നവലിബറൽ കാലത്തെ കേരള വികസനവും കേരളത്തിലെ ഇടത് പക്ഷ സർക്കാരുകളുടെ ബഡ്ജറ്റുകളും – Part 2 

2022 കേരള ബജറ്റ്: നവലിബറലിസത്തെ ഉപയോഗിച്ച് ഒരു പ്രതിസന്ധി കാലത്തെ നേരിടാനുള്ള സാധ്യതയെന്തുണ്ട്?

കഴിഞ്ഞ ലക്കത്തിൽ ചർച്ച ചെയ്തതിൽ നിന്നും ഒരു കാര്യം വ്യക്തം ആണ്, കേരളത്തിലെ ഇടത് സർക്കാരിന്റെ ബജറ്റുകളും വികസന നയങ്ങളും പലപ്പോഴും നവലിബറലിസം മുന്നോട്ട് വയ്ക്കുന്ന സാധ്യതകളെ നന്നായി ഉപയോഗിക്കാനുള്ള തന്ത്രങ്ങൾ ആയി ആണ് ഉരുത്തിരിഞ്ഞത്. വിപണി വ്യവസ്ഥ മൂലം സമൂഹത്തിലെ തത്വദീക്ഷയും മൂല്യങ്ങളും ഒരുപാട് ലഘൂകരിച്ചെങ്കിലും അത് തീർത്തും നഷ്ടപ്പെട്ടിട്ടില്ല എന്ന ധാരണ ആണ് പല നയങ്ങളും പറഞ്ഞു വച്ചത്. കേരളത്തിലെ ജനത്തിന്റെ ആഗ്രഹങ്ങൾക്ക് ഒരു പുതു ചിറക് വിരിപ്പിക്കാനുള്ള ഒരു ശ്രമം 2021ലെ ഇലക്ഷൻ പത്രികയിൽ നൽകിയിട്ടുണ്ട്. അത് പ്രാവർത്തികമാക്കാനുള്ള ശ്രമം ബഡ്ജറ്റിൽ ഉണ്ടോ എന്നുള്ള അവലോകനം ആണ്.

ധനമന്ത്രി കെ എൻ ബാലഗോപാൽ 2022-2023 ലെ ബജറ്റ് അവതരിപ്പിച്ചപ്പോൾ വിജ്ഞാന സമ്പത്ത് വ്യവസ്ഥയിലൂന്നിയ ഒരു വികസന മോഡൽ ആണ് ബഡ്‌ജറ്റിലൂടെ മുന്നോട്ട് വച്ചിരിക്കുന്നത്. സത്യത്തിൽ ബഡ്‌ജറ്റിന്റെ കാതൽ അതാവുമ്പോൾ, അതിനായി എങ്ങനെ വിഭവ ശേഖരണവും നീക്കിയിരുപ്പും നടത്തുമെന്ന് വ്യക്തമാക്കേണ്ടത് ഉണ്ട്. അതിൽ കാര്യമായ വ്യക്തത ഇല്ല, ഒപ്പം നീക്കിയിരുപ്പിന്റെ വലുപ്പം നോക്കിയാൽ മനസിലാവുന്നത്, പത്ത് ശതമാനത്തിനടുത്തുള്ള ഒരു സംഖ്യ മാത്രമാണ് പല പ്രധാന പദ്ധതികൾക്കും നീക്കി വച്ചിരിക്കുന്നത്. ഒരു പദ്ധതിയുടെ തുടക്കത്തിൽ തുച്ഛമായ തുക നൽകിയാൽ പദ്ധതി വൈകുകയും, പദ്ധതി ചിലവ് അതനുസരിച്ച് വർദ്ധിക്കുകയും ചെയ്യുമെന്നാണ് മുൻകാലത്തെ പല പദ്ധതികളും നമ്മെ പഠിപ്പിക്കുന്നത്.

ഇത്തവണത്തെ ബഡ്‌ജറ്റിന്റെ പ്രധാന വെല്ലുവിളി പതിനൊന്നാം ശമ്പള കമ്മീഷന് ശേഷമുള്ള ചിലവുകൾ ആണ്. സംസ്ഥാനത്തിന്റെ വരുമാനം വളരെ കുറഞ്ഞിരിക്കുകയും പൊതു ജനത്തിന്റെ ഉപഭോഗത്തിൽ കാര്യമായ കുറവ് ഉണ്ടായിരിക്കുകയും ചെയ്ത സമയത്താണ് സർക്കാർ ഉദ്യോഗസ്ഥരുടെ വരുമാനം വർദ്ധിപ്പിച്ചത്. രസകരമായ കാര്യം, കേരളത്തിലെ ശമ്പളവും പെന്ഷനും മറ്റ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേയും കേരളത്തിലെ തന്നെ സ്വകാര്യ മേഖലയിലെ ശമ്പള നിരക്കുകളും ഒക്കെ താരതമ്യം ചെയ്ത പതിനൊന്നാം ശമ്പള കമ്മീഷന് ശമ്പളം ഇപ്പോൾ വർദ്ധിപ്പിക്കാനുള്ളതിന് ഒരു വിശ്വസനീയ കാരണമോ, ന്യായമോ നൽകാൻ കഴിഞ്ഞിട്ടില്ല. കമ്മീഷൻ തന്നെ പറയുന്നുണ്ട്, സ്വകാര്യമേഖലയിലെ മിഡിൽ മാനേജ്മെന്റിൽ ഉള്ള ഒരു വ്യക്തിയുടെ ശമ്പളം ആണ് സർക്കാരിലെ തുടക്കകാരന്‌ എന്നും, സർക്കാര്‍ ശമ്പളം വാങ്ങുന്ന ഓരോ വ്യക്തിയും ഓർക്കണം അവർ വിശേഷാനുകൂല്യം അനുഭവിക്കുന്ന ഒരു ചെറിയ ഗ്രൂപ്പ് ആണെന്ന്. ഏത് കണക്കുകൾ വച്ച് നോക്കിയാലും ആവശ്യത്തിന് അധികം വരുമാനം സർക്കാർ ഉദ്യോഗസ്ഥർക്ക് ഉണ്ട് എന്ന് കണക്കുകൾ നിരത്തി കമ്മീഷൻ പറയുന്നുണ്ട്. ഇതെല്ലാം പറഞ്ഞതിന് ശേഷം 10 ശതമാനം വർദ്ധനവിന് പ്രത്യേക കാരണങ്ങൾ ഒന്നും പറയാതെ ശുപാർശ ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. കമ്മീഷന്റെ കണ്ടെത്തലുകൾ സത്യമായിരിക്കെ കോവിഡ് മഹാമാരിയെ തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു ജനതയുടെ തോളിലേക്കാണ് ശമ്പള കമ്മീഷനുപോലും ആവശ്യമുണ്ടെന്നു ഉറപ്പിച്ച് പറയാൻ പറ്റാതെ ശുപാർശ ചെയ്ത അധികഭാരം അടിച്ചേൽപ്പിച്ചത്.

2021 ലെ ആദ്യ ബഡ്ജറ്റ് അവതരിപ്പിച്ച തോമസ് ഐസക്കിന് ശമ്പള വർദ്ധന മരവിപ്പിക്കാമായിരുന്നു, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ. പകരം ആ ബഡ്‌ജറ്റിൽ ഐസക് ചെയ്തത് അന്ന് വരെ ശമ്പളത്തിന്റെയും പെൻഷനിന്റെയും ചിലവുകൾ അതെ തലക്കെട്ടിൽ ബഡ്‌ജറ്റിൽ കാണിച്ചിരുന്നത് ഒരു പൊതു തലക്കെട്ട് ആക്കി. അതായത് ശമ്പളം (salaries) എന്ന തലക്കെട്ട് 2021 ഫെബ്രുവരിയിലെ ബജറ്റ് മുതൽ അപ്രത്യക്ഷം ആയി, പകരം ഭരണപരമായ സർവീസുകൾ ആയി, അത് പോലെ പെൻഷൻ എന്നത് പെൻഷനും പലവക പൊതു സർവീസുകളും ആയി. 2020 ലെ നീക്കിയിരുപ്പിൽ നിന്നും എത്ര അധികമായി ഈ രണ്ട് വകുപ്പിലും ചിലവുണ്ടാകുന്നു എന്ന് പൊതു ജനത്തിന് മനസിലാക്കാൻ പറ്റാത്ത അവസ്ഥ ആയി, കൃത്യമായും പറഞ്ഞാൽ കണക്കിലെ കളി കൊണ്ട് സർക്കാരിനും സർക്കാർ ഉദ്യോഗസ്ഥർക്കും നേരെ ഉയരാവുന്ന ചോദ്യം ഇല്ലാതാക്കി. രണ്ടാം പിണറായി സർക്കാരിലെ ധനമന്ത്രി ആകട്ടെ അത് തന്നെ പിന്തുടരാനും തുടങ്ങി. ഇവിടത്തെ പ്രധാന പ്രശ്‌നം, 2019 ൽ കേരളത്തിന്റെ ജിഡിപിയുടെ അഞ്ച് ശതമാനത്തിനടുത്താണ് ശമ്പളം മാത്രമായി നൽകിയത്. പെൻഷനും കൂടി ചേർത്താൽ ഏകദേശം 8-9 ശതമാനം മൊത്തം ജനസംഖ്യയുടെ 2-3 ശതമാനം മാത്രമുള്ള സർക്കാർ ജോലിക്കാർക്കും സർവീസ് പെൻഷൻകാർക്കും ആയി നൽകുന്നു കേരളം. ജിഡിപി വരച്ച മുരടിച്ച 2021-22ൽ ശമ്പള വർദ്ധനയെ തുടർന്ന് 8-9 ശതമാനം എന്നത്, ഒരു 14-15 ശതമാനം ആയിട്ടുണ്ടെങ്കിൽ അത്ഭുതപ്പെടാനില്ല. ഒരു പക്ഷെ അത് കൊണ്ട് തന്നെ ആകാം മുൻ ധനമന്ത്രി തന്ത്രപൂർവ്വം ഈ ചിലവുകളെ പൊതു സേവനങ്ങളിൽ പെടുത്തി അവലോകനത്തിനുള്ള സാധ്യത ഇല്ലാതാക്കിയത്. ഒരു കാര്യം ഇവിടെ ഓർക്കേണ്ടത് 1996ലെ ശമ്പള കമ്മീഷൻ ശമ്പളം വർധിപ്പിക്കുന്നത് സര്ക്കാര് ഉദ്യോഗസ്ഥരുടെ വേതനം സ്വകാര്യ മേഖലയ്ക്ക് ഒപ്പം ആക്കാൻ വേണ്ടി അത് വഴി കഴിവുള്ളവരെ ആകർഷിക്കാൻ ആണ്. സ്വകാര്യ മേഖലയിൽ സർവ്വീസ് പെൻഷൻ ഇല്ല എന്നത് കണക്കാക്കാതെ ആദ്യകാലത്ത് വർദ്ധനയുണ്ടായി. എന്നാല് 2004ൽ നാഷണൽ പെൻഷൻ സ്കീം വന്നപ്പോൾ സർവ്വീസ് പെൻഷൻ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയപ്പോൾ സർവ്വീസ് പെൻഷൻ ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരേ രീതിയിൽ ആണ് ശമ്പള വർധന കൊണ്ടുവന്നത്. കേരളം 2013 വരെ ജോലിയിൽ പ്രവേശിച്ചവർക്ക് സർവീസ് പെൻഷൻ നൽകി. 2016ലേ കമ്മിഷനും 2021ലേ കമ്മിഷനും ഈ വേർതിരിവില്ലാതെ ആണ് പരിഷ്കരണം കൊണ്ട് വന്നത്. ചുരുക്കത്തിൽ ഒരു സോഷ്യലിസ്റ്റ് സ്റ്റേറ്റിന്റെ സേവനത്തെ നവലിബറൽ കാലത്തെ വിപണിയും ആയി യോജിപ്പിച്ച് സ്റ്റേറ്റിന്റെ നടത്തിപ്പുകാർ കാട്ടിലെ മരം തേവരുടെ ആന, വലിയെടാ വലി എന്ന രീതിയിൽ ചെയ്യുന്ന ഒന്നായി മാറി ഈ നീക്കിയിരുപ്പുകൾ. ഇതിൽ ശരിയില്ലായ്‌മ എന്തോ ഒന്ന് ഉള്ളതിനാലാണ് മുൻകാലത്തെ പോലെ ആ കണക്കുകൾ വ്യക്തമായി ബഡ്ജറ്റിൽ അവതരിപ്പിക്കാൻ ധനമന്ത്രിയും സർക്കാരും തയ്യാറാവാത്തത്.

നവലിബറൽ കാലത്തെ ഏറ്റവും വലിയ പ്രശ്നം ഇത് തന്നെ ആണ്, സത്യത്തെ മറക്കുക. എന്നാല് ഒരു കാര്യം കൂടി കൂട്ടിവായിക്കണം ശമ്പള പരിഷ്കരണ കമ്മീഷനുകൾ മുൻകാലത്തെ കുറിച്ച് പഠിക്കുമ്പോൾ സ്റ്റേറ്റിന്റെ അടുത്ത അഞ്ച് വർഷത്തെ എങ്കിലും വരവിനെ കുറിച്ച് ഒരു ധാരണ ഇല്ലാതെ ശുപാർശകൾ നടത്തുന്നത് തീർത്തും അപക്വവും, അശാസ്ത്രീയവും ആണ്. ഇതൊന്നും ഒരു ചോദ്യം പോലും ഇല്ലാതെ മാധ്യമങ്ങളും, തൊഴിലാളി യൂണിയനുകളും, രാഷ്ട്രീയ പാർട്ടികളും വിഴുങ്ങുമ്പോൾ, സ്റ്റേറ്റ് വൻ കടക്കെണിയിൽ വീഴുമ്പോൾ, അതിനെതിരെ ശബ്ദം ഉയർത്താൻ ആരും ഉണ്ടാവില്ല. ജനങ്ങളെ രണ്ട് തട്ടിൽ നിറുത്തുന്നത് കൊണ്ട്, ശമ്പളവും പെൻഷനും മുടങ്ങിയാൽ ഒരു പൊതുജന പിന്തുണ പോലും ഇന്നത്തെ സാഹചര്യത്തിൽ കിട്ടില്ല. ഉത്തമ ഉദാഹരണം കെഎസ്ആർടിസി പെൻഷൻകാരുടെ സമരം തന്നെ. ഒരു ഭാഗത്ത് നിർവീര്യമാകുന്ന തൊഴിലാളി പ്രസ്ഥാനങ്ങൾ, മറുവശത്ത് തങ്ങളുടെ ശക്തി ഉപയോഗിച്ച് യാതൊരു നൈതികതയും യുക്തിയും ഇല്ലാതെ സ്വാർത്ഥമായി പ്രവർത്തിക്കുക.

നവലിബറൽ കാലത്ത് പരിമിത സ്റ്റേറ്റുകൾ ആണെന്ന് പറഞ്ഞാലും അതിന് അതിപ്രമാണിത്യ സ്വഭാവം (authoritarian character) ഉണ്ടാവുന്നത് അസ്വാഭാവികം അല്ല. ഒരു ശരാശരി പൗരനില്ലാത്ത സാമ്പത്തിക ഭദ്രതയും, അധികാരത്തിന്റെ കേന്ദ്രികരണവും കൂടി ആവുമ്പോൾ സ്റ്റേറ്റ് പൗരന്മാരിൽ നിന്നും അകലുന്നത് നവലിബറലിസത്തിലെ സ്വാഭാവിക രീതി ആണെന്നെന്ന്, സമകാലിക ലോകത്തെ പലരാജ്യങ്ങളിലേയും കഥകൾ നമ്മെ പഠിപ്പിക്കുന്നു. സ്റ്റേറ്റ് പൗരന്മാരിൽ നിന്നും അകലുമ്പോൾ, ആ സ്ഥാനത്ത് പ്രാമാണ്യം നേടുന്നത് കോർപറേറ്റുകൾ ആണ്. ഭരണത്തിലും കോർപ്പറേറ്റ് അതിപ്രസരം വന്നാൽ നവലിബറൽ സ്റ്റേറ്റിന്റെ കോർപ്പറേറ്റ്-രാഷ്ട്രീയ-ഉദ്യോഗസ്ഥവൃന്ത കൂട്ടുകെട്ട് ഒരു മാഫിയ പോലെ പ്രവർത്തിക്കാൻ തുടങ്ങും. അവിടെ, ആദ്യം അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ പലതും ഇല്ലാതാവും, പിന്നെ മാധ്യമങ്ങൾ നിശബ്ദമാവാൻ അല്ലെങ്കിൽ ഈ കൂട്ടുകെട്ടിന് കുടപിടിക്കുന്നവർ മാത്രമാവും. ജനാധിപത്യം പേപ്പറിൽ മാത്രമായി ഒതുങ്ങും. ഇലക്ഷൻ ജയിക്കാനായി പിന്നെ വർഗ്ഗീയ-തീവ്രദേശീയ വാദങ്ങൾ മാത്രം മതി. ഈ ഒരു ചതികുഴിയിലേക്ക് ഒരിക്കൽ വീണാൽ പിന്നെ അവിടെനിന്ന് എഴുന്നേറ്റ് വരാൻ വളരെ ബുദ്ധിമുട്ടാണ്. ശ്രീലങ്കയാണ് ഏറ്റവും അടുത്ത ഉദാഹരണം. കേരളത്തിന്റെ കാര്യത്തിൽ ഇങ്ങനൊന്ന് സംഭവിക്കില്ലെന്ന് പ്രത്യാശിക്കാം.

2022 ലെ കേരള ബഡ്‌ജറ്റിൽ ഒരു പ്രധാന ഘടകം സഹകരണ സംഘങ്ങൾക്ക് നൽകിയിരിക്കുന്ന പ്രാധാന്യം ആണ്. കൃഷിയാകട്ടെ, വ്യവസായമാകട്ടെ, വിനോദസഞ്ചാരം ആകട്ടെ, സേവനങ്ങൾ ആകട്ടെ, എന്തിന് പരസ്യ കച്ചവടം ആകട്ടെ, ഇവയെ ഒക്കെ സഹകരണ സംഘങ്ങളുടെ കീഴിൽ കൊണ്ട് വന്ന് നടപ്പിലാക്കാനുള്ള ശ്രമം ബഡ്ജറ്റ് നടത്തുണ്ട്. മൂലധനം ഉള്ളവരും ശക്തരും വിപണി കൈയാളി, ചെറുകിടക്കാരെ ഒന്നാകെ പുറത്താക്കുന്ന അവസ്ഥയിൽ അവരെ ഒന്നിച്ച് സഹകാരികൾ ആക്കി വിപണിയുടെ വലിയ മലവെള്ള പൊക്കത്തെ തടുത്ത് തദ്ദേശീയ വിപണിയിൽ ഇറങ്ങാനുള്ള സാധ്യത ഈ നയങ്ങൾ മുന്നോട്ട് വെയ്ക്കുന്നു. ഒരു തരത്തിൽ പറഞ്ഞാൽ അംബാനിയും അദാനിയും കൂടി കാര്യങ്ങൾ തീരുമാനിച്ചാൽ പോരാ, താഴെയുള്ള ഉത്പാദകരും വിതരണക്കാരും ഒന്നിച്ച് നിന്ന് അതിനെ ചെറുക്കാൻ ശ്രമിക്കും എന്ന ഒരു ധ്വനി ഇതിനുണ്ട്. ഇതൊരു വലിയ മാറ്റമായി ആണ് കാണുന്നത്. ഒപ്പം ചെറുകിടക്കാർക്ക് പലവിധമുള്ള സഹായസഹകരണങ്ങൾ സ്റ്റേറ്റ് നൽകാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഒരു വലിയ വികസന മാറ്റം ആണെന്ന് പറയാതെ വയ്യ.

ലോക മുതലാളിത്തത്തിന്റെ താല്പര്യങ്ങളും കേരളം മുന്നോട്ട് വയ്ക്കുന്ന വികസന മോഡലും

അവസാനമായി 2016 വന്ന ഇടത് പക്ഷ സർക്കാർ ലോക മുതലാളിത്വത്തിന്റെ വിശാല ചട്ടക്കൂടിന്റെ ഉള്ളിൽ നിന്ന് തന്നെയാണ് തങ്ങളുടെ വികസന പദ്ധതികളും നയങ്ങളും രൂപീകരിച്ചത്. ലോക മുതലാളിത്തത്തിന് വേണ്ടത് അവരുടെ ഉത്പ്പന്നങ്ങൾക്ക് വിപണിയാണ്. വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങണം എന്ന് ആഗ്രഹിക്കുന്ന ഒരു ഭരണ നേതൃത്വവും, പല തട്ടിൽ നിന്നും വൈദഗ്ദ്യം ഉള്ളവരെ ഒന്നിച്ച് കൊണ്ട് വരാനുള്ള കഴിവും ആർജ്ജവവും ഉള്ള ഒരു സംഘടനാ സഹായവും പിന്നെ നവലിബറൽ നയങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ ലഘുകരിക്കത്തക്ക വിധത്തിൽ നവലിബറലിസത്തിന്റെ സാമഗ്രികൾ (tools) വളരെ യുക്തിപൂർവ്വവും തന്ത്ര പൂർവ്വവും ആയി ഉപയോഗിക്കാൻ അറിയാവുന്നവരേ ആണ് വിപണി വ്യവസ്ഥയ്ക്ക് ആവശ്യം. തങ്ങളുടെ മുതൽ മുടക്ക് തിരിച്ച് കിട്ടുമോ, ലാഭം വർദ്ധിക്കുമോ എന്ന് മാത്രമാണ് മുതലാളിത്തം നോക്കുന്നത്. അത് കൊണ്ടാണ് ചൈനയ്ക്ക് എതിരെ വലിയ പ്രചരണങ്ങൾ നടന്ന 2021ൽ 21 ശതമാനം വർദ്ധനവിൽ 173.48 ബില്യൺ അമേരിക്കൻ ഡോളർ വിദേശനിക്ഷേപം ചൈനയ്ക്ക് കിട്ടിയത്. ലോകത്തിലെ മൂന്നാമത്തെ വലിയ വിദേശ നിക്ഷേപ ലക്ഷ്യസ്ഥാനം ആണ് ചൈന ഇപ്പോൾ. ഇന്നത്തെ കലങ്ങിമറിഞ്ഞ ലോകത്ത് ഒരു കാര്യം തീരുമാനിച്ചാൽ നടപ്പിലാക്കാനുള്ള ആർജവം കാണിക്കുന്ന രാജ്യമാണ് ചൈന. ലിബറൽ ജനാധിപത്യമാണ് മുതലാളിത്തത്തിന് വളരാനും വികസിക്കാനുമുള്ള വളക്കൂറുള്ള മണ്ണ് എങ്കിലും, ഒരു പ്രമാണിത്ത (authoritarian) സ്റ്റേറ്റ് ആയ ചൈന ആണ് 21 ആം നൂറ്റാണ്ടിൽ മുതലാളിത്തത്തെ വളർത്തുന്നത്. അതെ ലോജിക് വച്ച് നോക്കിയാൽ രണ്ടാം പിണറായി സർക്കാരിന്റെ വരവ്, നല്ല ഭരണത്തിന് ജനങ്ങൾ നൽകിയ അംഗീകാരത്തിന് ഒപ്പമോ, അതിനും മേലേയോ ലോക മൂലധനത്തിന്റെ (global capital) കൂടി ആവശ്യമാണ് ക്ഷേമ കാര്യങ്ങൾ നടപ്പിലാക്കുന്നതിന് ഒപ്പം മൂലധനത്തിന് ചലിക്കാനും വളരാനും ഉള്ള അടിസ്ഥാന സൗകര്യങ്ങളും സാഹചര്യങ്ങളും ഒരുക്കുന്നു ഒരു ഭരണകൂടം. ഒന്ന് കൂടി വ്യക്തമാക്കിയാല്‍ കിഫ്ബിയിലൂന്നിയ ഒരു വികസന മോഡലിന്റെ വിജയം ലോക മൂലധനത്തിന്റെ ആവശ്യമാണ്.

മൈക്രോഫിനാൻസ് വഴി ദാരിദ്ര്യം അകറ്റി, വികസനം കൊണ്ട് വരും എന്നും പറഞ്ഞു ഏകദേശം മൂന്ന് ദശാബ്ദം ആണ് ലോകബാങ്കും ഐഎംഫും അടക്കമുള്ള മുതലാളിത്ത വഴികാട്ടികൾ നടന്നത്. മൈക്രോഫിനാൻസ് വളർന്നു എങ്കിലും, അത് എല്ലായിടത്തും തന്നെ സ്ഥാപനവൽകൃത പലിശക്കാരന്റെ (institutionalised money lender) രീതിയിൽ ആണ് പ്രവർത്തിക്കുന്നത്. അത് മൂലധനം ആഗ്രഹിക്കുന്ന വിശ്വാസ്യത നൽകുന്നില്ല. അവിടെ ആണ് കിഫ്ബിയുടെ പ്രത്യേകത. മസാല ബോണ്ടുകൾ വിപണിയിൽ വന്നിട്ട് ഒരുപാട് കാലമായെങ്കിലും, കിഫ്‌ബി ഉണ്ടാക്കിയ ഓളം ഇതുവരെ മസാല ബോണ്ടിന് കിട്ടിയിട്ടില്ല. കിഫ്‌ബി അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളത്തെ ഒരുപാട് മുന്നിൽ എത്തിച്ചു എന്നത് ഒരു യാഥാർഥ്യമാണ്. ഒപ്പം പുനരുദ്ധാരണ കേരളം (rebuild kerala) എന്ന ആശയം മുന്നോട്ട് വയ്ക്കുന്ന വിജ്ഞാന വിപണിയുടെ വികസനം കൂടി നടക്കുകയാണെങ്കിൽ അത് കേരളത്തിന് മാത്രമല്ല, ലോക മുതലാളിത്തത്തിന് മറ്റിടങ്ങളിലേക്ക് പകർത്താനുള്ള ഒരു മോഡൽ ആണ് നൽകുന്നത്. ചുരുക്കത്തിൽ, നവലിബറൽ ലോകത്ത് നവലിബറലിസത്തിന്റെ ഉപകാരങ്ങൾ (tools) തന്നെ ഉപയോഗിച്ച് മുതലാളിത്തത്തിന് വളർച്ച നല്കുന്ന ഒരു സ്റ്റേറ്റ് ആയിട്ടാണ് കേരളത്തെ ലോക മൂലധനം കാണുന്നത് എന്ന് പറയേണ്ടി വരും.

ചുരുക്കത്തിൽ വിപണിയുടെ ലോജിക് വച്ച് നോക്കിയാൽ വികേന്ദ്രികരണം, സ്ത്രീ ശാക്തീകരണം, മൈക്രോഫിനാൻസ് എന്നി നവലിബറൽ ആശയങ്ങളെ നല്ലവണ്ണം ഉപയോഗിക്കാൻ അറിയാവുന്ന ഒരു സർക്കാരിനെ ലോക മുതലാളിത്തത്തിന് ഇപ്പോൾ അത്യാവശ്യം ആണ്. കേരളത്തിന്റെ അടിസ്ഥാന വികസനത്തിനായി പൊടിപിടിച്ച് കിടന്ന കിഫ്‌ബി എന്ന സർക്കാർ സ്ഥാപനത്തെ മുൻനിറുത്തിയുള്ള വിഭവസമാഹരണം വളരെ സമർഥമായ ഒരു സമീപനം ആയിരുന്നു. കാരണം വികസന ചെലവിനെ ബഡ്‌ജറ്റിന് പുറത്ത് കൊണ്ട് വന്ന് ബഡ്‌ജറ്റ്‌ കമ്മി കുറച്ചു. എന്നാൽ വികസന അജണ്ട അത് പോലെ നടപ്പിലാക്കാനുള്ള ശ്രമം. മറുവശത്തു കിഫ്‌ബി വഴിയുള്ള വികസന പരിപാടികൾ വിപണി വ്യാപനത്തിന് ഒരുപാട് സാധ്യതകൾ ആണ് നൽകുന്നത്. വിപണിക്കാവശ്യമായ അടിസ്ഥാന സൗകര്യ നിർമാണമാണ് ഇതിന്റെ പ്രധാന അജണ്ട. റോഡുകൾ, ടെക്നോളജിയിൽ ഊന്നിയ വിദ്യാഭ്യാസ സ്ഥാപന സൗകര്യ വിപുലീകരണം, പാലങ്ങൾ, മെട്രോ/കെ-റെയിൽ, ടെക്നോപാർക്കുകൾ, വിജ്ഞാന പാർക്കുകൾ (knwoledge parks), medical research പാർക്കുകൾ, എന്നിങ്ങനെ 21 ആം നൂറ്റാണ്ടിലെ വികസന സാധ്യതകളെ ലാക്കാക്കിയ മേഖലകളിൽ ആണ് സർക്കാർ നിക്ഷേപം നടത്തുന്നത്. ഇവിടെ വിരോധാഭാസം എന്ന് പറയുന്നത്, ഓഹരി വിപണിയെ ഏറ്റവും വിമർശിച്ചവർ തന്നെയാണ് അതിന്റെ സാധ്യതകളെ ഒരു സ്റ്റേറ്റിന്റെ വികസന വിജയത്തിനായി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നത്. വ്യക്തികളുടെ നിക്ഷേപത്തിലെ സന്ദേഹം സ്റ്റേറ്റിന്റെ നിക്ഷേപത്തിലും ഉണ്ട് എന്ന് പറയാതെ വയ്യ. ഈ നിക്ഷേപങ്ങൾ കേരളത്തിലെ ആദ്യ സർക്കാരും പിന്നീട് വന്ന സർക്കാരും എടുത്ത പോലെ അചഞ്ചലമായി കൊണ്ട് നടന്നാൽ, കേരളത്തിന്റെ വികസന ചിത്രത്തിന്റെ രൂപവും ഭാവവും മാറും. എന്നാൽ ആ പാതയിലേക്ക് നടക്കാൻ ഒരുപാട് ദുർഘടം പിടിച്ച വഴികൾ ആണ് ഉള്ളത്.

അതിൽ പ്രധാനം, ലക്ഷ്യബോധം നഷ്ടപെട്ട ഒരു ജനതയാണ് – അതിൽ ഉദ്യോഗസ്ഥരും, രാഷ്ട്രീയ നേതൃത്വവും പൊതുജനവും പെടും. നവലിബറൽ സ്റ്റേറ്റിന്റെ ഒരു പ്രധാന ഘടകം അധികാര വികേന്ദ്രീകരണം എന്ന് പറയാമെങ്കിലും അധികാര കേന്ദ്രീകരണം ആണ് ശരിക്കും നടക്കുന്നത്. സ്റ്റേറ്റ് എന്നത് ഒരു വ്യക്തിയിലേക്ക് ഒതുങ്ങുന്നു, മോദി, പിണറായി വിജയൻ, സ്റ്റാലിൻ, മമത ബാനർജി, താക്കറെ, എന്നിങ്ങനെ. നന്നായി കാര്യങ്ങൾ നടപ്പിലാക്കുന്നവർ ഉണ്ടെങ്കിലും അവർ ഒതുക്കപ്പെടുന്നു, അല്ലെങ്കിൽ മാധ്യമ ശ്രദ്ധ എന്നത് ഒന്നോ രണ്ടോ വ്യക്തികളിലേക്ക് ഒതുങ്ങുന്നു. ഇത് ഒരു വലിയ വെല്ലുവിളി ആണ്. കൂടാതെ, 1950-1960-1970 കളിൽ ഇല്ലാത്ത ഒന്ന്, തീർത്തും തുറന്ന വിപണിയും, വിവര സാങ്കേതിക സൗകര്യങ്ങളും മുന്നോട്ട് വയ്ക്കുന്ന വേറെ ചില വെല്ലുവിളികളും ഉണ്ട്. അത് പ്രധാനമായും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഭരണകൂടത്തിന്റേയും പ്രവർത്തന മൂല്യങ്ങളേയും തത്വദീക്ഷയെയും അടിസ്ഥാനമാക്കിയായിരിക്കും. പണമാണ് പലതും തീരുമാനിക്കുന്നത്. സമൂഹത്തിൽ ഒരാളുടെ സ്ഥാനം പോലും അയാളുടെ ആസ്തിയുടെ വലുപ്പത്തിൽ ആണ് കണക്കാക്കുന്നത്. ആ ആസ്തി എങ്ങനെ ഉണ്ടാക്കിയെന്ന് ആരും ചോദിക്കുകപോലും ഇല്ല. ഉദാഹരണത്തിന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ, അല്ലെങ്കിൽ ഒരു രാഷ്ട്രീയ പ്രവർത്തകൻ തന്റെ വരുമാനത്തിനും മുകളിൽ ചിലവാക്കുമ്പോൾ അതിൽ ഒരു പ്രശ്നം ആരും കാണുന്നില്ല, അത് പോലെ തൊഴിൽ ഇല്ലാത്ത, പ്രത്യേകിച്ച് തൊഴിൽ പരിചയവും, വിദ്യാഭ്യാസവും ഇല്ലാത്ത ഒരു വ്യക്തി പെട്ടെന്നു പണക്കാരൻ ആയാൽ അതിന്റെ വഴിയെന്ത് എന്ന് പോലും ചോദിക്കാൻ മടിക്കുന്നതാണ് ഇന്നത്തെ സമൂഹം. ഇത് ആശയസംഹിതകളിൽ ഊന്നിനിന്ന പല രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥരെയും ഒറ്റപ്പെടുത്തുകയും അകറ്റുകയും ചെയ്തിട്ടുണ്ട്.

ഇതിനപ്പുറം, യാതൊരു തത്വദീക്ഷയും ഇല്ലാതെ പൊതുമുതൽ വിറ്റ്, വിപണിയ്ക്ക് എല്ലാം വിട്ടുകൊടുക്കുന്ന കേന്ദ്ര നയങ്ങളെ എത്രമാത്രം കേരളത്തിന് തടുക്കാനും ഒഴിവാക്കാനും പറ്റുമെന്നത് ഒരു വലിയ ചോദ്യം ആണ്. ഇങ്ങനെ ഏത് തരത്തിൽ നോക്കിയാലും നവലിബറൽ സ്റ്റേറ്റ് പൗരന്മാർക്ക് ചില അപ്പക്കഷണങ്ങൾ കൊടുത്ത്, മുതലാളിത്തത്തിന് യാതൊരു തത്വദീക്ഷയും ഇല്ലാതെ പ്രവർത്തിക്കാനുള്ള സാഹചര്യം ആണ് ഉണ്ടാക്കിയിരിക്കുന്നത്. സമകാലിക കേരളത്തിലെ ബഡ്ജറ്റുകളുടെ അവലോകനത്തിലൂടെ മനസിലാവുന്നത്, കേരളം നവലിബറലിസത്തെ കൃത്യമായി ഇത്രകാലവും ഉപയോഗിച്ചിരുന്നു. പൊതുജനം പല തട്ടിലേക്ക് നീങ്ങിയകാലത്ത്, സ്റ്റേറ്റ് തന്നെ അറിഞ്ഞു കൊണ്ട് സാമ്പത്തിക അസമത്വത്തെ അംഗീകരിക്കുകയും അതിന് കൂട്ടുനിൽക്കുന്ന നയങ്ങൾ നടപ്പിലാക്കുകയും ചെയ്യുമ്പോള് എത്രനാൾ കേരള മോഡലിന് ആയുസ്സ് ഉണ്ടാവുമെന്ന് കണ്ടറിയണം. അതല്ല, സ്റ്റേറ്റ് കൃത്യമായ രീതിയിൽ വിഭവ നിക്ഷേപങ്ങൾ നടത്തുകയും ധൂർത്ത്‌ നിയന്ത്രിക്കുകയും ചെയ്‌താൽ, കേരള മോഡലിന്റെ പുതിയ അദ്ധ്യായങ്ങൾ ഉണ്ടാവും.

പിൻകുറിപ്പ്: കേരളം ശ്രീലങ്ക പോലെ ആവും എന്ന് നിലവിളിക്കുന്നവരോട് – ശ്രദ്ധിച്ച് വിഭവങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ കേരളം ഗ്രീസ് ആവും, ശ്രീലങ്ക ആവില്ല.. കാരണം ശ്രീലങ്ക പൂർണ്ണമായും സ്വതന്ത്ര വിപണി വ്യവസ്ഥയിലുള്ള സ്റ്റേറ്റ് ആണ്. അവിടത്തെ സർവീസ് പെൻഷനേഴ്‌സിന്റെ കണ്ണീർകഥകൾ ഇതുവരെ പുറത്തു വന്നിട്ടില്ല. പക്ഷെ ഗ്രീസ് ഇക്കോണമി തകർന്നപ്പോൾ, ഏറ്റവും ബുദ്ധിമുട്ടിയത് സർവീസ് പെൻഷനേഴ്‌സ് ആണ്. അത് കൂടാതെ, ഓഹരി കമ്പോളത്തിൽ നിന്നും പണമെടുത്തിട്ട് പൂട്ടിപ്പോയ എത്ര കമ്പനികളെ നിക്ഷേപകർ തങ്ങളുടേത് ആക്കിയിട്ടുണ്ട്? ഓഹരി ഒരു സാധ്യത മാത്രമാണ്, അതിൽ അപകടം ഒരുപാട് ആണ്. കേരളം പരാജയപ്പെട്ടാൽ, ഉത്തരവാദിത്വം കേന്ദ്രത്തിനും ഉണ്ടാവും. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ്, അല്ലാതെ സ്വതന്ത്ര റിപ്പബ്ലിക്ക് അല്ല. പിന്നെ, നേരത്തെ പറഞ്ഞത് പ്രകാരം കിഫ്‌ബിയുടെ വിജയം കേരളത്തിന്റെ മാത്രം ആവശ്യം അല്ല. അത് ലോക മുതലാളിത്തത്തിന്റെ ആവശ്യം കൂടിയാണ്.

*************************************

Part 1  – Link  https://navamalayali.com/2022/05/20/column-resmi-bhaskaran-2/

 


Dr. Resmi P Bhaskaran
Policy Analyst

Comments

comments