3. ചിത്പാവൻ ബ്രാഹ്മണിസത്തിൻ്റെ ആദ്യ രാഷ്ട്രീയ പ്രത്യക്ഷങ്ങൾ
……………………………………………………………………..

യുക്ത്യധിഷ്ഠിത മേലാള നവോത്ഥാനത്തിനേയും കീഴാളനവോത്ഥാനത്തേയും ഈ പുതിയ അയുക്തിക യാഥാസ്ഥിതിക ബ്രാഹ്മണ്യം നേരിട്ടത് സാംസ്കാരികമായ ഏറ്റുമുട്ടലുകളിലൂടെ ആയിരുന്നെങ്കിൽ ബ്രിട്ടീഷ് വിരുദ്ധത പ്രകടമാക്കിയത് പലപ്പോഴും രാഷ്ട്രീയ ഏറ്റുമുട്ടലിൽ കൂടി ആയിരുന്നു. ബ്രിട്ടീഷിന്ത്യയിൽ ബോംബെ ഗവർണ്ണറായിരുന്ന സർ റിച്ചാർഡ് ടെമ്പിൾ 1879-ൽ വൈസ്രോയി ആയിരുന്ന ലൈട്ടൺ പ്രഭുവിനെഴുതിയ കത്ത് വായിച്ചാൽ ചിത്പാവൻ ബ്രാഹ്മണരും ബ്രിട്ടീഷുകാരും തമ്മിൽ നിലനിന്നിരുന്ന സംഘർഷാത്മകത വ്യക്തമാകും.

“ചിത് പാവൻ ഗോത്രം ദേശീയവികാരത്താൽ പ്രചോദിതർ ആണ്. ഇന്ത്യ തന്നെത്തന്നെ ഏതൊരു ഉത്ക്കർഷേച്ഛയാൽ പൊതിഞ്ഞുവെച്ചിരിക്കുന്നുവോ അതേ ഉത്ക്കർഷേച്ഛ കൊണ്ടുതന്നെയാണ് ചിത്പാവനുകൾ തങ്ങളെ പൊതിഞ്ഞുവെച്ചിരിക്കുന്നത്. … ശരിയായ ചിത്പാവൻ…… സാഹസികതയേയും ഒരു യുദ്ധപ്പോരാളിയുടെ എല്ലാ സന്നാഹങ്ങളോടുകൂടിയ ഊർജ്ജത്തേയും ഒരു നയതന്ത്രജ്ഞൻ്റെ പാടവവും തന്നിൽ സമന്വയിപ്പിച്ചിരിക്കുന്നു. …. വിദ്യാഭ്യാസവും ഗവണ്മെൻ്റ് ഉദ്യോഗ മേഖലയിലെ മുന്നേറ്റങ്ങളും ചിത്പാവനുകളെ സംതൃപ്തരാക്കുമോ എന്ന് നമുക്കിപ്പോൾ അറിഞ്ഞു കൂടാ. വിദ്യാഭ്യാസം തീർച്ചയായും അവരിൽ നമ്മോട് ചെറിയൊരു ബഹുമാനം ജനിപ്പിച്ചിട്ടുണ്ട്. പല വലിയ കാര്യങ്ങളും നമ്മുടെ ഭാഷയിലൂടെ ആണ് അവർ പ്രതിഫലിപ്പിക്കുന്നത്. അവർ നമ്മുടെ ചിന്താപദ്ധതികൾ ഉപയോഗിക്കാൻ പഠിക്കുകയും അവരുടെ സ്വന്തം ചിന്താപദ്ധതികൾ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും മറുപുറം നോക്കുകയാണെങ്കിൽ വിദ്യാഭ്യാസം അവരുടെ മനസ്സിനെ അസ്വസ്ഥമാക്കിയിട്ടുമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ അവർക്കുണ്ടായിരുന്ന പദവി പുനരാർജ്ജിക്കും വരെ അവർ സ്വസ്ഥരാകില്ല. മുകളിൽ വിവരിച്ച, പടിഞ്ഞാറൻ ഇന്ത്യയിലെ ബ്രാഹ്മണരിലെ ഒരു വിഭാഗമായ കൊങ്കണസ്ഥ ബ്രാഹ്മണരെപ്പോലെ ഇത്രമാത്രം ദേശീയവും രാഷ്ട്രീയവുമായ ആഗ്രഹങ്ങൾ സൂക്ഷിക്കുന്ന, തുടരുന്ന, നമുക്ക് സംതൃപ്തിപ്പെടുത്താൻ കഴിയാത്ത വിധം പുലരുന്ന മറ്റൊരു കൂട്ടരെ ഇന്ത്യയിൽ ഞാൻ കണ്ടിട്ടില്ല.”

1847 മുതൽ 1880 വരെ ബ്രിട്ടീഷിന്ത്യയിൽ നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു സർ റിച്ചാർഡ് ടെമ്പിൾ. ഈ കത്തെഴുതുന്ന സമയത്ത് ബോംബെ പ്രവിശ്യഗവർണ്ണറായിരുന്നു അദ്ദേഹം എന്ന് സൂചിപ്പിച്ചുവല്ലോ. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതൽ തുടർച്ചയായ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങൾ നേരിടേണ്ടി വന്ന ഒരാൾ കൂടിയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂറുള്ള ഒരു ഭരണാധികാരി എന്ന നിലയ്ക്ക് തൻ്റെ പ്രവിശ്യയിൽ നടന്നുകൊണ്ടിരുന്ന ഓരോ ചലനങ്ങളും അദ്ദേഹം നിരീക്ഷിച്ചിരുന്നു. ചിത്പാവൻ ബ്രാഹ്മണഗോത്രത്തിനുള്ളിലെ ഒരു വിഭാഗം ബ്രിട്ടീഷുകാർക്കെതിരെ പക നിറഞ്ഞ മനോഭാവം രാഷ്ട്രീയമായി കൊണ്ടുനടക്കുന്നത് അദ്ദേഹം നിരീക്ഷിക്കുക മാത്രമല്ല ചെയ്തത്. ഒരു ഭരണാധികാരിയെന്ന നിലയിൽ അത് അദ്ദേഹത്തിന് അനുഭവവേദ്യമായിരുന്നു. പേഷ്വാമാരുടെ ആസ്ഥാനമായിരുന്ന പൂനെ കേന്ദ്രീകരിച്ചായിരുന്നു അവർ പ്രവർത്തിച്ചിരുന്നത്. പ്രസ്തുത കത്തിൽ തന്നെ അദ്ദേഹം ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം “പൊതുവേ പറയപ്പെടുന്നത് ഇന്ത്യൻ ഭരണാധികാരികൾ എന്ന നിലയിൽ ബ്രിട്ടീഷുകാർ മുഹമ്മദീയരെയാണ് തുടച്ചുനീക്കിയത് എന്നാണ്. പരിമിതമായ അർത്ഥത്തിൽ മാത്രമേ ഇത് സത്യമാകുന്നുള്ളൂ. മറാത്തകളെയാണ് മുഖ്യമായും നാം തുടച്ചു നീക്കിയത് എന്ന് പറയുന്നതായിരിക്കും സത്യത്തോട് ഏതാണ്ട് അടുത്തുനിൽക്കുന്ന പ്രസ്താവം”

സർ റിച്ചാർഡ് ടെമ്പിൾ ഈ കത്തെഴുതുന്ന ചരിത്രസന്ദർഭം വളരെ പ്രധാനപ്പെട്ടതാണ്. 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യപ്പോരാട്ടത്തിൽ മതത്തിന്റെ സങ്കീർണ്ണമായ ഇടപെടൽ ഉണ്ടായിരുന്നു. കാൺപൂരിൽ അതിന് നേതൃത്വം കൊടുത്ത നാനാസാഹേബിനെപ്പോലുള്ള ചിത്പാവൻ ബ്രാഹ്മണൻ, ആ കുലത്തിനുള്ളിൽ അമർന്നു കിടന്നിരുന്ന പേഷ്വാസാമ്രാജ്യത്തിൻ്റെ ദീപ്തസ്മരണയെ കെട്ടഴിച്ചുവിട്ടു. യാഥാസ്ഥിതിക ബ്രാഹ്മണ്യത്തിന് ഇത് എന്തെന്നില്ലാത്ത ശക്തി നൽകി. പക്ഷെ, ആ കലാപത്തെ ബ്രിട്ടീഷുകാർ അടിച്ചമർത്തിയതോടെ താത്ക്കാലികമായി തങ്ങളുടെ രാഷ്ട്രീയാഭിലാഷത്തെ മറച്ചുവെയ്ക്കാൻ ചിത്പാവൻ യാഥാസ്ഥിതികർ നിർബന്ധിതരാക്കപ്പെട്ടു. എന്നാൽ ഒരു അഗ്നികുണ്ഠം പോലെ തങ്ങൾ ഒരു കാലത്ത് അനുഭവിച്ചിരുന്ന മുൻഗണനാക്രമത്തിൻ്റെ ഓർമ്മ അവരിൽ ഒരു വിഭാഗത്തിനുള്ളിലെങ്കിലും പുകഞ്ഞുകൊണ്ടിരുന്നു. ബ്രിട്ടീഷുകാർ കൈവശം വെച്ചു കൊണ്ടിരിക്കുന്ന തങ്ങളുടെ സാമ്രാജ്യം സായുധകലാപത്തിലൂടെ വീണ്ടെടുത്ത് പേഷ്വാസാമ്രാജ്യം പുനരുദ്ധരിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ചെറുതും വലുതുമായി നടന്നുകൊണ്ടിരുന്നു.

വാസുദേവ് ബാൽവന്ത് ഫാഡ്കേ (1845- 83 ) ആണ് 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് ശേഷം ബ്രിട്ടീഷുകാർക്കെതിരെ രാഷ്ട്രീയപ്പോരാട്ടത്തിന് ഇറങ്ങിയ ചിത്പാവൻ ബ്രാഹ്മണരിൽ പ്രമുഖൻ. ബ്രിട്ടീഷുകാരെ ഒളിപ്പോരിലൂടെ സായുധമായി തോല്പിക്കാമെന്നും അതുവഴി ചിത്പാവൻ ബ്രാഹ്മണരുടെ മുൻകൈയ്യിൽ പേഷ്വാസാമ്രാജ്യം പുന:സ്ഥാപിക്കാമെന്നുള്ള അഭിലാഷമാണ് ഫാഡ്കേയെ മുന്നോട്ടു നയിച്ച പ്രേരകശക്തി എന്നതിന് ധാരാളം തെളിവുകൾ ഉണ്ട്. “പുതിയ പേഷ്വാ പ്രധാൻ” എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. ഫാഡ്കേയുടെ തീവ്രവാദസംഘം പൂർണ്ണാർത്ഥത്തിൽ ഒരു തീവ്രവാദസംഘം ആയിരുന്നില്ല. ഇക്കാര്യത്തിൽ ശിവജിയും പേഷ്വാമാരും അവലംബിച്ചിരുന്ന മാർഗ്ഗത്തിൻ്റെ പുതുരീതിയായിരുന്നു ഫാഡ്കേയും അവലംബിച്ചത്. പിന്നോക്കവിഭാഗത്തിൽ പെടുന്നവരെ സംഘടിപ്പിച്ച് തങ്ങളോട് കൂറു പുലർത്തുന്ന സംഘടന, കൂടുതൽ വ്യക്തമായിപ്പറയുകയാണെങ്കിൽ സേന, ഉണ്ടാക്കുക. മറാത്താ പ്രവിശ്യയിലെ പിന്നോക്ക വിഭാഗങ്ങളായ കോളികളേയും റാമോഷികളേയും മറ്റും ഇമ്മട്ടിൽ ചാവേറുകളാകാൻ കൂടെ നിർത്താൻ ഫാഡ്കേ എന്ന “പേഷ്വാ പ്രധാന് ” കഴിഞ്ഞു. ഇവരാണ് അനവധി കൊള്ളകൾ ആസൂത്രണം ചെയ്ത് ഫാഡ്കേയുടെ സംഘത്തെ സാമ്പത്തികമായി നിലനിർത്തിയത്.

അന്നത്തെ ഗ്രേറ്റ് ഇന്ത്യൻ പെനിൻസുല റെയിൽവേയിൽ ഓഡിറ്റ് ക്ലർക്കായിരുന്നു ഫാഡ്കേ . ചിത്പാവൻ ബ്രാഹ്മണർ പേഷ്വാ ഭരണത്തിൻ കീഴിൽ ആർജ്ജിച്ച സാമൂഹിക ചലനാത്മകതയുടെ ഫലമായി ബ്രിട്ടീഷുകാർക്ക് മുന്നിൽ സാമ്രാജ്യത്തെ അടിയറ വെയ്ക്കേണ്ടി വന്നെങ്കിൽപ്പോലും സാമൂഹികമായി അവർ അതിജീവിച്ചത് നാം കണ്ടു. ഫാഡ്കേ അങ്ങനെ ഒരാളായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ശേഷമാണ് അദ്ദേഹം ഉദ്യോഗത്തിലെത്തപ്പെട്ടത്. 15 വർഷം നീണ്ടു നിന്ന തൻ്റെ ഔദ്യോഗിക ജീവിതത്തിൽ മിലിട്ടറി അക്കൗണ്ടുകളുടെ കൺട്രോളർ ആയി സ്ഥാനക്കയറ്റം നേടുകയും ചെയ്തു. പൂനെയിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. സ്വാഭാവികമായും അന്നത്തെ പുരോഗമികളായ ചിത്പാവൻ യുവാക്കളെപ്പോലെ അയാളും റാനഡേയുടെ ആകർഷണവലയത്തിൽപ്പെടുകയും സാർവ്വജനിക് സഭയുടെ സ്വദേശി മുദ്രാവാക്യത്തിൽ മുഴുകുകയും ചെയ്തു. നല്ല പ്രാസംഗികനാകയാൽ അദ്ദേഹം ജനക്കൂട്ടത്തെ ആകർഷിച്ചു തുടങ്ങി.

1876-77 കാലത്തെ ഡെക്കാൻ ക്ഷാമം ബ്രിട്ടീഷ് അധികാരികളെ സമ്മർദ്ദത്തിലാഴ്ത്തി. ആയിടെ ആസന്നമരണയായ തൻ്റെ മാതാവിനെ സന്ദർശിക്കാൻ അവധി ആവശ്യപ്പെട്ട് ഫാഡ്കേ നൽകിയ അപേക്ഷ അധികാരികൾ നിരസിച്ചു. അത് വകവെയ്ക്കാതെ തൻ്റെ ഗ്രാമത്തിലേയ്ക്ക് ഫാഡ്കേ പുറപ്പെട്ടെങ്കിലും മാതാവിനെ ജീവനോടെ കാണാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇത് ഒരു നിമിത്തമാക്കി, ഇക്കാലം കൊണ്ട് താനാർജ്ജിച്ച ബ്രിട്ടീഷ് വിരുദ്ധതയ്ക്ക്, സംഘടനാരൂപം നൽകി പ്രവർത്തിക്കാൻ ഫാഡ്കേ തയ്യാറെടുത്തു. “മ്ലേച്ഛരാ” യ ബ്രിട്ടീഷുകാരെ പുറത്താക്കി ബ്രാഹ്മണമേധാവിത്വമുള്ള സ്വദേശി രാഷ്ട്രം സ്ഥാപിക്കാനായി ഒരു ഒളിപ്പോരു സംഘം രൂപീകരിച്ചു.

നാലുതരം സംഘങ്ങൾ ചേർന്നതായിരുന്നു ഫാഡ്കേയുടെ സംഘടനയുടെ ഘടന. ഒരു സംഘം, വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നതിലായിരുന്നു ശ്രദ്ധ പതിപ്പിച്ചത്. രണ്ടാമത്തെ സംഘം, പ്രകടനങ്ങൾ സംഘടിപ്പിച്ചു. പേഷ്വാ ബ്രാഹ്മണ സാമ്രാജ്യത്തെ പൊതുസ്മരണയിൽ പുനരാനയിക്കും വിധം ശിവജിയുടെ ഗുരുവായിരുന്ന രാമദാസിൻ്റെ കീർത്തനങ്ങൾ ആലപിച്ചായിരുന്നു പ്രകടനങ്ങൾ മുന്നോട്ടു പോയിരുന്നത്. മൂന്നാമത്തെ സംഘം, ഗായകസംഘമായിരുന്നു. അവർ മ്ലേച്ഛരായ ബ്രിട്ടീഷുകാരുടെ കീഴിൽ ഭാരതത്തിന്റെ മക്കൾ അനുഭവിക്കുന്ന ദുരിതങ്ങളെ ഹാസ്യാത്മകമായി പാടി അവതരിപ്പിച്ചു. നാലാമത്തെ സംഘമാകട്ടെ, ജനമദ്ധ്യത്തിൽ നിന്നകന്ന് നിന്ന് ബ്രിട്ടീഷ് ഭരണത്തെ അട്ടിമറിക്കാൻ വേണ്ടിയുള്ള വിധ്വംസക പ്രവർത്തനങ്ങളിൽ മുഴുകി. പൂനെയിലെ നരസിംഹക്ഷേത്രത്തിന് പുറകുവശത്തെ കുറ്റിക്കാട്ടിൽ വാൾ ഉപയോഗിച്ചുള്ള യുദ്ധരീതികൾ ഫാഡ്കേ തൻ്റെ സംഘാംഗങ്ങൾക്ക് പരിശീലിപ്പിച്ചിരുന്നു.

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, ഹിന്ദുത്വ സംഘടനകളുടെ പരിവാർ ഘടന ഫാഡ്കേയുടെ സംഘടനയിൽ സൂക്ഷ്മരൂപത്തിൽ നിലനിന്നിരുന്നതായി കാണാം. അമ്പലങ്ങളെ കേന്ദ്രീകരിച്ചുള്ള ആയുധപരിശീലനം തുടങ്ങിവെച്ചത്  ഫാഡ്കേയാണ്. ബാൽ ഗംഗാധർ തിലക് പോലും തൻ്റെ കൗമാരത്തിൽ ഫാഡ്കേയുടെ ആയുധ പരിശീലന പരിപാടിയിൽ പങ്കെടുത്തിരുന്നതായി പറയപ്പെടുന്നുണ്ട്. ഹിന്ദുത്വപ്രത്യയശാസ്ത്രത്തിൻ്റെ ഉപജ്ഞാതാവായ വി.ഡി.സവർക്കർ മിത്രമേള എന്ന സംഘടന രൂപീകരിച്ച് പ്രവർത്തനപരിപാടികൾ തുടങ്ങിവെച്ചപ്പോൾ ദൈനംദിന കായിക പരിശീലനം അതിൻ്റെ അനിവാര്യഘടകമായിരുന്നു. പിൽക്കാലത്ത് ആർ എസ് എസിൻ്റെ സ്ഥാപകരിൽ ഒരാളായിരുന്ന ബി എസ് മുഞ്ജേ കായികപരിശീലനത്തിനായി ഒരു കേന്ദ്രം തന്നെ തുടങ്ങിയിരുന്നു. ആർ എസ് എസ്  ഇന്നും പ്രവർത്തിക്കുന്നത് ക്ഷേത്രമൈതാനങ്ങളിൽ കായികപരിശീലനം കൂടി നൽകുന്ന ശാഖകളിലൂടെയാണ്. ഗാന്ധിവധത്തിൽ പ്രധാന പങ്കുവഹിച്ച നാഥുറാം ഗോഡ്സേയും നാരായൺ ആപ്തേയും സവർക്കർ “ഫ്യൂറർ ” ആയിരുന്ന ഹിന്ദുരാഷ്ട്രദൾ എന്ന ഉൾസംഘടനയുടെ പ്രധാന പ്രവർത്തകർ ആയിരുന്നു. ഗാന്ധിവധത്തിലെ മറ്റൊരു പ്രതിയായിരുന്ന ഡോ. ദത്താത്രേയ പർച്ചൂരെ ഹിന്ദുരാഷ്ട്ര സേന എന്നൊരു സംഘടനയുടെ നേതാവായിരുന്നു. ഈ സംഘടനകളെല്ലാം അവരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കായികപരിശീലനം ഉൾപ്പെടുത്തിയിരുന്ന പാതിസൈന്യ സ്വഭാവം ഉൾക്കൊള്ളുന്നവയായിരുന്നു. ഫാഡ്കേ ചരിത്രത്തിൽ പടർന്നത് എങ്ങനെയെന്ന് ഈ എത്തിനോട്ടത്തിലൂടെ നമുക്ക് മനസ്സിലാക്കാം.

മാത്രമല്ല, ചിത്പാവൻ ബ്രാഹ്മണരാഷ്ട്ര സങ്കല്പം പിൽക്കാലത്ത് വികസിച്ചത് ശിവജിയുടെ മറാത്താസാമ്രാജ്യത്തെ മുൻനിർത്തിയായിരുന്നു. ശിവജിയുടെ സാമ്രാജ്യത്തെ അവർ നിർവ്വചിച്ചത് ഹിന്ദു സാമ്രാജ്യമായിട്ടായിരുന്നു. ഗൗരവമേറിയ ചരിത്രപഠനങ്ങൾ എല്ലാം തന്നെ ഈ നിർവ്വചനത്തിനെതിരെ നിന്നിട്ടുണ്ട്. ശിവജിയുടെ മുഖ്യസൈന്യാധിപൻ ഉൾപ്പെടെയുള്ളവർ മുസ്ലീങ്ങളായിരുന്നു എന്ന ചരിത്രവസ്തുത പോലും മറച്ച് വെച്ച് ശിവജിയും മുഗളരും തമ്മിലുള്ള പോരാട്ടത്തെ ഹിന്ദു – മുസ്ലീം പോരാട്ടത്തിൻ്റെ ആഖ്യാനഘടനയിലേയ്ക്ക് പരുവപ്പെടുത്തിയെടുക്കുകയായിരുന്നു ഫാഡ്കേ മുതൽ അങ്ങോട്ട് ചിത്പാവൻ നേതൃത്വത്തിലുള്ള ഹിന്ദുത്വസംഘടനകൾ ചെയ്തത്. അങ്ങനെ ഒരു വർണ്ണം, ഹിന്ദുവർണ്ണം, ശിവജിക്കും മറാത്താ സാമ്രാജ്യത്തിനും മേൽ പൂശാനുള്ള പ്രധാനപ്പെട്ട കാരണം, ശിവജിക്ക് ശേഷമുള്ള മറാത്താ സാമ്രാജ്യം, പേഷ്വാസാമ്രാജ്യം ചിത്പാവൻമാരുടെ സുവർണ്ണകാലമായിരുന്നു എന്നത്  മാത്രമാണ്. ഫാഡ്കേ തുനിഞ്ഞത് പേഷ്വാസാമ്രാജ്യത്തിന്റെ പുനഃസ്ഥാപനത്തിനായിരുന്നെങ്കിൽ തിലക് ശ്രമിച്ചത് ഹിന്ദു വർണ്ണാധിപത്യം നിലനിൽക്കുന്ന ഒരു ഒളി ബ്രാഹ്മണ ദേശരാഷ്ട്രം കെട്ടിപ്പടുക്കാനായിരുന്നു. സവർക്കറിലെത്തുമ്പോൾ ചിത്പാവൻ ഹിന്ദുരാജ്യം ഹിന്ദുത്വദേശരാഷ്ട്രമായിത്തീരുന്നു. മനുസ്മൃതിയുടെ കാലത്തെ സാമൂഹികാധിപത്യത്തെ ദേശരാഷ്ട്ര കാലത്തെ ബ്രാഹ്മണിക ഹിന്ദു രാഷ്ട്രീയമേൽക്കോയ്മയായി വികസിപ്പിച്ചെടുക്കാനായിരുന്നു സവർക്കർ ശ്രമിച്ചത്. ഈ പരിണാമത്തിലുടനീളം രാഷ്ട്രഭരണത്തിൻ്റെ മാതൃകാബിംബം ശിവജിയുടെ നേതൃത്വത്തിലുള്ള മറാത്താ സാമ്രാജ്യമായിരുന്നു. അതുകൊണ്ടുതന്നെ ഹിന്ദു ആഖ്യാനങ്ങളിൽ നിന്ന് ശിവജിക്ക് വിടുതി നൽകുന്ന ഇതര ആഖ്യാനങ്ങളോട് ഒരു സഹിഷ്ണുതയും ഹിന്ദുത്വ രാഷ്ട്രീയം പുലർത്തിയിട്ടില്ല. അതിൻ്റെ ഏറ്റവും അവസാനത്തെ ഉദാഹരണമായിരുന്നു ഗോവിന്ദ് പൻസാരേ. വർഗ്ഗചരിത്രത്തിൻ്റെ ദൃഷ്ടിയിലൂടെ ശിവജിയെ വിലയിരുത്തി പുസ്തകമെഴുതിയതിനെ തുടർന്ന് ഹിന്ദുത്വസംഘങ്ങൾ അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ ചേർക്കുകയും അത് അദ്ദേഹത്തിൻ്റെ കൊലപാതകത്തിൽ ചെന്നെത്തുകയും ചെയ്തു.

ശിവജിയെ ഇമ്മട്ടിൽ ആദ്യമായി ഒരു ബ്രാഹ്മണ കേന്ദ്രിത രാഷ്ട്രത്തിൻ്റെ വിഗ്രഹമായി ബ്രിട്ടീഷിന്ത്യയിൽ ഉപയോഗിക്കുന്നത് ഫാഡ്കേ ആണ് . ശിവജിയുടെ മുറയുടെ തുടർച്ച എന്ന നിലയിലാണ് ഫാഡ്കേയും കൂട്ടരും ബ്രിട്ടീഷുകാർക്കെതിരെ ഒളിപ്പോര് തുടങ്ങിവെയ്ക്കുന്നത്. 1879 മെയിൽ തൻ്റെ പിന്നോക്കച്ചാവേറുകളെ ഉപയോഗിച്ച് കൊങ്കൺ പ്രദേശത്തെ സമ്പന്നരെ കൊള്ളചെയ്ത്  1,50,000ത്തിൽപ്പരം രൂപ ഫാഡ്കേയുടെ സംഘം സമാഹരിച്ചു. ദൗലത്ത് റാവു നായിക്കിൻ്റെ നേതൃത്വത്തിലാണ് ഈ കൊള്ള നടത്തിയത്. എന്നാൽ ഈ പണം പൂനെയിൽ എത്തുന്നതിന് മുമ്പായി മവ്വാലിലെ തുൾസി താഴ് വരയിൽ വെച്ച് മേജർ ഡാനിയലിൻ്റെ ബ്രിട്ടീഷ് പട ദുഷ്ക്കരമായ ഒരു ഏറ്റുമുട്ടലിലൂടെ അവരെ കീഴ്‌പ്പെടുത്തുകയുണ്ടായി. ദൗലത്ത് റാവു നായിക്ക് ഈ ഏറ്റുമുട്ടലിൽ വധിക്കപ്പെട്ടു. ഫാഡ്കേയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ നോട്ടീസ് ബ്രിട്ടീഷ് ഗവണ്മെൻ്റ് പുറപ്പെടുവിക്കുകയുണ്ടായി.

തിരിച്ച് ഫാഡ്കേയും “പേഷ്വാ പ്രധാനി” യെന്ന നിലയിൽ അന്നത്തെ ബോംബെ ഗവർണ്ണർ ആയിരുന്ന സർ റിച്ചാർഡ് ടെമ്പിളിൻ്റെ തല കൊയ്യുന്നവർക്ക് ഇനാം പ്രഖ്യാപിച്ചു. 1879 മെയ് 13 ന് ഫാഡ്കേയുടെ സംഘം പൂനെയിലെ വിശ്രംബാഗ് വാഡയിലേയും ബുധവാർവാഡയിലേയും രണ്ട് ബ്രിട്ടീഷ് ബംഗ്ലാവുകൾ അഗ്നിക്കിരയാക്കി. ധാരാളം രേഖകൾ കത്തിനശിച്ചു. ഇതോടെ ഫാഡ്കെയുടെ സംഘത്തിൻ്റെ ചെയ്തികൾ ബ്രിട്ടീഷ് പാർലിമെൻ്റിൽ പ്രതിഫലനമുണ്ടാക്കി. ഇതിനിടയിൽ പിന്നോക്കസമുദായക്കാരായ റാമോഷികൾ ഫാഡ്കേയുമായി വേർപിരിയുകയുണ്ടായി.

ഇത്തരം സംഭവങ്ങൾ തിരിച്ചടിയുണ്ടാക്കിയിട്ടും ശിവജിയുടെ പാത പിന്തുടർന്ന് ഒളിപ്പോരു കൊണ്ട് ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ച് പേഷ്വാസാമ്രാജ്യം തിരിച്ചുപിടിക്കാം എന്ന് കരുതി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയായിരുന്നു ഫാഡ്കേ . ബ്രിട്ടീഷ് ഇന്ത്യയിലെ പശ്ചാത്തലസൗകര്യങ്ങൾ – പാലം, ടെലഗ്രാഫ് ലൈനുകൾ, റെയിൽപ്പാത –  തകർത്തുകൊണ്ട് ബ്രിട്ടീഷ് വാർത്താവിതരണശൃംഖല മുറിക്കാനാകും എന്ന് അദ്ദേഹം കരുതി. അതേ സമയം തന്നെ ബ്രിട്ടീഷിന്ത്യയിലെ ജയിലുകൾ തകർത്ത് കുറ്റവാളികളെ മോചിപ്പിച്ച് അവരെ ബ്രിട്ടീഷുകാർക്കെതിരെയുള്ള സായുധയുദ്ധത്തിൽ പങ്കാളികളാക്കാമെന്നും അദ്ദേഹം വിഭാവനം ചെയ്തു. എന്നാൽ നടന്നത് മറ്റൊന്നാണ്. ഷോളാപ്പൂർ – കർണ്ണാടക അതിർത്തിയിലെ ഗംഗാപ്പൂരിൽ വെച്ച് അദ്ദേഹം ബ്രിട്ടീഷുകാരുടെ വലയിൽ പെട്ടു. വിചാരണക്ക് ശേഷം ഏഡനിലേയ്ക്ക് നാടുകടത്തപ്പെട്ടു ( യെമനിലെ ഏഡൻ അന്ന് ബോംബെ പ്രസിഡൻസിയുടെ ഭാഗമായിരുന്നു). അവിടെ നിന്നും രക്ഷപ്പെടാനുള്ള ശ്രമം ഫാഡ്കേ നടത്തിയെങ്കിലും പരാജയപ്പെട്ടു. അവസാനം ഭക്ഷണം ഉപേക്ഷിച്ച് 1883 ഫെബ്രുവരി 17-ന് നിര്യാതനായി.

1896-97 കാലഘട്ടത്തിൽ പ്ലേഗ് പകർച്ചാവ്യാധി ഇന്ത്യയിലെത്തി. 1855-ൽ ചൈനയിലെ യുനാൻ പ്രവിശ്യയിൽ നിന്നാണ് ഇത് പൊട്ടിപ്പുറപ്പെട്ടത്. ഭൂമുഖത്തു നിന്നും വലിയൊരു കൂട്ടം മനുഷ്യരാശിയെ തുടച്ചുനീക്കിയ മാരക വ്യാധിയായിരുന്നു അത്. ലോകമൊട്ടാകെ 15 ദശലക്ഷത്തോളം മരണങ്ങൾ ബ്യൂബോണിക് പ്ലേഗിൻ്റെ ഈ താണ്ഡവത്തിൽ സംഭവിച്ചതായി കണക്കുകൾ പറയുന്നു. ഇത് യഥാർത്ഥത്തിലുള്ള കണക്കല്ലെന്നും 10 ദശലക്ഷം പേരെങ്കിലും ഇന്ത്യയിൽ മാത്രം മരണത്തിനിരയായിട്ടുണ്ട് എന്ന് വാദിക്കുന്നവരും ഉണ്ട്.ഒരു പക്ഷെ, ബ്രിട്ടീഷിന്ത്യയിൽ ഉണ്ടായ പകർച്ചവ്യാധികളിൽ ഏറ്റവും വലിയ ഒന്ന് ഇതായിരിക്കും. കേരളീയനും നവോത്ഥാനത്തിൻ്റെ ഉദ്ഘാടകരിൽ ഒരാളുമായ ഡോ. പല്പു, പ്ലേഗ് രോഗബാധയുടെ കാലത്ത് മൈസൂരിൽ അതിനെതിരെയുള്ള കരുതൽസേനയുടെ ചുമതല ഏറ്റെടുത്തിരുന്നു. ക്വാറൻ്റൈനും ആശുപത്രി സൗകര്യങ്ങളും ചേർത്തിണക്കിയ ഒരു പദ്ധതിയായിരുന്നു ഡോ. പല്പു സ്വീകരിച്ചത്. എന്നിട്ടും മനുഷ്യർ എലികളെപ്പോലെ ചത്തുവീണ ദിനങ്ങളെപ്പറ്റി തൻ്റെ ഡയറിയിൽ ഡോ. പല്പു ഹൃദയസ്പർശിയാം വിധം കുറിച്ചിട്ടുണ്ട്.

1960-കൾ വരെ നീണ്ടുനിന്ന മഹാരോഗകാലഘട്ടത്തെയാണ് ഈ പ്ലേഗുബാധ അനാവരണം ചെയ്തത്. സ്വാഭാവികമായും ബോംബെയിൽ ആരംഭിച്ച പ്ലേഗ് മഹാമാരിയെ തടഞ്ഞുനിർത്തുക എന്നത് ബോംബെ പ്രവിശ്യ ഭരിച്ചിരുന്ന ബ്രിട്ടീഷ് അധികൃതരുടെ ചുമതലയായി. ക്വാറൻ്റൈനും ആശുപത്രി സൗകര്യങ്ങളും ഏർപ്പെടുത്തേണ്ടതും പ്രതിരോധകുത്തിവെയ്പ് ആരംഭിക്കേണ്ടതും അത്യാവശ്യമായി. ഇതെല്ലാം നടപ്പിലാക്കുന്നതിനായി വാൾട്ടർ ചാൾസ് റാൻ്റ് എന്ന ഉദ്യോഗസ്ഥനെ സ്പെഷ്യൽ പ്ലേഗ് ഉദ്യോഗസ്ഥനായി പൂനെയിലെത്തി. ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കാൻ ഡബ്ല്യു. ഡബ്ല്യു. ബെവറിഡ്ജ് എന്ന സർജനും. 1897 ഫെബ്രുവരിയിലാണ് അവർ പൂനെയിലെത്തിയത്. മഹാവ്യാധിവ്യാപനം തടയാൻ വേണ്ടി രൂപീകരിച്ച സ്പെഷ്യൽ പ്ലേഗ് കമ്മറ്റിയുടെ (എസ് പി സി ) പ്രതിനിധികൾ ആയാണ് അവർ അവിടെ എത്തുന്നത്. ഇന്ത്യയിൽ പ്ലേഗ് പടരുന്നതിൻ്റെ വേഗം നിയന്ത്രണാതീതമായതിനാൽ യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയുമായുള്ള ഇറക്കുമതി ഇടപാടുകൾ നിർത്തും എന്ന സ്ഥിതി വന്നു. ഈ സന്ദർഭത്തിലാണ് ബ്രിട്ടീഷിന്ത്യയിലെ ഗവണ്മെൻ്റ്  1897-ലെ പകർച്ചാവ്യാധി നിയമം കൊണ്ടുവരുന്നത്. ഈ നിയമപ്രകാരം വൈദ്യവിശാരദർക്ക് പുറമേ സന്നദ്ധസേവകരേയും പ്ലേഗ് നിയന്ത്രണത്തിന് നിയോഗിക്കുകയുണ്ടായി.

ഓരോ കുടുംബത്തിലേയും മുഖ്യവ്യക്തി തങ്ങളുടെ കുടുംബത്തിലെ പ്ലേഗ് ബാധിതരുടെയും പ്ലേഗ് ബാധമൂലം മരണമടഞ്ഞ വ്യക്തികളുടേയും വിവരങ്ങൾ എസ് പി സി ക്ക് കൈമാറേണ്ടതുണ്ടായിരുന്നു. എന്നാൽ കൃത്യമായ വിവരങ്ങൾ എസ് പി സി ക്ക് ലഭിക്കാത്തത് മൂലം റാൻ്റും കൂട്ടരും ഓരോ വീട്ടിലും കയറി പരിശോധിക്കാൻ തുടങ്ങി. പ്ലേഗ് ബാധിതരെ കണ്ടെത്തിയാൽ ഉടൻ തന്നെ അവരെ ഐസൊലേഷൻ ക്യാമ്പുകളിലേയ്ക്ക് മാറ്റി. രോഗികളുടെ വസ്ത്രങ്ങളും അവർ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും അഗ്നിക്കിരയാക്കി. മരണം രജിസ്റ്റർ ചെയ്യാതെ ശവമടക്കുകൾ നിഷേധിച്ചു. ഇത് മറാത്താ പ്രവിശ്യയിലെ ബ്രാഹ്മണർക്കിടയിൽ വമ്പിച്ച പ്രകോപനങ്ങൾ ഉണ്ടാക്കി.

(തുടരും)

പി എൻ ഗോപീകൃഷ്ണൻ എഴുതിയ ഹിന്ദുത്വത്തിൻ്റെ ചരിത്രം എന്ന സമാഹാരത്തിൻ്റെ മുൻ അധ്യായങ്ങൾ വായിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക:

ഹിന്ദുത്വത്തിൻ്റെ ചരിത്രം: ഭാഗം-1 : ആമുഖം

ഹിന്ദുത്വത്തിൻ്റെ ചരിത്രം: ഭാഗം-2 : ചിത്പാവൻ ബ്രാഹ്മണരുടെ രാജ്യവും രാജ്യനഷ്ടവും

Comments

comments