ട്രെഞ്ചുകൾ എവിടെയായിരിക്കണം തുടങ്ങിയ സുപ്രധാന തീരുമാനങ്ങളിൽ ഇത്തരം നിയന്ത്രണങ്ങൾ സ്വാഭാവികമായും സ്വാധീനം ചെലുത്തും. ഇതിനുപരിയായി കണ്ടെത്തലുകളെ അടിസ്ഥാനമാക്കി നിഗമനങ്ങളിൽ എത്താൻ ലഭ്യമായ സമയത്തെ അസ്വാഭാവികമാം വിധം ഇത് നിയന്ത്രിക്കുന്നു. കോടതി ഉന്നയിച്ച ചോദ്യത്തെ പ്രതിയുള്ള നിഗമനങ്ങളിൽ എത്തിച്ചേരുന്നതിന്, ASI, തെരഞ്ഞെടുത്ത പുരാവസ്തുക്കളെ വലിയ അളവിൽ ആശ്രയിക്കുന്നതായി കാണാം. നിർബന്ധിത സമയപരിധി ഇത്തരം പുരാവസ്തുക്കളുടെ പഠനത്തെ വലിയ തോതിൽ.പരിമിതപ്പെടുത്തുന്നുണ്ട്. ഖനനത്തിനായി കൂടുതൽ സമയം ASI ആവശ്യപ്പെടുമ്പോൾ കൂടുതൽ സ്റ്റാഫിനെ നിയമിക്കാനാണ് കോടതി ഉത്തരവിടുന്നത്. ഇവിടെ മുൻഗണന പരമാവധി വേഗത്തിൽ സയന്റിഫിക് കമ്മീഷന്റെ അന്വേഷണം പൂർത്തി ആക്കുക എന്നതിലാണ്. അല്ലാതെ പഠനത്തിനാവശ്യമെന്നു സയന്റിഫിക് കമ്മീഷൻ കരുതുന്ന സാഹചര്യങ്ങൾ ഒരുക്കുവാനല്ല. ഈ വിഷയത്തിൽ കമ്മീഷന്റെ വിദഗ്ധാഭിപ്രായത്തെ കോടതി തീരുമാനം അസാധുവാക്കുന്നു. അതുപോലെ, കൂടുതൽ സ്റ്റാഫിനെ ഉപയോഗിച്ചു സമയപരിമിതിയെ മറികടക്കാനാവാവും എന്ന നിശ്ചയിക്കുമ്പോൾ, പുരാവസ്തു പഠനങ്ങളുടെ സ്വഭാവത്തെക്കുറിച്ച് കോടതി സ്വന്തമായി തെറ്റായ നിഗമനങ്ങളിൽ എത്തിച്ചേരുന്നു.

“In our last order on 2nd May 2003 we had directed that the excavation be completed by 15th June 2003 and the report be submitted in the first week of July 2003 but number of trenches completed are (sic.) only seven.(author emphasis) It is expected that incomplete trenches and other trenches which require excavation be completed at an early date. (see അഗർവാൾ, വാല്യം 1, 250). 22 മെയ് 2003 ലെ ഉത്തരവിൽ നിന്നുള്ള ഈ വരികളിലെ കുറ്റപ്പെടുത്തലിന്റെ സ്വരം  ശ്രദ്ധിച്ച് നോക്കിയാൽ തന്നെ കമ്മീഷന് മേലുള്ള സമ്മർദം വ്യക്തമാണല്ലോ .ഇത്തരം നിയന്ത്രണങ്ങളെ മറികടക്കാൻ ASI പ്രയാസപ്പെടുന്നതും അനുകൂലമായ തീരുമാനങ്ങൾക്കായി കോടതിക്ക് ഒന്നിലേറെ നിവേദനങ്ങൾ സമർപ്പിക്കുന്നതും വിധിയുടെ വായനയിൽ കാണാനാവും.

ഉത്ഖനനങ്ങളുടെ സംഘാടനം

ഒരു സംഘം വ്യക്തികളുടെ പരിശ്രമങ്ങളെ ഏകോപിപ്പിക്കുന്ന ലേബർ ഇന്റെൻസീവ് പ്രവർത്തനം ആയതിനാൽ, പുരാവസ്തു ഗവേഷണങ്ങളിൽ ടീമിന്റെ ഏകോപനം പ്രധാന പ്രാധാന്യമർഹിക്കുന്നു. Research  Concern നിർവചിക്കുന്നതു തൊട്ടേ ആരംഭിക്കുന്ന മുഴുവൻ പ്രക്രിയയും ഏകോപിപ്പിക്കുന്നത് excavation  ഡയറക്ടർ/ടീം ലീഡർ ആണ്. എപ്പോൾ, എവിടെ, എവിടെ വരെ ഉത്ഖനനം നടത്തണം, ആരാണ് ടീം അംഗങ്ങൾ, ഉത്ഖനനത്തിന് ആവശ്യമായ സമയവും വിദഗ്ധരും, എക്സ്കവേഷൻ, റെക്കോർഡിങ് പ്രാഥമിക റിപ്പോർട്ടിന്റെ ക്രോഡീകരണം എന്നിവയ്ക്കായി അവലംബിക്കുന്ന രീതി ഇവയെല്ലാം ഉത്ഖനന ഡയറക്ടറുടെ നേരിട്ടുള്ള ഏകോപനത്തിനും അധികാരത്തിനും കീഴിലാണ്. വിദഗ്ധരുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ artefact ഉകളും മറ്റും വിശദമായി പഠിച്ച് അന്തിമ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതും ടീം ലീഡറിന്റെ ചുമതലയാണ്. അയോദ്ധ്യയിലെ പുരാവസ്തു ഖനനം പുരോഗമിക്കുമ്പോൾ, 2003 മെയ് 22 ന് നിലവിലുള്ള ടീം ലീഡർ ബി. ആർ. മണിയെ സ്ഥാനത്ത് നിന്ന് നീക്കാൻ കോടതി ഉത്തരവിട്ടു. പകരമായി ഹരി മഞ്ജി ടീം ലീഡറായി ചുമതലയേറ്റു. ഉത്ഖനനത്തിന്റെ മൊത്തത്തിലുള്ള നിയന്ത്രണവും കാഴ്ചപ്പാടും ടീം ലീഡറിനാണ് ഉണ്ടായിരിക്കുക എന്ന് നമ്മൾ കണ്ടു, ഇത് കൊണ്ട് തന്നെ ഉത്ഖനനത്തെ ആകെ ബാധിക്കുന്ന ഒരു തീരുമാനമാണ് ടീം ലീഡറിനെ മാറ്റാനുള്ള ഓർഡർ. അയോദ്ധ്യയിൽ ഉത്ഖനനപ്രക്രിയക്ക് മേലുള്ള പരമാധികാരം ടീം ലീഡറിലല്ല ജുഡിഷ്യറിയിൽ ആണ് നിക്ഷിപ്തമായിരിക്കുന്നത് എന്ന് ഇത് വെളിവാക്കുന്നു. ഇതേ രീതിയിൽ തൊഴിൽ സമയം, ടീമിന്റെ സ്വഭാവം, ഉത്ഖനത്തിന്റെ ഗതി, എന്നിങ്ങനെ ഡയറക്ടറുടെ തീരുമാന പരിധിയിൽ വരുന്ന ഒട്ടനവധി മേഖലകളിൽ, അയോദ്ധ്യയിൽ കോടതിയാണ് തീരുമാനങ്ങൾ എടുക്കുന്നത് എന്ന് നമുക്ക് കാണാനാവും .

ആർക്കിയോളജിക്കൽ ഇന്റർപ്രെറ്റേഷൻ

പ്രാഥമിക റിപ്പോർട്ട് എഴുത്ത് വരെയുള്ള പ്രക്രിയ പുരാവസ്തു ഗവേഷണത്തിന്റെ പ്രാരംഭ ഘട്ടം മാത്രമാണ്. പൂർണ്ണമായ റിപ്പോർട്ടിന്റെ ഉത്പാദനം പഠനവും സമയവും ആവശ്യപ്പെടുന്നു. വിശകലനത്തിനായി ലാബ് അധിഷ്ഠിത പഠനങ്ങളെയും ശാസ്ത്രവിഷയങ്ങളെയും ആശ്രയിക്കുന്നത് ആർക്കിയോളജിയെ പോസിറ്റിവിസ്റ്റ് ശാസ്ത്രമായി മനസ്സിലാക്കുന്നതിനുള്ള ഒരു കാരണമാണ്. എന്നാൽ സയൻസിനുള്ളിൽ തന്നെ ഇത്തരം ധാരണകൾ ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന് നമുക്കറിയാം. ഉന്നയിക്കപ്പടുന്ന ചോദ്യങ്ങളും പുരാവസ്തു ഗവേഷകയുടെ/കന്റെ സൈദ്ധാന്തിക ദിശാബോധവും അനുസരിച്ച് ആർക്കിയോളജിയിലെ വിശകലനങ്ങളും നിഗമനങ്ങളും വലിയ തോതിൽ വ്യത്യാസപ്പെടാം. ആർക്കിയോളജിയിലെ വിവിധ സൈദ്ധാന്തിക സരണികൾ വിശദമായി ചർച്ച ചെയ്യുന്നത് ഈ പേപ്പറിന്റെ പരിധിക്കപ്പുറമാണ്.. എന്നിരുന്നാലും ചില കാര്യങ്ങൾ മാത്രം ഇവിടെ സൂചിപ്പിക്കാം. 1960കൾ വരെ, പുരാവസ്തു പഠനങ്ങളിൽ ആധിപത്യം പുലർത്തിയത് ‘കൾച്ചർ-ഹിസ്റ്റോറിക്കൽ’  എന്ന് ഒന്നിച്ചു വിവക്ഷിക്കുന്ന ഒരു കൂട്ടം സമീപനങ്ങൾ ആയിരുന്നു. പുരാവസ്തുക്കളെ ഇനം തിരിക്കുകയും, ഇവയുടെ ഗ്രൂപിങ്ങിന്റെ അടിസ്ഥാനത്തിൽ സംസ്കാരങ്ങളെ ലേബൽ ചെയ്യുകയും ചെയ്യുക എന്നതാണ് ഈ സമീപനങ്ങളുടെ പ്രധാന വിശകലന രീതി; കൾച്ചർ-ഹിസ്റ്റോറിക്കൽ സപീപനങ്ങളുടെ പരിമിതി, വ്യാഖ്യാനങ്ങളുടെ സാധ്യതയെ ഇവ നാമകരണങ്ങളിലേക്കും, കാലഗണനയിലേക്കും വലിയൊരു പരിധി വരെ ചുരുക്കുന്നു എന്നതാണ്. സമൂഹങ്ങൽക്കുളിലേ സൂക്ഷ്മവ്യത്യാസങ്ങൾ, മാറ്റങ്ങൾക്കുള്ള കാരണങ്ങൾ എന്നിവ മനസിലാക്കുന്നതിൽ ഈ സമീപനങ്ങൾക്ക് വലിയ പരിമിതികളുണ്ട്. നിർഭാഗ്യവശാൽ, കൾച്ചർ-ഹിസ്റ്റോറിക്കൽ സമീപനങ്ങൾ ഇന്ത്യൻ ആർക്കിയോളജിയിൽ ഇപ്പോഴും പ്രത്യക്ഷവും പരോക്ഷവുമായ ഫലങ്ങളോട് കൂടി ശക്തമായി നിലനിൽക്കുന്നു. ആർക്കിയോളജിയിൽ 1960കൾക്ക് ശേഷം പല പ്രധാന സൈദ്ധാന്തിക സരണികളും ഉയർന്നു വന്നിട്ടുണ്ട്. ഇവ പുരാവസ്തുപഠനങ്ങളിലൂടെയുള്ള വ്യാഖ്യാന സാധ്യതകളെ വളരെ ഏറെ വികസിപ്പിച്ചിട്ടുണ്ട് 1970കളിൽ ആവിർഭവിക്കുന്ന പ്രോസസ്സ്വൽ ആർക്കിയോളജിക്കൽ സമീപനങ്ങൾ, മോണോലിത്തിക് സംസ്കാരങ്ങളുടെ നിർവചനം എന്ന ഊന്നലിൽ നിന്നും മാറി, ഇവയ്ക്ക് അടിസ്ഥാനമായ പ്രോസസ്സ് (പ്രക്രിയ) കളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. പ്രോസസ്സ്വൽ ആർക്കിയോളജിയിലെ ശക്തമായ ഒരു ധാരണ പുരാവസ്തു തെളിവുകളെ പഠിക്കാൻ പോസിറ്റിവിസ്റ്റ് അർത്ഥത്തിൽ സയന്റിഫിക് മെത്തേഡ് പ്രയോഗിക്കാൻ കഴിയുമെന്നതായിരുന്നു. ഡാറ്റയുടെ ശേഖരണവും ഉത്പാദനവും, വ്യാഖ്യാനത്തിൽ നിന്നും സിദ്ധാന്തത്തിൽ നിന്നും പൂർണ്ണമായും വേർതിരിക്കാമെന്ന ധാരണയാണ് ഇതിനടിസ്ഥാനം. ഇന്ത്യയിൽ പ്രോസസ്വലിസ്റ്റ് സമീപനങ്ങളുടെ സാധ്യതകൾ പൂർണ്ണമായി ഉപയോഗപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഡാറ്റ തിയറിയിൽ നിന്ന് വേറിട്ടതാണെന്ന വിശ്വാസം ഇന്ത്യൻ ആർക്കിയോളജിയിലും പൊതു ധാരണയിലും ശക്തമായി നിലനിൽക്കുന്നു. ഇതിനാലാണ് ഇവിടെ ചർച്ച ചെയ്ത തരത്തിലുള്ള കോടതി ഇടപെടലുകൾ പുരാവസ്തു അറിവുകളെ ബാധിക്കുന്നു എന്ന് കോടതി അംഗീകരിക്കാത്തത്. കൗതുകകരമായ വസ്തുത, ഉത്ഖനനം നടത്തുന്ന ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യയും ഇതേ പോസിറ്റിവിസ്റ്റു ധാരണകൾ വെച്ച് പുലർത്തുന്നു എന്നതാണ്.

എന്നാൽ ഡാറ്റ തന്നെ interpretative (വിശകലനാത്മകം) ആണ് എന്ന് നമ്മൾ കണ്ടു. റിസർച്ച് കൺസേൺ എന്താണ് എന്ന് നിർവചിക്കൽ, ആർക്കിയോളജിസ്റ്റിന്റെ കർതൃത്വം അഥവാ subjectivity, പുരാവസ്തു പഠനങ്ങൾ നടക്കുന്ന സാമൂഹികവും രാഷ്ട്രീയവും, സ്ഥാപനപരവുമായ പശ്ചാത്തലം,സൈദ്ധാന്തിക സമീപനം എന്നിങ്ങനെ വിവിധ ഘടകങ്ങൾ ഡാറ്റയെയും, പഠന ഫലങ്ങളെയും, സ്വാധീനിക്കുന്നു. ഇതേ കുറിച്ചുള്ള തിരിച്ചറിവുകൾ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിൽ ആർക്കിയോളജിയിലെ വ്യാഖ്യാന സാധ്യതകളെ കൂടുതൽ വിശാലമാക്കിയിട്ടുണ്ട്. ആർക്കിയോളജിയുടെ വർത്തമാനകാല ഉപയോഗങ്ങളും ദുരുപയോഗങ്ങളും മനസിലാക്കാനും, അയോദ്ധ്യ കേസിൽ എന്ന പോലെ പുരാവസ്തു ഗവേഷണത്തിലെ അറിവുത്പാദനത്തെ നിർണ്ണയിക്കുന്ന സാന്ദർഭിക ഘടകങ്ങൾ പരിശോധിക്കാനും ഉതകുന്ന തരം സെല്ഫ് റിഫ്ലെക്സിവിറ്റിയും ഈ തിരിച്ചറിവുകൾ കൊണ്ടുവന്നു.

പുരാവസ്തു പഠനങ്ങളിലെ വിവിധ ഘട്ടങ്ങളെ പരിചയപ്പെടുത്താനും  അയോദ്ധ്യയിൽ  ഓരോ ഘട്ടത്തിലും കോടതി എപ്രകാരം ഇടപെടുന്നു എന്ന് ചില ഉദാഹരണങ്ങൾ വഴി വിശദീകരിക്കാനാണ് ഈ ചർച്ച ശ്രമിച്ചത്. ഇത്തരത്തിൽ രണ്ടുദാഹരണങ്ങൾ കൂടി പരിശോധിക്കാം. ഉത്ഖനനവുമായി ബന്ധപ്പെട്ട് കോടതിയുടെ നിലപാടിലെ വൈരുദ്ധ്യങ്ങളെ വെളിപ്പെടുത്തുന്നതു കൂടിയാണ് ഇവ.

ആദ്യത്തേത് എവിടെ ഉത്ഖനനം നടത്തണം എന്നതിനെ സംബന്ധിച്ചാണ്. 2003 മാർച്ച് 5 ലെ ഉത്തരവിൽ, ഖനനം നടത്തേണ്ട സ്ഥലം കോടതി വ്യക്തമാക്കുന്നു. പര്യവേക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു സൈറ്റിന്റെ അതിരുകളും ഉത്ഖനനം നടത്തേണ്ട ഇടവും നിശ്ചയിക്കേണ്ടത് എന്ന് നമ്മൾ കണ്ടുവല്ലോ. അയോദ്ധ്യയിൽ ആകട്ടെ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കം നിലനിൽക്കുന്ന ഭൂമിയുടെ അതിരുകളാണ് സൈറ്റിന്റെ അതിരുകളായി കോടതി നിശ്ചയിക്കുന്നത്. അതായത്, വർത്തമാനകാലത്തെ സിവിൽ തത്വങ്ങളാലും രാഷ്ട്രീയ/മത ഭൂപടത്താലുമാണ് ആർക്കിയോളജികൾ സൈറ്റ് നിർവചിക്കപ്പെടുന്നത്. ബാബ്റി മസ്ജിദ് തകർത്ത ശേഷം  രാംലല്ലയുടെ വിഗ്രഹം നടുവിലെ താഴികക്കുടം നിലനിന്നിരുന്ന സ്ഥലത്തിന് കീഴെ ആയി സ്ഥാപിക്കുകയുണ്ടായി. വിഗ്രഹം നിലനിൽക്കുന്നിടത്തും അതിനു ചുറ്റുമുള്ള പത്തടിയിലും സർവേയും ഉത്ഖനനവും നടത്തുന്നത് കോടതി വിലക്കുന്നു ഇതിനുള്ള ന്യായീകരണം ആർക്കിയോളോജിക്കൽ പഠനങ്ങൾ രാംലല്ലയുടെ ആരാധനയെ തടസ്സപ്പെടുത്തരുത് എന്നതാണ് the “”status quo as regards His Puja and worshippers’ right of Darshan shall be maintained’ എന്നാണ് പറയുന്നത്  (ശർമ്മ, അനെക്സ്ച്ചർ 3, 13–14).  ഒരു വശത്ത് കോടതി, മസ്ജിദ് നിലനിന്ന സ്ഥലത്തു മുൻപ് എന്തായിരുന്നു എന്ന് മനസിലാക്കുന്നതിന്റെ പ്രാധാന്യത്തെ ഊന്നി പറയുന്നു. മറുവശത്താകട്ടെ ആരാധനയ്ക്കുള്ള ഹിന്ദു ‘പൊതുജനത്തിന്റെ’ ‘അവകാശ’ത്തിനു പുരാവസ്തു ഗവേഷണത്തിന്റെ ആവശ്യകതകളെക്കാളും, അത് വഴി തെളിവുകളുടെ വിശ്വാസ്യത ഉറപ്പു വരുത്തുന്നതിനേക്കാളും മുൻഗണന നൽകുകയും ചെയ്യുന്നു..

അയോദ്ധ്യ വിധിന്യായത്തിൽ ഏറ്റവും കൗതുകകരവും വിമർശനാത്മകമായി സമീപിക്കേണ്ടതായി ഞാൻ കണക്കാക്കുന്നതുമായ പ്രശ്നമാണ് ആർക്കിയോളജിസ്റ്റിന്റെ റിലീജിയസ് ഐഡന്റിറ്റി, അഥവാ മത സ്വത്വം. രണ്ടു റോളുകളിലാണ് പുരാവസ്തുഗവേഷകർ അയോദ്ധ്യ വിധിന്യായത്തിൽ കടന്നു വരുന്നത്. ഒന്ന്, കോടതി നിയമിച്ച സയന്റിഫിക് കമ്മിഷൻന്റെ അതായത് ASI ഉത്ഖനന സംഘത്തിന്റെ ഭാഗമായി. രണ്ട്, വിവിധ കക്ഷികളുടെ ഭാഗത്തു നിന്നുള്ള നിരീക്ഷകരും സാക്ഷികളുമായി. 2002 ഓഗസ്റ്റ് 1 ലെ ഉത്തരവ് പ്രകാരം ഖനന സംഘത്തിൽ അഞ്ച് പ്രമുഖ പുരാവസ്തു ഗവേഷകർ ഉൾപ്പെടണമെന്നും ഇവരിൽ രണ്ടു പേർ മുസ്ലിങ്ങൾ ആയിരിക്കണം എന്നും കോടതി നിഷ്കർഷിക്കുന്നു. അയോധ്യ പ്രശ്നത്തെ കോടതി അടയാളപ്പെടുത്തുന്നത് ഭൂരിപക്ഷവും ന്യൂനപക്ഷവും ആയ രണ്ടു മതസമൂഹങ്ങൾ തമ്മിൽ ഉള്ള തർക്കം ആയിട്ടാണ് എന്ന് ഈ അനുപാതം വ്യക്തമാക്കുന്നുണ്ട്. മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ചിന്റെ ഘടനയിൽ ഇതേ അനുപാതം കാണാം. കക്ഷികളെ സൂചിപ്പിക്കുവാൻ ഹിന്ദു, മുസ്ലിം എന്നീ പൊതു ലേബലുകൾ ആണ് ജഡ്ജിമാർ ഉപയോഗിക്കുന്നത്.

ടീമിലെ മുസ്ലിം പ്രാതിനിധ്യം കുറവാണ് എന്ന ഒരു പരാതിക്ക് കോടതി നൽകുന്ന മറുപടി നോക്കുക

“Archaeology is a Science and every Archaeologist has to perform excavation and related work in a scientific manner on the principles laid down for excavation. When he acts as Archaeologist to prefix the word denoting his religion is not a correct description of such Scientist, e.g. a doctor may have any religious faith but he cannot be described by prefixing the word ‘Muslim’, ‘Hindu’, ‘Christian’ etc. It is his performance of work is relevant [sic]. It will amount to tarnishing of a Scientist, Archaeologist or any person engaged in excavation. (അഗർവാൾ, വാല്യം 1,230)”

ആർക്കിയോളജിയെ ഇവിടെ താരതമ്യപ്പെടുത്തുന്നത് അതുമായി കൂടുതൽ ബന്ധപ്പെട്ടു നിൽക്കുന്ന വിഷയങ്ങളുമായല്ല. മറിച്ചു മെഡിക്കൽ സയൻസുമായിട്ടാണ്. ഒരു ഡോക്ടർ രോഗനിർണ്ണയം നടത്തും പോലെ ആണ് പുരാവസ്തുഗവേഷകർ പ്രശ്നപരിഹാരം നടത്തുന്നത് എന്നാണിവിടെ വിവക്ഷ. ഒബ്ജക്റ്റീവ് സയൻസ് എന്ന നിലയിൽ ഉത്ഖനനത്തിന്റെ വിശ്വാസ്യതയെ ഊട്ടി ഉറപ്പിക്കുകയാണ് ഈ ഉപമയിലൂടെ ഉദ്ദേശിക്കുന്നത്. എന്നാൽ ഇതേ കോടതി ക്ഷേത്രവാദത്തിന് അനുകൂലമായി സയന്റിഫിക് കമ്മിഷൻ സ്വാധീനിക്കപ്പെടാം എന്ന വാദത്തിനെ എതിർക്കുന്നത് എങ്ങനെ എന്ന് കാണാം .ജസ്റ്റിസ് ശർമ്മയുടെ വിധിന്യായത്തിൽ ഇങ്ങനെ പറയുന്നു

“Muslim members of the ASI team cannot be forced ‘to sign over the report against their wishes and against the data collected by them’ (ശർമ്മ, O.O.S. 4, 97)”

അതായത് മുസ്ലിം ആർക്കിയോളജിസ്റ്റ് സ്വാഭാവികമായി കേസിലെ മുസ്ലിം പാർട്ടികളോട് അനുഭവം പ്രകടിപ്പിക്കും എന്ന് കോടതി കരുതുന്നു. ആർക്കിയോളജിസ്റ്റ് നിഷ്പക്ഷ സ്വഭാവമുള്ള ശാസ്ത്രജ്ഞരാണെന്ന് കോടതിയും ASI യും ശക്തമായി വാദിക്കുമ്പോൾ തന്നെയാണ് ഇതിനു കടകവിരുദ്ധമായ പ്രസ്താവനകൾ വിധിന്യായത്തിൽ കടന്നു വരുന്നത് .

വിനിമയം

ഏതൊരു വിജ്ഞാനമേഖലയിലെയും അറിവുകളുടെ dissemination  അഥവാ വിനിമയത്തിന് ചില ഔപചാരിക മാര്ഗങ്ങൾ ഉണ്ട്. ഗവേഷണപ്രബന്ധങ്ങൾ, പുസ്തകങ്ങൾ, റിപോർട്ടുകൾ എന്നീ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്ന കണ്ടെത്തലുകൾ അക്കാദമികമായ ചർച്ചയ്ക്കും തുടർപഠനങ്ങൾക്കും വിമർശനങ്ങൾക്കും വിധേയമാകുന്നു. ചർച്ചകൾക്കപ്പുറമായ ഒരു പൂർണ സത്യമായി അക്കാദമിക പഠനങ്ങളുടെ കണ്ടെത്തലുകൾ പരിഗണിക്കുക അസ്വാഭാവികമാണ്. ആർക്കിയോളജിയുടെ കാര്യവും വ്യത്യസ്തമല്ല. ഇന്ത്യയിൽ ആർക്കിയോളജി പഠന റിപോർട്ടുകൾ സാധാരണയായി ആദ്യം ASI  യുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലും തുടർന്ന് മറ്റു പ്രസിദ്ധീകരണങ്ങളിലും പബ്ലിഷ് ചെയ്യുന്നു. ASI യ്ക്ക് ഇന്ത്യയിൽ ഉള്ള പ്രത്യേക സ്ഥാനത്തെ പറ്റി ഇവിടെ ചിലത് സൂചിപ്പിക്കാതെ വയ്യ. ഇന്ത്യയിലെ പുരാവസ്തുക്കളിന്മേൽ ASI ക്ക് പരമാധികാരമുണ്ട്. ഏതൊരു പുരാവസ്തു പര്യവേക്ഷണവും ഉത്ഖനനവും ASI യുടെ ലൈസൻസോടു കൂടി മാത്രമേ ചെയ്യുവാനാവൂ. രാജ്യമാകെയുള്ള ആർക്കിയോളജി പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന വളരെ വിപുലമായ ഒരു ബ്യുറോക്രാറ്റിക് സംവിധാനമാണ് ASI ക്ക് ഉള്ളത്. ഇത്തരത്തിലുള്ള instituional സ്വഭാവവും പരമാധികാരവും, മാറ്റങ്ങളെയും, ഒരു പരിധി വരെ നേരിട്ടുള്ള വിമർശനങ്ങളെയും എതിർപ്പുകളെയും പ്രായോഗികമായി തടയുന്നുണ്ട് എന്ന് ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്.

എന്നിരുന്നാലും അയോദ്ധ്യയിലെ കണ്ടെത്തലുകൾക്കെതിരെ വളരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ASI  കണ്ടെത്തി എന്ന് പറയപ്പെടുന്ന 50 തൂണുകളുടെ അടിസ്ഥാനങ്ങളിൽ ഒരു വലിയ പങ്ക്, തൂണുകൾ നിലനിൽക്കുന്നു എന്ന മുൻധാരണയോടെ കെട്ടിടാവശിഷ്ടങ്ങൾ നീക്കംചെയ്യും വഴി സത്യത്തിൽ ASI  നിർമിച്ചെടുക്കുകയാണ് ചെയ്തിരിക്കുന്നത് എന്നതാണ് വളരെ ഗൗരവകരമായ ഒരു വിമർശനം ഇതിന്റെ വിശദാംശങ്ങൾ ഇന്ററാക്ടിവ് രീതിയിൽ ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ നിരീക്ഷകരായ സുപ്രിയ വർമ്മ, ജയാ മേനോൻ എന്നിവർ ചർച്ച ചെയ്യുന്നുണ്ട്. .ഇത് ഒരു ഉദാഹരണം. ഇത്തരത്തിൽ പല വിമർശനങ്ങൾ നിലനിൽക്കെ എങ്ങിനെയാണ് ASI നടത്തുന്ന നിഗമനങ്ങളെ, ഒരു വിശകലന സാധ്യത എന്നതിനപ്പുറത്തേക്ക് തർക്കമില്ലാത്ത തെളിവുകളായി കണക്കാൻ കോടതിക്ക് സാധിക്കുന്നത് എന്ന് നോക്കാം

കോടതിയുടെ അധികാരപരിധിയിലേക്കു വരുമ്പോൾ അറിവിന്റെ വിനിമയത്തിന് എന്ത് സംഭവിക്കുന്നു എന്നത് രസകരമാണ്. 2007ൽ ആർക്കിയോളജിസ്റ്റുകൾ ആയ ഷെറീൻ രത്നാഗർ, ഡി. മണ്ഡൽ എന്നിവർ രചിച്ച Ayodhya: Archaeology after Excavation എന്ന അയോദ്ധ്യ ഉത്ഖനനത്തെ വിമർശനാത്മകമായി പരിശോധിക്കുന്ന ഗ്രന്ഥം തൂലിക ബുക്ക്സ് പ്രസിദ്ധീകരിച്ചു. തുടർന്ന് 2011 മാർച്ച് 11 ന് ഗവേഷകർക്കും പ്രസാധകർക്കും എതിരെ കോടതിയലക്ഷ്യം ചാർജ് ചെയ്യപ്പെട്ടു. വിഷയം സബ് ജൂഡിസ് ആയതിനാൽ ASI റിപ്പോർട്ടിനെ ഇപ്രകാരം പഠിക്കുന്നത് Criminal  Contempt  of Court ആണെന്നും, റിപ്പോർട്ട് കോടതിയുടെ ‘Property’  ആണെന്നും ഇതിൽ പറയുന്നു.

ജുഡീഷ്യൽ ആര്‍ബിട്രേഷന്റേതായ ഇടത്തിന്റെ ചില പ്രധാന വശങ്ങൾ ഈ ഉദാഹരണം വെളിപ്പെടുത്തുന്നു. കോടതിമുറിക്കായി നിർമ്മിക്കുന്ന അറിവ് അടിസ്ഥാനപരമായി അക്കാദമിക് അറിവിൽ നിന്ന് വ്യത്യസ്തമാണ്. ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ തർക്കത്തിനിടനൽകാത്ത ഉത്തരങ്ങൾ കണ്ടെത്താനുള്ള കോടതിയുടെ നിർബന്ധം അക്കാദമികമായി അടിസ്ഥാനമില്ലാത്ത ഒന്നാണ്. എന്നാൽ ജുഡീഷ്യറിയെ സംബന്ധിച്ചിടത്തോളം പരമപ്രധാനവും. ഇതിനാൽ ബദൽ ‘സത്യങ്ങ’ ളും  വിശദീകരണങ്ങളും ഉൾകൊള്ളുവാനുള്ള അറിവിന്റെ സാധ്യത തടയേണ്ടത് അത്യാവശ്യമായി വരുന്നു, കുറഞ്ഞത് ജുഡീഷ്യറി സ്വന്തമായ തീരുമാനങ്ങളിൽ എത്തും വരെ. അയോദ്ധ്യ ഉത്ഖനനങ്ങളെ സംബന്ധിച്ച വാർത്തകൾ തടഞ്ഞു കൊണ്ടുള്ള കോടതി ഉത്തരവും ഈ അർത്ഥത്തിൽ പ്രസക്തമാണ്.

വിനിമയത്തിന്റെ സാധാരണ ഉപാധികളെ തടയുന്നു എങ്കിലും, കോടതിവ്യവഹാരത്തിൽ അക്കാദമിക ആശയസംവാദത്തിനു സാദ്ധ്യതകൾ ഇല്ലേ എന്ന സംശയം സ്വാഭാവികമായി ഉയരാം. കക്ഷികൾക്കായി നിരീക്ഷകരും സാക്ഷികളുമായി പുരാവസ്തുഗവേഷകരെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നു നാം കണ്ടല്ലോ. ഉത്ഖനനം നടത്തുന്ന രീതിയിലെ പാകപ്പിഴകളും, ASI കണ്ടെത്തലുകളോടുള്ള വിമർശനങ്ങളും, റിപ്പോർട്ടിനെ പറ്റിയുള്ള അഭിപ്രായങ്ങളും, ബദൽ വ്യാഖ്യാനങ്ങളും ഈ വിദഗ്ധർ ഉത്ഖനന സമയത്തും തെളിവെടുപ്പ് സമയത്തും കോടതിയെ ബോധിപ്പിക്കുന്നുണ്ട്.

എന്നാൽ ഇവയിലെ അക്കാദമിക വശങ്ങൾ കോടതി പരിഗണിക്കുന്നില്ല എന്ന് തന്നെ പറയാം. മറിച്ച് ആരാണ് യഥാർത്ഥ expert എന്ന് സ്ഥാപിക്കുവാനാണ് കോടതി ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള വിവിധ വിമർശനങ്ങളെ ആകെ തള്ളിക്കളഞ്ഞു കൊണ്ട് ജസ്റ്റിസ് അഗ്ഗർവാൾ പറയുന്നത് ഇങ്ങനെയാണ് –[We have no doubt in our mind that ASI, as a premier institution of this country, is responsible for the preservation, maintenance and discovery of ancient monuments and sites, as well as archaeological survey and excavation. They are experts of expert. No archaeologist in this country can undertake an archaeological expedition at a historical site of importance without permission or licence from ASI. The status enjoined to ASI […] empowers it to control all these activities. (അഗർവാൾ , വാല്യം, 17: 4128) (author emphasis )

വിദഗ്ധരിൽ വിദഗ്ധർ എന്ന പ്രയോഗം ശ്രദ്ധിക്കുക. ജുഡീഷ്യറിയുടെ പോസിറ്റിവിസ്റ്റ് ചട്ടക്കൂടിൽ ചിന്തിക്കുമ്പോൾ, മനഃപൂർവമായ പക്ഷപാതമോ വൈദഗ്ധ്യത്തിന്റെ അഭാവമോ മാത്രമേ ‘തെറ്റായ’ നിഗമനത്തിലേക്ക്’  നയിക്കുകയുള്ളു. അതിനാൽ, റിപ്പോർട്ടിന്റെ കണ്ടെത്തലുകളെ വിമർശിക്കുവാൻ ഇവയല്ലാതെ ഒരു കാരണത്തിനും കോടതിയെ സംബന്ധിച്ചിടത്തോളം സാധുത ഇല്ല..

Expertise അഥവാ വൈദഗ്ധ്യത്തെ കോടതി വ്യാഖ്യാനിക്കുന്നത് എങ്ങിനെ എന്നതുമായി ഈ നിലപാട് ബന്ധപ്പെട്ടു നില്കുന്നു. വിധിന്യായം പരിശോധിക്കുമ്പോൾ, സയന്റിഫിക് കമ്മീഷന്റെ എക്സ്പേർട്ടീസിനെ തീരുമാനിക്കുന്ന മുഖ്യഘടകം ഒരു സ്റേറ്റിസ്റ്റ് ബ്യുറോക്രറ്റിക് സ്ഥാപനം എന്ന നിലയിൽ ASI ക്കുള്ള സ്ഥാനം ആണ് എന്ന് വ്യക്തമാവുന്നു. രാഷ്ട്ര നിർമ്മിതിക്ക് ഉതകുന്ന വിധത്തിൽ ഭൗതിക അറിവുകളെ സംഘടിപ്പിക്കുന്നതിൽ കൊളോണിയൽ കാലം തൊട്ടേ ASI വഹിച്ച പങ്ക് ജഡ്ജ്മെന്റില്‍ എടുത്തു പറയുന്നുണ്ട്. അക്കാദമിക എതിർപ്പുകൾ ഇത്തരം വിലയിരുത്തലിനു മുന്നിൽ അപ്രസക്തമായി തീരുന്നു എന്നു  കാണാം. ASI ടീമും, തങ്ങളുടെ സ്ഥാപനത്തിന്റെ ലേബൽ വൈദഗ്ധ്യത്തിന്റെ സാക്ഷ്യപ്പെടുത്തലായി ഉപയോഗിക്കുന്നുണ്ട്

ഉത്ഖനനത്തിലെ പാകപ്പിഴകളെ ചൂണ്ടിക്കാണിക്കുന്ന വിശദമായ ഒരു പരാതി 2003 ജൂൺ 7 ന് വാദിഭാഗം സമർപ്പിക്കുകയുണ്ടായി. ASI ടീമിലെ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് ഇതിനോട് പ്രതികരിക്കുന്നത് പ്രശ്നങ്ങളുടെ വിശദാംശങ്ങളിലോട്ടു കടക്കാതെയാണ്. പരാതിയുടെ വിശദാംശങ്ങളെക്കാൾ അദ്ദേഹം ASI  രാജ്യത്തെ പ്രമുഖ പുരാവസ്തു സ്ഥാപനം ആണെന്നും കൃത്യതയ്ക്കും ശാസ്ത്രീയതയ്ക്കും പേരുകേട്ടതാണെന്നും മറ്റുമുള്ള ചില പൊതുസ്വഭാവമുള്ള നിഗമനങ്ങൾ മുന്നോട്ടുവയ്ക്കുന്നു ‘(അഗർവാൾ, വാല്യം 16: 3764). പരാതികൾ ടീമിന്റെ മനോവീര്യം കെടുത്തുവാനുള്ള ശ്രമമാണെന്ന് അദ്ദേഹം ആരോപിക്കുന്നു .

നിരീക്ഷകരും സാക്ഷികളും ആയി, വിശേഷിച്ചു, സുന്നി വഖഫ് ബോർഡിന് വേണ്ടി, ഹാജരാകുന്ന ആർക്കിയോളജിസ്റ്റുകളുടെ വൈദഗ്ധ്യത്തെക്കുറിച്ചു വിധിന്യായത്തിൽ നടത്തുന്ന വിലയിരുത്തലുകളിൽ രസകരമായ താരതമ്യം കാണാനാകും. എ.എസ്.ഐയുമായി ഔദ്യോഗിക ബന്ധം ഇല്ല എന്നത് ഇവരുടെ വൈദഗ്ധ്യത്തിന്റെ പോരായ്മയെ അടിവരയിടുന്നതിന് മുഖ്യ ന്യായീകരണം ആയി വരുന്നു. ജസ്റ്റിസ് ശർമയുടെ വിധിന്യായത്തിൽ ഇപ്രകാരം പറയുന്നു

‘They [the officers of the ASI team] have a better experience of excavation then [sic] the witnesses produced by the plaintiff (Sunni  Waqf  Board ). ‘[The latter] [ … ] have absolutely no idea for excavation. They were never associated with Archaeological Survey of India’ (ശർമ്മ  O.O.S. 4: 99)

എ.എസ്.ഐയോടുള്ള ജഡ്ജിമാരുടെ അനുകൂല പക്ഷപാതം സ്ഥാപനത്തിനെതിരെ ഉന്നയിക്കുന്ന വിമർശനങ്ങളോടുള്ള അസഹിഷ്ണുതയുടെ ഭാഷയിൽനിന്ന് വെളിവാകുന്നു.  ‘Predetermined  plan  and  scheme,  irresponsible attitude തുടങ്ങിയ പദപ്രയോഗങ്ങളാണ് വിമർശകർക്കെതിരെ ജസ്റ്റിസ് അഗർവാൾ ഉപയോഗിക്കുന്നത്. കിടപിടിക്കാനാവാത്ത പ്രവർത്തനമാണ് ASI അയോദ്ധ്യയിൽ നടത്തിയതെന്നും പ്രശംസയാണ് കുറ്റപ്പെടുത്തലുകളല്ല അവർ അർഹിക്കുന്നത് എന്ന്‍ പറയുന്ന ജഡ്ജി  വിമർശകരുടെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നു എന്ന് താഴെ കൊടുത്തിരിക്കുന്ന ഉദ്ധരണി വ്യക്തമാക്കുന്നു.

”In our view, the conclusion drawn by the ASI in the project accomplished within an extra-ordinary brief period and with such an excellence [sic] precision and perfection deserve commendation and appreciation instead of condemnation. It normally happens when an expert body tender [sic] an opinion, the party, who finds suchopinion adverse to its interest, feels otherwise and try to rid of such opinion by taking recourse to all such measures as permissible but in the present case we hoped a better response particularly when the expert body involved is a pioneer and premier archaeological body of this country having international repute. (അഗർവാൾ, vol. 18: 4306)

സുന്നി വഖ്ഫ് ബോർഡിനായി ഹാജരായ ആർക്കിയോളജിസ്റ്റുകൾ ‘വാടകയ്ക്ക് എടുത്തവരും അതിനാൽ വിശ്വാസ്യത ഇല്ലാത്തവരുമാണെന്ന് അഗർവാൾ അഭിപ്രായപ്പെടുന്നു. എന്നാൽ ASI റിപ്പോർട്ടിനെ അനുകൂലിക്കുന്നവരായ മറുഭാഗം നിരീക്ഷകരെ പറ്റി ഈ അഭിപ്രായം വെച്ച് പുലർത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്.

കോടതിവ്യവഹാരങ്ങളിൽ സയന്റിഫിക് എക്സ്പെർട്ടിസ് കടന്നു വരുന്നതിനെപ്പറ്റി സയൻസ് ആൻഡ് ടെക്നോളജി സ്റ്റഡീസ് ചിന്തക ഷീലാ ജെസ്സനോഫ്, യു എസ് സാഹചര്യത്തെ മുൻനിർത്തി പറയുന്നത് ഇങ്ങനെ ആണ്. ഒരു ശരാശരി വ്യക്തിയേക്കാൾ ശാസ്ത്ര വസ്തുതകൾ കണ്ടെത്തുന്നതിൽ ജഡ്ജിമാർക്ക് പരിജ്ഞാനമോ വൈദഗ്ധ്യമോ ഉണ്ടാകും എന്ന് കരുതാനാവില്ല; expert evidence നായി ആവശ്യപ്പെടുന്നതിന്റെ യുക്തി ഇതാണ്. ഇതിനാൽ ജുഡീഷ്യറി, ശാസ്ത്രത്തിന്റെ സ്ഥാപനപരമായ അധികാരികതയിലേക്ക് കൂടുതൽ ചായ്‌വ് കാണിക്കുകയും, വിധിനിർണയത്തിൽ വിമർശനാത്മകത നഷ്ടപ്പെടാൻ ഇടയാകുകയും ചെയ്യും (Jasanoff, 2001: 35 സ്വതന്ത്രവിവർത്തനം). കോടതിമുറിക്കു പുറത്ത് വിമർശനങ്ങളെ തടയുകയും, ജുഡീഷ്യൽ വ്യവഹാരത്തിനെ അതിരുകൾ കർശനമാക്കുകയും ചെയ്യുന്നതിലൂടെയും, സയന്റിഫിക് എക്സ്പെർട്ടിന്റെ ആധികാരികതയെ മേല്പറഞ്ഞവിധം ഊട്ടിയുറപ്പിക്കുന്നതിലൂടെയും ജുഡീഷ്യറി, ASI  റിപ്പോർട്ടിനെ സംബന്ധിച്ച തർക്കങ്ങൾക്കും ചർച്ചകൾക്കും ഫലപ്രദമായി വിരാമം ഇടുന്നതായി കാണാം .

ഇതിലെ വിരോധാഭാസം, ആർക്കിയോളജി തെളിവുകൾ ഉപയോഗിച്ച് ജഡ്ജിമാർ തന്നെ നടത്തുന്ന അനുമാനങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ ആണ്. അഗർവാൾ, ശർമ്മ എന്നിവർ പുരാവസ്തു കണ്ടെത്തലുകളും, ASI യുടെ നിഗമനങ്ങളും ക്ഷേത്രത്തെ നീക്കംചെയ്തു പള്ളി പണിതതിന്റെ തീർപ്പായി പരിഗണിക്കുമ്പോൾ, എസ് യു ഖാൻ ഇതേ ഡാറ്റയെ വിശകലനം ചെയ്ത ഇതിനെതിരായ അനുമാനങ്ങളിൽ എത്തിച്ചേരുന്നുണ്ട് എന്ന് കാണാം

ഗവേഷണോദ്ദേശ്യങ്ങൾ എന്താകണം? എന്തിന് ഉത്ഖനനങ്ങൾ? എവിടെ/എങ്ങനെയാണ് ഉത്ഖനനം നടത്തേണ്ടത്? ആരാണ് അത് നടത്തേണ്ടത്? അതിന്റെ വിനിമയം എങ്ങിനെ ആയിരിക്കണം? എന്നിങ്ങനെ ഗവേഷണത്തെ സംബന്ധിച്ച ഓരോ തീരുമാനങ്ങളും നിർണയിക്കപ്പെടുന്നത് ജുഡീഷ്യൽ വ്യഹഹാരങ്ങളിലൂടെയാണ് എന്നിരിക്കെ ASI എങ്ങിനെയാണ് ഈ അവസ്ഥയെ മനസ്സിലാക്കുന്നത് എന്ന് കൂടി ചുരുക്കത്തിൽ പറയേണ്ടതുണ്ട്. ASI ടീം കോടതിക്ക് സമർപ്പിക്കുന്ന പ്രോഗ്രസ്സ് റിപ്പോർട്ടുകൾ പരിശോധിച്ചാൽ കോടതിയുടെ അസാധാരണ വ്യവസ്ഥകളെ പാലിക്കുവാനായി തങ്ങളുടെ സാധാരണ പ്രവർത്തന രീതിയിൽ നിന്നും പല നിലയിലും ടീമിന് വ്യതിചലിക്കേണ്ടി വരുന്നുണ്ട് എന്ന് കാണാം. എന്നാൽ റിപ്പോർട്ടിൽ ഇതേ പറ്റിയുള്ള സൂചന ആമുഖത്തിൽ ‘Constraints’ എന്ന ഭാഗത്തു മാത്രമാണ് കാണാനാവുന്നത്. സമയപരിധി, മാധ്യമശ്രദ്ധ കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങൾ ഈ സെക്ഷനിൽ ചർച്ച ചെയ്യുന്നുണ്ട്. സർവേയുടെ ഒരുനൂറ്റി നാല്പത്തിരണ്ടു വർഷത്തെ ചരിത്രത്തിൽ മുൻപുണ്ടാകാത്ത (unprecedented) സംഭവം എന്നാണ് അയോദ്ധ്യ ഉത്ഖനനങ്ങളെ റിപ്പോർട്ടിൽ ഒരിടത്തു വിശേഷിപ്പിക്കുന്നത്.

archeological survey of india

എന്നാൽ പോസിറ്റിവിസ്റ്റ് ധാരണകളിൽ അടിയുറച്ചു നിൽക്കുക മൂലം ഈ അസാധാരണ സാഹചര്യങ്ങൾ പഠനങ്ങൾക്ക് മേൽ ചെലുത്തിയിട്ടുള്ള സ്വാധീനങ്ങൾ ASI തിരിച്ചറിയുക പോലും ചെയ്യുന്നില്ല. ഇവയെല്ലാം ഉത്ഖനനത്തിനു ബാഹ്യമാണെന്നും അർപ്പണവും ഉത്സാഹവും (devotion and spirit) കൊണ്ട് ഇവയെ മറികടക്കാം എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ടിന്റെ നിഗമനങ്ങൾ ചർച്ചചെയ്യുന്ന Conclusion അധ്യായത്തിൽ ഇക്കാര്യങ്ങളൊന്നും പരാമർശിക്കുന്നില്ല. ചില ടൈപ്പിംഗ് തെറ്റുകൾ മാത്രമാണ് റിപ്പോർട്ടിന്റെ പോരായ്മയായി ASI വകവെച്ചു നൽകുന്നത്.

ആർക്കിയോളജിയുടെ വർത്തമാനകാല ഉപയോഗങ്ങളേയും/ദുരുപയോഗങ്ങളേയും കുറിച്ചുള്ള ചർച്ചയിൽ വിജ്ഞാനശാഖാപരവും, സ്ഥാപനപരവും ബ്യൂറോക്രാറ്റിക്കുമായ വ്യവഹാരങ്ങളുടെ പ്രസക്തിയിലേക്ക് ശ്രദ്ധ ക്ഷണിക്കാനും അത് വഴി ഈ ചർച്ചകളെ  കൂടുതൽ സങ്കീര്‍ണ്ണമാക്കാനുമാണ് ഈ ലേഖനത്തിലൂടെ ഞാൻ ശ്രമിച്ചത്. അലഹബാദ് ഹൈക്കോടതിയും ASIയും റെഗുലർ അഥവാ സാധാരണ ഉത്ഖനനം എന്ന് ആവർത്തിക്കുമ്പോഴും, അയോദ്ധ്യയിൽ നടന്നത് ഒരു തരത്തിലും സാധാരണമായ ഉത്ഖനനം അല്ല എന്ന് നമ്മൾ കണ്ടു. കോടതിവ്യവഹാരത്തിൽ അറിവുത്പാദനവും വിനിമയവും നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയാണ് അയോദ്ധ്യ കേസിലെ ആർക്കിയോളജിയുടെ ഉപയോഗത്തിൽ പ്രകടമാകുന്ന വൈരുദ്ധ്യങ്ങൾക്ക് ആധാരം. ഈ നിയന്ത്രണങ്ങളോടെയാണ് അവ ജുഡീഷ്യൽ തെളിവുകൾ ആയി പുനർനിർമ്മിക്കപ്പെടുന്നത്. വിദഗ്ധാഭിപ്രായ (Expert opinion)മായി പുനരവതരിക്കുമ്പോൾ, ആർക്കിയോളജിയിൽ നിന്നുള്ള പ്രതീക്ഷ നിയമത്തിന്റെ ഭാഷയിൽ ഫ്രെയിം ചെയ്യപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകുമെന്നാണ്. വിശകലനങ്ങൾ ഓപ്പൺ എൻഡഡും ഒന്നിലധികം അനുമാനങ്ങളെ പരിഗണിക്കുന്ന വിധത്തിലും ആവാനുള്ള സാധ്യതയെ ഇത് തടയുന്നു.

കോടതി നിയമിച്ച കമ്മീഷന്റെ കണ്ടെത്തലുകൾ തർക്കമറ്റതാണ് എന്ന്‍ സ്ഥാപിക്കുന്നതും കോടതിയുടെ ആവശ്യമായി വരുന്നു. ASI യുടെ ‘institutional status’ നെ ഉപയോഗിച്ച് വൈദഗ്ധ്യത്തിന്റെ പ്രധാന അളവുകോലാക്കുന്നതിന്റെ പിന്നിൽ ഈ പരിഗണന പ്രധാനമാണ്. സയന്റിഫിക് കമ്മിഷനെ നിയമിക്കുമ്പോൾ കോടതി വിലയിരുത്തുന്നത് ശാസ്ത്രീയ/പുരാവസ്തു പഠനങ്ങളുടെ എല്ലാ അക്കാദമിക മാനദണ്ഡങ്ങളും രീതികളും  കമ്മിഷൻ പാലിക്കും എന്നും ; ഇതിലൂടെ perfect knowledge അഥവാ ‘തികഞ്ഞ അറിവ്’  സൃഷ്ടിക്കപ്പെടും എന്നുമാണ്. അങ്ങനെയിരിക്കെ പഠനത്തിന്റെ എല്ലാ ഘട്ടത്തിലും ജുഡീഷ്യറി വിജ്ഞാന ഉൽപാദനത്തിൽ ഇടപെടുകയും   അതുവഴി സൃഷ്ടിക്കപ്പെടുന്ന തെളിവുകളുടെ സ്വഭാവം നിയന്ത്രിക്കുകയും, എക്സ്പെർട്ടിന്റെ അധികാരത്തെ മറികടക്കുകയും ചെയ്യുന്നു. സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ ഘടകങ്ങളും, വിജ്ഞാന ഉൽപാദന പാരമ്പര്യങ്ങളും ഗവേഷകരുടെ കർതൃത്വവും, മറ്റേതു വിജ്ഞാനശാഖയെയും എന്നത് പോലെ ആർക്കിയോളജിയേയും നിരന്തരമായി സ്വാധീനിക്കുന്നുണ്ട്. സാധുതയുള്ള അനുമാനങ്ങളിലേക്ക് എത്തിച്ചേരാൻ വിശകലനങ്ങളുടെയും വിമർശനങ്ങളുടെയും സാധ്യതയെ  തുറന്നിട്ടേ മതിയാവൂ. അലഹബാദ് ഹൈക്കോടതിയുടെ വിധിന്യായം ഈ സുപ്രധാന ഘടകങ്ങളെ കണക്കിലെടുക്കുന്നതിൽ പരാജയപ്പെടുകയാണ് ചെയ്യുന്നത്. ആർക്കിയോളജി എന്ന വിജ്ഞാനശാഖയെ പറ്റി നിലനിന്നു പോരുന്ന തെറ്റായ ധാരണകൽ അപകടകരമാം വിധം പൊതുമണ്ഡലത്തിൽ ഊട്ടിയുറപ്പിക്കാൻ ഇത് കാരണമാവുന്നുമുണ്ട്.


1  7 ഒക്ടോബർ 2020 ന്, ഡയലെക്റ്റിക് റിസേർച്ച്  ഫോറം പ്രതിവാര പേപ്പർ അവതരണത്തിന്റെ ഭാഗമായി നടത്തിയ ഓൺലൈൻ പ്രഭാഷണമാണ്  ഈ ലേഖനത്തിന് ആധാരം. ഇതിലെ ആശയങ്ങളിൽ ചിലത് കൂടുതൽ വിശദമായി Varghese, Rachel A. 2018. “‘Order’-Ing

Excavations: Constitution of Archaeology as Legal Evidence in the Ayodhya Case.” Public Archaeology 17 (2–3): 89–109. എന്ന പേപ്പറിൽ ചർച്ച ചെയ്തിട്ടുണ്ട്.

2 Lal, B.B. 1990[2003]. “Untitled.” Manthan, October. Reproduced in Noorani, Abdul Gafoor Abdul Majeed (ed.). The Babri Masjid Question, 1528-2003: ‘A Matter of National Honour: Volume 1’.New Delhi: Tulika Books. pp.85-87.

3 പുസ്‌തകത്തിന്റെ പുതുക്കിയ എഡിഷൻ 2003 ഇൽ പ്രസിദ്ധീകരിച്ചു  Mandal, D. 2003. Ayodhya: Archaeology after Demolition. Hyderabad: Orient BlackSwan.

4 വിധിന്യായത്തിന്റെ പൂർണ രൂപത്തിനായി http://elegalix.allahabadhighcourt.in/elegalix/DisplayAyodhyaBenchLandingPage.do കാണുക. ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന ഉദ്ധരണികളോടൊപ്പം ജഡ്ജിയുടെ പേര് വാല്യം നമ്പർ എന്നിവ ബ്രാക്കറ്റിൽ നൽകിയിരിക്കുന്നു .

Comments

comments