32. നേപ്പാൾ പ്രായോജകർ ആയ ആഗോള ഹിന്ദുസ്ഥാൻ
…………………………
1927 ൽ ഗാന്ധി രത്നഗിരി ജില്ലയിൽ എത്തി. സവർക്കർ ബ്രിട്ടീഷുകാർക്ക് നൽകിയ വാക്ക് കടുകിടെ തെറ്റാതെ പാലിക്കാൻ ഗാന്ധിക്കെതിരെ ആക്രമണം അഴിച്ചുവിടുന്ന കാലം ആയിരുന്നു അത്. അതോടൊപ്പം ബ്രിട്ടീഷ് ഭരണത്തിന് ഏറ്റവും സഹായകരമാം വിധം ഇന്ത്യൻ ബഹുജനങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കുന്ന ശുദ്ധിപ്രസ്ഥാനം മുന്നോട്ട് കൊണ്ടു പോകുന്ന കാലവും. തൻ്റെ പ്രഭാഷണത്തിൽ ഗാന്ധി ഇങ്ങനെ പറഞ്ഞു.
“എന്നോട് ശുദ്ധി പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെടുകയുണ്ടായി. എങ്ങനെയാണത് സാധിക്കുക? അതിൻ്റെ മറുവശമായ ഹിന്ദു, മുസ്ലീം മതംമാറ്റങ്ങളും അവസാനിക്കണം എന്ന് ഞാൻ കരുതുമ്പോൾ. ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കുന്നത് കൊണ്ടാണ് ഒരാൾ നല്ലതാകുന്നതും മോക്ഷം ആർജ്ജിക്കുന്നതും എന്ന് ചിന്തിക്കുന്നത് തന്നെ അബദ്ധമാണ്. സ്വഭാവവിശുദ്ധിയും മോക്ഷവും ഹൃദയവിശുദ്ധിയെ ആശ്രയിച്ചിരിക്കുന്നു. ഞാൻ അതിനാൽ ഹിന്ദുക്കളോട് പറയുന്നു : ‘ നിങ്ങൾക്കിഷ്ടമുള്ളത് ചെയ്യുക. പക്ഷെ എന്നെപ്പോലെ ഒരാളോട്, ഏറ്റവും വിവേകപൂർണ്ണമായി ചിന്തിച്ചതിന് ശേഷം തീരുമാനങ്ങളിലെത്തുന്ന ഒരാളോട്, അയാൾക്ക് ചെയ്യാൻ പറ്റാത്ത കാര്യം ചെയ്യാൻ ആവശ്യപ്പെടരുത്. ഒരാളുടെ കാര്യക്ഷമത എന്തു തന്നെയായാലും പരിമിതമാണ്. ഞാൻ ചെയ്യുന്നതെല്ലാം എൻ്റെ ശക്തിയുടെ പരിധിയിൽ നിന്നുകൊണ്ടാണ്. അതിനപ്പുറം ചെയ്യാൻ എനിക്ക് നിർവ്വാഹമില്ല .ഒരേ സമയം നൂറു കാര്യങ്ങൾ ചെയ്യാൻ എനിക്കാകില്ല. എന്തിന് അര ഡസൻ കാര്യങ്ങൾ പോലും. ഞാൻ വിചാരിക്കുന്നത് ഒരു സമയത്ത് ഒരൊറ്റക്കാര്യം വൃത്തിയായി ചെയ്യാൻ കഴിയുന്ന തരത്തിൽ അനുഗ്രഹീതനാണ് ഞാനെന്നാണ്. ചർക്കയാണ് സാധ്യമായ ഏറ്റവും നല്ല സംഘടന എന്നതിനാൽ എനിക്ക് നിങ്ങൾക്ക് നൽകാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും നല്ല സഹായങ്ങൾ നൽകുക ”
ശുദ്ധിപ്രസ്ഥാനം പോലുള്ള ഹിന്ദുത്വ നടപടികളോട് തൻ്റെ വിപ്രതിപത്തി എന്നത്തേയും പോലെ ഏറ്റവും നല്ല ഭാഷയിൽ പ്രകാശിപ്പിച്ചതിന് ശേഷം, ഗാന്ധി ജില്ലാത്തടവ് അനുഭവിക്കുന്ന സവർക്കറെ കാണാനെത്തി. കൂടെ കസ്തൂർബയും ഉണ്ടായിരുന്നു. സവർക്കർ ശുദ്ധി പ്രസ്ഥാനത്തെപ്പറ്റി സംസാരിക്കാൻ തുടങ്ങിയപ്പോൾ ഒരാൾക്ക് മതം നഷ്ടപ്പെടുന്നു എന്നത് തന്നെ സംബന്ധിച്ച് അസംബന്ധമായ ഒന്നാണെന്ന് ഗാന്ധി പറഞ്ഞു. ശ്രീനാരായണഗുരുവിനെ അനുസ്മരിക്കും വിധം. ഒരാളും അയാളുടെ / അവളുടെ വിശ്വാസം മാറ്റാൻ നിർബന്ധിക്കപ്പെടരുത്. അത് അവരുടെ ഇച്ഛയ്ക്ക് വിട്ടുകൊടുക്കയാണ് വേണ്ടത്.
സവർക്കറുടെ ഭാര്യ യമുനയെ ഗാന്ധി പ്രകീർത്തിച്ചു.” ഭർത്താവിന് 50 വർഷം തടവുശിക്ഷ വിധിച്ചപ്പോൾ ഉണ്ടായ പ്രകമ്പനങ്ങളെ നേരിടാൻ അങ്ങേയറ്റത്തെ ധൈര്യം കാണിച്ച ഈ വിശുദ്ധവനിതയ്ക്ക് മുന്നിൽ നമുക്ക് തല കുനിക്കാം. ”
പതിനെട്ട് വർഷങ്ങൾക്ക് ശേഷം നടന്ന അവരുടെ കൂടിക്കാഴ്ച അങ്ങനെയാണ് അവസാനിച്ചത്. പിന്നീട് അവർ തമ്മിൽ നേരിട്ട് കണ്ടിട്ടുമില്ല. ഈ കൂടിക്കാഴ്ചയിലും ഗാന്ധി അങ്ങേയറ്റത്തെ മര്യാദയോട് കൂടിത്തന്നെയാണ് തൻ്റെ പ്രത്യയശാസ്ത്ര എതിരാളിയോട് പെരുമാറിയത്. സവർക്കർ ഗാന്ധിയെ സംബന്ധിച്ച് ശത്രുവോ വെറുക്കപ്പെടേണ്ട വ്യക്തിയോ ആയിരുന്നില്ല. ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്രം, പക്ഷെ ഗാന്ധിയുടെ സർവ്വമൂല്യഭാവനയുമായി ഒരുമിച്ചു പോകുന്നതായിരുന്നില്ല. സവർക്കർ നേരെ തിരിച്ചായിരുന്നു. തൻ്റെ ചിത്പാവൻ ബ്രാഹ്മണ – ക്ഷാത്ര മൂല്യങ്ങളിൽ നിന്നുകൊണ്ട് ഗാന്ധിയെ നേരിടാനാണ് എക്കാലത്തും സവർക്കർ ശ്രമിച്ചത്. ഗാന്ധിയ്ക്കെതിരെ നിരന്തരം വെറുപ്പ് പ്രസരിപ്പിക്കുകയും അവസാനം നാഥുറാം വിനായക് ഗോഡ്സേയും സംഘവും ഗാന്ധിയെ വധിച്ചപ്പോൾ ഗൂഢാലോചനക്കേസിൽ പ്രതിയായി ഏതാനും കാലം ജയിലിൽ കഴിയും വരെ ആ വെറുപ്പ് നിലനിർത്തുകയും ചെയ്തു.
തൻ്റെ മാപ്പപേക്ഷകളുടെ തുടർച്ച എന്ന നിലയിൽ, ജില്ലാത്തടവ് പിൻവലിക്കാനുള്ള അപേക്ഷകൾ 1928 മുതലേ സവർക്കർ നൽകിത്തുടങ്ങി. എന്നാൽ അത് നിരാകരിക്കപ്പെട്ടു. 1929 ൽ ആഗസ്റ്റ് 27, 28 തീയ്യതികളിൽ ഡാക്കയിൽ വെച്ച് എൻ.സി.കേൽക്കർ എന്ന ചിത്പാവൻ ബ്രാഹ്മണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ബംഗാൾ പ്രവിശ്യയിലെ ഹിന്ദുമഹാസഭാ സമ്മേളനം സവർക്കറുടെ മോചനം കാംക്ഷിച്ചു കൊണ്ട് അഭ്യർത്ഥന ബ്രിട്ടീഷ് ഗവണ്മെൻ്റിന് സമർപ്പിക്കുകയുണ്ടായി. ഇതും നിരാകരിക്കപ്പെടുകയാണ് ഉണ്ടായത്.
രാഷ്ട്രീയത്തടവുകാർക്ക് സഹായധനം ലഭിക്കാൻ ബ്രിട്ടീഷ് വ്യവസ്ഥയിൽ ഉള്ള പഴുത് ഉപയോഗിച്ച് അത് ലഭ്യമാക്കാനുള്ള അപേക്ഷ 1924 ൽ ജയിൽ മോചിതനായ അവസരത്തിൽ തന്നെ സവർക്കർ നൽകിയിരുന്നു. പ്രതിവർഷം 100 രൂപ കിട്ടാനുള്ള വകുപ്പായിരുന്നു ബ്രിട്ടീഷ് വ്യവസ്ഥയിൽ ഉണ്ടായിരുന്നത്. എന്നാൽ ആ അപേക്ഷ ബ്രിട്ടീഷ് ഗവണ്മെൻ്റ് നിരാകരിക്കുകയാണ് ഉണ്ടായത്. എന്നാൽ 1929ൽ സവർക്കറുടെ അപേക്ഷയെ തുടർന്നാകണം ,ബ്രിട്ടീഷ് ഗവണ്മെൻ്റ് അത് പുന: പരിശോധിക്കുന്നുണ്ട്. സവർക്കറുടെ ബ്രിട്ടീഷ് അനുകൂല മന: സ്ഥിതിയിൽ സംപ്രീതരായിക്കൊണ്ടാകണം പ്രതിമാസം 60 രൂപ അലവൻസായി സവർക്കർക്ക് നൽകാൻ ബ്രിട്ടീഷ് ഗവൺമെൻ്റ് തീരുമാനിച്ചു. അക്കാലത്ത് അത് മോശമല്ലാത്ത തുക ആയിരുന്നു. സ്വർണ്ണത്തിന് പവന് 19 രൂപയിൽ താഴെയേ അന്ന് വിലയുണ്ടായിരുന്നുള്ളു എന്നോർക്കണം. മാത്രമല്ല, അന്നത്തെ സമ്പദ് വ്യവസ്ഥയുടെ മാനദണ്ഡവും സ്വർണ്ണവില ആയിരുന്നു. എന്ന് പറഞ്ഞാൽ മൂന്ന് പവൻ സ്വർണ്ണത്തിൻ്റെ വിലയിൽ കൂടുതൽ പ്രതിമാസം അലവൻസായി സവർക്കർക്ക് ബ്രിട്ടീഷ് ഗവണ്മെൻ്റ് നൽകിയിരുന്നു. മാത്രമല്ല വർഷത്തിൽ 100 രൂപ എന്ന മാനദണ്ഡത്തെ മറികടന്ന് മാസം 60 രൂപ വെച്ച് വർഷത്തിൽ 720 രൂപ സവർക്കർക്ക് 1929 ആഗസ്റ്റ് 1 മുതൽ ബ്രിട്ടീഷ് ഗവണ്മെൻ്റിൽ നിന്ന് ലഭിക്കുകയുണ്ടായി. തിലക് മുതൽ ഗാന്ധി വരെയുള്ള രാഷ്ട്രീയത്തടവുകാർക്ക് ബ്രിട്ടീഷുകാരിൽ നിന്ന് പണം പറ്റുക എന്നത് അചിന്ത്യമായിരുന്നു. സവർക്കറുടെ മാപ്പപേക്ഷകൾ പുറത്ത് വരാനുള്ള തന്ത്രമായിരുന്നു എന്ന് വാദിക്കുന്നവർ രണ്ടുതരത്തിലാണ് യഥാർത്ഥത്തിൽ പരാജയപ്പെടുന്നത്. ഒന്ന്, പുറത്തു വന്ന ശേഷം ബ്രിട്ടീഷനുകൂല പ്രവർത്തനമാണ് സവർക്കർ നടത്തിയിരുന്നത് എന്ന വസ്തുതയെ നിരാകരിക്കാൻ അവരുടെ പക്കൽ യാതൊന്നുമില്ല. രണ്ടാമതായി, ഈ പണം പറ്റലിനുള്ള ന്യായീകരണവും അവർക്ക് സാധ്യമല്ല. 1937 ൽ ജില്ലാത്തടവും ഇളവ് ചെയ്ത് സമ്പൂർണ്ണ സ്വാതന്ത്ര്യം സവർക്കർക്ക് നൽകും വരെ ഈ അലവൻസ് ബ്രിട്ടീഷ് ഗവണ്മെൻ്റ് മുടക്കം കൂടാതെ നൽകിയിരുന്നു.
1931 ൽ സവർക്കറുടെ മാർഗ്ഗനിർദ്ദേശത്താൽ പ്രവർത്തിച്ചുകൊണ്ടിരുന്ന രത്നഗിരി ഹിന്ദുസഭ അഖിലേന്ത്യാ ഗൂർഖാ ലീഗ് പ്രസിഡണ്ടായിരുന്ന താക്കൂർ ചന്ദൻ സിംഗിനെയും നേപ്പാൾ ഭരിച്ചിരുന്ന രാജവംശത്തിൻ്റെ പ്രതിനിധിയായിരുന്ന ഹേമചന്ദ്ര ഷം ഷേർ ജംഗിനേയും രത്നഗിരിയിലേയ്ക്ക് ക്ഷണിക്കുകയുണ്ടായി. തരുൺ ഗൂർഖ എന്ന പത്രികയുടെ പത്രാധിപർ കൂടിയായിരുന്നു താക്കൂർ ചന്ദൻ സിംഗ്. മഹാരാഷ്ട്രയിലെ ബ്രാഹ്മണരാഷ്ട്രീയം തിലകിൻ്റെ കാലത്ത് തന്നെ നേപ്പാളുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നത് നാം നേരത്തെ ചർച്ച ചെയ്തിരുന്നു. ഹിന്ദുരാജ്യമായിരു
ഝാൻസിയിലെ റാണിയും 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരനായികയുമായിരുന്ന റാണി ലക്ഷ്മിബായിയുടെ ബന്ധുവായിരുന്ന മാതാജി തപസ്വിനിയായിരുന്നു തിലകിനെ നേപ്പാൾ രാജാവുമായി പരിചയപ്പെടുത്തിയത്. നേപ്പാൾ രാജാവിന് ഖലീഫയ്ക്ക് തത്തുല്യമായ പദവി നൽകി ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കുക എന്ന ഉദ്ദേശ്യമായിരുന്നു സവർക്കർക്ക് ഉണ്ടായിരുന്നത്. 1923 ൽ ബ്രിട്ടീഷുകാരുമായുണ്ടാക്കിയ സന്ധി പ്രകാരം നേപ്പാൾ, സ്വതന്ത്ര നാട്ടുരാജ്യമായി മാറിയിരുന്നു. അതിൽ അനുമോദിച്ച് രത്നഗിരി ഹിന്ദുസഭ 1924- 25 കാലത്തെ രക്ഷാബന്ധൻ മഹോത്സവത്തോടനുബന്ധിച്ച് നേപ്പാൾ രാജാവിന് രാഖികൾ അയച്ചുകൊടുക്കുകയും രാജാവ് തിരിച്ച് അവരെ അനുമോദിക്കുകയും ചെയ്തു. 1926 ലെ ഹിന്ദുമഹാസഭയുടെ അഖിലേന്ത്യാ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കാൻ ബാബാറാവു നേപ്പാൾ രാജാവിനെ ക്ഷണിക്കുകയുണ്ടായെങ്കിലും ചില കാരണങ്ങൾ കൊണ്ട് അദ്ദേഹത്തിന് അതിൽ പങ്കെടുക്കാനായില്ല. പകരം ” ഹിന്ദുക്കളുടെ പുരോഗതി എൻ്റെ പുരോഗതിയും അവരുടെ തളർച്ച എന്റെ തളർച്ചയുമാണ് ” എന്ന വരികൾ അടങ്ങുന്ന അദ്ദേഹത്തിൻ്റെ സന്ദേശം അവിടെ വായിക്കുകയും ചെയ്തു.
നേപ്പാൾ രാജാവിനെ ഖലീഫയ്ക്ക് തത്തുല്യമാക്കുന്ന പ്രവൃത്തികൾ ഒന്നൊന്നായി സവർക്കറും സംഘവും ചെയ്തു കൊണ്ടിരുന്നു. ഹിന്ദുസംഘടനാ പ്രസ്ഥാനവും നേപ്പാളും എന്ന പേരിൽ 1937 ൽ സവർക്കർ ഒരു ലേഖന സമാഹാരം പ്രസിദ്ധീകരിച്ചു. അതിൻ്റെ അവതാരിക എഴുതിയത് ബാബാറാവു ആയിരുന്നു. ബാബാറാവു അതിൽ ഇങ്ങനെ എഴുതി.
” ഹിന്ദുസംഘടനാ ആവനാഴിയിലെ അജയ്യമായ രാമബാണമാണ് നേപ്പാൾ . പക്ഷെ ആ അമ്പ് അല്പം തുരുമ്പിക്കുകയും അതിന്റെ ഉടമസ്ഥൻ തന്നെ അതിൻ്റെ ഉപയോഗത്തെക്കുറിച്ചും ശക്തിയെക്കുറിച്ചും മറന്നുപോകുകയും ചെയ്തിരിക്കുന്നു. ഉപഭൂഖണ്ഡത്തിന് മുകളിൽ ഹിന്ദുപതാകയുടെ ചുരുൾ അഴിക്കണമെങ്കിൽ, ഒരു കോടി ഹിന്ദുക്കളുടെ ബോധം ഉണർത്തുന്നതിലും അവരെ ഒരു രാഷ്ട്രീയശക്തിയായും സാംസ്ക്കാരിക ഏകതയായും യോജിപ്പിക്കുന്നതിലും നേപ്പാളിന് ഒരു പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ട് . ബ്രിട്ടീഷുകാർ നേപ്പാളിൻ്റെ തന്ത്ര പ്രാധാനമായ സ്ഥാനം മനസ്സിലാക്കുകയും പെർസിവൽ ലാൻഡനെപ്പോലുള്ള എഴുത്തുകാരൻ നേപ്പാളിനെക്കുറിച്ചും അതിൻ്റെ ഭൗമരാഷ്ട്രീയ, ചരിത്ര, മത സന്ദർഭങ്ങളെക്കുറിച്ചും വലിപ്പമുള്ള രണ്ട് വാല്യങ്ങളുടെ തുടർച്ചാ പുസ്തകം സമാഹരിക്കുകയും ചെയ്തു. പക്ഷെ, ഇന്ത്യയിലുള്ള നമ്മൾ നേപ്പാളിനെ മുഴുവനായും അവഗണിച്ചു. ”
1931 സെപ്റ്റംബർ 22 ന് നടന്ന രത്നഗിരി ഹിന്ദുസഭാ സമ്മേളനത്തിൽ നേരത്തേ പറഞ്ഞ രണ്ട് നേപ്പാൾ പ്രതിനിധികളും സംബന്ധിച്ചു. തുടർന്ന് ” നേപ്പാളും ഹിന്ദു സംഘടനാ പ്രസ്ഥാനത്തിൽ അതിൻ്റെ പങ്കും ” എന്ന വിഷയത്തിൽ അവർ സംസാരിക്കുകയും ചെയ്തു. അവിടെ മാത്രമല്ല, അവർ ഈ വിഷയം സംസാരിച്ചത്. നാഗ്പൂരും അമരാവതിയും അടക്കമുള്ള സ്ഥലങ്ങളിൽ കൂടിയാണ്. ഹിന്ദുസഭയുടെ സമ്മേളനത്തിൽ സവർക്കർ രൂപകല്പന ചെയ്ത ഹിന്ദുരാഷ്ട്രത്തിൻ്റെ പതാകയായ കാവി ഭഗ്വ ധ്വജവും ഉയർത്തുകയുണ്ടായി. ”
സവർക്കർ നേപ്പാൾ രാജാവിനെ വിശേഷിപ്പിച്ചിരുന്നത് ” നേപ്പാളിൻ്റേയും ആഗോള ഹിന്ദു പ്രസ്ഥാനത്തിൻ്റേയും ഏക ഹിന്ദു ഛത്രപതി ” എന്നാണ്.
യുവചരിത്രകാരനായ മനു. എസ്. പിള്ള മിൻ്റ് ലോഞ്ചിൽ 2018 മെയ് 28 ന് എഴുതിയ “സവർക്കറുടെ തടയപ്പെട്ട വംശീയ സ്വപ്നം ” എന്ന ലേഖനം സവർക്കർ പ്രായോഗികമാക്കാൻ ശ്രമിച്ച നേപ്പാളിൻ്റെ നേതൃത്വത്തിലുള്ള ഹിന്ദുസാമ്രാജ്യത്ത പദ്ധതിയെപ്പറ്റി കൂടുതൽ വിവരങ്ങൾ നൽകുന്നുണ്ട്. 1940 ൽ ഖൈബർ മെയിലിൽ സവർക്കർ എഴുതിയ ലേഖനത്തെ അത് ചൂണ്ടിക്കാട്ടുന്നു. ഹൈദരാബാദിലെ മുസ്ലീം രാജാവായ നൈസാമിന് ഇന്ത്യൻ ചക്രവർത്തിയാകാനുള്ള കഴിവുണ്ടെന്ന ഗാന്ധിയുടെ പരാമർശമാണ് പ്രസ്തുത ലേഖനത്തിലേയ്ക്ക് സവർക്കറെ ചൊടിപ്പിച്ചത്. അന്ന് ഇന്ത്യയിലുണ്ടായിരുന്ന 565 നാട്ടുരാജ്യങ്ങളിൽ 464 ഉം ചെറിയ രാജ്യങ്ങൾ ആയിരുന്നു. 1000 ചതുരശ്ര മൈലിൽ താഴെ മാത്രം ഭൂവിസ്തൃതിയുള്ളവയായിരുന്നു അവ. ഏറ്റവും വലിയ നാട്ടുരാജ്യം നൈസാമിൻ്റെ ഹൈദരാബാദ് ആയിരുന്നു. അത് മുൻനിർത്തിയായിരുന്നു ഗാന്ധി അത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. എന്നാൽ സവർക്കർ ആകട്ടെ അതിനെ ഖണ്ഡിച്ചത് തൻ്റെ മനസ്സിലുണ്ടായിരുന്ന ഹിന്ദു സാമ്രാജ്യത്തെ വെളിപ്പെടുത്തിക്കൊണ്ടായിരുന്നു
ഒരു ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുകയാണെങ്കിൽ വടക്ക് ഉദയ്പൂർ, ഗ്വാളിയർ എന്നീ നാട്ടുരാജ്യങ്ങളിൽ നിന്നും തെക്ക് മൈസൂർ, തിരുവിതാംകൂർ തുടങ്ങിയ നാട്ടുരാജ്യങ്ങളിൽ നിന്നും ഹിന്ദു സൈനിക ക്യാമ്പുകൾ ഉയർന്നുവരുമെന്നാണ് സവർക്കർ വാദിച്ചത്. അതോടൊപ്പം പടിഞ്ഞാറു നിന്നും വരുന്ന മുസ്ലീം ഗോത്ര ജനതയെ പഞ്ചാബിലെ സിക്ക് ജനത തടയും. സ്വതന്ത്ര നേപ്പാൾ ” ഹൈന്ദവ വിശ്വാസത്തിൻ്റെ കാവലാളായും ഹൈന്ദവ സൈന്യത്തിൻ്റെ തലവനായും ” ഉയർന്നുവരും. “നേപ്പാളിന് ഹിന്ദുസ്ഥാൻ എന്ന സാമ്രാജ്യത്തിൻ്റെ സിംഹാസനത്തിന് വേണ്ടിയുള്ള ” കരുവാകാൻ കഴിയും എന്നും സവർക്കർ കൂട്ടിച്ചേർത്തു. നേപ്പാളിൻ്റെ ഇന്ത്യയിലേയ്ക്കുള്ള പടയോട്ടത്തിന് ശക്തി പകരാൻ ഇന്ത്യയിലെ ഹിന്ദുക്കൾ തയ്യാറാക്കുകയും അവസാനം ഇവരെല്ലാവരും ചേർന്ന് ഹിന്ദു രാഷ്ട്രം രൂപീകരിക്കുകയും ചെയ്യും. 1944 ൽ ജയ്പൂർ ഭരണാധികാരിക്കെഴുതിയ കത്തിൽ ഹിന്ദുമഹാസഭയുടെ നയം സവർക്കർ വ്യക്തമാക്കുന്നുണ്ട്. ” ഹിന്ദു നാട്ടുരാജ്യങ്ങൾക്കൊപ്പം നിൽക്കുകയും കോൺഗ്രസ്സുകാർക്കും കമ്യൂണിസ്റ്റുകാർക്കും മുസ്ലീങ്ങൾക്കുമെതിരെ അവയുടെ അഭിമാനവും സ്ഥിരതയും ശക്തിയും കാത്തുരക്ഷിക്കുകയും ചെയ്യും “. “ഹിന്ദു നാട്ടുരാജ്യങ്ങളാണ് ഹൈന്ദവശക്തിയുടെ കേന്ദ്രങ്ങൾ ” എന്നും സവർക്കർ കൂട്ടിച്ചേർത്തു.
നേപ്പാളും ഹിന്ദു നാട്ടുരാജ്യങ്ങളും ചേർത്ത് ഉണ്ടാക്കുന്ന സവർക്കറുടെ ഹിന്ദുരാഷ്ട്ര സങ്കല്പത്തിൽ പല നാട്ടുരാജ്യ ഭരണാധികാരികളും വിശ്വസിച്ചിരുന്നു. നാട്ടുരാജ്യങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ വികാസം പ്രാപിച്ചിരുന്ന ബറോഡയും മൈസൂരും പോലുള്ള രാജ്യങ്ങൾ ഹിന്ദുമഹാസഭാ സമ്മേളനങ്ങൾക്ക് ധനസഹായം നൽകിയിരുന്നു.
സവർക്കറുടെ വീക്ഷണകോണിൽ ഹൈന്ദവ നാട്ടുരാജ്യങ്ങളെല്ലാം പരസ്പരബന്ധിതങ്ങൾ ആയതുകൊണ്ട് അവ തമ്മിലുള്ള ഐക്യം സാധ്യമായിരുന്നു. തിരുവിതാംകൂർ രാജ്യം ” പത്മനാഭ ” ൻ്റേതാണ്. പത്മനാഭപ്രതിഷ്ഠയാകട്ടെ നേപ്പാളിൽ നിന്നും കൊണ്ടുവന്ന സാളഗ്രാമം കൊണ്ടുണ്ടാക്കിയതും . ബറോഡയിലെ മറാത്താ ഭരണാധികാരികൾ മധ്യേന്ത്യയിലെ ഇൻഡോർ, ഗ്വാളിയർ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളുമായി രാഷ്ട്രീയ ബന്ധം പുലർത്തിയിരുന്നുവെന്നു മാത്രമല്ല തമിഴ്നാട്ടിലെ തഞ്ചാവൂർ വരെ ആഴ്ന്നിറങ്ങിയ മറാത്താ സാമ്രാജ്യത്തിൻ്റെ അധിപനായിരുന്ന ശിവജിയുടെ പിൻഗാമികൾ കൂടിയാണ്. മൈസൂരിലെ രാജാക്കന്മാർ കന്നഡിഗർ ആണെങ്കിലും അവർ ആർത്തിയോടെ രജപുത്രവധുക്കളെ തേടിയിരുന്നു.
സവർക്കറുടെ ഹിന്ദുസ്ഥാൻ, ഒരു ആധുനിക സങ്കല്പമല്ലായിരുന്നു എന്ന് ഇതിൽ നിന്നും വ്യക്തമാകും. അത് രാജാക്കന്മാരും ചക്രവർത്തിമാരും ഭരിക്കുന്ന രാജ്യത്തിൻ്റെ ഒരു വ്യത്യസ്തപ്പതിപ്പ് മാത്രമായിരുന്നു. ഇന്ത്യൻ വിഭജനത്തെ ചെറുക്കാൻ ശ്രമിച്ചെന്ന് ആരാധകർ പറയുന്ന അതേ സവർക്കർ തന്നെയാണ് തിരുവിതാംകൂർ എന്ന ഹിന്ദു രാജ്യം ഇന്ത്യൻ യൂണിയനിൽ നിൽക്കാതെ സ്വതന്ത്രമായി നിൽക്കാൻ ശ്രമിച്ചപ്പോൾ ശ്ലാഘിച്ചത്. ബ്രിട്ടീഷുകാർക്കും അമേരിക്കക്കാർക്കും കടൽക്കരയിലെ തോറിയം നൽകി അവരുടെ അംഗീകാരം നേടാനായിരുന്നു സർ സി.പി.ശ്രമിച്ചത്. സ്വതന്ത്ര തിരുവിതാംകൂർ സർ സി പി പ്രഖ്യാപിച്ചപ്പോൾ അദ്ദേഹത്തെ ശ്ലാഘിച്ച് കൊണ്ട് എത്തിച്ചേർന്ന ആദ്യ കമ്പി സന്ദേശങ്ങളിൽ ഒന്ന് സവർക്കറുടേതായിരുന്നു.
…………………
തുടരെ തുടരെ എഴുതിക്കൊണ്ടിരുന്ന ഒരാളായിരുന്നു സവർക്കർ. കവിതകൾ, നാടകങ്ങൾ, ലേഖനങ്ങൾ, ചരിത്രപുസ്തകങ്ങൾ, രാഷ്ട്രീയ സംവാദങ്ങൾ, നോവലുകൾ എല്ലാം സവർക്കറുടെ പേരിൽ ഉണ്ട്. മറാത്തിയിൽ തൻ്റെ കാലത്ത് ഇത്രയുമധികം എഴുതിയ ഒരാളെ കണ്ടുകിട്ടാൻ പ്രയാസമാണ്. തൻ്റെ ലണ്ടൻ ദിനങ്ങളിലാണ് സവർക്കർ ഗ്രന്ഥകാരനായതെന്ന് നാം കണ്ടു. ജോസഫ് മസ്സീനിയുടെ ജീവചരിത്രവും 1857 ലെ ഒന്നാം സ്വാതന്ത്ര്യ യുദ്ധവും ആണ് അക്കാലത്ത് എഴുതിയ പ്രധാനപ്പെട്ട ഗ്രന്ഥങ്ങൾ. ഇത് രണ്ടും ബ്രിട്ടീഷുകാർ സംശയത്തോടെ വീക്ഷിക്കുകയും പ്രചാരം തടയാൻ ശ്രമിച്ച പുസ്തകങ്ങളും ആണ്. തൻ്റെ ബ്രിട്ടീഷ് വിരുദ്ധകാലത്തിൻ്റെ അടയാളങ്ങൾ ആണ് ആ പുസ്തകത്തിൽ ഉള്ളത്. അക്കാലത്ത് തന്നെയാണ് സാഗർ തലമാല പോലുള്ള കവിതകൾ എഴുതുന്നതും. അവയെപ്പറ്റി ചില കാര്യങ്ങളെങ്കിലും നാം നേരത്തെ ചർച്ച ചെയ്തു. 1923 ൽ മാപ്പപേക്ഷകളെ തുടർന്ന് ആൻഡമാനിലെ സെല്ലുലാർ ജയിലിൽ നിന്നും ഇന്ത്യൻ ജയിലിലെത്തിയ കാലത്താണ് ഒരു മറാത്ത എന്ന വ്യാജ നാമത്തിൽ ” ഹിന്ദുത്വ ” എന്ന പേരിൽ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടതും പിന്നീട് ” ഹിന്ദുത്വത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ ” എന്ന പേരിൽ പുന:പ്രസിദ്ധീകരിക്കപ്പെട്ടതുമാ
ഇതിനിടയിൽ 1926 ൽ പുറത്തിറങ്ങിയ ഒരു പുസ്തകം പ്രത്യേക ശ്രദ്ധയർഹിക്കുന്നു. സവർക്കറുടെ ആദ്യ ജീവചരിത്ര പുസ്തകം ആണത്. ” ലൈഫ് ഓഫ് ബാരിസ്റ്റർ സവർക്കർ ” ( ബാരിസ്റ്റർ സവർക്കറുടെ ജീവിതം ) . ഇതെഴുതിയത് ചിത്രഗുപ്ത് എന്ന് പറയുന്ന ഒരാളാണ്. സവർക്കർ ജാക്സൺ വധക്കേസിൽ ഇരട്ട ജീവപര്യന്തം വിധിക്കപ്പെട്ട് ആൻഡമാൻ ജയിലിലേയ്ക്ക് പോകുന്ന കാലം വരെയാണ് ഇതിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അത് തുടങ്ങുന്നത് ചിത്പാവൻ ബ്രാഹ്മണ ജാതിയുടെ മഹത്വം ഉദ്ഘോഷിച്ചാണ്.
” നാമിവിടെ വരച്ചിടാൻ പോകുന്ന ബഹുമാനപ്പെട്ട രാജ്യസ്നേഹിയുടെ പിതാവായ ശ്രീ ദാമോദർ പാന്ത് സവർക്കർ മറാത്താ ബ്രാഹ്മണരുടെ അവാന്തരവിഭാഗമായ ചിത്പാവൻ ബ്രാഹ്മണകുലത്തിലെ സംസ്ക്കാര സമ്പന്നനായ ഒരു മാന്യൻ ആയിരുന്നു. കഴിഞ്ഞ ഇരുനൂറ് വർഷമായി ഇടമുറിയാതെ ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്ന ഇന്ത്യൻ ശക്തിയുടെ മുന്നണിപ്പോരാളികളെ ഉല്പാദിപ്പിച്ച് കഴ്സണെപ്പോലുള്ള ഇംഗ്ലീഷ് സാമ്രാജ്യത്തവാദികൾക്ക് കുറ്റം ചാർത്താൻ മാത്രം നിരന്തരമായി കണ്ണുദീനം ഉല്പാദിപ്പിക്കുന്ന വിഭാഗമാണിത്. ആദ്യത്തെ പേഷ്വാ ബാലാജി വിശ്വനാഥ് ഒരു ചിത്പാവനായിരുന്നു. ഇന്ത്യ ഉല്പാദിപ്പിച്ച പടനായകരിൽ മുൻപന്തിയിൽ നിൽക്കുന്നവരിൽ ഒരാളായ ബാജിറാവു ഒരു ചിത്പാവനായിരുന്നു. നാനാ സാഹേബ് എന്ന മഹാനായ ഇന്ത്യൻ ഭരണാധികാരി, 1857 ലെ ദേശീയ മുന്നേറ്റത്തിൽ ഉദിച്ചുയർന്ന നാനാ ഫഡ്നാവിസ്, ബ്രിട്ടീഷ് ഗവണ്മെൻ്റിനെതിരെ കലാപം ചെയ്യുകയും ഇന്ത്യൻ സ്വാതന്ത്ര്യം ലക്ഷ്യം വെയ്ക്കുകയും ചെയ്ത വാസുദേവ് ബൽവന്ത് (ഫാഡ്കേ) , പൂനെയിലെ പ്ലേഗ് നിയന്ത്രണ ചുമതലയുണ്ടായിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ കൊന്നതിന് തൂക്കുമരമേറിയ ചപേക്കർ സഹോദരരും റാനഡേയും, ഇവരെല്ലാം ചിത്പാവൻമാരായിരുന്നു. ശ്രീ ഗോഖലേ, ജസ്റ്റീസ് റാനഡേ, മഹാനായ തിലക് ഇവരെല്ലാം ചിത്പാവൻമാരായിരുന്നു. വാലൻ്റൈൻ ചിരോളിനെ ഉദ്ധരിച്ച് പറയുകയാണെങ്കിൽ, ഇന്ത്യൻ വിപ്ലവകാരികളിൽ ഏറ്റവും ഉജ്ജ്വലരിൽ ഒരാൾക്ക് ജന്മം നൽകാനും വളർത്താനും വിധി ഈ പ്രത്യേകജാതിയെ തെരഞ്ഞെടുത്തതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല ”
അങ്ങനെ സവർക്കറേയും ചിത്പാവൻ ബ്രാഹ്മണകുലത്തേയും സുവർണ്ണീകരിച്ച് ആരംഭിക്കുന്ന ഈ ജീവചരിത്രം ഒരു സ്തുതികാവ്യത്തിൻ്റെ കെട്ടിലും മട്ടിലുമാണ് മുന്നേറുന്നത്. “ സവർക്കർ ജന്മനാ നായകനായിരുന്നു . അനന്തരഫലങ്ങളെ ഭയന്ന് ഉത്തരവാദിത്വങ്ങൾ ഒഴിവാക്കുന്നവരെ അദ്ദേഹം ഒഴിവാക്കുക തന്നെ ചെയ്തിരുന്നു. ഒരു സർക്കാർ വ്യവസ്ഥ അനീതി പ്രവർത്തിക്കുന്നതാണെന്ന് ശരിയായോ തെറ്റായോ ധരിച്ചാൽ അതിനെ നീക്കം ചെയ്യാൻ നേരല്ലാത്ത മാർഗ്ഗങ്ങൾ സ്വീകരിക്കാൻ അദ്ദേഹത്തിന് യാതൊരു കുറ്റബോധവുമില്ലായിരുന്നു. ”
ഈ സ്തുതിചരിത്രം സവർക്കറുടെ ജീവിതത്തിലെ ഓരോ കൊച്ചുനിമിഷങ്ങളേയും രേഖപ്പെടുത്തുന്നതിൽ മികവുകാണിച്ചു. ഉദാഹരണത്തിന് ജാക്സൺ വധകാലത്ത് സവർക്കർ ഫ്രാൻസിലേയ്ക്ക് പോയത് തനിച്ചാണെങ്കിലും അവിടുത്തെ ഓരോ കാഴ്ചകളും സവർക്കറുടെ കൂടെ നടന്ന് കണ്ടപോലെ ജീവചരിത്രകാരനായ “ചിത്രഗുപ്ത് ” രേഖപ്പെടുത്തുന്നുണ്ട്. സവർക്കറുടെ മരണശേഷം 1987 ൽ ഇതേ ജീവചരിത്രത്തിൻ്റെ രണ്ടാം പതിപ്പ് സവർക്കർ കൃതികളുടെ പ്രകാശകരായ വീർ സവർക്കർ പ്രകാശൻ പ്രസിദ്ധപ്പെടുത്തിയപ്പോൾ, 1986 ഫെബ്രുവരി 26 എന്ന തീയ്യതി വെച്ച് ഡോ.രവീന്ദ്ര വാമൻ രാംദാസ് എഴുതിയ അവതാരിക,ആ രഹസ്യം വെളിപ്പെടുത്തി. ” ചിത്രഗുപ്ത് വീർ സവർക്കർ തന്നെയല്ലാതെ മറ്റാരുമായിരുന്നില്ല ”
സവർക്കറുടെ വ്യക്തിത്വത്തേയും എഴുത്തിനേയും പറ്റിയുള്ള ഒരു താക്കോൽ സ്വരൂപമായി ഈ വാചകത്തെ മനസ്സിലാക്കാവുന്നതാണ്. വളരെ ഉയർന്ന പീഠത്തിലായിരുന്നു സവർക്കർ സ്വയം പ്രതിഷ്ഠിച്ചിരുന്നത്. സ്വയം മഹത്വവല്ക്കരിക്കാനും തൻ്റെ ആശയങ്ങളെ മഹത്വവല്ക്കരിക്കാനും വേണ്ടിയാണ് സവർക്കർ തൻ്റെ എഴുത്തിനെ ഭൂരിഭാഗവും വിനിയോഗിച്ചത്. വ്യക്തിപരമായി തൻ്റെ ജീവിതത്തെ വിനിയോഗിച്ചതും അങ്ങനെ തന്നെയാണ്. വില്ലിയെ വധിക്കാൻ പോകുന്ന മദൻലാൽ ദിംഗ്രയുടെ കൈയ്യിൽ തോക്ക് കൊടുത്ത് ” ഈ കൃത്യത്തിൽ വിജയിച്ചില്ലെങ്കിൽ നിൻ്റെ മുഖം എനിക്ക് കാണേണ്ട ” എന്ന് പറയുന്ന സവർക്കർ തന്നെയാണ് തൂക്കുമരമേറാൻ പോകുന്നതിന് മുമ്പ് കോടതിയ്ക്ക് മുമ്പാകെ വായിക്കാനുള്ള പ്രസ്താവന എഴുതിക്കൊടുത്തത്. തൻ്റെ ജ്യേഷ്ഠനായ ബാബാറാവുവിനെ അറസ്റ്റ് ചെയ്തതിന് പകരം വീട്ടാനാണ് അനന്ത് കൻഹാരേയെക്കൊണ്ട് നാസിക് ജില്ലാ കളക്ടറായിരുന്ന ജാക്സണെ കൊലചെയ്യിച്ചത്. അനന്ത് കൻഹാരേയും തൂക്കുമരമേറി. എന്നാൽ ആ കേസിൽ ഗൂഢാലോചനക്കുറ്റത്തിന് അമ്പത് വർഷത്തടവിന് വിധിക്കപ്പെട്ട സവർക്കർ ഒന്നിന് പുറകേ മറ്റൊന്നായി നിരവധി മാപ്പപേക്ഷകൾ ബ്രിട്ടീഷുകാർക്ക് കൊടുത്ത് പത്ത് വർഷം പൂർത്തിയായപ്പോൾ ആൻഡമാനിൽ നിന്ന് ഇന്ത്യൻ പ്രവിശ്യയിലെ ജയിലുകളിലും പിന്നീട് മൂന്ന് വർഷം കഴിഞ്ഞപ്പോൾ രത്നഗിരി ജില്ലാത്തടങ്കലിലും പിന്നീട് സമ്പൂർണ്ണ മോചനം നേടിയെടുക്കുകയും ചെയ്തു. തൻ്റെ ആൻഡമാൻ ജയിൽവാസത്തെ കുറിച്ച് സവർക്കർ എഴുതിയ ഗ്രന്ഥത്തിൽ – എൻ്റെ നാടുകടത്തൽ – ഈ മാപ്പപേക്ഷകളെപ്പറ്റി യാതൊന്നും മിണ്ടുന്നില്ല. ഒരിക്കൽ ബ്രിട്ടീഷ് വിരോധിയായിരുന്ന അദ്ദേഹം ഒരർത്ഥത്തിൽ ആ മാപ്പപേക്ഷകൾക്ക് ശേഷം, സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊള്ളുമ്പോൾ, അത് അട്ടിമറിക്കാൻ, ഭിന്നിപ്പിച്ച് ഭരിക്കാൻ, ബ്രിട്ടീഷുകാരെ സഹായിക്കുന്ന നിലപാടെടുത്തു. അങ്ങനെ ബൗദ്ധികവും വൈകാരികവുമായ സത്യസന്ധതയുടെ കണിക പോലും സവർക്കറുടെ ജീവിതത്തിൽ നിന്നും എഴുത്തിൽ നിന്നും കണ്ടെടുക്കുക ഏതാണ്ട് അസാധ്യമാണെന്ന് വേണം പറയാൻ.
” ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉറച്ച പിന്തുണക്കാരനായ സവർക്കർ എങ്ങനെ വീരനായി ? ” എന്ന ലേഖനത്തിൽ പവൻ കുൽക്കർണ്ണി ചിത്രഗുപ്ത് എന്ന പേരിൽ ഗുപ്തമായിരുന്നു കൊണ്ട് സവർക്കർ എഴുതിയ “ബാരിസ്റ്റർ സവർക്കറുടെ ജീവിത” ത്തിലെ സ്വയം പുകഴ്ത്തലുകളെ ഉദാഹരിക്കുന്നുണ്ട്. ” അത്ഭുതപ്പെടുത്തുന്ന മന: സാന്നിദ്ധ്യം, കീഴ്പ്പെടുത്താനാകാത്ത ധൈര്യം, മഹത്തായ കാര്യങ്ങൾ ആർജ്ജിക്കുന്നതിനാവശ്യമായ അജയ്യമായ ആത്മവിശ്വാസം എന്നിങ്ങനെ ചെറുതല്ലാത്ത ഗുണങ്ങൾ ” സവർക്കർ ആർജ്ജിക്കുന്നതായി പറയുന്നു. ആരാണ് പറയുന്നത്? വ്യാജപ്പേരിന് പിന്നിൽ ഒളിച്ചിരിക്കുന്ന സവർക്കർ തന്നെ. അവിടെ നിർത്തുന്നില്ല. ” അദ്ദേഹത്തിൻ്റെ ധൈര്യത്തേയും മന:സാന്നിദ്ധ്യത്തേയും ആരാണ് ആരാധിക്കാതിരിക്കുക ? ”
സവർക്കർ ആൻഡമാൻ ജയിലിൽ അനുഭവിച്ച പീഡനങ്ങളുടെ ചിത്രം സവർക്കറുടെ തന്നെ എഴുത്തിൽ നിന്നാണ് പൊതുസമൂഹം അറിഞ്ഞത്. പ്രധാനമായും എൻ്റെ നാടുകടത്തൽ, കാലാപാനി എന്നീ പുസ്തകങ്ങളിൽ നിന്ന്. തുടർന്ന് സവർക്കറുമായി സമ്പർക്കം പുലർത്തിക്കൊണ്ട് ധനഞ്ജയ് കീർ എഴുതിയ ജീവചരിത്രത്തിൽ നിന്നും. പില്ക്കാല ജീവചരിത്രങ്ങൾ എല്ലാം തന്നെ ഇവയെ ഉപജീവിച്ചാണ് പ്രധാനമായും സവർക്കറുടെ ആൻഡമാൻ ദിനങ്ങളെ അടയാളപ്പെടുത്തിയത്. എന്നാൽ ഈ വാദങ്ങളെ ഖണ്ഡിക്കുന്ന പ്രതിവാദങ്ങളും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് ഡി.എൻ. ഗോഖലേ എഴുതിയ ‘സ്വാതന്ത്ര്യ വീർ സവർക്കർ :ഏക് രഹസ്യ ‘ എന്ന പുസ്തകത്തിൽ ജയിലിൽ അവകാശങ്ങൾക്ക് വേണ്ടി രാഷ്ട്രീയത്തടവുകാർ സമരം ചെയ്യുമ്പോൾ സവർക്കർ സഹോദരർ ഒരിക്കലും ആ സമരങ്ങളിൽ പങ്കുചേർന്നില്ല എന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രമല്ല, അധികൃതരോട് സമരസപ്പെട്ട് പോയതിന്റെ ഫലമായി അദ്ദേഹത്തിന് ജയിലിൽ ഗുമസ്തപ്പണി കിട്ടിയെന്നും പിന്നീട് സൂപ്പർവൈസർ ആയി നിയമിക്കപ്പെട്ടു എന്നും പറയുന്നുണ്ട്. വസ്തുത എന്തായാലും ബൗദ്ധികമായും വൈകാരികമായും സവർക്കറുടെ സത്യസന്ധതയില്ലായ്മയാണ് മറുപുറം അന്വേഷിക്കാൻ ഗവേഷകരെ പ്രേരിപ്പിക്കുന്നത്.
ചരിത്രഗ്രന്ഥങ്ങൾ എന്ന പേരിൽ സവർക്കർ എഴുതിയതെല്ലാം ആശയപ്രചരണ സാമഗ്രികൾ ആണെന്ന് ഗൗരവതരമായ രീതിയിൽ ചരിത്രത്തെ സമീപിക്കുന്ന എല്ലാവർക്കുമറിയാം. സവർക്കർക്ക് പരമാവധി ആനുകൂല്യം നൽകി ജീവചരിത്രം എഴുതിയ വിക്രം സമ്പത്ത് പോലും അദ്ദേഹത്തിൻ്റെ ചരിത്രരചനയിൽ ഭാവന വഹിക്കുന്ന പങ്കിനെയും അതിൻ്റെ അപകടത്തേയും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ഹിന്ദുത്വ ദേശീയതയായി പരിണമിച്ച രാഷ്ട്രീയ ബ്രാഹ്മണിസത്തിന്റെ പ്രത്യയശാസ്ത്ര ആയുധങ്ങൾ ആകണമെങ്കിൽ അത്തരത്തിലുള്ള ഒരു സ്ഥാനീകരണം ചരിത്രത്തിൽ നടത്തേണ്ടതുണ്ടെന്ന് നാം അറിയേണ്ടതുണ്ട്. അതാണ് സവർക്കർ ചെയ്തത്.
ഉദാഹരണത്തിന് ബ്രിട്ടീഷ് വിരുദ്ധ കാലത്ത് സവർക്കർ എഴുതിയ 1857 ലെ ഒന്നാം സ്വാതന്ത്ര്യയുദ്ധം എന്ന പുസ്തകം ഹിന്ദുത്വ വിരുദ്ധർ പോലും സമ്മതിക്കുന്ന ഒന്നാണ്. അതിൻ്റെ കാരണം തൻ്റെ ജീവിതത്തിലാദ്യവും അവസാനവുമായി മുസ്ലീം – ഹിന്ദു മൈത്രിയിൽ സവർക്കർ ഊന്നിയ കാലം ആണത്. ബ്രിട്ടീഷ് വിരുദ്ധതയും ഹിന്ദു മുസ്ലീം മൈത്രിയും ഒക്കെ ഉദ്ഘോഷിക്കുന്ന കാലത്തും സവർക്കറുടെ പ്രത്യയശാസ്ത്രം ബ്രാഹ്മണിസമാണെന്ന് മനസ്സിലാക്കാനുള്ള ചർച്ച മുൻ അദ്ധ്യായങ്ങളിലൊന്നിൽ നടത്തിയിരുന്നു. 1857 ലെ ഒന്നാം സ്വാതന്ത്ര്യയുദ്ധത്തിൻ്റെ ഉള്ളിലേയ്ക്ക് പോകുകയാണെങ്കിൽ ബ്രാഹ്മണിസത്തിൻ്റെ ജാതിമത രാഷ്ട്രീയം നമുക്ക് തെളിഞ്ഞു കാണാൻ പറ്റും. പവൻ കുൽക്കർണ്ണിയുടെ ലേഖനം അത് എടുത്തു കാണിക്കുന്നു. ഇവിടെ ഇസ്ലാം മതത്തിന് പകരം അപരവല്ക്കരിക്കപ്പെടുന്നത് ക്രിസ്തുമതമാണെന്ന് മാത്രം.
ഉദാഹരണത്തിന് ജസ്റ്റിൻ ‘മക്കാർത്തിയെ സവർക്കർ ഉദ്ധരിക്കുന്നു. ” മുഹമ്മദീയരും ഹിന്ദുക്കളും ക്രിസ്ത്യാനിക്കെതിരെ ഒന്നിക്കാൻ അവരുടെ പഴയ മതവൈരങ്ങളെ മറന്നിരിക്കുന്നു. ” ബ്രാഹ്മണിസത്തിൻ്റെ വീക്ഷണകോണിൽ ബ്രിട്ടീഷ് വിരുദ്ധതയെ സ്ഥാപിച്ചെടുക്കാൻ ബ്രിട്ടീഷുകാർ വിഗ്രഗാരാധനാ വിരുദ്ധരാണ് എന്ന് സവർക്കർ പ്രഖ്യാപിക്കുന്നു. ” ഇംഗ്ലീഷുകാർ വിഗ്രഹാരാധനയെ സതിയെപ്പോലെത്തന്നെ വെറുക്കുന്നു “. സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തിയപ്പോൾ തിലക് ഉയർത്തിയ എതിർപ്പ് അദ്ദേഹത്തിന് വലിയ പിന്തുണ നൽകുകയുണ്ടായത് നാം നേരത്തേ കണ്ടു. സതി നിരോധിച്ച ബ്രിട്ടീഷ് നടപടി തെറ്റായിരുന്നു എന്നൊരു സൂചന കൂടി മേൽവാചകത്തിലൂടെ സവർക്കർ നൽകുന്നുണ്ട്.
അതായത് സവർക്കർക്ക് ഒരു “മതേതര കാലം” ഒരിക്കലും ഉണ്ടായിരുന്നില്ല. രാഷ്ട്രീയ ബ്രാഹ്മണ്യത്തിൻ്റെ കാഴ്ചപ്പാടായിരുന്നു ബ്രിട്ടീഷ് വിരുദ്ധതയുടെ കാലത്തും മുസ്ലീം വിരുദ്ധതയുടെ കാലത്തും ഒരു പോലെ സവർക്കറെ നിയന്ത്രിച്ചിരുന്നത് രാഷ്ടീയ ബ്രാഹ്മണിസമായിരുന്നു എന്ന് ഇതിൽ നിന്നും വ്യക്തമായി നമുക്ക് മനസ്സിലാക്കാം.
” ഹിന്ദുമതത്തിന്റേയും ഇസ്ലാം മതത്തിൻ്റേയും അടിത്തറ തകർക്കാൻ ഒന്നിനു പുറകേ മറ്റൊന്നായി സർക്കാർ നിയമങ്ങൾ കൊണ്ടുവരികയാണ്. ഹിന്ദുക്കളുടെ ജാതിമുൻഗണനകളെ പ്രകോപിപ്പിച്ചു കൊണ്ട് തീവണ്ടിപ്പാതകൾ ഇപ്പോൾ തന്നെ നിർമ്മിക്കപ്പെടുകയും കോച്ചുകൾ ഉണ്ടാക്കപ്പെടുകയും ചെയ്തിരിക്കുന്നു. സർക്കാരിൻ്റെ ഉയർന്ന സഹായധനം ഉപയോഗിച്ച് വലിയ മിഷൻ സ്കൂളുകൾ പണിതുയർത്തിയിരിക്കുന്നു. കാനിംഗ് പ്രഭു തന്നെ ആയിരക്കണക്കിന് വരുന്ന രൂപ ഓരോ ക്രിസ്ത്യൻ മിഷനുകൾക്ക് നേരിട്ടു നൽകിയിരിക്കുന്നു. അതിൽ നിന്നും മുഴുവൻ ഇന്ത്യയേയും ക്രിസ്തീയവല്ക്കരിക്കാനുള്ള ശക്തമായ ആഗ്രഹം കാനിംഗ് പ്രഭുവിൻ്റെ ഹൃദയത്തിൽ ഉണ്ട് എന്നത് വ്യക്തമാകുന്നു. ”
ഇത്തരം ഉദ്ധരണികൾ ചൂണ്ടിക്കാണിച്ചു കൊണ്ട് പവൻ കുൽക്കർണി പറയുന്നത് സവർക്കറുടെ അഭിപ്രായത്തിൽ ഇന്ത്യയെ ക്രിസ്തീയവല്ക്കരിക്കാനുള്ള ശ്രമത്തിൻ്റെ വേഗത അധികരിപ്പിക്കുന്നതിന് മുന്നിലെ തടസ്സങ്ങൾ ആയിട്ടാണ് വെള്ളക്കാർ ശിപ്പായിമാരെ കണ്ടത് എന്നാണ്. അത് ഉദാഹരിക്കാനായി സവർക്കറെ വീണ്ടും അദ്ദേഹം ഉദ്ധരിക്കുന്നു.
” ശിപ്പായിമാരിൽ ആരെങ്കിലും ക്രിസ്ത്യൻ മതം സ്വീകരിക്കുകയാണെങ്കിൽ അയാൾ ഉച്ചത്തിൽ പ്രശംസിക്കപ്പെടുകയും അഭിമാനത്തോടെ പരിചരിക്കപ്പെടുകയും ആ ശിപ്പായി ഉന്നത പദവികളിലേയ്ക്ക് ഉദ്യോഗക്കയറ്റം ലഭിച്ച് കരേറ്റപ്പെടുകയും മറ്റു് ശിപ്പായികളുടെ അർഹതകളെ നോക്കുകുത്തിയാക്കിക്കൊണ്ട് അയാളുടെ ശമ്പളം വർദ്ധിക്കുകയും ചെയ്യുന്നു. ”
” എല്ലായിടത്തും ” സവർക്കർ വാദിക്കുന്നു ‘” ഗവണ്മെൻ്റ് ഇന്ത്യയിലെ മതങ്ങളെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് എന്നും ഇന്ത്യയിലെ ഏറ്റവും പ്രമുഖ മതമായി ക്രൈസ്തവതയെ അവരോധിക്കാൻ പോകുകയാണ് എന്നുമുള്ള കടുത്ത ധാരണ ഉണ്ടായി “. മാത്രമല്ല 1857 ലെ സമരക്കാലത്ത് ” ഒരു ക്രിസ്ത്യൻ പള്ളി വീഴുന്ന, ഒരു കുരിശ് തകർക്കപ്പെടുന്ന, ഓരോ ക്രിസ്ത്യാനിയും അരിഞ്ഞു വീഴ്ത്തപ്പെടുന്ന ഓരോ സന്ദർഭത്തിലും ” ശിപ്പായിമാർ ഉന്മത്തരായി എന്നും സവർക്കർ എഴുതുന്നു.
അതായത്, മതേതരവാദികൾ പോലും ആനുകൂല്യത്തോടെ നോക്കിക്കണ്ട 1857 ലെ ഒന്നാം സ്വാതന്ത്ര്യയുദ്ധം എന്ന സവർക്കറുടെ ആദ്യകാല ഗ്രന്ഥവും യഥാർത്ഥത്തിൽ എഴുതപ്പെട്ടത് സാമ്രാജ്യത്ത വിരുദ്ധതയുടെ അടിസ്ഥാനത്തിലല്ല, ക്രിസ്ത്യൻ വിരുദ്ധതയുടെ അടിസ്ഥാനത്തിലാണ്. തികച്ചും ചരിത്രവിരുദ്ധമായ അടിത്തറയായിരുന്നു അതെന്ന് പറയേണ്ടതില്ലല്ലോ. ലാറ്റിനമേരിക്കയിൽ മറ്റും നടന്ന സ്പാനിഷ് അധിനിവേശത്തിൽ സംഭവിച്ച പോലെ ഒരു സമ്പൂർണ്ണ ക്രിസ്ത്യൻ വല്ക്കരണം ഇംഗ്ലീഷ് അധിനിവേശത്തിൻ്റെ കാലത്ത് ഇന്ത്യയിൽ നടന്നില്ലെന്ന് മാത്രമല്ല, ഒരിക്കലും ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷം എന്ന നിലയിൽ നിന്ന് ക്രിസ്തുമതം അക്കാലത്തോ പിൽക്കാലത്തോ ഉയർന്നിട്ടുമില്ല. ഇതേ ബ്രാഹ്മണ രാഷ്ട്രീയത്തിൻ്റെ പാതയിലൂടെ തന്നെയാണ് സവർക്കർ മുന്നേറിയത്. ബ്രിട്ടീഷ് അനുകൂലിയായി മാറിയ കാലത്ത് അപരവല്ക്കരണത്തിൻ്റെ കുന്തമുന മുസ്ളീങ്ങൾക്ക് നേരെ തിരിച്ചു വെച്ചു എന്ന് മാത്രം. ഇതിൻ്റെ മറുവശമോ എന്നത് ഹിന്ദുമതത്തെ സൈനികവല്ക്കരിക്കുക എന്നതും. സവർക്കറുടെ ജാതിവിരുദ്ധ പദ്ധതികൾ മുഴുവനും ഇതിൽ അധിഷ്ഠിതമായിരുന്നു.
ഈ വംശീയ സങ്കല്‌പനം സംസ്കാരത്തിലേയ്ക്ക് പടർത്തിയതിൻ്റെ ഏറ്റവും ക്രൂരമായ ഉദാഹരണം കാണണമെങ്കിൽ സവർക്കർ അവസാനകാലത്തെഴുതിയ ” ഇന്ത്യൻ ചരിത്രത്തിലെ ആറ് സുവർണ്ണ യുഗങ്ങൾ ( Six Glorius Epochs of Indian History ) ” എന്ന പുസ്തകം നോക്കണം. 2016 മെയ് 28 ൽ സ്ക്രോൾ.ഇൻ -ൽ എഴുതിയ ലേഖനത്തിൽ അജാസ് അഷറഫ് അത് എടുത്തു കാണിക്കുന്നുണ്ട്. ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്രത്തിലും ഹിന്ദു വംശീയ രാഷ്ട്രീയത്തിലും ശക്തമായി വേരോടിയിട്ടുള്ള ആണത്ത ചരിത്രത്തെ ആ ഗ്രന്ഥം അതിക്രൂരമായി ആഘോഷിക്കുന്നുണ്ട്. ഹിന്ദുത്വയുടെ ആധുനികവിരുദ്ധമായ ഗോത്രമുഖവും അത് മറയില്ലാതെ വെളിവാക്കുന്നു. സവർക്കറുടെ മറ്റ് “ചരിത്ര ” ഗ്രന്ഥങ്ങളിൽ എന്നപോലെ ഇതിലും ” ചരിത്ര രേഖകൾ ” എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഭാവനാത്മകമായ പലതുമാണ്. സവർക്കർ അത്തരം “ചരിത്ര രേഖകൾ “ഉപയോഗിച്ച് ഈ ഗ്രന്ഥത്തിൽ എഴുതുന്നത് എന്തെന്നാൽ” ഒരു കാലിക്കൂട്ടത്തിൽ കാളകളുടെ എണ്ണം പശുക്കളെ അപേക്ഷിച്ച് വളരെ അധികമായാൽ ആ കൂട്ടം വളരെപ്പെട്ടെന്ന് എണ്ണത്തിൽ വളരില്ല. അതേ സമയം, കാളകളെ അപേക്ഷിച്ച് അധികരിച്ച പശുക്കളുള്ള കാലിക്കൂട്ടം, പൊടുന്നനെ വളരും ”
കണക്ക് ഉപയോഗിച്ച് ഇത്തരം ഒരു നിഗമനം മുന്നോട്ട് വെയ്ക്കുന്നത് ബലാത്സംഗം പോലെ, ആധുനിക ലോകത്തിലെ കുറ്റകൃത്യങ്ങളിലൊന്നിനെ ഹിന്ദുത്വവല്ക്കരിച്ച് രാഷ്ട്രീയ ശരിയാക്കി അവതരിപ്പിക്കാനാണ് എന്നറിയുമ്പോഴാണ് നാം ഞെട്ടുക. അതിന് മുന്നോടിയായി മറ്റൊരു “ചരിത്ര വസ്തുത ” കൂടി സവർക്കർ അവ തരിപ്പിക്കുന്നു. ആഫ്രിക്കൻ ”കാടഗോത്രങ്ങൾ ” അവരുടെ ശത്രു ഗോത്രത്തിലെ ആണുങ്ങളെ മാത്രമേ കൊല്ലൂ. ഒരിക്കലും സ്ത്രീകളെ കൊല്ലില്ല. മറിച്ച് വിജയികൾക്കിടയിൽ ആ സ്ത്രീകൾ വിതരണം ചെയ്യപ്പെടുന്നു. കാരണം ആ ഗോത്രങ്ങൾ കരുതുന്നത് കീഴടക്കപ്പെട്ട സ്ത്രീകളുടെ ഗർഭപാത്രത്തിലൂടെ തങ്ങളുടെ ജനസംഖ്യ വർദ്ധിപ്പിക്കാമെന്നാണ് .അതുപോലെത്തന്നെ ഇന്ത്യയിലെ ഒരു നാഗ ഗോത്രം അവർ കീഴടക്കിയ എതിർ ഗോത്രത്തിലെ സ്ത്രീകളെ കൊല്ലുന്നു .കാരണം സ്ത്രീകളുടെ കുറവ് മൂലം അവരുടെ എതിരാളികളുടെ എണ്ണം കുറയാനുള്ള സാധ്യത വർദ്ധിക്കുന്നു എന്ന് അവർ കരുതുന്നു.
ഇത്തരം സംശയാസ്പദമായ ചരിത്രവസ്തുതകൾക്കൊപ്പം ”ഹിന്ദുത്വ ” യിലും മറ്റും നമ്മൾ കണ്ടപോലെ പുരാണ കഥാപാത്രങ്ങളെ ചരിത്ര കഥാപാത്രങ്ങളായി സവർക്കർ ഇവിടെയും അവതരിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് രാവണൻ പൊടുന്നനെ പ്രത്യക്ഷപ്പെടുന്നു. സീതയെ തട്ടിക്കൊണ്ടുപോന്നതിനെ ചോദ്യം ചെയ്ത സുഹൃത്തുക്കളോട് രാവണൻ ഇങ്ങനെ പറയുന്നതായി സവർക്കർ ഉദ്ധരിക്കുന്നു .” എന്ത്? എതിർക്കൂട്ടത്തിലെ സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതിനേയും അവരെ ബലാത്സംഗം ചെയ്യുന്നതിനേയും മതവിരുദ്ധം എന്നാണോ നിങ്ങൾ കരുതുന്നത് ? അതാണ് പരമധർമ്മം, ഏറ്റവും ഉയർന്ന കർമ്മം ”
നമുക്കറിയാവുന്ന രാമായണകഥകളിൽ രാവണൻ സീതയെ അവരുടെ സമ്മതം കൂടാതെ തൊടാൻ മടിക്കാത്ത കഥാപാത്രമാണെന്നത് അവിടെ നിൽക്കട്ടെ. ഒരു ഗോത്രകാലത്തിൻ്റെ നേർ തുടർച്ചയായാണ് സവർക്കർ ആധുനിക കാലത്തെ കാണുന്നത് എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. ആണും പെണ്ണും ” പുണർന്നു പെറുന്ന ” ഇനത്തിനെ ഏത് ഗോത്രത്തിലാണ് പെടുത്തുക ? ആണിൻ്റെ ഗോത്രത്തിലോ പെണ്ണിൻ്റെ ഗോത്രത്തിലോ? സവർക്കറുടെ ഹിന്ദുത്വ വംശീയത ആൺമേൽക്കോയ്മയിൽ പടുത്തുയർത്തിയ ഒന്നാണ് ‘ എന്ന് നിസ്സംശയം തെളിയിക്കുന്ന വാദഗതികളാണ് സവർക്കർ നിരത്തുന്നത് .
അതിലും വിചിത്രമാണ് ബലാസംഗത്തെക്കുറിച്ചുള്ള സവർക്കറുടെ വാദഗതികൾ . കല്യാണിൽ ശിവജി തടവിലാക്കിയ സ്ത്രീയെ കല്യാൺ ഭരണാധികാരികൾക്ക് തന്നെ തിരിച്ചേല്പിച്ചു എന്ന സംഭവത്തെ മുന്നിൽ നിർത്തിയാണ് സവർക്കർ ഈ ചർച്ച തുടങ്ങിവെയ്ക്കുന്നത്. മുസ്ലീങ്ങൾ ഇന്ത്യയിലെ ഹിന്ദുസ്ത്രീകളെ യാതൊരു പരിഗണനയും കൂടാതെ ബലാത്സംഗം ചെയ്തതിന് മതപരമായ ഉദ്ദേശം ഉണ്ടായിരുന്നുവെന്നും ആ മതപരമായ ഉദ്ദേശം സാധിച്ചെടുക്കാനുള്ള സന്ദർഭം ഹിന്ദുക്കൾക്ക് ലഭിച്ചപ്പോൾ അത് അവർ വിനിയോഗിച്ചില്ലെന്നുമായിരുന്നു സവർക്കറുടെ വാദം.
രാവണൻ്റെ മേൽപ്പറഞ്ഞ സിദ്ധാന്തം, മതപരമായ തീവ്രവാദം, മുസ്ലീങ്ങളിൽ സുൽത്താൻ മുതൽ പട്ടാളക്കാർ വരെ ഏറ്റെടുത്തിരുന്നു എന്ന് സവർക്കർ വാദിക്കുന്നു. അവർ ഹിന്ദു സ്ത്രീകളെ, രാജകുടുംബങ്ങളിലെയും പുകൾപ്പെറ്റ കുടുംബങ്ങളിലേയും വിവാഹിതകളെയടക്കം നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നും അങ്ങനെ തങ്ങളുടെ മതവിശ്വാസികളുടെ എണ്ണം വർദ്ധിപ്പിച്ചുവെന്നും നേരത്തെ പറഞ്ഞ പോലെ സംശയാസ്പദമായ ചരിത്രത്തെ മുന്നിൽ നിർത്തി സവർക്കർ അവകാശപ്പെടുന്നു. ” ബീഗമായാലും ഭിക്ഷുവായാലും ” മുസ്ലീം സ്ത്രീകൾ അവരുടെ ആൺവിഭാഗം ചെയ്യുന്ന ഇത്തരം ക്രൂരതകളെ പ്രോത്സാഹിപ്പിച്ചുവെന്നും അതിൽ അഭിമാനം കൊണ്ടുവെന്നും സവർക്കർ അഭിപ്രായപ്പെടുന്നു. അതോടൊപ്പം മുസ്ലീം സ്ത്രീകൾ തങ്ങളുടെ നാടുകളിലുള്ള ഹിന്ദുവനിതകളെ അടച്ചിടുകയും അവരെ തൊട്ടടുത്ത മസ്ജിദുകളിലേയ്ക്കും പള്ളികളിലേയ്ക്കും എത്തിച്ചുകൊടുക്കുകയും ചെയ്തു എന്ന് കൂടി സവർക്കർ എഴുതുന്നു. “മുസ്ലീം പുരുഷന്മാർ മാത്രമാണ് ഇത്തരം കാര്യങ്ങൾക്ക് തിരിച്ചടിയേറ്റ് അപമാനീകരിക്കപ്പെട്ടിട്ടുള്ളത്. മുസ്ലീം സ്ത്രീകൾ – ഒരിക്കലും ഇല്ല ”
ഈ അതിക്രൂരമായ ചരിത്രദർശനം നടത്തിയ ശേഷം സവർക്കർ തുടരുന്നു. കല്യാണിലെ സ്ത്രീയെ തിരിച്ചേല്പിച്ച ശേഷം ” ശിവജി മഹാരാജാവോ ചിമാജി അപ്പാവോ, മുഹമ്മദ് ഗസ്നിയും മുഹമ്മദ് ഗോറിയും അലാവുദ്ദീൻ ഖിൽജിയും നടത്തിയ അക്രമങ്ങളേയും ബലാത്സംഗങ്ങളേയും ഓർത്തിരുന്നോ? ”
” ഒരു പക്ഷേ, ലക്ഷക്കണക്കിന് വരുന്ന അത്തരം (ഹിന്ദു ) സ്ത്രീകളുടെ ആത്മാവ് ഒരു പക്ഷേ പറഞ്ഞിരിക്കും. ഓ, ഛത്രപതി ശിവജി മഹാരാജ്, ഓ പ്രിയപ്പെട്ട ചിമാജി അപ്പാ, സുൽത്താൻമാരും മൗലവികളും മറ്റനേകം ആയിരങ്ങളും ഞങ്ങളുടെ മേൽ നടത്തിയ വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്തത്രയും ചെറുതും വലുതുമായ അക്രമങ്ങളും അടിച്ചമർത്തലും ദ്വേഷപ്രകടനങ്ങളും മറക്കരുതേ. ഒരു ഹിന്ദു വിജയം സംഭവിക്കുകയാണെങ്കിൽ ഹിന്ദുരാജാക്കളും അവരുടെ പടയാളികളും ഞങ്ങളുടെ മാനഭംഗത്തിനും അപമാനത്തിനും മുസ്ലീം സ്ത്രീകൾക്ക് മേൽ പകരം വീട്ടണേ. ഒരിക്കൽ മുസ്ലീം സ്ത്രീകൾക്ക് സഹിക്കേണ്ടി വന്ന ഈ വെറുക്കപ്പെട്ട അപമാനം വേട്ടയാടുകയാണെങ്കിൽ , ഭാവിയിലെ മുസ്ലീം അധിനിവേശകർ അത്തരം ഒരു മാനഭംഗം ഹിന്ദുസ്ത്രീകളിൽ ഏല്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയേ ഇല്ല ”
ശിവാജിയും ചിമാജി അപ്പാവും കല്യാണിൽ കാണിച്ച ഭീരുത്വം ആത്മഹത്യാപരമാണ്. സവർക്കർ അഭിപ്രായപ്പെടുന്നു. കാരണം അത് ” ഹിന്ദുസ്ത്രീകൾക്ക് മേൽ നടത്തിയ വിവരിക്കാനാകാത്ത ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ലഭിക്കേണ്ട കനത്ത ശിക്ഷയിൽ നിന്ന് മുസ്ലീം സ്ത്രീകളെ രക്ഷിച്ചു ”
അതിനാൽ ശിവാജി മഹാരാജാവ് ചെയ്യേണ്ടിയിരുന്നത് കല്യാണിലെ മുസ്ലീം സ്ത്രീയെ തൻ്റെ ഏതെങ്കിലും പടയാളിക്ക് ബലാത്സംഗം ചെയ്യാൻ വിട്ടുകൊടുക്കുകയായിരുന്നു എന്ന് അഭിപ്രായപ്പെട്ടാണ് സവർക്കർ ഈ ബലാത്സംഗവിചാരം അവസാനിപ്പിക്കുന്നത്.
ഇന്ത്യൻ ഭരണഘടനയും ഇന്ത്യൻ റിപ്പബ്ലിക്കും നിലവിൽ വന്ന് ഏതാണ്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞ കാലത്താണ് സവർക്കർ ഇത്തരമൊരു ഭാഷയിൽ സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നത് എന്നോർക്കണം. രാജഭരണം പോയി. ജനാധിപത്യമൂല്യങ്ങളുടേതായ ഒരു ആശയലോകവും ഭരണവ്യവസ്ഥയും നിലവിൽ വന്നു. ആണും പെണ്ണും നിയമത്തിൻ്റെ ഏട്ടിലെങ്കിലും തുല്യരായി. ബലാത്സംഗം വെറുക്കപ്പെടുന്ന കുറ്റമായി. ഈ സന്ദർഭത്തിലാണ് ഹിന്ദുത്വത്തിൻ്റെ പിതാവായും ” തത്വജ്ഞാനി” യായും “സ്വാതന്ത്ര്യവീര ” നായും വാഴ്ത്തപ്പെടുന്ന ഒരാൾ ഇല്ലാത്ത ഭൂതത്തെ ഉള്ളതിലും അധികമായി കാണിച്ചുകൊണ്ട് നിർമ്മിച്ച എഴുത്തിൻ്റേതായ പ്രാകൃതത്വത്തിൽ നിന്ന് പക വിതറുന്നത്.
Be the first to write a comment.