49. കൊലയാളികൾ പുറപ്പെടുന്നു.
…………………………..
1948 ജനുവരി 14 ന് ആപ്തേയും ഗോഡ്സേയും സവർക്കറെ കണ്ടതിനെപ്പറ്റി നിരവധി ഭാഷ്യങ്ങൾ പിൽക്കാലത്ത് പ്രചരിക്കുകയുണ്ടായി. ഗാന്ധിവധത്തിലെ പ്രതികളിൽ ഒരാളും നാഥുറാം ഗോഡ്സേയുടെ സഹോദരനുമായ ഗോപാൽ ഗോഡ്സേ ശിക്ഷാ കാലാവധിയ്ക്ക് ശേഷം ജയിലിൽ നിന്ന് പുറത്ത് വന്ന ശേഷം  ”ഗാന്ധി ഹത്യ അണി മി ” (ഗാന്ധിഹത്യയും ഞാനും) എന്ന പുസ്തകം രചിച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി. നാഥുറാം ഗോഡ്സേയും കൂട്ടാളികളും നടത്തിയ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ഹീനമായ കൊലയെ ന്യായീകരിക്കാൻ എഴുതിയ പുസ്തകത്തിൽ, ജനുവരി 14 ന് ആപ്തേയും ഗോഡ്സേയും സവർക്കർ സദനിലേയ്ക്കല്ല പോയത്, മറിച്ച് കുറച്ചകലെയുള്ള ഹിന്ദുമഹാസഭ ഓഫീസിലേയ്ക്കാണ് എന്ന ആഖ്യാനമാണ് അവതരിപ്പിക്കുന്നത്. ഗാന്ധി വധത്തെ ത്രില്ലർ മാതൃകയിൽ പുനഃസൃഷ്ടിച്ച് 1978 ൽ മനോഹർ മാൽഗോങ്കർ എഴുതിയ ” ദ മെൻ ഹു കിൽഡ് ഗാന്ധി ” (ഗാന്ധിയെ കൊന്ന മനുഷ്യർ ) എന്ന പുസ്തകത്തിൽ ഈ ഭാഷ്യം ആവർത്തിക്കുന്നു.
ശാന്താ ഭാസ്കർ മോദക് കോടതിയിൽ മൊഴി നൽകിയതിനെ തുടർന്ന് പ്രതിഭാഗം വക്കീലന്മാർ പലരും അവരെ ക്രോസ് വിസ്താരം നടത്തുകയുണ്ടായി. നാഥുറാം ഗോഡ്സേയുടെ അഭിഭാഷകനായിരുന്ന വി വി ഓക് അവർ സവർക്കർ സദനിൽ പ്രവേശിക്കുന്നത് കണ്ടോ എന്ന ചോദ്യത്തിന് അവർ സവർക്കർ സദന് നേരെ നടക്കുന്നതാണ് കണ്ടത്, അവിടെ പ്രവേശിക്കുന്നത് കണ്ടില്ല എന്ന ശാന്താ മോദക്കിൻ്റെ മൊഴിയിൽ ഊന്നിയാണ് ഗോപാൽ ഗോഡ്സേയും മനോഹർ മാൽഗോങ്കറും അവർ സവർക്കർ സദനിലേയ്ക്കല്ല പോയത് എന്ന ഭാഷ്യം ചമച്ചത്. എന്നാൽ ആപ്തേ പോലീസിന് കൊടുത്ത മൊഴിയിൽ ഇത് സമ്മതിക്കുന്നുണ്ട്. ഗാന്ധി വധത്തിലെ പ്രതികളുടെ മൊഴികളെല്ലാം തന്നെ സവർക്കറെ പ്രതിരോധിച്ചു കൊണ്ടായിരുന്നു. ആപ്തേയുടെ മൊഴിയും വ്യത്യസ്തമല്ല. എങ്കിൽ പോലും ജനുവരി 14 ന് താനും ഗോഡ്സേയും  സവർക്കറെ കണ്ടുവെന്ന് ആപ്തേ സമ്മതിക്കുന്നുണ്ട് .ആ കൂടിക്കാഴ്ച നടന്നത് വൈകീട്ട് 7.30 നാണ്. സവർക്കർ സദനിലെ കാവൽ ഗൂർഖ തങ്ങളുടെ വരവിനെ കുറിച്ച് സവർക്കറെ അറിയിക്കുകയുണ്ടായി. അതിന് ശേഷം താനും നാഥുറാം ഗോഡ്സെയും കൂടി സവർക്കർ സദനിലെ ഒന്നാം നിലയിൽ പോയി സവർക്കറെ കാണുകയുണ്ടായി. 30 മിനുറ്റ് നേരം ആ കൂടിക്കാഴ്ച നീണ്ടുനിന്നു. സവർക്കറുടെ ആയിടെ പ്രസിദ്ധീകരിച്ച പുസ്തകമായ സാമാജിക് ക്രാന്തിയെക്കുറിച്ചും തങ്ങളുടെ പത്രമായ ഹിന്ദു രാഷ്ട്രയെ കുറിച്ചും മാത്രമായിരുന്നു തങ്ങൾ സംസാരിച്ചത് എന്നാണ് ആപ്തേ മൊഴി നൽകിയത്. എന്നാൽ പിൽക്കാലത്ത് കോടതിയിൽ കൊടുത്ത പ്രസ്താവനയിൽ ഇത് നിഷേധിക്കുകയുണ്ടായി. ഗാന്ധിവധക്കേസിലെ വഴിത്തിരിവ് ദിഗംബർ ബഡ്ഗേ മാപ്പുസാക്ഷിയായതാണ്. അതോടെയാണ് ഗാന്ധി വധത്തിന് പിന്നിലെ ഹിന്ദുത്വ ഗൂഢാലോചന വെളിച്ചത്ത് വരുന്നത്. ജനുവരി 14 ന് നടന്ന സംഭവത്തെക്കുറിച്ച് ബഡ്ഗെയുടെ പ്രസ്താവനയിലെ പരാമർശം താഴെപ്പറയും മട്ടിലായിരുന്നു. ബഡ്ഗെയും ശങ്കറും, പൂനെയിൽ നിന്ന് ഗോഡ്സേയും ആപ്തേയും പുറപ്പെട്ട അതേ തീവണ്ടിയിൽ, ഡെക്കാൻ മെയിലിൽ, തന്നെയായിരുന്നു. പക്ഷെ, വ്യത്യസ്ത കംപാർട്ട്മെൻറുകളിൽ ആയത് കൊണ്ട് അവർ തമ്മിൽ കാണുകയുണ്ടായില്ല. ദാദറിൽ വണ്ടിയിറങ്ങിയ ബഡ്ഗേയും ശങ്കറും നേരെ ഹിന്ദുമഹാസഭാ ഓഫീസിലേയ്ക്ക് പോയി. എന്നാൽ ശാന്താമോദക്കിൻ്റെ കാറിൽ സവർക്കർ സദനിലേയ്ക്ക് പോയത് കൊണ്ടാകും, ഗോഡ്സേയും ആപ്തേയും അവിടെ ഉണ്ടായിരുന്നില്ല. അരമണിക്കൂർ കഴിഞ്ഞും അവരെ കാണാതായപ്പോൾ ബഡ്ഗെയും ശങ്കറും ചായ കുടിക്കാൻ പുറത്തിറങ്ങി.തിരിച്ചു വന്നപ്പോഴേയ്ക്കും അവർ അവിടെ എത്തിയിരുന്നു. സ്ഫോടകവസ്തുക്കൾ സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കണമെന്ന് ആപ്തേ പറഞ്ഞതനുസരിച്ച് ശങ്കറൊഴിച്ച്‌ മൂന്നുപേരും സവർക്കർ സദനിലേയ്ക്ക് പോയി. ശങ്കർ ഹിന്ദുമഹാസഭാ ഓഫീസിൽ തങ്ങി. ബഡ്ഗേ തുടരുന്നു.” സവർക്കർ സദനെത്തിയപ്പോൾ, ആപ്തേ എന്നോട് പുറത്ത് കാത്തു നിൽക്കാൻ ആവശ്യപ്പെട്ടു. എൻ്റെ കൈയ്യിൽ നിന്ന് ( സ്ഫോടക വസ്തുക്കൾ നിറച്ച ) ബാഗ് വാങ്ങി ആപ്തേയും ഗോഡ്സേയും വീട്ടിനകത്തേക്ക് പോയി. അഞ്ചു മുതൽ പത്തുവരെ നിമിഷങ്ങൾക്കുള്ളിൽ അവർ തിരിച്ചു വന്നു. തിരിച്ചു വരുമ്പോൾ ആപ്തേയുടെ കൈയ്യിൽ ബാഗ് ഉണ്ടായിരുന്നു. സവർക്കർ സദനിൽ നിന്ന് ആപ്തേയും ഗോഡ്സേയും ഞാനും ഹിന്ദുമഹാസഭാ ഓഫീസിലേയ്ക്ക് പോയി “സ്ഫോടകവസ്തുക്കൾ സവർക്കർ സദനിൽ സൂക്ഷിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടത് കൊണ്ടാകും അവർ നാലു പേരും ഒരു ടാക്സി കാറിൽ ഭൂലേശ്വർ ക്ഷേത്രത്തിന്നടുത്തുള്ള ദീക്ഷിത് മഹാരാജിൻ്റെ വസതിയിലേയ്ക്ക് പോയി. ഏതാണ്ട് രാത്രി 10 മണിക്ക് ശേഷമാണ് അവർ അവിടെ എത്തിയത്. ദീക്ഷിത് മഹാരാജ് അപ്പോഴേക്കും ഉറങ്ങാനായി പോയിരുന്നു. അവിടെ ഉണ്ടായ വേലക്കാരനോട് ബാഗ് അവിടെ സൂക്ഷിക്കണമെന്നും അടുത്ത ദിവസം അവർ വരുമ്പോൾ ഏല്പിച്ചാൽ മതിയെന്നും പറഞ്ഞേൽപ്പിച്ചു.
തിരിച്ച് ഹിന്ദുമഹാസഭയുടെ ഓഫീസിലേക്ക് അവർ മടങ്ങിയെത്തി. ബഡ്ഗേയേയും ശങ്കറിനേയും അവിടെ ഇറക്കിവിട്ടു. ഗോഡ്സേ അമ്പതു രൂപ ബഡ്ഗേയ്ക്ക് നൽകുകയുണ്ടായി. അത് സ്ഫോടകവസ്തുവിൻ്റെ വിലയല്ലെന്നും യാത്രാച്ചെലവാണെന്നും ഗോഡ്സേ, ബഡ്ഗേയോട് പറഞ്ഞു. തൻ്റെ പോക്കറ്റ് പുസ്തകത്തിൽ ബഡ്ഗേയ്ക്ക് നൽകിയ പണം കുറിച്ചു വെച്ചു. (ഓരോ പൈസയുടേയും കണക്ക് സൂക്ഷിക്കുന്ന രീതി ഗോഡ്സേയ്ക്ക് ഉണ്ടായിരുന്നു. അത് പിന്നീട് വിലപ്പെട്ട പ്രോസിക്യൂഷൻ തെളിവായി മാറി.)ബഡ്ഗേ കോടതിയിൽ പറഞ്ഞതനുസരിച്ച് അവർ ഹിന്ദുമഹാസഭാ ഓഫീസിൽ എത്തിയപ്പോൾ, ആരോ ”ബഡ്ഗേ കബ് ആയാ ” എന്ന് ഉറക്കെ ചോദിക്കുന്നത് കേട്ടു. ബഡ്ഗേയ്ക്ക് ചോദിച്ച ആളെ പെട്ടെന്ന് മനസ്സിലായില്ല. കർക്കരേയ്ക്കൊപ്പം സ്ഫോടകവസ്തുക്കൾ പരിശോധിക്കാൻ ബഡ്ഗേയുടെ വീട്ടിൽ എത്തിയ ആളാണ് താൻ എന്ന് അദ്ദേഹം സ്വയം പരിചയപ്പെടുത്തി. അപ്പോൾ മദൻ ലാൽ പഹ് വയെ ബഡ്ഗെ യ്ക്ക് തിരിച്ചറിയാൻ കഴിഞ്ഞു. കർക്കരേ എവിടെ എന്നാരാഞ്ഞപ്പോൾ അദ്ദേഹം താനെയിൽ പോയിരിക്കുകയാണെന്നും രാവിലെ തിരിച്ചു വരുമെന്നും പഹ് വ പറഞ്ഞു.ഗോഡ്സേയും ആപ്തെയും അന്ന് രാത്രി സീ ഗ്രീൻ ഹോട്ടലിൽ കള്ളപ്പേരുകളിൽ താമസിച്ചു. ബഡ്ഗെയുടെ മൊഴിയനുസരിച്ച് പിറ്റേന്ന് രാവിലെ 8.30 ന് അവർ ഹിന്ദുമഹാസഭാ ഓഫീസിൽ എത്തി. അവർ നാലു പേരും ബോംബെയിലെ ശിവാജി  പ്രസ്സിൽ എത്തിച്ചേർന്നു. അവിടെ കർക്കരെ കാത്തിരിപ്പുണ്ടായിരുന്നു. അതിൻ്റെ ഉടമസ്ഥൻ ജി .എം. ജോഷി, കർക്കരേയുടെ സുഹൃത്തും സവർക്കർ അനുയായിയും  ആയിരുന്നു. തലേന്ന് രാത്രി അദ്ദേഹത്തിൻ്റെ വസതിയിലായിരുന്നു കർക്കരേ താമസിച്ചിരുന്നത്. ‘കൃത്യനിർവ്വഹണ ‘ത്തിന്  തങ്ങൾക്കാവശ്യമായ പണം സംഭാവനയായി  പിരിച്ചെടുക്കുന്നതിനായിരുന്നു ഹിന്ദുമഹാസഭാ അനുയായിയായ ജോഷിയെ സമീപിച്ചത്. ശങ്കർ പുറത്ത് നിന്നു. ബാക്കി നാലുപേരും ജോഷി യോടൊന്നിച്ച് ഉള്ളിലേയ്ക്ക് പോയി. ബഡ്ഗെയോട് ഓഫീസിന് പുറത്ത് കാത്തിരിക്കാൻ ആവശ്യപ്പെട്ട ശേഷം ബാക്കി മൂന്നു പേരും ജോഷിയോടൊപ്പം ഓഫീസിൽ കടന്നു. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവർ പുറത്തുവന്നു. പിന്നീട് ജോഷിയൊഴികെ എല്ലാവരും ചേർന്ന് ഹിന്ദുമഹാസഭാ ഓഫീസിലേക്ക് പോയി.

അതിന് ശേഷം ആപ് തേ, ഗോഡ്സേ, കർക്കരേ, പഹ് വ, ബഡ്ഗേ എന്നിവർ ചേർന്ന് ഒരു ടാക്സിയിൽ ദീക്ഷിത് മഹാരാജിൻ്റെ വസതിയിലേക്ക് പോയി. സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന ബാഗ് കൈക്കലാക്കി. ആപ്തേ അത് തുറന്ന് പരിശോധിച്ച ശേഷം കർക്കരേയ്ക്ക് കൈമാറി. കർക്കരേ അത് മദൻലാലിനെ ഏല്പിക്കുകയും ബെഡ്ഡിംഗിനുള്ളിൽ വെച്ച് ഭദ്രമായി കെട്ടാൻ ആവശ്യപ്പെടുകയും ചെയ്തു. അതേ ദിവസം തന്നെ പഞ്ചാബ് മെയിലിനോ ഫ്രോണ്ടിയർ മെയിലിലോ ഡെൽഹിക്ക് സ്ഫോടകവസ്തുക്കളുമായി പുറപ്പെടണമെന്ന് കർക്കരേയോടും പഹ് വയോടും ആപ്തേ ആവശ്യപ്പെട്ടു. അവർ രണ്ടു പേരും താമസിയാതെ ദീക്ഷിത് മഹാരാജിൻ്റെ അടുത്ത് നിന്നും പുറപ്പെടുകയുണ്ടായി. തങ്ങൾ ഡെൽഹിയിലേയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു കൃത്യത്തിനായി പുറപ്പെടുകയാണെന്നും അതിന് വേണ്ടി ഒന്നോ രണ്ടോ റിവോൾവറുകൾ ആവശ്യമാണെന്നും ആപ്തേ ദീക്ഷിത് മഹാരാജിനോട് പറഞ്ഞു. തൻ്റെ കൈയ്യിൽ റിവോൾവറുകൾ ഇല്ലെന്നും ഒരു പിസ്റ്റൾ മാത്രമേ ഉള്ളു എന്നും ദീക്ഷിത് മഹാരാജ് പ്രതിവചിച്ചു. എന്നാൽ അത് അവർക്ക് നല്കാൻ ഉദ്ദേശിക്കുന്നില്ലെന്നും. ഒരു പക്ഷേ, ആപ്തേ അവതരിപ്പിച്ച നിരവധി പദ്ധതികൾ ഒന്നും തന്നെ നടപ്പിലാക്കാതിരുന്നത് കൊണ്ടായിരിക്കണം ദീക്ഷിത് മഹാരാജ് അങ്ങനെയൊരു സമീപനം സ്വീകരിച്ചത് എന്ന് വേണം മനസ്സിലാക്കാൻ. ആപ്തേ, പക്ഷെ ആശ കൈവിട്ടിരുന്നില്ല. എങ്ങനെയെങ്കിലും ഒരു റിവോൾവർ സംഘടിപ്പിച്ചു തരാൻ അദ്ദേഹം ദീക്ഷിത് മഹാരാജിനോട് അഭ്യർത്ഥിച്ചു.

അന്ന് ആ വീടിന് പുറത്ത് വളപ്പിൽ വെച്ചാണ് ആപ്തേ തങ്ങളുടെ പദ്ധതി വെളിപ്പെടുത്തിയതെന്നാണ് ബഡ്ഗേ കോടതിയിൽ വെളിപ്പെടുത്തിയത്.
ഞങ്ങൾ പുറത്ത് വന്ന് ദീക്ഷിത് മഹാരാജിൻ്റെ സ്ഥലത്തുള്ള ക്ഷേത്രത്തിൻ്റെ (മോട്ടാ മന്ദിർ ) പുറത്ത് നിൽക്കുമ്പോൾ അവരുടെ കൂടെ ഡെൽഹിക്ക് വരാൻ ഞാൻ തയ്യാറാണോ എന്ന് ആപ്തേ ചോദിച്ചു. ഡെൽഹിയിൽ എന്താണ് ചെയ്യാനുള്ളത് എന്ന് ഞാൻ ആപ്തേയോട് ആരാഞ്ഞു. ഗാന്ധിയേയും ജവഹർലാൽ നെഹ്റുവിനേയും സുഹ്രവർദ്ദിയേയും തീർക്കാനാണ് താത്യാറാവു (സവർക്കർ ) തീരുമാനിച്ചിട്ടുള്ളതെന്നും അവരെയാണ് ആ കൃത്യം നിർവ്വഹിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ളത് എന്നും ആപ്തേ പറഞ്ഞു.

ഇവിടെ വെച്ചാണ് തന്നെയും കൂടി ഈ ഉദ്യമത്തിൽ പങ്കാളിയാകാൻ ആപ് തേ ക്ഷണിച്ചതെന്നും ബഡ്ഗേ കോടതിയിൽ വെളിപ്പെടുത്തുകയുണ്ടായി. തങ്ങളുടെ യാത്രാച്ചെലവും മറ്റും വഹിക്കാമെന്നും ആപ്തേ പറയുകയുണ്ടായി. ഉടൻ തന്നെ ഡെൽഹിയിലേയ്ക്ക് പുറപ്പെടുക അസാധ്യമാണെന്നും പൂനെയിൽ തൻ്റെ കുടുംബകാര്യങ്ങളിൽ ചിലത് ചെയ്തു തീർക്കേണ്ടതുണ്ടെന്നും ബഡ്ഗേ മറുപടി പറഞ്ഞു. പൂനെയിലേയ്ക്ക് തിരിച്ചു പോയി തൻ്റെ സഹോദരനായ ഗോപാൽ ഗോഡ്സേയെ കാണേണ്ട കാര്യമുണ്ടെന്നും ഗോപാലിൻ്റെ പക്കൽ ഒരു റിവോൾവർ ഉണ്ടെന്നും നാഥുറാം ഗോഡ്സെയും പറയുകയുണ്ടായി. ഗോപാലും തങ്ങളുടെ കൂടെ ബോംബെയിലേയ്ക്കും തുടർന്ന് ഡെൽഹിയിലേക്കും ഉണ്ടാകുമെന്നും നാഥുറാം കൂട്ടിച്ചേർത്തു.

” വളപ്പിൽ നിന്നും പുറത്തു കടന്ന് ഞങ്ങൾ ഒരു ടാക്സി പിടിച്ച് കോട്ടൺ എക്സ്ചേഞ്ച് ബിൽഡിംഗിലേക്ക് പോകുകയുണ്ടായി. ടാക്സി ബിൽഡിംഗിൻ്റെ മുന്നിൽ നിന്നപ്പോൾ ഗോഡ്സേയും ആപ്തേയും ടാക്സിയിൽ നിന്നിറങ്ങി അതിനുള്ളിലേയ്ക്ക് പോയി. (പണപ്പിരിവിനായിരുന്നു അവർ അവിടെ പോയത് ) ഇരുപതോ ഇരുപത്തഞ്ചോ മിനിറ്റുകൾ കഴിഞ്ഞാണ് അവർ വന്നത്. അതിന് ശേഷം ഞങ്ങൾ ഹിന്ദുമഹാസഭാ ഓഫീസിലേയ്ക്ക് പോയി. ഞാൻ ടാക്സിയിൽ നിന്നിറങ്ങിയപ്പോൾ 1948 ജനുവരി 17 ന് രാവിലെ ബോറിബന്തർ സ്റ്റേഷനിൽ വെച്ച് ഞാൻ അദ്ദേഹത്തെ കാണണം എന്ന് ആപ് തേ പറഞ്ഞു ” കോടതിയിൽ ബഡ്ഗേ പറഞ്ഞു.അതേ ദിവസം ,1948 ജനുവരി 15 ന്, സായാഹ്നത്തിൽ ബഡ്ഗേ പഹ് വയെ കണ്ടതായും ബഡ്ഗേയുടെ മൊഴിയിൽ ഉണ്ട്. തങ്ങൾക്ക് ട്രെയിൻ കിട്ടിയില്ലെന്നും കർക്കരേ ബോറി ബന്തർ സ്റ്റേഷനിലുണ്ടെന്നും പഹ് വ പറഞ്ഞു. രാത്രി ട്രെയിനിനാണ് അവർ ഡെൽഹിക്ക് പോകുന്നതെന്നും.

രാത്രിത്തീവണ്ടിക്ക് (മദ്രാസ് മെയിൽ) തന്നെ ബഡ്ഗേയും ശങ്കറും പൂനെയിലേയ്ക്ക് മടങ്ങി. വെളുപ്പിന് 2 മണിക്ക് അവർ പൂനെയിലെത്തി. ഗോഡ്സേയും അന്നു തന്നെ പൂനെയ്ക്ക് മടങ്ങി.

ഡെൽഹിയിലേയ്ക്ക് വണ്ടി കയറുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പ് മാത്രമാണ് ” കിർക്കീ സേഠ് ” ഉൾപ്പെട്ട പദ്ധതിയുടെ ‘ഗൗരവ സ്വഭാവം ‘ പഹ് വയ്ക്ക് മനസ്സിലാകുന്നത്. സ്ഫോടക വസ്തുക്കളുമായാണ് തങ്ങളുടെ യാത്ര എന്നതാണ് ആ ‘ഗൗരവ സ്വഭാവം ‘ പഹ് വയ്ക്ക് വ്യക്തമാക്കി കൊടുത്തത്. നേരത്തെ തന്നെ പലപ്പോഴും ഈ പദ്ധതിയുടെ ആലോചനകളിൽ പഹ് വയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നെങ്കിൽ പോലും കർക്കരേയുടെ നിഴലായാണ് അവിടെയെല്ലാം പഹ് വ വർത്തിച്ചത്. കർക്കരേ പറയുന്നത് ശിരസാവഹിക്കുക എന്നതിനപ്പുറമുള്ള ആത്മനിഷ്ഠത പഹ് വയ്ക്ക് ഇല്ലായിരുന്നു. എവിടെയോ ചിതറിപ്പോകേണ്ട തൻ്റെ ജീവിതത്തിന് രൂപം തന്നത് കർക്കരേയാണ്.

രാത്രി 9.30 ന് പുറപ്പെടുന്ന ഫ്രോണ്ടിയർ മെയ്ലിനാണ് അവർക്ക് ഡെൽഹിയിലേയ്ക്ക് ടിക്കറ്റ് കിട്ടിയത്. ആ സമയമാകുമ്പോഴേയ്ക്കും സ്റ്റേഷനിൽ എത്താമെന്ന് പറഞ്ഞ് തന്റെ ട്രങ്കുപെട്ടി എടുക്കാനായി പഹ് വ ഹിന്ദുമഹാസഭാ ഓഫീസിലേയ്ക്ക് പോയി. ബഡ്ഗ തൻ്റെ മൊഴിയിൽ പറഞ്ഞ പോലെ അവർ തമ്മിൽ അവിടെ കണ്ടുമുട്ടുകയുണ്ടായി. ധാരാളം സമയം ശേഷിക്കുന്നത് കൊണ്ട് പഹ് വ ബോംബെയിൽ ഒരർത്ഥത്തിൽ തൻ്റെ രക്ഷാകർത്തൃത്വം ഏറ്റെടുത്ത മിസ്സിസ്സ് മോദക്കിനേയും പ്രൊഫസർ ജയിനിനേയും കാണാൻ നിശ്ചയിച്ചു. ആദ്യം മിസ്സിസ്സ് മോദക്കിൻ്റെ അടുത്തേക്കാണ് പഹ് വ എത്തിയത്.
ഞാൻ ഡെൽഹിയിലേയ്ക്ക് പോകുകയാണെന്നും എന്നെച്ചൊല്ലി അവർ വിഷമിക്കാൻ പാടില്ലെന്നും ഞാൻ അവരോട് പറഞ്ഞു ” പഹ് വ മൊഴി ഇങ്ങനെയായിരുന്നു. അവർക്ക് ഡെൽഹിയിൽ നിന്നും ഒരു പരവതാനി കൊണ്ടുവരാമെന്നും ഞാൻ പറഞ്ഞു. അവരിൽ നിന്നും കുറച്ച് പണം സ്വീകരിക്കാൻ അവർ ആവശ്യപ്പെട്ടു. പക്ഷെ, പണത്തിന് യാതൊരു ആവശ്യവുമില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. അര മണിക്കൂറോളം ഞാൻ അവരുടെ വസതിയിൽ തങ്ങി ” ആ ജനുവരി 15 സായാഹ്നത്തെ പഹ് വ പിന്നീട് ഓർത്തു.

അവിടെ നിന്ന് പഹ് വ പോയത് പ്രൊഫ. ജയിനിൻ്റെ വസതിയിലേയ്ക്കായിരുന്നു. അപ്പോൾ പ്രൊഫ. ജയിനിൻ്റെ സുഹൃത്തായിരുന്ന അംഗദ് സിംഗ് അവിടെയുണ്ടായിരുന്നു. അംഗദ് സിംഗ് അധികം കഴിയാതെ അവിടെ നിന്നിറങ്ങി. താൻ ഒരു കൂട്ടത്തിനൊപ്പം ഡെൽഹിയിലേയ്ക്ക് പോകുകയാണെന്നും അവിടെയുള്ള ഒരു പ്രധാന നേതാവിനെ തീർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പഹ് വ വീമ്പടിക്കാൻ തുടങ്ങി. അതിന് വേണ്ടി തങ്ങൾ ബോംബുകളും സ്ഫോടകവസ്തുക്കളും ശേഖരിച്ചുവെന്നും പഹ് വ അറിയിച്ചു. കർക്കരേ സേഠ് ആണ് പണമിറക്കുന്നതെന്നും പഹ് വ പറഞ്ഞു. ഇതെല്ലാം ചെയ്യുന്നത് സവർക്കറുടെ കല്പന അനുസരിച്ചാണെന്നും അഹ്മദ് നഗറിൽ ഹിന്ദുമഹാസഭയ്ക്ക് വേണ്ടി താൻ ചെയ്ത പ്രവർത്തനങ്ങളെ സവർക്കർ നേരിട്ട് അഭിനന്ദിച്ചുവെന്നും പഹ് വ അഭിമാനം കൊണ്ടു. ജയിൻ ഇത്തരം പ്രവൃത്തികളിൽ നിന്ന് പിന്തിരിയണമെന്ന് പഹ് വയെ ഉപദേശിച്ചുവെങ്കിലും, പഹ് വയുടെ അവകാശ വാദങ്ങളെ ഗൗരവത്തിൽ എടുക്കുകയുണ്ടായില്ല.

രാത്രി 9.30 ന് ഫ്രോണ്ടിയർ മെയിൽ ബോംബെയിൽ നിന്ന് പുറപ്പെടുമ്പോൾ അതിനുള്ളിൽ കർക്കരേയും പഹ് വയും ഉണ്ടായിരുന്നു. പഹ് വ യുടെ കിടക്കച്ചുരുളിനുള്ളിൽ സ്ഫോടക വസ്തുക്കളും. തീവണ്ടിയിൽ വെച്ച് ശാന്താറാം എ അംച്ചേക്കർ എന്ന മഹാരാഷ്ട്രക്കാരനെ അവർ പരിചയപ്പെട്ടു. അംച്ചേക്കർ കറാച്ചിയിൽ സർക്കാർ ജോലി നിർവ്വഹിച്ച് വരുമ്പോഴാണ് വിഭജനം ഉണ്ടായത്. കറാച്ചി പാകിസ്ഥാൻ്റെ ഭാഗമായതിനെ തുടർന്ന്  ഇന്ത്യയിലേയ്ക്ക് കുടിയേറിയ അംച്ചേക്കർക്ക് തത്സമമമായ തൊഴിൽ അനുവദിച്ച് കിട്ടിയത് ഡെൽഹിയിലായിരുന്നു. അത് ഏറ്റെടുക്കാനുള്ള യാത്രയിൽ ആയിരുന്നു അദ്ദേഹം. ഡെൽഹി അംച്ചേക്കർക്ക് അപരിചിതമാണെന്ന് മനസ്സിലാക്കിയ കർക്കരേ അവിടെ താമസിക്കാനുള്ള സൗകര്യം താൻ ഏർപ്പെടുത്തി തരാം എന്ന് അംച്ചേക്കർക്ക് വാഗ്ദാനം ചെയ്തു. പിന്നീട് പോലീസിനും കോടതിക്കും കർക്കരേയുടേയും പഹ് വയുടേയും യാത്രയെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ നൽകിയത് ശാന്താറാം എ അംച്ചേക്കർ എന്ന അഭയാർത്ഥി ആയിരുന്നു.

അന്ന് രാവിലെ 9.20ന് 1948 ജനുവരി 17 ന് സായാഹ്നത്തിൽ പുറപ്പെടുന്ന എയർ ഇന്ത്യാ വിമാനത്തിൽ ആപ്തേയും ഗോഡ്സേയും രണ്ട് ടിക്കറ്റുകൾ ഡെൽഹിക്ക് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഡി. എൻ. കർമ്മാകർ, എസ്.മറാഠേ എന്നീ കള്ളപ്പേരുകളിലാണ് ടിക്കറ്റുകൾ ബുക്ക് ചെയ്തത്.

ആപ്തേ അന്ന് ബോംബെയിൽ തന്നെ തങ്ങി. ഡെൽഹിക്ക് പുറപ്പെടും മുമ്പ് മനോരമാ സാൽവിക്കൊപ്പം കുറച്ച് ദിവസങ്ങൾ ചെലവഴിക്കാൻ അയാൾ ആഗ്രഹിച്ചിരുന്നു. മനോരമ ഇതിനിടയിൽ ഗർഭിണിയായിരുന്നു. തൻ്റെ യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബാന്തരീക്ഷത്തിൽ അത് പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന ഭൂകമ്പത്തെക്കുറിച്ചോർത്ത് അവൾ ഭയാകുലയായിരുന്നു. അപ്പോഴാണ് താൻ ഒരു രഹസ്യദൗത്യവുമായി ഡെൽഹിക്ക് പുറപ്പെടുകയാണെന്നും തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും അവളെ അറിയിക്കുന്നത്. മനോരമ അത് കേട്ട് തകർന്നു പോയി.

പൂനെയിൽ മടങ്ങിയ എത്തിയ ബഡ്ഗെ തൻ്റെ കൈയ്യിൽ ബാക്കിയുള്ള സ്ഫോടകവസ്തുക്കൾ തൻ്റെ സുഹൃത്തും ഇടപാടുകാരനുമായ ഗൺപത് എസ് കരാട്ടിൻ്റെ കൈവശം സൂക്ഷിക്കാനേൽപ്പിച്ചു. ജൽഗാവിനടുത്തുള്ള തൻ്റെ ജന്മദേശമായ ചാലിസ് ഗാവിലെ കുടുംബവസ്തു ബഡ്ഗെ വിൽപ്പന നടത്തിയിരുന്നു .ഡെൽഹിക്ക് പുറപ്പെടും മുമ്പ് അതിൻ്റെ തുക കൈപ്പറ്റാൻ അയാൾ ആഗ്രഹിച്ചു. അതിനായി അങ്ങോട്ട് പോകുകയും ചെയ്തു.

പൂനെയിൽ തിരിച്ചെത്തിയ ഗോഡ്സേ ബഡ്ഗെയെ തെരഞ്ഞ് ശസ്ത്രഭണ്ഡാറിൽ എത്തിയെങ്കിലും കാണാൻ കഴിഞ്ഞില്ല. വീണ്ടും ഒരു വട്ടം കൂടി ബഡ്ഗെയെത്തെരഞ്ഞ് അവിടെയെത്തിയെങ്കിലും ബഡ്ഗെ തിരിച്ചെത്തിയിട്ടുണ്ടായിരുന്നില്ല. ചാലിസ്ഗാവിൽ നിന്നും തിരിച്ചെത്തിയ ബഡ്ഗെ സായാഹ്നത്തിൽ ഹിന്ദുരാഷ്ട്ര ഓഫീസിലെത്തി ഗോഡ്സെയെ കണ്ടു. ഗോഡ്സേ ഒരു ചെറു പിസ്റ്റൾ എടുത്ത് ബഡ്ഗെയ്ക്ക് നൽകിയ ശേഷം അതിന് പകരം ഒരു കൈത്തോക്ക് കിട്ടുമോ എന്നന്വേഷിച്ചു. അധികകാലം മുമ്പല്ലാതെ 0.32 കാലിബർ റിവോൾവർ ഹൈദരാബാദ് സ്റ്റേറ്റ് കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന ഒരു ശർമ്മയ്ക്ക് വിറ്റിരുന്നു. ശർമ്മയുമായി ബഡ്ഗെ ബന്ധപ്പെട്ടപ്പോൾ ഗോഡ്സേ തന്ന ചെറിയ പിസ്റ്റളും ബാക്കി തുകയും വാങ്ങി ആ റിവോൾവർ തരാൻ ശർമ്മ തയ്യാറായി. പക്ഷെ, റിവോൾവറിനൊപ്പം ശർമ്മ ഏല്പിച്ച വെടിയുണ്ടകൾ അതിന് പാകമാകുന്നതായിരുന്നില്ല. അന്നേരം അത് മനസ്സിലാക്കാൻ ബഡ്ഗെയ്ക്ക് കഴിഞ്ഞില്ല.

കിർക്കി ആയുധ ഡെപ്പോയിൽ സ്റ്റോർ കീപ്പറായിട്ടായിരുന്നു നാഥുറാം ഗോഡ്സേയുടെ സഹോദരൻ ഗോപാൽ ഗോഡ്സേ ജോലി ചെയ്തിരുന്നത്. നാഥുറാമിൻ്റെ വഴി പിൻ തുടർന്ന് ബാക്കി മൂന്ന് ഗോഡ്സേ സഹോദരരും ആർ എസ് എസ് പ്രവർത്തകർ ആയാണ് വളർന്നതെന്ന് വളരെ പിന്നീട് അർവിന്ദ് രാജഗോപാലിന് കൊടുത്ത അഭിമുഖത്തിൽ ഗോപാൽ അനുസ്മരിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ഹിന്ദുത്വ രാഷ്ട്രീയശക്തികൾ ആവിഷ്ക്കരിച്ച ഈ ദൗത്യത്തിൽ പങ്കാളിയാകാൻ ഗോപാലിന് യാതൊരു മടിയും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, അങ്ങേയറ്റം ഔത്സുക്യത്തോട് കൂടിയാണ് പങ്കെടുത്തത്.  മെട്രിക്കുലേഷൻ പാസ്സായ ശേഷം ഗോപാൽ ഗോഡ്സേ ബ്രിട്ടീഷ് ആർമിയിൽ ക്ലാർക്കായി പ്രവേശിച്ചു. പിന്നീട് സ്റ്റോർ കീപ്പറായി. കിർക്കിയിൽ എത്തും മുമ്പ് രണ്ടാം ലോക മഹായുദ്ധത്തിൻ്റെ കാലത്ത് ഇറാക്കിലും ഇറാനിലും ഗോപാൽ സേവനമനുഷ്ഠിച്ചിരുന്നു.

നാഥുറാം ഗോഡ്സേയുടേയും നാരായൺ ആപ്തേയുടേയും ദൗത്യസംഘത്തിൽ പങ്കാളിയാകുന്നതിന് വേണ്ടി 1948 ജനുവരി 17 മുതൽ 23 വരെ ഗോപാൽ ഗോഡ്സേ അവധിക്കപേക്ഷിച്ചിരുന്നു. അത് അനുവദിച്ചു കിട്ടുകയും തന്നിരുന്നു. തൻ്റെ സൈനിക പശ്ചാത്തലം വഴി എങ്ങനെയോ സമ്പാദിച്ച ഒരു മിലിറ്ററി റിവോൾവർ ഉക്സാനിലെ തൻ്റെ കുടുംബ വീട്ടുവളപ്പിൽ എവിടെയോ ഭദ്രമായി കുഴിച്ചിട്ടിരുന്നു. അത് ശേഖരിച്ച ശേഷം ജനുവരി 18 ന് ഡെൽഹിയിലെത്താൻ നാഥുറാം ഗോപാലിനോട് നിർദ്ദേശിച്ചു. യാത്രാച്ചെലവിനും മറ്റുമായി 250 രൂപ നാഥുറാം തൻ്റെ സഹോദരന് നൽകി.

1948 ജനുവരി 17 ന് രാവിലെ തന്നെ നാഥുറാം ഗോഡ്സേ, ദിഗംബർ ബഡ്ഗെ, ശങ്കർ കിസ്തയ്യ എന്നിവർ പൂനെയിൽ നിന്നും ബോംബെയിൽ എത്തിച്ചേർന്നു. ഡെൽഹിയിൽ ഗാന്ധി നിരാഹാരം ആരംഭിച്ചിട്ട് നാലു ദിവസങ്ങൾ ആയിരുന്നു. അദ്ദേഹത്തിൻ്റെ ആരോഗ്യനില അപകടമേഖലയിലേയ്ക്ക് കൂപ്പുകുത്തിയിരുന്നു. വൃക്കകളുടെ പ്രവർത്തനം തടസ്സപ്പെടുന്നുവെന്ന് ഡോക്ടർമാർ ഭയപ്പെട്ടു. എണീറ്റ് നിൽക്കാൻ കഴിയാത്ത വിധം ശയ്യാവലംബിയായി തീർന്നിരുന്നു ഗാന്ധി. നിരവധി തവണ അബോധാവസ്ഥയിലേയ്ക്ക് അദ്ദേഹം തെന്നി വീണിരുന്നു.

ഗോഡ്സേ ഒരു തീവണ്ടിയിലും ബഡ്ഗെയും ശങ്കറും പിന്നാലെ വരുന്ന മറ്റൊരു വണ്ടിയിലുമായാണ് ബോംബെയിൽ എത്തിയത്. ബഡ്ഗേയുടെ നിർദ്ദേശം അനുസരിച്ച് കിസ്തയ്യ ദാദറിൽ ഇറങ്ങി ഹിന്ദുമഹാസഭാ ഓഫീസിലേയ്ക്ക് പോയി. വി.ടി. സ്റ്റേഷനിൽ വണ്ടിയിറങ്ങുന്ന ബഡ്ഗെയെ കാത്ത് ആപ്തേയും ഗോഡ്സേയും തീവണ്ടി സ്റ്റേഷനിൽ ഉണ്ടായിരുന്നു. ബഡ്ഗെ ശർമ്മയിൽ നിന്നും കൈത്തോക്ക് സംഘടിപ്പിച്ചു എന്നത് അവർക്ക് അനല്പമായ സന്തോഷം ഉണ്ടാക്കി.

സീ ഗ്രീൻ സൗത്ത് ഹോട്ടലിൽ നിന്നും മനോരമ സാൽവിയെ മധ്യബോംബെയിൽ ബൈക്കുളയിലുള്ള അവരുടെ വസതിക്ക് സമീപം ഇറക്കി വിടുകയാണ് ഈ മൂവർ സംഘം ആദ്യം  ചെയ്തത്. അടുത്തതായി ഡെൽഹി ദൗത്യത്തിനായുള്ള ഫണ്ട് ശേഖരണം തുടരാൻ അവർ പുറപ്പെട്ടു. വ്യവസായിയും കച്ചവടക്കാരനുമായ ചരൺദാസ് മേഘ്ജി, ഗൺപത് റാവു അഫ്സൽപുർക്കാർ, മഹാദേവ് ജി കാലേ തുടങ്ങിയ ഹിന്ദുത്വ രാഷ്ട്രീയ അനുഭാവികളെ അവർ സമീപിച്ച് ധനശേഖരണം നടത്തി. ദീക്ഷിത് മഹാരാജിനടുത്ത് പോയി റിവോൾവർ സംഘടിപ്പിക്കാനുള്ള വിഫലശ്രമവും അവർ നടത്തുകയുണ്ടായി. പക്ഷെ, അവരുടെ പ്രതീക്ഷകൾക്കപ്പുറമുള്ള ഒരു വിലയാണ് റിവോൾവറിന് ദീക്ഷിത് മഹാരാജ് ആവശ്യപ്പെട്ടത്.

ദാദറിലെ ഹിന്ദുമഹാസഭാ ഓഫീസിൽ വന്ന് ശങ്കർ കിസ്തയ്യയെ കൂടെ കൂട്ടുകയാണ് അടുത്തതായി മൂവർ സംഘം ചെയ്തത്. ബഡ്ഗെ കോടതിയിൽ നല്കിയ മൊഴിയനുസരിച്ച് അന്ന് വൈകീട്ട് ഡെൽഹിയിലേയ്ക്ക് പുറപ്പെടുന്നതിനാൽ താത്യാറാവുവിനെ (സവർക്കറെ) കണ്ട് അനുഗ്രഹം വാങ്ങിക്കാനായി അവർ പുറപ്പെട്ടു. സവർക്കർ സദൻ എത്തിയപ്പോൾ ശങ്കറിനെ ടാക്സിയിൽ തന്നെ ഇരുത്തിയ ശേഷം ബാക്കി മൂന്നുപേരും സവർക്കർ സദന് ഉള്ളിലേയ്ക്ക് പ്രവേശിച്ചു. ബഡ്ഗേ, സവർക്കർ സാധാരണയായി വിഹരിക്കുന്ന ഒന്നാം നിലയിലേയ്ക്ക് പോകാതെ താഴെനിലയിൽ കാത്തു നിന്നു. ആപ്തേയും ഗോഡ്സേയും മുകളിലേയ്ക്ക് പോയി.

ബഡ്ഗേയുടെ മൊഴിപ്രകാരം പത്തുമിനിറ്റ് കഴിഞ്ഞ് അവർ തിരികെയെത്തി. അവരുടെ കൂടെ സവർക്കറും വരുന്നത് താഴെനിലയിൽ നിന്ന് ബഡ്ഗേ കണ്ടു. സവർക്കർ ബഡ്ഗെയോട് തലയാട്ടുകയും മുകളിൽ നിന്നിറങ്ങാതെ തന്നെ തൻ്റെ അനുഗ്രഹം ആംഗ്യരൂപേണ നൽകുകയും ചെയ്തു. പുറത്തിറങ്ങിയപ്പോൾ ആവേശബാധിതനായ ആപ്തേ താത്യാറാവു ( സവർക്കർ ) തങ്ങളെ അനുഗ്രഹിച്ചെന്നും ” യശസ്വീ ഹോ യാ ” ( വിജയികളായി തിരിച്ചു വാ) എന്ന് ആശംസിക്കുകയും ചെയ്യുകയുണ്ടായെന്നും ബഡ്ഗെയോട് പറയുകയുണ്ടായി.

ആ നാലുപേരും  അതേ ടാക്സിയിൽ ജൂഹു വിമാനത്താവളത്തിലേയ്ക്ക് പുറപ്പെട്ടു. എന്നാൽ അവിടെ ചെന്നപ്പോൾ ആണ് അറിയുന്നത് അവരുടെ വിമാനം സാന്താക്രൂസ് വിമാനത്താവളത്തിൽ നിന്നാണ് പുറപ്പെടുന്നതെന്ന്. വഴിയിൽ വെച്ച് ആപ്തേ ബഡ്ഗെയോട് ഒന്നുകൂടി പറഞ്ഞു. ” ഗാന്ധിയുടെ നൂറ് വർഷങ്ങൾ അവസാനിക്കാൻ പോകുകയാണെന്ന് താത്യാറാവു പ്രവചിച്ചു. അതിനാൽ തങ്ങളുടെ ദൗത്യം വിജയിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട ” . വിമാനത്താവളത്തിൽ കയറും മുമ്പ് ആപ്തേ 350 രൂപ ബഡ്ഗേയ്ക്ക് നൽകി. സായാഹ്നത്തീവണ്ടിയിൽ ഡെൽഹിയിലേയ്ക്ക് ശങ്കറിനേയും കൂട്ടി പുറപ്പെടാൻ ബഡ്ഗേയോട് ആപ്തേ നിർദ്ദേശിച്ചു. ഡെൽഹി റെയിൽവേ സ്‌റ്റേഷനിൽ തങ്ങൾ കാത്തുനില്ക്കാമെന്നും, അത് സാധിച്ചില്ലെങ്കിൽ ഡെൽഹിയിലെ ഹിന്ദുമഹാസഭാ ഓഫീസിൽ വെച്ച് കാണാമെന്നും ആപ്തേ പറഞ്ഞു.

അഹമ്മദാബാദ് വഴി ഡെൽഹിക്ക് പുറപ്പെടുന്ന ആ വിമാനത്തിൽ ആപ്തേയുടേയും ഗോഡ്സേയുടേയും പരിചയക്കാരനായ, വൈഷ്ണവ പുഷ്ടി മാർഗ്ഗ് വിഭാഗക്കാരുടെ ആത്മീയാചാര്യനായ ദാദാ മഹാരാജ് ഉണ്ടായിരുന്നു. അഹമ്മദാബാദിൽ ഇറങ്ങുന്നതിന് മുമ്പ് അദ്ദേഹം അവരെ കാണുകയുണ്ടായി. ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ തീവ്രമാർഗ്ഗങ്ങളെ പിന്തുണച്ചിരുന്ന അദ്ദേഹം, പക്ഷെ, ആപ്തേയിൽ അസന്തുഷ്ടനാകാനുള്ള സംഭവവികാസങ്ങൾ നാം ചർച്ച ചെയ്യുകയുണ്ടായി. അവ മനസ്സിൽ വെച്ചാകണം ദാദാ മഹാരാജ് വിമാനമിറങ്ങുമ്പോൾ ആപ്തേയോട് പറഞ്ഞു. ” നിങ്ങൾ വലിയ കാര്യങ്ങൾ സംസാരിക്കും .എന്നാൽ ഒന്നും നടപ്പിലാക്കില്ല “. ആപ്തേ പറഞ്ഞു ” ഇപ്പോൾ ഞങ്ങൾ ഏർപ്പെട്ടിരിക്കുന്ന ദൗത്യം വിജയിക്കുമ്പോൾ, നിങ്ങൾക്ക് അത് മനസ്സിലാക്കാൻ പറ്റും “. വിമാനത്തിലെ ഈ കൂടിക്കാഴ്ചയാണ് പിൽക്കാലത്ത്, നിരവധി വ്യാജത്തെളിവുകൾ സൃഷ്ടിക്കാൻ ശ്രമിച്ചിട്ടും നാഥുറാമും ആപ്തേയും ഡെൽഹിയിൽ എത്തിയ മാർഗ്ഗത്തെക്കുറിച്ച് പോലീസിന് മനസ്സിലാക്കാൻ സഹായിച്ചത്.

സാന്താക്രൂസ് വിമാനത്താവളത്തിൽ നിന്ന് ബഡ്ഗെയും ശങ്കറും നേരെ കുർളയിലേക്കാണ് പോയത്. ബഡ്ഗെയ്ക്ക് അവിടെ ഒരു സുഹൃത്തിൽ നിന്നും കുറച്ച് തുക ശേഖരിക്കണമായിരുന്നു. അതിന് ശേഷം കുർള സബർബൻ സ്റ്റേഷനരികെ ബഡ്ഗെയും ശങ്കറും ഇറങ്ങി. ടാക്സിക്കൂലിയായ 55 രൂപ കൊടുത്ത് ബഡ്ഗെ ഡ്രൈവറോട് രശീതി ചോദിച്ചു. അക്കാലത്ത് 55 രൂപ ടാക്സി ചാർജ്ജ് ഒറ്റ സവാരിക്ക് ലഭിക്കുക എന്നത് അപൂർവ്വമായിരുന്നു. അതു കൊണ്ട് തന്നെ ഡ്രൈവർ കോട്ടിയൻ്റെ മനസ്സിൽ  ആ സവാരിയും സവാരിക്കാരും നിറഞ്ഞുനിന്നു. പിൽക്കാലത്ത് പോലീസിനോടും വിചാരണക്കോടതിക്ക് മുമ്പാകെയും ആ യാത്രയുടെ വിശദാംശങ്ങൾ കോട്ടിയൻ വിസ്തരിച്ച് പറയുകയുണ്ടായി.

ദാദറിലേയ്ക്ക് പോയ ബഡ്ഗേയും ശങ്കറും, ബഡ്ഗേയുടെ സുഹൃത്തായ നവാരേയുടെ സൽക്കാരം ഏറ്റുവാങ്ങി. ദാദർ പ്രദേശത്തെ കേൾവികേട്ട സസ്യാഹാര ഹോട്ടലായ ‘ആശ്ര ‘ യുടെ ഉടമസ്ഥനായിരുന്നു നവാരേ. ബഡ്ഗേയ്ക്കും ശങ്കറിനും വയറ് നിറച്ച് ആഹാരം നവാരേ നൽകി. കഴിഞ്ഞ ദിവസത്തെ ഓട്ടങ്ങളുടെ ക്ഷീണവും നിറഞ്ഞ വയറും ചേർന്ന് ബഡ്ഗെയേയും ശങ്കറിനേയും നിദ്രയിൽ ആഴ്ത്തി.  ഫ്രോണ്ടിയർ മെയിൽ ഡെൽഹിക്ക് പുറപ്പെട്ടിട്ടും അവർ ഉണർന്നില്ല.

50. തണുത്ത ഡെൽഹിയിൽ പക ജ്വലിപ്പിച്ച്
……………………………………………

1948 ജനുവരി 17 ഉച്ചയോടെ കർക്കരേയും പഹ് വയും ഡെൽഹിയിലെത്തി. ഡെൽഹി തണുത്തു കിടക്കുകയായിരുന്നു. ഡെൽഹിയുടെ രാഷ്ട്രീയ അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കാനുള്ള ഗ്രനേഡുകളും സ്ഫോടകവസ്തുക്കളും പഹ് വയുടെ കിടക്കച്ചുരുളിൽ ഭദ്രമായി ഇരുന്നിരുന്നു. തീവണ്ടിയിൽ വെച്ചു കിട്ടിയ അംച്ചേക്കറും ഇതൊന്നും അറിയാതെ അവരുടെ കൂടെ കൂടി.

ബോംബെയിൽ എന്ന പോലെ ഡെൽഹിയിലും ഗൂഢാലോചനയുടെ കേന്ദ്രം ഹിന്ദുമഹാസഭാ ഓഫീസ് ആയിരുന്നു. പൊതുവേ ഡെൽഹിയിലെ ഹിന്ദുത്വരാഷ്ട്രീയ ശക്തികൾ മ്ലാനാവസ്ഥയിൽ ആയിരുന്നു. ജീവിതത്തിൻ്റേയും മരണത്തിൻ്റേയും ഇടയിൽ പ്രവേശിച്ച് ഗാന്ധി നടത്തുന്ന സമരമുറ ഇന്ത്യയെ എളുപ്പത്തിൽ ഹിന്ദുസ്ഥാനാക്കാം എന്ന പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചിരുന്നു. വർഗ്ഗീയതയ്ക്ക് മേൽ ധാർമ്മികതയും ബഹുജനൈക്യത്തിന് വേണ്ടിയുള്ള ആഹ്വാനവും മേൽക്കൈ നേടാൻ തുടങ്ങിയിരുന്നു. ജവഹർലാൽ ഉൾപ്പെടെയുള്ള മന്ത്രിസഭാംഗങ്ങൾ അവരുടെ വസതികൾ പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികൾക്ക് തുറന്നുകൊടുത്തത് അവരുടെ ക്ലേശങ്ങൾക്ക് താത്ക്കാലികമായ അറുതി വരുത്തി. ഡെൽഹിയിലെ കൊളോണിയൽ ബംഗ്ലാവുകളും ഗാന്ധിയുടെ നിർദ്ദേശത്തെ തുടർന്ന് ഇതേ ആവശ്യങ്ങൾക്കായി തുറന്നു കൊടുത്തു.

കർക്കരേയും കൂട്ടരും ഹിന്ദുമഹാസഭാ ഓഫീസിൽ എത്തിയെങ്കിലും അവിടെ താമസ സൗകര്യം ലഭിച്ചില്ല. തുടർന്ന് അവർ ഒരു കുതിരവണ്ടി പിടിച്ച് പഴയ ദില്ലിയിലെ ചാന്ദ്നി ചൗക്ക് പ്രവിശ്യയിലേയ്ക്ക് നീങ്ങി. ഫത്തേഹ്പുരിയിലെ ഷെറീഫ് ഹോട്ടലിൽ മൂന്ന് കിടക്കകൾ ഉള്ള ഒരു മുറി (റൂം നമ്പർ 2 )അവരെടുത്തു. രജിസ്റ്ററിൽ കർക്കരേ ബി.എം .ബ്യാസ് എന്ന പേരാണ് എഴുതിച്ചേർത്തത്. ഹിന്ദിയിലാണ് പേരെഴുതിയത്. അതിനടിയിൽ തൻ്റെ പേർ എഴുതി ഒപ്പിടുമ്പോൾ ഇക്കാര്യം തൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല എന്ന് പിൽക്കാലത്ത് അംച്ചേക്കർ മൊഴി നൽകുകയുണ്ടായി. മദൻലാൽ പഹ് വ തൻ്റെ പേര് ഇംഗ്ലീഷിൽ എഴുതിച്ചേർത്ത ശേഷം ഒപ്പു വെച്ചു.

പഹ് വയേയും അംച്ചേക്കറേയും ഹോട്ടലിൽ ഇരുത്തി കർക്കരേ പുറത്തേയ്ക്ക് പോയി. അഭയാർത്ഥിക്കൂട്ടങ്ങളുടെ തലവന്മാരെ അന്വേഷിച്ചാണ് അവർ പോയതെന്ന് പറയപ്പെടുന്നു. എന്തായാലും അന്ന് വൈകീട്ട് പഹ് വ അംച്ചേക്കറേയും കൊണ്ട് തൻ്റെ അഭയാർത്ഥി ബന്ധുക്കളെ കാണാൻ പോയി. അവർ പഹ് വയ്ക്ക് ഒരു വധുവിനെ അന്വേഷിക്കുന്നുണ്ടായിരുന്നു. ശെവന്തിയുമായി തനിക്കുള്ള ബന്ധം ബന്ധുക്കളോട് പഹ് വ വെളിപ്പെടുത്തിയിരുന്നില്ല എന്ന് വേണം കരുതാൻ. അല്ലെങ്കിൽ ആ ബന്ധം പഹ് വയെ സംബന്ധിച്ചിടത്തോളം താത്ക്കാലികമായ ഒന്ന് മാത്രമായിരുന്നു. വധുവിനെ നേരിൽ കാണാനാണ് താൻ പോയതെന്ന് പഹ് വയുടെ മൊഴി പറയുന്നുണ്ട്.

പോകും വഴിക്ക് ജയപ്രകാശ് നാരായൺ അഭിസംബോധന ചെയ്യുന്ന ഒരു പൊതു സമ്മേളനം നടന്നുകൊണ്ടിരിക്കുകയായിരുന്നു. അഹ്മദ് നഗറിൽ റാവു പടവർദ്ധൻ്റെ സമ്മേളനം കലക്കിയ ഓർമ്മയിൽ, ഇതും തടസ്സപ്പെടുത്താൻ പഹ് വ ശ്രമിച്ചു. പഹ് വയുടെ ഇടപെടലിൽ പരിഭ്രാന്തനായ അംച്ചേക്കർ ഹോട്ടലിലേയ്ക്ക് തന്നെ മടങ്ങി. യോഗം കലക്കാൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്യാനെത്തിയ  പോലീസുകാരെ കബളിപ്പിച്ച് ജനക്കൂട്ടത്തിലൂടെ ഊളയിട്ട് പഹ് വ തൻ്റെ ബന്ധുക്കളുടെ അടുത്തേയ്ക്ക് പോയി; കർക്കരേ തിരിച്ചു വരാത്തതിനാൽ.

1948 ജനുവരി 17 ന് വൈകീട്ട് ഡെൽഹിയിൽ വിമാനമിറങ്ങിയ ആപ്തേയും ഗോഡ്സേയും കൊണാട്ട് പ്ലേസിലെ മറീന ഹോട്ടലിൽ മൂന്നാം നിലയിലുള്ള നാല്പതാം നമ്പർ മുറി വാടകക്കെടുത്തു. ഹോട്ടൽ രജിസ്റ്ററിൽ അവർ നൽകിയ പേരുകൾ എം. ദേശ്പാണ്ഡേ എന്നും എസ്. ദേശ്പാണ്ഡേ എന്നും ആണ്. കെ എൽ ഗൗബയുടെ “മഹാത്മാഗാന്ധിയുടെ കൊലപാതകം” (The Assasination of Mahathma Gandhi) എന്ന പുസ്തകത്തിൽ മറീന ഹോട്ടലിലെ മുപ്പത്തി ഒമ്പതാം നമ്പർ മുറിയിൽ ഗോഡ്സേയും ആപ്തേയും കൊലയുടെ ഗൂഢാലോചനാ കേന്ദ്രങ്ങളുമായി രഹസ്യയോഗം കൂടിയതായി ആരോപിക്കുന്നുണ്ട്. പോലീസ് റിപ്പോർട്ടിലോ കോടതി നടപടികളിലോ ഇക്കാര്യം കാണുന്നില്ല. രഹസ്യകേന്ദ്രമാണ് തനിക്കിതിനെ കുറിച്ച് അറിവു തന്നതെന്നും അത് മറീന ഹോട്ടൽ ഉടമ സ്ഥിരീകരിച്ചെന്നും ഗൗബ പറയുന്നുണ്ട്.


പോലീസ് റിപ്പോർട്ടും മറ്റ് രേഖകളും വഴി നമുക്ക് മനസ്സിലാകുന്നത് മറീന ഹോട്ടലിൽ നിന്നും അവർ കർക്കരേയെ കാണാൻ ഹിന്ദുമഹാസഭാ ഓഫീസിൽ പോയി എന്നാണ്. അവർ കർക്കരേയും കൊണ്ട് മറീന ഹോട്ടലിൽ തിരിച്ചെത്തി എന്നാണ്. കർക്കരെ റൂം സർവ്വീസിൽ വിളിച്ച് വിസ്കി വരുത്തിച്ചതായി അവരുടെ മദ്യ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഗോഡ്സേയ്ക്കും ആപ്തേയ്ക്കുമൊപ്പം ഡിന്നർ കഴിച്ച ശേഷം കർക്കരേ തിരിച്ചു പോയി. നേരത്തെ പറഞ്ഞ പോലെ ഷെറീഫ് ഹോട്ടലിലേയ്ക്കല്ല കർക്കരേ തിരിച്ചത്. തലസ്ഥാന നഗരിയിലെ ഒരു ഹിന്ദുമഹാസഭാ അനുയായിയായ, സ്വാധീനശക്തിയും സമ്പത്തുമുള്ള ഒരാളുടെ അടുത്തേക്കാണ്. അന്ന് രാത്രി അദ്ദേഹം തങ്ങിയത് അവിടെയായിരുന്നു.

1948 ജനുവരി 18 രാവിലെ 2.30 ന് ബോംബെയിലെ വിക്ടോറിയ ടെർമിനസിൽ നിന്നും പഞ്ചാബ് മെയിലിൽ കയറി ബഡ്ഗെയും ശങ്കറും ഡെൽഹിയിലേയ്ക്ക് പുറപ്പെട്ടു. ഗോപാൽ ഗോഡ്സെയും ഡെൽഹിക്ക് പുറപ്പെട്ടിരുന്നു.

അന്നു രാവിലെ കർക്കരേയും ആപ്തേയും ഗോഡ്സേയും ഒന്നിച്ചാണ് പ്രാതൽ കഴിച്ചത്. അതിന് ശേഷം അവർ ഒരു കുതിരവണ്ടി പിടിച്ച് ആൽബുക്കർക്ക് റോഡിലെ ബിർളാഹൗസിലേയ്ക്ക് പുറപ്പെട്ടു. ഗാന്ധി പ്രാർത്ഥനാ സമ്മേളനത്തിൽ ഉപവിഷ്ടനാകുന്ന ഇടത്തിന് നേരെ പുറകിലുള്ള വേലക്കാരുടെ താമസസ്ഥലം അവരുടെ ശ്രദ്ധയാകർഷിച്ചു. അവയ്ക്ക് ഗാന്ധിയുടെ പ്രാർത്ഥനാ സമ്മേളനത്തിലേയ്ക്ക് തുറന്നിരിക്കുന്ന കിളിവാതിലുകൾ ഉണ്ടെന്നതായിരുന്നു ആ ആകർഷണത്തിന് നിദാനം. അവയ്ക്ക് കല്ലുകൊണ്ട് കെട്ടിയ മറവുകൾ ഉണ്ടായിരുന്നെങ്കിലും അവയ്ക്കിടയിൽ ആവശ്യത്തിന് വലിപ്പമുള്ള ദ്വാരങ്ങൾ ഉണ്ടായിരുന്നു.

അന്ന് വൈകീട്ട് അഞ്ചുമണിക്ക് ഗാന്ധിയുടെ പ്രാർത്ഥനാ സമ്മേളനത്തിൽ അവർ പങ്കെടുത്തിരുന്നു. ഗാന്ധി നിരാഹാരം പിൻവലിച്ചിരുന്നു. ഇത്തവണ അവർ കുറച്ചു കൂടി വിശദമായി സ്ഥലപരിശോധന നടത്തി. ഗാന്ധിയുടെ ഇരിപ്പിടത്തിന് നേരെ പുറകിൽ പത്തടി അകലത്തിൽ വേലക്കാരുടെ താമസസ്ഥലത്തെ ഒരു കിളിവാതിൽ ഉണ്ടെന്ന് കണ്ട് അവർ സന്തോഷിച്ചു. അതിനുള്ളിൽ ഒരാൾക്ക് കയറാൻ പറ്റിയാൽ കിളിവാതിൽ ദ്വാരത്തിലൂടെ തോക്ക് നീട്ടി ഒരാൾക്ക് വെടി പൊട്ടിക്കാം. വേണമെങ്കിൽ ഗ്രനേഡ് പോലും എറിയാം.

അങ്ങനെ തങ്ങളുടെ പദ്ധതിയെക്കുറിച്ചുള്ള തീരുമാനത്തിന് ശേഷം അവർ സ്‌റ്റേഷനിലേക്ക് പുറപ്പെട്ടു. ബഡ്ഗേയും ശങ്കറും ഫ്രോണ്ടിയർ മെയിലിലും ഗോപാൽ പഞ്ചാബ് മെയിലിലും എത്തുമെന്നായിരുന്നു ധാരണ. രണ്ട് തീവണ്ടികളും ഒരു മണിക്കൂർ ഇടവേളയിൽ ഡെൽഹിയിൽ എത്തും എന്നതിനാൽ മൂന്ന് പേരെയും കൂട്ടി തിരിച്ചു വരാമെന്നായിരുന്നു അവരുടെ പദ്ധതി. പക്ഷെ, ആരെയും കണ്ടുകിട്ടിയില്ല. ബഡ്ഗേയും ശങ്കറും സൽക്കാരത്തിൽ മയങ്ങി ട്രെയിൻ നഷ്ടമാക്കിയത് അവർ അറിഞ്ഞിരുന്നില്ല. ഗോപാലാകട്ടെ, വണ്ടി പ്ലാറ്റ്ഫോമിലേയ്ക്ക് പ്രവേശിച്ച ഉടൻ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി. തൻ്റെ കൈയ്യിലുള്ള റിവോൾവർ പിടിക്കപ്പെടാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് അയാൾ അങ്ങനെ ചെയ്തത് .

ആരെയും കണ്ടെത്താത്ത അനിശ്ചിതത്വത്തിൽ മൂന്നുപേരും മറീന ഹോട്ടലിലേയ്ക്ക് മടങ്ങിപ്പോയി. നാഥുറാം തൻ്റെ പ്രിയപ്പെട്ട പാനീയമായ കാപ്പി ഓർഡർ ചെയ്തു. കർക്കരേയും ആപ്തേയും വിസ്കിയും. മദ്യ രജിസ്റ്ററിൽ അവരുടെ പേര് രണ്ടാമതും രേഖപ്പെടുത്തപ്പെട്ടു.

ഡെൽഹിയിലെ മഞ്ഞുമഴയിൽ നീങ്ങാനാകാതെ ഗോപാൽ പ്ലാറ്റ്ഫോമിൽ തന്നെ ഉറങ്ങാൻ നിശ്ചയിച്ചു. നൂറുകണക്കിന് അഭയാർത്ഥികൾക്കിടയിൽ അയാളും കിടന്നു.

1948 മാർച്ച് 19 ന് ഗാന്ധി നൂൽ നൂൽക്കുന്നത് പുനരാരംഭിച്ചു. തലേന്നാൾ ജവഹർലാൽ ഉപവാസം പിൻവലിക്കുന്നതിന് മുമ്പേ ഗാന്ധിയെ സന്ദർശിച്ചിരുന്നു. ഗാന്ധിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് താനും കഴിഞ്ഞ രണ്ടു നാളുകളായി ഉപവസിക്കുന്ന വിവരം അപ്പോൾ ജവഹർലാൽ ഗാന്ധിയോട് വെളിപ്പെടുത്തി. നെഹ്റു പോയതിന് ശേഷം ഒരു ചെറിയ കുറിപ്പ് ഗാന്ധി അദ്ദേഹത്തിന് കൊടുത്തയച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു. ” താങ്കളുടെ ഉപവാസം പിൻവലിക്കുക. ദീർഘകാലം ജീവിച്ച് ഇന്ത്യയുടെ ജവഹർ ( രത്നം ) ആയി തിളങ്ങുക. ബാപ്പുവിൻ്റെ ആശംസകൾ

ഇങ്ങനെ ഒരിടത്ത് ലോക ബന്ധങ്ങളിൽ സ്നേഹം നൂറ്റുകൊണ്ടിരിക്കുമ്പോൾ മറുവശത്ത് വെറുപ്പ്  അതിൻ്റെ ഔന്നത്യങ്ങളിലേയ്ക്ക് ഉയരുകയായിരുന്നു.  ഹിന്ദുമഹാസഭായുടെ സെക്രട്ടറിയായിരുന്ന അശുതോഷ് ലാഹിരി, ഡെൽഹി ഓഫീസിൽ അസ്വസ്ഥനായാണ് ഇരുന്നിരുന്നത്. തലേന്ന് ഗാന്ധിയുടെ ഉപവാസം പിൻവലിക്കാനുള്ള നിബന്ധനകളിൽ ഹിന്ദുമഹാസഭയുടേയും ആർ എസ് എസിൻ്റേയും പ്രതിനിധികൾ ഒപ്പിടാൻ നിർബന്ധിതർ ആയിരുന്നു. എന്നാൽ അണികൾ അതിനെ കീഴടങ്ങലായി കരുതി. തങ്ങളെ പ്രകോപിപ്പിച്ച് ഗാന്ധിക്കെതിരെ തിരിച്ചു വിട്ട അതേ നേതൃത്വം ആണ് ഗാന്ധിക്ക് മുന്നിൽ കീഴടങ്ങിയത്.അതോടെ അവർ നേതൃത്വത്തിന് നേരെ തിരിഞ്ഞു. അതോടെ പ്രതിസന്ധി ഘട്ടങ്ങളിൽ ഹിന്ദുത്വ രാഷ്ട്രീയം എക്കാലത്തും ഉപയോഗിച്ചിരുന്ന സത്യാനന്തരത ഒരിക്കൽ കൂടി ഉപയോഗിക്കാൻ അവർ തീരുമാനിച്ചു. ഗാന്ധിയുടെ നിബന്ധനകളിൽ ഹിന്ദുമഹാസഭയുടെ ആരും ഒപ്പിട്ടിട്ടില്ലെന്ന് അശുതോഷ് ലാഹിരി ഒരു പ്രസ്താവന എഴുതിയുണ്ടാക്കി. അത് പത്രങ്ങൾക്ക് കൊടുക്കാൻ എടുത്തുവെച്ചു. അന്നേരം ഹിന്ദുമഹാസഭാ കാര്യാലയത്തിൽ ഉണ്ടായിരുന്ന ആപ്തേയ്ക്കും ഗോഡ്സേയ്ക്കും വായിക്കാൻ കൊടുത്തു. കർക്കരെയും കൂടെയുണ്ടായിരുന്നു. ഗാന്ധിവധത്തിൻ്റെ പദ്ധതികളിൽ മനസ്സർപ്പിച്ചിരിക്കുന്ന ഗോഡ്സേ അത് വേണ്ടത്ര ശ്രദ്ധയോടെ വായിച്ചില്ല. പകരം അശുതോഷ് ലാഹിരിയുടെ പ്രസ്താവന മടക്കി തൻ്റെ കീശയിൽ വെച്ചു. ഹോട്ടൽ മുറിയിൽ തിരിച്ചെത്തിയ ശേഷമാണ് പ്രസ്താവന വ്യക്തമായി വായിക്കാൻ ഗോഡ്സേയ്ക്ക് കഴിഞ്ഞത്. വായിച്ച ശേഷം അദ്ദേഹം അത് മേശവലിപ്പിലിട്ടു. ഡെൽഹിയിൽ നിന്ന് പോകുമ്പോൾ, താൻ അത് എടുക്കാൻ മറക്കുമെന്നും, അങ്ങനെ അത്  പോലീസിൻ്റെ കൈയ്യിലെത്തുമെന്നും തങ്ങളുടെ ഹിന്ദുമഹാസഭാ ബന്ധം ആദ്യമായി വെളിപ്പെടുത്തുന്ന തെളിവുശകലമായി അത് മാറുമെന്നും അന്നേരം ഗോഡ്സേ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
മാത്രമല്ല, അശുതോഷ് ലാഹിരി ക്ക് അത്രമേൽ പരിചിതനായിരുന്നു ഗോഡ്സേ എന്നത്, തൻ്റെ പ്രസ്താവനയുടെ കരട് അദ്ദേഹത്തിന് വായിക്കാൻ കൊടുത്തതിൽ നിന്ന് തന്നെ വ്യക്തമാണ്. ആപ്തേ അദ്ദേഹത്തോട് ബോംബെയ്ക്ക് ഒരു ട്രങ്ക് കോൾ ബുക്ക് ചെയ്തു. പതിനഞ്ച് രൂപ അതിൻ്റെ ചെലവിലേക്കായി കെട്ടിവെയ്ക്കുകയും ചെയ്തു. ബോംബെയിലുള്ള 6020 എന്ന നമ്പറിലേയ്ക്കാണ് ആപ്തേ വിളിക്കാൻ ശ്രമിച്ചത്. അത് ശിവാജി പാർക്കിലെ സവർക്കർ സദൻ്റെ ഫോൺ നമ്പർ ആയിരുന്നു.

ആപ്തേ ആവശ്യപ്പെട്ടത് സവർക്കറുടെ സെക്രട്ടറിയായിരുന്ന വിഷ്ണു ഡാംലേയോടോ സുരക്ഷാ ചുമതലയുള്ള അപ്പാ രാമചന്ദ്ര കസാറിനോടോ സംസാരിക്കാനാണ്. പക്ഷെ, രണ്ടുപേരെയും കിട്ടാത്തതിനാൽ ആപ്തേയെ സംബന്ധിച്ചിടത്തോളം ആ വിളിശ്രമം വ്യർത്ഥമായി. പക്ഷെ, പിൽക്കാലത്ത് പോലീസ് ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം അത് അവഗണിക്കാനാകാത്ത ഒരു തെളിവായി മാറുകയുണ്ടായി. തങ്ങളുടെ ദൗത്യത്തിൻ്റെ പുരോഗതി ‘താത്യാറാവു’വിനെ അറിയിക്കാനോ, അതുമല്ലെങ്കിൽ ഇതുവരെ എത്തിച്ചേരാത്ത ഗോപാൽ ഗോഡ്സേയും ബഡ്ഗേയും സവർക്കർ സദനിൽ എന്തെങ്കിലും സന്ദേശം തങ്ങൾക്കായി ഏല്പിച്ചിട്ടുണ്ടോ എന്നറിയാനോ വേണ്ടിയായിരുന്നു ആ ട്രങ്ക് കോൾ എന്ന് പോലീസ് പിൽക്കാലത്ത് അനുമാനിച്ചു. അക്കാലത്ത് കൈകൊണ്ട് പ്രവർത്തിക്കുന്ന യാന്ത്രിക സംവിധാനം വഴിയാണ് വിദൂരടെലിഫോൺ വിളികൾ സാധ്യമായിരുന്നത് എന്നതിനാൽ 1948 ജനുവരി 19 ന് രാവിലെ 11.30ന് ഡെൽഹി ഹിന്ദുമഹാസഭാ ഓഫീസിൽ നിന്ന് ബോംബെയിലെ സവർക്കർ സദനിലേയ്ക്ക് പോയ വിഫലമായ ടെലിഫോൺ വിളിയെ സാക്ഷ്യപ്പെടുത്താൻ രണ്ട് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. ഡെൽഹി ടെലഫോൺ എക്സ്ചേഞ്ചിലെ കുൽവന്ത് കൗറും ബോംബെ എക്സ്ചേഞ്ചിലെ ജി ഫർണ്ണസും. രണ്ടു പേരും ഓപ്പറേറ്റർമാരായി ജോലി ചെയ്ത് വരികയായിരുന്നു. ട്രങ്ക് കോളുകൾ അപൂർവ്വമായ അന്ന് ആ വിളി ഓർമ്മിച്ചെടുക്കാൻ അവർക്ക് അധികം പണിപ്പെടേണ്ടി വന്നില്ല.

എന്തായാലും കർക്കരേ പെട്ടെന്ന് ഹിന്ദുമഹാസഭയുടെ വാതിലിൽ പ്രത്യക്ഷപ്പെട്ട രൂപത്തെ അവിടെ നിൽക്കുകയായിരുന്ന കർക്കരേ തിരിച്ചറിഞ്ഞു. “ഹേ കേ ഗോപാൽ ആലാ ” ( ഇതാ ഗോപാൽ വന്നു ) എന്ന് മറാത്തിയിൽ കർക്കരേ വിളിച്ചു പറഞ്ഞു. നാഥുറാം അനുജനോട് ” എല്ലാം കൈയ്യിലില്ലേ ” എന്ന് അന്വേഷിച്ചു. സ്ഥിരീകരിച്ചുകൊണ്ട് ഗോപാൽ ഉത്തരം നൽകി. ഗോപാൽ, കർക്കരെയുടെ കൂടെ ഷെറീഫ് ഹോട്ടലിൽ പോയി. അവിടെ തൻ്റെ ‘പെണ്ണുകാണൽ ‘ ചടങ്ങ് കഴിഞ്ഞ് പഹ് വ തിരിച്ചെത്തിയിരുന്നു. അംച്ചേക്കറിന് ഗോപാലിനെ കർക്കരെ പരിചയപ്പെടുത്തിക്കൊടുത്തില്ല. മദൻലാൽ പഹ് വയുടെ വിവാഹം ഉറപ്പിക്കുന്നതിനായി, പഹ് വയുടെ കുടുംബം താമസിക്കുന്ന ജലന്ധറിലേയ്ക്ക് ഇന്ന് തങ്ങൾ പുറപ്പെടുമെന്നും അതിനാൽ ഹോട്ടൽ മുറി ഒഴിഞ്ഞു കൊടുക്കണമെന്നും കർക്കരേ അംച്ചേക്കറോട് പറഞ്ഞു. വിഭജനത്തെ തുടർന്നുള്ള ഉദ്യോഗസ്ഥരുടെ കൈമാറ്റം രജിസ്റ്റർ ചെയ്യുന്ന ഗവണ്മെൻ്റ് ട്രാൻസ്ഫർ ബ്യൂറോയിൽ അംച്ചേക്കർ ഇതിനകം തന്നെ പേര് രജിസ്റ്റർ ചെയ്തിരുന്നു. ഡെൽഹിയിൽ തൻ്റെ ഉദ്ദേശ്യം കഴിഞ്ഞതിനാൽ ബോംബെയിലേയ്ക്ക് മടങ്ങാൻ അംച്ചേക്കറും തയ്യാറെടുക്കുകയായിരുന്നു. കർക്കരേയോട് നന്ദി പറഞ്ഞ് അംച്ചേക്കർ പിരിഞ്ഞു. ദൗത്യസംഘത്തിൽ അറിയാതെ വന്നുപെട്ട ആ അതിഥി കഥാപാത്രത്തിൻ്റെ റോൾ പിന്നീട് പോലീസിലും കോടതിയിലും ആണ് തുടർന്നത്. കർക്കരേയും പഹ് വയും ഗൂഢാലോചനയുടെ ആസ്ഥാനമായ ഹിന്ദുമഹാസഭയുടെ ഓഫീസിലേയ്ക്കും നീങ്ങി.

അന്ന് അപരാഹ്നത്തിൽ കർക്കരേയും ആപ്തേയും തങ്ങളുടെ പ്രയോഗം കുറ്റമറ്റതാക്കാനുള്ള അന്തിമ പദ്ധതി ആവിഷ്ക്കരിക്കാൻ  വീണ്ടും ബിർളാ ഹൗസിലേയ്ക്ക് പോയി. വേലക്കാരുടെ താമസസ്ഥലത്ത് കയറിക്കൂടാൻ ഉള്ള വഴി തേടുകയായിരുന്നു പ്രധാന ലക്ഷ്യം . അവിടെ വെച്ച് അവർ അന്തിമ പദ്ധതിക്ക് രൂപം നൽകി. ആയുധങ്ങൾ കടത്തുമ്പോൾ നാം നടത്താറുള്ള വേഷം മാറലുകളെ കുറിച്ച് വാചാലനായിരുന്ന ബഡ്ഗേയെ കേന്ദ്രകഥാപാത്രമായി ഉപയോഗിക്കാൻ അവർ തീരുമാനിച്ചു. തങ്ങൾ, ഈ പദ്ധതിക്ക് നേതൃത്വം വഹിക്കുന്നവർ, സുരക്ഷിതമായി രക്ഷപ്പെടണം എന്ന തന്ത്രവും ഇതിന് പിന്നിൽ ഉണ്ടായിരുന്നു എന്ന് വേണം വിചാരിക്കാൻ. ബഡ്ഗെയെ ഫോട്ടോഗ്രാഫറുടെ വേഷം കെട്ടിച്ച് വേലക്കാരുടെ താമസസ്ഥലത്തേയ്ക്ക് കയറ്റിവിടുക. പ്രാർത്ഥനാ സമ്മേളനത്തിൽ ഗാന്ധിയുടെ പിൻഭാഗത്തു നിന്നുള്ള ഫോട്ടോ എടുക്കുവാനെന്ന മട്ടിൽ. ബാക്കിയുള്ളവരിൽ ആരെങ്കിലും ഗൺകോട്ടൺ സ്ലാബ് പൊട്ടിച്ച് ജനക്കൂട്ടത്തിൽ അസ്വസ്ഥതയുണ്ടാക്കി ശ്രദ്ധ തിരിക്കുക. ആ ആനുകൂല്യം വിനിയോഗിച്ച് വേലക്കാരുടെ താമസസ്ഥലത്തെ കിളിവാതിലിലൂടെ ബഡ്ഗെ ഗാന്ധിയെ വെടി വെയ്ക്കുക. അതിന് പിന്നാലെ ഗ്രനേഡ് എറിയുക. ഗാന്ധിയുടെ മുന്നിൽ അർദ്ധവൃത്താകൃതിയിൽ പലയിടത്തായി മറ്റുള്ളവർ സ്വയം വിന്യസിച്ചു കൊണ്ട് ജനക്കൂട്ടത്തിലേയ്ക്ക് ഗ്രനേഡുകൾ എറിയുക. അന്നേരം കിസ്തയ്യ മുന്നിൽ നിന്ന് ഗാന്ധിയെ വെടിവെയ്ക്കുക. ആപ്തേയും ഗോഡ്സേയും മുഴുവൻ പദ്ധതിയുടേയും നിയന്ത്രാക്കളായി വർത്തിക്കുക എന്ന മട്ടിലാണ് കാര്യങ്ങൾ ആവിഷ്ക്കരിച്ചത്. അതായത് അബ്രാഹ്മണരും ഹിന്ദുമഹാസഭയുടേയും ഹിന്ദുത്വ സംഘടനകളുടേയും നേതൃത്വത്തിൽ ഇല്ലാത്തവരുമായ ബഡ്ഗെ, കിസ്തയ്യ, പഹ് വ എന്നിവരെയാണ് ഗാന്ധിയുടെ കൊലയ്ക്ക് നിയോഗിച്ചത്. ധീരേന്ദ്ര കെ ഝാ പറയുന്നത് പഹ് വയെ ആണ് ഗാന്ധിയെ വെടിവെച്ചു കൊല്ലാനുള്ള നിയോഗം ആദ്യം ഏല്പിച്ചത്. അഭയാർത്ഥി എന്ന പഹ് വയുടെ സാമൂഹ്യ പദവി മുൻ നിർത്തി അതിനെ തന്ത്രപൂർവ്വം ഉപയോഗിക്കുക എന്ന ലക്ഷ്യമാണ് അതിന് പിന്നിൽ ഉണ്ടായിരുന്നത്. തുടക്കം മുതൽ കർക്കരേയോടുള്ള പഹ് വയുടെ വിധേയത്വം മുൻ നിർത്തി അങ്ങനെയൊരു ലക്ഷ്യം മുന്നിൽ കണ്ടാണ് ആപ്തേയും ഗോഡ്സേയും അങ്ങനെ ഒരു പദ്ധതി ആവിഷ്ക്കരിച്ചത് .എന്നാൽ പഹ് വ, കർക്കരേയോടുള്ള തൻ്റെ വിധേയത്വം മാറ്റിനിർത്തിക്കൊണ്ടു തന്നെ അത് ഏറ്റെടുക്കാൻ വിസമ്മതിക്കുകയാണുണ്ടായത് എന്ന് ധീരേന്ദ്ര കെ ഝാ, പഹ് വ നൽകിയ മൊഴി ഉദാഹരിച്ച് പറയുന്നു.

ബിർളഹൗസിലെ വേലക്കാരനായ ഛോട്ടുറാമിനെ സ്വാധീനിച്ചത് കർക്കരെ ആണ്. ഛോട്ടുറാമിൻ്റെ ക്വാർട്ടറിനുള്ളിലായിരുന്നു, പ്രാർത്ഥനാ സമ്മേളനത്തിൻ്റെ സമയത്ത് ഗാന്ധി ഉപവിഷ്ടനാകുന്ന ഇടത്തിന് നേരെ പുറകുവശത്തുള്ള കിളിവാതിൽ .പത്തു രൂപാ വാഗ്ദാനം ചെയ്താണ് കർക്കരേ ഛോട്ടുറാമിനെ വശത്താക്കിയത്. ഹെൻറി കാർട്ടിയർ ബ്രെസ്സണെപ്പോലുള്ള ലോക പ്രശസ്ത ഫോട്ടോഗ്രാഫർമാർ നിലംപറ്റിക്കിടന്നും മരത്തിൽ കയറിയും ബിർള ഹൗസിൽ വെച്ച് ഗാന്ധിയെ തങ്ങളുടെ ക്യാമറയുടെ ലക്ഷ്യമാക്കി പ്രതിഷ്ഠിക്കുന്നത് ഛോട്ടുറാം കണ്ടിരുന്നു. അതിനാൽ പ്രാർത്ഥനാ സമ്മേളനത്തിലിരിക്കുന്ന ഗാന്ധിയുടെ പിൻഭാഗം ഫോട്ടോ എടുക്കണമെന്ന് ഒരാൾ ആഗ്രഹിച്ചതിൽ ഛോട്ടുറാം അപാകതയൊന്നും ദർശിച്ചില്ല. ഷൂട്ട് എന്നത് കൊണ്ട് അവർ കരുതിയത് ഗാന്ധിയുടെ തലയിലേയ്ക്ക് വെടിയുണ്ട തുളച്ചു കയറ്റുക ആയിരുന്നുവെന്ന് ഛോട്ടുറാമിന് ചിന്തിക്കാനേ കഴിയുമായിരുന്നില്ല.

പക്ഷെ, ബഡ്ഗെയും കിസ്തയ്യയും എത്തിയിട്ടില്ലായിരുന്നു. അന്ന് വൈകീട്ടും ബോംബെയിൽ നിന്നും വരുന്ന വണ്ടി നോക്കി ആപ്തേയും ഗോഡ്സേയും കർക്കരേയും, ഗാന്ധിവധം നടപ്പാക്കാൻ നിയോഗിക്കപ്പെട്ട സൂത്രധാരത്രയം, ഡെൽഹി സ്‌റ്റേഷനിൽ എത്തി. ജനക്കൂട്ടത്തിൽ എവിടെ കണ്ടാലും തിരിച്ചറിയാവുന്ന ബഡ്ഗെയുടെ രൂപത്തെ അവർ പേർത്തും പേർത്തും തെരഞ്ഞു. കാണാതെ നിരാശരായി അവർ മടങ്ങി. 1948 ജനുവരി 20 എന്ന പിറ്റേ ദിവസമാണ് ഗാന്ധിയുടെ അവസാന ദിനമായി അവർ തങ്ങളുടെ പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നത്. എന്നാൽ ഹിന്ദുമഹാസഭ ഓഫീസിൽ തിരിച്ചെത്തിയ അവർക്ക് അനല്പമായ സന്തോഷം വിതറിക്കൊണ്ട് ബഡ്ഗെ അവിടെ ഇരിപ്പുണ്ടായിരുന്നു. പഹ് വയോട് കുശലം പറഞ്ഞു കൊണ്ട്. ഒപ്പം ശങ്കർ കിസ്തയ്യയും.

1948 ജനുവരി 20 ന് ഡെൽഹി വിറങ്ങലിച്ചു കിടക്കുകയായിരുന്നു. അന്ന് രാവിലെ മറീന ഹോട്ടലിലെ റൂം നമ്പർ 40 ൽ നിന്ന് അലക്കുകാരൻ 10 വസ്ത്രങ്ങൾ കഴുകാനും ഇസ്തിരിയിടാനുമായി ശേഖരിച്ചു. രാവിലെ ആ താമസക്കാർ, ആപ്തേയും ഗോഡ്സേയും അവിടെ നിന്ന് തന്നെ പ്രാതൽ കഴിച്ചു. അതിന് ശേഷം ആപ്തേ നേരെ ഹിന്ദുമഹാസഭാ ഓഫീസിലേയ്ക്ക് പുറപ്പെട്ടു. അവിടെ നിന്നും ബഡ്ഗേയേയും  കിസ്തയ്യയേയും കൂട്ടി ബിർളാഹൗസിലേയ്ക്ക് പുറപ്പെട്ടു. അവർക്ക് രണ്ട് പേർക്കും ബിർളഹൗസിലെ സംവിധാനങ്ങൾ പരിചയപ്പെടുത്താൻ വേണ്ടി. ഇത്തവണ, പതിവിന് വിരുദ്ധമായി ബിർളാഹൗസിൻ്റെ കവാടത്തിൽ കാവൽക്കാരനുണ്ടായിരുന്നു. തങ്ങൾ, പ്രവേശന കവാടത്തിൽ തടയപ്പെട്ടപ്പോൾ, ആപ്തേ തൻ്റെ നാവിൻ്റെ കല പുറത്തെടുത്തു. ഗാന്ധിയുടെ ഒരു സെക്രട്ടറിയെ കാണാനാണ് വന്നതെന്ന് ആപ്തേ അയാളോട് പറഞ്ഞു. ഒരു കടലാസുതുണ്ടിൽ സെക്രട്ടറിയുടെ പേര് എഴുതിക്കൊടുക്കുകയും ചെയ്തു. ആ തുണ്ടുമായി കാവൽക്കാരൻ ഉള്ളിലേയ്ക്ക് പോയപ്പോൾ  അവർക്കെതിരെ ആജാനുബാഹു ആയ ഒരു മനുഷ്യൻ ബിർള ഹൗസിൽ നിന്നും പുറത്തേയ്ക്ക് വരുന്നുണ്ടായിരുന്നു. ” ഷഹീദ് സുഹ്രവർദ്ദി ” അയാളെ സൂചിപ്പിച്ച് ആപ്തേ ബഡ്ഗെയോട് പറഞ്ഞു. പ്രാർത്ഥനാ സമ്മേളനത്തിൽ അദ്ദേഹം ഗാന്ധിക്കൊപ്പം ഇരിക്കുകയാണെങ്കിൽ ഒരു വെടിയുണ്ട അദ്ദേഹത്തിന് വേണ്ടിയും ചെലവഴിക്കണമെന്ന് ആപ്തേ ബഡ്ഗേയോട് ആവശ്യപ്പെട്ടു. താത്യാറാവുവിൻ്റെ കല്പന അതാണെന്ന് ആപ്തേ തങ്ങളെ ഓർമ്മിപ്പിച്ചതായി പിന്നീട് ബഡ്ഗേ പോലീസിനോട് പറഞ്ഞു. കാവൽക്കാരൻ തിരിച്ചു വന്ന് തങ്ങളെ ബിർളഹൗസിനുള്ളിലേയ്ക്ക് പ്രവേശിപ്പിച്ചുവെന്നും.

പ്രാർത്ഥനാ മൈതാനത്തേയ്ക്ക് പ്രവേശിച്ച ബഡ്ഗേയ്ക്ക് ഗാന്ധി ഉപവിഷ്ടനാകുന്ന ഇടം ആപ്തേ കാണിച്ചു കൊടുത്തു. അതോടൊപ്പം വേലക്കാരുടെ താമസസ്ഥലത്തെ കിളിവാതിലും. ഛോട്ടുറാമിനെ സ്വാധീനിച്ച് അതിനുള്ളിൽ പ്രവേശിക്കാനുള്ള അനുമതി കരസ്ഥമാക്കിയതും ആപ്തേ വിവരിച്ചു. അതിന് ശേഷം സമർത്ഥമായി കിളിവാതിലിൽ നിന്ന് ഗാന്ധി ഉപവിഷ്ടനാകുന്ന സ്ഥലത്തേയ്ക്കുള്ള ദൂരവും ആപ്തേ അളന്നു. ഗൺകോട്ടൺ സ്ലാബുകൾ പൊട്ടിക്കേണ്ട ഇടത്തേയ്ക്കുള്ള ദൂരവും ചരടുപയോഗിച്ച് ആപ്തേ കണക്കുകൂട്ടി. ഇതെല്ലാം ചെയ്യുമ്പോൾ ചെറിയ ഒരാൾക്കൂട്ടം അവിടെ സന്നിഹിതമായിരുന്നുവെങ്കിലും അവർ അത് വലുതായി ശ്രദ്ധിച്ചില്ല.

ബഡ്ഗേയ്ക്ക് വെടിയുതിർക്കേണ്ട കാര്യങ്ങൾ ആപ്തേ വിശദീകരിച്ചു. താൻ അത് സരളമായി ചെയ്തുകൊള്ളാം എന്ന് ബഡ്ഗേ ഉറപ്പുകൊടുത്തു.

രാവിലെ പതിനൊന്നരയോടെ മൂവർ സംഘം ബിർള ഹൗസ് വിട്ടു. ശങ്കർ കിസ്തയ്യയ്ക്ക് ഒന്നും മനസ്സിലായിട്ടുണ്ടായിരുന്നില്ല. ഗാന്ധി ആരെന്ന് പോലും അയാൾക്കറിവുണ്ടായിരുന്നില്ല. അന്നന്നത്തെ അപ്പത്തിൽ മാത്രം ഒതുങ്ങി നിന്ന ഒരു ജീവിതമായിരുന്നു അത്. തിരിച്ച് ഹിന്ദുമഹാസഭ ഓഫീസിൽ എത്തിയപ്പോഴും നാഥുറാം ഗോഡ്സേ അവിടെ എത്തിയിരുന്നില്ല. കടുത്ത തലവേദന മൂലം മറീന ഹോട്ടലിൽ വിശ്രമിക്കുകയായിരുന്നു അദ്ദേഹം. പഹ് വയും ഗോപാൽ ഗോഡ്സേയും അവിടെ ഉണ്ടായിരുന്നു. തോക്കുകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആപ്തേ അഭിപ്രായപ്പെട്ടു.

ഹിന്ദുമഹാസഭ ഓഫീസിന് പിന്നിൽ റിസർവ്വ് വനം ആയിരുന്നു. ബഡ്ഗേയേയും ഗോപാലിനേയും കിസ്തയ്യയേയും ആപ്തേ അങ്ങോട്ട് നയിച്ചു. തങ്ങൾക്ക് പരിശീലിക്കാനുള്ള സ്ഥലം അവർ വൃത്തിയാക്കിയെടുത്തു. നേരത്തെ അളന്നെടുത്ത ദൂരം കണക്കാക്കി കിസ്തയ്യയെ അവിടെ നിർത്തി. ബഡ്ഗെ ശേഖരിച്ച തോക്കിൽ ആപ്തേ നാലു റൗണ്ടുകൾക്കുള്ള ഉണ്ട നിറച്ച് അയാളുടെ കൈയ്യിൽ കൊടുത്തു. നിശ്ചിത അകലത്തിലുള്ള ഒരു മരത്തിൽ അടയാളപ്പെടുത്തിയ സ്ഥാനത്തേയ്ക്ക് ലക്ഷ്യം വെച്ച് കാഞ്ചി വലിക്കാൻ അയാളോട് ആപ്തേ ആവശ്യപ്പെട്ടു. അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പകുതി ദൂരമേ ഉണ്ട പിന്നിട്ടുള്ളൂ. ആ തോക്കിന് അനുയോജ്യമായ ഉണ്ടയല്ല ശർമ്മ തന്നത് എന്ന് ആദ്യമായി അപ്പോഴാണ് അവർക്ക് മനസ്സിലായത്. ആ തോക്ക് ഉപയോഗിക്കാൻ പറ്റില്ല എന്ന് മനസ്സിലായതോടെ ഗോപാൽ താൻ കൊണ്ടുവന്ന O.38 വെബ്ലി സ്കോട്ട് റിവോൾവർ എടുത്തു . അയാൾ അത് ഉക്സാനിലെ കുടുംബ വീടിൻ്റെ വളപ്പിൽ മണ്ണിൽ കുറേക്കാലം കുഴിച്ചിട്ടതായത് കൊണ്ട് അതിൽ തുരുമ്പു കയറിയിരുന്നു. അതിൻ്റെ കാഞ്ചി ഉറച്ചു പോയിരുന്നു. താൻ കരുതിയിരുന്ന എണ്ണയും പേനക്കത്തിയും ഉപയോഗിച്ച് ശരിപ്പെടുത്താൻ ശ്രമിച്ചെങ്കിലും അത് മുഴുവനായും ഉപയോഗിക്കാൻ പാകത്തിൽ ആയില്ല. കിസ്തയ്യയെ ഹിന്ദുമഹാസഭ ഓഫീസിൽ വിട്ട് കുറച്ചു കൂടി എണ്ണകൊണ്ടുവരാൻ ഗോപാൽ ആവശ്യപ്പെട്ടു.

കിസ്തയ്യ തിരിച്ചു വരുന്നതും കാത്ത് കാടിൻ്റെ ഓരത്ത് അവർ ഇരിക്കുന്ന സമയത്താണ് മൂന്ന് ഫോറസ്റ്റ് ഗാർഡുകൾ അങ്ങോട്ട് വരുന്നത് അവർ കണ്ടത്. അവർ പെട്ടെന്ന് തങ്ങൾ കൊണ്ടുവന്ന പുതപ്പിനടിയിലേയ്ക്ക് ആയുധങ്ങൾ മാറ്റി വെച്ചു. വിനോദയാത്രയ്ക്ക് വന്നവരെപ്പോലെ അഭിനയിച്ചു. ഒരു ഫോറസ്റ്റ് ഗാർഡ്, മെഹർസിംഗ് അടുത്തേയ്ക്ക് വന്ന് കാര്യങ്ങൾ ആരാഞ്ഞു. ഗോപാലിന് തട്ടിയും മുട്ടിയും പഞ്ചാബി ഭാഷ പറയാൻ വശമുണ്ടായിരുന്നു. വനദൃശ്യം കാണാൻ വന്നവരാണ് തങ്ങൾ എന്നയാൾ തട്ടിവിട്ടു. പ്രത്യേകിച്ച് സംശയമൊന്നും തോന്നാതെ മെഹർസിംഗ് അധികം തങ്ങി നിൽക്കാതെ തിരിച്ച് പോകണം എന്ന ഉപദേശവും കൊടുത്ത് നടന്നകന്നു. ഇനി അവിടെ തങ്ങുന്നത് ബുദ്ധിയല്ല എന്ന് കരുതി അവർ തിരികെ ഹിന്ദുമഹാസഭാ ഓഫീസിലേയ്ക്ക് പോയി. അവിടെ കർക്കരേയും പഹ് വയും അവരെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

അവർ എല്ലാവരും കൂടി പിന്നീട് പോയത് നാഥുറാം ഗോഡ്സേ വിശ്രമിക്കുന്ന കൊണാട്ട് പ്ലേസിലെ മറീന ഹോട്ടലിലേയ്ക്കാണ്. ആയുധ ശേഖരങ്ങളെല്ലാം ഒരു ക്യാൻവാസ് ബാഗിലാക്കി ഗോപാൽ കൈയ്യിലേന്തി. ആയുധങ്ങൾ പ്രയോഗക്ഷമമാക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു. കൊലയ്ക്ക് കരുതിവെച്ച മുഹൂർത്തമാകട്ടെ അടുത്തുകൊണ്ടിരിക്കുന്നു. ടാക്സിക്കാറിലാണ് അവർ മറീനയിലേയ്ക്ക് പോയത്. നാഥുറാമിൻ്റെ തലവേദന അവർ എത്തിയപ്പോഴും തീർന്നിരുന്നില്ല. ബഡ്ഗയും കിസ്തയ്യയും ഉച്ചഭക്ഷണം കഴിക്കാൻ പുറത്തെ ഏതോ ധാബയിലേയ്ക്ക് പോയി. അവർ തിരിച്ചു വന്നപ്പോഴേയ്ക്കും ഗോപാൽ തൻ്റെ റിവോൾവർ പ്രവർത്തനക്ഷമം ആക്കിയിരുന്നു. ബഡ്ഗേയും പഹ് വയും കൂടി നാല്പതാം നമ്പർ മുറിയുടെ ശുചിമുറിയിൽ പോയി കൈ ബോംബുകളും ഗൺകോട്ടൺ സ്ലാബുകളും ഫ്യൂസ് വയറുകളും മറ്റും ഘടിപ്പിച്ച് പ്രവർത്തനസജ്ജമാക്കാനുള്ള പ്രവർത്തനത്തിൽ ഏർപ്പെട്ടു. അപ്പോഴേക്കും കിടക്ക വിട്ട് എണീറ്റു വന്ന നാഥുറാം കിസ്തയ്യയ്ക്കൊപ്പം ശുചി മുറിയുടെ വാതിലിൽ കാവൽ നിന്നു. അവിടെ നിന്ന് നാഥുറാം പറഞ്ഞത് പിന്നീട് ബഡ്ഗേ ഓർത്തു.

ഇത് നമ്മുടെ അവസാന അവസരമാണ്. നമ്മൾ താത്യാറാവുവിന് വാക്ക് കൊടുത്തതാണ്. എല്ലാം ശരിയായി എന്ന് ഉറപ്പു വരുത്തണം, ബന്ദോപാന്ത് “.

ഫ്യൂസ് വയർ കത്തിപ്പിടിക്കുന്ന സമയക്രമം അറിയുവാൻ  അവർ അതിൻ്റെ ഒരു കഷണം ഒരു കഷണം കത്തിച്ചു നോക്കി. പടക്കം പൊട്ടുന്ന ശബ്ദവും മുറി മുഴുവൻ നിറയുന്ന തരത്തിൽ പുകയുമുണ്ടായി. ഒരു ഹോട്ടൽ ജീവനക്കാരൻ അന്വേഷിക്കാനായി എത്തിയപ്പോൾ ആപ്തേ അയാളെ വാതില്ക്കൽ തടഞ്ഞു നിർത്തി. തങ്ങൾ മുറിയിലിരുന്ന് സിഗരറ്റ് വലിച്ചപ്പോൾ കിടക്ക കത്തിയതാണെന്നും തങ്ങൾ തന്നെ അത് കെടുത്തിയെന്നും പറഞ്ഞ് അയാളെ തിരിച്ചയക്കുന്നതിൽ ആപ്തേ വിജയിച്ചു.

ആപ്തേ സംഘാംഗങ്ങൾക്ക് അവസാന വട്ട നിർദ്ദേശങ്ങൾ നൽകി. പഹ് വ ഒരു ഗൺ കോട്ടൺ സ്ലാബും ഒരു കൈബോംബും കരുതുക. ഗൺ കോട്ടൺ സ്ലാബ് നിശ്ചിത സ്ഥലത്ത് കത്തിച്ച ശേഷം അത് കത്തിപ്പിടിക്കാനെടുക്കുന്ന ഒരു മിനിറ്റ് സമയത്തിന് മുമ്പ് സുരക്ഷിതമായ സ്ഥാനത്തേക്ക് പഹ് വ മാറി നിൽക്കുക. ഗോപാലും കർക്കരേയും ഓരോ കൈ ബോംബ് കൈയ്യിൽ കരുതുക. ബഡ്ഗേ ഒരു റിവോൾവറും കൈബോംബും കൈയ്യിൽ കരുതുക. മറ്റേ റിവോൾവർ ആപ്തേ തന്നെ കരുതുക.

ബഡ്ഗേ ചെറിയ തിരുത്തുകൾ ഈ പദ്ധതിയിൽ നിർദ്ദേശിക്കുകയുണ്ടായി. പഹ് വ ഗൺ കോട്ടൺ സ്ലാബ് കത്തിച്ച ശേഷം സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറുക. ഗോപാലും കർക്കരേയും ഓരോ കൈ ബോംബുകൾ കരുതുക. അതേ സമയം താനും കിസ്തയ്യയും ഓരോ റിവോൾവറും കൈ ബോംബുകളും കരുതുക. ഗോപാൽ കൊണ്ടുവന്ന തോക്ക് ഉപയോഗിച്ച് താൻ ഗാന്ധിയെ വെടിവെയ്ക്കും. ആപ്തേയും നാഥുറാമും എല്ലാം നിരീക്ഷിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുക. അതായത് ബഡ്ഗേയുടെ പദ്ധതി പ്രകാരം നാഥുറാമും ഗോഡ്സേയും മേൽനോട്ടം വഹിക്കുക മാത്രമേ ചെയ്യേണ്ടതുള്ളു.

കർക്കരേ പദ്ധതി കുറച്ചുകൂടി സൂക്ഷ്മമായി വിവരിച്ചു. പഹ് വ ഗൺ കോട്ടൺ സ്ലാബ് പൊട്ടിച്ച ഉടൻ കിളിവാതിലിലൂടെ ബഡ്ഗേ ഗാന്ധിയെ പിറകിൽ നിന്നും വെടിവെയ്ക്കുക. അപ്പോൾ തന്നെ കൈബോംബുകൾ കൈവശം വച്ചിരിക്കുന്നവർ അത് ഗാന്ധിയുടെ നേർക്ക് എറിഞ്ഞ് ആൾക്കൂട്ടത്തിൽ പരിഭ്രാന്തിയുണ്ടാക്കുക. ആപ് തേ ഇടപെട്ട്, താൻ പഹ് വയ്ക്ക് ഗൺ കോട്ടൺ സ്ലാബ് പൊട്ടിക്കാനുളള അടയാളം തരാമെന്നും നാഥുറാം ബഡ്ഗെയ്ക്ക് അടയാളം കൊടുക്കണമെന്നും നിർദ്ദേശിക്കുകയുണ്ടായി. താന്താങ്ങളുടെ പ്രവൃത്തികൾ അനുഷ്ഠിച്ചു കഴിഞ്ഞാൽ എല്ലാവരും ജനക്കൂട്ടത്തിൽ കലരണമെന്നും ബിർളാ ഹൗസിൽ നിന്നും രക്ഷപ്പെടണമെന്നും ശേഷം ഹിന്ദുമഹാസഭാ ഓഫീസിൽ ഒത്തുചേരണമെന്നും തീരുമാനമുണ്ടായി.

സുരക്ഷയ്ക്ക് വേണ്ടി ബിർളാ ഹൗസിൽ വെച്ച് പരസ്പരം അഭിസംബോധന ചെയ്യേണ്ട പേരുകളുടെ കാര്യത്തിലും അവർ തീരു മാനമെടുത്തു. നാഥുറാം – ദേശ്പാണ്ഡേ, ആപ്തേ – കർമ്മാകർ, കർക്കരേ – ബ്യാസ്, കിസ്തയ്യ – തുക്കാറാം, ബഡ്ഗേ – ബന്ദോബാവു എന്നീ പേരുകളാണ് നിർദ്ദേശിക്കപ്പെട്ടത്. പഹ് വയ്ക്കും ഗോപാലിനും പ്രത്യേക പേരുകൾ നൽകിയില്ല. നാഥുറാം ഇരുണ്ട നീല അരക്കയ്യൻ ഷർട്ടും കാക്കി ട്രൗസറുമാണ് ധരിച്ചത്. ഗോപാലും ഏതാണ്ട് അതേ വസ്ത്രം തന്നെ അണിഞ്ഞു. ആപ് തേ തൻ്റെ എയർഫോഴ്സ് യൂണിഫോമായിരുന്ന ഇരുണ്ട നീല ജാക്കറ്റും പാൻ്റ്സും ധരിച്ചു. കർക്കരേ ദോത്തിയും നെഹ്റു ജാക്കറ്റും ഗാന്ധിത്തൊപ്പിയും ധരിച്ചു. അയാൾ ഒരു വ്യാജ മീശ ചുണ്ടിന് മുകളിൽ വരച്ചു ചേർത്തു. പുരികങ്ങൾ കട്ടി കൂട്ടി വരച്ചു. ഒരു വലിയ കുങ്കുമക്കുറി നെറ്റിയിൽ അണിഞ്ഞു. ആപ്തേ നൽകിയ ജാക്കറ്റും പാൻ്റ്സുമാണ് പഹ് വ ഉപയോഗിച്ചത്. ശങ്കർ ദോത്തിയും ഷർട്ടും അതിന് മുകളിൽ ഒരു കോട്ടും തൊപ്പിയും ധരിച്ചു. ബഡ്ഗേ ദോത്തിയും ഷർട്ടും നെഹ്റു കോട്ടും ധരിച്ചു. ആയുധങ്ങൾ എല്ലാവർക്കും വിതരണം ചെയ്തു. രണ്ട് തോക്കുകളും കൈബോംബുകളും ഗൺ കോട്ടൺ സ്ലാബും ക്യാൻവാസ് ബാഗിൽ വെച്ച ശേഷം ഹോട്ടൽ മുറിയിൽ നിന്ന് മോഷ്ടിച്ച ടവലുകൾ അതിന് മുകളിൽ വിരിച്ച് ബഡ്ഗേ ബാഗ് പൂട്ടി. മറ്റുള്ളവർ ആയുധങ്ങൾ അവരവരുടെ ദേഹത്ത് ഒളിപ്പിച്ചു. പഹ് വ യും കർക്കരേയും മറീന ഹോട്ടലിൽ നിന്ന് ആദ്യം ബിർള ഹൗസിലേയ്ക്ക് പുറപ്പെട്ടു. പിന്നീട് ആപ്തേ, ബഡ്ഗെ, കിസ്തയ്യ, ഗോപാൽ തുടങ്ങിയവരും. റീഗൽ സിനിമയുടെ അടുത്ത് നിന്നും സുർജിത് സിംഗ് എന്ന സിക്ക് ഡ്രൈവർ ഓടിക്കുന്ന ടാക്സിയിലാണ് അവർ ബിർള ഹൗസിലേയ്ക്ക് പോയത്. ആ പോക്കിലാണ് ബഡ്ഗേ തങ്ങളുടെ ലക്ഷ്യം ഗാന്ധിയാണെന്ന് വെളിപ്പെടുത്തിയത്. അന്നേരം അവരുടെ രാഷ്ട്രീയ മണ്ഡലത്തിന് പുറത്തായിരുന്ന കിസ്തയ്യ, ആരാണ് ഗാന്ധി ? എന്നാരാഞ്ഞതായി പിൽക്കാലത്ത് ഗോപാൽ ഗോഡ്സേ എഴുതിയ ” ഗാന്ധിവധവും ഞാനും ” എന്ന പുസ്തകത്തിൽ ചിരിയോടെ എഴുതുന്നു. തങ്ങളുടെ ബ്രാഹ്മണരാഷ്ട്രീയത്തിൻ്റെ അധികാരക്കളിയിൽ അതിന് വെളിയിൽ നിന്നൊരു നിഷ്ക്കളങ്കനെ കരുവാക്കി എന്ന ചാരിതാർത്ഥ്യത്തോടെ! നാഥുറാം തലവേദന നിമിത്തം അവർക്കൊപ്പം ഇറങ്ങിയില്ല.

അവർ നേരെ ബിർള ഹൗസിലേയ്ക്കല്ല പോയത്. ഹിന്ദുമഹാസഭാ ഓഫീസിലേയ്ക്കാണ്. അവരവരുടെ മുറിയിൽ പോയി സാധനങ്ങൾ ഒരുക്കി വെച്ച ശേഷം അതേ ടാക്സിയിൽ അവർ ബിർളഹൗസിൻ്റെ പിൻവശത്തെ ഗേറ്റിൽ എത്തി. കാർ അകത്ത് കടത്തുന്നത് ഭുർ സിംഗ് എന്ന കാവൽക്കാരൻ തടഞ്ഞു. റോഡരികിൽ കാർ ഒതുക്കിയിട്ട ശേഷം അവർ കാറിൽ നിന്നിറങ്ങി.  ബിർള ഹൗസിൻ്റെ വളപ്പിലുണ്ടായിരുന്ന രണ്ട് പേർ അവരുടെ അടുത്തേയ്ക്ക് വന്ന് സംസാരിക്കുന്നത് അപ്പോൾ അവിടെയെത്തിയ ഛോട്ടുറാമുമായി സംസാരിക്കുന്നതിനിടയിൽ ഭുർസിംഗ് കണ്ടു.

വേലക്കാരുടെ വസതിയിൽ താമസിച്ചിരുന്ന സുലോചനാദേവി എന്ന വനിതയും അവരെ ശ്രദ്ധിക്കുകയുണ്ടായി. അവളുടെ ഏഴും നാലും വയസ്സുള്ള കുട്ടികൾ മറ്റ് കുട്ടികൾക്കൊപ്പം ബിർളാ ഹൗസിൻ്റെ മൈതാനത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അത് നോക്കാനായി വന്ന സുലോചന, ടാക്സിയിൽ നിന്നിറങ്ങി വന്ന നാലു പേർ വേലക്കാരുടെ വസതികളുടെ മുറ്റത്ത് നിന്നിരുന്ന രണ്ടു പേരുമായി സംസാരിക്കുന്നത് കണ്ടു. നാഥുറാമും പ്രാർത്ഥനാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ആൾക്കൂട്ടത്തിൽ അപ്പോഴേയ്ക്കും എത്തിച്ചേർന്നിരുന്നു.

51. വോ ഫിർ ആയേഗാ
……………………………………

1948 ജനുവരി 20 ന് സായാഹ്നത്തിൽ കഴിഞ്ഞ ദിവസം പറഞ്ഞുറപ്പിച്ച  പോലെ കർക്കരേ ഛോട്ടുറാമിനടുത്ത് ചെന്ന് വേലക്കാരുടെ താമസസ്ഥലം ഫോട്ടോ എടുക്കാനായി ഒഴിഞ്ഞുതരാൻ ആവശ്യപ്പെട്ടു. ക്യാമറ കൈയ്യിൽ കാണുന്നില്ലല്ലോ എന്നത്ഭുതപ്പെട്ട ഛോട്ടുറാമിനോട് ക്യാമറ കാറിനുള്ളിലാണ് എന്ന മറുപടിയാണ് കർക്കരേ നൽകിയത്. കാറിലേക്ക് മടങ്ങിയെത്തിയ കർക്കരേയ്ക്ക് ചുറ്റും നാഥുറാം, ഗോപാൽ, ബഡ്ഗെ, കിസ്തയ്യ എന്നിവർ കൂടി നിന്നു. ബഡ്ഗെയോട് ചോട്ടുറാമിൻ്റെ ക്വാർട്ടറിൽ കയറി തയ്യാറെടുക്കാൻ കർക്കരേ ആവശ്യപ്പെട്ടു.

ഛോട്ടുറാമിൻ്റെ ക്വാർട്ടറിന് അടുത്തെത്തിയ ബഡ്ഗേ, വേലക്കാരുടെ താമസസ്ഥലത്തും ചുറ്റിലുമുള്ള താരതമ്യേന ജനനിബിഡത കണ്ട് ഭയപ്പെട്ടു. താൻ കയറിപ്പോകേണ്ട വാതിലിന് മുന്നിലുള്ള വരാന്തയിൽ മൂന്നുപേർ ഇരിപ്പുണ്ടായിരുന്നു. ആപ്തേയുടെ പദ്ധതിയനുസരിച്ച് ഛോട്ടുറാമിൻ്റെ ക്വാർട്ടറിനുള്ളിൽ പ്രവേശിച്ച് കിളിവാതിലിലൂടെ ഗാന്ധിയെ വെടിവെയ്ക്കുകയാണെങ്കിൽ, നിസ്സംശയമായും താൻ പിടിക്കപ്പെടും എന്ന് ബഡ്ഗെയ്ക്ക് ഉറപ്പായി. ഇത്രയും ജനങ്ങൾക്കിടയിലൂടെ ക്വാർട്ടറിൻ്റെ വാതിൽ തുറന്ന് രക്ഷപ്പെടുക എളുപ്പമായിരിക്കില്ല. താനിത് ചെയ്യില്ല എന്ന് ബഡ്ഗെ ഉറപ്പിച്ചിട്ടുണ്ടാകണം. എന്നാൽ പിൽക്കാലത്ത് പോലീസിലും കോടതിയിലും ബഡ്ഗെ ബോധിപ്പിച്ചത് താൻ കടന്നുവന്നപ്പോൾ വരാന്തയിൽ ഇരുന്നിരുന്ന ഒരു ഒറ്റക്കണ്ണനെ കണ്ടു എന്നാണ്. അത് വലിയ ദുശ്ശകുനമായി ശകുന വിശ്വാസിയായ തനിക്ക് അനുഭവപ്പെട്ടു എന്നാണ്. താൻ ക്വാർട്ടറിൽ കയറുന്നില്ല എന്നും ഗാന്ധി ഇരിക്കുന്ന കട്ടിലിനോട് പരമാവധി ചേർന്ന് നിന്നുകൊണ്ട് വെടിയുതിർക്കാമെന്നും ബഡ്ഗെ പറഞ്ഞു. കുറച്ചു കൂടി സൂക്ഷ്മമായി പറഞ്ഞാൽ പഹ് വ ഗൺ കോട്ടൺ സ്ലാബ് കത്തിച്ച ഉടൻ താൻ വെടിയുതിർക്കുകയും കൈബോംബ് എറിയുകയും ചെയ്യും. അവസാനനിമിഷത്തിൽ ബഡ്ഗെയുടെ പിൻവാങ്ങൽ പദ്ധതിയെ തകർക്കാതിരിക്കാൻ എല്ലാവർക്കും അത് അംഗീകരിക്കേണ്ടി വന്നു.

എന്നാൽ കാര്യത്തോടടുക്കുമ്പോൾ ബഡ്ഗെയുടെ മനസ്സ് പിന്തിരിയലിൻ്റെ പാതയിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നു. നാഥുറാം, ആപ്തേ സംഘത്തിന് വേണ്ടി താൻ ബലിയാടാകുകയാണ് എന്ന ചിന്ത അയാളെ പിടികൂടി. തിലകിൻ്റെ കൊച്ചുമകനായിരുന്ന ജി.വി. കേത്ക്കറുമായുള്ള അടുപ്പമാണ് അയാളെ ഹിന്ദുമഹാസഭാ പ്രവർത്തകനാക്കിയത്. തൻ്റെ ആയുധക്കച്ചവടത്തിന് ഹിന്ദുമഹാസഭാബന്ധം അങ്ങേയറ്റം ഉപകാരപ്രദമായിരുന്നു. അതു വഴി ദാദാ, ദീക്ഷിത് മഹാരാജ് അടക്കമുള്ള ഉപഭോക്താക്കളെ അയാൾക്ക് കിട്ടി. കർക്കരേയും ആപ്തേയും പോലുള്ളവരേയും. ഇതിനപ്പുറം ഹിന്ദുമഹാസഭാ പ്രവർത്തനത്തിൽ മറ്റ് താത്പര്യങ്ങളൊന്നും ബഡ്ഗെയെ ഭരിച്ചിരുന്നില്ല. അയാൾ ലാഭേച്ഛു ആയിരുന്നു. ഒരർത്ഥത്തിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന ആളായിരുന്നു. എങ്കിലും ഹിന്ദുമഹാസഭയുടെ ഹിന്ദുരാഷ്ട്ര സങ്കല്പത്തോട് കെട്ടുപിണഞ്ഞ ഒരാൾ ആയിരുന്നില്ല. ആയുധങ്ങൾക്ക് ഹിന്ദുമഹാസഭാ പ്രവർത്തകരിൽ നിന്നുപോലും കാശെണ്ണിവാക്കുന്നതിൽ യാതൊരു മടിയും അയാൾ കാണിച്ചിരുന്നില്ല. കച്ചവടത്തിലായിരുന്നു  അയാളുടെ പ്രധാന കണ്ണ്.

ഗാന്ധി തൻ്റെ പ്രാർത്ഥനാ സമ്മേളനം ആരംഭിച്ചു കഴിഞ്ഞിരുന്നു. ഏഴുപേരും പദ്ധതിയനുസരിച്ചുള്ള തങ്ങളുടെ സ്ഥാനങ്ങളിൽ ചെന്ന് പറ്റിയിരുന്നു. ഗാന്ധി ഇരിക്കുന്നതിന് ഏതാണ്ട് എഴുപത് അടി അകലെയുള്ള മതിലിൽ മദൻലാൽ പഹ് വ ഗൺ കോട്ടൺ സ്ലാബ് എടുത്തുവെച്ചു. പ്രാർത്ഥനാ സമ്മേളനത്തിൽ മുഴുകിയ ജനക്കൂട്ടത്തിൽ ആരും അത് ശ്രദ്ധിച്ചില്ല. പക്ഷെ, ബിർളാ ഹൗസിലെ പുറകിലെ ഗേറ്റിൽ നിൽക്കുകയായിരുന്ന സുലോചന അത് ശ്രദ്ധിച്ചു. നേരത്തെ കണ്ട ചെറുപ്പക്കാരൻ ചുവന്ന, ഇഷ്ടിക കണക്കെ ഒന്ന് മതിലിന് മുകളിൽ എടുത്തുവെയ്ക്കുന്നു. അതിന് ശേഷം ധിക്കാരിയുടെ മുഖഭാവത്തോടെ ആ ചെറുപ്പക്കാരൻ സിഗരറ്റ് കത്തിക്കുന്നതും. ” പ്രാർത്ഥനയുടെ സമയത്ത് ആരും സിഗരറ്റ് വലിച്ചിരുന്നില്ല ” സുലോചന പിന്നീട് പോലീസിനോട് പറഞ്ഞു.

ഇതേ സമയം പദ്ധതിയിൽ നിന്ന് പിൻവാങ്ങാൻ മനസ്സാലേ തീരുമാനമെടുത്ത ബഡ്ഗേ, കിസ്തയ്യയുടെ കൈയ്യിൽ നിന്നും കൈ ബോംബും കൈത്തോക്കും പിടിച്ചു വാങ്ങി. താൻ ആജ്ഞാപിക്കും വരെ യാതൊന്നും ചെയ്യരുതെന്ന് രഹസ്യമായി കിസ്തയ്യയ്ക്ക് അയാൾ നിർദ്ദേശം നൽകി. രണ്ട് തോക്കുകളും കൈബോംബുകളും താൻ പേറുന്ന ബാഗിൽ വെച്ച് മറ്റുള്ളവർ കാണാതെ ബഡ്ഗെ കാറിനടുത്തേയ്ക്ക് പോയി. ഡ്രൈവർ പ്രാർത്ഥനാ സമ്മേളനസ്ഥലത്തേയ്ക്ക് പോയിരുന്നു. പിൻസീറ്റിൻ്റെ അടിയിലേയ്ക്ക് ബാഗ് തള്ളി വെച്ച് ഒന്നുമറിയാത്ത പോലെ ബഡ്ഗെ തിരിച്ചു വന്നു. ആപ്തേയേയും ഗോഡ്സേയേയും തെറ്റിദ്ധരിപ്പിക്കാൻ അയാൾ രണ്ടുകൈയ്യും കോട്ടിൻ്റെ കീശയിൽ ഇട്ടിരുന്നു. ആയുധങ്ങൾ മറച്ചുവെച്ച ആ കൈകളിൽ ഉണ്ടെന്ന മട്ടിൽ.

ആപ്തേ പഹ് വയ്ക്ക് അടയാളം നൽകിയ ഉടൻ ഗൺ കോട്ടൺ സ്ലാബിൻ്റെ ഫ്യൂസ് വയറിൽ സിഗരറ്റ് ഉപയോഗിച്ച് പഹ് വ തീ കൊളുത്തി. സുലോചന ഇത് കാണുന്നുണ്ടായിരുന്നു. അയാൾ ഓടിയകലുന്നതും. ഗാന്ധി അന്നത്തെ തൻ്റെ പ്രഭാഷണത്തിൻ്റെ അവസാന ഘട്ടത്തിൽ ആയിരുന്നു. ” ഈ വാക്കുകളോടെ ഞാനെൻ്റെ പ്രഭാഷണം അവസാനിപ്പിക്കാം “. അത് പറഞ്ഞുതീരും മുമ്പേ ഒരു സ്ഫോടനം മൈതാനത്തിൽ മുഴങ്ങി. പഹ് വ ഗൺ കോട്ടൺ സ്ലാബ് സ്ഥാപിച്ചിരുന്ന മതിലിൻ്റെ ഒരു ഭാഗം കുലുങ്ങി വീണു. കുറച്ചു പേർ അവിടേയ്ക്ക് ഓടിപ്പോയി. പഹ് വയും മറ്റുള്ളവരും അടുത്ത നടപടികൾക്കായി കാത്തു. എന്നാൽ പിന്നീട് ഒന്നുമുണ്ടായില്ല.

ഗാന്ധി മാത്രം അനങ്ങിയില്ല. അദ്ദേഹം പറയാൻ തുടങ്ങി .

ഒന്നുമില്ലായ്മയിൽ നിന്ന് നിങ്ങൾ ഇത്ര കോലാഹലം ഉണ്ടാക്കുന്നുവെങ്കിൽ, ശരിക്കെന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ സ്ഥിതി എന്താകും ? എല്ലാവരും  ശ്രദ്ധിയ്ക്കൂ, ശ്രദ്ധിയ്ക്കൂ … ഒന്നും സംഭവിച്ചിട്ടില്ല. എന്നെ ശ്രദ്ധിക്കൂ. ശാന്തരായി ഇരിക്കു “.

ഗാന്ധിയുടെ വാക്ക് കേട്ട് എല്ലാവരും ശാന്തരാകാൻ തുടങ്ങി.

അക്കാലത്ത് ഗാന്ധിയുടെ പ്രാർത്ഥനാ സമ്മേളനങ്ങൾ ഓൾ ഇന്ത്യാ റേഡിയോ  റെക്കോർഡ് ചെയ്തിരുന്നു. 1948 ജനുവരി 20 ൻ്റെ റെക്കോർഡിൽ ഇപ്പോഴും ആ ഗൺ കോട്ടൺ സ്ലാബ് പൊട്ടിത്തെറിക്കുന്നതും ശാന്തരാകാൻ ജനങ്ങളോട് ഗാന്ധി അഭ്യർത്ഥിക്കുന്നതും കേൾക്കാം.

പൊട്ടിത്തെറി നടന്ന സ്ഥലത്തേയ്ക്ക് ബിർളാ ഹൗസിലെ സുരക്ഷാ ജീവനക്കാർ ഓടിയെത്തി. സുലോചന ചൂണ്ടിക്കാട്ടിയ ആ ചെറുപ്പക്കാരൻ താമസിയാതെ അവരുടെ പിടിയിലായി. അവർ പഹ് വയെ ഗേറ്റിന് തൊട്ടു പുറത്തുള്ള പോലീസ് കാവൽ കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോയി.

തങ്ങളുടെ പദ്ധതി പൊളിഞ്ഞെന്നറിഞ്ഞ നാഥുറാമും ഗോപാലും ആപ്തേയും ടാക്സിക്കാറിനടുത്തേയ്ക്ക് ഓടി. “വണ്ടിയെടുക്കൂ, വണ്ടിയെടുക്കൂ, പെട്ടെന്ന്, പെട്ടെന്ന് ” എന്നവർ വിളിച്ചു പറഞ്ഞു. ഈ മൂന്ന് മനുഷ്യരും പുറകിലെ ഗേറ്റിനടുത്തേയ്ക്ക് കുതിക്കുന്നതും ഡ്രൈവറോട് വണ്ടിയെടുക്കാൻ വിളിച്ചു പറയുന്നതും ഡ്രൈവർ വണ്ടിയെടുത്ത് പോകുന്നതും സുലോചന കണ്ടു.

കർക്കരേ ആൾക്കൂട്ടത്തിൽ നൂണ് തൻ്റെ രക്ഷാമാർഗ്ഗം കണ്ടെത്തി. പോലീസ് കാവൽകേന്ദ്രത്തിനരികിൽ കൂടി കടന്നുപോകുമ്പോൾ പഹ് വയുടെ കണ്ണുകളുമായി അയാളുടെ കണ്ണുകൾ ഉടക്കി. കണ്ണുകൾ കൊണ്ട് ശാന്തനായിരിക്കൂ എന്ന നിർദ്ദേശം നൽകി അയാൾ പുറത്തു കടന്നു. ബഡ്ഗെയാകട്ടെ കിസ്തയ്യയേയും കൂട്ടി പുറത്തു കടന്ന് ഒരു കുതിരവണ്ടിയിൽ ഹിന്ദുമഹാസഭാ ഓഫീസിലേയ്ക്ക് പോയി. അവിടെ വെച്ച് മറ്റുള്ളവരും ബഡ്ഗെയും തമ്മിൽ വാക്കേറ്റമുണ്ടായി. ഇനി താങ്കളുടെ സേവനം ആവശ്യമില്ലെന്ന് ബഡ്ഗേയോട് ആപ്തേ രൂക്ഷമായി പ്രതികരിച്ചു.

ബാക്കിയായ സ്ഫോടകവസ്തുക്കൾ ശങ്കർ കിസ്തയ്യയെക്കൊണ്ട് ബഡ്ഗേ ഹിന്ദുമഹാസഭാ ഓഫീസിന് പിൻപുറത്തെ കാടരികിൽ കുഴിച്ചുമൂടി. നേരെ അവർ രണ്ടുപേരും തീവണ്ടി സ്റ്റേഷനിലേയ്ക്ക് പോയി. രാത്രി 11 മണിക്ക് ബോംബേയ്ക്ക് പോകുന്ന തീവണ്ടി പിടിക്കുകയായിരുന്നു ഉദ്ദേശം. എന്നാൽ സ്റ്റേഷനിൽ കണ്ട പോലീസ് സാന്നിദ്ധ്യം ബഡ്ഗേയെ പിന്തിരിപ്പിച്ചു. ഉടൻ തന്നെ അവിടെ നിന്നും പിന്തിരിഞ്ഞ് ഓൾഡ് ഡെൽഹി സ്‌റ്റേഷനിലേക്ക് അവർ രണ്ടുപേരും നീങ്ങി. അവിടെ നിന്നും ബോംബെയിലേയ്ക്കും തുടർന്ന് പൂനെയിലേയ്ക്കും അവർ നീങ്ങി.

നാഥുറാം ഗോഡ്സേയും ആപ്തേയും മറീന ഹോട്ടലിൽ നിന്ന് വിടുതി നേടിയ ശേഷം ഓൾഡ് ഡെൽഹി സ്റ്റേഷനിൽ നിന്നും രാത്രി വണ്ടിക്ക് കാൺപൂരിലേയ്ക്കാണ് പോയത്. ഹോട്ടലിൽ നിന്ന് പോരുമ്പോൾ രണ്ട് ഗുരുതരമായ പിഴവുകൾ അവർക്ക് പറ്റി. ഒന്ന്, ഹിന്ദുമഹാസഭയുടെ സെക്രട്ടറിയായിരുന്ന  അശുതോഷ് ലാഹിരി തയ്യാറാക്കിയ നോട്ടീസ് നാല്പതാം നമ്പർ മുറിയിലെ മേശവലിപ്പിൽ തന്നെ ഉപേക്ഷിച്ചിട്ടു. രണ്ട്, അലക്കാൻ കൊടുത്ത വസ്ത്രങ്ങൾ കൈപ്പറ്റാൻ മറന്നു പോയി. യാത്രയിൽ  നാഥുറാം അങ്ങേയറ്റം അസ്വസ്ഥനായിരുന്നു. രാത്രിയിലെപ്പോഴോ എണീറ്റ് നാഥുറാം പറഞ്ഞത് പിന്നീട് ആപ്തേ രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇങ്ങനെയായിരുന്നു. ” നാം ഗാന്ധിയെ കൊല്ലാനാണ് നിശ്ചയിച്ചത്. അത് നാം നിറവേറ്റതുണ്ട്. താത്യാറാവുവിന് കൊടുത്ത വാഗ്ദാനം നാം മുഴുമിപ്പിക്കേണ്ടതുണ്ട്. നാം വിഭാവനം ചെയ്തത് നാം നടപ്പാക്കണം. നാം വീണ്ടും പരിശ്രമിക്കാൻ പോകുന്നു. പക്ഷെ, ഇത്തവണ ഞാൻ ഒറ്റയ്ക്കാണത് ചെയ്യുക. മറ്റുള്ളവരെ ആശ്രയിച്ചല്ല. നമുക്ക് പ്രവർത്തനക്ഷമമായ ഒരു തോക്ക് സംഘടിപ്പിക്കണം. അതുമായി തിരിച്ച് ഡെൽഹിയിലെത്തി നാം ചെയ്യാൻ തീരുമാനിച്ചത് ചെയ്യണം. ഞാനൊറ്റയ്ക്ക് ഗാന്ധിയെ ഇല്ലാതാക്കാം “. തുഷാർ ഗാന്ധി പറയുന്നത് ആ നിമിഷം വരെ നേതാവായിരുന്ന ആപ്തേയുടെ സ്ഥാനം ഗോഡ്സേ ഏറ്റെടുക്കുകയായിരുന്നു എന്നാണ്. ഗാന്ധിയെ വധിക്കാതെ മുന്നോട്ടുപോകാനാകില്ല എന്ന ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ അന്തർഗതമാണ് ഗോഡ്സേയിലൂടെ പുറത്തുവന്നത് എന്ന് നമുക്ക് അനുമാനിക്കാം. ഒരു വലിയ രാഷ്ട്രീയഗൂഢാലോചനയുടെ പിൻഭാഗ ചിത്രമാണ് ഈ പ്രസ്താവനയിലൂടെ തെളിയുന്നത്. അതിനോടുള്ള പ്രതിബദ്ധത ഇല്ലായിരുന്നെങ്കിൽ, ഒരു ശ്രമം പരാജയപ്പെടുകയും അതിലൊരാൾ പിടിയിലാകുകയും ചെയ്ത സന്ദർഭത്തിൽ, തങ്ങളുടെ ഭാവിയെ കുറിച്ചാലോചിക്കാതെ, ദൗത്യത്തിന്റെ പരാജയത്തെ വിജയമാക്കി മാറ്റുന്നതിലേയ്ക്ക് തൻ്റെ ആലോചന മുഴുവനായി നിക്ഷേപിക്കുക ഒട്ടും എളുപ്പമാകില്ലായിരുന്നു.

1948 ജനുവരി 21 രാവിലെ അവർ കാൺപൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. ഹിന്ദു രാഷ്ട ദളിൻ്റെ മുന്നണിപ്പടയാളികളായ ആ രണ്ട് ചിത്പാവൻ ബ്രാഹ്മണരും കാൺപൂർ സ്റ്റേഷനിലെ ഒന്നാം ക്ലാസ്സ് റിട്ടയറിംഗ് റൂമിൽ വാടകക്കാരായി പ്രവേശിച്ചു. നാഥുറാം ഇത്തവണ സ്വന്തം പേരു തന്നെയാണ് രജിസ്റ്ററിൽ രേഖപ്പെടുത്തിയത്. പത്രങ്ങളിൽ മദൻലാൽ പഹ് വയുടെ ഒഴികെ മറ്റാരെക്കുറിച്ചും സൂചനയില്ലാത്തത് അവരെ ആശ്വസിപ്പിച്ചു. രാവിലെ 11.30 ന് കാൺപൂരിലെത്തിയ ലക്നൗ – ഝാൻസി മെയിലിൽ അവർ ഝാൻസിയിലേയ്ക്കും അവിടെ നിന്നും പഞ്ചാബ് മെയിലിൽ ബോംബേയ്ക്കും തിരിച്ചു.

കർക്കരേ ഡെൽഹിയിൽ തന്നെ തങ്ങാനാണ് നിശ്ചയിച്ചത്. തൻ്റെ സിൽബന്തി എന്ന നിലയിലാണ് പഹ് വയെ ഈ പദ്ധതിയിലെത്തിച്ചത് എന്നത് അയാളെ കുഴക്കി. അതുകൊണ്ട് തന്നെ പഹ് വക്ക് നിയമസഹായം നൽകേണ്ടത് തൻ്റെ  ചുമതലയാണ് എന്ന് അയാൾ കരുതി. അതിന് വേണ്ടി ഡെൽഹിയിൽ തങ്ങിയേ പറ്റൂ. വധത്തിന് കരുതിയ രണ്ട് തോക്കുകൾ കൈവശം ഉണ്ടെന്നതായിരുന്നു ഗോപാൽ ഗോഡ്സേയുടെ ഭീതി. എത്രയും പെട്ടെന്ന് പൂനെയിലെത്തി അവ ഒളിപ്പിച്ചു വെയ്ക്കാൻ അയാൾ ആഗ്രഹിച്ചു. കർക്കരേയ്ക്കൊപ്പം ഹിന്ദുമഹാസഭാ ഓഫീസിൽ നിന്നും പുറത്തിറങ്ങിയ ഗോപാൽ, ഓൾഡ് ഡെൽഹിയിലെ ഒരു ചെറിയ ഹോട്ടലിൽ മുറിയെടുത്തു. ഫ്രോണ്ടിയർ ഹിന്ദു ഹോട്ടൽ എന്ന് പേരുള്ള അത് ഓൾഡ് ഡെൽഹി സ്റ്റേഷന് അടുത്തായിരുന്നു. സാധാരണയായി റെയിൽ യാത്രക്കാർ താത്ക്കാലിക താമസത്തിന് ഉപയോഗിക്കുന്ന ഹോട്ടൽ ആയിരുന്നു അത്. ഗോപാൽ, രാജഗോപാലൻ എന്ന പേരിലും കർക്കരേ ജി എം ജോഷി എന്ന പേരിലുമാണ് അവിടെ മുറിയെടുത്തത്. രാവിലെ പുറപ്പെടുന്ന പഞ്ചാബ് മെയിലിൽ ബോംബെയ്ക്ക് പോകാനായിരുന്നു ഗോപാലിൻ്റെ ഉദ്ദേശം.

അതനുസരിച്ച് 1948 ജനുവരി 21 ന് രാവിലെ സ്റ്റേഷനിൽ ഗോപാൽ എത്തി. കയറ്റി വിടാൻ കർക്കരേയും. റെയിൽവേ ക്യാൻറീനിൽ നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ വിലങ്ങു വെച്ച് മുഖം മൂടിക്കെട്ടിയ മദൻലാൽ പഹ് വയേയും കൊണ്ട് പോലീസുകാർ ഓൾഡ് ഡെൽഹി സ്റ്റേഷനിൽ എത്തി. തന്നോടൊപ്പം വധോദ്യമത്തിൽ പങ്കെടുത്ത കൂട്ടാളികൾ സ്റ്റേഷനിൽ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചു തരാൻ പ്രേരിപ്പിച്ചു കൊണ്ട് നടത്തിയ സന്ദർശനമായിരുന്നു അത്. കാൻ്റീനിലൂടെ മദൻലാലിനേയും കൊണ്ട് പോലീസ് നീങ്ങിയെങ്കിലും അവർ ഒരു മൂലയിൽ ആയിരുന്നത് കൊണ്ട് മദൻലാലിൻ്റെ കണ്ണിൽ പെട്ടില്ല. എന്നാൽ മദൻലാൽ തങ്ങളെ കണ്ടുവെങ്കിലും മന: പൂർവ്വം കണ്ടില്ലെന്ന് നടിച്ച് രക്ഷിച്ചതായിരുന്നു എന്നാണ് ഗോപാൽ ഗോഡ്സേ, ഗാന്ധിഹത്യയും ഞാനും എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയത്. മനോഹർ മാൽഗോങ്കറുടെ പുസ്തകത്തിലും അത് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
1948 ജനുവരി 22 അപരാഹ്നത്തിൽ ഗോപാൽ ഗോഡ്സേ ബോംബെയിൽ ദാദർ സ്റ്റേഷനിൽ വണ്ടിയിറങ്ങി. അവിടെ നിന്ന് തന്നെ പൂനെ വണ്ടി പിടിക്കാൻ അയാൾ ആഗ്രഹിച്ചു. അയാളുടെ കൈയിൽ ഒരു  ബെഡ് റോളും തോൾ ബാഗും ഉണ്ടായിരുന്നു.  തോൾ  ബാഗിലായിരുന്നു തോക്കുകൾ. അപ്രതീക്ഷിതമായി ഒരു പോലീസുകാരൻ അടുത്ത് വന്ന് കിടക്കച്ചുരുൾ അഴിച്ചു കാണിക്കാൻ ഗോപാലിനോടാവശ്യപ്പെട്ടു.താൻ പിടിക്കപ്പെട്ടു എന്ന് ഗോപാൽ കരുതി. എന്നാൽ കിടക്കച്ചുരുൾ പരിശോധിച്ചതിന് ശേഷം തോൾബാഗിൻ്റെ പരിശോധന നിർവ്വഹിക്കാതെ പോലീസ് മടങ്ങിപ്പോയി.

വൈകീട്ട് 6 ന് ഗോപാൽ പൂനെയിലെ വസതിയിൽ എത്തി. ഉടൻ തന്നെ സദാശിവ് പേട്ടിൽ താമസിക്കുന്ന തൻ്റെ സുഹൃത്തായിരുന്ന പാണ്ഡുരംഗ് ഗോഡ്ബോളെയുടെ അടുത്ത് എത്തി തൻ്റെ കൈയ്യിലുണ്ടായിരുന്ന 0.38 വെബ്ളി സ്കോട്ട് റിവോൾവർ ഒളിച്ചു വെയ്ക്കാനായി ഏല്പിച്ചു. എന്നാൽ ബഡ്ഗേയുടെ റിവോൾവർ മാറ്റി വാങ്ങുന്നതിനായി ഗോപാൽ തന്നെ സൂക്ഷിച്ചു. ഗാന്ധിയെ കൊല്ലാനുള്ള ഗൂഢാലോചന തുടരും എന്നത് ഗോപാലിന് അറിയാമായിരുന്നു എന്നതിൻ്റെ സൂചനയായി ഇതിനെ കാണാം.

ബിർള ഹൗസിലെ സ്ഫോടനത്തിന് പിന്നാലെ മദൻലാലിനെ പിടികൂടിയത് ഭുർസിംഗ്, രാം ചന്ദർ, രത്തൻ സിംഗ് എന്നിവർ ചേർന്നാണ്. ഗേറ്റിന് പുറത്തെ പോലീസ് കാവൽ കേന്ദ്രത്തിൽ അയാളെ ഏല്പിച്ചു. കർണാലിൽ നിന്നുള്ള മജിസ്ട്രേറ്റ് ആയ കെ. എൻ. സാഹ്നി ഗാന്ധിയുടെ പ്രാർത്ഥനാ സമ്മേളനത്തിൽ പങ്കുകൊണ്ടിരുന്നു. അദ്ദേഹമാണ് പഹ് വയെ ദേഹപരിശോധന നടത്തിയത്. അതുവഴി പഹ് വയുടെ കൈയ്യിൽ ഉണ്ടായിരുന്ന കൈബോംബ് അദ്ദേഹം കണ്ടെടുത്തു.

ബോംബ് വാർത്തയറിഞ്ഞ് നെഹ്റു ബിർളാ ഹൗസിലേയ്ക്ക് പാഞ്ഞെത്തി. അദ്ദേഹത്തിൻ്റെ മുന്നിൽ വെച്ച് ഗാന്ധി സാഹ്നിയോട് പറഞ്ഞു.

അവർ കുട്ടികളാണ്. ഇപ്പോഴത്തെ അവസ്ഥ അവർക്ക് മനസ്സിലാകില്ല. ഞാൻ മരിച്ചു കഴിഞ്ഞാൽ, ആ വൃദ്ധൻ പറഞ്ഞത് ശരിയായിരുന്നു എന്നവർ ഓർക്കും

മദൻലാലിനെ തുഗ്ലക്ക് റോഡ് പോലീസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ആദ്യം പോലീസ് കരുതിയത് മദൻലാൽ ഒറ്റയ്ക്ക് നടത്തിയ പ്രയോഗമായിരുന്നു സ്ഫോടനം എന്നായിരുന്നു. എന്നാൽ സുലോചനാദേവിയുടേയും ഛോട്ടുറാമിൻ്റേയും മൊഴി, മദൻലാലിന് പിന്നിലുള്ള ഗൂഢാലോചനാ സാമ്രാജ്യത്തിലേയ്ക്ക് പോലീസിനെ നയിച്ചു. ചോദ്യം ചെയ്യലിൽ അന്നേ ദിവസം തന്നെ ” കിർക്കീ സേട്ടിന്റേ” യും പൂനെയിലെ ” ഹിന്ദു രാഷ്ട്രീയ ” പത്രാധിപരുടേയും പങ്ക് മദൻലാൽ വെളിപ്പെടുത്തി. പത്രാധിപരുടെ ഇളയ സഹോദരനും പൂനെയിൽ നിന്നുള്ള ആയുധവ്യാപാരിയും അയാളുടെ സഹായിയും ഇതിൽ ഉൾച്ചേർന്നിരുന്നു എന്ന് മദൻലാൽ മൊഴി കൊടുത്തു. ഒരു രാജാ സാഹിബും ഗൂഢാലോചനയിൽ പങ്കെടുത്തിരുന്നു. മറീന ഹോട്ടലിൽ നടന്ന യോഗത്തെക്കുറിച്ചും മദൻലാൽ അറിവ് കൊടുത്തു. ചോദ്യം ചെയ്യലിൽ ഉടനീളം മദൻലാൽ ആവർത്തിച്ച കാര്യം, ” വോ ഫിർ ആയേഗാ ” ( അവർ വീണ്ടും വരും ) എന്നായിരുന്നു.

====****====

Comments

comments