ശാസ്ത്രവും മതവും തമ്മിൽ കഠിനമായ ശത്രുത നിലനിൽക്കുന്നു എന്നാണ് കേരളത്തിലെ പൊതു ചർച്ചകൾ പരിശോധിച്ചാൽ മനസ്സിലാവുക. സയൻസും മതവും തമ്മിൽ ദര്‍ശനപരമായി നല്ല പൊരുത്തമാണുള്ളത് എന്ന് സ്ഥാപിക്കാന്‍ ഉള്ള ശ്രമങ്ങളും ശക്തമാണ്. പോപ്പുലർ സയൻസ് പുസ്തകങ്ങളിൽ പോലും ഒളിഞ്ഞും തെളിഞ്ഞും അദ്വൈത ദർശനം കടന്നു വരുന്നത് കാണാം. സമീപകാലത്താവട്ടെ ചർച്ച പൂർണമായും ശാസ്ത്ര-മത സംഘർഷത്തിലേക്ക് ചാഞ്ഞു; നവയുക്തിവാദി എഴുത്തുകാരുടെ രചനകളാണ് ഇതിനെ  പ്രോത്സാഹിപ്പിച്ചത്.

സയൻസ്, മതം എന്നീ സാമൂഹിക സ്ഥാപനങ്ങൾ അതിശക്തമായ സ്വാധീനം നമ്മുടെ നിത്യജീവിതത്തിൽ ചെലുത്തുന്നുണ്ട് എന്നതിനാൽ തന്നെ അവ തമ്മിലുള്ള ബന്ധം പരിശോധനാ വിധേയമാക്കേണ്ടതുണ്ട് എന്നതിൽ സംശയമില്ല. പക്ഷെ ഇവ തമ്മിലുള്ള ബന്ധം സമ്പൂർണ്ണ പാരസ്പര്യം, കഠിന സംഘർഷം എന്നീ രണ്ട് ലളിതവത്കൃതമായ ചട്ടക്കൂടുകളിൽ മനസ്സിലാക്കാൻ ശ്രമിക്കുന്നത് അവയ്ക്കിടയിൽ ചരിത്രപരമായി രൂപപ്പെട്ടു വന്ന സങ്കീർണ്ണബന്ധങ്ങളുടെ ചരിത്രത്തെ തമസ്ക്കരിക്കുന്നതിനേ ഉപകരിക്കൂ. പ്രകൃതിയെക്കുറിച്ചുള്ള അന്വേഷണങ്ങളും മതചിന്തയും പരസ്പരം കൊണ്ടും കൊടുത്തും, ആശ്ലേഷിച്ചും പിണങ്ങിയും ആണ് ഇന്നോളം വികസിച്ചുകൊണ്ടിരിക്കുന്നത്. ഒപ്പം ഓർമ്മിക്കേണ്ട കാര്യം, നമ്മൾ ഇന്ന് ശരിയെന്ന് കരുതുന്ന വ്യവഹാരങ്ങളുടെ വീക്ഷണകോണിലൂടെ അത്തരം ധാരണകൾ നിലവിലില്ലാതിരുന്ന ഒരു ചരിത്ര സന്ദർഭത്തെ വായിക്കുന്നത് ചരിത്രവിജ്ഞാനീയപരമായി തെറ്റാണ് എന്നതാണ്. ശാസ്ത്രം മതത്തെ വിമർശിക്കുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്നും, നാളിതുവരെയുള്ള ചരിത്രം ഈ രണ്ട് സ്ഥാപനകളുടെ പരസ്പരം ഉള്ള ഇടയലിന്റെയും സയൻസിന്റെ ആത്യന്തിക വിജയത്തിന്റേതുമാണ് എന്ന ധാരണ രൂപപ്പെട്ടു തുടങ്ങുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽക്കാണ് എന്ന് കാണാം. ജോൺ വില്യം ഡ്രെയ്പർ, ആൻഡ്ര്യൂ ഡിക്സൺ വൈറ്റ് എന്നിവർ രചിച്ച പുസ്തകങ്ങളായിരുന്നു ഇക്കാര്യത്തിൽ നിർണായകമായത്[1]. ഈ രചനകൾ ചരിത്രപഠനങ്ങളെന്നതിനേക്കാൾ പ്രൊപ്പഗാണ്ടയായിരുന്നു എന്ന് റൊണാൾഡ് എൽ. നമ്പേഴ്സ് ചൂണ്ടിക്കാട്ടുന്നു (Numbers 2009: 6).

പത്തൊമ്പതാം നൂറ്റാണ്ടിനു മുൻപ് ശാസ്ത്രത്തിന്റെ സ്വഭാവം ഇന്ന് നമ്മൾ മനസ്സിലാക്കുന്നതിൽ നിന്നും തുലോം വ്യത്യസ്തമായിരുന്നു എന്ന് വിശദീകരിക്കാൻ മുൻ ലേഖനങ്ങളിൽ ഞാൻ ശ്രമിച്ചിരുന്നു. മധ്യകാല ശാസ്ത്രത്തെ വളർത്തുന്നതിൽ ക്രിസ്തുമതവും ഇസ്ലാം മതവും പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. മതത്തിന് മധ്യകാലത്തുണ്ടായിരുന്ന സ്വഭാവം ഇന്നത്തേതിനേക്കാൾ വ്യത്യസ്തമായിരുന്നു എന്നും നമ്മൾ ഓർക്കണം. പ്രകൃതിദർശനവും (natural philosophy) ദൈവശാസ്ത്രവും (theology) തമ്മിൽ അക്കാലത്ത് ഉള്ള ബന്ധത്തെ നിർണ്ണയിച്ചിരുന്നത് പ്രധാനമായും അരിസ്റ്റോട്ടിൽ രൂപപ്പെടുത്തിയ തത്വദർശനത്തെ ആധാരമാക്കി രൂപപ്പെട്ട ദൈവശാസ്ത്ര വീക്ഷണങ്ങളായിരുന്നു. ‘സ്കൊളാസ്റ്റിസിസം’ (Scholasticism) എന്നായിരുന്നു ഈ പരിപ്രേക്ഷ്യം പൊതുവെ അറിയപ്പെട്ടിരുന്നത്. മധ്യയുഗം ഇരുണ്ട കാലമായിരുന്നു എന്ന് ചരിത്രപഠിതാക്കൾ ഇന്ന് തീർത്തും കരുതുന്നില്ല. വളരെ സജീവമായ രീതിയിൽ അറിവുത്പാദനവും ജ്ഞാനസംവാദവും അക്കാലത്തുടനീളം നിലനിന്നിരുന്നു. സ്കോളാസ്റ്റിക് ചിന്തകർ വിവിധ ദാർശനിക പരിപ്രേക്ഷ്യങ്ങളിൽ നിന്നുകൊണ്ട് സംവാദങ്ങളില്‍ ഏർപ്പെടുകയും വേദവ്യാഖ്യാനം നടത്തുകയും ചെയ്തിരുന്നവരാണ്. മധ്യകാലത്തെ പ്രകൃതി വിജ്ഞാനീയപരമായ അന്വേഷണങ്ങളുടെ മേൽ സ്കോളാസ്റ്റിക് ചിന്തയുടെ സ്വാധീനം അതിശക്തമായിരുന്നു. പതിനേഴാം നൂറ്റാണ്ടോടെ ആധുനിക ശാസ്ത്രം രൂപപ്പെട്ടു വരുമ്പോൾ അത് അരിസ്റ്റോട്ടിലിയൻ ദർശനത്തിൽ നിന്നും, സ്കൊളാസ്റ്റിക് ദൈവശാസ്ത്രത്തിൽ നിന്നും വിമർശപരമായി അകലുന്നതായി കാണാം. എന്നാൽ അതിനർഥം മതവും സയൻസും തമ്മിൽ വേർപിരിഞ്ഞുവെന്നല്ല. പുതിയ ദൈവശാസ്ത്ര ധാരണകൾ സയൻസുമായി സർഗാത്മകമായി തുടർന്നും ഇഴ ചേരുന്നുണ്ട്, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ.

മൂന്നു പ്രധാന കാര്യങ്ങൾ ശാസ്ത്രവും മതവും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ മനസ്സിലാക്കുന്നതിൽ പ്രധാനമാണ്. ആദ്യത്തേത് ക്രിസ്തുമതവും അക്കാലത്തെ സയൻസും (സയൻസ് എന്ന വാക്കിന്റെ അർഥം തന്നെ അന്ന് വേറെയാണ്. പ്രകൃതി ദര്‍ശനമെന്ന വാക്കാണ് ഇന്നത്തെ സയൻസിനോട് തുല്യമായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി വരെ ഉപയോഗിച്ചിരുന്നത്. ശാസ്ത്രജ്ഞൻ എന്ന പദവും അന്ന് നിലവിലില്ല) തമ്മിലുള്ള ബന്ധമാണ്. ഡേവിഡ് നോബിൾ എന്ന ശാസ്ത്ര ചരിത്രകാരൻ വാദിക്കുന്നത് ഇന്നത്തെ സയൻസിന്റെ സെക്കുലർ സ്ഥാപനരൂപം യഥാർത്ഥത്തിൽ ക്രിസ്തുമതത്തിന്റെ മൂശയിൽ രൂപപ്പെട്ടതാണെന്നാണ് (Noble 1992). ക്രിസ്തുമതത്തിലെ സന്യാസി-പൌരോഹിത്യ പാരമ്പര്യങ്ങളിലെ കീഴ്നടപ്പുകൾ ആധുനിക സയൻസിലും പിന്തുടരപ്പെടുന്നുണ്ട്; ഇക്കാലത്തും. ശാസ്ത്രസമൂഹം സന്യസ്ത സമൂഹത്തിന്റെ മാതൃകയെ പിന്തുടർന്ന് രൂപപ്പെട്ടതാണ്. സ്ത്രീകൾ ഒരുകാലത്തും ശാസ്ത്രസമൂഹത്തിന്റെ ഭാഗമല്ലാതിരുന്നത് അതുകൊണ്ടാണ് (അതേ പുസ്തകം). അടുത്തകാലത്താണല്ലോ ഇതിനു അൽപ്പമെങ്കിലും മാറ്റമുണ്ടാവുന്നത്.[2] ശാസ്ത്രജ്ഞർ പിന്തുടരേണ്ട മൂല്യങ്ങളിലും ചട്ടങ്ങളിലും അവർ സന്യസ്തരെപ്പോലെയാണ്. ബ്രഹ്മചര്യം, ലൗകീക സുഖങ്ങളെ അറിവിനോടുള്ള സമർപ്പണത്തിന്റെ ഭാഗമായി വെടിയുക തുടങ്ങിയ വഴക്കങ്ങൾ ഇന്നും പ്രധാനമായി കരുതപ്പെടുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ പോപ്പിന്റെ അധികാരത്തിന് കീഴിൽ ആദ്യകാല യൂണിവേഴ്സിറ്റികൾ രൂപപ്പെട്ടപ്പോൾ ബ്രഹ്മചര്യവും ദാരിദ്ര്യ വ്രതവും വരിച്ചവരായ സന്യസ്തർക്ക് സമമായിട്ടാണ് പണ്ഡിതരെ കണ്ടിരുന്നത് (അതേ പുസ്തകം). ദിവ്യമായ പ്രവൃത്തിയായിരുന്നു ജ്ഞാനാന്വേഷണം.

പക്ഷെ ഇതിനർത്ഥം ദൈവശാസ്ത്രാഭ്യാസനത്തിന്റെ ഭാഗം മാത്രമായിരുന്നു അന്നത്തെ ശാസ്ത്രം എന്നുമല്ല; ആദ്യകാല സർവ്വകലാശാലകളുടെ പാഠ്യപദ്ധതിയുടെ മുപ്പത് ശതമാനം പ്രകൃതി ദർശനമായിരുന്നു (Shank 2009: 21). അത് ദൈവശാസ്ത്രത്തിൽ നിന്നും വേറിട്ടു മറ്റൊരു ജ്ഞാന ശാഖയായിട്ടായിരുന്നു ബിരുദപഠന ക്ലാസ്സുകളിൽ പഠിപ്പിച്ചിരുന്നത്. അതായത്, ദൈവശാസ്ത്രം പഠിക്കാതെ തന്നെ യൂണിവേഴ്സിറ്റിയിൽ ആർട്സ് ഫാക്കൽറ്റിയിൽ തുടരാനാവുമായിരുന്നു (അതേ ലേഖനം: 22). അരിസ്റ്റോട്ടിലിന്റെ നിർവചനത്തെ പിന്തുടർന്ന് തിയോളജിയും ‘ശാസ്ത്ര’മാണെന്ന് തോമസ് അക്വീനാസ് (c.1225-1274) വാദിക്കുന്നുന്നുണ്ടെങ്കിലും ദൈവശാസ്ത്രജ്ഞർ തന്നെ അതിനോട് ശക്തമായി വിയോജിച്ചിരുന്നു (അതേ ലേഖനം: 23). മിക്ക പഠിതാക്കളും ദൈവശാസ്ത്ര വിദ്യാർഥികൾ അല്ലായിരുന്നെങ്കിലും ധാരാളം പുരോഹിതരും സന്യസ്തരും പ്രകൃതി ദർശനത്തിലും ഗണിതശാസ്ത്രത്തിലും കാതലായ സംഭാവനകൾ അന്നുമുതൽ നല്കിപ്പോരുന്നു (അതേ ലേഖനം). ശാസ്ത്രാന്വേഷണങ്ങൾ നടത്താനുള്ള ഇടമായി സർവ്വകലാശാലകൾ പതിയെ മാറിയതിൽ മതത്തിന് നല്ല പങ്കുണ്ടായിരുന്നു എന്ന് ചുരുക്കം.

Thomas-Aquinas

രണ്ടാമത്തേത് ദൈവശാസ്ത്ര വ്യവഹാരങ്ങൾക്ക് പ്രകൃതി ദർശനങ്ങളിലും മറിച്ചുമുള്ള സ്വാധീനമാണ്. പ്രകൃതിയെക്കുറിച്ചുള്ള പുതിയ ധാരണകൾ രൂപപ്പെടുത്തേണ്ടത് ദൈവത്തെ അറിയുന്നതിന് അത്യന്താപേക്ഷിതമാണ് എന്നായിരുന്നു പൊതുധാരണ. വേദപുസ്തകവും പ്രകൃതിയുടെ പുസ്തകവും (Book of Bible and Book of Nature) ദൈവത്തിന്റെ കൈവേലകളേയും മഹത്വത്തേയും വെളിപ്പെടുത്തുന്നു എന്നതിനാൽ പ്രകൃതി ദാർശനികർ നടത്തുന്ന കണ്ടുപിടുത്തങ്ങൾ ദൈവശാസ്ത്രപരമായ പ്രാധാന്യമുള്ളതായിരുന്നു. ദൈവത്തിന്റെ അസ്തിത്വത്തെ പ്രകൃതിനിയമങ്ങളെക്കുറിച്ചുള്ള പുത്തൻ ധാരണകളുടെ അടിസ്ഥാനത്തിൽ ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നാച്ചുറൽ തിയോളജിയിൽ പ്രധാനമായിരുന്നു. ദൈവശാസ്ത്രത്തോടൊപ്പം പ്രകൃതിദർശനം പ്രധാനമായതും കത്തോലിക്കാ സഭ ശാസ്ത്രഗവേഷകരെ ശക്തമായി പിന്തുണച്ചിരുന്നതും ഇതുകൊണ്ടാണ്. ഈശോ സഭ (Society of Jesuits) പോലുള്ള പല സന്യസ്ത സമൂഹങ്ങളും ശാസ്ത്ര പഠനത്തിന്റെ മേഖലയിൽ വ്യാപരിച്ചതിന്റെ കാരണവും മറ്റൊന്നല്ല.

മിക്ക ശാസ്ത്രജ്ഞരും അവരുടെ പ്രകൃതി ദർശനത്തിനു സമാന്തരമായി ദൈവശാസ്ത്രാന്വേഷണങ്ങളിലും ഏർപ്പെട്ടിരുന്നു; സർ ഐസക്ക് ന്യൂട്ടൻ (c.1642-1727) നല്ല ഉദാഹരണമാണ്.[3] പ്രകൃതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണകളെ രൂപപ്പെടുത്തുന്നതിൽ ദൈവശാസ്ത്രപരമായ ധാരണകൾ അന്തര്‍ധാരയായി വർത്തിച്ചിരുന്നു എന്ന് സമീപകാല പഠനങ്ങൾ വാദിക്കുന്നു (Ashworth Jr. 2003; Davis 2009). പ്രൊട്ടസ്റ്റന്റ് (ആംഗ്ലിക്കൻ) സഭാംഗമായിരുന്നു അദ്ദേഹം. പക്ഷെ, സാമ്പ്രദായിക ക്രിസ്ത്യൻ വിശ്വാസത്തിന്റെ ആധാരശിലയായ ത്രിത്വവിശ്വാസം തെറ്റാണെന്നായിരുന്നു ന്യൂട്ടൻ ഉറച്ച് വിശ്വസിച്ചിരുന്നത്. പിതാവായ ദൈവത്തിനു തുല്യമായ സ്ഥാനം പുത്രനായ യേശുവിനില്ലെന്നും പിതാവിന്റെ ഇഷ്ടം ഇഹലോകത്തിൽ നടപ്പാക്കുന്ന മധ്യസ്ഥൻ മാത്രമാണെന്നും പിതാവും പുത്രനും ഏക സത്തയുള്ളവരല്ലെന്നും ന്യൂട്ടൻ വിശ്വസിച്ചു.

പാഷണ്ഡതയായി സഭ നിഖ്യ സുന്നഹദോസിനു ശേഷം (c. 325) കരുതിപ്പോന്ന ഏരിയസിന്റെ (Arius, c.256–336) ചിന്തകളുടെ പ്രചോദനത്തിലായിരുന്നു ന്യൂട്ടന്റെ ത്രിത്വവിരുദ്ധ ഏകദൈവ വിശ്വാസം ഉറച്ചത്. വേദപുസ്തകത്തിൽ തന്നെ പിൽകാലത്ത് തെറ്റുകൾ കടന്നു കൂടിയിട്ടുണ്ടെന്നും കലർപ്പില്ലാത്ത യഥാർത്ഥ ക്രൈസ്തവവിശ്വാസമാണ് താൻ പിൻപറ്റുന്നതെന്നുമായിരുന്നു ന്യൂട്ടന്റെ ബോധ്യം.[4] പ്രകൃതിയെ ദൈവികതയുടെ വെളിപ്പെടലിന്റെ ഭൂമികയായി അദ്ദേഹം കണ്ടു. നിരന്തരം പ്രകൃതിയിൽ ഇടപെടുന്ന ദൈവമായിരുന്നു ന്യൂട്ടന്റെത്. അക്കാലത്തു രൂപപ്പെട്ട മെക്കാനിക്കൽ ഫിലോസഫിയുടെ[5] പ്രധാന പ്രയോക്താവായിരിക്കുമ്പോൾ തന്നെ അതേ ചിന്താസരണിയിലുണ്ടായിരുന്ന റെനെ ദെക്കാർത്തുമായും (c.1596–1650) പിയറി ഗസിൻഡിയുമായും (c.1592–1655) റോബർട്ട് ബോയിലുമായും (c.1627–1691) ഇക്കാര്യത്തിൽ ന്യൂട്ടൻ വിയോജിച്ചിരുന്നു. 1715-’16-ൽ ലിബ്നിസുമായി (Gottfried Wilhelm Leibniz, c.1646-1716) ന്യൂട്ടന്റെ പ്രതിനിധിയായ സാമുവേൽ ക്ലാർക് (c.1675-1729) നടത്തിയ സംവാദത്തിലും പ്രപഞ്ചത്തിലുള്ള ദൈവിക ഇടപെടലുകളെക്കുറിച്ചുള്ള ന്യൂട്ടന്റെ ധാരണകളായിരുന്നു മുഖ്യ പ്രകോപനം. ദൈവത്തിന്റെ ‘സെൻസോറിയ’മാണ് പ്രപഞ്ചം എന്നായിരുന്നു ന്യൂട്ടന്റെ വാദം; അതായത് ദൈവത്തിന്റെ ശരീരം പോലെയാണ് പ്രപഞ്ചം. അവിടെ യഥേഷ്ടം ഇടപെടാനും നിയമങ്ങളെ മാറ്റാനുമുള്ള പരമാധികാരം ദൈവത്തിനുണ്ട് (God’s Will). പ്രപഞ്ചത്തിൽ ദൈവം ഇടപെടുന്നത് ഭൂഗുരുത്വബലം പോലുള്ള മാധ്യമങ്ങളിലൂടെയാണ്. രാസപ്രവർത്തനങ്ങളിൽ അതേപോലെതന്നെ ദൈവം അത്ഭുതകരമായി പ്രവർത്തിക്കുന്നുണ്ട് എന്നദ്ദേഹം കരുതി. ഇതാണ് അവസാന കാലം വരെ ആൽക്കെമിയെ ഗൗരവമായിട്ടെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.[6] അതായത്, അക്കാലത്തെ യാന്ത്രിക ഭൗതിക വാദികൾക്കിടയിൽ (mechanists) പ്രബലമായിരുന്ന (ദക്കാർത്തും ലീബ്നിസും ഉദാഹരണം), താൻ നിർമ്മിച്ച പ്രപഞ്ചത്തിൽ പിന്നീടിടപെടാത്ത ദൈവമെന്ന (Gnostic God) സങ്കൽപത്തിൽ ന്യൂട്ടൻ വിശ്വസിച്ചില്ല. ഭൂഗുരുത്വബലമെന്ന അദൃശ്യശക്തി ആകാശ ഗോളങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നുവെന്ന സിദ്ധാന്തത്തിലേക്ക്  ന്യൂട്ടൻ എത്തുന്നതിന്റെ പ്രേരണ അദ്ദേഹത്തിന്റെ ദൈവശാസ്ത്രമായിരുന്നു എന്നർത്ഥം. ദൈവം പ്രപഞ്ചത്തെ ഒരു ക്ളോക്ക് എന്നപോലെ നിർമ്മിച്ചിട്ടു മാറിനിൽക്കുകയല്ല; ഇടയ്ക്കിടെ അതിലിടപെട്ട് ആകാശഗോളങ്ങളുടെ സഞ്ചാരപഥത്തിലെ വ്യതിയാനങ്ങളെ തിരുത്തുന്നവനും കൂടിയായിരുന്നു ന്യൂട്ടന്റെ ദൈവം. ചില ഗ്രഹങ്ങളുടെ സഞ്ചാരപഥത്തെ സംബന്ധിച്ച കണക്കുകൂട്ടലുകളിൽ കണ്ടെത്തിയ വ്യതിയാനങ്ങളെ ദൈവീക ഇടപെടലുകൾക്ക് തെളിവായി അദ്ദേഹം മനസ്സിലാക്കി.[7] അതായത്, ന്യൂട്ടന്റെ മതവിശ്വാസം ഇല്ലാതെ ന്യൂട്ടോണിയൻ ഫിസിക്സ് ശില്പഭദ്രമാകുന്നില്ലെന്ന് സാരം!

Isaac Newton

പ്രകൃതിയെക്കുറിച്ചുള്ള ധാരണകൾ രൂപപ്പെടുത്തുന്നതിൽ ദൈവശാസ്ത്രത്തിനുള്ള പങ്ക് ദുർബലമാകുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽക്കാണ്. അതിന് കാരണമാവുന്നത് സയന്സും  മതവും തമ്മിലുള്ള സംഘർഷ(അതേ പുസ്തകം)ത്തെകുറിച്ച് മുമ്പ് സൂചിപ്പിച്ച വ്യവഹാരം രൂപപ്പെട്ടത് മാത്രമല്ല; അതിന്റെ ഉത്തരവാദിത്തം ദൈവശാസ്ത്രജ്ഞർക്കു കൂടിയായിരുന്നു. ‘പ്രകൃതി ദൈവശാസ്ത്രം’ (Natural Theology) എന്ന, തോമസ് അക്വീനാസിന്റെ (c.1225-1274) കാലം മുതൽ സജീവമായിരുന്ന ദൈവശാസ്ത്ര പരിപ്രേക്ഷ്യം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ദുർബലമായതും പകരം നിയോഓർത്തഡോക്സി എന്ന പുതിയ പ്രൊട്ടസ്റ്റന്റ് ധാര സജീവമായതും ആയിരുന്നു ഒരു പ്രധാന കാരണം. നാച്ചുറൽ തിയോളജി പ്രകൃതിയെ ബൈബിളിനോടോപ്പം ദൈവീക വെളിപ്പാടുകളുടെ പാഠമായി സമീപിച്ചു. ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ ഉടനടി പല ദൈവശാസ്ത്രജ്ഞരും ആവേശഭരിതരായി പിന്തുണച്ചത് പ്രകൃതിദൈവശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെ പിൻപറ്റിയാണ്. പിന്നീട് കാന്റർബറി ആര്‍ച്ച്‌ബിഷപ്പായി മാറിയ ഫ്രഡറിക് ടെമ്പിൾ (c.1821-1902) പ്രകൃതി നിർധാരണത്തിലൂടെ സൃഷ്ടികർമ്മത്തിലേർപ്പെടുന്ന ദൈവമെന്ന സങ്കൽപത്തെ ദൈവശാസ്ത്രപരമായി മികച്ചതെന്ന് പുകഴ്ത്തിയത് അതുകൊണ്ടാണ് (Livingstone 2009: 56).[8] ഡാർവിൻ തന്നെയും പരിണാമത്തെ സൃഷ്ടിയെക്കുറിച്ചുള്ള ദൈവികമായ നിയമമായിട്ടാണ് വീക്ഷിച്ചിരുന്നത്.[9] എന്നാൽ ലോകമഹായുദ്ധങ്ങൾ സൃഷ്ടിച്ച മനുഷ്യ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ നിയോഓർത്തഡോക്സി മാനുഷിക വികാരങ്ങളുടെയും മൂല്യങ്ങളുടെയും മണ്ഡലത്തിലേക്ക് ദൈവചിന്തയെ മാറ്റി സ്ഥാപിച്ചതോടുകൂടി (കാൾ ബാർത്, റെയ്നോൾഡ് നീബൂർ എന്നിവരായിരുന്നു ഇതിൽ പ്രധാനി) നാച്ചുറൽ തിയോളജി പതിയെ അപ്രത്യക്ഷമായി (Roberts 2009: 167). സയന്സിനെ ദൈവശാസ്ത്രത്തിന്റെ പരിഗണനാ വിഷയമല്ലാതാക്കുന്നതിൽ ദൈവശാസ്ത്രത്തിനും തുല്യമായ പങ്കുണ്ടായിരുന്നെന്നർത്ഥം.[10]

ഒമ്പതാം നൂറ്റാണ്ടു മുതൽ വികസിച്ചു വന്ന സഹസ്രാബ്ദ ചിന്തകളാണ് (Millinerianism) ദൈവശാസ്ത്രവും പ്രകൃതി ചിന്തയും തമ്മിലുള്ള ബാന്ധവം സാധ്യമാക്കിയതെന്ന് ഡേവിഡ് നോബിൾ (Noble 1997) വാദിക്കുന്നു.[11] ആദ്യകാല ദൈവശാസ്ത്രജ്ഞനായിരുന്ന ഹിപ്പോയിലെ അഗസ്തീൻ (c.354-430) പ്രകൃതി വിജ്ഞാനത്തെ രക്ഷയ്ക്ക് (salvation) വിഘാതമായാണ് കണ്ടിരുന്നത്. ആദ്യപാപത്തോടെ ഏദൻ തോട്ടത്തിൽനിന്നും മനുഷ്യൻ പുറത്തായതിനു ശേഷമുള്ള വീഴ്ചയുടെ ഘട്ടത്തിൽ ആണ് അത്തരം അറിവുസങ്കേതങ്ങളെ മനുഷ്യർ വികസിപ്പിക്കുന്നത്. ആത്യന്തികമായി ഏദൻതോട്ടത്തിൽ ആദവും ഹവ്വയും അനുഭവിച്ച ദൈവീക പൂർണ്ണതയിലേക്കുള്ള മനുഷ്യന്റെ വീണ്ടെടുപ്പിന് ദൈവകൃപ മാത്രമാണ് ആവശ്യമുള്ളത് എന്ന് അഗസ്തീൻ കരുതി. എന്നാൽ ഒമ്പതാം നൂറ്റാണ്ട് ആകുമ്പോഴേക്കും ഉപകാരപ്രദമായ അറിവുകൾ (‘useful arts’) പരിശീലിക്കുന്നത് സന്യസ്ത സമൂഹങ്ങളുടെ ദൈനംദിന ജീവിത ശീലമായി (ധ്യാനത്തോടൊപ്പം) മാറുന്നുണ്ട്. ബെനഡിക്ടൻ സന്യാസികളാണ് ഇത് ആത്മീയജീവിതത്തിന്റെ ഭാഗമായി ആദ്യം സ്വാംശീകരിച്ചവരിൽ മുഖ്യർ.[12] എറിയുജീന (John Scotus Eriugena, c. 800-877) എന്ന ഐറിഷ് ദൈവശാസ്ത്രജ്ഞൻ ഒമ്പതാം നൂറ്റാണ്ടിൽ അഗസ്തീനെ വിമർശിക്കുകയും പ്രകൃതിജ്ഞാനത്തെ മനുഷ്യന്റെ (വീഴ്ചയ്ക്ക് മുമ്പുള്ള) യഥാർത്ഥ ദൈവീക സത്തയുടെ ഭാഗമായി അവതരിപ്പിക്കുകയും ചെയ്തു. ഇത്തരം അറിവുകളുടെയും സങ്കേതങ്ങളുടെയും പരിശീലനം സാധനയുടെ ഭാഗവും ദൈവീക പൂർണതയിലേക്ക് മുന്നേറാൻ സഹായകരവുമാണ് എന്നദ്ദേഹം വാദിച്ചു. അതായത്, ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അറിവിന്റെ ഉപയോഗം ധ്യാനാത്മകമാണ്. പതിനൊന്നാം നൂറ്റാണ്ടായപ്പോഴേക്കും സ്രഷ്ടാവായ ദൈവത്തെ തന്നെ മൂത്താശാരിയായി (master craftsman) മനസ്സിലാക്കി തുടങ്ങുന്നു എന്നതും ശ്രദ്ധേയമാണ്. മധ്യകാല സാങ്കേതിക വികാസത്തിന്‍റെ മുഖ്യ പ്രചോദനം (c.10-13 നൂറ്റാണ്ടുകൾ)[13] ഈ പുതിയ ദൈവശാസ്ത്ര ഉൾക്കാഴ്ചയായിരുന്നു എന്നും നോബിൾ അഭിപ്രായപ്പെടുന്നു.

John Scotus Eriugena

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ പകുതി മുതൽ സഹസ്രാബ്ദ ചിന്തയിലുണ്ടായ ഉണർവ് പ്രകൃതിജ്ഞാനത്തെ വികസിപ്പിച്ചുപയോഗിച്ച് മനുഷ്യരാശിയുടെ രക്ഷയും വീണ്ടെടുപ്പും കാലത്തിനുള്ളിൽ തന്നെ സാധ്യമാക്കുന്നതിനുള്ള സാധ്യതയെ അന്വേഷിച്ചു. ലോകാവസാനം അടുത്തിരിക്കുന്നു എന്നും അതോടെ ദൈവരാജ്യം ഭൂമിയിൽ സ്ഥാപിതമാകും എന്നുമാണല്ലോ സഹസ്രാബ്ദ ചിന്തയുടെ കാതൽ. ആദിമ സഭയിൽ പ്രബലായിരുന്ന ഈ വിശ്വാസം ക്രിസ്തുമതവും റോമൻ സാമ്രാജ്യത്വവും തമ്മിലുള്ള ബന്ധസ്ഥാപനത്തോടെ പാഷണ്ഡതാ വാദമായി (heretic) മാറുകയും അടിച്ചമർത്തപ്പെടുകയും ചെയ്തു.[14] പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഈ ചിന്ത വീണ്ടും ഉണരുന്നത്. സ്വർഗ്ഗരാജ്യ സ്ഥാപനം സജീവ പ്രവർത്തനങ്ങളിലൂടെ ത്വരിതപ്പെടുത്തേണ്ട ഒരു കാര്യമായി മാറിയത് അങ്ങിനെയാണ്. അഗസ്തീൻ വാദിച്ചതു പോലെ രക്ഷയ്ക്കായി  കാത്തിരിക്കയല്ല, മറിച്ച്, സജീവ പ്രവർത്തനങ്ങളിലൂടെ വീണ്ടെടുപ്പിനെ (reduemption) ത്വരിതപ്പെടുത്തുക എന്നതിലായിരുന്നു പുതിയ ഊന്നൽ. സുവിശേഷ പ്രവർത്തനങ്ങളിലൂടെ ആത്മാക്കളെ നേടുന്നതിനോടൊപ്പം തന്നെ (മിഷനറി പ്രവർത്തനങ്ങളുടെ തുടക്കം അങ്ങിനെയായിരുന്നു) സാങ്കേതികജ്ഞാന പ്രയോഗങ്ങളും മനുഷ്യന്റെ പറുദീസാ കാലത്തെ ദൈവീകപൂർണ്ണത വീണ്ടും പ്രാപിക്കുന്നതിന് അവശ്യമാണ് എന്ന ആശയം അങ്ങനെ സഹസ്രാബ്ദ ചിന്തകളിൽ സ്വംശീകരിക്കപ്പെട്ടു.[15] ഇതിന്റെ തുടർച്ചയായി പ്രകൃതിദർശനത്തിലൂടെ സൃഷ്ടിയെക്കുറിച്ചുള്ള അറിവ് വികസിപ്പിക്കുകയും അങ്ങനെ ദൈവീക സൃഷ്ടിയെ പഠിക്കുന്നതിലൂടെ സൃഷ്ടാവിനെ അറിയുകയും ചെയ്യുക എന്ന ഉൾക്കാഴ്ച പതിമൂന്നാം നൂറ്റാണ്ടോടെ വികസിക്കുന്നു.[16] അന്ത്യകാലത്തിനായി ഒരുങ്ങുന്നതിന്റെ ഭാഗമായി അങ്ങനെ പ്രകൃതിയെക്കുറിച്ചുള്ള തത്വസമീക്ഷ പ്രാധാന്യം നേടി.

മറ്റൊരു പ്രധാന മില്ലിനേറിയൻ വാദം ആദമിന് ഏദൻ തോട്ടത്തിൽ വെച്ച് ഉണ്ടായിരുന്ന, സൃഷ്ടിയെക്കുറിച്ചുള്ള സമ്പൂർണ്ണ ജ്ഞാനവുമായി ബന്ധപ്പെട്ടതാണ്; സൃഷ്ടി കർമ്മത്തിനു ശേഷം മുഴുവൻ ജീവജാതികൾക്കും പേരിട്ടത് ആദം ആയിരുന്നല്ലോ (ഉല്പത്തി 2:19-20). എന്നാൽ ആദ്യപാപത്തോടെ ഈ അറിവ് മനുഷ്യന് ഭാഗികമായി നഷ്ടപ്പെട്ടു. പ്രകൃതിദർശനം അതുകൊണ്ട് ദിവ്യവും സമ്പൂർണ്ണവുമായ ജ്ഞാനത്തെ പ്രാപിക്കാൻ ലഭ്യമായ ദൈവീക വരദാനമാണ് എന്ന ആശയം പതിനാറാം നൂറ്റാണ്ടു മുതൽ ബലപ്പെട്ടു. റോബർട്ട് ബോയിലും ഐസക് ന്യൂട്ടനും ജോസഫ്  പ്രീസ്റ്റ്ലിയും മൈക്കിൾ ഫാരഡെയും ജെയിംസ് ക്ലർക് മാക്സ്വെല്ലും ഉൾപ്പടെയുള്ള ധാരാളം ശാസ്ത്രജ്ഞർ സഹസ്രാബ്ദവാദികളായിരുന്നു എന്നിടത്താണ് ഈ ആത്മീയ മുന്നേറ്റത്തിന് (spiritual movement) ശാസ്ത്ര സാങ്കേതിക വിപ്ലവങ്ങൾ സാധ്യമാക്കിയതിലുള്ള പ്രസക്തി.[17]

മൂന്നാമതായി നമ്മൾ ഓർക്കേണ്ടത് ക്രിസ്തുമതത്തോടൊപ്പം തന്നെ ഇസ്ലാമിന് ശാസ്ത്രത്തെ രൂപപ്പെടുത്തുന്നതിലുള്ള പങ്കാണ്. ആധുനിക ശാസ്ത്രത്തിന്റെ വികാസത്തിന് പ്രേരകമായി ക്രിസ്തുമതത്തോടൊപ്പം വിവിധ മതദർശനങ്ങൾ (ഒപ്പം തന്നെ ആജ്ഞേയതാവാദവും നിരീശ്വര വാദവും: പത്തൊമ്പതാം നൂറ്റാണ്ടു മുതൽ പ്രത്യേകിച്ചും) ചരിത്രപരമായ ഭാഗധേയം വഹിച്ചിട്ടുണ്ട് എന്നർത്ഥം. മധ്യകാലത്ത് ശാസ്ത്രാന്വേഷണങ്ങളുടെ ആഗോള കേന്ദ്രം ഇസ്ലാമിക ലോകമായിരുന്നു. ബാഗ്ദാദായിരുന്നു അതിന്റെ  കേന്ദ്രം. ഇസ്ലാം മതം ലോകം മുഴുവൻ വ്യാപിച്ചതിനെത്തുടർന്ന് അബ്ബാസിദ് കാലിഫേറ്റിന്റെ കാലത്ത് (c.750-1258) ഗ്രീക്ക്, പേർഷ്യൻ, സംസ്കൃതം എന്നീ ഭാഷകളിൽ നിന്നും അറബിക്കിലേക്ക് വിജ്ഞാനം പരിഭാഷപ്പെടുത്തുന്ന വലിയ ബൗദ്ധിക സംരംഭം ഒമ്പതു മുതൽ പതിനൊന്നു വരെ നൂറ്റാണ്ടുകളിൽ സംഘടിക്കപ്പെട്ടു. ബാഗ്ദാദിലെ വിജ്ഞാനപ്പുര (House of Wisdom) ആയിരുന്നു ഇതിന്റെ സിരാകേന്ദ്രം[18]. പരിഭാഷ എന്ന പ്രക്രിയ ഒരു ഭാഷയിൽ നിന്ന് മറ്റൊന്നിലേക്ക് യഥാക്രമം വാക്കുകൾ മാറ്റിയെഴുതുന്ന പ്രക്രിയ ആയിരുന്നില്ല. പാഠങ്ങളുടെ തിരഞ്ഞെടുപ്പ്, വ്യാഖ്യാനം, ആശയങ്ങളുടെ പുനഃക്രമീകരണം, രൂപാന്തരണം എന്നീ വ്യത്യസ്ത സർഗാത്മക പ്രവൃത്തികൾ ചേർന്നതായിരുന്നു അത് (Haq 2009:37). അതായത് ഗ്രീക്കിൽ നിന്നും അറബിക്കിലേക്ക് പരിഭാഷപ്പെടുത്തിയ ഒരു പാഠത്തിന്റെ തിരിച്ചുള്ള പരിഭാഷയിലൂടെ ഗ്രീക്കിലുണ്ടായിരുന്ന മൗലിക കൃതിയെ വീണ്ടെടുക്കാനാവില്ല എന്നർത്ഥം (അതേ ലേഖനം). പരിഭാഷ മൗലികതയുള്ള ജ്ഞാനോല്പാദന പ്രവൃത്തി തന്നെയായിരുന്നു. ഇസ്ലാമിക ദൈവശാസ്ത്രങ്ങളുടെ വെളിച്ചത്തിൽ വിവിധ സംസ്കാരങ്ങളിൽ നിന്നും സ്വീകരിച്ച പ്രകൃതി ചിന്ത മിഴിവുള്ളതായി മാറി. ഇസ്ലാമിക ദൈവശാസ്ത്രങ്ങളേയും പരിഭാഷാവൃത്തി ശക്തമായി സ്വാധീനിക്കുകയുണ്ടായി. പതിനാലാം നൂറ്റാണ്ടുവരെ ശാസ്ത്രരംഗത്ത് ഇസ്ലാമിക ലോകത്തെ പണ്ഡിതരുടെ കുത്തക നിലനിന്നു.[19] Muhammad ibn Musa al-Khwarizmi (c.780-850), Quasta ibn Luqa (c.820-912),[20] Ibn Sina (Avicenna, c.980-1037),[21] Ibn al-Haytham (Alhazen,c.965-1040),[22] Nasir al-Din al-Tulsi (c.1201–1274), Ibn Rushd (Averroes, c.1126–1198), Ibn al-Nafis (c.1213-1288)[23] തുടങ്ങി ദൈവശാസ്ത്രവും പ്രകൃതിവിജ്ഞാനീയവും ഒരേപോലെ സമർത്ഥമായി കൈകാര്യം ചെയ്തിരുന്ന ഒരു നീണ്ട നിര പണ്ഡിതർ അക്കാലത്തുണ്ടായിരുന്നു. അനേകം വാനനിരീക്ഷണ കേന്ദ്രങ്ങളും ഗ്രന്ഥപ്പുരകളും ഒമ്പതാം നൂറ്റാണ്ടു മുതൽ ഇസ്ലാമിക സ്വാധീനമുള്ള പ്രദേശങ്ങളിൽ സ്ഥാപിക്കപ്പെടുന്നത് ഇതിനു മറ്റൊരുദാഹരണമാണ്.[24] പശ്ചിമ യൂറോപ്പ് മറ്റൊരു വിജ്ഞാന കേന്ദ്രമായി ഉയർന്നു വരുന്നത് പ്രാഗാധുനികതയുടെ (early modernity) വികാസത്തോടെ മാത്രമാണ്.

പൗരാണിക ഗ്രീക്ക് ചിന്തയെ യൂറോപ്പ് പരിചയപ്പെടുന്നത് ഇസ്ലാമിക ചിന്തകരുടെ പരിഭാഷയിലൂടെയാണ്. പന്ത്രണ്ടാം നൂറ്റാണ്ടോടെ അറബിക് കൃതികൾ ലാറ്റിനിലേക്ക്  മൊഴി മാറ്റിത്തുടങ്ങി. യൂറോപ്പ് അതിന്റെ ഗ്രീക്ക് ഭൂതകാലത്തെ നിർമ്മിച്ചെടുക്കുന്നത് ഇസ്ലാമിക പണ്ഡിതരുടെ ജ്ഞാനാർജ്ജന പ്രവർത്തനങ്ങളിലൂടെയാണെന്ന് ചുരുക്കം![25] പന്ത്രണ്ടാം നൂറ്റാണ്ടുമുതൽ സ്കോളാസ്റ്റിസിസവും പ്രകൃതി ദർശനവും ഇഴ ചേർന്നു വികസിക്കുന്നതിൽ അറബിക് ചിന്തകരുടെ പങ്ക് നിർണായകമാണ്. അരിസ്റ്റോട്ടിലിന്റെ ആശയങ്ങൾ (ഒപ്പം നിയോ പ്ലേറ്റോണിസവും) പ്രകൃതി ദർശനത്തിന്റെ അടിസ്ഥാനമായി മധ്യകാല യൂറോപ്പിൽ മാറുന്നത് അങ്ങിനെയാണ്. ആധുനിക ശാസ്ത്രജ്ഞരുടെ സിദ്ധാന്തങ്ങൾക്കും കണ്ടുപിടിത്തങ്ങളും പ്രചോദനമാവുന്നതും മധ്യകാല ഇസ്ലാമിക് ശാസ്ത്രജ്ഞരുടെ അരിസ്റ്റോട്ടിൽ വിമർശമാണ് എന്ന് കാണാം. ഏറ്റവും നല്ല ഉദാഹരണം ഇബ്നു അൽ-ശാറ്റിർ (c.1304–1375) എന്ന സിറിയൻ ജ്യോതിശാസ്ത്രജ്ഞന്റെ ചന്ദ്രഭ്രമണത്തെക്കുറിച്ചുള്ള സിദ്ധാന്തം നിക്കോളാസ് കോപ്പർനിക്കസ് സൂര്യകേന്ദ്രീകൃത പ്രപഞ്ച സിദ്ധാന്തം വികസിപ്പിക്കുമ്പോൾ പരാമർശിക്കുന്നതാണ് (Haq 2009:38).[26] ബാഗ്ദാദിന്റെ പതനത്തിനു ശേഷവും (c.1258)[27] ഇസ്ലാമിക് പണ്ഡിതരുടെ ശാസ്ത്ര സംഭാവനകൾ അവിരാമം തുടരുന്നുണ്ട് എന്നാണിത് സൂചിപ്പിക്കുന്നത് (അതേ ലേഖനം). മധ്യകാലത്തും ആധുനിക കാലത്തും പ്രകൃതി വിജ്ഞാനീയത്തിന്റെ വികാസപ്രക്രിയയിൽ ഇസ്ലാം പണ്ഡിതരുടെയും ഇസ്ലാമിക ദൈവശാസ്ത്രത്തിന്റെയും സ്വാധീനം അതിശക്തമായിരുന്നു എന്നു ചുരുക്കം. ഇസ്ലാമിക പണ്ഡിതരുടെ മുൻകൈയിൽ ഇന്ത്യയിൽ നിന്നും പേർഷ്യയിൽ നിന്നും മറ്റുമുള്ള ആശയങ്ങളും ആധുനിക ശാസ്ത്രവുമായി കലരുന്നതായി കാണാം.

ശാസ്ത്രവും മതവും തമ്മിലുള്ള പൊരുത്തമില്ലായ്മയിലും സംഘർഷത്തിലും ഊന്നി മനസിലാക്കാവുന്നത്ര ലളിതമല്ല ശാസ്ത്ര ചരിത്രം എന്ന് ചുരുക്കം. ശാസ്ത്രവും മതവും തമ്മിൽ സമ്പൂർണ യോജിപ്പായിരുന്നു എന്ന വാദവും തീരെ നിലനിൽക്കുന്നതല്ല. ദൈവശാസ്ത്രവുമായും, മതവിശ്വാസ സംബന്ധിയായ പ്രശ്നങ്ങളുമായും മത സ്ഥാപനത്തിന്റെ രാഷ്ട്രീയ സാമൂഹിക സ്വഭാവങ്ങളുമായും ശാസ്ത്രത്തിന്റെ ചരിത്രപരമായ വികാസം സങ്കീർണമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് മനസിലാക്കുന്ന രീതിയിൽ ശാസ്ത്രം, മതം എന്ന വിഭജനം തന്നെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സൃഷ്ടിയാണെന്നും നമ്മൾ കണ്ടു.

വായനക്കാരുടെ മനസ്സിൽ ഈ ഘട്ടത്തിൽ ഉയരാവുന്ന ഒരു ചോദ്യമുണ്ട്; അപ്പോൾ പിന്നെ ബ്രൂണോയെ കത്തോലിക്കാ സഭ മതവിചാരണ നടത്തി ചുട്ടു കൊന്നതെന്തിന്? ഗലീലിയോയെ മതവിചാരണ നടത്തിയതും വീട്ടുതടങ്കലിലാക്കിയതും മാപ്പു പറയിച്ചതുമെന്തിന്? ഈ പ്രശ്നങ്ങളാണ് അടുത്ത ഭാഗത്തെ ചർച്ച.

(തുടരും)

 

അടിക്കുറിപ്പുകൾ

[1] John William Draper. 1874. History of the Conflict between Religion and Science; Andrew Dickson White 1896. A History of the Warfare of Science withTheology in Christendom. Vol. I & II.

[2] റോയൽ സൊസൈറ്റിയുടെ (c.1660-ൽ സ്ഥാപിതം) സ്ഥാപക നേതാക്കൾ തങ്ങളുടേത് പുരുഷ ദർശനമാണെന്ന് വിശ്വസിച്ചിരുന്നു (Noble 1997). അവരിൽ പലരും ബ്രഹ്മചാരികളുമായിരുന്നു. അവരിൽ ഹെൻറി മൂർ (c.1614–1687), ജോസഫ് ഗ്ലാൻവിൽ (c.1636-1680) തുടങ്ങിയവർ മന്ത്രവാദിനിവേട്ടയെ (witch-hunt) ശക്തമായി പിന്തുണച്ചിരുന്നവരുമാണ്. ഐസക് ന്യൂട്ടനാവട്ടെ ബ്രഹ്മചാരി ആയിരുന്നെന്ന് മാത്രമല്ല, സ്ത്രീകളുമായുള്ള സംസർഗ്ഗം പരമാവധി ഒഴിവാക്കുന്ന ആളുമായിരുന്നു (അതേ പുസ്തകം).

[3] പ്രത്യേകം പരാമർശിക്കുന്നില്ലെങ്കിൽ ന്യൂട്ടനെ കുറിച്ചുള്ള ചർച്ചകൾക്ക് കടപ്പാട് Davis 2009 എന്ന പഠനത്തോടാണ്.

[4] ദാനിയേലിന്റെ പുസ്തകത്തിനും വെളിപാട് പുസ്തകത്തിനും നാല് വ്യാഖ്യാന കൃതികൾ ന്യൂട്ടൻ രചിച്ചിട്ടുണ്ട്. ക്രിസ്തുമസ് ദിനത്തിൽ ജനിച്ച അദ്ദേഹം ഒരു മിശിഹായും പ്രവാചകനുമായായിരുന്നു സ്വയം വിചാരിച്ചിരുന്നത്! (Noble 1997)

[5] ദ്രവ്യം (matter) സത്താപരമായി നിശ്ചേതനവും അജൈവുമാണെന്നും അതിനു അതിൽത്തന്നെ പ്രത്യേക ഗുണങ്ങൾ ഇല്ലെന്നും യാന്ത്രിക ദർശനം വാദിക്കുന്നു. ചലനദശയിലുള്ള ദ്രവ്യത്തിന്റെ പരസ്പര ഇടപെടലിന്റെ പ്രഭാവമാണ് എല്ലാ പ്രകൃതി പ്രതിഭാസങ്ങളും. അരിസ്റ്റോട്ടിലിന്റെ ദർശനത്തോടും, നാച്ചുറൽ മാജിക്, പാരസെൽസിയനിസം എന്നീ നവോഥാന ദർശനങ്ങളോടും വിയോജിച്ചുകൊണ്ടാണ് മെക്കാനിക്കൽ ഫിലോസഫി നിലവിൽ വന്നത്. കൂടുതൽ വിവരങ്ങൾക്ക് Ashworth  Jr.2003 കാണുക.

[6] പത്തുലക്ഷത്തിലധികം വാക്കുകളാണ് ആൽക്കെമിയെക്കുറിച്ചു ന്യൂട്ടൻ എഴുതിയിട്ടുള്ളത്! (Davis 2009: 119)

[7] ധൂമകേതുക്കൾ വഴിയാണത്രെ ദൈവം ഭ്രമണപഥം നേരെയാക്കിയിരുന്നത്! (Ashworth Jr. 2003: 83)

[8] ഡാർവിൻ വിമർശകനായ ബിഷപ്പ് സാമുവേൽ വിൽബർഫോഴ്സും (c.1805–1873)  ഡാർവിൻ അനുകൂലിയും ആജ്ഞേയതാവാദിയുമായ (agnost)  തോമസ് ഹെൻറി ഹക്സിലിയും (c.1825-1895) തമ്മിൽ 1860ൽ ഓക്സ്ഫോർഡിൽ വെച്ച് നടന്ന വാഗ്വാദം പക്ഷെ ആർക്കും മേൽക്കൈ ഇല്ലാതെ പര്യവസാനിക്കുകയാണുണ്ടായത്. Livingstone 2009; Dixon 2008 എന്നീ കൃതികൾ കാണുക.

[9] പരിണാമ സിദ്ധാന്തം രൂപീകരിക്കുന്ന കാലത്ത് ഡാർവിൻ ദൈവവിശ്വാസിയായിരുന്നു. തന്റെ നാൽപതാം വയസ്സിലാണ് (c.1849) അദ്ദേഹം ദൈവവിശ്വാസി അല്ലാതായി (agnost) മാറിയത്. എന്നാൽ 1859 -ൽ The Origin of Species പ്രസിദ്ധീകരിച്ചപ്പോളും അദ്ദേഹം തന്റെ ദൈവശാസ്ത്രപരമായ ആദ്യകാല നിലപാടിനെ ആ പുസ്തകത്തിൽ ചോദ്യം ചെയ്തില്ല. കൂടുതൽ വായനയ്ക്ക്, Livingstone 2009; Dixon 2008.

[10] നാച്ചുറല്‍ തിയോളജി പിന്നീട് തിരിച്ചു വരുന്നത് 1990-കളിലാണ് (Roberts 2009:168): ‘Science and Religion Dialogue’ എന്ന പുതിയ പഠന മേഖല രൂപപ്പെട്ടു കഴിഞ്ഞ്.

[11] പ്രത്യേകിച്ച് പരാമര്‍ശിക്കുന്നില്ലെങ്കിൽ ഈ ലേഖനത്തിൽ സഹസ്രാബ്ദ ചിന്തയെക്കുറിച്ചുള്ള ചർച്ചയുടെ ആധാരം നോബിളിന്റെ പഠനമാണ്.

[12] സന്യാസിയായിരുന്ന ബെനഡിക്ട് (Benedict of Nursia, 480–550)  ആറാം നൂറ്റാണ്ടിൽ സന്യസ്ത സമൂഹങ്ങൾക്കുള്ള പൊതു നിയമ സംഹിത തയ്യാറാക്കുമ്പോൾ സാങ്കേതിക തൊഴിൽ പരിശീലനത്തെ ധ്യാന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി എഴുതിച്ചേർക്കുന്നുണ്ട് (Noble 1997).

[13] വിൻഡ് മിൽ, വാട്ടർ മിൽ, യന്ത്ര ക്ലോക്ക്, കാർഷിക രംഗത്തും ഖനന മേഖലയിലും വാസ്തുശില്പകലയിലും പുത്തൻ സാങ്കേതിക രീതികൾ ഒക്കെ ഇക്കാലത്തു വികസിക്കുന്നുണ്ട്. കൂടുതൽ വായനയ്ക്ക്, Gimpel 1977.

[14] എഫേസൂസിലെ കൗൺസിലിൽ (c.431) ആണ് മില്ലിനീരിയനിസത്തെ പാഷണ്ഡതാ വാദമായി തള്ളിക്കളയുന്നത്. അതോടെ രക്ഷയുടെ ഏക മുഖാന്തിരമായി പൗരോഹിത്യാധിഷ്ഠിത സഭ മാറി.

[15] റോജർ ബേക്കൺ (c.1219–1292) എന്ന ഫ്രാൻസിസ്കൻ സന്യാസി പണ്ഡിതനാണ് എറിയുജീനയുടെ ചിന്തകളെ സഹസ്രാബ്ദവാദത്തിലേക്ക് വിളക്കിചേർത്തതിൽ പ്രമുഖൻ.

[16] റോജർ ബേക്കൺ തന്റെ പ്രധാന കൃതിയായ Opus Majus -ൽ (c.1267) ആണ് ഈ ആശയം ആവിഷ്കരിക്കുന്നത്.

[17] കൊളോണിയൽ അധിനിവേശത്തിന്റെ ചരിത്രം സഹസ്രാബ്ദ ചിന്തയുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രിസ്റ്റഫർ കൊളംബസ് (c.1451-1506), ഫ്രാൻസിസ് ബേക്കൺ (c.1561-1626) എന്നിവരൊക്കെ മില്ലിനേറിയൻസ് ആയിരുന്നു.

[18] പത്താം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ലോകത്തെ ഏറ്റവും വലിയ നഗരമായി ബാഗ്ദാദ് മാറി എന്ന് ഓർക്കണം. യൂറോകേന്ദ്രീകൃതമായിരുന്നില്ല മധ്യകാല ലോകം.

[19] ഇവരെല്ലാം ഇസ്ലാം മതാനുയായികൾ ആണെന്നോ അറബികളായിരുന്നെന്നോ ഇവിടെ അർത്ഥമില്ല; ഇസ്ലാമിക ലോകം അങ്ങേയറ്റം വൈവിധ്യങ്ങൾ നിറഞ്ഞതായിരുന്നു. ദൈവശാസ്ത്രപരമായ അനേകം പിരിവുകളും ധാരകളും ഇസ്ലാമിക മതവിശ്വാസികൾക്കിടയിൽ തന്നെ നിലനിന്നിരുന്നു. മറ്റുമതങ്ങളും സാംസ്കാരിക വിഭജനങ്ങളും നിലനിന്നിരുന്ന ലോകമായിരുന്നു അത്. ഇസ്ലാമിൽ കത്തോലിക്കാ മതം പോലെ അധീശത്വപരമായ ഒരു മതാധികാര സ്ഥാപനം ഒരു കാലത്തും നിലവിലില്ലായിരുന്നെന്നത് ഈ വൈവിധ്യത്തിന് മാറ്റുകൂട്ടുന്നു (Haq 2009). ഇസ്ലാം ഒരു മതമെന്ന നിലയിൽ ഒരുകാലത്തും ഏകശിലാത്മകമായിരുന്നില്ല.

[20] c.820-നോടടുപ്പിച്ച് ഇദ്ദേഹം House of Wisdom-ന്റെ മേധാവിയായി. ആൾജിബ്ര എന്ന ഗണിത ശാസ്ത്ര ശാഖ ആരംഭിച്ചത് ഇദ്ദേഹമാണ്.

[21] സിറിയയിൽ നിന്നുള്ള വൈദ്യനും ഗണിതജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായ ഇദ്ദേഹം ക്രൈസ്തവനായിരുന്നു. ഗ്രീക്കിൽ നിന്നും അറബിയിലേക്ക് അനേകം ഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്തി.

[22] ഒപ്റ്റിക്സ് എന്ന ഭൗതികശാസ്ത്ര ശാഖയുടെ തുടക്കക്കാരനാണ്.

[23] രക്തചംക്രമണം (Pulmonary circulation) കൃത്യതയോടുകൂടി ആദ്യമായി വിശദീകരിക്കുന്നത് ഇദ്ദേഹമാണ്.

[24] ആദ്യ ഒബ്സർവേറ്ററി ബാഗ്ദാദിൽ c.828-ൽ സ്ഥാപിക്കപ്പെട്ടു. c.1259-ൽ കാസ്പിയൻ കടലിനടുത്തുള്ള Maraghah-ൽ സ്ഥാപിക്കപ്പെട്ട നിരീക്ഷണാലയമായിരുന്നു ഇവയിൽ വെച്ചേറ്റവും വലുതും മികച്ചതും (Haq 2009:38).

[25] പിന്നീട് ആധുനിക യൂറോപ്പിന്റെ ചരിത്രസ്മരണയിൽ നിന്ന് അറേബിയൻ ഓർമ്മകൾ മനഃപൂർവം മായ്ക്കപ്പെടുകയും, ഗ്രീക്ക് ചിന്തയും ശാസ്ത്രവും ആധുനിക യൂറോപ്പിന്റെ നേരിട്ടുള്ള പൈതൃകമായി തിരിച്ചറിയപ്പെടുകയും ചെയ്യുന്നു. യൂറോപ്പിന്റെ ഗ്രീക്ക്  സുവർണ്ണ ഭൂതകാലത്തെക്കുറിച്ചുള്ള മിത്ത് രൂപപ്പെടുന്നതെങ്ങനെയാണ്. കൂടുതൽ ചർച്ചയ്ക്ക് മാർട്ടിൻ ബെർണാലിന്റെ ബ്ലാക് അഥീന കാണുക (Bernal 1987).

[26] ഇതിനർത്ഥം പക്ഷെ അറബിക് പണ്ഡിതരെ ആധുനിക യൂറോപ്യൻ ശാസ്ത്രജ്ഞർ ‘കോപ്പിയടിക്കുക’യായിരുന്നു എന്നല്ല. നിലവിലുള്ള ആശയങ്ങൾ പുതിയ അറിവുകൾ വികസിപ്പിക്കാൻ പ്രചോദനമാവുന്നു എന്നാണിവിടെ വിവക്ഷ. അൽ-ശാറ്റിർ ടോളമിയുടെ ഭൂമി കേന്ദ്രീകൃത പ്രപഞ്ച മാതൃകയെ വിമർശിക്കുകയും പരിഷ്കരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പ്രപഞ്ച കേന്ദ്രം ഭൂമിയാണെന്ന് തന്നെയാണ് വിശ്വസിച്ചിരുന്നത്; കൊപ്പര്‍നിക്കസിന്റെ മാതൃകയാവട്ടെ സൂര്യകേന്ദ്രീകൃതവും. ഡമാസ്കസ് പള്ളിയിലെ സമയപാലകൻ കൂടി ആയിരുന്നു അൽ-ശാറ്റിർ (Haq 2009:38). ദൈവശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്ന നാസിർ അൽ-ദിൻ അൽ-റ്റുസിയുടെ ചിന്തകൾ അൽ-ശാറ്റിറിനെ ശക്തമായി സ്വാധീനിച്ചിരുന്നു (അതേ ലേഖനം).

[27] ചെങ്കിസ് ഖാന്റെ കൊച്ചുമകൻ ആയ ഹുലാഗു ഖാൻ (c.1215-1265) ആണ് ബാഗ്ദാദിനെ തകർത്ത് അബ്ബാസിദ് കാലിഫേറ്റിന്റെ സുവർണ്ണകാലം c.1258-ൽ അവസാനിപ്പിക്കുന്നത്.

 

പരാമർശിത കൃതികൾ

Ashworth Jr., William B. 2003. “Christianity and the Mechanistic Universe”. In David C. Lindberg, and Ronald L. Numbers (eds.). When Science & Christianity Meet. Chicago and London: The University of Chicago Press., pp. 61-84.

Bernal, Martin. 1987. The Afroasiatic roots of CLassical Civilization. Vol. I: The Fabrication of Ancient Greece 1785-1985. New Brunswick: Rutgers University Press.

Davis, Edward B. 2009. “Myth 13: That Isaac Newton’s Mechanistic Cosmology Eliminated the Need for God”. In Numbers, pp, 116-122.

Dixon, Thomas. 2008. Science and Religion: A Very Short Introduction. Oxford and New York: Oxford University Press.

Gimpel, Jean 1977. The Medieval Machine: The Industrial Revolution of the Middle Ages. London: Gollancz.

Haq, Syed Nomanul. 2009. “Myth 4: That Medieval Islamic Culture was Inhospitable to Science.” In Numbers, pp. 35-42.

Livingstone, David N. 2009.  “Myth 17. That Huxley Defeated Wilberforce in their Debate over Evolution and Religion”. In Numbers, pp. 153-160.

Noble, David F. 1992. A World without Women: The Christian Clerical Culture of Western Science. New York: Alfred A. Knopf.

Noble, David F. 1997. The Religion of Technology: The Divinity of Man and the Spirit of Invention. New York: Alfred A. Knopf.

Numbers, Ronald L. (ed.). 2009. Galileo Goes to Jail and Other Myths about Science and Religion. Cambridge, MA and London: Harvard University Press.

Roberts, Jon H. 2009. “Myth 18: That Darwin Destroyed Natural Theology”. In Numbers 2009, pp. 161-169.

Shank, Michael H. 2009. “Myth 2: That the Medieval Christian Church Suppressed the Growth of Knowledge”. In Numbers, pp. 20-27.


 

 

Comments

comments