43. ഏക് ലേ ചലോരേ
…………………………….

ബംഗാളിലെ കേത്തൂരിൽ നിന്നും അടുത്ത ലക്ഷ്യമായ പണിയാലയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ മനുവിന് പഴയൊരു രാംധുൻ ഓർമ്മ വന്നു. ചെറുതായിരിക്കുമ്പോൾ തൻ്റെ ജന്മനഗരിയായ  പോർബന്തറിലെ ഏതോ വൈഷ്ണവക്ഷേത്രത്തിൽ പാടിക്കേട്ടത്. 1947 ജനുവരി 23 ൻ്റെ പ്രഭാതത്തിൽ ഓർമ്മയുടെ മണ്ണടരുകളെ തുളച്ച് അത് അവളുടെ നാവിലെത്തി.

“രഘുപതി രാഘവ രാജാറാം
പതീത പാവൻ സീതാറാം
ഈശ്വർ അള്ളാ തേരേ നാം
സബ്കോ സന്മതി തേ ഭഗവാൻ ”

ഗാന്ധി അത് കേട്ടു. മനുഷ്യരും മനുഷ്യരും ചേരിതിരിഞ്ഞ് പരസ്പരം ചോരയൊഴുക്കിയിട്ടും തീരാത്ത പക കെട്ടിനില്ക്കുന്ന ആ അന്തരീക്ഷത്തിൽ ആ രാംധുൻ എന്തോ സമകാലികമായി ചെയ്യുന്നുണ്ടെന്ന് അദ്ദേഹത്തിന് തോന്നി. പിന്നീട് അദ്ദേഹത്തിൻ്റെ പ്രാർത്ഥനായോഗങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ആലാപനമായി ഈ രാംധുൻ മാറി. ” സവർക്കറുടെ മക്കൾ ” എന്ന് വിളിക്കാവുന്ന ബ്രാഹ്മണ വംശീയ വാദികൾ പിൽക്കാലത്ത് പറഞ്ഞുണ്ടാക്കാൻ ശ്രമിച്ചത് രാമനാമത്തിൽ അള്ളായുടെ നാമം ഗാന്ധി ഉരുക്കിപ്പിടിപ്പിച്ചതാണെന്നാണ്. പ്രാണാമി വൈഷ്ണവർ അവരുടെ ജീവിതത്തിലെവിടെയോ വെച്ച് ആർജ്ജിച്ച സാംസ്കാരിക വിവേകമാണിത് എന്ന് സമ്മതിച്ചാൽ ഹിന്ദുത്വ ചരിത്രത്തിൻ്റെ ചീട്ടുകൊട്ടാരം തകരുമായിരുന്നു. അതുകൊണ്ടാണ് പാലു പിരിക്കും പോലെ ഭാഷയേയും സംസ്ക്കാരത്തേയും ചരിത്രത്തേയും അവർ വേർതിരിച്ചുകൊണ്ടിരുന്നത്. ഹിന്ദിയിൽ നിന്ന് ഉർദു, കെട്ടിടങ്ങളിൽ നിന്ന് താഴികക്കുടങ്ങൾ, ഭക്ഷണത്തിൽ നിന്ന് മാംസം, എല്ലാം അവർ പെറുക്കിക്കളഞ്ഞുകൊണ്ടേയിരുന്നു. മൈത്രിയുടേയും കൂടിക്കുഴയലിൻ്റേയും മാനുഷിക ഇടങ്ങൾ അവരെ ഭയപ്പെടുത്തിക്കൊണ്ടേയിരുന്നു.

ഗാന്ധി നവഖലിയിൽ പദയാത്രയിലായിരുന്നു. ചെരിപ്പിടാതെ. കഴിയുന്നതിൽ വെച്ച് ഏറ്റവും എളിയ ഭക്ഷണം കഴിച്ച്,  ജനപദങ്ങളിൽ നിന്ന് ജനപദങ്ങളിലേയ്ക്ക് മൈത്രി ഉറപ്പിക്കാൻ അദ്ദേഹം നടന്നു.

ക്വിറ്റ് ഇന്ത്യാ പ്രഖ്യാപനത്തെ തുടർന്ന് അറസ്റ്റിലായിരുന്ന ഗാന്ധി 1944 മെയ് 6 ന് ജയിൽ വിമോചിതനായി. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് താമസിപ്പിച്ചിരുന്ന ആഗഖാൻ കൊട്ടാരത്തിൽ നിന്ന് ഗാന്ധി പുറത്തു വരുന്നത് രണ്ട് അപരിഹാര്യ നഷ്ടങ്ങൾ പേറിയായിരുന്നു. തൻ്റെ പരീക്ഷണങ്ങളിലെല്ലാം സഹചരയായിരുന്ന കസ്തൂർബായും മകനെപ്പോലെ കരുതിയിരുന്ന സെക്രട്ടറി മഹാദേവ് ദേശായിയും ഗാന്ധിയെ വിട്ട് പിരിഞ്ഞിരുന്നു.

യുദ്ധം അവസാനിച്ചിരുന്നു. അച്ചുതണ്ട് ശക്തികൾ പൂർണ്ണമായും കീഴടങ്ങിയിരുന്നു. ഹിറ്റ്ലർ ആത്മഹത്യയിലൂടെ അവസാനിച്ചു. സഖ്യകക്ഷികൾ വിജയിച്ചെങ്കിലും സാമ്രാജ്യത്ത ശക്തി എന്ന നിലയിൽ ബ്രിട്ടൻ്റെ പദവി അസ്തമിക്കാൻ തുടങ്ങിയിരുന്നു. ഇന്ത്യ സ്വതന്ത്രമാകും എന്ന നില വന്നു. സ്വാതന്ത്ര്യത്തിലേയ്ക്കുള്ള ഇന്ത്യയുടെ യാത്രയിൽ ഏറ്റവും വലിയ തടസ്സമായി ഈ അവസരത്തിൽ മുന്നോട്ടുവന്നത് ജിന്നയും അദ്ദേഹത്തിൻ്റെ മുസ്ലീം ലീഗുമാണെന്ന് നമ്മൾ കണ്ടു. ക്വിറ്റ് ഇന്ത്യാ സമരത്തിന് മുമ്പുതന്നെ ജിന്നയോട് സഹകരണത്തിന് ഗാന്ധി അഭ്യർത്ഥിച്ചിരുന്നു. മുഴുവൻ ഇന്ത്യയ്ക്കും വേണ്ടി ബ്രിട്ടീഷുകാർ അധികാരം മുസ്ലീംലീഗിന് കൈമാറുന്നത് പോലും, പാകിസ്ഥാൻ വാദത്തിൽ നിന്നും പിന്മാറിയാൽ, തനിക്ക് സമ്മതമാണ് എന്ന് ഗാന്ധി ജിന്നയെ ഒരു പൊതു സുഹൃത്തായ മെക്ക്ലായ് വഴി അറിയിച്ചിരുന്നു. മുസ്ലീംലീഗിന് അവർക്ക് അനുയോജ്യമായ മന്ത്രിസഭ ഉണ്ടാക്കാമെന്നും അവർ ആവശ്യപ്പെടുകയാണെങ്കിൽ കോൺഗ്രസ്സ് ആ മന്ത്രിസഭയിൽ ചേരാൻ തയ്യാറാണെന്നും കൂടി ഗാന്ധി അറിയിച്ചു. വിഭജനം എന്ത് വിലകൊടുത്തും തടയണം എന്ന നിലപാടാണ് ഗാന്ധി സ്വാതന്ത്ര്യത്തെപ്പറ്റിയും അധികാരക്കൈമാറ്റത്തെ കുറിച്ചുമുള്ള ചർച്ചകൾക്ക് മുമ്പുതന്നെ സ്വീകരിച്ചിരുന്നത് എന്ന് ഇത് കാണിക്കുന്നു.

എന്നാൽ ജിന്ന ഇതിനെ നേരായ രീതിയിൽ അല്ല എടുത്തത്. ഗാന്ധിക്ക് പുറത്തുവരാനായി മുസ്ലീംലീഗിനെയും ബ്രിട്ടീഷുകാരേയും തമ്മിലടിപ്പിക്കാനുള്ള തന്ത്രമാണ് ഗാന്ധി മെനയുന്നതെന്നായിരുന്നു ജിന്ന പ്രതികരിച്ചത്. വിഭജനത്തെ തടയാൻ രണ്ടാമത് ഒരു നീക്കം ഉണ്ടായത് സി.രാജഗോപാലാചാരിയിൽ നിന്നാണ്. രാജാജി ക്വിറ്റ് ഇന്ത്യാ സമരത്തെ അംഗീകരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തടവിലും ആയിരുന്നില്ല. ഗാന്ധി, ആഗഖാൻ കൊട്ടാരത്തിൽ തടവിൽ കിടക്കുന്ന കാലത്ത് അദ്ദേഹത്തെ സന്ദർശിച്ചാണ് രാജാജി തൻ്റെ പദ്ധതി അവതരിപ്പിച്ചത്. രാജാജി ഫോർമുല എന്നറിയപ്പെടുന്ന ആ പദ്ധതിയുടെ പ്രധാനപ്പെട്ട ഉള്ളടക്കനാരുകൾ താഴെപ്പറയുന്നവയായിരുന്നു.

1. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ആവശ്യം മുസ്ലീംലീഗ് അംഗീകരിക്കുകയും കൈമാറ്റത്തിൻ്റെ കാലഘട്ടത്തിൽ താത്ക്കാലികമായ ഇടക്കാല ഗവണ്മെൻറ് രൂപീകരിക്കുന്നതിനായി  കോൺഗ്രസ്സിനോട്  സഹകരിക്കുകയും ചെയ്യുക.
2. യുദ്ധത്തിന് ശേഷം വടക്കുപടിഞ്ഞാറും വടക്കുകിഴക്കുമുള്ള മുസ്ലീങ്ങൾക്ക് വൻഭൂരിപക്ഷമുള്ള അയൽ ജില്ലകളെ പ്രത്യേകമായി തടയാളപ്പെടുത്താൻ ഒരു കമ്മീഷനെ നിയമിക്കുന്നതിനോട് കോൺഗ്രസ്സ് സമ്മതം അറിയിക്കുക.
3. ഇന്ത്യയിൽ നിന്നുള്ള വിടുതൽ തീരുമാനിക്കുന്നത് പ്രസ്തുത അടയാപ്പെടുത്തലിൽ പെട്ട ജില്ലകളിലെ ജനങ്ങൾക്കിടയിൽ പ്രായപൂർത്തി വോട്ടവകാശമോ മറ്റേതെങ്കിലും മാനദണ്ഡമോ വഴി നടത്തുന്ന ഹിതപരിശോധന വഴിയാകണം . ഇന്ത്യയിൽ നിന്നും വിട്ട് ഒരു പരമാധികാര രാഷ്ട്രം സ്ഥാപിക്കുന്നതിനാണ് ഭൂരിപക്ഷം കിട്ടുന്നതെങ്കിൽ അതനുസരിച്ച് തീരുമാനമെടുക്കണം
4. വേർപെടൽ സംഭവിക്കുന്ന പക്ഷം പ്രതിരോധം, വാണിജ്യം, വാർത്താവിനിമയം തുടങ്ങിയ അവശ്യസംഗതികളിൽ അവയുടെ സുരക്ഷയ്ക്ക് വേണ്ടി പൊതു കരാറുകളിൽ ഏർപ്പെടുത്തേണ്ടതാണ്
5. ബ്രിട്ടീഷുകാർ ഇന്ത്യക്കാർക്ക് പൂർണ്ണാധികാരം കൈമാറുമെങ്കിൽ മാത്രമേ മേൽപ്പറഞ്ഞ നിബന്ധനകൾ ബാധകമാകു.

ജിന്നയുടെ മുസ്ലീംലീഗ് പാകിസ്ഥാൻ എന്ന വാദത്തിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ അതിനെ ജനാധിപത്യവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ആണ് രാജാജി നടത്തിയത് എന്ന് കാണാം. ഗാന്ധി ഇതിനോട് യോജിച്ചു. എന്നാൽ ജിന്ന അത് അപ്പാടെ തള്ളിക്കളഞ്ഞു. ” അംഗഭംഗം വന്ന, പ്രാണികൾ തിന്ന പാകിസ്ഥാനെ ” ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതെന്നാണ് ജിന്ന പ്രതികരിച്ചത്. 1944 ജനുവരി 17 ന് ഗാന്ധി, തൻ്റെയും ജിന്നയുടേയും മാതൃഭാഷയായ ഗുജറാത്തിയിൽ തന്നെ ഇന്ത്യൻ മുസ്ലീങ്ങളുടെ ശത്രുവായി കാണരുതെന്നും ” ഞാൻ എക്കാലവും താങ്കളുടേയും മനുഷ്യരാശിയുടേയും സേവകനും സുഹൃത്തുമായിരിക്കും ” എന്ന ഉറപ്പ് നൽകിക്കൊണ്ട് കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ച് എഴുതുകയുണ്ടായി. മാതൃഭാഷയിൽ എഴുതുക വഴി ഇന്ത്യയിൽ ഹിന്ദുവിനും മുസ്ലീമിനും പൊതുവായി ഭാഷയടക്കം നിരവധി കാര്യങ്ങൾ ഉണ്ട് എന്ന് ഓർമ്മിപ്പിക്കുകയായിരുന്നു ഗാന്ധി. താൻ കശ്മീരിലാണെന്നും ആഗസ്റ്റിൽ ബോംബെയിൽ തിരിച്ചെത്തുമ്പോൾ ഗാന്ധിയെ കാണാനൊരുക്കമാണെന്നും ജിന്ന തിരിച്ചെഴുതി. അതനുസരിച്ച് ആ സമയത്ത് ഗാന്ധി ജിന്നയെ കാണാൻ മലബാർ ഹില്ലിലെ അദ്ദേഹത്തിൻ്റെ വസതിയിൽ എത്തി. ഹിന്ദുമഹാസഭയും ഹിന്ദുത്വ ശക്തികളും ഗാന്ധിയെ തടയാൻ ശ്രമിച്ചു. 1944 സെപ്തംബർ 9 നാണ് അവരുടെ സംഭാഷണം ആരംഭിച്ചത്. 18 ദിവസം നീണ്ടു നിന്ന സംഭാഷണമായിരുന്നു അത്. ജിന്നയുടെ കടുംപിടുത്തം മൂലം അതെങ്ങും എത്താതെ പോയി. ഗാന്ധി പറഞ്ഞു. “മിസ്റ്റർ ജിന്ന ആത്മാർത്ഥതയുള്ള വ്യക്തിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ, ബാധിക്കപ്പെടുന്ന ജനങ്ങൾക്ക് സന്തോഷവും അഭിവൃദ്ധിയും കൊണ്ടുവരുന്ന ഒന്നാണ് ഇന്ത്യയുടെ അസ്വഭാവികമായ വിഭജനം എന്ന ഭാവന ചെയ്യുന്നതിൽ നിന്നുണ്ടായ മിഥ്യാടനത്താൽ ബാധിതനാണ് അദ്ദേഹം “. അങ്ങനെ ഗാന്ധിയും ജിന്നയും തമ്മിലുള്ള സംഭാഷണങ്ങൾ അവസാനിച്ചു.

യുദ്ധം തീർന്നതോടെ ഇംഗ്ലണ്ടിൽ ലേബർ പാർട്ടി ചർച്ചിൽ ഗവണ്മെൻ്റിനുള്ള പിന്തുണ പിൻവലിച്ചു. 1945 ജൂലൈ 5 ന് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഒരു കാവൽ മന്ത്രിസഭ നിലവിൽ വന്നു. ഗ്രേറ്റ് ബ്രിട്ടനിലെ ജനാഭിപ്രായം സാമ്രാജ്യത്തിനെതിരായി. ബംഗാൾ ക്ഷാമം അതിൻ്റെ ദുരന്തകഥകൾ ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ഉടലിൽ എഴുതിച്ചേർക്കാൻ തുടങ്ങി. 1945 ജൂൺ 14ന് വൈസ്റോയിയായിരുന്ന വേവൽ പ്രഭു 1935 ലെ ഗവണ്മെൻ്റ് ഓഫ് ഇന്ത്യാ ആക്റ്റിൽ വൈസ്റോയിയുടെ എക്സിക്യൂട്ടീവിന് പകരം ദേശീയ ഗവണ്മെൻ്റിനെ അവരോധിക്കാനുള്ള ഭേദഗതികൾ കൊണ്ടുവന്നു. അതിന് വേണ്ടി 1945 ജൂൺ 25 മുതൽ സിംലയിൽ ഒരു സമ്മേളനം വിളിച്ചു കൂടി. 21 പ്രതിനിധികളെയാണ് സമ്മേളനത്തിലേയ്ക്ക് ക്ഷണിച്ചത്. 11 എണ്ണം ബ്രിട്ടീഷിന്ത്യയിലെ പ്രവിശ്യകളിലെ മുഖ്യമന്ത്രിമാർക്ക്. മറ്റുള്ളവ കോൺഗ്രസ്സ് നേതാക്കൾ, വിവിധ കൗൺസിലുകളിൽ അംഗമായിട്ടുള്ള മുസ്ലീം ലീഗുകാർ, സെൻട്രൽ അസംബ്ലിയിലെ ബ്രിട്ടീഷ് നേതാവ്, അതിലെ തന്നെ ദേശീയ പാർട്ടിയുടെ നേതാവ്, പട്ടികജാതിക്കാരുടെയും സിക്കുകാരുടേയും പ്രതിനിധി എന്നിവർക്കായിരുന്നു.

ഷിംലയിലെത്തിയ ഗാന്ധി രാജകുമാരി അമൃത് കൗറിൻ്റെ വസതിയിലാണ് താമസിച്ചത്. ഒരു പ്രതിനിധി എന്ന നിലയിൽ സമ്മേളനത്തിൽ പങ്കെടുക്കാൻ ഗാന്ധി വിസമ്മതിച്ചു. പകരം ആവശ്യം വരുമ്പോൾ തൻ്റെ ഉപദേശം തരാമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചു. തുടക്കം മുതലേ ജിന്ന സമ്മേളനം അട്ടിമറിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. നിരാശനായ വേവൽ പ്രഭു യാതൊന്നും നേടാതെ സമ്മേളനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. എക്സിക്യൂട്ടീവ് കൗൺസിലിലേയ്ക്കുള്ള പട്ടിക മുസ്ലീം ലീഗ് കൊടുത്തില്ല.

ഇതിനിടയിൽ ബ്രിട്ടനിലെ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി അധികാരത്തിൽ വന്നതോടെ ഇന്ത്യൻ സ്വാതന്ത്ര്യം എന്നത് കുറേക്കൂടി അടുത്തായി. പെത്തിക് ലോറൻസ് പ്രഭു ഇന്ത്യാകാര്യങ്ങളുടെ സെക്രട്ടറിയായി സ്ഥാനമേറ്റു. 1946 ഫെബ്രുവരി 19 ന് മൂന്ന് ക്യാബിനറ്റ് മന്ത്രിമാരടങ്ങുന്ന ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തുന്നു എന്ന അറിയിപ്പ് ലണ്ടനിൽ നിന്നു വന്നു. 1946 മാർച്ചിൽ ക്യാബിനറ്റ് മിഷൻ ഗാന്ധിയെ കൂടിക്കാഴ്ചയ്ക്കായി ഡെൽഹിയിലേയ്ക്ക് ക്ഷണിച്ചു. പൂനെയിലെ പ്രകൃതിചികിത്സാലയത്തിൽ രോഗബാധിതനായ സർദാർ പട്ടേലിനെ ശുശ്രൂഷിച്ച് കഴിയുകയായിരുന്നു ഗാന്ധി.

ഡെൽഹിയിൽ എത്തിയാൽ ഭാംഗികോളനിയിലായിരുന്നു ഗാന്ധി വസിച്ചിരുന്നത്. അവിടെ വത്മീകി ക്ഷേത്രത്തിനടുത്തുള്ള മൈതാനത്തിൽ ആർ എസ് എസ് ശാഖ കൂടിയിരുന്നു. ഗാന്ധിയുടെ സായാഹ്ന പ്രാർത്ഥനകളെ തടസ്സപ്പെടുത്തും വിധം അവർ അവിടെ പ്രശ്നങ്ങളുണ്ടാക്കാൻ തുടങ്ങിയെന്ന് തുഷാർ ഗാന്ധിനമുക്ക് ഗാന്ധിയെ കൊല്ലാം ” എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ക്യാബിനറ്റ് മിഷനിൽ ഉണ്ടായിരുന്നത് പെത്തിക് ലോറൻസ് പ്രഭുവും സർ സ്ട്രഫോർഡ് ക്രിപ്സും ആൽബെർട്ട് വി അലക്സാണ്ടറും ആയിരുന്നു. പെത്തിക് ലോറൻസ് പ്രഭു ഗാന്ധിയുമായി ദീർഘകാലത്തെ സുഹൃദ് ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. 1942 ലെപരാജയപ്പെട്ട ക്രിപ്സ് ദൗത്യത്തെ കുറിച്ച് നാം ചർച്ച ചെയ്തിരുന്നു. അത് നയിച്ച ആളായിരുന്നു സർ സ്ട്രഫോർഡ് ക്രിപ്സ് . ഗാന്ധി ക്രിപ്സ് ദൗത്യത്തെ ബഹിഷ്ക്കരിച്ചതും നാം നേരത്തെ പരാമർശിച്ചിരുന്നു.

ക്യാബിനറ്റ് മിഷൻ 1946 ഏപ്രിൽ 1 മുതൽ 17 വരെ 182 ഇരിപ്പുകളിലായി 472 ഇന്ത്യൻ നേതാക്കളുമായി ആശയവിനിമയം നടത്തി. ആത്മവിശ്വാസം വളർത്തുന്നതിൻ്റെ ഭാഗമായി ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ ജയിലിൽ കഴിയുന്ന എല്ലാ രാഷ്ട്രീയത്തടവുകാരേയും വിട്ടയക്കാൻ ഗാന്ധി ആവശ്യപ്പെടുകയും ക്യാബിനറ്റ് മിഷൻ അത് അംഗീകരിക്കുകയും ചെയ്തു. 1942 ഏപ്രിൽ 12 ന് ഡോ. രാം മനോഹർ ലോഹ്യയും ജയപ്രകാശ് നാരായണുമടക്കമുള്ള രാഷ്ട്രീയത്തടവുകാർ അങ്ങനെ മോചിക്കപ്പെട്ടു. അതുപോലെത്തന്നെ ഐ എൻ എ വിചാരണത്തടവുകാരും. ഇതിനിടയിൽ നടന്ന തെരഞ്ഞെടുപ്പിൽ ജിന്നയുടെ മുസ്ലീം ലീഗ് സെൻട്രൽ കൗൺസിലിലേയ്ക്കുള്ള മുസ്ലീം സീറ്റുകളിൽ മഹാഭൂരിപക്ഷവും ജയിച്ചിരുന്നു. ഹിന്ദുമഹാസഭയും മുസ്ലീം ലീഗും ചേർന്നുള്ള ഭരണം ഇന്ത്യൻ സമൂഹത്തെ വർഗ്ഗീയമായി ധ്രുവീകരിക്കുന്നതിൽ ആ പ്രവിശ്യകളിലെങ്കിലും വിജയിച്ചിരുന്നതിൻ്റെ തിക്തഫലങ്ങളിൽ ഒന്നായിരുന്നു ആ വിജയം. അതോടെ പാകിസ്ഥാൻ വാദത്തിൽ ഉറച്ചു നിൽക്കാൻ ജിന്നയ്ക്ക് ആത്മവിശ്വാസമായി.

ബ്രിട്ടീഷുകാർ ഇന്ത്യ വിടുക എന്നതായിരുന്നു ക്യാബിനറ്റ് മിഷനുമായുള്ള ചർച്ചയിൽ ഗാന്ധി കൈക്കൊണ്ട സമീപനം. അതിന് ശേഷം എന്ത് സംഭവിക്കും എന്ന ചോദ്യത്തിൻ്റെ ഉത്തരമായി ഗാന്ധി പറഞ്ഞു. ” മിക്കവാറും തർക്കങ്ങൾ ഉണ്ടായേക്കാം. രക്തച്ചൊരിച്ചൽ പോലും ഉണ്ടായേക്കാം. ഇന്ത്യയെ എൻ്റെ വഴിക്ക് നയിക്കാൻ കഴിഞ്ഞാൽ അഹിംസ കൊണ്ട് രണ്ടുനാൾക്കകം എല്ലാം ശമിപ്പിക്കാനാകും. അല്ലെങ്കിൽ ദുഃസ്ഥിതി നീണ്ടുനിന്നേക്കാം. അങ്ങനെയാണെങ്കിൽ പോലും ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ കഴിയുന്നതിനേക്കാൾ മോശപ്പെട്ടതാകില്ല.” ക്രിപ്സ് ആകട്ടെ ജിന്നയുടെ പാകിസ്ഥാൻ വാദത്തെ അസാധ്യമായ ആശയം എന്ന പേരിൽ തള്ളിക്കളഞ്ഞു. ” ലീഗ് പോലും അത് മനസ്സിലാക്കിക്കഴിഞ്ഞു. ഒരാൾ കൂടുതൽ ഉച്ചത്തിലും കൂടുതൽ അക്രമാസക്തമായും അയാളുടെ എതിരാളികളെ നിഷേധിക്കുമ്പോൾ …. എനിക്ക് തോന്നുന്നത്, അയാൾ നിലകൊള്ളുന്ന തീവ്രവാദപരമായ നിലപാട് നിരാശാജനകമായിത്തീരുന്നു എന്നാണ് ” ക്രിപ്സ് അഭിപ്രായപ്പെട്ടു.

1946 ഏപ്രിൽ 27 ന് പെത്തിക് ലോറൻസ് പ്രഭു കോൺഗ്രസ്സിൻ്റേയും ലീഗിൻ്റെയും പ്രസിഡണ്ടുമാർക്ക് ഒരിക്കൽ കൂടി സമവായത്തിലെത്തുന്നതിന് ശ്രമിക്കാൻ എഴുതുകയുണ്ടായി. ക്യാബിനറ്റ് മിഷൻ നിർദ്ദേശിച്ചത് വിദേശകാര്യവും പ്രതിരോധവും വാർത്താവിനിമയും കൈകാര്യം ചെയ്യുന്ന ഒരു ഐക്യ സർക്കാർ ഉണ്ടാക്കുക. അതോടൊപ്പം രണ്ട് കൂട്ടം പ്രവിശ്യകൾ ഉണ്ടാക്കുക. ഹിന്ദു ഭൂരിപക്ഷ പ്രവിശ്യകളുടെ ഒരു കൂട്ടവും മുസ്ലീം ഭൂരിപക്ഷ പ്രവിശ്യകളുടെ ഒരു കൂട്ടവും. അതാത് പ്രവിശ്യകളുടെ കാര്യം കൈകാര്യം ചെയ്യാനായി രണ്ട് കൂട്ടങ്ങൾ രൂപവത്ക്കരിക്കുക. ഈ പ്രവിശ്യാ ഗവണ്മെൻറുകൾക്ക് പ്രവർത്തിക്കാനുള്ള പരമാധികാരം ഉണ്ടായിരിക്കുന്നതാണ്. ഈ നിർദ്ദേശം കോൺഗ്രസ്സും ലീഗും അംഗീകരിക്കുകയാണെങ്കിൽ ക്യാബിനറ്റ് മിഷൻ അതിൻ്റെ സൂക്ഷ്മതകൾ ചർച്ച ചെയ്യാനായി ഒരു സമ്മേളനം വിളിക്കാമെന്നും പെത്തിക് ലോറൻസ് പ്രഭു നിർദ്ദേശിച്ചു.

ഷിംല സമ്മേളനം പോലെത്തന്നെ ക്യാബിനറ്റ് മിഷനും പരാജയപ്പെടും എന്ന നില വന്നു. അതിൻ്റെ പ്രധാനപ്പെട്ട കാരണം ബ്രിട്ടീഷുകാർ ജിന്നയോട് പുലർത്തിയിരുന്ന വത്സല മനോഭാവം ആയിരുന്നു. ഗാന്ധിയും കോൺഗ്രസ്സും ബ്രിട്ടീഷുകാരോട് പടപൊരുതിയ കാലത്ത് ബ്രിട്ടീഷുകാരെ സഹായിച്ച രണ്ടു കക്ഷികൾ ജിന്നയുടെ മുസ്ലീം ലീഗും സവർക്കറുടെ ഹിന്ദുമഹാസഭയും ആയിരുന്നു. അത് അവർക്ക് നിരാകരിക്കാൻ കഴിയുമായിരുന്നില്ല. ജിന്ന ആവശ്യപ്പെട്ട പോലെ, ഹിന്ദുമഹാസഭ ആഗ്രഹിച്ച പോലെ പതുക്കെ പതുക്കെ ചർച്ചകൾ മതപരമായ പ്രാതിനിധ്യത്തിന് പ്രാമാണ്യം നൽകി. ഹിന്ദു, മുസ്ലീം എന്ന മതപരമായ സ്വത്വം ഇന്ത്യക്കാർ എന്ന ദേശീയ സ്വത്വത്തേക്കാളും, ചർച്ചകളിൽ പ്രമുഖമായി. അതോടൊപ്പം ഇന്ത്യയിലെ നാട്ടുരാജാക്കളുമായി ബ്രിട്ടീഷുകാർക്കുണ്ടായിരുന്ന ബന്ധവും ഒറ്റയടിക്ക് അറുത്തെറിയാൻ അവർ താത്പര്യപ്പെട്ടില്ല. കോൺഗ്രസ്സ് നേതൃത്വത്തിനാകട്ടെ ഉറച്ച ഏകസ്വരം പല കാര്യങ്ങളിലും ഉണ്ടായിരുന്നില്ല താനും.

ഈ സാഹചര്യത്തിൽ 1946 മെയ്  12 ന്ക്യാബിനറ്റ് മിഷൻ അതിൻ്റെ ദൗത്യം പരാജയപ്പെട്ടതായി പ്രഖ്യാപിച്ചു. എങ്കിലും മെയ് 16 ന് ക്യാബിനറ്റ് മിഷൻ അതിൻ്റെ ശുപാർശകൾ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ട ങ്ങളിലായാണ് അവർ അവരുടെ ശുപാർശകളെ ക്രോഡീകരിച്ചത്. ഒന്ന്, ഭരണഘടനാ നിർമ്മാണ സഭയ്ക്ക് വേണ്ടിയുള്ള ഒരു ദീർഘകാല പദ്ധതി. ഇടക്കാല ഗവണ്മെൻ്റിന് വേണ്ടിയുള്ള ഒരു ഹ്രസ്വകാല പദ്ധതി. ഇന്ത്യയുടെ വിഭജനത്തോട് അവർ എതിരായിരുന്നു. എന്നാൽ മറ്റ് നിർദ്ദേശങ്ങൾ പലതും അവ്യക്തവും സന്ദിഗ്ദ്ധവും ആയിരുന്നു. എല്ലാവരേയും സുഖിപ്പിക്കാൻ ശ്രമിച്ച് ആശയക്കുഴപ്പത്തിലായ ഒരു രേഖയായിരുന്നു ആ ശുപാർശ. കോൺഗ്രസ്സിന് മുഖ്യ പ്രവിശ്യകളുടെ മേലാളത്തവും മുസ്ലീം ലീഗിന് മുസ്ലീം പ്രവിശ്യകളുടെ മേലാളത്തവും അത് വാഗ്ദാനം ചെയ്തു. രാജാക്കന്മാർക്ക് സ്വതന്ത്ര രാജ്യമോ യൂണിയൻ ഗവണ്മെൻറുമായി വിലപേശാനുള്ള അവസരമോ നൽകി. സിക്കുകാർക്കും ഒരു സ്വന്തം പ്രവിശ്യ അവർ വാഗ്ദാനം നൽകി. ഗാന്ധി ഹരിജനിൽ ആ ശുപാർശകളെ നിശിതമായി വിമർശിച്ചു. അവയുടെ മേലാളത്ത മനോഭാവത്തെയാണ് ഗാന്ധി നേരിട്ടത്. ” ബ്രിട്ടീഷ് കാഴ്ചക്കോണിൽ നിന്നുള്ള ഏറ്റവും നല്ലത് ഇന്ത്യൻ കാഴ്ചപ്പാടിൽ നിന്ന് നോക്കുമ്പോൾ ഏറ്റവും നല്ലതോ, വെറും നല്ലതുപോലുമോ അല്ല. ” ഗാന്ധി എഴുതി.

വീണ്ടും പലതരം സംഭവവികാസങ്ങളിലൂടെ ഇടക്കാല ഗവണ്മെൻറ് എന്ന ആശയത്തിന് ജീവൻ വെച്ചു. നെഹ്റു വേവൽ പ്രഭുവിന് മുന്നിൽ അതിൽ അംഗങ്ങളാകേണ്ട കോൺഗ്രസ്സ് പ്രതിനിധികളുടെ പട്ടിക സമർപ്പിച്ചു. വേവൽ പ്രഭു അവിടെയും മതപരമായ സ്വത്വത്തിലൂന്നി ഹിന്ദു – മുസ്ലീം സമത എന്ന ആശയം എടുത്തിട്ടു. കാര്യങ്ങൾ സ്ഫോടനാത്മകമായ സ്ഥിതിയിലേയ്ക്ക് നീങ്ങുന്നത് ഗാന്ധി മണത്തു. വേവൽ പ്രഭുവിന് അതിന്റെ സൂചനകൾ നൽകിയ ശേഷം ക്രിപ്സിന് വ്യക്തിപരമായ കത്ത് അദ്ദേഹം എഴുതി. ” ക്യാബിനറ്റ് മിഷൻ തീ കൊണ്ട് കളിക്കുകയാണ് .നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ  തുടങ്ങുന്ന അവസരത്തിൽ തന്നെ  ഞാൻ പറഞ്ഞ കാര്യം നിറവേറ്റുക. നിങ്ങൾക്ക് ഒരേ സമയം നിങ്ങളുടെ കേക്ക് സൂക്ഷിക്കാനും ഭക്ഷിക്കാനും കഴിയില്ല. ”

ഗാന്ധി തുടർന്നു. ” സ്വർഗ്ഗം ഇടിഞ്ഞു വീണാലും നിങ്ങൾ നിങ്ങളുടെ തീയ്യതികളിൽ ഒട്ടി നിൽക്കുക. 1948 ജൂൺ 16ന് ഇന്ത്യ വിടുക. കോൺഗ്രസ്സിന് ഒരു മുന്നണിയുണ്ടാക്കാനോ അതോ ലീഗിനോ വിട്ടുകൊടുത്ത് . ”

ബ്രിട്ടീഷ് മേലാളത്തിലല്ല പരിഹാരമിരിക്കുന്നത്, ഇന്ത്യക്കാരിലാണ് എന്ന് ഗാന്ധി തുടർച്ചയായി പ്രഖ്യാപിച്ചത് ആരും കേൾക്കാതെ പോയി. മുസ്ലീം ലീഗിൻ്റെ സമ്മർദ്ദ തന്ത്രത്തെ അതിജീവിക്കാൻ ഗാന്ധി കോൺഗ്രസ്സ് വർക്കിങ്ങ് കമ്മറ്റിക്ക് കത്തെഴുതി. നാല് നിർദ്ദേശങ്ങൾ ആണ് അതിലുണ്ടായിരുന്നത്.

1. മുസ്ലീം ലീഗ് മുസ്ലീം സാമുദായിക സംഘടന ആയതു കൊണ്ട് അതിൻ്റെ പട്ടികയിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തരുത്.

2. കോൺഗ്രസ്സ് ദേശീയ സംഘടന ആയതു കൊണ്ട് അതിൻ്റെ പട്ടികയിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്താം.

3. അഞ്ചു മുസ്ലീങ്ങൾ എന്ന ലീഗിൻ്റെ പങ്കിനപ്പുറം മറ്റ് പ്രതിനിധികളുടെ കാര്യത്തിൽ ലീഗ് അഭിപ്രായം പറയാൻ പാടുള്ളതല്ല.

മതേതരത്വത്തിലും ജനാധിപത്യത്തിലും ഊന്നിയുള്ള ഈ നിർദ്ദേശം പക്ഷെ കോൺഗ്രസ്സ് വർക്കിങ്ങ് കമ്മറ്റി ചെവി കൊണ്ടില്ല. വൈസ്റോയി മുസ്ലീംലീഗിനെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് വളരെ താമസിയാതെ കോൺഗ്രസ്സിന് മനസ്സിലായി. കോൺഗ്രസ്സ് നിർദ്ദേശിച്ച മുസ്ലീം പ്രതിനിധികളെ കൈക്കൊള്ളാൻ വൈസ്റോയ് വിസമ്മതിച്ചതോടെയാണ് അത് വ്യക്തമായത്. എന്നാൽ മുസ്ലീം ലീഗ് പ്രതിനിധിയായ അബ്ദുർ റബ്ബ് നിഷ്ടാറിനെതിരെ കോൺഗ്രസ്സ് ഉന്നയിച്ച തടസ്സവാദങ്ങൾ വൈസ്റോയ് തള്ളുകയും ചെയ്തു.

ഇക്കാലത്ത് ഗാന്ധിയും കോൺഗ്രസ്സ് വർക്കിങ്ങ് കമ്മറ്റിയും തമ്മിലുള്ള അകലം വർദ്ധിച്ചു വന്നത് ഗാന്ധിയും പട്ടേലും തമ്മിലുള്ള കത്തിടപാടുകളിൽ നിഴലിച്ചു കാണാം. 1946 ജൂലൈ 7 ന് ബോംബെയിൽ വെച്ചു നടന്ന എ ഐ സി സി സമ്മേളനത്തിൽ ഗാന്ധി പ്രസംഗിച്ചു. ” തനിച്ചു നടക്കുന്നതിലാണ് ഞാൻ വിശ്വസിക്കുന്നത്. ഈ ലോകത്തേയ്ക്ക് ഏകനായാണ് ഞാൻ വന്നത്. മരണത്തിൻ്റെ നിഴൽ വീണ താഴ്‌വരയിലൂടെ ഞാൻ നടക്കുകയും സമയമെത്തുമ്പോൾ ഏകനായിത്തന്നെ പിരിഞ്ഞുപോകുകയും ചെയ്യും. ഞാനൊറ്റയ്ക്കാണെങ്കിൽ പോലും സത്യഗ്രഹം ആരംഭിക്കാൻ എനിക്ക് കഴിയും. ഞാനത് മുമ്പും ചെയ്തിട്ടുണ്ട്. ”

പക്ഷെ ക്യാബിനറ്റ് മിഷൻ്റെ ഇടക്കാല ഗവണ്മെൻ്റിൽ ചേരാനുള്ള ക്ഷണം ജിന്ന ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് നിരാകരിച്ചു. 1946 ആഗസ്റ്റ് 16 “നേർപ്രയോഗ ദിനം” ആയി ജിന്ന പ്രഖ്യാപിച്ചു. ” ഞങ്ങൾ ഒരു തോക്ക് നിർമ്മിച്ചെടുത്തിട്ടുണ്ട് ” ജിന്ന പറഞ്ഞു. ” അത് ഉപയോഗിക്കാനും ഞങ്ങൾക്കറിയാം

ബംഗാൾ, പ്രത്യേകിച്ച് കൽക്കട്ടയായിരുന്നു, നേർ പ്രയോഗ ദിനത്തിൻ്റെ രംഗഭൂമി. മുസ്ലീം ലീഗിലെ ഷഹീദ് സുഹ്രവർദ്ദി ആയിരുന്നു ബംഗാൾ മുഖ്യമന്ത്രി. 1946 ആഗസ്റ്റ് 15 പാതിരാ മുതൽ കൽക്കട്ട കൊലയാളികളുടേയും മൃതരുടേയും ഭൂമിയായി. ആ നരകത്തീ 1946 ആഗസ്റ്റ് 18 വരെ കൽക്കട്ടയിൽ കത്തി.

അതിന് ശേഷം ആർ എസി എസിൻ്റേയും ഹിന്ദുമഹാസഭയുടേയും ഊഴമായിരുന്നു എന്ന് തുഷാർ ഗാന്ധി വിവരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പോലും ഹിന്ദുത്വത്തിൻ്റെ പടയാളികൾ എത്തി. മുസ്ലീം നിവാസകേന്ദ്രങ്ങളെ അവർ ആക്രമിക്കാൻ തുടങ്ങി. രണ്ടു വർഗീയ വാദങ്ങളുടേയും പ്രവർത്തന ഫലമായി  കടകൾ കൊള്ളയടിക്കപ്പെട്ടു, വസതികൾ തീ വെയ്ക്കപ്പെട്ടു, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു, നിരപരാധികൾ കൊല്ലപ്പെട്ടു. ദി സ്റ്റേറ്റ്മാൻ എഡിറ്റോറിയലിൽ എഴുതി. ” ഇതൊരു അക്രമമല്ല. മദ്ധ്യകാലഘട്ടത്തിലെ ഒരു വാക്ക് വേണ്ടിയിരിക്കുന്നു, ഇതിനെ വിശേഷിപ്പിക്കാൻ . പകയാണിത്.

കൽക്കട്ടയിലെ അറും കൊല ” എന്ന് പിൽക്കാലത്ത് വിശേഷിപ്പിക്കപ്പെട്ട ഈ ഹിംസയുടെ ഉത്സവത്തിൽ അയ്യായിരത്തിലധികം പേർ കൊല്ലപ്പെട്ടു. പതിനയ്യായിരത്തിലധികം പേർക്ക് പരിക്കുകൾ പറ്റി. പതിനായിരത്തിലധികം പേർ ഭവനരഹിതരായി.

ഗാന്ധി ഈ സമയത്ത് സേവാഗ്രാമിൽ ആയിരുന്നു. ഹരിജൻ്റെ എഡിറ്റോറിയലിൽ അദ്ദേഹം കുറിച്ചു. ” നാം ഒരു ആഭ്യന്തര യുദ്ധത്തിൻ്റെ നടുക്കല്ല . പക്ഷെ അതിലേയ്ക്കടുത്തു കൊണ്ടിരിക്കുകയാണ് “. കൈയ്യിലെത്തിയ സ്വാതന്ത്ര്യം ദൂരേയ്ക്ക് അകലുന്നത് അദ്ദേഹം കണ്ടു. ” ഇത് … ഒരു തകർന്ന മുരളിയാണ്. ഭ്രാതൃഹത്യയുടെ പക ഇന്ത്യയൊട്ടാകെ പടർന്നാൽ ബ്രിട്ടീഷുകാരുടെ വെടിമരുന്നിന് മാത്രമേ പരസ്പരം കുത്തി കൊല്ലുന്നതിൽ നിന്ന് രണ്ടുപേരെയും അകറ്റിനിർത്താൻ കഴിയൂ…… ബ്രിട്ടീഷ് അധികാരമോ അതിൻ്റെ പകരക്കാരോ ഇന്ത്യയെ കുറേക്കൂടിക്കാലം കൈവശം വെയ്ക്കാൻ പോകുന്നു. ഈ കക്ഷികൾ സ്വബോധത്തിലേയ്ക്ക് തിരിച്ചെത്തുന്നതാണ് ഈ കാലദൈർഘ്യത്തെ നിർണ്ണയിക്കുക. വിദേശശക്തികളിൽ നിന്ന് വിമുക്തമായ  പരസ്പരമുള്ള പോരാട്ടം മടുക്കുമ്പോൾ,അല്ലെങ്കിൽ എന്തെങ്കിലും കനത്ത ആഘാതത്തിൽ ഏതെങ്കിലും കക്ഷി ഹിംസയിൽ നിന്ന് പിന്മാറുമ്പോൾ . ഹിന്ദുക്കളും മുസ്ലീങ്ങളും  ഇന്ത്യയെ അറിയേണ്ടത് ഒരു സ്വതന്ത്ര രാഷ്ട്രം എന്ന നിലയ്ക്കാണ്. ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ കരുതിക്കൂട്ടി ബ്രിട്ടീഷ് സംരക്ഷണയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ആദ്യം സത്യഗ്രഹം .. അവസാനവും സത്യഗ്രഹം തന്നെ .. ഇതാണ് എൻ്റെ ഉപദേശം

ഗാന്ധി അതിലേയ്ക്ക് എത്തുകയായിരുന്നു. ടാഗോറിൻ്റെ പ്രസിദ്ധമായ ഗാനത്തിനെ, നിങ്ങളുടെ കൂടെ ആരുമില്ലെങ്കിൽ ഒറ്റയ്ക്ക് നടക്കുക, ഏക് ലേ ചലോരേ, തൻ്റെ ഉടലുകൊണ്ടും ഉയിരുകൊണ്ടും ഭൂമിയിലെഴുതുന്ന ഒരു വൃദ്ധനെ ഗാന്ധി മൂടൽമഞ്ഞിലൂടെയെന്ന വണ്ണം അധികം ദൂരെയല്ലാതെ കണ്ടു. അത് താൻ തന്നെയായിരുന്നു.

44. കീറിയ ഇന്ത്യയുടെ തയ്യൽക്കാരൻ
………………………………

1946 സെപ്തംബർ 2 ന് ഇടക്കാല മന്ത്രിസഭയിലെ കോൺഗ്രസ്സ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. മുസ്ലീംലീഗ് മന്ത്രിസഭയിൽ നിന്നും മാറി നിന്നു. കോൺഗ്രസ്സിനെ പിന്തുണച്ച മുസ്ലീങ്ങളെ അവർ ചതിയർ എന്നാരോപിച്ചു. അക്രമസംഭവങ്ങൾ രാജ്യമെമ്പാടും പ്രത്യേകിച്ച് കൽക്കട്ടയിൽ തുടർക്കഥയായി. സവർക്കറും ഹിന്ദുത്വ ശ ക്തികളും ഹിന്ദുക്കളെ തങ്ങളുടെ കുടക്കീഴിൽ കൊണ്ടുവരാനുള്ള സുവർണ്ണാവസരമായി ഇതിനെ കണ്ടു.

ജവഹർലാൽ നെഹ്റു വൈസ് പ്രസിഡണ്ടായ ഇടക്കാല മന്ത്രിസഭയിലെ അംഗങ്ങൾ ഗാന്ധിയുടെ അനുഗ്രഹം വാങ്ങാൻ ഭാംഗി കോളനിയിൽ എത്തി. അവർക്ക് വേണ്ടി ഒരു ചെറു കുറിപ്പ് ഗാന്ധി തയ്യാറാക്കി വെച്ചിരുന്നു. ” പ്രാർത്ഥനാവേള മുതൽ നിങ്ങൾ എൻ്റെ മനസ്സിൽ ഉണ്ട്. ഉപ്പുനികുതി പിൻവലിക്കുക. ദണ്ഡിമാർച്ച് ഓർക്കുക. ഹിന്ദുക്കളേയും മുസ്ലീങ്ങളേയും ഐക്യപ്പെടുത്തുക. അസ്പൃശ്യത തുടച്ചു നീക്കുക. ഖാദി ധരിക്കുക ” അത് കൂടാതെ ഒരു സന്ദേശം കൂടി ഗാന്ധി അവർക്ക് നൽകി.

ഞാൻ നിങ്ങൾക്കൊരു രക്ഷ കെട്ടിത്തരാം. നിങ്ങൾ സംശയത്തിലാകുമ്പോൾ , നിങ്ങളുടെ അഹം നിങ്ങളെ ഞെരുക്കാൻ തുടങ്ങുമ്പോൾ താഴെ പറയുന്ന പരീക്ഷണം നടത്തുക. നിങ്ങൾ കാണാനിടയായതിൽ വെച്ച് ഏറ്റവും ദരിദ്രനും ഏറ്റവും ദുർബലനുമായ മനുഷ്യൻ്റെ മുഖം ഓർമ്മയിലേയ്ക്ക് വിളിച്ചു വരുത്തുക. നിങ്ങൾ ചെയ്യാൻ പോകുന്ന കാര്യം അയാൾക്ക് എന്തെങ്കിലും ഗുണം കൊണ്ടു വരുമോ എന്ന് സ്വയം ചോദിക്കുക. അതുവഴി അയാൾ എന്തെങ്കിലും നേടുമോ? അയാളുടെ സ്വന്തം ജീവിതത്തിലും ഭാഗധേയത്തിലും നിയന്ത്രണം നേടാൻ അത് അയാളെ പ്രാപ്തനാക്കുമോ ? മറ്റുവാക്കിൽ പറഞ്ഞാൽ ഭൗതികമായും ആത്മീയമായും പട്ടിണി കിടക്കുന്ന ദശലക്ഷക്കണക്കിന് മനുഷ്യരെ അത് സ്വാതന്ത്ര്യത്തിലേയ്ക്ക്, സ്വരാജിലേയ്ക്ക് നയിക്കുമോ? അപ്പോൾ നിങ്ങളുടെ സംശയങ്ങളും അഹംഭാവവും ഉരുകിപ്പോകുന്നതായി നിങ്ങൾ കാണും

യഥാർത്ഥത്തിൽ ഇന്ത്യൻ ഭരണഘടനയുടെ ധാർമ്മികസാരമാകേണ്ട ഒന്നാണ് ഒരു ചെറുകുറിപ്പിലൂടെ ഗാന്ധി പറഞ്ഞുവെച്ചത്. വർഷങ്ങൾക്ക് മുമ്പ് നടന്ന ദണ്ഡിമാർച്ച് എന്തിന് വേണ്ടിയായിരുന്നു എന്ന് ഓർമ്മിപ്പിക്കുന്നതിലൂടെ സമരങ്ങൾ അധികാരത്തിലേയ്ക്കുള്ള ചവിട്ടുപടിയല്ല എന്ന് മൃദുവും ധീരവുമായ ഓർമ്മപ്പെടുത്തലിൽ തുടങ്ങി ഇന്ത്യയ്ക്കുള്ളിൽ അടങ്ങിയിട്ടുള്ള മനുഷ്യാവകാശധ്വംസനങ്ങളേയും നടപ്പാക്കേണ്ട സമ്പദ്വ്യവസ്ഥയേയും പറ്റിയുള്ള അഗാധജ്ഞാനം അതിലുണ്ടായിരുന്നു. തൻ്റെ ദേശത്തേയും ജനതയേയും പറ്റിയുള്ള അഗാധമായ അറിവും.

എന്നാൽ പുറത്ത് ഈ അറിവുകളും ധാരണകളും ജീവിതത്തെ മനോഹരമാക്കുന്ന പരസ്പരബന്ധങ്ങളും ജനതയിൽ പതുക്കെ പതുക്കെ അസ്തമിക്കുകയായിരുന്നു.  ഗാന്ധിയുടെ സെക്രട്ടറി പ്യാരേലാൽ കുറിച്ചു .” വർഗ്ഗീയതയുടെ ഫ്രാങ്കൻസ്റ്റീൻ അതിൻ്റെ ചങ്ങലകൾ പൊട്ടിച്ചിരുന്നു. പക്ഷെ അതിൻ്റെ സൂക്ഷിപ്പുകാരൻ്റെ ഉത്കണ്ഠ അത് രക്ഷപ്പെട്ടതിലായിരുന്നില്ല. അതിനെ മുഴുവനായി അടയാളപ്പെടുത്തുന്നത്ര അതിൻ്റെ ആദ്യപ്രകടനം ഉയർന്നില്ല എന്നതിനായിരുന്നു. ”

കിഴക്കൻ ബംഗാളിലെ നവഖാലിയിലാണ് ഈ ഫ്രാങ്കൻസ്റ്റീൻ അതിൻ്റെ രണ്ടാം പ്രകടനം കാഴ്ചവെച്ചത്. കിഴക്കൻ ബംഗാളിലെ ചിറ്റഗോങ്ങ് പ്രവിശ്യയിൽ തെക്ക് പടിഞ്ഞാറൻ പ്രദേശത്ത്  ഗംഗാനദി ഒഴുക്കിയൊഴുക്കി കൊണ്ടുവന്ന എക്കലുകൾ അടിഞ്ഞുണ്ടായ പ്രദേശമാണ് നവഖലി. പുറമേ നിന്നുള്ളവർക്ക് എത്തിപ്പെടുക അത്ര എളുപ്പത്തിൽ സാധ്യമല്ലാത്ത പ്രദേശം. തോടുകളുടെ ഒരു ശൃംഖല അതിനെ കീറി മുറിക്കുന്നു. ശംഖോ എന്ന പേരിട്ട ചെറിയ മുളപ്പാലങ്ങളിലൂടെയാണ് തോടുകൾ മുറിച്ചു കടക്കേണ്ടത്. തെങ്ങുകളും കവുങ്ങുകളും തഴച്ചു വളരുന്ന കാർഷിക പ്രദേശമായിരുന്നു, ഇന്ന് ബംഗ്ലാദേശിൻ്റെ ഭാഗമായ നവഖലി അന്ന്. മുസ്ലീം ഭൂരിപക്ഷ പ്രദേശം. കൊടുങ്കാറ്റും പേമാരിയും വർഷത്തിലൊരിക്കൽ ഉലയ്ക്കുന്ന പ്രദേശം. വാഴയും പപ്പയും ലിച്ചിയും പൈനാപ്പിളും മാവും അവിടെ ആർത്തുവളർന്നു. സമൃദ്ധമായ മീനുകൾ വിശപ്പടങ്ങാൻ സഹായിച്ചു.

അവിടെയാണ് ഇന്ത്യാചരിത്രത്തിലെ ക്രൂരമായ കൂട്ടക്കൊലകൾ നടന്നത്. 1946 ഒക്ടോബർ 10 നാണ് ഇത് ആരംഭിച്ചത്. സദർ, ഫേണി പ്രദേശങ്ങളിലാണ് വർഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. രാംഗഞ്ജ് പ്രദേശത്ത് മുഴുവനായും ബീഗം ഗഞ്ജ്, ലക്ഷ്മിപൂർ, റായ്പൂർ, സെൻബാഗ് തുടങ്ങിയ പ്രദേശങ്ങളിലേയ്ക്ക് അത് വ്യാപിച്ചു. തൊട്ടടുത്ത ജില്ലയായ ടിപ്പെറയിലെ ചാന്ദ് പൂർ, ഫരീദ്ഗഞ്ജ് മേഖലയിലേയ്ക്കും അത് അതിവേഗം പടർന്നു.

ബംഗാൾ ഭരിച്ചിരുന്ന മുസ്ലീംലീഗ് സർക്കാർ നിഷ്ക്രിയമാകുകയോ കലാപത്തിന് അനുകൂലമായി നിലകൊള്ളുകയോ ചെയ്തു. മുൻ ബംഗാൾ ലെജിസ്ളേറ്റീവ് അംഗമായിരുന്ന മിയാൻ ഗുലാം സർവാറാണ് നവഖാലിയിലെ വർഗ്ഗീയകലാപത്തിന് ചുക്കാൻ പിടിച്ചത്. അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല.

കൂട്ടക്കൊലകളുടേയും ദാരുണമായ ജീവിതസാഹചര്യങ്ങളുടേയും കഥകൾ പത്രങ്ങളുടെ പേജുകൾ നിറച്ചു. മുരിയൽ ലെസ്റ്റർ എന്ന ഇംഗ്ലീഷ് സമാധാന പ്രവർത്തക നവഖാലിയിലെത്തി ഒരു സമാശ്വാസകേന്ദ്രം തുറന്നു. ഹിന്ദുസ്ഥാൻ സ്റ്റാൻഡേർഡിൽ 1946 നവംബർ 6 ന് അവർ അയച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.

എല്ലാറ്റിലും ദാരുണം സ്ത്രീകളുടെ അവസ്ഥയാണ്. അവരിൽ പലരും തങ്ങളുടെ ഭർത്താക്കന്മാർ കൊല്ലപ്പെടുന്നത് കണ്ടുനിൽക്കേണ്ടി വന്നവരാണ്. പലരും നിർബന്ധിതപൂർവ്വമുള്ള മതംമാറ്റത്തിന് വിധേയമാകുകയും അവരുടെ ഭർത്താക്കന്മാരുടെ മരണത്തിനും കുടുംബത്തിൻ്റെ തകർച്ചയ്ക്കും കാരണക്കാരായവരെ വിവാഹം കഴിക്കേണ്ട അവസ്ഥയിൽ എത്തുകയും ചെയ്തു. അവർ മരിച്ചവരെപ്പോലെ കാണപ്പെട്ടു. അവിടെ ഏറ്റവും സജീവമായിരുന്ന  നിരാശ എന്ന അവസ്ഥ  മാത്രമായിരുന്നില്ല അവരുടെ മുഖത്ത്. അത് ശൂന്യത തന്നെയായിരുന്നു. ”

വീടുകളിൽ പെട്രോൾ തളിക്കുകയും അവയെ അഗ്നിക്കിരയാക്കുകയും ചെയ്തു. ആരാണ് റേഷൻ വഴി നല്കിക്കൊണ്ടിരുന്ന പെട്രോൾ ഇത്രയധികം സംഭരിച്ച് വിതരണം ചെയ്തത്? ആരാണ് ഈ കുഗ്രാമത്തിൽ പെട്രോൾ തെളിക്കാനുള്ള പമ്പുകൾ എത്തിച്ചത്? ബംഗാളിൻ്റെ ഈ സുന്ദരപ്രദേശം തങ്ങളാണ് ഭരിക്കുന്നതെന്ന് ഗുണ്ടകൾ വിചാരിക്കുന്നു. ഈ തകർച്ച കണ്ടുനിൽക്കുമ്പോൾ തങ്ങൾ നാളെ പിടിക്കപ്പെടുമെന്നും ശിക്ഷിക്കപ്പെടുമെന്നുമുള്ള ചെറിയ വിചാരം പോലും അവർക്കില്ല.

ഈ അക്രമങ്ങളും ക്രൂരതകളും തുടർന്നുകൊണ്ടിരിക്കേ പകരം വീട്ടലെന്ന പേരിൽ രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിൽ ജീവിക്കുന്ന ഈ സംഭവങ്ങളിൽ യാതൊരു പങ്കുമില്ലാത്ത മുസ്ലീങ്ങൾക്ക് നേരെ അക്രമങ്ങൾക്ക് കോപ്പു കൂട്ടുകയായിരുന്നു ഹിന്ദുമഹാസഭയും ആർ എസ് എസും. ഹിന്ദുക്കളെ വർഗ്ഗീയമായി ഐക്യപ്പെടുത്താനുള്ള സുവർണ്ണാവസരമായി അവർ ഇതിനെ കരുതി എന്ന് വേണം വിചാരിക്കാൻ. ഈ സന്ദർഭത്തിലാണ് 1946 ഒക്ടോബർ 28 ന് ഗാന്ധി കൽക്കട്ടയിലേയ്ക്കും തുടർന്ന് നവഖാലിയിലേയ്ക്കുമായി ഡെൽഹി വിടുന്നത്.

സ്വതന്ത്ര ഇന്ത്യ, അതിൻ്റെ ഭാഗധേയം നിർമ്മിച്ചു കൊണ്ടിരുന്ന കാലത്തിൽ അതിൻ്റെ സുസ്ഥിര ഓർമ്മയായി മനസ്സിൽ ഏറ്റിയിരുന്നത് ഗാന്ധിയുടെ ദണ്ഡിയാത്രയാണ്. ഉപ്പ് എന്ന് പറയുന്ന ഇന്ത്യയിലെമ്പാടുമുള്ള പാചകമുറികളിൽ, ഏറ്റവും പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തിലെ ഒരേ ഒരു സ്വാദ് നൽകുന്ന ആ എളിയതും അലിയുന്നതുമായ പദാർത്ഥത്തിൽ നിന്നാണ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെയുള്ള സമരം ഗാന്ധി കണ്ടെത്തിയത്. അണുമുറിച്ചാൽ ഉണ്ടായേക്കാമെന്ന് ഐൻസ്റ്റീൻ കണ്ടെത്തിയ ഫിഷൻ റിയാക്ഷനിലെ ഊർജ്ജ വിമുക്തിയേക്കാൾ വലിയ ഊർജ്ജ വിമുക്തി ഉപ്പുമുറിച്ചാൽ ഉണ്ടാകുമെന്ന് ഗാന്ധി കണ്ടെത്തി.  അതൊരു വലിയ കണ്ടെത്തൽ ആയിരുന്നു. സാമ്രാജ്യത്തത്തിനെതിരെ മൂന്നാംലോകത്തിൻ്റെ സ്വന്തം വിചാരയുദ്ധമായിരുന്നു അത്.

ഇന്ന്, ഹിന്ദുത്വയുടെ പ്രമാണങ്ങൾ നമ്മുടെ ജീവിതത്തിൻ്റെ മുക്കും മൂലയും ഞെരിച്ചുകൊണ്ടിരിക്കുമ്പോൾ, നമ്മുടെ ഇന്ത്യൻ മതേതരജീവിതത്തിൻ്റെ തെളിച്ചത്തിനായി ഉറ്റുനോക്കുമ്പോൾ സുസ്ഥിരമായി തെളിയുന്ന ഒന്നാണ് നവഖലി യാത്ര. അത് സമരമായിരുന്നോ? ഇന്നിൻ്റെ ക്ലിപ്താർത്ഥത്തിൽ അതൊരു സമരം അല്ല എന്ന് പറയാനാണ് ഭൂരിപക്ഷം പേരും താത്പര്യപ്പെടുക. എന്നാൽ അതായിരുന്നു ഗാന്ധി നയിച്ച ഏറ്റവും പ്രധാനപ്പെട്ട സമരം. അത് ഭൗതികം, ആത്മീയം തുടങ്ങിയ എല്ലാത്തരത്തിലുള്ള മായക്കാഴ്ചകളേയും നിരാകരിക്കുന്നതായിരുന്നു. മതം ഒരു വേഷമാണെന്നും ഉയില്ലെന്നും പറഞ്ഞു തന്ന ഏറ്റവും പ്രധാനപ്പെട്ട ഇന്ത്യൻ പ്രസ്താവനയായിരുന്നു അത്.

ഗാന്ധി കൽക്കട്ടയിൽ എത്തുംമുമ്പുതന്നെ ബീഹാറിൽ ഹിന്ദുത്വ ശക്തികൾ തിരിച്ചടി എന്ന പേരിൽ വംശഹത്യ തുടങ്ങി വെച്ചിരുന്നു. ഗാന്ധി തന്നെ ഇന്ത്യൻ രാഷ്രീയയാനം തുടങ്ങിവെച്ചത് ബീഹാറിൽ നിന്നായിരുന്നു. ചമ്പാരൻ സത്യഗ്രഹത്തിലൂടെ. അതിർത്തിപ്രദേശങ്ങളിൽ നിന്ന് തുടങ്ങിയ അക്രമം ഒരാഴ്ചകൊണ്ട് പാറ്റ്നയിൽ എത്തി.

കൽക്കട്ടയിൽ എത്തിയ ഉടനെ തന്നെ കാത്തുനിന്നിരുന്ന ജനക്കൂട്ടത്തോട് ഗാന്ധി പറഞ്ഞത് താൻ വന്നിരിക്കുന്നത് ശൂന്യമായ മനസ്സുമായിട്ടാണ് എന്നാണ്. ദൈവത്തിന്റെ നിയോഗം ഏൽക്കാനുള്ള ശൂന്യ മനസ്സ്. ആദ്യം സുഹ്രവർദ്ദിയെ ആണ് ഗാന്ധി കണ്ടത്. തൻ്റെ ആഡംബരം നിറഞ്ഞ താമസസ്ഥലത്ത് ഗാന്ധിയെ മുഖ്യമന്ത്രിയായ സുഹ്രവർദ്ദി സ്വീകരിച്ചു. ഗാന്ധി സുഹ്രവർദ്ദിയോടുള്ള അനിഷ്ടം മറച്ചു വെച്ചില്ല. ” സുഹ്രവർദ്ദി സാഹിബ്, എല്ലാവരും താങ്കളെ വിളിക്കുന്നത് അക്രമകാരികളുടെ തലവൻ എന്നാണല്ലോ ? ആരും താങ്കളെപ്പറ്റി നല്ല വാക്ക് പറയുന്നത് കേൾക്കുന്നില്ലല്ലോ ” ഗാന്ധി ചോദിച്ചു. ” താങ്കളെപ്പറ്റി പോലും ചീത്തവാക്കുകൾ ജനങ്ങൾ പറയുന്നുണ്ട്. താങ്കളുടെ പിന്നിൽ നിന്നാണെന്ന് മാത്രം ” സുഹ്രവർദ്ദി പ്രതിവചിച്ചു. “ശരിയായിരിക്കാം” ഗാന്ധി പറഞ്ഞു. “എങ്കിലും ചിലരെങ്കിലും എന്നെ മഹാത്മാ എന്ന് വിളിക്കുന്നുണ്ട്. പക്ഷെ ഒരാളും താങ്കളെ മഹാത്മാ എന്ന് വിളിക്കുന്നതായി കേൾക്കുന്നില്ല, ഷഹീദ് സുഹ്രവർദ്ദീ”. സുഹ്രവർദ്ദി ഒട്ടും മയപ്പെടുത്താതെ പറഞ്ഞു. “മഹാത്മജീ, ജനങ്ങൾ താങ്കളുടെ സാന്നിദ്ധ്യത്തിൽ താങ്കളെപ്പറ്റി പറയുന്നത് വിശ്വസിക്കാതിരിക്കുക”

മുഖ്യമന്ത്രി എന്ന നിലയിൽ താനെടുക്കേണ്ടിയിരുന്ന ഉത്തരവാദിത്വം തരിമ്പു പോലും നിർവ്വഹിക്കാതിരുന്ന സുഹ്രവർദ്ദിയോട് അത് മറയില്ലാതെ സൂചിപ്പിക്കുകയായിരുന്നു ഗാന്ധി. സമാധാനം വീണ്ടെടുക്കണമെങ്കിൽ അതിൽ ആത്മാർത്ഥമായി ഇടപെടണമെന്നും. ഇത് സുഹ്രവർദ്ദിയുടെ പിൽക്കാലജീവിതത്തിൽ എത്ര അഗാധമായ മാറ്റമാണ് ഉണ്ടാക്കിയതെന്ന് ചരിത്രം കാണിച്ചു തരുന്നുണ്ട്. സമാധാന കമ്മറ്റിയെപ്പറ്റി ഒരു രൂപരേഖ സുഹ്രവർദ്ദിയുമായുള്ള ചർച്ചയിലൂടെ ഉരുത്തിരിഞ്ഞു.

നവഖാലിയിലേയ്ക്ക് പുറപ്പെടും മുമ്പ് ഗാന്ധി തൻ്റെ ശരീരത്തെ സമരമുഖമാക്കുന്ന ചില തീരുമാനങ്ങൾ സഹപ്രവർത്തകരെ അറിയിച്ചിരുന്നു. സമാധാനം പുനഃസ്ഥാപിക്കപ്പെടും വരെ പ്രവർത്തനോർജ്ജത്തിനാവശ്യമായ ഭക്ഷണം മാത്രമേ കഴിക്കൂ. സമാധാനം അകലെയെന്ന് കണ്ടാൽ അതുപോലും ഉപേക്ഷിക്കും. ഒരു യുക്തിയുമില്ലാത്ത കൂട്ടക്കൊലകൾ തുടരുന്ന കാലത്ത് അതിന് സാക്ഷ്യം വഹിക്കാനായി  ജീവിച്ചിരിക്കാൻ താൻ താത്പര്യപ്പെടുന്നില്ല.

1946 നവംബർ 6 ന് ഗാന്ധിയും കൂട്ടരും കൽക്കട്ടയിൽ നിന്നും നവഖലിയിലേയ്ക്ക് ട്രെയിനിൽ പുറപ്പെട്ടു. ഗോളണ്ടോ വരെ ട്രെയിനിൽ. പിന്നെ പത്മാനദിയിലൂടെ നൂറുമൈൽ ദൂരം ബോട്ടിൽ. ചാന്ദ് പൂരിൽ നിന്ന് വീണ്ടും ട്രെയിനിൽ ചൗമുഹാനിയിലേയ്ക്ക്. അവിടെ രണ്ട് ദൗത്യസംഘങ്ങൾ ഗാന്ധിയെ കാത്തുനിന്നിരുന്നു. മുസ്ലീം ദൗത്യ സംഘവും ഹിന്ദു ദൗത്യസംഘവും. മുസ്ലീം ദൗത്യസംഘം നവഖാലിയിൽ നിന്ന് വരുന്ന വാർത്തകൾ ഊതിപ്പെരുപ്പിച്ചവയായിരുന്നു എന്ന് ഗാന്ധിയെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. നവഖലിയിലും ടിപ്പേറയിലും കൂടി ആകെ 15 ഹിന്ദുക്കൾ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് അവർ പറഞ്ഞു. എന്നാൽ ഹിന്ദുസൈന്യം 30 മുസ്ലീങ്ങളെ കൊല്ലുകയുണ്ടായെന്നും. ഹിന്ദു ദൗത്യസംഘം പോലീസുകാരിൽ നിന്നും മുസ്ലീങ്ങളെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു.

ചൗമുഹാനിയിൽ നിന്നും, അടുത്ത സ്റ്റേഷനായ ലക്ഷാമിലെത്തിയപ്പോൾ ഗാന്ധിയെ കാത്ത് ഒരു കൂട്ടം അഭയാർത്ഥികൾ നിൽക്കുന്നുണ്ടായിരുന്നു. അവരോട് സമാധാനം പുന:സ്ഥാപിക്കും വരെ ബംഗാളിൽ നിന്ന് താൻ മടങ്ങുകയില്ല എന്ന് ഗാന്ധി ഉറപ്പുകൊടുത്തു. “എന്തുകൊണ്ടാണ് അള്ളാഹു അക്ബർ എന്ന വിളിയെ നിങ്ങൾ പേടിക്കുന്നത് ? ” ഗാന്ധി ചോദിച്ചു. “ഇസ്ലാമിലെ അള്ളാ ഹിന്ദുക്കളുടെ രാമന് സമമാണ്“.

1946 നവംബർ 9 മുതൽ നവഖാലി ജില്ലയിലെ ഉൾഗ്രാമങ്ങളിലേയ്ക്ക് ഗാന്ധി സഞ്ചരിക്കാൻ തുടങ്ങി. ഗോപയർബാഗ് ആണ് അദ്ദേഹം ആദ്യം സന്ദർശിച്ചത്. പിറ്റേ ദിവസം മുതൽ തൻ്റെ ക്യാമ്പ് ചൗമുഹാനിയിൽ നിന്നും ദത്തപ്പാറയിലേയ്ക്ക്, ഉൾഗ്രാമങ്ങൾ സന്ദർശിക്കാനുള്ള സൗകര്യം നോക്കി ഗാന്ധി മാറ്റിസ്ഥാപിച്ചു. ആ സായാഹ്നത്തിൽ തൻ്റെ പ്രാർത്ഥനാ സമ്മേളനത്തിൽ തടിച്ചു കൂടിയവരോട്, അവരിൽ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു, ഗാന്ധി സംസാരിച്ചു. ” ഞാൻ ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും സേവകനാണെന്ന് പറയാൻ ആഗ്രഹിക്കുന്നു. പാകിസ്ഥാനെതിരെ യുദ്ധം ചെയ്യാനല്ല ഞാൻ ഇവിടെ വന്നിരിക്കുന്നത്. ഇന്ത്യ വിഭജിക്കപ്പെടാൻ വിധിക്കപ്പെട്ടിരിക്കുന്നുവെങ്കിൽ എനിക്കത് തടയാനാകില്ല. പക്ഷെ, പാകിസ്ഥാൻ ബലം പ്രയോഗിച്ചല്ല സ്ഥാപിക്കപ്പെടേണ്ടത് എന്ന് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ മുസ്ലീം സഹോദരരോട് അവരുടെ ഹൃദയത്തിലേയ്ക്ക് നോക്കി അവർ ഹിന്ദുക്കളോട് സൗഹൃദത്തിൽ കഴിയാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അത് തുറന്നു പറയാൻ ഞാൻ ആവശ്യപ്പെടുന്നു. അങ്ങനെയെങ്കിൽ ഹിന്ദുക്കൾ കിഴക്കൻ ബംഗാൾ വിട്ട് വേറെ എവിടേക്കെങ്കിലും പോകണം. അഭയാർത്ഥികൾക്ക് എന്നന്നേയ്ക്കും  അഭയാർത്ഥികളായി കഴിയാൻ സാധ്യമല്ല. പക്ഷെ, കിഴക്കൻ ബംഗാളിലെ ഹിന്ദുക്കളെല്ലാം പോയാലും മുസ്ലീങ്ങൾക്കിടയിൽ ഞാൻ തുടർന്നും ജീവിക്കും. അതല്ല, ഹിന്ദുക്കൾ നിങ്ങൾക്കിടയിൽ കഴിയണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ഹിന്ദുക്കളോട് പറയണം അവർ സംരക്ഷണത്തിനായി സൈന്യത്തെയല്ല ഉറ്റുനോക്കേണ്ടത്, പകരം തങ്ങളുടെ മുസ്ലീം സഹോദരരെയാണെന്ന്

1946 നവംബർ 11 ന് നവ്ഖോല, സോനാചക്ക്, ബിൽപ്പാറ എന്നീ ഗ്രാമങ്ങൾ ഗാന്ധി സന്ദർശിച്ചു. അടുത്ത ദിവസം പ്രാർത്ഥനാ സമ്മേളനത്തിൽ ചേർന്ന ജനക്കൂട്ടത്തിൽ വെച്ച്, അവരിൽ ഭൂരിഭാഗവും ഹിന്ദു അഭയാർത്ഥികൾ ആയിരുന്നു, ഒരു മൗലവി കിഴക്കൻ ബംഗാൾ വിടുന്ന ഹിന്ദു സഹോദരരുടെ ഭാവിയെക്കുറിച്ച് മുസ്ലീങ്ങൾ അസന്തുഷ്ടരാണെന്നും ഭയപ്പാടുള്ളവർ പോലുമാണെന്നും പ്രഖ്യാപിക്കുകയുണ്ടായി. ആയിരക്കണക്കിന് വരുന്ന മുസ്ലീങ്ങൾ അവർക്കിടയിൽ താമസിക്കാൻ ഹിന്ദുക്കളെ സ്വാഗതം ചെയ്യുന്നതായും. ഗാന്ധി അന്നേരം പറഞ്ഞത് ആത്മാർത്ഥമായ വാക്കുകൾ മാത്രമേ ആവശ്യമുള്ളു, പൊള്ള വാക്കുകൾ വേണ്ടെന്നാണ്. അഭയാർത്ഥികളുടെ തിരിച്ചുവരവ് ഒരു ലളിതമായ ദൗത്യമല്ലെന്നും.

താൻ ഏർപ്പെട്ടിരിക്കുന്ന ദൗത്യത്തെക്കുറിച്ച് ഗാന്ധിക്ക് ആഴത്തിൽ ധാരണയുണ്ടായിരുന്നു എന്ന് കാണിക്കാനാണ് മേൽക്കാണിച്ചുള്ള സംഭവങ്ങളും ഉദ്ധരണികളും നൽകുന്നത്. ദിവസവും പത്തു മൈലെങ്കിലും നഗ്നപാദനായി അദ്ദേഹം പിന്നിട്ടു. ഏറ്റവും ചുരുങ്ങിയ ഭക്ഷണം മാത്രം കഴിച്ചു. തകർന്ന വീടുകളിൽ താമസിച്ചു. മതത്തിൻ്റെ പേരിലുള്ള എതിരിടലുകളിൽ സാമാന്യ ജനങ്ങളിൽ വർഷിക്കുന്ന ആഘാതത്തിന് ഇന്ത്യയിൽ സമാനതകൾ ഇല്ല എന്ന് സൂക്ഷ്മമായി തിരിച്ചറിഞ്ഞു. വെറും രാഷ്ട്രീയം കൊണ്ട് അത് പരിഹരിക്കാനാവില്ലെന്നും . രാഷ്ട്രീയം ശരിയായ ദിശയിൽ വളരണമെങ്കിൽ അതിന് സാമൂഹ്യപ്രവർത്തനത്തിൻ്റേയും സാമൂഹ്യബോധത്തിൻ്റേയും ഒരു മുൻകൂർ പ്രവർത്തനം ആവശ്യമാണ് എന്ന് ഗാന്ധി തൻ്റെ നവഖാലി യാത്രയിൽ തിരിച്ചറിയുന്നുണ്ട്.

നവഖാലി ജില്ലയിലെ സന്ദർശനത്തിൻ്റെ ആദ്യഘട്ടം പൂർത്തിയായത് നന്ദിഗ്രാം സന്ദർശനത്തോടെയാണ്. ദത്തപ്പാറയിൽ നിന്നും ഗാന്ധി തൻ്റെ ക്യാമ്പ് കസീർഖില്ലിലേയ്ക്ക് മാറ്റി. മിയാൻ ഗുലാം സർവാറിൻ്റെ സ്വന്തം സ്ഥലമായിരുന്നു ശ്യാംപൂർ. കസീർഖില്ലിലേയ്ക്കുള്ള യാത്രക്കിടയിൽ ശ്യാംപൂരിലെത്തി. സർവാറിൻ്റെ ആളുകൾ ഗാന്ധിയോട് സഹകരിക്കാതെ മാറി നിന്നു.

കസീർഖില്ലിൽ അക്രമികൾ തകർത്ത ഒരു വീടിൻ്റെ അവശിഷ്ടമാണ് തൻ്റെ ക്യാമ്പായി ഗാന്ധി മാറ്റിയത്. ” എന്റെ അഹിംസ മുമ്പെന്നുമില്ലാത്ത വിധം വീണ്ടും വീണ്ടും പരീക്ഷിക്കപ്പെട്ടു ” തകർന്ന ആ വീട്ടിലിരുന്ന് ഗാന്ധി സുഹൃത്തിനെഴുതി. നവംബർ 20 വരെ ഗാന്ധി അവിടെ കഴിഞ്ഞു.  പിന്നീട് ശ്രീരാംപൂരിലേയ്ക്ക് നീങ്ങി. ഒരു മാസം ഗാന്ധി അവിടെ തങ്ങി. അദ്ദേഹത്തിൻ്റെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങിയിരുന്നു.

അതിനിടയിൽ സമാധാനകമ്മറ്റിയുടെ പ്രവർത്തനം സജീവമാകാൻ തുടങ്ങിയിരുന്നു. ന്യൂനപക്ഷമായ ഹിന്ദുക്കളെ മാറ്റിത്താമസിപ്പിക്കണം എന്നൊരു നിർദ്ദേശം പല ഭാഗത്തു നിന്നും ഉയർന്നു വരാൻ തുടങ്ങി. ഗാന്ധി അതിനെ തള്ളിക്കളഞ്ഞു. അത്തരം സംരക്ഷണകേന്ദ്രങ്ങൾ അല്ല ആവശ്യം എന്ന് അദ്ദേഹം പറഞ്ഞു.

ശ്രീരാംപൂരിൽ ആചാര്യ കൃപലാനിയ്ക്കൊപ്പം നെഹ്റു ഗാന്ധിയെ സന്ദർശിക്കുകയുണ്ടായി. നവഖാലിക്ക് പകരം വീട്ടാൻ സവർക്കറും കൂട്ടരും തീരുമാനമെടുത്ത് മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത ബീഹാറിൽ നെഹ്റു പോയിരുന്നു. ഹതാശനായാണ് അദ്ദേഹം ഡെൽഹിയിലേയ്ക്ക് തിരിച്ചു വന്നത്. അതിനാൽ ഗാന്ധിയോട് ഡെൽഹിയിലേയ്ക്ക് തിരിച്ചു വരാൻ അദ്ദേഹം അഭ്യർത്ഥിച്ചു. എന്നാൽ ഹൃദയം പറയുന്നതേ താൻ കേൾക്കൂ എന്നും നെഹ്റുവിന് ആവശ്യമുള്ളപ്പോൾ തന്നെ ഇവിടെ വന്ന് കാണുകയോ സന്ദേശവാഹകനെ അയയ്ക്കുകയോ ആകാമെന്ന് അദ്ദേഹം പ്രതിവചിച്ചു. 1946 ഡിസംബർ 30 ന് ശ്രീറാംപൂരിൽ നിന്ന് മടങ്ങുമ്പോൾ നെഹ്റു പത്രക്കാരോട് പറഞ്ഞു. ” എഴുപത്തേഴ് വയസ്സായ ഈ ചെറുപ്പക്കാരനെ കാണുക എന്നത് എപ്പോഴും സന്തോഷം തരുന്ന ഒന്നാണ്. അദ്ദേഹത്തെ കണ്ടാൽ എപ്പോഴും അല്പം കൂടി പ്രായം കുറഞ്ഞതായും അല്പം കൂടി ശക്തരായതായും ഞങ്ങൾക്ക് അനുഭവപ്പെടാറുണ്ട്. ഞങ്ങൾ പേറുന്ന ഭാരം അല്പം കുറഞ്ഞതായും

നവഖാലിയിൽ തൻ്റെ രണ്ടാം പര്യടനത്തിനൊരുങ്ങുകയായിരുന്നു ഗാന്ധി. അദ്ദേഹം സർദാർ പട്ടേലിനെഴുതി. ” ഞാൻ വീണ്ടും വീണ്ടും പരീക്ഷിക്കപ്പെടുകയാണ്. എൻ്റെ സത്യവും അഹിംസയും ഒരു വജ്രവ്യാപാരിയും ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അതിസങ്കീർണ്ണമായ ഒരു തുലാസിൽ പരീക്ഷിക്കപ്പെടുകയാണ്. സത്യവും അഹിംസയും പരിപൂർണ്ണമാണ്. അവ ഒരിക്കലും പരാജയപ്പെടില്ല. പക്ഷെ, ഞാൻ, അവയുടെ ഉപാധി, പരാജയപ്പെട്ടേക്കാം. അത് സംഭവിക്കും മുമ്പ് ഞാൻ ഇത്രമാത്രമാണ് ആഗ്രഹിക്കുന്നത്. ദയാപരനായ ദൈവം ഈ ലോകത്തു നിന്ന് എടുത്തു മാറ്റുകയും അവൻ്റെ ഇച്ഛ നടപ്പിൽ വരുത്താൻ മെച്ചപ്പെട്ട ഒരു ഉപകരണത്തെ ഈ ഭൂമിയിലേയ്ക്കയക്കുകയും ചെയ്യുക. ഇവിടെ നിന്നും ദൂരേയ്ക്ക് എന്നെ വിളിക്കരുത്. തന്നത്താൻ ഞാൻ ഇവിടെ നിന്നും ഭീരുവിനെപ്പോലെ പരാജയപ്പെട്ട് ഓടിപ്പോവുകയാണെങ്കിൽ അത് എൻ്റെ വിധിയാണ്. ഇന്ത്യയുടെ കുറ്റമല്ല. പക്ഷെ എനിക്ക് അത്തരം പേടികൾ ഇല്ല. ചെയ്യുക അല്ലെങ്കിൽ മരിക്കുക എന്നതിന് പുറത്താണ് ഞാൻ.

അക്കാലത്ത് തന്നെയെഴുതിയ മറ്റൊരു കത്തിൽ സർദാറിനോടുള്ള വിയോജിപ്പ് ഗാന്ധി തുറന്ന് പ്രകടിപ്പിക്കുന്നുണ്ട്. ഇടക്കാല ഗവണ്മെൻറിൽ ആഭ്യന്തരമന്ത്രിയായിരുന്നു സർദാർ. അക്കാലത്ത് നവഖാലിയിലുണ്ടായ കലാപങ്ങളെ മുൻനിർത്തി “വാളിനെ വാളുകൊണ്ട് നേരിടണം ” എന്ന് സർദാർ പ്രസംഗിച്ചതിനെ മുൻ നിർത്തിയായിരുന്നു ഗാന്ധിയുടെ വിയോജിപ്പ്. ഗാന്ധി എഴുതി.” ഞാൻ നിങ്ങളെക്കുറിച്ചുള്ള ധാരാളം പരാതികൾ കേട്ടു. നിങ്ങളുടെ പ്രഭാഷണങ്ങൾ തീയാളിക്കത്തിക്കുന്നതാണ്. അക്രമവും  അഹിംസയും തമ്മിലുള്ള എല്ലാ വ്യത്യാസങ്ങളേയും നിങ്ങൾ നിരാകരിച്ചിരിക്കുന്നു. നിങ്ങൾ ജനങ്ങളെ പഠിപ്പിക്കുന്നത് വാളിനെ വാളുകൊണ്ട് നേരിടണമെന്നാണ്. കേട്ടത് ശരിയെങ്കിൽ, ഇതെല്ലാം നാശകാരിയാണ്. ഞാൻ കേട്ടതെല്ലാം നിങ്ങളുടെ പരിഗണനയ്ക്കായി ഞാൻ നിങ്ങൾക്ക് തന്നെ കൈമാറുകയാണ്. ഇത് സങ്കീർണ്ണമായൊരു സമയമാണ്. ”

ഗാന്ധിയുടെ കത്ത് തന്നെ വളരെ വേദനിപ്പിച്ചുവെന്നും തൻ്റെ പ്രസംഗത്തിൻ്റെ സന്ദർഭം പരിശോധിക്കണമെന്നും സർദാർ മറുപടിയെഴുതി. ആഭ്യന്തരമന്ത്രിയെന്ന നിലയിൽ തനിക്ക് ലഭിച്ച രഹസ്യറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തൻ്റെ പ്രസംഗങ്ങൾ സംഭവിച്ചതെന്നും. പ്യാരേലാൽ പിൽക്കാലത്ത് ആ സംഭവത്തെ അനുസ്മരിച്ച് ബർദോളിയിലെ സർദാർ ആയിരുന്നില്ല ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ എന്ന് പറയുന്നുണ്ട്.

അതായത് നവഖാലിയിൽ സംഭവിച്ചതിനെ മുൻനിർത്തി ഗാന്ധിയുടെ പരിശ്രമങ്ങൾ ഏതെങ്കിലും കക്ഷിക്കോ മനുഷ്യർക്കോ എതിരായിരുന്നില്ല. അത് അഹിംസയെ അതിന് ശ്വസിക്കാൻ പോലും ഇത്തിരി വായു കിട്ടുക പ്രയാസമായ സാഹചര്യത്തിൽ അതിനെ ഉയർത്തിപ്പിടിക്കുക എന്ന ദൗത്യമായിരുന്നു അനുഷ്ഠിച്ചത്. ഇന്ത്യയിൽ കൊല ചെയ്യപ്പെടുന്ന മൂല്യങ്ങൾക്ക് അർദ്ധ പ്രാണനെങ്കിലും നൽകുക എന്ന ദൗത്യമായിരുന്നു അത്. 1947 ജനുവരി 2 ന് നക്ഷത്രങ്ങൾ ആകാശത്തു നിന്നും മായാത്ത ഒരു വെളുപ്പാൻ കാലത്ത് ഗാന്ധി അതിന് വേണ്ടി ശ്രീറാംപൂർ വിട്ടു. മൂന്നു മൈൽ അകലെയുള്ള ചാന്ദിപ്പൂരിലേയ്ക്കാണ് ഗാന്ധി പോയത്. അഞ്ചു ദിവസം ഗാന്ധി അവിടെ തങ്ങി. തൻ്റേത് ഒരു വ്രണിത തീർത്ഥാടനമാണെന്ന് ഗാന്ധി അവിടെ വെച്ചു പ്രഖ്യാപിച്ചു. അടുത്ത രണ്ടുമാസങ്ങളിൽ ആ എഴുപത്തേഴ് വയസ്സുകാരൻ്റെ നഗ്നപാദം 116 മൈലുകൾ പിന്നിട്ടു. രണ്ടു ഘട്ടങ്ങളിലായി 48 ഗ്രാമങ്ങൾ സന്ദർശിച്ചു – ഏക് ലേ ചലോരേ എന്ന ടാഗോർ ഗീതി എല്ലായിടവും മുഴങ്ങി.

ഗാന്ധിയുടെ ദണ്ഡിയാത്രയാണ് ഇന്ത്യൻ സ്ത്രീകളെ സ്വാതന്ത്ര്യസമരത്തിലേയ്ക്ക് കൂട്ടമായി കൊണ്ടുവന്നത് എന്ന് രേഖപ്പെടുത്തിട്ടുണ്ട്. എന്നാൽ നവഖാലി യാത്രയിൽ സ്ത്രീകളുടെ കൈകളാൽ ഇന്ത്യയിൽ മൂല്യ നിർമ്മാണം അതിശക്തമായി നടന്നു എന്നത് അധികമാരും രേഖപ്പെടുത്തിയിട്ടില്ല. പ്രധാനപ്പെട്ട നേതാക്കൾ ആരും ഗാന്ധിയുടെ യാത്രയിൽ അവിരാമം കൂടെയുണ്ടായിരുന്നില്ല. മനുവും ആഭയും പോലുള്ള സ്ത്രീകളായിരുന്നു അവിടെ പുരുഷ കേസരികളെ പകരം വെച്ചത്. സുശീല നയ്യാറും സുചേത കൃപലാനിയും അതിൽ പങ്കുവഹിച്ചു. ഒപ്പം ബീബി അംതസ് സലാമിനെപ്പോലുള്ള അറിയപ്പെടാത്തവരും. സിറണ്ടിയിൽ മുസ്ലീം അക്രമങ്ങൾക്കെതിരെ അവർ 25 ദിവസം നിരാഹാരമിരുന്നു. സമീപകാല അക്രമസംഭവങ്ങളിൽ പകയും വെറുപ്പും ശമിപ്പിക്കാൻ അവർ നടത്തിയ അക്ഷീണ യത്നങ്ങൾ സമാനതയില്ലാത്തവയായിരുന്നു. സമാധാനം പുന:സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥയിൽ സിറണ്ടിയിലെത്തിയ ഗാന്ധി എല്ലാ ബന്ധപ്പെട്ട കക്ഷികളെക്കൊണ്ടും ഒപ്പുവാങ്ങിക്കൊണ്ടാണ് ബീബിയുടെ നിരാഹാര സമരത്തിന് അറുതി വരുത്തിയത്.ഗാന്ധി തന്നെയാണ് നാരങ്ങ നീർ കൊടുത്ത് ആ നിരാഹാരം അവസാനിപ്പിച്ചത്. ഏതാണ്ട് ഒരു വർഷത്തിന് ശേഷം ബീബിയുടെ അതേ മാർഗ്ഗം താൻ ഡെൽഹിയിൽ സ്വീകരിക്കാൻ പോകുന്നു എന്ന് ഗാന്ധി അപ്പോൾ വിചാരിച്ചിരിക്കില്ല.

പിൽക്കാലത്ത് മനു അനുസ്മരിച്ച പോലെ ഗാന്ധി ഇന്ത്യ എന്ന രാഷ്ട്രത്തെ തുന്നിക്കെട്ടുകയായിരുന്നു; ഒരു വിള്ളലിനും അവസരം കൊടുക്കാതെ

==**==**==**==

 

Comments

comments