61 . പൂനെ
…………….

ഗാന്ധിവധക്കേസിലെ നാലു പ്രതികൾ പൂനെയിൽ നിന്നുള്ളവരായിരുന്നു എന്നതിൽ അതിശയിക്കേണ്ടതില്ല. ഇന്ത്യയിൽ ബ്രാഹ്മണ രാഷ്ട്രീയത്തിൻ്റെ  കമ്പനകേന്ദ്രം നൂറ്റാണ്ടുകളായി പൂനെ ആയിരുന്നു. പേഷ്വാമാർ പൂനെയിലിരുന്നാണ് കാര്യങ്ങൾ നിശ്ചയിച്ചിരുന്നത്. ചിത്പാവൻ ബ്രാഹ്മണർക്കുള്ളിലെ നിരവധി രാഷ്ട്രീയ പിരിവുകളുടെ ഉറവിടവും പൂനെ തന്നെ. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ബ്രിട്ടീഷുകാർക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ ഫാഡ്കെ, ചപേക്കർ സഹോദരർ, ലോക മാന്യ തിലക്, സവർക്കറുടെ കോളേജ് ദിനങ്ങൾ, എല്ലാം പൂനെയിൽ ആയിരുന്നു. ഹൈദരാബാദ് നൈസാമിനെതിരെ ഹിന്ദുമഹാസഭ നടത്തിയ സമരത്തിലും പൂനെ ബ്രാഹ്മണരുടെ പങ്ക് വലുതായിരുന്നു. ഹിന്ദുരാഷ്ട്രദൾ പോലുള്ള ഹിന്ദുത്വവാദികളുടെ കാതൽ സംഘടനകളുടെ പ്രവർത്തന കേന്ദ്രവും പൂനെ ആയിരുന്നു.

സ്വാതന്ത്ര്യം കരഗതമായി എന്ന് കണ്ടപ്പോൾ രാജ്യത്തിൻ്റെ മതേതരാന്തരീക്ഷം തകർക്കാനും ക്രമമാധാനം തകർത്ത് രാജ്യത്തെ അസ്ഥിരപ്പെടുത്താനുമുള്ള നിരവധി ശ്രമങ്ങൾ ഹിന്ദുത്വ ശക്തികളുടെ ഭാഗത്തു നിന്നും ഉണ്ടായി. അതിനെ സംബന്ധിച്ച നിരവധി രേഖകളും സാക്ഷിമൊഴികളും കമ്മീഷന് മുമ്പാകെ വരികയുണ്ടായി. അകമേ എന്നും ക്രൂരവും അന്ധവുമായ ബ്രാഹ്മണി സം രാഷ്ട്രീയശക്തിയായി ഉയരാൻ ശ്രമിക്കുമ്പോൾ അത് ഉയർത്തിപ്പിടിക്കുന്ന ഹിംസയുടെ തോത് അങ്ങേ അറ്റമാണ്. യുദ്ധ സന്നദ്ധമായ ഹിന്ദുത്വ എന്ന രാഷ്ട്രീയ ബ്രാഹ്മണിസത്തിൻ്റെ നീളവും വീതിയും ആഴവും ആ രേഖകളിലും സാക്ഷിമൊഴികളിലും പ്രതിഫലിച്ചത് എങ്ങനെയെന്ന് നോക്കാം.

1946 ഡിസംബർ 2 ന് പൂനെയിൽ ജില്ലാ മജിസ്ട്രേട്ട് 144 പ്രഖ്യാപിച്ചു. ആയുധങ്ങൾ നിർമ്മിക്കുന്നതോ സ്വീകരിക്കുന്നതോ പ്രദർശിപ്പിക്കുന്നതോ കൈമാറ്റം ചെയ്യുന്നതോ വില്ക്കുന്നതോ നിരോധിച്ചിരുന്നു. ഇത് പിന്നീട് 1947 ഓഗസ്റ്റ് മാസം വരെ നീട്ടി. അതിന് ശേഷം 1947 ഏപ്രിൽ 30 നും സമാനമായ ഒരു നിയമം പൂനെ മുനിസിപ്പാലിറ്റിയ്ക്കും നഗരപ്രാന്തങ്ങളിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും പ്രത്യേകം നടപ്പിലാക്കുകയുണ്ടായി. ഈ നിയമങ്ങൾക്കുള്ളിലാണ് ഹിന്ദുമഹാസഭയ്ക്ക് വേണ്ടിയും ദാദാ മഹാരാജ്, ദീക്ഷിത് മഹാരാജ് തുടങ്ങിയവർക്ക് വേണ്ടിയും മറ്റും ദിഗംബർ ബഡ്ഗെ യും മറ്റും ആയുധം കടത്തിയിരുന്നത് എന്നോർക്കണം.

ഇങ്ങനെ ഏതാണ്ട് നിരോധനാജ്ഞ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സാമൂഹ്യസ്ഥിതി പൂനെയിൽ നിലനിൽക്കുമ്പോൾ തന്നെ 1947 ജൂലൈ 19 ന് പൂനെയിലെ വർണ്ണാശ്രം സ്വരാജ് സംഘ് എന്ന സംഘടന ഒരു പരിപാടി സംഘടിപ്പിച്ചു. ആ സംഘടനയുടെ പേരിൽ നിന്നു തന്നെ വർണ്ണാശ്രമങ്ങളെ, ജാതി ഘടനയെ നിലനിർത്താൻ പ്രവർത്തിക്കുന്ന സംഘടനയാണ് അത് എന്ന് വ്യക്തമാക്കുന്നുണ്ട്. അതേ സമയം ഹിന്ദുമഹാസഭയും അതിൻ്റെ പ്രത്യയശാസ്ത്ര വിശാരദനായ സവർക്കറും മറ്റും പുറമേയ്ക്ക് പറഞ്ഞിരുന്നത് ജാതി വിരുദ്ധമായ വംശീയതയാണ്. ആർ എസ് എസും ഏതാണ്ട് അതേ വംശീയതയെ തന്നെയാണ് പ്രത്യയശാസ്ത്രപരമായി മുന്നോട്ടു വെച്ചിരുന്നത്. അതോടൊപ്പം സൈനികമായ ഒരു ബാഹ്യരൂപം അതിന് ഉണ്ടായിരുന്നു എന്നു മാത്രം. എന്നാൽ ഈ വ്യത്യാസങ്ങളൊക്കെ ബ്രാഹ്മണാധിപത്യത്തിന്റെ  ഉള്ളറകളിലേയ്ക്ക് ഹിന്ദുമതത്തിൻ്റെ സ്ഥിതിവിവരക്കണക്കിനെ ഒടിച്ചു മടക്കി വെയ്ക്കാനുള്ള ഒരു രാഷ്ട്രീയ ഉപായം മാത്രമാണ് എന്ന് നാം കണ്ടു കഴിഞ്ഞു. അതിനാൽ വർണ്ണാശ്രം സ്വരാജ് സംഘ് പോലുള്ള ജാതിശ്രേണിയെ അംഗീകരിക്കുന്ന സംഘങ്ങളുടെ അരങ്ങിലും ഒരേ ഹിന്ദു നേതാക്കളെത്തന്നെയാണ് നാം കണ്ടുമുട്ടുക. രാഷ്ട്രീയ ബ്രാഹ്മണിസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഒറ്റ സമയരാശിയിൽ നടത്തുന്ന പലവിധ പ്രത്യക്ഷം ആണ്.

വർണ്ണാശ്രം സ്വരാജ് സംഘ് തങ്ങളുടെ പരിപാടിയിൽ സ്വീകരണം നൽകിയത് വി. എൻ എന്ന വ്യക്തിയ്ക്കാണ്. അതിന് വേണ്ടിയാണ് പരിപാടി തന്നെ അവർ സംഘടിപ്പിച്ചത്. ദാജി ജോഷി എന്ന വാമൻ നാരായൺ ജോഷിക്കാണ് ഈ സ്വീകരണം നൽകിയത്. സവർക്കറുടെ അഭിനവ് ഭാരത് എന്ന സംഘടനയുടെ പ്രവർത്തകനും സവർക്കർ പ്രതിയായ അതേ  എ എം ടി ജാക്സൺ കൊലക്കേസിലെ പ്രതി തന്നെയായിരുന്നു ജോഷി. ജീവപര്യന്തം തടവുശിക്ഷ ലഭിച്ച ജോഷി ആൻഡമാനിലെ സെല്ലുലാർ ജയിലിലെ തടവുകാരൻ ആയിരുന്നു. ജയിൽ വിമോചിതനായ ജോഷിക്ക് സ്വീകരണം നൽകുന്ന ചടങ്ങിൽ നിരോധനാജ്ഞ നിലനിൽക്കുന്ന പൂനെയിൽ ഏതാണ്ട് ഇരുനൂറ് പേർ പങ്കെടുത്തു. ജി വി കേത്ക്കർ, വി ബി ഡൗറെ, വി ബി ഗോഘട്ടെ എന്നിവർ പങ്കെടുത്ത് പ്രസംഗിച്ച യോഗത്തിൽ ജോഷിയെ ഹാരമണിയിച്ച് സ്വീകരിക്കുകയും 500 രൂപയുടെ പണക്കിഴിയും സവർക്കറുടെ ജീവചരിത്രവും സമ്മാനമായി നൽകുകയും ചെയ്തു. അതിൽ ഗോഘട്ടെ നടത്തിയ പ്രസംഗം വിവാദമായി. നൈസാം മഹാരാഷ്ട്രയെ കീഴ്‌പ്പെടുത്താൻ പദ്ധതിയിടുന്നുണ്ടെന്നും അതിനെ ചെറുക്കാൻ വീണ്ടും ആയുധങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നായിരുന്നു ആ പ്രസംഗത്തിൻ്റെ കാതൽ. പോലീസ് ഇത് ഗവണ്മെൻ്റിൻ്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും സഫലമായ നടപടികൾ ഒന്നും ഉണ്ടായില്ല. പോലീസ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നതിൽ ഒതുങ്ങി. ഒതുങ്ങി. അതായത് ഹിന്ദു മഹാസഭയുടെ പ്രവർത്തനങ്ങളുടെ സ്ഫോടനാത്മകത സംബന്ധിച്ച് ഗവണ്മെൻ്റിന് മനസ്സിലാകുകയും മൂന്ന് സർക്കുലറുകൾ 1947 ജൂൺ 30, 1947 ആഗസ്റ്റ് 7, 1947 ഒക്ടോബർ 8 എന്നീ ദിവസങ്ങളിലായി പുറത്തിറക്കുകയും ചെയ്തിട്ടും പ്രവർത്തന പന്ഥാവിൽ ഇവയൊന്നും പൂർണ്ണമായും സഫലമായില്ല.

ഉദാഹരണത്തിന് നാം നേരത്തെ ചർച്ച ചെയ്ത ഒരു സംഭവത്തിൻ്റെ ഉള്ളറകൾ കുറച്ചു കൂടി വിശദമായി പരിശോധിക്കാം. 1947 ജൂൺ 26 ന് പൂനെയിൽ ഒരു ബോംബു സ്ഫോടനം ഉണ്ടായി. ആയുധനിരോധനവും മറ്റ് വിലക്കുകളും നിലവിലിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പൂനെ സിറ്റി ലൈബ്രറി പരിസരത്താണ് സ്ഫോടനം ഉണ്ടായത്. ഒരു ആൺകുട്ടിക്ക് പരിക്കേൽക്കുകയും ഒരു കാർ ഭാഗികമായി തകരുകയും ചെയ്തു. അന്വേഷണത്തിൽ പൂനെ നഗര ഹിന്ദുമഹാസഭാ സെക്രട്ടറി എൻ ആർ അത്താവാലെയാണ് ബോംബ് എറിഞ്ഞതെന്ന് മനസ്സിലാക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സിറ്റി ലൈബ്രറിയുടെ രണ്ടാം നിലയിൽ നിന്ന് താഴേക്കാണ് അത്താവാലെ ബോംബെറിഞ്ഞത്. തുടർന്ന് അദ്ദേഹത്തിൻ്റെ വസതി പോലീസ് പരിശോധിക്കുകയും അതിൽ നിന്നും പിന്നീട് തുടർന്നുള്ള ചോദ്യം ചെയ്യലുകളിൽ നിന്നും നാരായൺ ആപ്തേയാണ് ബോംബ് അത്താവാലേയ്ക്ക് നൽകിയത് എന്ന് പോലീസ് മനസ്സിലാക്കി. S.164 വകുപ്പു പ്രകാരമുള്ള അത്താവാലേയുടെ കുറ്റസമ്മതത്തിൽ അത് വെളിവാക്കുന്നുണ്ട്. അതേ തുടർന്ന് ആപ്തേയെ അറസ്റ്റു ചെയ്തെങ്കിലും കാലാന്തരത്തിൽ പൂനെ പോലീസ് കേസ് പിൻവലിക്കുകയാണുണ്ടായത്.

കമ്മീഷൻ്റെ മുമ്പിൽ സാക്ഷി നമ്പർ 38 ആയ ഡി എസ് പി പ്രവീൺ സിങ്ങ്ജി വിജയ്സിങ്ങ്ജി ഈ ബോംബു കേസിനെ നിസ്സാരമായ ഒന്നായിട്ടാണ് അവതരിപ്പിച്ചത്. അത് ആരുടേയെങ്കിലും നേർക്കെറിഞ്ഞ ഒന്നല്ലെന്നും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നുമായിരുന്നു ഡി എസ് പി പറഞ്ഞത്. സ്ഫോടക വസ്തു നിയമം 3 ഉം 4 ഉം വകുപ്പ് അനുസരിച്ച് ഏഴ് കൊല്ലം തടവുശിക്ഷ ലഭിക്കേണ്ട കേസിനെ ഡി എസ് പി നിസ്സാരമായി വിശദീകരിച്ചത് അമ്പരപ്പുളവാക്കുന്ന ഒന്നായി കമ്മീഷൻ പറയുന്നുണ്ട് (ഖണ്ഡിക 15.16 ) .ഒരു ആൺകുട്ടിക്കേറ്റ മുറിവും കാറിനേറ്റ തകർച്ചയും പൂനെ ജില്ലാ പോലീസ് മേധാവിക്ക് ഒന്നുമല്ല എന്നും.

ഈ അലംഭാവം പോലീസിനുള്ളിലെ ഹിന്ദുത്വഘടകത്തിലേയ്ക്ക് കൂടി വിരൽ ചൂണ്ടുന്നതാണ്. ജവഹർലാൽ നെഹ്റു തന്നെ ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1948 ഫെബ്രുവരി 26 ന്, ഗാന്ധിവധത്തിന് ശേഷം, അദ്ദേഹം  ആഭ്യന്തരമന്ത്രി പട്ടേലിന് എഴുതിയ കത്തിൽ ഇങ്ങനെ പറഞ്ഞു. ” ആർ എസ് എസിൻ്റെ ആളുകൾ നമ്മുടെ ഓഫീസുകളിലും പോലീസ് സേനയിലും നുഴഞ്ഞുകയറിയത് കൊണ്ട് രഹസ്യവിവരങ്ങൾ ഈ മനുഷ്യർക്ക് രഹസ്യവിവരങ്ങളായി മാത്രം ഇരിക്കില്ല

ഹിന്ദുത്വ രാഷ്ട്രീയം പൂനെയിൽ അതിൻ്റെ അക്രമാസക്തത പരത്തിയത് ഇത്തരം പ്രകടനങ്ങളിൽ കൂടി മാത്രമല്ല. പത്ര മാദ്ധ്യമങ്ങളിൽ കൂടിയുമാണ്. തിലക് തുടങ്ങിവെച്ച കേസരി, മറാത്ത, പരാഞ്ജ് പേ തുടങ്ങി വെച്ച  കാൽ, നാഥുറാം ഗോഡ്സേയുടെ അഗ്രണി തുടങ്ങിയ ചിത്പാവൻ പത്രികകൾ എല്ലാം അച്ചടിമഷിയിലൂടെ വിഷം പരത്തിയിരുന്നു. 1947 ജൂലൈ 6 ലെ അഗ്രണിയുടെ പത്രാധിപക്കുറിപ്പ് അത്രമാത്രം അക്രമാസക്തമായിരുന്നു എന്ന് കപൂർ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹിന്ദുമഹാസഭയെ യുദ്ധോപകരണങ്ങളുമായി കൂട്ടിക്കെട്ടുന്നത് അതിൻ്റെ കീർത്തി വർദ്ധിപ്പിക്കുന്ന ഒന്നാണ് എന്നാണ് അത് ചൂണ്ടിക്കാട്ടിയത്. ജൂലൈ 8 നും സമാനമായ പരാമർശം അഗ്രണി നടത്തി. ജൂലൈ 9 ൽ എൻ ഡി ആപ്തേയുടെ സ്വഭാവ ചിത്രം ഒരു ലേഖനത്തിലൂടെ അഗ്രണി പ്രസിദ്ധപ്പെടുത്തി. അത് എഴുതിയതോ എൻ വി ഗോഡ്സേ എന്ന നാഥുറാം വിനായക് ഗോഡ്സേയും. കോൺഗ്രസ്സ് ഗവണ്മെൻ്റ് ഹിന്ദു യുവതയുടെ ആത്മവികാരത്തെ അടിച്ചമർത്തുകയാണ് എന്ന് തുടങ്ങുന്ന ലേഖനത്തിൽ തൻ്റെ ആശയങ്ങളെ കർമ്മപഥത്തിലെത്തിക്കുന്ന ധീരനായാണ് ആ പ്തേയെ വിവരിച്ചിരുന്നത്. ആപ്തേ നേതൃത്വം നല്കിയ പ്രകടനങ്ങളേയും ആയുധനിരോധന നിയമം പിൻവലിക്കാൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങളേയും ആ ലേഖനം വാനോളം പുകഴ്ത്തുകയുണ്ടായി. അഹ്മദ് നഗറിൽ ആപ്തേ തുടങ്ങിയ തോക്കു പരിശീലന ക്ലബ്ബിനെപ്പറ്റിയും ഗവണ്മെൻ്റ് അത് അടച്ചു പൂട്ടിയതും ലേഖനത്തിൽ പരാമർശിക്കുന്നു. തോക്കുകളും രണ്ടായിരത്തോളം വരുന്ന ഉണ്ടകളും ഗവണ്മെൻ്റ് എടുത്തുകൊണ്ടു പോയി. മിസ്റ്റർ കൃപലാനി (അന്നത്തെ ഏ ഐ സി സി പ്രസിഡണ്ട് ) യുടെ വേദിയിലേയ്ക്ക്  ആപ്തേയും ഇരുപത്തഞ്ച് സന്നദ്ധപ്രവർത്തകരും കയറി വന്ന്, ജമ്നാദാസ് മേത്ത സംസാരിക്കേണ്ടിയിരുന്ന ഒരു പ്രാദേശിക ഹിന്ദുമഹാസഭാ യോഗം അലസിപ്പോയതിന് കൃപലാനി’ മാപ്പു പറയണം എന്നാവശ്യപ്പെടുകയുണ്ടായി. എന്നാൽ കോൺഗ്രസ്സുകാർ മാപ്പു പറയാൻ കൂട്ടാക്കാത്തതിനാൽ ആ യോഗം ആപ്തേയും കൂട്ടാളികളും കലക്കി. അതിന് അദ്ദേഹത്തേയും മറ്റുള്ളവരേയും പത്തുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പു ചുമത്തി അറസ്റ്റ് ചെയ്തു. സ്വന്തം ജീവിതം ത്യജിക്കാൻ തയ്യാറായ നറുപുഷ്പങ്ങളെ നശിപ്പിക്കണോ എന്ന ചോദ്യമാണ് അധികൃതരോട് സമൂഹം ചോദിക്കുന്നത്. മാതൃഭൂമി കഷണങ്ങളായി പിളർന്നു കഴിഞ്ഞു. നടുറോഡിൽ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു. എല്ലാം പോയി. സ്വന്തം സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിന് കാവലായി ക്യാജമാർ നില്ക്കുന്നു. കോൺഗ്രസ്സ് ഹൈക്കമാൻ്റ് നിങ്ങളെ പരിഹസിക്കുന്നു. എത്ര കാലം ഇത് നിങ്ങൾ സഹിക്കും?

ഈ ലേഖനം വന്ന അഗ്രണിയുടെ കോപ്പികൾ മന്ത്രിമാർക്കും ഉദ്യോഗ പ്രമുഖർക്കും അവർ അയച്ചുകൊടുക്കുകയുണ്ടായി.

ഇത്തരം ലേഖനങ്ങൾ നിരന്തരമായി വന്നതിനെ തുടർന്ന് അഗ്രണി, കേസരി, കാൽ തുടങ്ങിയ പത്രികകൾക്കെതിരെ ബോംബെ ഗവണ്മെൻ്റ് നടപടിയെടുക്കുകയുണ്ടായി. അഗ്രണിയുടെയും മറാത്തയുടേയും കാലിൻ്റേയും സെക്യൂരിറ്റി തുക മാദ്ധ്യമ ഉപദേശക സമിതി മരവിപ്പിച്ചു. അഗ്രണിയോട് 5000 രൂപ പുതുതായി സെക്യൂരിറ്റി തുക കെട്ടിവയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ അത് 1947 ജൂലൈ 14 മുതൽ പ്രസിദ്ധീകരിക്കുന്നത് നിർത്തിവെയ്ക്കുകയും ഹിന്ദുരാഷ്ട്ര എന്ന പേരിൽ അഗ്രണിയുടെ കെട്ടിലും മട്ടിലും പുതിയ പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. മറാത്തയോട് 20,000 രൂപ കെട്ടിവെയ്ക്കാനാവശ്യപ്പെട്ടെങ്കിലും പിന്നീടത് 10,000 രൂപയാക്കി കുറച്ചു. കാലിനോട് ആവശ്യപ്പെട്ട 3000 രൂപ അവർ കെട്ടിവെച്ചതിനെ തുടർന്ന് അവർക്ക് താക്കീതോട് കൂടി പ്രസിദ്ധീകരണം തുടരാനുള്ള അനുമതി ലഭിച്ചു. എന്നാൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിൻ്റെ ഭാഗമായി ഈ സെക്യൂരിറ്റി തുകകൾ മടക്കിക്കൊടുക്കുകയുണ്ടായി. സ്വതന്ത്ര ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെ കാണിക്കുന്ന സൂചകം എന്ന നിലയിലാണ് ഇത് ചെയ്തത്.

അഗ്രണി തുടർന്നു വന്ന അക്രമാസക്തമായ പത്രശൈലിയെക്കുറിച്ചും  ഗാന്ധിക്ക് നേരെ അത് പുലർത്തിയ വെറുപ്പിൻ്റെ രാഷ്ട്രീയത്തെക്കുറിച്ചും കപൂർ കമ്മീഷൻ വിരൽ ചൂണ്ടുന്നുണ്ട്. 1947 ഏപ്രിൽ 12 ന് അത് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൻ്റെ തലക്കെട്ട് ” മഹാത്മാഗാന്ധി, ആത്മഹത്യ ചെയ്യൂ ” എന്നായിരുന്നു. ” അദ്ദേഹത്തിൻ്റെ ഭീരുത്വത്തിൻ്റെ തത്വശാസ്ത്രം “, ” അദ്ദേഹത്തിൻ്റെ ഭീരുത്വമാർന്ന, ഒരു വിലയുമില്ലാത്ത അഹിംസാ സിദ്ധാന്തം ” എന്നൊക്കെ അതിലെഴുതിയിരുന്നു. അദ്ദേഹത്തെ “ശോകാ ജി ” എന്ന് പരിഹസിച്ച ലേഖനം ആത്മഹത്യ ചെയ്യാൻ അദ്ദേഹത്തോട് ഉപദേശിച്ചു. അല്ലെങ്കിൽ രാഷ്ട്രീയത്തിൽ നിന്നും എന്നന്നേയ്ക്കും വിട പറയാൻ ( ഖണ്ഡിക 15.28 )

ഇത്തരം മാധ്യമപ്രവർത്തനം കൊലയ്ക്ക് വേണ്ടിയുള്ള ഗൂഢാലോചനയിൽ ഉൾപ്പെടുത്താൻ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ വകുപ്പ് ഇല്ല എന്നും കമ്മീഷൻ നിരീക്ഷിക്കുന്നുണ്ട്. (ഖണ്ഡിക 15.30 ) .

ഇതിന് പുറമേ ഗാന്ധിക്കെതിരെയുള്ള സകല സീമകളും ലംഘിച്ചുകൊണ്ടുള്ള പ്രസംഗങ്ങളും ഉണ്ടായതായി കമ്മീഷൻ കണ്ടെത്തുന്നുണ്ട്. അതിലൊന്നാണ് നാം നേരത്തേ നിരീക്ഷിച്ച ഡോ. പർച്ചൂരേ പൂനെയിൽ നടത്തിയ പ്രസംഗം. ഇപ്പോൾ എടുത്തിട്ടുള്ള സമീപനം തുടരുകയാണെങ്കിൽ ഗാന്ധിയും നെഹ്റുവും അവരുടെ പാപത്തിൻ്റെ ഫലം അധികം താമസിയാതെ കൊയ്യും എന്നതായിരുന്നു അതിൻ്റെ പ്രകോപനകരമായ ഉള്ളടക്കം . 1947 ജൂലൈ 3 ന് ഹിന്ദുമഹാസഭയുടെ പൂനെ നഗര ശാഖ തിലക് സ്മാരക മന്ദിരത്തിൽ വെച്ച് ഒരു യോഗം നടത്തുകയുണ്ടായി. വിഭജന വിരുദ്ധ ദിനാചരണം എന്ന പേരിലാണ് യോഗം നടന്നത്. എൽ ബി ഭോപ്പട്ക്കർ ആയിരുന്നു അദ്ധ്യക്ഷൻ. കേത്ക്കറും ഗോഡ്സേയുമായിരുന്നു പ്രഭാഷകർ . 5000 പേർ പങ്കെടുത്ത ആ യോഗത്തിൽ  വെച്ച് ഗോഡ്സേ പ്രവർത്തിക്കാനുള്ള സമയം വന്നിരിക്കുന്നു എന്ന് പറയുകയുണ്ടായി.

1947 ഡിസംബർ 3 ന് മറ്റൊരു സമ്മേളനത്തിൽ വെച്ച് ആദ്ധ്യക്ഷം വഹിച്ചിരുന്ന ജി.വി. കേത്ക്കർ ഗാസിസം എന്ന വ്യാജ ദേശീയതയാണ് തങ്ങളുടെ ഒന്നാം നമ്പർ ശത്രു എന്നും പ്രഖ്യാപിക്കുകയുണ്ടായി.

ഇതിന് മുമ്പ് 1947 മാർച്ച് 22 ന് ഹിന്ദു നവവത്സരത്തിൻ്റെ സായാഹ്നത്തിൽ “സവർക്കർ മാതൃകാ ഭീകരവാദ” ത്തെ പ്രകീർത്തിക്കുന്ന ഒരു ലഘുലേഖ റെയിൽവേ സ്‌റ്റേഷനുകളിലും ശിവാജി നഗറിലും ദെഹുവിലും വിതരണം ചെയ്യുകയുണ്ടായി. പക്ഷെ, അതിൻ്റെ ഉറവിടമോ വിതരണം ചെയ്തവരേയോ പോലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല ( ഖണ്ഡിക 15.49 )

1947 ഡിസംബർ 27 ലെ ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം ഹിന്ദുത്വ രാഷ്ട്രീയക്കാരനായ ആർ ജെ ദേശ്മുഖിൻ്റെ വീട് റെയ്ഡ് ചെയ്ത് പൂനെ പോലീസ് അവിടെ നിന്നും സ്‌റ്റെൻ ഗണ്ണിൻ്റേയും പിസ്റ്റളിൻ്റേയും കൈത്തോക്കിൻ്റേയും വെടിയുണ്ടകളും ബോംബുകളും കൈബോംബുകളും സ്ഫോടക പദാർത്ഥമായ ആഴ്സെനിക് ട്രൈക്ലോറൈഡ് അടങ്ങിയ ഒരു കുപ്പിയും കണ്ടെടുക്കുകയുണ്ടായി. അഞ്ചു പേരെ ഇതിൻ്റെ പേരിൽ അറസ്റ്റ് ചെയ്തു. ഹൈദരാബാദിൽ വിതരണം ചെയ്യാനാണ് ഇത് ശേഖരിച്ചത് എന്നാണ് മൊഴി നൽകിയത്. ഗോഡ്സേ ഉൾപ്പെടെയുള്ള ആളുകളുടെ യഥാർത്ഥ ഉദ്ദേശം മറച്ചുവെയ്ക്കാനുള്ള ഒരു മുഖംമൂടിയായാണ് പലപ്പോഴും ഹൈദരാബാദുമായുള്ള സംഘർഷത്തെ ഉപയോഗിച്ചതെന്ന് കമ്മീഷൻ നിരീക്ഷിക്കുന്നു. (ഖണ്ഡിക 15.48)

ഹിന്ദുത്വരാഷ്ട്രീയം ഒറ്റ സംഘടനയായല്ല പ്രവർത്തിച്ചിരുന്നതെന്നും ഇപ്പോഴും പ്രവർത്തിക്കുന്നതെന്നും നാം നിരീക്ഷിച്ചതാണ്. അതിനെപ്പറ്റി കപൂർ കമ്മീഷൻ പരിശോധിക്കുന്നുണ്ട്. ഉദാഹരണമായി  ഹിന്ദു രാഷ്ട്ര ദൾ എന്ന സംഘടനയെപ്പറ്റിയാണ് കമ്മീഷൻ വസ്തുതകൾ ശേഖരിച്ചത്. സവർക്കറായിരുന്നു അതിൻ്റെ പിന്നിലെ  പ്രധാനപ്പെട്ട ശില്പിയും ശക്തിയും . അദ്ദേഹം ഏതാണ്ട് ഫ്യൂററെപ്പോലെ ആയിരുന്നു. അദ്ദേഹമായിരുന്നു അതിൻ്റെ നയം നിശ്ചയിച്ചിരുന്നത്. ഹിന്ദുരാഷ്ട്ര ദളിൻ്റെ പരമാധികാരി എന്ന നിലയിൽ  അദ്ദേഹത്തോട് നിരുപാധികമായ കുറുപുലർത്തുക എന്നത് മാത്രമാണ് സന്നദ്ധപ്രവർത്തകർ ചെയ്യേണ്ടിയിരുന്നത്. തട്ടേ,ഗോഘട്ടെ, ആപ്തേ, ഗോഡ്സേ എന്നിവർ ആയിരുന്നു പ്രധാന പ്രവർത്തകർ. ഹിന്ദു രാഷ്ട്രദൾ നടത്തിയ രണ്ടു ക്യാമ്പുകളുടെ വിശദാംശങ്ങൾ ഒക്കെ നാം നേരത്തെ പരാമർശിച്ചതാണ്. യഥാർത്ഥത്തിൽ പാഞ്ച്ഗനിയിൽ ഗാന്ധിക്കെതിരെ നടന്ന വധശ്രമം എച്ച് ആർ ഡി എന്ന ഹിന്ദു രാഷ്ട്ര ദളിൻ്റെ നേതൃത്വത്തിൽ ആയിരുന്നു. 1947 മാർച്ച് 22 ന് പൂനെയിലെ ഡി ഐ ജി ആയിരുന്ന റാവു സാഹിബ് ഗുർത്തു, ഈ സംഘടനയുടെ അപകടം ചൂണ്ടിക്കാട്ടി എല്ലാ ഡി എസ് പി മാർക്കും ജില്ലാ മജിസ്ട്രേട്ടുമാർക്കും അയച്ച കത്ത് കമ്മീഷന് മുന്നിൽ തെളിവുരേഖയായി സമർപ്പിക്കപ്പെട്ടിരുന്നു. കമ്മീഷന് മുന്നിൽ നാലു പ്രാവശ്യം ഹാജരായ വിരമിച്ച ഐ ജി എൻ എം കാമ്ത്തേ എച്ച് ആർ ഡി യുടെ ചിത്പാവൻ സ്വഭാവം എടുത്ത് കാണിക്കുകയുണ്ടായി.  അതോടൊപ്പം മറ്റ് ഹിന്ദു സംഘടനകളുടെ പ്രവർത്തനവും നിരീക്ഷിക്കാനായി കത്തുകളും നിർദ്ദേശങ്ങളും പോലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. 1947 ഓഗസ്റ്റ് 8 ന് ബോംബെ ഗവണ്മെൻ്റ് പൂനെ ഡി ഐ ജിക്കും ബോംബെ പോലീസ് കമ്മീഷണർക്കും നല്കിയ കത്തിൽ ആർ എസ് എസിൻ്റേയും ഹിന്ദുമഹാസഭയുടേയും നേതാക്കളുടേയും പ്രവർത്തകരുടേയും പേരുകൾ ശേഖരിക്കാനും ഈ രണ്ട് സംഘടനകളുടേയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ആവശ്യപ്പെടുന്നുണ്ട്. പക്ഷെ, 1947 സെപ്തംബർ 17 ന് ഡി ഐ ജി റാണ (മദൻലാൽ പഹ് വ യുടെ മൊഴി ബോംബെയിലെത്തിക്കാൻ വൈകിച്ച അതേ പോലീസ് ഓഫീസർ ) ആഴ്ചക്കാഴ്ചയ്ക്ക് റിപ്പോർട്ട് നൽകുന്നതിനാൽ പ്രത്യേകം അവയെപ്പറ്റിയുള്ള പ്രത്യേകം റിപ്പോർട്ട് വേണ്ടെന്ന നിലപാടാണ് എടുത്തത്. 1947 സെപ്തംബർ 30 ന് പൂനെ ഡി എസ് പി ആർ എസ് എസിൻ്റെ പ്രവർത്തനത്തെക്കുറിച്ച് ഒരു റിപ്പോർട്ട് നൽകുന്നുണ്ട്. അവരുടെ ധ്വജപ്രണാമത്തെപ്പറ്റിയും മാർച്ച് പാസ്റ്റിനെപ്പറ്റിയും കായികപരിശീലനത്തെക്കുറിച്ചും അതിൽ പറയുന്നുണ്ട്. ഭൂതകാലത്തെ ഹിന്ദു മഹിമ പുന: സ്ഥാപിക്കുകയാണ് അതിൻ്റെ ലക്ഷ്യമെന്നും. ഒരു ലക്ഷം സന്നദ്ധപ്രവർത്തകരെ അണിനിരത്തിയുള്ള സമ്മേളനത്തിൻ്റെ പരിശീലനം മാത്രമാണ് ഇതെന്നും ആ റിപ്പോർട്ടിൽ പറയുന്നു. ഹിന്ദുമഹാസഭക്കാരാണ് അത് തുടങ്ങി വെച്ചതെങ്കിലും അത് ഔദ്യോഗികമായി ഹിന്ദുമഹാസഭയോട് അഫിലിയേറ്റ് ചെയ്യപ്പെട്ടിരുന്നില്ല. 1942 മെയ് 15ന് അക്കാലത്ത് ഹിന്ദു മഹാസഭാ പ്രസിസണ്ട് ആയിരുന്ന വി.ഡി.സവർക്കർ പൂനെയിൽ നടന്ന ഹിന്ദുമഹാസഭാ സന്നദ്ധ ഭടന്മാരുടെ ക്യാമ്പിൽ വെച്ച് ഹിന്ദുമഹാസഭയ്ക്ക് ചെയ്യാൻ കഴിയാത്ത  രഹസ്യപ്രവർത്തനങ്ങൾ നടത്താനായി ഒരു സന്നദ്ധ സംഘടനയുടെ ആവശ്യം ഊന്നിപ്പറയുകയുണ്ടായി. അതിൻ്റെ ചുവടു പിടിച്ച് എസ്. ആർ. തട്ടേ, വി.ബി .ഗോഘട്ടെ, നാരായൺ ആപ്തേ, നാഥുറാം ഗോഡ്സേ എന്നിവർ ചേർന്നാണ് എച്ച് ആർ ഡി രൂപീകരിച്ചത്. അത് നടത്തിയ രണ്ട് ട്രെയിനിംഗ് ക്യാമ്പുകളെ പറ്റി നാം പരാമർശിക്കുകയുണ്ടായി.

1943 മെയ് 29 ന് വി.ഡി.സവർക്കർ പൂനെയിലെ ആനന്ദാഷ്ടത്തിൽ വെച്ച് സവർക്കർ എച്ച് ആർ ഡി നേതാക്കളുമായി സ്വകാര്യ ചർച്ച നടത്തുകയുണ്ടായി. അതിൽ വെച്ചാണ് ഹിന്ദുമഹാസഭയുടെ പ്രസിഡണ്ട് ആരു തന്നെയായാലും  സവർക്കറോട് നിരുപാധിക കൂറ് പുലർത്തുകയാണ് എച്ച് ആർ ഡിയുടെ ദൗത്യം എന്നത് അംഗീകരിച്ചത്. പൂനെയിൽ 150 അംഗങ്ങളാണ് എച്ച് ആർ ഡി യ്ക്ക് ഉണ്ടായിരുന്നത്. നാഥുറാം ഗോഡ്സേ ആയിരുന്നു ചീഫ് ഓർഗനൈസർ. നാരായൺ ആപ്തേ സെക്രട്ടറിയും. അവരെക്കൂടാതെ കെ.ബി.ലിമായേയും ഫർഗൂസൺ കോളേജിലെ ആർ എസ് ജോഗും ആയിരുന്നു മറ്റ് ഭാരവാഹികൾ. “വീർ സവർക്കർജി നിർദ്ദേശിക്കുന്ന ഹിന്ദുരാഷ്ട്രവാദ” ത്തിൻ്റെ, സവർക്കറിസത്തിൻ്റെ  പ്രചരണമായിരുന്നു ദളിൻ്റെ ലക്ഷ്യം. ദളിൻ്റെ പരമാധികാരി  എന്ന നിലയിൽ സത്താറയിലെ എസ് വി മോഡക്കിനേയും പി.വി.ഗോത്താസ്ക്കറേയും അടുത്ത പരമാധികാരിയായും ജനറൽ സെക്രട്ടറിയായും സവർക്കർ നിർദ്ദേശിക്കുകയുണ്ടായി.

ഹിന്ദുമഹാസഭയേയും ആർ എസ് എസുമാണ് കമ്മീഷൻ പരാമർശിക്കുന്ന മറ്റ് രണ്ട് ഹിന്ദു സംഘടനകൾ. ഗാന്ധിവധവുമായി ബന്ധപ്പെട്ടും അക്കാലത്തെ രാഷ്ട്രീയ സ്ഥിതിയുമായി ബന്ധപ്പെട്ടുമാണ് കമ്മീഷൻ അവയുടെ പ്രവർത്തനങ്ങളെ വിലയിരുത്തിയിട്ടുള്ളത്. നാം നേരത്തെ കണ്ടപോലെ രാഷ്ട്രീയ പാർട്ടിയുടെ രൂപഭാവങ്ങൾ ആർജ്ജിച്ച ഹിന്ദു സംഘടനയായിരുന്നു ഹിന്ദു മഹാസഭ. ബോംബെ പ്രവിശ്യയിലുൾപ്പെട്ട  മഹാരാഷ്ട്രിയൻ ജില്ലകളിൽ ഹിന്ദുമഹാസഭ വലിയൊരു ശക്തിയായിരുന്നു. മറാത്താ ബ്രാഹ്മണർ ആയിരുന്നു  അതിൻ്റെ ശക്തിസ്റോതസ്സ്. ഉദാഹരണത്തിന് 1947 ജൂലൈ 3 ന്  മഹാസഭ പ്രഖ്യാപിച്ച കരിദിനം ബോംബെയിലും പൂനെയിലും ഷോലാപ്പൂരിലും മറ്റും തരക്കേടില്ലാത്ത വിജയമായിരുന്നു. പൂനെയിൽ അന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചത് വി.ബി. ഗോഘട്ടെ ആണ്. ശിവജിയുടേയും പേഷ്വാമാരുടേയും കാലത്തെ ധീരതയാണ് ഇക്കാലവും ആവശ്യപ്പെടുന്നതെന്ന് മറ്റൊരു പ്രാസംഗികനായ നാഥുറാം ഗോഡ്സേയും പ്രഖ്യാപിക്കുകയുണ്ടായി. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിന്ന് സഭ മാറി നിൽക്കുകയുണ്ടായി. മഹാരാഷ്ട്രിയൻ ജില്ലകളിൽ നിന്ന് യു.പി.യിലേയ്ക്ക് 500 വളണ്ടിയർമാരെ അവിടുത്തെ സമര പരിപാടികൾ തുടരുന്നതിന് അയക്കാൻ തീരുമാനിക്കുകയും ചെയ്തു. 1947 ഡിസംബർ 3 ന് പൂനെയിലെ തിലക് സ്മാരകമന്ദിരത്തിൽ വെച്ചു നടന്ന, 25 വ്യക്തികൾ കൂടിയിരുന്നു നടത്തിയ മഹാരാഷ്ട്ര ഹിന്ദുമഹാസഭയുടെ യോഗത്തിൽ പ്രൊഫസർ മാത്തേ പണ്ഡിറ്റ് നെഹ്റുവിനേയും ഗാന്ധിയേയും വിമർശിച്ചേനെ. മുസ്ലീങ്ങൾക്കെതിരെ നടത്തുന്ന തിരിച്ചടിയിൽ എന്താണ് കുഴപ്പം എന്ന് അദ്ദേഹം ചോദിച്ചു. മുമ്പു ചെയ്ത തെറ്റുകൾക്ക് നല്കുന്ന ഉത്തരമാണ് തിരിച്ചടി. അത്തരം സമൂഹത്തിന് മാത്രമേ ജീവിക്കുന്ന സമൂഹമാകാൻ സാധിക്കൂ. ആർ എസ് എസിനേയും ഹിന്ദുമഹാസഭയേയും അകറ്റി നിർത്തുന്ന നെഹ്റുവിനെ അദ്ദേഹം അപലപിച്ചു. ” ആർ എസ് എസിൻ്റെ ഐക്യത്തെ തുരങ്കം വെയ്ക്കാൻ എന്ത് ശ്രമം ഉണ്ടായാലും ,അവർ നാലു ലക്ഷം ഹിന്ദു വസതികളുടെ എതിർപ്രവർത്തനം ഏറ്റുവാങ്ങാൻ തയ്യാറായിരിക്കണ” മെന്നും അദ്ദേഹം താക്കീതു നല്കി. അതേ യോഗത്തിൽ തന്നെയാണ് ജി വി കേത്കർ ഗാന്ധിസത്തെ ഒന്നാം നമ്പർ ശത്രുവായി പ്രഖ്യാപിച്ചത്. 1947 ഡിസംബർ 11 ന് നടന്ന ഒരു ഹിന്ദുമഹാസഭായോഗത്തിൽ സ്വയം പ്രതിരോധത്തിന് ഹിന്ദുക്കൾക്ക് ആയുധം നൽകണമെന്ന് എൽ ബി ബോപ്പട്ക്കർ ആവശ്യപ്പെട്ടു. ഇത് ആ സമയത്ത് നടക്കുന്ന മിക്കയോഗത്തിലും മിക്ക നേതാക്കളും ആവശ്യപ്പെടുന്നുണ്ട്. കമ്മീഷന് മുമ്പിൽ ഹാജരാക്കിയ പോലീസ് രേഖകൾ അനുസരിച്ച് ഹിന്ദുമഹാസഭയിലെ സവർക്കറൈറ്റുകൾ ആയിരുന്നു മാരകമായ അപകടകാരികൾ. അവരിൽ നിന്നും ഗാന്ധിക്ക് ഉണ്ടായേക്കാവുന്ന അപകടങ്ങളെ പറ്റി ശ്രീ ജെദ്ദേയും പുരുഷോത്തം ത്രികംദാസുമൊക്കെ സർക്കാരിന് സൂചന നൽകിയിരുന്നു.

ഹിന്ദുമഹാസഭ മുന്നോട്ടുവെച്ച മറ്റൊരു ആവശ്യം മുസ്ലീങ്ങളെ താക്കോൽ സ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്തണം എന്നാണ്. മറ്റൊരാവശ്യം ഇന്ത്യയെ ഹിന്ദുസ്ഥാൻ എന്ന് നാമകരണം ചെയ്യുകയും ഹിന്ദിയെ ദേശീയഭാഷയായി പ്രഖ്യാപിക്കുകയും ജെറുവ പതാകയെ ദേശീയ പതാകയായി അംഗീകരിക്കുകയും വന്ദേമാതരത്തെ ദേശീയഗാനമായി സ്വീകരിക്കുകയും  വേണമെന്നായിരുന്നു. ഡോ. ഡി ആർ ഗാഡ്ഗിൽ എന്ന സാമ്പത്തിക ശാസ്ത്രജ്ഞനും ഭരണഘടനാ വിദഗ്ദ്ധനുമായ ഹിന്ദുമഹാസഭാ നേതാവ് ഹിന്ദു രാഷ്ട്രത്തെ സ്വാഗതം ചെയ്യുകയുണ്ടായി.

1947 നവംബർ 26 ന് സോഷ്യലിസ്റ്റ് നേതാവായ ജയപ്രകാശ് നാരായൺ വർഗ്ഗീയശക്തികൾക്കെതിരെ നടത്തിയ പ്രസംഗം ഹിന്ദുത്വ ശക്തികളുടെ രോഷം പിടിച്ചു പറ്റിയ ഒന്നായിരുന്നു. പാവപ്പെട്ട മുസ്ലീങ്ങളെ പാകിസ്ഥാനിലേയ്ക്ക് അടിച്ചോടിക്കാൻ മറ്റുള്ളവർ കൂട്ടുനിൽക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇന്ത്യൻ നാട്ടുരാജ്യങ്ങൾ ഭരിക്കുന്ന രാജാക്കളും മഹാരാജാക്കളുമാണ് ഹിന്ദു ത്തൊഴിലാളികൾക്കും മുസ്ലീം തൊഴിലാളികൾക്കുമിടയിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നും അത് അവരുടെ നില ഭദ്രമാക്കാൻ വേണ്ടിയാണെന്നുമുള്ള നേർക്കാഴ്ച ആ പ്രസംഗം നൽകുകയുണ്ടായി. കരസേനയിൽ പോലും വർഗ്ഗീയത നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

ഈ പ്രസംഗത്തിനെതിരെ 1947 നവംബർ 28 ന് ” ഹിന്ദുരാഷ്ട്രവും ജയപ്രകാശ് നാരായണും ” എന്ന വിഷയത്തിൽ പൂനെയിലെ ശിവാജി മന്ദിറിൽ ഹിന്ദുമഹാസഭ ഒരു യോഗം വിളിച്ചു കൂട്ടി. 2000 പേർ പങ്കെടുത്ത യോഗത്തിൽ സംസാരിച്ചത് വി.ബി. ഗോഘട്ടെയും നാഥുറാം ഗോഡ്സേയുമാണ്. ഹിന്ദുമഹാസഭയ്ക്കും ആർ.എസ് എസിനുമെതിരേ അദ്ദേഹം കൈക്കൊണ്ട നിലപാടിനെ അങ്ങേയറ്റം പരിഹസിച്ചുകൊണ്ടുള്ള പ്രസംഗമാണ് ഈ രണ്ട് ചിത്പാവൻ ബ്രാഹ്മണരും നടത്തിയിരുന്നത്. ഹിന്ദു ഭരണാധികാരിയിൽ നിന്നും കശ്മീർ തട്ടിയെടുത്ത് ഷേക്ക് അബ്ദുള്ളയ്ക്ക് കൊടുത്തതിനെ അവർ വിമർശിച്ചു. ( ന്യൂനപക്ഷ മതത്തിൽ നിന്നുള്ള രാജാവ് എന്ന വൈരുദ്ധ്യം കശ്മീരിലെന്ന പോലെ നില നിന്നിരുന്ന ഹൈദരാബാദിൽ രാജാവിനെ വീഴ്ത്താനായി സമരം നടത്തുന്നത് മൂടിവെച്ചു കൊണ്ടാണ് ഈ വിമർശനം ). പണ്ഡിറ്റ് നെഹ്റുവിനെ വധിക്കാനായി ഹിന്ദുമഹാസഭയും ആർ എസ് എസും ഗൂഢാലോചന നടത്തുന്നുവെന്ന വാദം അവർ യോഗത്തിൽ നിഷേധിച്ചെങ്കിലും അക്കാര്യം ഹിന്ദുമഹാസഭയുടെ അന്തസ്സിനെ ഉയർത്തുന്നു എന്ന മട്ടിൽ വീണ്ടും വീണ്ടും പരാമർശിച്ചതായി പ്രവീൺസിങ്ങ്ജി വിജയ് സിങ്ങ് ജി കമ്മീഷന് മുന്നിൽ മൊഴി നൽകുകയുണ്ടായി.  ” സംഘും ഹിന്ദുമഹാസഭയും പണ്ഡിറ്റ് നെഹ്റുവിനെ വധിക്കാനുള്ള ഗൂഢാലോചന നടത്തി എന്ന ആരോപണമുയർന്നത് അദ്ദേഹം തൻ്റെ വാൾ ബ്രിട്ടീഷ് ഗവണ്മെൻ്റിന് വേണ്ടി സുഭാഷ് ബാബു വിനെ അവസാനിപ്പിക്കാൻ വീശി എന്നതിനാലാണ്. ” നാഥുറാം ഗോഡ്സേ പ്രസംഗിക്കുകയുണ്ടായി. ” ഹിന്ദുമഹാസഭയും സംഘും വിമർശനത്തിന് വിധേയമാണ്. കാരണം അവർ കംസനെ കണ്ടിരിക്കു ന്നു “.

ഡെൽഹിയിലെ ഹിന്ദുമഹാസഭ പ്രവർത്തനത്തെപ്പറ്റിയും നാം നേരത്തെ പരാമർശിക്കുകയുണ്ടായി. ഗോകുൽ ചന്ദ് നാരംഗും കേ ശോറാമും പ്രൊഫ. രാംസിംഗും മറ്റും പങ്കെടുത്ത യോഗത്തെപ്പറ്റിയും അതിൽ ഗാന്ധിക്കെതിരെ ചൊരിഞ്ഞ ഭീഷണികളെയും അപവാദങ്ങളെയും മറ്റും നാം മുൻ അധ്യായങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. 1948 ജനുവരി 25 ന് ആര്യസമാജ് വാർഷികദിനത്തോടനുബന്ധിച്ച് ഡെൽഹിയിൽ ഹിന്ദുത്വശക്തികൾ ഒരു ഘോഷയാത്ര സംഘടിപ്പിക്കുകയുണ്ടായി. അതിന് ശേഷം നടന്ന യോഗത്തിൽ സംസാരിച്ച സ്വാമി ധർമ്മാനന്ദ്, മുസ്ലീങ്ങളെ ഡെൽഹിയിൽ നിന്നും തുടച്ചു നീക്കുന്ന ” പ്രദർശന ” ത്തെ നശിപ്പിച്ചത് ഗാന്ധിയുടെ ഉപവാസം ആണെന്ന് ദു:ഖത്തോടെ പറയുകയുണ്ടായി. 1948 ജനുവരി 27 ന് നടന്ന യോഗത്തെക്കുറിച്ചും നാം പരാമർശിച്ചിരുന്നു. വി.ജി. ദേശ്പാണ്ഡെ, മഹന്ത് ദിഗ്‌വിജയ് നാഥ്, പ്രൊഫ. രാംസിങ്ങ് എന്നിവർ പങ്കെടുത്ത അനുമതിയില്ലാത്ത യോഗം. അതിലാണ് “മദൻലാൽ നീണാൾ വാഴട്ടെ ” എന്ന മുദ്രാവാക്യം മുഴങ്ങിയത്.

ആർ എസ് എസും ഹിന്ദുമഹാസഭയും തമ്മിൽ അഫിലിയേഷൻ ഒന്നും ഇല്ലായിരുന്നെങ്കിലും ആർ എസ് എസിൻ്റെ പ്രമുഖ സംഘാടകരും പ്രവർത്തകരും ഹിന്ദുമഹാസഭാ അംഗങ്ങളോ അവരെ പിന്തുണക്കുന്നവരോ ആയിരുന്നു. അത് എപ്പോഴും പ്രവർത്തനങ്ങളിൽ രഹസ്യാത്മകത നിലനിർത്തിയിരുന്നു. ഹിന്ദുമഹാസഭയുടെ പ്രത്യയശാസ്ത്രത്താൽ അത് സ്വാധീനിക്കപ്പെട്ടിരുന്നു. പല വർഗ്ഗീയ കലാപങ്ങളിലും അതിൻ്റെ കൈ ഉണ്ടെന്ന് സംശയിച്ചിരുന്നെങ്കിലും തെളിവൊന്നും ലഭിച്ചിരുന്നില്ല. 1947 ഓഗസ്റ്റിൽ അതിൻ്റെ അംഗസംഖ്യ 28,306 ആയിരുന്നു. സംഘ് സന്നദ്ധ പ്രവർത്തകർ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തിരുന്നില്ല. സ്വാതന്ത്യത്തിന് ശേഷമുള്ള രണ്ട് മാസങ്ങൾക്കുള്ളിൽ 600-700 കേസുകൾ ആർ എസ് എസ് പ്രവർത്തകർക്കെതിരെ ചാർജ്ജ് ചെയ്തതായി ബി ബി എസ് ജെറ്റ് ലി കമ്മീഷന് മുമ്പാകെ പ്രഖ്യാപിച്ചു. ആർ എസ് എസ് നിരോധിക്കാനായി അദ്ദേഹം യു പി മുഖ്യമന്ത്രിയായ ജി.ബി. പാന്തിനെ സമീപിച്ചത് നാം ചർച്ച ചെയ്തു. മഹാത്മാഗാന്ധിയുടെ വധത്തിന് ശേഷം സർദാർ പട്ടേൽ ആർ എസ് എസിനെ നിരോധിക്കുകയുണ്ടായി. പ്യാരേലാലിൻ്റെ പുസ്തകത്തിൽ ആർ എസ് എസിനെപ്പറ്റി പറയുന്നതിങ്ങനെ :

“ആർ എസ് എസ് മഹാരാഷ്ട്രയിൽ നിന്നും നിയന്ത്രിക്കുന്ന ഒരു വർഗ്ഗീയ, അർദ്ധസൈനിക, ഫാസിസ്റ്റ് സംഘടനയായിരുന്നു. അതിൻ്റെ താക്കോൽ സ്ഥാനങ്ങളെല്ലാം കൈയ്യടക്കിയിരുന്നത് മഹാരാഷ്ട്രക്കാരായിരുന്നു (ബ്രാഹ്മണർ ). ഹിന്ദുരാജ്യസ്ഥാപനമായിരുന്നു അതിൻ്റെ ലക്ഷ്യം. “മുസ്ലീങ്ങൾ ഇന്ത്യ വിടുക ” എന്നതായിരുന്നു അത് ഏറ്റെടുത്ത മുദ്രാവാക്യം .” പാകിസ്ഥാൻ ചെയ്തതിന് പകരമായി ഇന്ത്യൻ മുസ്ലീങ്ങളോട് പ്രതികാരം ചെയ്യുക എന്നതായിരുന്നു അത് ചെയ്തിരുന്നത്. സുശീല നയ്യാർ ആർ എസ് എസിനെ പറ്റി പറഞ്ഞപ്പോൾ അത് ഫാസിസ്റ്റ് സംഘടനയാണെന്ന് ഗാന്ധി തിരുത്തിയതും നാം കണ്ടു. കമ്യൂണിസ്റ്റ് പ്രവർത്തകരും സോഷ്യലിസ്റ്റുകളും ഉയർത്തിയ വിമർശനം ഹിന്ദുമഹാസഭാ പ്രവർത്തകരെ ” ഇരുണ്ട കോട്ട “യിലെത്തിച്ചു. പൂനെയിലെങ്കിലും ഹിന്ദുമഹാസഭാ പ്രവർത്തകരും ആർ എസ് എസുകാരും ഒരേ പോലെ കാണപ്പെട്ടു. ( ഖണ്ഡിക 19.75) .

1947 ഡിസംബർ 8 ന് ആർ എസ് എസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ ഗോൾവാൾക്കർ ശിവജിയുടെ രീതിയിൽ ഒളിപ്പോര് പരിശീലിക്കാൻ സംഘാംഗങ്ങളോട് അഭ്യർത്ഥിക്കുകയുണ്ടായി. സംഘം പാകിസ്ഥാനെ മാത്രമല്ല, അതിൻ്റെ കുറുകെ വരുന്ന എന്തിനേയും വെട്ടി നീക്കും. അത് നെഹ്റു ഗവണ്മെൻ്റായാലും മറ്റേത് ഗവണ്മെൻ്റായാലും എന്നും ഗോൾവാൾക്കർ ചൂണ്ടിക്കാട്ടി.

മഹാത്മാഗാന്ധിയെപ്പറ്റിയുള്ള പരാമർശവും യോഗത്തിൽ ഉണ്ടായി. (ഖണ്ഡിക 15.54) . കമ്മീഷന് മുമ്പാകെ ഹാജരായ നാം നേരത്തെ പരാമർശിച്ച റാണ സവർക്കറുടെ പ്രവർത്തനങ്ങൾ നിഗൂഢവും വിപുലവുമാണെന്നത് പരാമർശിക്കുകയുണ്ടായി.
സാക്ഷി നമ്പർ 68 ആയി വിസ്തരിച്ച പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ജി പി അംഗാർക്കർ ഗാന്ധിവധം നടക്കുന്ന സമയത്ത് പോലീസ് ഇൻ്റലിജൻസ് ബ്യൂറോവിലാണ് പ്രവർത്തിച്ചിരുന്നത്. സവർക്കർ, ബോപ്പട്ക്കർ , നാഥുറാം ഗോഡ്സേ ,നാരായൺ ആപ്തേ, ദിഗംബർ ബഡ്ഗേ തുടങ്ങിയവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് അക്കാലയളവിൽ അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സവർക്കറുടെ ഒരു തരത്തിലുള്ള അംഗരക്ഷകനായിരുന്നു ഗോഡ്സേ എന്നാണ് ആ റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ബഡ്ഗെയുടെ ശസ്ത്രഭണ്ഡാർ നിരവധി തവണ റെയ്ഡ് ചെയ്തതായും അംഗാർക്കർ രേഖപ്പെടുത്തിയിട്ടുണ്ട്. ആപ്തേയെ അപകടകാരി എന്നാണ് അംഗാർക്കർ വിശേഷിപ്പിച്ചിട്ടുള്ളത്. അവർ നടത്തിയ ഒരു പരിശോധനയിൽ ഒരു കണക്കുപുസ്തകത്തിൽ ഒരു യന്ത്രത്തോക്ക് വാങ്ങുന്നതിനായി ആപ്തേയ്ക്കും ബഡ്ഗേയ്ക്കും 2000 രൂപ കൊടുത്തതായി കാണുകയുണ്ടായി. കേസ് ഫയൽ ചെയ്തെങ്കിലും പിന്നീടത് പൂനെ ബോംബ് കേസ് പോലെ പിൻവലിക്കുകയുണ്ടായി. എച്ച് ആർ ഡി എന്നത് സവർക്കറൈറ്റുകളുടെ സംഘടനയായിരുന്നുവെന്നത് അംഗാർക്കറും സാക്ഷ്യപ്പെടുത്തുകയുണ്ടായി. സവർക്കറും ബോപ്പട്ക്കറും തീവ്ര രാഷ്ട്രീയപ്പോരാളികളുടെ പട്ടികയിൽ പെട്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ബഡ്ഗേയുടെ വസതി നിരവധി തവണയും ആപ്തേയുടേത് രണ്ടു തവണയും ഗോഡ്സേയുടേത് ഒരു തവണയും റെയ്ഡ് നടത്തിയിട്ടുണ്ട് എന്ന് അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. അംഗാർക്കറുടെ മൊഴിയനുസരിച്ച് പൂനെയിലെ ഹിന്ദുമഹാസഭയ്ക്ക്  വലിയൊരു ആയുധശേഖരം ഉണ്ടായിരുന്നു. മുസ്ലീങ്ങൾക്കെതിരെ പ്രയോഗിക്കാനായിരുന്നു അത് കരുതി വെച്ചിരുന്നത്. ഹൈദരാബാദിലെ റസാക്കർമാർക്കെതിരെ ഹിന്ദുക്കളുടെ സ്വയം പരിരക്ഷയ്ക്ക് എന്ന വ്യാജേനയാണ് അത് സംഭരിച്ചിരുന്നത്. പൂനെയിലെ ബോംബു കേസിനോടനുബന്ധിച്ച് നടന്ന റെയ്ഡുകളിൽ നിരവധി വീടുകളിൽ നിന്ന് സ്ഫോടകശേഖരം കണ്ടെടുത്തുവെങ്കിലും കോടതിക്കേസുകൾ പിൻവലിക്കുകയാണുണ്ടായത്.

പ്രസിദ്ധ അഭിഭാഷകനും പിൽക്കാലത്ത് കോൺഗ്രസ്സ് നേതാവുമായ കെ എം മുൻഷി കമ്മീഷന് മുമ്പിൽ ഹാജരാകുകയും ഗാന്ധിവധത്തിൻ്റെ കാലത്തെ പൂനെയുടെ രാഷ്ട്രീയാന്തരീക്ഷത്തെപ്പറ്റി ഒരു തെളിഞ്ഞ ചിത്രം തരികയുണ്ടായി. മഹാത്മാഗാന്ധിക്കെതിരെയുള്ള രാഷ്ട്രീയ ചിന്ത വഹിച്ചിരുന്ന ഒരു സംഘം പൂനെയിലുണ്ടായിരുന്നു. അവരെ എല്ലാവരേയും ചേർത്ത് കേസരി ഗ്രൂപ്പ് എന്ന് പറയാം. തിലക് ആരംഭിച്ച കേസരി എന്ന ബ്രാഹ്മണ രാഷ്ട്രീയ പത്രികയെ ആസ്പദിച്ചാണ് മുൻഷി ഹിന്ദുത്വ രാഷ്ട്രീയക്കാർ എന്ന ലേബലിന് കീഴിലുള്ള എല്ലാ ബ്രാഹ്മണരാഷ്ട്രീയക്കാരേയും കേസരി ഗ്രൂപ്പ് എന്ന് പറയുന്നത്. അതിൻ്റെ നേതാവ് സവർക്കർ ആയിരുന്നു. വിദ്യാർത്ഥിയായിരുന്ന കാലം തൊട്ടേ കൊല എന്നത് സ്വാതന്ത്ര്യം നേടുന്നതിന് വേണ്ട ദേശസ്നേഹത്തിൻ്റെ അവിഭാജ്യഘടകമായി കരുതിയിരുന്നു. ഈ വിചാരധാരയ്ക്ക് നിരവധി ചെറുപ്പക്കാരെ ആകർഷിക്കാൻ കഴിഞ്ഞിരുന്നു. ഗാന്ധിയൻ പ്രസ്ഥാനം ഉയർന്നു വന്നതോടെ ഇവർ ഒറ്റപ്പെടുകയുണ്ടായി. അതോടെ ഈ ഭീകരവാദ പാഠശാലയുടെ അന്ത്യം കണ്ടു തുടങ്ങി. അതോടെ മഹാരാഷ്ട്രയിലെ കേസരി പാഠശാലക്കാർ മഹാത്മാഗാന്ധിക്കെതിരെ മുൻവിധിയോടെ പെരുമാറാൻ തുടങ്ങി. 1942 ൻ്റെ ക്വിറ്റ് ഇന്ത്യാ സമരത്തോടെ ഗാന്ധി വിരുദ്ധ നിലപാട് എടുക്കാൻ ആരും ധൈര്യപ്പെടാതായി. പക്ഷെ, സവർക്കർ തൻ്റെ കൊടി ഒരിക്കലും താഴ്ത്തിയില്ല. ഇന്ത്യൻ സ്വാതന്ത്ര്യം നേടാനുള്ള അനുവദനീയമായ ഏക വഴി രാഷ്ട്രീയ കൊലപാതകങ്ങൾ ആണെന്ന് അദ്ദേഹം കരുതി. ക്വിറ്റ് ഇന്ത്യ സമരം ഇന്ത്യയെ പിടിച്ചു കുലുക്കുമ്പോൾ സവർക്കർ അനങ്ങാതിരുന്നു.

അപ്പോഴാണ് കേസരി സ്കൂൾ എന്ന് മുൻഷി വിശേഷിപ്പിക്കുന്ന ഹിന്ദുത്വവാദികൾക്ക് പിടിവള്ളിയായി ഇന്ത്യാവിഭജനം സംഭവിക്കുന്നത്. മുൻഷിയുടെ അഭിപ്രായത്തിൽ വിഭജനം അത്യന്താപേക്ഷിതമായിരുന്നു. അതില്ലായിരുന്നെങ്കിൽ വിഭജനത്തിൻ്റെ വിവിധ തലങ്ങൾ നമ്മെ പിടികൂടുകയും ഓരോ നഗരത്തിലേയും തെരുവ് യുദ്ധങ്ങളിലേയ്ക്ക് നമ്മെ നയിക്കുകയും ചെയ്തേനെ. സൈന്യത്തിലും പോലീസിലും കൂടി ആഭ്യന്തരകലാപം അത് ഉണ്ടാക്കിയേനെ.

കേസരി സ്കൂളിൻ്റെ കേന്ദ്രം എന്ന നിലയ്ക്ക് പൂനെയിലും ചുറ്റുമുള്ള ജില്ലകളിലും ഹിന്ദുതീവ്രവാദത്തിൻ്റെ പ്രവർത്തനങ്ങൾ നിലനിന്നിരുന്നു. കപൂർ കമ്മീഷൻ പറയുന്നത് ഇക്കാര്യത്തിൽ വാമൊഴിയായും തെളിവുരേഖകളായും ധാരാളം കാര്യങ്ങൾ കമ്മീഷന് ലഭിക്കുകയുണ്ടായി എന്നാണ്. ഇതാണ് ഗാന്ധി വധത്തിൽ എത്തിച്ചത്. സവർക്കറെ ഗൂഢാലോചനയിലെ ഒരു അംഗമായി വിചാരണ ചെയ്തെങ്കിലും വെറുതെ വിടുകയുണ്ടായി. പ്രചോദനം വന്നത് സവർക്കറിൽ നിന്നാണെന്നും അയാൾ ചെയ്യാൻ പോകുന്ന കാര്യത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ട് മദൻലാലിൻ്റെ തോളത്ത് സവർക്കർ തട്ടിയെന്നും കമ്മീഷന് മുമ്പാകെ പ്രഖ്യാപിക്കുകയുണ്ടായി ( ഖണ്ഡിക 15. 224 )

ഇങ്ങനെ ഗാന്ധിവധത്തിൽ സവർക്കറുടെ പങ്ക് വ്യംഗമായി അംഗീകരിച്ചതിന് ശേഷം കമ്മീഷൻ റിപ്പോർട്ടിൽ കാണുന്നത് മുപ്പതി ഒമ്പതാം സാക്ഷിയായ സർള ബാർവേയുടെ മൊഴിയാണ്. ഗാന്ധി വധത്തെക്കുറിച്ചുള്ള മുൻകൂർ അറിവുകൾ പൂനെയിൽ പലർക്കും ലഭിച്ചിരുന്നു എന്നതിന് അടിവരയിടുന്ന തെളിവാണ് ശ്രീമതി സർള ബാർവേ നൽകിയത്. സർളയുടെ ഭർത്താവ് ശ്രീ ബാർവേ ഗാന്ധിവധത്തിൻ്റെ നാളുകളിൽ പൂനെയിലെ ജില്ലാ മജിസ്ട്രേട്ടായിരുന്നു.

ഗാന്ധിവധത്തിന് രണ്ടോ മൂന്നോ ദിവസം മുമ്പ് ഒരാൾ തൻ്റെ ഭർത്താവിനെ കാണാനായി വീട്ടിൽ വരികയുണ്ടായി. അന്നേരം അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. ആഗതൻ അവരോട് പൂനെയിൽ നിന്നും ചിലർ ഗാന്ധിയുടെ ജീവനെടുക്കാൻ ഡെൽഹിക്ക് പുറപ്പെട്ടതായി അറിയിച്ചു. അതെങ്ങാനും സംഭവിക്കുകയാണെങ്കിൽ വസന്ത്റാവു ദേശ് മുഖ്, ബാബുറാവു സനസ് എന്നീ പേരുകേട്ട അബ്രാഹ്മണ ഗുണ്ടകളും മറ്റുള്ളവരും ബ്രാഹ്മണ ഗൃഹങ്ങൾ കത്തിച്ചു കളയാൻ തയ്യാറെടുക്കുകയാണെന്നും പറഞ്ഞു. അയാളുടെ പേര് ചോദിച്ചപ്പോൾ “സാഥേ ” എന്നാണെന്നും അദ്ദേഹം ഒരു വിരമിച്ച അദ്ധ്യാപകനാണെന്നും സദാശിവ് പേഠിലാണ് താമസം എന്നും മറുപടി പറഞ്ഞു.

1948 ജനുവരി 27 ന് സർളയുടെ ഭർത്താവ്  ശ്രീ .ബാർവേ അസ്വസ്ഥനായി കാണപ്പെട്ടു. സർളയോട് മുറിക്ക് പുറത്തു പോകാൻ ആവശ്യപ്പെട്ട് അദ്ദേഹം ഐ ജിയായ കാമ്ത്തേയ്ക്ക് ഫോൺ ചെയ്തു. കുറച്ചു നേരം കഴിഞ്ഞ് സാഥേ അറിയിച്ച കാര്യം സർള ഭർത്താവിനെ അറിയിക്കുകയുണ്ടായി. അത് അദ്ദേഹത്തെ കൂടുതൽ അസ്വസ്ഥനും ദു:ഖിതനും ആക്കുകയുണ്ടായി. അന്ന് മുഴുവൻ അദ്ദേഹം പലർക്കും ഫോൺ ചെയ്തു. ഗാന്ധിവധത്തിന് ശേഷം പൂനെയിൽ അദ്ദേഹം രണ്ടാഴ്ചത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചു. അന്നേരം സർള അദ്ദേഹത്തെ അനുഗമിക്കുകയുണ്ടായി. ബ്രാഹ്മണ – ബ്രാഹ്മണേതര വിഭാഗങ്ങളുടെ സംഘർഷം വലിയ തോതിൽ നിലവിലുണ്ടായിരുന്നു. മഹാത്മാഗാന്ധിയെ വധിക്കാൻ കൃത്യമായി ഒരു ഗൂഢാലോചന ഉണ്ടായതായി സർള ഉറപ്പിച്ചു പറയുകയുണ്ടായി (ഖണ്ഡിക 15.226 ,15.227 )

കമ്മീഷൻ്റെ തെളിവെടുപ്പു കാലയളവിൽ പെസൻ്റ് ആൻഡ് വർക്കേഴ്സ് പാർട്ടി എം പി യായിരുന്ന ആർ കെ ഖാദിൽക്കർ കമ്മീഷൻ്റെ മുന്നിൽ ഹാജരാകുകയുണ്ടായി. അദ്ദേഹം പിന്നീട് ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറും കേന്ദ്രമന്ത്രിയുമൊക്കെ ആയിത്തീർന്നു. പൂനെയിൽ ഗാന്ധിയെ കൊല്ലാനുള്ള ഗൂഢാലോചന നടന്നെന്ന് അദ്ദേഹം കമ്മീഷന് മുമ്പാകെ ഉറപ്പിച്ചു പറഞ്ഞു. പൂനെ പോലീസ് ഇൻ്റലിജൻസ് “അവരുടെ” കൂടെയായിരുന്നു എന്നും.

ഈ സാക്ഷിമൊഴികൾ എല്ലാം കൂട്ടിച്ചേർത്ത് കമ്മീഷൻ എത്തുന്ന നിഗമനം ഇതാണ്      “(ഗാന്ധി ) വധത്തിൻ്റെ ഗൂഢാലോചന ഏറ്റെടുത്തത് ഹിന്ദുമഹാസഭാ പ്രവർത്തകർക്കിടയിലെ ഒരു തീവ്രവാദ സംഘമാണ്. അവർ ഹിന്ദുരാഷ്ട്ര ദൾ എന്ന പേരിൽ ഒരു പ്രത്യേക സംഘടന രൂപീകരിക്കുകയുണ്ടായി. കമ്മീഷന് മുമ്പാകെ സമർപ്പിച്ച തെളിവുകളിൽ നിന്നും അത് ആർ എസ് എസിനേക്കാൾ തീവ്രമായ സംഘടനയായിരുന്നുവെന്നും സവർക്കർ ഉദ്ഘോഷിച്ചിരുന്ന പ്രത്യയശാസ്ത്രത്തെ ” പല്ലിന് പല്ല് , കണ്ണിന് കണ്ണ് ” എന്നതിൽ അങ്ങേയറ്റം വിശ്വാസമർപ്പിച്ചവരും ആയിരുന്നു ” ( ഖണ്ഡിക 15.269 )

അഹ്മദ് നഗറിനെ സംബന്ധിച്ച് ഇതു തന്നെയായിരുന്നു സ്ഥിതി. അപകടകാരികളായ ഹിന്ദുമഹാസഭാ പ്രവർത്തകരുടേയും ആർ എസ് എസുകാരുടേയും പട്ടികയിൽ കർക്കരേയുടെ പേര് നേരത്തെ തന്നെ സ്ഥാനം പിടിച്ചിരുന്നു. മദൻലാൽ പഹ് വ ഗൺ കോട്ടൺ സ്ലാബ് പൊട്ടിച്ച ശേഷം 1948 ജനുവരി 26 ന് ഇൻസ്പെക്ടർ റസാക്ക് നല്കിയ റിപ്പോർട്ടിൽ എസ്.വി.കേത്ക്കേർ, വി ആർ കർക്കരേ, ആർ എസ് രേഖി ,ദത്താത്രേയ വിനായക് ഗോഡ്സേ (നാഥുറാമിൻ്റേയും ഗോപാലിൻ്റേയും സഹോദരൻ ) എന്നിവർ ഉൾപ്പെടെ ഇരുപത്തഞ്ചു പേരുടെ പട്ടിക സമർപ്പിച്ചിരുന്നു. അവരിൽ ദത്താത്രേയയും ചന്ദേക്കറും പൂനെ നിവാസികളും ബാക്കിയുള്ളവർ മിക്കവരും കർക്കരേയുടെ ഡെക്കാൺ ഗസ്റ്റ് ഹൗസും നാടകക്കമ്പനിയുമായി ബന്ധപ്പെട്ടവരും ആയിരുന്നു.

ഇത് കൂടാതെ നാല് ബോംബ് സ്ഫോടനങ്ങൾ അഹ്മദ് നഗറിൽ ഉണ്ടായി. 1) 1947 നവംബർ 24 ന് കപ്പഡ് ബസാറിൽ മുഹറത്തോട് അനുബന്ധിച്ച് നടത്തിയ താസിയ റാലിക്ക് നേരെ 2) 1947 ഡിസംബർ 7 ന് മുസ്ലീം ഉടമസ്ഥതയിലുള്ള വസന്ത് ടാക്കീസിൽ 3) 1947 ഡിസംബർ 14 ന് മുസ്ലീമായ ഖാസി സുബ്ബൻഭായിയുടെ വസതിയിൽ 4) 1947 ഡിസംബർ 26 ന് തട്ടി ദർവാസാ മുസ്ലീം പള്ളിയിൽ. ഇൻസ്പെക്ടർ റസാക്കിൻ്റെ റിപ്പോർട്ടിൽ ഇതിന് പിന്നിൽ ഹിന്ദുമഹാസഭാ പ്രവർത്തകർ ആണെന്ന് കണ്ടെത്തുകയുണ്ടായി. മാത്രമല്ല ഇതിൻ്റെ കാരണഭൂതർ കർക്കരേയും പഹ് വയും ആയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേ തുടർന്ന് കർക്കരേയുടെ വസതി റെയ്ഡ് ചെയ്തെങ്കിലും ഒന്നും കണ്ടു കിട്ടിയില്ല.

അതിനിടയിൽ പൂനെയിൽ ഒരു വിധവ കൊല്ലപ്പെട്ടു. അന്വേഷണത്തിൽ യാതൊരു തുമ്പും ലഭിച്ചില്ല. അങ്ങനെ അന്വേഷണം ഏതാണ്ട് അവസാനിച്ച നിലയിലായപ്പോൾ കൊല്ലപ്പെട്ട വിധവയുടെ സഹോദരൻ നിരന്തരമായി പരിശ്രമിച്ചതിൻ്റെ ഫലമായി ഇൻസ്പെക്ടർ സാവന്തിനെ കേസ് ഏല്പിക്കുകയുണ്ടായി. ആ അന്വേഷണത്തിൽ അക്കാലത്ത് പൂനെയിലുണ്ടായിരുന്ന എസ്. വി. കേത്ക്കറിൻ്റെ നേർക്ക് സംശയം നീളുകയുണ്ടായി. ഹിന്ദുമഹാസഭാ പ്രവർത്തകനായിരുന്ന കേത്ക്കർ അതിന് ശേഷം അഹ്മദ് നഗറിൽ കർക്കരേയുടെ ഹോട്ടലിൽ മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു. ഇൻസ്പെക്ടർ സാവന്തിൻ്റെ നിർദ്ദേശമനുസരിച്ച് സബ് ഇൻസ്പെക്ടർമാരായ റാണെയും ദേശ്മുഖും കേത്ക്കറുടെ വസതി റെയ്ഡ് ചെയ്തപ്പോൾ വലിയ ഒരു ആയുധശേഖരം കണ്ടെത്തുകയുണ്ടായി. നാടൻ കൈ ബോംബുകൾ, ഒരു റിവോൾവർ, കത്തികൾ, സ്ഫോടക വസ്തുക്കൾ ,അതിൻ്റെ ഫ്യൂസ് വയറുകൾ, പിസ്റ്റൾ, വെടിയുണ്ടകൾ, മറ്റ് സ്ഫോടകവസ്തുക്കൾ ഇവയെല്ലാം ഒരു സ്റ്റീൽ ട്രങ്ക് പെട്ടിയിൽ സൂക്ഷിച്ചു വെച്ച നിലയിലായിരുന്നു കണ്ടെത്തിയത്. അതോടൊപ്പം വിധവയുടേതെന്ന് സംശയിക്കപ്പെടുന്ന മൂക്കുത്തി, കമ്മലുകൾ, ഒരു വെള്ളി ആഭരണപ്പെട്ടി, കത്തുകൾ എന്നിവയും കണ്ടെടുക്കുകയുണ്ടായി. ചോദ്യം ചെയ്യലിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും തൻ്റെ വസതിയിൽ കൊണ്ടുവെച്ചത് കർക്കരേ ആണെന്ന് കേത്ക്കർ വെളിപ്പെടുത്തി. ആ സ്ഫോടകവസ്തുക്കൾ വസന്ത് ടാക്കീസിലും മുസ്ലീം പള്ളിയിലും എറിഞ്ഞ ബോംബുകളുമായി സാമ്യമുള്ളതായി പോലീസ് കണ്ടെത്തി. കേത്ക്കറെ അറസ്റ്റ് ചെയ്തെങ്കിലും പക്ഷെ കർക്കരേയെ അറസ്റ്റ് ചെയ്തില്ല.

അതുപോലെത്തന്നെ 1948 ജനുവരി 3 ന് മദൻലാലും കർക്കരേയും കെ.എസ്. കുൽക്കർണ്ണിയും നയിച്ച ഒരു ജാഥ ഖാൻ സാഹിബ് സരോഷ് എന്ന മുസ്ലീമിൻ്റെ ഉടമസ്ഥതയിലുള്ള സരോഷ് ഗ്യാരേജിലേയ്ക്ക് പുറപ്പെട്ടു. അഹ്മദ് നഗറിൽ നിന്ന് മുഴുവൻ മുസ്ലീങ്ങളേയും പുറത്താക്കാനും പാകിസ്ഥാനെതിരെയും മുദ്രാവാക്യങ്ങൾ മുഴക്കിയാണ് അവർ നീങ്ങിയിരുന്നത്. ജാഥ ഗ്യാരേജിലെത്തിയപ്പോൾ സരോഷ് മദൻലാലിനോട് സംസാരിക്കുകയുണ്ടായി. വിസാപ്പൂർ ക്യാമ്പിലെ അഭയാർത്ഥികളെ സംഘടിപ്പിച്ചാണ് ജാഥ നയിച്ചത്. ഗ്യാരേജിൽ ജോലി ചെയ്യുന്ന മുഴുവൻ മുസ്ലീങ്ങളേയും പുറത്താക്കി ആ ജോലികൾ അഭയാർത്ഥികൾക്ക് നൽകാൻ മദൻലാലും കർക്കരേയും ആവശ്യപ്പെട്ടു. ജില്ലാ മജിസ്ട്രേട്ടും ഡി എസ് പിയും അവിടെ എത്തിയെങ്കിലും അവരോടും പ്രകോപനപരമായാണ് മദൻലാൽ പെരുമാറിയത്. അവസാനം ജില്ലാ മജിസ്ട്രേറ്റിന് മദൻലാലിനെ താക്കീത് ചെയ്യേണ്ടി വന്നു. അതിനെ സംബന്ധിച്ചുള്ള റിപ്പോർട്ടിൽ കർക്കരേയാണ് അഭയാർത്ഥികളെ പ്രകോപിപ്പിച്ച് മുസ്ലീങ്ങൾക്കെതിരെ തിരിച്ചു വിടുന്നത് എന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.

അഹ്മദ് നഗറിലെ സബ് ഇൻസ്പെക്ടറായ ബാൽ കുണ്ഡിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് കേത്ക്കറുടെ അറസ്റ്റും കർക്കരെയെക്കുറിച്ചുള്ള വെളിപ്പെടുത്തലും മറച്ചുവെക്കാനും പോലീസുകാരെക്കൊണ്ട് നടപടിയെടുപ്പിക്കാതിരിക്കാനും വേണ്ടിയാണ് അഭയാർത്ഥികളെ ഇളക്കിവിട്ട് അസ്വസ്ഥതകൾ സൃഷ്ടിച്ചത് എന്നാണ്. ബാൽക്കുണ്ഡി നിർദ്ദേശിച്ചത് മദൻലാലിനേയും കർക്കരയേയും കരുതൽ തടങ്കലിൽ വെക്കാനാണ്. കച്ചിൽ നിന്നുള്ള മുസ്ലീം വ്യാപാരികൾ അഭയാർത്ഥികളെ പേടിച്ച് തങ്ങളുടെ കച്ചവട സ്ഥാപനങ്ങൾ അടച്ചു പൂട്ടിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു. സൈന്യത്തിലെ പഞ്ചാബി, സിക്ക്  വിഭാഗങ്ങളുമായി ബന്ധപ്പെടാനും മദൻലാൽ ശ്രമിക്കുന്നതും ബാൽക്കുണ്ഡി റിപ്പോർട്ട് ചെയ്യുകയുണ്ടായി. നാം നേരത്തെ പരാമർശിച്ച റാവു സാഹിബ് പട് വർദ്ധൻ്റെ യോഗം മദൻലാൽ കലക്കിയ സംഭവവും പോലീസ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. അതേ തുടർന്ന് കർക്കരേയേയും മദൻലാലിനേയും പോലീസ് ചോദ്യം ചെയ്തെങ്കിലും വിട്ടയക്കുകയുണ്ടായി.

കർക്കരേയുടെ വസതി റെയ്ഡ് ചെയ്തതിന് പിന്നാലെ ഡെക്കാൻ ഗസ്റ്റ് ഹൗസും പോലീസ് റെയ്ഡ്‌ ചെയ്യാൻ ശ്രമിച്ചെങ്കിലും അഭയാർത്ഥികൾ അത് തടഞ്ഞു. ” സ്വതന്ത്ര വീർ സവർക്കർ കി ജയ്, ഹിന്ദു രാഷ്ട്ര കീ ജയ് ” എന്നാണ് അവർ മുദ്രാവാക്യം വിളിച്ചിരുന്നത് എന്നതും പോലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ഇത്രയുമൊക്കെ ചാർജ്ജുകൾ കർക്കരേയ്ക്കും മദൻലാലിനുമെതിരേ നിലനിൽക്കുമ്പോഴാണ് അവർ അഹ്മദ് നഗർ വിട്ട് ബോംബെയിലേയ്ക്കും ഗാന്ധി വധത്തിനായി അവിടെ നിന്നും ഡെൽഹിയിലേക്കും സഞ്ചരിക്കുന്നത്.

കമ്മീഷന് മുന്നിൽ ഹാജരായ മുപ്പത്തിരണ്ടാം നമ്പർ സാക്ഷി പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ആയ നാരായൺ റാവു കുഞ്ജ് വിഹാരി ദേശ്മുഖ്, ഗാന്ധിവധത്തിൻ്റെ നാളുകളിൽ അദ്ദേഹം പ്രാദേശിക ഇൻ്റലിജൻസ് ശാഖയിലെ സബ് ഇൻസ്പെക്ടർ ആയിരുന്നു, കുറേക്കൂടി വിശദമായി ഹിന്ദുസംഘടനകളുടെ പ്രവർത്തനം കമ്മീഷന് മുന്നിൽ വിവരിച്ചു. 1947 മെയ് 9 / 10 തീയതികളിൽ പോലീസ് ഡി ഐ ജി പുറത്തിറക്കിയ സർക്കുലർ പ്രകാരം എല്ലാ ഡി എസ് പി മാരോടും ഹിന്ദു രാഷ്ട്രദളിൻ്റെ പ്രവർത്തനം കൂലങ്കുഷമായി നിരീക്ഷിക്കാനും എച്ച് ആർ ഡി പ്രവർത്തകർ ദാദറിൽ സംഘടിപ്പിച്ച യോഗത്തിൽ ബാരിസ്റ്റർ സവർക്കർ അവരോട് ആഹ്വാനം ചെയ്ത ദിശയിൽ ഏതെങ്കിലും പ്രവർത്തനം അവരുടെ ഭാഗത്ത് നിന്നുണ്ടാകുകയാണെങ്കിൽ അത് റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം ദാദർ സമ്മേളനത്തിൻ്റെ രത്നച്ചുരുക്കവും ഉണ്ടായിരുന്നു.

125 ഹിന്ദു രാഷ്ട്രദൾ പ്രവർത്തകരാണ് ദാദർ സമ്മേളനത്തിൽ പങ്കെടുത്തത്. ബോംബെ പ്രോവിൻസിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഹൈദരാബാദ്, കോലാപ്പൂർ, സാംഗ്ലി, മീറജ്, ഇൻഡോർ, ബറോഡ തുടങ്ങിയ നാട്ടുരാജ്യങ്ങളിൽ നിന്നുമാണ് അവർ വന്നത്. സവർക്കർ നാലു പ്രഭാഷണങ്ങൾ ആണ് അവിടെ നടത്തിയത്. 1 . ഹിന്ദുരാഷ്ട്ര ദളിൻ്റെ ഉദ്ദേശ്യ, ലക്ഷ്യങ്ങൾ 2 .അതിൻ്റെ ഭരണഘടന3. ഇന്ത്യയിലെ വർഗ്ഗീയ ലഹളകളെ ക്കുറിച്ചുള്ള തൻ്റെ വീക്ഷണം 4. ബംഗാൾ, പഞ്ചാബ് വിഭജനം എന്നീ വിഷയങ്ങളിലായിരുന്നു സവർക്കറുടെ പ്രഭാഷണം.

ഹിന്ദു സംഘടനാ / ഐക്യ വാദം പരത്തുക എന്നതാണ് എച്ച് ആർ ഡി യുടെ കർത്തവ്യമെന്നും താനാണ് അതിൻ്റെ പരമാധികാരി എന്നുമാണ് ആദ്യ പ്രസംഗത്തിൽ സവർക്കർ പറഞ്ഞുവെച്ചത്. അദ്ദേഹം വിരമിച്ചാൽ പിൻഗാമിയെ നിർദ്ദേശിക്കും. അങ്ങനെ നിയമിക്കപ്പെടുന്ന ആൾക്കായിരിക്കും ജില്ലാ, പ്രാദേശിക സംഘാടകരെ നിർദ്ദേശിക്കാനുള്ള അധികാരം. ഈ പ്രഭാഷണങ്ങളിലൂടെ എച്ച് ആർ ഡി പ്രവർത്തകരോട് ജനകീയ പ്രവർത്തനം നടത്തി സവർക്കറിസം ഗ്രാമങ്ങളിൽ പ്രചരിപ്പിക്കാനും ഗ്രാമീണരിൽ അക്രമാസക്തത വളർത്തിയെടുക്കാനും നിർദ്ദേശിച്ചു. അങ്ങനെ മുസ്ലീം അതിക്രമങ്ങളിൽ നിന്ന് സ്വയം രക്ഷിക്കാനും . അതോടൊപ്പം ആയുധ ലൈസൻസ് എല്ലാ എച്ച് ആർ ഡി പ്രവർത്തകരും കരസ്ഥമാക്കാനും അദ്ദേഹം നിർദ്ദേശിച്ചു. പഞ്ചാബിലും ബംഗാളിലുമുണ്ടായ മുസ്ലീം അതിക്രമങ്ങൾക്ക് തിരിച്ചടി നല്കാനും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ” അതേ ആവേശത്തിലും രീതിയിലും തിരിച്ചടിക്കും വരെ നിങ്ങളും നിർത്തരുത്. ഹിന്ദു സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ, ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത്രയും പള്ളികളും പൊളിക്കപ്പെടണം. “. ഹിന്ദുക്കളുടെയും ഹിന്ദുമണ്ഡലത്തിൻ്റേയും താത്പര്യങ്ങൾക്ക് വിരുദ്ധമാണെങ്കിൽ എച്ച് ആർ ഡി പ്രവർത്തകരോട് ഭരണഘടനയെ എതിർക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു ( ഖണ്ഡിക 16.57 )

അഹ്മദ് നഗറിൽ അഭയാർത്ഥികളെ പ്രകോപിപ്പിക്കാനായി കർക്കരേയും കൂട്ടരും പയറ്റിയ തന്ത്രങ്ങളെക്കുറിച്ച് മുപ്പത്തി നാലാം സാക്ഷിയായ ഷെയ്ക്ക് അബ്ദുൾ റസാക്ക് ഇസ്മയിൽ കമ്മീഷന് മുന്നിൽ പറയുകയുണ്ടായി. കമ്മീഷൻ സിറ്റിംഗ് നടത്തുന്ന കാലയളവിൽ സി ബി ഐ യുടെ അഡീഷണൽ സൂപ്രണ്ട് ആയിരുന്നു അദ്ദേഹം. ഗാന്ധി വധത്തിൻ്റെ കാലത്ത് അഹ്മദ് നഗറിൻ്റെ ചുമതല വഹിച്ചിരുന്ന ഇൻസ്പെക്ടറായിരുന്ന അദ്ദേഹത്തെ ഈ അദ്ധ്യായത്തിൽ തന്നെ നാം പരാമർശിച്ചിട്ടുണ്ട്. കർക്കരേയും മദൻലാലും അഭയാർത്ഥികൾക്കിടക്കും അഹ്മദ് നഗറിലെ ഹിന്ദുക്കൾക്കിടക്കും ഒരു നഗ്ന ഹിന്ദു യുവതിയെ മുസ്ലീങ്ങൾ ദ്രോഹിക്കുന്ന ചിത്രം പ്രചരിപ്പിച്ചിരുന്നു. പക്ഷെ, അന്വേഷണത്തിൽ തെളിഞ്ഞത് അത് ലൈംഗികത്തൊഴിൽ ചെയ്യുന്ന പ്രാദേശിക വാസിയായ ഒരു സ്ത്രീയെ വശത്താക്കി കർക്കരേയും മദൻ ലാലും നിർമ്മിച്ചെടുത്തതാണ് ആ ഫോട്ടോ ആണെന്നാണ്.

62. കപൂർ കമ്മീഷൻ്റെ കണ്ടെത്തലും സവർക്കറുടെ മരണവും
………………………………………….

കപൂർ കമ്മീഷൻ്റെ ഔദ്യോഗിക സ്വഭാവമുള്ള കണ്ടെത്തലുകളേയും അതിന് മുന്നിൽ സമർപ്പിക്കപ്പെട്ട മൊഴികളേയും തെളിവുരേഖകളേയും രാഷ്ട്രീയമായി വിശകലനം ചെയ്യുകയാണെങ്കിൽ ഹിന്ദുത്വരാഷ്ട്രീയ സംഘടനകൾ എങ്ങനെയാണ് പ്രവർത്തിച്ചിരുന്നത് എന്ന് എളുപ്പത്തിൽ മനസ്സിലാക്കാം. ഘടന കൊണ്ട് അവയെല്ലാം ബ്രാഹ്മണ സംഘങ്ങൾ ആയിരുന്നു. അന്നും ഇന്നും ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ തലപ്പത്ത് ബ്രാഹ്മണ സ്വാധീനം ഘടനാപരമായി ചൂണ്ടിക്കാണിക്കാൻ കഴിയുമ്പോൾ തന്നെ ,ഈ സംഘടനകളെ വ്യത്യസ്തമാക്കുന്നത് അതിൻ്റെ മുഴുവൻ ഘടനയും ബ്രാഹ്മണികമായിരുന്നു എന്നതിനാലാണ്. കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, ദളിതർ തുടങ്ങിയ പുതിയ സാമൂഹിക വിഭാഗങ്ങളെ ഒരു തരത്തിലും അവർ അഭിമുഖീകരിച്ചിരുന്നില്ല. അവരുടെ നേതാക്കളും അണികളും ബ്രാഹ്മണരായിരുന്നു. അവരുടെ മുന്നിലെ പ്രശ്നവും ബ്രാഹ്മണികമായിരുന്നു. ബ്രാഹ്മണാധികാരത്തെ ജനാധിപത്യം കൊണ്ടോ മതേതരത്വം കൊണ്ടോ മുറിവേല്പിക്കാതെ അവർ ശ്രദ്ധിച്ചിരുന്നു. അവർ മുസ്ലീങ്ങളെ മ്ലേച്ഛരായി കണ്ടു. പാകിസ്ഥാനിൽ ഒരു മുസ്ലീം ഹിന്ദുവിനോട് തെറ്റ് ചെയ്താൽ ഇന്ത്യയിലെ ഹിന്ദുവിന് ഇവിടെയുള്ള മുഴുവൻ മുസ്ലീങ്ങളോടും തെറ്റ് ചെയ്യാം എന്ന ആധുനികമായ നീതിവ്യവസ്ഥയ്ക്ക് പുറത്തുള്ള ഒരു സൈനിക ബോധം ആയിരുന്നു അവരുടെ സ്വഭാവത്തിൻ്റെ അടിസ്ഥാന ശില. സ്വാതന്ത്ര്യ സമരം പോലെ അകത്തും പുറത്തും സംഘർഷങ്ങൾ സൃഷ്ടിക്കുന്ന ഒരു ചരിത്ര സാഹചര്യങ്ങളിലൂടെയും അവർ കടന്നു പോയില്ല. എന്നന്നേയ്ക്കുമുള്ള അധികാരം ആയിരുന്നു അവരുടെ ഒരേയൊരു ലക്ഷ്യം. അതിലേയ്ക്കുള്ള പാതയിലെ സംഘർഷങ്ങൾ ആയിരുന്നു അവരുടെ രാഷ്ട്രീയ സംഘർഷങ്ങൾ.

ഒരു ഔദ്യോഗിക കമ്മീഷൻ്റെ ചിട്ടവട്ടങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിനാൽ തങ്ങളെ ഏല്പിച്ച വിഷയം കുരുക്കഴിച്ചെടുക്കുക എന്നതായിരുന്നു കപൂർ കമ്മീഷൻ്റെ ദൗത്യം. അത് ഹിന്ദു സംഘടനകളുടെ പ്രവർത്തനം പരിശോധിക്കുന്നത് അങ്ങനെയാണ്. തീർച്ചയായും ഹിന്ദുമഹാസഭയ്ക്കും ആർ എസ് എസിനും എച്ച് ആർ ഡി  പോലുള്ള ഹിന്ദുത്വ സംഘടനകൾക്കെല്ലാം അക്രമാസക്തമായ ആത്മാവ് ഉണ്ടെന്ന് അത് സംശയലേശമന്യേ കണ്ടെത്തിയിട്ടുണ്ട്. ആ അക്രമാസക്തത ഗാന്ധിയുടെ നേർക്കായിരുന്നോ മുസ്ലീങ്ങളുടെ നേർക്കായിരുന്നോ എന്ന് കൂലങ്കഷമായി വേർതിരിച്ച് പരിശോധിക്കുകയാണ് കപൂർ കമ്മീഷൻ ചെയ്യുന്നത്. അതായത് അവരെ ഏല്പിച്ച ദൗത്യം അതായിരുന്നു. ഗവണ്മെൻ്റ് നിയോഗിച്ച കമ്മീഷൻ ആയതിനാൽ ആ പരിശോധനയുടെ എലുകകൾ സാമൂഹികമോ രാഷ്ട്രീയമോ ആയിരുന്നില്ല. മറിച്ച് നിയമഘടനയും ചട്ടങ്ങളും തെളിവു നിയമങ്ങളും ആയിരുന്നു. അതിനാൽ മുസ്ലീം വിരോധം എന്നതും ഗാന്ധി വിരോധം എന്നതും കമ്മീഷനെ സംബന്ധിച്ചിടത്തോളം രണ്ടു കാര്യങ്ങൾ ആയിരുന്നു.

എന്നാൽ രാഷ്ട്രീയമായി അതിനെ വീക്ഷിക്കുകയാണെങ്കിൽ ഗാന്ധി വിരോധവും മുസ്ലീം വിരോധവും ഒരേ കാര്യം തന്നെയാണ് എന്ന് പറയാം. ബ്രാഹ്മണിക് ഫാസിസ്റ്റ് രാഷ്ട്രീയത്തിന് ഗാന്ധി തടസ്സമാകുന്നത് ഇന്ത്യ എന്നാൽ ഹിന്ദുക്കളുടെ രാജ്യമല്ല, കുറച്ചു കൂടി സവിശേഷമായി പറഞ്ഞാൽ ,ബ്രാഹ്മണരുടെ മാത്രം രാജ്യമല്ല, ന്യൂനപക്ഷ മതത്തിൽ പെട്ടവരുടേയും ജാതിയിൽ താണവരുടേയും മറ്റും രാജ്യം കൂടിയാണ് എന്ന് ഗാന്ധി വിശ്വസിക്കാൻ തുടങ്ങിയപ്പോൾ കൂടിയാണ്. ഇതിനെതിരെ ബ്രാഹ്മണ രാഷ്ട്രീയം പൊരുതിയത് ഇന്ത്യയുടെ ഭൂതകാലത്തെ ഹിന്ദു ചരിത്രമാക്കി പുനർ നിർമ്മിച്ചാണ് എന്ന് നാം കണ്ടു. ഇതിനെ മുന്നോട്ടു കൊണ്ട് പോയത് മാദ്ധ്യമങ്ങൾ പോലുള്ള പുതിയ സംവേദന മണ്ഡലങ്ങളേയും ബറെറ്റ തോക്ക് പോലുള്ള പുതിയ ആയുധങ്ങളേയും ഉപയോഗിച്ചാണ്. ഗോഡ്സെ തന്നെ ഒരു പ്രസംഗത്തിൽ പറഞ്ഞത് തെരഞ്ഞെടുപ്പിൽ നമുക്ക് കോൺഗ്രസ്സിനെ തോൽപ്പിക്കാൻ സാധ്യമല്ല, പക്ഷെ ഭൗതികമായി അതിനെ തോൽപ്പിക്കാനാകും എന്ന വിശ്വാസമാണ്. അവർ ആ അർത്ഥത്തിൽ ജനാധിപത്യത്തോടും മതേതരത്വത്തോടുമാണ് പടവെട്ടിയിരുന്നത് എന്ന് പറയാം.

ഇന്ത്യൻ സാമൂഹിക ഘടനയുടെ ആഴത്തിൽ പ്രവർത്തിച്ചിരുന്ന ബ്രാഹ്മണ രാഷ്ട്രീയം ഈ സന്ദർഭത്തിൻ്റെ അബോധത്തിലും പ്രവർത്തിക്കുന്നത് നമുക്ക് കാണാൻ കഴിയും. കപൂർ കമ്മീഷൻ ശേഖരിച്ച  തെളിവുകളെല്ലാം തന്നെ വെളിവാക്കുന്നത് സവർക്കർ, ഗോഡ്സേ, ആപ്തേ, കർക്കരേ, പർച്ചൂരെ തുടങ്ങിയ ബ്രാഹ്മണർ എല്ലാവരും തന്നെ ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ നിരന്തരമായ അക്രമ പരിപാടികളിൽ, കായികവും വാചികവുമായുള്ള ഹിംസയിൽ ഏർപ്പെട്ടിരുന്നു എന്നുള്ളതായിരുന്നു. അവരുടെ പേരുകൾ പോലീസിൻ്റെ പട്ടികയിൽ സജീവമായി ഉണ്ടായിരുന്നു. മദൻലാലിൻ്റെ മൊഴി ഉണ്ടായിരുന്നിട്ടും പ്രൊഫ .ജയിനിൻ്റെ വെളിപ്പെടുത്തൽ വന്നിട്ടും പോലീസുകാർക്ക് കുപ്രസിദ്ധരായ ഇവരെ അറസ്റ്റ് ചെയ്യാൻ കഴിയാഞ്ഞത് സഞ്ജീവിയുടെ വീഴ്ച കൊണ്ടോ നാഗർവാലയുടെ വീഴ്ച കൊണ്ടോ എന്ന് ചർച്ച ചെയ്യാനേ ഒരു ഔദ്യോഗിക കമ്മീഷൻ എന്ന നിലയിൽ കപൂർ കമ്മീഷന് സാധിക്കുകയുള്ളു. എന്നാൽ അത് സാധിക്കാത്തത് സജീവമായ ഒരു ബ്രാഹ്മണിക ഘടന നില നിൽക്കുന്നത് കൊണ്ടാണ് എന്ന് നമുക്ക് രാഷ്ട്രീയമായി മനസ്സിലാക്കാം.

സവർക്കറിസം എന്ന ബ്രാഹ്മണിക ഫാസിസത്തിൻ്റെ കുന്തമുനയായിരുന്നു ഗോഡ്സേയും ആപ്തേയും എന്ന് അവർ ഏർപ്പെട്ട അക്രമപ്രവർത്തനങ്ങളുടേയും പ്രകോപന ഇടപെടലുകളുടേയും വിവരണങ്ങളിൽ നിന്ന് നാം മനസ്സിലാക്കി കഴിഞ്ഞു. ഒരു ആധുനിക രാഷ്ട്രീയാശയവും അവർ മുന്നോട്ടുവെച്ചതായി നാം കാണുന്നില്ല. യുദ്ധസന്നദ്ധമായ അക്രമാസക്തതയോടെയാണ് ചരിത്രത്തിൽ ഉടനീളം അവരെ കാണാനാകുക. രാഷ്ട്രീയ പ്രവർത്തകരായും സംഘാടകരായും പത്രപ്രവർത്തകരായും ഒക്കെ നാം അവരെക്കണ്ടു. ബ്രാഹ്മണിക വംശീയ ഫാസിസത്തിൻ്റെ ബലം പ്രയോഗിച്ചുള്ള പ്രചരണമല്ലാതെ, ഒരിക്കൽ പോലും സംവാദസന്നദ്ധമായ നിലയിൽ ജനാധിപത്യവിശ്വാസികളായി അവരെ കാണാൻ സാധ്യമല്ല. പത്രം പോലെ ജനാധിപത്യ ചർച്ച നടക്കേണ്ടുന്ന ആധുനികമായ ഒരു പൊതു സ്ഥലത്തെ അഗ്രണി പോലുള്ള ഗോഡ്സെയുടെ പത്രം എങ്ങനെയാണ് പരിഗണിച്ചിരുന്നത് എന്ന മാതൃകക്കായി ഗോഡ്സെ എഴുതിയ ഒരു പത്രാധിപക്കുറിപ്പിൻ്റെ തർജ്ജമ താഴെ കൊടുക്കുന്നു. കപൂർ കമ്മീഷൻ തെളിവുരേഖകളായി സ്വീകരിച്ച നിരവധി പത്രാധിപക്കുറിപ്പുകളിൽ ഒന്നു മാത്രം ആണിത്.

ഗാന്ധീ ,ആത്മഹത്യ ചെയ്യൂ
………………………………………
ഒരു ഉപദ്രവവും ഏല്ക്കില്ല എന്ന് ഉറപ്പിക്കാൻ പോലീസിൻ്റേയും പട്ടാളക്കാരുടേയും സഹായമില്ലാതെ സഞ്ചരിക്കാൻ സാധിക്കാത്ത ഒരു ഭീരു, ബോംബുകളോ പീരങ്കികളോ ബ്രിട്ടീഷ് പട്ടാളക്കാരോ വേണ്ടാതെ വെറും  കാൽസ്പർശം കൊണ്ട് ഭരണത്തിനുള്ളിലെ നിരവധി അഹല്യമാരെ ഉണർത്താൻ കഴിവുള്ള മനുഷ്യൻ, യാതൊരു പ്രതിരോധവും കൂടാതെ ഹിന്ദുക്കളോട് ത്യാഗം ചെയ്യാൻ ആവശ്യപ്പെടുന്നത് നിർലജ്ജതയുടെ പരകോടിയാണ്. അധികാരത്താൽ അന്ധനായ ഈ സുൽത്താൻ ഹിന്ദുക്കളുടെ രക്തത്തിന് ഒരു പയറുമണിയുടെ വില പോലും കല്പിക്കുന്നില്ലേ? അങ്ങനെയല്ലെങ്കിൽ  ഒഴുകുന്ന  ഈ രക്തനദികളെ വില വെയ്ക്കാതെ ഈ ബനിയ സ്വന്തം സമുദായത്തിന്റെ  വഞ്ചകൻ ആകുമായിരുന്നില്ല. ഈ പിശാചുക്കളായ കടന്നുകയറ്റക്കാരുടെ രക്തദാഹം ശമിപ്പിക്കാൻ ഉതകുന്ന പുതിയ ഉപകരണങ്ങൾ നൽകുമായിരുന്നില്ല. നവഖാലിയിലേയും പഞ്ചാബിലേയും ബീഹാറിലേയും രക്തച്ചൊരിച്ചിൽ പോരാ എന്നയാൾ വിചാരിക്കുന്നുണ്ടോ? താൻ സൃഷ്ടിച്ച അല്ലെങ്കിൽ തൻ്റെ ഭീരുത്വം നിറഞ്ഞ തത്വശാസ്ത്രം പ്രസംഗിച്ച് അത്തരം പൊട്ടിത്തെറികൾക്ക് നൽകിയ പിന്തുണ ഉണ്ടാക്കിയ ഹിന്ദു രക്ത നദികളെ ഭാഗികമായെങ്കിലും അവസാനിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ തൻ്റെ ഭീരുത്വം നിറഞ്ഞ ഒരു മൂല്യവുമില്ലാത്ത അഹിംസയുടെ പരാജയം ഏറ്റെടുത്ത്, തൻ്റെ ആത്മാഭിമാനം സംരക്ഷിക്കാനായി ഗാന്ധി ആത്മഹത്യ ചെയ്യേണ്ടതാണ്. ഇല്ലെങ്കിൽ ഇന്ത്യൻ രാഷ്ട്രീയത്തോട് എന്നെന്നേക്കുമായി വിട പറയുക. മറ്റുള്ളവരുടെ ജീവന് വേണ്ടി ഉദാരത ചൊരിയുന്ന ഈ ശോകാജി സ്വന്തം നാട്ടുകാരായ ലക്ഷങ്ങളെ പരിഗണിക്കുന്നില്ലേ? ഈ വ്യാജ ദേശാഭിമാനിയുടെ യഥാർത്ഥ മൂല്യം ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് ജനങ്ങളുടെ കടമയല്ലേ ?

നാഥുറാം വിനായക് ഗോഡ്സേ, പത്രാധിപർ
അഗ്രണി

ഇങ്ങനെ വാക്കിലും നോക്കിലും പ്രവൃത്തിയിലും പ്രസംഗത്തിലും ഹിംസ വിതറിയ ഗോഡ്സേ, ഇന്ത്യയിലെ യാതൊരാളും ചെയ്യാൻ അറക്കുന്ന കൊലപാതകം നടത്തി, രക്തം പുരണ്ട കൈകളോടെ തൂക്കുമരത്തിലേറുകയുണ്ടായി. എന്നാൽ നാഥുറാം ഗോഡ്സേയെ ദേശഭക്തനും രക്തസാക്ഷിയും സാത്വികനായ പോരാളിയും ആയി അവതരിപ്പിക്കാനുള്ള ശ്രമം ഹിന്ദുത്വ ശക്തികൾ ഉടൻ തന്നെ ആരംഭിക്കുകയുണ്ടായി. ഹിന്ദുമഹാസഭാ നേതാവും കപൂർ കമ്മീഷൻ്റെ ആവിർഭാവത്തിന് നിദാനമായ വിവാദ പ്രസംഗത്തിൻ്റെ കർത്താവുമായ ജി.വി.കേത്ക്കർ തന്നെയാണ് ഇത് തുടങ്ങിവെച്ചത്. 1949 നവംബർ 15 ന്, നാഥുറാമും അപ്തേയും തൂക്കിലേറിയ ദിവസം കേസരിയിൽ ഒരു ലേഖനം എഴുതുകയുണ്ടായി. ഗോഡ്സേയും ആപ് തേയും ഏറ്റവും വലിയ പിഴ ഒടുക്കിക്കൊണ്ട് തങ്ങളുടെ പാപങ്ങളിൽ നിന്ന് മോചിതമായിരിക്കുന്നു എന്ന് അഭിപ്രായപ്പെടുന്ന ലേഖനം ഗോഡ്സേയെ മഹത്വവല്ക്കരിക്കുന്ന ആശയം ഒളിച്ചു കടത്തുന്നു. ” വിഭജനവും ഗാന്ധിവധവും കഴിഞ്ഞാൽ  അതിൻ്റെ പേരിൽ അവർ രണ്ടു പേരും ഒടുക്കിയ പിഴയും അതേ മഹാചരിത്ര സംഭവത്തിൻ്റെ ഭാഗമായി വരുന്നു ” കേത്ക്കർ തുടർന്ന് എഴുതുന്നു. ഗോഡ്സേ – ആപ് തേ സമുദായത്തിലെ കഠിനഹൃദയജീവികളോ കൊല തൊഴിലാക്കിയവരോ ആയിരുന്നില്ല. തങ്ങളുടെ സ്വന്തം വീക്ഷണമനുസരിച്ച് സാമൂഹ്യപ്രസ്ഥാനങ്ങളിൽ ആവേശപൂർവ്വം പങ്കെടുക്കുകയും അതിന് ശേഷം അങ്ങേയറ്റത്തെ വേദന ഏറ്റുവാങ്ങുകയും ചെയ്ത അതേ യുവാക്കളിൽ പെടുന്നവരായിരുന്നു അവർ. അത്തരം മനുഷ്യർ സാമാന്യമായി എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും സഹാനുഭൂതിയും ആരാധനയും ഏറ്റുവാങ്ങിയവരാണ്. അവർക്ക് ഒരല്പം തീവ്രവാദ വീക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരു പൊടി കൂടുതൽ വഴിതെറ്റിനടത്തം ഉണ്ടായിരുന്നെങ്കിലും തെറ്റായ സ്ഥലത്ത് സ്ഥാപിക്കപ്പെട്ട  ഊർജ്ജ്വസ്വലതയുടെ ആധിക്യം ഉണ്ടായിരുന്നെങ്കിലും പക്ഷംപിടിക്കാത്തവരും മുതിർന്നവരുമായ മനുഷ്യർ ഏറ്റവും ചുരുങ്ങിയത്  ആരാധനയുടെ ഒരു വികാരം അവരോട് ചിലപ്പോഴെങ്കിലും വച്ചുപുലർത്തിയേക്കും.

ലോകത്തെ നടുക്കിയ കൊല, ഏറ്റവും മാരകമായി നടത്തിയ കണ്ണിൽ ചോരയില്ലാത്ത കൊലയാളികളെയാണ് കേത്ക്കർ വെള്ള പൂശുന്നത്. ചിത് പാവൻ പേഷ്വാ ചരിത്രത്തെ ലോകത്തെ ഏറ്റവും മികച്ച പാരമ്പര്യമായി കരുതുന്ന രണ്ട് ചിത്പാവനുകളുടെ “സാഹസിക ” പ്രവൃത്തിയിൽ അഭിമാനിക്കുന്ന മറ്റൊരു ചിത്പാവൻ ബ്രാഹ്മണനായ കേത്ക്കറെ നമുക്കിതിൽ തെളിഞ്ഞു കാണാം. അവിടെയും കേത്ക്കർ നിർത്തുന്നില്ല.

” വിഭജനത്തിൻ്റെ ഭീകരതകൾ ജനങ്ങൾക്ക് മേൽ പതിച്ചപ്പോൾ …. വൈകാരികമായ മനസ്സുകൾ അങ്ങേയറ്റം സംഘർഷ പൂരിതമായി. ഈ കാലയളവിൽ ഗോഡ്സേ – ആപ്തേ പതിവായി അസ്വസ്ഥപ്പെടുകയും ഭൂതാവിഷ്ടരായവരെപ്പോലെ അതിൽ ആണ്ടു മുങ്ങുകയും ചെയ്തു. പ്രചരണപ്രവർത്തനങ്ങൾ,  സമ്മതിദായകരെ ആകർഷിക്കൽ, തെരഞ്ഞെടുപ്പുകൾ, ജനകീയ പൊതുയോഗങ്ങൾ, പ്രസ്താവനകൾ, പ്രകടനങ്ങൾ തുടങ്ങിയ എല്ലാ നിത്യപ്രവൃത്തികളിലും അവർക്ക് താത്പര്യം നഷ്ടപ്പെട്ടു. .. അത്തരം വിചാരങ്ങൾ അവരുടെ തലയിൽ തിരക്കിട്ടു ”

വധശിക്ഷയെപ്പറ്റിയുള്ള നൈതിക വിചാരമോ, കുറ്റത്തേയും ശിക്ഷയേയും കുറിച്ചുള്ള ആധുനിക സംവാദമോ അല്ല കേത്ക്കർ നടത്തുന്നത്. അറുംകൊലചെയ്ത രാഷ്ട്രീയത്തെ വെളുപ്പിച്ചെടുക്കുകയാണ്. കമ്മീഷൻ നിരീക്ഷിക്കുന്നത് പോലെ കേത് ക്കർക്ക് ഗോഡ്സേയും ആപ്തേയും കുറ്റവാളികൾ അല്ല. കേത്ക്കർ പിന്നീട് തൻ്റെ ലേഖനം വികസിപ്പിക്കുന്നത് ഗോഡ്സേയുടേയും ആപ്തേയുടേയും നീണ്ടുനിന്ന വിചാരണ, ജീവനും  സ്വത്തും നഷ്ടപ്പെട്ട് സഹിക്കേണ്ടി വന്ന നിഷ്ക്കളങ്കരായ ജനങ്ങൾ, നിരവധി പേരുടെ കരുതൽ തടങ്കലുകൾ, അവരുടെ കുടുംബങ്ങൾ സഹിക്കേണ്ടി വന്ന യാതനകൾ, എന്നിവയിലൂടെയാണ്. ” ഈ തെറ്റുകൾ നിർമ്മിച്ച ത്യാഗങ്ങളുടെ അവസാന വഴിപാടായി ഗോഡ്സേയുടേയും ആപ്തേയുടേയും തൂക്കിക്കൊലയെ കണക്കാക്കാം “.

മറ്റൊരിടത്ത് ഗോഡ്സേയെ വിഭജനത്താൽ ഭ്രാന്തു പിടിച്ച ദേശസ്നേഹിയായി വിശേഷിപ്പിക്കുന്നു. ലേഖനം തുടരുന്നത് നോക്കുക. ” ഗാന്ധിജി ഉന്നതമായ സ്വഭാവഗുണമുള്ള വ്യക്തി ആണെന്നത് ശരി തന്നെ. പക്ഷെ നേരായ രീതിയിൽ നോക്കുകയാണെങ്കിൽ നാഥുറാമിനെ മോശം സ്വഭാവഗുണമുള്ള വ്യക്തിയായി ചിത്രീകരിക്കുന്നത് യുക്തമാകില്ല. തൻ്റെ കുറ്റത്തിന് അങ്ങേ അറ്റത്തെ പിഴയൊടുക്കിയ ശേഷം നാഥുറാമിനോട് ധാർമ്മികമായ അനീതി ചെയ്യുന്നത് നമുക്ക് ഉപേക്ഷിക്കാം. നാഥുറാം ഗോഡ്സെയെ സമകാലീനരായ (സാമൂഹിക ) പ്രവർത്തകരുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ത്യാഗം, ലളിതജീവിതം, ആഡംബരത്തോടുള്ള അവഗണന, ബ്രഹ്മചര്യം, ഒരു പ്രവൃത്തി ഏറ്റെടുത്താൽ തന്നെത്തന്നെ മറന്ന് അതിൽ മുഴുകാനുള്ള സന്നദ്ധത, തുടങ്ങി നിരവധി ഗുണങ്ങളിൽ അദ്ദേഹത്തിൻ്റെ സമീപത്തെത്താൻ വളരെ കുറച്ചു പേരെ ഉണ്ടാകൂ .അദ്ദേഹം പ്രതീക്ഷിച്ച നീതി എന്ത് തന്നെയായാലും വിദൂരഭാവിയിലെ ചരിത്രം അദ്ദേഹത്തിന് അത് നൽകട്ടെ ”

നിരവധി സത്യാനന്തരതകളാൽ കോർത്തിണക്കപ്പെട്ട കാര്യങ്ങൾ ആണ് ഈ നാഥുറാം വാഴ്ത്തലിൽ ഉള്ളത്. നാം പല തവണ കണ്ട പോലെ വിഭജനവും 55 കോടിരൂപ പാകിസ്ഥാന് കൊടുത്തതും ഒന്നുമല്ല ഗാന്ധിയുടെ കൊലയിൽ എത്തിച്ചത്. അതിനെത്രയോ മുമ്പുതന്നെ ഹിന്ദുത്വവാദികൾ ഗാന്ധിക്ക് നേരെ കൊലവിളി തുടങ്ങിയിരുന്നു. ബ്രാഹ്മണ ഫാസിസ്റ്റ് രാഷ്ട്രീയത്തിൻ്റെ സ്വപ്നങ്ങൾ തകർത്ത് ഉയർന്നു വന്ന ബഹുജന രാഷ്ട്രീയത്തിനോടുള്ള അടങ്ങാത്ത കലിയും മുസ്ലീങ്ങളെ ജനാധിപത്യപരമായി ഒരു ” ഹിന്ദു ” ചേർത്തു പിടിച്ചതിനെതിരേയുള്ള രാഷ്ട്രീയവൈരാഗ്യവുമാണ് ആ കൊലയിൽ എത്തിച്ചത്. ബ്രാഹ്മണ ഫാസിസ്റ്റ് രാഷ്ട്രീയത്തിൻ്റെ പടവിൽ അതിന് വേണ്ടി, സവർക്കറിസത്തിന് വേണ്ടി ഇറങ്ങിപ്പുറപ്പെട്ട ഒരാൾക്ക് വേണ്ടി, ആ ഇസത്തിൻ്റെ മറ്റൊരു അപ്പോസ്തലൻ എഴുതുന്ന അനുശോചന ലേഖനമാണിത്. അതേ സമയം തന്നെ ആ രാഷ്ട്രീയത്തെ അത് നേരിട്ട ഏറ്റവും ഇരുട്ടുള്ള മണിക്കൂറിൽ വെളുപ്പിച്ചെടുക്കാനുള്ള ശ്രമവും . കേത്ക്കർ എഴുതുന്നു. ” ഹിന്ദു രാഷ്ട്ര പത്രികയുടെ ഈ രണ്ട് സഹ ഉടമകൾ ദൗർഭാഗ്യവശാൽ വിഭജിക്കപ്പെട്ട ഹിന്ദുരാഷ്ട്രത്തിന് നൽകുന്ന സംയുക്ത വഴിപാടായി തങ്ങളുടെ ജീവനെ നൽകിക്കൊണ്ട് അവസാനം ജീവിതത്തിൽ നിന്നും അപ്രത്യക്ഷമായി “.

നോക്കണം. ഒരു ജനാധിപത്യ ഇന്ത്യയിൽ നിന്നു കൊണ്ട് അതിനുള്ളിൽ ബ്രാഹ്മണ രാഷ്ട്രീയം ഒളിപ്പിച്ചു വെച്ച ഹിന്ദുരാഷ്ട്രത്തിൻ്റെ കൊടി എടുത്ത് വീശുകയാണ് കേത്ക്കർ. ഒരു പക്ഷേ, തൻ്റെ മുത്തച്ഛനായ തിലക് തുടങ്ങി വെച്ച ആധുനികതയുടെ മുഖപ്പട്ടയണിഞ്ഞ യാഥാസ്ഥിതിക ബ്രാഹ്മണ്യത്തെ തിരിച്ചടിയുടെ ഘട്ടത്തിൽ മുന്നോട്ടുകൊണ്ടു പോകാൻ ശ്രമിക്കുന്നതിൻ്റെ ചാരിതാർത്ഥ്യത കേത്ക്കറിൽ കാണാൻ കഴിയും. നാഥുറാം ഗോഡ്സേ ഷിംല കോടതിയിൽ പറഞ്ഞ, ഗാന്ധിയുടെ പിതൃസ്വരൂപത്തോടുള്ള കലഹം എന്ന ആശയം ഒരിക്കലും ബ്രാഹ്മണ രാഷ്ട്രീയത്തിൽ സംഭവിച്ചിട്ടേയില്ല. തങ്ങൾക്ക് രാജ്യഭരണത്തിന് വഴിയൊരുക്കിയ ശിവജി മുതൽ സവർക്കറും ഗോഡ്സേയും വരെയുള്ളവരോട് ഓർമ്മയിലും പ്രവർത്തനത്തിലും കൂറ് മാത്രമേ ബ്രാഹ്മണരാഷ്ട്രീയം പുലർത്തിയിട്ടുള്ളൂ.

ഇവിടെ നാം മറ്റൊരു കഥാപാത്രത്തെ ഓർക്കേണ്ടതുണ്ട്. തിലകിൻ്റെ മകൻ ആയ ശ്രീധർ തിലക് ആണ് ആ കഥാപാത്രം. അശോക് കുമാർ പാണ്ഡേ എഴുതിയ ‘ എന്തുകൊണ്ട് അവർ ഗാന്ധിയെ കൊന്നു ? പ്രത്യയശാസ്ത്രത്തിൻ്റേയും ഗൂഢാലോചനയുടേയും അനാവരണം ‘ (Why they Killed Gandhi , Unmasking the Ideology and Conspiracy ) എന്ന പുസ്തകത്തിൽ ശ്രീധർ തിലകിൻ്റെ ജീവിതത്തെക്കുറിച്ച് ഒരു ചെറുവിവരണം നൽകുന്നുണ്ട്. തൻ്റെ പിതാവിൻ്റെ ബ്രാഹ്മണരാഷ്ട്രീയത്തിന് കടകവിരുദ്ധമായ നിലപാടാണ് ശ്രീധർ സ്വീകരിച്ചത്. ജാതിയ്ക്കെതിരെ നിരന്തരമായ എഴുത്തുകളും പോരാട്ടവും നിറഞ്ഞതായിരുന്നു ആ ജീവിതം. മഹാത്മാ ജ്യോതിബാ ഫൂലേയുടെ കീഴാള പ്രസ്ഥാനമായ സത്യശോധക് സമാജുമായും ഡോ.അംബേദ്ക്കറുമായും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു ശ്രീധർ. ഒരിക്കൽ അംബേദ്ക്കർ ” ശ്രീധറാണ് യഥാർത്ഥ ലോകമാന്യ ” എന്ന് അഭിപ്രായപ്പെടുകയുണ്ടായി. ബ്രാഹ്മണരാഷ്ട്രീയവുമായി നിരന്തര സംഘർഷത്തിൽ ഏർപ്പെട്ട ശ്രീധറിനെ, തിലക് തുടങ്ങി വെച്ച കേസരിയിൽ എഴുതുന്നതിൽ നിന്ന് തിലകൈറ്റുകൾ വിലക്കുകയുണ്ടായി. 1921 ഏപ്രിൽ 8 ന് അദ്ദേഹം തുടങ്ങി വെച്ച സമത സംഘത്തിൻ്റെ യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തത് ഡോ.അംബേദ്ക്കർ ആണ്. ആ യോഗത്തോടനുബന്ധിച്ച് വിവിധ ജാതിക്കാരെ കോർത്തിണക്കി സഹഭോജനവും നടത്തിയിരുന്നു. തിലക് ഗണേശോത്സവം നടത്തിയപ്പോൾ മകൻ അസ്പൃശ്യതാ മേള സംഘടിപ്പിച്ചു. ബ്രാഹ്മണ രാഷ്ട്രീയവുമായി വലിയ സംഘർഷങ്ങൾ ഉണ്ടായിട്ടും അദ്ദേഹം തലയുയർത്തി നിന്നു. തിലകിൻ്റെ മരണശേഷം തിലകൈറ്റുകൾ കേസരിയുടെ ഉടമസ്ഥത സംബന്ധിച്ച് ശ്രീധറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിക്കാനാകാതെ ബോംബെയിൽ തീവണ്ടിക്ക് കുറുകെ ചാടി ശ്രീധർ ആത്മഹത്യ ചെയ്തു. അതിന് മുമ്പായി അദ്ദേഹം പ്രബോധൻ താക്കറേയ്ക്കും ഡോ. അംബേദ്ക്കർക്കും കത്തുകൾ എഴുതുകയുണ്ടായി. ഒരു ദളിതനായി പുനർജനിച്ച് തൻ്റെ പോരാട്ടം തുടരാനുള്ള ആഗ്രഹം ആ കത്തുകളിൽ അദ്ദേഹം പ്രകടിപ്പിച്ചു. സൂരജ് യെങ്ങ്ഡേ എഴുതിയ Caste Matters എന്ന പുസ്തകത്തിൽ ജൽഗാവിൽ അംബേദ്ക്കർ ശ്രീധറിന് നൽകിയ ശ്രദ്ധാഞ്ജലി രേഖപ്പെടുത്തിയിട്ടുണ്ട്. ആ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തിക്കൊണ്ടുള്ള അനുശോചന ലേഖനവും അംബേദ്ക്കർ എഴുതുകയുണ്ടായി.
എന്നാൽ അടുത്ത തലമുറയിൽ നിന്നും വരുന്ന കേത്ക്കറാകട്ടെ ബ്രാഹ്മണ രാഷ്ട്രീയത്തിൻ്റേയും സവർക്കറിസത്തിൻ്റേയും കൊടിയാണ് ഉയർത്തിയത്. ശ്രീധറിൽ നിന്നും തിലകൈറ്റുകൾ പിടിച്ചെടുത്ത കേസരിയിലാണ് കേത്ക്കറുടെ ഗോഡ്സേയെ പ്രകീർത്തിക്കുന്ന ലേഖനം വന്നത് എന്നോർക്കണം.

ഗാന്ധിവധത്തെക്കുറിച്ച് കേത്ക്കർക്ക് മുൻധാരണയുണ്ടായിരുന്നു എന്ന് അഭിപ്രായപ്പെട്ട കപൂർ കമ്മീഷൻ അതിന് ഉപോദ്ബലകമായ മറ്റൊരു സംഭവം കൂടി ചൂണ്ടിക്കാണിക്കുന്നുണ്ട്. 1948 ജനുവരി 20 ന് നടന്ന ഗാന്ധിവധത്തിനുള്ള ആദ്യശ്രമം പാളിയശേഷം പൂനെയിൽ തിരിച്ചെത്തിയ ദിഗംബർ ബഡ്ഗെയെ അവിടെ വെച്ച് 1948 ജനുവരി 23 ന് കേത്ക്കർ കാണുകയുണ്ടായി. മദൻലാൽ പഹ് വ ബോംബു പൊട്ടിച്ച സംഭവത്തിന് പിന്നിൽ ആപ്തേയും ഗോഡ്സേയുമാണെന്ന് ബഡ്ഗേ കേത്ക്കറോട് വെളിപ്പെടുത്തി. ബഡ്ഗേയുടെ ജീവിതത്തിൽ കേത്ക്കർ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബഡ്ഗേയെ ഹിന്ദുമഹാസഭാ പ്രവർത്തനത്തിലേയ്ക്ക് ആനയിച്ചത് കേത്ക്കർ ആയിരുന്നു. മാത്രമല്ല, ശസ്ത്രഭണ്ഡാർ എന്ന സ്ഥാപനം തുടങ്ങാൻ വേണ്ട ധനസഹായം നൽകിയതും കേത്ക്കർ ആയിരുന്നു. ആപ്തേയും ഗോഡ്സേയും തങ്ങളുടെ ‘ ജോലി ‘ മുഴുമിപ്പിക്കാനായി വീണ്ടും ഡെൽഹിക്ക് പോകുമെന്നും ബഡ്ഗേ അറിയിക്കുകയുണ്ടായി. എന്നിട്ടുപോലും ആ പാതകം തടയാൻ ഈ വിവരം അധികൃതരെ കേത്ക്കർ അറിയിക്കുകയുണ്ടായില്ല. ഏറ്റവും ചുരുങ്ങിയത് കുറഞ്ഞ ധാരണയെങ്കിലും കേത്ക്കർക്ക് ഗാന്ധിവധത്തെ സംബന്ധിച്ച്‌ ഉണ്ടായിരുന്നു എന്ന് നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കാം. ഒരർത്ഥത്തിൽ ആ വധത്തെ കേത്ക്കർ ആഗ്രഹിച്ചിരുന്നു എന്നും. ബഡ്ഗേയും കേത്ക്കറോട് തൻ്റെ കടപ്പാട് സൂക്ഷിച്ചിരുന്നത് കൊണ്ടാകാം, മാപ്പുസാക്ഷി എന്ന നിലയിൽ തൻ്റെ പ്രസ്താവന രേഖപ്പെടുത്തിയപ്പോൾ കേത്ക്കറുമായുള്ള ഈ കൂടിക്കാഴ്ചയെക്കുറിച്ച് ഒന്നും തന്നെ ഉൾപ്പെടുത്തിയില്ല.

കേത്ക്കർക്ക് മേലുള്ള അവിശ്വാസം കഠിനമായ ഭാഷയിൽ തന്നെ കമ്മീഷൻ രേഖപ്പെടുത്തുന്നുണ്ട്. പൂനെയിലെ ജനാവലിയും 1964 നവംബർ 15 ന് നടത്തിയ പ്രസംഗത്തോടെ കേത്ക്കർക്ക് എതിരായതായി കാണുന്നു. 1964 നവംബർ 22 ന് ഒരു സംഘം അമേരിക്കക്കാരുമായി പൂനെയിലെ ജെയിൻ മന്ദിർ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ഒരു സംഘം ചെറുപ്പക്കാർ മുന്നോട്ട് വരികയും കേത് ക്കറുടെ കഴുത്തിൽ ചെരിപ്പുമാല അണിയുകയും ചെയ്തു. അമേരിക്കക്കാരോട് കേത്ക്കർ ഒരു വഞ്ചകനാണെന്ന് ചെറുപ്പക്കാർ പറഞ്ഞു.

ഇങ്ങനെ ജനസാമാന്യം എതിരാണെങ്കിലും നാഥുറാം ഗോഡ്സേയെ ഹിന്ദുരാഷ്ട്രത്തിൻ്റെ രക്തസാക്ഷിയായി അവതരിപ്പിക്കാനുള്ള ശ്രമം ഹിന്ദുത്വ ശക്തികൾ തുടർന്നത് കമ്മീഷന് മുമ്പേ ഹാജരായ ബി.ബി. പേ മാസ്റ്റർ ചൂണ്ടിക്കാണിക്കുന്നുണ്ട്( ഖണ്ഡിക 20.64 ) . 1949 നവംബർ 15 ന് ഗോഡ്സേയെ തൂക്കിലേറ്റിയ ശേഷം എല്ലാ വർഷവും ആ ദിനം ഗോഡ്സേയുടെ കുടുംബക്കാർ ശ്രാദ്ധദിനം ആയി ആചരിച്ചിരുന്നു. 1959 മുതൽ ഗോപാൽ ഗോഡ്സേയുടെ ഭാര്യയായ സിന്ധു ഹിന്ദുമഹാസഭയുടെ നേതാക്കളെ ക്ഷണിച്ചു വരുത്തി ആ ദിനം രക്തസാക്ഷി ദിനമായി ആചരിച്ചു വന്നു. 1961 ൽ പൂനെയിലെ ഹിന്ദുമഹാസഭ ആ ദിനം ” ഹിന്ദുസ്ഥാൻ ദിന” മായി ആചരിക്കാൻ പ്രമേയം പാസ്സായി. അക്കൊല്ലം 200 പേർ ആ ആചരണത്തിൽ പങ്കെടുത്തു. അതിന് മുമ്പ് 1959 ൽ ഹിന്ദു കലണ്ടർ അനുസരിച്ച് ഗോഡ്സേയുടെ രക്തസാക്ഷി ദിനമായ നവംബർ 25 ന് ഹിന്ദുമഹാസഭയുടേയും ആർ എസ് എസിൻ്റേയും പ്രമുഖ നേതാക്കൾ പങ്കെടുത്ത് ഗോഡ്സേയുടെ അപദാനങ്ങൾ വാഴ്ത്തുന്ന യോഗം കൂടുകയുണ്ടായി. ഗാന്ധിവധത്തെ തുടർന്ന് ഗോഡ്സേയെ ആർ എസ് എസ് തള്ളിപ്പറഞ്ഞെങ്കിലും ആ യോഗത്തിൽ ആർ എസ് എസ് നേതാവായ എൻ ജി അഭ്യങ്കർ പങ്കെടുത്ത് നാഥുറാം ഗോഡ്സേയെ വാഴ്ത്തുകയുണ്ടായി. 1960 നവംബർ 15 ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ ജി വി കേത്ക്കർ പങ്കെടുത്ത് ഗോഡ്സേയ്‌ക്ക് സ്മരണാഞ്ജലികൾ അർപ്പിച്ചു. 1961 ,62 ,63 വർഷങ്ങളിലും സമ്മേളനം കൂടി ഗോഡ്സേയെ രക്തസാക്ഷിയായും രാജ്യസ്നേഹിയായും വാഴ്ത്തി.

കപൂർ കമ്മീഷൻ റിപ്പോർട്ടിൽ വിവരിക്കുന്ന ബക്ഷി റാം സംഭവവും ഗോഡ്സേയും കൂട്ടരും നടത്തിയ ഗൂഢാലോചനയുടെ വ്യാപ്തി വെളിപ്പെടുത്തുന്ന ഒന്നാണ്. 1948 ജനുവരി ആദ്യ ആഴ്ചയിൽ ഒരു കൊള്ള നടത്തിയതിന് ഐ പി സി 394 പ്രകാരം ആഗ്ര ജയിലിൽ അടക്കപ്പെട്ട ബക്ഷി റാം എന്ന കക്ഷിയാണ് ഇതിലെ കഥാപാത്രം. ഭഗത് സിംഗിൻ്റേയും ബടുകേശ്വർ ദത്തിൻ്റെയും സഹകാരിയായിരുന്നു എന്നവകാശപ്പെട്ട ബക്ഷിറാം തന്നെ ജയിലലടച്ച നാം നേരത്തെ പരാമർശിച്ച പോലീസ് ഉദ്യോഗസ്ഥനായ ഹൻഡുവിനെ കാണണം എന്ന് 1948 ജനുവരി 23 നോ അതിനോട് അനുബന്ധിച്ച ദിവസങ്ങളിലോ ആവശ്യപ്പെടുകയുണ്ടായി. അത് നടക്കാതെ വന്നപ്പോൾ അതിന് വേണ്ടി ജയിലിൽ ബക്ഷി റാം നിരാഹാര സമരം തുടങ്ങി വെച്ചു. അതെ തുടർന്ന് ഹൻഡു ജയിലിൽ ബക്ഷി റാമിനെ സന്ദർശിച്ചപ്പോൾ മഹാത്മാഗാന്ധി ഉടൻ തന്നെ വധിക്കപ്പെടുമെന്ന് തനിക്ക് ഉറപ്പാണെന്ന് അയാൾ ഹൻഡുവിനോട് പറഞ്ഞു. മദൻലാൽ ഗൺ കോട്ടൺ സ്ലാബ് പൊട്ടിച്ച വാർത്ത അയാൾ പത്രങ്ങളിൽ വായിച്ചിരുന്നു. തനിക്കും ഏഴ് മറാത്താ യുവാക്കൾക്കുമിടയിലെ കണ്ണിയായിരുന്നു മദൻലാൽ എന്നാണ് അയാൾ അറിയിച്ചത്. 1947  ഡിസംബറിൽ ഗ്വാളിയറിൽ വെച്ച് ബക്ഷി റാം അഭ്യസിച്ചിരുന്ന പിസ്റ്റൾ ഉപയോഗിച്ചുള്ള വെടിവെയ്പിനെ കുറിച്ചുള്ള പാഠങ്ങൾ ഈ ഏഴ് മറാത്താ യുവാക്കൾക്ക് കൈമാറണം എന്നായിരുന്നു മദൻലാൽ അദ്ദേഹത്തോടാവശ്യപ്പെട്ടത്. ഈ ഏഴ് യുവാക്കളും പരസ്പരം അഭിസംബോധന ചെയ്തിരുന്നത് സുബേദാർ, ജമേദാർ തുടങ്ങിയ സൈനിക പദവി നാമങ്ങൾ ഉപയോഗിച്ചാണ്. അവരുടെ  പരസ്പര സംസാരം ശ്രദ്ധിച്ചതിൽ  നിന്നും ഡെൽഹിയിലെ ഒരു ഉന്നതനായ രാഷ്ട്രീയ നേതാവിനെ വധിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളതെന്ന് ബക്ഷി റാമിന് മനസ്സിലാക്കാൻ കഴിഞ്ഞു. മദൻലാൽ പിടിയിലായ വാർത്ത വായിച്ചതോടെ ആ രാഷ്ട്രീയ വ്യക്തിത്വം ഗാന്ധിയാണ് എന്നയാൾക്ക് തോന്നി.

ഹൻഡു അയാളെ തിരിച്ചും മറിച്ചും ചോദ്യം ചെയ്ത് അയാൾ പറയുന്ന കഥയിൽ അയാൾ ഉറച്ചു നിൽക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി. അതിന് ശേഷം ആ മൊഴി രേഖപ്പെടുത്തി ഡെൽഹിയിലെ ഇൻറലിജൻസ് ബ്യൂറോ ഡയറക്ടർക്കും യു പി യിലെ ഐ ജി ആയിരുന്ന ബി എൻ ലാഹിരിക്കും മീററ്റ് പ്രവിശ്യയുടെ ചുമതല വഹിക്കുന്ന ഡി ഐ ജിയായ ബി ബി എസ് ജെറ്റ്ലിക്കും (അന്നേരം അദ്ദേഹം ആഗ്രയിൽ സന്ദർശനത്തിന് എത്തിയിട്ടുണ്ടായിരുന്നു ) എത്തിച്ചു കൊടുത്തു. ആ മറാത്താ യുവാക്കളുടെ നേതാവ് പൂനെയിൽ നിന്നുള്ള ഒരു പത്രത്തിൻ്റെ ലേഖകൻ ആയിരുന്നുവെന്നും എന്നാൽ അയാളുടെ പേരോ പത്രത്തിൻ്റെ പേരോ തനിക്കറിയില്ലെന്നും ബക്ഷി റാം പറയുകയുണ്ടായി. എന്നാൽ 1948 ജനുവരി 30 ന് ഗാന്ധി വധിക്കും വരെ ബക്ഷി റാമിൻ്റെ മൊഴിയിൽ പോലീസ് നടപടിയൊന്നും എടുത്തില്ല .

കമ്മീഷന് മുന്നിൽ ഹാജരായ ബി ബി എസ് ജെറ്റ്ലി, ഹൻഡുവിൻ്റെ മൊഴി ശരിവെച്ചു. അക്കാര്യം സഞ്ജീവിയേയും ഐ ജി ലാഹിരിയേയും ടെലഫോണിൽ അറിയിക്കുകയുണ്ടായി.

പോലീസ് ഡെപ്യൂട്ടി ഡയറക്ടരായിരുന്ന എം കെ സിൻഹയുടെ നിർദ്ദേശത്തിൽ ഒരു പോലീസ് ഓഫീസർ ബക്ഷി റാമിനെ ചോദ്യം ചെയ്തുവെന്നും കമ്മീഷൻ്റെ ശ്രദ്ധയിൽ പെടുകയുണ്ടായി. തനിക്ക് ഭരത്പൂർ മഹാരാജാവുമായുള്ള ബന്ധത്തെക്കുറിച്ചും മഹാത്മാ ഗാന്ധിയേയും പണ്ഡിറ്റ് നെഹ്റുവിനേയും വധിക്കാൻ തൻ്റെ സഹോദരൻ തന്നിൽ സ്വാധീനം ചെലുത്തിയതിനെക്കുറിച്ചും ബക്ഷി റാം പോലീസിനോട് പറയുകയുണ്ടായി. മഹാത്മാഗാന്ധിക്ക് നേരെയുള്ള വധശ്രമം അറിഞ്ഞതിനെ തുടർന്ന് കൂടെയുള്ള തടവുകാരോട് ഗാന്ധിയുടേയും നെഹ്റുവിൻ്റേയും ആസാദിൻ്റേയും ദിനങ്ങൾ എണ്ണപ്പെട്ടു എന്ന് അദ്ദേഹം പറയുകയുണ്ടായി. ” ജയിൽ അധികൃതരിൽ നിന്നും യാതൊരു സഹകരണവും എനിക്ക് ലഭിക്കുകയുണ്ടായില്ല. അതിനാൽ അത് ആരെയെങ്കിലും എഴുതി അറിയിക്കാൻ എനിക്ക് കഴിഞ്ഞില്ല “. അതിനാൽ ഗാന്ധിയുടെ മരണവിവരം അറിഞ്ഞ ഉടൻ സ്വന്തം  മന:സാക്ഷി അദ്ദേഹത്തെ വേദനിപ്പിച്ചു കൊണ്ടിരുന്നു. അതെ തുടർന്നാണ് ഗാന്ധി മരിച്ചുവെങ്കിലും നെഹ്റുവിനെയെങ്കിലും രക്ഷിക്കാനാകും എന്ന പ്രതീക്ഷയോടെ പോലീസിനെ കാണാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹം നിരാഹാര സമരം ആരംഭിച്ചത്. ഡോ. പർച്ചൂരെയുമായും ഗ്വാളിയറിയ സർദാർ അംഗ്രെയുടെ മകനായ ലാൽജിയുമായും അടുത്ത് ഇടപഴകിയിരുന്ന ആളായിരുന്നു താനെന്നും ബക്ഷി റാം അവകാശപ്പെട്ടു. ( ഖണ്ഡിക 21.69 )

ബക്ഷി റാം സംഭവത്തിൽ കമ്മീഷന് മുമ്പിൽ സമർപ്പിക്കപ്പെട്ട മറ്റൊരു പ്രധാനപ്പെട്ട തെളിവുരേഖ ലക്നൗവിലെ സി ഐ ഡി ശ്രീ സംപൂരൺ സിംഗ് ഡെൽഹി പോലീസിന് സമർപ്പിച്ച റിപ്പോർട്ടാണ്. അതിൽ പഞ്ചാബിലെ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ ആർമിയിലെ അംഗമായിരുന്നു ബക്ഷി റാം എന്നും ധന്വന്തരി അടക്കം നിരവധി വിപ്ലവ പ്രവർത്തകരോടൊപ്പം ചേർന്നു പ്രവർത്തിച്ചിരുന്നു എന്നും ചൂണ്ടിക്കാട്ടുന്നു. ലാഹോറിലെയും മറ്റു സ്ഥലങ്ങളിലേയും ഭീകരവാദികളുമായി അയാൾക്ക് ബന്ധമുണ്ടെന്നും. ആ റിപ്പോർട്ട് അവസാനിക്കുന്നതിങ്ങനെ.” എന്റെ നിഗമനം പോകുന്നത് അയാൾ പഞ്ചാബിൻ്റേയും ലാഹോറിൻ്റേയും  ചുമതല വഹിച്ചിരുന്ന പോലീസ് സ്പെഷ്യൽ ബ്രാഞ്ച് സൂപ്രണ്ടായിരുന്ന പരേതനായ ഖാൻ ബഹദൂർ മിർസാ മിറാജുദ്ദീൻ്റെ, ശമ്പളം പറ്റിയിരുന്നതോ അല്ലാത്തതോ ആയ ഒരു ഏജൻറ് ആയിരുന്നുവെന്നാണ് “. ഈ റിപ്പോർട്ടിൽ സംപൂരൺ സിംഗ് ഉന്നയിച്ച മറ്റൊരു കാര്യം ബക്ഷി റാം, മദൻലാൽ പഹ് വയുടെ ജന്മസ്ഥലമായ അതേ മോണ്ട് ഗോമറി ജില്ലക്കാരൻ ആയിരുന്നു എന്ന സംശയമാണ്. (ഖണ്ഡിക 21. 70 )

കമ്മീഷൻ്റെ മുമ്പാകെ സമർപ്പിച്ച മൊഴികളുടെ വൈരുദ്ധ്യം തീയ്യതികളെ കുറിച്ചാണ്. ബക്ഷി റാം ജയിലിൽ നിരാഹാരമനുഷ്ഠിച്ചത് ഗാന്ധി വധത്തിന് മുമ്പോ പിമ്പോ എന്ന കാര്യത്തിൽ വിവിധമൊഴികൾ വ്യത്യസ്ത അഭിപ്രായമാണ് നൽകുന്നത്. എന്നാൽ ഗാന്ധി വധത്തിന് മുമ്പുതന്നെ അദ്ദേഹം ഇക്കാര്യം ഉന്നയിച്ചിരുന്നുവെന്നും എന്നാൽ അതിന് ശേഷം മാത്രമാണ് ഇത് പോലീസിന് മുന്നിൽ അവതരിപ്പിക്കാൻ സാധിച്ചുള്ളൂ എന്നുമാണ് നമുക്ക് ഈ മുഴുവൻ സംഭവത്തിൻ്റേയും വിവരണത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുക. മദൻലാൽ പഹ് വയുടെ മൊഴിയുമായി അങ്ങേയറ്റം യോജിച്ചു നിൽക്കുന്നതിനാൽ ബക്ഷി റാമിന് ഗാന്ധി വധ ഗൂഢാലോചനയെക്കുറിച്ച് ധാരാളം അറിവുകൾ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. എന്നാൽ പോലീസ് ആ ദിശയിൽ അന്വേഷണങ്ങൾ നടത്തിയതായി കാണുന്നില്ല. ജെറ്റ്ലിയെപ്പോലുള്ള ഒരു ഉദ്യോഗസ്ഥൻ ബക്ഷിറാം നടത്തിയ പതിമൂന്ന് ദിവസത്തെ നിരാഹാരം ചൂണ്ടിക്കാട്ടി അദ്ദേഹത്തിൻ്റെ മാനസാന്തരത്തിൻ്റെ പരിശുദ്ധതയിൽ വിശ്വസിക്കുമ്പോൾ പഞ്ചാബ് ഡി ഐ ജിയും ആ കാലയളവിൽ പഞ്ചാബ് പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടുമായിരുന്ന രാധികാ നാരായൺ ശുക്ലയെപ്പോലുള്ള സാക്ഷികൾ തനിക്ക് മേൽ ചുമത്തപ്പെട്ട കൊള്ളയുടെ കാര്യത്തിൽ നിന്ന് പോലീസിൻ്റെ ശ്രദ്ധ തെറ്റിക്കാൻ ബക്ഷി റാം നടത്തുന്ന സമർത്ഥമായ ശ്രമമായിട്ടാണ് അതിനെ കണ്ടത്. കൊള്ളക്കേസിൽ നിന്ന് ജാമ്യം കിട്ടി പുറത്തു വരാനും പോലീസ് കസ്റ്റഡിയിൽ തന്നെ എത്തിച്ച ചിലരോട് പ്രതികാരം ചെയ്യാനുമുള്ള ബക്ഷി റാമിൻ്റെ വാഞ്ഛയാണ് ഇത്തരമൊരു രാഷ്ട്രീയ നായകനാകാനുള്ള ബക്ഷി റാമിൻ്റെ ശ്രമത്തിന് പിന്നിൽ എന്നാണ് അദ്ദേഹം പറയുന്നത്.

ബക്ഷി റാമിൻ്റെ ഉദ്ദേശ്യം എന്തായിരുന്നാലും അദ്ദേഹം പുറത്തുവിട്ട കാര്യങ്ങൾ പിൽക്കാലത്ത് തെളിഞ്ഞ ചരിത്രവസ്തുതകളുമായി അതിശയകരമാം വിധം ചേർന്നു നിൽക്കുന്നു എന്നത് സത്യമാണ്. പോലീസ് അന്വേഷണം ഇക്കാര്യത്തിൽ ഉണ്ടായില്ലെങ്കിലും നാഥുറാം ഗോഡ്സേയും കൂട്ടാളികളും ഗാന്ധിയെ കൊല്ലാനുള്ള പദ്ധതിയിൽ എത്ര മാത്രം വ്യാപൃതരായിരുന്നു എന്നത് വ്യക്തമായി ചൂണ്ടിക്കാട്ടുന്നു ബക്ഷി റാമിൻ്റെ പ്രസ്താവന. മാത്രമല്ല, ആ ഗൂഢാലോചനയുടെ വികാസം സംഭവിക്കുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ അതിർത്തിക്കുള്ളിലാണ്. പാകിസ്ഥാന് 55 കോടി രൂപ നൽകാൻ സമ്മർദ്ദം ചെലുത്തിയത് കൊണ്ടാണ് ഗാന്ധിവധം നടന്നതെന്നും ഗോഡ്സേയുടെ വ്യക്തിഗതമായ ഒരു പ്രവൃത്തിയായിരുന്നു അതെന്നുമുള്ള വാദങ്ങളുടെ സത്യാനന്തരത തുറന്നു കാട്ടുന്ന മൊഴിയാണ് ബക്ഷി റാമിൻ്റേത്. അങ്ങനെ ബ്രാഹ്മണ രാഷ്ട്രീയത്തിന്റെ പൂരണത്തിനായി അതി വിദഗ്ദ്ധമായി ഗൂഢാലോചന നിർവ്വഹിച്ച നാഥുറാമിനെയാണ് സാത്വിക ജന്മമായി കേത് ക്കറും മറ്റും വിശേഷിപ്പിക്കുന്നത്. സവർക്കറിസം എന്ന് സവർക്കർ തന്നെ പേരിട്ടു വിളിച്ച ബ്രാഹ്മണ ഫാസിസത്തിൻ്റെ ഇരുണ്ടതും തെളിഞ്ഞതുമായ പ്രവർത്തന രീതികളെ തുറന്നു കാണിക്കുന്ന ഒന്നാണ് ബക്ഷി റാമിൻ്റെ പ്രസ്താവന.

ഇതോടൊപ്പം തന്നെ ചേർത്തുവായിക്കേണ്ടതാണ് സാക്ഷി നമ്പർ 15 ആയ പുരുഷോത്തം ത്രികംദാസ് കമ്മീഷന് മുന്നിൽ നൽകിയ സാക്ഷിമൊഴി. 1948 ജനുവരി ആദ്യവാരം ഗാന്ധിജിയെ കണ്ട് തിരിച്ചെത്തിയ അദ്ദേഹത്തെ കാണാൻ ഒരാൾ എത്തിച്ചേർന്നു. കമ്മീഷൻ സിറ്റിംഗ് നടത്തുന്ന കാലയളവിൽ അദ്ദേഹത്തിൻ്റെ പേര് ഓർമ്മിച്ചെടുക്കാൻ പുരുഷോത്തം ത്രികം ദാസിന് കഴിഞ്ഞില്ല. ആദ്യമായാണ് അങ്ങനെയൊരാളെ ത്രികംദാസ് കാണുന്നത്. അദ്ദേഹം വല്ലഭാചാര്യ വിഭാഗത്തിൻ്റെ ആത്മീയ നേതാവായ ഗോകുൽ നാഥ്ജി മഹാരാജിൻ്റെ അനുചരൻ ആയിരുന്നു. ആ മനുഷ്യൻ എന്നോട് ” ഗാന്ധിയുടെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹത്തിന് കുറച്ചു കാര്യങ്ങൾ അതെപ്പറ്റി അറിയാമെന്നും പറഞ്ഞു. മഹാത്മാഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും “. പുരുഷോത്തം ത്രികം ദാസ് അത് കേട്ടപ്പോൾ അദ്ദേഹത്തോട് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഗോകുൽ നാഥ് ജി മഹാരാജിൻ്റെ അടുത്ത വൃത്തങ്ങളിൽ നിന്നാണ് ഇത് അറിഞ്ഞതെന്നും അതിന് വേണ്ടിയുള്ള ആയുധങ്ങൾ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുരുഷോത്തം അദ്ദേഹത്തെ ബോംബെ മുഖ്യമന്ത്രിയായിരുന്ന ബി.ജി.ഖേറിൻ്റെ അടുത്തേക്കും ഖേർ നിർദ്ദേശിച്ചതനുസരിച്ച് ആഭ്യന്തരമന്ത്രി ആയിരുന്ന മൊറാർജിയുടെ അടുത്തേക്കും കൊണ്ടുപോയി. മൊറാർജി എന്താണ് ചോദിച്ചറിഞ്ഞതിനെ പറ്റി പുരുഷോത്തം ത്രികം ദാസിന് പിടിപാടില്ലായിരുന്നു. കാരണം മൊറാർജിയുമായുള്ള കൂടിക്കാഴ്ച അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യത്തിലല്ല നടന്നത് ( ഖണ്ഡിക 21.178 )

ഇങ്ങനെ ഗൂഢാലോചനയുടെ അടരുകൾ ഹിന്ദുത്വ ക്യാമ്പിൽ നിന്നും അപൂർവ്വമായെങ്കിലും പുറത്തേക്ക് പടർന്നിരുന്നു. ആർ എസ് എസ് പിന്നിൽ നിന്നു കൊണ്ട് ഗാന്ധി വധത്തിൻ്റെ ഗൂഢാലോചന നടത്തുന്നതായി കമ്യൂണിസ്റ്റ് പത്രമായ പീപ്പിൾസ് ഏജ് 1947 മുതൽ റിപ്പോർട്ട് ചെയ്തതായി കാഞ്ജി ദ്വാരകാ ദാസ് കമ്മീഷന് മുന്നിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഗൂഢാലോചനയുടെ വിവരങ്ങൾ മന്ത്രിതലത്തിൽ വരെ എത്തിയിരുന്നു.

ഹിന്ദുത്വരാഷ്ട്രീയത്തിന്റെ മാർപാപ്പ എന്ന് വിളിക്കാവുന്ന സവർക്കർ കേസിൽ നിന്നും ഒഴിവായതെങ്ങനെ എന്ന് നേരിട്ട് കമ്മീഷൻ പരിശോധിക്കുന്നില്ലെങ്കിലും സവർക്കറുടെ പങ്ക് എന്തെന്ന് സാക്ഷിമൊഴികളിൽ നിന്നും കേസിൻ്റെ രേഖകളിൽ നിന്നും കമ്മീഷൻ ഉരുത്തിരിച്ചെടുക്കുന്നുണ്ട്. സവർക്കർക്കും അദ്ദേഹത്തിൻ്റെ സെക്രട്ടറി ഡാംലേയ്ക്കും അംഗരക്ഷകനായ അപ്പാ രാമചന്ദ്ര കസാറിനും ഗാന്ധിവധത്തിൻ്റെ ഗൂഢാലോചനയെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നുവെന്ന് ഗാന്ധി വധത്തിൻ്റെ പിറ്റേന്ന് തന്നെ പോലീസിന് വിവരം കിട്ടുന്നുണ്ട്. കരുതൽ തടങ്കലിൽ ആയിരുന്ന ലിമായേയും ചവാനേയും ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരം പോലീസിന് ലഭിക്കുന്നത്. സവർക്കർക്ക് എല്ലാ കാര്യങ്ങളും അറിയാമെന്നും തൻ്റെ ദൗത്യം പൂർത്തീകരിക്കുന്നതിന് മുമ്പായി സവർക്കറുമായി കൂടിയാലോചിച്ചിരിക്കുമെന്നും ലിമായേ പോലീസിനെ അറിയിച്ചു. ആപ്തേയെ കൂട്ടാതെ ഗോഡ്സേ ഒന്നും ചെയ്യില്ലെന്ന് ചവാനും . അതിന് ശേഷം ഡാംലേയേയും കസാറിനേയും ചോദ്യം ചെയ്യുകയുണ്ടായി. അതിന് ശേഷം ബൽരാജ് മേത്ത, രാമേശ്വർ സിങ്ങ് ഠാക്കൂർ, ത്രിലോക് നാഥ് മെഹ്റ, ഫക്കീർ ചന്ദ് ചോപ്ര, എൽ ജി തട്ടേ, പ്രഹ്ളാദ് ദത്ത് എന്നിവരേയും ചോദ്യം ചെയ്യുകയുണ്ടായി.

1948 മാർച്ച് 4 നാണ് ഗജാനൻ വിഷ്ണു ഡാംലേ എന്ന സവർക്കറുടെ സെക്രട്ടറിയെ ബോംബെ പോലീസ് ചോദ്യം ചെയ്തത്. കഴിഞ്ഞ നാലുവർഷങ്ങളായി ‘അഗ്രണി’യിലെ എൻ ഡി ആപ്തേയെ അറിയാമെന്ന് ഡാംലേ സമ്മതിക്കുകയുണ്ടായി. ആപ്തേ അഹ്മദ് നഗറിൽ ഒരു റൈഫിൾ ക്ലബ്ബ് നടത്തിയിരുന്നു. യുദ്ധസമയത്ത് അദ്ദേഹം ഒരു ഹോണററി റിക്രൂട്ടിങ്ങ് ഓഫീസർ ആയി സേനയിൽ പ്രവർത്തിച്ചിരുന്നു. സവർക്കറുടെ വസതിയിലെ നിത്യസന്ദർശകനായിരുന്നു ആപ്തേ. ചിലപ്പോഴൊക്കെ ഗോഡ്സേയും കൂടെയുണ്ടാകും. അഗ്രണിയുടെ സെക്യൂരിറ്റിയായി പണം നൽകണം എന്ന് വന്നപ്പോൾ സവർക്കർ 15,000 രൂപ ആപ്തേയ്ക്കും ഗോഡ്സേയ്ക്കും കടം നൽകുകയുണ്ടായി. ആ പത്രം നിർത്തേണ്ടി വന്നപ്പോൾ ഹിന്ദുരാഷ്ട്ര എന്ന പുതിയ പത്രം ആരംഭിച്ചു. അതിൻ്റെ ഡയറക്ടർമാരിൽ ഒരാൾ സവർക്കറും കാര്യകർത്താക്കൾ ആപ്തേയും ഗോഡ്സേയും ആയിരുന്നു. അഹ്മദ് നഗറിലെ ഹിന്ദുമഹാസഭാ പ്രവർത്തകൻ ആയിരുന്ന ആപ്തേയെ ഏതാണ്ട് മൂന്നുവർഷങ്ങളായി അറിയാം. ഇടയ്ക്കിടെ അദ്ദേഹം സവർക്കറെ സന്ദർശിക്കാറുണ്ട്. ബഡ്ഗെയേയും കഴിഞ്ഞ 3 വർഷങ്ങളായി അറിയാം. അദ്ദേഹവും സവർക്കറെ സന്ദർശിക്കാറുണ്ട്.(ഖണ്ഡിക 25.168)

1948 ജനുവരി ആദ്യവാരത്തിൽ കർക്കരേ ഒരു പഞ്ചാബി അഭയാർത്ഥിയുമായി സവർക്കറുടെ അടുത്തെത്തി. അര മണിക്കൂറോ നാല്പത്തഞ്ചു മിനിറ്റോ നീണ്ടു നിൽക്കുന്ന ഒരു അഭിമുഖം അവർ രണ്ടു പേരും സവർക്കറുമായി നടത്തുകയുണ്ടായി. അവർ രണ്ടു പേരും പിന്നീട് സവർക്കറെ കാണാനെത്തിയിട്ടില്ല.( ഖണ്ഡിക 25.169)

1948 ജനുവരി മദ്ധ്യത്തിൽ ഒരു ദിവസം അർദ്ധരാത്രിയിൽ ആപ്തേയും ഗോഡ്സേയും സവർക്കറെ കാണാനെത്തി. ബഡ്ഗെ സവർക്കറെ അവസാനമായി കണ്ടത് 1947 ഡിസംബർ അവസാനമാണ്. ബി എസ് മുഞ്ജേയെപ്പോലുള്ള ഹിന്ദുമഹാസഭയുടെ നിരവധി നേതാക്കൾ സവർക്കറെ വന്നു കണ്ടിട്ടുണ്ട് ( ഖണ്ഡിക 25.170)

1948 ജനുവരി 26 നോ തൊട്ടടുത്തോ അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ സെക്രട്ടറി അശുതോഷ് ലാഹിരി സവർക്കർ സദനിൽ എത്തി. മറ്റ് രണ്ടു പേർ കൂടി അദ്ദേഹത്തെ അനുഗമിച്ചിരുന്നു. വിമാനത്താവളത്തിൽ നിന്ന് നേരെ സവർക്കറുടെ വസതിയിലെത്തിയ അവർ നേരെ ഒന്നാം നിലയിലുള്ള അദ്ദേഹത്തിൻ്റെ മുറിയിൽ ചെന്നു. അടുത്ത ദിവസവും ലാഹിരി സവർക്കറെ കാണാൻ വരികയും അദ്ദേഹത്തോടൊപ്പം ഒന്നര മണിക്കൂർ ചെലവഴിക്കുകയുമുണ്ടായി. അതിനുശേഷം അദ്ദേഹം പൂനെയിൽ പോകുകയും ജനുവരി 29 ന് തിരിച്ചു വരികയും ചെയ്തു. 30 ന് സവർക്കറെ കാണാൻ അദ്ദേഹം വീണ്ടുമെത്തുകയും അദ്ദേഹവുമായി നീണ്ട സംഭാഷണം നടത്തുകയും ചെയ്തു. ഉച്ചതിരിഞ്ഞ് നാലുമണിക്ക് അദ്ദേഹം ഒരു പത്ര സമ്മേളനം നടത്തുകയുണ്ടായി. അതിന് ശേഷം ചൗപ്പാത്തിയിൽ ഒരു പൊതു സമ്മേളനത്തിൽ പങ്കെടുക്കേണ്ടതായിരുന്നു. പക്ഷെ ഗാന്ധി വധത്തെ തുടർന്ന് അത് മാറ്റിവെച്ചു (ഖണ്ഡിക 25.171)

ഗാന്ധിവധത്തിൻ്റെ റേഡിയോ വാർത്ത കേട്ട ഉടനെ ഡാംലെ ഉടൻ തന്നെ സവർക്കറെ അറിയിച്ചു. പിറ്റേന്ന് രാവിലെ ഒരു പ്രസ്താവന പത്രങ്ങൾക്കായി നല്കാമെന്ന് സവർക്കർ അറിയിച്ചു. അന്നു രാത്രി ഡാംലെയും കസാറും അറസ്റ്റ് ചെയ്യപ്പെട്ടു.

സവർക്കറുടെ അംഗരക്ഷകനായ അപ്പാ രാമചന്ദ്ര കസാറിൻ്റെ മൊഴി പോലീസ് രേഖപ്പെടുത്തിയത് 1948 മാർച്ച് 4 നാണ്. 1946 മുതൽ ആപ് തേയും ഗോഡ്സേയും സവർക്കറെ കൂടെക്കൂടെ സന്ദർശിക്കുമായിരുന്നു. കർക്കരേയും സന്ദർശിക്കാറുണ്ട്. ഇന്ത്യാ വിഭജനത്തിൻ്റെ ചർച്ച ഉയർന്നു വന്ന നാളുകളിൽ ഈ മൂന്നു പേരും സവർക്കറെ സന്ദർശിക്കുകയും വിഭജന പ്രശ്നം സവർക്കറുമായി ചർച്ച ചെയ്യുകയും ഉണ്ടായി. കോൺഗ്രസ്സ് ഹിന്ദുക്കളോട് ശത്രുതാപരമായാണ് പ്രവർത്തിക്കുന്നതെന്നും അഗ്രണിയിലൂടെ കോൺഗ്രസ്സിനും മഹാത്മാഗാന്ധിക്കും അദ്ദേഹത്തിൻ്റെ സ്വേച്ഛാധിപത്യ നയത്തിനുമെതിരെ പ്രചാരണം നടത്തണമെന്നും സവർക്കർ ആപ്തേയോടും ഗോഡ്സേയോടും പറയുകയുണ്ടായി ( ഖണ്ഡിക 25.161)

1947 ആഗസ്റ്റിൽ സവർക്കർ ഒരു യോഗവുമായി ബന്ധപ്പെട്ട് പൂനെയിൽ പോകുകയുണ്ടായി. ഗോഡ്സേയും ആപ് തേയും സദാ സമയവും സവർക്കർക്കൊപ്പമുണ്ടായിരുന്നു. ഹിന്ദുമഹാസഭയുടെ ഭാവി നയപരിപാടികളുമായി ബന്ധപ്പെട്ട് അവർ അദ്ദേഹവുമായി ചർച്ച ചെയ്തു. തനിക്ക് വയസ്സായി വരികയാണെന്നും പ്രവൃത്തികൾ അവർ ഏറ്റെടുക്കണമെന്നും സവർക്കർ അവരോട് പറഞ്ഞു.(ഖണ്ഡിക 25.162 )

1947 ആഗസ്റ്റ് 5, 6 തീയ്യതികളിൽ അഖിലേന്ത്യാ ഹിന്ദു കൺവെൻഷൻ ഡെൽഹിയിൽ നടക്കുകയുണ്ടായി. സവർക്കറും ഗോഡ്സേയും ആപ് തേയും അതിൽ പങ്കെടുക്കാൻ ഒന്നിച്ച് വിമാനത്തിൽ സഞ്ചരിച്ചു. ആ സമ്മേളനത്തിൽ കോൺഗ്രസ്സിന്റെ നയങ്ങളെ നിശിതമായി വിമർശിക്കുകയുണ്ടായി. ആഗസ്റ്റ് 11 ന് സവർക്കറും ഗോഡ്സേയും ആപ്തേയും ഒന്നിച്ചാണ് വിമാനത്തിൽ ബോംബെയ്ക്ക് വന്നത്. (ഖണ്ഡിക 25.163 )

1947 നവംബറിൽ മാഹിമിൽ അഖിലേന്ത്യാ ഹിന്ദു മഹാസഭയുടെ ഒരു യോഗം കൂടുകയുണ്ടായി. ഗ്വാളിയറിൽ നിന്ന് ഡോ.പർച്ചൂരേയും സൂര്യദേവും ( ഗാന്ധിവധത്തിലെ പിടികിട്ടാപ്പുള്ളി ) അതിൽ പങ്കെടുത്തിരുന്നു. (ഖണ്ഡിക 25.164 )

1947 ഡിസംബർ മദ്ധ്യത്തിൽ ബഡ്ഗേ സവർക്കറെ കാണാനെത്തുകയും സവർക്കറുടെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിക്കുകയുമുണ്ടായി. പക്ഷെ, അന്ന് ബഡ്ഗേയ്ക്ക് സവർക്കറെ കാണാൻ കഴിഞ്ഞില്ല. രണ്ടു മൂന്ന് ദിവസങ്ങൾക്ക് ശേഷം ബഡ്ഗെ വീണ്ടും വരികയും സവർക്കറുമായി 15 മിനിറ്റ് സംസാരിക്കുകയും ചെയ്തു. കർക്കരേ, ആപ്തേ, ഗോഡ്സേ എന്നിവരും ആ മാസത്തിൽ സവർക്കറെ രണ്ടോ മൂന്നോ തവണ സന്ദർശിക്കുകയുണ്ടായി. (ഖണ്ഡിക 25. 165)

(1948) ജനുവരി 13 നോ 14 നോ കർക്കരേ ഒരു പഞ്ചാബി യുവാവുമൊത്ത് (മദൻലാൽ പഹ് വ) സവർക്കറെ കാണാനെത്തി. പതിനഞ്ച്, ഇരുപത് മിനിറ്റുകൾ നീണ്ടു നിൽക്കുന്ന ഒരു കൂടിക്കാഴ്ച അവർ തമ്മിലുണ്ടായി. 15 നോ 16 നോ രാത്രി 9.30 ന് ആപ്തേയും ഗോഡ്സേയും സവർക്കറുമായി കൂടിക്കാഴ്ച നടത്തി. ജനുവരി 23 നോ 24 നോ ആപ്തേയും ഗോഡ്സേയും സവർക്കറെ കാണാനെത്തുകയും രാവിലെ പത്തുമുതൽ പത്തര വരെ സംസാരിക്കുകയുമുണ്ടായി. ( ഖണ്ഡിക 25. 166)

റേഡിയോയിൽ വൈകീട്ട് 5.45 ന് മഹാത്മാഗാന്ധിയുടെ കൊലപാതകം പ്രഖ്യാപിച്ചപ്പോൾ കസാർ സവർക്കറുടെ അടുത്തു പോയി അറിയിക്കുകയും അതൊരു ചീത്ത വാർത്തയാണ് എന്ന് സവർക്കർ പറയുകയും മിണ്ടാതിരിക്കുകയും ചെയ്തു. അന്നു രാത്രി രണ്ടുമണിക്ക് ഡാംലേയും കസാറും അറസ്റ്റിലാകുകയും അവരെ സി ഐ ഡി ഓഫീസിൽ കൊണ്ടുവരികയും ചെയ്തു. തനിക്ക് വധത്തെപ്പറ്റി യാതൊന്നും അറിയില്ലെന്ന് കസാർ പറഞ്ഞു ( ഖണ്ഡിക 25. 167 )

ഈ രണ്ടു പേരുടേയും മൊഴികൾ പരിശോധിച്ച് കമ്മീഷൻ ചില നിഗമനങ്ങൾ നടത്തുന്നുണ്ട്. ആപ്തേയും ഗോഡ്സേയും സവർക്കറുടെ ബോംബെ വസതിയിലെ നിത്യസന്ദർശകർ ആയിരുന്നു. സമ്മേളനങ്ങൾക്കും യോഗങ്ങൾക്കും അവർ എപ്പോഴും സവർക്കർക്കൊപ്പം ഉണ്ടായിരുന്നു. 1948 ജനുവരിയിൽ അവർ സവർക്കർക്കൊപ്പം ബോംബെയിൽ നിന്ന് ഡെൽഹിയിലേയ്ക്കും തിരിച്ചു പറന്നിട്ടുണ്ട്. കർക്കരേയും സവർക്കർക്ക് സുപരിചിതനായിരുന്നുവെന്നും അദ്ദേഹവും സവർക്കറുടെ വസതി കൂടെക്കൂടെ സന്ദർശിച്ചിട്ടുണ്ടെന്നും ഈ തെളിവുകൾ കാണിച്ചു തരുന്നു. ബഡ്ഗെയും സവർക്കറെ സന്ദർശിക്കാറുണ്ടായിരുന്നു. ഡോ. പർച്ചൂരെയും അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ ഗാന്ധിവധത്തിലെ പ്രതികൾ ഇല്ലെങ്കിൽ മറ്റൊരവസരത്തിൽ സവർക്കർ സദനിൽ കൂടിച്ചേരുകയും ചിലപ്പോഴെങ്കിലും സവർക്കറുമായി നീണ്ട കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. കർക്കരെയും മദൻലാലും സവർക്കറെ സന്ദർശിച്ചിട്ടുണ്ടെന്നും ബോംബു സ്ഫോടനത്തിന് മുമ്പും വധം നടക്കുന്നതിന് മുമ്പും ഡെൽഹിയിലേക്ക് പുറപ്പെടും മുമ്പ് ആപ്തേയും ഗോഡ്സേയും സവർക്കറെ സന്ദർശിച്ചിരുന്നു എന്നും രണ്ടു സമയത്തും നീണ്ട കൂടിക്കാഴ്ചകൾ നടത്തി എന്നതും  പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 1946, 47, 48 വർഷങ്ങളിൽ വ്യത്യസ്ത സ്ഥലങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ ഗോഡ്സേയും ആപ്തേയും സവർക്കൊപ്പം ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.

ബോംബു സ്ഫോടനവും ഗാന്ധിവധവുമായി ബന്ധപ്പെട്ട നിരവധി രേഖകൾ കപൂർ കമ്മീഷൻ പരിശോധിക്കുകയുണ്ടായി. സി ആർ പി സി 164 പ്രകാരം മജിസ്ട്രേട്ടിന് മുമ്പിൽ കൊടുത്ത മൊഴിയിൽ കമ്മീഷൻ കണ്ടെടുത്ത ഒന്ന് പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. ഗോവ നിവാസിയായ ഒരു ദേവേന്ദ്രകുമാർ 1937 മാർച്ചിൽ ഹിന്ദു രാഷ്ട്രദളിൽ അംഗമാകുകയുണ്ടായി. നാഥുറാം വിനായക് ഗോഡ്സെ യെ എച്ച് ആർ ഡി യുടെ ക്യാപ്റ്റൻ എന്ന നിലയിലാണ് കണ്ടുമുട്ടിയതെന്ന് ദേവേന്ദ്രകുമാർ മൊഴിയിൽ പറയുന്നു. അദ്ദേഹം ബോംബുകൾ ഉണ്ടാക്കാനും സൈക്കിളിലും കാറ്റിലും സഞ്ചരിച്ച് തോക്കുകൾ ഉപയോഗിക്കാനും അഭ്യസിച്ചു. ഒപ്പം പിസ്റ്റളുകളും കൈത്തോക്കുകളും ഉപയോഗിക്കാനും .പിന്നീട് മറ്റുള്ളവരെ അദ്ദേഹം ഇതെല്ലാം അഭ്യസിപ്പിക്കാൻ തുടങ്ങി. മറ്റ് കാര്യങ്ങൾ പറയുന്നതിനിടയിൽ മഹാത്മാഗാന്ധിയേയും നെഹ്രുവിനേയും സർദാർ പട്ടേലിനേയും മൗലാനാ ആസാദിനേയും ബൽദേവ് സിംഗിനേയും ഹിന്ദു രാഷ്ട്രദളിന് വിഘാതം സൃഷ്ടിച്ച് നിൽക്കുന്നവർ എന്ന നിലയിൽ കൊല്ലാൻ തീരുമാനിച്ചിരുന്നു എന്ന് ദേവേന്ദ്രകുമാർ വെളിപ്പെടുത്തുന്നുണ്ട്. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു.

ഈ നേതാക്കൾക്കെതിരെ ജനമനസ്സുകളിൽ ഞങ്ങൾ വെറുപ്പ് ജനിപ്പിക്കുകയും ജനം പാകപ്പെടുമ്പോൾ ഒന്നൊന്നായി അവരെ കൊന്നൊടുക്കാനും ഞങ്ങൾ തീരുമാനിച്ചു. … ഗാന്ധിജിയെ കുറിച്ചുള്ള ദു:ഖസംഭവം കേട്ടപ്പോൾ, ഞാൻ ആകെ അസ്വസ്ഥനായി. പദ്ധതിയുടെ ബാക്കി ഭാഗങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ഗൂഢാലോചന ഞാൻ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് ഞാൻ സവർക്കർക്ക് ഒരു കത്തെഴുതി. … ”

മഹാത്മാഗാന്ധിയെ വധിക്കാൻ ഗൂഢാലോചന നടത്തിയവരിൽ ദേവേന്ദ്രകുമാർ സവർക്കർക്ക് പുറമേ ഉദ്ധരിക്കുന്ന പേരുകൾ ദേശ്പാണ്ഡേ, ആപ്തേ, ഗോഡ്സേ, എ. ചവാൻ, മോഡക്, ജോഗ്, ഡാംലേ ( സവർക്കറുടെ സെക്രട്ടറി ), കസാർ ( സവർക്കറുടെ അംഗരക്ഷകൻ ), കേസ്കർ, ജോഷി, ജോഗൽക്കർ, ചന്ദശേഖർ അയ്യർ എന്നിവരുടേതാണ്. ബോംബുനിർമ്മാതാക്കളുടെ ഒരു പട്ടികയും അദ്ദേഹം നൽകുകയുണ്ടായി. അതിൽ പൂനെയിൽ നാരായൺ പേട്ടിലെ ദിഗംബർ ബഡ്ഗെയുടെ  പേരും ഉൾപ്പെട്ടിരുന്നു. യു പിയിലെ  മിർസാപൂരിലെ  മജിസ്ട്രേട്ട് ദേവേന്ദ്രകുമാറിനെ വിസ്തരിക്കുകയും അതേ തുടർന്നുള്ള അന്വേഷണം ബനാറസിലേയും ലക്നൗവിലേയും ഓഫീസർമാർ ഏറ്റെടുക്കുകയും ചെയ്തു. ഡെൽഹിയിലേയ്ക്ക് ദേവേന്ദ്രകുമാറിനെ കൊണ്ടുവരികയുണ്ടായി.  അവിടെ വെച്ച് അദ്ദേഹം നൽകിയ മൊഴിയിൽ നിന്നും ഹിന്ദുമഹാസഭയുടേയും എച്ച് ആർ ഡി യുടേയും പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹത്തിന് നല്ല നിലയിൽ അറിയാമായിരുന്നു എന്ന് മനസ്സിലാക്കാം എന്ന് കമ്മീഷൻ അഭിപ്രായപ്പെടുന്നു. സവർക്കർ ഗ്രൂപ്പിലെ പ്രധാന പ്രവർത്തകർ കസാർ ,എൻ ഡി ആപ്തേ, എൻ വി ഗോഡ്സേ, കർക്കരേ തുടങ്ങിയവർ ആയിരുന്നു. ബാക്കി പേരുകൾ കമ്മീഷൻ്റെ അന്വേഷണ പരിധിക്ക് പുറത്ത് നിൽക്കുന്നവർ ആയതു കൊണ്ട് റിപ്പോർട്ടിൽ ഉദ്ധരിക്കുന്നില്ല. ആ പ്രസ്താവന ബാർസിയിൽ വെച്ചു നടന്ന ഹിന്ദുമഹാസഭാ സമ്മേളനത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. അതിൽ നാഥുറാം ഗോഡ്സേ കോൺഗ്രസ്സ് ഗവണ്മെൻ്റിനെതിരെ അങ്ങേയറ്റം എതിർ നിൽക്കുന്ന മൗലാനാ ഗാന്ധി തുലയട്ടെ “, “ഗാന്ധിസം തുലയട്ടെ ” തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ‘തീപ്പാറുന്ന ‘ പ്രസംഗമാണ് കാഴ്ചവെച്ചത്. “. കോൺഗ്രസ്സുമായി പോരാടാൻ ആയുധങ്ങളും സ്ഫോടകവസ്തുക്കളും സംഘടിപ്പിക്കാനും മുഖ്യ ‘ലക്ഷ്യങ്ങൾ ‘ ‘ മൗലാനാ ഗാന്ധി ‘ യും ജവഹർലാൽ നെഹ്റുവും സർദാർ പട്ടേലും മൗലാനാ ആസാദും ബൽദേവ് സിംഗുമാണെന്ന് ചൂണ്ടിക്കാട്ടാനും ഗോഡ്സേ മുതിർന്നു . ജോഗേശ്വരി ക്ഷേത്രത്തിൽ വെച്ചു നടന്ന യോഗത്തിൽ ഗോഡ് സേ, ആപ്തേ, കർക്കരേ, കസാർ എന്നിവരും മറ്റ് പലരും പങ്കെടുക്കുകയുണ്ടായി. ( ഖണ്ഡിക 25.182 )

ഐ. ബി. റിപ്പോർട്ടിൽ ഭരത്പൂർ നാട്ടുരാജ്യം ആർ എസ് എസിനെ പ്രോത്സാഹിപ്പിച്ചതിനെ എടുത്തുകാണിക്കുന്നു. മഹാരാജാവിൻ്റെ അനുജനായ ബച്ചു സിംഗ് ആർ എസ് എസ് പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു. നിരോധനത്തെ തുടർന്ന് ആർ എസ് എസുകാർക്ക് രക്ഷപ്പെടാനായി രാജ്യത്തിൻ്റെ കാറുകൾ വിട്ടുകൊടുക്കുണ്ടായി. (ഖണ്ഡിക 25.183 ).അതു പോലെ തന്നെ ഗ്വാളിയറിലെ സർദാർ അംഗ്രെയുടെയും സർദാർ ഷട്ടോളെയും ആൺമക്കൾക്ക് ഗാന്ധിയുടെ കൊലപാതകത്തിൽ ചില താത്പര്യങ്ങൾ ഉണ്ടായിരുന്നതായും. (സർദാർ അംഗ്രേയുടെ പൂർവ്വപിതാക്കൾ മറാത്താ സാമ്രാജ്യത്തിൻ്റെ സമുദ്രസേനയുടെ ചുമതലകൾ വഹിച്ചിരുന്നവരാണ്. ഗ്വാളിയർ നാട്ടുരാജ്യത്തിലെ പ്രമുഖ മന്ത്രിയായിരുന്നു. പിൽക്കാലത്ത് രാജാവുമായി തെറ്റി. ഗ്വാളിയറിലെ ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ പ്രധാന സഹായകൻ ആയിരുന്നു. അദ്ദേഹത്തിൻ്റെ മകൻ പിൽക്കാലത്ത് ജനസംഘത്തിൻ്റെ എം.പി. ആയി )

1948 ഫെബ്രുവരി 6 ലെ കുറ്റപത്ര പ്രകാരം മദൻലാൽ തന്നെ സവർക്കറുടെ വസതിയിലേയ്ക്ക് കർക്കരെ കൊണ്ടു പോയതായി പറയുന്നുണ്ട്. താൻ ചെയ്തു കഴിഞ്ഞ കാര്യത്തിൽ ( മുസ്ലീങ്ങളെ ഭൗതികമായി ഉപദ്രവിക്കുക ) അഭിനന്ദിക്കുകയും അത് തുടരാൻ അയാളെ പ്രേരിപ്പിക്കുകയും ചെയ്തു. 1948 ജനുവരി പത്താം തിയ്യതി യോ അതിന് അടുത്തോ ആണ് അത് സംഭവിച്ചത്. ശങ്കറിൻ്റെ ചോദ്യം ചെയ്യലിൽ ഒരു വയസ്സൻ ബഡ്ഗെയ്ക്ക് കുറച്ച് പണം നൽകിയതായി പറയുകയുണ്ടായി. ആ വയസ്സൻ്റെ വിവരണം സവർക്കറുമായി യോജിച്ചു വരുന്നതായിരുന്നു. ‘

ഇതൊന്നും കോടതിയിൽ എത്തിയില്ല എന്നത് അമ്പരപ്പിക്കുന്ന ഒരു വസ്തുതയായി വേണം മനസ്സിലാക്കാൻ.ഡാംലേയേയും കസാറിനേയും കോടതിയിൽ ഹാജരാക്കിയുമില്ല. സവർക്കറെ 1948 ജനുവരി 20 ന്റെ ഗൺ കോട്ടൺ സ്ലാബ് സ്ഫോടനത്തിന് ശേഷം അറസ്റ്റ് ചെയ്യാൻ നാഗർ വാല തീരുമാനിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയമായ പ്രത്യാഘാതങ്ങൾ ഭയന്നാണ് അദ്ദേഹം അതിൽ നിന്നും പിന്മാറിയത്. കമ്മീഷൻ്റെ 25.113 ഖണ്ഡികയിൽ അതെപ്പറ്റി പറയുന്നുണ്ട് .” തൻ്റെ ഒന്നാം നമ്പർ കുറ്റപത്രത്തിൽ സവർക്കറാണ് ഗൂഢാലോചനയുടെ പിന്നിൽ എന്നും അദ്ദേഹം രോഗം അഭിനയിച്ചുവെന്നും അദ്ദേഹം രാഷ്ട്രീയത്തിൽ നിന്നും പിന്മാറിയെന്നുള്ള തെറ്റായ പ്രസ്താവന നൽകിയെന്നും പ്രസ്താവിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് സവർക്കറെ അറസ്റ്റ് ചെയ്യാഞ്ഞതെന്നും വിചാരണത്തടവിൽ വെക്കാത്തതെന്നും ആരായുകയുണ്ടായി. വധത്തിന് മുമ്പ് അങ്ങനെ ചെയ്യുകയായിരുന്നെങ്കിൽ അത് മഹാരാഷ്ട്രാ പ്രവിശ്യയിൽ ബഹളം ഉണ്ടാക്കുക മാത്രമല്ല, കോളിളക്കം തന്നെ സൃഷ്ടിച്ചേനെ എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി ”

ഗാന്ധിവധക്കേസിലെ എല്ലാ ഘടകങ്ങളും ചേർത്ത് വെച്ച് കമ്മീഷൻ എത്തിയ നിഗമനം അതിൻ്റെ 25. 106 നമ്പർ ഖണ്ഡികയായി രേഖപ്പെടുത്തിയിരിക്കുന്നു. ” എല്ലാ വസ്തുതകളും കണക്കിലെടുത്താൽ കമ്മീഷൻ്റെ അഭിപ്രായത്തിൽ സവർക്കറും അദ്ദേഹത്തിൻ്റെ സംഘവും നടത്തിയവധം നടത്താനുള്ള ഗൂഢാലോചനയല്ലാതെ  മറ്റൊരു സിദ്ധാന്തത്തിൻ്റേയും വിനാശകാരിത  പ്രവർത്തിച്ചിട്ടില്ല  ”

അങ്ങനെ സവർക്കറെ ഗാന്ധി വധത്തിൻ്റെ ഗൂഢാലോചനയുടെ പങ്കാളിയായി കണ്ടെത്തിയാണ് കപൂർ കമ്മീഷൻ റിപ്പോർട്ട് 1969 ൽ  സമർപ്പിച്ചത്. കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ്, 1966 ഫെബ്രുവരി 26 ന് സവർക്കർ ഇഹലോകവാസം വെടിഞ്ഞു. ഒരു പക്ഷെ, കമ്മീഷന് മുമ്പാകെ തൻ്റെ സെക്രട്ടറിയുടെയും  അംഗരക്ഷകൻ്റേയും സാക്ഷ്യം എത്തിയത് അറിഞ്ഞു കൊണ്ടാകാം, അദ്ദേഹം തെരഞ്ഞെടുത്തത് സാധാരണ മരണം ആയിരുന്നില്ല. ആത്മഹത്യ എന്ന ഗണത്തിൽ പെടുത്താവുന്ന ഒന്നായിരുന്നു. മരുന്നുകളും ഭക്ഷണവും ഉപേക്ഷിച്ചു കൊണ്ടുള്ള മരണം. ആത്മാർപ്പൺ എന്നായിരുന്നു അതിനെ അദ്ദേഹം വിശേഷിപ്പിച്ചത്.

സ്വാതന്ത്ര്യശേഷം ഇന്ത്യ പിടിച്ചെടുത്ത് ഹിന്ദുസ്ഥാനാക്കാം എന്ന തൻ്റെ പദ്ധതി തകർന്ന് തരിപ്പണമാകുന്നത് കണ്ടാണ് സവർക്കർ കണ്ണടച്ചത്. ഇന്ത്യയിലെ വലിയ രാഷ്ട്രീയ ശക്തിയാകുമെന്ന് കരുതിയ ഹിന്ദുമഹാസഭയ്ക്ക്  ആദ്യ തെരഞ്ഞെടുപ്പിൽ കേവലം 4 സീറ്റുകളാണ് ലഭിച്ചത്. ഹിന്ദുമഹാസഭ എന്ന വിലാസം വിനാശകരമാകുമെന്ന് കണ്ട് ശ്യാമപ്രസാദ് മുഖർജി  ഭാരതീയ ജനസംഘം എന്ന പുതിയ പാർട്ടിയുണ്ടാക്കി. അവർക്കും 4  സീറ്റുകൾ മാത്രമാണ് ലഭിച്ചത്.  സവർക്കർ എന്ന പേര് മറാത്താ ബ്രാഹ്മണരുടെ പോക്കറ്റുകളിൽ മാത്രം ഒതുങ്ങി നിന്നു.  പിന്നീട് ബാബ്റി മസ്ജിദ് തകർത്ത് വർഗ്ഗീയത പൊലിപ്പിച്ച് ബി.ജെ.പി. അധികാരത്തിൽ വന്ന ശേഷമാണ് സവർക്കർ വീണ്ടും പുനർജനിക്കുന്നത്.

1950 ൽ സവർക്കർ ഇന്ത്യൻ ഗവണ്മെൻ്റിന് എഴുതിയ ഒരു കത്ത് കൂടി ആനുഷംഗികമായി പരാമർശിക്കട്ടെ. സവർക്കറെ പ്രകീർത്തിച്ച് ധനഞ്ജയ് കീർ എഴുതിയ ആത്മകഥയിൽ അത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നെഹ്റുവും പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന ലിയാക്കത്ത് ഖാനും തമ്മിൽ 1950 ഏപ്രിൽ 8 ന് ഒരു സമാധാനകരാർ ഒപ്പിടുകയുണ്ടായി. 1950 ഏപ്രിൽ 8 ന് ഡെൽഹിയിൽ വെച്ചാണ് ആ കരാർ ഒപ്പിട്ടത്. അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉദ്ദേശിച്ചാണ് കരാർ നിലവിൽ വന്നത്. അതിന് മുമ്പേ തന്നെ ഹിന്ദുത്വ രാഷ്ട്രീയം എന്നത്തേയും പോലെ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ എത്തിയിരുന്നു. അതിനാൽ കരാർ ഒപ്പുവെയ്ക്കുന്നതിന് മുമ്പായി ഹിന്ദുമഹാസഭാ നേതാക്കളേയും ആർ എസ് എസ് നേതാക്കളേയും കരുതൽ തടങ്കലിൽ വെച്ചു. സവർക്കറും ബോപ്പട്ക്കറും ലിമായേയും ഗോൾവാൾക്കറും അങ്ങനെ തടങ്കലിലായി. ചില കേന്ദ്രമന്ത്രിമാർക്കെതിരെ ഹിംസാത്മകമായ നീക്കം ഹിന്ദുത്വ സംഘടനകൾ നടത്തുന്നുവെന്ന റിപ്പോർട്ടും ഈ തടവിന് പിന്നിൽ ഉണ്ടായിരുന്നു. സവർക്കർക്കെതിരെയുള്ള ചാർജ്ജ് മുസ്ലീങ്ങൾക്കെതിരെ ഹിന്ദുക്കളെ പ്രകോപിപ്പിക്കുന്നു എന്നതായിരുന്നു. ബെൽഗാം ജയിലിലാണ് സവർക്കറെ അടച്ചത്. അവിടെ നിന്നും 1950 ഏപ്രിൽ 26 ന് അദ്ദേഹം ബോംബെ ഗവണ്മെൻ്റിന് ഒരു അഭ്യർത്ഥന സമർപ്പിക്കുകയുണ്ടായി. തന്നെ മോചിപ്പിക്കുകയാണെങ്കിൽ രാജ്യസ്നേഹപരവും ഭരണഘടനാപരവുമായ ദർശനങ്ങളെ ഇനിയുള്ള കാലം പ്രചരിപ്പിക്കാമെന്നുള്ള വാഗ്ദാനം ആയിരുന്നു ആ കത്തിൽ. കഴിഞ്ഞ മാർച്ച് മുതൽ വിശാല ബോംബെയിൽ നിന്ന് വർഗ്ഗീയാസ്വാസ്ഥ്യങ്ങൾ ഒഴിഞ്ഞുപോയെന്ന് പ്രഖ്യാപിക്കുന്ന ആ കത്തിൽ  പാകിസ്ഥാനുമായുള്ള സന്ധി രാജ്യത്തെമ്പാടും ശാന്തി കൊണ്ടുവരും എന്ന പ്രത്യാശയും പ്രകടിപ്പിച്ചു. നിരുപാധികമായ മോചനത്തിന് ഗവണ്മെൻറ് തയ്യാറല്ലെന്ന് കണ്ടപ്പോൾ ബ്രിട്ടീഷുകാർക്ക് എഴുതിയ മാപ്പിനെ അനുസ്മരിക്കുന്ന തരത്തിൽ ഗവണ്മെൻറ് നിർദ്ദേശിക്കുന്ന കാലത്തോളം സമകാലിക രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കാം എന്ന വാഗ്ദാനവും അദ്ദേഹം മുന്നോട്ടു വെയ്ക്കുകയുണ്ടായി.

അതേ തുടർന്ന് അദ്ദേഹത്തിൻ്റെ മകൻ വിശ്വാസ് സവർക്കർ 1950 ജൂലൈ 12 ന് ഒരു ഹേബിയസ് കോർപ്പസ് ഹർജി ബോംബെ ഹൈക്കോടതിയുടെ മുമ്പാകെ സമർപ്പിക്കുകയുണ്ടായി. ഒരു സത്യപ്രസ്താവന എഴുതിക്കൊടുത്ത് സവർക്കർക്ക് പുറത്തിറങ്ങാമെന്നുള്ള നിർദ്ദേശം ഡിവിഷൻ ബഞ്ച് മുന്നോട്ടുവെച്ചു. പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ  സി.കെ. ഡഫ്തരി – ഗാന്ധി വധത്തിൽ പ്രോസിക്യൂഷന് വേണ്ടി ഹാജരായ അതേ ഡഫ്തരി തന്നെ –  ഗവണ്മെൻ്റിനോട് ആലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്ന് കോടതിയെ അറിയിച്ചു. പിറ്റേന്ന് അഡ്വക്കേറ്റ് ജനറൽ , ചീഫ് ജസ്റ്റീസ് എം.സി.ഛഗ്ലയേയും ജസ്റ്റീസ് ഗജേന്ദ്ര ഗഡ്ക്കറേയും ഇനി രാഷ്ട്രീയത്തിൽ ഇടപെടില്ലെന്നും തൻ്റെ ബോംബെ വസതിയിൽ തന്നെ കഴിഞ്ഞു കൊള്ളാം എന്നും എഴുതിതരുന്ന സത്യ പ്രസ്താവനയുടെ പുറത്ത് സവർക്കറെ മോചിപ്പിക്കാൻ ഗവണ്മെൻ്റ് തയ്യാറാണ് എന്ന് അറിയിച്ചു. സവർക്കർക്ക് വേണ്ടി ഹാജരായ കെ.എൻ.ധരാപ് ആ സത്യപ്രസ്താവന തൻ്റെ കക്ഷിക്ക് വേണ്ടി നൽകുകയുണ്ടായി. ഒരു വർഷം അഥവാ അടുത്ത പൊതുതെരഞ്ഞെടുപ്പു വരെ എന്നതായിരുന്നു ഇതിൽ കാലാവധിയായി വെച്ചിരുന്നത്.

അന്നു തന്നെ വിമോചിതനായ സവർക്കർ ബോംബെയിലേയ്ക്ക് തിരിച്ചു. ജയിൽ വിമോചിതനായ സവർക്കറെ സ്വീകരിക്കാനായി ദാദർ സ്റ്റേഷനിൽ ഹിന്ദുമഹാസഭാ പ്രവർത്തകർ തടിച്ചു കൂടി. എന്നാൽ ഭീതിനായ സവർക്കർ അതിൽ നിന്നൊഴിഞ്ഞു നിന്നു.” അദ്ദേഹം അങ്ങേയറ്റം തകർന്നതായും അദ്ദേഹത്തിന്റെ പ്രവർത്തനക്ഷമതയുടെ അവസാന തുള്ളിയും ചോർന്നതായും കാണപ്പെട്ടു ” എന്നാണ് സവർക്കറെ വീരനായകനാക്കാൻ പേനയുടെ മഷി ധാരാളം ചെലവാക്കിയ ധനഞ്ജയ് കീർ എഴുതുന്നത്. മോചനത്തിന് ശേഷം അധികം താമസിയാതെ ഹിന്ദുമഹാസഭയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും അദ്ദേഹം രാജിവെച്ചു.അതായിരുന്നു സവർക്കറുടെ ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ അവസാനം. ആദ്യതെരഞ്ഞെടുപ്പിൽ തൻ്റെ മണ്ഡലത്തിൽ അംബേദ്ക്കർക്കെതിരെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി എൻ.എസ്. കജ്റോൾക്കറെ ആണ് അദ്ദേഹം പിന്തുണച്ചത്. കജ്റോൾക്കർ ജയിക്കുകയും ചെയ്തു. സവർക്കറുടെ നിലപാടിനെ അദ്ദേഹത്തിൻ്റെ ആരാധകൻ കൂടിയായ ധനഞ്ജയ് കീർ അസാധാരണമായ ഒരു കാര്യം എന്നാണ് അതിനെ നിരാശയോടെ വിശേഷിപ്പിച്ചത്. സവർക്കറുടെ രാഷ്ട്രീയ മരണം സംഭവിച്ചത് അങ്ങനെയാണ്

63. ഗാന്ധിവധവും ആർ എസ് എസും
…………………………………………………………

ഗാന്ധിവധത്തിൻ്റെ അഞ്ചാം   ദിവസം, അതായത് 1948 ഫെബ്രുവരി 4 ന് ആഭ്യന്തരമന്ത്രി സർദാർ പട്ടേൽ ചീഫ് കമ്മീഷണർ പ്രവിശ്യയിൽ (ഡെൽഹിയിൽ )  ആർ എസ് എസിനെ നിരോധിച്ചു. തുടർന്ന് ആ നിരോധനം മറ്റ് പ്രവിശ്യകളിലേയ്ക്കും വ്യാപിപ്പിച്ചു. ആഭ്യന്തര മന്ത്രാലയം ഇതേ സംബന്ധിച്ച് പുറത്തിറക്കിയ കുറിപ്പിൻ്റെ പൂർണ്ണരൂപം താഴെ കൊടുക്കുന്നു.

” 1948 ഫെബ്രുവരി 2 ന് നമ്മുടെ രാഷ്ട്രത്തിൻ്റെ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുകയും  അവളുടെ (രാജ്യത്തിൻ്റെ) സൽക്കീർത്തിയിൽ കരിതേയ്ക്കുകയും ചെയ്യുന്ന, നമ്മുടെ രാജ്യത്തിനുള്ളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വെറുപ്പിൻ്റേയും ഹിംസയുടേയും വേരുകൾ പറിച്ചുകളയാനുള്ള നിശ്ചയദാർഢ്യത്തെ പ്രഖ്യാപിക്കുകയുണ്ടായി. ഈ നയത്തിന്റെ തുടർച്ചയായി ഇന്ത്യൻ ഗവണ്മെൻ്റ് ചീഫ് കമ്മീഷണറുടെ പ്രവിശ്യയിൽ (ഡെൽഹി) ആർ എസ് എസിനെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഗവർണ്ണർ പ്രവിശ്യകളിലും (സംസ്ഥാനങ്ങൾ ) സമാനമായ നടപടി സ്വീകരിക്കുന്നതാണ്.

ജനാധിപത്യ ഗവണ്മെൻ്റുകൾ എന്ന നിലയിൽ ഇന്ത്യൻ ഗവണ്മെൻറും പ്രാദേശിക ഗവണ്മെൻറുകളും അവയിൽ നിന്ന് വ്യത്യസ്തമായ നയങ്ങളും ഉദ്ദേശ്യങ്ങളും ഉള്ള, അല്ലെങ്കിൽ അവയിൽ നിന്ന് വിരുദ്ധമായി പ്രവർത്തിക്കുന്നവയടക്കം എല്ലാ പാർട്ടികളുടേയും  സംഘടനകളുടേയും മൗലികമായ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ പ്രവർത്തന പരിപാടികൾക്കും, അവ പൊതുതായി അംഗീകരിക്കപ്പെട്ട ചില മാനദണ്ഡങ്ങളോ നിയമങ്ങളോ ലംഘിക്കുന്നില്ലെങ്കിൽ, യുക്തമായ അനുമതി നൽകാൻ സദാ സന്നദ്ധമാണ്. രാഷ്ട്രീയ സ്വയം സേവക സംഘത്തിൻ്റെ പ്രഖ്യാപിക്കപ്പെട്ട ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും എന്നത് ഹിന്ദുക്കളുടെ കായികവും ബൗദ്ധികവും മാനസികവുമായ ഉന്നമനത്തെ പ്രോത്സാഹിപ്പിക്കുക, അവർക്കിടയിൽ സാഹോദര്യവും സ്നേഹവും സേവനമനോഭാവവും അധികരിപ്പിക്കുക എന്നിവയാണ്. ഗവണ്മെൻ്റ് സ്വയം തന്നെ  എല്ലാ വിഭാഗം ജനങ്ങളുടേയും ഭൗതികവും ബൗദ്ധികവുമായ കഴിവുകൾ മുന്നോട്ടുകൊണ്ടു പോകാൻ സന്നദ്ധമാണ്. ഈ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പാകത്തിൽ നെയ്തെടുത്ത പദ്ധതികൾ, പ്രത്യേകിച്ച് യുവാക്കളുടെ കായികപരിശീലനത്തിനും സൈനിക കാര്യങ്ങൾ അഭ്യസിപ്പിക്കുന്ന വിദ്യാഭ്യാസത്തിനും വേണ്ടിയുള്ളവ, ഗവണ്മെൻ്റിൻ്റെ കൈവശമുണ്ട്. രാഷ്ട്രീയ സ്വയം സേവക സംഘത്തിൻ്റെ അംഗങ്ങൾ പക്ഷെ, അവരുടെ പ്രഖ്യാപിക്കപ്പെട്ട ആദർശങ്ങളിൽ ഒട്ടിനിൽക്കുന്നവരല്ല എന്ന കാര്യം ഗവണ്മെൻ്റ് ദുഃഖത്തോടെ മനസ്സിലാക്കുന്നു. സംഘത്തിലെ അംഗങ്ങൾ അംഗീകരിക്കാൻ പറ്റാത്തതും പലപ്പോഴും മാരകവുമായ പ്രവൃത്തികൾ നടപ്പാക്കി വരുന്നു. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ അംഗങ്ങൾ തീവെയ്പ്, കൊള്ള, സായുധക്കൊള്ള, കൊല, എന്നീ ഹിംസാത്മക നടപടികളിൽ മുഴുകുന്നതായും അനധികൃത ആയുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിക്കുന്നതായും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ജനങ്ങളോട് ഭീകരവാദം സ്വീകരിക്കാനും  തോക്കുകളും മറ്റും ശേഖരിക്കാനും ഗവണ്മെൻ്റിനെതിരെ വിരോധം സൃഷ്ടിക്കാനും പോലീസിനെയും സൈന്യത്തേയും അന്യായമായി സ്വാധീനിച്ച് വഴിതെറ്റിക്കാനും ഉദ്ദേശിച്ചുള്ള ലഘുലേഖകൾ അവർ വിതരണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ എല്ലാം നടത്തുന്നത് നിശ്ശബ്ദമായ ഒരു മൂടുപടത്തിനുള്ളിലാണ് എന്നതിനാൽ ഒരു മുഴുവൻ സംഘടന എന്ന നിലയിൽ  ഇത്തരം പ്രവർത്തങ്ങളുടെ ഉത്തരവാദിത്വം അവരിൽ ചുമത്തേണ്ടത് എപ്പോഴാണ് എന്നത് കാലാകാലങ്ങളായി ഗവണ്മെൻ്റ് അന്വേഷിച്ചു വരികയായിരുന്നു. ഗവണ്മെൻ്റ് ഈ സമീപനം അവസാനമായി വെളിവാക്കിയത് കഴിഞ്ഞ നവംബർ അവസാനത്തിൽപ്രവിശ്യാ ഗവണ്മെൻ്റുകളുടെ മുഖ്യമന്ത്രിമാരും ആഭ്യന്തരമന്ത്രിമാരും ഒന്നിച്ചു കൂടിയ ഡെൽഹിയിലെ കോൺഫറൻസിൽ വെച്ചാണ്. ആ ഒരു അവസ്ഥയിൽ സംഘത്തെ  മുഴുവനായി അത്തരം ഒരു  സംഘടന എന്ന നിലയ്ക്ക് കാണേണ്ട സമയം എത്തിയിട്ടില്ലെന്നും ഇതുവരെ തുടർന്നു വരുന്ന രീതിയിൽ (അത്തരം പ്രവൃത്തിയിലേർപ്പെടുന്ന ) സംഘാംഗങ്ങൾക്കെതിരെ  വ്യക്തിപരമായി കർശനനടപടികൾ കൈക്കൊള്ളുന്നത് തുടരാം എന്നുമാണ് ഐകകണ്ഠേന തീരുമാനിച്ചത് .എന്നാൽ സംഘത്തിൻ്റെ എതിർക്കപ്പെടേണ്ടതും വിനാശകരവുമായ പ്രവർത്തനങ്ങൾ യാതൊരു ഇളവുമില്ലാതെ തുടരുകയും സംഘപ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുകയും പ്രായോജനം നിർവഹിക്കുകയും ചെയ്ത ഹിംസയുടെ സംസ്കാരം നിരവധി ഇരകളെ സൃഷ്ടിച്ചു. അവസാനത്തേതും ഏറ്റവും വിലപ്പെട്ടതുമായ ആ ഇര ഗാന്ധിജി തന്നെയാണ്.

ഈ സാഹചര്യത്തിൽ മാരകമായ രൂപത്തിലുള്ള ഹിംസയുടെ ഈ പുന: പ്രത്യക്ഷത്തെ തടഞ്ഞു നിർത്തേണ്ടത് ഗവണ്മെൻ്റിൽ അർപ്പിതമായ കടമയാണ്. ഈ ദിശയിലെ ആദ്യ പടി എന്ന നിലയിൽ സംഘത്തെ ഒരു നിയമവിരുദ്ധ സംഘടനയായി ഗവണ്മെൻ്റ് പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഈ നടപടി സ്വീകരിക്കുന്നത് വഴി  ഈ രാജ്യത്തിൻ്റെ ക്ഷേമം മനസ്സിൽ സൂക്ഷിക്കുന്ന, നിയമം അനുസരിക്കുന്ന എല്ലാ പൗരരിൽ നിന്നും പിന്തുണ ലഭിക്കുമെന്ന കാര്യത്തിൽ ഗവണ്മെൻ്റിന് യാതൊരു സംശയവും ഇല്ല ”

പോലീസിലും ഉദ്യോഗസ്ഥവൃന്ദത്തിലുമുള്ള തങ്ങളുടെ അനുയായികൾ വഴി ആർ എസ് എസ്, തങ്ങളുടെ പ്രവർത്തനം രാജ്യത്തിൽ നിരോധിക്കാൻ പോകുകയാണ് എന്ന് നേരത്തെ അറിഞ്ഞു. അന്ന് ആഭ്യന്തരസെക്രട്ടറിയായിരുന്ന ആർ എൻ ബാനർജി കപൂർ കമ്മീഷന് മുമ്പാകെ അക്കാര്യം വെളിവാക്കുന്നുണ്ട്. ” (ഗാന്ധിയുടെ ) മരണാനന്തര ചടങ്ങ് കഴിഞ്ഞ് കൂടിയ യോഗത്തിൽ ആർ എസ് എസിനെ ഉടൻ തന്നെ നിരോധിക്കാനുള്ള അനൗദ്യോഗിക തീരുമാനം കൈക്കൊള്ളുകയുണ്ടായി. പ്രവിശ്യാ ഗവണ്മെൻറുകൾക്കുള്ള രഹസ്യ നിർദ്ദേശങ്ങൾ അന്നു രാത്രി തന്നെ നൽകാനും . പക്ഷെ ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ വാർത്ത പുറത്താകുകയും പ്രസ്ഥാനത്തിൻ്റെ നേതാക്കൾ ഒളിവിൽ പോകുകയും ചെയ്തു. ”

ആർ എൻ ബാനർജി ചൂണ്ടിക്കാണിച്ച ‘ നുഴഞ്ഞുകയറ്റം’ ആദ്യമേ ശ്രദ്ധിച്ച ഒരാൾ ജവഹർലാൽ നെഹ്റു ആണ്. തുടക്കം മുതലേ ഫാസിസ്റ്റ് സംഘടനയായി ആർ എസ് എസിനെ ദർശിച്ച ഏക കോൺഗ്രസ്സ് നേതാവും നെഹ്റു ആണ് . ഫാസിസത്തെപ്പറ്റി അടിമുടി ബോധവാനായിരുന്ന നെഹ്റു ഗാന്ധി വധത്തിന് മുമ്പ് 1947 സെപ്തംബർ 30 ന് ആഭ്യന്തര മന്ത്രി സർദാർ പട്ടേലിന് ഡെൽഹി, ഷിംല, കൽക്ക തുടങ്ങിയ സ്ഥലങ്ങളിൽ ആർ എസ് എസിൻ്റെ സുസംഘടിതമായ സംഘടനാ ശക്തി കുഴപ്പങ്ങൾ ഉണ്ടാക്കുന്നതിനെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹിന്ദു – മുസ്ലീം സംഘർഷം ആളിക്കത്തിച്ച് ഹിന്ദു രാഷ്ട്ര സംസ്ഥാപനം നടത്താൻ ആർ എസ് എസ് നടത്തുന്ന ഇടപെടലുകളെ എത്ര നന്നായ് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു എന്നത് കാണിക്കുന്നു.

” (ഈ ) ഹിന്ദുക്കൂട്ടങ്ങൾ ആർ എസ് എസുമായി ബന്ധം പുലർത്തുന്നതായി കാണുന്നു. ഡെൽഹിയിൽ മാത്രമല്ല, മറ്റെവിടെയും ഉള്ള അസ്വസ്ഥതകൾക്ക് ആർ എസ് എസിന് വലിയ പങ്കുണ്ടെന്ന് അത് എനിക്ക് വ്യക്തമാക്കിത്തരുന്നു. അമൃത് സറിൽ അവരുടെ ഇടപെടലുകൾ തെളിഞ്ഞു കാണാവുന്നതാണ്. …. എന്നിട്ടും ആർ എസ് എസിൻ്റെ നോട്ടപ്പുള്ളികളായ അംഗങ്ങൾ സ്പെഷൽ മജിസ്ട്രേട്ടുകളായും സ്പെഷൽ പോലീസ് ഓഫീസർമാരുമായി നിയമിക്കപ്പെടുന്നു ”

നെഹ്റു സൂചിപ്പിക്കുന്നത്, വിഭജനത്തിന് ശേഷം ഇന്ത്യയിലെ പോലീസ് സേനയടക്കമുള്ള ഉദ്യോഗസ്ഥവൃന്ദത്തിൽ നിന്നും പാകിസ്ഥാനിലേയ്ക്ക് ധാരാളം പേർ പോകുകയുണ്ടായി .ആ ഒഴിവുകൾ നികത്തിയപ്പോൾ ആ വൃന്ദത്തിൽ, പ്രത്യേകിച്ച് പോലീസിലും മറ്റും കയറിക്കൂടിയ ആർ എസ് എസുകാരെപ്പറ്റിയാണ്.

ആർ എസ് എസിൻ്റെ ഫാസിസ്റ്റ് സ്വഭാവത്തെപ്പറ്റിയുള്ള നെഹ്റുവിൻ്റെ ദീർഘവീക്ഷണം എ.ജി. നൂറാണി തൻ്റെ ‘ആർ എസ് എസ് ‘എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഉദാഹരണത്തിന് 1947 ഡിസംബർ 30 ന് ജമ്മു കശ്മീരിൻ്റെ രാജാവായ ഹരി സിംഗിൻ്റെ പ്രധാനമന്ത്രി മെഹർ ചന്ദ് മഹാജൻ ചെയ്ത ‘അട്ടിമറി ‘യെക്കുറിച്ച് നെഹ്റു പട്ടേലിനോട് സൂചിപ്പിക്കുന്നുണ്ട്.


നമ്മൾ അവർക്ക് ( ജമ്മു കാശ്മീർ സംസ്ഥാനത്തിന്) അയച്ചു കൊടുത്ത ആയുധങ്ങൾ തിരിച്ച് കൊണ്ടുവന്ന് ഇവിടെ ആർ എസ് എസുകാർക്ക് വിതരണം ചെയ്തു …. മഹാജൻ അവരുടെ പ്രവർത്തനങ്ങളോട് ആനുകൂല്യം പുലർത്തുകയോ ചിലപ്പോൾ അവരെ സഹായിക്കുകയോ ചെയ്യുന്നുണ്ടെന്ന് ഞാൻ ചിന്തിച്ചു പോകുന്നു

ജമ്മുവിലെ മുസ്ലീങ്ങളെ സംഘടിതമായി കൊല ചെയ്യുന്നതിൽ ആർ എസ് എസിന് വലിയ പങ്കുണ്ടെന്ന് നെഹ്റു പട്ടേലിനോട് സംശയിക്കുന്നുണ്ട്. 1947 ഒക്ടോബർ 26 ന് കശ്മീർ ഇന്ത്യയുടെ ഭാഗമായി. ആർ എസ് എസ് കശ്മീരിൽ ഉടൻ തന്നെ അതിൻ്റെ പ്രവർത്തനങ്ങൾ ദ്രുതമാക്കി. ഇത് ശ്രദ്ധയിൽപ്പെട്ട നെഹ്റു 1947 ഒക്ടോബർ 30 ന് പട്ടേലിന് എഴുതി.

” കിഴക്കൻ പഞ്ചാബിലെ ആർ എസ് എസ് സന്നദ്ധ പ്രവർത്തകരെ  സംഘടിപ്പിച്ച് മുസ്ലീങ്ങൾക്കെതിരെ പ്രചരണം നടത്തുന്നതിനായി ജമ്മുവിലേയ്ക്ക് അയക്കുന്നതായി എനിക്ക് വിവരം ലഭിച്ചിരിക്കുന്നു. ജമ്മു പ്രവിശ്യയിൽ ഒരു മുസ്ലീം വിരുദ്ധ നീക്കം നടക്കുകയാണെങ്കിൽ അത് കശ്മീരിൻ്റെ മൊത്തം സ്ഥിതിയെ അപകടപ്പെടുത്തും “. നെഹ്റു ആർ എസ് എസിനെ വീക്ഷിച്ചത് “മാരകമായ സംഘടനയും ഫാസിസ്റ്റ് എന്ന വാക്കിൻ്റെ യഥാർത്ഥ അർത്ഥം പേറുന്ന ഒന്നു” മായിട്ടാണ്.

1948 ഡിസംബർ 17 ന് യു.പി.മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് വല്ലഭ് പന്തിന് നെഹ്റു എഴുതി.

അവസാനമായി നാം തമ്മിൽ കണ്ടപ്പോൾ ആർ എസ് എസിനെതിരെ താങ്കൾ എടുക്കാൻ ഉദ്ദേശിക്കുന്ന നടപടികളെക്കുറിച്ച് താങ്കൾ എന്നോട് സൂചിപ്പിച്ചിരുന്നു. ലാൽ ബഹദൂർ ( ശാസ്ത്രി ) താങ്കൾ ആർജ്ജിച്ച വിവരങ്ങളെക്കുറിച്ച് കുറച്ചു കൂടി വിശദമായ വിവരങ്ങൾ തന്നു. മിക്കവാറും രണ്ടാഴ്ചയ്ക്കുള്ളിൽ താങ്കൾ ചില നടപടികൾ എടുക്കുമെന്നും താങ്കൾ ആർജ്ജിച്ച തെളിവുകളെക്കുറിച്ച് ആർ എസ് എസ് നേതാവിനെ ധരിപ്പിക്കുകയാണ് താങ്കൾ എടുക്കാൻ ഉദ്ദേശിക്കുന്ന ആദ്യ നടപടിയെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ആർ എസ് എസ് എന്നത് അങ്ങേയറ്റം എതിർക്കപ്പെടേണ്ടതും  അപകടകരമായതുമായ സംഘടനയാണെന്ന് സുനിശ്ചിതവും നമ്മൾ നേരിടുന്ന ഉപദ്രവങ്ങളുടെ ഭൂരിഭാഗത്തിന് അവരാണ് ഉത്തരവാദിയെന്നുമിരിക്കേ ഇക്കാര്യത്തിൽ താങ്കൾ മുന്നോട്ടുപോകുന്നത് എനിക്ക് സന്തോഷം തരുന്നു. അജ്മീറിൽ ഈയിടെ കുഴപ്പങ്ങൾ ഉണ്ടാക്കിയത് ആർ എസ് എസ് ആണ്. ഇത്തരം ദുഷ്പ്രവൃത്തികൾ തുടരാൻ നാം അനുവദിച്ചു കൂടാ

1947 ഡിസംബർ 7 ന് പ്രവിശ്യാ മുഖ്യമന്ത്രിമാരെ താഴെപ്പറയുന്ന കത്ത് വഴി നെഹ്റു ജാഗരൂകരാക്കി.

ഒരു സ്വകാര്യ സൈന്യത്തിൻ്റെ സ്വഭാവം പേറുന്ന ഒന്നാണ് ആർ എസ് എസ് എന്ന് കാണിക്കാൻ നമ്മുടെ മുന്നിൽ ഒരു പാട് തെളിവുകൾ ഉണ്ട്. അവർ കടുകിട തെറ്റാതെ നാസി രീതികളിൽ പ്രവർത്തിക്കുന്നവരും , സംഘടനാ സംവിധാനങ്ങൾ പിന്തുടരുന്നവർ പോലുമാണ്. പൗരസ്വാതന്ത്ര്യത്തിൽ ഇടപെടുക എന്നത് നമ്മുടെ അഭിലാഷമല്ല. പക്ഷെ, ഉപയോഗിക്കുക എന്ന ഉദ്ദേശ്യം വെച്ച് വലിയ ഒരു കൂട്ടം മനുഷ്യർക്ക് ആയുധ പരിശീലനം നൽകുന്നത് പ്രോത്സാഹിപ്പിക്കേണ്ട ഒരു കാര്യമല്ല.

…… ജർമ്മനിയിൽ നാസി പ്രസ്ഥാനം വികസിച്ച രീതിയെക്കുറിച്ച് എനിക്ക് ചില ധാരണകൾ ഉണ്ട്. അത് അതിൻ്റെ പുറം പൂച്ചകൾ വഴിയും കർശനമായ അച്ചടക്കം കൊണ്ടും താഴ്ന്ന മദ്ധ്യവർഗ്ഗത്തിലെ അത്രയൊന്നും ബുദ്ധിയില്ലാത്ത ,ജീവിതം ഒരു വാഗ്ദാനവും നൽകാത്ത നിരവധി ചെറുപ്പക്കാരന്മാരേയും ചെറുപ്പക്കാരികളേയും  ആകർഷിക്കുകയുണ്ടായി. അതിൻ്റെ നയവും പദ്ധതിയും ലളിതവും ഋണാത്മകവും മനസ്സിൻ്റെ സജീവ പങ്കാളിത്തം ആവശ്യമില്ലാത്തതും ആയത് കൊണ്ട് അവർ നാസി പാർട്ടിയുടെ നേർക്കൊഴുകി. നാസി പാർട്ടി ജർമ്മനിയെ തകർച്ചയിലേയ്ക്ക് നയിച്ചു. ഈ പ്രവണതകൾ ഇന്ത്യ മുഴുവൻ പരക്കാൻ അനുവദിച്ചാൽ അവ ഇന്ത്യയ്ക്ക് എണ്ണമറ്റ മുറിവുകൾ നൽകും എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ഇന്ത്യ അതിജീവിക്കും എന്നതിൽ സംശയമില്ല. പക്ഷെ അവൾക്ക്  ( ഇന്ത്യ ) അങ്ങേയറ്റം മുറിവേല്ക്കുകയും അത് ശമിക്കാൻ ഒരു പാട് കാലം എടുക്കുകയും ചെയ്യും

ഗാന്ധിവധത്തിന് രണ്ടു ദിവസം മുമ്പ് 1948 ജനുവരി 28 ന് നെഹ്റു പട്ടേലിന് എഴുതി :

യു പി ഗവണ്മെൻ്റിലെ മന്ത്രിയായ ലാൽ ബഹദൂർ ശാസ്ത്രി ഭരത്പൂരിൽ ആർ എസ് എസുകാർക്ക് ആയുധ പരിശീലനം ലഭിച്ചതിൻ്റെ ഫലങ്ങളെപ്പറ്റി അവർക്ക്  എങ്ങനെയാണ് വിവരങ്ങൾ കിട്ടിയത് എന്നതിനെപ്പറ്റി എന്നോട് പറയുകയുണ്ടായി. യു പിയിൽ നിന്ന് ധാരാളമായി ഇത്തരം ആളുകൾ പരിശീലന ക്യാമ്പുകളിലേയ്ക്ക് പോകുകയും ആയുധങ്ങളുമായി മടങ്ങി വരികയും ചെയ്യുന്നുണ്ട്. ഭരത്പൂർ രാജ്യത്തിൽ ഇത്തരം പരിശീലന ക്യാമ്പുകൾ നടന്നുവരുന്നതിനെപ്പറ്റി നമ്മൾ നേരത്തേ കേട്ടിട്ടുണ്ട്. തീർച്ചയായും ഇത്തരം കാര്യങ്ങൾ ഒരു പരിധി വരെ ഇപ്പോഴും തുടരുന്നു എന്നതിൽ യു പി ഗവണ്മെൻ്റിന് ആശങ്കയുണ്ട്

സ്വന്തം മന്ത്രിസഭയിലെ മന്ത്രിയായിരുന്ന ഹിന്ദു മഹാസഭാ നേതാവ് ശ്യാമപ്രസാദ് മുഖർജിക്ക് അതേ ദിവസം തന്നെ നെഹ്റു എഴുതി.

ഹിന്ദുമഹാസഭയുടെ പ്രവർത്തനങ്ങൾ കുറച്ചു കാലം മുമ്പ് എന്നെ അസ്വസ്ഥനാക്കിയിരുന്നു. ഇപ്പോൾ ഗവണ്മൻ്റിനും കോൺഗ്രസ്സിനും മുഖ്യ എതിരാളിയായി   പ്രവർത്തിക്കുന്നു എന്ന് മാത്രമല്ല, ഹിംസയെ നിരന്തരം ഉല്പാദിപ്പിക്കുന്ന ഒരു സംഘടനയായി കൂടി അത് മാറിയിരിക്കുന്നു. ആർ എസ് എസ് കുറേക്കൂടി മോശമായ തരത്തിലാണ് പെരുമാറുന്നത്. അതിൻ്റെ  അങ്ങേയറ്റം എതിർക്കപ്പെടേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും കലാപങ്ങളും ക്രമസമാധാനത്തകർച്ചകളുമായി ഉള്ള അതിൻ്റെ അടുത്ത ബാന്ധവത്തെക്കുറിച്ചുമുള്ള ബൃഹത്തായ വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചിട്ടുണ്ട്.

മുകളിൽ എഴുതിയ കാര്യങ്ങളിൽ നിന്നും വിട്ട് എന്നെ വേദനിപ്പിക്കുന്ന വസ്തുത, മഹാസഭയുടെ അരങ്ങുകളിൽ നിന്ന് നിർമ്മിച്ചു കൊണ്ടിരിക്കുന്ന അങ്ങേയറ്റം മാന്യതയില്ലാത്തതും അശ്ശീലവുമായ പ്രഭാഷണങ്ങൾ ആണ്. “ഗാന്ധി മൂർദ്ദാബാദ്” എന്നത് അവരുടെ പ്രത്യേക മുദ്രാവാക്യങ്ങളിൽ ഒന്നാണ്. അടുത്തിടെ ഹിന്ദുമഹാസഭയുടെ ഒരു മുഖ്യനേതാവ് നെഹ്റുവിനേയും സർദാർ പട്ടേലിനേയും മൗലാനാ ആസാദിനേയും തൂക്കിലേറ്റലാണ് തങ്ങളുടെ പ്രധാന ലക്ഷ്യം എന്ന് പ്രസ്താവിച്ചു. താങ്കൾ ഹിന്ദുമഹാസഭയുമായി അടുത്ത ബന്ധം പുലർത്തുന്നതു കൊടാണ് ഞാൻ നിങ്ങൾക്ക് പ്രത്യേകമായി എഴുതുന്നത്. ഞങ്ങളുടെ പാർട്ടിയിലും അസംബ്ലിയിലും മറ്റെല്ലായിടത്തും ഇക്കാര്യത്തിൽ താങ്കളുടെ നിലപാട് എന്തെന്ന് ഞങ്ങളോട് ചോദിച്ചുകൊണ്ടിരിക്കുന്നു – എന്നെപ്പോലെത്തന്നെ നിങ്ങളേയും അമ്പരപ്പിലാക്കുന്ന  ഈ അവസ്ഥയെ എങ്ങനെയാണ് നേരിടുക എന്ന് നിങ്ങൾ അറിയിക്കുകയാണെങ്കിൽ ഞാൻ നിങ്ങളോട് കടപ്പെട്ടവനാകും.”

അന്നേ ദിവസം ഡെൽഹിയിൽ നടന്ന, മദൻലാലിന് സിന്ദാബാദ് വിളിച്ച ഹിന്ദുമഹാസഭാ യോഗമായിരിക്കും ഇതെഴുതുമ്പോൾ നെഹ്റുവിൻ്റെ മനസ്സിലുണ്ടായിരുന്നതെന്ന് ഊഹിക്കാം.

ആർ എസ് എസ് സർ സംഘചാലക് എം എസ് ഗോൾവാൾക്കർ  1948 ഫെബ്രുവരി 1 ന് തന്നെ അറസ്റ്റിലായി. ആറുമാസക്കാലത്തെ തടവുശിക്ഷ കഴിഞ്ഞ് 1948 ആഗസ്റ്റ് 6 ന് നാലു നിബന്ധനകളുടെ പുറത്ത്  ഗോൾവാൾക്കറെ ജയിലിൽ നിന്നും വിടുതൽ ചെയ്തു. 1. ജില്ലാ മജിസ്ട്രേട്ടിൻ്റെ മുൻകൂർ സമ്മതം എഴുതിവാങ്ങി മാത്രമേ നാഗ്പൂർ വിടാൻ പാടുള്ളു. 2) ഒരു പൊതുയോഗത്തിലും പങ്കെടുക്കാൻ പാടുള്ളതല്ല.3 ) ജില്ലാ മജിസ്ടേട്ടിൻ്റെ മുൻകൂർ അനുമതി കൂടാതെ പത്രികകളിലോ മാസികകളിലോ യാതൊന്നും എഴുതി പ്രസിദ്ധീകരിക്കാൻ പാടുള്ളതല്ല 4) പ്രാദേശിക ഭരണകൂടത്തിനും  കേന്ദ്ര ഭരണകൂടത്തിനും എതിരെ അപ്രീതി കുത്തിവെയ്ക്കുകയോ അവയെ  കബളിപ്പിക്കുകയോ ഇന്ത്യൻ ഡൊമീനിയനിലെ വ്യത്യസ്ത വർഗ്ഗങ്ങൾക്കും  പൗരർക്കുമിടയ്ക്ക് വെറുപ്പിൻ്റെ വികാരമോ  ശത്രുതയോ പ്രോത്സാഹിപ്പിക്കുകയോ പൊതു സമാധാനത്തെ അസ്വസ്ഥപ്പെടുത്തുകയോ ചെയ്യുന്ന ഏതെങ്കിലും പ്രത്യക്ഷമോ പരോക്ഷമോ ആയ നടപടികളിൽ സ്വയം ഏർപ്പെടുകയോ , അത്തരം ഏർപ്പാടുകളിൽ മുഴുകിയ ഏതെങ്കിലും വ്യക്തിയുമായി ബന്ധപ്പെടുകയോ ചെയ്യരുത്.

പുറത്തെത്തിയ അദ്ദേഹം രാജ്യത്തിലെ സാമുദായിക രഞ്ജിപ്പിനെ ഒരു തരത്തിലും ആർ എസ് എസ് ഹനിക്കുകയില്ല എന്ന ഉറപ്പിൽ 1948 ഓഗസ്റ്റ് 11 ന്  നിരോധനം നീക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നെഹ്റുവിനും ആഭ്യന്തരമന്ത്രിയായ സർദാർ പട്ടേലിനും അദ്ദേഹം എഴുതുകയുണ്ടായി. വീണ്ടും നെഹ്റുവിന് എഴുതിയപ്പോൾ അത് നിരാകരിച്ചു കൊണ്ട് നെഹ്റുവിൻ്റെ സെക്രട്ടറി ഗോൾവാൾക്കർക്ക് മറുപടി കൊടുത്തു.  അതേ തുടർന്ന് ആഭ്യന്തര മന്ത്രി പട്ടേലുമായി ഒരു കൂടിക്കാഴ്ചയ്ക്ക് ഗോൾവാൾക്കർ സമയം ചോദിച്ചു.

ആ കൂടിക്കാഴ്ചക്കായി നാഗ്പൂർ നഗരം വിട്ടു പോകരുതെന്ന് ഗോൾവാൾക്കർക്ക് മേൽ ഉണ്ടായിരുന്ന നിബന്ധന ഇതിന് വേണ്ടി സി പി ( സെൻട്രൽ പ്രൊവിൻസ് ) ഗവണ്മെൻ്റ് ഇളവുചെയ്തുകൊടുത്തു. അങ്ങനെ 1948 ഓഗസ്റ്റ് 15 ന് മുംബൈയിൽ വെച്ച്  ഗോൾവാൾക്കർ സർദാർ പട്ടേലിനെ പോയ് കണ്ടു. പട്ടേൽ വഴങ്ങാത്തത് കൊണ്ട് 1948 ഒക്ടോബർ 17 ന് ഡെൽഹിയിൽ വെച്ചും ഗോൾവാൾക്കർ പട്ടേലിനെ കാണുകയുണ്ടായി. ആ കൂടിക്കാഴ്ചയെ കുറിച്ച് പട്ടേൽ നെഹ്റുവിനെ ധരിപ്പിച്ചത് ഇങ്ങനെയാണ്.

ഞാൻ ഗോൾവാൾക്കർക്ക് എൻ്റെ കാഴ്ചപ്പാട് വ്യക്തമാക്കി കൊടുത്തു. ഇന്ത്യയുടെ സമാധാനത്തിനും പ്രശാന്തതയ്ക്കും ഭീഷണിയായി നിൽക്കുന്ന ഒന്നല്ല എന്ന തരത്തിൽ സംഘ് അതിൻ്റെ മുഴുവൻ കാഴ്ചപ്പാടും പദ്ധതിയും മാറ്റിക്കൊണ്ട് പ്രാദേശിക ഗവണ്മെൻറുകൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതാണ്. ആർ എസുഎസുകാരുടെ രഹസ്യ പ്രവർത്തനങ്ങളെക്കുറിച്ച് നമുക്ക് കിട്ടുന്ന റിപ്പോർട്ടുകളിലേയ്ക്കും ഞാൻ അദ്ദേഹത്തിൻ്റെ ശ്രദ്ധ ക്ഷണിച്ചു. ” ഇത്രയും കൂടി അദ്ദേഹം കൂട്ടിച്ചേർത്തു. ” ( ഗവണ്മെൻ്റിന് ) തൃപ്തികരമായ വിധത്തിൽ ആർ എസ് എസ് ഒരു ഭരണഘടന ഉണ്ടാക്കുകയും സംഘിൻ്റെ  ഭാവിപ്രവർത്തനങ്ങളെ സംബന്ധിച്ച് ചില ഉറപ്പുകളും സത്യവാങ്ങ്മൂലങ്ങളും വാങ്ങുകയും ചെയ്തുകൊണ്ട് മാത്രം  അദ്ദേഹത്തെ (ഗോൾവാൾക്കറെ ) മോചിപ്പിക്കുന്നതായിരിക്കും സുരക്ഷിതം എന്ന് ഞാൻ കരുതുന്നു

ഇതേ തുടർന്ന് ഏകനാഥ് റാനഡേ, പി.ബി.ദാനി, പിന്നീട് സർ സംഘ് ചാലക് ആയ എം ഡി ദേവറസ് എന്നിവർ ചേർന്ന് ആർ എസ് എസിന് ഒരു കരട് ഭരണഘടന ഉണ്ടാക്കി ഗവണ്മെൻ്റിന് സമർപ്പിച്ചെങ്കിലും നിരാകരിക്കപ്പെട്ടു. അതിൽ ഇന്ത്യൻ ഭരണഘടനയോടും, ഭഗധ്വജം സംഘടനയുടെ പതാകയായി നിലനിർത്തുമ്പോൾ തന്നെ ഇന്ത്യൻ പതാകയെ അംഗീകരിക്കാമെന്നും സമ്മതിച്ചിരുന്നു. അവസാനം 1948 ജൂലൈ 11 ന് ആർ എസ് എസിൻ്റെ നിരോധനം നീക്കി. അത് നിരുപാധികമായ ഒന്നായിരുന്നില്ലെന്ന് ഗവണ്മെൻ്റ് രേഖ പറയുന്നു.

” ഇക്കൊല്ലം (1948) മാർച്ചിൽ ആർ എസ് എസ് നേതാവ് ( ഗോൾവാൾക്കർ) ഒരു കരടു ഭരണഘടന സമർപ്പിക്കുകയും പ്രവിശ്യാ ഗവണ്മെൻ്റുകളുമായുള്ള ചർച്ചയ്ക്ക് ശേഷം അതിൽ ഉൾച്ചേർത്തിട്ടുള്ള  നിബന്ധനകൾ പരിശോധിക്കുകയും ചെയ്തു. ആ കരടിനെക്കുറിച്ചുള്ള തങ്ങളുടെ പ്രതികരണങ്ങൾ ഇന്ത്യൻ ഗവണ്മെൻ്റ് ആർ എസ് എസ് നേതാവിനെ അറിയിക്കുകയും ഗവണ്മെൻ്റ് മുന്നോട്ടു വെച്ച നിർദ്ദേശങ്ങൾ അദ്ദേഹം സ്വീകരിക്കുകയും ഭരണഘടനയുടെ പ്രധാന ഭാഗങ്ങളെക്കുറിച്ച് അദ്ദേഹം തന്ന വിശദീകരണങ്ങൾ   ഗവണ്മെൻ്റ് ഉൾക്കൊള്ളുന്ന അതേ  അർത്ഥത്തിൽ തന്നെ പ്രവർത്തിക്കാനുദ്ദേശിച്ചുള്ള തരത്തിലാണ് എന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു.

ഇന്ത്യൻ ഭരണഘടനയോട് കൂറുപുലർത്താമെന്നും ദേശീയപതാകയോടുള്ള ആദരവ് കൂടുതൽ വിശദമായി ആർ എസ് എസിൻ്റെ ഭരണഘടനയിൽ ഉൾപ്പെടുത്താമെന്നും അക്രമാസക്തവും രഹസ്യാത്മകവുമായ പ്രവർത്തനങ്ങളിൽ വിശ്വസിക്കുകയോ ആശ്രയിക്കുകയോ ചെയ്യുന്ന വ്യക്തികൾക്ക് സംഘിൽ യാതൊരു സ്ഥാനവും ഉണ്ടായിരിക്കില്ലെന്ന് ആർ എസ് എസ് നേതാവ് സത്യവാങ്ങ്മൂലം തന്നിട്ടുണ്ട്. ഭരണഘടന ജനാധിപത്യപരമായി പ്രവർത്തിക്കുന്ന ഒന്നായിരിക്കുമെന്ന് ആർ എസ് എസ് നേതാവ് വ്യക്തത വരുത്തിയിട്ടുണ്ട്. അന്നത്തെ കാര്യകാരി മണ്ഡലിൻ്റെ സമ്മതത്തോടെ മാത്രം പിൻഗാമിയെ നിർദ്ദേശിക്കുന്നത് വഴി പ്രത്യേകിച്ച് സർ സംഘ് ചാലകിൻ്റെ സ്ഥാനം ഫലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ഒന്നായിരിക്കും. സംഘിൻ്റെ ഏത് അംഗത്തിനും പ്രതിജ്ഞ ലംഘിക്കാതെ തന്നെ എപ്പോൾ വേണമെങ്കിലും വിട്ടു പോകാവുന്നതും പ്രായപൂർത്തിയാകാത്തവരുടെ ഉൾക്കൊള്ളൽ രക്ഷാകർത്താക്കളുടെ അഭിപ്രായങ്ങൾക്കനുസരിച്ചു മാത്രവും സംഘ് അധികൃതർക്ക് രേഖാമൂലമുള്ള അപേക്ഷ നൽകിക്കൊണ്ട് തങ്ങളുടെ കുട്ടിയെ അവിടെ നിന്ന് പിൻവലിക്കാവുന്നതും ആണ്.

ആർ എസ് എസ് നേതാവ് സമർപ്പിച്ച പരിഷ്ക്കരണങ്ങളുടേയും വിശദീകരണങ്ങളുടെയും അടിസ്ഥാനത്തിൽ ഇന്ത്യൻ ഭരണഘടനയോട് കൂറുപുലർത്തുകയും ദേശീയ പതാകയെ അംഗീകരിക്കുകയും രഹസ്യാത്മകതയും അക്രമോത്സുകതയും വെടിയുകയും ചെയ്തു കൊണ്ട് ഒരു ജനാധിപത്യ, സാംസ്ക്കാരിക സംഘടനയായി പ്രവർത്തിക്കാൻ ആർ എസ് എസിന് ഒരു അവസരം കൊടുക്കുക എന്ന നിഗമനത്തിൽ ഇന്ത്യൻ ഗവണ്മെൻ്റ് എത്തിച്ചേർന്നിരിക്കുന്നു. ”

ആർ എസ് എസ് വൃത്തങ്ങൾ അവകാശപ്പെടും പോലെ നിരുപാധികമല്ല അതിൻ്റെ നിരോധനം നീക്കിയതെന്ന് ഈ രേഖ തെളിയിക്കുന്നു. മാത്രമല്ല, അധികാരത്തോട് ഒട്ടി നിൽക്കാനായി കോൺഗ്രസ്സ് പാർട്ടിയുമായി ഒത്തു പോകാനുള്ള ശ്രമവും ഗോൾവാൾക്കർ നടത്തുകയുണ്ടായി. നെഹ്റു വിദേശത്തായ അവസരത്തിൽ ആർ എസ് എസ് പ്രവർത്തകർക്ക് കോൺഗ്രസ്സിൽ പ്രാഥമികാംഗത്വം കൊടുക്കുന്നതിൽ തെറ്റില്ലെന്ന് കോൺഗ്രസ്സ് പ്രവർത്തക സമിതി 1949 ഒക്ടോബർ 7 ന് തീരുമാനിക്കുകയുണ്ടായി. 1949 നവംബർ 17 ന്, വിദേശത്തു നിന്നും മടങ്ങി വന്ന നെഹ്റു വിൻ്റെ സമ്മർദ്ദഫലമായി, പ്രവർത്തക സമിതി ആ തീരുമാനം പിൻവലിച്ചു. ആർ എസ് എസ് അംഗത്വം ഉപേക്ഷിച്ച ശേഷം മാത്രമേ അവർക്ക് കോൺഗ്രസ്സിൽ ചേരാൻ പറ്റൂ എന്നാക്കി ആ തീരുമാനം മാറ്റി.

അതേ സമയം തിരിച്ചു വരാൻ  ഗവണ്മെൻ്റിന്റെ കരുണ കാത്തുനിൽക്കുക മാത്രമല്ല ആർ എസ് എസ് ചെയ്തത്. 1948 ൽ ബൽരാജ് മധോക്കിനെ മുന്നിൽ നിർത്തി അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ( ABVP) എന്നൊരു വിദ്യാർത്ഥി സംഘടന സ്വതന്ത്ര രൂപത്തിൽ ആവിഷ്ക്കരിപ്പിച്ചു. അവിഭക്ത കമ്യൂണിസ്റ്റുകളുടെ ഓൾ ഇന്ത്യ സ്റ്റുഡൻറ്സ് ഫെഡറേഷന് (AISF) ന് എതിരാളിയെന്ന മട്ടിൽ 1948 ജൂലായിൽ സ്ഥാപിച്ച സംഘടന ആർ എസ് എസിൻ്റെ ബഹുഭൂരിപക്ഷം വരുന്ന യുവാക്കളായ കേഡർമാർക്ക് ഒളിച്ചിരിക്കാനുള്ള ഇടം കൂടിയായിട്ടാണ് രൂപീകരിച്ചത്. 2017 ഒക്ടോബറിൽ കാരവനിൽ പ്രസിദ്ധീകരിച്ച പ്രിയങ്ക ദുബേ എഴുതിയ ” വിദ്യാർത്ഥി ദിനങ്ങൾ : ഏ ബി വി പി യുടെ യുഗം ” എന്ന ലേഖനത്തിൽ  ആർ എസ് എസ് താത്വികനായിരുന്ന കെ. എൻ. ഗോവിന്ദാചാര്യ ഇങ്ങനെ പറയുന്നു :

” ഗാന്ധി – ജി യുടെ വധത്തിന് ശേഷം 1948 ഫെബ്രുവരി മുതൽ ആർ എസ് എസ് നിരോധിക്കപ്പെട്ടു.” അദ്ദേഹം പറഞ്ഞു. ” സംഘടനയുടെ ബഹുഭൂരിപക്ഷം കേഡർമാരും അക്കാലത്ത് ചെറുപ്പക്കാരായിരുന്നു. സംഘടിക്കാനും സാധാരണഗതിയിൽ യോഗങ്ങൾ നടത്തുന്നതിനുമായി  സംഘിന് ഒരു വഴി കണ്ടു പിടിക്കണമായിരുന്നു. അതു കൊണ്ട് അത് അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന് പേരിന് കീഴെ കൂടിച്ചേരാൻ തുടങ്ങി ”

1949 ജൂലായിൽ തന്നെ ആർ എസ് എസിൻ്റെ നിരോധനം പിൻവലിച്ചത് കൊണ്ട് എ ബി വി പി പ്രവർത്തനം താത്ക്കാലികമായി മന്ദീഭവിപ്പിക്കപ്പെട്ടു.

1998 ൽ, സ്വാതന്ത്ര്യ കാലത്ത് യു പി യിലെ  ആഭ്യന്തര സെക്രട്ടറിയായിരുന്ന രാജേശ്വർ ദയാൽ ഐ സി എസ്, പിൽക്കാലത്ത് അദ്ദേഹം വിദേശകാര്യ സെക്രട്ടറിയായി, തന്റെ ഓർമ്മക്കുറിപ്പുകളിൽ വലിയ ഒരു വെളിപ്പെടുത്തൽ ആർ എസ് എസിനെക്കുറിച്ച് നടത്തിയത് ഏ ജി നൂറാണി തൻ്റെ ആർ എസ് എസ് എന്ന പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. സ്വാതന്ത്ര്യത്തിൻ്റെ ആദ്യ നാളുകളിൽ ആർ എസ് എസ് എങ്ങനെയാണ് പ്രവർത്തിച്ചിരുന്നത് എന്നതിൻ്റെ ഒരു ചിത്രം അതിൽ നിന്നും ലഭിക്കും.

” യു പി മന്ത്രിസഭയുടെ അലംഭാവവും തീരുമാനമെടുക്കാനുള്ള ശേഷിയില്ലായ്മയും വളരെ മോശപ്പെട്ട അനന്തരഫലങ്ങളിലേയ്ക്ക് നയിച്ച ഒരു ഗുരുതര സ്ഥിതി വിശേഷത്തെക്കുറിച്ച് ഞാൻ രേഖപ്പെടുത്തട്ടെ. വർഗ്ഗീയസംഘർഷങ്ങൾ ജ്വരമൂർച്ഛയിൽ നിൽക്കുമ്പോൾ, പടിഞ്ഞാറൻ പ്രവിശ്യയിലെ ഡെപ്യൂട്ടി ജനറലും വിവേകിയും കഴിവുറ്റതുമായ ഉദ്യോഗസ്ഥനുമായ ബി ബി എൽ ജെയ്റ്റ്ലി (കപൂർ കമ്മീഷന് മുന്നിൽ ഹാജരായ ഈ ഉദ്യോഗസ്ഥനെപ്പറ്റി നാം ചർച്ച ചെയ്തിരുന്നു ) അങ്ങേ അറ്റം  രഹസ്യാത്മകമായി എൻ്റെ വീട്ടിൽ എത്തിച്ചേർന്നു. സൂക്ഷിച്ച് പൂട്ടിയ രണ്ട് സ്റ്റീൽ ട്രങ്കുകളും പേറി അദ്ദേഹത്തിൻ്റെ കൂടെ രണ്ട് ഉദ്യോഗസ്ഥരും വന്നിരുന്നു. ആ ട്രങ്കുകൾ തുറന്നപ്പോൾ പ്രവിശ്യയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മുഴുവൻ വംശഹത്യ സൃഷ്ടിക്കാനുള്ള അതിക്രൂരമായ ഗൂഢാലോചനയുടെ സംശയിക്കേണ്ടതില്ലാത്ത തെളിവുകളെ അത് വെളിവാക്കി. ആ പ്രദേശത്തെ ഓരോ നഗരവും ഗ്രാമവും , മുഖ്യമായി മുസ്ലീം പ്രദേശങ്ങളും ആവാസ കേന്ദ്രങ്ങളും വളരെ വ്യക്തതയോടും കൃത്യതയോടും കൂടി അടയാളപ്പെടുത്തിയ അടിസ്ഥാന രേഖകൾ കൊണ്ട് ആ ട്രങ്കു പെട്ടികൾ നിറഞ്ഞിരുന്നു. വ്യത്യസ്ത പ്രദേശങ്ങളിലേയ്ക്ക് കടന്നു ചെല്ലാനുള്ള വിശദമായ നിർദ്ദേശങ്ങളും മറ്റു കാര്യങ്ങളും അതിലുണ്ടായിരുന്നു. അവ അവരുടെ ദുരുദ്ദേശത്തെ വലിയ അളവിൽ തുറന്നു കാണിക്കുന്നതായിരുന്നു.

ആ വെളിപ്പെടുത്തലുകൾ നല്കിയ ഭീതിയിൽ, ആ പോലീസ് സംഘത്തേയും കൊണ്ട് ഞാൻ ഉടൻ തന്നെ മുഖ്യമന്ത്രിയുടെ വസതിയിലേയ്ക്ക് പോയി. അവിടെ, അടച്ചിട്ട ഒരു മുറിയിൽ ഇരുന്നുകൊണ്ട് ജെയ്റ്റ്ലി സ്റ്റീൽ ട്രങ്കുകളിലെ തെളിവുകളുടെ ബലത്തിൽ തൻ്റെ കണ്ടുപിടിത്തത്തിൻ്റെ മുഴുവൻ റിപ്പോർട്ടും നൽകുകയുണ്ടായി. ആർ എസ് എസ് കാര്യാലയങ്ങളിൽ കൃത്യസമയത്ത് നടത്തിയ പരിശോധനകൾ ഈ വലിയ ഗൂഢാലോചനയെ വെളിച്ചത്ത് കൊണ്ടുവരികയുണ്ടായി. മുഴുവൻ പദ്ധതിയും ആവിഷ്ക്കരിച്ചത് സംഘടനയുടെ പരമാധികാരിയുടെ മേൽനോട്ടത്തിലും നിർദ്ദേശത്തിലുമാണ്. ഞാനും ജെയ്റ്റ്ലിയും ആ പ്രവിശ്യയിൽ അപ്പോഴും തങ്ങിയിരുന്ന  പ്രഥമപ്രതിയുടെ, ഗോൾവാൾക്കറിൻ്റെ അറസ്റ്റിനായി സമ്മർദ്ദം ചെലുത്തി.

പാന്ത്ജി ( ജി.ബാ. പാന്ത് ) തൻ്റെ കണ്ണുകൾക്കും ചെവികൾക്കും മുന്നിലെ തെളിവുകളെ അത്യന്തം തീവ്രമായ ഉത്കണ്ഠയോടെ സ്വീകരിച്ചു. പക്ഷെ, കിദ്വായ് (റാഫി അഹമ്മദ് ) ചെയ്യുമായിരുന്ന പോലെ, ഞങ്ങൾ പ്രത്യാശിച്ചിരുന്ന റിങ്ങ് ലീഡറുടെ അറസ്റ്റ്, അദ്ദേഹം അടുത്ത ക്യാബിനറ്റ് മീറ്റിങ്ങിൻ്റെ പരിഗണനയ്ക്ക് വെയ്ക്കാൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ ശരീരത്തിൽ ആർ എസ് എസ് അത്ര ആഴത്തിൽ പാഞ്ഞിട്ടുള്ളത് കൊണ്ടുള്ള രാഷ്ട്രീയ സങ്കീർണ്ണത ആയിരുന്നു അത് എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ആർ എസ് എസ് അനുഭാവികൾ ഒളിഞ്ഞും തെളിഞ്ഞും കോൺഗ്രസ്സ് പാർട്ടിയിലും ക്യാബിനറ്റിൽ പോലും ഇടം പിടിച്ചിരിക്കുന്നതിൻ്റെ ഫലമായുള്ള മറ്റു രാഷ്ട്രീയ സമ്മർദ്ദങ്ങളും ഉണ്ടായിരിക്കാം. ഉപരിസഭയുടെ പ്രിസൈഡിങ്ങ് ഓഫീസർ ആയ ആത്മ ഗോവിന്ദ് ഖേർ തന്നെ ഒരു അനുഭാവിയും അദ്ദേഹത്തിൻ്റെ മക്കൾ ആർ എസ് എസിൻ്റെ പരസ്യപ്രവർത്തകരും ആയിരുന്നു എന്നത് രഹസ്യമായിരുന്നില്ല.

ക്യാബിനറ്റ് മീറ്റിങ്ങിൽ പതിവുപടി നീട്ടിവെയ്പും ധാരാളം അനാവശ്യ സംസാരങ്ങളും ഉണ്ടായി. മുഴുവൻ പ്രദേശത്തേയും ചുട്ടെരിക്കുന്ന ഒരു ഗൂഢാലോചനയെ പോലീസ് കുഴിച്ചെടുത്തു എന്ന വസ്തുതയ്ക്കോ അത് നിർവ്വഹിച്ച ഉദ്യോഗസ്ഥർ ഹാർദ്ദമായ അഭിനന്ദനങ്ങൾക്ക് പാത്രമാണെന്നോ ആരും ചർച്ചയിൽ ചൂണ്ടിക്കാട്ടിയില്ല. അന്തിമമായി ഉരുത്തിരിഞ്ഞത് ശേഖരിച്ച തെളിവുകളുടെ ഉള്ളടക്കവും സ്വഭാവവും ചൂണ്ടിക്കാണിച്ച് ഗോൾവാൾക്കർക്ക് ഒരു കത്ത് പുറപ്പെടുവിക്കാനും അതിനെപ്പറ്റിയുള്ള വിശദീകരണം ആവശ്യപ്പെടാനുമാണ്. എൻ്റെ നിർബന്ധത്തിന് മേൽ, അത്തരമൊരു കത്ത് പുറപ്പെടുവിക്കുകയാണെങ്കിൽ അതിൻ്റെ ഗുരുതര സ്വഭാവം വെളിപ്പെടുത്താൻ മുഖ്യമന്ത്രി തന്നെ അയക്കണം എന്ന് തീരുമാനിച്ചു. ഒരു കരട് ഉണ്ടാക്കാൻ പാന്ത് ജി എന്നോട് ആവശ്യപ്പെടുകയും അദ്ദേഹത്തിൻ്റെ സ്വന്തം എഴുത്തുശൈലിയിൽ ഞാൻ ഒരെണ്ണം തയ്യാറാക്കുകയും ചെയ്തു. ആ ഉദ്ദേശത്തിന് വേണ്ടി ഒരുക്കി നിർത്തിയ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ കൈയ്യിൽ അത് കൊടുത്തയച്ചു.

ഗോൾവാൾക്കർ പക്ഷെ മുങ്ങിയിരുന്നു. ആ പ്രവിശ്യയിലൊന്നും അദ്ദേഹത്തെ കണ്ടില്ല. തെക്കൻ പ്രദേശങ്ങളിലേക്കാണ് അദ്ദേഹം പോയതെന്ന് മനസ്സിലാക്കിയെങ്കിലും പിന്തുടരുന്നവരെ കബളിപ്പിച്ച് രക്ഷപ്പെടാൻ അദ്ദേഹത്തിന് സാധിച്ചു. ഈ വിഫലമായ പിന്തുടരൽ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് ആഴ്ചകളോളം നീണ്ടുനിന്നു. 1948 ജനുവരി 30 വന്നുചേരുകയും, മഹാത്മാ, സമാധാനത്തിൻ്റെ അപ്പോസ്തലരിൽ പ്രധാനി, ഒരു ആർ എസ് എസ് തീവ്രവാദിയുടെ വെടിയുണ്ടയേറ്റ് നിലം പതിക്കുകയും ചെയ്തു. ഈ മുഴുവൻ ദുരന്ത ദൃശ്യശൃംഖലയും എൻ്റെ ഹൃദയത്തിൽ വേദനയുണ്ടാക്കി ”

ഗാന്ധിവധത്തിൻ്റെ ഗൂഢാലോചനയിൽ നിന്ന് സവർക്കറേയും സവർക്കെറെറ്റുകളേയും ഒഴിച്ച് ബാക്കിയുള്ളവരെയെല്ലാം കപൂർ കമ്മീഷൻ ഉപോദ്ബലകതെളിവുകൾ ഇല്ലാത്തതിൻ്റെ പേരിൽ കുറ്റവിമുക്തമാക്കി എന്നത് ശരി തന്നെ. പിൽക്കാലത്ത് ഗോപാൽ ഗോഡ്സേ നൽകിയ അഭിമുഖവും (നാം ചർച്ച ചെയ്ത ) രാജേശ്വർ ദയാൽ അടക്കമുള്ള ആളുകളുടെ സത്യപ്രസ്താവനയും ചരിത്രത്തിൻ്റെ കോടതി വിചാരണയ്ക്ക് മുന്നിൽ സമർപ്പിക്കേണ്ടതാണ്.

ഗാന്ധി വധത്തിൻ്റെ പദ്ധതി നേരത്തെ അറിഞ്ഞു എന്ന ജി.വി. കേത് ക്കറിൻ്റെ പ്രസ്താവനയാണ് കപൂർ കമ്മീഷൻ്റെ നിയമനത്തിലേയ്ക്ക് നയിച്ചത് എന്ന് നാം കാണുകയുണ്ടായി. 2014 ൽ ബാബേൽ എൻ്റർടൈൻമെൻ്റിൻ്റെ ഒരു വീഡിയോയിൽ ഗോപാൽ ഗോഡ്‌സേയുടെ ഭാര്യ സിന്ധു തനിക്ക് 15-20 ദിവസം മുമ്പ് അതിനെക്കുറിച്ച് അറിയാമായിരുന്നു എന്ന് പറയുന്നുണ്ട്. അഗ്രണി / ഹിന്ദു രാഷ്ട്ര ജീവനക്കാരിയായിരുന്നു സിന്ധു. വലിയ ഒരു ഗൂഢാലോചന ഗാന്ധിവധത്തിനായി നടന്നിരുന്നു എന്ന തെളിവാണ് അത്.

സവർക്കറെ കോടതി കുറ്റവിമുക്തമാക്കിയെങ്കിലും കപൂർ കമ്മീഷൻ കുറ്റക്കാരനെന്ന് കണ്ടെത്തുകയുണ്ടായി. ഗാന്ധിവധത്തിൻ്റെ വിചാരണ ചെങ്കോട്ടയിൽ നടന്നുകൊണ്ടിരിക്കുമ്പോൾ അതിന് സാക്ഷ്യം വഹിച്ച സ്ത്രീ ആയിരുന്നു കമലമ്മ .അതിലെ ഒരു പ്രതി ശങ്കർ കിസ്തയ്യയ്ക്ക് തെലുങ്ക് ഭാഷ മാത്രമേ അറിയാമായിരുന്നുള്ളൂ. അതിനാൽ വിചാരണാ നടപടികളിൽ തെലുങ്കിലേക്കുള്ള വിവർത്തനം ആവശ്യമായി വന്നു. അതിന് വേണ്ടി ഗവണ്മെൻ്റ് നിയോഗിച്ചതായിരുന്നു കമലമ്മയെ. കമലമ്മയുടെ മകൻ രവി വിശ്വേശ്വരയ്യ ശാരദാ പ്രസാദ് 2021 ജനുവരി 30 ന് ദി പ്രിൻ്റിൽ അമ്മയോട് സംസാരിച്ചതിൽ നിന്നും മനസ്സിലാക്കിയ കാര്യങ്ങൾ എഴുതുകയുണ്ടായി. വിചാരണ മാസങ്ങൾ നീണ്ടു നിന്നത് കൊണ്ട് വിഷ്ണു കർക്കരേ കമലമ്മയുമായി സൗഹൃദത്തിലായി. പലപ്പോഴും കോടതിയിൽ പ്രതികൾ പറയുന്ന കാര്യങ്ങൾ അപ്പപ്പോൾ നുണയാണോ സത്യമാണോ എന്ന് കർക്കരെ കമലമ്മയോട് സൂചിപ്പിക്കുമായിരുന്നു. സവർക്കർ കോടതിയിൽ 1946 ന് ശേഷം ആരുമായും ബന്ധപ്പെട്ടിട്ടില്ല എന്ന് മൊഴി കൊടുക്കുന്ന സമയത്ത് അത് കളവാണ് എന്ന് കർക്കരെ കമലമ്മയോട് സൂചിപ്പിച്ചു. 1946 ന് ശേഷം നിരവധി തവണ താൻ തന്നെ സവർക്കറെ കാണുകയുണ്ടായി എന്ന് കർക്കരെ പറഞ്ഞു. അതുപോലെ തന്നെ ബഡ്ഗെ യുടെ പ്രസ്താവനയിൽ ” ഗാന്ധിയും നെഹ്റുവും സുഹ്രവർദ്ദിയും തീരണം ” എന്ന് സവർക്കർ പറഞ്ഞതായി ഉദ്ധരിച്ചത് തനി സത്യമാണെന്നും .

സവർക്കറെ വിശുദ്ധപ്പെടുത്തുന്ന ഹിന്ദുത്വ മുഹൂർത്തത്തിൽ ചരിത്രത്തിൻ്റെ കോടതിയെ സജീവമാക്കേണ്ടത് അനിവാര്യതയാണ്. 

================************************==============

Comments

comments