ബ്രിട്ടീഷ് മ്യൂസിയത്തില്‍ നിന്നും വാങ്ങിയ കൈപ്പുസ്തകത്തിന്‍റെ ആദ്യപേജിന്‍റെ മറുപുറത്തുള്ളത് ഒരു കാര്‍ട്ടൂണാണ്. മ്യൂസിയം കാണാനെത്തിയ രണ്ടു പേര്‍ അതിന്‍റെ പ്രവേശന ഹാളില്‍ നില്‍ക്കുന്നു. ഹാളിനു നടുവില്‍ ദിശാസൂചനയ്ക്കായി സ്ഥാപിച്ചിരിക്കുന്ന സ്തംഭത്തില്‍ നിന്ന് ചൈന, റോം, ഗ്രീസ്, മധ്യേഷ്യ, ആഫ്രിക്ക, ഇസ്ലാമിക നാഗരികത, നവോത്ഥാനം എന്നെല്ലാം രേഖപ്പെടുത്തി പല ദിശകളിലേക്ക് മുനകൂര്‍ത്തു നില്‍ക്കുന്ന കൈചൂണ്ടിപ്പലകകള്‍. അതിലേക്കു നോക്കി സന്ദര്‍ശകരിലൊരാള്‍ ആശ്ചര്യപ്പെടുന്നു: “ഇതിനെ ബ്രിട്ടീഷ് മ്യൂസിയം എന്നു വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല!”

രര്‍ത്ഥത്തില്‍ മ്യൂസിയങ്ങളുടെ ചരിത്രത്തിലേക്കും അതിന്‍റെ രാഷ്ട്രീയത്തിലേക്കുമെല്ലാം വഴിതുറന്നിടുന്ന മനോഹരസൂചകങ്ങളിലൊന്നാണത്. ബ്രിട്ടീഷ് മ്യൂസിയം എന്ന മഹാപ്രൗഢിയെ അതിനുള്ളില്‍ വച്ചുതന്നെ അഴിച്ചുകാണാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഒന്ന്. ബ്രിട്ടീഷ് മ്യൂസിയത്തെക്കുറിച്ച് മ്യൂസിയം പ്രസ്സ് തന്നെ പ്രസിദ്ധീകരിക്കുന്ന ഒരു കൈപ്പുസ്തകം (The British Museum: A-Z Companion-Marjorie Caygill))  ഇപ്രകാരം അതിനെത്തന്നെ അപനിര്‍മ്മിക്കാന്‍ മുതിരുന്നത് കൗതുകത്തോടെയാണ് ഞാന്‍ കണ്ടത്. സാമ്രാജ്യപ്രതാപത്തിന്‍റെ ഉത്തുംഗഗോപുരങ്ങള്‍ എങ്ങനെ അതില്‍ത്തന്നെ ഒരു കോമാളിരൂപമായി മാറുന്നു എന്ന് ആ കാര്‍ട്ടൂണ്‍ നന്നായി വെളിപ്പെടുത്തുന്നുണ്ടായിരുന്നു. കാലം കടപുഴക്കിക്കളയുന്ന മഹാപ്രതാപങ്ങളുടെ അവശിഷ്ടലോകത്തേക്ക്  കാലൂന്നുമ്പോള്‍ അതൊരു വലിയ ഓര്‍മ്മപ്പെടുത്തലായിരുന്നു; ഒപ്പം ഒരു താക്കീതും.

ഒന്ന്

ലണ്ടനിലേക്ക് യാത്ര തീരുമാനിച്ചപ്പോള്‍ കാണണമെന്നു തീരുമാനിച്ചുറപ്പിച്ച സ്ഥാപനങ്ങളിലൊന്ന് ബ്രിട്ടീഷ് മ്യൂസിയമായിരുന്നു. ലോകത്തെ ഏറ്റവും വലിയ പുരാശേഖരം. മാനവസംസ്കൃതിയുടെ ഈടുവയ്പുകള്‍ ആകാവുന്നത്ര സമാഹരിക്കപ്പെട്ട ഇടം. ഇരുപതു ലക്ഷം വര്‍ഷം പഴക്കമുള്ള കല്ലുളി മുതല്‍ ഇരുപതാം നൂറ്റാണ്ടിലെ കലാശില്പങ്ങള്‍ വരെ; ബാബിലോണിയയും അസീറിയയും മുതല്‍ ഗ്രീസും റോമും വരെ; അക്ഷരങ്ങള്‍ കോറിവരഞ്ഞ കളിമണ്‍ ഫലകങ്ങള്‍ മുതല്‍ പാര്‍ഥിനോണിലെ വെണ്ണക്കല്‍പ്പാളികള്‍ വരെ. ബ്രിട്ടീഷ് മ്യൂസിയം സ്ഥലത്തിനും കാലത്തിനും കുറുകെ പടര്‍ന്നുകിടക്കുന്നു. ലോകത്തെ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും വിസ്തൃതവുമായ ആ പുരാശേഖരത്തെക്കുറിച്ച് മൂന്നുപതിറ്റാണ്ടിനപ്പുറം വായിച്ചറിഞ്ഞ കാലത്തുതന്നെ ആവേശം തോന്നിയിരുന്നു. അപ്രാപ്യമായ സ്ഥാനങ്ങളിലൊന്നായേ അന്നതിനെ കണ്ടിരുന്നുള്ളൂ. ജീവിതത്തിന്‍റെ ഗതിഭേദങ്ങള്‍ പില്‍ക്കാലത്ത് അവിടേക്ക് എന്നെയും കൂട്ടിക്കൊണ്ടുപോയി. വാക്കിന്‍റെ വഴികളിലൂടെ നടന്ന് ലോകത്തിന്‍റെ പല കോണുകളിലും എത്തിപ്പെട്ടു. ബ്രിട്ടീഷ് മ്യൂസിയമായിരുന്നു അതിലേറ്റവും വിലപിടിച്ച ഒരിടം.

ലണ്ടന്‍ യാത്രയ്ക്കിടയില്‍ ഒരു ദിവസം ഈസ്റ്റ് ഫിഞ്ച്ലിയിലെ മുരളിയേട്ടന്‍റെ വീട്ടില്‍ നിന്ന് രാവിലെ രാവിലെ ഒന്‍പതിനു മുമ്പായി മ്യൂസിയത്തിലേക്ക് പുറപ്പെട്ടു. ഒരു മുഴുവന്‍ ദിവസം പൂര്‍ണ്ണമായി മ്യൂസിയം കാണാന്‍ ഉപയോഗിക്കണം എന്ന് ഞങ്ങള്‍ മുന്‍കൂറായി തീരുമാനിച്ചിരുന്നു. ഈസ്റ്റ് ഫിഞ്ച്ലി സ്റ്റേഷനില്‍ നിന്ന് ട്യൂബ് വഴി ടോട്ടന്‍ഹാം കോര്‍ട്ട്റോഡിലേക്ക്. മ്യൂസിയം സ്റ്റേഷന്‍ ഉള്‍പ്പെടെ മൂന്നോ നാലോ സ്ഥലങ്ങളില്‍ നിന്നും ബ്രിട്ടീഷ് മ്യൂസിയത്തിലെത്താമെന്നു തോന്നുന്നു. ഞങ്ങള്‍ക്ക് എളുപ്പമുള്ള വഴി ടോട്ടന്‍ഹാമിലൂടെയായിരുന്നു. കോര്‍ട്ട്റോഡ് സ്റ്റേഷനില്‍ ചെന്നിറങ്ങിയപ്പോള്‍ നടന്നെത്താനുള്ള ദൂരമേയുള്ളൂ എന്ന് മുരളിയേട്ടന്‍ പറഞ്ഞു. പത്തു മിനിറ്റെന്നാണ് പറഞ്ഞത്. ലണ്ടനിലെ ഏതെല്ലാമോ നഗരവഴികളിലൂടെ ഞങ്ങള്‍ നടന്നു. പതിറ്റാണ്ടുകളിലൂടെയുള്ള ലണ്ടന്‍ജീവിതം മൂലം മുരളിയേട്ടന് നഗരവഴികളെല്ലാം എത്രയും ഹൃദിസ്ഥം. നടക്കുന്ന വഴിയില്‍ ബ്ലൂംസ്ബെറി പുസ്തകശാല കണ്ടു. സാഹിത്യചരിത്രത്തിലെ പ്രഖ്യാതമായ കൂട്ടായ്മകളിലൊന്നിന്‍റെ പേരാണ്. അതേക്കുറിച്ച് ചിലതെല്ലാം പറഞ്ഞുനടന്നു. പത്തു മിനിറ്റ് തികയും മുമ്പേ മ്യൂസിയത്തിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു. ലണ്ടന്‍ നഗരത്തിലെ ഗ്രേറ്റ് റസ്സല്‍ സ്ട്രീറ്റിലാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. ഉയര്‍ന്നുപൊങ്ങുന്ന വലിയ തൂണുകളും അതിനു മുകളിലെ എടുപ്പുകളും ദൂരെനിന്നു തന്നെ കാണാം. ലോകനാഗരികതയുടെ ഏറ്റവും വലിയ പ്രദര്‍ശനശാലയെന്ന പെരുമയെ ഏതോ നിലയില്‍ ആ കാഴ്ച നമ്മുടെ മനസ്സിലെത്തിക്കും. പുറത്തുനിന്ന് ഒരു കാപ്പി കഴിച്ചതിനു ശേഷം മുരളിയേട്ടനോടൊപ്പം മ്യൂസിയത്തിനകത്തേക്ക് പതുക്കെ നടന്നു. അതിവിസ്തൃതമായ നടുമുറ്റം പോലൊരിടത്തു നിന്നാണ് സന്ദര്‍ശനം തുടങ്ങേണ്ടത്. സ്ഥലവിസ്തൃതിയും പ്രകാശഭംഗിയും ചേര്‍ന്ന് അവിടം മുതല്‍ തന്നെ ആ പുരാശേഖരം ആരെയും വ്യാമുഗ്ധരാക്കും.

വത്തിക്കാനിലേതൊഴികെ മഹിമയുറ്റ യൂറോപ്യന്‍ മ്യൂസിയങ്ങള്‍ അതിനു മുന്‍പ് ഏറെയൊന്നും കാണാനായിട്ടില്ല. സ്വിറ്റ്സര്‍ലാന്‍റ് യാത്രയ്ക്കിടയില്‍ സൂറിച്ചിലും മറ്റും ചില ഗ്യാലറികളും മ്യൂസിയങ്ങളും കാണാനിടകിട്ടിയിരുന്നു. വലുപ്പം കൊണ്ടോ, പ്രദര്‍ശനവസ്തുക്കളുടെ എണ്ണം കൊണ്ടോ അവയൊന്നും അത്രയേറെ ആകര്‍ഷകമായിരുന്നില്ല. ലോകത്തിലെ എണ്ണം പറഞ്ഞ മ്യൂസിയങ്ങളുടെ പട്ടികകളില്‍ അവയൊന്നും ഉള്‍പ്പെട്ടിരുന്നുമില്ല. ഗള്‍ഫ് രാജ്യങ്ങളിലെ മ്യൂസിയങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. കെട്ടിടങ്ങളുടെ വലുപ്പവും സ്ഥലവിന്യാസവും കൊണ്ട് അവ നമ്മെ ആകര്‍ഷിക്കുമെങ്കിലും അവയിലെ പ്രദര്‍ശനവസ്തുക്കള്‍ താരതമ്യേമ പരിമിതിമാണ്. ഇസ്ലാമികസംസ്കൃതിയെക്കുറിച്ചുള്ള ഷാര്‍ജയിലെ മ്യൂസിയവും അബുദാബിയിലെ മിനിലൂവ്റുമാണ് അവയില്‍ ശ്രദ്ധേയമായി തോന്നിയത്. ഇസ്ലാമിക നാഗരികതയുടെ സര്‍വതലങ്ങളും അനാവരണം ചെയ്യുന്ന മികവുറ്റ സ്ഥാപനമാണ് ഷാര്‍ജയിലേത്. താരതമ്യേന പരമ്പരാഗതമായ ഘടനയില്‍ പണിതീര്‍ത്തതെങ്കിലും ചരിത്രത്തിലേക്കുള്ള വാതിലുകള്‍ അതില്‍ തുറന്നു കിടക്കുന്നു. അബുദാബിയിലെ മിനിലൂവ്റ് മ്യൂസിയം ലോകത്തിലെ ഏറ്റവും പുതിയ മ്യൂസിയങ്ങളിലൊന്നാണ്. പാരീസിലെ വിശ്വപ്രസിദ്ധമായ ലൂവ്റ് മ്യൂസിയവുമായുള്ള സഹകരണ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്ന്. നിര്‍മ്മാണവും പ്രവേശനക്രമീകരണവും മുതല്‍ സ്ഥലവിതരണവും പ്രദര്‍ശനസാമഗ്രികളും വരെയുള്ള കാര്യങ്ങളില്‍ നവീനതയുടെ മുദ്ര പതിഞ്ഞതാണ് അബുദാബിയിലെ മിനി ലൂവ്റ്.

ഇന്ത്യയില്‍ മ്യൂസിയങ്ങളുടെ സ്ഥിതി വ്യത്യസ്തമാണ്. എണ്ണിയാലൊടുങ്ങാത്ത പ്രദര്‍ശനവസ്തുക്കള്‍. മിക്കപ്പോഴും അവയൊന്നും ഫലപ്രദമായി വിന്യസിക്കാന്‍ സ്ഥലമില്ലാത്ത പ്രദര്‍ശനശാലകള്‍. പ്രദര്‍ശനവസ്തുക്കളുടെ അപര്യാപ്തമായ വിവരണം. പ്രാചീനമായൊരു കാലത്ത് രൂപപ്പെടുത്തിയ പ്രദര്‍ശനസംവിധാനങ്ങളുടെ അവശിഷ്ടലോകം പോലെയാണ് പല മ്യൂസിയങ്ങളും അനുഭവപ്പെടുക. കല്‍ക്കത്തയിലും മറ്റും ഓരോ ഇടവഴിയ്ക്കരുകിലുമായി ചിതറിക്കിടക്കുന്ന പുരാശേഖങ്ങള്‍ കാണാനാവും. പഴക്കം കൊണ്ടും ചരിത്രപരമായ പ്രാധാന്യം കൊണ്ടും അതീവപ്രാധാന്യമുള്ള നിര്‍മ്മിതികള്‍. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശില്പങ്ങളും ശിലാഫലകങ്ങളുമെല്ലാം നടവഴിയുടെ ഇരുപുറങ്ങളിലും പുറത്തെ ഉദ്യാനത്തിലുമെല്ലാം എത്രയെങ്കിലും കാണാം. അതിവിസ്തൃതമായ പ്രദര്‍ശനശാലയില്‍ തീരെ ചെറിയ ചരിത്ര-കലാനിര്‍മ്മിതികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ പലപ്പോഴും കാണാനാവുകയെങ്കില്‍ നേരെ മറിച്ചാണ് ഇന്ത്യന്‍ മ്യൂസിയങ്ങളുടെ സ്ഥിതി. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ചരിത്രജീവിതവും ഒന്നിനു പുറകെ മറ്റൊന്നായി വന്നുമടങ്ങിയ നാഗരികതകളും ചേര്‍ന്ന് അതിഭീമമായ പുരാശേഖരങ്ങള്‍ക്ക് പ്രാചീന-മധ്യകാല ഇന്ത്യ ജന്മം നല്‍കിയിട്ടുണ്ട്. അവയുടെ ചരിത്രപരമായ മഹിമയും പ്രാധാന്യവും ലോകത്തിലേക്ക് പകരാന്‍ പാകത്തിലുള്ള പ്രദര്‍ശനശാലകളും പശ്ചാത്തലസൗകര്യവും ഇവിടെ എത്രയോ അപര്യാപ്തമായി തുടരുന്നു.

ബ്രിട്ടീഷ് മ്യൂസിയം കാണാനായി പുറപ്പെടുമ്പോള്‍ ഇങ്ങനെ പല ഓര്‍മ്മകളും കൂടെയുണ്ടായിരുന്നു. ചെന്നൈയിലേയും ദില്ലിയിലെയും കൊല്‍ക്കത്തയിലെയും മറ്റും മ്യൂസിയങ്ങള്‍ മുന്‍പേ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. എല്ലാം ഒന്നിലേറെത്തവണ. ഒരു മ്യൂസിയവും, ഒരു ഗ്യാലറിയും ഒറ്റക്കാഴ്ചയില്‍ തെളിഞ്ഞുകിട്ടിയില്ല. ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ പലതും ശ്രദ്ധയില്‍ പതിയാതാവും. വിവരണങ്ങള്‍ പൂര്‍ണ്ണമായി വായിച്ചുതീര്‍ക്കാനുള്ള സമയം കിട്ടാതെയും വരും. പല ദിവസങ്ങളായി സമയമെടുത്തു കണ്ടാലേ ഓരോന്നിലേക്കും ശരിയായി കണ്ണു ചെല്ലുകയുള്ളൂ എന്നാണ് എന്‍റെ അനുഭവം. അതുകൊണ്ടുതന്നെ ദില്ലിയും ചെന്നൈയും കൊല്‍ക്കത്തയും പോലുള്ള നഗരങ്ങളില്‍ എത്തിപ്പെടാനിടയായാല്‍ മ്യൂസിയങ്ങള്‍ക്കും ഗ്യാലറികള്‍ക്കും ഒന്നോ രണ്ടോ ദിവസം നീക്കിവയ്ക്കാന്‍ ശ്രദ്ധിക്കാറുണ്ട്. അവയെക്കുറിച്ചും പ്രദര്‍ശനസാമഗ്രികളെക്കുറിച്ചുമുള്ള സഹായകഗ്രന്ഥങ്ങള്‍ കഴിയുന്നത്ര ശേഖരിക്കുകയും ചെയ്യും. അതിന്‍റെ കൂടി പിന്‍ബലത്തോടെയാണ് പ്രദര്‍ശനശാലകളിലെത്തുക. അത്തരമൊരു മുന്നൊരുക്കം കാഴ്ചയെ കൂടുതല്‍ സാന്ദ്രമാക്കും. ബ്രിട്ടീഷ് മ്യൂസിയത്തിലേക്കുള്ള യാത്രയിലും കുറെയൊക്കെ ആ ഒരുക്കങ്ങള്‍ ഉണ്ടായിരുന്നു.

പഴക്കം കൊണ്ടും വലുപ്പം കൊണ്ടും പ്രദര്‍ശനസാമഗ്രികളുടെ പെരുപ്പം കൊണ്ടും ലോകത്തിലെ ഏറ്റവും മഹിമയുറ്റതാണ് ബ്രിട്ടീഷ് മ്യൂസിയം. പത്തുലക്ഷം ചതുരശ്ര അടിയിലാണ് (990000 Sq ft) അത് പരന്നുകിടക്കുന്നത്. പാരീസിലെ ലൂവ്റ് എട്ടുലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ രണ്ടാം സ്ഥാനത്തുണ്ടാവുമെന്നാണ് വിവരണങ്ങളില്‍ കാണുന്നത്. ദില്ലിയിലെ നാഷണല്‍ മ്യൂസിയത്തിന് ഒന്നേകാല്‍ ലക്ഷം ചതുരശ്ര അടിയേ വിസ്തൃതിയുള്ളൂ! പഴക്കത്തിന്‍റെ കാര്യത്തില്‍ ബ്രിട്ടീഷ് മ്യൂസിയത്തെ മറികടക്കാന്‍ പോന്നതായി വത്തിക്കാന്‍ മ്യൂസിയമേ കാണൂ. പതിനാറാം ശതകത്തിന്‍റെ തുടക്കത്തില്‍ പൊതുവര്‍ഷം 1506-ലാണ് വത്തിക്കാന്‍ മ്യൂസിയം നിലവില്‍ വന്നത്. ബ്രിട്ടീഷ് മ്യൂസിയം 1753-ലും. പ്രദര്‍ശനവസ്തുക്കളുടെ എണ്ണത്തിലും ബ്രിട്ടീഷ് മ്യൂസിയം ഭീമാകാരമാണ്. രണ്ടര നൂറ്റാണ്ടുകൊണ്ട് അവിടത്തെ പ്രദര്‍ശനവസ്തുക്കളുടെ എണ്ണം ഒരു കോടിയിലധികമായിരിക്കുന്നു. ഒരു കോടി മുപ്പതുലക്ഷം എന്ന് ചില കണക്കുകള്‍ പറയുന്നുണ്ട്. അവയില്‍ പരമാവധി ഒരുലക്ഷത്തിനടുത്ത് നിര്‍മ്മിതികള്‍ മാത്രമേ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുള്ളൂ. അന്‍പതു ലക്ഷത്തിനടുത്ത് നിര്‍മ്മിതികള്‍ ഓണ്‍ലൈന്‍ പ്രദര്‍ശനത്തിന് സജ്ജമാണ്. മനുഷ്യവംശചരിത്രത്തിന്‍റെ ഈ മഹാശേഖരത്തിന്‍റെ പകുതിയിലധികവും ലോകത്തിന്‍റെ കാഴ്ചയിലെത്താതെ അവശേഷിക്കുന്നു എന്നര്‍ത്ഥം.

1753-ലെ പരിമിതശേഖരത്തില്‍ നിന്ന് ലോകത്തിലെ ഏറ്റവും ഭീമാകാരമാര്‍ന്ന പുരാശേഖരത്തിന്‍റെ പദവിയിലേക്കുള്ള ഈ പരിണാമത്തിന് പിന്നില്‍ അതിവിപുലമായ ഒരു ചരിത്രമുണ്ട്. നിരവധി പുസ്തകങ്ങളും പഠനങ്ങളും അതിനെ ചുറ്റിപ്പറ്റി ഇതിനകം എഴുതപ്പെട്ടു കഴിഞ്ഞു. മ്യൂസിയത്തിലെ ഓരോ പ്രദര്‍ശന വിഭാഗങ്ങളെയും കുറിച്ചു തന്നെ എണ്ണമറ്റ പുസ്തകങ്ങള്‍! ബ്രിട്ടീഷ് മ്യൂസിയം പ്രസ്സ് സ്വന്തം നിലയ്ക്കുതന്നെ അനവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന കാലത്തും ബ്രിട്ടീഷ് മ്യൂസിയവും അതിന്‍റെ ചരിത്രവും മനുഷ്യരാശിയുടെ അറിവിന്‍റെ ചരിത്രത്തിലെ സുപ്രധാന സ്ഥാനങ്ങളിലൊന്നായി തന്നെ തുടരും. മ്യൂസിയത്തിലെ പ്രദര്‍ശനശാലയില്‍ കണ്ട പുസ്തകങ്ങളുടെ പെരുപ്പം അതിന്‍റെ കൂടി അടയാളമായിരുന്നു.

രണ്ട്

മ്യൂസിയങ്ങളെക്കുറിച്ച് ഒരു ലേഖനമെഴുതാന്‍ തുനിഞ്ഞ കാലത്ത് അതിന് പര്യാപ്തമായ ഒരു മലയാളപദം ഏതാവും എന്നാലോചിച്ചിരുന്നു. വാക്കുകള്‍ക്ക് മലയാളപരിഭാഷകള്‍ തേടിക്കണ്ടെത്തല്‍ അന്നത്തെ എന്‍റെ കൗതുകങ്ങളിലൊന്നായിരുന്നു. കാഴ്ചബംഗ്ലാവ് എന്ന വാക്ക് എന്തുകൊണ്ടോ ഉചിതമായി തോന്നിയില്ല. മ്യൂസിയം എന്ന പദത്തിന്‍റെ അര്‍ത്ഥവിവക്ഷകളേയോ, അതിന്‍റെ പ്രതീതിയോ ഉള്‍ക്കൊള്ളാത്ത ഒരു പദമായാണ് കാഴ്ചബംഗ്ലാവ് മനസ്സില്‍ ഇടം പിടിച്ചത്. ഭൂതകാലത്തിന്‍റെ അവശിഷ്ടലോകത്തെ അനാവരണം ചെയ്യുന്ന ഒരു ലോകം എന്ന സൂചന അതില്‍ ഇല്ലതാനും. ഉചിതമായ മറ്റൊരു പദം വേണമെന്ന് തോന്നിയതും അതുകൊണ്ടാണ്.

ആ ആലോചനകളുടെ സന്ദര്‍ഭത്തിലെവിടെയോ വച്ചാണ് “ഭൂതശാല” എന്ന വാക്കില്‍ മനസ്സുടക്കിയത്. ഭവിച്ചതാണല്ലോ ഭൂതം. പിന്നിട്ട കാലത്തിന്‍റെ അനുഭവങ്ങളുടെ ശാല എന്നും ഭൂതകാലത്തിന്‍റെ പ്രദര്‍ശനവേദി എന്നുമെല്ലാം പല സൂചനകള്‍ അതിലുണ്ടെന്നു തോന്നി. അങ്ങനെ ഭൂതശാല എന്ന വാക്കുതന്നെ ഉപയോഗിച്ച് ഒരു ലേഖനവും എഴുതി. എഴുതിയ കാലത്തുതന്നെ അത് പൂര്‍ണ്ണമായും തൃപ്തികരമായി തോന്നിയിരുന്നില്ല. എങ്കിലും കാഴ്ചബംഗ്ലാവ് എന്ന അത്യന്തം ഉപരിപ്ലവമായ വാക്കിനപ്പുറത്തേക്ക് ഒരു വഴി തുറന്നുകിട്ടയതില്‍ തൃപ്തി തോന്നിയിരുന്നു. എങ്കിലും പില്‍ക്കാലത്ത് അതിലും നല്ലത് മ്യൂസിയം എന്ന വാക്കുതന്നെയാണെന്ന് തീരുമാനിക്കുകയും ചെയ്തു.

മ്യൂസിയങ്ങളുടെ ഉദ്ഭവപരിണാമങ്ങളെക്കുറിച്ച് വിപുലമായി പഠിക്കുന്ന ടോണി ബെന്നറ്റിന്‍റെ ഗ്രന്ഥം വായിക്കാനിടയായതും അക്കാലത്തെപ്പോഴോ ആണ്. ഭൂതകാലത്തിന്‍റെയും അതിന്‍റെ മനുഷ്യജീവിതത്തിന്‍റെയും പ്രദര്‍ശനശാല എന്നതിനപ്പുറം മ്യൂസിയങ്ങള്‍ നിറവേറ്റുന്ന രാഷ്ട്രീയ ദൗത്യങ്ങളെക്കുറിച്ച് ടോണി ബെന്നറ്റ് വിശദമായി അതില്‍ പ്രതിപാദിക്കുന്നുണ്ട്.

Tony Bennett

കേവല കൗതുകം കൊണ്ട് സമാഹരിച്ച പുരാതനമായ കാഴ്ചവസ്തുക്കളുടെ സംഭരണസ്ഥാനം എന്നതു മുതല്‍ സാമ്രാജ്യ പ്രതാപങ്ങളുടെ സ്ഥാപനസംവിധാനം വരെയായി നിലകൊണ്ട മ്യൂസിയത്തിന്‍റെ ചരിത്രം ആ കൃതി അനാവരണം ചെയ്യുന്നുണ്ട്. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ അതിസമ്പന്നതയുടെ കൗതുകശാലകളായി (curio shops) യൂറോപ്യന്‍ ഭൂപ്രഭു-സമ്പന്നഗൃഹങ്ങളില്‍ രൂപംകൊണ്ടു തുടങ്ങിയിടത്തു നിന്ന് രാഷ്ട്രചരിത്രത്തിന്‍റെയും സാമ്രാജ്യപ്രതാപങ്ങളുടെയും സംസ്ഥാപനതന്ത്രം വരെയായി പടര്‍ന്നു കിടക്കുന്ന മ്യൂസിയങ്ങളുടെ ചരിത്രം വലിയ ഉള്‍ക്കാഴ്ചകള്‍ തരുന്ന ഒന്നാണ്. കേവലകൗതുകത്തിനും ഭൂതകാലത്തോടുള്ള ആരാധനയ്ക്കും അപ്പുറം വിപുലമായ സാമൂഹിക-രാഷ്ട്രീയ മാനങ്ങള്‍ കയ്യാളുന്ന ഒന്നായി മ്യൂസിയങ്ങള്‍ മാറിത്തീരുന്നതിന്‍റെ വിശദചരിത്രങ്ങള്‍ക്ക് കാഴ്ച തെളിഞ്ഞുകിട്ടിയത് ആ ഗ്രന്ഥം വഴിയാണ്. പിന്നീട് ഏതു മ്യൂസിയം കാണാനിട വന്നപ്പോഴും ആ ആലോചനകളുടെ വെളിച്ചം കൂടെയുണ്ടായിരുന്നു.

മ്യൂസിയങ്ങളുടെ ചരിത്രപരവും രാഷ്ട്രീയവുമായ മാനങ്ങളെക്കുറിച്ചുള്ള ആശയങ്ങള്‍ ഏറ്റവുമധികം സംഗതമായിത്തീര്‍ന്ന ഇടങ്ങളിലൊന്ന് ബ്രിട്ടീഷ് മ്യൂസിയമാകണം. രണ്ടു നൂറ്റാണ്ടോളം പോന്ന കാലയളവില്‍ ലോകത്തിന്‍റെ പല കോണുകളില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന പുരാശേഖരങ്ങളുടെ അതിഭീമമായ പ്രദര്‍ശനശാലയാണത്. ലോകത്തെ ഏറ്റവും വലിയ പുരാശേഖരമെന്ന് പുകഴ്പെറ്റ സ്ഥാപനം. ആ പ്രശസ്തിയോടൊപ്പം അതിനു പിന്നിലെ കൊള്ളയുടെയും അധിനിവേശങ്ങളുടെയും ചരിത്രവും ബ്രിട്ടീഷ് മ്യൂസിയം ഇന്നു പേറുന്നുണ്ട്. ബ്രിട്ടീഷ് മ്യൂസിയത്തിന്‍റെ പ്രൗഡിയുടെയും പെരുമയുടെയും ആധാരമായി പരിഗണിക്കപ്പെടുന്ന റോസെറ്റാ ശില മുതല്‍ പാര്‍ഥനോണ്‍ മാര്‍ബിളുകള്‍ വരെ അവിടെയുള്ളതില്‍ വലിയ പങ്ക് കൊള്ളമുതലുകളാണ്. അവ തങ്ങള്‍ക്ക് തിരികെ വേണമെന്ന് ഈജിപ്റ്റും ഗ്രീസും പോലെയുള്ള മാതൃരാഷ്ട്രങ്ങള്‍ അവകാശം ഉന്നയിക്കുന്നുണ്ട്. അധിനിവേശാനന്തര കാലത്തിന്‍റെ ചിന്തയും രാഷ്ട്രീയവും അതിന് സാധൂകരണം നല്‍കുന്നു. മറുഭാഗത്ത് മണ്ണടിഞ്ഞു പോകുമായിരുന്ന ഭൂതകാലാവശിഷ്ടങ്ങളെ കണ്ടെടുത്ത് ലോകവിസ്മയത്തിന്‍റെ ചാരുതകള്‍ നല്കിയവര്‍ തന്നെയാണ് അതിന്‍റെ യഥാര്‍ത്ഥാവകാശികളെന്ന വാദവും പ്രബലമാണ്. എന്തായാലും ചരിത്രത്തിലെ വലിയ വൈരുധ്യങ്ങളുടെ പാര്‍പ്പിടമാകാന്‍ ബ്രിട്ടീഷ് മ്യൂസിയത്തോളം കെല്‍പ്പുറ്റതായി ഏറെയൊന്നും ഉണ്ടാവില്ല. “എല്ലാ സാംസ്കാരിക രേഖകളും കിരാതത്വത്തിന്‍റെ സുവര്‍ണ്ണരേഖകള്‍ കൂടിയാണെ”ന്ന വാള്‍ട്ടര്‍ ബന്യമിന്‍റെ വാക്യം ഇതിനോളം മറ്റൊന്നിനും ഇണങ്ങുകയുമില്ല.

മൂന്ന്

മുരളിയേട്ടനോടൊപ്പം മ്യൂസിയത്തിന്‍റെ പ്രധാന കവാടം പിന്നിട്ടപ്പോള്‍ തന്നെ അതിന്‍റെ ബൃഹദാകാരം മനസ്സില്‍ തറഞ്ഞു. രണ്ടര നൂറ്റാണ്ടു പിന്നിട്ട സാമ്രാജ്യപ്രതാപത്തിന്‍റെ പ്രദര്‍ശനശാല എന്ന പദവിയെക്കുറിച്ച് നിശബ്ദമായി പറഞ്ഞുകൊണ്ടാണ് അതു നിലയുറപ്പിച്ചിരിക്കുന്നത്. ബ്രിട്ടീഷ് മ്യൂസിയത്തിലും നാഷണല്‍ ഗ്യാലറിയിലുമെല്ലാം സമ്പൂര്‍ണ്ണമായും സൗജന്യമാണ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ പ്രതാപവും പ്രൗഡിയും ലോകത്തിനു മുന്നില്‍ തുറന്നുവയ്ക്കാനുള്ള അവസരമായി അതിനെ കണ്ടതുകൊണ്ടുകൂടിയാവണം ആ സൗജന്യം എന്നെനിക്കു തോന്നി.

മ്യൂസിയത്തിനുള്ളിലേക്കു കടന്നപ്പോള്‍ ആദ്യം എത്തിപ്പെട്ടത് ആഫ്രിക്കയില്‍ നിന്നുള്ള ശേഖരത്തിനു മുന്നിലാണ്. തുടക്കത്തില്‍ തന്നെ വലിയൊരു ചില്ലുഫലകത്തിനുള്ളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ശിലാഫലകം ആരുടെയും കണ്ണില്‍പ്പെടും. അത്രമേല്‍ പ്രാധാന്യത്തോടെയാണത് പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നത്. ദൂരക്കാഴ്ചയില്‍ എന്താണതെന്ന് വ്യക്തമായില്ല. പതുക്കെ നടന്ന് അതിനടുത്തെത്തി വിവരണത്തില്‍ കണ്ണോടിച്ചു. ഒരൊറ്റ വാക്കേ വായിക്കേണ്ടിവന്നുള്ളൂ! വിസ്മയത്തിന്‍റെ മഹാലോകം ആ വാക്കില്‍ നിന്നുതന്നെ പൊട്ടിപ്പടര്‍ന്നു. “റോസെറ്റാ ശില!“.

Rosetta Stone

ബിരുദാനന്തര പഠനകാലത്താണ് “റൊസെറ്റാ ശില”എന്ന പേര് ആദ്യമായി കേട്ടത്. ഹൈറോഗ്ലിഫ്ക്സ് എന്ന പേരിലറിയപ്പെടുന്ന പ്രാചീന ഈജിപ്ഷ്യന്‍ അക്ഷരക്കൂട്ടിലേക്ക് ചരിത്രവിജ്ഞാനികള്‍ക്കും ലിപിപഠനവിദഗ്ധര്‍ക്കും വഴിതുറന്നു കൊടുത്ത ശിലാലിഖിതം എന്ന നിലയിലല്ല ഞാനതിനെ ആദ്യം മനസ്സിലാക്കിയത്. വിവര്‍ത്തനവിജ്ഞാനത്തെക്കുറിച്ചുള്ള ഒരു  ഗ്രന്ഥത്തില്‍ ലോകത്തെ ലഭ്യമായ ആദ്യത്തെ വിവര്‍ത്തനസാക്ഷ്യം എന്ന നിലയിലാണ്. പ്രാചീന ഈജിപ്ഷ്യന്‍ ഭാഷയായ ഹൈറോഗ്ലിഫ്ക്സിലും പ്രാചീന ഗ്രീസിലും ഡെമോട്ടിക് എന്ന പില്‍ക്കാല ഗ്രീക്കുഭാഷയിലുമായി ഒരേ കാര്യം രേഖപ്പെടുത്തപ്പെട്ട ശിലാഫലകമാണത്. ആ നിലയിലാണ് റോസെറ്റാ ശിലയെക്കുറിച്ച് ആദ്യം ഞാന്‍ മനസ്സിലാക്കിയത്. ഹൈറോഗ്ലിഫ്ക്സിന്‍റെ മാന്ത്രികപ്പൂട്ട് അഴിച്ച രഹസ്യത്താക്കോലായി അത് മാറിത്തീര്‍ന്നതിനെക്കുറിച്ച് പിന്നെയും കുറെക്കാലം കഴിഞ്ഞാണ് തിരിച്ചറിവുണ്ടായത്. അര മീറ്റര്‍ മാത്രം ഉയരമുള്ള ഒരു ശിലാഫലകവും അതില്‍ കോറിവരഞ്ഞ വാക്കുകളും സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള മനുഷ്യസംസ്കൃതിയിലേക്ക് വെളിച്ചം വീശിയതിന്‍റെ കഥയായിരുന്നു അത്. പിന്നീടോപ്പോഴും റോസെറ്റാ ശിലയുടെ കണ്ടെടുക്കലിന്‍റെയും അതിന്‍റെ വായനയുടെയും കഥ കൗതുകം വിട്ടുമാറാത്ത ഒന്നായി കൂടെയുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ ലോകത്തെ മാറ്റിപ്പണിത പരാവിജ്ഞാനവിപ്ലവങ്ങളെക്കുറിച്ചുള്ള മിഷേല്‍ സ്കോട്ടിന്‍റെ (X Marks the Spot) പുസ്തകത്തിലേക്കു വരെ അതെത്തി. ആധുനിക മനുഷ്യവംശത്തിന്‍റെ ലോകാവബോധത്തെ തിരുത്തിയെഴുതിയ പുരാവിജ്ഞാനമേഖലയിലെ എട്ടു കണ്ടെത്തലുകളെക്കുറിച്ചുള്ള ആ ഗ്രന്ഥം ആരംഭിക്കുന്നത് റൊസെറ്റാ ശിലയില്‍ നിന്നാണ്. പുരാവിജ്ഞാനവും മനുഷ്യചരിത്രവുമായുള്ള ബന്ധം ഏറ്റവും ആഴത്തില്‍ പതിഞ്ഞുകിടക്കുന്നതവിടെയാണെന്ന് മിഷേല്‍ സ്കോട്ട് കരുതുന്നുണ്ടാവണം.

ബ്രിട്ടീഷ് മ്യൂസിയത്തിലെ കീഴ്നിലയില്‍ റോസെറ്റാ ശില പ്രദര്‍ശിപ്പിച്ചിരിക്കുന്ന കണ്ണാടിക്കൂടിനു മുന്നില്‍ നില്‍ക്കുമ്പോള്‍ മൂന്നു പതിറ്റാണ്ടിനപ്പുറത്തെവിടെയോ വച്ച് അതേക്കുറിച്ച് ആദ്യമായി വായിച്ചത് മനസ്സില്‍ വന്നു. റോസെറ്റാ ശിലയുടെ ചരിത്രപരമായ ഉള്ളടക്കം പല കാലങ്ങളിലായി മാറിവന്നതിനെക്കുറിച്ചും ഓര്‍ത്തു. ഈജിപ്ഷ്യന്‍ രാജാവായ ടോളമി അഞ്ചാമന്‍ എപിഫനേസിന്‍റെ കിരീടധാരണത്തിന്‍റെ ഒന്നാം വാര്‍ഷികവേളയില്‍ പൊതുവര്‍ഷത്തിനു മുന്‍പ് (BCE) 196 മാര്‍ച്ച് 27-ന് മെംഫിസില്‍ ഒത്തുചേര്‍ന്ന പുരോഹിതവൃന്ദം പുറപ്പെടുവിച്ച ഡിക്രിയാണ് റോസെറ്റാ ശിലയില്‍ രേഖപ്പെടുത്തിയിരുന്നത്. രണ്ടു ഭാഷകളിലും മൂന്നു ലിപികളിലുമായി അത് രേഖപ്പെടുത്തിയിരിക്കുന്നു. പ്രാചീന ഈജിപ്ഷ്യനും ഗ്രീക്കുമാണ് ഭാഷകള്‍. 53-ഉം 14-ഉം വരികള്‍ വീതം ഈജിപ്ഷ്യന്‍ ഭാഷയിലുള്ള ഭാഗം രണ്ട് ലിപികളില്‍- ഹൈറോഗ്ലിഫ്ക്സിലും ഡിമോട്ടിക്കിലും-എഴുതിയിട്ടുണ്ട്. ഹൈറോഗ്ലിഫ്ക്സിലും ഗ്രീക്കുഭാഷയിലുമുള്ള സമാനഭാഗം അഴിച്ചെടുക്കുന്നതിലൂടെയാണ് തോമസ് യങ്ങ് (1773-1829) മുതലുള്ള പുരാലിഖിത വിദഗ്ധര്‍ ആ പ്രാചീന ഭാഷയുടെ രഹസ്യപ്പൂട്ടു തുറന്നത്. പതിനെട്ടാം നൂറ്റാണ്ടൊടുവില്‍ നൈല്‍നദിയുടെ പടിഞ്ഞാറന്‍ തടത്തില്‍ നിന്ന് ഫ്രഞ്ച് പടയാളികള്‍ കണ്ടെത്തുകയും പിന്നീട് ബ്രിട്ടനു കൈമാറിക്കിട്ടുകയും ചെയ്ത റോസെറ്റാ ശില 1820-കള്‍ കഴിയുമ്പോഴേക്ക് ഹൈറോഗ്ലിഫ്സക്സിന്‍റെ വാതിലുകള്‍ ലോകത്തിന് തുറന്നുകൊടുത്തു. മനുഷ്യവംശത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രാചീനമായ നാഗരികതകളിലൊന്നിലേക്ക് വെളിച്ചം വീശുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് അതു കണ്ടെടുത്ത പടയാളികളും വായിക്കാന്‍ ശ്രമിച്ച പുരാവിജ്ഞാനികളും കരുതിയിരുന്നില്ല!

കാലത്തിന്‍റെ ഗതിഭേദങ്ങള്‍ എല്ലാത്തിനെയും അഴിച്ചുപണിയുന്നു. റോസെറ്റാ ശില വിവര്‍ത്തനചരിത്രത്തിലേക്കും ലിപിവിജ്ഞാനത്തിലേക്കും ഈജിപ്ഷ്യന്‍ നാഗരികതയുടെ ചരിത്രത്തിലേക്കും പടര്‍ന്നു. പിന്നീടത് അധിനിവേശത്തിന്‍റെ അടയാളമുദ്രകളിലൊന്നായി. ഇന്ന് ബ്രിട്ടീഷ് മ്യൂസിയത്തിന്‍റെ അഭിമാനചിഹ്നങ്ങളിലൊന്നായിരിക്കെത്തന്നെ ഈ അര്‍ത്ഥപരിണാമത്തിന്‍റെ അടരുകള്‍ അതിനെ വലയം ചെയ്തിരിക്കുന്നതായി കാണാനാവും. ഇതിലേതു സ്ഥാനത്തു നിലയുറപ്പിച്ചുകൊണ്ടാണ് നാമതിനെ വായിക്കാന്‍ മുതിരുന്നത് എന്നതിനനുസരിച്ച് റോസെറ്റാ ശിലയുടെ പൊരുളും മാറും. ലിപിവിജ്ഞാനത്തില്‍ നിന്ന് അധിനിവേശചരിത്രത്തിലേക്കും, ഈജിപ്ഷ്യന്‍ നാഗരികതയില്‍ നിന്ന് വിവര്‍ത്തനവിജ്ഞാനീയത്തിലേക്കുള്ള വഴികള്‍ ഈ ശിലാഫലകത്തില്‍ നെടുകെയും കുറുകെയും നീങ്ങുന്നു. ചരിത്രത്തിന്‍റെ നാല്‍ക്കൂട്ടപ്പെരുവഴിയിലെന്നപോലെ അതിനു മുന്നില്‍ നാം സ്തബ്ധരായി നില്‍ക്കുന്നു!

റോസെറ്റാ ശിലയെന്ന പോലെ, ലോകനാഗരികതയുടെ പരിണാമചരിത്രത്തിലേക്ക് പല പടവുകളായി തുറന്നു കിടക്കുകയാണ് ബ്രിട്ടീഷ് മ്യൂസിയം. ആഫ്രിക്ക, ഏഷ്യ, മധ്യപൗരസ്ത്യദേശങ്ങള്‍, ഈജിപ്റ്റ്, ഗ്രീസ്, റോം, ലാറ്റിനമേരിക്ക എന്നിങ്ങനെ ലോകത്തിന്‍റെ എല്ലാ കോണുകളില്‍ നിന്നും സമാഹരിക്കപ്പെട്ട വസ്തുക്കള്‍. ക്യൂണിഫോം ഫലകങ്ങള്‍ മുതല്‍ രത്നകിരീടങ്ങള്‍ വരെ. ഔറംഗസീബിന്‍റെ വാളും ടിപ്പുവിന്‍റെ മോതിരവും മുതല്‍ പഴകിക്കീറിയ പാപ്പിറസ് ലിഖിതങ്ങള്‍ വരെ. മധ്യേഷ്യയിലെ വസ്ത്രാലങ്കാരങ്ങള്‍ മുതല്‍ ഈജിപ്ഷ്യന്‍ മമ്മികള്‍ വരെ…. ബ്രിട്ടീഷ് മ്യൂസിയത്തിലെ പുരാശേഖരം ശരിയായി കണ്ടുതീര്‍ക്കണമെങ്കില്‍ ആഴ്ചകളോ മാസങ്ങളോ തന്നെ വേണ്ടിവരും. 1753-ല്‍ സ്ഥാപിതമാവുമ്പോള്‍ മ്യൂസിയത്തിന്‍റെ ഭാഗമായുണ്ടായിരുന്ന പുസ്തകശേഖരം ഇന്ന് ബ്രിട്ടീഷ് ലൈബ്രറി എന്ന പേരില്‍ ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥാലയങ്ങളിലൊന്നായി മാറിത്തീര്‍ന്നിരിക്കുന്നു. മ്യൂസിയത്തിന്‍റെ അനുബന്ധം എന്നതില്‍ നിന്ന് മാറി സ്വതന്ത്രസ്ഥാപനത്തിന്‍റെ പദവിയിലേക്ക് അത് പരിണമിച്ചെത്തിയിരിക്കുന്നു. 1753 മുതല്‍ 1973 വരെയുള്ള 220 വര്‍ഷക്കാലം ആ ഗ്രന്ഥാലയം മ്യൂസിയത്തിന്‍റെ ഭാഗമായിരുന്നു. സ്ഥലപരിമിതിയും പുസ്തകങ്ങളുടെ എണ്ണത്തിലുണ്ടായ ഭീമാകാരമായ പെരുപ്പവുമാണ് മറ്റൊരു സ്വതന്ത്രസ്ഥാപനമായി അതിനെ രൂപാന്തരപ്പെടുത്തിയത്. ഒന്നേകാല്‍ കോടിയിലധികം വരുന്ന അച്ചടി-ഇലക്ട്രോണിക് പുസ്തകങ്ങളും പതിനേഴ് കോടിയോളം വരുന്ന വസ്തുസാമഗ്രികളുമായി മനുഷ്യന്‍റെ വിജ്ഞാനചരിത്രത്തിലെ നിത്യവിസ്മയം പോലെ അതിപ്പോള്‍ നിലകൊള്ളുന്നു.

മൂന്ന് തട്ടുകളിലായി നൂറിലധികം പ്രദര്‍ശനശാലകള്‍ ബ്രിട്ടീഷ് മ്യൂസിയത്തിലുണ്ട്. അതെല്ലാം കണ്ടുതീര്‍ക്കുക എളുപ്പമായിരുന്നില്ല. ഒരുദിവസം കൊണ്ട് സാധ്യവുമായിരുന്നില്ല. കീഴ്നിലയിലെ ആഫ്രിക്കന്‍, ഗ്രീക്കോ-റോമന്‍ ഹാളുകള്‍ കണ്ടുകഴിഞ്ഞപ്പോള്‍ തന്നെ ഉച്ചയായിരുന്നു. ലണ്ടന്‍ജീവിതത്തിലെ മൂന്നുപതിറ്റാണ്ടിനിടയില്‍ പലവട്ടം കണ്ടുമടങ്ങിയതിന്‍റെ അതിപരിചയം മൂലം മുരളിയേട്ടന്‍ പലപ്പോഴും ഹാളുകള്‍ക്കു നടുവിലെ ഇരിപ്പിടങ്ങളിലേക്ക് നീങ്ങും. ചിലപ്പോള്‍ പുറത്തുകടന്ന് നടവഴികളിലെവിടെയെങ്കിലും വിശ്രമിക്കും. ഓരോ പ്രദര്‍ശനവസ്തുവും വിശദമായി ശ്രദ്ധിച്ചാണ് ഞാന്‍ കണ്ടുതുടങ്ങിയത്. പോകെപ്പോകെ അത് സാധ്യമല്ലെന്ന് വ്യക്തമായി. അത്രമേല്‍ നിര്‍മ്മിതികള്‍! അതിഭീമമായ വിവരങ്ങള്‍! ഒരു കാഴ്ചയില്‍ ഗ്രഹിക്കാവുന്നതിന്‍റെ എത്രയോ മടങ്ങാണ് ബ്രിട്ടീഷ് മ്യൂസിയം ഒരുക്കിവയ്ക്കുന്ന പുരാശേഖരവും വിജ്ഞാനവും. ഉച്ചകഴിഞ്ഞതോടെ ശ്രദ്ധാപൂര്‍വമുള്ള വായനയുടെയും നോട്ടത്തിന്‍റെയും സ്വഭാവം മാറി. കീഴ്നില പിന്നിട്ടപ്പോഴേക്കും സമയം ഏറെയായിരുന്നു. പ്രദര്‍ശനവസ്തുക്കള്‍ ഓടിച്ചു നോക്കാനേ പിന്നെ സമയമുണ്ടായിരുന്നുള്ളൂ. അപൂര്‍വം ചിലവയുടെ മുന്നില്‍ മാത്രം അല്പനേരം നിന്നു. അതിനിടയിലൂടെ നടരാജവിഗ്രഹവും രവിവര്‍മ്മച്ചിത്രങ്ങളും മുതലുള്ള ഇന്ത്യന്‍ ശേഖരങ്ങള്‍ കണ്ടുപോന്നു. അഞ്ചുമണിയാകാറാവുമ്പോഴേക്കും കണ്ണുകളും കാലുകളും ഒരുപോലെ തളര്‍ന്നിരുന്നു. ഹാളുകള്‍ മുഴുവന്‍ താണ്ടി പ്രവേശനഹാളിലേക്ക് തിരിച്ചെത്തി. സുവനീറുകളും പുസ്തകങ്ങളും വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന നിരവധി സ്റ്റാളുകള്‍. അവയിലൂടെയെല്ലാം വെറുതെ കയറിയിറങ്ങി. ലണ്ടനില്‍നിന്ന് മടങ്ങും മുന്‍പ് ഒരിക്കല്‍ കൂടി വരണമെന്ന് തീരുമാനിച്ചിരുന്നതിനാല്‍ അന്നവിടെ നിന്ന് ഒന്നും തന്നെ വാങ്ങിയില്ല. മടക്കത്തിന്‍റെ തലേന്നാണ് മര്‍ജോരികേഗില്ലിന്‍റെ പരിചായകഗ്രന്ഥം ഉള്‍പ്പെടെ ചിലതെല്ലാം വാങ്ങിയത്.

മ്യൂസിയത്തില്‍ നിന്ന് ടോട്ടന്‍ഹാം കോര്‍ട്ട് സ്റ്റേഷനിലേക്ക് തിരിച്ചു നടക്കുന്നതിനിടയില്‍ വഴിയിവെവിടെയോ ഒരിന്ത്യന്‍ റെസ്റ്റൊറന്‍റ് കണ്ടു. ഒരു പകലിന്‍റെ ക്ഷീണം മുഴുവന്‍ ഞങ്ങളെ ബാധിച്ചിരുന്നു. അവിടെ കയറി. ഏറെ സമയമെടുത്താണ് കാപ്പി കുടിച്ചത്. റെസ്റ്റോറന്‍റില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ നഗരവീഥികളിലേക്ക് ഇരുട്ട് കുടിയേറിത്തുടങ്ങിയിരുന്നു. മ്യൂസിയത്തിന്‍റെ ബൃഹദ്രൂപമാര്‍ന്ന മകുടത്തിനും തൂണുകള്‍ക്കും സന്ധ്യയുടെ മഞ്ഞവെളിച്ചം പുതുരൂപം നല്കി. കാലം നല്‍കുന്ന അര്‍ത്ഥപരിണാമങ്ങളെയോര്‍മ്മിപ്പിക്കുന്ന വിധത്തില്‍ അസ്തമയത്തിന്‍റെ മഞ്ഞവെളിച്ചത്തില്‍ മ്യൂസിയത്തിനു മറ്റൊരു പ്രകാരത്തിന്‍റെ പ്രതീതി കൈവന്നു. ഒന്നായിരിക്കുന്നതില്‍ പല കാലങ്ങളും പല ലോകങ്ങളും ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്ന് അത് പറയാതെ പറഞ്ഞു. റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി ഞങ്ങള്‍ നടപ്പു തുടങ്ങി.

 

(തുടരും)

Comments

comments