അംബോസെലിയിലെ പ്രഭാതം പതിയെ ചൂടുപിടിച്ചു തുടങ്ങിയിരുന്നു. ആകാശം ചക്രവാളത്തിലേക്കു നീണ്ടു പരക്കുമ്പോൾ അതിന്‍റെ നീലിമ പാടെ കുടഞ്ഞെറിഞ്ഞ പോലെ. അങ്ങകലെ മങ്ങിയ മലനിരകൾക്കിപ്പുറത്തും പുൽപ്പരപ്പിനറ്റത്തും ഒരു തെളിച്ചമെന്നോണം സൂര്യൻ വീണുകിടപ്പുണ്ട്. അവിടെ കട്ടിയിലുയർന്നു നില്ക്കുന്നത് മൂടൽമഞ്ഞോ അതോ പൊടിയോ? മഞ്ഞാവാൻ വഴിയില്ലെന്നു തോന്നുന്നു. വനപാതകൾക്കു മുകളിൽ ഘനീഭവിച്ച് നില്ക്കുന്നത് നിശ്ചയമായും പാംസുപടലം തന്നെ. സഞ്ചാരികളുമായി നീങ്ങുന്ന വണ്ടികൾ ഒന്നൊന്നായി ആ പൊടിക്കൂട്ടത്തെ അധികരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒപ്പം മുന്നിലെ കാഴ്ചകൾ അവ്യക്തതയിലേക്കും നീങ്ങുകയും ചെയ്യുന്നു. സാംസൻ വണ്ടി പതുക്കെയാക്കി.

മഞ്ഞയും പച്ചയും ഇടകലർന്നതാണ് ഇരുവശത്തേയും പുൽനിലങ്ങൾ. നീണ്ടുയർന്ന തല പതുക്കെയൊന്നാട്ടി വലതുവശത്തുനിന്നു നടന്നുവരുന്ന ജിറാഫിനെ അപ്പോഴാണ് കണ്ടത്. പുക നിറഞ്ഞ രംഗവേദിയ്ക്കു പിന്നിൽനിന്ന് ഒരു മാന്ത്രികനെന്നോണം പ്രത്യക്ഷപ്പെട്ടുവരുന്ന അത്ഭുതമായാജാലത്തിനു സമമായിരുന്നു ആ വരവ്. ആ തലയെടുപ്പിന്‍റെ ഗാംഭീര്യം എടുത്തുപറയാതെ വയ്യ. എന്തൊരുയരത്തിലാണ് ആ ശിരസ്സിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അളന്നു നോക്കിയാൽ അഞ്ചര മീറ്ററാണത്രെ ഒരു ജിറാഫിന്‍റെ ശരാശരി പൊക്കം. ഇനി തൂക്കിനോക്കിയാലോ ഒരു ടൺ മുതൽ രണ്ടു ടൺ വരെ ഭാരവും കാണും. ഒരു സമഭുജത്രികോണമാണ് മുഖരൂപം. അവിടെ അടിസ്ഥാനനിറം വെള്ള. അതിൽ കീഴ്പ്പാതിയിൽ നിറച്ചും തവിട്ടു പുള്ളികളാണ്. താഴേക്കല്പം വീണുകിടക്കുന്ന കറുത്ത ചുണ്ടുകൾ. നെറുകെയിൽ ഇരുവിരലുകളെന്നോണം ഉയർന്നുനില്ക്കുന്ന രണ്ടു കുനിപ്പുകൾ കാണാം. അത് ജിറാഫുകളുടെ മാത്രം പ്രത്യേകതയാണ്. കൊമ്പെന്നു വേണമെങ്കിൽ പറയാം. പക്ഷെ, വ്യത്യാസമെന്തെന്നു വെച്ചാൽ സാധാരണ ജന്തുക്കളുടെ കൊമ്പുകൾക്ക് ഇല്ലാത്തവണ്ണം അതിനെ തൊലിയും രോമങ്ങളും പൊതിഞ്ഞുനില്ക്കുമെന്നു മാത്രം. തലയോട്ടിയിൽ നിന്നുള്ള അസ്ഥിത്തുടർച്ചയാണത്. ഇംഗ്ലീഷിൽ ഇതിനെ വിളിക്കുന്നതാകട്ടെ ഒസ്സിക്കോൺ എന്നും. ജിറാഫ് ആണായാലും പെണ്ണായാലും ഒസ്സിക്കോൺ ഉണ്ടാവും. ജിറാഫിനും ഇവരുടെ ബന്ധുവായ ഒകാപികളിലെ ആണിനുമല്ലാതെ മറ്റൊരു മൃഗത്തിനും ഇത്തരമൊരു തൊങ്ങൽ കാണാനിടയില്ല. കഴുത്താണ് ഏറ്റവും മനോഹരം. വടിവൊത്തതും ബലിഷ്ഠവുമായ ദീർഘാംഗം. അതിൽ നിറയെ കടുംതവിട്ടിൽ തീർത്ത കട്ടിരൂപങ്ങൾ. ആ ജ്യാമിതീയതയ്ക്കിടയിലെ പശ്ചാത്തലത്തിനു മഞ്ഞ കലർന്ന നിറം. തീരെക്കുറുകിയ ഒരു കുഞ്ചിരോമനിര കഴുത്തിനു പുറകിലായി കാണാം. നീണ്ടൊഴുകിയിറങ്ങുന്ന ഗളമനോഹാരിത ഉടലിലേക്കു ഒരൊഡീസ്സി നർത്തകിയുടെ ത്രിഭംഗവടിവെന്നോണം ചെന്നുചേരുകയാണ്. ആ ചെമ്പനുടലിൽ രൂപങ്ങൾക്കു അനായാസമായ വൈവിധ്യം. ഒന്നും മറ്റേതുപോലെയല്ല. ഓരോ ജിറാഫിലും അത് വേറിട്ട രൂപകല്പന തീർക്കുന്നുണ്ട്. ഒരു പക്ഷെ, നമുക്കു വിരലടയാളമെന്നോണം ജിറാഫുകളിലോരോന്നിനേയും തിരിച്ചറിയാൻ ഈ രൂപങ്ങൾ ധാരാളം മതിയാവും. നീണ്ടുമെലിഞ്ഞുയർന്ന നാലു കാലുകളും അറ്റത്തുമാത്രം കറുത്ത രോമക്കൂടുള്ള തീരെ കനംകുറഞ്ഞതും, എന്നാൽ കാൽപ്പകുതിയോളം നീളുന്നതുമായൊരു വാലും ചേർന്നാൽ ഈ സുദീർഘഗാത്രന്‍റെ ചിത്രം പൂർണ്ണമാവും. ആ അംഗപ്പൊരുത്തം ചേതോഹരമെന്നേ പറയേണ്ടൂ.

The Majestic being

ആ ജിറാഫ് യാതൊരു ധൃതിയും കാണിക്കാതെ നടന്ന്, ഞങ്ങൾക്കു മുന്നിലൂടെ വനപാത മുറിച്ചുകടന്ന് ഇടതുവശത്തെ പുൽമേട്ടിലേക്കിറങ്ങി. വഴിയോരത്തു തന്നെയുണ്ടായിരുന്ന ഒരു ചെറുചെടിക്കൂട്ടത്തിനു മുന്നിൽ അവനൊരു നിമിഷം സംശയിച്ചുനിന്നു. പിന്നെ പതുക്കെ മുൻകാലുകൾ പതുക്കെയൊന്നകത്തി, കഴുത്തൊന്നു വളച്ച്, ഉന്നതിയിൽ നിന്നിരുന്ന ശിരസ്സിനെ ഭൂമിയോളം താഴ്ത്തിയ ശേഷം തന്‍റെ നീണ്ടതും കറുപ്പാർന്നതുമായ നാവുനീട്ടി ആ ചെടിയെയൊന്ന് രുചിച്ചു. പിന്നെ, വീണ്ടും വീണ്ടും ചവച്ചെടുത്തു. അംബോസെലിയുടെ വിശാലപശ്ചാത്തലത്തിൽ ആ സുഭഗശരീരം തീർത്തത് അഴകാർന്നൊരു ദൃശ്യമായിരുന്നു. ഒരു കായികാഭ്യാസിയെന്നോണം ശരീരാംഗങ്ങൾ താഴ്ത്തിയും വിടർത്തിയുമുള്ള ആ നില്പ്പ് ആ പ്രകൃതിയിലൊരു കവിത രചിച്ചു.

ആദ്യമായി കാണുന്നവർ തീർച്ചയായും ഒരുനിമിഷം ഒന്നൊമ്പരന്നു നില്ക്കും ഇവന്‍റെ കാഴ്ചയിൽ. ഇതൊരൊറ്റ മൃഗത്തിൽ നിന്നുയുർത്തെഴുന്നേറ്റവനോ എന്ന സംശയം തീർച്ചയായും ന്യായം. ആഫ്രിക്കയിലെത്തിയ ആദ്യകാല ഗ്രീക്കുകാർ ഈ വൈചിത്ര്യത്തെ പുള്ളിപ്പുലിയുടേയും ഒട്ടകത്തിന്‍റെയും സങ്കരമാണെന്നു കരുതിപ്പോയതിൽ തെറ്റുപറയാനാവുമോ. എന്തായാലും ഒട്ടകപ്പുലി എന്ന അർത്ഥത്തിൽ കമെലോപാർഡാലിസ് എന്ന പേരാണവരിട്ടതും. ഇനി പേർഷ്യക്കാരാകട്ടെ ഒട്ടകത്തേയും കാളയേയും പുള്ളിപ്പുലിയേയും ചേർത്ത് ഷൊതോർഗാവ്പലാംഗ് എന്നു നീട്ടിവിളിച്ചു. കിഴക്കെ ആഫ്രിക്കൻ മുനമ്പിൽ ഒരുകാലത്ത് ജിറാഫുകൾ ധാരാളമായിരുന്നു. അവിടെയെത്തിയ അറബികളായിരിക്കണം ഇതിനെ ആദ്യമായി കണ്ട വിദേശികൾ. സോമാലികളുടെ ഭാഷയിൽ ജെറി എന്നാണിവനെ വിളിക്കുക. എത്യോപ്യക്കാരുടെ ഭാഷയായ അംഹാരിക്കിലാകട്ടെ സമാനമായി ജെരാത്ത് എന്നും. രണ്ടു ദേശക്കാരും കുറിക്കുന്നത് നീണ്ടുമെലിഞ്ഞ എന്ന അർത്ഥമാണ്. ഇനി അറബികളാണെങ്കിലോ, വേഗത്തിൽ നടക്കുന്നത് എന്ന വ്യവക്ഷയിൽ ജറഫ എന്ന അറബി നാമവും കൊടുത്തു. എങ്കിലും ജറഫ ജെറിയിൽ നിന്നുടലെടുത്തതുമാവാം. ജറഫയിൽനിന്ന് പില്ക്കാലത്ത് ജിറാഫും. രസകരം തന്നെ ഈ ഇംഗ്ലീഷ് പേര് വന്ന വഴി.

ആഫ്രിക്കൻ ഭാഷകളിൽ ജിറാഫെന്ന പേരൊന്നുമില്ല. സ്വാഹിലികൾ ത്വീഗ എന്നാണ് ജിറാഫിനെ വിളിക്കുന്നത്. സാംസന്‍റെ ഗോത്രക്കാരായ കികൂയുകളാകട്ടെ, ന്ദൂയിഗ എന്നും.

ആഫ്രിക്കൻ വനാന്തരങ്ങളിലെ വമ്പൻ അഞ്ചിൽ എന്തുകൊണ്ട് ജിറാഫിനെ ഉൾപ്പെടുത്തുന്നില്ല എന്നതൊരു അത്ഭുതമാണ്. സഫാരിയ്ക്കിറങ്ങുന്നവർ ഒരിക്കലും വിട്ടുപോകാൻ പാടില്ലാത്ത കാഴ്ച തന്നെയാണ് ഈ വനസുഭഗൻ എന്നതിൽ യാതൊരു സംശയവും വേണ്ട. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൃഗം എന്ന ഖ്യാതിയും ഇതിനു തന്നെയാണെന്നും ഓർക്കണം. ജിറാഫ് എന്നാൽ ഒറ്റയൊരു സ്പീഷീസ് ആണെന്നു വിചാരിക്കരുത് കേട്ടോ. ഈയടുത്ത കാലം വരെ ശാസ്ത്രലോകവും ജിറാഫ കമെലൊപാർഡാലിസ് എന്ന ഒറ്റ സ്പീഷീസ് ആയിത്തന്നെയാണ് കണക്കാക്കിയിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ കാൾ ലിനേയസ് കൊടുത്ത പേര്. വളരെ വിശദമായ ജനിതകപഠനങ്ങളെ തുടർന്ന് വെറും മൂന്നു വർഷം മുമ്പു മാത്രമാണ് ജിറാഫിനെ അങ്ങനെ ഒരൊറ്റ സ്പീഷീസിൽ ഒതുക്കാൻ സാധിക്കില്ല എന്നു തെളിഞ്ഞത്. ആഫ്രിക്കയിൽ മാത്രമേ ഈ സുന്ദരജീവിയെ നിങ്ങൾക്കു കാണാനാവുകയെങ്കിലും, നാലു സ്പീഷീസുകളായി ഇവ തരം തിരിക്കപ്പെട്ടു. കൂടാതെ, ഏഴു സബ്സ്പീഷീസുകളും.

ആഫ്രിക്കയിലെ 21 രാജ്യങ്ങളിൽ ജിറാഫുകളെ കാണാനാകും. കെനിയയിലാകട്ടെ നാലിൽ മൂന്നു സ്പീഷീസുകളുടേയും സാന്നിധ്യമുണ്ട്. ഇവിടെ എന്‍റെ മുന്നിൽ കാണുന്നത് മാസയി ജിറാഫാണ്. കിലിമഞ്ചാരോ ജിറാഫ് എന്നും വിളിക്കും. ജിറാഫ കമെലൊപർഡാലിസിന്‍റെ ഒരുപവിഭാഗമാണത്. പൂർണ്ണമായും കിഴക്കനാഫ്രിക്കക്കാരനാണിവൻ. മധ്യകെനിയയ്ക്കു തെക്കായി ടാൻസാനിയയിലേക്കു വരെ പരന്നുകിടക്കുന്നു മാസയി ജിറാഫുകളുടെ ആവാസസ്ഥലം. അംബോസെലിയിലും മാസായി മാരയിലും സെരംഗെറ്റിയിലും ത്സാവോയിലുമെല്ലാം കാണുന്നത് ഇക്കൂട്ടർ തന്നെ. 2021-ലെ കണക്കെടുപ്പു പ്രകാരം കെനിയയിലാകെയുള്ള മുപ്പത്തിനാലായിരത്തോളം വരുന്ന ജിറാഫ് സംഖ്യയിൽ മാസയി ജിറാഫുകൾ പതിമുവ്വായിരത്തിനു മേലെ വരും. ഞാൻ നേരത്തെ പറഞ്ഞതു പോലെ തീർത്തും വ്യത്യസ്തമായ രൂപങ്ങളാണ് മാസയി ജിറാഫുകളുടെ ദേഹം നിറയെ. മാത്രവുമല്ല, അത് താഴെ കുളമ്പുകൾ വരെ നീണ്ടു കിടക്കുകയും ചെയ്യുന്നു.

Curious

മാസയി ജിറാഫിന്‍റെ വടക്കൻ ബന്ധുവിനെ വടക്കൻ കെനിയയിലും സുഡാനിലുമായി കണ്ടുവരുന്നുണ്ട്. പുരാതന സുഡാന്‍റെ ഓർമ്മയ്ക്ക് നൂബിയൻ ജിറാഫ് എന്നാണവയെ വിളിക്കാറ്. കെനിയയിൽ കാണുന്ന മറ്റൊരിനം നല്ല ചെമ്പൻ നിറത്തിൽ വെള്ളവരകളാൽ ബഹുഭുജരൂപങ്ങൾ തീർക്കുന്ന റെറ്റിക്കുലേറ്റ് ജിറാഫ് ആണ്. കെനിയയിലെ ജിറാഫുകളിൽ ഏറ്റവും കൂടുതൽ ഈ ഇനമാണ്. ഏതാണ്ട്, ഇരുപതിനായിരത്തിൽ താഴെ വരും ഇവയുടെ എണ്ണം. കൂടാതെ റോത്ത്ഷീൽറ്റ് ജിറാഫ് എന്നൊരു ഇനം കൂടിയുണ്ട് കെനിയയിൽ. ഒറ്റനോട്ടത്തിൽ മാസയി ജിറാഫിനെപ്പോലെ തന്നെയിരിക്കും. പക്ഷെ, അവയുടെ കാലുകൾ തീർത്തും വെള്ളയാണ്. വെളുത്ത കാലുറകളിട്ട പോലെ. സാംസൻ ഏറ്റവും കൂടുതൽ വാചാലനായത് ഈ റോത്ത്ഷീൽറ്റ് ജിറാഫുകളെക്കുറിച്ചായിരുന്നു. അതിനെ എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ചൊക്കെ അദ്ദേഹം വിശദമായി പറഞ്ഞുതന്നു. ഈ കൂട്ടത്തിൽ ഏറ്റവും വലിയ വംശനാശഭീഷണി നേരിടുന്നതും ഈ റോത്ത്ഷീൽറ്റ് ജിറാഫുകളാണത്രെ. വെറും ആയിരത്തിൽ താഴെ റോത്ത്ഷീൽറ്റുകളേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ.

ദക്ഷിണാഫ്രിക്കയിൽ വെച്ച് ഞാൻ കണ്ട ജിറാഫുകൾ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. കേപ്പ് ജിറാഫുകൾ എന്ന വേറൊരു സ്പീഷീസ് ആണത്. ഇതെല്ലാം കൂടാതെ, അംഗോള, നൈജർ, സാംബിയ, ഛാഡ് എന്നീ രാജ്യങ്ങളിലൊക്കെയും വെവ്വേറെയിനം ജിറാഫുകളുണ്ടത്രെ.

അംബോസെലിയിലെ വനപാതകളിലൂടെ ഞങ്ങൾ മുന്നോട്ടുപോയ്ക്കൊണ്ടേയിരുന്നു. ജിറാഫുകൾ അവിടവിടെയായി വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒറ്റയ്ക്കുള്ളവ കുറവാണ്. ചിലപ്പോൾ മൂന്നോ നാലോ എണ്ണം കൂട്ടുകൂടി, അല്ലെങ്കിൽ പത്തിലധികം എണ്ണം ഒരുമിച്ച്. പലപ്പോഴും വലിയൊരു സംഘം കുറ്റിക്കാടുകൾക്കിടയിൽ നിന്നിറങ്ങിവരുമ്പോൾ ഇത്രയും നേരം ഇവയൊക്കെ എവിടെയായിരുന്നു എന്നറിയാതെ ചോദിച്ചുപോകും. എല്ലാം മാസയി ജിറാഫുകൾ തന്നെ. സൂക്ഷിച്ചുനോക്കിയാൽ ആ ശരീരത്തിന്‍റെ അടിസ്ഥാനനിറം ഇളംഗോതമ്പിന്‍റെതാണെന്നു തോന്നും. അതിനുമേൽ ചെമ്പൻ ചായം ആരൊ ഒരു കോരികയിൽ പകർന്നെടുത്ത് അടുപ്പിച്ചടുപ്പിച്ച് എറിഞ്ഞു പറ്റിച്ചതുപോലേയും. ഒറ്റവർണ്ണത്തിൽ തീർത്ത ചിത്രദർശിനിക്കുഴലിലെ രൂപങ്ങളെന്നോണമാണത്.

കടന്നുപോകുന്ന വണ്ടികളെ ജിറാഫുകളോരോന്നും ശ്രദ്ധിക്കുന്നുണ്ട്. എന്തൊക്കെ ചെയ്തുകൊണ്ടിരിക്കുകയാണെങ്കിലും അതിനൊപ്പം മൂന്നുകാര്യങ്ങളിൽ ജിറാഫുകൾക്ക് ഇടതടവില്ല. ഒരൊറ്റനിമിഷം പോലും നിർത്താതെയുള്ള ചെവികൾ വിറപ്പിക്കൽ, പിന്നെ പ്രത്യേകിച്ചൊരു കാരണമോ ഉദ്ദേശ്യമോ ഇല്ലാതെ മുന്നോട്ടും പിന്നോട്ടുമുള്ള വാലാട്ടൽ, ഒടുവിലായി തുടർച്ചയായ അയവിറക്കലും. ഇതെല്ലാം ചെയ്തുകൊണ്ടിരിക്കെത്തന്നെ ജിറാഫിന്‍റെ കൺകോണുകൾ ഞാനടക്കമുള്ള സഞ്ചാരികളെ പിന്തുടരുന്നതും കാണാം. മറ്റു മൃഗങ്ങളൊന്നും തന്നെ ഇത്രയും താല്പര്യം യന്ത്രവണ്ടികളിൽ കാണിച്ചിരുന്നില്ല എന്നതെന്നെ അത്ഭുതപ്പെടുത്തി. ജിറാഫിന്‍റെ ഉയരക്കാഴ്ച മനുഷ്യരേയും അവന്‍റെ വാഹനങ്ങളേയും വേറൊരുതരത്തിൽ വെളിവാക്കുന്നുണ്ടോ എന്നും ഞാൻ സംശയിച്ചു. ജിറാഫുകളുടെ ഉറ്റുനോട്ടത്തെ ഞങ്ങളാകട്ടെ സ്വന്തം കണ്ണുകൾക്കു പുറമെ കാമറക്കണ്ണുകൾകൊണ്ടും മൊബൈൽകണ്ണുകൾകൊണ്ടും നേരിട്ടുകൊണ്ടേയുമിരുന്നു.

The Long Neck

സാംസൻ വണ്ടിയൊന്നു നിർത്തി. എന്നിട്ട്, ജിറാഫുകൾക്കടുത്തേക്ക് ഒന്നടുപ്പിക്കുകയും ചെയ്തു. കൂടുതൽ സുന്ദരമായ ചിത്രങ്ങളെടുക്കാൻ സഹായിക്കാൻ. കൂടെയുണ്ടായിരുന്ന സുനിലാണപ്പോൾ എല്ലാവരോടുമായി ചോദിച്ചത്. “ജിറാഫുകളുടെ കൂട്ടത്തിനെ ഇംഗ്ലീഷ് ഭാഷയിൽ എന്തു വിളിക്കും?” കാക്കക്കൂട്ടത്തെ കൊലപാതകമെന്നും(Murder), കൂമൻ കൂട്ടത്തെ നിയമസഭയെന്നും(Parliament), സിംഹക്കൂട്ടത്തെ അഭിമാനമെന്നും(Pride), പുലിക്കൂട്ടത്തെ കുതിച്ചുചാട്ടമെന്നും(Leap), വിളിക്കുന്നതിലെ സുന്ദരനർമ്മം ഓർത്തുതന്നെയായിരുന്നു ആ ചോദ്യം. പ്രതീക്ഷിച്ചതുപോലെ രസകരമായിരുന്നു ആ ഉത്തരവും. ജിറാഫുകളുടെ കൂട്ടത്തെ വിളിക്കുന്നത് ഗോപുരം(Tower) എന്നാണ്. ഈ നെടുനീളൻ ജീവികളുടെ കൂട്ടത്തെ അങ്ങനെയല്ലാതെ എന്തു വിളിക്കും. അടുത്തത്, എന്‍റെ ഊഴമായിരുന്നു. ഞാനൊരു മറുചോദ്യം തൊടുത്തു. “മനുഷ്യർക്ക് കഴുത്തിൽ കശേരുക്കളൂടെ എണ്ണം ഏഴാണല്ലോ, എന്നാൽ ഈ നീളൻ കഴുത്തിൽ എത്ര കശേരുക്കൾ കാണും?” കൂട്ടുകാർ മിടുക്കരായിരുന്നു. കൃത്യമായ ഉത്തരം വരാൻ താമസമുണ്ടായില്ല. അതും ഏഴു തന്നെ. ഭീമാകരങ്ങളായ ഏഴു കശേരുക്കൾ.

ഞങ്ങളുമായുള്ള അല്പനേരത്തെ മുഖാമുഖത്തിനു ശേഷം ജിറാഫുകളിൽ ഒന്നു തിരിഞ്ഞു. പിന്നാലെ മറ്റൊന്ന്. പിന്നേയുമൊന്നും. സംഘത്തിന്‍റെ ഒരുമിച്ചുള്ള തീരുമാനം വന്നുകഴിഞ്ഞിരുന്നു. പതിയെ ആ കൂട്ടമപ്പാടെ ഞങ്ങളിൽ നിന്നു മുഖം തിരിച്ചു. പതുക്കെ, ആടിയാടി കാലുകൾ മാറിമാറിയുയർത്തി അവ എതിർവശത്തേക്ക് മന്ദഗമനം തുടങ്ങി. സാവന്നയുടെ പീതസൗന്ദര്യത്തിന്‍റെ പശ്ചാത്തലത്തിൽ ആ ഗോപുരനടനം മികച്ചൊരു കാഴ്ചയായി. ഒരു വൈഡ് ആംഗിൾ ലെൻസ് വേണമായിരുന്നു അതൊപ്പിയെടുക്കാൻ. ആരുടെ കൈയ്യിലുമത് ഉണ്ടായതുമില്ല.

കുറുകെ വീശിയ വരണ്ട കാറ്റിലൂടെ ഉണങ്ങിയ പുല്ലിന്‍റെ ഗന്ധം കടന്നുവരുന്നുണ്ടായിരുന്നു. വളരെ പതുക്കെ അംബോസെലിയുടെ നിമ്നോന്നതങ്ങളിലൂടെ ഞങ്ങളുടെ വണ്ടി കയറിയിറങ്ങി. ആ ജിറാഫുകളുടെ കൂട്ടത്തെ കുറച്ചെങ്കിലും പിന്തുടരാതിരിക്കാൻ ഞങ്ങൾക്കു കഴിഞ്ഞില്ല. അവ പതിയെ പുൽമേടിന്‍റെ ഉയർന്ന ഭാഗങ്ങളിലേക്കു നടന്നു നീങ്ങി. ആ പോക്കിലും ഇടയ്ക്കുയർന്നു നിന്നിരുന്ന പച്ചപ്പൊന്തകളിൽ തലയിട്ട് പുതുഇലകളുടെ രുചി നോക്കുന്നതും കാണാമായിരുന്നു. അക്കേഷ്യകളാണ് ജിറാഫിന്‍റെ ഇഷ്ടഭോജ്യം.

The Beautiful one

ആഫ്രിക്കയിലെ വനപ്രകൃതിദൃശ്യങ്ങളിൽ വിശാലമായ പുൽമേടുകൾക്കിടയിലായി അവിടവിടെ ഗാംഭീര്യത്തോടെ ആകാശത്തേക്കുയർന്നുനില്ക്കുന്ന ഒറ്റമരങ്ങളെ ഏത് ഡോക്യുമെന്‍ററികളിലും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. അതിന്‍റെ പശ്ചാത്തലത്തിലെ സൂര്യോദയവും അസ്തമയവുമെല്ലാം അനേകം ഫൊട്ടോഗ്രാഫർമാർ പകർത്തിയെടുത്ത് നമ്മുടെ മുന്നിൽ പലതവണ എത്തിച്ചിട്ടുള്ളതാണ്. ആ മരച്ചില്ലകളിലേക്കു തലനീട്ടി മേയുന്ന ജിറാഫുകളുടെ ചിത്രങ്ങളും കാണാതിരിക്കാനിടയില്ല. ജിറാഫും അക്കേഷ്യയും തമ്മിലുള്ള പ്രത്യേകബന്ധത്തിനു സമാന്തരങ്ങളുമില്ല. അങ്ങോട്ടുമിങ്ങോട്ടും ആഴ്ന്നും എതിരിട്ടും നില്ക്കുന്ന അപൂർവ്വത്തിൽ അപൂർവ്വമായ മൃഗസസ്യബന്ധമാണത്. ഒരൊറ്റ ദിവസം ഒരു ജിറാഫ് ശരാശരി മുപ്പതു കിലോയോളം അക്കേഷ്യയുടെ ഇലകളും തളിരുകളും കഴിക്കുന്നു എന്നാണ് കണക്ക്. അക്കേഷ്യകൾ കൂടിനില്ക്കുന്ന ഇടത്ത് മൂന്നോ നാലോ ജിറാഫുകൾ അതിന്‍റെ ഇലകൾ ഭുജിച്ചുകൊണ്ട് മണിക്കൂറോളം ചിലവഴിക്കുമത്രെ. പ്രാചീനകാലം മുതലേ ജിറാഫുകൾ ഈ നിരന്തരമായ തീറ്റ തുടരുന്നു. അക്കേഷ്യയെ ആഫ്രിക്കൻ കാടുകളിൽനിന്ന് തുടച്ചുനീക്കാൻ വരെ പര്യാപ്തമാണ് ഈ ഭോജനനൈരന്തര്യം. പക്ഷെ, പരിണാമവും പ്രകൃതിയുടെ രീതികളും അത്തരമൊരു അനിവാര്യതയെ നേരിടാനും തടയാനും സ്വയം തയ്യാറാവുന്നു എന്നതാണ് സത്യം. പ്രാചീനതയിൽ നിന്നുള്ള കാലാന്തരത്തിനിടയിലെപ്പോഴോ അക്കേഷ്യകൾ ജിറാഫിനെതിരെ ആയുധമേന്തിത്തുടങ്ങി. കഠിനവും തുടർച്ചയായുമുള്ള തീറ്റയെ തടയാൻ. അത് മുള്ളുകളുടെ രൂപത്തിലായിരുന്നു. നല്ല കൂർത്തതും കട്ടിയുള്ളതുമായ വമ്പൻ മുള്ളുകൾ. പത്തു സെന്‍റിമീറ്ററോളം നീളമുള്ള കൊച്ചുകത്തികൾ തന്നെയാണ് ഈ മരം ഇലപ്പടർപ്പുകൾക്കുള്ളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. അക്കേഷ്യയുടെ ചില്ലകളിലുടനീളം ആ മരത്തിന്‍റെ പ്രകൃതിക്കു ചേരാത്തവിധം ഇവ എഴുന്നുനില്ക്കുന്നതു കാണാം. അക്കേഷ്യയ്ക്ക് ആ പേര് ലഭിച്ചതുതന്നെ ഈ മുള്ളുകളിൽ നിന്നാണ്. ഗ്രീക്കു ഭാഷയിൽ അക്കിസ് എന്നാൽ മുള്ള് എന്നർത്ഥം. ആഫ്രിക്കൻ സഫാരികൾക്കിടയിൽ ഈ മുള്ളിൽ ചവിട്ടിയോ കൈതട്ടിയോ വേദനയറിയാത്ത സഞ്ചാരികൾ അധികം കാണില്ല എന്നു സാംസൻ പറഞ്ഞപ്പോൾ എനിക്കത്ഭുതം തോന്നിയില്ല. മുള്ളുകളിങ്ങനെ തുരുതുരാ കൂർത്തുനില്ക്കുമ്പോൾ ജിറാഫിന്‍റെ കാര്യം ദയനീയം തന്നെ. തന്‍റെ ഇഷ്ടഭോജ്യം ഉപേക്ഷിക്കുകയേ നിവൃത്തിയുള്ളൂ എന്നു വരേണ്ടതാണ്.

പക്ഷെ, പരിണാമഗതികൾ ഒരു വഴിക്കു മാത്രമല്ലല്ലോ സഞ്ചരിക്കുന്നത്. ഇക്കാര്യത്തിൽ ജിറാഫിനും കൂടുതൽ വിരുതനാവാതിരിക്കാൻ വയ്യ. ജിറാഫിന്‍റെ എതിരായുധം നാവായിരുന്നു. നിങ്ങൾക്കറിയാമോ, കാലക്രമേണ ജിറാഫിന്‍റെ നാവിനു നീളം കൂടി. ഇപ്പോളവ ഒന്നരയടിയിലെത്തി നില്ക്കുന്നു. ഇത്രയും പുറത്തേക്കു നീട്ടാവുന്ന ഒരവയവം മനുഷ്യന്‍റെ കൈകൾക്കു സമാനമാണ്. അതായത്, കൈയ്യെന്ന വണ്ണം നാക്കുപയോഗിച്ച് എന്തിനേയും ചുഴറ്റിപ്പിടിക്കാൻ ജിറാഫിനു സാധിക്കും. സ്വന്തമായൊരു മനസ്സു തന്നെയുള്ളവണ്ണം ആ നാവു പ്രവർത്തിക്കുകയും ചെയ്യുന്നു. മുള്ളുകൾക്കിടയിലൂടെ ഇലകളെ കൃത്യമായി പിഴുതെടുക്കാനുള്ള നാവിന്‍റെ കഴിവ് അപാരമാണ്. വേണ്ടിവന്നാൽ മുള്ളിനേയും പറിച്ചെടുക്കും. ഇതിനൊപ്പം നല്ല കട്ടിയുള്ള ചുണ്ടുകളും അണ്ണാക്കും ചേർന്നാൽ അക്കേഷ്യയുടെ മുൾപ്രതിരോധം തകിടുപൊടിയായതുതന്നെ.

എന്നാൽ എന്‍റെ പ്രിയവായനക്കാരൊന്നു മനസ്സിലാക്കണം അഭൂതപൂർവ്വമായ ഈ മൃഗസസ്യപ്പോര് ഇവിടെ തീരുന്നില്ല. അക്കേഷ്യയ്ക്ക് അറ്റകൈക്കൊരു പൂഴിക്കടകൻ കൂടി ബാക്കിയുണ്ട്. അതിന്‍റെ രഹസ്യം സസ്യരസതന്ത്രത്തിലാണ്. ജിറാഫ് അക്കേഷ്യയുടെ കാര്യം അപകടത്തിലാക്കുമെന്നു കണ്ടാലുടൻ മരത്തിന്‍റെ തടിയിൽനിന്നും എതിലീൻ എന്നൊരു രസകണികകൾ സ്രവിക്കപ്പെടും. എതിലീൻ അന്തരീക്ഷത്തിൽ പരന്നാൽ ബഹുരസമാണ് കാര്യങ്ങൾ. എതിലീന്‍റെ സാന്നിധ്യം തിരിച്ചറിയപ്പെടുന്നയുടൻ അക്കേഷ്യയുടെ ഇലകൾ പ്രതികരിക്കുകയായി. അവ ടാനിൻ എന്നൊരു വസ്തുവിന്‍റെ ഇലയിലെ സാന്ദ്രത വർദ്ധിപ്പിക്കും. കൂടുതൽ ടാനിൻ ഇലയിലെ കോശങ്ങളിലേക്കെത്തുന്നതുകൊണ്ടാണത്. അതായത് ജിറാഫ് ഭക്ഷിക്കുന്ന ഇലകളിൽ പൊടുന്നനെ ടാനിന്‍റെ അളവു കൂടുമെന്ന്. ഭയങ്കര കയ്പ്പാണ് ടാനിന്. അപ്പാടെ തുപ്പിക്കളഞ്ഞാൽ അത്ഭുതപ്പെടേണ്ടതില്ല എന്നു സാരം. മാത്രവുമല്ല, ടാനിനടങ്ങിയ ഇലകൾ ദഹിക്കാനും പ്രയാസം. വയറു വന്നു വീർത്തപോലിരിക്കും. ഇത്രയുമായാൽ ജിറാഫിനു മതിയായതു തന്നെ. ആ മരത്തെ ഉപേക്ഷിച്ച് അടുത്തതിലേക്കു പോകാൻ താമസം വേണ്ട. പക്ഷെ, പ്രശ്നം അവിടെക്കൊണ്ടും തീരുന്നില്ല. അന്തരീക്ഷത്തിൽ കലരുന്ന എതിലീൻ കാറ്റിലൂടെ പടർന്നാൽ പരിസരത്തുള്ള മിക്കവാറും സസ്യങ്ങളിലെ ടാനിൻ അളവും വർദ്ധിപ്പിച്ചുകളയും. നാല്പത്തഞ്ചു മീറ്റർ ചുറ്റളവിൽ ബാധകമാണ് ഈ എതിലീൻ മുന്നറിയിപ്പും തുടർന്നുള്ള ടാനിൻ പ്രതിരോധവും. അതായത് ഒരു അക്കേഷ്യയുടെ മേലുള്ള കടന്നാക്രമണം സമീപവാസികളായ സകല അക്കേഷ്യകളേയും ജിറാഫിനെതിരെ സജ്ജമാക്കുന്നു എന്ന്. കാറ്റെത്തിച്ചേരാത്ത അല്ലെങ്കിൽ എതിലീനെത്താത്ത ചില്ലകൾ ചിലപ്പോൾ ഉയരത്തിൽ കണ്ടേക്കാം. അവിടെയാണ് ജിറാഫിന്‍റെ നീളൻ കഴുത്തും കാലുകളും പ്രയോഗത്തിൽ വരിക. ജിറാഫിന്‍റെ ജോലി പിന്നെയതു കണ്ടുപിടിക്കലായി. ഇതിനെല്ലാം പുറമെ അക്കേഷ്യയിൽ പലപ്പോഴും നിറയെ ഉറുമ്പുകളെക്കാണാം. ഈ മരത്തിലെ ചില മധുരസ്രവങ്ങൾ ഉറുമ്പുകൾക്കേറെ പ്രിയമാണ്. സത്യത്തിൽ, അക്കേഷ്യ മധുരം കൊടുത്ത് വളർത്തുന്ന പടയാളികളാണ് ഉറുമ്പുകളെന്നു പറയാം. ഉറുമ്പുകൾ നിരന്നുനീങ്ങുന്ന ഇലകളെ കടിച്ചെടുക്കൽ അപകടമാവുമെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. എന്തായാലും ഏകപക്ഷീയമായ സസ്യനാശം വരുത്താൻ ജിറാഫിനാവുകയില്ല എന്നതു സുനിശ്ചിതം. എന്നാൽ ജിറാഫുകൾക്കു പട്ടിണി കിടക്കേണ്ടി വരുന്നുമില്ല. ഇരുകൂട്ടരേയും ഒരുമിച്ചനുഗ്രഹിക്കുന്നതിലെ പ്രകൃതിവിരുത് ആശ്ചര്യകരം തന്നെ. എത്ര മഹത്തരമാണീ പ്രകൃതിയുടെ രീതികൾ എന്നു പറയാതെന്തു ചെയ്യും.

പിന്നീട് നൈവാഷ തടാകക്കരയിൽ വെച്ചാണ് എത്ര കഠിനമാണ് അക്കേഷ്യകളുടെ തീറ്റ എന്നെനിക്കു മനസ്സിലായത്. നിറനിറെയാണ് അതിലെ കനത്ത മുള്ളുകൾ. ഓരോന്നും നല്ല വലിയൊരാണിയുടെ വലിപ്പമുള്ളവ. കൈയ്യെങ്ങാനും തട്ടിപ്പോയാൽ ഗുരുതരമായിത്തന്നെ പരിക്കേല്ക്കുമെന്നതിനു സംശയം വേണ്ട. ആ മുൾവ്യൂഹത്തിനുള്ളിലൂടെ തന്‍റെ നീണ്ട നാവ് സൂക്ഷ്മതയോടെ മുള്ളുകളെ ഒഴിവാക്കിക്കൊണ്ട് കടത്തി ഇലകളെ പറിച്ചെടുക്കുന്ന സാഹസം ഭയങ്കരം തന്നെ. എന്തായാലും ടാനിന്‍റെ രുചിയറിയാൻ ഇലയൊന്നു നാവിൽ വെച്ചുനോക്കണമെന്നു തോന്നിയെങ്കിലും ഞാനതിനു മുതിർന്നില്ല.

The Graceful Bow

നൈവാഷയിൽ ജിറാഫുകളെ നമുക്ക് വളരെ അടുത്തു കാണാം. വേണമെങ്കിൽ അവയ്ക്കടുത്തുപോയി ഒരു സെൽഫിയുമെടുക്കാം. കാരണം അവിടെ മാംസഭുക്കുകളായ വീരന്മാർ ഇല്ല എന്നതു തന്നെ. എങ്കിലും ജിറാഫിന്‍റെയടുത്ത് അധികം പോയിനില്ക്കുന്നത് അത്ര അപകടമില്ലാത്ത ഏർപ്പാടല്ല. നമ്മുടെ സാന്നിധ്യം ഇഷ്ടപ്പെട്ടില്ലെങ്കിൽ ചിലപ്പോൾ ഉപദ്രവിക്കാനിടയുണ്ട്. ആ നീണ്ടതും കരുത്തതുമായ പിൻകാലുകളുപയോഗിച്ച് ഒന്നു തൊഴിച്ചാൽ നമ്മുടെ കഥ കഴിഞ്ഞതുതന്നെ. സുരക്ഷിതത്വത്തിൽ ആശങ്ക വന്നാൽ മിന്നൽ വേഗതയിലാണ് ആ കാലുയരുകയും ശത്രുവിന്‍റെ മേൽ പതിക്കുകയും ചെയ്യുക. അറുപത് കിലൊമീറ്റർ വരെ വേഗത ആ ചവിട്ടിനു രേഖപ്പെടുത്തിയിട്ടുമുണ്ട്. മാത്രവുമല്ല. ലക്ഷ്യസ്ഥാനത്ത് ഒരിഞ്ചിൽ ഒരു ടൺ എന്ന ശക്തിയിലായിരിക്കുമത്രെ ആ ഊർജ്ജകൈമാറ്റം. സിംഹത്തിന്‍റെ വരെ തലതകർന്ന് മരണത്തിലേക്കു പോയ അവസരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.

ഒരു കൂട്ടം ജിറാഫുകൾക്കു പുറകെ വണ്ടിയോടിച്ചുകൊണ്ടിരുന്നപ്പോഴാണ് സാംസൻ ബൊരാനുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ എന്നു ചോദിച്ചത്. ഞാൻ കൈമലർത്തി. ജിറാഫുകളെക്കുറിച്ച് പറയുമ്പോൾ ബൊരാനുകളെപ്പറ്റി പറയാതിരിക്കാനാവില്ല. എത്യോപ്യയിലും ഉത്തര കെനിയയിലുമായി കഴിയുന്ന ഗോത്രവർഗ്ഗക്കാരാണ് ബൊരാനുകൾ. വെള്ളം സംഭരിക്കാനും പാൽ നിറച്ചുവെയ്ക്കാനുമായി ഒക്കോതെ എന്ന പാത്രമുണ്ടാക്കാൻ ജിറാഫിന്‍റെ തോൽ ഉപയോഗിക്കുന്നവർ. ജിറാഫിന്‍റെ മാംസം സ്വാദിഷ്ടമാണെന്നും അവർ വിശ്വസിക്കുന്നു. പക്ഷെ, ഒന്നുണ്ട് ജിറാഫിനെ വേട്ടയാടിക്കഴിഞ്ഞാൽ ഇവർ പാട്ടുകൾ പാടും. ബൊരാനുകളുടെ നായാട്ടുപാട്ടുകളെ പൊതുവെ ജെരാർസ എന്നാണു പറയുക. ഇതു പാടുന്നതിനെ സാത്തോവാ ഫാസ എന്നും. എന്നുവെച്ചാൽ ജിറാഫിനെ പ്രകീർത്തിക്കുക എന്നാണർത്ഥം എന്നു സാംസൻ പറഞ്ഞപ്പോൾ എനിക്കതിശയമായി. ഇരയെക്കുറിച്ചാണ് പാട്ടുകളെല്ലാം. സാംസൻ ആ പാട്ടിന്‍റെ വിശദാംശങ്ങളിലേക്കു കടന്നു. ജിറാഫിനെ കൊല്ലുന്നത് പലപ്പോഴും അഭിമാനപ്രശ്നമാണത്രെ. ബൊരാൻ ആണുങ്ങൾ കാമുകനെന്നോണം പെണ്ണിനെ സമീപിക്കുമ്പോൾ “നീയൊരു ജിറാഫിനെ കൊന്നുകാണിക്ക്, എന്നിട്ടു മതി എന്നെ തൃപ്തിപ്പെടുത്താൻ വരലൊക്കെ” എന്ന് ബൊരാൻ പെണ്ണുങ്ങൾ എറിഞ്ഞിടുന്ന ചില വെല്ലുവിളികളുണ്ട്. തുടർന്നായിരിക്കും ജിറാഫിനെ തേടിപ്പോവലും വേട്ടയാടലുമൊക്കെ. ഒടുവിൽ നായാട്ടുകഴിഞ്ഞശേഷം പെണ്ണിന്‍റെ മുന്നിലൊരു പ്രകടനമുണ്ട്. അപ്പോഴാണ് ഈ ജെരാർസ പാടുക. അതിൽ താൻ വീഴ്ത്തിയ ജിറാഫിനോളം ഗംഭീരനായ മൃഗം വേറെയുണ്ടാവില്ല എന്നത് എടുത്തുപറയുകയും ചെയ്യും. രസമെന്തെന്നു വെച്ചാൽ പാട്ട് പതിയെ പെണ്ണിനെ അധിക്ഷേപിക്കുന്ന രീതിയിലേക്കു വഴിമാറും എന്നതാണ്. തന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചിട്ടും വഴങ്ങാത്തവളെ ഭർത്സിക്കുന്ന വരികൾ ഇത്തരം പാട്ടുകളിൽ ധാരാളം. ഉദാഹരണമായി ഒരു പാട്ടു പറയാം. സാംസൻ പാടി അർത്ഥം പറഞ്ഞുതന്നത്.

“…ഓ തൊക്കീ’സ മാത ഗദ്’കബാദി

തൊക്കോ തൂ ജെദാ, വോയ്’യു, ഗൂരാ കബാദി

യോ ഗൂരാഫ് എഗി സീ കായ്’യ

ഹൂദു ന ദൂരി കബാദ…”

(നിന്‍റെ തല താഴ്ത്തിപ്പിടിക്കലാണെന്‍റെ ലക്ഷ്യം/ ഒരിക്കലേ പറയൂ ഞാൻ ചെവി പൊത്തിക്കോ/ ആ ചെവികളും വാലും വെട്ടിയെടുത്ത ശേഷം/ എന്‍റെ മുന്നിലെ നിന്‍റെയീ മുഴുത്ത ചന്തിക്കടിക്കും ഞാൻ.)

എങ്ങനെയുണ്ട് പെണ്ണിനുവേണ്ടി ജിറാഫിനെ വേട്ടയാടിക്കൊണ്ടുവന്ന ബൊരാന്‍റെ ആ പെണ്ണിനോടുള്ള വാശി? ഇത്തരത്തിൽ ആൺകോയ്മയുടെ വിവിധപ്രതിഫലനങ്ങളും ദ്വയാർത്ഥപ്രയോഗങ്ങളും നിറഞ്ഞതാണ് മിക്കവാറും ജെരാർസ പാട്ടുകൾ.

ആലോചിച്ചുനോക്കൂ. അപകടങ്ങളുടേയും വെല്ലുവിളികളുടേയും നടുവിലാണ് ജിറാഫുകൾ കഴിയുന്നത്. അവയിൽ നിന്നു രക്ഷ നേടാൻ ഈ സസ്യഭുക്കിന്‍റെ കൈയ്യിൽ രണ്ടേരണ്ട് ആയുധങ്ങളേയുള്ളൂ. ഒന്ന് നേരത്തെ പറഞ്ഞ പിൻകാൽ കൊണ്ടുള്ള തൊഴിയും, രണ്ടാമത്തേത് മണിക്കൂറിൽ ഏതാണ്ട് അമ്പതോ അറുപതോ കിലൊമീറ്റർ വേഗത്തിൽ ഓടാനുള്ള കഴിവും. ഒറ്റയ്ക്ക് ഇര തേടുന്നവർ പൊതുവെ ജിറാഫിനെ അക്രമിക്കാറില്ല. അതെളുപ്പവുമല്ല. പക്ഷെ, സംഘനായാട്ടിൽ വിരുതരായ സിംഹങ്ങൾ ജിറാഫിനെ വീഴ്ത്തിയെന്നിരിക്കും. ഒരേസമയം മുന്നിൽ നിന്നും വശങ്ങളിൽ നിന്നും ചാടിക്കയറിയും അപകടകരമായ തൊഴിയിൽനിന്ന് സമർത്ഥമായി ഒഴിഞ്ഞുമാറിയുമാണ് സിംഹം ജിറാഫിന്‍റെ വേട്ട നടപ്പിലാക്കുക. എങ്ങനെയെങ്കിലും ജിറാഫിനെ നിലത്തുവീഴ്ത്തുക എന്നതായിരിക്കും അക്രമികളുടെ ലക്ഷ്യം. അതു സംഭവിച്ചുകഴിഞ്ഞാൽ പിന്നെ ജിറാഫിനു അന്ത്യം മാത്രമേ ബാക്കിയുണ്ടാവൂ.

Mother and Kid

പൊതുവെ, ജിറാഫുകൾ മുപ്പതു വയസ്സോളം ജീവിക്കുമെന്നാണ് കണക്ക്. കുട്ടികളുടെ കാര്യമാണ് കഷ്ടം. കഴുതപ്പുലികളടക്കമുള്ള മിക്ക മാംസഭോജികളും കുട്ടികളെ ലക്ഷ്യമിടുന്നു. മൂന്നിലൊരെണ്ണമൊക്കെയേ പ്രായപൂർത്തിയാവുകയുള്ളൂ എന്നറിഞ്ഞപ്പോൾ സങ്കടം തോന്നി. ജിറാഫിനെ ലാക്കാക്കുന്ന മനുഷ്യരിൽ ഗോത്രവർഗ്ഗക്കാരല്ലാത്തവരുമുണ്ടെന്നതാണ് കഷ്ടം. എന്തിനാണിവർ ഈ സുന്ദരമൃഗത്തെ കൊല്ലുന്നത്. തൊലിയാണ് പ്രധാനലക്ഷ്യം. അതുപയോഗിച്ച് കത്തികൾക്കു പിടിയുണ്ടാക്കുന്നത് വലിയൊരു ഏർപ്പാടാണത്രെ. തലവെട്ടി സ്വീകരണമുറികളെ കമനീയമാക്കാൻ സ്റ്റഫ് ചെയ്യുന്നവരുമുണ്ട്. അമേരിക്കയിലേക്കു മാത്രമായി 2005 മുതലുള്ള പത്തുകൊല്ലം കൊണ്ട് നാല്പതിനായിരം ജിറാഫിന്‍റെ ശിരസ്സുകളാണത്രെ ഇറക്കുമതി ചെയ്യപ്പെട്ടത്. എന്തുമാത്രം ക്രൂരതയാണ് ഈ ലോകത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത് എന്നു നോക്കൂ. ജിറാഫുകളെ വേട്ടയാടുന്നത് നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. പിടിക്കപ്പെട്ടാൽ ജയിൽശി‍ക്ഷയുമുണ്ട്. പക്ഷെ, അതൊന്നും പ്രായോഗികമാവുന്നില്ല എന്നതാണ് സങ്കടകരം. രണ്ടു ദശാബ്ദങ്ങൾക്കു മുമ്പ് നാല്പത്തയ്യായിരത്തിലും മീതെയായിരുന്നു കെനിയയിലെ ജിറാഫുകളുടെ എണ്ണം. അതിൽ നാല്പതു ശതമാനത്തോളവും ഇന്നപ്രത്യക്ഷമായിരിക്കുന്നു. മാസയി ജിറാഫുകളുടെ കാര്യമെടുത്താൽ അതു പകുതിയുമായി. എന്നാൽ കൂട്ടത്തിൽ ഏറ്റവും വലിയ വംശനാശഭീഷണി നേരിടുന്നതാകട്ടെ വെള്ളക്കാലുറക്കാരായ റോത്ത്ഷീൽറ്റ് ജിറാഫുകളും. കെനിയയിലും യുഗാണ്ടയിലും മാത്രമുള്ള ഇക്കൂട്ടർ എഴുന്നൂറിൽ താഴെയേ ഇപ്പോഴുള്ളൂ.

ആഫ്രിക്കക്കാരുടെ വിശ്വാസപ്രകാരം മനുഷ്യർക്കെന്നോണം അപൂർവ്വം മൃഗങ്ങൾക്കേ ആത്മാവ് അല്ലെങ്കിൽ ജീവചൈതന്യമുള്ളൂ. അതിലൊന്ന് ജിറാഫാണ്. ന്ന്യോവ് എന്നാണവർ ആ ചൈതന്യത്തെ വിളിക്കുക. ശരീരത്തിന്‍റെ ഭാഗമായ ദ്രാവകരൂപത്തിലുള്ള എന്തും പരിസരവുമായി ബന്ധത്തിൽ വരുമ്പോൾ അതവിടെ കാര്യമായ മാറ്റങ്ങളുണ്ടാക്കുന്നു എന്നീ ഗോത്രവർഗ്ഗകാർ കരുതുന്നു. അത്, മൂത്രമോ, ഗർഭാശയജലമോ, ശുക്ലമോ എന്തുമാവാം. ഒരു നായാട്ടുകാരൻ ജിറാഫിന്‍റെ രക്തം ചിന്തിയാലും ഇതുതന്നെ സംഭവിക്കുന്നു. അതായത് ന്ന്യോവിന്‍റെ പാരിസ്ഥിതികശക്തിയിൽ മനുഷ്യനും ജിറാഫും ഒരുപോലെയാണ്. ചുരുക്കിപ്പറഞ്ഞാൽ ഭൂമിയിൽ ചോര പുരളാതെ വേണം ആ കൊല നടപ്പാക്കേണ്ടത് എന്ന്. പക്ഷെ, ആധുനികനായാട്ടുകാരന് അതൊന്നും പ്രശ്നമല്ല. കൃത്യമായി പതിക്കുന്ന വെടിയുണ്ടകൾ ഹതാശരായ ഈ സസ്യഭോജികളെ നിലംപതിപ്പിക്കുകയും, തുടർന്ന് വെട്ടിയെടുക്കപ്പെടുന്ന മൃഗശിരസ്സുകൾ അസംഖ്യം കാഴ്ചവസ്തുക്കളായി മാറ്റപ്പെടുകയും ചെയ്യുന്നു. ലോകനാടകങ്ങൾ ഇങ്ങനെ നിരന്തരം അരങ്ങേറവെ വർഷം തോറുമുള്ള ജൂൺ ഇരുപത്തിയൊന്നാം തീയതികൾ ജിറാഫ് ദിനങ്ങളായി എമ്പാടും കൊണ്ടാടപ്പെടുന്നുമുണ്ട് എന്നതൊരു വിരോധാഭാസവും.

(തുടരും)

-ഡോ. ഹരികൃഷ്ണൻ

                                                                                      ***

Comments

comments