യുദ്ധകാലമായിരുന്നു. ഭയവും മോഹവും മെടഞ്ഞ ഒരു രാത്രിയിൽ ആൽപ്സിലെ രാക്കൂടാരത്തിലിരുന്ന് ഒരു യുവ സൈനികൻ അമ്മയ്ക്ക് എഴുതുകയാണ്. ആ മിന്നാമിന്നി മൊഴിയിൽ ഒരേ സമയം ധൈര്യവും ഭയവും  നിന്നു വിങ്ങി. അയാൾ എഴുതുമ്പോൾ, മഞ്ഞു മലയ്ക്കും വീടിനും ഇടയിൽ, അമ്മയ്ക്കും സൈന്യാധിപനും ഇടയിൽ ഒരു മുൾക്കിടക്ക ചുരുൾ നിവരുന്നുണ്ട്.  അമ്മ സമാധാനമായിരിക്കണം. മൈഗ്രേൻ വരാതിരിക്കണം എന്നേയുള്ളൂ അയാൾക്ക്. അതുകൊണ്ട് അയാൾ ആ പട്ടാളക്യാമ്പിലിരുന്ന് യുദ്ധത്തെ സമാധാനമായെഴുതുന്നു. അപ്പോൾ  അയാളുടെ തോളിൽ മൃദുവായി തൊട്ടു കൊണ്ട് നെപ്പോളിയന്റെ തോക്ക് പറഞ്ഞു “ഇനിയെഴുതില്ല ഞാനമ്മേ എന്നെഴുതി ഒപ്പിടൂ”.  എഴുത്ത് എന്ന ആ കവിത കെ.ജി.എസ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
“ഇരുട്ട് കഥ പറയും
വെളിച്ചം ചരിത്രം പറയും
എഴുത്ത് രണ്ടും പറയും
പറയാതെ പറയുന്നത് വേറെ, ഏറെ
എഴുത്ത് പറയാതെ പറഞ്ഞതാണ് ആ അമ്മയും ഈ കവിയും വായിച്ചത്. എഴുത്തിൽ അമ്മ വെടിമരുന്നു മണത്തിട്ടുണ്ടാവും. അതിന്റെ വക്കിൽ ഒരു തുള്ളി ചോര ഇറ്റിനിൽക്കുന്നത് കണ്ടിട്ടുണ്ടാവും. സമാധാനം എന്നെഴുതിയത് അമ്മ  യുദ്ധമായിത്തന്നെ വായിക്കുന്നു.
മഞ്ഞുമറകൾക്കപ്പുറത്തേക്കെത്തുന്ന നോട്ടങ്ങൾ കൊണ്ടും എഴുത്തിൽ പതിയാത്ത വാക്കുകളോടുള്ള അതിജാഗ്രത കൊണ്ടും കെ.ജി.എസ്സിന്റെ വാക്കുകൾ ഭയങ്ങളത്രയും വെടിയുന്നു. കിട്ടാതെ പോകുന്ന നീതി, നടപ്പിലാകുമ്പോൾ അനീതിയാകുന്ന നീതി, ദുർഗ്രഹദർശനമാകുന്ന നീതി – നൈതികതയെക്കുറിച്ചുള്ള വിചാരപ്പെടൽ, വിചാരണ ചെയ്യൽ  ഇതെല്ലാം ഇടഞ്ഞു നില്പിന്റെ വഴി ആ വാക്കുകളെ ശീലിപ്പിച്ചു. ഇക്കാലം (എക്കാലവും) അത്തരം തലയെടുപ്പുകൾ കല്ലെറിയപ്പെട്ടിട്ടുണ്ട്. എങ്കിലും കവിതയുടെ കാട്ടിൽ കൊല്ലുന്ന ജന്തുക്കളില്ല എന്ന തത്വശാസ്ത്രം തന്നെയാണ് കെ.ജി.എസ്സിന് സ്വീകാര്യം. എതിർവാക്കിലാണ് സർഗ്ഗാത്മകത നീതിയുടെ നാളമായി തെളിഞ്ഞു നില്ക്കുക എന്ന ബോദ്ധ്യം ഓരോ കാലത്തും കെ.ജി.എസ്സിനെ എഴുത്തിലും വായനയിലും പുതുക്കിക്കൊണ്ടിരിക്കുന്നു. ഭാഷയുടെ കാതലിനു ചുറ്റും പുതിയ വാർഷികവലയങ്ങളുണ്ടാക്കിക്കൊണ്ടാണ് അതതുകാലത്തെ സൗന്ദര്യ ശാസ്ത്രവും  നീതിബോധവും കെ.ജി.എസ്സിൽ പ്രവർത്തിക്കുക. പൂതലിച്ചതും നിർജ്ജീവമായതും  സ്വാഭാവികമായിത്തന്നെ അടർന്നു പൊഴിഞ്ഞു പോകുന്നു. വാക്കിൽ പ്രകൃതിയായി പടരുന്ന ജീവന്റെ കീർത്തനത്തെക്കുറിച്ച് ബാബേൽ ട്യൂമർ എന്ന കവിതയിൽ കെ.ജി.എസ് പറയുന്നുണ്ട്. കവിതയിലെ ജീവന്റെ പച്ചയും പൊടിപ്പും എന്നത് നീതിയുടെ പക്ഷത്ത്, ദയയുടെയും മാനവികതയുടെയും പക്ഷത്തുള്ള അതിന്റെ നിൽപ്പാണ്.

അമ്മമാർ എന്ന സമാഹാരത്തിൽ ക്യൂവിൽ മൂന്നൂറാമത്തവൾ അന്ന അഖ്മത്തോവ, നെറ്റി, ആർച്ച, ചോദ്യക്കോലം, താമസം, പിഴ , മാതു, ചിതയും ചിതറലും എന്നീ കവിതകളാണുള്ളത്. കാണാതായ മക്കൾക്കു വേണ്ടി, അതു വഴി നീതിക്കു വേണ്ടി, മനുഷ്യന്തസ്സിനു വേണ്ടി ജീവിതം പോരാട്ടമാക്കിയ അമ്മമാർ  കെ.ജി.എസ്സിന്റെ പല കവിതകളിലും വന്നിട്ടുണ്ട്.. ചോദ്യം ചെയ്യലും വിചാരണയും ഏറ്റുമുട്ടലും വിധിയും കൊലയും  കൊണ്ട് ഭരണകൂടങ്ങൾ ഹിംസയുടെ പുതുചരിത്രങ്ങൾ നിർമ്മിക്കുമ്പോൾ ജീവിതം കൊണ്ട് പ്രതിരോധത്തിന്റെ പുതുപാഠങ്ങൾ തീർക്കുന്ന അമ്മമാർ. അമ്മമാരും കവികളും – അവർ മാനത്ത് മേക്കോണിൽ ഉരുണ്ടു കൂടും മുമ്പേ മഴ പ്രവചിക്കുന്നവർ. ജന്മമെരിയുന്ന മൈഗ്രേനാണ് ഓരോ അമ്മയുടെയും  നെറ്റിയിൽ ചാലു കീറുന്നത്. കല്ലിച്ചു കിടക്കുകയാണവിടെ  ജന്മ ദീർഘമായ തീവ്രസഹനങ്ങൾ. നെറ്റി ചുറ്റികയാക്കി ഓരോ അമ്മയും ആണിയടിച്ചമർത്തുകയാണ് ഉള്ളിലെ കൊടും തീവ്രതകൾ. അവരുടെ വരവുകാത്ത് സ്വന്തത്തിന്റെയും സ്വാർത്ഥതയുടെയും അതിരിൽ കയ്പ്പിന്റെ  ദേവതയായി ആ കാഞ്ഞിര മരമുണ്ട്.  ആ നിരയിൽ കീറിമുറിക്കാതെ തരികെന്റെ കുഞ്ഞിനെ  എന്ന് സോളമന്റെ കോടതിയിൽ യാചിച്ച അമ്മയുണ്ട്, തരികെന്റെ കുഞ്ഞിനെ എന്ന് സ്റ്റാലിനോട് പോരാടി നിന്ന അന്ന അഖ്മത്തോവയുണ്ട്, തരികെന്റെ കുഞ്ഞിനെ എന്നു പൂതത്തോടു യാചിച്ച നങ്ങേലിയുണ്ട്, വാളയാറിലെ അമ്മയും അനുപമയുമുണ്ട്. പേരറിവാളന്റെ അമ്മയും ഈച്ചരവാരിയരുമുണ്ട്. ( കഠിനവിഷാദത്തിന്റെയും നീതിപ്പോരാട്ടത്തിന്റെയും എതിർത്തുനില്പിന്റെയും മൈഗ്രേൻ ബാധിച്ച നെറ്റിയുള്ളതിനാൽ അമ്മ)
തരികെന്റെ കുഞ്ഞിനെ എന്ന വിലാപത്തോളം ചരിത്രത്തിൽ മങ്ങാതെ, അണയാതെ, നിലക്കാതെ നില്ക്കുന്ന മറ്റൊരു വിലാപമില്ല. പഴകാത്ത പ്രാർത്ഥനയില്ല.(തരികെന്റെ കുഞ്ഞിനെ – കെ.ജി.എസ്.) . വിലാപമെന്നതിനേക്കാൾ അമ്മമാരുടെ കോടതിയിലെ ഏറ്റവും വലിയ അവകാശപ്പോരാട്ടവും നൈതിക വിചാരണയുമാണത്.
അടുക്കളച്ചുമരിലോ പൈനിലോ
പോപ്ലാറിലോ /താവോയിലോ
മൗനത്തിലോ ചാരി/
മരവിച്ചിരിക്കുന്നു
ടാങ്കുകൾക്കിരയായ മക്കളുടെ അമ്മമാരും / ചാവാപ്രതികരണങ്ങളും.
(മാവോ: മരിച്ചവർക്ക് ബൈനോക്കുലർ വേണ്ട.)

ഭൂമി ഒരു വൻതടവറ കൂടിയാണ്; ഒരു വൻ ചുടലയും” –

ക്യൂവിൽ മുന്നൂറാമത്തവൾ അന്ന അഖ്മത്തോവ

ക്യൂവിൽ മൂന്നൂറാമത്തവളായി നില്ക്കുകയാണ് നോവയുടെ തീരത്ത് ലെനിൻഗ്രാഡിലെ ക്രെസ്റ്റി ജയിലിനു മുമ്പിൽ അന്ന അഖ്മത്തോവ. സ്റ്റാലിൻ ഭരണകൂടം തടവിലാക്കിയ മകൻ ലെവ് ഗുമിലേവിനെ കാണാനുള്ള അനിശ്ചിതത്വം നിറഞ്ഞ കാത്തുനിൽപ്. രാജ്യദ്രോഹക്കുറ്റമാണ് ലെവിന്റെമേൽ ചുമത്തപ്പെട്ടിട്ടുള്ളത്. വാസ്തവത്തിൽ സ്റ്റാലിൻ ഭരണകൂടത്തിന്റെ ഭീകരവാഴ്ചക്കെതിരെ കവിതയെഴുതിയ  അന്ന അഖ്മതോവക്കുള്ള ശിക്ഷയായിരുന്നു അത്’. ക്യൂവിൽ നിൽക്കുന്ന അന്നയുടെ വിചാരങ്ങളായിട്ടാണ് 22 ഉപശീർഷകങ്ങളിലൂടെ ഈ കവിത കടന്നുപോകുന്നത്.   സ്റ്റാലിൻ ഭരണകൂടം അഴിച്ചു വിട്ട പീഡനങ്ങളും കവിതയെഴുതിയതിന്റെ പേരിൽ അക്കാലത്ത് കവികളനുഭവിച്ച ദുരിതങ്ങളും  പുറംലോകത്തെ അറിയിച്ച റെക്വിയം എന്ന വിഖ്യാത കാവ്യം എഴുതാനുണ്ടായ പ്രേരണ കൂടിയായിരുന്നു പിന്നീട് അന്ന അഖ്മതോവയ്ക്ക് ഈ നിൽപ്പനുഭവം. ആ കാലത്തെയും സ്ഥലത്തെയും അതിജീവിച്ചവൾ. മാപ്പെഴുതിക്കൊടുത്താൽ , എഴുത്തു നിർത്തിയാൽ മകൻ മോചിപ്പിക്കപ്പെടും.  പക്ഷേ, ഭീരുവാകാൻ വയ്യ. അതുകൊണ്ട് തന്റെ വാക്കുകളെയും ചിന്തയേയും കുരിശു ചുമന്ന് കേറാമല കയറാൻ വിടുന്നു. ഏകാധിപത്യത്തിനെതിരെ എഴുതിയതു കൊണ്ടു മാത്രം സ്വന്തം നാട്ടിൽ നിൽക്കാൻ പറ്റാതായ നിരവധി കവികളുണ്ട്. അന്ന പീഡനങ്ങൾ സഹിച്ച് നാട്ടിൽത്തന്നെ നിന്നു. പുറത്തു വന്നാൽ അപകടമാവുന്ന കവിതകളെ മന:പാഠമാക്കി സൂക്ഷിച്ചു. ഇനി, നാട്ടിലല്ല തന്നിൽത്തന്നെ തന്റെ ഇടം നഷ്ടപ്പെട്ടാലും അധികാര ദുർമദത്തെ  പരിചരിച്ച് പറ്റിക്കൂടാൻ തന്റെ കവിത ശീലിച്ചിട്ടില്ല.

അമ്മമാരുടെ നീണ്ട നിരയ്ക്കും ജയിലിനും ഇടയിൽ ദുരൂഹത മാത്രമാണ് തളം കെട്ടിനിൽക്കുന്നത്.  എല്ലാം അവ്യക്തമാക്കുന്ന മഞ്ഞു മഴ നേവ ഒഴുകുന്നില്ലെന്ന് തോന്നിച്ചു. അതു് നദീതടകിടങ്ങുകളിലെ ജഡങ്ങൾ മൂടി വെച്ചു, എതിർനോട്ടങ്ങളെ കാണാതാക്കി എതിർ കവിത കേൾക്കാതാക്കി. നേരം നിവർത്തി വിരിച്ച നീതിപോലെ തോന്നിപ്പിച്ചു.

മുമ്പിൽ മൂവായിരം പേരുണ്ടെന്ന്  തോന്നിക്കുന്ന കാലിലെ മരവിപ്പുമായി  നിന്ന് അന്ന അഖ്മതോവ ലെവിന്റെ ആദ്യ അറസ്റ്റ് ഓർത്തു. 1933 ൽ അവൻ ലെനിൻഗ്രാഡ് യൂണിവേഴ്സിറ്റിയിൽ നരവംശ ശാസ്ത്രം പഠിക്കുമ്പോൾ. അറബി പണ്ഡിതൻ എബർമാനുമൊത്ത് പേർഷ്യൻ കവിത റഷ്യനിലാക്കുന്ന ഒരു പാതിരാക്കാണത്.
നീ സാറിസ്റ്റ് ഗുമിലേവിന്റെ മോൻ,
പീറക്കവി അഖ്മത്തോവയുടെ മോൻ
– ഇതായിരുന്നു കുറ്റം.  അറവുമനുഷ്യരെ കുത്തിനിറച്ച  ട്രക്കിലേക്ക് അവനും എറിയപ്പെട്ടു.

ആ ഒരൊറ്റ രാത്രി കൊണ്ട് പീറ്റേഴ്സ്ബർഗ്ഗ് ഭ്രാന്തിയായി. എന്തെല്ലാം ഓർമ്മപ്പെരുമകൾ ഉള്ളവൾ! ദസ്തയേവ്സ്കി, പുഷ്കിൻ, ഒരിക്കലും കലങ്ങാത്ത, വറ്റാത്ത നേവ. മറ്റൊരു അന്ന അഖ്മ തോവ. ഒറ്റരാത്രി കൊണ്ട് ഉയരങ്ങളും ചരിത്രവും മറക്കപ്പെട്ടു. തൊടാവുന്ന ഉയരവും ദൂരവും മാത്രമേ പിന്നെ  യുദ്ധകാലമഞ്ഞക്കോട കാട്ടിയുള്ളൂ. എല്ലാ പുറപ്പാടും ഒളിയിടങ്ങളിലേക്കായി. വരവുകളെല്ലാം കൊമ്പും കുഴലുമുള്ളതായി. ഓരോ ധൈര്യവും മരണത്തിലേക്ക് കൊഴിഞ്ഞു. വിശ്വസിച്ച മേൽപ്പുര കാണാതെ വിരണ്ട നരച്ചീറായി വാക്കുകൾ പരിഭ്രമിച്ച് ചിറകടിച്ചു.

ഫാഷിസം ഭയം അഴിച്ചു വിടും. വീട് കടൽച്ചുഴിയെന്ന് തോന്നിക്കും.  മുങ്ങിത്താഴുമ്പോൾ അത് കൈകൾ വീശിക്കാണിക്കും. പിടിച്ച് മുക്കിത്താഴ്ത്താനുള്ള വീശലാണത്. പേടിപ്പിക്കലിൽ തെല്ലു പതറി, വീടുവളഞ്ഞ് മരണം നിന്ന ആ രാത്രി അന്ന കവിതകളെല്ലാം കുളിമുറിയിലിട്ട് ചുട്ടെരിച്ചു. എതിരാളലില്ലാതെ കടലാസും മഷിയും എരിഞ്ഞടങ്ങി. ആളുന്ന തീയ്ക്ക്  തൊടാനാവാത്ത കവിത കാണാ വഴികളിലൂടെ തിരിച്ചെത്തി.
മുള്ള് മുള്ളൻ പന്നിക്ക്
ചെതുമ്പൽ മീനിന്
വാക്കും കാഴ്ചപ്പാടും മൗനവും
എനിക്ക് കവചം.
ഒഴിയാനും വഴുതാനും
ചെറുക്കാനും ഒഴുകാനും.
സൂക്ഷിക്കാൻ തുടങ്ങി പിന്നെ ഞാൻ
മനസ്സ് മനസ്സിലെഴുതി

ലെവിനെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളിൽ   ഭയം കൊണ്ട് സഹായിക്കാൻ മടിച്ച സുഹൃത്തുക്കളെ അന്ന ഓർക്കുന്നു. മടിക്കുന്ന, മറയ്ക്കുന്ന, ഭയക്കുന്ന മറുനോട്ടമായിരുന്നു  പലരുടെയും മറുപടി. വധഭീതിയും മഹത്വ വെറിയും അവരെ പിൻ തിരിപ്പിച്ചു. നുണകളും മറകളും എല്ലായിടവും – നഗരങ്ങളും ഓഫീസുകളും തടവറകളും – അടക്കിവാണു. പറഞ്ഞു പറഞ്ഞ് നുണകൾ നേരായി. ഉയരം കുറഞ്ഞ നുണകളിൽ ഉയരം കൂടിയ നേരുകളെ വളച്ചൊടിച്ച് കുത്തിത്തിരുകി. പല പല ദിക്കിൽ പല ലെവിനെ കണ്ടു പരിഭ്രമിച്ചു. എതിർക്കുന്നവരെ ഇരകളാക്കിപ്പിടിച്ച്  രഹസ്യപ്പോലീസ് മേധാവിയായ യെഷോവ് സ്റ്റാലിനു   നേദിക്കുന്നു എന്ന വാർത്ത അന്ന അറിയുന്നുണ്ട്. എഴുത്തിലും നിലപാടിലും അരാഷ്ട്രീയതയും ജീർണതയും സോവിയറ്റ് വിരുദ്ധതയുമാരോപിച്ച്  എഴുത്തുകാരെയും ശാസ്ത്രജ്ഞരെയും കലാകാരന്മാരെയും ലേബർ ക്യാമ്പുകളിലടച്ച് ഘോരമായ പീഡനമേൽപിക്കുകയായിരുന്നു. യെഷോവ് ഭീകരതയുടെ കാലം. അവരിൽ പലരും  വധിക്കപ്പെട്ടു. ജീവന്റെ തളിർ ജ്വാല കൊണ്ട് അന്ന എല്ലാ കെടുതികളെയും ചെറുത്തു നിന്നു.
നോട്ടങ്ങൾക്കും അതിരുകൾ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. കാട്ടിയ കാഴ്ചകൾ മാത്രം, തരുന്ന കുഴലിലൂടെയുള്ള നോട്ടം മാത്രം. ക്യൂവിൽ നിന്നുകൊണ്ട് ലെവിന്റെ കുഞ്ഞിപ്പിണക്കങ്ങളിലൂടെ, കുഞ്ഞു വാക്കുകളിലെ മിന്നലിലൂടെ അവനെ കാണാൻ ശ്രമിക്കുന്നു. കുഞ്ഞായിരുന്നപ്പോൾ  ലെവ് ഉറുമ്പുകളുടെ ഭാഷയ്ക്ക് കാതോർക്കുമായിരുന്നു. അതിന്റെ റഷ്യൻ പരിഭാഷ അമ്മയെ കേൾപ്പിക്കുമായിരുന്നു. കണ്ടാലും കാഴ്ച തെളിയാതെ ശബ്ദം തിന്നു ജീവിക്കുന്നവരാണ് മനുഷ്യർ എന്നാണത്രേ ഉറുമ്പുകൾ പറയുന്നത്.

ക്യൂവിലെ മറ്റ് അമ്മമാർക്കും ഓർമ്മകളുണ്ട്. സദാ പ്രാർത്ഥനയുമായി തൊട്ടുമുമ്പിൽ നിൽക്കുന്ന അമ്മൂമ്മ പേരക്കുട്ടി ഗ്രിഗറിയെ കാണാൻ വന്നതാണ്. ആസ്ത്മക്കാരൻ. അവന്റെ അപ്പനമ്മമാർ കൊല്ലപ്പെട്ടതാണ്. ദ്രവിച്ചുണങ്ങിയ തൊലിയുടെ അംശം തങ്ങി നിൽക്കുന്ന തടവറയിലെ വായു അവന്റെ ശ്വാസകോശങ്ങളെ മാന്തിപ്പറിക്കും. നേവയുടെ തീരത്ത് പൈൻമരങ്ങളിൽ കുയിൽ പാടുന്നത്, വായു ഒഴുകുന്നത് ഒക്കെ അവന്റെ ഓർമ്മയിൽ.
ക്രെംലിനിൽ നിന്നും സൈബീരിയയിലെ ജയിലിൽ നിന്നും ഒഴുകി വന്ന വായുവിൽ നിന്ന് അന്നയും  ഭീകരതയുടെ എതിർ ഗതികൾ പഠിച്ചു;  ചിഹ്നവിജ്ഞാനീയം പഠിച്ചു. അരമന രഹസ്യങ്ങൾ, അധികാരോന്മാദം, ആയുധബാലേ – എല്ലാം വായിച്ചെടുത്തു. വിധേയത്വത്തിനും അനുസരണക്കും കൂറിനും കിട്ടുന്ന കൂലിയാണ് ജീവൻ. അവർക്ക് റഷ്യയുടെ സ്വർഗ്ഗ   ധ്രുവത്തിൽ കഴിയാം. അല്ലാത്തവർക്ക് ഉത്തര സൈബീരിയയിലെ  നരകധ്രുവത്തിൽ – നോറിൽസ്കിൽ -കഴിയാം. മരിക്കാൻ ഉപേക്ഷിക്കപ്പെട്ടവരുടെ ചോരയും നിക്കൽ കറയും ലോഹമാലിന്യവും കലർന്ന് ചുവന്ന നോറിൽസ്ക് നദി. ഇവിടെ അഞ്ചു വർഷം ലെവ് ഗുമിലേവ് തടവിൽ കഴിഞ്ഞിരുന്നു. ആന്ദ്രേ ഷഡനോവിനെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കള്ളക്കേസിൽ ലെവിനെ വധശിക്ഷക്ക് വിധിച്ചിരുന്നു. പുനർ വിചാരണയിൽ ഇളവുകിട്ടുകയും നോറിൽസ്കിലേക്ക് അയക്കപ്പെടുകയും ചെയ്തു. സാധാരണയായി അവിടെ നിന്ന് മടക്ക വഴികളില്ല. വായുവിൽ ലെവ്മാരുടെ മനം നൊന്തമണം തങ്ങിൽനിക്കും.  പല ജയിലുകളിലായി ഘോരമായ പീഡനങ്ങളാണ് ലെവ് അനുഭവിച്ചത്.

ഭീരുവാകാതെ  മരിക്കണം. പാവയാകാതെയും. അതിനാൽ   മകന്റെ ജീവനു വേണ്ടി അന്ന മാപ്പെഴുതിക്കൊടുക്കുന്നില്ല.  നരകിച്ചാലും കുമ്പിടാത്ത എത്രയോ പേർ. പാസ്റ്റർനാക്, ബ്ലോക്ക്, മറീന, ഓസിപ്. യേശുവിനെപ്പോലെ ആണിപ്പഴുതിലൂടെ ജീവൻ ചോർന്നാലും ആത്മവഞ്ചനക്കൊരുങ്ങാത്തവർ. പള്ളിയും മഞ്ഞു മറക്കകത്തായിരിക്കുന്നു. ശവമഞ്ഞ് കുടഞ്ഞു കളഞ്ഞ് യേശുവും മഞ്ഞിന്റെ അൾത്താരയിൽ നിന്ന് മറിയവും പോയിരിക്കുന്നു. പള്ളി നിലവറ തടവറയോ കൊലയറയോ ആയെന്ന് പാതി പറഞ്ഞ് പാതിരി ഭയന്നു വിറക്കുന്നു. പ്രാർത്ഥിക്കാൻ പോലും തോന്നുന്നില്ല അന്നയ്ക്ക്. പള്ളി തന്നെ പാർട്ടിയാവുന്നു. നേതാവ് ആൾ ദൈവവും. പകയും ഉൾപ്പാരും. സ്വാദിഷ്ഠമാകണേ ഈ അപ്പം എന്ന് എരിയടുപ്പിൽ വിറകിലെ നാളം പ്രാർത്ഥിക്കുന്നതു പോലെ, സ്വയമുള്ള ഈ എരിഞ്ഞു തീരൽ നന്മക്കാകണേ എന്ന് അന്നയുടെയും വിചാരം. നന്മ നടപ്പാവണേ എന്നും. പക്ഷേ നന്മയല്ല, അതിനു പിന്നിൽ ഭീകരതയാണ് മദിക്കുന്നത്. അതിനെ എതിർക്കാതെ വയ്യ.

എന്നിട്ടും പാസ്റ്റർനാക്കിനെയും കൂട്ടി ഒരിക്കൽ അന്ന സ്റ്റാലിനെ കണ്ടു. ആ കാണലോടെ  മരിക്കലാണ് എളുപ്പം എന്നു തോന്നി. ജീവിക്കൽ കടുപ്പമെന്നും. എതിർവായകൾ കൂടുതൽ മൂടപ്പെട്ടു. എതിർ ജീവിതങ്ങൾ കൂടുതൽ ഞെരുക്കപ്പെടു. മേലാസകലം മെഡലുകളും ദംഷ്ട്രകളും നഖങ്ങളും ചാർത്തി ഒരു മഞ്ഞു കരടി – മാർഷൽ ദൈവം – മഞ്ഞിൽ ഉലാത്തുന്നു.
ചലനമേതും ജന്തു ചലനം
വേട്ടക്കാലത്ത്
വരവേതിലും മരണം
പേടിക്കാലത്ത് “.

ജയിലിൽ നിന്നു വരുന്ന വായു പിന്നെ വെളിപാടുകളൊന്നും കൊണ്ടുവരാതായി. തുരുമ്പുമണം മാതമായി. ചരിത്രം, മനസ്സ്, വാക്ക് എല്ലാം അടരായായി അട്ടിയിട്ട ഗന്ധങ്ങൾ. അതിൽ എല്ലാം തുരുമ്പിക്കുന്നു. ബന്ധങ്ങൾ, ആഗ്രഹങ്ങൾ, നീതിചിന്ത, പോരാട്ടത്വര, മനസ്സ്, വാക്ക്.

വാക്കിൽ നീതിയിൽ കാറ്റിൻ –
നാദത്തിൽ നിന്ന്, മൃത-
താരരാശിയിൽ നിന്ന്
കൊഴിയുന്നു മഞ്ഞിൻ തരി,
സമയത്തിന്റെ വെളുത്ത തുരുമ്പ്;
അർത്ഥത്തിന്റെ തവിട്
ദർശനത്തിന്റെ ഭസ്മം
സ്വപ്നത്തിന്റെ മൃതകോശം
ജീവന്റെ ദ്രവിച്ച തൂവൽ
മരിച്ച സമയം. അത് വാക്കാവുന്നില്ല. മഹാബലയായ റഷ്യൻ വാക്ക് ഒരു തളർന്ന നോട്ടം മാത്രമാകുന്നു.

ഇടയ്ക്ക്, ക്യൂവിൽ ഏഴെട്ടാൾ മുന്നിൽ, തല തോളത്തേക്ക് ചാഞ്ഞ ഒരാളെ ലെവിന്റപ്പനാണോ എന്ന് അന്ന സംശയിച്ചു പോയി. നിക്കൊലായ് ഗുമിലേവ് – നിക്കി. സാഹസിയും പോരാളിയും സഞ്ചാരിയും നവീനനുമായിരുന്നവൻ. വമ്പൻ മിത്രങ്ങളും ബന്ധങ്ങളുമുണ്ടായിരുന്നവൻ. സ്വാതന്ത്ര്യദാഹി. ബോൾഷെവിക്കുകളെ ചെറുത്തു നിന്നവൻ. ലെനിൻ ഒപ്പിട്ട മോചന ഉത്തരവുമായി  തടവറയിൽ നിന്ന് ഗോർക്കി ഓടിയെത്തുമ്പോഴേക്കും കൊവാലെവ്‌സ്കി വനത്തിൽ നിക്കി കൊല്ലപ്പെട്ടിരുന്നു. കാറ്റിനു കാറ്റിനു ഗതി മാറുന്ന ആറ്റു തിര പോലായിരുന്നു അവന്റെ പ്രണ യമെങ്കിലും തമ്മിൽ അകന്നെങ്കിലും അന്ന നീക്കിയെയും അവന്റെ പ്രേമത്തെയും മറന്നില്ല. നീക്കിയുടെ നില്പും നടപ്പും ചലനവും ഒച്ചയും തോന്നിയതിനാൽ പലനാൾ പലരെയും പ്രേമിച്ചു. പഠിപ്പിക്കലില്ല പഠിക്കലേയുള്ളൂ എന്ന് .അവനിൽ നിന്നു പഠിച്ചു.
മകനെ കാണാൻ നിക്കി ക്യൂവിൽ വരില്ല. ഉയിർത്തെഴുന്നേൽക്കാൻ ഒരണു പോലും അവനിൽ ബാക്കിയുണ്ടാവില്ല. കശാപ്പുചെയ്യപ്പെട്ട ആ സ്വാതന്ത്ര്യം കാട്ടിലെ മഞ്ഞുപാളികളാൽ മറച്ചുവെക്കപ്പെടും.

മകൻ ജനിച്ചപ്പോൾ അവന്റെ ഉടൽ ഭാഷയിലെ വാക്കുകളിൽ നിക്കിയെ കണ്ടു. അവന്റെ മുറുക്കിപ്പിടിച്ച വിരലുകളിൽ വിജയത്തിന്റെ കൊടി സങ്കല്പിച്ചു. ഒരു യക്ഷിക്കഥ പറഞ്ഞു കൊണ്ടു പോലും താൻ  അവന്റെ ലോകത്ത് പേടിമുള്ള് പാകിയില്ല

പ്രണയവും കവിതയുമായിരുന്നു അന്ന് തന്റെ ചിറകുകൾ. അതിനാൽ ലെവിനെ താരാട്ടുപാടിയോ കൂടെക്കളിച്ചോ അവന് ചിറകായില്ല. കായലിലേക്ക് കൊഴിയുന്ന തൂവൽ പോലെ എന്നെങ്കിലുമൊന്ന് തൊട്ടാലായി അവന്റെ തീരങ്ങളെ എന്ന് അന്നയിലെ അമ്മ നോവുന്നു.

കടം വീട്ടുന്നു ഞാനിന്ന്;
         കാണാത്ത നേരങ്ങൾക്ക്
          കാണാൻ കണ്ണെരിഞ്ഞ്
          ഊട്ടാത്ത പാലിന്
          തോരാതെ കണ്ണീരൊഴുക്കി.
            ഒഴുക്കാത്ത കളിയോടങ്ങൾക്ക്
              ഗതികെട്ടലയുന്ന ഉയിരെരിച്ച്.

മകൻ തൊട്ടപ്പുറത്തുണ്ട്, അവന്റെ നിശ്വാസം തൊട്ടപ്പുറത്തുണ്ട്, അവന്റെ ഉൾച്ചുഴലികൾ കാണാവുന്നത്രയടുത്തുണ്ടെന്നും
അവനെ കണ്ടെത്തിയെന്നും തന്നെ അന്ന ക്യൂവിലെ കാത്തിരിപ്പിൽ സമാധാനിക്കുന്നു

സ്നേഹമോ ഭയമോ നിന്നോടെനിക്ക്?
സ്നേഹവും ഭയവുമാ വാത്സല്യം
ഏതമ്മയ്ക്കും?
കൂടെയുണ്ടായിരുന്നപ്പോഴത്തേക്കാൾ
കൂടെയുണ്ടെനിക്കിന്നു നീ
അടുത്തുണ്ടായിരുന്നതിനേക്കാൾ അടുത്ത്
അറിഞ്ഞതിനേക്കാൾ അറിഞ്ഞ്.”

തന്നിൽ അവൻ മീനായ് തുടിക്കുന്നതും മാനായ് കുതിക്കുന്നതും പറവയായ് പാറുന്നതും എവിടെയാണെന്ന് അറിയാമായിരുന്ന അമ്മയാകലിന്റെ ആ വസന്തം അന്നയോർത്തു. ലോകത്തെ അജ്ഞതയിലടച്ച് രഹസ്യ സുഗന്ധങ്ങളെ ഉള്ളിൽ സൂക്ഷിച്ചു. താനായിരുന്നെന്നോ അവനെക്കുറിച്ചുള്ള അറിവുകളുടെ സ്റ്റാലിൻ!
ക്യൂവിൽ ചലനമൊന്നും സംഭവിച്ചിട്ടില്ല. അകത്ത് എന്തു നടക്കുന്നു എന്നറിയില്ല. ഓരോ അമ്മയുടെ നെഞ്ചിലുമുണ്ട് ഒരു ഓടിപ്പിടയിൽ: ഓരോ പഴുതിലും പൂച്ച നിറഞ്ഞ കോട്ടയിൽ പെട്ട എലിയുടെ പരക്കംപാച്ചിൽ. മഞ്ഞിലുറഞ്ഞു പോയ ഒരു നെട്ടോട്ടമാണ് അമ്മമാരുടെ ആ ക്യൂ.

പൊട്ടെംകിൻ യുദ്ധക്കപ്പലിലെ ആ പഴയ നാവികനെ അന്ന ഓർത്തു. ബുടീർക്കാ ജയിൽമുറ്റത്തു വെച്ചാണ് അയാളെ പരിചയപ്പെട്ടത്. ദസ്തയേവ്സ്കിയെ , മയകോവ്സ്കിയെ ആ തുറുങ്കിൽ പൂട്ടിയിരുന്ന കഥ അയാൾ കേട്ടിട്ടുണ്ട്. കപ്പൽത്തട്ടിലെ ചോദ്യം ചെയ്യൽ അയാൾ   കണ്ടിട്ടുണ്ട്. ഓരോ ചോദ്യത്തിലും ഇര പുറകോട്ടുമാറി കപ്പൽത്തട്ടിന്റെ വക്കോളമെത്തും. അവിടെ പ്രപഞ്ചത്തിൽ തന്റെ ഇടം  ഏതു വായ്ത്തലയിലെന്ന്  ഇര അറിയും. മലവും ചോരയും ഓയിലും കപ്പൽ തുരുമ്പും മദ്യവും നാറുന്നിടത്തു നിന്ന്, പ്രാണന്റെ വക്കിലുള്ള ആ നില്പിൽ നിന്ന് ഇര ഓരോ വയൽ വരമ്പിലൂടെയും പള്ളിക്കൂടത്തിലേക്കോടുകയാവും. എല്ലാ ദൈവങ്ങളാടും ആയുസ്സ്  യാചിക്കയാവും.   വിചാരകരുടെ കൊടും പീഡനങ്ങൾക്കൊടുവിൽ അവരുടെ ജീവൻ ഗുലാഗിൽ വീണടിയും.  ഒരിക്കലും വീണ്ടെടുക്കാനാവാതെ.

ക്യൂവിലെ നിൽപ്പിൽ മെറീനാ സ്വെത്യേവയും മോദി ഗ്ലാനിയും തന്നെ തൊടുന്നതായി അന്നയ്ക്കു തോന്നി. ഉറ്റ സുഹൃത്തുക്കളായിരുന്നവർ. സഹനങ്ങളുടെ മറിയ. എഴുതാനും പ്രസിദ്ധീകരിക്കാനുമുള്ള വഴികളടഞ്ഞപ്പോൾ, പീഡനങ്ങൾ കൊണ്ട് ജീവിതം വഴിമുട്ടിയപ്പോൾ ജീവിതമൊടുക്കിയവൾ.

വാക്ക്, ചിന്ത, ഭാവന, കവിത എല്ലാറ്റിലും ഭ്രാന്തറയുടെ താഴുകൾ വീഴുകയാണ്. റഷ്യ മുഴുവൻ സ്റ്റാലിനെന്നൊരു താഴാണെന്ന് അന്നയ്ക്ക് തോന്നി. പണ്ട് അയാളുടെ വരവിനെ വാഴ്ത്തിയതിൽ ആത്മനിന്ദയും.
എതിർക്കണമായിരുന്നു
എതിർവാക്ക് ചിരഞ്ജീവി

നാളെ നാളെ എന്ന്   പതിനേഴു മാസമായി ക്യൂവിൽ അന്നയുടെ നിൽപ്പ്, മകനെ ഈ ജന്മം കാണാനാവുമോ? നിഴലെങ്കിലും കാണാനാവുമോ? അനങ്ങുന്ന നിഴലിനെയും ജയിലിൽ ആളെന്നു കാണണം. പേരെഴുതി ഒരു പുസ്തകം ഏൽപ്പിക്കാനാവുമോ? ഇല്ല, കൈയക്ഷരം ഓർമ്മകൾ ഒളിച്ചു കടത്തും. കരി പുരളാത്തൊരു വാക്കോ ചോര പുരളാത്തൊരു പേരോ തടവറയിൽ കിട്ടില്ല. മകനുവേണ്ടി ഒരു പൊതിയുണ്ട് അഖ്മതോവയുടെ കൈയിൽ. പക്ഷേ, അതിൽ മോചനത്തിന്റെ വീട്ടു ചോറില്ല.

“അഖ്മതോവയല്ലേ, എഴുതുമോ ഇതെല്ലാം ” പിന്നിൽ നിന്നൊരമ്മ. അമ്മമാരുടെ ഒരു മഹാനദിയുടെ തന്നെ ചോദ്യം. എഴുതും. എഴുതായ്ക ആത്മഹത്യയാകയാൽ എഴുതും. ചോദിച്ച ചുണ്ടിൽ ചിരി പോലൊന്നു കണ്ടു, അഖ്മതോവ.

കോട്ടയ്ക്കുള്ളിൽ നിന്നും അറവു മനുഷ്യരെ കുത്തിനിറച്ച ഒരു ട്രക്ക് പാഞ്ഞു പോയി. മൂടൽമഞ്ഞിൽ ഒരു മുഖവും വ്യക്തമായില്ല. എല്ലാം ലെവിനെന്നു തോന്നി. ഒന്നും ലെവിനല്ലെന്നും തോന്നി.
മുന്നിലൊരമ്മ മരിച്ചു വീണെ-
ന്നൊരു മർമ്മരം.
ജയിൽക്കാറ്റിന്റെ വിസിൽ;
പിറുപിറുപ്പു വേണ്ട,
വാഴ്ത്തല്ലാതൊരു ശബ്ദവും വേണ്ട.
ഒരൊഴിവ് മുന്നിലേക്കായി
പിന്നിൽ നിന്നവർ“.
ഭീകരത ഒരമ്മയെ ശിക്ഷിച്ച വിധമാണിത്. സ്തുതി പാടാത്ത, വാഴ്ത്തിൽ വീഴാത്ത എഴുത്തിനെ ഭരണകൂടഫാസിസം ശിക്ഷിക്കുന്ന വിധം. പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും ഊരുവിലക്കിനും തോക്കിനും മുമ്പിൽ കുറ്റി കണക്കെ നിന്ന അമ്മമാർ . പേടിപ്പിക്കുന്നതിൽ ഒരു പേടിത്തൊണ്ടൻ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും അവന്റെ ക്രൂരതകൾക്ക് സമാനതകളില്ലെങ്കിലും
അവന്റെ ഗർജ്ജനങ്ങൾ മുറിവേറ്റ കഴുകന്റെ കരച്ചിൽ പോലെ നാളെ ഇരുട്ടിൽ ഒലിക്കുന്ന ദൈന്യം മാത്രമാണെന്നു തിരിച്ചറിയുന്നതും ഈ അമ്മമാരാണ്’.

സ്റ്റാലിൻ ഭീകരതയുടെ കാലത്ത് അവിടെ ജീവിക്കുകയും വാക്ക് വിലക്കിനെ നേരിടുകയും അതിജീവിക്കുകയും ചെയ്ത കവിയാണ് അന്ന അഖ്മത്തോവ. പലതരം മറകളാൽ മൂടിവെക്കപ്പെട്ട നേരിനെ കവിതയുടെ തിരസ്കരണീമന്ത്രം കൊണ്ട് അവർ അടുത്തു കണ്ടു. ജയിലിനെ മാത്രമല്ല, എല്ലാ അധികാര സ്ഥാപനങ്ങളെയും ജനദൃഷ്ടിയിൽ നിന്നു മറച്ചു പിടിക്കുന്ന, ദിഗന്തങ്ങളോളം വ്യാപിച്ച ആ കോടമഞ്ഞിനെ ഭേദിച്ചു പോകുന്ന വാക്കിന്റെ  രശ്മികളെ കടുപ്പിച്ചു നിർത്തലാണ് കവിയുടെ ദൗത്യം എന്നു തിരിച്ചറിയുന്ന കവിയെയാണ് നാം കെ.ജി.എസ്സിന്റെ കവിതകളിലും കാണുന്നത്.

 

ചോദ്യാകാരമായ കാലത്ത് ഒരമ്മ – ചോദ്യക്കോലം.

നീതി കിട്ടിയില്ലവന്
അവന്റെ ഭാഗം പറയാൻ
അവസരം കൊടുത്തില്ലവർ
കുടുങ്ങിയവരെ ഒടുക്കാനായിരുന്നു
അവർക്കു തിടുക്കം
ദയയും കിട്ടിയില്ല.

ഓരോ പടിയിലും ഓരോ ബുദ്ധനിരിക്കുന്ന പതിനായിരം പടികളുള്ള ബുദ്ധക്ഷേത്രത്തിലെ താഴത്തെ പടിയിൽ നിന്ന് കൈമാറി കൈമാറി ദയാഹർജി ഏറ്റവും മുകളിലുള്ള വൃദ്ധവൃദ്ധനായ പെരിയ ബുദ്ധന്റെ കൈയിലെത്തും. ചിലർ മാസങ്ങളും വർഷങ്ങളുമെടുത്തു വായിക്കും.. ചിലർ വായിക്കുക തന്നെയില്ല. പെരിയ ബുദ്ധന്റെ കൈയിലെത്തുമ്പോൾ ദയാഹർജി മരണം പോലൊരു വെള്ളക്കടലാസ്.   വിറക്കുന്ന വിരലുകളിൽ  നിന്ന് അത് കാറ്റ് കൊണ്ടു പോയി. ദയാഹർജി തളളി. ആർത്തു വിളിച്ചു കൊണ്ടവനെ അവർ കുരുതിക്കുറ്റിയിലേക്ക് വലിച്ചിഴച്ചു.
നീതി കിട്ടിയിടത്തേ സമാധാനമുള്ളൂ എന്ന് അഫ്സൽ ഗുരു ഓർമ്മയിലുള്ള ഒരമ്മ ചോദ്യാകാരമായ ലോകത്തിനു മുമ്പിൽ നീണ്ടു നിവർന്നു നിൽക്കുന്നു.  “ചോദ്യക്കോല”ത്തിലെ കാവേരിയമ്മ. അവരും എഴുത്തുകാരിയാണ്. മകന് നീതി കിട്ടാൻ അവരും പോരാടിയതാണ്. രാജ്യദ്രോഹക്കുറ്റവും ഊരുവിലക്കും അവർക്കു മേലും ചാർത്തപ്പെടാം.

ശേഷിക്കുന്ന മകന്റെ പാക്കിസ്ഥാനിക്കാരിക്കാമുകി
നസീമയും സുഹൃത്ത് നാസറും തലേ ആഴ്ച വീട്ടിൽ എത്തിയിരുന്നോ എന്നറിയാനും ചില വിവരങ്ങൾ കാവേരിയമ്മയിൽ നിന്നറിയാനും ആയിട്ടാണ്  പോലീസ് എന്നു പരിചയപ്പെടുത്തി ഒരാൾ വന്നത്. പ്രണയത്തിലും സൗഹൃദത്തിലും അയാൾ കാണാക്കുരുക്കുകളെ കാണുന്നു. ഏതു ബന്ധത്തിലും ഉണ്ടാകാം  ഒരു ഭീകരാധ്യായം,   മാരകമായ ഒരു മറുപുറം.

ചോദ്യക്കോലത്തിന്റെ വളവുകളിൽ നിഗൂഢ ലക്ഷ്യങ്ങളുടെ ഒളിയിടങ്ങളുണ്ട്. പതിയിരുന്ന് ഉണ്ണികളെ തട്ടിക്കൊണ്ടുപോകുന്ന പൂതങ്ങളുണ്ട്. ചോദ്യങ്ങൾക്കുമേൽ ചോദ്യങ്ങൾ – ചോദിച്ചു ചോദിച്ച് നുണകൾ നേരാവുന്നു. കേട്ട കഥകൾ നടന്ന കഥകളാകുന്നു.  ആ കഥയിൽ മകന്റെയും കൂട്ടരുടെയും വരവുണ്ട്, വഴിയിലുടനീളം അവരെ പിന്തുടർന്നൊരു കഴുകൻ മേലേ പറക്കുന്നുണ്ട്. അവർ ഉരുട്ടിക്കൊണ്ടു വരുന്നുണ്ട് വലിയൊരു സ്യൂട്ട് കേസ്. അകത്ത് രാജ്യാന്തര ബന്ധങ്ങൾ തഴച്ചുവളരാൻ തളിക്കേണ്ട സവിശേഷമായ പെർഫ്യൂമുകളാണത്രേ.    വംശസ്മൃതികൾ പോലെ ആഴമേറിയവ, കാടമുട്ടയുടെ വലിപ്പമുള്ളവ. മുന്നോ നാലോ ചെപ്പു കൊണ്ട് ഏതു നഗരവും സുരഭിലമാകും. നാലാം നാൾ  സ്യൂട്ട് കേസിൽ നിന്ന് തിളച്ചു പുളഞ്ഞ ക്രൂരദുർഗന്ധത്തിൽ വീട്ടു കോശങ്ങൾ ബോധം കെട്ടു. പെട്ടിയ്ക്കകത്ത് സംസ്കാരത്തിലുള്ള പ്രത്യാശ നഷ്ടപ്പെട്ട  പെണ്ണിന്റെ  ചീഞ്ഞു തുടങ്ങിയ ശവം.
നേരോ നുണയോ മാഡം
കൊടുത്തോ മാഡം പണം
ഏതു ബാങ്കിൽ നിന്ന് ലോൺ
വീട്ടാനെത്ര പക ബാക്കി?
ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞു മാറാൻ ലോകത്തിനാവില്ല. ലോകം തന്നെ ചോദ്യമയം, ബോധാവസാനം വരെ ചോദ്യാകാരമാണ് കാലം ചോദ്യമില്ലാത്ത കാലമെന്നാൽ ലോകമില്ലാത്ത കാലം. അതുകൊണ്ട് ചോദ്യത്തിനുത്തരം കിട്ടിയേ മതിയാകൂ എന്ന് പോലീസിന്റെ പിടിവാശി. മൂത്ത മകന്റെ മരണം തടയാനാവാത്ത ഉരുൾ പൊട്ടലായിരുന്നില്ല. ജരാനരകൾ ബാധിച്ച നീതിബോധം നീതി നടപ്പാക്കിയതിലെ അനീതിയും അനാസ്ഥയുമായിരുന്നു. ബലിയാടിന് സഹനമാണ് പച്ചില. ചോദ്യ പ്രളയത്തിന് കാവേരിയമ്മയ്ക്ക് അതുമാത്രം ഉത്തരം. എന്നാൽ അമ്മമാരുടെ തീരാദുഃഖം  ഉത്തരമല്ല. അത് എഴുതാനുള്ള സർക്കാർ കോളവുമില്ല.
മകരക്കൊയ്ത്തു കഴിഞ്ഞാൽ
സ്കൂളുകളൊക്കെ അടഞ്ഞാൽ
മുറ്റത്തെത്തും പൂതത്തോടിനി
ഉണ്ണിയെ വേണോ, ഉണ്ണിയെ വേണോ
ചോദിക്കാനൊരു നങ്ങേലിക്കും
തോന്നാതായെന്നോ മാഡം?

എങ്കിലും വീടുവീടാന്തരം രേഖ രേഖാന്തരം കയറി കോളം നിറക്കൽ തന്റെ നിയോഗം. അമേരിക്കൻ ദൈവത്തിനുള്ള വിവരപ്പറയെടുക്കുന്ന ചാരൻ എന്നൊരു പഴി   കേൾക്കുന്നുണ്ട്.  പട്ടിപിടുത്തക്കാരനെപ്പോലെ ചോദ്യങ്ങളുടെ കുടുക്കെറിഞ്ഞ് വീഴ്ത്തൽ തന്റെ പണി. തരിശുരിലെ തമിഴമ്മയുപ്പോലെ പകലറുതിക്കു മുമ്പ്
കുടം നിറച്ച് മടങ്ങണം’ നിറകോളത്തിനാണ് കമ്മീഷൻ.

ചോദ്യാകാരങ്ങൾ ഇഴപിരിഞ്ഞു ചേർന്ന്  പുതിയ കാവലോ കുരുക്കോ തൊട്ടു മുമ്പിൽ വന്നു നില്ക്കുന്നത് എന്ന് കാവേരിയമ്മയ്ക്ക് തിട്ടപ്പെടുത്താനാവുന്നില്ല.  ചോദ്യങ്ങൾ സർഗ്ഗാത്മകമായി, ഉത്തരങ്ങൾക്ക് പ്രേരകമായി, സംഭാഷണം  ജീവിതത്തോടുള്ള ഉണർവായിരുന്ന, കേൾക്കാനാഗ്രഹിക്കുന്ന കവിതയായിരുന്ന ഒരു കാലത്തിന്റെ ഓർമ്മയുമായാണ് കെ.ജി.എസ് “ചോദ്യക്കോലം” അവസാനിപ്പിക്കുന്നത്. കാരൂരിന്റെ ” മരപ്പാവകളി'” ലെ എന്യൂമറേറ്റരുടെ ചോദ്യങ്ങൾ. ഉള്ളിൽ പുതിയൊരു  മരപ്പാവയെ കൊത്തിയുണർത്തിക്കൊണ്ട് നളിനിയുടെ മറുപടി.   അതുപോലൊരാൾ പിന്നെ വന്നില്ല, വെയിലെത്ര  ചിതയായിട്ടും.

കോലം കെട്ട ലോകം, വടിവുകെട്ട അമ്മ, ആർച്ച

എഴുത്തുകാരിയും വായനക്കാരിയുമാണ് ആർച്ചയിലെ അമ്മയും. പുതുകവിതയെഴുതുന്നവൾ; കാഫ്കയേയും തോമസ് മന്നിനേയും വായിക്കുന്നവൾ. മെട്രോ നഗരത്തിൽ ഐ.ടി. വിദദ്ധ.
വള പോലെ അയഞ്ഞു കിണുമ്പാതെ
മോതിരം പോലെ മുറുകണം കവിതയിലെ വാക്കെന്ന് അവളെഴുതുന്ന പുതുകവിതയിലെ വാചാലത കവി മൂപ്പൻ വെട്ടിമാറ്റിയിരുന്നു.
” ഒറ്റവരിപ്പാത
ആറുവരിയാകുന്നത് ലോകം
ആറു വരി വെളിവ്
ഒറ്റവരി മിന്നലാകുന്നത് കവിത

പറഞ്ഞിട്ടെന്താണ്? ലോകനാർ കാവിൽ വേലയുടെ തലേന്ന് ഉണർന്നു നോക്കുമ്പോൾ  അയഞ്ഞ്, ചീർത്ത് നീണ്ട്  തുമ്പിക്കൈ പോലെ വളർന്ന് തൂങ്ങുന്നു രണ്ടു കൈകളും. തന്റെ രൂപാന്തരം കണ്ട് ആർച്ച അലറി വിളിച്ചു. വീട്, കടുംബം, കുട്ടി, സമൂഹം – ലോകം തന്നെ കണ്ട് ഞെട്ടുമോ പേടിക്കുമോ ഒഴിഞ്ഞു മാറുമോ?

ലോകനാർകാവിലെ കൗമാരകാലത്ത് നിലാവിൽ തന്റെ കൈയൊരു പ്രണയവാദ്യമായിരുന്നു. കൈയിൽ തൊടാനുള്ള ധൈര്യമേ ഉണ്ടായിരുന്നുള്ളൂ അവന്. കൈയിലായിരുന്നു അന്ന് തന്റെ ആത്മാവ്. വസ്തുക്കളുടെയും യന്ത്രങ്ങളുടെയും വിവരങ്ങളുടെയും വാക്കിന്റെയും വിചാരത്തിന്റെയും കെട്ടിക്കിടപ്പ്. കെട്ടിക്കിടപ്പിനാൽ അവിടവിടെ ചീർത്തും മുഴച്ചും ഇരിക്കുന്ന പുതിയ ലോകത്തിന്റെ അസമനിലയെ ഈ കവിത എഴുതുന്നു. പ്രതിഷേധവും പ്രതികരണവും മറന്ന ലോകം.  അന്യോന്യം കാണുകയും കേൾക്കുകയും ചെയ്യാത്ത ലോകം. ആവിഷ്കരിക്കാതെ, ചെയ്തു തീർക്കാതെ, ഊട്ടിത്തീരാതെ, രുചിച്ചു തീരാതെ അകമേ കെട്ടിക്കിടന്ന് മന്തു വന്ന് ചീർത്തു വീർത്ത് കോലംകെട്ട നില്പ്.

ഏഴരവെളുപ്പിന് എഴുന്നേറ്റ് ജപം, സങ്കീർത്തനങ്ങൾ, സംഗീതം,വ്യായാമം, സാധകം, ധ്യാനം – വടിവ് വീണ്ടു കിട്ടാനുള്ള വ്യവസായങ്ങളും വളരുന്നു.   എല്ലാം കൊണ്ടാടൽ. ഈ രൂപാന്തരവും  കൊണ്ടാടണമോ? കൈകളിലണിയേണ്ട രാമായണം കൊത്തു വളയും ടൈറ്റാനിക് കൊത്തുവളയും വിരലിലണിയണമോ? കാഫ്കയെ ഉപേക്ഷിച്ചാൽ, അസംബന്ധോപാസന ഉപേക്ഷിച്ചാൽ പഴയ വടിവ് വീണ്ടുകിട്ടുമോ? കീബോർഡിൽ താളം പിടിക്കുന്ന വിരൽത്തുമ്പല്ലാതെ മറ്റൊന്നും അനങ്ങാത്ത യാന്ത്രിക ചലനങ്ങളുടെ കാലത്തെ വേവലാതികൾ.
വടിവു കെടാതെ ഏതമ്മ?
വടിവു നഷ്ടത്തിൽ നീറാതെ ലോകത്തിലിനി ആര്?
ലാപ്ടോപ്പുകളും ചക്രങ്ങളും
പുൽച്ചാടികളും പച്ചക്കുതിരകളും
അരണകളും കുരുവികളും അമ്മക്കവിളിലെ കണ്ണീർച്ചാലുമല്ലാതെ?
ലോകനാർ കാവിലെ പഴയ ആർച്ച – സദാ പ്രവർത്തിച്ചവൾ പ്രതികരിച്ചവൾ. അരയും തലയും മുറുക്കി അങ്കം വെട്ടിയവൾ. ഉടൽ വടിവിനെക്കുറിച്ചുള്ള ഒരു വേവലാതിയും അവളെ അലട്ടിയുമില്ല.

 

മെമ്പറും പാമ്പും – താമസം 

അമ്മയും പാമ്പും പ്രകൃതിയും പരസ്പരഹിതകാരികളായി ഒരേ വീട്ടിൽ താമസിക്കുകയാണ് ” താമസം” എന്ന കവിതയിൽ . സ്വാർത്ഥ മോഹികൾക്കും അധികാരിവർഗ്ഗത്തിനും  ലാഭേച്ഛുക്കൾക്കും അറിയാത്ത സ്നേഹത്തിന്റെ  നീതിപാഠമാണത്.

ആൾപ്പാർപ്പില്ലാത്ത ഇടിഞ്ഞുപൊളിഞ്ഞ വീട്ടിലേക്ക് ആദ്യമെത്തിയത് പാമ്പാണ്. ചുമരിൽ ശ്രീരാമൻ ബാലിയെ കൊല്ലുന്നതിന്റെ, ഗീവർഗ്ഗീസ് പുണ്യാളൻ വ്യാളിയെ കൊല്ലുന്നതിന്റെ പടങ്ങൾ. പടനായകരുടെ വീട്ടിൽ ആയുധങ്ങളും വീമ്പും ബാക്കി – പാമ്പു വിചാരിച്ചു: പാമ്പ് കയറിയപ്പോൾ വീടൊന്നു മിടിച്ചു.  മനുഷരെ മാത്രമല്ല, എല്ലാ ജീവികളെയും വീടിനിഷ്ടമാണ്. എല്ലാവർക്കും ചുറ്റിപ്പടരാൻ ഒരു ബാഹുബലി, സെന്റ് ഫ്രാൻസിസ് ഏതു വീട്ടിലുമുണ്ടാകും. കാട്ടിലിഴയുന്ന പോലെ എളുപ്പമല്ല പാമ്പിന് മരിക്കുന്ന വീട്ടിൽ ഇഴയൽ. മരിച്ച മണങ്ങളുടെ പ്രേതങ്ങൾ ഗതികിട്ടാതെ വായുവിൽ നാറ്റങ്ങളായ് നിന്നു കിതയ്ക്കും. കാടിനേക്കാൾ കാടാണ് ആളൊഴിഞ്ഞ വീടിന്റെ ഓർമ്മ
കിടപ്പറയിൽ തകർന്നു തൂങ്ങുന്നു
പെരുന്തച്ചൻ ചാർത്തിയ ആരൂഢം
തട്ടിൻപുറത്ത് പഴയ പോർക്കുതിപ്പുകളുടെ കുതിരത്തല,
പാർട്ടിയുടെയോ ദേവിയുടെയോ
ദ്രവിച്ച കൊടിക്കൂറ
പൂച്ച നരിച്ചീർ വക്കാണം
നിലവറയിൽ എലിവിളയാട്ടം
പറ്റിയ ഇടം. പാമ്പ് അവിടെ താമസമാക്കി.

പടക്കം ഫാക്റ്ററിക്ക് തീ പിടിച്ച് ബന്ധുക്കളൊക്കെ മരിച്ചുപായ ഒരമ്മയെ മെംബർ അവിടെ കൊണ്ടുവന്നാക്കി. മറ്റൊരു കൂര കണ്ടുപിടിക്കുന്നതുവരെ മാത്രമാണെന്നും തന്നെ ഏൽപിച്ച പൊന്നും പണവുമെല്ലാം ഭദ്രമെന്നും മെമ്പർ അമ്മമ്മയെ സമാധാനിപ്പിച്ചു.
മുദ്രാവാക്യ മുദ്രയിൽ പത്തിവിടർത്തിയ പാമ്പിനെ കണ്ട് അയാൾ പേടിച്ചില്ലെന്നു മാത്രമല്ല, ഉള്ളിൽ നിഗുഢമായ ഒരാഗ്രഹത്തിന്റെ  സാഫല്യ സാദ്ധ്യതയോർത്ത്  സന്തോഷിക്കുകയും ചെയ്തു. അമ്മമ്മയെ  നാഗത്താന്മാർ നോക്കിക്കൊള്ളും, നമുക്ക് രണ്ടു ദിവസം കഴിഞ്ഞു വരാം എന്നു പറഞ്ഞു പോയ അയാൾ പിന്നെയെത്തുന്നത് ആഴ്ചകൾ പലതു കഴിഞ്ഞ് ജെസിബി പിഴുതെറിഞ്ഞ കുടിലുകളിലെ ആരോരുമില്ലാത്ത കുറേ ആളുകളെ അവിടെ പാർപ്പിക്കാനാണ്.  കൊളുത്തിയ വിളക്കിനു മുമ്പിൽ കാലും നീട്ടിയിരുന്ന് അമ്മമ്മ നാമം ചൊല്ലുന്നു.  തൊട്ടടുത്ത് രക്ഷകനായ് തക്ഷകൻ . അമ്മമ്മ വാത്സല്യത്തോടെ പത്തിയിൽ തലോടുന്നു.

വീട്  ബാഹുബലിയും സെന്റ് ഫ്രാൻസിസുമായി സകല ചരാചരത്തെയും ചേർത്തുപിടിക്കുന്നു. പുറത്ത് നേതാക്കൾ പുതിയ കാലത്തിന്റെ ജന്മികളാകുന്നു. കുടിയൊഴിപ്പിച്ചും നിരത്തു വീതി കൂട്ടിയും മലയിടിച്ചും മരം വെട്ടിയും സകല ജീവജാലങ്ങളെയും അശരണരും   അനാഥരും ആക്കിക്കൊണ്ടിരിക്കുന്നു. ആ അനാഥത്വത്തെ വീണ്ടും മുതലാക്കുന്നു. സമൂഹത്തിന്റെ അതിരുകളിലുള്ളവർക്കുവേണ്ടി, പുറമ്പോക്കിലുള്ളവർക്കു വേണ്ടി എഴുതപ്പെട്ട കവിതയാണ് താമസം.

തലകീഴായ നീതി. – മാതു, പിഴ 

അശരണരും അനാഥരും ദാസിയുമാകയാൽ മാതുവിന്റെ മുമ്പിൽ, തെരുവിൽ ചത്തുവീണ അനാഥയുടെ മുമ്പിൽ നീതിയുടെ നിൽപ് തല കീഴ്ക്കനാം പാഠമാണ്. (മാതു, പിഴ.)

കുക്കറിന്റെ കരിതേച്ചിളക്കിക്കൊണ്ടിരിക്കേ മാതുവിന്റെ തലയിലൊരു ക്രൂര മുഷ്ടി – അല്ല, തേങ്ങ വീണു. കരിയും എണ്ണയും കലർന്ന ചെളിവെള്ളത്തിലേക്കവൾ കമിഴ്ന്നു. തീർന്നു.  ഹാരി പോട്ടർ വായിച്ചിരുന്ന അപ്പുവിന്റെ ദൃഷ്ടിയിൽ  ഇരുൾപ്പുഴയായൊഴുകിയ ചെളിവെള്ളം മാതുവിനേയും കൊണ്ടൊഴുകുന്നു,കോമ്പല്ലും പീത്തക്കവിളും പോയി, ചിറകുകൾ മുളച്ച്, അവൾ സുന്ദരിയായൊരു ജല മാലാഖയാകുന്നു. ചേരുംപടി ചേരട്ടെ എന്നൊരു മന്ത്രം കൊണ്ട് പണ്ടു താൻ മുറിച്ചെറിഞ്ഞ മീനുകളുടെ തലയും വാലും ഉടലുകളോടു ചേർന്ന് മീനുകളായി നീന്തി. പക്ഷേ, മാതു പഴയപടിയായില്ല. ആർക്കും ചതിക്കുന്നവളെ തെങ്ങും ചതിച്ചല്ലോ എന്ന വല്യമ്മച്ചിയുടെ നിലവിളിയിൽ ഒന്നു ഞെട്ടി തെങ്ങും ചാരിനിന്ന കുട്ടമ്മാൻ. അയാളുടെ തലക്കകത്തു നിന്ന്, അപരാജിതയിൽ കണ്ടതുപോലെ മറ്റൊന്നുമില്ലാത്ത ഭാവിയുടെ അനന്തസ്ഥലിയിലേക്ക് ഒരു കാക്കക്കൂട്ടം പറന്നുയർന്നു. കവിതയിൽ ആ അനന്ത സ്ഥലിയിലേക്കുള്ള പറക്കലിൽ ഒരു കുഞ്ഞിന്റെ നിർത്താത്ത കരച്ചിൽ കൂടി ചേരുന്നുണ്ട്. മാതുവിന്റെ മകൾ മാളുവിന്റെ. ചരിത്രത്തിന്റെ പുറമ്പോക്കുകളിൽ അലയുന്ന ഒരു നിലവിളി.

സ്വന്തം ഉടലു കൊണ്ട് നിരത്തിലെ കാക്കകളെ, കൃമികീടങ്ങളെ, അപ്പോൾ പിറന്നു വീണ ഒരു കുഞ്ഞിനെ, കാറ്റിൻ വാസനാ ഗതികകള സ്വന്തം ശരീരം കൊണ്ട് ഊട്ടുന്ന ഒരമ്മയാണ് ‘പിഴ’യിലെ തെരുവിൽ ചത്തു കിടക്കുന്ന  അനാഥ. മൃൺമയി, മൺമൊഴി. മണ്ണിൽ ലയിക്കാൻ പോകുന്നവൾ. അക്കിത്തത്തിന്റെ പ്രസിദ്ധമായ വരികളുടെ തുടർച്ചയായി ആ പെണ്ണിന്റെ ശവത്തെ ചരിത്രത്തിന്റെ കാണാത്ത അരികുകളിൽ നിന്ന് വർത്തമാനത്തിന്റെ  ഒരു വൻ തെരുവിന്റെ മധ്യത്തിൽ കിടത്തുകയാണ് കവി.

പലർ പിഴയാടി / പലർ പഴിയാടി
പലർ പൊരുൾ, ശാന്തി / അഴകും
തകർത്തവൾ
എച്ചിലിൽ വളർന്നവൾ
എച്ചിലായ് തളർന്നവൾ /ചത്തവൾ.
        ചരിത്രം ഒരു വൻതെരുവായ് അവളിൽ ദ്രവിക്കുന്നു.

 ചിതയും ചിതറലും

അമ്മയുള്ളപ്പോൾ കാലപ്പകർച്ചകളോ കെടുതികളോ ബാധകളോ വീടിനെ ആവേശിക്കില്ല. അമ്മയുടെ നെറ്റിയിൽ ചാലുകളായി അവ തെളിഞ്ഞു കിടന്നുകൊള്ളും. അമ്മ പോകുന്നതോടെ വീടിനെ ബാധയിളകാതെ അടക്കി നിർത്തിയ കളവും മന്ത്രവും അഴിഞ്ഞു പോകും. ദുർവെളിവുകൾ വിണ്ട ചുമരിലൂടെ അകത്തേക്ക് തല നീട്ടും. വീട് കാടാവും.
ചെമ്പു കുടത്തിലൊളിപ്പിച്ച ഇരുട്ട് വീടാകെ പരക്കും. പരവതാനിയിലെ പൂക്കളും വള്ളികളും  പേക്കിനാവിൽ കാടും പടലവുമായി എണീറ്റു വരും.

വയസ്സായാൽ വീടൊരു കണ്ടപ്പൂച്ചയായി
പ്രാകിപ്രാകി കാട്ടിലേക്കു മടങ്ങാൻ വെമ്പും
ചതുപ്പു പെരുകി വീടിന്റെ മാംസം
മണ്ണാവാൻ വെമ്പും
പ്രാവും കാക്കയും നത്തും നരിച്ചീറും
ഉറുമ്പും ചിതലും പാറ്റയും ഗൗളിയുമായി
വീട് പല വഴി ചിതറാൻ തുടങ്ങും

ഏതു വീടായാലും – അത് കുടിലായാലും കൊട്ടാരമായാലും ശങ്കറോ ബേക്കറോ കെട്ടിയ കുളിർക്കൂടായാലും ഒരു വീടിന്റെ ഒരുമയ്ക്ക് ഒരമ്മയുടെ ആയുസ്സേയുള്ളൂ. ഒരു കിളിക്കൂടിനപ്പുറമില്ല ഒരു വീടിനും സ്ഥായി. ഇടക്കു പെയ്തിരുന്ന , ഇപ്പോൾ കിനാവെന്നു തോന്നുന്ന ആ കുളിരായിരുന്നു വീടിന്റെ ജീവൻ എന്നറിയും. ഒരു വിളി കൊണ്ട്, ശാസന കൊണ്ട് നിറകണ്ണുകൊണ്ട്, അകലരുതേ എന്നൊരു തേങ്ങൽ കൊണ്ട് അമ്മ മരിച്ച വീട്ടിൽ അമ്മ വീണ്ടും വീണ്ടും നിറയും.

ഏതു ദേശത്താകട്ടെ, സ്വേച്ഛാധിപത്യമോ ജനാധിപത്യമോ – ഭരണ വ്യവസ്ഥ ഏതുമാകട്ടെ, മാനവികതയും സ്വാതന്ത്ര്യവും നീതിയും പലവക ഭീകരതകൾ കൊണ്ട് അധിനിവേശം ചെയ്യപ്പെട്ട കാലത്ത് അമ്മമാർ ജീവിതമെടുത്ത് പോരാടുന്ന പോരാട്ടമാണ് കെ.ജി.എസ്. “അമ്മമാരി”ലൂടെ എഴുന്നത്. അതുകൊണ്ടു തന്നെ ഈ കവിതകൾ ഉൾക്കൊള്ളുന്ന  മാനവികവും ചരിത്രപരവുമായ ദർശനങ്ങൾ ദേശകാലാതിരുകൾക്കപ്പുറമുള്ള വിശാലതയിലേക്ക് പടരുന്നു. എത്ര വ്യത്യസ്തമാണ് ഈ അമ്മമാർ പുറപ്പെടുന്ന ഇടങ്ങൾ, അവരുടെ ഭാഷ, ജീവിതാവസ്ഥ – അന്ന അഖ്മതോവ മുതൽ മാതു വരെ, നിരത്തിൽ ചത്തുകിടക്കുന്ന ആ അനാഥപ്പെണ്ണു വരെ ഉള്ളവർ. പക്ഷേ, നീതിക്കു വേണ്ടി അധികാരത്തോട് ഏറ്റുമുട്ടുമ്പോൾ അവരൊരു മഹാനദിയുടെ തുടരൊഴുക്കാണ്.   ഒരു പക്ഷേ, പുറത്തെടുത്താൽ കരക്കുള്ളതിനെയെല്ലാം കടപുഴക്കി ആർത്തലച്ച് ഒരു വൻ പ്രവാഹമായി മാറാൻ മാത്രം ആഴങ്ങളിൽ ക്ഷോഭങ്ങളുള്ള ഒഴുക്കാണത്.

വെറുതെ നിന്നാലും കെ.ജി.എസ്സിന്റെ വാക്കുകൾക്ക് ഒരു ശരീര ഭാഷയുണ്ട്; ഒരു സംഭാഷണത്തിനിടയിലെന്നപോലെ അതിന് ചില നിൽപും നോട്ടവുമുണ്ട്. അന്ന അഖ്മതോവയുടെ വിചാരങ്ങളുടെ ആഴങ്ങളിൽ, കാവേരിയമ്മയുടെ മൗനങ്ങളിൽ, ആർച്ചയുടെ ധർമ്മസങ്കടങ്ങളിൽ, മെംബറുടെ കാപട്യങ്ങളിൽ, പോലീസുകാരന്റെ ഒളിയമ്പുകളിൽ ആ ഭാഷ എന്തിലേക്കെല്ലാം പരകായ പ്രവേശം ചെയ്യുന്നു! എത്ര പേരുടെ ജീവനാണ് ഒരാളിൽ നിന്നു തുടിക്കുന്നത്. ആ വടക്കൻ മലബാറുകാരൻ ലോക്കൽ നേതാവിന്റെ ഭാഷ തന്നെ മതിയല്ലോ ഒരു പാർട്ടിയെ മുഴുവൻ  പൊടി തട്ടി പുറത്തിടാൻ.

ആവില്ല നടക്കാതെ
ഇരുന്നാലിരുന്നു പോം.
ആവില്ല നടക്കുവാൻ
വീണവ ചവിട്ടാതെ,
മാഞ്ഞവ തെളിയാതെ
കെട്ടവ കൊളുത്താതെ” (നടപ്പ്)

സ്വന്തം എഴുത്തു നയം കെ.ജി. എസ്സ് ഇങ്ങനെ പ്രഖ്യാപിക്കുന്നു. ഒന്നിനോടും ഇണങ്ങിയും വഴങ്ങിയും നിൽക്കാൻ വയ്യ. കീർത്തിയോട്, തൃപ്തിയോട്, ലോകവേഗങ്ങളോട്, പേടിയോട്, വാഴ്ത്തിനോട്, പദവികളോട്. കണ്ടു കണ്ട് അനിഷ്ട രാശികളോടിണ ണങ്ങി കുരയ്ക്കാതായൊരു നായയെപ്പോലെ കാലിൽ കുരുങ്ങിയ ചങ്ങലയെ . സ്നേഹിച്ച് ഇരിക്കാൻ വയ്യ. (ഇണക്കം ഉണക്കം)  അതു കൊണ്ട് എതിർവാക്കിൽ തെളിഞ്ഞു നിൽക്കുന്ന നീതിയിൽ കെ.ജി.എസ്സിന്റെ കവിതകളിൽ നിന്നൊരു വെളിച്ചം നമുക്ക് ചുറ്റുമുള്ള ഇരുട്ടിലെ ദുർവെളിവുകളെ കാട്ടി പ്രകാശിച്ചു നിൽക്കുന്നു.


 

 

 

 

Comments

comments