26. ബ്രാഹ്മണ വിരുദ്ധ രാഷ്ട്രീയത്തിൻ്റേയും ഹിന്ദുവംശീയ രാഷ്ട്രീയത്തിൻ്റേയും വിരുദ്ധോദയങ്ങൾ
…………………………
1924 ൽ രത്നഗിരിയിൽ പരിമിത തടവിൽ കഴിയുന്ന കാലത്താണ് താൻ മുന്നോട്ടുവെച്ച ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ വംശീയ പ്രയോഗം സവർക്കർ തുടങ്ങി വെയ്ക്കുന്നത്. ബഹുഭൂരിപക്ഷം വരുന്ന പിന്നോക്കക്കാരേയും ദളിതരേയും ബ്രാഹ്മണവംശീയതയുടെ ഭാഗമാക്കുക എന്ന വലിയ ദൗത്യം നടപ്പാക്കാനാണ് സവർക്കർ തുനിഞ്ഞത്. ബ്രിട്ടീഷ് വിരുദ്ധത എന്നന്നേക്കുമായി ഉപേക്ഷിച്ചതിനാൽ ഈ പ്രവർത്തനത്തിൻ്റെ കാതൽ മുസ്ലീം, ന്യൂനപക്ഷ വിരുദ്ധതയായിരുന്നു. സാമൂഹ്യ പരിഷ്ക്കരണത്തിൻ്റെ പല തരം അംശങ്ങൾ ഉപയോഗിച്ചാണ് ഇത് നടന്നത് എന്നതിനാൽ ബ്രിട്ടീഷ് ഗവണ്മെൻ്റിൻ്റെ സഹായവും ഈ പ്രവർത്തനങ്ങൾക്ക് ലഭിച്ചു. മാത്രമല്ല, ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തങ്ങളുടെ നയത്തിന് അനുരൂപമായ പ്രവർത്തനങ്ങൾ ആണ് സവർക്കറുടെ ഭാഗത്തു നിന്നും ഭരണകൂടത്തിന് ലഭിച്ചത്.
രത്നഗിരി ജില്ലയിൽ എത്തിയ ഉടൻ സവർക്കർ ചെയ്തത് ഒരു ഹിന്ദുസഭ രൂപീകരിക്കുകയാണ്. 1924 ജനുവരി 23 ന് നടന്ന രൂപീകരണ സമ്മേളനത്തിൽ സവർക്കർ നേരിട്ട് പങ്കെടുത്തില്ല. അതേ സമയം ബാബാറാവു അടക്കമുള്ളവർ ഈ സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി. താഴെപ്പറയുന്ന ലക്ഷ്യങ്ങൾ രത്നഗിരി ഹിന്ദുസഭയുടേതായി സമ്മേളനം അംഗീകരിച്ചു.
1. ഇന്ത്യയിലെമ്പാടും ഹിന്ദു ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മറ്റ് ഹിന്ദുസഭകളും സംഘടനകളുമായി അങ്ങേയറ്റത്തെ സഹകരണം ഉണ്ടാക്കുകയും നിലനിർത്തുകയും ചെയ്യുക.
2. ഹിന്ദുസമൂഹത്തിനുള്ളിലെ വ്യത്യസ്ത ജാതികൾക്കിടയിൽ ഐക്യത്തിൻ്റേയും ലയബദ്ധതയുടേയും കണ്ണികൾ നിർമ്മിക്കുക
3. ഹിന്ദുരാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളുടെ ഓർമ്മ അനുസ്മരിക്കുക
4. ഗൃഹനിർമ്മിത വസ്തുക്കളുടേയും സ്വദേശി ഉത്പന്നങ്ങളുടേയും ഉപയോഗം പ്രോത്സാഹിപ്പിക്കുക
5. വ്യായാമശാലകളും മറ്റ് ഉപാധികളും വഴി ഹിന്ദുസമൂഹത്തിൽ കായിക വിദ്യാഭ്യാസം കൊണ്ടുവരിക
6. ഹിന്ദുസമൂഹത്തിൽ നിന്നും അസ്പൃശ്യത മുഴുവനായും തുടച്ചു നീക്കുകയും ഈ ലക്ഷ്യം നേടുന്നതിനായി പരമാവധി പ്രവർത്തിക്കുകയും ചെയ്യുക.
7. ഹിന്ദുസമൂഹത്തിലേയ്ക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാക്കുന്ന ശുദ്ധി പ്രക്രിയയെ പ്രചരിപ്പിക്കുക
8. ഹിന്ദുസമൂഹത്തിൻ്റെ സുരക്ഷയും ഭൗതിക സമ്പത്തും നശിപ്പിക്കാൻ ശ്രമിക്കുന്ന എല്ലാ ശക്തികൾക്കുമെതിരെ മൗലികവും ശക്തവുമായൊരു പ്രതിപക്ഷമായി പ്രവർത്തിക്കുക.
ചുരുക്കിപ്പറഞ്ഞാൽ വംശീയാടിസ്ഥാനത്തിലുള്ള ഒരു സംഘടനയായി ഹിന്ദുക്കളെ വാർത്തെടുക്കുക എന്നതായിരുന്നു രത്നഗിരി ഹിന്ദുസഭയുടെ ദൗത്യം. അതായത് സ്മൃതി, ശ്രുതി, പുരാണോക്തങ്ങളിൽ ഊന്നി നിന്നിരുന്ന ബ്രാഹ്മണിസത്തെ അതിൽ നിന്നും വിമോചിപ്പിച്ച് ഹിന്ദുവംശീയതയെ നയിക്കുന്ന ശക്തിയാക്കിത്തീർക്കുക. ഹിന്ദുയിസത്തിൽ അവർ അനുഭവിച്ച മേൽക്കോയ്മയെ ഹിന്ദുത്വത്തിൽ രാഷ്ട്രീയാധികാരമാക്കി തീർക്കുക. അതിന് വേണ്ടി അകത്തും പുറത്തും സൈന്യസമാനമായ ഒരു പുന:സംഘടനയിലൂടെ ഹിന്ദുസമൂഹത്തെ വംശീയവല്ക്കരിക്കുക. 1 ,3 ,5 ,7 ,8 എന്നിവ അപര സമൂഹങ്ങളെ നേരിടാൻ ഉള്ള സൈന്യവല്ക്കരണത്തെ ആണ് ഊന്നുന്നത്. 4 ആകട്ടെ അതിൻ്റേതായ ഒരു സമ്പദ്വ്യവസ്ഥയെ മുന്നോട്ടു വെയ്ക്കുന്നു. തിലകിൻ്റെ തുടർച്ചയായി ആണ് അത് മുന്നോട്ട് വെയ്ക്കുന്നത്. 2 ഉം 6 ഉം ലക്ഷ്യങ്ങൾ വംശീയസമൂഹത്തിന് ആവശ്യമായ പരിഷ്ക്കരണ നടപടികൾ മുന്നോട്ടു വെയ്ക്കുന്നു.
സവർക്കർ ” ഹിന്ദുത്വ ” യിൽ മുന്നോട്ടുവെച്ച രണ്ട് കാര്യങ്ങൾ ഹിന്ദുസഭ തങ്ങളുടെ പ്രവർത്തനത്തിൻ്റെ മാർഗ്ഗദർശകതത്വങ്ങളായി സ്വീകരിക്കുന്നുണ്ട്. ഒന്ന് , സിന്ധു ( നദി ) മുതൽ സിന്ധു ( സമുദ്രം ) വരെയുള്ള പ്രദേശമാണ് ഹിന്ദുരാഷ്ട്രത്തിൻ്റെ ഭൂപരിധി. രണ്ട്, ഈ ഭൂപ്രദേശം പിതൃഭൂമിയും പുണ്യഭൂമിയുമായി സ്വീകരിക്കുന്നവരാണ് ഹിന്ദുരാഷ്ട്രത്തിലെ പൗരർ. സവർക്കർ സ്വന്തമായി രചിച്ച ഒരു സംസ്കൃതശ്ലോകം ഇതിനെ ഉൾക്കൊള്ളുന്നു.
“ആസിന്ധു സിന്ധു പര്യന്ത യസ്യ ഭാരത ഭൂമിക
പിതൃഭൂ പുണ്യഭൂശ്ചൈവ സ്വ വൈ ഹിന്ദുഋതി സ്മൃതാ”
ഈ നിർവ്വചനം സംസ്കൃതശ്ലോകത്തിൽ നിർവ്വഹിക്കുന്നത് , അതിനൊരു ക്ലാസ്സിക്കൽ ചുവ നൽകാനാണെന്ന് വ്യക്തം. ഒരു ജ്ഞാന ഭാഷ എന്ന സംസ്കൃതത്തിൻ്റെ പരിവേഷം ഉപയോഗിച്ചാൽ അതിനൊരു സമ്മതി കിട്ടുമെന്ന് സവർക്കർ വിചാരിച്ചു കാണും. ആ നാളുകളിൽ ഇങ്ങനെയൊരു ഭൂപടമോ പൗരത്വ നിബന്ധനയോ അസാധ്യമായിരുന്നു. അപ്പോൾ കാലപ്പഴക്കമുള്ള ഒരു ദർശനമാണ് ഇത് എന്ന് തോന്നിപ്പിക്കേണ്ടത് ബ്രാഹ്മണിസത്തിൻ്റെ അത്യാവശ്യമായിരുന്നു.
ഈ നിർവ്വചനത്തിൽ പിതൃഭൂമിയും പുണ്യഭൂമിയും മാത്രമേയുള്ളു എന്നത് നാം ചർച്ച ചെയ്തു കഴിഞ്ഞു. കർമ്മഭൂമി എന്ന പൗരത്വത്തെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ആശയം സവർക്കർ ഒഴിവാക്കിക്കളഞ്ഞു. നിരവധി മുസ്ലീങ്ങളും ഹിന്ദുക്കളും സിക്കുകാരും ജൈനരും ആദിവാസികളും ദളിതരും പാഴ്സികളും , ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയിലെ ബഹുജനങ്ങൾ ഇന്ത്യയെ തങ്ങളുടെ കർമ്മഭൂമിയാക്കിക്കൊണ്ട് ബ്രിട്ടീഷുകാർക്കെതിരെ സമരം നയിക്കുന്ന കാലമാണ് ഇതെന്ന് ഓർമ്മ വേണം. ആ കർമ്മഭൂമിയിൽ നിന്ന് മാറി നിന്ന ഒരേ ഒരു വിഭാഗം സവർക്കറെപ്പോലുള്ള നവ- യാഥാസ്ഥിതികരായ , ഹിന്ദുവംശീയത ഉദ്ഘോഷിക്കുന്ന ബ്രാഹ്മണരായിരുന്നു എന്ന് കൂടി ഓർക്കണം. ആ അർത്ഥത്തിൽ മാറി നില്പിൻ്റെ പൗരത്വ സിദ്ധാന്തം കൂടിയായിരുന്നു ഇത്. അങ്ങനെ സിന്ധു മുതൽ സിന്ധുവരെയുള്ള ഭൂപ്രദേശത്തിന് വേണ്ടിയുള്ള കർമ്മത്തിൽ അല്പം പോലും ഇടപെടാതെ ആ പ്രദേശത്തിലെ പൗരത്വത്തെ, കർമ്മരഹിതമായ ഒരു പൗരത്വത്തെ ഉറപ്പിക്കുകയായിരുന്നു ബ്രാഹ്മണിസം. അഡ്വ. ബാബാറാവു നാനൽ പ്രസിഡണ്ടും ജി.വി. പട് വർദ്ധൻ സെക്രട്ടറിയുമായാണ് ഹിന്ദുസഭ നിലവിൽ വന്നത്. അഖിലേന്ത്യാ ഹിന്ദുമഹാസഭയുമായി ചേർന്ന് പ്രവർത്തിക്കാനും രത്നഗിരി ഹിന്ദുസഭ തീരുമാനിച്ചു .
ഈ പരിഷ്ക്കരണ നടപടികൾ ബ്രാഹ്മണ രാഷ്ട്രീയത്തിൻ്റെ ഭാഗമായി സ്വീകരിക്കുന്നതിന് പിന്നിലെ സാമൂഹ്യ പശ്ചാത്തലം കൂടി നാം പരിശോധിക്കേണ്ടതുണ്ട്. ഈ കാലഘട്ടത്തിൽ ബ്രാഹ്മണ വിരുദ്ധ രാഷ്ട്രീയത്തിൻ്റെ വ്യത്യസ്തധാരകൾ ബോംബെ പ്രസിഡൻസിയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ടത് അംബേദ്കറുടെ നേതൃത്വത്തിലെ ബഹിഷ്കൃത് ഹിതകരിണി സഭ ആണ്. രത്നഗിരി ജില്ലയിലാണ് അംബേദ്ക്കറുടെ നേതൃത്വത്തിൽ ദളിതുകൾ വലിയ ഇടപെടൽ നടത്തിയത്. പ്രത്യേകിച്ചും മഹാഡ് നഗരസഭയിൽ. അതിൻ്റെ പശ്ചാത്തലം താഴെ കൊടുക്കുന്നു.
1923 ആഗസ്റ്റ് 4 ന്ബോംബെ നിയമനിർമ്മാണ കൗൺസിലിൽ റാവു ബഹദൂർ സി.കെ. ബോലേ ഒരു ബിൽ അവതരിക്കുകയുണ്ടായി. പൊതുക്കിണറുകൾ , കുളങ്ങൾ, തടാകങ്ങൾ എന്നിങ്ങനെയുള്ള പൊതുജലസ്റോതസ്സുകൾ ഉപയോഗിക്കാൻ “അസ്പൃശ്യ” ജനവിഭാഗങ്ങൾക്ക് അനുമതി തേടിക്കൊണ്ടുള്ള ബില്ലായിരുന്നു അത്. 1923 സെപ്തംബർ 11 ന് ബോംബെ ഗവണ്മെൻ്റ് അതനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. പക്ഷെ, ഒരിടത്തും അത് നടപ്പായില്ല. സാമൂഹ്യവിലക്ക് നിയമത്തേക്കാളും ശക്തമായിരുന്നു. അംബേദ്ക്കർ ഇന്ത്യയിൽ തിരിച്ചെത്തിയ കാലമായിരുന്നു അത്. 1924 മാർച്ച് 9 ന് അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ബഹിഷ്കൃത് ഹിതകരിണി സഭ രൂപം കൊണ്ടു. 1924 ജൂലൈ 20 ന് ചേർന്ന ബഹിഷ്കൃത് ഹിതകരിണി സഭ സമ്മേളനം ചേർന്ന് മേല്പറഞ്ഞ ലക്ഷ്യങ്ങൾ അംഗീകരിച്ചു.
1 . ഹോസ്റ്റലുകൾ തുറന്ന് ദളിതുകൾക്കിടയിൽ വിദ്യാഭ്യാസത്തിൻ്റെ വ്യാപ്തി പ്രോത്സാഹിപ്പിക്കുക
2. ലൈബ്രറികളും സാമൂഹികകേന്ദ്രങ്ങളും പാഠശാലകളും മറ്റും തുറന്നുകൊണ്ട് ദളിതുകൾക്കിടയിൽ സംസ്കാരം പടർത്തുന്ന നടപടികൾ പ്രോത്സാഹിപ്പിക്കുക
3. വ്യാവസായിക പാഠശാലകളും കാർഷിക പാഠശാലകളും ആരംഭിക്കുക വഴി ദളിതരുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുകയും മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുക.
4. ദളിതരുടെ ബുദ്ധിമുട്ടുകളെ പ്രതിനിധീകരിക്കുക.
ദളിതർക്ക് സർവ്വതോമുഖമായ സാമൂഹിക ചലനാത്മകത കൈവരിക്കാനാവശ്യമായ നടപടികളാണ് സഭ ലക്ഷ്യങ്ങളായി മുന്നോട്ടുവെച്ചതെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും.
ഇക്കാലത്ത് ദളിതരുടെ ഉന്നമനത്തിന് വേണ്ടി അംബേദ്ക്കർ പ്രയത്നിക്കുമ്പോൾ അദ്ദേഹം സ്വീകരിച്ച മാർഗ്ഗദർശക തത്വങ്ങളെ കുറിച്ച് രഞ്ജിത് കുമാർ ഡേ “ഇന്ത്യയിലെ മത പരിവർത്തിതർ – നവ ബുദ്ധിസത്തെക്കുറിച്ചുള്ള സാമൂഹ്യ രാഷ്ട്രീയ പഠനം” എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്.
“തൻ്റെ ലക്ഷ്യം, തൻ്റെ ജനതയുടെ സാമൂഹ്യവും രാഷ്ട്രീയവുമായ തുല്യത നേടുന്നതിനായി അംബേദ്കർ ഇതുവരെ നടത്തിയ വ്യത്യസ്തശ്രമങ്ങൾ പരിശോധിക്കുകയാണെങ്കിൽ അതാത് അവസ്ഥകൾ ആവശ്യപ്പെടുന്ന തരത്തിലുള്ള നയവ്യതിയാനങ്ങൾ അദ്ദേഹം സ്വീകരിച്ചിട്ടുള്ളതായി കാണാം. 1920 കളുടെ തുടക്കത്തിൽ ‘ അസ്പൃശ്യ’ രോട് അവരുടെ ‘ചീത്ത ശീലങ്ങൾ ‘ ഉപേക്ഷിക്കാൻ അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. മദ്യത്തിൻ്റേയും ബീഫിൻ്റേയും ഉപഭോഗം ഉൾപ്പെടെയുള്ള രീതികളുടേയും ശീലങ്ങളുടേയും ഉപേക്ഷ അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. തൻ്റെ പ്രസ്ഥാനത്തിൻ്റെ ആദ്യകാലങ്ങളിൽ ”സംസ്കൃതവല്ക്കരണ”ത്തിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി അദ്ദേഹം “അസ്പൃശ്യ” രോട് ഉയർന്ന ജാതിക്കാരുടെ അനുഷ്ഠാനങ്ങൾ അനുകരിക്കാൻ ആവശ്യപ്പെടുന്നുണ്ട്. വേദിക് രീതിയിലുള്ള വിവാഹങ്ങൾക്കും പൂണൂൽ ധരിക്കുന്നതിനും മറ്റും വലിയ പ്രാധാന്യം അദ്ദേഹം നൽകിയിരുന്നു. എന്നാൽ ഉയർന്ന ജാതിക്കാരുടെ അനുഷ്ഠാനങ്ങൾ അനുകരിക്കുന്നത് മറ്റുള്ളവരിൽ യാതൊരു മാറ്റവും ഉണ്ടാക്കില്ലെന്ന് അദ്ദേഹം വളരെപ്പെട്ടെന്ന് മനസ്സിലാക്കി ”
ഈ മനസ്സിലാക്കലിലേയ്ക്ക് അംബേദ്ക്കറെ നയിച്ച പ്രധാനപ്പെട്ട ഒന്നായിരുന്നു മഹാഡ് സത്യാഗ്രഹം. 1924 ജനുവരി 5 ന് മഹാഡ് മുനിസിപ്പാലിറ്റി അധികൃതർ അവിടുത്തെ പ്രധാന ജലസംഭരണി ആയിരുന്ന ചവ്ദാർ തടാകം എല്ലാ ജാതിക്കാർക്കുമായി തുറന്നുകൊടുക്കുന്നതായി പ്രഖ്യാപിച്ചു. അതുവരെ ആ തടാകം ദളിതർക്ക് അപ്രാപ്യമായിരുന്നു. എങ്കിലും അത് സമൂഹഘടനയിൽ യാതൊരു മാറ്റവും സൃഷ്ടിച്ചില്ല. ദളിതരിൽ ഒരാൾ പോലും ചവ്ദാർ തടാകത്തിൽ നിന്നും വെള്ളമെടുക്കാൻ തുനിഞ്ഞില്ല. അത്ര ആഴത്തിൽ ജാതിഘടന വേരോടിയിരുന്നു. 1927 വരെ തൽസ്ഥിതി തുടർന്നു.
1927 മാർച്ച് 19 ,20 തീയ്യതികളിൽ മഹാഡ് ഉൾക്കൊള്ളുന്ന കൊളാബ ജില്ലയിലെ (ഇപ്പോൾ റായ്ഗർ) ബഹിഷ്കൃത് പരിഷത്തിൻ്റെ സമ്മേളനത്തിൽ പങ്കെടുക്കാൻ മാർച്ച് 16 ന് അംബേദ്ക്കർ ബോംബെയിൽ നിന്ന് ബോട്ട് കയറി. ഈ സമ്മേളനമാണ് ബഹിഷ്കൃത് സഭയുടെ അതുവരെ നടന്ന ഏറ്റവും വലിയ സമ്മേളനം. ബഹിഷ്കൃത് സഭ ഒരു ദളിത് സമുദായ സംഘടന ആയിരുന്നില്ല. മറിച്ച് ദളിത് പ്രശ്നത്തിന് വേണ്ടി നിലകൊണ്ട വ്യത്യസ്ത സമുദായക്കാർ ചേർന്ന് ഉണ്ടാക്കിയ സംഘടന ആയിരുന്നു. ഗെയിൽ ഓം വെദ് എഴുതിയ ദളിതുകളും ജനാധിപത്യവിപ്ലവവും – ഡോ.അംബേദ്ക്കറും സാമ്രാജ്യത്ത ഇന്ത്യയിലെ ദളിത് പ്രസ്ഥാനവും എന്ന കൃതിയിൽ അവരെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. കായസ്ഥനായ ഏ വി ചിത്രേ, ബ്രാഹ്മണനായ ജി എൻ സഹസ്രബുദ്ധേ, മഹാഡ് മുനിസിപ്പാലിറ്റിയുടെ പ്രസിഡണ്ടായിരുന്ന കായസ്ഥനായ സുരേന്ദ്രനാഥ് ടിപ്നിസ് എന്നിവർ ഈ സമ്മേളനത്തിൽ പങ്കെടുത്തു. ചിത്രേയും ടിപ്നിസും പിൽക്കാലത്ത് അംബേദ്ക്കർ സ്ഥാപിച്ച ഇൻഡിപെൻഡൻ്റ് ലേബർ പാർട്ടിയുടെ എം എൽ എ മാരായി. അംബേദ്കർ സ്ഥാപിച്ച ജനത എന്ന പത്രികയുടെ പത്രാധിപരായിത്തീർന്നു പിൽക്കാലത്ത് സഹസ്രബുദ്ധേ . ചവ്ദാർ തടാകത്തിലേയ്ക്ക് ബലമായി പ്രവേശിക്കാൻ സമ്മേളനം നിശ്ചയിച്ചു. അനന്ത് റാവു ചിത്രേ എന്ന ഏ വി ചിത്രേയാണ് ഈ നിർദ്ദേശം മുന്നോട്ടു വെയ്ക്കുന്നത്. പിൽക്കാലത്ത് ഈ സംഭവത്തെ അനുസ്മരിച്ച് ചിത്രേ പറഞ്ഞ ഒരു വാചകം ഗെയ്ൽ ഓംവെദ് ഉദ്ധരണിയായി കൊടുത്തിട്ടുണ്ട്. ” മുമ്പ് തീരുമാനിച്ചത് പ്രകാരം ഞാൻ ഒരു ബോംബെറിഞ്ഞു ”
അങ്ങനെ ആയിരങ്ങളെ നയിച്ച് അംബേദ്ക്കർ ചവ്ദാർ തടാകത്തിൽ പ്രവേശിച്ച് ഒരു കൈക്കുമ്പിൾ ജലം കുടിച്ചു. പിൽക്കാലത്ത് പ്രമുഖ മറാത്താ ദളിത് കവി അർജ്ജുൻ ഡാംഗ്ലേ ” മഹാഡ് സത്യാഗ്രഹത്തിൻ്റെ കൈകൾ ” എന്ന കവിതയിൽ ഇങ്ങനെ കുറിച്ചു.
” ഗ്രാമകവാടങ്ങൾക്ക് വെളിയിലെ
അനക്കമറ്റ ഊടുവഴികളിൽ നിന്ന്
നീ വന്ന് ഇടിമുഴക്കി.
എല്ലാവരും
ഞെട്ടിയുണർന്ന് പൊടി തുടച്ചുമാറ്റാനാരംഭിച്ചു.
നീ മുന്നോട്ടു നടന്നു.
ആളുന്ന പന്തം പിടിച്ച്
ഇരുട്ടിൻ്റെ വ്യാപാരികളിൽ പേടി പടർന്നു.
നീ നടന്നുകൊണ്ടേയിരുന്നു.
എല്ലാവരും പിന്തുടർന്നു
നീ കുളത്തിൻ്റെ കരയിൽ നിന്നു.
ഞങ്ങൾക്ക് ജീവിതം തന്നു.
അംബേദ്കർ കുടിച്ച ആ ഒരു കുമ്പിൾ ജലം ദളിതർക്ക് ജീവജലമായിരുന്നു എന്ന് ഈ കവിത കാണിച്ചു തരുന്നു. പക്ഷെ, ആ ജീവജലം എളുപ്പം കിട്ടുന്നതായിരുന്നില്ല. പിറ്റേന്ന് തടാകം അശുദ്ധമാക്കിയതിന് എതിരേ ബ്രാഹ്മണർ ശുദ്ധികർമ്മം അനുഷ്ഠിച്ചു. 1000 കുടങ്ങളിൽ ചവ്ദാർ തടാകത്തിൽ നിന്നും വെള്ളം കോരിക്കളഞ്ഞാണ് ഈ ശുദ്ധികർമ്മം നടപ്പാക്കിയത്. ഈ സംഭവങ്ങൾ മഹാരാഷ്ട്രയിലെമ്പാടും വലിയ രീതിയിൽ പ്രതിധ്വനിച്ചു. ഈ കാലാവസ്ഥയിലാണ് തൻ്റെ രണ്ടാമത്തെ പത്രിക ” ബഹിഷ്കൃത് ഭാരതി ” ന് അംബേദ്കർ തുടക്കമിടുന്നത്. 1927 ഏപ്രിൽ 3 ന് ആദ്യ ലക്കം പുറത്തുവന്നു. അംബേദ്കർ ആരംഭിച്ച ആദ്യപത്രിക 1920 ലെ ” മൂകനായക് ” ആയിരുന്നു.
മഹാഡ് സത്യാഗ്രഹം അതോടെ തീർന്നില്ല , 1927 ജൂലൈ 3 ന് ബഹിഷ്കൃത് ഹിതകരണി സഭയുടെ ആഭിമുഖ്യത്തിൽ അംബേദ്കറുടെ അദ്ധ്യക്ഷതയിൽ ബോംബെയിലെ കൊവാസ്ജി ജഹാംഗീർ ഹാളിൽ നടന്ന പൊതുയോഗം മഹാഡ് സത്യാഗ്രഹം പുനരാരംഭിക്കാൻ നിശ്ചയിച്ചു. അക്കൊല്ലത്തെ ദീപാവലിക്ക് ശേഷം സത്യാഗ്രഹം സംഘടിപ്പിക്കാനാണ് തീരുമാനിച്ചത്. അങ്ങനെ 1927 ഡിസംബർ 26, 27 തീയ്യതികളിൽ സത്യാഗ്രഹം നടത്താൻ തീരുമാനിച്ചു. ഇതറിഞ്ഞ ജാതി ഹിന്ദുക്കൾ സത്യാഗ്രഹം തകർക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നതിനായി വീരേശ്വർ ക്ഷേത്രത്തിൽ യോഗം ചേർന്നുവെങ്കിലും അത് ബഹളത്തിൽ കലാശിച്ചു. അതേ തുടർന്ന് അവർ 1927 ഡിസംബർ 12 ന് അംബേദ്ക്കർക്കും മറ്റുള്ളവർക്കുമെതിരെ മഹാഡ് കോടതിയിൽ കേസ് കൊടുക്കുകയും അവർ മഹാഡിൽ പ്രവേശിക്കുന്നതിനെതിരെ വിധി സമ്പാദിക്കുകയും ചെയ്തു. ഈ സംഭവവികാസങ്ങൾക്കിടയിൽ 1927 ആഗസ്റ്റ് 4 ന് മഹാഡ് നഗരസഭ തന്നെ ,ദളിതർക്ക് ചവ്ദാർ തടാകത്തിൽ പ്രവേശിക്കാം എന്ന തങ്ങളുടെ ഉത്തരവ് പിൻവലിച്ചു.
1927 ഡിസംബർ 25 ന് അംബേദ്കർ മഹാഡിലെത്തി. വലിയ ഒരു ആൾക്കൂട്ടത്തിന് മുന്നിൽ വെച്ച് യാഥാസ്ഥിതിക ബ്രാഹ്മണ്യത്തിൻ്റെ അടിസ്ഥാന പ്രമാണങ്ങളിൽ പ്രധാനപ്പെട്ട മനുസ്മൃതി കത്തിച്ചു. ചവ്ദാർ തടാകപ്രവേശനം നിയമലംഘനം ആകും എന്നതിനാൽ അതിൽ നിന്ന് അനുയായികളെ പിന്തിരിപ്പിക്കുകയും ചെയ്തു. 1937 മാർച്ച് 17 നാണ് അവസാനം കോടതി ചവ്ദാർ തടാകം ദളിതർക്കായി തുറന്ന് കൊടുക്കുന്ന തീരുമാനം കൈക്കൊണ്ടത്.
മഹാഡ് സത്യാഗ്രഹം എന്ന് നാം വിളിക്കുന്നത് പല വർഷങ്ങളായി നടന്ന സമരപരമ്പരകളെ സംഗ്രഹിച്ചാണെങ്കിലും ആദ്യ സമരം നടന്ന 1927 മാർച്ച് 20 ആണ് “ദളിതരുടെ സ്വാതന്ത്ര്യദിനം ” ആയി പിൽക്കാലത്ത് ഗെയിൽ ഓം വെദിനെപ്പോലുള്ളവർ രേഖപ്പെടുത്തിയത്.
രഞ്ജിത് കുമാർ ഡേ അഭിപ്രായപ്പെടുംപോലെ മഹാഡ് പ്രക്ഷോഭം ജലസംഭരണി പ്രവേശം സാധ്യമാക്കുന്നതിന് മാത്രമായിരുന്നില്ല. (അത് ) തത്തുല്ല്യമായ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചു കിട്ടുന്നതിനുള്ള സമരവും ഹിന്ദുമനസ്സ് പരീക്ഷിക്കാനുള്ള ഒരു പരീക്ഷണവും ആയിരുന്നു. അത്തരത്തിലുള്ള മറ്റൊരു പ്രധാന പരീക്ഷണം 1930 ൽ നാസിക്കിലെ കാലാറാം ക്ഷേത്രപ്രവേശനം അനുവദിക്കാനുള്ള സത്യാഗ്രഹം ആയിരുന്നു. അംബേദ്ക്കറും തദ്ദേശീയ മഹർ നേതാക്കളും ചേർന്നാണ് ഇത് സംഘടിപ്പിച്ചത് .ആയിരക്കണക്കിന് “അസ്പൃശ്യർ” ഇതിൽ പങ്കെടുത്തു. ആ സന്ദർഭത്തിൽ അംബേദ്ക്കർ പറഞ്ഞത് ഇങ്ങനെ :
” ഈ സത്യാഗ്രഹം ഹിന്ദുമനസ്സിന് ഒരു വെല്ലുവിളിയാണ്. നൂറുകണക്കിന് വർഷങ്ങളായി ഉന്നതജാതി ഹിന്ദുക്കൾ ഞങ്ങൾക്ക് മനുഷ്യാവകാശങ്ങൾ നിഷേധിച്ചു കൊണ്ടേയിരിക്കുന്നു. ഒരു മനുഷ്യജീവിയെ മനുഷ്യജീവിയായി കണക്കാക്കുക എന്നത് പുതിയകാലത്തിൻ്റെ പുതിയ പ്രത്യയശാസ്ത്രം ആണ്. ഇത് സ്വീകരിക്കുന്നോ ഇല്ലയോ എന്നതാണ് അവരുടെ മനസ്സിൻ്റെ യഥാർത്ഥ പരീക്ഷണം. ഇന്ന്, ഈ സത്യാഗ്രഹം വഴി ഞങ്ങൾക്ക് ഇതിന് ഉത്തരം ലഭിക്കും ”
ദളിതുകൾ ഇങ്ങനെ ബ്രാഹ്മണിസത്തിൻ്റെ ചരട് പൊട്ടിച്ചുകൊണ്ടിരിക്കുമ്പോൾ പിന്നോക്ക സമുദായങ്ങളും സവർണ്ണ സമുദായങ്ങളിൽ പെടുന്നവർ പോലും മറ്റൊരിടത്ത് ആ ചരട് അറുക്കാൻ യത്നിക്കുകയായിരുന്നു. മഹാത്മാ ജ്യോതിബാ ഫൂലേ സ്ഥാപിച്ച സത്യശോധക് സമാജ് പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ ബ്രാഹ്മണ വിരുദ്ധ രാഷ്ട്രീയത്തിൻ്റേയും ബ്രാഹ്മണേതര രാഷ്ട്രീയത്തിൻ്റേയും കുന്തമുന ആയിരുന്നു. മറാത്തകൾ എന്ന സമുദായക്കാരിൽ ഒരു വിഭാഗം ,ശിവജി ഈ സമുദായക്കാരനായിരുന്നു , ഈ ബ്രാഹ്മണ വിരുദ്ധ രാഷ്ട്രീയവുമായി പൊരുത്തപ്പെട്ടിരുന്നു. 1912 ൽ പുറത്തിറങ്ങിയ വാസുദേവ് റാവു ബിർ സേയുടെ “ക്ഷത്രിയരും അവരുടെ പ്രഭവവും “ എന്ന ഗ്രന്ഥവും കാശിനാഥ് ബാപ്പുജി ദേശ്മുഖിൻ്റെ “ക്ഷത്രിയ മറാത്തകളുടെ പ്രാചീനവും ആധുനികവുമായ ചരിത്രം ” എന്ന രണ്ട് വാള്യങ്ങൾ ഉള്ള ഗ്രന്ഥവും ഇതിനെ കാണിക്കുന്നവയാണ്. എല്ലാ ബ്രാഹ്മണേതരരും ശൂദ്രരാണ് എന്ന് അവർ വാദിച്ചു. എന്ന് പറഞ്ഞാൽ ബ്രാഹ്മണജാതിവ്യവസ്ഥയിലെ ഒരു പ്രധാന സ്വഭാവമായിരുന്ന ഉന്നത ജാതി ഉന്മുഖത തിരിച്ചിടുകയാണ് ക്ഷത്രിയമറാത്തകളിലെ ഈ വിഭാഗം ചെയ്തിരുന്നത്. തങ്ങളിൽ “താഴ്ന്ന ” ജാതിയായ ശൂദ്രരോട് ഐക്യപ്പെടുന്ന സിദ്ധാന്തം മുന്നോട്ടു വെയ്ക്കുക വഴി “നീചജാതി ഉന്മുഖത” എന്ന വിപ്ലവകരമായ സിദ്ധാന്തം അവർ കൊണ്ടുവന്നു.
വിക്രം സമ്പത്തിനെപ്പോലുള്ള സവർക്കറുടെ വീണ്ടെടുപ്പുകാർ പറയുന്നത് ബ്രാഹ്മണിസത്തിൽ നിന്നുള്ള ഹിന്ദുയിസത്തിൻ്റെ വിടുതൽ യഥാർത്ഥത്തിൽ ഹിന്ദു ദേശീയ നേതാക്കൾക്ക് ഗുണകരമായി എന്നാണ്.
…………………………
നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ചപ്പോൾ എത്ര വേഗത്തിലാണോ ഹെഡ്ഗേവാർ അതിലേയ്ക്ക് കടന്നുചെന്നത് അതിലും വേഗത്തിൽ അതിൽ നിന്നും പിന്മാറി. ഹെഡ്ഗേവാറിൻ്റെ ബ്രാഹ്മണരാഷ്ടീയമാണ് അതിന്റെ പ്രധാനപ്പെട്ട കാരണം. ഗാന്ധി സാധിച്ചെടുത്ത ഹിന്ദു – മുസ്ലീം ഐക്യലോകം ആ ബ്രാഹ്മണ രാഷ്ടീയത്തെ ഭയപ്പെടുത്തി. 1921 ലെ മലബാർ കലാപം, സവർക്കർ എന്ന പോലെ ഹെഡ്ഗേവാറും ഉപയോഗപ്പെടുത്തി. മലബാർ കലാപത്തിൽ പങ്കെടുത്തവർ ഒക്കെത്തന്നെ കൊല്ലപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്തതിനാൽ അവരുടെ ഭാഗം പൊതുമണ്ഡലത്തിൽ ഉണ്ടായിരുന്നില്ല. ആർക്കെതിരെയാണോ ആ കലാപം പൊട്ടിപ്പുറപ്പെട്ടത് ആ ബ്രിട്ടീഷുകാരും സി.ശങ്കരൻനായരെപ്പോലുള്ള സവർണ്ണ ഹിന്ദുക്കളും വിവരിച്ച മുസ്ലീം വിരുദ്ധ ആഖ്യാനമാണ് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. ഈ ആഖ്യാനങ്ങളെ അടിസ്ഥാനപ്പെടുത്തി സവർക്കർ ഭാവനാത്മകമായ ഒരു നോവൽ, ഞാനെന്തു കൊണ്ട് കരുതിയിരിക്കണം എന്ന പേരിൽ എഴുതിയത് നാം കാണുകയുണ്ടായി. ഒരിക്കൽ ബ്രിട്ടീഷ് വിരോധിയായിരുന്ന ഹെഡ്ഗേവാറും ഭിന്നിപ്പിച്ച് ഭരിക്കാൻ ഉദ്ദേശിച്ച് ബ്രിട്ടീഷുകാരുടെ ബോധപൂർവ്വമായ ഇടപെടൽ മൂലമുണ്ടായ ഹിന്ദു – മുസ്ലീം കലാപങ്ങളെ മുൻനിർത്തി അവർ ഇച്ഛിച്ച മുസ്ലീം വിരുദ്ധ രാഷ്ട്രീയ ബ്രാഹ്മണിസത്തിൻ്റെ വ്യക്താവായി ഹെഡ്ഗേവാർ മാറി.
ബോംബെ പ്രവിശ്യയിൽ എന്ന പോലെ സെൻട്രൽ പ്രോവിൻസിലെ നാഗ്പൂരിലും ബ്രാഹ്മണിസം ശക്തിപ്രാപിച്ചത് ഗണേശോത്സവത്തെ കെട്ടുകാഴ്ചയാക്കി മാറ്റിക്കൊണ്ടാണ്. പലപ്പോഴും ദൈവപൂജ എന്നതിനേക്കാൾ ഇന്ത്യയിലെ ബഹുജന സംസ്കാരത്തിന് മേൽ സാമൂഹ്യാധികാരം നേടിയെടുക്കാനുള്ള ഉപാധി എന്ന മട്ടിലാണ് നാഗ്പൂരിലും ഇത് സംഘടിപ്പിച്ചിരുന്നത് – 1923 സെപ്തംബർ – ഒക്ടോബർ മാസത്തിൽ നാഗ്പൂരിലെ ഡിണ്ടിയിൽ നടന്ന ഗണേശോത്സവത്തിലാണ് ബ്രാഹ്മണനേതാവെന്ന നിലയിൽ ഹെഡ്ഗേവാർ തൻ്റെ ദൃശ്യത സ്ഥാപിച്ചെടുക്കുന്നത്. ഗണേശോത്സവ ഘോഷയാത്ര മുസ്ലീം പള്ളിയ്ക്ക് മുന്നിലൂടെ അക്രമാസക്തമായ മട്ടിൽ കടന്നുപോയത് ക്രമസമാധാന പ്രശ്നമായി. മജിസ്ട്രേട്ട് ഘോഷയാത്രയുടെ നടപടിക്രമങ്ങളിൽ ചില പരിമിതികൾ നിർദ്ദേശിച്ചു. ഇതിനെതിരെ 1923 ഒക്ടോബർ 31 മുതൽ നവംബർ 11 വരെ ബ്രാഹ്മണർ സത്യാഗ്രഹം ആരംഭിച്ചു. അതിൽ ഹെഡ്ഗേവാർ സജീവമായി പങ്കെടുത്തു. അവസാനം പോലീസും പള്ളി അധികാരികളും ബ്രാഹ്മണരും ചേർന്ന് നടന്ന ചർച്ചയിൽ ഘോഷയാത്രയ്ക്ക് മേൽ ഭരണകൂടം ഏർപ്പെടുത്തിയിരുന്ന പരിമിതികൾ പിൻവലിച്ചു. വിലക്കുകൾ ഏർപ്പെടുത്തിയതും പിൻവലിച്ചതും സർക്കാർ ആണെങ്കിലും, മുസ്ലീങ്ങൾക്കെതിരെ നേടിയ സാമൂഹ്യാധികാരമായിട്ടാണ് ബ്രാഹ്മണർ ഇതിനെ കണ്ടത്. അതിനെ നിലനിർത്താനും മുന്നോട്ട് കൊണ്ടുപോകാനും നാഗ്പൂർ ഹിന്ദുസഭ എന്ന പേരിൽ ഒരു സംഘടന ഉണ്ടാക്കി. രാജെ ലക്ഷ്മൺ ഭോൺസ്ലേ പ്രസിഡണ്ടും ഡോ. ബി.എസ്. മുഞ്ജേ വൈസ് പ്രസിഡണ്ടും ഹെഡ്ഗേവാർ സെക്രട്ടറിയുമായാണ് സഭ നിലവിൽ വന്നത്.
ഈ സമയത്താണ് സവർക്കറുടെ ജ്യേഷ്ഠൻ ബാബാറാവു എന്ന ഗണേഷ് ദാമോദർ സവർക്കർ ജയിൽ വിമോചിതൻ ആകുന്നത്. തൻ്റെ ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രീയം എന്നന്നേയ്ക്കുമായി ഉപേക്ഷിച്ച ബാബാറാവു 1923- 24 ൽ “തരുൺ ഹിന്ദു സഭ” എന്ന പേരിൽ ഹിന്ദുത്വ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടുപോകാൻ ഒരു പ്രത്യേക സംഘടനയുണ്ടാക്കി. അതോടൊപ്പം ഹിന്ദുമഹാസഭയുടെ സജീവ പ്രവർത്തകനും ആയിത്തീർന്നു. സവർക്കറുടെ ഹിന്ദുത്വയുടെ അടിസ്ഥാനത്തിലുള്ള ഹിന്ദു വംശീയ രാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടുപോകാൻ യുവാക്കളെ ഏകോപിപ്പിക്കുകയായിരുന്നു, തരുൺ ഹിന്ദു സഭയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ സനാതനികളേയും ആര്യസമാജക്കാരേയും ജൈനരേയും സിക്കുകളേയും ബാബാറാവു ഈ സഭയിൽ മുസ്ലീം വിരുദ്ധ ഹിന്ദു വംശീയ രാഷ്ട്രീയം ഉയർത്താൻ ചേർക്കുകയുണ്ടായി. ബ്രാഹ്മണോത്സവങ്ങൾ കെട്ടുകാഴ്ചയാക്കി ആഘോഷിക്കുക, ശുദ്ധി പ്രക്രിയയിലൂടെ ഹിന്ദുമതത്തിലേയ്ക്ക് ഇതര മതസ്ഥരെ മതപരിവർത്തനം ചെയ്യിക്കുക, ലാത്തി ഉപയോഗിച്ചുള്ള കായിക പരിശീലനം നൽകുക തുടങ്ങിയവയായിരുന്നു തരുൺ ഹിന്ദു സഭയുടെ പ്രവർത്തന ഉള്ളടക്കം. അഞ്ഞൂറ് യുവാക്കളെ സംഘടനയ്ക്ക് കീഴിൽ അണിനിരത്താൻ ബാബാറാവുവിന് കഴിഞ്ഞു.
1924 ൽ തരുൺ ഹിന്ദു സഭയെ ബോംബെ പ്രവിശ്യയ്ക്ക് പുറത്തേയ്ക്ക് വ്യാപിപ്പിക്കുന്നതിനായി ബാബാറാവു നാഗ്പൂരിലെത്തി. അവിടെ വെച്ചാണ് ഹെഡ്‌ഗേവാറിനെ ബാബാറാവു കണ്ടുമുട്ടുന്നത്. നിരവധി സഭകളിലായി പിരിഞ്ഞു കിടക്കുന്ന ഹിന്ദുവംശീയ രാഷ്ട്രീയത്തെ സമാഹരിക്കാനായി ഒരു കേന്ദ്രസംഘടനയുടെ ആവശ്യം അവർ ചർച്ച ചെയ്തു. ഇതേ തുടർന്ന് 1924 ലെ ഹിന്ദു മഹാസഭ സമ്മേളനം ” ഹിന്ദു സ്വയംസേവക് സംഘടന ” ഉണ്ടാക്കുന്നതിനായി ഡോ. ബി.എസ്. മുഞ്ജേയേയും ബാബാറാവുവിനേയും ചുമതലപ്പെടുത്തുകയുണ്ടായി. അതിൻ്റെ തുടർച്ചയായി ബാബാറാവു, ഡോ.ബി. എസ്. മുഞ്ജേ, ഡോ. എൽ വി പരാഞ്ജ്പേ, ഭാവുജി കാർവേ ,അണ്ണ സോഹോനി ,ചോൾക്കർ ,വിശ്വനാഥ് കേൽക്കർ ,ഡോ. തോൽക്കർ എന്നിവരുമായി ചേർന്ന് ഡോ. ഹെഡ്ഗേവാർ 1925 സെപ്തംബർ 27 വിജയദശമി ദിനത്തിൽ രാഷ്ട്രീയ സ്വയം സേവക് സംഘിന് രൂപം നൽകി.
മാർസിയ കസോളാരി 2000 ജനുവരി 22 ന് എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലിയിൽ എഴുതിയ ലേഖനത്തിൽ ഡോ. ബി.എസ് .മുഞ്ജേ ആർ എസ് എസിൻ്റെ ഘടന വികസിപ്പിച്ചെടുക്കുന്നതിൽ വഹിച്ച വലിയ പങ്കിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. 1931 മാർച്ച് 15 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ അദ്ദേഹം ഇറ്റലി സന്ദർശിക്കുകയും ബെനിറ്റോ മുസ്സോളിനിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ന്യൂഡെൽഹിയിലെ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ള മുഞ്ജേയുടെ ഡയറിയിലെ 13 പേജുകൾ ഈ സന്ദർശനത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നുണ്ട്. മുസ്സോളിനിയുടെ സൈനിക കോളേജ്, സെൻട്രൽ മിലിറ്ററി സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ, ഫാസിസ്റ്റ് അക്കാദമി ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ എന്നിവ മുഞ്ജേ സന്ദർശിക്കുന്നുണ്ട്. ബലില്ല സംഘടനയും അവാങ്ങ് ഗാർഡിസ്റ്റി സംഘടനയുടേയും സന്ദർശനമാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. 1926 നും 37 നും ഇടയിലുള്ള കാലഘട്ടത്തിൽ ഇറ്റലിയിൽ പ്രവർത്തിച്ചിരുന്ന യുവ ദേശീയ സംഘടനയാണ് ബലില്ല. അത് പിന്നീട് മുസ്സോളിനിയുടെ ദേശീയ ഫാസിസ്റ്റ് പാർട്ടി ഏറ്റെടുത്തു. 6 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളേയും യുവാക്കളേയും ആണ് ഈ സംഘടനയിലേയ്ക്ക് തെരഞ്ഞെടുത്തിരുന്നത് – ആർ എസ് എസിൻ്റെ ഘടന ഈ സംഘടനയുടെ ഘടനയുമായി അതിശയകരമാം വിധം സാമ്യം പുലർത്തുന്നതാണ്. ആഴ്ചതോറുമുള്ള യോഗങ്ങളും കായിക വ്യായാമങ്ങളും അർദ്ധസൈനിക പരിശീലനങ്ങളും മാർച്ചുകളും പരേഡുകളും ഈ സംഘടനയുടെ പ്രവർത്തന അജണ്ടയിലെ മുഖ്യഘടകങ്ങൾ ആയിരുന്നു. മുഞ്ജേ തൻ്റെ ഡയറിയിൽ ആ സന്ദർശനത്തെക്കുറിച്ച് എഴുതിയത് ഇങ്ങനെയാണ്.
” ഉയർന്ന ക്രമത്തിലുള്ള അച്ചടക്കവും സംഘടനാ സംവിധാനവും ഇതുവരെ ആർജ്ജിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ബലില്ല സംഘവും അതിൻ്റെ സമഗ്ര സംഘടനാ സങ്കല്പനവും എന്നെ വലുതായി ആകർഷിച്ചു. ഇറ്റലിയുടെ പുന: സൈനികവല്ക്കരണമാണ് മുസ്സോളിനി മുഴുവനായി സ്വാംശീകരിച്ച ആശയം. ഇറ്റലിക്കാർ സാധാരണ നിലയിൽ ഇന്ത്യക്കാരെപ്പോലെത്തന്നെ എളുപ്പത്തിൽ സൗഹൃദം സ്ഥാപിക്കാവുന്നവരും സൈനികവല്ക്കരണം മനസ്സിൽ ഇല്ലാത്തവരും ആണ്. യുദ്ധപ്രവർത്തനങ്ങൾ അവഗണിച്ച് സമാധാനപ്രവർത്തനങ്ങളിൽ ഏർപ്പെടാനാണ് ഇന്ത്യക്കാരെന്നപോലെ അവരേയും പരിശീലിപ്പിച്ചിട്ടുള്ളത്. തൻ്റെ രാജ്യത്തിൻ്റെ അടിസ്ഥാന ദൗർബല്യം മുസ്സോളിനി മനസ്സിലാക്കുകയും അതിൻ്റെ ഫലമായി ബലില്ല സംഘടനയെക്കുറിച്ചുള്ള ആശയം സ്വാംശീകരിക്കുകയും ചെയ്തു. ഇറ്റലിയുടെ സൈനികവത്ക്കരണത്തിന് ഇതിലും മെച്ചപ്പെട്ട ഒരാശയം മറ്റൊന്നില്ല. ഫാസിസം ജനങ്ങൾക്കിടയിലെ ഐക്യം എന്ന ആശയത്തെ തെളിമയോടെ വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് ,പ്രത്യേകിച്ചും ഹിന്ദു ഇന്ത്യയ്ക്ക് ഹിന്ദുക്കളുടെ പുന: സൈനികവത്ക്കരണത്തിനായി ഇത്തരം ഒരു സംഘടനാ സംവിധാനം അത്യാവശ്യമുണ്ട്. സൈനിക ഹിന്ദു ,സൈനികേതര ഹിന്ദു എന്ന മട്ടിൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന കൃത്രിമമായ തരംതിരിവുകൾ അപ്രത്യക്ഷമാകേണ്ടതുണ്ട്. ഇക്കാര്യം സ്വതന്ത്രമായി സ്വാംശീകരിച്ചിട്ടില്ലെങ്കിൽ പോലും ഡോ. ഹെഡ്ഗേവാറിന് കീഴിൽ നാഗ്പൂരിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘ് ഇത്തരമൊരു സംഘടനയാണ്. ഹെഡ്ഗേവാറിൻ്റെ ഈ സംഘടനയെ മഹാരാഷ്ട്രയിലും മറ്റുപ്രവിശ്യകളിലും എമ്പാടും വ്യാപിപ്പിക്കുന്നതിനായി ഞാനെൻ്റെ ശിഷ്ടജീവിതം മാറ്റിവെയ്ക്കുന്നതാണ് ”
തുടർന്ന് ബലില്ല സംഘടനയിലെ കായിക പരിശീലനത്തേയും സൈനികവേഷത്തേയും മുഞ്ജേ ശ്ലാഘിക്കുന്നു.
” ആണുങ്ങളും പെണ്ണുങ്ങളും അവരുടെ നാവിക, സൈനിക യൂണിഫോമുകൾ ധരിച്ച് ലളിതമായ കായികമുറകളും സൈനിക മുറകളും പരിശീലിക്കുന്നത് കണ്ട് ഞാൻ ഉത്തേജിതനായി ”
ഫാസിസത്തിൻ്റെ വിരുത്തങ്ങൾ മാത്രമല്ല മുഞ്ജേ കണ്ട് നിർവൃതിയടഞ്ഞത്, ഫാസിസ്റ്റ് തലവൻ മുസ്സോളിനിയെ കൂടിയാണ്. 1931 മാർച്ച് 19 ന് ഉച്ചതിരിഞ്ഞ് 3 മണിക്കാണ് അദ്ദേഹം മുസ്സോളിനിയെ സന്ദർശിച്ചത് . മാർച്ച് 20 ൻ്റെ ഡയറിക്കുറിപ്പ് ആ സന്ദർശനത്തിൻ്റെ ഉള്ളടക്കത്തെ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
” …… ഞാൻ വാതിൽക്കൽ എത്തിയെന്ന് അറിയിച്ച നിമിഷം അദ്ദേഹം എണീക്കുകയും എന്നെ സ്വീകരിക്കാനായി നടന്നെത്തുകയും ചെയ്തു.
ഡോ.മുഞ്ജേ എന്ന് പറഞ്ഞ് ഞാൻ അദ്ദേഹത്തിൻ്റെ കൈകൾ കുലുക്കി. എന്നെപ്പറ്റി എല്ലാം തന്നെ അദ്ദേഹത്തിന് അറിയാമായിരുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യ നടത്തുന്ന പോരാട്ടങ്ങളുടെ സംഭവഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാളെപ്പോലെ അദ്ദേഹം കാണപ്പെട്ടു. ഗാന്ധിയെക്കുറിച്ച് വലിയ മതിപ്പ് സൂക്ഷിച്ചിരുന്നതായും. മേശയ്ക്ക് മുന്നിൽ കസേര വലിച്ചിട്ട് എൻ്റെ നേരെ മുന്നിലിരുന്ന് അര മണിക്കൂർ അദ്ദേഹം ഞാനുമായി സംസാരിച്ചു. ഗാന്ധിയെപ്പറ്റിയും അദ്ദേഹത്തിൻ്റെ പ്രസ്ഥാനത്തെപ്പറ്റിയും ആരാഞ്ഞശേഷം അദ്ദേഹം ഒരു ചോദ്യം ഉന്നയിച്ചു. ” ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമിടയ്ക്ക് സമാധാനം കൊണ്ടുവരാൻ വട്ടമേശ സമ്മേളനങ്ങൾക്കാകുമോ? ” .ഞങ്ങൾക്കും സാമ്രാജ്യത്തിലെ മറ്റ് ഡൊമിനിയനുകളെപ്പോലെ തുല്യ പദവി നൽകാൻ ബ്രിട്ടീഷുകാർ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ സാമ്രാജ്യത്തിനുള്ളിൽ സമാധാനമായും വിധേയപ്പെട്ടും കഴിയുന്നതിൽ ഞങ്ങൾക്ക് എതിർപ്പുകൾ ഉണ്ടാകില്ല. അല്ലാത്തപക്ഷം പ്രക്ഷോഭങ്ങൾ പുതുക്കപ്പെടുകയും തുടരുകയും ചെയ്യും. ഇന്ത്യ ബ്രിട്ടനോട് സൗഹൃദപൂർവ്വവും സമാധാനപരമായും കഴിയുകയാണെങ്കിൽ , അവൾക്ക് ( ബ്രിട്ടന് ) യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും മികച്ച പദവി നേടാനും നിലനിർത്താനും കഴിയും. മറ്റ് ഡൊമിനിയനുകളുമായി തുല്യപദവിയിലായിരിക്കുന്ന തരത്തിലുള്ള ഡൊമിനിയൻ പദവി ഇന്ത്യയ്ക്ക് നൽകുന്നില്ലെങ്കിൽ ഇന്ത്യ അത്തരത്തിൽ വർത്തിക്കുന്നതല്ല. സിഞ്ഞോർ മുസ്സോളിനി എൻ്റെ ഈ അഭിപ്രായത്തിൽ സംതൃപ്തനായി. സർവ്വകലാശാല സന്ദർശിച്ചോ എന്ന് അദ്ദേഹം ആരാഞ്ഞു. ആൺകുട്ടികൾക്ക് നൽകുന്ന സൈനിക പരിശീലനത്തിൽ എനിക്ക് താത്പര്യമുണ്ടെന്നും ഇംഗ്ലണ്ടിലേയും ഫ്രാൻസിലേയും ജർമ്മനിയിലേയും സൈനിക സ്കൂളുകൾ സന്ദർശിച്ചുകൊണ്ടിരിക്കുകയാണ് ഞാനെന്നും ഞാൻ പറഞ്ഞു. ഇറ്റലി സന്ദർശിച്ചതും അതേ ആവശ്യം മുൻ നിർത്തിയാണെന്നും വിദേശകാര്യാലയവും യുദ്ധകാര്യാലയവും വിദ്യാലയ സന്ദർശനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിത്തന്നു എന്നറിയിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഞാൻ പറഞ്ഞു.ഈ പ്രഭാതത്തിലും അപരാഹ്നത്തിലുമായി ബലില്ലയുടേയും മറ്റ് ഫാസിസ്റ്റ് സംഘടനകളുടേയും കാര്യാലയങ്ങൾ ഞാൻ സന്ദർശിച്ചുവെന്നും അവ വലുതായി എന്നെ ആകർഷിച്ചുവെന്നും ഞാൻ കൂട്ടിച്ചേർത്തു. അവളുടെ ( ഇറ്റലിയുടെ ) അഭിവൃദ്ധിയ്ക്കും വികസനത്തിനും ഇറ്റലിക്ക് അവ അത്യാവശ്യമാണ്. വർത്തമാന പത്രങ്ങൾ അവയെപ്പറ്റിയും അങ്ങയെപ്പറ്റിയും അത്ര സൗഹൃദപൂർണ്ണമല്ലാത്ത വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുന്നത് ഞാൻ ഇടയ്ക്കിടെ വായിക്കുന്നുണ്ടെങ്കിലും എതിർക്കപ്പെടേണ്ട തരിമ്പ് പോലും അവയിൽ ഞാൻ ദർശിച്ചില്ല.
സിഞ്ഞോർ മുസ്സോളിനി : അവയെപ്പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം ?
ഡോ.മുഞ്ജേ : യുവർ എക്സലൻസി ,ഞാൻ വളരെ ആകർഷിക്കപ്പെട്ടു. മുന്നോട്ട് പോകാനും ഉയരാനും ആഗ്രഹിക്കുന്ന ഓരോ രാജ്യത്തിനും ഇത്തരം സംഘടനകൾ ആവശ്യമാണ്. തങ്ങളുടെ സൈനികവല്ക്കരണത്തിന് ഇന്ത്യയ്ക്കും ഇത്തരം സംഘടനകൾ അത്യാവശ്യമാണ്. നൂറ്റമ്പത് വർഷത്തെ ബ്രിട്ടീഷ് ആധിപത്യത്തിൽ ഇന്ത്യക്കാർ സൈനികമനോഭാവത്തിൽ നിന്നും അകലേയ്ക്ക് തള്ളിമാറ്റപ്പെട്ടു. പക്ഷെ, ഇപ്പോൾ ഇന്ത്യ അവളുടെ പ്രതിരോധത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് സ്വയം സന്നദ്ധമാകാൻ തീരുമാനിക്കുകയും ഞാൻ അതിന് വേണ്ടി പ്രയത്നിക്കുകയുമാണ്. സമാനലക്ഷ്യങ്ങൾ ഉൾക്കൊണ്ടു കൊണ്ടുള്ള ഒരു ഇന്ത്യൻ സംഘടന ഞാൻ തുടങ്ങിവെച്ചിട്ടുണ്ട്. സന്ദർഭം കിട്ടുകയാണെങ്കിൽ ഇന്ത്യയിലേയും ഇംഗ്ലണ്ടിലേയും പൊതുയോഗങ്ങളിൽ താങ്കളുടെ ബലില്ലയേയും മറ്റ് സംഘടനകളേയും പറ്റി ഘോഷിക്കാൻ എനിക്ക് യാതൊരു സംശയവും ഇല്ല. അവയ്ക്ക് സൗഭാഗ്യവും നല്ല ഭാവിയും ഞാൻ ആശംസിക്കുന്നു.
സിഞ്ഞോർ മുസ്സോളിനി അതീവ സന്തുഷ്ടനായി കാണപ്പെടുകയും ഇങ്ങനെ പറയുകയും ചെയ്തു. “നന്ദി. പക്ഷെ നിങ്ങളുടേത് ദുഷ്ക്കരമായ ദൗത്യമാണ്. എങ്കിലും തിരിച്ച് ഞാനും വിജയം ആശംസിക്കുന്നു “.
തുടർന്ന് അദ്ദേഹം എണീക്കുകയും നിഷ്ക്രമിക്കുകയും ചെയ്തു.
1927 മുതൽ അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ പ്രസിഡണ്ടായി പ്രവർത്തിച്ചു വരികയായിരുന്നു മുഞ്ജേ. ഹെഡ്ഗേവാറിൻ്റെ ഗുരുനാഥൻ എന്ന നിലയിൽ മുഞ്ജേയുടെ ഈ സന്ദർശനം വളരെ പ്രധാനപ്പെട്ടതായിരുന്നു. പേഷ്വായുടെ സൈനിക പരിശീലനത്തിൻ്റെ ഭാഗമായി ഫാഡ്കേയും ദാമോദർ ഹരി ചപേക്കറും തിലക് ആഹ്വാനം ചെയ്ത് സ്ഥാപിച്ച വ്യായാമശാലകളും സവർക്കറിൻ്റെ മാത്രമേളയും അഭിനവ് ഭാരതും ചരിത്രത്തിലൂടെ ഉരുത്തിരിച്ചെടുത്ത അർദ്ധ – സൈനിക രാഷ്ട്രീയ പരിശീലനം വിജയിച്ച ഒരു ഫാസിസ്റ്റ് മാതൃകയായി കൂട്ടിയിണക്കുകയാണ് യഥാർത്ഥത്തിൽ മൂഞ്ജേ വിഭാവനം ചെയ്തത്. മാത്രമല്ല, ആദ്യമായി ആഗോളതലത്തിൽ ഫാസിസത്തിൻ്റെ അവസാന വാക്ക് എന്ന് അക്കാലത്ത് വിശേഷിപ്പിക്കാവുന്ന വ്യക്തിയായിരുന്നു മുസ്സോളിനി. തിരിച്ചെത്തിയ ശേഷം തിലക് കേസരിക്കൊപ്പം ആരംഭിച്ച നവ- യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണിസത്തിൻ്റെ ജിഹ്വകളിലൊന്നായ മറാത്തയ്ക്ക് നൽകിയ അഭിമുഖത്തിൽ മുഞ്ജേ ഇങ്ങനെ പറഞ്ഞു.
” യഥാർത്ഥത്തിൽ ( ഹിന്ദുത്വ ) നേതാക്കൾ ജർമ്മനിയിലെ യുവമുന്നേറ്റത്തേയും ബലില്ല പോലുള്ള ഇറ്റലിയിലെ ഫാസിസ്റ്റ് സംഘടനകളേയും അനുകരിക്കേണ്ടതാണ്. ഇന്ത്യയിൽ അവതരിപ്പിക്കുന്നതും ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ തരത്തിൽ സ്വാംശീകരിക്കുന്നതും അത്രമേൽ പ്രധാനപ്പെട്ടവയാണ് അവ എന്ന് ഞാൻ കരുതുന്നു. ഈ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ സമഗ്രമായി ഞാനെൻ്റെ കണ്ണുകൾ കൊണ്ട് കാണുകയുണ്ടായി. അവ അത്രമേൽ എന്നെ ആകർഷിക്കുകയുണ്ടായി. ”
തുടർന്ന് വളരെപ്പെട്ടെന്നു തന്നെ ബലില്ല സംഘടനകളുടെ രീതിയിൽ ആർ എസ് എസ് വാർത്തെടുക്കുന്നത് സംബന്ധിച്ച പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. ഹിന്ദു സമൂഹത്തിൻ്റെ സൈനികവത്ക്കരണം എന്ന ഫാസിസ്റ്റ് ആശയമാണ് മുഞ്ജേയെ ഏറ്റവും കൂടുതൽ ആകർഷിച്ചത് എന്ന് വേണം വിചാരിക്കാൻ.1934 ജനുവരി 31 ന് ഫാസിസത്തേയും മുസ്സോളിനിയേയും കുറിച്ചുള്ള സെമിനാറിൽ മുഞ്ജേ സമാപന പ്രസംഗം നടത്തുകയുണ്ടായി. കാവ്ഡേ ശാസ്ത്രിയാണ് ഈ സെമിനാർ സംഘടിപ്പിച്ചത്. ഹെഡ്ഗേവാറാണ് അദ്ധ്യക്ഷത വഹിച്ചത്. ഇക്കാര്യം മുഞ്ജേ തൻ്റെ ഡയറിയിൽ കുറിച്ചിട്ടുണ്ട്. മറ്റൊരു പ്രധാനപ്പെട്ട കാര്യം, മുഞ്ജേ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുള്ളത് 1934 മാർച്ച് 31ന് ജർമ്മൻ, ഇറ്റാലിയൻ രീതികൾ ഉപയോഗിച്ച് ഹിന്ദു സൈനിക സ്ഥാപനങ്ങൾ ഉണ്ടാക്കുന്നതിനെ സംബന്ധിച്ച് ഹെഡ്ഗേവാർ, ലാലു ഗോഖലെ എന്നിവരുമായി ഒത്തിരുന്നതിനെ കുറിച്ചാണ്. അതിൽ നടന്ന സംഭാഷണങ്ങൾ ഇങ്ങനെയായിരുന്നു.
“ലാലു ഗോഖലെ : താങ്കൾ ഹിന്ദുസഭയുടെ അദ്ധ്യക്ഷനാണല്ലോ .ഹിന്ദുക്കളുടെ സംഘടിക്കുന്നതിനെക്കുറിച്ച് താങ്കൾ പ്രസംഗിക്കുകയും ചെയ്യുന്നു. അത് സാധ്യമാണോ?
ഞാൻ (മുഞ്ജെ) പറഞ്ഞു – ഞാൻ വളരെ വൈകി മാത്രം ആലോചിച്ചു തുടങ്ങിയ ഒരു പദ്ധതിയെപ്പറ്റിയാണ് താങ്കൾ കൃത്യമായി ചോദിച്ചത്. ഇന്ത്യയിലെമ്പാടുമുള്ള ഹിന്ദുയിസത്തിന് ഏകീകൃത സ്വഭാവം നൽകുന്നതിനായി ഹിന്ദുധർമ്മ ശാസ്ത്രത്തിൽ അധിഷ്ഠിതമായ ഒരു പദ്ധതി രൂപവത്ക്കരിക്കുന്നതിനെ പറ്റിയാണ് ഞാൻ ചിന്തിക്കുന്നത്. ശിവജിയെപ്പോലെ പഴയതോ മുസ്സോളിനിയോ ഹിറ്റ്ലറോപോലെ ഇക്കാലത്തുള്ളവരോ ആയ ഏകാധിപതികളുടെ കീഴിൽ ഒരു സ്വരാജ്യം ഉണ്ടായാൽ മാത്രമേ ഈ ആദർശം നടപ്പിലാക്കാനാകൂ എന്നതാണ് പ്രശ്നം. പക്ഷെ, അത്തരം ഒരു ഏകാധിപതി ഉയർന്നു വരും വരെ നാം കൈയ്യും കെട്ടി ഇരിക്കണം എന്നല്ല അർത്ഥമാക്കുന്നത് .അതിനുവേണ്ടി ഒരു ശാസ്ത്രീയ പദ്ധതി ആവിഷ്ക്കരിച്ച് പ്രചരണം നടത്തേണ്ടതുണ്ട്. ”
1933 ലെ ” രാഷ്ട്രീയ സ്വയം സേവക് സംഘത്തെപ്പറ്റി ഒരു കുറിപ്പ് എന്ന തലക്കെട്ടിലുള്ള ബ്രിട്ടീഷ് ഇൻ്റലിജൻസ് റിപ്പോർട്ടും കസോളാരി ചൂണ്ടിക്കാണിക്കുന്നുണ്ട്. ” ‘ഫാസിസ്റ്റി’കൾ ഇറ്റലിയിലും ‘നാസി’കൾ ജർമ്മനിയിലും എന്താണോ ഭാവിയിൽ അതായിത്തീരാനാണ് സംഘ് പ്രത്യാശിക്കുന്നത് എന്ന് പറഞ്ഞാൽ അത് ചിലപ്പോൾ അതിശയോക്തി ആകില്ല ”
ഹിന്ദുസമൂഹത്തിൻ്റെ സൈനികവത്ക്കരണം ലക്ഷ്യം വെച്ച് മുഞ്ജേ തുടങ്ങിവെച്ച പ്രായോഗിക പദ്ധതികളിൽ ഭോൺസ്ളേ സൈനിക സ്കൂളും സെൻട്രൽ ഹിന്ദു മിലിറ്ററി എഡ്യൂക്കേഷൻ സൊസൈറ്റിയും ഉൾപ്പെടും. അവയുടെ ലക്ഷ്യങ്ങളായി മുഞ്ജേ ആവിഷ്ക്കരിച്ചത് ഇവയാണ്.
1 . ഹിന്ദുക്കളുടെ പുന: സൈനികവല്ക്കരണം നടപ്പാക്കുന്നതിനും മാതൃഭൂമിയുടെ പ്രതിരോധത്തിൻ്റെ ഉത്തരവാദിത്വം മുഴുവനായി ഏറ്റെടുക്കുന്നതിനും യുവാക്കളെ സജ്ജരാക്കുക.
2 . വ്യക്തിപരവും ദേശീയവുമായ പ്രതിരോധത്തിൻ്റെ കലയും ശാസ്ത്രവും യുവാക്കളെ അഭ്യസിപ്പിക്കുകയും സനാതനധർമ്മത്തെക്കുറിച്ച് അവരെ പഠിപ്പിക്കുകയും ചെയ്യുക.
ഈ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള സഹായം അഭ്യർത്ഥിച്ചു കൊണ്ട് സ്വാധീനശക്തിയുള്ള വ്യക്തികൾക്കിടയിൽ പ്രചരിപ്പിച്ച ലഘുലേഖയിൽ ഫാസിസ്റ്റ് ഇറ്റലിയിയേയും നാസി ജർമ്മനിയിയേയും കുറിച്ചുള്ള പരാമർശം മുഞ്ജേ നടത്തുന്നുണ്ട്. “എതിരാളികളെ കൂട്ടം കൂട്ടമായി കൊന്നൊടുക്കാനും ആവശ്യമെങ്കിൽ ചാകാനും മുറിവേൽക്കാനും “നമ്മുടെ കുട്ടികൾക്ക് ” പരിശീലനം നൽകുന്നതിനാണ് ഈ സ്കൂൾ എന്നും മുഞ്ജേ പറയുന്നു. അതോടൊപ്പം അദ്ദേഹം കൂട്ടിച്ചേർക്കുന്നതിങ്ങനെ . ” യൂറോപ്പുമായി നാം നടപ്പിലാക്കേണ്ട സമാധാനവും സഹകരണവും അടിസ്ഥാനമാക്കുന്നത് ദശലക്ഷക്കണക്കിന് സ്റ്റീൽ ബയണറ്റുകളെയാണ് എന്ന് പറയുമ്പോൾ സിഞ്ഞോർ മുസ്സോളിനിയെന്ന ആധുനിക ഇറ്റലിയുടെ ഉപജ്ഞാതാവ് ഇതേ വിചാരം കുറേക്കൂടി ശക്തമായും നേരായും ഉള്ള ഭാഷയിൽ പ്രകാശിപ്പിക്കുന്നു ”
മുസ്സോളിനിയുടെ ഡോക്ട്രിൻ ഓഫ് ഫാസിസം എന്ന ഗ്രന്ഥത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ടാണ് മുഞ്ജേ ഇത്തരം വാഗ് രൂപങ്ങൾ ധാരാളമായി പ്രയോഗിക്കുന്നത് .ജർമ്മൻകാരനായ എവാൾഡ് ബാൻഡേ എഴുതിയ “സൈനിക ശാസ്ത്രം ” എന്ന പുസ്തകത്തേയും മുഞ്ജേ പരാമർശിക്കുന്നു. ” എൻ്റെ രക്തം ദേശദൈവത്തിന് വേണ്ടിയാണ് ഒഴുകുന്നതെങ്കിൽ മരിക്കുന്ന പോരാളിക്ക് എളുപ്പം മരിക്കാൻ കഴിയും ”
ഇങ്ങനെയൊക്കെ ബ്രിട്ടീഷ് ഇന്ത്യയിലിരുന്ന് പറയുമ്പോഴും ആരാണ്, ആർക്കെതിരെയാണ് ഹിന്ദുസമൂഹം സൈനികവല്ക്കരണം നടത്തേണ്ടത് എന്ന കാര്യം മുഞ്ജേ പ്രത്യേകം എടുത്തു പറയുന്നില്ല. എന്തായാലും രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന ബ്രിട്ടീഷുകാരോട് യാതൊരെതിർപ്പും മുഞ്ജേയ്ക്കോ അദ്ദേഹം പ്രസിഡണ്ടായി പ്രവർത്തിക്കുന്ന ഹിന്ദുമഹാസഭയ്ക്കോ അദ്ദേഹം മാർഗ്ഗനിർദ്ദേശം നൽകുന്ന ആർ എസി എസിനോ ഉണ്ടായിരുന്നില്ല.
Be the first to write a comment.