41. നാഥുറാം വിനായക് ഗോഡ്‌സേ നേതാവാകുന്നു.
………………………………………….
നൈസാമിനെതിരെ ഹിന്ദുമഹാസഭ നടത്തിയ പ്രക്ഷോഭം നാം ചർച്ച ചെയ്യുകയുണ്ടായി. ഒരു നാട്ടുരാജ്യത്തിനെതിരെ പുറമേ നിന്നുള്ള നേതൃത്വം പുറമേ നിന്നുള്ള ധനവിഭവങ്ങൾ ഉപയോഗിച്ചു കൊണ്ടുനടത്തിയ വിരോധാഭാസം ആ സത്യാഗ്രഹത്തിൻ്റെ പ്രത്യേകതയായിരുന്നു എന്ന് നാം കണ്ടു. അറസ്റ്റു ചെയ്യപ്പെട്ട സത്യാഗ്രഹികളിൽ ഭൂരിപക്ഷം പേരും ഹൈദരാബാദ് രാജ്യത്തിന് പുറത്തുള്ളവർ ആയിരുന്നു. ബ്രിട്ടീഷ് അധീനത്തിലുള്ള ബോംബെ നാട്ടുരാജ്യങ്ങളിൽ നിന്ന് ജാഥകളുടെ ഒരു ശ്രേണി ഹൈദരാബാദിലേയ്ക്ക് പ്രവേശിക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിൻ്റെ രീതി. ഓരോ ജാഥയുടേയും തലവന്മാരെ ” ഡിക്ടേറ്റർ ” എന്ന പദം കൊണ്ടാണ് വിശേഷിപ്പിച്ചിരുന്നത്. ഹിന്ദുമഹാസഭയുടേയും ആർ എസ് എസിൻ്റേയും ആത്മത്തിലെ വിശ്വാസമായ നാസിസത്തിൻ്റെ പ്രയോഗം കൂടിയായിരുന്നു ആ പേര്. നാഥുറാം ഗോഡ്സേ ഒന്നാം ഡിക്ടേറ്റർ ആയ ജാഥ 1938 ഒക്ടോബർ 1 ന് ഹൈദരാബാദ് സംസ്ഥാനത്തിൻ്റെ അതിർത്തി ഭേദിച്ചതോടെ അറസ്റ്റിലായി. പന്ത്രണ്ടുമാസത്തെ തടവുശിക്ഷ വിധിച്ച് അദ്ദേഹത്തെ ഹൈദരാബാദ് ജയിലിലേക്കയച്ചു. രാമചന്ദ്ര എന്ന ശരിപ്പേരിന് പകരം പോലീസ് രേഖകളിൽ നാഥുറാം എന്ന വിളിപ്പേരാണ് അദ്ദേഹം നൽകിയത്. അതോടെ ആ പേര് തന്നെയായി പിൽക്കാല രേഖകളിൽ.ഗാന്ധിവധത്തിന്റെ വിചാരണാസന്ദർഭത്തിൽ നാഥുറാം കോടതിയിൽ ബോധിപ്പിച്ചത് താൻ ഹിന്ദുമഹാസഭയിൽ ചേർന്നതോടെ ആർ എസ് എസ് വിട്ടു എന്നാണ്. തങ്ങൾക്ക് ഗാന്ധി വധത്തിൽ പങ്കില്ല എന്ന് ആർ എസ് എസ് പിൽക്കാലത്ത് അവകാശപ്പെട്ടത് ആ വസ്തുത ചൂണ്ടിക്കാട്ടിയാണ്. പക്ഷെ, ആ വിചാരണയിലെമ്പാടും വധത്തെ സംബന്ധിച്ച് നാഥുറാം കൊടുത്ത മൊഴികൾ നൂറുശതമാനം നുണകൾ ആണെന്ന് പിൽക്കാലത്ത് തെളിയുകയുണ്ടായി. വിചാരണാവേളയിൽ തന്നെ ആ പ്രസ്ഥാവനകളുടെ സത്യാനന്തരത ബോധ്യപ്പെടുകയുണ്ടായി. ജസ്റ്റീസ് ആത്മചരണിൻ്റേയും ഷിംല ഹൈക്കോടതിയുടേയും വിധികൾ തന്നെ ആ പ്രസ്ഥാവനകളുടെ പൊള്ളത്തരം വ്യക്തമാക്കുന്നവയാണ്. അത് ചൂണ്ടിക്കാട്ടിയാണ് ആർ എസ് എസിൽ നിന്നും ഗോഡ്സേ ഒരിക്കലും അകന്നു മാറിയിട്ടില്ല എന്ന് ടീസ്റ്റാ സെത്തൽവാദും ധീരേന്ദ്ര കെ ഝായും ഷംസുൾ ഇസ്ലാമും അടക്കമുള്ള പലരും പിൽക്കാലത്ത് പറയാൻ ശ്രമിച്ചത്. അവർ ചൂണ്ടിക്കാണിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന് ഹൈദരാബാദിൽ ജയിലിൽ കഴിഞ്ഞ 10 മാസവും ( 12 മാസത്തിനാണ് ശിക്ഷിച്ചതെങ്കിലും നൈസാമിൻ്റെ ദയാവായ്പിൽ 10 മാസം കഴിഞ്ഞപ്പോൾ ഗോഡ്സേ ജയിൽ വിമുക്തനായി) ജയിലിൽ തടവിലായ സത്യാഗ്രഹികളെ ഉൾപ്പെടുത്തി  ആർ എസ് എസിൻ്റെ ഒരു ശാഖ ഗോഡ്സേ രൂപീകരിക്കുകയും കായിക പരിശീലനങ്ങൾ നൽകുകയും ചെയ്തു എന്ന വസ്തുതയാണ്. സത്യഗ്രഹികളുടെ രണ്ടാം സംഘത്തെ നയിച്ച ഹിന്ദുമഹാസഭാ നേതാവ് വി.ജി. ദേശ്പാണ്ഡെയും അറസ്റ്റ് വരിച്ച് അതേ ഹൈദരബാദ് ജയിലിൽ അടക്കപ്പെടുകയുണ്ടായി. അന്ന് തനിക്ക് ആർ എസ് എസിൻ്റെ പ്രതിജ്ഞ ചൊല്ലിത്തന്ന ഗോഡ്സേയെ, പിൽക്കാലത്ത് ഒരു അഭിമുഖ സംഭാഷണത്തിൽ ദേശ്പാണ്ഡെ സ്മരിക്കുന്നുണ്ട്. ഹിന്ദു ഐക്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന നിരവധി പ്രസ്ഥാനങ്ങളിലെ അംഗങ്ങൾ പലരും ഒന്നിലധികം പ്രസ്ഥാനങ്ങളിൽ കയറിയിറങ്ങി പ്രവർത്തിച്ചിരുന്നവർ ആയിരുന്നു. അത്തരമൊരു വഴക്കം അവ തമ്മിൽ തമ്മിൽ ഉണ്ടാക്കിയിരുന്നു. ഇക്കാര്യം 1947 സെപ്തംബറിലെ ഒരു പോലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ” (ഹിന്ദുമഹാസഭയുമായി ) പോഷക സംഘടന എന്ന നിലയ്ക്ക് ബന്ധമില്ലായിരുന്നെങ്കിലും ,അതിൻ്റെ  (ആർ എസ് എസി ൻ്റെ ) പ്രധാനപ്പെട്ട സംഘാടകരും പ്രവർത്തകരും ഹിന്ദുമഹാസഭയുടെ അംഗങ്ങളോ ഹിന്ദുമഹാസഭാ പ്രത്യയശാസ്ത്രത്തിൻ്റെ പ്രായോജകരോ ആയിരുന്നു “ഹിന്ദുമഹാസഭയിൽ നിന്ന് ആർ എസ് എസിനെ വ്യത്യസ്തമാക്കുന്ന കാര്യം അതിൻ്റെ രഹസ്യാത്മകതയാണ് എന്ന് ധീരേന്ദ്ര കെ ഝാ ചൂണ്ടിക്കാട്ടുന്നു. ഗാന്ധിയുടെ വധത്തിനു ശേഷം ആഭ്യന്തര മന്ത്രി സർദാർ വല്ലഭ ഭായ് പട്ടേലിന് എഴുതിയ ഒരു കുറിപ്പിൽ ഇന്ത്യയുടെ ആദ്യ പ്രസിഡണ്ട് ആയിരുന്ന ഡോ. രാജേന്ദ്ര പ്രസാദ് ഇങ്ങനെ എഴുതി.

ആർ എസ് എസ് സംഘടനയ്ക്ക് രേഖകളോ പ്രവർത്തന രജിസ്റ്ററോ ഇല്ല . അംഗത്വ രജിസ്റ്ററുകൾ അവർ സൂക്ഷിക്കുന്നില്ല. അതിൻ്റെ വരവുചെലവു കണക്കുകളെ സംബന്ധിച്ച രേഖകളും ഇല്ല. ആർ എസ് എസ് അതുകൊണ്ടു തന്നെ അവരുടെ സംഘടനയെക്കുറിച്ച് കർശന രഹസ്യാത്മകത സൂക്ഷിക്കുന്നുണ്ട്. അത് ഫാസിസ്റ്റ് രീതികൾക്കനുസരിച്ച് വികസിപ്പിച്ചെടുത്തതും തീർച്ചയായും പൊതു സമാധാനത്തിന് മാരകമായി  അപകടം വരുത്തി വെയ്ക്കുന്ന ഒന്നാണ്

ഈ രഹസ്യാത്മകത ആർ എസി എസിൻ്റെ സംഘടനാ സംവിധാനവുമായി ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ട് ആർ എപ്പോൾ  ആർ എസ് എസിൽ വന്നു എന്നോ ആർ എപ്പോൾ ആർ എസ് എസ് വിട്ടു എന്നും സംഘടനാ രേഖകളിൽ നിന്നും തിരിച്ചറിയുക അസാധ്യമാണ്. ഉപോദ്ബലക രേഖകൾ ആശ്രയിച്ചു മാത്രമേ ഇക്കാര്യത്തിൽ നമുക്ക് ഒരു നിഗമനത്തിൽ എത്താനാകൂ. അത്തരത്തിൽ ഒരു വലിയ രേഖയാണ് ഗാന്ധി വധത്തിൽ പ്രതിയായി ജീവപര്യന്തം ശിക്ഷ അനുഭവിച്ച വ്യക്തിയും നാഥുറാം ഗോഡ്സേയുടെ സഹോദരനുമായ ഗോപാൽ ഗോഡ്സേ അർവിന്ദ് രാജഗോപാലിന് കൊടുത്ത അഭിമുഖം. 1994 ജനുവരിയിലെ  ഫ്രണ്ട് ലൈനിലാണ് ഈ അഭിമുഖം പ്രസിദ്ധീകരിച്ചത്. ഗാന്ധി വധത്തിൽ പ്രതിയായതിനെ തുടർന്ന് ആർ എസ് എസ് നാഥുറാം ഗോഡ്സേയെ തള്ളിപ്പറയുകയും നാഥുറാം ഗോഡ്സേ തന്നെ വിചാരണാ വേളയിൽ ആർ എസ് എസുമായി ബന്ധമില്ല എന്ന് പ്രസ്താവിക്കുകയും ചെയ്തതിനെ സംബന്ധിച്ച് അർവിന്ദ് രാജഗോപാൽ ഗോപാൽ ഗോഡ്സേയോട് ആരായുന്നുണ്ട്.

അർവിന്ദ് രാജഗോപാൽ : താങ്കൾ ആർ എസ് എസിൻ്റെ ഭാഗമായിരുന്നോ?
ഗോപാൽ ഗോഡ്സേ : എല്ലാ സഹോദരരും ആർ എസ് എസിലായിരുന്നു. നാഥുറാം, ദത്താത്രേയ, ഞാൻ, ഗോവിന്ദും. ഞങ്ങൾ വീട്ടിലേക്കാൾ ആർ എസ് എസിലാണ് വളർന്നത് എന്നൊരാൾക്ക് പറയാൻ കഴിയും വിധം. അത് ഞങ്ങൾക്ക് കുടുംബം പോലെ ആയിരുന്നു.

അർവിന്ദ് രാജഗോപാൽ : നാഥുറാം ആർ എസിൽ എസിൽ തന്നെ നിന്നോ? അദ്ദേഹം അത് വിട്ടില്ലേ?

ഗോപാൽ ഗോഡ്സേ : നാഥുറാം ആർ എസ് എസിൽ ഒരു ബൗദ്ധിക് കാര്യവാഹ്     ( ബൗദ്ധിക പ്രവർത്തകൻ ) ആയിത്തീർന്നു.  അദ്ദേഹത്തിൻ്റെ പ്രസ്താവനയിൽ അദ്ദേഹം ആർ.എസ്.എസ് വിട്ടതായി പറഞ്ഞിരുന്നു. ഗാന്ധിവധത്തിന് ശേഷം ഗോൾവാൾക്കറും ആർ എസ് എസും ഒരു പാട് കുഴപ്പങ്ങളിൽ ആയത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. പക്ഷെ, അദ്ദേഹം ആർ എസ് എസ് വിട്ടിരുന്നില്ല.

അർവിന്ദ് രാജഗോപാൽ : അഡ്വാനി (എൽ കെ ) ഈയിടെ (1994 ൽ )പറഞ്ഞു നാഥുറാമിന് ആർ എസ് എസുമായി യാതൊരു ബന്ധവുമില്ലെന്ന്

ഗോപാൽ ഗോഡ്സേ :  ഭീരുത്വം കൊണ്ടാണ് അത് പറയുന്നതെന്ന് ഞാൻ അദ്ദേഹത്തോട് പ്രതിവചിച്ചിരുന്നു. നിങ്ങൾക്ക് പറയാം , ” ഗാന്ധിയെ പോയി കൊന്നിട്ടു വരൂ ” എന്ന തീരുമാനം ആർ എസ് എസ് എടുത്തിട്ടില്ലെന്ന്. പക്ഷെ, നിങ്ങൾക്ക് അദ്ദേഹത്തെ ( നാഥുറാമിനെ ) തള്ളിപ്പറയാനാകില്ല. ഹിന്ദുമഹാസഭ ഒരിക്കലും നാഥുറാമിനെ തള്ളിപ്പറഞ്ഞിട്ടില്ല.

ഗോഡ്സേ ഹൈദരാബാദ് ജയിലിൽ നിന്നും മടങ്ങി വന്ന് മൂന്നുമാസങ്ങൾക്ക് ശേഷം 1939 ഡിസംബർ 9 ന് പൂനെയിൽ വെച്ചു നടന്ന ആർ എസ് എസിൻ്റെ പ്രധാനപ്പെട്ടൊരു സമ്മേളനത്തിൽ ഗോഡ്സേ പങ്കെടുത്തതായി രേഖയുണ്ട്. ഹിന്ദുമഹാസഭയിൽ ചേർന്ന് ഒരു കൊല്ലത്തിന് ശേഷമാണ് ഈ സമ്മേളനം നടക്കുന്നത്. പ്രധാനപ്പെട്ട ആർ എസ് എസ് നേതാക്കളും ആ പ്രദേശത്തെ അംഗങ്ങളുമാണ് ആ സമ്മേളനത്തിൽ പങ്കെടുത്തത്. ഗോഡ്സെ ഈ സമ്മേളനത്തിൽ പങ്കെടുത്തത് “സാംഗ്ലിയിലെ തനി ആർ എസ് എസ് അംഗം” എന്ന പേരിലാണ്.

പൂനെയിൽ 1940 മെയ് 11 ന് ചേർന്ന ബോംബെ പ്രവിശ്യയിലെ ആർ എസ് എസ് യൂണിറ്റുമായി ബന്ധപ്പെട്ട സമ്മേളനമാണ് മറ്റൊരു രേഖ. ഇത്തവണ ഗോഡ്സേയുടെ ആർ എസ് എസിലെ സ്ഥാനം 1939 ഡിസംബർ 9 ലെ സമ്മേളനത്തേക്കാൾ ഉയർച്ച പ്രാപിച്ചിരുന്നു. അതെ പറ്റിയുള്ള പോലീസ് റിപ്പോർട്ട് ഇപ്രകാരമാണ്

” ഈ രേഖയുടെ എട്ടാം പേജിൽ പൂനെയിലെ ആർ എസ് എസ് എസ് ഓർഗനൈസർമാരുടെ പട്ടികയിൽ എൻ.വി. ഗോഡ്സെ എന്ന തയ്യൽക്കാരൻ്റെ പേരും 1940 മെയ് 11 ൻ്റെ സമ്മേളനത്തിൽ പങ്കെടുത്തതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സമ്മേളനത്തിൽ താത്യാറാവു സവർക്കർ (വി ഡി സവർക്കർ ), ബോംബെ പ്രവിശ്യയിലെ പ്രവിശ്യാ ഓർഗനൈസർ കാശിനാഥ് പാന്ത് ലിമായേ, സർ സംഘ് ചാലക് ആയ നാഗ്പൂരിലെ ഡോ. ഹെഡ്ഗേവാർ, നാഗ്പൂരിലെ മാധവ് റാവു ഗോൾവാൾക്കർ, ബാപ്പൂർ സാഹേബ് സൊഹോനി, ബിറാർ പ്രവിശ്യാ ഓർഗനൈസർ അപ്പാജി ജോഷി, വാർദ്ധാ ജില്ലാ ഓർഗനൈസർ, നാസിക്ക്, പൂനെ, സത്താറ, രത്നഗിരി, ബോംബെ, കിഴക്കൻ ഖണ്ഡേഷ്, എന്നിവിടങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തിരുന്നു. ഗോഡ്സേയുടെ പേര് മുകളിൽ നിന്നും മൂന്നാമത്തേതാണ് “. ലിമായേയുടെ ജീവചരിത്രം എഴുതിയ ഡി.എസ്. ഹർഷേ സമ്മേളന നടപടികളിൽ സാക്ഷ്യം വഹിച്ചിരുന്നു. പൂനെയിലെ എൻ എം വിദ്യാലയയിൽ ആയിരുന്നു സമ്മേളനം.

1939 മുതൽ ഹിന്ദുത്വ രാഷ്ട്രീയക്കാരായ മഹാരാഷ്ട്ര ബ്രാഹ്മണർ ശ്രമിച്ചുകൊണ്ടിരുന്ന ഹിന്ദു സൈന്യം ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു പിന്നീട് ഗോഡ്സേ കേന്ദ്രീകരിച്ചത്. 1940 ജൂലൈ 31 ന് ബ്രിട്ടീഷ് ഗവണ്മെൻ്റ് യുദ്ധനടപടികളുടെ ഭാഗമായി ബ്രിട്ടീഷ് ഇന്ത്യയിൽ സന്നദ്ധ സംഘടനകൾ  യൂണിഫോം അണിഞ്ഞ് കായിക പരിശീലനം നടത്തുന്നത് തടയുകയുണ്ടായി. അങ്ങനെ ആർ എസ് എസ് ശാഖകളുടെ പ്രവർത്തനം തടയപ്പെട്ടു. പൂനെയിൽ ആർ എസ് എസിൻ്റെ പ്രവർത്തനം എപ്രകാരം തടസ്സപ്പെട്ടു എന്ന് ആർ എസ് എസിൻ്റെ സജീവ പ്രവർത്തകനായിരുന്ന എസ് എച്ച് ദേശ്പാണ്ഡേ ഓർക്കുന്നുണ്ട്. ഒരു വർഷം നീണ്ടു നിന്ന നിരോധനം ആർ എസ് എസിൻ്റെ അർദ്ധസൈനിക സ്വഭാവത്തെ നശിപ്പിച്ചു കളയുമോ എന്ന ഭീതി ഹിന്ദു സംഘടനകളെ പിടി കൂടി. ഈ സന്ദർഭത്തിലാണ് ഗോഡ്സേയുടെ കൂടി മുൻകൈയ്യിൽ ഹിന്ദു രാഷ്ട്രദൾ എന്ന സംഘടന രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ഹിന്ദു രാഷ്ട്രദൾ എന്ന ആശയത്തോട് ഹിന്ദുമഹാസഭയും സവർക്കറോട് ആധർമ്മണ്യം പുലർത്തുന്ന ആർ എസ് എസിലെ ഒരു വിഭാഗത്തിൻ്റേയും പിന്തുണ ലഭിച്ചു.

മഹാരാഷ്ട്ര ബ്രാഹ്മണർ ഹിന്ദുമഹാസഭയുടേയും ആർ എസ് എസിൻ്റേയും നേതൃത്വത്തിൽ ധാരാളമുണ്ടായിരുന്നു. ഇന്നത്തെ  മഹാരാഷ്ട്രാ സംസ്ഥാനത്തിൻ്റെ പരിധിക്കുള്ളിൽ (പഴയ ബോംബെ പ്രോവിൻസിൻ്റേയും സെൻട്രൽ പ്രോവിൻസിൻ്റേയും ഭാഗങ്ങൾ ചേർന്നത് ) ഇവയുടെ നേതൃത്വവും  ഒരു പരിധി വരെ അണികളും മഹാരാഷ്ട്ര ബ്രാഹ്മണരിൽ നിന്നുള്ളവരായിരുന്നു. ചിത്പാവൻ സമുദായത്തിൽ നിന്നാരംഭിച്ച് മറ്റ് ബ്രാഹ്മണ സമുദായങ്ങളേയും ഉൾക്കൊണ്ടാണ് ഹിന്ദുത്വ രാഷ്ട്രീയം വിശാലമായത്. ഒന്നാമത്തെ സർ സംഘ് ചാലക് ആയിരുന്ന ഹെഡ്‌ഗേവാർ ദേശസ്ഥബ്രാഹ്മണൻ ആയിരുന്നു. ഗോൾവാൾക്കർ കരാട് ബ്രാഹ്മണനും.

സവർക്കർ അഭിനവ് ഭാരത് തുടങ്ങുമ്പോൾ അതിൽ ഭൂരിഭാഗവും ചിത്പാവൻ ബ്രാഹ്മണരായിരുന്നു. ഒരേ സമയം ബ്രാഹ്മണരുടേയും ക്ഷത്രിയരുടേയും വർണ്ണസ്വഭാവങ്ങൾ കൂടിക്കലർന്ന ഒരു മേൽക്കോയ്മ ചിത്പാവനുകൾക്കുണ്ടെന്ന് സവർക്കറുടെ അബോധം എല്ലാക്കാലത്തും കരുതിയിരുന്നു. സൈന്യത്തെ രൂപവത്ക്കരിക്കാനും നിയന്ത്രിക്കാനും ചിത്പാവൻ്റെ രാജ്യം ഭരിച്ച പാരമ്പര്യത്തിനേ കഴിയൂ എന്ന് സവർക്കർ എപ്പോഴും കരുതിയിരുന്നു. അതിനാൽ ഹിന്ദു രാഷ്ട്ര ദളിനെ ഒരു ചിത്പാവൻ സംഘടനയായാണ് സവർക്കർ വിഭാവനം ചെയ്തത്‌. കപൂർ കമ്മീഷൻ അക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. കപൂർ കമ്മീഷൻ അധികമായി നാം ചർച്ച ചെയ്യുമെന്നിരിക്കേ ഇപ്പോൾ അതിലെ മറ്റൊരു  നിരീക്ഷണം  കൂടി  നമുക്ക് നോക്കാം. ഹിന്ദു രാഷ്ട്രദളിന് മാർഗ്ഗനിർദ്ദേശക തത്വങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. സവർക്കർ ആയിരുന്നു അതിൻ്റെ ഫ്യൂറർ. സവർക്കർ പറയുന്നത് നടപ്പാക്കുക. അത്ര മാത്രം. അത്രയും സൈനിക സ്വഭാവം ആ സംഘടനയ്ക്കുണ്ടായിരുന്നു.

ഹിന്ദു രാഷ്ട്ര ദളിലെ മറ്റൊരു പ്രധാന പ്രവർത്തകനായിരുന്നു ചിത് പാവൻ ബ്രാഹ്മണനായിരുന്ന  നാരായൺ ദത്താത്രേയ ആപ്തേ. നാരായൺ ആപ്തേയുടെ പിതാവ് ദത്താത്രേയ ശിവറാം ആപ്തേ പേരുകേട്ട സംസ്കൃത പണ്ഡിതൻ ആയിരുന്നു. മുത്തച്ഛൻ വാമൻ ശിവറാം ആപ്തേ തിലകിൻ്റെ അടുത്ത സഹപ്രവർത്തകനും ചിത്പാവൻ ബ്രാഹ്മണരുടെ ഡെക്കാൻ എഡ്യുക്കേഷൻ സൊസൈറ്റി പൂനെയിൽ സ്ഥാപിച്ച ഫെർഗൂസൺ കോളേജിൻ്റെ ആദ്യ പ്രിൻസിപ്പളും ആയിരുന്നു.  നാലു ആൺമക്കളും രണ്ട് പെൺമക്കളുമടങ്ങുന്ന സഹോദര- സഹോദരീ കുലത്തിലെ ഏറ്റവും മൂത്തവനായിരുന്നു ആപ്തേ. ഗോഡ്സേയുടെ കുടുംബത്തെ അപേക്ഷിച്ച് കുറേക്കൂടി ” കുലീന ” മായിരുന്നു ആപ്തേയുടെ കുടുംബം. ഗോഡ്സേയുടെ സ്വഭാവസ്വരൂപത്തിൻ്റെ നേരെ എതിർ നിൽക്കുന്ന ഒരാളായിരുന്നു ആപ്തേ. ഗോഡ്സേ അവിവാഹിതൻ. മിതഭാഷി. ഹിന്ദുത്വത്തിൻ്റെ പാതയിൽ തന്നെത്തന്നെ കുന്തം പോലെ കൂർപ്പിച്ചു വെച്ചവൻ. ധാരാളം കാപ്പി കുടിക്കും എന്നത് മാത്രമായിരുന്നു ഗോഡ്സേയുടെ സ്വകാര്യവും ശാരീരികവുമായ ഒരേ ഒരു ആഹ്ളാദം.

N Dattatraya Apte

ആപ്തേയോ വിസ്കി പ്രേമി, പുകവലിയൻ. നല്ല വസ്ത്രങ്ങളിൽ ആനന്ദം കണ്ടെത്തുന്നവൻ. സ്ത്രീകളുമൊത്ത് സൊറ പറയുന്നതിൽ ഉന്മാദം അനുഭവിക്കുന്നവൻ. പൂനെയിലെ ബുധവാർ പേട്ടിലെ ആനന്ദാശ്രം എന്ന കുടുംബ വീട്ടിലാണ് ആപ് തെ പിറന്നത്. നാഥുറാമിനേക്കാൾ പ്രായം കുറവായിരുന്നു ആപ്തേയ്ക്ക്. ഫർഗൂസൺ കോളേജിൽ നിന്നും ശാസ്ത്രത്തിൽ ബിരുദം സമ്പാദിച്ച ശേഷം അഹ്മദ് നഗറിൽ അമേരിക്കൻ മിഷൻ സ്കൂളിൽ 1935 ഓടെ ആയിരിക്കണം, ശാസ്താധ്യാപകൻ ആയി ജോലിക്ക് ചേർന്നു.

സവർക്കർ ഹിന്ദുമഹാസഭയുടെ പ്രസിഡണ്ട് ആയ ശേഷം ആകണം, ആപ്തേ അദ്ദേഹത്തിൻ്റെ ആരാധകനും അനുയായിയുമായി തീർന്നു. ചിത്പാവൻ ബ്രാഹ്മണരിലെ ഒരു കൂട്ടം യുവാക്കളുടെ പോലെ തന്നെ. 1938 ഫെബ്രുവരി 28 ന് ആപ്തേ സവർക്കർക്ക് എഴുതി. ” രത്നഗിരിയിലെ ജില്ലാത്തടവിൽ നിന്ന് താങ്കൾ മോചിതനായ നിമിഷം മുതൽ, ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടേതാണ് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന കൂട്ടങ്ങളുടെ മനസ്സിൽ ഒരു ദിവ്യമായ തീപ്പൊരി ജ്വലിക്കാൻ തുടങ്ങി. താങ്കൾ ഹിന്ദുമഹാസഭയുടെ അദ്ധ്യക്ഷപദം സ്വീകരിക്കുന്നു എന്ന പ്രഖ്യാപനത്തോടെ ആ പ്രത്യാശ ( ഹിന്ദുസ്ഥാൻ) യാഥാർത്ഥ്യവത്ക്കരിക്കാൻ കഴിയും എന്ന ആത്മവിശ്വാസം അനുഭവപ്പെടുന്നു “. എന്നാൽ ‘ഹിന്ദുരാഷ്ട്രത്തിൻ്റെ പ്രത്യയശാസ്ത്രം ‘ എവിടെയോ തടഞ്ഞു നിൽക്കുകയാണെന്നും  അങ്ങോട്ടുമിങ്ങോട്ടും  ചാടിക്കളിക്കുന്ന നയങ്ങളാണ് കോൺഗ്രസ്സിനുള്ളതെങ്കിലും അത് മുന്നോട്ട് കുതിക്കുകയുമാണ് എന്ന് ആപ്തേ ചൂണ്ടിക്കാട്ടുന്നു. അതിനെ ചെറുക്കാൻ ആപ്തേ നിർദ്ദേശിക്കുന്നത് ഒരു ” ദേശീയ സന്നദ്ധ സേന ” ആണ്. സവർക്കറുടെ സമ്പൂർണ്ണമായ മാർഗ്ഗ നിർദ്ദേശത്തിൽ പ്രവർത്തിക്കുന്ന ഒന്ന്. സവർക്കറുടെ വിശ്വസ്ത അനുയായികളായ ആർ എസ് എസ് പ്രവർത്തകരെ മുൻ നിർത്തി വേണം അത് പ്രവർത്തിക്കാൻ . ആപ്തേ എഴുതുന്നു . ” മഹാശയാ, രാഷ്ട്രീയ സ്വയം സേവക സംഘത്തിൻ്റെ അമ്പതിനായിരം ദേശീയ സന്നദ്ധ പ്രവർത്തകർ ഹിന്ദു രാഷ്ട്രത്തിൻ്റെ ഉന്നമനത്തിനായി, അത് താങ്കളുടെയും ലക്ഷ്യമാണല്ലോ , ഹൃദയം അർപ്പിച്ചിരിക്കുകയാണ്. പഞ്ചാബ് മുതൽ കർണ്ണാടകം വരെ വ്യാപിച്ച ഒരു ശൃംഖലയാണത്.  ഈ വസ്തുത താങ്കൾക്കും നല്ല പോലെ അറിയാമല്ലോ. ഈ സന്ധിയിൽ ഹിന്ദു സമുദായം അതിൻ്റെ എല്ലാ ദിശകളിലും താങ്കളുടെ മാർഗ്ഗനിർദ്ദേശം കാത്ത് നില്ക്കുകയാണ്

അഹ്മദ് നഗറിൽ ഒരു റൈഫിൾ ക്ലബ്ബ് തുടങ്ങാനുള്ള ലൈസൻസ് 1938 ഒക്ടോബർ 27 ന് ആപ്തേയ്ക്ക് ലഭിച്ചു. അതിനെക്കുറിച്ച് ആപ്തേ സവർക്കർക്കെഴുതി.

താങ്കളുടെ അനുഗ്രഹത്താൽ ഈ പ്രദേശത്തെ കളക്ടർ ചില നിബന്ധനകൾക്ക് വിധേയമായി നാലു തോക്കുകൾ ( 0.22 ബോർ ) ഉപയോഗിക്കാനുള്ള അനുമതി ഞങ്ങൾക്ക് നൽകിയത് അറിയിക്കാൻ സന്തോഷമുണ്ട്. താങ്കളുടെ പ്രചോദനത്തിൻ്റേയും  കത്തുകൾ തുടരെ തുടരെ എഴുതിക്കൊണ്ട് താങ്കൾ നിലനിർത്തിയ (ഞങ്ങളുടെ ) പ്രചോദനത്തിന്റേയും പുറത്തു മാത്രമാണ് ഈ പ്രവർത്തനം ഒരു രൂപം പ്രാപിച്ചത്

മൂന്ന് റൈഫിളുകൾ വാങ്ങി ആയുധപരിശീലനം ആരംഭിച്ച ശേഷം ആപ് തേ സവർക്കർക്ക് എഴുതി.

നാലു തോക്കുകൾക്കാണ് അനുമതി ലഭിച്ചത്. നാലാമത്തേത് ഞങ്ങൾ ഉടനെ വാങ്ങും. ഇപ്പോൾ പത്തു പേർ പരിശീലനം എടുക്കുന്നുണ്ട്. എയർ ഗൺ ക്ലാസ്സ് മുന്നോട്ടു പോകുന്നതിനെപ്പറ്റി ഞങ്ങൾ നേരത്തേ എഴുതിയിരുന്നു. ആ ക്ലാസ്സിൽ ഇതുവരെ ആകെ നൂറുപേർ പരിശീലനം നേടിക്കഴിഞ്ഞു. അതിൽ പത്തു പേർ റൈഫിൾ (ക്ലാസ്സ് ) തെരഞ്ഞെടുത്തിട്ടുണ്ട്. കുട്ടികളുടെ ക്ഷാമം പൊതുവേ ഇല്ലെന്നാണ് തോന്നുന്നത്

1939 ആകുമ്പോഴേയ്ക്കും ആപ്തേ തൻ്റെ റൈഫിൾ ക്ലബ്ബ് അഹ്മദ് നഗറിന് പുറമേ പൂനെ, സത്താറ, ഷോളാപൂർ എന്നിവിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കുകയുണ്ടായി. അതോടൊപ്പം ചാലിസ് ഗാവ്, ജൽഗോൺ, ഡോംബ് വിലി എന്നിവിടങ്ങളിൽ റൈഫിൾ ക്ലബ്ബുകൾ തുടങ്ങാനുള്ള ഒരുക്കങ്ങളും ആപ്തേ നടത്തി. സവർക്കറും ഹിന്ദുമഹാസഭയും ആഗ്രഹിച്ച പോലെ ഒരു ഹിന്ദു സൈന്യത്തിന് വേണ്ടിയുള്ള സന്നാഹമായിരുന്നു അത്.  മഹാരാഷ്ട്രയിലെ ഓരോ ജില്ലയിലും ഒരു റൈഫിൾ ക്ലബ്ബ് വെച്ചു തുടങ്ങുകയായിരുന്നു ആപ്തേയുടെ ലക്ഷ്യം. ആവശ്യം വരുമ്പോൾ ഇവിടെ നിന്നും പഠിച്ചിറങ്ങുന്ന തോക്ക് ഉപയോഗിക്കാനറിയുന്നവരെ പെട്ടെന്ന് സവർക്കറുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘടനയ്ക്ക് സമാഹരിക്കാൻ കഴിയും വിധം ഒരുക്കി നിർത്തുക എന്നതായിരുന്നു ആപ്തേയുടെ ഉന്നം. 1939 മെയ് 10 ന് ആപ്തേ സവർക്കർക്ക് എഴുതിയതിൽ ഈ ആശയം വിവരിക്കുന്നുണ്ട്. ഹിന്ദുമഹാസഭയുടെ കീഴിലുള്ള ഒരു കേന്ദ്ര സംഘം, മഹാരാഷ്ട്ര റൈഫിൾ ക്ലബ്ബ് എന്ന പേരിലോ മറ്റോ രൂപീകരിക്കാനാണ് ആപ്തേ നിർദ്ദേശിച്ചത്.

ഈ ക്ലബ്ബുകൾ പിന്തുടരേണ്ട നയങ്ങൾ എന്തായിരിക്കണം, മറ്റു സ്ഥലങ്ങളിൽ റൈഫിൾ ക്ലബ്ബുകൾ ആരംഭിക്കുന്നത് , എല്ലാ ക്ലബ്ബുകളുടേയും ബുദ്ധിമുട്ടുകൾ പരിഹരിക്കുക തുടങ്ങി പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യേണ്ടത് ഈ ( കേന്ദ്ര ) സ്ഥാപനമായിരിക്കണം. ഇക്കാര്യങ്ങളിൽ വിദഗ്ദ്ധരായ മഹാരാഷ്ട്ര ക്കുള്ളിലുള്ളവരും ഡോ.മുഞ്ജേയെപ്പോലുള്ളവരും ഈ സ്ഥാപനത്തിലുണ്ടാകണം എന്നാണ് എൻ്റെ വിചാരം. താങ്കളായിരിക്കണം പ്രസിഡണ്ട്. “സവർക്കർ 1939 ജൂലൈ 28 ന് ആപ്തേയ്ക്ക് എഴുതുന്നത് “ദേശീയ പ്രവർത്തനത്തിന് ഏറ്റവും ഉപയുക്തമായ റൈഫിൾ ക്ലബ്ബുകൾ ” ഹിന്ദുമഹാസഭയുടെ ” ഒരു പ്രത്യേക വിഭാഗം ” സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നാണ്. ” ആ പ്രത്യേക വിഭാഗം ” ആപ്തേയിൽ നിക്ഷിപ്തമായിരിക്കും എന്നും സവർക്കർ പറയുന്നു.

ഹിന്ദുമഹാസഭയിൽ അംഗമായി തീർന്ന ആപ്തേ, നാഥുറാം ഗോഡ്സേയെ കണ്ടുമുട്ടുന്നത് 1942 ലാണ് എന്ന് ധീരേന്ദ്ര കെ ഝാ പറയുന്നു. പൂനെയിൽ ഹിന്ദു രാഷ്ട്രദൾ രൂപീകരിക്കുന്നത് രണ്ടു പേരും ചേർന്നാണ്. അത് സുദീർഘമായൊരു സൗഹൃദത്തിൻ്റെ തുടക്കമായിരുന്നു. ഒരേ തൂക്കുമരത്തിൽ അവസാനിച്ച സൗഹൃദം. അഞ്ചടിയിൽ അല്പം മാത്രം കൂടുതൽ ഉയരമുള്ള , ആർ എസ് എസ് യൂണിഫോം ധരിച്ചിരുന്ന ഗോഡ്സേയും അഞ്ചടി എട്ടിഞ്ച് പൊക്കമുള്ള ഏറ്റവും പുതിയ ഫാഷനിലെ വസ്ത്രങ്ങൾ ധരിക്കാനിഷ്ടപ്പെട്ട ആപ്തേയും വിപരീതങ്ങളെപ്പോലെ തോന്നിച്ചിരുന്നുവെങ്കിലും ഹിന്ദു രാഷ്ട്ര പ്രതിഷ്ഠാപനം എന്ന ലക്ഷ്യത്തോട് അവർ ഏകമനസ്സോടെ പ്രതിജ്ഞാബദ്ധമായിരുന്നു. ഗോഡ്സേ വിഭാര്യനും സ്ത്രീകളിൽ നിന്ന് മാറി നടക്കുന്നവനുമായിരുന്നു. ആപ്തേ തൻ്റെ വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ വിവാഹിതനായ ഒരുവനും ഒരു ആൺകുഞ്ഞിൻ്റെ പിതാവുമായിരുന്നു. സ്ത്രീകളുമായി സല്ലപിക്കുന്നതിൽ അയാൾ ആനന്ദം കണ്ടെത്തി.

ഹിന്ദു രാഷ്ട്ര ദളിൻ്റെ ആദ്യ ക്യാമ്പ് പൂനെയിൽ 1942 മെയ് 1 മുതൽ 18 വരെയാണ് നടന്നത്. ഗോഡ്സേയുടെ മൊഴിയനുസരിച്ച് 160 സന്നദ്ധ സേവകരും അനുഭാവികളും അതിൽ പങ്കുകൊണ്ടു. ലക്ഷ്മൺ ഗണേഷ് തട്ടേ എന്ന ഗോഡ്സേയുടെ സുഹൃത്തും ഹിന്ദുമഹാസഭാ പ്രവർത്തകനുമായിരുന്ന ചിത്പാവൻ ബ്രാഹ്മണൻ്റെ ഓർമ്മയിൽ ” വിശ്വസ്തരായ ആർ എസ് എസുകാരിൽ നിന്നാണ് ഹിന്ദു രാഷ്ട്ര ദൾ പിറവിയെടുക്കുന്നത് ” . കെ ബി ലിമായേ ഒരേ സമയം ആർ എസ് എസ് മഹാരാഷ്ട്രാ ഘടകത്തിൻ്റെ സംഘചാലകും ഹിന്ദു രാഷ്ട്രദളിൻ്റെ പ്രാന്ത പ്രമുഖും ആയിരുന്നു. ഗോഡ്സേയുടെ മൊഴിയനുസരിച്ച് പൂനെ ക്യാമ്പിൽ നടന്നത് ” ഹിന്ദുക്കളുടെ പൊതു അവസ്ഥ മെച്ചപ്പെടുത്താനും ഹിന്ദുമതത്തെ ശാക്തീകരിക്കാനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും സംബന്ധിച്ച ചർച്ചകളും ക്ലാസ്സുകളും ” ആയിരുന്നു. എന്നാൽ തീവ്രവാദ സ്വഭാവമുള്ള, അക്രമ പ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെട്ട ഒരു ചിത്പാവൻ  സംഘടനയായിട്ടാണ് കപൂർ കമ്മീഷൻ റിപ്പോർട്ടിലും മറ്റും ഹിന്ദു രാഷ്ട്ര ദളിനെ പരാമർശിക്കുന്നത്. പിൽക്കാലത്ത് ലിമായേ, ഗോഡ്സേ, ആപ്തേ തുടങ്ങിയവർക്കൊപ്പം ഹിന്ദു രാഷ്ട്ര ദളിൻ്റെ പ്രധാന പ്രവർത്തകനായി ഉയർന്ന ഗോഗട്ടെ, ആ ക്യാമ്പിനെ പറ്റി എഴുതുകയുണ്ടായി. ആപ്തേയാണ് ക്യാമ്പംഗങ്ങളെ കുതിര സവാരി അഭ്യസിപ്പിച്ചത് എന്ന് അതിൽ ഗോഗട്ടെ ഓർക്കുന്നു.

ഗോഗട്ടെയും സവർക്കറുടെ സ്വാധീന വലയത്തിൽ വീണ ചിത്പാവൻ ബ്രാഹ്മണൻ ആയിരുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോൾ ബോംബെ ആക്ടിങ്ങ് ഗവർണ്ണർ ആയിരുന്ന സർ ഏണസ്റ്റ് ഹോട്ട്സണെ വധിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പൂനെ ഫർഗൂസൺ കോളേജിൽ പഠിച്ചു കൊണ്ടിരിക്കുന്ന കാലത്ത് കോളേജ് സന്ദർശനത്തിന് എത്തിയ ഹോട്ട്സണിന് നേരെ രണ്ട് വെടി ഉയർത്തിയെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. പിടിയിലായ ഗോഗട്ടെ പത്തുവർഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. പിന്നീട് 6 വർഷം തടവായി അത് കുറച്ചു. 1937 ലാണ് ഗോഗട്ടെ പുറത്തെത്തിയത്. ചിത്പാവൻ – ബ്രിട്ടീഷ് യുദ്ധത്തിലെ അവസാന പടയാളിയായിരുന്നു ഗോഗട്ടെ എന്ന് പറയാം. പിന്നീട് വന്ന മുസ്ലീം വിരുദ്ധ ബ്രാഹ്മണ രാഷ്ടീയത്തിൻ്റെ ഭാഗമായി ഗോഗട്ടെയും മാറി.

സവർക്കറും തിലകൈറ്റായ ജമ്നാദാസ് മേത്തയും ക്യാമ്പിൽ പങ്കെടുത്തതിനെപ്പറ്റി ഗോഗട്ടെ ഓർക്കുന്നു. ” ക്യാമ്പ് സമാപിച്ചത് സവർക്കറുടെ പ്രഭാഷണത്തോടെയാണ്. അദ്ദേഹം ക്യാമ്പിലെ വിവിധ പരിപാടികളും പ്രവർത്തനങ്ങളും നിരീക്ഷിക്കുകയും അവയെയെല്ലാം സംയോജിപ്പിച്ചുകൊണ്ട് വികാരതീവ്രമായ പ്രഭാഷണം നടത്തുകയും ചെയ്തു.

1942 ആഗസ്റ്റിൽ ക്വിറ്റ് ഇന്ത്യാ സമരപ്രഖ്യാപനത്തോടനുബന്ധിച്ച് ഹിന്ദുമഹാസഭയിൽ ഉണ്ടായ കലക്കം നാം ചർച്ച ചെയ്തു കഴിഞ്ഞു. അതിൽ സവർക്കറുടെ പക്ഷത്തിന് വേണ്ടി പോരാടിയ മുന്നണിപ്പടയാളികളിൽ ഒരാൾ നാഥുറാം വിനായക് ഗോഡ്സേ ആണെന്നും. ആ സമയമാകുമ്പോഴേയ്ക്കും തീ തുപ്പുന്ന പ്രാസംഗികനായി ഗോഡ്സേ മാറി. ആർ എസ് എസുകാരനായ ശ്രീനിവാസ് ഡി ആചാര്യ ഓർക്കുന്നു. ” അദ്ദേഹത്തിൻ്റെ (ഗോഡ്സേ പറയുന്ന ) വസ്തുതകൾ പലപ്പോഴും തെറ്റായിരിക്കും. അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ സാധാരണയായി പരസ്പര വിരുദ്ധവും അക്രമോത്സുകമാം വിധം പ്രബോധനാത്മകവും അദ്ദേഹത്തിൻ്റെ സമീപനം നാടകീയവുമായിരുന്നു “. ഗോഡ്സേയുടെ നിരവധി പ്രഭാഷണങ്ങൾ കേട്ട ഒരാളെന്ന നിലയിലാണ് ആചാര്യ അദ്ദേഹത്തെ വിലയിരുത്തുന്നത്.” അദ്ദേഹത്തിൻ്റെ ശബ്ദം തുളഞ്ഞുകയറുന്നതായിരുന്നു. പ്രഭാഷണത്തിൻ്റെ സമയത്ത് ഊർജ്ജസ്വലമായ ആംഗ്യങ്ങൾ അദ്ദേഹം വിക്ഷേപിക്കുമായിരുന്നു. പ്രത്യക്ഷത്തിൽ പരസ്പര ബന്ധമില്ലാത്ത വാക്യങ്ങൾ വ്യത്യസ്ത സ്വരസ്ഥായികളിലുള്ള  ആവർത്തിതമായ പൊട്ടിത്തെറിക്കലുകളിലൂടെ പുറത്തെത്തിച്ച് വികാരമുണർത്താൻ അദ്ദേഹം ശ്രമിക്കുമായിരുന്നു.

42. അഗ്രണിയും ആപ്തേയുടെ ഹിന്ദു ലവ് ജിഹാദും
……………………………………..
ഹിന്ദു രാഷ്ട്രദളിൻ്റെ യൂണിഫോം ആർ എസ് എസിൻ്റേത് തന്നെയായിരുന്നു. കറുപ്പുതൊപ്പിയ്ക്ക് പകരം കാവിത്തൊപ്പിയായിരുന്നു എന്നു മാത്രം. 1943 മെയിൽ ഹിന്ദു രാഷ്ട്രദളിൻ്റെ രണ്ടാമത്തെ ക്യാമ്പ് അഹ്മദ് നഗറിൽ വെച്ചു നടക്കുമ്പോൾ ഈ തൊപ്പിയെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ക്യാമ്പിൽ പങ്കെടുക്കുന്ന പ്രവർത്തകരോട് കാക്കി നിക്കറും വെള്ള ഷർട്ടും കാവിത്തൊപ്പിയും കൊണ്ടുവരാൻ നേരത്തേ ചട്ടം കെട്ടിയിരുന്നു. 14 അണ ഓരോ പ്രവർത്തകനിൽ നിന്നും ഭക്ഷണത്തിനും താമസത്തിനുമായി ഈടാക്കിയിരുന്നു. ആപ്തേ ഈ ക്യാമ്പ് നടക്കുന്ന കാലത്ത് പൂനെയിൽ നിന്നും  അദ്ധ്യാപക പരിശീലനം പൂർത്തിയാക്കി അഹ്മദ് നഗറിൽ തിരിച്ചെത്തിയിരുന്നു.

കായിക പരിശീലനവും ബൗദ്ധിക പരിശീലനവും ക്യാമ്പിൻ്റെ ഭാഗമായിരുന്നു. കായിക പരിശീലനത്തിൻ്റെ ഭാഗമായ റൈഫിൾ പരിശീലനത്തിൻ്റെ ചുമതല വഹിച്ചിരുന്നത് ആപ്തേ ആയിരുന്നു. തിലകൻ്റെ പേരമകനായിരുന്ന ജി.വി. കേത്ക്കറും പ്രൊഫ. മാത്തേയുമാണ് ” ബൗദ്ധിക ” ക്ലാസ്സുകൾ നയിച്ചിരുന്നത്. ഹിന്ദുമഹാസഭയുടെ നേതാവായിരുന്ന കേത്ക്കർ തൻ്റെ പാർട്ടിയുടെ നിലപാടുകളെ കുറിച്ചാണ് അംഗങ്ങളോട് സംസാരിച്ചിരുന്നത്. ബ്രാഹ്മണാധിപത്യത്തെ വെല്ലുവിളിക്കാതുള്ള ഹിന്ദു ഐക്യത്തിൻ്റെ ആവശ്യകതകളെ കുറിച്ച് പ്രൊഫ. മാത്തേയും. ആർ എസ് എസിൻ്റെ ഭാഗത്തുനിന്നും പങ്കെടുത്ത രണ്ട് പ്രത്യയശാസ്ത്ര വിദഗ്ദ്ധർ പി.ജി. സഹസ്രബുദ്ധേയും ഡി.വി. ഗോഖലേയും ആയിരുന്നു. മുതലാളിത്തം, സോഷ്യലിസം, ഫാസിസം തുടങ്ങിയവയ്ക്ക് പിന്നിലെ സാമൂഹ്യ, രാഷ്ട്രീയ തത്വശാസ്ത്രത്തെ കുറിച്ചായിരുന്നു സഹസ്രബുദ്ധേയുടെ ക്ലാസ്സുകൾ. അഹ്മദ് നഗറിൽ അദ്ദേഹത്തിൻ്റെ ക്ലാസ്സ് ” സോഷ്യലിസവും ഹിന്ദുരാഷ്ട്രവും ” എന്ന വിഷയത്തെക്കുറിച്ചായിരുന്നു. ” ഇന്നത്തെ യുദ്ധവും ( രണ്ടാം ലോക യുദ്ധം ) ഹിന്ദുസ്ഥാനും ” എന്ന വിഷയത്തെ കുറിച്ചാണ് ഡി.വി. ഗോഖലേ ക്ലാസ്സ് എടുത്തത്.

ഭൂതകാലത്തെ സുവർണ്ണവത്ക്കരിച്ചും ഇല്ലാത്ത ഭൂതകാലത്തെ സൃഷ്ടിച്ചും ചരിത്രവും പുരാണവും കൂട്ടിക്കുഴച്ചും സവർക്കർ തൻ്റെ ഹിന്ദുത്വയിലും ‘ചരിത്ര’ ഗ്രന്ഥങ്ങളിലും ആവർത്തിച്ച അതേ രീതി തന്നെയായിരുന്നു ഈ ” ബൗദ്ധിക ” പ്രമുഖരും ആവർത്തിച്ചത്. ഒരിക്കലും അവർ ഭൂതകാലത്തെ വിശകലനം ചെയ്തില്ല. മുസ്ലീങ്ങൾക്കെതിരെ വാദങ്ങൾ നിരത്തുമ്പോൾ ജാതിവ്യവസ്ഥ എന്ന അന്ധവും ക്രൂരവുമായ ഒന്ന് ബ്രാഹ്മണിസത്തിൻ്റെ സൃഷ്ടിയാണ് എന്ന് മറച്ചു വെച്ചു. ക്വിറ്റ് ഇന്ത്യാ സമരം കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ കോൺഗ്രസ്സ് ബ്രിട്ടീഷുകാരുടെ സൃഷ്ടിയാണ് എന്ന തർക്കശാസ്ത്രം പ്രക്ഷേപിച്ചു. യുദ്ധത്തിൻ്റെ തത്വത്തിൽ അവർ എപ്പോഴും വിശ്വസിച്ചു. ഒരിക്കൽ അത് ബ്രിട്ടിഷുകാർക്ക് നേരെയായിരുന്നെങ്കിൽ ഇപ്പോൾ അത് മുസ്ലീങ്ങൾക്കും ഗാന്ധിക്കും നേരെയാണെന്ന് മാത്രം.

സഹസ്രബുദ്ധേയുടെ പ്രഭാഷണങ്ങളുടെ കാതൽ 1942 ലെ ബ്രിട്ടീഷ് ഇൻ്റലിജൻസ് റിപ്പോർട്ടുകളിൽ നിന്നറിയാം. അതിലൊന്ന് ഇങ്ങനെ . ” 1942 മെയ് 4 ന് അദ്ദേഹം (സഹസ്രബുദ്ധേ) സംഘം സമഗ്രാധിപത്യത്തിൻ്റെ തത്വമാണ് പിന്തുടരുതെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ജനാധിപത്യ ഗവണ്മെൻറുകളെ, ഗവണ്മെൻ്റിൻ്റെ അതൃപ്തമായ രൂപം എന്ന് പറഞ്ഞ് അദ്ദേഹം നിരാകരിച്ചു. അതിൻ്റെ ലക്ഷണമൊത്ത മോശം ഉദാഹരണമായി അദ്ദേഹം ഫ്രാൻസിനെ ചൂണ്ടിക്കാണിച്ചു. ജപ്പാനേയും റഷ്യയേയും ജർമ്മനിയേയും ചൂണ്ടിക്കാട്ടി സമഗ്രാധിപത്യത്തെ സ്തുതിച്ചു. ജർമ്മനിയുടെ ഫ്യൂറർ തത്വശാസ്ത്രത്തെ അദ്ദേഹം പ്രത്യേകം പുകഴ്ത്തി. 1942 മെയ് 21ന് റഷ്യയേയും ജർമ്മനിയേയും എടുത്തുകാട്ടി പ്രചാരണത്തിൻ്റെ മൂല്യത്തിലേയ്ക്ക് ശ്രദ്ധ ക്ഷണിച്ചു. ഫ്യൂറർ എന്ന നിലയിൽ മുസ്സോളിനിയുടെ വിജയത്തെ എടുത്തു കാട്ടി വീണ്ടും നേതൃതത്വത്തെ ഉച്ചത്തിൽ പുകഴ്ത്തി

ലിമായേ തന്നെയായിരുന്നു ഹിന്ദു രാഷ്ട്ര ദൾ ക്യാമ്പിൻ്റെ താരം. ക്യാമ്പ് ആരംഭിക്കും മുമ്പേ തന്നെ അംഗങ്ങൾക്കായി ഇറക്കിയ ലഘുലേഖയിൽ ” രാഷ്ട്രീയ സ്വയം സേവക സംഘത്തിൻ്റെ പ്രാന്ത് സംഘ് ചാലക് ആയ കെ ബി ലിമായേ ക്യാമ്പിൽ രണ്ടോ മൂന്നോ ദിവസം ഉണ്ടാകു” മെന്നും ” അദ്ദേഹത്തിൻ്റെ വിലപ്പെട്ട വിചാരങ്ങൾ ശ്രവിക്കാൻ നിങ്ങൾക്ക് അതുവഴി അവസരം ലഭിക്കുമെന്നും ” രേഖപ്പെടുത്തിയിരുന്നു.

പിൽക്കാലത്ത് ഗാന്ധിവധത്തിന് ശേഷം ഹിന്ദു രാഷ്ട്രദളുമായി യാതൊരു ബന്ധവും തങ്ങൾക്ക് ഇല്ലായിരുന്നു എന്ന് പറയാൻ ആർ എസ് എസ് ശ്രമിച്ചിരുന്നു. അവർ പറയുന്നത് 1943 മുതൽ 1945 വരെ ലിമായേ ആർ എസ് എസിൽ നിന്നും വിട്ടു നിന്നിരുന്നു എന്നാണ്. എന്നാൽ ഗാന്ധിയുടെ വധത്തെ തുടർന്ന് നാഗ്പൂരിലെ ആർ എസ് എസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും കണ്ടെടുത്ത കത്തുകളിൽ നിന്നും അത് കളവാണെന്ന് ബോധ്യമായതായി ധീരേന്ദ്ര കെ ഝാ ചൂണ്ടിക്കാട്ടുന്നു. ഒരു ഉദാഹരണം, ആ കത്തുകളിൽ നിന്ന് ലഭിച്ചത്, ആർ എസ് എസിൻ്റെ ഗുരുദക്ഷിണ പരിപാടിയിൽ ഈ വർഷങ്ങളിൽ സാംഗ്ലിയിൽ ഈ പരിപാടിക്ക് നേതൃത്വം വഹിച്ചിരുന്നത് ലിമായേ ആയിരുന്നുവെന്നാണ്. 1937 മുതൽ 1945 വരെ സാംഗ്ലിയിൽ ജീവിച്ച നർഹരി എൻ കിർക്കിറേ എന്ന സ്വയംസേവകൻ്റെ ഓർമ്മക്കുറിപ്പിൽ 1944 ൽ നാട്ടുരാജ്യമായ സാംഗ്ലിയിലെ ഭരണാധികാരിയെ ആർ എസ് എസിൻ്റെ പ്രതിനിധി എന്ന നിലയിൽ ലിമായേ സന്ദർശിക്കുന്നതിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. സാംഗ്ലിയിലെ മറ്റൊരു സ്വയം സേവകനായ പൂജാരിയുടെ ഓർമ്മക്കുറിപ്പിലും 1944 ൽ അടുത്ത നാട്ടുരാജ്യമായ കുറുന്ദ് വാഡിൽ വെച്ച് ലിമായേ സംഘടിപ്പിച്ച ആർ എസ് എസിൻ്റെ ത്രിദിന ശൈത്യ ക്യാമ്പിനെ കുറിച്ച് പറയുന്നുണ്ട്. ” സാംഗ്ലിയിൽ നിന്നും മിറാജിൽ നിന്നും കുറുന്ദ് വാഡിൽ നിന്നും കോൽഹാപ്പൂരിൽ നിന്നും മറ്റ് സമീപപ്രദേശങ്ങളിൽ നിന്നും ഏതാണ്ട് 400 ഓളം സ്വയം സേവകർ ക്യാമ്പിൽ പങ്കെടുത്തു ” പൂജാരി ഓർമ്മിക്കുന്നു. ” ആദ്യ ദിവസം രാത്രിയിൽ ഏതാണ്ട് 11 മണിയായപ്പോൾ കാക്ക (ലിമായേയെ ബഹുമാനപൂർവ്വം അങ്ങനെയാണ് ആർ എസ് എസുകാർ അഭിസംബോധന ചെയ്തിരുന്നത് ) ഞങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കേ, ഒരു സ്വയം സേവകൻ അദ്ദേഹത്തിൻ്റെ അനുമതി വാങ്ങാതെ ശുചിമുറിയിലേയ്ക്ക് പോയി. കാക്ക ഞങ്ങളോട് സംസാരിക്കുന്നത് തുടർന്നു. പക്ഷെ ,ആ സ്വയം സേവകൻ തിരികെ വന്നപ്പോൾ അദ്ദേഹം സംഭാഷണം നിർത്തുകയും ഞങ്ങളോട് സാധനങ്ങൾ എല്ലാം എടുത്തുവെയ്ക്കാനും ഞങ്ങളുടെ കിടക്കകൾ എടുത്ത് മൂന്നു നാഴിക അകലെയുള്ള നർസോബാഡിയിലേയ്ക്ക് മാർച്ച് ചെയ്ത് ക്യാമ്പിലേയ്ക്ക് തിരിച്ചു വരാനും ആജ്ഞാപിക്കുകയുണ്ടായി. അദ്ദേഹം തികഞ്ഞ അച്ചടക്കവാദിയായിരുന്നു. അച്ചടക്കം തെറ്റിക്കുന്ന ഏത് കാര്യത്തിനും കടുത്ത ശിക്ഷ നൽകുന്ന വ്യക്തിയും ആയിരുന്നു. വെളുപ്പിന് 3 മണിയോടനുബന്ധിച്ചാണ് ഞങ്ങൾ തിരിച്ചെത്തി ഉറങ്ങാൻ പോയത് ”

രണ്ടാമത്തെ ഹിന്ദു രാഷ്ട്ര ദൾ ക്യാമ്പിൽ സവർക്കർ പങ്കെടുത്തിരുന്നില്ല. ഇത് ഗോഡ്സേയെ നിരാശനാക്കി. ഗോഡ്സേ സവർക്കർക്ക് എഴുതി. ” നഗറിലെ (അഹ്മദ് നഗറിലെ) ജനങ്ങൾ നഗർ സന്ദർശിക്കില്ല എന്ന താങ്കളുടെ തീരുമാനത്തിൽ കടുത്ത നിരാശയിൽ ആണ് “. ” അത് വിവരിക്കാൻ എനിക്ക് വേണ്ടത്ര വാക്കുകൾ കിട്ടുന്നില്ല. ഹിന്ദു രാഷ്ട്ര ദൾ അതിൻ്റെ പരമോന്നത നേതാവായി കാണുന്നത് താങ്കളെയാണ്. ഞങ്ങളുടെ പരമോന്നത തലവന്  ശിബിരത്തോടനുബന്ധിച്ചു നടത്തുന്ന യുവജനങ്ങളുടെ വാർഷിക സമ്മേളനത്തിൽ പോലും പങ്കെടുക്കാൻ കഴിയില്ലെന്നുള്ള വസ്തുതയിൽ നിന്നുണ്ടായ നൈരാശ്യം സമ്മാനിച്ച മാനസിക വേദനയെ വേണ്ടത്ര വിധത്തിൽ വിവരിക്കാൻ എനിക്കാകില്ല. ”

സവർക്കറുടെ ഇത്തരം തീരുമാനങ്ങൾ, ആപേക്ഷികമായ ചില മാനസിക ആന്ദോളനങ്ങൾ ഗോഡ്സേയിൽ സൃഷ്ടിക്കുന്നുണ്ടെങ്കിലും, അതൊന്നും സവർക്കറോടുള്ള അദ്ദേഹത്തിൻ്റെ സേവന മന: സ്ഥിതിയിൽ തരിമ്പുപോലും മാറ്റം വരുത്തിയിട്ടില്ല. തൻ്റെ അടിമകളോട് യജമാനൻ പെരുമാറും പോലുള്ള രീതികൾ എക്കാലത്തും സവർക്കർ വെച്ചു പുലർത്തിയിരുന്നു. അത്തരം രീതികളെ സവർക്കറുടെ ശിഷ്യർ ശിരസ്സാ ഏറ്റുവാങ്ങിയിട്ടുമുണ്ട്. 1943 മെയ് 29 ന്, അഹ്മദ് നഗർ ക്യാമ്പ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം പൂനെയിലെ ഹിന്ദു രാഷ്ട്ര ദൾ പ്രവർത്തകരുമായി സംസാരിക്കാൻ സവർക്കർ എത്തുമ്പോൾ ഗോഡ്സേയാണ് അദ്ദേഹത്തെ സ്വീകരിക്കുന്നത്.

ബ്രിട്ടീഷ് സേനയിൽ ചേരാൻ ഹിന്ദു യുവാക്കളോട് സവർക്കറുടെ ആഹ്വാനമനുസരിച്ച് 1943 ൽ നാരായൺ ദത്താത്രേയ ആപ്തേ ബ്രിട്ടീഷ്  റോയൽ എയർഫോഴ്സിൽ ചേർന്നു. അമേരിക്കൻ മിഷൻ സ്കൂളിൽ നിന്നും വിട പറയുന്ന സമയത്ത് തൻ്റെ വിദ്യാർത്ഥിനികളിൽ പ്രിയപ്പെട്ടവർക്ക് പൂനെയിലെ വിലാസം ആപ്തേ നൽകിയിരുന്നു. അതിൽ ഒരാൾ മനോരമാ സാൽവി എന്ന ക്രിസ്ത്യൻ പെൺകുട്ടിയായിരുന്നു. പിൽക്കാലത്ത് ആപ്തേയുടേയും മനോരമയുടേയും ജീവിതങ്ങളെ നിർണ്ണായകമായി സ്വാധീനിച്ച ഒന്നായിരുന്നു ആ ബന്ധം.

റോയൽ എയർ ഫോഴ്സിലെ ജോലി യുദ്ധകാലത്ത് താത്ക്കാലികമായി വന്ന ഒഴിവുകളിലേയ്ക്കായിരുന്നത് കൊണ്ടാകാം അധികം വൈകാതെ തന്നെ നാരായൺ ആപ്തേ അതിൽ നിന്നും പുറത്തു വരുന്നുണ്ട്. ജോലി സ്ഥിരപ്പെടുത്താനുള്ള നിർദ്ദേശം വന്നപ്പോൾ നാരായൺ ആപ്തേ അത് നിരാകരിച്ചതാണെന്നും പറയുന്നുണ്ട്. തൻ്റെ സഹോദരൻ മരിച്ചത് കൊണ്ട് കുടുംബപരമായ ചുമതലകൾ നിർവ്വഹിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടാണ് ആപ്തേ വ്യോമസേനയിൽ നിന്ന് വിടുതൽ വാങ്ങിയതെന്ന്  ധീരേന്ദ്ര കെ ഝാ പറയുന്നു എന്തായാലും 1943 അവസാനം ആപ്തേ പൂനെയിലേയ്ക്ക് മടങ്ങിയെത്തി. പൂനെയിൽ, വി സ്കൂളിൽ 1944 തുടക്കത്തിൽ ഗണിതാധ്യാപകനായി ആപ്തേ ചേർന്നു.

ഗോഡ്സേയും ആപ്തേയും തമ്മിലുള്ള ബന്ധം കൂടുതൽ ഗാഢമായി. രണ്ട് ചിത്പാവൻ മനസ്സുകളിലെ ഹിന്ദു രാഷ്ട്രസ്വപ്നത്തിന് അധികമാനം ലഭിക്കുകയായിരുന്നു.  ഒപ്പം ഗുരുസ്ഥാനത്ത് ദാദറിൽ ശിവാജി പാർക്കിനടുത്ത് താമസിക്കുന്ന സവർക്കറും. ഇന്ത്യയുടെ മതേതരവും പരസ്പരധാരണകളിൽ അധിഷ്ഠിതവുമായ മൂല്യബോധത്തിനെ തകർക്കുന്ന ഒരു ത്രിത്വത്തിൻ്റെ രൂപീകരണമായിരുന്നു അത്. ഇന്ത്യാ ചരിത്രം സൃഷ്ടിച്ച ഒരു വിഷമത്രികോണം.

ഈ ത്രിത്വം ആദ്യം ശ്രമിച്ചത് ബ്രാഹ്മണിക രാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടുപോയ ആധുനിക ഉപാധിയായ മാധ്യമരംഗത്ത് ഇടപെടാനാണ്. കേസരിയടക്കമുള്ള നിരവധി പത്രികകൾ മഹാരാഷ്ട ബ്രാഹ്മണരാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നത് നാം കണ്ടു. സവർക്കറുടെ ആശയങ്ങൾക്ക് മുഴക്കം കൊടുത്തതും ഈ ബ്രാഹ്മണ മാധ്യമ പ്രപഞ്ചമാണ്. രാഷ്ട്രീയമായി ഹിന്ദുമഹാസഭ ഇന്ത്യൻ ദൃശ്യതയിൽ നിന്ന് മാഞ്ഞുകൊണ്ടിരിക്കേ, സൈനികവത്ക്കരിക്കപ്പെട്ട ഒരു വിഭാഗം ഹിന്ദുക്കളെ ഉപയോഗിച്ചും അക്രമോത്സുകമായി പൊതു ആശയരംഗം പിടിച്ചെടുത്തുകൊണ്ടും ഹിന്ദുസ്ഥാൻ എന്നത് സാധിതപ്രായമാക്കാം എന്നാണ് ഹിന്ദുമഹാസഭയും അതിനോട് ചേർന്ന് നില്ക്കുന്ന സംഘടനായൂഥവും കരുതിയിരുന്നത്. ഹിന്ദു രാഷ്ട്രദൾ പോലുള്ള ഉൾസംഘടനകൾ ആകട്ടെ ആ ലക്ഷ്യം നേടുന്നതിന് വേണ്ടി തീവ്രവാദപരമായി കരുതി വെച്ചവയായിരുന്നു. അത്തരം ഒരു ഉൾ സംഘടനകളുടേതായ മാധ്യമ പ്രവർത്തനം പേറുന്നതിന് ഒരു ജിഹ്വ ആവശ്യമായിരുന്നു. അതായിരുന്നു ഈ ത്രിത്വം ലക്ഷ്യമിട്ടത്.

രണ്ടാം ലോകയുദ്ധത്തിൻ്റെ കാലം ആയതുകൊണ്ട് ന്യൂസ് പ്രിൻ്റിന് വലിയ ക്ഷാമം നേരിട്ടിരുന്നു. അതുകൊണ്ടു തന്നെ പുതിയൊരു പത്രിക തുടങ്ങുക അക്കാലത്ത് അസാധ്യമായിരുന്നു. പൂനെയിൽ നിന്ന് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നതും പിൽക്കാലത്ത് നിലച്ചതുമായ ഒരു പത്രികയുടെ അവകാശങ്ങൾ കരസ്ഥമാക്കുകയായിരുന്നു അവർ ആദ്യം ചെയ്തത്. അഗ്രണി എന്നായിരുന്നു ആ പത്രികയുടെ പേര്. പത്രിക തുടങ്ങുന്നതിനാവശ്യമായ 15000 രൂപ സവർക്കർ കടമായി തന്നെന്ന് പിൽക്കാലത്ത് ഗോഡ്സേ പറയുന്നുണ്ട്. സവർക്കറുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള  വിഭവസമാഹരണ രീതി, നാം നേരത്തേ കണ്ട പോലെ പിറന്നാളുകളോട് അനുബന്ധിച്ചുള്ള പിരിവെടുപ്പായിരുന്നു. അറുപതാം പിറന്നാളിനോടനുബന്ധിച്ച് രണ്ട് ലക്ഷം രൂപ അങ്ങനെ സവർക്കർക്ക് ലഭിച്ചിരുന്നു.

1944 മാർച്ച് 25 നാണ് അഗ്രണിയുടെ ആദ്യ ലക്കം പുറത്തിറങ്ങിയത്. സവർക്കറുടെ ചിത്രമായിരുന്നു അതിൻ്റെ വ്യാപാര, സാംസ്ക്കാരിക മുദ്ര. ഗോഡ്സേ ആയിരുന്നു പത്രാധിപർ. ആപ്തേ മാനേജരും. 1944 ൽ തന്നെ ഹിന്ദുരാഷ്ട്ര സ്ഥാപനം മുൻ നിർത്തി രണ്ടു പത്രികകൾ കൂടി മഹാരാഷ്ട്രയിൽ നിന്ന് പുറത്തിറങ്ങുകയുണ്ടായി. കെ . ബി. ലിമായേ സാംഗ്ലിയിൽ നിന്ന് പുറത്തിറക്കിയ ‘വിക്ര’ മും നാഗ്പൂരിൽ നിന്നും നർകേസരി സ്മാരക് മണ്ഡൽ ട്രസ്റ്റ് പുറത്തിറക്കിയ ‘ തരുൺ ഭാര’തും. ഗാന്ധി വിരുദ്ധതയായിരുന്നു ഇവയുടെ കാതൽ. അഹിംസ എന്ന ഗാന്ധിയൻ ആദർശത്തെ ഒരു വശത്തു നിന്നും ഹിന്ദു – മുസ്ലീം മൈത്രിയിൽ കേന്ദ്രീകരിച്ചുള്ള ഗാന്ധിയൻ പ്രവർത്തനത്തെ മറ്റൊരു വശത്തു നിന്നും ഇവർ ആവർത്തിച്ചു കൊണ്ടേയിരുന്നു. ” നേരത്തെ ലിമായെയുടെ അച്ചടക്ക നടപടിയെക്കുറിച്ച് തൻ്റെ സ്മരണകളിൽ പരാമർശിച്ച പൂജാരി അഗ്രണിക്കാലത്തേയും ഓർക്കുന്നുണ്ട്. ” ഈ മൂന്ന് പത്രങ്ങൾ അവരുടെ പ്രസിദ്ധീകരണം തുടങ്ങിയ കാലത്ത് ഞാൻ ഹൈസ്കൂളിൽ പഠിക്കുകയായിരുന്നു. ” പൂജാരി ഓർക്കുന്നു. ” സാംഗ്ലിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന വിക്രത്തിന് പുറമേ, ഞങ്ങൾക്ക് അഗ്രണിയും സ്ഥിരമായി കിട്ടാൻ തുടങ്ങി. എന്നെപ്പോലുള്ള സ്വയം സേവകർ അത് വീട് വീടാന്തരം വിതരണം ചെയ്യുകയും അവരെ വരിക്കാരാകാൻ പ്രേരിപ്പിക്കുകയും ചെയ്തു. അത് അക്കാലത്തെ മഹാരാഷ്ട്രയിലെ സാധാരണ സംഗതി ആയിരുന്നു. എൻ്റെ ഓർമ്മയനുസരിച്ച് സാംഗ്ലിയിൽ, 1946ൽ ഞാൻ മെട്രിക്കുലേഷൻ പാസ്സാകുന്ന വരെ  തരുൺ ഭാരത് എത്തിയിരുന്നില്ല. അതിനാൽ ഞങ്ങൾ വിശ്വസിച്ചിരുന്നത്, എല്ലാ പ്രധാന പത്രങ്ങളും കോൺഗ്രസ്സിന് അനുകൂലമായിരിക്കുമ്പോൾ വിക്രം, അഗ്രണി എന്നീ രണ്ടു പത്രങ്ങൾ മാത്രമാണ് ഞങ്ങളുടെ കാഴ്ചപ്പാട് പേറിയിരുന്നത് ‘. ആചാര്യയുടെ ഓർമ്മക്കുറിപ്പിലും അഗ്രണി കടന്നു വരുന്നുണ്ട് .” പൂനെയിലെ യുവാക്കളായ സ്വയം സേവകരെ സംബന്ധിച്ചിടത്തോളം അഗ്രണിയുടെ പ്രസിദ്ധീകരണം ഒരു സവിശേഷ സന്ദർഭം ആയിരുന്നു. നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ് ശാഖകൾ സാധാരണഗതിയിലായൻ്റെ ഉത്സാഹത്തിലായിരുന്നു ഞങ്ങൾ .അതിനാൽ അഗ്രണിയുടെ വിതരണം കുറച്ച് കാലത്തേയ്ക്ക് ഞങ്ങളുടെ പുതിയ ആകർഷണങ്ങളിൽ ഒന്നായിരുന്നു. ”

ആർ എസ് എസ് പ്രവർത്തകർ എങ്ങനെ തങ്ങളുടേതായി അഗ്രണിയെ സ്വീകരിച്ചു എന്ന് ഈ ഓർമ്മക്കുറിപ്പുകൾ തെളിയിക്കുന്നു. ഹിന്ദു രാഷ്ട്ര ദൾ ആകട്ടെ തങ്ങളുടെ സ്വന്തം പത്രമായിട്ടാണ് അഗ്രണിയെ കണ്ടത്.

സവിശേഷമായൊരു കാലമായിരുന്നു അത്. ഇന്ത്യയ്ക്ക് തന്നെ അതിൻ്റെ അധികാരം ബ്രിട്ടീഷുകാർ കൈമാറുമെന്ന് ഏതാണ്ട് ഉറപ്പായി. കോൺഗ്രസ്സും മുസ്ലീം ലീഗും അവരുടെ പ്രശ്നങ്ങൾ പരിഹരിച്ച് ഒന്നിച്ചു നിന്നാൽ മാത്രമേ അധികാരക്കൈമാറ്റം സാധ്യമാകൂ എന്ന നില വന്നു. എന്നാൽ ജിന്നയാകട്ടെ പാകിസ്ഥാൻ വാദത്തിൽ ഉറച്ചു നിൽക്കാൻ തുടങ്ങി. സ്വാതന്ത്ര്യസമരത്തിൽ തരിമ്പു പോലും പങ്കെടുക്കാത്ത ഹിന്ദു സംഘടനകൾ എല്ലാം തന്നെ ഈ സന്ദർഭം മുതലെടുക്കാൻ തീരുമാനിച്ചു. ലീഗുമായും മുസ്ലീം സംഘടനകളുമായും ഒന്നിച്ച് പ്രവിശ്വാഭരണം കൈയ്യാളിയിരുന്ന സവർക്കറും കൂട്ടരും ഈ അവസരത്തെ രാഷ്ട്രീയമായി വിനിയോഗിക്കാൻ ചാടി വീണു. തങ്ങളുടെ ബ്രാഹ്മണരാഷ്ട്രീയത്തിൻ്റെ വംശീയ അളുക്കുകളിലേയ്ക്ക് ആൾക്കൂട്ടത്തെ തിരുകിക്കയറ്റാൻ പറ്റിയ സമയം ആണിതെന്ന് മനസ്സിലായി. ബ്രിട്ടീഷുകാർക്കുള്ളത് ബ്രിട്ടീഷുകാർക്കും അച്ചുതണ്ട് ശക്തികൾക്കുള്ളത് അവർക്കും എന്ന മട്ടിൽ രണ്ടു വഞ്ചിയിൽ കാലിട്ടു നിന്നവർ സ്വതന്ത്രഭാരതത്തിൻ്റെ ഉടമസ്ഥതയ്ക്കുള്ള ഉപായങ്ങൾ തിരഞ്ഞു.

1941 ൽ നടന്ന ദേശീയ സെൻസസിനെ വംശീയമായി ഉപയോഗിക്കാനുള്ള ഒരു അവസരമായി സവർക്കറും ഹിന്ദുമഹാസഭയും വിനിയോഗിച്ചിരുന്നു. അതുവരെ ഹിന്ദുമതം എന്ന സംജ്ഞയ്ക്ക് പുറത്തായിരുന്നു അനാര്യരും ആദിവാസികളും എല്ലാം. ആര്യസമാജക്കാരോടും ലിംഗായത്തുകളോടും ജൈനരോടും സിക്കുകാരോടും സവർക്കർ ഹിന്ദു എന്ന ബൃഹദ് നാമത്തിന് കീഴിൽ അവരവരുടെ നിശ്ചിതസ്വത്വത്തെ നിലനിർത്താൻ അഭ്യർത്ഥന പുറപ്പെടുവിച്ചു. അതായത് കാനേഷുമാരി കണക്കിൽ ആര്യ (ഹിന്ദു ), ലിംഗായത്ത് (ഹിന്ദു ), ജൈന (ഹിന്ദു ), സിക്ക് ( ഹിന്ദു ) എന്നിങ്ങനെ ചേർക്കാനാണ് സവർക്കർ അഭ്യർത്ഥിച്ചത്. ഹിന്ദുമഹാസഭയുടെ പ്രാദേശിക പ്രവർത്തകർ ഇത് ഏറ്റെടുക്കുകയുണ്ടായി. കോൺഗ്രസ്സും മറ്റും ബ്രിട്ടീഷുകാരോട് നിസ്സഹകരിച്ചു നിൽക്കുന്ന സമയം ആയത് കൊണ്ട് ഹിന്ദുമഹാസഭയ്ക്ക് തങ്ങളുടെ വംശീയ പദ്ധതി സെൻസസിൽ ഒരു പരിധി വരെ ഉൾക്കൊള്ളിക്കാനായി. ശ്യാമപ്രസാദ് മുഖർജിയുടെ ഡയറിക്കുറിപ്പ് ആ പ്രവർത്തനത്തിൻ്റെ രീതി വെളിപ്പെടുത്തുന്നുണ്ട്.

” ഹിന്ദു സമുദായത്തിന് പുറത്ത് തങ്ങളെ പരിഗണിക്കണമെന്ന പട്ടികജാതിക്കാരിൽ വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന പ്രവണത പരിശോധിക്കണമെന്ന് ഞങ്ങൾ കരുതി. ജാതി ഹിന്ദുക്കളോടുള്ള അവരുടെ എതിർപ്പ്, ജാതി ഹിന്ദുക്കൾ അവരുടെ പുരോഗതിക്ക് എതിരാണ് തുടങ്ങിയ രാഷ്ട്രീയമായ വിശ്വാസങ്ങൾ മൂലമാണ്, പോഷിപ്പിക്കപ്പെട്ടിരുന്നത്. ഞങ്ങൾ കരുതി, ഹിന്ദു ഐക്യമാണ് വളരേണ്ടത്. ജാതി മുൻവിധികൾ ഇല്ലാതാക്കണമെന്ന് ഞങ്ങൾ വിചാരിച്ചു. അതു കൊണ്ടു തന്നെ സെൻസർ പട്ടികയിൽ ഞങ്ങളുടെ ജാതി അടയാളപ്പെടുത്തുന്നില്ല, മറിച്ച് ഹിന്ദു എന്നു മാത്രമാണ്  ഞങ്ങൾ ഞങ്ങളെ വിളിക്കുന്നത് എന്ന് അടയാളപ്പെടുത്താൻ പോകുന്നു. പട്ടികജാതി വിഭാഗത്തിലെ ഒരു വിഭാഗം അതിനെ ശാന്തമായി എതിർത്തു. എങ്കിലും ഞങ്ങളുടെ പ്രചരണത്തിന് വലിയ വിദ്യാഭ്യാസ മൂല്യമുണ്ടായി. മുഴുവൻ ഹിന്ദുക്കളേയും സെൻസസിൽ സജീവമായി താത്പര്യം ജനിപ്പിക്കാൻ മാത്രമല്ല, അവരെ കഴിയുന്നത്ര ഐക്യപ്പെടുത്താനും ഞങ്ങൾക്ക് കഴിഞ്ഞു. ” ഇങ്ങനെ യഥാർത്ഥത്തിൽ ദളിത് രാഷ്ട്രീയത്തെ ബ്രാഹ്മണ രാഷ്ടീയം കൊണ്ട് പുതപ്പിക്കുന്ന ഒരു ഉപായം കൊണ്ടാണ് ബംഗാളിൽ ആ സെൻസസിൽ ഹിന്ദു ജനസംഖ്യ ഉയർത്താൻ ശ്രമിച്ചത്. മഹാസഭയുടെ ഈ തന്ത്രം തിരിച്ചറിഞ്ഞ് ബംഗാളിൽ മുസ്ലീങ്ങളെ ന്യൂനപക്ഷമാക്കാനുള്ള പൈശാചിക നീക്കമാണ് മഹാസഭ നടത്തുന്നതെന്ന് ഫസ് ലുൾ ഹക്ക് ആരോപിക്കുകയുണ്ടായി. പിൽക്കാലത്ത് സെൻസസ് റിപ്പോർട്ട് ഇറങ്ങിയപ്പോൾ ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ മതങ്ങളിലൊന്നും ഉൾപ്പെടാത്ത ആദിവാസികളെ ഹിന്ദുമതത്തിൽ ചേർത്തതിനെപ്പറ്റിയുള്ള വിമർശനം ആ റിപ്പോർട്ടിൽ തന്നെ കാണാൻ കഴിയും.

ആർ എസ് എസ് അതിൻ്റെ കേഡർമാരെ ഗവണ്മെൻറിൻ്റെ വിവിധ വിഭാഗങ്ങളിലേയ്ക്ക് കയറ്റിവിടുന്നതിനെക്കുറിച്ച് ബ്രിട്ടീഷ് അധികൃതർ തന്നെ ബോധവാന്മാരായിരുന്നു. 1943 നവംബർ 30 ലെ ഒരു ഇൻ്റലിജൻസ് റിപ്പോർട്ട് ഇങ്ങനെ പറയുന്നു. ” ഗവണ്മെൻ്റ് ഉദ്യോഗങ്ങളിലും സായുധസേനകളിലും സംഘത്തിൻ്റെ ആളുകൾ നിലനിൽക്കുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു ( തെളിവ് ശേഖരിക്കാത്തതിനാൽ ഇതേക്കുറിച്ചുള്ള ആദ്യ റിപ്പോർട്ട് ഒഴിവാക്കിയിരിക്കുന്നു). സെൻട്രൽ പ്രോവിൻസസിൽ, ചില സുരക്ഷാകേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം ആളുകൾ സംഘത്തിൻ്റെ അംഗങ്ങളാണെന്ന് അവർ അവകാശപ്പെടുന്നുണ്ട്. ”

ഇങ്ങനെ പിൻവാതിലിലൂടെ അധികാരം കൈപ്പറ്റാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കാലത്താണ് അഗ്രണിയുടെ പ്രസിദ്ധീകരണം. സവർക്കർ ഹിന്ദുമഹാസഭാ പ്രസിഡണ്ട് സ്ഥാനം ഒഴിയുന്നതും ഇക്കാലത്താണ്. ശ്യാമപ്രസാദ് മുഖർജിയാണ് പുതിയ പ്രസിഡണ്ടായി സ്ഥാനമേറ്റത്.

അഹ്മദ് നഗറിൽ ആപ്തേയുടെ വിദ്യാർത്ഥിനിയായിരുന്ന മനോരമാ സാൽവി ഇതിനിടെ ബോംബെയിലെ വിൽസൺ കോളേജിൽ ഉപരി പഠനത്തിന് ചേർന്നിരുന്നു. ഡോ. ദൗലത്ത് റാവു സാൽവിയുടെ മകൾ ആയിരുന്നു മനോരമ. ആപ്തേയുടെ പ്രസരിപ്പാർന്ന വ്യക്തിത്വം മനോരമയെ ആകർഷിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ഹിന്ദുത്വരാഷ്ട്രീയത്തെക്കുറിച്ചൊന്നും ആ ക്രിസ്ത്യൻ യുവതിക്ക് വലിയ പിടിപാട് ഉണ്ടായിരുന്നില്ലെന്ന് വേണം കരുതാൻ. ബോംബെയിൽ ഗംദേവിയിലെ അലക്സാണ്ട്രാ റോഡിൽ പണ്ഡിത രമാബായ് ഗേൾസ് ഹോസ്റ്റലിൽ ആണ് മനോരമ താമസിച്ചിരുന്നത്. റോയൽ എയർഫോഴ്സിൽ ചേരാനായി അമേരിക്കൻ സ്കൂൾ വിട്ടതിന് ശേഷം ആപ്തേയും മനോരമയും തമ്മിൽ കത്തിടപാടുകൾ നടത്തിയിരുന്നു

1944 ജൂലൈ മാസത്തിൽ പണ്ഡിത രമാബായ് ഹോസ്റ്റലിലേയ്ക്ക് ആപ്തേ കയറിച്ചെന്നു. മനോരമയേയും രണ്ട് കൂട്ടുകാരികളേയും കൂട്ടി റോക്സി സിനിമയിൽ പോയി മാറ്റിനി ഷോ കണ്ടു. അതിന് ശേഷം ചൗപ്പാത്തി ബീച്ചിൽ ചുറ്റിക്കറങ്ങി. ഇരുട്ടും മുമ്പേ അവരെ ഹോസ്റ്റലിലാക്കി ആപ്തേ മടങ്ങി. അതൊരു തുടക്കമായിരുന്നു. അടുത്ത ആഴ്ചയും ആപ്തേ ഹോസ്റ്റലിൽ എത്തി. സിനിമയുടെ രാത്രിയിലെ ഷോ കാണാൻ മനോരമയെ ക്ഷണിച്ചു. അതിന് ശേഷമുള്ള അത്താഴവും ആപ്തേ വാഗ്ദാനം ചെയ്തു.

നാലു വർഷങ്ങൾക്ക് ശേഷം നടന്ന വിചാരണാവേളയിൽ മനോരമ ഓർമ്മിക്കുകയുണ്ടായി. ആ ക്ഷണം അവൾ പ്രതീക്ഷിച്ചതായിരുന്നു. അതിനാൽ അതിശയം ഒന്നും അവൾക്ക് തോന്നിയില്ല. അവൾ അത്, പക്ഷേ നിരാകരിച്ചു. എന്നാൽ പിറ്റേ ദിവസം ഉച്ചഭക്ഷണം കഴിക്കാമെന്ന് സമ്മതിക്കുകയുണ്ടായി. സാൻഡ് ഹേഴ്സ്റ്റ് റോഡിൽ ഉച്ചഭക്ഷണം കഴിഞ്ഞ് കുറേനേരം കൂടി അവർ ചെലവഴിച്ചു. വൈകീട്ടുള്ള ഡെക്കാൻ ക്വീൻ തീവണ്ടിയിൽ ആപ്തേ പൂനെയ്ക്ക് മടങ്ങും വരെ. വിക്ടോറിയ ടെർമിനസ്സിൽ നിന്ന് ട്രാമിൽ മനോരമയും മടങ്ങി.

പിന്നീട് നിരന്തരമായി ഇത് ആവർത്തിച്ചു തുടങ്ങി. ഹോസ്റ്റൽ വാർഡൻ ആയിരുന്ന ഡോ. മിസ്സ് ഹെവാറ്റ് ആപ്തേയുടെ വരവ് ഡോ.ദൗലത്ത് റാവുവിനെ അറിയിച്ചതായും അദ്ദേഹം ആപ്തേയിൽ നിന്ന് അകന്നുനിൽക്കാൻ തന്നെ നിർബന്ധിച്ചതായും മനോരമ പോലീസിന് കൊടുത്ത  മൊഴിയിൽ പറയുന്നുണ്ട്. അതിനാൽ പൂനെയിൽ നിന്ന് ഹോസ്റ്റലിലേയ്ക്ക് ആപ്തേ കത്തുകൾ എഴുതിയിരുന്നത് നിർമ്മല എന്ന പേരിൽ ആണ്. 1944 ഒക്ടോബറിൽ അവധിക്കാലത്ത് സൈഗോണിലുള്ള പിതാവിൻ്റെ അടുത്തേയ്ക്ക് മനോരമ മടങ്ങിയപ്പോൾ അവിടേയ്ക്കും “നിർമ്മല ” കത്തുകൾ എഴുതിയിരുന്നു. നവംബറിൽ മനോരമ തിരിച്ചെത്തിയപ്പോഴേയ്ക്കും ആ പ്രേമബന്ധം സുദൃഢമായിരുന്നു. സാൻഡ് ഹേഴ്സ്റ്റ് റോഡിൽ ആര്യ പ്രതീക് ആശ്രം എന്ന ഹോട്ടലിലായിരുന്നു ബോംബെ സന്ദർശനത്തിൽ ആപ്തേ സാധാരണ തങ്ങാറുള്ളത്. മനോരമ അത്തരം ഒരു ദിവസത്തിൽ അവിടെ പോയി ആപ്തേയെ കണ്ടു. അന്ന് രാത്രി ഗുജറാത്ത് നിവാസിൽ അവർ ഒന്നിച്ചു ചെലവഴിച്ചു. രാവിലെ മനോരമ ഹോസ്റ്റലിലേയ്ക്ക് മടങ്ങി.

പതിനാറ് വയസ്സുകാരിയായിരുന്നു മനോരമ. ആപ്തേ വിവാഹിതനാണ് എന്ന് മനോരമ അറിഞ്ഞിരുന്നില്ല എന്നാണ് വിചാരണ റിപ്പോർട്ടുകളിൽ നിന്ന് നമുക്ക് അറിയാൻ കഴിയുന്നത്. എന്തായാലും എല്ലാ ആഴ്ചകളിലും അവർ രാത്രികൾ ഒന്നിച്ചു ചെലവഴിച്ചു. ആ രാത്രിസത്രങ്ങളിലൊക്കെത്തന്നെ രജിസ്റ്ററിൽ മിസ്സിസ്സ് ആൻ്റ് മിസ്റ്റർ ആപ്തേ എന്നാണ് രേഖപ്പെടുത്തിയത്. ഓരോ വരവിലും ആപ്തേ അഗ്രണിയുടെ കോപ്പി മനോരമയ്ക്ക് നൽകുമായിരുന്നു. താൻ ഒരിക്കലും അതിൻ്റെ ഉള്ളടക്കത്തോട് യോജിച്ചിരുന്നില്ല എന്ന് മനോരമ മൊഴിയിൽ രേഖപ്പെടുത്തി. ഒരിക്കൽ മനോരമ പൂനെയിൽ വരികയുണ്ടായി. അന്ന് അവർ താമസിച്ച ഹോട്ടലിൽ സവർക്കറും തങ്ങിയിരുന്നു. മനോരമയ്ക്ക് സവർക്കറെ ഇഷ്ടപ്പെട്ടില്ല. ഒരു പക്ഷെ, അദ്ദേഹം തുപ്പുന്ന വർഗ്ഗീയതകൊണ്ടാകാം. മനോരമയുടെ കുടുംബം ഗാന്ധിയോട് ആഭിമുഖ്യം പുലർത്തുന്നവർ ആയിരുന്നു. സവർക്കറുടെ വർഗ്ഗീയതയെപ്പറ്റി മനോരമ ഒരിക്കൽ ആപ്തേയ്ക്ക് വിമർശന പൂർവ്വം എഴുതി. മറുപടിക്കത്തിൽ ആപ്തേ തൻ്റെ കോപം രേഖപ്പെടുത്താൻ മറന്നില്ല.

ഗോഡ്സേയേയും മനോരമ ഒരിക്കൽ കണ്ടിട്ടുണ്ട്. കാഴ്ചയിൽ ഗോഡ്സേയോടും അകാരണമായ ഒരു ഇഷ്ടമില്ലായ്മ തോന്നിയതായി മനോരമ മൊഴി കൊടുത്തിട്ടുണ്ട്. ഒരു പക്ഷെ, താൻ വെറുത്തിരുന്ന ഒരു പത്രത്തിൻ്റെ ‘അധിപൻ ‘ ഗോഡ്സേ ആയതുകൊണ്ടാകാം .

പിൽക്കാലത്ത് ഹിന്ദുത്വ സംഘടനകൾ ഇന്ത്യയിൽ പ്രശസ്തമാക്കിയ പദമാണ് ലവ് ജിഹാദ്. കോടതികൾ തള്ളിക്കളഞ്ഞിട്ടും മുസ്ലീങ്ങൾക്കെതിരെയുള്ള അവരുടെ വെറുപ്പിനെ സമൂഹത്തിൻ്റെ പൊതുബോധമാക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ള ഒരു വ്യാജസങ്കല്പനമാണിത്. ചരിത്രത്തിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോൾ അതേ ന്യായം വെച്ച് ആപ്തേയുടേത് ഒരു ഹിന്ദു ലവ് ജിഹാദാണെന്ന് പറയാം. കാരണം, ഗാന്ധി വധക്കേസിൽ, വ്യാജവസ്തുത ചമച്ച്, അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിക്കാൻ ആപ്തേ ഉപയോഗിച്ചത് മനോരമ സാൽവിയെ ആണ്.

ഹിന്ദുത്വത്തിൻ്റെ ശൈലിയെ അക്രമാസക്തവും സ്ഫോടനാത്മകവും സത്യാനന്തരവുമാക്കുന്നതിൽ നാഥുറാം ഗോഡ്സേ എന്ന പത്രാധിപർ വഹിച്ച പങ്ക് വളരെ വലുതാണ്. സവർക്കറുടെ ലേഖനങ്ങളിലെ ചരിത്രപ്പൊരുത്തമില്ലായ്മയെ രണ്ട് തരത്തിലാണ് അദ്ദേഹം പരിഹരിച്ചത്. മോറോപാന്ത് മുതലായ കവികളെ ചെറുപ്പത്തിൽ അഭ്യസിച്ചിരുന്നത് കൊണ്ട് കാവ്യമയം എന്ന് തോന്നിപ്പിക്കുന്ന ശൈലിയുടെ ചിതറിയിടൽ ആയിരുന്നു അതിലൊന്ന്. അഹോ, ഭാരത വർഷമേ എന്ന മട്ടിലുള്ള ശൈലി സവർക്കറിൽ ധാരാളം കാണാം. പ്രത്യേകിച്ചും താൻ പറയുന്ന കാര്യങ്ങൾക്ക് വ്യാജഗൗരവം വരുത്തുന്നതിനാണ് സവർക്കർ ആ ശൈലി ഉപയോഗിച്ചിരുന്നത്. ഹിന്ദുത്വ, 1857 ലെ സ്വാതന്ത്ര്യ യുദ്ധം, ഹിന്ദു രാഷ്ട്ര ദർശൻ തുടങ്ങി അവസാന ഗ്രന്ഥമായ ” ഇന്ത്യൻ ചരിത്രത്തിലെ ആറ് സുവർണ്ണാദ്ധ്യായങ്ങൾ ” വരെയുള്ളവയിൽ ഈ ശൈലി ധാരാളമായി കാണാൻ കഴിയും. ദൈനം ദിന രാഷ്ട്രീയം കൈകാര്യം ചെയ്യുമ്പോൾ രോഷവും പരിഹാസവും കലർന്ന, അപര ബഹുമാനം തെല്ലുമില്ലാത്ത ശൈലി ആയിരുന്നു സവർക്കർ ഉപയോഗിച്ചിരുന്നത് – മോത്തിലാൽ നെഹ്റുവിനോട് മുസ്ലീം പ്രീണനത്തിൻ്റെ പേരിൽ മോത്തി മിയാൻ എന്ന് പേര് മാറ്റിക്കൂടേ എന്ന് ചോദിക്കും വിധം. പകുതി മുസ്ലീം വേഷവും പകുതി ഹിന്ദു വേഷവും ധരിക്കൂ എന്ന് പരിഹസിക്കും വിധം. ആഫത്ത് ഔർ ഖിലാഫത്ത് എന്ന മട്ടിൽ എതിർ ശബ്ദങ്ങളെ ചേർത്ത് വെച്ച് താളമുണ്ടാക്കുന്ന ഒരു ശൈലിയും സവർക്കർ ആർജ്ജിച്ചിരുന്നു.

ചീത്തക്കവിത പോലും ഗോഡ്സേയ്ക്ക് അന്യമായതുകൊണ്ട്  സവർക്കറുടെ രണ്ടാം ശൈലിയാണ് ഗോഡ്സേ ഉപയോഗിച്ചിരുന്നത്. ” ഗാന്ധി, പോയി സ്വയം ചത്തു കൂടേ ” എന്നതായിരുന്നു അഗ്രണിയുടെ ഒരു പ്രധാന  തലക്കെട്ട് എന്നറിഞ്ഞാൽ അത് അനുവർത്തിച്ചു വന്നിരുന്ന ശൈലിയെക്കുറിച്ച് ഏതാണ്ട് ബോധ്യം വരും. 1946 നവംബർ മുതൽ 1947 മാർച്ച് വരെ നവഖാലിയിലും ബീഹാറിലും രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഗാന്ധി നടത്തിയ ഐതിഹാസികമായ മാർച്ചിനെപ്പറ്റി 1947 ഏപ്രിൽ 12 ന്  അഗ്രണി പ്രസിദ്ധീകരിച്ച തലക്കെട്ട് ഇതായിരുന്നു. ” അഹിംസയുടെ വക്താവിൻ്റെ രക്തദാഹം ശമിച്ചിട്ടില്ല”. ഹിന്ദുക്കളുടെ രക്തച്ചൊരിച്ചിൽ ഗാന്ധിയെ സംതൃപ്തിപ്പെടുത്തിയിട്ടില്ലെന്നും കൂടുതൽ ഹിന്ദുക്കളുടെ രക്തച്ചൊരിച്ചിലും കൊലപാതകവും ഗാന്ധി ആഗ്രഹിക്കുന്നുവെന്നുമുള്ള സത്യാനന്തര ശൈലി അടിമുതൽ മുടി വരെ അഗ്രണി പിൻ തുടർന്നു. അക്കാലത്ത് ഇന്ത്യയിലെ മറ്റ് സംഘടനാ ജിഹ്വകളോ, പ്രത്യയശാസ്ത്ര പ്രചരണ പത്രികകളോ ഉപയോഗിക്കാത്ത തരം ശൈലിയായിരുന്നു അത്.

അഗ്രണിയിൽ എഴുതാതെ സവർക്കർ മാറി നിന്നു. ഗാന്ധി വധത്തിൽ സവർക്കർ കൊടുത്ത പ്രസ്താവനയിൽ ഇക്കാര്യം പ്രത്യേകം പരാമർശിക്കുന്നുണ്ടെന്നിരിക്കേ, അത് ബോധപൂർവ്വം സവർക്കർ എടുത്ത ഒരു തീരുമാനമായി കണക്കാക്കാവുന്നതാണ്. അതേ സമയം അഗ്രണിയുടെ പ്രസിദ്ധീകരണം തടസ്സപ്പെടാതെ മുന്നോട്ടു പോകാൻ ഏറ്റവും കൂടുതൽ മുൻകൈ എടുത്ത നേതാവ് സവർക്കർ ആണെന്ന് കാണാം. 1946 ഒക്ടോബർ 10 ന് ആപ്തേ എഴുതിയ കത്തിൽ അഗ്രണിയുടെ വരിക്കാരായി തീരാൻ ജനങ്ങളോട് അഭ്യർത്ഥിച്ചതിൽ അതിൻ്റെ മാനേജർ എന്ന നിലയിൽ സവർക്കറോട് നന്ദി പറയുന്നുണ്ട്. മാത്രമല്ല, അഗ്രണിയുടെ കണക്കുകൾ കൃത്യമായി വെയ്ക്കാനും അതിൻ്റെ ഉടമസ്ഥാവകാശം ഗോഡ്സേയിലും ആപ്തേയിലും മാത്രം നിക്ഷിപ്തമാക്കാനും ഉപദേശിക്കുന്നുണ്ട്. അതുപോലെ തന്നെ അസ്സോസിയേറ്റഡ് പ്രസ്സ് എന്ന അന്താരാഷ്ട്ര വാർത്താ ഏജൻസി സവർക്കറുടെ ഉദ്ധരിച്ചത് ശരിയല്ലെന്ന് കാണിച്ച് അവരെ ആക്രമിക്കാൻ സവർക്കറുടെ സെക്രട്ടറിയായ ജി വി ഡാംലേ ഗോഡ്സേയ്ക്ക് എഴുതുന്നുണ്ട്. അതായത് പത്രം നടത്തിപ്പിൻ്റെ എല്ലാ കാര്യങ്ങളിലും അത് സാമ്പത്തികമായാലും വ്യാപനത്തെ സംബന്ധിച്ചായാലും ഉള്ളടക്കത്തെക്കുറിച്ചായാലും അഗ്രണിയെ കുറിച്ചുള്ള കാര്യങ്ങളിൽ സവർക്കർ  നിരന്തരം ഇടപെടുന്നതായി കാണാം. സ്വന്തം ഉടമസ്ഥതയിൽ ഉള്ള പത്രം പോലെ.

***

 

Comments

comments