ഭാവന എന്നത് അമൂര്‍ത്തമായ ഒരു മനോവ്യാപാരമല്ല. ഭാവന ചെയ്യുന്ന ആളുമായി ബന്ധപ്പെട്ട സമൂര്‍ത്ത സാഹചര്യങ്ങളില്‍ നിന്നും മറ്റൊരു യാധാര്ത്ഥ്യലോകമായി ഭാവനാസൃഷ്ടികള്‍ ഉയിര് കൊള്ളുന്നു. തനിക്ക് പുറത്തുള്ള യാധാര്ത്ഥ്യലോകത്തിലെ മനുഷ്യരേയും ജീവിതത്തേയും സമൂഹത്തേയും ചരിത്രത്തേയും മറ്റൊരു അനുപാതത്തിലേക്ക് ഭാവനയിലൂടെ മാറ്റിയെഴുതുകയാണ് എഴുത്തുകാരന്. അപ്രകാരം ഭാവനാസൃഷ്ടികള്‍ എന്ന് വിളിക്കപ്പെടുന്ന സാഹിത്യ കൃതികള്‍ ഒരു സവിശേഷ കാലഘട്ടത്തിന്റെ ചരിത്രരേഖ കൂടിയായി മാറുന്നു. ഭൂതകാല സംഭവങ്ങളെ കാലക്രമത്തില്‍ രേഖപ്പെടുത്തിയത് എന്നൊരു ചിത്രമാണ് നമ്മുടെ സാമാന്യ ധാരണയില്‍ ചരിത്രത്തിനുള്ളത്. കഴിഞ്ഞകാല സംഭവങ്ങളെ യുക്തിഭദ്രവും വസ്തുനിഷ്ഠവും ആയി ക്രമപ്പെടുത്തുക എന്ന നിലയില്‍ ചരിത്ര പഠനത്തിന് ഒരു ശാസ്ത്രശാഖയുടെ പദവിയുണ്ട്. ഇരുപതാം നൂറ്റാണ്ട് വരെ ചരിത്രലേഖനം അധികാരവുമായി ബന്ധപ്പെട്ട സംഭവപരമ്പരകളുടെ ക്രോഡീകരണമായിരുന്നു. വംശങ്ങളെ ഗോത്രപരമായി ഏകോപിപ്പിച്ച് നിര്‍ത്തിക്കൊണ്ട് അവര്‍ക്ക് ദേശസ്വത്വം പ്രദാനം ചെയ്യുക എന്നതായിരുന്നു രാജാധികാരത്തിന്റെയും ദൈവാധികാരത്തിന്റെയും ഉദ്ദേശ്യപരമായ മുന്‍വിധികളുടെ നിറം കലര്‍ന്നിരുന്ന അത്തരം ചരിത്രരചനകളുടെ മുഖ്യമായ ധര്‍മ്മം.
മതപരമായ മിത്ത് വല്ക്കരണങ്ങളിലൂടെയല്ലാതെ തന്നെ ഭൌതിക സാഹചര്യങ്ങളിലെ കാരണങ്ങളുടെയും പ്രഭാവങ്ങളുടെയും അടിസ്ഥാനത്തില്‍ സംഭവങ്ങളെ രേഖപ്പെടുത്തുന്ന ചുരുക്കം ചില രചനകള്‍ ആദ്യകാലങ്ങള്‍ മുതല്‍ ലഭ്യമാണെങ്കിലും ഇരുപതാം നൂറ്റാണ്ടോട് കൂടിയാണ് ചരിത്രമെഴുത്തിലും പഠനത്തിലും വൈജ്ഞാനികമായ ഒരു രീതിശാസ്ത്രം കൈവരുന്നതും അതിന്റെ സ്ഥാനം സാഹിത്യത്തില്‍ നിന്നും മാറി സാമൂഹിക ശാസ്ത്രത്തിന്റെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുന്നതും. ലോകത്തെ കുറിച്ചുള്ള അന്വേഷണം അനുഭവവാദപരമായ ആത്മീയതയുടെയും തത്ത്വചിന്തയുടെയും വഴികള്‍ കൈവെടിഞ്ഞ് ശാസ്ത്രീയത അടിസ്ഥാനമാക്കിയ പുതിയൊരു രീതിശാസ്ത്രം ഇരുപതാം നൂറ്റാണ്ടില്‍ മേല്‍ക്കൈ നേടുന്നുണ്ട്. അതിലൂടെ മിത്തുകളും കഥകളും ഇടകലര്‍ന്ന് പോന്നിരുന്ന ചരിത്രം എന്ന ആഖ്യാന ശാഖ ആധുനിക ലോകത്ത് തെളിവുകളാല്‍ നയിക്കപ്പെടുന്ന ഒരു ശാസ്ത്രശാഖയായി പരിവര്‍ത്തനപ്പെടുന്നു. പ്രസ്തുത സാഹചര്യത്തിലാണ് സ്രോതസ്സുകളുടെ ശാസ്ത്രീയ നിരീക്ഷണങ്ങളിലൂടെയും അപഗ്രഥനങ്ങളിലൂടെയും ഭൌതിക ശാസ്ത്രത്തിലെയോ രസതന്ത്രത്തിലെയോ സിദ്ധാന്തങ്ങള്‍ പോലെ അടിവരയിട്ടുറപ്പിക്കാന്‍ കഴിയുന്നതാണ് ചരിത്ര വസ്തുതകളുമെന്ന് ആധുനികലോകം വിശ്വസിച്ചു തുടങ്ങുന്നത്.
എന്നാല്‍ ഉത്തരാധുനികതയുടെ കടന്ന് വരവും ജ്ഞാനാന്വേഷണങ്ങളുടെ മേലും ആധുനികത കെട്ടിപ്പടുത്ത ബൃഹദാഖ്യാനങ്ങളുടെ മേലുമുള്ള അതിന്റെ അവിശ്വാസത്തിന് മുന്നില്‍ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വസ്തുനിഷ്ഠ ചരിത്രത്തിന്റെ ആധികാരികത എന്ന ആധുനികതാ സങ്കല്പത്തിന് ഇളക്കം തട്ടുന്നു. ബ്രിട്ടീഷ് ചരിത്ര പഠിതാവായ കീത്ത് ജെന്‍കിന്‍സ് (Keith Jenkins) ചരിത്രത്തെ കുറിച്ച് ഇപ്രകാരം ഒരു നിരീക്ഷണം നടത്തുന്നുണ്ട്, “the past has gone and history is what historians make of it when they go to work”. ചരിത്രം ഒരു ആഖ്യാന രൂപമായാതിനാല് അതിന് പൂര്‍ണ്ണമായും വസ്തുനിഷ്ഠമാകാന്‍ സാധിക്കില്ല എന്നും ഭൂതകാല സംഭവങ്ങളെ ചരിത്രം എന്ന ആഖ്യാനരൂപത്തിലേക്ക് മാറ്റിയെഴുതുമ്പോള്‍ ഒരേസമയം മൂന്ന് തരത്തിലുള്ള വ്യക്തിനിഷ്ഠതകളിലൂടെ അതിന് കടന്നുപോകേണ്ടി വരുന്നുവെന്നും കീത്ത് ജെന്‍കിന്‍സ് നിരീക്ഷിക്കുന്നു. ജ്ഞാനശാസ്ത്രം (epistemology), രീതിശാസ്ത്രം (methodology), പ്രത്യയശാസ്ത്രം (ideology) എന്നീ ഘടകങ്ങള്‍ ചരിത്രമെന്ന ആഖ്യാന രൂപത്തിന്റെ കറതീര്‍ന്ന വസ്തുനിഷ്ഠത എന്ന ലക്ഷ്യത്തിന് പ്രതിബന്ധമായി നില്ക്കുന്നു. ഒരു സവിശേഷ സ്ഥല-കാല സന്ദര്‍ഭത്തില്‍ നിന്നുകൊണ്ട് ഒരാള്‍ ചരിത്രമെഴുതുമ്പോള്‍ അയാളെ പ്രതിനിധീകരിക്കുന്ന തലമുറയുടെ സാംസ്കാരിക പരിസരത്താലും ജീവിതവീക്ഷണത്താലും കാലബോധത്താലും ഭൂതകാല സംഭവങ്ങള്‍ സ്വാധീനിക്കപ്പെടുകയും അതിനനുസൃതമായി ചരിത്ര സംഭവങ്ങള്‍ ചരിത്രമെന്ന ആഖ്യാനരൂപത്തില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതിനാല്‍ ഓരോ തലമുറയും ചരിത്രത്തെ പുതുക്കിയെഴുതിക്കൊണ്ടിരിക്കുന്നു.
സത്യാനന്തരകാലത്തിന്റെ ആവിര്‍ഭാവത്തോടെ ചരിത്രം വിജ്ഞാനശാഖയില്‍ നിന്നും മാറി രാഷ്ട്രതന്ത്രത്തിന്റെ ചൂതാട്ടവേദിയില് പ്രതിഷ്ഠിക്കപ്പെടുന്നു. ദേശത്തിനും ജനതയ്ക്കും വ്യാജപാരമ്പര്യവും സ്വത്വവും പ്രദാനം ചെയ്ത് രാഷ്ട്രീയനേട്ടങ്ങള്‍ ഉണ്ടാക്കുക എന്നതാണ് സത്യാനന്തര കാലത്തെ ചരിത്രത്തിന്റെ ധര്‍മ്മം. പുരാവൃത്തങ്ങളും പഴങ്കഥകളും കലര്‍ത്തുക, ഇല്ലാത്ത പുതിയ ചരിത്രങ്ങള്‍ നിര്‍മ്മിക്കുക തുടങ്ങിയ പ്രവൃത്തികളിലൂടെ ജനങ്ങളുടെ വൈകാരികതകളെയും വിശ്വാസങ്ങളെയും ഭൂതകാലാഭിനിവേശങ്ങളെയും ചൂഷണം ചെയ്തുകൊണ്ട് ചരിത്രമെന്ന വ്യാജേന വര്‍ത്തമാനകാലത്തില്‍ നിര്‍മ്മിച്ചെടുക്കുന്ന കഥകളായി സത്യാനന്തരകാലത്തെ ചരിത്രം മാറുന്നു.
ഭൂതകാലത്തിലെ സംഭവങ്ങളെയും വ്യക്തിത്വങ്ങളെയും അതേ പശ്ചാത്തലത്തില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ട് ഭാവനയില്‍ നിര്‍മ്മിച്ച പുതിയ കഥകളെ അവയിലേക്ക് ഉള്‍ച്ചേര്‍ത്ത് അവതരിപ്പിക്കുന്ന നോവലുകളെയാണ് പൊതുവേ ചരിത്ര നോവലുകള്‍ എന്നത് കൊണ്ട് വിവക്ഷിച്ചിരുന്നത്. കാലക്രമേണ നോവലുകളില്‍ ചരിത്രം ഉപയോഗിക്കുന്നതിലെ അനുപാതത്തിലും ഇഴവിന്യാസത്തിലും ഉദ്ദേശ്യപരതയിലും മാറ്റങ്ങള്‍ വന്നു. പശ്ചാത്തലം മാത്രം ഭൂതകാലത്തില്‍ നിലനിര്‍ത്തിക്കൊണ്ട് സംഭവങ്ങളെയും കഥാപാത്രങ്ങളെയും സാങ്കല്‍പ്പികമായി സൃഷ്ടിച്ച് എഴുതപ്പെട്ട നോവലുകള്‍, വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ പറയുന്ന കഥളിലേക്ക് ചരിത്രസംഭവങ്ങള്‍ പല ഇടവേളകളിലായി കയറിയിറങ്ങി പോകുന്ന തരത്തിലുള്ള രചനാരീതികള്‍, ഒറ്റദിവസത്തെ സംഭവങ്ങള്‍ ആഖ്യാനം ചെയ്യുന്നതിനിടെ പാഠാന്തര സൂചനകളാല്‍ പലകാല ചരിത്രങ്ങളുടെ പരമ്പരക്കാഴ്ചകള് നിര്‍മ്മിച്ചു കൊണ്ട് മുന്നേറുന്ന ജെയിംസ് ജോയ്സിന്റെ യുളിസ്സസ് പോലുള്ള നോവലുകള്‍ തുടങ്ങി ചരിത്രത്തിന്റെ ഉള്ച്ചേര്പ്പുകള് ചരിത്രനോവലുകളുടെ ചരിത്രത്തില്‍ പലതരം വിന്യാസക്രമത്തില്‍ മുന്നേറുന്നു.
ചരിത്രം നോവലിന്റെ ഉദ്ദേശ്യപരതയെ നിര്‍ണ്ണയിക്കുന്ന സുപ്രധാന ഘടകമായി അവതരിക്കാന്‍ തുടങ്ങുന്ന കാഴ്ചകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ പുറത്തുവരുന്ന ലാറ്റിനമേരിക്കന്‍ നോവലുകളില്‍ കാണാം. ഭൂപ്രദേശത്തിന്റെയും അവിടത്തെ മനുഷ്യരുടെയും ദേശസ്വത്വം അടയാളപ്പെടുത്തുക, വര്‍ത്തമാനകാല സ്വേച്ഛാധിപത്യ ഭരണകൂട ചെയ്തികളെ ഭൂതകാല സംഭവങ്ങളുമായി ബന്ധപ്പെടുത്തി സമഗ്രാധിപത്യ പ്രവണതകളോട് സര്‍ഗ്ഗാത്മകമായി പ്രതിരോധിക്കുക തുടങ്ങി സാംസ്കാരികവും രാഷ്ട്രീയവുമായ ഉദ്ദേശ്യപരതകളിലേക്ക് കൂടി അത്തരം നോവലുകളിലെ ചരിത്രം ലക്ഷ്യം വയ്ക്കുന്നു. ഉമ്പര്‍ട്ടോ എക്കോ തന്റെ ആദ്യ നോവലായ നെയിം ഓഫ് ദി റോസില്‍ മധ്യകാല ചരിത്രത്തേയും ചിഹ്നവിജ്ഞാനീയത്തെയും നിര്മ്മിതചരിത്രത്തെയും സമന്വയിപ്പിച്ച് ആഖ്യാനത്തിലും വായനയിലും ബഹുസ്വരങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട് ഉത്തരാധുനിക നോവലുകളുടെ ഏറ്റവും മികച്ച മാതൃക സൃഷ്ടിക്കുകയുണ്ടായി. ആധുനികതയില്‍ നോവല്‍സാഹിത്യം കൂടുതലായി വര്‍ത്തമാനകാലത്തില്‍ ഊന്നുകയും വര്‍ത്തമാന സാഹചര്യങ്ങളുമായുള്ള ആത്മനിഷ്ഠമായ പലതരം ഇടപെടലുകളുടെ സംഘര്‍ഷങ്ങള്‍ ആവിഷ്കരിക്കുകയും, മനുഷ്യാവസ്ഥയെയും അതിന്റെ അസ്തിത്വ പ്രശ്നങ്ങളെയും ദര്‍ശനപരമായി സമീപിക്കുകയും ചെയ്തിരുന്നിടത്ത് ഉത്തരാധുനിക ഫിക്ഷനില്‍ ചരിത്രത്തിന്റെ ശക്തമായ സന്നിവേശങ്ങളാണ് സാഹിത്യലോകം കാണുന്നത്.
അസാധാരണ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന ഒരു സാങ്കല്‍പ്പിക ലോകത്തേക്ക് കഥാപാത്രങ്ങളെ പെരുമാറാന്‍ വിട്ടുകൊണ്ട്, മനുഷ്യാവസ്ഥയുടെ സങ്കീര്‍ണ്ണതകളെയും സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളുമായുള്ള മനുഷ്യരുടെ ഇടപെടലുകളേയും ജീവിതമെന്ന അതിജീവനത്തിന്റെയും നിലനില്‍പ്പിന്റെയും ദാര്‍ശനിക സമസ്യകളെയും കുറിച്ച് ധ്യാനാത്മകമാകുന്ന ഒരു കൂട്ടം നോവലുകള്‍ പോര്‍ച്ചുഗീസ് സാഹിത്യകാരനായ ഹോസെ സരമാഗോ എഴുതിയിട്ടുണ്ട്. ലോകത്തില്‍ നിലനിന്ന് പോരുന്ന ഒരു സാഹചര്യത്തെ, അത് മറ്റൊരു വിധത്തില്‍ ആയിരുന്നെങ്കില്‍ എങ്ങിനെ, എന്നതാണ് ഈ നോവലുകളുടെ പ്രമേയം. മനുഷ്യര്‍ക്ക് മരണം ഉണ്ടായില്ലെങ്കില്‍ എങ്ങിനെ എന്ന് ‘മരണം വഴിമാറും ഇടനേരത്ത്’ എന്ന നോവലിലും ഒരു ജനത മൊത്തത്തില്‍ അന്ധരായിപ്പോയാല് എങ്ങിനെ എന്ന് ‘അന്ധത’യിലും ഐബീരിയന്‍ പെനിന്‍സുല യൂറോപ്പില നിന്നും അടര്ന്ന്മാറി കടലില്‍ ഒഴുകി നടന്നാല്‍ എങ്ങിനെ എന്ന് ‘കല്‍ച്ചങ്ങാടം’ എന്ന നോവലിലും സരമാഗോ ഭാവന ചെയ്യുന്നു. എന്നാല്‍ ഈ നോവലുകള്‍ അത്തരം കേവലമായ ഭാവന സമ്മാനിക്കുന്ന ഫാന്റസിയുടെ ലോകം മാത്രം ആയി ഒതുങ്ങുന്നില്ല എന്നിടത്താണ് സരമാഗോവിന്റെ നോവലുകളുടെ പ്രസക്തി. മനുഷ്യരുടെ നിലനില്‍പ്പിനെയും നാശത്തെയും സാമൂഹികാവസ്ഥകളുമായി ബന്ധപ്പെടുത്തിയുള്ള ദാര്‍ശനികമായ ആലോചനകളും, മനുഷ്യന്റെ പ്രാഥമിക ചോദനകളെയും ഹിംസാ പ്രേരണകളെയും സ്വാര്‍ത്ഥതയെയും കുറിച്ചുള്ള അന്വേഷണങ്ങളും, യൂറോപ്പിന്റെ രാഷ്ട്രീയവും സാംസ്കാരികവുമായ പരിസരങ്ങളിലേക്കുള്ള അന്യാപദേശസ്വഭാവത്തിലുള്ള നോട്ടങ്ങളുമായി സാഹിതീയമായ മൂല്യങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ചുകൊണ്ട് നിറവേറ്റപ്പെടുന്നവയാണ് മേല്‍പ്പറഞ്ഞ നോവലുകള്‍. നമ്മുടെ ദേശചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു മുഹൂര്‍ത്തം അത്തരത്തില്‍ അല്ല സംഭവിച്ചിരുന്നത് എന്ന് ഒരു സരമാഗോവിയന് മട്ടില്‍ ഭാവന ചെയ്താല്‍ എങ്ങിനെയുണ്ടാവും എന്ന ചിന്തയിലേക്കാണ് എസ് ഹരീഷ് ആഗസ്റ്റ് 17 എന്ന നോവലുമായി എത്തുന്നത്. ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ തിരുവിതാംകൂര്‍ എന്ന നാട്ടുരാജ്യം ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാതെ സ്വതന്ത്രരാജ്യമായി നിലനിന്നിരുന്നെങ്കില്‍ അതിന്റെ ഭാവി എന്താകുമായിരുന്നു എന്ന സങ്കല്‍പ്പത്തിലാണ് നോവലിലെ പ്രതിചരിത്ര നിര്‍മ്മിതി.
ആധുനിക ജനാധിപത്യബോധത്തിലും തുല്യനീതി സങ്കല്പ്പത്തിലും രൂപീകരിക്കപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം മതാധിഷ്ഠിതമായ രാജവാഴ്ചയിലേക്കുള്ള തിരിച്ചുപോക്കിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടക്കുന്ന കാലത്താണ് ആഗസ്റ്റ് 17 അതിന്റെ രാഷ്ട്രീയസ്വഭാവം കൊണ്ട് നിര്‍ണ്ണായകമാകുന്നത്. ഇന്ത്യയില്‍ ഇന്ന് നടക്കുന്ന മതാടിസ്ഥാനത്തിലുള്ള സാംസ്കാരിക ഏകീകരണ പ്രക്രീയകളിലൂടെ ലക്ഷ്യം വയ്ക്കുന്ന നിതാന്തമായ രാഷ്ട്രീയാധികാര മോഹങ്ങളുടെ ഭാവിയിലെ ഭൂപടമാണ് ആഗസ്ത് 17ലെ തിരുവിതാംകൂര്‍ എന്ന ഹിന്ദുരാജ്യം. ഇന്ത്യ ഒരു ഹൈന്ദവരാഷ്ട്രമായാല് എന്ത് സംഭവിക്കും എന്ന സാധ്യതകളുടെ ഉത്തരമാണ് ആഗസ്റ്റ് 17ലെ പ്രതിചരിത്ര നിര്‍മ്മിതിയിലൂടെ നോവലിസ്റ്റ് പ്രാഥമികമായി അന്വേഷിക്കുന്നത്. വ്യവസ്ഥാപിത ചരിത്രത്തിന് മേല്‍ തന്റേതായ ഒരു വ്യാഖ്യാനമല്ല പ്രതിചരിത്ര നിര്‍മ്മാണത്തില്‍ എഴുത്തുകാരന് നടത്തുന്നത്, മറിച്ച് തന്റെ ലക്ഷ്യത്തിലേക്കായി ചരിത്രത്തെ മാറ്റിയെഴുതുകയാണ്. അതിനാല്‍ പ്രതിചരിത്ര ഫിക്ഷനില്‍ ചരിത്ര വസ്തുതകള്‍ തിരയേണ്ട കാര്യമില്ല. എന്നാല്‍ വിപരീതാര്ത്ഥങ്ങളുടെയും അന്യാപദേശത്തിന്റെയും കൌശലപൂര്ണ്ണമായ ഉപയോഗത്തിലൂടെ നിര്‍മ്മിച്ചെടുക്കുന്ന പ്രതിചരിത്ര-ഫിക്ഷന്‍, ചരിത്രത്തെക്കുറിച്ചുള്ള ഗൗരവതരമായ വീണ്ടുവിചാരങ്ങളിലേക്കും ഉള്ക്കാഴ്ചകളിലേക്കും വായനക്കാരെ നയിക്കുന്നു. ചരിത്രത്തെ സാഹിത്യമായി മാറ്റിയെഴുതുമ്പോള്‍ വസ്തുതകള്‍ക്ക് പകരം അവബോധങ്ങളിലേക്കാണ് എഴുത്തുകാരന് നമ്മെ കൈപിടിച്ചുയര്‍ത്തുന്നത്.
സാമൂഹികവും രാഷ്ട്രീയവുമായ നിരവധി പ്രക്ഷോഭങ്ങളുടെയും ഉപജാപങ്ങളുടെയും അന്തക്ഷോഭങ്ങള്‍ നിറഞ്ഞ തിരുവിതാംകൂറിന്റെ സംഘര്‍ഷ പശ്ചാത്തലമാണ് നോവലിലെ 1939ല്‍ തുടങ്ങി സ്വതന്ത്രരാജ്യ പദവി വരെയുള്ള കാലം. ഈ ഭാഗത്തിലെ ചരിത്രവിവരണം നമ്മുടെ വ്യവസ്ഥാപിത ചരിത്രവുമായി സാധര്‍മ്മ്യം പുലര്‍ത്തി പോരുന്നതാണ്. ചരിത്രസംഭവങ്ങളും ചരിത്രവ്യക്തിത്വങ്ങളും ഏതാണ്ട് അതേപ്രകാരം തന്നെ നോവലിലും വന്നുപോകുന്നു. 1935ലെ ഇന്ത്യ ആക്ട് അനുസരിച്ച് ബ്രിട്ടീഷ് ഇന്ത്യയില്‍ ജനകീയ മന്ത്രിസഭകള്‍ രൂപീകരിക്കെടുന്നതോടെ ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ഉത്തരവാദഭരണമെന്ന ആവശ്യം ശക്തമാകുന്നു. 1938 ഫെബ്രുവരിയില്‍ പട്ടം താണുപിള്ളയെ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു കൊണ്ട് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടു. തിരുവിതാംകൂറില്‍ ഉത്തരവാദ ഭരണത്തിനായുള്ള പ്രക്ഷോഭണം തുടങ്ങുക എന്നതായിരുന്നു പുതിയ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ പ്രക്ഷോഭകര്‍ക്ക് നേരിടേണ്ടിയിരുന്നത് തിരുവിതാംകൂര്‍ ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരനായ സര് സി പി രാമസ്വാമി അയ്യര്‍ എന്ന ദിവാനെയായിരുന്നു. പുതിയ സംഘടനയെ ആഭ്യന്തരമായി തകര്‍ക്കാന്‍ ജാതി-മത സ്പർദ്ധകൾ സൃഷ്ടിക്കാനായിരുന്നു സി പി ആദ്യം ശ്രമിച്ചത്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിനെ, തിരുവിതാംകൂർ ക്രിസ്ത്യൻ കോൺഗ്രസ്സ് എന്നു പറഞ്ഞ് വര്‍ഗ്ഗീയമായ ദുഷ്ടലാക്കോടെ പ്രചാരണം നടത്തി. സമരനേതാക്കൾക്കെതിരെ ആള്‍ക്കാരെ വിട്ട് മർദ്ദനം അഴിച്ചുവിടുക, സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുക, യോഗസ്ഥലങ്ങളെ അക്രമികളെ വിട്ട് അലങ്കോലമാക്കുക, പത്രങ്ങളുടെ പ്രവർത്തനാനുമതി റദ്ദാക്കുക, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിനേയും, അതിന്റെ യുവജനസംഘടനയായ തിരുവിതാംകൂർ യൂത്ത് ലീഗിനേയും നിരോധിക്കാനായി നിയമ ഭേദഗതി കൊണ്ട് വരുക തുടങ്ങി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ഒരു സ്വേച്ഛാധിപതിയുടെ എല്ലാ വിധ മര്ദ്ദകോപായങ്ങളെയും സര് സി പി തേടുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും സമരം അവസാനിപ്പിക്കാന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് തയ്യാറായില്ല. രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാഷ്ട്രീയ കാരണങ്ങളാല്‍ സമരത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും യുദ്ധാവസാനത്തോടെ 1946ൽ ദിവാൻ സി.പി.രാമസ്വാമി അയ്യർ കുപ്രസിദ്ധമായ അമേരിക്കൻ മോഡൽ ഭരണപരിഷ്കാരങ്ങൾ നടപ്പിൽവരുത്തി. ഈ ഭരണപരിഷ്കാരങ്ങളെ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ് പാർട്ടി, തൊഴിലാളി സംഘടനകൾ എന്നിവർ അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യത്തോടെ തള്ളിക്കളയുകയും ഉത്തരവാദപ്രക്ഷോഭം കൂടുതൽ ശക്തമായി തുടരാൻ തൊഴിലാളിസംഘടനകൾ ഉപ്പടെയുള്ളവർ തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി പുന്നപ്ര-വയലാറിൽ നടന്ന വെടിവെപ്പിൽ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. തിരുവിതാംകൂർ ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ ഒരു സ്വതന്ത്ര രാജ്യമായി നിര്‍ത്തിക്കൊണ്ട് തന്റെ അധികാരം നിലനിര്‍ത്താനായിരുന്നു ദിവാന്റെ ശ്രമം. അതോടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉത്തരവാദപ്രക്ഷോഭം ഏറ്റെടുക്കുകയാണെന്ന് പ്രഖ്യാപിക്കുകയും സമരങ്ങള്‍ വീണ്ടും ശക്തമാകുകയും ചെയ്തു. 1947 ജൂലൈ 25 ന് സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ ഒരു കച്ചേരിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ കെ സി എസ് മണി എന്നയാൾ വധിക്കാൻ ശ്രമിച്ചതിനെ തുടര്‍ന്ന് ദിവാൻ സി.പി.രാമസ്വാമി അയ്യർ തന്റെ സ്ഥാനം രാജിവെച്ച് തിരുവിതാംകൂർ വിട്ടു. ഇന്ത്യൻ യൂണിയനിൽ ചേരുവാൻ സമ്മതമാണെന്നു കാണിച്ചുകൊണ്ട് രാജാവ് നേതൃത്വത്തിനു കത്തെഴുതി.
ഇപ്രകാരം തിരുവിതാംകൂര്‍ രാജഭരണത്തിന് എതിരെയുള്ള ഉത്തരവാദ പ്രക്ഷോഭം, ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള ദേശീയതാ പ്രസ്ഥാനം അവയ്ക്കെതിരെയുള്ള ഭരണകൂടത്തിന്റെയും കൊളോണിയല്‍ ആധിപത്യത്തിന്റെയും പ്രതിരോധ നടപടികള്‍ എന്നിവ ചേര്‍ന്ന് മുന്നോട്ട് പോകുകയും അവസാനം രാജഭരണം അവസാനിക്കുകയും ഇന്ത്യ സ്വതന്ത്രമാകുകയും തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്ന് ദേശീയബോധത്തിന്റെയും അത് ഉത്പാദിപ്പിക്കുന്ന ചരിത്രത്തിന്റെയും ഭാഗമായി തീരുന്നതാണ് തിരുവിതാംകൂറിന്റെ എഴുതപ്പെട്ട ചരിത്രം. ദേശീയ സ്വത്വത്തിന്റെ ഭാഗമായി ഇന്ത്യന്‍ പൌരന് എന്ന നിലയില്‍ പിറകിലേക്ക് നോക്കുമ്പോള്‍ രൂപപ്പെടുന്ന ഒരു പൊതുബോധമാണ് തിരുവിതാംകൂര്‍ ചരിത്രത്തിനും ഇന്ത്യയുടെ ഭാഗമായുള്ള അതിന്റെ വിവിധ സമര പ്രക്ഷോഭങ്ങള്ക്കുമുള്ളത്. എന്നാല്‍ സ്വതന്ത്ര തിരുവിതാംകൂറിന് വേണ്ടി തയ്യാറെടുപ്പ് നടത്തിയ അന്നത്തെ ഭരണകര്‍ത്താക്കളും, അതിനെതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങളും, അതിനോട് പല രീതിയില്‍ പ്രതികരിച്ച ഇന്ത്യന്‍ നേതാക്കളും വിദേശരാജ്യങ്ങളും ചേര്‍ന്ന് രൂപപ്പെടുന്ന ഇന്ത്യാ രാജ്യത്തിന്റെ ഭാഗമായ കേരളത്തിന്റെ പ്രത്യക്ഷ ചരിത്രത്തിനുള്ളില്‍ ചാരം മൂടി കിടക്കുന്ന കുറച്ച് ചരിത്രസംഭവങ്ങളെ കൂടി നോവല്‍ വിളിച്ചുണര്‍ത്തുന്നു. കേരള ചരിത്രത്തിന്റെ ഭാഗമായ ആ സംഭവങ്ങള്‍ നോവലിന്റെ പ്രമേയവുമായും സംഭവങ്ങളുടെ ഗതിവികാസങ്ങളുമായും അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു.
1946 ഫെബ്രുവരിയില്‍ തന്നെ തിരുവിതാംകൂര്‍ സ്വതന്ത്രരാജ്യമാകുക എന്ന തന്റെ നയം സര് സി പി വ്യക്തമാക്കിയിരുന്നു. അതിന് വേണ്ടി തിരുവിതാംകൂര്‍ ജനതയുടെ പിന്തുണ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ 1947 വര്‍ഷത്തിന്റെ ആദ്യമാസങ്ങളില്‍ പത്രസമ്മേളനങ്ങളുടെ ഒരു പരമ്പര തന്നെ സി പി നടത്തി. രാജവംശത്തിന്റെ മഹത്വത്തെയും പ്രാചീനതയെയും കുറിച്ച് അദ്ദേഹം ജനങ്ങളെ തുടരെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. 1741ല്‍ ഒരു ഡച്ച് നാവികപ്പടയെ ആകെ മുക്കിക്കളഞ്ഞ വീരസാഹസികതയെ കുറിച്ചും അദ്ദേഹം ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചു. അക്കാലത്ത് അലയടിക്കുന്ന ഇന്ത്യന്‍ ദേശീയതയുടെ തരംഗത്തെ ചെറുക്കുക, ജനങ്ങളില്‍ തിരുവിതാംകൂര്‍ ദേശസ്വത്വത്തോട് വൈകാരികാവേശം ഉണര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭൂതകാല പാരമ്പര്യങ്ങളെ കുറിച്ച് അദ്ദേഹം നിരന്തരം വാചാലനായത്. മുഹമ്മദ് അലി ജിന്ന തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ അനുകൂലിച്ചും പാകിസ്ഥാന് തിരുവിതാംകൂറുമായി ബന്ധം സ്ഥാപിക്കാന്‍ തയ്യാറാണ് എന്ന് അറിയിച്ചും കൊണ്ട് സര് സി പി ക്ക് ഒരു ടെലഗ്രാം അയച്ചു. അതേ സമയം തന്നെ ഹിന്ദുസഭാ നേതാവായ സവര്‍ക്കറും തിരുവിതാംകൂര്‍ എന്ന ഹിന്ദു രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ അഭിനന്ദിച്ച് കൊണ്ട് ടെലഗ്രാം അയക്കുന്നു. മോണോസൈറ്റ് കൊണ്ട് സമ്പന്നമായ തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ സ്വതന്ത്രമായി നില്‍ക്കുന്നതാണ് ബ്രിട്ടന് കൂടുതല്‍ നല്ലത് എന്ന് അവിടത്തെ സര്‍ക്കാരും കണക്ക് കൂട്ടിയിരുന്നു.
ചരിത്രത്തിന്റെ ഭാഗമായ ഈ സംഭവങ്ങള്‍ വിജയകരമായി മുന്നോട്ട് പോകുകയും തിരുവിതാംകൂര്‍ സ്വതന്ത്രരാജ്യമാകുകയും ചെയ്തിരുന്നെങ്കിലോയെന്ന് ഒരു ഇന്ത്യന്‍ പൌരന് വര്‍ത്തമാനകാലത്തില്‍ നിന്ന് നോക്കുമ്പോള്‍ നമ്മുടെ ദേശീയ സങ്കല്‍പ്പത്തിനും ചരിത്ര ബോധത്തിനും വന്നു ഭവിക്കുന്ന ഐറോണിക് ആയ വലിയ ആഘാതങ്ങളുണ്ട്. അത്തരം ഐറണികളിലൂടെ നീങ്ങുന്ന ശില്പ്പസംവിധാനവും കഥനസ്വരവുമാണ് നോവലിന്റെ ആദ്യ രണ്ട് ഭാഗങ്ങളിലെ ആഖ്യാനസൌന്ദര്യത്തിന് തീക്ഷ്ണത പകരുന്നത്. ആ നോട്ടത്തില്‍ പാകിസ്ഥാന് തിരുവിതാംകൂറിന്റെ സഖ്യരാജ്യവും ഇന്ത്യ ശത്രുരാജ്യവുമാണ്, ഗാന്ധിജി അപകടകാരിയും കാമാഭ്രാന്തനുമാണ് (സി പി യുടെ വാക്കുകള്‍), ഇന്ത്യയുടെ ഭാഗമായ ഒരു പ്രദേശത്തെ മറ്റൊരു സ്വതന്ത്ര രാജ്യമാക്കുന്നതില്‍ ഹിന്ദുമഹാസഭയും സവര്‍ക്കറും പങ്കാളികളായിരുന്നവരാണ്, ഹിന്ദുരാജ്യമായ തിരുവിതാംകൂറില്‍ ക്രിസ്ത്യാനികള്‍ വിധ്വംസപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അപരരാണ്. ഇപ്രകാരം ഇന്ത്യയുടെ ചരിത്ര ബോധത്തിനുള്ളില്‍ നിന്ന് നോക്കിയാല്‍ തിരുവിതാംകൂറിന്റെ ചരിത്രത്തിന് വിരോധാഭാസങ്ങളുടെ നിരവധി ഏടുകളാണ് പറയാനുള്ളത്.
തിരുവിതാംകൂര്‍ അതിന്റെ ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ വച്ച് വഴിതിരിഞ്ഞ് സ്വതന്ത്ര ഇന്ത്യയുടെ ഭാഗമാകുന്ന പരിണാമ ഘട്ടത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു. നോവലിലെ തിരുവിതാംകൂര്‍ ചരിത്രത്തിന് അതിന്റെ സ്വതന്ത്രരാജ്യ പദവിയിലേക്കാണ് സഞ്ചരിച്ചെത്തേണ്ടത്. അതിനാല്‍ ആ ഘട്ടത്തിലേക്ക് എത്തിച്ചേരാന്‍ വേണ്ടുന്ന ഒരു ഭാവനാചരിത്രം കൂടി ഇഴ ചേര്‍ത്ത് കൊണ്ടാണ് ആദ്യഭാഗത്ത് നോവല്‍ നീങ്ങുന്നത്. പ്രക്ഷോഭങ്ങളെ നേരിടാന്‍ സി പി സ്വീകരിച്ചിട്ടുണ്ടാകാന്‍ സാധ്യതയുള്ള ഉപജാപങ്ങളെയും ആസൂത്രണങ്ങളെയും ഭാവനായാല്‍ നിര്‍മ്മിച്ച് കൊണ്ട് നോവലിസ്റ്റ് തിരുവിതാംകൂറിനെ അതിന്റെ സ്വതന്ത്രരാജ്യ പദവിയിലേക്ക് എത്തിക്കുന്നു. തിരുവിതാംകൂറിന്റെ എഴുതപ്പെട്ട വ്യവസ്ഥാപിത ചരിത്രം, പലയിടത്തായി ചിതറി അര്‍ദ്ധമയക്കത്തില്‍ കിടക്കുന്ന അതിന്റെ ഉള്ളറ ചരിത്രങ്ങള്‍, നോവലിസ്റ്റ് നിര്‍മ്മിച്ച് നല്കുന്ന ഭാവനാചരിത്രം, ഇവ മൂന്നും കൂട്ടുപിണഞ്ഞാണ് നോവലിന്റെ ആദ്യഭാഗം നീങ്ങുന്നത്. ഈ മൂന്ന് ഘടകങ്ങളെ പരസ്പരം ബന്ധിപ്പിച്ച് മുന്നോട്ട് നയിക്കുക എന്നതാണ് നോവലിലെ ആഖ്യാതാവായ ചാരന്റെ ദൌത്യം. തിരുവിതാംകൂറിന്റെ സ്വതന്ത്രരാഷ്ട്ര പദവിയിന്മേലുള്ള തന്റെ ചരിത്രനിര്വാഹകത്വത്തെക്കുറിച്ച് ബോധാവാനാകുന്ന ചാരന് എഴുതുന്ന തന്റെ ആത്മകഥാംശമുള്ള തിരുവിതാംകൂര്‍ ചരിത്രമാണ് ആഗസ്റ്റ് 17 എന്ന നോവല്‍.
1939 കളിലാണ് ചാരന് തന്റെ ചരിത്രകഥനം ആരംഭിക്കുന്നത്. അക്കാലത്ത് മുഹമ്മയില്‍ വച്ച് നടന്ന ഒരു സ്റ്റേറ്റ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ സ്വാതന്ത്ര്യസമരസേനാനിയും കഥാകാരനുമായ ബഷീറിനെ പരിചയപ്പെടുന്നത് അയാളുടെ ജീവിതത്തിലെ തന്നെ ഏറ്റവും നിര്‍ണ്ണായക വഴിത്തിരിവായി മാറുന്നു. തുടര്‍ന്നങ്ങോട്ട് ബഷീറിന്റെ സുഹൃത്തും സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകനും എന്ന നിലയില്‍ സംഘടനയ്ക്കകത്ത് വലിയ സ്വീകാരികത കിട്ടുന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പങ്കാളിയായി അവര്‍ക്കൊപ്പം സഞ്ചരിക്കുന്നു. ഒരേ സമയം കോണ്‍ഗ്രസ് പ്രവര്ത്തകന് എന്ന നിലയിലുള്ള ചില പരിപാടികള്‍ ഏറ്റെടുത്ത് നടത്തുകയും അതേസമയം തന്നെ ദിവാന് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളെ അട്ടിമറിച്ച് സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന ലക്ഷ്യത്തിലേക്കുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയും മുന്നേറുകയാണയാള്. സംഭവഗതികളുടെ ഒരു ഘട്ടത്തില്‍ വച്ച് സി പി യെ വധിക്കാനുള്ള ഐക്യകേരളം പ്രവര്‍ത്തകരുടെ പദ്ധതി മനസ്സിലാക്കി അയാള്‍ അതിനെ തടയുന്നു. സി പി യുടെ വധശ്രമത്തെ, ക്രിസ്ത്യാനികള്‍ മഹാരാജാവിനെ കൊല്ലാന്‍ ശ്രമിച്ചു എന്ന തരത്തിലാണ് അന്ന്തന്നെ വാര്‍ത്തയാക്കി പ്രചരിപ്പിക്കുന്നത്. പിറ്റേന്ന് സര്‍ക്കാര്‍ പുറത്തിറക്കുന്ന പത്രക്കുറിപ്പിലെ വാചകങ്ങള്‍ക്ക് പിന്നിലെ കൃത്യമായ ആസൂത്രണവും അജണ്ടയും ശ്രദ്ധേയമാണ്. ആലപ്പുഴയില്‍ ഉണ്ടായ കലാപം പരാജയപ്പെട്ടതില്‍ ക്ഷുഭിതരായ കമ്മ്യൂണിസ്റ്റ്കാര്, പുറത്ത് നിന്നുള്ള സഹായത്തോടെ സ്റ്റേറ്റ് കോണ്ഗ്രസ്കാര്, വിദ്യാഭ്യാസ ബില്ലിനെ തുടര്‍ന്ന് പല നഷടവുമുണ്ടാകുന്ന വിഭാഗക്കാരായ ക്രിസ്ത്യാനികള്‍ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യം.
മഹാരാജാവിന്റെ വധശ്രമവും തുടര്‍ന്ന് തിരുവിതാംകൂറിലും ഇന്ത്യയിലുമായി രാജാധികാരത്തിന് അനുകൂലമായി ഉണ്ടായ പലതരത്തിലുള്ള വൈകാരികവും രാഷ്ട്രീയവുമായ പിന്തുണകള്‍ കാരണവും തിരുവിതാംകൂര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യം ഇന്ത്യയ്ക്കും ബ്രിട്ടീഷ് സാമ്രാജ്യത്തിനും തല്‍ക്കാലത്തേക്ക് അംഗീകരിക്കേണ്ടി വന്നു. നെഹ്രുവും സി പി യും വൈസ്രോയിയും ഒപ്പിട്ട കരാറിന്മേല് റെയില്‍വേയും കമ്പിത്തപാലും ഒഴികെ സൈനികവും വിദേശകാര്യവും പതാകയും ദേശീയഗാനവും ഉള്‍പ്പടെ സ്വന്തം നിലയില്‍ നിര്‍ണ്ണയിച്ച് കൊണ്ട് 1947 ആഗസ്റ്റ് 17 ന് തിരുവിതാംകൂര്‍ സ്വതന്ത്രരാജ്യമായി. ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ രചിച്ച വഞ്ചീശമംഗളം ദേശീയ ഗാനം, വലംപിരി ശംഖ് മുദ്രണം ചെയ്ത കാവിക്കൊടി പതാക, മൃഗം പശു, പക്ഷി കൃഷ്ണപ്പരുന്ത്, നദി പമ്പ തുടങ്ങി തിരുവിതാംകൂറിന്റെ ഹൈന്ദവ ബോധവുമായി താദാത്മ്യപ്പെട്ട് കിടക്കുന്ന ചിഹ്നങ്ങള്‍ ദേശീയ ചിഹ്നങ്ങള്‍ ആയി പ്രഖ്യാപിക്കപ്പെട്ടു. വോട്ടവകാശം കരം അടയ്ക്കുന്നവര്‍ക്ക് മാത്രം. പശു പുണ്യമൃഗമായി മാറി. പശുമാംസം തിന്നുക അതിന്റെ തോലുരിക്കുക തുടങ്ങിയ ചില ഹീനജാതിക്കാരുടെ പ്രവര്‍ത്തി നിരോധിച്ചു. ഭരണത്തിനെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ച പത്രപ്രവര്‍ത്തകരെ കള്ളക്കേസുകള്‍ ചാര്‍ജ്ജ് ചെയ്ത് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ കാര്യസ്ഥതയില്‍ പൊതുധനം ഉപയോഗിച്ച് മുടങ്ങിക്കിടന്ന മുറജപം പുനരാരംഭിക്കാന്‍ തീരുമാനമായി. മുറജപത്തിനായുള്ള ബ്രാഹ്മണരുടെ ചിലവിനായി വലിയൊരു തുക നീക്കിവച്ചു. മുറജപം കഴിയുന്നത് വരെ അധകൃതജാതികള്ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കില്ല എന്ന അറിയിപ്പ് വന്നു.
സ്വാതന്ത്ര്യത്തിന് ശേഷം പ്രക്ഷോഭകാരികള്‍ക്കും സംഘടനകള്‍ക്കും വലിയ മാറ്റങ്ങള്‍ വന്നു. അവര്‍ പഴയ ചെയ്തികളെ തള്ളിപ്പറയുകയും പരസ്പരം പഴിചാരുകയും ചെയ്തു. ജയില്‍ മോചിതനായ പട്ടം താണുപിള്ള സ്റ്റേറ്റ് കോണ്‍ഗ്രസ് പിരിച്ചു വിടുകയും തങ്ങള്‍ ഒരിക്കലും രാജാധികാരത്തിന് എതിരല്ലായിരുന്നു എന്നും രാജഭരണത്തിന് കീഴിലല്‍ ഉത്തരവാദഭരണം നടപ്പാക്കുക എന്നതായിരുന്നു സമര ലക്ഷ്യമെന്നും പത്രസമ്മേളനം നടത്തി പറഞ്ഞു. നായര്‍ സമുദായം എക്കാലത്തും രാജാവിനോടും രാജ്യചരിത്രത്തോടും കൂറുള്ളവരായിരുന്നു എന്നും ക്രിസ്ത്യാനികളാണ് രാജ്യത്തെ ഇന്ത്യയോട് ചേര്‍ത്ത് ഭരണം പിടിക്കാന്‍ ശ്രമിച്ചതെന്നും ആ സമയങ്ങളിലെല്ലാം തങ്ങള്‍ സര്‍ക്കാരിനോട് ഒപ്പമായിരുന്നു എന്നും മന്നത്ത് പദ്മനാഭന് പറഞ്ഞു. എസ് എന്‍ ഡി പി യും ക്രിസ്ത്യന്‍ സഭയും രാജ്യദ്രോഹികളെയും കമ്മ്യൂണിസ്റ്റ്കാരെയും തള്ളിപറഞ്ഞ് കൊണ്ടും രാജാവ് തങ്ങളോട് കാണിച്ചിട്ടുള്ള ദീനാനുകമ്പ എടുത്ത് കാട്ടിയും തങ്ങളുടെ കൂറ് വ്യക്തമാക്കുന്നു.
മുറജപം നടത്തുന്നതുമായി ബന്ധപ്പെട്ട് നടന്ന ബ്രാഹ്മണ പ്രീതിയും കീഴ്ജാതിക്കാരെ ഒഴിപ്പിക്കലും മറ്റ് താഴെ തട്ടിലുള്ള സമുദായങ്ങള്‍ക്ക് അപ്രീതി ഉണ്ടാകുകയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും കലാപങ്ങള്‍ വ്യാപിക്കുകയും ചെയ്യുന്നു. കലാപത്തില്‍ രൂപംകൊള്ളുന്ന സാമൂഹിക ധ്രുവീകരണം ശ്രദ്ധേയമാണ്. രാജ്യത്തിലെ അധസ്ഥിതരായവര് സര്‍ക്കാരിനെതിരെ ഒരു ഭാഗത്തും, ക്രൈസ്തവ സഭാനേതൃത്വം മേല്‍ജാതി സംഘടനാ നേതൃത്വം എന്നിവ സര്‍ക്കാരിനൊപ്പം മറുഭാഗത്തുമായി നില്ക്കുന്നു. എറണാകുളം കേന്ദ്രീകരിച്ച് ഇന്ത്യന്‍ ഗവണ്മെന്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കാശ്മീര്‍ കേന്ദ്രീകരിച്ച് പാകിസ്ഥാന് നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ഇന്ത്യ തിരുവിതാംകൂറുമായി നടത്തിയ രണ്ട് യുദ്ധങ്ങളിള്‍ രണ്ടാമത്തേതില്‍ ഇന്ത്യന്‍ സൈന്യം ജയത്തിന് അടുത്തെത്തിയതാണ്. സ്വന്തം രാജ്യത്തിലെ തന്നെ ഒരു സ്കൂളിലേക്ക് ബോംബിട്ട് ലോക മനസ്സാക്ഷിയെ തിരുവിതാംകൂര്‍ തങ്ങള്ക്കനുകൂലമാക്കുന്നതോടെ ഇന്ത്യന്‍ സൈന്യത്തിന് മടങ്ങേണ്ടി വരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് തിരുവിതാംകൂര്‍ രാജഭരണത്തിന് കൂടുതല്‍ ആധികാരികത കൈവരുന്നതോടെ അത് കൂടുതല്‍ കര്‍ക്കശമാകുകയും ആഭ്യന്തരമായ എതിര്‍പ്പുകള്‍ ദുര്‍ബ്ബലം ആകുകയും ചെയ്യുന്നു. ഇന്ത്യാ രാജ്യത്തിലെ നേതാക്കളായ നെഹ്റു, ഗാന്ധി തുടങ്ങിയവരുടെ പിന്‍ബലത്തില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭങ്ങള്‍ നയിച്ചിരുന്ന നേതാക്കള്‍ നാടുവിടുകയോ സര്‍ക്കാരിനോട് പൂര്‍ണ്ണമായി വിധേയപ്പെടുകയോ ചെയ്തു. പത്രങ്ങള്‍ സി പി യുടെ സ്തുതിഗീതകര് മാത്രമായി മാറി. സി പി പുറത്തിറങ്ങുമ്പോള്‍ ക്രൈസ്തവപുരോഹിതരും കന്യാസ്ത്രീകളും പൂക്കളുമായി വഴിയോരങ്ങളില്‍ കാത്ത്നിന്നു. ക്രിസ്ത്യാനികള്‍ വ്യാപകമായി അയല്‍രാജ്യത്തേക്ക് അഭയാര്‍ഥികളായും കുടിയേറ്റക്കാരായും പോയി. ക്ഷേത്രപ്രവേശേന വിളംബരത്തിന് കാലികമായ മാറ്റങ്ങള്‍ വരുത്തി. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഉള്‍പ്പടെ ഇരുപത്തി ഒന്ന് ക്ഷേത്രങ്ങളെ വിളംബരത്തില്‍ നിന്ന് ഒഴിവാക്കി. മഹാരാജാവിന്റെ ക്ഷേത്രദര്‍ശന ചടങ്ങ് രാജ്യത്തെ ഏറ്റവും പ്രാധാന്യമുള്ള പൊതു ചടങ്ങായി മാറി. സര് സി പി ആഴ്ചയില്‍ ഒരു ദിവസം റേഡിയോ പ്രഭാഷണം വഴി രാജ്യത്തെ പ്രജകളെ തങ്ങളുടെ കടമകളെ പറ്റി ഓര്‍മ്മിപ്പിച്ചു.
രാജഭരണത്തിന് സമാനമായ ഒരു ഫാസിസ്റ്റ് സ്വഭാവമുള്ള ഭരണകൂടത്തിനകത്തെ രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തകരും സാഹിത്യകാരന്മാരും ഏത് വിധത്തിലാവും തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ടാകുക അഥവാ ഇപ്രകാരമുള്ള ഒരു ഭരണവാഴ്ചയുടെ അന്തരീക്ഷത്തില്‍ ഉരുവം കൊണ്ട് വന്ന രാഷ്ട്രീയ-സാംസ്കാരിക നായകരുടെയും കലാ-സാഹിത്യകാരന്മാരുടെയും ആ കാലത്തിലെ പ്രവര്‍ത്തന ചരിത്രം ഏത് വിധമാവും എന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ നോവലിസ്റ്റ് അവതരിപ്പിക്കുന്നുണ്ട്. ഇന്നത്തെ കേരള ചരിത്രത്തിന്റെ ഭാഗമായ വ്യക്തിത്വങ്ങളുടെ പാരഡി ചമച്ചു കൊണ്ടാണ് അത്തരം കാഴ്ചകളുടെ ചിത്രീകരണം നടത്തിയിരിക്കുന്നത്. അയോദ്ധ്യയിലെ ഒരു മസ്ജിദില്‍ രാമവിഗ്രഹം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നെഹ്റു സര്‍ക്കാര്‍ പിരിച്ചു വിട്ട കെ കെ നായര്‍ക്ക് തിരുവിതാംകൂര്‍ സര്‍ക്കാര്‍ വീരോചിത സ്വീകരണം നല്‍കുകയും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമനം നല്‍കുകയും ചെയ്തു. വള്ളമുടമകള്‍ക്കും പള്ളിക്കും വേണ്ടി പിരിവുകള്‍ നടത്തി ഗുണ്ടാപ്പണിയും ബലാല്‍സംഗവും ആയി നടക്കുകയും പിന്നീട് സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ സിംസണ്‍ പട എന്നൊരു ഗ്രൂപ്പ് ഉണ്ടാക്കി രാജഭക്തസംഘത്തോടൊപ്പം ചേര്‍ന്ന് ആക്രമണങ്ങള്‍ നടത്തുകയും ചെയ്തിരുന്ന എ ജെ സിംസണ്‍ പിന്നീട് കെ കെ നായരുടെ വിശ്വസ്തനായ അനുചരന് ആയി മാറുന്നു. ക്രൈസ്തവസഭ പിന്നീട് അയാള്‍ക്ക് ഷെവലിയാര്‍ പട്ടം നല്കി ആദരിക്കുന്നു. ഗാന്ധി വധത്തെത്തുടര്‍ന്ന് മിഠായി വിതരണം നടത്തി മട്ടാഞ്ചേരിയില്‍ വച്ച് മര്‍ദ്ദനമേല്‍ക്കുകയും തുടര്‍ന്ന് തിരുവിതാംകൂറില്‍ എത്തി ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഹിന്ദുമഹാസഭയുടെ ശാഖകള്‍ തുടങ്ങുകയും പിന്നീട് തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ ചുമതല ലഭിക്കുകയും കേരളത്തിലെ തനത് നാട്ടാചാരങ്ങളെയെല്ലാം മാറ്റി വൈഷ്ണവവല്ക്കരിക്കുകയും ചെയ്തുകൊണ്ട് തിരുവിതാംകൂറിലെ പ്രധാന ഹിന്ദുമഹാസഭ നേതാവായി ജയാനന്ദ റാവു മാറുന്നു.
രാജഭരണങ്ങളുടെ ചരിത്രം നോക്കിയാല്‍ അവരുടെ രാഷ്ട്രീയ അധികാരത്തിന്റെ ശക്തിയെക്കാള്‍ സമൂഹത്തിന്റെ ബോധതലത്തിലേക്ക് സൂക്ഷ്മമായി ഇറങ്ങി പ്രവര്‍ത്തിക്കുന്നത് സാംസ്കാരിക അധികാരത്തിന്റെ പ്രഭാവമാണ്. അതില്‍ സ്തുതിപാഠകരായ കവികളുടെയും പ്രതിച്ഛായാ നിര്‍മ്മാതാക്കളായ ചരിത്രമെഴുത്തുകാരുടെയും പ്രസക്തി സുപ്രധാനമാണല്ലോ. ആധുനിക രാജാധികാരത്തിന് കീഴില്‍ അവര്‍ മുന്നോട്ട് വയ്ക്കുന്ന പ്രത്യയശാസ്ത്രത്തിനനുകൂലവും അധികാരത്തിന് വിധേയപ്പെട്ടതുമായ സാമൂഹികബോധ നിര്‍മ്മിതിക്ക് വേണ്ട സാംസ്കാരിക വസ്തുക്കള്‍ സമര്‍ത്ഥമായി പരുവപ്പെടുത്തിയെടുക്കുന്ന എഴുത്തുകാരുടെ രണ്ട് പാരഡി രൂപങ്ങളെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു. ആദ്യകാലത്ത് പുരാണ ഇതിഹാസ കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും സോഷ്യലിസ്റ്റ് ആശയങ്ങളുമായി ചേര്‍ത്ത് രചനകള്‍ നടത്തിയിരുന്ന, സ്വാതന്ത്ര്യത്തിന് മുന്‍പുള്ള ആഭ്യന്തര പ്രശ്നങ്ങളുടെ സമയത്ത് നാടിനെ ഓര്‍ത്തുള്ള വേദന കാരണം കവിത മറന്ന് പോയിരുന്ന, കവി കെ.എന്‍.ആര് കുറുപ്പ്, തിരുവിതാംകൂര്‍ സ്വതന്ത്രമാകും എന്ന് ഉറപ്പാകുന്നതോടെ രാജ്യത്തെയും സി പിയെയും വന്ദിച്ചുകൊണ്ടുള്ള രചനകളുമായി വീണ്ടും രംഗത്തെത്തുന്നു. കുറുപ്പ് പിന്നീട് കോളേജ് അധ്യാപകനായും ഭാഷാ പരിഷ്കരണ കമ്മീഷന്റെ പ്രധാന ചുമതലക്കാരനായും നിയമിക്കപ്പെട്ടു. സംസ്കൃത പദങ്ങള്‍ കൂടുതല്‍ ഉപയോഗിച്ചും മലയാളത്തിന് പകരം ദേവനാഗരി ലിപി ഉപയോഗിച്ചും കേരളത്തിലെ ഭാഷയായ മലയാളത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു മലയാളം രൂപപ്പെടുത്താന്‍ വേണ്ട പദ്ധതി അദ്ദേഹം തയ്യാറാക്കി. താന്‍ മുന്‍പ് എഴുതിയ കവിതകള്‍ കാലാനുസൃതമായി തിരുത്തുകയും വള്ളത്തോളിന്റെ രചനകളും മറ്റ് എഴുത്തുകാരുടെ രാജ്യവിരുദ്ധവും ഗാന്ധിയെപ്പോലെ അന്യദേശക്കാരെ പ്രകീര്‍ത്തിക്കുന്നതുമായ രചനകളും പാഠപുസ്തകത്തില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കി.
റിയലിസ്റ്റ് കാലത്തിലെ ഭാഷയും ഭാവുകത്വവും മാറ്റിപ്പണിഞ്ഞ് പുതിയൊരു ഭാവുകത്വവുമായി നോവലെഴുത്തില്‍ പ്രവേശിച്ച കെ പി സുകുമാര മേനോന്, സി പി യുടെ കടുത്ത ഒരു ആരാധകന്റെ ഉടമസ്ഥതയില്‍ തുടങ്ങിയ ഉദയം എന്ന മാസികയുടെ പത്രാധിപര്‍ ആകുന്നതോടെ തിരുവിതാംകൂര്‍ സാഹിത്യലോകത്തിന്റെ മുഴുവന്‍ അധികാരിയായി മാറുന്നു. പുരോഗമന പക്ഷക്കാരായ എഴുത്തുകാരുടെ നേരെ എതിര്‍പക്ഷത്തായിരുന്നു അയാളുടെ നില്‍പ്പ്. മധുരമായ ആത്മനൊമ്പരങ്ങളും വ്യക്തിയുടെ ഒറ്റപ്പെടലും പുതിയ കാലത്തിലെ അമ്പലവാസി നായര്‍ സമുദായങ്ങളുടെ സങ്കടങ്ങളുമായിരുന്നു അയാളുടെ കൃതികളിലെ ഉള്ളടക്കം. തിരുവിതാംകൂറിലെ ഏകാധിപത്യപരമായ രാജഭരണത്തിനെതിരെ അക്കാലത്ത് ഒരു എഴുത്തുകാരനും ഒരക്ഷരം പോലും എഴുതിയില്ല. കാലക്രമത്തില്‍ രാജ്യത്തിലെ പൌരാവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും വാതിലുകള്‍ ഒന്നൊന്നായി അടയുമ്പോള്‍ തിരുവിതാംകൂര്‍ അസ്വാതന്ത്ര്യത്തിന്റെ കനത്ത ഇരുളിലേക്കും നിശബ്ദതയിലേക്കും വീഴുന്നു.
തുടര്‍ന്ന് ഒരേ സമയം രണ്ട് നിര്‍ണ്ണായക സംഭവങ്ങള്‍ തിരുവിതാംകൂറില്‍ സംഭവിക്കുന്നു. സി പി രോഗബാധിതനായി കിടപ്പിലാണ് എന്ന വാര്‍ത്തയുടെ സ്ഥിരീകരണവും ബഷീറിന്റെ മടങ്ങിവരവും. കൊച്ചിയിലെ ഐക്യകേരളം പ്രവര്‍ത്തകരും പഴയ സ്റ്റേറ്റ് കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റ്കാരും ആവേശത്തിലായി. മൂന്നാം മുറജപം നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ക്കിടയില്‍ രാജ്യത്ത് പലവിധ പ്രക്ഷോഭങ്ങള്‍ ഉടലെടുക്കുന്നു. ഈ പ്രക്ഷോഭങ്ങളുടെ ഉയിര്‍പ്പ് സവിശേഷ സ്വഭാവമാര്‍ന്നതാണ്. യാതൊരു സംഘടനാ നേതൃത്വത്തിനും കീഴില്‍ രൂപപ്പെട്ട ഒരു വ്യവസ്ഥാപിത പ്രക്ഷോഭമായിരുന്നില്ല അത്. സാമൂഹിക സാഹചര്യത്തിന്റെ ശ്വാസം മുട്ടിക്കുന്ന പ്രതികൂലാവസ്ഥളില് നിന്നും ഉയിര്‍കൊണ്ട കര്‍ഷകരും പണിക്കാരും അടങ്ങുന്ന ഒരു ജനസഞ്ചയത്തിന്റെ ഉയിര്‍പ്പായിരുന്നു അവിടെ കണ്ടത്. അടിസ്ഥാന ജനവര്‍ഗ്ഗത്തെ ദുരിതത്തിലാഴ്ത്തി രാജ്യത്തിന്റെ വിഭവശേഷിയുടെ വലിയൊരളവും മുറജപം പോലെ സവര്ണ്ണാചാരമായ ധൂര്‍ത്തുകള്‍ക്ക് ചിലവഴിക്കുന്നതിലെ അസംതൃപ്തിയില്‍ പ്രകോപിതരായ ജനങ്ങള്‍ മുറജപ ഒരുക്കങ്ങള്‍ക്കെതിരെ കലാപങ്ങളും അക്രമങ്ങളും അഴിച്ചു വിടുന്നു. സ്ത്രീകളും കുട്ടികളും കര്‍ഷകരും ധര്‍മ്മക്കാരും അടങ്ങുന്ന വലിയൊരു കൂട്ടം ജനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിച്ച് തങ്ങളില്‍ നിന്ന് ചൂഷണം ചെയ്ത സമ്പത്ത് കൊണ്ട് കെട്ടിപ്പൊക്കിയ എടുപ്പുകളും സംഭരണ ശാലകളും തകര്‍ത്ത് അഗ്നിക്കിരയാക്കുന്നു. തിരമാല പോലെ വന്ന ജനകീയ പ്രക്ഷോഭം രാജാധികാരത്തെ മറിച്ചിട്ടതിനെ തുടര്‍ന്ന് രാജകുടുംബത്തിന് തിരുവിതാംകൂറില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുന്നു. തകര്‍ന്ന് വീണ അധികാരത്തിനും പുതിയ പ്രതീക്ഷകളുമായി നില്ക്കുന്ന ജനക്കൂട്ടത്തിനും ഇടയിലേക്ക് അക്കാമ്മ ചെറിയാന് കടന്ന് വന്ന് താന്‍ തിരുവിതാംകൂറിന്റെ പ്രധാനമന്ത്രിയാകാന്‍ പോകുന്നു എന്ന് പ്രഖ്യാപിക്കുന്നു. പുരുഷന്മാര് ഭരണം കയ്യാളിയതിന്റെ കുഴപ്പങ്ങള്‍ വിശദീകരിച്ച് കൊണ്ട് ഇനി സ്ത്രീകള്‍ ഭരണതലത്തിലേക്ക് വരട്ടെ എന്ന് അവര്‍ പ്രഖ്യാപിക്കുന്നു. അധികാരത്തിന്റെ ലഹരി കയറിയാള്ല് സ്ത്രീ നയിക്കുന്ന ജനാധിപത്യവും ഫാസിസ്റ്റ് സ്വഭാവം കാണിക്കുന്ന ഒരു തലത്തിലേക്ക് പരിണമിച്ച് അവരും സി പി യുടെ ഭാഷയില്‍ത്തന്നെ സംസാരിക്കുമെന്ന് സംഭവത്തിന് ദൃക്സാക്ഷിയായി സമീപത്ത് നില്ക്കുന്ന ചാരന് മനസ്സിലാക്കുന്നു.
അധികം വൈകാതെ ജനങ്ങൾ അധികാരത്തിലേറ്റിയ അക്കാമ്മ ചെറിയാനെ സ്ഥാനഭ്രഷ്ടയാക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, പീപ്പ്ൾസ് റിപ്പബ്ലിക് ഓഫ് തിരുവിതാംകൂർ സ്ഥാപിക്കുന്നു. പാര്‍ട്ടി സമൂഹത്തിന് മുന്നില്‍ പുതിയ തത്വശാസ്ത്രം അവതരിപ്പിക്കുന്നു. ഭൗതികനിയമങ്ങൾക്കനുസരിച്ച് മാത്രമാണ് ലോകം ചലിക്കുന്നതെന്നും, ഇല്ലാത്ത കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചകളും എഴുത്തുകളും ജനങ്ങൾ ഉപേക്ഷിക്കേണ്ടതാണെന്നും, സാഹിത്യത്തിനും കലയ്ക്കും ജനമുന്നേറ്റത്തിൽ വലിയ പങ്ക് വഹിക്കേണ്ടതുണ്ടെന്നും, മിഥ്യാസങ്കല്പങ്ങളല്ല യാഥാർത്ഥ്യത്തിലുള്ളതും സോഷ്യലിസ്റ്റ് സമൂഹരൂപീകരണത്തിന് പ്രചോദനമാകുന്നതുമായ ശക്തമായ പ്രോലിറ്റേറിയൻ സാഹിത്യമാണ് ഇനി രാജ്യത്തിനാവശ്യമെന്നും, അതിനായുള്ള പ്രവർത്തനങ്ങളിൽ എല്ലാ എഴുത്തുകാരും അണിചേരണമെന്നും പാര്‍ട്ടി ആഹ്വാനം ചെയ്യുന്നു. പാർട്ടിയുടെ ആഹ്വാനം വലിയ പ്രതികരണമാണ് എഴുത്തുകാരിലുണ്ടാക്കിയത്. കെ.എ.ൻ ആര് ന്റെ ദ്വീപും നക്ഷത്രവും എന്ന ദീർഘകവിത ഉടനെ പുറത്തുവന്നു. വിപ്ലവത്തിനുശേഷം തൊട്ടടുത്ത ലക്കം ഇറങ്ങിയ ഉദയം മാസികയില്‍ വിപ്ലവത്തെ സ്വാഗതം ചെയ്യുന്ന ഒരു എഡിറ്റോറിയൽ തന്റെ കാമ്യമായ ഭാഷയിൽ കെ പി സുകുമാര മേനോന് എഴുതി.
മതാധിഷ്ഠിതമായ രാജഭരണത്താല് ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന് വേണ്ട എല്ലാ സാമൂഹിക പരിസരങ്ങളും തിരുവിതാംകൂറില്‍ ആദ്യമേ തന്നെയുണ്ട്. അതിലേക്ക് എത്തുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ രാജാധികാരത്തിന്റെ എല്ലാ അംശങ്ങളെയും മറ്റൊരു വിധത്തില്‍ സ്വാംശീകരിക്കുന്നു. രാജഭരണത്തിന് കീഴിലെ സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ ഭരണകൂട ഇടപെടലുകളെ കമ്മ്യൂണിസ്റ്റ് ഭരണകൂടം അതിന്റെ സൈദ്ധാന്തിക ചട്ടക്കൂടുകളിലേക്ക് സ്റ്റാലിന്റെ റഷ്യയിലെയും മാവോയുടെ ചൈനയിലെയും ഭീതിദമായ കാലാവസ്ഥയെ ഓര്‍മ്മിപ്പിച്ചു കൊണ്ട് പുതുക്കിയെടുക്കുന്നു. വര്‍ത്തമാന കാലത്തില്‍ മാത്രമല്ല ചരിത്രത്തില്‍ പോലും ആശയപരമായി എതിര് ചേരിയിലുള്ളവരെ മുഴുവന്‍ വ്യക്തിഹത്യ നടത്തിയും ദുരാരോപണങ്ങള്‍ ഉന്നയിച്ചും സാഹചര്യങ്ങളെ വളച്ചൊടിച്ചും അപഹാസ്യരാക്കുന്നു. ബഷീര്‍ സ്ത്രീലമ്പടനും പിന്തിരിപ്പനുമായ എഴുത്തുകാരനായി വ്യാഖ്യാനിക്കപ്പെടുന്നു. രാജഭരണകാലത്തെന്ന പോലെ സ്കൂളുകല്‍ തങ്ങളുടെ ആശയ പ്രചാരണത്തിനുള്ള വേദികളാവുന്നു. പൂജപ്പുര ജയില്‍ ഒരു തിരുത്തല്‍ കേന്ദ്രമായി പരിണമിച്ചിരിക്കുന്നു. ആത്മാവിനെപ്പോലും അഗാധമായി പീഡിപ്പിക്കുന്ന വിധമുള്ള ഒരു കാഫ്കെയ്സ്ക് അന്തരീക്ഷമാണ് അവിടെയാകെ പടര്‍ന്ന് നില്‍ക്കുന്നത്. പാര്‍ട്ടിയുടെ ലക്ഷ്യത്തിനനുസരിച്ച് സ്വയം തിരുത്താന്‍ തയ്യാറാകത്തവരുടെ ആര്‍ത്തനാദങ്ങള്‍ പല കോണുകളില്‍ നിന്നായി അവിടെ ഉയര്‍ന്നുകേള്‍ക്കും. കല, സഹിത്യം ചരിത്രം സാമൂഹിക ശാസ്ത്രം എന്നിങ്ങനെ ഏത് മേഖലയില്‍ നിന്നുള്ളവരായാലും പാര്‍ട്ടി ആശയങ്ങള്‍ക്ക് വിധേയമായി സ്വയം തിരുത്താനും പരുവപ്പെടാനും വേണ്ട പരിശീലനങ്ങളും പീഡനങ്ങളും അരങ്ങേറുന്ന ഒരു പര്ഗേറ്ററിയായി ആ തിരുത്തല്കേന്ദ്രം പ്രവര്‍ത്തിക്കുന്നു.
നോവല്‍ മൊത്തത്തില്‍ സംസാരിക്കുന്ന പ്രമേയം പല രൂപങ്ങളില്‍ എത്തിച്ചേരുന്ന അധികാരത്തിന്റെ കീഴില്‍ വീര്‍പ്പുമുട്ടുന്ന സ്വാതന്ത്ര്യകാംക്ഷകളെയും അതിന്റെ ഭരണകൂട പ്രയോഗങ്ങളില്‍ തകര്‍ന്ന് പോകുന്ന ജനജീവിതത്തിന്റെ വിവിധ സന്ദര്‍ഭങ്ങളെയും കുറിച്ചാണ്. അധികാരത്തോട് ഏറ്റുമുട്ടാനും സ്വാഭിമാനത്തെയും സ്വാതന്ത്ര്യത്തെയും ഉയര്‍ത്തിപ്പിടിക്കാനും നോവലില്‍ എഴുത്തുകാരന് സ്വീകരിച്ചിട്ടുള്ള പ്രതിരോധമാര്‍ഗ്ഗം സര്‍ഗ്ഗാത്മകതയാണ്. ഭരണകൂടാധികാരത്തോട് പ്രത്യക്ഷമായും പരോക്ഷമായും എതിരിട്ട് നില്ക്കുന്ന സര്‍ഗ്ഗാത്മകതയുടെയും സ്വാതന്ത്ര്യാഭിലാഷങ്ങളുടെയും ആള്‍രൂപമായാണ് നോവലില്‍ ബഷീര്‍ വരുന്നത്. മലയാളത്തിന്റെ സര്‍ഗ്ഗാത്മക ചരിത്രത്തില്‍ നിന്നും സ്വാതന്ത്ര്യ സങ്കല്‍പ്പങ്ങളുടെ പ്രതിരൂപം എന്ന നിലയില്‍ ഏറ്റവും മികച്ച മാതൃകയായി ഒരാളെ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ ബഷീറിന് പകരം മറ്റൊരാളെ സങ്കല്പ്പിക്കാന് കഴിയാത്തത് തന്നെയാവും ആ തിരഞ്ഞെടുപ്പിന് കാരണം.
വൈക്കം സത്യാഗ്രഹ പന്തലില്‍ പോകരുതെന്ന ഹെഡ്മാസ്റ്ററുടെ വിലക്കിനെ കുട്ടിക്കാലത്ത് തന്നെ ലംഘിച്ച് അതില്‍ പങ്കെടുത്ത് സ്കൂളില്‍ നിന്ന് പുറത്തായ ബഷീര്‍, ബ്രിട്ടീഷ് ഭരണത്തിനും ജാതി വിവേചനത്തിനും സവര്‍ണ്ണാധിപത്യത്തിനും എതിരെ ഇന്ത്യയൊട്ടാകെ ഉയരുന്ന അലകളെ ചെറുപ്പത്തില്‍ തന്നെ ഉള്‍ക്കൊണ്ട ബഷീര്‍, ദേശാതിരുകള്‍ ഭേദിച്ച യാത്രകളിലൂടെ, തന്റെ മത പാരമ്പര്യത്തില്‍പ്പെട്ട സൂഫിസത്തില്‍ മാത്രമായി ആത്മീയാന്വേഷണം ഒതുക്കാതെ ബുദ്ധ സന്യാസിമാരോടും ജൈന സന്യാസിമാരോടുമോപ്പം അലഞ്ഞു നടന്ന ബഷീര്‍, അതേ സമയം തന്നെ ഹോട്ടല്‍ ബോയ്, ന്യൂസ് പേപ്പര്‍ ബോയ്, കൈനോട്ടക്കാരന്, മജീഷ്യന്‍ എന്നിങ്ങനെ ജീവിതായോധനത്തിന്റെ വിവിധ മേഖലകളിലൂടെ കടന്ന്പോയി ആത്മീയതയും ഭൌതികതയും തമ്മിലുള്ള വൈരുദ്ധ്യത്തെ അട്ടിമറിച്ച ബഷീര്‍, ഭഗത് സിംഗിന്റെ സായുധ പോരാട്ടത്തെ തന്റെ സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളില്‍ മാതൃകയാക്കി പ്രവര്‍ത്തിച്ച ബഷീര്‍, സാഹിത്യമെഴുത്തിന്റെ അത് വരെയുണ്ടായിരുന്ന ഔചിത്യസങ്കല്പ്പങ്ങളുടെ അതിര്‍രേഖകളെ ഭേദിച്ച് കൊണ്ട് ഭാഷാപരമായും ഭാവപരമായും പ്രമേയപരമായും സ്വാതന്ത്ര്യത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തേടിപ്പോയ ബഷീര്‍, മറ്റൊരു വിധത്തില്‍ ആലോചിച്ചാല്‍ വ്യക്തിയെന്ന നിലയിലുള്ള തന്റെ മനോവ്യാപാരങ്ങളില്‍ നിയന്ത്രണങ്ങളും ചിട്ടകളും അടിച്ചേല്‍പ്പിക്കുന്ന സാമൂഹിക ബലത്തെ ഭ്രാന്ത് കൊണ്ട് ഭേദിച്ച് നിരന്തരം സ്വാതന്ത്ര്യത്തിലേക്ക് കുതറാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ബഷീര്‍, എന്നിങ്ങനെ അധികാരത്തിന്റെയും നിയന്ത്രണങ്ങളുടെയും സമ്മര്‍ദ്ദങ്ങളുടെയും എല്ലാവിധ ബലപ്രയോഗങ്ങള്ക്കെതിരെയും ജീവിതം കൊണ്ടും സര്‍ഗ്ഗാത്മകത കൊണ്ടും നിരന്തരം പോരാടിക്കൊണ്ടിരുന്ന ബഷീര്‍ ആഗസ്ത് 17 എന്ന ഭരണകൂടാധികാരങ്ങളുടെ അന്യാപദേശമായ നോവലില്‍ അതിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു പ്രതിരോധശക്തിയായി നിറഞ്ഞു നില്ക്കുന്നു.
പല അടരുകളിലായുള്ള നോവലിന്റെ പ്രമേയപരമായ ഗതിവികാസങ്ങള്ക്കൊപ്പം പ്രധാനമായും മൂന്ന് ഭാവഭേദങ്ങളിലുള്ള ബഷീറിനെയാണ് എഴുത്തുകാരന് അവതരിപ്പിക്കുന്നത്. 1936ല ഏറണാകുളത്ത് മടങ്ങിയെത്തിയതിന് ശേഷം രാഷ്ട്രീയലേഖനങ്ങളിലൂടെയും നേരിട്ടുള്ള സമരപരിപാടികളിലൂടെയും കൊളോണിയല്‍ ആധിപത്യത്തിനും ദിവാന് ഭരണത്തിനുമെതിരെ സമരരംഗത്ത് ചുവടുറപ്പിക്കുന്ന കാലത്താണ് നോവലും ആരംഭിക്കുന്നത്. ചരിത്രത്തില്‍ നമുക്ക് പരിചിതനായ സ്വാതന്ത്ര്യസമര സേനാനിയായി, ദിവാന് ഭരണത്തിനെതിരെ രാഷ്ട്രീയ ലേഖനങ്ങള്‍ എഴുതി ജയില്‍വാസം അനുഭവിച്ചും, മട്ടാഞ്ചേരിയില്‍ വാനരസേന എന്ന പേരില്‍ തീവ്രഗ്രൂപ്പുണ്ടാക്കി പോരാട്ടങ്ങള്‍ നടത്തിയും, കേരളത്തിന്റെ സ്വാതന്ത്യസമര ചരിത്രത്തിന്റെ ഭാഗമായി തന്റെ കര്‍മ്മമണ്ഡലത്തില്‍ വ്യാപരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകനായ ബഷീറിനെ നാം ഇവിടെ കാണുന്നു.
രണ്ടാമത്തെ ഭാവമാറ്റം യഥാര്‍ത്ഥ ചരിത്രത്തില്‍ ഇല്ലാത്തതാണ്. സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന നിര്‍മ്മിത ചരിത്രത്തിലേക്കുള്ള സംഭവങ്ങളുടെ ഗതിവിഗതികളില്‍ ജീവചരിത്രത്തില്‍ ഇല്ലാത്ത പല കാര്യങ്ങളിലും ബഷീര്‍ ഭാഗഭാക്കാകുന്നു. അവിടെയും ബഷീര്‍ എന്ന കേരള ചരിത്രത്തിന്റെ ഭാഗമായ നര്‍മ്മബോധവും സൂഫി ദര്‍ശനവുമെല്ലാം ഉള്‍ച്ചേര്‍ന്ന മാനവികതാവാദിയെയും സ്വാതന്ത്ര്യകാംക്ഷിയെയുമാണ് നാം കാണുന്നത്. ചാരന്റെ ചരിത്രത്തില്‍ ബഷീര്‍ എഴുത്തുകാരനല്ല. കഥകള്‍ പറഞ്ഞു നടക്കുന്ന ഒരാളാണ്. ആ കഥകള്‍ യാഥാര്‍ത്ഥ്യലോകത്തെ ബഷീര്‍ എഴുതിയ പുസ്തകങ്ങളിലെ കഥകള്‍ തന്നെയാണ്. ബഷീറിന്റെ കൃതികളിലെ പല കഥകളും ചാരന്റെ ചരിത്രത്തിലെ സംഭവങ്ങളാണ്. അതിലൂടെ നോവലിലെ മറ്റൊരു പ്രധാന പ്രമേയമായ കഥയും ചരിത്രവും എന്ന ദ്വന്ദ്വത്തെ എഴുത്തുകാരന് മറ്റൊരു വീക്ഷണകോണില്‍ നിന്ന് നോക്കുന്നു.
ബഷീറിന്റെ മൂന്നാമത്തെ ഭാവഭേദം നോവലിന്റെ പ്രമേയപരമായ ലക്ഷ്യസ്ഥാനങ്ങളോട് ബന്ധപ്പെടുത്തി നോവലിസ്റ്റ് പകര്‍ന്ന് നല്‍കുന്നതാണ്. നോവലില്‍ ബഷീര്‍ എന്ന എഴുത്തുകാരനും അയാള്‍ എഴുതുന്ന പുസ്തകങ്ങള്‍ക്കും സ്ഥാനം നല്‍കിയിട്ടില്ലെങ്കിലും ബഷീറിന്റെ എഴുത്ത്, സര്‍ഗ്ഗാത്മകത, ദര്‍ശനം എന്നിവയെ മാജിക്കല്‍ റിയലിസത്തിന്റെ സങ്കേതങ്ങള്‍ ഉപയോഗിച്ച് ഒരു ദേശമായി മാറ്റിപ്പണിയുകയാണ് നോവലിസ്റ്റ്. തിരുവിതാംകൂര്‍ തീരത്ത് നിന്നും അന്‍പത് നോട്ടിക്കല്‍ മൈല്‍ അകലെ സ്ഥാപിക്കപ്പെടുന്ന, ബഷീര്‍ കഥകളിലെ കഥാപാത്രങ്ങള്‍ സ്വതന്ത്രമായി വിഹരിക്കുന്ന ദ്വീപ് രാഷ്ട്രം, അധികാരത്തിന് കീഴില്‍ വീര്‍പ്പുമുട്ടുന്ന അസ്വതന്ത്രമായ ഒരു ദേശത്തിനെതിരെ എഴുത്തുകാരന് ഉയര്‍ത്തിക്കൊണ്ടു വരുന്ന സ്വാതന്ത്ര്യസങ്കല്പ്പങ്ങളുടെ പ്രതിരൂപമായി മാറുന്നു. മനുഷ്യരും മരങ്ങളും ജീവജാലങ്ങളുമെല്ലാം കരുണയുടെയും സ്നേഹത്തിന്റെയും സമഭാവനയുടെയും സങ്കല്പ്പങ്ങളില് പുലരുന്ന ബഷീറിന്റെ എഴുത്ത്ലോകം അപ്രകാരം നോവലില്‍ ഒരു ദേശമായി പരിണമിക്കുകയും, ഈ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന തിരുവിതാംകൂര്‍ ഭരണത്തിനെതിരെ അവിടുത്തെ ജനങ്ങളുടെ സ്വാതന്ത്ര്യ സങ്കല്‍പ്പങ്ങള്‍ക്ക് ആവേശമായി നിലകൊള്ളുകയും ചെയ്യുന്നു. സമഗ്രാധിപത്യത്തിന്റെ ഇരുളിലേക്ക് ആണ്ടു പോയ തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യമോഹങ്ങള്‍ ബഷീറിലൂടെ പുനരുജ്ജീവിക്കപ്പെടുകയും തിരുവിതാംകൂര്‍ സ്വാതന്ത്ര്യമോഹികള്‍ക്ക് ഒരു വിമോചകബിംബമായി മാറുകയുമാണ് ബഷീര്‍.
നോവലിന്റെ ആരംഭം മുതല്‍ തന്നെ ചാരന് ഒരേ സമയം മൂന്ന് പ്രതലങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ട്. ആദ്യത്തേത് ഭരണകൂടത്തിന്റെ ആസൂത്രണങ്ങളുടെ നടത്തിപ്പുകാരന് എന്ന നിലയില്‍. രണ്ടാമത്തേത് ഒരു ഡബിള്‍ എജന്റായി കോണ്‍ഗ്രസ് പ്രവര്ത്തകന് എന്ന വേഷത്തില്‍. മൂന്നാമത്തേത് ബഷീറിനൊപ്പമുള്ള ജീവിതം. ഇവയ്ക്കൊപ്പം തന്നെ രണ്ട് ഇടവേളകളിലായി തിരുവമ്പാടി എന്ന കുടിയേറ്റ മേഖലയിലേക്കുള്ള വഴി മാറി സഞ്ചാരവും ചാരന്റെ ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടങ്ങളാണ്. നോവലിന്റെ ആദ്യഭാഗത്ത് തിരുവിതാംകൂര്‍ ഭരണമുഖ്യരുമായുള്ള ചാരന്റെ ബന്ധവും സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ചാരന്റെ പ്രാധാന്യവും പങ്കും വളരെ വ്യക്തമാണ്. ഉത്തരവാദ പ്രക്ഷോഭങ്ങളുടെയും കൊളോണിയല്‍ വിരുദ്ധ സമരങ്ങളുടെയും പ്രക്ഷുബ്ധമായ സമയങ്ങളിലെല്ലാം അയാളുടെ മനസ്സ് രാജാധികാരത്തിനോടൊപ്പമാണ്. തിരുവിതാംകൂര്‍ രാജാധികാരത്തോട് പൂര്‍ണ്ണവിധേയത്വവും ഭക്തിയും പ്രകടിപ്പിക്കുമ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന സ്വാതന്ത്ര്യ സമരത്തെയും അതിലെ നേതാക്കളെയും അയാള്‍ കാണുന്നത് പുച്ഛത്തോടെയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം കൂട്ട് ചേര്‍ന്ന് അവരുടെ സ്നേഹവും പ്രോത്സാഹനവുമെല്ലാം അനുഭവിക്കുമ്പോഴും യാതൊരു മനശ്ചാഞ്ചല്യവുമില്ലാതെ അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ഒറ്റ്കൊടുക്കുകയും പലരെയും കൊല്ലാനേല്പ്പിക്കുകയും ചെയ്യുന്നു. നിര്‍ദ്ദയമായ ഒരു ഭരണകൂടത്തിന്റെ ശരിക്കുമുള്ള പ്രതിനിധിയായി ആദ്യഭാഗത്ത് നാം ചാരനെ കാണുന്നു. പക്ഷേ തുടര്‍ന്ന് ബഷീറുമൊത്തുള്ള സഹവാസവും സഞ്ചാരങ്ങളും സംഭാഷണങ്ങളും അയാളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ദയാരഹിതമായ ഒരു ഭരണകൂടത്തിന്റെ തികച്ചും യാന്ത്രികമായ ഒരു ഉപകരണമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന അയാള്‍ ബഷീറിന്റെ കഥാലോകത്ത് നിന്ന് ആര്‍ദ്രതയുടെ ചില നനവുകള്‍ ഏറ്റ് വാങ്ങുന്നു. ബഷീറിന്റെ കഥകള്‍ക്കുള്ളിലും പുറംലോകത്തുമായി നടത്തുന്ന ചില യാത്രകള്‍ അയാള്‍ക്കുള്ളിലെ അധികാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സങ്കല്‍പ്പങ്ങള്‍ തമ്മിലുള്ള പരസ്പര സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിടുന്നു.
സ്വേച്ഛാധിപത്യത്തിന്റെ നിര്വ്വാഹകോപകരണം എന്ന നിലയ്ക്കുള്ള തന്റെ കര്‍മ്മപഥത്തില്‍ മാനുഷികമായ വികാരങ്ങളോട് പൂര്‍ണ്ണമായ നിസ്സംഗഭാവം പാലിക്കുന്ന ചാരന്റെ മനസ്സിലേക്ക് കനിവിന്റെ ചില ഇറ്റലുകള് വീഴ്ത്തുന്നത് തിരുവമ്പാടിയിലെ ദേവസ്യ ഏലിക്കുട്ടി എന്നിവരുമായുണ്ടാകുന്ന ആത്മബന്ധത്തിലാണ്. അതില്‍ പ്രത്യേകിച്ചും എലിക്കുട്ടിയുമായുണ്ടാകുന്ന മനുഷ്യസഹജമായ രതിബന്ധവും വൈകാരിക അടുപ്പവും ചാരന്റെ ഊഷരമായി കിടന്നിരുന്ന മാനസിക തലങ്ങളില്‍ ഉണര്‍വിന്റെ പുതിയ കുടിയേറ്റങ്ങള്‍ സൃഷ്ടിക്കുന്നു. ബഷീറിലേക്ക് നടന്ന് കയറിയ ചാരന് പിന്നീട് ഒരിക്കലും അയാളില്‍ നിന്നും ഒരു തിരിച്ചു പോക്ക് സാധ്യമായില്ല. ആളായും കഥകളായും നിഴലായും മിത്തായും ബഷീര്‍ സദാ ചാരനൊപ്പമുണ്ട്. ബഷീര്‍ കഥകളുടെ സ്വതന്ത്രവും മാനവികവുമായ ലോകത്തിലേക്ക് മെല്ലെ ആണ്ട് പോകുന്ന ചാരന് ഒരു തിരിച്ചു വരവില്ലാതെ ബഷീറിന്റെ തന്നെ ഒരു അപരഭാവം പേറുന്ന ആളായി പലതരം ആത്മ സംഘര്‍ഷങ്ങള്‍ ഏറ്റ് വാങ്ങി അലയുന്നു. അധികാരത്തിന്റെ മനുഷ്യപ്പറ്റില്ലാത്ത നടത്തിപ്പുകാരനായ ചാരനില്‍ ഏലിക്കുട്ടി ഏല്‍പ്പിക്കുന്ന വൈകാരികവും ജൈവികവുമായ ഉണര്‍വ്വുകളും ബഷീര്‍ ഏല്‍പ്പിക്കുന്ന മാനവികവും ആദര്‍ശാത്മകവുമായ അവബോധങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുന്ന ആഘാതങ്ങളാല്‍ അയാള്‍ ഉലഞ്ഞു പോകുന്ന ദൃശ്യങ്ങള്‍ അധികാരരൂപങ്ങളോട് നിരന്തരം സംഘര്‍ഷത്തില്‍ പെടുന്ന സര്‍ഗ്ഗാത്മകത എന്ന നോവലിന്റെ പ്രമേയവുമായി ചേര്‍ത്ത് കാണാവുന്നതാണ്. തന്നെ പുലര്‍ത്തിയിരുന്ന അധികാരകേന്ദ്രം തകര്‍ന്ന് വീഴുകയും അതിന് മുകളില്‍ സര്‍വ്വാധികാരത്തിന്റെ മറ്റൊരു കേന്ദ്രം ഉയര്‍ന്ന് വരികയും പുതിയ ഭരണകൂടത്തില്‍ വേട്ടക്കാരന്റെ സ്ഥാനത്ത് ഇരയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചാരന് ബഷീറിലേക്ക് സഞ്ചരിച്ചെത്താതെ നിവൃത്തിയില്ലല്ലോ.
നോവലിന്റെ രൂപഘടനയും ആഖ്യാനസ്വരവും വിശകലനം ചെയ്യുന്നനേരം ആഗസ്റ്റ് 17 നെ സാഹിത്യസ്വഭാവത്തിന്റെ ഏത് കള്ളിയിലാണ് ഉള്‍പ്പെടുത്തുക എന്ന് ആലോചിക്കുമ്പോള്‍ എസ് ഹരീഷ് തന്റെ ആദ്യ നോവലായ മീശയുടെ ആമുഖത്തില്‍ പറയുന്ന കഥകള്‍ കൊണ്ട് ഒരു കോക്ക്ടെയില്‍ നിര്‍മ്മിക്കാനാണ് താന്‍ ശ്രമിച്ചതെന്ന വാചകമാണ് ഓര്‍മ്മയിലെത്തുന്നത്. നോവല്‍ സാഹിത്യത്തില്‍ വന്ന് പെട്ടിട്ടുള്ള നാനാവിധത്തിലുള്ള ആഖ്യാനമാതൃകകളുടെ ഒരു കോക്ക്ടെയില്‍ രണ്ട് നോവലുകളിലും കാണാം. മലയാള നോവല്‍ ചരിത്രത്തിലെ മെറ്റാഫിക്ഷന്‍ പ്രയോഗത്തിലെ ഏറ്റവും മികച്ച മാതൃകകളിലൊന്നായിരുന്നു ഹരീഷിന്റെ ആദ്യ നോവലായ മീശ. കഥാകാരന് ആഖ്യാനത്തില്‍ നേരിട്ട് ഇടപെട്ടുകൊണ്ട് താന്‍ പറയുന്നത് കഥകളാണ് എന്ന ബോധ്യം ആദ്യന്തം വായനക്കാരനില്‍ സൃഷ്ടിക്കുകയും പരമ്പരാഗതമായ നോവല്‍ ഘടനയെ രൂപംകൊണ്ടും ഭാവംകൊണ്ടും ആന്തരികമായി തകര്‍ക്കുകയും ഭാവനയുടെ അതിരുകളില്ലാത്ത ആകാശത്തേക്ക് കഥാശകലങ്ങളെ പറത്തിവിടുകയും ചെയ്യുന്ന ഒരു ശൈലിയാണ് മീശയിലുള്ളത്. മെറ്റാഫിക്ഷന്‍ ശൈലിയുടെ ഈയൊരു സ്വഭാവത്തുടര്‍ച്ച ആഗസ്റ്റ് 17 ലും സംഭവിക്കുന്നുണ്ട്. ചരിത്രത്തെയും ചരിത്രാനുഭവങ്ങളെയും കഥകളാക്കി മാറ്റിയെഴുതിയ രൂപമാണല്ലോ നോവലിന് ആകമാനമായി ഉള്ളത്. നോവലിനകത്തേക്ക് കടക്കുമ്പോള്‍ കഥയിലായാലും വേണ്ടത് എന്ന് നാം കരുതുന്ന എല്ലാവിധ യുക്തികളെയും വ്യവസ്ഥകളെയും തകര്‍ത്തുകളയുന്നതും അതിരുകളില്ലാത്ത ഭാവനയില്‍ മെനഞ്ഞതുമായ കഥകളുടെ സ്വതന്ത്ര വിന്യാസങ്ങളാണ് കാണാന്‍ കഴിയുക. ബഷീറിന്റെ കാമുകന്റെ ഡയറിക്കുള്ളിലെ ഭാവനാലോകം വഴി സഞ്ചരിച്ച് ദേവിയുടെ അനുജത്തി വനജയുമായി അടുപ്പത്തിലാകുന്ന ചാരന്റെയും, നമ്മള് ഒരു നോവലിലെ കഥാപാത്രങ്ങള്‍ പോലെ തോന്നുന്നു എന്നും ഇത് വരെ പൊയ്ക്കൊണ്ടിരുന്ന കഥ മറ്റൊരു വഴിക്ക് തിരിച്ചു വിടുകയാണെന്ന് സി പി ഒരു സന്ദര്‍ഭത്തില്‍ ചാരനോട് പറയുന്നതിന്റെയും. മറ്റൊരാള്‍ എഴുതിയ കഥയിലൂടെ തിരുവിതാംകൂറിന്റെ പതനം ചിത്രീകരിക്കുന്നതിന്റെയും സന്ദര്‍ഭങ്ങള്‍ മെറ്റാഫിക്ഷന്‍ കഥാവതരണത്തിന്റെ മികച്ച മുഹൂര്‍ത്തങ്ങളാണ്. സംഭവങ്ങളെ നേരിട്ട് വിശദീകരിച്ച് പോകുന്ന പരമ്പരാഗത ശൈലി, റിപ്പോര്‍ട്ട് ചരിത്രാഖ്യാനം എന്നിവയുടെ നോണ്‍ ഫിക്ഷന്‍ ശൈലി, ബഷീറിന്റെ മരണം അന്വേഷിച്ചു വരുന്ന ബഷീര്‍ കഥാപാത്രങ്ങളുടെ സന്ദര്‍ഭത്തിലെ ഫാന്റസിയുടെ സാധ്യതകള്‍, അറബിക്കടലില്‍ ബഷീര്‍ സ്ഥാപിക്കുന്ന സ്വതന്ത്രരാജ്യ സന്ദര്‍ഭത്തിലെ മാജിക്കല്‍ റിയലിസം, ചാരന്റെ ഭ്രാന്തുകള്‍ വിവരിക്കുന്ന സര്‍റിയലിസ്റ്റ് ശൈലി, കമ്മ്യൂണിസ്റ്റ് ഭരണകൂട കാലം വിവരിക്കുന്ന ഭ്രമാത്മക ശൈലി എന്നിങ്ങനെ നോവലില്‍ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് കഥ പറച്ചിലിന്റെ പലവഴിക്കുള്ള ശൈലീമാര്ഗ്ഗങ്ങള് അവലംബിക്കുന്നുണ്ട്. നോവലിസ്റ്റ് മനപൂര്‍വ്വം സ്വീകരിക്കുന്ന ഒരു ഉത്തരാധുനിക സമീപനമല്ല നാമവിടെ കാണുന്നത്. കഥകളെ സ്വതന്ത്രമാക്കുക എന്ന നോവലിസ്റ്റിന്റെ പ്രധാന ലക്ഷ്യത്തിനൊപ്പം കഥ പറച്ചിലിന്റെ പൂര്‍വ്വകാല മാതൃകകളുടെ പാരഡികള്‍ നിരനിരയായി സ്വാഭാവികമായി വന്നു പോകുന്ന കാഴ്ചയാണ് അവിടെയുള്ളത്.
മീശയില്‍ കഥയുടെ പലതരം ഭാവനാരൂപങ്ങളെ സ്വതന്ത്രമായി കെട്ടഴിച്ച് വിടുന്നിടത്ത് നിന്ന് ആഗസ്റ്റ് 17 ല്‍ എത്തുമ്പോള്‍ കഥകളുടെ സ്വഭാവത്തെയും പ്രവര്‍ത്തനശേഷിയെയും കുറിച്ചുള്ള ദീര്‍ഘമായ ആലോചനകളായി മാറുന്നു. “മൊത്തം കഥേലല്ലേടാ ആള്ക്കാര് ജീവിക്കുന്നത്”, “ദൈവം പോലും ആള്ക്കാര് എഴുതിയുണ്ടാക്കിയ നോവലാണ്”, “മനുഷ്യര്‍ കണ്ടു പിടിച്ച ഏറ്റവും അപകടമുള്ള ആയുധമാണ് കഥ”, “ആൾക്കാർക്ക് വേണ്ട കഥകളിട്ടുകൊടുത്താൽ അവർ മര്യാദയ്ക്ക് ഒരു മൂലയ്ക്കിരുന്നോളും”, “കഥയാണ് ബ്രഹ്മം സത്യം ബാക്കിയൊക്കെ ചുമ്മാ തോന്നലാ” എന്നിങ്ങനെ കഥകളെ കുറിച്ച് നോവലില്‍ ബഷീര്‍ പല സന്ദര്‍ഭങ്ങളിലായി പറയുന്ന വാചകങ്ങളുണ്ട്. കഥകളുടെ മാരകമായ ഉപയോഗത്തിലൂടെ അധികാരം എങ്ങിനെ യുക്തിവിചാരങ്ങളെയും സ്വാതന്ത്ര്യ ബോധത്തെയും നിയന്ത്രിച്ച് സാമൂഹികമായി മനുഷ്യരെ അതിന്റെ അടിമകളാക്കി മാറ്റുന്നു എന്ന രാഷ്ട്രീയ ആലോചനകളാണ് മീശയില്‍ നിന്നും ആഗസ്റ്റ് 17 ല്‍ എത്തുമ്പോള്‍ കഥകളെ കുറിച്ചുള്ള സങ്കല്പ്പത്തിലും അവതരണത്തിലും എഴുത്തുകാരന് വരുത്തിയിരിക്കുന്ന പ്രധാന വ്യതിയാനം.
മെറ്റാഫിക്ഷനൊപ്പം പരസ്പരബന്ധിതമായി ഉത്തരാധുനിക സാഹിത്യ വിചാരങ്ങളില്‍ കടന്നുവരുന്ന ആവിഷ്കാര പദ്ധതിയായ പാഠാന്തരത, അതിന്റെ സൂചനാബന്ധങ്ങളിലൂടെ മറ്റ് സാഹിത്യപാഠങ്ങളിലേക്ക് എത്തിപ്പിടിക്കുകയും അവയുടെ മാതൃകകള്‍ പാരഡിയാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു. ഇതേ പാഠാന്തരത ചരിത്രത്തിലേക്ക് നീട്ടിയെടുക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. ചരിത്രത്തില്‍ ബൃഹദാഖ്യാനങ്ങളായി ഉറച്ചുകിടക്കുന്ന സംഭവങ്ങളെ ആധാരഘടനയായി സ്വീകരിച്ച് അതിലേക്ക് ഉപപാഠങ്ങള്‍ നെയ്ത്ചേര്ത്ത് സവിശേഷ ഉദ്ദേശ്യലക്ഷ്യങ്ങളോടെ അവതരിപ്പിക്കുന്ന ഫിക്ഷന്‍ രൂപങ്ങളെ വിളിക്കാന്‍ കനേഡിയന്‍ ഉത്തരാധുനിക സൈദ്ധാന്തികയായ ലിന്‍ഡ ഹച്ചിയണ്‍ ((Linda Hutcheon) ഉപയോഗിച്ച പരികല്‍പ്പനയാണ് ‘ഹിസ്റ്റോറിയോഗ്രാഫിക് മെറ്റാഫിക്ഷന്‍’ (Historiographic metafiction). ആഗസ്റ്റ് 17 നോട് ഏറ്റവും ചേര്‍ന്ന് നില്ക്കുന്ന സൈദ്ധാന്തിക പരികല്‍പ്പന ഇതാണ്. ഇന്ത്യയുടെയും തിരുവിതാംകൂറിന്റെയും കേരളത്തിന്റെയും ബഷീറിന്റെയും ബഷീര്‍ കൃതികളുടെയും പറഞ്ഞു പതിഞ്ഞ ചരിത്രാഖ്യാനങ്ങളെ അടിസ്ഥാന ചട്ടക്കൂടായി സ്വീകരിച്ചു കൊണ്ട് അവയിലേക്ക് ഉദ്ദേശ്യപരമായ പലതരം അനുപാതങ്ങളിലായി കഥകള്‍ വിളക്കിച്ചേര്‍ക്കുകയാണ് നോവലിസ്റ്റ്.
എന്നാല്‍ ഹിസ്റ്റോറിയോഗ്രാഫിക് മെറ്റാഫിക്ഷന്‍ എന്ന കളത്തിനകത്തും ഒതുങ്ങാതെ മറ്റൊരു വഴിയിലൂടെ തൂവിയിറങ്ങുന്നുണ്ട് നോവല്‍. ഒന്നാമതായി ചരിത്രവുമായുള്ള പാഠാന്തര ബന്ധത്തിനപ്പുറം പുതുതായി ഒരു പ്രതിചരിത്രം തന്നെ നിര്‍മ്മിച്ചു കൊണ്ട് സത്യാനന്തര കാലത്തെ ചരിത്രനിര്‍മ്മാണത്തെ നോവല്‍ സാഹിതീയമായി പ്രതിരോധിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ കഥകളെ എങ്ങിനെ യാഥാര്‍ത്ഥ്യവും ചരിത്രവുമായി അവതരിപ്പിച്ച് തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നു എന്ന് കാണിച്ച് കൊണ്ട് സ്വാതന്ത്ര്യവും അധികാരവും തമ്മിലുള്ള നിരന്തരമായ ഏറ്റുമുട്ടലുകളുടെ അന്യാപദേശമായി നോവല്‍ മാറുന്നു. ചരിത്രത്തെ തോന്നല്‍ പോലെയും കഥ പോലെയും തോന്നുംപടി ഭാവന ചെയ്യുന്ന നോവലിന്റെ ആഖ്യാനസ്വരൂപം വര്‍ത്തമാനകാല രാഷ്ട്രീയം കഥകളിലൂടെ കൌശലപൂര്‍വ്വം സാധ്യമാക്കിയെടുക്കുന്ന ഭരണകൂടാധികാരങ്ങളുടെ സ്വരൂപത്തെ സമര്‍ത്ഥമായി എതിരിടുന്നു. അപ്രകാരം എക്കാലത്തുമുള്ള സമഗ്രാധിപത്യത്തിന്റെ ചരിത്ര രൂപങ്ങളെയും സ്വാതന്ത്ര്യത്തിന്റെ സർഗ്ഗാത്മക സമരങ്ങളെയും കുറിച്ചുള്ള അനുധ്യാനമായി നോവല്‍ മാറുന്നു.
Be the first to write a comment.