34. ഭാഷയെ മതവല്ക്കരിക്കുമ്പോൾ
…………………………………………………………………..
ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ എന്ന്  ഹിന്ദുത്വപ്രത്യയശാസ്ത്രസാരത്തെ ചുരുക്കി പരാമർശിക്കാറുണ്ട്. അതിൽ ആദ്യത്തേതിന് മറാത്താ ബ്രാഹ്മണർ രാഷ്ട്രീയരൂപം കൊടുക്കുന്നത് നാം കണ്ടു. 1923 ലെ ” ഹിന്ദുത്വ ” എന്ന പുസ്തകത്തിലൂടെ ഹിന്ദുസ്ഥാൻ എന്ന രാഷ്ട്രസങ്കല്പവും അതിൻ്റെ  ഭൂപരിധിയുടേയും പൗരത്വനിയമത്തിൻ്റേയും നിബന്ധനകളും രൂപം കൊള്ളുന്നതും നാം കണ്ടു. ഹിന്ദുസ്ഥാൻ്റെ ഭാഷ എന്തായിരിക്കണം എന്ന കാര്യവും സവർക്കർ ” ഹിന്ദുത്വ ” യിൽ ചർച്ച ചെയ്യുന്നുണ്ട്. സംസ്കൃതം എന്ന ഭാഷയെ ഭാഷകളുടെ ഭാഷയായി കണ്ട് ഒരു ഏകഭാഷാ രാഷ്ട്രം എന്ന നിലയ്ക്ക് ഹിന്ദുസ്ഥാനെ നിർവ്വചിക്കാൻ ശ്രമിക്കുന്നതും നാം പരാമർശിക്കുകയുണ്ടായി.എന്നാൽ ഭാഷാശുദ്ധീകരണം എന്ന ആശയം സവർക്കർ മുന്നോട്ടു വെയ്ക്കുന്നത് പിൽക്കാലത്താണ്. ആൻഡമാൻ കാലത്തിൻ്റെ അവസാനത്തോടനുബന്ധിച്ചാണ് ” ശുദ്ധി ” എന്ന ആശയവും പ്രയോഗവും സവർക്കറിൽ എത്തുന്നത്. രത്നഗിരിക്കാലത്തെ സവർക്കറുടെ ഏറ്റവും വലിയ രാഷ്ട്രീയ പ്രയോഗം ” ശുദ്ധി ” ആയിരുന്നു. ഇതരമതങ്ങളിൽ നിന്ന് ഹിന്ദുമതത്തിലേയ്ക്ക് മതം മാറ്റുന്ന പ്രക്രിയയേയാണ് ” ശുദ്ധി ” എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നത് നാം മനസ്സിലാക്കി കഴിഞ്ഞു. ഇന്ത്യയിലെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും യഥാർത്ഥത്തിൽ മതംമാറ്റത്തിന് വിധേയരായ ഹിന്ദുക്കൾ ആണെന്നും അതുവഴി അവർ അശുദ്ധരാക്കപ്പെട്ടുവെന്നും, തിരിച്ച് ഹിന്ദുമതത്തിലേയ്ക്ക് അവരെ ആനയിക്കണമെങ്കിൽ ആ അശുദ്ധി നീക്കം ചെയ്യണമെന്നുള്ള സങ്കല്പമാണ് ശുദ്ധി എന്ന സങ്കല്പനത്തിൽ നിഴലിക്കുന്നത്. ശുദ്ധം, അശുദ്ധം എന്ന ദ്വന്ദ്വനിർമ്മിതിയിലൂടെയാണ് അത് സാധിച്ചെടുക്കുന്നത്. മുസ്ലീമോ ക്രിസ്ത്യാനിയോ ഭാഗമായി വരുന്ന സമൂഹസങ്കല്പവും അതിനാൽ അശുദ്ധമാണ്. അതിനെ മാലിന്യ രഹിതമാക്കണമെങ്കിൽ അവരെ ഹിന്ദുമതത്തിലേയ്ക്ക് മാറ്റിയെടുത്ത്  ശുദ്ധീകരിക്കേണ്ടതുണ്ട്.ഇതേ സങ്കല്പം തന്നെയാണ് ഭാഷയുടെ കാര്യത്തിൽ സവർക്കർ വെച്ചുപുലർത്തിയത്. ഭാഷയുടെ സൈനികവല്ക്കരണമാണ് ഭാഷാശുദ്ധിയെപ്പറ്റി മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങളാൽ സവർക്കർ ഉന്നം വെച്ചിരുന്നതെന്ന് കാണാൻ കഴിയും. രണ്ടുതരത്തിലാണ് ഭാഷയെ ശുദ്ധീകരിക്കാനുള്ള നടപടികൾ സവർക്കർ തുടങ്ങി വെച്ചത്. ഒന്ന്, ലിപി പരിഷ്ക്കരണം. രണ്ട്, ഭാഷയുടെ ഘടനയുടെ പുനർനിർമ്മാണം. ഈ വിഷയങ്ങളിൽ സവർക്കറുടെ നിലപാട് എന്തെന്ന് നോക്കാം.സൂരജ്കുമാർ തുബേ, 2020 ആഗസ്റ്റ് 31 ന് സ്ക്രോൾ.ഇൻ -ൽ എഴുതിയ ” വി.ഡി.സവർക്കറുടെ ഭാഷാ ശുദ്ധീകരണ പദ്ധതി ഒരു ഹിന്ദുഭാഷ നിർമ്മിക്കുന്നതിൻ്റെ പ്രാരംഭമായിരുന്നു ” എന്ന ലേഖനം ഇതിലേയ്ക്ക് വെളിച്ചം വീശുന്നതാണ്. 1926 ൽ പുറത്തിറങ്ങിയ സവർക്കറുടെ ” മറാത്തി  ഭാഷ ശുദ്ധീകരൺ ” എന്ന പുസ്തകത്തിലൂടെയാണ് സവർക്കർ തൻ്റെ ആശയങ്ങൾ മുന്നോട്ടുവെച്ചത്. തിലക് ആരംഭിച്ച കേസരി എന്ന പത്രികയിൽ വന്ന ലേഖനങ്ങളുടെ സമാഹാരം ആയിരുന്നു അത്. ഹിന്ദുത്വ യിൽ എങ്ങനെയാണോ പൗരത്വത്തെ നിർവ്വചിച്ചത്, ഏതാണ്ട് അതിന് സമാനമായ മട്ടിലാണ് സവർക്കർ ഭാഷയിൽ ഉൾക്കൊള്ളിക്കേണ്ടതും പുറം തള്ളേണ്ടതുമായ വാക്കുകളെ നിർണ്ണയിച്ചത്. ആ അർത്ഥത്തിൽ സവർക്കറുടെ ഭാഷാസങ്കല്പം ഏതാണ്ട് രാഷ്ട്രസങ്കല്പത്തോട് സമാനമായ ഒന്നായിരുന്നു. ഹിന്ദുഭാഷ എന്ന സമുദ്രത്തിലേയ്ക്ക് പായുന്ന നദികൾ കണക്കെയാണ് സവർക്കർ ഇന്ത്യൻ ഭാഷകളെ കണ്ടിരുന്നത്. ഇന്ത്യയിലെ വളരെ വ്യത്യസ്തമായ  ഭാഷകളെ രാഷ്ട്ര സങ്കല്പം ഉപയോഗിച്ച് കൂട്ടിയിണക്കാനാണ് സവർക്കർ ശ്രമിച്ചത്. ഇന്ത്യയിൽ ഉത്ഭവിക്കുകയും സംസാരിക്കുകയും ചെയ്യുന്ന എല്ലാ ഭാഷകളും ഹിന്ദുഭാഷാ സംഘം എന്ന് അദ്ദേഹം വിളിക്കുന്ന ഒന്നിൻ്റെ ഭാഗങ്ങൾ ആയിരുന്നു എന്ന് സൂരജ്കുമാർ തുബേ ചൂണ്ടിക്കാട്ടുന്നു. 1958 ൽ മേൽപ്പുസ്തകത്തിൻ്റെ മൂന്നാമത് പതിപ്പ്  ”ഭാഷാ ശുദ്ധീകരൺ ” എന്ന പേരിൽ പുറത്തിറങ്ങി.

ഭൂതകാലത്തെപ്പറ്റിയുള്ള ഏതൊരു വിചാരത്തിൻ്റേയും മാനദണ്ഡമായ ശിവജിയുടെ മറാത്താ സാമ്രാജ്യവും തുടർന്നു വരുന്ന പേഷ്വാസാമ്രാജ്യവും സവർക്കറുടെ ഭാഷാവിചാരത്തിൻ്റേയും ആണിക്കല്ലായി നിലകൊള്ളുന്നു. ശിവജിയുടെ രാജസദസ്സിലെ അംഗമായിരുന്ന പണ്ഡിറ്റ് രഘുവീർ രചിച്ച രാജ്യവ്യവഹാർ കോശ് എന്ന പദസമാഹാരമാണ് സവർക്കർ മാനദണ്ഡമായി സ്വീകരിക്കുന്നത്. അത് സംസ്കൃത നിഷ്ഠ ശബ്ദങ്ങളെ / പദങ്ങളെയാണ് അടിസ്ഥാനമായി സ്വീകരിച്ചത്. അതായത് സംസ്കൃതത്തിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് മറാത്തി ഭാഷയുടെ കേന്ദ്രത്തിൽ ഒരു ഓർമ്മശാല എന്നന്നേയ്ക്കുമായി സ്ഥാപിക്കുക എന്ന പ്രവർത്തനമാണ് പണ്ഡിറ്റ് രഘുവീർ നടത്തിയത്. പക്ഷെ, രഘുവീറിൻ്റെ പദകോശം, സൂരജ് കുമാർ തുബേ ചൂണ്ടിക്കാട്ടുന്ന പോലെ, ഒരു ഔദ്യോഗിക ഭാഷ നിർമ്മിക്കാനുള്ള ശ്രമമായിരുന്നു. ഔദ്യോഗികമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള മുഴക്കമുള്ളതും സാങ്കേതികസ്വഭാവമുള്ളതുമായ ഒരു പദകോശമാണ് യഥാർത്ഥത്തിൽ രഘുവീർ നിർമ്മിച്ചത്. അത് മറ്റ് സാമൂഹിക ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നില്ല. എന്നാൽ സവർക്കർ തൻ്റെ സംസ്കൃത കേന്ദ്രിതമായ മറാത്തി ഭാഷയെ “ശുദ്ധീകരി”ക്കുന്നത് ദൈനം ദിനമായ സാമൂഹികകാര്യങ്ങൾക്ക് മുഴുവൻ ബാധകമാക്കാനുദ്ദേശിച്ചാണ്.

സവർക്കറുടെ “ഭാഷാശുദ്ധീകരണി” ൻ്റെ മൂന്നാം പതിപ്പിന് അവതാരിക എഴുതിയത് കൃഷ്ണ ക്ഷോർ സാഗർ ആണ്. അതിൽ  “ഭാഷാശുദ്ധി” തൻ്റെ പ്രധാനപ്പെട്ട ആശയമായി അവതരിപ്പിക്കുന്നതിനുള്ള ചരിത്രസന്ദർഭം പരിശോധിക്കുന്നുണ്ട്. യുണൈറ്റഡ് പ്രൊവിൻസസിലെ പ്രധാനപ്പെട്ട ഭാഷയായ ഹിന്ദി ഭാഷയ്ക്കുള്ളിൽ നടന്നു കൊണ്ടിരിക്കുന്ന സംസ്കൃതവല്കൃത ഹിന്ദിയും ഹിന്ദുസ്ഥാനി എന്ന് അക്കാലത്ത് വിളിച്ചിരുന്ന ഉറുദു കലർന്ന ഹിന്ദിയും തമ്മിലുള്ള ഉരസലിൻ്റെ സന്ദർഭം ആണ് ഭാഷാ വിചാരത്തിന് സവർക്കറെ പ്രേരിപ്പിച്ചത് എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ആ തർക്കത്തിന് പിന്നാലെ പോയാൽ ഗാന്ധി പ്രതിനിധീകരിച്ചിരുന്ന ഭാഷാ സങ്കല്പത്തെ എതിരിടുന്നതിന് വേണ്ടിയാണ് സവർക്കർ ഭാഷാശുദ്ധി സങ്കല്പം കൊണ്ടുവന്നത് എന്ന് വ്യക്തമായി മനസ്സിലാക്കാം. ഗാന്ധി രാഷ്ട്രീയത്തിൽ സജീവമായപ്പോൾ ഹിന്ദിബെൽറ്റിലെ ജനങ്ങളോട് സംസാരിച്ചിരുന്നത് ഹിന്ദുസ്ഥാനിയിലാണ്. ഉറുദുകലർന്ന ഹിന്ദിയാണ് ഹിന്ദുസ്ഥാനി. തീർച്ചയായും സംസ്കൃതവും ഉറുദുവും തമ്മിലുള്ള ചേർച്ച ഒരർത്ഥത്തിൽ ഇന്ത്യയുടെ ബഹുസ്വരതയെ പ്രതിനിധീകരിക്കുന്ന ഒന്നാണ്. ശുദ്ധം എന്നതിനേക്കാൾ ഇന്ത്യയുടെ സ്വാഭാവികത കലർപ്പാണ്. ഗാന്ധിയെ തുടർന്ന് ഉത്തരേന്ത്യയിലെ കോൺഗ്രസ്സ് നേതാക്കളും ഹിന്ദുസ്ഥാനി ധാരാളമായി ഉപയോഗിക്കാൻ തുടങ്ങി. പൊതു ഭാഷ എന്നത് ഹിന്ദുസ്ഥാനിയായി മാറി.

അതിനാൽ സവർക്കറുടെ ഭാഷാശുദ്ധി സിദ്ധാന്തത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം ഭാഷയിൽ നിന്ന് പഴയതും പുതിയതുമായ ഹൈന്ദ വേതര പദങ്ങൾ പെറുക്കിക്കളയുക എന്നായിരുന്നു. ഹൈന്ദവേതര പദങ്ങളുടെ ഒരു കൂട്ടം മറാത്തിഭാഷയിൽ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും മറാത്തിഭാഷ എന്ന സമാഹാരത്തിൽ അവ മോഷ്ടാക്കളെപ്പോലെ ഒളിഞ്ഞിരിക്കുകയാണെന്നും സവർക്കർ ആരോപിച്ചു. വർഷങ്ങളായി വസിക്കുന്നത് കൊണ്ട് ദൈനംദിന ഭാഷാവ്യവഹാരങ്ങളിൽ അവ സാധാരണയായി ഉപയോഗിക്കപ്പെടുന്നു. ആ വാക്കുകളുടെ ” ഉൽക്കർഷത ” അങ്ങനെ ഉറച്ചിരിക്കുന്നു. ഹിന്ദി ഭാഷയെ സംബന്ധിച്ചിടത്തോളം ഉറുദു എന്നാൽ അതിൻ്റെ വികൃതവും മ്ലേച്ചവുമായ രൂപമാണ്.

1926 ന് മുമ്പ് സവർക്കർ ആവിഷ്ക്കരിച്ച ഈ സങ്കല്പനം 1949 മെയ് 8 ന് മറ്റൊരിടത്ത്, മറ്റൊരു സന്ദർഭത്തിൽ മുഴങ്ങിക്കേട്ടു. ഷിംല ഹൈക്കോടതിയിൽ താനെന്തുകൊണ്ട് ഗാന്ധിയെ കൊന്നു എന്ന് വിശദീകരിക്കുകയായിരുന്നു നാഥുറാം വിനായക് ഗോഡ്സേ. കൊലയ്ക്ക് കാരണമായി ഗോഡ്സേ ചൂണ്ടിക്കാണിച്ച ഒരു കാരണം ഗാന്ധി ഭാഷയിൽ വരുത്തിയ അശുദ്ധിയാണ്. ഗോഡ്സേ പറഞ്ഞു.

ഗാന്ധിയുടെ മുസ്ലീം പ്രീണന നിലപാട് അങ്ങനെത്തന്നെ ഇന്ത്യൻ ദേശീയഭാഷാ പ്രശ്നത്തെക്കുറിച്ച് അദ്ദേഹമെടുത്ത അശ്ലീല സമീപനത്തിൽ നിഴലിച്ചു കാണാം. പ്രാഥമികഭാഷയായി സ്വീകരിക്കപ്പെടുന്നതിനുള്ള ഏറ്റവും അർഹത ഹിന്ദിക്കാണുള്ളത് എന്നത് നിസ്തർക്കമാണ് ഇന്ത്യയിൽ അദ്ദേഹത്തിൻ്റെ പ്രവർത്തനം ആരംഭിച്ച നാളുകളിൽ ഗാന്ധി ഹിന്ദിക്ക് വലിയ ഊന്നൽ കൊടുത്തിരുന്നു. എന്നാൽ മുസ്ലീങ്ങൾ അത് ഇഷ്ടപ്പെടുന്നില്ലെന്ന് മനസ്സിലാക്കിയപ്പോൾ ഹിന്ദുസ്ഥാനി എന്ന് വിളിക്കപ്പെടുന്ന ഒന്നിൻ്റെ വക്താവായി അദ്ദേഹം മാറുകയുണ്ടായി. ഇന്ത്യയിലെ എല്ലാവർക്കും അറിയാം, ഹിന്ദുസ്ഥാനി എന്നൊരു ഭാഷ നിലവിലില്ല .അതിന് വ്യാകരണമില്ല. അതിന് വാഗ്സമ്പത്തില്ല. അതൊരു ഭാഷാഭേദം മാത്രമാണ്. സംസാരിക്കാം. എഴുതാനാകില്ല. അതൊരു തന്തയില്ലാ ഭാഷയാണ്. ഹിന്ദിയുടേയും ഉറുദുവിൻ്റേയും സങ്കര സന്തതി. മഹാത്മാവിൻ്റെ ഉപായത്തിനുപോലും അതിനെ ജനകീയമാക്കാനായില്ല. പക്ഷെ, മുസ്ലീങ്ങളെ പ്രീണിപ്പിക്കുക എന്ന അദ്ദേഹത്തിൻ്റെ ആഗ്രഹം കൊണ്ട് ഹിന്ദുസ്ഥാനി മാത്രമേ ഇന്ത്യയുടെ ദേശീയ ഭാഷയാകാൻ പാടുള്ളു എന്ന് അദ്ദേഹം ശഠിച്ചു. അദ്ദേഹത്തിൻ്റെ അന്ധരായ അനുയായികളാകട്ടെ അദ്ദേഹത്തിൻ്റെ പിന്തുണക്കുകയും ഈ സങ്കരഭാഷ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. മുസ്ലീങ്ങളെ പ്രീണിപ്പിക്കുന്നതിനായി ഹിന്ദി ഭാഷയുടെ പ്രസരിപ്പും വിശുദ്ധിയും വ്യഭിചരിക്കപ്പെട്ടു.

സവർക്കറുടെ ഭാഷാശുദ്ധി സങ്കല്പം അടിസ്ഥാനപരമായി ഉദ്ദേശിക്കുന്നത് ഭാഷയുടെ ഹിന്ദുത്വവല്ക്കരണമാണ് എന്ന് ഗോഡ്സേയുടെ ഈ പ്രസ്താവന അസന്ദിഗ്ദ്ധമായി തെളിയിക്കുന്നു. സവർക്കർക്ക് എക്കാലവും ഉണ്ടായിരുന്ന ” അന്ധരായ അനുയായി ” ക ളിൽ ഏറ്റവും പ്രധാനപ്പെട്ട ആളായിരുന്നു ഗോഡ്സേ. ഹിന്ദുത്വ എന്ന ആശയം കൊണ്ട് സവർക്കർ ആത്യന്തികമായി ഉദ്ദേശിച്ചത് രാഷ്ട്രീയത്തെ ഹിന്ദുവല്ക്കരിക്കുക, ഹിന്ദു സമൂഹത്തെ സൈനികവല്ക്കരിക്കുക എന്നതാണെന്ന് നാം മനസ്സിലാക്കിക്കഴിഞ്ഞു. ഇതിന് സമാനമായി ഭാഷയെ ഹിന്ദുവല്ക്കരിക്കാനും ഹിന്ദുഭാഷയെ സൈന്യവല്ക്കരിക്കാനുമായിരുന്നു സവർക്കർ ശ്രമിച്ചത്. സവർക്കറുടെ ഏത് സങ്കല്പനവും ഹിംസയിലേ എത്തിനിൽക്കൂ എന്നത് നാം കണ്ടു. സവർക്കറുടെ  ഭാഷാസങ്കല്പനം അങ്ങനെ എത്തിച്ചേർന്നത് മഹാത്മാഗാന്ധി വധത്തിൽ ആയിരുന്നു. സവർക്കറോട് ആദരവ് പുലർത്തിയെഴുതിയ ജീവചരിത്രങ്ങളിൽ പോലും ഗോഡ്സേ കോടതി മുറിയിൽ വായിച്ച പ്രസ്താവനയുടെ യഥാർത്ഥ കർത്താവ് സവർക്കർ ആണെന്ന നിലപാട് എടുക്കുന്നുണ്ട്.

ഉറുദുവിനെ സവർക്കർ എതിർക്കാനുള്ള ഒരേ ഒരു കാരണം അത് ഉത്തരേന്ത്യൻ മുസ്ലീങ്ങളിൽ ചിലരെങ്കിലും അത് തങ്ങളുടെ മാതൃഭാഷയായി സ്വീകരിച്ചിട്ടുണ്ട് എന്നാണ്. അതിനാൽ മുസ്ലീം ചരിത്രമായി അദ്ദേഹം സ്വാംശീകരിച്ച ദേശചരിത്രളൈ മുഴുവൻ ഉറുദുവിലേയ്ക്ക് കൊണ്ടുവരുന്നുണ്ട്. ഫാഴ്സി, അറബി, പുഷ്തുഭാഷകളുടെ സങ്കലനമായാണ് സവർക്കർ ഉറുദുവിനെ കാണുന്നത്. സവർക്കർ ഹിന്ദുക്കളെ ഓർമ്മിപ്പിക്കുന്നതെന്തെന്നാൽ,

മുസ്ലീം അധിനിവേശകരുടെ ഭാഷയോടുള്ള  ഘടനാപരമായ സമീപനം ഹിന്ദുക്കൾ അറിഞ്ഞിരിക്കേണ്ടതാണ്. ഹിന്ദു ഭാഷാ സംഘത്തിൻ്റെ മഹത്വം അധിനിവേശകർക്ക് വഴിപ്പെടാത്തത് കൊണ്ട് അവരുടെ സ്വന്തം ഭാഷാഭാവുകത്വം വെച്ചുകൊണ്ട് അവർ ഈ ഭാഷകളെ പഠിച്ചെടുക്കാൻ ശ്രമിച്ചു. അവയ്ക്ക് നേരെ യുദ്ധം തുടങ്ങി വെയ്ക്കുന്നതിന് പകരം.”

ഭാഷയെ ജാതി വല്ക്കരിക്കുന്നതിനൊപ്പം തന്നെ ” ഹിന്ദുത്വ ” യിലും മറ്റ് കൃതികളിലും കാണുന്ന പോലെ തർക്കങ്ങളിലൂടെയാണ് തൻ്റെ വാദങ്ങൾ സവർക്കർ സാധിച്ചെടുക്കുന്നത്. ഇതാകട്ടെ ബാലിശവും. സ്വഭാഷയുടെ മാധ്യസ്ഥത്തിലൂടെയാണ് ഏവരും മറ്റൊരു ഭാഷയെ മനസ്സിലാക്കുകയും പഠിച്ചെടുക്കുകയും ചെയ്യുക.  പഠിച്ചെടുക്കേണ്ട ഭാഷയിൽ വീണ്ടും ജനിച്ച്, അത് മാതൃഭാഷയായ മനുഷ്യരെപ്പോലെ പഠിച്ചെടുക്കുക മനുഷ്യസാധ്യമല്ലാത്തതിനാൽ മറ്റൊരു ഭാഷ പഠിക്കുക എന്നത് സവർക്കർ സൂചിപ്പിക്കുന്ന പ്രകാരമല്ലാതെ സാധ്യമല്ല. യഥാർത്ഥത്തിൽ സവർക്കർ അധിനിവേശകർ എന്ന് വിളിക്കുന്ന ഒരാളും ഇന്ത്യയിലെ ഒരു ഭാഷയേയും ഒന്നും ചെയ്തിട്ടില്ല. തങ്ങളുടെ ഭാഷയെ മുഖാമുഖം നിർത്തിക്കൊണ്ട് അവയെ പരിപോഷിപ്പിക്കുകയല്ലാതെ. ഇംഗ്ലീഷ് മാത്രമാണ് ഒരു അധിനിവേശഭാഷ എന്ന നിലയിൽ മറു ഭാഷകളിൽ അപകർഷതാബോധം സൃഷ്ടിച്ചത്. സ്പാനിഷുകാർ ലാറ്റിനമേരിക്കയിൽ ചെയ്ത പോലെ ഭാഷാധ്വംസനം ഇന്ത്യയിൽ ആരും നടത്തിയിട്ടില്ല എന്നതാണ് വാസ്തവം. ഈ വസ്തുത അറിയാമെന്നിരിക്കേ തൻ്റെ വക്രബുദ്ധി കൊണ്ട് ,ഒരു പക്ഷെ ബ്രാഹ്മണിസം മേൽക്കോയ്മയിലൂടെ ആർജ്ജിച്ചെടുത്ത താർക്കികതയുടെ പ്രയോഗമാണ് സവർക്കർ മറ്റെവിടെയും എന്ന പോലെ ഈ സംവാദത്തിലും നടത്തുന്നത്.

മറ്റ് ഭാഷകൾ നൽകിയ പദങ്ങൾ ഉപേക്ഷിച്ചാൽ മറാത്തിയും മറ്റും അങ്ങേയറ്റം ശോഷിക്കുമെന്ന അറിവിലായിരിക്കണം, മറാത്തിയും കന്നഡയും സംസാരിക്കുന്നവരോട് അവരുടെ ഭാഷയിലെ ഉത്തരേന്ത്യൻ പദങ്ങൾ എല്ലാം “മുസൽമാനി ഭാഷ ” ആണെന്ന് തെറ്റിദ്ധരിക്കരുത് എന്ന് പറയുന്നുണ്ട്. സ്വകീയമായ ഭാഷാ മണ്ഡലത്തിൽ കയറിക്കൂടിയ പരകീയ പദങ്ങൾ കണ്ടുപിടിച്ച് അവയ്ക്ക് ബദൽ വാക്കുകൾ പടുത്തുയർത്താനാണ് സവർക്കർ ആവശ്യപ്പെടുന്നത്. സൂക്ഷ്മമായി നോക്കിയാൽ അധിനിവേശഭരണം മൂലം നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്ന പുതിയ പദങ്ങൾക്ക് സ്വഭാഷയിൽ പദങ്ങൾ നിർമ്മിക്കാനാണ് സവർക്കർ ആവശ്യപ്പെടുന്നത്. എന്നാൽ അത്തരം ഒരു പ്രവൃത്തിയെ, ഭാഷാധുനികതയുടെ ഒരു വഴി എന്ന നിലയ്ക്കല്ലാതെ മറ്റ് തരത്തിൽ വിശേഷിപ്പിക്കാൻ നിർവാഹമില്ലാത്തതിനാൽ ജാതിയുടേയും മതത്തിൻ്റേയും ഇല്ലാക്കഥകൾ ഭാഷയ്ക്ക് മേൽ വെച്ചു കെട്ടുന്നു എന്ന് മാത്രം. സവർക്കർ മറാത്തിയിൽ സൃഷ്ടിച്ചെടുത്തു എന്നവകാശപ്പെടുന്ന വാക്കുകൾ നോക്കിയാൽ നമുക്ക് എളുപ്പത്തിൽ മനസ്സിലാകും.

Lecturer’: ‘പ്രവാചക്
washing centre : നിർമൽ കേന്ദ്ര
Hair Cutting saloon: കേശ് കർത്തനാലയ
Date : ദിനാങ്ക്
telephone : ദൂരധ്വനി
Lound speaker : ധ്വനി ശപക്
Tele printer : ദൂരമുദ്രക്
Mayor :മഹാപൗർ
Director : നിർദ്ദേശക്

പരിശോധിച്ചാൽ നമുക്ക് അറിയാൻ കഴിയുക ഇവയെല്ലാം തന്നെ ഇംഗ്ലീഷുകാരുടെ അധിനിവേശം നമ്മുടെ സാമൂഹ്യജീവിതത്തിൽ കൊണ്ടുവന്ന സാങ്കേതികവും കച്ചവടപരവും ഭരണപരവുമായ പുതിയ ഇടങ്ങളെ സംസ്കൃതത്തിൽ പുനരാവിഷ്ക്കരിക്കുകയായിരുന്നു സവർക്കർ എന്നാണ്. അധിനിവേശകരുടെ ജാതിക്കോ മതത്തിനോ യാതൊരു സാംഗത്യവും ഇവയിൽ ആരോപിക്കാനാകില്ല. മറിച്ച് ഇവയെ മ്ലേച്ഛ പദങ്ങളായി വിവരിക്കുക വഴി തൻ്റെ ജാതി, മത അജണ്ടകളെയാണ് സവർക്കർ പ്രക്ഷേപിക്കുന്നത്.

സൂരജ്കുമാർ തുബേ ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം ഇവിടെ പ്രസക്തമാണ്. ബ്രാഹ്മണദൃഷ്ടിയിൽ മ്ലേച്ഛം എന്നത് പലപ്പോഴും ദളിതരുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യമാണ്. അതിനെ മുസ്ലീങ്ങളിലേയ്ക്കും ഇംഗ്ലീഷുകാരിലേക്കും നീട്ടുകയാണ് യഥാർത്ഥത്തിൽ നവ- യാഥാസ്ഥിതിക ബ്രാഹ്മണിസം ചെയ്തത്. യഥാർത്ഥത്തിൽ അംബേദ്ക്കറും കൂട്ടരും കൊണ്ടുവന്ന, സംസ്കൃതാധിക്യത്തെ നിഷേധിക്കുന്ന ഭാഷാശൈലിയെ ” അംബേദ്കർ ജൽസ ” യോടാണ്, ഗാന്ധിയുടെ ശൈലിയോടെന്ന പോലെ, സവർക്കർ എതിരിട്ടത്. ദളിത് ചരിത്രത്തെ ആഗിരണം ചെയ്തുകൊണ്ട് അവരെ എങ്ങനെ ബ്രാഹ്മണചരിത്രത്തിൻ്റെ ഭാഗമാക്കാം എന്ന് തൻ്റെ രത്നഗിരി താമസക്കാലത്ത് നടത്തിയ ജാതി ആഗിരണ കർമ്മപദ്ധതിയുടെ തുടർച്ചയാണ് ഇവിടെയും സംഭവിക്കുന്നത്. ദളിതർ ബ്രാഹ്മണിസത്തെ എതിർചേരിയിൽ നിർത്തിക്കൊണ്ട് ആവിഷ്ക്കരിച്ച ഭാഷാപ്രയോഗങ്ങളെ, ഭാഷാശുദ്ധി എന്ന പ്രക്രിയയിലൂടെ എന്നന്നേയ്ക്കുമായി കുഴിച്ചുമൂടുക.

അക്ബറുടെ കാലത്ത് ജീവിച്ചിരുന്ന രാജാ ടോഡർമാളിൻ്റെ പുരാതന കാലം മുതൽ ലാലാ ലജ്പതറായിയുടെ പുതിയ കാലം വരെ ഹിന്ദുക്കൾ ഫാഴ്സിയും പുഷ്തുവും അറബിയും ഉപയോഗിക്കുന്നത് ജ്ഞാനസംഭരണത്തിൻ്റെ വഴിവിളക്കെന്ന് വിചാരിക്കുന്ന വ്യാജ ബോധത്തിൽ വീണു എന്ന് സവർക്കർ കുറ്റപ്പെടുത്തുന്നു. എന്നാൽ മറാത്തിയുടെ കാര്യം വരുമ്പോൾ സവർക്കർ മലക്കം മറിയുന്നുണ്ട്. ചിത്പാവൻ ബ്രാഹ്മണനും നവ- യാഥാസ്ഥിതിക ബ്രാഹ്മണിസത്തിൻ്റെ ആദ്യ പ്രചാരകരിൽ ഒരാളുമായ വിഷ്ണുശാസ്ത്രി ചിപ്ലുങ്കറുടെ ഭാഷാ വിചാരങ്ങളിൽ ഇംഗ്ലീഷ് മാത്രമാണ് എതിർ പക്ഷത്ത് നിൽക്കുന്നത് എന്നതാണ് സവർക്കറെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഇതിനെ സവർക്കർ മറികടക്കുന്നത് ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ് ഉർദു, മറാത്തിയിലേയ്ക്ക് കടന്നു വന്നത് എന്ന ചരിത്രാടിത്തറയില്ലാത്ത വ്യാഖ്യാനം ചമച്ചാണ്.

യഥാർത്ഥത്തിൽ ഹിന്ദിയിൽ നടന്ന ഭാഷാചർച്ചകളിൽ നിന്നാണ് സവർക്കർ തൻ്റെ ആശയങ്ങൾ കടം കൊണ്ടത്. ലളിത് ജോഷിയുടെ ” സാമ്രാജ്യത്ത ഇന്ത്യയിലെ സിനിമയും ഹിന്ദി പത്രികകളും ( 1920 – 1947) ” എന്ന പഠനത്തിൽ ഹിന്ദിയെ സംബന്ധിച്ച ഭാഷാപ്രശ്നം ചർച്ച ചെയ്യുന്നുണ്ട്. സവർക്കർ എങ്ങനെ യാഥാർത്ഥ്യത്തെ തലതിരിച്ചിട്ടു എന്ന് മനസ്സിലാക്കാൻ മറ്റൊരു സന്ദർഭത്തെ മുൻനിർത്തി ആവിഷ്ക്കരിച്ച ഈ പഠനം ഉപകരിക്കും.പതിനെട്ടാം നൂറ്റാണ്ടുവരെ ഹിന്ദുസ്ഥാനിയാണ് ഹിന്ദി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് അതിനെ ഉടച്ചുവാർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. ഇരുപതാം നൂറ്റാണ്ടോടെ മാത്രമാണ് അതിൻ്റെ സംസ്കൃത വല്ക്കരിച്ച അവതാരമായ ഖരിബോലി ഉടലെടുക്കുന്നത് എന്ന് ഡാൽമിയയുടേയും റായുടേയും ഒർസിനിയുടേയും പഠനങ്ങളെ ആസ്പദിച്ച് ലളിത് ജോഷി വിശദമാക്കുന്നു. അതായത് മുമ്പ് ഉണ്ടായിരുന്ന ഹിന്ദിയെ, ഉറുദു ‘ മ്ലേച്ഛ’മാക്കുകയല്ല ചെയ്തത്. സവർക്കർ കല്പിച്ചു നൽകുന്ന ഭൂതകാലം ഹിന്ദിക്കില്ല. ഹിന്ദിക്ക് ഉറുദുവിൽ നിന്നും വേർപെട്ടുകൊണ്ടുള്ള സ്വയംഭരണം ഒരുകാലത്തും ഉണ്ടായിരുന്നില്ല. നേരെ മറിച്ച് ബനാറസിലും കാൺപൂരിലും ആഗ്രയിലും അലഹാബാദിലും പാറ്റ്നയിലും ഡെൽഹിയിലും കൽക്കത്തയിലും ബോംബെയിലും രൂപം കൊണ്ട ഹിന്ദി പൊതുമണ്ഡലത്തിലേയ്ക്ക് ബ്രാഹ്മണരും രാജ്പുത്തുകളും കായസ്ഥരും ബനിയകളും ഖത്രികളുമായ ഭൂവുടമകൾ ആയ കുടുംബങ്ങൾ ആകർഷിക്കപ്പെട്ടതോടെ മാത്രം ഉണ്ടായ പ്രതിഭാസമാണ് ഉറുദേതര ഹിന്ദി എന്ന് പറയുന്നത്. ഈ സവർണ്ണഹിന്ദുക്കൾ ഇടപെട്ടുണ്ടാക്കിയ പത്രികകൾ, സാഹിത്യ സംഘങ്ങൾ, പൊതുസംഘടനകൾ, പാഠപുസ്തകങ്ങൾ തുടങ്ങിയവയെല്ലാം ചേർന്നാണ് സംസ്കൃതത്തിൻ്റെ ഉപോത്പന്നമായി അവകാശപ്പെടുന്ന ഹിന്ദിയെ ഉണ്ടാക്കിയെടുത്തത്. 1910 ൽ അലഹാബാദിൽ വെച്ചു നടന്ന ഹിന്ദി സാഹിത്യ സമ്മേളനം ഇതിൽ വലിയ പങ്കുവഹിച്ചു. ഖിലാഫത്തിന് മുമ്പുള്ള  സ്വാതന്ത്ര്യ സമരപ്രസ്ഥാനവും അത്തരമൊരു നീക്കത്തിന് അനുകൂലമായിരുന്നു. 1916 ൽ, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് ഗാന്ധി ഇംഗ്ലീഷ് അല്ല രാജ്യത്തിനെ ഐക്യപ്പെടുത്തുന്ന ഭാഷ എന്ന് അഭിപ്രായപ്പെടുന്നുണ്ട്. ഹിന്ദിയോട് ചായ്‌വു കാണിച്ചു കൊണ്ട്. 1918 ൽ ഇൻഡോറിൽ വെച്ചു നടന്ന ഹിന്ദി സാഹിത്യ സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് തെക്കനിന്ത്യയിൽ ഹിന്ദി ജനകീയമാക്കാനുള്ള ഒരു നിർദ്ദേശം ഗാന്ധി സമർപ്പിക്കുകയും അത് പ്രതിനിധികൾക്കുള്ളിൽ മതിപ്പുളവാക്കുകയും ചെയ്തു.

എന്നാൽ ഭാഷയെ മതവല്ക്കരിക്കാനുള്ള സവർക്കറെപ്പോലുള്ളവരുടെ നീക്കം ഗാന്ധിയെ ആശങ്കപ്പെടുത്തി. ഖിലാഫത്ത് പ്രസ്ഥാനത്തെ തുടർന്ന് മുസ്ലീങ്ങളിൽ നല്ലൊരു വിഭാഗം ദേശീയപ്രസ്ഥാനത്തിൻ്റെ അവിഭാജ്യ ഘടകമായ് തീർന്നു. സ്വാതന്ത്ര്യ സമര പ്രസ്ഥാനം അത്തരം അർത്ഥത്തിൽ ഒരു മതേതര കാഴ്ചപ്പാടിനെ ഉണർത്തി. തുടർന്ന് 1935ൽ നടന്ന സമ്മേളനത്തിൽ ഹിന്ദി – ഹിന്ദുസ്ഥാനിയെ ഇന്ത്യയുടെ രാഷ്ട്ര ഭാഷയായി പ്രഖ്യാപിക്കാൻ പ്രതിനിധികളെ നിർബന്ധിച്ചു. വലതുപക്ഷക്കാരാൽ നിയന്ത്രിക്കപ്പെടുന്ന ഹിന്ദി പത്രങ്ങൾ ഗാന്ധിയുടെ ഈ പുതിയ നിലപാടിനെതിരെ ശക്തമായി പ്രതിഷേധിച്ചു. ഒർസീനി ചൂണ്ടിക്കാട്ടും പോലെ അപ്പോഴേക്കും ഭാഷാചർച്ച ആധികാരികതയ്ക്ക് വേണ്ടിയുള്ള സമരമായി മാറിയിരുന്നു.

ഈ സാഹചര്യമാണ് ഇന്ത്യൻ ഭാഷകളെ മതവല്ക്കരിക്കാനുള്ള ദീർഘ യത്നത്തിൽ സവർക്കർ മുഴുകുന്നത്.  ഒരൊറ്റ മതം, ഒരൊറ്റ രാഷ്ട്രം എന്നതിന് തുടർച്ചയായി ഒരൊറ്റഭാഷ എന്ന ലക്ഷ്യമാണ് സവർക്കർക്ക് ഉണ്ടായിരുന്നത്. സവർക്കർ പറയുന്നു;

നമ്മുടെ (മറാത്തിയിലെ ) വൃത്തവല്ക്കരിച്ചതും അല്ലാത്തതുമായ ( ഭാഷാ) നിർമ്മിതികൾ  പക്വതയാർജ്ജിച്ച ഹിന്ദിയിലേയും ബംഗാളിയിലേയും സമാന സ്വഭാവമുള്ള നിർമ്മിതികളുടെ ഭാഗമായി ഭാവിയിൽ ചിലപ്പോൾ  മാറുകയും എല്ലാ സംസ്കൃതജന്യ ഭാഷകളും ” ഹിന്ദുഭാഷ” എന്ന  ഒരൊറ്റ രൂപത്തിലേയ്ക്ക് ഉരുകിച്ചേരുകയും ചെയ്തേക്കാം

ഇതായിരുന്നു ഭാഷയുടെ മതവല്ക്കരണത്തെപ്പറ്റി സവർക്കർ കണ്ട സ്വപ്നം.

35. സജീവ രാഷ്ട്രീയത്തിലേയ്ക്ക് ‘ഹിന്ദുത്വ ‘ യുമായി

……………………………………………………………………………………………………………

1937 മെയ് 10 ന് സവർക്കർ പൂർണ്ണാർത്ഥത്തിൽ സ്വതന്ത്രനായി. ജില്ലാത്തടവ്,  രാഷ്ട്രീയപ്രവർത്തനത്തിനുള്ള വിലക്ക്, ഇവയെല്ലാം എടുത്തു മാറ്റപ്പെട്ടു. സ്വാതന്ത്ര്യസമരത്താൽ കലങ്ങി മറയുന്ന ഇന്ത്യയിലേയ്ക്ക് വിഭജനത്തിൻ്റെ ആയുധമായ “ഹിന്ദുത്വ ” എന്ന ബ്രാഹ്മണ വംശീയ രാഷ്ട്രീയവുമായി സവർക്കർ പാഞ്ഞിറങ്ങി. രത്നഗിരി വിട്ട് അദ്ദേഹം ആദ്യം സഞ്ചരിച്ചത് പടിഞ്ഞാറൻ മഹാരാഷ്ട്രയിലേക്കാണ്. പൂനെ കഴിഞ്ഞാൽ തിലകൈറ്റുകളുടെ പ്രധാനകേന്ദ്രമായിരുന്ന കോലാപ്പൂരിലേയ്ക്കായിരുന്നു ആദ്യ സന്ദർശനം. അക്കാലമാകുമ്പോഴേയ്ക്കും മഹാരാഷ്ട്രയിലെ സിനിമാവ്യവസായം തഴച്ചിരുന്നു. ദാദാ സാഹേബ് ഫാൽക്കേ, തിലകിനാൽ പ്രചോദിപ്പിക്കപ്പെട്ടിരുന്നു. തിലകിൻ്റെ നവ- യാഥാസ്ഥിതിക ബ്രാഹ്മണിസം സിനിമയേയും അതിൻ്റെ സാംസ്കാരികായുധമായി കരുതിയിരുന്നു. ധാരാളം ബ്രാഹ്മണർ’ ആ രംഗത്തേയ്ക്ക് കടന്നുവന്നിരുന്നു. അതിൽ പ്രസിദ്ധനായ ബാബുറാവു പെന്താർക്കറും ആ സ്വീകരണത്തിൽ പങ്കെടുത്തിരുന്നു. സ്വീകരണത്തിന് ശേഷം പെന്താർക്കറുടെ സ്റ്റുഡിയോയിൽ പോയ സവർക്കർ തൻ്റെ ഭാഷാസിദ്ധാന്തം അവിടെ പ്രയോഗിക്കുകയുണ്ടായി. ഡയറക്ടർക്ക് ദിഗ്ദർശക് എന്നും തിയ്യേറ്ററിന് കലാഗൃഹ എന്നും ഫോട്ടോഗ്രാഫിക്ക് ഛായാചിത്രൺ എന്നും സിനിമക്ക് ചിത്രപട്  എന്നും സൗണ്ട് റെക്കോർഡിംഗിന് ധ്വനിലേഖൻ എന്നുമാണ് അദ്ദേഹം നിർദ്ദേശിച്ചത്. അങ്ങനെ ബാബുറാവു പെന്താർക്കർ ആണ് സിനിമാ സാങ്കേതിക പദകോശത്തിൽ സവർക്കറുടെ സംസ്കൃതവല്ക്കരണത്തിന് തുടക്കം കുറിച്ചത്.

കോലാപ്പൂരിന് ശേഷം മീറജ്, പന്താർപ്പൂർ തുടങ്ങിയ പട്ടണങ്ങൾ സന്ദർശിച്ച ശേഷം അദ്ദേഹം സാംഗ്ലിയിലെത്തി. അവിടെ വെച്ച് നാഥുറാം ഗോഡ്സേ വീണ്ടും തൻ്റെ ഗുരുവിനെ കണ്ടുമുട്ടി. ഏതാണ്ട് ആറ് വർഷങ്ങൾക്ക് ശേഷം. രത്നഗിരിയിൽ നിന്നും സവർക്കറുടെ സ്വാധീനവലയത്തിൽപ്പെട്ട്  സാംഗ്ലിയിൽ എത്തിയ  നാഥുറാം ഹിന്ദുസംഘടനാ പ്രസ്ഥാനങ്ങളുമായി അവിടെ സഹകരിച്ച് പ്രവർത്തിക്കുകയുണ്ടായി. നാഥുറാം സവർക്കറുടെ ബാക്കിയാത്രകളിൽ സഹചാരിയായി കൂടുകയുണ്ടായി. പിന്നീട് പൂനെയിലേയ്ക്കും അവിടെ നിന്ന് ബോംബെയിലേയ്ക്കുമാണ് സവർക്കർ സഞ്ചരിച്ചത്.

യാത്രയിലുടനീളം സവർക്കർ കോൺഗ്രസ്സിനെ വിമർശിച്ചിരുന്നു. അത് ചിലസ്ഥലങ്ങളിൽ കോൺഗ്രസ്സ് പ്രവർത്തകരുമായി ഉരസലിന് ഇടവരുത്തി. സവർക്കറുടെ ചില യോഗങ്ങളിൽ കോൺഗ്രസ്സുകാർ കരിങ്കൊടി കാട്ടി. എങ്കിലും സവർക്കർ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നില്ല.  ബ്രിട്ടീഷ് തടവറയിൽ കഴിഞ്ഞിരുന്ന ആളെന്ന നിലയ്ക്ക് പൊതുവേ ജനങ്ങളും അക്കാലത്ത് പൊതുരംഗത്ത് പ്രവർത്തിച്ചിരുന്ന ആളുകളും സവർക്കർക്ക് ആദരവ് നൽകിയിരുന്നു. തൻ്റെ ഹിന്ദുത്വരാഷ്ട്രീയത്തെ മഹാരാഷ്ട്രയുടേയും ഇന്ത്യയുടേയും വിശാല കാൻവാസിലേയ്ക്ക് വരയ്ക്കാൻ രത്നഗിരി ജില്ലാത്തടവും രാഷ്ട്രീയപ്രവർത്തനത്തിലുള്ള വിലക്കും മൂലം സവർക്കർക്ക് കഴിഞ്ഞിരുന്നില്ല. അതിനാൽ സവർക്കറുടെ എഴുത്തുകൾ ശ്രദ്ധിച്ചിട്ടുള്ളവർക്ക് മാത്രമേ അദ്ദേഹത്തിൻ്റെ ബ്രാഹ്മണ രാഷ്ട്രീയത്തിൻ്റെ ഗതിവിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ കഴിഞ്ഞിരുന്നുള്ളു. ബ്രിട്ടീഷുകാരോട് നടത്തിയ മാപ്പപേക്ഷകളുടെ കാര്യം അക്കാലത്ത് വെളിപ്പെട്ടിരുന്നില്ല. സവർക്കർ എഴുതിയ ആത്മകഥയിലോ ഓർമ്മക്കുറിപ്പുകളിലോ അവയെ പറ്റി തരിമ്പുപോലും പരാമർശിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ “സ്വാതന്ത്ര്യവീർ ” എന്ന നിലയിലായിരുന്നു അദ്ദേഹത്തിന് ലഭിച്ച പൊതുപരിഗണന. എം. എൻ.റോയിയെപ്പോലെ ദീർഘവീക്ഷണമുള്ളവരും ഗാന്ധിയെപ്പോലുള്ള രാഷ്ട്രീയ ധർമ്മ വിചാരകരും മാത്രമേ സവർക്കറുടെ യഥാർത്ഥ നിറം തിരിച്ചറിഞ്ഞുള്ളു. അതിനാൽ ബോംബെയിലെ സ്വീകരണ സമ്മേളനത്തിൽ ക്ഷണമുണ്ടായിരുന്നിട്ടും റോയി പങ്കെടുത്തില്ല. പകരം തൻ്റെ പ്രത്യയശാസ്ത്ര എതിർപ്പിനെ മറച്ചുവെയ്ക്കാത്ത ഒരു സ്വാഗതക്കുറിപ്പ് കൊടുത്തയയ്ക്കുകയാണ് റോയ് ചെയ്തത്.

ഇരുപതാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ടൊരു സ്വാതന്ത്ര്യസമര സേനാനിയാണ് സവർക്കർ . അദ്ദേഹം തൻ്റെ ജീവിതം നാടിൻ്റെ സ്വാതന്ത്ര്യത്തിനായി സമർപ്പിച്ചു. താൻ തൂക്കിലേറ്റപ്പെടുമെന്നോ ആൻഡമാനിൽ ജയിലടക്കപ്പെടുമെന്നോ അദ്ദേഹം ഭയന്നില്ല. സവർക്കറുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി ഞാൻ യോജിക്കുന്നില്ല. പക്ഷെ , എനിക്ക് അദ്ദേഹത്തോട് അങ്ങേയറ്റത്തെ ബഹുമാനമുണ്ട്.

ബോംബെയിൽ നിന്നും സവർക്കർ തൻ്റെ പൂർവ്വജീവിത സ്ഥലങ്ങളായ നാസിക്കിലേയ്ക്കും ഭാഗൂരിലേയ്ക്കും സഞ്ചരിച്ചു. തിരിച്ച് പൂനെയിൽ എത്തിയപ്പോൾ, ഒരു സംഘം യുവാക്കൾ അദ്ദേഹത്തെ സന്ദർശിച്ചു. അദ്ദേഹത്തിൻ്റെ പുതിയ കാഴ്ചപ്പാടുകളോട് ശക്തമായി വിയോജിച്ച യുവാക്കൾ പഴയ “വിപ്ലവകാരിയായ സവർക്കറെ ” ആണ് അവർ ഇഷ്ടപ്പെടുന്നത് എന്ന് അറിയിക്കുകയുണ്ടായി. അതിന് സവർക്കർ അവരെ കുറ്റപ്പെടുത്തി മറുപടി പറയാൻ തുടങ്ങിയത് ചെറിയ ബഹളത്തിനിടയാക്കി.

1937 ആഗസ്റ്റ് 1 ന് തിലകൈറ്റുകൾ കോൺഗ്രസ്സിൽ നിന്നും വേർപിരിഞ്ഞ് രൂപീകരിച്ച ഡെമോക്രാറ്റിക് സ്വരാജ്യ പാർട്ടിയിൽ ചേരുന്നതായി അറിയിച്ചു. എൻ സി കേൽക്കർ , എം ആർ ജയക്കർ, ഭാസ്ക്കർ ബോപ്പട്ട്ക്കർ, ബി എസ് മുഞ്ജേ, എം എസ് ആണേ തുടങ്ങിയവരായിരുന്നു ആ പാർട്ടിയെ നയിച്ചിരുന്നത്. ഗാന്ധിയുടെ നേതൃത്വത്തിനോട് ഇടഞ്ഞാണ് അവർ പുതിയ പാർട്ടി രൂപീകരിച്ചത്. തിലകിൻ്റെ ചരമദിനത്തോടനുബന്ധിച്ച് തിലക് വാരം ആഘോഷിക്കാൻ അവർ തീരുമാനിച്ചു. അതിൽ വെച്ചാണ് പാർട്ടിയിൽ ചേരുന്നതായി സവർക്കർ പ്രഖ്യാപനം നടത്തിയത്.  പതിനായിരം പേരെയെങ്കിലും പുതുതായി പാർട്ടിയിൽ ചേർക്കാനും ഷോളാപ്പൂരിൽ വെച്ച് ഒരു സമ്മേളനം നടത്താനും അവർ തീരുമാനിച്ചു. യുവാക്കളെ ആകർഷിക്കാൻ      ” ഹിന്ദു യുവക് സംഘ് ” രൂപീകരിക്കാനും അവർ പരിപാടിയിട്ടു. അവിടെ നടത്തിയ പ്രസംഗത്തിൽ കോൺഗ്രസ്സ് ഗാന്ധിയുടെ സ്വാധീനത്തിൽ പെട്ട് മുസ്ലീം പ്രീണനം നടത്തുകയാണെന്നും സ്വരാജ്യ പാർട്ടി അത്തരം പ്രവണതകളെ ചെറുക്കണമെന്നും സവർക്കർ അഭിപ്രായപ്പെട്ടു. പൊതുവായ സംസ്ക്കാരം കൊണ്ടും പൊതു ചരിത്രം കൊണ്ടും പൊതു ഭാഷകൊണ്ടും പൊതു രാജ്യം കൊണ്ടും ഹിന്ദുക്കൾ ഒരു രാഷ്ട്രമാണ് എന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഡെമോക്രാറ്റിക് സ്വരാജ്യ പാർട്ടിയുടെ പേരിൽ മാത്രമേ ജനാധിപത്യം ഉള്ളൂ എന്നും അതൊരു ബ്രാഹ്മണ പാർട്ടി ആയിരുന്നെന്നും ബ്രാഹ്മണരായ നേതാക്കളുടെ പട്ടിക നോക്കിയാൽ മനസ്സിലാകും. അതുകൊണ്ടാണ് ഒരിക്കലും ഒരു ജനാധിപത്യ പാർട്ടിക്ക് ചേരാത്ത വിധത്തിൽ ഹിന്ദുരാഷ്ട്രത്തെ ഒരു ജനാധിപത്യ പാർട്ടിയുടെ സമ്മേളനത്തിൽ വെച്ച് പരാമർശിക്കാൻ സവർക്കർക്ക് മടി തോന്നാത്തത്.

1937 നവംബർ 18 ന് ദാദറിൽ ചേർന്ന സ്വരാജ്യപാർട്ടിയുടെ സമ്മേളനത്തിൽ സംസാരിച്ചുകൊണ്ട് ഹിന്ദുക്കളുടെ സൈനികവല്ക്കരണം എന്ന ആശയം സവർക്കർ രാഷ്ട്രീയമായി അവതരിപ്പിച്ചു. ഗാന്ധിയുടെ നേതൃത്വത്തിൽ ദേശീയപ്രസ്ഥാനം അഹിംസാ സമരത്തെ മുൻനിർത്തി മുന്നോട്ട് പോകുമ്പോഴാണ് ഹിംസയ്ക്ക് വേണ്ടിയുള്ള ഈ ആഹ്വാനം എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ” രാഷ്ട്രങ്ങൾ അഭിമാനം നേടിയെടുക്കുന്നത് തോക്കുകൊണ്ടാണ് ” സവർക്കർ പറഞ്ഞു. സ്വാതന്ത്ര്യം നേടുന്നതിനായി ഇന്ത്യ കരുത്തുറ്റതാകണം. അതിന് വേണ്ടി വ്യക്തിപരമായി ജനങ്ങൾ    ( ഹിന്ദുക്കൾ ) ആയുധങ്ങൾ ശേഖരിക്കണം. അതു കൊണ്ട് യുവജനങ്ങൾ (ഹിന്ദുക്കൾ ) ആയുധങ്ങൾ സമാഹരിക്കുന്നതിന് തടസ്സം നിൽക്കുന്ന നിയമത്തിനെതിരെ പോരാടണം.

സ്വരാജ് പാർട്ടി നേതാവായി 1937 നവംബറിലും ഡിസംബറിലുമായി ബോംബെ പ്രസിഡൻസിയിലും ബറോഡ നാട്ടുരാജ്യത്തും സെൻട്രൽ പ്രോവിൻസസിലുമായി സവർക്കർ പര്യടനങ്ങൾ നടത്തി. 1937 ഡിസംബർ 12 ന് അദ്ദേഹം നാഗ്പൂരിലെ ആർ എസ് എസ് മുഖ്യ കാര്യാലയം സന്ദർശിച്ചു. സർ സംഘ് ചാലക് ആയ ഡോ. ഹെഡ്ഗേവാർ, ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ പിതാവിനെ മാലയണിയിച്ച് സ്വീകരിച്ചു. അദ്ദേഹം പറഞ്ഞു ” (ഇന്ന് ) സംഘത്തിൻ്റെ ഭാഗ്യദിനമാണ് “

ഇത്രയൊക്കെ പര്യടനങ്ങൾ നടത്തിയിട്ടും സ്വരാജ്യപാർട്ടിക്കോ സവർക്കർക്കോ മഹാരാഷ്ട്ര പ്രവിശ്യകളിൽ പോലും എന്തെങ്കിലും തരത്തിൽ മുന്നോട്ട് പോകാനായില്ല. ഒരർത്ഥത്തിൽ ബ്രാഹ്മണിസ്റ്റ് രാഷ്ട്രീയം ഉൾക്കൊണ്ട പാർട്ടിയായിരുന്നിട്ടു പോലും. അങ്ങനെയാണ് അഖിലേന്ത്യാ ഹിന്ദുമഹാസഭയിൽ ചേരാനുള്ള തീരുമാനം സവർക്കർ കൈക്കൊള്ളുന്നത്. 1937 ഡിസംബറിൽ അഹമ്മദാബാദിലെ കർണ്ണാവതിയിൽ വെച്ച് നടത്തിയ സമ്മേളനത്തിൽ വെച്ച് സവർക്കറെ ഹിന്ദുമഹാസഭാ പ്രസിഡണ്ടായി തെരഞ്ഞെടുക്കുകയുണ്ടായി. അതോടെയാണ് തൻ്റെ ഹിന്ദു വംശീയ രാഷ്ട്രീയം ഇന്ത്യയിലെമ്പാടും രാഷ്ട്രീയമായി പ്രചരിപ്പിക്കാൻ സവർക്കർ ശ്രമിക്കുന്നത്. പ്രസിഡണ്ടായി സ്ഥാനമേറ്റെടുത്ത ആദ്യപ്രസംഗത്തിൽ തന്നെ പിൽക്കാലത്ത് ഇന്ത്യാവിഭജനത്തിനും പാകിസ്ഥാൻ്റെ പിറവിക്കും ജന്മം കൊടുത്ത ദ്വിരാഷ്ട്രവാദത്തിന് ആദ്യമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടം കൊടുത്തു. ഇന്ത്യ കണ്ട ഏറ്റവും വലിയ ചോരപ്പുഴ ഒഴുകിയ വിഭജനത്തിൻ്റെ ആദ്യവിത്ത് സവർക്കറും ഹിന്ദുമഹാസഭയും ബ്രാഹ്മണ വംശീയ രാഷ്ട്രീയവും ചേർന്ന് വിതയ്ക്കുകയായിരുന്നു. അത് വളഞ്ഞപ്പോൾ കൊയ്തെടുക്കാൻ ജിന്നയുടെ മുസ്ലീം ലീഗും കൂടി.

കർണാവതിയിലെ പ്രസംഗത്തിൽ സവർക്കർ ഇങ്ങനെ പറഞ്ഞു;
(ഹിന്ദു ) മഹാസഭ അതിൻ്റെ നിലപാടുകൾ സ്വീകരിക്കുക ഏതെങ്കിലും തത്വങ്ങളിൽ നിന്നോ പുസ്തകങ്ങളിൽ നിന്നോ ദാർശനിക പാഠശാലകളിൽ നിന്നോ അല്ല. അത് ഒരു ഹിന്ദു ധർമ്മ സഭയും അല്ല. മറിച്ച് ഹിന്ദു രാഷ്ട്രസഭയാണ്. സാമൂഹികമായും രാഷ്ട്രീയമായും സാംസ്കാരികമായും ഒരു ഹിന്ദുരാഷ്ട്രത്തിൻ്റെ വിധി നിർണ്ണയിക്കുന്ന ഒന്നാണത്. ഹിന്ദുമഹാസഭയെ ഒരു മതപരമായ സംഘടന മാത്രമായി കരുതിയ വലിയ തെറ്റ് ചെയ്തവർ ഈ വ്യത്യാസം മനസ്സിൽ കരുതേണ്ടതാണ്

ഹിന്ദുമഹാസഭയെ ഒരു രാഷ്ട്രീയകക്ഷിയായി പൂർണ്ണമായും മാറ്റിയെടുക്കുകയായിരുന്നു സവർക്കർ. ഹിന്ദു രാഷ്ട്ര സ്ഥാപനമാണ് അതിൻ്റെ ലക്ഷ്യം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഹിന്ദുസ്ഥാൻ്റെ രാഷ്ട്രീയ സ്വാതന്ത്ര്യം. അത് ബ്രിട്ടീഷുകാരിൽ നിന്നുള്ള സ്വാതന്ത്ര്യമാണെന്ന് തെറ്റിദ്ധരിക്കാതിരിക്കാൻ സവർക്കർ, ഭൂമിശാസ്ത്രപരമായ സ്വാതന്ത്ര്യം അല്ല താൻ ഉദ്ദേശിക്കുന്നത് എന്ന് ഊന്നിപ്പറയുന്നു. മറിച്ച് മതപരവും സംശീയവും സാംസ്ക്കാരികവുമായ സ്വത്വവും സ്വാതന്ത്ര്യവുമാണ് അത്. ” ദേശീയ സമരം മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുന്ന സമയത്ത് മുസ്ലീങ്ങളെ ഒരിടത്തും കാണുകയില്ലെന്നും അതിൻ്റെ ഫലം കൊയ്യാറാകുമ്പോൾ ഏറ്റവും മുന്നിൽ അവരെ കാണാമെന്നും ” സവർക്കർ ആ പ്രസംഗത്തിൽ മുസ്ലീങ്ങളെ പരിഹസിക്കുകയുണ്ടായി.

ഹിന്ദുത്വത്തിന്റെ, പ്രത്യേകിച്ച് സവർക്കറുടെ കൂടെപ്പിറപ്പായ സത്യാനന്തരതയുടെ ഒരുഗ്രൻ പ്രകടനമാണ് ഇവിടെ സവർക്കർ നടത്തുന്നത്. 1857 ലെ ഒന്നാം സ്വാതന്ത്ര്യയുദ്ധത്തിൽ ബഹദൂർഷായും മറ്റ് മുസ്ലീം പടയാളികളും വഹിച്ച പങ്കിനെ എടുത്തു കാണിച്ചത് സവർക്കർ തന്നെയാണ്. ” ഡെൽഹിയിലെ ദിവാൻ – ഇ – ഘാസിൽ, മറ്റേത് രാജസഭയിലേക്കാളും, വിപ്ലവത്തിൻ്റെ വിത്തുകൾ പൊട്ടി മുളക്കാൻ തുടങ്ങി ” എന്നെഴുതിയ സവർക്കർ ഇങ്ങനെ തുടർന്നു. ” ഡെൽഹിയിലെ പാദ്ഷായേയും പാദ് ഷാഹിയേയും എടുത്തുമാറ്റുന്നതിൽ മാത്രം ഇംഗ്ലീഷുകാർ നിന്നില്ല. മറിച്ച് ബാബറുടെ പിൻഗാമികളിൽ നിന്ന് പാദ് ഷാ പദവി എന്നന്നേക്കുമായി എടുത്തു മാറ്റാനും ഈയിടെ അവർ തീരുമാനിക്കുകയുണ്ടായി. സമ്രാട്ടും, തൻ്റെ സാമ്രാജ്യം അത്രമേൽ ശോഷിച്ചിരുന്നെങ്കിലും, അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട, സമർത്ഥയായ, ഉറപ്പുറ്റ ബീഗമായ സീനത്ത് മഹലും നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതിനുള്ള അവരുടെ അവസാന അവസരവും അനുവദിക്കുന്നില്ലെങ്കിൽ, മുന്നോട്ടു പോകാനും, മരണമാണ് ഒരേ ഒരു ആശ്രയമെങ്കിൽ, ഒരു സമ്രാട്ടിനും റാണിക്കും മാത്രം യോജിക്കുന്ന വിധത്തിലുള്ള മരണം അവർ പുൽകുമെന്നും നേരത്തേ തന്നെ തീരുമാനിച്ചിരുന്നു ”

അങ്ങനെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് തന്നെ മുന്നണിപ്പടയാളികളായി സവർക്കർ പുകഴ്ത്തിയ അതേ മനുഷ്യർ മാപ്പപേക്ഷകൾ തുരുതുരെ എഴുതിക്കൊടുത്ത് പുറത്തു വന്ന കാലത്ത് അതേ സവർക്കർക്ക് ഭീരുക്കളായി മാറി. 1921 ലെ കലാപത്തിൽ കൊല്ലപ്പെട്ടതും നാടുകടത്തപ്പെട്ടതുമായ മനുഷ്യരെ സവർക്കർ വർഗ്ഗീയവാദികൾ ആയി എണ്ണി. ഇ തേ പ്രസംഗം നടന്നുകൊണ്ടിരിക്കുമ്പോൾ നിരവധി മുസ്ലീങ്ങൾ സമരരംഗത്ത് ദേശീയപ്രസ്ഥാനത്തിലും മറ്റ് അനവധി പ്രസ്ഥാനങ്ങളിലുമായി സമരരംഗത്തുണ്ടായിരുന്നു. സവർക്കറുടെ ഹിന്ദുമഹാസഭയും ഹെഡ്ഗേവാറുടെ ആർ എസ് എസുമാണ് സമരരംഗത്ത് ഇല്ലാതിരുന്നവർ.

1937 ലെ സവർക്കറുടെ പ്രകോപനപരമായ പ്രസംഗം ഇങ്ങനെ നീണ്ടു.
ഹിന്ദുത്വയുടെ ചെലവിലും അപമാനത്തിലും മാത്രമാണ് സ്വരാജ്യം ലഭിക്കുന്നതെങ്കിൽ ഞങ്ങൾ  ഹിന്ദുക്കൾക്ക് അത് ആത്മഹത്യയോളം വരുന്നതാണ്. വൈദേശികാധിപത്യത്തിൽ നിന്നും ഇന്ത്യ വിമുക്തമാകുന്നില്ലെങ്കിൽ ഇന്ത്യൻ മുസ്ലീങ്ങൾ അടിമകളല്ലാതെ മറ്റൊന്നുമാകില്ല. അത് സത്യമെങ്കിൽ, ഹിന്ദുക്കളുടെ സഹായവും  സന്മനസ്സും ഇല്ലാതെ അത് കിട്ടില്ലെന്ന് മനസ്സിലാക്കുമെങ്കിൽ അവരോട് വന്ന് ഐക്യം അഭ്യർത്ഥിക്കാൻ അനുമതി നൽകാം. അതും ഹിന്ദുക്കളെ കീഴടക്കിയല്ല, അവർ സ്വയം കീഴടങ്ങി. അങ്ങനെ ആർജ്ജിക്കുന്ന ഹിന്ദു – മുസ്ലീം മൈത്രി മാത്രമേ വിലപിടിപ്പുള്ളതാകൂ. ഹിന്ദുക്കൾ ഇക്കാര്യത്തിൽ അവരുടെ വില തിരിച്ചറിയുകയും ഐക്യം തേടുക എന്നത് അതിനെ നഷ്ടപ്പെടുത്തുന്ന ഒന്നാണെന്ന് മനസ്സിലാക്കുകയും ചെയ്യേണ്ടതാണ്.

സ്വാതന്ത്ര്യസമരത്തിൻ്റെ ഏഴയലത്തുപോലും ഇല്ലാതെ സമരത്തിലെ ഹിന്ദുക്കളുടെ പ്രതിനിധാനം വ്യാജമായി ഏറ്റെടുക്കുകയാണ് സവർക്കർ ചെയ്യുന്നത്. അന്നത്തെ രാഷ്ട്രീയ ഗോദയിലെ ഒരേ ഒരു കക്ഷിയെ മാത്രമാണ് അത് സന്തോഷിപ്പിച്ചിരിക്കുക. ബ്രിട്ടീഷുകാരെ. കാരണം ഇന്ത്യക്കാരിൽ ഇത്രയ്ക്കും വിള്ളലുണ്ടാക്കുന്ന പ്രസംഗ സമ്മാനം അവർക്ക് ആരും കൊടുത്തിട്ടുണ്ടാകില്ല.

ഈ പ്രസംഗത്തിൽ തന്നെയാണ്, ജിന്നയ്ക്ക് മുമ്പേ തന്നെ സവർക്കർ ദ്വിരാഷ്ട്രവാദം ഉന്നയിക്കുന്നത്. 1923 ൽ താൻ നിർദ്ദേശിച്ച ഹിന്ദുത്വ രാഷ്ട്രം കെട്ടിപ്പടുക്കണമെങ്കിൽ മുസ്ലീങ്ങളെ ഒഴിവാക്കുകയോ ഹിന്ദുക്കൾക്ക് താഴെയുള്ള ഒരു രാഷ്ട്രീയ, സാമൂഹ്യാസ്തിത്വമായി നിലനിർത്തുകയോ വേണമായിരുന്നു. സവർക്കർ വിഷം പുരട്ടിയ വാക്കുകൾ വമിപ്പിക്കുന്നത് കേൾക്കുക

ഇംഗ്ലണ്ട് പോയാൽ തന്നെയും നമ്മുടെ ഹിന്ദുരാഷ്ട്രത്തിനും പൊതുവായ ഇന്ത്യൻ ഭരണകൂടത്തിനും മുസ്ലീങ്ങൾ അപകടകാരികളാകും എന്ന് തെളിയിക്കാൻ സാധ്യതയുണ്ടെന്ന്  ഞാൻ ഹിന്ദുക്കളെ താക്കീത് ചെയ്യുന്നു. ഒരു സമുദായമെന്ന നിലയിൽ, മുസ്ലീം ഭരണം ഇന്ത്യയിൽ നടപ്പാക്കുന്നതിനാവശ്യമായ തീവ്രവാദപരമായ നടപടികൾ ആസൂത്രണം ചെയ്യുന്നത് തുടർന്നുകൊണ്ടിരിക്കുകയാണ് എന്ന വസ്തുത നാം കണ്ണടച്ചിരുട്ടാക്കാൻ പാടുള്ളതല്ല. നമുക്ക് സമന്വയത്തിന് വേണ്ടി പ്രവർത്തിക്കാം, ഏറ്റവും നല്ലതിന് വേണ്ടി ആശിക്കാം, പക്ഷെ, നാം നമ്മുടെ കാവൽക്കാരായിരിക്കണം! എന്നത്തേയും പോലെ ഇന്നും ഇന്ത്യയിൽ, പരസ്പരശത്രുക്കളായ രണ്ട് രാഷ്ട്രങ്ങൾ അടുത്തടുത്ത് വസിക്കുകയാണ്. ഇന്ത്യ ഇപ്പോൾ തന്നെ ഒരു സമന്വയ രാഷ്ട്രമായി കോർത്തിണക്കപ്പെട്ടിട്ടുണ്ടെന്നും അഥവാ അങ്ങനെ കോർത്തിണക്കാമെന്നും കരുതി നിരവധി ബാലിശരായ രാഷ്ട്രീയക്കാർ ഗുരുതരമായ തെറ്റുകൾ ചെയ്യുന്നുണ്ട്. ഈ നന്മനിറഞ്ഞ, ചിന്താശൂന്യരായ നമ്മുടെ സുഹൃത്തുക്കൾ അവരുടെ സ്വപ്നത്തെ യാഥാർത്ഥ്യങ്ങൾക്ക് പകരം വെയ്ക്കുന്നു. അതുകൊണ്ടാണ് അവർ സാമുദായികമായ കടുംകെട്ടുകളോട് അക്ഷമരാകുന്നതും അവയെ സാമുദായിക സംഘടനകൾ എന്ന് ആരോപിക്കുന്നതും. പക്ഷെ, സാമുദായിക ചോദ്യങ്ങൾ എന്ന് വിളിക്കപ്പെടുന്നവ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരികവും മതപരവും ദേശീയവുമായ ശത്രുതയുടെ ഐതിഹാസികത നമുക്ക് പ്രദാനം ചെയ്തതാണ്

ഈ പ്രസംഗഖണ്ഡത്തിൽ നിന്നും നാം നേരത്തേ മനസ്സിലാക്കിയ ചില കാര്യങ്ങളുടെ സ്ഥിരീകരണം വീണ്ടും ലഭിക്കുന്നു. അതിൽ ആദ്യത്തേത് ജനാധിപത്യത്തെക്കുറിച്ചുള്ള ചെറുധാരണ പോലും രാഷ്ട്രീയത്തിലേയ്ക്ക് പുനരാനയിക്കപ്പെടുമ്പോഴും സവർക്കർ പുലർത്തുന്നില്ല. വ്യത്യസ്തതകളുടെ സമന്വയം നിർവ്വഹിക്കുന്ന ആ വ്യവസ്ഥയ്ക്ക് പകരം സവർക്കറുടെ മനസ്സ് വ്യാപരിക്കുന്നത് രാജഭരണകാലത്താണ്. വെട്ടിയും കൊന്നും ജീവിക്കുന്ന അസ്തിത്വങ്ങൾ മാത്രമാണ് സമുദായങ്ങൾക്കുള്ളത്. രണ്ടാമതായി, ഹിംസയാണ് സവർക്കർ ചിന്തയുടെ പ്രയോഗത്തിൻ്റെ കാതൽ. അതിനാൽ അക്കാലത്തെ ദേശീയ നേതാക്കളുടെ ജനാധിപത്യബോധത്തേയോ മതേതരദർശനത്തേയോ സവർക്കർ തെല്ലും വിലമതിക്കുന്നില്ല. ഈ പ്രസംഗം മനസ്സിൽ വെച്ചുകൊണ്ടാകാം ജിന്ന പാകിസ്ഥാൻ വാദം സജീവമായ കാലത്ത്, 1940 ൽ, ഡോ.ബി.ആർ .അംബേദ്ക്കർ തൻ്റെ “പാകിസ്ഥാനെ കുറിച്ചുള്ള വിചാരങ്ങ” ളിൽ ഇങ്ങനെയെഴുതി.

വിചിത്രമായ കാര്യം എന്തെന്നാൽ , ഏകരാഷ്ട്രം v/s ദ്വിരാഷ്ട്രം എന്ന വിവാദത്തിൽ പരസ്പരം എതിർക്കേണ്ടിയിരുന്ന മിസ്റ്റർ സവർക്കറും മിസ്റ്റർ ജിന്നയും തമ്മിൽ അക്കാര്യത്തിൽ പൂർണ്ണയോജിപ്പിലാണ്. ഇന്ത്യയിൽ രണ്ട് രാഷ്ട്രങ്ങളുണ്ടെന്ന്, ഹിന്ദു രാഷ്ട്രവും മുസ്ലീം രാഷ്ട്രവും , രണ്ടാളും സമ്മതിക്കുന്നു, സമ്മതിക്കുക മാത്രമല്ല ഉറപ്പിക്കുക കൂടി ചെയ്യുന്നു “.

ഹിന്ദുമഹാസഭ പ്രസിഡൻ്റ് എന്ന നിലയിൽ  ലാഹോർ, അമൃത് സർ, ഹോഷിയാർപൂർ, അജ്മീർ തുടങ്ങിയ സ്ഥലങ്ങളിൽ സവർക്കർ പര്യടനം നടത്തി. ഇതിനിടയിൽ ബോംബെയിൽ ശിവാജി പാർക്കിനടുത്ത് ” സവർക്കർ സദൻ ” എന്ന പേരിൽ ഒരു ഭവനം നിർമ്മിച്ച് സവർക്കർ തൻ്റെ ആസ്ഥാനമാക്കി. ഗ്വാളിയർ, സിന്ധ് തുടങ്ങിയ സ്ഥലങ്ങളും അദ്ദേഹം സന്ദർശിച്ചു. ഇതിനിടയിൽ തൻ്റെ മുൻ സുഹൃത്തുക്കളായ ശ്യാംജി കൃഷ്ണവർമ്മയും മാഡം ബിക്കാജി കാമയും മരണമടഞ്ഞിരുന്നു. വീരേന്ദ്രകുമാർ ചട്ടോപദ്ധ്യായ കമ്യൂണിസ്റ്റാകുകയും സ്റ്റാലിൻ്റെ സോവിയറ്റ് യൂണിയനിൽ തടവിലാകുകയും കൊല്ലപ്പെടുകയും ചെയ്തു.

1938 ൽ ഹിന്ദുമഹാസഭ ഹൈദരാബാദ് നൈസാമിനെതിരെ തിരിഞ്ഞു. ബ്രിട്ടീഷ് സാമ്രാജ്യത്തിന് അനുകൂലമായി നിൽക്കുന്നതിനാൽ പ്രവർത്തിക്കണമെങ്കിൽ നാട്ടുരാജ്യങ്ങളുടെ രാഷ്ട്രീയത്തിൽ ഏർപ്പെടണമായിരുന്നു. ഹിന്ദു നാട്ടുരാജ്യങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ പിന്തുണ ഹിന്ദുമഹാസഭയ്ക്ക് ധാരാളമായി ലഭിച്ചിരുന്നു. ഹൈദരാബാദിലെ ഭരണം കൈയ്യാളിയത് മുസ്ലീമായ നൈസാം ആയതു കൊണ്ട് മുസ്ലീം വിരുദ്ധത ആളിക്കത്തിക്കാൻ സഹായിക്കുന്ന തരത്തിലാണ് ഹൈദ്രാബാദ് സമരഭൂമിയാക്കിയത്. ഭരണത്തിൽ വേണ്ടത്ര പങ്കാളിത്തം ഹിന്ദുക്കൾക്ക് ലഭിച്ചില്ല എന്നതായിരുന്നു സമരകാരണമായി ഹിന്ദുമഹാസഭ ചൂണ്ടിക്കാട്ടിയത്. ഹൈദരാബാദിലെ രാജാവ് മുസ്ലീമായിരുന്നെങ്കിലും പ്രജകൾ ഹിന്ദുഭൂരിപക്ഷത്തിൽ പെടുന്നവർ ആയിരുന്നു എന്നതായിരുന്നു സമരത്തിൽ ഇറങ്ങാൻ ഹിന്ദുമഹാസഭയ്ക്ക് ഊർജ്ജം നൽകിയത്. എന്നാൽ ഇതേ പ്രശ്നം തലതിരിച്ചിട്ട നിലയിൽ കശ്മീരിൽ നിലനിൽക്കുന്നത് അവർ കണ്ണടച്ചു. രാജാവ് ഹിന്ദുവും പ്രജകൾ ഭൂരിപക്ഷവും മുസ്ലീം സമുദായത്തിൽ പെട്ടവരും. ഒരു നാട്ടുരാജ്യത്തിലെ ആഭ്യന്തരപ്രശ്നം മുഖ്യ പ്രശ്നമായി ഹിന്ദുമഹാസഭ പോലുള്ള ദേശീയ കക്ഷികൾ ഉയർത്തിക്കൊണ്ടു വരുന്നതിൻ്റെ അപാകവും നാം മനസ്സിലാക്കേണ്ടതുണ്ട്. ഒരു നാട്ടുരാജ്യത്തിന് അതിൻ്റേതായ നിയമവ്യവസ്ഥയും ഭരണസമ്പ്രദായവുമുണ്ട്. ആ നാട്ടുരാജ്യത്തിനുള്ളിൽ നിന്നും ജനങ്ങൾ ആ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതിൽ കാര്യമുണ്ട്. തിരുവിതാംകൂർ എന്ന നാട്ടുരാജ്യത്തിൽ അതിനുള്ളിലെ ജനങ്ങൾ സംഘടിച്ച് ചാന്നാർ ലഹള പോലുള്ള ചരിത്രസംഭവങ്ങൾ ഉണ്ടായത് നമുക്കറിയാം. വൈക്കം സത്യാഗ്രഹം പോലുള്ള ജാതിവിരുദ്ധ പോരാട്ടങ്ങളും നയിച്ചത് തിരുവിതാംകൂറിലെ പൗരരാണ്. അതിന് പുറത്ത് നിന്നുള്ള പിന്തുണ കിട്ടി എന്ന് മാത്രം.

ഹൈദരാബാദ് സമരം തുടങ്ങിവെച്ചതും നടത്തിയതും ഹൈദരാബാദ് എന്ന നാട്ടുരാജ്യത്തിന് പുറത്തുള്ളവർ ആയിരുന്നു എന്നതായിരുന്നു വിചിത്ര വസ്തുത. ഹിന്ദുമഹാസഭയും മറ്റ് ഹിന്ദുസംഘടനകളും ചേർന്ന് പൂനെയിൽ രൂപീകരിച്ച ഹിന്ദുത്വ നിഷ്ഠ നിശസ്ത്ര പ്രതികാർ മണ്ഡൽ എന്ന സംഘടനയായിരുന്നു സമരത്തിൽ പ്രധാനപ്പെട്ട പങ്ക് വഹിച്ചത്. ഈ മണ്ഡലിൻ്റെ പ്രസിഡണ്ട് തിലകിൻ്റെ കുടുംബാംഗമായ ജി.വി. കേത്ക്കറും സെക്രട്ടറി നാഥുറാം വിനായക് ഗോഡ്സേയും ആയിരുന്നു. ഗോഡ്സേ സാംഗ്ലി വിട്ട് പൂനെയെ തന്റെ പ്രവർത്തന കേന്ദ്രമായി അപ്പോഴേക്കും തെരഞ്ഞെടുത്തിരുന്നു. ഗോഡ്സേയുടെ നേതൃത്വത്തിലാണ് വർഗ്ഗീയാടിസ്ഥാനത്തിൽ ഹിന്ദുമഹാസഭ നടത്തിയ ഹൈദരാബാദിലേയ്ക്കുള്ള മാർച്ച് നടക്കുന്നത്. അതിൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടക്കപ്പെടുകയുമുണ്ടായി.

ഇന്ത്യൻ സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊള്ളുന്ന സമയം ആയിരുന്നു അത്. രണ്ടാംലോകയുദ്ധം അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നുണ്ടായിരുന്നു. ഈ അവസരത്തിൽ നാഗ്പൂരിൽ നടന്ന ഹിന്ദുമഹാസഭയുടെ സമ്മേളനം ഹൈദരാബാദ് നാട്ടുരാജ്യത്തിനുള്ളിലെ ഹിന്ദുക്കളുടെ സ്വാതന്ത്ര്യപ്രശ്നമാണ് പ്രധാന രാഷ്ട്രീയ പ്രശ്നമായി എടുക്കുന്നത്. സവർക്കർ മുസ്ലീങ്ങളെ അതി കഠിനമായി ഭർത്സിച്ചു കൊണ്ടുള്ള ദ്വിരാഷ്ട്രവാദം തുടർന്നു. കോൺഗ്രസ്സിനുള്ളിലെ മൂന്ന് ചിന്താധാരകളേയും അദ്ദേഹം വിമർശിച്ചു. ഗാന്ധിയെ അഹിംസയുടെ പേരിലും സുഭാഷ് ചന്ദ്രബോസിനെ ഹിന്ദു – മുസ്ലീം മൈത്രിയ്ക്ക് വേണ്ടി നിലകൊള്ളുന്നതിൻ്റെ പേരിലും എം.എൻ.റോയിയെ മുസ്ലീം പ്രീണനത്തിൻ്റെ പേരിലും.

36. രണ്ടാം ലോകയുദ്ധത്തിലെ ഹിന്ദുത്വ മുതലെടുപ്പുകൾ
………………………………………………………………………………

1937 ൽ ജില്ലാത്തടവിൽ നിന്നും വിമോചിതനായ സവർക്കർ മഹാരാഷ്ട്രയിലെമ്പാടും പര്യടനങ്ങൾ നടത്തുമ്പോൾ അതിന് വേണ്ട ഒരുക്കങ്ങൾ നടത്തിയത് രാഷ്ട്രീയ സ്വയം സേവക സംഘം ആണ്. സവർക്കർക്ക് പ്രസംഗിക്കാനുള്ള വേദികൾ ഒരുക്കിയതും ആളുകളെ സംഘടിപ്പിച്ചതും അവരാണ്. സവർക്കറുടെ പ്രസംഗങ്ങളിൽ പലതിലും അവരോടുള്ള കടപ്പാട് ഊന്നിപ്പറയുന്നുണ്ട് .” …. അതിൻ്റെ പ്രവർത്തനത്തിനും അച്ചടക്കത്തിനും രാഷ്ട്രീയ സ്വയം സേവക സംഘത്തിനെയും  നാഗ്പൂരിലെ ഡോ.ഹെഡ്ഗേവാറിനേയും ഞാൻ അഭിനന്ദിക്കുന്നു” .ഇത്തരം സമ്മേളനങ്ങളിൽ പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക മാത്രമല്ല ആർ എസ് എസ് ചെയ്തത്. സവർക്കർക്ക് പണക്കിഴികൾ സമ്മാനിക്കുക കൂടിയാണ് എന്ന് ഹിന്ദുസംഘടനകളും യൂറോപ്യൻ ഫാസിസ്റ്റുകളും തമ്മിലുള്ള നേർബന്ധത്തെ കുറിച്ചു പഠിച്ച മാർസിയ കസോളാരി പറയുന്നുണ്ട് (In the shadow of Swasthika ). ഉദാഹരണത്തിന് സവർക്കർ തൻ്റെ അറുപത്തൊന്നാം ജന്മദിനം ആഘോഷിച്ചത് 1943 ൽ ആർ എസ് എസ്  പരിശീലന ശിബിരത്തിൽ വെച്ചാണ്. അന്ന് സർ സംഘ് ചാലക് ആയ എം.എസ്. ഗോൾവാൾക്കർ, ബി എസ് മുഞ്ജേ, ബാബാറാവു എന്നിവരുടെ സാന്നിദ്ധ്യത്തിൽ.  അപ്പോഴേക്കും സവർക്കർ ഹിന്ദുമഹാസഭയുടെ പ്രസിഡണ്ട് അല്ലാതായി കഴിഞ്ഞിരുന്നു ( 1937 മുതൽ 1942 വരെയാണ് സവർക്കർ ആ പദവിയിലിരുന്നത് ). അത് റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇങ്ങനെ,

” സ്വയംസേവകരുടെ വലിയ തോതിലുള്ള പ്രത്യക്ഷത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും തൻ്റെ വിവിധസ്ഥലങ്ങളിലെ സന്ദർശനങ്ങളിൽ നിന്നും സംഘത്തിൻ്റെ ശാഖകൾ ഇന്ത്യയെമ്പാടും ധാരാളമായി വ്യാപിച്ചു എന്ന് മനസ്സിലാകുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. ഹിന്ദു യുവത, ആൺകുട്ടികളും പെൺകുട്ടികളും ഹിന്ദു പ്രസ്ഥാനങ്ങളിൽ വലിയ തോതിൽ അംഗമാകുന്നത് അദ്ദേഹത്തെ ആനന്ദിപ്പിച്ചു.

അന്ന് സങ്കല്പിക്കാൻ പറ്റുന്നതിലും വലിയ തുകയായ 1 ,80,000 രൂപ സവർക്കർക്ക് ആ വേളയിൽ കൈമാറി. ഹിന്ദു സംഘടനകൾ പിരിച്ചെടുത്ത പണമായിരുന്നു അതിൽ ഏറെയും. കൂടാതെ പൂനെ മുനിസിപ്പാലിറ്റിയും സ്വകാര്യവ്യക്തികളും അതിൽ പങ്കുചേരുകയുണ്ടായി. അതിനും കുറച്ചു മുമ്പ് ബോംബെയിൽ നിന്നും 61000 രൂപ സമ്മാനമായി അദ്ദേഹത്തിന് കിട്ടുകയുണ്ടായി. അഹമ്മദാബാദിൽ നിന്നും പ്രവിശ്യാ ഹിന്ദുമഹാസഭ വലിയൊരു തുക അദ്ദേഹത്തിന് നൽകുകയുണ്ടായി. ഇവയെല്ലാം വ്യക്തിപരമായി അദ്ദേഹത്തിന് ലഭിച്ചതാണ്. അല്ലാതെ ഹിന്ദുമഹാസഭയ്ക്ക് സംഭാവനയായി ലഭിച്ചതല്ല.

ഗാന്ധിവധത്തിന് ശേഷം ആർ എസ് എസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്ന ഹിന്ദുമഹാസഭയും ആർ എസ് എസും തമ്മിലുണ്ടായിരുന്ന ‘ഉരസൽ’ തെറ്റായിരുന്നുവെന്ന് മേൽപ്പറഞ്ഞ വസ്തുതകൾ ചൂണ്ടിക്കാട്ടി മാർസിയ കാസൊളാരി വിശദീകരിക്കുന്നു. മാത്രമല്ല ആർ എസ് എസിൻ്റെ രൂപീകരണത്തിന് ശേഷം 1926 മുതൽ 1931 വരെ ഹെഡ്ഗേവാർ ഹിന്ദുമഹാസഭയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നതും അവർ ചൂണ്ടിക്കാട്ടുന്നു. ഇന്ന്, ഗാന്ധിവധത്തിൻ്റെ ഓർമ്മ പൊതുമണ്ഡലത്തിൽ മങ്ങിത്തുടങ്ങിയ കാലത്ത് സംഘ പരിവാർ സംഘടനകൾ ഒന്നൊഴിയാതെ സവർക്കറെ വീണ്ടും പുൽകാൻ തുടങ്ങിയ കാലത്ത് കാസൊളാരിയുടെ നിരീക്ഷണം ശരിയായിരുന്നുവെന്ന് തെളിയുന്നു.

ഹിന്ദുമഹാസഭയുടെ പ്രസിഡണ്ടായി സവർക്കർ പ്രവർത്തിച്ച കാലം രണ്ടാംലോക യുദ്ധത്തിൻ്റെ കാലം കൂടിയായിരുന്നു. രണ്ടാംലോകയുദ്ധത്തിൽ സവർക്കറും ഹിന്ദുമഹാസഭയും എടുത്ത നിലപാടുകൾ അതി വിചിത്രമായിരുന്നു. അന്തർദേശീയമായി അവർ ഫാസിസ്റ്റുകൾക്കൊപ്പം നിന്നു. എന്നാൽ ആഭ്യന്തരമായി, ബ്രിട്ടനൊപ്പവും. അത് നമുക്ക് പരിശോധിക്കാം.

1938 ആഗസ്റ്റ് 1 ന് അദ്ദേഹം പൂനെയിൽ വെച്ചു നടത്തിയ പ്രഭാഷണത്തെ സംബന്ധിച്ച പത്രക്കുറിപ്പ് ഹിന്ദുമഹാസഭയുടെ ബോംബെ ഓഫീസ് പുറത്ത് വിട്ടിരുന്നു. അത് ഇങ്ങനെയാണ്

ഇന്ത്യയുടെ വിദേശനയം “ഇസ ” ങ്ങളെ ആശ്രയിച്ചാവരുത്. ജർമ്മനിയ്ക്ക് നാസിസത്തേയും ഇറ്റലിക്ക് ഫാസിസത്തേയും ആശ്രയിക്കാനുള്ള സകല അവകാശങ്ങളും ഉണ്ട്. മാത്രമല്ല ആ ഗവണ്മെൻറുകൾ സ്വീകരിച്ച ഇസങ്ങളും രൂപങ്ങളും അവിടെ നിലനിൽക്കുന്ന അവസ്ഥയിൽ അവർക്ക്  ഒഴിവാക്കാനാകാത്തതും നേട്ടം തരുന്നതുമായിരുന്നു എന്ന് സംഭവ വികാസങ്ങൾ തെളിയിക്കുന്നു.

നെഹ്റുവിൻ്റെ ഫാസിസ്റ്റ് വിരുദ്ധ നിലപാടുകളെ പരാമർശിച്ച് സവർക്കർ എഴുതുന്നത് ഇങ്ങനെയാണ്. ” നാം അക്കാദമികമായ ആകർഷണം കൊണ്ട് പ്രിയപ്പെട്ടതാക്കിയ ഒരു പ്രത്യേക ഗവണ്മെൻ്റ് നയത്തെനയത്തെ തെരഞ്ഞെടുക്കാൻ  ജർമ്മനിയോട്, ജപ്പാനോട്  അല്ലെങ്കിൽ റഷ്യയോട്, ഇറ്റലിയോട് ആജ്ഞാപിക്കാൻ നമ്മൾ ആരാണ്? ജർമ്മനിക്ക് ഏറ്റവും അനുയോജ്യമായതെന്തെന്ന് പണ്ഡിറ്റ് നെഹ്റുവിനേക്കാൾ ഹിറ്റ്ലറിന് അറിയാം. നാസി അല്ലെങ്കിൽ ഫാസിസ്റ്റ് മാന്ത്രികവടി തൊട്ടപ്പോൾ ജർമ്മനിയും ഇറ്റലിയും അത്ഭുതാവഹമായി തിരിച്ചുവരികയും മുമ്പൊന്നുമില്ലാത്ത വിധം ശക്തമായി വളരുകയും ചെയ്തു എന്നത് ആ രാഷ്ട്രീയ “ഇസ “ങ്ങൾ ആ രാജ്യങ്ങളുടെ ആരോഗ്യം ആവശ്യപ്പെടുന്ന അനുയോജ്യമായ ടോണിക്കുകൾ ആണെന്ന് തെളിയിക്കാൻ പര്യാപ്തമാണ്.

തൻ്റെ രാഷ്ട്രീയ ആവശ്യങ്ങൾക്കനുസരിച്ച് ഇന്ത്യയ്ക്ക് ഒരു പ്രത്യേക തരത്തിലുള്ള ഭരണകൂടത്തെ തെരഞ്ഞെടുക്കുകയും നിരാകരിക്കുകയും ചെയ്യാവുന്നതാണ്. പക്ഷെ, മുഴുവൻ ഇന്ത്യക്കാരുടെയും പേരിൽ ജർമ്മനിയ്ക്കോ ഇറ്റലിയ്ക്കോ എതിർ നിൽക്കുമ്പോൾ പണ്ഡിറ്റ് തൻ്റെ വഴി വെട്ടുകയാണ്.  ഇന്ത്യയിലെ കോൺഗ്രസ്സ് വിഭാഗത്തിൻ്റെ അഭിപ്രായം മാത്രമാണ് കൂടി വന്നാൽ പണ്ഡിറ്റ് നെഹ്റുവിന് അവകാശപ്പെടാൻ കഴിയൂ. പക്ഷെ, പണ്ഡിറ്റ് നെഹ്റുവോ കോൺഗ്രസ്സോ പ്രതിനിധീകരിക്കാത്ത  കോടിക്കണക്കിന് വരുന്ന ഇന്ത്യയിലെ ഹിന്ദു സംഘടനാ പ്രവർത്തകർ ജർമ്മനിയോടോ ഇറ്റലിയോടോ ജപ്പാനോടോ മറ്റേതൊരു രാജ്യത്തോടോ തങ്ങളുടെ ദേശീയ ഐക്യത്തിനും ശക്തിക്കും ഏറ്റവും അനുയോജ്യവും ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്നതുമായ ഒരു പ്രത്യേക തരത്തിലുള്ള ഭരണകൂടത്തെയോ ഭരണഘടനാ നയത്തേയോ തെരഞ്ഞെടുത്തതിൻ്റെ പേരിൽ  യാതൊരു തരത്തിലുള്ള അനിഷ്ടവും വച്ചു പുലർത്തുന്നുണ്ടെന്ന് അന്നാടുകളിലെ ജനങ്ങളോട് വ്യക്തമാക്കേണ്ടതുണ്ട്.

ചെക്കോളോവാക്യയുടെ ഭാഗമായ, ജർമ്മൻ ഭൂരിപക്ഷ പ്രദേശമായ സുഡെറ്റൻ ലാൻ്റിന് മേൽ ഫാസിസ്റ്റ് ജർമ്മനി അവകാശമുന്നയിച്ചപ്പോൾ ഹിന്ദുമഹാസഭയും സവർക്കറും അതിനെ പിന്തുണയ്ക്കുകയാണുണ്ടായത്. സവർക്കർ എഴുതി.

ചെക്കോസ്ലൊവാക്യൻ പ്രശ്നം കണക്കിലെടുക്കയാണെങ്കിൽ, ജർമ്മൻ പതാകയ്ക്ക് കീഴെ ആസ്ത്രിയൻ, സുഡെറ്റൻ ജർമ്മൻകാരെ ഒരുമിപ്പിക്കുന്ന ജർമ്മനിയുടെ പ്രവൃത്തി  ഇന്ത്യയിലെ ഹിന്ദു സംഘടനാ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം നീതിമത്ക്കരിക്കപ്പെടേണ്ട ഒന്നാണ്.  ഭരണകൂടത്തെ തെരഞ്ഞെടുക്കുന്നതിൽ ജനങ്ങളുടെ ഇച്ഛയ്ക്കാണ് പരമ പ്രാധാന്യമെന്ന് ജനാധിപത്യം തന്നെ ആവശ്യപ്പെടുന്ന ഒന്നാണ്. ജർമ്മനി ഹിതപരിശോധന ആവശ്യപ്പെട്ടു. ചെക്കുകാർക്ക് കീഴിലുള്ള ജർമ്മൻകാർ ജർമ്മനിയിലുള്ള തങ്ങളുടെ ബന്ധുമിത്രാദികളോട് കൂടിച്ചേരാൻ ആഗ്രഹിക്കുന്നു. ജർമ്മൻകാരെ അവരുടെ ഇച്ഛയ്ക്കെതിരായി വിദേശഭരണത്തിൻ കീഴിൽ പിടിച്ചുവെച്ച് ചെക്കുകാരാണ് ജനാധിപത്യത്തിൻ്റെ തത്വങ്ങൾക്കെതിരെ പ്രവർത്തിക്കുന്നത്. ഇപ്പോൾ ജർമ്മനി ശക്തമായിരിക്കേ തലമുറകളായി ജർമ്മൻ ജനത താലോലിക്കുന്ന എല്ലാ ജർമ്മൻ കാരേയും ഒരുമിപ്പിക്കാനും ഒരു അഖിലലോക ജർമ്മൻ ഭരണകൂടത്തിലേയ്ക്ക് അവരെ സമാഹരിക്കാനുമുള്ള രാഷ്ട്രീയ സ്വപ്നം നടപ്പിൽ വരുത്തുന്നതിനായി എന്തിന് ആഞ്ഞടിക്കാതിരിക്കണം?

മേൽ സൂചിപ്പിച്ച സവർക്കറുടെ പ്രസംഗം വോൾക്കിഷർ ബിയോബാച്ചർ എന്ന ജർമ്മൻ പത്രം 1938 നവംബർ 30 ന് തർജ്ജമ ചെയ്ത് പ്രസിദ്ധീകരിക്കുകയുണ്ടായി.

1938 ഒക്ടോബർ 11 ന് പൂനെയിൽ ഏതാണ്ട് 4000 പേർ പങ്കെടുത്ത സമ്മേളനത്തിൽ വെച്ച് സവർക്കർ നടത്തിയ പ്രഭാഷണവും കസോളാരി പരാമർശിക്കുന്നുണ്ട്. ഇന്ത്യയിൽ ഒരു ഹിതപരിശോധന നടത്തുകയാണെങ്കിൽ മുസ്ലീങ്ങൾ മുസ്ലീം പക്ഷത്തും ഹിന്ദുക്കൾ ഹിന്ദുപക്ഷത്തും നിലയുറപ്പിക്കുമെന്നാണ് സവർക്കർ അഭിപ്രായപ്പെട്ടത്. നൂറ്റുക്കണക്കിന് വർഷങ്ങളായുള്ള അയൽപക്കജീവിതം ഒരു പൊതുരാഷ്ട്രം കെട്ടിപ്പടുക്കാൻ മാത്രം പര്യാപ്തമല്ല. കാരണം ” ഒരു രാഷ്ട്രത്തിൻ്റെ രൂപീകരണത്തിന് രാഷ്ട്ര രൂപീകരണത്തിനായുള്ള പൊതു അഭിലാഷം അത്യാവശ്യമാണ് “. അത്തരമൊരു പൊതു അഭിലാഷം സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളിൽ അലയടിക്കുന്നതിനോട് മുഖം തിരിച്ചാണ് സവർക്കർ ഈ അഭിപ്രായം സ്വരൂപിക്കുന്നത്. അതേ വർഷം ഒക്ടോബർ 14 ന് മലേഗാവിൽ വെച്ചു നടത്തിയ പ്രസംഗത്തിൽ ഇന്ത്യയിലെ  “മുസ്ലീം പ്രശ്നം ” പരിഹരിക്കാൻ ഹിറ്റ്ലറുടെ മാർഗ്ഗം നിർദ്ദേശിച്ചത് അന്നത്തെ ആഭ്യന്തര വകുപ്പിൻ്റെ രേഖകളിൽ ഉണ്ട്. ” ഒരു രാഷ്ട്രം അവിടെ ജീവിക്കുന്ന ഭൂരിപക്ഷമാണ് രൂപീകരിക്കേണ്ടത്. എന്താണ് ജർമ്മനിയിലെ ജൂതർക്ക് സംഭവിച്ചത് ? ന്യൂനപക്ഷം എന്ന നിലയിൽ അവർ ജർമ്മനിയിൽ നിന്ന് തുരത്തപ്പെട്ടു ” ( MSA, ഹോം സ്പെഷ്യൽ ഡിപ്പാർട്ട്മെൻ്റ്, 60D (g) പാർട്ട് III, 1938 .വി .ഡി. സവർക്കറുടെ പ്രസംഗത്തിൻ്റെ തർജ്ജമ )

കോൺഗ്രസ്സ് ജർമ്മനിക്കെതിരെ പ്രമേയം പാസ്സാക്കിയതിനെ വിമർശിച്ചു കൊണ്ട് 1938 ൽ ഡിസംബർ 11 ന് സവർക്കർ ഇങ്ങനെ പറഞ്ഞു . ” ജർമ്മനിയിൽ ജർമ്മൻകാരുടെ പ്രസ്ഥാനം ദേശീയപ്രസ്ഥാനവും ജൂതന്മാരുടേത് സാമുദായിക പ്രസ്ഥാനവും ആണ്. (MSA, ഹോം സ്പെഷ്യൽ ഡിപ്പാർട്ട്മെൻ്റ് ,60D (g) പാർട്ട് III , 1938 .വി .ഡി. സവർക്കറുടെ പ്രസംഗത്തിൻ്റെ തർജ്ജമ ) . 1939 ജൂലൈ 29 ന് പൂനെയിൽ വീണ്ടും ഈ അഭിപ്രായത്തെ സവർക്കർ വിപുലീകരിക്കുന്നുണ്ട്. ” ഭൂമിശാസ്ത്രപരമായ വിസ്തൃതിയെയല്ല , മറിച്ച് അഭിപ്രായൈക്യം, മതം, ഭാഷ, സംസ്കാരം എന്നിവയെയാണ്  ദേശീയത ആശ്രയിക്കുന്നത്. അതിനാൽ ജർമ്മൻകാരേയും ജൂതരേയും ഒരു രാഷ്ട്രമായി കണക്കാക്കാൻ വയ്യ ” (MSA, ഹോം സ്പെഷ്യൽ ഡിപ്പാർട്ട്മെൻ്റ് ,60D (g) പാർട്ട് III , 1938 .BP വാരികയിലെ കത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ )

“ഹിന്ദുത്വ ” യിൽ താൻ ആവിഷ്ക്കരിച്ചിരുന്ന സിദ്ധാന്തങ്ങളുടെ അതിശയകരമായ പ്രായോഗികത ജർമ്മനിയിൽ കാണുകയായിരുന്നു സവർക്കർ. പിതൃഭൂമിയേയും പുണ്യഭൂമിയേയും ആസ്പദമാക്കി താൻ നെയ്തെടുത്ത മുസ്ലീം വിരോധത്തിൻ്റെ ആഗോള സാധൂകരണമായാണ് ജർമ്മൻ ആര്യവംശത്തിൻ്റെ ജൂതവിരോധത്തെ സവർക്കർ കണ്ടത്. 1939 ൽ ഹിന്ദുമഹാസഭാ സമ്മേളനത്തിൽ ഇത് വ്യക്തമായി സവർക്കർ വെളിവാക്കുന്നുണ്ട്. ” ഇന്ത്യൻ മുസ്ലീങ്ങൾ മുഴുവനായിത്തന്നെ അയൽപക്കത്ത് താമസിക്കുന്ന ഹിന്ദുവിനേക്കാൾ താദാത്മ്യപ്പെടുന്നതും അവരുടെ താത്പര്യങ്ങൾ ഉന്മുഖമാക്കുന്നതും ഇന്ത്യയ്ക്ക് പുറത്തുള്ള മുസ്ലീങ്ങളുമായാണ്

ഇതേ സമയം തന്നെ ഹിന്ദു പൊതുമണ്ഡലത്തിൽ ഇത്തരം ആശയങ്ങൾ കടത്തിവിടാനായി വലതുപക്ഷ, ബ്രാഹ്മണികമാധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. തിലക് തുടങ്ങിവെച്ച മറാത്താ, കേസരി തുടങ്ങിയ പത്രികകൾ ആണ് ഇതിൽ മുൻപന്തിയിൽ നിന്നത്. 1939 ൽ മറാത്താ ഇറ്റലിയേയും ജർമ്മനിയേയും അനുകൂലിച്ചുകൊണ്ട് നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. 1939 ഡിസംബർ 8 നും 15 നുമായി ” ജനാധിപത്യത്തിൻ്റെ തോൽവിയും ഫാസിസത്തിൻ്റെ ഉയർച്ചയും ” എന്ന പേരിൽ ദീർഘലേഖനം പ്രസിദ്ധീകരിച്ചു. അതിന് മുമ്പ് 1939 ജനുവരി 6 ന് മറാത്തയിൽ    ” ഹൈന്ദവതയുടെ പുനരുജ്ജീവനത്തിനുള്ള സവർക്കർ മാർഗ്ഗം. ഹിന്ദു ചിന്തയിലേയും പ്രയോഗത്തിലേയും പുതിയ പ്രസരിപ്പ് ” എന്ന പേരിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ” ജർമ്മനിയിൽ ജർമ്മൻകാർ രാഷ്ട്രവും ജൂതർ ഒരു സമുദായവുമാണ് ” എന്ന സവർക്കർ വചനം ഉദ്ധരിക്കപ്പെട്ടു. 1939 മാർച്ച് 25 ന് ഹിന്ദുമഹാസഭ ജർമ്മനിക്ക് അനുകൂലമായ അവരുടെ ആഗോളനയം പ്രഖ്യാപിച്ചു. അവർക്ക് വേണ്ടി സവർക്കർ പുറപ്പെടുവിച്ച പ്രസ്താവന ഇങ്ങനെയായിരുന്നു.

” ആര്യൻ സംസ്കാരം പുനരുത്ഥരിക്കാനുള്ള ജർമ്മനിയുടെ ഉറച്ച ആശയം, സ്വസ്തികയുടെ മഹത്വവല്ക്കരണം, വേദപഠനത്തിനും ഇൻഡോ- ജർമ്മാനിക്ക് പാരമ്പര്യത്തിൻ്റെ മുന്നേറ്റത്തിനും അവൾ ( ജർമ്മനി ) നൽകുന്ന രക്ഷാകർത്തൃത്വം തുടങ്ങിയവ ഹിന്ദുമതവും ഇന്ത്യയിലെ വിവേകമുള്ള ഹിന്ദുക്കളും വർദ്ധിതമായ പ്രത്യാശയോടെ സ്വാഗതം ചെയ്തിട്ടുണ്ട്. ജർമ്മനിയുടെ ഇന്നത്തെ ഭരണകൂടത്തിനെതിരെ പണ്ഡിറ്റ് ജെ നെഹ്റുവിൻ്റെ നേതൃത്വത്തിലുള്ള കുറച്ച് സോഷ്യലിസ്റ്റുകൾ മാത്രമാണ് പ്രതിഷേധത്തിൻ്റെ ഒരു കുമിള ഉയർത്തിയിട്ടുള്ളത്. പക്ഷെ, അവരുടെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ എന്തെങ്കിലും സാംഗത്യം സൃഷ്ടിക്കുന്നതിൽ നിന്നും വളരെ അകലെയാണ്. ആഭ്യന്തര നയത്തിൻ്റെ കാര്യത്തിൽ ജർമ്മനി പ്രകടിപ്പിച്ച  നിസ്തുലമായ വീര്യത്തിനെതിരെ മഹാത്മാഗാന്ധിയുടെ വ്യർത്ഥമായ ശാപങ്ങൾ, മിസ്റ്റിസിസത്തിൻ്റെ ബാധയാൽ രാജ്യത്തെ എന്നും ചതിക്കുകയും കുഴക്കുകയും ചെയ്ത ഒരാളുടെ മുറുമുറുപ്പുകൾ എന്ന നിലയ്ക്ക് ഇതുവരെ ഒരു മതിപ്പും ഉണ്ടാക്കിയിട്ടില്ല. ആര്യൻ സംസ്കാരത്തിൻ്റെ ശത്രുക്കൾക്ക് നേരെയുള്ള ജർമ്മനിയുടെ കുരിശുയുദ്ധം ലോകത്തിൻ്റെ ആര്യൻ സ്വഭാവത്തെ  ഇന്ത്യൻ ഹിന്ദുക്കളുടെ ഇന്ദ്രിയങ്ങളിലേയ്ക്ക് തിരികെ കൊണ്ടുവരുമെന്നും അവരുടെ നഷ്ടപ്പെട്ട പ്രതാപം പുന:സ്ഥാപിക്കുന്നതിനായി അവർ ഉണർന്നെണീക്കുമെന്നും ഞാൻ കരുതുന്നു.

ഈ ആഗോളനയം നടപ്പാക്കാനായി ജർമ്മനി, ഇറ്റലി, ജപ്പാൻ തുടങ്ങിയ അച്ചുതണ്ട് ശക്തികളുമായി ബന്ധമുണ്ടാക്കാൻ സവർക്കർ ശ്രമിച്ചു. അതിന് ജപ്പാൻ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന റാഷ് ബിഹാരി ബോസിൻ്റെ ഇന്ത്യൻ ഇൻഡിപെൻ്റൻസ് ലീഗുമായി ബന്ധപ്പെടാനാണ് സവർക്കർ ശ്രമിച്ചത്. ബ്രിട്ടീഷുകാർക്കെതിരെ റാഷ് ബിഹാരി ബോസ് പ്രവർത്തിച്ചത് ജപ്പാനിലെ വലതുപക്ഷത്തോട് ചേർന്നു നിന്നായിരുന്നു. “ഏഷ്യ ഏഷ്യക്കാർക്ക് ” എന്ന അഖില ഏഷ്യൻ മുദ്രാവാക്യമായിരുന്നു റാഷ് ബിഹാരി മുന്നോട്ടുവെച്ചിരുന്നത്. ജപ്പാനിൽ നിന്ന് ഇതിന് വേണ്ടി ” ന്യൂ ഏഷ്യ ” എന്നൊരു പത്രികയും റാഷ് ബിഹാരി ആരംഭിച്ചിരുന്നു. ടോക്യോയിലെ ഇറ്റാലിയൻ എംബസിയുമായി ഊഷ്മള ബന്ധം റാഷ് ബിഹാരി ബോസ് പുലർത്തിയിരുന്നു. ഏഷ്യൻ ഫെഡറേഷന് വേണ്ടി പ്രവർത്തിച്ചിരുന്ന ടൊയാമയുടെ കറുത്ത ഡ്രാഗൺ പ്രസ്ഥാനവുമായി റാഷ് ബിഹാരി അടുത്ത ബന്ധം പുലർത്തിയിരുന്നു.

സവർക്കർ എല്ലാത്തരത്തിലുമുള്ള തടവുശിക്ഷയിൽ നിന്നും പൂർണ്ണമായി മുക്തനായ ശേഷമാണ് റാഷ് ബിഹാരിയുമായി ബന്ധപ്പെട്ടതെന്ന് കരുതാം. എന്തായാലും ആ വർഷം അദ്ദേഹത്തിൻ്റെ രണ്ടു കത്തുകൾ സവർക്കർ ” മറാത്ത” യിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. ഹിന്ദു ഐക്യപ്രസ്ഥാനത്തിനെ ആഗോളമായി വികസിപ്പിക്കാൻ റാഷ് ബിഹാരി കാണിക്കുന്ന സന്നദ്ധതയെ സവർക്കർ ശ്ലാഘിക്കുന്നുണ്ട്. ജപ്പാനിൽ ഹിന്ദുമഹാസഭയുടെ ഒരു ശാഖ ആരംഭിക്കാൻ താൻ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം സവർക്കറെ അറിയിക്കുന്നുണ്ട്. ” അത് കിഴക്കൻ വിദേശരാഷ്ട്രങ്ങളിൽ   ഹിന്ദുമഹാസഭയുടെയും ഹൈന്ദവതയുടേയും അന്താരാഷ്ട്ര ശബ്ദമായി മാറു”മെന്നും. സവർക്കർ ആ പദ്ധതി അംഗീകരിക്കുകയും വിദേശങ്ങളിലെ ഹിന്ദു മഹാസഭ ഓഫീസുകൾ ഹിന്ദുമഹാസഭയുടെ ആസ്ഥാന കാര്യാലയവുമായി ചേർന്നാണ് പ്രവർത്തിക്കേണ്ടതെന്ന് നിർദ്ദേശിക്കുകയും ചെയ്യുകയുണ്ടായി.

ഇക്കാലത്ത് തന്നെയാണ് ഇന്ത്യയിലെ ഇറ്റാലിയൻ, ജർമ്മൻ, ജാപ്പനീസ് കോൺസുലേറ്റുകളുമായി സവർക്കർ ബന്ധപ്പെടുന്നത്. ആഗസ്റ്റ് 1 ന് സവർക്കർ നടത്തിയ പ്രഭാഷണത്തിൻ്റെ പത്രക്കുറിപ്പ് പ്രസ്തുത രാജ്യങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിനായി സവർക്കർ ശ്രമിക്കുകയുണ്ടായി. ഇതിന് വേണ്ടി സവർക്കർ, ഹിന്ദു മാധ്യമ മണ്ഡലത്തിന് വേണ്ടി ധാരാളം പരിശ്രമിച്ചിരുന്ന ഘനശ്യാം ദാസ് ബിർളയുടെ സഹോദരനായ ജുഗൽ കിഷോർ ബിർളയെ ആശ്രയിക്കുന്നുണ്ട്. റാഷ് ബിഹാരിക്കും അതിൻ്റെ പകർപ്പ് സവർക്കർ അയച്ചുകൊടുക്കുകയുണ്ടായി. ജപ്പാനിലെ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിന് മാത്രമല്ല, ജപ്പാൻ ഗവണ്മെൻ്റിൻ്റെ  ശ്രദ്ധയിൽ അവർക്കനുകൂലമായ പ്രസ്താവനയെ കൊണ്ടുവരാൻ വേണ്ടി ക്കൂടിയാണ് അങ്ങനെ ചെയ്തത്.

സവർക്കറുടെ ഇറ്റാലിയൻ ബന്ധം തെളിയിക്കാനാവശ്യമായ രേഖകൾ ലഭിച്ചിട്ടില്ലങ്കിലും അദ്ദേഹത്തിൻ്റെ നാസി ബന്ധം തെളിയിക്കുന്ന രേഖകൾ ധാരാളം കസോളാരി ഹാജരാക്കുന്നുണ്ട്. 1938 മുതൽ ജർമ്മൻ ന്യൂസ് ഏജൻസികളുടെ പ്രതിനിധിയായിരുന്ന ജി എൽ ലെസ് സിൻസ്ക്കിയുമായും ബോംബെയിലെ ജർമ്മൻ വ്യവസായി ആയിരുന്ന ഒരു പി. പാസേയുമായും സവർക്കർ ബന്ധപ്പെട്ടിരുന്നു. അവരാണ് സവർക്കറുടെ പ്രഭാഷണം, നാം നേരത്തേ കണ്ട പോലെ വോൾക്കിഷർ ബിയോ ബാച്ചറിൽ പ്രസിദ്ധീകരിക്കുന്നതിൽ മുൻ കൈയെടുത്തത്. ഹിന്ദുമഹാസഭയുടെ വ്യാപ്തിയെക്കുറിച്ച് ലെസ് സിൻസ്കി ആരാഞ്ഞതിനെ തുടർന്ന് അവർ മറുപടി നൽകിയത് ഇങ്ങനെയാണ് .

ഇപ്പോഴത്തെ നിലയിൽ ഹിന്ദുമഹാസഭ എന്നത് ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്ന അഖിലേന്ത്യാ സംഘടനയാണ്. മുസ്ലീം ലീഗ് മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്നത് പോലെ.  ഏതാനും ആയിരങ്ങൾ അതിൻ്റെ അംഗങ്ങൾ ആയി പ്രവർത്തിക്കുന്നുണ്ട്.

മറാത്തി പത്രങ്ങളിൽ ജർമ്മനിക്കനുകൂലമായി വന്ന വാർത്തകൾ തനിക്കെത്തിച്ചു തരുന്നതിന് പ്രത്യുപകാരമെന്ന നിലയിൽ ഹിറ്റ്ലറുടെ ആത്മകഥയായ മീൻ കാംഫ് ലെസ് സിൻസ്ക്കി സവർക്കർക്ക് സമ്മാനിക്കുന്നുണ്ട്.

ലെസ് സിൻസ്കി പതുക്കെ പതുക്കെ സവർക്കറുമായുള്ള ബന്ധത്തിൽ നിന്ന് അകലുന്നുണ്ട്. അതിൻ്റെ കാരണം ആഭ്യന്തരമായി സവർക്കർ എടുത്തു വരുന്നബ്രിട്ടീഷ് അനുകൂല നിലപാടാണ് . ഇന്ത്യയ്ക്കുള്ളിൽ ബ്രിട്ടീഷ് പട്ടാളത്തെ ശാക്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത് ജർമ്മൻകാരെ ചൊടിപ്പിച്ചു.’

———————————————————————————————————————

Comments

comments