സ്വപ്നങ്ങളുടെമ്യൂസിയം

ശാന്തിയുടെയും അമർഷത്തിന്റെയും കലഹത്തിന്റെയും ഒരു കവിതാകാലം പിന്നിട്ട്, വഴക്കങ്ങളുടെയും ആത്മവിമർശനത്തിന്റെയും വിചാരണയുടെയും വേറൊരു കാലം പിന്നിട്ട് വയൽക്കരയിൽ ഇപ്പോഴില്ലാത്ത ആ വീട്ടിലേക്ക് വീണ്ടും വീണ്ടും ചെന്നെത്തുകയാണ് രാജീവൻ. അവനവനിലേക്കുള്ള എത്തൽ പോലെ. കർക്കിടകത്തിലും തുലാത്തിലും കറുത്തവാവിൻ നാൾ പിതൃക്കൾ അവിലും പഴവും ഉണ്ണിയപ്പവും തിന്നാനും ഇളനീരും നെല്ലിൻ വെള്ളവും കുടിക്കാനും വരുന്ന തെക്കേ അകമുള്ള, ഇരുട്ടിൽ ഒരാൾ എപ്പോഴും മൂടിപ്പുതച്ചു കിടന്നുറങ്ങുന്നു എന്ന് തോന്നിപ്പിച്ചിരുന്ന, മ്യൂസിയത്തിലെന്നപോലെ പിതൃക്കളുടെ ഒരു സ്വപ്നശേഖരം സൂ
ക്ഷിച്ചിരുന്ന മുറിയുള്ള വീട്. ബോധത്തിലും അബോധത്തിലും ജീവിതത്തെയും വിചാരങ്ങളെയും കവിതയേയും മറഞ്ഞു നിന്ന് നിയന്ത്രിച്ച ഒരു കാലത്തിന്റെ സർഗ്ഗാത്മകമായ വീണ്ടെടുപ്പുകളാണ് ഇപ്പോഴില്ലാത്ത വീടിനെ പ്രതിഷ്ഠിച്ച, പിതൃക്കളുടെ പോക്കുവരവുള്ള ആ കവിതകൾ.

കടലിലോ കരയിലോ ആകാശത്തോ എവിടെയുമാകട്ടെ, ഓർമ്മയിലേക്കും ഭൂതകാലത്തിലേക്കുമുള്ള മടക്കയാത്രകൾ രാജീവന്റെ എല്ലാ യാത്രകളോടൊപ്പവുമുണ്ട് . പുറപ്പെട്ടു പോകുന്നവന്റെ വിഭ്രാന്തികൾ, സന്ദേഹങ്ങൾ. അതിസാഹസികമായ യാത്രയിലും ജലവിശാലതയിൽ ഒറ്റപ്പെട്ട ഒരാളുടെ നില തെറ്റലാണ് “വാസ്കോ ഡ ഗാമ “. നടക്കാതെ പോയ കപ്പലപകടങ്ങളിൽ മരിച്ചുപോയ ആ നാവികനിൽ രാജീവന്റെ കവിസ്വത്വവുമുണ്ട്. കടൽ ഭയങ്ങളെയത്രയും അയാൾ അതിജീവിച്ചു കഴിഞ്ഞു. ഒരിക്കലും ദിശ തെറ്റിക്കാത്ത ആ വടക്കുനോക്കിയിൽ അയാൾക്ക് വിശ്വാസവുമുണ്ട്. ഒരു പാറയിലും ഇടിച്ചു തകരില്ല അയാളുടെ കപ്പൽ. പക്ഷേ, തുടക്കം മുതലേ അയാളോടൊപ്പമുള്ള ആ ഒറ്റ നക്ഷത്രവും ഒരു കൊടുങ്കാറ്റിലും അണയാത്ത വിളക്കും ഒരേ നില്പു നില്ക്കുന്ന കൊടിമരവും തന്റെ ഇച്ഛകളിൽനിന്ന് അയാളുടെ ഗതിമാറ്റി വിടുന്നു. മാംസത്തിലും രക്തത്തിലും കാമനകൾ കടൽ പോലെ ഇരച്ചുകയറുന്നു. കണ്ണുകെട്ടപ്പെട്ട് അയാൾ എത്തിയ വൻകരകളൊന്നും അയാൾ തേടി നടന്നവയായിരുന്നില്ല. പുറപ്പെട്ടുപോന്ന തുറമുഖത്തിന്റെ ഓർമ്മകളിലേക്ക് അയാൾ തിരിച്ച് സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. അവിടേക്കെത്തുന്ന നരച്ച കല്ലുപാകിയ വഴികൾ, ഉപ്പിലിട്ട മുള്ളങ്കി മണക്കുന്ന പഴയ തെരുവുകൾ, അവയിലേക്ക് തുറക്കുന്ന വളഞ്ഞ വാതിലുകൾ, അതിനു പിന്നിലെ പാതിരാപ്പാട്ടും നൃത്തവും – ഒന്നും ഇപ്പോൾ ഉണ്ടാവില്ല. പേരറിയാത്ത നാടുകളിൽ അനാഥരായി വളരുന്ന തന്റെ കുഞ്ഞുങ്ങൾ. അവരുടെ കണ്ണിലുണ്ടാവും തന്നെ മുക്കിക്കൊല്ലാൻ പോന്ന ആഴങ്ങൾ.

“ഇനിയും ജനിച്ചിട്ടില്ല എന്നു വിശ്വസിക്കാനാണ് /എനിക്കിഷ്ടം
ചരിത്രത്തിലില്ലാത്ത മുനമ്പുകൾക്കും
ജീവിതത്തിലില്ലാത്ത വിരൽത്തുമ്പുകൾക്കുമിടയിലെ
ഈ ജലവിശാലതയിൽ
ആരുമറിയാതെ പോയ
പരശ്ശതം കപ്പൽഛേതങ്ങളുടെ
അവശിഷ്ടമായി ഞാൻ
ചിതറിക്കിടക്കുന്നു.”
ജീവിതത്തെ വിടാതെ കൂടിയ അനാഥത്വത്തിലും ചിതറിക്കിടപ്പിലും തന്നെ തന്നിൽത്തന്നെ നങ്കൂരമിട്ടു നിർത്താനുള്ള ശ്രമങ്ങളിൽ നിന്നായിരിക്കണം രാജീവന്റെ പിതൃകവിതകൾ വരുന്നത്. വയൽക്കരെ ഇപ്പോഴില്ലാത്ത എന്നു കേട്ടാൽ മതി, ഓർത്താൽ മതി ഇപ്പോഴില്ലാത്ത ആ വീട്ടിൽ നിന്ന് പിതൃക്കളുടെ ഒരു നിര തന്നെ ഇറങ്ങി വരും. ജീവിതത്തിൽ കിട്ടാതെ പോയ വിരൽത്തുമ്പുകൾ നീട്ടിക്കൊടുക്കും. മതി എന്നു തോന്നുമ്പോൾ മറ്റൊരാളായി നിന്ന് തന്നെത്തന്നെ ഇല്ലാതാക്കാനും സമ്മതിക്കാത്തവർ.

” മറ്റൊരാളായിരുന്നു ഞാനെങ്കിൽ
കത്തിയുമായി വഴിയിൽ
എനിക്കുതന്നെ പതുങ്ങിയിരിക്കാമായിരുന്നു
വണ്ടി മഹാനദി കടക്കുമ്പോൾ
വാതിൽക്കൽ നിന്ന് താഴോട്ടൊരു
തള്ള് കൊടുക്കാമായിരുന്നു
…………. തൂങ്ങിക്കിടക്കുന്ന ഈ കയർ
കഴുത്തിൽ മുറുക്കാമായിരുന്നു.

എന്നിട്ടെന്ത്, /അപ്പോഴൊക്കെ,
വയൽക്കരെ/ ഞങ്ങളുടെ
ഇപ്പോഴില്ലാത്ത വീട്ടിൽ നിന്ന്
ആരെങ്കിലും ഇറങ്ങി വന്ന്
എന്നെ പിടിച്ചുമാറ്റും “
(എന്തൊരാളാപ്പോയ്  ഞാൻ)

തറവാട്ടു വകയായി ആകാശത്ത് ആയിരക്കണക്കിന് ഏക്കർ സ്ഥലം. അവിടെ, ആ വീട്ടിൽ നിന്ന് ഓരോരോ കാലത്തായി കാണാതായവർ മേഘങ്ങൾ മേയ്ച്ചു കഴിയുന്നു. ഒരു നട്ടുച്ചക്ക് ആകാശയാത്ര ചെയ്യവേ, അവരെല്ലാം ചുറ്റും കൂടുന്നു, വിശേഷങ്ങൾ ചോദിക്കുന്നു. വല്യമ്മാവന്റെ കാലിലെ നീരുമാറിയോ, തെക്കേ പറമ്പ് ഭാഗം വെച്ചോ, മഹാത്മജി നിരാഹാരം നിർത്തിയോ, കുട്ടിമാളു വയസ്സറിയിച്ചോ, ഉണ്ണിച്ചിരുതേയി പ്രസവിച്ചോ, യുദ്ധത്തിൽ ജർമ്മനി പിൻവാങ്ങിയോ, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയോ, അടിയന്തിരാവസ്ഥ പിൻവലിച്ചോ, കെ. വേണു ജയിൽ മോചിതനായോ – ഇങ്ങനെ താന്താങ്ങൾ വിട്ടുപോന്ന കാലത്തെ നൂറു നൂറു ചോദ്യങ്ങൾ. അപ്പോഴുണ്ട്, തൈമേഘത്തിന്റെ മറവിൽ നിന്ന് പാളിനോക്കുന്നു, നീലയിൽ ചുവപ്പു വരകളുള്ള വള്ളി ട്രൗസറിട്ട ഒരു കുട്ടി. തൊടിയിലെ ഒളിച്ചുകളിയിൽ തനിക്കു കണ്ടെത്താൻ കഴിയാതെ പോയ അനിയൻ.
” കണ്ടേ’! ഞാൻ വിളിച്ചു പറഞ്ഞു.
മാതൃഭാഷ വേറെയായതിനാൽ
അവനത് മനസ്സിലായില്ല
മഞ്ഞുറയുന്ന ഉച്ചവെയിൽ എനിക്കും.”
(തണുത്തുറഞ്ഞ വെയിൽ)

കിനാവിൽ നീർമരുതിന്റെ തോളിൽ കൈയിട്ടു നടക്കുമ്പോൾ ഒന്ന്… രണ്ട് … മൂന്ന് എന്നിങ്ങനെ കവി തന്നിലെ വാർഷിക വലയങ്ങൾ എണ്ണുന്നു. അവയിലൂടെ അച്ഛൻ, അപ്പൂപ്പൻ, അമ്മ, അമ്മൂമ്മ, മുത്തശ്ശൻ, മുതുമുത്തശ്ശൻ … ഒരോരുത്തരായി എത്തുന്നു. (കനവ്) താനൊരാൾ ഒറ്റയ്ക്കല്ലെന്നും മറഞ്ഞു നിന്ന് തന്നെ ശ്രദ്ധിക്കുന്നവരും തന്നിൽ കുടികൊള്ളുന്നവരുമായ കാരണവന്മാരുടെ ബലത്തിന്റെ ആകെത്തുകയാണ് താനെന്നുമുള്ള വിശ്വാസം. യുക്തിയല്ല, അനുഭവമാണ് ഇവിടെ ആധാരം. നീലക്കൊടുവേലി എന്ന അവസാന സമാഹാരത്തിൽ വംശാവലിയുടെ ഓർമ്മ, ജീവിതോത്സാഹത്തിന്റെ വീണ്ടെടുപ്പുകളായി കൂടുതൽ തെളിഞ്ഞ് പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരുവയസ്സുള്ള പേരക്കുട്ടിക്ക് ആരുടെ ഛായയാണ്? അവളെ നോക്കിയിരിക്കേ, പോയതോ വരാനിരിക്കുന്നതോ ആയ വംശാവലിയുടെ ഉമ്മറപ്പടികളിൽ ഏതോ ഒന്നിൽ നിന്ന് സന്ധ്യാദീപത്തിന്റെയും കർപ്പൂരത്തിന്റെയും ഗന്ധഛായ ഒരു മുത്തശ്ശിയായി തന്നെ വന്നു പൊതിയുന്നതായി അറിയുന്നു.  (ഛ്രായ).
മുത്തച്ഛന്റെ മുത്തച്ഛന്റെ മുത്തച്ഛൻ എന്ന് പിന്നിലേക്കും പേരക്കുട്ടിയുടെ പേരക്കുട്ടിയുടെ പേരക്കുട്ടി എന്ന് ഭാവിയിലേക്കും നീണ്ടു പോകുന്ന തലമുറകളുടെയിടയിൽ ഒരു കണ്ണിയായി തന്റെ തുടർച്ച ഉറപ്പിക്കുകയാണ് “നീലക്കൊടുവേലി“യിൽ. മുറ്റത്തെ ഈന്തു മരം, താൻ ജീവിച്ച വർഷങ്ങളത്രയും ഉടലിൽ വലയങ്ങളായി ധരിച്ചിരിക്കുന്നതു പോലെ തനിക്കു മുമ്പു ജീവിച്ച പിതൃക്കൾ തന്നിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. താൻ കണ്ടതും അനുഭവിച്ചതും. അവർക്കു കാണാനും അനുഭവിക്കാനും കഴിയാത്തതും ആയ – കാലo ഓർത്ത് കവിയുടെ കണ്ണുനിറയുന്നു. പേരക്കുട്ടിയുടെ തുടർവംശാവലിയുടെ അങ്ങേയറ്റത്തുള്ള പേരക്കുട്ടിയെ ഓർക്കുമ്പോഴും കവിയുടെ കണ്ണു നിറയുന്നു.
” ജീവിച്ച വർഷങ്ങൾ / വളയങ്ങളായ്
ഉടലിലണിഞ്ഞ് / മുറ്റത്തുനില്ക്കുന്ന
ഈന്തു മരത്തിന്റെ നിറുകയിൽ
ഒളിച്ചു പാർക്കുന്ന
ചെമ്പോത്തു യുവാവും യുവതിയും
കൂട്ടിൽരഹസ്യമായ് സൂക്ഷിക്കുന്ന
നീലക്കൊടുവേലി/ആ പേരക്കുട്ടിക്ക് കാണാൻ കഴിയില്ലല്ലോ/ എന്നോർത്ത്.”
ഓർത്തുള്ള ഈ കരച്ചിലും ഓർത്തുള്ള ചിരിയും കവിതയുടെ ഭാഷ കുറച്ചെങ്കിലും മനസ്സിലായതിന്റെ പ്രതിഫലനമാണെന്ന് രാജീവൻ നീലക്കൊടുവേലിയുടെ ആമുഖത്തിൽ പറയുന്നുണ്ട്. പരാജിതന്റെ , ഒറ്റപ്പെട്ടവന്റെ ക്ലേശങ്ങളിൽ, അവ്യക്തതകളിൽ കവിത അവന്റെ മാധ്യമമായി നിന്ന് ചില സ്വപ്നജാലകങ്ങൾ തുറന്നു കൊടുക്കുന്നു എന്നാണതിന്റെ വിശദീകരണം.

കടൽത്തിരകളോട് ഒറ്റയ്ക്കു പൊരുതി നിന്ന മത്സ്യം.

കവിത, കാവ്യഭാഷ എന്നൊക്കെയുള്ള നിലവുസങ്കല്പങ്ങളിൽ രാജീവൻ എന്നും സംശയാലുവായിരുന്നു. രാഷ്ടതന്ത്രത്തിലെ കവിതകൾ മുതലേയുണ്ട് അഴിച്ചുപണികളും പൊളിച്ചു മാറ്റലും പുതുക്കിയെടുക്കലും പുറംതള്ളലും. 1980 കളിൽ മലയാളത്തിലെ ആധുനിക രാഷ്ട്രീയകവിത അതിന്റെ ചൊടിയും ചൂരും വിട്ട് ഉൾവലിഞ്ഞതിനോടുള്ള വിപ്രതിപത്തിയാണ് രാഷ്ട്രതന്ത്രം എന്ന കവിത. വിപ്ലവത്തെക്കുറിച്ച്, മോചനത്തെക്കുറിച്ച്, പ്രണയത്തെക്കുറിച്ചൊക്കെ വലിയ സ്വപ്നങ്ങളുണ്ടായിരുന്നവർ എന്തിനോടൊക്കെയോ സന്ധി ചെയ്ത് അടങ്ങിക്കഴിയുന്നു. സ്വപ്നങ്ങളും കവിതയും നിരോധിക്കപ്പെട്ട ഭാഷയുടെ വിജനവും അരാജകവുമായ തെരുവ്. വർത്തമാനത്തിന്റെ ഈ വിശാലമായ ചതുപ്പിലേക്കാണ്. കൈയും കാലും തലയും പുറത്തേക്കിട്ട് മറ്റു തിരക്കുകളൊന്നുമില്ലാത്ത ആമയും വിരസതയുടെയും ഏകാന്തതയുടെയും ആദിമ ജലത്തിൽ വ്യഥയായി സ്വയം പിളർന്ന് പിളർന്ന് പടരുന്ന അമീബയും ഏകാന്തവും സൂക്ഷ്മവുമായ യാത്രയിൽ സ്വന്തം ഉടൽ കൊണ്ട് മുഴുവൻ പ്രപഞ്ചത്തെയും എഴുതുകയും വായിക്കുകയും ചെയ്യുന്ന പുഴുവും എത്തുന്നത്. ഒരു കടൽ മുഴുവൻ പിന്നാലെ ഇരമ്പിപ്പാഞ്ഞു വരുമ്പോഴും തിരമാലകളോടു മുഴുവൻ പൊരുതിനിന്ന ഒരു കൊച്ചു മത്സ്യം, ഉറുമ്പ്, കാക്കകൾ, പൂച്ച – ഇങ്ങനെ ചെറുജീവികളെക്കൊണ്ടാണ്, കവിതയിൽ ഉണ്ടായിരിക്കണം എന്ന് ഉറച്ചു പോയ വമ്പൻ ആശയങ്ങളെയും കനത്ത ഭാഷയെയും രാജീവൻ പ്രതിരോധിച്ചു നിൽക്കുന്നത്. ‘വിലാപ’ ത്തിലെ വേരുകളെപ്പോലെ അവസാനമെത്തി, തെരുവിൽ കൊലചെയ്യപ്പെട്ടവന്റെ ഓരോ മുറിവിലും രഹസ്യത്തിലും ആഴ്ന്നിറങ്ങി വേദനയും കയ്പും കുടിച്ചു നിശ്ശബ്ദമായി പൊട്ടിച്ചിരിക്കുന്ന അതിസൂക്ഷ്മവും തീക്ഷ്ണവുമായ സംവേദന ശക്തിയായിരുന്നു ആ പരുക്കൻ ഗദ്യത്തിന്. പൊട്ടിത്തെറിക്കാതെ ഉള്ളിലിരുന്ന് പുകഞ്ഞു നീറുന്ന വാക്കുകൾ.

ബലൂൺ, വാതിൽ, കണ്ണട തുടങ്ങിയ വസ്തുക്കളും ഇക്കാലത്ത് രാജീവന്റെ കവിതകളിൽ ശീർഷകമാകുന്നുണ്ട്. തക്കാളി, ചെറുനാരങ്ങ തുടങ്ങിയ പച്ചക്കറികളും. “വാതിൽപ്പുറക്കാഴ്ചകളി”ൽ പാലു കുടിച്ചും പത്രം വായിച്ചും പുലിയായി വളർന്ന ആ പൂച്ചകളുണ്ട്. അനുഭവത്തിലില്ലാത്ത, പറഞ്ഞു കേട്ടും പത്രം വായിച്ചും അറിഞ്ഞവയെ, അകലത്തുള്ളവയെ ഊതിവീർപ്പിച്ചെഴുതുന്നതിനേക്കാൾ നമ്മളെ തൊട്ട, നമ്മോടു ചേർന്നു നിൽക്കുന്ന അനുഭവങ്ങളെ നേരിട്ടു പറയുന്ന ഒരു രീതി രാജീവൻ സ്വീകരിക്കുന്നു. കവിത നിർവ്വഹിക്കേണ്ടതുണ്ടെന്നു പറയപ്പെടുന്ന ഉത്തരവാദിത്തങ്ങൾ, അവയുടെ ഉദ്ബോധനച്ചുമതലകൾ എല്ലാം കവിതയുടെ നാട്യവും കാപട്യവുമായി രാഷ്ട്രതന്ത്രത്തിലെ കവിതകൾ തിരിച്ചറിയുന്നു.

മനുഷ്യൻ ഒഴിഞ്ഞു പോയ ഇടങ്ങളിലേക്ക് പതുക്കെ പിതൃക്കളും ദേവതമാരും മൂർത്തികളും യക്ഷികളും കയറി വരുന്നു. പുഴകളും കുന്നും മരങ്ങളും അണ്ണാൻമാരും.

“വാഷിങ്ടൺ സ്ക്വയറിൽ
ഇന്നലെ ഞാനൊരു
അണ്ണാൻ കുഞ്ഞിനെ കണ്ടു.
അത് നമ്മുടെ വേദങ്ങളെപ്പറ്റിയോ
ഇതിഹാസങ്ങളെപ്പറ്റിയോ കേട്ടിട്ടില്ല.
വിവേകാനന്ദനെയോ ഗാന്ധിയെയോ
നെഹ്റുവിനെയോ അറിയില്ല.
അതിന് പക്ഷേ, നിന്നെ അറിയാം
നമ്മുടെ ഭാഷ മനസ്സിലാകും
ചിക്കാഗോവിലെ മഞ്ഞിനും അയോവയിലെ മഴയ്ക്കും
മിസിസ്സിപ്പിക്കരയിലെ മരങ്ങൾക്കും
നമ്മുടെ ഭാഷയറിയാം
അറിയാത്തത് മനുഷ്യനു മാത്രം.”
( സുതാര്യം).
മനുഷ്യർ തമ്മിൽ ഓരോരോ കാരണങ്ങൾ കൊണ്ട് വേർതിരിഞ്ഞു പോകുന്നത്, മനുഷ്യനും പ്രകൃതിയും തമ്മിൽ അകന്നു പോകുന്നത് ഒക്കെ രാജീവന്റെ കവിതയിൽ വലിയ വ്യസനങ്ങളായി വരുന്നുണ്ട്. ഭാഷാപോഷിണിയിലെ അഭിമുഖത്തിൽ വിനിമയത്തിന്റെ അസാദ്ധ്യതയെക്കുറിച്ച് രാജീവൻ സംസാരിച്ചതോർക്കുന്നു. ജീവിതം വഴി മുട്ടി നിൽക്കുന്ന ഒരു പതിസന്ധിയിൽ, ഒരു പൊട്ടിത്തെറിയുടെ വക്കിൽ അതിനെ മറികടക്കാനുള്ള ഒരു ഉപാധിയാണ് കവിത. അതിനു വേണ്ടി കവി എവിടെ നിന്നും വാക്കും ബിംബവും എടുക്കും. ഒരു തീപ്പിടുത്തമുണ്ടായാൽ അഗ്നിശമനക്കാർ കിട്ടുന്ന എല്ലാ ഉറവിടങ്ങളിൽ നിന്നും വെള്ളമെടുക്കുന്നതു പോലെ. ഈ ഒരു നിവൃത്തിയില്ലായ്മ വായനക്കാരനും അനുഭവിച്ചാലേ കവി വാക്കെടുത്ത സ്രോതസ്സുകളിലേക്കെല്ലാം അയാൾക്കും എത്താനാകൂ. എന്നാലേ കവിതയുടെ അനുഭവം അയാൾക്കും ഉണ്ടാകൂ. എന്നാൽ കാതുകൾ രണ്ടും പൊത്തി, ശബ്ദങ്ങളെ അകറ്റി നിർത്തി, മുൻ വിധിയോടെയാണ് മലയാളിയുടെ കവിതാ സമീപനം. കവിപ്രശസ്തി നോക്കിയാണ് നമ്മൾ കവിത വായിക്കുക.

പ്രകൃതി പാഠങ്ങളി”ലെ മലകളും പുഴകളും തടാകവും മരങ്ങളും കാറ്റും മിന്നലുമൊക്കെ മനുഷ്യന്റെ ബദലുകളാണ്. ഉറച്ച നിലപാടുകളിലും ഇച്ഛാശക്തിയിലും വഴങ്ങിനിൽക്കായ്കയിലും. ചങ്ങലക്കിടുമെന്നോ വധിക്കപ്പെടുമെന്നോ നാടുകടത്തുമെന്നോ ഭയന്ന് കീഴടങ്ങിക്കൊടുക്കാത്തവർ.. മക്കൾക്ക് മനുഷ്യത്വം പറഞ്ഞു കൊടുക്കാൻ തൊടിയിലെ മരങ്ങളെ ചൂണ്ടിക്കാണിച്ചു കൊടുക്കേണ്ടി വരുന്നു. താൻ നിൽക്കുന്നിടമാണ് മരങ്ങൾക്ക് തന്റെ പച്ച. ഒന്നിനു വളരാൻ മറ്റൊന്നു ചാഞ്ഞു കൊടുക്കുന്നു. കാഞ്ഞിരം വീഴുമ്പോൾ സ്വന്തം വേരിടറിയാലും ചെറുവയന താങ്ങുന്നു. പരസ്പരം വൈരമോ വിദ്വേഷമോ കുന്നായ്മയോ ഇല്ലാത്തവർ.

“മക്കളേ, നിങ്ങളറിയുമോ നമ്മുടെ
പൂർവ്വികരിങ്ങനെയായിരുന്നു. തോളോടു തോൾചേർന്നൊരുമ – യോടേയവർ
നിന്നില്ലേ, യീ മണ്ണിലേറെക്കാലം
അക്കരപ്പച്ചകളല്ല മരങ്ങൾക്ക്
പച്ചയെന്നാലവരുള്ളയിടം. “
(മക്കൾക്ക്)

ഒരു വിലാപം കൂടി എന്ന കവിതയിൽ (അമ്യതാനന്ദമയി ആശ്രമത്തിൽ കൊല്ലപ്പെട്ട സത്നാം സിങ്ങിന് സമർപ്പിച്ചെഴുതിയ കവിത) വാക്കുകളെ ധ്യാനിച്ചിരിക്കുമ്പോൾ കവികൾ കേൾക്കാത്ത നിലവിളികളെക്കുറിച്ചു പറയുന്നുണ്ട്. നിലവിളികൾക്ക് വേറെ ഭാഷയാണ്. മനുഷ്യർ കേൾക്കാത്ത ഭാഷ.

“അടുത്തുള്ളതൊന്നും / ഞങ്ങളിപ്പോൾ
കാണാറുമില്ല / കേൾക്കാറുമില്ല
ഞങ്ങൾ കേൾക്കണമെങ്കിൽ
നീ ഗ്വാണ്ടനാമോയിലോ
ബെയ്റൂത്തിലോ
ന്യൂയോർക്കിലോ പോയി
നിലവിളിക്കണം /
കാണണമെങ്കിൽ/ മിസിസ്സിപ്പിയുടെയോ നൈലിന്റെയോ
തീരത്തു പിടഞ്ഞു വീഴണം”
വാക്കും പൊരുളും പരസ്പരം തള്ളിപ്പറയുന്ന, വാക്കും ചെയ്ത്തും ബന്ധമില്ലാത്ത ഒന്നായിരിക്കുന്നു, മലയാളിയുടെ ദേശം. പൂവും പൂമ്പാറ്റയും പുഴുവും പുൽച്ചാടിയും മരങ്ങളും ഉറവകളും അവസാന യാത്രയ്ക്കൊരുങ്ങുന്ന മരിച്ച ഇടം.

എന്തൊരാളായ്പ്പോയ്  ഞാൻ

രണ്ടായിരത്തിനുശേഷം – രാഷ്ട്രതന്ത്രത്തിലെ കവിതകൾക്കു ശേഷമുള്ള കവിതകൾ എഴുതുന്നത് കുറേക്കൂടി വഴക്കവും മെരുക്കവും ശീലിച്ച കവിയാണ്. കലഹങ്ങളും എതിർപ്പുകളും അടങ്ങുന്നു. ഭാഷയും അതിന്റെ കാർശ്യം വെടിഞ്ഞ് അഴിവുകളെ ശീലിക്കുന്നു. അനുഭവങ്ങളെ കുറേക്കൂടി സൂക്ഷ്മമായി, കണിശമായി ആവിഷ്കരിക്കാനുള്ള ശ്രമമെന്നോണം അവയുടെ വിശദാംശങ്ങളിലേക്കു സഞ്ചരിക്കുന്ന ഒരു രീതി ആഖ്യാനത്തിൽ സ്വീകരിക്കുന്നു. ഹൊഗനേക്കൽ, സുതാര്യം, വാസ്കോ ഡ ഗാമ, വെങ്കട രമണി, ലീല, കണ്ണകി, തണുത്തുറഞ്ഞ വെയിൽ തുടങ്ങിയ കവിതകളിലെ ആഖ്യാനരീതി ആധുനികതയുടെ കാവ്യഭാഷയിൽ നിന്നും അതിനു ശേഷം വന്ന, എന്തും കുറുക്കിയെടുക്കുന്ന പുതുകവിതയുടെ ഭാഷയിൽ നിന്നും രാജീവന്റെ തന്നെ പൂർവ്വസമാഹാരങ്ങളിലെ ഭാഷയുടെ കാർക്കശ്യത്തിൽ നിന്നും കുറുകലിൽ നിന്നും വ്യത്യസ്തമായ ഒരു അഴിഞ്ഞു പരക്കൽ ശീലിക്കുന്നുണ്ട്.

” വയൽക്കരെ അമ്മയുടെ വീട്
അവിടെയെത്തുമ്പോൾ അമ്മയ്ക്ക് പത്തുവയസ്സ് കുറവ്.
മലമടക്കിൽ ഇതാ വെള്ളത്തിന്റേത്.
ഇവിടെ വെള്ളത്തിന് വയസ്സേയില്ല
നീർമരുതിൻ തണലിൽ പിറന്നപടി മലർന്നുകിടക്കുന്നു
വെളിച്ചത്തിനൊപ്പം നൃത്തം ചെയ്യുന്നു.
മേഘത്തിന്റെ വിമാനത്തിൽ യാത്രചെയ്യുന്നതും
കാറ്റിന്റെ പാരച്യൂട്ടിൽ അറിയാത്ത നാട്ടിൽ പറന്നിറങ്ങുന്നതും
സ്വപ്നം കാണുന്നു.” ( ഹൊഗനേക്കൽ)

ഈ കവിതകളിലെ പ്രമേയത്തിലെന്ന പോലെ വാക്കിലും ഉള്ള നീരഴിവിനെക്കുറിച്ച് വിശദമായി പഠിക്കുന്നുണ്ട്, “കോരിത്തരിച്ചനാളി”നെഴുതിയ അവതാരികയിൽ അൻവർ അലി. ജലം, സ്ത്രീ, യാത്ര – ഇങ്ങനെ സ്നേഹമെന്ന് തിരിച്ചറിയപ്പെടുന്ന ഒരു അനുഭവവിസ്തൃതി രാജീവന്റെ പ്രധാന പ്രമേയങ്ങളായി വരുന്നുണ്ട്.

മുല എന്നത് പ്രകൃതിയമായി മനുഷ്യനെ ഏറ്റവും അടുപ്പിക്കുന്ന സ്നേഹത്തിന്റെ ഉറവയാകുമ്പോഴും പുരുഷകേന്ദ്രിതമായ ലോകത്തിൽ സ്ത്രീയെ ഏറ്റവും അരക്ഷിതയാക്കുന്നത് അവളുടെ മുലകളാണ്. കാണാതായ മുലകളെ അന്വഷിച്ചു കൊണ്ടു തുടങ്ങുന്ന കണ്ണകി എന്ന കവിത ഏതു പ്രായത്തിലും സ്ത്രീ നേരിടുന്ന സ്തനകേന്ദ്രിതമായ നോട്ടങ്ങളിലൂടെ കടന്നു പോകുന്നു. കാണാതായ ആ മുലകൾ മുത്തശ്ശിമാരായും മറക്കുടക്കുള്ളിൽ നിന്ന് പുറത്തുവരാത്തവരായും കാശിക്കു പോയവരായും പേരക്കുട്ടികളായും കളിപ്പാട്ടങ്ങളായും കായ്കനികളായും കൂടെയുണ്ടായിരുന്ന സ്നേഹമാണ്. അതുകൊണ്ട് കണ്ടു കിട്ടുകയാണെങ്കിൽ അതിലൊന്ന് ജീവിതത്തിൽ മുല കുടിക്കാത്തവർക്കും ഒന്ന് മുല മുളക്കാത്ത കാലത്ത് തന്നെ പേടിപ്പിച്ച ഒറ്റ മുലച്ചിക്കും കൊടുക്കുക.

“വേഷം കെട്ടാൻ എനിക്കു വേണം
രണ്ടു കണ്ണൻ ചിരട്ടകൾ”

എന്ന് അക്ഷരാർത്ഥത്തിൽ കണ്ണകിയാകുകയാണ് ഇതിലെ സ്ത്രീ. മാംസളതയ്ക്കും മാർദ്ദവത്തിനും പകരം പരുക്കനായ ചിരട്ടയുടെ കാഠിന്യം കൊണ്ട് പുരുഷനോട്ടങ്ങളെ വെല്ലുവിളിക്കുകയാണവൾ.

ജലം എല്ലാ കൃത്രിമ ബോദ്ധ്യങ്ങളെയും കഴുകിക്കളഞ്ഞ് അവനവനെത്തന്നെ തെളിയിച്ചെടുക്കാനുള്ള മാധ്യമമാണ് രാജീവന്. എല്ലാം ത്യജിക്കപ്പെടുന്ന ജലത്തിൽ മഹത്തായ കവിതകൾ ഉണ്ടാകുന്നു. കുളം, കിണർ, തടാകം, പുഴ, കടൽ – അതിന്റെ എല്ലാ സ്രോതസ്സുകളിൽ നിന്നും സകല ജീവോന്മാദങ്ങളോടെയും സ്ത്രീയായും ആജീവനാന്ത സുഹൃത്തായും പിതൃക്കളായും വന്ന് ഇക്കാലത്തെ കവിതകളിൽ ജലം അതിന്റേതായ ഒരു സ്വതന്ത്ര റിപ്പബ്ലിക് നിർമ്മിക്കുന്നു.

” ചങ്ങാത്ത”ത്തിൽ പ്രിയ ചങ്ങാതിയായി കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുകയാണ്, ഒരു കാലടി പോലും പതിയാത്ത വഴികളിലൂടെ, അതിന്റെ ആഴങ്ങളിലെ വീട്ടിലക്ക്. അഴിച്ചിട്ട വസ്ത്രങ്ങൾ പോലുമെടുക്കാൻ സമ്മതിക്കാതെ, പിറന്ന പടി. ചങ്ങാത്തം ജലത്തിലെ മരണമാണെങ്കിൽ “വെള്ളം” നമ്മളെ അസ്പൃശ്യരാക്കി അകറ്റി നിർത്തുന്ന പ്രതികാരമാണ്. ആലിൻ വേരുകളിറങ്ങിവന്ന് കൊടുംവേനലിൽ .എല്ലാ ഉറവും വലിച്ചെടുത്ത്, പുരാണ കിട്ടപ്പടവുകളെയും ഒട്ടകച്ചാണകവും ഗന്ധകവും മണക്കുന്ന പാറവിടവുകളെയും നക്കിത്തുടച്ച് വൃത്തിയാക്കി കിണർ കമിഴ്ത്തി വെക്കുന്നു. വേണ്ടാത്തതിനെ വെട്ടിയൊതുക്കി കവിതയുടെ ജൈവകേന്ദ്രത്തിലേക്കെത്താനുള്ള ഒരു കവിയുടെ സഹനവും ത്യാഗവും പരാജയവുമൊക്കെയായി വായിക്കാവുന്ന കവിതയാണ് “വെള്ളം”.

അനുഭവങ്ങളെക്കൊണ്ട് സ്ത്രീയാകുന്ന വെള്ളമാണ് ഹൊഗനേക്കൽ. സ്കൂളടച്ചാൽ മക്കളെയും കൂട്ടി വയൽക്കരയിലെ സ്വന്തം വീട്ടിലേക്ക് പോകുന്ന അമ്മയെ പോലെ വേനൽക്കാലത്ത് കിണറായ കിണറുകളിലെ വെള്ളമെല്ലാം മലമടക്കിലെ തങ്ങളുടെ വീട്ടിലെത്തുന്നു.

“കല്പടവിൽ കാലു നീട്ടിയിരുന്ന് ഒരു മുത്തശ്ശി വെള്ളം
ഗർഭിണിയായ പേരക്കുട്ടിയുടെ മുടി ചീകിയൊതുക്കുന്നു’
മരുഭൂമി വശീകരിച്ചുകൊണ്ടുപോയി
എല്ലും തോലുമാക്കി തിരിച്ചയച്ച
മകളുടെ കുഴിമാടത്തിൽ ഒരു അമ്മ വെള്ളം തലതല്ലി വീഴുന്നു.

പട്ടണത്തിലേക്ക് കല്യാണം കഴിഞ്ഞു പോയ ഒരു പാവം വെള്ളം
അമ്മൂമ്മയോടും വലിയമ്മയോടും ചെറിയമ്മയോടും
സിമന്റ് കിണറിലെ സങ്കടങ്ങൾ പറഞ്ഞ് കരയുന്നു.
ഓർക്കാപ്പുറത്ത്, മാറും നാഭിയും അരക്കെട്ടും
പിളർന്നിറങ്ങുന്ന പാതാളക്കരണ്ടികളെയും
അവസാനത്തെ തുള്ളിവരെ കുടിച്ചു വറ്റിക്കുന്ന
യന്ത്രനാവുകളും
ഓർത്തു ഞെട്ടിയുണരുന്നു.
(ഹൊഗനേക്കൽ)
വയൽക്കരെ ഇപ്പോഴില്ലാത്ത പല വൻകരകളിലും കവിതയുമായി സഞ്ചരിച്ചിട്ടുണ്ടെങ്കിലും ആ അനുഭവവിസ്താരം കവിതയിൽ രാജീവൻ കൊണ്ടുവരുന്നില്ല. യാത്രകളെല്ലാം ഓർമ്മകളിലേക്കും തന്നിലേക്കുതന്നെയുമുള്ള തിരിച്ചുപോക്കുകളാകുന്നു. അകന്നകന്നുപോകുംതോറുമുള്ള അടുക്കലുകൾ .ഭൂമിയുടെ മറുപുറത്താകുമ്പോൾ വിട്ടു പോന്നതെല്ലാം തൊട്ടടുത്താകുന്നതു പോലെ. കുന്നുകൾക്ക് ഉയരവും പുഴകൾക്ക് നീളവും വീതിയും കടലുകൾക്ക് ആഴവും പരപ്പും കൂടുന്നതു പോലെ. തൊട്ടുരുമ്മി കിടക്കുമ്പോഴായിരുന്നു, ഇടയിൽ വൻകരകളും മഹാസമുദ്രങ്ങളും കൊടുമുടികളും. പല ഭൂഖണ്ഡങ്ങൾ പലയിടത്തായി ഒരേസമയം ഉറക്കത്തിലും പാതിയുറക്കത്തിലും ഉണർച്ചയിലും ഉണരാനുള്ള തയ്യാറെടുപ്പിലുമായിരിക്കും.

” കുറച്ചു കൂടി കഴിയുമ്പോൾ, നീ ഉണരുമ്പോഴേക്കും
ഞാനും ഉറങ്ങിയിട്ടുണ്ടാവും;
പക്ഷേ, അപ്പോഴും ഉറങ്ങിയിട്ടുണ്ടാവില്ല,
മനസ്സിന്റെയോ ശരീരത്തിന്റെയോ
ഏത് പ്രവിശ്യയിൽ നിന്നെന്നറിയാത്ത ഈ വേദന “ (സുതാര്യം).

ഉറക്കത്തിന്റെ ചാവുകടലിൽ പൊങ്ങിക്കിടക്കുമ്പോൾ ഒരു മഹാനഗരം അതിന്റെ സകല സംവിധാനങ്ങളോടും തന്നിൽ വന്നിറങ്ങുന്നു. ഓരോരോ അവയവങ്ങളിലായി ഓരോന്ന് നിക്ഷേപിക്കുന്നു. തെരുവുകൾ, പോസ്റ്റോഫീസ്, റെയിൽവേസ്റ്റേഷൻ, വിമാനത്താവളം – എല്ലാം കഴിഞ്ഞ് ചുറ്റിത്തിരിഞ്ഞ്, ചെറുപ്പത്തിൽ വയൽക്കരെ ഇപ്പോഴില്ലാത്ത വീട്ടിൽ മഴയത്ത് മണ്ണിൽ കളിക്കുമ്പോൾ കാലിലെ ചെറുവിരലിന്റെ മടക്കിൽ വളം കടിച്ച കലയിൽ വന്നു നില്ക്കുന്നു. ഉയിർത്തെഴുന്നേറ്റു പോവുകയാണ് കവി. (ഇന്നലെ രാത്രി)

2010 നു ശേഷം, വയൽക്കരെ ഇപ്പോഴില്ലാത്ത ആ വീടും അവിടത്തെ കിണ്ടി, കിണ്ണം, ഓട്ടുരുളി, ചെമ്പുകുട്ടകം, മേശ, കട്ടിൽ, തൊടിയിലെ മരങ്ങൾ പൂച്ച, പശു, കിണർ – സ്ഥാവരജംഗമ വസ്തുക്കളെല്ലാം തന്നെ കവിതയിലേക്ക് കൂടുതലായി വരുന്നു.
തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് പുറത്തിറങ്ങിയ അച്ഛനെ ആയിരാമത്തെ പൂർണ്ണചന്ദ്രനെ കാണിച്ചു കൊടുക്കാൻ, വളയംകോട് കുന്നിന്നപ്പുറത്തേക്ക് കൈപിടിച്ചു നടത്തുന്നു. ആ വീട്ടിലെ ഇലഞ്ഞിച്ചുവട്ടിലിരുന്ന് കളിക്കാറുണ്ടായിരുന്ന കൊച്ചു വനദേവത അമ്മയെത്തും മുമ്പ് നഗരത്തിലെ വീട്ടിലെ, ഇതിനു മുമ്പു കണ്ടിട്ടില്ലാത്ത ഇരുട്ടുമുറിയിലെത്തുന്നു. പേരോടു കൂടിയ കാരണവന്മാർ അവിടം ഭരിച്ചുകൊണ്ടു നടക്കുന്നു. ഉള്ളിലെ പാതാളം വിട്ടിറങ്ങുന്ന പേടികളെ, നിസ്സഹായതയെ പ്രേതബലം കാട്ടി ഓടിക്കുന്നതുപോലെ തോന്നും.

ആരോ പാടിക്കോട്ടെ, എങ്ങോ പാടിക്കോട്ടെ, എന്തോ പാടിക്കോട്ടെ

നീലക്കൊടുവേലി“യിലെ കവിതകൾ ആത്യന്തികമായി തന്നെത്തന്നെ ആശ്വസിപ്പിക്കാൻ, താനുണ്ട് എന്നുറപ്പിക്കാൻ അവനവനു വേണ്ടിത്തന്നെ എഴുതപ്പെട്ട കവിതകളാണ്. ആമുഖത്തിൽ രാജീവൻ തന്നെ പറയുംപോലെ കവിത അവഗണിക്കപ്പെട്ടവരുടെ, പീഡിപ്പിക്കപ്പെട്ടവന്റെ, ഒറ്റപ്പെട്ടവന്റെ മാധ്യമമാണെന്ന് അനുഭവം കൊണ്ടറിഞ്ഞ കാലത്തിന്റെ കവിതകളാണവ. സാമൂഹ്യബലതന്ത്രത്തിന്റെ മുഴുവൻ പാഠങ്ങളും മാറ്റിയെഴുതപ്പെട്ട കാലത്ത്, എല്ലാം നിഷ്ഫലമാകുന്ന കാലത്ത്, ആലംബമറ്റവന്റെ പിടിവള്ളിയായി കവിത മാറുന്നു. സ്വന്തം എഴുത്തിന് ഇങ്ങനെയൊരു വിശദീകരണം രാജീവന് പതിവില്ലാത്തതാണ്. വായനക്കാരന്റെ റിപ്പബ്ലിക് ആയിരുന്നു രാജീവന്റെ കവിതകൾ.

എന്തൊരാളാപ്പോയ് ഞാൻ എന്ന ആത്മനിന്ദ വലിയൊരു പൊറുതികേടായി വളരുന്നുണ്ട്, ‘ നീലക്കൊടുവേലിയിൽ’. ഇവൻ എവിടത്തുകാരൻ എന്ന് താൻ തന്നെ തനിക്ക് അപരിചിതനാകും വിധം അകത്തും പുറത്തും രണ്ടാളാകുന്ന ഞാൻ. ആളും തരവും നോക്കി പെരുമാറുന്നു, സന്ധിചെയ്യുന്നു, വഴങ്ങുന്നു. ‘ആൾമാറാട്ട’ത്തിലെ ചെറുമന്തോട്ടപ്പൻ എന്ന മൂർത്തി ക്ലേശം കൊണ്ടും സഹനം കൊണ്ടും പ്രാപിക്കേണ്ടതായ കവിതയുടെ മൂർത്തി കൂടിയാണ്. ചെറുമന്തോട്ടപ്പൻ ഈയിടെയായി തന്നെ കാണുമ്പോൾ ഒഴിഞ്ഞു മാറുന്നു, ചിലപ്പോൾ തിരിഞ്ഞു നടക്കുന്നു. പണ്ടൊന്നും ഇങ്ങനെയായിരുന്നില്ല. തൂണിലായാലും തുരുമ്പിലായും കല്ലിലോ മരത്തിലോ സ്വർണ്ണത്തിലോ ആയാലും വിളിച്ചാൽ വിളിപ്പുറത്തായിരുന്നു. എവിടെ നോക്കിയാലും ഉണ്ടായിരുന്നു. ചെറുമന്തോട്ടപ്പനെ കാണാൻ സഹിച്ച പീഡനങ്ങൾ – കല്ലും മുള്ളും ചവിട്ടിയതിന്റെ, വെട്ടിപ്പിളർന്നതിന്റെ, ആണി കയറ്റിയതിന്റെ പാടുകൾ – എല്ലാം ശരീരത്തിൽ കലകളായി കിടക്കുന്നുണ്ട്.

“ഒരു പക്ഷേ /ചെറുമന്തോട്ടപ്പൻ
ഒരു ഒളിപ്പോരാളിയായിരിക്കാം
പീഡനവും അവമതിയും
തിരിച്ചറിയപ്പെടാതിരിക്കലുമായിരിക്കാം /
മൂപ്പരിലേക്കെത്താനുള്ള ഒരേയൊരു വഴി.” (ആൾമാറാട്ടം)

ജിഗ്സോ‘യിൽ സ്വയം ചാവേറാകുന്ന ഒരു അപരനുണ്ട്. എനിക്ക് ചെയ്യാൻ ധൈര്യമില്ലാത്തതു ചെയ്യാൻ ഒരു പകരക്കാരൻ. എനിക്ക് പ്രമാണിയാകാൻ ക്ലേശിക്കുന്ന, ഒറ്റുകൊടുക്കുന്ന, ,കുരിശേറുന്ന ഒരു അപരൻ. അയാൾ സ്വപ്നത്തിൽ വന്ന് കവിയെ വിചാരണ ചെയ്യുന്നു. ഇനി വയ്യെന്ന് പൊട്ടിത്തെറിച്ച് ചിതറിപ്പോകുന്നു. “പല കാലങ്ങളിൽ / പല ദേശങ്ങളിൽ / ആ ചീളുകൾ തിരിച്ചും മറിച്ചും ചേർത്തു വെച്ച്/ എന്നെത്തന്നെ കളിക്കുകയാണ് ഞാനിപ്പോൾ.”
വേറെ വേറെ ഭൂപ്രകൃതിയും കാലാവസ്ഥയും സംസ്കാരവും ഭാഷയുമുള്ള വ്യത്യസ്ത പ്രദേശങ്ങളാണ് ശരീരത്തിലെ ഓരോ ഇടവും. ഓരോന്നും ഓരോ സ്വതന്ത്ര റിപ്പബ്ലിക്. എല്ലായിടവും ഒരിക്കലെങ്കിലും ഒന്നു കണ്ടുവരിക എന്നത് ഈ ജന്മം അസാദ്ധ്യം. (അസാദ്ധ്യം)
സ്വയം വിചാരണയും ശിക്ഷ വിധിക്കലും നാടുകടത്തലുമൊക്കെ രാജീവന്റെ ആദ്യകാല കവിതകളിൽത്തന്നെയുണ്ട്. തനിക്കെതിരെ താൻ നടത്തിയിട്ടുള്ള ഗൂഢാലോചനകൾ, അട്ടിമറിശ്രമങ്ങൾ, കലാപങ്ങൾ. തന്നെ തന്നിലേക്കുതന്നെ നാടുകടത്തുക എന്ന വലിയ ശിക്ഷ അയാൾ സ്വയം വിധിക്കുന്നു.

” ഒരു ദ്വീപോ/ മരുഭ്രമിയോ/
ആയിരുന്നെങ്കിൽ / എന്നെപ്പോലെ/
ഒരു കുറ്റവാളിയെ തുറന്നു വിടാൻ
എന്നെക്കാൾ ഏകാന്തവും
തണുത്തുറഞ്ഞതും/
ചുട്ടുപൊള്ളുന്നതുമായ / ഒരിടം/
വേറെയില്ല.” (ശിക്ഷ)

മിസിസ്സിപ്പി, നൈൽ, വിസ്ലാവ, ഓഹ്റിഡ്, കാവേരി, നിള – ഏതു നദിയിലും ഒരു കുറ്റ്യാടിപ്പുഴയുണ്ട് രാജീവന്. അമ്മ ഉറങ്ങുന്നത് കണ്ടിട്ടില്ലാത്തതു കൊണ്ട് പുഴയും മലയും വയലും തടാകവും ഉറങ്ങുന്നില്ലെന്ന് അയാൾ വിശ്വസിച്ചു. പിതൃക്കളെപ്പോലെ ജീവിതത്തോടൊപ്പം അവരുമുണ്ട്. അവർ തകർന്നടിയുമ്പോൾ ജീവിതം കൂടുതൽ അനാഥവും അരക്ഷിതവുമാകുന്നു.

പുസ്തകമാണ്, വായനയാണ് കുറ്റ്യാടിപ്പുഴ. കുട്ടിക്കാലത്ത് അതിന്റെ താളുകളിൽ പൂമ്പാറ്റകളും കിളികളും മഴവില്ലും. വരികൾക്കിടയിൽ ആട്ടിൻ കുട്ടിയും ചെന്നായും രാക്ഷസനും. രാത്രിയിൽ ഒളിഞ്ഞു നോക്കിക്കൊണ്ട് ഒറ്റമുലച്ചിയും പൊട്ടിച്ചൂട്ടും തെയ്യങ്ങളും സർപ്പങ്ങളും. യൗവനത്തിൽ പ്രണയകാവ്യമായും ഇതിഹാസമായും കലങ്ങിമറിഞ്ഞ്, ചുഴിയും മലരിയും കാട്ടി കൊടുത്തു. . പോകുന്നിടത്തെല്ലാം അയാൾ. സഞ്ചിയിൽ പുഴയെയും കരുതി. ഉള്ളിലൊളിപ്പിച്ച ഓളം തല്ലൽ ഒരു രക്ഷായന്ത്രത്തിലും പതിഞ്ഞില്ല. മഹാനദികളുടെ കരയിലിരുന്ന് കവി തന്റെ പുഴയെ നിവർത്തി വായിച്ചു. ലോകത്തെ ഏതു പുഴയുടെയും അക്കരെ മരുതോങ്കരയായിരുന്നു. ഇക്കരെ പാലേരിയും. ഇപ്പോൾ ജാനകിക്കാട്ടിൽ പുതിയ ഇക്കോ ടൂറിസം കേന്ദ്രത്തിൽ നിൽക്കുമ്പോൾ തനിക്ക് അതിനെ വായിക്കാനാവുന്നില്ല.

ഞാനില്ലാത്തപ്പോൾ
പുഴയുടെ എത്രയോ പതിപ്പുകൾ,
വിവർത്തനങ്ങൾ പുറത്തിറങ്ങി എന്ന്
വർഷങ്ങളായി അവിടെത്തന്നെ നിൽക്കുന്ന മരങ്ങൾ പറയുന്നു.
അതിൽ എത്രാമത്തെ പതിപ്പാണ്
ആരുടെ വിവർത്തനമാണ്
എന്റെ മുന്നിലുള്ളതെന്നറിയില്ല,
മറ്റേതോ ഭാഷയിലായതിനാൽ
വായിക്കാനും കഴിയുന്നില്ല.”
(കുറ്റ്യാടിപ്പുഴ)

ആശുപത്രികിടക്കയിൽ, മങ്ങിയ ഇരുട്ടിൽ സ്വയം നഷ്ടപ്പെട്ടു കിടക്കുന്ന കവിയെ കാണാനെത്തുകയാണ്, കടന്തറപ്പുഴ. ഇടിയൊച്ചകൾ കേൾക്കുമ്പോൾ പെട്ടെന്നു വെള്ളം പൊങ്ങുകയും ആളുകൾ മുങ്ങി മരിക്കുകയും ചെയ്യുന്ന പുഴയാണത്. കുട്ടിക്കാലത്ത് കവിയുടെ കളിത്തോഴി. രോഗശയ്യയ്ക്കരികിൽ അത് കവിയോട് സംസാരിച്ചു. ഒരിക്കൽ ഉരുളൻ കല്ലുകൾക്കിടയിൽ ഓടിയും ചാടിയും സന്ധ്യയായി. ചെമ്പനോട മലമുകളിൽ മേഘങ്ങൾ ഉരുണ്ടു കൂടി. കൊലചെയ്യപ്പെട്ട വെള്ളത്തിന്റെ ആത്മാക്കൾ ഭൂമിക്കടിയിൽ നിന്നു വന്ന് കടന്തറപ്പുഴയെ ആവേശിക്കാൻ തുടങ്ങി. ഉറഞ്ഞുതുള്ളിയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല. അന്ന് കരുതിക്കു കൊടുക്കാതെ നിന്നെ വീട്ടിലേക്കു വിട്ടത് ഞാനാണ് പുഴ ഓർമ്മിപ്പിച്ചു. ഇന്നു നീ വെള്ളമിറക്കാൻ വയ്യാതെ കിടക്കുമ്പോൾ ഒരു പുഴയോളമായി ഒരു തുള്ളി വെള്ളം തരാൻ വന്നതാണ്. ദുഷ്കരമായ യാത്ര. ഒരു ചെറിയ വേഗത്തിനു തട്ടിത്തുവാനേയുള്ളൂ എത്രവലിയ ഒഴുക്കും ആഴവും.
” ഇങ്ങോട്ടു വരുന്ന വഴി ഞാൻ കണ്ടു / കൂത്താളിയിലും ഉള്ള്യേരിയിലും
വേനൽ ചുട്ടെരിച്ച /ഉറവകളുടെ തറവാടുകൾ/ കണയങ്കോടും ചെലപ്രത്തും/ നോക്കുകുത്തികളായ/
പഴയ പൊയ്കകൾ / ഞാൻ തന്നെ ഇല്ലാതാകുന്നതിനു മുമ്പ്/ നിന്നെ കണ്ട്/
ഒരു തുള്ളി വെള്ളം തരാൻ വന്ന / പഴയ
കൂട്ടുകാരിയാണ് ഞാൻ / കടന്തറപ്പുഴ.” (കടന്തറപ്പുഴ)

ചെങ്ങോട്ടുമലയെ തുരന്നെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന കാലത്താണ്, “ചെങ്ങോട്ടുമല” എഴുതപ്പെട്ടത്. തന്നെപ്പോലെ ലോകാരംഭം മുതൽക്കേ ദൈവം ഭൂമിയിൽ കാവൽ നിർത്തിപ്പോന്നവരുടെ നട്ടെല്ലുകൾ പൊട്ടുന്ന ശബ്ദം കേട്ടുകൊണ്ട്, അപ്പോഴും തന്റെ പരുക്കൻ ശരീരത്തിനുള്ളിൽ ഒട്ടകം മരു ദൂരങ്ങൾക്ക് എന്നപോലെ ശരീരത്തിൽ ഒരിറക്കു വെള്ളം മനുഷ്യനു കാത്തുവെച്ചു കൊണ്ട് ചെങ്ങോട്ടുമല അതേ നില്പ് നിൽക്കുന്നു. ഇപ്പോൾ, ചെയ്യാത്ത യുദ്ധത്തിൽ തടവിലാക്കപ്പെട്ടിരിക്കുന്നു. ആ താഴ്വരയും കിളികളും പൂക്കളും മരങ്ങളും ഉറവയും എല്ലാം അതിന്റെ അവസാനത്തെ സ്വപ്നം.

ഒരു കഥയിലും പിടികൊടുക്കാതെ, ഒരു കണ്ണാടിയിലും കാഴ്ചവസ്തുവാകാതെ, ഒരു ചന്തയിലും നാണം കെടാതെ, കടലിന്റെ ഭ്രാന്തുപിടിച്ച രക്തത്തിലൂടെ ചുട്ടുപഴുത്ത സൂചിപോലെ പാഞ്ഞ കൊച്ചു മത്സ്യവും ശംഖുമുഖത്ത് തീരത്തെ ആഞ്ഞടിച്ച് തകർക്കുന്ന തിരകളിൽ നിന്ന് സുരക്ഷിതമായ അകലം പാലിച്ച് കടലിനെ നോക്കി നില്ക്കുന്ന കവിയും. ( ശംഖുമുഖം) തന്റെ രാജ്യം ഇനിയും കണ്ടുപിടിക്കപ്പെട്ടില്ല എന്ന് അശാന്തനാകുന്ന വാസ്കോ ഡ ഗാമയും രാജീവന്റെ കാവ്യജീവിതത്തെ പ്രതിനിധീകരിക്കുന്നുണ്ട്. ഓരോ കാലത്തും കാവ്യഭാഷയിൽ രാജീവൻ നടത്തിയ ശ്രമങ്ങളാണവ. കാലം ആ വാക്കുകളെ തിരിച്ചും മറിച്ചും ജിഗ്സോ കളിച്ചു കൊണ്ടേയിരുന്നു. അശാന്തിയുടെ പരകോടിയിലാണ് രാജീവൻ സ്വയം അമർത്തപ്പെട്ടവനായി അവസാനകാലകവിതകളിൽ പ്രത്യക്ഷപ്പെടുന്നത്. ആരും എവിടെയും ഇരുന്ന് എന്തും പാടിക്കോട്ടെ, പാട്ടായിരുന്നാൽ മതി. ലോകത്ത് പലയിടങ്ങളിലായി താൻ കണ്ടുമുട്ടിയ കവികൾ, അവരുടെ ജീവിതവും നിലപാടും – എത്ര കപടമാണ് താൻ നയിക്കുന്ന ജീവിതം എന്ന ചിന്തയിലേക്ക് രാജീവനെ എത്തിച്ചത് അവരാണ്. സ്വന്തം നാട്ടിലിരുന്ന് എഴുതാൻ പറ്റാത്തവർ, എഴുതിയതിന് നാടുകടത്തപ്പെട്ടവർ, ഭൂപടത്തിൽ നിന്ന് മായ്ക്കപ്പെട്ട ദേശത്തിനു വേണ്ടി, മുറിഞ്ഞു പോയ ഭാഷക്കു വേണ്ടി, ലിപിക്കുവേണ്ടി കവിതയിലൂടെ പോരാടുന്നവർ – കവിയും കവിതയും എന്തെന്നറിഞ്ഞുള്ള ഒരു പിൻ മടക്കമാണ് രാജീവനെ വായിക്കുമ്പോൾ നാം അറിയുന്നത്.
(‘പുറപ്പെട്ടു പോകുന്ന വാക്കിൽ’ ഈ കവികളെക്കുറിച്ച് വിസ്തരിച്ചു പറയുന്നുണ്ട്.) ജീവിതത്തിൽ എല്ലാത്തിനോടും സമരസപ്പെട്ടിട്ട്, സ്വസ്ഥനായിരുന്നിട്ട് കവിതയിൽ മാത്രം എതിർത്തുനിൽക്കുന്നതിന്റെ പൊരുത്തക്കേടുകൾ, അലട്ടുകൾ – മറ്റൊരാളായിരുന്നു ഞാനെങ്കിൽ എന്ന തോന്നൽ വരുന്നതും ഈ ആത്മ വിചാരണയിൽ നിന്നാണ്. ചെറുമന്തോട്ടപ്പനിലെത്താൻ സുഖവഴികളില്ല. കല്ലും മുള്ളും ചവിട്ടിയേ പറ്റൂ. നെറ്റി വെട്ടിപ്പിളർന്നേ പറ്റൂ. ശരീരത്തെ ആണിയടിച്ചിരുത്തിയേ പറ്റൂ.


 

Comments

comments