ഈയിടെ നവമലയാളി നടത്തിപ്പുകാരിൽ ഒരാൾ  ഇട്ടിനാനെ വാട്ട്സ്ആപ്പിൽ   വളഞ്ഞിട്ടു പിടിച്ചു.

ഹായ്, ഇട്ടിനാൻ…

പൂയ്, ഗിറ്റാർ ശിരോമണി സ്വാതിഭായീ…

അടുത്ത ചെപ്പേട് എന്നതായി?

ഉടൻ ശരിയാക്കാം.

ഉടൻ എന്നുവച്ചാൽ?

ഉടനുടനുട ഉടനുടനുടൻ… 

ഒടിയന്റെ മുന്നിലും കടമറ്റത്തു കത്തനാരുടെ മുന്നിലും  മായം തിരിയണ്ടാ, ഇട്ടീ…ഒരു ചരിത്രകാരനു കുഴിമടി  ഒട്ടും ഭൂഷണമല്ല.

എങ്കിൽ ഇപ്പം ശരിയാക്കാം.

അങ്ങിനെയാണ്  ക്ലാവുപിടിച്ചു പഴകിയ ഏതാനും ചെമ്പുതകിടുകൾ ഇട്ടിനാൻ പുളിവെള്ളത്തിൽ മുക്കി ചകിരിയിട്ടു തേച്ചുരച്ചു മിനുക്കിയെടുത്തത്.  താമസിയാതെ ആ രേഖകൾ സാംസ്‌കാരിക-സംഗീത പോരാളി സ്വാതിക്ക്‌ അയച്ചുകൊടുക്കുകയും ചെയ്തു. 

ഇട്ടിയുടെ കയ്യിൽ തടഞ്ഞ തകിടുകളിൽ തത്ക്കാലം തട്ടിൻപുറത്തു കണാരൻ, കുണ്ടൻകിണറ്റിലെ തവളചിന്തകൻ തുടങ്ങിയ ചരിത്രനായകന്മാരുടെ അപദാനങ്ങൾ കാണ്മാനില്ല. പകരം ബൊമ്മ ഡെന്നി എന്ന് പേരായ പുതിയൊരു കഥപാത്രത്തെയാണ്  ഇക്കുറി  പുരാവസ്തുഖനനത്തിൽ  അവൻ കുഴിച്ചെടുത്തത്. ജ്ഞാനരൂപങ്ങളുടെ ഫൂക്കോൽഡിയനും ഘടാഘടിയനുമായ ആർക്കിയോളജിക്കൽ രീതിശാസ്ത്രമാതൃകയിൽ. നീച്ചയുടെ വംശാവലി പദ്ധതിശാസ്ത്രത്തിന്റെ പരിഷ്കരിച്ച പതിപ്പ് അടുത്ത തവണ ഇറക്കാമെന്ന് ഇട്ടിനാൻ നിനച്ചു.

ഇട്ടി കണ്ടെത്തിയ ബൊമ്മ ഡെന്നി ഗണത്തിൽപെട്ട  മൂന്ന് ചെപ്പേടുകൾ  ചരിത്രകുതുകികളുടെ താത്പര്യാർത്ഥം  ഇതാ താഴെ നിരത്തിവെക്കുന്നു. 

ഒന്ന്: ബൊമ്മ ഡെന്നിയുടെ രംഗപ്രവേശം
———————————————————————

മിനിഞ്ഞാന്ന് രാവിലെ.

ക്ണാശ്ശീരിയിലെ താത്വികരാജാവായ കുണ്ടൻകിണറ്റിലെ തവളചിന്തകനെക്കുറിച്ചായിരുന്നു  ഇട്ടിയുടെ കഴിഞ്ഞ ലക്കം ചെപ്പേട്. ക്ണാശ്ശീരിയുടെ ‘ഠ’ വട്ടം ഭൂപരിധിക്കകത്തു പൊട്ടിമുളച്ച പ്രാദേശിക കൊളോണിയൽ ആധുനികത ഒട്ടുമുക്കാലും യൂറോകേന്ദ്രിതമായിരുന്നെന്നു പൊതുവെ മിക്ക നീറേങ്കൽ പണ്ഡിതന്മാരും അംഗീകരിച്ചിട്ടുണ്ടല്ലോ. യുജിസിക്കാരും അത് കിടച്ചിട്ടില്ലാത്തവരും ഇക്കാര്യത്തിൽ വലിയ തർക്കം കണ്ടുവരുന്നില്ല. ഈ യൂറോകേന്ദ്രത്തെ എങ്ങിനെയെങ്കിലും ബലംപ്രയോഗിച്ചു മെക്സിക്കൻ കേന്ദ്രത്തിലേക്ക് മാറ്റി പ്രതിഷ്‌ഠിക്കാനുള്ള തത്രപ്പാടിലായിരുന്നു തവളചിന്തകൻ. അപ്രകാരം ക്ണാശ്ശീരിയിലെ ഏറ്റവും മുന്തിയ ഫിലോസഫർ എന്ന കരിവേഷം കെട്ടലാണ് ഓന്റെ ലാക്ക്. കൊടുംവർഗ്ഗീയത ഒഴികെ ഏതു കുന്തത്തിൽ ആര് കേന്ദ്രീകരിച്ചാലും നീറേങ്കൽ പ്രവിശ്യകളെ ഇടിച്ചുനിരത്താൻ അംശം അധികാരി കട്ടബൊമ്മൻ വഴിയാധാരമാക്കൽ ബില്ല് സ്വയം പാസ്സാക്കിയിട്ടുണ്ട്. അത് വേറെ കാര്യം.  ജെ സി ബികൾ  തന്ത്രസ്ഥാനങ്ങളിൽ നിരനിരയായി ഒരുക്കി നിർത്തിയിട്ടുമുണ്ട്. ജെ സി ബിയെ വിമർശിക്കുന്നവർ പഞ്ചായത്ത്‍ദ്രോഹക്കുറ്റത്തിനു അകത്താവുകയും ചെയ്യും. പക്ഷെ, കട്ടബൊമ്മനും കൂട്ടരും ഏകാധിപത്യമുണ്ടാക്കുന്ന വിഭ്രാന്തി കാരണം ഒരു കാര്യം കാണാതെ പോകുന്നു. അതായത് നീറേങ്കൽ പ്രവിശ്യയും തലസ്ഥാനമായ ക്ണാശ്ശീരി അങ്ങാടിയും എക്കാലവും കേന്ദ്രരഹിതമായ പ്രതിഭാസങ്ങളായി നിലകൊള്ളും. പണ്ടുകാലത്തെ കുരുമുളകുവാണിജ്യംതൊട്ടു ഈയടുത്ത കാലത്തു  ഫാഷനായ നിർമ്മിതബുദ്ധി വിപ്ലവകവിതകളുടെ വിനിമയങ്ങളിൽവരെ.  പരമാധികാരവും പ്രപഞ്ചനിയമങ്ങളും  തമ്മിലുള്ള പിടിവലിയുടെ ഒരു വിരോധാഭാസം അതാണ്.  പലതരം കൂട്ടക്കുഴപ്പങ്ങളിൽനിന്നും ഒട്ടേറെ ക്രമങ്ങൾ ഉരുത്തിരിയുകയും ആ ക്രമങ്ങൾ പുതിയ കൂട്ടക്കുഴപ്പത്തിലേക്ക് അഴിയുകയും ചെയ്യുന്ന സങ്കീർണ്ണപ്രക്രിയ നീറേങ്കലിൽ സദാ അരങ്ങേറുന്നു. ഏതെങ്കിലും കേന്ദ്രമോ നേർരേഖയോ ഒറ്റശിലയിൽ വാർത്തെടുത്ത മാതൃകയോ  വകവെക്കാതെ.  ഈയൊരു രാഷ്ട്രീയ ശുഭാപ്തിവിശ്വാസത്തിലാണ് ഇട്ടിയും ലൂയിയും മുറുകെപ്പിടിച്ചിട്ടുള്ളത്. എത്രയൊക്കെ ഇരുട്ട് പരന്നാലും പിടിവിടാൻ ഭാവവുമില്ല. റൊമെയ്ൻ റോലൻഡും അന്റോണിയോ ഗ്രാംഷിയും വഴികാട്ടിയിട്ടുണ്ട്: “Pessimism of the intellect, optimism of the will.”

ഇറക്കുമതിക്കുള്ള കടത്തുകൂലി അടക്കാതെ തവളചിന്തകൻ മെക്സിക്കൻ ട്രാൻസ് മോഡേണിറ്റി  ഉരുപ്പടികൾ നീറേങ്കൽ സാംസ്കാരികചന്തയിലേക്ക് ഒളിച്ചുകടത്തുകയാണെന്ന്  ഇട്ടിനാൻ കഴിഞ്ഞ ചെപ്പേടുകളൊന്നിൽ  കോലാഹലമുണ്ടാക്കി.  മെക്സിക്കൻ പ്രൊഫസർമാരുടെ പേരുകളുള്ള സ്റ്റിക്കർ ചുരണ്ടിക്കളഞ്ഞാണ് കള്ളക്കടത്ത്.  ഇട്ടി നഖശിഖാന്തം നടത്തിയ ട്രാൻസ് മാന്തലിന്റെ പ്രത്യാഘാതങ്ങൾ നാനാവിധത്തിലായിരുന്നു.

പെട്ടിബൂർഷ്വാ രാജേട്ടന്റെ പെട്ടിക്കടക്കു മുന്നിൽവച്ച് കണ്ടുമുട്ടിയപ്പോൾ   ഇട്ടി ലൂയിയോട് പറഞ്ഞു.

ഇട്ടി: ലൂയിചേട്ടായീ, മ്മ്‌ടെ കഴിഞ്ഞ ലക്കം ചെപ്പേടിലെ  ചവിട്ടുനാടകം കൊള്ളേണ്ടിടത്തു കൊണ്ടിട്ടുണ്ട്. രാശാവിന്റെ പിരി മുഴുവൻ പൊട്ടി. അതോടെ അവൻ അവനു ശരിക്കും വഴങ്ങുന്ന ഒരേയൊരു താത്വികമണ്ഡലത്തിലേക്കു പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു.

ലൂയി: അതേതാഡേയ് ആ മണ്ഡലം?

ഇട്ടി: കട്ടത്തെറിവിളി…അല്ലാതെന്ത്?

ലൂയി: ഹ ഹ ഹ..ഓൻ നാട്യം വെടിഞ്ഞത് നല്ലതല്ലേ?  തന്റെ  ജീവിതം അടിമുടി കെങ്കേമമായ സർഗ്ഗസാഫല്യമാണെന്ന്  ഇടയ്ക്കിടക്കു രാശാവ്  സ്വയം ചെണ്ടകൊട്ടാറുണ്ട്. വേറാരും പറയാനില്ലല്ലോ. അതിനിടയ്ക്ക് മണ്ടക്ക് ഓരോ  മേട്ടം കിട്ടുമ്പോ ഓന്റെ പൊള്ളത്തരം പുറത്തുചാടും. കുറച്ചു നേരം നീറേങ്കൽ  കവലയിൽ രാശാവിന്റെ  പിത്തലാട്ടം കണ്ടു രസിക്കാവുന്നതാണ്. ഓന്റെ പ്രകടനം മടുക്കുമ്പോ നീ മുരുകാടാക്കീസിലെ കന്നഡപടത്തിനു കയറിക്കോ.

ഇട്ടി: കാവ്യനിരൂപണം, മറ്റുള്ളവർക്കുവേണ്ടി കിലോക്കണക്കിന് പടച്ചുവിടുന്ന  യുജിസി പ്രബന്ധം തുടങ്ങിയ തട്ടിപ്പുകൾക്ക്  അവൻ വിലപേശി ഈടാക്കുന്ന കൊള്ളസംഖ്യ  അടുത്ത വിജിലൻസ് ചെപ്പേടിൽ കയറ്റിയാലോ?

ലൂയി: ഡേയ്…ഗതികിട്ടാത്ത ഒരു ഫ്രോഡ് ജീവിതത്തിന്റെ നിസ്സഹായതയും നിലവിളികളുമാണ് നാം കേൾക്കുന്നത്. നീ വിട്ടുകളയ്.

ഇട്ടി: എങ്കിൽ  ചേട്ടായി അടുത്ത ഓലക്ക് വിഷയം കണ്ടുപിടിക്ക്. നവമലയാളികളുടെ വിരട്ട് നിലവിലുണ്ട്. ഞാൻ നോക്കിയിട്ട് തടിതപ്പാൻ യാതൊരു മാർഗ്ഗവും കാണുന്നില്ല.

വിഷയം കണ്ടെത്താൻ ലൂയി വിഷയാസക്തിയോടെ ചുറ്റും നോക്കുന്നു. പൊടുന്നനെ ലൂയിയുടെ മുഖത്തു പ്രകാശം പരക്കുന്നു.  ലൈറ്റ് എമിറ്റിങ് ഡയോഡുകളുടെ ബൾബ് മാലകൾ മിന്നിക്കത്തുംപോലെ. അദ്ദേഹം പെട്ടിക്കടയുടെ എതിർവശത്തുള്ള ഊടുവഴിയിലേക്കു കൈ ചൂണ്ടുന്നു.

ലൂയി: ഡേയ് …ആ പോണ രൂപത്തെ പരിചയമുണ്ടോ?

ഇട്ടി: ചിലപ്പോഴൊക്കെ നീറേങ്കൽ കവലയിൽ കാണാറുണ്ട്. അവനെന്തിനാണ് ഈ കൊടുംവെയിലത്തു കഴുത്തിലും തലയിലും  മഫ്ളർ മൂടി നടക്കുന്നത്? വല്ല വെട്ടുവാതവുമാണോ? അതോ പോക്കറ്റടിക്കാരനോ?

ലൂയി: സംഭവം അതിനേക്കാളൊക്കെ ഭീകരമാണ്. അവനൊരു നിരൂപകനാണ്. തൂലികാനാമം ബൊമ്മ ഡെന്നി. ലാറ്റിനമേരിക്കൻ നോവൽസാഹിത്യമാണ്  ബൊമ്മയുടെ പൊതുവെയുള്ള ഇര.  പഴയ സിനിമാനോട്ടീസിൽ കഥ ചുരുക്കിയെഴുതുന്നതു കണ്ടിട്ടില്ലേ? അതുപോലെ പല നല്ല കൃതികളെയും  കുളിപ്പിച്ച് കിടത്തിയിട്ടുണ്ട്. ലാറ്റിനമേരിക്ക ആയതിനാൽ ഏകാധിപത്യം, പട്ടാള അട്ടിമറി, സ്വേച്ഛാധിപതികളുടെ ഏകാന്തത, മാന്ത്രികയാഥാർഥ്യം എന്നീ  സ്ഥിരം ഇടപാടുകൾക്കു പഞ്ഞമില്ലല്ലോ. അതാണ് ബൊമ്മയുടെ നിരൂപണ ചൊട്ടുവിദ്യ.

ഇട്ടി: ബൊമ്മയെങ്കിൽ ബൊമ്മ; ലാറ്റിനമേരിക്കയെങ്കിൽ ലാറ്റിനമേരിക്ക. ചൊട്ടുവിദ്യയെങ്കിൽ ചൊട്ടുവിദ്യ. വിഷയദാരിദ്ര്യം ഉണ്ടാകാഞ്ഞാൽ മതി. തത്ക്കാലം രക്ഷയായി. താങ്ക് യൂ, ചേട്ടായീ.

രാജേട്ടന്റെ പെട്ടിക്കടയിൽനിന്നും ഓരോ പൊടിക്കട്ടൻ കുടിച്ചു ഇട്ടിയും ലൂയിയും യാത്ര പറഞ്ഞു പിരിയുന്നു.

രണ്ട്:  നട്ടപ്പാതിരാസ്തോത്രം
————————————————

ഇന്നലെ  രാത്രി.  

ബൊമ്മ ഡെന്നി വിഷയത്തിൽ ഒരു റൌണ്ട്  പ്രാഥമികാന്വേഷണം നടത്തി കിളി പോയ  ഇട്ടിനാൻ  ലൂയിയെ വിളിച്ചു.

ഇട്ടിനാൻ: (വിതുമ്പുന്ന ശബ്ദത്തിൽ)  ജനാലപ്പടിയുടെ ഇരുണ്ടമൂലയിൽ കമ്പിളിനൂൽക്കെട്ട് ചുരുട്ടിയുരുട്ടി പന്താക്കിയ ഉണ്ടപോലെ അതാ എന്റെ പ്രണയം അനാഥമായി കിടക്കുന്നു.

ലൂയി: എന്തോന്നാടെ ഇത്! നീ അടിച്ച ബ്രാൻഡ് കൊള്ളാമല്ലോ.

ഇട്ടി:  ഒന്നും അടിക്കേണ്ടി വന്നില്ല, പൊന്നു ചേട്ടായീ..മ്മ്‌ടെ എണ്ണംപറഞ്ഞ നിരൂപകൻ ബൊമ്മ ഡെന്നി കവിതാവിവർത്തനത്തിൽ കൈവെച്ചതാണ്.

ലൂയി: ഹമ്മോ! ഇനിമുതൽ  പ്രണയം എന്ന വാക്ക്  കേട്ടാൽ  ക്ണാശ്ശീരിക്കാർ പേടിച്ചു രാജ്യംവിടും.  നീ ദൈവനാമത്തിൽ രണ്ടു സ്തോത്രം ചൊല്ലിക്കോ. എന്നിട്ട് മൂടിപ്പുതച്ചു കിടന്നുറങ്ങാൻ നോക്ക്. 

‘കാന്താ… വരുവാനെന്തു താമസം നാഥാ, ഹന്ത!’ എന്ന സ്തോത്രം താണുകേണരാഗത്തിൽ ആലപിച്ചശേഷം  ഇട്ടി ഫോൺ ഓഫാക്കി. തലവഴി കരിമ്പടം വലിച്ചിട്ടു കണ്ണിറുക്കിയടച്ചു കിടന്നിട്ടും പുലരുംവരെ  ഉറക്കം വിട്ടുനിന്നു. അത്രയും ഭയാനകമായിരുന്നു പ്രണയകവിത ഇട്ടിക്കു നൽകിയ ആഘാതം.

മൂന്ന്: ഒരു പൊതി ബോധധാര
——————————————————

ഇന്ന് വൈകുന്നേരം.  

ക്ണാശ്ശീരിയിലെ നിന്ദിതരുടെയും പീഢിതരുടെയും പുണ്യജലമായ ജവാൻ റം ഒരു കുപ്പി വാങ്ങി കുടിയിലേക്കു നടക്കുകയായിരുന്നു ഇട്ടിനാൻ.  അപ്പോഴാണ് മഹത്തായ  ആശയം ഇട്ടിയുടെ തലക്കുള്ളിൽ മിന്നിയത്. വേറൊന്നും തോന്നാത്തപ്പോൾ ഉണരുന്ന ഈ വ്യർത്ഥതാബോധം മറികടക്കാൻ ഒരു കിലോ ലഗോൺ കോഴി വാങ്ങി പൊരിച്ചാലോ? ലൂയിച്ചേട്ടായിയേയും വിളിക്കാം.  

വറീതിന്റെ ‘രോമാഞ്ചം ചിക്കൻ ഷോപ്പിൽ’ കയറി കോഴി ഓർഡർ ചെയ്തു തിരിഞ്ഞപ്പോഴാണ് വഴിവക്കിലെ പൂവരശിന്റെ ചുവട്ടിൽ നിൽക്കുന്ന ബൊമ്മ ഡെന്നിയെ ഇട്ടി കണ്ടത്.  പതിവുപോലെ മഫ്ളർകൊണ്ടു തലമൂടിയിട്ടുണ്ട്. സ്പാനിഷിൽനിന്നും ഇംഗ്ലീഷിലേക്കു മൊഴിമാറ്റിയ വല്ല ആറുവരിക്കവിതയും ക്ണാശ്ശീരി നാടൻപാട്ടിലേക്കു വികൃതമാക്കാനുള്ള പുറപ്പാടാണോ? 

അല്ല…അതല്ല…കാരണം ബൊമ്മ ഡെന്നിയുടെ കണ്ണുകൾ തറച്ചുനിൽക്കുന്നതു രോമാഞ്ചം ചിക്കൻ ഷോപ്പിന്റെ മുന്നിൽ കുത്തിനിർത്തിയ വിലവിവരപ്പട്ടികയിലാണ്. 

ഇട്ടി: ഹലോ…ബൊമ്മ…എന്തുണ്ട് വിശേഷം?

ബൊമ്മ ഡെന്നി: ഞാൻ ചിന്തിക്കുകയായിരുന്നു….

ഇട്ടി: എന്ത്?

ബൊമ്മ ഡെന്നി: ഇന്നലെവരെ ക്വാഴി ഒരു കിലോ 150 രൂപ. ഇന്ന് 160 രൂപ. അതെങ്ങിനെ സംഭവിച്ചു?

ഇട്ടി: അതിപ്പോ…വറീതിനോട്‌ ചോദിക്കേണ്ടിവരും. കോയമ്പത്തൂരിൽ വല്ല കോഴിവസന്തയും പടർന്നുപിടിച്ചോ ആവോ…

ബൊമ്മ ഡെന്നി: ഛേ…ഛേ! വറീതിനോടോ ക്വാഴിയോടോ ചോദിക്കരുത്. നമ്മൾ സ്വയം ചിന്തിച്ചു കണ്ടുപിടിക്കണം.

ഇട്ടി: അതെന്തിനാ, ആശാനേ?!

ബൊമ്മ ഡെന്നി: എന്നാലേ ചിന്തിക്കുക എന്ന കലാപരിപാടിയുടെ ഗുട്ടൻസ് പിടികിട്ടുകയുള്ളൂ.  ഇട്ടിക്കറിയാമോ? മഹാന്മാർ, സാധാരണർ, അസാധാരണർ…ഇവരൊക്കെ ചിന്തിക്കുന്നത് ഒരേപോലെയാണ്. 

ഇട്ടി:  ങ്ങേ! ബൊമ്മ ആരെയാണ് ഉദ്ദ്യേശിക്കുന്നത്?  

ബൊമ്മ ഡെന്നി: അതായത്…ഞാൻ പറയാം…ഒരു മിനിറ്റ്..

കമ്പിവലക്കകത്തെ കോഴികൾ കാട്ടമിടുന്നതുപോലെ ബൊമ്മ തപ്പിപ്പിടിച്ചു name dropping തരികിട ആരംഭിച്ചു:

‘അതായത്…പ്ലേറ്റോ, അരിസ്റ്റോട്ടിൽ, ദെക്കാർത്ത്, ഈ ഞാൻ, സ്പിനോസ, കീർക്കെഗാഡ്, ഷോപ്പൻഹവർ,  സരതുഷ്ട്ര, ബുദ്ധൻ, മഹാവീരൻ, പളനിച്ചാമി, അതാ അവിടെയിരുന്ന് കല്ലുമ്മക്കായ വിൽക്കുന്ന പരീതുകുഞ്ഞ്…എല്ലാവരും ചിന്തിക്കുന്നത് ഒരേ മട്ടിലാണ്.’

ഇട്ടിയുടെ കണ്ണ് ബൾബായി. കൊള്ളാം! ബൊമ്മ ആള് കൊള്ളാം! ലോകത്തിലുള്ള സകലമാന സംഗതികളെയും അവന്റെ ശരാശരിനിലവാരത്തിലേക്കു വലിച്ചിട്ടു സമനിരപ്പാക്കുകയാണ്. ക്ണാശ്ശീരിക്കാർക്കു പറ്റിയ ബുൾഡോസർ നിരൂപകൻ. 

ഇട്ടി വിട്ടുകൊടുക്കാൻ ഭാവമില്ലായിരുന്നു. തത്ക്കാലം പിടിച്ചുനിൽക്കാൻ ചിന്തകവേഷം കെട്ടുകതന്നെ. 

ഇട്ടി: സ്പിനോസയുടെ എതിക്സിൽ പറഞ്ഞ വല്ല കാര്യവുമാണോ?

ബൊമ്മ ഡെന്നി: അതെനിക്കറിയില്ല. സ്പിനോസയെ ദൈവശാസ്ത്രവുമായി കൂട്ടിപ്പിടിപ്പിച്ചു  പഠിച്ച നമ്മടെ പള്ളീലച്ചൻ എഴുതിയത് ആരോ വായിച്ചു മറ്റാരോടോ പറഞ്ഞത് വേറൊരാൾ കേട്ടു എന്നോട് എന്തോ പറഞ്ഞിട്ടുണ്ട്. അപ്പനാണ് സത്യം! പിന്നെ, ഇതൊക്കെ വായിച്ചിട്ടെന്തു കാര്യം? കാരണം ഞാനും സ്പിനോസയും ചിന്തിക്കുന്നത് ഒരേപോലെയാണ്. അതാണ് ഞാൻ നേരത്തെ സൂചിപ്പിച്ച ചിന്തയുടെ ഗുട്ടൻസ്.  ക്വാഴിയെക്കുറിച്ചു സ്പിനോസ ഒന്നും എഴുതിയിട്ടില്ലെങ്കിൽ അക്കാര്യം അയാൾ വിട്ടുപോയതായിരിക്കും. അടുത്ത ലേഖനത്തിൽ ഞാനതു പരാമർശിക്കുന്നുണ്ട്.

ഇട്ടി ഇടിവെട്ടേറ്റതുപോലെ അടിമുടി തരിച്ചു. നിന്നനില്പിൽ ജവാൻ പൊട്ടിച്ചു ഒരു കവിൾ കമിഴ്ത്തിയാലോ?

ബൊമ്മ ഡെന്നിയാകട്ടെ വിലവിവരപ്പട്ടിക നിരീക്ഷിച്ചു ദാർശനികഗവേഷണത്തിൽ മുഴുകിനിൽപ്പാണ്‌. അവന്റെ മനസ്സിലൂടെ ഓരോ നിമിഷവും കടന്നുപോകുന്ന  അസംബന്ധങ്ങൾ ഉദാത്തമാണെന്ന സ്വയംശരിയാണ് ബൊമ്മയുടെ മൗഢ്യത്തിന്റെ ബലം. 

ഇട്ടി എന്തോ  വെളിപാടുണ്ടായതുപോലെ കാട്ടിക്കൂട്ടുന്നു: “ഹേയ്…ബൊമ്മ…ചിന്തയെക്കുറിച്ചു വേറൊരാൾ പറഞ്ഞത് പെട്ടെന്ന് ഓർമ്മ വരുന്നു. A great many people think they are thinking when they are merely rearranging their prejudices.  വില്യം ജെയിംസ് എന്നൊരാൾ കണ്ടുപിടിച്ച വസ്തുതയാണ്.”

ബൊമ്മ ഡെന്നി ഒരു നൊടി ആശയക്കുഴപ്പത്തിലാകുന്നു. ഒട്ടും താമസിയാതെ  സമനില വീണ്ടെടുക്കുന്നു:

“ങ്ങേ! അയാളങ്ങിനെ പറഞ്ഞോ? ഞാനും അത് പറയാനിരിക്കുകയായിരുന്നു. അതെന്താ ഞാൻ നേരത്തെ പറയാതെ പോയത്! എന്തുകൊണ്ട്? കാരണമെന്ത്? കാര്യമെന്ത്? ബന്ധമെന്ത്? ങ്ങേ…ഹെ?!”

ബൊമ്മയെ പൂവരശിന്റെ തണലിൽ ആലോചിക്കാൻവിട്ടു ഇട്ടി വറീതിന്റെ പീടികയിൽനിന്നും നന്നാക്കിയ കോഴിയെ  ഏറ്റുവാങ്ങി. 160നു പകരം 170 രൂപ വറീതിന്റെ കയ്യിൽ ഏൽപ്പിക്കുമ്പോൾ ഇട്ടി ശബ്ദം താഴ്ത്തി പറഞ്ഞു. 

“മ്മ്‌ടെ ബൊമ്മ അവടെ ആലോചിച്ചു നില്പുണ്ട്. തലചുറ്റി വീഴുമ്പോ ഒരു നാരങ്ങാസോഡ വാങ്ങിക്കൊടുത്തേക്ക്.”

ക്ണാശ്ശീരിക്കവലയിലേക്കു തിരിയുമ്പോൾ ഇട്ടി ലൂയിയെ മൊബൈലിൽ വിളിച്ചു. കുപ്പിയും കോഴിയും എന്ന ശാശ്വതസത്യം കയ്യിലുണ്ടെന്ന വിവരം അറിയിച്ചു.

ലൂയി (മറുതലക്കൽനിന്ന് ആവേശത്തോടെ): ഡേയ്..സിഗരറ്റും ബീഡിയുമല്ലാതെ വേറെ വല്ല മാരകവസ്തുക്കളും ഞാൻ കൊണ്ടുവരണൊ? 

ഇട്ടി: ഒരു പൊതി ബോധധാരാസമ്പ്രദായംകൂടി സംഘടിപ്പിച്ചോ.

*************************    *************************     ************************* *************************

മേൽ വിവരിച്ച ചെപ്പേടുകൾ ജിമെയിൽ വഴി കൈപ്പറ്റിയ വര പ്ലസ് തന്ത്രിവാദ്യവിദ്വാൻ സ്വാതി ഇട്ടിക്ക് മെസ്സേജ് അയച്ചു: ഇട്ടി, തട്ടിൻപുറത്തു കണാരനെ വിട്ടുകളയരുത്

ഇട്ടി മറുലിഖിതം ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്യുന്നു: 

അടുത്ത ഉത്‌ഖനനം കരിമ്പുഴ തോട്ടുതടസംസ്കാരപ്രദേശങ്ങളിൽ  നടത്താനാണ് തീരുമാനം. ആ മേഖലയിൽനിന്നും  കണാരകാപട്യങ്ങൾ രേഖപ്പെടുത്തിയ ചെമ്പുതകിടുകൾ  ഗവേഷകർ മുൻപും യഥേഷ്ടം കണ്ടെടുത്തിട്ടുണ്ട്. പെറ്റിബൂർഷ്വ  രാജേട്ടന്റെ ചായക്കടയിൽനിന്നും വീണുകിട്ടുന്ന പൊട്ടും പൊടിയും വാമൊഴികൾ സ്വന്തം രാഷ്ട്രീയ നിരീക്ഷണങ്ങളായി അളിപിളി അച്ചടിഭാഷയിൽ വെച്ചുകാച്ചലാണ്  കണാരന്റെ പ്രധാന സാംസ്കാരികവിപ്ലവം. അവന്റെ ഫ്യൂഡൽ കുശുമ്പ്,  കുന്നായ്മ, പരദൂഷണത്വര എന്നിവ മറച്ചുപിടിക്കാൻ ക്ണാശ്ശീരി കൊളോണിയൽ ആധുനികത, ജനാധിപത്യനാട്യം  മുതലായ മുഖംമൂടികൾ മാറിമാറി തരംപോലെ കണാരൻ ഫിറ്റ് ചെയ്യും. കണാരന്റെ പരദൂഷണ സോഷ്യൽ മീഡിയ പോസ്റ്റുകൾ  നിലവിലുള്ള ക്ണാശ്ശീരി സാമൂഹികാവസ്ഥയെ പഠിക്കാനുള്ള അത്യുഗ്രൻ ടൂൾ ആണെന്ന് സാമൂഹ്യശാസ്ത്ര ഗവേഷകർ പരാമർശിച്ചിട്ടുള്ളത് സ്വാതി മഹാനുഭാവുലുവിന്റെ ശ്രദ്ധയിലും  പെട്ടുകാണുമല്ലോ. കൂടാതെ കണാരന്റെ പിമ്പ് മാനസികാവസ്ഥയെ ലകാനിയൻ മട്ടിൽ വിശകലനം ചെയ്‌താൽ അതും ബഹുരസമായിരിക്കും.

മേല്പറഞ്ഞ ചരിത്രശകലങ്ങൾ  അടുത്ത ചെമ്പോലയിൽ കൊത്തി  രേഖപ്പെടുത്താം. അതേപറ്റി  നീങ്ക കവലൈപ്പെടാതെ തോഴരെ!

———————–
തുടരും..
——————
 മുൻചെപ്പേടുകൾ ഇവിടെ വായിക്കാം

Comments

comments