വേട്ട
രഹസ്യത്തിൽ സംഭവിക്കുന്നു
വേട്ടക്കാരന്റെ ചുവടുകളിൽ
പതർച്ചയില്ല
കാലൊച്ചകളില്ല
അമ്പു കൂർപ്പിക്കുന്നതും
തൊടുക്കുന്നതും
ശ്വാസമറിയാതെ
സീൽക്കാരങ്ങളില്ലാതെ
അടയാത്ത
ഇമ ചിമ്മാത്ത
ഒളിക്കണ്ണുകൾ
അകലങ്ങളിലേയ്ക്ക്
വേട്ടമൃഗത്തിന്റെ
മിന്നി മറയുന്ന കഴുത്തിലേയ്ക്ക്
ഇലപ്പടർപ്പുകൾക്കിടയിലൂടെ നീളുന്ന
ദൃശ്യദൂരങ്ങൾ

 

ഇരയുടെ ഗതിവേഗവും
വേട്ടക്കാരന്റെ കണ്ണും
അനുപാതങ്ങൾ ലംഘിക്കുന്നില്ല
മനസ്സും ലക്ഷ്യവും ബന്ധിപ്പിക്കുന്ന
ഋജുരേഖകളിൽനിന്ന്
വ്യതിചലിക്കുന്നില്ല
വേട്ടയുടെ വഴികൾ
നിസ്സംഗതയ്ക്കും ഏകാഗ്രതയ്ക്കുമിടയിലെ
സേതുബന്ധനങ്ങൾ
അറിഞ്ഞും അറിയാതെയും
കടന്നു പോകുന്നു
നിശബ്ദമായി തുറന്നു കിടന്ന
അദൃശ്യവാതായനങ്ങൾ

 

കരിയിലകൾ അനങ്ങുമ്പോൾ
അടയാളങ്ങൾ മനസ്സിലാവുന്നു
ദൃഷ്ടികൾ പിന്തുടരുന്നു
ശബ്ദവും ഗന്ധവും
അടക്കിയ ശ്വാസനിശ്വാസങ്ങൾ
ആകാംക്ഷയുടേയും പ്രതീക്ഷയുടേയും
അപൂർവ്വ സന്ധികൾ
ദുർഗ്ഗമത്തിന്റെ ഇരുൾപ്പടർപ്പുകൾ
വിജനമായ സമതലങ്ങൾ
അവസാനിക്കാതെ വഴികൾ
ലക്ഷ്യമില്ലാത്ത പലായനങ്ങൾ
സാമീപ്യങ്ങൾ പിടിച്ചുനിർത്താനാവാതെ
ദൂരങ്ങൾ വിദൂരങ്ങളാവുന്നു
വേട്ട എന്നും
ഇരയുടെ അകൽച്ചയും
വേട്ടക്കാരന്റെ
തീരാത്ത പിന്തുടർച്ചയും

വേട്ടയുടെ പുസ്തകത്തിൽ
ചേർക്കപ്പെടുന്നു
ജീവന്റെയും മരണത്തിന്റെയും
അനാഥത്വം

 


 

 

 

Comments

comments