ആഗോള മുതലാളിത്തം മറ്റൊരു സ്തംഭന പ്രതിസന്ധിയിലേക്ക് (Stagflation)

ലേഖകന്‍ – എ. സുനില്‍ധരന്‍1

വിവര്‍ത്തനം – രശ്മി ഭാസ്കരന്‍

അമേരിക്കന്‍ ഫെഡ്റല്‍ റിസര്‍വ് ബാങ്ക് അതിന്‍റെ ടാര്‍ഗറ്റ് പലിശ നിരക്ക് 75 ബേസിസ് പോയിന്‍റ് ആയി 2022 ജൂണ്‍ 15ന് വര്‍ദ്ധിപ്പിച്ചു. 1994ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണിത്. മേയ് ആദ്യവാരം അടിസ്ഥാനനിരക്ക് 50 ബേസിസ് പോയിന്‍റ് ആയി വര്‍ദ്ധിപ്പിച്ചിരുന്നു. ഇങ്ങനെത്തന്നെയാണ് ലോകമെമ്പാടുമുള്ള മറ്റ് പ്രധാന കേന്ദ്രബാങ്കുകളും ചെയ്യുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും അതിന്‍റെ ബെഞ്ച്‌മാര്‍ക്ക് നിരക്ക് അടുപ്പിച്ച് രണ്ടു തവണ വര്‍ദ്ധിപ്പിച്ചിരുന്നു. മേയ് 4ന് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്‍റും ജൂണ്‍ 8ന് 50 ബേസിസ് പോയിന്റും ഉയര്‍ത്തി.

ഈ രാജ്യങ്ങളിലെ അതിവേഗം ഉയരുന്ന പണപ്പെരുപ്പത്തെ തടയാനാണ് പലിശനിരക്ക് വര്‍ദ്ധന. ലോകമൊട്ടാകെ വിലകളും ജീവിതച്ചിലവും അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് ഇപ്പോഴുള്ളത്. ഫെഡറല്‍ റിസര്‍വ് ലക്ഷ്യമിട്ട പണപ്പെരുപ്പ നിരക്കായ 2 ശതമാനത്തിന് പകരം ഉപഭോക്തൃവിലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8.3 ശതമാനം വര്‍ദ്ധനയാണ് ഈ ഏപ്രിലില്‍ രേഖപ്പെടുത്തിയത്. ഭക്ഷ്യവസ്തുക്കളുടേയും ഊര്‍ജ്ജത്തിന്‍റെയും വില മാറ്റിനിര്‍ത്തിയാലും 6.7 ശതമാനമാണ് വര്‍ദ്ധന.

മറ്റ് പാശ്ചാത്യ സമ്പദ് വ്യവസ്ഥകളായ യു കെ, ജര്‍മ്മനി, കാനഡ, സ്പെയിന്‍ എന്നിവിടങ്ങളിലും വിലയില്‍ അതിവേഗം വര്‍ദ്ധനവ്‌ അനുഭവിച്ചുകൊണ്ട് ഇരിക്കുകയാണ്. യൂറോ സോണില്‍ വിലനിലവാരം 8.1 ശതമാനം ഉയര്‍ന്നു. ഇത് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഏഷ്യന്‍ രാജ്യങ്ങളിലും വില ഉയരുന്നുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ ഇതുവരെ പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് പണപ്പെരുപ്പനിരക്കുകള്‍ കുറവാണ്.

മുഖ്യധാരാ സാമ്പത്തികശാസ്ത്രം പണപ്പെരുപ്പത്തെ ചെറുക്കുന്നതിന് സങ്കോച നാണയ (Monetary Contraction) നയം വേണമെന്ന് വാദിക്കുന്നു. പലിശനിരക്ക് ഉയര്‍ത്തുകയും മൊത്തത്തിലുള്ള ഡിമാന്റ് നിയന്ത്രിക്കുകയും ചെയ്യുന്നതിലൂടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിയും. എന്നിരുന്നാലും പണപ്പെരുപ്പത്തോടൊപ്പം ഉല്‍പ്പാദന വളര്‍ച്ചയിലെ മാന്ദ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അത്തരം നയം സമ്പദ് വ്യവസ്ഥകള്‍ക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. പണപ്പെരുപ്പത്തിന് കാരണം മൊത്തത്തിലുള്ള ഡിമാന്റിലെ അനിയന്ത്രിതമായ വര്‍ദ്ധനവ്‌ ആണെങ്കില്‍ സങ്കോചനാണയനയം അതിന് പരിഹാരമാകാം. പക്ഷെ ഇന്നത്തെ സ്ഥിതി അതല്ല. മുതലാളിത്ത രാജ്യങ്ങളില്‍ വില ഉയരുമ്പോഴും ഉല്‍പ്പാദനം മന്ദഗതിയില്‍ ആണ്. ഈ സാഹചര്യത്തില്‍ സങ്കോചനയങ്ങള്‍ ഡിമാന്റ് പരിമിതപ്പെടുത്തുന്നത്തിലൂടെ വളര്‍ച്ചാനിരക്ക് ഇനിയും കുറയ്ക്കും. ഇപ്പോള്‍ തന്നെ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതയെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ലോകബാങ്കും ഐ.എം.എഫും അവരുടെ പ്രവചിത വളര്‍ച്ചാനിരക്കുകള്‍ അടുത്തിടെ വെട്ടിക്കുറയ്ക്കുകയുണ്ടായി.

മുതലാളിത്തത്തിന്‍റെ നിലവിലെ പ്രതിസന്ധി മനസ്സിലാക്കാന്‍ പണപ്പെരുപ്പത്തിന്റെയും ഉല്‍പ്പാദനത്തിന്റെയും കണക്കുകള്‍ക്കപ്പുറം പോകേണ്ടതുണ്ട്. മുതലാളിത്ത വ്യവസ്ഥിതി വൈരുദ്ധ്യങ്ങളാല്‍ നിറഞ്ഞതാണ്‌. ആ വൈരുദ്ധ്യങ്ങള്‍ അതിനെ കൂടെക്കൂടെ പ്രതിസന്ധികളിലേക്ക് തള്ളിവിടുന്നു. മിച്ചമൂല്യം സൃഷ്ടിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് സിസ്റ്റം കറങ്ങുന്നത്. മിച്ചമൂല്യത്തിന്റെ തോത് കുറയുകയോ അധികമാവുകയോ ചെയ്‌താല്‍ മുതലാളിത്തം പ്രതിസന്ധിയില്‍ ആവും. അതുപ്രകാരം മുതലാളിത്തത്തിന്‍റെ പ്രതിസന്ധി പ്രവണതകളെ രണ്ടായി തരംതിരിക്കപ്പെട്ടിട്ടുണ്ട് – അപര്യാപ്ത മിച്ചമൂല്യത്തിന്റെ പ്രതിസന്ധിയും അധിക മിച്ചമൂല്യത്തിന്റെ പ്രതിസന്ധിയും.2 ലാഭത്തിന്‍റെ നിരക്ക് കുറഞ്ഞുവരുമ്പോള്‍ ആണ് മിച്ചമൂല്യത്തിന്റെ അപര്യാപ്തത ഉണ്ടാകുന്നത്. അത് മൂലധന സമാഹരണത്തെ ബാധിക്കുകയും വ്യവസ്ഥിതിയെ സ്തംഭനാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. ലാഭനിരക്ക് രണ്ട് കാരണങ്ങളാല്‍ കുറഞ്ഞുവരാം. ഒന്നാമതായി ഉല്‍പ്പാദനം വികസിക്കുമ്പോള്‍ തൊഴിലാളികളുടെ ആവശ്യം വര്‍ദ്ധിക്കുകയും അത് അവരുടെ വിലപേശല്‍ ശക്തി കൂട്ടുകയും ചെയ്യും. കൂലിനിരക്ക് കൂടുകയും അതോടൊപ്പം വില വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ലാഭനിരക്ക് കുറയും.

ലാഭനിരക്ക് കുറഞ്ഞുവരാനുള്ള രണ്ടാമത്തെ കാരണം ഉല്‍പ്പാദനത്തില്‍ ഉണ്ടാകുന്ന മൂലധന തീവ്രത (Capital Intensity) യുടെ വര്‍ദ്ധനവാണ്. ഈ വര്‍ദ്ധനവ് മൂലം ഉല്‍പ്പാദനക്ഷമത കൂടുന്നു. എന്നാല്‍ വേതനനിരക്ക് ഉല്‍പ്പാദന ക്ഷമതയേക്കാള്‍ വേഗത്തില്‍ ഉയരുകയാണ് എങ്കില്‍ ലാഭത്തിന്റെ നിരക്ക് കുറയുന്നു. ദേശീയ വരുമാനത്തില്‍ വേതനത്തിന്റെ വിഹിതം കുറയുമ്പോള്‍ ആണ് അധികമിച്ചമൂല്യം പ്രതിസന്ധി ഉണ്ടാകുന്നത്. സാധാരണയായി വേതനത്തിന്റെ വലിയ പങ്കു ഉപഭോഗത്തിനായി ചിലവിടുകയും ലാഭത്തിന്റെ നല്ല പങ്ക് വീണ്ടും നിക്ഷേപിക്കപ്പെടുകയും ആണ് ഉണ്ടാവുക. അങ്ങനെയിരിക്കെ ദേശീയ വരുമാനത്തില്‍ വേതനത്തിന്റെ പങ്ക് കുറയുമ്പോള്‍ അത് ഉപഭോഗത്തിനായുള്ള ഡിമാന്റ് കുറയ്ക്കുന്നു. ഇത് ക്രമേണ നിക്ഷേപത്തേയും മൊത്തത്തില്‍ ഉള്ള ഡിമാന്റിനേയും കുറയ്ക്കുന്നു. ഈ ഉപഭോഗക്കുറവ് (under consumption) എല്ലായ്പ്പോഴും സിസ്റ്റത്തെ പ്രതിസന്ധിയിലേക്ക് നയിക്കണം എന്നില്ല. പലപ്പോഴും മറ്റ് ചിലവുകള്‍ കൂടുകയും മൊത്തം ഡിമാന്റ് കുറയാതെ ഇരിക്കുകയും ആണ് പതിവ്. എന്നിരുന്നാലും പ്രതിസന്ധിയിലേക്കുള്ള പ്രവണത എപ്പോഴും നിലനില്‍ക്കും.

മുതലാളിത്തം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി സ്തംഭനാവസ്ഥ (Stagflation) ആണ്. ഉല്‍പ്പാദനത്തിലെ സ്തംഭനാവസ്ഥയ്ക്ക് പുറമേ പണപ്പെരുപ്പവും കൂടിയാകുമ്പോള്‍ പ്രശ്നം ഗുരുതരമാകുന്നു. ഈ പ്രശ്നം കൈകാര്യം ചെയ്യാന്‍ നയരൂപകര്‍ത്താക്കള്‍ ബുദ്ധിമുട്ടുകയാണ്. അത്തരം ഒരു പ്രതിസന്ധി പരമ്പരാഗതമായ നടപടികള്‍ക്ക് യോജിച്ചതല്ല. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള സങ്കോചനയങ്ങള്‍ മൊത്തത്തിലുള്ള ഡിമാന്റ് കുറയ്ക്കുകയും അതിലൂടെ ഉല്‍പ്പാദനം കുറയ്ക്കുകയും തൊഴിലില്ലായ്മ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതേസമയം സാമ്പത്തിക ഉത്തേജക നയങ്ങള്‍ ഉല്‍പ്പാദനവും തൊഴിലുകളും വര്‍ദ്ധിപ്പിക്കും എങ്കിലും പണപ്പെരുപ്പം കൂടുതല്‍ വഷളാക്കും.

കുത്തക മുതലാളിത്തത്തിന്റെ സവിശേഷ പ്രതിഭാസം ആണ് ഇതെന്ന് രാഷ്ട്രീയ-സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മത്സരവിപണിയില്‍ നിന്ന് വ്യത്യസ്തമായി കുത്തകകള്‍ക്ക് അവരുടെ വില നിശ്ചയിക്കാന്‍ ആകും.

ഉല്‍പ്പാദനം പരിമിതപ്പെടുത്തുകയും വില വര്‍ദ്ധിപ്പിക്കുകയും ചെയ്തുകൊണ്ട് അവര്‍ തങ്ങളുടെ ലാഭം പരമാവധി കൂട്ടുന്നു. ഇതുമൂലം തൊഴിലാളികളില്‍ നിന്നും ചെറുകിട മുതലാളിമാരില്‍ നിന്നും അകന്ന് കുത്തക മുതലാളിമാര്‍ക്ക് അനുകൂലമായി വരുമാനം പുനര്‍വിതരണം ചെയ്യപ്പെടുന്നു. മുകളില്‍ സൂചിപ്പിച്ചത് പോലെ സമ്പന്നരായ മുതലാളിമാര്‍ക്ക് അനുകൂലമായ വരുമാന വിതരണത്തിലെ മാറ്റം ഉപഭോഗ ഡിമാന്റ് കുറയ്ക്കുന്നു. ഉപഭോഗ ഡിമാന്റ് മന്ദഗതിയില്‍ ആകുമ്പോള്‍ നിക്ഷേപവും കുറയുന്നു. അങ്ങനെ വര്‍ദ്ധിച്ചു വരുന്ന കുത്തക അധികാരവും അതിനാല്‍ ഉണ്ടാകുന്ന ഉയര്‍ന്ന വരുമാനത്തിലേക്ക് ഉള്ള പുനര്‍വിതരണവും നിക്ഷേപ അവസരങ്ങളും മൊത്തത്തില്‍ ഉള്ള ഡിമാന്റും കുറയ്ക്കുകയും ചെയ്തുകൊണ്ട് സ്തംഭനാവസ്ഥ എന്ന പ്രവണത സൃഷ്ടിക്കുന്നു.

 

മൊത്തത്തില്‍ ഉള്ള ഡിമാന്റ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ഇടപെടലിന് (വിപുലീകരണ സാമ്പത്തിക പണ നയങ്ങളിലൂടെ) കാര്യമായ ഒരു സ്വാധീനവും ഈ സാഹചര്യത്തില്‍ ഇല്ല. കാരണം, കുത്തകകള്‍ വര്‍ദ്ധിച്ചുവരുന്ന ഡിമാന്റിനോട് പ്രതികരിക്കുന്നത് ഉല്‍പ്പാദനം പരിമിതപ്പെടുത്തിയും വില കൂട്ടിയും ആണ്. അത് വ്യവസ്ഥിതിയെ പണപ്പെരുപ്പത്തോട് കൂടിയുള്ള സ്തംഭനാവസ്ഥയില്‍ (Stagflation) എത്തിക്കും.

1970കളില്‍ OPEC (പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന) എണ്ണവില ഉയര്‍ത്തിയതിനെ തുടര്‍ന്ന്‍ ലോക സമ്പദ് വ്യവസ്ഥ ഇത്തരം മാന്ദ്യം അനുഭവിച്ചിരുന്നു. എണ്ണ ഉല്‍പ്പാദനത്തില്‍ ഏതാണ്ട് കുത്തക ഉണ്ടായിരുന്ന OPEC എണ്ണ വിതരണത്തിന് ഉപരോധം ഏര്‍പ്പെടുത്തി. അത് അവരുടെ ലാഭവിഹിതം വര്‍ദ്ധിപ്പിക്കുകയും ലോകമെമ്പാടും പണപ്പെരുപ്പത്തിനും ഉല്‍പ്പാദന മാന്ദ്യത്തിനും കാരണമാവുകയും ചെയ്തു. മുതലാളിത്ത ലോകം ഇപ്പോള്‍ മറ്റൊരു സ്തംഭന പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ? ലഭ്യമായ തെളിവുകള്‍ പരിശോധിച്ചാല്‍ അത് അങ്ങിനെ ആണെന്ന് തോന്നുന്നു.

Covid-19 മഹാമാരിയും അതിനെ തുടര്‍ന്ന് ലോക്ക്ഡൌണുകളും ലോക സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടി നല്‍കി. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പെട്ടെന്നുള്ള സ്തംഭനം സമ്പദ് വ്യവസ്ഥയെ ഡിമാന്‍ഡ്-സപ്ലൈ എന്നീ രണ്ടു വശങ്ങളിലും ബാധിച്ചു. ഡിമാന്‍ഡ് കുറഞ്ഞത് വരുമാനം കുറഞ്ഞതുകൊണ്ട് മാത്രമായിരുന്നില്ല. വരുമാനം കുറയാത്തവര്‍ പോലും പ്രാഥമിക ആവശ്യങ്ങള്‍ക്ക് അല്ലാതെ കാര്യമായി ഒന്നും ചിലവാക്കിയില്ല. അതേസമയം മിക്ക സാധനങ്ങളുടേയും ഉല്‍പ്പാദനം നിലച്ചു. ലോക്ക്ഡൌണുകള്‍ക്ക് ഇളവ് നല്‍കുകയും സമ്പദ് വ്യവസ്ഥ സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങുകയും ചെയ്തപ്പോള്‍ ഉല്‍പ്പാദനത്തിലെ തടസ്സം വിതരണ ശൃംഖലയെ തടസ്സപ്പെടുത്തി. കോവിഡ് മഹാമാരിയില്‍ നിന്നും ലോക സമ്പദ് വ്യവസ്ഥ കഷ്ടിച്ച് കരകയരുന്ന

സമയത്താണ് റഷ്യ-ഉക്രൈന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഏപ്രില്‍ മാസത്തെ വേള്‍ഡ് എക്കണോമിക് ഔട്ട്‌ലുക്കില്‍ ഐ.എം.എഫ് 2022-23 വര്‍ഷങ്ങളിലേക്ക് ഉള്ള പ്രവചിത വളര്‍ച്ചാനിരക്ക് വെട്ടിക്കുറച്ചു. മുതലാളിത്ത ലോകത്തിന്റെ വലിയ ഭാഗങ്ങളില്‍ പണപ്പെരുപ്പം ഗണ്യമായി ഉയര്‍ന്നു. മാത്രമല്ല, അത് ഉടന്‍ കുറയാന്‍ സാധ്യതയും ഇല്ല. നിലവിലുള്ള യുദ്ധമാണ് ഉല്‍പ്പാദന മാന്ദ്യത്തിനും പണപ്പെരുപ്പത്തിനും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ലോക ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പ്പാദനം) 2020ല്‍ 3.1% കുറഞ്ഞു. എന്നാല്‍ വരുമാനത്തിലെ ഇടിവ് എല്ലാ ജനവിഭാഗങ്ങള്‍ക്കും അനുഭവപ്പെട്ടില്ല. Oxfam റിപ്പോര്‍ട്ട് അനുസരിച്ച് (The Inequality Virus, Oxfam Briefing Paper – January 2021) 2020 മാര്‍ച്ച് 18നും ഡിസംബര്‍ 31നും ഇടയില്‍ ലോകത്തിലെ ശതകോടീശ്വരന്‍മാരുടെ സമ്പത്ത് $ 3.9 ട്രില്ല്യണ്‍ വര്‍ദ്ധിച്ചതായി കണ്ടു. ഈ കാലയളവില്‍ 10 ശതകോടീശ്വരന്‍മാരുടെ സ്വത്ത് മാത്രം 540 മില്ല്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അവരുടെ ജീവനും ഉപജീവനമാര്‍ഗ്ഗവും നഷ്ടപ്പെടുമ്പോള്‍ ആണ് ഇത് സംഭവിച്ചിരിക്കുന്നത്. വരുമാനത്തിന്റെയും സമ്പത്തിന്റെയും വിതരണത്തില്‍ ഉയര്‍ന്ന തോതിലുള്ള അസമത്വം മുതലാളിത്തത്തില്‍ പുതിയ പ്രതിഭാസം അല്ല. വിപണികള്‍, അവയുടെ സ്വഭാവം അനുസരിച്ച് അസമത്വം ആണ് ഉണ്ടാക്കുന്നത്. 1970കളിലെ നവലിബറല്‍ മുതലാളിത്തത്തിന്റെ വരവ് ഈ പ്രവണതയെ ഊന്നിപ്പറയാന്‍ സഹായിച്ചു. വേള്‍ഡ് അസമത്വ റിപ്പോര്‍ട്ട് 2022 (World Inequality Report 2022) അനുസരിച്ച് ആഗോള വരുമാന അസമത്വം 1820 മുതല്‍ 1910 വരെ ക്രമാനുഗതമായി ഉയര്‍ന്നു. പിന്നീട് കുറച്ചുകാലം അത് ആ നിലയില്‍ തുടര്‍ന്നു. 1970കളില്‍ അത് വീണ്ടും ഉയര്‍ന്ന് 1980-2000 കാലയളവില്‍ അത്യുന്നതത്തില്‍ എത്തി. അതിനുശേഷം അത് ചെറുതായി കുറഞ്ഞു. പ്രത്യേകിച്ച് 2008ലെ സാമ്പത്തിക പ്രതിസന്ധി മേലേത്തട്ടില്‍ ഉള്ളവരുടെ വരുമാനത്തിലും ആസ്തിയുടെ മൂല്യത്തിലും ഇടിവ് ഉണ്ടാക്കി. കോവിഡ് മഹാമാരി പ്രശ്നം വഷളാക്കിയിരിക്കുന്നു. ഭൂരിഭാഗം ജനങ്ങളും തങ്ങളുടെ ജോലി സംരക്ഷണത്തിനും ജീവിക്കാന്‍ കഴിയുന്ന വരുമാനം തേടുന്നതിനും ആരോഗ്യ പരിരക്ഷ ലഭിക്കുന്നതിനും വേണ്ടി കഷ്ടപ്പെടുമ്പോഴും മുതലാളിത്ത വിഭാഗത്തിലെ ഒരു ചെറിയ ന്യൂനപക്ഷം ഈ മഹാമാരിയില്‍ നിന്ന് ഫലത്തില്‍ ലാഭം കൊയ്തു.

അങ്ങനെ മഹാമാരി വര്‍ഷം നെഗറ്റീവ് സാമ്പത്തിക വളര്‍ച്ചയും വ്യാപകമായ തൊഴില്‍ നഷ്ടങ്ങളും വരുമാന ഇടിച്ചിലുകളും ചെയ്തപ്പോള്‍ തന്നെ വരുമാനവും സമ്പത്തും കുറച്ചു കൈകളില്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്തു.

2020ലെ നെഗറ്റീവ് വളര്‍ച്ചയ്ക്ക് ശേഷം 2021ല്‍ ലോക ഉല്‍പ്പാദനം 6.1% വര്‍ദ്ധിച്ചു. ഇത് ഒരു താഴ്ന്ന ബേസില്‍ നിന്നുള്ള വളര്‍ച്ച ആയിരുന്നു. അതുകൊണ്ട് അതത്ര മതിപ്പ് ഉളവാക്കുന്നതല്ല. എന്നിരുന്നാലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോക്ക്ഡൌണുകള്‍ക്ക് ഇളവുകള്‍ നല്‍കുകയും നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതും പെട്ടെന്നുള്ള ഡിമാന്‍ഡ് വര്‍ദ്ധനവിന് കാരണമായി. സര്‍ക്കാരുകളുടെ ഉത്തേജക സാമ്പത്തിക പണ നയങ്ങളും ഇതിന് സംഭാവന നല്‍കി. വിതരണ ശ്രുംഖലയിലെ ലോക്ക്ഡൌണ്‍ പ്രേരിതമായ തടസ്സങ്ങള്‍ കാരണം മിതമായ ഡിമാന്‍ഡ് വര്‍ദ്ധനവിനോട് പോലും വിതരണത്തിന് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. പണപ്പെരുപ്പം ഉയരുന്നതാണ് ഫലം.

ലോക സമ്പദ് വ്യവസ്ഥയുടെ കോവിഡാനന്തര വളര്‍ച്ചയുടെ പ്രധാന സവിശേഷത അത് അസമമാണ് എന്നതാണ്. ലാഭത്തിന്റെ വളര്‍ച്ചയാണ് ഇതിന്റെ കാതല്‍. അമേരിക്കയിലും മറ്റുപല രാജ്യങ്ങളിലും കോര്‍പ്പറേറ്റ് ലാഭം ജിഡിപി യേക്കാള്‍ വേഗത്തില്‍ ഉയര്‍ന്നു. ഇത് ജിഡിപി യിലെ ലാഭവിഹിതം വര്‍ദ്ധിപ്പിക്കുകയും (വേതനത്തിന്റെ വിഹിതം കുറയുകയും) അതുവഴി അസമത്വം കൂടുകയും ചെയ്തു. 2021 (Q4) മുതല്‍ 2022 (Q2) വരെയുള്ള കാലയളവില്‍ യു.എസ് നോണ്‍ കോര്‍പ്പറേറ്റ് മേഖലയിലെ വില വര്‍ദ്ധനവ്‌ കാണിക്കുന്നത് അതിന്റെ 53.9 ശതമാനം സംഭാവന കോര്‍പ്പറേറ്റ് ലാഭത്തില്‍ ഉണ്ടായ വളര്‍ച്ചയാണ്. 38.3 ശതമാനം സംഭാവന സാമഗ്രികളുടെ വില വര്‍ദ്ധനവ്‌ ആകുമ്പോള്‍ കേവലം 7.9 ശതമാനമാണ് കൂലിയുടെ സംഭാവന. 1979-2019 കാലയളവില്‍ ആണെങ്കില്‍

വിലക്കയറ്റത്തില്‍ കൂലിയുടെ സംഭാവന 61.8 ശതമാനവും കോര്‍പ്പറേറ്റ് ലാഭത്തിന്റെത് 11.4 ശതമാനവും ആയിരുന്നു.3 മറ്റുപല രാജ്യങ്ങളുടേയും സ്ഥിതി ഇതുതന്നെ. കാനഡയില്‍ പണപ്പെരുപ്പത്തേക്കാള്‍ വളരെ പതുക്കെയാണ് കൂലി ഉയരുന്നത്. അതേസമയം ലാഭം റെക്കോര്‍ഡ്‌ നിരക്കില്‍ വര്‍ദ്ധിക്കുന്നു.4

ഇത്തരം അസമത്വങ്ങള്‍ ഒരു തരത്തിലും അഭികാമ്യം അല്ലെന്നു മാത്രമല്ല, അത് നേരത്തെ സൂചിപ്പിച്ചത് പോലെ സ്ഥൂല സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. ഉദാഹരണത്തിന്. 1979-2007 കാലഘട്ടത്തില്‍ വര്‍ദ്ധിച്ചു വരുന്ന വരുമാന അസമത്വം എല്ലാ വര്‍ഷവും മൊത്തം ഡിമാന്‍ഡില്‍ 4 ശതമാനം പോയിന്റില്‍ വരെ കുറവ് ഉണ്ടാക്കിയതായി അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നു.5

വര്‍ദ്ധിച്ചുവരുന്ന കുത്തകാധികാരം, ഉയര്‍ന്ന തോതിലുള്ള അസമത്വങ്ങള്‍, വരുമാനത്തില്‍ കൂലിയുടെ വിഹിതം കുറയ്ക്കല്‍ എന്നിവ ലോക മുതലാളിത്തത്തിന്റെ ഘടനാപരമായ ദൗര്‍ബല്യമാണ്. കോവിഡ് മഹാമാരിയും അതില്‍നിന്നുള്ള തിരിച്ചുവരവിന്റെ രീതിയും ഈ പ്രവണതയ്ക്ക് ആക്കം കൂട്ടി. മാത്രമല്ല, പ്രതിസന്ധിയെ കുറിച്ചുള്ള സര്‍ക്കാരുകളുടെ പ്രതികരണങ്ങള്‍ പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കിയത്. സെന്‍ട്രല്‍ ബാങ്കുകളുടെ നിരക്ക് വര്‍ദ്ധനവ് സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന് ഭയപ്പെടുന്നു. നികുതി വരുമാനത്തിലെ മന്ദഗതിയില്‍ ഉള്ള വളര്‍ച്ച മൂലം സര്‍ക്കാരുകളുടെ ചിലവും കൂടുന്നില്ല. ഇതെല്ലാം വളര്‍ച്ചയ്ക്ക് ഉള്ള സാമ്പത്തില പിന്തുണ കുറയ്ക്കുന്നു. റഷ്യ-ഉക്രൈന്‍ യുദ്ധവും റഷ്യക്ക് എതിരായ ഉപരോധവും ആഗോള സാമ്പത്തില വ്യവസ്ഥയെ കൂടുതല്‍ ഇരുളടഞ്ഞത് ആക്കിയിട്ടുണ്ട്. ഇപ്പോള്‍ ഐ.എം.എഫ് കണക്കാക്കുന്നത് 2022ലും 2023ലും ലോക സമ്പദ് വ്യവസ്ഥ 3.6 ശതമാനം വളര്‍ച്ച നേടും എന്നാണ്. ജനുവരിയിലെ റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ 4.4 ശതമാനവും 2023ല്‍ 3.8 ശതമാനവും വളര്‍ച്ചാനിരക്ക് ഐ.എം.എഫ് പ്രതീക്ഷിച്ചിരുന്നു. പണപ്പെരുപ്പവും കൂടുതല്‍ വഷളായി. പ്രത്യേകിച്ച് ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വിളകള്‍ സാരമായി ഉയര്‍ന്നു. 2022, 2023 വര്‍ഷങ്ങളിലെ പണപ്പെരുപ്പത്തിന്റെ എസ്റ്റിമേറ്റ് ഐ.എം.എഫ് മുകളിലേക്ക് പുതുക്കി. യുദ്ധം അവസാനിച്ചാലും,

പകര്‍ച്ചവ്യാധി തുടച്ചുനീക്കിയാലും ലോക സമ്പദ് വ്യവസ്ഥയുടെ ദുരിതങ്ങള്‍ അവസാനിക്കുകയില്ല. ആഗോള മുതലാളിത്തത്തിന്റെ അടിസ്ഥാന ഘടനാപരമായ ബലഹീനത – കുത്തകകളുടെ വളര്‍ച്ചയും അസമത്വത്തിന്റെ തീരാവിടവും – സിസ്റ്റത്തെ സ്തംഭനാവസ്ഥയിലേക്ക് തള്ളിവിടുന്നത് തുടരുന്നതിന് കാരണമാകും. സാങ്കേതിക മുന്നേറ്റങ്ങളും പുതിയ കണ്ടെത്തലുകളും മറ്റു മാറ്റങ്ങളും ഈ പ്രക്രിയയെ വൈകിപ്പിച്ചേക്കാം. എന്നാല്‍ ഘടനാപരമായ ദൗര്‍ബല്യം പരിഹരിച്ചില്ല എങ്കില്‍ ഭീഷണി നിലനില്‍ക്കും. അതിന്റെ പരിഹാരം രാഷ്ട്രീയമാണ്, സാമ്പത്തികമല്ല.


1 The author teaches Economics at Motilal Nehru College, University of Delhi.

2 Deepankar Basu: ‘Reproduction and Crisis in Capitalist Economies’, in Matt Vidal, Tony Smith, Tomas Rotta and Paul Prew (ed.) The Oxford Handbook of Karl Marx, Oxford University Press, New York, 2019.

3 Josh Bivens: ‘Corporate Profits have contributed disproportionately to inflation. How should policymakers respond?’, Working Economics Blog, Economic Policy Institute, Washington DC, 2022.

4 Jim Stanford: ‘Corporations are Profiting from Inflation’, www.jacobin.com , accessed on 23-06-2022.

5 Josh Bivens and Asha Banerjee: Inequality’s Drag on Aggregate Demand, Economic Policy Institute, Washington D C, 2022

 

Comments

comments