37 . നമ്മൾ അഥവാ നമ്മുടെ ദേശീയാസ്തിത്വം നിർവ്വചിക്കപ്പെടുന്നു
……………………………………………………………
1939 ൽ തന്നെയാണ് എം എസ് ഗോൾവാൾക്കറുടെ ” നമ്മൾ അഥവാ നമ്മുടെ ദേശീയാസ്തിത്വം നിർവ്വചിക്കപ്പെടുന്നു ” ( We or our nationhood Defined ) എന്ന പുസ്തകം പുറത്തിറങ്ങുന്നത്. ” ഹിന്ദുത്വ ” യ്ക്ക് ശേഷം ഹിന്ദുത്വ രാഷ്ട്രീയത്തെ മുമ്പോട്ടുകൊണ്ടു പോയ രണ്ടാമത്തെ പ്രധാനപ്പെട്ട പുസ്തകം എന്ന പ്രത്യേകത ഈ പുസ്തകത്തിനുണ്ട്. ഈ പുസ്തകത്തിൻ്റെ കർത്തൃത്വത്തെ സംബന്ധിച്ച് നിലനിൽക്കുന്ന തർക്കവും ഇതിനെ ശ്രദ്ധേയമാക്കുകയുണ്ടായി. ടൈംസ് ഓഫ് ഇന്ത്യയിൽ 2006 മാർച്ച് 9 ന് അക്ഷയ മുകുൾ എഴുതിയ റിപ്പോർട്ടിൽ  ഈ പുസ്തകത്തെ ആർ എസ് എസ് തള്ളിക്കളഞ്ഞത് അവരുടെ പ്രത്യയശാസ്ത്രപരമായ വഴി പിരിയൽ ആയി വിശേഷിപ്പിച്ചിരുന്നു. കാരണം ആർ എസ് എസിനെ സംബന്ധിച്ചിടത്തോളം അവരുടെ പരമാചാര്യൻ രണ്ടാം സർ സംഘ് ചാലക് ആയിരുന്ന എം എസ് ഗോൾവാൾക്കർ ആണ്. 2006 ഫെബ്രുവരി 24 ന് നാഗ്പൂരിലെ  ആർ എസ് എസ് ആസ്ഥാനത്തിൽ വെച്ചു നടന്ന, ഡെൽഹി യൂണിവേഴ്സിറ്റിയിൽ അക്കാലത്ത് അദ്ധ്യാപകനായിരുന്ന രാകേഷ് സിൻഹ എഴുതിയ ശ്രീ ഗുരുജിയും ഇന്ത്യൻ മുസ്ലീങ്ങളും (Sree Guruji and Indian Muslims) എന്ന പുസ്തക പ്രകാശനത്തിൻ്റെ വേളയിലാണ് ഈ തള്ളിപ്പറയൽ നടന്നത്. വി ഡി സവർക്കറുടെ ജ്യേഷ്ഠനും ആർ എസ് എസിൻ്റെ സ്ഥാപകനേതാക്കളിൽ ഒരാളുമായിരുന്ന ഗണേഷ് ദാമോദർ സവർക്കർ എന്ന ജി ഡി സവർക്കർ അഥവാ ബാബാറാവു 1934ൽ മറാത്തിയിലെഴുതിയ “രാഷ്ട്രമീമാംസ വ ഹിന്ദുസ്ഥാൻ ചൻ രാഷ്ട്ര സ്വരൂപ് എന്ന പുസ്തകത്തിൻ്റെ സംഗ്രഹീത തർജമയാണ് ” നമ്മൾ അഥവാ …..” എന്നാണ് അന്ന് അവിടെ പ്രഖ്യാപിക്കപ്പെട്ടത്. ഗോൾവാൾക്കറുടെ മൗലിക കൃതിയല്ല അതെന്ന് പ്രഖ്യാപിക്കുകയായിരുന്നു ആർ എസ് എസ് വൃത്തങ്ങൾ. ജീവിച്ചിരിക്കേ തന്നെ ഗോൾവാൾക്കർ അക്കാര്യം വെളിപ്പെടുത്തിയിരുന്നുവെന്നും അന്ന് പ്രഖ്യാപിക്കപ്പെട്ടു.
ആർ എസ് എസിൻ്റെ മുൻ വക്താവായിരുന്ന വൈദ്യയും അത് ശരിവെച്ചതായി അക്ഷയ മുകുൾ പറയുന്നു. ” എല്ലാവരും വിശ്വസിക്കാൻ നിർബന്ധിക്കപ്പെട്ട പോലെ ആർ എസ് എസിൻ്റെ ബൈബിൾ അല്ല ‘ നമ്മൾ ‘ ” എന്നാണ് വൈദ്യ അഭിപ്രായപ്പെട്ടത്. എങ്കിൽ അത് ഓരോ ആർ എസ് എസ് പ്രവർത്തകൻ്റേയും വീട്ടിൽ ഗോൾവാൾക്കറുടെ മറ്റൊരു പുസ്തകമായ “വിചാരധാര ” ( Bunch of Thought ) പോലെ സൂക്ഷിച്ചിരുന്നേനെ എന്നാണ് വൈദ്യ പറയുന്നത്. 1946 മുതൽ തന്നെ ആർ എസ് എസ് “നമ്മളു ” ടെ ഉള്ളടക്കത്തെ പ്രചരിപ്പിച്ചിട്ടില്ല എന്നും വൈദ്യ കൂട്ടിച്ചേർത്തു.2021 ആഗസ്റ്റ് 20 ന് ഇറങ്ങിയ കാരവൻ മാസികയിൽ ധീരേന്ദ്ര കെ. ഝാ എഴുതിയ “ഗുരുജിയുടെ നുണ” (Guruji ‘s Lie )എന്ന ലേഖനം ഈ വിവാദത്തിലേയ്ക്ക് കൂടുതൽ വെളിച്ചം വീശുന്നുണ്ട്. 1963 മാർച്ച് 15 ന് വി ഡി സവർക്കറുടെ എൺപതാം പിറന്നാളിനോടനുബന്ധിച്ച് മുംബൈയിൽ അദ്ദേഹത്തിൻ്റെ അനുയായികൾ കൊണ്ടാടിയ “സൈനിക വാര” ത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തിലാണ് ‘ നമ്മൾ ‘, ‘രാഷ്ട്രമീമാംസ ‘യുടെ സംഗ്രഹീത വിവർത്തനമാണ് എന്ന് ഗോൾവാൾക്കർ പ്രഖ്യാപിക്കുന്നത്. അന്ന് അത് വലിയ പത്രവാർത്ത ആയിരുന്നില്ല. പിന്നെ എന്തുകൊണ്ടാണ് ‘ നമ്മളി ‘ ന് മേലുള്ള കർത്തൃത്വാവകാശം അതിറങ്ങി 24 വർഷങ്ങൾക്ക് ശേഷം ഗോൾവാൾക്കർ ഉപേക്ഷിക്കാൻ കാരണം ? ആ തള്ളിപ്പറയലിന് ശേഷം വീണ്ടും 43 വർഷത്തിന് ശേഷം ഇന്ത്യൻ ജനതയെ അത് ഓർമ്മിപ്പിച്ചതെന്തിന്?ധീരേന്ദ്ര കെ ഝാ പറയുന്നത് യഥാർത്ഥത്തിൽ 1963ൽ ഗോൾവാൾക്കർ നടത്തിയ പ്രസ്താവന കള്ളമായിരുന്നു എന്നാണ്. നമ്മൾ ‘ എന്ന പുസ്തകം എം .എസ് ഗോൾവാൾക്കറുടെ പേരിലാണ് പുറത്തിറങ്ങിയത്. ഗ്രന്ഥകർത്താവ് എന്ന നിലയിൽ അതിന് അവതാരികയെഴുതിയ എം.എസ്. ആണേയ്ക്ക് ഗോൾവാൾക്കർ നന്ദി രേഖപ്പെടുത്തുന്നുണ്ട്. മാത്രമല്ല അതിൻ്റെ ആമുഖക്കുറിപ്പിൽ ഗോൾവാൾക്കർ ഇങ്ങനെ എഴുതുന്നുണ്ട്. “ഈ പുസ്തകം സമാഹരിക്കുന്നതിനായി അനേകം കോണുകളിൽ നിന്ന് ഞാൻ സഹായം സ്വീകരിച്ചിട്ടുണ്ട്. അവരോടെല്ലാം ഞാൻ നന്ദി പറയുന്നു. എന്നാൽ ഒരാളെ പ്രത്യേകമായി എടുത്തു പറയുന്നതിൽ നിന്നും മാറി നിൽക്കാൻ എനിക്കാവില്ല – ദേശഭക്ത ജി.ഡി.സവർക്കർ. മറാത്തി യിൽ അദ്ദേഹമെഴുതിയ പുസ്തകം രാഷ്ട്രമീമാംസ എൻ്റെ പ്രധാനപ്പെട്ട പ്രചോദനവും സഹായവുമായിരുന്നു. അതിൻ്റെ ഇംഗ്ലീഷ് തർജ്ജമ ഉടൻ തന്നെ പുറത്തിറങ്ങുന്നതാണ്. ഈ വിഷയത്തിൽ വിശദമായ പഠനത്തിനായി ആ പുസ്തകത്തിലേയ്ക്ക് വായനക്കാരെ തിരിച്ചുവിടാൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു. ” പിന്നീട്  ‘രാഷ്ട്രമീമാംസ ‘യുടെ ഇംഗ്ലീഷ് തർജ്ജമ  രാഷ്ട്രസിദ്ധാന്തങ്ങളും ഹിന്ദുസ്ഥാൻ്റെ പരിണാമങ്ങളും ” ( Theory of Nations and the Transformation of Hindusthan ) എന്ന പേരിൽ ഇറങ്ങുകയുണ്ടായിട്ടുണ്ടെന്നും ഝാ ചൂണ്ടിക്കാട്ടുന്നു. ” ദുർഗ്ഗാ തനയ് ” എന്ന തൂലികാനാമം ഉള്ള ഒരാളാണ് അത് തർജ്ജമ ചെയ്തത്. ഇതെല്ലാം കാണിക്കുന്നത് രാഷ്ട്രമീമാംസയിൽ നിന്ന് പ്രചോദനവും സഹായവും ഉൾക്കൊണ്ടിട്ടുണ്ടെങ്കിലും ‘നമ്മൾ ” ഗോൾവാൾക്കറിൻ്റെ തന്നെ കൃതിയാണെന്നാണ്.

1946 എന്ന് വൈദ്യ പരാമർശിച്ച, തള്ളിക്കളയലിൻ്റെ വർഷവും കൗതുകമുണർത്തുന്നതാണ്. രണ്ടാം ലോകയുദ്ധവും ഹിറ്റ്ലറുടെ ആത്മഹത്യയ്ക്കും ശേഷമാണ് ഈ തള്ളിപ്പറച്ചിൽ സംഭവിക്കുന്നത് എന്ന് വൈദ്യയുടെ പരാമർശത്തിൽ നിന്നും വ്യക്തമാണ്. ഇതെല്ലാം കൂട്ടി വെച്ച് പരിശോധിക്കുമ്പോൾ ‘ നമ്മൾ ‘ എന്ന പുസ്തകത്തിൻ്റെ നാസി ഉള്ളടക്കം മൂലമാണ് അതിനെ തള്ളിപ്പറയാൻ ഗോൾവൾക്കറിനെ പ്രേരിപ്പിച്ചത് എന്ന് മനസ്സിലാക്കാം. ഈ നാസി ഉള്ളടക്കം ‘രാഷ്ട്രമീമാംസ ‘ യിൽ ഇല്ല എന്ന് ഝാ ചൂണ്ടിക്കാട്ടുന്നുണ്ട്. രണ്ടാം ലോകയുദ്ധത്തിൽ നാസിസം പരാജയപ്പെടുകയും ലോകത്തെമ്പാടും വെറുക്കപ്പെട്ട പ്രത്യയശാസ്ത്രമായി മാറുകയും ചെയ്തതോടെ, തൻ്റെ നിലനിൽപ്പിന് വേണ്ടിയാണ് ഗോൾവാൾക്കർ അതിനെ ബാബാറാവുവിൻ്റെ ചുമലിലേയ്ക്കിട്ടത് എന്ന് വേണം അനുമാനിക്കാൻ . ബാബാറാവുവോ അദ്ദേഹത്തിൻ്റെ പുസ്തകമോ ലഭ്യമില്ലാത്ത മുഹൂർത്തത്തിൽ ആണ് ഗോൾവാൾക്കർ ‘ നാസിമുദ്ര ‘ തൻ്റെ ദേഹത്തു നിന്നും കുടഞ്ഞുകളയാൻ ശ്രമിച്ചത്. ബി ജെ പി അധികാരത്തിൻ്റെ രുചി അറിഞ്ഞുതുടങ്ങുകയും ജനാധിപത്യത്തിലൂടെ ഹിന്ദുത്വരാഷ്ട്രീയത്തിന് ഭൂരിപക്ഷം നേടാനാകും എന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ആർ എസ് എസ്  ഒരു നയവ്യതിയാനം എന്ന മട്ടിൽ തങ്ങളുടെ പരമാചാര്യൻ്റെ ഗ്രന്ഥത്തെ വിവാദങ്ങൾ ഭയന്ന് തള്ളിക്കളയുന്നതും.

നമ്മൾ അഥവാ നമ്മുടെ ദേശീയാസ്തിത്വം നിർവ്വചിക്കപ്പെടുന്നു” സവർക്കറുടെ ഹിന്ദുത്വയുടെ അടുത്ത പടിയാണ് എന്ന് നാം കണ്ടുകഴിഞ്ഞു. ഹിന്ദുത്വ എഴുതപ്പെടുന്ന കാലത്ത് നാസിസമോ ഫാസിസമോ വ്യക്തമായി സവർക്കറുടെ കാഴ്ചാപരിധിയിൽ ഉണ്ടായിരുന്നില്ല .തിലകിൻ്റെ നവ- യാഥാസ്ഥിതിക ബ്രാഹ്മണിസം, പുതിയ പേഷ്വാസാമ്രാജ്യത്തെ പുന:സൃഷ്ടിക്കാൻ ശ്രമിച്ച ഫാഡ് കേയും ചപേക്കേർ സഹോദരന്മാരുടെയും ശ്രമങ്ങൾ ,ഇറ്റലിയെ ഏകീകരിച്ച മസ്സീനിയുടെ ശ്രമങ്ങൾ, മുസ്ലീം വിരുദ്ധതയിൽ കെട്ടിപ്പൊക്കാൻ ശ്രമിച്ച ഹിന്ദുവംശീയത ഇവയെല്ലാം ചേർന്ന് ” ഹിന്ദുവിനെ സൈനികവല്ക്കരിക്കുക, രാഷ്ട്രീയം ഹൈന്ദവ വല്ക്കരിക്കുക ” എന്ന ഇടം വരെ സവർക്കറെ എത്തിച്ചു. രണ്ടാം ലോകയുദ്ധസാഹചര്യത്തിൽ ഇത് നാസിസ / ഫാസിസ സൈദ്ധാന്തിക, പ്രായോഗിക പദ്ധതിയി മാറ്റിയെടുക്കാൻ സവർക്കർ കിണഞ്ഞു പരിശ്രമിച്ചു. അതിന് തുടർച്ചയായി വന്ന ഗോൾവാൾക്കർ നാസിസത്തെ കുറേക്കൂടി ആഞ്ഞുപുൽകുകയുണ്ടായി. സവർക്കറുടെ രണ്ട് ലക്ഷ്യങ്ങളും ഹിന്ദുക്കളുടെ സൈനിക വല്ക്കരണവും രാഷ്ട്രീയത്തിൻ്റെ ഹിന്ദുവല്ക്കരണവും നാസിസ്റ്റ് രീതികൾ ഉപയോഗിച്ച് എളുപ്പം പ്രായോഗികമാക്കാം എന്ന് ഗോൾവാൾക്കർ കരുതി.

ആർ എസ് എസിൻ്റെ ആദ്യ സർസംഘചാലക് ആയിരുന്ന ഡോ. ഹെഡ്ഗേവാറിൻ്റെ സന്തതസഹചാരികളിൽ ഒരാളായിരുന്ന ഡി വി കേൽക്കർ 1950 ഫെബ്രുവരി 4 ന് എക്കണോമിക് വീക്കിലിയിലെഴുതിയ ദി ആർ എസ് എസ് എന്ന ലേഖനത്തിൽ പ്രസ്തുത പുസ്തകത്തെ ആർ എസ് എസുകാർ ഏതാണ്ട് ഗീതയെപ്പോലെയാണ് കണ്ടിരുന്നത് എന്ന് വെളിപ്പെടുത്തുന്നുണ്ട്. കേത്ക്കറുടെ ഈ ലേഖനം പ്രസിദ്ധീകരിക്കുന്ന കാലത്ത് ഗോൾവാൾക്കർ അതിനെ തള്ളിക്കളഞ്ഞിട്ടില്ല എന്ന് ഓർക്കണം. രാഷ്ടം എന്ന പരികല്പനയെ ഹിന്ദുത്വ വീക്ഷണകോണിൽ നിർവ്വചിക്കുകയും അതിൻ്റെ പ്രവർത്തന തത്വത്തെ വിശദീകരിക്കുകയുമാണ് ഗോൾവാൾക്കർ ഈ പുസ്തകത്തിൽ ചെയ്തിട്ടുള്ളത്  എന്ന് പൊതുവേ പറയാം.                 ” രാഷ്ട്രം എന്ന വാക്കിൽ അടങ്ങിയിരിക്കുന്ന ആശയം ” ഗോൾവാൾക്കർ പറയുന്നു ” അഞ്ച് വ്യത്യസ്ത ഘടകങ്ങൾ ഉരുകി വേർതിരിക്കാനാകാത്ത ഒറ്റയായി തീർന്ന സംയുക്തമാണ്. ഭൂമിശാസ്ത്രപരം ( രാജ്യം ), വംശീയം ( വംശം ), മതപരം      ( മതം ), സാംസ്കാരികം ( സംസ്കാരം ), ഭാഷാപരം ( ഭാഷ ) എന്നിവയാണ് പ്രശസ്തമായ ഈ ഘടകങ്ങൾ “. അതായത് രാഷ്ട്രത്തെ സംബന്ധിച്ച പാശ്ചാത്യദർശനങ്ങൾ രൂപപ്പെടും മുമ്പുതന്നെ ഇന്ത്യയിൽ ഈ ഘടകങ്ങൾ ചേർന്ന് ഒരു ഹിന്ദു രാഷ്ട്രം രൂപം കൊണ്ടിരുന്നു. സവർക്കർ പരാമർശിച്ച “സിന്ധു ( നദി) മുതൽ സിന്ധു                ( സമുദ്രം) ” വരെയുളള പ്രദേശമാണ് ( ഹിന്ദുസ്ഥാൻ )രാജ്യം. വംശം എന്നാൽ ജാതി, മതം എന്നാൽ ഹിന്ദുമതം. സംസ്കാരം എന്നത് ഹിന്ദു സംസ്ക്കാരം. ഭാഷ എന്നാൽ സംസ്കൃതം. അതായത് സവർക്കറുടെ ഹിന്ദുത്വത്തെ ദേശരാഷ്ട്രങ്ങളുടെ ചരിത്ര സ്ഥലിയിലേയ്ക്ക് എടുത്തുവെയ്ക്കുകയായിരുന്നു ഗോൾവാൾക്കർ. ഹിന്ദുസ്ഥാൻ  പിതൃഭൂമിയും പുണ്യഭൂമിയുമല്ലാത്തവർക്ക് പൗരത്വം നിഷേധിക്കുന്ന സവർക്കർ സിദ്ധാന്തത്തെ മറ്റൊരു തരത്തിൽ ഗോൾവാൾക്കർ വികസിപ്പിച്ചെടുക്കുന്നു. രാഷ്ട്രത്തിൻ്റെ അടിസ്ഥാന ഘടകങ്ങളായ ഈ അഞ്ചു കുമ്പിളുകളിൽ ഉൾക്കൊള്ളാനാകാതെ വരുന്ന ഒരാൾക്കും ദേശീയ ജീവിതത്തിൽ സ്ഥാനമുണ്ടാകില്ല.
ആത്യന്തികമായി രാഷ്ട്രത്തെപ്പറ്റി ആലോചിക്കുമ്പോൾ നാം മനസ്സിൽ കരുതേണ്ടത്,ആ ആശയത്തിൻ്റെ അഞ്ചു മടക്കുകളുടെ പരിധിയ്ക്ക് പുറത്തു വീഴുന്നവർക്ക് അവരുടെ വ്യത്യാസം ഉപേക്ഷിച്ചില്ലെങ്കിൽ, രാഷ്ട്രത്തിൻ്റെ മതവും സംസ്ക്കാരവും ഭാഷയും സ്വീകരിച്ചില്ലെങ്കിൽ , ദേശീയ വംശത്തിൽ മുഴുവനായി തങ്ങളെത്തന്നെ അലിയിച്ചില്ലെങ്കിൽ  ദേശീയ ജീവിതത്തിൽ സ്ഥാനമുണ്ടാകില്ല എന്നതാണ്. എത്ര കാലം അവർ അവരുടെ സംശീയവും മതപരവും സാംസ്കാരികവുമായ വ്യത്യാസങ്ങൾ കൊണ്ടുനടക്കുന്നുവോ, അത്രയും കാലം അവർ വിദേശികൾ മാത്രമായിരിക്കും.  രാഷ്ട്രത്തോട് സൗഹൃദമോ ശത്രുതയോ പുലർത്തുന്ന വിദേശികൾ

ഗോൾവാൾക്കർ തുടരുന്നു.
രണ്ടേ രണ്ട് വഴികൾ മാത്രമേ വൈദേശിക മൂലകങ്ങൾക്ക് മുന്നിൽ ഉള്ളു. ഒന്നുകിൽ ദേശീയ വംശത്തിൽ തങ്ങളെത്തന്നെ ലയിപ്പിച്ച് അതിൻ്റെ സംസ്കാരം ആർജ്ജിക്കുക. അല്ലെങ്കിൽ ദേശീയവംശം അനുവദിക്കും വരെ അവരുടെ കരുണയിൽ ജീവിക്കുകയും ദേശീയ വംശത്തിൻ്റെ മധുരേച്ഛ മറ്റൊന്നാകുമ്പോൾ രാജ്യം വിടുകയും ചെയ്യുക. അതാണ് ന്യൂനപക്ഷ പ്രശ്നത്തിന്മേൽ എടുക്കേണ്ട ശരിയായ വീക്ഷണം . അത് മാത്രമാണ്  രാജ്യത്തിനുള്ളിൽ രാജ്യത്തെ സൃഷ്ടിക്കുന്ന, രാഷ്ട്രത്തിൻ്റെ രാഷ്ട്രീയ ശരീരത്തെ ബാധിക്കുന്ന ക്യാൻസറിൻ്റെ അപകടത്തിൽ നിന്നും അതിനെ അകറ്റി നിർത്തുക. പഴയ തീക്ഷ്ണബുദ്ധികളായ രാഷ്ട്രങ്ങൾ അനുമതി തന്ന  ഈയൊരു വീക്ഷണകോണിൽ നിന്ന് നോക്കിയാൽ, ഹിന്ദുസ്ഥാനിലെ വിദേശവംശങ്ങൾ ഒന്നുകിൽ ഹിന്ദു സംസ്ക്കാരവും ഭാഷയും സ്വീകരിക്കുകയും ഹിന്ദുമതത്തെ ബഹുമാനിക്കാൻ പഠിക്കുകയും അതിനോട് എപ്പോഴും ആദരവ് സൂക്ഷിക്കുകയും ഹിന്ദുരാഷ്ട്രത്തിൻ്റെ മഹത്വപ്രഘോഷത്തെയല്ലാതെ മറ്റാശയങ്ങളെ പ്രോത്സാഹിപ്പിക്കാതിരിക്കുകയും അവരുടെ വ്യത്യസ്തമായ അസ്തിത്വത്തെ ഹിന്ദുവംശത്തിൽ ലയിപ്പിച്ച് ഇല്ലാതാക്കുകയും ചെയ്യുക, അല്ലെങ്കിൽ അല്ലെങ്കിൽ ഒന്നും അവകാശപ്പെടാതെ, ഒരു മുൻഗണനയും അർഹിക്കാതെ ,ഏതെങ്കിലും തരത്തിലുള്ള സംരക്ഷണ നടപടികളിൽ നിന്നും ദൂരെ, പൗരാവകാശങ്ങൾ പോലുമില്ലാതെ മുഴുവനായി ഹിന്ദുരാഷ്ട്രത്തിന് കീഴ്പ്പെട്ട് അവർക്കിവിടെ ജീവിക്കാം .മറ്റൊരു വഴിയും അവർക്ക് സ്വീകരിക്കാനില്ല. നമ്മൾ ഒരു പുരാതന രാഷ്ട്രമാണ്. നമ്മുടെ രാജ്യം ജീവിക്കാൻ തെരഞ്ഞെടുത്ത വൈദേശിക വംശങ്ങളെ കൈകാര്യം ചെയ്യാൻ  ആ പുരാതന രാഷ്ട്രങ്ങൾ നിർബന്ധിതമായത് നമുക്കും ചെയ്യാം

‘നമ്മളു ‘ ടെ ആദ്യ പതിപ്പിന് അവതാരികയെഴുതിയത് എം.എസ്. ആണേ ആണെന്നത് നമ്മൾ കണ്ടുകഴിഞ്ഞു. ന്യൂനപക്ഷം എന്നത് ആധുനികമായ പരികല്പനയാണെന്നും അത് പുരാതനചരിത്രത്തിൽ രാജഭരണപ്രദേശങ്ങൾ കൈകാര്യം ചെയ്തപോലെയല്ല ജനാധിപത്യരാഷ്ട്രങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്നുമുള്ള വ്യക്തമായ തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാൽ ഇത്തരം ഇടുങ്ങിയ കാഴ്ചപ്പാടുകളെ അദ്ദേഹം നിശിതമായി അവതാരികയിൽ തന്നെ വിമർശിച്ചിരുന്നു.

ഗ്രന്ഥകർത്താവ് വരട്ടുവാദപരമായി മുന്നോട്ടുവെയ്ക്കുന്ന അളവിനെ ന്യൂനപക്ഷങ്ങളുമായ ഒത്തുതീർപ്പിനെക്കുറിച്ചുള്ള  ലീഗ് ഓഫ് നാഷൻസിൻ്റെ നിർമമമായ കാഴ്ചപ്പാട് ഉൾക്കൊള്ളില്ല എന്ന കാര്യത്തിൽ എൻ്റെ മനസ്സിൽ യാതൊരു സംശയവും ഇല്ല. പൊതുമര്യാദകൾക്കും പൊതുനയങ്ങൾക്കും അനുസൃതമായി ഈ സാംസ്കാരിക വ്യത്യാസം പുലർത്തുന്ന ന്യൂനപക്ഷങ്ങൾക്ക് അവരുടെ മതരീതികളും അവരുടെ സംസ്ക്കാരങ്ങൾ സംരക്ഷിക്കാനുള്ള സൗകര്യങ്ങളും നിലനിർത്താനും പ്രയോഗിക്കാനുമുള്ള സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്നത് രാഷ്ട്രത്തിൻ്റെ പരമാധികാരവുമായി ഒരു തരത്തിലും ഇടറിനിൽക്കുന്ന ഒന്നല്ല.

സ്വാഭാവികമായും ജനസംഖ്യയിൽ ആധിപത്യമുള്ളതും അതിനെ നിയന്ത്രിക്കുന്നതുമായ ഭൂരിപക്ഷത്തിൽ നിന്ന് വ്യത്യസ്തമായ മതത്തെ പിന്തുടരുന്നു എന്ന അടിസ്ഥാനത്തിൽ ഒരു ആധുനിക രാഷ്ടവും നൂറ്റാണ്ടുകളായി ആ രാജ്യത്ത് പൗരത്വം ആസ്വദിച്ചു കൊണ്ടിരിക്കുന്ന മുൻഗാമികളുള്ള മാതാപിതാക്കൾക്ക് ആ രാജ്യത്ത് ജനിച്ച സന്തതിയെ വിദേശിയായി കണക്കാക്കില്ല . ഏത് അന്യരുടേയും  ദേശീയാർജ്ജനത്തിന് ഈ ഇരുപതാം നൂറ്റാണ്ടിൽ മതപരിവർത്തനം ഒരു അടിസ്ഥാനമല്ല.

യഥാർത്ഥത്തിൽ രാഷ്ട്രം എന്ന “നമ്മളി “ലെ പ്രമേയം എത്രമാത്രം പഴഞ്ചനും കാലഹരണപ്പെട്ടതുമാണെന്ന് എടുത്തുകാണിക്കുകയാണ് എം.എസ് .ആണേ. ആ അർത്ഥത്തിൽ ആ പുസ്തകത്തിൻ്റെ നിശിത വിമർശനമാണ് അതിൻ്റെ അവതാരിക എന്ന് പറയാം. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മുന്നോട്ടുവെച്ച ദേശീയതാ സങ്കല്പത്തെ ഗോൾവാൾക്കർ ‘ നമ്മളി’ൽ വിമർശിക്കുന്നുണ്ട്.

സർ വില്യം വെഡ്ഡർബേണിനും സർ ഹെൻറി കോട്ടണും മിസ്റ്റർ ഹ്യൂമിനും അതേ മട്ടിലുള്ള  മറ്റുള്ളവർക്കും നന്ദി. കാരണം ഈ രാജ്യത്ത് ഒരു ജനാധിപത്യരാഷ്ട്രം കണ്ടു പിടിക്കാൻ ഒരു മിഥ്യയ്ക്ക് പിന്നാലെയുള്ള നമ്മുടെ കാട്ടുതാറാവ് പാച്ചിലിനിടയിൽ, നമ്മുടെ യഥാർത്ഥ ഹിന്ദുരാഷ്ട്രസ്വത്വത്തെ കാണാൻ നാം മുഴുവനായി മറന്നു പോയി. അവരുടെ ലക്ഷ്യം യാഥാർത്ഥ്യമായി. വീർപ്പുമുട്ടുന്ന ദേശീയതയ്ക്ക് ഒരു സേഫ്റ്റി വാൽവായി പ്രവർത്തിക്കാൻ അവർ സ്ഥാപിച്ച കോൺഗ്രസ്സ്, ഉണർച്ചയിലേയ്ക്ക് കുതിക്കുന്ന ഒരു ഭീമാകാരനെ മയക്കത്തിലാഴ്ത്താൻ കഴിവുള്ള ഒരു കളിപ്പാട്ടം, ദേശീയാവബോധത്തെ നശിപ്പിക്കാനുള്ള ഉപകരണം, അവരെ സംബന്ധിച്ചിടത്തോളം ഒരു വിജയമായി. ദേശീയതയുടെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന അദേശീയവത്ക്കരണം അതിൻ്റെ പരിസമാപ്തിയിലേയ്ക്ക് അടുത്തു കൊണ്ടിരിക്കുന്നു. നാം നമ്മുടെ ദേശീയ സ്വത്വത്തെ ഏതാണ്ട് മറന്നിരിക്കുന്നു

ഇത്തരം വാഗ്ധാടികളുടെ പൊള്ളത്തരം എം.എസ്. ആണേ തുറന്നു കാണിക്കുന്നത് നോക്കുക.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാപിച്ച ഇന്ത്യൻ ദേശീയവാദികളുടെ പാഠശാലയാണ് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻ്റെ മുൻ മുറക്കാർ.  മതപരമായ കൂട്ടങ്ങൾക്കപ്പുറം ഇന്ത്യൻ ദേശീയതയെ വികസിപ്പിച്ചെടുക്കാനുള്ള അവരുടെ ശ്രമങ്ങൾ ഒരു തരത്തിലും പാശ്ചാത്യ ന്യായാധിപരുടെ വീക്ഷണങ്ങളുമായി പൊരുത്തപ്പെടായ്ക ഉള്ളവയല്ല. തങ്ങളുടെ നിസ്വാർത്ഥമായ സമീപനം കൊണ്ട്  കോൺഗ്രസ്സിനും അതിൻ്റെ ആദ്യദശയിലെ വളർച്ചയ്ക്കും  അടിത്തറയിടാൻ സഹായിക്കുകയും  ഉന്നതമായ ആത്മാവ് പേറുന്ന ആരാധ്യരായ  ആ ഇംഗ്ലീഷുകാരോട് ഈ ഗ്രന്ഥകാരൻ തീർച്ചയായും അനീതി ചെയ്തിരിക്കുന്നു. ഇന്നത്തെ നേതൃനിരയിലുള്ള കോൺഗ്രസ്സുകാരോട് കമ്യൂണൽ അവാർഡ് പോലുള്ള പ്രധാനപ്പെട്ട നയവ്യതിയാനപ്രശ്നങ്ങളിൽ എനിക്കുള്ള അഭിപ്രായ വ്യത്യാസം നിലനിർത്തിക്കൊണ്ടു തന്നെ, ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന ദേശീയതയുടെ വികാരം കഴിഞ്ഞ അമ്പതിൽപ്പരം വർഷങ്ങളായി കോൺഗ്രസ്സിനെ നയിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന വലിയ മനുഷ്യരുടെ പ്രവർത്തനഫലമാണ് എന്ന് ഉറപ്പിച്ചു പറയേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു.

എം.എസ്. ആണേയുടെ അവതാരികയ്ക്ക് ഗോൾവാൾക്കർ ആമുഖത്തിൽ നന്ദി പ്രകാശിപ്പിച്ചിരുന്നു.

തികച്ചും അജ്ഞാതനായ എൻ്റെ ആദ്യ പരിശ്രമത്തെ ലോക് നായക്ക് എം.എസ് ആണി തൻ്റെ  അവതാരിക കൊണ്ട് അനുഗ്രഹിച്ചുവെന്നത് വ്യക്തിപരമായ നന്ദി പ്രകാശിപ്പിക്കേണ്ട കാര്യമാണ്. മഹാനും നിസ്വാർത്ഥനുമായ ദേശസ്നേഹി , നിറഞ്ഞ പണ്ഡിതനും ആഴമുള്ള ചിന്തകനും, എന്ന നിലയിൽ അദ്ദേഹത്തിൻ്റെ അവതാരിക പുസ്കത്തിൻ്റെ മൂല്യത്തെ ഞാൻ വിചാരിച്ചപോലെ ഭൗതികമായി ഉയർത്തിയിട്ടുണ്ട്. ഗ്രന്ഥകാരനോട് എവിടെയൊക്കെ വിയോജിക്കുന്നു എന്ന് വ്യക്തതയോടെ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരമൊരു പഠിച്ചെഴുതിയ പ്രബന്ധം ഗ്രന്ഥകാരൻ്റെ ജ്ഞാനം വർദ്ധിപ്പിക്കുമെന്നും അയാളെ ചിന്തിക്കാൻ പ്രേരിപ്പിക്കുമെന്നും വായനക്കാർ എനിക്കൊപ്പം ചിന്തിക്കും. മാത്രമല്ല, ഹിന്ദുസ്ഥാൻ്റെ ഹിന്ദു ദേശീയ സ്വത്വം മുന്നോട്ടുപോയ്ക്കൊണ്ടിരിക്കേ തൻ്റെ വീക്ഷണങ്ങൾ കൊണ്ടു മാത്രമല്ല, ഒരു കൂട്ടം ആധുനികരായ രാഷ്ട്രീയ ചിന്തകരുടെ വീക്ഷണങ്ങൾ കൊണ്ടും അതിനെ സമ്പുഷ്ടീകരിക്കാൻ ഗണനീയമാം വിധം അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു. എങ്ങനെയാണ് ഞാനെൻ്റെ നന്ദി അനുയോജ്യമായ വിധത്തിൽ അദ്ദേഹത്തോട് പ്രകാശിപ്പിക്കുക ? അദ്ദേഹം അവതാരികയെഴുതാമെന്ന് സമ്മതിക്കുകയും കഴിഞ്ഞ കുറേ ആഴ്ചകളിലായി ന്യൂഡെൽഹിയിലെ അസംബ്ലി സമ്മേളനവും ത്രിപുരിയിലെ കോൺഗ്രസ്സ് സമ്മേളനവുമായി വൻ തിരക്കുകളിലായിരുന്നുവെങ്കിലും ശരിയായ സമയത്തു തന്നെ അത് എനിക്കയച്ചു തന്നു. അങ്ങനെ ഞാൻ അദ്ദേഹത്തോട് നന്ദിയുടെ ആഴമുള്ള കടക്കാരനായി. എങ്ങനെയാണ് ഞാനത് വീട്ടുക? ഞാൻ അദ്ദേഹത്തോട് പ്രാർത്ഥിക്കുന്നത് വാക്കുകളുടെ ആവശ്യത്തിനപ്പുറം എൻ്റെ ഹൃദയം നിറഞ്ഞ നന്ദി അതിൻ്റെ നഗ്നമായ പ്രകടനത്തിലൂടെ വെളിപ്പെടുന്നത് സ്വീകരിക്കുക

ഇത്രയും നീണ്ട നന്ദിപ്രകാശനം നടത്തിയിട്ടും, തൻ്റെ ന്യായങ്ങളുടെ കാര്യമില്ലായ്മ പച്ചയ്ക്ക് തുറന്നു കാട്ടുന്നത് മനസ്സിലാക്കിയാകാം, രണ്ടാം പതിപ്പിൽ നിന്ന് ഗോൾവാൾക്കർ, എം എസ് ആണേയുടെ അവതാരിക പിൻവലിച്ചു.

സംഘത്തിന് പാർലിമെൻ്ററി സമരങ്ങളിലോ അഹിംസയിലോ തരിമ്പും വിശ്വാസമില്ലായിരുന്നുവെന്ന് ഡി വി കേൽക്കർ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ്സിനും അഹിംസയ്ക്കും സ്വരാജ്യം  നേടാനാകുമെന്ന് ആർ എസ് എസിൽ  ഒരാളും വിശ്വസിച്ചിരുന്നില്ല. അതിനാൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അവർ പതറിപ്പോയെന്ന് കേൽക്കർ നിരീക്ഷിക്കുന്നു. ശക്തിയെ പ്രകീർത്തിക്കുന്ന സംഘടനയില്ലാതെ രക്തരൂക്ഷിത യുദ്ധമില്ലാതെ യുദ്ധസമയത്തെ പടപ്പാട്ടുകളില്ലാതെ യുദ്ധവീരരില്ലാതെ സ്വാതന്ത്ര്യമോ? അത് അവിശ്വസനീയം, അത് അസ്വസ്ഥപ്പെടുത്തുന്നത്. കേൽക്കർ എഴുതുന്നു.

1950 ൽ തൻ്റെ ലേഖനം കേൽക്കർ എഴുതുന്നത് അനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ ആണ്. ‘നമ്മളി’ൽ കേൽക്കർ രേഖപ്പെടുത്താതെ പോയ പലതും ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്ന് സവർക്കറുടെ ‘ഹിന്ദുത്വ ‘യിൽ നിന്ന് വ്യത്യസ്തമായി ‘ന്യൂനപക്ഷം ‘ എന്ന പരികല്പനയിൽ ഗോൾവാൾക്കർ ഊന്നൽ കൊടുക്കുന്നുണ്ട്. ലീഗ് ഓഫ് നേഷൻസ്, ഐക്യരാഷ്ട്രസഭയുടെ ആദ്യരൂപം, എം.എസ്. ആണേ ചൂണ്ടിക്കാണിച്ച പോലെ ‘ന്യൂനപക്ഷം ‘ എന്ന പരികല്പനയെ ജനാധിപത്യപരമായി സ്ഥാനീകരിച്ചിരുന്നു. ജനാധിപത്യത്തിന്റെ പ്രവർത്തന സജ്ജതയെ ഉറപ്പുവരുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട സങ്കല്പനങ്ങളായി  മതന്യൂനപക്ഷം, ഭാഷാന്യൂനപക്ഷം, വംശീയ ന്യൂനപക്ഷം എന്നിങ്ങനെയുള്ള കൂട്ടങ്ങൾ മാറുകയും ജനാധിപത്യ രാഷ്ട്രങ്ങളുടെ അവിഭാജ്യഘടകങ്ങളായി അവ മാറുകയും ചെയ്തിരുന്നു. സവർക്കർ അപഗ്രഥിച്ച മട്ടിൽ മതക്കൂട്ടങ്ങളായി, സാംസ്കാരിക കൂട്ടങ്ങളായി മാത്രം ജനതയെ കാണാൻ കഴിയാതെയായി.

സവർക്കറിൽ നിന്ന് ഹിന്ദുത്വ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടുപോകുമ്പോൾ ഒന്ന് രണ്ട് വലിയ പ്രശ്നങ്ങളെ ഗോൾവാൾക്കർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അതിലൊന്ന് നാം കണ്ട ജനാധിപത്യ പരികല്പന ഹിന്ദുത്വയ്ക്ക് നേരെ എതിർ വരുന്നതാണ്. അതിനെ പ്രധാനമായും ഗോൾവാൾക്കർ നേരിട്ടത് നാസി ജർമ്മനിയെ ഉയർത്തിപ്പിടിച്ചാണ്. ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ ഹിറ്റ്ലറുടെ വംശഹത്യ ഗോൾവാൾക്കർക്ക് ഒരു വലിയ പിടിവള്ളി ആയിരുന്നു. ഷംസുൾ ഇസ്ലാം അത് അപഗ്രഥിച്ചിട്ടുണ്ട്. വംശീയത എന്നാൽ ഗോൾവാൾക്കർക്ക്
വംശീയമായ ഉന്നമനാഭിലാഷത്തെ പരുവപ്പെടുത്തുന്നത് അതിൻ്റെ മാനസികമായ ചട്ടക്കൂടാണ്. വംശീയ മനസ്സിനെ   അതിൻ്റെ യുഗാന്തരങ്ങൾ പഴക്കമുള്ള പാരമ്പര്യങ്ങൾക്കൊപ്പം അതിൻ്റെ അഭിലാഷങ്ങളും ചേർന്ന് ഏത് മൂശയിലേയ്ക്കാണോ എറിയുന്നത് അതാണ് അതിൻ്റെ ഉന്നമനാഭിലാഷം. ദൂരേയ്ക്ക് പോകുന്നത് വംശാവബോധമാണ്. എന്നാൽ ഭൂതകാലത്തെ പാരമ്പര്യ പാത അതിനെ നയിക്കുന്ന വഴിയിലാണ് അത് അതിൻ്റെ പാതയെ വാർത്തെടുക്കേണ്ടത് “. യുഗാന്തരങ്ങൾ പഴക്കമുള്ള പാരമ്പര്യത്തിനും പാരമ്പര്യ പാതയ്ക്കും ഉദാഹരണങ്ങൾ ഗോൾവാൾക്കർ കണ്ടെടുക്കുന്നത് ഫാസിസ്റ്റ് ഇറ്റലിയിൽ നിന്നും നാസി ജർമ്മനിയിൽ നിന്നുമാണ്.
ഇറ്റലിയെ നോക്കൂ. മധ്യധരണ്യാഴിക്ക് ചുറ്റും നിശ്ചലമായി കിടന്നിരുന്ന പഴയ റോമൻ വംശാവബോധം അതായിത്തന്നെ ഉയിർന്നെഴുന്നേല്ക്കുകയും അതിനനുസരിച്ചുള്ള വംശീയ- ദേശീയ ഉന്നമനാഭിലാഷങ്ങളെ രൂപകല്പന ചെയ്തെടുക്കുകയും ചെയ്തു.  പുരാതനമായ വംശീയാവബോധം  ജർമ്മാനിക് ഗോത്രങ്ങളെ യൂറോപ്പിലെമ്പാടും പായാനും ആധുനിക ജർമ്മനിയിൽ പുനരുത്ഥാനം ചെയ്യാനും പ്രേരിപ്പിച്ചു. അതിൻ്റെ ഫലമായി രാഷ്ട്രാചാരം അതിൻ്റെ മുൻഗാമികൾ അവശേഷിപ്പിച്ച പാരമ്പര്യങ്ങളാൽ നിർണ്ണയിക്കപ്പെട്ട ഉന്നമനാഭിലാഷങ്ങളെ പിന്തുടരാൻ തുടങ്ങി.

ആ ഉന്നമനാഭിലാഷങ്ങൾ ഹിറ്റ്ലറെ ചെന്നെത്തിച്ച ” വംശഹത്യ” യെ ഗോൾവാൾക്കർ ആഘോഷിക്കുന്നു.

ജർമ്മൻ ദേശീയാഭിമാനമാണ് ഇന്നിൻ്റെ വിഷയം. രാഷ്ട്രത്തിന്റേയും അതിൻ്റെ സംസ്ക്കാരത്തിൻ്റേയും വിശുദ്ധി സംരക്ഷിക്കുന്നതിനായി സെമിറ്റിക് വംശങ്ങളെ – ജൂതരെ – പുറത്താക്കിക്കൊണ്ട് ജർമ്മനി ലോകത്തെ ഞെട്ടിച്ചു. ഏറ്റവും ഉന്നത നിലയിലുള്ള ദേശാഭിമാനമാണ് ഇവിടെ വെളിവാക്കപ്പെട്ടത്. വ്യത്യസ്തമായ വംശങ്ങളേയും സംസ്ക്കാരങ്ങളേയും എങ്ങനെ ഒരു ഏകസ്വത്വത്തിലേയ്ക്ക് ഏതാണ്ട് ഒന്നിപ്പിക്കാനായി എന്നതും ജർമ്മനി കാണിച്ചു തന്നു. ഹിന്ദുസ്ഥാനിലെ നമുക്ക് പഠിക്കാനും ലാഭം കൊയ്യാനുമുള്ള ഒരു പാഠം

കേൽക്കർ പറഞ്ഞ ആർ എസ് എസിൻ്റെ മാനസികനിലയുടെ കേന്ദ്രപ്രമേയമായ      ” ശക്ത്യാരാധന ” യെ ഹിറ്റ്ലറെ മുൻനിർത്തി ഗോൾവാൾക്കർ വിശദീകരിക്കുന്നു.

ലോകം ഒരു പക്ഷെ ശക്തരെ മാത്രമേ ആരാധിക്കൂ. കഴിഞ്ഞ യുദ്ധത്തിന് മുമ്പ് , ഇംഗ്ലണ്ട് ശക്തമായിരുന്നപ്പോൾ നമ്മുടെ ജനങ്ങൾ ഇംഗ്ലണ്ടിനെ അനുകരിക്കാൻ ശ്രമിക്കുകയും അവരെ പുകഴ്ത്തുകയും ചെയ്തു. പക്ഷെ, യുദ്ധത്തിനിടയിൽ ജർമ്മനി ജയിക്കുമെന്ന് കണ്ടപ്പോൾ അവർ ഹിറ്റ്ലറേയും നാസിസത്തെപ്പോലും ആരാധിക്കാൻ തുടങ്ങി. ഹിറ്റ്ലറേയും നാസിസത്തേയും നിഷേധിക്കുന്നതിൽ വാചാലരായ മനുഷ്യർ പോലും ഇപ്പോൾ രഹസ്യമായി അവരുടെ റേഡിയോ തിരിച്ച്   ജർമ്മൻ ന്യൂസ് ഒരു തരം ആരാധനയോടെ ശ്രവിക്കുന്നു. വെറും രണ്ടാഴ്ചയുടെ ജർമ്മൻ അധിനിവേശത്തിൽ ഫ്രാൻസ് വീണത് എത്ര ആഹ്ലാദത്തോടെയാണ് അവർ ശ്രവിക്കുന്നത്. അതാണ് ലോകത്തിൻ്റെ വഴി. ”

ഇങ്ങനെ ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ കീഴിൽ ഒരു ജനാധിപത്യ രഹിത ഇന്ത്യയായിരുന്നു മറാത്താ ബ്രാഹ്മണരായിരുന്ന സവർക്കറുടേയും ഗോൾവാൾക്കറുടേയും ലക്ഷ്യം. അതായത് ഇന്ത്യയിൽ ദേശരാഷ്ട്ര കാലത്ത് ബ്രാഹ്മണമേൽക്കോയ്മയുടേതായ ഒരു അനശ്വരത അടിച്ചേല്പിക്കുക. അതിനായി അവർ ന്യൂനപക്ഷങ്ങളുടെ ചോരയ്ക്ക് ദാഹിക്കുന്ന ഒരു ഭൂരിപക്ഷത്തെ സൃഷ്ടിക്കാൻ ശ്രമിച്ചു. ടി.കെ. രാമചന്ദ്രൻ ഹിന്ദുത്വ രാഷ്ട്രീയത്തെ വിശേഷിപ്പിച്ചത് മിഥ്യയുടെ രാഷ്ട്രീയം എന്നാണ്. ഈ മിഥ്യയുടെ രാഷ്ട്രീയം ‘ നമ്മൾ അഥവാ നമ്മുടെ ദേശീയസ്വത്വം നിർവ്വചിക്കപ്പെടുന്നു ” എന്നതിൻ്റെ ഓരോ പേജിലും നിറഞ്ഞു നിൽക്കുന്നു. ആ മിഥ്യയുടെ അസംബന്ധത ഏത് വരെ പോകുന്നു എന്ന് കാണിക്കാൻ ഒരു ഭാഗം കൂടി ഉദ്ധരിക്കാം.

സവർക്കറുടെ ഹിന്ദുത്വയിൽ ആര്യൻ സിദ്ധാന്തത്തെ സാധൂകരിക്കുന്നുണ്ട്  എന്നത് നാം കണ്ടു കഴിഞ്ഞു. സവർക്കർക്ക് മുമ്പ് ബാലഗംഗാധർ തിലകും ആര്യൻ അധിനിവേശത്തെ ശരിവെയ്ക്കുകയുണ്ടായി. ആര്യന്മാർ ഉത്തരധ്രുവ പ്രദേശത്തുനിന്നാണ് ഇന്ത്യയിൽ കുടിയേറിയത് എന്നാണ് തിലക് വിശ്വസിച്ചിരുന്നത്. ആര്യന്മാർ പുറത്ത് നിന്ന് വന്നവരായാൽ തൻ്റെ ഭൂരിപക്ഷ, ന്യൂനപക്ഷ പരികല്പനകൾക്കും രാഷ്ട്ര സങ്കല്പനത്തിനും കാര്യമായ ഏനക്കേട് തട്ടും എന്ന് ഭയന്നാകും പുതിയൊരു സിദ്ധാന്തം ഗോൾവൾക്കർ ആവിഷ്ക്കരിച്ചു. ആ ” ശാസ്ത്രീയ ” സിദ്ധാന്തം അദ്ദേഹത്തിൻ്റെ തന്നെ വാക്കുകളിൽ .

പക്ഷെ, ലോകമാന്യ തിലക് ആര്യന്മാരുടെ ഉത്തരധ്രുവ പ്രഭവത്തെപ്പറ്റി പ്രചരിപ്പിച്ചു എന്ന് പറയപ്പെടുന്നു.ശരിയാണ്. ആദ്യം ആര്യന്മാർ അഥവാ ഹിന്ദുക്കൾ ജീവിച്ചിരുന്നത് ഉത്തരധ്രുവ പ്രദേശത്താണ് എന്നതിൽ നമുക്കും അദ്ദേഹത്തോട് യോജിക്കാം. പക്ഷെ, പുരാതന കാലത്ത് ഉത്തരധ്രുവവും അതിനെ ചുറ്റിയുള്ള പ്രദേശവും ഇന്നത് സ്ഥിതി ചെയ്യുന്ന പ്രദേശത്തായിരുന്നില്ല എന്നതിനെപ്പറ്റി അദ്ദേഹം ബോധവാനായിരുന്നില്ല. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ ബിരുദദാനച്ചടങ്ങിനോടനുബന്ധിച്ച് (ഫെബ്രു. 1932) ലക്നൗ യൂണിവേഴ്സിറ്റിയിലെ ബോട്ടണി പ്രൊഫസർ ആയിരുന്ന ഡോക്ടർ ബീർബൽ സാഹ്നി നടത്തിയ, പുരാതന സസ്യശാസ്ത്രത്തെക്കുറിച്ചു നടത്തിയ ഒരു പ്രഭാഷണം ഞങ്ങൾ ശ്രവിക്കുകയുണ്ടായി. അതിൽ അദ്ദേഹം പ്രാചീന സസ്യശാസ്ത്രജ്ഞനായിരുന്ന ഒരു യൂറോപ്യൻ പ്രൊഫസർ എത്തിച്ചേർന്ന ,പിന്നീട് ഡോ.സാഹ്നി തന്നെ ഉറപ്പിച്ച, ഒരു ഗവേഷണഫലത്തെക്കുറിച്ച് പരാമർശിച്ചു. രത്നച്ചുരുക്കത്തിൽ ആ ഗവേഷണഫലം പറയുന്നത് ഉത്തരധ്രുവം നിശ്ചലമല്ലെന്നും പണ്ട് അത് ഇന്ന് നാം ബീഹാർ എന്നും ഒറീസ എന്നും വിളിക്കുന്ന പ്രദേശങ്ങളിൽ ആയിരുന്നുവെന്നുമാണ്. പിന്നീടത് വടക്ക് കിഴക്കോട്ട് നീങ്ങുകയും അത് കഴിഞ്ഞ് കുറച്ചുകാലം ചിലപ്പോൾ പടിഞ്ഞാട്ട്, ചിലപ്പോൾ വടക്കോട്ട് എന്ന മട്ടിൽ നീങ്ങുകയും ഇന്നത്തെ സ്ഥാനത്ത് എത്തിച്ചേരുകയും ചെയ്തു. അങ്ങനെയാണെങ്കിൽ നാം ഉത്തരധ്രുവ പ്രദേശം വിട്ട് ഹിന്ദുസ്ഥാനിൽ വരികയാണോ അതോ ഉത്തരധ്രുവ പ്രദേശം  നമ്മെ വിട്ട് വടക്കോട്ട് വളഞ്ഞുപുളഞ്ഞ് നീങ്ങുകയാണോ ചെയ്തത്? ഈ യാഥാർത്ഥ്യം ലോകമാന്യതിലകിൻ്റെ കാലത്ത് കണ്ടുപിടിക്കുകയായിരുന്നെങ്കിൽ വേദങ്ങളുടെ ഉത്തരധ്രുവ വസതി ഹിന്ദുസ്ഥാനിൽ തന്നെയാണെന്നും ഹിന്ദുക്കളല്ല അവിടേക്ക് കുടിയേറിപ്പാർത്തതെന്നും മറിച്ച് ഉത്തരധ്രുവപ്രദേശമാണ് ഹിന്ദുസ്ഥാനിലെ ഹിന്ദുക്കളെ വിട്ട് കുടിയേറാൻ പോയതെന്നും തിലക് പ്രചരിപ്പിക്കുമായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവും നമുക്ക് ഉണ്ടാകുമായിരുന്നില്ല.

സംശയാതീതമായി തെളിയിക്കാത്ത ഒരു നിഗമനത്തെ യാഥാർത്ഥ്യമാക്കി ഗോൾവാൾക്കർ അവതരിപ്പിക്കുന്നത് തൻ്റെ ഭൂരിപക്ഷ, ന്യൂനപക്ഷ സങ്കല്പനവും രാഷ്ട്ര സങ്കല്പനവും അവതരിപ്പിക്കുമ്പോൾ വരുന്ന ചോദ്യങ്ങളെ ഭയന്നാണ്. അതിന് സവർക്കർ വഴി തിലകിലേയ്ക്ക് ഒരു ഭൂതക്കൊളുത്തും ഇടുന്നു.

ടി.കെ. രാമചന്ദ്രൻ മിഥ്യ എന്ന സങ്കല്പനത്തെ കുറച്ചു കൂടി വികസിപ്പിച്ചാൽ മാത്രമേ, നമുക്ക് ഗോൾവാൾക്കരാനന്ത ഹിന്ദുത്വ രാഷ്ട്രീയത്തെ അതിൻ്റെ സൂക്ഷ്മതയിൽ കാണാൻ സാധിക്കൂ. സത്യാനന്തര രാഷ്ട്രീയം എന്ന് നമുക്കതിനെ വിളിക്കാം.

38. ഇരട്ടത്താപ്പുകളുടെ കാലം
……………………………………………
രണ്ടാം ലോകയുദ്ധത്തിൻ്റെ സമയത്ത് സവർക്കറും ഹിന്ദുമഹാസഭയുമെടുത്ത ഇരട്ടത്താപ്പിനെക്കുറിച്ച് നാം സുചിപ്പിക്കുകയുണ്ടായി. ഒരേ സമയം ജർമ്മനിയും ഇറ്റലിയും ജപ്പാനുമടങ്ങുന്ന അച്ചുതണ്ട് ശക്തികളായും എതിർകക്ഷിയായ ബ്രിട്ടനുമായും സഖ്യം ചേർന്ന് പോകുന്ന അതി വിചിത്രമായ നിലപാടാണ് അവർ സ്വീകരിച്ചത്. ലെസ് സിൻസ്കിയും പാസ്സേയുമായി ഹിന്ദുമഹാസഭയും സവർക്കറും പുലർത്തിയ ബന്ധത്തിന് പുറമേ സാവിത്രിദേവി എന്ന ദുരൂഹവ്യക്തിത്വവുമായി അവർക്കുണ്ടായ സമ്പർക്കവും പഠിക്കപ്പെടേണ്ടതാണ്.സാവിത്രിദേവിയുടെ യഥാർത്ഥ നാമം മാക്സി മിയാനി ജൂലിയോ പോർട്ടാസ് എന്നാണ്. ഫ്രഞ്ച് പൗരത്വം ഉള്ള അവർ നാസിസത്തിലും ആര്യൻ സിദ്ധാന്തത്തിലും ആകൃഷ്ടയായി. 1932 ൽ  ഇന്ത്യയിലെത്തുമ്പോഴേയ്ക്കും ഹിറ്റ്ലർ അതിഭൗതികശക്തികളുള്ള ഒരു അവതാര പുരുഷനെന്ന് അവർ വിശ്വസിക്കാൻ തുടങ്ങിയിരുന്നു. ഇന്ത്യയിലെ ഹിന്ദുമതത്തെ ആര്യൻ ഗുണങ്ങളുടെ ജീവിക്കുന്ന ദൃഷ്ടാന്തമായി അവർ സ്വീകരിച്ചു. 1936 ൽ കൊൽക്കൊത്തയിൽ താമസമുറപ്പിക്കുന്നതിന് മുമ്പുതന്നെ അവർ ഹിന്ദുവായി മതം മാറി. അധികം താമസിയാതെ അവർ സവർക്കർമാരുമായി ബന്ധപ്പെട്ടു. 1939 ൽ അവർ                         “ ഹിന്ദുക്കൾക്കൊരു മുന്നറിയിപ്പ് ” എന്ന പേരിൽ ഒരു പുസ്തകം എഴുതി. മുസ്ലീം വിരുദ്ധവും ഹിന്ദുത്വ രാഷ്ട്രീയത്തോട് ചേർന്നു നിൽക്കുന്നതുമായ ഈ ഗ്രന്ഥത്തിന് അവതാരികയെഴുതിയത് ബാബാറാവു എന്ന ജി.ഡി.സവർക്കറാണ്.

” ഇവർക്ക് ( സാവിത്രിദേവിക്ക് ) ഹിന്ദു മണ്ഡലത്തിനുള്ളിലെ സാധാരണ പ്രവർത്തകരേക്കാൾ മറ്റൊരു ഗുണവിശേഷമുണ്ട്. അവരുടെ ദേശീയ സ്വത്വം ഗ്രീക്ക് ആണ്. ആ ഗുണവിശേഷം ഭാഗികമായി ഹിന്ദു കല, ചിന്ത, ധർമ്മം എന്നിവയോടുള്ള അവരുടെ താത്പര്യത്തിൽ നിന്ന് ആർജ്ജിച്ചതും ഭാഗികമായി നമ്മുടെ സമൂഹത്തിൽ നിന്ന് അവരെടുത്ത, നാം ഹിന്ദുത്വ എന്ന് വിളിക്കുന്ന അവരുടെ ബാക്കി ജീവിതം സമർപ്പിച്ച ഒന്നിൽ നിന്നും. പക്ഷെ, ഒരു യൂറോപ്യൻ എന്ന നിലയിൽ, ഹിന്ദുക്കളുടെ ഉള്ളിൽ നിന്നുകൊണ്ടാണെങ്കിൽപ്പോലും ഹിന്ദുക്കളുടെ അവസ്ഥ പഠിച്ചത് അല്പം മാറി നിന്നാണ്. അവരുടെ മനസ്സിലാക്കലിൽ നിന്നുണ്ടായ പക്വവും ചിന്താപരവുമായ നിഗമനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ആ നിഗമനങ്ങളെല്ലാം തന്നെ ഭാഗികമായ ഒരു സമീപനത്തിൻ്റെ ഫലങ്ങൾ അല്ല . മറിച്ച് ഹിന്ദുവായി ജനിച്ച ഓരോരുത്തരും സ്വാംശീകരിക്കേണ്ടതാണ്. “സവർക്കർ സഹോദരരായി അവർ 1939 നും 1942 നുമിടക്ക് നിരന്തരം കത്തിടപാടുകൾ നടത്തിയിരുന്നു. തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാനായി ഒരു ദേശീയ പത്രിക തുടങ്ങാൻ അവർ പദ്ധതി ആവിഷ്ക്കരിച്ചു. ഇതിനിടയിൽ സാവിത്രിദേവി ശക്തമായ നാസി പക്ഷപാതിത്വം പ്രകടിപ്പിച്ചിരുന്ന  അസിത്ത് കൃഷ്ണ മുഖർജി എന്ന ബംഗാളിയെ കണ്ടുമുട്ടുകയുണ്ടായി. കൊൽക്കൊത്തയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദി ന്യൂ മെർക്കുറി എന്ന ദ്വൈവാരികയുടെ പത്രാധിപരും പ്രസാധകനുമായിരുന്നു മുഖർജി. കൊൽക്കൊത്തയിലെ ജർമ്മൻ കോൺസുലേറ്റിൻ്റെ സഹായത്തോടെയാണ് നാസി ആഭിമുഖ്യം പുലർത്തിയിരുന്ന ദി ന്യൂ മെർക്കുറി പുറത്തിറക്കിയിരുന്നത്.

ഇങ്ങനെ അച്ചുതണ്ടു ശക്തികളോടും ഫാസിസ്റ്റ് / നാസിസ്റ്റ് നടപടികളോടും കടുത്ത ആഭിമുഖ്യവും പാരസ്പര്യവും പുലർത്തുമ്പോൾ തന്നെ ഹിന്ദുമഹാസഭ1939 സെപ്തംബർ 10 ന് പുറത്തിറക്കിയ വർക്കിങ്ങ് കമ്മറ്റിയുടെ തീരുമാനം ഇതായിരുന്നു.

ഇപ്പോഴത്തെ യുദ്ധത്തിൽ കക്ഷിചേർന്നിട്ടുള്ള രാജ്യങ്ങളുടെഈ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് അവയുടെ ദേശീയ താത്പര്യത്തിനപ്പുറം ധാർമ്മികവും സ്വാർത്ഥേ തരവുമായ കാരണങ്ങളിൽ നിന്നാണെന്ന, ഒരു ചേരികളുടെയും അവകാശങ്ങളിൽ (ഹിന്ദുമഹാസഭയുടെ ) വർക്കിങ്ങ് കമ്മറ്റി വിശ്വസിക്കുന്നില്ല. കാരണം അവയെല്ലാം സ്വഭാവത്തിലും പുറംകാഴ്ചയിലും സാമ്രാജ്യത്തവാദികൾ ആണ്.

ഈ ചേരിചേരാ നിലപാട് എടുക്കുന്നത് തങ്ങളുടെ നാസിസത്തോടുള്ള ചായ് വ് ബ്രിട്ടീഷ് അധികൃതർക്ക് അലോസരമുണ്ടാകുമോ എന്ന് ഭയന്നാണെന്ന് കാസളോരി ചൂണ്ടിക്കാണിക്കുന്നുണ്ട്. വർക്കിങ്ങ് കമ്മറ്റിക്ക് മൂന്ന് ദിവസം മുമ്പ്, 1939 സെപ്തംബർ 7 ന് രണ്ടാം ലോക യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ സവർക്കർക്ക് ഒരു മാണ്ട്ലേക്കർ വർക്കിങ്ങ് കമ്മറ്റിയിലെടുക്കേണ്ട തീരുമാനത്തെക്കുറിച്ച് നിർദ്ദേശം കൊടുക്കുന്നുണ്ട്.

” ഡാൻസിഗിലെ താമസക്കാരുടെ ,ജർമ്മനിയിലേയ്ക്ക് മടങ്ങിവരേണ്ട അവകാശത്തെപ്പറ്റിയോ നീതിയെക്കുറിച്ചോ ഒരു പരാമർശവും നടത്താൻ പാടുള്ളതല്ല. ഉദാഹരണത്തിന് തത്വത്തിൽ നാം ജർമ്മനി, ഡാൻസിഗിൽ ചെയ്ത പ്രവൃത്തിയെ അംഗീകരിക്കേണ്ടത്  നമ്മൾ അതിനെ അപലപിക്കാതെ മാത്രമാണ്. അപ്പോഴും നാം ഈ യുദ്ധത്തിൽ ബ്രിട്ടൻ്റെ പങ്കും ചേരുന്നില്ല. ഹിന്ദുമഹാസഭ പ്രഖ്യാപിക്കേണ്ടത് ചേരി ചേരായ്മയാണ് “. ഇതേ തുടർന്നാണ് അത്തരം ഒരു നയം ഹിന്ദുമഹാസഭ പ്രഖ്യാപിക്കുന്നത്. മാണ്ട്ലേക്കർ ഒരു പക്ഷെ, ഹിന്ദുമഹാസഭയ്ക്കും ജർമ്മനിക്കുമിടയിൽ മാധ്യസ്ഥം വഹിച്ചിരുന്ന ആരെങ്കിലുമായിരുന്നിരിക്കണം.

ഇതേ സമയം യുദ്ധത്തിൻ്റെ അനുകൂല സാഹചര്യങ്ങൾ ഉപയോഗിച്ച് ഹിന്ദുമണ്ഡലത്തെ സൈനിക വല്ക്കരിക്കുക എന്ന രഹസ്യഅജണ്ടയിലേക്കാണ് ഹിന്ദുമഹാസഭ നീങ്ങിയത്. ആർ എസ് എസ് പോലെ സൈനിക സ്വഭാവം ഉള്ള സംഘടനകളേയും അതിനായി അവർ ചേർത്തു പിടിക്കുന്നുണ്ട്. ദേശീയ പ്രസ്ഥാനത്തിൻ്റേയും മറ്റ് തരത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളുടേയും പ്രവർത്തന ഫലമായി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയാണെങ്കിൽ സൈനികവല്ക്കരിക്കപ്പെട്ട ഈ ഹിന്ദു മണ്ഡലത്തെ ഉപയോഗിച്ച് അധികാരം കൈയ്യടക്കാമെന്നും അതുവഴി ഹിന്ദുസ്ഥാൻ സ്ഥാപിക്കാമെന്നുമായിരിക്കണം അവരെ നയിച്ചിരുന്ന ദർശനം എന്നു വേണം വിചാരിക്കാൻ. അതിന് അവർ മാതൃകയാക്കുന്നത് ഇറ്റലിയിലെ ബലില്ല സംഘടനയെ ആണ്. എന്നാൽ സഹായം തേടുന്നതോ ഇന്ത്യയിലെ ബ്രിട്ടീഷ് ഗവണ്മെൻ്റിൻ്റേയും. അന്താരാഷ്ട്ര തലത്തിൽ ഫാസിസത്തിന് എതിർ നിന്നിരുന്ന ബ്രിട്ടിഷ് സാമ്രാജ്യത്തിൻറെ കുടക്കീഴിൽ ഒരു ഇന്ത്യൻ ഫാസിസ്റ്റ് പരീക്ഷണം നടത്തുക എന്ന അതിവിചിത്രമായ നടപടിയായിരുന്നു ഹിന്ദുമഹാസഭ കൈക്കൊണ്ടത്.

വർക്കിങ്ങ് കമ്മറ്റി തീരുമാനത്തിന് ശേഷം ഹിന്ദുമഹാസഭ നേതാവായിരുന്ന മുഞ്ജേ ഒരു ദേശീയ സൈന്യം കെട്ടിപ്പടുക്കുന്ന തീരുമാനം നടപ്പിലാക്കാൻ പാർട്ടിയുടെ നേതാക്കൾക്ക് കത്തെഴുതുന്നുണ്ട്. അതിന് വേണ്ടി 1939 ഒക്ടോബർ 8 ന് പൂനെയിൽ ഒരു സമ്മേളനവും മുഞ്ജെ സംഘടിപ്പിക്കുകയുണ്ടായി. ആ സമ്മേളനം ബലില്ല മാതൃകയിൽ ഒരു സംഘടന കെട്ടിപ്പടുക്കുന്നതിന് വേണ്ടിയായിരുന്നുവെന്ന് മുഞ്ജെ എഴുത്തിൽ പറയുന്നുണ്ട്.

ആംഗ്ലോ- ജർമ്മൻ യുദ്ധപ്രക്രിയയിൽ എന്തെങ്കിലും അടിയന്തരാവസ്ഥ ഉടലെടുക്കുകയാണെങ്കിൽ ഇന്ത്യയെ ആന്തരികവും ബാഹ്യവുമായ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി രാജ്യത്ത് ഒരു ഹിന്ദു സൈന്യം രൂപീകരിക്കാൻ ഹിന്ദുമഹാസഭ എടുത്ത തീരുമാനത്തിലേയ്ക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു.

……….. കാര്യങ്ങൾക്ക് കൃത്യത നല്കുന്നതിൻ്റെ ഭാഗമായി , ഞാൻ കരുതുന്നത് മഹാരാഷ്ട്രയുടെ സൈനിക നേതൃത്വത്തിൻ്റെ ചരിത്രപരത മുൻ നിർത്തി തുടക്കം മഹാരാഷ്ട്രയിൽ ആകാമെന്നാണ്. അതിന് ശേഷം മുഴുവൻ ഇന്ത്യയിലേയ്ക്കും അത് വ്യാപിപ്പിക്കാം

‘ ആന്തരികമായ ആക്രമണം ‘ എന്ന് മുഞ്ജെ പറയുന്നത്, മുസ്ലീങ്ങളെ ഉദ്ദേശിച്ചാണ് എന്ന് സൈനിക സംഘടനയുടെ സ്വഭാവത്തെപ്പറ്റി ചർച്ച ചെയ്യുന്നിടത്ത് നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയും. പ്രത്യേകിച്ച് മുഞ്ജേയും ആർ എസ് എസ് സർ സംഘ് ചാലക് ഹെഡ്ഗേവാറും ബറോഡയിലെ ജനറൽ നാനാ സാഹേബ് ഷിൻഡേയും തിലകിൻ്റെ അനുയായി ആയിരുന്ന ഖപാർഡേയും ഒരു ജാദവും തമ്മിലുള്ള കത്തിടപാടുകളിൽ നിന്നും. അതോടൊപ്പം അങ്ങനെയുണ്ടാക്കുന്ന ദേശീയ സൈന്യത്തിൽ ആർ എസ് എസിന് നൽകിയ പ്രധാനപ്പെട്ട റോളും ശ്രദ്ധേയമാണ്. പിൽക്കാലത്ത് കപൂർ കമ്മീഷൻ റിപ്പോർട്ടിൽ ഹിന്ദുത്വ സംഘടനകളുടെ ഈ പകർന്നാട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ പ്രത്യേകിച്ച് പൂനെയിൽ, ഹിന്ദുമഹാസഭയും ആർ എസ് എസും മറ്റനേകം ഉൾ സംഘടനകളും അംഗങ്ങളെ പരസ്പരം കലരാൻ അനുവദിക്കുകയും അത് പലപ്പോഴും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. 1939 ഒക്ടോബർ 18 ന് മുഞ്ജേ ഷിൻഡേയ്ക്കെഴുതിയ കത്തിൽ, ഹിന്ദുമഹാസഭയുടെ തീരുമാനം ആർ എസ് എസിനെ ഉപയോഗിച്ചാണ് എന്ന് വ്യക്തമാക്കുന്നുണ്ട്.
” മഹാരാഷ്ട്രയിൽ ഒരു ഹിന്ദു ദേശീയ സൈന്യം കെട്ടിപ്പടുക്കാനുള്ള എൻ്റെ ആശയം ഒരു തീരുമാനമായി  ഹിന്ദുമഹാസഭ കൈക്കൊണ്ടത് താങ്കൾ അംഗീകരിച്ചു എന്നതിലുള്ള സന്തോഷം ഞാൻ രേഖപ്പെടുത്തട്ടെ.

ഞാൻ രാഷ്ട്രീയ സ്വയം സേവക സംഘത്തെപ്പറ്റി  ചിന്തിക്കുകയും അവരുടെ നേതാവുമായി കത്തിടപാടുകൾ നടത്തുകയും ചെയ്തു. അവർക്ക് അവരുടേതായ ചില വിഷമതകൾ ഉണ്ട്. രാഷ്ട്രീയ സ്വയം സേവക് സംഘം ഈ ദൗത്യം ഏറ്റെടുക്കുമോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കും ഈ സാഹചര്യത്തിൽ ദേശീയ സൈന്യത്തിൻ്റെ രൂപീകരണം ”

ഫാസിസ്റ്റ് ഇറ്റലി സന്ദർശിച്ചതിന് ശേഷം മൂഞ്ജെ സ്വന്തം നിലയ്ക്ക് രൂപീകരിച്ച സൈനിക സ്കൂളും ഹിന്ദു സൈന്യത്തിൻ്റെ രൂപീകരണത്തിൽ വലിയ പങ്ക് വഹിക്കാൻ തീരുമാനിച്ചിരുന്നു. മുഞ്ജേ കത്തിൽ അത് ചൂണ്ടിക്കാട്ടുന്നുണ്ട്.
പരിശീലനം സൗജന്യമായി ഞാൻ ഏർപ്പാട് ചെയ്യാം. …. എൻ്റെ സ്കൂളിലെ സർജെൻറുകൾ …. (പുതുതായി പരിശീലനം ലഭിച്ച ) ഈ സർജെൻറുകൾ മുഴുവൻ മഹാരാഷ്ട്രയിലേയും വ്യത്യസ്ത കേന്ദ്രങ്ങളിൽ കേന്ദ്രീകരിച്ച് അവിടെ പുതിയ ആളുകൾക്ക് പരിശീലനം നൽകുകയും അവരുടെ രീതിയിൽ ഒരു രജിസ്റ്റർ സൂക്ഷിക്കുകയും ചെയ്യുക. അതിന് പുറമേ അത്തരം കേന്ദ്രങ്ങളിലെ രജിസ്റ്ററുകളുടെ ഒരു സമാഹൃതരൂപം കേന്ദ്ര ഓഫീസിൽ സൂക്ഷിക്കുകയും ചെയ്യുക

1939 ഒക്ടോബർ 18ന് മുഞ്ജേ ഖപാർഡേയ്ക്ക് ഇങ്ങനെ എഴുതുന്നുണ്ട്

മുസ്ലീങ്ങൾ അവരെത്തന്നെ ഉപദ്രവകാരികളായി മാറ്റിക്കൊണ്ടിരിക്കുകയാണ്. കോൺഗ്രസ്സ് ഗവണ്മെൻ്റ് അവരെ ചെറുക്കുന്നില്ലെന്ന് മാത്രമല്ല, വളം വെച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. നമുക്ക് കോൺഗ്രസ്സ് ഗവണ്മെൻ്റിൻ്റെ കൈയ്യിൽ നിന്നും യാതൊരു പരിഗണനയും പ്രതീക്ഷിച്ചു കൂടാ. നമ്മൾ യു പി ( യുണൈറ്റഡ് പ്രൊവിൻസസ് ) യിലെ ഖക്ക്സാറുകൾ ചെയ്യുന്ന പോലെ ഒരേ സമയം ഗവണ്മെൻ്റിനും മുസ്ലീങ്ങൾക്കുമെതിരെ പോരാടണം. മുസ്ലീം ലീഗ് ഖക്ക്‌സാറുകളെ പിൻതുണയ്ക്കും പോലെ ഹിന്ദുമഹാസഭ അത്തരം പോരാട്ടങ്ങളെ പിൻതുണയ്ക്കുന്നതായിരിക്കും. താങ്കളുടെ പട്ടണങ്ങളിൽ സന്നദ്ധ പ്രവർത്തകരെ താങ്കൾ തയ്യാറാക്കി നിർത്തേണ്ടതുണ്ട്. രാഷ്ട്രീയ സ്വയം സേവക് സംഘം ഇക്കാര്യത്തിൽ സഹായകവും ഉപയോഗ്യവും ആയിരിക്കും ‘” .

പഞ്ചാബിൽ രാഷ്ട്രീയ സ്വയം സേവക സംഘം, ആത്മസംഘം, മഹാബീർ ദൾ, സേവാ സംഘ്, അകാലി ദൾ എന്നീ ഹിന്ദു, സിക്ക് സംഘടനകളെ ഒന്നിച്ച് ചേർത്താണ് ദേശീയ ഹിന്ദു സൈന്യം രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.

ഈ സൈന്യത്തെ ജപ്പാൻ, ചൈന എന്നിവിടങ്ങളിലെ സൈന്യവുമായി കൂട്ടിച്ചേർത്ത് ഒരു അഖില ഏഷ്യാസൈന്യമായി വികസിപ്പിച്ചെടുക്കാനാണ് റാഷ് ബിഹാരി സവർക്കറെ ഉപദേശിക്കുന്നത്. അദ്ദേഹം ഹിന്ദുമഹാസഭയെ പിന്തുണയ്ക്കുകയും ഗാന്ധിയെ എതിർക്കുകയും ചെയ്തു.

ഇന്ത്യക്കാർ ജനാധിപത്യത്തെ പറ്റി സംസാരിക്കുന്നത് ആ വാക്കിൻ്റെ പ്രാധാന്യം മനസ്സിലാക്കാതെയാണ്. ജനാധിപത്യത്തിലൂടെ ഒരു രാജ്യത്തിനും സ്വാതന്ത്ര്യം നേടാൻ കഴിഞ്ഞിട്ടില്ല. സമഗ്രാധിപത്യത്തിലൂടെ മാത്രമേ രാഷ്ട്രങ്ങൾക്ക് സ്വാതന്ത്ര്യവും വികാസവും നേടാനാകൂ. ഒരു രാജ്യത്തിൻ്റെ താത്പര്യങ്ങൾ സംരക്ഷിക്കാനാണെങ്കിൽ, ജനാധിപത്യം ശരിയാണ്. പക്ഷെ, വികസനത്തിനും പുരോഗമനത്തിനും വികാസത്തിനും സമഗ്രാധിപത്യമെന്നത് അത്രയ്ക്കും ഒഴിവാക്കാനാകത്തതാണ്

സവർക്കർ ഈ സമയത്ത് തന്നെ വൈസ്റോയി ആയിരുന്ന ലിൻ ലിത് ഗോ പ്രഭുവിനെ സന്ദർശിക്കുന്നുണ്ട്. 1939 ഒക്ടോബർ 9 നാണ് ഈ കൂടിക്കാഴ്ച നടന്നത്. സവർക്കർ തനിക്ക് മുമ്പിൽ അവതരിപ്പിച്ച നിർദ്ദേശങ്ങളെ പറ്റി ലിൻ ലിത്ഗോ സ്‌റ്റേറ്റ് സെക്രട്ടറിക്ക് എഴുതുന്നത് ഇങ്ങനെയാണ്.

ഈ സാഹചര്യത്തിൽ, ( സവർക്കർ )  അദ്ദേഹം പറയുകയുണ്ടായി, പൊന്നുതമ്പുരാൻ്റെ (ബ്രിട്ടീഷ് ) ഗവണ്മെൻ്റ് ഹിന്ദുക്കൾക്ക് നേരെ തിരിയുകയും അവരുടെ പിന്തുണ ആർജ്ജിക്കുകയും ചെയ്യേണ്ടതാണ്. എല്ലാറ്റിനുമുപരിയായി നമ്മളും ഹിന്ദുക്കളും ഭൂതകാലത്തിൽ പരസ്പരം ഇടപെടുന്നതിൽ വലിയ വൈഷമ്യങ്ങൾ നിലനിന്നിരുന്നു വെങ്കിലും അത് ഗ്രേറ്റ് ബ്രിട്ടനും ഫ്രാൻസും പോലെ, അല്ലെങ്കിൽ സമീപകാല സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്ന  റഷ്യയും ജർമ്മനിയും തമ്മിലുള്ള ബന്ധം പോലെത്തന്നെ ഒന്നായിരിക്കുന്നു. ഇപ്പോൾ നമ്മുടെ താത്പര്യങ്ങൾ ഏകമായതിനാൽ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാവുന്നതാണ്. ഇപ്പോൾ ഏറ്റവും വിനയാന്വിതരായ മനുഷ്യരിൽ പെടുമെങ്കിലും, ഒരു വിപ്ലവ സംഘത്തോട് ഒട്ടി നിന്നിരുന്ന ആൾ തന്നെയായിരുന്നു അദ്ദേഹമെന്ന കാര്യത്തിൽ  ഞാൻ ബോധവാനാണ്. (അക്കാര്യത്തിൽ എനിക്കുറപ്പുണ്ട് ). പക്ഷെ ഇപ്പോൾ നമ്മുടെ താത്പര്യങ്ങൾ അങ്ങേയറ്റം കൂടിച്ചേർന്നതുകൊണ്ട് ഹിന്ദുയിസവും ഗ്രേറ്റ് ബ്രിട്ടനും സുഹൃത്തുക്കൾ ആകേണ്ടതുണ്ട്. പഴയ ശത്രുത ഇപ്പോൾ കൊണ്ടു നടക്കേണ്ടത് അത്യാവശ്യമില്ല. യുദ്ധത്തിൻ്റെ അവസാനം ഹിന്ദുമഹാസഭ ആനുകൂല്യം പുലർത്തുക ഡൊമിനിയൻ പദവിയുടെ വ്യക്തമായ പ്രസ്താവനയോടാണ്, എന്ന് അദ്ദേഹം പറയുകയുണ്ടായി. അതേ സമയം കോൺഗ്രസ്സിന് ആ സംഘടനയെ ഒഴിച്ച് മറ്റൊന്നിനേയും പ്രതിനിധീകരിക്കാൻ അവകാശമുണ്ടെന്നതിനെ അവർ എതിർക്കുകയുണ്ടായി

രണ്ടാം ലോകയുദ്ധകാലത്ത് കോൺഗ്രസ്സിൻ്റെ നിലപാട് ബ്രിട്ടീഷ് ഗവണ്മെൻ്റിന് എതിരാകയാൽ, പ്രവിശ്യകൾ ഭരിച്ചിരുന്ന കോൺഗ്രസ്സ് ഗവണ്മെൻ്റുകൾ രാജിവെച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ  പ്രചരിച്ചിരുന്നു. അതിനോട് പ്രതികരിച്ചു കൊണ്ട് സവർക്കർ ലിൻ ലിത്ഗോയോട് പറഞ്ഞത് ”  ഒഴിവുവരുന്ന സ്ഥാനങ്ങൾ നികത്തുവാൻ  അതിനേക്കാളും നല്ല മനുഷ്യരെ നൽകാൻ അദ്ദേഹത്തിന് കഴിയുമെന്നാണ്. ” കോൺഗ്രസ്സ് പുറത്തുപോകുകയും ഗവണ്മെൻ്റിൻ്റെ അവസ്ഥ സ്വയം പിരിഞ്ഞുപോകുന്നതിൻ്റെ വക്കിലായിരിക്കുകയും ചെയ്താൽ ഞങ്ങൾക്ക് ഏറ്റവും നല്ല ഉപദേഷ്ടാക്കളെ പ്രദാനം ചെയ്യാനാകു ” മെന്നും സവർക്കർ കൂട്ടിച്ചേർക്കുകയുണ്ടായി.

അങ്ങനെ ബ്രിട്ടീഷ് അധികൃതരുമായി സഹകരിച്ചുകൊണ്ടാണ് ഹിന്ദുക്കളെ സൈനിക വല്ക്കരിക്കാനുള്ള നീക്കം സവർക്കറും കൂട്ടരും മുന്നോട്ടുകൊണ്ടുപോയത്. ഹിന്ദു സൈനികരെ ബ്രിട്ടീഷ് പടയിൽ ചേർത്തുകൊടുക്കാനും ഹിന്ദുമഹാസഭ മുൻകൈച്ചെടുത്തു. അഫ്ഗാൻ അതിർത്തിയിലെ മുസ്ലീം ഗോത്രങ്ങളെ നേരിടാൻ ഹിന്ദു സൈന്യത്തിനേ കഴിയൂ എന്നും സവർക്കർ ബോധിപ്പിക്കുന്നുണ്ട്. 1940 ൽ വൈസ്റോയി വാർ കൗൺസിൽ രൂപീകരിക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടു. കോൺഗ്രസ്സും ഗാന്ധിയും അതിൽ നിന്നും വിട്ടു നിന്നപ്പോൾ ഹിന്ദുമഹാസഭയും ജിന്നയുടെ ലീഗും അതിൽ പങ്കാളികളാകാൻ സമ്മതം മൂളുകയുണ്ടായി. 1940 സെപ്റ്റംബർ 22 ന് ബോംബെയിൽ മുഞ്ജെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഹിന്ദുമഹാസഭയുടെ വർക്കിങ്ങ് കമ്മറ്റി താഴെപ്പറയുന്ന പ്രമേയം അംഗീകരിക്കുകയുണ്ടായി.

ഇപ്പോഴത്തെ യുദ്ധം ഹിന്ദുക്കളുടെ സാമാന്യമായുള്ള സൈനികവല്ക്കരണവും ആധുനികമായ രീതികൾക്കനുസരിച്ച് ഇന്ത്യയുടെ സംഘാടനത്തിൽ കൊണ്ടുവരുന്ന വ്യവസ്ഥയും ഇന്ത്യയെ സ്വയംഭരിതമായ ഒരു പ്രതിരോധ യൂണിറ്റായി മാറ്റുന്നതിനാൽ എക്സിക്യുട്ടീവ് കൗൺസിലും  വാർ കൗൺസിലും വികസിപ്പിക്കുന്ന പദ്ധതികൾക്ക് മഹാസഭ തുറന്ന മനസ്സോടെ സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറെടുക്കുകയാണ്. പക്ഷെ സമത്വത്തിൻ്റേയും നീതിയുടേയും ആദരം നിറഞ്ഞ രീതിയിലായിരിക്കണം മേൽപ്പറഞ്ഞവ നടപ്പാക്കേണ്ടത്

മേൽപ്പറഞ്ഞ കൗൺസിലുകളിൽ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നതിനായി വൈസ്റോയിയുമായി ചർച്ച നടത്താൻ ഹിന്ദുമഹാസഭ ഏർപ്പെടുത്തിയത് ഉപാധ്യക്ഷൻ ആയിരുന്ന മുഞ്ജെ യെ ആണ്. 1940 ആഗസ്റ്റ് 19 ന് വരാനിരിക്കുന്ന എക്സിക്യൂട്ടീവ് കൗൺസിലിലേയ്ക്കുള്ള ഹിന്ദുമഹാസഭയുടെ ഭാഗത്ത് നിന്നുള്ള  അംഗങ്ങളുടെ പട്ടിക സവർക്കർ ലിൻ ലിത്ഗോ പ്രഭുവിന് സമർപ്പിക്കുകയുണ്ടായി. ശ്യാമപ്രസാദ് മുഖർജിയും മുഞ്ജേയും അടക്കമുള്ളവരുടെ പട്ടികയാണ് സവർക്കർ സമർപ്പിച്ചത്. 1940 സെപ്തംബർ 26 ന് വൈസ്റോയിക്കെഴുതിയ കത്തിൽ മുഞ്ജേ ഇങ്ങനെ പറയുകയുണ്ടായി.

”  മുസ്ലീം ലീഗിന് ചെയ്തു തരാൻ പറ്റുന്നതിലധികം സഹായം ആളുകളുടെ കാര്യത്തിലും ഭൗതികപരമായ കാര്യങ്ങളിലും ബൗദ്ധികപരമായ കാര്യങ്ങളിലും ചെയ്തുതരാവുന്ന അവസ്ഥയിലാണ് ( ഹിന്ദുക്കൾ ). പ്രത്യേകിച്ച് ഇന്ത്യയുടെ പ്രതിരോധം ആധുനിക ശാസ്ത്രീയ രീതികൾക്കനുസരിച്ച് സംഘടിപ്പിക്കുന്ന കാര്യത്തിൽ …. അങ്ങനെ ഹിന്ദുസ്ഥാനും ബ്രിട്ടനും ഇനി വരാൻ പോകുന്ന നീണ്ട കാലങ്ങൾക്കായി ഒന്നിച്ചു ചേർന്ന് ഇളകാത്ത സഖ്യം നിർമ്മിക്കാം

ഹിന്ദുമഹാസഭ പിൻതുടർന്നു വന്ന ബ്രാഹ്മണരാഷ്ട്രീയത്തിന്റെ രാഷ്ട്രീയ അഭിലാഷങ്ങൾ മുഴുവൻ ഇതിൽ തെളിഞ്ഞു കാണാം. ഇന്ത്യയല്ല, ഹിന്ദുസ്ഥാനാണ് ലക്ഷ്യം. അതും അധിനിവേശകരായ ബ്രിട്ടീഷുകാരോട് ചേർന്ന് നിന്നു കൊണ്ട് ലക്ഷക്കണക്കിന് വരുന്ന സ്വാതന്ത്ര്യസമരപ്പോരാളികളെ വഞ്ചിച്ചു കൊണ്ട് അവരുടെ തലയ്ക്ക് മുകളിലൂടെ നേടുന്ന ഹിന്ദുസ്ഥാൻ. ഇറ്റലിയേയും ജർമ്മനിയേയും അനുസ്മരിക്കുന്ന വിധത്തിൽ സൈനിക ഭരണകൂടമായ ഒരു ഹിന്ദുസ്ഥാൻ. ഇതായിരുന്നു രണ്ടാം ലോകയുദ്ധത്തിൽ സവർക്കറും ഹിന്ദുമഹാസഭയും സ്വപ്നം കണ്ടത്. ജിന്നയുടെ മുസ്ലീം ലീഗും, അംബേദ്ക്കർ വിശേഷിപ്പിച്ച പോലെ ഒരു നാണയത്തിൻ്റെ മറ്റേ വശമായി ഈ സന്ദർഭത്തിൽ നിലകൊണ്ടു.

എന്നാൽ ഹിന്ദുക്കളെ ആയുധമണിയിക്കാനുള്ള ഹിന്ദുമഹാസഭയുടെ നീക്കം ബ്രിട്ടീഷ് ഗവണ്മെൻ്റ് അത്രമേൽ ഗൗനിച്ചില്ല. മിലിട്ടറി, പാരാമിലിട്ടറി സ്കൂളുകൾ ധാരാളമായി തുടങ്ങാൻ ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ അവർ തയ്യാറായില്ല. 1941-ൽ സവർക്കറും വൈസ്റോയിയും തമ്മിൽ നടന്ന കത്തിടപാടുകളിൽ ഹിന്ദുമഹാസഭ ബ്രിട്ടീഷുകാർക്ക് നൽകിയ സഹകരണത്തിന് ബദലായി സൈനിക വല്ക്കരണത്തിനുള്ള അനുമതിക്ക് വേണ്ടി നിരന്തരം ശ്രമിക്കുന്നുണ്ട്. ഹിന്ദുക്കളുടെ സൈനികവല്ക്കരണം യുദ്ധരംഗത്ത് ബ്രിട്ടീഷ് സൈന്യത്തിന് വളരെ സഹായകരമാകുമെന്നും അതിനാൽ തന്നെ ആയുധ നിയമം പിൻവലിക്കണമെന്നും സവർക്കർ ആവശ്യപ്പെടുന്നുണ്ട്. പഴയ ഉത്തരവാദിത്വപൂർവ്വമുള്ള സഹകരണം എന്ന ആശയം സവർക്കർ പൊടിതട്ടിയെടുത്ത് കൊണ്ടുവരുന്നുണ്ട്. തിലകിൻ്റെ രാഷ്ട്രീയത്തുടർച്ച എന്ന പ്രതീതി ഉളവാക്കുന്നതിനായി. എന്നാൽ തിലക് ഉദ്ദേശിച്ചതല്ല ഇതിൻ്റെ ഉള്ളടക്കം . ബ്രിട്ടീഷുകാരോട് സഹവർത്തിത്വത്തോടെ പ്രവർത്തിക്കുക എന്നത് മാത്രമായിരുന്നു ഇത്. 1942 ൽ നടന്ന ഹിന്ദു മഹാസഭാ വാർഷിക സമ്മേളനത്തിൽ സവർക്കർ തുറന്ന് പ്രഖ്യാപിക്കുകയുണ്ടായി .

ഉത്തരവാദിത്വപൂർണ്ണമായ സഹകരണത്തിൻ്റെ നയം ……. നിബന്ധന രഹിതമായ സഹകരണം മുതൽ സക്രിയവും എന്തിന് സായുധ പ്രതിരോധവും വരെയുള്ള എല്ലാ രാജ്യസ്നേഹ പ്രവർത്തനങ്ങളേയും സംഗ്രഹം ആണ് .”

ഈ സന്ദിഗ്ദ്ധത തന്നെയാണ് ഹിന്ദുത്വ, ബ്രാഹ്മണ രാഷ്ട്രീയത്തിൻ്റെ പിന്തുണ കിട്ടിയിട്ടും സൈനിക വല്ക്കരണത്തിനുള്ള അപേക്ഷയെ ബ്രിട്ടൻ വക വെയ്ക്കാഞ്ഞത്.

1940 മാർച്ച് 23 ന് ലാഹോറിൽ നടന്ന മുസ്ലീം ലീഗിൻ്റെ നേതൃയോഗം ബ്രിട്ടീഷ് ഇന്ത്യയെ മതത്തിൻ്റെ അടിസ്ഥാനത്തിൽ ഹിന്ദുസ്ഥാനും പാകിസ്ഥാനുമായി വിഭജിക്കുക എന്ന തീരുമാനം പാർട്ടി തീരുമാനമായി ഏറ്റെടുത്തു. ബംഗാൾ ഗവണ്മെൻ്റിൽ ലീഗിൻ്റെ പങ്കാളികളായ കൃഷക് സമാജ് പാർട്ടിയിലെ ഫസ് ലുൾ ഹക്കാണ് പ്രമേയം അവതരിപ്പിച്ചത്. അതിനെ പിന്തുണക്കാൻ ജിന്നയോട് ലീഗിലെ ചൗധുരി ഖാലിക്കുസ്മാൻ ആവശ്യപ്പെട്ടു. 1937 ൽ ഇന്ത്യയ്ക്കുള്ളിൽ രണ്ട് ശത്രുരാജ്യങ്ങൾ ഒന്നിച്ചു താമസിക്കുന്നുണ്ട് എന്ന സവർക്കറുടെ ദ്വിരാഷ്ട്രവാദം അതോടെ മുസ്ലീം ലീഗും ഏറ്റെടുക്കുകയായിരുന്നു. മുസ്ലീം ലീഗ് ദ്വിരാഷ്ട്രവാദം ഉയർത്തിയപ്പോൾ അഖണ്ഡഭാരതവാദം ഉയർത്താൻ ശ്രമിച്ച സവർക്കറെ അംബേദ്ക്കർ തുറന്നു കാണിക്കുന്നുണ്ട്.

അദ്ദേഹം ( സവർക്കർ ) മുസ്ലീം രാഷ്ട്രത്തെ അടിച്ചമർത്താൻ നിർദ്ദേശിക്കുന്നില്ല. മറിച്ച് അദ്ദേഹം അതിനെ പരിപാലിക്കുകയും ഊട്ടി വളർത്തുകയും ചെയ്യുന്നു……………. അതേ സമയം രാജ്യത്തെ വിഭജിക്കാൻ അദ്ദേഹം സമ്മതം തരുന്നുമില്ല. ഒരു രാജ്യത്തിനുള്ളിൽ രണ്ട് രാഷ്ട്രങ്ങളായി ഹിന്ദുക്കളും മുസ്ലീങ്ങളും അവരുടെ മതവും ഭാഷയും സംസ്കാരവും നിലനിർത്തിക്കൊണ്ട് ജീവിക്കണമെന്നാണ് അദ്ദേഹം കരുതുന്നത്….. ഹിന്ദുക്കൾക്കും  മുസ്ലീങ്ങൾക്കും  ഇടയിൽ ശത്രുതയുടെ വിത്തു വിതച്ച ശേഷം എന്തുകൊണ്ടാണ് സവർക്കർ അവർ ഒരു ഭരണഘടനയ്ക്കു കീഴിൽ ഒരു രാജ്യത്ത് ജീവിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന്   വിശദീകരിക്കാൻ പ്രയാസമാണ്. ഉത്തരമായി പറയാൻ കഴിയുക സവർക്കർ രൂപകല്പന ചെയ്യുന്ന സ്വരാജ്യം  ഹിന്ദുക്കൾക്ക്  മുസ്ലീങ്ങൾക്ക് മേലുള്ള ഒരു സാമ്രാജ്യമായിത്തീർന്ന്  അങ്ങനെ ഒരു അധിനിവേശ വംശമെന്ന നിലക്ക് അവരുടെ പൊങ്ങച്ചവും അഭിമാനവും സംതൃപ്തിപ്പെടുത്തുന്ന ഒന്ന് പ്രദാനം ചെയ്യുന്ന ഒന്നാണ് എന്നാണ്.

ഈ സമയത്ത് തൻ്റെ മുസ്ലീം വിരുദ്ധ ജാർഗണുകളുമായി സവർക്കർ ഇന്ത്യാ പര്യടനത്തിനിറങ്ങി. പതിവിന് വിരുദ്ധമായി തൻ്റെ പര്യടന പദ്ധതിയിൽ തെക്കേ ഇന്ത്യ കൂടി സവർക്കർ ഉൾപ്പെടുത്തുകയുണ്ടായി. 1940 മാർച്ച് 20 ന് സേലത്ത് തമിഴ്നാട് ഹിന്ദു കോൺഫറൻസിൽ അദ്ദേഹം പങ്കെടുക്കുകയുണ്ടായി. അവിടെ അദ്ദേഹം സംസാരിച്ചു.

തെക്കേ ഇന്ത്യയിലെ ഹിന്ദുക്കൾക്ക് നേരെ ഒരു അനീതിയും പ്രവർത്തിക്കാത്തതിനാൽ ഹിന്ദുമഹാസഭ പോലെ ഒരു സംഘടന ഇവിടെ എന്തിനാണ് എന്ന് എന്നോട് പലരും ചോദിക്കുകയുണ്ടായി. ഈ ചോദ്യം ചോദിക്കുന്നത് മുസ്ലീങ്ങളും ക്രിസ്ത്യാനികളും അല്ല. ഹിന്ദുക്കൾ മാത്രമാണ് ഈ ചോദ്യം ചോദിക്കുന്നത് .പ്രധാനമായും കോൺഗ്രസ്സിലെ ഹിന്ദുക്കൾ . എന്തുകൊണ്ടാണ് കാലിൽ ഒരു മുള്ളു തറച്ചാൽ തലച്ചോറ് അത് തിരിച്ചറിയുന്നതെന്ന് ഈ മനുഷ്യർ എനിക്ക് ഉത്തരം തരുമോ? ഒരു ഹിന്ദുവെന്ന നിലയ്ക്ക് എവിടെയുമുള്ള ഹിന്ദുക്കളുടെ വേദന നിങ്ങൾക്ക് അനുഭവപ്പെടും .സിന്ധിലെ മുഖ്യമന്ത്രി അള്ളാ ബക്ഷ് തന്നെ സമ്മതിക്കുകയുണ്ടായി, ഈയിടെ സിന്ധിലുണ്ടായ ഹിന്ദു വിരുദ്ധ ലഹളയിൽ 10 ഹിന്ദുക്കളെ ജീവനോടെ കത്തിക്കുകയും ദശലക്ഷക്കണക്കിന് പേർ അഭയാർത്ഥികളാക്കുകയും 150 ഹിന്ദുക്കൾ കൊല്ലപ്പെടുകയും ചെയ്തെന്ന്. അതിനെ ഉത്തരേന്ത്യൻ പ്രശ്നം എന്ന് വിളിച്ച് തള്ളിക്കളയുകയാണെങ്കിൽ അടുത്ത 100 വർഷത്തിനുള്ളിൽ മദ്രാസ് അതേ പ്രശ്നത്തെ അഭിമുഖീകരിക്കും. ഭൂതകാലത്തിലും , മുസ്ലീം അധിനിവേശകർ പഞ്ചാബിനെയും സിന്ധിനെയും  ആക്രമിച്ചപ്പോഴും ഇസ്ലാം ഈ പ്രവിശ്യയിൽ എത്തിയപ്പോഴും , തെക്കുള്ള ഹിന്ദുക്കൾ ഒന്നും ചെയ്തിരുന്നില്ല. ഇന്ത്യയിൽ ഇസ്ലാമികർ കൊലകൾ നടത്തിയിട്ടില്ല എന്നത് ഒരു പഴങ്കഥ മാത്രമാണ്. മലബാറിൽ മാപ്പിള ലഹള നടന്നു. ഇപ്പോൾ നൈസാമിൻ്റെ പട്ടാളക്കാർ ഹൈദരാബാദ് സംസ്ഥാനത്തെ ഹിന്ദുക്കൾക്ക് നേരെ വിവേചനം കാണിക്കുന്നു. മൈസൂർ സംസ്ഥാനത്തിൽ മുസ്ലീങ്ങൾ ജനസംഖ്യയിൽ 6% മാത്രമാണ് .പക്ഷെ ,സൈന്യത്തിൽ അവരുടെ സംഖ്യ 60% ത്തിൽ പരം വരും. കോൺഗ്രസ്സ് നേതാക്കളായ  സിക്കന്തർ ഹയാത്ത് ഖാനും  ഫസ് ലുൾ ഹക്കും മറ്റുള്ളവരും മുസ്ലീം ലീഗ് സമ്മേളനങ്ങളിൽ പങ്കെടുക്കുന്നു. മൗലാന ആസാദിനെപ്പോലുള്ള കോൺഗ്രസ്സിലെ ദേശീയ മുസ്ലീം നേതാക്കൾ എന്ന് വിചാരിക്കുന്നവർ പോലും മുസ്ലീങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയില്ലെന്ന് പരസ്യമായി പറയുന്നു. ഹിന്ദു താത്പര്യത്തെപ്പറ്റി ഏതെങ്കിലും ഹിന്ദു നേതാവ് ഇത്രയും പരസ്യമായി സംസാരിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? ഒരു ഹിന്ദു ഇതുപോലെ സംസാരിക്കാൻ തുടങ്ങിയാൽ കോൺഗ്രസ്സ് അയാളെ വർഗ്ഗീയവാദി എന്ന് വിളിക്കാൻ തുടങ്ങും .ഇത് നീതികേടല്ലേ?

സവർക്കറുടെ സത്യാനന്തരരാഷ്ട്രീയം തെളിഞ്ഞു കാണുന്ന ഒരു പ്രസംഗമാണിത് . ഫസ് ലുൾ ഹക്കിനെപ്പോലെ കൃഷക് സമാജ് പാർട്ടിയിൽ പ്രവർത്തിക്കുന്ന ഒരാൾ ആക്കിയ മട്ടിലുള്ള യാഥാർത്ഥ്യവിരുദ്ധ പ്രസ്താവനകൾ ഒരിടത്ത്. ഹിന്ദുവെന്ന നിലയ്ക്ക് ഹിന്ദുവിൻ്റെ വേദന എവിടെയായാലും അനുഭവപ്പെടും എന്നതിനേക്കാളും എത്രമേൽ ശാസ്ത്രീയവും മാനുഷികവുമാണ് മനുഷ്യരെന്ന  നിലയ്ക്ക് മനുഷ്യരുടെ വേദന എവിടെയായാലും അനുഭവപ്പെടും എന്ന സത്യം. ആ സത്യത്തിൻ്റെ വക്രീകരിച്ച ഒരു പതിപ്പ് മാത്രമാണ് സവർക്കർ പറയുന്ന സമുദായ വേദന. ആറു ശതമാനം വരുന്ന മുസ്ലീങ്ങൾ സൈന്യത്തിൽ 60% ഉണ്ട് എന്നത് സത്യാനന്തര പ്രസ്താവനയാണ് എന്നത് മാറ്റിവെയ്ക്കുക. എങ്കിൽ തന്നെയും ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ ചിത്പാവൻ ബ്രാഹ്മണർ മഹാരാഷ്ട്ര പ്രവിശ്യയിൽ ഉദ്യോഗത്തിൻ്റെ സിംഹഭാഗവും എങ്ങനെ കൈയ്യടക്കി എന്ന് സവർക്കർ ഒരിക്കലും  വിശദീകരിച്ചിട്ടില്ല. തൻ്റെ കുലത്തിലും മതത്തിലും ഏറ്റവും വിശ്വാസമുള്ള ആളെന്ന നിലയ്ക്ക് പ്രത്യേകിച്ചും.

1940 ഏപ്രിൽ പകുതിയിലാണ് സവർക്കർ തിരുവിതാംകൂറിൽ എത്തുന്നത്. ചങ്ങനാശ്ശേരിയിൽ നടന്ന ഹിന്ദു കോൺഫറൻസിൽ, 1940 മെയ് 5 ന് അദ്ദേഹം പങ്കെടുക്കുകയുണ്ടായി. സർ സി പി സവർക്കറെ തൻ്റെ ഗുരുനാഥനായി അംഗീകരിച്ചിരുന്നു. ചങ്ങനാശ്ശേരിയിൽ സൈനികവത്ക്കരണത്തെപ്പറ്റിയും നാട്ടുരാജ്യങ്ങളുടെ അഭിവൃദ്ധിക്കായി നിലകൊള്ളുന്ന തൻ്റെ സംഘടനയെക്കുറിച്ചുമാണ് സംസാരിച്ചത്.

1940 ജൂണിൽ സുഭാഷ് ചന്ദ്രബോസ് ബോംബെയിലെത്തുകയും സവർക്കറേയും ജിന്നയേയും വെവ്വേറെ കണ്ട് സംസാരിക്കുകയുണ്ടായി. കോൺഗ്രസ്സ് വിട്ട സുഭാഷ്, തൻ്റെ രാഷ്ട്രീയ പാർട്ടിയായ ഫോർവേഡ് ബ്ലോക്കിന് പിന്തുണ തേടിയാണ് രണ്ടുപേരെയും കണ്ടതെന്ന് ഊഹിക്കാവുന്നതാണ്. അക്കാലത്തെ റിപ്പോർട്ടുകൾ എല്ലാം ആ സംഭാഷണങ്ങൾ പരാജയങ്ങൾ ആയിരുന്നു എന്ന് സൂചിപ്പിക്കുന്നുണ്ട്. സുഭാഷ് ചന്ദ്ര ബോസ് തന്നെ ആ കൂടിക്കാഴ്ചയെ അനുസ്മരിച്ച് ഇങ്ങനെ എഴുതിയിട്ടുണ്ട്.

മിസ്റ്റർ ജിന്ന അപ്പോൾ ആലോചിച്ചിരുന്നത് പാകിസ്ഥാനെ കുറിച്ചുള്ള തന്റെ പദ്ധതി (ഇന്ത്യാ വിഭജനം ) ബ്രിട്ടീഷ് സഹായത്തോടെ എങ്ങനെ നടത്തിയെടുക്കാം എന്നു മാത്രമാണ്. കോൺഗ്രസ്സുമായി ചേർന്ന് ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി ഒരു സംയുക്ത പോരാട്ടം നടത്തുന്നതിനുള്ള ആശയം മുന്നോട്ടുവെച്ചത് അദ്ദേഹത്തെ ഒട്ടും തന്നെ ആകർഷിച്ചില്ല. അത്തരം ഒരു സംയോജിതസമരം നടക്കുകയാണെങ്കിൽ ജിന്നയായിരിക്കും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന് ലേഖകൻ (ബോസ് ) അദ്ദേഹത്തോട് സൂചിപ്പിച്ചിട്ടുപോലും. മിസ്റ്റർ സവർക്കർ ആകട്ടെ അന്താരാഷ്ട്ര സ്ഥിതിഗതികളെക്കുറിച്ച് മറവി ബാധിച്ച ഒരാളെപ്പോലെ കാണപ്പെടുകയും ഇന്ത്യയിലെ ബ്രിട്ടീഷ് സൈന്യത്തിലേയ്ക്ക് പ്രവേശനം ലഭിക്കുന്നതിനായി ഹിന്ദുക്കൾക്ക് സുരക്ഷിതമായ സൈനിക പരിശീലനം എങ്ങനെ കിട്ടും എന്ന കാര്യത്തെക്കുറിച്ച് മാത്രമാണ് ചിന്തിച്ചിരുന്നത്. ഈ രണ്ട് കൂടിക്കാഴ്ചയിൽ നിന്നും  മുസ്ലീം ലീഗിൽ നിന്നോ ഹിന്ദുമഹാസഭയിൽ നിന്നോ യാതൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന നിഗമനത്തിൽ എത്തിച്ചേരാൻ ലേഖകൻ (ബോസ് ) നിർബന്ധിതനായി തീർന്നിരിക്കുന്നു.

നെഹ്റുവിനെ എതിർക്കാനായി ഹിന്ദുത്വ രാഷ്ട്രീയം ഉയർത്തിക്കൊണ്ടു വരുന്ന ഒരു ബിംബമാണ് സുഭാഷ് ചന്ദ്രബോസ് എന്നിരിക്കേ, അദ്ദേഹത്തിൻ്റെ മേൽക്കാണിച്ച അഭിപ്രായത്തിന് പ്രസക്തിയുണ്ട്. പ്രത്യേകിച്ചും സവർക്കറാണ് ബോസിനെ ജപ്പാനും ജർമ്മനിയും ഇറ്റലിയുമടങ്ങുന്ന സഖ്യത്തിൽ ചേരാൻ പ്രേരിപ്പിച്ചത് എന്നൊരു ആഖ്യാനമാണ് അതിന് വേണ്ടി അവർ പ്രചരിപ്പിക്കുന്നത്.  1940 ജൂൺ 22 ന് നടന്ന കൂടിക്കാഴ്ചയിൽ ജപ്പാനിലേയ്ക്കോ ജർമ്മനിയിലേയ്ക്കോ ഒളിച്ചു കടക്കാൻ സവർക്കർ നേതാജിയെ പ്രേരിപ്പിക്കുകയും നേതാജി അത് അനുസരിക്കുകയും ചെയ്തു എന്ന ആഖ്യാനത്തിൻ്റെ പന്തിയില്ലായ്മ കാസളോരി വെളിപ്പെടുത്തുന്നുണ്ട്.

സവർക്കർ പിൽക്കാലത്ത് അവകാശപ്പെട്ട പോലെ ഇത് ഒരു രഹസ്യ കൂടിക്കാഴ്ച ആയിരുന്നില്ല. 1940 ജൂൺ 24 ന് തന്നെ ടൈംസ് ഓഫ് ഇന്ത്യ അതിനെപ്പറ്റി റിപ്പോർട്ട് ചെയ്യുകയുണ്ടായി.

“ശനിയാഴ്ച സായാഹ്നത്തിൽ മിസ്റ്റർ ബോസ് ,അഖിലേന്ത്യാ ഹിന്ദു മഹാസഭയുടെ പ്രസിഡണ്ട് ആയ മിസ്റ്റർ വി.ഡി. സവർക്കറുമായി ദാദറിലുള്ള സവർക്കറുടെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തുകയുണ്ടായി. സമകാലീന രാഷ്ട്രീയവുമായി ബന്ധപ്പെട്ട  സ്ഥിതിവിശേഷങ്ങളെക്കുറിച്ചും ഹിന്ദുമഹാസഭയും ഫോർവേഡ് ബ്ലോക്കും മറ്റ് പാർട്ടികളുമായി സഹകരിക്കുന്നതിന് എടുക്കേണ്ട നടപടികളെക്കുറിച്ചുമായിരുന്നു ചർച്ചകൾ എന്നറിയാൻ കഴിഞ്ഞിട്ടുണ്ട്. ആ സംഭാഷണങ്ങളുടെ ഫലം, പറഞ്ഞു കേട്ടിടത്തോളം, അത്ര മാത്രം ഉത്സാഹജന്യമല്ല”.

പോലീസ് റിപ്പോർട്ടിലും  ഈ കൂടിക്കാഴ്ച രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് കാസളോരി ചൂണ്ടിക്കാട്ടുന്നു.

” ജൂൺ 22 ന് സുഭാഷ് ചന്ദ്രബോസ് ബോംബെയിലെത്തുകയും എം.എ .ജിന്നയുമായും വി.ഡി.സവർക്കറുമായും ഫോർവേഡ് ബ്ലോക്കും ഹിന്ദുമഹാസഭയും തമ്മിലുള്ള സഹകരണത്തിനുള്ള സാധ്യതകളെ മുൻനിർത്തി ചർച്ചകൾ നടത്തുകയും ചെയ്തു. ബോസിന്റെ ശ്രമങ്ങൾ യാതൊരു ഫലവും ഉണ്ടാക്കാത്ത ഒന്നായാണ് ഫലത്തിൽ കലാശിച്ചത്. ബോംബെ ഫോർവേഡ് ബ്ലോക്ക് ജൂൺ 23 ന് സുഭാഷ് ചന്ദ്ര ബോസ് സംസാരിക്കുന്ന ഒരു സമ്മേളനത്തിന് വേണ്ടി ഉദ്യമിച്ചെങ്കിലും വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനാൽ അത് ഉപേക്ഷിക്കാൻ അവർ നിർബന്ധിതരായി തീർന്നു ”

സവർക്കറുടെ അംഗരക്ഷകനായിരുന്ന അപ്പ രാമചന്ദ്ര കസാറിൻ്റെ ദൃക്സാക്ഷി വിവരണവും ഈ ഹിന്ദുത്വ ആഖ്യാനത്തെ ഖണ്ഡിക്കുന്നതാണ്. റാഷ് ബിഹാരി അദ്ദേഹം പദ്ധതിയിട്ട പ്രക്ഷോഭത്തിൻ്റെ വിദൂര പൗരസ്ത്യ പ്രദേശങ്ങളിൽ തുടങ്ങിവെയ്ക്കാനുള്ള ചുമതല സവർക്കറോട് ഏറ്റെടുക്കാൻ ആവശ്യപ്പെടുകയുണ്ടായി. സവർക്കർക്ക് ഏതെങ്കിലും നിലയ്ക്ക് അത് കഴിയാതെ വന്നാൽ പകരം അനുയോജ്യരായ ആളുകളെ നിർദ്ദേശിക്കാനും .സവർക്കർ ഈ നിർദ്ദേശം നിരാകരിക്കുകയും മുഞ്ജെ, താരാസിംഗ്, സുഭാഷ് ചന്ദ്രബോസ് എന്നീ മൂന്നു പേരെ നിർദ്ദേശിക്കുകയും ചെയ്തു എന്നത് കുറച്ചു കൂടി വിശ്വസനീയം ആണ്. മറ്റൊരു ആഖ്യാന പ്രകാരം നേതാജിയുടെ സാന്നിദ്ധ്യം ജപ്പാനിൽ അവശ്യമാണെന്ന സന്ദേശം ബംഗാളിലെ വിപ്ലവകാരികൾക്ക് റാഷ് ബിഹാരി എത്തിച്ചു കൊടുക്കുകയായിരുന്നു. എന്തായാലും 1938 മുതൽ സുഭാഷ് ചന്ദ്ര ബോസ് കൊൽക്കത്തയിലെ ജാപ്പനീസ് പ്രതിനിധികളുമായി നിരന്തരബന്ധം പുലർത്തിയിരുന്നു എന്നതാണ് വസ്തുത. അതിനാൽ സവർക്കർ വഴിയാണ് സുഭാഷ് ചന്ദ്ര ബോസ് ജപ്പാനുമായി ബന്ധപ്പെടുന്നത് എന്ന വാദം തെറ്റാണ് എന്നും കാസളോരി ചൂണ്ടിക്കാട്ടുന്നു. കാരണം സവർക്കർ രത്നഗിരിയിൽ ജില്ലാത്തടവിലായിരുന്ന കാലം മുതൽ നേതാജി ജപ്പാനെ വരുംകാല സഖ്യകക്ഷിയായി വീക്ഷിക്കുന്നുണ്ട്.

1939 ലും 1940 ജൂൺ 20നും ഹെഡ്ഗേവാറിനെ കാണാനും  സുഭാഷ് ചന്ദ്രബോസ് ശ്രമിക്കുകയുണ്ടായി. ഹെഡ്‌ഗേവാർ രോഗശയ്യയിലായത് കൊണ്ട് രണ്ടുതവണയും കൂടിക്കാഴ്ച നടന്നില്ല ( 1940 ജൂൺ 21 ന്‌ ഹെഡ്‌ഗേവാർ അന്തരിച്ചു ). ആർ എസ് എസിൻ്റെ ജനറൽ സെക്രട്ടറിയായിരുന്ന ജി.എം. ഹഡ്ഡർ വഴിയാണ് ബോസ് കൂടിക്കാഴ്ച ആവശ്യപ്പെട്ടത്. ഹഡ്ഡർ പറയുന്നതനുസരിച്ച് ഹെഡ്ഗേവാർ ബോസുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിമുഖത പ്രകടിപ്പിക്കുകയാണുണ്ടായത്. 1928 ൽ കോൺഗ്രസ്സിൻ്റെ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ബോസുമായി കൂടിക്കാഴ്‌ച നടത്തിയ അനുഭവം ഹെഡ്ഗേവാറിൽ അപ്പോഴും നിലനിന്നിരിക്കണം. ആ കൂടിക്കാഴ്ചയുടെ അവസാനം ബോസ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ” ഹിന്ദുസമുദായം ഏതാണ്ട് ചത്ത ഒന്നാണ്. അതിനെ  വീണ്ടും പ്രവർത്തനനിരതമാക്കുകയും സൈനിക വല്ക്കരിക്കുകയും ചെയ്യാമെന്ന് ഞാൻ വിചാരിക്കുന്നില്ല.”

അതിനാൽ, കാസളോരി ചൂണ്ടിക്കാട്ടും പോലെ, ഒരിക്കലും ബോസ് ഹിന്ദു ദേശീയതയുടെ പിന്തുണക്കാരനായിരുന്നില്ല. ഐ എൻ എ യിൽ ധാരാളം മുസ്ലീങ്ങൾ ഉണ്ടായിരുന്നു. മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി  കാസളോരി ചൂണ്ടിക്കാട്ടുന്നുണ്ട്. ബോസുമായുള്ള കൂടിക്കാഴ്ചയെപ്പറ്റിയും താൻ ബോസിന് മാർഗ്ഗദർശനം കൊടുത്തതിനെപ്പറ്റിയുമൊക്കെ വെളിപ്പെടുത്തുന്നത് ഗാന്ധിവധത്തിന് ശേഷം നാലാണ്ട് കഴിഞ്ഞാണ്. അന്നേരം ഹിന്ദുമഹാസഭയെ ഒരു നാണംകെട്ട സംഘടനയായി ഭൂരിഭാഗം ഇന്ത്യക്കാരും കണക്കാക്കിയിരുന്നു. അത്രമേൽ അതിൻ്റെ പ്രതിച്ഛായക്ക് കോട്ടം തട്ടിയിരുന്നു. അതുപോലെത്തന്നെ സ്വാതന്ത്ര്യം ലഭിക്കുന്ന ഘട്ടത്തിൽ അതെടുത്ത ബ്രിട്ടീഷ് അനുകൂല നിലപാടുകളും ജനങ്ങൾക്കുള്ളിൽ വെറുപ്പ് ജനിപ്പിച്ചിരുന്നു. അത് മറികടക്കാനുള്ള ഒരു അഭ്യാസമായിട്ടാണ് ജനങ്ങൾ ആദരിക്കുന്ന ബോസുമായി തന്നെ കൂട്ടിക്കെട്ടാനുള്ള സവർക്കറുടെ ശ്രമത്തെ കരുതേണ്ടത്. അതോടൊപ്പം നെഹ്റുവിനെ താറടിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി  ബോസിനെ ഉയർത്തിക്കൊണ്ടുവരിക എന്നത് ആർ എസ് എസ് അജണ്ടയുടെ ഭാഗമായി പലരും കാണുന്നുണ്ട്.ഒരു കാര്യം വ്യക്തമാണ് .മുസ്ലീം പ്രശ്നത്തിൻ്റെ കാര്യത്തിൽ സവർക്കറും ബോസും എക്കാലത്തും രണ്ട് തട്ടിലായിരുന്നു. മുസ്ലീങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുകയും അവരുമായി സഹകരിച്ച് പലപ്പോഴും പ്രവർത്തിക്കുകയും ചെയ്തിരുന്ന ഒരു നേതാവായിരുന്നു സുഭാഷ് ചന്ദ്ര ബോസ് – ഒരു കാലത്തും അദ്ദേഹം ഹിന്ദു ദേശീയതയെ അംഗീകരിച്ചിരുന്നില്ല.

 

Comments

comments