ന്ത്യയിലെ സമകാലിക മാർക്സിസത്തിൻ്റെ പ്രതിസന്ധി പൊതുവെ കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്നത് മുഖ്യധാരാ മാധ്യമങ്ങളുടെയും മാർക്സിസ്റ്റ് എന്ന് സ്വയം അവകാശപ്പെടുന്ന പ്രസിദ്ധീകരണങ്ങളുടെയും ഉപരിപ്ലവമായ ചർച്ചകളുടെ തലത്തിലാണ്. അതുകൊണ്ട് തന്നെ വലതുപക്ഷം എന്ന രീതിയിൽ മാർക്സിസ്റ്റുകൾ എന്ന് സ്വയം അവകാശപ്പെടുന്ന പത്രപ്രവർത്തകരും അക്കാദമിക്കുകളും നിരീക്ഷകരും പുതിയ ചരിത്ര, പ്രത്യയശാസ്ത്രാന്വേഷണങ്ങളുടെ തലത്തിൽ നിന്ന് മാർക്സിസത്തിൻ്റെ പ്രശ്നങ്ങളെ പഠിയ്ക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നു. ഇന്ത്യൻ മാർക്സിസത്തിൻ്റെ വിമർശം അതുകൊണ്ട് തന്നെ സോവിയറ്റ് യൂണിയനെ കുറിച്ചുള്ള ചർച്ചകളെ പരിശോധിക്കേണ്ടതുണ്ട്. ഫിലോസഫി അധ്യാപകനായ മാർക്കർ മെൽക്കോണിയൻ്റെ “A Marxist Post-mortem of Soviet Socialism” എന്ന ലേഖനത്തെ പരിചയപ്പെടുത്തുകയാണ് ഇവിടെ ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ A Post Cold War Primer, Richard Rorty’s Politics: Liberalism at the End of the American Century എന്നീ പുസ്തകങ്ങൾ ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെട്ടവയാണ്.

Markar Melkonian

ബർലിൻ മതിലിൻ്റെ പതനത്തിന് ശേഷം മാർക്സിസത്തിൻ്റെ പ്രസക്തി എന്താണെന്നും ഇന്നത്തെ മുഖ്യധാരാ സാമൂഹ്യശാസ്ത്രത്തെയും ചരിത്ര രചനാപദ്ധതിയേയും വരേണ്യമെന്നും അധമമെന്നും വായിക്കപ്പെടുന്ന സാംസ്കാരിക മണ്ഡലത്തേയും മാർക്സിൻ്റെ ചിന്തകൾ എങ്ങനെ സ്വാധീനിച്ചു എന്നുമുള്ള ചർച്ചകൾ ഉണ്ടാകേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞുകൊണ്ടാണ് മാർക്കർ തൻ്റെ ലേഖനം തുടങ്ങുന്നത്. പക്ഷേ, അത്തരം ചർച്ചകളിലേയ്ക്ക് പോകാതെ മാർക്സിസം ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസത്തേയും അതിൻ്റെ പരാജയത്തെയും നിർണ്ണയിച്ചു എന്നതിലാണ് മാർക്കർ തൻ്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മാർക്സിസത്തിന് എതിരെ ഉയർന്നിട്ടുള്ളതും അനുകൂലിച്ചുകൊണ്ടുള്ളതും ആയ വാദങ്ങളെ മാർക്കർ വിശകലനം ചെയ്യുന്നു. മാർക്കറിൻ്റെ ഈ ദിശയിലുള്ള അന്വേഷണം പൊതുവെ മാർക്സിസത്തെ മാർക്സിസ്റ്റ് പാർട്ടിയായി കാല്പനികവൽക്കരിക്കുന്നതും ഉപരിപ്ലവമായതുമായ പ്രവണതകളിൽ നിന്നും വേറിട്ട് മാർക്സിസത്തെ പഠിയ്ക്കുവാൻ സഹായിക്കുന്നതാണ്. ശീതയുദ്ധത്തെ പ്രകീർത്തിക്കുന്നവർ ആസ്ട്രിയൻ സ്കൂളിനെയും തുടർച്ചകരേയും അനുനയിക്കുകയും അതേ സമയം പ്രത്യയശാസ്ത്രത്തെ കുറിച്ച് വാചാലരാകുന്നവർ കാൾ പോപ്പറിൻ്റെയും ലെസ്ക് കൊളോവ്സ്കിയുടെയും റോബർട്ട് കോൺക്യുസ്റ്റ് എന്ന സോവിയറ്റോളജിസ്റ്റിൻ്റെയും പക്ഷം പിടിക്കുമ്പോൾ “ദൈവമേ കമ്മ്യൂണിസം തകർന്നല്ലോ” എന്ന് കുമ്പസരിക്കുന്നവരുടെയുമെല്ലാം അഭിപ്രായങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒന്നും തന്നെ താൻ പറയുന്നില്ല എന്ന് മാർക്കർ തീരുമാനിക്കുന്നു. ഫ്രാൻസിസ് ഫൂക്കുയാമയുടെ കമ്മ്യൂണിസത്തിൻ്റെ അന്ത്യം എന്ന വായനയെ കറുത്ത ഫലിതരൂപത്തിൽ ഉള്ള ഭവിഷ്യജ്ഞാനം എന്ന രീതിയിൽ മാർക്കർ തള്ളിക്കളയുന്നു. അതേ സമയം സോഷ്യോ ബയോളജി (socio biology) യുടെ പിന്തുടർച്ചക്കാരായ എഡ്വാർഡ് ഓ വിൽസനെയും സ്റ്റീവൻ പിൻകറേയും ഫ്രാൻസിസ് ഫൂക്കുയാമയുടെ പ്രത്യയശാത്രഭൂമികയുടെ സമാന്തരമായ വളർച്ച എന്ന നിലയിലാണ് മാർക്കർ നിരീക്ഷിക്കുന്നത്. മാർക്സിസത്തേയും അതിൻ്റെ വിമർശത്തേയും പഠിയ്ക്കുന്നവർക്ക് സാമൂഹ്യസിദ്ധാന്തമണ്ഡലത്തിനകത്ത് ചർച്ച ചെയ്യപ്പെടുന്ന മാർക്സിസത്തെക്കുറിച്ചുള്ള വായനകളെ വിമർശനാത്മകമായി മനസ്സിലാക്കാൻ മാർക്കറുടെ ഈ സമീപനം സഹായിക്കുന്നതാണ്.

Yoshihiro Francis Fukuyama

നൂറ് വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന ഹെർബർട്ട് സ്പെൻസറുടെ നിരീക്ഷണങ്ങളുടെ ആവർത്തനം എന്ന രീതിയിലാണ് പിൻകറിനേയും മറ്റും മാർക്കർ വായിച്ചെടുക്കുന്നത്. അവരുടെ വിമർശത്തെ തെറ്റായി വ്യാഖ്യാനിക്കാതിരിക്കുമ്പോൾ തന്നെ അവരുടെ വിമർശത്തിൽ പുതുമ ഒന്നും ഇല്ലെന്ന് മാർക്കർ വിലയിരുത്തുന്നു. ഇത്തരമൊരു ചിന്താപദ്ധതിയോട് മാർക്കർ എങ്ങനെ പ്രതികരിക്കുന്നു എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. താൻ താല്പര്യപ്പെടുന്നത് ചരിത്രപരമായ ഭൗതികവാദത്തിലും മാർക്സിസത്തിലും മാർക്സോളജിയിലും അല്ലെന്ന് മാർക്കർ ഊന്നി പറയുന്നു.

മാർക്സിസം പരാജയപ്പെട്ടോ എന്ന പൊതുവാദത്തിൽ കഴമ്പുണ്ടോ എന്ന് അന്വേഷിക്കുന്ന മാർക്കർ, തൻ്റെ അന്വേഷണം തുടരുന്നത് നിലനിൽക്കുന്ന സോഷ്യലിസത്തെ കുറിച്ചുള്ള ചർച്ചകളിലൂടെയാണ്. പ്രത്യക്ഷത്തിൽ അത് തെറ്റോ ശരിയോ എന്ന് മാർക്കർ വിലയിരുത്തുന്നില്ല. മാർക്കർ സോഷ്യലിസവും മാർക്സിസത്തിൻ്റെ പ്രാധാന്യവും അന്വേഷിക്കുന്നത് സോവിയറ്റ് റഷ്യയേയും അതിനെ ബന്ധപെടുത്തിയുള്ള ചർച്ചകളിലൂടെയുമാണ്. ഇതേ ലക്കോട്ടിസിയിൻ (Imre Lakatos -Lakotisian) അർത്ഥത്തിൽ, മാർക്സിസം ഒരു പുരോഗമന പദ്ധതിയല്ല എന്ന് മാർക്കർ പറയുമ്പോഴും സോവിയറ്റ് സോഷ്യലിസത്തിൻ്റെ പതനത്തെ പ്രവചിക്കുന്നതിന് മാർക്സിസ്റ്റുകൾക്ക് കഴിഞ്ഞില്ലല്ലോ എന്ന് അദ്ദേഹം ചോദിക്കുന്നു. ലിയോൺ ട്രോട്സ്കിയുടെ അനന്യമായ നിരീക്ഷണത്തെ മാർക്കർ പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്നു. ട്രോട്സ്കിയുടെ താത്വികപരിസരമായ, തരം താഴ്ത്തപ്പെട്ട തൊഴിലാളികളുടെ ഭരണകൂടത്തെ ഓർക്കുകയാണ് മാർക്കർ ചെയ്യുന്നത്. അതേ സമയം മിലോവൻ ജിലസിൻ്റെയും മറ്റ് മാർക്സിസ്റ്റ് ചിന്തകരുടെയും ഇടപെടലുകൾ അനുസ്മരിക്കുകയും ചെയ്യുന്നു. ശീതസമരത്തെ പുകഴ്ത്തിയവർ വാഗ്ദാനം ചെയ്ത മുതലാളിത്ത വർഗ്ഗത്തിൻ്റെ അധികാരത്തിലേക്കുള്ള ഉയർച്ചയും ഉല്പാദനക്ഷമതയും ആധുനിക ബൂർഷ്വാ വിപ്ലവത്തിൻ്റെ സംഭവവികാസസം പോലത്തന്നെയാണ് എന്ന് മാർക്കർ നിരീക്ഷിക്കുന്നു. സോവിയറ്റ് സോഷ്യലിസത്തെക്കുറിച്ചുള്ള വൈവിധ്യമാർന്ന വായനകളുടെ ബാഹുല്യത്തെ ഹാർഡും നെഗ്രിയും പോലുള്ള ചിന്തകർ അതിലളിതവൽക്കരിച്ചില്ലേ എന്നും മാർക്കർ ചോദിക്കുന്നു.

Imre Lakatos

മാർക്സിസത്തെ എങ്ങനെയാണ് നിർവചിക്കുന്നത് എന്ന് മാർക്കർ ചോദിക്കുമ്പോൾ അത്  നിലനിൽക്കുന്ന മാർക്സിസത്തെയും സോഷ്യലിസത്തേയും കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ ദിശ നൽകുന്നു. മാർക്സിസം ഒരു ബൗദ്ധിക പാരമ്പര്യമാണെന്നും ഗവേഷണപദ്ധതി ആണെന്നും അത് ചില അക്കാദമിക്കുകൾ വിളിക്കുന്നതുപോലെ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം അല്ലെന്നും മാർക്കർ വിലയിരുത്തുന്നു. മാർക്സിസത്തെ പരികല്പനാപരമായ പദാവലിയായും മാറ്റത്തെ വിശദീകരിക്കുന്ന ഒന്നായി കാണണമെന്നും അതേ സമയം അത് ചില പാർട്ടികളുടെ വാചാടോപത്തിനും ക്ഷമാപണത്തിനുമായുള്ള ഉപകരണമെല്ലെന്നും മാർക്കർ നിരീക്ഷിക്കുന്നു. ചരിത്രപരമായ ഭൗതികവാദം മാർക്സിസത്തിൻ്റെ പര്യായമെന്നതുപോലെ നിലനിൽക്കുന്ന ഒന്നാണെന്നും അതിനെ നരവംശശാസ്ത്രത്തേയും രാഷ്ട്രീയസമ്പദ് വ്യവസ്ഥയേയും ചരിത്രരചനാശാസ്ത്രത്തേയും ശാസ്ത്രത്തിൻ്റെ തത്വചിന്തയായേയും സമന്വയിപ്പിക്കുന്ന വിഷയാന്തര സാമൂഹ്യശാസ്ത്ര ചട്ടക്കൂടായി കാണണമെന്നും അഭിപ്രായപ്പെടുന്നു. അല്ലെങ്കിൽ ചരിത്രപരമായ ഭൗതികവാദം ശാസ്ത്രത്തിൻ്റെയും  ചരിത്രത്തിൻ്റെയും ഒരു ബദൽശാസ്ത്രം എന്ന നിലയ്ക്ക് സാമൂഹ്യശാസ്ത്രത്തെയും തത്വചിന്തയേയും വേർതിരിക്കുന്ന വരമ്പുകളെ ഇല്ലാതാക്കുന്നു. സോഷ്യലിസത്തെ ഇത്തരമൊരു പരിസരത്തിൽ നിന്നാണ് വായിച്ചെടുക്കേണ്ടത് എന്ന് മാർക്കർ വിശ്വസിക്കുന്നു. സോഷ്യലിസമെന്നത് തൊഴിലാളികളുടെ അധികാരത്തെയും തൊഴിലാളികൾക്കുമേൽ ഭരണകൂട അധികാരത്തിൻ്റെ തുടർച്ചയായുള്ള വർഗ്ഗരൂപീകരണത്തെയും സൂചിപ്പിക്കുന്നു. സോഷ്യലിസം എന്നത് തൊഴിലാളികളുടെ അധീശത്വമാകുകയും ഒരു രാഷ്ട്രീയ ഭരണകൂടമാകുകയും സാമ്പത്തിക വ്യവസ്ഥ ആകാതെയിരിക്കുകയും ചെയ്യുന്നതിലൂടെ അത് സാമൂഹ്യബന്ധങ്ങളെ സ്വച്ഛന്ദമായി ഉല്പാദിപ്പിക്കുന്ന ക്രമമായി തുടരുകയും ചെയ്യുന്നു. കേന്ദ്രീകരിക്കപ്പെട്ട അസൂത്രണവും ഭരണകൂടത്തിന്  ഉല്പാദനക്രമത്തിനുമേലുള്ള ഉടമസ്ഥതയും മറ്റും സോഷ്യലിസത്തിന് വേണ്ട അവസ്ഥകളല്ലെന്ന് മാർക്കർ നിരീക്ഷിക്കുന്നു.

ശീതസമരത്തെ അനുകൂലിക്കുന്നവരുടെ സോവിയറ്റ് സോഷ്യലിസത്തെക്കുറിച്ചുള്ള മൂന്ന് പ്രധാന വാദങ്ങളെ മാർക്കർ പരിശോധിക്കുന്നു. അതിലൊന്ന് മിൽട്ടൺ ഫ്രീഡ്മാൻ്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചിന്ത പോലെയാണ്. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലും മറ്റ് ആജ്ഞാനുവർത്തിയായ സാമ്പത്തികഘടനയിലും ഇല്ലാത്ത സ്വാതന്ത്ര്യമാണത്. രണ്ടാമത്, സോവിയറ്റ് സോഷ്യലിസത്തെ സ്വതന്ത്ര കമ്പോള മുതലാളിത്തം തോൽപ്പിച്ചുവെന്നും സോവിയറ്റ് സോഷ്യലിസം ഉന്നതനിലവാരമുള്ള ചരക്കുകളും സേവനങ്ങളും ആളുകളുടെ ആവശ്യത്തിനനുസരിച്ച് ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടു എന്നതാണ്. ശീതസമരത്തെ ന്യായീകരിക്കുന്ന മൂന്നാമത്തെ വാദം സോവിയറ്റ് സോഷ്യലിസം മനുഷ്യസ്വഭാവത്തിന് വിരുദ്ധമാണ് എന്നതാണ്. സോവിയറ്റ് യൂണിയൻ അതിൻ്റെ സാമാന്യവൽക്കരിക്കപ്പെട്ട പരോപകാരശീലത്തെ തള്ളിക്കളയുകയും കമ്പോളാനുസൃതമായ ചാർച്ചയേയും പരസ്പരപൂരകമായ പരോപകാരശീലത്തെയും പ്രതിഷ്ഠിക്കുകയും ചെയ്തു. വിഭിന്നദേശീയതകളുടെ സംഘർഷം  സോവിയറ്റ് സോഷ്യലിസത്തിൻ്റെ പതനത്തിൽ കലാശിച്ചെന്നും ചിലർ അഭിപ്രായപ്പെടുന്നു. സാമ്രാജ്യത്തത്തിൻ്റെയും മിലിറ്ററി രൂപാന്തരങ്ങളുടെയും വക്താക്കളായ വഞ്ചകരായ സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും പ്രവർത്തികളുടെ അനന്തരഫലമെന്ന രീതിയിൽ സോവിയറ്റ് യൂണിയൻ്റെ പതനത്തെ വിലയിരുത്തിയവരും ഉണ്ട്. യു എസ് പ്രസിഡൻ്റായിരുന്ന ജിമ്മി കാർട്ടറിൻ്റെ ആഭ്യന്തരസുരക്ഷാ ഉപദേഷ്ടാവായിരുന്ന സ്ബിഗ്ന്യൂ ബ്രൈസിൻക്സിയുടെ (Zbigniew Brzezinski) അഭിപ്രായത്തിൽ വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മനുഷ്യൻ്റെ ത്വരയെ തിരിച്ചറിയാൻ കഴിയാതിരുന്നതിൻ്റെ തുടർച്ചയാണ് സോവിയറ്റ് യൂണിയൻ്റെ മാറ്റത്തിന് തുടക്കം കുറിച്ചത്. ബർലിൻ മതിലിൻ്റെ തകർച്ചയെ തുടർന്നുള്ള അഭിപ്രായങ്ങളെ പരിശോധിക്കുകയാണ് മാർക്കർ ചെയ്യുന്നത്. മാർക്കറുടെ അഭിപ്രായത്തിൽ സോവിയറ്റ് യൂണിയനെ കുറിച്ചെഴുതുന്ന പണ്ഡിതരും പ്രശസ്തരായ വിമതരും ശീതസമരത്തിൻ്റെ വ്യാഖ്യാതാക്കളും ബ്രൈസിൻക്സിയെപ്പോലെയുള്ളവരുടെ സമാനമായ അഭിപ്രായങ്ങൾ പുലർത്തുകയും അതേ സമയം ബർലിൻ മതിൽ തകർക്കുന്ന യുവാക്കളുടെ ദൃശ്യങ്ങൾ പുറത്തുവിടുകയും ചെയ്തു. സ്വാതന്ത്ര്യമില്ലായ്മയാണ് സോവിയറ്റ് യൂണിയൻ്റെ തകർച്ചയ്ക്ക് കാരണമായത് എന്നും ജനസംഖ്യയും ഒരു കാരണമായി എന്നും സോവിയറ്റ് വരേണ്യരുടെ അസഹ്യമായ ഏകകക്ഷി മേധാവിത്വം അനുവദിച്ചു എന്നുമുള്ള ഭാഷ്യങ്ങൾ തുടർന്നു. ഈജിപ്തും സൗദി അറേബ്യയും പിന്നെ എന്തുകൊണ്ട് തകർന്നില്ല എന്ന് മാർക്കർ ചോദിക്കുന്നു. ജനകീയ പ്രക്ഷോഭങ്ങളുടെ തുടർച്ചയെന്നവണ്ണം ഏകാധിപത്യ രാജ്യങ്ങളുടെ പതനമെങ്ങനെയാണ് സംഭവിച്ചതെന്നും ഗ്രാമീണ-വ്യവസായേതര/ അധിനിവേശ – അധിനിവേശാനന്തര മതാധിഷ്ഠിതമായ കിഴക്കൻ സോവിയറ്റ് രാജ്യങ്ങൾ സമ്പന്നത കൈവരിച്ചതായും മാർക്കർ നിരീക്ഷിക്കുന്നു. സോവിയറ്റ് യൂണിയൻ്റെ പതനത്തെ അത്യധികം അശാസ്ത്രീയമായി അന്വേഷിക്കുന്ന പരിമിതികളെ ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം ചെയ്യുന്നത്.

Zbigniew Brzezinski

സ്റ്റീവൻ പിൻകറുടെ കൊട്ടിഘോഷിക്കപ്പെടുന്ന മനുഷ്യസ്വഭാവത്തിൻ്റെ പുതിയ ശാസ്ത്രങ്ങൾ എന്ന പരികല്പനയെ മാർക്കർ ചോദ്യം ചെയ്യുമ്പോഴും മനുഷ്യത്തം ഒരു സ്വാഭാവികമായ തിരഞ്ഞെടുപ്പിൻ്റെ ഉല്പാദനമാണ് എന്ന വസ്തുത തള്ളിക്കളയുന്നില്ല. പ്രത്യയശാസ്ത്രത്തിൻ്റെയും മാർക്സിസ്റ്റ് സിദ്ധാന്തത്തിൻ്റെയും അടിസ്ഥാനത്തിൽ മാറിവരുന്ന കാലത്തിനും സമയത്തിനും അനുസരിച്ച് പ്രവർത്തിക്കുന്ന സാമൂഹ്യമൂല്യങ്ങളുടെയും ആവശ്യങ്ങളുടെയും താല്പര്യങ്ങളുടെയും ഭാഗമായി സോവിയറ്റ് സോഷ്യലിസത്തിന് ഉണ്ടായ മാറ്റങ്ങളെ വായിച്ചെടുക്കുകയാണ് വേണ്ടത് എന്നും അത് പിൻകറിൻ്റെ പാതയിൽ നിന്നും വ്യതിചലിക്കുന്ന ഒന്നാണ് എന്നും മാർക്കർ കരുതുന്നു. മുതലാളിത്തത്തിൻ്റെ വളർച്ചയേയും സോവിയറ്റ് സോഷ്യലിസത്തിൻ്റെ പതനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഉള്ള ചർച്ചകളിൽ മാർക്കർ തൻ്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സോവിയറ്റ് യൂണിയൻ സോഷ്യലിസത്തിൻ്റെ വളർച്ചയുടെ ഘട്ടത്തിൽ ചരക്കുകളും സേവനങ്ങളും ഉല്പാദിപ്പിക്കുന്നതിൽ പരാജയപ്പെട്ടു എന്ന വാദത്തെയും അദ്ദേഹം പരിശോധിക്കുന്നു.

Steven Pinker

സോവിയറ്റ് സമ്പദ് വ്യവസ്ഥയുടെ മാന്ദ്യത്തെ കുറിച്ചുള്ള വിമർശനങ്ങളെ മാർക്കർ തള്ളിക്കളയുന്നില്ല. മുതലാളിത്തമാണ് ഏകബദൽ എന്ന ചർച്ചകളെയും മാർക്കർ പരാമർശിക്കുന്നുണ്ട്. അത്തരം വാദങ്ങളെ പരിപൂർണ്ണമായും തള്ളിക്കളയുന്നില്ല. പക്ഷേ, അത് ഭാഗികമാണ് എന്ന് അദ്ദേഹം കരുതുന്നു. അപ്രത്യക്ഷമായ സോവിയറ്റ് സോഷ്യലിസത്തിൻ്റെ സങ്കീർണ്ണതകളെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് മാർക്കർ നിരീക്ഷിക്കുന്നു. അത്തരം വാദങ്ങളെല്ലാം ലുഡ്വിങ്ങ് വോൺ മിസിസ് തുടങ്ങിയവരുടെ വാദങ്ങളുടെ ആവർത്തനമാണ്. ദമിതസ്വഭാവം ഉള്ള മുതലാളിത്തക്രമത്തിൻ്റെ വർത്തമാനത്തെയും ഭൂതകാലത്തെയും നിലനിൽക്കുന്ന വർഗ്ഗബന്ധങ്ങളിലൂടെ വായിച്ചെടുക്കണമെന്ന് മാർക്കർ അഭിപ്രായപ്പെടുന്നു. പാർട്ടിക്ക് ഉള്ളിലുള്ളവരും വരേണ്യരും കുത്തകസ്ഥാപനങ്ങളും അടങ്ങുന്ന, അല്ലെങ്കിൽ ട്രോട്സ്കി ബ്യൂറോക്രസി എന്ന് വിളിക്കുകയും ചെയ്തവർ പുതിയ വർഗ്ഗം അല്ലെന്നും ജിലാസ് അവരെ സോവിയറ്റ് യൂണിയനിലെ വരേണ്യർ എന്ന് തരം തിരിച്ചെന്നും മാർക്കർ കരുതുന്നു. മാർക്സിസ്റ്റ് സിദ്ധാന്തം ശരിയാണ് എങ്കിൽ അത്തരം സോവിയറ്റ് മാതൃകകൾ തകരുകയും മുതലാളിത്തത്തിലേക്ക് കൂപ്പുകുത്തുകയും സാമൂഹ്യവിപ്ലവത്തിന് തുടക്കം കുറിക്കുകയും ചെയ്യും എന്നും ജിലാസ് കരുതിയിരുന്നു.

Paul Sweezy

ട്രോട്സികിയുടെ വായന റഷ്യൻ യാഥാർത്ഥ്യങ്ങളോട് അടുത്തുനിൽക്കുന്നതായി മാർക്കർ കരുതുന്നു. അദ്ദേഹം പോൾ സ്വീസിയുടെയും മൈക്കേൾ ഹാർഡിൻ്റെയും (Michael Hart) അന്തോണിയോ നെഗ്രിയുടെയും നിരീക്ഷണങ്ങൾ ഈയവസരത്തിൽ പരിശോധിക്കുന്നു. സ്വീസിയുടെ മാർക്സിസ്റ്റ് നിരീക്ഷണങ്ങളുടെ സാധ്യതകൾ മാർക്കർ തള്ളിക്കളയുന്നില്ല. സോവിയറ്റ് യൂണിയനിലെ ഉദ്യോഗസ്ഥ മേധാവിത്തം അവിടത്തെ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിന് പകരമായി ഉദ്യോഗസ്ഥ വ്യവസ്ഥാ സർവ്വാധിപത്യത്തെ കൊണ്ടുവന്നു എന്നും അത് സോഷ്യലിസത്തിനും മുതലാളിത്തത്തിനും ഇടയിൽ നിൽക്കുന്ന പുതിയ മുതലാളിത്താനന്തര സമൂഹത്തിന് തുടക്കം കുറിച്ചു എന്ന പോൾ സ്വീസിയുടെ നിരീക്ഷണത്തെ അന്തോണിയോ നെഗ്രിയുടെയും മൈക്കേൾ ഹാർഡിൻ്റെയും നിരീക്ഷണങ്ങളുമായി താരതമ്യം ചെയ്യുകയാണ് മാർക്കർ. ഹാർഡിൻ്റെയും നെഗ്രിയുടെയും അഭിപ്രായത്തിൽ സോവിയറ്റ് യൂണിയൻ ഒരു സമഗ്രാധിപത്യസമൂഹം എന്നതിലുപരി ഉദ്യോഗസ്ഥ സർവ്വാധിപത്യമായാണ് വായിക്കപ്പെട്ടത്. മാർക്കറുടെ വായനയിൽ നിയമത്തിന് അതീതമായി പ്രവർത്തിക്കുന്ന മുതലാളിത്തസംരഭങ്ങളെ പെരിസ്ട്രോയിക്ക ഭാഗികമായി ശക്തിപ്പെടുത്തി എന്നും തുടക്കക്കാരായ മുതലാളിമാർ ഉല്പാദക – പ്രകൃതി ശ്രോതസ്സുകളുടെയും സഹകരണസംരംഭങ്ങളെയും തട്ടിയെടുത്തു എന്നും കാണാം. അത്തരം ഒലിഗാർക്കിയും അവരുടെ യുക്രൈനിലുള്ള പ്രതിരൂപങ്ങളും റിപ്പബ്ലിക്കനും പ്രാദേശികവുമായ കമ്പനികളും പരസ്പരം മല്ലടിക്കുന്ന പുതിയ ഒലിഗാർക്കികളും പഴയ ഭരണത്തിൽ ഇരിക്കുന്നവരുമായുള്ള സംഘർഷങ്ങൾ വർദ്ധിച്ചു. പുതിയ സംരംഭകർ പുടിൻ – അനന്തര റഷ്യയിൽ ശക്തിപ്പെട്ടു എങ്കിലും മുൻകാല സോവിയറ്റ് റിപ്പബ്ലിക്കുകൾ ഒലിഗാർക്കിയായി തുടർന്നു. അർമേനിയയിൽ സംജാതമായ രാഷ്ട്രീയ പരിണാമത്തെ ഇതുമായാണ് മാർക്കർ ചേർത്തു വായിക്കുന്നത്. ബോറീസ് യെത്സിൻ വളർന്നതോടുകൂടി ഗോർബച്ചേവിനെ അദ്ദേഹത്തിൻ്റെ അണികൾ തഴഞ്ഞു. ദേശബഹിഷ്കൃതരായ മഹാകോടിപതികളും അന്താരാഷ്ട്ര സാമ്പത്തികസ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച ഭീമമായ തുകയും വിദേശ പബ്ലിക് റിലേഷൻസ് വിദഗ്ദ്ധരും 1996-ലെ യെൽസിൻ്റെ റഷ്യൻ തിരഞ്ഞെടുപ്പിനെ നിർണ്ണയിക്കുന്ന ശക്തികളായി തീർന്നു.

Antonio Negri

മുതലാളിത്തശക്തികൾ പിന്നീട് ഭരണകൂടപരമായും നിയമസംബന്ധമായും മാറ്റി മാറ്റി പ്രതിഷ്ഠിക്കുകയും ചെയ്ത പഴയ ഘടനകളെ മുതലാളിത്ത വർഗ്ഗം പരിപൂർണ്ണമായ പുതിയ രാഷ്ട്രീയ – സാമ്പത്തിക അവസ്ഥകളാൽ അടിച്ചമർത്തുകയും ചെയ്തു. റഷ്യേതര ദേശീയവാദികളും റഷ്യൻ ഭരണകൂടത്തിൻ്റെ ഭാഗമായിരുന്നവരും ചേർന്നുള്ള പുതിയ മുതലാളിത്തക്രമത്തിൽ അത് കലാശിച്ചു. പുതിയ രാഷ്ട്രീയപരമായ സ്വഭാവം കൂടുതൽ ഉള്ള സാമ്പത്തിക നയങ്ങൾ അർമേനിയൻ വ്യവസായ വർഗ്ഗത്തെ വികലീകരിക്കുകയും രക്ഷാകർത്തൃത്വ സ്വഭാവമുള്ള രാഷ്ട്രീയം നിലവിൽ വരികയും ചെയ്തു. ആഗസ്റ്റ് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്ന് മുതൽ പുതിയ മുതലാളിത്ത വർഗ്ഗത്തിൻ്റെ ഉയർച്ച ദൂരെയാണെന്നും അതുകൊണ്ട് തന്നെ രാഷ്ട്രീയപരമായി സോവിയറ്റ് യൂണിയൻ തകർന്നിട്ടില്ല എന്നും അതേ സമയം സോവിയറ്റ് ഭരണകൂടത്തിൻ്റെ നിർണ്ണായകമായ ഇടങ്ങളെ പിടിച്ചടക്കപ്പെടുകയുമാണ് ചെയ്തത് എന്ന് മാർക്കർ വാദിക്കുന്നു.

മാർക്കറുടെ നിരീക്ഷണത്തിൽ റഷ്യയുടെ മുതലാളിത്തത്തിലേക്കുള്ള തിരിച്ചുപോക്ക് ആദ്യകാല – ആധുനിക കാലഘട്ടത്തിലെ ബൂർഷ്വാ വിപ്ലവങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു. അത് മാർക്സും എംഗൽസും പ്രവചിച്ചതുപോലെ നാടകീയമായ ഉല്പാദനത്തിൻ്റെ വികാസത്തിന് തുടക്കം കുറിച്ചു. സോവിയറ്റ് ബ്ലോക്കിലെ പോലെ സോവിയറ്റ് റഷ്യാനന്തര കാലഘട്ടത്തിലും ഉല്പാദനത്തിൽ വളർച്ച ഇല്ലതെയായി എന്നത് റഷ്യയുടെ മുതലാളിത്തത്തിലേക്കുള്ള തിരിച്ചുപോക്ക് വിപ്ലവകരമാണ് എന്ന വാദത്തെ ചോദ്യം ചെയ്യുന്നു. ആഗോള കമ്പോളത്തിൻ്റെയും തൊഴിൽ വിഭജനത്തിൻ്റെയും ഭാഗമായി ഉണ്ടായ മുതലാളിത്ത വർഗ്ഗ രൂപീകരണം പുതിയ വർഗ്ഗത്തിന് തുടക്കം കുറിച്ചു. സാമ്രാജ്യത്ത അധികാര ശ്രേണിയുടെ തലത്തിൽ ആഗോള മൂലധനത്തിൻ്റെ പ്രാദേശിക ദല്ലാളുകളായി റഷ്യൻ ഭരണാധികാരികൾ പരിണമിച്ചു. ഉല്പാദനത്തിൽ ഉണ്ടായ ഇടിവ് തൊഴിലാളി കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്കും തടവറകൾ നിറയ്ക്കപ്പെടുന്നതിലേക്കും വംശീയഹത്യയിലേക്കും തെരഞ്ഞെടുപ്പ് തട്ടിപ്പിലേക്കും എത്തിച്ചേർന്നു. നാറ്റോയുടെ വികാസവും യു എസ്സിൻ്റെ അധികാര വളർച്ചയും റഷ്യൻ നയതന്ത്രപരാജയത്തിൻ്റെ നൈരന്തര്യമെന്ന രീതിയിലാണ് മാർക്കർ വായിക്കുന്നത്. മാർക്കറിൻ്റെ അഭിപ്രായത്തിൽ മാർക്സിസം ഇന്നും പ്രസക്തമാകുന്നത് അതിന് റഷ്യയുടെ അന്ത്യവും സോഷ്യലിസത്തിൻ്റെ പരാജയവും മെച്ചപ്പെട്ട രീതിയിൽ വിശദീകരിക്കാൻ കഴിയും എന്നതുകൊണ്ടാണ് എന്ന് തിരിച്ചറിയേണ്ടിയിരുന്നു. അനലറ്റിക്കൽ മാർക്സിസത്തിൻ്റെ വക്താവായ ജി എ കോഹൻ്റെ നിരീക്ഷണം മാർക്കർ ഉന്നയിക്കുന്ന സോവിയറ്റ് പരാജയം മാർക്സിസത്തിൻ്റെ വിജയമാണെന്നും ചരിത്രത്തിൻ്റെ മാർക്സിസ്റ്റ് സിദ്ധാന്തത്തെ അഥവാ ചരിത്രപരമായ ഭൗതികവാദത്തെയും അതിൻ്റെ പ്രമേയങ്ങളെയും സോവിയറ്റ് വിജയം കുഴയ്ക്കുകയുമാണ് ചെയ്തതെന്ന് കോഹൻ നിരീക്ഷിക്കുന്നു. അതുകൊണ്ട് തന്നെയാണ് മാർക്സിസം ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ പ്രസക്തമാകുന്നതെന്ന് മാർക്കർ വിലയിരുത്തുന്നു (Marker Melkonian, 2017: 160-177).

 

മാർക്കർ മെൽക്കോണിയൻ്റെ വായന പതിവ് മാർക്സിസ്റ്റ് വായനകളിൽ നിന്ന് അതിൻ്റെ രീതിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് വേറിട്ട് നിൽക്കുന്നു. മാർക്കറിനോടുള്ള പ്രതികരണങ്ങളും ഈയവസരത്തിൽ ചർച്ച ചെയ്യേണ്ടതുണ്ട്.


(തുടരും)

Comments

comments