കലക്കവെള്ളത്തിലെ തിമിംഗലവേട്ട
(ഹിന്ദുത്വ ഭീകരതയുടെ കഥ: അദ്ധ്യായം 15)
അയോദ്ധ്യയിലെ സംഭവവികാസങ്ങള്‍ നെഹ്‌റുവിനെ കോപാകുലനാക്കി. അദ്ദേഹത്തിന്റെ സമ്മര്‍ദ്ദം കൊണ്ട് ഐക്യസംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിയായിരുന്ന ഭഗവാന്‍ സഹായിയും ഐജി ആയിരുന്ന വിഎന്‍ ലാഹിരിയും, ബാബ്‌റി മസ്ജിദില്‍ നിന്നും വിഗ്രഹങ്ങളും മറ്റ് ഉപസാമഗ്രികളും എടുത്തു മാറ്റാന്‍ തുരുതുരെ സന്ദേശങ്ങള്‍ അയച്ചു. അത് നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥനായ കെകെകെ നായര്‍ തന്റെ കുശാഗ്രകുബുദ്ധി കൊണ്ട് അതിനെ ചെറുത്തു കൊണ്ടിരുന്നു. ബാബ്‌റി മസ്ജിദിനുള്ളിലെ അത്ഭുതത്തിന്റെ ഐതിഹ്യശക്തി ഹിന്ദുജനതയില്‍ നിലനിര്‍ത്തുന്നതിനുള്ള പണിയാണ് നായര്‍ ആദ്യം കൈക്കൊണ്ടത്. അതിന് അദ്ദേഹത്തിന്റെ വലംകൈയ്യായി വര്‍ത്തിച്ചത് ഭാര്യ ശകുന്തള നായര്‍ ആണ്. ഹിന്ദുമഹാസഭാ പ്രവര്‍ത്തകരും അവരുടെ കൂട്ടാളികളായ സന്ന്യാസിമാരും അവരുടെ നിലയില്‍ ശക്തമായി പ്രവര്‍ത്തിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ശകുന്തളാ നായരുടെ പ്രേരണയനുസരിച്ച് ചില സന്ന്യാസിമാര്‍ 1949 ഡിസംബര്‍ 23 ന് തന്നെ ബാബ്‌റി മസ്ജിദിന്റെ പടിവാതിലില്‍ അഖണ്ഡ കീര്‍ത്തനവും ഭക്തിഗാനാലാപനവും ആരംഭിച്ചു.
രണ്ടാമതായി നായര്‍ ചെയ്യാന്‍ ശ്രമിച്ചത് അധികാരികളെ തെറ്റിദ്ധരിപ്പിക്കുക എന്ന പണിയാണ്. ഭഗവാന്‍ സഹായിക്ക് അദ്ദേഹം എഴുതിയ കത്തിന്റെ ഉള്ളടക്കം അത് വെളിവാക്കുന്നതാണ്.
‘പ്രിയപ്പെട്ട ഭഗവാന്‍ സഹായ്,
ഇന്നലെ ലക്‌നൗവില്‍ നിന്നും മടങ്ങിയെത്തിയ കമ്മീഷണര്‍, അദ്ദേഹവുമായുള്ള സംഭാഷണത്തിനിടയില്‍, താങ്കള്‍ ഉന്നയിച്ച രണ്ട് ചോദ്യങ്ങള്‍ പറയുകയുണ്ടായി.
1. എന്തുകൊണ്ടാണ് ജില്ലാ അധികൃതര്‍, പള്ളിക്കുള്ളില്‍ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനെതിരെ മുന്‍കരുതലുകള്‍ എടുക്കാതിരുന്നത്?
2. എന്തുകൊണ്ടാണ് വിഗ്രഹം എടുത്തു മാറ്റാത്തത്?
സായാഹ്നത്തില്‍, ലക്‌നൗവില്‍ നിന്നും മടങ്ങി വന്ന ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍, എന്തുകൊണ്ടാണ് പ്രതിരോധിക്കാന്‍ മാത്രം വലിപ്പമില്ലാത്ത ജനക്കൂട്ടം മാത്രമുണ്ടായിരുന്നപ്പോള്‍, 23ന് രാവിലെ വിഗ്രഹം എടുത്തു മാറ്റാഞ്ഞത് എന്ന് വീണ്ടും ആരാഞ്ഞു എന്ന് പറയുകയുണ്ടായി.
ഞാന്‍ സംഭവങ്ങളുടെ വെറും വിവരണം മാത്രം തരാം. ഈ ചോദ്യങ്ങള്‍ക്ക് അവ സ്വയം ഉത്തരം തന്നേക്കാം.
ഇരുപത്തിരണ്ടിനും ഇരുപത്തിമൂന്നിനും ഇടയ്ക്കുള്ള രാത്രിയില്‍ പൊടുന്നനെയാണ് വിഗ്രഹങ്ങളുടെ പ്രതിഷ്ഠാപനം നടന്നത്. യാതൊരു മുന്നറിയിപ്പും ഇല്ലാതിരുന്ന പ്രവൃത്തിയായിരുന്നു ഇത്. 22നാണ് അയോദ്ധ്യാപ്രശ്‌നത്തെക്കുറിച്ചുള്ള അവസാനത്തെ സിഐഡി റിപ്പോര്‍ട്ട് എനിക്ക് ലഭിച്ചത്. ഈ റിപ്പോര്‍ട്ടിലോ ഇതിന് മുമ്പുള്ള റിപ്പോര്‍ട്ടിലോ പള്ളിയില്‍ ഒരു വിഗ്രഹം രഹസ്യാത്മകമായോ ബലം പ്രയോഗിച്ചോ സ്ഥാപിക്കാനുള്ള നീക്കമുണ്ടെന്ന ഒരു സൂചനയും ഉണ്ടായിരുന്നില്ല. അത്തരം ഒരു നീക്കത്തെക്കുറിച്ച് ഔദ്യോഗികമായോ അനൗദ്യോഗികമായോ ആയ ഏതെങ്കിലും മാര്‍ഗ്ഗത്തിലൂടെ ഞങ്ങള്‍ക്കൊരു റിപ്പോര്‍ട്ടും കിട്ടിയിരുന്നില്ല. ആകെ കിട്ടിയത് നവമിപഥിന്റെ സമയത്ത്, പൂര്‍ണ്ണമാശി ദിവസം പള്ളിയില്‍ കയറുമെന്ന കിംവദന്തിയെ കുറിച്ചു മാത്രമാണ്. അത്തരമൊരു ശ്രമം ഉണ്ടായതുമില്ല.
ഇതുമായി ബന്ധപ്പെട്ട് എന്നെയോ, ഒരുപക്ഷെ സര്‍ക്കാരിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരേയോ വന്നു കണ്ട മുസ്ലീങ്ങളില്‍ ഒരാള്‍ പോലും വിഗ്രഹം ഒളിച്ചു കടത്തിയോ ബലപ്രയോഗത്താലോ പള്ളിയില്‍ സ്ഥാപിക്കാനുള്ള നീക്കത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. അവരുടെ പരാതികള്‍ എപ്പോഴും പരാമര്‍ശിച്ചിരുന്നത് ക്ഷേത്രത്തിന് പുറത്തുള്ള തുറന്ന പ്രദേശങ്ങളിലെ ഖബറുകള്‍ പൊളിച്ചു മാറ്റുന്നതിനെ കുറിച്ചായിരുന്നു. യഥാര്‍ത്ഥത്തില്‍ ഈ പ്രവൃത്തി (ബാബ്‌റി മസ്ജിദിനുള്ളില്‍ വിഗ്രഹം സ്ഥാപിച്ചത്) അവര്‍ക്കും മറ്റുള്ളവര്‍ക്കും അപ്രതീക്ഷിതമായ ഒന്നായിരുന്നു. അക്കാര്യം ഇന്നലെ റഹ്മത്ത് ഹുസൈന്‍ വക്കീല്‍, ഹിമായത്ത് ഉള്ളാ ക്വിദായ് വക്കീല്‍, അനീസുല്‍ റഹ്മാന്‍ എന്നിവരും മറ്റുള്ളവരും അടങ്ങുന്ന മുസ്ലീങ്ങളുടെ ഒരു നിയോഗിത സംഘം എന്നോട് തുറന്നു പറയുകയുണ്ടായി. എങ്കിലും ആ നിയോഗിത സംഘത്തിലെ ഒരംഗമായ അനീസുര്‍ റഹ്മാന്‍, 21 ന് ഗോവിന്ദ് സഹായ് ജിയും സീതാറാം ശുക്ലയും പ്രസംഗിച്ച, അയോദ്ധ്യയിലെ ഒരു സമ്മേളനത്തിന് ശേഷം ഉടന്‍ തന്നെ അതേ സ്ഥലത്ത് പ്രാദേശിക ഹിന്ദുക്കള്‍ ഒരു സമ്മേളനം കൂടുകയും അതില്‍ വെച്ച് അയോദ്ധ്യയിലെ മഹാരാജാ സ്‌കൂളിലെ ഒരു അദ്ധ്യാപകന്‍, പള്ളിക്കുള്ളില്‍ ഹിന്ദുക്കള്‍ ഒരു വിഗ്രഹം സ്ഥാപിക്കുമെന്നും വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ നിന്ന് മുസ്ലീങ്ങളെ തടയുമെന്നും (ഇരുപത്തിമൂന്നാം തീയ്യതി വെള്ളിയാഴ്ചയായിരുന്നു) പ്രസംഗിച്ചതായി പറയുകയുണ്ടായി. ആ സമ്മേളനത്തെ കുറിച്ചുള്ള സിഐഡി റിപ്പോര്‍ട്ട്, ആരോപിക്കപ്പെടുന്ന ആ പ്രഭാഷണത്തെപ്പറ്റി ഒന്നും പരാമര്‍ശിച്ചിട്ടില്ലെന്ന് മാത്രമല്ല, അവിടെ സന്നിഹിതനായിരുന്ന സിഐഡി ഗ്രൂപ്പ് ഓഫീസര്‍ നരേന്ദ്ര പ്രസാദും ആ സമ്മേളനത്തില്‍ ഇത്തരമൊരു പരാമര്‍ശം നടന്നതായി പറഞ്ഞിട്ടില്ല. അതിനാല്‍ അനിസുര്‍ റഹ്മാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത് തെറ്റായിട്ടാണ്. എന്തുകൊണ്ടാണ് ശരിയായ രീതിയില്‍ ഇക്കാര്യം എന്റെ ശ്രദ്ധയില്‍ പെടുത്താഞ്ഞത് എന്ന് ചോദിച്ചപ്പോള്‍ അനീസുര്‍ റഹ്മാന്‍ പറഞ്ഞത് ഒരു സിഐഡി ഉദ്യോഗസ്ഥന്‍ തന്നെ സന്നിഹിതനായിരുന്നത് കൊണ്ട് അതത്ര പ്രാധാന്യമുള്ളതായി അദ്ദേഹം പരിഗണിച്ചില്ല എന്നാണ്. ഇത്തരമൊരു ദു:സ്വാമര്‍ത്ഥ്യം സംഭവിക്കുമെന്ന് അനീസുര്‍ റഹ്മാന്‍ തന്നെയും വിശ്വസിച്ചിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കില്‍ അദ്ദേഹം നേരെ പ്രാദേശിക അധികാരികള്‍ക്കടുത്തേയ്ക്ക് ഓടിച്ചെന്ന് വിവരം അറിയിച്ചേനെ.
ഈ സന്ദര്‍ഭത്തില്‍, ഈ വിവാദത്തില്‍ മുസ്ലീങ്ങളുടെ വീക്ഷണത്തോട് ശക്തമായ യോജിപ്പ് പ്രഖ്യാപിച്ചിട്ടുള്ള അക്ഷയ കുമാര്‍ ബ്രഹ്മചാരിയുടെ കാര്യവും ഞാന്‍ പരാമര്‍ശിക്കട്ടെ. ലക്‌നൗവിലും മറ്റിടങ്ങളിലും ഉള്ള ഉന്നതാധികാരികളുമായി കൂടിക്കാഴ്ച നടത്താന്‍ മുസ്ലീങ്ങളെ അനുഗമിച്ച അദ്ദേഹവും ഇത്തരമൊരു നടപടി ഉണ്ടാകുമെന്ന് ഒരിക്കലും സംശയിച്ചിട്ടുണ്ടായിരുന്നില്ല. അക്കാര്യം 23 ന് ഈ സംഭവം നടന്ന വേളയില്‍, എന്നോടൊപ്പം ആ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍, അദ്ദേഹം എന്നോട് തുറന്നു പറഞ്ഞതാണ്. അത്തരമൊരു സംഭവത്തെപ്പറ്റി ഊഹിച്ചിരുന്നു എന്ന് അദ്ദേഹം എവിടെയെങ്കിലും പറഞ്ഞതായി ഞാന്‍ വിശ്വസിക്കുന്നില്ല.
ഒരു ചെറിയ കൂട്ടത്തെ നയിച്ച് ഈ പ്രശ്‌ന സൃഷ്ടിക്ക് ഉത്തരവാദിയായ അഭിറാം ദാസ് ഒരു മഹന്തോ നേതാവോ അല്ല എന്നതും ഞാന്‍ ചൂണ്ടിക്കാട്ടട്ടെ. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേര് പ്രധാനപ്പെട്ട രീതിയില്‍ ഒരിടത്തും പൊന്തിവന്നിരുന്നില്ല. ബാബാ രാഘവ് ദാസ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രഭാഷണങ്ങളൊന്നും ഒരിക്കലും ഹിംസാത്മകമായിരുന്നില്ല. അതിനാല്‍ തന്നെ നടപടിക്ക് വിധേയപ്പെടുത്തേണ്ടതുമല്ലായിരുന്നു. അതിനാല്‍ തന്നെ നേതാക്കളെ അറസ്റ്റ് ചെയ്യുകയോ അവര്‍ക്കെതിരെ എന്തെങ്കിലും നടപടി തുടങ്ങിവെയ്ക്കുകയോ ചെയ്യേണ്ട തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുക എന്ന ചോദ്യം അവിടെ ഉണ്ടായിരുന്നില്ല. ഇനി നേതാക്കളെ അറസ്റ്റു ചെയ്തിരുന്നെങ്കില്‍ തന്നെയും ഇക്കാര്യത്തിലുള്ള വര്‍ദ്ധിച്ച ജനപിന്തുണ മുന്‍നിര്‍ത്തി ഒരു ചെറുസംഘം നടപ്പിലാക്കിയ ഈ ദുഷ്പ്രവൃത്തിയെ തടയുവാനാകുമായിരുന്നില്ല. ഈ പ്രതിസന്ധിയെ അറസ്റ്റുകള്‍ക്ക് തടയാന്‍ കഴിയുമായിരുന്നില്ല എന്നതിനര്‍ത്ഥം അവര്‍ അതിനെ മറ്റേതെങ്കിലും രീതിയില്‍ അത് ആവിഷ്‌ക്കരിച്ചേനെ എന്നാണ്.
പള്ളിയിലേയ്ക്ക്, ക്ഷേത്രപരിസരത്തൂടെ മാത്രമേ പ്രവേശിക്കാനാകൂ എന്നത് കൊണ്ട് അത് എപ്പോഴും സുഗമമായി നിലകൊണ്ടിരുന്നു. മാത്രമല്ല, ക്ഷേത്ര പരിസരം എപ്പോഴും തിരക്കു പിടിച്ചതായിരുന്നു. വെള്ളിയാഴ്ചപ്രാര്‍ത്ഥനയുടെ ഒരു മണിക്കൂര്‍ സമയം ഒഴിച്ചു നിര്‍ത്തിയാല്‍ പള്ളി എപ്പോഴും ജനരഹിതമായിരുന്നു. പള്ളിയിലേയ്ക്ക് ബലം പ്രയോഗിച്ചോ രഹസ്യമായോ പ്രവേശിക്കാന്‍ തീരുമാനിപ്പിച്ചുറച്ച ഹിന്ദുക്കളെ തടയണമെങ്കില്‍ വലിയ ഒരു സംഘത്തെ വിന്യസിപ്പിച്ചു കൊണ്ടുള്ള പോലീസ് സമ്പ്രദായം എന്നന്നേയ്ക്കുമായി ആവിഷ്‌ക്കരിക്കേണ്ടതായി വരുമായിരുന്നു. അതിനായി ഖജനാവില്‍ നിന്നും പ്രതിമാസം ആയിരങ്ങള്‍ ചെലവിടേണ്ടി വരുമായിരുന്നു. ഈ വിവാദം ഭൂതകാലത്തെ നിരവധി ലഹളകളിലേക്ക് നയിക്കുന്നുണ്ടെങ്കിലും – പ്രാദേശിക വിവരങ്ങളനുസരിച്ച് മുപ്പതു വര്‍ഷമെങ്കിലും – അത് ജീവിതങ്ങളില്‍ നിരവധി കൂട്ടക്കൊലകള്‍ സൃഷ്ടിച്ചെങ്കിലും, സ്ഥിരമായി ഒരു പോലീസ് സംവിധാനം പള്ളിയില്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം എന്നെങ്കിലും എടുത്തതായി ഞാന്‍ കരുതുന്നില്ല. തീര്‍ച്ചയായും, സ്ഥിരമായ പോലീസ് സംവിധാനം ഒരു പരിഹാരമാണെങ്കില്‍, നൂറ്റാണ്ടുകളായി പ്രശ്‌നബാധിതമായ ഈ പ്രദേശത്തും സംസ്ഥാനത്തെ മറ്റ് വിവാദ ആരാധനാലയങ്ങളിലും, ഈ പ്രശ്‌നത്തെപ്പറ്റി ബോധവാന്മാരായ സര്‍ക്കാര്‍, ഈ ആവശ്യത്തിന് വേണ്ടി സ്ഥിരം പോലീസ് സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ നിന്നും മാറി നില്‍ക്കില്ലായിരുന്നു. അത്തരമൊരു സംവിധാനത്തിന്റെ അഭാവത്തില്‍ ഒറ്റപ്പെട്ടതും ഏതാണ്ട് ഉപയോഗശൂന്യവുമായ ഒരു പള്ളിയെ സംരക്ഷിക്കുന്നതിനായി നികുതി ദായകര്‍ക്ക് ശാശ്വതമായ അമിത ഭാരം നല്‍കുന്ന വിധത്തിലുള്ള ഒരു നിര്‍ദ്ദേശം പ്രാദേശിക അധികൃതര്‍ക്ക് സര്‍ക്കാരിന് മുന്നില്‍ വെയ്ക്കുക അസാധ്യമായിരുന്നു.
അയോദ്ധ്യയില്‍ ഇത്തരമൊരു സംഭവം നടന്ന നിലയ്ക്ക് ബനാറസും മഥുരയും പോലുള്ള സമാനമായ വിവാദ ആരാധനാലയങ്ങളില്‍, ഇത്തരം ദുഷ്‌ചെയ്തികള്‍ തടയാനായി സ്ഥിരമായ പോലീസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ ആദരപൂര്‍വ്വം ബോധിപ്പിക്കട്ടെ. സര്‍ക്കാര്‍ അങ്ങനെ തീരുമാനിക്കുന്നില്ലെങ്കില്‍ അപ്രതീക്ഷിതനായ, സംശയരഹിതനായ ഒരു വ്യക്തി മേല്‍സ്ഥലങ്ങളില്‍ എന്തെങ്കിലും ദുഷ്പ്രവൃത്തികള്‍ ചെയ്യുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ജില്ലാ അധികൃതര്‍ക്ക് മേല്‍ പതിക്കുന്നതാണ്.
എന്തുകൊണ്ട് വിഗ്രഹം നീക്കം ചെയ്തില്ല, എന്തുകൊണ്ട് 23 ന് രാവിലെ അത് നീക്കിയില്ല തുടങ്ങിയവ താര്‍ക്കിക ചോദ്യങ്ങള്‍ മാത്രമാണ്. ഇപ്പോള്‍ ഉപയോഗയോഗ്യമായ പോലീസ് സേനയെ ഉപയോഗിച്ച്, അല്പം ബുദ്ധിമുട്ടിയാലും, വിഗ്രഹങ്ങള്‍ നീക്കുക സാധ്യമാണ്. ഒരു ദുര്‍ബലമായ പ്രതിരോധത്തിനെതിരെ നിന്ന് രാത്രിയില്‍ രഹസ്യമായി വിഗ്രഹം നീക്കുന്നതും സാധ്യമാണ്. പക്ഷെ, അനന്തര ഫലങ്ങളെ പരിഗണിക്കാതുള്ള അത്തരം നീക്കം ചെയ്യല്‍ എന്നെ സംബന്ധിച്ചിടത്തോളം ഭരണപരമായ തകര്‍ച്ചയും ഭീകരതയും പ്രദാനം ചെയ്യുന്ന നടപടിയായിരിക്കും. പൊതുജനങ്ങളുടെ ഹ്രസ്വകാല പ്രകോപനങ്ങളെ നേരിട്ട് കൊണ്ട് ഉപയോഗ്യയോഗ്യമായ പോലീസിനെ ഉപയോഗിച്ച് ഇപ്പോള്‍ അത് നടത്താമെങ്കിലും 23 ന് ഞങ്ങളുടെ പരിമിത വിഭവങ്ങള്‍ ഉപയോഗിച്ച് അത് സാധ്യമായിരുന്നില്ല. ഇപ്പോഴും അതെത്ര മാത്രം കഴിയും എന്ന കാര്യത്തില്‍ ഞാന്‍ സംശയാലുവാണ്. തലസ്ഥാനത്തു നിന്നും അകലെ ഉള്‍പ്രദേശങ്ങളില്‍ വര്‍ഗ്ഗീയ ലഹള പൊട്ടിപ്പുറപ്പെട്ടാല്‍ … ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നത് ജീവനും വസ്തുവകകള്‍ക്കും കനത്ത നാശമേല്പിക്കുന്നതല്ലാതെയുള്ളതും സമാധാനസ്ഥിതിക്കും വ്യവസ്ഥാപിതത്വത്തിനും എതിരെ രാജ്യവ്യാപകമായ എതിര്‍പ്രതികരണം ഉണ്ടാക്കാത്തതുമായുള്ള പരിഹാരങ്ങള്‍ കണ്ടെത്തണമെന്നാണ്.
അതിനാല്‍ വിഗ്രഹങ്ങള്‍ നീക്കം ചെയ്യുക എന്ന ചോദ്യം പോലീസ് സൂപ്രണ്ടും ഞാനും കൂടി ഞങ്ങളുടെ മുന്‍കൈയ്യില്‍ തീരുമാനിക്കേണ്ടതോ നടപ്പാക്കേണ്ടതോ ആയ ഒന്നല്ല എന്നതില്‍ ഞാന്‍ ഊന്നുന്നു. സമാധാനവും നയപരിപാടികളും സംരക്ഷിച്ചു കൊണ്ട് വിജയിക്കുവാനായി സര്‍ക്കാരിന് നല്ല അവസരമുണ്ട് എന്നതാണ് ഞാന്‍ മുന്നോട്ടുവെയ്ക്കുന്ന സമാന്തര പ്രശ്‌നപരിഹാരം. ഈ പരിഹാരം സ്വീകരിക്കപ്പെട്ടില്ലെങ്കില്‍, വിഗ്രഹം എടുത്തുമാറ്റാനും അനന്തരഫലങ്ങളെ അഭിമുഖീകരിക്കാനും സര്‍ക്കാര്‍ തീരുമാനിക്കുകയാണെങ്കില്‍, ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലും എന്നില്‍ അടിച്ചേല്പിക്കുന്ന പരിഹാരം ശരിയല്ലാത്തതും അത്യാവശ്യമല്ലാത്തതും ഗുണപ്രദമല്ലാത്തതും നിയമപരമായി നീതിമത്ക്കരിക്കപ്പെടാത്തതും ആണെന്ന കാഴ്ചപ്പാട് വെച്ചു സൂക്ഷിക്കുന്നതിനാലും അത് നടപ്പില്‍ വരുത്താന്‍ എന്നോട് ആവശ്യപ്പെടരുത്. സര്‍ക്കാര്‍ എന്ത് വിലകൊടുത്തും വിഗ്രഹം മാറ്റാന്‍ തീരുമാനിക്കുകയാണെങ്കില്‍, ഞാനപേക്ഷിക്കുന്നത് എന്നെ വിടുതല്‍ ചെയ്യുകയും അത്തരമൊരു പ്രശ്‌നപരിഹാരത്തില്‍ ഗുണപരത കണ്ടെത്തുന്ന മറ്റൊരു ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്ത് നിയോഗിക്കുകയും ചെയ്യണമെന്നാണ്. അത്തരമൊരു പ്രശ്‌നപരിഹാരം ബലം പ്രയോഗിച്ച് നടപ്പാക്കുകയാണെങ്കില്‍ നിരവധി നിഷ്‌കളങ്ക ജീവനുകളെ നിര്‍ബന്ധമായും ബാധിക്കുന്ന ഒന്നായിത്തീരും എന്ന തിരിച്ചറിവാണ് എന്റെ പ്രവൃത്തിക്ക് പിന്നിലുള്ള ഒരേ ഒരു നിയമപരിഗണന.
ആത്മാര്‍ത്ഥതയോടെ,
കെകെകെ നായര്‍ (ഐസിഎസ്)

ബാബ്‌റി മസ്ജിദിലേയ്ക്ക് വിഗ്രഹം കടത്താനുള്ള പദ്ധതിയില്‍ പ്രധാനപ്പെട്ട പങ്കുവഹിച്ച ഒരാള്‍ എന്ന പങ്കാളിത്തം മറച്ചു പിടിച്ചു കൊണ്ട്, ആ വിഗ്രഹത്തെ, നിയമവിരുദ്ധമായി അതിനെ അവിടെ തന്നെ സൂക്ഷിക്കുക വഴി, ഹിന്ദു വംശീയ വാദികള്‍ക്ക്, ഹിന്ദു രാഷ്ട്ര സംസ്ഥാപനത്തിലേയ്ക്കുള്ള ചവിട്ടുപടിയായി അയോദ്ധ്യയെ മാറ്റിത്തീര്‍ക്കാനാണ് ആര്‍എസ്എസിന്റെ അലമാരയ്ക്കകത്തെ അംഗങ്ങള്‍ എന്ന നിലയില്‍ നായരും ഗുരുദത്ത് സിംഗും ശ്രമിച്ചത് എന്ന് ഈ കത്ത് വെളിവാക്കുന്നു. തന്ത്രശാലിയായ നായര്‍, കോണ്‍ഗ്രസ്സിലെ മൃദുഹിന്ദുവാദികളുടെ പിന്തുണ ഉറപ്പാക്കാനായി ബാബാ രാഘവ് ദാസിനെപ്പോലുള്ളവരെ സംരക്ഷിക്കുകയും ചെയ്യുന്നു. അതേ സമയം മഹന്ത് ദിഗ്വിജയ് നാഥിനെപ്പോലെയും ഗോപാല്‍ സിംഗ് വിശാരദിനെപ്പോലെയും ഉള്ള ഹിന്ദുമഹാസഭാ നേതാക്കളായ യഥാര്‍ത്ഥ ഗൂഢാലോചനക്കാരെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. സര്‍ക്കാരിനോടോ ഭരണഘടനയോടോ അല്ല, സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കാന്‍ വിധിക്കപ്പെട്ട ഉദ്യോഗസ്ഥന്റെ കൂറ്, ഹിന്ദു വംശീയ വാദത്തിനോടും അതിന്റെ പദ്ധതികളോടുമാണ് എന്ന് നിസ്സംശയം വ്യക്തമാക്കുന്നതായിരുന്നു, കെകെകെ നായരുടെ ഈ കത്ത്. പില്‍ക്കാലത്ത് ഇന്ത്യാചരിത്രത്തില്‍ അയോദ്ധ്യാ പ്രശ്‌നത്തിന്റെ രാഷ്ട്രീയ പരിണാമം പരിശോധിച്ചാല്‍, ഓരോ ഘട്ടത്തിലും ഇത്തരം നായര്‍ മാര്‍ പ്രത്യക്ഷപ്പെടുന്നതായി കാണാം. ജനാധിപത്യ സര്‍ക്കാര്‍ സംവിധാനത്തിനുള്ളില്‍, ഫാസിസത്തിന്റെ കോടാലി കൈയ്യായി, വലിയ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഉദ്യോഗസ്ഥ രൂപമായിരുന്നു കെകെകെ നായര്‍.
1949 ഡിസംബര്‍ 26നാണ് നായര്‍, ഈ കത്ത്, ചീഫ് സെക്രട്ടറിയായിരുന്ന ഭഗവാന്‍ സഹായിക്ക് എഴുതുന്നത്. പിറ്റേന്ന് മറ്റൊരു കത്തു കൂടി നായര്‍ എഴുതുന്നുണ്ട്. താഴെപ്പറയും പ്രകാരമായിരുന്നു, അത്.
പ്രിയപ്പെട്ട ഭഗവാന്‍ സഹായ്,
ഇത് അയോദ്ധ്യാ സംഭവങ്ങളെക്കുറിച്ചുള്ള എന്റെ മുന്‍ കത്തിന്റെ തുടര്‍ച്ചയാണ്.
ലക്‌നൗവില്‍ നിന്നും മടങ്ങി വന്ന കമ്മീഷണര്‍ എനിക്കും പോലീസ് സൂപ്രണ്ടിനും പള്ളിയില്‍ നിന്നും വിഗ്രഹം, പള്ളിക്ക് വെളിയിലുള്ള ജന്മഭൂമി ക്ഷേത്രത്തിലേയ്ക്ക് രഹസ്യമായി നീക്കം ചെയ്യുന്നതിനെ സംബന്ധിച്ചുള്ള പദ്ധതിയുടെ രൂപരേഖ നല്‍കുകയുണ്ടായി. ഇന്നലെ കമ്മീഷണര്‍, ഡിഐജി, എസ്പി, ഞാന്‍ എന്നിവര്‍ക്ക് മുന്നിലും ഇന്നലെ വൈകീട്ട് ഐജി, ഡിഐജി (പിഎസി), എസ്പി ഞാന്‍ എന്നിവര്‍ക്ക് മുന്നിലും ആ പദ്ധതി ചര്‍ച്ച ചെയ്യുകയുണ്ടായി. ഞങ്ങളെല്ലാവരും ഇന്നു രാവിലെയും അത് വീണ്ടും ചര്‍ച്ച ചെയ്തു.
വിഗ്രഹം നീക്കം ചെയ്യുക എന്ന ആശയത്തോട് ഞാന്‍ യോജിക്കുകയോ എന്റെ മുന്‍കൈയ്യില്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. അത്തരമൊരു നടപടി ജില്ലയിലെ പൊതു സമാധാനത്തിന് അങ്ങേയറ്റം ആപല്‍ക്കരവും ഈ വിവാദത്തിന്റെ ഉള്ളറകളില്‍ ഇതുവരെയില്ലാത്ത വിധമുള്ള ആളിക്കത്തലിനേയും ഭീകരതയേയും ക്ഷണിച്ചു വരുത്തുന്ന ഒന്നായിരിക്കും. ജില്ല എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു നാളമാണ്. സ്‌ഫോടക വസ്തുക്കള്‍ നിയമപരമായി കൈവശം വെച്ചിരിക്കുന്നവര്‍ അത്യാവശ്യമെങ്കില്‍ പോലീസിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ പൊരുതാന്‍ അവരുടെ ആയുധങ്ങള്‍ സഹിതം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അനിയന്ത്രിതമായ രക്തച്ചൊരിച്ചാല്‍ തടയാനായി ജില്ലയിലെ എല്ലാ ലൈസന്‍സികളില്‍ നിന്നും ആയുധങ്ങള്‍ ശേഖരിക്കുക എന്നത് എളുപ്പമായ ഒന്നോ ക്ഷിപ്രഗതിയില്‍ ചെയ്യാന്‍ കഴിയുന്ന ഒന്നോ അല്ല. ഞാനറിയുന്ന എല്ലാ ഹിന്ദുക്കളും, ഒരാള്‍ പോലും വ്യത്യസ്തനാകാത്ത തരത്തില്‍, വിഗ്രഹങ്ങള്‍ അവിടെത്തന്നെ സംരക്ഷിക്കപ്പെടണം എന്ന ആവശ്യത്തിന് പിന്നില്‍ അണിനിരന്നിരിക്കുകയാണ്. എത്രമാത്രം അസംഘടിതര്‍ ആണെങ്കില്‍പ്പോലും ഇപ്പോഴത്തെ അവസ്ഥയിലേയ്ക്ക് നയിച്ച പ്രവര്‍ത്തനങ്ങളുടെ ഉടമസ്ഥത അവര്‍ ഏറ്റെടുക്കുകയും അതിന് വേണ്ടി കൊല്ലാനോ ചാകാനോ തയ്യാറാവുകയും ചെയ്തിരിക്കുകയാണ്. ഈ പ്രവര്‍ത്തനത്തിന് പിന്നിലുള്ള വികാരത്തിന്റെ ആഴവും, പരിഹാരശ്രമങ്ങളുടെ നൈരാശ്യതയും പിന്തുണക്കാനുള്ള പ്രതിജ്ഞകളും കുറച്ചു കാണുകയോ തള്ളിക്കളയുകയോ ചെയ്യരുത്. കൊടുങ്കാറ്റ് പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ നമ്മുടെ കൈവശമുള്ള സേനയെ ഉപയോഗിച്ച് നഗരാതിര്‍ത്തിയില്‍ അതിനെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞേക്കാം. പക്ഷെ, അതിനായി വെടിവെപ്പ് നടത്തേണ്ടി വരും എന്നത് സുനിശ്ചിതമാണ്. വെടിവെപ്പില്‍ നിന്നും മാത്രമല്ല, ജില്ലയിലെമ്പാടും ആളിപ്പടരുന്ന പ്രതിഷേധത്താലും നിരവധി ജീവനുകള്‍ പൊലിയാനിടയുണ്ട്.വിഗ്രഹം നീക്കം ചെയ്യാനുള്ള ആലോചന നടക്കുന്നു എന്ന കിംവദന്തി ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞു പ്രചരിക്കുകയും മുസ്ലീം നിവാസസ്ഥാനങ്ങള്‍ കത്തിക്കാനും കൊള്ള ചെയ്യാനും ഹിന്ദുക്കള്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കൊടുങ്കാറ്റ് പൊട്ടിപ്പുറപ്പെട്ടാല്‍ എല്ലാ സ്ഥലങ്ങളിലേയും മുസ്ലീങ്ങളുടെ ജീവന്‍ സംരക്ഷിക്കുക സാധ്യമായിരിക്കില്ല. എന്റെ ഉദ്യോഗസ്ഥരേയും അവരുടെ വസ്തുവകകളേയും പോലും സംരക്ഷിക്കുക സാധ്യമാകുമോ? .വിഗ്രഹം നീക്കം ചെയ്യാനുള്ള നീക്കത്തെ പിന്തുണക്കുന്ന ഒരു ഹിന്ദുവിനെ,കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ പോലും എനിക്കിതു വരെ കാണാന്‍ കഴിഞ്ഞിട്ടില്ല.
ഈ സംസ്ഥാനത്തിന്റെ വികാരങ്ങള്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍, ഈ സ്വഭാവത്തിലുള്ള നടപടി വെടിക്കൂനയില്‍ തീപ്പെട്ടിയുരയ്ക്കുന്നത് പോലെയായി തീരും. എനിക്ക് സമചിത്തതയോടെയോ നീതി നടപ്പാക്കുന്ന എന്ന വികാരത്തോടെയോ അത് ആലോചിക്കാന്‍ കഴിയില്ല.
വിഗ്രഹം നീക്കം ചെയ്യാന്‍ തയ്യാറുള്ളതോ അത്തരം പ്രേരണ ചെലുത്താന്‍ സാധിക്കുന്നതോ ആയ ഒരു ഹിന്ദുവിനെ, യോഗ്യതയുള്ള ഒരു പുരോഹിതനെ, ഈ ജില്ലയില്‍ എനിക്ക് കണ്ടെത്താനായിട്ടില്ല. അത്തരമൊരു സംഗതി ചെയ്യേണ്ട അത്യാവശ്യഘട്ടം നിലവില്‍ വരികയാണെങ്കില്‍ നമുക്ക് വേണ്ടി അത് ചെയ്യാന്‍ പ്രാപ്തനായ വ്യക്തിയെ തേടി ഞാനും കൃപാല്‍ സിംഗും ഞങ്ങളുടെ എല്ലാ കഴിവുകളും വിനിയോഗിച്ച് തെരയുകയുണ്ടായി. ഈ കൃത്യത്തിനായി ഈ ജില്ലയില്‍ ഒരാള്‍ പോലും തയ്യാറല്ല .കാരണം അങ്ങനെ ചെയ്താല്‍ മുഴുവന്‍ ഹിന്ദുക്കളുടേയും കണ്ണില്‍ അയാളുടെ ജീവനും വസ്തുവകകളും ഹോമിക്കപ്പെടും. ഇക്കാര്യം ചെയ്യാനായി ഞങ്ങള്‍ നിര്‍ദ്ദേശിച്ചത് കമ്മീഷണര്‍, ഐ ജി, ഡി ഐ ജി തുടങ്ങിയവര്‍ പുറത്തു നിന്ന് ഒരാളെ കണ്ടെത്തണമെന്നാണ്. കാരണം ഞങ്ങളുടെ ശേഷി ഈ ജില്ലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതും ഇപ്പോഴത്തെ അവസ്ഥാവിശേഷം ഞങ്ങളുടെ അന്വേഷണത്തിന് അല്പം പോലും വിജയപ്രതീക്ഷ നല്‍കാത്തതുമാണ്. പക്ഷെ, അത്തരമൊരാളെ കണ്ടെത്താന്‍ അവര്‍ തയ്യാറായില്ല. ഞങ്ങളുടെ അന്വേഷണങ്ങള്‍ പരാജയപ്പെടുകയാണെങ്കില്‍, സര്‍ക്കാര്‍ തന്നെ ഒരാളെ കണ്ടെത്തുകയാകും ഉചിതം എന്ന് ഞാന്‍ വിചാരിക്കുന്നു. മാത്രമല്ല, യോഗ്യനായ ഒരു പുരോഹിതനെ കണ്ടെത്താനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍, ഏതെങ്കിലും പുരോഹിതന്‍ നിഷേധിച്ചാല്‍, മിക്കവാറും അദ്ദേഹം അങ്ങനെത്തന്നെ ചെയ്യും, അത്തരമൊരു നീക്കത്തെ തന്നെ ഇല്ലാതാക്കുന്ന തരത്തിലായിപ്പോകും. എങ്ങനെയെങ്കിലും, ഏതെങ്കിലും ഒരാളെക്കൊണ്ട് അത് നിര്‍വ്വഹിപ്പിച്ചാലോ, രോഷത്തിന്റെ കൊടുങ്കാറ്റ് ജില്ലയുടെ അതിര്‍ത്തിക്കള്‍ക്കപ്പുറം വ്യാപിക്കുകയും ചെയ്യും. അത് ബാധിക്കുക നിയുക്തരായ സ്വ ഉദ്യോഗസ്ഥരെ മാത്രമല്ല. സര്‍ക്കാരിന് മേല്‍ അത് അപമാനമായി പതിക്കുകയും സര്‍ക്കാരിനെ ഉലയ്ക്കുകയും ചെയ്യും.
അവസ്ഥ പ്രഥമദൃഷ്ട്യാ വിലയിരുത്താനായി ബഹുമാനപ്പെട്ട ഒരു മന്ത്രിയെ അയയ്ക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചതായി കാണുന്നില്ല. അങ്ങനെ ചെയ്താല്‍ ബലം പ്രയോഗിച്ചാണോ അനുരഞ്ജനത്തിന്റെ മാര്‍ഗ്ഗത്തിലൂടെ പരിഹാരം കണ്ടെത്തുകയാണോ നല്ലതെന്ന് തീരുമാനിക്കാനാകും.
സര്‍ക്കാര്‍ എന്റെ ശബ്ദം ശ്രവിക്കണമെന്നും ബലപ്രയോഗം ഉള്‍ക്കൊള്ളുന്ന പരിഹാരം സ്വീകരിക്കാനുള്ള ഏത് ശ്രമവും തീവ്രവും മുറിവേറ്റതുമായ വികാരങ്ങളാല്‍ നിറഞ്ഞ ഇന്നത്തെ അവസ്ഥയില്‍ ഭീകരമായ സംഭവങ്ങളിലേയ്ക്ക് നയിക്കുമെന്നും എളിമയോടെ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
പോലീസ് സൂപ്രണ്ട് ഇതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. അക്രമങ്ങളുടേയും കൊള്ളയുടേയും വ്യാപനം കൂടാതെ ഹിന്ദുക്കളെ ഭയപ്പെടുത്തിക്കൊണ്ട് ബലപ്രയോഗം നടത്താനാകില്ല എന്നതിനാല്‍ ഞങ്ങളുടെ മുന്‍കൈയ്യില്‍ അത്തരമൊരു കൃത്യം നടപ്പാക്കാന്‍ കഴിയില്ല എന്നതാണ് ഞങ്ങള്‍ പങ്കിടുന്ന കാഴ്ചപ്പാട്.
വര്‍ത്തമാന സാഹചര്യത്തില്‍ എന്തുചെയ്യാനാകും എന്നതാണ് ഇപ്പോള്‍ അവശേഷിക്കുന്ന ചോദ്യം. പള്ളിക്കുള്ളില്‍ വിഗ്രഹം സ്ഥാപിച്ചത് തീര്‍ച്ചയായും ഒരു നിയമവിരുദ്ധ പ്രവൃത്തിയാണ്. അത് പ്രാദേശിക അധികൃതരെ മാത്രമല്ല സര്‍ക്കാരിനേയും ഒരു പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നു. ഭീകരമായ വിലയും ത്യാഗവും കൂടാതെ കാര്യങ്ങളെ എങ്ങനെ എത്രയും പെട്ടെന്ന് വീണ്ടെടുക്കാം എന്ന് നാം പരിശോധിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാരിന്റെ പരിഗണനയിലേയ്ക്കായി ഒരു പ്രശ്‌ന പരിഹാരം എനിക്ക് സമര്‍പ്പിക്കാനുണ്ട്.
പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കുകയും അതിനുള്ളില്‍ നിന്നും ഏതാനും ചില പൂജാരികളെ ഒഴികെ, ഹിന്ദുക്കളെയും മുസ്ലീങ്ങളേയും ഒഴിവാക്കുക. വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ പൂജയും നിവേദ്യവും അര്‍പ്പിക്കുന്നത് തുടരുന്നതിനായി, മറ്റൊരു പ്രതിസന്ധി സൃഷ്ടിക്കാതെ തന്നെ പൂജാരിമാരുടെ എണ്ണം മുന്നില്‍ നിന്നും ഒന്നാക്കുന്നതിന് ഞാന്‍ പരിശ്രമിക്കുന്നുണ്ട്. പൂജാരിയേയോ പൂജാരികളേയോ മജിസ്‌ട്രേറ്റിന്റെ കല്പന വഴി നിയമിക്കാവുന്നതാണ്. അവകാശങ്ങള്‍ നിയമപരമായി തീരുമാനിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗങ്ങളെ സിവില്‍ കോടതിയിലേയ്ക്ക് അയക്കാവുന്നതാണ്. സിവില്‍ കോര്‍ട്ട് അവര്‍ക്ക് അനുകൂലമായി വിധിക്കുന്നത് വരെ, മുസ്ലീങ്ങള്‍ക്ക് ഉടമസ്ഥാധികാരം ഏല്പിച്ചു കൊടുക്കാനായി യാതൊരു ശ്രമവും നടത്താന്‍ പാടുള്ളതല്ല.
ഈ പരിഹാരം, ബലപ്രയോഗവും രഹസ്യാത്മക നടപടികളും മൂലം നേടിയെടുത്ത നിയമവിരുദ്ധമായ ഒരു പ്രവൃത്തിയെ വകവെച്ചുകൊടുക്കുന്നതായും നിയമവിരുദ്ധമായ പ്രവൃത്തിക്ക് മുമ്പുണ്ടായിരുന്ന തല്‍സ്ഥിതി ഉടന്‍ തന്നെ നേടിക്കൊടുക്കുന്നില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ക്ക് പാത്രമായേക്കാം. പക്ഷെ താഴെപ്പറയുന്ന ഗുണഫലങ്ങള്‍ അതിനുണ്ട് എന്നതിനാല്‍ അവ ശ്രദ്ധാപൂര്‍വ്വം പരിഗണിക്കേണ്ടതാണ്.
1. സിവില്‍ കോടതി ഈ തര്‍ക്കത്തില്‍, ഹിന്ദുക്കള്‍ക്കനുകൂലമായി വിധിക്കുകയാണെങ്കില്‍, വലിയ ഒരു അളവിലുള്ള സഹനങ്ങളും രക്തച്ചൊരിച്ചിലും രാജ്യവ്യാപകമായ പ്രതിക്രിയകളും ഒഴിവാക്കാവുന്നതാണ് .
2. സിവില്‍ നടപടിക്രമങ്ങളുടെ ഇടവേളയില്‍ ഏതെങ്കിലും തരത്തിലുള്ള അനുരഞ്ജനത്തില്‍ എത്തിച്ചേരാവുന്നതാണ് (അത്തരമൊന്ന് സാധ്യമാകുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രത്യാശപ്പെടുന്നു) .മുസ്ലീങ്ങളെ, അവരില്‍ ഒരു ചെറിയ വിഭാഗമെങ്കിലും ഇപ്പോഴും ഈ രീതിയില്‍ ചിന്തിക്കുന്നവരാണ്, സ്വസമ്മത പ്രകാരം പള്ളി ഹിന്ദുക്കള്‍ക്ക് കൊടുക്കാനായി പ്രേരിപ്പിക്കാം. എന്നിട്ട് ആ വിലയിലുള്ള ഒരു പള്ളി അവര്‍ക്കായി നിര്‍മ്മിച്ചു നല്‍കാം. പക്ഷെ, വര്‍ത്തമാന സ്ഥിതി ഒരു ലഹളയിലേയ്ക്ക് വ്യാപിക്കുകയാണെങ്കില്‍, അതിന് ശേഷം ഈ മുസ്ലീങ്ങള്‍ ഇത്തരം പരിഹാരത്തിന് തയ്യാറാകുകയില്ല. ഭാവി കലാപങ്ങളെ ഗര്‍ഭസ്ഥമാക്കിക്കൊണ്ടുള്ള സ്ഥിതിവിശേഷം തുടരുകയും ചെയ്യും.. തല്‍സ്ഥിതി എത്രയും പെട്ടെന്ന് പുനരാനയിക്കാതിരിക്കുന്നതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്താനിടയുണ്ടെങ്കിലും ഉടമസ്ഥതയെ കുറിച്ചുള്ള അവകാശവാദങ്ങള്‍ ഒരു സിവില്‍ കോടതി പരിഹാരത്തിനായി ഒരു മജിസ്‌ട്രേറ്റിന് മുന്നിലാണ് എന്ന നിയമപരവും സാധുവുമായ ഒരു കാരണം സര്‍ക്കാരിന്റെ പക്കലുണ്ടാകും. ആ മജിസ്‌ട്രേട്ടാകട്ടെ, ഹിന്ദുക്കളേയും മുസ്ലീങ്ങളേയും അവിടെ നിന്ന് ഒഴിവാക്കിയത് കൊണ്ട് തല്‍സ്ഥിതിയെ പെട്ടെന്ന് പുനരാനയിക്കുക എന്ന ചോദ്യം അത് കണ്ടുകെട്ടിയ മജിസ്‌ട്രേറ്റിന്റെ മുന്നിലുള്ള നിയമപരമായ ഒരു കാര്യമായി മാറിയതിനാല്‍, സര്‍ക്കാരിന് നിയമപരമായി ഇടപെടാനോ കല്പിക്കാനോ കഴിയാത്ത ഒന്നായിത്തീരും. ഈ സന്ദര്‍ഭത്തില്‍ ഞാന്‍ ചൂണ്ടിക്കാണിക്കുന്നതെന്തെന്നാല്‍, സര്‍ക്കാരില്‍ നിന്നും എനിക്കോ, (പള്ളി) ഏറ്റെടുക്കുന്ന മജിസ്‌ട്രേറ്റിനോ തല്‍സ്ഥിതി നിലനിര്‍ത്താന്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ഏതൊരു നിര്‍ദ്ദേശവും നിയമവിരുദ്ധമായിത്തീരും. കാരണം, നിയമപരമായ കാര്യങ്ങള്‍ ബന്ധപ്പെട്ട മജിസ്‌ട്രേട്ടും അദ്ദേഹത്തിന്റെ നിയമാനുസൃതമായ വിവേചനാധികാരവും ആണ് തീരുമാനിക്കേണ്ടത്. നിയമപരമല്ലാത്ത ഒരു കാര്യം, നേരെയാക്കുന്നതിന് വേണ്ടിയാണെങ്കില്‍ പോലും, തങ്ങളുടെ സങ്കടത്തെ സംബന്ധിച്ച്, അതെത്ര മാത്രം ശരിയാണെങ്കില്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു സംഗതിയെ സംബന്ധിച്ചുള്ള നിയമപരമല്ലാത്ത നിര്‍ദ്ദേശം നല്‍കുന്നത്, അവരെ ചൊടിപ്പിക്കുക മാത്രമേ ചെയ്യൂ.
ഞാന്‍ കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നത് തല്‍സ്ഥിതി എന്നത് ആദര്‍ശാത്മകവും വസ്തുനിഷ്ഠവുമായ ഒന്നാണെന്നാണ്. അതിനെ വലിച്ചു നീട്ടി രക്തരൂക്ഷിതമാക്കരുത്. ഈ ദിവസങ്ങളിലെല്ലാം ഞാനവിടെ ഉണ്ടായിരുന്നതും മിക്കവാറും ആരുടെയും പിന്തുണ കൂടാതെ തന്നെ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്തിട്ടുള്ളതും ആണ്. ഇപ്പോള്‍ പുറത്ത് മുഴങ്ങുന്ന മുദ്രാവാക്യം ‘നായര്‍ അന്യായ കര്‍ണ്ണാ ചോഡ് ദോ, നായര്‍ ഭഗ്വാന്‍ കാ ഫാടക് ഖോല്‍ ദോ ‘എന്നാണ്. ഞാന്‍ ഈ രോഷത്തെ സമചിത്തതയോടെയും യാതൊരു പരാതിയും കൂടാതെയുമാണ് നേരിടുന്നത്. എന്നെ ദിവസവും കുറ്റപ്പെടുത്തുകയും എന്നെയും മുഴുവന്‍ ഭരണനിര്‍വ്വഹണത്തേയും അസാമാന്യമാം വിധം വിഷമതയില്‍പ്പെടുത്തുകയും ചെയ്യുന്ന ഈ ആള്‍ക്കൂട്ടത്തിനോട് മൃദുവായി പെരുമാറേണ്ട ഒരു കാര്യവും തീര്‍ച്ചയായും എനിക്കില്ല. ഇതിനെതിരെ പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്തത് കൊണ്ടല്ല, സമാധാന നിര്‍ദ്ദേശം ഞാന്‍ മുന്നോട്ടു വെയ്ക്കുന്നത്. സമാധാനത്തിന്റെ വലിപ്പവും സങ്കീര്‍ണ്ണതകളും ഹ്രസ്വവും ദീര്‍ഘവുമായ പ്രതികരണങ്ങളും കണക്കിലെടുക്കുന്നതില്‍ സര്‍ക്കാരിനേക്കാള്‍ കണിശതയില്ലായ്മ ഞാന്‍ കാണിക്കുന്നത് കൊണ്ടുമല്ല. സര്‍ക്കാരിന്റെ അന്തസ്സും നിലപാടുകളും എനിക്ക് അഭിപ്രായം പറയാന്‍ അവകാശപ്പെട്ട കാര്യങ്ങള്‍ അല്ല. ഞാന്‍ എന്തെങ്കിലും ചെയ്യും മുമ്പായി സര്‍ക്കാര്‍ അക്കാര്യത്തില്‍ തങ്ങളുടെ മനോഭാവം വെളിപ്പെടുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എടുത്തു ചാടി എന്നെക്കൊണ്ട് വിഗ്രഹം ഇപ്പോള്‍ മാറ്റിക്കുകയാണെങ്കില്‍, പ്രശ്‌നം പരിഹരിക്കപ്പെടുന്നതിന് പകരം ഗുരുതരമായ ഒന്നിനെ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുക. അക്കാര്യത്തില്‍ വ്യക്തമായ നിര്‍ദ്ദേശം തരാത്ത പക്ഷം എനിക്ക് സര്‍ക്കാരിനോട് വിധേയത്വം പുലര്‍ത്താനാകില്ല.
ഇന്നു പോലും, ഈ നീക്കം ചെയ്യല്‍ എങ്ങനെയാണ് നടപ്പാക്കുക എന്ന കാര്യം എനിക്ക് ഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടില്ല .മതപരമായാണ് അത് നീക്കം ചെയ്യുന്നതെങ്കില്‍, അത്തരം ഒരു പ്രവൃത്തിയിലൂടെ ജീവിതം തുലച്ച് മോക്ഷം നേടാന്‍ തക്ക പ്രാപ്തിയുള്ള ഒരു യോഗ്യനായ പുരോഹിതനെ എനിക്ക് കണ്ടു കിട്ടിയിട്ടില്ല. ആരെക്കൊണ്ടെങ്കിലും എന്തെങ്കിലും ചെയ്യിച്ച് അത് എങ്ങനെയെങ്കിലും മാറ്റുകയാണെങ്കില്‍, ഹിന്ദു പൊതുജനങ്ങളുടെ എല്ലാ വിഭാഗങ്ങളില്‍ നിന്നും അതുണ്ടാക്കുന്ന പ്രത്യാഘാതം സര്‍ക്കാരിനെ ഭീകരമായി പിടിച്ചു കുലുക്കും. സര്‍ക്കാര്‍ അത് നേരിടാന്‍ തയ്യാറാകണമെന്ന് ഞാന്‍ തെളിച്ചു പറയട്ടെ.
എന്റെ കാഴ്ചപ്പാടില്‍ നമ്മെ കീഴടക്കിയതിനേക്കാള്‍ വലിയൊരു പ്രതിസന്ധി ഉടലെടുക്കാതിരിക്കാന്‍ ഓരോ പടവിലും അങ്ങേയറ്റം ശ്രദ്ധിച്ചു കൊണ്ടുള്ള വിവേചനാധികാരത്തോടെയാണ് ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.
അവസാനമായി എനിക്ക് പറയാനുള്ളത്, തന്നത്താന്‍ ഉറഞ്ഞു കൂടി പ്രത്യേകതരത്തിലുള്ള രൂപം കൈവരിച്ച പ്രതിസന്ധിയെ തടഞ്ഞു നിര്‍ത്തുകയോ നിര്‍ത്താതിരിക്കുകയോ ചെയ്ത ഏതൊരുചെറു പ്രാദേശിക മുന്‍കരുതലുകളെ പരിഗണിക്കുന്നത്, ഈ പ്രശ്‌നത്തിന്റെ ആസന്ന യാഥാര്‍ത്ഥ്യത്തെ മുഴുവനായി അവഗണിക്കുന്നതായി തോന്നുന്നു. അത് അയോദ്ധ്യയെ നിരവധി ലഹളകളിലേയ്ക്കും നൂറുകണക്കിന് പേരുടെ ജീവഹാനിയിലേയ്ക്കും നയിക്കും. ഈ പ്രശ്‌നത്തെ നേരിട്ട് അഭിമുഖീകരിക്കേണ്ടതുണ്ട്. പ്രാദേശികമായ മുന്‍കരുതലുകള്‍ ഒരു പക്ഷേ, പ്രതിസന്ധിയുടെ സ്വഭാവത്തേയും സമയക്രമത്തേയും മാറ്റി മറിക്കുകയാണെങ്കില്‍, കുറേക്കാലത്തേയ്‌ക്കെങ്കിലും ഒഴിപ്പിക്കല്‍ നടത്താതെ, ഒരു യഥാര്‍ത്ഥ പരിഹാരം കണ്ടെത്താം.
എന്റെ നേരായ വര്‍ത്തമാനം, തെറ്റായ ധാരണകള്‍ മാറ്റുന്നതിന്റെ ആവശ്യകതയിലാണ് ഇതെഴുതിയതെന്ന മട്ടില്‍ തെറ്റിദ്ധരിക്കപ്പെടില്ല എന്ന് ഞാന്‍ വിശ്വസിക്കട്ടെ. ഒരു വിഭാഗത്തിലേയും പൊതു പ്രവര്‍ത്തകരുടെ സഹായം ലഭിക്കാത്ത ജില്ലാ അധികൃതര്‍, കൈയ്യില്‍ പരിമിത വിഭവങ്ങള്‍ മാത്രമുള്ളവര്‍, ഷമകരമായ ഒരു അവസ്ഥയെയാണ് അഭിമുഖീകരിക്കുന്നത്. എങ്കിലും പൊതു സമാധാനം സംരക്ഷിക്കാനും ഭരണാന്തസ്സ് നിലനിര്‍ത്താനും സര്‍ക്കാര്‍ നയം സംരക്ഷിക്കാനും നില കൊള്ളുമ്പോള്‍ അവര്‍ ഇതിനെക്കാള്‍ വലിയ അംഗീകാരം അര്‍ഹിക്കുന്നുണ്ട്.
ആത്മാര്‍ത്ഥതയോടെ,
കെകെകെ നായര്‍ (ഐസിഎസ്)

ചോരയൊഴുക്കാതെ ഇന്ത്യയുടെ മതേതരത്വത്തിന്റെ മാംസം മുക്കാലും മുറിച്ചെടുക്കാനൊരുമ്പെടുന്ന അസ്സല്‍ ഹിന്ദുത്വ ഫാസിസ്റ്റിനെ ഈ കത്തില്‍ നമുക്ക് ദര്‍ശിക്കാം. പ്രശ്‌നപരിഹാരമെന്ന മട്ടില്‍, സര്‍ക്കാര്‍ ചെലവില്‍ ബാബ്‌റി മസ്ജിദിനെ ക്ഷേത്രമാക്കുന്ന പദ്ധതിയാണ്, സത്യസന്ധനായ ഉദ്യോഗസ്ഥ പരിവേഷമണിഞ്ഞ് നായര്‍ നിര്‍വ്വഹിക്കുന്നത്. അതില്‍ അദ്ദേഹം അസാമാന്യമായി വിജയിച്ചു. നഗ്‌നമായ കൈയ്യേറ്റത്തെ ഹിന്ദു – മുസ്ലീം തര്‍ക്കമായി ചിത്രീകരിച്ച് കോടതി വ്യവഹാരമാക്കുന്നതോടെ ബാബ്‌റി മസ്ജിദ് ഒരു തര്‍ക്കഭൂമിയാകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അഭിറാം ദാസും കൂട്ടരും നടത്തിയ കൈയ്യേറ്റം എന്നതില്‍ നിന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ അത് ഹിന്ദു – മുസ്ലീം തര്‍ക്കപ്രശ്‌നമായെന്ന് ചരിത്രം നമുക്ക് കാണിച്ചു തരുന്നു. വിഗ്രഹങ്ങള്‍ നീക്കം ചെയ്യാതെ, അത് നീക്കം ചെയ്യാനുള്ള, ഫൈസാബാദ് കമ്മീഷണര്‍ ആയ ശ്യാം സുന്ദര്‍ലാല്‍ ദറിന്റെ നിര്‍ദ്ദേശത്തെ കാറ്റില്‍പ്പറത്തി, നായര്‍ തന്റെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കി. 1950 ജനുവരി 5 ന് ഫൈസാബാദിലേയും അയോദ്ധ്യയിലേയും ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് ആയ മാര്‍ക്കണ്ഡേയ് സിംഗ്, ബാബ്‌റി മസ്ജിദിനെ റിസീവര്‍ ഭരണത്തിന് വിട്ടു കൊടുത്തതോടെ അത് തര്‍ക്കഭൂമിയായി. 1986 മാര്‍ച്ച് 30 ന് ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ പ്രസിദ്ധീകരിച്ച എസ്.കെ. ത്രിപാഠിയുടെ റിപ്പോര്‍ട്ടില്‍ ഈ സംഭവത്തെക്കുറിച്ചുള്ള വിവരണം കാണാം. അതു പ്രകാരം മാര്‍ക്കണ്ഡേയ് സിങ്ങ്, ഫൈസാബാദിന്റേയും അയോദ്ധ്യയുടേയും മുനിസിപ്പല്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ ആയിരുന്ന പ്രിയദത്ത റാമിനെ ‘തര്‍ക്ക മന്ദിര’ത്തിന്റെ റിസീവര്‍ ആയി നിയമിച്ച് ഉത്തരവിറക്കുകയുണ്ടായി. അന്ന് നിലവിലുണ്ടായ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ സെക്ഷന്‍ 145 പ്രകാരമാണ് ഈ നിയമനം നടത്തുന്നത്. ആ സെക്ഷന്‍ പ്രയോഗിക്കാനാകുക, തര്‍ക്ക പ്രദേശങ്ങളെ സംബന്ധിച്ചാണെന്നിരിക്കേ, ഒരു രാഷ്ട്രീയ പദ്ധതിയുടെ അടിസ്ഥാനത്തില്‍ മുസ്ലീം പള്ളി കയ്യേറി ക്ഷേത്രമാക്കാന്‍ ശ്രമിച്ച ഏകപക്ഷീയമായ കുറ്റകൃത്യം ഇതോടെ, രണ്ടു മതവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമായി മാറി.

സെക്ഷന്‍ 145 ചുമത്തി തര്‍ക്കമന്ദിരമാക്കുന്നതില്‍ നായര്‍ വഹിച്ച അണിയറപ്പങ്കും വിവിധ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ഹാരോള്‍ഡ് എ ഗുള്‍ഡിന് പ്രിയദത്ത റാം നല്‍കിയ അഭിമുഖത്തില്‍ നായരും ഗുരുദത്ത് സിംഗും തന്നെ വന്ന് കണ്ടതിനെ പരാമര്‍ശിക്കുന്നുണ്ട്. ഫൈസാബാദില്‍ ശക്തമായ വേരുകളുള്ള സമുദായ പാര്‍ട്ടിയുടെ നേതാവായിരുന്നു പ്രിയദത്ത റാം. ഹിന്ദു വംശീയവാദികളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന വ്യക്തി. അദ്ദേഹം അഭിമുഖ സംഭാഷണത്തില്‍ പറഞ്ഞതിനെ അടിസ്ഥാനപ്പെടുത്തി ഹാരോള്‍ഡ് എ ഗുള്‍ഡ് ഇങ്ങനെയെഴുതുന്നു.
‘ഏതാണ്ട് ഭ്രാന്തമായ അവസ്ഥയില്‍, രണ്ടുപേരും (നായരും സിങ്ങും) ഒരു ദിവസം രാത്രി ഏറെ വൈകി ബാബു പ്രിയദത്ത റാമിന്റെ അടുത്തേയ്ക്ക് പോകുകയും പ്രശ്‌നത്തില്‍ ഇടപെടാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പാന്ത് സര്‍ക്കാരിനെ അമ്പരപ്പില്‍ നിന്നും രക്ഷിക്കുന്നതിനും രാഷ്ട്രീയമോഹങ്ങളുള്ള രണ്ട് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ സംരക്ഷിക്കുന്നതിനും ബാബ്‌റി മസ്ജിദിനെ ചൊല്ലിയുള്ള ഹിന്ദു മുസ്ലീം ഏറ്റുമുട്ടലുകള്‍ ഏറ്റവും ചുരുങ്ങിയത് വെച്ചു താമസിപ്പിക്കുന്നതിനും വേണ്ടിയുള്ള ഒരു സമവാക്യം രൂപീകരിക്കുന്നതില്‍ പ്രിയദത്ത റാം വിജയിക്കുകയുണ്ടായി.’
നെഹ്‌റുവിന്റെ ശക്തമായ ഇടപെടലുകളെ തുടര്‍ന്ന് 1950 മാര്‍ച്ച് 14 ന് നായരെയും ഗുരുദത്ത് സിങ്ങിനെയും ജോലിയില്‍ നിന്ന് നീക്കം ചെയ്തു. അതിന് മുമ്പു തന്നെ ഫൈസാബാദില്‍ നിന്നും ലക്‌നൗവിലേയ്ക്ക് നായരെ സ്ഥലം മാറ്റിയിരുന്നു. പക്ഷെ, അതിന് മുമ്പു തന്നെ ഹിന്ദു വംശീയവാദികള്‍ ആഗ്രഹിച്ചത് നായര്‍ നടത്തി കൊടുത്തിരുന്നു. നായരുടെ സിവില്‍ കേസുകള്‍ നടത്തിയിരുന്ന സാധു ശരണ്‍ മിശ്ര പില്‍ക്കാലത്ത് കൃഷ്ണ ഝായോടും ധീരേന്ദ്ര കെ ഝായോടും നായര്‍ നടത്തിയ കൂടുതല്‍ ഇടപെടലുകള്‍ വെളിവാക്കുകയുണ്ടായി. നായര്‍ തന്നോട് ഇങ്ങനെ പറഞ്ഞതായാണ് സാധു ശരണ്‍ മിശ്ര വെളിപ്പെടുത്തിയത്.
‘അത് കൃത്യമായ ആസൂത്രണത്തിലൂടെയാണ് നടത്തിയെടുത്തത്. ഗുരു ദത്ത് സിങ്ങും ഞാനുമായിരുന്നു അതിന്റെ കാര്യകര്‍ത്താക്കള്‍. സിവില്‍ ജഡ്ജി അതിന്റെ സഹകാരിയും. ഞങ്ങള്‍ എന്തെങ്കിലും ചെയ്താല്‍ തന്നെ കോടതി അത് സ്റ്റേ ചെയ്യുമെന്ന് ഞങ്ങള്‍ ആശങ്കാകുലര്‍ ആയിരുന്നു. ആ സമയത്ത് താക്കൂര്‍ ബീര്‍ സിങ്ങ് ആയിരുന്നു ഫൈസാബാദിലെ സിവില്‍ ജഡ്ജി. ഒരു ദിവസം ഞങ്ങള്‍ സിവില്‍ ജഡ്ജിയെ കാണുകയും ഞങ്ങളുടെ ആസൂത്രണത്തെ കുറിച്ച് അദ്ദേഹത്തോട് പറയുകയും അതില്‍ അദ്ദേഹത്തിന്റെ സഹകരണം ആവശ്യപ്പെടുകയും ചെയ്തു. രാമ ഭഗവാന് വേണ്ടിയുള്ള കാര്യമായതിനാല്‍ അദ്ദേഹം അതില്‍ തീര്‍ച്ചയായും സഹകരിക്കാമെന്നും, എന്നാല്‍ എല്ലാക്കാര്യങ്ങളും അദ്ദേഹം ചെയ്യുക നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നു കൊണ്ടായിരിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.’
1950 ജനുവരി 19 ന് ബീര്‍ സിങ്ങ് പുറപ്പെടുവിച്ച കല്പന എന്തെന്ന് കണ്ടാല്‍ ‘നിയമപരിധിക്കുള്ളില്‍ നിന്നു കൊണ്ടുള്ള സഹകരണം’ അദ്ദേഹം അക്ഷരം പ്രതി നടപ്പിലാക്കിയതായി ബോധ്യപ്പെടും.
‘തര്‍ക്കസ്ഥലിയില്‍ നിന്ന് തര്‍ക്കവിഷയങ്ങളായ വിഗ്രഹങ്ങള്‍ എടുത്തുമാറ്റുന്നതില്‍ നിന്നും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പൂജയില്‍ ഇടപെടുന്നതില്‍ നിന്നും ഒരു താത്ക്കാലിക ഉത്തരവിനാല്‍ എതിര്‍കക്ഷികളെ തടഞ്ഞിരിക്കുന്നു.’
ഹിന്ദു വംശീയ വാദികളുടെ പദ്ധതി പൂര്‍ത്തിയാക്കാനായി, ഹിന്ദു മഹാസഭാ നേതാവായിരുന്ന ഗോപാല്‍ സിങ്ങ് വിശാരദ്, ഫൈസാബാദിലെ സിവില്‍ കോടതിയില്‍ കൊടുത്ത സിവില്‍ വ്യവഹാരത്തിന്റെ ഉത്തരവായാണ് ഇത് പുറത്തിറങ്ങിയത്.
ജോലിയില്‍ നിന്ന് പുറത്തായെങ്കിലും കെകെകെ നായര്‍ ചെയ്തു കൊടുത്ത സഹായങ്ങള്‍ക്ക് ഹിന്ദു മഹാസഭ പ്രതിഫലം നല്‍കുകയുണ്ടായി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പില്‍ നായരുടെ ഭാര്യ ശകുന്തള യ്ക്ക് അഖിലേന്ത്യാ ഹിന്ദു മഹാസഭ, കൈസര്‍ഗഞ്ച് നിയോജക മണ്ഡലത്തില്‍ പാര്‍ലിമെന്റിലേയ്ക്ക് മത്സരിക്കാനുള്ള സീറ്റ് നല്‍കി. അന്ന് ഹിന്ദു മഹാസഭയ്ക്ക് ആകെ വിജയിക്കാന്‍ കഴിഞ്ഞ മൂന്ന് സീറ്റുകളില്‍ ഒന്ന് കൈസര്‍ഗഞ്ച് ആയിരുന്നു. പിന്നീട് 1967, 1971 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലും കൈസര്‍ഗഞ്ചില്‍ നിന്നും ശകുന്തളനായര്‍ വിജയിച്ചു. 1971 ല്‍ ബഹ്‌റൈച്ച് നിയോജകമണ്ഡലത്തില്‍ നിന്നും കെകെകെ നായര്‍, എംപി യായി തെരഞ്ഞെടുക്കപ്പെട്ടു. ഗുരു ദത്ത് സിംഗ് ആകട്ടെ ഫൈസാബാദില്‍, ഹിന്ദുമഹാസഭയുടെ നേതാവായി പ്രവര്‍ത്തിക്കുകയുണ്ടായി.
നായര്‍ക്കും പത്‌നിക്കും രാഷ്ട്രീയമായ സ്ഥാനമാനങ്ങള്‍ മാത്രമല്ല ലഭിച്ചത് എന്ന് ചരിത്രരേഖകള്‍ പറയുന്നു. ഫൈസാബാദിലും ചുറ്റുവട്ടത്തുമായി വലിയ ആസ്തി നായര്‍ക്ക് കൈവന്നു. നായരുടെ സ്വത്തിനായുള്ള അത്യാഗ്രഹത്തെ കുറിച്ച് നിരവധി കഥകള്‍ ഉള്ളതില്‍ ഒന്ന് ഇവിടെ കുറിക്കട്ടെ. അയോദ്ധ്യയുടെ പരിസരത്തുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നായിരുന്നു റാണോപ്പളി നാനക് ഷാഹി ക്ഷേത്രം. ഉദാസീന്‍ വിഭാഗത്തിന്റെ പ്രധാനക്ഷേത്രങ്ങളില്‍ ഒന്നായിരുന്നു അത്. സിക്ക് മതസ്ഥാപകനായ ഗുരു നാനാക്കിന്റെ മൂത്ത പുത്രനായ ശ്രീ ചന്ദ് പതിനേഴാം നൂറ്റാണ്ടില്‍ സ്ഥാപിച്ചതാണ് ഉദാസീന്‍ സന്ന്യാസി വിഭാഗം എന്ന് കരുതപ്പെടുന്നു. അവര്‍ പക്ഷെ കാലക്രമത്തില്‍ ഹിന്ദു ആചാരങ്ങളോട്, പ്രത്യേകിച്ച് ശൈവ ആചാരങ്ങളോടാണ് ഐക്യപ്പെട്ടത്. പതിനെട്ടാം നൂറ്റാണ്ടില്‍, അയോദ്ധ്യയിലെ മറ്റ് സന്ന്യാസി വിഭാഗങ്ങളെപ്പോലെ ഉദാസീനുകളും അവധി ലെ നവാബ് ആയിരുന്ന അസഫ് – ഉദ് – ദൗളയില്‍ നിന്നും വമ്പിച്ച ആനുകൂല്യങ്ങള്‍, പ്രത്യേകിച്ച് ഭൂസ്വത്ത് കൈപ്പറ്റുകയുണ്ടായി. നാനക് ഷാഹി ക്ഷേത്രത്തിന് ചുറ്റുമുള്ള ആയിരം ബീഗ വരുന്ന ഭൂസ്വത്ത് അവര്‍ക്ക് അങ്ങനെയാണ് സ്വന്തമായത്. സരയൂ നദിക്കക്കരെ ഗോണ്ട ജില്ലയിലും അവര്‍ക്ക് ആയിരക്കണക്കിന് ബീഗ വരുന്ന ഭൂസ്വത്ത് ഉണ്ടായിരുന്നു.
കെകെകെ നായര്‍, ഫൈസാബാദിലെത്തുന്ന കാലത്ത് കേശവ് ദാസ് ആയിരുന്നു ഉദാസീന്‍ വിഭാഗത്തിന്റെ തലവന്‍. മഹന്ത് കേശവ് ദാസ് കറുപ്പിന്റെ അടിമയായിരുന്നു. കറുപ്പ് സുലഭമായി കിട്ടാത്ത കാലമായത് കൊണ്ടും, മാരകരോഗങ്ങള്‍ക്കുള്ള വേദനാ സംഹാരി എന്ന നിലയില്‍ അതിന്റെ വിതരണം സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്നത് കൊണ്ടും, അത് ലഭിക്കാനായി മഹന്ത് കേശവ് ദാസ്, കെകെകെ നായരെ ആശ്രയിക്കാന്‍ തുടങ്ങി. കേശവ് ദാസിന് ആവശ്യമുള്ള കറുപ്പ് നല്‍കി, നായര്‍ അദ്ദേഹത്തെ തന്റെ വരുതിയിലാക്കി. പതുക്കെ പതുക്കെ നാനക് ഷാഹി ക്ഷേത്രത്തിന്റെ ഭൂസ്വത്തുക്കളില്‍ ഭൂരിഭാഗവും നായരുടെ ഉടമസ്ഥതയിലായി.
പില്‍ക്കാലത്ത്, ഉദാസീന്‍ വിഭാഗത്തിലെ മറ്റുള്ള സന്ന്യാസിമാര്‍ ഈ പകല്‍ക്കൊള്ളയുടെ വിവരം അറിയുകയും കേശവ് ദാസിന്റെ സെക്രട്ടറി ആയിരുന്ന ബാബാ ദാമോദര്‍ ദാസിന്റെ നേതൃത്വത്തില്‍ കേശവ്ദാസിനെതിരെ തിരിയുകയും ചെയ്തു. 1951 ഡിസംബര്‍ 3 ന് കേശവ് ദാസ് സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായി. ബാബാ രാംഗോപാല്‍ ദാസ് പുതിയ മഹന്ത് ആയി സ്ഥാനാരോഹണം ചെയ്തു. അതിന് ശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉദാസീന്‍ വിഭാഗം, കെകെകെ നായരില്‍ എത്തപ്പെട്ട ഭൂസ്വത്തുക്കള്‍ തിരിച്ചു പിടിക്കാനായി ശ്രമം നടത്തി. ഫൈസാബാദിലെ സിവില്‍ കോടതിയില്‍ അവര്‍ നായര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു. ആ കേസില്‍ തന്റെ ഭാഗം വാദിക്കാനായി നായര്‍ ഏര്‍പ്പെടുത്തിയത് സാധു ശരണ്‍ മിശ്ര എന്ന വക്കീലിനെയാണ്. പില്‍ക്കാലത്ത് കൃഷ്ണ ഝായും ധീരേന്ദ്ര കെ ഝായും സാധു ശരണ്‍ മിശ്രയുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ അദ്ദേഹം അക്കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നുണ്ട്.
‘മഹന്ത് കേശവ് ദാസ് ഒരു സന്ന്യാസി എന്നതിനേക്കാള്‍ ഒരു പണ്ഡിതനായിരുന്നു. പ്രശാന്തവും ലളിതവുമായ ഒരു ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. പക്ഷെ, തന്റെ വാര്‍ദ്ധക്യ കാലത്ത് അദ്ദേഹം കറുപ്പ് ഉപയോഗിക്കാന്‍ തുടങ്ങുകയും അതിവേഗം അതിന്റെ അടിമയായ് തീരുകയും ചെയ്തു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളവും റാണോപാലി ആശ്രമത്തെ സംബന്ധിച്ചിടത്തോളവും അത് മാരകമായി തീര്‍ന്നു. കറുപ്പിനോടുള്ള ഈ അടിമത്തമല്ലാതെ മറ്റൊരു ദൗര്‍ബല്യവും അദ്ദേഹത്തിന് ഇല്ലായിരുന്നു. ലൗകികനല്ലാത്തതിനാല്‍ താനെന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നില്ല. (കറുപ്പിനോടുള്ള) അദ്ദേഹത്തിന്റെ അടിമത്തം മനസ്സിലാക്കാനിട വന്നപ്പോള്‍ നായര്‍ അദ്ദേഹത്തെ കൂടെക്കൂടെ ക്ഷണിക്കുകയും അദ്ദേഹത്തിന് കറുപ്പ് കൊടുത്തു കൊണ്ടിരിക്കുകയും ചെയ്തു. 1949-50 ല്‍ ആശ്രമത്തിന്റെ ഭൂസ്വത്തുക്കളില്‍ ഭൂരിഭാഗത്തിന്റേയും ഉടമസ്ഥത (നായരുടെ) ബന്ധുക്കളുടെ കൈയ്യിലേയ്ക്ക് മാറ്റം ചെയ്യപ്പെട്ടു.’
അദ്ദേഹം തുടരുന്നു:
‘1953 ല്‍ ബാബാ രാംഗോപാല്‍ ദാസിന്റെ പേരില്‍ ഫൈസാബാദ് സിവില്‍ ജഡ്ജിയുടെ കോടതിയില്‍ ഒരു സിവില്‍ വ്യവഹാരം ഫയല്‍ ചെയ്യപ്പെടുകയുണ്ടായി. ആ വ്യവഹാരത്തില്‍ പറഞ്ഞിരുന്നത് കേശവ്ദാസ് തന്റെ പട്ടയങ്ങള്‍ കൈമാറിയത് സ്വമേധയാലല്ല, മറിച്ച് സമ്മര്‍ദ്ദത്തിന്റെ ഫലമായാണ്. അതിനാല്‍ തന്നെ അവ അസാധുവാണ്. ആ കേസ് നിരവധി ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നു പോയി. ആദ്യം അതില്‍ ആശ്രമം വിജയിച്ചു. റാണോ പാലി ക്ഷേത്രത്തിന്റെ അവകാശം നായര്‍ സ്വീകരിക്കേണ്ടി വന്നെങ്കിലും പിന്നീട് അദ്ദേഹം തന്റെ അവകാശം സ്ഥാപിച്ചു കിട്ടാന്‍ കേസ് പുനരാരംഭിക്കുകയും 1976 ല്‍ അന്തിമമായി വിജയിക്കുകയും ചെയ്തു’
കേസ് ജയിച്ചെങ്കിലും അപ്പോഴേക്കും നിലവില്‍ വന്നിരുന്ന ഭൂ നിയന്ത്രണ ചട്ടങ്ങള്‍ നായര്‍ക്ക് വിനയായി തീര്‍ന്നു. വിധി വന്നപ്പോഴേയ്ക്കും റാണോപാലി ആശ്രമത്തിന്റെ ഭൂരിഭാഗം ഭൂസ്വത്തും പുതിയ ചട്ടങ്ങള്‍ അനുസരിച്ച് സര്‍ക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. സാധു ശരണ്‍ മിശ്രയുടെ ഉപദേശമനുസരിച്ച് നായര്‍, ഭൂമിയുടെ അവകാശം കോടതിച്ചെലവുകള്‍ കൈപ്പറ്റിക്കൊണ്ട് നായര്‍, ഉദാസീന്‍ വിഭാഗത്തിന് തന്നെ തിരിച്ചു കൊടുത്തു.
ബാബ്‌റി മസ്ജിദിനുള്ളില്‍ രാമവിഗ്രഹം സ്ഥാപിക്കപ്പെട്ടതിന് പിന്നാലെ നായര്‍ അനേകം ഭൂസ്വത്തുക്കളുടെ ഉടമയായതിനെപ്പറ്റി പല പുസ്തകങ്ങളിലും വിവരണമുണ്ട്. അതില്‍ പറയുന്ന ഒന്ന് ലാക്ക് പര്‍വ്വ ബാഗ് എന്ന പേരില്‍ ഒരു ലക്ഷം മാവുകള്‍ ഉള്ള തോട്ടത്തെപ്പറ്റിയാണ്. ഫൈസാബാദ് – റായ്ബറേലി പാതയുടെ വശത്ത് സ്ഥിതി ചെയ്യുന്ന ഈ മാവിന്‍ തോട്ടം നായരുടെ ഉടമസ്ഥതയിലായതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രധാനപ്പെട്ട ഒരു രാമ നന്ദി ആശ്രമമായിരുന്നുവത്രേ .മാത്രമല്ല, നായരും ഹിന്ദു മഹാസഭാ നേതാക്കളായ മഹന്ത് ദിഗ്വിജയ് നാഥും ഗോപാല്‍ സിംഗ് വിശാരദും ചേര്‍ന്ന്, ഈ സംഭവത്തിന് ശേഷം നടത്തിയ ഭൂസമ്പാദനത്തിന്റെ വിവരങ്ങള്‍ക്കും രേഖകള്‍ ഉണ്ട്. ഗോപാല്‍ സിംഗ് വിശാരദ്, മഹന്ത് ദിഗ്വിജയ് നാഥിന് 1951 ജൂലൈ 2 ന് എഴുതിയ കത്തില്‍ അതെപ്പറ്റി ചില വിവരങ്ങള്‍ ഉണ്ട്.
‘താങ്കള്‍ അടുത്ത കാലത്ത് നടത്തിയ സന്ദര്‍ശനം ഹിന്ദുക്കളുടെ മനസ്സില്‍ ഒരു കുളിര്‍ച്ചോല കൊണ്ടുത്തന്നിരിക്കുകയാണ്. ഹിന്ദുരാഷ്ട്രത്തിനായി പ്രവര്‍ത്തിക്കാന്‍ അത് മാത്രമാണ് ഞങ്ങളുടെ ഏകാശ്രയം. ഈയിടെ ഞാന്‍ നായര്‍ സാഹേബിനെ കാണുകയുണ്ടായി. താങ്കളും നായരും കൂടി ഭൂമിക്കൈമാറ്റത്തെക്കുറിച്ച് നേരത്തെ ചര്‍ച്ച ചെയ്ത ഖിരി ലക്കിംപൂറിലെ ഭൂവുടമയോട് എത്രയും പെട്ടെന്ന് നായരെ വന്നു കാണാന്‍ പറയാന്‍ താങ്കളെ അറിയിക്കാന്‍ നായര്‍ എന്നെ ഏല്പിക്കുകയുണ്ടായി.
എനിക്ക് അധികം ഭൂവസ്തു ഇല്ലല്ലോ എന്ന് പറഞ്ഞുകൊണ്ട് നായര്‍ സാഹേബ് അതില്‍ നിന്നും 200 ബീഗ എനിക്ക് തരാമെന്ന് വാഗ്ദാനം ചെയ്യുകയുണ്ടായി. ഞാനത്തരം ഒരു ആനുകൂല്യം അദ്ദേഹത്തില്‍ നിന്നും ഒട്ടും പ്രതീക്ഷിച്ചതല്ല. അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നത്. അത്തരം ആളുകള്‍ ഈ ലോകത്ത് വളരെ കുറച്ചേ ഉള്ളൂ.’
1951 ജനുവരി 16 ന് ഐക്യസംസ്ഥാനത്തിന്റെ നിയമസഭ സെമിന്ദാരി സമ്പ്രദായം അവസാനിപ്പിച്ചു കൊണ്ടും ഭൂപരിഷ്‌ക്കരണം അവതരിപ്പിച്ചു കൊണ്ടുമുള്ള ബില്‍ പാസ്സാക്കി. നികുതി കുടിശ്ശികയുള്ള ഭൂമികള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന കുടിക്കട നിയമവും നിയമസഭ പാസ്സാക്കുകയുണ്ടായി. ഇത് നായര്‍ ഭൂസ്വത്ത് ആര്‍ജ്ജിക്കാന്‍ എങ്ങനെ ഉപയോഗിച്ചുവെന്ന് സാധു ശരണ്‍ മിശ്ര വെളിപ്പെടുത്തുന്നുണ്ട്.
‘നായര്‍ ഇതില്‍ ഒരവസരം മണത്തറിഞ്ഞു. സര്‍ക്കാര്‍ കുടിശ്ശികയുള്ള, ഈ പ്രവിശ്യയിലെ നിരവധി വലിയ കൃഷിഭൂമികള്‍ അദ്ദേഹം സ്വന്തമാക്കാന്‍ തുടങ്ങി. അദ്ദേഹം അങ്ങനെ സ്വന്തമാക്കിയ ഏറ്റവും വലിയ കെട്ടിടങ്ങളില്‍ ഒന്ന് ലോര്‍പൂര്‍ എസ്റ്റേറ്റിന്റെ, ലോര്‍പൂര്‍ ഹൗസ് എന്ന് പേരുള്ളതായിരുന്നു. ഫൈസാബാദിലെ സിവില്‍ ലൈന്‍സ് പ്രവിശ്യയില്‍ പരന്നു കിടക്കുന്ന ഭൂമിയുടെ നടുവില്‍ സ്ഥിതി ചെയ്യുന്ന ഒന്നായിരുന്നു അത്. കുറച്ചു കാലം നായരുടെ വാസസ്ഥാനമായി നിലകൊണ്ടതിന് ശേഷം ചെറു ചെറു നിവാസസ്ഥലങ്ങളായി അത് മുറിച്ചു വിറ്റു. നഗരത്തിന്റെ നടുവില്‍ ‘നായര്‍ കോളനി’ എന്ന് ഇന്നറിയപ്പെടുന്ന ഇടത്തിന് അത് ഉദയം നല്‍കി’
ഗോണ്ട ജില്ലയിലെ സന്താരി ഗ്രാമത്തിലും ഫൈസാബാദിലെ പാലിയ ഷാഹ്ബാദി പ്രവിശ്യയിലും അദ്ദേഹം ഭൂമി വാങ്ങിക്കൂട്ടി. അതിനായി തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി കൃഷ്ണ ഝായും ധീരേന്ദ്ര കെ ഝായും ചൂണ്ടിക്കാണിക്കുന്നുണ്ട്.
നിയമപോരാട്ടത്തിനവസാനം നായര്‍ക്ക് തന്റെ ജോലി തിരിച്ചുകിട്ടിയെങ്കിലും അദ്ദേഹം അത് രാജിവെച്ചു. പില്‍ക്കാല ഇന്ത്യയില്‍ വലിയ കൂട്ടക്കൊലകള്‍ക്കും ഇന്ത്യ എന്ന ജനാധിപത്യ ആശയത്തിന്റെ തളര്‍ച്ചയ്ക്കും വഴിമരുന്നിട്ട കെകെകെ നായര്‍, 1977 സെപ്തംബര്‍ 7 ന് ചരമമടഞ്ഞു. 2024 ജനുവരി 22 ന് അയോദ്ധ്യയില്‍, ബാബ്‌റി മസ്ജിദ് തകര്‍ന്നുവീണ മണ്ണില്‍ രാമക്ഷേത്രമുയര്‍ന്നപ്പോള്‍ അതിന്റെ വളപ്പിനുള്ളില്‍ നായര്‍ക്കും ഒരു സ്മാരകം ഉയര്‍ന്നു. അദ്ദേഹത്തിന്റെ പ്രതിമയും ഛായാചിത്രവും ഉള്‍ക്കൊള്ളുന്ന ഒരു മുറിയാണ് അതെന്ന് മാധ്യമ വാര്‍ത്തകള്‍ പറയുന്നു. ആലപ്പുഴയില്‍ നായരുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന്റെ പ്രസിഡണ്ടായ സുനില്‍ പിള്ളയെ പ്രസ്തുത ക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അവിടേയ്ക്ക് ക്ഷണിച്ചു കൊണ്ടു പോയതായും ബാബ്‌റി മസ്ജിദിനെ ക്ഷേത്രമാക്കുന്നതില്‍ നായരുടെ വലംകൈ ആയി പ്രവര്‍ത്തിച്ച ഗുരു ദത്ത് സിംഗിനും ക്ഷേത്രവളപ്പില്‍ സ്മാരകമുയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന അശോക് സിംഗാള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ആദ്യത്തെ കര്‍സേവകന്‍ എന്നായിരുന്നു.
അങ്ങനെ ജീവിതത്തിന്റെ ഒരു ഘട്ടം വരെ ആര്‍എസ്എസിനും ഹിന്ദു വംശീയവാദികള്‍ക്കും വേണ്ടി ഔദ്യോഗിക വേഷത്തില്‍ ഒളിഞ്ഞിരുന്ന് പ്രവര്‍ത്തിച്ചവരെ പില്‍ക്കാലത്ത് അവര്‍ തന്നെ പരസ്യപ്പെടുത്തുകയുണ്ടായി.







Be the first to write a comment.