39. ഇരട്ടത്താപ്പുകളുടെ കാലം (തുടർച്ച)
………………………………………………………………രണ്ടാംലോകയുദ്ധം വരെയുള്ള കാലയളവിൽ ബ്രാഹ്മണിസത്തെ ഹിന്ദുസമുദായം എന്ന് വിളിക്കപ്പെടുന്ന ബഹുസ്വരമായ ഒന്നിനെ വംശീയമായി ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഹിന്ദുത്വരാഷ്ട്രീയം പരിശ്രമിച്ചിരുന്നതെങ്കിൽ അതിന് ശേഷം സ്വാതന്ത്ര്യ ഘട്ടം വരെയുള്ള കാലഘട്ടത്തിൽ വംശീയമായി ഏകീകരിക്കപ്പെട്ട ഹിന്ദുസമുദായത്തിൻ്റെ ഒരംശത്തെ സൈനീകരിക്കാനും അതുവഴി അധികാരത്തിലെത്താനുമാണ് ഹിന്ദുത്വ രാഷ്ട്രീയം ശ്രമിച്ചിരുന്നത് എന്ന് കാണാനാകും. ജനാധിപത്യ വിരുദ്ധതയേയും അധികാരോന്മുഖതയേയും അതിൻ്റെ കാതലായി വികസിപ്പിച്ചെടുക്കുന്നത് ഈ ഘട്ടത്തിലാണ്. ആർ എസ് എസ് പോലുള്ള അർദ്ധസൈനികസ്വഭാവമുള്ള സംഘടനകൾ സജീവമാകുന്നത്. ഹിന്ദുവംശീയതയും ഹിന്ദുദേശീയ സൈന്യവും കെട്ടിപ്പടുക്കുന്നത് ഹിന്ദുത്വ രാഷ്ട്രീയം പ്രമാണമായി സ്വീകരിച്ചിട്ടുള്ള ഒരു സംഘടനയല്ല. വിവിധ സംഘടനകളുടെ ഒരു സമാഹൃതരൂപമാണ് അതിന് വേണ്ടി പ്രവർത്തിക്കുന്നത്. ഉദാഹരണത്തിന് ഗണേഷ് ദാമോദർ സവർക്കറും ബി എസ് മുഞ്ജേയും ആർ എസ് എസിൻ്റെ രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ചവർ ആണ്. ആർ എസ് എസ് സർ സംഘ് ചാലക് ആയിരിക്കേ ഡോ. ഹെഡ്ഗേവാർ ഹിന്ദുമഹാസഭാസഭയുടെ സെക്രട്ടറി ആയിരുന്നു. അങ്ങോട്ടുമിങ്ങോട്ടും രൂപം മാറി പ്രവർത്തിക്കാവുന്ന തരത്തിലുള്ള കനാലുകൾ ഇവയെ തമ്മിൽ ബന്ധിപ്പിച്ചിരുന്നു. ആർ എസ് എസ് പോലുള്ള സംഘടനയ്ക്ക് അംഗത്വ രജിസ്റ്ററോ മറ്റ് രേഖകളോ ഇല്ലായിരുന്നു. ഹിന്ദുമഹാസഭ പ്രത്യക്ഷ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നത് മൂലം പരിമിതമായ സുതാര്യത സൂക്ഷിക്കാൻ നിർബന്ധിതരായി തീർന്നിരുന്നു. ജനാധിപത്യത്തോടുള്ള എതിർപ്പും മതിപ്പില്ലായ്മയും ഹിന്ദുത്വ രാഷ്ട്രീയ സംഘടനയുടെ മുഖമുദ്രകൾ ആയിരുന്നു. ഫാസിസത്തോട് അവർ പുലർത്തിയിരുന്ന ആദരവും അതിനെ സ്വാംശീകരിക്കാനുള്ള ശ്രമവും നാം നേരത്തെ ചർച്ച ചെയ്തിരുന്നു.രണ്ടാം ലോകയുദ്ധവും ആ പരിസരത്തിൽ ദേശീയ പ്രസ്ഥാനവും മറ്റ് നിരവധി സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും എടുത്ത ബ്രിട്ടീഷ് വിരുദ്ധ നിലപാടിന് ജനകീയമായ വലിയ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയാണെങ്കിൽ അധികാരം എളുപ്പവഴിയിലൂടെ കൈയ്യടക്കാനുള്ള നടപടികൾ ഹിന്ദുത്വ രാഷ്ട്രീയ ശക്തികൾ നിരന്തരം പ്രയോഗിച്ചു കൊണ്ടിരുന്നു. അധികാരസ്ഥാനങ്ങളിലേയ്ക്ക്, ബ്രിട്ടീഷുകാരോട് ഒട്ടി നിന്നുകൊണ്ട് കടന്നുവരിക എന്നതായിരുന്നു ആദ്യ തന്ത്രം. കോൺഗ്രസ്സുകാരും കമ്യൂണിസ്റ്റുകളും ഉൾപ്പെടെ അനേകം കക്ഷികൾ ബ്രിട്ടീഷ് സർവ്വാധികാരത്തിന് കീഴിലുള്ള പരിമിതമായ അധികാരസ്ഥാനങ്ങൾ കൈയ്യൊഴിഞ്ഞ് ബ്രിട്ടീഷ് വിരുദ്ധ സമരം മൂർച്ഛിപ്പിക്കുന്ന ഘട്ടത്തിൽ ഈ ഒഴിവിലേയ്ക്ക് ഇരമ്പിയെത്തിയത് ജിന്നയുടെ മുസ്ലീം ലീഗും സവർക്കറുടെ ഹിന്ദുമഹാസഭയും മറ്റ് വർഗ്ഗീയ രാഷ്ട്രീയം പ്രമാണമായി സ്വീകരിച്ച സംഘടനകളും ആണ്. ലീഗിന് പുറമേ മുസ്ലീം വർഗ്ഗീയ രാഷ്ട്രീയം കൈകാര്യം ചെയ്തിരുന്ന കക്ഷികൾ ആയിരുന്നു ബംഗാളിൽ ഫസ് ലുൾ ഹക്കിൻ്റെ നേതൃത്വത്തിലുള്ള കൃഷക് പ്രജാ പാർട്ടി. നോർത്ത് വെസ്റ്റേൺ ഫ്രോണ്ടിയർ പ്രൊവിൻസിൽ പ്രവർത്തിച്ചിരുന്ന സിക്കന്ദർ ഹയാത്ത് ഖാൻ്റെ യൂണിയനിസ്റ്റ് പാർട്ടിയും അത്തരമൊന്നായിരുന്നു. സവർക്കറുടെ മുസ്ലീം വിരോധം ആളിക്കത്തിയിരുന്നത് പലപ്പോഴും ഇവരെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു. ഉദാഹരണത്തിന് ഫസ് ലുൽ ഹക്കിനെ ബംഗാൾ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നത് ഗവണ്മെൻ്റിൻ്റെ ഉത്തരവാദിത്വമാണ് എന്ന് സവർക്കർ വൈസ് റോയിക്ക് കത്തെഴുതുന്നുണ്ട്. ബംഗാളിലെ ‘ന്യൂനപക്ഷ ‘ ത്തിൻ്റെ (ഹിന്ദുക്കളുടെ ) ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് ഗവണ്മെൻ്റിൻ്റെ കടമയാണെന്നും. അതേ കത്തിൽ തന്നെയാണ് രാജ്യത്തിൻ്റെ സൈനിക വത്ക്കരണത്തിനും വ്യവസായ വത്ക്കരണത്തിനും ഗവണ്മെൻ്റിന് സമ്പൂർണ്ണ പിന്തുണ ഹൃദയംഗമമായി വാഗ്ദാനം ചെയ്യുന്നതും.ഇങ്ങനെ ഒരേ സമയം ഫാസിസ്റ്റ് ശക്തികളോടും ബ്രിട്ടനോടും കൂറു പ്രഖ്യാപിച്ച ഹിന്ദുമഹാസഭയുടെ ഇരട്ടത്താപ്പ് നാം കണ്ടു കഴിഞ്ഞു. ഏതാണ്ട് ഈ സമയത്ത് തന്നെയാണ് ” എല്ലാ രാഷ്ട്രീയവും ഹൈന്ദവവത്ക്കരിക്കുക, ഹിന്ദുമണ്ഡലത്തെ സൈനികവത്ക്കരിക്കുക ” എന്നത് മുദ്രാവാക്യ രൂപേണ സവർക്കർ പ്രകാശിപ്പിക്കുന്നത്. സവർക്കർ എഴുതി

ഇനി മുതൽ ഹിന്ദുക്കൾ ദേശീയവും അന്തർദേശീയവുമായ രാഷ്ട്രീയത്തെ ഹിന്ദു വീക്ഷണകോണിൽ കൂടി മാത്രമാണ് കാണേണ്ടത്. ഹിന്ദു താത്പര്യത്തെ സംരക്ഷിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ എന്തിനേയും ഹിന്ദുക്കൾ പിന്താങ്ങേണ്ടതും ഹിന്ദുക്കൾക്ക് ദ്രോഹകരം എന്ന് തെളിയിക്കപ്പെട്ട എന്തിനേയും അപലപിക്കേണ്ടതും എതിർക്കേണ്ടതും ആണ് . ”

അതിനാൽ ഹൈന്ദവവല്ക്കരിക്കപ്പെട്ട ഒരു രാഷ്ട്രീയ മുന്നേറ്റത്തിൻ്റെ ഫലത്തിന് വേണ്ടി ഹിന്ദുക്കൾ ആസന്ന നടപടികൾ എടുക്കേണ്ടതാണ്. അസംബ്ളികളിലേയ്ക്കും മറ്റ് ജനപ്രതിനിധി സഭകളിലേയ്ക്കും നമ്മെ പ്രതിനിധീകരിക്കാൻ ഹിന്ദു മണ്ഡലത്തെ മുഴുവൻ സംരക്ഷിക്കാനും, പ്രതിരോധിക്കാനും,പ്രോത്സാഹിപ്പിക്കാനും പ്രതിജ്ഞ ചെയ്ത ഹിന്ദുക്കളെ മാത്രം വിജയിപ്പിക്കുക.  അങ്ങനെ മുഴുവൻ രാഷ്ട്രീയത്തേയും ഹൈന്ദവവത്ക്കരിക്കുക. രണ്ടാമതായി ഹിന്ദുമണ്ഡലത്തെ സൈനികവത്ക്കരിക്കാനുള്ള ആസന്ന നടപടികൾ സ്വീകരിക്കേണ്ടതാണ്. കായികക്ഷമതയ്ക്ക് പ്രാപ്തിയുള്ള എല്ലാ ഹിന്ദു യുവാക്കളും കരസേനയിലും നാവികസേനയിലും വ്യോമസേനയിലും ചേരാൻ പരമാവധി ശ്രമിക്കുക. അല്ലെങ്കിൽ യുദ്ധവുമായി ബന്ധപ്പെട്ട സാമഗ്രികൾ നിർമ്മിക്കുന്നിടത്തോ സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറികളിലോ ജോലി നേടാൻ. നിങ്ങൾക്ക് മുന്നിൽ ഇതുവരെ കാണാത്ത സൗകര്യങ്ങളാണ് തുറക്കപ്പെട്ടിട്ടുള്ളത്. പ്രതീക്ഷിക്കാത്ത അവസരങ്ങൾ നിങ്ങൾക്ക് മുന്നിൽ അവയെത്തന്നെ തുറന്നു കാട്ടുന്നു. ഇത്തരം സൗകര്യങ്ങളും അവസരങ്ങളും ഉപയോഗിച്ച് മറ്റാരെയും സഹായിക്കാതെ നിങ്ങൾ നിങ്ങളെത്തന്നെ സഹായിക്കുകയാണെങ്കിൽ ഹിന്ദുമണ്ഡലത്തെ സൈനികവത്ക്കരിക്കാനാകും. ഇത് ചെയ്താൽ എല്ലാം നിങ്ങളുടെ പിന്നാലെ വരും. ഇത് നഷ്ടപ്പെടുത്തിയാൽ ഒന്നും നിങ്ങൾക്ക് കിട്ടില്ല. ഇതാണ് ഈ സന്ദർഭത്തിൻ്റെ പരമപ്രധാനമായ കടമയും പദ്ധതിയും. മുഴുവൻ രാഷ്ടീയത്തേയും ഹിന്ദുവല്ക്കരിക്കുക, ഹിന്ദുമണ്ഡലത്തെ സൈനികവല്ക്കരിക്കുക. നമ്മുടെ ഹിന്ദുരാഷ്ട്രത്തിൻ്റെ ഉയിർത്തെഴുന്നേല്പ് പിന്നാലെ വരും. രാത്രിയുടെ ഏറ്റവും ഇരുണ്ട മണിക്കൂറുകൾക്ക് ശേഷം  നിശ്ചയമായും ഉദയം വരും

മറ്റുള്ളവർ ഉണ്ടാക്കിയെടുത്ത ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലത്തെ മതത്തിൻ്റെ വൈകാരികത ഉപയോഗിച്ച് ഹൈജാക്ക് ചെയ്യാനുള്ള ഒന്നാണ് ഈ മുദ്രാവാക്യത്തിൻ്റെ ആദ്യരൂപം. സവർക്കറോ ഹിന്ദുത്വ ശക്തികളോ ഒരു കാലത്തും ജനാധിപത്യപരമായ ഒരു രാഷ്ട്രീയ മണ്ഡലം കെട്ടിപ്പടുക്കുന്നതിൽ ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ല. ബ്രാഹ്മണിസത്തിൻ്റെ മേൽക്കോയ്മയിൽ കയറിനിന്നുകൊണ്ടുള്ള സൈനിക നീക്കങ്ങളും വാചികാഭ്യാസങ്ങളും ബഹുസ്വരതയെ വെട്ടിനീക്കുന്ന വെറുപ്പിൻ്റെ വിതരണവും ശാക്തിക ബലാബലങ്ങളുമായിരുന്നു അവരുടെ രാഷ്ട്രീയം. അതിനാൽ രാഷ്ട്രീയത്തെ ഹൈന്ദവ വല്ക്കരിക്കുക എന്നാൽ ഗാന്ധി ഉണ്ടാക്കിയ ധാർമ്മിക രാഷ്ട്രീയത്തെ, വർഗ്ഗീയമായി പിടിച്ചെടുക്കുക എന്നർത്ഥം. ആ മുദ്രാവാക്യത്തിൻ്റെ രണ്ടാം ഭാഗമാകട്ടെ ഇങ്ങനെ ഹൈജാക്ക് ചെയ്തെടുത്ത ജനാധിപത്യരാഷ്ട്രീയത്തെ ഫാസിസവല്ക്കരിക്കാൻ ആവശ്യമായ തരത്തിൽ ,ബലില്ല മാതൃകയിൽ സൈന്യവല്ക്കരിക്കപ്പെട്ട ഒരു ഹിന്ദുസമുദായത്തെ രൂപപ്പെടുത്തുക എന്നും. ഇന്നും ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ മോഡസ് ഓപ്പറാൻ്റി ഇതുതന്നെയാണ്.

സവർക്കറുടേയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റേയും ഇരട്ടത്താപ്പ് പകൽ പോലെ വ്യക്തമായത് 1941 ൽ, പാകിസ്ഥാൻ വാദിയായ ഫസ് ലുൾ ഹക്കിൻ്റെ മന്ത്രിസഭയെ പിന്തുണക്കാൻ ഹിന്ദുമഹാസഭ തീരുമാനിച്ചപ്പോഴാണ്. വെറും പിന്തുണ മാത്രമല്ല ഹിന്ദുമഹാസഭ നൽകിയത്, അതിൽ അംഗങ്ങളായി ചേരുകയും ചെയ്തു. ഹിന്ദുമഹാസഭയുടെ അഖിലേന്ത്യാ നേതാവായിരുന്ന ശ്യാമപ്രസാദ് മുഖർജി ആ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായി ചുമതലയേറ്റു. തുടർന്ന് സിന്ധിൽ മുസ്ലീംലീഗിൻ്റെ ജി എച്ച് ഹിദായത്തുള്ള നയിക്കുന്ന മന്ത്രിസഭയിലും നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ പ്രോവിൻസിൽ മുസ്ലീം ലീഗിൻ്റെ ഔറംഗസേബ് ഖാൻ നയിക്കുന്ന മന്ത്രിസഭയിലും ഹിന്ദുമഹാസഭ പങ്കാളികൾ ആയി.

പാകിസ്ഥാനെതിരെ അഖണ്ഡഭാരതത്തിന് വേണ്ടി നിലകൊണ്ടു എന്ന് ഹിന്ദുത്വവാദികൾ പറഞ്ഞുകൊണ്ടിരുന്ന സവർക്കറുടെ ഹിന്ദുമഹാസഭ യഥാർത്ഥത്തിൽ അക്കാലത്ത് ചെയ്തത് ഇതാണ്. മാത്രമല്ല 1943 മാർച്ച് 3 ന് സിന്ധിലെ പ്രവിശ്യാ ഗവണ്മെൻ്റിലെ അംഗമായിരുന്ന മുസ്ലീം ലീഗിലെ ജി എം സെയ്ദ്ഇന്ത്യയിലെ മുസ്ലീങ്ങൾ പ്രത്യേക രാഷ്ട്രമാണ് ” എന്ന പ്രമേയം അവതരിപ്പിക്കുകയും പാസ്സാക്കിയെടുക്കുകയും ചെയ്യുമ്പോൾ ഹിന്ദു മഹാസഭയിലെ അംഗങ്ങൾ ആ മന്ത്രിസഭയിൽ അംഗങ്ങൾ ആയിരുന്നു.

ഈ മന്ത്രിസഭകളിൽ അംഗമാകുക മാത്രമല്ല ഹിന്ദുമഹാസഭ ചെയ്തത്. അകാലി നേതാവും ഹിന്ദുമഹാസഭയുടെ സഹകാരിയുമായിരുന്ന താരാസിംഗിനോട് പഞ്ചാബിലെ മുസ്ലീം ലീഗ് മന്ത്രിസഭയിൽ കയറിക്കൂടാൻ നിർബന്ധിച്ച് എഴുതുകയും ചെയ്തു. സവർക്കറുടെ അവസരവാദത്തെ കോൺഗ്രസ്സ് നേതാവ് പട്ടാഭി സീതാരാമയ്യ അതിരൂക്ഷമായി വിമർശിച്ചു. ജിന്നയുടെ ലീഗ് പാകിസ്ഥാൻ വാദം ഉന്നയിച്ചു കൊണ്ടിരിക്കുന്ന കാലത്ത്, പണപ്പിരിവു വഴി ജീവസന്ധാരണം നടത്തുന്ന സവർക്കറുടെ രീതിയെ, പരാമർശിച്ചു കൊണ്ടാണ് പട്ടാഭി സീതാരാമയ്യ വിമർശനം ഉന്നയിച്ചത്. ” മൂന്നു ലക്ഷത്തോളം രൂപയുടെ പണക്കിഴി സമ്മാനിച്ച രാഷ്ട്രത്തിന് സവർക്കർ  തിരിച്ചു നൽകിയ സമ്മാനമായാണ് ” മുസ്ലീം ലീഗുമൊത്തുള്ള മുന്നണിഭരണത്തെ പരിഹാസത്തോടെ പട്ടാഭി സീതാരാമയ്യ വിമർശിച്ചത് . യാതൊരു തത്വദീക്ഷയും പുലർത്താത്ത മഹാസഭാ നേതാക്കളെ ” തൊഴിൽ വേട്ടക്കാർ ” എന്നും അദ്ദേഹം വിശേഷിപ്പിക്കുകയുണ്ടായി. സവർക്കർ പതിവുപോലെ “ഒച്ചയുയർത്തുന്ന ” മറുപടിയാണ് നൽകിയത്. ” ഹിന്ദുമഹാസഭ  അവരുടെ തെരഞ്ഞെടുത്തതും നോമിനേറ്റ് ചെയ്യപ്പെട്ടതുമായ അംഗങ്ങളിലൂടെ രാഷ്ട്രീയ കൗൺസിലുകളിലും കമ്മറ്റികളിലും മന്ത്രിസഭകളിലും നിയമസഭകളിലും നഗരസഭകളിലും രാഷ്ട്രീയാധികാരത്തിൻ്റെ മറ്റ് കേന്ദ്രങ്ങളിലും ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങൾ വഹിക്കാൻ തുടങ്ങിയിരിക്കുന്നു. ഇന്ത്യയിൽ മുമ്പില്ലാത്ത വിധം വലിയ രാഷ്ട്രീയ പ്രാധാന്യം മഹാസഭയ്ക്ക് കിട്ടി എന്നതാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. കുറെയധികം ” തൊഴിലുകൾ ” മറ്റു കൈകളിലേയ്ക്ക് പോകുന്നത് കണ്ട ചില തൊഴിൽ രഹിതരായ കോൺഗ്രസ്സുകാർ ഹിന്ദു ഐക്യവാദികളെ ” തൊഴിൽവേട്ടക്കാർ ” എന്ന് കുറ്റപ്പെടുത്തുന്നത് മനുഷ്യസഹജമാണ്. ഞങ്ങൾ അവരുടെ സ്വസ്ഥതയോട് സഹതാപം പുലർത്തുന്നവരാണ് .”

ഇങ്ങനെ “ഒച്ചവെച്ച് ” സത്യത്തെ നിശ്ശബ്ദമാക്കാൻ സവർക്കർ ശ്രമിച്ചെങ്കിലും വാസ്തവമെന്തായിരുന്നു?

1936-37 ലെ പ്രവിശ്യാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് വലിയ മുന്നേറ്റമായിരുന്നു കാഴ്ചവെച്ചത്. പതിനൊന്ന് പ്രവിശ്യകളിൽ അഞ്ചിലും അവർക്ക് കേവല ഭൂരിപക്ഷം ലഭിച്ചു. നാലുപ്രവിശ്യകളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ചുരുക്കിപ്പറഞ്ഞാൽ പതിനൊന്നിൽ എട്ട് പ്രവിശ്യകളും കോൺഗ്രസ്സ് ആണ് ഭരിച്ചിരുന്നത്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ മുസ്ലീംലീഗ് നിലംപരിശാകുകയാണ് ഉണ്ടായത്.

രണ്ടാംലോകയുദ്ധത്തിൽ ബ്രിട്ടനോട് സമ്പൂർണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നതിൻ്റെ ഭാഗമായാണ് കോൺഗ്രസ്സ് അതിന്റെ പ്രതിനിധികളെ പ്രവിശ്യകളിൽ നിന്ന് പിൻവലിച്ചത്. ആ സമയത്ത് ഹിന്ദുമഹാസഭയും കമ്യൂണിസ്റ്റ് പാർട്ടിയും മുസ്ലീംലീഗുമാണ് ബ്രിട്ടീഷുകാരെ പിന്തുണച്ചത്. കമ്യൂണിസ്റ്റുകാർ അവരുടെ ആഗോള നിലപാടിൻ്റെ ഭാഗമായി, ഫാസിസത്തിനെതിരെ നിൽക്കുന്നതിൻ്റെ ഭാഗമായാണ് ബ്രിട്ടൻ്റെ കൂടെ നിലയുറപ്പിച്ചത്. പ്രവിശ്യാ ഗവണ്മെൻറുകളിൽ ഇടപെടാനുള്ള ശക്തി അവർക്ക് ഉണ്ടായിരുന്നില്ല താനും. അതേ സമയം ഹിന്ദുമഹാസഭയും മുസ്ലീം ലീഗും തങ്ങളുടെ അധികാരാസക്തിക്ക് ഇടം കിട്ടത്തക്കവിധം ബ്രിട്ടീഷുകാർക്ക് വിനീത വിധേയരായി പ്രവർത്തിക്കുകയുണ്ടായി. അങ്ങനെ ഒരേ സമയം ബ്രിട്ടീഷുകാരോടും മുസ്ലീംലീഗിനോടും സമരസപ്പെട്ടാണ് ഈ ” ഉത്തരവാദപ്പെട്ട സ്ഥാനങ്ങളും ” ഇന്നലെവരെയില്ലാത്ത ” രാഷ്ട്രീയ പ്രാധാന്യവും ” ഹിന്ദുമഹാസഭ നേടിയെടുത്തത്.

1939 മുതൽ 1943 വരെ തുടർന്ന ഈ അധികാരാധിഷ്ഠിത ജനാധിപത്യവിരുദ്ധ സഖ്യത്തിൽ സവർക്കറും ജിന്നയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വേണ്ടിയുള്ള ശ്രമം നടന്നു എന്നതും ശ്രദ്ധേയമാണ്. അക്കാലത്ത് അസ്സോസ്സിയേറ്റഡ് പ്രസ്സിലും ദി ഹിന്ദുവിലും പിന്നീട് ബീഹാറിലെ ദി സെർച്ച്ലൈറ്റിലും പ്രവർത്തിച്ചിരുന്ന പ്രസിദ്ധ പത്രപ്രവർത്തകനായിരുന്ന എം എസ് എം ശർമ്മ, ഈ ശ്രമത്തെ ഗാന്ധിക്കെതിരെ സന്ധി ചെയ്യാൻ സവർക്കറും ജിന്നയും കരുതിയിരുന്നതിൻ്റെ ഭാഗമായാണ് വിവരിക്കുന്നത്. സിന്ധിലെ മുസ്ലീം ലീഗ് – ഹിന്ദുമഹാസഭാ മുന്നണി ഗവണ്മെൻ്റിലെ ആരോഗ്യ മന്ത്രിയായിരുന്ന ഹിന്ദുമഹാസഭാ നേതാവ് ഹേമനൻദാസ് വാധ്വാനിയാണ് ഇതിന് ഇടനിലക്കാരനായി പ്രവർത്തിച്ചത്. കറാച്ചിയിൽ വച്ച് ജിന്നയിൽ നിന്ന് ഈ ഇംഗിതം മനസ്സിലാക്കിയ വാധ്വാനി മുംബൈയിലെത്തി സവർക്കറെ കാണുകയും സംസാരിക്കുകയും ചെയ്തു. സവർക്കറും അത്തരമൊരു സന്ധിക്ക് തത്പരനാണെന്നറിഞ്ഞ്, അക്കാര്യം ജിന്നയെ അറിയിക്കുകയും ചെയ്തു. കറാച്ചിയിൽ ജിന്നയുടെ ബഹുമാനാർത്ഥം നടത്തിയ ചായസൽക്കാരത്തിൽ വെച്ച്, ജിന്നയോട് അടുപ്പമുണ്ടായിരുന്ന എം എസ് എം ശർമ്മ ഇക്കാര്യം അദ്ദേഹത്തോട് ആരാഞ്ഞതായി സവർക്കറുടെ ജീവചരിത്രം എഴുതിയ വൈഭവ് പുരന്ദരേ രേഖപ്പെടുത്തിയിരിക്കുന്നു. ആദ്യം ” വിഡ്ഢിത്തം ” എന്ന് പറഞ്ഞ് ആ വാർത്തയെ ജിന്ന തള്ളിക്കളഞ്ഞെങ്കിലും വാധ്വാനിയാണോ ആ വാർത്തയുടെ ഉറവിടം നൽകിയത് എന്ന് ശർമ്മയോട് ആരായുകയുണ്ടായി. ശർമ്മ അല്ലെന്ന് പറഞ്ഞപ്പോൾ ജിന്ന നടത്തിയ പ്രതികരണം അദ്ദേഹത്തിൻ്റെ “അഹം ” ഭാവത്തെ വെളിപ്പെടുത്തുന്നതായിരുന്നു. ” ദയവു ചെയ്ത് ഈ വാർത്ത പ്രസിദ്ധീകരിക്കരുത് . പക്ഷെ , രാജ്യത്തിൻ്റെ നന്മയ്ക്ക് വേണ്ടി ഞാനും സവർക്കറും – സവർക്കറും ഞാനുമല്ല – കൂടി കാണുന്നതും രാജ്യത്തിന്റെ സമാധാനത്തെക്കുറിച്ചുള്ള കാര്യങ്ങൾ പരിശോധിക്കുന്നതും നല്ലതായിരിക്കും എന്നെഴുതാനുള്ള സ്വാതന്ത്ര്യം താങ്കൾക്കുണ്ട് ”

MSM Sharma

രാഷ്ട്രീയമായ തടസ്സങ്ങൾ കൊണ്ടല്ല, മറിച്ച് ”അഹം ” ഭാവങ്ങൾ കൊണ്ടുണ്ടായ ഏറ്റുമുട്ടലുകൾ ആണ് ആ കൂടിക്കാഴ്ചയെ നടക്കാതാക്കിയത്. എം എസ് എം ശർമ്മ പറയുന്നത്, രണ്ടു പേരിൽ മുതിർന്നയാൾ താൻ ആയതുകൊണ്ട് ബോംബെയിലെ ജിന്നയുടെ വസതിയായ മലബാർ ഹിൽ ബംഗ്ലാവിലേയ്ക്ക് സവർക്കർക്ക് സന്ദർശനം നടത്താമെന്ന് ജിന്ന നിർദ്ദേശിച്ചു. എന്നാൽ ജിന്ന തൻ്റെ ശിവാജി നഗറിലെ സവർക്കർ സദനിലെത്തണമെന്ന് സവർക്കറും. ആര് ആരെ സന്ദർശിക്കണം എന്ന തർക്കം നീളുകയും ആ സന്ദർശനം കുറേക്കാലം’നടക്കാതെ പോകുകയും ചെയ്തു. അവസാനം സവർക്കർ ജിന്നയെ സന്ദർശിക്കാമെന്ന് സമ്മതിച്ചു. അസ്തമനത്തിന് ശേഷമുള്ള ഒരു സമയമാണ് സന്ദർശനത്തിന് നിശ്ചയിച്ചിരുന്നത്. എന്നാൽ അതേ ദിവസം രാവിലെ ജിന്നയുടെ വീട്ടിൽ ഒരു ഗുണ്ട അതിക്രമിച്ചു കടക്കുകയും ജിന്നയ്ക്ക് നേരെ കത്തി വീശുകയും ചെയ്തു. ആ സംഭവം ഉണ്ടാക്കിയ കോളിളക്കത്തിൻ്റെ പശ്ചാത്തലത്തിൽ സവർക്കറുടെ സന്ദർശനം മാറ്റിവെയ്ക്കുകയാണുണ്ടായത് എന്ന് എം.എസ്.മന്ത്രേശ്വർ ശർമ്മ എന്ന എം എസ് എം ശർമ്മ  പറയുന്നു. മൂന്ന് ഗവണ്മെൻ്റുകൾ ഒന്നിച്ചു ഭരിച്ചിരുന്ന സാഹചര്യത്തിൽ ആ സന്ദർശനം നടക്കുകയാണെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് ഭാവനാത്മകമായി ചിന്തിക്കുകയാണെങ്കിൽ, മിക്കവാറും കിട്ടുന്ന ഉത്തരം, പാകിസ്ഥാൻ്റേയും ഹിന്ദുസ്ഥാൻ്റേയും വിഭജനത്തെപ്പറ്റിയുള്ള ആദ്യ ചർച്ച അതായേനെ എന്നായിരിക്കും.

ഈ കൂട്ടുകക്ഷി ഭരണം  മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഹിന്ദുക്കളുടെ ഹിതം ഉറപ്പുവരുത്തുന്നതിനായിരുന്നു എന്ന് സവർക്കർ പലവട്ടം വാദിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ചരിത്രം കാണിച്ചുതരുന്ന കാഴ്ച വ്യത്യസ്തമാണ്. ഇതേ തുടർന്ന് നടന്ന 1945-46 പ്രവിശ്യാ തെരഞ്ഞെടുപ്പിൽ ബംഗാളിലും സിന്ധി ലും നോർത്ത് വെസ്‌റ്റേൺ ഫ്രോണ്ടിയർ പ്രോവിൻസിലും മുസ്ലീം ലീഗ് ഗണ്യമായ ശക്തിയായി ഉയർന്നു. 1936-37 ൽ അവർക്കുണ്ടായ 108 സീറ്റിൽ നിന്നും 430 സീറ്റിലേയ്ക്ക് അവർ ഉയർന്നു. പട്ടാഭി സീതാരാമയ്യയ്ക്കെതിരെ വീമ്പടിച്ച ഹിന്ദുമഹാസഭയാകട്ടെ അപ്പാടെ തകർന്നടിഞ്ഞു. ആകെ മൂന്ന് സീറ്റാണ് അവർക്ക് കിട്ടിയത്.

പാകിസ്ഥാൻ വാദികളും  ഹിന്ദുമഹാസഭയും കൂടി മൂന്ന് പ്രവിശ്യാ ഗവണ്മെൻ്റുകൾ ഭരിച്ചു കൊണ്ടിരിക്കേ, 1942 മാർച്ച് 23 ന് സർ സ്റ്റാഫോർഡ് ക്രിപ്സ് ബ്രിട്ടീഷ് ഗവണ്മെൻ്റിൻ്റെ ദൗത്യവുമായി ഇന്ത്യയിലെത്തി. യുദ്ധത്തിൽ ജപ്പാൻ സിംഗപ്പൂർ പിടിച്ചെടുത്ത ശേഷം ഇന്ത്യയിലേയ്ക്ക് നീങ്ങുകയായിരുന്നു. ആൻഡമാൻ ദ്വീപസമൂഹം അവർ കൈയ്യടക്കി. വിശാഖപട്ടണം, കാക്കിനഡ, കോൽക്കട്ട തുടങ്ങിയ കിഴക്കൻ തുറമുഖങ്ങളിൽ അവർ ബോംബ് വർഷിച്ചു. ഈ അവസരത്തിൽ ഇന്ത്യയിലെ രാഷ്ട്രീയനേതാക്കളെ ബ്രിട്ടീഷ് ഭരണവുമായി ഒന്നിച്ചു നിർത്താനും ഇന്ത്യയ്ക്ക് കുറച്ചു കൂടി സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്ന പദ്ധതി ചർച്ച ചെയ്യാനുമായിരുന്നു ക്രിപ്സിൻ്റെ വരവ്. ദുർഹാം പ്രഭു അത്തരമൊരു ദൗത്യവുമായി ബ്രിട്ടീഷുകാർ ഭരിച്ചിരുന്ന കാനഡയിൽ പോകുകയും അതിൽ വിജയിക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷുകാർക്കൊപ്പം നിന്ന് അധികാരത്തിൻ്റെ രുചി അറിഞ്ഞുതുടങ്ങിയ ഹിന്ദുമഹാസഭ ക്രിപ്സ് ദൗത്യത്തെ തങ്ങൾക്കനുകൂലമാക്കാൻ ശ്രമങ്ങൾ തുടങ്ങി. 1942 മാർച്ച് 1 ന് അവരുടെ അഖിലേന്ത്യാ കമ്മറ്റി ലക്നൗവിൽ യോഗം കൂടി തീരുമാനങ്ങൾ എടുത്തു. ബ്രിട്ടൻ്റെ രക്ഷയ്ക്ക് ഹിന്ദുക്കളെ വിശ്വാസത്തിലെടുക്കാൻ അഭ്യർത്ഥിച്ചുകൊണ്ടുള്ള തീരുമാനമാണ് പൊതുവേ എടുത്തത്. അതിൽ ഹിന്ദുമഹാസഭയുടെ ബ്രിട്ടീഷ് ഗവണ്മെൻ്റിനോടുള്ള ആവശ്യങ്ങൾ താഴെപ്പറയുന്നവയായിരുന്നു.

1 . ഏത് ഇന്ത്യക്കാരനും റൈഫിൾ ബുദ്ധിമുട്ടില്ലാതെ സ്വന്തമാക്കാനും അതുപയോഗിച്ച് അധിനിവേശകരെ വെടിവെച്ചു കൊന്ന് ഗറില്ലാ യുദ്ധമുറപ്രകാരം ഗവണ്മെൻ്റിന്റെ ‘പ്രതിരോധ നടപടികളിൽ സഹായികളാകാനും സാധിക്കുന്ന വിധത്തിൽ ആയുധനിയമത്തിൽ ഇളവ് വരുത്തുക
2. ഒരു ദേശീയ അർദ്ധ സൈന്യം സംഘടിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും അതിന് ധനസഹായം നൽകുകയും ചെയ്യുക.
3 . വിമാനങ്ങളും മോട്ടോറുകളും യുദ്ധക്കപ്പലുകളും നിർമ്മിക്കുന്നതിന് ഫാക്ടറികൾ ഉടൻ സ്ഥാപിക്കുക.
4 . സ്കൂളുകൾക്കും കോളേജുകൾക്കും റൈഫിളുകൾ ലഭ്യമാക്കുക.

രാഷ്ട്രീയത്തെ ഹിന്ദുവല്ക്കരിച്ചാൽ ഹിന്ദു സൈന്യത്തെ ഉപയോഗിച്ച് ഹിന്ദുസ്ഥാൻ രൂപീകരിക്കാമെന്ന തോന്നലാണ്, ഒരു രാഷ്ട്രീയ കക്ഷിയുടെ എന്നതിനേക്കാൾ, സൈന്യവിഭാഗത്തിൻ്റെ ആവശ്യം എന്ന് തോന്നിക്കും വിധമുള്ള ആവശ്യങ്ങൾ ഉന്നയിക്കാൻ ഹിന്ദുമഹാസഭയെ പ്രേരിപ്പിച്ചത്. ക്രിപ്സിനെ ആദ്യം സ്വാഗതം ചെയ്തതും ഹിന്ദുമഹാസഭ തന്നെയാണ്. 1942 മാർച്ച് 28 ന് ന്യൂ ഡെൽഹിയിൽ ചെന്ന് സവർക്കറും മുഞ്ജെയും ശ്യാമപ്രസാദ് മുഖർജിയും ജ്വാലാ പ്രസാദ് ശ്രീവാസ്തവയും ഗൺപത് റായും അടങ്ങുന്ന ഹിന്ദുമഹാസഭാ ദൗത്യസംഘം ക്രിപ്സിനെ സന്ദർശിച്ചു. പക്ഷെ, അവരുമായുള്ള ചർച്ച ക്രിപ്സ് ഗൗരവത്തിലെടുക്കുകയുണ്ടായില്ല. കോൺഗ്രസ്സിനെയും മുസ്ലീംലീഗിനെയും തൻ്റെ ദൗത്യവുമായി കൂട്ടിയിണക്കുന്നതിൽ വിജയിച്ചാൽ മാത്രമേ താൻ വിജയിക്കൂ എന്ന് ക്രിപ്സിന് അറിയാമായിരുന്നു.ഗാന്ധി തുടക്കത്തിൽ തന്നെ ക്രിപ്സിനോട് നിസ്സഹകരണം പ്രഖ്യാപിച്ചിരുന്നു.

നിങ്ങൾക്ക് ഇത്ര മാത്രമേ വാഗ്ദാനം നൽകാനുള്ളുവെങ്കിൽ നിങ്ങൾ എന്തിനാണ് ഇങ്ങോട്ട് വന്നത് ” ഗാന്ധി ചോദിച്ചു. ” ഇന്ത്യയ്ക്ക് വേണ്ടിയുള്ള നിർദ്ദേശത്തിൻ്റെ ആകെത്തുക ഇതാണെങ്കിൽ, ഞാൻ നിങ്ങളോട് പറയുക അടുത്ത വിമാനം പിടിച്ച് നാട്ടിലേയ്ക്ക് പോകുക എന്നാണ് “. തകരാൻ പോകുന്ന ബാങ്ക് തരുന്ന മുൻകൂർ ചെക്കായാണ് ഗാന്ധി ക്രിപ്സിൻ്റെ നിർദ്ദേശങ്ങളെ വിശേഷിപ്പിച്ചത്. പാകിസ്ഥാൻ്റെ കാര്യത്തിൽ പ്രത്യേകം തീരുമാനമെടുക്കാത്തതിനാൽ മുസ്ലീംലീഗും തങ്ങളുടെ താത്പര്യങ്ങൾ സുരക്ഷിതമാക്കാത്തതിനാൽ അന്ന് അടിച്ചമർത്തപ്പെട്ട വർഗ്ഗം എന്ന് വിശേഷിപ്പിച്ചിരുന്ന ദളിതരും ക്രിപ്സിനോട് വിയോജിച്ചു. അങ്ങനെ സമ്പൂർണ്ണ പരാജയമായി ക്രിസ്പ് ലണ്ടനിലേയ്ക്ക് മടങ്ങി.

1942 ജൂലൈ 6 ന് വാർധയിൽ ചേർന്ന കോൺഗ്രസ്സ് വർക്കിംഗ് കമ്മറ്റി മീറ്റിങ്ങിൽ വെച്ച് ഗാന്ധി ” ക്വിറ്റ് ഇന്ത്യ ” പ്രഖ്യാപിച്ചു. ” പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക ” എന്ന മുദ്രാവാക്യം ഇന്ത്യയിലെ ജനങ്ങളെ വൈദ്യുതീകരിച്ചു. സവർക്കർ ക്വിറ്റ് ഇന്ത്യാ സമരത്തെ സ്പ്ലിറ്റ് ഇന്ത്യാ സമരം എന്ന് പരിഹസിക്കാനാണ് തുനിഞ്ഞത്. ഗാന്ധിയുടെ ജയിൽ നിറക്കൽ പദ്ധതി എന്നും. പക്ഷെ, സവർക്കറുടെ നിലപാട് ഹിന്ദുമഹാസഭയിൽ തന്നെ വിഭിന്നതകൾ ഉണ്ടാക്കി. സെൻട്രൽ പ്രൊവിൻസസിലും ബംഗാളിലുമാണ് ഈ വിഭിന്നതകൾ ശക്തമായത്. മഹാരാഷ്ട്രയിൽ പോലും സവർക്കറുടെ നിലപാട് എതിർക്കപ്പെട്ടു. മഹാരാഷ്ട്ര യൂണിറ്റിന്റെ ജനറൽ സെക്രട്ടറി എസ്. ആർ. ദത്തേയും മറ്റും ക്വിറ്റ് ഇന്ത്യാ സമരത്തെ പിന്തുണച്ചു. ബംഗാളിലെ ഹിന്ദുമഹാസഭാ നേതാക്കൾ, ശ്യാമപ്രസാദ് മുഖർജിയും അശുതോഷ് ലാഹിരിയും എൻ സി ചാറ്റർജിയും ഉൾപ്പെടെ ഇക്കാര്യത്തിൽ സവർക്കർക്ക് എതിരായ നിലപാടാണ് സ്വീകരിച്ചത്. എൻ സി ചാറ്റർജി, മുഞ്ജേയ്ക്ക് ഇങ്ങനെ എഴുതുകയുണ്ടായി.

ഹിന്ദു ജനത മുഴുവനായും ഗാന്ധിയുടെയും അദ്ദേഹത്തിൻ്റെ സമരത്തിൻ്റേയും (ക്വിറ്റ് ഇന്ത്യ )  കൂടെയാണ്. ആരെങ്കിലും അതിനെ എതിർക്കാൻ ആഗ്രഹിച്ചാൽ അവർ അക്ഷരാർത്ഥത്തിൽ ഇല്ലാതാകുകയും പൊതുജീവിതത്തിൽ നിന്ന് എന്നന്നേയ്ക്കുമായി പുറത്താകുകയും ചെയ്യും. വീർ സവർക്കറുടെ ദൗർഭാഗ്യകരമായ പ്രസ്താവന ( ക്വിറ്റ് ഇന്ത്യ സമരത്തിനെതിരെ നടത്തിയത്) ബംഗാളിൽ നമ്മുടെ നില ബുദ്ധിമുട്ടിലാക്കിയിരിക്കുന്നു. രസകരമായ കാര്യം, മിസ്റ്റർ ജിന്ന മുസൽമാന്മാർ കോൺഗ്രസ്സ് സമരത്തിൽ ചേരുന്നത് ഇഷ്ടപ്പെടുന്നില്ല എന്നതാണ്. മിസ്റ്റർ സവർക്കർ ഹിന്ദുക്കളോടും അതിൽ ചേരരുത് എന്നാവശ്യപ്പെടുന്നു. എന്നിട്ടും കോൺഗ്രസ്സിൻ്റെ സമരം കോളിളക്കം  ഉണ്ടാക്കുകയും ആയിരക്കണക്കിന് അനുയായികളെ അതിന് ലഭിക്കുകയും ചെയ്തിരിക്കുന്നു

എൻ. സി .ചാറ്റർജിയുടെ പ്രസ്താവന വ്യക്തമാക്കുന്ന കാര്യം മതദേശീയതയ്ക്കപ്പുറം മതേതര ദേശീയത എന്ന് വിളിക്കാവുന്ന ഒന്ന് ഇന്ത്യൻ ജനതയെ ആവേശിച്ചിരുന്നു എന്നതാണ്. ക്വിറ്റ് ഇന്ത്യാ സമരത്തെ കമ്യൂണിസ്റ്റ് പാർട്ടികളും അംബേദ്ക്കറും അവരവരുടെ കാരണങ്ങളാൽ പിന്തുണച്ചിരുന്നില്ല. പക്ഷെ, ഇന്ത്യ കണ്ട ഏറ്റവും വലിയ മതേതര ദേശീയത അതിൻ്റെ ഓരോ സന്ദർഭത്തിലും അലയടിച്ചിരുന്നു.

സവർക്കറുടെ ജന്മനാടായ മഹാരാഷ്ട്രയിൽ നിന്ന് അദ്ദേഹത്തിൻ്റെ വിശ്വസ്തരായ ഹിന്ദുമഹാസഭാ നേതാക്കൾ എൽ.ബി. ബോപ്പട്ക്കർ, ജി.വി. കേത്ക്കർ, ക്യാപ്റ്റൻ കേശവ് ചന്ദ്ര, വരദരാജുലു നായിഡു, ബി.ജി. ഖപാർഡേ തുടങ്ങിയവർ ബംഗാൾ ഘടകത്തിനെതിരെ രംഗത്തിറങ്ങി. അവർക്കു വേണ്ടി യുവ നേതാക്കളായ നാഥുറാം വിനായക് ഗോഡ്സേ, എം.ബി .ഉദ്ഗാവങ്കർ, ഡി.ജി. അഭയങ്കർ എന്നിവർ ചേർന്ന് മുഞ്ജേയ്ക്ക് എഴുതി.

”  1 .സ്വാതന്ത്ര്യം എന്ന അടിസ്ഥാനപരമായ വിപ്ലവാത്മകപ്രശ്നത്തിന് വേണ്ടി  ഏറ്റവും അനനുയോജ്യമായ സമയത്തിൽ അന്തമില്ലാത്ത ഏറ്റുമുട്ടൽ ഉൾക്കൊള്ളുന്ന നിസ്സഹകരണമോ നേർസമരമോ തുടങ്ങാൻ ഹിന്ദുക്കളോടാവശ്യപ്പെടുന്ന തരത്തിൽ യാതൊരു പ്രമേയവും മഹാസഭ പാസ്സാക്കിയിട്ടില്ല.

2. ഹിന്ദു സൈനികവത്ക്കരണ, വ്യവസായവത്ക്കരണ നയങ്ങൾ തുടരേണ്ടതുണ്ട്. നഗരസഭകളും തദ്ദേശ ബോർഡുകളും കൗൺസിലുകളും മറ്റ് ഉദ്യോഗങ്ങളും പിടിച്ചെടുക്കുകയും അതുവഴി മുസ്ലീങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദുവിൻ്റെ നില ശാക്തീകരിക്കുകയും ചെയ്യേണ്ടതാണ്. ഈ നയത്തിനെതിരെ ഒരു തീരുമാനവും പാസ്സാക്കിയിട്ടില്ല.

1942 സെപ്റ്റംബർ അവസാനം ബോംബെ പ്രവിശ്യയിലെ ഹിന്ദുമഹാസഭ ( സവർക്കറെ അനുകൂലിക്കുന്നവർ ) അഖിലേന്ത്യാ കമ്മറ്റിയുടെ പരിഗണനക്കായി അവരുടെ പരിപ്രേക്ഷ്യം സമർപ്പിക്കുകയുണ്ടായി.

” ഈ അവസരത്തിൽ ” നേർസമരം ” നടത്തുന്നത് ഹിന്ദുതാത്പര്യത്തിന് ഹാനികരണമാണെന്നും ഈ സമ്മേളനം ഹിന്ദുമഹാസഭയുടെ പ്രസിഡണ്ടായ വീർസവർക്കറുടെ നേതൃത്വത്തിൽ പരിപൂർണ്ണ വിശ്വാസം അർപ്പിക്കുന്നു എന്നും അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ വർക്കിങ്ങ് കമ്മറ്റി  ആഗസ്റ്റ് 31 ന് ഡെൽഹിയിൽ വെച്ചെടുത്ത തീരുമാനങ്ങൾക്ക് ബോംബെ പ്രവിശ്യയിലെ ഹിന്ദുമഹാസഭയുടെ ഈ സമ്മേളനം പൂർണ്ണ പിന്തുണ നൽകുന്നു ”

ബോംബെ ഹിന്ദുമഹാസഭ അഖിലേന്ത്യാ ഹിന്ദുമഹാസഭയെ അവർ എടുത്ത തീരുമാനം ഓർമ്മിപ്പിക്കുന്നതിൽ, ഒരു ചരിത്രമുണ്ട്. 1940 ഡിസംബർ മാസത്തിൽ മധുരയിൽ ചേർന്ന ഹിന്ദുമഹാസഭയുടെ സമ്മേളനം 1941 മാർച്ച് 31 മുതൽ ഇന്ത്യയുടെ ഡൊമീനിയൻ പദവിക്ക് വേണ്ടി ” നേർസമരം ” നടത്തും എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് നടത്താൻ അവർക്ക് കഴിഞ്ഞില്ല. 1941 ജൂൺ 14 ,15 തീയ്യതികളിൽ കൂടിയ ഹിന്ദുമഹാസഭയുടെ കൽക്കട്ടയിൽ വെച്ചു നടന്ന യോഗം ആ തീരുമാനം പുന:പരിശോധിക്കുകയും “നേർസമരം ” അനിശ്ചിതകാലത്തേയ്ക്ക് നീട്ടി വെയ്ക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് അവർ ഇത് അഖിലേന്ത്യാ നേതൃത്വത്തെ ഓർമ്മിപ്പിക്കുന്നത്.

ഹിന്ദുമഹാസഭയുടെ ഉള്ളിലെ ഭിന്നാഭിപ്രായങ്ങൾ, ഒരു പക്ഷേ ആദ്യമായി അത്തരമൊരു സംഘടന ജനാധിപത്യസ്പർശമേല്ക്കുന്ന അപൂർവ്വ സന്ദർഭത്തെക്കൂടി കുറിക്കുന്നുണ്ട്. ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ ഒരു പ്രതിഫലനമായി നാം ഇതിനെ വായിച്ചെടുക്കേണ്ടതുണ്ട്. രണ്ടു തരത്തിലാണ് അക്കാലത്തിൻ്റെ ജനകീയ ചരിത്രം ഹിന്ദുമഹാസഭയെ ഉലച്ചത്. ഒന്ന്, നാം നേരത്തെ നിരീക്ഷിച്ചത് പോലെ മതവർഗ്ഗീയതയെ അടിസ്ഥാനപ്പെടുത്തിയ സംഘടനകൾ ഒന്നടങ്കം സമരത്തെ എതിർത്തിട്ടും ജനങ്ങൾ മതം വിട്ട് തെരുവിലെത്തി. രണ്ട്, ജനാധിപത്യം ജനാധിപത്യവിരുദ്ധത പ്രമാണമായി സ്വീകരിച്ച കക്ഷിയിലേയ്ക്ക് അഭിപ്രായ വ്യത്യാസങ്ങളുടെ രൂപത്തിൽ നുഴഞ്ഞു കയറി.

സവർക്കറുടേയും ഗോൾവാൾക്കറുടേയും ജനാധിപത്യ വെറുപ്പ്  മനസ്സിലാക്കണമെങ്കിൽ രസകരമായ ഒന്ന് രണ്ട് ഉദാഹരണങ്ങൾ പറയാം. ഇന്ത്യ അന്യരാജ്യങ്ങളോട് ബന്ധം വെയ്ക്കേണ്ടത് അവർ പിന്തുടരുന്ന വ്യവസ്ഥ അനുസരിച്ചാകരുത് എന്ന് സവർക്കർ പറയുന്നുണ്ട്.

നാം നാസികളേയും ബോൾഷെവിക്കുകളേയും ജനാധിപത്യവാദികളേയും താത്വികമോ പുസ്തക കേന്ദ്രിതമോ ആയ  അടിസ്ഥാനത്തിൽ  വെറുക്കുകയോ സ്നേഹിക്കുകയോ ചെയ്യേണ്ടതില്ല. നാസി ആയതിൻ്റെ പേരിൽ ഹിറ്റ്ലർ ഒരു മനുഷ്യമൃഗമാണെന്നോ തന്നെത്തന്നെ ജനാധിപത്യവാദി എന്ന് വിളിക്കുന്നത് കൊണ്ട് ചർച്ചിലിനെ അർദ്ധ ദൈവമായോ കരുതേണ്ട യാതൊരു കാര്യവുമില്ല. ജർമ്മനി സ്വയം പ്രതിഷ്ഠിച്ച ഒരു കൂട്ടം സാഹചര്യങ്ങൾ വെച്ചു നോക്കുമ്പോൾ നാസിസം ആ രാജ്യത്തിൻ്റെ രക്ഷകനാണെന്ന് സംശയലേശമന്യേ പറയാൻ കഴിയും.ബോൾഷെവിസം റഷ്യയ്ക്കും കൃത്യമായി ഇണങ്ങുന്നതാകാം. ഇംഗ്ലീഷ് ജനാധിപത്യത്തിന് നാം എത്രമേൽ വില കൊടുക്കേണ്ടി വന്നു എന്ന് നമുക്ക് നന്നായറിയാം

എം എൻ റോയിയെയും കമ്യൂണിസ്റ്റ് പാർട്ടിയെയും അതികഠിനമായി വിമർശിച്ചു കൊണ്ടിരുന്ന സവർക്കർ ബോൾഷെവിസത്തെ ന്യായീകരിക്കുന്നത് ഒരർത്ഥത്തിൽ തൻ്റെ ജനാധിപത്യ വിരുദ്ധ സ്വഭാവത്തെ മുൻനിർത്തിയാണ് എന്ന് കാണാം. കമ്യൂണിസ്റ്റുകാരെയും മുസ്ലീങ്ങളേയും ജന്മശത്രുക്കളായി കണ്ട ഗോൾവാൾക്കറും റഷ്യൻ വിപ്ലവത്തെ ജനാധിപത്യവിരുദ്ധമായി വ്യാഖ്യാനിക്കുന്നുണ്ട്. ” നമ്മൾ അഥവാ നമ്മുടെ ദേശീയസ്വത്വം നിർവ്വചിക്കപ്പെടുന്നു” – വിൽ ഗോൾവാൾക്കർ എഴുതി.

” റഷ്യയിൽ നമുക്ക് സോഷ്യലിസം എന്ന് വിളിക്കുന്ന പുതിയ മതത്തെ കാണാൻ കഴിയും. അതോടൊപ്പം അവരുടെ ഭൗതികവാദമതത്തിൽ നിന്ന് ഉരുത്തിരിഞ്ഞ  തൊഴിലാളികളുടെ പുതിയ സംസ്ക്കാരവും. വായനക്കാരേ, ഞങ്ങൾ കരുതുന്നത് സംസ്കാരത്തെ – റഷ്യയിലെ ഭൗതികവാദപരമായ സംസ്കാരത്തെ സംബന്ധിച്ച് നിങ്ങൾ ഞങ്ങളോട് വിയോജിക്കില്ലെന്നാണ്. അവർ ഒരു പക്ഷേ, ആധുനിക റഷ്യയിലെ മതമാണ് സോഷ്യലിസം എന്ന ഞങ്ങളുടെ പ്രസ്താവനയിൽ അത്ഭുതം കൂറിയേക്കാം. അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. പരമാർത്ഥത്തിൽ മതം എന്നത് വ്യക്തിയുടേയും സമൂഹത്തിൻ്റേയും നന്മയ്ക്കു വേണ്ടിയും ദൈവ സാക്ഷാത്കാരത്തിന് വേണ്ടിയും  കടുകിടെ തെറ്റാതെ പിന്തുടരുന്ന ഒരു കൂട്ടം അഭിപ്രായങ്ങൾ മാത്രമാണ്. ഇവിടെ ഇപ്പോൾ നമുക്ക് ദൈവത്തിൽ വിശ്വസിക്കാത്ത ഒരു മതം ഉണ്ടായിരിക്കുന്നു. അതൊരു ദൈവരഹിത മതമാണെങ്കിലും മതമല്ലാതെ മറ്റൊന്നുമല്ല. റഷ്യക്കാർക്ക് അവരുടെ പ്രവാചകൻ കാറൽ മാർക്സും അവരുടെ സുവിശേഷം അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളുമാണ് – ലോകത്തിൻ്റെ  പ്രവിശ്യകളിൽ പോലും ഭൂതകാലത്തിൽ ദൈവരഹിത മതങ്ങൾ ഉണ്ടായിരുന്നു. റഷ്യൻ മതം തന്നെ അത്തരം മതങ്ങളുടെ ആധുനിക സ്വരൂപമാണ്. വിരോചനൻ്റേയും ചർവാകൻ്റേയും ഉറപ്പുള്ള പിൻഗാമികളാണ് സോഷ്യലിസ്റ്റുകൾ .”

റഷ്യൻ വിപ്ലവത്തെ ഗോൾവാൾക്കർ  “തങ്ങളുടെ ” ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തതിൻ്റെ കാരണം ഒന്നുമാത്രമാണ്. അത് ജനാധിപത്യത്തിൽ നിന്ന് അന്യമായ രീതിയിലൂടെ വിജയം നേടിയ ഒന്നാണ്.

തങ്ങളുടെ കൈയ്യിൽ നിന്ന് രാഷ്ട്രീയ സാഹചര്യം ഊരിപ്പോകുന്നത് മനസ്സിലായ ഹിന്ദുമഹാസഭ മറ്റു പാർട്ടികളുമായി വിലപേശലുകൾ നടത്താനായി ഒരു കമ്മറ്റിയെ നിയോഗിക്കുകയുണ്ടായി. ശ്യാമപ്രസാദ് മുഖർജി ആയിരുന്നു ചെയർമാൻ. മുഞ്ജെ, എൻ.സി.ചാറ്റർജി, രാജാ മഹേശ്വർ ദയാൽ സേഠ്, റായ് ബഹാദൂർ മെഹർ, ചാന്ദ് ഖന്ന, പ്രൊഫ .വി .ജി.ദേശ്പാണ്ഡേ തുടങ്ങിയവർ അംഗങ്ങളും. അധികാരം കൈപ്പറ്റുന്നത് ഉറപ്പുവരുത്താനായി അള്ളാ ബക്ഷ്, ഫസ് ലുൾ ഹക്ക്, സഹിറുദ്ദീൻ അഹ്മദ് , ഷൗക്കത്തുള്ള ഷാ അൻസാരി, പ്രൊഫ. ഹുമയൂൺ കബീർ, കെ.എം. അഷ്റഫ് തുടങ്ങി നിരവധി മുസ്ലീം നേതാക്കളുമായി അവർ ചർച്ച നടത്തി. 1942 സെപ്തംബർ 3 ന് ശ്യാമപ്രസാദ് മുഖർജിക്കും മുഞ്ജേയ്ക്കും ജിന്നയുമായി ചർച്ച നടത്തരുത് എന്ന് സവർക്കർ കമ്പി സന്ദേശമയച്ചെങ്കിലും മുഖർജി അത് നിരാകരിച്ചു. ഡെൽഹിയിൽ വെച്ച് ഹിന്ദുമഹാസഭയുടെ സെക്രട്ടറിയായിരുന്ന രാജാ മഹേശ്വർ ദയാൽ സേഠിൻ്റെ സഹായത്തോടെ അദ്ദേഹം ജിന്നയുമായി ചർച്ച നടത്തി. ഇത് മുഖർജിയും സവർക്കറുമായുള്ള അഭിപ്രായ വൈരുദ്ധ്യത്തെ മൂർച്ഛിപ്പിച്ചു. സിക്കന്തർ ഹയാത്ത് ഖാനുമായും മുഖർജി ചർച്ച നടത്തി.

1943 ആഗസ്റ്റ് 15 ന് ഒരു ദിനപത്രത്തിൽ വന്ന സവർക്കറുടെ അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു .” ജിന്നയുടെ ദ്വിരാഷ്ട്രവാദത്തോട് എനിക്കൊരു വഴക്കുമില്ല. ഞങ്ങൾ ഹിന്ദുക്കൾ ഒരു രാഷ്ട്രമാണ്. ഹിന്ദുക്കളും മുസ്ലിങ്ങളും രണ്ട് രാഷ്ട്രങ്ങൾ ആണ് എന്നത് ഒരു ചരിത്ര യാഥാർത്ഥ്യമാണ് “. പിന്നീട് അത് അങ്ങനെയല്ല എന്ന് വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും 1937 ൽ താൻ തന്നെ പ്രഖ്യാപിച്ച ഒരു തത്വത്തെ ആവർത്തിക്കുകയായിരുന്നു സവർക്കർ എന്നാണ് മനസ്സിലാക്കേണ്ടത്.

ഇങ്ങനെ വൈരുദ്ധ്യങ്ങൾ കൊണ്ട് അടയാളപ്പെടുത്തേണ്ട ഇക്കാലത്തെ കടഞ്ഞു പരിശോധിച്ചാൽ ഒരു കാര്യം ബോധ്യപ്പെടും. ഹിന്ദുസ്ഥാൻ കിട്ടുമെങ്കിൽ പാകിസ്ഥാൻ അനുവദനീയമാണ് എന്നായിരുന്നു ബ്രാഹ്മണ രാഷ്ട്രീയത്തിൻ്റെ അകംപൊരുൾ

40. നാഥുറാം വിനായക് ഗോഡ്സേ
……………………………………………………….ഹിന്ദു ഐക്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾക്കുള്ളിൽ നിന്ന് ഏതാണ്ട് ഇക്കാലത്ത് ഒരു വ്യക്തിത്വം ഉയർന്നുവന്നു. നാഥുറാം വിനായക് ഗോഡ്സേ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പേര്. അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള വിവരങ്ങൾക്ക് ഏക ആശ്രയം, അദ്ദേഹത്തിൻ്റെ സഹോദരൻ ഗോപാൽ ഗോഡ്സേയുടെ എഴുത്തുകൾ മാത്രമാണ്.1910 മെയ് 19 നാണ് നാഥുറാം വിനായക് ഗോഡ്സേ ജനിച്ചത്. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ഉക്സാൻ ഗ്രാമത്തിലെ ചിത്പാവൻ ബ്രാഹ്മണ കുടുംബത്തിൽ. തപാൽ വകുപ്പിലെ ജീവനക്കാരനായിരുന്ന വിനായക് ഗോഡ്സേയുടേയും വീട്ടമ്മയായിരുന്ന ലക്ഷ്മിയുടെയും മകനായി. അവരുടെ ആദ്യ സന്താനം 1898 ൽ ജനിച്ച മധുര എന്ന പെൺകുട്ടിയായിരുന്നു. മധുരയ്ക്ക് പിറകേ ജനിച്ച മൂന്ന് ആൺകുട്ടികൾ, 1901 ലും 1904 ഉം 1907 ലും, ശൈശവത്തിൽ തന്നെ മരിച്ചു പോയി – തുടർന്ന് ജനിച്ച കുഞ്ഞിന് യഥാർത്ഥത്തിൽ രാമചന്ദ്ര എന്നാണ് അവർ പേരു നൽകിയത്. രാമചന്ദ്ര വിനായക് ഗോഡ്സേ. ആ കുഞ്ഞിൻ്റെ ആയുസ്സിൻ്റെ കാര്യത്തിൽ, മുൻപത്തെ ആൺകുഞ്ഞുങ്ങളുടെ ഗതിയോർത്ത്,അച്ഛനമ്മമാർക്ക് ആശങ്കയുണ്ടായി. ഗ്രാമപുരോഹിതൻ്റേയോ മറ്റേതെങ്കിലും ദിവ്യരുടേയോ വാക്ക് കേട്ടായിരിക്കണം, വിധിയെ കബളിപ്പിക്കാൻ അവർ തീരുമാനിച്ചു. തങ്ങളുടെ കുഞ്ഞിനെ പെൺകുട്ടികളുടെ ആടകൾ ചാർത്തിയാണ് അവർ വളർത്തിയത്. കുഞ്ഞിൻ്റെ മൂക്കുകുത്തി അവർ മൂക്കുത്തി, നാഥ്, അണിയിച്ചു. അങ്ങനെ രാമചന്ദ്ര, നാഥുറാമായി. അങ്ങനെ പെൺകുഞ്ഞായി അവൻ വളർന്നു. പെൺകുട്ടികളുടെ കൂട്ടത്തിൽ കളിച്ച്, അച്ഛനേക്കാളും കൂടുതൽ അമ്മയ്ക്കും ചേച്ചിയ്ക്കുമൊപ്പം ചെലവഴിച്ച്. പിന്നീട് അവർക്ക് നാലു കുഞ്ഞുങ്ങൾ കൂടിയുണ്ടായി. നാഥുറാമിന് താഴെ ദത്താത്രേയ എന്ന പുത്രൻ. തുടർന്ന് ശാന്ത എന്ന മകൾ. ഗോപാൽ, ഗോവിന്ദ് എന്നീ ആൺകുട്ടികളും.

Nathuram Vinayak Godse

ലിംഗപരമായ ഈ ആശയക്കുഴപ്പം നാഥുറാമിനെ പലതരത്തിൽ പിന്തുടർന്നു. സ്കൂളിൽ പഠിക്കാൻ തുടങ്ങിയ കാലത്ത് പെൺകുട്ടിയുടെ വേഷം ഉപേക്ഷിച്ചെങ്കിലും ആൺകൂട്ടത്തോട് ഇണങ്ങാൻ നാഥുറാമിന് പെട്ടെന്ന് സാധിച്ചില്ല. ഏകനായ നാഥുറാം ഭക്തനായി. യഥാർത്ഥലോകത്തിൽ ജീവിക്കുന്നതിലധികം ഭക്തിയുടെ ഭ്രമാത്മകതയിൽ കുടുങ്ങി. കൗമാരകാലത്ത് നാഥുറാമിന് ഇടയ്ക്കിടെ “ബാധ” കയറുമായിരുന്നു. അത്തരം അതിന്ദ്രിയ നിമിഷങ്ങളിൽ നാഥുറാം മറ്റൊരു സ്വരത്തിലും ശ്രുതിയിലും സംസാരിക്കുമായിരുന്നു. കുടുംബ പരദേവതയാണ് നാഥുറാമിലൂടെ സംസാരിക്കുന്നതെന്ന് വീട്ടുകാർ കരുതി. ചേച്ചിയായ മധുരയ്ക്ക് ബാധിച്ച ദുരൂഹമായ ഒരു അസുഖത്തെ, തൻ്റെ അതിന്ദ്രിയ നിമിഷങ്ങളുടെ വേളയിൽ നാഥുറാം ശമിപ്പിച്ചു എന്ന വാർത്ത പ്രചരിക്കപ്പെട്ടതോടെ നാഥുറാം ഒരു കുട്ടിദൈവത്തിൻ്റെ പദവിയിലേയ്ക്ക് ഉയർന്നതായി ഗോപാൽ ഗോഡ്സേ എഴുതുന്നു.

ആ കുട്ടിദൈവത്തിൻ്റെ പ്രവർത്തനരീതിയെക്കുറിച്ചും ഗോപാൽ ഗോഡ്സേ എഴുതുന്നുണ്ട്. മുറിയുടെ ഒരറ്റത്ത് ചാണകം മെഴുകും. അതിൽ വെച്ചിട്ടുള്ള കിണ്ണത്തിൻ്റെ നടുവിൽ എണ്ണയിൽ കരി ചാലിച്ച് ഒരു ചെറിയ വൃത്തമെഴുതും. അതിന് മുന്നിൽ ഒരു വിളക്ക് കത്തിച്ചു വെയ്ക്കും. നാഥുറാം പൂജ ചെയ്തതിന് ശേഷം ആ കരിവൃത്തത്തിലേയ്ക്ക് തുറിച്ച് നോക്കിക്കൊണ്ട് അതിന്ദ്രിയാവസ്ഥയിലേയ്ക്ക് പോകും. ചുറ്റും കൂടിയവർ ചോദിക്കുന്ന ആവലാതികൾക്ക് നാഥുറാം മറുപടി പറയും. അല്ലെങ്കിൽ ദേവത നാഥുറാമിലൂടെ മറുപടി പറയുന്നു എന്ന് ആളുകൾ ധരിക്കും.

പിൽക്കാലത്ത് അതിന്ദ്രിയാവസ്ഥ നാഥുറാമിനേയോ ,നാഥുറാം അതിന്ദ്രിയാവസ്ഥയേയോ കൈവെടിഞ്ഞു. തൻ്റെ ബാല്യവും കൗമാരവും കഴിച്ചുകൂട്ടിയ അയഥാർത്ഥ ലോകത്തു നിന്നും നാഥുറാമിന് പടിയിറങ്ങേണ്ടി വന്നു.

തൻ്റെ ബാല്യത്തിൽ അനുഭവിക്കേണ്ടി വന്ന ലിംഗപ്രശ്നം പിൽക്കാലത്ത് നാഥുറാമിൽ എന്തൊക്കെ പുകിലുകൾ ഉണ്ടാക്കി എന്ന മട്ടിലുള്ള അന്വേഷണങ്ങൾ, പ്രത്യേകിച്ച് ആശിഷ് നന്ദി നടത്തിയത്, ഉജ്ജ്വലമായ മന:ശാസ്ത്ര വിശകലനങ്ങൾ ഉൾക്കൊള്ളുന്നതാണ്. ആണത്തത്തെപ്പറ്റിയുള്ള സമ്പന്നമായ ബിംബങ്ങൾ ചിത്പാവൻ ഉപസമൂഹത്തിൽ സമൃദ്ധമായിരിക്കേ അത്തരം അന്വേഷണങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. ഒരർത്ഥത്തിൽ ഹിന്ദുസമൂഹത്തിലെ ലംബമാനമായ ജാതിക്കോവണിയിലെ ആദ്യ രണ്ട് തട്ടുകൾ, ബ്രാഹ്മണൻ്റേയും ക്ഷത്രിയൻ്റേയും ചിത്പാവൻ ബ്രാഹ്മണരിൽ സമ്മേളിച്ചിരുന്നത് നാം കണ്ടുവല്ലോ. ജ്ഞാനിയുടേയും പടയാളിയുടേയും ബിംബങ്ങൾ സമ്മിശ്രമായുണ്ടാകുന്ന ആണത്തബോധത്തിൻ്റെ ഉത്തുംഗത അത്രമേൽ നിർണ്ണായകമായിരുന്നു ആ സമൂഹത്തിൽ. വിജയത്തിൻ്റെ ന്യായം സവർക്കറിലും മറ്റും എത്ര അഗാധമായാണ് പ്രതിഫലിച്ചതെന്ന് ഇതുവരെ നാം നടത്തിയ ചരിത്രകഥനങ്ങളിൽ നിന്ന് വ്യക്തമാണല്ലോ. “എൻ്റെ നാടുകടത്തൽ ” എഴുതുമ്പോൾ ഒളിക്കേണ്ടത് ഒളിപ്പിച്ചും യാഥാർത്ഥ്യത്തെ അതിൻ്റെ പതിന്മടങ്ങാക്കിയും ഇല്ലാക്കഥകൾ എഴുതിച്ചേർത്തും ആണത്തത്തിൻ്റെ കടുകിട തെറ്റാത്ത മൂശയിലേയ്ക്ക് തന്നെത്തന്നെ സവർക്കർ വാർന്നൊഴുക്കി. പി.കെ. ആത്രേയെപ്പോലുള്ളവർ ”വീർ ” എന്ന് അഭിസംബോധന ചെയ്തത് ആ ആണത്ത ബിംബത്തേയാണ്.

പക്ഷേ, നാം പിന്തുടരുന്നത് ബ്രാഹ്മണ രാഷ്ട്രീയം രൂപപ്പെടുത്തിയെടുത്ത ഹിന്ദുത്വത്തിൻ്റെ “സ്വാഭാവിക ” മെന്ന് തോന്നിക്കുന്ന പൊതുബോധനിർമ്മിതിയെ മനസ്സിലാക്കാനുദ്ദേശിച്ചിട്ടുള്ള ഒന്നായത് കൊണ്ട് അത്തരം മന:ശ്ശാസ്ത്ര വിശകലനങ്ങളിലേയ്ക്ക് അധികം പോകാനാകില്ല. ചരിത്രവസ്തുതകളെ ആശ്രയിച്ചുള്ള വിശകലനമാണ് ഈ പ്രകരണത്തിൽ അഭികാമ്യം എന്നത് കൊണ്ട് നമുക്ക് അതിലേയ്ക്ക് പോകാം. ഗാന്ധി വധവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസിക്ക് മുന്നിൽ ഗോഡ്സേ കൊടുത്ത ജീവിതചിത്രത്തിൽ, 92 പേജുള്ള മൊഴിയിൽ, വെറും മൂന്ന് പേജുകൾ മാത്രമേ തൻ്റെ കുട്ടിക്കാലത്തെക്കുറിച്ച് ഗോഡ്സേ പറയുന്നുള്ളു.

തപാൽവകുപ്പിലെ താഴ്ന്ന ജീവനക്കാരനായിരുന്ന വിനായക് റാവു ഗോഡ്സേയ്ക്ക് തൻ്റെ ഔദ്യോഗിക ജീവിതത്തിൽ  ഇടയ്ക്കിടയ്ക്ക് സ്ഥലം മാറ്റങ്ങൾ വന്ന് ഭവിച്ചിരുന്നു. തൻ്റെ അത്ര ചെറുതല്ലാത്ത കുടുംബത്തേയും പേറി ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേയ്ക്ക് അതിനാൽ ഇടവേളകളിൽ അദ്ദേഹം പോയ്ക്കൊണ്ടിരുന്നു. നാഥുറാമിൻ്റെ സ്കൂൾ ജീവിതം അതുകൊണ്ടുതന്നെ ഖേഡ്, ലോണാവാല തുടങ്ങിയ സ്ഥലങ്ങളിൽ ചിതറിക്കിടക്കുന്നു. മറാത്തി മാധ്യമമായ പാഠശാലകളിലാണ് നാഥുറാം പഠിച്ചത്.

മെട്രിക്കുലേഷൻ്റെ സമയമായപ്പോൾ, പൂനെയിൽ തൻ്റെ അമ്മായിയുടെ വീട്ടിൽ താമസിച്ച് അവിടെയുള്ള ഇംഗ്ലീഷ് സ്കൂളിൽ നാഥുറാം പോയ്ത്തുടങ്ങി. മറാത്തിയിൽ താത്പര്യവും അവഗാഹവുമുള്ള നാഥുറാമിന് പക്ഷെ, ഇംഗ്ലീഷ് വഴങ്ങിയില്ല. അവധിക്കാലത്ത് വീട്ടിൽ തിരിച്ചെത്തുന്ന നാഥുറാം, ആ സമയങ്ങളിൽ പൂജ നടത്തുമായിരുന്നു എന്ന് ഗോപാൽ ഗോഡ്സേ ഓർമ്മിക്കുന്നുണ്ട്. പക്ഷെ, പതിനാറാം വയസ്സിൽ നാഥുറാം തന്നെ അത് ഉപേക്ഷിച്ചുവെന്നും .

വിനായക് റാവു ഗോഡ്സേ ഏതാണ്ട് തൻ്റെ ഔദ്യോഗിക കാലാവധിയുടെ അവസാന നാളുകളിൽ ആയിരുന്നു. മൂത്ത മകനായ നാഥുറാം മെട്രിക്കുലേഷൻ പാസ്സായാൽ, തൻ്റെ പരിചയങ്ങൾ ഉപയോഗിച്ച് തപാൽ വകുപ്പിൽ ജോലി വാങ്ങിക്കൊടുക്കാമെന്ന് അദ്ദേഹം കരുതി. അങ്ങനെ ഒരു കുടുംബം മുഴുവൻ അതിൻ്റെ മുന്നോട്ടുള്ള പോക്കിന് നാഥുറാമിനെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു.

നാഥുറാമാകട്ടെ, ഇക്കാലത്ത് ഏകാന്തതയുമായുള്ള തൻ്റെ കെട്ടിമറയലുകൾ അവസാനിപ്പിച്ച് കൂട്ടുകാരുമായുള്ള സമ്മേളനങ്ങളിൽ ആനന്ദം കൊണ്ടിരുന്നു. മെട്രിക്കുലേഷൻ പരീക്ഷയുടെ കാലത്ത് അമ്മായിയുടെ വസതി വിട്ട് മറ്റൊരിടത്ത് കൂട്ടുകാർക്കൊപ്പമായിരുന്നു നാഥുറാമിൻ്റെ വാസം. അക്കാലത്ത് നീന്തലായിരുന്നു വിനോദം. നിശ്ചല ജലത്തിൽ രണ്ടു മൈലുകൾ വരെ ഇടതടവില്ലാതെ നീന്തുമായിരുന്നു താനെന്ന് നാഥുറാം കൊടുത്ത മൊഴിയിൽ ഉണ്ട്.

വിനായക് റാവുവിൻ്റെയും കുടുംബത്തിൻ്റേയും പ്രതീക്ഷ തെറ്റിച്ച് മെട്രിക്കുലേഷൻ പരീക്ഷയിൽ നാഥുറാം പരാജയപ്പെട്ടു. ഇംഗ്ലീഷ് ഭാഷയാണ് നാഥുറാമിനെ തോല്പിച്ചതെന്ന് പറയാം. പക്ഷെ, മറാത്തിയിൽ ആ ഒരു പ്രായത്തിൽ സാധാരണ ഒരാൾക്ക് ഉണ്ടാകുന്നതിനേക്കാളും അവഗാഹം നാഥുറാമിനുണ്ടായിരുന്നു. ഒരു പക്ഷേ സംസ്കൃതത്തിലും. ഭഗവദ് ഗീത നാഥുറാമിന് ഹൃദിസ്ഥമായിരുന്നു. യോഗവാസിഷ്ഠവും തുക്കാറാമിൻ്റെ കൃതികളും വായിക്കുമായിരുന്നു.

ജോലിയുടെ അവസാനവർഷം വിനായക് റാവു ചെലവഴിച്ചത് രത്നഗിരിയിൽ ആയിരുന്നു. മെട്രിക്കുലേഷൻ തോറ്റ് ഒന്നും ചെയ്യാനില്ലാത്ത നാഥുറാമും കുടുംബത്തോടൊപ്പം രത്നഗിരിയിലെത്തി. പതുക്കെ പതുക്കെ നാഥുറാമിൻ്റെ മുൻഗണന രാഷ്ട്രീയത്തിലായി. 1929 ൽ ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതായി നാഥുറാം പറയുന്നുണ്ട്. പ്രത്യേക തെളിവുകളൊന്നും ഇതേ സംബന്ധിച്ച് ലഭിച്ചിട്ടില്ല. എന്നാൽ തൻ്റെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം വിധേയമായതിനെ കുറിച്ച് നാം നേരത്തെ പരാമർശിച്ചിരുന്നു. രത്നഗിരിയിൽ ജില്ലാത്തടവിൽ കഴിഞ്ഞിരുന്ന വിനായക് ദാമോദർ  സവർക്കറുമായുള്ള കൂടിക്കാഴ്ചയായിരുന്നു അത്. 1929 ലായിരുന്നു അത്.

ആ കൂടിക്കാഴ്ചയിൽ തന്നെ മദൻലാൽ ദിംഗ്രയേയും അനന്ത് കൻ ഹാരേയും പോലെ, ഗോഡ്സേ സവർക്കർക്ക് അടിമപ്പെട്ടു. മാഴ്സെയിൽസിലെ കപ്പൽച്ചാട്ടമുൾപ്പെടെയുള്ള വീരകഥകളുടെ നായകൻ, ഇതാ തൻ്റെ മുന്നിൽ. അതും തന്നെയും അദ്ദേഹത്തേയും കൂട്ടിയിണക്കുന്ന ചിത്പാവൻ പശ്ചാത്തലത്തിൽ. ചിത്പാവൻ എന്ന കൊങ്കണസ്ഥ ബ്രാഹ്മണരുടെ ആദ്യ ആവാസഭൂമികളിൽ ഒന്ന് രത്നഗിരി ആയിരുന്നു പോലും. തൻ്റെ രത്നഗിരി ജീവിതകാലത്ത് ഏതാണ്ട് എല്ലാ ദിവസവും എന്ന പോലെ ഗോഡ്സേ സവർക്കറുടെ അടുത്ത് പോയിരുന്നു. സവർക്കറുടെ സെക്രട്ടറിയായി അധികം താമസിയാതെ ഗോഡ്സേ പ്രവർത്തിക്കാൻ തുടങ്ങി. സവർക്കറുടെ അടുത്ത് നിന്ന് ഇംഗ്ലീഷ് പഠിച്ചെടുക്കാനും ഗോഡ്സേയ്ക്ക് സാധിച്ചു –

പക്ഷെ, ആ നേർസമ്പർക്കം അധികകാലം നീണ്ടുനിന്നില്ല. 1932 ൽ ഗോഡ്സേയുടെ ചേച്ചി മധുര തൻ്റെ കുടുംബത്തെ സന്ദർശിച്ചു. അവർ തൻ്റെ ഭർത്താവായ പി.ടി.മറാത്തേയ്ക്കൊപ്പം ഇറ്റാർസിയിൽ ആയിരുന്നു താമസിച്ചിരുന്നത്. റെയിൽവേ ജീവനക്കാരനായിരുന്നു മറാത്തേ. ” ചേച്ചി മടങ്ങിപ്പോയപ്പോൾ ഞാൻ അവരെ അനുഗമിച്ചു. അവരുടെ കുടുംബത്തിനൊപ്പം താമസിക്കാൻ തുടങ്ങി ” നാഥുറാം ഓർമ്മിക്കുന്നു. രണ്ടുമാസം കഴിഞ്ഞപ്പോൾ മറാത്തേയ്ക്ക് നാസിക്കിനടുത്തേയ്ക്ക് സ്ഥലം മാറ്റമായി. മധുരയും മറാത്തേയുടെ കൂടെപ്പോയി. നാഥുറാം പക്ഷെ ഇറ്റാർസിയിൽ തങ്ങി. അവിടെ വെച്ചാണ് സ്വന്തം കാലിൽ നിൽക്കാൻ നാഥുറാം ആരംഭിക്കുന്നത്. ഗാന്ധി പ്രശസ്തമാക്കിയ ഖാദിത്തുണികൾ വില്ക്കുന്ന ഒരു കടയാണ് നാഥുറാം ആരംഭിച്ചത്.

തൻ്റെ “ബ്രാഹ്മണ പദവി ” യിൽ നിന്ന് താഴ്ന്ന ഉപജീവനമാർഗ്ഗമാണ് ഗോഡ്സേ അവലംബിച്ചതെന്ന് കച്ചവടക്കാരനായതിനെ പരാമർശിച്ച് ആശിഷ് നന്ദി അഭിപ്രായപ്പെടുന്നുണ്ട്. പക്ഷെ, ചിത്പാവൻ ബ്രാഹ്മണന് പതിനേഴാം നൂറ്റാണ്ട് മുതലെങ്കിലും കച്ചവടം ചെയ്ത് പരിചയമുണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. പേഷ്വാ ഭരണത്തിൻ്റെ നാളുകളിൽ കുലത്തൊഴിൽ എന്ന ആശയം വിട്ട് ചിത്പാവൻ ബ്രാഹ്മണ കുലം സഞ്ചരിച്ചിരുന്നു. ഇക്കാലത്ത് നാഥുറാം ഹിന്ദി പഠിച്ചു. ഹിന്ദി പുസ്തകങ്ങൾ ഇറ്റാർസി റെയിൽവേ സ്‌റ്റേഷന് സമീപമുള്ള ലൈബ്രറിയിൽ നിന്നും വായിക്കാനും ആരംഭിച്ചു. തൻ്റെ കച്ചവടം പൊളിഞ്ഞതിനെ തുടർന്ന് ഇറ്റാർസി റെയിൽവേ സ്‌റ്റേഷനടുത്തുള്ള കടയിലേയ്ക്ക് സാധനങ്ങൾ കൊണ്ടുവരുന്ന ജോലി നാഥുറാം സ്വീകരിച്ചു. തൻ്റെ ജോലിക്ക് അത്യാവശ്യമായ രണ്ടാം ക്ലാസ്സ് യാത്രാ ടിക്കറ്റും യാത്രാച്ചെലവിനാവശ്യമായ പണവും ലഭിക്കുന്നത് നാഥുറാമിനെ സന്തോഷിപ്പിച്ചു. “വിശ്രമവേളകളിൽ ഞാൻ എൻ്റെ ടിക്കറ്റ് ലക്നൗ, അലഹബാദ്, ജബൽപൂർ, ഭോപ്പാൽ, ഝാൻസി തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യാൻ എൻ്റെ ടിക്കറ്റ് ഉപയോഗിച്ചു. ” നാഥുറാം ഓർമ്മിക്കുന്നു.

1932ൽ വിനായക്റാവു ജോലിയിൽ നിന്നും വിരമിച്ചു. തൻ്റെ ചെറിയ പെൻഷൻ വരുമാനം കൊണ്ട് കാലയാപനം കഴിച്ചുകൂട്ടാൻ പൂനെ പോലുള്ള നഗരങ്ങളിൽ സാധ്യമായിരുന്നില്ല. അതിനാൽ ബോംബെ പ്രോവിൻസിന് പുറത്തുള്ള സാംഗ്ലി എന്ന നാട്ടുരാജ്യത്തിലേയ്ക്ക് അവർ താമസം മാറ്റി.ദത്താത്രേയയും ഗോപാലും ഗോവിന്ദും പഠിച്ചുകൊണ്ടിരിക്കുന്നു. ശാന്ത അന്നത്തെ നിലയിൽ  വിവാഹ പ്രായത്തിൽ . ഒറ്റയ്ക്ക് കാര്യങ്ങൾ നിർവ്വഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വിനായക് റാവു, മൂത്ത പുത്രനെ ഇറ്റാർസിയിൽ നിന്നും തിരിച്ചു വിളിച്ചു.

സാംഗ്ലിയിലെത്തിയ നാഥുറാം ക്രിസ്ത്യൻ മിഷനറിമാരുടെ പരിശീലന കേന്ദ്രത്തിൽ ചേർന്ന് തയ്യൽ പഠിച്ചു.അതിന് ശേഷം ചരിതാർത്ഥ ഉദ്യോഗ് എന്ന പേരിൽ സാംഗ്ലിയിൽ തയ്യൽക്കട ആരംഭിച്ചു. ജീവിതത്തിലാദ്യമായി നാഥുറാം തുടങ്ങി വെച്ച ആ സംരംഭം വിജയിക്കുകയായിരുന്നു. കാലക്രമത്തിൽ അതിനോട് ചേർന്ന് ഒരു പഴക്കടയും നാഥുറാം ആരംഭിച്ചു. ശാന്തയുടെ വിവാഹവും നടന്നു.

1925 ൽ ആരംഭിച്ച ആർ എസ് എസ് 1926 ൽ തന്നെ അതിൻ്റെ പ്രവർത്തകർക്ക് യൂണിഫോം നിർദ്ദേശിച്ചിരുന്നു. സാമ്രാജ്യത്ത പോലീസിൻ്റെ യൂണിഫോം ആണ് അവർ അനുകരിച്ചത്. കാക്കി നിക്കറും കാക്കിക്കുപ്പായവും. പിന്നീട് കറുത്ത തൊപ്പി കൂടി ആ വസ്ത്രധാരണത്തിൽ കൂട്ടിച്ചേർക്കപ്പെട്ടു. മറാത്താ ബ്രാഹ്മണരുടെ എല്ലാത്തരത്തിലുമുള്ള ബ്രാഹ്മണകേന്ദ്രിത രാഷ്ട്രീയ പാരമ്പര്യത്തെ മുഴുവൻ ആർ എസ് എസ് അതിൻ്റെ ആദ്യവർഷങ്ങളിൽ തന്നെ സ്വാംശീകരിക്കാൻ ശ്രദ്ധിച്ചിരുന്നു. കായികാഭ്യാസങ്ങൾ വ്യായാമമുറകൾ, ആയുധപരിശീലനം, എന്നിവയ്‌ക്കൊപ്പം സൈന്യത്തെ ഓർമ്മിപ്പിക്കുന്ന പതാക, പ്രതിജ്ഞ, മറാത്തിയിലും ഹിന്ദിയിലുമുള്ള പ്രാർത്ഥന എന്നിവയൊക്കെ വളരെപ്പെട്ടെന്ന് അതിൻ്റെ ഭാഗമായിത്തീർന്നു. കാക്കിക്കുപ്പായത്തിന് പകരം വെള്ളക്കുപ്പായം വന്നു. ഇങ്ങനെ ചിത്പാവൻ ബ്രാഹ്മണിസത്തിൻ്റെ ഉള്ളിൽ മാത്രം വിളയുന്ന മനസ്സുകളെ വളരെപ്പെട്ടെന്ന് ആകർഷിക്കാൻ കഴിയുന്ന ചിഹ്നങ്ങളും പ്രത്യക്ഷങ്ങളും ആർ എസ് എസിന് ഉണ്ടായിരുന്നു. മാത്രമല്ല, ഹിന്ദുത്വ എന്ന പേരിൽ സവർക്കർ ഉരുത്തിരിച്ചെടുത്ത വംശീയ, സൈനിക പ്രത്യയശാസ്ത്രമാണ് അതിന്റെ ഏറ്റവും പ്രധാനപ്പെട്ട അടിത്തറ. ഹിന്ദുത്വയുടെ ആശയാടിത്തറയും അത് പ്രായോഗികമാക്കാനുള്ള ആലോചനകളും സാക്ഷാൽ സവർക്കറുടെ അടുത്ത് നിന്നും പഠിച്ച നാഥുറാമിന് ആർ എസ് എസ് പോലുള്ള സംഘടന ആകർഷിക്കും എന്ന കാര്യത്തിൽ സംശയം വേണ്ടല്ലോ. എന്നാൽ സാംഗ്ലിയിൽ ആർ എസ് എസ് ശാഖ തുടങ്ങിയപ്പോൾ അതുമായി നാഥുറാമിനെ അടുപ്പിച്ചതിൽ മറ്റൊരു ചിത്പാവൻ ബ്രാഹ്മണൻ കൂടി വലിയ പങ്കുവഹിച്ചിരുന്നു. കാശിനാഥ് ഭാസ്ക്കർ ലിമായേ എന്ന കെ ബി ലിമായേ. 1934ൽ ലിമായേ നാഥുറാമിനെ കണ്ടുമുട്ടുമ്പോൾ, അദ്ദേഹം ആർ എസ് എസിൻ്റെ മഹാരാഷ്ട്ര ഡിവിഷൻ്റെ സംഘ് ചാലക് ആയിരുന്നു.

സാംഗ്ലി നിവാസിയായിരുന്ന ലിമായേ മെട്രിക്കുലേഷൻ കഴിഞ്ഞ് പൂനെയിലെ ഫർഗൂസൺ കോളേജിൽ ഉപരിപഠനത്തിന് ചേർന്നെങ്കിലും അത് മുഴുമിപ്പിച്ചില്ല .1916 ൽ സാംഗ്ലിയിൽ തിരിച്ചെത്തിയ ലിമായേ ,സാംഗ്ലിയിലെ രാജാവ് നടത്തിയിരുന്ന പള്ളിക്കൂടത്തിൽ അദ്ധ്യാപകനായി തീർന്നു. തിലകിൻ്റെ അടുത്ത അനുയായി എന്ന നിലയ്ക്ക്, 1918 ൽ ജോലി ഉപേക്ഷിച്ച് കോൺഗ്രസ്സ് പ്രവർത്തകനായി. ഒപ്പം തന്നെ സ്വദേശിവസ്തുക്കൾ വിപണനം ചെയ്യുന്ന ഡെക്കാൺ കമേഴ്സ്യൽ കമ്പനി എന്ന സംരംഭം ആരംഭിക്കുകയും ചെയ്തു. തിലകിൻ്റെ മരണശേഷം കോൺഗ്രസ്സിലെ ബ്രാഹ്മണാധിപത്യത്തിന് ഇടിവ് സംഭവിച്ചപ്പോൾ, ഗാന്ധിയുടെ ബഹുജന രാഷ്ട്രീയം കോൺഗ്രസ്സിൽ പിടി മുറുക്കിയപ്പോൾ ലിമായേ കോൺഗ്രസ്സ് വിട്ടു. രത്നഗിരി ജില്ലയിൽ സവർക്കർ താമസിക്കുന്ന കാലത്ത് അദ്ദേഹവുമായി സമ്പർക്കത്തിലായ ലിമായേ, പിൽക്കാലത്ത് സവർക്കറൈറ്റ് എന്ന് വിളിക്കാൻ പറ്റുന്ന തരത്തിൽ അദ്ദേഹവുമായി അടുപ്പത്തിലായി. അതേ അടുപ്പം ബാബാറാവുവുമായും അദ്ദേഹം വെച്ചു പുലർത്തിയിരുന്നു.

1936 ൽ ആർ എസ് എസിൻ്റെ വിപുലീകരണവുമായി ബന്ധപ്പെട്ട് ഡോ. കെ.ബി .ഹെഡ്ഗേവാർ മഹാരാഷ്ട്രയിൽ പര്യടനം നടത്തിക്കൊണ്ടിരിക്കേ, സാംഗ്ലിയിൽ വെച്ച് ലിമായേയെ കാണുകയുണ്ടായി. ബാബാറാവുവാണ് അതിന് മുൻകൈയെടുത്തതെന്ന് ലിമായേയുടെ ജീവചരിത്രം എഴുതിയ ഡി.എസ്. ഹർഷേ രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ പ്രതിജ്ഞയെടുത്ത് ലിമായേ ആർ എസ് എസിലെത്തി. സാംഗ്ലിയിലെ സംഘചാലക് ആയി ആദ്യശാഖ ആരംഭിച്ചു. ലിമായേ മഹാരാഷ്ട്രയിൽ ആർ എസ് എസിനെ വളർത്തിയതിനെ ശ്ലാഘിച്ച് ഹെഡ്ഗേവാർ ലിമായേയ്ക്കെഴുതി.
“മഹാരാഷ്ട്രയിലെ സംഘ പ്രവർത്തനം മുഴുവനായി താങ്കളിൽ നിക്ഷിപ്തമാണ്. ഞാനിത് മുമ്പും താങ്കളോട് പറഞ്ഞിട്ടുള്ളതാണ്. ഇമ്മാതിരി പ്രവർത്തനം തുടരുകയാണെങ്കിൽ താങ്കൾക്ക് വിജയിക്കാൻ കഴിയുമെന്ന കാര്യത്തിൽ എനിക്ക് ആത്മവിശ്വാസമുണ്ട് ”

ചിത്പാവൻ ബ്രാഹ്മണിക പ്രവർത്തനങ്ങളുടെ കേന്ദ്രമായ പൂനെ തന്നെയാണ് ബോംബെ പ്രോവിൻസിലെ ആർ എസ് എസ് പ്രവർത്തനങ്ങളുടെ കേന്ദ്രമായി നിശ്ചയിക്കപ്പെട്ടത്. 1934 ലാണ് മഹാരാഷ്ട്രാ പ്രാന്ത സംഘചാലക് ആയി ലിമായേയും പൂനാ വിഭാഗ് സംഘചാലക് ആയി എൻ ജി അഭയങ്കറേയും പൂനാ ജില്ലാ സംഘ് ചാലക് ആയി ഭാവുറാവു ദേശ്മുഖിനേയും  പൂനാ നഗര സംഘ് ചാലക് ആയി വിനായക് റാവു ആപ്തേയേയും ഹെഡ്ഗേവാർ നിയോഗിച്ചത്.

ലിമായേയിലൂടെ ആർ എസ് എസിലെത്തിയ നാഥുറാമിന് സാംഗ്ലിയിലെ ആർ എസ് എസ് പ്രചരണത്തിൻ്റെ ചുമതലയായിരുന്നു നൽകിയത്. അന്ന് തികച്ചും ഒരു ബ്രാഹ്മണ ക്ലബ്ബ് എന്ന രീതിയിൽ തന്നെയാണ് ആർ എസ് എസിനെ കണ്ടിരുന്നത്. വളരെപ്പെട്ടെന്ന് നാഥുറാം ഗോഡ്സേ ആ കൂട്ടത്തിൽ ലയിച്ചു ചേർന്നു. അതേ സമയം, അതു കൊണ്ടു തന്നെ അദ്ദേഹത്തിന് തയ്യൽ വേലയിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയാതെ വരികയും, കുടുംബം അതിനാൽ സാമ്പത്തികമായി ഞെരുങ്ങാൻ തുടങ്ങുകയും ചെയ്തു. ശാഖയിൽ പ്രമുഖനായിക്കൊണ്ടിരിക്കുമ്പോൾ തന്നെ സാമ്പത്തികപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടാൻ തുടങ്ങി. അതിന് പരിഹാരമായി ലിമായേ കണ്ടത് നാഥുറാമിൻ്റെ പ്രവർത്തന മണ്ഡലം പൂനെയിലേയ്ക്ക് മാറ്റുക എന്നതായിരുന്നു.

ഞാൻ പൂനെയിലേയ്ക്ക് വന്നത് എൻ്റെ തയ്യൽ സാമഗ്രികളുമായി ആയിരുന്നു ” പോലീസിന് പിൽക്കാലത്ത് കൊടുത്ത മൊഴിയിൽ ഗോഡ്സെ പറഞ്ഞു. പൂനെയിൽ നാഥുറാം ഗോഡ്സെ എത്തിയത് 1936 ലോ 1937 ലോ ആണെന്ന് ” ഗാന്ധിയുടെ കൊലയാളികൾ ” എന്ന പുസ്തകത്തിൽ ധീരേന്ദ്ര കെ. ഝാ കണക്കുകൂട്ടുന്നു. ഏതാണ്ട് 27 വയസ്സ് പ്രായമുള്ളപ്പോൾ. പൂനെയിലെത്തിയ ശേഷം അവിടുത്തെ പ്രാദേശിക  ആർ എസ് എസ് പ്രവർത്തകനായ വിഷ്ണുപാന്ത് അനഗൽ നടത്തിയിരുന്ന തയ്യൽക്കടയിൽ പങ്കാളിയായി നാഥുറാം കൂടി. ബ്രാഹ്മണരാഷ്ട്രീയത്തിൻ്റെ കേന്ദ്രമായിരുന്ന പൂനെയിൽ മുഴുവൻ ആർ എസ് എസ് പ്രവർത്തകരുടേയും യൂണിഫോം തയ്ക്കുന്ന കടയായി നാഥുറാമിൻ്റെ തയ്യൽക്കട മാറി. എന്തായാലും മാസം എഴുപത്തഞ്ചു രൂപ സാംഗ്ലിയിലെ തൻ്റെ കുടുംബത്തിന് അയച്ചു കൊടുക്കത്തക്കവിധം നാഥുറാമിൻ്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുന്നുണ്ട്. മാത്രമല്ല, അനഗൽ കൂടെയുള്ളതിനാൽ നാഥുറാമിന്  സംഘടനാ  പ്രവർത്തനം നടത്താൻ കൂടുതൽ അവസരങ്ങളും ലഭിച്ചു.

ജില്ലാത്തടവിൽ നിന്നും മോചിതനായ സവർക്കർ മഹാരാഷ്ട്ര പര്യടനം നടത്തുന്നത് ഇക്കാലത്താണ്. സവർക്കറുടെ പര്യടനത്തിൽ ആർ എസ് എസ് വഹിച്ച പങ്ക് നാം നേരത്തെ ചർച്ച ചെയ്യുകയുണ്ടായി. 1929 മുതൽ 1932 വരെയുള്ള തൻ്റെ രത്നഗിരി താമസക്കാലത്ത് സവർക്കറുടെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന നാഥുറാം രത്നഗിരി വിട്ട ശേഷം സവർക്കറുമായി തുടർച്ചയായി ബന്ധപ്പെട്ടിരുന്നില്ല. 1935 ൽ എപ്പോഴോ ഒരിക്കൽ സാംഗ്ലിയിലെ ഒരു കൂട്ടം യുവാക്കളുമായി രത്നഗിരിയിലെത്തി സവർക്കറെ സന്ദർശിച്ചതൊഴികെ.

സവർക്കറുടെ വരവ് ഗോഡ്സേയിലുണ്ടാക്കിയ മാറ്റം അദ്ദേഹം പോലീസ് മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ” ജയിലിൽ ഇരുപത്തേഴ് വർഷങ്ങൾ ചെലവഴിച്ച ഈ മനുഷ്യൻ തൻ്റെ അമ്പത്താറാം വയസ്സിൽ ഒരിക്കൽ കൂടി സമൂഹത്തിന് വേണ്ടി തൻ്റെ പ്രവൃത്തി പുനരാരംഭിക്കുന്നത് എന്നെ കീഴടക്കി ” നാഥുറാം പശ്ചാത്തപിക്കുന്നു ” ഞാനോ, ധനസമ്പാദനത്തിലാണ് മുഴുകിയത്

ഹിന്ദുമഹാസഭയ്ക്കും  ആർ എസ് എസിനുമിടയ്ക്ക് നിലനിന്നിരുന്ന ദ്രവത്വം നാഥുറാമിന് കാര്യങ്ങൾ എളുപ്പമാക്കി. അവർ പലപ്പോഴും വളരെ അടുത്ത ബന്ധം നിലനിർത്തിയിരുന്നതും അവരുടെ അംഗത്വങ്ങൾ പരസ്പരം പങ്കുവെയ്ക്കുന്നതുമായ ചിത്രം നാം നേരത്തെ കണ്ടു. ആർ എസ് എസ് നേതാവായിരുന്ന എസ് എച്ച് ദേശ്പാണ്ഡെ തൻ്റെ ഓർമ്മക്കുറിപ്പുകളിൽ രേഖപ്പെടുത്തിയ പോലെ. ” ആർ എസ് എസ് സന്നദ്ധപ്രവർത്തകരുടെ ബൗദ്ധികാഹാരം സവർക്കറുടെ പ്രഭാഷണങ്ങളും എഴുത്തുകളുമായിരുന്നു “. വീട്ടിലേയ്ക്ക് പോകുക എന്ന ശൈലിയായിരുന്നു  സവർക്കറുടെ പ്രഭാഷണം കേൾക്കുന്നതിനായി പോകുന്നതിനെ സൂചിപ്പിക്കാൻ സംഘപ്രവർത്തകർ ഉപയോഗിച്ചിരുന്നത്. ഹിന്ദു ഐക്യത്തിനായി ഹിന്ദുമഹാസഭയും ആർ എസ് എസും ചേർന്ന് പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി നാഥുറാം ഗോഡ്സേ സവർക്കർക്ക് എഴുതുന്നുണ്ട്.

” മഹാരാഷ്ട്രയിലെ മാത്രമല്ല, മുഴുവൻ ഇന്ത്യയിലേയും ഹിന്ദു ഐക്യം സംഭവിക്കണമെങ്കിൽ, അത് ചിട്ടയോടെ കൊണ്ടുവരാൻ സാധിക്കുന്നത് ഒരേ ഒരു ശക്തമായ സംഘടനയ്ക്ക് മാത്രമാണ്. അതാണ് ആർ എസ് എസ്. അവരുടെ പ്രവർത്തകർ കഴിവുറ്റ നേതാക്കളാണ്. ഇപ്പോൾ യുവാക്കളുടെ പിന്തുണ അവർക്കുണ്ട്. ഭാവിയിൽ എന്തെങ്കിലും കർമ്മം ഏറ്റെടുക്കണമെങ്കിൽ അത് ഹെഡ്ഗേവാറുമായി ചർച്ച ചെയ്ത് തീരുമാനിക്കുന്നത് നന്നായിരിക്കും. അദ്ദേഹം താങ്കളുടെ പോലെത്തന്നെ കഴിവുറ്റ ഒരാളും പത്ത് നേതാക്കൾക്ക് കഴിയാത്ത പ്രവൃത്തി ഒറ്റയ്ക്ക് നിറവേറ്റാൻ പ്രാപ്തി ഉള്ളവനുമാണ് ”

അതേ കത്തിൽ തന്നെ ഹിന്ദുമഹാസഭയിൽ ആളെ ചേർക്കാനുള്ള തൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും നാഥുറാം എഴുതുന്നു. “എനിക്ക് കഴിയുന്നിടത്തോളം പുതിയ അംഗങ്ങളെ ( ഹിന്ദുമഹാസഭയിൽ ) ചേർക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. (1938 ) ആഗസ്റ്റ് 1 ന് താങ്കൾ വരുന്നതിന് മുമ്പായി മുഴുവൻ വിവരങ്ങളും താങ്കൾക്ക് കിട്ടിയിരിക്കും “. ഗോഡ്സേ ഒരേ സമയം ആർ എസ് എസിലും ഹിന്ദുമഹാസഭയിലും ഇക്കാലത്ത് പ്രവർത്തിച്ചിരുന്നു എന്ന സൂചന ഈ എഴുത്ത് നൽകുന്നുണ്ട്. എന്തായാലും 1938 ഒക്ടോബർ 1 ന് ഹൈദരാബാദ് നൈസാമിനെതിരെ ഹിന്ദുമഹാസഭ തുടങ്ങിവെച്ച പ്രക്ഷോഭത്തിൽ നാഥുറാം നേതൃനിരയിൽ പ്രത്യക്ഷപ്പെടുന്നത് നാം നേരത്തെ ചർച്ച ചെയ്തു.

                                                                                ***

Comments

comments