30. ഗാന്ധിയ്ക്കെതിരെ ഹിന്ദുത്വ
…………………………………………………………..

ഹിന്ദുത്വ വംശീയ രാഷ്ട്രീയം ഒരിക്കൽപ്പോലും ബ്രിട്ടീഷുകാരെ നോവിച്ചില്ല എന്നത് നാം കണ്ടു. അതേ സമയം ഇന്ത്യയുടെ ബഹുജന സംസ്ക്കാരത്തിൽ നിരന്തരമായി പിളർപ്പുണ്ടാക്കുന്ന ഒരു കോടാലിക്കൈയ്യായി അത് പരിണമിക്കുകയായിരുന്നു. ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തെയാണ് അത് നിരന്തരം നേരിട്ടത്. തൻ്റെ രത്നഗിരി വാസത്തിനിടയിൽ സവർക്കർ നിരന്തരം പല പേരുകളിൽ ഗാന്ധിയെ എതിർത്തുകൊണ്ട് എഴുത്തുകൾ നടത്തിയിരുന്നു. രത്നഗിരി വാസക്കാലത്ത് മൂന്ന് നാടകങ്ങൾ സവർക്കർ എഴുതിയിരുന്നു. ഇത് മൂന്നും ഹിന്ദുത്വ വംശീയ രാഷ്ട്രീയത്തെ മുന്നോട്ട് വെയ്ക്കുന്നതാണ്. ആദ്യത്തേത് “സംഗീത് ഉഷാപ്പ്” മതപരിവർത്തനത്തിനെതിരെ ദളിതർക്കും പിന്നോക്ക ഹിന്ദുക്കൾക്കും മുന്നറിയിപ്പ് നൽകുന്നതാണ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും മതപരിവർത്തനക്കെണികൾ ഒരുക്കി കാത്തിരിക്കുകയാണെന്നാണ് അത് പറഞ്ഞത്. മറാത്തിയിലെ പ്രധാനപ്പെട്ട സാഹിത്യമാസിക മൗജ് അതിൻ്റെ സാഹിത്യഗുണമില്ലായ്മയെ നിശിതമായി വിമർശിച്ചിരുന്നു. രണ്ടാമത്തെ നാടകമായ “സന്യാസ ഖഡ്ഗ” ബുദ്ധൻ്റെ ജീവിതത്തെക്കുറിച്ചാണ് എന്നാണ് ഭാവിച്ചതെങ്കിലും ഗാന്ധിയുടെ അഹിംസാ രാഷ്ട്രീയത്തിൻ്റെ നിശിതവിമർശനം ആയിരുന്നു. ചിന്താമൻ റാവു കൊലാത്ക്കർ എന്ന നടനും നാടകക്കമ്പനി ഉടമയും ആയ വ്യക്തി ആവശ്യപ്പെട്ടിട്ടാണ് സവർക്കർ അത് എഴുതുന്നത്. അതിന് വേണ്ടി, അന്ന് കേട്ടുകേൾവിയില്ലാത്ത വിധം വലിയൊരു തുകയായ ആയിരം രൂപയാണ് കൊലാത്ക്കർ സവർക്കർക്ക് അതെഴുതാൻ മുൻകൂറായി നൽകിയത്. ലതാ മങ്കേഷ്ക്കറുടെ പിതാവും സവർക്കറുടെ ഉറച്ച അനുയായിയുമായ ദീനാനാഥ് മങ്കേഷ്ക്കർ ആണ് സംഗീതം പകർന്നത്. ആ നാടകവും വിജയിച്ചില്ല. മൂന്നാമത്തെ നാടകമായ “ഉത്തർക്രിയ” മുസ്ലീം വിരുദ്ധതയെ ഘോഷിക്കുന്ന ഒന്നായിരുന്നു. പേഷ്വാമാരെ ധീരരായ മുസ്ലീം വിരുദ്ധരായി ഉയർത്തിക്കാണിക്കുന്ന ആ നാടകവും അമ്പേ പരാജയപ്പെട്ടു.

മാപ്പെഴുതി പുറത്തു വന്ന സവർക്കറുടെ ഈ പ്രത്യയശാസ്ത്രത്തിരിച്ചൽ, ബ്രിട്ടീഷ് വിരുദ്ധനിൽ നിന്നും ബ്രിട്ടീഷ് ഭരണത്തിൻ്റെ നിശ്ശബ്ദ സഹായിയായും സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളുടെ എതിരാളിയുമായുള്ള മാറ്റം, പലരും അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. സവർക്കറുടെ ജീവചരിത്രം അനുഭാവപൂർവ്വം എഴുതിയ വൈഭവ് പുരന്ദരേ പോലും അത്തരം ഒരു സംഭവം എടുത്തെഴുതുന്നുണ്ട്. ഇന്ത്യൻ നാഷണൽ ഹെറാൾഡിലും ഇൻഡിപെൻഡൻ്റിലും പ്രവർത്തിച്ചിരുന്ന പ്രസിദ്ധ പത്രപ്രവർത്തകൻ വാമൻ കബാഡിയുടെ അനുഭവമാണ് വൈഭവ് പുരന്ദരേ അനുസ്മരിക്കുന്നത്. 1930 കളുടെ തുടക്കത്തിൽ ഗോവയിൽ നിന്ന് മുംബൈയിലേയ്ക്ക് ബോട്ടിൽ സഞ്ചരിക്കുകയായിരുന്നു കബാഡി. രത്നഗിരി ജില്ലയിലെ ഏതോ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സവർക്കർ അതേ ബോട്ടിൽ കയറാനിടയായി. ചോറും മീൻകറിയും കഴിച്ചിരിക്കുകയായിരുന്ന സവർക്കറുടെ അടുത്തേയ്ക്ക് കബാഡി തിരക്കിട്ടു ചെന്നു. പക്ഷെ, കബാഡിയുടെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് നിസ്സഹകരണ പ്രസ്ഥാനത്തെ അതി കഠിനമായി വിമർശിക്കുകയാണ് സവർക്കർ ചെയ്തത്. ഗാന്ധിയേയും ഖിലാഫത്ത് പ്രസ്ഥാനത്തേയും നിശിതമായി അവഹേളിക്കും വിധം സവർക്കർ സംസാരിച്ചു. കബാഡി പിന്നീടെഴുതി.” അദ്ദേഹം വലിയ പണ്ഡിതനും വാഗ്മിയുമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ചിന്തിക്കുന്നതിന് മുമ്പുതന്നെ വാക്കുകൾ പുറത്തേയ്ക്ക് വരുന്നത് ഞാൻ കണ്ടു. അവ അവിടെ ഉണ്ടായിരുന്നെന്ന പോലെ “. പക്ഷെ ആ സവർക്കർ ഒരു ദേശീയ ദുരന്തമായാണ് കബാഡിക്ക് അനുഭവപ്പെട്ടത്. “ബ്രിട്ടീഷുകാരുടെ കൈയ്യിൽ നിന്നും അനേകം ദുരനുഭവങ്ങൾ ഏറ്റുവാങ്ങിയ  മഹാനായ ആ സാമ്രാജ്യത്ത വിരുദ്ധൻ, അദ്ദേഹത്തിൻ്റെ  ശ്രദ്ധ ആ അടിച്ചമർത്തൽകാരിൽ നിന്നും, രാജ്യത്തെ സ്വാതന്ത്ര്യത്തിൻ്റെ പാതയിലേയ്ക്ക് നയിക്കാൻ ദൃഢനിശ്ചയമെടുത്ത ഗാന്ധിയുമായി പൊരുതാൻ, തിരിച്ചുവെച്ചിരിക്കുന്നു

സവർക്കർ ബ്രിട്ടീഷ് വിരുദ്ധനായിരിക്കുന്ന അവസരത്തിലും ഗാന്ധിയുമായി അഭിപ്രായൈക്യം പുലർത്തിയിരുന്നില്ല എന്നത് നാം നേരത്തെ കണ്ടിരുന്നുവല്ലോ. രാജഭരണകാലത്ത രാജ മന:സ്ഥിതിയാണ് ജീവിതത്തിലെമ്പാടും സവർക്കർ സൂക്ഷിച്ചിരുന്നത്. അധികാരമായിരുന്നു എക്കാലത്തും സവർക്കറുടെ ആത്യന്തിക ലക്ഷ്യം. അതുകൊണ്ടു തന്നെ അധികാരത്തെ ചുറ്റിപ്പറ്റിയുള്ള രാജാവ്, രാജഗുരു തുടങ്ങിയ അദൃശ്യമായ പരിവേഷത്തിനുള്ളിൽ കയറി നിന്നുകൊണ്ടായിരുന്നു സവർക്കറുടെ കളി. അതു കൊണ്ട് ഒരു രാജാവിനെന്ന പോലെ സവർക്കർക്ക് ശത്രുക്കളും മിത്രങ്ങളും മാറി മാറി വന്നു. ബ്രിട്ടീഷുകാരും മുസ്ലീങ്ങളും ആദ്യകാലത്ത് ശത്രുക്കളായിരുന്നു. പിന്നീട് ബ്രിട്ടീഷുകാർ മാത്രമാകുന്നു. മാപ്പെഴുതി പുറത്തു വന്ന ശേഷം മുസ്ലീങ്ങളും ന്യൂനപക്ഷങ്ങളും ശത്രുക്കളാകുന്നു. അതിനാൽ പ്രത്യയശാസ്ത്ര ദാർഢ്യമോ ധാർമ്മിക സമസ്യകളോ സവർക്കറിൽ തുള്ളി പോലും തൊട്ടു നക്കാനില്ല. നേരെ മറിച്ച് അധികാരത്തിലേയ്ക്കുള്ള യാത്രയിൽ സ്വയം വെട്ടിവീഴ്ത്തപ്പെടാതെ നോക്കുക, തനിക്ക് വേണ്ടി രക്തസാക്ഷികളാകാൻ മാത്രം വിധേയത്വം ചുറ്റുമുള്ളവരിൽ നിന്നും ആവശ്യപ്പെടുക, അധികാരത്തിലേക്കുള്ള കാൽവെയ്പുകൾക്ക് അനുയോജ്യമായ അടവുകൾ അപ്പപ്പോൾ തത്വശാസ്ത്രങ്ങളാക്കി അവതരിപ്പിക്കുക എന്നതാണ് സവർക്കർ ചെയ്തുകൊണ്ടിരുന്നത്. ശിവജിയുടെ കഥകളെയാണ് പലപ്പോഴും അദ്ദേഹം ന്യായീകരണത്തിന് വേണ്ടി ഉപയോഗിച്ചിരുന്നത്. ഇപ്പോഴും രാജഭരണം ആണെന്ന മട്ടിൽ. ഗാന്ധി ബ്രിട്ടീഷുകാരെ എന്നതിനേക്കാൾ കൊളോണിയലിസം എന്ന ചൂഷണ വ്യവസ്ഥയെ ആണ് എതിർത്തിരുന്നത്. അതുകൊണ്ടു തന്നെ അധികാര സമവാക്യങ്ങൾക്കനുസരിച്ച് സന്ധിചെയ്യാൻ ഗാന്ധി ഒരുക്കമല്ലായിരുന്നു. ഒരു ജനാധിപത്യ സമൂഹത്തിലെ പൗരൻ എന്ന നിലയ്ക്ക് തൻ്റെ അഭിപ്രായങ്ങൾ ഗാന്ധി മുന്നോട്ടുവെച്ചു. ഓരോദിവസവും തിരുത്തലുകൾക്ക് വിധേയമായി തന്നെത്തന്നെ വിട്ടുകൊടുത്തു.

1907 ഒക്ടോബറിലാണ് ഗാന്ധിയും സവർക്കറും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച ലണ്ടനിൽ വെച്ച് നടന്നത് എന്ന് നാം കണ്ടു. മദൻലാൽ ദിംഗ്ര നടത്തിയ കഴ്സൺ വില്ലി വധത്തെക്കുറിച്ച് ചൂടുള്ള ചർച്ചകൾ നടക്കുന്ന കാലമായിരുന്നു അത്. ഗാന്ധി സ്വാഭാവികമായും ഈ ഹിംസാ പദ്ധതിയെ ആസകലം എതിർത്തിരുന്നു. അതിന് ശേഷം ബേയ്സ് വാട്ടറിലുള്ള നിസ്സാമുദ്ദീൻ്റെ ഇന്ത്യൻ റെസ്റ്റോറൻ്റിൽ വെച്ചു നടന്ന ഇന്ത്യക്കാരുടെ സമ്മേളനത്തിൽ ഗാന്ധിയാണ് അദ്ധ്യക്ഷത വഹിച്ചത്. ദസറയോടനുബന്ധിച്ചായിരുന്നു സമ്മേളനം. സവർക്കർ പ്രസ്തുത സമ്മേളനത്തിലെ ഒരു പ്രഭാഷകൻ ആയിരുന്നു. ഗാന്ധി സംസാരിച്ചത് “ദേശസ്നേഹവും നിസ്വാർത്ഥതയും” എന്ന വിഷയത്തെ മുൻനിർത്തിയായിരുന്നു. രാവണന് മേൽ രാമൻ്റെ വിജയം ആഘോഷിക്കുന്ന സന്ദർഭത്തിൽ ഗാന്ധി സംസാരിച്ചത് രാമനും രാവണനും മാനസികഭാവങ്ങൾ ആണെന്ന നിലയ്ക്കായിരുന്നു. വാക്കുകളിൽ അങ്ങേയറ്റത്തെ മിതത്വം പുലർത്തി പത്തോ പന്ത്രണ്ടോ വാചകങ്ങൾ മാത്രമാണ് അദ്ദേഹം ഉരുവിട്ടത്. അന്ന് തൻ്റെ ജീവിതത്തിൽ ഹിന്ദു – മുസ്ലീം മൈത്രി പുലർന്ന് കാണണമെന്ന് സവർക്കർ ആഗ്രഹിച്ച ഏതാനും ദിനങ്ങളുടെ കാലയളവ് ആയിരുന്നു. ആ ഒരു കാര്യത്തിൽ മാത്രമായിരുന്നു അവർ യോജിച്ചിരുന്നത് എന്ന് പിൽക്കാലത്ത് ഗാന്ധിയുടെ ജീവചരിത്ര രചയിതാവായ റോബർട്ട് പൈൻ എഴുതി. രാവണനും രാമനും തമ്മിലുള്ള യുദ്ധത്തെ അതായിത്തന്നെയാണ് സവർക്കർ വിശദീകരിച്ചത്. ഹിംസയുടെ അനിവാര്യതയെ ഉയർത്തിപ്പിടിച്ചു കൊണ്ടും.

സവർക്കറുടെ രത്നഗിരി താമസക്കാലത്ത് ഗാന്ധി ദേശീയ നേതാവായി മാറിയിരുന്നു. “മഹാത്മാ” എന്ന പദവിയെ ഇന്ത്യയൊട്ടുക്കും ജനങ്ങൾ ഏറ്റെടുത്തിരുന്നു. ദേശീയ സ്വാതന്ത്ര്യസമരം ഗാന്ധിയുടെ നേതൃത്വത്തിൽ ഒരു ബഹുജന സമരമായി മാറി. പ്രത്യേകിച്ചും ഹിന്ദു – മുസ്ലീം മൈത്രി ആ സമരത്തിനുള്ളിൽ സ്വാഭാവികമായി സംഭവിച്ചു. തിലകിൻ്റെ നവ- യാഥാസ്ഥിതിക ബ്രാഹ്മണിസം ദേശീയ സമരത്തിനുള്ളിൽ പഴങ്കഥയായി മാറി. സവർക്കറും കൂട്ടരും മുന്നോട്ടു വെച്ച രക്തരൂഷിത ഹിംസാത്മക സമരവും. തൻ്റെ പുത്തനായ ബ്രിട്ടീഷ് ആധർമ്മണ്യവും ഹിന്ദുത്വ രാഷ്ട്രീയവും മുന്നോട്ട് നീങ്ങണമെങ്കിൽ ഗാന്ധി എന്ന പർവ്വതത്തെ നീക്കം ചെയ്യണമെന്ന് സവർക്കർക്ക് ബോധ്യപ്പെട്ട കാലം ആയി നമുക്കതിനെ വായിച്ചെടുക്കാനാകും.

ഹിന്ദു സംഘടന, എന്ന ആശയം ബലവത്താക്കാൻ ഹിന്ദുത്വവാദികൾ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് ശുദ്ധി എന്ന് പേരിട്ട ഹിന്ദുമതത്തിലേയ്ക്കുള്ള മതം മാറ്റ പ്രക്രിയ ആയിരുന്നു എന്ന് നാം കണ്ടു. മനുവാദികൾ മാത്രമായിരുന്ന യാഥാസ്ഥിതിക ബ്രാഹ്മണർ ശുദ്ധി ബന്ദിയിൽ വിശ്വസിച്ചിരുന്നു. അതായത് ഹിന്ദുമതത്തിലേയ്ക്ക് ആരെയും മതം മാറ്റാൻ സാധ്യമല്ല എന്നും എന്നാൽ ഹിന്ദുമതത്തിൽ നിന്ന് ആരെയും ബഹിഷ്ക്കരിക്കാം എന്നുമായിരുന്നു അതിൻ്റെ സാരാംശം. കൃത്യമായി പറഞ്ഞാൽ ബ്രാഹ്മണിസത്തിലേയ്ക്ക് ആരെയും ജാതിയോ മതമോ മാറ്റി എടുക്കാനാകില്ല. മറിച്ച് ബ്രാഹ്മണിസത്തിൽ നിന്ന് മനുവാദികൾ അല്ലാത്തവരെ പുറം തള്ളാനാകും എന്ന ജാതി ശുദ്ധി വാദമായിരുന്നു അത്. അതിനെ ഒളിപ്പിച്ചു നിർത്തിക്കൊണ്ട് ഒരു ഹിന്ദുവംശീയ രാഷ്ട്രീയം കെട്ടിപ്പൊക്കണമെങ്കിൽ, ഹിന്ദു സംഘടന എന്ന ആശയം നടപ്പാക്കണമെങ്കിൽ ശുദ്ധിബന്ദി എന്ന വിലക്കിനെ മാറ്റി നിർത്തണമെന്ന് ആദ്യം വിശ്വസിച്ചത് ആര്യസമാജവും അതിൻ്റെ സ്ഥാപകനായ ദയാനന്ദ സരസ്വതിയുമാണ്. അദ്ദേഹമാണ് ശുദ്ധിപ്രസ്ഥാനം തുടങ്ങിവെച്ചത്. അദ്ദേഹത്തിൻ്റെ അനുയായി ആയ ഭായ് പരമാനന്ദ് ആൻഡമാനിലെ സെല്ലുലാർ ജയിലിലെത്തിയപ്പോൾ ഈ ആശയം വി.ഡി. സവർക്കർക്ക് പകർന്ന് കൊടുത്തത് നാം കാണുകയുണ്ടായി. അത് സവർക്കർ ജയിലിൽ വെച്ചു തന്നെ ഏറ്റെടുത്തതും. രത്നഗിരിയിൽ വ്യാപകമായി സവർക്കർ ഇത് പ്രയോഗിക്കുകയുണ്ടായി. അതിനുവേണ്ടി എന്നത്തേയും പോലെ ശിവജിയുടെ കാലത്തെ കഥകളായി പ്രചരിക്കപ്പെട്ടിരുന്ന പാതി യാഥാർത്ഥ്യങ്ങളെ സവർക്കർ ഉപയോഗിക്കുകയുണ്ടായി. 1927 ൽ അദ്ദേഹം നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു.

ശിവജിയുടെ ധീരപ്രവൃത്തികൾ ഏറ്റെടുക്കാൻ നിങ്ങൾക്ക് കഴിവുണ്ടാകണം എന്നില്ല. എന്നാൽ ഏറ്റവും ചുരുങ്ങിയത് ശുദ്ധിയുടെ രംഗത്ത് അദ്ദേഹത്തിൻ്റെ ഉദാഹരണങ്ങൾ നിങ്ങൾക്ക് പിന്തുടരാവുന്നതാണ്. ഔറംഗസേബ് ബലം പ്രയോഗിച്ച് മുസ്ലീം ആക്കിയ നേതാജി പാൽക്കറെ ശിവജി തിരിച്ച് എങ്ങനെയാണ്  ഹിന്ദുധർമ്മത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു വന്നതെന്നോർക്കുക.” ദക്രാസ് കുടുംബത്തിനെ അങ്ങനെയാണ് ക്രിസ്തുമതത്തിൽ നിന്നും ഹിന്ദുമതത്തിലേയ്ക്ക് സവർക്കർ മതം മാറ്റിയത്. 1926 ഒക്ടോബറിൽ ലക്നോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ പിൻ്റോവിനെ അദ്ദേഹം ഹിന്ദുവാക്കി.

ഇത്തരം മതംമാറ്റങ്ങളുടെ സാമ്പത്തികശാസ്ത്രം കൂടി പരിശോധിക്കപ്പെടുമ്പോഴാണ് ശുദ്ധി, ധർമ്മം തുടങ്ങിയ വാക്കുകളുടെ പൊള്ളത്തരം വെളിവാകുക. 1928 ൽ ഇൻഡോറിലെ മഹാരാജാവായിരുന്ന തുക്കോജി ഹോൾക്കർ, മിസ് മില്ലറെന്ന അമേരിക്കൻ സ്ത്രീയെ വിവാഹം കഴിക്കാൻ അഭിലഷിക്കുകയുണ്ടായി. സവർക്കറും ഹിന്ദുമഹാസഭ നേതൃത്വവും ഇടപെടുകയും കാർവാറിലെ മഠാധിപതിയും സവർക്കറുടെ പിന്തുണക്കാരനുമായ ഡോ. കുർക്കോട്ടിയെ ഉപയോഗിച്ച് മിസ് മില്ലറെ ഹിന്ദുമതത്തിലേയ്ക്ക് ആനയിക്കുകയും ചെയ്തു. 1928ൽ ഈ കൃത്യം നിർവ്വഹിച്ചതിന് രാജാവ് ഡോ. കുർക്കോട്ടിക്ക് നൽകിയത് 2 ലക്ഷം രൂപയാണ് !

ഗോവയിൽ മാത്രം 7815 പേരെ ഇങ്ങനെ സവർക്കർ മതം മാറ്റുകയുണ്ടായി. അതേ സമയം ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥ ഈ മതം മാറ്റത്തിന് വിലങ്ങനെ നിന്നപ്പോൾ ,മതം മാറിയെത്തുന്നവർക്ക് ജാതിയില്ലാത്ത അവസ്ഥ വന്നു. ഹിന്ദുമതത്തിൽ ജാതിസ്ഥനല്ലാതെ മതസ്ഥനായി നിൽക്കാൻ കഴിയാത്തത് കൊണ്ട് ഇവരെ ഉൾക്കൊള്ളിക്കാൻ “നവ ഹിന്ദു ഗൗഡർ” എന്നൊരു പുതിയ ജാതി ശുദ്ധി പ്രസ്ഥാനക്കാർക്ക് സൃഷ്ടിക്കേണ്ടി വന്നതും ശ്രദ്ധേയമാണ്.

ദയാനന്ദ സരസ്വതിയ്ക്ക് ശേഷം ഹിന്ദു സംഘടന എന്ന ആശയത്തിൻ്റെ ഭാഗമായി ശുദ്ധി പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോയത് സ്വാമി ശ്രദ്ധാനന്ദയാണ്. ഇടക്കാലത്ത് അദ്ദേഹം ഗാന്ധിയുമായി ഒരുമിച്ച് പ്രവർത്തിച്ചുവെങ്കിലും ഖിലാഫത്ത് പ്രസ്ഥാനവുമായി ഗാന്ധി മുന്നോട്ട് പോയതോടെ സ്വാമി ശ്രദ്ധാനന്ദ വഴി പിരിഞ്ഞു. തുടർന്ന് അക്രമാസക്തമായ രീതിയിൽ അദ്ദേഹം മതപരിവർത്തന ശ്രമത്തിൽ ഏർപ്പെട്ടു. വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഇത് വലിയ പങ്കുവഹിച്ചു. 1923 ൽ പണ്ഡിറ്റ് കാളി ചരൺ ശർമ്മ ” വിചിത്ര ജീവൻ ” എന്ന പേരിൽ പ്രവാചകനായ മുഹമ്മദിനെ എതിർത്തുകൊണ്ടുള്ള ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. 1924 ൽ രംഗീല റസൂൽ എന്ന പേരിൽ ഏതാണ്ട് അതേ സ്വഭാവമുള്ള മറ്റൊരു ലഘുലേഖ പണ്ഡിറ്റ് ചാമുപതി പ്രസിദ്ധീകരിക്കുകയുണ്ടായി. 1927 ൽ രിസാല – ഐ- വർത്ത്മാൻ എന്ന മാസികയിൽ വന്ന സൈർ – ഐ-ദോഷക് എന്ന ദേവി ശരൺ ശർമ്മയുടെ ലേഖനവും പ്രവാചക വിരുദ്ധമായിരുന്നു. പുതിയ ഒരു ലോകത്തിന് വേണ്ടി നിലകൊണ്ടുള്ള മതവിമർശനങ്ങൾ ആയിരുന്നില്ല ഇവയെല്ലാം. മറിച്ച് മതയുദ്ധങ്ങൾക്ക് പ്രേരിപ്പിക്കുന്ന തരം സ്ഫോടനാത്മക സാഹിത്യമായിരുന്നു അവ ഉൾക്കൊണ്ടിരുന്നത്. ഉദാഹരണത്തിന് രംഗീല റസൂലിൽ പ്രവാചകൻ്റെ ഗാർഹിക ജീവിതത്തേയും, ബഹുഭാര്യാത്വത്തേയും ആണ് പരിഹസിച്ചിരുന്നത്. ഈ എഴുത്തുകാരും പ്രസാധകരുമെല്ലാം ആര്യസമാജവുമായി ബന്ധപ്പെട്ടവർ ആയിരുന്നു . രാജ്യത്തെ ബഹുസ്വരജീവിതത്തെ അവ താറുമാറാക്കി എന്ന് പറയേണ്ടതില്ലല്ലോ.

ബ്രിട്ടീഷുകാർ ഭരിച്ചിരുന്ന യുണൈറ്റഡ് പ്രോവിൻസസിൻ്റെ പടിഞ്ഞാറൻ മേഖലയിൽ ആയിരുന്നു സ്വാമി ശ്രദ്ധാനന്ദിൻ്റെ ശുദ്ധി പ്രസ്ഥാനം കാര്യമായ തോതിൽ മതപരിവർത്തനം നടത്തിയത്. മാൽക്കനകൾ സെൻസസ് റിപ്പോർട്ടിൽ മുസ്ലീങ്ങൾ ആയിരുന്നു. യുണൈറ്റഡ് പ്രോവിൻസസിലെ ആഗ്ര, ഇറ്റാവ, മെയിൻ പുരി തുടങ്ങിയ സ്ഥലങ്ങളിൽ ആയിരുന്നു മാൽക്കനകൾ വസിച്ചിരുന്നത്. അവരെ ഹിന്ദുക്കളാക്കി മതം മാറ്റിയെടുക്കാൻ ശ്രദ്ധാനന്ദ് നിരവധി പരിശ്രമങ്ങൾ നടത്തുകയുണ്ടായി. സ്വാഭാവികമായും മുസ്ലീം സമുദായത്തിനുള്ളിൽ നിന്നും അതിനെതിരെ ചെറുത്തു നിൽപ്പുകളും പ്രത്യാക്രമണങ്ങളും ഉണ്ടായി. ഇതിൻ്റെയെല്ലാം അവസാനം 1926 ഡിസംബർ 23 ന് ഡൽഹിയിലെ നയാബസാറിലെ സ്വവസതിയിൽ വെച്ച് ശ്രദ്ധാനന്ദ് കൊല്ലപ്പെട്ടു. അബ്ദുൾ റാഷിദ് എന്ന മുസ്ലീം ചെറുപ്പക്കാരനായിരുന്നു അദ്ദേഹത്തെ വെടിവെച്ചു കൊന്നത്.

ഗാന്ധിയെ സംബന്ധിച്ചിടത്തോളം അതൊരു നിർണ്ണായകനിമിഷം ആയിരുന്നു. ഒന്ന്, അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഉടലെടുത്ത ഹിന്ദു – മുസ്ലീം മൈത്രിയെ അപായപ്പെടുത്തുന്ന ഒന്ന് ആ കൊലപാതകത്തിൽ ഒളിഞ്ഞിരുന്നു. രണ്ടാമതായി, രാഷ്ട്രീയത്തിൽ അദ്ദേഹം കൊണ്ടുവരാൻ ശ്രമിച്ച ധാർമ്മികമൂല്യങ്ങളുടെ പരീക്ഷണ ഘട്ടം കൂടിയായി അത് മാറി. ഈ രണ്ട് സംഗതികളും മുന്നിൽ വെച്ചുകൊണ്ടാണ് ഗാന്ധി ആ നിമിഷത്തെ നേരിട്ടത്. 1926 ഡിസംബർ 24 ന് ,കൊല കഴിഞ്ഞ് പിറ്റേ ദിവസം ഗുവാഹതി കോൺഗ്രസ്സ് സമ്മേളനത്തിൽ അദ്ദേഹം പ്രസംഗിച്ചു. “ഈ കൊലയുടെ യഥാർത്ഥ അർത്ഥം മനസ്സിലാക്കുന്നതിനായി നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. ഹിന്ദുക്കൾ സമാധാനമായി കഴിയുകയും ഈ കൊലയ്ക്ക് പകരം വീട്ടുന്ന നടപടികളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യേണ്ടതാണ്. ഇപ്പോൾ രണ്ടു സമുദായങ്ങളും  പരസ്പരം പോരടിക്കുന്നവയാണെന്നും അവർ തമ്മിൽഐക്യം സാധ്യമല്ലെന്നുമുള്ള വിചാരം പാടില്ല. അങ്ങനെ അവർ ചെയ്യുകയാണെങ്കിൽ അവർ ചെയ്യുന്നത് കുറ്റകൃത്യവും അവരുടെ മതത്തിന് അപമാനം കൊണ്ടു വരുന്നതും ആയിരിക്കും” . 1926 ഡിസംബർ 26 ന് അദ്ദേഹം വീണ്ടും സംസാരിച്ചു. ” ഡെൽഹിയിൽ ഹിന്ദു – മുസ്ലീം അസ്വസ്ഥതകൾ അരങ്ങേറുന്ന ഈ നിമിഷത്തിലാണ് , നിങ്ങളെല്ലാവരും ഈ തീരുമാനം അംഗീകരിക്കുന്നത്. പക്ഷെ, ഞാൻ പറയുന്നു, സ്വാമി ശ്രദ്ധാനന്ദ് ജി നമുക്കായി വിട്ടു പോയ പാഠം നാം ഓരോരുത്തരും മനസ്സിലാക്കുകയും അതിൽ ഹൃദയം അർപ്പിക്കുകയും ചെയ്യുകയാണെങ്കിൽ, സ്വരാജ്യം ഇപ്പോൾ തന്നെ നേടുക എന്നത് സാധ്യമാണ്. ആലോചനയില്ലാത്ത വാഗ്ദാനങ്ങൾ സ്ഥിരമായി നൽകുന്ന ഒരു ഭ്രാന്തനാണ് ഞാനെന്ന് നിങ്ങൾ പറഞ്ഞേക്കാം. ഞാൻ ഭ്രാന്തനൊന്നുമല്ല. 1920ൽ എനിക്കെന്ത് പദ്ധതിയായിരുന്നോ ഉണ്ടായിരുന്നത്, അതിൽ തന്നെയാണ് വിനീതമായി ഇപ്പോഴും ഞാൻ നിൽക്കുന്നത്. പക്ഷെ, 1920 ൽ പ്രതിജ്ഞയെടുത്തവർ അത് ലംഘിക്കുകയും സ്വരാജ് അന്ന് അസാധ്യമാകുകയും ചെയ്തു. നമ്മളെല്ലാവരും ഒരേ പിതാവിൻ്റെ മക്കൾ ആണ്. ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും അദ്ദേഹത്തിന് വ്യത്യസ്ത പേരുകൾ മാത്രമാണ്.

കൊലയാളിയായ അബ്ദുൾ റാഷിദിനെ ഗാന്ധി സഹോദരൻ എന്ന് വിശേഷിപ്പിച്ചു എന്ന ആരോപണമാണ് സവർക്കറാദികൾ ഉയർത്തിയിരുന്നത്. ഗാന്ധി അതിനുള്ള മറുപടി കൂടി ഈ സംഭാഷണത്തിൽ പറയുന്നുണ്ട്.
ഇപ്പോൾ നിങ്ങൾക്കൊരു പക്ഷേ, ഞാൻ എന്തുകൊണ്ട് അബ്ദുൾ റാഷിദിനെ സഹോദരൻ എന്ന് വിളിച്ചു എന്നത് മനസ്സിലായിക്കാണും. ഞാൻ ആവർത്തിക്കുന്നു , സ്വാമിയുടെ കൊലപാതകത്തിന് ഉത്തരവാദിയായിക്കൂടി കരുതുന്നില്ല. പരസ്പരം വെറുപ്പിൻ്റെ തീവ്രവികാരം ഉയർത്തുന്ന എല്ലാവരുമാണ് കുറ്റക്കാർ. നമ്മൾ ഹിന്ദുക്കൾക്ക് ഗീത തുല്യതയുടെ പാഠം പഠിപ്പിച്ചിട്ടുണ്ട്. നാം ആ പാഠം ഒരു പണ്ഡിത ബ്രാഹ്മണനുനേരെയും ചണ്ഡാളന് നേരെയും നായിനും പശുവിനും ആനയ്ക്കും നേരെയും പ്രസരിപ്പിക്കേണ്ടതുണ്ട്. ഇത് കരച്ചിലിനോ കണ്ണീരിനോ ഉള്ള മുഹൂർത്തമല്ല. ഇത് ധൈര്യത്തിൻ്റെ പാഠം കൊണ്ട് നമ്മുടെ ഹൃദയങ്ങളെ പൊള്ളിക്കേണ്ട  മുഹൂർത്തമാണ്. ധൈര്യം എന്നത് ക്ഷത്രിയരുടെ മാത്രം ഗുണവിശേഷമല്ല. അത് അവരുടെ പ്രത്യേക മുൻഗണന ആയിരിക്കാം. പക്ഷെ, സ്വരാജിന് വേണ്ടിയുള്ള നമ്മുടെ പോരാട്ടത്തിൽ ക്ഷത്രിയർക്കെന്ന പോലെ ധീരത ബ്രാഹ്മണനും വൈശ്യനും ശൂദ്രനും ആവശ്യമാണ്. അതിനാൽ നാം ദുഃഖക്കണ്ണീർ പൊഴിക്കേണ്ടതില്ല.

നവ- യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണിസവും ഹിന്ദുസംഘടന എന്ന ആശയത്തിന് പുറകിലുള്ള ഹിന്ദുവംശീയ രാഷ്ട്രീയവും പ്രവർത്തിച്ചിരുന്നത് അക്കാലത്തെ സാമൂഹിക മാധ്യമം എന്ന് പറയാവുന്ന പത്രമാധ്യമങ്ങളിലൂടെയാണ്. മാധ്യമങ്ങൾ ഹിന്ദുത്വത്തിൻ്റെ സത്യാനന്തര രാഷ്ട്രീയത്തെ പ്രസരിപ്പിക്കുന്ന പ്രധാനപ്പെട്ട ഉപാധിയാണെന്ന് ഗാന്ധി തിരിച്ചറിഞ്ഞിരുന്നു. 1926 ഡിസംബർ 30 ലെ യങ്ങ് ഇന്ത്യയിൽ ഗാന്ധി ഇങ്ങനെയെഴുതി :

വാർത്താപത്രികക്കാരൻ  സഞ്ചരിക്കുന്ന പ്ലേഗ് ആണ്. അയാൾ നുണകളെയും അസത്യപ്രസ്താവനകളെയും  പടർത്തുന്നവനാണ്. അവൻ്റെ വായനക്കാരുടെ സംശയരഹിതവും സ്വീകാര്യക്ഷമവുമായ മനസ്സിൽ അവൻ്റെ ഭാഷയുടെ ചീഞ്ഞ പ്രയോഗങ്ങൾ കൊണ്ടുത്തള്ളുകയും അവൻ്റെ വൈറസ് കുത്തിവെയ്ക്കുകയും ചെയ്യുന്നു. അവരുടെ സ്വന്തം ഭാഷയുടെ ആനന്ദത്താൽ തുന്ദിലരായ നേതാക്കൾക്ക് തങ്ങളുടെ നാവിനും തൂലികയ്ക്കും എവിടെ കടിഞ്ഞാണിടണമെന്ന് അറിയാതെ പോകുന്നു. രഹസ്യാത്മകവും അന്തർസഞ്ചാരിയുമായ പ്രചാരണം അതിൻ്റെ ഇരുണ്ടതും ഭയാനകവുമായ , പരിശോധനയ്ക്ക് വിധേയമാകാത്ത നിർലജ്ജപ്രവൃത്തി നടപ്പാക്കിയിരിക്കുന്നു. അതിനാൽ, വിദ്യാസമ്പന്നരും അർദ്ധവിദ്യാസമ്പന്നരുമായ നാം ആണ് അബ്ദുൾ റാഷിദിനെ ബാധിച്ച തിളയ്ക്കുന്ന പനിക്ക് ഉത്തരവാദികൾ. എതിർ കക്ഷികൾക്കിടയിലെ പരസ്പരാരോപണങ്ങളെ വ്യവഛേദിയ്ക്കുന്നതും പക്ഷഭേദം കല്പിക്കുന്നതും അനാവശ്യമാണ്. രണ്ടുകൂട്ടരും കുറ്റാരോപിതർ ആയിരിക്കെ, ആർക്കാണ് സുവർണ്ണ മാനദണ്ഡങ്ങൾ ഉപയോഗിച്ച് വിധി കല്പിക്കാനും കുറ്റാരോപണത്തിൻ്റെ കൃത്യമായ അനുപാതം നിർണ്ണയിക്കാനും കഴിയുക? നുണ പറയുകയും പെരുപ്പിക്കുകയും ചെയ്യുക എന്നത് സ്വാത്മ പ്രതിരോധത്തിൻ്റെ ഭാഗമേയല്ല.”

ഒരു പക്ഷേ, മാധ്യമവിമർശനത്തിൻ്റെ ഇന്ത്യയിലെ ആദ്യ സ്വരമാണ് ഗാന്ധി ഇതിലൂടെ ഉയർത്തുന്നത്. ഫാസിസത്തിന് കുഴലൂതുന്ന മാധ്യമങ്ങൾ , ഇന്ത്യയിൽ തുടക്കം മുമ്പേ ഉണ്ടായിരുന്നു എന്നു മാത്രമല്ല, അന്നു മുതൽ സത്യാനന്തര പത്രപ്രവർത്തനം തുടങ്ങി വെച്ചിരുന്നു എന്ന അറിവും ഗാന്ധിയുടെ ഈ വാചകങ്ങൾ തരുന്നു. തൻ്റെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ജൈവ ബുദ്ധിജീവി താൻ തന്നെയായിരുന്നു എന്ന തെളിവാണ് ഇതിലൂടെ ഗാന്ധി നൽകുന്നത്. ഒരു ബഹുസ്വര സമൂഹത്തിൽ ഒരു മതത്തിൽ അതിരറ്റ് വിശ്വസിച്ചു കൊണ്ടു തന്നെ എങ്ങനെ മതേതരനാകാം എന്ന് ഗാന്ധി വ്യക്തമായി വരച്ചിടുന്നുണ്ട് . സംസ്ക്കാരത്തിലെ ദീർഘദർശിത്വമാണ് ഗാന്ധി ഇവിടെ പ്രകടിപ്പിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വരപദ്ധതി ഒരേ സമയം ഒരു ഹ്രസ്വകാല പദ്ധതിയും ദീർഘകാല പദ്ധതിയുമാണെന്ന് ഗാന്ധി അഗാധമായ വെളിവോടെ പറഞ്ഞു വെയ്ക്കുന്നുണ്ട്.

എന്നാൽ സവർക്കറെ പോലുള്ളവരുടെ യുക്തിയും വികാരവും മതത്തിൻ്റെ അതിർത്തികളിൽ തീരുന്ന ഒന്നായിരുന്നു. ഹിന്ദുവംശീയതയുടെ രാഷ്ട്രീയം കെട്ടിപ്പടുക്കാൻ അവർ മഹറുകൾക്കും ചമറുകൾക്കുമൊപ്പം പന്തിഭോജനം നടത്തുമായിരുന്നു. എന്നാൽ മുസ്ലീങ്ങൾക്കൊപ്പം സമഭാവനയോടെ ഇരിക്കാൻ അവരെ കിട്ടില്ലായിരുന്നു. അവരുടെ മൂല്യങ്ങളുടെ അതിർത്തി മതത്തിൻ്റെ അതിർത്തിയായിരുന്നു. അങ്ങനെ നോക്കുമ്പോൾ ജാതീയതയെ മതത്തിൻ്റെ അതിർത്തിയോളം വികസിപ്പിക്കാനാണ് അവർ മെനക്കെട്ടതെന്ന് എളുപ്പം മനസ്സിലാക്കാനാകും. എന്ന് പറഞ്ഞാൽ ബ്രാഹ്മണിസം, ജാതിയെ നിരന്തരം ഉല്പാദിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുന്ന വ്യവസ്ഥ, തന്നെയായിരുന്നു ഹിന്ദുത്വയുടെ അടിസ്ഥാനം എന്ന് കണ്ടെത്താനാകും. മതത്തിൻ്റെ അതിർത്തികൾ അതിലംഘിക്കുന്ന ഗാന്ധിയൻ മൂല്യദർശനത്തോട് ആ ബ്രാഹ്മണിസം എതിരിട്ടതെങ്ങനെ എന്നതിൻ്റെ ക്ലാസ്സിക് ഉദാഹരണമാണ് സവർക്കർ ഗാന്ധിയുടെ മേൽ അഭിപ്രായങ്ങൾക്ക് നൽകിയ മറുപടി.

1927 ഫെബ്രുവരി 27 ന് പ്രസിദ്ധീകരിച്ച ” ഗാന്ധിജിയും നിഷ്കളങ്കരായ ഹിന്ദുക്കളും ” എന്ന പരിഹാസം ധ്വനിക്കുന്ന തലക്കെട്ടിന് താഴെയുള്ള ലേഖനത്തിൽ നിശിതമായ ആക്രമണമാണ് സവർക്കർ നടത്തിയത്. ഗാന്ധിയുടെ ആജ്ഞയ്ക്ക് പിന്നാലെ കൂടുന്ന ഹിന്ദു സമുദായത്തിൻ്റെ പ്രവൃത്തിയെ  ആപൽക്കരം എന്ന് വിശേഷിപ്പിച്ചു കൊണ്ട് തുടങ്ങിയ ലേഖനം ഇങ്ങനെ പറഞ്ഞു. ” ലോകം എന്നത് ആത്യന്തികമായി ഒരു അരങ്ങും ഓരോരുത്തരും അഭിനേതാക്കളുമാണ്. അതിനാൽ ഓരോരുത്തരും അവർ ചെയ്ത കഥാപാത്രത്തിൻ്റെ നടനം ജീവിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. ഒരാൾ മഹാത്മാവിന്റെ കഥാപാത്രമായാണ് അഭിനയിക്കുന്നതെങ്കിൽ അയാൾക്ക് അത്തരം ക്ലാസ്സിക് സംഭാഷണങ്ങൾ വഴി അത് ഉറപ്പിക്കേണ്ടി വരുന്നു. ശിവജിയേയോ രാംദാസിനെയോ പോലുള്ള സാധാരണ കഴിവുകൾ ഉള്ള ആളല്ല, അദ്ദേഹം. മറിച്ച് മഹത്തായ മഹാത്മാവാണ് ! “. ഹിന്ദുക്കളുടെ ത്യാഗത്തെ ഗാന്ധി അംഗീകരിക്കില്ലെന്നും മുസ്ലീങ്ങളുടെ ത്യാഗത്തെ മാത്രമേ അംഗീകരിക്കുകയുള്ളു എന്ന താർക്കിക ന്യായം ഉയർത്തി സവർക്കർ തുടരുന്നു. “ഓ, നിഷ്കളങ്കരായ ഹിന്ദുക്കളേ, എന്തിനാണ് നാം ഒരു മഹാത്മാവിൻ്റെ അഭിപ്രായം ആരായുന്നത് ? ” ഊതി വീർപ്പിച്ച ആശയങ്ങൾക്ക് പിന്നാലെ പായുന്ന ഹിന്ദുക്കളേയും അദ്ദേഹം അപലപിക്കുന്നു.

സവർക്കറുടെ കൗശലം പ്രവർത്തിക്കുന്നതിൻ്റെ ഉദാഹരണം കൂടിയാണ് ഈ ലേഖനം എന്നു പറയാം. ഗാന്ധി മുസ്ലീങ്ങളെ രക്തബന്ധുക്കൾ എന്ന് വിളിച്ചത് സവർക്കർ ശരിവെയ്ക്കുന്നു. കാരണം അവരെല്ലാം മതംമാറ്റപ്പെട്ടവരാണ്. ഒരിക്കൽ ഹിന്ദുക്കൾ ആയിരുന്നവരാണ്.

ശ്രദ്ധാനന്ദിൻ്റെ കൊലപാതകം, ഹിന്ദുവംശീയരാഷ്ട്രീയത്തിന് വളമാക്കാൻ സവർക്കർ പരിശ്രമിച്ചു. സവർക്കറുടെ ഇളയ സഹോദരനായിരുന്ന നാരായൺ റാവു 1927 ജനുവരി 10 ന് ശ്രദ്ധാനന്ദ്  എന്ന പേരിൽ ഒരു  വാരിക ബോംബെയിൽ നിന്നും ആരംഭിച്ചു. വി.ഡി.സവർക്കർ നിരവധി പേരുകളിൽ ഹിന്ദു സംഘടനാ ശ്രമങ്ങളേയും ശുദ്ധി പ്രസ്ഥാനത്തേയും പ്രോത്സാഹിപ്പിക്കാൻ അതിൽ ലേഖനങ്ങൾ എഴുതി. കൂടാതെ ഹിന്ദുമഹാസഭയും സവർക്കറും സ്വാമി ശ്രദ്ധാനന്ദ് ഫണ്ട് എന്ന പേരിൽ പണപ്പിരിവിന് തുടക്കം കുറിക്കുകയും ചെയ്തു. ശ്രദ്ധാനന്ദ് ഏർപ്പെട്ടിരുന്ന ശുദ്ധിപ്രസ്ഥാനം എന്ന മതം മാറ്റ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടു പോകാനാണ് ഈ പണം ഉപയോഗിച്ചത്.

ശ്രദ്ധാനന്ദ് വാരികയുടെ ആദ്യ മുഖപ്രസംഗം എഴുതിയത് വി.ഡി.സവർക്കർ തന്നെയാണ്. ” സ്വാമി ശ്രദ്ധാനന്ദിൻ്റെ കൊലപാതകവും ഗാന്ധിജിയുടെ പക്ഷം പിടിക്കാത്ത പക്ഷപാതവും ” എന്നായിരുന്നു അതിൻ്റെ പേര്.

*********

31 . മലബാർ കലാപത്തെക്കുറിച്ചുള്ള നോവലും രത്നഗിരിയിലെ സന്ദർശകനും
……………………………………………………………………………………………………………………………………… …………..

ആ ലേഖനത്തിൽ പ്രധാനമായും സവർക്കർ ചൂണ്ടിക്കാട്ടിയത് 1921 ലെ മലബാർ കലാപമാണ്. മലബാർ കലാപത്തെ മുസ്ലീം വർഗ്ഗീയ കലാപമായി ചൂണ്ടിക്കാട്ടിയത് ബ്രിട്ടീഷുകാരാണ്. പ്രസ്തുത കലാപത്തിൻ്റെ ബ്രിട്ടീഷ് വിരുദ്ധത അവർ മറച്ചു വെച്ചു. ഹിന്ദുക്കൾക്ക് നേരെ മുസ്ലീങ്ങൾ നടത്തിയ വർഗ്ഗീയലഹളയായി അവർ അതിന് നിറം കൊടുത്തു. അതിൻ്റെ വർഗ്ഗപരമായ ഉള്ളടക്കത്തെ, കെ എൻ പണിക്കർ ” പ്രഭുക്കൾക്കും ഭരണകൂടത്തിനുമെതിരെ ” എന്ന ഗ്രന്ഥത്തിൽ ചൂണ്ടിക്കാട്ടിയ, സാമ്പത്തിക-അധികാര അസമത്വത്തെ എല്ലാവരും മറച്ചു വെച്ചു. പത്രങ്ങൾ, ഗാന്ധി പറഞ്ഞ “സഞ്ചരിക്കുന്ന പ്ലേഗ്” അവരുടെ കുഴലൂത്തുകാരായി. ഉദാഹരണമായി മാഞ്ചസ്റ്റർ ഗാർഡിയനിൽ വന്ന റിപ്പോർട്ട് നോക്കാം.

മാപ്പിളമാർ നടത്തിയ രക്തം മരവിപ്പിക്കുന്ന കൊലപാതകത്തെ കുറിച്ചാണ് ഇന്ത്യ വ്യാകുലപ്പെടുന്നത്. തീവ്രവാദി മുഹമ്മദരുടെ കൈയ്യിൽ ഹിന്ദുക്കൾക്ക് എന്ത് നീതി കിട്ടും എന്നത് ഇപ്പോഴും ദിനംപ്രതി കണ്ടുകൊണ്ടിരിക്കുകയാണ്. ഹിന്ദുക്കളുടെ വംശഹത്യയും വസ്തുനഷ്ടവും ഖിലാഫത്ത് ഓതുന്നവരുമായി ബന്ധപ്പെടുത്തിക്കൊണ്ട് പൊതുജനങ്ങൾ,രഹസ്യാത്മകമായെങ്കിലും നേരാംവഴിയിൽ ചിന്തിക്കുകയും അരാജകത്വത്തിൽ നിന്ന് എത്രയോ ഭേദമാണ് ക്രൂരമെങ്കിലും ബ്രിട്ടീഷ് ഭരണം എന്ന് മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു. ”

പിൽക്കാലത്ത് സുമിത്ത് സർക്കാറിനെ പോലുള്ള ചരിത്രകാരർ സവർണ്ണജന്മികളും മുസ്ലീം, ദളിത് കുടിയാന്മാരും തമ്മിലുള്ള സംഘർഷത്തിൻ്റെ സാമ്പത്തിക കാരണം തെരയുന്നുണ്ട്. തെക്കേ മലബാറിൽ 1862 നും 1880 നും ഇടയ്ക്ക് പാട്ടത്തിൽ 244% വർദ്ധനവുണ്ടായി. കുടിയൊഴിക്കൽ 441% വർദ്ധിച്ചു. കെ.എൻ.പണിക്കർ ചൂണ്ടിക്കാട്ടുന്നത് ഇത് മുസ്ലീം കുടിയാന്മാരെ മാത്രമല്ല ബാധിച്ചത്. ദളിത്, പിന്നാക്ക ഹിന്ദുക്കളെക്കൂടിയാണ്. എന്നാൽ ഹിന്ദുകുടിയാന്മാർ ജന്മികളുമായുള്ള അവരുടെ സാമൂഹികവും മതപരവുമായ ബന്ധം നിലനിൽക്കുന്നതിനാൽ ഹിന്ദു കുടിയാന്മാർ നിസ്സംഗരായി തുടർന്നു. അതേ സമയം മാപ്പിളമാർ തീവ്ര വാദപരമായ നിലപാട് സ്വീകരിച്ചു. എന്തായാലും തെക്കേ മലബാറിലെ നിരവധി പ്രവിശ്യകളിൽ ബ്രിട്ടീഷുകാർക്ക് ഏതാനും മാസങ്ങളോളം നിയന്ത്രണം നഷ്ടപ്പെട്ടു. മതം ഈ കലാപത്തിലെ ഒരു ഘടകം ആയതുകൊണ്ട് ചില സ്ഥലങ്ങളിലെങ്കിലും സവർണ്ണ ഹിന്ദു – മുസ്ലീം സംഘർഷത്തിലേയ്ക്ക് കാര്യങ്ങൾ നീങ്ങുകയുണ്ടായി. ആര്യസമാജം പോലുള്ള ഹിന്ദു സംഘടന എന്ന ആശയം മുൻനിർത്തി പ്രവർത്തിക്കുന്ന സംഘടനകൾ ബ്രിട്ടീഷുകാർ നൽകുന്ന വിവരങ്ങൾ അതേ പടി വിളിച്ചു പറയാൻ തുടങ്ങി. സവർണ്ണ ഹിന്ദുക്കളെ വ്യാപകമായി മാപ്പിളമാർ കൊന്നൊടുക്കിയെന്നും കണക്കിലൊതുങ്ങാത്ത മതംമാറ്റങ്ങൾ നടത്തിയെന്നും സവർക്കറും ഹിന്ദു സംഘടനാരൂപങ്ങളും പ്രചരിപ്പിക്കാൻ തുടങ്ങി. അതേ സമയം കലാപത്തിൽ പങ്കെടുത്തവർക്ക് വേണ്ടി സംസാരിക്കാൻ ആരും ഉണ്ടായിരുന്നില്ല. കണക്കുകൾ പറയുന്നത് കലാപത്തിൽ പങ്കെടുത്ത 2337 മുസ്ലീങ്ങൾ കൊല്ലപ്പെട്ടുവെന്നാണ്. 1652 പേർക്ക് മുറിവേറ്റു.45,404 പേരെ ജയിലലടച്ചു. പോത്തന്നൂർക്ക് തടവുകാരെ കൊണ്ടുപോയ തീവണ്ടി ബോഗിയിൽ ശ്വാസം കിട്ടാത്ത വിധം അവരെ കുത്തിനിറച്ച് അടച്ചിട്ട് ബ്രിട്ടീഷുകാർ കൊലപ്പെടുത്തി. വാഗൺ ട്രാജഡി എന്നറിയപ്പെടുന്ന ഈ ദുരന്തത്തിൽ മാത്രം 66 കലാപകാരികൾ ശ്വാസം മുട്ടി മരിച്ചു.

ഇങ്ങനെ ബ്രിട്ടീഷ് വിരുദ്ധ കലാപത്തെ സമ്പൂർണ്ണമായി അടിച്ചമർത്തിയതിന് ശേഷം  വിഭജിച്ചു ഭരിക്കുക എന്ന തന്ത്രം പ്രയോഗിക്കാനായി ഹിന്ദു – മുസ്ലീം ലഹളയായി ചിത്രീകരിച്ച് ബ്രിട്ടീഷുകാർ പ്രചരണം നൽകിയപ്പോൾ അതിനെ ഏറ്റു പാടുകയായിരുന്നു സവർക്കറും കൂട്ടരും ചെയ്തത്. ഗാന്ധി മാത്രമാണ് അപ്പോഴും വ്യത്യസ്തമായ ഒരു ശബ്ദം പുറപ്പെടുവിച്ചത്. ഗാന്ധി പറഞ്ഞു. ” രാജ്യസ്നേഹികളായ ധീരരും ദൈവഭയമുള്ളവരുമായ മാപ്പിളമാർ അവർ മതം എന്ന് കരുതുന്ന ഒന്നിന് വേണ്ടി മതപരം എന്ന് അവർ കരുതുന്ന രീതിയിൽ പൊരുതുകയാണ് “. ഗാന്ധി കൂട്ടിച്ചേർത്തു. ” മാപ്പിളമാരുടെ തീവ്രവാദത്തിൻ്റെ കാരണങ്ങൾ ഹിന്ദുക്കൾ കണ്ടെത്തേണ്ടിയിരിക്കുന്നു. അപ്പോൾ അവർ ആരോപണത്തിൽ നിന്ന് മുക്തമല്ല എന്നവർ കണ്ടെത്തും. അവർ ഇതുവരെ മാപ്പിളമാരെ സംരക്ഷിച്ചിട്ടില്ല. ഇപ്പോൾ മാപ്പിളമാരെ ,അല്ലെങ്കിൽ മുസ്ലീങ്ങളെ പൊതുവായി ദേഷ്യപ്പെടുന്നതിൽ കാര്യമില്ല. ”

പിൽക്കാലത്ത് കെ.എൻ.പണിക്കരും സുമിത് സർക്കാറും കണ്ടെത്തിയ കാരണങ്ങളെ തൻ്റേതായ രീതിയിൽ പ്രകാശിപ്പിക്കുകയാണ് ഗാന്ധി ചെയ്തത്. ഇത് സവർക്കറെപ്പോലെ ബ്രാഹ്മണിസത്തിൻ്റെ തണലിൽ കഴിയുന്നവർക്ക് ചിന്തിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല. മാത്രമല്ല, കുമാരനാശാനെയും അംബേദ്ക്കറെയും പോലുള്ളവരെ പോലും തെറ്റിദ്ധരിപ്പിക്കാൻ കഴിയും വിധമായിരുന്നു  ബ്രിട്ടീഷ് പ്രചരണവും അതിന് പിന്തുണ കൊടുത്ത സവർക്കറും ആര്യസമാജവും പോലുള്ള ഹിന്ദു സംഘടനാ പ്രസ്ഥാനങ്ങളുടെ നേതാക്കളും ചേർന്ന് നടത്തിയത്. ദുരവസ്ഥയിൽ ”ക്രൂരമുഹമ്മദർ ” എന്ന് മലബാർ കലാപത്തിൻ്റെ നേതാക്കളെ ആശാൻ ദുരവസ്ഥയിൽ വിശേഷിപ്പിച്ചു. അതേ സമയം ആ കവിതയിൽ മറ്റൊരിടത്ത് ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയാണ് ജാതിയിൽ താണ പാട്ടക്കുടിയാന്മാരെ മുസ്ലീങ്ങളാക്കി മതംമാറ്റിയതെന്നും അവർ തങ്ങളെ അത്രമേൽ ചൂഷണം ചെയ്തതിനുള്ള പകരം ചോദിക്കലായിരുന്നു കലാപം എന്നും എഴുതി. എന്നാൽ ഈ കലാപത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഉള്ളടക്കമായിരുന്ന  ബ്രിട്ടീഷ് വിരുദ്ധത ആശാൻ കാണാതെ പോയി. അംബേദ്ക്കറും ഇക്കാര്യം കാണാതെ പോയതിന് കാരണം, നാം നേരത്തെ പറഞ്ഞ പോലെ കലാപകാരികൾക്ക് വേണ്ടി മിണ്ടാൻ ആരും അവശേഷിക്കാത്തതിനാലാണ്. മുസ്ലീങ്ങൾ കലാപത്തെ അപലപിക്കാത്തതിനെ പറ്റി അംബേദ്ക്കർ എഴുതി. ഗാന്ധിയുടെ നിലപാടിനെ കൂടി വിമർശിച്ചുകൊണ്ടായിരുന്നു അംബേദ്ക്കർ എഴുതിയത്. ” മാപ്പിളഭ്രാന്ത് ഏറ്റെടുത്ത മുസൽമാൻമാരെ വാചികമായി അംഗീകരിക്കാതിരിക്കുന്നത് മുസ്ലീം മൈത്രിയുടെ പരീക്ഷണമൊന്നുമല്ല. അവർ നടത്തിയ കൊള്ളയിലും ബലപ്രയോഗം നടത്തിയുള്ള മതംമാറ്റങ്ങളിലും മുസൽമാൻമാർക്ക് സ്വാഭാവികമായി ലജ്ജ തോന്നേണ്ടതാണ്. മാത്രമല്ല ഇത്തരമൊരു കൃത്യം അവരിലെ ഏറ്റവും വലിയ തീവ്രവാദികൾക്കു പോലും അസാധ്യമാകും വിധം നിശ്ശബ്ദമായും ഫലപ്രദമായും അവർ പ്രവർത്തിക്കേണ്ടതാണ്

ഇക്കാര്യങ്ങൾ മനസ്സിൽ വെച്ചു കൊണ്ട് ഗാന്ധിയുടെ യങ്ങ് ഇന്ത്യ ലേഖനത്തെ താർക്കികമായി നേരിടാനാണ് സവർക്കർ ശ്രമിച്ചത്. “ മലബാറിൽ മാപ്പിളമാർ നടത്തിയ കൂട്ട മതംമാറ്റങ്ങളും ബലാത്സംഗങ്ങളുമടക്കമുള്ള തെളിവുകൾ ഉള്ള , കോടതികളിൽ തെളിയിക്കപ്പെട്ട അക്രമങ്ങളെപ്പറ്റി മഹാത്മാവ് എന്താണാവോ പറയുക ?ആരുടെ കൈക്രിയകളാണ് ഇതിന് പിന്നിൽ ? വീണ്ടും ഹിന്ദുക്കളുടേയോ? ” . മാപ്പിളമാർ ഈ വംശഹത്യയ്ക്ക് കൂട്ടുനിന്നില്ല എന്ന് പറഞ്ഞ മുസ്ലീം സാക്ഷിയെ ഉദ്ധരിച്ച ഗാന്ധിയെ സവർക്കർ വീണ്ടും താർക്കികത കൊണ്ട് നേരിടുന്നു. ” അതിനാൽ ഒരാൾക്ക് യങ്ങ് ഇന്ത്യയേയും അതിൻ്റെ അന്തസ്സുറ്റ പത്രാധിപരേയും “സഞ്ചരിക്കുന്ന പ്ലേഗ് ” ആയി കണക്കുകൂട്ടാനാകുമോ?

ഈ തർക്കങ്ങൾക്കിടക്കാണ് 1926 ൽ സവർക്കർ മാലാ കായ് ത്യാച്ചേ ( ഞാൻ എന്താണ് ശ്രദ്ധിക്കേണ്ടത് ? ) എന്ന നോവൽ എഴുതുന്നത്. മലബാർ കലാപത്തെക്കുറിച്ചുള്ള നിറം പിടിപ്പിച്ച നുണകൾ ചേർത്താണ് ഇത് എഴുതിയത് എന്ന് നാം നേരത്തേ നിരീക്ഷിച്ചു. ഗാന്ധിയോടുള്ള തർക്കങ്ങളും ഈ നോവലും തൻ്റെ ബ്രിട്ടീഷ് അനുകൂല, ഹിന്ദുവംശീയ രാഷ്ട്രീയ പ്രചാരണത്തിനാണ് സവർക്കർ ഉപയോഗിച്ചത്. മൂന്ന് കാര്യങ്ങളാണ് ഈ നോവലിൻ്റെ ഉള്ളടക്കത്തെ നിർണ്ണയിച്ചതെന്ന് അപ്പു എസ്തോസ് സുരേഷും പ്രിയങ്ക കോട്ടം രാജുവും ചേർന്നെഴുതിയ ” ദി മർഡറർ, ദി മൊണാർക്ക് ആൻഡ് ദി ഫക്കീർ :എ ന്യൂ ഇൻവെസ്റ്റിഗേഷൻ ഓഫ് മഹാത്മാഗാന്ധീസ് അസ്സാസ്സിനേഷൻ” എന്ന പുസ്തകത്തിൽ പറയുന്നു. ” ഈ കലാസൃഷ്ടിയിൽ, സവർക്കറുടെ മറ്റ് എഴുത്തുകളിൽ എന്നപോലെ, ഹിന്ദുത്വ ആണത്തത്തെ നിർവ്വചിക്കാനാവശ്യമായ സംഗതികളെക്കൊണ്ട് നിറച്ചിരുന്നു. മുസ്ലീം വ്യക്തിത്വമായി കാണപ്പെടുന്ന അപരത്വത്തോടുള്ള അങ്ങേയറ്റത്തെ വെറുപ്പ്, അഹിംസയോടുള്ള അചഞ്ചലമായ എതിർപ്പ് ,തുല്യതയ്ക്ക് വേണ്ടിയുള്ള ജാതി വിരുദ്ധ പ്രസ്ഥാനത്തോട് ഒരു തരത്തിലും സാമ്യം പുലർത്താത്ത, ഹിന്ദുഐക്യത്തിന് വേണ്ടി ജാതിയോട് എടുക്കുന്ന സമീപനം

പ്രസ്തുത പുസ്തകം കുറേക്കൂടി വിശദമായി സവർക്കറുടെ നോവലിൻ്റെ പ്രമേയം പരിശോധിക്കുന്നുണ്ട്. അതിൽ ഒരു മാപ്പിള കഥാപാത്രം ,ഒരു താലൂക്കിലെ ഇസ്ലാമിലേയ്ക്ക് മതം മാറ്റിയവർ ഒഴികെ, മറ്റെല്ലാ ഹിന്ദുക്കളേയും കൊന്നൊടുക്കിയതായി വീമ്പടിക്കുന്നുണ്ട്. അയാൾ ക്ഷേത്രവിഗ്രഹങ്ങൾ തകർക്കുകയും ജനിക്കാനിരിക്കുന്ന ഹിന്ദുകുഞ്ഞുങ്ങളുടെ ജീവൻ അപഹരിക്കുകയും ചെയ്യുന്നു. ജിഹാദിന് സവർക്കർ കൊടുക്കുന്ന നിർവ്വചനം ഹിംസയും വസ്തുവകകളുടെ നശീകരണവും സ്ത്രീകളുടെ ബലാത്സംഗവും ആണ്. ജന്നത്ത് എന്നാൽ ചാരായത്തിൻ്റേയും പാലിൻ്റേയും നദികൾ ഒഴുകുന്ന നാടും. അവിടെ ഓരോ മുസ്ലീം പുരുഷനും എഴുപത് സുന്ദരികളായ കന്യകളാലും തങ്ങളുടെ ആനന്ദത്തിനാവശ്യമുള്ള ആൺകുട്ടികളാലും ചുറ്റപ്പെട്ടിരിക്കുന്നു. അവരുടെ ആണത്തമാകട്ടെ നൂറുമടങ്ങ് വർദ്ധിതമായതും.

അതിൻ്റെ ഒപ്പം തന്നെ ഹിന്ദു വംശീയത കെട്ടിപ്പടുക്കാൻ ആവശ്യമായ അളവിൽ ഹിന്ദുക്കൾക്കുള്ളിൽ ഭീതി കുത്തിനിറക്കാനും ഈ പുസ്തകം ശ്രമിക്കുന്നതായി അപ്പുവും പ്രിയങ്കയും ചൂണ്ടിക്കാട്ടുന്നു. ഈ പുസ്തകത്തിൻ്റെ ആമുഖത്തിൽ സിന്ധു ( നദി ) വിനും സിന്ധു ( സമുദ്രം ) വിനും ഇടയ്ക്കുള്ള രാഷ്ട്രത്തെ, ആര്യാവർത്തത്തെ ഒരു പഴക്കം ചെന്ന അരയാൽ വൃക്ഷമായി  സങ്കല്പിക്കാൻ വായനക്കാരോട് സവർക്കർ ആവശ്യപ്പെടുന്നു. ഈ വൃക്ഷം ചീഞ്ഞുകൊണ്ടിരിക്കുകയാണ്. അസ്പൃശ്യതയുടേയും ബാല്യവിവാഹത്തിൻ്റേയും ജാതിവ്യവസ്ഥയുടേയും വൈദികേതര മതവിരോധത്തിൻ്റേയും ചിതലുകൾ അതിൻ്റെ വേരുകളെ ക്ഷയിപ്പിക്കുന്നു. ഇതിൻ്റെയെല്ലാം ഫലമായി അറേബ്യയിൽ നിന്ന് വരുന്ന ഇസ്ലാം എന്ന കൊടുങ്കാറ്റ് ആര്യാവർത്തം എന്ന വൃക്ഷത്തെ എളുപ്പത്തിൽ നിലം പതിപ്പിക്കുന്നു.

ഹിന്ദുവംശീയത എതിർ പക്ഷത്ത് നിർത്തുന്ന ബാല്യ വിവാഹം പോലുള്ള ആചാരങ്ങൾക്ക് മേൽ ബ്രിട്ടീഷുകാരുടെ ഇടപെടലിനെ എതിർത്തുകൊണ്ടാണ് , അതിൻ്റെ പൂർവദശയായിരുന്ന നവ- യാഥാസ്ഥിതിക ബ്രാഹ്മണിസം ആക്കമാർജ്ജിച്ചത് എന്നത് സവർക്കർ കൗശലപൂർവ്വം മറച്ചുവെയ്ക്കുന്നു. തൻ്റെ ബ്രിട്ടീഷ് വിരുദ്ധ ചരിത്രത്തെ എന്ന പോലെ. ആര്യാവർത്തം എന്ന ആൽമരത്തിൻ്റെ ഉടമസ്ഥർ ബ്രിട്ടീഷുകാരാണ് എന്ന കാര്യവും സവർക്കർ മിണ്ടുന്നേയില്ല.

ഇങ്ങനെ ചരിത്രവുമായി പുലബന്ധമില്ലാത്ത രണ്ടുതരം ചിത്രീകരണങ്ങളിലൂടെ ഒരു ഭാവനാത്മക ഹിന്ദു സമുദായത്തെ കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് മാലാ കായ് ത്യാച്ചേ എന്ന നോവലിലൂടെ സവർക്കർ മുന്നോട്ടു വെച്ചത്. അതിനെതിരെ തങ്ങളുടെ ഭാഗം സംസാരിക്കാൻ കലാപകാരികളിൽ ആരും അവശേഷിച്ചിരുന്നില്ല. അതോടൊപ്പം ഇന്ത്യയ്ക്ക് വേണ്ടി ആ കലാപത്തെ വ്യാഖ്യാനിക്കാൻ ശ്രമിച്ച ഗാന്ധിയെ ഹിന്ദുത്വ യുടെ ശത്രുവായി സവർക്കർ രേഖപ്പെടുത്തി. ഗാന്ധി അതിനെ കണ്ടത് അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമായ ജനാധിപത്യ മണ്ഡലത്തിനുള്ളിൽ വെച്ചാണ്. എന്നാൽ സവർക്കറാകട്ടെ വെറുപ്പു തുപ്പുന്ന ഒരു തോക്കായാണ് തന്നെ ഗാന്ധിക്ക് മുന്നിൽ പ്രതിഷ്ഠിച്ചത്. ഗാന്ധിവധം വരെ ആ വെറുപ്പ് നീണ്ടു നിന്നു.

സവർക്കർ തൻ്റെ നോവലിൽ ഭാവനാത്മകമായി വിവരിച്ച മാപ്പിള അക്രമങ്ങളേയും ഇന്ത്യ പിന്നീട് ദർശിച്ചു. 2002 ലെ ഗുജറാത്ത് കലാപത്തിൽ. ഭാവനയിൽ ഹിന്ദുക്കളാണ് ഇരകളായതെങ്കിൽ യഥാർത്ഥ്യത്തിൽ ഗുജറാത്തിലെ മുസ്ലീങ്ങൾ ആണ് വംശഹത്യ എന്ന് നിഷ്പക്ഷർ വിളിക്കുന്ന തരം അതിക്രൂരമായ ഹത്യകൾക്ക് വിധേയമായത്. സവർക്കറുടെ നോവലിൽ പറഞ്ഞ കാര്യങ്ങൾ ഇഹ്സാൻ ജാഫ്രിയുടെ, ബൾക്കീസ് ബാനുവിൻ്റെ, മറ്റനേകം മനുഷ്യരുടെ അനുഭവങ്ങളിലൂടെ ചരിത്രത്തിൻ്റെ കളങ്ങളിൽ പുന:സൃഷ്ടിക്കപ്പെടുകയായിരുന്നു. മുസ്ലീം സ്ത്രീയുടെ വയറ് പിളർന്ന് ഭ്രൂണഹത്യ നടത്തിയ സംഭവവും ഗുജറാത്തിൽ നാം കണ്ടു. കടമ്മനിട്ട രാമകൃഷ്ണൻ്റെ ക്യാ എന്ന കവിത അതിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. സവർക്കറുടെ നോവലിൻ്റെ ദൃശ്യാഖ്യാനം വമ്പൻ ഹിറ്റായി. വെള്ളിത്തിരയിൽ അല്ല. ചരിത്രത്തിൽ. രക്തത്തിൻ്റേയും വേദനയുടേയും നടുക്കത്തിൻ്റേയും മറക്കാനാകാത്ത ആ ആഖ്യാനത്തിൽ നായകനും വില്ലരും അങ്ങോട്ടുമിങ്ങോട്ടും ഭാഗധേയം വെച്ചുമാറി എന്ന് മാത്രം.

സവർക്കറുടെ രത്നഗിരി വാസക്കാലത്ത്, 1929 ൽ ഒരു ചിത്പാവൻ ബ്രാഹ്മണ യുവാവ് അദ്ദേഹത്തെ സന്ദർശിക്കുകയുണ്ടായി. പത്തൊമ്പത് വയസ്സായിരുന്നു ആ യുവാവിൻ്റെ പ്രായം. തപാൽ വകുപ്പിൽ ജോലിയുണ്ടായിരുന്ന തൻ്റെ പിതാവിന് രത്നഗിരി ജില്ലയിലേയ്ക്ക് സ്ഥലം മാറ്റം ലഭിച്ചതിൻ്റെ ഭാഗമായാണ് യുവാവ് രത്നഗിരിയിൽ എത്തിച്ചേർന്നത്. സവർക്കറെ സന്ദർശിച്ച ആ ദിവസം യുവാവിൻ്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. കാരണം, അതുവരെയുണ്ടായിരുന്ന തൻ്റെ ജീവിതം ആ സന്ദർശനത്തോടെ അടിമുടി മാറി. സവർക്കറുടെ വാഗ്ധോരണി ആ യുവാവിനെ അടിമത്തത്തോളമെത്തുന്ന ആരാധനയിൽ എത്തിച്ചു. മദൻലാൽ ദിംഗ്രയെപ്പോലെ, അനന്ത് കൻഹാരേയെപ്പോലെ തൻ്റെ ആശയങ്ങൾക്ക് തീവ്രമായ പ്രയോഗിക പദ്ധതി ഒരുക്കാൻ പൂർണ്ണസന്നദ്ധനായ ഒരാളെ വർഷങ്ങൾക്ക് ശേഷം സവർക്കർക്ക് ലഭിക്കുകയായിരുന്നു. ദിംഗ്രയും കൻഹാരേയും തൻ്റെ ബ്രിട്ടീഷ് വിരുദ്ധ കാണ്ഡത്തിന് അർത്ഥം കൊടുക്കാൻ കൊലയും മരണവും ജീവിതത്തിൻ്റെ ആകെത്തുകയാക്കി മാറ്റിയവർ ആയിരുന്നു. ഇപ്പോഴത്തെ യുവാവ് ആകട്ടെ തൻ്റെ ഗാന്ധി വിരുദ്ധ, മുസ്ലീം വിരുദ്ധ ആശയങ്ങൾക്ക് പ്രായോഗികത നൽകാൻ ഏതറ്റവും വരെ പോകാൻ തയ്യാറായ ആളും. സ്വാഭാവികമായും ആ യുവാവിനെ സവർക്കർ സെക്രട്ടറിയാക്കി.

പക്ഷെ, 1931 ൽ ആ യുവാവിന് രത്നഗിരി വിടേണ്ടി വന്നു. കാരണം, അദ്ദേഹത്തിൻ്റെ പിതാവ് ജോലിയിൽ നിന്ന് വിരമിച്ചു. സാമ്പത്തികമായി താഴ്ന്ന ആ ചിത്പാവൻ ബ്രാഹ്മണ കുടുംബം, ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ കിട്ടിയ ചെറിയ തുക ഉപയോഗിച്ച് മഹാരാഷ്ട്രയിലെ  സാംഗ്ലിയിൽ താമസമുറപ്പിച്ചു. തൻ്റെ കുടുംബത്തെ സംരക്ഷിക്കാനായി തുന്നൽപ്പണിയും പഴക്കച്ചവടവുമായി യുവാവും സാംഗ്ലിയിൽ കൂടി. എങ്കിലും സവർക്കർ ജ്വലിപ്പിച്ച ആശയങ്ങളുമായി ആ യുവാവ് ഭാവിയിലേയ്ക്ക് ഉറ്റുനോക്കി കൊണ്ടിരുന്നു. സാംഗ്ലിയിലെ ഹിന്ദുസംഘടനാ പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ അദ്ദേഹം ഉത്സാഹിച്ചു. എങ്കിലും ആ യുവാവിൻ്റെ ഭാഗധേയം അതിലും വളരെ വലുതായിരുന്നു എന്ന് ചരിത്രം കാണിച്ചു തന്നു.

നാഥുറാം വിനായക് ഗോഡ്സേ എന്നായിരുന്നു ആ യുവാവിൻ്റെ പേര്.

 


 

Comments

comments