ആന്വീക്ഷികീ 9
പൂർവ്വമീമാംസ: വൈദികമതത്തിന്റെ കർമ്മസിദ്ധാന്തം
                                ————————————-
വൈദികദര്‍ശനം പൊതുവേ രണ്ടു ധാരകളായാണ് ഇന്ത്യയില്‍ ചരിത്രപരമായി വികസിച്ചത് എന്നും അവയില്‍ പൂര്‍വ്വമീമാംസ കര്‍മ്മത്തിനും ഉത്തരമീമാംസ ജ്ഞാനത്തിനുമാണ് ഊന്നല്‍ നല്കുന്നതെന്നും നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. വൈദികകൃതികളിലെ നാലു വിഭാഗങ്ങളില്‍ സംഹിത, ബ്രാഹ്മണം എന്നീ പൂര്‍വ്വഭാഗങ്ങള്‍ യജ്ഞാദികര്‍മ്മങ്ങള്‍ക്കും ആരണ്യകം, ഉപനിഷത്ത് എന്നീ ഉത്തരഭാഗങ്ങള്‍ ജ്ഞാനത്തിനും നല്കുന്ന പ്രാധാന്യമാണ് ഈ വിഭജനത്തിനു കാരണമാകുന്നത്. വൈദികവാക്യങ്ങളെ സംബന്ധിച്ച സൂക്ഷ്മവും ഗാഢവുമായ അന്വേഷണം എന്ന അര്‍ത്ഥമാണ് മീമാംസ എന്ന പദത്തിനുള്ളത്. വേദങ്ങളിലെ ക്രിയാഭാഗമായ യജ്ഞത്തിനാണ് പൂര്‍വ്വമീമാംസ ഏറെ പ്രാധാന്യം നല്കുന്നത്. ആ രീതിയില്‍ ബ്രാഹ്മണങ്ങള്‍ പൂര്‍വ്വമീമാംസാപാരമ്പര്യവുമായി കൂടുതല്‍ ചാര്‍ച്ച പുലര്‍ത്തുന്നു. കൗഷീതകീ ബ്രാഹ്മണം പോലെ ചിലയിടങ്ങളില്‍ മീമാംസ എന്ന പദത്തെ അനുഷ്ഠാനവുമായി ബന്ധപ്പെട്ട അര്‍ത്ഥത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. വേദങ്ങളില്‍ യാഗവുമായി ബന്ധപ്പെട്ട ഭാഗങ്ങളുടെ അര്‍ത്ഥത്തെ സംബന്ധിച്ച ചര്‍ച്ചകളില്‍ മീമാംസ എന്ന പദം പലപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഇത്തരം ചര്‍ച്ചകളുടെ തുടര്‍ച്ച എന്ന നിലയില്‍ രൂപപ്പെട്ട ജൈമിനി മഹര്‍ഷിയുടെ മീമാംസാസൂത്രങ്ങളാണ് പില്ക്കാലത്ത് പൂര്‍വ്വമീമാംസാദര്‍ശനത്തിന് ആധാരമാകുന്നത്. പന്ത്രണ്ട് അദ്ധ്യായങ്ങളുള്ള ഈ കൃതിയിലെ ഓരോ അദ്ധ്യായത്തെയും പാദങ്ങള്‍ ആയും അവയെ വീണ്ടും അധികരണങ്ങളായും തിരിച്ചിരിക്കുന്നു. ഓരോ അധികരണത്തിനും അഞ്ചു ഭാഗങ്ങളുണ്ട്. 1. വേദങ്ങളില്‍നിന്നെടുത്ത ഒരു വിഷയവാക്യം, 2. അതിന്‍റെ അര്‍ത്ഥത്തെക്കുറിച്ചുള്ള സന്ദേഹമെന്ന നിലയില്‍ ഉന്നയിക്കുന്ന സംശയം, 3. എതിര്‍വാദം എന്നു പറയാവുന്ന പൂര്‍വ്വപക്ഷം, 4. പൂര്‍വ്വപക്ഷത്തിന്‍റെ നിരാസം അഥവാ ഉത്തരപക്ഷം 5. സ്വന്തം ആശയം സ്ഥാപിക്കുന്ന സിദ്ധാന്തം എന്നതാണ് അതിന്‍റെ ക്രമം. ഇത്തരത്തിലുള്ള 907 അധികരണങ്ങളിലായി 2742 സൂത്രങ്ങളാണ് ജൈമിനീയസൂത്രങ്ങള്‍, പൂര്‍വ്വമീമാംസാസൂത്രങ്ങള്‍, ദ്വാദശലക്ഷണീ എന്നീ പേരുകളിലറിയപ്പെടുന്ന ഈ സൂത്രസമാഹാരത്തിലുള്ളത്.

കൃഷ്ണദ്വൈപായനന്‍റെ അഥവാ വേദവ്യാസന്‍റെ ശിഷ്യനാണു ജൈമിനി എന്നാണു പരമ്പരാഗതമായ വിശ്വാസം. ആ നിലയില്‍ ദ്വാപരയുഗാവസാനത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത് എന്നു വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ബി. സി. മൂന്നാം നൂറ്റാണ്ടാണു ജൈമിനിയുടെ ജീവിതകാലമെന്നാണ് ആധുനികചരിത്രപണ്ഡിതര്‍ അനുമാനിക്കുന്നത്.

The Purva Mimamsa Sutras of Jaimini
പില്ക്കാലത്തെ മീമാംസകര്‍
ജൈമിനിയുടെ മീമാംസാസൂത്രങ്ങള്‍ക്ക് ബൗധായനന്‍, ഉപവര്‍ഷന്‍, ഭവദാസന്‍ എന്നിവര്‍ വൃത്തികള്‍ എഴുതിയിട്ടുണ്ടെന്നു പ്രാചീനകൃതികളില്‍ പരാമര്‍ശങ്ങളുണ്ടെങ്കിലും അവ ഇന്നു ലഭ്യമല്ല. ഉപവര്‍ഷന്‍റെ വൃത്തികള്‍ പില്ക്കാലത്ത് മീമാംസാസൂത്രങ്ങള്‍ക്ക് ശബരസ്വാമി എഴുതിയ ഭാഷ്യത്തില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടിട്ടുണ്ട് എന്നു വിശ്വസിക്കുന്നവരുണ്ട്. ബി. സി. രണ്ടാം നൂറ്റാണ്ടാണ് ശാബരഭാഷ്യത്തിന്‍റെ രചനാകാലം എന്നു കരുതപ്പെടുന്നു. ഇതിനു സി. ഇ. നാലാം നൂറ്റാണ്ടില്‍ ഭര്‍തൃമിത്രന്‍ എഴുതിയ വ്യാഖ്യാനത്തെപ്പറ്റി സൂചനകളുണ്ടെങ്കിലും അതും ഇന്നു നഷ്ടപ്പെട്ടു പോയിരിക്കുന്നു. വാര്‍ത്തികകാരന്‍ എന്നു പില്ക്കാല മീമാംസകനായ പ്രഭാകരന്‍ സൂചിപ്പിക്കുന്ന വ്യാഖ്യാതാവ് ആരാണെന്ന് ഇന്നു വ്യക്തവുമല്ല.

സി. ഇ. ഏഴ്-എട്ട് നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന കുമാരിളഭട്ടനാണ് പില്ക്കാലത്തു മീമാംസാപാരമ്പര്യത്തിനു നവജീവന്‍ നല്കിയത്. ശാബരഭാഷ്യത്തെ അടിസ്ഥാനമാക്കി ശ്ലോകവാര്‍ത്തികം, തന്ത്രവാര്‍ത്തികം, ടുപ് ടീക എന്നു മൂന്നു പ്രധാനകൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ജൈമിനിയുടെ മീമാംസാസൂത്രങ്ങളെ പിന്‍പറ്റുന്ന ശാബരഭാഷ്യത്തിലെ തര്‍ക്കപാദം എന്നറിയപ്പെടുന്ന ആദ്യഭാഗത്തിന്‍റെ വ്യാഖ്യാനമാണ് ശ്ലോകവാര്‍ത്തികത്തിലുള്ളത്. ബുദ്ധമതത്തിന്‍റെ ഖണ്ഡനമാണ് ശ്ലോകവാര്‍ത്തികത്തിന്‍റെ മറ്റൊരു പ്രധാനലക്ഷ്യം. കുമാരിളഭട്ടന്‍റെ മറ്റു രണ്ടു കൃതികള്‍ ശാബരഭാഷ്യത്തിന്‍റെ തുടര്‍ന്നുള്ള ഭാഗങ്ങളുടെ വിശദവ്യാഖ്യാനങ്ങളാണ്. ഇവയില്‍ തന്ത്രവാര്‍ത്തികം തര്‍ക്കപാദത്തെത്തുടര്‍ന്നുള്ള ആദ്യാദ്ധ്യായത്തിന്‍റെ ബാക്കി ഭാഗമുള്‍പ്പെടെ ആദ്യത്തെ മൂന്ന് അദ്ധ്യായങ്ങളുടെ വിശദവിവരണമാണ്. അവശേഷിച്ച ഒമ്പത് അദ്ധ്യായങ്ങളുടെ ലഘുവ്യാഖ്യാനമാണ് ടുപ് ടീക. കുമാരിളഭട്ടന്‍റെ ശിഷ്യനെന്നു വിശ്വസിക്കപ്പെടുന്ന മണ്ഡനമിശ്രന്‍ തന്ത്രവാര്‍ത്തികത്തിനു വ്യാഖ്യാനമെഴുതുകയും വിധിവിവേകം, മീമാംസാനുക്രമണി തുടങ്ങിയ കൃതികള്‍ രചിക്കുകയും ചെയ്തുവെങ്കിലും പിന്നീട് അദ്ദേഹം ശങ്കരാചാര്യരുടെ അനുയായിയായിത്തീര്‍ന്നു എന്നാണ് പ്രസിദ്ധമായ ഐതിഹ്യം. ശാബരഭാഷ്യത്തെ ആധാരമാക്കി ലഘ്വീ, ബൃഹതീ എന്നീ വ്യാഖ്യാനങ്ങള്‍ രചിച്ച പ്രഭാകരനാണ് മീമാംസാപാരമ്പര്യത്തിലെ മറ്റൊരു പ്രമുഖന്‍. ലഘ്വീ ഒരു വിവരണകൃതിയും ബൃഹതീ നിബന്ധനകൃതിയുമാണ്. പ്രഭാകരന്‍ കുമാരിളഭട്ടന്‍റെ ശിഷ്യനായിരുന്നു എന്നു കരുതപ്പെടുന്നു. എങ്കിലും കുമാരിളഭട്ടന്‍റെയും പ്രഭാകരന്‍റെയും ജ്ഞാനശാസ്ത്രപരമായ കാഴ്ചപ്പാടുകള്‍ തമ്മില്‍ സാരമായ ചില വ്യത്യാസങ്ങളുണ്ട്. അതുകൊണ്ടുതന്നെ പിന്നീട് മീമാംസാദര്‍ശനത്തിനു രണ്ടു ധാരകളുണ്ടായി. കുമാരിളഭട്ടന്‍റെ പിന്‍ഗാമികളെ ഭാട്ടന്മാര്‍ എന്നും പ്രഭാകരന്‍റെ അനുയായികളെ പ്രാഭാകരന്മാര്‍ എന്നുമാണ് വ്യവഹരിക്കാറുള്ളത്. അങ്ങനെ കുമാരിളഭട്ടന്‍റെ ഭാട്ടമതം, പ്രഭാകരഗുരുവിന്‍റെ ഗുരുമതം എന്നിവ പ്രധാന പൂര്‍വ്വമീമാംസാശാഖകളായി. മുരാരി മിശ്രന്‍റേതായി മറ്റൊരു മീമാംസാശാഖയും രൂപപ്പെട്ടെങ്കിലും അതിനു തുടര്‍ച്ചയില്ലാതെപോയി. ഉംവേകന്‍, സുചരിതമിശ്രന്‍, പാര്‍ത്ഥസാരഥി, ഭവദേവന്‍, മാധവാചാര്യര്‍, ഭാട്ട സോമേശ്വരന്‍ തുടങ്ങിയവര്‍ ഭാട്ടമീമാംസയിലും ശാലികാനാഥന്‍, ഭാവനാഥന്‍, നന്ദീശ്വരന്‍ മുതലായവര്‍ പ്രാഭാകരമീമാംസയിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയവരാണ്.

Tantravarttika
വൈദികമായ ദര്‍ശനമാണെങ്കിലും പൂര്‍വ്വമീമാംസ വികാസം പ്രാപിച്ചത് ചരിത്രത്തിലെ ചില സവിശേഷസന്ധികളിലാണെന്നു കാണാം. വേദാന്തം എന്നുകൂടി അറിയപ്പെടുന്ന ഉത്തരമീമാംസയുടെയും ബുദ്ധമതത്തിന്‍റെയും പ്രചാരത്തിന്‍റെ ഫലമായി ബി. സി. അവസാനശതകങ്ങളില്‍ യാഗം തുടങ്ങിയ വൈദികമായ കര്‍മ്മാനുഷ്ഠാനങ്ങള്‍ക്കു പ്രാധാന്യം നഷ്ടപ്പെട്ടപ്പോഴാണ് ബൗദ്ധികവും പ്രായോഗികവുമായ ഒരു തിരിച്ചുവരവിന് പൂര്‍വ്വമീമാംസാദാര്‍ശനികര്‍ ശ്രമിച്ചത്. ഗുപ്തകാലഘട്ടത്തില്‍ ശബരസ്വാമിയും പൊതുവര്‍ഷം ഏഴ്-എട്ട് നൂറ്റാണ്ടുകളില്‍ ധര്‍മ്മകീര്‍ത്തിയെപ്പോലുള്ള ബൗദ്ധദാര്‍ശനികര്‍ക്കെതിരേ സംവാദങ്ങള്‍ തുടര്‍ന്നുകൊണ്ട് കുമാരിളഭട്ടന്‍, പ്രഭാകരന്‍ എന്നിവരും മീമാംസാദര്‍ശനം വികസിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു.
പൂര്‍വ്വമീമാംസയും കേരളവും
യാഗസംസ്കാരത്തിനും പൂര്‍വ്വമീമാംസയ്ക്കും കേരളത്തില്‍ പ്രാചീനമായ വേരുകളുണ്ട്. തൊണ്ണൂറ്റിയൊമ്പതു യാഗം കഴിച്ച മേഴത്തോള്‍ അഗ്നിഹോത്രിയെക്കുറിച്ചുള്ള ഐതിഹ്യം പ്രസിദ്ധമാണല്ലോ. മീമാംസാസൂത്രങ്ങളുടെ ആദ്യകാലവ്യാഖ്യാതാവായ ഭവദാസന്‍ കേരളീയനാണെന്നാണ് ഉള്ളൂരിന്‍റെ പക്ഷം. കുമാരിളഭട്ടന്‍റെ ശിഷ്യന്‍ എന്നു വിശ്വസിക്കപ്പെടുന്ന പ്രഭാകരന്‍ കേരളത്തില്‍ ശുകപുരം ഗ്രാമത്തിലെ പടിഞ്ഞാറേ കുത്തുള്ളിമനയ്ക്കലെ ഒരു നമ്പൂരിയായിരുന്നു എന്ന ഐതിഹ്യവും അദ്ദേഹം സൂചിപ്പിക്കുന്നു. കേരളം വാണ പെരുമാക്കന്മാരില്‍ ഒരാളായ ഹരിശ്ചന്ദ്രപ്പെരുമാള്‍ കുമാരിളഭട്ടന്‍റെ ശിഷ്യനായിരുന്നു എന്ന് ഉദ്ദണ്ഡശാസ്ത്രികളുടെ കോകിലസന്ദേശത്തില്‍ കാണാം. കുമാരിളഭട്ടന്‍റെ കൃതികളില്‍ക്കാണുന്ന തമിഴ് വാക്കുകള്‍ അദ്ദേഹത്തിനു ദക്ഷിണേന്ത്യയുമായുള്ള ബന്ധത്തിന്‍റെ വ്യക്തമായ സൂചനയുമാണ്. പൊതുവര്‍ഷം പതിന്നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പയ്യൂര്‍ പട്ടേരിമാരില്‍പ്പെട്ട പരമേശ്വരന്‍ എന്ന പണ്ഡിതന്‍, വാചസ്പതിമിശ്രന്‍റെ പൂര്‍വ്വമീമാംസാഗ്രന്ഥമായ ന്യായകണികയ്ക്ക് ജുഷധ്വംകരണി, സ്വദിതംകരണി എന്നിങ്ങനെ രണ്ടു വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പുത്രന്മാരില്‍ ഭവദാസനും വാസുദേവനും ഭാട്ടമീമാംസയിലും സുബ്രഹ്മണ്യന്‍ പ്രാഭാകരമീമാംസയിലും നിഷ്ണാതരായിരുന്നു എന്ന് ഉള്ളൂര്‍ കേരളസാഹിത്യചരിത്രത്തില്‍ രേഖപ്പെടുത്തുന്നു. പില്ക്കാലത്തെ പയ്യൂര്‍ പട്ടേരിമാരില്‍ ഒരാളായ മറ്റൊരു പരമേശ്വരന്‍ ജൈമിനീയസൂത്രങ്ങള്‍ക്ക് മീമാംസാസൂത്രാര്‍ത്ഥസംഗ്രഹം എന്ന വ്യാഖ്യാനവും രചിച്ചിട്ടുണ്ട്. നാരായണീയകര്‍ത്താവായ മേല്പത്തൂര്‍ നാരായണ ഭട്ടതിരിയും ഭാട്ടമീമാംസാപണ്ഡിതനായിരുന്നു. പൂര്‍വ്വമീമാംസാഗ്രന്ഥമായ മാനമേയോദയത്തിലെ മാനപ്രകരണം മേല്പത്തൂരും മേയപ്രകരണം കോഴിക്കോട് മാനവേദരാജാവിന്‍റെ സദസ്യനായിരുന്ന നാരായണപണ്ഡിതനും രചിച്ചതാണ്. കടവല്ലൂര്‍ അന്യോന്യം, കോഴിക്കോട് തളിയില്‍ ക്ഷേത്രത്തില്‍ നടന്നിരുന്ന രേവതി പട്ടത്താനം എന്നിവയിലും ഭാട്ടമീമാംസ, പ്രാഭാകരമീമാംസ എന്നിവയ്ക്ക് പ്രാമുഖ്യം ലഭിച്ചിട്ടുണ്ട്.
മീമാംസാദര്‍ശനം
ധര്‍മ്മം
നി അതുകൊണ്ട് ധര്‍മ്മത്തെ അറിയാനാഗ്രഹിക്കാം’ (സൂത്രം- അഥാഽതോ ധര്‍മ്മജിജ്ഞാസാ) എന്നാണ് ജൈമിനിയുടെ മീമാംസാസൂത്രങ്ങള്‍ ആരംഭിക്കുന്നത്. ‘അനന്തരം/ഇനി’ (അഥ) എന്നതിനു ‘വേദപഠനാനന്തരം’ എന്നും ‘അതുകൊണ്ട്’ (അതഃ) എന്നതിനു ‘വേദപഠനത്തിന്‍റെ ഫലം ധര്‍മ്മത്തിലായതുകൊണ്ട്’ എന്നുമാണ് കൂടുതല്‍ വ്യാഖ്യാതാക്കളും ഇതിന്‍റെ അര്‍ത്ഥം വിശദീകരിക്കുന്നത്. അതായത് മീമാംസാദര്‍ശനത്തില്‍ ധര്‍മ്മത്തിനാണ് പ്രഥമവും പ്രധാനവുമായ സ്ഥാനം കല്പിക്കപ്പെടുന്നത്. എന്നാല്‍ ധര്‍മ്മത്തിന് മീമാംസാസൂത്രങ്ങളില്‍ കാണുന്ന വിശദീകരണം കൗതുകകരമാണ്. ‘വേദങ്ങളിലെ നിര്‍ദ്ദേശങ്ങളിലൂടെ, അഥവാ ചോദനകളിലൂടെ, സൂചിപ്പിക്കപ്പെടുന്ന അഭികാമ്യമായ അര്‍ത്ഥമാണ് ധര്‍മ്മം‘ (സൂത്രം- ചോദനാലക്ഷണോഽര്‍ത്ഥോ ധര്‍മ്മഃ) എന്നാണ് അതിലെ നിര്‍വ്വചനം. ക്രിയയെ പ്രവര്‍ത്തനോന്മുഖമാക്കുന്ന വചനമാണ് ചോദന. ചോദനയാകുന്ന ലക്ഷണത്തോടുകൂടിയതാണ് ധര്‍മ്മം. അതായത് വേദങ്ങളില്‍ പറഞ്ഞിരിക്കുന്നതെന്തോ അതനുഷ്ഠിക്കുക എന്നതാണു ധര്‍മ്മം. ധര്‍മ്മം എന്നാല്‍ വേദങ്ങളില്‍ വിധിച്ചിട്ടുള്ള കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക എന്നതായതിനാല്‍ പൂര്‍വ്വമീമാംസയില്‍ കര്‍മ്മത്തിന് പ്രാമുഖ്യം ലഭിക്കുന്നു. കര്‍മ്മമീമാംസ എന്നുതന്നെ പൂര്‍വ്വമീമാംസയെ വിളിക്കാറുമുണ്ട്. അങ്ങനെ വേദങ്ങളിലെ മന്ത്രങ്ങളിലും ബ്രാഹ്മണങ്ങളിലും വിവരിക്കുന്ന യാഗാദികര്‍മ്മങ്ങള്‍ നിഷ്ഠയോടെ ചെയ്യുക എന്നതിനാണ് മീമാംസകര്‍ പരമപ്രാധാന്യം നല്കുന്നത്.
സ്വതഃപ്രാമാണ്യവാദം
ര്‍മ്മനിയാമകമായ ധര്‍മ്മത്തെ അറിയാന്‍ വേദോപദേശമല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നുമില്ലെന്നും വേദമാണ് വിശ്വസ്തതയും പ്രാമാണ്യവുമുള്ള ഒരേയൊരു സ്രോതസ്സ് എന്നും മീമാംസകര്‍ ദൃഢമായി വിശ്വസിക്കുന്നു. ഇതു സ്ഥാപിക്കുന്നതിനായി വിശദമായ യുക്തിവിചാരംതന്നെ ജൈമിനിയും മീമാംസാസൂത്രവ്യാഖ്യാതാക്കളും നടത്തുന്നുണ്ട്. ഇന്ദ്രിയാനുഭവങ്ങളിലൂടെ ധര്‍മ്മത്തെ അറിയാനാവുകയില്ല. മനുഷ്യര്‍ വസ്തുക്കളെ മനസ്സിലാക്കുന്നത് അവരുടെ ഇന്ദ്രിയങ്ങളും വസ്തുക്കളും തമ്മിലുള്ള സമ്പര്‍ക്കം വഴിയാണ്. വര്‍ത്തമാനകാലത്തു സ്ഥിതി ചെയ്യുന്ന വസ്തുക്കളെ മാത്രമേ അത്തരത്തില്‍ പ്രത്യക്ഷപ്രമാണം വഴി അറിയാനാവുകയുള്ളൂ. എന്നാല്‍ ധര്‍മ്മമാകട്ടെ, ജ്ഞാനവിഷയമാണെങ്കിലും അങ്ങനെ പ്രത്യക്ഷത്തില്‍ വര്‍ത്തമാനകാലത്തു സ്ഥിതി ചെയ്യുന്ന ഒരു വസ്തുവല്ല. അത് നിശ്ചിതമായ കര്‍മ്മങ്ങളിലൂടെ ഒരാള്‍ ആര്‍ജ്ജിച്ചെടുക്കുന്നതും അത്തരത്തില്‍ അസ്തിത്വം പ്രാപിക്കുന്നതുമായ ഒന്നാണ്. അതിന് ഇന്ദ്രിയങ്ങളിലൂടെ അറിയാനാവുന്ന തരത്തില്‍ മൂര്‍ത്തമായ ഒരു ബാഹ്യരൂപമില്ല. കാര്യത്തില്‍നിന്നു കാരണത്തെ അനുമാനിക്കുന്ന, അടുത്ത പ്രമാണമായ അനുമാനവും ഒരു തരത്തില്‍ പ്രത്യക്ഷപ്രമാണത്തെ ആശ്രയിക്കുന്നു എന്നതിനാല്‍ അതും ധര്‍മ്മത്തെ അറിയാന്‍ പര്യാപ്തമല്ല. ശബ്ദപ്രമാണത്തിലൂടെയാണ് ധര്‍മ്മത്തെ അറിയാന്‍ സാധിക്കുക. ശബ്ദങ്ങളില്‍ത്തന്നെ വേദത്തിനു മാത്രമേ തര്‍ക്കരഹിതമായ വിധത്തില്‍ ആത്യന്തികമായ ജ്ഞാനം നല്കാനുള്ള പ്രാപ്തിയുള്ളൂ എന്നതിനാല്‍ വേദമാണ് പരമമായ പ്രമാണം. വേദത്തില്‍ എന്തു പറഞ്ഞിരിക്കുന്നുവോ അതു സ്വയമേവ പ്രമാണമാകുന്നു എന്നാണ് അവര്‍ വാദിക്കുന്നത്. ഇതിനു സ്വതഃപ്രാമാണ്യവാദം എന്നു പറയാറുണ്ട്.
ശബ്ദത്തിന്‍റെ അനശ്വരത
ങ്ങനെ ശബ്ദപ്രമാണത്തിനും അതിലൂടെ വേദത്തിനും നല്കുന്ന ആധികാരികതയ്ക്ക് ഉപോദ്ബലകമായി ചില പ്രധാനസിദ്ധാന്തങ്ങളും മീമാംസാസൂത്രങ്ങളില്‍ രൂപപ്പെടുന്നുണ്ട്. ശബ്ദവും അര്‍ത്ഥവും തമ്മിലുള്ള ബന്ധം മനുഷ്യശീലത്തില്‍നിന്നുണ്ടായതാണെന്നു മീമാംസകര്‍ വിശ്വസിക്കുന്നില്ല. ബന്ധപ്പെട്ട ആളുകളില്‍ അതു പ്രകൃത്യാ സഹജമായിത്തന്നെ ഉണ്ട് എന്ന് അവര്‍ കരുതുന്നു. വേദോപദേശമെന്ന നിലയിലുള്ള ശബ്ദമാകട്ടെ എല്ലാ പ്രമാദങ്ങളില്‍നിന്നും മുക്തമായതുകൊണ്ട് അതാണു ധര്‍മ്മത്തെ അറിയാനുള്ള മാര്‍ഗ്ഗം. ജ്ഞാനഗ്രഹണത്തിനുള്ള സാധാരണമാര്‍ഗ്ഗമായ ഇന്ദ്രിയസംവേദനത്തിന് ധര്‍മ്മഗ്രഹണത്തിനുള്ള ശേഷിയില്ലാത്തതുകൊണ്ടുതന്നെ അക്കാര്യത്തില്‍ സ്വയംപര്യാപ്തതയുള്ളതു വേദോപദേശത്തിനാണ്.
വാക്കും അര്‍ത്ഥവും തമ്മിലുള്ള ബന്ധം ശാശ്വതമാണ് എന്നാണു മീമാംസകരുടെ വാദം. അതിനായി മീമാംസാസൂത്രങ്ങളില്‍ വാക്കിന്‍റെ അനശ്വരതയെ മുന്‍ധാരണ ചെയ്യുകയും ഒരു വ്യക്തിയുടെ ഉപയോഗത്തിന്‍റെയോ ഉച്ചാരണത്തിന്‍റെയോ ഫലമായി അസ്തിത്വം പ്രാപിക്കുന്നതാണു വാക്ക് എന്ന പൂര്‍വ്വപക്ഷത്തെ ഖണ്ഡിക്കുകയും ചെയ്യുന്നു. ഈ ഉദ്ദേശ്യത്തിനായി പൂര്‍വ്വപക്ഷമെന്ന നിലയിലുള്ള എതിര്‍വാദങ്ങളെ മീമാംസാസൂത്രങ്ങള്‍ സംഗ്രഹിക്കുന്നു. ആ എതിര്‍വാദങ്ങള്‍ ഇവയാണ്:
1. വാക്ക് നശ്വരവും ക്ഷണഭംഗുരവുമാണ്. അത് ഒരു നിശ്ചിതകാലയളവിനപ്പുറത്തേക്കു നിലനില്ക്കുന്നില്ല എന്നത് അനുഭവസിദ്ധമാണ്. ഒരു നിമിഷത്തില്‍ അതുച്ചരിക്കപ്പെടുന്നു; തൊട്ടുപിന്നാലേ അതില്ലാതാവുകയും ചെയ്യുന്നു.
2. കുടമുണ്ടാക്കുന്നു (ഘടം കരോതി) എന്നു പറയുന്നതുപോലെതന്നെ ശബ്ദമുണ്ടാക്കുന്നു (ശബ്ദം കരോതി) എന്ന് ആളുകള്‍ പറയാറുണ്ടല്ലോ. അതായത് മറ്റു നശ്വരവസ്തുക്കളെപ്പോലെ വാക്കും നിര്‍മ്മിക്കുകയാണു ചെയ്യുന്നത്.
3. ഒരേ വാക്കുതന്നെ ഒന്നിലേറെ ആളുകള്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ ഒരുമിച്ചു പറയാറുമുണ്ട്. അതുകൊണ്ടുതന്നെ വാക്ക് സര്‍വ്വവ്യാപിയായ ഒരു പദാര്‍ത്ഥമല്ല. അതു വ്യത്യസ്തരായ ആളുകള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ നിര്‍മ്മിക്കുകയാണു ചെയ്യുന്നത്. ഓരോ വാക്കും ഒന്നല്ല; പലതാണ്; അവ വ്യത്യസ്തസ്ഥലങ്ങളില്‍ നിര്‍മ്മിക്കപ്പെടുന്നതുമാണ് എന്നു വ്യക്തമാണ്.
4. പലപ്പോഴും വാക്കുകള്‍ പ്രകൃതിരൂപങ്ങളായും വികൃതിരൂപങ്ങളായും പ്രയോഗിക്കാറുണ്ട്. യഥാര്‍ത്ഥത്തിലുള്ള പ്രകൃതിയിലെ ‘ദധി അത്ര’ എന്ന രൂപത്തിനു പരിണാമം സംഭവിച്ചു വികൃതിരൂപത്തില്‍ ‘ദധ്യത്ര’ എന്നും മറ്റും പ്രയോഗിക്കുന്നത് ഉദാഹരണം. വാക്ക് അനശ്വരമാണെങ്കില്‍ യഥാര്‍ത്ഥത്തിലുള്ള പ്രകൃതിരൂപത്തില്‍നിന്ന് വികൃതിരൂപം എന്ന നിലയിലേക്കുള്ള മാറ്റം സാധ്യമല്ല. അതുകൊണ്ടുതന്നെ വാക്ക് അനശ്വരമല്ല.
5. പലയാളുകള്‍ ഒരേ വാക്ക് ഉച്ചരിക്കുമ്പോള്‍ അതിന്‍റെ അളവു കൂടുന്നു. അഥവാ അതിന്‍റെ ഉച്ചതയില്‍ വൃദ്ധി സംഭവിക്കുന്നു. വാക്കിന്‍റെ ഉച്ചാരണം അതിന്‍റെ നിര്‍മ്മാണത്തിലല്ല, പ്രകാശനത്തില്‍ മാത്രമാണ് അടങ്ങിയിരുന്നതെങ്കില്‍ എത്രയാളുകള്‍ ഉച്ചരിച്ചാലും അതിന്‍റെ അളവ് ഒരുപോലെതന്നെ എന്നു കണക്കാക്കാമായിരുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തി ഒരു വാക്ക് ഉച്ചരിക്കുന്നതിനെക്കാള്‍ പല വ്യക്തികള്‍ ഉച്ചരിക്കുമ്പോള്‍ അതിന്‍റെ അളവു കൂടുന്നുണ്ട്. അനശ്വരമായ ഒരു വസ്തുവിന് ഇങ്ങനെ അളവില്‍ വ്യത്യാസം വരികയില്ല.
പൂര്‍വ്വപക്ഷഖണ്ഡനം:
1. ‘ണ്ടു തരത്തിലായാലും ശബ്ദങ്ങളുടെ ദര്‍ശനം സമാനമാണ്’ (സൂത്രം- സമന്തു തത്ര ദര്‍ശനം) തുടങ്ങിയുള്ള സൂത്രങ്ങളിലൂടെ ഈ എതിര്‍വാദങ്ങളെ ജൈമിനി ഖണ്ഡിക്കുന്നു. ശബ്ദത്തിന്‍റെ ക്ഷണികമായ ദര്‍ശനം പോലെ പ്രശസ്തമായ ധാരാളം യാഥാര്‍ത്ഥ്യങ്ങളുണ്ട് എന്ന പൂര്‍വ്വപക്ഷത്തെ കണക്കിലെടുക്കുന്ന അദ്ദേഹം, ഉച്ചരിക്കുന്ന മനുഷ്യന്‍റെ പ്രയത്നമാണ് ശബ്ദത്തെ പ്രകാശിപ്പിക്കുന്നതെന്നോ ഉച്ചരിച്ച് ഇന്ദ്രിയസംവേദനത്തെ സാധ്യമാക്കുന്നതെന്നോ ഉള്ള സിദ്ധാന്തംകൊണ്ട് അതു വിശദീകരിക്കാനാവില്ല എന്നു വാദിക്കുന്നു. ഇങ്ങനെ ഉച്ചരിച്ചു സൃഷ്ടിക്കല്‍ ആയാലും പ്രകാശിപ്പിക്കലായാലും അവയുടെ ദര്‍ശനം അഥവാ ഇന്ദ്രിയഗോചരത ഒരുപോലെതന്നെയാണ്; ആ നിമിഷത്തില്‍ മാത്രം നിലനില്ക്കുന്ന ശബ്ദം ക്ഷണികമാണ്. വാക്ക് മനുഷ്യപ്രയത്നത്തിലൂടെ പ്രകാശിപ്പിക്കപ്പെടുന്നതോ സൃഷ്ടിക്കപ്പെടുന്നതോ ആണെന്നാണു നാം കരുതുന്നതെങ്കില്‍ ഒരു നിമിഷത്തേക്കു മാത്രമേ അതു നിലനില്ക്കുന്നുള്ളൂ എന്നതും യാഥാര്‍ത്ഥ്യമായിത്തീരുന്നു. എന്നാല്‍ ശബ്ദം എന്നെന്നും നിലനില്ക്കുന്നതാണ്. ഉച്ചരിക്കുന്നയാളുടെ പ്രയത്നമല്ല അതിനെ സൃഷ്ടിക്കുകയോ അതിന് അസ്തിത്വം നല്കുകയോ ചെയ്യുന്നത്. അതായത് ശബ്ദത്തിന്‍റെ അനശ്വരത എന്ന സിദ്ധാന്തത്തിലൂടെയേ അതിനെ തൃപ്തികരമായി വിശദീകരിക്കാനാവൂ. കാരണം, ഒരു നിമിഷനേരത്തേക്കു നിലനില്ക്കുന്ന ശബ്ദത്തിന്, വിഷയാനാഗമത്വംകൊണ്ട് അടുത്ത നിമിഷം നിലനില്പില്ലാതെയാകുന്നു. ശബ്ദമെന്ന വിഷയത്തെ പ്രവര്‍ത്തിപ്പിക്കുന്ന, പ്രകാശനത്തെ നിര്‍വ്വഹിക്കുന്നതിനുപയുക്തമായ ഉപാധികളില്ലാതാകുന്നതോടെ അതിന്‍റെ ഇന്ദ്രിയഗോചരത്വം നഷ്ടപ്പെടുന്നു. ഉദാഹരണത്തിന് മനുഷ്യന്‍റെ ഉച്ചാരണമെടുക്കാം. ശബ്ദമെന്ന വിഷയത്തെ മനുഷ്യന്‍റെ ഉച്ചാരണേന്ദ്രിയം എന്ന ഉപാധി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ശബ്ദം ഇന്ദ്രിയഗോചരത്വം പ്രാപിക്കുന്നു. ആ ഉപാധി പ്രവര്‍ത്തനത്തില്‍നിന്നു വിരമിക്കുമ്പോള്‍ ശബ്ദം അദര്‍ശനത്തെ, അതായത് ഇന്ദ്രിയഗോചരത്വമില്ലായ്മയെ പ്രാപിക്കുന്നു (സൂത്രം- സതഃ പരമദര്‍ശനം വിഷയാനാഗമാത്). അതായത് ഉച്ചരിച്ചുകൊണ്ടിരിക്കുന്ന ആ നിമിഷം മാത്രമേ ശബ്ദം ഇന്ദ്രിയഗോചരമാകുന്നുള്ളൂ; ആ സമയത്തു മാത്രമേ നാം ആ ശബ്ദം കേള്‍ക്കുന്നുള്ളൂ. ഉച്ചാരണം നിര്‍ത്തുമ്പോള്‍ അത് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. അപ്പോള്‍ നേരത്തെതന്നെ നിലനില്ക്കുന്ന ഒന്ന്, അതായത് ശബ്ദം, നിമിഷനേരത്തേക്കു പ്രകാശിപ്പിക്കപ്പെടുകയാണു ചെയ്യുന്നത്.
2. പൂര്‍വ്വപക്ഷത്തില്‍ സൂചിപ്പിച്ച കുടത്തിന്‍റെ നിര്‍മ്മാണവും ശബ്ദപ്രകാശനവും തമ്മിലും വ്യത്യാസമുണ്ട്. കുടം നിര്‍മ്മിച്ചു കഴിഞ്ഞാലും ആ വസ്തു കുറച്ചുകാലംകൂടി നിലനില്ക്കുന്നതുപോലെ ശബ്ദം നിലനില്ക്കുന്നില്ല എന്നതുകൊണ്ട് ആ എതിര്‍വാദം അപ്രസക്തമാണ്. ശബ്ദം സൃഷ്ടിക്കപ്പെടുകയാണ് എന്ന വാദം ശരിയല്ല. ശബ്ദം നിര്‍മ്മിക്കുന്നു എന്നു നാം പറയുന്നത് അതു ചെയ്യുന്ന ആളുടെ ഉച്ചാരണം എന്ന പ്രവൃത്തിയെക്കുറിച്ചാണ്. നേരത്തെതന്നെ നിലനില്ക്കുന്ന ഒന്നു പ്രകാശിപ്പിക്കപ്പെടുന്നു എന്നതു മാത്രമാണ് ഉച്ചാരണത്തിലൂടെ സംഭവിക്കുന്നത്; നേരത്തെതന്നെ നിലനില്ക്കാത്ത ഒന്നിനെ ഉച്ചാരണത്തിലൂടെ സൃഷ്ടിക്കാനാവുകയുമില്ല. ‘ഗോമയം കുരു’ എന്നു പറഞ്ഞാല്‍ ‘ചാണകം നിര്‍മ്മിക്കൂ’ എന്നല്ല, ‘ചാണകം ശേഖരിക്കൂ’ എന്നാണര്‍ത്ഥം. അതുപോലെ ‘ശബ്ദം കുരു’ എന്നു പറഞ്ഞാല്‍ ‘ശബ്ദത്തെ പ്രകാശിപ്പിക്കൂ’ എന്നാണ് അര്‍ത്ഥമാക്കേണ്ടത്. അതായത്, ശബ്ദത്തിന്‍റെ കാര്യത്തില്‍, നേരത്തെയില്ലാത്ത ഒന്നിനെ നിര്‍മ്മിക്കുക എന്നതല്ല ‘കരോതി’, ‘കുരു’ എന്നിങ്ങനെ ‘ചെയ്യുക’ എന്ന ക്രിയയെ കുറിക്കുന്ന വാക്കുകള്‍ അര്‍ത്ഥമാക്കുന്നത്.
3. രേ വാക്കുതന്നെ ഒന്നിലേറെ ആളുകള്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ ഒരുമിച്ചു പറയുന്നു എന്നത് ശബ്ദത്തിന്‍റെ വൈവിധ്യത്തെയോ ക്ഷണികതയെയോ തെളിയിക്കാന്‍ പര്യാപ്തമല്ല എന്നു വാദിക്കുന്ന ജൈമിനി ആ എതിര്‍വാദത്തോടും വിയോജിക്കുന്നു. സൂര്യന്‍ എന്ന ഒരുദാഹരണത്തിലൂടെയാണ് അദ്ദേഹം തന്‍റെ വാദം സ്ഥാപിക്കുന്നത്. ഒരേ സമയത്ത് ഒരു സൂര്യന്‍ മാത്രമേയുള്ളെങ്കിലും പലയാളുകള്‍ പലയിടത്തുവച്ച് പല തരത്തില്‍ കാണുന്നതുപോലെയാണ് ശബ്ദത്തിന്‍റെ കാര്യവും (സൂത്രം- ആദിത്യവത് യൗഗപദ്യം ). അനശ്വരവും ഏകവുമായ ശബ്ദത്തെ വ്യത്യസ്തരായ ആളുകള്‍ വ്യത്യസ്തമായ ഇടങ്ങളില്‍ പ്രകാശിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
4. പ്രകൃതിരൂപത്തില്‍നിന്നു വികൃതിരൂപത്തിലേക്കുള്ള മാറ്റവും ശബ്ദത്തിന്‍റെ അനശ്വരത എന്ന തത്ത്വത്തിന് എതിരാവുകയില്ല. ദധ്യത്ര എന്നതിലെ യ എന്നത് ഒരു വികാരം (മാറ്റം) സംഭവിച്ച രൂപമല്ല; ദധിയിലെ ഇ യും അത്രയിലെ അ യും തമ്മില്‍ സന്ധിയില്‍ ചേര്‍ന്നുവരുന്നു എന്നേയുള്ളൂ. ഇവിടെ ഇ, അ എന്നീ വര്‍ണ്ണങ്ങളില്ലാതെ യ ഉണ്ടാവുകയുമില്ല. വെള്ളമില്ലാതെ മഞ്ഞില്ല എന്നതുപോലെയാണ് ഇ, അ വര്‍ണ്ണങ്ങളും യ യും തമ്മിലുള്ള ബന്ധം. അതുപോലെതന്നെയാണ് ശബ്ദത്തിന്‍റെ കാര്യവും.
5. ലയാളുകള്‍ ഒരേ വാക്ക് ഉച്ചരിക്കുമ്പോള്‍ അതിന്‍റെ അളവു കൂടുന്നു എന്ന എതിര്‍വാദമാണ് അടുത്തത്. ഇതും ശബ്ദാനശ്വരതയെ എതിര്‍ക്കാന്‍ പര്യാപ്തമല്ല. പലയാളുകള്‍ ഒരേ വാക്ക് ഉച്ചരിക്കുമ്പോള്‍ ശബ്ദത്തിനല്ല, നാദ(tone)ത്തിനാണ് വൃദ്ധി സംഭവിക്കുന്നത് (സൂത്രം- ‘നാദവൃദ്ധിപരാ‘). അത്തരം സന്ദര്‍ഭങ്ങളില്‍ ആളുകളുടെ എണ്ണത്തിനനുസരിച്ചും അവരുടെ ഉച്ചാരണത്തിനനുസരിച്ചും നാദത്തിന്‍റെ അളവു കൂടുകയോ കുറയുകയോ ചെയ്യാം. അവിടെയും ശബ്ദത്തിനു മാറ്റമൊന്നും സംഭവിക്കുന്നില്ല.

നാം ഉച്ചരിക്കുമ്പോഴാണ് വാക്കിന് അസ്തിത്വം ലഭിക്കുന്നത് എന്ന ഒറ്റ ധാരണയിലൂന്നിയാണ് ശബ്ദം ക്ഷണികമാണെന്നു കരുതുന്നത്. അത് ശരിയല്ലെന്നു തെളിഞ്ഞുകഴിഞ്ഞു. നാം വാക്ക് ഉച്ചരിക്കുന്നത് അതു നിര്‍മ്മിക്കാന്‍ വേണ്ടിയല്ല; അത് സൂചിപ്പിക്കുന്നതെന്തെന്നു പ്രകാശിപ്പിക്കുക എന്നതാണ് അവിടുത്തെ ഉദ്ദേശ്യം. നാം ഉച്ചരിക്കുന്ന വാക്ക് ക്ഷണികമാണെങ്കില്‍ ആ ഉദ്ദേശ്യം സാര്‍ത്ഥകമാവില്ല. ഉച്ചാരണം അവസാനിക്കുന്നതോടെ വാക്ക് ഇല്ലാതാകുന്നുവെങ്കില്‍, നിലനില്പില്ലാത്ത ഒന്നില്‍നിന്ന് കേള്‍ക്കുന്നയാള്‍ എങ്ങനെയാണ് ആശയം ഗ്രഹിക്കുക? അതുകൊണ്ട്, വാക്ക് നിത്യമാണ്; ഉച്ചാരണമാകട്ടെ ഇന്ദ്രിയസംവേദനം അഥവാ ദര്‍ശനം എന്ന മറ്റൊരുദ്ദേശ്യത്തിനുവേണ്ടിയാണ് (സൂത്രം- നിത്യസ്തു സ്യാത്, ദര്‍ശനസ്യ പരാര്‍ത്ഥത്വാത്). ഏതു വാക്ക് ആയാലും പല സന്ദര്‍ഭങ്ങളില്‍ ഉച്ചരിക്കപ്പെടുമ്പോഴും ആളുകള്‍ ഒരേ വാക്ക് എന്ന നിലയില്‍ത്തന്നെയാണ് അതു മനസ്സിലാക്കുന്നത്. അതായത് പശു എന്ന് ഒരാള്‍ ഉച്ചരിച്ചു കേട്ടാല്‍ നാം നേരത്തെ പല തവണ കേട്ടിട്ടുള്ള പശു എന്ന വാക്കായിത്തന്നെയാണ് അതു തിരിച്ചറിയപ്പെടുന്നത്. എല്ലാ വാക്കുകളുടെയും എല്ലാ ആളുകളുടെയും കാര്യത്തില്‍ അത് അങ്ങനെതന്നെയാണ്. നാം ഇന്നു കേള്‍ക്കുന്ന വാക്കുകള്‍ അതീതകാലം മുതലേ കേട്ടുവരുന്നതാണ്; അതുകൊണ്ട് അതനശ്വരമാണ്. നശ്വരമായ ഏതു വസ്തുവും നശിക്കുന്നതിന് ആളുകള്‍ കാരണം കണ്ടുപിടിക്കാറുണ്ട്. എന്നാല്‍ ഇന്ദ്രിയസംവേദനത്വം നേടുന്ന ഒരു വാക്ക് നശിക്കുന്നതിനു പ്രത്യേകിച്ച് ഒരു കാരണമോ ഉപാധിയോ ഇല്ല; അതുകൊണ്ടുതന്നെ അതു നശിച്ചതായി നാം കരുതാറുമില്ല. വാക്ക് അനശ്വരമായതുകൊണ്ടാണ് അത്. വേദത്തില്‍ത്തന്നെ, ‘ആകാശം ശബ്ദമായിത്തീരുന്നു‘ എന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍, ശബ്ദത്തിന് ആരംഭവും പരിണാമവും സൂചിപ്പിക്കുന്നതിനാല്‍ ചിലര്‍ നിത്യശബ്ദസിദ്ധാന്തത്തിനെതിരായി ഉന്നയിക്കാറുണ്ട്. അവ ഇന്ദ്രിയഗോചരത്വം നേടുന്നതിലൂടെ നാം കേള്‍ക്കുന്ന വാക്കിനെപ്പറ്റിയുള്ളതാണെന്നും ഇവിടെ സൂചിപ്പിച്ച ശാശ്വതശബ്ദത്തെപ്പറ്റിയല്ലെന്നുമാണ് മീമാംസാസൂത്രങ്ങളില്‍ വ്യക്തമാക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ആത്യന്തികമായി ശബ്ദം നിത്യവും പരിണാമരഹിതവുമാണ്; ഉച്ചാരണം പോലുള്ള പ്രയത്നങ്ങളിലൂടെ അതു പല തരത്തില്‍ പ്രകാശിപ്പിക്കപ്പെടുമ്പോള്‍ ഇന്ദ്രിയസംവേദനക്ഷമമാവുകയാണു ചെയ്യുന്നത് എന്നാണു മീമാംസകരുടെ പ്രധാനവാദം. വാക്ക് ശാശ്വതമാണ് എന്നു മാത്രമല്ല, വാക്കും അതിന്‍റെ അര്‍ത്ഥവും തമ്മിലുള്ള ബന്ധവും ശാശ്വതമാണ് എന്ന് അവര്‍ കരുതുന്നു.

കടവല്ലൂർ അന്യോന്യം
വാക്കും അര്‍ത്ഥവും തമ്മിലുള്ള ബന്ധവും ശാശ്വതമാണെന്നു സ്ഥാപിച്ചെങ്കിലും വേദോപദേശങ്ങളുമായും ധര്‍മ്മവുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ അതിന്‍റെ പ്രസക്തി എന്താണ്? അതു വ്യക്തമാക്കുന്നതിനായി നിത്യശബ്ദസിദ്ധാന്തത്തെ വേദങ്ങളിലെ വാക്യങ്ങളുമായി ബന്ധിപ്പിച്ചു വിശദീകരിക്കുകയാണു ജൈമിനി. വേദവാക്യങ്ങളില്‍ സ്വാഭാവികമായും ഒന്നിലേറെ വാക്കുകളുണ്ടാവാം. വാക്കുകളുടെ സമുച്ചയമായ വാക്യത്തെ മനസ്സിലാക്കുന്നതിന്, വാക്കുകളുടെ അര്‍ത്ഥമറിയുന്നതിനപ്പുറം ചിലതുകൂടി നമുക്ക് ആവശ്യമായി വരുന്നു. അതുകൊണ്ട് വാക്കിന്‍റെ അനശ്വരത്വം തെളിയിച്ചാല്‍ത്തന്നെ വാക്യരൂപത്തിലുള്ള വേദോപദേശങ്ങളെ ആധികാരികമായി കരുതുന്നതെങ്ങനെയാണ്? എതിര്‍വാദമായി വരാവുന്ന ഈ പ്രശ്നമാണ് അടുത്ത മീമാംസാസൂത്രം പരിഗണിക്കുന്നത്. അതിങ്ങനെയാണ്:
വാക്കുകളും അവയുടെ അര്‍ത്ഥങ്ങളും- വാക്കുകളുടെയും അര്‍ത്ഥങ്ങളുടെയും പ്രകാശനങ്ങള്‍ പോലും- ശാശ്വതമാണെങ്കിലും, വാക്യങ്ങള്‍ ആ രീതിയില്‍ പ്രകാശനക്ഷമമായില്ലെന്നു വരാം; അല്ലെങ്കില്‍, അവ വ്യത്യസ്തമായ ഒരു പ്രയത്നത്തിന്‍റെ ഫലമാണെന്നും വരാം. കാരണം, വാക്യത്തിന്‍റെ അര്‍ത്ഥം പൂര്‍ണ്ണമായും വാക്കുകളുടെ അര്‍ത്ഥത്തെയല്ല ആശ്രയിക്കുന്നത്.’ (സൂത്രം- ഉത്പത്തൗ വാഽവചനാഃ സ്യുഃ അര്‍ത്ഥസ്യ അതന്നിമിത്തത്വാത്)
ഈ സൂത്രത്തിലെ അവചനാ എന്ന ഭാഗത്തിനു ചിലര്‍ രചനാ എന്നു പാഠഭേദം കല്പിക്കുന്നു. അപ്പോള്‍ സൂത്രത്തിന്‍റെ ആശയം ഇങ്ങനെയാകും: ‘വാക്യങ്ങളുടെ അര്‍ത്ഥം മാനുഷികമായ പ്രയത്നത്തിന്‍റെ ഫലമാണെന്നാണു കരുതേണ്ടത്; അതുകൊണ്ട് അതിനെ ശാശ്വതമെന്നോ ധര്‍മ്മവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആധികാരികമെന്നോ കണക്കാക്കാനാവില്ല.
തിനു മീമാംസകരുടെ മറുപടി ഇങ്ങനെ: ‘ഒരു വാക്യത്തില്‍, വസ്തുക്കളെ സൂചിപ്പിക്കുന്ന എല്ലാ വാക്കുകള്‍ക്കും അതിലെ ക്രിയയുമായി ചേര്‍ന്നിരിക്കുന്ന തരത്തിലുള്ള ഗാഢബന്ധമാണുള്ളത്. അടുത്തടുത്തു ചേര്‍ന്നിരിക്കുന്ന ഈ വാക്കുകളുടെ സാമീപ്യബന്ധത്തിലൂടെ കടന്നുപോകുമ്പോഴാണ് വാക്യത്തിന്‍റെ ആശയം നമുക്കു ലഭിക്കുന്നത്. കാരണം, ഒരു വാക്യത്തിന്‍റെ അര്‍ത്ഥം, അതിലടങ്ങിയിരിക്കുന്ന വാക്കുകളുടെ അര്‍ത്ഥത്തെ ആശ്രയിച്ചാണിരിക്കുന്നത്.’ (സൂത്രം- തദ്ഭൂതാനാം ക്രിയാര്‍ത്ഥേന സമാമ്നായഃ, അര്‍ത്ഥസ്യ തന്നിമിത്തത്വാത്). ലൗകികവ്യവഹാരങ്ങളിലും, ഓരോ വാക്കിന്‍റെയും അര്‍ത്ഥമറിഞ്ഞാല്‍ മാത്രമേ അവ ചേര്‍ന്നുള്ള വാക്യത്തിന്‍റെ അര്‍ത്ഥം ഗ്രഹിക്കാനാവൂ. അതുകൊണ്ട് വാക്യാര്‍ത്ഥം എന്നത് വാക്കുകളുടെ അര്‍ത്ഥത്തെ ആശ്രയിച്ചുതന്നെയാണുണ്ടാകുന്നത്.
വാദമനുസരിച്ച് വാക്യങ്ങള്‍ക്കും അവയിലുപയോഗിച്ചിരിക്കുന്ന വാക്കുകളുടെ അര്‍ത്ഥങ്ങളില്‍നിന്നു ഭിന്നമായ മറ്റൊരു നിലയില്ല. ശബ്ദവും വാക്കും വാക്യവും ഇവിടെ പരസ്പരപൂരകമാവുകയാണു ചെയ്യുന്നത്.
അഭിഹിതാന്വയവാദവും അന്വിതാഭിധാനവാദവും
വിടെ ഒരു കാര്യം എടുത്തുപറയേണ്ടതുണ്ട്. മീമാംസകരുടെ ഭാഷാദര്‍ശനം ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ വളരെ പ്രധാനമാണ്. മീമാംസകരും വേദാന്തികളും ന്യായവൈശേഷികരും ബൗദ്ധരും തമ്മില്‍ നടന്ന ദീര്‍ഘസംവാദങ്ങളാണ് ഇന്ത്യന്‍ ഭാഷാചിന്തകള്‍ക്ക് ആഴം നല്കിയത്. ശബ്ദാര്‍ത്ഥങ്ങളുടെ സംപൃക്തബന്ധം മുതല്‍ വാക്യഘടന വരെയുള്ള നിരവധി ഘടകങ്ങളില്‍ മീമാംസകര്‍ക്കു സ്വന്തമായ സങ്കല്പനങ്ങളുണ്ട്. എന്നാല്‍ പല ആശയങ്ങളിലും അവര്‍ക്കിടയില്‍ത്തന്നെ വ്യത്യാസങ്ങളുമുണ്ട്. അതില്‍ ഭാട്ടമീമാംസകരും പ്രാഭാകരമീമാംസകരും തമ്മില്‍ വിയോജിക്കുന്ന ഒരു പ്രധാന സന്ദര്‍ഭം മാത്രം സൂചിപ്പിക്കാം. ഒരു വാക്യത്തിന്‍റെ അര്‍ത്ഥം ഗ്രഹിക്കുന്നതെങ്ങനെയാണ് എന്നതാണു വിഷയം. ഒരു വാക്യത്തിലെ ഓരോ പദത്തിന്‍റെയും അര്‍ത്ഥം ഗ്രഹിച്ചതിനു ശേഷം അവയെ ചേര്‍ത്തുവയ്ക്കുമ്പോഴാണ് വാക്യാര്‍ത്ഥത്തെ ഗ്രഹിക്കാനാവുന്നത് എന്നാണു ഭാട്ടമീമാംസകരുടെ സിദ്ധാന്തം. ഇത് അഭിഹിതാന്വയവാദം എന്ന പേരില്‍ അറിയപ്പെടുന്നു. ഒരു സന്ദര്‍ഭത്തില്‍ പ്രസക്തമാകുന്ന വാക്യത്തിലെ പദങ്ങള്‍ അന്വയിക്കപ്പെട്ട നിലയിലാകയാല്‍ വാക്യാര്‍ത്ഥമാണ് ആദ്യം ഗ്രഹിക്കപ്പെടുന്നത് എന്നു പ്രാഭാകരമീമാംസകര്‍ കരുതുന്നു. ഇതാണ് അന്വിതാഭിധാനവാദം. ഇത്തരത്തില്‍ വാക്യത്തെയും വാക്യാര്‍ത്ഥത്തെയും സംബന്ധിച്ച വിഷയങ്ങള്‍ക്കു പ്രാധാന്യം നല്കുന്നതുകൊണ്ട് മീമാംസകരെ വാക്യവിശാരദന്മാര്‍ എന്നുതന്നെ വിളിക്കാറുണ്ട്.
വേദത്തിന്‍റെ അപൗരുഷേയത്വം
വാക്കിന്‍റെയും ശബ്ദത്തിന്‍റെയും അനശ്വരത്വം എന്ന സിദ്ധാന്തമാണ് മീമാംസകര്‍ ശബ്ദത്തെ പരമപ്രമാണമായി ഗണിക്കുന്നതിന്‍റെ താത്ത്വികമായ അടിത്തറയാകുന്നത്. അവരെ സംബന്ധിച്ച് ശബ്ദം എന്നാല്‍ വേദമാണ്. അതു മറ്റു യുക്തികളോ തെളിവുകളോ ബാധകമല്ലാത്ത വിധം സ്വയം പ്രമാണമാണ്. വേദങ്ങളും അനാദിയാണ്. അവ അപൗരുഷേയമാണ്. അതായത് അവ ആരും സൃഷ്ടിച്ചതല്ല. വേദമന്ത്രങ്ങള്‍ക്കൊപ്പം കാഥകന്‍, പൈപ്പലാദന്‍ എന്നിങ്ങനെ ഋഷിമാരുടെ പേരുകള്‍ കാണാമെങ്കിലും അത് അവയുടെ രചയിതാക്കള്‍ എന്ന നിലയ്ക്കല്ല. അവര്‍ക്കും ആ മന്ത്രങ്ങള്‍ പ്രത്യക്ഷമാവുകയാണു ചെയ്തത്. ഓരോ വേദഭാഗത്തെയും മനനം ചെയ്തു സ്വായത്തമാക്കുകയും പ്രവചനം ചെയ്യുകയുമാണ് അതതു ഭാഗത്തു കാണുന്ന പേരുകളുള്ളവര്‍ ചെയ്തിട്ടുള്ളത് (സൂത്രം- ആഖ്യാ പ്രവചനാത്). അതായത് വേദര്‍ഷിമാര്‍ മന്ത്രസ്രഷ്ടാക്കളല്ല, മന്ത്രദ്രഷ്ടാക്കളാണ് എന്നാണു മീമാംസകരുടെ വാദം. ശബ്ദത്തിന്‍റെ അനശ്വരതയും വേദത്തിന്‍റെ അപൗരുഷേയതയും തെളിയിക്കുന്നത് ധര്‍മ്മവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ആധികാരികത വേദോപദേശങ്ങള്‍ക്കേ ഉള്ളൂ എന്നാണ്.
യജ്ഞത്തിന്‍റെ പ്രാധാന്യം
ത്തരത്തില്‍ വേദങ്ങളുടെ ആധികാരികതയും അപ്രമാദിത്വവും സ്ഥാപിക്കുന്ന മീമാംസകര്‍, വേദങ്ങളില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള യാഗാദികര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതാണു പരമപ്രധാനമായ ധര്‍മ്മം എന്നു കരുതുന്നു. ‘യജ്ഞപുരോഹിതനും ഋത്വിക്കും ഹോതാവുമായ അഗ്നിയെ ഞാന്‍ സ്തുതിക്കുന്നു‘ എന്നിങ്ങനെ യജ്ഞസംബന്ധിയായ പരാമര്‍ശങ്ങളോടെയാണല്ലോ ഋഗ്വേദം ആരംഭിക്കുന്നതുതന്നെ. പുരുഷസൂക്തത്തില്‍,
‘യജ്ഞേന യജ്ഞമയജന്ത ദേവാസ്താനി
ധര്‍മ്മാണി പ്രഥമാന്യാസന്‍’
എന്ന ഭാഗത്ത് ദേവന്മാരാണ് ആദ്യയജ്ഞകര്‍ത്താക്കളെന്നും ആ യജ്ഞത്തിന്‍റെ ഫലമായാണ് ധര്‍മ്മം ആവിര്‍ഭവിച്ചത് എന്നും സൂചനയുണ്ട്.
വേദങ്ങള്‍ ഇങ്ങനെ യജ്ഞപരാമര്‍ശങ്ങള്‍കൊണ്ടു സമൃദ്ധമായതുകൊണ്ടുതന്നെ യാഗാദികര്‍മ്മങ്ങള്‍ക്കു മീമാംസാപദ്ധതിയില്‍ പ്രമുഖസ്ഥാനം കൈവരുന്നു. വിധി, മന്ത്രം, നാമധേയം, നിഷേധം, അര്‍ത്ഥവാദം എന്നിങ്ങനെയൊരു വിഭജനം മീമാംസകര്‍ വേദത്തിനു നല്കുന്നുണ്ട്. അവയില്‍ ആ യജ്ഞങ്ങള്‍ എങ്ങനെ നിര്‍വ്വഹിക്കണം എന്നു നിര്‍ദ്ദേശിക്കുന്ന വിധിരൂപത്തിലുള്ള വേദഭാഗങ്ങളെയാണ് മീമാംസകര്‍ പ്രധാനമായി കരുതുന്നത്. പ്രശംസാവാക്യങ്ങളടങ്ങിയ അര്‍ത്ഥവാദങ്ങള്‍ക്ക് ആ പ്രാധാന്യമില്ല. പില്ക്കാലത്തു പ്രഭാകരനും അനുയായികളുമാണ് വിധിക്കും അര്‍ത്ഥവാദത്തിനും ഒരേ പ്രാധാന്യം നല്കുന്നത്. വിധിവാക്യങ്ങള്‍ക്കു നല്കുന്ന ഈ പരിഗണന മൂലമാണ്, ജ്ഞാനത്തിനു പ്രാധാന്യം നല്കുന്ന ഉപനിഷത്തുകള്‍ക്ക് വേദാന്തികള്‍ നല്കുന്ന സ്ഥാനം, യാഗാദികര്‍മ്മവിധിക്കു പ്രാമുഖ്യം നല്കുന്ന ബ്രാഹ്മണങ്ങള്‍ക്ക് മീമാംസകര്‍ നല്കുന്നത്. ദര്‍ശം, പൗര്‍ണ്ണമാസം, ജ്യോതിഷ്ടോമം, അഗ്നിഷ്ടോമം എന്നിങ്ങനെയുള്ള യാഗങ്ങളുടെ കര്‍മ്മം നിര്‍വ്വഹിക്കുന്നതാണു ധര്‍മ്മം എന്ന കാഴ്ചപ്പാടിലൂടെ യജ്ഞാനുഷ്ഠാനം നിലനിര്‍ത്താനുള്ള വിശദമായ പദ്ധതിയും അവര്‍ രൂപപ്പെടുത്തി.
ഈശ്വരനിരാസം
വേദവിധിപ്രകാരം ചെയ്യുന്ന യജ്ഞങ്ങളുടെ ഫലമെന്താണ് എന്നതാണു മീമാംസാപദ്ധതിയിലെ മറ്റൊരു പ്രധാനവിഷയം. കൗതുകകരമായ ഒരു കാര്യമുണ്ട്. ആദ്യകാലമീമാംസകര്‍ മോക്ഷം എന്നൊരു പുരുഷാര്‍ത്ഥത്തെ സ്വീകരിച്ചിരുന്നില്ല. മാത്രമല്ല, ജൈമിനി, ശബരസ്വാമി, കുമാരിളഭട്ടന്‍ എന്നീ മീമാംസകര്‍ സര്‍വ്വനിയന്താവായ ഒരു ഈശ്വരനുണ്ടെന്നും കരുതുന്നില്ല. അവര്‍ പ്രപഞ്ചം സ്വയംസൃഷ്ടമാണെന്നാണു വിശ്വസിക്കുന്നത്. വേദങ്ങളില്‍ പരാമൃഷ്ടരായ അഗ്നി തുടങ്ങിയ ദേവതകള്‍ക്കുതന്നെ, സൂക്തഭാക്ക് (മന്ത്രങ്ങളാല്‍ സംബോധന ചെയ്യപ്പെടുന്നര്‍), ഹവിര്‍ഭാക്ക് (ഹോമദ്രവ്യം സ്വീകരിക്കുന്നവര്‍) എന്നീ പദവികള്‍ മാത്രമാണ് ശാബരഭാഷ്യത്തില്‍ നിര്‍ദ്ദേശിക്കുന്നത്. അതായത് മന്ത്രങ്ങളില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന ദേവതകള്‍ക്ക് ആ മന്ത്രങ്ങള്‍ക്കു പുറത്തു സവിശേഷമായ നിലനില്പില്ല. അഗ്നിയെ ഉദ്ദേശിച്ചു ചെയ്യുന്ന സൂക്തം (അഗ്നിദേവത്യം സൂക്തം) എന്നിങ്ങനെ ദേവപരാമര്‍ശമുള്ള വേദഭാഗങ്ങള്‍ക്കുതന്നെ അതിഥിയെ ഉദ്ദേശിച്ചുള്ളത് (അതിഥിദേവത്യം), പിതൃക്കളെ ഉദ്ദേശിച്ചിട്ടുള്ളത് (പിതൃദേവത്യം) എന്നിവയ്ക്കു സമാനമായ അര്‍ത്ഥം മാത്രമാണുള്ളത് എന്നു ശാബരഭാഷ്യത്തില്‍ വ്യക്തമാക്കുന്നു. മന്ത്രത്തിനുള്ള ശക്തിയാണ് അതിന്‍റെ ഭാഗമായ ദേവകളുടെ ശക്തി എന്ന നിലയില്‍ അനുഭവപ്പെടുന്നത്. ഈ രീതിയില്‍ ദേവതാസങ്കല്പത്തെ പൊതുവായിത്തന്നെ ശബരസ്വാമി ന്യൂനീകരിക്കുകയാണു ചെയ്യുന്നത് (ശാബരഭാഷ്യം അദ്ധ്യായം 10, പാദം 4, അധികരണം 15). കുമാരിളഭട്ടന്‍റെ ശ്ലോകവാര്‍ത്തികത്തിലാകട്ടെ, പ്രപഞ്ചസ്രഷ്ടാവായ ഒരീശ്വരനില്ല എന്നു സ്ഥാപിക്കുന്നതിനായി വലിയൊരു ഭാഗംതന്നെ നീക്കിവച്ചിരിക്കുന്നു. എന്നാല്‍ പ്രഭാകരനും പിന്നീടുള്ള മീമാംസകരായ ഖണ്ഡദേവന്‍, ലൗഗാക്ഷിഭാസ്കരന്‍ തുടങ്ങിയവരും ഈശ്വരസാന്നിദ്ധ്യം അംഗീകരിക്കുന്നുണ്ട്. പക്ഷേ അതു പില്ക്കാലവികാസമാണ്.
അപൂര്‍വ്വം
ശ്വരസാക്ഷാത്കാരമോ മോക്ഷമോ അല്ല കര്‍മ്മാനുഷ്ഠാനം ലക്ഷ്യമാക്കുന്നത് എന്നു സ്പഷ്ടമായല്ലോ. എങ്കില്‍ യാഗകര്‍മ്മങ്ങളുടെ ഫലമെന്താണ്? കര്‍മ്മമുണ്ടെങ്കില്‍ അതിനു ഫലമുണ്ട്; കാര്യമുണ്ടെങ്കില്‍ അതിനു കാരണവുമുണ്ട് എന്ന യുക്തി മീംമാംസകര്‍ അംഗീകരിക്കുന്നു. കര്‍മ്മങ്ങള്‍ ഫലത്തിനുവേണ്ടിയുള്ളതാണ് എന്നു ജൈമിനി പറയുന്നുണ്ട് (കര്‍മ്മാണ്യപി ജൈമിനിഃ ഫലാര്‍ത്ഥത്വാത്). ഫലമാകട്ടെ, അതു ചെയ്യുന്നയാള്‍ക്കുവേണ്ടിയുള്ളതാണ് (ഫലാശ്ച പുരുഷാര്‍ത്ഥത്വാത്). കര്‍മ്മം ചെയ്യുന്നയാളാവട്ടെ കര്‍മ്മത്തിനുവേണ്ടിയുള്ളതാണ് (പുരുഷശ്ച കര്‍മ്മാര്‍ത്ഥത്വാത്) (മീമാംസാസൂത്രങ്ങള്‍- മൂന്നാം അധികരണം 4, 5, 6). അതായത് കാര്യ-കാരണങ്ങളുടെ ഒരു ചാക്രികബന്ധമാണ് ജൈമിനി സങ്കല്പിക്കുന്നത്.
ജനകര്‍മ്മങ്ങള്‍ക്ക് സ്വര്‍ഗ്ഗം, പശു, പുത്രന്‍ എന്നിങ്ങനെയുള്ള ഫലങ്ങളാണ് പരമ്പരാഗതമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അപ്പോള്‍ അടുത്ത ചോദ്യം ഉദ്ഭവിക്കുന്നു. യാഗം ചെയ്യുന്നതിന്‍റെ ഈ ഫലങ്ങള്‍ പലതും പില്ക്കാലത്തു മാത്രമാണ് ഉണ്ടാവുന്നത്. അതായത് കാരണത്തില്‍നിന്നു കാര്യമുണ്ടാവുന്നത്- കര്‍മ്മത്തിനു ഫലമുണ്ടാകുന്നത്- പലപ്പോഴും ഏറെ നാളുകള്‍ കഴിഞ്ഞാണ്. ഈ പ്രശ്നത്തിനു പരിഹാരമായാണ് അപൂര്‍വ്വം എന്ന ഒരു പരികല്പന മീമാംസകര്‍ സ്വീകരിക്കുന്നത്. യാഗം ചെയ്യുന്നവര്‍ക്ക് അതിന്‍റെ ഫലമായി സിദ്ധിക്കുന്ന സംസ്കാരമാണ് അപൂര്‍വ്വം. കാരണത്തെയും കാര്യത്തെയും – കര്‍മ്മത്തെയും ഫലത്തെയും – ബന്ധിപ്പിക്കുന്ന കണ്ണിയാണത്. ഭാട്ടമീമാംസകരുടെ വ്യാഖ്യാനം ഇങ്ങനെയാണെങ്കിലും പ്രഭാകരന്‍റെ മതമനുസരിച്ച്, യാഗകര്‍മ്മമെന്ന കാരണത്തില്‍നിന്ന് ഉദ്ഭൂതമാകുന്ന കാര്യംതന്നെയാണ് അപൂര്‍വ്വം. പ്രാഭാകരന്മാരെ സംബന്ധിച്ച്, യാഗകര്‍ത്താവിനെ യാഗം ചെയ്യാനായി പ്രേരിപ്പിക്കുന്നത് അപൂര്‍വ്വം എന്ന ഫലം അഥവാ കാര്യംതന്നെയാണ്.
സത്യവും ഋതവും
പൂര്‍വ്വമീമാംസാപദ്ധതിയെ യാഗകര്‍മ്മങ്ങളുടെ അനുഷ്ഠാനം മാത്രമായിക്കാണുന്നത് തീര്‍ച്ചയായും അതിനെ ലഘൂകരിക്കലാകും. ഇതുവരെ വിവരിച്ച കാര്യങ്ങളില്‍നിന്ന് ഈ ദര്‍ശനത്തിന്‍റെ സൂക്ഷ്മമായ ചില സവിശേഷതകള്‍ വ്യക്തമായിട്ടുണ്ടാവുമല്ലോ. സൃഷ്ടികര്‍ത്താവായ ഒരീശ്വരനില്ലാത്തതുകൊണ്ട് പ്രപഞ്ചത്തിന് ഒരു കര്‍ത്താവില്ല. മനുഷ്യസൃഷ്ടമോ ദൈവസൃഷ്ടമോ അല്ലാത്തതുകൊണ്ട് വേദത്തിനും ഒരു കര്‍ത്താവില്ല. പകരം ധര്‍മ്മം, ശബ്ദം എന്നിങ്ങനെ മൂര്‍ത്തവും ഭൗതികവുമായ ചില സങ്കല്പനങ്ങള്‍ക്കാണ് ഈ പദ്ധതിയില്‍ പരമപ്രാധാന്യം. ലൗകികമായ അനുഭവങ്ങളിലൂടെ ധര്‍മ്മത്തെ അറിയാനാവില്ല. ധര്‍മ്മത്തെ അറിയാനാവുന്നത് വേദശബ്ദത്തിലൂടെയായതിനാല്‍ ശബ്ദവും അര്‍ത്ഥവും തമ്മിലുള്ള ബന്ധവും വേദകൃതികളുടെ കൃത്യമായ വ്യാഖ്യാനവും മീമാംസകരുടെ പ്രധാനപരിഗണനാവിഷയമാകുന്നു. അവിടെ ഓരോ ശബ്ദവും ഉച്ചരിക്കുന്നതിനു സൂക്ഷ്മവും കൃത്യവുമായ നിയമമുണ്ട്; അവയുടെ അര്‍ത്ഥത്തിനും അതേ കൃത്യത വ്യാഖ്യാനത്തിലൂടെ സ്ഥാപിക്കുന്നുണ്ട്. പ്രാപഞ്ചികമായ ലൗകികജീവിതത്തെ സംബന്ധിച്ചാവട്ടെ, ധര്‍മ്മാനുഷ്ഠാനം എന്ന നിലയില്‍ രൂപപ്പെടുന്ന കര്‍മ്മങ്ങള്‍ക്കും ഈ രീതിയില്‍ നിശിതമായ ഒരു വ്യവസ്ഥ കല്പിക്കപ്പെടുന്നു. ഇത്തരത്തില്‍ കൃത്യമായ നിയമങ്ങളാല്‍ ഭരിക്കപ്പെടുന്ന ഭൗതികജീവിതവും ഭാഷയും തമ്മില്‍ ഗാഢമായ ബന്ധം കൂടി സങ്കല്പിക്കപ്പെടുന്നതോടെ പൂര്‍വ്വമീമാംസ ഒരു ബൃഹദ്വ്യവസ്ഥയായിത്തീരുന്നു.
മീമാംസകര്‍ പ്രധാനമായിക്കരുതുന്ന ഋതം എന്ന ഒരു സങ്കല്പനം കൂടി വിശദീകരിച്ചാലേ ഈ വ്യവസ്ഥയുടെ സമഗ്രത വ്യക്തമാവുകയുള്ളൂ. ഋഗ്വേദത്തില്‍ത്തന്നെ നൂറു കണക്കിന് ഇടങ്ങളില്‍ കാണുന്ന വാക്കാണ് ഋതം. പലപ്പോഴും സത്യം എന്ന വാക്കുമായിച്ചേര്‍ന്ന് ഋതവും വേദങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സത്യവും ഋതവും പര്യായങ്ങള്‍ എന്നു തോന്നിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. വ്യാഖ്യാനങ്ങളില്‍ ഋതത്തിനു സത്യം എന്നുതന്നെ അര്‍ത്ഥം കാണാറുമുണ്ട്. ഋഗ്വേദസംഹിത ഒന്നാം മണ്ഡലത്തിലെ രണ്ടാം സൂക്തത്തില്‍ത്തന്നെ ഋതം എന്ന വാക്ക് വരുന്നുണ്ട്:
ഋതേന മിത്രാവരുണാ
വൃതാവൃധാവൃതസ്പൃശാ
ക്രതും ബൃഹന്തമാശാഥേ
വൈദികശബ്ദങ്ങളെ അടിസ്ഥാനമാക്കിയുള്ള യാസ്കന്‍റെ നിരുക്തത്തില്‍ ഋതത്തിന് ഉദകം അഥവാ ജലം എന്ന് അര്‍ത്ഥം കാണുന്നു (ഋതമിത്യുദകനാമ). സത്യമോ യജ്ഞമോ (സത്യം വാ യജ്ഞം വാ) എന്നും ഇതേ വാക്കിനെപ്പറ്റിത്തന്നെ യാസ്കന്‍ സൂചിപ്പിക്കുന്നു. ഈ അര്‍ത്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സായണാചാര്യര്‍ ഈ മന്ത്രത്തെ വ്യാഖ്യാനിക്കുന്നത്. ‘സത്യത്തിന്‍റെയും യജ്ഞത്തിന്‍റെയും വര്‍ദ്ധകന്മാരും ജലസ്പര്‍ശികളുമായ മിത്രാവരുണന്മാരേ’ എന്ന വ്യാഖ്യാനം ഇങ്ങനെയുണ്ടാകുന്നതാണ്.
ഗ്വേദം പത്താം മണ്ഡലത്തിലെ നൂറ്റിത്തൊണ്ണൂറാം സൂക്തം, ഋതം എന്ന സങ്കല്പനത്തിന്‍റെ വിവിധമാനങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
ഋതഞ്ചസത്യഞ്ചാഭീദ്ധാ
ത്തപസോധ്യജായത
തതോരാത്ര്യജായത
തതസ്സമുദ്രോഅര്‍ണവഃ
(അര്‍ത്ഥം: തേജോമയമായ തപസ്സില്‍നിന്ന് ഋതവും സത്യവും (ഋതഞ്ചസത്യം എന്നു ചേര്‍ത്തു പറയുന്ന തരം വ്യാഖ്യാനവുമുണ്ട്; ഉദാഹരണം: അരവിന്ദഘോഷ്) ഉണ്ടായി. പിന്നെ രാപ്പകലുകളുണ്ടായി. പിന്നെ പൂര്‍ണ്ണമായ സമുദ്രമുണ്ടായി.
അതായത് ആദ്യം ഋതവും സത്യവും, രണ്ടാമതു തേജസ്സ്, മൂന്നാമതു ജലം എന്ന നിലയിലാണ് പ്രപഞ്ചോത്പത്തി. പിന്നീട് കാലം, ഭൂതജാതങ്ങള്‍, സൂര്യചന്ദ്രന്മാര്‍, ഭൂമി, അന്തരീക്ഷം, സ്വര്‍ഗ്ഗം എന്നിവയുണ്ടാകുന്ന ക്രമം, സൂക്തത്തിന്‍റെ തുടര്‍ന്നുള്ള ഭാഗത്തുണ്ട്.
സായണവ്യാഖ്യാനമനുസരിച്ച്, ഋതം എന്നാല്‍ സത്യംതന്നെ. ഋതം മനസ്സിനെ സംബന്ധിച്ചതാണ്; അത് യഥാര്‍ത്ഥസങ്കല്പനമാണ്. സത്യം വാചികമാണ്; അത് യഥാര്‍ത്ഥഭാഷണമാണ്. (ഋതമിതി സത്യനാമ. ഋതം മാനസം യഥാര്‍ത്ഥസങ്കല്പനം സത്യം വാചികം യഥാര്‍ത്ഥഭാഷണം- സായണഭാഷ്യം). അതായത് ഋതം മനസ്സിനെ സംബന്ധിച്ചതും സങ്കല്പനപരവുമാകുമ്പോള്‍ സത്യം വാക്കിനെ സംബന്ധിച്ചതും ഭാഷണപരവുമാണ്. രണ്ടും യാഥാര്‍ത്ഥ്യത്തെയാണു കുറിക്കുന്നത്. പൊതുവേ സായണഭാഷ്യത്തെ പിന്തുടരുന്ന ഒ. എം. സി. നമ്പൂതിരിപ്പാട് ഈ ഭാഗം വിശദീകരിക്കുന്നതിങ്ങനെ:
ഋതമെന്നാല്‍ സത്യം. മാനസവാചികവൃത്തിപരങ്ങളായ മൂന്നുവിധം സത്യങ്ങളും അതിലുള്‍പ്പെടുന്നു. ധര്‍മ്മവും അതില്‍ ഉള്‍ക്കൊള്ളുന്നു. (ഋഗ്വേദം ഭാഷാഭാഷ്യം- എട്ടാം വാല്യം പു. 718)
തായത് സത്യത്തിന്‍റെ വിവിധരൂപങ്ങളും ധര്‍മ്മവും അടങ്ങിയ, യാഥാര്‍ത്ഥ്യത്തെ കുറിക്കുന്ന അടിസ്ഥാനസങ്കല്പനമാണ് ഇവിടെ ഋതം. പ്രപഞ്ചത്തിനുതന്നെ ആധാരവും നിയാമകവുമായ ക്രമം എന്ന നിലയിലാണ് വേദങ്ങളില്‍ ഈ വാക്ക് സമൃദ്ധമായി പ്രത്യക്ഷപ്പെടുന്നത്. ഋതവുമായി ബന്ധപ്പെട്ട ഋതു തുടങ്ങിയ വാക്കുകളിലും ആവര്‍ത്തനം, ക്രമം എന്നീ സവിശേഷതകളാണ് സൂചിതമാകുന്നത്. വേദങ്ങളില്‍ പലയിടത്തുള്ള പരാമര്‍ശങ്ങളെ അടിസ്ഥാനമാക്കി കെ. ടി. പാണ്ഡുരംഗി ഇങ്ങനെ വിശദീകരിക്കുന്നു:

വേദങ്ങളില്‍ ഋതം എന്ന പ്രധാനമായ ഒരു സങ്കല്പനം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അചേതനവസ്തുക്കളുടെ പ്രകൃതിനിയമത്തിനും സചേതനാസ്തിത്വമുള്ളവരുടെ ധര്‍മ്മനിയമത്തിനും ആധാരസ്രോതസ്സാണ് അത്. ഇവയില്‍ ആദ്യത്തേത് സത്യം എന്നും രണ്ടാമത്തേതു ധര്‍മ്മം എന്നും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഇവ രണ്ടും പരസ്പരഭിന്നമല്ല. ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണിവ. ( K. T. Pandurangi, ‘The Perspective and the Scope of Purvamimamsa’, Purvamimamsa from an Interdisciplinary Point of View. PHISPC)

K.T. Pandurangi
ചുരുക്കിപ്പറഞ്ഞാല്‍ പ്രപഞ്ചത്തിന്‍റെ നിലനില്പിനാധാരമായ ക്രമമാണ് ഋതം. അതിന്‍റെ നിയമത്തിനനുസരിച്ചാണ് സചേതനാചേതനങ്ങളുടെ ചലനവ്യവസ്ഥ നിര്‍ണ്ണയിക്കപ്പെടുന്നത്. അത് അചേതനങ്ങളില്‍ പ്രകൃതിയുടെ ചലനനിയമം എന്ന നിലയിലും സചേതനരായവരില്‍ ജീവിതത്തിന്‍റെ ധര്‍മ്മനിയമം എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. ധര്‍മ്മത്തെ  ലൗകികമായ അനുഭവങ്ങളിലൂടെ അറിയാനാവില്ല; അതു വേദവിധികളില്‍നിന്നാണു ലഭ്യമാകുന്നത്. വേദവിധികള്‍ക്കനുസരിച്ച് കര്‍മ്മം ചെയ്യുന്നതാണ് ധര്‍മ്മം. ആ നിലയിലുള്ള യജ്ഞകര്‍മ്മത്തിലൂടെയാണ് ഋതത്തെ പുഷ്ടിപ്പെടുത്തുന്നത്; അഥവാ പ്രപഞ്ചക്രമത്തിലേക്ക് മനുഷ്യരും ഉള്‍ച്ചേരുന്നത്. വേദവിധികള്‍ക്കനുസരിച്ചുള്ള കര്‍മ്മങ്ങള്‍ വിന്യസിച്ചുകൊണ്ട് മനുഷ്യജീവിതത്തെത്തന്നെ അനുഷ്ഠാനബദ്ധമാക്കിത്തീര്‍ക്കുന്ന നിലയിലേക്കു വ്യാപിപ്പിക്കുകയാണു മീമാംസകര്‍ ചെയ്യുന്നത്.
കര്‍മ്മം
നിത്യകര്‍മ്മം, നൈമിത്തികകര്‍മ്മം, കാമ്യകര്‍മ്മം, പ്രായശ്ചിത്തകര്‍മ്മം എന്നിങ്ങനെ കര്‍മ്മങ്ങള്‍ നാലു വിധമുണ്ട്. നിത്യകര്‍മ്മങ്ങള്‍ അനിവാര്യമായി അനുഷ്ഠിക്കേണ്ടവയാണ്. സാന്ദര്‍ഭികമായ നിമിത്തത്തെ ആശ്രയിച്ചു ചെയ്യുന്ന കര്‍മ്മങ്ങളാണ് നൈമിത്തികകര്‍മ്മങ്ങള്‍. എന്തെങ്കിലും ആഗ്രഹപൂര്‍ത്തീകരണത്തിനായി ചെയ്യുന്നവ കാമ്യകര്‍മ്മങ്ങളും പാപപരിഹാരാര്‍ത്ഥം ചെയ്യുന്നവ പ്രായശ്ചിത്തകര്‍മ്മങ്ങളുമാണ്. ഈ കര്‍മ്മങ്ങളില്‍ ആദ്യം പറഞ്ഞവ കൂടുതല്‍ അനിവാര്യമാകയാല്‍ അവയ്ക്കു പ്രാധാന്യം കൂടും. അത്തരത്തില്‍ ജീവിതത്തിലെ ഓരോ ഘട്ടത്തെയും കര്‍മ്മബദ്ധമാക്കുക എന്നതാണ് മീമാംസകരുടെ ജീവിതപദ്ധതി.
സ്വസ്ഥം
ദ്യകാലഘട്ടത്തില്‍ മീമാംസയില്‍ മോക്ഷം എന്നൊരു പുരുഷാര്‍ത്ഥമുണ്ടായിരുന്നില്ല എന്നു നേരത്തെ വ്യക്തമാക്കിയിരുന്നല്ലോ. ജൈമിനിയും ശബരസ്വാമിയും സ്വര്‍ഗ്ഗലബ്ദ്ധി എന്ന ജീവിതലക്ഷ്യമാണ് പ്രധാനമായി കണ്ടത്. കുമാരിളഭട്ടന്‍ മോക്ഷം എന്ന സങ്കല്പനത്തെ സ്വീകരിക്കുന്നുവെങ്കിലും പില്ക്കാല ഭാട്ടമീമാംസകനായ പാര്‍ത്ഥസാരഥീമിശ്രനാണ് ആ സങ്കല്പത്തെ സവിശേഷമായ രീതിയില്‍ വികസിപ്പിച്ചത്. ആനന്ദാനുഭൂതിയോ ദുഃഖരാഹിത്യമോ സംഭവിച്ച അവസ്ഥയല്ല, സുഖദുഃഖങ്ങള്‍ക്കതീതമായ ഒരു നിലയെയാണ് അദ്ദേഹം മോക്ഷമായി നിര്‍ദ്ദേശിക്കുന്നത്. ഈ അവസ്ഥയ്ക്ക് തന്നില്‍ത്തന്നെ സ്ഥിതനാകുക എന്ന അര്‍ത്ഥത്തില്‍ സ്വസ്ഥം എന്നൊരു വാക്കാണ് പാര്‍ത്ഥസാരഥി ഉപയോഗിക്കുന്നത്. മറ്റു പല ഇന്ത്യന്‍ ദര്‍ശനങ്ങളും ജ്ഞാനം നേടുന്നതിനെ മോക്ഷമാര്‍ഗ്ഗമായി കാണുന്നുവെങ്കിലും മീമാംസകര്‍ക്ക് അതു പ്രധാനമല്ല. അവര്‍ക്ക് ക്രമമായി കര്‍മ്മങ്ങളില്‍നിന്നു വിരമിച്ചുകൊണ്ടു കര്‍മ്മനിവൃത്തി നേടുകയാണ് ജീവിതമുക്തി. പ്രായശ്ചിത്തകര്‍മ്മങ്ങള്‍ക്കു കാരണമാകുന്ന നിഷിദ്ധകര്‍മ്മങ്ങളില്‍നിന്നും കാമ്യകര്‍മ്മങ്ങളില്‍നിന്നും വിരമിക്കുകയും അവശ്യം വേണ്ട നിത്യനൈമിത്തികകര്‍മ്മങ്ങള്‍ മാത്രം തുടരുകയും ചെയ്യുന്നതിലൂടെ ധര്‍മ്മാധര്‍മ്മങ്ങളില്‍നിന്നും സുഖദുഃഖങ്ങളില്‍നിന്നും വിരമിച്ചുകൊണ്ട് ആത്മാവ് സ്വസ്ഥമാകുന്നു. സമാനമായ അര്‍ത്ഥത്തില്‍ ഈ വാക്ക് കേരളത്തില്‍ ഇന്നും ഉപയോഗിക്കുന്നുണ്ടല്ലോ.
മീമാംസയും അധികാരവ്യവസ്ഥയും
ത്തരത്തില്‍ സവിശേഷമായ ഒരു പ്രപഞ്ചവീക്ഷണത്തെ അടിസ്ഥാനപ്പെടുത്തി കര്‍മ്മബദ്ധമായ ഒരു ജീവിതവ്യവസ്ഥ സങ്കല്പിക്കാനും അതിനെ പ്രായോഗികമായി നടപ്പില്‍ വരുത്താനും മീമാംസാപദ്ധതിക്കു കഴിഞ്ഞു. എന്നാല്‍ ഇതേ ദര്‍ശനവും പ്രായോഗികപദ്ധതിയുംതന്നെയാണ് ഇന്ത്യന്‍ സാഹചര്യത്തിലെ ഏറ്റവും ശക്തമായ അധികാരവ്യവസ്ഥയ്ക്കും കാരണമായിത്തീര്‍ന്നത്. അതിനുള്ള ചില കാരണങ്ങള്‍കൂടി സൂചിപ്പിക്കാം.
1. വേദങ്ങള്‍ക്ക് മീമാംസാപദ്ധതിയിലുള്ള പരമപ്രാധാന്യം വ്യക്തമാക്കിയിരുന്നല്ലോ. അതുകൊണ്ടുതന്നെ വേദശരീരത്തെ പരമാവധി സംരക്ഷിക്കുക എന്നത് മീമാംസകര്‍ തങ്ങളുടെ പ്രമുഖകര്‍ത്തവ്യമായിക്കരുതി. ഓരോ വേദമന്ത്രത്തിന്‍റെയും ഉച്ചാരണവ്യവസ്ഥ മുതല്‍ യജ്ഞങ്ങളുടെ അനുഷ്ഠാനം വരെ അവര്‍ സൂക്ഷ്മവും സങ്കീര്‍ണ്ണവുമായ നിലയില്‍ നിര്‍ണ്ണയിക്കുകയും അതു നിശിതമായി നടപ്പില്‍ വരുത്തുകയും ചെയ്തു. മാത്രമല്ല അതിനുള്ള അധികാരം ബ്രാഹ്മണരില്‍ നിക്ഷിപ്തമാക്കുകയും ചെയ്തു. ഫലത്തില്‍ വേദാധികാരം പുരോഹിതവര്‍ഗ്ഗമായ ബ്രാഹ്മണരില്‍ കേന്ദ്രീകരിച്ചു.
2. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ സമൂഹത്തെ വിഭജിക്കുന്ന ചാതുര്‍വര്‍ണ്യവ്യവസ്ഥയ്ക്ക് കൂടുതല്‍ കെട്ടുറപ്പുണ്ടായി. മീമാംസകർ ജീവിതത്തിന്‍റെ പ്രധാനലക്ഷ്യം യജ്ഞമാണ് എന്നു സ്ഥാപിക്കുകയും യാഗാധികാരം ആദ്യത്തെ മൂന്നു വര്‍ണ്ണങ്ങള്‍ക്കായി പരിമിതപ്പെടുത്തുകയും ചെയ്തു. ഓരോ വര്‍ണ്ണത്തിനും പ്രത്യേകമായ യാഗങ്ങളുണ്ട്. രഥകാരന്‍, നിഷാദസ്ഥപതി എന്നിങ്ങനെ ത്രൈവര്‍ണ്ണികരല്ലാത്ത ചിലര്‍ക്ക് ചില പ്രത്യേകസന്ദര്‍ഭങ്ങളില്‍ വരുന്ന അധികാരമൊഴിച്ചാല്‍ യാഗം ചെയ്യുന്നതിനുള്ള അവകാശം ത്രൈവര്‍ണ്ണികര്‍ക്കു മാത്രമായിരുന്നു.
3. വേദാദ്ധ്യയനാരംഭത്തെ കുറിക്കുന്ന ഉപനയനം ആദ്യത്തെ മൂന്നു വര്‍ണ്ണങ്ങള്‍ക്കേ ഉണ്ടായിരുന്നുള്ളൂ. ഉപനയനമാകട്ടെ ഷോഡശസംസ്കാരങ്ങളിലൊന്നാണ്. ജന്മംകൊണ്ടു മാത്രമേ ഷോഡശസംസ്കാരത്തിന്‍റെ വ്യവസ്ഥയിലേക്കു പ്രവേശിക്കാനാകൂ. പുംസവനം തുടങ്ങി ആ ക്രിയകളില്‍ പലതും ഗര്‍ഭകാലത്തു ചെയ്യേണ്ടവയാണ് എന്നതുകൊണ്ടുതന്നെ ത്രൈവര്‍ണ്ണികരുടെ സവിശേഷാധികാരം തലമുറകളിലൂടെ നിലനിന്നു പോന്നു.
4. ല്പസൂത്രങ്ങളും സ്മൃതികളും നോക്കിയാല്‍ യജ്ഞകേന്ദ്രിതമായ ഈ വ്യവസ്ഥ സമൂഹത്തിന്‍റെ എല്ലാ അടരുകളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് അതിനെ ശ്രേണീബദ്ധമായ ഒരധികാരവ്യവസ്ഥയ്ക്കു കീഴ്പ്പെടുത്തുന്നതായിക്കാണാം. കല്പസൂത്രങ്ങളിലെ യജ്ഞസൂത്രങ്ങള്‍, ഗൃഹ്യസൂത്രങ്ങള്‍, ധര്‍മ്മസൂത്രങ്ങള്‍ എന്നീ വിഭാഗങ്ങള്‍തന്നെ നോക്കുക. യജ്ഞകര്‍ത്താവിന്‍റെ വൈയക്തികവും ഗാര്‍ഹികവും സാമൂഹികവുമായ ധര്‍മ്മങ്ങള്‍ അവയിലൂടെ വ്യവസ്ഥപ്പെടുന്നു. സ്ത്രീകളടങ്ങിയ ഗൃഹങ്ങള്‍, ഇതരവര്‍ണ്ണങ്ങള്‍ അടങ്ങിയ സമൂഹം തുടങ്ങിയ ഇടങ്ങളിലേക്ക് ബ്രാഹ്മണാധികാരം ശ്രേണീബദ്ധമായി വ്യാപിക്കുന്നതിനു ധാരാളം ഉദാഹരണങ്ങള്‍ കല്പസൂത്രങ്ങളിലുണ്ട്. അതതു കാലത്തെ നിയമവ്യവസ്ഥയായ സ്മൃതികളില്‍ ഇതേ അധികാരം ഒരു സമൂഹത്തെയാകെ ശ്രേണീബദ്ധമായി നിര്‍ണ്ണയിക്കുന്ന തരത്തില്‍ കൂടുതല്‍ മൂര്‍ത്തവും പ്രബലവുമാകുന്നതു കാണാം. യാഗം ചെയ്യുക എന്ന പ്രധാനാവശ്യം നിറവേറ്റാനായി ബ്രാഹ്മണരാണ് സ്വത്തു സമ്പാദിക്കേണ്ടത് എന്നിങ്ങനെ സാമ്പത്തികകാര്യങ്ങളില്‍ത്തുടങ്ങി ശിക്ഷാവിധികള്‍ നിര്‍ണ്ണയിക്കുന്ന നിയമവ്യവസ്ഥയില്‍ വരെ സ്ത്രീവിവേചനപരവും വര്‍ണ്ണവിവേചനപരവുമായ അധികാരവ്യവസ്ഥ പ്രവര്‍ത്തിക്കുന്നതു കാണാം. വേദം കഴിഞ്ഞാല്‍ മീമാംസകരുടെ പ്രധാനപരിഗണനാവിഷയം ധര്‍മ്മസൂത്രങ്ങളും സ്മൃതികളുമുള്‍പ്പെടുന്ന ധര്‍മ്മശാസ്ത്രമായിരുന്നു എന്നുകൂടി ഇതിനോടു ചേര്‍ത്തുവയ്ക്കാം. വാക്കുകളുടെയും വാക്യങ്ങളുടെയും അര്‍ത്ഥം നിര്‍ണ്ണയിച്ച് അവയുടെ പ്രാമാണ്യമുറപ്പിക്കുന്ന മീമാംസകരുടെ പദ്ധതിയാണ് സ്മൃതിവാക്യങ്ങളെ വ്യാഖ്യാനിക്കുന്നതിനും ഉപയോഗിക്കപ്പെട്ടത്. സ്മൃതിനിയമങ്ങള്‍ സംബന്ധിച്ച സംശയങ്ങളില്‍ തീര്‍പ്പു കല്പിക്കുന്നതിനുള്ള അവകാശവും മീമാംസകനായിരുന്നു എന്നു ധര്‍മ്മസൂത്രങ്ങളും സ്മൃതികളും തെളിവു തരുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ പ്രപഞ്ചത്തിന്‍റെ അടിസ്ഥാനമായ ക്രമത്തിനനുസരിച്ചു കര്‍മ്മബദ്ധരായി ജീവിക്കുക എന്ന ആദര്‍ശാത്മകമായ തത്ത്വമാണ് മീമാംസയുടെ പ്രധാനസവിശേഷത. പ്രായോഗികമായ ഭൗതികജീവിതത്തെ അതു കാര്യമായിത്തന്നെ പരിഗണിക്കുന്നുമുണ്ട്. എന്നാല്‍ പൂര്‍ണ്ണമായും ബ്രാഹ്മണകേന്ദ്രിതമായ മീമാംസാപദ്ധതി വൈയക്തികവും സാമൂഹികവുമായ ജീവിതത്തില്‍ പ്രയോഗിക്കപ്പെട്ടപ്പോള്‍ അത് അതികര്‍ക്കശമായ ഒരധികാരവ്യവസ്ഥയെ നിര്‍ണ്ണയിക്കുന്നതിനും നൂറ്റാണ്ടുകളായി നിലനിര്‍ത്തുന്നതിനും കാരണമായിത്തീരുകയാണു ചെയ്തത്. കേരളത്തിലും ബ്രാഹ്മണര്‍ പ്രധാനമായും നിലനിര്‍ത്തിപ്പോന്നത് പൂര്‍വ്വമീമാംസയുടെ പാരമ്പര്യമാണ്. അതുകൊണ്ടുതന്നെ ഇവിടെ നിലനിന്നു പോരുന്ന വേദോച്ചാരണപദ്ധതി, യാഗകര്‍മ്മങ്ങള്‍, വിശ്വാസപ്രമാണങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, ജാതിഘടന എന്നിവയുടെ അടിസ്ഥാനസ്വഭാവവും ചരിത്രവും വിശകലനം ചെയ്യണണമെങ്കില്‍ മീമാംസാപാരമ്പര്യത്തെക്കുറിച്ചുള്ള അറിവ് അനിവാര്യമാണ്.

Comments

comments