28. ആർ എസ് എസും സവർക്കറും
……………………………………………………..

ആർ എസ് എസും ഫാസിസവും തമ്മിലുള്ള ബന്ധം ഒരു പാട് രാഷ്ട്രീയ ചിന്തകരുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. കെ.എൻ.പണിക്കരും സുമിത് സർക്കാരും ക്രിസ്റ്റോഫ് ജാഫർലോട്ടുമടക്കം നിരവധിപേർ അതിൻ്റെ നാനാവശങ്ങളെപ്പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. എന്നാൽ മാർസിയ കാസോളോരിയുടെ പഠനം വ്യത്യസ്തമാകുന്നത് അത് അതിൻ്റെ ചരിത്രവേരുകളിലേയ്ക്ക് വെളിച്ചം വീശിയാണ്. ആർ എസും എസിൻ്റെ ജർമ്മൻ, ഇറ്റാലിയൻ നേർബന്ധങ്ങളിലേയ്ക്കാണ് അത് ഉറ്റുനോക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കണ്ണി എന്ന നിലയ്ക്കാണ് മുഞ്ജേയുടെ ഡയറിക്കുറിപ്പുകളെപ്പറ്റി വിശദമായി കാസളോരി എഴുതുന്നത്.

ഹിന്ദു സമൂഹത്തിന്റെ സൈനിക വല്ക്കരണം എന്ന ആശയം വികസിപ്പിക്കാനായി മുഞ്ജേ വീണ്ടും വീണ്ടും എത്തുന്നത് ജർമ്മനിയിലും ഇറ്റലിയിലും ആണ്. ഇറ്റലി എന്ന “പെൺചെന്നായുടെ ” മക്കളായ ബലില്ല, അവാങ്ങ് ഗാർഡിേസ്റ്റി പ്രസ്ഥാനങ്ങളെപ്പറ്റി വളരെ വിശദമായി അദ്ദേഹം എഴുതുന്നുണ്ട്. കാസളോരി ആ ഡയറിക്കുറിപ്പുകൾ പരിശോധിച്ച് എഴുതുന്നത് ഇങ്ങനെ:

” ആ സംഘടനയ്ക്ക് (ബലില്ല ) 8 മുതൽ 18 വരെയുള്ള ആൺ ജനതയ്ക്ക് സൈനികാഭ്യാസം നൽകാൻ കഴിയുന്നുവെന്നും അതുവഴി  യുവജനത, യുവ ഫാസിസ്റ്റുകൾ ആയിത്തീരുന്നുവെന്നും അദ്ദേഹം ( മുഞ്ജേ ) സാക്ഷ്യപ്പെടുത്തുന്നു. ഇറ്റലി അതിനാൽ ഏത് അടിയന്തിരാവസ്ഥയേയും നേരിടാൻ തയ്യാറായ 60 ലക്ഷം പരിശീലനം സിദ്ധിച്ച അച്ചടക്കമുള്ള മനുഷ്യരുടെ നിയന്ത്രണം വഹിക്കാൻ കഴിയുന്ന സ്ഥാനത്താണ് “. അതിൻ്റെ ഫലമായി ബലില്ലാ കേഡറുകൾക്ക് ഒരു ധാർമ്മികമായ സ്വഭാവം രൂപവത്ക്കരിക്കാനും സൈനികരാകാനുള്ള ആദ്യപടി സ്വായത്തമാക്കാനും കഴിയുന്നു. അതിനാൽ പൗരനും സൈനികനും തമ്മിലുള്ള തരംതിരിവ് അസ്തമിക്കുന്നു. സിവിലിയനും യൂണിഫോം ധരിച്ചവനും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകുന്നു.

Marzia Casolari

മുഞ്ജേയിൽ മൂർത്തമായ ഈ ഫാസിസ്റ്റ് പ്രേമം മഹാരാഷ്ട്രാ ബ്രാഹ്മണർക്കിടയിൽ പെട്ടെന്ന് പൊട്ടിമുളച്ചതല്ല എന്ന് കാണാം. തിലക് സ്ഥാപിച്ച കേസരിയാണ് അത് ആദ്യമായി പ്രചരിപ്പിച്ചത്. 1924 നും 1935 നും ഇടയ്ക്ക് കേസരി സ്ഥിരമായി ഫാസിസത്തേയും മുസ്സോളിനിയേയും പ്രകീർത്തിച്ചും പരിചയപ്പെടുത്തിയുമുള്ള പത്രാധിപക്കുറിപ്പുകൾ എഴുതിക്കൊണ്ടിരുന്നു. ഉദാര സർക്കാരുകളിൽ നിന്ന് സ്വേച്ഛാധിപത്യസർക്കാരിലേയ്ക്കുള്ള മാറ്റത്തെ കേസരി വിവരിച്ചത് അരാജകത്വത്തിൽ നിന്നും ക്രമത്തിലേയ്ക്കുള്ള മാറ്റമായാണ്. അങ്ങനെ ഒരവസ്ഥയിൽ സാമൂഹ്യ സമരങ്ങൾക്ക് നിലനില്പില്ലാതായിത്തീരും. പാർലിമെൻ്റിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയെ നോമിനേഷൻ പ്രക്രിയ പകരം വെയ്ക്കുന്നതും പാർലിമെൻ്റ് തന്നെയും ഫാസിസത്തിൻ്റെ വലിയ കൗൺസിൽ കൊണ്ട് ഇല്ലാതാക്കുന്നതും ഈ പത്രാധിപക്കുറിപ്പുകൾ വിശദീകരിക്കുന്നു. ജനാധിപത്യസ്ഥാപനങ്ങളേക്കാൾ കൂടുതൽ അഭികാമ്യമായത് ഒറ്റയാൾ നിയന്ത്രിക്കുന്ന ഗവമെൻ്റാണെന്നും കുറിപ്പുകൾ പറയുന്നുണ്ട്. 1929 ആഗസ്റ്റ് 13 ലെ കേസരിയിൽ  “ഇറ്റലിയും യുവതലമുറയും” എന്ന ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതിൽ പറയുന്നത് രാജ്യത്തെ നയിക്കുന്നതിനായി ഇറ്റലിയിലെ യുവതലമുറ പഴയ തലമുറയെ മറികടന്ന് വന്നിരിക്കുന്നു. എല്ലാ രംഗങ്ങളിലും കുതിച്ചുയരാൻ ഇറ്റലിക്ക് സാധിക്കുന്നു എന്നതാണ് ഇതിൻ്റെ ഫലം. ഫാസിസ്റ്റ് മാതൃകയ്ക്കനുസരിച്ച് ഇറ്റാലിയൻ സമൂഹം പുന:സൃഷ്ടിക്കപ്പെടുന്നതും ലേഖനം വിശദീകരിക്കുന്നു. ഇറ്റാലിയൻ യുവാക്കൾക്കിടയിലെ അച്ചടക്കത്തിൻ്റെ പ്രാഥമിക കാരണങ്ങൾ ജനതയ്ക്കിടയിൽ വലുതായി പടർന്ന ശക്തിമത്തായ മതവികാരങ്ങളും കുടുംബത്തോടുള്ള അടുപ്പവും പാരമ്പര്യ മൂല്യങ്ങളോടുള്ള ബഹുമാനവും ആണ്. വിവാഹ മോചനം ഇല്ല, ഒറ്റ ജീവിതം ഇല്ല, സ്‌ത്രീകൾക്ക് വോട്ടവകാശം ഇല്ല, അവരുടെ ഉത്തരവാദിത്വം വീട്ടിൽ അടുപ്പിനടുത്ത് ഇരിയ്ക്കുക എന്നതാണ്. യുവാക്കളുടെ ഫാസിസ്റ്റ് സംഘടനകൾ ആയിരുന്ന ബലില്ലയേയും അവാങ്ങ് ഗാർഡിസ്റ്റിയേയും ലേഖനം എടുത്തുകാണിക്കുന്നു.

ഈ ലേഖനങ്ങൾക്കും കുറിപ്പുകൾക്കും ഒക്കെ ആസ്പദമായിരിക്കുന്നത് 1928 ലെ  “ഭരണകൂടത്തെ പ്രതിരോധിക്കാനുള്ള സമീപകാല നിയമങ്ങൾ ” എന്ന ഫാസിസ്റ്റ് ലഘുലേഖയാണെന്ന് കാസളോരി വിശദീകരിക്കുന്നുണ്ട്. ദേശീയ സൈന്യത്തെ നിർവ്വചിക്കുന്നത്  വിപ്ലവത്തിൻ്റെ കാവൽഭടന്മാരായാണ് . ഫാസിസ്റ്റ് ഗവണ്മെൻ്റ് ശ്രദ്ധാപൂർവ്വം കൈക്കൊണ്ട നടപടികളെക്കുറിച്ചും ലഘുലേഖ പറയുന്നുണ്ട്. അട്ടിമറിപ്പാർട്ടികളുടെ നിരോധനം, മാധ്യമ നിയന്ത്രണം ,വ്യവസ്ഥാമാറ്റം ബാധിക്കാത്ത ഉദ്യോഗസ്ഥരെ  പൊതു പദവിയിൽ നിന്നുള്ള നീക്കം ചെയ്യൽ , അവസാനം വധശിക്ഷ ..

ഡി.വി. തമാങ്കർ എന്ന ചിത്പാവൻ ബ്രാഹ്മണൻ മുസ്സോളിനിയെക്കുറിച്ചും ഫാസിസത്തെക്കുറിച്ചും കേസരിയിൽ എഴുതുന്നുണ്ട്. പിന്നീട് മറാത്തിയിൽ അദ്ദേഹം മുസിള്ളിനി അണി ഫാസിഷ്മോ (മുസ്സോളിനിയും ഫാസിസവും ) എന്ന പേരിൽ മുസ്സോളിനിയുടെ ജീവചരിത്രം എഴുതുകയുണ്ടായി.

രണ്ടാം ലോകയുദ്ധത്തോടെ ബ്രാഹ്മണരാഷ്ട്രീയവും ഇറ്റാലിയൻ ഫാസിസവും തമ്മിൽ നേരിട്ട് ബന്ധം പുലർത്തുന്നുണ്ട് എന്ന് വസ്തുതകളെ ആസ്പദമാക്കി കാസളോരി വിശദീകരിക്കുന്നു. 1930 കളുടെ അവസാനത്തോടെ ബോംബെയിലെ ഇറ്റാലിയൻ കോൺസുലേറ്റ് പ്രാദേശിക രാഷ്ട്രീയരംഗവുമായി ബന്ധം പുലർത്താൻ ശക്തിമത്തായി ആരായുന്നുണ്ട്. കാസളോരിയുടെ ഡോക്ടറൽ പ്രബന്ധം മഹാരാഷ്ട്രയിലേയും ബംഗാളിലേയും വലത് വിപ്ലവപ്രസ്ഥാനങ്ങൾ ഇറ്റാലിയൻ കോൺസുലേറ്റുമായി സജീവ ബന്ധത്തിലായത് വിശദീകരിക്കുന്നുണ്ട്.

1938 മുതൽ ബോംബെയിലെ ഇറ്റാലിയൻ കോൺസുലേറ്റ് ഇന്ത്യൻ വിദ്യാർത്ഥികളെ ഇറ്റാലിയൻ ഭാഷാ കോഴ്സുകളിലേയ്ക്ക് ധാരാളമായി ചേർത്ത് തുടങ്ങി. ഇറ്റലിയെക്കുറിച്ചും ഫാസിസത്തെക്കുറിച്ചുമുള്ള പ്രചരണത്തിൻ്റെ ഭാഗമായി ഈ വിദ്യാർത്ഥികളേയും കൂട്ടാം എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിൽ എന്ന് കാസളോരി അഭിപ്രായപ്പെടുന്നു. ഇതിൻ്റെ സൂത്രധാരൻ മരിയോ കാരെല്ലി ആയിരുന്നു. മദ്ധ്യ, വിദൂരപൂർവ്വ ദേശ ഇൻസ്റ്റിറ്റ്യൂട്ടിൽ സെക്രട്ടറിയായും ലൈബ്രേറിയൻ ആയും പ്രവർത്തിച്ചു വരികയായിരുന്നു, മരിയോ കാരെല്ലി. ഈ ഇൻസ്റ്റിറ്റ്യൂട്ട് ആകട്ടെ 1933ൽ ഇറ്റാലിയൻ ഗവണ്മെൻ്റിൻ്റെ ആശിസ്സുകളോടെ തുടങ്ങിയതായിരുന്നു. മാധവ് കാശിനാഥ് ഡാംലേ എന്ന ഒരു ചിത്പാവൻ വിദ്യാർത്ഥി കാരെല്ലിയുടെ ആശിസ്സുകളോടെ മുസ്സോളിനിയുടെ ഡോക്ട്രിൻ ഓഫ് ഫാസിസം മറാത്തിയിലേയ്ക്ക് തർജ്ജമ ചെയ്തു. ഡാംലേ തന്നെ തുടങ്ങിവെച്ച ലോഖണ്ഡി മോർച്ച എന്ന പത്രത്തിലാണ് ഈ തർജ്ജമ പ്രസിദ്ധീകരിച്ചത്. ഡാംലേ  തന്നെയായിരുന്നു പത്രത്തിൻ്റെ ഉടമയും. ഡാംലേയുടെ പിതാവ് ബോംബെയിൽ അച്ചുകൂടം നടത്തിയിരുന്നു. അവിടെ നിന്നാണ് ഈ പത്രം അച്ചടിച്ചിരുന്നത്.പിന്നീട് അന്നത്തെ ബ്രിട്ടീഷ് നിയമത്തിന് വിരുദ്ധമായി പ്രകോപനകരമായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു എന്ന് ആരോപിച്ച് ബ്രിട്ടിഷുകാർ പത്രത്തിൻ്റെ പ്രസിദ്ധീകരണം തടഞ്ഞു.

സവർക്കർ, മുഞ്ജേ എന്നിവരെപ്പോലെ തന്നെ ഡാംലേയും ബാൽ ഗംഗാധർ തിലക് മുന്നോട്ടുവെച്ച നവ- യാഥാസ്ഥിതിക ബ്രാഹ്മണിസത്തിൻ്റെ ഉല്പന്നങ്ങൾ ആയിരുന്നു. ഡാംലേയുടെ കുടുംബ വേരുകൾ പൂനെയിൽ ആയിരുന്നു. ബ്രിട്ടീഷ് റിപ്പോർട്ടുകളിൽ ഡാംലേയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ് :

അദ്ദേഹം ( ഡാംലേ ) തീവ്രമായ രാഷ്ട്രീയ ദർശനങ്ങൾ വെച്ചു പുലർത്തുന്നയാളും ബാൽ ഗംഗാധർ തിലകിൻ്റെ അനുയായി ആയി സ്വയം വിശ്വസിക്കുന്ന ഒരാളുമാണ്. അദ്ദേഹം തുറന്നു പറയുന്നത് ഇറ്റലിയുടേയും നാസി ജർമ്മനിയുടേയും ചരിത്രത്താൽ പടച്ചട്ടയണിഞ്ഞവനാണ് താനെന്നാണ് ” (ഹോം സ്പെഷൽ ഡിപ്പാർട്ട്മെൻ്റ് ,830 (i) 1939, ജൂലൈ 11 ലെ കുറിപ്പ് )

ഇതിനെക്കാളൊക്കെ പ്രധാനപ്പെട്ട കാര്യം ഡാംലേയെപ്പറ്റി ഇറ്റാലിയൻ കോൺസുലേറ്റ് നൽകുന്ന വിവരണമാണ്. കാസളോരി ഇതിനെപ്പറ്റിയുള്ള രേഖകളും ഉദ്ധരിക്കുന്നുണ്ട്.

ഫാസിസ്റ്റ് ആശയങ്ങൾ മുറുകെപ്പിടിച്ചു കൊണ്ട് ഇരുമ്പുസേന ( Iron Guards ) എന്ന പേരിൽ , നമ്മുടേതിനെ മാതൃകയാക്കി ,എന്നാൽ ഇന്ത്യയിലെ പ്രത്യേക സാഹചര്യങ്ങൾക്കനുസൃതമായി ,അദ്ദേഹം ഒരു സംഘടന സ്ഥാപിക്കുകയുണ്ടായി. അദ്ദേഹവും സുഹൃത്തുക്കളും കറുത്ത കുപ്പായം ധരിച്ചു. ഇന്ത്യയിലെ ആദ്യത്തെ കറുപ്പു കുപ്പായക്കാർ . യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് സംഘടനയുടെ വികാസം മന്ദീഭവിച്ചു. ”
(എ സി എസ് , മിൻകുൾപോപ്പ്, 17 ബിസ് , സി ഐ ടി , റിപ്പോർട്ട് നമ്പർ 2298 / St 3 , ബോംബെ ഇറ്റാലിയൻ കോൺസുലേറ്റ്  ജനകീയ സംസ്കാരിക മന്ത്രാലയത്തിന് 1939 ഒക്ടോബർ 4 ന് അയച്ച കത്ത് )

തീവ്ര ഹിന്ദു ദേശീയവാദത്തിപ്പുറത്തേയ്ക്കും ഫാസിസ്റ്റ് സ്വാധീനം വ്യാപിച്ചത് കാസളോരി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹിന്ദു ബ്രാഹ്മണ രാഷ്ട്രീയത്തിലെ പ്രധാനിയായിരുന്ന എം ആർ ജയക്കർ പ്രസിഡണ്ടായി ആരംഭിച്ച “സ്വസ്തിക് ലീഗ് ” ആണ് അതിൽ പ്രധാനപ്പെട്ടത്. 1929 മാർച്ച് 10 നാണ് അത് ആരംഭിക്കുന്നത് .ഹിന്ദുമഹാസഭ നേതാവായിരുന്ന ജയക്കറുടെ സ്വന്തം വാക്കുകളിൽ ” പതിനഞ്ചു വയസ്സു മുതൽ പതിനെട്ട് വയസ്സുവരെയുള്ള ആൺകുട്ടികളെ ഉൾപ്പെടുത്തിയുള്ള കേഡറ്റ് കോർപ്പുകൾ രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ കേഡറ്റുകൾ സ്വീകരിക്കുന്ന പരിശീലനം ഭാവിയിൽ (സ്വസ്തിക് ) ലീഗിൻ്റെ സന്നദ്ധ സേനയിൽ ചേരാൻ സഹായിക്കും.

ഇത് സൺഡേ ക്രോണിക്കിളിൻ്റെ ഇരുപത്തെട്ടാം ലക്കത്തിൽ വന്ന ഒരു ചിത്രത്തെ ഓർമ്മിപ്പിക്കുന്നു. അതിൽ ക്യാംപ് ഡക്സിൽ അവരുടെ വാർഷിക ക്യാംപ് നടക്കുമ്പോൾ വാതിൽക്കൽ കാവൽ നിൽക്കുന്ന “കുഞ്ഞു സൈനിക” രെ കാണിച്ചു കൊണ്ടുള്ള ചിത്രം. 14 വയസ്സു മുതൽ 18 വയസ്സു വരെയുള്ള ആൺകുട്ടികളുടെ യുവ സംഘടനയായ അവാങ്ങ് ഗാർഡിസ്റ്റയിലെ അംഗങ്ങൾക്ക് യുദ്ധോപകരണങ്ങളുടെ പരിശീലനത്തിൽ നേരിട്ട് പരിചയം സിദ്ധിക്കുന്നു. നമുക്കോ നമ്മുടെ കേഡറ്റുകൾക്കോ അത്തരം നേരിട്ടുള്ള പരിശീലനം പ്രതീക്ഷിക്കാൻ കഴിയില്ലെങ്കിലും സൈനികത്തൊഴിലിൽ ഒരു ആൺകുട്ടിക്ക് പരിശീലനം നൽകാനുള്ള ശ്രമം ഒരിക്കലും പാഴാകുന്നില്ല എന്ന് മാത്രമല്ല കാലം അവനെ ഒരു ആദർശ സന്നദ്ധ പ്രവർത്തകനായി മാറ്റുകയും ചെയ്യും. 1940 ൽ നാസിസം അതിൻ്റെ ഭീകരതകൾ പ്രദർശിപ്പിക്കാൻ തുടങ്ങിയപ്പോൾ ഹിറ്റ്ലറുടെ സ്വസ്തികയുമായുള്ള സാദൃശ്യത്തെ തള്ളിപ്പറയാൻ ജയക്കർ നിർബന്ധിതനായി.

ഹിറ്റ്ലർ ആര്യർക്കും  അനാര്യർക്കും, ജർമ്മൻകാർക്കും ജൂതർക്കുമിടയിൽ വിവേചനം കൊണ്ടുവരുന്നു. (സ്വസ്തിക് ) ലീഗ്, അത് പൂർണ്ണമായും ഒരു ഹിന്ദു സംഘടനയാണെങ്കിൽ കൂടി, ഹിന്ദുക്കൾക്കും ഹൈന്ദവേതരർക്കുമിടയിൽ യാതൊരു വ്യത്യാസവും കല്പിക്കുന്നില്ല. ഹിറ്റ്ലർക്ക് ധാരാളം ശത്രുക്കൾ ഉണ്ട് ,ലീഗിന് ആരും ഇല്ല. അദ്ദേഹം പ്രതികാരദാഹിയാണ്. ലീഗ് മാപ്പുനൽകുന്നതും ക്ഷമാശീലമുള്ളതുമാണ്. അദ്ദേഹം അക്രമകാരിയും പ്രാകൃതനുമാണ്, ലീഗ് അങ്ങനെയല്ല. അദ്ദേഹം ആലോചിക്കുന്നതും പ്രവർത്തിക്കുന്നതും നാശത്തിൻ്റെ നിബന്ധനകൾ മുൻ നിർത്തിയാണ്. അദ്ദേഹം നിരവധി കുടുംബങ്ങളേയും രാഷ്ട്രങ്ങളേയും നശിപ്പിച്ചു. ലോകസമാധാനവും. പല്ലുവരെ ആയുധമാക്കി അദ്ദേഹം പാഞ്ഞു നടക്കുകയാണ്. ലീഗ് നിർമ്മാണത്തിന്  വേണ്ടിയാണ് നിലകൊള്ളുന്നത്. അദ്ദേഹം മാനവികതയുടെ ശത്രുവാണ്. ലീഗ് മാനവികതയുടെ രക്ഷകരും. അത് നിരവധി മനുഷ്യജീവനെ രക്ഷിച്ചിരിക്കുന്നു. അതിൻ്റെ രക്ഷാപേടകം അങ്ങേയറ്റം ഫലപ്രദമാണ് ( 1940 ജൂലൈ – ആഗസ്റ്റ് ,സ്വസ്തിക് ഹെറാൾഡിൽ വന്ന ” ഹിറ്റ്ലറും സ്വസ്തിക് ലീഗും എന്ന ലേഖനം )

കാസളോരിയുടെ ലേഖനത്തിൻ്റെ പ്രധാനഭാഗം സവർക്കറുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. അതിന്റെ ചർച്ചയിലേയ്ക്ക് തിരിച്ചു വരും മുമ്പ് ആർ എസ് എസിൻ്റെ രൂപീകരണത്തിലും പ്രവർത്തനമാതൃക സൃഷ്ടിക്കുന്നതിലും സവർക്കർ വഹിച്ച പങ്ക് എന്തെന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. ബാബാറാവു സവർക്കർ ആർ എസ് എസിൻ്റെ രൂപീകരണത്തിൽ വഹിച്ച പങ്കിനെ കുറിച്ച് നാം ചർച്ച ചെയ്തു കഴിഞ്ഞു. നാഗ്പൂരിലെ മഹൽ പ്രദേശത്തെ സാലുബായ് മോഹിതേ വാഡയിലാണ് ആർ എസ് എസിൻ്റെ ആദ്യശാഖ ആരംഭിച്ചത്. ബാബാറാവു തദവസരത്തിൽ സന്നിഹിതനായിരുന്നു. ആർ എസ് എസിൻ്റെ പതാകയായി പേഷ്വാമാർ ഉപയോഗിച്ചിരുന്ന ഭഗ്‌വ എന്ന കാവിക്കൊടി നിർദ്ദേശിച്ചത് ബാബാറാവുവാണെന്ന് സവർക്കറുടെ ജീവചരിത്രത്തിൽ വിക്രം സമ്പത്ത് പറയുന്നു. അതുപോലെത്തന്നെ ആർ എസ് എസിൽ ചേരാനുള്ള പ്രതിജ്ഞ തയ്യാറാക്കിയതും. ആ പ്രതിജ്ഞയിലൂടെയാണ് വിനായക് ദാമോദർ സവർക്കർ വിഭാവനം ചെയ്ത ഹിന്ദുത്വ, ഹിന്ദുരാഷ്ട്രം എന്നീ സങ്കല്പനങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആദ്യമായി ഉപയോഗിക്കുന്നതെന്നും വിക്രം സമ്പത്ത് അഭിപ്രായപ്പെടുന്നു. ബാബാറാവുവിൻ്റെ തരുൺ സഭ ആർ എസ് എസിൽ ലയിപ്പിക്കുകയുണ്ടായി.

നാഗ്പൂരിന് പുറത്ത് ആർ എസ് എസിൻ്റെ ആദ്യശാഖ ആരംഭിച്ചത് 1926 ഫെബ്രുവരി 18 ന് വാർധയിലാണ്. അതേ വർഷം ഡിസംബർ 26 നാണ് ഹെഡ്ഗേവാർ സർ സംഘ് ചാലക് ആയി ഔദ്യോഗികമായി സ്ഥാനമേറ്റത്. സവർക്കർമാരുമായുള്ള ബന്ധം മൂലം പടിഞ്ഞാറൻ മഹാരാഷ്ട്രയിലും മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിലും ശാഖകൾ സ്ഥാപിക്കാൻ ഹെഡ്ഗേവാറിന് കഴിഞ്ഞു. ഹെഡ്ഗേവാറുടെ സഹകാരിയായിരുന്ന ഡി വി കേൽക്കർ, ഹെഡ്ഗേവാറും വിനായക് ദാമോദർ സവർക്കറും തമ്മിലുണ്ടായ ബന്ധത്തെ തൻ്റെ ഇക്കണോമിക് വീക് ലി ലേഖനത്തിൽ സ്മരിക്കുന്നുണ്ട്.

ഡോക്ടറുടെ (ഹെഡ്ഗേവാറുടെ ) മനസ്സിൽ ശ്രീ .വി .ഡി. സവർക്കറുടെ വിപ്ലവഭൂതകാലവും ഹിന്ദുസ്ഥാൻ ഹിന്ദുക്കൾക്കാണ് എന്നവകാശപ്പെടുന്ന അദ്ദേഹത്തിൻ്റെ പ്രത്യയശാസ്ത്രവും ഉണ്ടാക്കിയ ആഴത്തിലുള്ള മുദ്ര ഇവിടെ പരാമർശിക്കേണ്ടത് അത്യാവശ്യമാണ്. രാജ്യത്തിൻ്റെ സ്വാതന്ത്ര്യം ആർജ്ജിക്കാനുള്ള എല്ലാ പോരാട്ടങ്ങളേയും ഉത്തേജിപ്പിക്കുന്ന പ്രഭവമായാണ് ഡോക്ടർ സവർക്കറെ പരിഗണിച്ചത്. അതിനാൽ ആർ എസ് എസ് രൂപം കൊണ്ടപ്പോൾ അദ്ദേഹത്തിൻ്റെ സ്വാതന്ത്ര്യ അപ്പോസ്തലന് പരിമിതമായ ചലനസ്വാതന്ത്ര്യം കല്പിച്ചുകൊടുത്ത രത്നഗിരിയിലേയ്ക്ക് ഡോക്ടർ ഓടിയെത്തി. ഒരു പ്രഭാതത്തിൽ ഡോക്ടർ ഈ ലേഖകൻ്റെ അതിഥിയായി ബോംബെയിലെത്തുകയും തൻ്റെ സന്ദർശനത്തിൻ്റെ ഉദ്ദേശം സ്വകാര്യമായി പങ്കുവെയ്ക്കുകയും ചെയ്തു. ആർ എസ് എസ് സംഘടനയുടെ നിയമങ്ങളേയും ചട്ടങ്ങളേയും കുറിച്ച് വീർ സവർക്കറുമായി കൂടിയാലോചിക്കാൻ ഡോക്ടർ ആഗ്രഹിച്ചിരുന്നു.

ഹിന്ദുമഹാസഭയുടെ മറ്റുനേതാക്കളും ആർ എസ് എസിനെ വേരുറപ്പിക്കാൻ സഹായിച്ചിരുന്നു. വടക്കൻ പ്രദേശത്ത് ഈ സഹായം കാര്യമായി നൽകിയത് സവർക്കറെ തന്നെ ശുദ്ധിപ്രക്രിയയുടെ രാഷ്ട്രീയത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്ന ഭായ് പരമാനന്ദ് ആണ്. ഫാസിസ്റ്റ് പാർട്ടിയും ബലില്ല സംഘടനയും എന്ന മട്ടിലാണ് ആദ്യ വർഷങ്ങളിൽ ആർ എസ് എസും ഹിന്ദു മഹാസഭയും പ്രവർത്തിച്ചത്. പക്ഷെ, ഹിന്ദുമഹാസഭ ഒരു രാഷ്ട്രീയപാർട്ടിയായി പ്രവർത്തിക്കുന്നത് കൊണ്ട് അവ രണ്ടും രണ്ട് സംഘടനകൾ ആയാണ് നിലനിന്നിരുന്നത് .ഗാന്ധിയുടെ വരവോടെ കോൺഗ്രസ്സിൽ ഉടലെടുത്ത ഹിന്ദു – മുസ്ലീം സംയോജിത സാഹചര്യവും  ബഹുജന രാഷ്ട്രീയവും തിലകിൻ്റെ നവയാഥാസ്ഥിതിക ബ്രാഹ്മണിസത്തെ പുറം തള്ളിയിരുന്നു. സ്വരാജ്യ പാർട്ടി, റെസ്പോൺസിവിസ്റ്റ് പാർട്ടി, ലോക് ഷാഹി സ്വരാജ്യ പാർട്ടി എന്നീ പല പേരുകളിൽ തിലകൈറ്റ് ബ്രാഹ്മണർമാർ പല പ്രവിശ്യകളിലും പല ബ്രാഹ്മണ പാർട്ടികൾ രൂപീകരിക്കാൻ നിർബന്ധിതമായ സാഹചര്യം ഇതാണ്. 1923 ജനുവരി 1 ന് രൂപം കൊണ്ട സ്വരാജ്യ പാർട്ടിയുടെ നേതാക്കൾ എൻ സി കേൽക്കർ, ഡോ. ബി എസ് മുഞ്ജേ, ബാപ്പുജി ആണേ എന്നിവർ ആയിരുന്നു. സ്വരാജ്യപാർട്ടിയുടെ മഹാരാഷ്ട്ര യൂണിറ്റ് കെട്ടിപ്പടുത്തത് നാം നേരത്തേ പരാമർശിച്ച എം ആർ ജയക്കറിൻ്റെ നേതൃത്വത്തിൽ ആയിരുന്നു. ഇതെല്ലാം ബ്രാഹ്മണരുടെ മുൻ കൈയ്യിൽ രൂപം കൊണ്ട പാർട്ടികൾ ആയിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

1923 ൽ സെൻട്രൽ ലജിസ്ളേറ്റീവ് കൗൺസിലിലേയ്ക്കും പ്രവിശ്യാ കൗൺസിലിലേയ്ക്കും നടന്ന തെരഞ്ഞെടുപ്പിൽ 28 പേരെ സ്വരാജ്യ പാർട്ടി അണി നിരത്തി. അതിൽ 23 പേരും വിജയിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടി തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചത് കൊണ്ടാണ് സ്വരാജ്യ പാർട്ടിക്ക് ഈ വിജയം നേടാൻ കഴിഞ്ഞത്. എം ആർ ജയക്കർ, അണ്ണാ സാഹേബ് ബോപ്പട്ക്കർ, എൻ സി കേൽക്കർ തുടങ്ങിയ ബ്രാഹ്മണർ സെൻട്രൽ ലജിസ്ളേറ്റീവ് കൗൺസിലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. സെൻട്രൽ പ്രൊവിൻസിലെ തെരഞ്ഞെടുപ്പിൽ എഴുപത് സീറ്റിൽ നാല് പത്തൊന്നെണ്ണത്തിൽ ജയിക്കാൻ സ്വരാജ്യപാർട്ടിക്ക് സാധിച്ചു. ബി.എസ് മുഞ്ജേ, എൻ ബി ഖാരേ ,എസ് ബി ടാംബേ, ബാബാസാഹേബ് ഖപാർഡേ തുടങ്ങിയ ബ്രാഹ്മണർ ആണ് അവിടെ സ്വരാജ്യ പാർട്ടിയുടെ ബാനറിൽ ജയിച്ചത്. ബ്രിട്ടീഷുകാരോട് ചേർന്ന് നിന്നുകൊണ്ടാണ് ഈ ബ്രാഹ്മണ പാർട്ടികൾ രാഷ്ട്രീയ രംഗത്തേയ്ക്ക് കടന്നു വരുന്നത് എന്ന് ഇത് തെളിയിക്കുന്നു.

ഹിന്ദുമഹാസഭയുടെ നേതൃത്വം ആദ്യഘട്ടത്തിൽ എൻ സി കേൽക്കറിൻ്റെ കൈയ്യിൽ ആയിരുന്നു. 1925 ലും 1929 ലും പ്രസിഡണ്ട് അദ്ദേഹം ആയിരുന്നു. 1927 മുതൽ 33 വരെ ഡോ.ബി എസ് മുഞ്ജേ ആയിരുന്നു ഹിന്ദുമഹാസഭയുടെ പ്രസിഡണ്ട്. ഡാക്കാ പ്രവിശ്യയിലെ ഹിന്ദു കോൺഫറൻസിൽ 1929 ആഗസ്റ്റ് 27 ന് എൻ സി കേൽക്കർ നടത്തിയ പ്രസംഗം ഹിന്ദുരാഷ്ട്രത്തിനുള്ള ഇംഗിതം വെളിവാക്കുന്നു. ഹിന്ദുമതത്തിനെ പുനരുജ്ജീവിപ്പിക്കാനും സംഘടിപ്പിക്കാനും ഒരേ ഒരു ഇന്ത്യ മാത്രമേ ഹിന്ദുക്കൾക്കുള്ളു എന്നായിരുന്നു അദ്ദേഹം പ്രസ്താവിച്ചത്. ആ ഇന്ത്യയിൽ മുഹമ്മദർക്കും പ്രത്യേകിച്ച് ക്രിസ്ത്യാനികൾക്കും ഹിന്ദുക്കളേക്കാൾ മുൻഗണന ലഭിക്കുന്നു. പ്രത്യേകിച്ച് ക്രിസ്ത്യാനികൾക്ക്. ക്രിസ്ത്യാനികൾ ഇല്ലാത്ത ലോകരാഷ്ട്രങ്ങൾ ഇല്ലെന്ന് തന്നെ പറയാം. ഇന്ത്യൻ അതിർത്തിക്കപ്പുറം കോൺസ്റ്റാൻ്റിനോപ്പിൾ വരെ നോക്കാൻ മുഹമ്മദർക്ക് കഴിയും. ഭൗതിക സഹായം ലഭിക്കുന്നില്ലെങ്കിലും പ്രചോദനം അവർക്കവിടെ നിന്നും കിട്ടുന്നു.  എന്നാൽ ഹിന്ദുയിസത്തെ സംബന്ധിച്ചിടത്തോളം അവൻ്റെ ഹിന്ദുസ്ഥാനത്തിലല്ലാതെ മറ്റൊരിടത്തും ഒരിഞ്ചു ഭൂമി പോലും കിട്ടില്ല. അതിനാൽ ഹിന്ദുക്കൾ ഒന്നിക്കണമെന്നും അതിൻ്റെ നിരവധി ഉപഘടകങ്ങളേയും നാനാജാതികളേയും കൂട്ടിയിണക്കി ഒരു വംശീയ രാഷ്ട്രീയം രൂപപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത കേൽക്കർ ഊന്നിപ്പറയുന്നുണ്ട് .അതിനാവശ്യമായ മാറ്റം ഹിന്ദുക്കൾ സ്വീകരിക്കണമെന്നും .തൻ്റെ പ്രസംഗത്തിൽ കേൽക്കർ ഇങ്ങനെ അഭിപ്രായപ്പെട്ടു.

ബനാറസിലെ പണ്ഡിറ്റും മലബാറിലെ ബ്രാഹ്മണനും തങ്ങൾ ജീവിക്കുന്നത് പുതിയ ലോകത്താണെന്ന് പഠിക്കേണ്ടതും പകൽവെളിച്ചത്തിൽ  അവരുടെ തൊണ്ടുകൾ പുറകിലുപേക്ഷിച്ച് പുറം ലോകത്തേയ്ക്ക് ഇറങ്ങേണ്ടതാണ്. ഇപ്പോഴത്തെ ജാതി വ്യവസ്ഥ പ്രായോഗിക ആവശ്യങ്ങൾക്ക് ഉപയുക്തമായ തരത്തിൽ നേർത്തതോ കനപ്പെട്ടതോ ആക്കേണ്ടതുണ്ട്. നാലു വർണ്ണങ്ങൾക്കിടയിലെ ഉപവ്യവസ്ഥകളെ നശിപ്പിക്കുന്നതിനായി ധൈര്യത്തോടെയുള്ള  പരസ്യപ്രചരണം അത്യാവശ്യമാണ്. ”
ഹിന്ദുമഹാസഭ എന്നാണ് പേരെങ്കിലും കേൽക്കർ സംസാരിക്കുന്നത് ബ്രാഹ്മണ സഭയിൽ എന്ന പോലെയാണ് എന്ന് തോന്നുന്നെങ്കിൽ, ആരുടെ മുൻഗണനയ്‌ക്ക്‌ വേണ്ടിയാണ് ഈ സഭകൾ സ്ഥാപിക്കപ്പെട്ടത് എന്നത് വ്യക്തമായി എന്നർത്ഥം. ബ്രാഹ്മണരുടെ അതിജീവനത്തിനും രാഷ്ട്രീയാധികാര പങ്കാളിത്തത്തിനും വേണ്ടിയാണ് ചാതുർവർണ്ണ്യത്തെ പുന:സംഘടിപ്പിക്കാൻ കേൽക്കർ ആവശ്യപ്പെടുന്നത്. രണ്ടാമത്തെ കാര്യം ശത്രുപക്ഷത്ത് നിന്ന് ബ്രിട്ടീഷുകാരെ നീക്കി മുസ്ലീങ്ങളേയും മറ്റ് ന്യൂനപക്ഷങ്ങളേയും കൊണ്ടുവരിക. കേൽക്കറും ജയക്കറും ഹിന്ദുക്കൾ തങ്ങളുടെ മതത്തിലേയ്ക്ക്  നടത്തുന്ന മതപരിവർത്തനവും (ശുദ്ധി ) ഹിന്ദുക്കളെ മതം മാറ്റിക്കൊണ്ട് മറ്റുള്ളവർ നടത്തുന്ന മതപരിവർത്തനവും തമ്മിൽ ഈ സമ്മേളനത്തിൽ വെച്ച് താരതമ്യം ചെയ്യുന്നുണ്ട്. ആദ്യത്തേത് സ്വമേധയാ നടത്തുന്നതും രണ്ടാമത്തേത് നിർബന്ധിതവുമാണ് എന്നായിരുന്നു അവരുടെ വാദം. ആര്യസമാജത്തിൻ്റെയും അതിന് ശേഷമുള്ള ഹിന്ദു രാഷ്ട്രീയ സംഘടനകളുടേയും പ്രധാനപ്പെട്ട പ്രവർത്തന മേഖല ശുദ്ധി എന്ന പേരിട്ട , ഹിന്ദു മതത്തിലേയ്ക്കുള്ള മതം മാറ്റ പ്രക്രിയ ആയിരുന്നു. മറ്റൊരു രാഷ്ട്രീയ സംഘടനയും, മുസ്ലീം ലീഗോ മറ്റ് ന്യൂനപക്ഷ സംഘടനകളോ മതം മാറ്റത്തെ രാഷ്ട്രീയ മുദ്രാവാക്യമായി ഉയർത്തിപ്പിടിച്ചിരുന്നില്ല എന്നോർക്കണം. അതുപോലെത്തന്നെ ഹിന്ദുസ്ഥാൻ ,ഹിന്ദുത്വ എന്ന വിഭജനത്തിൻ്റെ വിത്ത് പേറുന്ന സങ്കല്പനങ്ങളിലൂടെ ഹിന്ദു ബ്രാഹ്മണ രാഷ്ട്രീയം മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്ന കാലത്ത് ജിന്നയോ മറ്റ് നേതാക്കളോ ദ്വിരാഷ്ട്രവാദം ഉയർത്തിയിട്ടില്ല എന്നോർക്കേണ്ടതുണ്ട്.

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയ ഏജ് ഓഫ് കൺസെൻ്റ് ബില്ലിനെ എതിർത്തുകൊണ്ടാണ് തിലക് ചിത്പാവൻ യാഥാസ്ഥിതിക ബ്രാഹ്മണരിലെ ഗണ്യമായ ഒരു വിഭാഗത്തെ ഹിംസാത്മക ബ്രാഹ്മണരാക്കി മാറ്റിയെങ്കിൽ 1923 ൽ ഹിന്ദുമഹാസഭയുടെ സമ്മേളനത്തിൽ തിലകിൻ്റെ മാനസ ശിഷ്യനായിരുന്ന കേൽക്കർ അഭിപ്രായപ്പെടുന്നത് പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളുടെ വിവാഹം സാമൂഹിക തിന്മ ആണെന്നാണ്. .

ഹിന്ദു രാഷ്ട്രീയത്തിൻ്റെ ചരിത്രം എടുത്തുനോക്കിയാൽ ഇത്തരം വൈരുദ്ധ്യങ്ങൾ ധാരാളം കാണാൻ കഴിയും. ഹിന്ദുത്വത്തെ സാധാരണ മട്ടിലുള്ള ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്ന നിലയിൽ സമീപിക്കുന്നത് കൊണ്ടാണ് വൈരുദ്ധ്യങ്ങളിൽ നാം തടഞ്ഞുനിൽക്കുന്നത് . മറിച്ച് ആ പ്രത്യയശാസ്ത്രത്തിൻ്റെ മെയ് വഴക്കം രാഷ്ട്രീയബ്രാഹ്മണിസത്തെ കാലാനുസൃതമായി അധികാരത്തിലെത്തിക്കുക എന്നതാണ്. സാമൂഹികവും സാംസ്കാരികവുമായ മേൽക്കോയ്മയ്ക്കൊപ്പം രാഷ്ട്രീയാധികാരവും. അതുകൊണ്ട് തത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഹിന്ദുത്വ സംഘടനകൾക്ക് കായിക പരിശീലനവും. ഇന്ത്യയിൽ സമത്വത്തിൽ അധിഷ്ഠിതമായ ബഹുജന രാഷ്ട്രീയം മുന്നോട്ട് വെയ്ക്കുന്ന എന്തിനെയും എതിർക്കുക എന്നതാണ് അവരുടെ പ്രത്യയ ശാസ്ത്രത്തിൻ്റെ മൂലക്കല്ലുകളിൽ ഒന്ന്. അതിനൊപ്പം സമൂഹത്തെ ശ്രേണീകൃതമായി നിലനിർത്തുക എന്നതും. അതിനാൽ വൈരുദ്ധ്യങ്ങളിൽ ശ്രദ്ധിച്ചിരുന്നാൽ ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ പ്രവർത്തനശൈലിയെ  സൈദ്ധാന്തികമായോ പ്രായോഗികമായോ മനസ്സിലാക്കാൻ പ്രയാസമാണ്. ഇതിൻ്റെ ഒരു ക്ലാസ്സിക് ഉദാഹരണം ചൂണ്ടിക്കാട്ടട്ടെ

സവർക്കറുടെ ഹിന്ദുത്വ എന്ന പേരിൽ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട , പിന്നീട്  “ഹിന്ദുത്വത്തിന്റെ അടിസ്ഥാന തത്വങ്ങൾ” എന്ന പേരിൽ പ്രസിദ്ധമായ രാഷ്ട്രീയ ബ്രാഹ്മണിസത്തിൻ്റെ ബൈബിൾ ആസ്പദമായി രൂപീകരിച്ച സംഘടനയാണ് ആർ എസ് എസ് എന്ന് നാം കണ്ടു. ഹിന്ദുമഹാസഭ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലേയ്ക്ക് ആളുകളെ എത്തിക്കുന്ന ഫീഡർ സംഘടനയായി അനൗപചാരികമായി അത് പലപ്പോഴും പ്രവർത്തിച്ചു വന്നിട്ടുണ്ട്. എന്നാൽ ഹിന്ദു മഹാസഭയെ നയിക്കാൻ സവർക്കർ വിനിയോഗിക്കപ്പെട്ടപ്പോൾ വേണ്ടത്ര പിന്തുണ ആർ എസ് എസിൻ്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നില്ലെന്ന് കണ്ടപ്പോൾ സവർക്കർ ആർ എസ് എസിനെ നിശിത പരിഹാസത്തിന് വിധേയമാക്കുന്നുണ്ട്. പനവേലിൽ വെച്ചു നടത്തിയ ഒരു പ്രസംഗത്തിൽ സവർക്കർ പറഞ്ഞു. ” ഒരു ആർ എസ് എസ് സന്നദ്ധപ്രവർത്തകൻ്റെ ശവകുടീര ലിഖിതം ഇതാണ്. അയാൾ ജനിച്ചു. ആർ എസ് എസിൽ ചേർന്നു. ഒന്നും സാധിക്കാതെ മരിച്ചു

ഈ വാചകം എടുത്ത് സവർക്കർ ആർ എസ് എസിനെതിരാണെന്നോ ആർ എസ് എസ് സവർക്കർക്ക് എതിരാണെന്നോ മനസ്സിലാക്കാൻ തുടങ്ങിയാൽ ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ ചാതുര്യം നമുക്ക് പിടികിട്ടില്ല. ഒരു ശ്രേണീകൃത ബന്ധത്തിൻ്റെ തുഞ്ചത്തിരുന്ന് പറയുന്ന വാചകങ്ങൾ ആണ് അത്. വില്ലിയെ കൊല്ലാൻ പോകുന്ന മദൻലാൽ ദിംഗ്രയോട് ഈ ശ്രമത്തിൽ പരാജയപ്പെട്ടാൽ നിൻ്റെ മുഖം എനിക്ക് കാണേണ്ട എന്ന് പറഞ്ഞ അതേ തരംഗ ദൈർഘ്യത്തിലുള്ള പ്രസ്താവനയാണിതും.

1927 ൽ മുഞ്ജേ ഹിന്ദുമഹാസഭയുടെ പ്രസിഡണ്ട് ആയതോടെ ഈ ദിശയിൽ കാര്യങ്ങൾ നീങ്ങാൻ തുടങ്ങി. തിലകിൻ്റെ നവ – യാഥാസ്ഥിതിക ബ്രാഹ്മണിസത്തെ മുസ്സോളിനിയുടെ ആഗോള ഫാസിസവുമായായി കൂട്ടിയിണക്കി പുതിയൊരു രാഷ്ട്രീയ പരിപ്രേക്ഷ്യത്തിലേയ്ക്ക് ഹിന്ദു മഹാ സഭ നീങ്ങാൻ തുടങ്ങി. ഹിന്ദുസമൂഹം എന്ന ആശയത്തെ പരക്കെ രാഷ്ടീയമായി പ്രചരിപ്പിക്കുന്നതിനൊപ്പം ബലില്ല മാതൃകയിൽ നാഗ്പൂരിൽ ഒരു റൈഫിൾ അസ്സോസിയേഷനും ഫ്ലൈയിംഗ് ക്ലബ്ബും മുഞ്ജെ ആരംഭിച്ചു.

29. രത്നഗിരിയിലെ ഹിന്ദു വംശീയ പരീക്ഷണങ്ങൾ
………………………………………………………………………………………………………

രാഷ്ട്രീയ ബ്രാഹ്മണിസം അതിൻ്റെ രാഷ്ട്രീയ പ്രത്യക്ഷം പലതരത്തിൽ  വെളിവാക്കിക്കൊണ്ടിരിക്കേ, രത്നഗിരി ജില്ലയിൽ തനിക്കനുവദിക്കപ്പെട്ട പ്രദേശത്ത് സവിശേഷമായ വംശീയ രാഷ്ട്രീയ പരീക്ഷണങ്ങളിൽ ആയിരുന്നു സവർക്കർ. കേൽക്കർ പറഞ്ഞപോലെ കാലാനുസൃതമായി വർണ്ണാശ്രമവ്യവസ്ഥയെ നേർപ്പിക്കുകയോ കഠിനമാക്കുകയോ ചെയ്യുക. ഹിന്ദുമതം എന്ന ബഹുസ്വരതയെ ഒരു ഒറ്റക്കൽ ശില്പമാക്കുക.

സവർക്കർ ആദ്യം ചെയ്തത് ഹിന്ദുമതത്തിനുള്ളിൽ നിലനിൽക്കുന്ന ഏഴ് വിലക്കുകളെ പുനരാലോചനയ്ക്ക് വിധേയമാക്കുകയാണ്. വേദോക്ത ബന്ധി, വ്യവസായ ബന്ദി, സ്പർശ ബന്ദി, സമുദ്ര ബന്ദി, ശുദ്ധി ബന്ദി, റൊട്ടി ബന്ദി, ബേട്ടി ബന്ദി എന്നിവയായിരുന്നു ആ വിലക്കുകൾ. വൈദിക സാഹിത്യം ബ്രാഹ്മണേതര സമുദായങ്ങൾക്ക് വിലക്കുന്നതാണ് വേദോക്തബന്ദി. കുലത്തൊഴിൽ അല്ലാതെ മറ്റ് തൊഴിൽ എടുക്കുന്നതിനുള്ള വിലക്കാണ് വ്യവസായ ബന്ദി. അസ്പൃശ്യതയെ സംബന്ധിച്ചുള്ള ബ്രാഹ്മണ നിയമങ്ങൾ ആണ് സ്പർശബന്ദിയുടെ ഉള്ളടക്കം. സമുദ്രം കടന്നാലുണ്ടാകുന്ന ജാതി നഷ്ടമാണ് സമുദ്ര ബന്ദി. ഹിന്ദുമതത്തിലേയ്ക്ക് ആർക്കും മതം മാറാനാകില്ല എന്ന വിലക്കാണ് ശുദ്ധി ബന്ദി. ജാതിഭേദമന്യേയുള്ള പന്തിഭോജനത്തെ വിലക്കുന്നതാണ് റൊട്ടി ബന്ദി. മിശ്രവിവാഹത്തെ വിലക്കുന്നതാണ് ബേട്ടി ബന്ദി. ഈ ഏഴു കാര്യങ്ങളും കാലാനുസൃതമായി പരിഷ്ക്കരിക്കണം എന്ന നിലപാട് ആണ് സവർക്കർ എടുത്തത്. ഒറ്റനോട്ടത്തിൽ ഹിന്ദുമത പരിഷ്ക്കർത്താവായി സവർക്കറെ അടയാളപ്പെടുത്താൻ തക്കവണ്ണമുള്ള കാര്യങ്ങൾ ഇതിലുണ്ട് താനും.

ഹിന്ദു വംശീയ രാഷ്ട്രീയം വേരോടണമെങ്കിൽ ഈ വിലക്കുകൾ നിലവിലിരുന്നാൽ സാധ്യമല്ല എന്ന് സവർക്കറിന് അറിയാമായിരുന്നു. രണ്ട് കാര്യങ്ങൾ നാം ഇവിടെ മുൻകൂർ നിരൂപിക്കേണ്ടതുണ്ട്. ഒന്നാമതായി പതിനെട്ടാം നൂറ്റാണ്ടു മുതൽ രാജ്യഭരണത്തിലേർപ്പെട്ട ചിത്പാവൻ ബ്രാഹ്മണർ ഇതിൽ പല ബന്ദികളും നേരത്തേ തന്നെ ഭേദിച്ചിരുന്നു. ഉദാഹരണത്തിന് വ്യവസായ ബന്ദി. തങ്ങളുടെ കുലത്തൊഴിൽ ആയ പൗരോഹിത്യം അല്ല അവർ പിന്തുടർന്നത്. രാജ്യഭരണം കയ്യാളാൻ തുടങ്ങിയതോടെ ക്ഷത്രിയ വൃത്തിയും വൈശ്യവൃത്തിയും ശൂദ്രവൃത്തിയും അവർ ചെയ്തിട്ടുണ്ട്. രാജ്യഭരണത്തിൻ്റെ എല്ലാ തലങ്ങളിലും അവർ ഉണ്ടായിരുന്നു. രണവും പണവും പദവിയും സ്വാഭാവികമായും പുതിയ ബന്ദികളാൽ നിയന്ത്രിക്കപ്പെടുന്ന ലോകങ്ങളിലേയ്ക്ക് അവരെ മാറ്റിയെഴുതിയിരുന്നു. വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന ഒരു സംഗതിയായി സാമ്രാജ്യം എന്ന സംഗതിയെ തിരിച്ചറിഞ്ഞ ഒരു കൂട്ടത്തിന് എന്ത് സമുദ്രബന്ദി? പേഷ്വാ സാമ്രാജ്യത്തെ അസ്വസ്ഥപ്പെടുത്തിയ കോളികൾ എന്ന പിന്നോക്ക ജാതിക്കാരെ പദവികൾ നൽകി ഒതുക്കിയ ബ്രാഹ്മണർക്ക് എന്ത് സ്പർശബന്ദി? എന്ത് റൊട്ടി ബന്ദി? രണ്ടാമത്തെ കാര്യം എന്നത്തേയും പോലെ സവർക്കർ സംസാരിക്കുന്നത് ബ്രാഹ്മണരോടാണ്. ബ്രാഹ്മണർക്ക് വേണ്ടി ബ്രാഹ്മണരാൽ നിർമ്മിക്കപ്പെട്ട് ബ്രാഹ്മണർ മാത്രം  ഉപയോഗിക്കുന്ന നിയമങ്ങൾ പരിഷ്ക്കരിക്കുന്നതിനെ പറ്റിയാണ് സവർക്കർ ആലോചിക്കുന്നത്. അതും ബ്രാഹ്മണാധികാരം നിലനിർത്തുന്നതിന് വേണ്ടി മാത്രം. അവിടെ സവർണ്ണേതരർ ഉപകരണങ്ങൾ മാത്രമാണ്. ഇതേ സമയം ദളിത്, പിന്നാക്ക വിഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ജാതിവിരുദ്ധ പ്രസ്ഥാനവുമായി കണ്ണിചേർക്കേണ്ട ഒന്നും സവർക്കർ ചൂണ്ടിക്കാണിക്കുന്നില്ല. ജാതി വിരുദ്ധനല്ല സവർക്കർ . ബ്രാഹ്മണനെ മനുഷ്യനാക്കുന്നതിന് വേണ്ടിയുള്ളതിനല്ല സവർക്കർ ശ്രമിക്കുന്നത് .

പ്രസ്തുത ബന്ദികളിൽ ജാതി ഒരു ചോദ്യചിഹ്നമാകുന്നത് ബേട്ടി ബന്ദിയിൽ ആണ്. മിശ്രവിവാഹത്തിൽ മാത്രമാണ് ജാതി പ്രശ്നവല്ക്കരിക്കുന്നത്. പന്തിഭോജനവും വേദം അവർണ്ണനെ പഠിപ്പിക്കുന്നതുമൊക്കെ വിശാലമായ അർത്ഥത്തിൽ പരിഷ്ക്കരണമാണെന്ന് സമ്മതിക്കാമെങ്കിലും അവയൊന്നും തന്നെ ജാതി എന്ന അന്ധവും ക്രൂരവുമായ വ്യവസ്ഥയെ ചോദ്യം ചെയ്യുന്നില്ല. രത്നഗിരി ജില്ലയിൽ സവർക്കർ നടത്തിയ പ്രവർത്തനങ്ങളിൽ ഒരിടത്തും പ്രതിലോമ വിവാഹം എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന മിശ്രവിവാഹത്തെ സംബന്ധിച്ച ഒന്നും തന്നെ കാണാനാകില്ല. ശുദ്ധി ബന്ധി എന്ന ആശയത്തിലാണ് സവർക്കർ ഏറ്റവും കൂടുതൽ ഊന്നിയത്. അതായത് ജാതിയുടെ ക്രൂരത സഹിക്ക വയ്യാതെ അഴിഞ്ഞുകൊണ്ടിരിക്കുന്ന ഹിന്ദുമതത്തെ പിടിച്ചു നിർത്താനുള്ള ശ്രമം ആയിരുന്നു അത്. അതായത് ഹിന്ദുമതത്തിലേയ്ക്ക് മത പരിവർത്തനം വഴി ആളെക്കൂട്ടൽ. അത് നടപ്പിലാക്കണമെങ്കിൽ ഈ ബന്ദികൾ പൊട്ടിച്ചേ മതിയാകൂ. കാരണം ജാതി പരിവർത്തനം അസാധ്യമായ ഒന്നാണ്.

ഹിന്ദുമതത്തിൻ്റെ സെമിറ്റിക് വല്ക്കരണമാണ് സവർക്കർ ഉൾപ്പെട്ട നവ- യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണർ ചെയ്തതെന്ന് പലരും വാദിച്ചു കണ്ടിട്ടുണ്ട്. സൂക്ഷിച്ചു നോക്കിയാൽ സെമിറ്റിക് വല്ക്കരണത്തേക്കാൾ വംശീയ വല്ക്കരണത്തിനാണ് അവർ ശ്രമിച്ചതെന്ന് കാണാൻ കഴിയും. അതിനുമപ്പുറം മുഞ്ജേയുടെ പ്രവർത്തനത്തെക്കുറിച്ച് പഠിച്ചപ്പോൾ നാം കണ്ടതുപോലെ മതത്തിന്റെ സൈനിക വല്ക്കരണത്തിനും. വംശീയ വല്ക്കരണത്തിനും സൈനിക വല്ക്കരണത്തിനും വേണ്ടിയുള്ള പ്രാഥമിക  പ്രവർത്തനങ്ങൾ ആണ് സവർക്കർ രത്നഗിരിയിൽ നടത്തിയത്.

പ്രസ്തുത ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് രത്നഗിരിയിൽ 1924 ഏപ്രിൽ 17 ന് പരശുറാം ഗ്രാമത്തിലെ വിട്ടൽ ക്ഷേത്രത്തിലാണ് രത്നഗിരി ജില്ലയിലെ ആദ്യ പൊതുപ്രത്യക്ഷം നടത്തിയത്. ചിത്പാവൻ ചരിത്രത്തിലും ജീവിതത്തിലും  പ്രധാനപ്പെട്ട ഒരു പങ്കാണ് ഈ ക്ഷേത്രത്തിനുള്ളത്. പേഷ്വാമാരിൽ പ്രധാനികൾ ആയിരുന്ന ബാജിറാവു ഒന്നാമൻ്റെ പ്രധാനപ്പെട്ട പ്രചോദനങ്ങളിൽ ഒന്നായിരുന്നു ഈ ക്ഷേത്രം. അദ്ദേഹത്തിൻ്റെ ആത്മീയ ഗുരു ആയിരുന്ന ബ്രഹ്മേന്ദ്രസ്വാമികൾ ആണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ” ശുദ്ധിപ്രസ്ഥാനവും അസ്പൃശ്യരുടെ ഉന്നമനവും ” ആയിരുന്നു വിഷയം. ബ്രാഹ്മണരാഷ്ട്രീയത്തെ അലട്ടിക്കൊണ്ടിരുന്ന ദ്വിമുഖപ്രശ്നമായിരുന്നു ജാതിയിൽ താണവരും ഇതര മതസ്ഥരും. ഈ രണ്ട് പേരെയും ഹിന്ദുമതത്തിൻ്റെ മടക്കുകളിലേയ്ക്ക് എടുത്ത് വെക്കാനാണ് സവർക്കർ ശ്രമിച്ചത്. ആദ്യത്തെ കൂട്ടരെ ബ്രാഹ്മണ്യത്തിൻ്റെ അപ്പക്കഷണം കാട്ടി പ്രലോഭിപ്പിച്ച്. രണ്ടാമത്തെ കൂട്ടരെ മതംമാറ്റം എന്ന പ്രക്രിയ കാട്ടി പ്രകോപിപ്പിച്ച്.

അതിൽ ആദ്യത്തേത് നടപ്പാക്കാൻ അംബേദ്ക്കർ ജനിച്ച സമുദായമായ മഹറുകളെയാണ് ഉപകരണമാക്കിയത്. സവർക്കറും രത്നഗിരി ഹിന്ദുസഭയുടെ പ്രവർത്തകരും മഹർ കോളനികൾ സന്ദർശിക്കാൻ തുടങ്ങി. അവരെക്കൊണ്ട് ബ്രാഹ്മണ കീർത്തനങ്ങൾ ആലപിപ്പിക്കുക എന്നതായിരുന്നു ഒരു പരിപാടി. തിലക് തുടങ്ങി വെച്ച ഗണേശോത്സവം രത്നഗിരി ജില്ലയിൽ ആർഭാടത്തോടെ ബ്രാഹ്മണർ ആഘോഷിച്ചിരുന്നു. 1925 ൽ “അസ്പൃശ്യർ” ക്ക് വേണ്ടി ഒരു ” പ്രത്യേക ഗണപതി ” വിഗ്രഹത്തെ സവർക്കറും കൂട്ടരും ഒരുക്കി. തോട്ടിപ്പണി ചെയ്യുന്ന ഭാംഗി സമുദായത്തിൽ പെട്ട ശിവു എന്നയാളെ പൂജാരിയാക്കി. അങ്ങനെ ബ്രാഹ്മണരാഷ്ട്രീയത്തിൻ്റെ അടിയാളരാക്കി ദളിതുകളെ മാറ്റുന്ന ഹിന്ദുത്വ വംശീയ രാഷ്ട്രീയം ദൈവാരാധനയുടെ രംഗത്ത് അരങ്ങേറ്റുന്നതിൽ സവർക്കറും കൂട്ടരും വിജയിച്ചു.

മഹാത്മാ ഫൂലേ മുതൽ അംബേദ്ക്കർ വരെ വിദ്യാഭ്യാസത്തെ പ്രബുദ്ധതയിലേയ്ക്കും സ്വാതന്ത്ര്യത്തിലേയ്ക്കും സാമൂഹ്യ ചലനാത്മകത നൽകുന്ന പ്രധാന ഉപാധിയായി ചൂണ്ടിക്കാണിച്ചിരുന്നു. അതിന് വേണ്ടി നിരവധി സമാന്തര വിദ്യാഭ്യാസ ശ്രമങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനം മുതൽ മഹാരാഷ്ട്രയിലെമ്പാടും നടന്നിരുന്നു.പുതിയ സ്വത്വം ആർജ്ജിക്കാനുള്ള ദളിത്, പിന്നോക്ക സമുദായങ്ങളിലെ വ്യക്തികളുടെ അഭിലാഷത്തെ ഹിന്ദു വംശീയ രാഷ്ട്രീയവുമായി കൂട്ടിയിണക്കേണ്ടത് അത്തരം രാഷ്ട്രീയം മുന്നോട്ട് പോകുന്നതിൻ്റെ അനിവാര്യതയായി സവർക്കർ കണ്ടു. സർക്കാറും ദളിത് വിദ്യാഭ്യാസത്തെ അനുകൂലിച്ച് നിലപാട് എടുക്കുകയുണ്ടായി. പൊതു വിദ്യാലയങ്ങൾ അവർക്കായി മലർക്കെ തുറന്നു തുടങ്ങി. ഈ അവസരത്തിൽ അവരെ നിരാകരിക്കുന്ന മൂഢത്വത്തിൽ ബ്രാഹ്മണ യാഥാസ്ഥിതികർ കഴിയുന്നത് ബ്രാഹ്മണ മേൽക്കോയ്മയുടെ തന്നെ അവസാനമായിരിക്കും കുറിക്കുക എന്നത് സവർക്കർക്ക് ബോധ്യപ്പെട്ടപ്പോൾ അദ്ദേഹം  ആ മൂഢത്വത്തെ ഉപേക്ഷിക്കാൻ പൊതുയോഗങ്ങളിലൂടെ ആവശ്യപ്പെട്ട് തുടങ്ങി.

പൊതുവിദ്യാലയങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്നും നിങ്ങൾക്ക് കുട്ടികള തടയാൻ കഴിയുമോ? ഇല്ല. നിങ്ങൾക്കതിന് ധൈര്യമില്ല .കാരണം അതിൻ്റെ പ്രത്യാഘാതങ്ങൾ നിങ്ങൾക്കറിയാം. .ബ്രിട്ടീഷ് ഗവണ്മെൻ്റ് വെടിയുണ്ടകളാൽ മറുപടി പറയും . അവർ അറിവില്ലാത്തവരും നിസ്സഹായരമായതുകൊണ്ട് നിങ്ങൾ അസ്പൃശ്യരെ ഉപദ്രവിക്കുന്നു. പക്ഷെ ,മുസ്ലീങ്ങളുടെ നീതിരഹിതമായ ആവശ്യങ്ങളെ നിങ്ങൾ നിറവേറ്റിക്കൊടുക്കുന്നു. കാരണം അവർ അക്രമ സ്വഭാവികൾ ആണ്. ഒരു മഹർ മുസ്ലീമോ ക്രിസ്ത്യാനിയോ ആയി മതം മാറുകയാണെങ്കിൽ നിങ്ങൾ നിങ്ങൾക്ക്  തുല്യരായി അവരെ കണക്കാക്കുന്നു. എന്നാൽ ഒരു മഹർ എന്ന നിലയ്ക്ക് അവന് അതേ പരിഗണന ലഭിയ്ക്കുന്നില്ല

ഇവിടെയും യാഥാസ്ഥിതിക ബ്രാഹ്മണരുടെ മൂഢത്വത്തെ ചൂണ്ടിക്കാണിക്കുന്നത് അക്രമകാരികളായ മുസ്ലീങ്ങൾ എന്ന  അപരത്തെ സൃഷ്ടിച്ചാണ്. മുസ്ലീമോ അസ്പൃശ്യരോ എന്ന ചോദ്യത്തിൻ്റെ നിരവധി മാതൃകകൾ സൃഷ്ടിച്ചു കൊണ്ടാണ് സവർക്കർ ഹിന്ദുത്വ വംശീയ രാഷ്ട്രീയത്തെ വാർത്തെടുത്തത്. ഈ രണ്ട് വാർപ്പുമാതൃകകളെ മുൻനിർത്തി നിരന്തരമായി യാഥാസ്ഥിതിക ബ്രാഹ്മണ്യത്തോട് സംസാരിക്കുകയാണ് രത്നഗിരിക്കാലത്ത് സവർക്കർ ചെയ്തുകൊണ്ടിരുന്നത്. അതോടൊപ്പം ബ്രിട്ടീഷ് ഭരണകർത്താക്കൾക്ക് സൗഖ്യം തരുന്ന തരത്തിൽ ഗാന്ധിയെയും സ്വാതന്ത്ര്യസമര പരിപാടികളേയും നിരന്തരം എതിർത്തു കൊണ്ടിരിക്കുക എന്നതും.

1927 മുതൽ ഹിന്ദു വംശീയ ഐക്യത്തിന് വേണ്ടി അസ്പൃശ്യരെ മുൻനിർത്തി സവർക്കർ ആരംഭിച്ച മറ്റൊരു നടപടി ദസറ, മകരസംക്രാന്തി തുടങ്ങിയ ഹിന്ദുപുണ്യദിനങ്ങളിൽ മഹർ, ചമർ, ഭാംഗി സമുദായങ്ങളിൽ പെട്ട ദളിതരെക്കൊണ്ട് ബ്രാഹ്മണ വസതികളിൽ ചെന്ന് സോന ഇലകൾ കൈമാറി ആശംസകൾ അർപ്പിക്കുക എന്ന പരിപാടിയാണ്. അതായത് കേരളം പോലുള്ള ഇടങ്ങളിൽ നിന്നിരുന്ന കാഴ്ചക്കുലകൾ ജന്മിക്ക് സമർപ്പിക്കും പോലെയുള്ള ഒന്ന്. എന്നിട്ട് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും എല്ലാവരും ചേർന്ന് ” ഹിന്ദുധർമ്മം ജയിക്കട്ടെ ” എന്ന് അട്ടഹസിക്കുകയും ചെയ്യും. തീർച്ചയായും സാമൂഹിക ദൃശ്യതയിൽ നിന്നും ബഹുദൂരം അകറ്റിനിർത്തിയിരുന്ന അതേ ” ഹിന്ദുധർമ്മ ” ത്തെ ഉച്ചൈസ്തരം ഘോഷിക്കുന്ന ഈ പരിപാടി, ദളിതർ മനുസ്മൃതി കത്തിക്കാൻ തുടങ്ങിയ അതേ കാലത്തു തന്നെ ആവിഷ്ക്കരിച്ചതിൻ്റെ രാഷ്ട്രീയപ്പൊരുൾ കുറേ യാഥാസ്ഥിതിക ബ്രാഹ്മണർക്കെങ്കിലും പിടി കിട്ടിയില്ല. അതിനാൽ അവരിൽ ചിലരെങ്കിലും തങ്ങളുടെ വീടുകളിലേയ്ക്ക് ദളിതർക്ക് ഹ്രസ്വ പ്രവേശനം നൽകുന്ന രത്നഗിരി ഹിന്ദുസഭയുടെ പരിപാടിയെ എതിർത്തു. പക്ഷെ, ആ ചെറിയ എതിർപ്പുകൾ അവഗണിച്ച്, ഒരു വംശീയ രാഷ്ട്രീയത്തിന് സ്പർശബന്ദി പോലുള്ള ഇരുതലമൂർച്ചയുള്ള വിലക്കുകൾ കെട്ടിപ്പിടിച്ചിരുന്നാൽ വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് സവർക്കർക്ക് അറിയാമായിരുന്നു. പ്രത്യേകിച്ച് മഹാഡ് സത്യാഗ്രഹത്തിന് ശേഷം സാമൂഹിക വിഭവങ്ങൾക്ക് മേൽ തങ്ങളുടെ അവകാശവും അധികാരവും ബോധ്യപ്പെട്ട് തുടങ്ങുമ്പോൾ ബഹുഭൂരിപക്ഷം വരുന്ന ബ്രാഹ്മതേതര ഹിന്ദുജനത സ്പർശ ബന്ദി തിരിച്ച് പ്രയോഗിച്ചാൽ ബ്രാഹ്മണനാണ് ഓരത്തേയ്ക്ക് മാറ്റപ്പെടുക എന്നത് സവർക്കർക്ക് മനസ്സിലായി കാണണം. ഉണരുന്ന കീഴാള ,പിന്നോക്ക രാഷ്ട്രീയ പരിസ്ഥിതിയിൽ, വളരെപ്പെട്ടെന്ന് തങ്ങളുടെ യഥാർത്ഥ ന്യൂനപക്ഷ സ്ഥിതിയെക്കുറിച്ചുള്ള അവബോധം ബ്രാഹ്മണരെ പറഞ്ഞു മനസ്സിലാക്കാൻ സവർക്കർക്കും ഹിന്ദുസഭയ്ക്കും കഴിഞ്ഞതോടെ തങ്ങളുടെ വീടുകളിൽ കയറി വന്ന് തങ്ങൾക്ക് സോനാ ഇലകൾ മൈത്രിയുടെ ചിഹ്നമായി സമ്മാനിച്ച് തങ്ങൾ പോറ്റി വളർത്തിയ “ഹിന്ദുധർമ്മ ” ത്തിന് ജയ് വിളിക്കുന്ന പ്രവൃത്തിയെ അവർ ആഘോഷിക്കാൻ തുടങ്ങി.

ഇതിന് തുടർച്ചയായിത്തന്നെ കാണേണ്ട ഒന്നാണ് 1929 ൽ വേദോക്തബന്ദിയെ നിരാകരിക്കാൻ സവർക്കറിനെ പ്രേരിപ്പിച്ച ഘടകവും. ഹിന്ദു എന്ന് സ്വയം വിളിക്കുന്ന ഏതൊരാൾക്കും വേദ കർമ്മങ്ങൾ അനുഷ്ഠിക്കാനുള്ള അവകാശം ഉണ്ടെന്നാണ് സവർക്കർ പ്രഖ്യാപിച്ചത്. അതോടൊപ്പം പൂണൂൽ ധരിക്കാനുള്ള അവകാശവും. മഹർ, ചമർ ജാതികളിൽ പെട്ട നിരവധി പേർക്ക് അദ്ദേഹം പൂണൂൽ വിതരണം ചെയ്തു.

ഏതാണ്ട് ഇതേ സമയം കേരളത്തിൽ നടന്ന നമ്പൂതിരി നവോത്ഥാനത്തിനുളളിലെ ദിശാബലം എന്തെന്ന് മനസ്സിലാക്കിയാൽ നവോത്ഥാനവും വംശീയ രാഷ്ട്രീയ പ്രവർത്തനവും തമ്മിലുള്ള വ്യത്യാസം തിരിഞ്ഞു കിട്ടും. നമ്പൂതിരിയെ മനുഷ്യനാക്കുക എന്നതായിരുന്നു വി.ടി.ഭട്ടതിരിപ്പാടിൻ്റേയും മറ്റും മുദ്രാവാക്യം. തങ്ങളും ലോകവും തമ്മിലുള്ള അകലമായിട്ടാണ് അവർ പൂണൂലിനെ കണ്ടത്. അതിനാൽ അത് പൊട്ടിക്കുന്നതാണ് ബഹുസ്വര, ജനാധിപത്യ സമൂഹത്തിലേയ്ക്കുള്ള പ്രവേശനത്തിനുള്ളിലെ ആദ്യപടി എന്ന് അവർ വിചാരിച്ചു. ഘോഷ ബഹിഷ്ക്കരിച്ചാണ് അന്തർജനങ്ങൾ പുറത്ത് വന്നത്.

എന്നാൽ സവർക്കറുടെ വംശീയ രാഷ്ട്രീയം മനുഷ്യരെ ഹിന്ദുക്കൾ ആക്കുക എന്നതിലായിരുന്നു ഊന്നിയത്. കുറച്ചു നേരം പൂണൂൽ ധരിക്കുന്നതതോടെ ബ്രാഹ്മണരാഷ്ട്രീയത്തിനുള്ള അംഗീകാരം ദളിതർക്കിടയിൽ നിന്ന് ലഭിക്കുമെന്ന് സവർക്കർ കണക്കുകൂട്ടി. അത് ഒരു പരിധി വരെ ശരിയായി വന്നു. 1928 ൽ മാൽവനിൽ നടന്ന അസ്പൃശ്യരുടെ സമ്മേളനത്തിൽ  ബ്രാഹ്മണരും അസ്പൃശ്യരും ഒന്നിച്ച് വേദമന്ത്രങ്ങൾ ഉച്ചരിച്ചു. അവിടെ നടത്തിയ പ്രസംഗത്തിലും തൻ്റെ വംശീയ  രാഷ്ടീയ ബ്രാഹ്മണിസ നിലപാട് തന്നെയാണ് സവർക്കർ മുന്നോട്ടുവെച്ചത്. ദളിതരെ വംശീയ ബ്രാഹ്മണിസ രാഷ്ടീയത്തിൻ്റെ ഭാഗമാക്കുക . മുസ്ലീം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ അപരവത്ക്കരിക്കുക. ” ഹൈന്ദവേതരർ വേദങ്ങൾ വായിച്ചുകൊണ്ടിരിക്കേ, എന്തുകൊണ്ട് ഹിന്ദു മഹറുകൾക്ക് അത് വായിച്ചു കൂടാ ? ” അദ്ദേഹം എന്നത്തേയും പോലെ ഈ ചോദ്യമാണ് മുന്നോട്ടുവെച്ചത്. താൻ തന്ത്രപൂർവ്വം പടുത്തുയർത്തുന്ന ഹിന്ദു വംശീയ ബ്രാഹ്മണരാഷ്ട്രീയത്തിന് അദ്ദേഹത്തിന് അവിടെ വെച്ച് അനുകൂലമായി മറുപടി കിട്ടി . സർജൻ്റ് ഘാട്ട്ഗേ എന്ന മഹർ എണീറ്റു നിന്ന് പ്രഖ്യാപിച്ചു. ” ആരാണ് മഹറുകൾ മതം മാറുമെന്നും മുസ്ലീങ്ങൾ ആകുന്നുവെന്നും പറയുന്നത് ? ഞങ്ങൾ മഹറുകളും ചമറുകളും ഹിന്ദുധർമ്മത്തെ സ്നേഹിക്കുന്നവരും അതിനെ ഒരിക്കലും നിഷേധിക്കാത്തവരും ആണ്. ബ്രാഹ്മണർ ഒരു പക്ഷെ ഇസ്ലാമിലേയ്ക്ക് മാറിയേക്കും. പക്ഷെ ഞങ്ങൾ മാറില്ല

തൻ്റെ വംശീയ രാഷ്ട്രീയത്തിന് കിട്ടിയ ഏറ്റവും വലിയ സാക്ഷ്യപത്രമായിരുന്നു അത്. അതെ തുടർന്ന് ഭാംഗികൾ പോലുള്ള ദളിതരുടെ വിവാഹ കർമ്മങ്ങൾ നടത്താൻ ബ്രാഹ്മണരെ സവർക്കർ ഏർപ്പെടുത്തി കൊടുത്തു. അങ്ങനെ തൻ്റെ ഹിന്ദു വംശീയ രാഷ്ടീയത്തിൻ്റെ ഉള്ളടക്കത്തിലേയ്ക്ക് ദളിതരുടെ ഒരു വിഭാഗത്തെയെങ്കിലും കൂടെച്ചേർക്കാൻ സവർക്കർക്കായി.

വംശീയ രാഷ്ട്രീയത്തിൻ്റെ പ്രധാനപ്പെട്ട മുഖം, ന്യൂനപക്ഷ വെറുപ്പ് ആയിരുന്നുവെന്ന് നാം കണ്ടു.വെറുപ്പിൻ്റെ പ്രായോഗികത എന്നത് പലപ്പോഴും സാമൂഹിക ബഹിഷ്ക്കരണമാണ്. ഹിന്ദു ഉള്ളടക്കത്തിലേയ്ക്ക് ചേർത്തു വെച്ച ദളിതരെ ഉപകരണമാക്കി അത് നടപ്പാക്കുന്ന പരീക്ഷണങ്ങളും സവർക്കർ രത്നഗിരിയിൽ നടത്തുകയുണ്ടായി. യാഥാസ്ഥിതിക ബ്രാഹ്മണർ / സവർണ്ണർ അവരുടെ മതപരവും ഗാർഹികവുമായ ആഘോഷങ്ങൾക്ക് മുസ്ലീം ബാൻഡ് സെറ്റ് വിളിക്കുക പതിവായിരുന്നു. അങ്ങനെ വർഷങ്ങളായി  നിലനിന്നിരുന്ന ഒരു സാമൂഹിക സന്ധി ദളിതരെ ഉപയോഗിച്ച് തകർക്കുകയാണ് സവർക്കർ ചെയ്തത്. ദളിതരെ മാത്രം ഉൾക്കൊള്ളിച്ച് ഒരു ഹിന്ദു ബാൻഡ് സെറ്റിന് ജന്മം നൽകുകയാണ് സവർക്കർ ആദ്യം ചെയ്തത് .എന്നിട്ട് അവരെ ഉപയോഗിച്ച് മുസ്ലീം ബാൻഡ് സെറ്റിനെ ബഹിഷ്ക്കരിക്കുകയും.

നാം നേരത്തേ ചർച്ച ചെയ്ത അംബേദ്ക്കറുടെ നേതൃത്വത്തിൽ ദളിതർ നടത്തിയ ഐതിഹാസിക സമരം, മഹാഡ് സത്യാഗ്രഹത്തിൻ്റെ വിജയം, സവർക്കറെ ജാഗരൂകനാക്കുന്നുണ്ട്. അവിടെയും ദളിത് ,മുസ്ലീം എന്നൊരു വ്യാജ ദ്വന്ദ്വം നിർമ്മിച്ചു കൊണ്ടാണ് ആ സന്ദർഭത്തെ സവർക്കർ സാമൂഹികമായി വിശകലനം നടത്തുന്നത്. പതിവുപോലെ ബ്രാഹ്മണരെയാണ് പൊതു ലേഖനത്തിലൂടെ സവർക്കർ അഭിസംബോധന ചെയ്യുന്നത്.

”  ഞങ്ങളെല്ലാം പ്രസംഗിച്ചുകൊണ്ടിരിക്കുന്നത് സ്കൂളുകൾ ,പൊതു ജലസംഭരണികൾ, ജലവിതരണ ടാപ്പുകൾ, മുനിസിപ്പാലിറ്റികൾ, ജില്ലാ കൗൺസിലുകൾ , മറ്റ് കൂടിച്ചേരലുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലെല്ലാം മുസ്ലീങ്ങൾക്ക് സമാനമോ അതിൽ കൂടുതലോ ഉള്ള അളവിൽ പ്രവേശനം അസ്പൃശ്യർക്ക് നൽകേണ്ടതാണ്. അത് അവരുടെ നിയമപരമായ അവകാശമാണ്. അതിനാൽ പൊതു ജലസംഭരണിയിൽ നിന്നും ജലമെടുക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള സമരത്തിന് അംബേദ്ക്കറെ നാം കുറ്റം പറയുന്നതിൽ അർത്ഥമില്ല.

അതേ ജലസംഭരണിയിൽ നിന്നും ജലമെടുക്കാനും പാത്രങ്ങൾ കഴുകാനും മുസ്ലീങ്ങൾക്ക് അനുവാദമുണ്ട്. പക്ഷെ നമ്മുടെ അസ്പൃശ്യ സഹോദരർക്ക് ജലക്ഷാമമുള്ള നാളുകളിൽ പോലും അത് നിഷേധിക്കപ്പെട്ടിരിക്കുന്നു.

ചവ്ദാർ തടാകത്തിൽ നിന്നും ജലമെടുക്കാൻ മുസ്ലീങ്ങൾക്ക് അനുവാദമുള്ളതിനാലാണ് “അസ്പൃശ്യർ” ക്ക് കൂടി ആ അനുവാദം വ്യാപിപ്പിക്കണമെന്ന് സവർക്കർ ആവശ്യപ്പെടുന്നത്. അല്ലാതെ മനുഷ്യർ എന്ന നിലയ്ക്ക് പൊതുസ്ഥലങ്ങളിൽ  ദളിതരുടെ തുല്യാവകാശം സ്ഥാപിക്കുന്നതിനല്ല. യഥാർത്ഥത്തിൽ ചവ് ദാർ തടാക പ്രശ്നത്തിൽ മുസ്ലീങ്ങൾ കക്ഷികളേ അല്ല. തൻ്റെ വംശീയ രാഷ്ട്രീയത്തിൻ്റെ താത്ക്കാലിക ഉപയോഗത്തിന് രണ്ട് പ്രബല സാമൂഹ്യ കൂട്ടങ്ങളെ സവർക്കർക്ക് ആവശ്യമായിരുന്നു. ദളിത്, പിന്നോക്ക ജാതിക്കാരേയും മുസ്ലീങ്ങളേയും. ഒന്ന്, രക്ഷാകർത്തൃത്വത്തിൻ്റെ കൈകളുടെ വ്യാസത്തിൽ എന്നന്നേയ്ക്കുമായി അവരെ തളച്ചിടാൻ. രണ്ട്, വെറുപ്പിൻ്റെ ജ്വാല എപ്പോഴും മുഖത്തെറിയാൻ പാകത്തിൽ കാലത്തിനുള്ളിൽ അവരെ നിശ്ചലമാക്കാൻ. യാഥാസ്ഥിതിക ബ്രാഹ്മണ്യത്തിന് അത്രയും സങ്കീർണ്ണമായ ഒരു രാഷ്ട്രീയം ആവശ്യമില്ലായിരുന്നു.

അംബേദ്ക്കറുടെ നേതൃത്വത്തിൽ ദളിതുകൾ ക്ഷേത്രപ്രവേശന സമരങ്ങൾ നടത്തുന്ന കാലമായിരുന്നു അത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട സമരം, മിത്രമേള/അഭിനവ് ഭാരത് കാലത്ത് സവർക്കറുടെ കർമ്മഭൂമിയായിരുന്ന നാസിക്കിൽ ആയിരുന്നു. കാലാറാം ക്ഷേത്രം സകലർക്കുമായി തുറക്കാൻ ആവശ്യപ്പെട്ടാണ് ദളിതർ സമരം ചെയ്തത്. 1931 മാർച്ച് 13 ന് ഈ സമരത്തെ മുൻ നിർത്തി സവർക്കർ ഇങ്ങനെ എഴുതി.

നമുക്കെല്ലാവർക്കും കൂടി ഹിന്ദുധർമ്മം ജയിക്കട്ടെ എന്ന് ഉറക്കെ വിളിക്കാം .അത് നമ്മുടെ ജനങ്ങളെ, ഏറ്റവും അസ്പൃശ്യരായവരെ തങ്ങളുടെ മതത്തിലേയ്ക്ക് മാറ്റിയെടുക്കാൻ തക്കം പാർത്തിരിക്കുന്ന വിദേശികളുടെ പദ്ധതിയെ തകർക്കും .നമ്മുടെ രാമൻ അദ്ദേഹത്തിൻ്റെ കൊട്ടാരം, രാവണൻ്റെ കുലത്തിൽ ജനിച്ചവരെങ്കിലും പശ്ചാത്തപിക്കുകയും കീഴടങ്ങുകയും ചെയ്ത വിഭീഷണനും മറ്റുള്ളവർക്കുമായി തുറന്നുകൊടുക്കുകയുണ്ടായി

ബ്രാഹ്മണ്യത്തിന് മുന്നിൽ വിഭീഷണനെപ്പോലെ “പശ്ചാത്തപിക്കുകയും കീഴടങ്ങുകയും” ചെയ്യുന്ന ദളിതർക്ക് ക്ഷേത്രം തുറന്നുകൊടുക്കാൻ ആലങ്കാരികമായെങ്കിലും സവർക്കർ പറഞ്ഞു വെയ്ക്കുന്നു. അതോടൊപ്പം ഹിന്ദുമതത്തിനുള്ളിലെ ക്രൂരമായ അധികാരക്രമത്തിനെപ്പറ്റി പറയാതെ മതപരിവർത്തനത്തെപ്പറ്റി പറയുന്നു. നാസിക്കിൽ  ദളിതുകളുടെ സമരം പരാജയപ്പെട്ടു എന്നത് മറ്റൊരു കാര്യം.

ഒരു ആരാധനാലയത്തിൽ ഒന്നിച്ചുകൂടിയാൽ മാത്രമേ ഹിന്ദു വംശീയ സ്വത്വം പരിമിതമായെങ്കിലും സാധിതപ്രായമാകൂ എന്ന ബോധ്യം സവർക്കർക്ക് ഉണ്ടായിരുന്നു. പക്ഷെ, യാഥാസ്ഥിതിക ബ്രാഹ്മണർ അത് ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. അതിനാൽ സ്വന്തമായി അതിലേയ്ക്ക് വഴി വെട്ടാൻ സവർക്കർ തീരുമാനിച്ചു. ബാഗോജി ബാലോജി കീർ എന്ന വലിയ പണക്കാരനെ സവർക്കർ സമീപിച്ച് സർവ്വജാതിക്കാർക്കും പ്രവേശനം അനുവദിക്കുന്ന ക്ഷേത്രനിർമ്മാണത്തിന് പ്രേരിപ്പിച്ചു. 1931 ഫെബ്രുവരി 22 ന് പതിത് പാവൻ മന്ദിർ എന്ന ആ ക്ഷേത്രം തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി.

യാഥാസ്ഥിതിക ബ്രാഹ്മണിസവുമായി സവർക്കറുടെ ഹിന്ദു വംശീയ രാഷ്ട്രീയ പദ്ധതി നിരന്തരസംഘർഷത്തിൽ ഏർപ്പെട്ടിരുന്നുവെങ്കിലും അവർ പരസ്പരം എതിരാളികൾ ആയിരുന്നില്ല. യാഥാസ്ഥിതിക ബ്രാഹ്മണർ തങ്ങളുടെ പിന്നിൽ അണിചേരേണ്ടവർ ആണെന്നും തങ്ങൾ പൊരുതി നേടുന്ന മേൽക്കോയ്മ അവർക്ക് കൂടിയാണെന്ന് കൂടി സവർക്കർക്ക് അറിയാമായിരുന്നു. ദളിതരുമായുള്ള പന്തിഭോജനം അവതരിപ്പിക്കുന്ന കാലത്ത് 1936 ൽ ഒരു ലേഖനം ഇതിനെ സംബന്ധിച്ച് സവർക്കർ എഴുതുന്നുണ്ട്.

പന്തിഭോജനത്തെ ബഹിഷ്ക്കരിക്കുന്ന ജനങ്ങൾക്കിടയിൽ ,എല്ലാ ജാതിക്കാർക്കും ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നത് പാപമാണെന്ന് കരുതുന്ന നിരവധി യാഥാസ്ഥിതികർ ഉണ്ട്. അവർക്ക്  സ്വാഭാവികമായും ഇത്തരം പരിഷ്ക്കരണങ്ങൾ  മുറിപ്പെടുത്തുന്നതായി അനുഭവപ്പെടും.അവർ പരിഷ്ക്കരണവാദികളായി യാതൊരു ബന്ധവും പുലർത്തില്ല. നൂറ്റാണ്ടുകളുടെ സാമൂഹികമായ അവസ്ഥീകരണം (Conditioning) മൂലം അത് സ്വാഭാവികമല്ലാതെ മറ്റൊന്നുമല്ല. നാം അവരോട് ദേഷ്യം വച്ചു പുലർത്താൻ പാടുള്ളതല്ല. നാം അവരെ ഒരിക്കലും വെറുക്കരുത് .അവരുടെ ബഹിഷ്ക്കരണവും ആരോപണവും നാം സന്തോഷത്തോടെ സഹിക്കേണ്ടതുണ്ട്. അവരുടെ മനസ്സ് സ്വമേധയാ മാറും വരെ അവർക്ക് നിയമപരവും സമാധാനപൂർവ്വവുമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് നമ്മെ എതിർക്കാവുന്നതാണ്. നാം അവരുടെ എതിർപ്പുകളെ വെറുതെ അവഗണിച്ചു കൊണ്ട് പരിഷ്ക്കരണങ്ങളുമായി മുന്നോട്ട് പോകേണ്ടതുണ്ട്. സമൂഹത്തിൻ്റെ നന്മയ്ക്ക് വേണ്ടി നാം ചലനാത്മകതയും പുരോഗതിയും ആർജ്ജിക്കേണ്ടതാണ്. അതേസമയം ഒരു പരിധി വരെ നമുക്ക്  സ്ഥിരതയും നിയന്ത്രണവും വേണ്ടതുണ്ട്. ഒരു തീവണ്ടിയ്ക്ക് മുന്നോട്ട് നയിക്കാനായി  എഞ്ചിൻ ആവശ്യമുണ്ട്. അതേ സമയം അതിന് ബ്രേക്കുകളും വേണം. നമ്മുടെ ഹിന്ദു സമുദായം പുറമേ നിന്നുള്ള എണ്ണമറ്റ ഭീഷണികൾക്കടിപ്പെടുമ്പോഴും അതിജീവനത്തിനും പുനരുദ്ധാരണത്തിനും ആവശ്യമായ അതിശയകരമായ കഴിവ് പ്രദർശിപ്പിച്ചിട്ടുണ്ട്. പരിഷ്ക്കരണവാദികൾ ആവേശത്താൽ നയിക്കപ്പെടുന്നതിൽ ഒരു അപകടമുണ്ട്. അതിനാൽ അവർക്ക് ഒരു നിയന്ത്രണം , ഒരു പരിധി വരെയുള്ള പിൻവാങ്ങൽ ആവശ്യമുണ്ട് .ഏത് പരിധി വരെ, ഏതളവിൽ അവ വേണമെന്നത് തീരുമാനിക്കേണ്ട കാര്യമാണ്. പരിഷ്ക്കരണങ്ങളും പിൻമടക്കവും പരസ്പര പൂരകങ്ങളാണെന്ന് നാം മനസ്സിലാക്കേണ്ടതാണ്. നമ്മുടെ കാഴ്ചപ്പാട് എന്തെന്ന് യാഥാസ്ഥിതികരെ മനസ്സിലാക്കിക്കാൻ നാം പണിപ്പെടേണ്ടതും അവരെ അതിലേയ്ക്ക് നിർബന്ധിക്കേണ്ടതും മാറാൻ അവരെ പ്രേരിപ്പിക്കേണ്ടതുമാണ്. ദേശത്തിൻ്റെ നന്മയ്ക്ക് അത് അത്യാവശ്യമാണ്. ”

സവർക്കർ സാധാരണ ഉപയോഗിക്കാത്ത ഭാഷാശൈലിയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഹിംസാത്മകമായ തൻ്റെ ശൈലിയെ മാറ്റിവെച്ച് അഹിംസയുടേയും സ്നേഹത്തിൻ്റേയും ഭാഷയിലേയ്ക്ക് തന്നെത്തന്നെ നിർബന്ധിച്ചു നിർത്താൻ സവർക്കരെ പ്രേരിപ്പിക്കുന്നത് ആഴത്തിലെ ബ്രാഹ്മണസ്വത്വമാണ്. തൻ്റെ കൂട്ടക്കാരോട്, അവർക്ക് തന്നെ മനസ്സിലാകുന്നില്ലെങ്കിലും, മസൃണമായാണ് ഇടപെടേണ്ടത് എന്ന് ആരുടേയും പ്രേരണയില്ലാതെ സവർക്കർ മനസ്സിലാക്കുന്നു. കാരണം, അവരുടെ മേൽക്കോയ്മ നിലനിർത്താനാണ് താൻ നയിക്കുന്ന പോരാട്ടം എന്നത് സവർക്കർക്ക് ഹൃദിസ്ഥമാണ്.


 

Comments

comments