പ്രശസ്ത പാശ്ചാത്യദർശന ചരിത്രകാരൻ Anthony Kenny  ‘A New History of Western Philosophy’ എന്ന ബൃഹുത്തായ കൃതിയിൽ ദെക്കാർട്ടിൽ തുടങ്ങുന്ന ആധുനികദർശനചരിത്രം വിവരിക്കുന്നു. Descartes to Berkeley എന്ന അദ്ധ്യായം തുടങ്ങുന്നതുതന്നെ ദെക്കാർട്ടിന്റെ ജന്മവർഷമായ 1596-ൽ ഇംഗ്ലണ്ടിൽ ഷേക്സ്പിയർ ഹാംലെറ്റ് എഴുതുകയായിരുന്നുവെന്നു സൂചിപ്പിച്ചു കൊണ്ടാണ്.

The seventeenth century, unlike the sixteenth century, was fertile in the production of philosophers of genius. The man who is often considered the father of modern philosophy is René Descartes. He was born in 1596, about the time when Shakespeare was writing Hamlet, in a village in Touraine which is now called after him La-Haye-Descartes.[1]

യൂറോപ്പിലെ മധ്യശതകങ്ങൾക്കു ശേഷമുള്ള ആധുനിക ബൗദ്ധികചരിത്രത്തിന്റെ (modern intellectual history) സമാന്തരത കാണിക്കാനാവാം ഇത്തരമൊരു പരാമർശം Anthony Kenny നടത്തുന്നത്. എന്നാൽ തികച്ചും സാന്ദർഭികമായി കാലത്തിന്റെയും ദർശന, സാഹിത്യങ്ങളുടെയും ഈ സമാന്തരതയ്ക്ക് ദെക്കാർട്ടിന്റെ ദർശനത്തിലെ സംശയാടിസ്ഥാനം ചേരുന്നുവെന്നുള്ളത് രസകരമായൊരു വസ്തുതയാണ്. ദെക്കാർട്ട് തന്റെ ആധുനിക ജ്ഞാനശാസ്ത്രത്തിന്റെ പ്രധാന ഘടകമായി സ്ഥാപിക്കുന്ന ‘സംശയ’ത്തിന്റെ സമകാലിക സാഹിത്യത്തിലെ അത്ര യാദൃച്ഛികമല്ലാത്ത ആവിഷ്കാരമാവുകയാണ് ഹാംലറ്റ്. ഡെന്മാർക്കിന്റെ രാജാവായിരുന്ന സ്വന്തം പിതാവ് വധിക്കപ്പെടുകയായിരുന്നുവെന്ന് അയാളുടെ പ്രേതം (ghost) തന്നെ പറഞ്ഞറിയിക്കുന്നത് ഹാംലെറ്റിന് പൂർണ്ണമായും വിശ്വസിക്കുവാനാകുന്നില്ല. പ്രേതത്തിന്റെ ഭൗതികാസ്തിത്വം തന്നെ സംശയിക്കപ്പെടേണ്ടതിനാൽ അതിന്റെ വെളിപ്പെടുത്തലുകളെ എങ്ങിനെയാണ് വിശ്വസിക്കാൻ കഴിയുക? അതുപോലെ തന്നെ പിതാവിന്റെ ഘാതകർ സ്വന്തം മാതാവും പിതൃസഹോദരനുമാണെന്നുള്ള യാഥാർത്ഥ്യം വൈകാരികമായി സ്വീകരിക്കുവാനും അംഗീകരിക്കുവാനും എളുപ്പമല്ല. ഇത്തരം സത്യങ്ങളെ പൂർണ്ണമായ തെളിവുകളോടെ ‘ഉറപ്പി’ക്കുന്നതു വരെ സംശയിക്കാനുള്ള സാധ്യതയാണുള്ളത്. പിതാവിന്റെ മരണശേഷം മാതാവ് പിതൃസഹോദരനെ വിവാഹം ചെയ്യുന്നത് ഹാംലെറ്റിന്റെ സംശയത്തെ ശക്തിപ്പെടുത്തുന്നുവെങ്കിലും സംശയത്തിനു സഹജമായ ദ്വന്ദഭാവത്തിൽ (dialectic nature) നിന്ന് ഹാംലെറ്റ് മോചിതനാവുന്നില്ല. To be or not to be എന്ന സ്വന്തം സംശയത്തിന്റെ അടിസ്ഥാന സന്ദിഗ്ദ്ധതയെ സാമാന്യവൽക്കരിക്കുകയും അമൂർത്തവൽക്കരിക്കുകയും ചെയ്യുമ്പോൾ ശരിയായ അറിവിലേക്കുള്ള സംശയമാർഗ്ഗത്തിന്റെ വളരെ സവിശേഷമായൊരു സ്രോതസ്സാണ് നാം കാണുന്നത്. ലോകസാഹിത്യചരിത്രത്തിൽ തന്നെ അന്യൂനമായി നിലകൊള്ളുന്ന ഹാംലെറ്റിന്റെ ഈ സംശയത്തിനും അതിന്റെ തീരാത്ത സന്ദിഗ്ധതയ്ക്കും പൊതുവെ വ്യക്തിപരമായ – ഒരു പക്ഷെ രാഷ്ട്രീയപരവുമായ – കാരണങ്ങളാണുള്ളത്. എന്നാൽ ഇതിനു സമാനവും സമാന്തരവുമായ സംശയസ്രോതസ്സുകൾ ആധുനിക ദർശനത്തിനു തുടക്കം കുറിച്ച ദെക്കാർട്ടിന്റെ സംശയ, നിഷേധമാർഗ്ഗത്തിനില്ലെന്ന് ഉറപ്പിക്കാൻ കഴിയില്ല. എന്തെന്നാൽ മനുഷ്യന്റെ വിശ്വാസങ്ങളിലും ബോധ്യങ്ങളിലും സംശയം കലരുന്നതിന്റെ സമാനതകൾക്ക് കാലാനുസൃതമായ സമാന്തര സ്രോതസ്സുകളുണ്ടെന്നുള്ളത് വ്യക്തമാണ്. യുദ്ധങ്ങൾ, കലാപങ്ങൾ, അസ്ഥിരമായ രാജഭരണങ്ങൾ, മതവിശ്വാസങ്ങളുടെ അപചയം, അധാർമ്മികതയുടെയും അനാചാരങ്ങളുടെയും വാഴ്ച്ച, പാഷണ്ടതയും രഹസ്യ ജൂതമതാചാരവും ആരോപിച്ചു നടത്തിയ അസംഖ്യം Inquisitions (കുറ്റ വിചാരണകൾ), അതിന്റെ ഭാഗമായും ഫലമായും നടന്ന പീഡനങ്ങൾ, ഹത്യകൾ എന്നിങ്ങിനെ നിരവധി ഭീകര സാഹചര്യങ്ങളാൽ യൂറോപ്പിന്റെ ഏറ്റം ഇരുണ്ട കാലമാവുകയാണ് പതിനാറാം നൂറ്റാണ്ടും പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യശതകങ്ങളും. ദർശനത്തിൽ യുക്തിയുടെ (reason) ഉണർവ്വിനും പ്രശോഭനത്തിനും ഇരുണ്ട ഈ പൂർവ്വാധുനിക കാലം വേദിയൊരുക്കിയതിൽ അല്ലെങ്കിൽ സ്രോതസ്സായതിൽ അത്ഭുതപ്പെടാനില്ല. അരാജകത്വവും അനീതിയും അക്രമവും വാഴുന്ന കാലഘട്ടത്തിലാണ് reason ജനിക്കുന്നതെന്നത് ഒരു വൈരുദ്ധ്യമായി തോന്നാം. ഇവിടെ വൈരുദ്ധ്യം ഒരു അനിവാര്യതയാണ്. വൈരുദ്ധ്യങ്ങൾ സൃഷ്ടിക്കുന്ന വൈരുധ്യാത്മകതയിൽ നിന്നാണ് reason ജനിക്കുന്നത്. സംശയവും, അത് ശരിയായ അറിവിലേക്കുള്ള പ്രേരണയാവുന്നതും സൂചിപ്പിക്കുന്നത് വൈരുധ്യാത്മകത ചിന്തയെ സ്വാധീനിക്കുന്നുവെന്നാണ്. ആന്തരികമായ ദ്വന്ദങ്ങൾ സൃഷ്ടിക്കുന്നതുവഴി അതു ചിന്തയെ അപകടകരമാം വിധം ഒരേ ദിശയിലേയ്ക്കു നയിക്കുന്നില്ല. എന്നാൽ വൈരുധ്യാത്മകതയും സംശയവും കലരാത്ത മനസ്സും ചിന്താരീതികളും വ്യക്തിപരമായി ബോധ്യങ്ങളുടേയും പ്രവൃത്തികളുടേയും ഏകഭാവങ്ങളിലേയ്ക്കും രാഷ്ട്രീയത്തിൽ ഏകാധിപത്യത്തിലേയ്ക്കും നയിക്കുന്നു. ഹാംലെറ്റിന്റെ ധർമ്മസങ്കടം ആധുനിക മനസ്സിന്റെ വൈരുധ്യാത്മക ചിന്താരീതികളിൽ നിന്നും അവയുടെ സന്ദിഗ്ദ്ധതയിൽ നിന്നുമാണ് ഉരുത്തിരിയുന്നത്. ചിന്തയുടെ സംശയാധിഷ്ഠിതമായ സന്ദിഗ്ദ്ധതയ്ക്ക് സാമൂഹ്യ, രാഷ്ട്രീയ, ശാസ്ത്രരംഗങ്ങളിലെ കാലാനുസൃതങ്ങളായ സ്രോതസ്സുകളുണ്ടെന്നുള്ളതിന് 16, 17 നൂറ്റാണ്ടുകളിലെ ആധുനികതയുടെ ഉത്ഭവം ഏറ്റവും നല്ല ഉദാഹരണമാണ്. ഒരേ കാലയളവിൽ വന്ന സമൂലവും തീവ്രവുമായ സാമൂഹ്യ, രാഷ്ട്രീയ മാറ്റങ്ങൾ ദർശനം, സാഹിത്യം, കല തുടങ്ങി മനുഷ്യമനസ്സിലെ ചിന്തയുടെയും അനുഭവങ്ങളുടെയും  വികാരങ്ങളുടെയും വിവിധ ആവിഷ്ക്കാരങ്ങളെ സാധ്യമാക്കുന്നു. Spanish Inquisition തൊട്ട് Elizabethan Tragedy വരെ യൂറോപ്പിന്റെ ഏറ്റം ദുരന്തകാലമായ 16, 17 നൂറ്റാണ്ടുകളാണ് ഷേക്സ്പീരിയൻ ട്രാജഡിയും Christopher Marlowe യുടെ Doctor Faustus ഉം അതുപോലെ തന്നെ Miguel de Cervantes ന്റെ Don Quixote നെയും സൃഷ്ടിച്ചത്. അന്നത്തെ സമൂലമായ സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങൾക്കും ദുരവസ്ഥകൾക്കും മതപശ്ചാത്തലമുണ്ടെന്നുള്ളത് വ്യക്തമാണ്. പതിനാറാം നൂറ്റാണ്ടും പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യശതകങ്ങളും ക്രിസ്തുമതത്തിന്റെ ചരിത്രത്തിലെ ഏറ്റവും ജീർണ്ണമായ കാലമായിരുന്നു. ഈ ജീർണ്ണത പതിനാറാം നൂറ്റാണ്ടിൽ മാർട്ടിൻ ലൂഥറിന്റെ protestant revolution ഉം കാരണമായത് ഒരു യാദൃച്ഛികതയല്ല. ആധുനിക മനുഷ്യമനസ്സിന്റെ അടിച്ചേൽപ്പിക്കപ്പെട്ട വിശ്വാസങ്ങളിൽ നിന്നും കീഴ്വഴക്കങ്ങളിൽ നിന്നും വ്യതിചലിക്കുവാനും സംശയാധിഷ്ഠിതമായി ശരിയായ അറിവിനെ തേടാനുമുള്ള പ്രവണത ഈ സംക്രമകാലത്തിന്റെ വൈരുദ്ധ്യാത്മകതയിൽ നിന്നു തന്നെയാണ് നിലവിൽ വന്നത്.

ഗോയ്ഥെ Faust എഴുതുന്നത് Christopher Marlowe യുടെ Doctor Faustus (1589 – 1592) അവലംബിച്ചാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ശതകങ്ങളിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യശതകങ്ങളിലുമായി 60 വർഷത്തോളം നീണ്ട സാഹിത്യസപര്യയിൽ നിന്നാണ് Faust എന്ന മഹാകാവ്യമുണ്ടായത്. എന്നാൽ Marlowe യുടെ Doctor Faustus നേക്കാൾ ഗോയ്ഥെയുടെ Faust ആണ് പൂർവ്വാധുനികകാലത്തിന്റെ  ദുരന്തങ്ങളോട് അടുത്തുനിൽക്കുന്നത്. ഷേക്‌പിയറിന്റെ സ്വാധീനം വ്യക്തമായുണ്ടായിരുന്നെങ്കിലും ഗോയ്ഥെയുടെ Faust വ്യത്യസ്തമായൊരു ട്രാജഡിയാണ് (Faust ട്രാജഡിയാണോ അല്ലെങ്കിൽ ഒരു redemption play – in  German: Erlösungsdrama – മാത്രമാണോയെന്ന തർക്കം ഇന്നും നിലനിൽക്കുന്നു). ശരിയായ അറിവിനെ തേടിയുള്ള ആധുനിക മനസ്സിന്റെ അന്വേഷണത്വരയാണ് Faust ന്റെ അടിസ്ഥാനസ്വഭാവവും അതുപോലെ കാവ്യാന്ത്യത്തിലുള്ള ദുരന്തത്തിന്റെ കാരണവും. അടങ്ങാത്ത ഈ അന്വേഷണത്വരയെ നിയന്ത്രിക്കുവാനും അതുവഴി ആശയലോകത്തു നിന്നും താഴേയ്ക്കിറക്കി ഭൗതികതയിലേയ്ക്ക് അഥവാ ഭൗതികസുഖങ്ങളിലേയ്ക്ക് ‘വഴിപിഴപ്പിക്കു’കയെന്ന ഉദ്ദേശത്തോടെയാണ് Mephistopheles രസികനും ജീവിതസ്നേഹിയുമായ ഒരു പിശാചായി കടന്നുവരുന്നത്. Faust ശാസ്ത്രീയമായ അറിവുകളിൽ സംതൃപ്തനാവുന്നില്ല. അവയുടെ നിഷ്ഫലത അനുഭവിച്ചുകൊണ്ട് ശാസ്ത്രങ്ങൾക്കും അപ്രാപ്യമായി നിൽക്കുന്ന പ്രപഞ്ചാസ്തിത്വത്തിന്റെ അടിസ്ഥാനസത്യത്തെ തേടുന്നതിലാണ് Faust ന്റെ വ്യക്തിത്വവും ജീവിതവും അതിന്റെ ദുരന്തവും നിർണ്ണയിക്കപ്പെടുന്നത്. ആധുനികജ്ഞാനത്തിന്റെ സാധ്യതകളെക്കാളേറെ അതിന്റെ നിഷ്ഫലതയാണ് Faust ന്റെ സത്യാന്വേഷണത്തിൽ തെളിഞ്ഞു വരുന്നത്. Faust എന്ന കൃതി തുടങ്ങുന്നതു തന്നെ ജ്ഞാനാന്വേഷണത്തിന്റെ വിഫലതയും അവസാനമില്ലായ്മയും സൂചിപ്പിച്ചു കൊണ്ടാണ്.

FAUST. I’ve studied now, to my regret,
Philosophy, Law, Medicine,
and-what is worst-Theology
from end to end with diligence.
Yet here I am, a wretched fool
and still no wiser than before.
I’ve become Master, and Doctor as well,
and for nearly ten years I have led
my young students a merry chase,
up, down, and every which way-
and find we can’t have certitude.
This is too much for heart to bear!
I well may know more than all those dullards,
those doctors, teachers, officials, and priests,
be unbothered by scruples or doubts,
and fear neither hell nor its devils-
but I get no joy from anything, either,
know nothing that I think worthwhile,
and don’t imagine that what I teach
could better mankind or make it godly.[2]

German original:

Faust. Habe nun, ach! Philosophie,
Juristerei und Medizin
Und leider auch Theologie
Durchaus studiert, mit heißem Bemühen.
Da steh ich nun, ich armer Tor,
Und bin so klug als wie zuvor!
Heiße Magister, heiße Doktor gar
Und ziehe schon an die zehen Jahr
Herauf, herab und quer und krumm
Meine Schuler an der Nase herum –
Und sehe, daß wir nichts wissen können!
Das will mir schier das Herz verbrennen.
Zwar bin ich gescheiter als alle die Laffen,
Doktoren, Magister, Schreiber und Pfaffen;
Mich plagen keine Skrupel noch Zweifel,
Fürchte mich weder vor Holle noch Teufel –
Dafür ist mir auch alle Freud entrissen,
Bilde mir nicht ein, was Rechts zu wissen,
Bilde mir nicht ein, ich konnte was lehren,
Die Menschen zu bessern und zu bekehren.[3]

ആധുനികതയേയും ആധുനികമനുഷ്യനേയും നിർവ്വചിക്കുന്ന ഈ അടങ്ങാത്ത ജ്ഞാനാന്വേഷണത്തിന്റെ പ്രധാന സ്രോതസ്സ് സംശയമാണെന്നത് Faust എന്ന കൃതിയിൽ വ്യക്തമാണ്. ഈ കൃതിയിലുടെനീളം ജ്ഞാനവും സംശയവുമായി നിരന്തരം സംഘർഷം നടക്കുന്ന മനസ്സിന്റെ അസന്തുലിതാവസ്ഥയും സന്ദിഗ്ദ്ധതകളുമാണ് പ്രതിപാദിക്കപ്പെടുന്നത്. ഇത്തരം സാഹചര്യങ്ങൾ യാഥാർത്ഥ്യ, അയഥാർത്ഥ്യങ്ങളെ വേർതിരിച്ചു കാണാൻ പോലും കഴിയാത്ത മാനസികാവസ്ഥയിലേയ്ക്ക് Faust നെ കൊണ്ടുപോകുന്നു.[4] അടിസ്ഥാനസംശയങ്ങളിൽ നിന്നും അറിവിനെ തേടുന്ന മറ്റൊരു മനോഹരമായ രംഗമാണ് ബൈബിൾ ജർമ്മൻ ഭാഷയിലേയ്ക്കു വിവർത്തനം ചെയ്യാൻ Faust ശ്രമിക്കുന്നത് (വ്യക്തമായും പതിനഞ്ചാം നൂറ്റാണ്ടിൽ Wartburg Castle ൽ വച്ച് ലൂഥർ ബൈബിൾ ജർമ്മൻ ഭാഷയിലേയ്ക്കു വിവർത്തനം ചെയ്തതിനെ അവലംബിച്ചു കൊണ്ട്). ആദിയിൽ വാക്ക് (Wort) ആണോ അല്ലെങ്കിൽ പ്രവൃത്തിയാണോ (Tat) ഉണ്ടായിരുന്നതെന്ന് Faust വിവർത്തനത്തിൽ സംശയിക്കുന്നു.

I feel impelled to open the text on which all rests
and, deeply moved, properly translate

the sacred Greek original

into my own dear native tongue.

(Opening a large volume and preparing to write.)

It is written, “In the beginning was the Word. ”

How soon I’m stopped! Who’ll help me to go on?

I cannot concede that words have such high worth

and must, if properly inspired,

translate the term some other way.

It is written: “In the beginning was the Mind. ”

Reflect with care upon this first line,
and do not let your pen be hasty!

Can it be mind that makes all operate?

I’d better write: “In the beginning was the Power!”

Yet, even as I write this down,

something warns me not to keep it.
My spirit prompts me, now I see a solution

and boldly write: “In the beginning was the Act. ..[5]

German original:

Mich drängts, den Grundtext aufzuschlagen,

Mit redlichem Gefühl einmal

Das heilige Original

In mein geliebtes Deutsch zu übertragen.

Er schlagt ein Volum auf und schickt sich an.
Geschrieben steht: »Im Anfang war das Wort!«
Hier stock ich schon! Wer hilft mir weiter fort?
Ich kann das Wort so hoch unmöglich schätzen,
Ich muß es anders übersetzen,

Wenn ich vom Geiste recht erleuchtet bin.
Geschrieben steht: Im Anfang war der Sinn.
Bedenke wohl die erste Zeile,

Daß deine Feder sich nicht übereile

Ist es der Sinn, der alles wirkt und schafft?

Es sollte stehn : Im Anfang war die Kraft

Doch auch indem ich dieses niederschreibe,
Schon warnt mich was, daß ich dabei nicht bleibe.
Mir hilft der Geist ! auf einmal seh ich Rat

Und schreibe getrost: Im Anfang war die Tat ! –[6]

ഇവിടെ ശരിയായ വിവർത്തനത്തിനു പദത്തിന്റെ അർത്ഥത്തെ സംശയിക്കുന്ന ആദ്യഘട്ടങ്ങളുണ്ടെന്നുള്ള സൂചനയുണ്ട്.

ഇന്ദ്രിയസംവേദ്യമായ യാഥാർത്ഥ്യവുമായുള്ള ബന്ധം ഗോയ്ഥെയുടെ ദർശനത്തിലെ പ്രധാന ഭാവമാണ്. കാന്റിന്റെ transcendental ഫിലോസഫിയിൽ ഇന്ദ്രിയസംവേദനങ്ങളേക്കാളുപരി ബൗദ്ധികമായ സംജ്ഞാ(Begriff)സംവേദനത്തിന് (conceptual understanding or cognition) പ്രാധാന്യം കൊടുക്കുന്നു. കാന്റ് സ്ഥാപിച്ച transcendental ദർശനവ്യവസ്ഥിതിയുടെ പ്രാബല്യത്തെ സൂക്ഷ്മമായി നിഷേധിക്കുവാനും മറികടക്കുവാനുമാണ് ക്ലാസ്സിക്‌ സാഹിത്യകാലത്ത് ഷില്ലർ (Friedrich Schiller) തന്റെ സംവേദനശാസ്ത്രത്തിലും (aesthetics) ഗോയ്‌ഥെ തന്റെ ദർശനമെന്നു കരുതിയ ‘മൃദുവായ ഇന്ദ്രിയത’യിലും (soft empiricism / zarte Empirie) ശ്രമിക്കുന്നത്. ‘ശുദ്ധമായ’ ബൗദ്ധികതലത്തിൽ നിന്നും ഇന്ദ്രിയസംവേദ്യമായ ഭൗതികതലത്തേയ്ക്കടുക്കുന്ന ദർശന പശ്ചാത്തലത്തിൽ ‘ആദിയിൽ’ വാക്കിനു പകരം പ്രവൃത്തി സങ്കൽപ്പിക്കുന്നത് സ്വാഭാവികം മാത്രം.

ധീരത, കുലീനത, വീരത എന്നിവ പോലെ മധ്യശതകങ്ങളിലെ യോദ്ധാക്കൾ (knights) അഭിലഷിച്ച ഉയർന്ന ആശയങ്ങളും  വ്യക്തിത്വസവിശേഷതകളും ഭാവനയ്ക്കപ്പുറം യാഥാർത്ഥ്യമാകാതെ നിഷ്ഫലവും ദയനീയവുമാവുന്നത് Cervantes ന്റെ Don Quixote ൽ കാണാൻ കഴിയും. മധ്യശതകങ്ങളിൽ യൂറോപ്പിൽ – പ്രത്യേകിച്ചു സ്പെയിനിൽ – നടന്ന നിരവധി യുദ്ധങ്ങളിലെ സജീവസാന്നിധ്യമായിരുന്നു വ്യത്യസ്തമായ സൈനിക വിഭാഗങ്ങൾ (military orders). ഏറ്റവും പ്രധാന സ്പാനിഷ് ഓർഡർ ആയിരുന്നു Calatrava (Spanish: Orden de Calatrava). ഏകദേശം 500 വർഷം നീണ്ട Reconquista യിൽ സ്പെയിനിനെ moors ൽ നിന്നും മോചിപ്പിച്ചത് പ്രധാനമായും Calatrava knights ആയിരുന്നു. ഈ മിലിറ്ററി ഓർഡറിന്റെ ഉത്ഭവം പന്ത്രണ്ടാം നൂറ്റാണ്ടിൽ Castilla–La Mancha (Cervantes ന്റെ Don Quixote എന്ന നോവലിന്റെ സ്ഥല പശ്ചാത്തലം) എന്ന സ്പാനിഷ് പ്രവിശ്യയിലെ Calatrava la Vieja ഗ്രാമത്തിലാണ്. ഈ സ്പാനിഷ് ഓർഡറിന്റെ തുടക്കത്തിൽ തന്നെയുള്ള ഒരു പ്രത്യേകതയെന്തെന്നാൽ യോദ്ധാക്കളായത് ഒരു സിസ്റ്റർഷ്യൻ (Cistercian) ആശ്രമാചാര്യനും അയാളുടെ ശിഷ്യന്മാരും ആയിരുന്ന St. Raymond of Fitero യുടെ നേതൃത്വത്തിൽ ഒരു പറ്റം Cistercian monks ആണ് 1164-ൽ Calatrava order സ്ഥാപിക്കുന്നത്. ഈയൊരു സവിഷേതയുടെ പശ്ചാത്തലം സൈനികയോദ്ധാക്കളും (knights) സന്യാസിമാരും (monks) ഒരേ കുലീനകുടുംബങ്ങളിൽ നിന്ന് വന്നുവെന്നതും ദൈവ, ലോകശക്തികളുടെ (militia Christi & militia mundi) സമന്വയമെന്ന ആശയവുമാണ്. ജെറുസലേമിലേയ്ക്കു പോകുന്ന തീർത്ഥാടകരെ സംരക്ഷിക്കുവാനായി1119 ൽ ജറുസലേമിൽ സ്ഥാപിതമായ Knights of Templars (Poor Fellow-Soldiers of Christ and of the Temple of Solomon; Latin: Pauperes commilitones Christi Templique Salomonici) ൽ നിന്നാണ് കുരിശുയുദ്ധങ്ങളിലും Spanish Reconquista യിലും പങ്കെടുത്ത യൂറോപ്യൻ military orders ന്റെ തുടക്കം. കുലീനത, ആദർശം, ധീരത, ബ്രഹ്മചര്യം തുടങ്ങിയ മധ്യശതകങ്ങളിലെ യോദ്ധാക്കളുടെ മൂല്യബോധങ്ങൾക്ക് രൂപം കൊടുത്തത്‌ Templars അതിനു ശേഷം വന്ന മറ്റു military oders – Order of Calatrava, Alcántara, Évora, Santiago, Teutonic Order / Deutsche Orden etc. – ആയിരുന്നു. Templars നയിച്ച കുരിശുയുദ്ധങ്ങളിൽ അന്ന് യൂറോപ്പിലെമ്പാടുമുള്ള knights പങ്കെടുത്തിരുന്നു. Order of Templars പൂർവ്വാധികം ശക്തി പ്രാപിച്ചതുകൊണ്ടും അതുവഴി Templar knights നു വന്ന മൂല്യശോഷണവും

1312 ൽ ഈ ആദ്യ military order ന്റെ ഏകദേശം പൂർണ്ണമായ തിരോധാനത്തിന് വഴിയൊരുക്കി. പോപ്പ് ക്ലമന്റ് അഞ്ചാമൻ (Pope Clement V) ഫ്രാൻസിലെ രാജാവായിരുന്ന Philip മായി ചേർന്ന് Templars നെ നിരോധിക്കുകയും അവരുടെ സ്വത്തുക്കളെല്ലാം കണ്ടുകെട്ടുകയും ചെയ്തു. നിരവധി Templar knights വിചാരണയ്ക്കു (Inquistion) വിധേയരായി (പലപ്പോഴും തെറ്റായ കുറ്റാരോപണങ്ങളിലൂടെ) തീയിലെരിഞ്ഞു കൊല്ലപ്പെടുകയുമുണ്ടായി. Templars ന്റെ അപചയത്തിൽ നിന്നാണ് മറ്റു പല military orders ന്റെ ഉത്ഭവം. ഇതിൽ പ്രധാനം Spanish Reconquista യ്ക്കു നേതൃത്വം കൊടുത്ത Order of Calatrava തന്നെ. 1492-ൽ സ്പെയിനിനു തെക്കുള്ള ആൻഡലൂസിയ പ്രവിശ്യയിലെ ഗ്രനാഡയെന്ന നഗരം കീഴടങ്ങുന്നതോടു കൂടി Spanish Reconquista അവസാനിക്കുന്നു. Reconquista തീരുന്ന പതിനഞ്ചാം നൂറ്റാണ്ടിൽ Castilla പ്രവിശ്യയിലെ ടൊളേഡൊ (Toledo) നഗരം ആസ്ഥാനമാക്കി ഭരിച്ച Catholic Kings എന്നറിയപ്പെട്ട Isabel രാജ്ഞിയും Ferdinand രാജാവും Reconquista നയിച്ച Calatrava യെയും മറ്റു military oders നേയും സ്പാനിഷ് സൈന്യത്തിലേയ്ക്കു ചേർത്തു. അതോടെ ഏകദേശം നാലു നൂറ്റാണ്ടുകളോളം Reconquista നയിച്ച സ്പാനിഷ് military orders ന്റെ പ്രസക്തി നഷ്ടപ്പെട്ടു.

ഇത്തരമൊരു രാഷ്ട്രീയമായ സൈന്യവൽക്കരണം നീണ്ടകാലം Reconquista നയിച്ച യോദ്ധാക്കളെ വലിയൊരു വ്യക്തിത്വ പ്രതിസന്ധിയിലേയ്ക്കും ആശയക്കുഴപ്പത്തിലേയ്ക്കും നയിക്കുന്നു. ലക്ഷ്യപ്രാപ്തിയ്ക്കു ശേഷം പൊതുവെയുണ്ടാവുന്ന ഒരു ‘ഉത്തര’കാല വിരസതയും, എന്തിനായിരുന്നു ഇത്രയും കാലം പോരാടിയതെന്ന സംശയവും പ്രസക്തി നഷ്ടപ്പെട്ട പല military orders ലും ശക്തമാവുന്നു. ഈ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നത് Reconquista യുടെ അവസാനകാലത്ത് സ്പാനിഷ് സമൂഹത്തിലും, ഭരണസംവിധാനങ്ങളിലും ഏറ്റം പ്രധാനമായി മതത്തിലും വന്ന മൂല്യശോഷണമാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനശതകങ്ങളിൽ Reconquista പൂർണ്ണമാവുന്നതോടു കൂടി conversos നെ (ജൂതമതത്തിൽ നിന്നും ക്രിസ്തുമതത്തിലേയ്ക്കു പരിവർത്തനം ചെയ്തവർ) രഹസ്യജൂതർ (crypto jews) എന്നാരോപിച്ച് വിചാരണകൾക്കു (Inquisition) വിധേയരാക്കുകയും നീണ്ട പീഡനങ്ങൾക്കു ശേഷം ജീവനോടെ തീയിലെരിച്ചു (death by burning at the stake) കൊല്ലുകയും ചെയ്യുന്നത് പരക്കെ വ്യാപകമാവുന്നു. Reconquista അവസാനിക്കുന്ന 1492 ൽ തന്നെ കൊളംബസ് ഇസബെൽ രാജ്ഞിയുടെ അനുവാദത്തോടെ പൗരസ്ത്യദേശങ്ങളായ ഇന്ത്യയും ചൈനയുമെത്താൻ ‘പാശ്ചാത്യ’ദിശയിലേക്കു കടൽയാത്ര തുടങ്ങുന്നതോടെ യൂറോപ്യൻ സാമ്രാജ്യത്വവും തുടങ്ങുന്നു. ഇങ്ങിനെ സാമൂഹികവും, രാഷ്ട്രീയവും, മതപരവുമായ അത്യാഗ്രഹങ്ങളും അനീതിയും മധ്യശതകങ്ങളിലെ നീണ്ടകാല പോരാട്ടങ്ങളിൽ നിന്ന് സ്വയാസ്തിത്വവും മൂല്യബോധവും കണ്ടെത്തിയ കുലീന യോദ്ധാക്കളെ സംശയങ്ങളിലേയ്ക്കും ആശയ, ആത്മസംഘർഷങ്ങളിലേയ്ക്കും നയിക്കുന്നു. ദീർഘകാലം പുലർന്നു പോന്ന വിശ്വാസങ്ങളോടും, മതാനുഷ്ഠാനങ്ങളോടും ജീവിതമൂല്യങ്ങളോടു പൊതുവെയും തോന്നിത്തുടങ്ങിയ സംശയങ്ങൾ 16, 17 നൂറ്റാണ്ടുകളിലെ പൂർവ്വാധുനികതയ്ക്കു വഴിയൊരുക്കിയെന്നത് വ്യക്തമാണ്. വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും നീണ്ട മധ്യശതകങ്ങൾ കഴിഞ്ഞു വന്ന ഈ സംക്രമകാലമാണ് Quixote എന്ന നിഷ്കളങ്കനായ സ്വപ്നജീവിയെ സൃഷ്ടിക്കുന്ന (പറയപ്പെടാത്ത) ചരിത്രപശ്ചാത്തലം. Quixote ന്റെ സ്വയം യോദ്ധാവ് (knight) എന്നു സങ്കൽപ്പിക്കുന്ന നിഷ്കളങ്കതയ്ക്കും വീരത, കുലീനത എന്നിങ്ങിനെ യോദ്ധാക്കളുടെ സവിഷേതകൾ ഭാവനയിൽ നിന്നും പ്രവൃത്തിയിൽ കൊണ്ടുവരുന്നതിലെ ദയനീയ പരാജയത്തിനും ഇത്തരമൊരു സംക്രമകാല പശ്ചാത്തലമുണ്ടെന്നുള്ളത് വ്യക്തമാണ്.

പതിനാറാം നൂറ്റാണ്ടിൽ ജീവിച്ച Marlowe യുടെ Doctor Faustus നെ ഗോയ്‌ഥെ (18, 19 നൂറ്റാണ്ടുകളിൽ) തന്റെ മഹാകാവ്യത്തിൽ പുനർജ്ജീവിപ്പിക്കുന്നതുപോലെ കഴിഞ്ഞ കാലങ്ങളുടെ ആത്മാവിനെ സാഹിത്യവും കലയും വീണ്ടും കണ്ടെത്താൻ ശ്രമിക്കുന്നു. മധ്യശതകങ്ങളിൽ മതം ‘ഉറപ്പു’നൽകിയ വിശ്വാസങ്ങൾക്കേറ്റ അപചയത്തിൽ സംശയത്തിന്റെ സംക്രമകാലം തുടങ്ങുന്നുവെന്നു കരുതാം. പ്രധാനമായും കുരിശുയുദ്ധങ്ങളുടെ പരാജയമാണ് അന്ധമായ മതവിശ്വാസങ്ങളുടെ അപചയത്തിന്റെയും അതുവഴി സംശയം ഉടലെടുക്കുന്നതിന്റെയും, തത്‌ഫലമായി ശരിയായ, തെളിയിക്കപ്പെടേണ്ട അറിവിനെ അന്വേഷിച്ചുതുടങ്ങുന്നതിന്റെയും ചരിത്രമുഹൂർത്തം. കുരിശുയുദ്ധങ്ങളുടെ നിഷ്ഫലതയെ തിരിച്ചറിയുന്നതോടെ നീണ്ടകാലം നിലനിന്ന മതവിശ്വാസങ്ങളെ സംശയിച്ചു തുടങ്ങുന്നതും അറിവിന്റെ ഉറപ്പ് (certainty) അന്വേഷിച്ചു തുടങ്ങുന്നതുമാണ് ബെർഗ്മാൻ (Ingmar Bergman) എക്കാലത്തെയും മികച്ച കലാസൃഷ്ടിയായ സെവൻത് സീൽ (Seventh Seal) എന്ന തന്റെ സിനിമയിൽ ആവിഷ്കരിക്കുന്നത്. കുരിശുയുദ്ധങ്ങളുടെ പരാജയത്തിനു ശേഷം പതിമൂന്നാം നൂറ്റാണ്ടിന്റെയവസാനം മധ്യപൂർവ്വദേശത്തു നിന്ന് സ്വീഡനിലെ തന്റെ castle ലേക്കുള്ള മടക്കയാത്രയിൽ Antonius Block എന്ന knight നേരിടുന്ന വിശ്വാസത്തകർച്ചയും മാനസിക സംഘർഷങ്ങളുമാണ് ഈ സിനിമയിലെ പ്രധാന പ്രതിപാദ്യം. ജീവിതം നിഷ്ഫലമായെന്ന ബോധ്യം ശക്തിപ്പെടുമ്പോൾ Block ദൈവാസ്തിത്വത്തെ തന്നെ സംശയിച്ചു തുടങ്ങുന്നു. നീണ്ട മടക്കയാത്രയിൽ പ്ലേഗിന്റെ രൂപത്തിൽ മരണം കടന്നുവരുന്നു. ഒരു പുരോഹിതവേഷത്തിൽ മനുഷാകാരമെടുത്ത മരണത്തെ നേരിടുന്നതിനേക്കാളേറെ സ്വന്തം സംശയങ്ങളും ആശയസംഘർഷങ്ങളുമാണ് Block പ്രധാന പ്രശ്നങ്ങളായി കാണുന്നത്. സാമാന്യവിദ്യാഭ്യാസം പോലും ലഭിക്കാത്ത മധ്യശതകങ്ങളിലെ കുലീനരായ യോദ്ധാക്കളെ കുരിശുയുദ്ധങ്ങളിലേയ്ക്കു പ്രേരിപ്പിക്കുന്നത് ജ്ഞാനം അവകാശമായി കരുതിയ, അതിനെ സാധാരണ മനുഷ്യർക്കും യോദ്ധാക്കൾക്കു പോലും അപ്രാപ്യമാക്കിയ മതപുരോഹിതരും ദൈവശാസ്ത്രജ്ഞരുമാണ്. കുരിശുയുദ്ധങ്ങൾക്കു ശേഷം പുരോഹിതവംശത്തേയും മതവിശ്വാസത്തേയും സംശയിച്ചു തുടങ്ങുന്നതിനെ സാമാന്യവൽക്കരിക്കുകയും ഒരു രീതിയിൽ അമൂർത്തവൽക്കരിക്കുകയാണ് Block ചെയ്യുന്നത്. ദൈവത്തിന്റെ അസ്തിത്വം തന്നെ സംശയിക്കുന്നതിനാൽ ദൈവമുണ്ട് എന്ന് ‘ഉറപ്പായി’ അറിയുന്നതാണ് Block തന്റെ ഏറ്റവും വലിയ ആവശ്യകതയായി  കാണുന്നത്. ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനമായ ഈ ഉറപ്പിനെ ജ്ഞാനത്തിന്റെ തന്നെ നിശ്ചയമായി വീണ്ടും സാമാന്യവൽക്കരിക്കപ്പെടുന്നു.

സെവൻത് സീൽ എന്ന സിനിമയിലെ ഏറ്റവും മനോഹരമായൊരു രംഗമാണ് വഴിമധ്യേയുള്ള ഒരു പുരാതന ദേവാലയത്തിൽ Antonius Block ഏകനായി കുമ്പസാരിക്കുന്നത്. മതം അടിച്ചേൽപ്പിച്ച പാപബോധമല്ല Block നെ അലട്ടുന്നത്. പതിവിനു വിപരീതമായി വിശ്വാസത്തെക്കുറിച്ചും ദൈവാസ്തിത്വത്തെക്കുറിച്ചുമുള്ള സംശയങ്ങളാണ് Block ഉന്നയിക്കുന്നത്. അതിനാൽ പാപങ്ങൾ ഏറ്റു പറയാതെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണ് Block കുമ്പസാരം തുടങ്ങുന്നത്. എന്നാൽ പുരോഹിതവേഷത്തിൽ മരണമാണ് കുമ്പസാരക്കൂട്ടിലിരിക്കുന്നത്. ഇതറിയാതെ വിശ്വാസം നഷ്ടപ്പെടുന്നതു വഴി ഹൃദയത്തിൽ നിറയുന്ന ശൂന്യതയും ഭീതിയും Block പുറത്തുപറയുന്നു. എന്നാൽ അയാൾ മരിക്കാൻ ആഗ്രഹിക്കുന്നില്ല. എന്താണ് നീ പ്രതീക്ഷിക്കുന്നതെന്ന് കുമ്പസാരക്കൂട്ടിൽ മറഞ്ഞിരിക്കുന്ന മരണം ചോദിക്കുമ്പോൾ തനിക്കു വേണ്ടത് ജ്ഞാനവും അതിന്റെ ഉറപ്പുമാണെന്ന് Block പറയുന്നു. അടുത്തുള്ള ക്രൂശിതരൂപത്തിലേയ്ക്കു നോക്കി Block ചോദിക്കുന്നു: “എന്തുകൊണ്ട് ദൈവം ഇന്ദ്രിയസംവേദ്യമാവാതെ ചില അർധവാഗ്ദാനങ്ങളിലും കാണാൻ കഴിയാത്ത അത്ഭുതങ്ങളിലും മറഞ്ഞിരിക്കുന്നു? എന്തിന് വിശ്വാസം നഷ്ടപ്പെട്ട നമ്മൾ വീണ്ടും വിശ്വസിക്കണം? വിശ്വസിക്കുവാനാഗ്രഹിക്കുകയും എന്നാൽ വിശ്വസിക്കാൻ കഴിയാത്തവരുമായ നമുക്ക് എന്തു സംഭവിക്കും? എന്തു കൊണ്ട് ഒരു അവഹേളനം (humiliation) പോലെ ഉള്ളിൽ ജീവിക്കുന്ന ദൈവത്തെ എനിക്കു  മനസ്സിൽ നിന്നും ഒഴിവാക്കാൻ കഴിയുന്നില്ല? എനിക്കു വേണ്ടത് അറിവാണ്, വിശ്വാസമല്ല“!
https://youtu.be/s1ZAMiW4yEQ
ഒരു പക്ഷെ ദെക്കാർട്ടിന്റെ ജ്ഞാനശാസ്ത്രത്തിൽ തുടങ്ങുന്നുവെന്നു നാം കരുതുന്ന ആധുനികതയുടെ – ആധുനികദർശനത്തിന്റെയും ആധുനികമനുഷ്യന്റെയും – മധ്യശതകങ്ങളിൽ തന്നെ രൂപം കൊള്ളുന്നതും പ്രാഥമികവുമായ സംശയസ്രോതസ്സിന്റെ ഏറ്റം മനോഹരമായ കലാവിഷ്ക്കാരമായിരിക്കാം Seventh Seal എന്ന സിനിമയിലെ ഈ കുമ്പസാരരംഗം!

[1] Kenny, Anthony: A New History of Western Philosophy, Clarendon Press, Oxford 2010, p. 526.

[2] Goethe, Johann Wolfgang von: Faust I & II, ed. and transl. by Stuart Atkins, Princeton University Press, Princeton & Oxford 2014, p. 13.

[3] Goethe, Johann Wolfgang von: Faust. Eine Tragödie. Erster und Zweiter Teil, dtv-bibliothek, München 1977, p. 17.

[4] ഉദാഹരണം: Faust രണ്ടാം ഭാഗത്തിലെ Helena Akt. ഭൂതകാലത്തു നിന്നും രൂപമെടുക്കുന്ന ഹെലനെ (Helen of Troy) യെ Faust അതിയായി മോഹിക്കുന്നുവെങ്കിലും അയാഥാർത്ഥമായ അസ്തിത്വത്തിൽ നിന്ന് ഹെലൻ പുറത്തു കടക്കുന്നില്ല. അവസാനമായി ആലിംഗനം ചെയ്തതിനു ശേഷം ഒരു മായയായി ഹെലൻ മറയുമ്പോൾ അവളുടെ നേർത്ത മേൽവസ്ത്രവും മുഖാവരണവും മാത്രം ‘ഭൗതിക’മായി Faust ന്റെ കൈകളിൽ അവശേഷിക്കുന്നു. യാഥാർത്ഥ്യവും അയഥാർത്ഥ്യവും, ഭൂതവും വർത്തമാനവും തമ്മിലുള്ള മനോഹരമായൊരു സമന്വയമായി ഹെലന്റെ ഈ തിരോധാനത്തെ ഇന്നും ചർച്ച ചെയ്യപ്പെടുന്നു.

[5] Goethe, Faust (2014), p. 33.

[6] Goethe, Faust (1977), p. 40.

Comments

comments