58. ഹിന്ദുത്വത്തിൻ്റെ ചാവേർ
……………………….

ഹിന്ദുത്വ എന്ന രാഷ്ട്രീയാശയം സവർക്കർ വികസിപ്പിച്ചെടുത്തതിൻ്റെ വിവിധ ഘട്ടങ്ങളിലൂടെ നാം കടന്നുപോകുകയുണ്ടായി. അത് ഒരു മൂർത്തമായ ആശയമായി രൂപം കൊള്ളും മുമ്പ് ചിത്പാവൻ ബ്രാഹ്മണരുടെ സാമ്രാജ്യനഷ്ടം എന്ന ഇടത്തായിരുന്നു തങ്ങി നിന്നിരുന്നത്. തങ്ങളുടെ സാമ്രാജ്യം പിടിച്ചെടുത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് സായുധ യുദ്ധത്തിൻ്റെ വ്യത്യസ്ത മാർഗ്ഗങ്ങൾ അവലംബിക്കുക എന്നതായിരുന്നു അതിൻ്റെ ആദ്യഘട്ടം .എന്നാൽ 1923 ൽ ഹിന്ദുത്വ എഴുതിയതിന് ശേഷം ബ്രിട്ടീഷുകാരുമായി അത് സന്ധി ചെയ്തു. അങ്ങനെ സന്ധി ചെയ്തു കൊണ്ട് മുന്നോട്ടുപോയാൽ പതുക്കെപ്പതുക്കെ ഹിന്ദുസ്ഥാൻ എന്ന നിലയിൽ ഡൊമീനിയൻ പദവി നേടിയെടുക്കാനാകും എന്ന് സവർക്കറും ഹിന്ദുമഹാസഭയും കരുതി. എന്നാൽ ഗാന്ധിയുടെ നേതൃത്വത്തിലും അല്ലാതെയും നടന്ന സ്വാതന്ത്ര്യസമരപ്പോരാട്ടങ്ങൾ ഒരു ബഹുജന സമരത്തിൻ്റെ രൂപം പ്രാപിക്കുകയുണ്ടായി. ദേശീയപ്രസ്ഥാനത്തിൽ മുസ്ലീങ്ങളും കീഴാളരും ഉൾപ്പെടെയുള്ള ജനപ്രാതിനിധ്യം ഉണ്ടായി. കമ്യൂണിസ്റ്റ് സമരങ്ങളായാലും  സുഭാഷ് ചന്ദ്രബോസിൻ്റെ ഐ എൻ എ ആയാലും മറ്റേത് സ്വാതന്ത്യസമരപ്രസ്ഥാനങ്ങൾ ആയാലും അതിലെല്ലാം എല്ലാത്തരം ജനവിഭാഗങ്ങളുടേയും പ്രാതിനിധ്യം ഉണ്ടായിരുന്നു. അതുപോലെ തന്നെ ജാതിവിരുദ്ധ സമരങ്ങളും ശക്തി പ്രാപിച്ചു. ബംഗാളിൽ നിന്നുണ്ടായ ഭദ്രലോക നവോത്ഥാനമായാലും കേരളത്തിലും മഹാരാഷ്ട്രയിലും സംഭവിച്ച കീഴാള നവോത്ഥാനമായാലും ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്തു.

1923 ലെ സവർക്കറുടെ പുസ്തകം ഇതിനെയെല്ലാം നേരിടാനുള്ള ബ്രാഹ്മണരാഷ്ട്രീയത്തിൻ്റെ ശ്രമങ്ങൾ ആയിരുന്നു. മനുസ്മൃതി അടക്കമുള്ള സ്മൃതികളുടെ വീര്യം കുറച്ച് ഹിന്ദുവിനെ വംശീയവല്ക്കരിക്കാനുള്ള ശ്രമമാണ് സവർക്കർ നടത്തിയത്. സ്രഷ്ടാവിൻ്റെ മുഖകമലത്തിൽ നിന്നാണ് ബ്രാഹ്മണർ ഉണ്ടായത് എന്ന ഐതിഹ്യത്തെ പശ്ചാത്തലത്തിലേയ്ക്ക് മാറ്റി നിർത്തി ഹിന്ദുവിനെ ഒരു ചരിത്രമായി നിർവ്വചിക്കുകയായിരുന്നു സവർക്കർ. അങ്ങനെ വിനായക് ചതുർവേദിയൊക്കെ ചൂണ്ടിക്കാട്ടിയപോലെ ഒരു ആഭ്യന്തര അധിനിവേശചരിത്രം സവർക്കർ ഉണ്ടാക്കി. ചരിത്രത്തിൻ്റെ മൂലകങ്ങളെ ഹിന്ദുത്വ എന്ന സ്റ്റോറി ബോർഡിൽ തളച്ചിട്ട് ഉണ്ടാക്കാൻ ശ്രമിച്ച ഈ ചരിത്രത്തിലെ വമ്പൻ വിള്ളലുകളെ ഐതിഹ്യത്തിനെ ചരിത്രമായി വ്യാഖാനിച്ച് അടക്കാൻ ശ്രമിച്ചു. ആര്യാവർത്തത്തിൽ നിന്ന് ഹിന്ദുസ്ഥാനിലേയ്ക്ക് സവർക്കർ ഭൂപടം വികസിപ്പിക്കുന്നത് ശ്രീരാമചന്ദ്രനെ ചരിത്ര കഥാപാത്രമാക്കി പരുവപ്പെടുത്തിയാണെന്ന് നാം കണ്ടു. കർമ്മഭൂമി എന്ന ആധുനിക പൗരത്വത്തിൻ്റെ അടിസ്ഥാനഘടകത്തെ വലിച്ചെറിഞ്ഞ് പിതൃഭൂമി, പുണ്യഭൂമി എന്നീ സങ്കല്പനങ്ങളിൽ അതിനെ തളച്ചിടാനുള്ള ശ്രമവും സവർക്കർ നടത്തി. ഹിന്ദുവിൻ്റെ വംശീയ വല്ക്കരണം എന്ന ഈ ആശയത്തിൽ നിന്നാണ് ഹിന്ദുമഹാസഭയും ആർ എസ് എസ് അടക്കമുള്ള ഹിന്ദു സംഘടനകളും ഉണ്ടാകുന്നത്. സവർക്കർക്ക് മുമ്പ് ഉണ്ടായിരുന്ന ഹിന്ദു സംഘടനാ ( ഐക്യ ) പ്രസ്ഥാനം പോലുള്ള ബ്രാഹ്മണ പ്രസ്ഥാനങ്ങൾക്ക് വ്യക്തമായ ദിശാബോധം ലഭിക്കുന്നത് ദേശീയതയെ ഈ ബ്രാഹ്മണരാഷ്ട്രീയത്തിൻ്റെ അടിസ്ഥാനഘടകമായി വികസിപ്പിക്കുന്നതോടെയാണ്. ഈ ബ്രാഹ്മണ വംശീയ ദേശീയതയ്ക്ക് കുറേക്കൂടി വ്യക്തമായ ദിശാബോധം ലഭിക്കുന്നതിന് ” എല്ലാ രാഷ്ട്രീയവും ഹിന്ദുവല്ക്കരിക്കുക, ഹിന്ദു മണ്ഡലത്തെ സൈനിക വല്ക്കരിക്കുക ” എന്ന മുദ്രാവാക്യവും സവർക്കർ മുന്നോട്ടു വെയ്ക്കുന്നത് നാം കണ്ടു. വംശീയ ഹിന്ദുവിനെ ഫാസിസ്റ്റ് മാതൃകയിൽ സൈനികവല്ക്കരിക്കാനായാൽ ഹിന്ദുസ്ഥാൻ എന്ന ആണത്ത ഫാസിസ്റ്റ്  ബ്രാഹ്മണിക ഭരണകൂടം സാധ്യമാകുമെന്ന് സവർക്കർ കരുതി. 1941 ലെ സെൻസസിൽ ആദിവാസികളെ ഹിന്ദുക്കളാക്കി കണക്കിൽ ചേർക്കുന്നത് തൊട്ട്  ഹിന്ദു (ബ്രാഹ്മണ, സവർണ്ണ) യുവാക്കളെ സൈന്യത്തിൽ ചേർക്കാൻ പ്രേരിപ്പിക്കുന്നത് വരെ ഈ ബ്രാഹ്മണരാഷ്ട്രീയത്തിൻ്റെ ഭാഗമാകുന്നത് അങ്ങനെയാണ്. മാത്രമല്ല ആർ എസ് എസ് പോലുള്ള ഹിന്ദുത്വ സംഘടനകൾ അർദ്ധസൈനിക സ്വഭാവം ആർജ്ജിക്കുന്നതും ഹിന്ദുക്കളുടെ സൈനിക വല്ക്കരണം എന്ന ആശയത്തെ മുൻ നിർത്തിയാണ്.

ഇങ്ങനെ ബ്രാഹ്മണരാഷ്ട്രീയത്തിൻ്റെ വംശീയ വല്ക്കരണം, സൈനിക വല്ക്കരണം എന്ന ഘട്ടങ്ങളിലൂടെ കടന്നു പോയി പാകപ്പെട്ട ഒരാളുടെ പേരാണ് യഥാർത്ഥത്തിൽ നാഥുറാം ഗോഡ്സേ എന്നത്. സവർക്കർ ഹിന്ദുത്വത്തെ ‘ചരിത്രമാക്കി ‘ യതോടെ ശിവജിയും പേഷ്വാമാരും പൃഥിരാജ് ചൗഹാനും ഗുരു ഗോബിന്ദ് സിംഗുമെല്ലാം ഹിന്ദുരാഷ്ട്ര ബിംബങ്ങൾ ആയി. ഗാന്ധിയെ കൊല്ലും മുമ്പ് ഗോഡ്സേ ബിർളാമന്ദിറിൽ ശിവജിയുടേയും ബാജിറാവു പേഷ്വയുടേയും ചിത്രങ്ങൾക്ക് മുന്നിൽ പ്രണാമമർപ്പിക്കുന്നത് നാം കണ്ടു. ഷിംലകോടതിയിലെ പ്രസ്താവനയിലും സവർക്കർ ഹിന്ദുത്വത്തിലേയ്ക്ക് മാമോദീസ മുക്കിയ ഇത്തരം ചരിത്ര ബിംബങ്ങളേയാണ് ഗോഡ്സേ ഗാന്ധിക്ക് എതിർ വെയ്ക്കുന്നത്. അതായത് രണ്ടോ മൂന്നോ നൂറ്റാണ്ട് പഴക്കമുള്ള ബിംബങ്ങളെ. കാരണം സവർക്കർ സൃഷ്ടിച്ച വ്യാജചരിത്രത്തിലെ പ്രജ മാത്രമാണ് ഗോഡ്സേ.

ഈ വ്യാജചരിത്രത്തിൽ മുങ്ങിക്കിടക്കുന്നത് കൊണ്ട് ആധുനിക ലോക വ്യവഹാരങ്ങളെക്കുറിച്ചോ ജനാധിപത്യത്തെ ക്കുറിച്ചോ തരിമ്പും ഗോഡ്സേയ്ക്ക് അറിയില്ല. വിഭജനം നടന്നതോടെ ഗാന്ധി അധികാരസ്ഥാനങ്ങളില്ലാത്ത ഇന്ത്യൻ പ്രജയായി തീർന്നു എന്നത് അയാൾ ഗൗനിക്കുന്നേയില്ല. നിരാഹാരത്തിന് മുമ്പ് പാക്കിസ്ഥാന് മുന്നിൽ ഗാന്ധി നിബന്ധനകൾ വെച്ചില്ല എന്നതാണ് ഗോഡ്സേയുടെ ഒരു ന്യായം. ഒരു രാജ്യത്തിലെ പൗരൻ സമരം ചെയ്യാനുള്ള തൻ്റെ ജനാധിപത്യാവകാശം വിനിയോഗിക്കുന്നത് മറ്റൊരു രാജ്യത്തിന് മുന്നിൽ നിബന്ധനകൾ വെച്ചാകണം എന്ന അസംബന്ധം പറയാൻ ഗോഡ്സേയ്ക്ക് യാതൊരു മടിയുമില്ല. നെഹ്റു മന്ത്രിസഭയെ ‘ബഹുമാനിക്കുന്നില്ല എന്ന് പ്രഖ്യാപിക്കുമ്പോൾ ആ മന്ത്രിസഭയിൽ തൻ്റെ പാർട്ടിക്കാരനായ ശ്യാമപ്രസാദ് മുഖർജി ഇരിക്കുന്നത് ഗോഡ്സേയെ അലോസരപ്പെടുത്തുന്നില്ല.

കാരണം അയാൾ സൈനികവല്ക്കരിക്കപ്പെട്ട ഹിന്ദുഫാസിസ്റ്റാണ്. അയാൾക്കുള്ളത് നിർമ്മിത ബുദ്ധിയാണ്. ഈ നിർമ്മിതബുദ്ധിയുടെ വിഭവ ശേഖരം എന്നത് സവർക്കറുടെ സിദ്ധാന്തങ്ങൾ ആണ്. അതിൽ നിന്നെടുത്ത് ചേരുംപടി ചേർക്കുക എന്നതാണ് അതിനറിയാവുന്ന ഏക കാര്യം. രാവണനെയും ചാണക്യനേയും ദാദാ ബായ് നവറോജിയേയും ചേർത്തുവെയ്ക്കുന്നത് അതുകൊണ്ടാണ്. സവർക്കർ v/s ഗാന്ധി എന്ന മട്ടിൽ ഇന്ത്യ എന്ന ആധുനിക ജനാധിപത്യ രാജ്യത്തിൻ്റെ ആത്മാവിനെ ഒരു ചെറിയ സ്ഥലത്ത് പിടിച്ചു വെയ്ക്കാൻ ശ്രമിക്കുന്നതും അതുകൊണ്ടാണ്.

വിഭജനത്തിൻ്റെ ഉത്തരവാദിത്വത്തിൽ ഒരിക്കൽ പോലും അയാൾ സവർക്കറെ തിരിഞ്ഞു നോക്കുന്നില്ല. കാരണം അയാൾ അടങ്ങുന്ന വിഭാഗത്തിൻ്റെ രാഷ്ട്രീയാടിസ്ഥാനം തന്നെ ഹിന്ദു, മുസ്ലീം വിഭജനത്തിൽ വിശ്വസിക്കുന്നതാണ് എന്ന് ആ നിർമിത ബുദ്ധിക്ക് ഒരിക്കലും പിടി കിട്ടില്ല. തങ്ങളോടൊപ്പം വിഭജനത്തിന് ഉത്തരവാദികളായ ജിന്നയുടെ മുസ്ലീം ലീഗിനോടും ഗോഡ്സേയ്ക്ക് ഒന്നും പറയാനില്ല. കാരണം വിഭജനവാദം കൊടുമ്പിരി കൊള്ളുമ്പോൾ സിന്ധ് ഉൾപ്പെടെയുള്ള പ്രവിശ്യകൾ ഒന്നിച്ചു ഭരിക്കാൻ മടി കാണിക്കാത്തവർ ആയിരുന്നു അവർ. അങ്ങനെ ഭൗതികവും ധാർമ്മികവുമായ യാതൊരു കാരണവും യഥാർത്ഥത്തിൽ ഗാന്ധിക്കെതിരെ ഗോഡ്സേയ്ക്ക് പറയാനില്ല.

യഥാർത്ഥ കാരണം, ഹിന്ദുസ്ഥാൻ എന്ന സ്വപ്നം അഭയാർത്ഥികളെ ഉപയോഗിച്ച് എളുപ്പത്തിൽ നേടാം എന്ന ഫാസിസ്റ്റ് സ്വപ്നത്തിൻ്റെ തകർച്ചയും മോഹഭംഗവുമാണ് ഗാന്ധി വധത്തിൽ ഗോഡ്സെ യെ എത്തിച്ചത്. ആ സ്വപ്നത്തെയാണ് അവസാന സത്യാഗ്രഹത്തിൽ ഗാന്ധി തകർത്തെറിഞ്ഞത്. സവർക്കർ ഫ്യൂററായ വംശീയ, ബ്രാഹ്മണിക ഫാസിസ്റ്റ് ഭരണക്രമത്തിൻ്റെ പ്രായോഗികതയെയാണ് ഗാന്ധി തകർത്തത്.

ഗാന്ധിക്കത് തകർക്കാൻ കഴിയും എന്ന് സവർക്കർ മുൻകൂട്ടി കണ്ടിരുന്നു. പാകിസ്ഥാന് അമ്പത്തഞ്ചുകോടി രൂപ കൊടുക്കാൻ ഗാന്ധി എടുത്ത മുൻകൈയിനെ ചൊല്ലിയാണ് വധം നടന്നത് എന്ന് ഹിന്ദുത്വ നേതാക്കൾ ചരിത്രത്തിൽ ഒരു ആഖ്യാനം പടുത്തുയർത്താൻ ശ്രമിക്കുന്നതും നാം കണ്ടിട്ടുണ്ട്. ജയിൽ വിമുക്തനായപ്പോൾ ഒരു പ്രതി, ഗോപാൽ ഗോഡ്സേ, അത് ഗ്രന്ഥരചനയിലൂടെ അങ്ങനെ അവകാശപ്പെട്ടു. എന്നാൽ ഗാന്ധിയെ അതിന് മുമ്പായി, ഒരു പക്ഷേ ദ്വിരാഷ്ട്രവാദം ഉയരുന്നതിന് മുമ്പേ തന്നെ കൊലപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നതായി നമുക്കറിയാം. അതെല്ലാം നടത്തിയത് ഹിന്ദുത്വ രാഷ്ട്രീയക്കാരാണെന്നും. ജഗൻ ഫാഡ്നിസ് എഴുതിയ ഗാന്ധി ഹത്യാകാണ്ഡ് (The story of Gandhi Murder) എന്ന പുസ്തകത്തിലും വൈ. ഡി .ഫാഡ്കേ എഴുതിയ നാഥുരാമായണ എന്ന പുസ്തകത്തിലും കപൂർ കമ്മീഷൻ റിപ്പോർട്ടിലും അത് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. നമുക്ക് അതിലേയ്ക്ക് ഒന്നു പാളി നോക്കാം.

ഗാന്ധിയെ കൊല്ലാനുള്ള ആദ്യ പരിശ്രമം നടന്നത് 1934 ജൂൺ 25 നാണ്. അന്ന് ഹരിജൻ യാത്രയുമായി ബന്ധപ്പെട്ട് ഗാന്ധി പൂനെ സന്ദർശിക്കുകയുണ്ടായി. പൂനെ കോർപ്പറേഷൻ ഓഡിറ്റോറിയത്തിൽ ആയിരുന്നു ഗാന്ധിയുടെ പ്രസംഗത്തിനുള്ള വേദി ഒരുക്കിയിരുന്നത്. രണ്ടു കാറുകളിലായാണ് ഗാന്ധിയും സംഘവും സഞ്ചരിച്ചിരുന്നത്. ആദ്യത്തെ കാർ കോർപ്പറേഷൻ ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ അതിന് നേരെ ബോംബെറിഞ്ഞു. പൂനെ മുൻസിപ്പൽ കോർപ്പറേഷൻ ചീഫ് ഓഫീസർക്കും രണ്ട് പോലീസുകാർക്കും മറ്റുള്ള ഏഴ് പേർക്കും പരിക്കുപറ്റി. ഗാന്ധി ആ കാറിലുണ്ട് എന്ന സങ്കല്പത്തിൽ ഹിന്ദു തീവ്രവാദികൾ ആണ് ബോംബെറിഞ്ഞത് എന്നായിരുന്നു പരക്കെ വിശ്വസിക്കപ്പെട്ടത്. എന്നാൽ ഗാന്ധി രണ്ടാമത്തെ കാറിലായിരുന്നു. അത് ഒരു റെയിൽവേ ക്രോസ്സിൽ തങ്ങിയതിനാൽ വൈകിയാണ് എത്തിച്ചേർന്നത്. പ്യാരേലാൽ അതിനെപ്പറ്റി എഴുതിയത് ഇങ്ങനെയാണ്. ” ഇത്തവണ ശ്രദ്ധയോടെ പദ്ധതിയൊരുക്കിയാണ് അവർ നടപ്പാക്കിയത് ‘. അദ്ദേഹം തുടരുന്നു. ” ഈ മനുഷ്യർ ഗാന്ധിയുടേയും നെഹ്റുവിൻ്റേയും മറ്റ് കോൺഗ്രസ്സ് നേതാക്കളുടേയും ഫോട്ടോകൾ അവരുടെ ഷൂവിനുള്ളിൽ തിരുകി വെച്ചിരുന്നു. ഗാന്ധിയുടെ ചിത്രം ലക്ഷ്യമാക്കിയാണ് അവർ വെടിവെയ്പു പരിശീലനം നടത്തിയിരുന്നത്. അവർ തന്നെയായിരുന്നു പിന്നീട് 1948 ൽ കലാപ ബാധിതമായ ഡെൽഹിയിൽ സമാധാനം കൊണ്ടുവരാൻ കഠിനപരിശ്രമം നടത്തിക്കൊണ്ടിരിക്കേ ഗാന്ധിയെ വധിച്ചത്.”

ബോംബെറിഞ്ഞയാളെ പിടികൂടിയില്ല. അതിനെ സംബന്ധിച്ച അന്വേഷണത്തിൻ്റേയോ അറസ്റ്റിൻ്റേയോ രേഖകളും കണ്ടുകിട്ടിയിട്ടില്ല. പല ചരിത്രകാരന്മാരും വിശ്വസിക്കുന്നത്  ഇതിന് പിന്നിൽ പ്രവർത്തിച്ചത് ഗോഡ്സേ – ആപ്തേ ദ്വയവും അവരുടെ കൂട്ടവും ആണെന്നാണ്.

രണ്ടാമത്തെ വധശ്രമം നടന്നത് 1944 ജൂലൈയിൽ മഹാരാഷ്ടയിലെ പാഞ്ച്ഗനിയിൽ വെച്ചാണ്. 1944 മെയ് മാസത്തിൽ  ജയിൽ വിമോചനത്തെ തുടർന്ന് ഗാന്ധിക്ക് മലേറിയ പിടികൂടി. ഡോക്ടർമാർ വിശ്രമം വിധിച്ചതിനെ തുടർന്ന് ഗാന്ധി പൂനെക്കടുത്ത് പാഞ്ച്ഗനി എന്ന മലഞ്ചെരുവിൽ ദിൽക്കുഷ് ബംഗ്ലാവിൽ താമസിക്കാൻ തുടങ്ങി. പൂനെയിൽ നിന്ന് ഇരുപതോളം വരുന്ന ഒരു സംഘം വാഹനത്തിൽ വന്ന് പകൽ മുഴുവൻ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ഗാന്ധി ഇതറിഞ്ഞപ്പോൾ സംഘനേതാവായ നാഥുറാം വിനായക് ഗോഡ്സെയെ ചർച്ചക്കായി വിളിച്ചെങ്കിലും അദ്ദേഹം അത് നിരാകരിച്ചു.

സായാഹ്നത്തിൽ പ്രാർത്ഥനാ സമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോൾ നെഹ്റു ഷർട്ടും  ജാക്കറ്റും പൈജാമയും ധരിച്ച നാഥുറാം, ഗാന്ധിക്ക് നേരെ ഊരിപ്പിടിച്ച കത്തിയുമായി ഗാന്ധി വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി പാഞ്ഞടുത്തു. പൂനെയിലെ സുർത്തി ലോഡ്ജ് ഉടമയായ മണിശങ്കർ പുരോഹിതും സത്താറേയിലെ ഭിലാരേ ഗുരുജിയും ചേർന്ന് നാഥുറാമിനെ തടഞ്ഞു നിർത്തിയത് രണ്ടു പേരും കപൂർ കമ്മീഷൻ്റെ മുന്നിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ശ്രമം പ്രാർത്ഥനാ സമ്മേളനത്തിൽ കോളിളക്കമുണ്ടാക്കിയെങ്കിലും ഗാന്ധി അസ്വസ്ഥപ്പെട്ടില്ല.  തൻ്റെ ജീവിതദർശനം മനസ്സിലാക്കാൻ ആ യുവാവിനെ എട്ടു ദിവസം തന്നോടൊപ്പം താമസിപ്പിക്കാനാണ് ഗാന്ധി ആവശ്യപ്പെട്ടത്. ഗാന്ധിയുടെ നിർദ്ദേശപ്രകാരമാകണം കേസ് എടുക്കുകയുണ്ടായില്ല. ഗോഡ്സേയുടെ പത്രമായ അഗ്രണിയുടെ ലേഖകനായ ജോഗ് ലേക്കറും ഈ സംഭവത്തിന് സാക്ഷ്യം നൽകുകയുണ്ടായി. നാരായൺ ആപ്തേ കൂടെയുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. പൂനെ ഹെറാൾഡ് പത്രത്തിലെ എ.ഡേവിഡും പ്രസ്തുത സംഭവത്തെക്കുറിച്ച് കപൂർ കമ്മീഷന് മുന്നിൽ മൊഴി നൽകിയിരുന്നു. ഗാന്ധിയുടെ കൂടെയുണ്ടായിരുന്നവർ മേൽ സംഭവങ്ങൾക്ക് ഉപോദ്ബലകമായ തെളിവുകൾ നൽകാത്തത് കൊണ്ടാണ് പ്രസ്തുത വിഷയത്തിൽ കമ്മീഷൻ തീർപ്പു കല്പിക്കാതിരിക്കാനുള്ള കാരണം. പ്യാരേലാലിൻ്റെ സഹോദരിയും ഗാന്ധിസംഘത്തിലെ പ്രധാനിയും ഗാന്ധിയുടെ ഡോക്ടറുമായിരുന്ന ഡോ. സുശീല നയ്യാർ എതിരാളികളിൽ ഒരാൾ കൈയ്യിൽ കത്തിയേന്തിയിരുന്നു എന്നത് ഓർക്കുന്നുണ്ടെങ്കിലും അത് ഗോഡ്സേ ആയിരുന്നോ എന്ന കാര്യത്തിൽ തീർപ്പ് കല്പിച്ചില്ല.

മൂന്നാമത്തെ ശ്രമവും 1944ൽ തന്നെയാണ് നടന്നത്. സെപ്തംബർ 9 ന്. ഗാന്ധിയും ജിന്നയും ബോംബെയിൽ വെച്ചു നടത്തിയ സംഭാഷണം നാം നേരത്തെ പരാമർശിച്ചിട്ടുണ്ട്. ആ സംഭാഷണത്തിനായി സേവാഗ്രാമിൽ നിന്നും ബോംബെയിലേയ്ക്ക് പുറപ്പെടുമ്പോഴാണ് ഗോഡ്സേയും തട്ടേയും അടങ്ങുന്ന ഒരു കൂട്ടം ഹിന്ദുത്വവാദികൾ ഗാന്ധിയെ തടയാൻ ശ്രമിച്ചത്. ബംഗാളിൽ നിന്ന് വന്നവരും അക്കൂട്ടത്തിൽ ഉള്ളതായി പറയുന്നു. ഗാന്ധിയുടെ യാത്ര തടയാനായി ആശ്രമം പിക്കറ്റ് ചെയ്യാനാണ് അവർ ശ്രമിച്ചത്. നാഥുറാം ഗോഡ്സേ ഇത്തവണയും  ഗാന്ധിയുടെ അടുത്തേയ്ക്ക് കത്തിയുമായി എത്താൻ ശ്രമിക്കുകയുണ്ടായി. പോലീസ് റിപ്പോർട്ടുകൾ പറയുന്നത് ഒരു സംഘാംഗത്തിൽ നിന്നും ‘ ജാംബിയ ‘ (അരിവാൾ പോലെ വളഞ്ഞ കത്തി ) പിടിച്ചെടുത്തുവെന്നാണ്. പോലീസ് റിപ്പോർട്ടിൽ വധശ്രമം രേഖപ്പെടുത്താത്തത് കൊണ്ട് കേസ് കാര്യമായില്ല. പ്യാരേലാൽ ഈ സംഭവത്തെ കുറിച്ച് തേജ് ബഹാദൂർ സപ്രുവിനെഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു. “സേവാഗ്രാമിൽ നടന്ന പ്രതിഷേധത്തിൻ്റെ നേതാവ്, കടുത്ത മനസ്സുള്ളവനും അങ്ങേയറ്റത്തെ തീവ്രവാദിയും ജിന്നയെ കാണുന്നതിൽ നിന്നും ഗാന്ധിയെ തടയാൻ ഏതറ്റം വരെ പോകാൻ തയ്യാറുള്ളവനും ആയിരുന്നു. അറസ്റ്റ് നിർവ്വഹിച്ച ഓഫീസർ സംഘനേതാവിൽ നിന്നും കത്തി കണ്ടെടുത്ത ശേഷം രക്തസാക്ഷിയാകാനാണോ ഉദ്ദേശം എന്ന് തമാശയായി ചോദിച്ചപ്പോൾ ഗാന്ധി ഭാവിയിൽ കൊല്ലപ്പെടുമെന്നും അതിന് വേണ്ടി ഞങ്ങളിൽ ഒരാൾ രക്തസാക്ഷിയാകുമെന്നും പറയുകയുണ്ടായി. എന്തിനാണ് അവരുടെ നേതാക്കളും ഗാന്ധിയും തമ്മിലുള്ള വഴക്കിന് വേണ്ടി അവർ അവരുടെ സമയവും ജീവിതവും കളയുന്നതെന്നും ആ ഓഫീസർ നേതാവിനോട് ചോദിക്കുകയുണ്ടായി. ഗാന്ധിയെ തടയണമെങ്കിൽ അത് എന്തുകൊണ്ട് അവരുടെ നേതാവായ സവർക്കർക്ക് വിട്ടുകൊടുത്തു കൂടാ? നേതാവ് മറുപടി പറഞ്ഞു .” സവർക്കർ ഗാന്ധിയുമായി സംസാരിച്ചാൽ അത് ഗാന്ധിക്ക് ഒരു ബഹുമതിയാകും. സവർക്കർ ഗാന്ധിയുമായി സംസാരിക്കാനുള്ള സമയം ആയിട്ടില്ല. ഗാന്ധിയെ അതുവരെ ഞങ്ങളുടെ താഴ്ന്ന നേതാക്കൾ കൈകാര്യം ചെയ്യും “. പ്യാരേലാൽ സൂചിപ്പിക്കുന്നത് അത് ഗോഡ്സേ ആണെന്നാണ്.

നാലാമത്തെ ശ്രമം നടന്നത് 1946 ജൂണിൽ ആണ്.  ഗാന്ധിയെ വഹിച്ചു കൊണ്ട് വരുന്ന “ഗാന്ധി സ്പെഷ്യൽ ” എന്ന തീവണ്ടി നെരൂൾ സ്റ്റേഷനും കർജത്ത് സ്റ്റേഷനുമിടയിൽ ഒരു അപകടത്തിൽ പെട്ടു. എൻജിൻ ഡ്രൈവറുടെ മൊഴിയനുസരിച്ച് തീവണ്ടിയെ പാളം തെറ്റിക്കാനായി റെയിൽ ഇളക്കി മാറ്റിയിരുന്നു. ഇതറിയാതെ സഞ്ചരിച്ചുവെങ്കിലും ട്രെയിൻ ഡ്രൈവറുടെ മന:സാന്നിദ്ധ്യം മൂലം എഞ്ചിൻ്റെ വേഗത കുറച്ച് അപകടം ഒഴിവാക്കി. ഗുഡ്സ് ട്രെയിനുകളെ പാളം തെറ്റിച്ച് കൊള്ളയടിക്കാനുള്ള കള്ളന്മാരുടെ പദ്ധതിയാണ് എന്നാണ് പോലീസ് നിഗമനത്തിൽ എത്തിയത്. എന്നാൽ ഗാന്ധി സ്പെഷൽ ട്രെയിൻ അല്ലാതെ അന്നേരം മറ്റൊരു ട്രെയിനും അതിലേ കടന്നു പോകുന്നുണ്ടായിരുന്നില്ല എന്നത് ഇത് ഒരു വധശ്രമം ആയിരുന്നു എന്നതിലേയ്ക്ക് വിരൽ ചൂണ്ടുന്നു. ഗാന്ധി തന്നെയും 1946 ജൂൺ 30 ന് നടത്തിയ പ്രഭാഷണത്തിൽ ആ സംഭവത്തെ വധശ്രമമായി ചൂണ്ടിക്കാണിക്കുകയുണ്ടായി. പൂനെയിൽ തന്നെയാണ് ആ പ്രഭാഷണം നടത്തിയത് .” എൻ്റെ ജീവനെടുക്കാൻ ഇന്നലെ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഞാൻ പെട്ടെന്നൊന്നും മരിക്കില്ല. 125 വയസ്സുവരെ ജീവിക്കാനാണ് ഞാൻ പദ്ധതിയിടുന്നത് ”

ഇങ്ങനെ ഗോഡ്സേയുടെയും ആപ്തേയുടേയും നേതൃത്വത്തിൽ തന്നെ നിരവധി വധ ശ്രമങ്ങൾ നടന്നു എന്നത് അവർ വളരെ മുമ്പേ ഗാന്ധിയെ നോട്ടപ്പുള്ളിയാക്കിയിരുന്നു എന്നതിന് തെളിവാണ്. അതിനാൽ 55 കോടി രൂപയുടെ ബലി എന്ന് പറയുന്നത് സവർക്കറേയും ഹിന്ദുത്വസംഘടനകളേയും രക്ഷിക്കാൻ വേണ്ടി നിർമ്മിച്ച ഒരാഖ്യാനം മാത്രമാണെന്ന് മനസ്സിലാക്കാം.

സത്യവും അഹിംസയും പ്രചരിപ്പിക്കുന്നത് കൊല്ലാൻ ഉള്ള കാരണമാണെന്ന കണ്ടുപിടിത്തം അവതരിപ്പിച്ച ശേഷം ഗോഡ്സേ അടുത്ത കാരണമായി പറയുന്നത് ഗാന്ധിയുടെ ഭാഷാ സമീപനമാണ്. സവർക്കറുടെ ഭാഷാ സമീപനത്തെ കുറിച്ച് നാം ചർച്ച ചെയ്തു കഴിഞ്ഞു. ഉറുദു വാക്കുകളെ പിഴുതുമാറ്റുക വഴി മറാത്തി ഭാഷ സംസ്കൃത ബഹുലമാകുമെന്നും ശുദ്ധീകരിക്കപ്പെടുമെന്നും കടുത്ത നിലപാട് ആയിരുന്നു സവർക്കർ എടുത്തിരുന്നത് എന്ന് നാം കണ്ടു. സമൂഹത്തിലെന്ന പോലെ മുസ്ലീം വിരുദ്ധത അദ്ദേഹം ഭാഷകളിലും പ്രയോഗിച്ചിരുന്നതും. പദങ്ങൾക്ക് മതം ഉണ്ടെന്ന കണ്ടുപിടിത്തം നടത്തുന്നത് സവർക്കറാണ്. ഹിന്ദു ഹിന്ദി ഹിന്ദുസ്ഥാൻ എന്ന ആശയത്തിനായി ശുദ്ധഹിന്ദി വാദത്തെ സവർക്കർ നേരത്തെ ഉയർത്തിയിരുന്നു. ബ്രാഹ്മണാധിപത്യത്തെ ഇന്ത്യയിൽ നിലനിർത്തിയത് സംസ്കൃത കേന്ദ്രിതമായ ഭാഷാ ബോധത്തെ നിർമ്മിച്ചു കൊണ്ട് കൂടിയാണ് എന്ന് മനസ്സിലാക്കിയ സവർക്കർ അതിനെ സമകാലികമാക്കി പുന:സൃഷ്ടിക്കണമെങ്കിൽ സംസ്കൃത കേന്ദ്രിതമായ ഹിന്ദിയെ മുന്നിൽ നിർത്തി വേണം എന്ന് തീരുമാനിക്കുകയും അതിനെ രാഷ്ട്രീയമായി വളർത്തിയെടുക്കുകയും ചെയ്തിരുന്നു. മറാത്തി സാംസ്കാരിക മണ്ഡലത്തിൽ അത് വലിയ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതിൻ്റെ ആവർത്തനമാണ് ഗോഡ്സേ മുഴക്കുന്നത്.ഗോഡ്സേയുടെ ഭാഷയിൽ തന്നെ സംസാരിക്കുകയാണെങ്കിൽ  ഭാഷയെ ‘വ്യഭിചരിക്കുന്ന ‘ത് ഹിന്ദുത്വ ഭാഷാ മാധ്യമങ്ങൾ ആയിരുന്നു. ഗോഡ്സേയുടെ അഗ്രണിയും ഹിന്ദുരാഷ്ട്രയും ” ഗാന്ധി, പോയി തൂങ്ങിച്ചത്തു കൂടേ ” എന്ന മട്ടിലായിരുന്നു തലക്കെട്ടുകൾ എഴുതിയിരുന്നത്. ഹിന്ദുത്വവാദികളുടെ തലതൊട്ടപ്പനായ തിലക് ആരംഭിച്ച , ഹിന്ദു പത്രികകളുടെ തുടക്കം എന്ന് പറയാവുന്ന കേസരി, മഹാദേവ് ഗോവിന്ദ് റാനഡേയെ, അദ്ദേഹവുമായി തിലക് തെറ്റിയപ്പോൾ വിശേഷിപ്പിച്ചത് ” വൈക്കോൽ കൂനയിലെ പട്ടി ” എന്നാണ്. മോട്ടിലാൽ നെഹ്റു മുസ്ലീങ്ങളോട് മൈത്രി പ്രകടിപ്പിക്കുന്ന ഒരു പ്രസ്താവന പുറപ്പെടുവിച്ചപ്പോൾ അദ്ദേഹത്തിൻ്റെ വേഷവിധാനം പകുതി മുസ്ലീങ്ങളുടേതാക്കി മാറ്റണം എന്ന് സവർക്കർ  എഴുതുകയുണ്ടായി. അദ്ദേഹത്തിന്റെ പേര് മോട്ടി മിയാൻ എന്ന് മാറ്റണമെന്നും.

ഇങ്ങനെ ഭാഷയിൽ വിഷം കലർത്തുന്ന സംസ്കാരം തുടങ്ങി വെച്ച ഹിന്ദു മാധ്യമ രംഗത്ത് നിന്നു വരുന്ന ഗോഡ്സേ തൻ്റെ പ്രസ്താവനയിൽ തെറിവാക്കുകളായി ചൂണ്ടിക്കാട്ടുന്നത് ‘ഉറുദു’ വാക്കുകളെയാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഗോഡ്സേ ഒരു പത്രാധിപരും കൂടിയാണ് എന്ന് ഈ അവസരത്തിൽ നാം ഊന്നേണ്ടതുണ്ട്.

സവർക്കറുടെ സാഹിത്യ സമീപനം നാം ചർച്ച ചെയ്യുകയുണ്ടായി. 1938 ൽ പലവിധ എതിർപ്പുകൾക്കിടെ  ഇരുപത്തിരണ്ടാം മറാത്തി സാഹിത്യ സമ്മേളനത്തിൻ്റെ അദ്ധ്യക്ഷനായി സവർക്കറെ തെരഞ്ഞെടുക്കുകയുണ്ടായി. ബോംബെയിലെ റോബർട്ട് മണി സ്കൂളിലാണ് സമ്മേളനം നടന്നത്. 3,000 പേർ ആ സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി. എല്ലാ ഭാഷയുടേയും ലിപികൾ ദേവനാഗരി ആക്കണമെന്നും ഉറുദുവാക്കുകളെ പിഴുതുമാറ്റി ഭാഷകൾ ശുദ്ധീകരിക്കണമെന്നുമുള്ള ഭാഷയെപ്പറ്റിയുള്ള ഫാസിസ്റ്റ് സിദ്ധാന്തങ്ങൾ സവർക്കർ അവതരിപ്പിക്കുകയുണ്ടായി. എന്നാൽ ആ പ്രസംഗത്തിൻ്റെ പ്രധാന ഭാഗം ഇതായിരുന്നു.
” വരുന്ന ദശകത്തിൽ കവിതയുടേയും കവികളുടേയും നോവലിൻ്റേയും നോവലിസ്റ്റുകളുടേയും അഭാവം അനുഭവപ്പെടും. ഓസ്ട്രിയയും ചൈനയും സഹിക്കേണ്ടി വന്നത് അവർക്ക് നല്ല സാഹിത്യം ഇല്ലാത്തത് കൊണ്ടല്ല ,മറിച്ച് സൈനികശക്തിയുടെ അഭാവം കൊണ്ടാണ്. ഓ, പഠിച്ച മനുഷ്യരേ, പണ്ഡിതരേ, നിങ്ങൾ ഓസ്ടിയൻ പ്രസിഡണ്ടിൻ്റെ അവസാനത്തെ ദയനീയമായ കരച്ചിൽ കേട്ടില്ലേ?. അദ്ദേഹം പറഞ്ഞത് ഞങ്ങൾ കൊയ്തെടുത്തത് ജർമ്മൻ ബയണറ്റുകളുടെ കീഴിലാണ്, സോണറ്റുകളുടെ (ഗീതകങ്ങളുടെ ) കീഴിലല്ല. സാഹിത്യം ദേശീയജീവിതത്തിൻ്റെ ഭാഗമെങ്കിൽ, അതിൻ്റെ പ്രാഥമിക ലക്ഷ്യം ദേശീയ ജീവിതത്തിൻ്റെ സുരക്ഷയായിരിക്കണം. കല കലയ്ക്കു വേണ്ടി എന്ന് പ്രചരിപ്പിക്കുന്നവരെ ഞാൻ തീർച്ചയായും ആരാധിക്കുന്നു. പക്ഷെ, അരങ്ങിന് തീ പിടിക്കുമ്പോൾ ഒരു യഥാർത്ഥ കലാപ്രേമി ചെയ്യേണ്ടത് ഊറിക്കൂടുന്ന തീനാളങ്ങൾ അണയ്ക്കുകയാണ്. അക്രമിയുടെ കാൽക്കീഴിൽ മുഴുവൻ രാജ്യവും പിടയുമ്പോൾ സാഹിത്യത്തിന് എന്ത് വിലയാണുള്ളത് ? ചാരക്കൂനകളായി മാറിയ പഠനത്തിൻ്റെ ഇരിപ്പിടങ്ങളായ നളന്ദയുടേയും തക്ഷശിലയുടേയും  മറ്റനേകം ഗ്രന്ഥശാലകളുടേയും വിധി നിങ്ങൾ മറന്നുവോ? ശിവജിയുടെ വിജയഖഡ്ഗമാണ് മഹാരാഷ്ട്രയെ കവികളുടേയും തത്വജ്ഞാനികളുടേയും സുരക്ഷിതസ്ഥാനമാക്കി മാറ്റിയത്. അതിനാൽ എല്ലാ ഉറപ്പോടും കൂടി ഞാൻ പറയട്ടെ, നമ്മുടെ കാലഘട്ടം കരയേണ്ടത് കവികൾക്ക് വേണ്ടിയല്ല, പട്ടാളക്കാർക്ക് വേണ്ടിയാണ്. പാട്ടുകൾ പാടുകയും ഗീതകങ്ങൾ രചിക്കുകയുമല്ല വേണ്ടത്. ആധുനികമായ തോക്കുകൾ തോളിൽ വെച്ച് മാർച്ച് ചെയ്യുന്ന പട്ടാളക്കാരുടെ കാലടികളുടെ മുഴക്കം കൊണ്ട് തെരുവുകൾ നിറയട്ടെ. അതു കൊണ്ട്, ഓ, സാഹിത്യപ്രവർത്തകരേ, തോക്കുകൾക്ക് വേണ്ടി പേനകൾ അടച്ചു വെയ്ക്കുക എന്നതാണ് നിങ്ങളോടുള്ള എൻ്റെ സന്ദേശം. കാരണം ഒരു അടിമ രാജ്യത്തിൽ സാഹിത്യം വളരുകയില്ല. ശാസ്ത്രത്തിൻ്റെ തുടർച്ച ആയുധ ശക്തിയാൽ പരിരക്ഷിക്കപ്പെടുന്ന രാജ്യത്തേ സാധ്യമാകൂ എന്ന് വ്യക്തമായി പറയപ്പെട്ടിട്ടുണ്ട് ”

ഫാസിസത്തിൻ്റെ സാഹിത്യ വിരോധം മാത്രമല്ല ഇതിൽ നിഴലിക്കുന്നത്. ജനാധിപത്യ സങ്കല്പത്തിൻ്റെ തരിപോലും പുലരാത്ത ദേശസങ്കല്പവും ഇതിനുള്ളിൽ ഉണ്ട്. ശക്തിയുള്ള രാഷ്ട്രം, ആയുധ ശക്തി, സൈനികശക്തി എന്നിവയോടുള്ള ആരാധന, മാനവികതയോടുള്ള വിരോധം തുടങ്ങിയവ ഇതിൽ തുളുമ്പി നിൽക്കുന്നു. നാട്ടുരാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ആണ് സവർക്കറുടെ ചരിത്ര സങ്കല്പത്തിൽ നെടുനായകത്വം വഹിച്ചിരുന്നത്. ആണത്തത്തിൻ്റെ യുദ്ധമേൽക്കോയ്മ എന്ന ഈ സങ്കല്പനമാണ് ഗോഡ്സേയുടേത് എന്ന് സാങ്കല്പികമായി വിശ്വസിക്കപ്പെടുന്ന ഈ സവർക്കേറിയൻ പ്രസ്താവനയുടേയും അന്തർധാര. ഗോഡ്സേ എന്ന ചീത്ത പത്രാധിപർ പേനയടച്ചു വെച്ചു. അതിലും ചീത്തയാകാൻ തോക്കെടുത്തു.

ഇത്തരമൊരു സാഹിത്യസങ്കല്പവും സാംസ്കാരിക സങ്കല്പവും എങ്ങനെയാണ് ക്ലാസ്സിക്കുകളെ വായിച്ചെടുക്കുന്നതെന്നും നോക്കുക. സവർക്കറെയും ഗോഡ്സെയും സംബന്ധിച്ചിടത്തോളം കൃഷ്ണൻ കംസനെ കൊല്ലുന്നതോടെ ഭാഗവതം തീരുന്നു. രാമൻ രാവണനെ കൊല്ലുന്നതോടെ രാമായണവും കുരുക്ഷേത്രയുദ്ധത്തോടെ മഹാഭാരതവും തീരുന്നു. യാദവർ പരസ്പരം തിരിഞ്ഞു തല്ലിയതും കൃഷ്ണൻ്റെ മരണവും ദ്വാരക കടലിൽ മുങ്ങിയതും ആ ഭാഗവതത്തിലില്ല. സീതയെ കാട്ടിലയച്ചതും തിരിച്ചു വന്ന സീത ഭൂമിയിൽ താഴ്ന്നതും ആ രാമായണത്തിലും പാണ്ഡവർ ഓരോരുത്തരായി കുഴഞ്ഞുവീഴുന്ന മഹാപ്രസ്ഥാനത്തിൻ്റെ കഥ ആ മഹാഭാരതത്തിലും ഇല്ല. ആണത്തവിജയത്തിൻ്റെ യുദ്ധത്തിൻ്റെ കഥ മാത്രമാണ് അവർ അതിൽ വായിച്ചെടുക്കുന്നത്. തങ്ങളുടെ ബ്രാഹ്മണസാമ്രാജ്യകഥയെ ആധുനിക കാലത്തിലേയ്ക്ക് തള്ളിക്കടത്താനാണ് അവർ ശ്രമിക്കുന്നത്. സവർക്കർ സയൻസിനെ സ്തുതിച്ചിട്ടുണ്ട്. യുക്തിവാദിയാണ് എന്ന മട്ടിലുള്ള വ്യാഖ്യാനങ്ങൾ പുരോഗമനവാദികളും പുരോഗമന വിരുദ്ധരും പറയുന്നത് കേൾക്കാറുണ്ട്. സവർക്കറെ സംബന്ധിച്ചിടത്തോളം ശാസ്ത്രവും കലയും മറ്റെല്ലാ മനുഷ്യനേട്ടങ്ങളും ഇന്ത്യയിൽ ബ്രാഹ്മണിസത്തിൻ്റെ അധികാരവാഞ്ഛയുമായി ബന്ധപ്പെട്ടതാണ്. അതിനാൽ അദ്ദേഹം ജനാധിപത്യം, മതേതരത്വം എന്നീ ആശയങ്ങളെ മുളയിലേ നുള്ളാൻ ശ്രമിച്ചു. ഒരു കാലത്ത് അദ്ദേഹം ബ്രിട്ടനെതിരെ തോക്കെടുത്തു. പിന്നീട് ഇന്ത്യൻ ജനാധിപത്യത്തിനെതിരെയും. രണ്ടും ഒരേ ബ്രാഹ്മണാധിപത്യത്തിന് വേണ്ടിമാത്രമായിരുന്നു.

അതാണ് ഗോഡ്സെയെ ഈ അറുംകൊലയിൽ എത്തിച്ചത്. ഗോഡ്സെ പന്തിഭോജനത്തെക്കുറിച്ചു പറയുന്നു. ഭാംഗികളും ചമറുകളും പോലുള്ള ദളിതരുമായി ഭക്ഷണം പങ്കിട്ടതിനെപ്പറ്റി പറയുന്നു. അതേ സമയം അതിൻ്റെ തന്നെ തുടർച്ചയായ മുസ്ലീങ്ങളുമായുള്ള പന്തിഭോജനം അദ്ദേഹത്തിന് ആലോചിക്കാൻ വയ്യ. കാരണം ബ്രാഹ്മണാധികാരം എന്ന ആശയം പുതിയ കാലത്ത് നിലനിൽക്കണമെങ്കിൽ, യഥാർത്ഥത്തിൽ ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ ബ്രാഹ്മണരുടെ സാമൂഹികവും സാംസ്കാരികവുമായ അധികാരം നിലനിർത്തണമെങ്കിൽ അത് വംശീയതയായി വികസിപ്പിച്ചെടുക്കണമായിരുന്നു. സവർക്കർ രത്നഗിരിയിൽ തുടങ്ങിവെച്ച വംശീയ പരീക്ഷണത്തെ തൻ്റെ ജീവിതത്തിലൂടെ വികസിപ്പിച്ചതാണ് ഗോഡ്സേ പറയുന്ന പന്തിഭോജനം. പുരോഗമന ആശയം എന്ന നിലയിലാണ് അതിനെ ഉൾക്കൊണ്ടിരുന്നതെങ്കിൽ, തീർച്ചയായും അത് മതത്തിൻ്റെ അതിർത്തി വിട്ട് മുസ്ലീങ്ങളും മറ്റ് മതക്കാരുമായുള്ള പന്തിഭോജനത്തിലേയ്ക്ക് നീണ്ടേനേ. ഹിന്ദുമതത്തിൻ്റെ കനത്ത അതിർത്തിക്കുള്ളിൽ തട്ടി അത് നിൽക്കാൻ കാരണം വംശീയതയിലേക്കുള്ള ചവിട്ടുപടിയായി ഗോഡ്സേ അതിനെ കണ്ടതുകൊണ്ടാണ്. ഇവിടെയും സവർക്കർ ഗോഡ്സേയെ കൈപിടിച്ച് എഴുതിക്കുന്നതായി നമുക്ക് കാണാം.

ഗാന്ധി എന്ന പിതൃസ്വരൂപത്തെക്കുറിച്ചും ഗോഡ്സേ പറയുന്നു. പിതൃഹത്യ എന്നത് ആധുനികകാലത്തിന്റെ ഒരു പ്രമേയം ആയിരുന്നു. ദൈവത്തിൻ്റെ മരണവും മറ്റും നീഷേ വിവരിക്കുന്നത് നാം ധാരാളം ചർച്ച ചെയ്തിട്ടുണ്ട്. ഇവിടെ ഗോഡ്സേ പറയുന്നത് അത്തരം താത്വിക വിവക്ഷകളുമായി പുലബന്ധം ഇല്ലാത്ത കാര്യങ്ങൾ ആണ്. സവർക്കർ ആണ് യഥാർത്ഥത്തിൽ ഗോഡ്‌സേയുടെ പിതൃബിംബം. ഗോഡ്സേ എന്ന സ്വത്വത്തിൻ്റെ കർത്താവാണ് സവർക്കർ. ആഷിഷ് നന്ദി ചൂണ്ടിക്കാണിച്ച പോലെ ആണത്തത്തിലേയ്ക്ക് എത്താനുള്ള യാത്രയായിരുന്നു ഗോഡ്സേയുടേത്. ചെറുപ്പത്തിലെ പാവാടയിൽ നിന്ന് തന്നെ വിമുക്തനാക്കാനുള്ള ശ്രമം. 1948 ജനുവരി 20 ൻ്റെ വിഫല വധശ്രമത്തിന് ശേഷം ഗോഡ്സേയുടെ ഉത്കണ്ഠ പൂനെയിലെ ഹിന്ദുത്വ രാഷ്ട്രീയ സുഹൃത്തുക്കളെ എങ്ങനെ അതിജീവിക്കും എന്നായിരുന്നു. കൊല എന്ന മനുഷ്യപാപത്തേക്കാൾ അയാളെ അലട്ടുന്നത് ആണത്ത അഭിമാനമാണ്.

ഇന്ത്യൻ കോടതി ചരിത്രത്തിലെ ഏറ്റവും ആദ്യത്തെ സത്യാനന്തര പ്രസ്താവന ആയാണ് ഇതിനെ സംസ്കാരത്തിൽ രേഖപ്പെടുത്തേണ്ടത്. വശങ്ങളിൽ നിന്ന് കടന്നു വന്ന് അക്രമം കൊണ്ട് ചരിത്രത്തേയും നുണ കൊണ്ട് സംസ്കാരത്തേയും പിടിച്ചെടുക്കാനുള്ള ശ്രമം. നാഥുറാം ഗോഡ്സേ അതുകൊണ്ടുതന്നെ നിതാന്തമായ ഒരു സാംസ്കാരിക ചിഹ്നവും ചരിത്ര ചിഹ്നവുമാണ്. ഖോസ് ലേ ചൂണ്ടിക്കാട്ടിയ പോലെ  മനുഷ്യരെ ഫാസിസ്റ്റ് ആൾക്കൂട്ടമാകാൻ പ്രേരിപ്പിക്കുന്ന മൂലകം.

59. കപൂർ കമ്മീഷൻ റിപ്പോർട്ട്
……………………….

കപൂർ കമ്മീഷനെക്കുറിച്ചും ആ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിനെക്കുറിച്ചും നാം പല തവണ ആനുഷംഗികമായി പരാമർശിച്ചെങ്കിലും അതിനെ ചരിത്രപരമായി സ്ഥാനീകരിക്കുകയുണ്ടായില്ല. ഒരു പക്ഷേ ഗാന്ധിവധത്തിൻ്റെ ശേഷപ്രഭാവം എന്നത് അത് വിചാരണയിലും ശിക്ഷയിലും ഒതുങ്ങി നിന്നില്ല എന്നതാണ് .അത് ചരിത്രത്തിലൂടെ തുടർന്നു.

1964 ഒക്ടോബർ 12 ന് ശിക്ഷാ കാലാവധി കഴിഞ്ഞപ്പോൾ ഗാന്ധിവധക്കേസിലെ പ്രതികളായ വിഷ്ണു കർക്കരേ, ഗോപാൽ ഗോഡ്സേ, മദൻലാൽ പഹ് വ എന്നിവർ ജയിൽ മോചിതരായി. യഥാർത്ഥത്തിൽ അവരെ മോചിപ്പിക്കുന്നതിന് മഹാരാഷ്ട്ര ഗവണ്മെൻ്റ് എതിരായിരുന്നു. എങ്കിലും ജീവപര്യന്തം തടവ് എന്നത് പതിനാലു കൊല്ലം എന്ന ധാരണയനുസരിച്ചാകണം യൂണിയൻ ഗവണ്മെൻ്റ് അവരെ മോചിപ്പിക്കാൻ തയ്യാറായത്.

അവർ പുറത്തുവന്നപ്പോൾ അവർക്ക് വേണ്ടി ഒരു സ്വീകരണ സമ്മേളനം ഹിന്ദുത്വ ശക്തികൾ അവർക്ക് വേണ്ടി ഒരുക്കുകയുണ്ടായി. അതിൻ്റെ ക്ഷണക്കത്തിൽ നാഥുറാം വിനായക് ഗോഡ്സെയെ ദേശഭക്ത് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഹിന്ദുമഹാസഭാ ഹിന്ദുരാഷ്ട്രദൾ പ്രവർത്തകനായിരുന്ന എം.ജി. ഗയ്സാസ് ആയിരുന്നു ക്ഷണിതാവ്. ആ ക്ഷണക്കത്ത് ഇവ്വിധമായിരുന്നു.

ശ്രീ ഗജാനൻ പ്രസന്ന

പരേതനായ ദേശഭക്ത് നാഥുറാം ഗോഡ്സേയുടെ സഹോദരൻ ശ്രീ.ഗോപാൽറാവു ഗോഡ്സേ, ശ്രീ വിഷ്ണുപാന്ത് കർക്കരേ, ശ്രീ മദൻലാൽ പഹ് വ എന്നിവരുടെ ജയിൽമോചനം ആഘോഷിക്കുന്നതിനായി നമ്മൾ (അവരുടെ സുഹൃത്തുക്കൾ ) സത്യവിനായക് പൂജ നടത്താനും  അവരെ അതിലേയ്ക്ക് ക്ഷണിച്ച് അഭിനന്ദിക്കാനും പോകുന്നു. ഈ ചടങ്ങിൽ സുഹൃത്തുക്കളുമൊത്ത് പങ്കെടുക്കാൻ ക്ഷണിക്കുന്നു.

നിങ്ങളുടെ,
എം ജി ഗയ്സാസ്

സമയം : വ്യാഴാഴ്ച , 12/11/1964
വൈകീട്ട് 5.30 മുതൽ 7.30 വരെ
സ്ഥലം: ഉദ്യാൻ കാര്യാലയ, 619 ശനിവാർ പേട്ട്, പൂനെ – 2

പിൽക്കാലത്ത് ബോംബെ ഹൈക്കോടതിയിൽ ഗയ്സാസ് കൊടുത്ത സത്യവാങ്ങ്മൂലം അനുസരിച്ച് 50 ക്ഷണക്കത്തുകൾ ആണ് അയച്ചത്. എന്നാൽ ഇതിൻ്റെ മൂന്നോ നാലോ ഇരട്ടി, 200 പേർ വരെ പങ്കെടുത്തതായി പറയുന്നു. അതിൽ പങ്കെടുത്ത പ്രധാന അതിഥി തിലകിൻ്റെ കൊച്ചുമകനും ഹിന്ദുമഹാസഭാ നേതാവും മുൻ കേസരി പത്രാധിപരും ഇത് നടക്കുമ്പോൾ തരുൺ ഭാരത് പത്രത്തിൻ്റെ പത്രാധിപരും ആയ ഗജാനൻ വിശ്വനാഥ് കേത്ക്കർ ആയിരുന്നു. ഗാന്ധിവധത്തിലെ പ്രതികളുമായി അടുത്ത് പരിചയമുള്ള ആളായിരുന്നു കേത്ക്കർ. ആർ എസ് എസ് നേതാവ് എൻ.ജി. അഭ്യങ്കർ, ഹിന്ദുമഹാസഭാ നേതാക്കളായ പി.വി.ഡാവ്റേ, സവർക്കറുടെ ഉറ്റ അനുയായിയായ ശാന്താബായ് ഗോഖലേ തുടങ്ങിയവരും ഈ സമ്മേളനത്തിൽ പങ്കെടുത്തു. അഭ്യങ്കർ ഗോഡ്സേയെ കൃഷ്ണനോടും ശിവനോടും താരതമ്യപ്പെടുത്തിയാണ് സംസാരിച്ചത്.

ഗാന്ധിവധത്തിന്  ആഴ്ചകൾക്ക് മുമ്പേ തന്നെ അത്തരമൊരു പദ്ധതിയെക്കുറിച്ച് നാഥുറാം ഗോഡ്സേ തന്നോട് പറഞ്ഞിരുന്നു എന്ന വെളിപ്പെടുത്തലാണ് കേത്ക്കർ തൻ്റെ പ്രസംഗത്തിൽ നടത്തിയത്. പക്ഷെ താൻ ആ ആശയത്തെ എതിർത്തു. ഇന്ത്യൻ എക്സ്പ്രസ്സിൽ അതിനെ സംബന്ധിച്ചു വന്ന റിപ്പോർട്ട് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുന്നു.

” മിസ്റ്റർ കേത്ക്കറാണ് ഉദ്യാൻ മംഗൾ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത്. നൂറ് പുരുഷന്മാരും നൂറ് സ്ത്രീകളും അതിൽ പങ്കെടുക്കുകയുണ്ടായി. ഗാന്ധിയുടെ വധത്തിന് മൂന്നുമാസം മുമ്പേ തന്നെ ഗാന്ധിയെ കൊലചെയ്യാനുള്ള ആശയത്തിൻ്റെ അനുകൂലവും പ്രതികൂലവുമായ വശങ്ങളെപ്പറ്റി നാഥുറാം തന്നോട് ചർച്ച ചെയ്യാറുണ്ടായിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തി. താൻ ആ ആശയത്തിനെതിരായിരുന്നെന്നും സാമൂഹികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ആലോചിക്കണമെന്നും നാഥുറാമിനോട് പറയാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആദ്യസംഭവ (മദൻലാൽ ഗൺ കോട്ടൺസ്ലാബ് പൊട്ടിച്ചത് ) ത്തിന് ശേഷം ബഡ്ഗെ പൂനെയിലെത്തുകയും ‘ഭാവി പരിപാടി ‘കളെക്കുറിച്ച് തന്നോട് സംസാരിക്കുകയുണ്ടായി എന്നും കേത്ക്കർ പറഞ്ഞു. ”

കേത്ക്കർ ഇതെല്ലാം പറഞ്ഞു കൊണ്ടിരിക്കേ വേദിയിൽ ഉണ്ടായിരുന്ന ഗോപാൽ ഗോഡ്സേ ” അധികം സംസാരിക്കാതിരിക്കാൻ ” കേത്ക്കറെ താക്കീത് നൽകിയെങ്കിലും ” ഇപ്പോൾ അവർ ഇതിനെച്ചൊല്ലി എന്നെ അറസ്റ്റ് ചെയ്യാൻ പോകുന്നില്ല ” എന്ന് പ്രതിവചിക്കുകയാണുണ്ടായത് .

1964 നവംബർ 16 ലെ ടൈംസ് ഓഫ് ഇന്ത്യയിൽ കുറച്ചു കൂടി വിശദമായ വാർത്ത വരികയുണ്ടായി. ടൈംസ് ഓഫ് ഇന്ത്യാ ലേഖകനുമായുള്ള സംഭാഷണത്തിൽ കേത്ക്കർ, മരിച്ചു പോയ ബാലുക്കാക്കാ കനിത്കറോട് മഹാത്മാഗാന്ധിയെ കൊല്ലാനുള്ള ഗോഡ്സേയുടെ ഉദ്ദേശ്യം അറിയിക്കുകയും കനിത്ക്കർ അക്കാര്യം ബോംബെ മുഖ്യമന്ത്രിയായിരുന്ന ബി.ജി.ഖേറിനെ അറിയിക്കുകയുണ്ടായെന്നും പറഞ്ഞു. പക്ഷെ, ഗവണ്മെൻ്റ് ഒരു നടപടിയും എടുത്തില്ല. ഗാന്ധിയെ ദേഹോപദ്രവം ഏല്പിക്കുന്നതിൽ നിന്നും ഗോഡ്സേയെ പിന്തിരിപ്പിക്കാൻ താൻ ആവുന്നത്ര ശ്രമിച്ചെന്നും കേത്ക്കർ പറഞ്ഞു. നാഥുറാം ഗോഡ്സേ ഒരു പൊതു പ്രസംഗത്തിൽ മഹാത്മാഗാന്ധി 125 വർഷം ജീവിച്ചിരിക്കാനുള്ള ആഗ്രഹം എങ്ങനെയാണ് നിർവഹിക്കുന്നതെന്ന് നമുക്ക് കാണാം എന്ന് പ്രസ്താവിച്ചതും കേത്ക്കർ അനുസ്മരിച്ചു.

യഥാർത്ഥത്തിൽ കേത്ക്കർ നടത്തിയ പ്രസംഗത്തിൽ ബാലുക്കാക്ക കനിത്ക്കറുടെ പേരോ, ഗോഡ്സേ നടത്തിയ പ്രസംഗമോ പരാമർശിച്ചിരുന്നില്ല.അങ്ങനെ നോക്കുമ്പോൾ തൻ്റെ പ്രസംഗം ഉണ്ടാക്കിയ കോളിളക്കത്തെ തടയാനുള്ള ഒരു മുൻകൂർ ജാമ്യ അടവായി കേത്ക്കറിൻ്റെ  ടൈംസ് ഓഫ് ഇന്ത്യാ അഭിമുഖത്തെ കണക്കാക്കാവുന്നതാണ്.

പൂനെ നഗരത്തിലെ കോൺഗ്രസ്സ് കമ്മറ്റിയാണ് കേത്ക്കറിൻ്റെ പ്രസ്താവനയെ ഏറ്റെടുത്തത്. ഡി സി സി പ്രസിഡണ്ടായ ബി എൻ സനസ് ഇക്കാര്യത്തെ സംസ്ഥാന ഗവണ്മെൻ്റിന്റെ ശ്രദ്ധയിൽ പെടുത്തുകയും മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലെ പ്രതികൾക്ക് സ്വീകരണം നൽകിയ കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. പ്രതികൾക്ക് പിന്നിൽ പൂനെയിലെ ഹിന്ദുത്വ ശക്തികൾ പ്രവർത്തിച്ചതായും അവർക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ഇന്ത്യൻ എക്സ്പ്രസ്സിൽ വന്ന റിപ്പോർട്ടിനും കേത്ക്കർ നേരത്തെപ്പറഞ്ഞ വിശദീകരണം നൽകുകയുണ്ടായി. ആ വാർത്ത പൊതുവിൽ ശരിയാണെങ്കിലും നാഥുറാം തന്നോട് വെളിപ്പെടുത്തിയത് ഗാന്ധിയെ കൊല്ലാനുള്ള ‘ പദ്ധതി’ അല്ല, ‘ മനോവികാരം ‘ ആണ് എന്നായിരുന്നു വിശദീകരണം .താൻ അതിനെതിരെ നിലകൊണ്ടതിനാൽ പിന്നീടൊന്നും നാഥുറാം പങ്കുവെച്ചില്ല എന്നും കേത്ക്കർ കൂട്ടിച്ചേർത്തു. ഇന്ത്യൻ എക്സ്പ്രസ്സ് അതിനോടുള്ള പ്രതികരണം എന്ന നിലയിൽ ഇങ്ങനെ എഴുതി.

അദ്ദേഹത്തിൻ്റെ അവകാശവാദത്തെക്കുറിച്ച് ഒരു ഔദ്യോഗിക വിശദീകരണം നൽകിയെങ്കിലും കഴിഞ്ഞയാഴ്ച ഗോഡ്സേയുടെ ‘രക്തസാക്ഷിത്വം’  കെട്ടുകാഴ്ചയാക്കിയതിനെ സംബന്ധിച്ച് കൂടുതൽ വിശദീകരണം അത്യാവശ്യമാണ്. കൊലയാളിയുടെ രണ്ട് സഹായികൾക്ക് നൽകിയ പൂനെയിലെ സ്വീകരണം ഈ രാജ്യത്തെ ചില മനുഷ്യരിൽ ഇപ്പോഴും സഞ്ചരിക്കുന്ന വൃത്തികെട്ട മനോഭാവത്തെക്കുറിച്ചുള്ള വികൃതമായ ഓർമ്മപ്പെടുത്തലാണ്. കൊലയാളിയെ മാത്രമല്ല, നിയമദൃഷ്ട്യാ ആ ഹീനകൃത്യത്തിൽ അയാളെ സഹായിച്ചവരേയും ദേശീയ നായകരായി കണക്കാക്കാൻ മാത്രം നമ്മുടെ നിലവാരം അത്ര താഴ്ന്നോ? പൂനെയിലെ ‘ സ്വീകരണം ‘ വിവരിക്കാൻ കഴിയാത്തത്ര ലജ്ജാവഹമാണ്. അതിനെ സംബന്ധിച്ച് രണ്ട് അഭിപ്രായം ഇല്ല

പൂനെ ഡെയ്ലി ന്യൂസിനും തൻ്റെ വിശദീകരണം കേത്ക്കർ നൽകുകയുണ്ടായി. ഇത്തവണ കുറച്ചുകൂടി വ്യത്യാസപ്പെട്ട വിശദീകരണമാണ് കേത്ക്കർ നൽകിയത്. നാഥുറാം ഗോഡ്സേ ഒരു സമ്മേളനത്തിൽ ഗാന്ധിയുടെ 125 വർഷ ജീവിതത്തെക്കുറിച്ച് നടത്തിയ ഹീനമായ പരാമർശമാണ് താൻ കേട്ടതെന്നും ആ മനോഭാവത്തെക്കുറിച്ചാണ് ബാലുക്കാക്ക കനിത്ക്കറോട് താൻ സംസാരിച്ചതെന്നും അതാണ് അദ്ദേഹം മുഖ്യമന്ത്രി ബി.ജി.ഖേറിനോട് അറിയച്ചതെന്നും എന്ന വിശദീകരണമായിരുന്നു അത്. അതിനെതിരെ താൻ നാഥുറാമിനോട് സംസാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതേ തുടർന്ന് 1964 നവംബർ 24 ന് പൂനെ ജില്ലാ മജിസ്‌ട്രേട്ട് കേത്ക്കർക്ക് കരുതൽ തടങ്കൽ വിധിച്ചു. എന്നാൽ അതിന് മുമ്പേ കേത്ക്കർ പൂനെ വിട്ട് മദ്രാസിലേയ്ക്ക് പോയി. 1964 നവംബർ 25 ന് മദ്രാസ് പോലീസ് കമ്മീഷണർക്ക് മുമ്പാകെ അദ്ദേഹം കീഴടങ്ങി. അദ്ദേഹത്തെ പൂനെയിലേയ്ക്ക് കൊണ്ടുവരും വഴി കരുതൽ തടങ്കലിനുള്ള കല്പന കൈമാറുകയും ആദ്യം യെർവാദാ ജയിലിലും പിന്നീട് അക്കോള ജില്ലാ ജയിലിലിലും അടയ്ക്കുകയും ചെയ്തു.

ഈ സംഭവങ്ങൾ ഇന്ത്യൻ  പാർലിമെൻ്റിലും കോളിളക്കമുണ്ടാക്കി. ആഭ്യന്തരമന്ത്രി ഗുൽസാരി ലാൽ നന്ദ ഗവണ്മെൻറ്, മഹാരാഷ്ട്ര ഗവണ്മെൻറുമായി ചർച്ച ചെയ്ത് ഇക്കാര്യങ്ങൾ അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചു. എ ഡി മണി, ഭൂപേഷ് ഗുപ്ത, തേങ്കരി, എം ബി ലാൽ എന്നീ എം പി മാർ അന്വേഷണം ആവശ്യപ്പെട്ടു.ഇതേ തുടർന്ന് 1965 മാർച്ച് 22 ന് ഒരു അന്വേഷണ കമ്മീഷനെ നിയമിച്ചു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും എം പിയുമായ ഗോപാൽ സ്വരൂപ് പാഥക്കിനെയാണ് ഏകാംഗ കമ്മീഷനായി നിയമിച്ചത്. കമ്മീഷൻ പ്രവർത്തിച്ചു തുടങ്ങുകയും തെളിവെടുപ്പു പദ്ധതികൾ ആരംഭിക്കുകയും ചെയ്തെങ്കിലും ഗോപാൽ സ്വരൂപ് പാഥക് ആദ്യം കേന്ദ്രമന്ത്രിയും പിന്നീട് മൈസൂർ സംസ്ഥാനത്തിലെ ഗവർണ്ണറും ആയി നിയമിക്കപ്പെട്ടതിനെ തുടർന്ന് ജസ്റ്റീസ് ജീവൻലാൽ കപൂറിനെ ആ സ്ഥാനത്ത് നിയമിച്ച് കമ്മീഷൻ പുന:സംഘടിപ്പിച്ചു. കമ്മീഷൻ്റെ അന്വേഷണ പരിധിയിൽ വരുന്ന കാര്യങ്ങൾ ഇവയായിരുന്നു .

എ ) മഹാത്മാഗാന്ധിയെ വധിക്കാനുള്ള നാഥുറാം വിനായക് ഗോഡ്സേയുടേയും മറ്റുള്ളവരുടേയും ഗൂഢാലോചനയെ സംബന്ധിച്ച മുന്നറിവ് മറ്റേതെങ്കിലും വ്യക്തികൾക്ക്, പ്രത്യേകിച്ച് പൂനെയിലെ ശ്രീ ഗജാനൻ വിശ്വനാഥ് കേത്ക്കർക്ക് ഉണ്ടായിരുന്നോ ?
ബി ) ഏതെങ്കിലും വ്യക്തികൾ ബോംബെ ഗവണ്മെൻറിലേയോ ഇന്ത്യൻ ഗവണ്മെൻ്റിലേയോ ഏതെങ്കിലും അധികാരികളോട് പ്രസ്തുത വിവരം അറിയിക്കുകയുണ്ടായോ? പ്രത്യേകിച്ച് മുകളിൽ പറഞ്ഞ കേത്ക്കർ പരേതനായ ബാലുകാക്ക കനിത്ക്കർ വഴി അന്നത്തെ ബോംബെ മുഖ്യമന്ത്രിയായിരുന്ന ബാൽ ഗംഗാധർ ഖേറിനെ പ്രസ്തുത വിവരം അറിയിക്കുകയുണ്ടായോ?

സി ) അങ്ങനെയെങ്കിൽ, ബോംബെ ഗവണ്മെൻ്റും, പ്രത്യേകിച്ച് പരേതനായ ബാൽ ഗംഗാധർ ഖേറും ഇന്ത്യാ ഗവണ്മെൻ്റും പ്രസ്തുത ഗവണ്മെൻ്റുകളുടെ ഉദ്യോഗസ്ഥരും പ്രസ്തുത വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എന്ത് നടപടിയാണ് എടുത്തത് ?

1966 നവംബർ 21 വരെ ഗോപാൽ സ്വരൂപ് പാഥക്കും പിന്നീട് ജസ്റ്റീസ് ജീവൻ ലാൽ കപൂറുമാണ് അന്വേഷണങ്ങൾ നടത്തിയത്. കമ്മീഷനെ സഹായിക്കാനായി മഹാരാഷ്ട്രാ ഗവണ്മെൻ്റ്  ജി എൻ വൈദ്യയേയും ഇന്ത്യൻ ഗവണ്മെൻ്റ് ബാരിസ്റ്റർ അറ്റ് ലോ ആയ കെ എസ് ചൗളയേയും നിയമിച്ചു. പിന്നീട് ചൗളയ്ക്ക് പകരം അഡ്വ. ബി.ബി ലാലിനെ ഇന്ത്യാഗവണ്മെൻറും വൈദ്യയ്ക്ക് പകരം ആർ ബി കോട് വാളിനെ മഹാരാഷ്ട്രാ ഗവണ്മെൻ്റും നിയമിക്കുകയുണ്ടായി.

കപൂർ കമ്മീഷൻ കമ്മീഷൻസ് ഓഫ് എൻക്വയറി ആക്റ്റ് അനുസരിച്ച് പ്രവർത്തിക്കുന്ന ഒന്നായിരുന്നു. അതായത് അത് വസ്തുത കണ്ടെത്തുന്ന സംവിധാനമായിരുന്നു. ജുഡീഷ്യൽ ട്രൈബ്യൂണൽ അല്ലായിരുന്നു. ശിക്ഷ വിധിക്കാൻ അതിന് അധികാരമില്ലായിരുന്നു.

കമ്മീഷൻ്റെ അന്വേഷണം ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് നിരവധി ഉൾക്കാഴ്ചകൾ തരുന്നുണ്ട്. തൊണ്ണൂറ്റഞ്ചാം സാക്ഷിയായി ഹാജരായ ജെ. എൻ. സാഹ്നി എന്ന പത്രപ്രവർത്തകൻ കമ്മീഷന് മുമ്പാകെ അവതരിപ്പിച്ച കാര്യങ്ങൾ എന്തെന്ന് പരിശോധിക്കാം. കമ്മീഷൻ്റെ റിപ്പോർട്ടിൽ 12 A. 73 ഖണ്ഡിക പ്രകാരം സാഹ്നി ബോധിപ്പിച്ച വിവരങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് ഇന്ത്യയെ ഹിന്ദുസ്ഥാനാക്കി പരിണമിപ്പിക്കാനുള്ള ഹിന്ദു സംഘടനാ / ഐക്യ പ്രസ്ഥാന പ്രവർത്തനത്തെ പ്പറ്റിയാണ്

” ഈ പ്രസ്ഥാനം ഡെൽഹിയിലും പഞ്ചാബിലും രാജസ്ഥാനിലും (രജപുത്താന രാജ്യങ്ങൾ ) ബോംബെ പ്രവിശ്യയിലെ മറാത്ത പ്രദേശങ്ങളിലും ശക്തിയാർജ്ജിച്ചിരുന്നു. മദ്ധ്യേന്ത്യയിലും ബംഗാളിലും യു പി യുടെ പ്രത്യേക പ്രദേശങ്ങളിലും അതിന് ശക്തിയുണ്ടായിരുന്നു. പാകിസ്ഥാന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്ന് ഹിന്ദുക്കളെ എങ്ങനെ തള്ളിപ്പുറത്താക്കിയോ അമ്മട്ടിൽ ഇന്ത്യ ഹിന്ദുക്കളുടെ ദേശമാക്കി മാറ്റുന്ന തരത്തിൽ മുസ്ലീങ്ങൾ ഇവിടെ നിന്നും പോകണം എന്നായിരുന്നു അവരുടെ ഉപായം. ഈ ആശയം, സാഹ്നിയുടെ അഭിപ്രായമനുസരിച്ച്,  മുസ്ലീം വിരുദ്ധവികാരം ഉണ്ടാക്കുകയും ഹിന്ദു അനുകൂല രാഷ്ട്രീയ പ്രസ്ഥാനത്തെ വളർത്തുകയും ചെയ്തു.

ഗാന്ധിക്കും നെഹ്റുവിനും എതിരേയുള്ള ആക്രമണത്തെ സംബന്ധിച്ച കിംവദന്തികൾ ധാരാളമുണ്ടായിരുന്നതും സാഹ്നി കമ്മീഷന് മുമ്പാകെ അനുസ്മരിച്ചു. ഹിന്ദു തീവ്രവാദ സമ്മേളനങ്ങളിൽ ഗാന്ധി ഒരു തടസ്സമാണെന്നും എത്രയും പെട്ടെന്ന് അദ്ദേഹം മരിക്കുന്നുവോ അത്രയും  രാജ്യത്തിന് നല്ലതാണ്  എന്ന മട്ടിലുള്ള പ്രസംഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. സാഹ്നിയുടെ മൊഴിയായി കമ്മീഷൻ 12 A .77 ഖണ്ഡികയിൽ രേഖപ്പെടുത്തിയിരിക്കുന്നതിങ്ങനെ :

” ഡോ.എൻ.ബി.ഖരേയെപ്പോലുള്ള ആളുകൾ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രകോപനകരമായ പ്രഭാഷണങ്ങൾ നടത്തിയിരുന്നതായി മിസ്റ്റർ സാഹ്നി കൂട്ടിച്ചേർക്കുകയുണ്ടായി. പൂനെയിലെ മറ്റ് ചിലരും അത്തരം പ്രഭാഷണങ്ങൾ നടത്തുകയുണ്ടായി. പൂനെയിലെ ചില വർത്തമാനപ്പത്രങ്ങൾ ഇത്തരം പ്രഭാഷണങ്ങൾ ആവേശത്തോടും പ്രചരാണർത്ഥത്തോടെയും പ്രസിദ്ധീകരിച്ച ഓർമ്മയും അദ്ദേഹത്തിനുണ്ട്. അവയിൽ പലതും മറാത്തിപ്പത്രങ്ങൾ ആയിരുന്നു. എഡിറ്റേഴ്സ് കോൺഫറൻസിൽ അംഗമായിരുന്നത് കൊണ്ട് അദ്ദേഹം മനസ്സിലാക്കിയെടുത്തതാണിത്. ചില പഞ്ചാബി പത്രങ്ങളും ഇത്തരത്തിൽ വളച്ചൊടിച്ച് എഴുതുകയുണ്ടായെന്നും അവയെല്ലാം എഡിറ്റേഴ്സ് കോൺഫറൻസിൽ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.  ആറുലക്ഷം സന്നദ്ധപ്രവർത്തകർ ഒരു രഹസ്യസംഘടനയുടെ ഭാഗമായി മാറിക്കൊണ്ട് ഒരു അട്ടിമറി സംഘടിപ്പിക്കുന്നതിനായി ശ്രമിക്കുന്നതും അക്കാലത്ത് പരസ്യമായി ചർച്ച ചെയ്തിരുന്നു. ഈ സംഘടനയ്ക്ക് ഇന്ത്യയുടെ വ്യത്യസ്ത പ്രദേശങ്ങളിൽ – പഞ്ചാബ്, തെക്കേ ഇന്ത്യ ,മഹാരാഷ്ട തുടങ്ങിയ പ്രദേശങ്ങളിൽ – രഹസ്യ സെല്ലുകൾ ഉണ്ടായിരുന്നു ”

ഹിന്ദുത്വ ശക്തികൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയെ തങ്ങളുടെ കാൽക്കീഴിൽ ആക്കാൻ വേണ്ടി നടത്തിയ പലവിധ പ്രവർത്തനങ്ങളുടെ പ്രതിഫലനമാണ് സാഹ്നിയുടെ വാക്കുകളിൽ നിഴലിക്കുന്നത്. കപൂർ കമ്മീഷൻ റിപ്പോർട്ടിൻ്റെ 12A. 89 ഖണ്ഡികയിൽ കുറേക്കൂടി മൂർത്തമായി സാഹ്നി ഇന്ത്യയെ എങ്ങനെയാണ് ഹിന്ദുത്വ ശക്തികൾ തട്ടിയെടുക്കാൻ ശ്രമിച്ചത് എന്ന് വിവരിക്കുന്നു.

” നാഗ്പൂരിൽ ഗോൾവാൾക്കർ നയിച്ച പ്രസ്ഥാനവും (ആർ എസ് എസ് ) പൂനെയിൽ ബോപ്പട്ക്കർ നയിച്ച പ്രസ്ഥാനവും ( ഹിന്ദുമഹാസഭ ) (കോൺഗ്രസ്സ് ) നേതാക്കളെ കൊന്ന് ഇന്ത്യൻ ഗവണ്മെൻ്റിനെ അട്ടിമറിച്ച് ഭരണം പിടിക്കാൻ ഒരുങ്ങിയിരുന്നു. ജയ്സാൽമീർ, ജോധ്പൂർ, ആൾവാർ, ഭരത്പൂർ, ബറോഡ, ഭോപ്പാൽ പോലുള്ള സ്ഥലങ്ങളിലെ രാജാക്കന്മാരും തലവന്മാരുമായിരുന്നു ഈ പ്രസ്ഥാനത്തിൻ്റെ പിന്നിൽ. മഹാത്മാവിൻ്റെ കൊലപാതകം ഈ ദിശയിലുള്ള ആദ്യ കാൽവെയ്പായിരുന്നു ”

കമ്മീഷൻ്റെ 12 A. 92 ഖണ്ഡികയിൽ പ്രസ്താവിച്ച കാര്യവും ഈ ദിശയിലേയ്ക്ക് വിരൽ ചൂണ്ടുന്ന ഒന്നാണ്.

” 1947 നവംബർ 29, 30, ഡിസംബർ 1 തീയ്യതികളിൽ  അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ ഒരു സമ്മേളനം ബോംബെയിൽ നടക്കുകയുണ്ടായി. അകാലി നേതാവായിരുന്ന മാസ്റ്റർ താരാസിംഗ് ആയിരുന്നു നവംബർ 30 ന് പ്രസംഗിച്ചവരിൽ ഒരാൾ. നൂറുകണക്കിനും ആയിരക്കണക്കിനുമായി സിക്കുകാർ പഞ്ചാബിൽ മുസ്ലീങ്ങളാൽ കൊല്ലപ്പെട്ടിട്ടും ഇപ്പോഴും ഗവണ്മെൻ്റ് മുസ്ലീങ്ങളുടെ താത്പര്യം  സംരക്ഷിക്കുകയാണെന്നും അതേ സമയം ഹിന്ദു, സിക്ക് അഭയാർത്ഥികൾ ഡെൽഹിയിൽ തണുപ്പിനാൽ മരിക്കുകയാണെന്നും പറയുന്ന വീറുറ്റ ഒരു പ്രസംഗം അദ്ദേഹം നടത്തുകയുണ്ടായി. ഗാന്ധിജിക്ക് യാതൊരു സഹാനുഭൂതിയും അവരോടില്ല. മുസ്ലീങ്ങളോട് ഇന്ത്യ വിടരുതെന്ന് പറഞ്ഞ് അദ്ദേഹം അവരെയാണ് കൂടുതൽ  പരിപാലിക്കുന്നത്. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമിടയ്ക്ക് എന്നന്നേയ്ക്കുമുള്ള ശത്രുത അവശേഷിപ്പിച്ചാണ് ഇംഗ്ലീഷുകാർ പോയത്. ഇസ്ലാം നിലനിൽക്കുന്ന കാലത്തോളം ഒരു സിക്കുകാരനെപ്പോലും പാകിസ്ഥാനിൽ ജീവിക്കാൻ അവർ അനുവദിക്കില്ലെന്ന് മിസ്റ്റർ ജിന്ന പ്രസ്താവിച്ചു. ഹിന്ദുധർമ്മം ജീവിച്ചിരിക്കുന്നിടത്തോളം ഒരു മുസ്ലീമിനേയും ജീവിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം ( മാസ്റ്റർ താരാസിംഗ്) തിരിച്ചടിച്ചു. (ഉറക്കെയുള്ള ആർപ്പുവിളികൾ ). ഇപ്പോൾ, അദ്ദേഹം പറഞ്ഞു, ധാരാളം മുസ്ലീങ്ങൾ അവരെത്തന്നെ ദേശീയ വാദികൾ എന്ന് വിളിക്കുന്നുണ്ട്. പക്ഷെ, ഒരു മുസൽമാനും ഒരിക്കലും ശരിക്കുള്ള ഹിന്ദുസ്നേഹി ആകാൻ കഴിയില്ല. ദേശീയവാദി ആയി നടിക്കുമെങ്കിലും ഹൃദയത്തിൽ അയാൾ എപ്പോഴും മുസ്ലീം തന്നെ ആയിരിക്കും. എല്ലാ മതക്കാരേയും ഇന്ത്യയിൽ ജീവിക്കാൻ തങ്ങൾ അനുവദിക്കുമെന്നും എന്നാൽ ” തങ്ങളുടെ കഴുത്ത് മുസൽമാൻമാർ മുറിക്കു ” ന്നത് തങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഴുവൻ മുസ്ലീങ്ങളേയും പാകിസ്ഥാനിലേയ്ക്ക് അയക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

സവർക്കറും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്ത് ഇന്ത്യൻ മുസ്ലീങ്ങളെ സംശയാസ്പദമായ സ്ഥലത്ത് നിർത്താൻ ശ്രമിച്ചു. കമ്മീഷൻ്റെ 12A.93 അത് വ്യക്തമാക്കുന്നു.

സവർക്കറും ആ യോഗത്തിൽ പങ്കെടുത്ത് കോൺഗ്രസ്സിൽ ചേരുന്ന മുസ്ലീങ്ങൾ ഉണ്ടാക്കുന്ന അപകടത്തിലേയ്ക്ക് പൊതുജനങ്ങളുടെ ശ്രദ്ധ ക്ഷണിച്ചു. ” എങ്ങനെയാണ് ഒരു മുസ്ലീംലീഗുകാരന് രായ്ക്കുരാമാനം ഒരു ദേശീയവാദിയാകാൻ കഴിയുക? ” ഇന്ത്യയിൽ മറ്റൊരു പാകിസ്ഥാനുണ്ടാക്കാനാണ് മുസ്ലീങ്ങൾ ശ്രമിക്കുന്നത്. (നാട്ടു) രാജാക്കന്മാരാകും അവരുടെ അടുത്ത എതിരാളിയെന്നും ഹിന്ദുക്കൾക്ക് നേരെയുള്ള കോൺഗ്രസ്സിൻ്റെ അടിച്ചമർത്തൽ നയം ജനക്കൂട്ടത്തിൻ്റെ മനസ്സിൽ ഹിന്ദുത്വയെ ഉയിർപ്പിക്കും.

ഈ സാക്ഷിമൊഴികളിൽ നിന്നൊക്കെ കമ്മീഷൻ എത്തിച്ചേർന്ന ഒരു നിഗമനം 12 A. 94 (8) നമ്പർ ഖണ്ഡിക പ്രകാരം ഇതാണ്.

“തെക്കുള്ള, പ്രത്യേകിച്ച് പൂനെയിൽ നിന്നുള്ള, സവർക്കെറെറ്റുകൾ എന്ന് സംഗ്രഹിച്ചു വിളിക്കുന്ന തീവ്രവാദ ഹിന്ദു പ്രവർത്തകർ വീണ്ടും വീണ്ടും മഹാത്മാവിനോട് രോഷാകുലരാകുകയും കൂടുതൽ തീവ്രവാദികളായവർ മഹാത്മാവിന് എതിരായ വ്യക്തിപരമായ അക്രമം എന്ന തീവ്രനിലപാടിലേയ്ക്ക് നീങ്ങുകയും ചെയ്തു.

അതേ ഖണ്ഡികയിലെ തന്നെ 10-ാം നമ്പർ ക്ലോസ് പറയുന്നത്

“മഹാത്മാഗാന്ധിയുടെ സാന്നിദ്ധ്യവും ഉപവാസവും ഡെൽഹിയിൽ സാമുദായിക സമാധാനം കൊണ്ടുവന്നെങ്കിലും ചില തീവ്ര സവർക്കറൈറ്റുകളുടെ ഹൃദയങ്ങൾ ഹിംസാത്മകമായി ഗാന്ധിയെ നീക്കം ചെയ്യുന്നതിലേയ്ക്ക് ചാഞ്ഞു.

ഡെൽഹിയിലെ ഇത്തരം വർഗ്ഗീയ അക്രമങ്ങളെ സംബന്ധിച്ച സി ഐ ഡി റിപ്പോർട്ടുകളും കമ്മീഷൻ പരിശോധിക്കുകയുണ്ടായി. ഹിന്ദു കാര്യങ്ങൾ എന്ന തലക്കെട്ടിനടയിൽ 1948 ജനുവരി 18 ന്, ഡെൽഹിയിൽ നടന്ന ഒരു സമ്മേളനത്തെപ്പറ്റി പറയുന്നുണ്ട്. ആ മീറ്റിങ്ങിൽ  പഞ്ചാബിലെ മുൻമന്ത്രിയായ, പരേതനായ ഡോ. സർ ഗോകൽ ചാന്ദ് നാരങ്ങ്, പ്രൊഫസർ രാം സിംഗ് എൽ സി റായ്, ദേശ് ബന്ദു  ഗുപ്ത, ലാഹോറിൽ നിന്നുള്ള രാം സരൺ, കേശോ റാം എന്നിവർ പങ്കെടുത്തു. അതിൽ കേശോറാം ഗാന്ധിയെ സ്വേച്ഛാധിപതി ആയി മുദ്രകുത്തുകയും അത് അദ്ദേഹത്തെ ഹിറ്റ്ലറുടെ വിധിയുമായി കൂട്ടിമുട്ടുന്നതിലേയ്ക്ക് ഉടൻ നയിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഗാന്ധിക്ക് നേരെ 1948 ജനുവരി 20 ന് മദൻലാൽ പഹ് വയെ മുൻനിർത്തി നാഥുറാം ഗോഡ്സേയും ആപ്തേയും മറ്റും നടത്തിയ വധശ്രമത്തെ നാം പരാമർശിച്ചു കഴിഞ്ഞു. അതിനെതിരെ വലിയ തരത്തിലുള്ള അപലപനങ്ങൾ ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നും ഉണ്ടാകുകയും ചെയ്തു. എന്നിട്ടും ഹിന്ദുത്വ രാഷ്ട്രീയ ശക്തികൾ വെറുതെയിരുന്നില്ല. ഉദാഹരണമായി ഡെൽഹിയിലെ ഹിന്ദുമഹാസഭാ പ്രവിശ്യാ കമ്മറ്റിയുടെ കീഴിൽ 1948 ജനുവരി 27 ന്, ഗാന്ധിയ്ക്ക് നേരേയുള്ള മദൻലാൽ പഹ് വയുടെ വധശ്രമത്തിൻ്റെ ഏഴാം ദിവസവും ഗാന്ധി വധിക്കപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പും ആയി കൊണാട്ട് പ്ലേസിൽ ഒരു യോഗം നടക്കുകയുണ്ടായി. വി ജി ദേശ്പാണ്ഡേ, മഹന്ത് ദിഗ് വിജയ് നാഥ്, പ്രൊഫസർ രാം സിംഗ് തുടങ്ങിയ ഹിന്ദുമഹാസഭാ നേതാക്കളും ഹിന്ദുത്വ രാഷ്ട്രീയക്കാരും അതിൽ സംബന്ധിച്ചിരുന്നു. രണ്ടായിരം പേർ ഒത്തുകൂടിയ വലിയ യോഗം ആയിരുന്നു അത്. അഭയാർത്ഥികളെ മുൻനിർത്തി ഇന്ത്യയുടെ രാഷ്ട്രീയാന്തരീക്ഷം കലുഷിതമാക്കി അതിൽ നിന്നും ഹിന്ദു രാഷ്ട്രം കൊയ്തെടുക്കുക എന്ന ലക്ഷ്യം തന്നെയായിരുന്നു ആ യോഗത്തിനും ഉണ്ടായിരുന്നതെന്ന് തിരിഞ്ഞുനോക്കുമ്പോൾ വ്യക്തതയോടെ കാണാൻ കഴിയും. ഗാന്ധിക്കെതിരെ രൂക്ഷമായ വാക്കുകളിലാണ് ആ യോഗം സംസാരിച്ചത്. ഗാന്ധിയുടെ സമീപനം പാകിസ്ഥാൻ്റെ കൈകളെ ശക്തിപ്പെടുത്തിയെന്നും മറ്റും ആരോപണങ്ങൾ സുലഭമായി ഒഴുകി. “മദൻലാൽ നീണാൾ വാഴട്ടെ ” എന്ന മുദ്രാവാക്യം ഉയർന്നു. പോലീസ് ഇതെല്ലാം കൈയ്യും കെട്ടി നോക്കി നിന്നു. ഗാന്ധിക്ക് നേരെയുള്ള വധശ്രമത്തിന് പിന്നിൽ മറാത്താ ബ്രാഹ്മണ ഹിന്ദുത്വ ശക്തികളാണ് എന്ന മദൻലാലിൻ്റെ വെളിപ്പെടുത്തൽ പോലീസിന് ലഭിച്ചതിന് ശേഷമാണ്, യഥാർത്ഥത്തിൽ നിയമപരമല്ലാത്ത ഈ യോഗം കൂടുന്നതും അതിനെ പോലീസ് നിർമമമായി വീക്ഷിക്കുന്നതും എന്നോർക്കണം. ഈ വീഴ്ചയെ കപൂർ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിൻ്റെ 12B. 23 ഖണ്ഡിക ഇതിനെപ്പറ്റിയാണ് .

” യോഗത്തിന് അനുമതി കൊടുക്കാൻ പാടുള്ളതായിരുന്നില്ല. വൈകീട്ട് 4.30 ന് നിയുക്തയോഗത്തിനായി ആളുകൾ എത്തിച്ചേർന്നപ്പോഴാണ് പോലീസിന് ഈ യോഗത്തെപ്പറ്റി വിവരം ലഭിച്ചതെന്ന് പറയുന്നത് സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. പൊതുജനയോഗങ്ങൾ യോഗങ്ങൾ അപ്പളപ്പോൾ സംഭവിക്കുന്ന ഒന്നല്ല. ഈ യോഗത്തിന് വേണ്ടിയുള്ള അപേക്ഷ തലേന്ന് നൽകിയിരുന്നതും യോഗം നടക്കുന്ന വിവരം തീർച്ചയായും പരസ്യപ്പെടുത്തിയിട്ടുള്ളതുമാകണം. ഇത് പോലീസിൻ്റെ കഴിവില്ലായ്മയേയും പ്രവർത്തനരാഹിത്യത്തേയും എടുത്തുകാണിക്കുന്ന ഒന്നാണ് ”

മുൻ പ്രധാനമന്ത്രിയും ഗാന്ധിവധത്തിൻ്റെ നാളുകളിൽ ബോംബെ ആഭ്യന്തരമന്ത്രിയും ആയിരുന്ന മൊറാർജി ദേശായ് കമ്മീഷൻ മുമ്പാകെ ബോധിപ്പിച്ചതിൽ ഇങ്ങനെ പറയുന്നു (ഖണ്ഡിക  12 E. 6 )

” മഹാത്മാഗാന്ധിക്ക് നാശം ചെയ്ത മനുഷ്യർ ആരൊക്കെയൊന്ന് കൃത്യമായി പറയാൻ എനിക്കാകില്ല. എന്നാൽ ലഭിച്ച വിവരങ്ങളിൽ നിന്നും അഭയാർത്ഥികളോ ആർ എസ് എസോ ഹിന്ദുമഹാസഭയോ ആകാം അവർ. അവരൊന്നും പൂനെയിൽ നിന്ന് ആകണമെന്നില്ല. “. അടുത്ത ഖണ്ഡികയിൽ സാക്ഷി നമ്പർ 97 ആയ ഖാദിൽക്കർക്കറുടെ മൊഴി പ്രകാരം ഗാന്ധിയെ അപകടപ്പെടുത്തിയത് ( ഹിന്ദു ) രാഷ്ട്രദൾ ആണ്. പത്താം നമ്പർ സാക്ഷി വി.ശങ്കറിൻ്റെ അഭിപ്രായം അനുസരിച്ച് ” കേസരിയുടെ ചിന്താധാര പിന്തുടരുന്ന ഒരു കൂട്ടം ഗാന്ധിക്കെതിരെ പൂനെയിൽ നിലനിന്നിരുന്നതിനെക്കുറിച്ചുള്ള വിവരം (ഗവണ്മെൻ്റിന് ) ഉണ്ടായിരുന്നു. സവർക്കർ പ്രചോദകനായിരുന്നു എന്ന് പറയപ്പെടുന്ന ഈ ചിന്താധാരാക്കൂട്ടത്തിൻ്റെ പ്രവർത്തനങ്ങൾ ബോംബെ സ്പെഷ്യൽ ബ്രാഞ്ചിൻ്റെ നിരീക്ഷണത്തിന് കീഴെയായിരുന്നു ” ( ഖണ്ഡിക 12E. 8 )

അമ്പത്തി അഞ്ചാം നമ്പർ സാക്ഷി ബി ബി എസ് ജെയ്റ്റ്ലി, സ്വാതന്ത്ര്യം കഴിഞ്ഞ് ആദ്യ രണ്ടു മാസങ്ങൾക്കുള്ളിൽ തന്നെ 600 മുതൽ 700 വരെ കേസുകൾ ആർ എസ് എസിനെതിരെ ഉള്ളതായി ഓർക്കുകയുണ്ടായി. ആയുധം ശേഖരിക്കുക, ഗ്രാമങ്ങൾ ആക്രമിക്കുക, വ്യക്തികളെ കൈകാര്യം ചെയ്യുക, എന്നിവയ്ക്കെതിരെയാണ് ഈ കേസുകൾ. ആർ എസ് എസ് നിരോധിക്കപ്പെടണമെന്ന് അദ്ദേഹം ശുപാർശ ചെയ്തു. അദ്ദേഹം യഥാർത്ഥത്തിൽ  ലക്നൗ സി ഐ ഡി  ചീഫിനെയും അന്ന് യു.പി.മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് വല്ലഭ് പന്തിനെയും ആഭ്യന്തര മന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രിയേയും  സമീപിക്കുകയും ആർ എസ് എസിനെ നിരോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അവർ അദ്ദേഹത്തോട് യോജിക്കുകയും പക്ഷെ സർദാർ പട്ടേലിനോട് ഇക്കാര്യത്തെപ്പറ്റി ചർച്ച ചെയ്യണം എന്നും പറയുകയും ചെയ്തു. ഈ സംഘടന ( ആർ എസ് എസ് ) നിരോധിക്കപ്പെട്ടെങ്കിലും അത് കൊലപാതകത്തിന് ശേഷമാണ്. ( 12 E.. 8 ൽ നിന്ന്).

അമ്പത്തിമൂന്നാം സാക്ഷിയായി കമ്മീഷൻ്റെ മുന്നിൽ ഹാജരായത് ഡോ. സുശീല നയ്യാറാണ്. അവസാനകാലങ്ങളിൽ ഗാന്ധിയുടെ കൂടെയുണ്ടായിരുന്ന സംഘത്തിലെ പ്രധാനിയും ഗാന്ധിയുടെ ഡോക്ടറുമായിരുന്നു, പ്യാരേലാലിൻ്റെ സഹോദരി കൂടിയായിരുന്ന ഡോ.സുശീല നയ്യാർ. ആർ എസ് എസിനെപ്പറ്റി അവരോട് ഗാന്ധി പറഞ്ഞ അഭിപ്രായം കമ്മീഷന് മുന്നിൽ അവർ പങ്കുവെയ്ക്കുകയുണ്ടായി. ഒരിക്കൽ അവർ ഗാന്ധിയോട് ആർ എസ് എസുകാരുടെ പ്രവർത്തനങ്ങളെപ്പറ്റി പുകഴ്ത്തി സംസാരിച്ചപ്പോൾ ഗാന്ധി പ്രതികരിച്ചത്, സുശീല നയ്യാർക്ക് അവരെപ്പറ്റി അറിയില്ല എന്ന് പറഞ്ഞാണ്. അവർ ഫാസിസ്റ്റുകളേയും നാസികളേയും പോലെ കറുപ്പു കുപ്പായക്കാരാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. (ഖണ്ഡിക 12 E. 9 )

അമ്പത്തിനാലാം സാക്ഷിയായി കമ്മീഷന് മുന്നിൽ ഹാജരായ പ്യാരേലാൽ ഡെൽഹി പോലീസിനുള്ളിൽ ഗാന്ധി വിരുദ്ധതയുടേയും ആർ എസ് എസ് ആനുകൂല്യത്തിൻ്റേയും നുഴഞ്ഞുകയറ്റത്തെപ്പറ്റി മൊഴി നൽകുകയുണ്ടായി. (ഖണ്ഡിക 12 E .10 ) ഇതു തന്നെ സോഷ്യലിസ്റ്റ് നേതാവായിരുന്ന ജയപ്രകാശ് നാരായണനും 1948 ഫെബ്രുവരി 18 ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്ത ഒരു പ്രസംഗത്തിൽ പരാമർശിക്കുന്നുണ്ട്. ” ബോംബ് എറിഞ്ഞതിന് ശേഷവും ശക്തമായ നടപടികൾ എടുക്കാനല്ല, മറിച്ച് കുറ്റവാളികളെ മൂടിവെയ്ക്കാനുള്ള ശ്രമമാണ് അധികാരികൾ നടത്തിയത്. ഗൂഢാലോചന കുഴിച്ചെടുക്കാനുള്ള എല്ലാ ശ്രമങ്ങളേയും അവർ അട്ടിമറിച്ചു. ” ( ഖണ്ഡിക 12E. 11)

കമ്യൂണിസ്റ്റ് പത്രമായ പീപ്പിൾസ് ഏജ് ഗാന്ധിജി കൊല്ലപ്പെടാൻ പോകുകയാണെന്നും ഡെൽഹി പോലീസിൽ ആർ എസ് എസുകാർ നുഴഞ്ഞു കയറിയിട്ടുണ്ടെന്നും ഡെൽഹിയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആയിരുന്ന രൺധാവയാണ് അതിന് പിന്നിലെന്നും ആരോപിച്ചിരുന്നു (ഖണ്ഡിക 12E. 31 )

മദൻലാൽ ഗൺ കോട്ടൺ സ്ലാബ് കത്തിച്ചതിനെ ആദ്യം വ്യക്തിപരവും ബാലിശവുമായ ഒരു പ്രതികരണമായി തള്ളിക്കളത്ത ഗാന്ധി പിന്നീട് അത് ഒരു ഗൂഢാലോചനയായി മനസ്സിലാക്കിയിരുന്നു എന്ന് പ്യാരേലാൽ കമ്മീഷന് മുന്നിൽ പറയുകയുണ്ടായി. പക്ഷെ അതിൻ്റെ വലിപ്പമോ തനിസ്വഭാവമോ ഗാന്ധി മനസ്സിലാക്കിയിരുന്നില്ല. മദൻലാലിൻ്റെ മൊഴിയിൽ പറഞ്ഞ പ്രതികളെ പിടിക്കാൻ കഴിയാത്തത് പോലീസിൻ്റെ കഴിവില്ലായ്മയോ ഇച്ഛാശക്തിയില്ലായ്മയോ ആയിട്ടാണ് പ്യാരേലാൽ എണ്ണിയത്.  (ഖണ്ഡിക 12 F.. 15). ഗാന്ധിജിയുടെ സന്തത സഹചാരിയായിരുന്ന ബ്രിജ് കൃഷ്ണൻ ചണ്ഡിവാലെയും ഏതാണ്ട് ഇതേ മട്ടിൽ തന്നെയാണ് മൊഴി നൽകിയത്. മദൻലാൽ പിടിയിലായതിന് ശേഷം ഒരു പോലീസ് ഓഫീസർ അദ്ദേഹത്തെ കാണുകയും ഗൂഢാലോചനയുടെ പിന്നിൽ പ്രവർത്തിച്ചത് ഒമ്പത് പേരാണെന്നും അവരുടെ വിവരങ്ങൾ തങ്ങളുടെ പക്കൽ ഉണ്ടെന്നും പറയുകയുണ്ടായെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. ഇത്തരം അനവധാനത പോലീസിൻ്റെ പക്കൽ നിന്നും ഒരിക്കലും അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. (ഖണ്ഡിക 12 F. 1 ).

നാം നേരത്തേ പരാമർശിച്ച സേവാഗ്രാമിൽ വെച്ച് ഗാന്ധിക്ക് നേരെ നടന്ന വധശ്രമത്തെ സുശീല നയ്യാർ കമ്മീഷന് മുന്നിൽ ഓർത്തെടുക്കുന്നുണ്ട്. കമ്മീഷൻ്റെ 12 F .43 ഖണ്ഡികയിൽ അത് ഇങ്ങനെ വിവരിക്കുന്നു. ” 1946 ൽ മിസ്റ്റർ ജിന്നയ്ക്കും മഹാത്മാവിനുമിടയിൽ ചർച്ച നടന്നു കൊണ്ടിരിക്കുമ്പോൾ ചില യുവാക്കൾ, അതിലൊരാൾ നാഥുറാം ഗോഡ്സേയും മറ്റൊരാൾ തട്ടേയും ( തട്ടേ പൂനെയിലെ തന്നെ ഹിന്ദുമഹാസഭാ പ്രവർത്തകനും സവർക്കറൈറ്റും  ആയിരുന്നു. ഗാന്ധി വധത്തിൽ അറസ്റ്റിലായ വ്യക്തിയും ), സേവാഗ്രാമിൽ വരികയും ജിന്നയുമായി മഹാത്മാവിൻ്റെ സംഭാഷണങ്ങളെ എതിർക്കുകയും ചെയ്തു. തൻ്റെ മുറിയിൽ നിന്നും പുറത്തു വന്നപ്പോൾ ഈ മനുഷ്യർ മഹാത്മാഗാന്ധിയെ തടുക്കുകയും എന്നാൽ ആശ്രമവാസികൾ ഗാന്ധിയുടെ വഴിയിൽ നിന്ന് അവരെ നീക്കുകയും ചെയ്തു. അവരിൽ ഒരാളുടെ  – ഗോഡ്സേയുടേയോ തട്ടേയുടേയോ  എന്ന് സാക്ഷിക്ക് പറയാൻ കഴിഞ്ഞില്ല – കീശയിൽ ഒരു നീണ്ട മൂർച്ചയുള്ള കത്തി ഉണ്ടായിരുന്നു എങ്കിലും ആശ്രമത്തിലെ ഒരാൾക്കും ആർക്കെങ്കിലും മഹാത്മാഗാന്ധിക്ക് നാശം വരുത്താൻ കഴിയും എന്നാലോചിക്കാനേ കഴിയുമായിരുന്നില്ല – “ചില  പോലീസുകാരുടെ ആർ എസ് എസ് അനുകൂല നിലപാടിനെ കുറിച്ചുള്ള ആരോപണങ്ങൾ തന്നെ അമ്പരപ്പിക്കില്ല എന്നും സുശീല നയ്യാർ പറയുകയുണ്ടായി (ഖണ്ഡിക 12 F .53 ). പ്യാരേലാലും ഈ സംഭവത്തിന് തൻ്റെ മൊഴി കൊണ്ട് അടിവരയിടുകയുണ്ടായി. ഗാന്ധിയെ കൊന്നാൽ താനൊരു രക്തസാക്ഷിയായി വാഴ്ത്തപ്പെടും എന്നും കത്തിയുമായി പിടിയിലായ ആൾ പറയുകയുണ്ടായി. ( ഖണ്ഡിക 12 F .57) .1947 ൽ അസ്പൃശ്വതാ വിരുദ്ധ പ്രചരണവുമായി മഹാത്മാഗാന്ധി പൂനെയിൽ എത്തിയ സമയത്തും അദ്ദേഹത്തിന് നേരെ ബോംബേറുണ്ടായി (ഖണ്ഡിക 12F. 58 ) . പോലീസിലെ ആർ എസ് എസ് അനുകൂലഘടകത്തെക്കുറിച്ചും സുശീല നയ്യാർക്ക് സമാനമായ അഭിപ്രായമാണ് പ്യാരേലാലും പങ്കുവെയ്ക്കുന്നത്.

മൂന്നാം നമ്പർ സാക്ഷി വിശ്വനാഥ് ഷാ ,തട്ടേയും കൂട്ടരും ഡെൽഹിയിൽ മഹാത്മാഗാന്ധിക്കെതിരെ നടത്തിയ പ്രകടനത്തെ കമ്മീഷന് മുന്നിൽ അനുസ്മരിക്കുകയുണ്ടായി. അവർ കല്ലുകൾ വലിച്ചെറിയുകയുണ്ടായി. (ഖണ്ഡിക 12 F .76)

സാക്ഷി നമ്പർ 99 ഉം ഗാന്ധിയുടെ അവസാനകാലത്തെ ‘ഊന്നുവടി’കളിൽ ഒരാളുമായിരുന്ന മനു പോലീസ് റെക്കോർഡുകളിലില്ലാത്ത ഒരു കാര്യം കമ്മീഷൻ്റെ മുന്നിൽ വെളിപ്പെടുത്തി. 1948 ജനുവരി 30 ന് ഉച്ചയോടെ നാഥുറാം ഗോഡ്സേ ബിർളാ ഹൗസിൽ എത്തുകയുണ്ടായി. മഹാത്മാവിനെ കാണാനായി ജനങ്ങൾ എത്തുക സാധാരണമായതുകൊണ്ട് ആരും അദ്ദേഹത്തെ തടഞ്ഞില്ല. ഇത്തരം ആളുകൾ ഗാന്ധി ഉറങ്ങുന്ന ഇടവും ഭക്ഷിക്കുന്ന ഇടവും ഒക്കെ നോക്കിക്കാണുക സാധാരണമാണ്. നാഥുറാം പിൻവാതിൽ വഴിയായിരിക്കാം  വന്നത്. ഗാന്ധിദർശനം കിട്ടാനായി അങ്ങനെയും ആളുകൾ വരാറുണ്ട്. ആ സമയത്ത് ഗാന്ധി പുറത്ത് സൂര്യപ്രകാശമേറ്റ് ഉറങ്ങുകയായിരുന്നു. ആ സമയത്ത് വേണമെങ്കിൽ അയാൾക്ക് ഗാന്ധിയെ വെടിവെക്കാമായിരുന്നു. അത് നാഥുറാം ഗോഡ്സേ തന്നെയായിരുന്നു എന്ന് മനു ഉറപ്പിച്ചു പറഞ്ഞു. കാരണം നാഥുറാം ഗാന്ധിയെ യഥാർത്ഥത്തിൽ വെടിവെച്ചു വീഴ്ത്തിയപ്പോൾ ആ മുഖം അവൾ വീണ്ടും കണ്ടു.( ഖണ്ഡിക 12 F. 82 )

1947 സെപ്തംബറിൽ ബിർള ഹൗസിൽ ഗാന്ധി താമസിച്ചു തുടങ്ങിയ നാളുകളിൽ ആകെ 5 പോലീസുകാരാണ് അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഒരു ഹെഡ്കോൺസ്റ്റബിളും നാല് പോലീസുകാരും. അതായത് മാർത്തേ ഹേ തോ മാർനേ ദോ (ചാവാൻ വിചാരിക്കുന്നവരെ ചാവാൻ വിടുക ) എന്ന മട്ടിലുള്ള മുദ്രാവാക്യം മുഴക്കി അഭയാർത്ഥികൾ പ്രകടനം നടത്തുന്ന അവസരത്തിൽ ബിർള ഹൗസിലുണ്ടായിരുന്നത് ഈ അഞ്ചു പോലീസുകാർ മാത്രമാണ്. മദൻലാൽ പഹ് വ സ്ഫോടനം നടത്തിയ ശേഷം പോലീസുകാരുടെ എണ്ണം സായുധരായ ഒരു അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ, നാലു ഹെഡ് കോൺസ്റ്റബിൾമാർ, രണ്ട് പോലീസുകാർ എന്നിങ്ങനെയാക്കി. അതോടൊപ്പം മൂന്ന് മഫ്തിയിലുള്ള പോലീസുകാരും. ഇതിന് പുറമേ രണ്ട് എൻ സി ഓ മാരും പന്ത്രണ്ട് ആളുകളും ഉൾക്കൊള്ളുന്ന മിലിട്ടറി പട്രോളും ഏർപ്പെടുത്തിയിരുന്നു. ഗാന്ധിജി പോലീസുകാരെ കാവൽ നിർത്തുന്നതിന് എതിരായിരുന്നു. എന്നാൽ ഭരണകൂടമാകട്ടെ ഗാന്ധിയെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണ് എന്ന ഉറച്ച തീരുമാനത്തിൽ എത്തിയതും ഇല്ല. ഡെൽഹി പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടും ആർ എസ് എസ് അനുഭാവം ആരോപിക്കപ്പെട്ടയാളുമായ എം എസ് രൺധാവ കമ്മീഷന് മുന്നിൽ പറഞ്ഞത് വിഭജനശേഷം മുസ്ലീം പോലീസുകാർ കൂട്ടത്തോടെ പാകിസ്ഥാനിലേയ്ക്ക് പോയതിനാൽ ഡെൽഹി പോലീസ് സേന വല്ലാതെ മെലിഞ്ഞുവെന്നും അത് പരിഹരിക്കാൻ ഗ്രാമപ്രദേശങ്ങളിൽ നിന്ന് പോലീസുകാരെ റിക്രൂട്ട് ചെയ്തിരുന്നെങ്കിലും അവർക്ക് പരിശീലനം ലഭിച്ചിരുന്നുമില്ല എന്നാണ്. (ഖണ്ഡിക 12G. 17)

മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ സംരക്ഷണ ചുമതല ഏറ്റെടുത്ത പോലീസ് ഉദ്യോഗസ്ഥനായിരുന്നു ജി.കെ.ഹൻഡൂ. കമ്മീഷന് മുമ്പാകെ അദ്ദേഹം കൊടുത്ത മൊഴി നേതാക്കളെ കൊന്നൊടുക്കി രാജ്യം പിടിച്ചെടുക്കാനുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ പദ്ധതിയിലേയ്ക്ക് വെളിച്ചം വീശുന്നതാണ്. ഖണ്ഡിക 12 H .20 A പറയുന്നതിങ്ങനെ

: ” തങ്ങളുടെ അടുത്ത ലക്ഷ്യം പ്രധാനമന്ത്രി നെഹ്റുവായിരുന്നു എന്ന് തന്നോട് ഗോഡ്സേ സമ്മതിച്ചു എന്ന മിസ്റ്റർ ഹൻഡുവിൻ്റെ പ്രസ്താവനയോടും നെഹ്റു വിൻ്റെ ജീവനും അപകടത്തിലാണെന്ന മിസ്റ്റർ ജെ എൻ സാഹ്നിയുടെ പ്രസ്താവനയും ഗോഡ്സേ ഡെൽഹി യിൽ പോലീസ്  കസ്റ്റഡിയിലായിരുന്നപ്പോൾ അദ്ദേഹത്തിന് വന്ന ഹിന്ദിയിലുള്ള ഊമക്കത്തുമായി താദാത്മ്യപ്പെടുന്നുണ്ട്. അതിലെ അടയാളം ബാരാബസാർ, കൽക്കട്ട എന്നതായിരുന്നു. അത് മഹാത്മാഗാന്ധിയെ കൊന്നതിൽ ഗോഡ്സേയെ പ്രകീർത്തിക്കുന്ന ഒന്നായിരുന്നു. മാത്രമല്ല അത് അങ്ങേയറ്റം നെഹ്റു വിരുദ്ധവും നെഹ്റുവിനെ ” ഹിന്ദുസമുദായത്തിൻ്റെ മർദ്ദകൻ ” എന്ന് വിശേഷിപ്പിക്കുന്നതും ആയിരുന്നു. അത് അവസാനിക്കുന്നത് ” ദൈവം ചിലപ്പോൾ നെഹ്റുവിനെയും തീർക്കമായിരിക്കും ” എന്നായിരുന്നു.

ഇതെല്ലാം തെളിയിക്കുന്നത് ഇന്ത്യ എത്രമാത്രം അപകടകരമായ സന്ധിയിലൂടെയാണ് സ്വാതന്ത്ര്യാനന്തരം കടന്നുപോയത് എന്നാണ്. ഒരു വശത്ത്, ലക്ഷക്കണക്കിന് വരുന്ന അഭയാർത്ഥികളുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് അവരെ അക്രമാസക്തരാക്കി മാറ്റി മുസ്ലീങ്ങൾക്കും അപ്പോൾ പിറവിയെടുത്ത ഭരണകൂടത്തിനുമെതിരെ തിരിച്ച് വിടുക, മറുവശത്ത് നേതാക്കളെ കൊന്നൊടുക്കാനുള്ള രഹസ്യ പദ്ധതി തയ്യാറാക്കി നടപ്പാക്കുക, വേറെ ഒരിടത്ത് അന്വേഷണ ഏജൻസികളിൽ നുഴഞ്ഞു കയറി അവയെ നിർവീര്യവല്ക്കരിക്കുകയോ തെറ്റായ രീതിയിൽ പ്രവർത്തിക്കാനുള്ള പ്രേരണ കൊടുക്കുകയോ ചെയ്യുക. മറ്റൊരിടത്ത് പാകിസ്ഥാന് കരാർ ഉടമ്പടി പ്രകാരം കൊടുക്കേണ്ട 55 കോടി രൂപ ഗാന്ധി ശൂന്യതയിൽ നിന്നുണ്ടാക്കിയ ഒരാവശ്യമാണെന്ന മട്ടിൽ പ്രചരിപ്പിക്കുക തുടങ്ങി ഹിന്ദു രാഷ്ട്ര സ്ഥാപനത്തിൻ്റെ തൊട്ടടുത്ത് എത്തി എന്ന് കരുതിയിരിക്കുമ്പോഴാണ് ഗാന്ധി വധിക്കപ്പെടുന്നത്. മരിച്ച ഗാന്ധി ജീവിച്ചിരുന്ന ഗാന്ധിയേക്കാൾ വലിയ രാഷ്ട്രീയ സാന്നിദ്ധ്യമായി. ആ ശവശരീരത്തിന് പിന്നാലെ അഭയാർത്ഥികൾ ഉൾപ്പെടെ ഡെൽഹി മുഴുവൻ കണ്ണീരൊഴുക്കി രാജ്ഘട്ടിലെത്തി. ആർ എസ് എസിനെ പട്ടേൽ നിരോധിച്ചു. ആ നിരോധന വാർത്ത നേരത്തെ ചോർത്തിയെടുത്തെങ്കിലും നേതാക്കൾക്ക് ഒളിവിൽ പോകേണ്ടി വന്നു. ഹിന്ദുമഹാസഭ ജനരോഷത്തിന്റെ അങ്ങേയറ്റത്തിനിരയായി. സവർക്കർ സദൻ അഗ്നിക്കിരയാകാതിരിക്കാൻ പോലീസിന് കഠിനപരിശ്രമം നേരിടേണ്ടി വന്നു. ജനകീയത നഷ്ടപ്പെട്ട സവർക്കർ പതുങ്ങിക്കഴിഞ്ഞു. രണ്ടാം സവർക്കർ എന്ന് പേരു കേട്ട പർച്ചൂരേ രാഷ്ട്രീയം തന്നെ ഉപേക്ഷിച്ചു. ഗാന്ധി തൻ്റെ മരണം കൊണ്ട് ഇന്ത്യയെ ഹിന്ദു രാഷ്ട്രവാദത്തിൻ്റെ വായിൽ നിന്നും ഊരിയെടുത്തു.

60. ആൾവാറിലെയും ഗ്വാളിയറിലേയും ഗൂഢാലോചന
………………………………

ഹിന്ദുത്വരാഷ്ട്രീയത്തിന് ആളും അർത്ഥവും നൽകുന്നതിൽ നാട്ടുരാജ്യങ്ങൾ മുന്നിട്ടു നിന്നിരുന്നു എന്നത് നാം കണ്ടു. അക്കൂട്ടത്തിൽ മുന്നിട്ടു നിന്നിരുന്ന ഒരു നാട്ടുരാജ്യമായിരുന്നു ഇപ്പോൾ രാജസ്ഥാൻ്റെ ഭാഗമായ ആൾവാർ. ഹിന്ദുമഹാസഭയ്ക്കും ആർ എസ് എസിനും ആൾവാർ ഭരണകൂടത്തിൻ്റെ സഹായം നേരിട്ട് ലഭിച്ചിരുന്നു. ഗാന്ധിവധത്തിൻ്റെ ഒരു ഉപശാല ആൾവാർ ആണെന്ന സംശയത്തിൽ ഡെൽഹി പോലീസ് സൂപ്രണ്ടായിരുന്ന യു സി മൽഹോത്രയെയാണ് അവിടെ അന്വേഷണത്തിനായി നിയോഗിച്ചത്. അതിന് വേണ്ടി 1948 ഫെബ്രുവരി 7 ന് യു സി മൽഹോത്രയെ അവിടുത്തെ മുഖ്യ പോലീസ് ഓഫീസറാക്കി ഇന്ത്യാ ഗവണ്മെൻ്റ് നിയമിക്കുകയുണ്ടായി.

നാരായൺ ഭാസ്ക്കർ ഖരേ എന്ന എൻ ബി ഖരേ ആണ് ആൾവാറിലെ ഹിന്ദുത്വരാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന വ്യക്തി. 1907 ൽ ലാഹോർ മെഡിക്കൽ കോളേജിൽ നിന്നും ഫസ്റ്റ് റാങ്കോടെ വൈദ്യ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഖരേ, പഞ്ചാബ് സർവ്വകലാശാലയിൽ നിന്നും ആദ്യ എം ഡി ബിരുദവും കരസ്ഥമാക്കി. ജന്മം കൊണ്ട് മറാത്താ ബ്രാഹ്മണനായ അദ്ദേഹം രാഷ്ട്രീയത്തിലാണ് ആമഗ്നനായത്. മറാത്തി ഹിന്ദുത്വ പത്രങ്ങളിലൊന്നായ തരുൺ ഭാരതിൻ്റെ പത്രാധിപർ ആയിരുന്നു അദ്ദേഹം. വൈസ്റോയിയുടെ എക്സിക്യൂട്ടീവ് അംഗം എന്ന പദവിയിലെല്ലാം ഹിന്ദുമഹാസഭാ നോമിനിയായി പ്രവർത്തിച്ച അദ്ദേഹം 1947 ഏപ്രിൽ 19 ന് അദ്ദേഹം ആൾവാർ രാജ്യത്തെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. 1948 ഫെബ്രുവരി 7 വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു. യഥാർത്ഥത്തിൽ 1938 വരെ കോൺഗ്രസ്സിലായിരുന്നു ഖരേ പ്രവർത്തിച്ചിരുന്നത്. എന്നാൽ 1938 ൽ കോൺഗ്രസ്സിൽ നിന്നും പുറത്താക്കിയ ഇദ്ദേഹം ഹിന്ദുമഹാസഭയിൽ ചേരുകയും വലിയ ഗാന്ധി വിരോധി ആയിത്തീരുകയും ചെയ്തു. ആൾവാർ പ്രവിശ്യയിലെ കൂട്ടക്കൊലകൾക്കും വർഗ്ഗീയ കലാപങ്ങൾക്കും കാരണക്കാരനായി ഗവണ്മെൻ്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തെങ്കിലും കൃത്യമായ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. 1952 ൽ ഗ്വാളിയിൽ നിന്നും എം പി യായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

കമ്മീഷന് മുന്നിൽ ഹാജരായ പന്നലാൽ ചൗബേ ( സാക്ഷി നമ്പർ 47 ) ആൾവാർ പ്രവിശ്യയിൽ ഖരേയും കൂട്ടരും നിർവ്വഹിച്ച ഗൂഢാലോചനയുടെ ചുരുൾ അഴിക്കുകയുണ്ടായി. ചൗബേ ഹിന്ദുമഹാസഭയുടെ ആൾവാർ പ്രവിശ്യയിലെ സെക്രട്ടറി ആയിരുന്നു. അതേ സമയം പോലീസ് ഇൻഫോർമറും കൂടിയായിരുന്നു. ആൾവാറിലെ പ്രധാനമന്ത്രിയായ ചൗബേയുമായി ചേർന്ന് ഹിന്ദുമഹാസഭ കലാപത്തിന് പദ്ധതിയിട്ടു. ആൾവാറിൽ ആർ.എസ് എസ് ഒരു സമ്മേളനം നടത്താനായി ഒരു ഉദ്യാനത്തിൽ ഒത്തുകൂടുകയും ആ ഉദ്യാനത്തിൻ്റെ കാവൽക്കാരനായ മുസ്ലീമിനെ കൊല്ലുകയും ചെയ്തു. യഥാർത്ഥത്തിൽ ചൗബേ ആണ് അതിന് ഉത്തരവാദി.( ഖണ്ഡിക 13.24)

ഗാന്ധിയെ കൊല്ലുന്നതിന് മൂന്നു മാസം മുമ്പ് പർച്ചൂരേയും നാഥുറാം ഗോഡ്സേയും ആൾവാറിലെത്തി ഒരു രഹസ്യയോഗം നടത്തിയിരുന്നു. ചൗബേയും ഖരേയും അതിൽ പങ്കെടുത്തിരുന്നു. മഹാത്മാഗാന്ധി തന്നെ മോശമായാണ് പരിഗണിച്ചതെന്നും തൻ്റെ അഭിപ്രായത്തിൽ മഹാത്മാഗാന്ധി ഇന്ത്യയ്ക്ക് അപകടമാണെന്നും അദ്ദേഹത്തെ കരുതി എന്തെങ്കിലും പ്രവർത്തിക്കേണ്ടത് അത്യാവര്യമാണെന്നും ഡോ.ഖരേ അവിടെ വെച്ച് അഭിപ്രായപ്പെട്ടു. അക്കാലത്ത് ആൾവാർ പ്രധാനമന്ത്രിയായിരിക്കേ തന്നെ ഗാന്ധിക്കെതിരെ നിശിതവും അശ്ലീലവുമായ തരത്തിൽ പ്രവർത്തിച്ചു വരുന്ന   അവിടുത്തെ അഖിലേന്ത്യാ ഹിന്ദു ദേശീയ മുന്നണിയുടെ പ്രസിഡണ്ട് കൂടിയായിരുന്നു ഡോ.ഖരേ (ഖണ്ഡിക 13.25)

ആൾവാർ രാജകുടുംബത്തിൻ്റെ ആയുധമ്യൂസിയവും ഗോഡ്സേയും പർച്ചൂരെയും സന്ദർശിച്ചു. അവിടെ നിന്നും ആവശ്യമായ തോക്കുകൾ സംഘടിപ്പിക്കാനായിരുന്നു അത്. ഒരു പഴയ മൗസർ തോക്ക് മ്യൂസിയം ക്യുറേറ്റർ അവർക്ക് നൽകിയെങ്കിലും, അത് ഉപയോഗപ്രദമല്ലാത്തതിനാൽ ഗോഡ്സേയും പർച്ചൂരേയും അത് തിരിച്ചു കൊടുത്തു ( ഖണ്ഡിക 13.26 )

ഒരു സ്വകാര്യയോഗത്തിൽ ഡോ.ഖരേ ആൾവാറിലെ മുസ്ലീം പള്ളികൾ തകർക്കാമോ എന്ന് ഹിന്ദുമഹാസഭാ നേതാക്കളോട് ഡോ.ഖരേ ആരാഞ്ഞു. ആരാണോ പള്ളികൾ തകർക്കുന്നത് അവർക്ക് പള്ളി നിന്നിരുന്ന സ്ഥലത്തിൻ്റെ ഉടമസ്ഥത എത്രയും പെട്ടെന്ന് നൽകാമെന്ന് ഡോ.ഖരേ വാഗ്ദാനം നൽകി. ആൾവാറിൽ മുസ്ലീങ്ങളെ എട്ടു ദിവസം തുടർച്ചയായി കൊള്ളയടിച്ചു. ( ഖണ്ഡിക 13.27)

മുസ്ലീങ്ങൾക്കെതിരെ അങ്ങേയറ്റം പ്രകോപനകരമായ, വ്യാപകമായി വിതരണം ചെയ്യപ്പെട്ട ഒരു ലഘുലേഖ പന്ന ലാൽ ചൗബേ കമ്മീഷന് മുന്നിൽ ഹാജരാക്കുകയുണ്ടായി. അതേ തുടർന്ന് ഇന്ത്യൻ ഗവണ്മെൻ്റ് ചൗബേ ഉൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തു. അന്ന് ഹിന്ദുമഹാസഭാ പ്രവർത്തകർ അറസ്റ്റു ഭയന്ന് ഒളിച്ചു താമസിച്ചത് ഡെൽഹിയിലെ ഹിന്ദുമഹാസഭാ നേതാവായ പ്രൊഫ. രാം സിംഗിൻ്റെ വസതിയിൽ ആയിരുന്നു (ഖണ്ഡിക 13.28 )

ഗാന്ധിയെ കൊല്ലാനുള്ള ഗൂഢാലോചന വിരിഞ്ഞത് ആൾവാറിൽ വെച്ചാണ്. അതിൽ പ്രധാന പങ്ക് വഹിച്ചത് ഡോ.ഖരേ ആണ്. ഡോ. പർച്ചൂരേ പറഞ്ഞത് മഹാത്മ ജീവിച്ചിരിക്കണമെന്നത് രാജ്യത്തിൻ്റെ ആവശ്യമല്ലെന്നും ഗോഡ്സേ എന്ന ഒരാൾക്ക് മാത്രം ഗാന്ധിയെ വധിക്കാനാകുമെന്നാണ്. അന്നേരം അതിനെപ്പറ്റി വ്യാകുലപ്പെടേണ്ടെന്നും എല്ലാ കാര്യവും താൻ ഒറ്റയ്ക്ക് ചെയ്യാമെന്നും ഗോഡ്സേ പറഞ്ഞു. അതേ തുടർന്ന് ഗോഡ്സേയുമായി സ്വകാര്യസംഭാഷണവും നടന്നു. (ഖണ്ഡിക 13.29)

ആൾവാറിൽ ഒരു ആയുധ ഫാക്ടറി പ്രവർത്തിക്കുന്ന വിവരം പോലീസ് ഇൻസ്പെക്ടർ ജനറലിന് താൻ എഴുതിക്കൊടുത്തതായി ചൗബേ കമ്മീഷന് മുമ്പാകെ അറിയിക്കുകയുണ്ടായി. സുചേതാ കൃപലാനിയോടും ഈ വിവരം താൻ അറിയിച്ചിരുന്നു. വാർദ്ധാ ജയിലിൽ ഒരേ സമയം ചൗബയും സുചേതാ കൃപലാനിയും ജയിൽവാസമനുഭവിക്കുന്ന ഘട്ടത്തിലാണ് അത് അറിയിച്ചത്. (ഖണ്ഡിക 13.31)

1938 ഒക്ടോബർ 3 ന് ദസറയോടനുബന്ധിച്ചുള്ള ഒരു പതാകയുയർത്തൽ പരിപാടിയിൽ ഡോ.ഖരേ ഇത് ഗാന്ധിസത്തിനെതിരെയുള്ള തുറന്ന പോരാട്ടമാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. ഗാന്ധിസത്തിനെതിരെയും അതിൻ്റെ കർത്താവായ ഗാന്ധിക്കെതിരെയും ശാപവാക്കുകൾ അദ്ദേഹം ഉച്ചരിച്ചു. കോൺഗ്രസ്സും മഹാത്മാഗാന്ധിയും പ്രചരിപ്പിക്കുന്ന വ്യത്യസ്ത തത്വങ്ങളുടെ പരാജയങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ്സ് സംഘടന സിന്ധിലും പഞ്ചാബിലും നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ പ്രൊവിൻസിലും ഗുജറാത്തിലും കത്തിയവാറിലും മരിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയാണ്. “അതിനാൽ സത്യം മരിച്ചിരിക്കുന്നു. ഹിന്ദു – മുസ്ലീം മൈത്രിയെ അടക്കം ചെയ്തിരിക്കുന്നു. ഗദ്ദർ ( പാർട്ടി ) പോയി. അഹിംസയെ കൊല ചെയ്തിരിക്കുന്നു. മഹാത്മാഗാന്ധി നീണാൾ വാഴട്ടെ” ഈ രേഖ 1947 ഒക്ടോബർ 12 ന് ആൾവാറിൽ നിന്നും പ്രസിദ്ധീകരിച്ചു (ഖണ്ഡിക 13.37 )

കമ്മീഷന് മുമ്പാകെ ഹാജരാക്കിയ മറ്റൊരു തെളിവ് മുസ്ലീങ്ങൾ പശുക്കളെ കൊല്ലുന്നതും മറ്റും ചിത്രീകരിച്ചിട്ടുള്ള പ്രകോപനകരമായ ചിത്രങ്ങൾ ആണ്.

ആൾവാറിലെ ഗൂഢാലോചന സംബന്ധിച്ച് കമ്മീഷന് മുമ്പാകെ വിസ്തരിക്കപ്പെട്ട മറ്റൊരു പ്രധാന സാക്ഷി ഇന്റലിജൻസ് ബ്യൂറോയുടെ അക്കാലത്തെ അസിസ്റ്റൻ്റ് ഡയറക്ടർ ആയിരുന്ന എം എം എൽ ഹൂജ (സാക്ഷി നമ്പർ 95 ) ആണ്. അദ്ദേഹത്തിൻ്റെ അന്വേഷണത്തിൽ തെളിഞ്ഞ കാര്യങ്ങൾ ഇതാണ് .

ആൾവാർ ഭരണകൂടം ആർ എസ് എസിന് സഹായവും സംരക്ഷണവും നിർലോഭം നൽകിയിരുന്നു. 1947 മെയ് – ജൂൺ മാസങ്ങളിൽ ആർ എസ് എസ് നടത്തിയ പരിശീലനക്കളരിക്കും പ്രകടനത്തിനും മുഴുവൻ സഹായങ്ങളും ചെയ്തു കൊടുക്കുകയുണ്ടായി. ഈ സഹായങ്ങൾ നൽകിയത് പ്രധാനമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും നേരിട്ടുള്ള കല്പനകൾ വഴിയാണ്. രാജാവിൻ്റെ അറിവോടെ. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആർ എസ് എസ് പ്രവർത്തനങ്ങളിൽ പ്രധാനപങ്ക് വഹിച്ചിരുന്നു. പ്രധാനമന്ത്രി (ഡോ.ഖരേ) എല്ലാ പ്രാദേശിക പരിപാടികളുമായും നിരന്തരസമ്പർക്കം പുലർത്തുകയും സമ്പൂർണ്ണമായ രക്ഷാകർത്തൃത്വം നൽകുകയും ചെയ്തിരുന്നു. ( ഖണ്ഡിക 13.51)

ഭരണകൂടം മൂന്ന് ആർ എസ് എസ് ശാഖകൾക്ക് നേരിട്ട് 1946നവംബർ മുതൽ 1947 ഫെബ്രുവരി വരെ  സൈനിക പരിശീലനം നൽകിയിരുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ ഈ പരിശീലനത്തിൽ പങ്കെടുക്കാനായി വന്നിരുന്നു. പ്രധാനമായും യു പി യിൽ നിന്നും ഡെൽഹിയിൽ നിന്നുമാണ് എത്തിയിരുന്നത് .കായികപരിശീലനം, ബയണറ്റ് പരിശീലനം, ഡ്രിൽ, റൈഫിൾ പരിശീലനം എന്നിവ അതിൻ്റെ ഭാഗമായിരുന്നു. വെടിവെയ്പു പരിശീലനവും ഉണ്ടായിരുന്നു. ചിലർക്ക് റൈഫിൾ, റിവോൾവർ എന്നിവയിൽ രഹസ്യ പരിശീലനം നൽകി. ചെലവിൽ നല്ലൊരു ഭാഗം ആഭ്യന്തര മന്ത്രാലയം വഴി രാജ്യത്തിൻ്റെ രഹസ്യ ഫണ്ടിൽ നിന്നോ അദ്ദേഹം വഴിയുള്ള അനൗദ്യോഗിക പണ സമാഹരണം വഴിയോ ആയിരുന്നു. (ഖണ്ഡിക 13.52 )

പ്രധാനമന്ത്രിയുടെ ഓഫീസ് റെയ്ഡ് ചെയ്യുകയും തീവ്ര വർഗ്ഗീയ നേതാക്കളും സംഘടനകളുമായുള്ള ബന്ധം വ്യക്തമാക്കുന്ന രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പി എ യും സെക്രട്ടറിയും ചില പ്രധാന രേഖകൾ അദ്ദേഹം എടുത്തു മാറ്റി എന്ന് പറയുകയുണ്ടായി. ചോദ്യം ചെയ്യലിൽ നിന്നും പ്രധാനമന്ത്രിക്ക് ആർ എസ് എസ് സംഘടനയുമായി അടുത്ത ബന്ധം ഉണ്ടെന്ന് വ്യക്തമായി. ഒരു വർഷം ആർ എസ് എസിൻ്റെ ആസ്ഥാനം ആൾവാറിലേയ്ക്ക് മാറ്റിസ്ഥാപിക്കാൻ ഡോ.ഖരേ ആഗ്രഹിച്ചിരുന്നു. ഹിന്ദുമഹാസഭയുടെ പ്രധാനപ്പെട്ട തീവ്രവാദി നേതാക്കളിൽ ഒരു പാടു പേർ അദ്ദേഹത്തെ സന്ദർശിക്കുക പതിവായിരുന്നു. (ഖണ്ഡിക 13 .53 )

ആൾവാറിൽ ഒരു ആയുധ ഫാക്ടറി നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു.

ആൾവാറിൽ ഗൂഢാലോചന നടന്നു എന്ന് സംശയിക്കാൻ കാരണം ഗാന്ധിവധത്തിന് ശേഷമുള്ള പോലീസ് അന്വേഷണമാണ്. ആൾവാറിൽ ഡോ.ഖരേയുടെ നേതൃത്വത്തിൽ ഗാന്ധിക്കെതിരെ നിരവധി ലഘുലേഖകൾ ഇറങ്ങിയിരുന്നു. അതിൽ ഒരു പോസ്റ്ററും അതിൻ്റെ എഴുത്തു കോപ്പിയും തെളിവു രേഖകളായി പോലീസ് ശേഖരിച്ചിരുന്നു. ഗാന്ധി വധത്തിന് പ്രേരിപ്പിക്കുന്ന ഒന്നായിരുന്നു അത്. ഗാന്ധിയെ വെട്ടി നുറുക്കി മാംസത്തുണ്ടുകൾ നായ്ക്കൾക്കും കാക്കകൾക്കും ഇട്ടു കൊടുക്കുക എന്നാണ് അതിൽ എഴുതിയിരുന്നത് (ഖണ്ഡിക 13. 2. 1). 1947 ഡിസംബറിൽ നാഗ്പൂരിൽ നിന്നുള്ള ഒരു നാഥുറാം ശുക്ള ആൾവാർ സന്ദർശിക്കുകയും ഹിന്ദുമഹാസഭാ വേദികളിൽ പ്രസംഗിക്കുകയും ചെയ്തിരുന്നു. അത് നാഥുറാം ഗോഡ്സേ ആയിരുന്നു എന്ന് പോലീസ് സംശയിച്ചിരുന്നു. മൂന്നാമത്തെ കാര്യം, ആൾവാറിന് പുറത്തു നിന്നും സംന്യാസി വേഷത്തിൽ ആൾവാറിലെ ഹിന്ദുമഹാസഭാ പ്രവർത്തകനായ ഗിരിധർ സിദ്ധയെ സന്ദർശിച്ച സംഭവമാണ്. മഹാത്മാഗാന്ധിയുടെ മരണം അച്ചടിച്ച ഒരു കത്ത് സംന്യാസിയുടെ കൈവശം ഉണ്ടായിരുന്നു. 1948 ജനുവരി 30 ന് വൈകീട്ട് 3 മണിക്കാണ് ഈ സംഭവം നടന്നത്. കൊലപാതകം നടന്നത് വൈകീട്ട് 5.17 നും. നേരത്തെ തന്നെ കൊലപാതകം നടക്കും എന്നറിയാൻ പറ്റുന്ന വിധം ഗൂഢാലോചനാ സംഘത്തിലെ അംഗമാണോ സംന്യാസി എന്ന സംശയം പോലീസിനുണ്ടായി.

കമ്മീഷൻ കണ്ടെത്തിയ മറ്റൊരു കാര്യം 1947 സെപ്തംബർ 25 ന് വി. ഡി. സവർക്കർ സൈക്ലോസ്റ്റൈൽ ചെയ്ത ഒരു കത്ത് അയച്ചിരുന്നു. പാകിസ്ഥാനിലെ ഹിന്ദു ന്യൂനപക്ഷത്തെ സംരക്ഷിക്കുന്നതിൽ പണ്ഡിറ്റ് നെഹ്റുവും കോൺഗ്രസ്സ് ഗവണ്മെൻറും പരാജയപ്പെട്ടതിൽ വിമർശിക്കുന്ന ആ കത്തിൽ ഒരു ഇസ്ലാമിക ആക്രമണം ഉണ്ടാകുകയാണെങ്കിൽ ആൾവാർ രാജ്യം ഹിന്ദുക്കളുടെ ധീരമായ സൈന്യം കൊണ്ട് നേരിടണമെന്നും കോൺഗ്രസ്സ് മന്ത്രിമാർ ഈ ഒഴിവാക്കാനാകാത്ത പദ്ധതി സ്വീകരിക്കുന്നില്ലെങ്കിൽ അവർ രാജിവെയ്ക്കണമെന്നും ഗവണ്മെൻ്റിനെ നയിക്കാനായി ഹിന്ദു സംഘടനാ വാദികളെയും സിക്കുകാരെയും ഏല്പിക്കണമെന്നും അതിൽ പറയുന്നുണ്ട് (ഖണ്ഡിക 13.64 )

ഒരർത്ഥത്തിൽ ഹിന്ദുത്വരാഷ്ട്രീയക്കാർ കൊതിച്ചിരുന്ന ഒന്നിനെയാണ് സവർക്കർ മേൽക്കത്തിൽ വെളിവാക്കുന്നത്. ഇടക്കാല ഗവണ്മെൻ്റിനെ തട്ടിമറിച്ചിട്ട് അധികാരം കൈയാളുക. അതിന് വേണ്ടി ആൾവാർ പോലുള്ള രാജ്യങ്ങളിലെ സൈന്യത്തെ വരെ ഉപയോഗിക്കാം എന്നായിരുന്നു ആ പദ്ധതി. നേപ്പാൾ രാജ്യത്തെ മുൻ നിർത്തി ഇന്ത്യയിലെ ഹിന്ദുരാജ്യങ്ങളുടെ ഐക്യമുന്നണി ഉണ്ടാക്കി ബ്രിട്ടീഷുകാരെ തോല്പിച്ച് ഇന്ത്യയുടെ ഭരണം കൈയ്യാളാം എന്ന തിലക് പദ്ധതിയുടെ പുതിയ പതിപ്പായാണ് സവർക്കർ ഇത് കൊണ്ടുവരുന്നത്. മഹാത്മാഗാന്ധിയ്ക്ക് നേരെ ഖരേ ആപിച്ചത് “ബ്രാഹ്മണ ശാപ “മാണെന്ന് കമ്മീഷൻ തന്നെ കണ്ടെത്തുന്നുണ്ട് ( ഖണ്ഡിക 13.68). അതായത് ഹിന്ദുവിൻ്റെ വംശീയ വല്ക്കരണത്തിൻ്റേയും സൈനിക വത്ക്കരണത്തിൻ്റേയും അർത്ഥം ബ്രാഹ്മണന് അനുഗ്രഹം ചൊരിയാൻ കഴിയുന്ന അന്തരീക്ഷത്തിൻ്റെ നിർമ്മിതിയാണ് എന്ന് ഖരേ പറയാതെ പറയുന്നു.

ഗാന്ധി മരിച്ച അന്ന് ആൾവാറിൽ ആർ എസ് എസുകാർ മധുര പലഹാര വിതരണം നടത്തിയതും വിനോദയാത്രകൾ സംഘടിപ്പിച്ചതും റിക്കി ജൈൻ മുനി കൗശിക് എന്ന പത്രാധിപർ ചൂണ്ടിക്കാട്ടിയതും കമ്മീഷൻ വിവരിക്കുന്നുണ്ട്. (ഖണ്ഡിക 13.69).

ആൾവാറിൽ നടന്ന ഗാന്ധി വിരുദ്ധ – ഹിന്ദു ത്വോന്മുഖ രാഷ്ട്രീയത്തിൻ്റെ അക്രമാസക്തമായ മുഖത്തെ കമ്മീഷൻ എടുത്തു പറയുന്നുണ്ട്. എങ്കിലും ഗാന്ധിവധത്തിൻ്റെ ഗൂഢാലോചന ആൾവാറിൽ വെച്ചു നടന്നു എന്ന വസ്തുത നിയമപരമായി സ്ഥിരീകരിക്കാൻ പറ്റുന്നത്ര തെളിവുകൾ ഇല്ല എന്നാണ് കമ്മീഷൻ കണ്ടെത്തിയത്.

ഗ്വാളിയറിലെ സംഭവങ്ങൾ പുറത്തുകൊണ്ടുവന്നത് ഗോപീകൃഷ്ണൻ കട്ടറേ എന്ന സ്വാതന്ത്ര്യ സമരസേനാനിയാണ്. കമ്മീഷൻ്റെ കാലയളവിൽ മദ്ധ്യപ്രദേശ് ഗവണ്മെൻ്റിൽ നിന്നും പ്രതിമാസം 100 രൂപ സ്വാതന്ത്ര്യസമര പെൻഷനായി കൈപ്പറ്റുന്നുണ്ടായിരുന്നു അദ്ദേഹം. (ഖണ്ഡിക 14.2 ). ഏതാണ്ട് 30 വർഷം ഗ്വാളിയിൽ സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ആളും. നാഥുറാം ഗോഡ്സേ ഗാന്ധിയെ വധിക്കാനുള്ള തോക്ക് കൈവശപ്പെടുത്തിയത് ഗ്വാളിയറിൽ നിന്നാണ് എന്നത് നാം കണ്ടുവല്ലോ. ഡോ. പർച്ചൂരേ ആയിരുന്നു അവിടെ ഹിന്ദുത്വ രാഷ്ട്രീയം നിയന്ത്രിച്ചിരുന്നതെന്നും.

ഗോപീകൃഷ്ണൻ കട്ടറേ സമർപ്പിച്ച സത്യവാങ്ങ് മൂലത്തിൽ പറഞ്ഞിരുന്നത് മഹാത്മാവിനെ കൊല്ലുന്നതിന് രണ്ടുമാസത്തിന് മുമ്പ് ഹിന്ദുമഹാസഭയുടെ ഒരു പത്രികയിൽ മഹാത്മാഗാന്ധിയും പണ്ഡിറ്റ് നെഹ്റുവും വധ്യരാണ് എന്ന് പ്രസ്താവിക്കുന്ന ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു എന്നാണ്. മാത്രമല്ല, ഹിന്ദുമഹാസഭയെ ഗ്വാളിയർ രാജാവ് പരിപാലിക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിന് രണ്ടാഴ്ച മുമ്പ് അവർ 65,000 രൂപയുടെ ഒരു ചെക്ക് ഗാന്ധിവധത്തിലെ ഒരു പ്രതിക്ക് കൈമാറിയിരുന്നു. ഗ്വാളിയർ രാജ്യത്തിലെ കോൺഗ്രസ്സുകാർ ഉത്തരവാദിത്വ ഭരണത്തിന് വേണ്ടി പ്രക്ഷോഭം നടത്തുന്നത് തടയാൻ ഗുണ്ടകളെയും ആയുധങ്ങളേയും സംഘടിപ്പിക്കുന്നത് തടയാനാണ് ഈ തുക കൈമാറിയത്. ഗാന്ധിയെ കൊല്ലാനുള്ള ആയുധം ഇത് ഉപയോഗിച്ചാണ് വാങ്ങിയത്. കാര്യങ്ങൾ വെളിച്ചത്തു വന്നപ്പോൾ ഗ്വാളിയർ മഹാറാണി സർദാർ പട്ടേലിനോട് മാപ്പപേക്ഷിച്ചെന്നും പട്ടേൽ കാര്യങ്ങൾ വീണ്ടും പരവതാനിക്കടിയിലേയ്ക്ക് തള്ളി.(ഖണ്ഡിക 14.1 )

സാക്ഷി നമ്പർ 51 ആയി കമ്മീഷന് മുന്നിൽ ഹാജരായ ഗോപീകൃഷ്ണൻ കട്ടറേയ്ക്ക് പക്ഷെ, ലേഖനം അടിച്ചു വന്ന പത്രിക ഹാജരാക്കാൻ സാധിച്ചില്ല.

ഹിന്ദുമഹാസഭയ്ക്കും പർച്ചൂരേയ്ക്കും ഗ്വാളിയർ രാജകുടുംബത്തിലുണ്ടായ പിടിപാടുകളെ കുറിച്ച് നാം നേരത്തെ ചർച്ച ചെയ്യുകയുണ്ടായി. കോൺഗ്രസ്സ് പ്രക്ഷോഭം മുറുകിയതോടെ മന്ത്രിസഭ ഉണ്ടാക്കാനുള്ള അവകാശം അവർക്കാണ് കിട്ടിയത്. തഴയപ്പെട്ട ഡോ. പർച്ചൂരേ  ആപ്തേക്കൊപ്പം ദിവാനെ പോയ് കണ്ടതും മറ്റും നാം വിശദീകരിച്ചിരുന്നു. തീർച്ചയായും 65000 രൂപയുടെ ചെക്ക് സ്വീകരിച്ചു എന്നാരോപിപ്പിക്കപ്പെടുന്ന വ്യക്തി ഡോ. പർച്ചൂരേ തന്നെയാണ് എന്നത് വ്യക്തമാണ്.

ഗ്വാളിയർ കാര്യങ്ങൾ അന്വേഷിച്ച ജെയ്റ്റ്ലി തെളിവുകളുടെ അഭാവത്തിൽ ഇതിൻ്റെ സാധുത തള്ളിക്കളയുകയാണ് ഉണ്ടായത്

ഹിന്ദുത്വ ശക്തികൾ, പ്രത്യേകിച്ച് ഹിന്ദുമഹാസഭയും ആർ എസ് എസും ശക്തമായിരുന്ന, രാജ്യം ഭരിക്കുന്നവർ അവരെ പരിപാലിച്ച ഇടങ്ങളിലൊക്കെ, അത് ആൾവാർ ആയാലും ഗ്വാളിയർ ആയാലും ഭരത് പൂർ ആയാലും ഗാന്ധിയും നെഹ്റുവും വധ്യരാണ് എന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യമായി പ്രചരിച്ചിരുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്. ഒപ്പം ഇവിടെയൊക്കെ ഗാന്ധി വധം ഹിന്ദുത്വ ശക്തികളാൽ ആഘോഷിക്കപ്പെട്ടെന്നും.

====****====

Comments

comments