അധികം വർഷങ്ങളായിട്ടില്ല. വടക്കുകിഴക്കൻ ചൈനയിലെ ഹമിൻ മാംഘ എന്ന പുരാതനഗ്രാമത്തിൽ ഉൽഖനനം നടത്തിയിരുന്ന പര്യവേക്ഷകർ ഒരു കാഴ്ച കണ്ട് അമ്പരന്നു പോയി. അയ്യായിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള നവീനശിലായുഗ മനുഷ്യരുടെ പാർപ്പിടങ്ങൾ അവിടെ കണ്ടെടുത്തു തുടങ്ങിയിട്ട് പത്തു വർഷത്തിൽ താഴേയേ ആവുന്നുള്ളൂ. പല തവണ താമസിക്കുകയും ഒഴിഞ്ഞു മാറുകയും വീണ്ടും വന്നു പാർക്കുകയും ചെയ്ത ഇടങ്ങളായിരുന്നു അത്. പരിസരത്ത് പലപ്പോഴായി സംഭവിച്ച കൃഷിനാശങ്ങളായിരിക്കണം അതിനു കാരണമെന്നാണ് പൊതുവെ വിശ്വസിച്ചു പോന്നിരുന്നത്. ഏതായാലും ഗവേഷണങ്ങൾ തകൃതിയായി നടക്കുന്നതിനിടയിലായിരുന്നു ഈ പുതിയ കണ്ടുപിടുത്തം.
മണ്ണിനടിയിൽ നിന്നും തെളിഞ്ഞു വന്നുകൊണ്ടിരുന്നത് ഒരു കൊച്ചുവീടായിരുന്നു. ഹമിൻ മാംഘയിലെ കളിമണ്ണിലും മരത്തടികളിലുമായി പണിത, F40 എന്ന് ഗവേഷകർ അടയാളപ്പെടുത്തിയ ആ കൊച്ചുവീടിനകത്താകട്ടെ, നൂറോളം അസ്ഥികൂടങ്ങൾ കുമിഞ്ഞുകൂടിക്കിടക്കുന്നു. മിക്കവാറും പതിനെട്ടിനും മുപ്പത്തഞ്ചിനും ഇടയിൽ പ്രായമുള്ളവർ. പിന്നെ കൊച്ചുകുട്ടികളുമുണ്ട്. ചിലതിലെങ്കിലും അഗ്നിബാധയുടെ ലക്ഷണങ്ങൾ പ്രകടമായിരുന്നു. ഒരു കൊച്ചുവീടിനകത്ത് ഇത്രയും പേരെ കുത്തിത്തിരുകി തീക്കൊടുത്തതായിരിക്കുമോ? ശാസ്ത്രലോകത്തെ ഏറെ ചിന്തിപ്പിച്ച ഈ ചോദ്യത്തിന് ഇന്ന് ഉത്തരം ലഭ്യമാണ്.
അയ്യായിരം വർഷങ്ങൾക്കു മുമ്പ് ഈ ചരിത്രാതീതകാല ഗ്രാമത്തെ ഏതോ ഒരു മഹാമാരി തകർത്തെറിഞ്ഞിരിക്കണമെന്നാണ് ഇപ്പോൾ കരുതപ്പെടുന്നത്. പകർച്ചവ്യാധിയാൽ മരിച്ചുവീണവരെ കൂട്ടത്തോടെ ഇട്ട് കത്തിച്ചതായിരിക്കും. വേണ്ട രീതിയിലുള്ള ശവസംസ്കാരങ്ങൾക്ക് സമയമോ സാവകാശമോ ലഭിച്ചിരിക്കയില്ല. ഇത്തരത്തിലുള്ള മറ്റൊരു മൃതദേഹക്കൂട്ടം കൂടി ഹമിൻ മാംഘയ്ക്കടുത്തുള്ള മറ്റൊരു സ്ഥലത്തു നിന്നു കണ്ടെടുത്തതോടെ ഈ പ്രദേശമാകെ പടർന്നു പിടിച്ച മഹാമാരിയെക്കുറിച്ച് ഏതാണ്ടൊരു തിട്ടം നമുക്ക് കിട്ടുന്നുണ്ട്. ഒരു പക്ഷെ, ലോകത്തിൽ തെളിവുകൾ അവശേഷിപ്പിച്ചിട്ടുള്ള ആദ്യത്തെ മഹാമാരിയായിരിക്കണമത്.
ഹമിൻ മാംഘയിൽ നടന്നതെന്തെന്ന് ആരും എഴുതി വെച്ചിട്ടില്ല. പക്ഷെ, അതു കഴിഞ്ഞ് 2500 വർഷങ്ങൾക്കു ശേഷം ഉണ്ടായ പെലൊപ്പെനേഷ്യൻ മഹാമാരിയുടെ സമയമായപ്പോഴേക്കും അതായിരുന്നില്ല സ്ഥിതി. തുസീഡിഡസ് എന്ന ചരിത്രകാരൻറെ എഴുത്തുകളിൽ നിന്ന് അന്ന് നടന്നതെല്ലാം നമുക്ക് വായിച്ചെടുക്കാം.
ബിസിഇ 430. ഏഥൻസും സ്പാർട്ടയും തമ്മിലുള്ള പെലൊപ്പെനേഷ്യൻ യുദ്ധം കൊടുമ്പിരി കൊണ്ടു നിൽക്കുന്ന കാലം. എത്യോപ്യയ്ക്ക് തെക്ക് എവിടെ നിന്നോ ഈജിപ്തിലൂടെയും ലിബിയയിലൂടേയും മധ്യധരണ്യാഴി കുറുകെ കടന്ന് അവൻ എത്തി. ഇന്നും പേരറിയാത്ത ഒരു രോഗാണു. ആദ്യകാല മഹാമാരികളെല്ലാം പോലെത്തന്നെ കപ്പൽമാർഗ്ഗമായിരുന്നു ആ വരവ്. വന്നിറങ്ങിയതോ ഏഥൻസിലെ പിരെയോസ് തുറമുഖത്തും. തുടർന്നുള്ള നാലു കൊല്ലക്കാലം ഗ്രീസിനെ തകർത്തെറിഞ്ഞുകൊണ്ട് ആ മഹാമാരി മരണതാണ്ഡവമാടി.
പെലൊപ്പനേഷ്യൻ യുദ്ധത്തിൻറെ ചരിത്രമാണ് തുസീഡിഡസ് എഴുതാനിരുന്നത്. പക്ഷെ, അതിനിടയിൽ പ്രത്യക്ഷപ്പെട്ട മഹാമാരിയെക്കുറിച്ചു വിശദമായി വർണ്ണിക്കാൻ അദ്ദേഹം മടിച്ചില്ല. കാര്യമായ വൈദ്യശാസ്ത്രവിവരമോ, പരിചയമോ ഇല്ലെങ്കിലും മഹാമാരിയേയും രോഗലക്ഷണങ്ങളേയും കുറിച്ച് അദ്ദേഹത്തിന് നന്നായി എഴുതാൻ കഴിഞ്ഞത് അത്ഭുതം തന്നെയായിരുന്നു.
“ചുട്ടുപൊള്ളുന്ന പനി, വെട്ടിപ്പൊളിക്കുന്ന തലവേദന, ചുവന്നു വീർത്ത കണ്ണുകൾ, തൊണ്ടയും നാക്കുമാകട്ടെ വീർത്ത് തൊട്ടാൽ ചോര പൊടിയും പോലെ, ശ്വാസം കഴിക്കാനുള്ള വിഷമം, ഉച്ഛ്വാസവായുവിനാണെങ്കിൽ വല്ലാത്ത നാറ്റവും, തുമ്മൽ, തൊണ്ട കാറിയ കടുത്ത ചുമ, പുളിച്ചു തേട്ടൽ, പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന അപസ്മാരം, ശരീരമാകെ ചുമന്നു ചൂടായി നില്ക്കുന്ന പോലെ തോന്നുക, തൊലിപ്പുറത്ത് തിണർപ്പുകൾ വൈകാതെ പഴുപ്പായും മുറിവായും മാറുക.” വല്ലാതെ ഭയപ്പെടുത്തുന്ന ചിത്രമാണ് തുസീസിഡസ് വരച്ചിട്ടത്. പക്ഷെ, അദ്ദേഹം വിവരിക്കുന്ന അസുഖം എന്തായിരിക്കാമെന്നത് ഇന്നും തർക്കവിഷയമാണ്.
എന്തായാലും അക്കാലത്തെ ജനങ്ങൾ ശരീരമാകെ ചൂടുപിടിച്ച്, വസ്ത്രമൊക്കെ ഉരിഞ്ഞിട്ടാണ്, നിൽക്കള്ളിയില്ലാതെ ഓടിനടന്നിരുന്നതത്രെ. തൊലിപ്പുറത്തെന്തെങ്കിലും തൊടുന്നതുപോലും അസഹ്യമായിരുന്നു ആ ഭാഗ്യഹീനർക്ക്. ചിലർ തണുത്ത വെള്ളത്തിൽ ചാടി അനങ്ങാതെ കിടന്നു. ഇതിനൊപ്പം കഠിനമായ ദാഹവും. എത്ര വെള്ളം കുടിച്ചാലും അതൊട്ടൊടങ്ങുകയുമില്ല. ശരീരത്തിലെ പൊട്ടിയൊലിക്കുന്ന വ്രണങ്ങളും, നിയന്ത്രണമില്ലാത്ത അതിസാരവും നിശ്ചയമായും മരണത്തിലേക്കെത്തിക്കുകയും ചെയ്യും. ഏറ്റവും ഗുരുതരമായത് രക്തയോട്ടം നഷ്ടപ്പെടുന്നതിനെത്തുടർന്ന് വിരലുകളും ലിംഗവുമെല്ലാം പഴുത്തളിഞ്ഞ് അറ്റുപോവുന്നതായിരുന്നു. അതുപോലെ മൂർദ്ധന്യാവസ്ഥയിൽ കാഴ്ചയും ഓർമ്മയും നഷ്ടപ്പെട്ടെന്നും വരും. ദുരിതമയമായിരുന്നു ഗ്രീക്കുകാരൻറെ അവസ്ഥ. ഒന്നിനും വയ്യാതെ തളർന്നു വീഴുന്ന മനുഷ്യരെ പലപ്പോഴും പക്ഷികൾ കൊത്തിപ്പെറുക്കുകയോ, നായ്ക്കളും പൂച്ചകളും എലികളുമെല്ലാം കരണ്ടു തിന്നുകയോ ഉണ്ടായത്രെ. കെട്ട മാംസത്തിൻറേയും അഴുകിയ വ്രണങ്ങളുടേയും നാറ്റത്തിൽ അന്തരീക്ഷം നിശ്ചലമായി നിന്നു. കാറ്റിനൊന്നു വീശാൻ പോലും ഭയമായിരുന്നിരിക്കണം. താമസിയാതെ മനുഷ്യമാംസം ഭുജിച്ച പക്ഷിമൃഗജാലങ്ങളും ചത്തുവീണു തുടങ്ങി.
എന്തൊരു ഭയാനകമായ അസുഖമായിരിക്കണമത്! അന്നത്തെ വൈദ്യന്മാർ നടത്തിയ ചികിത്സകളെല്ലാം പരാജയപ്പെട്ടു. രോഗിശുശ്രൂഷയ്ക്കിടയിൽ അസുഖം ബാധിച്ചു മരിച്ച വൈദ്യന്മാരുടെ എണ്ണവും നാൾക്കുനാൾ ഏറിവന്നു. ആ അതിഭീകരമായ രോഗബാധയ്ക്കൊടുവിൽ ഗ്രീസിലെ മൂന്നിലൊരാൾക്ക് ജീവൻ നഷ്ടമായത്രെ. മൂന്ന് ലക്ഷം പേരെങ്കിലും അന്ന് മരിച്ചുവീണിരിക്കണം. കെരമൈക്കോസ് എന്ന സെമിത്തേരിയിൽ അന്നത്തെ മഹാമാരിയിൽ മരണപ്പെട്ടവരുടേതായി ആയിരക്കണക്കിന് കല്ലറകൾ കണ്ടെത്തിയിട്ടുണ്ട്. ഓരോ കല്ലറയിലും ഇടയിലൊരു മണ്ണു പോലും തൂവാതെ ഇരുന്നൂറിലധികം ശരീരങ്ങളാണ് കുത്തിനിറച്ചിരിക്കുന്നത്.
ദൈവത്തോടുള്ള സകലവിശ്വാസവും ജനങ്ങൾക്കക്കാലത്ത് നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ഒരു വശത്തു യുദ്ധം കടുത്തു നിന്നപ്പോൾ, മറുവശത്ത് മഹാമാരി. ഇരുദുരിതങ്ങളും ചേർന്നെഴുതിയതാകട്ടെ, മഹാദുരന്തകഥയും. പക്ഷെ, ഏതാനും വർഷങ്ങൾക്കകം ദൈവവിശ്വാസമെല്ലാം പഴയ പോലെയായി. എസ്കുലേപ്പിയസ് വൈദ്യദേവനായി പുനസ്ഥാപിക്കപ്പെട്ടു. ഇനിയൊരിക്കലും മഹാമാരി തിരിച്ചെത്തരുതേ എന്ന എസ്കുലേപ്പിയസിനോടുള്ള പ്രാർത്ഥനകൾ ഏഥൻസിലെങ്ങും മുഴങ്ങി. അന്നത്തെ ബുദ്ധിജീവികൾ പോലും ഈ ചുവടുമാറ്റത്തിൽ നിന്ന് മുക്തരായിരുന്നില്ല. എസ്കുലേപ്പിയസിൻറെ പ്രതിമ എഴുത്തുകാരനായ സോഫോക്ലിസ് സ്വന്തം വീട്ടിൽ സ്ഥാപിച്ചുവെന്ന് കേട്ടിട്ടുണ്ട്. ക്ലാരോ എന്ന സ്ഥലത്തെ ഒരു കോമരം ആർട്ടമിസ് ദേവിയുടെ പ്രതിമ കൊണ്ടുവരാനായി അക്കാലത്ത് ആഹ്വാനം ചെയ്തതായും കഥയുണ്ട്. ഈ രോഗം പടച്ചുവിട്ടവളെ മെഴുകു പ്രതിമകൾക്കൊപ്പം കത്തിക്കാൻ അപ്പോളോ ദേവൻറെ ആജ്ഞയുണ്ടെന്ന് ആ കോമരം പറയുന്നതായ രേഖകളുമുണ്ട്. മഹാമാരികൾ അക്കാലത്ത് ദൈവശിക്ഷയായാണ് പൊതുവെ കരുതിയിരുന്നത്. ആ ചിന്തയിൽ നിന്ന് മാറിനില്ക്കാൻ പൊതുവെ ആർക്കും കഴിയുകയുമായിരുന്നില്ല. തൻറെ വിധി എഴുതപ്പെട്ടു കഴിഞ്ഞു എന്നു വരുമ്പോൾ രണ്ടു തരത്തിലുള്ള പെരുമാറ്റങ്ങൾ ജനങ്ങളിൽ പ്രകടമായിരുന്നുവെന്ന് തുസീഡിഡസ് നിരീക്ഷിക്കുന്നു. എങ്ങനെ ഈ സമയം നന്നായി വിനിയോഗിച്ച് മറ്റുള്ളവരെ സഹായിക്കാമെന്ന് ഒരു കൂട്ടർ. മറ്റൊരു വിഭാഗമാകട്ടെ, എന്തായാലും മരിക്കാനാണ് പോകുന്നത്, അപ്പോൾ ഞാനിനി ആഘോഷിക്കട്ടെ എന്ന് ചിന്തിച്ച് മദ്യത്തിലും മദിരാക്ഷിയിലും ആഘോഷങ്ങളിലും മുഴുകുന്നവരും.
ഇന്നു ശാസ്ത്രകാരന്മാർ ആ പെലൊപ്പനേഷ്യൻ മഹാമാരി വസൂരിയോ, ടൈഫസ് എന്ന ചെള്ളുപനിയോ, ഗോതമ്പിൽ നിന്നു പകർന്ന അപൂർവ്വമായ ചില പൂപ്പൽ ബാധയോ ആയിരിക്കാമെന്ന് ഊഹിക്കുന്നുവെങ്കിലും കൂടുതൽ സാധ്യത അഞ്ചാംപനിയ്ക്കായിരിക്കണം. അഞ്ചാംപനിയുടെ ആദ്യവരവും പടർച്ചയുമായതിനാൽ അതീവഗുരുതരമായിരുന്നിരിക്കാനും ഇടയുണ്ട്. പിന്നൊരു സാധ്യത അരീന വൈറസിനാൽ ഉണ്ടാവുന്ന ലാസ്സപ്പനിയാണ്. മിക്കവാറും തുസീഡിഡസ് പറഞ്ഞ ലക്ഷണങ്ങൾ അതിൽ ഉണ്ടാകാവുന്നതുമാണ്. എബോളയായിരുന്നുവെന്നും അല്ലെങ്കിൽ, അതു പോലുള്ള മറ്റേതോ വൈറൽ രക്തസ്രാവദീനമോ ആയിരിക്കാമെന്നും വാദങ്ങളുണ്ട്. ഇതൊന്നും ഉറപ്പിച്ച അഭിപ്രായങ്ങളൊന്നുമല്ല. ഒരു പക്ഷെ, ഒന്നിലധികം രോഗങ്ങൾ ഒരുമിച്ച് അഴിഞ്ഞാടിയതാവാനും മതി. എന്തായാലും അതുപോലൊരു അസുഖത്തെക്കുറിച്ച് ലോകചരിത്രത്തിൽ പിന്നീട് നാം കേൾക്കുന്നേയില്ല. ഭാഗ്യം! അല്ലാതെന്തു പറയാൻ.
അക്കാലത്ത് കൂട്ടത്തോടെ മറവു ചെയ്യപ്പെട്ട മൃതശരീരങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് ഡിഎൻഎ പരിശോധന ചെയ്യാനുള്ള നിർദ്ദേശമുണ്ടായിരുന്നു അസുഖമേതെന്ന് കണ്ടു പിടിക്കാൻ. അക്കൂട്ടത്തിൽ നിന്ന് കണ്ടു കിട്ടിയ പല്ലുകളിൽ കണ്ട വിഷൂചികയുടെ അംശം ഏതാണ്ട് കാര്യമുറപ്പിച്ചെങ്കിലും, ആ ജനിതകപരിശോധനകൾ തീർത്തും കുറ്റവിമുക്തമായിരുന്നില്ലെന്ന വാദം അനിശ്ചിതത്വം തുടർക്കഥയാക്കി മാറ്റി. ഇത്രയും കാലം നീണ്ടു നില്ക്കാവുന്ന വൈറസിൻറെ ജനിതകവശിഷ്ടങ്ങൾക്ക് സാധ്യതയില്ലാത്തതിനാൽ ഇനിയേതെങ്കിലും കാലത്ത് പെലൊപ്പെനേഷ്യൻ മഹാമാരിയുടെ കാരണം കണ്ടു പിടിക്കാനൊക്കുമോ എന്ന് യാതൊരു ഉറപ്പുമില്ല.
യൂറോപ്പിനെ നടുക്കിയ അടുത്ത മഹാമാരിയുടെ വരവ് ഏതാണ്ട് ആറ് നൂറ്റാണ്ടുകൾക്ക് ശേഷമായിരുന്നു. റോമാസാമ്രാജ്യം ശക്തിയിലും പ്രഭാവത്തിലും വെട്ടിത്തിളങ്ങി നിന്ന കാലം. പ്രതിഭാശാലിയായിരുന്ന മാർക്കസ് ഔറീലിയസ് ആയിരുന്നു അന്നത്തെ റോമാചക്രവർത്തി. ഒന്നാം നൂറ്റാണ്ടിൻറെ അവസാന നാളുകളിൽ ഭരിച്ചിരുന്ന നെർവ, പിന്നെ ട്രാജൻ, ഹാഡ്രിയൻ, അൻറോനിനസ് പയസ്, എന്നിവരുടെ പിന്നാലെ ഏറ്റവും മികച്ച റോമൻ ചക്രവർത്തിമാരെന്നു പേരെടുത്ത അഞ്ചു പേരിൽ ഒരാളായി സിംഹാസത്തിലിരുന്നയാളായിരുന്നു മാർക്കസ് ഔറീലിയസ്. ഇനി സാമ്രാജ്യതലസ്ഥാനത്തിൻറെ കാര്യത്തിലാണെങ്കിൽ, ഒരു പക്ഷെ, റോമാനഗരത്തിന് അത്രയും തിളക്കം പിന്നീടൊരിക്കലും ഉണ്ടായിട്ടില്ല എന്നും പറയാം. ഈ അഞ്ചു ഭരണാധികാരികളിൽ ഒടുവിലത്തെ രണ്ടു പേരേയും ചേർത്തു വിളിച്ചിരുന്നത് ആൻറനൈൻ ചക്രവർത്തിമാർ എന്നായിരുന്നു. അതു കൊണ്ട് ആ കാലത്തെ ആൻറനൈൻ കാലമെന്നും അക്കാലത്ത് പ്രത്യക്ഷപ്പെട്ട മഹാമാരിയെ ആൻറനൈൻ മഹാമാരിയെന്നും പേരു ചൊല്ലി വിളിച്ചു.
റോമാസാമ്രാജ്യത്തിലെത്തിയ മഹാമാരിയുടെ തുടക്കം അങ്ങു ദൂരെ കിഴക്കൻ ചൈനയിലായിരുന്നുവത്രെ. സിൽക്കുപാതയിലൂടെ മൃഗങ്ങളിലൂടേയോ മനുഷ്യരിലൂടെയോ അത് പഴയ മെസപ്പെട്ടേമിയൻ ഭൂമിയിലെത്തിയതായിരിക്കണം അത്. അക്കാലത്തവിടെ, റോമാക്കാരുടെ സൈന്യവും പാർത്ഥിയൻ സൈന്യവും സാമ്രാജ്യവും തമ്മിൽ കൊമ്പുകോർത്തു നില്ക്കുകയായിരുന്നു.
ടൈഗ്രിസ് നദിക്കരയിലെ സെലൂഷ്യ പട്ടണത്തിൽ വെച്ച് സാമ്രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം കനത്തു. റോമാക്കാർക്കായിരുന്നു അന്തിമവിജയം. അതിനവർക്കു കൊടുക്കേണ്ടി വന്ന വിലയാകട്ടെ കടുത്തതും. യുദ്ധം ജയിച്ചാൽ ശത്രുവിൻറെ പട്ടണം കൊള്ളയടിക്കരുതെന്നാരു പ്രതിജ്ഞ എല്ലാ റോമൻ സൈനികരും യുദ്ധത്തിന് ഇറങ്ങുന്നതിന് മുമ്പ് എടുക്കാറുണ്ട്. പക്ഷെ, വിധിവൈപരീത്യമെന്നു പറയട്ടെ, ആ പ്രതിജ്ഞ സെലൂഷ്യയിൽ ലംഘിക്കപ്പെട്ടു. റോമാക്കാരുടെ ഭ്രാന്തമായ ആർത്തിക്കു മുന്നിൽ സെലുഷ്യനഗരം അപമാനിതയായി നിന്നു. ഏറ്റവും ഭീകരമായത് ലക്കുകെട്ട ചില സൈനികർ ക്ഷേത്രങ്ങൾ കയ്യേറിയതായിരുന്നു. അപ്പോളോ ദേവൻറെ വലിയൊരു ക്ഷേത്രമുണ്ട് സെലൂഷ്യയിൽ. അതിലെ ഗർഭഗൃഹത്തിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണപേടകമായിരുന്നു ഒരു കൂട്ടരുടെ ലക്ഷ്യം. നിർലജ്ജം റോമാക്കാരനായ ഒരു സൈനികൻ ക്ഷേത്രത്തിനകത്തെത്തി പേടകം കുത്തിത്തുറന്നു. സ്വർണ്ണനാണയങ്ങൾ മാത്രമല്ല അതിൽ നിന്നും പുറത്തേക്കൊഴുകിയത്, ഒപ്പം മഹാരോഗകീടങ്ങൾ കൂടിയായിരുന്നുവെന്നാണ് ഐതിഹ്യങ്ങൾ പറയുന്നത്. എന്തായാലും യുദ്ധം ജയിച്ച റോമാക്കാർ തിരിച്ച് റോമിലേക്കെത്തിയപ്പോഴേക്കും അതിൽ ഏറെപ്പേർ രോഗബാധിതരായിരുന്നു. നാലാം നൂറ്റാണ്ടിൽ മാർക്കസ് ഔറീലിയസിൻറെ ജീവചരിത്രമെഴുതിയ മാർസലീനിയസ് ഈ സംഭവം വിശദമായി വിവരിക്കുന്നുണ്ട്. അപ്പോളോ ദേവൻറെ അപ്രീതിയായിരുന്നു ആ മഹാമാരിപ്പടർച്ചയ്ക്ക് തുടക്കമിട്ടതെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ അക്കാലത്തെ റോമാക്കാരിൽ പലരും വിചാരിച്ചിരുന്നത് അത് ക്രിസ്ത്യാനികളുടെ ദൈവനിന്ദാപരമായ പ്രവൃത്തികൾ കൊണ്ടായിരുന്നു എന്നാണ്.
ഇക്കാലത്ത് ജീവിച്ചിരുന്ന ഒരു പ്രതിഭാശാലിയായിരുന്നു ആധുനികവൈദ്യശാസ്ത്രത്തിന് അടിത്തറയിട്ട, പന്ത്രണ്ടിലധികം നൂറ്റാണ്ടുകൾ ലോകവൈദ്യരംഗത്തെ തൻറെ സിദ്ധാന്തങ്ങളാൽ അപ്പാടെ നിയന്ത്രിച്ചിരുന്ന ഗ്രീക്ക് ഭിഷഗ്വരപ്രമാണി ഗാലൻ. അന്ന് പടർന്നു പിടിച്ച മഹാമാരിയെ ഗാലൻ കൃത്യമായി വർണ്ണിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പനി, അതിസാരം, ഛർദ്ദി, കഠിനമായ ദാഹം, തൊണ്ടവീക്കം, ചുമ എന്നിവ മിക്കവരിലും കാണപ്പെട്ടു. വയറ്റിൽ നിന്ന് കറുത്ത നിറത്തിൽ ഇളകിപ്പോയിരുന്നത് കുടലിലെ രക്തസ്രാവം കൊണ്ടായിരിക്കാമെന്ന് ഗാലൻ അഭിപ്രായപ്പെടുന്നുമുണ്ട്. ചുമച്ചു തുപ്പുന്ന കഫത്തിൻറെ ദുർഗന്ധം അസഹനീയമായിരുന്നുവത്രെ. ദേഹമാസകലം തിണർപ്പുകളും ചുവന്നു തടിക്കലും ഒരു വിധം എല്ലാവരിലുമുണ്ടായി. അത്തരം ചിലത് വ്രണങ്ങളാവുകയും കരിഞ്ഞ് പൊറ്റയായി വീഴുകയും ചെയ്തു. രണ്ടാഴ്ചയോളം നീണ്ടുനിന്നു മിക്കവരിലും അസുഖം. ഗാലൻറെ കുറിപ്പുകളിൽ നിന്ന് ആ പകർച്ചവ്യാധി വസൂരി തന്നെ ആയിരിക്കണമെന്നാണ് വിദഗ്ദ്ധമതം.
റോമൻ ചരിത്രകാരനായ ദിയോ കാഷ്യസ് പറയുന്നത് അക്കാലത്ത് ദിനംപ്രതി രണ്ടായിരത്തിലധികം പേരെങ്കിലും റോമിൽ മരിച്ചുവീണു കൊണ്ടിരുന്നു എന്നാണ്. മധ്യധരണ്യാഴിയുടെ തീരങ്ങളിലേക്ക് അസുഖം വ്യാപിച്ചതോടെ മരണസംഖ്യ ക്രമാതീതമായി വർദ്ധിച്ചു തുടങ്ങി. റോമാ സാമ്രാജ്യത്തിലാകെ ആറോ ഏഴോ കോടി ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു എന്നാണ് ഏകദേശ കണക്ക്. ഇത് അന്നത്തെ ലോക ജനസംഖ്യയുടെ ഏഴിലൊന്നോളം വരും.
മാർക്കസ് ഔറീലിയസിൻറെ കൂട്ടു ഭരണാധികാരിയായിരുന്ന ലൂഷ്യസ് വേരസ് മരിച്ചതായിരുന്നു മറ്റൊരു വലിയ വാർത്ത. പതിനൊന്ന് വർഷം കഴിഞ്ഞ് ചക്രവർത്തിയുടെ ജീവനും ഇതേ പകർച്ചവ്യാധിയിൽ ഒടുങ്ങി. ജർമ്മൻ അതിർത്തിയിൽ കഴിഞ്ഞിരുന്ന സൈനികരിലായിരുന്നു ഏറ്റവും കടുത്ത രോഗബാധ ഉണ്ടായത്. സാമ്രാജ്യസംരക്ഷണം തീർത്തും അസാധ്യമായ നിലയിലായി. റോമൻ സാമ്രാജ്യത്തിൻറെ അധ:പതനത്തിൻറെ തുടക്കമായിരുന്നു അത്. പിന്നീടങ്ങോട്ടുള്ള വർഷങ്ങളിൽ, ജർമ്മൻ ഗോത്രവർഗ്ഗങ്ങളുടെ റൈൻ നദി കടന്നുള്ള തുടർച്ചയായ ഇരച്ചു കയറ്റം ആ നാശത്തിൻറെ നാന്ദിയായിരുന്നു. അതിന് തുടക്കം കുറിച്ചതോ സെലൂഷ്യസിൽ നിന്നും പടർന്നു കയറിയ മഹാമാരിയും. സാമ്രാജ്യത്തിൻറെ സാമ്പത്തിക നിലയും അപകടനിലയിലായി. കൃഷി ചെയ്യാനും നികുതിയടക്കാനും ആളില്ലാലായത് ക്ഷാമത്തിലേക്കും ദാരിദ്ര്യത്തിലേക്കും നയിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ.
ഇതേയവസരത്തിൽ ജീവിതത്തിനും മരണത്തിനും പുതിയ അർത്ഥങ്ങൾ പകർന്നു കൊടുത്തുകൊണ്ട് ക്രിസ്തുമതം കൂടുതൽ പ്രചാരത്തിലും വന്നു. രോഗികളെ പരിചരിക്കാനും സ്നേഹശുശ്രൂഷകളേകാനും പുതുമതക്കാർ കൂടുതലായി മുന്നോട്ടു വന്നത് ഏവരാലും ശ്രദ്ധിക്കപ്പെട്ടു. പലരും ആ പരഹിതപ്രവണതയിൽ ആകർഷിക്കപ്പെടുകയും ചെയ്തു. ക്രിസ്തുമതത്തെ അടുത്തറിയാനും, കൂടുതൽ അന്വേഷണങ്ങൾക്ക് വിധേയമാക്കാനും അത് കളമൊരുക്കി. മാത്രവുമല്ല, ക്രിസ്തുമതത്തെ യൂറോപ്പിൻറെ മതമാക്കി തീർക്കുന്നതിലേക്കുള്ള ആദ്യപടി ഈ ആൻറനൈൻ പ്ലേഗു കാലത്തായിരുന്നു എന്നു പറഞ്ഞാലും തെറ്റില്ല.
ഷൂലെ എലീ ദെലോനെയുടെ “വാതിലിൽ മുട്ടി വിളിക്കുന്ന മരണത്തിന്റെ മാലാഖ” എന്ന ചിത്രത്തിൽ ആൻറനൈൻ മഹാമാരിക്കാലത്തെ പകർത്തിയിട്ടുണ്ട്. കൊറിന്ത്യൻ സ്തംഭങ്ങളാൽ അലംകൃതമായ വാതിലിലാണ് മാലാഖയും അനുചരനും മരണം കുറിച്ചുകൊണ്ടിരിക്കുന്നത്. തീക്ഷ്ണമാണ് അവരുടെ ഭാവം. അറിയാതെ ഒരു നടുക്കം ആ ഭാവഹാദികളും ആംഗ്യവിക്ഷേപവും നമ്മളിൽ സൃഷ്ടിക്കുന്നുമുണ്ട്. ആ ഭീകരതയെ അനുഭവിപ്പിക്കുന്ന വാതിലിന് തൊട്ടു തന്നെ അശരണതയിലും വേദനയിലും പുളയുന്ന രണ്ടു രൂപങ്ങളെ കാണാം. അതിലൊരാൾ മുകളിലേക്കു നോക്കി അപേക്ഷിക്കുകയാണെന്നു തോന്നും. അങ്ങനെത്തന്നെ ആയിരിക്കണം. കാരണം മുകളിൽ പകുതി മറഞ്ഞു കാണുന്ന ശില്പം എസ്കുലേപ്പിയസിന്റേതാണ്. ഗ്രീക്ക് വൈദ്യത്തിന്റെ സ്ഥാപകൻ. ഒരു പക്ഷെ, ഈ പകർച്ചവ്യാധിയിൽ വൈദ്യത്തിന് ഒന്നും ചെയ്യാനില്ലെന്ന് പറയാതെ പറയുകയാണോ ചിത്രകാരൻ എന്നു തോന്നിപ്പോകും. എന്തായാലും, ജീവിതത്തിന്റേയും മരണത്തിന്റേയും ഭീഷണമായ ഒരു വിഛേദനം ഈ ചിത്രത്തിലൂടെ നമ്മെ അനുഭവിപ്പിക്കുന്നുണ്ട് ദെലോനെ എന്നത് തീർച്ച.
വിവിധ മനുഷ്യസമൂഹങ്ങൾ തമ്മിലുള്ള വ്യത്യസ്ത ഇടപഴകലുകളാണ് പ്രാചീന മഹാമാരികളെ സൃഷ്ടിച്ചത് എന്നൊരു സിദ്ധാന്തമുണ്ട്. ആൻറനൈൻ മഹാമാരിയെ സംബന്ധിച്ചിടത്തോളം അത് പരിപൂർണ്ണ സത്യം. പാർത്ഥിയരും റോമാക്കാരുമായുള്ള ഇടപഴകലായിരുന്നല്ലോ ആ വിനാശത്തിലേക്ക് നയിച്ചത്. മനുഷ്യരും പകർച്ചവ്യാധികളും തമ്മിലുള്ള നീണ്ട ചരിത്രബന്ധം ഏറെ ദീർഘമായതാണ്. ആദ്യപലായനങ്ങൾ മുതൽ പകർച്ചവ്യാധികൾ മനുഷ്യൻറെ കൂടെയുണ്ട്. സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും സാമ്പത്തികവും ജൈവികവുമായ അനവധി പരിണാമങ്ങൾക്ക് വഴിതെളിച്ചിട്ടുള്ളതാണ് ഓരോ മഹാമാരികളും.
(തുടരും)
മഹാമാരിക്ക് മനുഷ്യചരിത്രത്തോളം പഴക്കമുണ്ട് എന്ന തിരിച്ചറിവ് ഇന്നത്തെ തലമുറക്ക് പകർന്ന് നൽകേണ്ടത് കാലം ആവശ്യപ്പെടുന്ന ദൗത്യമാണ്.പ്രകൃതി എന്നും മനുഷ്യനെ ഞെട്ടിച്ചിട്ടുണ്ട് എന്ന ബോധം അവരിൽ പ്രകൃതിയോട് കൂടുതൽ പൊരുത്തപ്പെടാൻ സഹായിച്ചേക്കാം,പ്രത്യേകിച്ചും ആധുനിക ശാസ്ത്രനേട്ടങ്ങളാൽ മത്തുപിടിച്ച നവ ഉപഭോഗ സമൂഹത്തിന്ന്.കാത്തിരിക്കുന്നു,തുടർച്ചക്ക്.