നീറേങ്കൽ ചെപ്പേടുകൾ- ഭാഗം രണ്ട്
ഏട്ടേ, ഖസാക്കിലെ രവിയുടെ കഞ്ചിപ്രാക്ക് അഥവാ ബനിയൻ എവിടി?

നേരം പകൽ പത്തുമണി. സ്ഥലം ക്ണാശ്ശീരിക്കവല. പെട്ടിബൂർഷ്വാ രാജേട്ടന്റെ പെട്ടിക്കടക്കു മുന്നിൽ  സ്റ്റേജ് കെട്ടി തോരണങ്ങൾ തൂക്കി അലങ്കരിച്ചിരിക്കുന്നു.  രാജേട്ടന്റെ പെട്ടിക്കടയോടുചേർന്നു പുതുതായി തുടങ്ങുന്ന മൂന്നു നില തുണിപ്പീടികയുടെ  ഉത്‌ഘാടനമാണ് സന്ദർഭം. കടയുടെ പേര് ‘പളപളാ ടെക്‌സ്‌റ്റൈൽസ്’.  മാങ്ങോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (MIT)നിന്നും  ടെക്‌സ്‌റ്റൈൽ ഡിസൈനിൽ ബിരുദമെടുത്ത മമ്മദ് റാവുത്തരാണ് മുതലാളി. മമ്മദ്  വെറും മുതലാളി മാത്രമല്ല ക്ണാശ്ശീരിയിലെ എണ്ണം പറഞ്ഞ ബുദ്ധിജീവികളിൽ ഒരാൾ കൂടിയാണ്. ആയതിനാൽ ഉത്‌ഘാടനത്തിന്റെ ഭാഗമായി മമ്മദ് ഒരു പ്രഭാഷണം സംഘടിപ്പിച്ചിട്ടുണ്ട്.

വിഷയം: ഏട്ടേ, ഖസാക്കിലെ രവിയുടെ കഞ്ചിപ്രാക്ക് അതായത് ബനിയൻ എവിടി?

മുഖ്യപ്രഭാഷണം നടത്തുന്നത് നീറേങ്കലിലെ ഒരേയൊരു പോസ്റ്റ് സ്ട്രക്ച്ചറൽ   വിഘടന ചിന്തകൻ അൽത്തൂ ലൂയി.

ഇട്ടിനാൻ, ചെറോണ, ചാമി, കള്ളുഷാപ്പ് വേലായുധേട്ടൻ, എക്സ് ഗുണ്ട ജോസേട്ടൻ  മുതലായവർ മുൻനിരകളിൽതന്നെ സീറ്റ് പിടിച്ചിരുന്നു. പുറകിൽ കുട്ടികളും പെണ്ണുങ്ങളും ആബാലവൃദ്ധരുമടക്കം ഏതാനും  ക്ണാശ്ശീരിക്കാരും.

രാജേട്ടന്റെ കടയിൽനിന്നും കൊണ്ടുവന്ന  ചായയും വടയും പഴംപൊരിയും എല്ലാവരും  പൂശിയശേഷം മമ്മദ് ലൂയിയെ സ്റ്റേജിലേക്ക് ആനയിച്ചു. ചുവന്ന കാഞ്ചീപുരം  സിൽക്കിന്റെ ഒരു കഷണം പ്രതീകാത്‌മകമായി വീശി ലൂയി പളപള തുണിഷോപ്പ്  ഉത്‌ഘാടനം ചെയ്തു. പടപടാ കയ്യടികൾ ഉയർന്നു.

ചിന്തകൻ ലൂയി മൈക്കിന്റെ കഴുത്തിൽ കയറിപ്പിടിക്കുന്നു.

മാന്യരെ, മഹതികളെ, കുഞ്ഞുകുട്ടിപരാധീനങ്ങളെ… നമുക്കേവർക്കും പ്രിയങ്കരനായ പൊന്നുചങ്ങായി മമ്മദ് റാവുത്തർ ഭായിയുടെ വ്യാവസായികസംരഭത്തിനു വെച്ചടി വെച്ചടി ഉത്കർഷം സംഭവിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടു ഞാൻ നേരിട്ട് വിഷയത്തിലേക്ക് കടക്കുകയാണ്. സമയം കളയാനില്ല. ഈ പ്രഭാഷണം കഴിഞ്ഞിട്ടുവേണം എനിക്ക്  പെരാങ്ങോട് ചന്തയിൽ പോയി ഒരു കുല നേന്ത്രക്കായ  കച്ചവടമാക്കാൻ. ഒക്കുന്ന വില തന്നാൽ സദസ്സിലുള്ള ആർക്കും കുല കരസ്ഥമാക്കാവുന്നതുമാണ്.

ക്ണാശ്ശീരി സാഹിത്യമണ്ഡലത്തിൽ  ഖസാക്കിന്റെ ഇതിഹാസം സൃഷ്ടിച്ച ഭാവുകത്വവിച്ഛേദത്തെ കുറിച്ച് നിങ്ങൾക്കേവർക്കും അറിവുള്ളതാണല്ലോ. ഭാഷാപരമായും സംവേദനപരമായും സൗന്ദര്യശാസ്ത്രപരമായും ആ കൃതിയുടെ ഔന്നത്യത്തെക്കുറിച്ചുള്ള  ഒട്ടേറെ പഠനങ്ങൾ, വിമർശപാഠങ്ങൾ, ഗവേഷണപ്രബന്ധങ്ങൾ എന്നിവ എമ്പാടുമുണ്ട്. ഖസാക്കിന്റെ വേദാന്തവായന, വിപ്ലവ/പ്രതിവിപ്ലവ വായന, പാരിസ്ഥിതിക വായന, കൊളോണിയൽ അസ്തിത്വ  പ്രതിസന്ധി വായന, സ്ത്രീപക്ഷ/വിരുദ്ധ വായന എന്നിങ്ങനെ അനവധി വായനകൾ നടന്നിട്ടുമുണ്ട്. ആയതിനാൽ ആ വക അർത്ഥനിരൂപണങ്ങൾ മാറ്റിനിർത്തി സംസാരിക്കാനാണ് ഞാൻ വിചാരിക്കുന്നത്. സംഗതി  തുണിക്കട ഉത്‌ഘാടനമായതിനാലും നമ്മുടെ മമ്മദ് ടെക്‌സ്‌റ്റൈൽ ഡിസൈനിങ്ങിൽ റാങ്ക് ഹോൾഡറായതുകൊണ്ടും അവസരത്തിനൊത്ത് ഉയരുന്നതിൽ തെറ്റില്ലെന്ന് കരുതുന്നു. ഖസാക്കിന്റെ തുണിശാസ്ത്രപരമായ ഒരു വായനയാണ് ഞാൻ അവതരിപ്പിക്കാൻ പോകുന്നത്.

തുണിയെക്കുറിച്ചു ചിന്തിക്കുമ്പോൾ നമ്മൾ ഉടൻതന്നെ നഗ്നതയേയും കുറിച്ച് അബോധാത്മകമായി ചിന്തിച്ചുപോകുന്നുണ്ട്. നഗ്നതയും ആവരണവും എന്ന വിപരീതത്തിൽനിന്ന് സത്യവും അസത്യവും എന്ന ബൈനറി സംവർഗ്ഗത്തിലേക്ക്  തലകുത്തി വീഴുന്ന നമ്മുടെ സാമാന്യബോധത്തിനു നിരവധി ദൃഷ്ടാന്തങ്ങൾ ചൂണ്ടിക്കാട്ടാൻ കഴിയും.

ലൂയി ചൂണ്ടുവിരൽ വായുവിൽ ഉയർത്തി മൂന്നാല് തുളകൾ ഉണ്ടാക്കുന്നു.

ഉദാഹരണത്തിന് സത്യം എല്ലായ്‌പോഴും നഗ്‌നമായിരിക്കണം എന്നത് നമുക്ക് പൊതുവെയുള്ള പിടിവാശിയാണ്. നഗ്നസത്യം പുറത്തുവരട്ടെ, സത്യത്തിന്റെ മുഖാവരണം മാറ്റുക, സത്യത്തിന്റെ മൂടുപടം പിച്ചിക്കീറണം   തുടങ്ങിയ പ്രയോഗങ്ങൾ ശ്രദ്ധിക്കുക. തുണികൊണ്ടു മറച്ച എന്തോ സംഭവമാണ് സത്യം എന്ന് ആരാണ് തീരുമാനിച്ചത്? വസ്ത്രാക്ഷേപം ചെയ്തു ബലാത്കാരേണ പുറത്തുകൊണ്ടുവരേണ്ട ആത്യന്തികസത്യത്തിന്റെ ലിംഗകേന്ദ്രിതവ്യവഹാരങ്ങളാണ് പൊതുവെ നമ്മെ ഭരിക്കുന്നത്.

മുൻനിരയിൽനിന്നും ഇട്ടിനാൻ: സത്തിയം പലത്…

ലൂയി തലകുലുക്കി സമ്മതിക്കുന്നു. പിന്നെ പ്രഭാഷണം തുടരുന്നു.

ബൈബിളിലെ ഉത്പത്തിപുസ്തകം  വിവക്ഷിക്കുന്ന പ്രകാരത്തിലാണെങ്കിൽ ആദിയിൽ ആർക്കും തുണിയുണ്ടായിരുന്നില്ല. നന്മതിന്മയുടെ വൃക്ഷത്തിലെ വിലക്കപ്പെട്ട കനി തിന്നശേഷം ആദാമിനും ഹവ്വക്കും ഉടലിനെപ്പറ്റിയുള്ള നാണം ഉടലെടുത്തപ്പോഴാണ് ഇലകൊണ്ട് നഗ്നത മറച്ചത്. സത്യവും ജ്ഞാനവും  നാണക്കേടുണ്ടാക്കുന്ന എന്തോ സംഗതിയാണെന്ന മിഥ്യാധാരണയിൽ  കുടുക്കി  അവരെ പറ്റിച്ചത് പാമ്പിന്റെ രൂപത്തിൽ വന്ന സാത്താനും. അങ്ങിനെ ചിന്തിച്ചാൽ ഏദനിലെ പുരാതന സർപ്പത്താനാണ് ആദ്യത്തെ ടെക്‌സ്‌റ്റൈൽ സെയിൽസ് റെപ്രസെന്റേറ്റിവ്. സ്വന്തം മേൽവസ്ത്രം ഇടയ്ക്കിടക്ക് ഉറയൂരിക്കളയുന്ന  അന്നത്തെ പാമ്പില്ലെങ്കിൽ ഇന്ന് ക്ണാശ്ശീരിയിൽ ഈ പളപള  തുണിക്കട സാധ്യമാകുമോ? ടെക്‌സ്‌റ്റൈൽ ഡിസൈൻ രംഗത്തുള്ളവർ  ആലോചിക്കേണ്ട ദൈവശാസ്ത്രപ്രമാണമാണിത്.

ഏതായാലും ഖസാക്കിലെ ചില തുണി/തുണിയില്ലായ്മ  സന്ദർഭങ്ങളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.

ലൂയി ഏതാനും കുറിപ്പുകൾ  കീശയിൽനിന്നും തപ്പിയെടുത്ത് വായിക്കാനാരംഭിക്കുന്നു:

 1. നോവലിന്റെ തുടക്കത്തിൽ രവി  തന്റെ കൂടെക്കിടന്ന നിവേദിത എന്ന സ്വാമിനിയുടെ കാവിക്കച്ച ചുറ്റി ബോധാനന്ദസ്വാമികളുടെ  ആശ്രമത്തിൽനിന്ന് യാത്ര പുറപ്പെടുന്നു. ധൃതി കാരണം ഇരുട്ടിൽ പറ്റിയ അബദ്ധം വെളിച്ചമായിട്ടേ രവിക്ക് മനസ്സിലാകുന്നുള്ളൂ.  ആഖ്യാനത്തിൽ  അരങ്ങേറാനുള്ള  ആനന്ദകേളികളുടെയും ആത്മീയസന്ദേഹങ്ങളുടെയും പാപഭീതിപരമ്പരയുടെയും  പ്രാഥമികസൂചകമായി ഈ കാവിക്കച്ചയെ ക്ണാശ്ശീരിയിലെ ചിഹ്നശാസ്ത്രജ്ഞൻ ശീമോൻ സൊസ്യൂറിന് പഠനവിധേയമാക്കാവുന്നതാണ്.
 2. തോട്ടിൽ കുളിക്കുന്ന രണ്ട് ഉമ്മമാരുടെ കാച്ചിക്കീറുകൾ കാറ്റത്തു സ്ഥാനം പിഴക്കുന്നത് നോക്കി രവി കഴുത്തറ്റം വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന അന്തിനേരം. അവരുടെ ചുമലുകളും മുലകളും അരകളും പകൽവെളിച്ചം  മങ്ങുന്നതിനൊപ്പം മാഞ്ഞുപോകുന്നു. സത്യം മറച്ചു പിടിക്കുന്ന ഇരുട്ടിൽ രവി തോട്ടിൽ തനിച്ചുകിടക്കുന്നു. പുരുഷനോട്ടത്തിലെ ലൈംഗിക അധികാരപ്രയോഗം എന്ന ആരോപണത്തിന് സ്കോപ്പുള്ള സന്ദർഭമാണ് തോട്ടിലെ കുളിസീൻ. കോട്ടപ്പുറം യൂണിവേഴ്സിറ്റിയിലെ ഒരു പാട് പ്രബന്ധങ്ങൾ സ്ഥാനത്തും അസ്ഥാനത്തും male gaze വെച്ചുകാച്ചി തടിതപ്പിയിട്ടുള്ളതിനാൽ തത്ക്കാലം നമുക്ക് ആ സംഭവം വിടാം. ഏടുകൾ മറിക്കുമ്പോൾ പുരുഷാസക്തിയുടെ  പരുഷനോട്ടങ്ങൾക്കുള്ള അവസരം ഇനിയും ലഭിക്കുന്നതാണ്. സദസ്യർ   അക്ഷമരാകരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
 3. തലയിൽ തട്ടമിടാൻ മറന്ന് വെള്ളക്കുപ്പായം കൈത്തണ്ടയോളം തെറുത്ത്‌വെച്ച്‌ നടുപ്പറമ്പിലൂടെ യാഗാശ്വമായി നടക്കുന്ന മൈമൂന. വെല്ലുവിളിയുടെ ഈ തട്ടമില്ലായ്മകൾക്കിടയിലും മൈമൂന പിടിച്ചുകെട്ടേണ്ട യാഗാശ്വമാണ് എന്ന സൂചന ശ്രദ്ധിക്കുക.
 4. ശിവരാമൻനായരുടെ ശാസന കേൾക്കാതെ ഈരിഴത്തോർത്തുമാത്രം ചുറ്റി തിണ്ണയിൽ ഉലാത്തി ദേഹത്ത് ചന്ദനം പൂശുന്ന നരായണിയമ്മ. ഞാറ്റുപുരയിൽ കുപ്പുവിന് ബീഡിക്കുള്ള തീ കൊടുക്കാൻ ഒറ്റക്ക് പോയിരുന്ന നാരായണി. ആ ദുഃഖസ്മൃതിയുടെ കയ്പ് മറക്കാൻ ബൗദ്ധന്റെ പ്രേതത്തെവരെ ശിവരാമൻനായർ പുച്ഛിക്കുന്നുണ്ട്. ഈറൻതോർത്തിലെ നാരായണിയുടെ നഗ്നമായ  കൂസലില്ലായ്മയാണോ  അയാളിൽ വർഗ്ഗീയതയുടെ വിത്തുകൾ പാകിമുളപ്പിച്ചത്?
 5. തുന്നൽക്കാരൻ മാധവൻനായർ കയ്യീന്ന് കാശെടുത്ത് ചീട്ടി വാങ്ങി കവറക്കുട്ടികൾക്ക് തുന്നിക്കൊടുത്ത ഷർട്ടുകൾ. സ്കൂൾ നിലനിർത്താൻ അയാൾ അപ്പുക്കിളിക്ക് വെട്ടുതുണികൾ ചേർത്ത് തുന്നിക്കൊടുത്ത അങ്കിക്കുപ്പായം. ഇത്തരത്തിലുള്ള ഹ്യൂമനിസ്റ്റിക് തുണിസന്ദർഭങ്ങളും ഇതിഹാസത്തിൽ കണ്ടെത്താം. അപ്പുക്കിളിയുടെ ട്രൗസർ കീറിയത് വേറെ കാര്യം.
 6. ചാന്തുമ്മയുടെ മകൻ കുഞ്ഞുനൂറുവിന് കുപ്പായം തയ്പ്പിക്കാൻ രവി അഞ്ചുറുപ്പിക ചാന്തുമ്മക്ക് നൽകുന്നു. രവിയും ചാന്തുമ്മയും തമ്മിൽ പിന്നീടുണ്ടാകുന്ന നിർവ്വികാരരതിയുടെ തുണിയില്ലാത്ത സന്ദർഭത്തിൽ  ചാന്തുമ്മ  ചിന്താശൂന്യമായ ദ്രവ്യം മാത്രമാണ്. ഖസാക്കിലെ പുരുഷൻമാർ  ആവിഷ്ക്കരിക്കുന്ന അധിഭൗതിക ആത്മീയസത്യങ്ങളിൽ പെണ്ണുങ്ങൾക്ക് വലിയ പങ്കുള്ളതായി കാണുകയില്ല.
 7. അറബിക്കുളത്തിൽ മൈമുനയുടെ നീരാട്ടം കണ്ടു രാജാവിന്റെ പള്ളിയുടെ അറയിൽ കിടക്കുന്ന രവി. കുളിച്ചു ഈറനുടുത്തു വരുന്ന മൈമൂന. അയക്കോലിൽ തുണികൾ ഒന്നൊന്നായി കായാനിടുന്ന അവൾ. നീലഞെരമ്പോടിയ അവളുടെ അരക്കെട്ട്. അവളുടെ സമൃദ്ധമായ പിൻപുറത്തിന്റെ ഓർമ്മ നുണഞ്ഞുകൊണ്ട് തണുത്ത നിലത്തു കിടക്കുന്ന രവി.രവിയുടെ പിൻഭാഗനോട്ടത്തിൽ ഭോഗേച്ഛക്ക് കയ്യടക്കാനുള്ള ചരക്കുകളാണ് മൈമുനയുടെ ചന്തികൾ. എല്ലായ്‌പോഴും മനുഷ്യർക്ക് കീഴടക്കാനുള്ള ആലോചനാരഹിതമായ വസ്തുക്കളുടെയും സംഭവങ്ങളുടെയും സംഘാതമായി പ്രകൃതിയെ കാണുമ്പോലെ അവളുടെ നിതംബം  ആടിക്കളിക്കുന്നു. ഒരേ സമയം ആണിന്റെ അപരവും വ്യതിയാനവുമായി പെണ്ണിന്റെ ദേഹം പള്ളിയുടെ അകത്തളത്തിലെ ഇരുട്ടിൽ ഉരുത്തിരിയുന്നു . അപരത്വം ഒരു ഭാഷാനിർമ്മിതി കൂടിയാണെന്ന് സദസ്യർക്ക് അറിയാമല്ലോ. പലപ്പോഴും  സ്വം എന്ന നിർമ്മിതിയെക്കാൾ ആഘോഷിക്കപ്പെടേണ്ടതും.
 1. കേലൻ മാസ്റ്ററുടെ ഭാര്യ കടുംനീലസാരിയും മഞ്ഞ സാറ്റിൻ ജമ്പറുമിട്ട്  ഖസാക്കിൽ വരുന്നുണ്ട്. മമ്മദിന്റെ കടയിലെ കളക്ഷനിൽ  അത്തരം ഡിസൈനുകൾ കാണുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. കടുംനിറത്തിലുള്ള ഉടയാടകൾ വാങ്ങി ധരിക്കുന്നവർ ജൂഡിത്ത് ബട്ലർ വികസിപ്പിച്ച പ്രകടനപരത എന്ന ആശയത്തെ ഉൾക്കൊണ്ട് ലിംഗപദവി ഒരു സാമൂഹിക-സംസ്കാരിക വ്യവഹാരം കൂടിയാണെന്ന  വസ്തുത  ഓർക്കുന്നത് നന്നായിരിക്കും. ലൈംഗികതയുടെ ചരിത്രത്തിൽ നിലനിൽക്കുന്ന വാർപ്പുമാതൃകകളെ അസ്ഥിരമാക്കാൻ ക്വീർ തിയറിയിലെ ഭിന്നലൈംഗികതയും X, Y ക്രോമോസോം ഘടനകളിലെ അന്തർലൈംഗികതയും പളപള ടെക്‌സ്‌റ്റൈൽസിൽ  തുണി സെലക്ട് ചെയ്യുന്നവർക്ക് മാർഗ്ഗനിർദ്ദേശങ്ങളായി സ്വീകരിക്കാവുന്നതാണ്. എന്നാൽ ശരീരം, ആസക്തി, കാമന എന്നിവ കമ്പോളത്തിലെ വിപണനസാധ്യതകൾ കൂടിയാണെന്ന് തുണിക്കടയുടെ  മൂന്നു നിലകളിൽ ചുറ്റിക്കറങ്ങുമ്പോൾ  കസ്റ്റമേഴ്സിന് പിടികിട്ടും. അക്കാദമിക സിദ്ധാന്തങ്ങളുടെ പൊയ്ക്കാലിൽ അണിയിച്ചൊരുക്കി വിന്യസിച്ച  ചരിത്രനിഷേധവും അമൂർത്തങ്ങളായ സാംസ്‌കാരികസംജ്ഞകളും നീറേങ്കൽ  വിപണിയിലെ പരസ്യവാചകങ്ങളായി വെട്ടിത്തിളങ്ങുന്നത് നിങ്ങൾക്ക് പളപളയിൽ  കാണാം.  ആകർഷകങ്ങളായ വസ്ത്രങ്ങൾ ചുറ്റി ചില്ലുകൂട്ടിൽ അലങ്കരിച്ചുവെച്ച മനുഷ്യശരീരത്തിന്റെ വലിപ്പത്തിലുള്ള ഈ പ്ലാസ്റ്റർ ഓഫ് പാരീസ് ബൊമ്മകൾ മറച്ചുവെക്കുന്നത് എന്താണ്? എട്ടും പത്തും മണിക്കൂർ മേശകൾക്കു പുറകിൽ വിശ്രമമില്ലാതെ നിന്നുകൊണ്ട്  നിങ്ങൾക്ക് ആവശ്യമുള്ള  വിവിധയിനം ഉടുപ്പുകൾ കാട്ടിത്തരുന്നവരും തുച്ഛവേതനം പറ്റുന്നവരുമായ  തൊഴിലാളികളുടെ ശരീരങ്ങളെ നിങ്ങളെങ്ങനെ സിദ്ധാന്തവത്ക്കരിക്കും? ആ ഉടലുകൾ ലൈംഗികതയുടെ മാത്രമല്ല അദ്ധ്വാനത്തിന്റെയും അമിതലാഭത്തിനു വേണ്ടിയുള്ള ചൂഷണത്തിന്റെയും ഉപാധികൾ കൂടിയാണ്.

(വേദിയിലിരിക്കുന്ന മമ്മദ് റാവുത്തർ മുതലാളിയും അദ്ദേഹത്തിന്റെ മാനേജർമാരും അസ്വസ്ഥതയോടെ ചുമയ്ക്കുന്നു. ലൂയി അവരുടെ കുരകൾ  കേട്ടതായി ഭാവിക്കുന്നില്ല.)

 1. നിഷിദ്ധസംഗമത്തിനുശേഷം ചിറ്റമ്മയോട് പുടവ ചുറ്റാൻ ദൃഢമായി പറയുന്ന രവി. ലൂസി ഇറിഗേരെ സൂചിപ്പിച്ച ബലി നല്കപ്പെട്ട ആദിമമാതൃബിംബത്തിൽ കെട്ടിപ്പടുത്ത പാശ്ചാത്യസംസ്കാരത്തെ ഞാൻ ഇത്തരുണത്തിൽ വെറുതെ ഓർക്കുന്നു. ആ ബലിയിലൂടെയാണ്  ഇന്നോളമുള്ള എല്ലാ സ്ത്രീകളും ബലിയർപ്പിക്കപ്പെട്ടത്.
 2. മുത്തച്ഛനെ കാണാൻപോയതിനെപ്പറ്റിയുള്ള രവിയുടെ ഓർമ്മ. മുത്തച്ഛന്റെ സ്വല്പം മുഷിഞ്ഞ മുക്കാൽക്കയ്യൻ കുപ്പായം. മാടിക്കുത്തിയ കോറമുണ്ട്. നോവലിലെ പഴയകാല തുണിത്തരങ്ങളുടെ ഒരു സന്ദർഭം മാത്രമായി മുക്കാൽക്കയ്യൻ കുപ്പായത്തേയും കോറമുണ്ടിനെയും വായിച്ചാൽ മതി. എഴുതാപ്പുറം വായിക്കുന്ന എന്റെ വിഘടനരീതിശാസ്ത്രം അത്യന്തം പ്രസക്തമാണെങ്കിലും ഇപ്പോൾ ഞാൻ അതിനു തുനിയുന്നില്ല. അതിവായനകളിലൂടെയാണ് പലതിന്റെയും പൂച്ച് പുറത്തു ചാടാറുള്ളത്. അതുതന്നെയാണ് എന്റെയീ അധികപ്രസംഗത്തിനുള്ള  ന്യായീകരണവും.
 3. ഞാറ്റുപുരയിൽ വരുന്ന ഖാലിയാർ വാറ്റുചാരായം തരാമെന്നു പ്രലോഭിപ്പിച്ചു രവിയെ പള്ളിയിലേക്ക് കൊണ്ടുപോകുന്നു. അകത്തുപോയി രവിയുടെ ബനിയനുമായി വരുന്ന ഖാലിയാർ. പള്ളിയുടെ അറയിൽനിന്നും കിട്ടിയ രവിയുടെ കഞ്ചിപ്രാക്ക് അഥവാ ബനിയനാണ് മൈമുനയുമായുള്ള രവിയുടെ അവിഹിതത്തിന്റെ തെളിവ്. തുടർന്നുള്ള അടിപിടിയും ചാരായമടിയും വഴക്ക് രാജിയാകലും ജോറാണ്. എല്ലാം കഴിഞ്ഞു തിരിച്ചു ഞാറ്റുപുരയിലേക്ക് നടക്കുന്ന രവി. പള്ളമിറങ്ങുമ്പോൾ പൊങ്ങുന്ന നിലാവിൽ ശ്രാദ്ധത്തിരുനാളിന്റെ അവശിഷ്ടങ്ങൾ അയാൾ കാണുന്നു. അവയെല്ലാം ആർത്തവരക്തം കട്ടകെട്ടിയ പഴന്തുണികളെപ്പോലെയെന്ന രവിയുടെ തോന്നൽ. ഇനിയും രൂപപ്പെട്ടിട്ടില്ലാത്ത ആൺ/പെൺ  ലൈംഗികസ്വത്വങ്ങളുടെ രൂപകങ്ങളായ ആ  തുണിക്കെട്ടുകൾ  ഖസാക്കിലെ സത്താരഹിതമായ പദാർത്ഥങ്ങളുടെ ലോകത്തിൽനിന്നും വരുന്നവയാണ്.
 4. രവിയെ തേടി ഖസാക്കിൽ എത്തുന്ന പത്മ രവിക്ക് കുപ്പായങ്ങൾ ഒന്നുമില്ലേ എന്ന് ചോദിക്കുന്നു.
  ‘ഇല്ല.’
  ‘നിങ്ങളുടെ നാട്ടിൽ എന്താണുടുപുടവ?’
  ‘വൽക്കലം.’
  തുടർന്ന് പത്മയോട് നിറപ്പകിട്ടുള്ള തുണികൾ വാങ്ങിത്തരാൻ രവി പറയുന്നുണ്ട്.
 1. മലമ്പുഴ അണക്കെട്ടിന്റെ ഗസ്റ്റ് ഹൗസിൽ പത്മയെ പട്ടുകുപ്പായത്തിനകത്ത് രവി തൊട്ടുനോക്കുന്നു. അവളുടെ ചുവപ്പു പ്രസരിച്ച ശരീരവും തളിരുപോലെ വിളറിയ മാറിടവും അരക്കെട്ടും നോവലിലെ മുന്തിയ ഇനം പ്രിൻസ്റ്റൺ/വിക്ടോറിയൻ വിഷയിയുടെ നഗ്‌നതയാകുന്നു.
 2. മലമ്പുഴയിൽനിന്നും പത്ത് ദിവസം കഴിഞ്ഞു തിരിച്ചെത്തുമ്പോൾ ഞാറ്റുപുരയുടെ ചുമരിലെ ആണിയിൽ തൂങ്ങുന്ന രവിയുടെ മുഷിഞ്ഞ കുപ്പായം. തത്ക്കാലം വ്യാഖ്യാനരഹിതമായി അതവിടെ തൂങ്ങിക്കിടക്കട്ടെ. തൊട്ടതിനും പിടിച്ചതിനുമൊക്കെയുള്ള വ്യാഖ്യാനം മാത്രമല്ല ഒരു കൃതിയുടെ വായനയുടെ ലക്‌ഷ്യം എന്നതിനാൽ.
 3. ശിവരാമൻ നായരുടെ പാടത്ത് കൊയ്യാൻ പോകുന്ന ചെറുമികൾ റൗക്കയിടാൻ പാടില്ലെന്ന ചട്ടം രവിക്ക് രസിക്കുന്നുണ്ട്. മാറ് മറയ്ക്കാതെ കുമ്പിട്ടുനിന്നു കൊയ്യുന്നത് നല്ലതല്ലേ എന്നാണ് രവിയുടെ ചോദ്യം. പുരുഷനിർമ്മിതങ്ങളായ  ഭാഷാഘടനകളിലും  വ്യാകരണനിയമങ്ങളിലും  ഒരേസമയം  അകപ്പെടുകയും അതേസമയം പുറന്തള്ളപ്പെടുകയും ചെയ്യുന്ന  ഖസാക്കിലെ  പെണ്ണുങ്ങൾ  അക്കാലത്ത് അവയെ അട്ടിമറിക്കുന്ന പുതിയ വ്യവഹാരങ്ങൾ നിർമ്മിക്കാൻ തുടങ്ങിയിരുന്നില്ല. അതുകൊണ്ട് അവരാരും ശിവരാമൻ നായരുടെ മേൽ(ല്)നോട്ടത്തിനെതിരെ     മാറുമറക്കൽ സമരം നടത്തിയതുമില്ല.

ലൂയി വിലകുറഞ്ഞ പോളിസ്റ്റർ തൂവാലത്തുണിയെടുത്ത് മുഖത്തെ വിയർപ്പുതുള്ളികൾ  തുടച്ചു. കുറിപ്പുകൾ ചുരുട്ടി ജീൻസിന്റെ കീശയിലിട്ടു. വീണ്ടും മൈക്കിന്റെ കഴുത്തിൽ ഞെക്കിപ്പിടിച്ചു.

മേല്പറഞ്ഞ തുണി/തുണിരഹിത സന്ദർഭങ്ങൾ ആഴത്തിലുള്ള വിശകലനത്തിനു വിധേയമാക്കാൻ സമയപരിമിതി മൂലം ഞാൻ മുതിരുന്നില്ല. പെരാങ്ങോട് ചന്ത പിരിയുംമുമ്പ് കായക്കുല കച്ചവടമാക്കാനുള്ളതിനാൽ ഉപസംഹാരത്തിലേക്കു കടക്കാം.

ഖാലിയാരുമായുള്ള അടിപിടിക്കു ശേഷമാണ് സത്യത്തിൽ രവി ഖസാക്ക് വിടാൻ തീരുമാനിക്കുന്നത്. സത്തിയം പലത് എന്ന വീക്ഷണവൈവിധ്യത്തിനു ഖസാക്കിൽ പിന്നീട് വലിയ നിലനില്പില്ല. നിവേദിത എന്ന സന്യാസിനിയുടെ കാവിക്കച്ചയിൽനിന്നും തുടങ്ങി രവിയുടെ മുഷിഞ്ഞ ബനിയനിൽ അവസാനിക്കുന്ന തുണിയുടെ ഇതിഹാസമാണ് ഞാൻ അവതരിപ്പിക്കുന്ന പ്രതിവായന/മറുപാഠം.

ഖസാക്കിന്റെ കാലവർഷത്തിൽ ലക്കാനിയൻ കണ്ണാടിഘട്ടത്തിലെ  ശൈശവപ്രതീകം തെളിയുമ്പോൾ രവിക്ക് പാമ്പുകടി പല്ലുമുളക്കാത്ത ഉണ്ണിക്കുട്ടന്റെ വികൃതിയായി തോന്നുന്നു. എല്ലാ ഭ്രമകല്പനകളുടെയും  അവസാനത്തിൽ  അപൂർണ്ണമായ പദ്ധതിയായി പുരുഷശരീരഘടന അഴിഞ്ഞുപോകുന്നു. ജൈവശക്തി അധികാരത്തിൽ പുല്ലിംഗം ഉദ്ധൃതമായി നിന്ന വാക്യപദ്ധതി ഒടുങ്ങുന്നു. സാങ്കല്പികമായ ഒരു ശരീരത്തിൽ ഭാഷാലീലകൾ  എഴുതിച്ചേർക്കുന്ന സ്ത്രീ/പുരുഷ ലൈംഗികവ്യത്യാസങ്ങൾ കഥാനായകന്റെ മരണത്തോടെ  ഇല്ലാതാകുന്നു. ഹെലൻ സിക്സു  പ്രതീകാത്‌മകമായ ‘വെള്ള മഷി’കൊണ്ട് എഴുതുന്ന ബഹുത്വസ്വഭാവമുള്ള വൈകാരിക ആഘാതങ്ങൾ ഇനി വേണമെങ്കിൽ വായനക്കാർക്ക് സങ്കല്പിക്കാവുന്നതാണ്.

ശ്രോതാക്കൾക്കു നിരാശയുണ്ടാക്കുന്ന ചെറിയൊരു കാര്യം പറയാനുണ്ട്.  വൽക്കലം, റൗക്ക, കോറമുണ്ട്  എന്നിങ്ങനെ  നോവലിൽ പരാമർശിച്ച ചില വസ്ത്രങ്ങൾ  മമ്മദ് റാവുത്തർ ഭായിയുടെ  പളപളയിൽ ലഭ്യമല്ല. ഉടലുകളുടെ നഗ്‌നതക്കു മാറ്റം വന്നിട്ടില്ലെങ്കിലും ഉടുതുണിയുടെ ഫാഷൻ സങ്കൽപ്പങ്ങൾ മാറിക്കൊണ്ടിരിക്കുമല്ലോ. തത്ക്കാലം തുണിയുടുക്കൽ/തുണിയഴിക്കൽ  പുരാണം മാറ്റിവെച്ചു നമുക്ക് പ്രസക്തമായ ചോദ്യത്തിലേക്ക് കടക്കാം. താത്വിക-മനശ്ശാസ്ത്ര-ഭാഷാഘടന-പ്രത്യയശാസ്ത്ര  അപഗ്രഥനങ്ങൾ ഒഴിവാക്കി നമുക്ക് ബനിയൻ പ്രശ്നത്തിലേക്ക് വരാം. രവിയുടെ കഞ്ചിപ്രാക്ക് അഥവാ ബനിയൻ എവിടെപ്പോയി?

രവിയുടെ മരണത്തിനുശേഷമുള്ള ഒരു പാതിരാവ്. ചന്നംപിന്നം ചാറുന്ന മഴ. മഴയത്ത് കള്ളിമുണ്ട്കൊണ്ട് തലമൂടിയ  ഒരു രൂപം രാജാവിന്റെ പള്ളിയിലേക്ക് പതുങ്ങിവരുന്നു. അറക്കുള്ളിൽ കയറുന്നു. അഞ്ചുകട്ട ബാറ്ററിയുടെ ടോർച്ച് തെളിച്ചു മുക്കും മൂലയും പരിശോധിക്കുന്നു. അതാ, മാറാല മൂടിക്കിടക്കുന്ന ഒരു കോണിൽ രവിയുടെ ബനിയൻ! മോഷ്ടാവിന്റെ മുഖത്ത് വിജയാഹ്ളാദത്തിന്റെ പുഞ്ചിരി പടരുന്നു. ബനിയൻ ചുരുട്ടി കക്ഷത്ത് വെച്ച് അവൻ പള്ളിയിൽ നിന്നിറങ്ങി ചാറ്റൽമഴയിലും ഇരുട്ടിലും നടന്നുമറയുന്നു.

നിങ്ങൾക്ക് ആളെ പിടികിട്ടിക്കാണുമല്ലോ. നമ്മുടെ തട്ടിൻപുറത്തു കണാരൻ ക്ണാശ്ശീരി സാഹിത്യമണ്ഡലത്തിലേക്ക്  ഇരുകാലുംകുത്തി ചാടിയത് ആ നട്ടപ്പാതിരക്കാണ്. ക്ണാശ്ശീരി കലാരംഗത്തെ തിക്കിലും തിരക്കിലും ഞെരിഞ്ഞുകയറി ഇടമുണ്ടാക്കലായിരുന്നു കണാരന്റെ അക്കാലത്തെ കള്ളലാക്ക്. കഞ്ചിപ്രാക്ക് മോഷണത്തിന് പുറകിലെ ചേതോവികാരവും മറ്റൊന്നായിരുന്നില്ല. രവിയുടെ ബനിയനിലെ വിയർപ്പും സ്രവങ്ങളും കറകളും പിഴിഞ്ഞുവാറ്റിയ  ദ്രാവകത്തിൽ തൂലിക മുക്കിയാണ് കണാരൻ  ക്ണാശ്ശീരി കൊളോണിയൽ പ്രാദേശിക ആധുനികതക്ക് വ്യാജപതിപ്പുകൾ തട്ടിക്കൂട്ടിയത്. ഖസാക്കിന്റെ നൂറാമത്തെ കാർബൺ കോപ്പിയിൽ പത്തുലിറ്റർ പച്ചവെള്ളം ചേർത്ത് നേർപ്പിച്ചുണ്ടാക്കിയ   അളിപിളിപേച്ചിൽ   കണാരൻ അവന്റെ സാഹിത്യകൃത്രിമങ്ങൾ തുരുതുരാ പടച്ചിറക്കാൻ തുടങ്ങി. മകരത്തിലെ വെട്ടുവാതം, മരുഭൂമിയിൽ ഒരു പ്രേതം, കട്ടെഴുത്തുകാരന്റെ കൗശലപ്പണികൾ  തുടങ്ങിയ പടപ്പുകൾ അക്കൂട്ടത്തിൽപ്പെടും. തനിക്കുള്ളിലെ  രൂപഭദ്രതയുടെ ഇരുമ്പുവലക്കൂട്ടിനുള്ളിലിരുന്ന് സദാ ചിലക്കുന്ന ഫ്യൂഡൽ പൈങ്കിളിയെ സ്യൂഡോ ആധുനികതയിൽ പാടിക്കാൻ കണാരൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. രവിയുടെ ബനിയന്റെ നാറ്റത്തിൽനിന്നും ഒരിഞ്ച് മുന്നോട്ട്പോകാനുള്ള കോപ്പ് കണാരന്റെ കൈവശമില്ലെങ്കിലും.  പക്ഷെ, ഒരു കാര്യമുണ്ട്. ചത്തളിഞ്ഞ  സാഹിത്യസങ്കല്പങ്ങളിലും നടുവൊടിഞ്ഞ വികൃതവാക്യങ്ങളിലും വട്ടംകറങ്ങുമ്പോഴും കണാരന്റെ സ്വയംമതിപ്പിന് യാതൊരു കുറവുമില്ല. പൊട്ടനായാൽ അങ്ങിനെയും ചില മെച്ചങ്ങൾ ഇല്ലാതില്ലല്ലോ.

ലൂയിയുടെ  കണാരകാപട്യം  കഥാപ്രസംഗം മുറുകുമ്പോൾ വേദിയിലും സദസ്സിലും അതിവിശിഷ്ടമായ ഒരു ഗന്ധം വീശിയടിച്ചു. ഉത്‌ഘാടനത്തിനുശേഷം ആളുകളെ സത്കരിക്കാൻ  രാജേട്ടന്റെ കടയിൽ പാലക്കാടൻ റാവുത്തർ ദം ബിരിയാണി ഏർപ്പാടാക്കിയിരുന്നു. ജീരകശാല അരിയും കോഴിയും അത്യുഗ്രൻ മസാലക്കൂട്ടിൽ വേവിച്ചുണ്ടാക്കുന്ന വിശിഷ്ടഭോജ്യം. ബിരിയാണിച്ചെമ്പ് തുറന്നപ്പോഴുണ്ടായ ഉന്മത്തഗന്ധമാണ് ഇപ്പോൾ എമ്പാടും പൊങ്ങിപ്പരക്കുന്നത്‌. ഇട്ടിനാൻ, ചെറോണ, ചാമി, വേലായുധേട്ടൻ,  ജോസേട്ടൻ, മറ്റു കേൾവിക്കാർ എന്നിവർ ഇരിപ്പിടങ്ങളിൽനിന്നും ചാടിയെഴുന്നേറ്റു. കസേരകൾ തട്ടിമറിച്ച്   രാജേട്ടന്റെ ഹോട്ടലിലേക്ക് കുതിച്ചു.

അവരെത്തുമ്പോഴേക്കും ഒന്നാമത്തെ സീറ്റിൽ ഒരു കൂമ്പാരം ആവിപാറുന്ന ദം  ബിരിയാണിക്ക് മുന്നിൽ ചിന്തകൻ ലൂയി ഇരിപ്പുണ്ടായിരുന്നു. എല്ലാവരെയും വെട്ടിച്ച് സ്റ്റേജിൽനിന്നും ഇയാളെങ്ങനെ ഇത്രപെട്ടെന്ന് ഇവിടെയെത്തി! ആർക്കും പരിഹരിക്കാനാവാത്ത ആ താത്വികസമസ്യ കോഴിബിരിയാണി അകത്താക്കുന്ന ആർത്തിയിൽ ക്ണാശ്ശീരി ജൈവ/അജൈവ ബുദ്ധിജീവികൾ പാടെ മറന്നുപോയി.

ലൂയിയുടെ പ്രബന്ധത്തിലെ ബാക്കി ഭാഗം ബിരിയാണി തിന്നു ഏമ്പക്കം വിടുന്ന സഹൃദയരുടെ  മയക്കം തീരുമ്പോൾ വായിക്കുന്നതിനായി അടുത്ത ചെമ്പോലയിൽ അവതരിപ്പിക്കുന്നതായിരിക്കും. ആ അനുബന്ധത്തിലെ ചില പ്രസക്തഭാഗങ്ങൾ താഴെ സൂചിപ്പിക്കുന്നു:

പ്രാദേശിക കൊളോണിയൽ ആധുനികത ക്ണാശ്ശീരി നാടൻമണ്ണിൽ   ചരിത്രപരമായി പൊട്ടിമുളച്ചതെങ്ങനെ?  അതിന്റെ ഉപഫലങ്ങളെക്കുറിച്ചുള്ള  ഗുണദോഷന്യായവിചാരങ്ങൾ എപ്രകാരമായിരിക്കണം? ആസ്ട്രോഫിസിക്സ്  പഠനം പാതിവഴിക്ക് നിർത്തി അസ്തിത്വവിഷാദങ്ങളുമായി ഖസാക്കിൽ  വന്നുപെട്ട രവി ഏതോ അന്യഗ്രഹജീവിയാണോ? സനാതനമായി കൊട്ടിയടഞ്ഞ വേദാന്തത്തിന്റെ പുകമറയില്ലാതെത്തന്നെ ഖസാക്കുകാർ രവിക്ക് ഉദാരമായി നൽകിയ ചാരായവും രതിയും മിഷനറി പാപസങ്കല്പങ്ങളോ  അരുതായ്മകളോ   കളങ്കപ്പെടുത്താത്ത നാട്ടിൻപുറ തത്വശാസ്ത്രമാകുന്നത് എന്തുകൊണ്ട്?  നിരന്തരപരിണാമങ്ങളിലൂടെ കടന്നുപോകുന്ന സ്വാതന്ത്ര്യം, ജനാധിപത്യം എന്നീ അവശ്യസംഗതികളെ കേവലമായ സ്വാഭാവികസത്യങ്ങളായി  അവതരിപ്പിച്ച് കണാരൻ പൗരസമൂഹത്തിൽ നടത്തുന്ന തട്ടിപ്പുകൾ എന്തെല്ലാം?   ക്ണാശ്ശീരി സാംസ്ക്കാരികചന്തയിൽ  തട്ടിൻപുറത്തു കണാരൻ  അവന്റെ കള്ളനാണയങ്ങൾ  ക്രയവിക്രയം ചെയ്യുന്നതെങ്ങനെ? അതുവഴി നീറേങ്കൽ  നിയോലിബറൽ മാർക്കറ്റിലെ  കണ്ണിൽ ചോരയില്ലാത്ത കഴുത്തറപ്പൻ കൊള്ളകൾക്ക് ആക്കംകൂട്ടാൻ അവൻ കൂട്ടുനിൽക്കുന്നത് ആർക്കൊപ്പം? നിയോലിബറൽ കൂട്ടിക്കൊടുപ്പിൽ കണാരൻ അടിച്ചിറക്കുന്ന കക്ഷിരാഷ്ട്രീയ വ്യാജ ഐ.ഡി കാർഡുകൾ ഏതെല്ലാം?

ബിരിയാണിസദ്യ കഴിഞ്ഞശേഷം  ക്ണാശ്ശീരി സാംസ്കാരികചരിത്രനിർമ്മിതിക്കു  വേണ്ട സാമഗ്രികൾ സംഘടിപ്പിക്കുന്നതിനായി ഇട്ടിനാനും ലൂയിയും ഉടൻ പുറപ്പെടുന്നതായിരിക്കും.
——————-
തുടരും..
——————
 മുൻചെപ്പേടുകൾ ഇവിടെ വായിക്കാം

Comments

comments