ഹിന്ദുത്വ ഭീകരതയുടെ അയോദ്ധ്യാകാണ്ഡം

(ഹിന്ദുത്വ ഭീകരതയുടെ കഥ-അദ്ധ്യായം: 14)

 

1949 ഡിസംബര്‍ 22 ന്, അഭിറാം ദാസ് വിഗ്രഹങ്ങള്‍ ബാബ്‌റി മസ്ജിദിനുള്ളില്‍ ഒളിച്ചു കടത്തിയ അതേ ദിവസം, അയോദ്ധ്യയില്‍ നിന്നും 1000 കിലോമീറ്ററുകള്‍ക്കകലെ നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ തങ്ങളുടെ പരമോന്നത നേതാവ് വരുന്ന തീവണ്ടി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ബോംബെയില്‍ നിന്നും വി.ഡി. സവര്‍ക്കര്‍, കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന ഹിന്ദു മഹാസഭയുടെ ഇരുപത്തിയെട്ടാമത് അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനം ചെയ്യാനായി തീവണ്ടിയില്‍ പുറപ്പെട്ടിരുന്നു. ബോംബെ-കൊല്‍ക്കത്താ യാത്രയില്‍ ആ തീവണ്ടിക്ക് താത്ക്കാലികമായ ഒരു ഇടവേള ആര്‍.എസ്.എസിന്റെ ആസ്ഥാന നഗരമായ നാഗ്പൂരില്‍ ഉണ്ടായിരുന്നു. ആ ഇടവേളയില്‍ സവര്‍ക്കറെ കാണാനും കേള്‍ക്കാനുമായിരുന്നു ഹിന്ദു വംശീയവാദികളുടേയും പത്രപ്രവര്‍ത്തകരുടെയും ആ കൂട്ടം നാഗ്പൂര്‍ സ്റ്റേഷനില്‍ കാത്തുനിന്നിരുന്നത്.

വണ്ടി വന്നു, നിന്നു. സവര്‍ക്കര്‍ വണ്ടിയില്‍ നിന്നിറങ്ങി അവിടെ കൂടിയിരുന്നവരെ അഭിസംബോധന ചെയ്യാന്‍ തുടങ്ങി.
‘അഖണ്ഡഭാരതമെന്ന നമ്മുടെ ലക്ഷ്യം എന്നത്തേക്കാളും അടുത്തെത്തിയിരിക്കുന്നു. രണ്ടു വര്‍ഷത്തെ തിരിച്ചടികള്‍ക്കും സഹനങ്ങള്‍ക്കും ശേഷം മഹാസഭ കൂടുതല്‍ ശക്തിയോടെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുകയാണ്. ഇക്കാലയളവില്‍ നടന്ന സംഭവങ്ങള്‍ അതിന്റെ തത്വങ്ങളെ ന്യായീകരിച്ചിരിക്കുകയാണ്. ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളാല്‍ നിറഞ്ഞിരിക്കുന്ന രാജ്യത്ത് മതേതരത്വത്തെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ അസംബന്ധമാണ്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്നത് ഹിന്ദുക്കളുടെ അഭിമാനകരമായ ലക്ഷ്യമാണ്.’

സവര്‍ക്കര്‍, അയോദ്ധ്യയില്‍ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം നടക്കാന്‍ പോകുന്ന നാടകീയ സംഭവങ്ങളെ മനസ്സില്‍ വെച്ചാണോ ഈ പ്രഭാഷണം നടത്തിയത് എന്ന് നമുക്കറിയില്ല. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ഹിന്ദു മഹാസഭയുടെ ഇരുപത്തെട്ടാം അഖിലേന്ത്യാ സമ്മേളനത്തിന്റെ സ്വീകരണക്കമ്മറ്റി കൂടിയപ്പോള്‍, സവര്‍ക്കറാണ് മഹന്ത് ദിഗ്വിജയ്‌നാഥിനോട് ബാബ്‌റി മസ്ജിദ് പിടിച്ചടക്കാനുള്ള പദ്ധതി നിര്‍ദ്ദേശിച്ചത് എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ഡല്‍ഹിയില്‍ വെച്ചു നടന്ന ആ കൂടിച്ചേരലില്‍ മഹാസഭയുടെ മറ്റ് പ്രമുഖ നേതാക്കളായ നിര്‍മ്മല്‍ചന്ദ്ര ചാറ്റര്‍ജി, ഡോ. എന്‍ ബി ഖരേ, മാമാറാവു ദത്തേ എന്നിവരും പങ്കെടുത്തിരുന്നു എന്നും പറയപ്പെടുന്നു.

പൂനെയില്‍ വെച്ച്, 1950-ല്‍ നടന്ന ഹിന്ദുമഹാസഭയുടെ പ്രത്യേക സമ്മേളനം അയോദ്ധ്യയില്‍ നടന്ന സംഭവവികാസങ്ങളിലുണ്ടായ സന്തുഷ്ടി പ്രകാശിപ്പിക്കുന്നുണ്ട്.

‘ഇക്കൊല്ലത്തില്‍ അയോദ്ധ്യയിലെ രാമജന്മഭൂമി വീണ്ടെടുക്കുന്ന പ്രവര്‍ത്തനം ഹിന്ദുമഹാസഭ ഏറ്റെടുക്കുകയുണ്ടായി. ശ്രീ. മഹന്ത് ദിഗ്വിജയ്‌നാഥ് (ഹിന്ദുമഹാസഭയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും ഉത്തര്‍പ്രദേശ് യൂണിറ്റിന്റെ പ്രസിഡന്റും), ശ്രീ. വി.ജി. ദേശ്പാണ്ഡെ (ഹിന്ദുമഹാസഭയുടെ ദേശീയ വൈസ് പ്രസിഡന്റ്), ശ്രീ. തേജ്‌നാരായണ്‍ (ഹിന്ദുമഹാസഭയുടെ ഉത്തര്‍പ്രദേശ് യൂണിറ്റിന്റെ വര്‍ക്കിങ്ങ് പ്രസിഡന്റ്) എന്നിവര്‍ അവിടെ പോകുകയുണ്ടായി. രാമജന്മഭൂമി തീര്‍ത്ഥാടനകേന്ദ്രം ഇപ്പോള്‍ ഹിന്ദുമഹാസഭാ പ്രവര്‍ത്തകരുടെ കൈയ്യിലാണ്.’

ഇതില്‍നിന്നും ബാബ്‌റി മസ്ജിദ് പിടിച്ചെടുക്കുന്നത് അവരുടെ അജണ്ടയായിരുന്നു എന്നത് ധ്വനിക്കുന്നുണ്ട്.

ഹിന്ദുവംശീയശക്തികളുടെ കോടാലിക്കൈയ്യായി അയോദ്ധ്യയില്‍ പ്രവര്‍ത്തിച്ചത് സന്ന്യാസിമാരാണെന്ന് നാം കണ്ടു; പൊതുവേയുള്ള സന്ന്യാസിസങ്കല്പങ്ങളില്‍ നിന്നും ആശ്രമസങ്കല്പങ്ങളില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് അയോദ്ധ്യയിലെ വിവിധ സന്ന്യാസിമാരും അഘാഡകളും സ്വീകരിച്ചു വരുന്നതെന്നും. ആത്മാന്വേഷണമോ തത്വാന്വേഷണമോ ആയിരുന്നില്ല, അവരുടെ ജീവിതതാത്പര്യം. ഹിന്ദുവര്‍ഗ്ഗീയതയും ഹിന്ദുരാഷ്ട്ര സംസ്ഥാപന രാഷ്ട്രീയവുമായിരുന്നു അവരുടെ പ്രവര്‍ത്തന മേഖല. അയോദ്ധ്യയിലെ വര്‍ഗ്ഗീയ രാഷ്ട്രീയവുമായി കൂടിക്കുഴഞ്ഞു കിടന്നിരുന്ന സന്ന്യാസിജീവിതത്തിന്റെ ഒരു പരിച്ഛേദം വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തിയ അഭിറാംദാസിന്റെ ജീവിതകഥയിലേയ്ക്ക് എത്തിനോക്കിയാല്‍ കിട്ടും.

1904-ല്‍, ബീഹാറിലെ ദാര്‍ഭംഗ ജില്ലയില്‍പ്പെട്ട റാര്‍ഹി എന്ന ഗ്രാമത്തില്‍ പാവപ്പെട്ട മൈഥിലി ബ്രാഹ്മണകുടുംബത്തിലാണ് പില്‍ക്കാലത്ത് അഭിറാംദാസായിത്തീര്‍ന്ന അഭിനന്ദന്‍ മിശ്ര ജനിച്ചത്. ജയ്‌ദേവ്മിശ്രയായിരുന്നു പിതാവ്. മാതാവിന്റെ പേര് താക്കൈന്‍ ദേവി എന്നും. ഗ്രാമക്ഷേത്രത്തില്‍ പൂജകള്‍ ചെയ്തും ഗ്രാമീണ ഗൃഹങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് നേതൃത്വം നല്കിയുമാണ് ജയ്‌ദേവ് മിശ്ര, തന്റെ ആറാണ്‍മക്കളും ഒരു പെണ്‍കുട്ടിയുമടങ്ങുന്ന ഏഴുമക്കളേയും പുലര്‍ത്തിയിരുന്നത്. ഭൂസ്വത്തോ മറ്റ് വരുമാനമാര്‍ഗ്ഗങ്ങളോ ഇല്ലാത്ത ആ കുടുംബത്തിന്റെ ജീവിതം എന്നും ഉലച്ചിലിലായിരുന്നു. ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നെങ്കിലും അഭിനന്ദന്‍ മിശ്ര, അതു തന്നെ മുഴുമിപ്പിച്ചില്ല. ഏഴു വയസ്സു തൊട്ട് പിതാവിന്റെ കൂടെ പൂജാകര്‍മ്മങ്ങള്‍ക്ക് ആ കുട്ടി പോയ്ത്തുടങ്ങി.

മുന്നോട്ടു പോകാന്‍ കഴിയാതെ ആ കുടുംബം കഷ്ടപ്പെടുന്ന നില വന്നപ്പോള്‍ ഒരു ദിവസം അഭിനന്ദന്‍ മിശ്ര വീടു വിട്ട് ഓടിപ്പോയി. ദൂരെ ദൂരെ ഒരു ഗ്രാമത്തില്‍ തന്റെ ജാതി സ്വത്വം മറച്ചു വെച്ച് പല തരത്തിലുള്ള കായികാധ്വാനങ്ങളില്‍ മുഴുകി. വേണ്ടത്ര പണം സമ്പാദിച്ച ശേഷം, ഗ്രാമത്തില്‍ തിരിച്ചു ചെന്ന് ഏഴു സന്താനങ്ങളില്‍ ഏറ്റവും ഇളയവളായ ബതാഹി ദായുടെ വിവാഹം നടത്തണമെന്നായിരുന്നു, അഭിനന്ദന്റെ ആഗ്രഹം.

അങ്ങനെയിരിക്കേ, എങ്ങനെയോ ആ പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത അഭിനന്ദനെ തേടിയെത്തി. വെറും ആറു വയസ്സുള്ള ബതാഹിയ്ക്ക് വരനായി വന്നത് അന്നത്തെ കണക്കനുസരിച്ച് വളരെ പ്രായം കൂടിയ ഒരാളായിരുന്നു. മൈഥിലി ബ്രാഹ്മണരുടെ ഇടയില്‍ അന്ന് നിലനിന്നിരുന്ന ആചാരമനുസരിച്ച്, നല്ലൊരു തുക, ഇത്തരം കല്യാണങ്ങള്‍ നടക്കുമ്പോള്‍ വധുവിന്റെ കുടുംബത്തിന് ലഭിക്കുമായിരുന്നു. എങ്കിലും തന്റെ സഹോദരിയെ കാത്തിരിക്കുന്ന ദുര്‍വിധി അഭിനന്ദനെ പ്രകോപിച്ചു. അഞ്ചുവര്‍ഷത്തിന് ശേഷം, ഈ വിവാഹം തടയാനായി അദ്ദേഹം സ്വന്തം വീട്ടിലേയ്ക്ക് കുതിച്ചു. എന്നാല്‍ പിതാവ് ജയ്‌ദേവ് മിശ്ര ഇതിനകം തന്നെ 200 രൂപ വരന്റെ ഭാഗത്തു നിന്നും പറ്റിയിരുന്നു. അത് തിരിച്ചു കൊടുക്കാന്‍ പിതാവ് തയ്യാറുമായിരുന്നില്ല. അഞ്ചുവര്‍ഷത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ മകനും പിതാവും തമ്മില്‍ വഴക്കായി. പിറ്റേന്നായിരുന്നു, വിവാഹ തീയ്യതി. അതില്‍ പങ്കു കൊള്ളാതെ അഭിനന്ദന്‍ വീണ്ടും വീടു വിട്ടു.

ഹിന്ദുമതത്തിലെ ക്രൂരമായ അനാചാരത്തിനെതിരെ ശബ്ദമുയര്‍ത്തിയ അതേ അഭിനന്ദന്‍ പില്‍ക്കാലത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കോടാലിക്കൈ ആയിത്തീര്‍ന്നു എന്നത് മറ്റൊരു വൈപരീത്യം. കല്യാണം മുന്‍നിശ്ചയ പ്രകാരം തന്നെ നടന്നു. പക്ഷെ, ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വരന്‍ മരിച്ചു പോയി. ആറു വയസ്സു മാത്രം പ്രായമുള്ള ബതാഹി വിധവയായി. ബ്രാഹ്മണകുലത്തിന്റെ അനാചാരം സമ്മാനിച്ച വിധവാപട്ടവുമേന്തി ബതാഹി ദായ് താരതമ്യേന നീണ്ട കാലം, 2005 വരെ ജീവിച്ചു.

കായികശേഷിയുള്ള, ആറടി ഉയരമുള്ള അഭിനന്ദന്‍ മിശ്ര, പാറ്റ്‌നയിലാണ് എത്തിപ്പെട്ടത്. അവിടെ കായികാദ്ധ്വാനം ആവശ്യമുള്ള ജോലികളില്‍ മുഴുകി കുറച്ചു കാലം കഴിഞ്ഞു. അതിനു ശേഷം തന്റെ ബ്രാഹ്മണ പശ്ചാത്തലവും പൂജാവിധികളിലുള്ള പരിചയവും വെച്ച് സമീപപ്രദേശത്തെ ഒരു ക്ഷേത്രത്തില്‍ പൂജാരിയായി. അവിടെയും കാര്യങ്ങള്‍ സുഗമമായിരുന്നില്ല. വരുമാനം കുറവുള്ള ക്ഷേത്രത്തില്‍, കിട്ടുന്നതൊക്കെ മുഖ്യപൂജാരി കൈയ്യിലാക്കി. രണ്ടറ്റവും മുട്ടിച്ച് അങ്ങനെ കഴിഞ്ഞു കൂടുന്നതിനിടയിലാണ് 1934 ജനുവരി 15 ന് ബീഹാറിനെ പിടിച്ചു കുലുക്കിയ ഭൂകമ്പം സംഭവിക്കുന്നത്. അതോടെ അഭിനന്ദന്‍ അവിടം വിട്ട് അയോദ്ധ്യയില്‍ എങ്ങനെയൊക്കെയോ എത്തിച്ചേര്‍ന്നു. പട്ടിണിയകറ്റാന്‍ ക്ഷേത്രങ്ങളില്‍ നിന്ന് ക്ഷേത്രങ്ങളിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഹനുമാന്‍ ഘരി ക്ഷേത്രത്തിലും അദ്ദേഹം എത്തി. അവിടെ വെച്ച് സരയൂ ദാസ് എന്ന സന്ന്യാസിയുടെ ശ്രദ്ധയില്‍ അദ്ദേഹം പെട്ടു. തന്റെ ശിഷ്യനായി അഭിനന്ദനെ സരയൂ ദാസ് സ്വീകരിക്കുകയും അഭിറാം ദാസ് എന്ന പുതുനാമം കൊടുക്കുകയും ചെയ്തു.

അഭിറാം ദാസിന് ഏതാണ്ട് 40 വയസ്സ് പ്രായമുള്ള സമയത്ത്, സന്ന്യാസ വേഷത്തില്‍ ഏതാണ്ട് 10 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ശ്രീകൃഷ്ണ മിശ്ര എങ്ങനെയൊക്കെയോ അദ്ദേഹത്തിനടുത്ത് എത്തിച്ചേര്‍ന്നു. പിതാവും മാതാവും ഇഹലോകം വെടിഞ്ഞ വിവരം അറിയിച്ചു. ജന്മബന്ധുക്കളെ സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഭൂകമ്പത്തിന് ശേഷം ബീഹാറിലെ റാര്‍ഹി എന്ന ഗ്രാമത്തിലാണ് അവര്‍ വസിച്ചിരുന്നത്. അവിടെയെത്തിയ അഭിറാം ദാസ് തന്റെ സഹോദരരായ ഛബ്ബിലാല്‍ മിശ്ര, ശ്രീകൃഷ്ണ മിശ്ര, ഉപേന്ദ്രനാഥ് മിശ്ര എന്നിവരേയും ഉപസഹോദരരായ ഇന്ദുശേഖര്‍ ഝാ, യുഗല്‍ കിഷോര്‍ ഝാ, അവധ് കിഷോര്‍ ഝാ എന്നിവരേയും കൂട്ടി അയോദ്ധ്യയിലേയ്ക്ക് മടങ്ങി. നാം നേരത്തേ കണ്ട പോലെ ബാബ്‌റി മസ്ജിദിനുള്ളിലേയ്ക്ക് വിഗ്രഹങ്ങള്‍ കടത്താന്‍ അഭിറാം ദാസിന് കൂട്ടുവന്നത് ഈ ഉപ സഹോദരര്‍ ആണ്.

ഹനുമാന്‍ ഘരിയിലെ അഖാഡയില്‍, ഗുസ്തിക്കളരിയിലാണ് കായികശേഷിയുള്ള അഭിറാം ദാസ് അധികവും ചെലവഴിച്ചത്. പൂജാവിധികളിലുള്ള പ്രാഥമികമായ അറിവും ബ്രാഹ്മണനെന്ന മുന്‍ഗണനയും അയോദ്ധ്യയിലെ ആശ്രമങ്ങളിലെ അഖാഡാ സമ്പ്രദായവുമാണ് അദ്ദേഹത്തെ സന്ന്യാസിയാക്കിയത് എന്ന് ചുരുക്കം. രാമനന്ദി സമ്പ്രദായത്തില്‍ പെടുന്ന മൂന്ന് പ്രധാനപ്പെട്ട സ്ഥാപനങ്ങളാണ് അയോദ്ധ്യയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്. നിര്‍മോഹി അഖാഡ, നിര്‍വാണി അഖാഡ, ദിഗംബരി അഖാഡ അതില്‍ നിര്‍വാണി അഖാഡയിലാണ് അഭിറാം ദാസ്, സരയൂ ദാസിന്റെ ശിഷ്യനായി ചേക്കേറിയത്. ഹനുമാന്‍ ഘരി അഥവാ ഹനുമാന്‍ ടില്ല ആയിരുന്നു അയോദ്ധ്യയില്‍ അവരുടെ ആസ്ഥാനം. ബാബ്‌റി മസ്ജിദ് പിടിച്ചെടുക്കാനുള്ള ഉപകരണമായപ്പോള്‍ ഹനുമാന്‍ ഘരി എങ്ങനെയാണ് അന്നത്തെ നിലയില്‍ എത്തിയതെന്ന് അഭിറാം ദാസ് ഓര്‍ത്തിരിക്കാനിടയില്ല. മുസ്ലീം രാജാവായിരുന്ന നവാബ് സഫ്ദര്‍ ജംഗ് ആണ് ഹനുമാന്‍ ഘരിക്ക് ഏഴു ബീഗ സ്ഥലം പതിനെട്ടാം നൂറ്റാണ്ടില്‍ സംഭാവന ചെയ്തത്. അദ്ദേഹത്തിന്റെ കൊച്ചുമകനായ അസഫ് – ഉദ് – ദൗളയാണ് അവിടെ ക്ഷേത്രം പണിതുയര്‍ത്താനുള്ള ധനസഹായം നല്‍കിയത്. അതിന് ശേഷം അവധിലെ നവാബുമാരും സ്ഥലവും ക്ഷേത്രനിര്‍മ്മാണത്തിനുള്ള സഹായവും നല്‍കിയതോടെ ഇന്നു കാണുന്ന ഹനുമാന്‍ ഘരി ഉണ്ടായി. അങ്ങനെ മുസ്ലീം രാജാക്കന്മാരുടെ ധനസഹായത്തോടെ പുഷ്ടിപ്പെട്ട ഹനുമാന്‍ ഘരിയാണ് മുസ്ലീം പള്ളിയായിരുന്ന ബാബ്‌റി മസ്ജിദ് പിടിച്ചെടുക്കാനുള്ള ഗൂഢാലോചനയുടെ കേന്ദ്രമായത് !

ഇന്ദുശേഖര്‍ ഝാ, യുഗല്‍ കിഷോര്‍ ഝാ എന്നീ ഉപസഹോദരരാണ് ബാബ്‌റി മസ്ജിദിനുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കാന്‍ അഭിറാം ദാസിന് കൂട്ടുപോയതെന്ന് നാം കണ്ടു. മറ്റൊരു ഉപസഹോദരനായ അവധ് കിഷോര്‍ ഝായോട് രാംഘട്ട് ക്ഷേത്രത്തില്‍ തന്നെ തങ്ങാന്‍ ആവശ്യപ്പെട്ടിട്ടാണ് അഭിറാം ദാസ്, ആ രണ്ടുപേരെയും കൂട്ടിക്കൊണ്ടു പോയത്. പില്‍ക്കാലത്ത് കൃഷ്ണ ഝായും ധീരേന്ദ്ര കെ ഝായും ചേര്‍ന്ന് നടത്തിയ അഭിമുഖ സംഭാഷണത്തില്‍, അന്ന് പതിനാറുകാരനായിരുന്ന അവധ് കിഷോര്‍ ഝാ ആ ദിവസത്തെ കാര്യങ്ങള്‍ അനുസ്മരിക്കുന്നുണ്ട്.

‘(1949 ഡിസംബര്‍ 23) രാവിലെ ഏതാണ്ട് അഞ്ചുമണിക്ക് ഞാന്‍ കിടക്കയില്‍ നിന്നെണീറ്റ് ഭ്രാന്തന്‍ നായെപ്പോലെ ഓടാന്‍ തുടങ്ങി. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ ജന്മഭൂമിയിലെത്തി. അപ്പോഴും ഇരുട്ട് പോയിട്ടില്ലായിരുന്നു. പക്ഷെ, (തലേന്ന്) രാത്രിയില്‍ അഭിറാം ദാസ് പറഞ്ഞ കാര്യങ്ങള്‍ക്കും അദ്ദേഹം രാംഘട്ട് ക്ഷേത്രം വിട്ട മട്ടിനും ശേഷം എന്നില്‍ അധികം ക്ഷമ അവശേഷിച്ചിരുന്നില്ല. കഴിഞ്ഞ കുറേ ദിവസങ്ങളുടെ കോലാഹലത്തില്‍ നിന്നും ബാബ്‌റി മസ്ജിദിനെ എന്തോ ചെയ്യാന്‍ പോകുന്നു എന്ന് ഞാന്‍ ഊഹിച്ചിരുന്നു. എന്നാല്‍ എന്താണവര്‍ കൃത്യമായി ചെയ്യാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് എനിക്ക് ധാരണയുണ്ടായിരുന്നില്ല.

ഞാനവിടെ എത്തിയപ്പോള്‍ എല്ലാം ശാന്തമായിരുന്നു. പള്ളിക്കുള്ളില്‍ ഒരു വിളക്കിന്റെ ആടിയുലയുന്ന നാളം ദൃശ്യമായിരുന്നു. ഞാനടുത്തേയ്ക്ക് ചെല്ലുകയും രാം ലല്ലയുടെ വിഗ്രഹം കൈയ്യില്‍ മുറുകെ പിടിച്ചിരിക്കുന്ന അഭിറാം ദാസിനെ കാണുകയും ചെയ്തു. അദ്ദേഹത്തിന്റെ സമീപത്തായി മൂന്നോ നാലോ സന്ന്യാസിമാരും ഇന്ദുബാബുവും (ഇന്ദുശേഖര്‍ ഝാ) യുഗല്‍ ബാബുവും(യുഗല്‍ കിഷോര്‍ ഝാ) നില്പുണ്ടായിരുന്നു. കുറച്ചകലെ (കെകെകെ) നായരും. ഞാന്‍ കുറച്ചു കൂടി അടുത്തു ചെന്നപ്പോള്‍ നായര്‍ സാഹേബ് അഭിറാം ദാസിനോട് പറയുന്നത് കേട്ടു. ‘മഹാരാജ്, ഇവിടെ നിന്നും മാറരുത്. രാം ലല്ലയെ ഒറ്റയ്ക്കാക്കരുത്. എല്ലാവരോടും രാം ലല്ലയ്ക്ക് വിശക്കുന്നു എന്ന് മുദ്രാവാക്യം മുഴക്കാന്‍ പറയൂ.’ ഞാന്‍ ഇപ്പോഴും ആ ദൃശ്യം ഓര്‍ക്കുന്നു. നായര്‍ സാഹേബ് ഉറച്ച, ഗൗരവത്തോടെയാണ് അവിടെ നിന്നിരുന്നത്.’

കെകെകെ നായര്‍ പുറമേ നിന്ന് സഹായിക്കുക മാത്രമല്ല,, കുറ്റകൃത്യത്തില്‍ പങ്കെടുക്കുക കൂടി ചെയ്തു എന്ന് ഈ സംഭവ വിവരണം തെളിയിക്കുന്നു. രാവിലെ അഞ്ചു മണിക്ക് തന്നെ അദ്ദേഹം അവിടെയെത്തിയതിന്റെ ഉദ്ദേശം തീര്‍ച്ചയായും ഹിന്ദു വംശീയവാദികളുടെ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന് മനസ്സിലാക്കാം.

അഭിറാം ദാസും കൂട്ടരും വിഗ്രഹങ്ങളുമായി പള്ളിക്കുള്ളില്‍ പ്രവേശിക്കുന്ന സമയത്ത് ഗോപാല്‍ സിംഗ് വിശാരദ് പോസ്റ്ററുകളുടേയും ലഘുലേഖകളുടേയും അച്ചടി വേഗത്തിലാക്കാന്‍, രണ്ടു കിലോമീറ്റര്‍ അകലെയുള്ള രമേഷ് ആര്‍ട്ട് പ്രസ്സില്‍ ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് ബ്രഹ്മദേവ് ശാസ്ത്രിയുടേതായിരുന്നു ആ പ്രസ്സ്. അതില്‍ നിന്നായിരുന്നു പ്രമുഖ ഹിന്ദി വാരികയായിരുന്ന വിരക്ത പുറത്തിറങ്ങിയിരുന്നത്. രാം ഗോപാല്‍ പാണ്ഡേ ‘ശാരദ്’ എന്ന ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ ആയിരുന്നു, വിരക്തയുടെ പത്രാധിപര്‍. മുസ്ലീങ്ങളെ ജനശത്രുക്കളായി പ്രഖ്യാപിക്കുന്ന പല ലഘുലേഖകളും അച്ചടിച്ചിരുന്നത് ഈ അച്ചുകൂടത്തില്‍ ആയിരുന്നു. 1946 മുതല്‍ ഗോപാല്‍ സിംഗ് വിശാരദും അഭിറാം ദാസും അടുപ്പക്കാരായിരുന്നു. ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ അറസ്റ്റിലായപ്പോള്‍ അഭിറാം ദാസും ഗോപാല്‍ സിംഗ് വിശാരദും ജയിലില്‍ കിടന്നിരുന്നു. 1948 ഫെബ്രുവരിയില്‍ അറസ്റ്റിലായിക്കഴിഞ്ഞ് 1948 മേയില്‍ വിമോചിതരാകും മുമ്പ് അവര്‍ ജയിലില്‍ ഒന്നിച്ചു കിടന്നിരുന്നു. എ ഐ ആര്‍ എമ്മിന്റെ ജനറല്‍ സെക്രട്ടറിയായി വിശാരദ് പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ അഭിറാം ദാസും കൂടെയുണ്ടായിരുന്നു. അവര്‍ രണ്ടു പേരും മഹന്ത് ദിഗ്വിജയ് നാഥിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിലായിരുന്നു കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോയിരുന്നത്. അവര്‍ക്കൊപ്പം ഉണ്ടായിരുന്ന രാംചന്ദ്ര ദാസ് പരമഹംസ് ആയിരുന്നു കൃത്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയ ആള്‍. അദ്ദേഹം ഹിന്ദു മഹാസഭയുടെ നഗരാദ്ധ്യക്ഷനും ഏ ഐ ആര്‍ എമ്മിന്റെ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.

ബാബ്‌റി മസ്ജിദിനുള്ളില്‍ വിഗ്രഹങ്ങള്‍ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടതാണെന്ന്, ഹിന്ദുവിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് വിശാരദ് പോസ്റ്ററുകളില്‍ കൂടിയും ലഘുലേഖകളില്‍ കൂടിയും ലക്ഷ്യമിട്ടത്. രാം ഗോപാല്‍ പാണ്ഡെ ‘ശാരദ് ‘ എഴുതിയുണ്ടാക്കിയ ശ്രീ രാംജന്മഭൂമി കാ രക്ത രഞ്ജിത് ഇതിഹാസ് എന്ന ഹിന്ദി ലഘുലേഖയില്‍ പറയുന്നത് ഇങ്ങനെയായിരുന്നു.
‘1949 ഡിസംബര്‍ 23 ഇന്ത്യയ്ക്ക് ഒരു മഹത്തായ ദിവസമായിരുന്നു. ആ ദിവസം, നാനൂറു കൊല്ലത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം രാമപ്രഭുവിന്റെ ജന്മസ്ഥലം വീണ്ടെടുത്തു. രാമപ്രഭു സ്വയം തന്നെ തന്റെ ജന്മസ്ഥലം വീണ്ടെടുക്കുന്ന മട്ടിലാണ് കാര്യങ്ങള്‍ വികസിച്ചത്.’

1949 ഡിസംബര്‍ 23 ന്, അയോദ്ധ്യാ പോലീസ് സ്റ്റേഷനില്‍ പണ്ഡിറ്റ് രാം ദേവ് ദുബേ എന്ന് പേരുള്ള പോലീസ് ഓഫീസര്‍, ബാബ്‌റി മസ്ജിദിനുള്ളില്‍ അന്ന് സംഭവിച്ച കാര്യങ്ങളെപ്പറ്റിയുള്ള എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. സംഭവം നടന്ന് വളരെ കഴിഞ്ഞാണ് എഫ്‌ഐആര്‍ തയ്യാറാക്കുന്നത്. പ്രതികളായി എഫ്‌ഐആറില്‍ ചൂണ്ടിക്കാണിച്ചിരുന്നത് അഭിറാം ദാസ്, രാം സകല്‍ ദാസ്, സുദര്‍ശന്‍ ദാസ് എന്നിവരേയും പേരറിയാത്ത അമ്പതു മുതല്‍ അറുപതു വരെ എണ്ണം വരുന്ന ആളുകളെയുമാണ്. സെക്ഷന്‍ 147 (അക്രമം നടത്തുക), 448 (അതിക്രമിച്ചു കടക്കുക), 295 (തീര്‍ത്ഥാടനകേന്ദ്രത്തെ അപമാനിക്കുക) തുടങ്ങിയ വകുപ്പുകളാണ് അവര്‍ക്ക് മേല്‍ ആരോപിച്ചിരുന്നത്. എഫ്‌ഐആറിന്റെ പൂര്‍ണ്ണരൂപം ഇത്തരത്തിലായിരുന്നു.

‘ഏതാണ്ട് ഏഴുമണിക്ക് ജന്മഭൂമിയില്‍ ഞാന്‍ (രാം ദേവ് ദുബേ) എത്തിച്ചേര്‍ന്നപ്പോള്‍, മാതാ പ്രസാദില്‍ (കോണ്‍സ്റ്റബിള്‍ നമ്പര്‍ 7, അയോദ്ധ്യാ പോലീസ് സ്റ്റേഷന്‍) നിന്നും എനിക്കറിയാന്‍ കഴിഞ്ഞത്, 50 മുതല്‍ 60 വരെ ആളുകള്‍ ഉള്‍ക്കൊള്ളുന്ന ജനക്കൂട്ടം ബാബ്‌റി മസ്ജിദിന്റെ വാതിലുകള്‍ തകര്‍ത്തും ചുവരുകളും കോണികളും ഉരച്ചുമാറ്റിയും അതിനുള്ളില്‍ ശ്രീ ഭഗവാന്റെ വിഗ്രഹം കൊണ്ടുവെയ്ക്കുകയും അതിന്റെ ചുവരുകളുടെ അകത്തും പുറത്തും കാവിയും മഞ്ഞയും നിറങ്ങള്‍ കൊണ്ട് സീത, രാംജി തുടങ്ങിയവരുടെ രേഖാചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തു. ഹാന്‍സ് രാജ് (കോണ്‍സ്റ്റബിള്‍ നമ്പര്‍ 70, 50-60 പേര്‍ കടന്നു കയറുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായ വ്യക്തി) അവരെ (അതു ചെയ്യുന്നതില്‍ നിന്നും) തടഞ്ഞെങ്കിലും അവരത് ഗൗനിച്ചില്ല. അവിടെയുണ്ടായിരുന്ന പി എ സി (പ്രോവിന്‍ഷ്യല്‍ ആര്‍മ്ഡ് കോണ്‍സ്റ്റാബുലറി) യെ സഹായത്തിന് വിളിച്ചു. പക്ഷെ, അപ്പോഴേയ്ക്കും ജനക്കൂട്ടം പള്ളിയില്‍ കടന്നിരുന്നു. മുതിര്‍ന്ന ജില്ലാ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പിന്നീട് അയ്യായിരം, ആറായിരം പേര്‍ വരുന്ന ജനങ്ങള്‍ അവിടെ കൂടുകയും പള്ളിയിലേയ്ക്ക് പ്രവേശിച്ച് മതപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കാനും കീര്‍ത്തനങ്ങള്‍ ആലപിക്കാനും ശ്രമിക്കുകയുണ്ടായി. പക്ഷെ, കൃത്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയതിനാല്‍ ഒന്നും സംഭവിച്ചില്ല. കുറ്റം ചെയ്തവര്‍; (അഭി) റാം ദാസ്, (രാം) സകല്‍ ദാസ്, സുദര്‍ശന്‍ ദാസ് എന്നിവരും പേരറിയാത്ത 50- 60 വ്യക്തികളും; അക്രമത്തിലൂടെ പള്ളിയില്‍ അതിക്രമിച്ചു കടക്കുകയും വിഗ്രഹം സ്ഥാപിക്കുകയും ചെയ്ത് പള്ളിയെ കളങ്കിതപ്പെടുത്തുകയുണ്ടായി.ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥരും മറ്റു ജനങ്ങളും അത് കാണുകയുണ്ടായി. അതിനാല്‍ സംഭവം പരിശോധിച്ചു. അത് ശരിയാണെന്ന് കണ്ടെത്തുകയുണ്ടായി

അഭിറാം ദാസും കൂട്ടരും വിഗ്രഹം സ്ഥാപിക്കുന്നത് തടയാന്‍ ശ്രമിച്ച മുഹമ്മദ് ഇസ്മായേല്‍ എന്ന ബാങ്ക് വാദകന്‍, അവരാല്‍ മര്‍ദ്ദിക്കപ്പെട്ടപ്പോള്‍ പുറത്തേക്കോടി. ആ ഓട്ടം നിലച്ചത് രണ്ടു മണിക്കൂറുകള്‍ക്ക് ശേഷം ഫൈസാബാദിന്റെ പ്രാന്തപ്രദേശത്തുള്ള പഹര്‍ഗഞ്ച് ഘോസിയാന എന്ന ഗ്രാമത്തിലെത്തിയാണ്. ഘോസി മുസ്ലീങ്ങളായിരുന്നു അവിടുത്തെ അന്തേവാസികള്‍. ഗ്രാമവാസിയായിരുന്ന അബ്ദുര്‍ റഹിം ആ ദിവസത്തെ ഓര്‍ക്കുന്നത് ഇങ്ങനെയാണ്.

‘അവര്‍ ഇസ്മായില്‍ സാഹെബിനെ കൊന്നു കളഞ്ഞേനെ. പക്ഷെ, ബാബ്‌റി മസ്ജിദില്‍ നിന്നും എങ്ങനെയൊക്കെയോ പായാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹം ഏതാണ്ട് രാത്രി 2 മണിയോടെ ഞങ്ങളുടെ ഗ്രാമത്തിലെത്തി. മോശപ്പെട്ട രീതിയില്‍ മുറിവേറ്റിരുന്ന അദ്ദേഹം സംഭവങ്ങളുടെ പരിണതിയില്‍ ആകെ തകര്‍ന്നിരുന്നു. ചില ഗ്രാമവാസികള്‍ ഉറക്കത്തില്‍ നിന്നെണീറ്റ് അദ്ദേഹത്തിന് ഭക്ഷണവും ശരീരം ചൂടാക്കാനുതകുന്ന വസ്ത്രങ്ങളും നല്‍കി. പിന്നീട് ആ ഗ്രാമത്തിലെ പള്ളിയില്‍ മുക്രിയായി അദ്ദേഹം പ്രവര്‍ത്തിക്കാനാരംഭിച്ചു. 1980 കളുടെ തുടക്കത്തില്‍ മരിക്കും വരെ പള്ളി വൃത്തിയാക്കിയും വാങ്ക് വിളിച്ചും അദ്ദേഹം ആത്മാര്‍ത്ഥമായി ജോലി ചെയ്തു.’

പിന്നീടൊരിക്കലും മുഹമ്മദ് ഇസ്മായില്‍, ബാബ്‌റി മസ്ജിദ് കണ്ടിട്ടില്ല. സ്വതന്ത്ര ഇന്ത്യയില്‍ ഹിന്ദു വംശീയ വാദികള്‍ നടത്തിയ പ്രധാനപ്പെട്ട ഭീകരപ്രവര്‍ത്തനത്തിന് സാക്ഷിയായ ആ മനുഷ്യന്‍ പില്‍ക്കാലം മുഴുവന്‍ ഏതാണ്ട് നിശ്ശബ്ദനായി കഴിഞ്ഞു കൂടി. 1949 ഡിസംബര്‍ 22 ന് രാത്രി ഏറ്റ ആഘാതത്തില്‍ നിന്ന് ആ മനസ്സിന് ഒരിക്കലും മുക്തി ലഭിച്ചില്ല എന്ന് വേണം മനസ്സിലാക്കാന്‍.

അത് അറിയണമെങ്കില്‍ രാം ഛബൂത്രയിലെ പൂജാരികളുമായി അദ്ദേഹം പുലര്‍ത്തിയിരുന്ന സല്‍ബന്ധം മനസ്സിലാക്കേണ്ടതുണ്ട്. അവിടെ പൂജാരിപ്പണി ചെയ്തിരുന്ന ഭാസ്‌ക്കര്‍ ദാസ് അത് പ്രകാശിപ്പിച്ചിട്ടുമുണ്ട്.

‘1949 ഡിസംബര്‍ 22 ന് മുമ്പ് എന്റെ ഗുരുവായിരുന്ന മഹന്ത് ബല്‍ദേവ് ദാസ് എനിക്ക് ഛബൂത്രയിലെ ജോലി ഏല്പിച്ചു തരികയുണ്ടായി. അത്യാവശ്യമുള്ള വസ്ത്രങ്ങളും പാത്രങ്ങളും എന്റെയൊപ്പം ഞാന്‍ അവിടെത്തന്നെയാണ് സൂക്ഷിച്ചിരുന്നത്. രാത്രികളിലും സായാഹ്നങ്ങളിലും ഞാന്‍ ബാബ്‌റി മസ്ജിദിനുള്ളിലായിരുന്നു ഉറങ്ങിയിരുന്നത്. പള്ളിയിലെ നമസ്‌ക്കാര സമയങ്ങളില്‍, മുക്രി എന്നോട് അവ മാറ്റാന്‍ ആവശ്യപ്പെടും. അല്ലാത്ത സമയങ്ങളിലൊക്കെ പള്ളി ഞങ്ങളുടെ വീട് പോലെയായിരുന്നു.’

സണ്‍ഡേ മെയ്‌ലില്‍ പ്രസിദ്ധീകരിച്ച നീലാഞ്ജന്‍ മുഖോപദ്ധ്യായയുടെ റിപ്പോര്‍ട്ടിലും അയോദ്ധ്യയില്‍ അടിത്തട്ടിലെ ജനങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന പരസ്പര വിശ്വാസത്തിന്റെ ഇഴയടുപ്പം കാണാം. ‘1949 വരെ ബാബ്‌റി മസ്ജിദിലെ മൗലവിയായിരുന്ന അബ്ദുള്‍ ഗാഫര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. അങ്ങേയറ്റം നേരിയ ശബ്ദത്തില്‍ എങ്ങനെയാണ് മുസ്ലീങ്ങള്‍ പള്ളിയിലും ഹിന്ദുക്കള്‍, പള്ളിയുടെ കവാടത്തില്‍ നിന്നും കഷ്ടി പതിനഞ്ചടി അകലത്തിലുള്ള രാം ഛബൂത്രയിലും പ്രാര്‍ത്ഥിച്ചിരുന്നതെന്ന് അദ്ദേഹം വിവരിച്ചു. ഇപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന ചോദ്യത്തിന് ‘കാര്യങ്ങള്‍ മുമ്പ് ഉണ്ടായിരുന്ന തരത്തില്‍ ആകേണ്ടതുണ്ട്’ എന്ന് യാതൊരു സംശയവും കൂടാതെ അദ്ദേഹം പ്രതികരിച്ചു. പക്ഷെ അപ്പോഴേയ്ക്കും അയോദ്ധ്യയില്‍ ദൈവങ്ങള്‍ക്കോ നല്ല ആശയങ്ങള്‍ക്കോ യാതൊരു ഇടവും അവശേഷിച്ചിരുന്നില്ല.

‘ഞങ്ങള്‍ പള്ളിക്കുള്ളില്‍ നമസ്‌ക്കരിക്കാറുണ്ടായിരുന്നു. ഹിന്ദുക്കള്‍ ഛബൂത്രയില്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ ഒരിക്കലും യുദ്ധം ചെയ്തില്ല. 1949 ന് മുമ്പുള്ള ദിവസങ്ങളിലേയ്ക്ക് കാര്യങ്ങള്‍ തിരിച്ചു പിടിക്കേണ്ടിയിരിക്കുന്നു.’

വിശ്വാസികള്‍ തമ്മില്‍ സ്വാഭാവികമായുണ്ടായിരുന്ന ആ ഐക്യത്തെയായിരുന്നു ഹിന്ദു വംശീയ വാദികളുടെ ഭീകരപ്രവര്‍ത്തനം 1949 ഡിസംബര്‍ 22 പാതിരാത്രി തകര്‍ത്തു കളഞ്ഞത്.

വിഗ്രഹങ്ങള്‍ ബാബ്‌റി മസ്ജിദിനുള്ളില്‍ സ്ഥാപിക്കപ്പെട്ടതോടെ, കെകെകെ നായരും ഗുരുദത്ത് സിംഗും, ആര്‍.എസ്.എസ്. അംഗങ്ങളും ഹിന്ദു വംശീയവാദികളും എന്ന നിലയ്ക്ക് അവരുടെ പണി തുടങ്ങി. ഒമ്പത് സാക്ഷികളാണ് പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയത്.അതില്‍ ഒരാള്‍ കാവല്‍ജോലി നോക്കുന്ന അബുള്‍ ബര്‍ക്കത്ത് ആയിരുന്നു. അഭിറാം ദാസിന്റെ ശിഷ്യന്മാരില്‍ ഒരാളായിരുന്ന, പിന്നീട് രാമജന്മഭൂമിയിലെ മുഖ്യ പൂജാരിയായിരുന്ന ആചാര്യ സത്യേന്ദ്ര ദാസ്, അബുള്‍ ബര്‍ക്കത്ത് എപ്പോഴാണ്, എങ്ങനെയാണ്, ബാബ്‌റി മസ്ജിദിനുള്ളില്‍ സ്ഥാപിക്കപ്പെട്ട വിഗ്രഹങ്ങള്‍ കണ്ടതെന്ന് കൃഷ്ണ ഝായോടും ധീരേന്ദ്ര കെ ഝായോടും പില്‍ക്കാലത്ത് വിശദീകരിക്കുന്നുണ്ട്.

‘അഭിറാം ദാസും മറ്റുള്ളവരും രാംലല്ലയുടെ വിഗ്രഹം ആ രാത്രിയില്‍ 12 മണിക്ക് മുമ്പായി കൊണ്ടുവരുമ്പോള്‍, പടിവാതിലിലെ കാവല്‍ക്കാരന്‍ മാറുകയും അബുള്‍ ബര്‍ക്കത്ത് കാവല്‍ ജോലി ഏറ്റെടുക്കുകയും ചെയ്തിരുന്നു. പാതിരായ്ക്കും ഉദയത്തിനുമിടയില്‍ ആരതിയ്‌ക്കൊപ്പം ഗണ്ഡ- ഗരിയാല്‍ മുഴങ്ങിയപ്പോള്‍ അദ്ദേഹം എണീക്കുകയും ആ ദൃശ്യം കാണുകയും ചെയ്തു. അദ്ദേഹത്തിന്റെ മൊഴിയില്‍ അദ്ദേഹം അവിടെ കണ്ടത് പറയുകയാണുണ്ടായത്.’

അതേ സമയം അബുള്‍ ബര്‍ക്കത്തിന്റെ മൊഴിയായി കേസ് രേഖകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ് :

‘1949 ഡിസംബര്‍ 22, 23 തീയ്യതികളില്‍ അയാള്‍ക്ക് (അബുള്‍ ബര്‍ക്കത്ത്) ആയിരുന്നു രാമജന്മഭൂമിയിലെ പോലീസ് ഔട്ട്‌പോസ്റ്റില്‍ ഡ്യൂട്ടി. ആ രാത്രിയില്‍ ഡ്യൂട്ടി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം ഒരു ദിവ്യജ്യോതിയുടെ മിന്നായം ബാബ്‌റി മസ്ജിദിനുള്ളില്‍ കണ്ടു. ക്രമേണ ആ വെളിച്ചം സ്വര്‍ണ്ണനിറത്തിലാകുകയും അതില്‍ ദൈവത്തെപ്പോലുള്ള, അങ്ങേയറ്റം സുന്ദരനായ, നാലോ അഞ്ചോ വയസ്സുള്ള ഒരു കുഞ്ഞിനെ കണ്ടു. അത്തരമൊരു കാഴ്ച തന്റെ ജീവിതത്തില്‍ അദ്ദേഹം മുമ്പ് കണ്ടിട്ടില്ലായിരുന്നു. ആ കാഴ്ച അദ്ദേഹത്തെ ഒരു അതീതാവസ്ഥയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുകയുണ്ടായി. പിന്നീട് തന്റെ സമനില വീണ്ടെടുത്തപ്പോള്‍ അദ്ദേഹം കണ്ടത് (പള്ളിയുടെ) മുഖ്യകവാടത്തിന്റെ പൂട്ട് തകര്‍ന്ന് താഴെ വീണു കിടക്കുന്നതും അതിലൂടെ വലിയൊരു കൂട്ടം ഹിന്ദുക്കള്‍ കെട്ടിടത്തിലേയ്ക്ക് പ്രവേശിക്കുന്നതും ഒരു സിംഹാസനത്തില്‍ പ്രതിഷ്ഠിതമായ വിഗ്രഹത്തിന് ആരതിയുഴിയുന്നതും ‘ദൈവം സ്വയം വെളിവാക്കിയിരിക്കുന്നു’ എന്ന് വിളിച്ചു പറയുന്നതുമാണ്.’

മറ്റെവിടെയും സ്വീകരിച്ചാലും, കോടതിക്കുള്ളില്‍ ഒരിക്കലും സ്വീകരിക്കാനിടയില്ലാത്ത ഈ സാക്ഷിമൊഴി കെട്ടിച്ചമച്ച ഒന്നാണെന്ന് സാമാന്യബോധമുള്ള ആര്‍ക്കും ബോധ്യപ്പെടും. ഭാസ്‌ക്കര്‍ ദാസ്, കൃഷ്ണ ഝായോടും ധീരേന്ദ്ര കെ ഝായോടും പറയുന്നത് ‘അബുള്‍ ബര്‍ക്കത്ത് മറ്റെന്താണ് പറയുക? അദ്ദേഹം ഡ്യൂട്ടിയിലിരിക്കുമ്പോള്‍ ഇത്തരമൊരു സംഭവം നടന്നതിനാല്‍, തന്നെ രക്ഷിക്കാന്‍ ഇങ്ങനെ പറയുകയല്ലാതെ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല’ എന്നാണ്. എന്നാല്‍ ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥ സംഘവും അത് നടപ്പിലാക്കിയ ഹിന്ദുവംശീയവാദികളും ചെലുത്തിയ സമ്മര്‍ദ്ദമാകും ഈ മൊഴിമാറ്റത്തിന് പിന്നില്‍ എന്ന് നമുക്ക് ഊഹിക്കാനാകും. അതോടൊപ്പം അത്തരമൊരു മൊഴി തന്റെ കൃത്യവിലോപത്തിന് മറയായി ഉപയോഗിക്കാമെന്ന് ബര്‍ക്കത്തിനും തോന്നിക്കാണും.

കെകെകെ നായര്‍ ആദ്യം ചെയ്തത് കാര്യങ്ങള്‍ വെച്ചു താമസിപ്പിക്കുകയാണ്.ബാബ്‌റി മസ്ജിദില്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചത് ഔദ്യോഗിക – രാഷ്ട്രീയ തലങ്ങളില്‍ എത്തും മുമ്പേ, ബാബ്‌റി മസ്ജിദില്‍ രാം ലല്ല പ്രത്യക്ഷപ്പെട്ടു എന്ന ഹിന്ദു വംശീയ ഭാഷ്യം വിശ്വാസികള്‍ക്കിടയില്‍ പരത്താനുള്ള സമയം, നായര്‍ അവര്‍ക്കു കൊടുത്തു. അങ്ങനെ ചെയ്താല്‍ വിഗ്രഹങ്ങള്‍ പിന്നീട് എടുത്തു മാറ്റാന്‍ കഴിയാത്ത വിധം അതൊരു മത, രാഷ്ട്രീയ പ്രശ്‌നമായി മാറുമെന്ന് കെകെകെ നായര്‍ എന്നകുടിലബുദ്ധിക്ക് അറിയാമായിരുന്നു. രാവിലെ അഞ്ചുമണിയോടെ അവിടെയെത്തിച്ചേര്‍ന്ന നായര്‍, മുഖ്യമന്ത്രിയായിരുന്ന ജി ബി പാന്തിനും ചീഫ് സെക്രട്ടറിയായിരുന്ന ഭഗവാന്‍ സഹായിക്കും റേഡിയോ സന്ദേശമയയ്ക്കുന്നത് രാവിലെ 10.30 ന് മാത്രമാണ്. രാവിലെ 9 മണിക്ക് മാത്രമാണ് എഫ്‌ഐആര്‍ തയ്യാറാക്കുന്നത്. 10.30 ന് കെകെകെ നായര്‍ അയച്ച റേഡിയോ സന്ദേശം ഇങ്ങനെയായിരുന്നു. ‘രാത്രിയില്‍ മസ്ജിദില്‍ ആരുമില്ലാതിരുന്നപ്പോള്‍ ഏതാനും ഹിന്ദുക്കള്‍ ബാബ്‌റി മസ്ജിദില്‍ കയറുകയും ഒരു വിഗ്രഹം അവിടെ സ്ഥാപിക്കുകയും ചെയ്തു. ഡിഎമ്മും എസ്പിയും സേനയും സ്ഥലത്തുണ്ട്. അവസ്ഥകള്‍ നിയന്ത്രണത്തിലാണ്. രാത്രിയില്‍ പതിനഞ്ചു പേര്‍ പോലീസിന്റെ കാവല്‍ത്താവളത്തിലുണ്ടായിരുന്നിട്ടും അവര്‍ പ്രവര്‍ത്തിച്ചില്ല.’

ഈ ചെറിയ സന്ദേശത്തില്‍ നായര്‍ ഒളിച്ചു വെച്ച കാര്യങ്ങള്‍ ചെറുതായിരുന്നില്ല. ബാബ്‌റി മസ്ജിദില്‍ നിന്നും തൃപ്തികരമായ ദൂരത്ത് സ്ഥിതി ചെയ്യുന്ന പോലീസ് കാവല്‍ത്താവളത്തിലെ പോലീസുകാരുടെ നിഷ്‌ക്രിയത്വത്തെ ചൂണ്ടിക്കാണിക്കുമ്പോള്‍, തൊട്ടടുത്തുണ്ടായ കാവല്‍ക്കാരന്റെ വീഴ്ചയെപ്പറ്റി മിണ്ടുന്നേ ഇല്ല. അവസ്ഥകള്‍ നിയന്ത്രണത്തിലാണ് എന്ന തെറ്റായ സന്ദേശം കൊടുക്കുക വഴി മുകളില്‍ നിന്നുള്ള നടപടികളെ പരമാവധി വൈകിപ്പിക്കാനും ഹിന്ദു വംശീയ വാദികള്‍ക്ക് അവരുടെ അജണ്ട നടപ്പിലാക്കിയെടുക്കാന്‍ ആവശ്യത്തിന് സമയം നല്‍കാനും കഴിഞ്ഞു.

ഫൈസാബാദ് ജില്ലാ കോണ്‍ഗ്രസ്സ് സെക്രട്ടറിയായിരുന്ന അക്ഷയ് ബ്രഹ്മചാരി കറ കളഞ്ഞ മതേതരവാദിയും ഗാന്ധിയനുമായിരുന്നു. നായരുടെ കൗശലങ്ങള്‍ മനസ്സിലാക്കിയ ഒരാളായിരുന്നു അദ്ദേഹം. ഐക്യ സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിക്ക് അദ്ദേഹം സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍ അക്കാര്യം വിശദമായി പറയുന്നുണ്ട്.

‘(1949 ഡിസംബര്‍) 23 ന് രാവിലെ ജില്ലാ മജിസ്‌ട്രേറ്റ് എന്നോട്, തലേരാത്രിയില്‍ ബാബ്‌റി മസ്ജിദില്‍ രാം ചന്ദ്രജിയുടെ പ്രതിരൂപം സ്ഥാപിച്ചെന്നും താനത് രാവിലെ 6 മണിക്ക് ശ്രീ ഭായ് ലാലില്‍ നിന്നാണ് അറിഞ്ഞതെന്നും അപ്പോള്‍ തന്നെ അങ്ങോട്ടു പോയെന്നും പറയുകയുണ്ടായി. പള്ളിയിലെ പോലീസ് കാവല്‍ക്കാര്‍ അതറിയാതിരിക്കേ ഭായ് ലാല്‍ ഇത്ര നേരത്തേ ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞതെങ്ങനെ എന്ന സംശയം അക്കാര്യം ഉണര്‍ത്തുന്നുണ്ട്. ഭായ് ലാല്‍ രാവിലെ ഇത്ര നേരത്തേ ഈ സംഭവം എങ്ങനെ അറിഞ്ഞു എന്ന കാര്യം അന്വേഷിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റും ശ്രദ്ധിച്ചില്ല. ഇത്തരം അനേകം വിവരങ്ങള്‍ക്ക് ജില്ലാ മജിസ്‌ട്രേറ്റ് ഭായ് ലാലിനെ ഉദ്ധരിക്കുകയുണ്ടായി.’

അക്ഷയ് ബ്രഹ്മചാരി കരുതുന്നത് ഭായ് ലാല്‍ എന്നൊരാള്‍ യഥാര്‍ത്ഥത്തില്‍ ഇല്ലെന്നും തന്റെ പങ്ക് മറച്ചു വെയ്ക്കാന്‍ വേണ്ടി നായര്‍ ഉണ്ടാക്കിയ കല്പിത കഥാപാത്രമാണ് അത്തരമൊരാള്‍ എന്നുമാണ്. അന്നത്തെ സംഭവത്തെ കുറിച്ചുള്ള രേഖകളിലൊന്നും ആ പേര്‍ കാണാത്തതിനാല്‍ അക്ഷയ് ബ്രഹ്മചാരിയുടെ നിഗമനം ശരിയാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

കെകെകെ നായരുടെ കുതന്ത്രം വിജയിച്ചു. ബാബ്‌റി മസ്ജിദിന്റെ കൈയ്യേറ്റം അധികൃതര്‍ അറിയും മുമ്പേ, പള്ളിക്കുള്ളില്‍ പ്രത്യക്ഷപ്പെട്ട ‘രാം ലല്ലയുടെ അത്ഭുതം’ കാണുന്നതിനായി നാനാഭാഗത്തു നിന്നും ഹിന്ദു വിശ്വാസികള്‍ അയോദ്ധ്യയില്‍ അടിഞ്ഞു കൂടി. അക്ഷയ് ബ്രഹ്മചാരി അതിനെപ്പറ്റി വിശദമായി എഴുതുന്നുണ്ട്.

‘അന്ന് പ്രഭാതം മുതല്‍ ലൗഡ് സ്പീക്കറുകള്‍ ഭഗവാന്റെ പ്രത്യക്ഷത്തെപ്പറ്റി പ്രക്ഷേപണം ചെയ്തുകൊണ്ട് മുഴുവന്‍ ഹിന്ദുക്കളേയും ദര്‍ശനത്തിന് വരാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. സംഘര്‍ഷാവസ്ഥ ഗുരുതരമാം വിധം വര്‍ദ്ധിച്ചു. നോട്ടീസുകളും കൈയ്യെഴുത്തു പ്രതികളും തുടര്‍ച്ചയായി വിതരണം ചെയ്തു കൊണ്ടിരുന്നു. ആയിരക്കണക്കിന് മനുഷ്യരെ, കാറുകളിലും പൊതുവാഹനങ്ങളിലുമായി ഫൈസാബാദില്‍ നിന്നും പറഞ്ഞയച്ചു കൊണ്ടിരുന്നു. അവര്‍ക്ക് മുന്നില്‍ തീ തുപ്പുന്ന പ്രസംഗങ്ങള്‍ ആവിഷ്‌ക്കരിച്ചു കൊണ്ടിരുന്നു. കോണ്‍ഗ്രസ്സ് ഹിന്ദുമതത്തെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും പാകിസ്ഥാനില്‍ ഒരു ക്ഷേത്രം പോലും അവശേഷിക്കുന്നില്ലെന്നും അയോദ്ധ്യയില്‍ നിന്ന് മുസ്ലീം ചിഹ്നങ്ങളെ പൂര്‍ണ്ണമായും കടപുഴക്കാനായി ഒത്തുചേരണമെന്നും അത് സാധ്യമാകണമെങ്കില്‍ കോണ്‍ഗ്രസ്സിനെ കടപുഴക്കണം എന്നൊക്കെ പ്രസംഗങ്ങള്‍ പറയുകയുണ്ടായി.ഭൂരിഭാഗം കോണ്‍ഗ്രസ്സുകാര്‍ക്കും ഇതിനോട് യോജിപ്പാണെന്നും എന്നാല്‍ നെഹ്‌റുവും വളരെ കുറച്ചു പേരും മുസ്ലീങ്ങളുടെ ഭാഗത്താണെന്നും പറയപ്പെട്ടു.’

ബാബാ രാഘവ്ദാസിനെപ്പോലെയും വിശ്വനാഥ് ദയാല്‍ ത്രിപാഠിയെപ്പോലെയും ഉള്ളവരുടെ ഹിന്ദുത്വാഭിമുഖ്യം അക്ഷയ് ബ്രഹ്മചാരി ഈ മെമ്മോറാണ്ടത്തില്‍ എടുത്തു പറയുന്നുണ്ട്. അത്തരമാളുകള്‍ ജനപ്രതിനിധി സ്ഥാനം രാജി വെയ്ക്കണം എന്ന ആവശ്യവും ശക്തിയോടെ അക്ഷയ് ബ്രഹ്മചാരി ഉന്നയിക്കുന്നുണ്ട്.

അഭിറാം ദാസ് എന്ന കോടാലിക്കൈ ഈ സമയമൊക്കെയും രാം ലല്ലയുടെ മുറുകെ പിടിച്ചു കൊണ്ട് ബാബ്‌റി മസ് ജിദിന്റെ മദ്ധ്യഗോപുരത്തിന് കീഴെ ഇരിക്കുകയായിരുന്നു. ഇതിനിടെ ബാബ്‌റി മസ്ജിദില്‍ നിന്നും വിഗ്രഹങ്ങള്‍ എടുത്തുമാറ്റാനായി മുസ്ലീങ്ങള്‍ സംഘടിക്കുന്നു എന്ന വാര്‍ത്ത വന്നു. അത് അഭിറാം ദാസിനെ ഭയപ്പെടുത്തി. കെകെകെ.നായരുടെ നേരെ ദയനീയമായി എണീറ്റ് നിന്നു നോക്കിയപ്പോള്‍ ‘ഹേ വയസ്സാ, ഇരിക്കൂ. അനങ്ങിയാല്‍ ഞാന്‍ വെടിവെയ്ക്കും’ എന്ന് കെകെകെ നായര്‍ ഭീഷണിപ്പെടുത്തതായി, അവധ് കിഷോര്‍ ഝാ ഓര്‍മ്മിക്കുന്നുണ്ട്’

ഇങ്ങനെ തുടങ്ങി വെച്ച അയോദ്ധ്യാ കാണ്ഡം പിന്നീട് യുദ്ധകാണ്ഡത്തിലേയ്ക്കും അധികാര കാണ്ഡത്തിലേയ്ക്കും നീങ്ങി. ആ ചരിത്രം നമുക്ക് പരിശോധിക്കാം.

 

Comments

comments