52. അതിന് ശേഷം
…………………………….1948 ജനുവരി 21 ന് രാവിലെ പത്രം വായിച്ച പ്രൊഫ. ജെയിൻ ഞെട്ടിത്തരിച്ചു. മദൻലാൽ പഹ്‌ വ തന്നോട് പറഞ്ഞ, ഒരു അഭയാർത്ഥി പയ്യൻ്റെ വൈകാരികമായ വാക്കുകൾ എന്ന് താൻ തള്ളിക്കളഞ്ഞവ, ഭീഷണരൂപമാർന്ന് തൻ്റെ മുന്നിൽ നിൽക്കുന്നത് ജെയിൻ കണ്ടു. അഹ്മദ് നഗറിലെ ” കിർക്കീസേഠ് ” ആണ് ഇതിന് പിന്നിൽ പണമിറക്കുന്നതെന്നും സവർക്കറുടെ ആശിസ്സ് തങ്ങൾക്കുണ്ടെന്നും പഹ് വ പറഞ്ഞത് അയാൾ ഓർമ്മിച്ചു. തനിക്കറിയാവുന്ന കാര്യങ്ങൾ എത്രയും പെട്ടെന്ന് ബോംബെ പോലീസുമായി പങ്കുവെയ്ക്കണമെന്ന് ജെയിൻ ആ നിമിഷം തീരുമാനിച്ചു.ബോംബെ പ്രവിശ്യയുടെ മുഖ്യമന്ത്രിയായിരുന്ന ബി.ജി.ഖേറിനെത്തന്നെ ബന്ധപ്പെടാനാണ് ജെയിൻ ശ്രമിച്ചത്. എന്നാൽ ഖേർ സ്ഥലത്തുണ്ടായിരുന്നില്ല. തൻ്റെ ആഭ്യന്തരമന്ത്രിയായിരുന്ന മൊറാർജി ദേശായിയെ കാണാൻ ഖേർ നിർദ്ദേശിച്ചു. അതനുസരിച്ച് അന്ന് തന്നെ വൈകീട്ട് 4 മണിക്ക് മൊറാർജി ദേശായിയുടെ ഓഫീസിൽ ജെയിൻ എത്തിച്ചേർന്നു. 1948 ജനുവരി 11നും 14 നും മദൻലാൽ പഹ് വ തന്നോട് പറഞ്ഞ കാര്യങ്ങൾ ജെയിൻ ദേശായിയോട് പങ്കുവെച്ചു. ” കിർക്കീ സേഠി “നെ കുറിച്ചും സവർക്കറുടെ ആശിസ്സിനെ കുറിച്ചും പഹ് വ പറഞ്ഞത് ഒന്നും വിടാതെ പ്രൊഫ. ജെയിൻ ദേശായിക്ക് മുന്നിൽ അവതരിപ്പിച്ചു. ശിവാജി പാർക്കിൽ, ഹിന്ദുത്വ രാഷ്ട്രീയക്കാരുടെ ഇടയിലാണ് തൻ്റെ വാസം എന്നതിനാൽ തൻ്റെ പേരുവിവരങ്ങൾ പൊതുമണ്ഡലത്തിൽ പങ്കുവെയ്ക്കരുതെന്ന അപേക്ഷയും ജെയിനിൻ്റെ ഭാഗത്തു നിന്നുണ്ടായി.

അക്കാലത്ത് ജാംഷെഡ് ദൊറാബ്ജി നാഗർവാല എന്ന ജിമ്മി നാഗർവാലയായിരുന്നു ബോംബെയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ. ഇൻ്റലിജൻസ് വിഭാഗം അദ്ദേഹത്തിൻ്റെ കീഴിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. ദേശായി അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അപ്പോൾ അത് നടന്നില്ല. അന്ന് രാത്രി 8.30 ന് ബോംബെയിൽ നിന്നും അഹമ്മദാബാദിലേയ്ക്ക് പോകുന്ന ഗുജറാത്ത് മെയിലിൽ അഹമ്മദാബാദിലേയ്ക്ക് പുറപ്പെടാൻ ഒരുങ്ങിയിരിക്കുകയായിരുന്നു ദേശായി. രാത്രി റെയിൽവേ സ്‌റ്റേഷനിൽ വെച്ച് കാണണമെന്ന് നാഗർവാലയ്ക്ക് ദേശായി സന്ദേശമയച്ചു.

അന്ന് രാത്രി ബോംബെ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ തന്നെ വന്നു കണ്ട നാഗർവാലയോട് പ്രൊഫ. ജെയിൻ പറഞ്ഞ കാര്യങ്ങൾ ദേശായി പങ്കുവെച്ചു. ഉടൻ അന്വേഷണം നടത്തണമെന്നും ” കിർക്കീ സേഠി ” നെ അറസ്റ്റു ചെയ്യണമെന്നും ദേശായ് ആവശ്യപ്പെട്ടു. സവർക്കറുടെ നീക്കങ്ങൾ നിരീക്ഷിക്കണമെന്നും. അഹമ്മദാബാദിൽ വെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയായ സർദാർ പട്ടേലിനെ താൻ കാണുന്നുണ്ടെന്നും അദ്ദേഹത്തെ ഇക്കാര്യങ്ങൾ ധരിപ്പിക്കുന്നുണ്ടെന്നും ദേശായി കൂട്ടിച്ചേർത്തു.

നാഗർവാല ആദ്യം ചെയ്തത് സവർക്കർ സദൻ നിരീക്ഷിക്കാനായി രണ്ട് പോലീസുകാരെ ഏർപ്പെടുത്തുകയാണ്. അതേ സമയം തൻ്റെ ഇന്റലിജൻസ് ഉദ്യോഗസ്ഥരിൽ നിന്നും നാഗർവാലയ്ക്ക് ലഭിച്ച വിവരം ഹിന്ദുത്വ തീവ്രവാദികൾ ഗാന്ധിയെ തട്ടിക്കൊണ്ടു പോയി ബന്ദിയായി വെയ്ക്കാനുള്ള ഒരു വലിയ പദ്ധതി മെനയുന്നുണ്ടെന്നാണ്. നാഗർവാലെയുടെ അന്വേഷണങ്ങൾ മുഴുവൻ ഈ വിവരത്തെ ആശ്രയിച്ചായിരുന്നു.

1948 ജനുവരി 20 ന് തന്നെ ഡെൽഹി പോലീസ് മദൻലാൽ പഹ് വയേയും കൊണ്ട് മറീന ഹോട്ടലിലെത്തി നാല്പതാം നമ്പർ മുറി പരിശോധിച്ചു. ഹോട്ടൽ മാനേജരായിരുന്ന സി.പച്ചെക്കോയുടെ സാന്നിദ്ധ്യത്തിൽ അവർ മുറി പരിശോധിച്ചു. ഡ്രെസ്സിങ്ങ് ടേബിളിൻ്റെ വലിപ്പിൽ നിന്നും അവർ അശുതോഷ് ലാഹിരിയുടെ പ്രസ്താവനയുടെ പകർപ്പ് കണ്ടെടുക്കുകയുണ്ടായി. വധോദ്യമത്തിന് പിന്നിലുള്ളവർക്ക് ഹിന്ദുമഹാസഭയുമായി ബന്ധമുണ്ടെന്നതിന് ലഭിച്ച ആദ്യ തെളിവായിരുന്നു അത്. ഒരു വെയ്റ്റർ മുറിയിൽ നിന്ന് കേട്ട സ്ഫോടനശബ്ദത്തെക്കുറിച്ചും ഉയർന്ന പുകയെ കുറിച്ചും പറഞ്ഞു. പക്ഷെ, ആപ്തേ അതിന് അന്ന് സമാധാനം പറഞ്ഞതിന് വിരുദ്ധമായി കിടക്കകൾ ഒന്നും കത്തിയിരുന്നില്ല. പോലീസിന് കിട്ടിയ പ്രധാനപ്പെട്ട മറ്റൊരു തെളിവ് അലക്കാൻ കൊടുത്ത തുണികൾ ആയിരുന്നു. ആ വസ്ത്രങ്ങളിൽ ചിലതിൽ നാഥുറാം വിനായക് ഗോഡ്സേയുടെ ചുരുക്കപ്പേരായ N V G എന്ന് മായാത്ത മഷി കൊണ്ട് രേഖപ്പെടുത്തിയിരുന്നു. നാഥുറാമിൻ്റെ പൂനെയിലെ അലക്കുകാരൻ നാഥുറാമിൻ്റെ വസ്ത്രങ്ങൾ  തിരിച്ചറിയാൻ വേണ്ടി രേഖപ്പെടുത്തിയ അടയാളമായിരുന്നു അത്.

ഹോട്ടലിൽ നിന്ന് പോലീസ് സംഘം പഹ് വയേയും കൂട്ടി നേരെ പോയത് ഹിന്ദുമഹാസഭാ ഓഫീസിലേയ്ക്കാണ്. അശുതോഷ് ലാഹിരിയുടെ കത്താണ് അവരെ അവിടേയ്ക്ക് നയിച്ചത്. രാത്രി 11 മണിക്ക് മദൻലാൽ പഹ് വയിൽ നിന്ന് കിട്ടിയ വിവരം അനുസരിച്ച് മൂന്നാം നമ്പർ മുറി അവർ പരിശോധിച്ചെങ്കിലും വലുതായൊന്നും ലഭിച്ചില്ല. പോലീസ് എന്തുകൊണ്ട് അശുതോഷ് ലാഹിരിയേയും ഹിന്ദുമഹാസഭാ ഓഫീസ് ജീവനക്കാരെയും ചോദ്യം ചെയ്തില്ല എന്നത് വലിയ ഒരു വീഴ്ചയായി പിൽക്കാലത്ത് ഈ കേസ് പഠിച്ചവരിൽ പലരും വിസ്മയപ്പെട്ടു കണ്ടിട്ടുണ്ട്.

പിറ്റേന്ന്, 1948 ജനുവരി 21 ന്റെ പ്രാർത്ഥനാ സമ്മേളനത്തിൽ ഗാന്ധി പറഞ്ഞു.

സ്ഫോടനശബ്ദം കേട്ടപ്പോൾ അത് സൈന്യത്തിൻ്റെ വെടിവെയ്പ് പരിശീലനത്തിൻ്റെ ഒച്ചയാണ് എന്നാണ് ഞാൻ ആദ്യം കരുതിയത്. പ്രാർത്ഥന കഴിയും വരെ അത് ബോംബാണെന്നും ബോംബ് എനിക്ക് വേണ്ടി വെച്ചതാണെന്നും ഞാൻ അറിഞ്ഞിരുന്നില്ല “.

ബോംബു പൊട്ടിച്ച ചെറുപ്പക്കാരനെതിരെ ആരും മോശം വികാരങ്ങൾ വെച്ചുപുലർത്തരുത് എന്ന് ഗാന്ധി അഭ്യർത്ഥിച്ചു. ചിലപ്പോൾ അയാൾ തന്നെ ഹിന്ദുമതത്തിൻ്റെ എതിരാളിയായി കരുതിക്കാണും എന്നും ഗാന്ധി പറഞ്ഞു.

ബോംബു കേസിൻ്റെ ചുമതല വഹിച്ചത് ഡെൽഹി ഇൻ്റലിജൻസ് ബ്യൂറോ ഡയറക്ടറും ഐ ജി യുമായ ടി.ജി. സഞ്ജീവി പിള്ള ആണ്. അദ്ദേഹം ആദ്യം ചെയ്തത് ഡെൽഹി പോലീസിൽ ഡി എസ് പി ആയിരുന്ന ജസ്വന്ത് സിങ്ങിനേയും ഇൻസ്പെക്ടർ ആയിരുന്ന ബാൽ കിഷനേയും ബോംബെയിലേയ്ക്ക് അയയ്ക്കുകയായിരുന്നു. മദൻലാലിൽ നിന്നും കിട്ടിയ വിവരങ്ങളുടെ ചുരുക്ക റിപ്പോർട്ട് അവരുടെ കൈവശം കൊടുത്തയച്ചു. അക്കാര്യങ്ങൾ ജിമ്മി നാഗർവാലയ്ക്ക് വിശദീകരിക്കണമെന്നും അതിൻ്റെ പകർപ്പ് പൂനെയിൽ ചെന്ന്  ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ടുമെൻ്റിൻ്റെ ഡെപ്യൂട്ടി അസിസ്റ്റൻറ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആയ റാവുസാഹേബ് ഗുർത്തുവിനെ ഏല്പിക്കണമെന്നും അതിൽപ്പറയുന്ന വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ പൂനെ പോലീസ് രേഖകളിൽ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും സഞ്ജീവി പിള്ള നിർദ്ദേശിക്കുകയുണ്ടായി.

സ്വാതന്ത്ര്യം കിട്ടി അധികസമയം പിന്നിടാത്തതിനാൽ പോലീസ് സേന സുഘടിതമായ ഒരു സംവിധാനം ആയി വികസിച്ചിട്ടുണ്ടായിരുന്നില്ല. പല പ്രവിശ്യകളിലും പല രീതികൾ ആണ് നിലവിലിരുന്നത്. പ്രവിശ്യകളിലെ പോലീസ് ഓഫീസർമാർ തമ്മിൽ കിടമത്സരങ്ങളും നിലവിലിരുന്നു എന്ന് വേണം വിചാരിക്കാൻ. ഇതിനേക്കാളൊക്കെ പ്രധാനപ്പെട്ട കാര്യം മദൻലാൽ പഹ് വയുടെ വധോദ്യമം ഒറ്റപ്പെട്ട സംഭവമായാണ് പോലീസ് അബോധത്തിൽ എടുത്തത്. വോ ഫിർ ആയേഗേ എന്ന പഹ് വയുടെ മൊഴി അവർ ആരും കണക്കിലെടുത്തില്ല. ബോംബ് കേസിലെ പ്രതികളെ പിടികൂടുന്നതിൽ മാത്രം പോലീസ് ശ്രദ്ധ കേന്ദ്രീകരിച്ചു. ഗാന്ധിയുടെ കൊലപാതക സാധ്യതയെ പാടേ വിസ്മരിച്ചു. ഇന്ന് ആ രേഖകളിലൂടെ കടന്നുപോകുമ്പോൾ ഡെൽഹി പോലീസിൻ്റേയും ബോംബെ പോലീസിൻ്റേയും പല വീഴ്ചകളും ശ്രദ്ധയിൽ പെടും. ലാറി കോളിൻസിനേയും ഡൊമിനിക് ലാപിയറിനെയും പോലുള്ള വ്യക്തികൾ ” സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ” എന്ന പുസ്തകത്തിൽ കുറ്റപ്പെടുത്തുന്നത് സഞ്ജീവി പിള്ളയെ ആണ്. ഇനിയൊരു വധശ്രമം ഗാന്ധിക്ക് നേരെ ഉണ്ടാകില്ല എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ടുള്ള അവധാനത സഞ്ജീവി പിള്ളയുടേയും ഡെൽഹി പോലീസിൻ്റേയും ഭാഗത്ത് നിന്നുണ്ടായതായി അവർ കുറ്റപ്പെടുത്തുന്നു. ഗാന്ധിവധത്തെക്കുറിച്ചെഴുതിയ മറ്റ് ഗ്രന്ഥകാരരിൽ പലരും ജിമ്മി നാഗർവാലയുടെ അവധാനതയാണ് ഗാന്ധിവധത്തിലേയ്ക്ക് നയിച്ചത് എന്ന് വിശ്വസിക്കുന്നു. ഗാന്ധി വധോദ്യമത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഉൾപ്പെട്ട രണ്ട് ഏജൻസിക്കും, ഡെൽഹി പോലീസിനും ബോംബെ പോലീസിനും, ആ വധം തടയാനാവശ്യമായ നിരവധി സൂചനകൾ കിട്ടിയിട്ടും അത് സമയബന്ധിതമായി ഉപയോഗിക്കാനായില്ല എന്നതാണ് വാസ്തവം. സുഘടിതമായ ഒരു സംവിധാനത്തിൻ്റെ അഭാവം തുടക്കത്തിൽ തന്നെ വ്യക്തമാകുന്ന സംഭവ വികാസങ്ങളാണ് നമുക്ക് കാണാൻ കഴിയുക.

അതോടൊപ്പം ഓർക്കേണ്ട ഒന്ന്, ഗാന്ധിവധത്തിന് പിന്നിൽ പ്രവർത്തിച്ച ഹിന്ദുത്വ രാഷ്ട്രീയ ശക്തികളുടെ ശൃംഖല ഇന്നും തിരിച്ചറിഞ്ഞിട്ടില്ല. 1948 ൽ അതിൻ്റെ ഒരു ഭാഗം മാത്രമേ വെളിവായുള്ളൂ. പിന്നീട് കപൂർ കമ്മീഷൻ റിപ്പോർട്ടിൽ അത് കുറേക്കൂടി വെളിവായി. എങ്കിൽ പോലും അതിൻ്റെ പൂർണ്ണ ചിത്രം ഇപ്പോൾ പോലും വെളിപ്പെട്ടിട്ടില്ല എന്ന് വേണം വിചാരിക്കാൻ.

പൊതുവേ അന്ന് ഉത്തരേന്ത്യയിൽ മൊഴികൾ രേഖപ്പെടുത്തുക ഉർദു ലിപിയിൽ എഴുതുന്ന ഹിന്ദുസ്ഥാനി ഭാഷയിൽ ആണ്. എന്നാൽ ബോംബെ പോലീസിലെ രീതി അതായിരുന്നില്ല. ബോംബെ പോലീസിൽ ഉർദു വായിക്കാൻ കഴിയുന്നവർ പോലും കഷ്ടിയായിരുന്നു. സഞ്ജീവി കൊടുത്തയച്ച കുറിപ്പ് ഉർദു ലിപിയിൽ ആയിരുന്നു. അതിൻ്റെ തർജ്ജമ കൂടെ വെച്ചിരുന്നില്ല.

1948 ജനുവരി 22 ന് രാവിലെ ജസ്വന്ത് സിങ്ങും ബാൽ കിഷനും ബോംബെ പോലീസ് മുഖ്യ കാര്യാലയത്തിൽ എത്തി നാഗർവാലയെ കണ്ട് മദൻലാലിൻ്റെ മൊഴിപ്പകർപ്പ് നൽകി. പക്ഷെ, നാഗർവാല ഉദാസീനനായാണ് പെരുമാറിയത്. താൻ നടത്തുന്ന അന്വേഷണത്തിൽ ഇടപെടരുതെന്ന് നാഗർവാല പറഞ്ഞതായി പിന്നീട് ഈ ഉദ്യോഗസ്ഥർ പറയുകയുണ്ടായി. തനിക്ക് തന്ന റിപ്പോർട്ടിൻ്റെ പകർപ്പിൽ നാഗർവാല യാതൊരു ശ്രദ്ധയും കൊടുത്തില്ലെന്നും. അവരുടെ ആരോപണങ്ങളെ പിൽക്കാലത്ത് നാഗർവാല നിഷേധിച്ചു. പിറ്റേ ദിവസം നാഗർവാലയ്ക്ക് അടുത്തെത്തിയ അവരോട് നാഗർവാല ഡെൽഹിയിലേയ്ക്ക് മടങ്ങിപ്പോകാനും ബോംബെയിൽ സമയം വെറുതെ കളയേണ്ടെന്നും പറഞ്ഞു. അതുകൊണ്ട് പൂനെയിൽ പോയി ഗുർത്തുവിനെ കാണാനുള്ള പദ്ധതി മാറ്റിവെച്ച് അവർ 1948 ജനുവരി 23 ന് ഡെൽഹിയിലേയ്ക്ക് വിമാനം കയറി.

1948 ജനുവരി 22 ന് ഗാന്ധി തൻ്റെ സാധാരണ ജീവിതപ്രക്രിയകളിലേക്ക് തിരിച്ചു വന്നു. താൻ ഏറ്റെടുത്ത ഇന്ത്യൻ ജനതയിലുണ്ടായ വിള്ളലുകൾ തുന്നിച്ചേർക്കാനുള്ള നിരന്തരശ്രമങ്ങളിൽ അദ്ദേഹം മുഴുകി. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേയ്ക്ക് വരുന്ന അഭയാർത്ഥികൾ പാക്പ്രദേശമായ ബൻവാൽപൂരിൽ അനുഭവിക്കേണ്ടി വന്ന യാതനകളെ കുറിച്ചുള്ള വാർത്തകൾ അദ്ദേഹത്തെ വേദനിപ്പിച്ചു. സുശീല നയ്യാറോടും ഫ്രണ്ട്സ് സർവ്വീസ് യൂണിറ്റിലെ ലെസ്ലി ക്രോസ്സിനോടും ഉടൻ ബൻവാൽപ്പൂരിലേയ്ക്ക് പോകാൻ അദ്ദേഹം നിർദ്ദേശിച്ചു. ബിർളാ ഹൗസിൽ അദ്ദേഹത്തിന്റെ സുരക്ഷയെ കരുതി കൂടുതൽ പോലീസുകാരെ വിന്യസിക്കാനുള്ള പട്ടേലിൻ്റെ നിർദ്ദേശം ഗാന്ധി അപ്പാടെ തള്ളി. ” പ്രാർത്ഥനാ സമയത്ത് എന്നെ ഏതെങ്കിലും മനുഷ്യ സംരക്ഷണ സംവിധാനത്തിൽ ഏല്പിക്കാൻ എൻ്റെ വിശ്വാസം എന്നെ അനുവദിക്കുന്നില്ല ” അദ്ദേഹം പറഞ്ഞു. പിറ്റേന്ന് രാവിലെ തൻ്റെ പേരമകനായ ഡോ.കാന്തി ഗാന്ധിക്ക് അദ്ദേഹം എഴുതി. ” ഇരുപതാം തീയ്യതി ഞാൻ മരിക്കേണ്ടതായിരുന്നു. എന്നിൽ നിന്നും കുറച്ചു കൂടി പ്രവൃത്തി അദ്ദേഹത്തിന് വേണ്ടതിനാൽ രാമൻ എന്നെ രക്ഷിച്ചു. ചുണ്ടുകളിൽ ഒരു പുഞ്ചിരിയുമായി മരിക്കാൻ കഴിഞ്ഞാൽ, അത് എനിക്ക് കിട്ടാവുന്ന മഹത്തായ ദയാവായ്പാകും. ഇന്ന് ഞാൻ മനുവുമായി കുറേ നേരം ഉള്ളു തുറന്ന് സംസാരിച്ചു. ഞാൻ രാമൻ്റെ ഒരു സേവകനാണ്. അദ്ദേഹം എന്നോട് പ്രവർത്തിക്കാൻ കല്പിക്കുന്നിടത്തോളം ഞാൻ പ്രവർത്തിക്കും. അദ്ദേഹം എന്നോട് പോകാൻ കല്പിക്കുമ്പോൾ ഞാൻ പോകും. രണ്ടിനും ഞാൻ തയ്യാറാണ്. എൻ്റെ ഒരേ ഒരു പ്രാർത്ഥന അഹിംസയെ സ്വയം സാക്ഷാത്ക്കരിക്കുന്നതും അതിനെ സാക്ഷാത്ക്കരിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതുമാണ്

1948 ജനുവരി 23 ഉച്ചയ്ക്കാണ് നാഥുറാം ഗോഡ്സേയും നാരായൺ ആപ്തേയും വിക്ടോറിയാ ടെർമിനസിൽ വണ്ടിയിറങ്ങിയത്. അവർ നേരെ മദ്ധ്യബോംബെയിലെ സാൻഡ് ഹേഴ്സ്റ്റ് പാലത്തിനടുത്തുള്ള ആര്യ പഥിക് ആശ്രം എന്ന ചെറിയ ഒരു ലോഡ്ജിലേയ്ക്ക് ടാക്സി പിടിച്ചു. ആപ് തേയ്ക്ക് അവിടെ മുൻ പരിചയം ഉണ്ടായിരുന്നു. മനോരമയൊത്തുള്ള നിരവധി രാവുകൾ ആപ്തേ അവിടെ ചെലവഴിച്ചിരുന്നു. സാധാരണ ഗതിയിൽ ആപ്തേ വാടകയ്ക്കെടുക്കാറുള്ളത് ഡബിൾ മുറിയാണ്. പക്ഷേ അന്ന് അത്തരമൊരു മുറി ഒഴിവില്ലായിരുന്നു. എട്ടു പേർക്ക് ഒന്നിച്ചു കഴിയാവുന്ന ഒരു ഡോർമിറ്ററിയിൽ രണ്ട് കട്ടിലുകൾ തത്ക്കാലം താമസിക്കാൻ അവർ എടുത്തു. ഡബിൾ മുറി ഒഴിവു വന്നാൽ അതനുവദിച്ച് തരാമെന്ന് മാനേജർ ഗയാ പ്രസാദ് ദുബേ ആപ്തേയെ അറിയിച്ചു. ലോഡ്ജിൽ സ്വന്തം പേര് തന്നെയാണ് ആപ്തേ എഴുതിച്ചേർത്തത്. ഗോഡ്സേയുടെ പേർ എഴുതാതെ സുഹൃത്ത് എന്ന് മാത്രമെഴുതി.

പുറത്തിറങ്ങി ആപ്തേ, മനോരമാ സാൽവിയെ വിളിച്ചു. തിരിച്ചു വരില്ലെന്ന് തന്നോട് പറഞ്ഞ് പുറപ്പെട്ടു പോയ ആപ്തേയുടെ ശബ്ദം കേട്ട് മനോരമ സന്തോഷിച്ചു. ആ സംഭാഷണം കഴിഞ്ഞ് ആപ്തേയും ഗോഡ്സേയും കൂടി താനെയിൽ ജി എം ജോഷിയുടെ വീട്ടിലേയ്ക്ക് പോയി. ശിവാജി പ്രസ്സ് നടത്തുന്ന ജോഷി, കർക്കരേയുടെ സുഹൃത്തും ഹിന്ദുമഹാസഭാ അനുയായിയുമാണെന്ന് നാം നേരത്തേ കണ്ടു കഴിഞ്ഞു. ബോംബെയിലെത്തിയാൽ കർക്കരേ ജോഷിയുടെ വീട്ടിലാണ് താമസിക്കുക പതിവ്. കർക്കരേ ബോംബെയിൽ ഉണ്ടോ എന്നറിയാനാണ് അവർ അവിടെ എത്തിയത്. കർക്കരേയെപ്പറ്റി യാതൊരു വിവരവുമില്ലെന്ന് ജോഷി പറഞ്ഞു. കർക്കരേ എത്താനിടയുള്ള ഒന്ന് രണ്ട് സ്ഥലങ്ങളിൽ കൂടി അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. നാഥുറാമാകട്ടെ തങ്ങൾ ബോംബെയിലുണ്ട് എന്ന വിവരം ഗോപാലിനെ അറിയിച്ചു. മനോരമാ സാൽവിയുമായി ബന്ധപ്പെട്ടാൽ തങ്ങൾ എവിടെ ഉണ്ടെന്ന വിവരം ലഭിക്കുമെന്നും ആ സന്ദേശത്തിൽ ഉണ്ടായിരുന്നു.

1948 ജനുവരി 24 ശനിയാഴ്ച , ആര്യ പഥിക് ആശ്രമിൽ ആപ്തേയ്ക്കും ഗോഡ്സേയ്ക്കുമായി ഡബിൾ റൂം അനുവദിച്ചു കിട്ടി. ആപ്തേയുടെ മനസ്സ് വായിച്ചെടുത്ത ഗോഡ്സേ വിക്ടോറിയ ടെർമിനസിനോട് ചേർന്ന കർണ്ണക് റോഡിലെ എൽഫിൻസ്റ്റോൺ അനക്സ് ഹോട്ടലിൽ എൻ.വിനായക് റാവുവും സുഹൃത്തും എന്ന പേരിൽ ഒരു ഡബിൾ റൂം എടുത്തു. തമാശയെന്തെന്നാൽ ബോംബെയിലെ സിറ്റി പോലീസ് കമ്മീഷണർ ഓഫീസും പോലീസ് ഹെഡ് ക്വാർട്ടേഴ്സും ഈ ഹോട്ടലിൻ്റെ തൊട്ടടുത്തായിരുന്നു. ആപ്തേ ഉച്ചയോടെ മനോരമയുമായി ആര്യ പഥിക് ആശ്രമിൽ എത്തി. അന്നു രാത്രി ആപ്തേക്കൊപ്പം മനോരമ അവിടെ ചെലവഴിച്ചു. നാഥുറാം അന്ന് സമയം കൊയ്തത് ഇംഗ്ലീഷ് സിനിമകൾ കണ്ടാണ്.

ഡെൽഹിയിൽ മദൻലാൽ പഹ് വയ്ക്ക് നിയമസഹായം ലഭ്യമാക്കുന്നതിനായി വിഷ്ണു കർക്കരേ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും വലിയ പിന്തുണ ലഭിച്ചില്ല. ഹിന്ദുമഹാസഭാ പ്രവർത്തകർ അതിൽ താത്പര്യം പ്രകടിപ്പിച്ചില്ല. പഹ് വ യുടെ ഡെൽഹി ബന്ധുക്കളും ഒഴിഞ്ഞുമാറി. ഗാന്ധിയെ കൊല്ലാൻ ശ്രമിച്ച ഒരാൾക്കു വേണ്ടി പരസ്യമായി രംഗത്തു വരാൻ ആർക്കും താത്പര്യമുണ്ടായിരുന്നില്ല. ഡെൽഹിയിൽ വെറുതെ നിൽക്കുന്നതിൽ കാര്യമില്ല എന്ന് കർക്കരേയ്ക്ക് തോന്നി. ബോംബെയിൽ പുതിയ പദ്ധതി ഒരുങ്ങുന്നുണ്ടാകും എന്ന ധാരണയിൽ തിരിച്ചു പോകാൻ കർക്കരെ നിശ്ചയിച്ചു. തന്നെ പോലീസ് തെരയുന്നുണ്ടാകും എന്നത് അയാൾക്ക് സുനിശ്ചിതമായിരുന്നു. അത് മറികടക്കാൻ വിചിത്രമായൊരു യാത്രാ പദ്ധതിയാണ് കർക്കരേ തെരഞ്ഞെടുത്തത്.

ആഗ്രയിൽ വന്ന് അവിടെ നിന്ന് ഇറ്റാർസിക്കുള്ള ട്രെയിൻ പിടിക്കുകയാണ് കർക്കരേ ആദ്യം ചെയ്തത്. അവിടെ നിന്ന് കല്യാണിലേയ്ക്കും തുടർന്ന് താനേയിലേയ്ക്കും കർക്കരെ യാത്ര ചെയ്തു. അങ്ങനെ 1948 ജനുവരി 25ന് കർക്കരേ നവപാദാ എൻക്ലേവിലുള്ള ജി എം. ജോഷിയുടെ  ശാന്താ സദൻ എന്ന വീട്ടിൽ എത്തിച്ചേർന്നു. രണ്ടുദിവസം മുമ്പ് ആപ്തേയും ഗോഡ്സേയും തന്നെ അന്വേഷിച്ചു വന്നത് ജോഷിയിൽ നിന്നും കർക്കരേ അറിയാനിട വന്നപ്പോൾ അവരുമായി ബന്ധപ്പെടാനുള്ള മാർഗ്ഗം കർക്കരേ ആലോചിക്കാൻ തുടങ്ങി.

ആപ്തേയുടെ പൂനെയിലെ വസതിയിലേയ്ക്ക് ഒരു കമ്പി സന്ദേശം അയക്കാൻ അവസാനം കർക്കരേ തീരുമാനിച്ചു. കമ്പിയാപ്പീസിൽ പോയി കമ്പി അയക്കുന്നത് കർക്കരേയെ സംബന്ധിച്ചിടത്തോളം ദുഷ്ക്കരമായിരുന്നു. മദൻലാൽ തൻ്റെ പേര് വെളിപ്പെടുത്തിയിട്ടുണ്ടാകുമെന്നും പോലീസ് തനിക്കായി വലവിരിച്ചിട്ടുണ്ടാകും എന്ന് കർക്കരേ പേടിച്ചിരുന്നു. അതിനാൽ ജോഷിയുടെ പതിനെട്ടുകാരനായ മകൻ വസന്തിൻ്റെ കൈയ്യിൽ സന്ദേശം എഴുതിക്കൊടുത്ത്  ബോംബെ ഫ്ലോറ ഫൗണ്ടനടുത്തുള്ള  ഫോർട്ട് പ്രവിശ്യയിലെ പ്രധാന കമ്പിയാപ്പീസിലേയ്ക്ക് അയക്കുകയാണ് കർക്കരേ ചെയ്തത്. അന്ന് ഞായറാഴ്ച ആയതു കൊണ്ട് എക്സ്പ്രസ്സ് ടെലഗ്രാമുകൾ മാത്രമേ സ്വീകരിച്ചിരുന്നുള്ളു. വസന്ത് കർക്കരേ ആവശ്യപ്പെട്ട പ്രകാരം ടെലഗ്രാം ചെയ്ത് തിരിച്ചു വന്നു. ആ കമ്പി സന്ദേശത്തിൻ്റെ ഉള്ളടക്കം ഇതായിരുന്നു.

ആപ്തേ, ആനന്ദാശ്രം, പൂനെ. രണ്ടുപേരും ഉടൻ വരിക, വ്യാസ് “. കർക്കരേ സ്ഥിരമായി ഉപയോഗിച്ചിരുന്ന വ്യാജപ്പേരുകൾ ബ്യാസ് എന്നും വ്യാസ് എന്നും ആയിരുന്നു.

ഗോപാൽ ഗോഡ്സേ തിരിച്ച് ജോലിയിൽ പ്രവേശിച്ചിട്ടില്ലായിരുന്നു. മിക്കവാറും ദിവസങ്ങളിൽ പൂനെയിലെ തൻ്റെ വീട്ടിൽ നിന്ന് ആപ്തേയുടെ വീട്ടിൽ പോയി വിവരങ്ങൾ അന്വേഷിക്കുക ഗോപാലിൻ്റെ പതിവായിരുന്നു. അന്ന് ഗോപാലെത്തിയപ്പോൾ, ആപ്തേയുടെ ഭാര്യയായ ചമ്പ തനിക്ക് കിട്ടിയ കമ്പി സന്ദേശം ഗോപാലിന് കൊടുത്തു. ചമ്പയ്ക്ക് അത് വായിച്ച് ഒന്നും മനസ്സിലായിട്ടുണ്ടായിരുന്നില്ല. കർക്കരേ അയച്ചതാണിത് എന്ന് ഒറ്റനോട്ടത്തിൽ ഗോപാലിന് മനസ്സിലായി. അപ്പോൾ തന്നെ അതുമായി അയാൾ ബോംബെയ്ക്കുള്ള ആദ്യ തീവണ്ടി പിടിച്ചു. അതിനിടയിൽ താൻ സൂക്ഷിച്ചിരുന്ന റിവോൾവറും അയാൾ കൈയ്യിലെടുത്തു. തങ്ങൾ നാലുപേരും കൂട്ടിമുട്ടിയാൽ ഗാന്ധിയെ തീർക്കാനുള്ള പുതിയ പദ്ധതി രൂപം കൊള്ളുമെന്നും അതിന് റിവോൾവർ ആവശ്യമായി വരുമെന്നും അയാൾക്കറിയാമായിരുന്നു. താനെയിൽ ഇറങ്ങിയ ഗോപാൽ സ്റ്റേഷനിൽ നിന്നു തന്നെ മനോരമ ജോലി ചെയ്തിരുന്ന നോർത്ത് കോട്ട് പോലീസ് ഹോസ്പിറ്റലിലേയ്ക്ക് ഫോൺ ചെയ്തു. വ്യാസ് താനെയിൽ കാത്തിരിപ്പുണ്ട് എന്നറിയിക്കാൻ മനോരമയോട് ഗോപാൽ ആവശ്യപ്പെട്ടു. അതിന് ശേഷം ജോഷിയുടെ വീട്ടിലെത്തി കർക്കരേയെ കണ്ടു.

ഗോഡ്സേയും ആപ്തേയും തങ്ങളുടെ പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ പണശേഖരണം തുടങ്ങിയിരുന്നു. സിൽവർ ബാങ്ക് കമ്പനിയുടെ ഉടമസ്ഥനും ഹിന്ദുത്വ രാഷ്ട്രീയ അനുഭാവിയുമായ പരാഞ്ജ്പേയെയാണ് അവർ ആദ്യം സന്ദർശിച്ചത്. തങ്ങളുടെ പത്രത്തിനായി 25,000 രൂപയാണ് അവർ ആവശ്യപ്പെട്ടത്. അത്രയും വലിയ തുക തരാനില്ലെന്നും പിറ്റേന്ന് രാവിലെ വരികയാണെങ്കിൽ 10,000 രൂപ തരാമെന്നും പരാഞ്ജ്പേ അറിയിച്ചു. അതോടെ സന്തുഷ്ടരായ അവർ എയർ ഇന്ത്യാ ഓഫീസിലേക്കോടി, 1948 ജനുവരി 27 ന്  യാത്ര ചെയ്യാനായി  രണ്ട് ഡെൽഹി ടിക്കറ്റുകൾ ബുക്ക് ചെയ്തു. ആപ്തേയ്ക്ക് ഡി.നാരായണറാവു എന്ന കള്ളപ്പേരിലും ഗോഡ്സേയ്ക്ക് എൻ. വിനായകറാവു എന്ന കള്ളപ്പേരിലുമാണ് ടിക്കറ്റുകൾ ബുക്ക് ചെയ്തത്. മറൈൻ ഡ്രൈവിലെ സീ ഗ്രീൻ സൗത്ത് ഹോട്ടലിൻ്റെ വിലാസമാണ് അവരുടെ വിലാസമായി നൽകിയത്.

എയർ ഇന്ത്യ ഓഫീസിൽ നിന്നും തിരിച്ച് എൽഫിൻസ്റ്റൺ അനെക്സ് ഹോട്ടലിൽ എത്തിയപ്പോൾ ഗോപാലിൻ്റെ സന്ദേശവുമായി മനോരമ അവിടെ നിൽപ്പുണ്ടായിരുന്നു. സമയം കളയാതെ അവർ താനെയിലേയ്ക്ക് നീങ്ങി. അങ്ങനെ ഒന്നുകൂടി നാൽവർ സംഘം ഒത്തുകൂടി. ഗോഡ്‌സേ, ആപ്തേ, കർക്കരേ എന്നിവർ ഡെൽഹിക്ക് പോകാൻ തീരുമാനമായി. ഗോപാൽ തൻ്റെ കൈയ്യിലെ റിവോൾവർ നാഥുറാമിനെ ഏല്പിച്ചു. തിരിച്ച് ജോലിക്ക് കയറാനായി രാത്രി 10 മണിക്കുള്ള ട്രെയിനിൽ ഗോപാൽ പൂനെയ്ക്ക് പോയി.

ആവശ്യത്തിനുള്ള പണം വാഗ്ദാനം ചെയ്യപ്പെട്ടതിനാൽ  പ്രവർത്തനക്ഷമമായ ഒരു തോക്കായിരുന്നു അവർക്ക് ഇനി വേണ്ടിയിരുന്നത്. ഒരിക്കൽ കൂടി ദീക്ഷിത് മഹാരാജിനേയും ദാദാ മഹാരാജിനേയും സമീപിക്കാൻ അവർ തീരുമാനിച്ചു. രണ്ടുപേരെയും കണ്ടെങ്കിലും അവർ കൈയ്യൊഴിഞ്ഞു. അന്നേരം പഹ് വയുടെ ചെയ്ത്തിന് പിന്നിൽ ഇവർ ആണെന്ന വിവരം മഹാരാജുകൾക്ക് അറിയാമായിരുന്നില്ല. ആയുധം തരുന്നില്ലെങ്കിൽ ധനസഹായം ചെയ്യണമെന്ന് ആപ്തേ ആവശ്യപ്പെട്ടു. കശ്മീർ അതിക്രമിച്ചു കടന്ന പാകിസ്ഥാൻ സേനയ്ക്കെതിരെയുള്ള പദ്ധതി എന്ന നിലയിലാണ് ആപ്തേ പണവും ആയുധവും ആവശ്യപ്പെട്ടത്.

രണ്ടും നിരാകരിക്കപ്പെട്ടതോടെ പരാഞ്ജ്പേയുടെ അടുത്ത് നിന്ന് പണം ശേഖരിച്ച ശേഷം അവർ കുറച്ചു സമയം താന്താങ്ങളുടെ സന്തോഷം കണ്ടെത്താനുള്ള വഴികൾ തെരഞ്ഞു. ആപ്തേ മനോരമയെ എൽഫിൻസ്റ്റൺ അനെക്സിലേയ്ക്ക് ക്ഷണിച്ചു. ഗോഡ്‌ സേ മറ്റൊരു ഇംഗ്ലീഷ് സിനിമ കാണാനായി പോയി. ഒരു വ്യാജത്തെളിവ് സൃഷ്ടിക്കാനായി മനോരമയെ ആപ്തേ ഉപയോഗപ്പെടുത്തി. അവർ ഡെൽഹിയിലെത്തിയ ശേഷം,  ഗോഡ്സേയെക്കുറിച്ച് എന്തെങ്കിലും പത്രങ്ങളിൽ വരികയാണെങ്കിൽ ഡെൽഹിയിലെ ഹിന്ദുമഹാസഭാ സെക്രട്ടറിയ്ക്ക് താമസം വിനാ കമ്പി സന്ദേശമയക്കാൻ നിർദ്ദേശിച്ച് ആപ്തേ ഒരു കുറിപ്പ് മനോരമയെ ഏല്പിച്ചു. അതിങ്ങനെയായിരുന്നു. ” ഗോഡ്സേയ്ക്ക് നിയമസഹായം നൽകുന്നതിനുള്ള കാര്യങ്ങൾക്കായി ഡെൽഹിയിലെത്തുന്നു – നാരായൺ ഡി ആപ്തേ “. ഗോഡ്സേ “പണി ” ചെയ്യുന്ന സമയത്ത് താൻ ബോംബെയിലായിരുന്നു എന്ന വ്യാജ പ്രതീതി സൃഷ്ടിക്കാനാണ് ആപ്തേ കമ്പി സന്ദേശം കൊണ്ടുദ്ദേശിച്ചത്. പിന്നീട് ആപ്തേ വിവരിച്ച സന്ദർഭം സംജാതമായപ്പോൾ മനോരമ കൃത്യമായി ആ കമ്പി സന്ദേശം അയയ്ക്കുകയും ചെയ്തു. ഉദ്ദേശിച്ച ഫലം അതുകൊണ്ട് ഉണ്ടായില്ലെങ്കിലും.

രാത്രി ഗോഡ്സേയും ആപ്തേയും ജോഷിയുടെ വീട്ടിൽ വെച്ചല്ല കർക്കരേയുമായി യോഗം കൂടിയത്. താനെ പ്ലാറ്റ്ഫോമിൽ ആപ്തേയേയും ഗോഡ്സേയേയും കാത്ത് കർക്കരേ നില്പുണ്ടായിരുന്നു. റെയിൽ മുറിച്ച് കടന്ന് റെയിൽവേ യാഡിൻ്റെ ഒരു കോണിൽ ഒരു വിളക്കുകാലിന് ചുവട്ടിൽ അവർ പദ്ധതിയുടെ അവസാന രൂപം മെനഞ്ഞു. വിഷ്ണു കർക്കരേ പിൽക്കാലത്ത് അതിനെ സംബന്ധിച്ചു കൊടുത്ത മൊഴി ഗാന്ധിവധക്കേസിലെ അപ്പീൽ ജഡ്ജിമാരിൽ ഒരാളായ ജി.ഡി. ഖോസ് ല തൻ്റെ ” ദി മർഡർ ഓഫ് മഹാത്മാ ” എന്ന പുസ്തകത്തിൽ ഓർമ്മിക്കുന്നു

“ഞങ്ങൾ നടന്ന്  താനാ റെയിൽവേ സ്‌റ്റേഷനിൽ എത്തുകയും ഗുഡ്സ് വണ്ടികളുടെ യാർഡിനടുത്തുള്ള സിമൻ്റ് ബെഞ്ചിൽ ഇരിക്കുകയും ചെയ്തു. അത് മുഴുവനായും ഒറ്റപ്പെട്ട പ്രദേശമായിരുന്നു. രാത്രി 9.45 ആയിട്ടുണ്ടായിരുന്നു. അത് നിലാവുള്ള ഒരു ദിവസമായിരുന്നു. തങ്ങളുടെ സംഭാഷണം ആരും ഒളിഞ്ഞു കേൾക്കാതിരിക്കാൻ ആപ്തേയും ഗോഡ്സേയുമാണ് ഈ സ്ഥലം നിർദ്ദേശിച്ചത്. പ്ലാറ്റ്ഫോമിലെ സീറ്റുകളിൽ ഇരുന്ന ശേഷം  കൊണ്ട്  ആപ്തേ യോടും ഗോഡ്സേയോടും ജനുവരി 20 ലെ സ്ഫോടനത്തിന് ശേഷം  അവരെങ്ങനെയാണ് തിരിച്ചെത്തിയത് എന്ന് ഞാൻ ആരാഞ്ഞു. ഗോഡ്സേ ശാന്തമായ അവസ്ഥയിൽ ആയിരുന്നു. അക്കാര്യങ്ങളെ കുറിച്ച് ചർച്ച വേണ്ടെന്നും, പക്ഷെ, നമ്മുടെ വർത്തമാന അവസ്ഥയെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും സംസാരിക്കാമെന്നും അദ്ദേഹം  എന്നോട് പറഞ്ഞു. അത് അടിയന്തിരമാണ്. കാരണം മദൻലാൽ അറസ്റ്റിലായതിനാൽ  അയാൾ നമ്മുടെ പേരുകൾ ഉടൻ വെളിപ്പെടുത്തിയേക്കും. നമ്മൾ അറസ്റ്റിലായാൽ ഗാന്ധിയെ വധിക്കാനുള്ള നമ്മുടെ പദ്ധതിയും പരാജയപ്പെടും. പദ്ധതി നടപ്പാക്കാൻ അതു കൊണ്ട് ഒമ്പതോ പത്തോ പേരുണ്ടായിരിക്കരുത് എന്ന് അദ്ദേഹം നിർദ്ദേശിച്ചു. ചരിത്രം തെളിയിക്കുന്നത് ഒരു പാട് പേർ ഉൾപ്പെട്ട വിപ്ലവ പ്രവർത്തനങ്ങൾ എപ്പോഴും പരാജയപ്പെട്ടിട്ടുണ്ടെന്നും ഒറ്റയ്ക്ക് ചെയ്യുന്നവ വിജയിച്ചിട്ടുണ്ടെന്നുമാണ്. നിരവധി ചരിത്രോദാഹരണങ്ങൾ അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. മദൻലാൽ ദിംഗ്രയുടേയും വാസുദേവ് റാവു ഗോഘട്ടയുടേയും പോലുള്ള ഒറ്റ വ്യക്തികളുടെ പ്രവർത്തനങ്ങൾ വിജയിട്ടുണ്ട്. കാരണം അവ വ്യക്തിയുടെ പ്രയത്നങ്ങളായതുകൊണ്ടാണ് എന്ന് ഞങ്ങളോട് അദ്ദേഹം പറഞ്ഞു. അദ്ദേഹം അതുകൊണ്ട് ഒറ്റയ്ക്ക് ഗാന്ധിയെ വധിക്കാൻ തീരുമാനിച്ചെന്നും. ഞാൻ ആഗ്രഹിക്കുന്നെങ്കിൽ അഹ്മദ് നഗറിലേയ്ക്ക് മടങ്ങിപ്പോകാനും ഹിന്ദുമഹാസഭയുടെ പ്രവർത്തനങ്ങൾ തുടരാനും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു രാഷ്ട പ്രകാശത്തിൻ്റെ ഓഹരികൾ വില്ക്കുന്നത് മുന്നോട്ടു കൊണ്ടുപോകാനും ആപ്തേയുടെ സ്ഥാനത്ത് നല്ല ഒരു എഴുത്തുകാരനെ കണ്ടെത്താൻ ശ്രമിക്കാനും അദ്ദേഹം പറഞ്ഞു. ഈ നിർദ്ദേശം എന്നെ ഞെട്ടിച്ചു. മാത്രമല്ല ആപ്തേ നിശ്ശബ്ദനാണെന്ന് ഞാൻ കണ്ടു. ഗോഡ്സേയും ആപ്തേയും ഇക്കാര്യം ചർച്ച ചെയ്തിരുന്നു എന്നെനിക്ക് മനസ്സിലായി. ഗോഡ്സെയുടെ ഉദ്ദേശ്യം ആപ്തേയ്ക്ക് വ്യക്തമായി അറിയാമെന്നും. ഗോഡ്സേയ്ക്കൊപ്പം നിൽക്കാൻ ആപ്തേ തൻ്റെ മനസ്സിൽ തീരുമാനിച്ചു എന്നെനിക്ക് തോന്നി. മഹാരാഷ്ട്രയിൽ തൻ്റെ മുഖം കാണിക്കാൻ ഗോഡ്സേ ലജ്ജിക്കുന്നു എന്ന് ഞാൻ കേട്ടിരുന്നു. അതാണോ മരണം വരിക്കാൻ തന്നെത്തന്നെ തയ്യാറെടുപ്പിക്കുന്നത് എന്ന് ഞാൻ ഗോഡ്സേയോട് ചോദിച്ചു. ആഘാതമേറ്റ പോലെയും തീരുമാനിച്ചുറച്ച പോലെയും കാണപ്പെട്ട ഗോഡ്സേ ഇത്തരം കാര്യങ്ങൾ തന്നോട് ആരായരുതെന്നും എല്പിക്കപ്പെട്ട ജോലികൾ ചെയ്തു തീർക്കാൻ എന്നോട് ആവശ്യപ്പെടുകയും ചെയ്തു. അവരെങ്ങനെയാണ് ഗാന്ധിയെ കൊല്ലാൻ പോകുന്നത് എന്നത് അറിയാനായി ഞാൻ നിർബന്ധം പിടിച്ചു. ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ഒരു കൈത്തോക്ക് സംഘടിപ്പിക്കുമെന്നും അതല്ലെങ്കിൽ ഗാന്ധിയെ കൊല്ലാനുള്ള മറ്റേതെങ്കിലും മാർഗ്ഗം കണ്ടു പിടിക്കുമെന്നും, തൻ്റെ ലക്ഷ്യം നേടും വരെ മഹാരാഷ്ട്രയിൽ പ്രവേശിക്കുകയില്ലെന്നും ഗോഡ്സേ പറഞ്ഞു. ഞാനും അവരുടെ കൂടെ വേണമെന്ന് എനിക്ക് തോന്നി. ഞാനും ഏറ്റവും മോശപ്പെട്ടതിന് തയ്യാറെടുത്തിട്ടുണ്ടെന്നും അവരുടെ പദ്ധതിയിൽ ഞാനും കൂടി ചേരാമെന്നും  ഞാൻ അവരോട് പറഞ്ഞു. ബഡ്ഗേയും ശങ്കറും പൂനെയിൽ സുരക്ഷിതമായി എത്തിയെന്നും അവരവരുടെ പ്രവൃത്തികളിൽ മുഴുകിക്കഴിയുകയാണെന്നും അവർ എന്നോട് പറഞ്ഞു. തൻ്റെ സ്വകാര്യ പ്രവൃത്തികൾ ചെയ്തു തീർക്കുന്നതിനായി ആപ്തേ പൂനെയിലേയ്ക്ക് പോകുകയാണെന്നും ഗോഡ്സേ എന്നോട് പറഞ്ഞു. അത് കേട്ടപ്പോൾ ഞാൻ ആവേശഭരിതനാകുകയും എൻ്റെ ജീവൻ പണയം വെച്ചു പോലും അവർ ചെയ്യുന്ന എന്തും ചെയ്യാമെന്നുമുള്ള എൻ്റെ ഉദ്ദേശ്യം ഞാൻ പ്രഖ്യാപിക്കുകയും ചെയ്തു. ഇതു കേട്ടപ്പോൾ ആപ്തേ 300 രൂപ എനിക്ക് തരികയും നാളെ ഡെൽഹിയിലേയ്ക്ക് പോകാൻ എന്നോടാവശ്യപ്പെടുകയും ചെയ്തു”

ഈ വിവരണത്തിൽ നിന്ന് മനസ്സിലാകുന്നത് തന്നെത്തന്നെ മദൻലാൽ ദിംഗ്രയുടേയും വി.ബി. ഘോഗട്ടെയുടേയും നിരയിൽ പ്രതിഷ്ഠിക്കുകയായിരുന്നു ഗോഡ്സേ എന്നാണ്. അതായത് കൊളോണിയൽ ഭരണം അവസാനിച്ച ഘട്ടത്തിൽ അവരുടെ തുടർച്ച എന്നത് അസാധ്യമാണെന്ന് ഗോഡ്സേ ചിന്തിക്കുന്നു പോലും ഇല്ല. അതായത് ഗോഡ്സേ കരുതുന്നത് മദൻലാൽ ദിംഗ്ര ജീവൻ വെടിഞ്ഞതും ഘോഗട്ടെ ജയിലിലായതും സ്വതന്ത്ര ഇന്ത്യയ്ക്ക് വേണ്ടിയല്ല, ഹിന്ദുസ്ഥാന് വേണ്ടിയാണ് എന്നാണ്. ദിംഗ്രയും ഘോഗട്ടെയും ബ്രിട്ടീഷുകാരെ കൊല്ലാൻ ശ്രമിക്കുന്നതും താൻ ഗാന്ധിയെ കൊല്ലാൻ ശ്രമിക്കുന്നതും ഒരേ ലക്ഷ്യത്തോടുള്ള പ്രതിബദ്ധത മൂലമാണ് എന്ന് ഗോഡ്സേ ആന്തരവല്ക്കരിച്ചിരിക്കുന്നത്.

രണ്ടാമത് ഒരു സവിശേഷത മഹാരാഷ്ട്രയിൽ തിരിച്ചു വന്ന് സവർക്കറെ പോലുള്ളവരെ അഭിമുഖീകരിക്കാൻ ഗോഡ്സേയ്ക്കുള്ള ലജ്ജയാണ്. കഴ്സൺ പ്രഭുവിനെ കൊല്ലാനായി പുറപ്പെട്ട് അതിന് സാധിക്കാതെ തിരിച്ചു വന്ന ദിംഗ്രക്കുണ്ടായ അതേ ലജ്ജ. രണ്ടാമത്, കഴ്സൺ വില്ലിയെ കൊല്ലാനായി പുറപ്പെടുമ്പോൾ ദിoഗ്രയുടെ കൈയ്യിൽ തോക്കുവെച്ചു കൊടുത്ത്, ഈ ദൗത്യത്തിൽ പരാജയപ്പെടുകയാണെങ്കിൽ നിന്നെയെനിക്ക് ഒരിക്കലും കാണേണ്ട, എന്ന് പറയുന്ന സവർക്കറുടെ അപ്രതിരോധത പോലൊന്ന് ഗോഡ്സേയിലും പ്രവർത്തിക്കുന്നുണ്ട്. അത് ഒരു സവർക്കർ നിമിഷം കൂടിയാണ്. തൻ്റെ ശിഷ്യരുടെ മേൽ തകർക്കാനാകാത്ത ആധിപത്യം നേടുന്ന സവർക്കർ രീതിയെ ഈ പ്രസ്താവനക്കുള്ളിൽ കാണാം. തൻ്റെ മേൽ സർവ്വാധിപത്യം നേടിയ ഒന്നിനോട് പ്രതിബദ്ധത ജീവൻ കളഞ്ഞും പുലർത്താൻ ശ്രമിക്കുന്ന ഒരു ക്രൂരമൗഢ്യം.

ദിംഗ്രയെപ്പോലെത്തന്നെ അവരും പരാജയപ്പെട്ട ദൗത്യത്തിന് ശേഷവും അവരുടെ സർവ്വം സർവ്വമായ താത്യാറാവുവിന് അടുത്തേയ്ക്ക് പോകാൻ തയ്യാറായി. പിഴയ്ക്കാത്ത ആയുധം തേടി. 1948 ജനുവരി 28 നെങ്കിലും ഡെൽഹിയിൽ എത്തണമെന്ന് ആപ്തേ കർക്കരേയ്ക്ക് നിർദ്ദേശം നൽകി. 29 ന് രാവിലെ ഓൾഡ് ഡെൽഹി റെയിൽവേ സ്‌റ്റേഷന് പുറത്തുള്ള ക്യൂൻസ് ഗാർഡനിലെ ഫൗണ്ടനടുത്ത് അവരെ കാത്തു നിൽക്കാനും. തുടർന്ന് അവർ ബോംബെയിലേയ്ക്ക് ട്രെയിൻ പിടിച്ചു. കർക്കരെ ജോഷിയുടെ വസതിയിലേയ്ക്കും പോയി.

1948 ജനുവരി 25 ന് സഞ്ജീവിയുടെ മുന്നിൽ ബോംബെയിൽ നിന്നുള്ള തിക്താനുഭവവുമായി ബാൽകിഷനും ജസ്വന്ത് സിങ്ങും എത്തിച്ചേർന്നു. മറ്റുതരത്തിൽ ബോംബെയിലെ അന്വേഷണം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ സഞ്ജീവി ആരാഞ്ഞു. പൂനെയിലെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ടുമെൻ്റിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആയിരുന്ന യു. എച്ച്. റാണ ഡെൽഹിയിൽ ഉള്ള വിവരം സഞ്ജീവിക്ക് അറിയാമായിരുന്നു. അദ്ദേഹത്തെ വിളിച്ചു വരുത്തി മദൻലാൽ പഹ് വയിൽ നിന്ന് ഗ്രഹിച്ച കാര്യങ്ങൾ സഞ്ജീവി വിശദീകരിച്ചു കൊടുത്തു. ഒപ്പം അതിൻ്റെ മൊഴിപ്പകർപ്പും ഇംഗ്ലീഷ് തർജ്ജമയും. ആ പ്രസ്താവനയിൽ പറയുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള നിർദ്ദേശവും സഞ്ജീവി കൊടുത്തു.

എന്നാൽ തന്നെ ഏല്പിച്ച ദൗത്യത്തിൻ്റെ ഗൗരവം അറിയാത്തത് കൊണ്ടായിരിക്കണം, റാണ ഉടനെയൊന്നും ബോംബെയിൽ എത്താൻ മെനക്കെട്ടില്ല. പിൽക്കാലത്ത് റാണ പറഞ്ഞത് വ്യോമ സഞ്ചാരം താങ്ങാനുള്ള ധൈര്യം തനിക്ക് ഉണ്ടായിരുന്നില്ല എന്നാണ്. എന്നാൽ ബോംബെയിലേയ്ക്കുള്ള നേർത്തീവണ്ടിയും റാണ പിടിച്ചില്ല. അദ്ദേഹം ട്രെയിൻ കയറിയത് അലഹാബാദിലേയ്ക്കാണ്. അവിടെ ത്രിവേണി സംഗമത്തിൽ മുങ്ങിക്കുളിച്ച് റാണ തൻ്റെ പൂർവ്വികർക്ക് ബലിയിട്ടു. പിന്നീട് അവിടെ നിന്നും ബോംബെയിലേക്ക് തീവണ്ടി കയറി. 1948 ജനുവരി 27 നോ 28 നോ ആണ് അദ്ദേഹം ബോംബെയിൽ എത്തിയത്. അപ്പോഴേയ്ക്കും പ്രധാന  പ്രതികളെല്ലാം ബോംബെ വിട്ടിരുന്നു.

1948 ജനുവരി 27നായിരുന്നു മെഹ്റോളിയിലെ ക്വാജാ കുത്ത്ബുദ്ദീൻ്റെ ശവകുടീരത്തിലെ ഉർസ്. ഗാന്ധി നിരാഹാരം പിൻവലിക്കാൻ മുന്നോട്ടുവെച്ച ഉപാധികളിൽ ആദ്യത്തേത് മെഹ്റോളിയിലെ ഉർസ് മുസ്ലീങ്ങൾക്കൊപ്പം ഹിന്ദുക്കളും സിക്കുകാരും ചേർന്ന് ആഘോഷിക്കണമെന്നായിരുന്നു. ഡെൽഹി ഭരണ സംവിധാനം ശവകുടീരത്തിന് ചുറ്റും വൃത്തിയാക്കിയിരുന്നു. ഹിന്ദുക്കളും സിക്കുകാരും ആഘോഷത്തിനെത്തിയ മുസ്ലീങ്ങളെ പുഷ്പം കൊടുത്തും ചുടുചായ നൽകിയും സ്വീകരിച്ചു. ഗാന്ധി പതിവുപോലെ മനുവും ആഭയുമൊത്ത് അവിടെ എത്തിച്ചേർന്നു. സാധാരണഗതിയിൽ സ്ത്രീകളെ ദർഗയ്ക്ക് അകത്തേയ്ക്ക് പ്രവേശിപ്പിക്കുക പതിവില്ലായിരുന്നു. പക്ഷെ, ഇത്തവണ ദർഗയുടെ നടത്തിപ്പുകാർ ഗാന്ധിക്കൊപ്പം അവരേയും ദർഗയ്ക്ക് അകത്തേക്ക് പ്രവേശിപ്പിച്ചു. ഡെൽഹി ഭ്രാന്താലയമായി മാറിയ നാളുകളിൽ ഹിന്ദുത്വശക്തികളുടെ പ്രേരണയിൽ അഭയാർത്ഥികൾ തകർത്ത ദർഗയുടെ ഭാഗം കണ്ടപ്പോൾ ഗാന്ധി വികാരാധീനനായി.

1947 ജനുവരി 27 സായാഹ്നത്തിൽ വിഷ്ണു രാമചന്ദ്ര കർക്കരേ ജി എം ജോഷിയുടെ വീട്ടിൽ നിന്നിറങ്ങി. താനെയിൽ നിന്നും ബോംബെ സെൻട്രൽ സ്റ്റേഷനിൽ എത്തിയ അദ്ദേഹം ഫ്രോണ്ടിയർ മെയിലിൽ മൂന്നാം ക്ലാസ്സ് കമ്പാർട്ടുമെൻ്റിൽ കയറിയിരുന്നു. തീവണ്ടി കർക്കരേയേയും കൊണ്ട് ഡെൽഹിയിലേയ്ക്ക് രാത്രിയിൽ പാഞ്ഞു.

ബോംബെയിൽ, വിമാനത്താവളത്തിലേയ്ക്ക് പുറപ്പെട്ട ആപ്തേയും ഗോഡ്സേയും സവർക്കർ സദന് മുന്നിൽ അവരുടെ യാത്രയ്ക്ക് ചെറിയ ഇടവേള കൊടുത്തു. 40 മിനുറ്റുകൾ അവർ അവിടെ ചെലവഴിച്ചു. അവരുടെ പദ്ധതി താത്യാറാവുവിന് മുന്നിൽ വിശദീകരിച്ചു. ഗ്വാളിയർ നാട്ടുരാജ്യത്തിലെ ഹിന്ദുമഹാസഭാ നേതാവ് ഡോ. സദാശിവ് പർച്ചൂരെയെ സമീപിക്കാൻ സവർക്കർ അവരെ ഉപദേശിച്ചു. ” അദ്ദേഹം നമ്മളിൽ ഒരാളാണ്. തീർച്ചയായും അദ്ദേഹം സഹായിക്കും ” സവർക്കർ അവരോട് പറഞ്ഞു. നിർഭാഗ്യവശാൽ 1948 ജനുവരി 27 ൻ്റെ ഈ സന്ദർശനം ഗാന്ധി വധത്തിൻ്റെ വിചാരണാ വേളയിൽ പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചില്ല. പിന്നീട് കപൂർ കമ്മീഷന് മുമ്പാകെ കൊടുത്ത മൊഴിയിലാണ് സവർക്കറുടെ സെക്രട്ടറിയായിരുന്ന വിഷ്ണു ഡാംലെയും സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന അപ്പാ രാമചന്ദ്ര കസാറും ഈ വിവരം വെളിപ്പെടുത്തിയത്. ശിവാജി പാർക്കിൽ നിന്നും ആപ്തേയും ഗോഡ്സേയും ടാക്സിയിൽ വിമാനത്താവളത്തിലേയ്ക്ക് പോയി. സുന്ദരിയായ എയർ ഹോസ്റ്റസ് ലോർണ ബ്രെയിൻ ബ്രിഡ്ജിൻ്റെ ശ്രദ്ധയാകർഷിക്കാൻ ആപ്തെ പതിവുപോലെ തമാശകൾ പൊട്ടിച്ചു. ഇടയ്ക്കിടെ മിഠായികളും കാപ്പിയും വാങ്ങിച്ചു. പിന്നീട് പോലീസിന് കൊടുത്ത മൊഴിയിൽ ലോർണ ഇതെല്ലാം ഓർമ്മിച്ചു.

53. 1948 ജനുവരി 30
……………………………….1948 ജനുവരി 27 ന് ഡെൽഹിയിലെത്തിയ ശേഷം ഗോഡ്സേ – ആപ്തേ ദ്വയം സമയം കളയാതെ ഓൾഡ് ഡെൽഹി സ്റ്റേഷനിലേയ്ക്ക് പോയി. ഗ്രാൻ്റ് ട്രങ്ക് എക്സ്പ്രസ്സിലാണ് അവർ ഗ്വാളിയറിലേയ്ക്ക് പോയത്. ഗ്വാളിയർ നാട്ടുരാജ്യമായിരുന്നു. ഇന്ത്യാ ഡൊമിനിയനിൽ ചേർന്നുവെങ്കിലും അത് പൂർണ്ണമായിട്ടുണ്ടായിരുന്നില്ല.ഗ്വാളിയറിൽ അർദ്ധരാത്രിയിലാണ് ട്രെയിൻ എത്തിയത്. ഡോ. സദാശിവ് പർച്ചൂരെയെ ഗോഡ്സേയ്ക്കും ആപ്തേയ്ക്കും നേരത്തെ പരിചയമുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിൻ്റെ വാസസ്ഥലം അവർക്ക് അപരിചിതമായിരുന്നു. സ്റ്റേഷന് പുറത്തുകടന്ന് പർച്ചൂരെയുടെ വാസസ്ഥലം പരിചയമുള്ള കുതിരവണ്ടിക്കാരെ അവർ അന്വേഷിച്ചു. ഗരിബ എന്ന വണ്ടിക്കാരന് പർച്ചൂർ വാഡ പരിചയമുണ്ടായിരുന്നു. ഗരിബയുടെ വണ്ടിയിൽ  കയറി അവർ യാത്ര ആരംഭിച്ചുവെങ്കിലും കുതിര ശീലക്കേട് കാണിക്കാൻ തുടങ്ങിയതിനെ തുടർന്ന് ഗരിബ തന്നെ യാത്ര തുടരാൻ മറ്റൊരു വണ്ടി ഏർപ്പാടാക്കി. ജുമ്മ എന്ന് പേരുള്ളയാളായിരുന്നു പുതിയ വണ്ടിക്കാരൻ. മുസ്ലീം പേരുള്ള വണ്ടിക്കാരനായത് കൊണ്ട് ഹിന്ദുമഹാസഭാ നേതാവായ പർച്ചൂരെയെ തേടി വന്ന തങ്ങളെ അയാൾ കബളിപ്പിക്കുമോ എന്ന സംശയം അവർക്കുണ്ടായിരുന്നു. എന്നാൽ കൃത്യമായി പർച്ചൂരെയുടെ വസതിയിൽ അവരെ അയാൾ എത്തിച്ചു.

ഗ്വാളിയറിൽ ഹിന്ദുമഹാസഭയുടെ അവസാന വാക്കായിരുന്നു ഡോ. പർച്ചൂരെ. ഹിന്ദുമഹാസഭാ വൃത്തങ്ങളിലും പുറത്തും അദ്ദേഹം അറിയപ്പെട്ടിരുന്നത് രണ്ടാം സവർക്കർ എന്നായിരുന്നു. സവർക്കർക്ക് ഹിന്ദു രാഷ്ട്രദൾ എന്ന പോലെ പർച്ചൂരേയ്ക്ക് ഹിന്ദു രാഷ്ട്ര സേന എന്നൊരു സ്വകാര്യ സംഘടന പോലൊന്ന് ഉണ്ടായിരുന്നു. സവർക്കർ എന്ന പോലെ ഗാന്ധിയോട് കടുത്ത വിരോധം വെച്ചു പുലർത്തുന്ന ആളായിരുന്നു പർച്ചൂരേ. സ്വാതന്ത്ര്യത്തെ തുടർന്ന് ഗ്വാളിയർ മഹാരാജാവ് തന്നെ ക്യാബിനറ്റിൽ എടുക്കും എന്നായിരുന്നു ഡോ. പർച്ചൂരേയുടെ പ്രതീക്ഷ. ഹിന്ദുമഹാസഭയ്ക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിൽ മുൻപന്തിയിൽ നിന്നിരുന്ന നാട്ടുരാജ്യങ്ങളിൽ ഒന്നായിരുന്നു ഗ്വാളിയർ. അതു കൊണ്ടു കൂടിയാണ് അത് പർച്ചൂരേ പ്രതീക്ഷിച്ചത്. മാത്രമല്ല ,ഗ്വാളിയർ രാജകുടുംബത്തിൻ്റെ ഡോക്ടർ കൂടിയായിരുന്നു പാശ്ചാത്യ വൈദ്യ ബിരുദവും ആയുർവേദവും ഹോമിയോപ്പതിയും അറിയാവുന്ന പർച്ചൂരേ. എന്നാൽ അതുണ്ടായില്ല. അക്കാലത്ത് ഗ്വാളിയറിലെ ദിവാൻ ആയിരുന്ന എം.എ. ശ്രീനിവാസനാണ് അത് തടഞ്ഞതെന്ന് പർച്ചൂരേ ധരിച്ചു. ആപ്തേയുമൊത്ത് പർച്ചൂരേ തന്നെ സന്ദർശിച്ചത് ശ്രീനിവാസൻ ഓർക്കുന്നുണ്ട്.

” എന്തുകൊണ്ടാണ് ഞങ്ങളെ ക്യാബിനറ്റിൽ നിന്ന് ഒഴിവാക്കിയത് ? അദ്ദേഹം (പർച്ചൂരേ) ചോദിച്ചു. “നിങ്ങൾ ഞങ്ങളെ ചതിച്ചു. ”

” ‘വോട്ടുപെട്ടിയാണ് അത് ചെയ്യേണ്ടത്  ” ഞാൻ പറഞ്ഞു. ” നിങ്ങൾക്ക് ഭൂരിപക്ഷം കിട്ടിയാൽ നിങ്ങൾ ക്ഷണിക്കപ്പെടും”

” നിങ്ങൾ ഗ്വാളിയറിനെ ചതിച്ചു. നിങ്ങൾ പോകണം ”
” അത് മഹാരാജാവാണ് പറയേണ്ടത്. ഞാൻ അദ്ദേഹത്തിന് വേണ്ടിയാണ് ഇവിടെ ….”

പർച്ചൂരേയുടെ കണ്ണുകൾ ചുവന്നു. ചുണ്ടുകൾ വിറച്ചു.
” നിങ്ങൾ ഹിന്ദുവല്ല. നിങ്ങൾ ഹിന്ദുമതത്തിൻ്റെ ശത്രുവാണ് ”

“ഞാൻ ഹിന്ദുവായി ജനിച്ച വ്യക്തിയാണ്. ഇപ്പോഴും അതെ ”
“അല്ല ”  അദ്ദേഹം അലറി ” നിങ്ങൾ ഹിന്ദുമതത്തെ വഞ്ചിക്കുന്നവരാണ്. നിങ്ങളും നിങ്ങളുടെ ഗാന്ധിയും ”

പർച്ചൂരേ പൂനെയിലാണ് ജനിച്ചത്. വൈദ്യ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ബോംബെയിലെ ഗ്രാൻറ് മെഡിക്കൽ കോളേജിൽ നിന്നും.  അന്നുമുതൽ പൂനെയിലെ ബ്രാഹ്മണരാഷ്ട്രീയവുമായി അടുത്ത ബന്ധം അദ്ദേഹം പുലർത്തിയിരുന്നു. ഗോഡ്സേയുടെ ഹിന്ദു രാഷ്ട്രദളും പർച്ചൂരെയുടെ ഹിന്ദു രാഷ്ട്ര സേനയും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനെ കുറിച്ചാലോചിക്കാൻ പർച്ചൂരേ പൂനെ സന്ദർശിച്ചിരുന്നു. അതു കൂടാതെ ഹിന്ദുമഹാസഭയുടേയും ഹിന്ദുത്വ രാഷ്ട്രീയക്കാരുടേയും പരിപാടികളിൽ പങ്കെടുക്കാനും.

1947 ഡിസംബർ 2 ന് പൂനെയിലെ ബ്രാഹ്മണ രാഷ്ട്രീയ കേന്ദ്രമായ തിലക് സ്മാരക മന്ദിറിൽ വെച്ചു നടന്ന ഒരു സമ്മേളനത്തിൽ ഡോ. ദത്താത്രേയ് സദാശിവ് പർച്ചൂരേ മുഖ്യ പ്രഭാഷകനായിരുന്നു. ആ പ്രഭാഷണത്തിൽ ഗ്വാളിയറിലെ രാഷ്ട്രീയ സ്ഥിതിഗതികൾ വിവരിച്ച ശേഷം തങ്ങൾ ആഗ്രഹിച്ചത് നേടാൻ ബലം പ്രയോഗിക്കുന്നതിനെ ന്യായീകരിച്ചു. ഗ്വാളിയറിലെ മുസ്ലീം പള്ളികളിൽ കാവിക്കൊടി ബലം പ്രയോഗിച്ച് പാറിപ്പിച്ച ചരിത്രം അദ്ദേഹത്തിനുണ്ടായിരുന്നു. ഗ്വാളിയറിലെ കരസേനയിൽ മുഴുവൻ മുസ്ലീങ്ങളാണെന്നും അവിടെ മുസ്ലീം ഘടകങ്ങളുടെ വ്യാപനമുണ്ടെന്നും പർച്ചൂരെയേയും അദ്ദേഹത്തിൻ്റെ അനുയായികളും “നായ്ക്കളെപ്പോലെയാ”ണെന്ന് ഉപദേഷ്ടാവായ ശ്രീനിവാസൻ രാജാവിനെ ഉപദേശിച്ചെന്നും പർച്ചൂരേ പ്രസംഗിക്കുകയുണ്ടായി. കോൺഗ്രസ്സ് വിരുദ്ധവും അങ്ങേയറ്റം മുസ്ലീം വിരുദ്ധവുമായിരുന്നു ആ പ്രസംഗത്തിൻ്റെ മട്ടെന്ന് കപൂർ കമ്മീഷൻ റിപ്പോർട്ട് പോലീസ് രേഖകളെ ആസ്പദമാക്കി രേഖപ്പെടുത്തിയിട്ടുണ്ട്. കശ്മീരിനെ സംബന്ധിച്ച് പണ്ഡിറ്റ് നെഹ്റു എടുത്ത നിലപാടിനെ അദ്ദേഹം വിമർശിച്ചു. മുഹമ്മദീയ അക്രമാത്മകതയ്ക്ക് മുന്നിൽ ഹിന്ദുക്കളുടെ നിസ്സഹായാവസ്ഥയെ അദ്ദേഹം ചൂണ്ടിക്കാട്ടി. ആ പ്രഭാഷണത്തിൻ്റെ അവസാനം ” കുറഞ്ഞകാലത്തിനുള്ളിൽ ഗാന്ധിയും നെഹ്റുവും അവരുടെ പാപത്തിൻ്റെ ഫലം കൊയ്യാൻ പോകുന്നു” എന്ന് പ്രഖ്യാപിക്കുകയുണ്ടായി. കപൂർ കമ്മീഷൻ റിപ്പോർട്ടിൻ്റെ ഒന്നാം വാല്യത്തിൽ 15.4 ഖണ്ഡികയിൽ ഇത് സവിസ്തരം വിവരിക്കുന്നുണ്ട്.

നാഥുറാം വാതിലിൽ മുട്ടുമ്പോൾ പർച്ചൂരേ തൻ്റെ വസതിയുടെ മുകൾ നിലയിൽ ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. അദ്ദേഹത്തിൻ്റെ മകൻ നീലകണ്ഠ് ആയിരുന്നു വാതിൽ തുറന്നത്. അവർ ആവശ്യപ്പെട്ടതനുസരിച്ച് നീലകണ്ഠ് പിതാവിനെ ഉറക്കമുറിയിൽ നിന്നും ഇറക്കിക്കൊണ്ടുവന്നു. മുഖവുര കൂടാതെ തന്നെ തങ്ങളുടെ ഉദ്ദേശ്യവും അതിനാവശ്യമായ തോക്ക് തേടിയാണ് സവർക്കറുടെ നിർദ്ദേശപ്രകാരം അവിടെ എത്തിയതെന്നും അവർ പറഞ്ഞു. രാത്രി അവിടെ താമസിക്കാനും പിറ്റേന്ന് ആ ആവശ്യം നിവർത്തിക്കാമെന്നും പർച്ചൂരേ അവരോട് പറഞ്ഞു. അതനുസരിച്ച് അവർ അവിടെ രാത്രി കഴിച്ചുകൂട്ടി.

പിറ്റേന്ന് മകൻ നീലകണ്ഠിനേയും തൻ്റെ ദേഹസംരക്ഷകനായ രൂപ മെഹ്റത്തിനേയും ഹിന്ദു രാഷ്ട്ര സേനയുടെ ഭാരവാഹിയായിരുന്ന ഗംഗാധർ സഖാറാം ദണ്ഡവാതെയുടെ അടുത്തേയ്ക്ക് വിട്ടു. അയാളായിരുന്നു ഗ്വാളിയറിൽ ഹിന്ദുത്വ രാഷ്ട്രീയക്കാർക്ക് ആയുധങ്ങൾ വിതരണം ചെയ്തിരുന്നവരിൽ പ്രധാനി.  പർച്ചൂരെയുടെ വസതിയിലെത്തിയ ദണ്ഡവാതേയോട് കൈത്തോക്കിൻ്റെ ആവശ്യം ഗോഡ്സേ അറിയിച്ചു.ഉച്ചയ്ക്ക് 12.30 ന് ഒരു തോക്കുമായി ദണ്ഡവാതെ തിരിച്ചെത്തി. “പത്തോ പന്ത്രണ്ടോ റൗണ്ട് വെടി വെയ്ക്കാവുന്ന തോക്കായിരുന്നു അത് ” ആപ്തേ പിന്നീട് ഓർമ്മിച്ചു. തൻ്റെ കൈയ്യിലുണ്ടായിരുന്ന ബഡ്ഗെയുടെ റിവോൾവറും 300 രൂപയും തോക്കിൻ്റെ വിലയായി ഗോഡ്സെ നൽകി. അതിന് ശേഷം അത് പ്രവർത്തനക്ഷമമാണോ എന്ന് പരിശോധിക്കുന്നതിനായി ഡോ. പർച്ചൂരെയുടെ പിൻമുറ്റത്തേയ്ക്ക് പോയി. ആ സമയത്ത് പർച്ചൂരെയെ സന്ദർശിച്ച മധുകർ കെ കാലേ എന്ന ഹിന്ദുമഹാസഭാ പ്രവർത്തകൻ ഇതിന് സാക്ഷ്യം വഹിച്ചു.

ദണ്ഡവാതെ ഒരു മരത്തിലേയ്ക്ക് ഉന്നം തെറ്റാതെ നിറയൊഴിച്ചു. പക്ഷെ, ഗോഡ്സേ പരീക്ഷിച്ചപ്പോൾ കാഞ്ചി അമരുന്നുണ്ടായിരുന്നില്ല. അത്തരം ഒരു തോക്കുവെച്ച് ഭാഗ്യപരീക്ഷണം നടത്താൻ ഇത്തവണ ഗോഡ്സേ തയ്യാറായിരുന്നില്ല. വിശ്വാസ്യതയുള്ള ഒരു തോക്ക് എത്തിച്ചു തരാൻ ദണ്ഡവാതെയോട് ഗോഡ്സേ അഭ്യർത്ഥിച്ചു. അപരാഹ്നത്തിൽ 3 മണിക്കുള്ള ട്രെയിനിൽ തോക്കുമായി ഡെൽഹിക്ക് മടങ്ങാനായിരുന്നു പദ്ധതിയെന്നതിനാൽ എത്രയും പെട്ടെന്നു തന്നെ തോക്ക് എത്തിക്കണമെന്നും. അത് അസാധ്യമാണെന്നും രാത്രിവണ്ടിയിലേയ്ക്ക് യാത്ര നീട്ടിവെയ്ക്കുകയാണെങ്കിൽ തോക്ക് എത്തിച്ചു തരാമെന്നും ദണ്ഡവാതെ പറഞ്ഞതനുസരിച്ച് അവർ യാത്രാ സമയം മാറ്റി.

ദണ്ഡവാതെ സമീപിച്ചത് ജഗ്ദീഷ് പ്രസാദ് ഗോയൽ എന്ന ഇരുപത്തിനാലുകാരനായ ഹിന്ദു രാഷ്ട്ര സേനാ പ്രവർത്തകനെയാണ്. അയാളുടെ കൈയ്യിൽ ഒരു ബെറെറ്റാ 9 mm പിസ്റ്റൾ ഉണ്ടായിരുന്നു. 606824 എന്ന നമ്പർ പേറുന്ന ആ ഇറ്റാലിയൻ നിർമ്മിത ഓട്ടോമാറ്റിക് പിസ്റ്റൾ 1934 ൽ നിർമ്മിക്കപ്പെട്ടതായിരുന്നു. മുസ്സോളിനിയുടെ ഇറ്റാലിയൻ സേന ആഫ്രിക്കയിലെ അബിസീനിയ കീഴടക്കിയ സമയത്ത് ആ സേനയിലെ സൈനികൻ ഉപയോഗിച്ചതായിരുന്നു അത്. പിന്നീട് ഇറ്റലി ബ്രിട്ടന് മുന്നിൽ മുട്ടുകുത്തിയപ്പോൾ ആ വിജയത്തിൻ്റെ ഓർമ്മക്കായി അന്ന് ബ്രിട്ടന് വേണ്ടി പൊരുതിയ ഗ്വാളിയർ ഇൻഫൻട്രിയുടെ കമാൻഡർ ജനറൽ ആയിരുന്ന വി.വി. ജോഷിയുടെ പക്കൽ എത്തി. ജോഷിയിൽ നിന്ന് ജഗ്ദീഷ് പ്രസാദ് ഗോയൽ എങ്ങനെയാണ് അത് കരസ്ഥമാക്കിയത് എന്നത് വ്യക്തമല്ല. പ്രസാദിൻ്റെ കൈയിൽ നിന്നാണ് ഗംഗാധർ ദണ്ഡവാതേ അത് വാങ്ങിയത്. പഴയ തോക്കും മുന്നൂറ് രൂപയും തന്നെയാണ് ഗോഡ്സേ വിലയായി വാഗ്ദാനം ചെയ്തു. പക്ഷെ, ജഗ്ദീഷ് പ്രസാദ് ഗോയൽ അത് സമ്മതിച്ചില്ല. 500 രൂപ തികച്ച് വേണമെന്ന് അയാൾ ആവശ്യപ്പെട്ടു. അവസാനം 300 രൂപ നൽകി 200 രൂപ കടം പറഞ്ഞാണ് ആ തോക്ക് ഗോഡ്സേ കരസ്ഥമാക്കിയത്. അതിന് പണയമായി പഴയ തോക്ക് അയാൾക്ക് കൊടുത്തു. പർച്ചൂരേയുടെ പിന്മുറ്റത്ത് അത്  പരീക്ഷിച്ച് നോക്കിയപ്പോൾ വിജയമായിരുന്നു.

തോക്കുമായി ഗോഡ്സേയും ആപ്തേയും രാത്രി 10.30 നുള്ള ബോംബെ – അമൃത് സർ വണ്ടി പിടിച്ച് ഡെൽഹിക്ക് പോകാനായി ഗ്വാളിയർ സ്റ്റേഷനിൽ എത്തി. മൂന്ന് മണിക്കൂർ വൈകിയാണ് വണ്ടി എത്തിച്ചേർന്നത്. രാത്രി 1.30 നാണ് അവർ വണ്ടിയിൽ കയറിയത്.

1948 ജനുവരി 28 ന് സായാഹ്നത്തിലാണ് കർക്കരേ ഓൾഡ് ഡെൽഹിയിൽ വണ്ടിയിറങ്ങിയത്. അയാളുടെ കൈയ്യിൽ പണത്തിൻ്റെ അളവ് കുറഞ്ഞതിനാൽ പ്ലാറ്റ്ഫോമിൽ അഭയാർത്ഥികൾക്കിടയിൽ കൈയ്യിലുള്ള കിടക്ക വിരിച്ച് കിടക്കാൻ അയാൾ ഉറച്ചു.

1948 ജനുവരി 27 ന് വൈകീട്ടാണ് ഡെൽഹിയിൽ നിന്ന് വളഞ്ഞുപുളഞ്ഞുള്ള വഴികളിലൂടെ ഡി ഐ ജി റാണ ബോംബെയിൽ എത്തിച്ചേർന്നത്. ബോംബെയിൽ എത്തിയ ശേഷം ചടുലത തിരിച്ചു കിട്ടിയ റാണ നേരെ നാഗർവാലയെ പോയി കണ്ട് സഞ്ജീവി ധരിപ്പിച്ച വിവരങ്ങൾ പങ്കുവെച്ചു. അതേ സമയം മദൻലാലിൻ്റെ മൊഴിപ്പകർപ്പ് നാഗർവാലയെ ഏല്പിക്കാൻ അദ്ദേഹം എന്തുകൊണ്ടോ മുതിർന്നില്ല. രണ്ടുപേരും ചേർന്ന് സഞ്ജീവിയുമായി ടെലഫോൺ സംഭാഷണം നടത്തുകയുണ്ടായി. തങ്ങൾ ജാഗരൂകരായി അന്വേഷണം നടത്തുന്നുണ്ടെന്നും പുരോഗതി സഞ്ജീവിയെ അപ്പപ്പോൾ അറിയിക്കാമെന്നും നാഗർവാല പറഞ്ഞു. ഗാന്ധിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്ന ഇരുപതംഗ സംഘത്തെപ്പറ്റി താൻ സ്വരൂപിച്ച ധാരണകളും സഞ്ജീവിയുമായി നാഗർവാല പങ്കുവെച്ചു. ഈ ഇരുപതുപേരിൽ ഓരോരുത്തർക്കും പിന്നിൽ ഇരുപത് പേർ അടങ്ങുന്ന സന്നദ്ധസേനയും അണിനിരന്നിട്ടുണ്ട്. മദൻലാൽ നൽകിയ മൂർത്തമായ തെളിവുകളിൽ പിടിച്ച് മുന്നോട്ടു പോകാൻ സഞ്ജീവിയും തിരിച്ച് ഉപദേശിച്ചില്ല. ഒരു പക്ഷേ, അങ്ങനെ ഉപദേശിച്ചിരുന്നെങ്കിൽ പോലും അത് എത്രമാത്രം ഫലവത്താകുമായിരുന്നു എന്ന കാര്യത്തിൽ സംശയത്തിന് വകയുണ്ട്. കാരണം അന്നേ ദിവസം വലിയ മീനുകൾ എല്ലാം ഡെൽഹിയിൽ എത്തിയിരുന്നു.

1948 ജനുവരി 28 ന് ഗാന്ധി മനുവിനോട് പറഞ്ഞു :

ഞാൻ നീണ്ടു നില്ക്കുന്ന രോഗത്താൽ, അതുമല്ലെങ്കിൽ നീരുവന്ന്, അതുമല്ലെങ്കിൽ ഒരു കുരുവന്ന് മരിക്കുകയാണെങ്കിൽ, ഞാൻ അവകാശപ്പെടും പോലെ ദൈവത്തിൻ്റെ മനുഷ്യനായിരുന്നില്ല എന്ന് ലോകത്തോട് വിളിച്ചു പറയേണ്ടത്, മറ്റുള്ളവർ നിന്നോട് ദേഷ്യപ്പെടുമെങ്കിൽ കൂടി, നിൻ്റെ ഉത്തരവാദിത്വമാണ്. അത് നീ ചെയ്യുമെങ്കിൽ, എൻ്റെ ആത്മാവിന് ശാന്തി ലഭിക്കും. ഇത് കൂടി ശ്രദ്ധിക്കൂ. എന്നിലൂടെ ഒരു വെടിയുണ്ട കടത്തി വിട്ട് – കഴിഞ്ഞ ദിവസം ബോംബു കൊണ്ട് ഒരാൾ ശ്രമിച്ച പോലെ – ആരെങ്കിലും എന്നെ അവസാനിപ്പിക്കുകയാണെങ്കിൽ അയാളുടെ വെടിയുണ്ടയെ ഒരു ഞരക്കം പോലുമില്ലാതെ ഞാൻ നേരിടും. മാത്രമല്ല, ദൈവനാമത്തിൽ ഞാനെൻ്റെ അവസാന ശ്വാസം വലിക്കും. എങ്കിൽ മാത്രമേ, എൻ്റെ അവകാശം ശരിയെന്ന് സ്ഥാപിക്കാനാകൂ

1949 ജനുവരി 29 ന് ഗ്വാളിയറിൽ നിന്നുള്ള തീവണ്ടി ഡെൽഹിയിലെത്താൻ വീണ്ടും വൈകി. ഉച്ചയോടു കൂടിയാണ് അത് അവിടെയെത്തിയത്. നാഥുറാം നേരെപ്പോയി ഒരു  റെയിൽവേ റിട്ടയറിംഗ് റൂം ആവശ്യപ്പെട്ടു. സുന്ദരിലാൽ എന്ന ബുക്കിംഗ് ക്ലർക്ക് രജിസ്റ്ററുകൾ നോക്കി മുറികൾ ഒഴിവില്ലെന്നും കുറച്ചു നേരം കഴിഞ്ഞാൽ മാത്രമേ ഇപ്പോൾ താമസിക്കുന്നവർ ഒഴിഞ്ഞു പോകുകയുള്ളൂ എന്നും അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ നാഥുറാമിന് ഒരു ഫസ്റ്റ് ക്ലാസ്സ് വെയിറ്റിങ്ങ് റൂം ലഭിച്ചു. (ആറാം നമ്പർ മുറി). ഇവിടെയും എൻ വിനായക് റാവു എന്ന പേരാണ് നാഥുറാം ഉപയോഗിച്ചത്. കർക്കരേയെ അന്വേഷിക്കുന്നതിന് പകരം ഉച്ചഭക്ഷണം കഴിച്ച് മുറിയിൽ വിശ്രമിക്കാനാണ് നാഥുറാമും ആപ്തേയും തീരുമാനിച്ചത്. വൈകീട്ട് 6 ന് ഹരികൃഷ്ണൻ എന്ന മുറിയുടെ കാര്യങ്ങൾ നോക്കുന്ന ജീവനക്കാരനെ വിളിച്ച് തൻ്റെ വസ്ത്രങ്ങൾ അലക്കാനും ഇസ്തിരിയിടാനുമായി ഏല്പിച്ചു. ജന്നു എന്ന ബാലനെ വിളിച്ച് ഹരികൃഷ്ണൻ അതെല്ലാം കൊടുത്ത് അലക്കാനും ഇസ്തിരിയിടാനും കല്പിച്ചു.

നാഥുറാമും ആപ്തേയും എത്തിയതറിയാതെ ക്യൂൻസ് ഫൗണ്ടനടുത്ത് കർക്കരേ ചായകൾ തുരുതുരെ കുടിച്ചും ബീഡികൾ കൂടെക്കൂടെ വലിച്ചും സമയം പോക്കി. അവസാനം അന്ന് സായാഹ്നത്തിൽ അവർ കണ്ടുമുട്ടി. മൂന്നു പേരും ചേർന്ന് മുറിയിൽ തിരിച്ചെത്തി. അടച്ചിട്ട മുറിയുടെ സുരക്ഷിതത്വത്തിൽ ഗ്വാളിയറിൽ നിന്നും കൊണ്ടുവന്ന ബെറെറ്റാ തോക്ക് നാഥുറാം കർക്കരേയെ കാണിച്ചു. വെട്ടിത്തിളങ്ങുന്ന ആ നീലക്കറുപ്പൻ തോക്ക് കർക്കരേ തിരിച്ചും മറിച്ചും നോക്കി. അഹ്മദ് നഗറിലെ ഹിന്ദുമഹാസഭാ നേതാവ് എന്ന നിലയിൽ ധാരാളം സ്ഫോടകവസ്തുക്കളും ആയുധങ്ങളും കൈകാര്യം ചെയ്തിട്ടുള്ള അറിവ് കർക്കരേയ്ക്ക് ഉണ്ടായിരുന്നുവെങ്കിലും ഇത്തരം ഒരു തോക്ക് ആദ്യമായിട്ടാണ് അദ്ദേഹം കാണുന്നത്. ഗോഡ്സേ അതിൻ്റെ പ്രവർത്തനം കർക്കരേയ്ക്ക് വിശദീകരിച്ചു കൊടുത്തു.

അതിന് ശേഷം അവർ ചാന്ദ്നി ചൗക്കിലേയ്ക്ക് പോയി. ഗോഡ്സേ ഒരു സ്റ്റുഡിയോയിൽ കയറി തൻ്റെ ഫോട്ടോ എടുത്തു. ഒരു മണിക്കൂർ കഴിഞ്ഞാൽ ഗോഡ്സേ ആവശ്യപ്പെട്ട  മൂന്നു കോപ്പിയും തയ്യാറാകുമെന്ന് ഫോട്ടോഗ്രാഫർ അറിയിച്ചു. രാത്രിഭക്ഷണത്തിന് ശേഷം ആപ്തേയും കർക്കരേയും ഒരു സിനിമയ്ക്ക് പോകാൻ നിശ്ചയിച്ചു. ഗോഡ്സേ തിരിച്ച് മുറിയിലേയ്ക്ക് മടങ്ങി. മടങ്ങും വഴി ഫോട്ടോയുടെ കോപ്പികൾ വാങ്ങാൻ അദ്ദേഹം മറന്നില്ല.

തുഷാർ ഗാന്ധി പറയുന്നത്, ഒരു പക്ഷെ ഗോപാൽ ഗോഡ്സേ ഗാന്ധിവധത്തെക്കുറിച്ച് എഴുതിയ പുസ്തകത്തെ ഉപജീവിച്ചാകാം, സിനിമയ്ക്ക് ശേഷം ആപ്തേ ഡെൽഹിയിലെ ചുവന്ന തെരുവ് സന്ദർശിച്ചുവെന്നാണ്. എന്നാൽ പോലീസ് രേഖകളിലോ വിചാരണാ രേഖകളിലോ അത്തരം പരാമർശം ഇല്ല. എന്തായാലും രാത്രി ഏറെയായതുകൊണ്ട് അവർ നാഥുറാമിനെ വിളിച്ചുണർത്തേണ്ടെന്നാണ് തീരുമാനിച്ചത്. അവർ പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങി.

1948 ജനുവരി 30 ന് രാവിലെ മൂവർ സംഘം സ്റ്റേഷനിലെ സസ്യേതര ഭോജനശാലയിൽ നിന്ന് പ്രാതൽ കഴിച്ചു. വെണ്ണ പുരട്ടിയ റൊട്ടിയാണ് അവർ കഴിച്ചത്. ആപ്തേയും കർക്കരേയും ചായ കുടിച്ചു. നാഥുറാം പതിവുപോലെ ഇംഗ്ലീഷ് കോഫിയും. അവിടെ വെച്ച് ഒരു വെയ്റ്റർ മറാത്തിയിൽ കുശലം ചോദിച്ചത് അവരെ അസ്വസ്ഥരാക്കി. പൂനെ റെയിൽവേ സ്റ്റേഷനിൽ ഒരിക്കൽ അവർക്ക് ഭക്ഷണപദാർത്ഥങ്ങൾ എത്തിച്ച വെയ്റ്റർ ആയിരുന്നുവെന്നും ഇപ്പോൾ ഡെൽഹിയിലേയ്ക്ക് മാറ്റം കിട്ടിയതാണെന്നും അയാൾ വിശദീകരിച്ചതോടെ അവർക്ക് സമാധാനമായി. ഭക്ഷണത്തിന് ശേഷം മുറിയിലേയ്ക്ക് മടങ്ങിപ്പോയ നാഥുറാം മൂന്ന് കത്തുകൾ എഴുതി. ഒന്ന്, ആപ്തേയുടെ പൂനെയിലുള്ള വസതിയിലേയ്ക്ക്, രണ്ട്, ആപ്തേയുടെ പൂനെയിലെ  ഔദോഗിക മേൽവിലാസത്തിൽ, മൂന്ന്, കർക്കരേയുടെ അഹ്മദ് നഗർ വിലാസത്തിലേയ്ക്ക്. മൂന്നിലും കഴിഞ്ഞ ദിവസം എടുത്തിരുന്ന തൻ്റെ ഫോട്ടോയുടെ പകർപ്പുകൾ വെച്ചിരുന്നു. താനെന്തുകൊണ്ട് ഗാന്ധിയെ കൊന്നു എന്നാണ് അതിൽ എഴുതിയിരുന്നത്. താൻ പിടിക്കപ്പെട്ടാൽ ആ സമയത്ത് ആപ്തേയും കർക്കരേയും മഹാരാഷ്ട്രയിലായിരുന്നു എന്ന വ്യാജത്തെളിവിന് വേണ്ടിയാണ് ഈ കത്തുകൾ അയച്ചത്.

ധീരേന്ദ്ര കെ. ഝാ പറയുന്നത്, തലേന്ന് 1948 ജനുവരി 29 ന് അവസാനമായി സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി വിഷ്ണു കർക്കരേ ബിർളാഹൗസ് സന്ദർശിച്ചിരുന്നുവെന്നാണ്.  ആ സന്ദർശനത്തെക്കുറിച്ചുള്ള കർക്കരെയുടെ വാക്കുകളും അദ്ദേഹം ഉദ്ധരിക്കുന്നു. ” ഏതൊക്കെ സ്ഥലങ്ങളിൽ പോലീസിനെ വിന്യസിച്ചിരിക്കുന്നു എന്നതിലായിരുന്നു എൻ്റെ ശ്രദ്ധ. ഗാന്ധിജിയുടെ പ്രാർത്ഥനകളിലോ പ്രഭാഷണങ്ങളിലോ എനിക്ക് വലിയ താത്പര്യമില്ലായിരുന്നു. ഏതാണ്ട് 5.30 ഓടെ പ്രാർത്ഥനകൾ സമാപിക്കുകയും ഞാൻ സ്ഥലം വിടുകയും ചെയ്തു. ” മദൻലാൽ പഹ് വ സ്ഫോടനം നടത്തിയതോടെ ,ഗാന്ധിയുടെ കഠിനമായ എതിർപ്പിനെ മറികടന്ന്, ബിർളാ ഹൗസിൽ പോലീസ് സന്നാഹം കുറച്ചു കൂടി മെച്ചപ്പെടുത്തിയിരുന്നു എന്നു മാത്രം. കൃത്യം നടത്തുന്നതിന് മുമ്പ് നാഥുറാം സ്ഥലം സന്ദർശിച്ചിട്ടില്ല എന്നാണ് ധീരേന്ദ്ര കെ ഝാ പറയുന്നത്. എന്നാൽ തുഷാർ ഗാന്ധി പറയുന്നത് 1948 ജനുവരി 30 ന് രാവിലെ നാഥുറാം ബിർള ഹൗസിൽ എത്തിയിരുന്നു എന്നാണ്. ഗാന്ധിയും സഹചരരും താമസിച്ചിരുന്ന ഇടങ്ങളിലൂടെ അയാൾ കറങ്ങിയടിച്ചു. അതിനിടയിൽ മനുവിനെ കണ്ടു മുട്ടിയപ്പോൾ ഗാന്ധിയുടെ ദിനചര്യകളെ ക്കുറിച്ചും ആരാഞ്ഞു. ഗാന്ധി കട്ടിലിൽ കിടക്കുന്നത് അയാൾ കണ്ടു. ഗാന്ധിക്കടുത്തേയ്ക്ക് ഒരു സ്വപ്നത്തിലെന്ന വണ്ണം അയാൾ നീങ്ങുന്നത് കണ്ട് മനു അയാളെ തിരിച്ചു വിളിച്ചു. ഉടൻ വെട്ടിത്തിരിഞ്ഞ് അയാൾ തിരിച്ചു പോയി. മനുവിൻ്റെ ഓർമ്മക്കുറിപ്പുകളിൽ നിന്നാകണം തുഷാർ ഗാന്ധി അതിനെക്കുറിച്ചുള്ള വിവരശേഖരണം നടത്തിയത് .

മേൽപ്പറഞ്ഞതിനെ പറ്റി വ്യക്തത അവശേഷിക്കുന്നില്ലെങ്കിലും, റെയിൽവേ റിട്ടയറിംഗ് റൂമിൽ വെച്ചു നടത്തിയ ചർച്ചകളെപ്പറ്റി പല പുസ്തകങ്ങളും ധാരണ തരുന്നുണ്ട്. ആദ്യ വധശ്രമത്തിൽ ചർച്ച ചെയ്ത പോലെ ഫോട്ടോഗ്രാഫറുടെ വേഷം ധരിച്ച് പോകാനാണ് ആപ്തേ ആദ്യം നിർദ്ദേശിച്ചത്. അത് നാഥുറാമിന് പര്യാപ്തമായി തോന്നിയില്ല. എന്നാൽ ആപ്തേയുടെ രണ്ടാമത്തെ നിർദ്ദേശം, ബുർഖ ധരിച്ച് പോകാനുള്ള നിർദ്ദേശം, കേട്ട പടി നാഥുറാം അംഗീകരിച്ചു. ഗാന്ധിയുടെ കൊലയാളി മുസൽമാനാണ് എന്ന ധാരണ സൃഷ്ടിക്കാൻ അത് ഉപകരിച്ചേക്കും എന്ന നീചബോധമായിരുന്നു ആ പ്തേയുടെ ഉള്ളിൽ എന്ന് വേണം വിചാരിക്കാൻ. ഗാന്ധിയെ മുസൽമാൻ കൊന്നു എന്ന വാർത്ത ഇന്ത്യൻ മുസ്ലീങ്ങൾക്ക് മേൽ ആക്രമണം അഴിച്ചുവിടാൻ ഹിന്ദുത്വശക്തികൾക്ക് നല്ല ഉപാധിയാകും എന്നും ആപ്തേ ചിന്തിച്ചിരിക്കും.

ആപ്തേയും കർക്കരേയും, ഈ നിർദ്ദേശം അംഗീകരിച്ച പടി ചാന്ദ്നി ചൗക്കിലേയ്ക്ക് പാഞ്ഞു. അമ്പതു രൂപ മുടക്കി ഒരു ബുർഖ വാങ്ങി മടങ്ങിയെത്തി. നാഥുറാമിന് അത് പാകമായിരുന്നു. അത് ധരിച്ചു കൊണ്ട് വധോദ്യമത്തിൻ്റെ പരിശീലനം നാഥുറാം നടത്തിനോക്കി. പക്ഷെ, ബുർഖയുടെ മടക്കുകളിൽ കൈ കുടുങ്ങി പാൻ്റ്സിൻ്റെ കീശയിൽ സൂക്ഷിച്ചിരുന്ന തോക്ക് എടുക്കുന്നത് ആയാസമായി നാഥുറാമിന് തോന്നി. മാത്രമല്ല, മുന്നോട്ടു പോകുമ്പോൾ ബുർഖയിൽ ചവിട്ടി അയാൾ വീഴാൻ പോകുകയും ചെയ്തു. തൻ്റെ കൃത്യത്തിന് അനായാസത നിർബന്ധമായ ഒന്നായത് കൊണ്ട് അദ്ദേഹം ബുർഖ ഉപേക്ഷിച്ചു .

അവിടെ നിന്നും അവർ പോയത് ഹിന്ദുമഹാസഭാ കാര്യാലയത്തിനടുത്തുള്ള ബിർളാ മന്ദിറിനടുത്തേയ്ക്കാണ്. ‘ബിർളാ കുടുംബം തന്നെ പടുത്തുയർത്തിയ ക്ഷേത്രമായിരുന്നു ബിർള മന്ദിർ .” ഛത്രപതി ശിവജി മഹാരാജാവിൻ്റേയും ആദ്യത്തെ പേഷ്വയായ ബാജിറാവുവിൻ്റേയും പ്രതിരൂപങ്ങൾ ബിർളാമന്ദിറിൻ്റെ ഉദ്യാനത്തിലെ തൂണിൽ കൊത്തിവെച്ചിരുന്നു. ” ഗോഡ്സേ പിന്നീടോർത്തു. ” ഞാൻ അവയ്ക്ക് മുന്നിൽ നമസ്ക്കരിച്ചു. ” മറാത്താ ബ്രാഹ്മണ രാഷ്ട്രീയത്തിൻ്റെ ഏറ്റവും വലിയ പ്രതീകങ്ങൾക്ക് മുന്നിൽ നമസ്ക്കരിക്കുകയാണ് സ്വതന്ത്രഭാരതത്തിലെ ഏറ്റവും നീചമായ കൊലയ്ക്ക് പുറപ്പെടുന്നതിന് മുമ്പായി ആ ചിത്പാവൻ ബ്രാഹ്മണൻ ചെയ്തത്.

മുമ്പത്തെ പോലെത്തന്നെ ഹിന്ദുമഹാസഭാ കാര്യാലയത്തിന് പിന്നിലെ കാട്ടിൽ ബെറെറ്റാ തോക്ക് ഉപയോഗിച്ച് നാഥുറാം വെടിവെയ്പ് പരിശീലനം ആരംഭിച്ചു. ഇത്തവണ എല്ലാം ശരിയായിരുന്നു. വ്യത്യസ്ത നിലകളിൽ മാറി മാറി നിന്നുകൊണ്ടുള്ള പരിശീലനം എല്ലാം വിജയം കണ്ടു. തിരിച്ചു വരും വഴി ചാരനിറത്തിൽ നീല കലർന്ന നിറമുള്ള, വലിയ കീശകളും തോളിൽ തൊങ്ങലുകളും ഉള്ള ഒരു കുപ്പായം അവർ വാങ്ങിച്ചു. സായുധസേനാംഗങ്ങൾ ധരിക്കുന്ന മട്ടിലുള്ള ഒരു കാക്കിത്തൊപ്പിയും.

ഒരു മണിക്ക് റെയിൽവേ റിട്ടയറിംഗ് റൂമിൽ തിരിച്ചെത്തിയ നാഥുറാം കുപ്പായം ധരിച്ചു നോക്കി. കൃത്യം. ബുക്കിംഗ് ക്ലർക്ക് സുന്ദരിലാലിനോട് തങ്ങളെടുത്ത മുറിയുടെ വാടക സമയം ഒരു ദിവസം കൂടി നീട്ടിത്തരാൻ നാഥുറാം ആവശ്യപ്പെട്ടു. എന്നാൽ സ്റ്റേഷൻ സൂപ്രണ്ടിൻ്റെ അനുമതിയുണ്ടെങ്കിൽ മാത്രമേ അത് സാധ്യമാവു എന്ന് സുന്ദരിലാൽ അറിയിച്ചതോടെ അവർ തമ്മിൽ ചെറിയ വാഗ്വാദം ഉടലെടുത്തു. കോപാകുലനായ സുന്ദരിലാൽ ഉടൻ തന്നെ മുറി ഒഴിയണമെന്ന് ഗോഡ്സേയോട് ആവശ്യപ്പെട്ടു. കുറേനേരം അവിടെ ചുറ്റിപ്പറ്റി നിന്നാണ് അവർ ഇറങ്ങിയത്. ഈ സംഭവം മൂലം ഗോഡ്സേയുടെ മുഖം, രജിസ്റ്റർ അനുസരിച്ച് വിനായക് റാവുവിൻ്റെ മുഖം, സുന്ദരിലാലിൻ്റെ മനസ്സിൽ തങ്ങിനിന്നു. പിൽക്കാലത്ത് പോലീസ് നടത്തിയ തിരിച്ചറിയൽ പരേഡിൽ വളരെ എളുപ്പത്തിൽ സുന്ദരിലാൽ ഗോഡ്സേയെ തിരിച്ചറിഞ്ഞു. മാത്രമല്ല, ആ വാഗ്വാദത്തിൻ്റെ ശബ്ദകോലാഹലങ്ങൾ അവിടെയെത്തിച്ച ഹരി കിഷൻ, ജന്നു, സസ്യേതര ആഹാരശാലയിലെ വെയ്റ്റർ എന്നിവർക്കും  ഗോഡ്സേയെ തിരിച്ചറിയാൻ പണിപ്പെടേണ്ടി വന്നില്ല.

മൂന്നാം ക്ലാസ്സ് കാത്തിരിപ്പു മുറിയിലാണ് അവർ ബാക്കിസമയം ചെലവഴിച്ചത്. ആപ്തേയും കർക്കരേയും ഒരിക്കൽ കൂടി ബിർളാഹൗസിനരികിൽ പോയി നിരീക്ഷണം നടത്തി. തങ്ങളെ തിരിച്ചറിയുന്ന ഏതെങ്കിലും മറാത്തി പോലീസുകാർ ഡ്യൂട്ടിയിലുണ്ടോ എന്ന് പരിശോധിക്കാനാണ് പ്രധാനമായും അവർ പോയത്. പരിചിത മുഖങ്ങളൊന്നും പോലീസുകാർക്കിടയിൽ കാണാതെയാണ് അവർ മടങ്ങിയത്.

അവർ മടങ്ങിയെത്തിയെത്തിയപ്പോൾ ഡിറ്റക്ടീവ് നോവൽ വായിച്ചിരിക്കുന്ന നാഥുറാമിനെയാണ് കണ്ടത്. ഏതാണ്ട് മൂന്നേകാൽ മണിയായപ്പോൾ പോകേണ്ട സമയമായി എന്ന് പറഞ്ഞ് അദ്ദേഹം എണീറ്റു. നമ്മൾ ഒരുമിച്ചാണോ പോകുന്നത് എന്ന് ആപ്തേ ചോദിച്ചു.

നാഥുറാം പോയി പത്തു മിനിറ്റിന് ശേഷം ആപ്തേയും കർക്കരേയും ചേർന്ന് കൊണാട്ട് പ്ലേസിലേയ്ക്ക് ഒരു കുതിരവണ്ടി പിടിച്ചു. അവിടെ നിന്ന് മറ്റൊരു കുതിരവണ്ടിയിൽ ബിർളാഹൗസിലേയ്ക്ക് പോയി. ബിർള ഹൗസിൻ്റെ പടിവാതിലിൽ നിന്നും കുറച്ചു ദൂരെയാണ് അവർ വണ്ടിയിറങ്ങിയത്. ബിർള ഹൗസിൻ്റെ ജനക്കൂട്ടത്തിൽ ലയിച്ച് അവർ മുന്നോട്ടു നീങ്ങി. ഗാന്ധിയുടെ ഇരിപ്പിടത്തിലേയ്ക്കുള്ള വഴിയിലേയ്ക്ക് കരേറുന്ന പടിക്കെട്ടുകൾക്കരികെ നിൽക്കുന്ന നാഥുറാം ഗോഡ്സേയെ അവർ കണ്ടു.

1948 ജനുവരി 30 ന് ഗാന്ധി പതിവുപോലെ നടക്കാനിറങ്ങി. ഒന്ന് രണ്ടുദിവസങ്ങൾക്കുള്ളിൽ ഡെൽഹി വിടാൻ അദ്ദേഹം ഉദ്ദേശിച്ചിരുന്നു. പാകിസ്ഥാനിലൂടെ ഒരു പ്രയാണം നടത്താൻ അദ്ദേഹം പദ്ധതിയിട്ടിരുന്നു. പടിഞ്ഞാറൻ അതിർത്തിയിലെ മുറിവുകൾ ഉണക്കാൻ അത് സഹായിക്കും എന്ന് അദ്ദേഹം കരുതി.

മനു, പ്രഭാത നടത്തത്തിൽ നിന്ന് തന്നെ ഒഴിവാക്കാൻ ഗാന്ധിയോട് അഭ്യർത്ഥിച്ചു. കുറച്ചു ദിവസങ്ങളായി കുത്തിക്കുത്തിയുള്ള ഒരു ചുമ ഗാന്ധിയെ പിടികൂടിയിരുന്നു. പെൻസിലിൻ ഗുളികകൾ കഴിക്കാൻ വൈദ്യോപദേശം ഉണ്ടായെങ്കിലും അദ്ദേഹം അതിന് വഴങ്ങിയിരുന്നില്ല. അതു കൊണ്ട് ശർക്കരയും കരയാമ്പൂവും കൂട്ടിയരച്ച് നാടൻ ചുമ മരുന്നുണ്ടാക്കാൻ വേണ്ടിയാണ് മനു അങ്ങനെ ചോദിച്ചത്. ഗാന്ധി പറഞ്ഞു. ” രാത്രിക്ക് മുമ്പ് എന്താണ് സംഭവിക്കുക എന്ന് ആർക്കറിയാം. ഞാൻ ജീവനോട് കൂടി ഉണ്ടാകുമോ എന്ന് പോലും. രാത്രിയിൽ ഞാൻ ജീവനോടെയുണ്ടെങ്കിൽ നിനക്കപ്പോൾ എളുപ്പത്തിൽ മരുന്നുണ്ടാക്കാം

മരണം അടുത്തെത്തിയ പോലെ ഗാന്ധി ഈ ദിവസങ്ങളിൽ സംസാരിക്കാൻ തുടങ്ങിയതിൻ്റെ കാരണം, ഗാന്ധി ഭക്തർ പറയും പോലെ ആറാം ഇന്ദ്രിയത്തിൻ്റെ പ്രവർത്തനം എന്നതിനേക്കാൾ, ചരിത്രപ്രക്രിയയെക്കുറിച്ചുള്ള അഗാധമായ അറിവായിരുന്നു എന്നു വേണം വിചാരിക്കാൻ. ഇന്ത്യയുടെ ആഴത്തിൽ ഉടലെടുത്തുകൊണ്ടിരിക്കുന്ന വെറുപ്പ് അദ്ദേഹം ആരെക്കാളും വേഗത്തിൽ തിരിച്ചറിഞ്ഞിരുന്നു. അതില്ലാതാക്കാൻ ജീവന്മരണ പോരാട്ടമാണ് ആവശ്യമെന്നും അതാണ് താൻ നടത്തുന്നതെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു.

കോൺഗ്രസ്സിൻ്റെ പുതിയ ഭരണഘടനയുടെ കരട് തിരുത്തി അവസാനരൂപത്തിലെത്തിക്കുക എന്ന പണിയിലായിരുന്നു ഗാന്ധി മുഴുകിയിരുന്നത്. പ്യാരാലാൽ നയ്യാർ ഗാന്ധിയുടെ കൂടെയിരുന്ന് സഹായിച്ചു കൊണ്ടിരുന്നു. ലൈഫ് മാഗസിൻ്റെ ഫോട്ടോഗ്രാഫറായ മാർഗരറ്റ് ബുർക്ക് വൈറ്റ് ഗാന്ധിയുടെ ഒരു ഫോട്ടോ ഫീച്ചർ രചിക്കുന്നതിന് അവിടെയുണ്ടായിരുന്നു. ഹെൻറി കാർട്ടിയർ ബ്രെസ്സോൺ തൻ്റെ ക്യാമറ കൊണ്ട് ഗാന്ധിയെ പിടിച്ചെടുത്തുകൊണ്ടേയിരുന്നു.

അന്ന് ഉച്ചയ്ക്കും രാത്രിയിലുമായി ഒരു പ്രധാന ഉദ്യമത്തിൻ്റെ രണ്ടു പകുതികൾ ഗാന്ധിയെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഇടക്കാല ഗവണ്മെൻ്റിലെ രണ്ട് പ്രധാന വ്യക്തികൾ തമ്മിലുള്ള ബന്ധം കൂടുതൽ കൂടുതൽ വഷളായി വരികയായിരുന്നു. ഗവണ്മെൻ്റിൻ്റെ പ്രവർത്തനത്തെ തന്നെ മരവിപ്പിക്കുന്നതിലേയ്ക്ക് ആ അകൽച്ച വളർന്നിരുന്നു. ഗാന്ധിക്ക് മാത്രമേ അത് തീർക്കാനാകൂ എന്ന് മൗണ്ട് ബാറ്റൺ പ്രഭു ഗാന്ധിയെ അറിയിച്ചിരുന്നു. മറ്റാരുമല്ല, ജവഹർലാൽ നെഹ്റുവും സർദാർ പട്ടേലുമായിരുന്നു ആ രണ്ട് വ്യക്തികൾ. പട്ടേലിനായിരുന്നു കോൺഗ്രസ്സ് പാർട്ടിയിൽ മുൻതൂക്കം. അതേ സമയം കൂടുതൽ ജനകീയൻ നെഹ്റുവും. 1948 ജനുവരി 30 ന് പ്രാർത്ഥനാ സമ്മേളനത്തിന് മുമ്പായി പട്ടേലിനോട് സംസാരിക്കാൻ ഗാന്ധി നിശ്ചയിച്ചിരുന്നു. പ്രാർത്ഥനാ സമ്മേളനത്തിന് ശേഷം നെഹ്റുവിനോടും. അതിന് മുമ്പായി നവഖലിയിലെ പ്രശ്നങ്ങളെപ്പറ്റി അദ്ദേഹം പ്യാരേലാലിനോട് സംസാരിച്ചു. ഹിന്ദുമഹാസഭാ നേതാക്കൾ നടത്തുന്ന വെറുപ്പു നിറഞ്ഞ പ്രസംഗങ്ങളെ പറ്റി കഴിഞ്ഞ ദിവസം  ഹിന്ദുമഹാസഭാ നേതാവും ഇടക്കാല മന്ത്രിസഭയിലെ  അംഗവുമായ ശ്യാമപ്രസാദ് മുഖർജിയോട് അദ്ദേഹം സംസാരിച്ചിരുന്നു. ഹിന്ദുമഹാസഭയിലെ തീവ്രവാദികളെ അടക്കി നിർത്താനായി മുഖർജിയുടെ സ്വാധീനം ഉപയോഗിക്കാനാണ് ഗാന്ധി ആവശ്യപ്പെട്ടത്. കോൺഗ്രസ്സ് നേതാക്കളെ വധിക്കും എന്ന മട്ടിലുള്ള ഹിന്ദുമഹാസഭാ നേതാക്കളുടെ പ്രസംഗങ്ങൾ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ മുഖർജിയുടെ മറുപടി ഒഴുക്കനായിരുന്നു. അത്തരം പ്രഭാഷണങ്ങളെ ഗൗരവമായി എടുക്കുന്ന സമീപനം അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തത് ഗാന്ധിയെ അമ്പരിപ്പിച്ചു. ” ഡോ.മുഖർജിയുടെ മറുപടി ഞാൻ ആവർത്തിച്ചു പറഞ്ഞപ്പോൾ ഗാന്ധിയുടെ പുരികങ്ങൾ ചുളിഞ്ഞു ” പ്യാരേലാൽ എഴുതുന്നു.

നാലുമണിക്ക് തൻ്റെ മകൾ മണിബെൻ പട്ടേലുമൊത്ത് സർദാർ പട്ടേൽ ബിർളാ ഹൗസിൽ എത്തി. ആ സമയത്ത് തന്നെ ഗാന്ധിയുടെ ജന്മദേശമായ ഗുജറാത്തിലെ കത്തിയവാറിൽ നിന്നും രണ്ട് നേതാക്കൾ ഗാന്ധിയെ കാണാനെത്തി.  അതറിയിച്ചപ്പോൾ സർദാർ പട്ടേലിൻ്റെ സാന്നിദ്ധ്യത്തിൽ അദ്ദേഹം മനുവിനോട് പറഞ്ഞു .” ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ, പ്രാർത്ഥനയ്ക്ക് ശേഷം നടക്കാൻ പോകുമ്പോൾ അവർക്ക് എന്നോട് സംസാരിക്കാമെന്ന് പറയൂ

4 .30 ന് പട്ടേലുമായി ഗാന്ധി സംസാരിച്ചു. രാജ്മോഹൻ ഗാന്ധി എഴുതിയ പട്ടേലിൻ്റെ ജീവചരിത്രത്തിൽ ആ കൂടിക്കാഴ്ചയെ ഇങ്ങനെ രേഖപ്പെടുത്തുന്നു.

4.30 ന് മനു, ഗാന്ധിയുടെ സായാഹ്ന (രാത്രി) ഭക്ഷണമായ പാലും പച്ചക്കറികളും ഓറഞ്ചല്ലികളും കൊണ്ടുവന്നു. അത് കഴിച്ചു തീരും വരെ വല്ലഭഭായുടെ സംഭാഷണം നീണ്ടു. ഇരുപത്തിമൂന്നാം തീയ്യതി താൻ പറഞ്ഞതു തന്നെ ഗാന്ധി ആവർത്തിച്ചു. പട്ടേലിൻ്റെ സാന്നിദ്ധ്യം മന്ത്രിസഭയിൽ അനിവാര്യമാണ്. നെഹ്റുവിൻ്റേയും. ഇതേ കാര്യം തന്നെ താൻ നെഹ്റുവിനെ നേരത്തേ അറിയിച്ചിട്ടുണ്ടെന്നും ഗാന്ധി കൂട്ടിച്ചേർത്തു.വല്ലഭഭായിക്കും നെഹ്റുവിനുമിടയ്ക്കുള്ള വിശ്വാസ നഷ്ടം ദുരന്തം സൃഷ്ടിക്കുന്നതായിരിക്കും. “. പ്രാർത്ഥനയ്ക്ക് ശേഷം നെഹ്റുവിനോടും ഇതു തന്നെ പറയും എന്ന് ഗാന്ധി പറഞ്ഞു. അഞ്ചു മണിയായപ്പോൾ ആഭ വാച്ചു കാണിച്ചെങ്കിലും രണ്ടുപേരും അത് ശ്രദ്ധിച്ചില്ല. കുറച്ചു നേരം കഴിഞ്ഞപ്പോൾ മനു അഞ്ചുമണി കഴിഞ്ഞ് പത്തു മിനിറ്റായി എന്ന് പറഞ്ഞു. രണ്ടു പേരും എണീറ്റു. വല്ലഭ ഭായ് തൻ്റെ വസതിയിലേയ്ക്ക് പുറപ്പെട്ടു. ഗാന്ധി പ്രാർത്ഥനാ സമ്മേളനത്തിലേയ്ക്കും.

തുടർന്ന് നടന്ന സംഭവങ്ങൾ, ദൃക്സാക്ഷിയായ മനുബെൻ തൻ്റെ ഡയറിയിൽ പിന്നീട് കുറിച്ചു.

ബാപ്പു നാലുപടികൾ കയറിയ ശേഷം ചുറ്റും നോക്കി. ഞങ്ങളുടെ തോളുകളിൽ നിന്നും കൈകളെടുത്ത് അവിടെക്കൂടിയ ജനങ്ങളെ തൊഴുത് അഭിവാദ്യം ചെയ്ത് നടത്തം തുടർന്നു. ഞാൻ അദ്ദേഹത്തിൻ്റെ വലതുവശത്തായിരുന്നു നടന്നിരുന്നത് – അതേ ദിശയിൽ നിന്നു തന്നെ കാക്കി വസ്ത്രത്തിൽ കൈകൾ കൂപ്പി കരുത്തുറ്റ ഒരു ചെറുപ്പക്കാരൻ ജനക്കൂട്ടത്തിനിടയിലൂടെ വഴിയുണ്ടാക്കി ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. ഞാൻ വിചാരിച്ചു അയാൾ ബാപ്പുവിൻ്റെ കാൽ തൊടാനാണ് വരുന്നതെന്ന്. ദിവസവും അത് സംഭവിക്കാറുണ്ട്. അതിനാൽ നുഴഞ്ഞുകയറ്റക്കാരനെ തള്ളിമാറ്റി ഞാൻ പറഞ്ഞു. ” ബാപ്പു ഇപ്പോൾ തന്നെ പത്തു മിനിറ്റ് വൈകിയിട്ടുണ്ട്. എന്തിനാണ് നിങ്ങൾ അദ്ദേഹത്തെ ഉപദ്രവിക്കുന്നത് ? ” പക്ഷെ, ജപമാലയും കോളാമ്പിയും നോട്ട് ബുക്കും എൻ്റെ കൈയ്യിൽ നിന്നും തെറിച്ചു വീഴും മട്ടിൽ ശക്തിയോടെ എന്നെ അയാൾ തള്ളിമാറ്റി. മറ്റ് സാധനങ്ങൾ വീണപ്പോൾ ഞാൻ അയാളെ തടയാൻ ശ്രമിച്ചു. പക്ഷെ ജപമാല നിലത്തു വീണതിനാൽ ഞാനത് എടുക്കാനായി കുനിഞ്ഞു. ആ സമയം മൂന്ന് വെടിയുണ്ടകൾ ഒന്നിന് പുറകെ ഒന്നായി തുപ്പുന്ന വിധം വെടിവെച്ചു. ഇരുട്ട് വ്യാപിച്ചു. അന്തരീക്ഷം പുക കൊണ്ട് നിറയുകയും ആകാശം വെടിയൊച്ച കൊണ്ട് മുഴങ്ങുകയും ചെയ്തു.നഗ്നമായ നെഞ്ചും, ഹേ റാ.. മ , ഹേ റാ … എന്നുച്ചരിക്കുന്ന ചുണ്ടുമായി  ബാപ്പു വീണ്ടും മുന്നോട്ട് നീങ്ങുന്നതായി കാണപ്പെട്ടു. അദ്ദേഹത്തിൻ്റെ കൈകൾ കൂമ്പിയിരുന്നു. ഒരു നിമിഷം കൊണ്ട് അദ്ദേഹം മൈതാനത്തിൽ വീണു. ചില മനുഷ്യർ അദ്ദേഹത്തെ പിടിച്ചേല്പിക്കാൻ ശ്രമിച്ചു. ആഭാ ബെന്നും നിലത്ത് വീണിരുന്നു. ബാപ്പുവിൻ്റെ ശിരസ്സ് ഉടൻ  മടിയിലേയ്ക്ക് അവൾ എടുത്തു വെച്ചു

അങ്ങനെയാണത് സംഭവിച്ചത്.

54.അറസ്റ്റുകൾ
…………………..ഗാന്ധിയുടെ ശരീരത്തിൻ്റെ മധ്യഭാഗത്തിലൂടെ ഒരു രേഖ വരയ്ക്കുകയാണെങ്കിൽ അതിന് വലതുവശത്തായിരുന്നു നാഥുറാം ഗോഡ്സെ പായിച്ച മൂന്ന് ഉണ്ടകളും പതിച്ചത്. ഒരു വലതുപക്ഷ പ്രതിഷ്ഠാപനം പോലെ. ആദ്യ ഉണ്ട വയറ്റിൽ മധ്യരേഖയിൽ നിന്നും 3.5 ഇഞ്ച് വലത്തോട്ട് മാറി പൊക്കിളിന് മീതെ 2.5 ഇഞ്ച് മുകളിൽ . രണ്ടാമത്തേത് വയറ്റിൽ തന്നെ മദ്ധ്യരേഖയിൽ നിന്നും 1 ഇഞ്ച് വലത്തായി. മൂന്നാമത്തേത് നെഞ്ചിൽ മദ്ധ്യരേഖയിൽ നിന്നും 4 ഇഞ്ച് വലത്ത്. 10 മിനിറ്റ് നേരം അവയിൽ നിന്നും രക്തപ്രവാഹം ഉണ്ടായി.ഞെട്ടലിൻ്റെ തരിപ്പ് വിട്ടുമാറിയ ജനക്കൂട്ടം നാഥുറാമിനെ കീഴ്പ്പെടുത്താൻ ഓടിയടുത്തു. റോയൽ എയർഫോഴ്സിൽ ജോലി ചെയ്തിരുന്ന ഒരാൾ നാഥുറാമിൻ്റെ കൈകളിൽ പിടിച്ച് മുഖത്തടിച്ചു. ബിർളാ ഹൗസിൽ തോട്ടപ്പണി ചെയ്യുന്ന രഘു തൻ്റെ പണിയായുധം കൊണ്ട് നാഥുറാമിൻ്റെ തലക്കടിച്ചു. പോലീസ് അക്രമകാരികളിൽ നിന്നും സംരക്ഷിച്ച് നാഥുറാമിനെ പുറത്തെത്തിച്ചു.

അതിനിടയിൽ കൊലയാളി മുസ്ലീം ആണെന്ന കിംവദന്തി ജനങ്ങൾക്കിടയിൽ പരക്കുകയുണ്ടായി. ബിർളാഹൗസിൽ നിന്ന് പുറത്ത് പോകുമ്പോൾ ആപ്തേ ആണത് ചെയ്തതെന്ന് പറയപ്പെടുന്നു. ഗാന്ധിയുടെ മരണവാർത്ത കേട്ട് ബിർളാഹൗസിലേയ്ക്ക് പാഞ്ഞെത്തിയ മൗണ്ട് ബാറ്റനോട് ജനക്കൂട്ടത്തിലെ ഒരാൾ ” മുസ്ലീമാണത് ചെയ്തത് ” എന്ന് വിളിച്ചു പറഞ്ഞതിനെ പറ്റി അലൻ കാംപ്ബെൽ ജോൺസൺ എഴുതിയിട്ടുണ്ട്. മൗണ്ട് ബാറ്റൺ ഉടൻ പ്രതികരിച്ചു ” ഹേ,വിഡ്ഡീ, അത് ഹിന്ദുവാണെന്ന് നിനക്കറിഞ്ഞുകൂടേ ” .അന്നേരം ഏത് മതത്തിൽ പെട്ട ആളാണത് ചെയ്തത് എന്ന് യഥാർത്ഥത്തിൽ മൗണ്ട് ബാറ്റണ് അറിയില്ലായിരുന്നു. എന്നാൽ , കൊലയാളി മുസ്ലീം ആയാൽ, ഹിന്ദുമഹാസഭയും ഹിന്ദുത്വ ശക്തികളും തുടങ്ങി വെയ്ക്കാൻ പോകുന്ന ഒരു ആഭ്യന്തര യുദ്ധത്തിൻ്റെ നരക ചിത്രം ഉള്ളിൽ കാണാൻ കഴിഞ്ഞത് കൊണ്ടാണ് അങ്ങനെ പ്രതികരിക്കാനായത്.

ബിർളാ ഹൗസിൽ നിന്നും വീട്ടിലെത്തുന്നതിന് തൊട്ടുമുമ്പ് പട്ടേൽ വാർത്ത കേട്ടു. വിശ്വസിക്കാനാകാതെ അദ്ദേഹം ബിർളാ ഹൗസിലേയ്ക്ക് പാഞ്ഞു. അപ്പോഴേയ്ക്കും ഗാന്ധിയുടെ ശവശരീരത്തെ ഒരു പരവതാനിയിൽ കിടത്തിയിരുന്നു. ചുറ്റിലും ഗീതാ ശ്ലോകങ്ങൾ മുഴങ്ങിക്കൊണ്ടിരുന്നു. ദു:ഖം’ താങ്ങാനാകാതെ ചുമരും ചാരി പട്ടേൽ ഇരുന്നു. പിന്നാലെയാണ് നെഹ്റു എത്തിയത്. മനുബെൻ പിൽക്കാലത്ത് എഴുതി. ” സർദാർ ദാദയുടെ മടിയിൽ തല വെച്ച് ദു:ഖത്തിൻ്റെ കടും കണ്ണീരൊഴുക്കി തേങ്ങാൻ തുടങ്ങി. .. അവസാനം സർദാർ ദാദ, ഉരുക്കുമനുഷ്യൻ എന്ന നിലയിൽ എല്ലാറ്റിലും വെച്ച് ഭീകരമായതിൽ കൂടി കടന്നുപോയാലും, കുലുങ്ങാത്ത മനുഷ്യൻ ഓരോരുത്തരേയും സമാധാനിപ്പിക്കാൻ ആരംഭിച്ചു. അങ്ങനെ ആ ദിവസം നെഹ്റുവിനും പട്ടേലിനും ഇടയ്ക്കുള്ള മഞ്ഞുരുകി. ജയപ്രകാശ് നാരായണനും മൃദുലസാരാഭായും പോലുള്ളവരുടെ കഠിനവിമർശനം സഹിക്കാനാകാതെ 1948  ഫെബ്രുവരി 2 ന് അദ്ദേഹം ക്യാബിനറ്റ് പദവി രാജിവെയ്ക്കാൻ ഒരുങ്ങി. രാജിക്കത്ത് വരെ തയ്യാറാക്കിയിരുന്നു. പിറ്റേന്ന് നെഹ്റുവിൻ്റെ ഒരു കത്ത് അദ്ദേഹത്തിന് കിട്ടി. “ബാപ്പു ജീവിച്ചിരുന്നപ്പോൾ ഒരുമിച്ച് അദ്ദേഹത്തെ കാണാമെന്നും ഏതോ തരത്തിൽ നമ്മെ അലട്ടിയിരുന്ന വിവിധ  പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്നും നാം പ്രത്യാശിച്ചിരുന്നു. ഇപ്പോൾ ബാപ്പുവിൻ്റെ മരണത്തിനൊപ്പം എല്ലാം മാറിയിരിക്കുന്നു. വ്യത്യസ്തവും കൂടുതൽ ബുദ്ധിമുട്ടള്ളതുമായ ഒരു ലോകത്തെ നമുക്ക് അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നു. പഴയ വിവാദങ്ങൾ വലിയ പ്രാധാന്യമില്ലാതെ അവസാനിക്കുകയും എന്നെ സംബന്ധിച്ചിടത്തോളം ഈ സമയത്തെ അടിയന്തരാവശ്യം എന്നത് നമ്മളെല്ലാവരും കഴിയുന്നത്ര അടുപ്പത്തോടെയും സഹകരണത്തോടെയും പ്രവർത്തിക്കുക എന്നതാണ്. നിങ്ങളേയും എന്നെയും കുറിച്ചുള്ള അടക്കം പറച്ചിലുകളും അപവാദങ്ങളും നിലനില്ക്കുന്നത് എന്നെ അങ്ങേയറ്റം അസ്വസ്ഥമാക്കുന്നു. അവ നമുക്കിടയിൽ ഉണ്ടായിരിക്കാവുന്ന ഏത് വ്യത്യാസങ്ങളേക്കാളും ഭീമാകാരമാർന്നവയാണ്. ഈ ദുഷ്പ്രവണതയ്ക്ക് നാം അന്ത്യം കുറിക്കേണ്ടതുണ്ട്. ”

വല്ലഭഭായ് നെഹ്റുവിൻ്റെ കത്തിൻ്റെ സത്ത ഉൾക്കൊണ്ട് 1948 ന് തിരിച്ചെഴുതി. നെഹ്റുവിൻ്റെ കത്തിൻ്റെ സ്നേഹവും ഊഷ്മളതയും തന്നെ അഗാധത്തിൽ സ്പർശിച്ചെന്ന് അദ്ദേഹം തുറന്നെഴുതി. ഗാന്ധി മരിക്കുന്നതിന് മുമ്പായി തനിക്ക് നൽകിയ ഉപദേശത്തിൻ്റെ  സത്ത ഉൾക്കൊണ്ടുമാത്രമേ പെരുമാറൂ എന്ന് അദ്ദേഹം ഉറപ്പു നൽകി. എൻ്റെ നേതാവ് എന്ന് അദ്ദേഹം നെഹ്റുവിനെ പാർലിമെൻ്ററി പാർട്ടി യോഗത്തിൽ അഭിസംബോധന ചെയ്യുകയും ചെയ്തു.

നാഥുറാമിനെ ആദ്യം കൊണ്ടുപോയത് തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനിലേക്കാണ്. ഗാന്ധി വധിക്കപ്പെടുമ്പോൾ പ്രാർത്ഥനാ മൈതാനത്തുണ്ടായിരുന്ന നന്ദലാൽ മേത്ത എന്ന പോലീസ് ഉദ്യോഗസ്ഥനാണ് പ്രഥമ വിവര റിപ്പോർട്ട് ( FIR) എഴുതിയത്.

നാഥുറാം ഗോഡ്സെയെ ആദ്യം തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിലും പിന്നീട് പാർലിമെൻ്റ് റോഡ്‌’ സ്റ്റേഷനിലുമാണ് ചോദ്യം ചെയ്തത്. ആദ്യം പേരും വയസ്സും തെറ്റിച്ചാണ് ഗോഡ്സേ പറഞ്ഞത്. പിന്നീട് താൻ ഒറ്റയ്ക്ക് ചെയ്ത കൃത്യം എന്ന നിലയിൽ വധത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയുണ്ടായി. എന്നാൽ ഗോഡ്സേ എപ്പോഴും കൊണ്ടു നടക്കുന്ന കണക്കുപുസ്തകമാണ് അയാളെ കുടുക്കിയത്. അതിൽ വിമാനടിക്കറ്റിൻ്റെ ചെലവായി 308 രൂപ എഴുതി വെച്ചിരുന്നു. ഒരാൾക്കുള്ള ബോംബെ ഡെൽഹി വിമാന ടിക്കറ്റിന് അതിൻ്റെ പകുതിയേ വരൂ. അതു കൊണ്ട് ഡെൽഹി യാത്രയിൽ ഒരാൾ കൂടി ഗോഡ്സേയ്ക്ക് ഒപ്പമുണ്ടായിരുന്നു എന്ന് പോലീസിന് പിടി കിട്ടി. അതോടൊപ്പം ബഡ്ഗെ, ഗോപാൽ തുടങ്ങിയവർക്ക് കൊടുത്ത പണത്തിൻ്റെ കണക്കും അതിൽ ഉണ്ടായിരുന്നു. ഡെൽഹി പോലീസിലെ ഉന്നതോദ്യോഗസ്ഥനായ ലാലാ ഋഷികേശിൻ്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്.

1948 ജനുവരി 31 ന് തന്നെ അറസ്റ്റുകൾ നടന്നുതുടങ്ങി. ഗാന്ധിവധാന്വേഷണത്തിൻ്റെ ചുമതല ജിമ്മി നാഗർവാലയക്കായിരുന്നു. ആദ്യം അറസ്റ്റിലായത് ദിഗംബർ ബഡ്ഗെ ആയിരുന്നു. യഥാർത്ഥത്തിൽ മദൻലാൽ പഹ് വ പിടിയിലായതിന് ശേഷം, ബഡ്ഗെയെ അറസ്റ്റ് ചെയ്യാൻ നാഗർവാല ഉത്തരവിട്ടിരുന്നു. ഗൺ കോട്ടൺ സ്ലാബ് കത്തിച്ചതിന് ശേഷം പിടിയിലായ പഹ് വയിൽ നിന്ന് ഗ്രനേഡു കൂടി പിടിച്ചെടുത്തതോടെ പൂനെയിലെ അറിയപ്പെടുന്ന ആയുധക്കടത്തുകാരനായ ബഡ്ഗെ യ്ക്ക് അതുമായി ബന്ധമുണ്ടാകും എന്ന ഊഹത്തിലാണ് നാഗർവാല അത് ചെയ്തത്. എന്നാൽ അലംഭാവം കൊണ്ടോ മറ്റേതെങ്കിലും കാരണം കൊണ്ടോ പൂനെ പോലീസ് അതിൽ നടപടി ഒന്നും എടുത്തില്ല. എന്നാൽ ഗാന്ധിവധം അവരെ ഞെട്ടിയുണർത്തി. അറസ്റ്റ് വൈകിയതിനെപ്പറ്റി പൂനെ പോലീസ് ബോധിപ്പിച്ചത് ബഡ്ഗെ വനാന്തരങ്ങളിൽ ഒളിച്ചു താമസിക്കുകയായിരുന്നു എന്നാണ്. എന്നാൽ ബഡ്ഗെയുടെ മൊഴി അനുസരിച്ച് ഡെൽഹിയിൽ നിന്ന് തിരിച്ചു വന്ന ശേഷം സ്വന്തം വസതിയിൽ തന്നെയായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.

അന്ന് സായാഹ്നത്തിൽ തന്നെ നാഗർവാല സവർക്കർ സദൻ റെയ്ഡ് ചെയ്തു. നാഗർവാലയും സംഘവും കടന്നു ചെല്ലുമ്പോൾ ഒന്നാംനിലയിലെ തൻ്റെ മുറിയിൽ നിന്നും പുറത്തുവന്ന് മഹാത്മാഗാന്ധിയുടെ വധത്തിൽ തന്നെ അറസ്റ്റ് ചെയ്യാനാണോ വന്നത് എന്ന് സവർക്കർ അന്വേഷിച്ചു. ഭവനപരിശോധനയ്ക്കാണ് വന്നതെന്ന് നാഗർവാല അറിയിച്ചപ്പോൾ രോഗബാധിതനായി നടിച്ച് സവർക്കർ കിടപ്പുമുറിയിലേയ്ക്ക് പോയി. എങ്കിലും ഇടയ്ക്കിടെ അവിടെ നിന്ന് എണീറ്റ് വന്ന് എത്തി നോക്കി തിരിച്ചു പോകുന്ന സവർക്കറെ നാഗർവാല പിന്നീട് ഓർത്തെടുക്കുന്നുണ്ട്.

ഗാന്ധിവധം മഹാരാഷ്ട്രയിലെ ബ്രാഹ്മണ സമുദായത്തിനെതിരെ, പ്രത്യേകിച്ച് ചിത്പാവൻ ബ്രാഹ്മണർക്കെതിരെ വലിയ ജനരോഷം ഇളക്കി വിട്ടു.” ഗോഡ്സേ ഒരു കൊങ്കണസ്ഥ ( ചിത്പാവൻ ) ബ്രാഹ്മണൻ ആയിരുന്നതിനാൽ ബാപ്പുവിൻ്റെ വധം മഹാരാഷ്ട്രയിൽ ബ്രാഹ്മണർക്കെതിരെ അക്രമാസക്തമായ ഒരു കൊടുങ്കാറ്റ് അഴിച്ചുവിട്ടു.” അന്ന് ബോംബെയിലെ ആഭ്യന്തരമന്ത്രിയായിരുന്ന മൊറാർജി ദേശായി എഴുതി. മഹാരാഷ്ട്രയിൽ ബ്രാഹ്മണരും അബ്രാഹ്മണരും തമ്മിലുള്ള സംഘർഷവും ബ്രാഹ്മണർക്കെതിരെയുള്ള അക്രമാസക്തമായ കോപവും ആയിരുന്നു ഈ ദാരുണ സംഭവത്തിൻ്റെ ഫലം. പൂനെ, സത്താറ, സാംഗ്ലി പോലുള്ള നിരവധി സ്ഥലങ്ങളിൽ നിരവധി ബ്രാഹ്മണർ ആക്രമിക്കപ്പെട്ടു. അവരുടെ വസ്തുവകകൾ നശിപ്പിക്കപ്പെട്ടു ”

ബോംബെയിൽ ആയിരത്തോളം വരുന്ന ജനക്കൂട്ടം ‘സവർക്കർ സദൻ’ വളഞ്ഞ് തീയിടാൻ ശ്രമിച്ചു. ആ സമയത്ത് നാഗർവാലയും സംഘവും സവർക്കർ സദനിൽ പരിശോധന നടത്തുകയായിരുന്നു. അവരുടെ സമയോചിതമായ ഇടപെടലാണ് സവർക്കർ സദനെ അഗ്നിയിൽ നിന്നും രക്ഷിച്ചത്. ആർ എസ് എസിൻ്റേയും ഹിന്ദുമഹാസഭയുടേയും ഓഫീസുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. സാംഗ്ലിയിൽ ആർ എസ് എസ് നേതാവ് ലിമായേയുടെ വസതി തീവെച്ച് നശിപ്പിച്ചു. ഗോഡ്സേ കരുതിയിരുന്നത് തൻ്റെ പ്രവൃത്തി ഹിന്ദുക്കൾക്കിടയിലെ ഒരു വിഭാഗമെങ്കിലും അംഗീകരിക്കുമെന്നും തന്നെ വീരനായകനായി വാഴ്ത്തുകയും ചെയ്യും എന്നായിരുന്നു. എന്നാൽ അത് ഹിന്ദുമഹാസഭയ്ക്കും ആർ എസ് എസിനും തൻ്റെ ജാതിയിലെ അംഗങ്ങൾക്കുമെതിരേ കടുത്ത ജനരോഷത്തിന് വഴി തെളിയിച്ചു എന്നറിഞ്ഞപ്പോൾ ഗോഡ്സേയ്ക്ക് കടുത്ത വിഷാദം വന്നു എന്ന് പ്രതികൾക്ക് വേണ്ടി ഹാജരായ വക്കീലന്മാരിലൊരാളായ പി എൽ ഇനാംദാർ രേഖപ്പെടുത്തുകയുണ്ടായി.” കവിളിലൂടെ കണ്ണീരൊലിപ്പിച്ചു കൊണ്ട്, തൻ്റെ പ്രവൃത്തി കൊണ്ട് തൻ്റെ സമുദായം ഇത്രമാത്രം സഹിക്കും എന്നറിയുമായിരുന്നെങ്കിൽ അത് ചെയ്യാൻ തീരുമാനിക്കും മുമ്പ് പത്തുവട്ടം ആലോചിച്ചേനെ എന്ന് അയാൾ എന്നോട് പറഞ്ഞു “.

ഗോഡ്സെയും ആപ്തേയുമായും പ്രത്യേകിച്ചും മറ്റ് സംഘാംഗങ്ങളുമായി പൊതുവിലും സവർക്കർക്കുള്ള ബന്ധം കത്തിടപാടുകളിൽ നിന്നും മറ്റ് രേഖകളിൽ നിന്നും തെളിഞ്ഞു. 1948 ഫെബ്രുവരി 5 മുതൽ സവർക്കറെ പോലീസ് പിടിച്ചു വച്ചെങ്കിലും 1948 മാർച്ച് 11നാണ് അറസ്റ്റ് സർക്കാർ രേഖപ്പെടുത്തിയത്. മദൻലാൽ പഹ് വ പിടിയിലായ ഉടൻ തന്നെ സവർക്കറെ അറസ്റ്റ് ചെയ്യാനായി നാഗർവാല തുനിഞ്ഞെങ്കിലും രാഷ്ട്രീയ പ്രത്യാഘാതങ്ങളെ കുറിച്ചോർത്താകും മൊറാർജി ദേശായി അനുമതി നല്കാത്തത് കൊണ്ടാണ് അത് സംഭവിക്കാതെ പോയതെന്ന് നാഗർവാല പിൽക്കാലത്ത് രേഖപ്പെടുത്തുകയുണ്ടായി. അറസ്റ്റിലായി അധികം താമസിയാതെ 1948 ഫെബ്രുവരി 22 ന് സവർക്കർ ബോംബേ പോലീസ് കമ്മീഷണർക്ക് കത്തെഴുതി:

സർ,

താങ്കളുടെ 1948 ലെ 1202 നമ്പർ നോട്ടീസ് ഇന്നലത്തേതിന് തൊട്ടുമുമ്പുള്ള ദിവസം എനിക്ക് നൽകപ്പെടുകയുണ്ടായി.

(I) എൻ്റെ മേൽ ചുമത്തപ്പെട്ടിട്ടുള്ള കുറ്റങ്ങൾക്കെതിരെ എനിക്ക് സമർപ്പിക്കാൻ ഉള്ളത് എന്തെന്നാൽ ഞാനൊരിക്കലും വെറുപ്പ് പ്രോത്സാഹിപ്പിക്കുകയോ മൊഹമ്മദീയർക്ക് എതിരെ മൊഹമ്മദീയർ എന്ന നിലയിൽ വെറുപ്പുണ്ടാക്കുന്നതിനോ അക്രമാത്മകമായ പ്രവൃത്തികൾ നടത്തുന്നതിനോ ഹിന്ദുക്കളെ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല. എൻ്റെ ജീവിതത്തിലുടനീളം ഞാൻ യഥാർത്ഥമായ ഇന്ത്യൻ ദേശീയതയുടെ പ്രഘോഷകൻ ആയിരുന്നു. ഇന്ത്യൻ ഭരണകൂടത്തോട് കൂറുള്ള എല്ലാ പൗരരും സഹജരായ പൗരർ എന്ന നിലയ്ക്ക് പരസ്പരം സ്നേഹിക്കുകയും ഹിന്ദുവെന്നോ മുസൽമാനെന്നോ പാർസിയെന്നോ ജൂതനെന്നോ ഉള്ള വ്യത്യാസം കൂടാതെ ജാതിക്കും ഗോത്രത്തിനും മതത്തിനും അതീതമായി ഭരണകൂടത്തോടുള്ള കടമകളും അവകാശങ്ങളും മുൻനിർത്തി സമത്വത്തോടെ പരിചരിക്കപ്പെടുകയും വേണം എന്നതിൽ ഞാൻ എന്നും ഊന്നിയിരുന്നു.’ ഒരാൾ, ഒരു വോട്ട് ‘, ‘ സേവനങ്ങൾ മുന്നോട്ട് പോകേണ്ടത് അർഹതയുടെ അടിസ്ഥാനത്തിൽ മാത്രം ‘ എന്നീ രണ്ട് തത്വങ്ങൾ ആവർത്തിച്ചാവർത്തിച്ച് ഇക്കഴിഞ്ഞ അമ്പതുവർഷങ്ങൾ നീളുന്ന എൻ്റെ രാഷ്ട്രീയപ്രവർത്തനത്തിൽ നടത്തിയ എഴുത്തുകളിലും പ്രഭാഷണങ്ങളിലും മുന്നോട്ട് വെച്ചത് കാണാനാകും.

പക്ഷെ, സ്വയം പ്രതിരോധം എന്ന യുക്തിയുടെ ഗുണഗണത്തെ മുൻനിർത്തി ഹിന്ദുക്കളോട് അവരെത്തന്നെ സംരക്ഷിക്കാൻ ഞാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നത് മുഴുവൻ മുസ്ലീങ്ങൾക്കും ഒരുപോലെ എതിരായി അക്രമപ്രവർത്തനം നടത്താൻ ഹിന്ദുക്കളോടുള്ള ആഹ്വാനമായി തെറ്റിദ്ധരിക്കപ്പെടുകയോ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയോ ചെയ്തു എന്നത് നടന്ന ഒരു സംഗതിയാണ്. ഈ വ്യാഖ്യാനം തെറ്റായതും അനുചിതവുമായ ഒന്നാണെന്ന് ഞാൻ ബോധിപ്പിച്ചു കൊള്ളുന്നു. ചില മുസ്ലീം നേതാക്കളുടെ പ്രകോപനകരമായ പ്രസംഗങ്ങൾക്ക് മറുപടി എന്ന നിലയിൽ സർദാർ പട്ടേൽ തന്നെ ‘ വാളിനെ വാൾ തന്നെയാണ് അഭിമുഖീകരിക്കേണ്ടത് ‘ എന്ന് തിരിച്ചടിച്ചിട്ടുണ്ട്. പക്ഷെ, അത് അർത്ഥമാക്കുന്നത് അദ്ദേഹം മുഴുവൻ മുസ്ലീങ്ങളേയും ഒരു പോലെ വെറുത്തിരുന്നെന്നോ അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചുവെന്നോ അല്ല.

(II) ഈ വസ്തുതയ്ക്ക് തെളിവെന്ന നിലയിൽ മഹാത്മാഗാന്ധിയുടെ നിഷ്ഠുരമായ കൊലയെ തള്ളിപ്പറഞ്ഞതിന് ശേഷം ആൾക്കൂട്ട രോഷം ഉണ്ടാക്കുന്ന ഭാതൃഹത്യകളുടെ കാലത്ത്, വിജയപ്രദമായ ദേശീയ വിപ്ലവത്തിനും  പുതുതായി പിറന്ന രാജ്യഭരണകൂടത്തിനും, പ്രത്യേകിച്ച് അത് പുറത്തു നിന്നുള്ള ആതിഥ്യരാഹിത്യത്താൽ ചുറ്റപ്പെട്ടിരിക്കുമ്പോൾ, ഭ്രാതൃഹത്യാപരമായ ആഭ്യന്തരയുദ്ധം പോലെ പരമ ശത്രുവായി മറ്റൊന്നുമില്ല, എന്ന്  ദേശസ്നേഹിയായ ഓരോ പൗരനോടും മനസ്സിൽ സൂക്ഷിക്കാൻ നിർദ്ദേശിച്ചു കൊണ്ടുള്ള എൻ്റെ ഏറ്റവും അവസാനത്തെ  പ്രസ്താവനകൾ  ‘ ടൈംസി’ ൽ വന്നത് ഉദ്ധരിക്കേണ്ട ആവശ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല.

(III ) അവസാനം ഞാൻ ബോധിപ്പിക്കുന്ന അഭ്യർത്ഥന എന്തെന്നാൽ എനിക്കിപ്പോൾ ഏതാണ്ട് 65 വയസ്സ് പ്രായമായി എന്നാണ്. കഴിഞ്ഞ മൂന്നു വർഷങ്ങളായി ഹൃദയസംബന്ധിയായ അസുഖങ്ങൾ കൊണ്ടും അവശത മൂലവും ഇടയ്ക്കിടെ ശയ്യാവലംബിയാകുക പതിവായിരിക്കുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് 15 ന് ഞാൻ, എൻ്റെ ചില അനുയായികളെ അമ്പരപ്പിച്ചു കൊണ്ട്, നമ്മുടെ പുതിയ ദേശീയ പതാകയെ സ്വീകരിക്കുകയും എൻ്റെ വീട്ടിൽ ഉയർത്തുകയും ചെയ്യുകയുണ്ടായി.

അതിനാൽ എല്ലാ സംശയങ്ങളും ദുരീകരിക്കുന്നതിനും മേൽക്കാണിച്ച ഹൃദയംഗമമായ അപേക്ഷയെ പിന്താങ്ങുന്നതിനുമായി, ആ ഒരു നിബന്ധനയിൽ എന്നെ മോചിതനാക്കുകയാണെങ്കിൽ ഗവണ്മെൻ്റ് ആവശ്യപ്പെടുന്ന എത്രകാലത്തേയ്ക്ക് വേണമെങ്കിലും ഞാൻ സാമുദായികവും രാഷ്ട്രീയവുമായ ഏതൊരു പരിപാടിയിൽ നിന്നും ഞാൻ അകന്നു നില്ക്കാം, എന്ന സത്യപ്രസ്താവന ഗവണ്മെൻ്റിന് നൽകാൻ തയ്യാറാണെന്ന സന്നദ്ധത ഞാൻ പ്രകാശിപ്പിച്ചു കൊള്ളുന്നു.

ഒപ്പ്,
വി.ഡി.സവർക്കർ.

സവർക്കറെ കേസിൽ ഉൾപ്പെടുത്തിയത് രാഷ്ട്രീയകാരണങ്ങൾ കൊണ്ടാണ് എന്ന് കാണിച്ച് ദുർബലമായ കത്ത് അന്ന് കേന്ദ്രമന്ത്രിയും ഹിന്ദുമഹാസഭാ നേതാവുമായിരുന്ന ശ്യാമപ്രസാദ് മുഖർജി പട്ടേലിന് എഴുതുകയുണ്ടായി. പട്ടേൽ 1946 മെയ് 6 ന് സിംലയിൽ നിന്നും എഴുതി.

” ഞാനിവിടെ വരുന്നതിന് മുമ്പ് ഈ കേസിൻ്റെ ചുമതല വഹിക്കുന്ന ബോംബെയിലെ അഡ്വക്കേറ്റ് ജനറലും മറ്റ് നിയമോപദേശകരും ഡെൽഹിയിലെ ഒരു സമ്മേളനത്തിൽ വെച്ച് സവർക്കറുടെ കാര്യം പ്രമാണിച്ച് എന്നെ വന്നു കാണുകയുണ്ടായി. ഞാനവരോട് വ്യക്തമായി പറഞ്ഞത് സവർക്കറെ ഉൾപ്പെടുത്തണോ എന്ന ചോദ്യത്തെ സമീപിക്കേണ്ടത് പൂർണ്ണമായും നിയമപരവും ചട്ടപ്രകാരവും ഉള്ള കാഴ്ചപ്പാടിലൂടെയായിരിക്കണം. രാഷ്ട്രീയ പരിഗണനകൾ അതിലേയ്ക്ക് കൊണ്ടുവരാൻ പാടില്ല. എൻ്റെ നിർദ്ദേശങ്ങൾ കൃത്യതയുള്ളവയായതിനാൽ അവർ അതിനെ ആസ്പദമാക്കിയാണ് പ്രവർത്തിച്ചത് എന്ന കാര്യത്തിൽ എനിക്ക് സംശയം ഒന്നുമില്ല. സവർക്കറെ ഉൾപ്പെടുത്തണം എന്ന വീക്ഷണത്തിൽ അവർ എത്തിയാൽ, നടപടി എടുക്കുന്നതിന് മുമ്പായി മുഴുവൻ രേഖകളും എനിക്ക് മുന്നിൽ ഹാജരാക്കണം എന്നും ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. ഇതുവരെ തീർച്ചയായും ഇത് നിയമത്തിേന്റേയും നീതിയുടേയും കാഴ്ചപ്പാടിൽ കുറ്റകൃത്യത്തെ വീക്ഷിക്കുന്ന ചോദ്യം മാത്രമാണ്. ”

പട്ടേലിൻ്റെ അറിവോടും പൂർണ്ണമായ അംഗീകാരത്തോടും കൂടിയാണ് സവർക്കറുടെ അറസ്റ്റ് നടന്നത് എന്ന് ഈ കത്ത് തെളിയിക്കുന്നു. മാത്രമല്ല, ഗാന്ധിയുടെ രണ്ടു മക്കളായ മണിലാലും, രാംദാസും, ശിഷ്യരായ വിനോബഭാവെ, ദേബേശ്വർ ശർമ്മ, ജി.വി.മാവ് ലങ്കർ എന്നിവരും സഹപ്രവർത്തകനായ രാജാജിയും ഗാന്ധി ഉയർത്തിപ്പിടിച്ചിരുന്ന അഹിംസയുടെ തുടർച്ചയായി ഗോഡ്സേയ്ക്കും ആപ്തേയ്ക്കും നൽകിയ വധശിക്ഷ പിൻവലിക്കാനാവശ്യപ്പെട്ടപ്പോൾ പട്ടേൽ നിഷ്ക്കരുണം അത് നിരാകരിച്ചു.

1948 ഫെബ്രുവരി 5 ന് തന്നെയാണ് ഗോപാൽ ഗോഡ്സെയെ തൻ്റെ പൂർവ്വിക ഗ്രാമമായ ഉക് സാനിലെ വസതിയിൽ നിന്നും അറസ്റ്റ് ചെയ്തത്. ബോംബെ പോലീസിലെ ഇൻസ്പെക്ടർ ചാൾസ് ആൻ്റണി പിൻ്റോ ആണ് ഗോപാലിനെ അറസ്റ്റ് ചെയ്തത്. ബോംബെയിൽ വെച്ചു നടത്തിയ ചോദ്യം ചെയ്യലിൽ തൻ്റെ റിവോൾവർ പാണ്ഡുരംഗ് ഗോഡ്ബോളെയെ സൂക്ഷിക്കാൻ ഏല്പിച്ചിട്ടുണ്ടെന്ന് ഗോപാൽ പറയുകയുണ്ടായി. പക്ഷെ ,ഗാന്ധി വധത്തിൽ ഗോഡ്സേമാരുടെ പങ്ക് മനസ്സിലാക്കിയപ്പോൾ, തോക്ക് ഏത് വിധേനയും കൈയ്യൊഴിക്കാ നുള്ള വഴി തേടുകയുണ്ടായി. സുഹൃത്തായ കാലേ സഹായ ഹസ്തം നീട്ടിയതനുസരിച്ച് പാണ്ഡുരംഗ് തോക്ക് അയാളെ ഏല്പിക്കുകയുണ്ടായി. ഉടനെത്തന്നെ കാലേയെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും തോക്ക് കണ്ടെടുക്കാനായില്ല. പൂനെയിലെ ഫെർഗൂസൺ കോളേജിനെതിരെയുള്ള കുറ്റിക്കാട്ടിലേയ്ക്ക് രാത്രിയിൽ ആ തോക്ക് വലിച്ചെറിഞ്ഞു എന്ന കാലേയുടെ കുറ്റസമ്മതപ്രകാരം പ്രസ്തുത കുറ്റിക്കാട് മുഴുവൻ വിപുലമായ പരിശോധന നടത്തിയെങ്കിലും തോക്ക് കണ്ടെടുക്കാനായില്ല.

തൻ്റെ അമ്മയെ കാണാൻ ഷോളാപൂരിലേയ്ക്ക് പോയ ശങ്കർ കിസ്തയ്യ, തൻ്റെ യജമാനനെ തേടി പൂനെയിലെത്തിയപ്പോഴാണ് അദ്ദേഹം അറസ്റ്റിലായതായി അറിയുന്നത്. അദ്ദേഹത്തെ തേടി ബോംബെയിൽ പോകാനാണ് ശങ്കർ ശ്രമിച്ചത്. നിരവധി തവണ ആയുധങ്ങൾ കൊണ്ടെത്തിച്ചിരുന്ന ഭൂലേശ്വർ ക്ഷേത്രത്തിനരികെയുള്ള ദീക്ഷിത് മഹാരാജിൻ്റെ വസതിയിലേയ്ക്ക് ശങ്കർ എത്തി. അവിടെ നിന്നുമാണ് ശങ്കറിനെ അറസ്റ്റ് ചെയ്തത്.

എന്നാൽ ആപ്തേയും കർക്കരേയും, ഗാന്ധിവധത്തിൻ്റെ ദൃക്സാക്ഷികൾ, പോലീസിൻ്റെ വലയ്ക്ക് വെളിയിലായിരുന്നു. ഡെൽഹിയിൽ നിന്നും അലഹബാദ് വഴി ബോംബെയിലെത്തിയ ആപ്തേയും ഒരു രാത്രി ഹോട്ടൽ സീ ഗ്രീൻ  (നോർത്ത് ) ൽ ചെലവഴിച്ച ശേഷം എൽഫിൻസ്റ്റോൺ അനക്സിലേയ്ക്ക് മാറുകയുണ്ടായി. അവർ 1948 ഫെബ്രുവരി 2 ന് ജി എം ജോഷിയെ കാണുകയുണ്ടായി. അന്നു തന്നെ അവർ പൂനെയിലേയ്ക്കും പോകുകയുണ്ടായി. അവിടെ നിന്നും അന്ന് ഇന്ത്യൻ യൂണിയനിൽ ലയിച്ചിട്ടില്ലാത്ത ഹൈദരാബാദിലേക്കോ പോർച്ചുഗീസുകാർ ഭരിക്കുന്ന ഗോവയിലേക്കോ കടന്നുകളയാമെന്നാണ് അവർ കരുതിയിരുന്നത്. യഥാർത്ഥത്തിൽ ജോഷിയാണ് അത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചത്. ഹിന്ദുമഹാസഭയുടേയും ഹിന്ദു രാഷ്ട്ര ദളിൻ്റെയും പ്രവർത്തകനായിരുന്ന എം. ജി ഗാസിയാസിനെ ജോഷി നേരത്തെ പൂനെയിലേയ്ക്ക് സ്ഥിതിഗതികൾ നിരീക്ഷിക്കാൻ അയച്ചിരുന്നു. 1948 ഫെബ്രുവരി 9 ന് പൂനെയിൽ നിന്ന് മടങ്ങി വന്ന ഗാസിയാസ് അവിടെ സ്ഥിതിഗതികൾ സുരക്ഷിതമാണ് എന്നറിയിച്ചത് കൊണ്ടാണ് അവർ പൂനെയ്ക്ക് പുറപ്പെട്ടത്. എന്നാൽ എന്തുകൊണ്ടോ അവർ ബോംബെയിലേയ്ക്ക് തന്നെ മടങ്ങുകയായിരുന്നു. 1948 ഫെബ്രുവരി 11 ന് അവർ ജോഷിയുടെ വസതിയിൽ രണ്ടുനാൾ തങ്ങിയ ശേഷം ഹോട്ടൽ അപ്പോളോവിൽ എൻ. കാശിനാഥ്, ആർ. ബിഷ്ണു എന്നീ വ്യാജനാമങ്ങളിൽ മുറിയെടുത്തു.

ഇതിനിടയിൽ ചോദ്യം ചെയ്യലിൽ നാഥുറാം ഗോഡ്സേ, മനോരമാ സാൽവിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. ആപ്തേയുമായി അഗാധമായ അടുപ്പമുള്ള സ്ത്രീ എന്ന നിലയിലാണ് ഗോഡ്സേ മനോരമയെ അവതരിപ്പിച്ചത്. നാഗർവാല കേസ്  ഡയറിയിൽ കുറിച്ചിട്ട പോലെ 1948 ഫെബ്രുവരി 12, ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒഴിവ് പ്രഖ്യാപിച്ചിരുന്നു. അതിനാൽ വിൽസൺ കോളേജിൽ പോയി മനോരമയെ അന്വേഷിക്കാൻ പോലീസിനായില്ല. പക്ഷെ, ഗോഡ്സെ വെളിപ്പെടുത്തിയത് അനുസരിച്ച് പണ്ഡിത രമാബായ് ഹോസ്റ്റലിൽ അന്വേഷിച്ചപ്പോൾ മനോരമാ സാൽവി ബി എ അവസാന വർഷ വിദ്യാർത്ഥിനിയാണെന്നും അവളുടെ പിതാവ് ബോംബെയിൽ നോർത്ത്കോട്ട് പോലീസ് ആശുപത്രിയിൽ ഉദ്യോഗസ്ഥനാണെന്നും മനസ്സിലായി. വളരെ വൈകാതെ തന്നെ മനോരമയെ പിതാവിൻ്റെ സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്യാൻ തുടങ്ങി.

ആപ്തേ ആവശ്യപ്പെട്ടതനുസരിച്ച്, നാഥുറാം ഗോഡ്സേ കുഴപ്പത്തിലായി എന്ന് മനസ്സിലായ ഉടൻ തന്നെ നേരത്തെ എഴുതിത്തന്ന കമ്പി സന്ദേശം മനോരമ ഡെൽഹിയിലേയ്ക്ക് അയച്ചിരുന്നു. എങ്കിലും ആ സംഭവത്തിൽ ആപ്തേയ്ക്ക് അഗാധമായ പങ്കാളിത്തം ഉണ്ടെന്ന അറിവ് അവളെ തളർത്തി. കാരണം തൊട്ടടുത്ത ദിവസങ്ങളിൽ 1948 ഫെബ്രുവരി 2 നും 5 നും ആപ്തേയെ അവൾ സന്ദർശിച്ചിരുന്നു . എന്തെങ്കിലും പരിഭ്രമമോ ആശങ്കയോ അവളുടെ മുന്നിൽ ആപ്തേ പ്രദർശിപ്പിച്ചിരുന്നുമില്ല. ആപ്തേയുടെ തനിനിറം തിരിച്ചറിഞ്ഞതും തൻ്റെ പിതാവിൻ്റെ മുന്നിൽ തൻ്റെ “പാപം ” വെളിവായതും അവളെ ഒരു പ്രത്യേക അവസ്ഥയിൽ എത്തിച്ചു. രണ്ടു ദിവസത്തിനുള്ളിൽ ആപ്തേ തന്നെ ബന്ധപ്പെട്ടേക്കുമെന്ന് മനോരമ പോലീസിനെ അറിയിച്ചു. “‘ പോലീസ് ഹോസ്പിറ്റലിലെ ഫോൺ നമ്പർ 305 ൽ മനോരമാ സാൽവിക്ക് വരുന്ന ഓരോ ഫോൺ കോളുകളും പരിശോധിക്കാനായി ഞാൻ രണ്ട് കോൺസ്റ്റബിൾമാരെ ഏർപ്പാടാക്കി. ” നാഗർവാല പിൽക്കാലത്ത് രേഖപ്പെടുത്തി.

1948 ഫെബ്രുവരി 14 ന് ആ ടെലഫോൺ മുഴങ്ങി. മനോരമയെ അന്വേഷിച്ചുകൊണ്ട് അപ്പോളോ ഹോട്ടലിൽ നിന്ന് ഒരാൾ വിളിച്ചു. ഉടൻ തന്നെ നാഗർവാല തൻ്റെ വിശ്വസ്തരായ രണ്ട് ഉദ്യോഗസ്ഥരെ അപ്പോളോ ഹോട്ടലിലേയ്ക്ക് അയച്ചു. അവർ സാധാരണ വേഷത്തിൽ ഏതാണ്ട് ഒരു പകൽ മുഴുവൻ അവിടെ തങ്ങി. 5.30 ന് ആപ്തേയെക്കുറിച്ചുള്ള രൂപ വിവരണത്തിന് അനുയോജ്യമായ ഒരാൾ ഹോട്ടലിലേയ്ക്ക് പ്രവേശിക്കുന്നത് അവർ കണ്ടു. പോലീസുകാരിൽ ഒരാളായ ഡി ഐ സാവന്ത്, വരുന്നത് ആപ്തേയാണ് എന്നത് ഉറപ്പിക്കാൻ ആഗതൻ്റെ അടുത്തുവന്ന് തോളിൽ തട്ടി ” ആപ്തേ, താങ്കളെന്നാണ് ബോംബെയിലെത്തിയത്? ” എന്ന് ചോദിച്ചു. സംശയലേശമന്യേ ആപ്തേ “രണ്ടു ദിവസം മുമ്പ് ” എന്ന് മറുപടി പറഞ്ഞു. ആഗതൻ ആപ്തേ ആണെന്ന് തെളിഞ്ഞതോടെ അവർ ആപ്തേയെ അറസ്റ്റ് ചെയ്തു.

കർക്കരേ അപ്പോഴും ഹോട്ടലിൽ എത്തിയിരുന്നില്ല. മൂന്നുമണിക്കൂർ കൂടി കഴിഞ്ഞാണ് ചുറ്റുപാടുകളെ ശ്രദ്ധയോടെ നിരീക്ഷിച്ചു കൊണ്ട് കർക്കരേ എത്തിയത്. ഹോട്ടൽ ലോബിയിൽ എത്തും മുമ്പേ അദ്ദേഹം ആരെങ്കിലും പിന്തുടരുന്നോ എന്ന് തിരിഞ്ഞു നോക്കിയിരുന്നു. പക്ഷെ, ഹോട്ടൽ ലോബിയിൽ കാത്തുനിന്നിരുന്ന ഉദ്യോഗസ്ഥർ കർക്കരെയെ പിടികൂടി.

1948 ഫെബ്രുവരി 14 തന്നെ ഡോ. ദത്താത്രേയ സദാശിവ് പർച്ചൂരെയെ അറസ്റ്റ് ചെയ്യാനായി ബോംബെ പോലീസ് സി ഐ ഡി വകുപ്പിലെ ഡി എസ് പി, എൻ വൈ ഡ്യൂൽക്കർ ഗ്വാളിയറിൽ എത്തി. പർച്ചൂരെ ഇതിനകം തന്നെ ഗ്വാളിയർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഗാന്ധിയുടെ വധം മധുര പലഹാരങ്ങൾ വിതരണം ചെയ്ത് ഗ്വാളിയറിൽ ഡോ. പർച്ചൂരേ ആഘോഷിച്ചിരുന്നു. ഗാന്ധിയെ ഔറംഗസേബിൻ്റെ അവതാരമായി വിശേഷിപ്പിച്ചു കൊണ്ട്, ഗാന്ധിവധം നടത്തിയവരെ തനിക്കറിയാം എന്ന് പർച്ചൂരേ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. 1948 ജനുവരി 29 ന് ഗോഡ്സേയും ആപ്തേയും ബെറെറ്റാ തോക്കുമായി ഗ്വാളിയർ വിട്ട ശേഷം പർച്ചൂരെ തൻ്റെ മൂത്ത സഹോദരനോട്, കഴിഞ്ഞ ദിവസം വീട്ടിൽ തങ്ങിയവർ ഗാന്ധിയെ വധിക്കാനുള്ള ഉദ്യമത്തിലാണെന്നും അവർക്ക് തോക്ക് സംഘടിപ്പിച്ചു കൊടുക്കാൻ താൻ സഹായിച്ചു എന്നും വെളിപ്പെടുത്തുകയുണ്ടായി. എന്നാൽ മൂത്ത സഹോദരൻ പർച്ചൂരെയെ കഠിനമായി ശാസിക്കുകയാണുണ്ടായത്. ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം രാം ദയാൽ സിങ്ങിനോട് ” ഹിന്ദുധർമ്മത്തിൻ്റെ എതിരാളി വധിക്കപ്പെട്ടു ” എന്നും കൊലയാളികൾ തങ്ങളുടെ സ്വന്തം ആളുകൾ ആണെന്നും പറയുകയുണ്ടായി. അതുപോലെത്തന്നെ മധുകർ കാലേ എന്ന പർച്ചൂരെയുടെ അനുയായി തന്നെ ഗോഡ്സേയെയും ആപ് തേയേയും അദ്ദേഹത്തിൻ്റെ വീട്ടിൽ വെച്ചു കാണുകയും ഗംഗാധർ ദണ്ഡവാതേ കൊണ്ടുവന്ന ആദ്യ തോക്ക് (ബെറെറ്റ 9 mm അല്ല ) ഉപയോഗിച്ച് അവർ പരിശീലനം നടത്തുന്നതിന് സാക്ഷ്യം വഹിക്കുകയും ഉണ്ടായി. ഈ വിവരങ്ങൾ എല്ലാം ഗ്വാളിയറിൽ അപ്പോൾ അധികാരമേറ്റ പുതിയ കോൺഗ്രസ്സ് മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായിരുന്ന ധൂലേയുടെ അടുത്തെത്തുകയും പർച്ചൂരേയെ ഉടൻ അറസ്റ്റ് ചെയ്യാൻ അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തു. നാം നേരത്തെ പരാമർശിച്ച യു എച്ച് റാണയും ഡ്യൂൽക്കറും ചേർന്നാണ് ഗ്വാളിയറിൽ നിന്നും ബോംബെയിലേയ്ക്ക് പർച്ചൂരെയെ ഏറ്റുവാങ്ങിയത്.

നാഗർവാല ഗാന്ധിവധക്കേസിൻ്റെ ചുമതല ഏറ്റെടുത്തപ്പോൾ ആർതർറോഡ് ജെയിലിലെ ഒരു കരുതൽ തടങ്കലുകാരൻ അദ്ദേഹത്തെ കാണാനാവശ്യപ്പെട്ടു. കെ.ബി.ലിമായേ ആയിരുന്നു അത്. ഗാന്ധിയെ കൊന്നത് ഗോഡ്സേ ആണെങ്കിൽ ആപ്തേ തീർച്ചയായും കൂട്ടുപ്രതിയായിട്ടുണ്ടാകുമെന്ന് ലിമായേ അറിയിച്ചു. മാത്രമല്ല, അങ്ങനെയെങ്കിൽ സവർക്കർ ആയിരിക്കും സൂത്രധാരൻ എന്നും.

1948 ഫെബ്രുവരി 11ന് ശങ്കർ കിസ്തയ്യ ജനുവരി 20 ന്റെ വധോദ്യമങ്ങൾക്ക് ശേഷം തങ്ങൾ ഹിന്ദുമഹാസഭാ ഓഫീസിന് പിന്നിൽ വനപ്രദേശത്ത് കുഴിച്ചിട്ട അവശിഷ്ട സ്ഫോടകവസ്തുക്കളുടെ ശേഖരം പോലീസിന് കാണിച്ചു കൊടുത്തു. 45 വാര അകലത്തിലുള്ള രണ്ട് സ്ഥലങ്ങളാണ് അദ്ദേഹം പോലീസിന് കാണിച്ചു കൊടുത്തത്. അവിടെ നിന്ന് മൂന്ന് കൈ ബോംബുകളും 25 വെടിയുണ്ടകളും ഒരു ഗൺ കോട്ടൺ സ്ലാബും ഫ്യൂസ് വയറും പോലീസ് പിടിച്ചെടുത്തു.

1948 ഫെബ്രുവരി 26 ന് ആപ്തേയും കർക്കരേയും ഹിന്ദുമഹാസഭാ ഓഫീസിന് പിന്നിലെ വനത്തിൽ വെടിവെയ്പു പരിശീലനം നടത്തിയ മരം പോലീസ് സേനയ്ക്ക് കാട്ടിക്കൊടുത്തു. വെടിയുണ്ടകളേറ്റ് ഒരു മരത്തിൽ ഉണ്ടായ നാലു ദ്വാരങ്ങളും. പോലീസ് ആ ഭാഗം മുറിച്ചെടുത്ത് തെളിവുകൾക്കായി ശേഖരിക്കുകയുണ്ടായി. പിറ്റേന്ന് ഗ്വാളിയറിൽ പർച്ചൂരേയുടെ വീടിന് പിന്നിൽ തങ്ങൾ നടത്തിയ വെടിവെയ്പു പരിശീലനത്തിന് ലക്ഷ്യമായി ഭവിച്ച മതിൽച്ചുമരും ആപ്തേ പോലീസുകാർക്ക് കാണിച്ചു കൊടുത്തു. ആ മതിലിൽ തറഞ്ഞിരുന്ന വെടിയുണ്ടകൾ തെളിവുകൾക്കായി പുറത്തെടുത്തു. ഡെൽഹിയിലും ബോംബെയിലും തിരിച്ചറിയൽ പരേഡുകൾ നടത്തി. ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കിഷൻ ചന്ദാണ് ഡെൽഹിയിൽ തിരിച്ചറിയൽ പരേഡ് നടത്തിയത്. ബോംബെയിൽ ചീഫ് പ്രസിഡൻസി മജിസ്ട്രേട്ടായ ഓസ്കാർ എച്ച് ബ്രൗണും .

1948 ഫെബ്രുവരി 12 ന് ബോംബെ സ്പെഷൽ ബ്രാഞ്ച് ഓഫീസിൽ വെച്ച് വീണ്ടും ഗോഡ്സേയെ ചോദ്യം ചെയ്യാനാരംഭിച്ചു. 22 ദിവസം തുടർച്ചയായി നീണ്ടു നിന്ന ചോദ്യം ചെയ്യൽ 1948 മാർച്ച് 4 നാണ് അവസാനിച്ചത്.

1948 ഫെബ്രുവരി 1 ന് തന്നെ ആർ എസ് എസ് ഗോഡ്സേയെ തള്ളിപ്പറഞ്ഞിരുന്നു. പക്ഷെ, ആർ എസ് എസ് പ്രവർത്തകരിൽ പലരും ഗോഡ്സേയെ തങ്ങളുടെ വീരനായകനായി കാണാൻ തുടങ്ങി. സെൻട്രൽ പ്രോവിൻസസിലെ ചിന്ദ് വാഡയിലെ ആർ എസ് എസ് പ്രവർത്തകനായിരുന്ന രാംചന്ദ്ര സിംഗ് രാംഭാവു ഗാന്ധിയുടെ അഹിംസാ സിദ്ധാന്തമനുസരിച്ച് ഗോഡ്സേയെ വെറുതെ വിടണം എന്നാവശ്യപ്പെട്ട് നെഹ്റുവിന് കമ്പി സന്ദേശം അയയ്ക്കുകയുണ്ടായി. അദ്ദേഹം അധികം വൈകാതെ അറസ്റ്റിലായി. അദ്ദേഹം പോലീസിന് കൊടുത്ത പ്രസ്താവനയിൽ താൻ കോളേജ് വിദ്യാഭ്യാസം കഴിച്ചത് പൂനെയിലാണെന്നും അതിന് വേണ്ടി അവിടെ അഞ്ചു വർഷം ചെലവഴിച്ചെന്നും അന്നേരം ആർ എസ് എസിന്റെ കാര്യവാഹ് എന്ന നിലയിൽ ഗോഡ്സേയെ അറിയാമെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി.

നാഗ്പൂരിൽ സ്പെഷ്യൽ ഡ്യൂട്ടിക്കേർപ്പെടുത്തിയ എൻ പി താക്കൂർ എന്ന പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ആർ എസ് എസ് മുഖ്യ കാര്യാലയത്തിൽ നിന്നും നിരവധി രേഖകൾ പിടിച്ചെടുക്കുകയുണ്ടായി. ആർ എസ് എസും ഗോഡ്സേയും തമ്മിലുള്ള ബന്ധം അനാവരണം ചെയ്യുന്ന നിരവധി രേഖകൾ താക്കൂർ പിടിച്ചെടുത്തു.

ഗാന്ധിവധവുമായി ബന്ധപ്പെട്ടു നടന്ന നിരവധി അന്വേഷണങ്ങളിലേയ്ക്ക് കൂടി കണ്ണോടിക്കുന്നത് അതിൽ ഹിന്ദുത്വ ശക്തികളുടെ ശൃംഖല എത്ര കാര്യക്ഷമമായി പ്രവർത്തിച്ചു എന്ന് മനസ്സിലാക്കാൻ സഹായിക്കും. ആർ എസ് എസിൻ്റെ സമുന്നത നേതാക്കളിൽ ഒരാളായിരുന്ന ഏകനാഥ് റാനഡേയുടെ ജബൽപ്പൂരിൽ ആർ എസ് എസുകാരുമായി ഗോഡ്സേ 1948 ജനുവരി 21 ന് നടത്തിയ കൂടിക്കാഴ്ചയെപ്പറ്റി ധീരേന്ദ്ര കെ ഝാ തൻ്റെ പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്. മറ്റ് പല അന്വേഷണങ്ങളേയും പോലെ ഇതും കിംവദന്തിയായി ഒതുങ്ങി എന്നാണ് ഝാ പറയുന്നത്.

ഗാന്ധിവധത്തിൻ്റെ കുറ്റപത്രത്തിലെ പ്രതികൾ ഇവരായിരുന്നു.
1 . രാമചന്ദ്ര ‘നാഥുറാം’ വിനായക് ഗോഡ്സേ (ഹിന്ദു, 37 വയസ്സ് ), പത്രാധിപർ, ഹിന്ദുരാഷ്ട്ര, ശനിവാർ പേട്ട്, പൂനെ
2 . നാരായൺ ദത്താത്രേയ ആപ്തേ (ഹിന്ദു,34 വയസ്സ്), ഡയറക്ടർ, എച്ച് ആർ പ്രകാശൻ ലിമിറ്റഡ്, 22, ബുധ് വാർ പേട്ട്, പൂനെ
3. വിഷ്ണു രാമകൃഷ്ണ കർക്കരേ (ഹിന്ദു, 37 വയസ്സ് ), പ്രൊപ്രൈറ്റർ, ഡെക്കാൺ ലോഡ്ജിങ്ങ് ആൻഡ് ബോർഡിംഗ് ഹൗസ്, പർദേശി ആലി, അഹ്മ്ദ് നഗർ
4 . ദിഗംബർ രാമചന്ദ്ര ബഡ്ഗേ (മാപ്പുസാക്ഷി ) (ഹിന്ദു, 39 വയസ്സ്), ശസ്ത്രഭണ്ഡാർ, 300, നാരായൺ പേട്ട്, പൂനെ
5. മദൻലാൽ കശ്മീരിലാൽ പഹ് വ ( ഹിന്ദു,  20 വയസ്സ് ), പഞ്ചാബി അഭയാർത്ഥി, വിസാപൂർ അഭയാർത്ഥി ക്യാമ്പ്, അഹ്മദ് നഗർ
6. ശങ്കർ കിസ്തയ്യ ( ഹിന്ദു, 20 വയസ്സ് ), ഗാർഹിക സഹായി, ( യെല്ലമ്മ പേട്ട്, ഷോളാപ്പൂർ), 300, നാരായൺ പേട്ട്, പൂനെ
7. ഗോപാൽ ഗോഡ്സേ (ഹിന്ദു, 27 വയസ്സ് ), സ്‌റ്റോർ കീപ്പർ, മിലിട്ടറി ഓർഡിനൻസ് ഡെപ്പോ, കിർക്കീ, പൂനെ
8. വിനായക് ദാമോദർ സവർക്കർ (ഹിന്ദു, 65 വയസ്സ് ), ഭൂവുടമ, സവർക്കർ സദൻ, ശിവാജി പാർക്ക് റോഡ്, ബോംബെ
9. ഡോ. ദത്താത്രേയ സദാശിവ് പർച്ചൂരെ ( ഹിന്ദു, 40 വയസ്സ്), മെഡിക്കൽ പ്രാക്ടീഷണർ, സ്റ്റേഷൻ റോഡ്, ഗ്വാളിയർ

ബെറെറ്റ 9 mm തോക്ക് കരസ്ഥമാക്കിയതുമായി ബന്ധപ്പെട്ട മൂന്ന് പേരായിരുന്നു 9 മുതൽ 11 വരെയുള്ള പ്രതികൾ. എന്നാൽ അവരെ പോലീസിന് പിടി കിട്ടാത്തത് കൊണ്ട് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു.
9. ഗംഗാധർ സഖാറാം ദണ്ഡവാതെ
10. ഗംഗാധർ ജാദവ്
11. സൂര്യദേവ് ശർമ്മ യും മറ്റുള്ളവരും

ദിഗംബർ ബഡ്ഗേ മാപ്പുസാക്ഷിയായതിനാൽ ശിക്ഷയിൽ നിന്നൊഴിവാക്കി.

===================****================

Comments

comments