ആമുഖം
ഈ ലേഖനപരമ്പര എഴുതുന്നത് നമ്മുടെ രാജ്യത്തിൻ്റെ ഭാഗധേയം ” ഹിന്ദുത്വ ” എന്ന പ്രത്യയശാസ്ത്രം മുന്നോട്ടുവെയ്ക്കുന്ന സാമൂഹ്യക്രമവുമായി അത്രമേൽ ബന്ധപ്പെട്ടിരിക്കുന്ന ഒരു കാലത്താണ്. എഴുപത്തിമൂന്നു വർഷം പിന്നിട്ടിരിക്കുന്ന ഇന്ത്യൻ റിപ്പബ്ളിക്കിൻ്റെ അടിസ്ഥാനാശയങ്ങൾക്ക് ഇക്കാലയളവിൽ പറ്റിയ പരിക്ക്  മാത്രമല്ല, അതിൻ്റെ കാരണം. നൂറ്റാണ്ടുകളായി ഉരുത്തിരിഞ്ഞുവന്ന ഒരു ജീവിതക്രമത്തെ മുന്നോട്ട് കൊണ്ടുപോകുന്ന സാമൂഹിക ആന്തരികബലങ്ങൾക്ക് കാര്യമായ തകരാറുകൾ അത് നിരന്തരം ഏല്പിച്ചുകൊണ്ടിരിക്കുന്നു എന്നത് കൂടിയാണ്. ഏറ്റവും ചുരുങ്ങിയത് ഒരു നൂറ്റാണ്ടായെങ്കിലും ഇന്ത്യയെ സാമൂഹികമായി ഒരുക്കിയെടുക്കാൻ നിരവധിശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അവയെല്ലാം ഏകരൂപത്തിലുള്ളതായിരുന്നില്ല. രാഷ്ട്രീയം എന്ന് നാം വിളിക്കുന്ന ഒരു മണ്ഡലത്തിൽ മാത്രമല്ല അത് നടന്നതും.ഹിന്ദുത്വഫാസിസത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അത് സാംസ്ക്കാരികരാഷ്ട്രീയം ആണെന്നുള്ളതാണ്. ഇന്ത്യൻ ചരിത്രത്തിൽ മുഴുവൻ പിടിമുറുക്കിക്കൊണ്ട് സാംസ്കാരികാധിപത്യം ഉറപ്പിക്കുക എന്നതാണ് അതിൻ്റെ ലക്ഷ്യം. ചരിത്രം അതുകൊണ്ട് ആ രാഷ്ട്രീയത്തിന് പ്രിയപ്പെട്ടതാണ്. ഹിംസയെ പ്രഘോഷിക്കുന്ന ഒന്നാണത്. മനുഷ്യർ തമ്മിലുള്ള അടുപ്പങ്ങൾ പണിതുയർത്തിയ എല്ലാ മൂല്യങ്ങളും മൃദുവാണെന്നും കരുത്തുറ്റ ഒരു പിടിയിൽ തകരുന്നതാണെന്നുമുള്ള പ്രതീതി അത് ഉളവാക്കുന്നു. ഒരേ സമയം അത് അതിനെ പിന്തുടരുന്നവരേയും എതിരാളികളേയും കരുക്കൾ മാത്രമാക്കുന്നു. യാഥാർത്ഥ്യത്തിൽ നിന്ന് നാടുകടത്തുന്ന അജണ്ടകൾ നിരന്തരമായി അത് നിർമ്മിച്ചു കൊണ്ടിരിക്കുന്നു. അത് ബോധപൂർവ്വം വൈരുദ്ധ്യങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ആണത്തത്തിൻ്റെ ഇതുവരെയില്ലാത്ത വലിപ്പത്തിൻ്റെ ലോകം സൃഷ്ടിക്കുന്നു. സന്ധിചെയ്യേണ്ടിടത്ത് സന്ധി ചെയ്തും വിഴുങ്ങേണ്ടതിനെ വിഴുങ്ങിയും അത് മുന്നേറിക്കൊണ്ടിരിക്കുന്നു.
ഫാസിസത്തിൻ്റെ ചർച്ചകൾ നമുക്ക് പുത്തരിയല്ല. 1940-കൾ മുതലെങ്കിലും ഫാസിസം നമുക്ക് ചർച്ചാവിഷയമാണ്. ഹിറ്റ്ലറും മുസ്സോളിനിയും ആരെന്നും അവരുടെ നയങ്ങൾ ലോകത്തിൽ എന്ത് ചെയ്തെന്നും  രണ്ടു തലമുറ മുമ്പെങ്കിലും മനസ്സിലാക്കിയവരാണ് നമ്മൾ. സ്വാതന്ത്ര്യസമരകാലത്ത് തന്നെ അതിനെ സംബന്ധിച്ച ചർച്ചകൾ സജീവമായിരുന്നു. നെഹ്റുവിൻ്റെ ഇന്ത്യയെ കണ്ടെത്തൽ തുടങ്ങുന്നത് തന്നെ ലോകഫാസിസത്തെ എതിർക്കേണ്ടത് എന്തുകൊണ്ട് എന്ന് വിശദീകരിച്ചുകൊണ്ടാണ്. കമ്യൂണിസ്റ്റ് ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു ചർച്ചാവിഷയം ഇന്നും 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ നിന്ന് അവർ മാറി നിന്നതിൻ്റെ കാരണങ്ങളെ കുറിച്ചാണ്. രണ്ടാം ലോകയുദ്ധം ഫാസിസത്തിനെതിരെയുള്ള പോരാട്ടം കൂടിയായിരുന്നു എന്ന  കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അന്താരാഷ്ട്ര നിലപാടാണ് ഇത്തരം ചർച്ചകളിൽ ഇടതുപക്ഷ വിശ്വാസികൾ ചൂണ്ടിക്കാണിക്കുക. ഫാസിസത്തെപ്പറ്റി അന്താരാഷ്ട്രതലത്തിൽ അവർക്കുണ്ടായിരുന്ന തെളിമയാർന്ന കാഴ്ചപ്പാടിൻ്റെ നിദർശനം അതിലുണ്ട്. അത് ഒരു ദേശീയചരിത്രത്തിൽ പ്രയോഗിക്കുമ്പോഴുണ്ടാകുന്ന സങ്കീർണ്ണതയെ പൂർണ്ണാർത്ഥത്തിൽ ഇഴപിരിച്ചെടുക്കാൻ അക്കാലത്ത് അവർക്ക് കഴിഞ്ഞില്ലെങ്കിൽ പോലും. നേരെ മറിച്ച് കമ്യൂണിസ്റ്റ് പാർട്ടിയുടെ എതിരാളികൾ അവരെ എതിർത്തിരുന്നത് സ്റ്റാലിൻ- ഹിറ്റ്ലർ സന്ധിയുടെ തന്നെ അന്താരാഷ്ട്ര പശ്ചാത്തലം ചൂണ്ടിക്കാണിച്ചാണ്. സ്റ്റാലിൻ്റെ  റഷ്യയിലാണ് ഹിറ്റ്ലർ വൻപരാജയം രുചിച്ചത് എന്ന് കമ്യൂണിസ്റ്റുകാർ അതിന് മറുപടി പറയുകയും ചെയ്യുന്നു.
അന്താരാഷ്ട്ര ഫാസിസ്റ്റ് വിരുദ്ധ സാഹിത്യത്തിനും കലയ്ക്കും ഏറ്റവും കൂടുതൽ അനുവാചകർ ഉണ്ടായ ഒരു മൂന്നാംലോക ഇടം കേരളമായിരുന്നു എന്ന് ഉറപ്പിച്ചു പറയാം. ആൻഫ്രാങ്കിൻ്റെ ഡയറിക്കുറിപ്പുകൾ നമ്മുടെ മിക്കവാറും എല്ലാ  ലൈബ്രറികളിലെയും ഒരു അലമാരയിൽ ഇരിപ്പുണ്ടാകും . സ്വന്തം കുഞ്ഞുങ്ങളുടെ കൂട്ടത്തിലൊരാളായാണ് ആൻഫ്രാങ്കിനെ നാം കണ്ടിട്ടുള്ളത്. സാക്ഷരതയുടേയും സാഹിത്യപ്രവർത്തനത്തിൻ്റേയും പ്രത്യേകതയാർന്ന സാമൂഹികചരിത്രത്തിൻ്റേയും ഒക്കെ ഫലമായി കേരളത്തിൽ ഒരു ഉപസമൂഹം എന്ന് ധൈര്യമായി വിശേഷിപ്പിക്കാവുന്ന “വായനാസമൂഹ” ത്തിന് ഏലി വീസൽ അടക്കമുള്ള ഫാസിസ്റ്റ് വിരുദ്ധ എഴുത്തുകാർ അപരിചിതരായിരുന്നില്ല. കോൺസൺട്രേഷൻ ക്യാമ്പിലെ അദ്ദേഹത്തിൻ്റെ അനുഭവങ്ങൾ വിവരിച്ചു കൊണ്ടെഴുതിയ “രാത്രി ” (The Night ) പോലുള്ള ഒരു പുസ്തകത്തെപ്പറ്റി ” സാഹിത്യവാരഫലം ” പോലുള്ള ജനകീയമായ സാഹിത്യ പംക്തിയിൽ എം.കൃഷ്ണൻനായർ ഒന്നിലധികം തവണ പരാമർശിച്ചിട്ടുണ്ട്. ലൈബ്രറി പ്രസ്ഥാനം കഴിഞ്ഞാൽ കേരളത്തിൽ വേരോടിയ എഴുപതുകളിലെ ഫിലിംസൊസൈറ്റി പ്രസ്ഥാനങ്ങളും ഫാസിസ്റ്റ് വിരുദ്ധസിനിമയെ കൊണ്ടാടിയിരുന്നു. അലൻ റെനേയുടെ “നൈറ്റ് ആൻഡ് ഫോഗ് ” യൂറോപ്പിന് പുറത്ത് ഏറ്റവുമധികം പ്രദർശിപ്പിച്ച ഒരു സ്ഥലം കേരളമായിരിക്കും. ഹിറ്റ്ലറുടെ അപരൻ ആയി ചാപ്ലിൻ തകർത്തഭിനയിച്ച ” ദി ഗ്രേറ്റ് ഡിക്ടേറ്റർ ” എന്ന സിനിമയും മലയാളിക്ക് അതീവ പരിചിതമാണ്.  നവീനചിത്രകലയുമായി ഏതെങ്കിലും തരത്തിൽ പരിചയിക്കാനിടവന്ന മലയാളികൾക്ക് ഏറ്റവും സുപരിചിതമായ ചിത്രങ്ങളിൽ ഒന്ന് പിക്കാസ്സോയുടെ ”ഗോർണിക്ക ” ആയിരിക്കും. കെ.ജി.ശങ്കരപ്പിള്ള തർജ്ജമ ചെയ്ത മാർട്ടിൻ നീമൊയ്ളറുടെ കവിത, ” ആദ്യം അവർ ജൂതരെ തേടി വന്നു. ഞാൻ ഒന്നും മിണ്ടിയില്ല ” എന്നാരംഭിക്കുന്നത്, മലയാളകവിത പോലെത്തന്നെ മലയാളികൾ സ്വീകരിച്ചു. ഹിറ്റ്ലർ മൂലം ദുർഘടങ്ങളിലെത്തപ്പെട്ട പോൾ സെലാനെക്കുറിച്ച് സച്ചിദാനന്ദൻ കവിതയെഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ “ഡെത്ത്ഫ്യൂഗ് ” എന്ന കവിത ബാലചന്ദ്രൻ ചുള്ളിക്കാട് തർജ്ജമ ചെയ്തിട്ടുണ്ട്. ഹിറ്റ്ലർ മൂലം ആത്മഹത്യ ചെയ്ത വാൾട്ടർ ബൻയാമിനും അദ്ദേഹത്തിൻ്റെ എഴുത്തുകളും തത്വശാസ്ത്രവിദ്യാർത്ഥികൾക്കപ്പുറം മലയാളത്തിൻ്റെ പൊതുമണ്ഡലത്തിൽ വളരെയേറെ ചർച്ച ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ഒരു വാചകം ” ആപൽക്കരമായ നിമിഷങ്ങളിൽ മിന്നിമായുന്ന ഓർമ്മകളെ എത്തിപ്പിടിക്കുന്നതാണ് ചരിത്രം “, ധാരാളം മലയാളികൾ അവരുടെ ജീവിതത്തിൻ്റെ ശേഖരത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട് .മേൽപ്പറഞ്ഞ വാചകം മലയാളത്തിലാക്കിയ ഡോ. ടി.കെ.രാമചന്ദ്രൻ ഉൾപ്പെടെ നിരവധി പേർ ഫാസിസത്തിൻ്റെ ഉൾക്കാഴ്ചകളെ അപഗ്രഥിച്ച് മലയാളത്തിൽ ഒരു പാട് എഴുതിയിട്ടുണ്ട്. വിൽഹെം റീഹിൻ്റെ ” ഫാസിസത്തിൻ്റെ ആൾക്കൂട്ടമനശ്ശാസ്ത്രം ” പോലെയുള്ള കൃതികൾ മലയാളത്തിൽ തർജ്ജമപ്പെട്ടിട്ടുണ്ട്. വായിക്കപ്പെട്ടിട്ടുണ്ട്. എം എൻ വിജയനും ബി.രാജീവനും കെ ഇ എന്നും കെ എസ് ഹരിഹരനും സുനിൽ പി ഇളയിടവും ഫാസിസത്തെപ്പറ്റി നിരന്തരം എഴുതുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. മലയാളിയായ കെ.എൻ.പണിക്കർ മൂന്ന് പതിറ്റാണ്ടെങ്കിലും തുടർച്ചയായി ഇന്ത്യൻ ഫാസിസത്തെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകി. റൊമീളഥാപ്പറും ആഷിഷ് നന്ദിയും സുധീർകക്കറും ഒക്കെ മലയാളത്തിൽ ധാരാളമായി വായിക്കപ്പെട്ടു.ഇതോടൊപ്പം തന്നെ ചുരുക്കം മലയാളികൾ എങ്കിലും    ഹിറ്റ്ലർ ഫാസിസത്തിൻ്റെ ” രുചി ” നേരിട്ട് അറിഞ്ഞു എന്നതും നാം വിസ്മരിക്കാൻ പാടുള്ളതല്ല. 1933 ഫെബ്രുവരി 27ന്  ബെർലിനിൽ വെച്ച് ഏ സി എൻ നമ്പ്യാർ എന്ന കേരളീയനായ പത്രപ്രവർത്തകനെ ഹിറ്റ്ലറുടെ “സ്റ്റോം ട്രൂപ്പേഴ്സ് ” അറസ്റ്റ് ചെയ്യുകയുണ്ടായി. ജർമ്മൻ ചരിത്രത്തിലേയും ഫാസിസ്റ്റ് ചരിത്രത്തിലേയും പ്രധാനസംഭവങ്ങളിലൊന്നായ ജർമ്മൻ പാർലിമെൻ്റ് (റെയ്ക്സ്റ്റാഗ് ) തീവെച്ചതുമായി ബന്ധപ്പെടുത്തിയാണ് നമ്പ്യാരെ അറസ്റ്റ് ചെയ്തത്. പിൽക്കാലത്ത് നാസികൾ തന്നെയാണ് ഇത് ചെയ്തതെന്ന് തെളിയുകയുണ്ടായി. എന്നാൽ അത് നടന്ന കാലത്ത് ,1933 ഫെബ്രുവരി 26 അർദ്ധരാത്രിയിൽ ആണ് ഇത് നടന്നത്, കമ്യൂണിസ്റ്റുകാരുടെ തലയിൽ ആണ് അത് കെട്ടിവച്ചത്. അതിനും നാലാഴ്ചകൾക്ക് മുമ്പ് ഹിറ്റ്ലർ ,ജർമ്മൻ ചാൻസലർ ആയി അധികാരമേറ്റെടുത്തിരുന്നു. എതിർപാർട്ടികളെ തച്ചുടക്കാനുള്ള നടപടികൾ തുടങ്ങിവെച്ചിരുന്നു. അതിൻ്റെ ഭാഗമായി നടന്ന വലിയ ഗൂഢാലോചനകളിൽ ഒന്നായിരുന്നു റെയ്ക്സ്റ്റാഗ് ആക്രമണം.

നേതാജിയോടൊപ്പം എ സി എൻ നമ്പ്യാർ

കണ്ണൂരുകാരനായിരുന്ന ഏ സി എൻ നമ്പ്യാർ മദ്രാസ് പ്രസിഡൻസി കോളേജിലെ പഠനത്തിന് ശേഷം അദ്ദേഹം ലണ്ടനിലേയ്ക്കും തുടർന്ന് 1924 ൽ ബർലിനിലേയ്ക്കും നീങ്ങി. ലണ്ടനിൽ വെച്ച് അദ്ദേഹം അന്നവിടെയുള്ള ഇന്ത്യൻ വിപ്ലവകാരികളുമായി ചങ്ങാത്തത്തിലായി.കൂടാതെ യൂറോപ്യൻ സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളുമായും അദ്ദേഹം അടുത്തിടപഴകുകയും അതുവഴി കമ്യൂണിസ്റ്റ് അനുഭാവിയായി മാറുകയും ചെയ്തു. ബർലിനിൽ വിൽഹെം സ്ട്രാസ്സെയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ സാമ്പത്തികസഹായത്തോടെ ഇന്ത്യൻ ഇൻഫർമേഷൻ ബ്യൂറോ നടത്തുകയായിരുന്നു  അദ്ദേഹം.ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് അനുകൂലമായ ലോക  പൊതുജനാഭിപ്രായം ഉണ്ടാക്കാനുള്ള യത്നത്തിൻ്റെ ഭാഗമായിരുന്നു നമ്പ്യാർ ഇത് നടത്തിയിരുന്നത്. 1927 ൽ ബ്രസ്സൽസിൽ വെച്ച് നടന്ന സാമ്രാജ്യത്തത്തിനും കോളനിവല്ക്കരണത്തിനും എതിരായ അന്താരാഷ്ട്ര സമ്മേളനത്തിൽ വെച്ച്  നെഹ്റുവുമായി നടന്ന കൂടിക്കാഴ്ചയാണ് ഇത്തരമൊരു പ്രവൃത്തിയിലേയ്ക്ക് നമ്പ്യാരെ നയിച്ചത്.

സരോജിനി നായ്ഡുവിൻ്റെ സഹോദരിയും ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് പാർട്ടി വനിതാ അംഗങ്ങളിൽ ഒരാളുമായ സുഹാസിനി ചട്ടോപദ്ധ്യായയെ ആണ് നമ്പ്യാർ വിവാഹം ചെയ്തത് . 1920 കളിൽ ആ വിവാഹബന്ധത്തിൽ വിള്ളലുണ്ടാകുകയും പിന്നീട് നമ്പ്യാർ ബവേറിയക്കാരിയായ കമ്യൂണിസ്റ്റ് ഇവാ ഗെയ്സ്ലറെ വിവാഹം കഴിക്കുകയും ചെയ്തു.

നമ്പ്യാരെ കീഴ്പ്പെടുത്തിയ ശേഷം സ്റ്റോം ട്രൂപ്പേഴ്സ് അവരുടെ ആസ്ഥാനത്തേക്ക് കൊണ്ടുപോകുകയും കഠിനമർദ്ദനത്തിന് വിധേയമാക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ അലക്സാണ്ടർ പ്ലാറ്റ്സിലെ പോലീസ് ആസ്ഥാനത്ത് ഹാജരാക്കി. അവിടെ ഏകാന്തത്തടവറയിൽ അദ്ദേഹത്തിന് കഴിയേണ്ടി വന്നു. അവസാനം ജർമ്മനിയിൽ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടു.

ഓ.വി.വിജയൻ്റെ അവസാന നോവലായ തലമുറകളിൽ കോൺസൺട്രേഷൻ ക്യാമ്പിൽ എത്തിച്ചേരുന്ന ഒരു മലയാളി കഥാപാത്രത്തിൻ്റെ ചിത്രീകരണം ഉണ്ട്.

ഇതോടൊപ്പം ഓർക്കേണ്ട ഒന്ന് മലയാളക്കരയിൽ സിനിമാവ്യവസായത്തിന് വേരോട്ടമുണ്ടാക്കിയ നിർമ്മാണക്കമ്പനികളിൽ പ്രധാനപ്പെട്ട ഒന്നിൻ്റെ , ഉദയാ സ്റ്റുഡിയോയുടെ ബാനറിൽ പുറത്തിറങ്ങിയ, ആദ്യസിനിമ വെള്ളിനക്ഷത്രം സംവിധാനം ചെയ്തത് ഫെലിക്സ് ജെ ബേയ്സ് എന്ന ജർമ്മൻകാരനായിരുന്നു എന്നതാണ്. മലയാളത്തിലെ ആദ്യകാലനടന്മാരിൽ ഒരാളും തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസ്സിൻ്റെ സജീവപ്രവർത്തകനുമായ ആലപ്പി വിൻസെൻ്റ് ചെന്നൈയിൽ വെച്ച് ആകസ്മികമായി പരിചയപ്പെട്ട ഫോട്ടോഗ്രാഫറായിരുന്നു ഫെലിക്സ്. ആ പരിചയമാണ് അദ്ദേഹത്തെ ആലപ്പുഴയിലെത്തിച്ചത്. ചിത്രീകരണത്തിലുടനീളം ഒരു ലൊക്കേഷൻ ചിത്രത്തിലും ഉൾപ്പെടാതിരിക്കാൻ ഫെലിക്സ് മന:പൂർവ്വം ശ്രമിച്ചു. അതിനാൽ ഫെലിക്സിൻ്റെ ഒരു ഫോട്ടോ പോലും ഉദയായുടെ പുരാചിത്രശേഖരത്തിൽ ഇല്ല. അങ്ങനെ, വന്നപോലെത്തന്നെ ആകസ്മികമായി ഫെലിക്സ് അപ്രത്യക്ഷനാകുകയും ചെയ്തു.

പിൽക്കാലത്ത് ആലപ്പി വിൻസെൻ്റ് തന്നോട് വെളിപ്പെടുത്തിയ രഹസ്യം എന്ന നിലയിൽ ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ എന്ന സിനിമാ ചരിത്രകാരൻ, ഫെലിക്സ് ജെ ബേയ്സ് ഒരു നാസി ചാരൻ ആയിരുന്നുവെന്ന് വെളിപ്പെടുത്തുകയുണ്ടായി. രണ്ടാംലോക യുദ്ധക്കാലത്ത് ജർമ്മനിയുടെ എതിരാളികൾ ആയിരുന്ന ബ്രിട്ടീഷിന്ത്യയിലെ തന്ത്രപ്രധാന സ്ഥലങ്ങളുടെ ഫോട്ടോ നാസികൾക്ക് എത്തിച്ചുകൊടുക്കുക എന്ന ദൗത്യമേറ്റെടുത്തുകൊണ്ടാണ് ഫെലിക്സ് ഇന്ത്യയിലെത്തിയത്. രണ്ടാംലോക യുദ്ധത്തിൽ ജർമ്മനി പരാജയപ്പെടുകയും ഹിറ്റ്ലർ ആത്മഹത്യ ചെയ്യുകയും ചെയ്തു. നാസി കുറ്റവാളികളെ ശിക്ഷിക്കുന്നതിനായി ന്യൂറംബർഗ് വിചാരണ ആരംഭിക്കുകയും ചെയ്തു. അതുകൊണ്ടാണ് തന്റെ ഒരു ചിത്രം പോലും പുറത്തുവരാതെ ഫെലിക്സ് ശ്രദ്ധിച്ചതെന്നും ചേലങ്ങാട്ട്, ആലപ്പി വിൻസെൻ്റിനെ ഉദ്ധരിച്ച് പറയുന്നു.

പറയാൻ ശ്രമിക്കുന്നത് ഫാസിസത്തിൻ്റെ മനുഷ്യവിരുദ്ധമായ ഉള്ളടക്കത്തെ നിരന്തരം തുറന്നുകാണിക്കാൻ തുടർച്ചയായി പ്രവർത്തിച്ച ഒരു കൂട്ടമാണ് മലയാളികൾ എന്നാണ്. അതിൻ്റെയെല്ലാം ഫലമായി ഫാസിസത്തിനെതിരെയുള്ള ഒരു മനോഭാവം സാധാരണനിലയായ് തന്നെ മലയാളികളിൽ ഉണ്ട്.

എന്നാൽ ഈ ഫാസിസ്റ്റ് വിരുദ്ധമലയാളി ജീവിതത്തിന് ഒരു മറുവശം കൂടിയുണ്ട്. 1996 ൽ പുറത്തു വന്ന മലയാളസിനിമയാണ് കാലാപാനി . മലയാളികളുടെ പ്രിയ സംവിധായകനായ പ്രിയദർശൻ സംവിധാനം ചെയ്ത ,അന്നുവരെയുള്ള മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച് നിർമ്മിച്ച മലയാള സിനിമയായിരുന്നു അത്. 1915 കാലഘട്ടത്തെ ആസ്പദമാക്കി എടുത്ത ചരിത്രകാല്പനികം എന്ന് വിശേഷിപ്പിക്കാവുന്ന ആ സിനിമ ഹിന്ദിയടക്കം നിരവധി ഭാഷകളിലേയ്ക്ക് ഡബ്ബ് ചെയ്ത് ഇന്ത്യയൊട്ടാകെ പ്രദർശിപ്പിക്കുകയുണ്ടായി. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഗാന്ധിപൂർവ്വഘട്ടത്തെ ആസ്പദമാക്കി നിർമ്മിച്ച ആ ചിത്രത്തിൽ ചരിത്രാടിത്തറയുള്ളതും ഇല്ലാത്തതുമായ കഥാപാത്രങ്ങൾ അണിനിരന്നിരുന്നു. മോഹൻലാൽ അവതരിപ്പിക്കുന്ന ഗോവർദ്ധൻ മേനോൻ എന്ന കഥാപാത്രം പൂർണ്ണമായും ചരിത്രാടിത്തറ ഇല്ലാത്ത ഒരു നിർമ്മിതിയായിരുന്നു. അങ്ങനെ ഒരടിത്തറയുണ്ട് എന്ന് അവകാശപ്പെടാവുന്ന മൂന്ന് കഥാപാത്രങ്ങൾ അന്നു കപൂർ അവതരിപ്പിച്ച വി.ഡി.സവർക്കർ , അമരീഷ് പുരി അവതരിപ്പിച്ച മിർസാഖാൻ, അലക്സ് ഡ്രാപ്പർ അവതരിപ്പിച്ച ഡേവിഡ് ബാരി എന്ന അയർലണ്ടുകാരൻ തുടങ്ങിയവർ ആയിരുന്നു. ഈ മൂന്നു കഥാപാത്രങ്ങളും കയറിവന്നത് യഥാർത്ഥത്തിൽ വി .ഡി .സവർക്കർ രചിച്ച “എൻ്റെ നാടുകടത്തൽ” (My transportation of life) എന്ന അദ്ദേഹത്തിൻ്റെ ആൻഡമാൻ സെല്ലുലാർ ജയിൽ സ്മരണകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു.

ആരാണ് സവർക്കർ എന്ന ചോദ്യത്തിന് ഇന്ന് മലയാളി ഉത്തരം തന്നേക്കും. കാരണം ഇന്നത്തെ ഹിന്ദുത്വഫാസിസ്റ്റ് ഭരണകൂടം ബോധപൂർവ്വം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്ന ദേശീയബിംബങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് അദ്ദേഹത്തിൻ്റേതാണ്. ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിൽ വീണടിഞ്ഞ ഒരു ബിംബമായിരുന്നു സവർക്കറുടേത്. അതിൻ്റെ പ്രധാനപ്പെട്ട കാരണം സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ദാരുണസംഭവങ്ങളിൽ ഒന്നായ ഗാന്ധിവധത്തിൽ അദ്ദേഹം വഹിച്ചു എന്ന് പറയപ്പെടുന്ന പങ്കാണ്. മാത്രമല്ല ,ആൻഡമാനിലെ സെല്ലുലാർ ജയിലിൽ തടവുപുള്ളിയായി കിടക്കുന്ന കാലത്ത് അദ്ദേഹം ബ്രിട്ടീഷുകാർക്കെഴുതിയ മാപ്പപേക്ഷകളും ഇക്കാലത്ത് പൊതുമണ്ഡലത്തിൽ വീണ്ടും ചർച്ചാ വിഷയമാകുകയുണ്ടായി. ഹിന്ദു ഫാസിസ്റ്റുകൾ അദ്ദേഹത്തെ ദേശീയബിംബമായി, ഒരർത്ഥത്തിൽ ഗാന്ധിയ്ക്ക് പകരം വെയ്ക്കുന്ന തരത്തിൽ, ഉയർത്തിക്കൊണ്ടുവരുന്നതിൻ്റെ കാരണം, ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്രത്തിൻ്റെ ഉപജ്ഞാതാവ് അദ്ദേഹം ആയത് കൊണ്ടാണ്. അദ്ദേഹം 1923 ൽ രചിച്ച “ഹിന്ദുത്വത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ ” (The Essentials of Hindutva) എന്ന പുസ്തകമാണ് ” ഹിന്ദുത്വ ” എന്ന സങ്കല്പനത്തിന് ജന്മം നൽകിയത്.

അങ്ങനെയുള്ള സവർക്കറുടെ സ്മരണാപുസ്തകത്തെ അധികരിച്ച് ,അതുവരെ കേരളം കണ്ടിട്ടില്ലാത്ത വിധം ഉയർന്ന ബജറ്റിൽ, വളരെ പ്രസിദ്ധനായ സംവിധായകൻ ,കേരളത്തിലേയും തമിഴിലേയും ഹിന്ദിയിലേയും വൻകിട താരങ്ങളെ (മോഹൻലാൽ ,പ്രഭു ,തബു,അമരീഷ് പുരി, അന്നു കപൂർ തുടങ്ങിയവരെ ) അണിനിരത്തി ഒരു ദൃശ്യവിരുന്നായ ചിത്രം പുറത്തിറക്കിയിട്ടും ,ആൻഡമാൻ ജയിലിൽ വെച്ച് സവർക്കർ എഴുതിയ മാപ്പപേക്ഷകളെ കുറിച്ചോ ,മുസ്ലീംവിരുദ്ധത ആളിക്കത്തിക്കുന്ന തരത്തിൽ ആ സ്മരണാപുസ്തകത്തിൽ അദ്ദേഹം നടത്തിയിട്ടുള്ള പരാമർശങ്ങളെക്കുറിച്ചോ യാതൊരു ചർച്ചയും ഉയർന്നുവരികയുണ്ടായില്ല.  അക്കൊല്ലത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ എം.പി.സുകുമാരൻ നായരുടെ കഴകം ആയിരുന്നു ഏറ്റവും നല്ല സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. കാലാപാനിക്ക് ഏറ്റവും നല്ല രണ്ടാമത്തെ സിനിമ ഉൾപ്പെടെ ഏഴ് അവാർഡുകൾ ലഭിച്ചു.അന്ന് അവാർഡ് കമ്മറ്റിയിൽ ഉണ്ടായിരുന്ന സീമ എന്ന പ്രശസ്ത നടി ആ അവാർഡ് പ്രഖ്യാപനത്തിന് ശേഷം ഏറ്റവും നല്ല സിനിമയ്ക്കുള്ള അവാർഡ് കാലാപാനിക്കാണ് നൽകേണ്ടിയിരുന്നത് എന്ന് ശക്തമായ അഭിപ്രായപ്രകടനം നടത്തിയതിനെ തുടർന്ന് ഒരു വിവാദം പൊട്ടിപ്പുറപ്പെടുകയുണ്ടായി. പിന്നീട് ദേശീയ അവാർഡ് പ്രഖ്യാപിച്ചപ്പോൾ നാല് അവാർഡുകൾ കാലാപാനിക്ക് ലഭിക്കുകയുണ്ടായി.

ഇങ്ങനെ കാലാപാനിയെക്കുറിച്ച് നിരവധി ചർച്ചകൾ പൊതുമണ്ഡലത്തിൽ നടന്നിട്ടും ഹിന്ദുത്വഫാസിസത്തിൻ്റെ പിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന വി.ഡി.സവർക്കറുമായി ബന്ധപ്പെടുന്ന ആ ചിത്രത്തിൻ്റെ ബന്ധം പരിശോധിക്കപ്പെടുകയുണ്ടായില്ല. സവർക്കർ കഥാപാത്രമായി പ്രത്യക്ഷപ്പെട്ടിട്ടുപോലും. സവർക്കർ മാത്രമല്ല ,ഹിന്ദുത്വ ഫാസിസത്തിന്റെ മറ്റൊരു വ്യക്താവായ ഭായ് പരമാനന്ദും ആ ചിത്രത്തിൽ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഫാസിസത്തെപ്പറ്റി പലതരത്തിൽ ബോധവാന്മാരും ബോധവതികളും ആയിരുന്നിട്ടും ,ബാബ്റി മസ്ജിദ് ഹിന്ദുത്വവാദികൾ തകർത്തെറിഞ്ഞ അന്തരീക്ഷത്തിൽ  പ്രദർശനത്തിനെത്തിയിട്ടും ഈ സിനിമ വഹിച്ച ”സവർക്കർ പദ്ധതി ” യെ മലയാളി തിരിച്ചറിഞ്ഞതേ ഇല്ല.

ഇതോടൊപ്പം അനുസ്മരിക്കേണ്ട മറ്റൊരു സിനിമ രാജ് കമൽ ഇൻ്റർനാഷണലിൻ്റെ ബാനറിൽ കമൽഹാസൻ സംവിധാനം ചെയ്ത് 2000 ത്തിൽ പ്രദർശനത്തിനെത്തിയ “ഹേ റാം ” എന്ന സിനിമയാണ്. ഗാന്ധിവധത്തെ ആസ്പദമാക്കിയ കഥാതന്തു ആണ് ആ സിനിമക്ക് ഉണ്ടായിരുന്നത്. കാലാപാനിയെ ഓർമ്മിപ്പിക്കും വിധത്തിൽ ഒരു പാൻ ഇന്ത്യൻ കാണിക്കൂട്ടത്തെ ലക്ഷ്യം വെച്ച് ഒരു ദൃശ്യവിരുന്നായാണ്  ആ സിനിമ ഇറങ്ങിയത്. കമൽഹാസൻ ,ഷാറൂഖ് ഖാൻ ,അതുൽ കുൽക്കർണ്ണി ,ഓംപുരി ,ഹേമമാലിനി ,നസിറുദ്ദീൻ ഷാ ,റാണി മുഖർജി തുടങ്ങി വിവിധ ഭാഷകളിലെ വൻകിട താരങ്ങൾ ആ സിനിമയിൽ നടിച്ചിരുന്നു. കാലാപാനിക്ക് വിരുദ്ധമായി വി.ഡി.സവർക്കറുടെ ഇന്ത്യൻ ചരിത്രത്തിലെ പങ്കിനെ വിമർശനാത്മകമായി പരിശോധിക്കുന്ന ഒരു മുഖ്യധാരാ സിനിമയായിരുന്നു അത്. അതുൽ കുൽക്കർണ്ണി അഭിനയിച്ച അഭയങ്കർ എന്ന കഥാപാത്രം സവർക്കറുടെ “ഹിന്ദുത്വ ” സങ്കല്പത്തെ സ്വാംശീകരിച്ച ഒന്നായിട്ടാണ് ആ ചിത്രത്തിൽ വ്യക്തമായിത്തന്നെ പ്രദർശിപ്പിക്കുന്നത്. സവർക്കറുടെ ഛായാചിത്രത്തെ അഭയങ്കർ എന്ന കഥാപാത്രത്തിൻ്റെ പശ്ചാത്തലത്തിൽ പ്രദർശിപ്പിച്ചുകൊണ്ടുള്ള ഫ്രെയിമുകൾ പോലും ആ സിനിമയിൽ ഉണ്ട്. ഹിന്ദു മുസ്ലീം മൈത്രിയുടെ ക്ലീഷേ ആയിക്കഴിഞ്ഞ ശൈലികളും പ്രയോഗങ്ങളും പേറുന്നുണ്ടെങ്കിലും ഇന്ത്യൻ വിഭജനത്തിൻ്റെ പശ്ചാത്തലത്തിൽ ഹിന്ദുത്വ ഫാസിസത്തിൻ്റെ പിന്നിലുള്ള പുതു ബ്രാഹ്മണിസത്തെ കാണാനും വിഭജനം മുതൽ ഗാന്ധിവധം വരെയുള്ള കാലയളവിൽ അത് എങ്ങനെ പ്രവർത്തിച്ചു എന്നത് സർഗ്ഗാത്മകമായി പരിശോധിക്കാനുമുള്ള ആത്മാർത്ഥശ്രമം അതിന് പിന്നിലുണ്ടായിരുന്നു. ആ ചിത്രവും ഇറങ്ങിയ കാലത്ത് പൊതുമണ്ഡലത്തിൽ നിരവധി ചർച്ചകൾ ഉയർത്തിവിടുകയുണ്ടായി. മൂന്ന് ദേശീയ അവാർഡുകൾ അത് കരസ്ഥമാക്കുകയുണ്ടായി. എന്നിട്ടും കേരളത്തിൽ സവർക്കറുമായി ബന്ധപ്പെട്ടുള്ള ഈ ചിത്രത്തിൻ്റെ വിമർശനാത്മക സമീപനം പരിശോധിക്കപ്പെട്ടില്ല.

ഇന്ത്യൻ ഫാസിസത്തെപ്പറ്റി തെരുവുകളിൽ പോലും ചർച്ച ചെയ്യുന്ന തരത്തിൽ ഒരു അവബോധം രാഷ്ട്രീയമായും സാംസ്കാരികമായും ആർജ്ജിക്കുമ്പോഴും ആ ഫാസിസത്തെ സാധ്യമാക്കിയ ഇന്ത്യൻ വേരുകളുടെ ചരിത്രത്തോട് അജ്ഞതയോട് അടുത്തുനിൽക്കുന്ന ഒരു വിമുഖത മലയാളിയിൽ എക്കാലത്തും ഉണ്ടായിരുന്നു. ഹിറ്റ്ലർ കീഴടക്കിയ രാജ്യങ്ങളെക്കുറിച്ച് നന്നായ് അറിയുമ്പോൾ തന്നെ സവർക്കർ കേരളം സന്ദർശിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ തിട്ടമില്ല . സർ സി.പി തിരുവിതാംകൂറിനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചതിനെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ അദ്ദേഹം ഉയർത്തിപ്പിടിച്ച അമേരിക്കൻ മാതൃകയെയാണ് വിമർശനവിധേയമാക്കുക. അതേ സമയം അത് ഹിന്ദുത്വ റിപ്പബ്ലിക്കിൻ്റെ മിനിയേച്ചർ പതിപ്പായിരുന്നു മുന്നോട്ട് വെച്ചത് എന്നത് നമ്മുടെ ശ്രദ്ധയിൽ ഇല്ല. സവർക്കറും സർ സി.പിയും തമ്മിലെന്ത് എന്നത് നമ്മുടെ ചരിത്രാന്വേഷണത്തിൽ കൗതുക വാർത്ത പോലും അല്ല.

ഹിന്ദുത്വഫാസിസത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രയോഗം ഗാന്ധിവധം ആയിരുന്നു. ആ നാളുകളിൽ തന്നെ പ്രത്യക്ഷമായ സംഗതിയായിരുന്നു അത്. നാഥുറാം വിനായക് ഗോഡ്സേ വെറുമൊരു മതഭ്രാന്തൻ ആയിരുന്നില്ലെന്നും ഹിന്ദുത്വഫാസിസത്തിൻ്റെ ഗൂഢാലോചന ഏറ്റെടുത്ത് നടപ്പാക്കിയ മുന്നണിപ്രവർത്തകൻ ആയിരുന്നുവെന്നും ആദ്യ വിചാരണയിൽ തന്നെ വെളിപ്പെട്ടതാണ്. പിന്നീട് ഗാന്ധിവധത്തിൻ്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കപൂർ കമ്മീഷൻ ഇതേ സംബന്ധിച്ച് ധാരാളം വിവരങ്ങൾ പുറത്തുകൊണ്ടുവരികയുണ്ടായി. സവർക്കർ സർവ്വാധിപതിയായ ഹിന്ദു രാഷ്ട്രദൾ എന്ന ഉൾ ഹിന്ദുത്വ സംഘടനയിലെ രണ്ടാമനായിരുന്നു ഗോഡ്സേ എന്നതടക്കം. ഗാന്ധി മലയാളിയുടെ സംസ്കാരചിന്തനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബിംബമായിരുന്നിട്ടും ഗാന്ധിവധം മലയാളത്തിൽ വാർത്ത മാത്രമായി അവശേഷിച്ചു. എൻ വി കൃഷ്ണവാര്യരെപ്പോലെ ഒരു മഹാമനീഷി ഗാന്ധിയേയും ഗോഡ്സേയേയും താരതമ്യം ചെയ്ത് എഴുതിയ കവിത മലയാളത്തിൽ പേർത്തും പേർത്തും അയവിറക്കുന്ന കവിതയാണ്. അതിൽ ഗാന്ധിയൻ മൂല്യങ്ങൾക്ക് നേരെതിർ നില്ക്കുന്ന കരിഞ്ചന്തക്കാരനായും അഴിമതിക്കാരനായും ഒക്കെ ഗോഡ്സേ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ കപൂർ കമ്മീഷൻ വാർത്തയിൽ നിറഞ്ഞു നിൽക്കുന്ന കാലത്തെഴുതിയ കവിതയായിട്ടു പോലും ഗോഡ്സേയുടെ ഹിന്ദുത്വബന്ധം നേരിയതായിപ്പോലും ആ കവിത പരാമർശിക്കുന്നില്ല. അതിൽപ്പറയുന്ന ഗോഡ്സേ ചരിത്രത്തിലെ ഗോഡ്സേയുമായി പുലബന്ധമില്ലാത്ത ഒരാൾ ആണ് .

ഈ സാഹചര്യത്തിലാണ് ഈ ലേഖന പരമ്പര ആരംഭിക്കുന്നത്. ഫാസിസത്തിൻ്റെ ഇന്ത്യൻ വേരുകളെ മലയാളത്തിൻ്റെ പൊതുമണ്ഡലത്തിൽ ആലേഖനം ചെയ്യുന്നത് നമ്മുടെ തന്നെ ചരിത്രത്തിലും മനസ്സിലും അട്ടിയട്ടിയായി കിടക്കുന്ന വിമുഖതയോളമെത്തുന്ന അജ്ഞതയെ ഒന്ന് ഇളക്കാനെങ്കിലും സാധിച്ചേക്കും എന്ന പ്രത്യാശയോടെ.

(തുടരും)

Comments

comments