രാവിലത്തെ സഫാരിയ്ക്കിടയിലാണ് ഞാൻ സാംസനോടു ചോദിച്ചത്. നമുക്കൊന്ന് മാസയികളുടെ ഗ്രാമത്തിൽ പോകാനാകുമോ എന്ന്. സാംസൻ പറഞ്ഞു: “വഴിയുണ്ടാക്കാം”. അദ്ദേഹം വാക്കു പാലിക്കുകയും ചെയ്തു. കീബോ ക്യാമ്പിനടുത്തൊരു ഗ്രാമമുണ്ടത്രെ. സഫാരിയ്ക്കു ശേഷം അവിടേക്കു പോകാൻ തീരുമാനമായി. പകൽ പതുക്കെ ചൂടുപിടിച്ചു തുടങ്ങിയിരിക്കുന്നു. സൂര്യൻ ഉച്ചിയിലെത്താറായിരിക്കണം. പ്രകൃതി കൂടുതൽ വരണ്ടുണങ്ങിയതുപോലെ കാണപ്പെട്ടു. ക്യാമ്പിനു പരിസരത്തുള്ള പച്ചപ്പ് പിന്നീടങ്ങോട്ടു കാണുന്നേയില്ല. മണലുപോലെയുള്ള ഇളം ചുവപ്പു മണ്ണാണ് എല്ലായിടത്തും. ഏതാനും അക്കേഷ്യകൾ തലയുയർത്തിനില്ക്കുന്നുണ്ട്. എങ്കിലും മരങ്ങളെല്ലാം തന്നെ അല്പം വാട്ടത്തിലെന്നു തോന്നി. അന്തരീക്ഷോഷ്മാവ് ഇരുപത്തിയേഴു ഡിഗ്രിയിൽ തൊട്ടുനില്ക്കുന്നു എന്നു മൊബൈൽ അറിയിച്ചു. നമുക്കതൊരു ചൂടേയല്ല. പൊതുവെ അലോസരമുണ്ടാകുന്നതുമല്ല ഈ ഭാഗത്തെ കാലാവസ്ഥ. തെക്കൻ കെനിയയിലെ കാജിയാദോ പ്രവിശ്യയിലാണത്രെ ഈ പ്രദേശമെല്ലാം. നീളൻ നദി എന്നർത്ഥം വരുന്ന ഒല്ക്കേജു-ആദോ എന്ന മാസയി പദത്തിൽ നിന്നാണ് കാജിയാദോയുടെ ഉത്ഭവം. ഏതായിരിക്കും ഈ നീളൻ നദി എന്നു ഞാനാലോചിച്ചു. ഇപ്പോളിവിടെ നദിയെന്നു പറയാനായി അടുത്തെങ്ങും ഒന്നുമില്ലതാനും. ഏറ്റവുമടുത്ത ത്സാവോ നദി അങ്ങു ദൂരെ ആ പേരിൽത്തന്നെയുള്ള പ്രദേശത്തുകൂടെ ഒരു നൂറ്റമ്പതു കിലൊമീറ്റർ അകലെയാണ് ഒഴുകുന്നത്. കിലിമഞ്ചാരോയിലെ ഹിമാനികളിൽ നിന്നുരുകി വരുന്ന അസംഖ്യം ഭൂഗർഭനീർച്ചാലുകളാണ്, നദികളേക്കാളേറെ അംബോസെലിയുടെ ജലസുഭിക്ഷതയെ നിലനിർത്തുന്നത് എന്നു നമ്മൾ മനസ്സിലാക്കിയതാണല്ലോ.

സാംസൻ പറഞ്ഞേർപ്പാടാക്കിയതിനാലായിരിക്കണം മൂന്നു മാസയികൾ അവരുടെ ഗ്രാമത്തിനു പുറത്ത് ഞങ്ങളെ കാത്തുനില്പ്പുണ്ടായിരുന്നു. ഒന്നാമത്തെയാൾ ലെമായിയാൻ. അനുഗൃഹീതൻ എന്നാണ് ആ പേരിന്‍റെ അർത്ഥം. ലെമായിയാൻ ഗ്രാമമുഖ്യന്‍റെ മകനാണ്. ആ അധികാരം പെരുമാറ്റത്തിൽ കാണാനുമുണ്ട്. മറ്റുള്ളവർ ശിങ്കിടികളാണ്. സദേരയും നാസിലൂലുവും. പേരിനർത്ഥം പോലെത്തന്നെ സന്തോഷവാനാണ് സദേര. എപ്പോഴും വെളുക്കെ ചിരിച്ചുകൊണ്ടാണ് നില്പ്. നാസിലൂലു എന്ന പേര് രസകരമായി തോന്നി. മാ ഭാഷയിൽ പറഞ്ഞാൽ ചന്ദ്രഗ്രഹണസമയത്ത് ജനിച്ചവൻ എന്നാണത്രെ ആ പദം സൂചിപ്പിക്കുന്നത്.

മാസയി ഗ്രാമത്തിനു പുറത്തുതന്നെ വലിയൊരു അത്തിമരം കാണാം. കികൂയുകൾക്ക് അത്തിമരം ഏറെ പ്രധാനമാണെന്നു ഞാൻ നേരത്തെ പറഞ്ഞിരുന്നു. കികൂയുകളെന്നല്ല, ആഫ്രിക്കയിലെ മിക്കവാറും ആദിമമനുഷ്യർ അത്തിയെ ആരാധിക്കുന്നവരാണ്. നൈൽനദീതടസംസ്കാരത്തിലും അതു കാണാം. നമ്മുടെ നാട്ടിലെ ആൽമരത്തോളം ശ്രേഷ്ഠത ഈ വൃക്ഷത്തിനു കല്പിച്ചുകൊടുത്തിട്ടുള്ളപോലെ. ആൽമരവും അത്തിയും ഒരേ സസ്യകുടുംബമാണെന്നതും ഇവിടെ കൗതുകമുണർത്തുന്നു. ജനുസ്സ് പോലും ഒന്നാണ്. ഫൈക്കസ്. മെസൊപ്പൊട്ടേമിയയിലെ അസ്സീറിയക്കാർക്കാകട്ടെ ഈന്തപ്പനയാണ് അത്തരം ദിവ്യവൃക്ഷം. ദൈവികമോ പവിത്രമോ ആയ ഒന്നിനെയാണ് പൊതുവെ ഈ ആദിമർ വൃക്ഷത്തിലൂടെ പ്രതീകവല്ക്കരിച്ചിരുന്നത്. ദൈവത്തിന്‍റെ ആദ്യക്ഷേത്രമായും പ്രാചീനവിശ്വാസികൾ അതിനെ കാണുന്നു. കാലക്രമേണ, അതു മന്ത്രവാദത്തിന്‍റെയും ദിവ്യശക്തിയുടേയും പരേതാത്മാക്കളുടേയും കേന്ദ്രമായി മാറി. ജേണൽ ഓഫ് എത്നോബയോളജിയിൽ പ്രസിദ്ധീകരിച്ച, അമോട്സ് ഡാഫ്നിയുടെ പ്രബന്ധം വൃക്ഷാരാധനയുടെ കാരണങ്ങളേയും നാൾവഴികളേയും അടയാളപ്പെടുത്തുന്നുണ്ട്.

എന്തായാലും, അത്തിമരത്തിനു കീഴെയായിരുന്നു ഞങ്ങൾക്കുള്ള സ്വീകരണം. മാസയികളെ എവിടെനിന്നും തിരിച്ചറിയാൻ പ്രയാസമില്ല. മിക്കവർക്കും നല്ല പൊക്കം. ശരീരമാകട്ടെ തടിയൊട്ടുമില്ലാത്തതും എന്നാൽ കാരിരുമ്പു പോലെ ഉറച്ചതും. കടും ചുവപ്പിൽ കള്ളികളോ കുത്തുകളോ മറ്റു രൂപങ്ങളോ ആയ ഒറ്റവസ്ത്രം വാരിച്ചുറ്റിയിട്ടുമുണ്ടാവും. പലപ്പോഴും കൈയ്യിലൊരു വടിയോ കുന്തമോ കാണുകയും ചെയ്യും. ഇത്രയുമായാൽ ഒരു മാസയി പോരാളിയെ സങ്കല്പിക്കാൻ പ്രയാസമില്ല. സാമാന്യം കട്ടിയുള്ളതാണ് മാസയികളുടെ വേഷം. ഷൂക എന്നാണതിനെ വിളിക്കുക. ചുവപ്പുനിറമാണ് മിക്ക മാസയികൾക്കും പ്രിയം. കാരണം അവർക്കത് ധീരതയുടേയും വീറിന്‍റെയും ശക്തിയുടേയും നിറമാണ്. മാത്രവുമല്ല, ചുവപ്പുനിറം വന്യമൃഗങ്ങളേയും ഒന്നു പേടിപ്പിക്കും എന്നാണ് മാസയികളുടെ വിശ്വാസം. മാസയികൾ അങ്ങേയറ്റം വിലമതിക്കുന്ന അവരുടെ സാംസ്കാരിക ഐക്യത്തിനെ പ്രതിനിധാനം ചെയ്യുന്നതും ഇതേ നിറം തന്നെ.

ഞാനവരുടെ ചെരുപ്പുകൾ ശ്രദ്ധിച്ചു. ടയറിൽ നിന്നു കീറിയെടുത്ത പാളികൾ തുന്നിയെടുത്ത ഒന്ന്. എല്ലാവരുടേതും അങ്ങനത്തെ ചെരുപ്പുകൾ തന്നെ. മോട്ടോർ വാഹനങ്ങൾ ഇന്നാട്ടിലേക്കു വരുന്നതിനു മുമ്പ് ഇവരുടെ പാദരക്ഷകൾ എങ്ങനെയായിരുന്നിരിക്കുമോ ആവോ. മിക്കവാറും ചെരുപ്പുകൾ ഇല്ലാതിരിക്കാനാവും സാധ്യത. അല്ലെങ്കിൽ മൃഗത്തോലുപയോഗിച്ച് തുന്നിക്കൂട്ടിയിരിക്കണം.

നേരത്തെ പഠിച്ചുവെച്ച മാ ഭാഷയിലെ അഭിവാദ്യം ഞാനൊന്നു പ്രയോഗിച്ചുനോക്കി.  “സോപ്പ”. ഹലോ എന്നാണതിന്‍റെ അർത്ഥമെന്നു സാംസൻ പറഞ്ഞുതന്നിരുന്നു. മറുപടിയായി “ഈപ്പ” എന്ന വാക്കാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ, ലെമായിയാനും കൂട്ടരും പറഞ്ഞതാകട്ടെ, “ഏന്ദ സോപ്പ പൂക്കി” എന്നും. എനിക്കൊരു പിടിയും കിട്ടിയില്ല. പ്രത്യഭിവാദ്യം ചെയ്യുമ്പോൾ കൂടുതൽ പേരുണ്ടെങ്കിൽ അങ്ങനെയാണ് പറയേണ്ടതെന്നു പിന്നീടാണ് മനസ്സിലായത്. സ്ത്രീലിംഗത്തിലും, ബഹുവചനത്തിലും വരുന്ന വ്യത്യാസങ്ങൾ പോരാതെ, ആരെയാണോ അഭിവാദ്യം ചെയ്യുന്നത് അയാൾ പ്രായമുള്ളയാളാണോ, യോദ്ധാവാണോ, കല്യാണം കഴിച്ചയാളാണോ എന്നൊക്കെ നോക്കിയും പ്രയോഗം മാറുമത്രെ. ഓരോന്നിനും വചന-ലിംഗവ്യത്യാസങ്ങൾ വേറേയുമുണ്ട്. സ്വന്തമായി ലിപിയില്ലെങ്കിലും വളരെ സങ്കീർണ്ണമാണ് മാ ഭാഷ എന്നു ആ നിമിഷം തന്നെ മനസ്സിലായി. മാ ഭാഷ സംസാരിക്കുന്നവൻ എന്നതിൽ നിന്നാണല്ലോ മാസയി എന്ന വാക്കും ഉണ്ടാകുന്നത്.

Author with Maasai

എന്തായാലും കൂടുതൽ കഷ്ടപ്പെടാൻ നിന്നില്ല. ലെമായിയാന് നന്നായി ഇംഗ്ലീഷ് അറിയാം. അദ്ദേഹം നൈറോബിയിൽ പോയി പഠിച്ചതാണത്രെ. “പിന്നെയെന്തേ തിരിച്ചുവന്നു ഇവിടേയ്ക്ക്” എനിക്കു ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. ലെമായിയാന്‍റെ മുഖം ഗൗരവമാർന്നു. അദ്ദേഹം പറഞ്ഞു: “ഞങ്ങൾക്കൊരു സംസ്കാരമുണ്ട്. ഒരുപാട് വിശ്വാസങ്ങളുണ്ട്. രീതികളുമുണ്ട്. ഞങ്ങളെ ഒരുമിച്ചു നിർത്തുന്ന ഒന്നാണത്. മാത്രവുമല്ല, അതു ഞങ്ങളെ ദൈവത്തിനോടു ചേർത്തുനിർത്തുന്നു. പ്രകൃതിയോടുമതെ. എത്രയൊക്കെ മാറ്റങ്ങൾ ലോകത്തു സംഭവിച്ചാലും മാസയികൾ എന്ന നിലയിൽ ഇതൊക്കെ നിലനിർത്താൻ ഞങ്ങളാഗ്രഹിക്കുന്നു”. ശേഷം ലെമായിയാൻ ഇതുകൂടി കൂട്ടിച്ചേർത്തു. “പഴയൊരു വീട് പൊളിച്ചുകളയാൻ ഒരൊറ്റ ദിവസം മതി. നല്ലതു പുതിയതൊന്നു ഞങ്ങളുടേതായി പണിയാനാകട്ടെ മാസങ്ങൾ അല്ലെങ്കിൽ വർഷങ്ങൾ തന്നെ വേണ്ടി വന്നേക്കും”. അപ്പറഞ്ഞത് ഒരു മാസയി പഴമൊഴിയായിരുന്നു. ലെമായിയാൻ തുടർന്നു. “ഞങ്ങളുടെ സംസ്കാരം ഇല്ലാതാക്കാനും വലിയ പ്രയാസമൊന്നുമില്ല. പക്ഷെ, നഷ്ടപ്പെട്ടത് പിന്നീട് തിരിച്ചെടുക്കാൻ അല്ലെങ്കിൽ ഞങ്ങളുടേതായതൊന്നു ഉണ്ടാക്കിയെടുക്കാൻ ആയിരക്കണക്കിനു വർഷങ്ങളെടുത്തേക്കും” പറഞ്ഞുനിർത്തിയപ്പോൾ ലെമായിയാന്‍റെ മുഖത്ത് ഒരു ദാർശനികന്‍റെ ദീപ്തിയുണ്ടായിരുന്നു.

കന്നുകാലിവളർത്തുകാരും പാതിനാടോടികളുമായ മാസയികളിൽ ഭൂരിപക്ഷവും അവരുടെ പാരമ്പര്യജീവിതം തന്നെയാണു ഇന്നും തുടരുന്നത്. മറ്റു കെനിയൻ ഗോത്രവർഗ്ഗക്കാർ മിക്കവരും സ്വന്തം നാടിനേയും ജീവിതവൃത്തിയേയും ഉപേക്ഷിച്ച് ആധുനികരീതികളെ പുല്കിയവരാണ് എന്ന വസ്തുത വെച്ചു വേണം പഴമയിൽ മുറുകെപ്പിടിച്ചുനില്ക്കുന്ന മാസയികളെ മനസ്സിലാക്കേണ്ടത്. അവരുടെ പ്രതിനിധിയായി ലെമായിയാൻ എന്നോടു പറഞ്ഞതിന്‍റെ പ്രാധാന്യവും അവിടെയാണ്.

ഇതിനിടെ ഗ്രാമത്തിനകത്തുനിന്ന് ഏതാനും മാസയികൾ വലിയൊരു തയ്യാറെടുപ്പോടെ പുറത്തേക്കു വരുന്നതു കണ്ടു. ബൃഹത്തായ സ്വീകരണപരിപാടികളായിരുന്നു ഞങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്നത് എന്നു പറഞ്ഞ് ലെമായിയാൻ ചിരിച്ചു. ഒറ്റവരിയായി മാസയികൾ നീങ്ങി. എല്ലാവരും ഷൂക ധരിച്ചിട്ടുണ്ട്. മിക്കവാറും ചുവപ്പിലെ കള്ളിരൂപങ്ങൾ. ചിലരുടേത് നീലയും കറുപ്പും. അതിനു പുറമെ ഒരറ്റം അതോ മറ്റൊരു കഷണമോ ഒരു മേൽവസ്ത്രം പോലെ വാരിച്ചുറ്റിയിട്ടുമുണ്ട്. മുട്ടോളമെത്തുന്നുണ്ടത്. ഇതെല്ലാം കൂടി ഓർക്കൊരാസ എന്നാണ് വസ്ത്രത്തെ പറയുക എന്ന് ലെമായിയാൻ സൂചിപ്പിച്ചു. എല്ലാവരുടേയും കൈയ്യിൽ നീണ്ടൊരു വടിയും കാണാം. അക്കേഷ്യയിൽ തീർത്ത ഈ നീണ്ട വടികൾ മൊരാൻ എന്നറിയപ്പെടുന്ന മാസയി യോദ്ധാക്കളുടെ പ്രധാന ആയുധമാണ്. ഫെമ്പു എന്നാണിതിന്‍റെ വിളിപ്പേര്. തന്നേയും തന്‍റെ ഗ്രാമത്തേയും വന്യമൃഗങ്ങളിൽ നിന്നു രക്ഷിക്കുന്നതിന്‍റെ ആദ്യപടിയാണ് ഫെമ്പു. “വടി മാത്രമുണ്ടായാൽ പോര, ഉപയോഗിക്കാനും പഠിക്കണം എന്നാലെ മൊരാൻ ആവൂ”. ലെമായിയാൻ കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു.

ആണുങ്ങൾ പതിനഞ്ചിനും മേലെ പേരുണ്ടായിരുന്നു. പിന്നാലെ അത്രയും തന്നെ മാസയിപ്പെണ്ണുങ്ങളും നിരന്നെത്തി. അവരുടെ വസ്ത്രത്തിനാകട്ടെ അല്പം വർണ്ണശബളിമ കൂടുതൽ. പോരാത്തതിനു നനുത്ത മണിമാലകളാൽ തീർത്ത ആഭരണകാന്തിയും. നീലയും ഓറഞ്ചും പച്ചയും നിറങ്ങൾ ചുവപ്പിനൊപ്പം തെളിഞ്ഞുനിന്നു. പിന്നെ എല്ലാവരും കൂടി-ഒരു മുപ്പത്തഞ്ചുപേരെന്നു ഞാൻ ധൃതിയിൽ കണക്കുകൂട്ടി–ഒറ്റവരിയിലായി ഞങ്ങൾക്കഭിമുഖമായി നിന്നു. ആണുങ്ങളാണ് ആദ്യം പ്രകടനം തുടങ്ങിയത്. അവർ ഓരോരുത്തരായി പ്രത്യേക താളത്തിലും ശബ്ദാകമ്പടിയോടേയും ഉയരത്തിൽ ചാടിത്തുടങ്ങി. തന്ത്രിവാദ്യങ്ങളിലൊന്നിന്‍റെ കമ്പികൾ ഉറക്കെയുറക്കെ വീണ്ടും വീണ്ടും വലിച്ചുവിടുന്നതു പോലെയായിരുന്നു അവർ മുഴക്കിയ സ്വനഘോഷം. മാസയികളുടെ ചാട്ടം നേരെ കുത്തനെയായിരുന്നു. ശരീരം വശങ്ങളിലേക്കൊന്ന് ഉലയുക പോലുമില്ല. ഓരോ പ്രാവശ്യവും ചാട്ടം കൂടുതൽ ഉയരത്തിലേക്ക് എന്നുറപ്പു വരുത്തുന്നതു പോലെ തോന്നി. ചാട്ടങ്ങൾക്കിടയിൽ ഉപ്പൂറ്റികൾ നിലം തൊടുന്നില്ല എന്നതും ഞാൻ ശ്രദ്ധിച്ചു. ഉയരത്തിൽ നിന്നുയരത്തിലേക്കു മാസയി പോരാളികൾ ചാടിക്കൊണ്ടേയിരുന്നു. അതിനൊപ്പം മാസയികളൂടെ തനതായ ആർപ്പുവിളികളും മുഴങ്ങി. മൊറാന്മാരായ മാസയികളുടെ കുറച്ചുനേരത്തെ തകൃതിയായ ചാട്ടങ്ങൾക്കും താളാത്മകമായ ആരവങ്ങൾക്കും ശേഷം സ്ത്രീകളുടെ ഊഴമായി. കാലുകൾ ചേർത്തുവെച്ച് ഒരേ താളത്തിലും ചടുലതയോടും അവർ മുന്നിലേക്കു നീങ്ങി. ആ ചെറുചാട്ടങ്ങൾക്കൊപ്പം ശിരസ്സൊന്നു കുനിച്ചും വെളുക്കെ ചിരിച്ചും ശരീരമപ്പാടെ താളത്തിൽ ആടിയുലച്ചും മാസയി നൃത്തത്തിന്‍റെ സ്ത്രൈണഭാവം തീർക്കുകയായിരുന്നു ആ സുന്ദരരൂപങ്ങൾ.

The Ceremonial procession

അഡുമു എന്നാണ് ഈ മാസയിനൃത്തത്തെ പറയുക. പ്രായപൂർത്തിയാവുന്ന എല്ലാ മാസയികളും മൊരാൻ ആയിമാറുന്ന സമയത്തെ ചടങ്ങുകളുടെ ഭാഗമാണ് അഡുമു. പത്തു ദിവസം നീണ്ടു നില്ക്കുന്നതാണ് ഈ ചടങ്ങുകൾ. മാസയികൾക്കത് യുനോത്തോ എന്ന ആഘോഷം. അഡുമുവിൽ ഞങ്ങളിപ്പോൾ കണ്ട കുത്തനെയുള്ള ചാട്ടമാണ് മുഖ്യം. ശരീരമപ്പാടെ ഒരു നേർവടിയെന്നോണം പിടിച്ച്, കാലടിയുടെ മുൻഭാഗത്തു മാത്രമൂന്നിയാണ് അതു സാധിക്കുന്നത്. ഉപ്പൂറ്റി ഒരിക്കൽപ്പോലും നിലം തൊടാൻ പാടില്ലെന്നർത്ഥം. തികഞ്ഞ കായികക്ഷമതയും ശക്തിയുമില്ലാതെ അങ്ങനെയൊന്നു ചെയ്യാനാവില്ല.

മാസയികളുടെ ജീവിതത്തിന്‍റെ ഭാഗമാണ് നൃത്തങ്ങൾ. എല്ലാ പ്രധാനാവസരങ്ങൾക്കും ഓരോയിനം നൃത്തരൂപങ്ങളുണ്ട്. മുഖത്തും ദേഹത്തുമെല്ലാം ചുവപ്പും കാവിയും നിറങ്ങൾ പൂശിയൊക്കെയുള്ള ഗംഭീര നടനവിരുതുകൾ മാസയികൾക്കു സ്വായത്തമാണ്. സങ്കീർണ്ണമായ കലാചാതുരിയോടെ മെനഞ്ഞെടുക്കുന്ന മുത്തുമാലകളും മറ്റാഭരണങ്ങളും ആ കാഴ്ചയെ കൂടുതൽ മിഴിവാർന്നതാക്കുകയും ചെയ്യുന്നു. അമ്മമാർ മക്കളുടെ യുദ്ധവീറിനു വേണ്ടിയും യുവതികൾ പങ്കാളികൾക്കുവേണ്ടിയുമെല്ലാം നൃത്തം ചവിട്ടുന്നു. എല്ലാം ആണുങ്ങൾക്കു വേണ്ടിയാണല്ലോ എന്നു ഞാൻ ചിന്തിച്ചു. പക്ഷെ, പ്രാചീനരായ മാസയികളുടെ ആചാരങ്ങളും നൃത്തരൂപങ്ങളും പുരുഷകേന്ദ്രിതമാവുന്നതിൽ അത്ഭുതപ്പെടേണ്ടതില്ലല്ലോ. പ്രത്യേകിച്ചും, അങ്ങനെയല്ല വേണ്ടതെന്ന കാര്യം മനുഷ്യരെയപ്പാടെ മനസ്സിലാക്കിപ്പിക്കുന്നത് ഈ ആധുനികകാലചിന്തകൾ മാത്രമായിരിക്കെ.

ഒരുമിച്ചുള്ള ചാട്ടങ്ങൾക്കു ശേഷം പിന്നെ ഓരോരുത്തരായി നടുവിലേക്കു വന്നു. വീണ്ടും ചാടാൻ തുടങ്ങി. ഓരോന്നും കഴിഞ്ഞതിനേക്കാൾ ഉയരത്തിൽ എന്നവണ്ണമുള്ള ഉശിരാർന്ന പ്രകടനം. പുതിയ ഉയരങ്ങൾക്കൊപ്പം മാസയികളുടെ ഘോഷവും പാട്ടുമുയർന്നുകൊണ്ടേയിരുന്നു. നർത്തകർക്കാകട്ടെ, അതൊരു പ്രോത്സാഹനവും.

Adumu

തുടർന്നായിരുന്നു ഏറെ രസം. നർത്തകികൾ ഞങ്ങളുടെയടുത്തേക്കു വന്നു. ആദ്യം സംഗതി മനസ്സിലായില്ല. അതിലൊരുത്തി മല്ലികയുടെ കൈപിടിച്ചു. ഒപ്പം നൃത്തം ചെയ്യാനുള്ള ക്ഷണമായിരുന്നു അത്. മാസയികളുടെ ആതിഥ്യോപചാരത്തിന്‍റെയും തുടർന്നുള്ള സല്ക്കാരങ്ങളുടേയും ഭാഗമാണത്രെ അത്തരം കൂട്ടുചേർക്കൽ. മല്ലികയും അവരും പരസ്പരം പരിചയപ്പെട്ടു. നയെത്തോയി എന്നായിരുന്നു ആ പ്രസന്നവദനയുടെ പേര്. നയെത്തോയി എന്നാൽ പ്രഭാതത്തിൽ പിറന്നവൾ എന്നർത്ഥം. സുന്ദരമാമൊരു ജന്മപ്രഭാതത്തിനു ചേരും വിധം എന്തൊരു സ്നേഹവും സന്തോഷവുമായിരുന്നെന്നോ അവരുടെ കണ്ണുകളിൽ. വൈകാതെ, ഇന്ദുവും പ്രീനയുമെല്ലാം അവരോടൊപ്പം ചേർന്നു.

പരസ്പരം കൈകൾ കോർത്തായിരുന്നു തുടർന്നുള്ള നൃത്തം. ആ നൃത്തപരിപാടികൾ കഴിയുന്നതുവരെ നയെത്തോയി മല്ലികയുടെ കൈയ്യിൽനിന്ന് പിടിവിട്ടുമില്ല. പിന്നെ ആണുങ്ങളുടെ ഊഴമായി. മാസയികൾക്കൊപ്പം ചാടിനൃത്തമാടാൻ ഞങ്ങൾക്കും വന്നു ക്ഷണം. ആഹ്ലാദത്തോടെ ഞങ്ങളവരുടെ കൂടെ ചേർന്നു. മാസയി മൊരാനുകൾ ചുവടുവെയ്ക്കുന്നതിനൊപ്പം ഞാനും കൂട്ടുകാരും. ശരിക്കും ആനന്ദനിമിഷങ്ങൾ തന്നെയായിരുന്നു ഞങ്ങൾക്കത്. ചാടലായിരുന്നു ഏറ്റവും പ്രയാസമേറിയത്. ശരീരം വടിപോലെ നിർത്തിക്കൊണ്ടുള്ള കുത്തനെച്ചാട്ടം എത്രത്തോളം ശാരീരികക്ഷമത ആവശ്യപ്പെടുന്നു എന്നത് കൃത്യമായി മനസ്സിലാക്കാനായി. ഞാനൊക്കെ ഓരോ ചാട്ടം ചാടുമ്പോഴും ശരീരമാകെ വശങ്ങളിലേക്കു ആടിയുലയുകയായിരുന്നു. എപ്പോൾ വേണമെങ്കിലും വീണേക്കാമെന്നും തോന്നി. കുറച്ചുകാലമായി വ്യായാമങ്ങൾക്കു വിടകൊടുത്ത ദേഹത്തിനു യാതൊരു സമതുലിതയുമില്ലെന്നു പെട്ടെന്നു തന്നെ വിളിച്ചറിയിക്കപ്പെട്ടു. എങ്കിലും ആ അവസരത്തിന്‍റെ അപൂർവ്വതയിലും ഉന്മേഷാഹ്ലാദത്തിലും ഞാൻ സ്വയം മറന്നു ചാടി. നൃത്തം ചവിട്ടി. നിർത്താതെ. ഒടുവിൽ കണ്ണിൽ ഇരുട്ടുകയറുന്നു എന്നു തോന്നിയപ്പോഴാണ് അവസാനിപ്പിച്ചത്.

Joining the Maasai women

സ്വീകരണോപചാരങ്ങൾക്കു ശേഷം മാസയികളെല്ലാവരും ചേർന്നു ഞങ്ങളെ അവരുടെ ഗ്രാമത്തിനകത്തേക്കു നയിച്ചു. മാസയി ഗ്രാമത്തെ പൊതുവെ ബോമ എന്നാണു വിളിക്കുക. വൃത്താകൃതിയിൽ വേലികെട്ടിത്തിരിച്ചതാണ് ഓരോ ഗ്രാമവും. ഗ്രാമാംഗങ്ങൾ താമസിക്കുന്ന കുടിലുകളെല്ലാം ആ വേലിയോടു ചേർന്നാണ്. അതായത്, ഗ്രാമത്തിനു നടുവിൽ വലിയൊരു വെളിമ്പ്രദേശമുണ്ടാവും. മാസയികൾ അതിനെ എമ്പൂ എന്നു വിളിക്കും. രാത്രികാലങ്ങളിൽ ഗ്രാമത്തിലെ കന്നുകാലികളേയെല്ലാം എമ്പൂവിലായിരിക്കും പാർപ്പിക്കുക. വന്യമൃഗങ്ങളിൽ നിന്നവയെ രക്ഷിക്കാൻ ഇതിലും സുരക്ഷിതമായ ഇടം ഇവിടെ കാണാനിടയില്ല.

ഗ്രാമത്തിനകത്തേക്കു കടന്നയുടനെ ഗ്രാമമുഖ്യനും പത്നിയും ഞങ്ങളെ കാത്തുനില്പുണ്ടായിരുന്നു. നല്ല പ്രായമുള്ള, കണ്ടാൽ പാവത്താനെന്നു തോന്നുന്ന ഒരാൾ. കാഴ്ച പോലെത്തന്നെയാണ് അദ്ദേഹത്തിന്‍റെ പേരും. ഒലൊനാന. എന്നുവെച്ചാൽ ശാന്തൻ എന്നർത്ഥം. മുഖ്യന്‍റെ പത്നി ലാങ്കനൂയ. ഭാഗ്യവതി എന്നു വേണമെങ്കിൽ പരിഭാഷപ്പെടുത്താം. മാസയികളെ സംബന്ധിച്ചിടത്തോളം അവരുടെ മുഖ്യൻ ഭരണപരമായ നേതാവ് എന്നതിനേക്കാളേറെ ഒരു ആത്മീയഗുരു അഥവാ ലൈബോൻ ആണ്. അതായിരിക്കാം അവരുടെ മുഖത്ത് ഞങ്ങൾക്കു കാണാൻ കഴിഞ്ഞ പ്രശാന്തതയ്ക്കു പിന്നിൽ. ഒലൊനാനയുടെ കൈയ്യിൽ ഒരു പ്രത്യേകതരം ദണ്ഡ് ഉണ്ടായിരുന്നു. അറ്റം തടിച്ചുരുണ്ട് ഒരു ചെറുഗദ പോലൊന്ന്. എങ്കൂദി എന്നാണതിന്‍റെ പേര്. മാസയി നേതാക്കളുടെ ചെങ്കോൽ എന്നും പറയാം.

Jumping with Maasai

അതുയർത്തിപ്പിടിക്കുന്നയാൾക്കാണ് മാസയികൾ ഒരുമിച്ചു ചേരുന്നയിടത്ത് സംസാരിക്കാനുള്ള അവകാശം. അതുകൊണ്ടാണ്, അതു മുഖ്യന്‍റെ രാജകീയ അടയാളമായി മാറുന്നത്. ഒലൊനാന അദ്ദേഹത്തിന്‍റെ എങ്കൂദി എന്‍റെ കൈയ്യിൽ തന്നു. പല തലമുറകളും അനേകരും ഉപയോഗിച്ചതുകൊണ്ടാവണം വളരെ മിനുസമായിരുന്നു ആ ദണ്ഡിന്. ഞാൻ ആദരവോടെ ഒലൊനാനയുടെ മുഖത്തേക്കു നോക്കി. അദ്ദേഹം എന്നെ നോക്കി ചിരിക്കുകയായിരുന്നു. പല്ലുകൾ പലതും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ആ മനോഹരഹാസം പരിസരത്തെ ഒന്നുകൂടി തെളിച്ചമുള്ളതാക്കി. അദ്ദേഹം കുറച്ചു നേരം എന്‍റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. എന്നിട്ട് അതെടുത്തോ എന്നൊരു ആംഗ്യവും. ഞാനൊന്നമ്പരന്നു. എന്‍റെ സങ്കോചവും വിഭ്രമവും കണ്ടിട്ടാവണം ലെമായിയാൻ എന്‍റെ ചെവിയിൽ പറഞ്ഞു.

“തല്ക്കാലം ആ എങ്കൂദി കൈയ്യിൽ വെച്ചോളൂ. ഇഷ്ടപ്പെട്ടെങ്കിൽ അതിന്‍റെ വില തന്നാൽ മതി”. എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല.

‘എത്ര?” ഞാൻ ഒരു കൗതുകത്തോടെ ആരാഞ്ഞു.

“അതു നമുക്കവസാനം സംസാരിക്കാം”. ലെമായിയാന് സന്ദേഹമൊന്നുമുണ്ടായിരുന്നില്ല. ഇനിയിതൊരു ഡ്യൂപ്ലിക്കേറ്റ് എങ്കൂദി ആയിരിക്കുമോ ആവോ എന്നു ഞാൻ സംശയിച്ചതിൽ നിങ്ങളെന്നെ തെറ്റു പറയരുത്. എന്തൊക്കെയായാലും ഞാൻ എങ്കൂദിയുയർത്തി ഒരു മാസയി മുഖ്യനെപ്പോലെ നിന്നു. ഒലൊനാന എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു പ്രോത്സാഹനപ്പുഞ്ചിരിയോടെ. തുടർന്ന്, ഒലൊനാനയുടേയും ലാങ്കനൂയയുടേയും കൂടെ നിന്നു ഞങ്ങൾ കുറെ ചിത്രങ്ങളെടുത്തു. അവർ വളരെ സന്തോഷത്തോടെ അതിനെല്ലാം കൂടെ നില്ക്കുകയും ചെയ്തു. എങ്കൂദി ഞാൻ പിടിവിട്ടതുമില്ല.

തുടർന്നു ബോമ എന്ന ഗ്രാമം ചുറ്റിക്കറങ്ങി. ഓരോന്നും വിശദീകരിച്ചുകൊണ്ട് ലെമായിയാൻ കൂടെ വന്നത് അനുഗ്രഹമായി. മാസയികളുടെ കുടിലുകൾക്കകം കാണണമെന്നുണ്ടായിരുന്നു. ലെമായിയാൻ അത് മടികൂടാതെ സമ്മതിക്കുകയും ചെയ്തു. ഞാനാദ്യം കണ്ട കുടിലിന്‍റെ അടുത്തുചെന്നു പരിശോധിച്ചു. മേല്ക്കൂരകളെല്ലാം ഉണങ്ങിയ പുല്ലു മേഞ്ഞിരിക്കുന്നു. മാ ഭാഷയിൽ എങ്കാജി എന്നാണ് ഈ കുടിലുകളെ പറയുക. മരക്കൊമ്പുകളും മണ്ണും ഗോമൂത്രവും ചാണകവും ചേർത്തു കുഴച്ചാണ് നിർമ്മാണത്തിനുപയോഗിക്കുന്നത്. നല്ല സൂര്യപ്രകാശത്തിൽ ഈ മിശ്രിതം പെട്ടെന്നുണങ്ങി കട്ടിയാവും. കുറച്ചുപേർ ചേർന്നു വളരെ പെട്ടെന്നു തന്നെ വീടുപണി പൂർത്തിയാക്കുകയും ചെയ്യും. വീടുകളുടെ നിർമ്മാണം സ്ത്രീകളുടെ ചുമതലയാണ്. മാത്രവുമല്ല, വീടിന്‍റെ പണി കഴിഞ്ഞാൽ അതിന്‍റെ ഉടമസ്ഥതയും ആ പണിതവൾക്കു തന്നെ.

A Maasai house for young boys

കണ്ടാൽ കടുത്ത ദാരിദ്ര്യമെന്നേ ആ പരിസരം കണ്ടാൽ തോന്നൂ. ജലസമൃദ്ധിയുടേയോ പച്ചപ്പിന്‍റെയോ ആഹാരസുലഭതയുടെയോ ലക്ഷണമൊന്നും തന്നെ ആ പ്രദേശം വഹിക്കുന്നില്ല. കുടിലിനു ചുറ്റും കണ്ട കുഞ്ഞുകുട്ടികളാകട്ടെ തീർത്തും അനാരോഗ്യവാന്മാരായും കാണപ്പെട്ടു. അവരുടെ വായിനു ചുറ്റുമുള്ള കീറലുകളും പാടുകളും വൈറ്റമിനുകളുടെ കുറവിനെ എടുത്തുകാണിക്കുന്നുണ്ടായിരുന്നു. പോഷകാഹാരക്കുറവിന്‍റെ പ്രകടമായ ദൃഷ്ടാന്തങ്ങൾ. എന്നാൽ മുതിർന്നവരിലാകട്ടെ, അത്തരം ലക്ഷണങ്ങൾ കാണുന്നുമുണ്ടായിരുന്നുമില്ല. കുട്ടികളുടെ മുലകുടികാലം കഴിഞ്ഞ് മറ്റു ഭക്ഷണങ്ങളിലേക്കു മാറുമ്പോൾ സംഭവിക്കുന്ന പരാജയമായിട്ടു വേണം ഇതിനെ കാണേണ്ടതെന്നു തോന്നുന്നു. മാസയി അമ്മമാർ രണ്ടു വയസ്സുവരെയൊക്കെ മുലകൊടുക്കുന്നവരാണ്. പക്ഷെ, ഇതിനൊപ്പം കൊടുക്കേണ്ട മറ്റു ഭക്ഷണങ്ങളിൽ വലിയ കുറവുള്ളതായി ചില പഠനങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വൈറ്റമിൻ എ, ഇരുമ്പ് എന്നിവയിലൊക്ക വലിയ അഭാവം ഈ കുട്ടികളിലുണ്ടത്രെ. അറിവില്ലായ്മ തന്നെയാവണം ഇതിലേക്കു നയിക്കുന്നത്. എന്തൊക്കെയാണെങ്കിലും പോഷകാംശങ്ങൾ നിറഞ്ഞ ഭക്ഷണത്തിന്‍റെ ഇല്ലായ്മ മാസയികളുടെ ശൈശവത്തെ കാര്യമായി ബാധിക്കുന്നുണ്ട് എന്നത് സ്പഷ്ടം.

Maasai children

ഞാനും മല്ലികയും അടുത്തുള്ള വീട്ടിനുള്ളിലേക്കു കടന്നു. ആ എടുപ്പിന് കൂടി വന്നാൽ അഞ്ചു മീറ്ററേയുള്ളൂ നീളം. ഒരു മൂന്നു മീറ്റർ വീതിയും. അതായത്, നൂറ്ററുപതു ചതുരശ്ര അടി വിസ്തീർണ്ണം. ഒരു വീടെന്ന നിങ്ങളുടെ ഓരോരുത്തരുടേയും സങ്കല്പത്തിനോടു ചേർത്തുവെച്ച് ഇതിനെ കാണണമെന്നാണ് എന്‍റെ പ്രിയവായനക്കാരോടുള്ള അപേക്ഷ. വളരെ കട്ടികുറഞ്ഞ ഉൾച്ചുമരുകളാണ് എങ്കാജിയ്ക്കുള്ളിലുള്ളത്. പ്രധാനമുറിയിൽത്തന്നെ അടുപ്പും പാചകവും. ആ അടുപ്പിലെ തീയിൽ നിന്നാണ് രാത്രിസമയങ്ങളിൽ വെളിച്ചവും ചൂടും മുറിയിലേക്കു പകരുന്നത്. അടുപ്പിൽ തീയില്ലാതിരുന്നതിനാൽ, ഞങ്ങൾ കടന്നത് പകലായിരുന്നിട്ടുപോലും മുറിക്കകം ഇരുണ്ടു കിടന്നു. തണുത്തും. ഒരു മൂലയിൽ മുതിർന്നവർക്കു കിടക്കാൻ മരക്കമ്പുകളിൽ തീർത്ത കട്ടിലുണ്ട്. അതിൽ ഉണങ്ങിയ പുല്ല് കിടക്കയായി വിരിച്ചിരിക്കുന്നു. ഞാനല്പനേരം അതിലിരുന്നു. ഒരു വീട്ടിൽ അച്ഛനമ്മമാർക്കൊപ്പം കുട്ടികൾ മാത്രമേ ഉണ്ടാവൂ. അവർ നിലത്തുകിടന്നോളും. ചാണകം മെഴുകിയ നിലത്ത് ഇഴജന്തുക്കളും പ്രാണികളും കാണാനിടയുണ്ടെന്നു തോന്നി. അടുപ്പിലെ തീ ആ ജീവികൾക്കെതിരേയുമുള്ള പ്രതിരോധം കൂടിയാണ്. ആടുകൾ, കന്നുകുട്ടികൾ എന്നിവയെല്ലാം വീടിനോടു ചേർന്നു മുൻവശത്തായിരിക്കും. അവർക്കും ചിലപ്പോൾ ചെറുമുറികൾ ഉണ്ടാവാമത്രെ.

ഓരോ മാസയി ആൺപ്രജയും പ്രായപൂർത്തിയിലേക്കെത്തുന്നത് പ്രത്യേകമായ ചടങ്ങുകളിലൂടെയാണ്. വളരെ നിഷ്കർഷകളിലൂടെ കടന്നു പോകേണ്ടതാണവയോരോന്നും. പതിനാലോ പതിനാറോ വയസ്സായാൽ ആൺകുട്ടികൾ ഈ ചടങ്ങുകൾക്കു തയ്യാറാവുകയായി. ഇവർക്കു താമസിക്കാൻ പ്രത്യേകം വീടുകൾ തന്നെയുണ്ടാവും. അത്തരമൊരു വീട്ടിൽ ഞങ്ങൾ കയറിനോക്കി. ഒറ്റമുറി വീടുകളാണവ. ഈ കൗമാരക്കാർക്കു ഒരു നേതാവിനെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ആർക്കും ഇഷ്ടമല്ലാത്ത ഒന്നാണ് ഒലോപെലോസി ഒല്കിത്തേങ് എന്ന ആ സ്ഥാനം. കാരണം, ആ പയ്യൻ തന്‍റെ സംഘത്തിലെ എല്ലാവരുടേയും പാപങ്ങൾ ഏറ്റെടുക്കുന്നു എന്നാണ് മാസയി വിശ്വാസം. അതോടെ എങ്കിപ്പാത്ത എന്ന ആദ്യ ചടങ്ങിനു കുട്ടികൾ ഒരുങ്ങുന്നു. എങ്കിപ്പാത്തയ്ക്കു തലേ ദിവസം രാത്രി പിള്ളേരെല്ലാവരും ഗ്രാമത്തിനു വെളിയിൽ കാടിനടുത്തായി കഴിയണമെന്നാണ്. ധൈര്യം പരീക്ഷിക്കൽ തന്നെ കാര്യം. പുലർച്ചെ തന്നെ അവർ ഗ്രാമത്തിലേക്കു ഓടിപ്പാഞ്ഞെത്തും. രാത്രി കഴിഞ്ഞതിന്‍റെ ആശ്വാസത്തിൽ. അന്നേദിവസം ആഘോഷത്തിന്‍റെതാണ്. പുതുമോടിവസ്ത്രങ്ങളണിഞ്ഞ് നൃത്തം ചവിട്ടി പാട്ടുകൾ പാടി അവർ എങ്കിപ്പാത്തയിൽ പങ്കുചേരും. ചടങ്ങുകൾ മുഴുവനാക്കും. അങ്ങനെ ആഹ്ലാദഭരിതരായാണ് പ്രായപൂർത്തിയിലേക്കുള്ള ആദ്യ ചവിട്ടുപടി മാസയി ബാലന്മാർ കയറുന്നത്.

എങ്കിപ്പാത്ത കഴിഞ്ഞാൽ അധികം വൈകാതെ എമുരത്താരെ നടക്കും. എന്നു വെച്ചാൽ ലിംഗാഗ്രചർമ്മഛേദനം തന്നെ. പക്ഷെ, അതിനുമുമ്പ് ഓരോരുത്തരും കന്നുകാലികളെ മേയ്ക്കാൻ കാട്ടിൽ പോകണം. ഒരു ദിവസമല്ല, തുടർച്ചയായി ഏഴു ദിവസം. മുതിർന്ന മാസയി ചെയ്യുന്ന കാര്യങ്ങൾ തനിക്കും ചെയ്യാനാവും എന്നുള്ള തെളിയിക്കലാണത്. ചേലാകർമ്മത്തിനു പോകുന്ന ബാലകരെ സംഘം ചേർന്നു ഗ്രാമത്തിലുള്ളവർ പേടിപ്പിക്കുന്ന പതിവുണ്ട്. “നീയെങ്ങാനും കത്തി തട്ടിയാൽ കൊന്നുകളയും നിന്നെ ഞങ്ങൾ, ഇനി നീ ഓടിയാലോ, പിന്നെ നീ ഈ ഗ്രാമത്തിലേയ്ക്കേ വരേണ്ട…” എന്നിങ്ങനെ മുതിർന്നവർ പറഞ്ഞുകൊണ്ടേയിരിക്കും. തീർച്ചയായും ആരും അങ്ങനെയൊന്നും ചെയ്യുകയില്ല. എങ്കിലും ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്നതുറപ്പ്. സൂര്യോദയത്തിനു തൊട്ടുമുമ്പായിരിക്കും എമുരത്താരെ. അതു കഴിയുന്നതോടെ ആൺകുട്ടികൾ ധീരമസായികളാവുകയായി. പിന്നെയവർക്കു മുതിർന്നവരിൽ നിന്ന് പാരിതോഷികങ്ങൾ ലഭിക്കും. ഏറ്റവും പ്രധാനപ്പെട്ട സമ്മാനം കന്നുകാലി തന്നെ. എമുരത്താരെയ്ക്കു ശേഷമുള്ള ഏതാനും മാസങ്ങൾ ഈ മാസയി കുമാരന്മാർ കറുത്ത വസ്ത്രമേ ധരിക്കൂ.

എമുരത്താരെ കഴിഞ്ഞാൽ മാസയി യോദ്ധാവ് അഥവാ മൊരാൻ ആകാനുള്ള പരിശീലനകാലമാണ്. അതു പത്തുവർഷങ്ങൾ വരെ നീണ്ടു നിന്നേക്കാം. ഇക്കാലമത്രയും കുമാരന്മാർ താമസിക്കുന്നത് എമന്യാത്ത എന്നൊരിടത്താണ്. പ്രത്യേകം നിർമ്മിച്ച ഏതാനും കുടിലുകൾ ചേർന്നതാണ് ഈ സ്ഥലം. ആയുധമുറകളും കന്നുകാലിമേയ്ക്കൽ രീതികളും മറ്റു ജീവനവഴികൾക്കുമൊപ്പം പ്രസംഗിക്കാനുള്ള കഴിവും ഇവിടെ പരിശീലിപ്പിച്ചെടുക്കുമത്രെ. എല്ലാ മുതിർന്നവരും എമന്യാത്തയിൽ പലപ്പോഴായി ചെന്നശേഷം ഇതിൽ പങ്കെടുക്കാറുണ്ടെന്ന് ലെമായിയാൻ പറഞ്ഞു.

എമാന്യാത്തയിലെ പത്തു വർഷത്തെ പരിശീലനം കഴിഞ്ഞാൽ യഥാർത്ഥ മൊരാനായി അവർ മാറുകയാണ്. അതിനുമുണ്ട് അവസാനമൊരു ചടങ്ങ്. ഗംഭീരമായ ഒന്ന്. ഞാൻ നേരത്തെ പറഞ്ഞ യുനോത്തൊ ആണത്. അഡുമു നൃത്തമൊക്കെ ഈ സമയത്താണ് അരങ്ങേറുന്നത്. പല പരീക്ഷണങ്ങളും യുനോത്തോയിലുണ്ടാവും. തീക്കുണ്ഠത്തിലേക്കെറിയപ്പെടുന്ന കുഡുവിന്‍റെ കൊമ്പ്, പൊള്ളലിനേയും കനലുകളേയും വകവെയ്ക്കാതെ എടുക്കേണ്ടതാണ് അതിലൊന്ന്. ഒപ്പം തലമുടി വടിച്ചുകളയുന്ന ആചാരക്രമവുമുണ്ട്. അമ്മമാരാണത്രെ ഇതു ചെയ്യുക. ഇതിനിടയിൽ തന്‍റെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കലും നടക്കും. അവർ തയ്യാറാക്കുന്ന മാംസം കഴിക്കലും ഒരു വലിയ ചടങ്ങാണ്. എങ്കാങ് ഊ-ങ്കിരി എന്നാണതിനെ പറയുക. ഏറ്റവും ഒടുവിലായാണ് മൊരാന് മുതിർന്നവരുടെ ഇരിപ്പിടം കൊടുത്തുള്ള ആദരിക്കൽ. ഓർങ്കെഷേർ എന്ന ഈ ആചാരത്തോടെ ഒരു മാസയി പരിപൂർണ്ണമായും മുതിർന്നവനായി മാറും. അപ്പോഴേക്കും ആ യോദ്ധാവിനു മുപ്പത്തഞ്ചു വയസ്സെങ്കിലുമായിട്ടുണ്ടാവും എന്നതാണ് യാഥാർത്ഥ്യം.

“ഇനി സദേര നിങ്ങൾക്കൊരു അത്ഭുതം കാണിച്ചു തരും”. ലെമായിയാൻ പറഞ്ഞപ്പോൾ വലിയ കൗതുകമായി. സദേര തയ്യാറായി നില്ക്കുന്നുണ്ടായിരുന്നു. ഒപ്പം നാസിലൂലുവുമുണ്ട്. അവരുടെ കൈയ്യിൽ അല്പം നീണ്ട ഒരു വടിയും പിന്നെയൊരു അല്പം വീതിയുള്ള ചെറിയ മരക്കഷണവും. ആ മരക്കഷണത്തിനു നടുവിലായി ഒരു കുഴിയുണ്ട്. അല്പം കരിഞ്ഞു കിടന്നു അത്. സദേരയാണ് പിന്നീട് ഞങ്ങളോടു സംസാരിച്ചത്. ഏറെ പ്രത്യേകതകളുള്ളതാണത്രെ ആ രണ്ടു വൃക്ഷഭാഗങ്ങളും. ഒന്ന് നല്ല കട്ടിയുള്ളതാണ്. മറ്റേത് മൃദുവും. ബലനൈറ്റ്സ്, അക്കേഷ്യ എന്നിവയിൽ നിന്നാണത് എടുക്കുന്നത്. വീതിയുള്ള മരക്കഷണത്തിലെ കുഴിയിലേക്കു നീണ്ട വടി കയറ്റിവെയ്ക്കും. തൊട്ടടുത്ത് ധാരാളം മരച്ചീളുകളും നല്ലപോലെ ഉണങ്ങിയ സീബ്രച്ചാണകവും കുറച്ചു വെയ്ക്കും. ഈ വിവരണങ്ങൾ കഴിഞ്ഞ ശേഷം സദേരയും നാസിലൂലുവും നിലത്തിരുന്നു. വീതിയുള്ള മരക്കഷണം നിലത്തുവെച്ച്, നീണ്ട വടി അതിലേക്കു കടത്തി സദേര രണ്ടു കൈകൊണ്ടും തിരിച്ചുതുടങ്ങി. നിർത്താതെ ധൃതഗതിയിൽ. ഏതാണ്ട്, തൈരു കടയുന്നതുപോലെ.

Fire making

പതിയെ മരക്കഷണത്തിൽനിന്നും തുടർച്ചയായ ഘർഷണത്തെത്തുടർന്ന് പുകയുയർന്നു തുടങ്ങി. പുക തീയായി. നാസിലൂലു പുകയ്ക്കു ചുറ്റും സീബ്രച്ചാണകവും മരച്ചീളുകളും കൈകൊണ്ട് വാരിയിട്ടു. പിന്നെയൊന്നു താഴേക്കുകുനിഞ്ഞ്, അതിലേക്കൊന്നൂതിയതും തീ ആളിക്കത്തുകയും ചെയ്തു. തീപിടിക്കാൻ ഉത്തമമാണ് ഈ രണ്ടുമെന്നു സദേര പറഞ്ഞു. ‘നിർമന്ഥദാരുണിതു അരണി” എന്നു അരണി മരത്തിൽനിന്നു യാഗാവശ്യത്തിലേക്കായി അഗ്നിയുണ്ടാക്കുന്നതിനെക്കുറിച്ച് അമരകോശത്തിൽ പറഞ്ഞത് ഞാനോർത്തു. ലോകത്തിലെമ്പാടും പ്രാചീനമനുഷ്യർ തീയുണ്ടാക്കിയിരുന്നത് ഏതെങ്കിലും മരങ്ങളുടെ ഭാഗങ്ങൾ തമ്മിലുരസിയിട്ടായിരുന്നു. ഇന്ത്യയിലത് അരണിയും, മാസയികൾക്കത് ബലനൈറ്റ്സും അക്കേഷ്യയുമാണെന്നു മാത്രം.

മാസയി വിശേഷങ്ങൾ കണ്ടും കേട്ടും നടന്നു സമയം പോയതറിഞ്ഞില്ല. ഗ്രാമത്തിനു നടുവിലെ എമ്പൂ എന്ന വെളിപ്രദേശത്ത് മാസയി സ്ത്രീകൾ അവരുണ്ടാക്കിയ കരകൗശലവസ്തുക്കളുമായി കാത്തിരിക്കുന്നുണ്ടായിരുന്നു. അതിമനോഹരമായി ചെറുമുത്തുകൾ കൊണ്ടു നിർമ്മിച്ച ആഭരണങ്ങൾ, അലങ്കരിച്ച കുട്ടകൾ, ചെറുപെട്ടികൾ, മറ്റു കാഴ്ചവസ്തുക്കൾ എന്നിവയിൽ നമുക്കിഷ്ടപ്പെട്ടതു തിരഞ്ഞെടുക്കാം. അതുകഴിഞ്ഞാൽ വിലപേശലായി. ലെമായിയാനാണതെല്ലാം തീരുമാനിക്കുന്നത്. കക്ഷി ഇപ്പോഴെ മുഖ്യനായി കഴിഞ്ഞല്ലോ എന്നും ഞാനോർത്തു.

(തുടരും)

Comments

comments